Sunday, November 28, 2010

ടെലികോം അഴിമതി

മാധ്യമം ദിനപത്രത്തില്‍ നവംബര്‍ 23 മുതല്‍ 26 വരെ പ്രസിദ്ധീകരിച്ചത്.


(2010 ഏപ്രില്‍ രണ്ടാം വാരത്തില്‍ എഴുതിയതാണ് ഈ ലേഖനം. എന്നാല്‍ വിവിധ പത്രങ്ങള്‍/മാഗസിനുകള്‍ ഈ ലേഖനം 'തങ്ങളെക്കൊണ്ടാവില്ല/കൈപൊള്ളും ' എന്ന പറഞ്ഞുകൊണ്ട്് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. പലരും വച്ചുതാമസപ്പിച്ചു. ഒടുവില്‍ മാധ്യമം പത്രമാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്. അപ്പേഴേക്കും വിവാദം കൊഴുത്തിരുന്നു. രാജ രാജിവച്ചു. 2010 ഏപ്രില്‍ എഴുതിയ ലേഖനം ഒരു മാറ്റാവും വരുത്താതെ ഇവിടെ പോസ്റ്റ് ചെയ്യുകയാണ്്)




റിപ്പോര്‍ട്ട്



ടെലകോം അഴിമതിക്ക് പിന്നിലെ യഥാര്‍ത്ഥ സംഭവങ്ങള്‍ എന്തൊക്കെയാണ്? 2 ജി ലൈസന്‍സ്/സ്‌പെക്ട്രം ഫീസ് നിശ്ചയിക്കലില്‍ ആരായിരുന്നു ഇടനിലക്കാര്‍? സി.ബി.ഐ രേഖകളുടെയും ഉദ്യോഗസ്ഥന്‍മാര്‍ തമ്മില്‍ നടത്തിയ അതീവരഹസ്യ ഔദ്യോഗിക എഴുത്തുകുത്തുകളുടെയും അടിസ്ഥാനത്തില്‍ ഒരന്വേഷണം



സി.ബി.ഐ (അഴിമതി വിരുദ്ധ വിഭാഗം) ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിനീത് അഗര്‍വാള് ഡി.ജി.ഐ. (ഇന്‍വെസ്റ്റിഗേഷന്‍) മിലാപ് ജെയിന്‍ ന് 2009 നവംബര്‍ 16 ന് എഴുതിയ കത്ത്.





ജോയിന്റ് ഡയറക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് ആഷിഷ് അബറോള്‍ 2009 നവംബര്‍ 20 ന് സി.ബി.ഐ (അഴിമതി വിരുദ്ധ വിഭാഗം) ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിനീത് അഗര്‍വാളിന് നല്‍കിയ മറുപടി. നീര റാഡിയ്‌ക്കെതിരെയുള്ള ഫോണ്‍ നിരീക്ഷിച്ചതില്‍ നിന്ന് കിട്ടിയ വിവരങ്ങളാണ് ഈ കത്തിലുള്ളത്.

ടെലകോം അഴിമതി
ഇടനിലക്കാര്‍ ആരെല്ലാം?





ആര്‍.കെ.ബിജുരാജ്


ഒരു ലക്ഷം കോടി രൂപ എന്നത് ഒരിക്കലുമൊരു ചെറിയ തുകയല്ല. നൂറുകോടി ജനങ്ങളുള്ള ഒരു രാജ്യത്തില്‍ ഓരോ അംഗത്തിനും അതില്‍ അവകാശപ്പെട്ട വിഹിതം 1000 രൂപയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നുവരെ നടന്ന ഏറ്റവും വലിയ അഴിമതിയില്‍ ഓരോ പൗരനും നഷ്ടമായത് അല്ലെങ്കില്‍ അവരില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടത് ഏതാണ്ട് ഇതിനു സമാനമായ തുകയാണ്.
അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന, ഇപ്പോള്‍ 2. 13 കോടി ടെലഫോണ്‍ ഉപഭോക്താക്കളുള്ള ഒരു രാജ്യത്തിന്റെ 'ബിസിനസ് പൊട്ടന്‍ഷ്യല്‍' കൃത്യമായി ഇതുവരെ വിലയിരുത്തപ്പെട്ടിട്ടില്ല. ഒരു ദശാബ്ദമായി നമ്മുടെ ടെലികമ്യൂണിക്കേഷന്‍ മേഖല കൈപ്പടിയിലൊതുക്കാന്‍ വിദേശിയരും തദ്ദേശീയരുമായ ടെലകോം ഭീമന്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് 2 ജി ലൈസന്‍സ്/ സ്‌പെക്ട്രം ഫീസിലൂടെ നടന്ന വന്‍ അഴിമതി. ഓഹരി, എണ്ണ, ഊര്‍ജം എന്നീ മേഖലയേക്കാള്‍ 'കിക്ക്ബാക്‌സിന്റെ' മേഖലയ ടെലകോം ആണെന്ന് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ബിസിനസ് ലോബികളും കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു.


2 ജി സ്‌പെക്ട്രം അഴിമതി


'ഇത് നിസാര വിഷയമല്ല. തൊട്ടാല്‍ കൈപൊള്ളും'-ടെലകോം അഴിമതിക്ക് പിന്നാലെ യാഥാര്‍ത്ഥ്യങ്ങളടങ്ങിയ രേഖകള്‍ കൈമാറിയവര്‍ മുതല്‍ ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥരെല്ലാം നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്. ക്യാബിനറ്റ് മന്ത്രി, ടെലകോം ഭീമന്‍മാര്‍, കോര്‍പ്പറേറ്റ് ലോബിയിസ്റ്റുകള്‍, ഉദ്യോഗസ്ഥര്‍, മാധ്യമസ്ഥാപനങ്ങള്‍, 'വലിയ' പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയ എല്ലാവരും ഒത്തൊരുമിച്ച് നടത്തിയ വന്‍ അഴിമതിയാണ് 2 ജി ലൈസന്‍സ്/സ്‌പെക്ട്രം ഫീസ് നിശ്ചയിക്കല്‍. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുപോലും നിസ്സഹായനായി മാറുന്ന 'മാനിപ്പുലേഷന്‍സാ'ണ് ഇവര്‍ നടത്തിയത്. ഏതെങ്കിലും ഘട്ടത്തില്‍ ഈ അഴിമതിയെ ചെറുതായി എതിര്‍ത്തവരാരും ഇന്ന് രംഗത്തില്ല. ഒന്നുകില്‍ സ്ഥലമാറ്റം. അല്ലെങ്കില്‍ പിരിച്ചുവിടല്‍. അന്വേഷണം സത്യസന്ധമായി ഏറ്റെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല. അഥവാ സി.ബി.ഐ. കേസ് ഏറ്റെടുത്തോ എന്നുപോലും സമ്മതിക്കാന്‍ ആരുമില്ല. ഇത്തരത്തില്‍ വലിയ മൗനത്തെ ഭേദിച്ചുവേണം നമുക്ക് മുന്നോട്ടുപോകാന്‍.
രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പാണ് 2 ജി സ്‌പെക്ട്രം അഴിമതി നടന്നത്. പക്ഷേ അഴിമതി വെളിപ്പെട്ടത് ഈ വര്‍ഷമാദ്യമായിരുന്നു എന്നു മാത്രം. 3 ജി ലൈസന്‍സ്/ സ്‌പെക്ട്രംഫീസ് ഈ വര്‍ഷം ലേലത്തിലൂടെ അനുവദിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ച വരുമാനം 68,000 കോടി രൂപയാണ്. എന്നാല്‍ 2008-ല്‍ 2 ജി ലൈസന്‍സ് അനുവദിച്ചപ്പോള്‍ ലഭിച്ചത് 10,000 കോടി രൂപമാത്രവും. ഈ തുകയിലെ അന്തരമാണ് അഴിമതി നടന്നു എന്നതിന്റെ ആദ്യ പ്രത്യക്ഷ സൂചന.
ടെലകോം മന്ത്രാലയത്തിന്റെ തെറ്റായ പ്രവര്‍ത്തനം മൂലം 26,000 കോടി പൊതു ഖജനാവിന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പിന്നാലെ കണ്ടെത്തി. അതായത് 2 ജി വില്‍നയിലുടെ കുറഞ്ഞത് 37,500 കോടി രൂപ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്നു. തുടര്‍ന്ന് കേന്ദ്ര വിജിലന്‍സ് കമ്മിഷണറുടെ ഉത്തരവ് പ്രകാരം സി ബി ഐ കേസെടുത്തു. അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. ഓഡിറ്റല്‍ ജനറിന്റെ കണ്ടെത്തല്‍ അനുസരിച്ച് നോക്കുകയാണെങ്കില്‍ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണ് ഇത്. ഇന്ത്യയില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ അഴിമതി സത്യം കമ്പ്യൂട്ടേഴ്‌സുമായി ബന്ധപ്പെട്ടതാണ്. 8000 കോടി രൂപയാണ് അതിലെ തട്ടിപ്പ് തുക. തൊട്ടുപിന്നില്‍ ഹര്‍ഷദ് മേത്തയുടെ 4000 കോടിയുടെ ഓഹരി അഴിമതിയാണ്. ഇതു രണ്ടും ടെലകോം അഴിമതിയുമായി തുലനം ചെയ്യുമ്പോള്‍ നിസാരങ്ങളാണ്.


സ്‌പെക്ട്രം, ലൈസന്‍സ്, ടെലകോം കമ്പനികള്‍


ടെലി കമ്യൂണിക്കേഷന്‍ സംവിധാനത്തിന് നിശ്ചിത വ്യാപ്തിയിലുള്ള ഇലക്‌ട്രോണിക്മാഗ്നറ്റിക് സ്‌പെയിസ് ആവശ്യമാണ്. സെപക്ട്രം എന്നാല്‍ റേഡിയോ ഫ്രീക്വന്‍സീസ് പരിധി എന്നാണ് അര്‍ത്ഥം. ടെലകോം കമ്പനികള്‍ക്ക് സിഗ്നലുകള്‍ അയക്കുക, സ്വീകരിക്കുക അടക്കമുള്ള തങ്ങളുടെ വയര്‍ലെസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിശ്ചിത മേഖലയില്‍ ഈ ഫ്രീക്വന്‍സി ആവശ്യമാണ്.
ഈ ഫ്രീക്വന്‍സി ഓരോ ടെലഫോണ്‍ കമ്പനികള്‍ക്കും അനുവദിക്കുക കേന്ദ്ര സര്‍ക്കാരാണ്. നിശ്ചിത തുക ഫീസായി ഈടാക്കിയാണ് ഇത് അനുവദിക്കുക. ടെലകോം മന്ത്രാലയമാണ് അത്യന്തികമായി ഇതിന്റെ നടത്തിപ്പുകാര്‍.
ആശയവിനിമയ രംഗത്ത് (2 ജി) മൊബൈലുകളും മൂന്നാം തലമുറ മൊബൈലുകളും (3 ജി) വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടാക്കുക. ഇപ്പോത്തെ മൊബൈല്‍ സംവിധാനത്തില്‍ ശബ്ദങ്ങളുടെ കൈമാറ്റവും ഡാറ്റ കൈമാറ്റവുമാണ് നടക്കുക. അതിന് പരിമിതികളുണ്ട്. അതേസയം 3 ജി മാബൈലില്‍ ശബ്ദം, ഡേറ്റ, മള്‍ട്ടി മീഡിയ, ഇന്റര്‍നെറ്റ് എന്നിവ എളുപ്പം ലഭ്യമാകും. മൊബൈല്‍ ടിടി, വീഡിയോ ഓണ്‍ ഡിമാന്‍ഡ്, വീഡിയോ കോണ്‍ഫ്രണ്‍ന്‍സിംഗ് (സംസാരിക്കുന്നവര്‍ക്ക് പരസ്പരം കണ്ടുകൊണ്ട് സംസാരിക്കാനുള്ള അവസരം), ടെലി മെഡിസിന്‍, ലൊക്കേഷന്‍ ബെയ്‌സഡ് സര്‍വീസ് എന്നീ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതാണ് 3 ജി മൊബൈല്‍. നിലവിലുള്ള സംവിധാനത്തേക്കാള്‍ 10-25 ഇരട്ടിവരെ വേഗതയുണ്ടാവും 3 ജിക്ക് (3 ജി സൗകര്യമുള്ള മൊബൈലുകള്‍ വേണം ഈ സൗകര്യങ്ങള്‍ ലഭ്യമാകാന്‍ എന്നു മാത്രം). വികസിച്ച ഈ മൊബൈല്‍ സാങ്കേതികതയ്ക്ക് ആവശ്യക്കാര്‍ ഏറെയായിരിക്കുമെന്നുംവ്യക്തം. അതുകൊണ്ട് തന്നെയാണ് സ്‌പെക്ട്രം കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കാനും ലാഭമുണ്ടാക്കാനും ടെലകോം കമ്പനികള്‍ ശ്രമിക്കുന്നത്.
സ്‌പെക്ട്രം അഴിമതിയുടെ സ്വഭാവം ഏറെക്കുറെ ഇങ്ങനെയായിരുന്നു: ടെലകോംമന്ത്രി എ. രാജയും ടെലഫോണ്‍ കമ്പനികളും ഇടനിലക്കാരും ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ രംഗം തദ്ദേശീയരും വിദേശികളുമായ കുത്തകമ്പനികള്‍ക്ക് വിറ്റഴിക്കാന്‍ തിരുമാനിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിനെ തകര്‍ത്തുകൊണ്ടാണിത്. സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതിന് ലേലം ഏര്‍പ്പെടുത്താനോ മത്സരാധിഷ്ഠിതമായ തുക നിശ്ചയിക്കാനോ മന്ത്രി രാജയും കൂട്ടരും ശ്രമിക്കുന്നില്ല. സ്‌പെക്ട്രം ലൈസന്‍സ് 'ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുക' എന്ന രീതിയില്‍ അനുവദിച്ചു നല്‍കി. ഇതിനു നിശ്ചയിച്ച ഫീസ് 2007 ലേതായിരുന്നില്ല. പകരം ആറുവര്‍ഷം പഴയ, 2001 ലെ ഫീസായിരുന്നു. അതായത് 1650 കോടി രൂപ. ഇതിന്റെ രണ്ടോ മൂന്നോ ഇരട്ടിവരുമായിരുന്നു യഥാര്‍ത്ഥ തുക. 2ജി സ്‌പെക്ട്രം ലൈസന്‍സിന് അപേക്ഷിക്കാന്‍ കൃത്യമായ കാലപരിധിയും നല്‍കിയില്ല. കുറഞ്ഞ തുകയ്ക്ക് സെപക്ടറം അനുമതി കിട്ടിയ കമ്പനികള്‍ പലതും വ്യാജമായിരുന്നു. 'യൂണിടെക്ക്', 'സ്‌വാന്‍' തുടങ്ങിയ കമ്പനികള്‍ തങ്ങള്‍ക്ക് ചുളുവിന് കിട്ടിയ ലൈസന്‍സ് വിദേശ കമ്പനികള്‍ക്ക് മറിച്ചുവിറ്റു. ഈ രണ്ടു കമ്പനികളും യഥാര്‍ത്ഥ അര്‍ഹരല്ലായിരുന്നു. കാരണം ഈ കമ്പനികള്‍ക്ക് സ്വന്തമായ നെറ്റ് വര്‍ക്ക് സംവിധാനമോ, ടെലഫോണ്‍ ടവറോ, മറ്റ് ടെലകോം സംവിധാനങ്ങളോ ഇല്ലായിരുന്നു.


നീരാ റാദിയയുടെ വഴികള്‍


ടെലകോം അഴിമതിയുടെ യഥാര്‍ത്ഥ രഹസ്യങ്ങളിലേക്ക് നമ്മള്‍ ഇതുവരെ എത്തിയിട്ടില്ല. അതിലേക്ക് എത്തുന്നതിന് മുമ്പ് നീരാ റാദിയ എന്ന സ്ത്രീയെ നമ്മള്‍ പരിചയപ്പെടണം. അധികാരത്തിലേക്ക് എത്തുന്നതിന് ഡല്‍ഹിയിലെ രാഷ്ട്രീയക്കാരുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും പാസ്‌വേഡാണ് നീരാ റാദിയ. അവരിലൂടെ മാത്രമേ നമുക്കും ടെലകോം അഴിമതിയുടെ രഹസ്യങ്ങളിലേക്ക് ചെല്ലാനാവൂ. ഡല്‍ഹിയിലെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും നീരാ റാദിയ എന്ന ഇടനിലക്കാരിക്ക് ഇട്ടിരിക്കുന്ന ചെല്ലപ്പേരാണ് 'കോര്‍പ്പറേറ്റ് ലോബിയിസ്റ്റ്'. അധികാരവഴികളില്‍ ശരിക്കും ഒരു മാനിപ്പുലേറ്ററാണ് നീര റാദിയ. എ. രാജയെപ്പോലുള്ള ക്യാബിനറ്റ് മന്ത്രിമാരെ വാഴിക്കാനും നീക്കം ചെയ്യാനും മാത്രം പ്രഗല്‍ഭ. മുകേഷ് അംബാനിമാരെപ്പോലുള്ള വന്‍മുതലാളിയെ വളര്‍ത്താനും തളര്‍ത്താനും അറിയാവുന്നയാള്‍. ബര്‍ക്ക ദത്ത, വീര്‍ സാംഗ്‌വി പോലുള്ള 'മാധ്യമജെയിന്റു'കളെ ഏങ്ങോട്ട് നയിക്കണമെന്നറിയാവുന്ന ഒരാള്‍.
ഇരുപത്തഞ്ച് വര്‍ഷമായി വ്യോമായാനം, വിനോസഞ്ചാരം, ടെലകോം, കമ്യൂണിക്കേഷന്‍ മേഖലയില്‍ കണ്‍സള്‍ട്ടന്റായി നീര റാദിയ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയ, ബിസിനസ്, മാധ്യമ, വ്യോമ, ഊര്‍ജ രംഗങ്ങളെപ്പറ്റി ആഴത്തില്‍ അറിവുള്ളയാളാണ് അവര്‍. ഏയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ സമയത്ത് കടന്നുവന്ന് അത് സിംഗപൂര്‍ എയര്‍ലൈന്‍സ്-ടാറ്റ കണ്‍സോര്‍ഷ്യത്തിന് അതിന് ലാഭമുണ്ടാക്കിയത് നീര റാഡിയയയാരുന്നു. ടാറ്റ, വി.എസ്.എന്‍.എല്‍, ടൈറ്റാന്‍, ഐ.ടി.സി., സ്റ്റാര്‍ ഗ്രൂപ്പ്, കൊടാക് മഹീന്ദ, ചാനല്‍ വി, റയ്മണ്ട്‌സ് തുടങ്ങിയവയുമായും അവര്‍ക്കുവേണ്ടിയും വമ്പന്‍ ഇടപാടുകള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട് നീര. ഇന്ത്യയില്‍ മാജിക് ഏയര്‍ലൈന്‍സ് തുടങ്ങാന്‍ പദ്ധതിയുമായി ഒരിക്കല്‍ നീര റാദിയ വന്നിരുന്നു.
ടെലകോം അഴിമതി അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തപ്പോള്‍ അവര്‍ നീര റാഡിയയുടെ ഫോണ്‍ കോളുകള്‍ നീരിക്ഷിച്ചിരുന്നു. നീര റാഡിയയുടെ സ്വാധീന ശക്തിയും ഇടപെടലുകളും എത്ര വിപുലമാണെന്ന വിവരങ്ങളാണ് അതിലൂടെ ലഭിച്ചത്. സി.ബി.ഐയുടെ അതീവ രഹസ്യരേഖകള്‍ നീര റാദിയെപ്പറ്റി രേഖപ്പെടുത്തുന്നത് ചില വിവരങ്ങള്‍ ഇങ്ങനെയാണ്:
1. ജാര്‍ഖണ്ഡില്‍ ടാറ്റയ്ക്ക് ഒരു ധാതുഖനിയുടെ ലീസ് കാലാവധി നീട്ടിക്കിട്ടണം. പക്ഷേ അതിനു മുഖ്യമന്ത്രി മധുഖോഡ 180 കോടിയോളം ആവശ്യപ്പെട്ടു. പക്ഷേ നീര റാഡിയ നേരിട്ട് ഇടപെട്ടു. ജാര്‍ഖണ്ഡ് ഗവര്‍ണറില്‍ നിന്ന് ലീസ് കാലാവധി അവരുടെ നീട്ടിമേടിച്ചു. ഈ ഇടപാടിനുവേണ്ടി പ്രവര്‍ത്തിച്ച ടീമംഗങ്ങള്‍ക്ക് രത്തന്‍ ടാറ്റ സമ്മാനിച്ചത് ഒരു കോടി രൂപയാണ്.
2. ബംഗാളിലെ സിംഗൂരില്‍ തുടങ്ങാനിരുന്ന ടാറ്റയുടെ പ്രോജക്ട് ജനകീയ പ്രതിഷേധം രൂപപ്പെട്ട സാഹചര്യത്തില്‍ ഗുജറാത്തിലേക്ക് കൊണ്ടുവരുന്നതും അതിന് അനുയോജ്യമായ രീതിയില്‍ രാഷ്ട്രീയ-മാധ്യമം അന്തരീക്ഷം ഒരുക്കിയതും നീര റാഡിയയാണ്. ഇവര്‍ക്ക് ബംഗാളിലെ പ്രധാന ഇടതുമുന്നണി നേതാക്കളുമായും സി.ഐ.ടി.യു നേതാക്കളുമായും അടുത്ത ബന്ധമുണ്ട്.
3. അനില്‍ അംബാനിയുമായുള്ള 'ഗ്യാസ് യുദ്ധ'ത്തില്‍ മുകേഷ് അംബാനിക്കുവേണ്ടി നീര റാഡിയ അധികാര കേന്ദ്രങ്ങളില്‍ ശക്തമായ ലോബിംഗ് നടത്തിയി.
4. ടെലഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന്, ഡല്‍ഹി ആസ്ഥാനമായുള്ള ഒരു എന്‍.ജി.ഒ.യെക്കൊണ്ട് അനില്‍ അംബാനിയുടെ എ.ഡി.എ.ജി. ഗ്രൂപ്പിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി കൊടുപ്പിക്കാന്‍ നീരാ റാഡിയ ശ്രമിച്ചു. അതിനുവേണ്ടി റിലയന്‍സിലെ ഒരു ഉദ്യോഗസ്ഥനായ
മനോജ് മോഡിയുമായി അവര്‍ ബന്ധപ്പെടുന്നു. പ്രമുഖമായ ഡി.എല്‍.എഫ് കേസില്‍ മോഡി ഇതേ എന്‍.ജി.ഒയെയാണ് അനുകൂലമായി ഉപയോഗിക്കുന്നത്. എന്‍.ജി.ഒ. സംഘത്തെ ഒനയിക്കന്നതില്‍ ഒരാള്‍ നീരാ റാഡിയയുടെഅടുത്തയാളാണ്.
5. മാധ്യമ കണ്‍സള്‍ട്ടന്‍സിയും ചാനല്‍ സംവിധാനങ്ങളുമുള്ള നീര റാഡിയ മുകേഷ് അംബാനിയ്ക്കുണ്ടേി 'നയി ദുനിയ'യെ ഉപയോഗപ്പെടുത്തുന്നു. വിനയ് ചാജ്ല്‍നിക്കും ജഹാംഗീര്‍ പോച്ചയ്ക്കും വേണ്ടി ന്യൂസ് എക്‌സ് ചാനല്‍ ഏറ്റെടുക്കുന്നതിനുള്ള അന്തരീക്ഷം ഉണ്ടാക്കിയത് നീരാ റാഡിയയാണ്. പത്രപ്രവര്‍ത്തകര്‍ക്ക് വില കൂടിയ സമ്മാനങ്ങള്‍, കാറുകള്‍, ഹോളിഡേ പാക്കേജുകള്‍ എന്നിവ നല്‍കി ക്കൊണ്ടാണ് മാധ്യമ അന്തരീക്ഷം പലപ്പോഴും അനുകൂലമായി നീരാ റാഡിയ ഉപയോഗിക്കുന്നത്.
6. നീരാ റാദിയയുമായി കേന്ദ്ര ടെലകോം മന്ത്രി എ. രാജയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. രാജയ്ക്ക് യു.പി.എ മന്ത്രിസഭയില്‍ സ്ഥാനം ഉറപ്പിക്കുന്നതിനുവേണ്ടി ശക്തമായ ലോബിംഗ് നടത്തി. നീരാറാഡിയയാണ് ടെലകോം അഴിമതിയിലെ ഇടപാടുകള്‍ മുഖ്യമായും നടത്തുന്നത്.
7. കേന്ദ്ര നയങ്ങള്‍ നിശ്ചയിക്കാനും മാറ്റിത്തീര്‍ക്കാനും കരുത്തുള്ളയാളാണ് നീരാ റാഡിയ. പല ഔദ്യോഗിക രഹസ്യരേഖകളും ഔദ്യോഗിക ഇടപാടുകളുടെ വിശദവിവരങ്ങളും ഇവരുടെ കൈയില്‍ നേരിട്ട് തന്നെ എത്തുന്നുണ്ട്.

നീരാ റാഡിയയുടെയും അവരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യന്നവരുടേതുമായ ഒമ്പത് ടെലഫോണ്‍ ലൈനുകള്‍ നീരീക്ഷിച്ചതിലൂടെ സി.ബി.ഐയ്ക്ക് ലഭിച്ചതാണ് ഈ വിവരങ്ങള്‍








ടെലകോം അഴിമതിയെപ്പറ്റി വ്യക്തമാക്കുന്ന 'സ്ട്രിക്ക്റ്റിലി കോണ്‍ഫിഡന്‍ഷ്യല്‍' രേഖകള്‍.

രാജയുടെ മന്ത്രിപദം

മന്‍മോഹന്‍സിംഗ് മന്ത്രിസഭയിലെ എ. രാജയുടെ സ്ഥാനം ഒരര്‍ത്ഥത്തില്‍ നീരാ റാഡിയുടെ സമ്മാനമാണ്. അഴിമതിക്കാരന് വ്യക്തമായതുകൊണ്ടു കൂടിയാവണം രണ്ടാം വട്ട യു.പി.എ. മന്ത്രിസഭയില്‍ എ. രാജയെ ആദ്യഘട്ടത്തില്‍ ടെലകോം മന്ത്രിയായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പരിഗണിച്ചിരുന്നില്ല. രാജയ്ക്കുവേണ്ടി റാഡിയ നന്നായി കോണ്‍ഗ്രസ് അധികാരകേന്ദ്രങ്ങളില്‍ ലോബിംഗ് നടത്തി.
ഡി.എം.കെ. നേതാവ് കരുണാനിധിയുടെ വിശ്വസ്തനുംആജ്ഞാനുവര്‍ത്തിയുമാണ് രാജ. നാല്‍പത്തിയേഴു വസുകാരനായ എ. രാജ തമിഴ്‌നാട്ടിലെ നീലഗിരി മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. മൂന്നാംവട്ടം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ രണ്ടാം തവണയാണ് കേന്ദ്രമന്ത്രിയാകുന്നത്. 2004 മെയില്‍ ആദ്യ യു.പി. എ. സര്‍ക്കാരില്‍ എ രാജ പരിസ്ഥിതി വനം മന്ത്രിയായി. 2007 മെയില്‍ ഐടി മന്ത്രലായത്തിന്റെ ചുമതലയിലേക്ക് മാറ്റി. തമിഴ്‌നാട്ടില്‍ നിന്നു തന്നെയുള്ള, മറ്റൊരു ഡി.എം.കെ. അംഗം ദയാനിധി മാരനാണ് അതുവരെ ആ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നത്. സഹോദരന്‍ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള 'ദിനകരന്‍' പത്രത്തില്‍ കരുണാനിധിയുടെ പിന്‍ഗാമിയായി 70 ശതമാനം ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് എം.കെ. സ്റ്റാലിനെയാണ് എന്ന് സര്‍വേ ഫലം പുറപ്പെടുവിച്ചതോടെയാണ് ദയാനിധിമാരനുമായി കരുണാനിധി അകലുന്നത്. കരുണാനിധിയുടെ മറ്റൊരു മകന്‍ അഴഗിരിയുടെ അനുയായികള്‍ ദിനകരന്റെ ഓഫീസ് ആക്രമിച്ചു. തുടര്‍ന്നുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് മാരനെ മാറ്റാന്‍ കരുണാനിധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പക്ഷേ പ്രധാമന്ത്രി നിരസിച്ചു. ഒടുവില്‍ 2007 മെയ് 13 ന് മാരന്‍ രാജിവച്ചു. മാരന്‍ മാറുന്ന ഒഴിവിലാണ് രാജ ടെലകോം മന്ത്രിയാകുന്നത്.
രണ്ടാംവട്ട യു.പി.എ. സര്‍ക്കാരാര്‍ ചുതലയേല്‍ക്കുമ്പോള്‍ ടെലകോം മന്ത്രിയായി മന്‍മോഹന്‍സിംഗിന്റെ മനസിലുണ്ടായിരുന്നത് ദയാനിധി മാരനായിരുന്നു. എന്നാല്‍ മാരനെ ടെലകോം മന്ത്രിയാക്കാതിരിക്കാന്‍ വലിയ ലോബിംഗ് നടന്നു. ടെലകോം കമ്പനികളും നീരാ റാഡിയയും രംഗത്തിറങ്ങി. കരുണാനിധി തന്നെ ഇടപെട്ടൂ. ദയാനിധി മാരന്‍ ടെലകോം മന്ത്രിയാകുന്നത് കരുണാനിധി ഒരുതരത്തിലും ഇഷ്ടപ്പെട്ടിരുന്നില്ല. ക്യാബിനറ്റ് മന്ത്രിമാരെ നിശ്‌യചിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ രാജയും നീരാറാഡിയയും തമ്മില്‍ നടന്ന ടെലഫോണ്‍ സംഭാഷണങ്ങള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ചോര്‍ത്തിയിരുന്നു. അത് പിന്നീട് ചാനലുകള്‍ പുറത്തുവിട്ടു.
2009 മെയ് 23 ന് രാത്രി 11.05 ന് രാജ ഫോണില്‍ നീര റാഡിയയെ വിളിക്കുന്നു.
രാജ: : എന്റെ പേര് ഉറപ്പായോ? (ക്യാബിനറ്റ് മന്ത്രിപദം)
റാദിയ: യെസ്. ഇന്നലെ രാത്രി തന്നെ നിങ്ങളുടെ കര്യം ഉറപ്പാക്കിയിട്ടുണ്ട്..എന്താണ് ദയ (ദയാനിധി മാരന്‍)യുടെ കാര്യം?
രാജ: ടെക്‌സ്റ്റയില്‍ അല്ലെങ്കില്‍ വളം?
റാഡിയ: ദയക്കാണോ എന്നല്ല. ദയയോ അഴഗിരിയോ ഒരാള്‍ വന്നാല്‍പേരെ?
രാജ: അല്ല. രണ്ടുപേര്‍ക്കും വരാം
റാഡിയ: രണ്ടുപേരും?
രാഡിയ: ബാലുവായിരിക്കും പ്രശ്‌നം എന്ന് ഞാന്‍ കരുതുന്നു
റാഡിയ: നേതാവിന് (കരുണാനിധിക്ക്) തന്റെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കുവേണ്ടി പറയുക ബുദ്ധിമുട്ടാവും.
രാജ: (ചിരിക്കുന്നു). അതെ, എല്ലാവര്‍ക്കും അതറിയാം
റാഡിയ: നോ. കനി (കനിമൊഴി) എന്നോട് ഇന്നലെ രാത്രി പറഞ്ഞത്...

ഒടുവില്‍ രാജ ടെലകോം മന്ത്രിയായി. ടെലകോം കമ്പനികള്‍ക്കും ഇടനിലക്കാരും സ്വഭാവികമായും ആഹ്‌ളാദത്തിലായി. മാരനെപ്പോലെ ഒരാള്‍ ഒഴിഞ്ഞു കിട്ടിയതിലായിരുന്നു എല്ലാവര്‍ക്കും സന്തോഷം.

അന്വേഷണങ്ങള്‍ തുടങ്ങുന്നു

2 ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട് അഴിമതി നടന്നു എന്നു വ്യക്തമായതോടെ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തി.
സി.ബി.ഐ (അഴിമതി വിരുദ്ധ വിഭാഗം) ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിനീത് അഗര്‍വാളായിരുന്നു ടെലകോം അഴിമതിയുടെ അന്വേഷണ ചുതല.
ഡി.ജി.ഐ. (ഇന്‍വെസ്റ്റിഗേഷന്‍) മിലാപ് ജെയിന്‍ ന് 2009 നവംബര്‍ 16 ന് എഴുതിയ കത്തില്‍ 2007-08 വര്‍ഷത്തില്‍ യു.എ.എസ്. ലൈസന്‍സ് നല്‍കിയ കാര്യത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കുമെതിരെ അന്വേഷണം നടക്കുകയാണ് എന്നും. 2009 ഒക്‌ടോബറര്‍ 21 ന് കേസ് ആര്‍.സി, ആര്‍ സി ഡി എ ഐ 2009 എ 0045 എന്ന നമ്പറില്‍ ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും വിനീത് അഗര്‍വാള്‍ പറയുന്നു. തങ്ങള്‍ നോയിസിസ് കള്‍സള്‍ട്ടന്‍സിയിലെ നിരാ റാഡിയ്‌ക്കെതിരെ ചില വിവരങ്ങള്‍ തേടുകയാണെന്നും അവര്‍ക്കെതിരെ എന്തെങ്കിലും വിവരവമോ രേഖയോ ഇണ്ടെങ്കില്‍ നല്‍കണമെന്ന് കാണിച്ചുമാണ് കത്ത്. നീരാ റാഡിയയുടെ ടെലഫോണുകള്‍ നിരീക്ഷണത്തിലാണ് എന്ന് കത്തില്‍ പറയുന്നുണ്ട്.
'സ്ട്രിക്ക്റ്റ്‌ലി കോണ്‍ഫിഡന്‍ഷ്യല്‍' എന്ന് രേഖപ്പെടുത്തിയ ഒരു മറുപടി ജോയിന്റ് ഡയറക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് ആഷിഷ് അബറോള്‍ 2009 നവംബര്‍ 20 ന് വിനീത് അഗര്‍വാളിന് എഴുതി.
സി.ബി.ഡി.ടിയില്‍ നിന്ന് ലഭിച്ച പ്രത്യേക വിവരത്തിന്റെ അിടസ്ഥനത്തില്‍ നീര റാഡിയയുടെയും അവരുടെ അടുത്ത അനുയായികളുടെയും ഫോണ്‍ കോളുകള്‍ ആഭ്യന്തര മരന്താലയത്തിന്റെ അുനമതിയോടെ നിരീക്ഷണത്തില്‍ വച്ചുവെന്ന് മറുപടി പറയുന്നു. നീര റെഡിയ വൈഷണവി കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്‍സ് പൈവറ്റ് ലിമിറ്റ്ഡ്, നോയിസിസ് സ്ട്രാറ്റജിഗ് കണ്‍സള്‍ട്ടിംഗ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റ്, വിറ്റോം, നിയോ കോം കണ്‍സള്‍ട്ടിംഗ് എന്നിവയുടെ മേധാവിയാണെന്നും ടെലകോം, ഈര്‍ജം, വ്യോമനയാം, അടിസ്ഥാന സൗകര്യവികസന ന്ന് മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും കത്തില്‍ പറയുന്നു.
ടെലഫോണ്‍ സംഭാഷണങ്ങളില്‍ നിരാ റാഡിയയ്ക്ക് ടെലകോം ലൈസന്‍സ് നല്‍കുന്നതില്‍ പങ്കുണ്ടെന്ന് വ്യക്തമാണെന്ന് കത്ത് വ്യക്തമാക്കുന്നു. ഒരു സംഭാഷണത്തില്‍ പുതിയ ടെലകോം ഓപ്പറേറ്റര്‍മാരോട് വിദേശ നിക്ഷേപകരില്‍ ഫണ്ട് തങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്നത് താമസിപ്പിക്കാന്‍ റാഡിയ നിര്‍ദേശിക്കുന്നു. വളരെ ലാഭമുളള കമ്പനിയാണെന്ന് എന്ന് തോന്നിപ്പിക്കാതിരിക്കാനാണ് ഈ നിര്‍ദേശം.
റാഡിയ ടെലകോം മന്ത്രിയുമായി നേരിട്ടുതന്നെ ചില സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മറ്റ് ചില സംഭാഷണങ്ങളില്‍ റാഡിയ മറ്റ് ടെലകോം കമ്പനികളോട് 2 ജി ലൈസന്‍സ്/സ്‌പെകട്രം ഫീസ് നിശ്ചയിക്കാന്‍ തങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. ചനോലിയ എന്ന ടെലകോം ഉദ്യോഗസ്ഥനുമായി റെഡിയ തുടര്‍ച്ചയായി ബന്ധപ്പെട്ടതിനും തെളിവുകള്‍ ലഭിച്ചു.
പക്ഷേ അന്വേഷണം ശരിയായ ദിശിയില്‍ മുന്നേറുന്നു എന്നു കണ്ടപ്പോഴേ രാഷ്ട്രീയ സമ്മര്‍ദമുണ്ടായി. വിനീത് അവര്‍വാളിനെ അന്വേഷണ ചുതലയില്‍നിന്ന് മാറ്റി. പക്ഷേ വിവരം പുറത്തുവിട്ടില്ല.


അഴിമതിയുടെ നാള്‍ വഴികള്‍

2007 മെയില്‍ ഐടി മന്ത്രലായത്തിന്റെ ചുമതലയിലേക്ക് രാജ മാറിയതോടെ ടെലകോം കമ്പനികള്‍ക്ക് നല്ല കാലമായി. രാജയുടെ അടുത്ത ബന്ധം പുലര്‍ത്തിയ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ ടെലകോം ഓപ്പറേറ്റഴ്‌സായി മാറാന്‍ സന്നദ്ധപ്രകടിപ്പിച്ചു.
വൈകാതെ 2 ജി സ്‌പെക്ട്രം ലൈസന്‍സ് വിഷയം ഉയര്‍ന്നുവന്നു. റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ ടെലകോം രംഗത്തേക്ക് കടന്നുവന്നതോടെയാണ് രാജ അവര്‍ക്കുവേണ്ടി കളമൊരുക്കാന്‍ തുടങ്ങി. ടെലകോം സെക്രട്ടി ഡി.എസ്. മാതുറിനോട് പുതിയ കമ്പനികള്‍ക്ക് ലെസന്‍സും സ്‌പെക്ടറും നല്‍കാന്‍ രാജ നിര്‍ദേശം നല്‍കി. മാതുര്‍ ഇത് ഏതിര്‍ക്കുകയും ലൈസന്‍സ് അനുവദിക്കുന്നതിന് സുതാര്യമായ ലേലവും മത്സരാധിഷ്ഠിതമായി വിലയും നിശ്ചയിക്കേണ്ടതുണ്ട് എന്ന് മാതുര്‍ അറിയിച്ചു. 2003 ന് ശേഷം ടി.ആര്‍.എ. ഐ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ളതായിരുന്നു മാതുറിന്റെ നിലപാട്. 'ആദ്യം വരുന്നവര്‍ക്ക് ആദ്യം' എന്ന രീതിയില്‍ 2 ജി ലൈസന്‍സ് അനുവദിക്കാനായിരുന്നു രാജയുടെ താല്‍പര്യം. 2001 ല്‍ നിശ്ചയിച്ച വിലയനുസരിച്ച് പണം കമ്പനികളില്‍ ഈടാക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. ഇത് അംഗീകരിക്കാനാവില്ല എന്നായിരുന്നു മാതുറിന്റെ പക്ഷം. കാരണം 2001 ല്‍ നാല്‍പതു ലക്ഷം മൊബൈല്‍ ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. 2007 ല്‍ അവരുടെ എണ്ണം മൂന്നു കോടിയായി വര്‍ധിച്ചിട്ടുണ്ട്. ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ മഞ്ജു മാധവനും രാജയുടെ നീക്കത്തെ എതിര്‍ത്തു. രാജ രണ്ടുപേരുടെ എതിര്‍പ്പിനെ അവഗണിക്കുകയും നിയമന്ത്രലായത്തിന് തന്റെ നിലപാടുകള്‍ അംഗീകരിച്ചു കിട്ടാനായി ഫയല്‍ അയക്കുകയും ചെയ്യു. അതിനിടയില്‍, 2007 സെപ്റ്റംബര്‍ 4 ന് ടെലകോം മന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് ഇറങ്ങി. ലൈസന്‍സ് അനുവദിക്കുന്നതിനുള്ള അവസാന തീയതി 2007 ഒക്‌ടോബര്‍ 1 ആയി നിശ്‌യിച്ചിരിക്കുന്നു എന്നായിരുന്നു പത്രക്കുറിപ്പ്.
2007 നംബര്‍ 1 ന് നിയമമന്ത്രി എച്ച്.ആര്‍. ഭരദ്വാജ് രാജയുടെ പദ്ധതി നിരസിച്ചു. മന്ത്രിമാരുടെ ഒരു വിദഗ്ധ സമിതി രൂപീകരിച്ച് സുതാര്യമായി 2ജി സെപ്ക്ട്രം ലേലം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. തൊട്ടടുത്ത ദിവസം, 2007 നവംബര്‍ 2 ന് രാജ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് കത്തെഴുതി. ഭര്വാദജിന്റെ നിര്‍ദേശത്തെ എതിര്‍ത്തുകൊണ്ടും നിയമന്ത്രാലയത്തിന് ഈ വിഷയത്തില്‍ കാര്യമില്ലെന്നും അറിയിച്ചുകൊണ്ടായിരുന്നു കത്ത്. രാജയുടെ ഓഫീസില്‍ നിന്ന് കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന് എത്തിച്ചു നല്‍കി.
ഒരു മണിക്കൂറിനുള്ളില്‍ (രാത്രി ഒമ്പതിന്) പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കത്തിലൂടെ രാജയോട് 2 ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവയക്കാനും തുടര്‍ന്നുള്ള എല്ലാ നടപടികള്‍ക്കും തന്നെ അറിയിക്കണമെന്നും അനുമതി തേടണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള ഒരു നീക്കത്തിന് ഒരു കാരണം അദ്ദേഹത്തെ വിവരങ്ങള്‍ മന്ത്രി ഭരദ്വാജ് ധരിപ്പിച്ചതുകൊണ്ടാവാം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്ത് രാജയുടെ വസതിയിലേക്ക് പ്രത്യേക ദൂതന്‍ വഴി എത്തിച്ചു നല്‍കി. ആ അര്‍ദ്ധരാത്രി തന്നെ രാജ മറുപടി എഴുതി. താന്‍ നിയമാനുസൃതമായിട്ടും സുതാര്യമായിട്ടുമാണ് 2 ജി സ്‌പെക്ട്രം ലൈസന്‍സ് വിഷയത്തില്‍ ഇടപെടുന്നത് എന്നു കാണിച്ചായിരുന്നു കത്ത്. ലേലം, മത്സാരാധിഷ്ഠിതമായി വില നിശ്ചയിക്കല്‍ എന്നിവ ഗുണകരമല്ലെന്നുമായിരുന്നു രാജയുടെ വാദം. മുന്‍ എന്‍.ഡി.എ. സര്‍ക്കാരിന്റെ രീതികള്‍ തുടരുക മാത്രമാണ് താന്‍ ചെയ്യുന്നത് എന്നായിരുന്നു വാദം. കത്ത് 2007 നവംബര്‍ 2 പ്രധാനമന്ത്രിക്ക് നല്‍കി. രണ്ടു കത്തുകളും രാജയ്ക്കുവേണ്ടി തയ്യാറാക്കിയത് സോളിറ്റര്‍ ജനര്‍ (പിന്നീട് അറ്റോണി ജനര്‍) ജി. വാസന്‍വതിയായിരുന്നു. അദ്ദേഹം അന്ന് രാത്രി 7 -11.30 മണി വരെ രാജയുടെ വസതിയില്‍ ഉണ്ടായിരുന്നു. യുണ്ടയിരുന്നു. അദേ്ഹമാണ് രാജയ്ക്കുവേണ്ടി പ്രധാനമന്ത്രിക്കുള്ള രണ്ട് കത്തും തയ്യാക്കിതയത്.
എന്‍.ഡി.എ. ഭരണം ഉള്ളപ്പോഴുള്ള നയങ്ങള്‍ പിന്തുടരുകമാത്രമാണ് താന്‍ ചെയ്തത് എന്നാണ് എ. രാജയുടെ വാദം.

അഴിമതിയിലേക്കുള്ള രാജയുടെ അവസാന ചുവട്

രാജയുടെ നീക്കങ്ങള്‍ക്ക് ചെറിയ തിരിച്ചടി പ്രധാനമന്ത്രിയുടെ ഇടപെടല്‍ മൂലമുണ്ടായി. ടെലകോം സെക്രട്ടറി ഡി.എസ്. മാതുറിന്റെയും മഞ്ജു മാധവന്റെയും കടുത്ത എതിര്‍പ്പ് മറ്റൊരുവശത്ത് ശക്തമായുണ്ടായിരുന്നു. രാജ 2007 ഡിസംബര്‍ നാലിന് മഞ്ജുമാധവനെ കടുത്ത രീതിയില്‍ വിമര്‍ശിച്ച് ഇന്റേണല്‍ നോട്ട് എഴുതി. മജ്ഞുമാധവന്‍ ഉടനെ വി.ആര്‍.എസ്. എടുത്ത് ജോലി ഉപേക്ഷിച്ചുപോയി (വി.ആര്‍.എസിന് മഞ്ജുമാധവന്‍ നേരത്തെ തന്നെ അപേക്ഷിച്ചിരുന്നു)
50 ദിവസങ്ങള്‍ക്കുശേഷം, 2007 ഡിംസംബര്‍ 26 ന്, രാജ വീണ്ടും പ്രധാനമന്ത്രിക്ക് കത്തെഴുതി. പ്രണാബ്് മുഖര്‍ജി (അക്കാലത്ത് വിദേശകാര്യമന്ത്രി)യുടെയും ജി. വാസനവിയുടെയും നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ 'വ്യക്തത' താന്‍ കൈവരിച്ചിരിക്കുന്നുവെന്നും 2 ജി ലൈസന്‍സ് കമ്പനികള്‍ക്ക് അനുവദിക്കേണ്ടതുമാണ് കത്തലുണ്ടായിരുന്നു. പ്രധാമനമന്ത്രി പക്ഷേ വ്യക്തമായ മറുപടി എഴുതിയില്ല. 'കത്ത് കിട്ടി' എന്നു മാത്രം രാജയെ 2008 ജനുവരി 3 ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അറിയിച്ചു.
ടെലകോം സെക്രട്ടറിയായ ഡി.എസ്.മാതുര്‍ 2007 ഡിസംബര്‍ 31 ന് വിരമിച്ചു. രാജ ഈ അവസരത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്നുവേണം കരുതാന്‍. പകരം ആ സ്ഥാനത്തേക്ക് രാജ തന്റെ വിശ്വസ്തനായ സിദ്ധാര്‍ത്ഥ ബെഹുറയെ കൊണ്ടുവന്നു. മുമ്പ് വനം പരിസ്ഥിത മന്ത്രാലയത്തില്‍ രാജയ്ക്ക് കീഴില്‍ അഡീഷണല്‍ സെക്രട്ടറിയായി ബെഹുറ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബെഹുറ ചുമതലയേറ്റ് പത്ത് ദിവസത്തിനുള്ളില്‍ അതായത് 2008 ജനുവരി 10 ന് ഉച്ചയ്ക്ക് 2.45 ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലകോം ( ഡോട്ട്) പ്രസ് റീലിസ് വന്നു. കഴിഞ്ഞവര്‍ഷം നിശ്ചയിച്ചിരുന്ന, 2 ജി ലൈസന്‍സിന് അപേക്ഷിക്കാനുള്ള അവസാനതീയതി 2007 ഒക്‌ടോബര്‍ 1 എന്നതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അത് 2007 സെപറ്റംബര്‍ 25 ആയിരിക്കും. പുതിയ ആളുകള്‍ 2008 ജനുവരി 10 ന് 3.30 നും 4.40 നും ഇടയ്ക്ക് ഫീസായി പണം അടക്കണം അതായത് 1500-1600 കേടി രൂപ പുതിയ പ്രസ് റിലീസ് വന്ന് ഒരുമണിക്കൂറിനുള്ളില്‍ അടക്കണം. അസംഭവ്യമെന്ന് കരുതിയത് സംഭവിച്ച. ഒമ്പതു കമ്പനികള്‍ ഫീസടച്ചു. പക്ഷേ, വെറും 45 മിനിറ്റിനുള്ളില്‍ ഇത്രയും വലിയ ഫീസ് ഒമ്പത് പുതിയ കമ്പനികള്‍ക്ക് എങ്ങനെ അടക്കാനായി എന്നത് ചോദ്യമായി ശേഷിക്കുന്നു.
അതിന് സി.ബി.ഐക്ക് വ്യക്തമായ തെളിവ് കിട്ടി. പണം അടച്ച ഒമ്പത് കമ്പനികളുടെ പ്രതിനിധികളും/പ്രാമോട്ടര്‍മാരും പുതിയ പത്രക്കുറിപ്പ് വന്നതിന്റെ തലേ ദിവസം അതായാത് 2008 ജാനുവരി 9 ന് മന്ത്രി എ. രാജയുടെ വീട്ടില്‍ ഒത്തുചേര്‍ന്നിരുന്നു. പ്രസ് റിലീസ് വരുന്നതിന് 24 മണിക്കൂര്‍ മുമ്പ് രാജ ഈ കമ്പനികളെയെല്ലാം വിവരം അറിയിച്ചിരുന്നു.
പത്രക്കുറിപ്പില്‍ സെപ്റ്റംബര്‍ 25 അവസാന തീയതിയായി വയ്ക്കാന്‍ കാരണമുണ്ട്. സെപറ്റംബര്‍ 24 നാണ് എ.രാജയുടെ പ്രിയപ്പെട്ട കമ്പനിയായ യുണിടെക്ക് അപേക്ഷ സമര്‍പ്പിച്ചത്. അതേദിവസം തന്നെയാണ് രാജയുടെ മറ്റൊരു പ്രിയപ്പെട്ട കമ്പനിയായ ശ്യാം ടെലിലിങ്കും അപേക്ഷ സമര്‍പ്പിച്ചത്.
2008 ജാനുവരി 10 ന് സഞ്ചാര്‍ ഭവനില്‍ ആര്‍.കെ. ചാന്ദോലിനിയുടെ (രാജയുടെ പ്രൈവറ്റ് സെക്രട്ടറി)യുടെ മുറിയില്‍ 'സ്‌വാന്റെ'യും 'യൂണിടെക്കി'ന്റെയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. ചന്ദോലിയ ഉദ്യോസ്ഥരോട് കിട്ടിയ അപേക്ഷയില്‍ ഒന്നാം സ്ഥാന പാനി സ്‌വാനും രണ്ടാം സ്ഥാനം യൂണിടെക്കിനും നല്‍കാന്‍ പറഞ്ഞു. അതിനുശേഷമാണ് സഞ് ചാാര്‍ ഭവന്റെ എട്ടം നിലയില്‍ അപേക്ഷകള്‍ സ്വീകരിക്കാനായി ഒരു കൗണ്ടര്‍ തുറന്നത്. ഏഴ് കമ്പനികളുടെ ഫീസ് /അപേക്ഷ മേടിക്കാനായിരുന്നു അത്. ക്യൂവില്‍ ആദ്യ ഇടം കിട്ടാന്‍ തിക്കും തിരക്കുമായി. ഒടുവില്‍ ബഹളം കയ്യാങ്കളിയായി. പോലീസ് രംഗത്ത് എത്തി. പക്ഷേ ചന്ദോലിയയുടെ നിര്‍ദേശപ്രകാരം കേസ് എടുത്തില്ല.
ഇതിനിടയില്‍ ട്രായി ചെയര്‍മാന്‍ നൃപേന്ദമിശ്ര ടെലകോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബെഹുറയ്ക്ക് ജനുവരി 14 ന് എഴുതിയ കത്തില്‍ 2 ജി ലൈസന്‍സില്‍ നടപ്പാക്കുന്ന നയത്തെ എതിര്‍ത്തു. അതിന് വില കല്‍പിക്കപ്പെട്ടില്ല. 2008 മാര്‍ച്ച്/ഏപ്രിലില്‍ ലൈസന്‍സ് അനുവദിക്കപ്പെട്ടു. എല്ലാ ഫയലുകളും രാജ തന്നെയാണ് ഒപ്പുവച്ചത്. യൂണിടെക്ക് പല പേരില്‍ ലൈസന്‍സിനുവേണ്ടി അപേക്ഷിച്ചിരുന്നു. യൂണിടെക്ക് ഇന്‍ഫ്രാസ്‌ക്രട്‌റര്‍, യൂണിടെക്ക് ബില്‍ഡേഴ്‌സ് ആന്‍ഡ് എസ്‌റ്റേററ്‌സ്, അസ്‌ക പ്രേജാക്ട, നഹാന്‍ പ്രോപ്പര്‍ട്ടീസ്, ഹഡ്‌സന്‍ പ്രോപ്പര്‍ട്ടീസ്, വോള്‍ഗ പ്രോപ്പര്‍ട്ടീസ്, അഡോണിസ് പ്രോജക്ട്, അസാറി പ്രോജകട് എന്നിവയായിരുന്നു അപേക്ഷി സമര്‍പ്പിക്കുമ്പോഴുള്ള പേരുകള്‍. ലൈസന്‍സ് അനുവദിക്കപ്പെട്ട ശേഷം 'യുണീടെക്ക് പ്രോപ്പര്‍ട്ടീസ്' എട്ട് കമ്പനികള്‍ രൂപീകരിച്ചു. അവയുടെ പേര് ഇങ്ങനെയായിരുന്നു: യൂണിടെക്ക് വയര്‍ലെസ് (തമിഴ്‌നാട്), യൂണിടെക്ക് വയര്‍ലെസ് (നോര്‍ത്ത്), യൂണിടെക്ക് വയര്‍ലെസ് (സൗത്ത്), യൂണിടെക്ക് വയര്‍ലെസ്് (കൊല്‍ക്കത്ത), യൂണിടെക്ക് വയര്‍ലെസ് (ഡല്‍ഹി),യൂണിടെക്ക് വയര്‍ലെസ്(ഈസ്സസ്), യൂണിടെക്ക് വയല്‍െസ് (മുംബൈ), യൂണിടെക്ക് വയര്‍ലെസ് (വെസ്റ്റ്).

ലൈസന്‍സുകള്‍ ഒന്നിപ്പിക്കുന്നു

2 ജി സ്‌പെ്ട്രം ലൈസന്‍സ് അനുവദിക്കപ്പെട്ട കമ്പനികള്‍ തുടര്‍ന്ന് ചെയ്തതത് തങ്ങള്‍ക്ക് കിട്ടിയ ലൈസന്‍സുകള്‍ ഒന്നിപ്പിക്കുകയായിരുന്നു. 2008 ഏപ്രില്‍ 22 ന് സിദ്ധാര്‍ത്ഥ് ബെഹുറ ലയനം സംനബധ്ചിച്ച് ഏപ്രില്‍ 22 ന് ഉത്തരവ് കൊടുത്തു. ഉത്തരവ് അനുസരിച്ച് യൂണിടെക്കിന് തങ്ങളുടെ ലൈസന്‍സുകളെല്ലാം ഒന്നിപ്പിക്കാനനായി. രാജയുടെ ഇടപെടല്‍ ഇതുകൊണ്ടും അവസാനിച്ചിരുന്നില്ല.
2008 സെപ്റ്റംബര്‍ 13 ദ് രാജ ബി.എസ്.എന്‍.എല്‍. സി.എം.ഡി. കുല്‍ദീപ് ഗോയയിാേന് 'സ്‌വാന'ുമായി എംഒ.യു ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. ഇന്‍ട്രാ-സര്‍ക്കിള്‍ റോമിംഗ് എഗ്രീമെന്റ് എന്നാണ് ഇതു വിളിക്കപ്പെട്ടത്. ഈ എം.ഒ.യു അനുസരിച്ച് സ്‌വാന് ബി.എസ്.എന്‍.എല്ലിന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങള്‍ (ടവര്‍, ഒപ്റ്റിക്കല്‍ ഫൈബര്‍, എന്നിങ്ങനെയുള്ള സൗകാര്യങ്ങള്‍). ലഭിക്കാനും ഉപയോഗിക്കാനും അവസരം ലഭിച്ചു. ഈ എം.ഒ.യു ഒപ്പിട്ടത് 'സ്‌വാന്‍' 4500 കോടിയുടെ ഉടമ്പടി ദുബായി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എറ്റിസലാറ്റ്മായി ഒപ്പിടുന്നത് ഒരാഴ്ച മുമ്പാണ്. ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് വളരെ കുറഞ്ഞ തുകയാണ് സ്‌വാനില്‍ നിന്ന് ആവശ്യപ്പെട്ടത്. കോളിന് 52 പൈസ. പക്ഷേ, ഇത് എം.ഒ.യുവില്‍ ഉണ്ടായിരുന്നുമില്ല. ഈ നടപടി ജോയിന്റ വയര്‍ലെസ് അഡ്‌വൈസര്‍ ആര്‍.ജെ.എസ്. കുഷ്‌വാസയും ഡെപ്യൂട്ടി വയര്‍ലെസ് അഡ്‌വൈസര്‍ ഡി. ത്ഡായും എതിര്‍തിരുന്നു. രാജ ഇരുവരെയും സ്ഥലം മാറ്റി.

ലൈസന്‍സുകള്‍ മറിച്ചു വില്‍ക്കുന്നു

2008 സെബ്റ്റംര്‍/ഒക്‌ടോബറില്‍ സ്‌വാന്‍ തങ്ങളുടെ 45 ശതമാനം ഓഹരി യു.എ.ഇ. കമ്പനിയായ എറ്റിസലാറ്റിന് 4500 കോടിക്ക് കൈമാറി. സ്‌വാന് ലൈസന്‍സ് കിട്ടിയത് 1530 കോടിക്കാണ്. ഇറ്റിസലാറ്റ് തങ്ങളുടെ മൗറീഷ്യസ് യൂണിറ്റ് വഴിയാണ് സ്‌വാനില്‍ നിക്ഷേപം നടത്തിയത്. യൂണിടെക്കും ഓഹരി കൈമാറി. തങ്ങളുടെ 60 ശതമാനം ഓഹരി അവര്‍ നോര്‍വെ കമ്പനിയായ ടെലിനോറിന് 6200 കോടിക്കും കൈമാറി. (യൂണിടെക്കിന് ലൈസന്‍സ് കിട്ടിയത് 1621 കോടി രൂപയ്ക്കായിരുന്നു). ടെലനോര്‍ തങ്ങളുടെ ദക്ഷിണ-ഏഷ്യ വിഭാഗത്തിലൂടെയാണ് നിക്ഷേപം നടത്തിയത്. പാകിസ്താനിലും ബംഗ്ലാദേശിലും പ്രവര്‍ത്തിക്കുന്ന പ്രാധന കമ്പനിയാണ് ടെലനോര്‍.


പണം ചെന്നൈയിലേക്ക് എത്തുന്നു

ടെലകോം അഴിമതിയുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം ഒരു ഘട്ടത്തില്‍ ചെന്നൈയില്‍ എത്തിയിരുന്നു. ജെനക്‌സ് എക്‌സിം എന്ന പുതുതായി രൂപീകരിച്ച ഒരു കമ്പനിയിലാണ് അന്വേഷണ എത്തിയത്. 2008 ഡിസംബറില്‍ സ്‌വാന്‍ 380 കോടി രൂപ വിലവരുന്ന തങ്ങളുടെ 9.9 ശതമാനം ഓഹരികള്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെനെക്‌സ് എക്‌സിമിനും നലകി. ടെലകോം ഇടപാടില്‍ ഉണ്ടാക്കിയ ലാഭവിഹിതം/കോഴപ്പണമാണോ എന്ന് സി.ബി.ഐ. സംശയമുയര്‍ത്തി.
കാരണം 2008 സെപ്റ്റംബര്‍ 17 നാണ് ജെനക്‌സ് രൂപീകരിക്കുന്നത്.മുഹമ്മദ് ഹാസന്‍, അഹമ്മദ് ഷക്കീര്‍ എന്നീ രണ്ട് പേരാണ് ഡയറക്ടര്‍മാര്‍. സ്‌വാനിന്റെ ബോര്‍ഡ് മീറ്റിംഗില്‍ ജെനക്‌സ് കമ്പനിയെ പ്രതിനീധീകരിച്ച് പങ്കെടുത്തത് അഹമ്മദ് സയിദ് എന്നൊരാളാണ്. തമിഴനാട്ടിലെ രാമനാഥ പുരം ജില്ലയിലെ കിലുകര സ്വദേശികളാണ് ഇവര്‍ മൂന്നൂപേരും. ഇതില്‍ അഹമ്മദ് സയിദ് സലാഹുദ്ദീന്‍ ദുബായി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഐ ബിസിനസുകാരനായ സയിദ് മുഹമ്മദ് സാലഹുദ്ദീന്റെ മകനാണ്. സയിദ് മുഹമ്മദ് സലാഹുദ്ദീന്‍ ഇ.ടി.എ. ആസ്‌കണ്‍ സ്റ്റാര്‍ ഗ്രൂപ്പ് എന്നീ കമ്പനികളുടെ നടത്തിപ്പുകാരനാണ്. ഇ.ടി.എ. ഗ്രൂപ്പിന് വിപുലമായ റിയല്‍ എസ്‌റ്റേ്് പ്രോജക്ടുകളണുട്. രസകരമായ വസ്തുത ഇതൊന്നുമല്ല. സയിദ് മുഹമ്മദിന് തമിഴ്‌നാട് മുഖ്യമന്ത്രിയാ കരുണാനിധിയുമായി നാലുദശബാദത്തെ ആത്മബന്ധമുണ്ട്. ഇരുവരും ആത്മമിത്രങ്ങള്‍. തമിഴ്‌നാട്ടിലെമിക്ക ഫ്‌ളൈ ഓവറുകളും ചെന്നൈയിലെ പുതിയ സെക്രട്ടറിയേറ്റ് മന്ദിരവും പണിതത് ഇദ്ദേഹമാണ്. തീര്‍ന്നില്ല. അതിനേക്കാളെല്ലാമുപരി സയിദ് മുഹമ്മദ് സാലഹുദ്ദീന്‍ 'കരുണാനിധി ഫിലിംസിന്റെ' വിതരണക്കാരനാണ്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍സുഷസ് തമിഴ്‌നാട്ടില്‍ സര്‍ക്കാരിന്റെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ മേല്‍നോട്ടവും വഹിക്കുന്നു. സി.ബി.ഐ. ന്യായമായും സംശയിക്കുന്നത് ടെലകോം ഇടപാടിലെ തമിഴ്‌നാട് 'കിക്ക്ബാക്ക്' ജെനക്‌സ് എക്‌സിമാണെന്നു തന്നെയാണ്.


സി.ബി.ഐക്ക.് ലഭിച്ച മറ്റ് വിവരങ്ങള്‍

സി.ബി.ഐ.യുടെ നിര്‍ദേശ പ്രകാരം നീരാ റാഡിയയുടെ ഫോണ്‍ കോളുകള്‍ നിരീക്ഷണത്തില്‍ വച്ചിരുന്നു. 2008 ഓഗസ്‌സ്‌റ് 20 മുതല്‍ 120 ദിവസത്തേക്ക് ഒമ്പതു ടെലഫോണ്‍ ലൈനുകളാണ് നിരീക്ഷിച്ചത്. നീരീക്ഷണം പിന്നീട് 2009 ജൂലൈ 10 വരെ നീട്ടി.
ഈ ടെലഫോണ്‍ സംഭാഷണങ്ങളിലൂടെ വ്യക്തമായ കാര്യങ്ങള്‍ ഇതാണ്:
1. നീര റാഡിയ വിറ്റ്‌കോം,, ന്യൂകോം കള്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍ രൂപീകരിച്ചിരുന്നു.. 2008 നവംബറിലാണ് ന്യൂകോം തുടങ്ങിയത്. വിറ്റ്‌കോം എന്‍.ഡി.ടി.വി. യുടെ ചില കാര്യങ്ങള്‍ക്ക് മേല്‍നോട്ം വഹിച്ചു.
2. മുകേഷ് അംബാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളാണ് ന്യൂകോം മുഖ്യമായി നോക്കിയത്. നീരാ റാഡിയയുടെ വൈഷണവി എന്നത് ടാറ്റ, യൂണിടെക്ക്, സറ്റാര്‍ ടിവി തുടങ്ങിയ കമ്പനികളുടെ മാധ്യമകാര്യങ്ങള്‍ കൈകാര്യം ചെയ്തു.
3. രാജയെ ടെലകോം മന്ത്രിയാക്കുന്നതിനായി കനിമൊഴിക്കുവേണ്ടിയും രാജയ്ക്കുവേണ്ടിയും മാധ്യമപ്രവര്‍ത്തകരായ ബര്‍ക്ക ദത്ത, വീര്‍ സാംഗ്‌വി എന്നിവര്‍ ഇടപെട്ടിട്ടുണ്ട്. അവര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി മന്ത്രി പദവിയെപ്പറ്റി സംസാരിച്ചു.
4. പല രഹസ്യരേഖകളം നയരേഖകളും നീരാ റാഡിയയ്ക്ക് അപ്പപ്പോള്‍ കിട്ടിക്കൊണ്ടിരുന്നു. പല നിര്‍ണായ രേഖകള്‍ അവരുടെ കൈവശമുണ്ട്. കേന്ദ്ര നയം തന്റെ കക്ഷികള്‍ക്കുവേണ്ടി പലപ്പോഴും മാറ്റിച്ചിട്ടുണ്ട്.
5. സ്‌വാന്‍ ടെലികോം, എയര്‍സെല്‍, യൂണിടെക്ക് വയര്‍ലെസ്, ഡാറ്റകോം എന്നിവയ്ക്ക് ലൈസന്‍സ് മേടിച്ചു കൊടുക്കുന്നതില്‍ താന്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്ന് നീര റാഡിയ സംഭാഷണങ്ങളില്‍ അവകാശപ്പെട്ടുന്നുണ്ട്.
6. രത്തന്‍ടാറ്റയു റാഡിയയും തമ്മില്‍ നീണ്ട സംഭാഷണം നടന്നു. ദയാനിധി മാരന്‍ ടെലകോം മന്ത്രിയാവുന്നത് എങ്ങനെയും തടയണം എന്നായിരുന്നു ടാറ്റയുടെ ആവശ്യം. അതുപോലെ എയര്‍സെല്ലിനെ ടാറ്റ പരോക്ഷമായി നിയന്ത്രിക്കുന്നുണ്ട്. അവര്‍ക്ക് മാക്‌സിം കമ്യൂണിക്കേഷന്‍സും അപ്പോളയും വഴി എയര്‍സെല്ലില്‍ നിക്ഷേപമുണ്ട്. ഒരുഘട്ടത്തില്‍ ടാറ്റ, മാരന്‍ ടെലകോം മന്ത്രിയാവുകയാണെങ്കില്‍ തങ്ങള്‍ ടെലകോം മേഖല വിടുമെന്നു പറയുന്നുണ്ട്.
7. ടാറ്റ പരോക്ഷമായി നീര റെഡിയയുമായും കരുണാനിധിയുടെ ഭാര്യ അമ്മാളിന്റെ സി.എ.യായ രത്‌നവുമായും തുടര്‍ച്ചയായും ബന്ധം പുലര്‍ത്തിയിരുന്നു. അവര്‍ ചെന്നെയില്‍ ഒരു കെട്ടിടം നിര്‍മിക്കാന്‍ പോകുന്നു എന്ന് വ്യക്തമാക്കുന്നു.
8. എയര്‍ടെല്‍ മേധാവികള്‍ക്ക് രാജ മന്ത്രിസ്ഥാനത്ത് തുടരുന്നത് ഇഷ്ടമില്ല.
അവര്‍ രാജ മന്ത്രിയാകാതിരിക്കാന്‍ വേണ്ടി ശ്ര!മിച്ചിരുന്നു. പകരം ദയാനിധി മാരനനുവേണ്ടിയാണ് അവര്‍ ശ്രമിച്ചത്. സുനില്‍ മിത്തല്‍ നീരാ റാഡിയയെകണ്ട് തനിക്കൊപ്പം നില്‍ക്കാന്‍ ഒരു ഘട്ടത്തില്‍ ആവശ്യപ്പെട്ടു.
9. ടാറ്റ 250 കോടി നീരാ റാഡിയ വഴി യൂണിടെക്കിന് നല്‍കി.
10. നീരാ റാഡിയ ആഫ്രിക്കയിലേക്ക് തന്റെ ബിസിനസ് ബന്ധം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.


3 ജി സ്‌പെക്ട്രം ലേലം


കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ടിരട്ടിയാണ് 3 ജി സ്‌പെക്ട്രം ലേലത്തിലൂടെ ലഭിച്ചത്. കേന്ദ്ര ബജറ്റില്‍ 3 ജി വഴി പ്രതിക്ഷിച്ച വരുമാനം 35,000 കോടിയായിരുന്നെങ്കില്‍ ലഭിച്ചത് അതിനേക്കാള്‍ ഇരിട്ടിയായിരുന്നു.. 67718.95 കോടിയുടെ വരുമാനമാണ് സര്‍ക്കാരിന് ലഭ്യമാവുക.
പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ കൊണ്ടാണ് 3 ജി സ്‌പെക്ട്രം ലേലത്തില്‍ അഴിമതി ഇല്ലാതായത്. അല്ലെങ്കില്‍ കുറഞ്ഞത്. പ്രണാബ് മുഖര്‍ജിക്കായിരുന്നു ലൈസന്‍സ് അനുവദിക്കുന്നതിന് മേല്‍ നോട്ടം. മന്ത്രിമാരുടെ സംഘം (ഇജിഒഎം)ത്തിന്റെ ചെയര്‍മാന്‍ അദ്ദേഹമായിരുന്നു. എപ്പോഴാണ് ലേലം നടത്തേണ്ടത് എത്ര സ്‌ളോട്ടുകള്‍ അനുവദിക്കണം എന്നല്ലൊം തീരുമാനിച്ചത് മന്ത്രിതല സംഘമാണ്.
ലേലം നടന്ന ഏപ്രില്‍/മേയ് മാസങ്ങളില്‍ 20000 കോടി രൂപ സര്‍ക്കാരിന് കിട്ടി. ലേലം നടന്ന 34-ാം ദിനത്തില്‍ മാത്രം 16, 750.58 കോടി രൂപ സര്‍ക്കാരിന്റെ കൈയില്‍ എത്തി. ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ എസ്സാര്‍, റിലൈയന്‍സ് കമ്യൂണിക്കേഷന്‍, എയര്‍സെല്‍ എന്നിവരായിരുന്നു 3ജി ലൈസന്‍സ് സ്വന്തമാക്കിയ ആദ്യ നാല് സ്ഥാനക്കാര്‍. സ്വകാര്യ സംരംഭകള്‍ സെപ്റ്റംബര്‍ മുതല്‍ 3 ജി സേവനം രാജ്യത്ത് ലഭ്യമാകും.

പ്രതിഷേധം, ഒച്ചപ്പാടുകള്‍

അരുണ്‍ ജെറ്റലി, ബി.ജെ.പിയും സ്‌പെക്ട്രം ഇടപാടിലൂടെ 60,000 കോടി നഷ്ടം വന്നുവെന്നാണ്. പക്ഷേ അവരുടെ പ്രതിഷേധവും ദുര്‍ബലമായിരുന്നു. പാര്‍ലമെന്റിലും സ്‌പെക്ട്രം അഴിമതി പ്രക്ഷുബ്ധ രംഗങ്ങള്‍ക്കിടയാക്കിയിരുന്നു. . രാജ്യത്തിന് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി എന്നു ചൂണ്ടിക്കാട്ടി എ ഐ എ ഡി എം കെയിലെയും ബി ജെ പിയിലെയും എം പിമാരാണ് ഈ വര്‍ഷം മെയ്് ആദ്യം ഇരുസഭകളിലും പ്രതിഷേധമുയര്‍ത്തിയ്. സ്‌പെക്ര്ടം അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്നും ഈ കാലയളവില്‍ ടെലകോം മന്ത്രി എ രാജയെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും എ ഐ എ ഡി എം കെ ആവശ്യപ്പെട്ടു.
ലോക്‌സഭയില്‍ എ ഐ എ ഡി എം കെയിലെ എം തമ്പിദുരൈ ആണ് സ്‌പെക്ര്ടം പ്രശ്‌നം ഉയര്‍ത്തിയത്. മുതിര്‍ന്ന നേതാക്കളായ ഗോപിനാഥ് മുണ്ടെ, യശ്വന്ത് സിന്‍ഹ എന്നിവരുടെ നേതൃത്വത്തിലാണ് ബി ജെ പി തമ്പിദുരൈയ്ക്ക് പിന്തുണ നല്‍കിയത്.
ഡി എം കെ നേതാവായ രാജയ്‌ക്കെതിരെയുള്ള തമ്പിദുരൈയുടെ പ്രസംഗത്തെ തടസ്സപ്പെടുത്താന്‍ സഹ എം പിമാര്‍ ശ്രമിച്ചു. അദ്ദേഹം പ്രസംഗിക്കുമ്പോഴെല്ലാം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേസില്‍ പ്രതിയല്ലാത്ത ഒരു മന്ത്രിക്കെതിരെ ഇങ്ങനെ സംസാരിക്കാന്‍ പാടില്ലെന്നും പറഞ്ഞുകൊണ്ട് ഡി എം കെ നേതാവ് ടി ആര്‍ ബാലു ഇടപെട്ടു. നിരാ റാദിയയുമായി രാജ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ സി ഡി ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു രാജ്യസഭയില്‍ പ്രതിപക്ഷം ബഹളം വച്ചത്. എന്നാല്‍ ഈ അഴിമതി വിഷയം സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരാനോ സമരം സംഘടിപ്പിക്കാനോ ബി.ജെ.പി ഉള്‍പ്പടെയുള്ള പ്രതിപക്ഷം ശ്രമം നടത്തിയില്ല. അതിനുകാരണം പ്രതിപക്ഷത്തിന് ഈ ടെലകോം കമ്പനികളുമായുള്ള ഊഷ്മള ബന്ധം തന്നെയായിരുന്നു.

അഴിമതിയുടെ ബാക്കിപത്രം

ടെലകോം അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെളിച്ചത്തുവരുമെന്നും അഴിമതിക്കാള്‍ ശിക്ഷിക്കപ്പെടുമെന്നും കരുതരുത്. രണ്ടിനും ഒരു സാധ്യതയുമില്ല. ടെലകോമിലെ 'അറിവുള്ളവര്‍' തറപ്പിച്ചു പറഞ്ഞതും അതു തന്നെയാണ്. അതിനു കാരണങ്ങള്‍ പലതാണ്:
. രാജയ്‌ക്കെതിരെ ഒരു നടപടിയെടുത്തുകൊണ്ട് ഡി.എം.കെയെ പിണക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല.
. ഡി.എം.കെയുമായി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിലപേശലിന് സാധ്യതയില്ല. വരുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രഹരം മാരകമായിരിക്കും.
. അഴിമതിയെപ്പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് വഴിമുട്ടിയിട്ടുണ്ട്
. സത്യസന്ധമായി അന്വേഷണവുമായി മുന്നോട്ട് പോയവരല്ലൊം ഒതുക്കപ്പെട്ടു. പലരെയും അപ്രധാന സ്ഥാനങ്ങളിലേക്ക് മാറ്റി.
. ടെലകോം മന്ത്രാലയത്തില്‍ ഒരു പ്രതിഷേധവും ഉയരാത്ത വിധത്തില്‍ നിര്‍ണായ സ്ഥാനങ്ങളില്‍ രാജ തന്റെ വിശ്വസ്തരെ പ്രതിഷ്ഠിച്ചിട്ടുണ്ട്.
. പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പടെ മിക്ക രാഷ്ട്രീയ നേതാക്കളുമായും ടെലകോ കമ്പനികള്‍ വിലയ്‌ക്കെടുത്തിട്ടുണ്ട്. അവിശുദ്ധ ബന്ധങ്ങള്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുണ്ട്.
. പ്രമുഖ മാധ്യമസ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും ഇടനിലക്കാരായി പ്രവര്‍ത്തിച്ചിടുണ്ട്. അതുകൊണ്ട് തന്നെ അഴിമതിക്കു പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമമുണ്ടാവില്ല.












പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ടെലകോം മന്ത്രി എ രാജയോട് 2 ജി സ്‌പെക്ട്രം/ലൈസന്‍സുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് അയച്ച കത്ത്.



http://www.madhyamam.com/news/19041
http://www.madhyamam.com/news/19040
http://www.madhyamam.com/news/19351
http://www.madhyamam.com/news/19632
http://www.madhyamam.com/news/19633
http://www.madhyamam.com/news/19848


Telecom scam-Madhyamam daily-Link
from November 22-25, 2010

Tuesday, October 19, 2010

'ഞാന്‍ ജോണിന്റെ ആരാധകനല്ല; ജോണ്‍ എന്റെ ഇഷ്ട സംവിധായകനുമല്ല'











സംഭാഷണം
ജോയി മാത്യു/ബിജുരാജ്


ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍' എന്ന ജനകീയ സിനിമയ്ക്ക് ഇരുപത്തഞ്ച് വയസാകുന്നു. സിനിമയില്‍ നായകവേഷം അവതരിപ്പിച്ച ജോയി മാത്യു പഴയ സിനിമാനുഭവങ്ങളും ഇന്നലെകളും പങ്കിടുന്നു. ഒപ്പം സംവിധായകന്‍, നാടകകൃത്ത്, മാധ്യമപ്രവര്‍ത്തകന്‍, ആക്റ്റിവിസ്റ്റ് എന്ന നിലകളിലെ തന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെപ്പറ്റിയുംപറ്റിയും സംസാരിക്കുന്നു.




'ഞാന്‍ ജോണിന്റെ ആരാധകനല്ല;
ജോണ്‍ എന്റെ ഇഷ്ട സംവിധായകനുമല്ല'



അലസമായി മുടികള്‍ പാറിപ്പറച്ചിച്ച്, കണ്ണുകളില്‍ തീയുമായി നടക്കുന്ന യുവാവാണ് പുരുഷന്‍. പരുക്കന്‍ ശബ്ദത്തില്‍ അമര്‍ഷത്തോടെ സംസാരിക്കുന്ന, മനസില്‍ നന്മയും വിപ്ലവവുമുള്ളയാള്‍. ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍' എന്ന സിനിമയിലെ നായകനായ പുരുഷനിലേക്ക്, ജോയി മാത്യു എന്ന വ്യക്തിയുടെ പകര്‍ന്നാട്ടത്തിന് മേക്കപ്പിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല. അതിന്, 'ജോണിന്റെ വെള്ളംകണ്ടിട്ട് മൂന്നുമാസമെങ്കിലുമായ ഒരു കൊഡ്രോയ് ഷര്‍ട്ട് മാത്രം അണിഞ്ഞാല്‍ മതിയായിരുന്നു''.
'അമ്മ അറിയാന്‍' എന്ന സിനിമയ്ക്ക് ഇരുപത്തഞ്ച് വയസ് തികയുന്നു. ഈ കാലത്തിനിടയില്‍ മലയാളിയും മലയാളസിനിമയും പല കയറ്റിറങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതേ കാലം ജോയി മാത്യുവിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒരു പക്ഷേ, പുരുഷന് സംഭവിക്കാവുന്ന അതേ മാറ്റങ്ങള്‍. താടിയിലും മുടിയിഴകളിലും നരയുടെ ലക്ഷണങ്ങള്‍. പക്ഷേ കണ്ണില്‍ പഴയ തിളക്കം നിലനില്‍ക്കുന്നു. അലസഭാവവും വിട്ടൊഴിയുന്നില്ല. ഈ ഇരുപത്തഞ്ച്‌വര്‍ഷങ്ങള്‍ ജോയിമാത്യുവിന്റെ നിലപാടുകളില്‍, കാഴ്ചപ്പാടുകളില്‍, സിനിമാ സങ്കല്‍പ്പങ്ങളില്‍ എന്തുമാറ്റമാണ് വരുത്തിയിട്ടുണ്ടാവുക? കാല്‍നൂറ്റാണ്ടിനുശേഷം അദ്ദേഹം എങ്ങനെയാവും 'അമ്മ അറിയാന്‍' കാണുക?
ഗള്‍ഫില്‍ മാധ്യമപ്രവര്‍ത്തകനാണ് ഇപ്പോള്‍ ജോയി മാത്യു. മുമ്പ്, ആക്റ്റിവിസ്റ്റായും, നടനായും, കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും അവാര്‍ഡ് ജേതാവായ നാടകൃത്തായും, സംവിധായകനായും പുസ്തകപ്രസാധകനായുമൊക്കെ പലവേഷങ്ങളിലൂടെ നിറഞ്ഞാടിയ ജോയി മാത്യു ആദ്യ ജനകീയ വെബ് ചാനലിന് തുടക്കം കുറിക്കുക എന്ന പുതിയ സംരംഭത്തിലാണ്. ഇതേ ശ്രമത്തിന്റെ ഭാഗമായി അടുത്തിടെ ജോയി മാത്യു നാട്ടിലും കൊച്ചയിലുമെത്തെിയിരുന്നു. ഈ സൗഹൃദസംഭാഷണത്തില്‍ തന്റെ ഇന്നലകളെക്കുറിച്ചും നാളകളെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് ജോയി മാത്യു.


ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 'അമ്മ അറിയാന്‍' എന്ന സിനിമയെ ഒരു കാഴ്ചക്കാരനായി താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുക?

ഒരു കാഴ്ചക്കാരനായി മാറിനിന്ന് 'അമ്മ അറിയാന്‍' എന്ന സിനിമ കാണാന്‍ ഒരിക്കലും എനിക്കാവില്ല. അതിനെ സിനിമയെന്നു വിളിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. അതൊരു മൂവ്‌മെന്റായിരുന്നു. അതാണ് ശരിയായ വാക്ക്. ആ സിനിമ അക്കാലത്തെ ചെറുപ്പക്കാരുടെ സ്വപ്നവും ജീവിതവുമാണ്. അന്നുവരെയുള്ള സിനിമാ സങ്കല്‍പ്പത്തെ മുഴുവന്‍ 'അമ്മ അറിയാന്‍' ഭേദിച്ചുകളഞ്ഞു. നിലവിലുള്ള ഒരു സങ്കല്‍പവും ആ സിനിമയ്ക്ക് ചേരില്ല. പ്രൊഡ്യൂസര്‍ എന്ന ഒരാള്‍ ഇല്ല. ജനങ്ങളാണ് പ്രൊഡ്യൂസര്‍മാര്‍. വിതരണക്കാരനില്ല, മേക്കപ്പ് മാന്‍ ഇല്ല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇല്ല. ക്ലാപ്പ് ഇല്ല. പ്രദര്‍ശിപ്പിച്ചതാകട്ടെ സാധാരണക്കാര്‍ക്കിടയില്‍. അതും അങ്ങോട്ട് കൊണ്ട് ചെന്ന് കാണിക്കുകയായിരുന്നു. പരസ്യഘോഷങ്ങളില്ല. ഉണ്ടായിരുന്നത് കൈകൊണ്ടെഴുതിയ പോസ്റ്ററുകള്‍. അത് സംവിധായകനും മറ്റ് സിനിമാപ്രവര്‍ത്തകരും കൂടി ഒട്ടിക്കുന്നു. ജനകീയ സാംസ്‌കാരികവേദി പിരിച്ചുവിട്ട ശേഷം ചെറുപ്പക്കാരുടെ ലാസ്സ്് ഹോപ്പും അഭയകേന്ദ്രവുമായിരുന്നു 'അമ്മ അറിയാന്‍' സിനിമയെടുക്കല്‍ ഒരു ആനക്കാര്യമല്ല എന്ന് ആ സിനിമ പറഞ്ഞു. ആ സിനിമ അക്കാലത്തെ ചരിത്രത്തെ അടയാളപ്പെടുത്തുന്നു. പുതിയൊരു സൗന്ദര്യശാസ്ത്രം കൊണ്ടുവന്നു. ഇങ്ങനെ പലതരത്തില്‍ നോക്കുമ്പോള്‍ അതൊരു മൂവ്‌മെന്റായിരുന്നു. ആ മൂവ്‌മെന്റിന്റെ ഭാഗമാണ് ഞാനും എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ഓരോ തവണയും ആ സിനിമ കാണുമ്പോള്‍ അത്തരം ബോധം എന്നില്‍ വീണ്ടും വീണ്ടും ഉറപ്പിക്കുകയാണ്.

'അമ്മ അറിയാന്‍' എന്ന സിനിമയ്ക്ക് എന്താണ് ഇന്നത്തെ കാലത്തുള്ള പ്രസക്തി?

പ്രസ്‌കതി വളരെയധികമുണ്ട്. മലയാളിക്ക് സ്വീകരിക്കാവുന്ന നല്ല സിനിമാ മാതൃകകളിലൊന്നാണ് അത്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തന്നെ നിര്‍മിച്ച സിനിമ എല്ലാക്കാലവും പ്രസക്തമാണ്. പരമ്പരാഗത രീതികളില്‍നിന്ന് മലയാള സിനിമ പുറത്തുവരണമെന്നാഗ്രഹിക്കുന്ന എതൊരു സിനിമാ പ്രവര്‍ത്തകനും പിന്തുടരേണ്ട ഒരു പാതയാണിത്. പുതിയ കാലത്ത് ഇത് നടക്കുമോ എന്നത് വേറെ വിഷയം. ഈ സിനിമ മലയാളികള്‍ ഓര്‍ത്തിരിക്കുന്നു. നല്ല സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഈ സിനിമ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് 25 വര്‍ഷത്തിനുശേഷവും നിങ്ങള്‍ എന്നെ ഓര്‍ത്തിരിക്കുന്നത്. ഇപ്പോഴുള്ള സിനിമാ പ്രതിസന്ധികളില്‍ നിന്ന് കരകയറണമെന്ന് ചിന്തിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് 'അമ്മ അറിയാനില്‍' നിന്ന് ചില ഉത്തരങ്ങള്‍ കിട്ടും. അതുതന്നെയാണ് ആ സിനിമയുടെ ഇന്നത്തെ പ്രസക്തി.

'അമ്മ അറിയാനിലെ' അമ്മ കേവലം ഒരു സാന്നിദ്ധ്യം മാത്രമാണ്, സിനിമയില്‍ ക്രിയാത്മകമായി ഇടപെടുന്നില്ല എന്നൊരു വിമര്‍ശനം ഉന്നയിക്കപ്പെടുന്നുണ്ട്?

ആ വിമര്‍ശനത്തില്‍ ഒരു അടിസ്ഥാനമില്ല. അതിനുമുമ്പ് മലയാള സിനിമയില്‍ കണ്ടു പരിചയിച്ച അമ്മയല്ല 'അമ്മ അറിയാനി'ലുള്ളത്. മക്കള്‍ക്കുവേണ്ടി കരയുന്ന അമ്മയാണ് മുമ്പുള്ളത്. അവര്‍ക്ക് മക്കളുടെ രാഷ്ട്രീയം അറിയാനേ പാടില്ല. 'അമ്മ അറിയാനില്‍' ഒരമ്മയല്ല ഉളളത്. പുരുഷന്റെ, ഹരിയുടെ, യാത്രയില്‍ കണ്ടുമുട്ടുന്ന പലരുടെയും അമ്മമാരുണ്ട്്. അവര്‍ ദു:ഖിക്കുന്നവരല്ല. ഇതിലെ അമ്മ കേവലം വ്യക്തിയില്ല. രാഷ്ട്രീയം അറിയുന്ന അമ്മമാരാണ്. രാഷ്ട്രീയം കേള്‍ക്കുമ്പോള്‍ പകച്ചുപോകാത്ത, അത് താല്‍പര്യത്തോടെ വീക്ഷിക്കുന്നവരാണ്. അവസാനം ഹരിയുടെ അമ്മയും മകന്റെ മരണം അറിഞ്ഞ്് ആര്‍ത്ത് നിലവിളിക്കുന്നില്ല. അവര്‍ മകന്റെ മരണം നേരത്തെ അറിഞ്ഞിരിക്കുന്നു. തന്നോട് വിവരം പറയാന്‍ വന്ന ചെറുപ്പക്കാരുടെ രാഷ്ട്രീയവും അമ്മ തിരിച്ചറിയുന്നുണ്ട്. അമ്മമാരോട് ഇതിലെ രാഷ്ട്രീയം സംവദിക്കുകയും ചെയ്യുന്നു. രാഷ്ട്രീയം പുരുഷന്‍മാരുടെ മാത്രം വിഷയമല്ലെന്നുള്ള തുറന്നുപറച്ചില്‍ കൂടി 'അമ്മ അറിയാനി'ലുണ്ട്. ഇനി സിനിമ കണ്ടവരില്‍ നല്ല പങ്കും ഗ്രാമങ്ങളിലെ സ്ത്രീകളായിരുന്നു. അവര്‍ക്ക് ഇതിലെ രാഷ്ട്രീയം പിടികിട്ടാതെ പോയതുമില്ല. സിനിമ വളരെ ലളിതമായിരുന്നു. കല്ലുകടിയില്ല. ഒഡേസ ഈ പ്രദര്‍ശനം നടത്തിയ ഇടങ്ങളില്‍ ആദ്യം 'ദ കിഡ്' എന്ന ചാര്‍ളി ചാപ്ലിന്‍ പടമാണ് കാണിച്ചത്. അതിനുശേഷം 'അമ്മഅറിയാനും'. വളരെ ഗൗരവത്തോടെയാണ് സ്ത്രീകളും അമ്മമാരും ആ സിനിമ കണ്ടത്.


അമ്മ അറിയാനെതിരെ ഉയര്‍ന്ന മറ്റൊരു വിമര്‍ശനം അതിന് സാങ്കേതികമായ പെര്‍ഫെഷ്‌കന്‍ ഇല്ല എന്നതായിരുന്നു. അതിനെ എങ്ങനെ കാണും?


എന്താണീ പെര്‍ഫെക്ഷന്‍? പെര്‍ഫെക്ഷന്‍ എന്നു മറ്റുള്ളവര്‍ വിളിക്കുന്നത് ഇല്ലാതിരുന്നതാണ് ആ സിനിമയുടെ പെര്‍ഫെക്ഷന്‍. സിനിമയുടെ വില കുറച്ചു കാണിക്കാന്‍ സക്കറിയയെപ്പോലുള്ള ചിലര്‍ കണ്ടെത്തിയതാണ് പെര്‍ഫഷ്‌കന്‍ ഇല്ല, അച്ചടക്കമില്ല എന്നൊക്കെയുള്ള പ്രയോഗം. അവാര്‍ഡ് നിരസിക്കപ്പെട്ട സമയത്ത് ജോണിനോട് അച്ചടക്കമില്ല എന്ന ആരോപണത്തെപ്പറ്റി പറഞ്ഞിരുന്നു. ജോണ്‍ അതിന് മറുപടി പറഞ്ഞത് 'എവിടെ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നോ അവിടെ സര്‍ഗാത്മക ഉണ്ടാകുന്നു എന്നാണ്'. ആരോ പറഞ്ഞുവെന്നു പറഞ്ഞാണ് ജോണ്‍ അത് ഉദ്ധരിച്ചത്. അതായിക്കൊള്ളണമെന്നില്ല. ജോണിന്റെ തന്നെ സൃഷ്ടിയുമാകാം. അച്ചടക്കം എന്നത് ഭരണകൂടവും അധികാരവുമായി ബന്ധപ്പെട്ടതാണ്. അതിനെ ഭേദിക്കുന്നവര്‍ക്കേ നല്ല ആവിഷ്‌കാരം സാധ്യമാകൂ. ജോണിനോ, വ്യക്തിപരമായി എനിക്കോ ഒന്നും ഈ അച്ചടക്കത്തില്‍ വിശ്വാസമില്ലായിരുന്നു.



കുടുംബം, കല, കലാപം


ജോണ്‍ എബ്രഹാമിലേക്ക് വരുന്നതിന് മുമ്പ് നമുക്ക് അല്‍പം പിന്നിലോട്ട് പോകാം. എന്തായിരുന്നു നിങ്ങളുടെ കുടുംബ സാഹചര്യം? രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ വികാസം എത്തരത്തിലുള്ളതായിരുന്നു?

കോഴിക്കോടെ ഒരു അപ്പര്‍മിഡില്‍ ക്ലാസ് കുടുംബമാണ് എന്റേത്. അച്ഛന് ബിസിനസ്സായിരുന്നു. അമ്മ ടീച്ചറും. ജന്മംകൊണ്ട് ക്രിസ്ത്യാനിയാണ്്. ചെറുപ്പത്തില്‍ സണ്‍ഡേ സ്‌കൂളില്‍ ഒക്കെ പോയിരുന്നു. പിന്നീട് വിശ്വാസത്തില്‍ നിന്ന് അകന്നു. വീട്ടില്‍ അമ്മയുടെ ഒരു സഹോദരന്‍ തികഞ്ഞ സന്യാസിക്ക് തുല്യമായ ജീവിതം നയിച്ച ഒരാളാണ്. ചെറുപ്പമായിരിക്കുമ്പോഴേ ഒരുതരം അസംതൃപ്തി സാമൂഹ്യാഅവസ്ഥയോട് ഉണ്ടായിരുന്നു. അക്കാലത്തെ പ്രസ്ഥാനങ്ങളൊന്നും എന്നെ തൃപ്തിപ്പെടുത്തിയിരുന്നില്ല. ഇടതുപക്ഷത്തോടാണ് താല്‍പര്യം. എന്നാല്‍ വ്യവസ്ഥാപിത പാര്‍ട്ടികളുടെ പ്രവര്‍ത്തന രീതികള്‍ കണ്ട് അതിനോടും അമര്‍ഷം തോന്നിയിരുന്നു. സ്വഭാവികമായും എന്റെ തലമുറയ്ക്ക് എത്താവുന്ന രാഷ്ട്രീയമാര്‍ഗമായിരുന്നു നക്‌സലൈറ്റ് പ്രസ്ഥാനം. അക്കാലത്തെ സാംസ്‌കാരിക വേദിയുടെ മുദ്രാവാക്യങ്ങളൊക്കെ യുവാക്കളെ ആകര്‍ഷിക്കുന്നവയാണ്. അനീതിക്കെതിരെ കലാപം ചെയ്യുക ചെയ്യുക മുദ്രാവാക്യങ്ങള്‍. സ്വാഭാവികമായും വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ അതിനോടടുത്തു.


എങ്ങനെയാണ് താങ്കള്‍ ജനകീയ സാംസ്‌കാരിക വേദിയില്‍ എത്തിച്ചേരുന്നത്?


കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് ഞാന്‍ പഠിച്ചത്. 1980-82 കാലത്ത്. ബിരുദ വിദ്യാര്‍ത്ഥികളായ ഞങ്ങളെ സ്വാധീനിച്ചത് സജീവ ഇടതു തീവ്ര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളാണ്. ക്യാമ്പസില്‍ എല്ലാമുണ്ടായിരുന്നു. രാഷ്ര്ടീയത്തിന് കേരള വിപ്ലവ വിദ്യാര്‍ഥി സംഘടന, സാംസ്‌കാരിക പ്രവര്‍ത്തനത്തിന് പ്രതികരണവേദി, ക്യാമ്പസ് തിയറ്റര്‍ പ്രവര്‍ത്തനത്തിന് 'സര്‍ഗ' എന്നൊരു സംഘടന. അക്കാലത്ത് വിദ്യാര്‍ത്ഥി സമരങ്ങളിലും സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും ആര്‍ട്‌സ് കോളേജ് ആയിരുന്നു മുന്‍പന്തിയില്‍. ചിത്രപ്രദര്‍ശനങ്ങള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, സമരങ്ങള്‍, നാടകങ്ങള്‍, ചൊല്‍ക്കാഴ്ചകള്‍ ഇങ്ങനെ സജീവമായിരുന്നു. കോഴിക്കോട് അന്ന് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. സാംസ്‌കാരിക/രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലെ താല്‍പര്യവും നാടകവും എല്ലാം ജനകീയ സാംസ്‌കാരിക വേദിയിലേക്ക് എത്തിക്കുകയായിരുന്നു. അതിന്റെ രൂപീകരണഘട്ടം മുതല്‍ ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറെ വിചാരണ ചെയ്യുന്ന സംഭവത്തോടെയാണ് സാംസ്‌കാരികവേദി കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്നത്. അന്നു നടന്ന വിചാരണയുടെ ഒരു ഭാഗമായിരുന്നു ഞാനും.

അക്കാലത്തെ വിദ്യാര്‍ത്ഥി ജീവിതം പൊതുവില്‍ പ്രക്ഷുബ്ധവുമായിരുന്നല്ലോ? എന്തായിരുന്നു അക്കാലത്തെ അനുഭവം?

വിദ്യാര്‍ത്ഥികളെന്ന നിലയില്‍ സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും ഇടപെടുന്നവരായിരുന്നു അന്ന് ക്യാമ്പസിലുണ്ടായിരുന്നത്. ജനങ്ങളെ ബാധിക്കുന്ന ഏതൊരു വിഷയവും ക്യാമ്പസിന്റെയും വിഷയമായിരുന്നു. സമരം, പഠിപ്പുമുടക്ക്, എന്നിങ്ങനെ കോളജ് സംഘര്‍ഷഭരിതവുമായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള കാലമായതിനാല്‍ ഭരണകൂടഭീകരതയും ആവിഷ്‌കാര സ്വാതന്ത്ര്യവുമെല്ലാം വിഷയങ്ങളായി. അക്കാലത്ത് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കാര്യം പറയാം. അന്ന് എന്റെ പേരില്‍ ഒമ്പത് കേസുകള്‍ ഭരണകൂടം ചുമത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞതിന്, റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന് പരമാധികാരം കിട്ടിയിട്ടെലില്ലന്ന് പറഞ്ഞതിന്, വൈസ് ചാന്‍സലറെ ഘൊരവോ ചെയ്തതിന്, നാടകം കളിച്ചതിന് ഒക്കെയായിരുന്നു കേസ്. ഇതൊക്കെ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. അതില്‍ രസകമായ സംഭവവുമുണ്ട്്. ഇന്ദിരാഗാന്ധി കേരള സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി പലരെയും കരുതല്‍ തടങ്കലിലിട്ടു. അക്കൂട്ടത്തില്‍ എന്നെയും. വിശാലമായ സൗഹൃദം രാഷ്ട്രീയത്തിനപ്പുറം എനിക്കുണ്ടായിരുന്നു. പലരെയും എന്നെ പരിചയമുണ്ടെന്ന പേരില്‍ മാത്രമാണ് തടങ്കലിലിട്ടത്. അവരൊക്കെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയിലായിട്ടുകൂടി. ഞങ്ങളെ ആര്‍.ഡി.ഒ.കെ. ജയകുമാറിന് (ഗാനരചയിതാവ്) മുന്നില്‍ രാവിലെ ഏഴുമണിക്ക് ഹാജരാക്കി. ഞങ്ങള്‍ തലേന്ന് രാത്രി ഗൂഢാലോചന നടത്തിയെന്നതായിരുന്നു ചാര്‍ജ് ഷീറ്റില്‍. എന്നാല്‍ അദ്ദേഹം തലേന്ന് രാത്രി കോളജ് ഡേ ആഘോഷത്തിന്റെ ഭാഗമായി എനിക്ക് സമ്മാനം നല്‍കിയിരുന്നു. ഇതെന്താണ് എഴുതി വച്ചിരിക്കുന്നതെന്ന് പോലീസുകാരോട് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന് ഞങ്ങളെ വിട്ടയക്കാന്‍ കഴിഞ്ഞില്ല എന്നതുവേറെ കാര്യം. ഇതായിരുന്നു വിദ്യാര്‍ത്ഥി കാലത്തെ അന്തരീക്ഷം.


നാടകരംഗത്ത് സജീവമാകുന്നതിനെപ്പറ്റി?

കോളജില്‍ പഠിക്കുമ്പോള്‍ നാടത്തില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഞാന്‍ രണ്ടുകൊല്ലം കോഴിക്കോട് ഗവ.ആര്‍ടസ് കോളജില്‍ ബെസ്റ്റ് ആക്ടറായിരുന്നു. പിന്നെ മൂന്നുകൊല്ലം സര്‍വകലാശാല ബെസ്റ്റ് ആക്ടറും. എന്നാല്‍ നാടകത്തിന്റെ സ്വഭാവം മാറുന്നത് 1978-79 കാലഘട്ടത്തിലാണ്. അക്കാലത്താണ് മധുമാസ്റ്റ്‌റുടെ നേതൃത്വത്തില്‍ മാര്‍ക്‌സിം ഗോര്‍ക്കിയുടെ വിഖ്യാത നോവല്‍ 'അമ്മ' നാടകമാവുന്നത്. അടിയന്തിരാവസഥ കഴിഞ്ഞ് നക്‌സലൈറ്റ് പ്രസഥാനം വീണ്ടും കേരളത്തില്‍ സജീവമാകുവാന്‍ നിമിത്തമായത് 'അമ്മ' നാടകമാണ്. ഞാന്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. പ്രേംചന്ദ് (ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍) ആണ് അക്കാലത്തെ ആത്മസുഹൃത്ത്. വയനാട്ടുകാരനായ പവിത്രനാണ് എന്നേയും പ്രേംചന്ദിനെയും മധുമാസ്റ്റ്‌റുമായി ബന്ധിപ്പിക്കുന്നത്. നക്‌സലൈറ്റ് ചിന്തയില്ലാതിരുന്ന പവിത്രന്‍ മധുമാസ്റ്റ്‌റുടെ വിദ്യാര്‍ത്ഥിയായിരുന്നു.
കോളജ് വിട്ടാല്‍ നേരെ മധുമാസ്റ്റ്‌റുടെ വീട്ടിലേക്കാണ് ഞങ്ങളുടെ യാത്ര. മുത്തപ്പന്‍ കാവിന്നരികിലെ മാസ്റ്റ്‌റുടെ തറവാട് വീടിന്‍ന്റെ തട്ടിന്‍പുറത്തായിരുന്നു മാഷിന്റെ വാസം. അതുതന്നെ ഞങളുടെ രാഷ്ര്ടീയ പാഠശാലയായി. ആയിടക്കാണ്, വയനാട് സാംസ്‌കാരികവേദിയുടെ ബാനറില്‍ മധുമാസ്റ്റര്‍ സംവിധാനം ചെയ്ത 'പടയണി' എന്ന നാടകം കാണുവാന്‍ ഞങ്ങള്‍ പോകുന്നത്.എന്നെ സംബന്ധിച്ചിടത്തോളം അതൊരു വഴിത്തിരിവായി. എന്നിലെ നാടകത്തെ സംബന്ധിച്ച അല്പജഞാനത്തിന് കിട്ടിയ നല്ലോരു പ്രഹരമായി 'പടയണി'. എല്ലാ അര്‍ഥത്തിലും എന്നിലെ അതുവരെയുണ്ടായിരുന്ന നാടക സങ്കല്‍പ്പത്തെമാറ്റിക്കളഞ്ഞു.
അടിയന്തിരാവസഥയിലെ ഇന്ത്യയും അധികാര മല്‍സരങളുടെ
അടിയൊഴുക്കുകളും പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ഒന്നായിരുന്നു പടയണി.പടയണിക്ക് ശേഷം മധുമാസ്റ്റ്‌റുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകരായി ഞങ്ങള്‍ മാറി. ആയിടക്ക് ജയില്‍ മോചിതരും ഒളിവില്‍നിന്നും പുറത്ത് വന്നവരുമായ പാര്‍ട്ടിനേതാക്കള്‍ അവിടേക്ക് വരുമായിരുന്നു. സിവിക് ചന്ദ്രനെ ആദ്യമായി കാണുന്നതും അങ്ങനെയാണ്. അപ്പോള്‍ യൂണിവേഴ്‌സിറ്റി കലോല്‍സവത്തിന്റെ സമയമായി. സിവിക്ക് ചന്ദ്രന്‍ 'നാലാംയാമം' എന്ന ഒരു സ്‌ക്രിപ്റ്റുമായി വന്നു. മധുമാസ്റ്ററുടെ ചില മിനുക്കലുകളും പ്രേംചന്ദ്, പവിത്രന്‍ എന്നിവരുടെ ഇടപെടലുകളും കൂടിയായപ്പോള്‍ നാടകം യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം സമ്മാനം നേടി. തുടര്‍ന്ന് പല നാടകങ്ങളില്‍ അഭിനയിച്ചു. മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ'യിലെ വിപ്ലവകാരിയായ മകന്‍ പ്ലാവെല്‍ വ്‌ളാസോവ്, സ്പാര്‍ട്ടക്കസിലെ സ്പാര്‍ടക്കസ്, കലിഗുലയിലെ കലിഗുല ചക്രവര്‍ത്തി, ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും എന്ന കൃതിയുടെ നാടകാവിഷ്‌കാരത്തില് പട്ടേലര്. പിന്നെ സ്വന്തമായി നാടകമെഴുതാന്‍ തുടങ്ങി. ചെറിയ വേഷങ്ങള്‍ എന്നെ തൃപ്തിപ്പെടുത്തിയിരുന്നില്ല. എനിക്ക് നിറഞ്ഞാടാനുള്ള വേഷങ്ങള്‍ വേണം. അതിനുവേണ്ടി കൂടിയാണ് ഞാന്‍ സ്വന്തമായി നാടകമെഴുതിയത്.


നിങ്ങള്‍ പാര്‍ട്ടി അംഗമായിരുന്നോ?

ഇല്ല. ഞാന്‍ ജനകീയ സാംസ്‌കാരിക വേദിയില്‍പോലും അംഗമായിരുന്നില്ല. എന്നാല്‍ ഞാന്‍ വേദിയുടെ മിക്ക പ്രവര്‍ത്തനം ഏറ്റെടുത്തു. വേദി പ്രവര്‍ത്തകനായിട്ടാണ് ജീവിച്ചതും. സാംസ്‌കാരിക വേദിയും പാര്‍ട്ടിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അല്‍പം അച്ചടക്കമില്ലാത്തവരായിരുന്നു വേദിയിലുണ്ടായിരുന്നത്. പക്ഷേ, പാര്‍ട്ടിക്കാരൊക്കെ വലിയ നിഗൂഢരാണ്, ചിരിക്കില്ല. കടുപ്പിച്ചേ സംസാരിക്കു, അവര്‍ക്ക് കലയും സാഹിത്യവുമെല്ലം രണ്ടാതരം പ്രവര്‍ത്തനമാണ്. എനിക്ക് ചിരിക്കുന്ന, അല്‍പം അച്ചടക്കമൊന്നുമില്ലാതെ നടക്കുന്നവരെയാണ് ഇഷ്ടം. ഒരു പാര്‍ടിക്കാരുടെ ജീവിത സംഘര്‍ഷമാവാം അങ്ങനെ കടുത്ത മനുഷ്യരാക്കി നിലനിര്‍ത്തിയത്. എന്നാല്‍ അന്നും കെ. വേണുവോ ടി.എന്‍.ജോയിയോ ഒന്നും നിഗൂഢരായ മനുഷ്യരായിരുന്നില്ല. നന്നായി ചിരിക്കുന്നവരാണ് അവര്‍. കടുത്ത പാര്‍ട്ടിക്കാര്‍ക്ക് ഞങ്ങളെ അത്ര ഇഷ്ടമല്ലായിരുന്നു. 'അമ്മ' നാടകത്തിന്റെയും സാംസ്‌കാരിക വേദിയുടെയും കാലത്തിന് ശേഷം ഞാന്‍ വാടാനപ്പള്ളിയില്‍ നാടകസംഘമുണ്ടാക്കി. 'ജോസഫ് എന്തുകൊണ്ട് ആത്മഹത്യ ചെയ്തു' എഴുതി അവതരിപ്പിച്ചു. ഇതറിഞ്ഞ് അതില്‍ വിപ്ലവസന്ദേശമുണ്ടാകൂമെന്ന് കരുതി കണിശക്കാരനായ കെ.എസ്. സദാശിവന്‍ (അന്തിക്കാട്) നാടകം ചാവക്കാട് കളിപ്പിക്കാന്‍ കൊണ്ടുപോയി. അത് ഒരു അസംബന്ധ (അബ്‌സേര്‍ഡ്) സങ്കേതവുമായി ചേര്‍ന്നു നില്‍ക്കുന്ന നാടകമാണ്. സദാശിവന്‍ വിചാരിച്ചതുപോലെ വിപ്ലവമൊന്നും അതിലില്ല. അദ്ദേഹത്തിന് നിരാശയായി. അല്‍പം അരിശവും. ഇനി മേലില്‍ ഇത്തരം നാടകമൊന്നും നമുക്ക് വേണ്ട എന്ന കടുത്ത നിലപാട് എടുത്തു. ഞാന്‍ പറഞ്ഞുവന്നത് അന്ന് പാര്‍ട്ടിയിലുള്ളവരും സാംസ്‌കാരികവേദിയിലുള്ളവരും തമ്മിലെ വ്യത്യാസമാണ്.

ഈ വ്യത്യാസം തന്നെയാണോ ജനകീയ സാംസ്‌കാരിക വേദി പിരിച്ചുവിടപ്പെടുന്നതിലേക്ക് നയിച്ചത്?

അതെ. സാംസ്‌കാരിക വേദിക്ക് സ്വതന്ത്ര അസ്ഥിത്വമാണുണ്ടായിരുന്നത്. അത് സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ ചെയ്ത് ജനങ്ങളെ ആകര്‍ഷിച്ച് മുന്നേറി. കോഴിക്കോട് ഡോക്ടറെ വിചാരണ ചെയ്തതുപോലുള്ള ഇടപെടലുകളുമായി ഞങ്ങള്‍ മുന്നോട്ടുപോയി. പക്ഷേ, പാര്‍ട്ടി അതിന്റെ നിയന്ത്രണം വേണമായിരുന്നു. സാംസ്‌കാരിക വേദി നക്‌സലൈറ്റുകളെക്കുറിച്ച് ജനങ്ങള്‍ക്കുണ്ടായിരുന്ന ഭീകരധാരണകള്‍ ഇല്ലാതാക്കുകയും ഒട്ടൊക്കെ ജനകീയ പിന്തുണ ആര്‍ജിക്കുകയും ചെയ്തിരുന്നു. ഇതു മുതലെടുത്തുകൊണ്ടാണ് പാര്‍ടിക്കാര് വയനാട്ടിലെ കേണിച്ചറയില്‍ മഠത്തില്‍ മത്തായി വധിക്കുന്നത്. അതോടെ എതിര്‍പ്പ് രൂക്ഷമായി. പാര്‍ട്ടിയോട് പ്രതിഷേധിച്ച് വേദി വിട്ട കവിയൂര്‍ബാലന്‍, സച്ചിദാനന്ദന്‍, ബി.രാജീവന്‍, എന്നിവര്‍ക്കൊപ്പമായിരുന്നു ഞാനും.


ജോണ്‍, സിനിമ, ജീവിതം


ജോണുമായി സൗഹൃദം രൂപപ്പെടുന്നത് എങ്ങനെയാണ്?

ജോണിനെ ആദ്യം പരിചയപ്പെടുന്നത് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്. ക്യാമ്പസില്‍ ഞങ്ങള്‍ ക്ഷണിച്ചതനുസരിച്ച് ജോണ്‍ വന്നിരുന്നു. അവിടെ മുതലാണ് ബന്ധം തുടങ്ങുന്നത്. പിന്നെ ജനകീയ സാംസ്‌കാരിക വേദിയില്‍ സജീവമായപ്പോള്‍ ജോണുമായും അടുപ്പം പുലര്‍ത്തിയിരുന്നു. ജോണിന്റെ 'ചെന്നായ്ക്കള്‍ അഥവാ പട്ടിണി മരണം നാടകം ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ജോണ്‍ കോഴിക്കോട് വന്നാല്‍ കാണും. നാടകത്തിലെ എന്റെ അഭിനയവും അടുപ്പിച്ചതിന് കാരണമായിട്ടുണ്ട്.
ജനകീയ സാംസ്‌കാരിക വേദി പിരിച്ചുവിട്ടപ്പോള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ എല്ലാവര്‍ക്കുമുണ്ടായി. കവിയുര്‍ബാലന്‍, ബി.രാജീവന്‍, സച്ചിദാനന്ദന്‍, ടി.കെ. രാമചന്ദ്രന്‍, ടി.എന്‍.ജോയി, പി.സി. രവീന്ദ്രന്‍, സേതു തുടങ്ങിയവരെല്ലാം ചേര്‍ന്ന് 'ഉത്തരം' മാസിക തുടങ്ങാന്‍ തീരുമാനിച്ചു. ഈ ഘട്ടത്തില്‍ ജോണിനെകൊണ്ട് ഒരു സിനിമ ചെയ്യിക്കാമെന്ന് തീരുമാനമായി. അങ്ങനെയാണ് 'കയ്യൂര്‍' എന്ന സിനിമ ജോണ്‍ ചെയ്യാന്‍ ഒരുങ്ങുന്നത്. കാസര്‍ഗോഡ് ഫിലിസൊസൈറ്റി പ്രവര്‍ത്തകന്‍ മുരളി, കെ.എ. ശശിധരന്‍ എന്നിവരായിരുന്നു ജോണിനും ഞങ്ങള്‍ക്കും വേണ്ടി സൗകര്യങ്ങള്‍ ഒരുക്കിത്തന്നിരുന്നത്. 'ഖസാക്ക്' എന്ന മുരളിയുടെ വീടായിരുന്നു താവളം. അവിടെയിരുന്നാണ് ജോണ്‍ സിനിമയൂടെ വര്‍ക്ക് തുടങ്ങിയത്. ഞാനും രാമചന്ദ്രന്‍ മൊകേരിയും കൂടി ഒരിക്കല്‍ അവിടെ ചെന്നു. ജോണ്‍ കുളിച്ച് വൃത്തിയായിരുന്ന് ഒരു ചാരുകസേരയില്‍ കിടന്ന് വായിക്കുകയാണ്. മുടിയും താടിയുമൊക്കെ വെട്ടിയൊതുക്കിയിരിക്കുന്നു. ഞാന്‍ സീരിയസാണ് സിനിമ പൂര്‍ത്തിയാക്കണം. കുറച്ചു ചരിത്രം പഠിക്കാനുണ്ട്' എന്നാണ് പറഞ്ഞത്. ഒരു പൂരക്കളിയുടെ രൂപത്തിലാണ് സിനിമ പ്ലാന്‍ ചെയ്തിരുന്നത്. പൂരക്കളിയിലൂടെ പ്രോട്ടഗോണിസ്റ്റുകള്‍ കഥ പറയും. ഞാനും നാടുഗദ്ദിക ബേബിയുമായിരുന്നു പ്രോട്ടഗോണിസ്റ്റുകള്‍. വടക്കന്‍ കേരളത്തിലെ തനത് കലാരൂപമായ പൂരക്കളിയുടെ രൂപഘടനയിലാണ് കയ്യൂരിന്റെ സമരകഥ ജോണ്‍ പറയാനാഗ്രഹിച്ചത്. അതിനായി ഞാനും ബേബിയും കുറേ ദിവസം 'വാസുദേവ വാസുദേവ, ആദിത്യ ഭഗവനേ വാസുദേവ എന്നൊക്കെ ചൊല്ലി പൂരക്കളി പഠിച്ചു. തിരക്കഥ പൂര്‍ത്തിയായി. നിലമ്പൂര്‍ ബാലേട്ടനും മറ്റും പങ്കെടുത്തുകൊണ്ടുള്ള ചില സീനുകള്‍ ഷൂട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ നിര്‍മാതാവായി വന്ന മോഹന്‍ പിന്‍വലിഞ്ഞതു കാരണം സിനിമ മുടങ്ങുകയാണുണ്ടായത്. എല്ലാവരും പിരിഞ്ഞു. ജോണ്‍ വീണ്ടും മദ്യപാനത്തിലേക്ക് തിരിഞ്ഞു.

ഈ സമയത്താണോ പൂനെയില്‍ സിനിമ പഠിക്കാനായി പോയത്?

അതെ. സിനിമ ഉപേക്ഷിക്കപ്പെട്ടതിനാല്‍ എല്ലാവരും പലവഴിക്ക് പിരിഞ്ഞു. ഇക്കാലത്ത് സിനിമ പഠിക്കാം എന്ന് തോന്നി. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരാന്‍ തീരുമാനിച്ചു. അവിടെ എനിക്ക് ചില പരിചയങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നു. അവിടെ പഠിക്കുന്നവര്‍ തങ്ങളുടെ പഠനത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന അഞ്ചും പത്തും മിനിറ്റുള്ള ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ എന്നെ ക്ഷണിക്കും ഞാന്‍ അഭിനയിക്കും. ചിലതിന് തിരക്കഥയെഴുതിക്കൊടുക്കും. അതിനൊക്കെ ചില സാമ്പത്തികവും കിട്ടും. മോഹന്‍, സാജന്‍, ഹരിനായര്‍ തുടങ്ങിയവര്‍ അവിടെയുണ്ട്. ഇക്കാലത്ത് ഞാന്‍ ധാരാളം സിനിമ കണ്ടിരുന്നു 1000 ലധികം സിനിമകള്‍. പെട്ടന്ന് തോന്നി സിനിമ പഠിക്കുന്നതില്‍ കാര്യമില്ല. പത്രപ്രവര്‍ത്തനമായിരിക്കും നല്ലതെന്ന് തോന്നി. ഞാന്‍ ബോംബെയില്‍ കെ.സി. കോളജില്‍ ജേര്‍ണലിസം കോഴ്‌സിനു ചേര്‍ന്നു.


എങ്ങനെയാണ് അമ്മ അറിയാനിലേക്ക് എത്തുന്നത്?

ജേര്‍ണലിസം കോഴ്‌സ് പഠിച്ചശേഷം നാട്ടില്‍ വരുമ്പോള്‍ ഞാന്‍ ജോണിന്റെ 'അമ്മ അറിയാന്‍' സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന പ്രകാശ്‌മേനോനെ യാദൃശ്ചികമായി കണ്ടു. പരിചയക്കാരനാണ്. അന്തിക്കാട്ടുകാരനാണ് പ്രകാശ്. ജോണ്‍ പുതിയ സിനിമ ചെയ്യാന്‍ പോകുന്ന കാര്യം പ്രകാശ് പറഞ്ഞു. ഞാന്‍ വിവരം ചോദിച്ചെങ്കിലും താല്‍പര്യം കാട്ടിയില്ല. അടുത്തദിവസം രാവിലെ ജോണിന്റെ ഫോണ്‍. വളരെ പരുക്കനായ മുരളുന്ന ശബ്ദത്തില്‍ 'നീ ഫിലിം ഇന്‍സറ്റിറ്റിയുട്ട് വിട്ട്‌പോന്നല്ലേ നന്നായി' എന്നു പറഞ്ഞാണ് സംസാരം. നിന്നെയൊന്നു കാണണം. ഞാന്‍ സിനിമ ചെയ്യാന്‍ പോകുന്നു. നിനക്ക് അതില്‍ വേഷമുണ്ട്. എനിക്ക് വലിയ താല്‍പര്യം തോന്നിയില്ല. കാരണം പഴയ രീതിയിലളള അരാജക ജീവിതം എനിക്ക് മടുത്തിരുന്നു. ഞാനത് ശരിക്കും ആഘോഷിച്ചു കഴിഞ്ഞു. ഇനി അങ്ങോട്ട് പോകാനിഷ്ടമില്ല. എനിക്ക് സ്‌ക്രിപ്പറ്റ് കാണണം, എന്നിട്ട് നോക്കാം എന്നൊരു ഒഴിവു കഴിവു പറഞ്ഞു. അതിന്റെയൊന്നും ആവശ്യമില്ല, നാളെ വൈകിട്ട് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണിറിലെ 'മധുശാല'യില്‍ വരണമെന്ന് പറഞ്ഞു കട്ടുചെയ്തു. ജോണ്‍ വിളിച്ചതല്ലേ പോയി കാണമെന്ന് കരുതി. അവിടെ ചെന്നപ്പോള്‍ ജോണ്‍ റെഡിയായിരിക്കുന്നു. 'അമ്മ അറിയാനെ'ക്കുറിച്ച് പറഞ്ഞു. ഒടുവില്‍ നീയാണ് അമ്മ അറിയാനിലെ പ്രോട്ടഗോണിസ്റ്റ് എന്നും ജോണ്‍ പറഞ്ഞു. പിറ്റേന്ന് അയോധ്യ ടൂറിസ്റ്റ്‌ഹോമില്‍ ഒഡേസയുടെ ഓഫീസില്‍ ചെല്ലുമ്പോള്‍ ജോണിനൊപ്പം അമ്മദുണ്ട്. അദ്ദേഹമാണ് ശരിക്കും ഒഡേസയുടെയും അമ്മ അറിയാന്റെയും പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍. അമ്മദ് 200/300 പേജുള്ള തടിയന്‍ സ്‌ക്രിപ്്റ്റ് എടുത്തു കാണിച്ചു തന്നു. ഞാന്‍ വീട്ടിലേക്ക് പോയി. കുറേ ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍. ഒരു ഒന്നാം തീയതി ഷോര്‍ട്ടുകൊച്ചിയില്‍ എത്തണം.
അമ്മ അറിയാന്റെ ഷൂട്ടിംഗിന് ഞാന്‍ തലേന്ന് രാത്രിയിലാണ് ഫോര്‍ട്ട് കൊച്ചിയില്‍ എത്തുന്നത്. എല്ലാവരും ആഘോഷത്തിനുശേഷമുള്ള ഉറക്കത്തിലാണ്. ഞാന്‍ ചെന്ന് ജോണിനെ വിളിച്ചുണര്‍ത്തി. ''നാളെ രാവിലെയാണ് ഷൂട്ടിംഗ്. വല്ലതും എടുത്ത് കുടിച്ചിട്ട് കിടന്നുറങ്ങൂ''. അപ്പോഴുമെനിക്കറിയില്ല. ഞാനാണ് പ്രോട്ടഗോണിസ്റ്റ് എന്ന്. രാവിലെ ഷൂട്ടിംഗ് സ്ഥലത്ത് എത്തുമ്പോഴുമുറപ്പില്ല. കാരണം ജോണിന് അങ്ങനെ ഒരു രീതിയുണ്ട്. കാണുന്ന എല്ലാവരോടും നീയാണ് എന്റെ പ്രോട്ടഗോണിസ്റ്റ് എന്നു പറയും. ഫോര്‍ട്ട് കൊച്ചിയില്‍ പ്രോട്ടഗോണിസ്റ്റാക്കാമെന്ന മോഹവുമായി പലരും എത്തിയിട്ടുണ്ട്. രാവിലെ ഷൂട്ടിംഗ് സൈറ്റില്‍ എത്തിയപ്പോള്‍ എന്നോട് അഭിനയിക്കാന്‍ പറഞ്ഞു. ഞാന്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ഈ വേഷം പോരാ എന്റെ ഷര്‍ട്ട് അവിടെ അഴിച്ചിട്ടിട്ടുണ്ട്. അത് എടുത്തിട്ടുവരാന്‍ പറഞ്ഞു. ജോണിന്റെ അഴയില്‍ തൂക്കിയിട്ട കടും നീല കോഡ്രോയ് ഷര്‍ട്ട് എന്നു പറഞ്ഞാല്‍ മൂന്നുമാസമായിട്ട് വെള്ളം കാണാത്ത ഒന്നാണ്. അതിട്ട് വരാന്‍ പറഞ്ഞ നിമിഷം ഞാനുറപ്പിച്ചു ഞാനാണ് പ്രോട്ടഗോണിസ്റ്റ്. അമ്മ അറിയാനിലെ അവസാന രംഗമാണ് അവിടെ ഷൂട്ട് ചെയ്തത്. ഹരിയുടെ അമ്മയെ ഞങ്ങള്‍ കാണുന്നതാണ് രംഗം.


പക്ഷേ, അത് അവസാന രംഗമല്ലേ?

അതെ. അത് അമ്മ അറിയാനിലെ അവസാന രംഗമാണ്. അമ്മ അറിയാന്‍ ഒരു തല തിരിഞ്ഞ സിനിമായാണ്. അവസാനത്തില്‍ നിന്ന് ആദ്യത്തിലേക്കാണ് അതിന്റെ ഷൂട്ടിംഗ് പോയത്.


അമ്മ അറിയാന്റെ ഷൂട്ടിംഗ് അനുഭവത്തെപ്പറ്റി?


'അമ്മ അറിയാന്റെ' ഷൂട്ടിംഗ് വല്ലാത്ത ഒരു അനുഭവമാണ്. എല്ലാവരും കൂടി ഒന്നിച്ച് ക്യാമ്പടിച്ചാണ് താമസം. വലിയവനും ചെറിയവനും ഇല്ല. ശരിക്കും പറഞ്ഞാല്‍ പല ദിവസവും പട്ടിണിയായിരുന്നു. ജനങ്ങളില്‍ നിന്ന് പിരിവെടുക്കും. എന്നിട്ട് പൊതുവായി ഭക്ഷണം ഉണ്ടാക്കി എല്ലാവരും കൂടി കഴിക്കും. രാത്രി വൈകുമ്പോള്‍ എവിടെയെങ്കിലും കിടന്നുറങ്ങും. പക്ഷേ വന്നവരെല്ലാം വളരെ ആത്മാര്‍ത്ഥതയോടെയാണ് നിന്നത്. 'അമ്മ അറിയാന്‍' വിപ്ലവമാണെന്ന് കരുതിയവരുണ്ട്. ഇതാണ് അവസാന അഭയകേന്ദ്രം എന്നൊക്കെ കരുതി വന്നവരുണ്ട്. അന്ന് അവിടെയുണ്ടായിരുന്ന ഒന്നുരണ്ടുപേരുടെ മാനസിക നില വരെ തെറ്റിയിട്ടുണ്ട്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അയ്യപ്പന്‍, കൊച്ചിക്കാരനായ റസാക്ക് എന്നിങ്ങനെ ചിലര്‍. അതില്‍ റസാഖ് സിനിമയുടെ അവസാന ദിവസമായപ്പോഴേക്കും നഗ്നനായി കൊച്ചിയിലൂടെ നടന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട്.

അരാജകവാദിയായ ജോണ്‍ തന്നെപ്പോലെ തന്നെ അച്ചടക്കമില്ലാത്ത ഒരു സംഘത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തത്?


ജോണ്‍ സിനിമ വളരെ ഗൗരവത്തോടെയാണ് സമീപിച്ചിരുന്നത്. അതില്‍ വിട്ടുവീഴ്ചയൊന്നുമില്ല. ഒരു കാര്യത്തില്‍ ജോണ്‍ പ്രത്യേകിച്ച് ശ്രദ്ധിച്ചിരുന്നു,
വലിയ മദ്യപാനികളെ ചിത്രീകരണത്തിന്റെ ഏഴയലത്ത് പോലും അടുപ്പിച്ചിക്കാതിരിക്കാന്‍. അതുപോലെ വന്‍ ബുദ്ധിജീവികളേയും. ഇരു കൂട്ടരേയും പറ്റി ജോണിന്റെ കമന്റ് ഇതായിരുന്നു. 'അവന്മാര്‍ ചുമ്മാ മനുഷ്യനെ സിനിയുണ്ടാകാന്‍ സമ്മതിക്കത്തില്ല'. സുരാസുവിനെ, ഗായകനുമായ ഹമീദ് മന്നിശ്ശേരിയെ, കവി എ. അയ്യപ്പനെ ഒന്നും സിനിമയുടെ പരിസരത്ത് വരാന്‍ ജോണ്‍ അനുവദിച്ചതേയില്ല.ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് സ്ഥലത്ത് ഒരു അര്‍ധരാത്രിയില്‍ ഓടോറിക്ഷയില്‍ വന്ന അയ്യപ്പനെ ഒന്നെത്തിനോക്കാന്‍പോലും ജോണിനെകിട്ടിയില്ല. കോട്ടപ്പുറത്തുകാരനായ സെബാസ്റ്റിയനേയും അമ്മ അറിയാനിന്റെ മുഖ്യസംഘാടക നായ അമ്മദിനേയും ജോണ്‍ മദ്യപാനികളും വലിയ ബുദ്ധിജീവികളും കടന്നുവരാതിരിക്കാനായി ഏര്‍പ്പാടാക്കിയിരുന്നു.


എന്നിട്ടും, അമ്മ അറിയാന്റെ ഷൂട്ടിംഗ് ഇടയ്ക്കു വച്ചു മുടങ്ങിയിരുന്നില്ലോ?

പണമില്ലാത്ത അവസ്ഥ ചിത്രീകരണത്തെ ബാധിച്ചു. ഫിലിം വാങ്ങാന്‍ പോലും പൈസയില്ലാതെ വന്നു. ഒരുഘട്ടത്തില്‍ ജോണിന്റെ പിടിവിട്ടു. ചിത്രീകരണം നിലച്ചു. ജോണ്‍ കുടിനിര്‍ത്തിയാലേ ഇനി ഷൂട്ടിംഗ് വേണ്ടതുള്ളൂ എന്ന തീരുമാനം വന്നു. എല്ലവരും പിരിഞ്ഞു.ജോണ്‍ പന്തളത്തുള്ള ചേച്ചിയുടെ വീട്ടിലേക്കും യാത്രയായി. ജോണ്‍ മദ്യപാനം നിര്‍ത്തിയെന്ന വാര്‍ത്ത പ്രചരിച്ചു. ജോണ്‍ അടുത്ത ഷെഡ്യൂളിന്റെ ആലോചനയിലാണെന്നാണ് ഞങ്ങള്‍ അറിഞ്ഞത്. ഒരു ദിവസം അമ്മദിന്റെ ഫോണ്‍ വന്നു. ജോണിന് നല്ല സുഖമില്ല നിങള്‍ ഉടനെ പന്തളെത്തത്തണം.ഞങ്ങള്‍ പന്തളത്ത് വീട്ടിലെത്തുമ്പോള്‍ കുളിച്ച് അലക്കിയ ശുഭ്രവസ്ത്രം ധരിച്ച് വായിക്കാനുള്ള കണ്ണടയുമായി ജോണ്‍ ഇരിക്കുന്നു. പ്രാതല്‍ കഴിച്ചപ്പോഴും ജോണിന് എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയില്ല.എന്നാല്‍ ഭക്ഷണം കഴിഞ്ഞ് എന്നെയും കൂട്ടി ജോണ്‍ മുറ്റത്തേക്കിറങി കിണറ്റിന്‍കരയില്‍ ചെന്നുനിന്നു കൈവിരലുകള്‍കോണ്ട് ഫ്രെയിം വെച്ച് എന്നോട് പറഞ്ഞു. കിണറ്റില്‍ വേണു ക്യാമറായുമായി ഇറങണം.180 ഡിഗ്രിയിലൊരു പാനിംഗ്, അതവസനിക്കുന്നതിന് മുബ് പുരുഷന്റെ(അമ്മ അറിയാനിലെ എന്റെ കഥാപാത്രത്തിന്റെ പേര്)മോണോലോഗ് തുടങ്ങും. ജോണ്‍ എന്നെയുംകൊണ്ട് മുറ്റത്തിന്റെ മറ്റൊരു മൂലയിലേക്ക് പോയി. തുമ്പച്ചെടികള്‍ നിറഞ്ഞുനില്‍ക്കുന്ന പറമ്പില്‍ ജോണ്‍ കുനിഞ്ഞിരുന്നുകൊണ്ട് പറഞ്ഞു, ഇതിലെയാണ് നീ പാറുവിനെയും കൊണ്ട് വയനാട്ടിലേക്ക് പോകേണ്ടത്,അപ്പോള്‍ എനിക്ക് കാര്യങ്ങളുടെ അവസ്ഥ മനസിലായി. തനിച്ചായപ്പോള്‍ ചേച്ചി പറഞ്ഞു..രാത്രിയില്‍ രാജന്(ജോണിനെ വീട്ടില്‍വിളിക്കുന്ന പേര് )തീരെ ഉറക്കമില്ല,നിങ്ങളുടെയൊക്കെ പേരു വിളിച്ച് ഷൂട്ടിംഗാണ്.ഡോക്ടറൂടെ അടുത്തേക്ക് വരാന്‍ കൂട്ടാക്കുന്നില്ല.എങിനെയെങ്കിലും സമ്മതിപ്പിച്ച് ഡോക്ടറെ കാണിക്കണം. 'നമുക്ക് ഡോക്ടറെ കാണാം' എന്ന് ഇങ്ങോട്ട് പറഞ്ഞ് ഒരത്ഭുതം പോലെ ജോണ്‍ ഇറങ്ങിവന്നു. പന്തളം ജനറല്‍ ആശുപത്രിയിലെ മാനസികരോഗികളുടെ വാര്‍ഡില്‍ ജോണിനെ കിടത്തി. മദ്യപാനം പെട്ടെന്ന് നിര്‍ത്തിയതിന്റെ പ്രശ്‌നങ്ങളായിരുന്നു ജോണിന്. ദിവസങ്ങള്‍ കഴിഞപ്പോള്‍ ജോണ്‍ പഴയ ജോണായി. ഫ്രെയിമുകള്‍ കൃത്യമായി. 'അമ്മ അറിയാനിലെ സീനുകള്‍ റെഡിയായി. അമ്മദ് ഉടന്‍ അടുത്ത ഷെഡ്യൂള്‍ ഏര്‍പ്പാടാക്കി. അങ്ങനെ വീണ്ടും സിനിമ തുടങ്ങി.


'അമ്മ അറിയാനു' ശേഷം എന്തുകൊണ്ട് നിങ്ങള്‍ വേറെ സിനിമകളില്‍ അഭിനയിച്ചില്ല?

ജോണ്‍ എബ്രഹാമിന്റെ സിനിമയിലെ അഭിനയിച്ചുവെന്നത് എനിക്കൊരു അഹങ്കാരമാണ്. അതൊരു സുഖകരമായ അഹങ്കാരമാണ്. അതങ്ങനെ തന്നെ നില്‍ക്കട്ടെ എന്നു ഞാന്‍ കരുതി. ജോണിന്റെ സിനിമയില്‍ അഭിനയിച്ച ഞാന്‍ ഇനി മറ്റാരുടെ സിനിമയിലാണ് അഭിനയിക്കേണ്ടത്. അവസരം തേടി ഏത് സംവിധായകനോടാണ് ചോദിക്കേണ്ടത്? കൊമേഴ്‌സ്യലുകാരനായ ആരുടെ മുമ്പില്‍? പല സംവിധായകരും എന്റെ സുഹൃത്തുക്കളാണ്. പറഞ്ഞാല്‍ വേഷം തരും. അതെനിക്ക് വേണ്ട എന്നു തീരുമാനിച്ചു. ആരുടെയും മുമ്പില്‍ നടനായി നില്‍ക്കാന്‍ ഈ അഹങ്കാരം എന്നെ സമ്മതിച്ചില്ല. ശ്യാമപ്രസാദ്, വി.ജി. തമ്പി, കള്ളിക്കാട് രാമചന്ദ്രന്‍ അങ്ങനെ വ്യക്തിരപരമായ അടുപ്പമുള്ളവര്‍ പറഞ്ഞതിനാല്‍ ചില വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട് എന്നു മാത്രം. ഇതില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത, നാല് സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങിയ 'ഉയര്‍ത്തിയെഴുന്നേല്‍പ്പ്' എന്ന ടെലിഫിലിം ദൂരദര്‍ശനുവേണ്ടി നിര്‍മിച്ചതും ഞാനാണ്. പിന്നെ നാടകം, അത് തരുന്ന ലഹരിക്ക് മുമ്പില്‍ സിനിമാഭിനയം ഒന്നുമല്ലെന്നെനിക്ക് തോന്നി.

അപ്പോള്‍ നിങ്ങള്‍ക്കാരായിരുന്നു ജോണ്‍?

എനിക്ക് ജോണ്‍ ഒരു സൃഹൃത്തുമാത്രമാണ്. ഞാന്‍ ജോണിന്റെ ആരാധകനല്ല, ജോണ്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട സംവിധകയനല്ല. അയാളെന്റെ ഗുരുവോ വഴികാട്ടിയോ ഒന്നുമല്ല. ജോണിന്റെ സിനിമാ സങ്കല്‍പ്പമല്ല എന്റെ സിനിമാ സങ്കല്‍പ്പം.
ജോണിനോട് പണ്ടേ ആരാധനയുള്ളവരുണ്ടായിരുന്നു. എനിക്ക് ആരോടും ഒരു ആരാധനയുമുണ്ടായിട്ടില്ല. ജോണിനെ സിനിമയുടെ ഗോഡ് ഫാദറായി കാണുന്നുവരുണ്ട്. എനിക്ക് ജോണ്‍ ഗോഡ്ഫാദറല്ല. ജോണ്‍ നല്ല മനുഷ്യനാണ്. ഒരു നല്ല സൃഹൃത്ത്. ജോണിന് ഒരു ഗുണമുണ്ടായിരുന്നു. ആരെയും സാറെന്നു വിളിക്കുകയോ മറ്റാരെക്കൊണ്ടും സാറെന്നു വിളിപ്പിക്കുകയോചെയ്യില്ലായിരുന്നു. ജോണ്‍ വളരെ ബുദ്ധിമാനായതിനാല്‍ ഞങ്ങള്‍ക്കൊക്കെ തുല്യമായ ആദരവ് നല്‍കി.


എന്താണ് നിങ്ങളുടെ സിനിമാ സങ്കല്‍പം?

അത് കൃത്യമായി വ്യാഖ്യാനിക്കാനെനിക്കാവില്ല. സിനിമ വളരെ ലളിതമാവണം. കാഴ്ചപ്പക്കാരെ മടുപ്പിക്കരുത്. കണ്ടിരിക്കാനാവണം. എന്നാല്‍ അതില്‍ ജീവിതമുണ്ടാവണം. അതിലെ അനുഭവങ്ങള്‍ കാണുന്നവന്റേതാതയി അനുഭവപ്പെടണം. സാമൂഹ്യമായി പ്രസക്തിയുണ്ടാവണം. സമൂഹത്തിന് നല്ല സന്ദേശം പകരുന്നതാവണം.


ഇന്ന് 'അമ്മ അറിയാന്‍' പോലുള്ള സിനിമ സാധ്യമാകുമെന്ന് കരുതുന്നുണ്ടോ?


ഇല്ല. എന്നാല്‍ അസാധ്യമാണെന്നും കരുതുന്നില്ല. കാലം ഒത്തിരിമാറി. ഇരുപത്തഞ്ച് വര്‍ഷം മുമ്പുള്ള അവസഥയല്ലിപ്പോള്‍ കേരളത്തിലുള്ളത്. രാഷ്ട്രീയ അവസ്ഥ മാറി. എണ്‍പതിന്റെ മദ്ധ്യം വരെയുണ്ടായിരുന്നു സാംസ്‌കാരിക- കലാ-കലാപ അന്തരീക്ഷമില്ലപ്പോള്‍ ഉള്ളത്. എല്ലാവരും സ്വകാര്യതകളിലേക്ക് ഒതുങ്ങി. സ്വാര്‍ത്ഥത മുമ്പെന്നത്തേക്കാളും ശക്തമായി. സമൂഹമല്ല വിഷയം ഇന്‍ഡിവിഡ്യുല്‍സാണ്. അവരുടെ ഭൗതിക നേട്ടമാണ് വിഷയം. അത്തരമൊരു അന്തരീക്ഷത്തില്‍ ഒരു ജനകീയ സിനിമ കെട്ടിപ്പടുക്കുക അത്ര എളുപ്പമായ കാര്യമല്ല.


മേക്കപ്പില്ലായെയാണ് നിങ്ങള്‍ പുരുഷനായി വേഷമിട്ടത്. ഇപ്പോള്‍ നിങ്ങളുടെ അതേ പ്രായമുണ്ടാവും പുരുഷന്. സിനിമയിലെ ആ പുരുഷനെപ്പറ്റി എന്തുപറയും?

അത് ചിന്തിക്കാന്‍ രസമുള്ള കാര്യമാണ്. പുരുഷന്‍ എന്നെപ്പോലെ തന്നെ ഉണ്ടാവും. ഒരു പക്ഷേ എന്നെപ്പോലുള്ള പെരുമാറ്റവും ചിന്തയും ജീവിതവുമൊക്കെയായി. എനിക്ക് ഒത്തിരി മാറ്റം സംഭവിച്ചിട്ടുണ്ട്. പ്രിയനന്ദന്‍ അടുത്തിടെ പറഞ്ഞു. 'ഇപ്പോള്‍ നിങ്ങളെ കണ്ടാല്‍ നല്ല ഒരു വില്ലന്‍ ലുക്കാണ്. കണ്ണൊക്കെ ശരിക്കും ഒരു വില്ലന്റേതിനുപറ്റിയാണ്. എന്റെ സിനിമയില്‍ അഭിനയിക്കുന്നോയെന്നാ എന്ന് കൂടി ചോദിച്ചു. അപ്പോള്‍ എന്തുപറയാനാണ്? നായകനും വില്ലനും ഒരാള്‍ തന്നെ. കാലത്തിന്റെ മാറ്റം ഇങ്ങനെ ചിന്തിക്കുമ്പോള്‍ രസകരമാണ്.


നല്ല വേഷം ലഭിക്കുന്നുവെന്ന് കരുതുക. അഭിനയിക്കുമോ?

അഭിനയിക്കും. എനിക്ക് താല്‍പര്യമുള്ള വേഷം കിട്ടിയാല്‍ മാത്രം. അവസരത്തിനുവേണ്ടി ആരുടെയും മുമ്പില്‍ ചെല്ലില്ല. നേരത്തെ പറഞ്ഞ സുഖകരമായ അഹങ്കാരം എന്റെയുള്ളില്‍ തന്നെ ഇരിക്കട്ടെ ഇപ്പോള്‍ പ്രിയനന്ദനെപ്പോലുള്ള ഒരു സുഹൃത്ത്, അല്ലെങ്കില്‍ എനിക്ക് കൂടി താല്‍പര്യമുള്ള, മനസിനിഷ്ടപ്പെട്ട സംവിധായകന്‍ പറഞ്ഞാല്‍ അഭിനയിച്ചേക്കും. പ്രിയനന്ദനുമായി വളരെക്കാലത്തെ അടുപ്പം എനിക്കുണ്ട്. കേരള സംഗീതനാടക അക്കാമദി അവാര്‍ഡ് ലഭിച്ച, എന്റെ 'സങ്കടല്‍' സംവിധാനം ചെയ്യുന്നത് പ്രിയനന്ദനാണ്. അതുകൊണ്ടുള്ള അടുപ്പം വച്ചാണ് പ്രിയനന്ദന്‍ അങ്ങനെ പറഞ്ഞത്.



ഗള്‍ഫിലെ പ്രവാസി



ഗള്‍ഫില്‍ എത്തിയതെങ്ങനെയാണ്?

നാട്ടില്‍ നില്‍ക്കുക അല്‍പം പ്രയാസമായപ്പോള്‍ ഇങ്ങോട്ടു പോന്നതാണെന്നു പറയാം. ശരിക്കും വരുന്നത് അമ്മ മലയാളം പ്രോഗ്രാമിന്റെ ഭാഗമായി ഒരു നാടകക്യാമ്പിന്റെ ഡയറക്ടറായാണ്. പിന്നെ ഗള്‍ഫില്‍ തുടരാമെന്ന് തീരുമാനിച്ചു. കോഴിക്കോട് ഞാന്‍ ഒരു പുസ്തക പ്രസാധക സംരംഭം നടത്തിയിരുന്നു. നൂറ്റി ഇരുപതിലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി. ചില പ്രത്യേക അവസ്ഥയില്‍ പിന്നെ വലിയ സാമ്പത്തിക ബാധ്യത വരുത്തിവച്ചു. ഗള്‍ഫ് കേരളത്തിന്റെ ഫൈനാന്‍ഷ്യല്‍ ക്യാപിറ്റലാണ്. നാട്ടില്‍ എന്തെങ്കിലുമൊക്കെ ചെയ്ത് നിലം പരിശായവന് ഗള്‍ഫ് കൂടിയില്ലായിരുന്നെങ്കിലുള്ള അവസ്ഥ എന്തായിരിക്കും? ഒരര്‍ത്ഥത്തില്‍ നാടുകടത്തപ്പെട്ടവന്റെ ജീവിതമാണ് ഗള്‍ഫില്‍ എനിക്ക് കിട്ടിയത്.


പക്ഷേ ഗള്‍ഫ് ജീവിതം നിങ്ങളുടെ എഴുത്തിനെ ഇല്ലാതാക്കിയോ?

അങ്ങനെ പറയാന്‍ പറ്റില്ല. എഴുതാന്‍ വേണ്ടി എനിക്കെന്തെങ്കിലും എഴുതാന്‍ പറ്റില്ല.ചെറിയ ബ്രേക്ക് വന്നു. പക്ഷേ അവിടെ ജീവിച്ചതിന് മറ്റൊരു ഗുണമുണ്ടായി. നമ്മുടെ തന്നെ ജീവിതങ്ങളെയും കേരളത്തെയും മറ്റൊരു വീക്ഷണകോണിലൂടെ നോക്കാനായി. മലയാളിയുടെ ജീവിതവും ഗള്‍ഫും തമ്മിലുള്ള വ്യത്യാസം, ഗള്‍ഫില്‍ വരുമ്പോഴുള്ള മലയാളിയുടെ ജീവിതം, ഗള്‍ഫില്‍ വരുന്ന രാഷ്ട്രീയക്കാരുടെ ഭാവവിനിയങ്ങള്‍ ഇതെല്ലാം തിരിച്ചറിയാനായി. ഗള്‍ഫ് നല്‍കിയത് വ്യത്യസ്തമായ തിരിച്ചറിവാണ്, അനുഭവമാണ്. അത് ഇനിയുള്ള രചനയില്‍ പ്രതിഫലിച്ചേക്കാം.


ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തനത്തെപ്പറ്റി എന്തുപറയും?

ഗള്‍ഫില്‍ ശരിക്കും വലിയ രീതിയിലുള്ള മാധ്യമപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. പറഞ്ഞതിനര്‍ത്ഥം പത്രപ്രവര്‍ത്തനമേ നടക്കുന്നില്ല എന്നല്ല. പലരും ലെയ്‌സണ്‍ വര്‍ക്കാണ് നടത്തുന്നത്. പക്ഷേ അവിടെയുളള പത്രപ്രവര്‍ത്തകര്‍ക്ക് മറ്റു പലരെയുംകാള്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്താനാവും. ഞാന്‍ യു.എ.ഇയിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യാ മീഡിയാ ഫോറത്തിന്റെ സ്ഥാപകാംഗവും ഇപ്പോള്‍ രണ്ടാം തവണയും ജനറല്‍ സെക്രട്ടറിയുമാണ്. ഞങ്ങളുടെ സംഘടന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. വിസയില്ലാതെയും മറ്റും കുടങ്ങുന്നവര്‍, അറബ് നാടുകളിലെ ജയിലില്‍ കഴിയുന്ന മലയാളികള്‍ എന്നിവരെ മോചിപ്പിക്കുകയും നാട്ടിലെത്തിക്കുകയും ചെയ്യുക, ഗള്‍ഫ് നാടില്‍ കാണാതായവരെ കണ്ടെത്തുക, പൊതുമാപ്പ് കിട്ടിയവരെ നാട്ടില്‍ എത്തിക്കുക നാട്ടിലെ രോഗികള്‍ക്ക് ചികിത്സാസഹായം എത്തിച്ചുകൊടുക്കുക തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തനം ചെയ്യാനാവും. അത് വലിയ കാര്യമാണ്.

ഗള്‍ഫിലെ ജീവിതം പഴയ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തിയോ? എന്താണ് താങ്കളുടെ രാഷ്ട്രീയ കാഴ്ചപ്പാട്?

ഇല്ല. പഴയ രാഷ്ട്രീയബോധം എന്നില്‍ എപ്പോഴുമുണ്ട്. നക്‌സലൈറ്റ് പ്രസ്ഥാനത്തോട് കടുത്ത എതിര്‍പ്പില്ല.ഞാന്‍ ഇടതുപക്ഷക്കാരനാണ്. വിശാലമായ ഇടതുപക്ഷത്ത്. എന്നാല്‍ സി.പി.എം., സി.പി.ഐപോലുള്ള രാഷ്ട്രീയത്തോട് ഒരു യോജിപ്പുമില്ല. ശരിക്കും ഒരു ഇടതു സഹായത്രികന്‍ എന്നു വിളിക്കാം. ജനാധിപത്യം സ്വാതന്ത്ര്യം എന്നിവയൊക്കെ വലിയ വിലപിടുപ്പുള്ളതാണ് എന്ന് ബോധം എന്നിലുണ്ട്. കേരളത്തിനെ സംബന്ധിച്ചാണെങ്കില്‍ ഇനിയും ഇവിടെ പുതിയ മൂവ്‌മെന്റ് ഉണ്ടാവും എന്ന് ഉറച്ച വിശ്വാസമുണ്ട്. അത് അനിവാര്യമാണ്. അതിന്റെ കൃത്യമായ രൂപമൊന്നും ഇപ്പോള്‍ പറയാനാവില്ല. ശരിയായ മൂവ്‌മെന്റുവരുമ്പോള്‍ അതിന്റെയൊപ്പം ഞാനുമുണ്ടാകും.അത്തരം മുന്നേറ്റങ്ങളില്‍ നിന്നോ, ആ ശ്രമങ്ങളില്‍ നിന്നോ മാറി നില്‍ക്കാന്‍ എനിക്കാവില്ല.

നാടകവും മാധ്യമപ്രവര്‍ത്തനവും മുന്‍കാല സിനിമാനുഭവവും നല്‍കിയ അറിവിന്റെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് ഒരു സിനിമ ചെയ്യുന്നില്ല?

ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇപ്പോള്‍ സിനിമ ചെയ്യാനുള്ള പ്രായമൊക്കെ എനിക്കായി എന്നു തോന്നുന്നു (ചിരി). ഇപ്പോള്‍ പ്രായം അമ്പതിനോടടുക്കുന്നു. 'അമ്മ അറിയാന്‍' കഴിഞ്ഞിട്ട്് ഇരുപത്തഞ്ച് വര്‍ഷമാകുന്നു. സിനിമ ചെയ്യാനുള്ള അവസാന ഒരുക്കത്തിലാണ് ഞാന്‍.


എങ്ങനെയുള്ളതാവും ആ സിനിമ?

സിനിമ എന്റെ മനസില്‍ ഉണ്ട്. ഏതാണ്ട്് പൂര്‍ണമായി തന്നെ. പക്ഷേ, അതിപ്പോള്‍ പറയാനാവില്ല. എന്നാല്‍ സിനിമ വളരെ ലളിതമായിരിക്കും. അനാവശ്യം ധൂര്‍ത്തും ആഡംബരങ്ങളും ദുര്‍ഗ്രാഹ്യതകളുമുണ്ടാവില്ല. പക്ഷേ അതില്‍ ജീവിതമുണ്ടാകും. ഒരു ഗള്‍ഫ്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ് കഥ. ഞാനറിയുന്നതും അനുഭവിക്കുന്നതുമായ ഗള്‍ഫുകാരന്റെ ജീവിതവും പുതിയ സിനിമയെ സ്വാധീനിക്കും.

പുതിയ വെബ് ചാനല്‍ സംരംഭത്തെപ്പറ്റി?

മലയാളത്തിലെ ആദ്യത്തെ ജനകീയ വെബ് ചാനല്‍ തുടങ്ങാനാണ് ശ്രമം. ന്യുസ് പ്ലസ് എന്നാവും പേര്. ഇന്ന് വിദേശങ്ങളില്‍ താമസിക്കുന്നവരില്‍ നല്ല പങ്കിനും ഇന്റര്‍നെറ്റ് ബന്ധമുണ്ട്. അവര്‍ക്ക് നാട്ടിലെ കാര്യങ്ങള്‍ അറിയണം. വാര്‍ത്ത അറിയുന്നതിനൊപ്പം ദൃശ്യങ്ങളും കാണണം. കേരളത്തില്‍ നിന്നുള്ള ഹൈപ്പര്‍ ലോക്കല്‍ വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ചാനലായിരിക്കും ന്യുസ് പ്ലസ്. ഒപ്പം ഗള്‍ഫിലെ വിശേഷങ്ങളും. ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇത് സാധ്യമാകുക.
മലായളത്തിലെ ആദ്യത്തെ ജനകീയ സിനിമയില്‍ പങ്കാളിയാവാന്‍ എനിക്കായി. അതുപോലെ തന്നെ ആദ്യത്തെ ജനകീയ സ്ട്രീമ് ചാനലിലും പങ്കാളിയാവുകയാണ്. പ്രാദേശിക വാര്‍ത്തകള്‍ക്കു പുറമേ വാര്‍ത്താധിഷ്ഠിത പരിപാടികളും ന്യൂസ്പ്ലസിലുണ്ടാവും. എന്നാല്‍, ജനങ്ങള്‍ക്ക്, ലോകത്തെവിടെയുമുള്ള മലയാളിക്ക് അവര്‍ക്ക് പറയാനുള്ള വാര്‍ത്തകളും വിശേഷങ്ങളും ക്യാമറ, അത് മൊബൈല്‍ ക്യാമറയില്‍ എടുത്തതായാല്‍ പോലൂം സ്വയം നേരിട്ട് ഈ ചാനലിലേക്ക് അപ്‌ലോഡ് ചെയ്യാം. അത്തരത്തിലുള്ള ഒരു ഡെമോക്രാറ്റിക് ചുവരാണ് ലക്ഷ്യം വയ്ക്കുന്നത്. സാറ്റ്‌ലൈറ്റ് കേന്ദ്രീകൃതമായ ചാനലല്ലത്. സ്ട്രീമിംഗ് ടെക്‌നോളജി ഉപയോഗിച്ചുള്ള ആദ്യത്തെ ഇന്റര്‍നെറ്റ് ചാനലായിരിക്കും ഇത്. അതുകൊണ്ട് സാറ്റ്‌ലൈറ്റ് ഫുട് പ്രിന്റില്ലാത്ത സ്ഥലങ്ങളിലും ഇതിന് കടന്നു ചെല്ലാനാവും. മാത്രമല്ല സൗജന്യമായിരിക്കും ഇതിന്റെ വിതരണം. അമേരിക്കന്‍ മലയാളികളായ ഒരു കൂട്ടം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരാണ് സാങ്കേതികമായി ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍.ആര്‍.ഐ. നിക്ഷേപകരാണ് ഇതിനെ സാമ്പത്തിക സ്രോതസ്സ്.

കുടുംബം?

ഭാര്യ എനിക്കൊപ്പം ദുബായില്‍ ജോലി ചെയ്യുന്നു. മൂന്നുമക്കള്‍. മൂത്തമകന്‍ മംഗലാപുരത്ത് പഠിക്കുന്നു. മകള്‍ കോഴിക്കോട് ഒമ്പതാം തരത്തില്‍ പഠിക്കുന്നു. ഇളയമകള്‍ ഞങ്ങള്‍ക്കൊപ്പം ദുബായിലുണ്ട്. അവിടെ പഠിക്കുകയാണ് അവള്‍.


ഒന്നുകൂടി ചോദിക്കട്ടെ, നിങ്ങള്‍ നടന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, പ്രസാധകന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ പല വേഷങ്ങള്‍ ജീവിതത്തില്‍ ചെയ്തിരിക്കുന്നു. എന്താണ് ഏറ്റവും പ്രിയപ്പെട്ട വേഷം?

നല്ല ചോദ്യമാണ്. എനിക്കറിഞ്ഞുകൂടാ എതാണ് ഇഷ്ടവേഷം എന്ന്. ശരിക്കും ഇതൊന്നും എന്നെ തൃപ്തിപ്പെടുത്തുന്നുമില്ല. ഇതെല്ലാം ആസ്വദിച്ചാണ് ഞാന്‍ ചെയ്തത്. പക്ഷേ, പക്ഷേ ഞാനൊന്നിലും സംതൃപ്തനല്ല. ഇനിയെന്തൊക്കെയോ ചെയ്യാനുണ്ട് എന്ന തോന്നല്‍ മനസില്‍ കിടന്നു പെരുക്കുന്നുണ്ട്. എന്റെ വേഷങ്ങള്‍ വേറെ എന്തൊക്കെയോയാണ്. ഞാനിനിയും അത് കണ്ടെത്തിയിട്ടില്ല.

Friday, October 8, 2010

മതേതരം/മതരഹിതം

സംഭാഷണം
രശ്മി ബിനോയി, ഷംസുദ്ദീന്‍ കുട്ടോത്ത്/ആര്‍.കെ.ബിജുരാജ്



പ്രണയ വിവാഹം അപൂര്‍വ സംഭവമല്ല. വ്യത്യസ്ത മതത്തില്‍പെട്ടവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നത് നാട്ടില്‍ നടക്കാത്തതുമല്ല. അങ്ങനെ നോക്കിയാല്‍ രശ്മി ബിനോയിയും ഷംസുദ്ദീന്‍ കുട്ടോത്തും വിവാഹിതരായതില്‍ പ്രത്യേകിച്ച് ഒന്നുമില്ല. നിത്യസാധാരണമായ ഒരു പുരോഗമന നടപടി എന്നു വിശേഷിപ്പിക്കാം. രശ്മി വനം മന്ത്രി ബിനോയി വിശ്വത്തിന്റെയും ഷൈലജ ജോര്‍ജിന്റെയും മകളാണ് എന്ന പ്രത്യേകത കൊണ്ട് ആഘോഷിക്കപ്പെടേണ്ട കാര്യമൊന്നുമല്ല ഇവരുടെ കല്യാണം. പക്ഷേ, നമ്മുടെ കാലം ഈ പ്രണയവിവാഹത്തെ വേറിട്ടുനിര്‍ത്തുന്നുണ്ട്. അതിന് കാരണങ്ങള്‍ ഇവയാണ്:

ഒന്ന്: ഷംസുദ്ദീന്‍ കുട്ടോത്ത് ഒരു മുസ്ലീം സമുദായാംഗമാണ്. 'ലൗ ജിഹാദ്' തുടങ്ങി പലതരം വിവാദങ്ങള്‍ കാരണം മുസ്ലീം സമുദായം സംശയത്തിന്റെ മുള്‍മുനയിലാണ്. ഒരു മതത്തെ മൊത്തത്തില്‍ 'തീവ്രവാദികള്‍' എന്ന് മുദ്രയടിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അത്തരത്തില്‍ തെറ്റിധരിക്കപ്പെടുന്ന മതത്തിലെ അംഗമാണ് ഷംസുദ്ദീന്‍. അതിനാല്‍ ഷംസുദ്ദീനെയും സംശയത്തോടെ സമൂഹം നോക്കാനിടയുണ്ട്.

രണ്ട്്: സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത, പര്‍ദയിടാന്‍ നിര്‍ബന്ധിക്കുന്ന മതത്തില്‍പെട്ട ഒരാളെയാണ്, 'ചരിത്രത്തിലെ പെണ്ണിടങ്ങള്‍' പോലുള്ള ഒരു സ്ത്രീപക്ഷ പുസ്തകം എഴുതിയ രശ്മി വിവാഹം കഴിക്കുന്നത്.

മൂന്ന്്: നവദമ്പതികളോടുള്‍പ്പടെ സ്വകാര്യവും പരസ്യവുമായി പലരും പങ്കുവച്ച ആശങ്കളില്‍ ഒന്ന് രശ്മിയുടെ മതംമാറ്റം സംഭവിക്കുമെന്നാണ്. ഷംസുവിന്റെ പ്രേരണയില്‍ രശ്്മി മുസ്ലീമാകുമോ?

നാല്: മുസ്ലീം സമുദായത്തില്‍ ജനിച്ച ഒരാള്‍ക്ക് ഇവിടെ എത്രമാത്രം മതേതര ജീവിതം സാധ്യമാണ്. എത്രത്തോളം നമ്മളുടെ സമൂഹം മതേരത്വത്തെ അംഗീകരിക്കുന്നുണ്ട്?

അഞ്ച്്: വി.ആര്‍.കൃഷ്ണയ്യരെപ്പോലുള്ളലുള്ളവര്‍ ഇവരുടെ വിവാഹത്തെ 'അനുകരിക്കേണ്ട മാതൃക' എന്ന് പരസ്യമായി അഭിനന്ദിച്ചിരിക്കുന്നു. അതെന്തുകൊണ്ടാവും?

ആറ്: മറ്റെന്തിനേക്കാളുപരി, ഒരു സംഘടനയുടെ ലഘുലേഖ മാത്രം മുന്‍നിര്‍ത്തി, 'കേരളത്തെ ഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു' എന്ന പ്രഖ്യാപനം വഴി ഒരു സമുദായത്തെ കേരളത്തിലെ മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുണ്ട്. അതേ മന്ത്രിസഭയിലെ മറ്റൊരംഗത്തിന്റെ മകളാണ് രശ്മി. അച്ഛന്‍ അംഗമായ മന്ത്രിസഭയിലെ തലവനെപ്പറ്റി രശ്മിക്ക് എന്താണ് പറയാനുണ്ടാവുക.
ഇത്തരത്തില്‍, തീര്‍ത്തും സാമൂഹ്യവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ നമുക്കിപ്പോള്‍ രശ്മി ബിനോയിയോടും ഷംസുദ്ദീന്‍ കുട്ടോത്തിനോടും സംസാരിക്കാം.


പ്രണയം ഇപ്പോള്‍ വിവാഹത്തിലെത്തിയിരിക്കുന്നു. നിങ്ങള്‍ എത്രകാലം പ്രണയിച്ചു?

ഷംസു/രശ്മി: ഞങ്ങള്‍ക്ക് കുറച്ചുകാലമായി പരസ്പരം അറിയാം. പ്രീഡിഗ്രി കാലം തൊട്ടേ പരിചയമുണ്ട്. ഷംസു ഫറൂഖ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സര്‍വകലാശാല ഡി സോണ്‍ കഥാ/കവിതാ മത്സരത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അന്ന് പ്രോഗ്രാമിന്റെ സംഘാടക ചുമതലയുണ്ടായിരുന്നു ഷംസുവിന്. അവിടെ വച്ച് പരസ്പരം സംസാരിച്ചു. കഥയാണ് വിഷയം. സാഹിത്യതാല്‍പര്യമാണ് സൗഹൃദത്തിന് തുടക്കം. പിന്നീട് ഞങ്ങള്‍ സുഹൃത്തുക്കളായി. ഏതാണ്ട് നാലുകൊല്ലമായി വളരെ അടുപ്പത്തിലായിരുന്നു. പക്ഷേ ഞങ്ങള്‍ പ്രണയത്തിലാകുന്നത് ചെന്നൈയില്‍ വച്ചാണ്. ഞാന്‍ അവിടെ 'ഇന്ത്യാടുഡേ'യില്‍ ജോലി ചെയ്യുമ്പോള്‍ ഷംസു 'സൂര്യാ' ടിവിയിലുണ്ടായിരുന്നു. കവിതാ രചനയാണ് ഞങ്ങളെ അടുപ്പിച്ചത്.

കുറച്ചുകാലമായി പരിചയമുണ്ടായിരുന്നു എന്നതിനാല്‍ തന്നെ പെട്ടന്നുള്ള തോന്നല്‍ അല്ല വിവാഹം എന്ന് വ്യക്തം. പക്ഷേ, വിവാഹം ഇന്ന രീതിയില്‍ വേണം എന്നുള്ള തീരുമാനം ആരുടേതായിരുന്നു?

ഷംസു/രശ്മി: ഞങ്ങള്‍ ആലോചിച്ചശേഷം എടുത്ത തീരുമാനമാണ് ഒരുമിച്ചു ജീവിക്കാമെന്നത്. ആ തീരുമാനം ഞങ്ങള്‍ എടുക്കുന്നത് ഒരുമിച്ചുതന്നെയാണ്. വിവാഹം എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റിയും ഒരുമിച്ച്, ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെയാണ് തീരുമാനം എടുത്തത്. ചെന്നെയില്‍ ഉണ്ടായിരുന്ന കാലത്ത് മറീന ബീച്ചില്‍ വച്ചാലാണ് വിവാഹത്തെപ്പറ്റി തീരുമാനമെടുത്തത്.
പരസ്പരം അടുക്കുന്നതിന് മുമ്പേ ഞങ്ങള്‍ രണ്ടുപേരുടെയും മനസിലുള്ള തീരുമാനം മതചടങ്ങുകളും മറ്റ് ആചാരങ്ങളും ഇല്ലാതെ വിവാഹം നടത്തണമെന്നു തന്നൊയിരുന്നു. അത് തിരിച്ചറിവുള്ള കാലം തൊട്ടേ മനസ്സിലുണ്ടായിരുന്നു. ഞങ്ങളുടെ തന്നെ മത-രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് വിവാഹത്തെപ്പറ്റിയുള്ള തീരുമാനത്തിലും പ്രതിഫലിക്കുന്നത്.

അപ്പോള്‍ എന്താണ് നിങ്ങളുടെ മതകാഴ്ചപ്പാട്?

ഷംസു: ഞാന്‍ മുസ്ലീം മത സമുദായത്തിലാണ് ജനിച്ചത്. മൂന്നാംക്ലാസുവരെ മദ്രസ ക്ലാസുകളില്‍ പോയിട്ടുണ്ട്. പിന്നീട് പതിയെ അതില്‍ നിന്ന് അകന്നു. മതവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ജീവിതത്തില്‍ പാലിക്കാതായി. പക്ഷേ ഇപ്പോഴും ചിലപ്പോഴൊക്കെ പള്ളിയില്‍ പോകാറുണ്ട്്. വിശ്വാസവുമായി ബന്ധപ്പെട്ടല്ല ഇപ്പോഴുള്ള പോക്ക്. അടുത്തിടെ ഉമ്മൂമ്മയുടെ മയ്യത്തിന് പോയിരുന്നു. മലബാറിലും കോഴിക്കോടുമെല്ലാം കമ്യൂണിസ്റ്റുകാര്‍ പള്ളിയില്‍ പോകാറുണ്ട്. പലര്‍ക്കും വിശ്വാസം കാണില്ല. പക്ഷേ സാമൂഹികമായ കാരണങ്ങളാണ് അതിനു പിന്നില്‍. ഞാന്‍ മത ചടങ്ങുകള്‍ ഒന്നും നടത്താറില്ല. എന്നാല്‍ എനിക്ക് വിശ്വാസങ്ങളോട് എതിര്‍പ്പില്ല.
രശ്മി: ഞാന്‍ ഒരു എത്തിസ്റ്റ് (നിരീശ്വരവാദി)യാണ്. ദൈവത്തില്‍ വിശ്വാസമില്ല. ഒരു മതത്തിലുമില്ല.


എന്താണ് രശ്മിയുടെ മതം/ജാതി? എസ്.എസ്.എല്‍.സി. പുസ്തകത്തില്‍ അത് എങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്?

ഞാന്‍ വളര്‍ന്നത് തീര്‍ത്തും മതേതരമായ ചുറ്റുപാടിലാണ്. വ്യത്യസ്ത മതത്തില്‍ ജനിച്ചവരാണ് എന്റെ അമ്മയും അച്ഛനും. പക്ഷേ, എസ്.എസ്.എല്‍.സി. പുസ്തകത്തില്‍ മതം ഹിന്ദുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌കൂളില്‍ ചേര്‍ക്കുമ്പോഴൊന്നും എനിക്ക് മതവും ജാതിയും രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ടീച്ചറാണ് ഞാന്‍ ഒ.ബി.സി. വിഭാഗത്തില്‍ പെടുന്നയാളാണെന്ന്് കണ്ടുപിടിച്ചത്. സംവരണാനുകൂല്യങ്ങള്‍ കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്ന ന്യായം പറഞ്ഞാണ് അങ്ങനെ ടീച്ചര്‍ എഴുതിയത്. അന്ന് എനിക്ക് ജാതിവേണ്ട എന്നൊക്കെ പറഞ്ഞ് ബഹളമുണ്ടാക്കിയിരുന്നു. അങ്ങനെ മതവും ജാതിയും എസ്.എസ്.എല്‍.സി. ബുക്കില്‍ രേഖപ്പെട്ടതില്‍ എനിക്ക് വിഷമമുണ്ട്. ഇതിനോടൊന്നിച്ച് പറയേണ്ട കാര്യമുണ്ട്. എന്റെ അനിയത്തിയുടെ എസ്.എസ്.എല്‍.സി. ബുക്കില്‍ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ല.


എന്താണ് നിങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാട്?

രശ്മി: ഞാന്‍ സി.പി.ഐ.യുടെ രാഷ്ട്രീയ നിലപാടുകളില്‍ വിശ്വസിക്കുന്നയാളാണ്. സി.പി.ഐ.യുടെ വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു. വലിയ രീതിയില്ല. അല്‍പസ്വല്‍പം.
ഷംസു: ഞാന്‍ സി.പി.എം രാഷ്ട്രീയത്തോട് ഐക്യപ്പെടുന്നയാളാണ്. പരമ്പരാഗതമായി കമ്യൂണിസ്റ്റുകാരുടേതാണ് എന്റെ കുടുംബം. (ചിരിയുടെ അകമ്പടിയില്‍ ഷംസു ഇങ്ങനെ പറയുന്നു: ഞങ്ങളുടേത് രണ്ടുപാര്‍ട്ടികളുടെ ഒരു ലയനമാണ്. പാര്‍ട്ടി നേതാക്കള്‍ വിചാരിച്ചിട്ടൊന്നും നടക്കാതെ പോയ കാര്യമാണ്!!)


പക്ഷേ, പുരോഗമനം പറയുന്ന ഇടതുപക്ഷക്കാരയ പലരും മതവിശ്വാസത്തിലേക്ക് തിരിച്ചുപോകുന്നത് നമ്മള്‍ കാണുന്നുണ്ട്. ഉദാഹരണത്തിന് എ.പി. അബ്ദുളളകുട്ടി..?

ഷംസു: അബ്ദുള്ളകുട്ടി വലതുപക്ഷത്തേക്കാണ് പോയത്. അത്തരം തിരിച്ചുപോക്കിനെ ഞാനംഗീകരിക്കുന്നില്ല. അത് ശരിയുമല്ല. നമ്മള്‍ ശ്രമിക്കേണ്ടത് ഇടതുപക്ഷത്ത് തുടരനാണ്. കൂടുതല്‍ ലെഫ്റ്റ് ആകാനാണ് ഞാനാഗ്രഹിക്കുന്നത്. ഓരോരുത്തരും അതിനുവേണ്ടിയാണ് ശ്രമിക്കേണ്ടത്.

വിശ്വാസമില്ലെന്ന് പറഞ്ഞു. പക്ഷേ നിങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അതെന്താണ്?

ഷംസു/രശ്മി: ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറില്ല. പ്രാര്‍ത്ഥന എന്നതിനു പകരം ഞങ്ങള്‍ കാണുന്നത് തീവ്രമായി ആഗ്രഹിക്കുക എന്നതാണ്. ഒരു കാര്യം ദൈവം നടത്തിത്തരണമെന്ന് പ്രാര്‍ത്ഥിക്കാറില്ല. ഇനി പ്രാര്‍ത്ഥിക്കാനും പോകുന്നില്ല. പകരം ഞങ്ങള്‍ ചെയ്യുന്നത് എന്തെങ്കിലും നേടണമെന്ന് തോന്നുമ്പോള്‍ അത് മനസ്സില്‍ അതിയായി ആഗ്രഹിക്കുന്നു. ഇതിനെ പ്രാര്‍ത്ഥന എന്നു വിളിക്കാമോ എന്ന അറിയില്ല. പ്രാര്‍ത്ഥന എന്നു ഞങ്ങള്‍ വിളിക്കുന്നത് മനസിലെ തീവ്രമായ ആഗ്രഹത്തെ തന്നെയാണ്.
രശ്മി: ഞാന്‍ ചിലപ്പോഴൊക്കെ എന്റെ ദൈവമേ എന്ന് പറയാറുണ്ട്. അതൊരു വെറുമൊരു എസ്്ക്ലമേഷന്‍ (ആശ്ചര്യഭാവം) മാത്രമാണ്. സംസാരത്തിനിടയ്ക്ക് പലപ്പോഴും അങ്ങനെ അറിയാതെ പ്രയോഗിക്കാറുണ്ട്.


വര്‍ഗീയത നിറഞ്ഞ പ്രതികരണങ്ങള്‍

നിങ്ങളുടെ വിവാഹത്തിന് മുമ്പും പിമ്പും എന്തായിരുന്നു ആളുകളുടെ പ്രതികരണം?

ഷംസു: പലരും സംശയത്തോടെയാണ് ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തെ ഞങ്ങളുടെ നോക്കിക്കാണുന്നത്. പലരും അത് തുറന്ന് തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഞാന്‍ രശ്മിയെ മുസ്ലീം സമുദായാംഗമാക്കുമെന്നാണ് ചിലരുടെ ഉറച്ച വിശ്വാസം. എന്റെ മതത്തില്‍ പെട്ട ചിലര്‍ 'രശ്മിയെ മതംമാറ്റി നമ്മുടെ ആളാക്കുന്നതാണ് നിനക്ക് നല്ലത്' എന്ന മട്ടില്‍ സംസാരിച്ചിട്ടുണ്ട്. ഞാന്‍/നമ്മള്‍ പുരോഗമന വാദികളാണ് എന്നു കരുതുന്നവര്‍ രശ്മിയുടെ മതംമാറ്റം നടത്തുന്നതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്. നമ്മള്‍ ഒരിക്കലും അങ്ങനെ പറയുമെന്ന്് കരുതാത്തവരാണ് അത്്. സത്യം പറയാം ഇത്തരം ചോദ്യങ്ങള്‍ കേട്ട് എനിക്ക് കരച്ചില്‍ വന്നിട്ടുണ്ട്.

രശ്മി: ഞാന്‍ വിവാഹത്തെപ്പറ്റി എന്റെ സൃഹൃത്തിക്കളോട് പറയുമ്പോള്‍ ഷംസു എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ' അയ്യോ.. 'എന്ന ഭാവം പലരുടെയും മുഖത്ത് തെളിഞ്ഞു. നീ മതം മാറുമോ എന്നൊക്കെ പലരും ചോദിച്ചു. എനിക്ക് വളരെ അടുത്ത ഒരു സുഹൃത്തുണ്ടായിരുന്നു. ഞാന്‍ അവനോട് ഓണ്‍ലൈനില്‍ ചാറ്റുചെയ്യുമ്പോള്‍ വിവാഹകാര്യത്തെപ്പറ്റി പറഞ്ഞു. 'നീ പ്രണയിക്കുന്നത് ഒരു മുസ്ലീമിനെയല്ല എന്ന് ഞാന്‍ കരുതുന്നു' എന്ന് അവന്‍ പറഞ്ഞു. അല്ല എന്നു പറഞ്ഞപ്പോള്‍ അയാള്‍ പതിയെ ഹിന്ദുത്വലൈനിലായി സംസാരം. 'അവര്‍' എന്നും 'നമ്മള്‍' എന്നും സംസാരിക്കാന്‍ തുടങ്ങി. നമ്മള്‍ 'ഹിന്ദുക്കള്‍' അവര്‍ 'മുസ്ലീംകള്‍' എന്നായി രീതി. ഞാന്‍ ഗോധ്രയുടെയും ഗുജാറാത്തിന്റെയും കാര്യം പറഞ്ഞപ്പോള്‍ ഹിന്ദുക്കള്‍ ചെയ്തതില്‍ എന്താണ് തെറ്റ് എന്നായി ചോദ്യം. അവന്റെ ഉള്ളിലെ വര്‍ഗീയതമുഴുവന്‍ പറുത്തുവന്നു. നീ പര്‍ദയിട്ട് പാകിസ്ഥാനിയാവുമെന്നും 'ഡോണ്‍' പത്രത്തില്‍ ജോലിചെയേ്ണ്ടിവരുമെന്നുമൊക്ക അവന്‍ സംസാരിച്ചു. അതോടെ ഞാന്‍ ചാറ്റിംഗ് നിര്‍ത്തി. വര്‍ഷങ്ങളായി എനിക്ക് അടുത്തു പരിചയമുള്ളയാളാണ് അവന്‍. നമുക്ക് അത്ര പരിചയമുണ്ട് എന്നു കരുതുന്ന പലരും നമുക്ക് ശരിക്കും അജ്ഞ്‌രാണ്. പുരോഗമനം പറയുന്ന പലരുടെയും മനസ്സില്‍ വര്‍ഗീതത ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഞാനപ്പോഴാണ് വ്യക്തമായി മനസിലാക്കിയത്.
നീ ഒരിക്കലും ഷംസുവിന്റെ ആള്‍ക്കാര്‍ വഴങ്ങിക്കൊടുക്കരുതെന്നും ചിലര്‍ ഉപദേശിച്ചു. അച്ഛന് വന്ന ഒരു ഭീഷണി ഇങ്ങനെയായിരുന്നു 'ഇപ്പോ ഇങ്ങനെയൊക്കെ പറയും. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ കാണാം. മകള്‍ പര്‍ദയിട്ടു നടക്കുന്നത്'. അഞ്ചുവര്‍ഷമാണ് പലരും ഞങ്ങള്‍ തന്നിരിക്കുന്ന കാലവാധി. അതൊന്നു എത്രയും വേഗം കഴിഞ്ഞാല്‍ മതി എന്നാണ് ഇപ്പോള്‍ ചിന്ത.
എതിര്‍പ്പുകളും സംശയങ്ങളുമുള്ളപ്പോള്‍ തന്നെ അനുകുലമായ ചില പ്രതികരണങ്ങളും ഉണ്ടായി. ഹിന്ദുമതത്തില്‍പെട്ട ഒരാളെ കല്യാണം കഴിഞ്ഞതിന്് വീട്ടില്‍ നിന്ന് പുറത്താക്കി ഏഴുവര്‍ഷമായി മറ്റൊരിടത്ത് ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു മുസ്ലീം ചെറുപ്പക്കാരി വിളിച്ചു. ഇത്രയും കാലം ഒറ്റപ്പെട്ടു കഴിഞ്ഞതിന്റെ വിഷമം മാറിയെന്നും എനിക്കിപ്പോള്‍ ആരൊക്കെയോ ഉണ്ടെന്ന തോന്നലുണ്ടെന്നും പറഞ്ഞു. പത്രത്തില്‍ വിവാഹത്തെക്കുറിച്ച് അറിഞ്ഞ് പലരും വിളിച്ചു. അഭിനന്ദിച്ചു. കുരീപ്പുഴ ശ്രീകുമാറിനെപ്പോലുള്ള പലരും ആത്മവിശ്വാസം പകര്‍ന്നു. മതത്തെ മറികടന്നതിനൊപ്പം കല്യാണത്തിന്റെ ലാളിത്യത്തെക്കുറിച്ചും പലരും അഭിനന്ദിച്ചു സംസാരിച്ചു.



മുഖ്യമന്ത്രിയും 'ലൗജിഹാദും'


'കേരളത്തെ ഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു' എന്ന മുഖ്യമന്ത്രി അടുത്തിടെ പറഞ്ഞിരുന്നു. രശ്മിയുടെ അച്ഛന്‍ കൂടി അംഗമായ മന്ത്രിസഭയുടെ നേതാവാണ് അങ്ങനെ പറഞ്ഞത്. ആ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കും?

രശ്മി: ആ പ്രസ്താവന ആലോചിച്ചുവേണ്ടിയിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വ്യക്തിയെന്ന നിലയില്‍ ആര്‍ക്കും ഇത്തരം ഒരു പരാമര്‍ളമോ പ്രസ്താവനയോ നടത്താം. എന്നാല്‍ മുഖ്യമന്ത്രി എന്ന സ്ഥാനത്തിരുന്ന് ഒരിക്കലും അദ്ദേഹം അത് പറയാന്‍ പാടില്ലായിരുന്നു. അത് സത്യവുമല്ല. ഒരു മതത്തെയോ വിഭാഗത്തെയോ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ശരിയല്ല. അല്ലെങ്കില്‍ വ്യക്തമായ തെളിവുകള്‍ വേണം. ഇനി അങ്ങനെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടാവണമെന്നില്ല. പറഞ്ഞ വരികള്‍ക്കിടയില്‍ നിന്ന്് ചില വാചകങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ച്, ഔട്ട് ഓഫ് കോണ്‍ടെസ്റ്റില്‍ ഉപയോഗിച്ചതുമാവാം.
ഷംസു: അതെ. അതാവാനാണ് സാധ്യത. മാധ്യമങ്ങള്‍ വളച്ചൊടിച്ചിതാവാന്‍ സാധ്യതയുണ്ട്.
രശ്മി: അങ്ങനെയാണെങ്കില്‍ നമുക്ക് ഒന്നും പറയാനില്ല. പക്ഷേ, അങ്ങനെയല്ലെങ്കില്‍ മുഖ്യമന്ത്രി അത്തരം ഒരു പ്രസ്താവന നടത്തുന്നത് ഒഴിവാക്കണമായിരുന്നു.


'ലൗജിഹാദ്' എന്നൊന്ന് സത്യത്തിലുണ്ടോ?

രശ്മി: ഇല്ല. ലൗജിഹാദ് എന്നത് ബോധപൂര്‍വം തെറ്റിധരിപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളുടെ ഭാഗമായുണ്ടായ പ്രചാരണമാണ്. ഡല്‍ഹിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍ ഞാനൊരു പോസ്റ്റര്‍ കണ്ടു. ഹിന്ദു പെണ്‍കുട്ടികള്‍ സുക്ഷിക്കുക, മുസ്ലീം പുരുഷന്‍മാര്‍ അവരെ പ്രണയിച്ച് മതം മാറ്റും എന്ന മട്ടിലുള്ളതാണ് കൈകൊണ്ടെഴുതിയ പോസ്റ്റര്‍.എനിക്ക് ശരിക്കും അത്ഭുതം തോന്നി. കേരളത്തിലാണോ ഇത്തരം പോസ്റ്റര്‍ എന്ന സ്വയം ചോദിച്ചു. ഞാനന്ന് തന്നെ കൂടെയുണ്ടായിരുന്നവരോട് ഇവിടെ ഇനി ഇത് വലിയ ഒരു പ്രചരമാവുമെന്ന് സൂചിപ്പിച്ചിരുന്നു. അത് സത്യമായി. കുറച്ചുകഴിഞ്ഞപ്പോള്‍ അതാണ് ലൗജിഹാദ് എന്ന പേരില്‍ ശക്തമാകുന്നത്. ഇത് കൃത്യമായിതന്നെ മുസ്ലിംവിരോധം പ്രചരിപ്പിക്കുക എന്ന അജണ്ടയുടെ ഭാഗമായി ഉണ്ടായതാണ്.
ഷംസു: ലൗജിഹാദ് എന്നൊന്നില്ല. അത് പ്രചരണമാണ്. ഇത്തരം ഒരു പ്രചരണത്തിന്റെ ഗുരുതരമായ പ്രത്യാഘാതം സത്യസന്ധമായി നടക്കുന്ന പ്രണയങ്ങള്‍ ഇല്ലാതാക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ പരസ്പരം സംശയങ്ങള്‍ ജനിപ്പിക്കുക. അല്ലാതെ ലൗജിഹാദ് എന്നതൊന്നില്ല.


യാഥാസ്ഥിതികത്വം നിറഞ്ഞതാണ് മുസ്ലീംസമുദായം എന്ന പൊതുവിശ്വാസത്തെ എങ്ങനെ കാണും?

ഷംസു: എനിക്ക് മതമെന്ന രീതിയില്‍ ഇസ്ലാമിനെപ്പറി അധികം ഒന്നും അറിയില്ല. ഞാനതിനെപ്പറ്റി പഠിച്ചിട്ടില്ല. ഇതുവരെ ഞാന്‍ നടത്തിയിരുന്നത് കുറേ കുഴപ്പങ്ങള്‍ ഉള്ള മതം എന്ന രീതിയിലാണ്. അങ്ങനെ തന്നെയാണ് മിക്കവരും ചെയ്യുന്നത്. ഞാന്‍ മുസ്ലീം മതത്തെ ക്രിട്ടിക്കല്‍ വ്യൂവിലൂടെയാണ് കാണുന്നത്. നമ്മള്‍ ഒരു മതത്തെ വിമര്‍ശിക്കണമെങ്കില്‍ ആ മതത്തെപ്പറ്റി പഠിക്കണം. പഠിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് വിമര്‍ശിക്കനാവുക?. ഞാനതിനെപ്പറ്റി പഠിക്കാനൊരുങ്ങുകയണ്. എങ്കിലും മുസ്ലീം സമുദായത്തില്‍ ചില കുഴപ്പങ്ങളുണ്ട്. അതില്‍ ചില ആളുകളെ പ്രവര്‍ത്തനം അംഗീകരിക്കാനാവില്ല. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളേയും അവരുടെ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് മൊത്തം സമുദായം മോശമാണ് എന്നു പറയുന്നത് തെറ്റാണ്. സ്ത്രീകളോടുള്ള സമീപനത്തിലും വിവാഹത്തിന്റെ കാര്യത്തിലും സങ്കുചിത്വങ്ങള്‍ ചിലര്‍ക്കുണ്ട്. അത് എനിക്ക് വ്യക്തമായി തന്നെ അറിയാം. 'തേജസ്' പത്രത്തില്‍ ജോലി ചെയ്തിരുന്ന ഒരു മുസ്ലീം പെണ്‍കുട്ടി അടുത്തിടെ ജോലി ഉപേക്ഷിച്ചുപോയി. അല്‍പം മോഡേണ്‍ ആയ പെണ്‍കുട്ടിയോട് പര്‍ദയിടണം എന്നുമൊക്കെ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അവര്‍ അവിടം വിട്ടത്. ഒരു മുസ്ലീംപെണ്‍കുട്ടിയോട് നിനക്ക് മറ്റൊരു മതത്തിലുള്ള ആളെ കല്യാണം കഴിക്കണമെങ്കില്‍ ഞങ്ങളോട് പറഞ്ഞാല്‍മതി എന്ന മട്ടില്‍ അവിടെ സംസാരമുണ്ടായി. അതിനര്‍ത്ഥം അവര്‍ നടത്തിക്കൊടുക്കാമെന്നാണ്. അതായത് മുസ്ലീംരീതിയില്‍. മതത്തിലെ ചില തീവ്രവാദികള്‍ മലബാറില്‍ പട്ടിയുടെ തലവെട്ടിക്കൊണ്ടും മറ്റും പരിശീലനം നേടുന്നു എന്നൊക്കെ വാര്‍ത്ത കേള്‍ക്കുന്നുണ്ട്. അതൊന്നും അംഗീകരിക്കാനാവില്ല. മുസ്ലീം സമൂഹത്തിലെ തന്നെ ആളുകള്‍ അതിനെതിരെ രംഗത്തുവരണം.


മുസ്ലീം സമുദായത്തെ രശ്മി എങ്ങനെയാണ് കാണുന്നത്? തെറ്റിധരിക്കപ്പെടുന്ന ഒരു മതം എന്ന് തോന്നിയിട്ടുണ്ടോ?

രശ്മി: മുസ്ലീം സമുദായത്തെ സംയത്തോടെയാണ് മറ്റുള്ളവര്‍ കാണുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ കേരളത്തിന്റെ തെക്ക് ഭാഗത്ത് മുസ്ലിങ്ങളെപ്പറ്റിയുള്ള ധാരണയല്ല മലബാറിലുള്ള ഒരാള്‍ക്കുണ്ടാവുക. ഞാന്‍ വളര്‍ന്നത് കോഴിക്കോടാണ്. അമ്മയ്്ക്് സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിലാണ് ജോലി. അമ്മയുടെ സുഹുത്തുക്കളൊക്കെ മുസ്ലിങ്ങളാണ്. അവരുമൊക്കെയായി ഞങ്ങള്‍ ഉറ്റ ബന്ധമുണ്ട്. അവരുടെ വീടുകളില്‍ പോകാറുണ്ട്. ആഘോഷങ്ങള്‍ക്ക് പങ്കെടുക്കാറുണ്ട്. അതുകൊണ്ട് എന്നെ സംബന്ധിച്ച് മുസ്ലീങ്ങളെപ്പറ്റി മനസില്‍ നല്ല ചിത്രങ്ങളോയുള്ളൂ സ്‌നേഹം നിറഞ്ഞ നല്ല മനുഷ്യരാണ് അവര്‍. എല്ലാ മതത്തിലും പ്രശ്‌നങ്ങളുണ്ട്. അതില്‍ മുസ്ലീമിന്റെ മാത്രം കുഴപ്പങ്ങള്‍ എടുത്തുക്കാണിക്കേണ്ട ഒന്നായി എനിക്ക് തോന്നിയിട്ടല്ല.

ഇനി, സമ്മര്‍ദങ്ങള്‍ വന്നുവെന്ന് കരുതുക? രശ്മിക്ക് മുസ്ലീം ആചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കാനാവുമോ?

രശ്മി: ഷംസുവിനെ എനിക്കറിയാം. മുസ്ലിമിന്റേതായ ജീവിതം ജീവിക്കാന്‍ ഒരിക്കലും ഷംസു നിര്‍ബന്ധിക്കില്ല. ഷംസുവിനെപ്പറ്റി അറിയാവുന്നതുകൊണ്ട് തന്നെ നാളെയുണ്ടാവാന്‍ പോകാന്‍ പോകുന്ന മറ്റുള്ളവര്‍ കരുതുന്ന സമ്മര്‍ദങ്ങള്‍ എന്നെ ബാധിക്കില്ലെന്ന് ഉറപ്പുണ്ട്. എനിക്ക് എങ്ങനെയും ജീവിക്കാം. മതമല്ലാതെയും മതമനുസരിച്ചും ജീവിക്കാം. എന്റെ വീട്ടില്‍ മതമില്ലെന്ന് എല്ലാവര്‍ക്കുറിയാം. ടിപ്പിക്കല്‍ ശൈലിയില്‍ തലയില്‍ തട്ടമിടണം, പര്‍ദ ഇടണം എന്നൊക്കെ നിര്‍ബന്ധിച്ചാല്‍ ഞാനതു സമ്മിക്കാന്‍ സാധ്യതയുണ്ടൊവില്ല. എന്തായാലും ഇപ്പോള്‍ മതേതര ജീവിതം നയിക്കാനാണ് ഞങ്ങളുടെ തീരുമാനം. അതുകൊണ്ട് തന്നെ സാങ്കല്‍പിക കാര്യങ്ങള്‍ക്ക് സാങ്കല്‍പികമായ ഉത്തരം ഇപ്പോള്‍ ആവശ്യമില്ല. ജീവിതം കൊണ്ടാണ് പലതും നമ്മള്‍ തെളിയിക്കേണ്ടത്.

പക്ഷേ, പര്‍ദപോലുള്ള മതനിഷ്ഠകളോട് എങ്ങനെ പ്രതികരിക്കുന്നു?

ഷംസു: പര്‍ദയോട് എനിക്ക് യോജിപ്പില്ല. അത് ധരിക്കണമെന്ന് വാശിപിടിക്കുന്നത് ശരിയല്ല. ഗള്‍ഫ് സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ് പര്‍ദ ഇവിടെ വ്യാപകമാകുന്നത്. അഞ്ചുവര്‍ഷമൊക്കെയേ ആയിട്ടുള്ളൂ പര്‍ദ ഇത്ര വ്യാപകമായിട്ട്. സ്ത്രീകള്‍ പര്‍ദയിടമൊന്നൊക്കെ വാശിപിടിക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ചില സംഘടനകളാണ്.

രണ്ടുപേരും പത്രപ്രവര്‍ത്തകരാണ്. ന്യുസ് റൂമുകളില്‍ മതവും ജാതിയുമുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. നിങ്ങള്‍ എന്തുപറയുന്നു?

ഇല്ല. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന പത്രമോഫീസുകളില്‍ ഞങ്ങള്‍ മതവും ജാതി താല്‍പര്യങ്ങള്‍ ഉള്ളതായി തോന്നിയിട്ടില്ല. എന്നാല്‍, പത്രമോഫീസിനു പുറത്ത് പത്രക്കാരായ പലരോടും സംസാരിക്കുമ്പോള്‍ സൂക്ഷ്മമായി ഇവരില്‍ മത/ജാതി ബോധം ഒളിച്ചിരിക്കുന്നുണ്ട് എന്നതിന്റെ സൂചനകള്‍ ലഭിക്കും. കൂടുതല്‍ സംസാരിച്ചാല്‍ വര്‍ഗീതയ പുറത്തുവരികയും ചെയ്യും. അങ്ങനെ പല സഹപ്രവര്‍ത്തകരിലും തോന്നിയിട്ടുണ്ട്. പക്ഷേ, ന്യൂസ് റൂമില്‍ ജാതിയും മത സ്പര്‍ദ്ധകളും മറ്റും ഉള്ളതായി തോന്നിയിട്ടില്ല.


അച്ഛന്‍ എം.എല്‍.എയായ മണ്ഡലം വര്‍ഗീയ കലാപത്തിന് പേരുകേട്ടതാണ്. ഈ പതിറ്റാണ്ടിലും അവിടെ വര്‍ഗീയ കലാപം നടന്നിട്ടുണ്ട്. എങ്ങനെയാണ് ആ വര്‍ഗീയ കലാപങ്ങളെ ഓര്‍ക്കുന്നത്.

രശ്മി: നാദാപുരത്ത് വര്‍ഗീയ കലാപങ്ങള്‍ നടന്നതിനെപ്പറ്റി കേട്ടിട്ടുണ്ട്. പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്. പക്ഷേ അതെപ്പറ്റി വലിയ ഓര്‍മയിലൊന്നുമില്ല. കാരണം ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കോഴിക്കോട്ടാണ്. അച്ഛന്‍ മത്സരിക്കുമ്പോള്‍ മുതലാണ് നാദാപുരവുമായുള്ള ബന്ധം.
ഷംസു: എന്റെ നാടായ പേരാമ്പ്രയ്ക്കടുത്താണ്് സംഭവം നടന്നത്. പക്ഷേ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് വിദ്യാര്‍ത്ഥിയാണ്. ഞാനന്ന് കരുതിയത് നാദാപുരം എന്നത് വളരെയേറെ ദൂരെയുള്ള നാടായിട്ടാണ്. മറ്റേതോ നാട്ടില്‍ നടക്കുന്ന കാര്യമാണ് അന്ന് ഞങ്ങള്‍ക്ക് വര്‍ഗീയ കലാപം. അന്ന് ഇത്രയും സാമൂഹിക ബോധമൊമൊന്നുമില്ല.

നമുക്ക് വിവാഹത്തിലേക്ക് തന്നെ മടങ്ങാം. നിങ്ങളുടെ വിവാഹത്തില്‍ നിങ്ങള്‍ കാണുന്ന ഏറ്റവും നല്ല വശമെന്താണ്?

ഷംസു/രശ്മി: ഞങ്ങള്‍ കാണുന്ന ഏറ്റവും നല്ല വശം ലളിതമായി വിവാഹം നടത്താന്‍ കഴിഞ്ഞു എന്നതാണ്. ഒരു ആര്‍ഭാടവുമില്ലാതെ, സ്വര്‍ണവും പണവുമൊന്നുമില്ലാതെ വിവാഹം കഴിക്കാനായി. അനാവശ്യ ധുര്‍ത്ത് കല്യാണത്തിന് പാടില്ല. അതു ഞങ്ങളെക്കൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു. രജിസ്റ്റര്‍ ഓഫീസില്‍ വന്നവര്‍ക്ക് ഞങ്ങള്‍ മിഠായി മാത്രമാണ് നല്‍കിയത്. വീട്ടില്‍ വന്നവര്‍ക്ക് ചെറിയ രീതിയല്‍ ഭക്ഷണവും നല്‍കി. ഇന്നത്തെ കാലത്ത് ഇത്തരം കല്യാണം അപൂര്‍വമാണ് എന്നാണ് എല്ലാവരും പറഞ്ഞത്.


ആഭരണമിട്ടില്ല എന്നതു ശരി. പക്ഷേ മകള്‍ക്കുവേണ്ടി ഉദ്യോഗസ്ഥായ അമ്മ ചില സ്വര്‍ണമൊക്കെ ഒരുക്കിവച്ചിരിക്കുമല്ലോ? അത് പിന്നീടായാലും കിട്ടില്ലേ?

ഇല്ല. എന്റെ അമ്മ ഒന്നും ചെയ്തിട്ടില്ല. എന്റെ പല കാര്യങ്ങളിലും റോള്‍മോഡലാണ് അമ്മ. ആദര്‍ശവതിയായ രാഷ്ട്രീയക്കാരി കൂത്താട്ടുകുളം മേരിയുടെ മകളായതുകൊണ്ട് തന്നെ അമ്മയ്ക്ക് വ്യക്തമായ ധാരണകളും നിലപാടുകളും എന്നുമുണ്ടായിരുന്നു. മകള്‍ അവര്‍ക്കിഷ്ടമുള്ള ആളുകളെ കണ്ടത്തി, സ്വന്തം കാലില്‍ നില്‍ക്കട്ടേ എന്നാണ് അമ്മ തീരുമാനിച്ചത്. സ്വര്‍ണമൊന്നും ഇവിടെയില്ല. പെണ്‍കുട്ടികള്‍ ആഭരണങ്ങള്‍ ഇട്ട് നടക്കേണ്ട കാര്യമില്ല, വിവാഹത്തിന് അത് ഒട്ടും തന്നെ വേണ്ട എന്നതായിരുന്നു അമ്മയുടെ തീരുമാനം.

ആര്‍ഭാടമില്ലെന്ന് പറഞ്ഞു. പക്ഷേ, പത്രത്തില്‍ വിവാഹത്തെപ്പറ്റി പരസ്യം വന്നതോ?

ശരിക്കും അതൊരു അറിയിപ്പാണ്. പത്രഭാഷയില്‍ പറഞ്ഞാല്‍ പരസ്യം എന്നു വിളിക്കാം. ഞങ്ങള്‍ രണ്ടുപേരും കൂടി ഉദ്ദേശിച്ചത് പൊതുവില്‍ ഒരു ഇമെയില്‍ സന്ദേശം എല്ലാവര്‍ക്കും അയക്കുന്നതിനെപ്പറ്റിയാണ്. പക്ഷേ, അച്ഛന് ഒത്തിരി സുഹൃത്തുക്കളുണ്ട്. രാജ്യത്തിനകത്തും പുറത്തുമെല്ലാം. മാത്രമല്ല പാര്‍ട്ടിക്കാര്‍, ഉദ്യോഗസ്ഥര്‍ ഒക്കെയുണ്ട് അടുപ്പമുള്ളവരായി. അവരെയൊക്കെ വിവാഹം ക്ഷണിക്കുക സാധ്യമല്ല. ആദ്യം എല്ലാവര്‍ക്കും സ്വന്തം കൈപ്പടയില്‍ കത്തെഴുതാം എന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും തീരുമാനം. അത് അസാധ്യമാണ് എന്ന് മനസിലായി. ഇനി ക്ഷണിച്ചില്ല എന്ന പരാതി ആര്‍ക്കും വരാനും പാടില്ല. അതിനാലാണ് വിവാഹത്തെപ്പറ്റി ഒരു അറിയിപ്പ് പത്രത്തില്‍ കൊടുക്കാമെന്ന് അച്ഛനുമായി ബന്ധപ്പെട്ടവര്‍ തീരുമാനിക്കുന്നത്. അത് കൊണ്ട് ആരെയും നേരിട്ട് വിളിച്ചില്ല എന്ന പരാതി ഉണ്ടായില്ല. അല്ലെങ്കില്‍ അടുപ്പമുള്ള പലര്‍ക്കും അതൊരു വ്യക്തിപരമായ വിഷമത്തിനു കാരണമാകുമായിരുന്നു.

'മന്ത്രിയുടെ മകള്‍' എന്ന ഇമേജ് ഇരുവരും എന്‍ജോയ് ചെയ്യുകയാണോ?

ഷംസു: രശ്മിയെ പ്രണയിക്കുമ്പോഴും വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോഴും മന്ത്രിയുടെ മകള്‍ എന്ന വിചാരമൊന്നും മനസില്‍ ഉണ്ടായിരുന്നില്ല. ബിനോയി വിശ്വം മന്ത്രിയാകുന്നതിനുമുമ്പേ ഞങ്ങള്‍ പരിചയക്കാരാണ്. അതുകൊണ്ടു തന്നെ മന്ത്രിയുടെ മകള്‍ എന്ന ഇമേജ് എന്നെ ഒരുതരത്തിലും ബാധിക്കുന്നില്ല. മന്ത്രിയുടെ മകള്‍/മരുമകന്‍ എന്ന ഒരാനുകൂല്യവും ഞാന്‍ ആരില്‍ നിന്നും കൈപ്പറ്റുന്നുമില്ല. അതുകൊണ്ട് തന്നെ രശ്മി മന്ത്രിയുടെ മകളായാലെന്ത്, അല്ലെങ്കില്‍ എന്ത്?
രശ്മി: ഞാന്‍ ഡല്‍ഹിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കുറച്ചേ ആയുള്ളൂ കേരളത്തിലേക്ക് വന്നിട്ട്. അതുകൊണ്ട് തന്നെ മന്ത്രിയുടെ മകള്‍ എന്ന പരിവേഷം അനുഭവപ്പെട്ടിട്ടല്ല. ഞാനതൊരിക്കലും എന്‍ജോയ് ചെയ്തിട്ടില്ല. പക്ഷേ, അതൊരു അംഗീകാരമാണ്. ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് എന്ന വസ്തുത അഭിമാനമാണ്. അതു മറച്ചുവയ്‌ക്കേണ്ടതില്ല എന്ന് തോന്നിയിട്ടുണ്ട്.

ഇപ്പോള്‍ നെസ്റ്റിലാണോ (മന്ത്രി ബിനോയി വിശ്വത്തിന്റെ ഔദ്യോഗിക വസതി) താമസിക്കുന്നത്?

അല്ല. ഞങ്ങള്‍ ശാസ്തമംഗലത്ത് ഒരു ചെറിയ വാടകവീട്ടിലാണ് താമസിക്കുന്നത്. ഇടയ്് അച്ഛനെയും അമ്മയെയും കാണാന്‍ വരും. അങ്ങനെ വന്നതാണിപ്പോള്‍.


ഷംസുവും രശ്മിയും കവിതകള്‍ എഴുതുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ കവിതകള്‍ കാണുന്നില്ലോ. രണ്ടുപേരുടെയും എഴുത്തുജീവിതം എങ്ങനെയുള്ളതാണ്?

ഷംസു: ഞാന്‍ ഇടക്കാലത്ത് കവിതയെഴുത്ത് നിര്‍ത്തി. ശ്രദ്ധ പുസ്തങ്ങളിലേക്കും വായനയിലേക്കും മാറി. അടുത്തിടെ 'മാധവിക്കുട്ടി' എന്ന പുസ്തകം ഭാഷാ ഇന്‍സ്‌ററിറ്റിയുട്ടിനുവേണ്ടി എഴുതിയിരുന്നു. ക്യാംപസ് തീയേറ്ററിനെപ്പറ്റി ഒരു പുസ്തകം എഴുതാനുള്ള ശ്രമത്തിലാണ്.
രശ്മി: ഷംസു കവിതയെഴുത്ത് നിര്‍ത്തിയതിന് കാരണമായി പറയുന്നത്് ബിംബങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നാണ്. പുതിയ ബിംബങ്ങള്‍ മനസില്‍ വരുമ്പോള്‍ എഴുതുമെന്നാണ് ഇപ്പോള്‍ പറയുന്നത്. കവിതയെഴുത്തിന്റെ കാര്യത്തില്‍ ഞാന്‍ മടിച്ചിയാണ്. ഷംസു ഒരു മോട്ടീവേറ്റാണ്. എഴുതാന്‍ നിര്‍ബന്ധിക്കുന്നതും പ്രചോദിപ്പിക്കുന്നതുമൊക്കെ ഷംസുവാണ്. മുമ്പ് 'ഇന്ത്യന്‍ ട്രുത്ത്' എന്ന മാഗസിന്‍ കോഴിക്കോട് നിന്ന് ഷംസ് എഡിറ്റ് ചെയ്ത് ഇറക്കിയിരുന്നു. ഷംസു് നിര്‍ബന്ധിച്ചതുകൊണ്ടാണ് അതില്‍ കോളം എഴുതിയത്. എഴുതിയ കവിതകള്‍ രണ്ടുപേരും സൂക്ഷിച്ചു വച്ചിട്ടുണ്ട്. രണ്ടും വെവ്വേറെ പുസ്തകങ്ങളായി പുറത്തിക്കാനാണ് പദ്ധതി. കുറച്ചു കൂടി കവിതകളായിട്ടുവേണം അത്. അതിനിടയില്‍ ഭാഷ ഇന്‍സ്റ്റിറ്റിയട്ടീനുവേണ്ടി 'ചരിത്രത്തിലെ പെണ്ണിടങ്ങള്‍ എന്ന പുസ്തകം എഴുതി. 'ചിന്താ' പബ്ലിക്കേഷന്‍സിനുവേണ്ടി ദസ്‌തോവിസ്‌കിയുടെ ഡെമോണ്‍സിന്റെ വിവര്‍ത്തനം നടത്തികൊണ്ടിരിക്കുന്നു. ഷംസു ഡോക്യുമെന്റിക്ക് വേണ്ടി തിരിക്കഥയൊരുക്കിയിട്ടുണ്ട്.

അവസാനമായി ചോദിക്കട്ടെ, നിങ്ങള്‍ക്ക് നാളെ കുട്ടികള്‍ ജനിക്കുമ്പോള്‍ എന്തായിരിക്കും അവരുടെ മതം, ജാതി, പേര്?

ഞങ്ങളുടെ കുട്ടികള്‍ക്ക് മതമുണ്ടാകില്ല. ജാതിയുണ്ടാകില്ല. ഒരു മതത്തിലും ജാതിയിലും പെടാത്തരീതിയില്‍ കുട്ടികളെ വളര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതില്‍ മാറ്റമുണ്ടാവില്ല. പേരിന്റെ കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ല. അക്കാര്യത്തില്‍ മാത്രമേ ഞങ്ങള്‍ക്ക് ആശയക്കുഴപ്പമുള്ളൂ (രണ്ടുപേരും ചിരിക്കുന്നു).

Interview with Rashmi Binoy|shasudheen Kuttoth
Pachakuthira
2010 October