Thursday, June 30, 2011

കമ്യൂണിസ്റ്റുകള്‍ക്കുള്ള ഉപദേശങ്ങള്‍!

ഇടതുപക്ഷക്കാര്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ആകേണ്ടതുണ്ടോ?



പ്രഭാത് പട്‌നായിക്


വോട്ടെണ്ണല്‍ ദിനത്തില്‍ ഒരു ടിവി ചാനലില്‍ കണ്ടതാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെ വിശകലനം ചെയ്യുന്ന ഒരു പാനലിനോട് ഇടതുപക്ഷത്തിന് ചില നിര്‍ദേശങ്ങള്‍ നല്‍കാനായി ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിന് തങ്ങള്‍ ഭരിച്ചിരുന്ന രണ്ട് വലിയ സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഒന്നില്‍ ദയനീയമായിട്ടായിരുന്നു പരാജയം. ഭാവിയില്‍ തിരിച്ചുവരാന്‍ ഇടതുപക്ഷം എന്തൊക്കെ മാറ്റം വരുത്തണം എന്നായിരുന്നു പാനലിലുള്ളവര്‍ നിര്‍ദേശിക്കേണ്ടിയിരുന്നത്. അതില്‍ കൂടുതലായി ഉയര്‍ന്നുകേട്ട ഉപദേശങ്ങളില്‍ ഒന്ന് ഇടതു പാര്‍ട്ടികള്‍ ലെനിനെ മറക്കണമെന്നും, ചര്‍ച്ച നയിച്ചയാള്‍ അവകാശപ്പെട്ടതുപോലെ, അങ്ങനെ ആ പാര്‍ട്ടി 'സോഷ്യല്‍ ഡെമോക്രാറ്റ്' ആകണമെന്നുമായിരുന്നു. തങ്ങളുടെ ഭാവിയില്‍ ഇത്രയേറെ ആകുലരായ പാനലിലുള്ളവരോട് ഇടതുപക്ഷം തീര്‍ച്ചയായും നന്ദിയുള്ളവരായിരിക്കണം! ചോദ്യമതിതാണ്: ഇടതുപാര്‍ട്ടികള്‍ അവരുടെ ഉപദേശം പിന്തുടര്‍ന്ന് 'സോഷ്യല്‍ ഡെമോക്രാറ്റു'കളാകണോ?
സോഷ്യല്‍ ജനാധിപത്യവും കമ്യൂണിസവും തമ്മിലുള്ള മുഖ്യ വ്യത്യാസം 'സാമ്രാജ്യത്വ'ത്തോടുള്ള സമീപനത്തിലും അതില്‍ നിന്നുളവാക്കുന്ന മറ്റ് വിയോജിപ്പുകളിലുമാണ്. വാസ്തവത്തില്‍, രണ്ടാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണിലിലെ അടിസ്ഥാന പിളര്‍പ്പ് ഒന്നാംലോകയുദ്ധത്തോടുള്ള സമീപനവുമായി ബന്ധപ്പെട്ടായിരുന്നു. സാമ്രാജ്യത്തോടുള്ള വിവിധ കാഴ്ചപ്പാടുകളുടെ പ്രശ്‌നമായിരുന്നു അത്. ഒരു വശത്ത്് തങ്ങളുടെ രാജ്യങ്ങളിലെ യുദ്ധശ്രമങ്ങളെ പിന്തുണക്കുകയും അത് 'സാമ്രാജ്യത്വയുദ്ധ'മാണെന്ന് കാണാന്‍ വിസമ്മതിക്കുകയും ചെയ്ത സോഷ്യല്‍ ഡെമോക്രാറ്റുകളായിരുന്നു. മറുവശത്ത് അങ്ങനെ ചെയ്യാന്‍ കൂട്ടാക്കാതിരിക്കുകയും യുദ്ധത്തെ സാമ്രാജ്യത്വയുദ്ധമായി കാണുകയും ചെയ്യുന്നവായിരുന്നു. അവര്‍ 'തങ്ങളുടെ' കുത്തക ബുര്‍ഷ്വാസിയുടെ 'സാമ്പത്തിക അധീനമേഖലകള്‍'നേടാനുള്ള ശ്രമിമായി യുദ്ധത്തെ കണ്ടു. കൂടാതെ അവര്‍ 'സാമ്രാജ്യത്വ യുദ്ധത്തെ' തങ്ങളുടെ കുത്തകമുതലാളിത്ത ക്രമത്തെ മറിച്ചിടാനുള്ള ആഭ്യന്തര യുദ്ധമാക്കി മാറ്റണമെന്നുമുള്ള നിലപാടുകാരായിരുന്നു. അത് ഒരു രാജ്യത്തെ തൊഴിലാളികളെ മറ്റ് രാജ്യങ്ങളിലെ സഹ തൊഴിലാളികളുായി ഐക്യപ്പെടുത്തി. (ഈ രണ്ടു നിലപാടിനും ഇടയിലുള്ള മൂന്നാം പക്ഷക്കാര്‍ ഒരിക്കലും ഒത്തുപോകാത്ത രണ്ടു നിലപാടുകളെയും ഐക്യപ്പെടുത്താന്‍ ശ്രമിക്കുകയും, ക്രമേണ പ്രസക്തി നഷ്ടപ്പെട്ട് ഇല്ലാതാവുകയും ചെയ്തു)
സോഷ്യല്‍ ഡെമോക്രാറ്റുകളുടെ രണ്ടാമത്തെ വിഭാഗം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രൂപീകരിക്കുന്നതിനായി തങ്ങളുടെ പാര്‍ട്ടികളില്‍ നിന്ന് ഭിന്നിച്ച് പുറത്തുവരികയും ചെയ്തു. അതില്‍ ലെനിന്‍ മാത്രമായിരുന്നില്ല, റോസാലക്‌സംബര്‍ഗുമുണ്ടായിരുന്നു. ലെനിനോട് പല അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും കൊല്ലപ്പെടുന്നതിന് പതിനഞ്ച് ദിവസം മുമ്പ് ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണ കോണ്‍ഗ്രസില്‍ റോസാലക്‌സംബര്‍ഗ് പങ്കെടുക്കുകയും ചെയ്തു. ഇത് കമ്യൂണിസ്റ്റുകള്‍ക്കും, അതുപോലെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കും സാമ്രാജ്യത്വത്തോടുള്ള സമീപനത്തിന്റെ പ്രാധാന്യം അടിവരയിടുന്നുണ്ട്. അത് മികച്ച വ്യവസ്ഥിതിയേത് എന്ന പ്രശ്‌നവുമായി ബന്ധപ്പെട്ടിരിക്കുന്നു. മുതലാളിത്തത്തെ സമാധാനപരമായും, സാമ്രാജ്യത്തേതരവും അക്രമരഹിതവുമായ വി്യവസ്ഥിയാക്കിമാറ്റിയാല്‍, അതിനെ 'മാനവികപരവും'മാക്കിമാറ്റാന്‍ കഴിയുമെന്ന് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ വിശ്വസിക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങളിലൂടെ സോഷ്യലിസം ആവശ്യപ്പെടുന്നത് മറികടക്കുകയും ചെയ്യാം.
അതിനാല്‍, കമ്യൂണിസ്റ്റുകളോട് സോഷ്യല്‍ ഡെമോക്രാറ്റുകളാകാന്‍ ഉപദേശിക്കുക വഴി ആവശ്യപ്പെടുന്നത് അവരോട് സോഷ്യലിസം എന്ന അടിസ്ഥാന ലക്ഷ്യം ഉപേക്ഷിക്കണമെന്ന് മാത്രമല്ല, സാമ്രാജ്യത്വത്തോട് വിട്ടുവീഴ്ചയില്ലാതെ തുടരുന്ന എതിര്‍പ്പ് അവസാനിക്കുക എന്നതു കൂടിയാണ്. അതാണ് മുമ്പ് പറഞ്ഞ ടിവി ഷോയിലെ ഒരു പാനല്‍ അംഗം കമ്യൂണിസ്റ്റുകളോട് 'സാമ്രാജ്യത്വത്തെ' മറക്കാന്‍ ആവശ്യപ്പെട്ടതിലൂടെ വാസ്തവത്തില്‍ ഉണ്ടായതും.
കമ്യൂണിസ്റ്റുകളും ലോക സോഷ്യല്‍ ഫോറവുമായി സഹകരിച്ച വളരെ പുരോഗനകാരികളായവരുള്‍പ്പടെയുള്ള വലിയ സംഘം എന്‍.ജി.ഒകളും തമ്മിലുള്ള ഏറ്റവും മിതമായ വ്യത്യാസമെന്നത് സൂക്ഷ്മമായി ബന്ധപ്പെട്ടിരിക്കുന്നത് സാമ്രാജ്യത്വത്തോടുള്ള നിലപാടിലാണ്. പല എന്‍.ജി.ഒകളും ചെയ്യുന്നതുപോലെ ഇറാഖ് യുദ്ധത്തോടുള്ള എതിര്‍പ്പോ അമേരിക്കന്‍ ഇടപെടലുകളോടോ വിയോജിപ്പോ സാമ്രാജ്യത്വം എന്ന സങ്കല്‍പം ഉള്‍ക്കൊള്ളുന്നതിന്റെ ഫലമാവണമെന്നില്ല (ഇത്തരം ഇടപെടലുകളുടെ ഭൗതിക താല്‍പര്യം തിരിച്ചറിഞ്ഞാല്‍ കൂടി). അവര്‍ ഇതെല്ലാം 'സംഭവ പരമ്പരകള്‍' മാത്രമായിട്ടാവും അവര്‍ കാണുക. കമ്യൂണിസ്റ്റുകള്‍ സാമ്രാജ്യത്വത്തെ ഒരുകൂട്ടം സംഭവപരമ്പരകളായിട്ടല്ല കാണുന്നത്. അത് മുതലാളിത്തത്തിന്റെ സ്വഭാവത്തില്‍ നിന്ന് ഉടടെലടുക്കുന്ന മുഴുവന്‍ ക്രമമായിട്ടാണ് കാണുന്നത്.
സാമ്രാജ്യത്വത്തിന്റെ മികവ് മാത്രം കാണുന്നവര്‍, അന്താരാഷ്ട്ര മര്യാദയുടെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഒസാമ ബിന്‍ ലാദനെ വധിച്ചതുപോലുള്ള ചില സമീപകാല സംഭവപരമ്പരകള്‍ വിട്ടുപോകുന്നതാവും. ഒരു രാജ്യം മറ്റൊരു പരമാധികാര രാഷ്ട്രത്തിലെ ഒരു ലക്ഷ്യത്തിലേക്ക് സേനയെ അയക്കുകയും അവിടെയുള്ളവരെ അറിയിക്കുക പോലും ചെയ്യാതെ നിരായുധനായ, ചെറുത്തുനില്‍പ്പു നടത്താത്ത ഒരാളെ കുടുംബാംഗങ്ങള്‍ക്ക് മുമ്പില്‍ വധിച്ച്, ആ മൃതദേഹവും എടുത്തുകൊണ്ടുപോയി കടലില്‍ തളളുക. ഒസാമ ഒരു വില്ലനായിരിക്കാം. പക്ഷേ ഇവിടുത്തെ പ്രശ്‌നം ഒരു പരാമധികാര രാജ്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ്. രണ്ടാമത് ഒരു വ്യക്തിയെ വിചാരണ കൂടാതെ കൊലപ്പെടുത്തുന്നതിന്റെ ധാര്‍മികവും നിയമപരവുമായ പ്രശ്‌നമുണ്ട്. ജനങ്ങളെ കൂട്ടക്കൊല ചെയ്ത നാസി കൊലയാളികള്‍ പോലും വിചാരണ സാധ്യമാക്കിയിരുന്നു. ഫിഡല്‍ കാസ്‌ട്രോയും നോം ചോംസ്‌കിയും ഈ പ്രശ്‌നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ നമ്മുടെ രാജ്യത്ത് ഫലത്തില്‍ നിശ്ബതതായിരുന്നു. അന്താരാഷ്ട്ര നിയമം ലംഘിച്ച് ലിബിയയില്‍ (മുവമ്മര്‍ ഗദ്ദാഫി ത്ര മാത്രം സേച്ഛാധിപതിയായിരുന്നു എന്നത് വിഷയമല്ല) നാറ്റോം ബോംബ് വര്‍ഷിക്കുമ്പോഴും ഇതുതന്നെയാണ് അവസ്ഥ.
സാമ്രാജ്യത്വ ക്രമം വളരെ പ്രത്യക്ഷരൂപമുണ്ടായിരുന്ന കൊളോണിയല്‍ യുഗത്തില്‍ സമ്രാജ്യത്വമെന്ന സങ്കല്‍പം ഉള്‍ക്കൊണ്ടിരുന്നവരുടെ എണ്ണം ഇന്നത്തെപോലെയായിരുന്നില്ല. കൊട്ടിഘോഷിക്കുന്ന ചൈനയുടെയും ഇന്ത്യയുടെും ആഭ്യന്തര ഉല്‍പാദന വളര്‍ച്ച, സാമ്രാജ്യത്വ സങ്കല്‍പത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒന്നും മൂന്നും ലോകങ്ങള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥ അപ്രത്യക്ഷമാക്കുകയാണെ ധാരണ നല്‍കുന്നുണ്ട്. മൂന്നാംലോകങ്ങള്‍ ഒന്നാം ലോകത്തിന് പകരമായി ഉയരുകയാണ് എന്നും കരുതപ്പെടുന്നു. ഈ കരുതപ്പെടുന്ന ബദല്‍ വ്യക്തമായും അവാസ്തവികമാണ്. ഉയര്‍ന്ന വളര്‍ച്ചയ്ക്ക് വിരുദ്ധമായി ഇന്ത്യയിലും ചൈനയിലും അധ്വാനിക്കുന്ന ജനങ്ങളുടെ നല്ല പങ്ക് ഇപ്പോഴും കര്‍ഷകരും( ഭൂരഹിതരുള്‍പ്പടെ) ചെറുകിട ഉല്‍പാദകരമാണ്. ഇത്തരം വളര്‍ച്ചയില്‍ സംഭവിക്കുന്നത് അവരെ അസ്വസ്ഥകളുടെ ആഴത്തിലേക്ക് തള്ളിയിടുകയാണ് കൂടാതെ 'രാഷ്ട്ര'ങ്ങള്‍ക്കിടയിലുള്ള വ്യത്യാസങ്ങളുടെ തലം ദുര്‍ബലമാവുകയല്ല, ശക്തിപ്പെടുകയാണ്. അതുപോലെ ഒന്നാം ലോകത്തെ 'മൂലധന'വും. ചൈനയുടെ കയറ്റുമതി വളര്‍ച്ച ഉദാഹരണമായെടുക്കാം.ഈ കണക്കില്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ചൈനയില്‍ പ്ലാന്റുകള്‍ തുറന്ന് തങ്ങളുടെ സാമ്പത്തിക വ്യവസ്ഥിയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് നല്ല പങ്കുണ്ട്. ഈ 'വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥി'കളുടെ തലസ്ഥാനങ്ങള്‍ ' കൂടുതല്‍ ശക്തമായി വളര്‍ന്നിട്ടുണ്ടാവും, പക്ഷേ അത് മെട്രാ തലസ്ഥാനങ്ങളുമായി ഉദ്ഗ്രഥിച്ച്, തങ്ങുടെ സ്വന്തം ജനതയ്ക്ക് ദോഷകരമായിട്ടാണ് നടക്കുന്നത്. അതിനാല്‍, സാമ്രാജ്യത്വമെന്ന സങ്കല്‍പത്തിന് സാമൂഹ്യശാസ്ത്ര തലത്തിലോ (മുതലാളിത്തം മുതലാളിത്ത പൂര്‍വ ഉല്‍പാദകര്‍ക്കുമേല്‍ കടന്നുകയറ്റം നടത്തുന്നു) ഭൂമിശാസ്ത്രതലത്തിലോ (മെട്രാ തലസ്ഥാനങ്ങളില്‍ നിന്ന് ലോകമെമ്പാടും വിഭവങ്ങളും പ്രാഥമിക ചരക്കുകളും പിടിച്ചെടുക്കുന്നതിലൂടെ ഒരു ക്രമം അടിച്ചച്ചേല്‍പ്പിക്കുകയാണ്) പ്രധാന്യം നഷ്ടപ്പെട്ടിട്ടില്ല.
ഒരു രാജ്യത്തിന് സ്വന്തം ഉല്‍പന്നങ്ങള്‍ക്ക് പകരമായി പുറത്തുനിന്ന് വിഭവങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ അതെന്ത് തരം 'വ്യാപാര'മാണ്? എന്തിന് 'വ്യാപാരത്തെ' 'ജനോപകാരപ്രദം' എന്നു വിളിക്കണം? സാധാരണ 'വ്യാപാരം' എന്ന പേരില്‍ കാണുന്നതിനടയിലുള്ളത് സങ്കീര്‍ണമായ പ്രവര്‍ത്തന രീതിയാണ് എന്നതുകൊണ്ടാണ് ഈ ചോദ്യം. ഈ വ്യാപാരം നിശ്ചിത പരിധിക്കുള്ളില്‍ ജനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്ന ചരക്കുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന വിഭവങ്ങളും മെട്രോ തലസ്ഥാനങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ നിന്ന് 'സ്വതന്ത്ര'മാക്കണമെന്ന മൂന്നാംലോകത്തിലെ അധ്വാനിക്കുന്ന ജനതയുടെ അവകാശത്തെ ബോധപൂര്‍വം തന്നെ അടിച്ചമര്‍ത്തുകയാണ്. കൊളോണിയല്‍ കാലത്ത്, അത്തരം അടിച്ചമര്‍ത്തല്‍ ഭരണകൂടം നിര്‍വഹിച്ചിരുന്നത് നികുതികളിലൂടെയോ അല്ലെങ്കില്‍ അത്തരം നികുതി വരുമാനത്തിന് അനൂപൂരകമല്ലാത്തവിധത്തില്‍ ജനങ്ങളെ 'ശോഷിപ്പിച്ചും' കൊണ്ടായിരുന്നു. ഇന്ന്, അടിച്ചമര്‍ത്തല്‍ വ്യത്യസ്തമായ നവ-ലിബറല്‍ നപടികളിലൂടെയാണ് നടക്കുന്നത്. ഇതെല്ലാം അധ്വാനിക്കുന്ന ജനതയുടെ വിലയ്ക്കു വാങ്ങാനുള്ള കരുത്തിനെ നിയന്ത്രിക്കുന്നു.
സാമ്രാജ്യത്വത്തിന്റെ സത്തായ ഇത്തരം അടിച്ചമര്‍ത്തില്‍ ഉടലെടുക്കുന്നത് അസ്ന്തുലിതമായ തലത്തില്‍നിന്നാണ്. അതായത് ഈ വിഭവങ്ങളും ചരക്കുകളും ഒരിക്കലും മെട്രാ നഗരങ്ങളില്‍ മതിയായ അളവില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയില്ല. അത് ഏപ്പോഴൂം മൂന്നാം ലോക വ്യവസ്ഥിയിലേ ഉല്‍പാദിപ്പിക്കാനാവു.
കമ്യൂണിസ്റ്റ് പ്രയോഗിക പ്രവര്‍ത്തനം സിദ്ധാന്തത്തില്‍ നിന്നാണ് രൂപംകൊള്ളുന്നത്. അതിന്റെ ഏക ഉരക്കല്ല് തെറ്റില്ലായ്മയാണ്. അല്ലാതെ വോട്ടുകള്‍ നേടാനുള്ള കഴിവല്ല. പാനലിലുള്ളവര്‍ ഉപദേശിച്ചപോലെ 'സാമ്രാജ്യത്വ'ത്തെ മറന്നാല്‍, മറ്റുള്ള പാര്‍ടികളില്‍ നിന്ന് അവരെ വേര്‍തിരിച്ചറിയാന്‍ ഒന്നുമില്ലാതാക്കുകയും ഫലത്തില്‍ ചരിത്രപരമായ അപ്രസക്താവുകയുമാവും ഫലം. മാത്രമല്ല സാമ്രാജ്യത്വത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പ് ഒരു പക്ഷേ, സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലെ ഭീകരവാദികളുടെയും മതമൗലികവാദികളുടെയും ഒസാമ ബിന്‍ലാദന്‍മാരുടെയും കൈയില്‍ ഏല്‍പിച്ചുകൊടുക്കുയുമാവും ചെയ്യുക.
അതിനാല്‍ കമ്യൂണിസ്റ്റുകള്‍ സ്വീകരിക്കേണ്ട പരിഷ്‌കരണം 'സാമ്രാജ്യത്വം' എന്ന സങ്കല്‍പം ഉപേക്ഷിക്കുകയല്ല, നേരെ മറിച്ച് വേണ്ടത് അതില്‍ ശക്തമായി ഊന്നുകയാണ്. ഏത് അടിസ്ഥാന വര്‍ഗത്തിന്റെ താല്‍പര്യമാണോ തങ്ങള്‍ സംരക്ഷിക്കേണ്ടത്-അതായത് തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരുടെ- അവര്‍ക്ക് ആശ്വാസം പകരാനാണ് ജാഗ്രത പുലര്‍ത്തേണ്ടത്. അസ്വസ്ഥതകള്‍ നല്‍കാനല്ല (സാമ്രാജ്യത്വത്തിന്റെ കൈയേറ്റവും ആഭ്യന്ത കോര്‍പ്പറേണ്ട താല്‍പര്യങ്ങളുണ്ടാവുമെങ്കിലും). അവര്‍ പാര്‍ടിയില്‍ സംവാദങ്ങള്‍ക്ക്, ചര്‍ച്ചകള്‍ക്ക്, എതിരഭ്രിപ്രായങ്ങള്‍ക്ക് ഇടം ഉറപ്പക്കണം. അങ്ങനെ പാര്‍ട്ടി ബൗദ്ധിക പ്രവര്‍ത്തനത്തിന്റെ സമ്പന്നമായ കേന്ദ്രമാകണം. പാര്‍ടി എന്നത് ഏകശിലസ്തംഭരൂപത്തിലുള്ള അസ്തിത്വമല്ലെന്നും, ഏതെങ്കിലും പ്രാദേശിക നേതാക്കളോ, ഇടതുഭരിക്കുന്ന സംസ്ഥാനത്തിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമോ സേച്ഛാനുസരണമെടുക്കുന്ന തീരുമാനം നടപ്പാക്കുക രാജ്യമെമ്പാടും പാര്‍ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വിപ്ലവ കടമയായി കാണുന്നതിനുമപരിയാകുകയും വേണം.
ചോദ്യമുയരാനിടയുണ്ട്: ഇതൊക്കെ തന്നെയല്ലേ 'സോഷ്യല്‍ ജനാധിപത്യം' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? ഉത്തരം 'അല്ല' എന്നതാണ്. റോസാലംക്‌സംബര്‍ഗ് സോഷ്യല്‍ ജനാധിപതത്തെ തള്ളിക്കളഞ്ഞു. കാള്‍ ലീബെനെക്റ്റിനൊപ്പം റോസാലംക്‌സംബര്‍ഗിനെയും സോഷ്യല്‍ ജനാധിപത്യ സര്‍ക്കാരിന്റെ കീഴില്‍ സൈന്യം കൊലപ്പെടുത്തി. റോസാലക്‌സംബര്‍ഗ് ഒരിക്കലും ഏകശിലാരൂപത്തില്‍ വിശ്വസിച്ചിരുന്നില്ല. ലെനിനും. തന്റെ കീഴിലുള്ള വിപ്ലവ സര്‍ക്കാരിനെ ശത്രുക്കള്‍ ചുറ്റിവളയുകയും ഉപരോധിക്കുകയും ചെയ്തതപ്പോള്‍ ലെനിന്‍ ബ്രസ്റ്റലിറ്റോവ് സന്ധിയില്‍ ഒപ്പുവച്ചു. ബുഖാറിന്റെയും മറ്റുള്ളവരുടെയും എതിര്‍പ്പ് മറികടന്നുകൊണ്ടായിരുന്നു അത്. ബുഖാറിനും കൂട്ടരും 'കമ്യൂണിസ്റ്റ്' എന്ന സൈദ്ധാന്തിക പ്രസിദ്ധീകരണമിറക്കുകയും ഉടമ്പടിയെ ആക്രമിക്കുകയും ചെ്തു. അതിനെ ബോള്‍ഷെവിക് സര്‍ക്കാരോ പാര്‍ട്ടിയോ അക്കാലത്തുപോലും നിരോധിക്കാന്‍ കൂട്ടാക്കിയില്ല. പാര്‍ട്ടിക്കുള്ളില്‍ എതിരഭിപ്രായം പ്രകടിപ്പിക്കാനുള്ള വലിയ ഇടമെന്നത് ഒരിക്കലും 'സോഷ്യല്‍ ജനാധിപത്യം' എന്നതിന് പര്യായമല്ല. കമ്യൂണിസ്റ്റുകളോട് സോഷ്യല്‍ ജനാധിപത്യവാദികളാകാനുള്ള ഉപദേശം, അതിനാല്‍ തന്നെ അധ്വാനിക്കുന്ന ജനതയില്‍ നിന്ന് അകന്നുകൊണ്ടുള്ള, ഇന്ത്യന്‍ ഉന്നതരുടെ സാമ്രാജ്യത്വവുമായുള്ള 'ഇടപാടുധാരണകളാ'ണ്.


സ്വതന്ത്ര പരിഭാഷ: ആര്‍.കെ.ബിജുരാജ്‌

Saturday, May 14, 2011

ഗുവഹാത്തിയില്‍ നിന്നെത്തുന്ന തീവണ്ടി

കേരളത്തില്‍ വന്നടിയിടുന്ന തൊഴില്‍ അഭയാര്‍ഥികളുടെ/ആഭ്യന്തര അഭയാര്‍ത്ഥി പ്രവാഹത്തിന്റെ സൂചകങ്ങളായി മൂന്നു പേരിലൂടെ മെയ് ദിനത്തിന്റെ ചൂടന്‍മാസത്തില്‍ ഒരന്വേഷണം. അവര്‍ നമ്മളിലേക്ക് വരുന്നതെന്തുകൊണ്ട്?





ആര്‍.കെ.ബിജുരാജ്

പ്രത്യാശകള്‍ കുത്തിനിറച്ച ഇരുണ്ടനരകങ്ങളാണ് ഗുവഹാട്ടിയില്‍ നിന്നു ഇഴഞ്ഞിഴഞ്ഞ് എത്തുന്ന ഓരോ ട്രെയിനും. കൊച്ചിയിലേക്ക് നൂറുകണക്കിന് കൂലിയടിമകളേയും വഹിച്ചാണ് ഓരോ വരവും. മൂന്നും നാലും ദിവസം ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ തിങ്ങിഞെരുങ്ങി നിന്ന്, മൂവായിരത്തിയഞ്ഞൂറ് കിലോമീറ്ററുകള്‍ പിന്നിട്ട് എത്തുന്ന ഈ തൊഴില്‍ അഭയാര്‍ത്ഥികളുടെ കണക്ക് ആരുടെയെങ്കിലും വശമുണ്ടോ?
'ഒരു വര്‍ഷം എത്തുന്നവര്‍ കുറഞ്ഞത് അമ്പതിനായിരം പേരെങ്കിലുമുണ്ടാവും'. ദക്ഷിണറെയില്‍വേയുടെ, എറണാകുളം കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അലക്ഷ്യമായി പറഞ്ഞതാണ് ഈ 'അനൗദ്യോഗിക' കണക്ക് (ആഴ്ചയില്‍ രണ്ടുട്രെയിനില്‍ ആയിരംപേര്‍ വരുന്നുവെന്ന മിതമായ കണക്ക് വച്ച്). പക്ഷേ, അത് ഒന്നിനും തൃപ്തികരമായ മറുപടിയാവില്ല.
കൊച്ചി കെട്ടിപ്പൊക്കുന്ന സൗഭാഗ്യങ്ങള്‍ അസമുള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ നാടുകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും തൊഴില്‍ തേടിയെത്തുന്നവരുടെ ഔദാര്യമാണ്. കേരളത്തിലേക്ക് തൊഴിലിനായി എത്തിയിരുന്നത് മുമ്പ് പ്രധാനമായും തമിഴ്‌നാട്ടുകാരായിരുന്നുവെങ്കില്‍ (60 ശതമാനം), ഇന്നതല്ല സ്ഥിതി. അവരുടെ എണ്ണത്തെ വടക്കുകിഴക്കില്‍ നിന്നും വടക്കേന്ത്യയില്‍ നിന്നുമുള്ള തൊഴിലാളികള്‍ വൈകാതെ മറികടക്കും. അവരും തമിഴ് തൊഴിലാളികളുമാണ് കേരളത്തിന്റെ നിര്‍മാണ, തോട്ടം മേഖലകളെ ഇപ്പോള്‍ ചലിപ്പിക്കുന്നത്. ഏറ്റവുമധികം ബഹുനിലകെട്ടിടങ്ങള്‍ ഉയരുന്ന കൊച്ചിയിലാണ് കേരളത്തില്‍ തൊഴില്‍ കുടിയേറ്റം കൂടുതലായി നടക്കുന്നത്. 2000ത്തിനുശേഷമാണ് ഈ ഒഴുക്ക് തുടങ്ങിയത്. 2005നുശേഷം അത് കൂടുതല്‍ ശക്തിയാര്‍ജിച്ചു. ഇപ്പോള്‍ കുത്തൊഴുക്കിന്റെ മൂര്‍ധന്യകാലമാണ്. ആഗോളീകരണം തുറന്നിട്ട 'വികസന'ത്വരയുടെയും പണമൊഴുക്കിന്റെയും ഭാഗമാണ് ഈ തൊഴില്‍ അഭയാര്‍ത്ഥിത്വം. സാമ്രാജ്യത്വത്തിന്റെ നയങ്ങള്‍ പിന്തുടരുന്ന ഒരു ദല്ലാള്‍ ഭരണകൂടത്തിന്റെ വൈകല്യങ്ങള്‍ സൃഷിക്കുന്നതാണ് ഇപ്പോഴത്തെ ഗുരുതരാവസ്ഥ.


അസമിലെ പണിക്കാര്‍

കാലങ്ങളായി, കുറഞ്ഞത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതലേ അന്യനാടുകളില്‍ തൊഴില്‍ തേടി യാത്ര തുടങ്ങിയവരാണ് മലയാളികള്‍. ദൂരെ, അസമിലെയും സിലോണിലേയും ബര്‍മയിലെയും തൊഴില്‍ ഇടങ്ങളില്‍ അവര്‍ സുഖകരമായ ജീവിതം കെട്ടിപ്പടുത്തു. തോട്ടങ്ങളിലെ മാനേജര്‍മാരായോ, ബ്രിട്ടീഷുകാരുടെ തൊഴില്‍ശാലകളുടെ നടത്തിപ്പു ചുമതലയിലോ അവര്‍ തിളങ്ങി. അക്കാലത്തിന്റെ വര്‍ണനായിരുന്നു വൈലോപ്പിള്ളിയുടെ 'അസം പണിക്കാര്‍' പോലുള്ള കവിതകള്‍. മാറിയ സാമൂഹ്യ സാഹചര്യത്തില്‍ ഗള്‍ഫും യൂറോപ്പുമായി മലയാളിയുടെ തൊഴില്‍ മേഖലകള്‍.
കേരളത്തിലേക്കുള്ള ഈ പുത്തന്‍ ആഭ്യന്തര അഭയാര്‍ത്ഥി പ്രവാഹത്തെ അവഗണിക്കുന്നതോ സാമാന്യ വല്‍ക്കരിക്കുന്നതോ (ജനറലൈസേഷന്‍) ഗുണകരമായിരിക്കില്ല. തൊഴില്‍ തേടി മലയാളികള്‍ വിദേശ നാടുകളിലും അന്യസംസ്ഥാനങ്ങളിലേക്കും പോകുന്നില്ലേ, പിന്നെ എന്തുകൊണ്ട് മറ്റ്് സംസ്ഥാനക്കാര്‍ക്ക് വന്നുകൂടാ എന്ന ചോദ്യം ഈ അഭയാര്‍ത്ഥി പ്രവാഹത്തിന് മുന്നില്‍ നിന്ന് ഒരു എതിര്‍ചോദ്യമായി ഉയര്‍ത്താം. തുലനങ്ങള്‍ ഒരിക്കലും ശരിയാവില്ല. കാരണം ഇവിടുത്തെ വേതനം മതിയാകുന്നില്ലെന്ന കാരണത്താലാണ് മലയാളികള്‍ കേരളത്തേക്കാള്‍ സമ്പന്നമായ വിദേശ നാടുകളിലേക്ക് കുടിയേറുന്നത്. അല്ലെങ്കില്‍ മറുനാടുകളിലെ മെച്ചപ്പെട്ട ജോലി സ്വീകരിക്കുന്നത്. ഇതേ ന്യായത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മറ്റ് സംസ്ഥാന തൊഴിലാളികള്‍ ഇങ്ങോട്ട് പ്രവഹിക്കുന്നത് കേരളം ബംഗാളിനേക്കാളും മറ്റ് സംസ്ഥാനങ്ങളേക്കാളും ധനികമായതുകൊണ്ടാണെന്ന് വരുന്നു. അതിനര്‍ത്ഥം മറ്റ് സംസ്ഥാനങ്ങളിലെ സാമൂഹ്യ-സാമ്പത്തിക സാഹചര്യം കേരളത്തേക്കാള്‍ മോശമാണെന്നാണ്. അത് രാജ്യത്തിനകത്തു നിലകൊള്ളുന്ന ഒരു പ്രധാന വൈരുദ്ധ്യത്തെ എടുത്തു കാട്ടുന്നുണ്ട്. കെട്ടിടനിര്‍മാണ മേഖലയില്‍, കമ്പനികളില്‍, ചെരിപ്പ് ബാഗ് തുടങ്ങിയവയുടെ നിര്‍മാണത്തില്‍, ക്വാറികളില്‍ ഒക്കെയായിട്ടാണ് അന്യസംസ്ഥാനക്കാര്‍ തൊഴില്‍ കണ്ടെത്തുന്നത്. മറ്റൊരു പങ്ക് ആള്‍ക്കാര്‍ വീട്ടുവേലകളിലാണ് ജീവിതവരുമാനം കെണ്ടത്തുന്നത്.
ഒരു പക്ഷേ, വിലകുറഞ്ഞ അധ്വാനം വിലയ്ക്കു വക്കുന്ന പതിവ് കാഴ്ച കേരളത്തില്‍ എറണാകുളം ജില്ലയിലാവും കൂടുതല്‍ കാണാനാവുക. ജോലി തേടുന്ന തമിഴര്‍ അടക്കുമുള്ളവര്‍ (ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്)പുലര്‍ച്ചെ ആറുമുതല്‍ ഒമ്പതുമണിവരെ റോഡ് വക്കുകളില്‍ നിലകൊള്ളും. ആവശ്യക്കാര്‍ ഇടനിലക്കാര്‍ മുഖേന വിലപേശി (വിലപേശല്‍ ഇടനിലക്കാരോടാണ്) വിളിച്ചുകൊണ്ടുപോകും. കലൂര്‍, കടവന്ത്ര, പാലാരിവട്ടം, കളമശേരി, ആലുവ, പെരുമ്പാവൂര്‍, കാക്കനാട് എന്നിവിടങ്ങളിലെ പതിവ് കാഴ്ചയാണ് ഇത്.
കൊച്ചിയിലെ നിര്‍മാണ മേഖലയ്ക്ക് പുറത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത് പെരുമ്പാവൂരാണ്. തടിമില്‍ വ്യവസായമാണ് ഇവിടെ തൊഴില്‍ സ്രോതസ്.
ദുരിതമായ ജീവിതമാണ് അടിസ്ഥാന ജോലികളില്‍ ഏര്‍പ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളുടേത്. മിക്കവര്‍ക്കും ദിവസം 10-12 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരും. എട്ട് മണിക്കൂര്‍ ജോലി എന്ന തത്വം പ്രായോഗികമാവാറേയില്ല. അതിനൊപ്പം തൊഴില്‍ ദാതാക്കളുടെ അങ്ങേയറ്റം മോശമായ പെരുമാറ്റവും.
ജോലി സ്ഥലത്ത് തന്നെ കുടുക്കിയിടാനുള്ള തന്ത്രങ്ങളാണ് അന്യസംസ്ഥാന തൊഴിലാളികളോട് മിക്ക പല തൊഴില്‍ ഉടമകളും പയറ്റുക. ഒന്നുകില്‍ വിലപ്പെട്ട രേഖകള്‍ പിടിച്ചുവക്കും. അല്ലെങ്കില്‍ വേതന തുക നിത്യേന നല്‍കാതെ, ആഴ്ചയിലോ മാസത്തിലോ ആക്കും. പണിയെടുക്കുന്ന തുകയുടെ നല്ല ശതമാനം തൊഴില്‍ ഉടമയുടെ കൈവശം തന്നെയായിരിക്കും. നാട്ടില്‍ പോകുമ്പോള്‍ നല്‍കുമെന്നായിരിക്കും വ്യവസ്ഥ. അതുകൊണ്ട് എളുപ്പം വിട്ടുപോവാനാനില്ല. 16 ബംഗാളികളെ വച്ച് ബാഗ് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൃക്കാക്കരയിലെ ഒരു ചെറുകിട തൊഴില്‍ ഉടമ പറഞ്ഞതിങ്ങനെ: ''ഇവറ്റകള്‍ ഇട്ടേച്ചുപോയാല്‍ പിന്നെ ഞാനെവിടെനിന്ന് ആളെകണ്ടെത്തും. ഇവരെ വിശ്വസിച്ചാണ് ഞാന്‍ ഓര്‍ഡര്‍ പിടിക്കുന്നത്. പൈസ മൊത്തം കൊടുത്താല്‍ ഇവര്‍ സ്ഥലം വിടും. ഇവരുടെ പൈസ കുറേ എന്റെ കൈയിലുണ്ട്. അതുകൊണ്ട് പെട്ടന്ന് ഇവര്‍ പോകില്ല''
തൊഴിലിടങ്ങളിലാകട്ടെ കടുത്ത ലിംഗ-ദേശീയ വിവേചനം നിലനിലനില്‍ക്കുകയും ചെയ്യുന്നു. അന്യസംസ്ഥാന തൊഴിലാളിക്കും മലയാളി തൊഴിലാളികള്‍ക്ക് കിട്ടുന്ന കൂലിയിലും അന്തരമുണ്ട്. ആലുവ-അങ്കമാലി മേഖലകളിലെ ഇഷ്ടികക്കളങ്ങില്‍ പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളിക്ക് 150-200 കിട്ടുമ്പോള്‍ അതേ പണി ചെയ്യുന്ന നാട്ടുകാരായ തൊഴിലാളിക്ക് 400-500 രൂപ കിട്ടും. ഒരേ പണി ചെയ്യുന്ന ആണിനും പെണ്ണിനും വ്യത്യസ്ത കൂലികളാണ്. പലര്‍ക്കും തൊഴില്‍ സുരക്ഷ, ലേബര്‍ കാര്‍ഡ്, കുറഞ്ഞ വേതനം എന്നിവ ലഭ്യമല്ല.
തൊഴില്‍ ഉടമയായിരിക്കും മിക്കപ്പോഴും താമസസൗകര്യം ഒരുക്കുക. അതാകട്ടെ ഇടുങ്ങിയ മുറികളിലാവും. മൂന്നുപേര്‍ക്ക് താമസിക്കാവുന്ന മുറിയില്‍ ഏഴും എട്ടും പേരെ വരെ താമസിപ്പിക്കും. ഇത്തരം 'ലയങ്ങള്‍' പലതും കാലപ്പഴക്കം ചെന്നവയാണ്. അതിന് വ്യക്തമായ തെളിവാണ് അഞ്ചുവര്‍ഷം മുമ്പ് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം കെട്ടിടമിടിഞ്ഞ് വീണ് രണ്ട് ഒറീസ് തൊഴിലാളികള്‍ മരിച്ച സംഭവം. തകര്‍ന്നു വീണ കെട്ടിടത്തിനു താഴെ 30 ഒറീസക്കാരാണ് താമസിച്ചിരുന്നത്്. അവരെല്ലാം ഒരു ഗ്രാമത്തില്‍ നിന്ന് കൊച്ചിയിലെത്തിയവരുമായിരുന്നു.


ബംഗാളില്‍ നിന്നുള്ള ഒഴുക്കുകള്‍

മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ നിന്നാണ് കേരളത്തിലേക്ക് കൂലിയടിമകളുടെ വലിയ ഒഴുക്ക് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ ബംഗാളില്‍ നിന്നുള്ള പ്രവാഹം ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നം ഉയര്‍ത്തുന്നുണ്ട്. ബംഗാള്‍, സി.പി.എം. അവകാശപ്പെടുന്നതുപോലെ സുന്ദരമാണെങ്കില്‍ എന്തുകൊണ്ട് അവിടെ നിന്ന് ആയിരക്കണക്കിന് യുവാക്കള്‍ തൊഴില്‍തേടി നമ്മുടെ കൊച്ചിയിലും മറ്റു കെട്ടിടനിര്‍മാണ മേഖലകളിലും ദിനംതോറും വന്നടിയുന്നു? കുറഞ്ഞവേതനവും ദുരിത ജീവിതവും മാത്രം വാഗ്ദാനം ചെയ്യുന്ന നമ്മുടെ തൊഴിലിടങ്ങളില്‍ അടിമത്തൊഴിലാളികളാകാന്‍ (കരാര്‍,ബോണ്ടഡ് എന്നൊക്കെ മറ്റുപേരുകള്‍) അവര്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന സാഹചര്യം എന്താവും?
കൊല്‍ക്കത്ത സര്‍വകലാശാലയ്ക്ക് കീഴിലുള്ള ശിവോനാഥ് ശാസ്ത്രി കോളജില്‍ കാല്‍നൂറ്റാണ്ടിലേറെയായി ധനതത്വശാസ്ത്ര അധ്യാപകനും ആക്റ്റിവിസ്റ്റും 'സ്ട്രഗിള്‍ ഓഫ് ഇന്ത്യ' അഖിലേന്ത്യാ നേതാവുമായ പ്രൊഫ. സുഖേന്തു സര്‍ക്കാര്‍ നിരത്തുന്നത് കാരണങ്ങള്‍ ഇതാണ്: '' ബംഗാളിന്റെ സര്‍വമേഖലകളിലും മുരടിപ്പ് പ്രകടമാണ്. കാര്‍ഷികമേഖല തകര്‍ന്നു. പട്ടിണിയും തൊഴിലില്ലായ്മയും കടക്കെണിയും പെരുകുന്നു; അതിനാല്‍ ആത്മഹത്യയും. 45 ലക്ഷം തൊഴില്‍രഹിതരാണ് എംപ്ലോയ്‌മെന്റ എക്‌സ്‌ചേഞ്ചുകളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ കാത്തിരിക്കുന്നത്. അവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. മണ്ണില്‍പണിയെടുക്കുന്ന ഭൂരിപക്ഷം പേര്‍ക്കും ഇപ്പോഴും ഭൂമിയില്ല. മറിച്ച് ചെറുന്യൂനപക്ഷം വരുന്ന വന്‍കിട-ദല്ലാള്‍ മുതലാളിത്ത വര്‍ഗ്ഗങ്ങളിലും ഭൂപ്രഭുക്കളിലും ഭൂമിയുടെ കേന്ദ്രീകരണം തുടരുന്നു. സംസ്ഥാനത്തെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ഭരണകൂടം സാമ്രാജ്യത്വ-വിദേശ വന്‍കിട മുതലാളിവര്‍ഗ്ഗത്തിന് തുറന്ന രീതിയില്‍ ഒത്താശ ചെയ്യുന്നു. നഗരങ്ങളില്‍ മാത്രം വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഗ്രാമങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ നരകിക്കുന്നു. ഇതുവരെ സര്‍ക്കാര്‍ നടപ്പാക്കിയതു മുഴുവന്‍ നഗരകേന്ദ്രീകൃതമായി വന്‍കിട-ഇടത്തരം വര്‍ഗ്ഗ താല്‍പര്യങ്ങളെ സേവിക്കുന്ന വ്യവസായ പദ്ധതികള്‍ മാത്രാണ്. ഇതുമൂലം ഗ്രാമങ്ങള്‍ ദരിദ്രമായി. ഗ്രാമങ്ങളില്‍ പട്ടിണി തുടരുന്നതിനാല്‍ ജനങ്ങള്‍ എവിടേക്കും തൊഴില്‍ തേടി പോകും. ബംഗാളില്‍ ജോലിയോ മെച്ചപ്പെട്ട വേതനമോ ഇല്ലാത്തതുകൊണ്ടാണ് അവര്‍ കേരളത്തില്‍ കുറഞ്ഞകൂലിക്ക് പണിയെടുക്കാന്‍ വരുന്നത്.''


നിയമവും ക്ഷേമനിധിയും മറ്റൊരു വഴിക്ക്

1979 ല്‍ അന്യസംസ്ഥാന തൊഴിലാളികളുടെ സുരക്ഷിതതത്വത്തിനായുള്ള നിലവിലുള്ള നിയമങ്ങളെപ്പറ്റി മിക്ക തൊഴില്‍ ഉടമകളും സ്ഥാപനങ്ങളും അജ്ഞരാണ്. ദ ഇന്റര്‍സ്‌റ്റേറ്റ് മൈഗ്രറ്റ് വര്‍ക്മാന്‍ (റഗുലേഷന്‍ ഓഫ് എംപ്ലോയ്‌മെന്റ ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ആക്റ്റ് അന്യ സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ട്. അഞ്ചലധികം അന്യസംസ്ഥാന തൊഴിലാളികള്‍ 12 മാസത്തിലേറെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആ കമ്പനികള്‍ നിയമത്തിന് കീഴില്‍ വരും. തൊഴില്‍, വേതന സുരക്ഷിതത്വം ഉറപ്പാക്കുന്നതാണ് നിയമം. റീജണല്‍ കമ്മീഷണര്‍ (സെന്ററല്‍) -കൊച്ചി മേഖലയ്ക്കാണ് മേല്‍നോട്ട ചുമതല. ഈ നിയമമോ മിനിമം വേജസ് ആക്‌റ്റോ 1970 ലെ കോണ്‍ട്രാക്റ്റ് ലേബര്‍ (റെഗുലേഷന്‍ ആന്‍ഡ് അബോളിഷന്‍) ആക്‌റ്റോ പലരും പ്രാവര്‍ത്തികമാകാറേയില്ല.
സര്‍ക്കാര്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പേരിന് ഒരു ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേമനിധി പദ്ധതിപ്രകാരം രജിസ്റ്റര്‍ ചെയ്ത ഓരോ അന്യസംസ്ഥാന തൊഴിലാളിക്കും 25000 രൂപവരെ ആരോഗ്യ സംരക്ഷണത്തിനായി ലഭിക്കും. ഒരു നിശ്ചിത കാലത്തിനുശേഷം വിരമിക്കുകയാണെങ്കില്‍ 25,000 രൂപ ലഭിക്കും. കുട്ടികളുടെ പഠനത്തിയനായി ഓരോ വര്‍ഷവും 3000 രൂപവരെ കിട്ടും. അപകട മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് 50,000 രൂപ. സ്വഭാവിക മരണമാണെങ്കില്‍ 15,000 രൂപയും. മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാന്‍ 15,000 രൂപ വേറെയും. കഴിഞ്ഞ വര്‍ഷം മെയ് ഒന്നിനായിരുന്നു ക്ഷേമനിധിക്ക് തുടക്കം കുറിച്ചത്. എന്നാല്‍, അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ ചേരാന്‍ അധികം താല്‍പര്യമില്ല. തങ്ങള്‍ ഒരു മേഖലയില്‍ കുടുങ്ങിക്കിടക്കേണ്ടിവരുമോ എന്ന ഭയം ഒരു വശത്ത്. മറുവശത്ത് സ്ഥിരമായി ഒരു മേഖലയില്‍ തുടരാന്‍ തൊഴിലാളികള്‍ക്കുള്ള താല്‍പര്യമില്ലയ്മ. പലരും വിഹിതം അടക്കാന്‍ പോലും കൂട്ടാക്കുന്നില്ല. ഇപ്പോള്‍ ക്ഷേനിധിയില്‍ തൊഴില്‍ ഉടമയെ കൂടുതലായി ക്ഷേമനിധിയില്‍ ചേര്‍ക്കാനാണ് ശ്രമം. എന്നാല്‍, പതിവ് തൊഴില്‍ ഉടമ- തൊഴിലാളി സങ്കല്‍പ്പങ്ങള്‍/നിര്‍വചനങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നിത്യേന ഇടപെടുന്ന മേഖലയ്ക്ക് ചേരില്ല. സ്ഥിതിഗതികള്‍ പലപ്പോഴും സങ്കീര്‍ണമാണ്്.
അപകടങ്ങള്‍ നടന്നാല്‍ അന്യസംസ്ഥാനതൊഴിലാളികളെ ഉടമയും, കരാറുകാരും, സര്‍ക്കാരുമെല്ലാം കൈയൊഴിയുകയാണ് പതിവ്. അങ്കമാലിയിലും എറണാകുളത്തും അപകടത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളിക്ക് മാന്യമായ നഷ്ടപരിഹാരം പോലും കിട്ടിയില്ല. കളമശേരിയിലെ പേപ്പര്‍ മില്ലില്‍ പണിയെടുക്കുന്നതിനെ കൈയറ്റുപോയ ബീഹാറി സ്വദേശി ഇപ്പോഴും ഇവിടെയുണ്ട്; നമ്മുടെ തൊഴില്‍ അവസ്ഥകളുടെ പേടിപ്പെടുത്തുന്ന പ്രതീകമായി.
വളരെ വൈകിയാണെങ്കിലും അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇടതുപാര്‍ട്ടികള്‍ അത്തരം രീതിയില്‍ ചുവടു വച്ചു തുടങ്ങി. പക്ഷേ, ഇത്തരം യൂണിയനുകള്‍ക്ക് മലയാളി സങ്കുചിത ദേശീയ ബോധത്തെ മറികടക്കാനാവുമോ എന്നതാണ് വെല്ലുവിളി. യൂണിയനുകള്‍ക്ക് ഒരേ സമയം മലയാളി സങ്കുചിതബോധത്തിനും അന്യസംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുമിടയില്‍ ചുവട് തെറ്റാനാണ് കൂടുതല്‍ സാധ്യത.

'തൊഴില്‍ അഭയാര്‍ത്ഥി'കളുടെ ജീവിതം

എന്താണ് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതം? ഇങ്ങോട്ട് വരാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്താവും? അവരെങ്ങനെയാണ് ഇവിടെ ജീവിക്കുന്നത്?- ഇത് നന്നായി അറിയണമെങ്കില്‍ നമ്മള്‍ കുറഞ്ഞത് വ്യക്തികളുടെ ജീവിതകഥ മനസിലാക്കേണ്ടിവരും.
അന്യ സംസ്ഥാന തൊഴിലാളികളായ മൂന്നു പേരാണ് പ്രദീപ് ബസല്‍, ഉദയാള്‍, അര്‍ജുന്‍ സാവ് എന്നിവര്‍. അസംകാരനാണ് പ്രദീപ് ബസാല്‍. ഇരുപത്തിമൂന്നുകാരന്‍. അഞ്ചുവര്‍ഷത്തിലേറെയായി അയാളിവിടെയുണ്ട്. ഒരു പക്ഷേ, തൊഴില്‍തേടി കേരളത്തില്‍ എത്തുന്ന വടക്കുകിഴക്കന്‍ നാട്ടുകാരുടെ ശരിയായ പ്രതിനിധി. ''ഒരിക്കലും ഞാന്‍ തിരിച്ചുപോയില്ലെന്നും വരാം' എന്ന് പ്രദീപ് ബസാല്‍ പറയുന്ന സാഹചര്യം വ്യക്തിപരമല്ല. അത് അസമിന്റെ സാമൂഹ്യ-സാമ്പത്തിക അവസ്ഥയോടുള്ള പ്രതികരണമാണ്.
അമ്പത് വയസിനോടടുക്കുന്ന ഉദയയാള്‍ നമ്മുടെ തൊഴിലിടങ്ങളില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് 'കരാര്‍/അടിമത്തൊഴിലാളി'കളെയാണ് പ്രതിനിധീകരിക്കുന്നത്. അവര്‍ മലയാളിയുടെ സങ്കുചിത ദേശീയ ബോധത്തെ (നാഷണല്‍ ഷോവനിസ്റ്റിക്) ആക്രമിക്കുകയും ചില ജാതി യാഥാര്‍ത്ഥ്യങ്ങള്‍ പറയുകയും ചെയ്യുന്നു.
ബംഗാളിലെ നയിഹതി ഗ്രാമത്തില്‍ നിന്നുവരുന്ന അര്‍ജുന്‍ സാവാകട്ടെ അവിടുത്തെ മധ്യവര്‍ഗ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക അവസ്ഥകളെയാണ് പ്രതിനിധീകരിക്കുന്നത്. ഇവിടെ അദ്ദേഹം കുറച്ചൊക്കെ 'വെള്ളക്കോളര്‍' ജോലിക്കാരനാണ്. ഇവര്‍ മൂന്നുപേരും വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നാണ് വരുന്നതെങ്കിലും ഏറെക്കുറെ സമാനരാണ്. അധ്വാനിക്കുന്നവരുടെ കഥ എല്ലായിടത്തും ഒന്നുതന്നെയാണ് എന്ന ഒരു ചലച്ചിത്ര വാചകം വീണ്ടും നമ്മളോര്‍ക്കേണ്ടിവരുന്നു. മൂന്നുപേരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കേരളത്തില്‍ വന്നടിയുന്ന തൊഴില്‍അഭയാര്‍ത്ഥികളുടെ/ആഭ്യന്തര അഭയാര്‍ത്ഥി പ്രവാഹത്തിന്റെ സുചകങ്ങളാണ്. മെയ്ദിനത്തിന്റെ ചൂടന്‍ മാസത്തില്‍ അവര്‍ അവരുടെ കഥ, പറയട്ടെ:




'ഒരു പക്ഷേ, ഞാന്‍ തിരിച്ചുപോയില്ലെന്നും വരാം'

പ്രദീപ് ബസാല്‍, 23 വയസ്, സില്‍ചാര്‍, അസം


നാടിന്റെ പേര് പറഞ്ഞാല്‍ അറിയില്ല. ബക്ത്പുര്‍ എന്നു പറയും. അസമിന്റെ തെക്ക് കിഴക്കാണ് നാട്. ബംഗ്‌ളാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലമാണത്. അതിര്‍ത്തി എന്നു പറഞ്ഞാല്‍ തൊട്ടടുത്തല്ല. കുറേ പോകണം. അതിര്‍ത്തി പ്രദേശമെന്നാണ് നാടിനെപ്പറ്റി എല്ലാവരും പറയുക. അടുത്ത നഗരം എന്നു പറയാവുന്നത് സില്‍ചാറാണ്. ചച്ചാര്‍ ജില്ലയുടെ ആസ്ഥാനം. സില്‍ചാറില്‍ നിന്ന് കുറേ ദൂരമുണ്ട് നാട്ടിലേക്ക്്. എപ്പോഴും ബസുണ്ട്.
സില്‍ചാറിനെപ്പറ്റി കേട്ടിട്ടുണ്ടാവും. സുന്ദരമായ സ്ഥലമാണ്. അസമിലെ പ്രധാന പട്ടണമെന്നാണ് പറയുന്നത്. എന്നാല്‍ നഗരമൊന്നുമല്ല. സാധാരണ ഒരു പട്ടണം. ഒരിക്കലും കൊച്ചിയുമായി തുലനം ചെയ്യാനേ പറ്റില്ല. കുറേ കച്ചവട സ്ഥാപനങ്ങളുണ്ടെന്നേയുള്ളു. ഗുവഹാട്ടിയില്‍ നിന്ന് 420 കിലോമീറ്റര്‍ ഉണ്ട് സില്‍ചാറിലേക്ക്. ബരാക് എന്ന നദിയുടെ അടുത്താണ് സില്‍ചാര്‍ പട്ടണം.
സില്‍ചാറില്‍ നെല്ലാണ് പ്രധാന കൃഷി. കാലാവസ്ഥ ഇവിടുത്തേതില്‍ നിന്ന് വ്യത്യസ്തമാണ്. മഴ സമയത്ത് മഴ തന്നെയാണ്. വേനലില്‍ അവിടെ നിക്കാനേ പറ്റില്ല. ആകെ കരിഞ്ഞുണങ്ങും. ഗുവഹാട്ടിയില്‍ നിന്ന് സില്‍ചാറിലേക്ക് 10-12 മണിക്കൂര്‍ ട്രെയിനിലിരിക്കണം. ബസിന് 430 രൂപയാവും. ട്രെയിന്‍ എപ്പോഴുമുണ്ടാവില്ല. വല്ലപ്പോഴുമേയുള്ളൂ. മാത്രമല്ല, അവിടെ ബ്രോഡ്‌ഗേജ് ട്രെയിനുകളില്ല. മീറ്റര്‍ ഗേജുകളാണുള്ളത്. യാത്ര അതുകൊണ്ട് തന്നെ ദുരിതമാണ്. പ്രത്യേകിച്ച് എന്റെ നാട്ടിലേക്ക്.
സില്‍ഹെറ്റികളാണ് ഞങ്ങള്‍. അസമീസാണ് ഭാഷ. മതം ഹിന്ദു. ഞങ്ങള്‍ക്ക് ജാതി സംവരണമൊന്നുമില്ല. സില്‍ചാര്‍ ശാന്തമായ സ്ഥലമാണ്. ഒരു അക്രമവുമില്ല. ഒരു കുഴപ്പവും ഇതുവരെ അവിടെയുണ്ടായിട്ടില്ല. മറ്റ് ഭാഗങ്ങളിലാണ് ഉള്‍ഫയൊക്കെയുള്ളത്. അത്തരം ആള്‍ക്കാരോട് യോജിപ്പില്ല. അങ്ങനെ വേറിട്ട് ഒരു രാജ്യമാകേണ്ട കാര്യമില്ല. അതു നടക്കാനും പോകുന്നില്ല. എനിക്ക് രാഷ്ട്രീയമൊന്നുമില്ല. വോട്ടുചെയ്യാന്‍ ഇതുവരെ പറ്റിയിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്തൊക്കെ ഇവിടെയായിരുന്നു. ഇനി വോട്ട് ചെയ്താല്‍ തന്നെ അത് രാഷ്ട്രീയം നോക്കിയായിരിക്കില്ല. വ്യക്തികളെ നോക്കിയാവും ചെയ്യുക.
അച്ഛനും അമ്മയും ഒരു ചേട്ടനും ചേച്ചിയുമാണ്് അടുത്ത ബന്ധുക്കളായുണ്ടായിരുന്നത്. ചേച്ചി കല്യാണം കഴിച്ച് ഭര്‍ത്താവിനൊപ്പം താമസിക്കുന്നു. അച്ഛന്റെ പേര് പോരിതോസ് ബസാല്‍. സര്‍വേ ഓഫ് ഇന്ത്യയില്‍ ജോലിക്കാരനായിരുന്നു. ആദ്യമൊക്കെ വളരെ സുഖകരമായിരുന്നു ജീവിതം. ചന്ദ്രാസിംഗ് ഹൈസ്‌ക്കൂളിലായിരുന്നു പഠിച്ചത്. പത്തുവരയേ പഠിച്ചുള്ളു.
അച്ഛന്റെ ശരീരം ഒരു വശം തളര്‍ന്നുപോയി. മരുന്നും ചികിത്സയുമായി. അതോടെ പ്രശ്‌നങ്ങളായി. കടമായി. അച്ഛന് കിട്ടിയിരുന്ന പണം മുഴുവന്‍ ചികിത്സക്ക് തികയാതായി. മരുന്നുമേടിക്കാന്‍ പണം കടംമേടിച്ചു. കടയില്‍ കുറേ പൈസകൊടുക്കേണ്ട അവസ്ഥയായി. അങ്ങനെ പഠിത്തം തുടരനായില്ല. പത്താംക്ലാസ് ഒരു വിധം പൂര്‍ത്തിയാക്കി. പഠിക്കണമെന്നുണ്ടായിരുന്നു. പഠിക്കാന്‍ മോശവുമായിരുന്നില്ല. കടം വന്നുകയറിയപ്പോള്‍ പിന്നെ പണിക്കുപോകാതെ പറ്റാതായി. പഠിത്തം നിര്‍ത്തി. ജ്യേഷ്ഠന് സര്‍വേ ഓഫ് ഇന്ത്യയില്‍ കാവല്‍ക്കാരന്റെ പണികിട്ടി. ഞാന്‍ അവിടെ പല പണിയും ചെയ്തു. പക്ഷേ, കൂലി അധികമില്ല.
അമ്മയുടെ അനുജത്തി കേരളത്തിലായിരുന്നു താമസം. മലയാളിയെയാണ് കുഞ്ഞമ്മ കല്യാണം കഴിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഡോക്ടറാണ് കുഞ്ഞമ്മയുടെ ഭര്‍ത്താവ്-ഡോ. കുഞ്ഞുമോന്‍. മാവേലിക്കരയിലാണ് താമസം. കുഞ്ഞമ്മയാണ് പറഞ്ഞത് അവിടെ നിന്ന് അധ്വാനിക്കുന്നതിനേക്കാള്‍ ഇങ്ങോട്ട് പോരാന്‍. അങ്ങനെയാണ് ഇങ്ങോട്ടുപോന്നത്. കുഞ്ഞമ്മയുണ്ട് എന്നതായിരുന്നു ധൈര്യം. അച്ഛന്‍ മൂന്നുവര്‍ഷം മുമ്പ് മരിച്ചു. അമ്മയ്ക്ക് ചെറിയ പെന്‍ഷനുണ്ട്. അമ്മ സില്‍ചാറില്‍ തന്നെയാണ്്. ചേട്ടന്‍ അമ്മയുടെ അടുത്തുണ്ട്.
ഞാനിപ്പോള്‍ കേരളത്തില്‍ വന്നിട്ട് അഞ്ചുവര്‍ഷമായി. ഇരുപത്തിമൂന്നുവയസുണ്ട്. വന്നശേഷം ഞാന്‍ കളമശേരി എടയാറില്‍ സേവന കറി പൗഡര്‍ എന്ന കമ്പനിയില്‍ പണിയെടുത്തു. സ്ഥിരം ജോലിയല്ല. ദിവസക്കൂലി. പക്ഷേ, ഓരോ മാസവും ആദ്യം കാശുതരും. അവിടെ പണി കടുപ്പമായിരുന്നു. കൂടുതല്‍ സമയം പണിയെടുക്കണം. അല്‍പംപോലും വിശ്രമിക്കാന്‍ പറ്റില്ല. എനിക്ക് അധികം ഭാരമുള്ള പണിയെടുക്കാനാവില്ല. ശരീരം കൊണ്ട് ചെറിയ ആളായതുകൊണ്ടാവാം. അവിടെ പണിയെടുക്കുമ്പോഴേ ഞാന്‍ വേറെ പണി അന്വേഷിച്ചു. കുഞ്ഞമ്മ തന്നെയാണ് കാക്കനാട് വ്യവസായമേഖലയുടെ ഭാഗത്ത് ജോലിനോക്കാന്‍ പറഞ്ഞത്. കുഞ്ഞമ്മയുടെ ഭര്‍ത്താവിന്റെ ബന്ധത്തില്‍ പെട്ട ഒരു പെണ്‍കുട്ടി ടാറ്റാ സിറാമിക്‌സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്റെ കസിനാണ്. അങ്ങനെയാണ് ഞാനീ കമ്പനിയില്‍ പണിക്കെത്തുന്നത്. ഇവിടെ മൂന്നുവര്‍ഷമായി.
ദിവസം 150 രൂപയാണ് കൂലി. സ്ഥിരം ജോലിയല്ല. കരാര്‍. ഞാന്‍ തുടര്‍ച്ചയായി രണ്ടു ഷിഫ്റ്റ് കയറും. അപ്പോള്‍ പൈസ കൂടുതല്‍ കിട്ടും. രാവിലെ എട്ട് മണിക്ക് കയറണം. നാലുമണിക്ക് ഇറങ്ങാം. മിക്കപ്പോഴും അടുത്ത ഷിഫ്റ്റ് കൂടി കയറും. രാത്രി 12 മണിയാകുമ്പോള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് പോകും. കമ്പനി തന്നെയാണ് താമസൗകര്യം ചെയ്തിരിക്കുന്നത്. ഇരുപത്് പേരുണ്ട് അവിടെ. കമ്പനി സൗകര്യമൊരിക്കിയതുകൊണ്ട് താമസിക്കാന്‍ പൈസവേണ്ട. മാസം പകുതി കാശ് അമ്മയുടെ അക്കൗണ്ടിലോട്ട് ചെല്ലും. അമ്മയ്ക്ക് സില്‍ചാറില്‍ നിന്ന് അതെടുക്കാം. അച്ഛന്റെ പെന്‍ഷന്‍ അമ്മയ്്ക്ക് കിട്ടുന്നുണ്ട്. പക്ഷേ, കുറച്ചേയുള്ളൂ. മലയാളം പഠിച്ചത് അഞ്ചുവര്‍ഷംകൊണ്ട് ആള്‍ക്കാരോട് സംസാരിച്ചാണ്. മലയാളം എഴുതാനോ വായിക്കാനോ അറിയില്ല. ഒന്നു രണ്ടു അക്ഷരങ്ങള്‍ അറിയാം.
വന്നശേഷം ഒറ്റത്തവണയേ നാട്ടില്‍പോയിട്ടുള്ളൂ. കുറേ കാശുവേണം പോകാന്‍. 2000 രൂപ യാത്രക്കുതന്നെ വേണം. ട്രെയിനില്‍ തന്നെ കുറഞ്ഞത് ഏഴ്ദിവസം ഇരിക്കണം. അതുകൊണ്ട് പോയില്ല. ഈ പൂജാ അവധിക്ക് നാട്ടില്‍ പോകണമെന്ന് കരുതുന്നു.
ഗുവഹാട്ടിയില്‍ ഒരു കൂട്ടുകാരനുണ്ട്. സുരോജിത് ചക്രവര്‍ത്തി. സ്‌കൂളില്‍ ഒപ്പം പഠിച്ചയാളാണ്. അവനെ വല്ലപ്പോഴും ഫോണില്‍ വിളിക്കും. അമ്മയെ ആഴ്ചയില്‍ ഒരു തവണ വിളിക്കും.
തിരിച്ചുപോകുമോയെന്ന് ചോദിച്ചാല്‍ തിരിച്ചുപോകുമെന്നാണ് ഉത്തരം. പക്ഷേ, എന്നാണ് എന്നറിയില്ല. അവിടെ പോയിട്ട് കാര്യമില്ല. അവിടെ ഇത്രയും കൂലികിട്ടുന്ന ജോലി കിട്ടാന്‍ സാധ്യതയില്ല. അവിടെയുള്ളവര്‍ ഒന്നുകില്‍ തോട്ടങ്ങളില്‍ പണിക്കോ, കച്ചവടസ്ഥാപനങ്ങളില്‍ ജോലിയെടുക്കാനോ മറ്റോ ആണ് പോകുക. സില്‍ചാറില്‍ വലിയ കമ്പനികളൊന്നുമില്ല. പിന്നെ അവിടെ നിന്നിട്ടോ, പോയിട്ടോ കാര്യമില്ല. പട്ടിണി കിടക്കാനായിട്ട് തിരികെ പോകേണ്ട കാര്യമില്ലല്ലോ. ഇവിടെ വന്നത് തന്നെ ജീവിക്കാനുള്ള ആഗ്രഹംകൊണ്ടാണ്. കടം ഇനിയും തീരാനുണ്ട്. അത് തീര്‍ക്കണമാദ്യം. കൂടെ പണിയെടുക്കുന്നവരോ പുറത്തുള്ളവരോ ഒന്നും മോശമായി പെരുമാറിയിട്ടില്ല. കളിയാക്കുന്നുണ്ടാവാം. അതെനിക്കറിയില്ല. കാലാവസ്ഥ നല്ലതാണ്. ഇവിടം ഇഷ്ടമാണ്. ഒരുപക്ഷേ, ഞാന്‍ ഇവിടെ നിന്ന് തിരിച്ചുപോയില്ലെന്നും വരും.


'നിങ്ങള്‍ക്ക് ഞങ്ങള്‍ വെറും പാണ്ടികള്‍!'

ഉദയാള്‍, 49 വയസ്, തമിഴ്‌നാട്

ജീവിതത്തില്‍ ഇന്നുവരെ ഞാന്‍ ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ല. ഒരു ഔദാര്യവും പറ്റിയിട്ടില്ല. പണിയെടുത്താണ് ജീവിച്ചത്. തെണ്ടാന്‍ മടിയുള്ളതുകൊണ്ടാണ് ഇപ്പോഴൂം പണിയെടുത്ത് ജീവിക്കുന്നത്. വെറുതെ പറയുന്നതല്ല, ജീവിതത്തില്‍ ഒരു നിമിഷം പോലും ഇതുവരെ വിശ്രമിക്കാനായിട്ടില്ല. അമ്പത് വയസാകാന്‍ മൂന്നുമാസം കൂടിയുണ്ട്.
ഉദയാള്‍ എന്നാണ് പേര്. ജനിച്ചത് കാളിയാപുരത്താണ്. നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്നറിയില്ല. കോയമ്പത്തൂര്‍ ജില്ലയിലാണ് കാളിയാപുരം. പൊള്ളാച്ചിയില്‍ നിന്ന് 20 കിലോമീറ്ററുണ്ട് നാട്ടിലേക്ക്. ആനമലൈക്കടുത്താണ് സ്ഥലം.
പൊള്ളാച്ചിയില്‍ നിന്ന് എപ്പോഴും ബസുണ്ട്. കാളിയാപുരം എന്നത് സാധാരണ ഗ്രാമാണ്. ഒന്നും എടുത്തു പറയാനില്ല. തമിഴ്‌നാട്ടിലെ മറ്റേത് ഗ്രാമവും പോലെയിരിക്കും. കാളിയാപുരത്ത് നെല്ലും കരിമ്പുമാണ് കൃഷി. പിന്നെ ധാരാളം തെങ്ങുണ്ട്. മിക്കവീട്ടിലും പേരമരവും നെല്ലിയുമുണ്ട്.
വീടിന്റെ അടുത്ത് നിന്ന് അഞ്ചാറുകിലോമീറ്ററേയുള്ളൂ അരുള്‍മിഗു മസാനി അമ്മന്‍ കോവിലിലേക്ക്. പ്രശസ്തമാണ് കോവില്‍. ശക്തിയുള്ള ദൈവമാണ്. ആളിയാര്‍ പുഴയുടെ തീരത്താണ് ഈ കോവില്‍. അവിടെ കിടക്കുന്ന രീതിയിലാണ് ദേവിയുള്ളത്. എല്ലായിടത്തും ദൈവം നില്‍ക്കുകയോ ഇരിക്കുകയോ ആവും ചെയ്യുക. ഇവിടെ മാത്രം വ്യത്യസ്തമാണ്. ചൊവ്വയും വെളളിയുമാണ് അമ്പലത്തില്‍ പ്രധാനപ്പെട്ട ദിവസങ്ങള്‍. ജനുവരി അവസാനമാണ് ഉത്സവം. അത് നാട്ടിലും വലിയ ഉത്സവമാണ്. എല്ലാവരും അമ്പലത്തില്‍ പോകും. മൊത്തം അലങ്കരിക്കും. അവസാന ദിവസം തീയാട്ടമുണ്ട്. വലിയ തീ കൂട്ടി അതിലൂടെ നടക്കും.
മുക്കോണത്താണ് ചന്തസ്ഥലം. സാധാനങ്ങള്‍ മേടിക്കാന്‍ എല്ലാവരും പോകുന്നത് അവിടെയാണ്. നാട്ടില്‍ ഒരു പ്രഥാമിക സ്‌കൂളും ഹൈസ്‌ക്കൂളുമുണ്ട്. കാളിയാപുരത്തെ ഹൈസ്‌ക്കൂളിലാണ് അടുത്തുള്ള നാട്ടില്‍ നിന്നൊക്കെ ആളുകള്‍ വരിക. കന്നുകാലികള്‍ കുറേയുള്ളതിനാല്‍ ഒരു മൃഗാശുപത്രിയുണ്ട്. ഹിന്ദുക്കളാണ് നാട്ടില്‍ കൂടുതല്‍ പേരും. മറ്റുള്ളവര്‍ കുറച്ചേയുള്ളൂ. ഞങ്ങള്‍ പട്ടികജാതിക്കാരാണ്. ആദി ദ്രാവിഡന്‍ വിഭാഗത്തില്‍ പെടുന്നു. അമ്മ വഴിക്ക് പള്ളന്‍ വിഭാഗക്കാരാണ് ഞങ്ങള്‍. എല്ലാവരും ജാതി നോക്കും. അവര്‍ മറ്റ് ജാതിയില്‍ നിന്ന് കല്യാണം കഴിക്കില്ല. വീട്ടില്‍ കയറ്റില്ല. ഒരുമിച്ച് ഒരിടത്തുപോകില്ല. കൗണ്ടര്‍മാരും ചെട്ടിയാര്‍മാരും മുതലിയാര്‍മാരുമൊക്കെ ഉയര്‍ന്ന ജാതിക്കാരാണ്. അവരുടെ വീടുകളില്‍ ഞങ്ങളെ കയറ്റില്ല. അവര്‍ ഇങ്ങോട്ടും കയറില്ല. ഇപ്പോഴും അവര്‍ കല്യാണം പോലുള്ള പരിപാടിക്കൊന്നും വരില്ല. വന്നാല്‍ ഒരുമിച്ച് ഭക്ഷണം കഴിക്കില്ല. കിണറ്റില്‍ നിന്ന് വെള്ളം കോരാനൊന്നും സമ്മതിക്കില്ല. എന്നാല്‍ പുറത്തെ പണികള്‍ ചെയ്യാന്‍ വിളിക്കും. നാട്ടില്‍ പട്ടിക ജാതിക്കാരില്‍ കൂടുതലുള്ളത് പറയന്‍, ചക്കിലയന്‍ വിഭാഗക്കാരാണ്.
രാഷ്ട്രീയത്തെപ്പറ്റി വലുതായി ഒന്നുമറിയില്ല. ജയലളിതയെ ഇഷ്ടമാണ്. എം.ജി. ആറിനെയും പെരുത്ത് ഇഷ്ടം. വോട്ട് ചെയ്തത് എ.ഐ.ഡി.എം.കെക്കാണ്. അതുകൊണ്ട് ഞാനാ പാര്‍ട്ടിക്കാരിയൊന്നുമല്ല. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടം കാണുമല്ലോ.
അച്ഛനും അമ്മയും കൃഷിപ്പണിക്കാരായിരുന്നു. എനിക്ക് പതിനഞ്ച് വയസായപ്പോള്‍ അച്ഛന്‍ മരിച്ചു. ഒരു ചേച്ചിയും രണ്ട് അനുജന്‍മാരുമുണ്ട്. അതില്‍ ഒരനുജനും ചേച്ചിയും മരിച്ചുപോയി. ഞാന്‍ വളര്‍ന്നത് അമ്മയുടെ നാടായ ശെല്‍വപുരത്താണ്. തൊട്ടടുത്ത ഗ്രാമമാണ്് അത്. ഞാന്‍ സ്‌കൂളില്‍ പോയിട്ടില്ല. ചെറുപ്പത്തിലേ വെറ്റില മുറക്കും. അതവിടെ എല്ലാവരും ചെയ്യുന്നതാണ്. ഇപ്പോള്‍ മുറുക്ക് കുറച്ചു. ദിവസത്തില്‍ മൂന്നുപ്രാവശ്യമേയുള്ളൂ.
പഠിച്ചിട്ടില്ലെങ്കിലും തമിഴ് അക്ഷരമെല്ലാമറിയാം. ചെറുപ്പത്തിലേ പാടത്ത് പണിക്ക് പോയിരുന്നു. ഞങ്ങള്‍ക്ക് സ്ഥലമെന്നു അധികമില്ല. ആറു സെന്റാണുള്ളത്. അടുത്തിടെയാണ് അതിന്റെ അവകാശം കിട്ടിയത്.
അയല്‍വാസിയായ മുത്തുവേലാണ് എന്നെ കല്യാണം കഴിച്ചത്. സ്‌നേഹിച്ചായരിരുന്നു കല്യാണം. പതിനേഴ് വയസില്‍. മുത്തുവേല്‍ പറയ ജാതിക്കാരനാണ്. കൃഷിപ്പണിയും കൂലിപ്പണിയും ചെയ്യും. സ്‌നേഹമൊക്കെയായിരുന്നു ആദ്യം. കുറേക്കാലം കുട്ടിയുണ്ടായില്ല. പിന്നെയാണ് മകനുണ്ടായത് -സെന്തില്‍. അവിനിപ്പോള്‍ 23 വയസുണ്ട്. കല്യാണം കഴിച്ചു വേറെ താമസിക്കുന്നു. ഞാനിങ്ങോട്ട് പോന്നപ്പോള്‍ അവന്‍ വീട്ടില്‍ താമസം തുടങ്ങി. വീടെന്നു പറഞ്ഞാല്‍ ചെറിയ കുടിലാണ്്.
ഭര്‍ത്താവ് പന്ത്രണ്ട് വര്‍ഷം മുമ്പ് എന്നെ ഉപേക്ഷിച്ചുപോയി. വേറെ പെണ്ണിന്റെയൊപ്പം പൊള്ളാച്ചിയില്‍ തന്നെയുണ്ട്. ഞാന്‍ തിരിഞ്ഞുനോക്കാന്‍ പോയില്ല. കുറച്ചുവര്‍ഷം മുമ്പ് എന്റെയടുത്തുവന്നു. വീണ്ടും ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞു. ഞാന്‍ ആട്ടിയോടിച്ചു. എനിക്ക് അയാളുടെ മര്‍ദനമൊന്നും സഹിക്കാന്‍ വയ്യ. എനിക്ക് മുത്തുവേലിനെ ഇഷ്ടമൊക്കെതന്നെയാണ്. അയാള്‍ വേറെ പെണ്ണിന്റെ പിറകേ പോയത് എനിക്കിഷ്ടമില്ല. അയാളവരെ ഉപേക്ഷിക്കാനും തയാറല്ല.
അമ്മ ഞങ്ങള്‍ക്കൊപ്പമാണ് താമസിച്ചത്. അസുഖമായിരുന്നു. പലതരം അസുഖങ്ങളുണ്ടായി. കാലിനും വാതരോഗവും ചൊറിഞ്ഞ പൊട്ടലുമുണ്ടായി. ഒന്നും ചെയ്യാന്‍ പറ്റാതെ ഇരിപ്പുതന്നെയായി. അടുത്താണ് മരിച്ചത്. അതിനുശേഷമാണ് ഞാനിങ്ങോട്ട് പോന്നത്. അമ്മയുടേത് പ്രത്യേക സ്വഭാവമായിരുന്നു. എല്ലാവരെയും വെറുപ്പിക്കും. ഭര്‍ത്താവുമായി എപ്പോഴും വഴക്കായിരുന്നു. മുത്തുവേല്‍ കുടിച്ചിട്ട് വരുന്നദിവസം മുഴുവന്‍ വഴക്കാവും. എന്നോടല്ല, അമ്മയോടാവും കുടുതല്‍ വഴക്ക്.
മകന്‍ കല്യാണം കഴിച്ചതോടെ അവനും എന്നെ വേണ്ടാതായി. അവന് വേണ്ടെങ്കില്‍ വേണ്ടെന്ന് ഞാനും വച്ചു. പെണ്ണിന്റെ വാക്കുംകേട്ട് നടക്കുകയാണ് അവന്‍. കല്‍പ്പണിയാണ് അവന്. ഒരു സൈക്കിള്‍ കടയില്‍ പണിയുണ്ട്. സൈക്കിള്‍ നന്നാക്കാനറിയാം. കുറേക്കാലം അമ്മയും ഞാനും മാത്രമായിരുന്നു കഴിഞ്ഞത്. അമ്മ മരിച്ചപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടു. അയല്‍വാസിയായ രാജമ്മയും സുനിജയുമാണ് ഇവിടെ വന്നാല്‍ പണികിട്ടുമെന്ന് പറഞ്ഞത്. അവരിവിടെയാണ് പണിയെടുത്തിരുന്നത്. അവര്‍ ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചുപോയി. അവിടെ നിന്നിട്ട് കാര്യമില്ല. കൂലി കുറച്ചേയുള്ളൂ. എപ്പോഴും പണിയില്ല. അതുകൊണ്ടാണ് പോന്നത്.
കളമശേരിയിലാണ് ഞാന്‍ താമസിക്കുന്നത്. ഏലൂരില്‍. ഇവിടെ തമിഴ് കോളനിയുണ്ട്. ഞാന്‍ താമസിക്കുന്നത് വാടകയ്ക്കാണ്. മാസം അറുനൂറു രൂപ കൊടുക്കണം. വേറെയും സ്ത്രീകളുണ്ട് ഒപ്പം. മെക്കാഡ് പണിയാണ് ഞാന്‍ ചെയ്യുന്നത്. ആ പണി മാത്രമേ ചെയ്യൂ എന്നില്ല. എന്തു പണിയും ചെയ്യും.
രാവിലെ ആറുമണിക്ക് മുമ്പായി വീട്ടില്‍ നിന്നിറങ്ങും. ആദ്യ ബസില്‍ ഒന്നുകില്‍ കളമശേരിയിലോ അല്ലെങ്കില്‍ കലൂരോ പോവും. പണിയുണ്ടെങ്കില്‍ കൂടെയുള്ളവര്‍ നേരത്തെ പറയും. അല്ലാത്ത ദിവസങ്ങളില്‍ എട്ടര വരെ കാത്തുനില്‍ക്കും. മിക്കപ്പോഴും പണിയുണ്ടാവും. എന്നാല്‍ പണിയില്ലാത്ത ദിവസങ്ങളുമുണ്ട്. കുറഞ്ഞത് ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും പണി കിട്ടും.
350 രൂപയാണ് കൂലി. ആണുങ്ങള്‍ക്ക് 50 രൂപ കൂടുതലുണ്ട്. ചില ആണുങ്ങള്‍ക്ക് 100 രൂപവരെ കൂടുതലായി കിട്ടും. ആണുങ്ങള്‍ ചെയ്യുന്ന അതേ പണി പെണ്ണുങ്ങള്‍ ചെയ്താലും കൂലി വ്യത്യാസമുണ്ട്. ആളുകള്‍ 350 രൂപ കൂലി കുറക്കാന്‍ പറയും. അതിന് ഞങ്ങള്‍ സമ്മതിക്കില്ല. ഈ കൂലി തമിഴ്‌നാട്ടില്‍ കിട്ടില്ല. അവിടെ കൂടിയാല്‍ ഇരുനൂറുരൂപ കിട്ടും. ഇവിടെ വല്ലാര്‍പാടത്തെ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നിര്‍മാണ പണി കുറേ ദിവസം ചെയ്തു. കലൂരിലെ ഒരു ഫ്‌ളാറ്റിന്റെ പണിയുണ്ടായിരുന്നു. ചിലപ്പോള്‍ ചില വീടിന്റെ മതില്‍കെട്ടാനോ, കെട്ടിടത്തിനുവേണ്ടി അടിത്തറ കുഴിക്കാനോ റോഡ് പണിക്കോ ഒക്കെയാവും വിളിക്കുക.
മലയാളികളുടെ പെരുമാറ്റം വളരെ മോശമാണ്. അവര്‍ക്ക് ഞങ്ങളോട് പുശ്ചമാണ്. ചിലര്‍ എന്തോ വെറുക്കപ്പെട്ടവരെ കാണുന്നതുപോലെയാണ് പെരുമാറുക. ബസിലൊക്കെ കയറുമ്പോള്‍ ഞങ്ങളെ ചീത്ത വിളിക്കും. തമിഴ്‌നാട്ടില്‍ ഇവിടെ നിന്നുള്ളവര്‍ വന്ന് കടകള്‍ നടത്തുന്നുണ്ട്. പണിയെടുക്കുന്നുമുണ്ട്. അവരെ ആരും മോശം രീതിയില്‍ സമീപിക്കാറില്ല. ഇവിടെ അങ്ങനെയെല്ല. കടകളില്‍ ചെന്നാല്‍ സാധനം ദൂരെനിന്ന് എടുത്ത് എറിഞ്ഞു തരും. നിങ്ങള്‍ക്ക് ഞങ്ങള്‍ വെറും പാണ്ടികളാണ്. അങ്ങനെ വിളിക്കുന്നവരുമുണ്ട്. അതൊന്നും നോക്കിയിട്ട് കാര്യമില്ല. ജീവിക്കാന്‍ വേണ്ടി പണിയെടുക്കുന്നു.
നാട്ടില്‍ വര്‍ഷത്തിലൊരിക്കല്‍ പോകും. ചിലപ്പോള്‍ തോന്നും എന്തിനാണ് പോകുന്നതെന്ന്. മകനെയും അവന്റെ മകളെയും കാണാന്‍ പോകണമെന്നുണ്ട്. മരുമകളെ എനിക്കിഷ്ടമില്ല. അവളെ കാണണമെന്നുമില്ല. മകന്് എന്നെ കാണണമെന്നുണ്ടോ എന്നറിയില്ല. അങ്ങനെ തോന്നുന്നില്ല. ഇടക്ക് അവന്‍ വിളിച്ച് വിവരം ചോദിക്കും. പൊങ്കലിന് പോകണമെന്നുണ്ടായിരുന്നു. നടന്നില്ല. ഇനി ക്രിസ്മസിന് പോകണമെന്നാണ് കരുതുന്നു. പോയാല്‍ നാട്ടുകാരെ കാണാം. സ്വന്തം നാട്ടില്‍ നില്‍ക്കുമ്പോഴുള്ള സന്തോഷം എവിടെയും കിട്ടില്ല.






'തിരിച്ചുപോയിട്ടെന്തിന്?'


അര്‍ജുന്‍ സാവ്, 39, നയിഹതി, പശ്ചിമ ബംഗാള്‍


ഇരുപത്തിമൂന്ന് കൊല്ലത്തിലധികമായി ഞാന്‍ അന്യനാടുകളില്‍ തൊഴില്‍ ചെയ്യുന്നു. പ്ലസ് ടു കഴിഞ്ഞ ഉടനെ ജോലി തേടി നാടുവിട്ടുവെന്ന് പറയാം. നാടുമായി ഇപ്പോള്‍ നേര്‍ത്ത ബന്ധമേയുള്ളൂ.
ചോദിക്കുന്നവരോട് കൊല്‍ക്കത്തയെന്നാണ് പറയുക. ആളുകള്‍ക്ക് മറ്റ് നാടുകള്‍ അറിയില്ലല്ലോ. നയിഹതി എന്നാണ് ഗ്രാമത്തിന്റെ പേര്. 24 പര്‍ഗാന വടക്ക് ജില്ലയിലാണ് ഈ സ്ഥലം. അര്‍ദ്ധപട്ടണമാണ് നയിഹതി. ഒരു റെയില്‍വേ സ്‌റ്റേഷനുണ്ട് അവിടെ. കൊല്‍ക്കത്ത സബ് അര്‍ബന്‍ റെയില്‍വേ സിസ്റ്റത്തിന്റെ ഭാഗമാണ് ഈ സ്‌റ്റേഷനും. സീല്‍ദായിലേക്ക് 38 കിലോമീറ്ററാണ് ദൂരം. ഫെറി സര്‍വീസുണ്ട് കൊല്‍ക്കത്തയ്ക്ക്. ബംഗാളിന്റെ തെക്കന്‍ ഭാഗത്തുള്ള ജില്ലയാണ് 24 പര്‍ഗനന. സാമ്പത്തികമായി ബംഗാളിലെ പിന്നോക്ക ജില്ലയാണ്. കേരളത്തിലേതുപോലുള്ള കാലാവസ്ഥയാണ് അവിടെ. ജൂണ്‍ മധ്യം മുതല്‍ സെപ്റ്റംബര്‍ വരെ മഴയാണ്.
നാട്ടിലെ പ്രധാന തൊഴില്‍മേഖല തുകലുമായി ബന്ധപ്പെട്ടതായിരുന്നു. അവിടെ ഒരു തുകല്‍കമ്പനി പ്രവര്‍ത്തിച്ചിരുന്നു. മുമ്പാണത്. എന്നാല്‍, പെട്ടന്ന് തുകല്‍ വ്യവസായം തകര്‍ന്നു. കമ്പനി അടച്ചു. അതോടെ നാടിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നു. ഇടത്തരം കുടുംബമാണ് എന്റേത്. അച്ഛനും അമ്മയും ഒരു സഹോദരനുമടങ്ങിയതാണ് കുടുംബം. മതം ഹിന്ദു. ബനിയ ജാതിക്കാരാണ് ഞങ്ങള്‍. ബനിയ ജാതീയമായി മുന്നിലുള്ളവരാണ്. ജനറല്‍ വിഭാഗത്തിലാണ് പെടുന്നത്. അച്ഛന് കച്ചവടമായിരുന്നു ജീവിതമാര്‍ഗം. വലിയ കച്ചവടമൊന്നുമുണ്ടായിരുന്നില്ല. ചെറിയതോതില്‍. പഠിച്ചത് കാന്‍കിനാണ്‍ ഹിമാതല്‍ ധ്രുവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. പ്ലസ് ടു കഴിഞ്ഞ ഉടനെ ജോലി തേടാനുള്ള ശ്രമമായി. അധികം പഠിച്ചിട്ടും കാര്യമില്ലെന്നായിരുന്നു തോന്നല്‍. ആ സമയത്ത് എന്റെ ഒരു അളിയന് പഞ്ചാബിലായിരുന്നു ജോലി. അദ്ദേഹം അങ്ങോട്ടേക്ക് വിളിച്ചു. നാട്ടില്‍ നിന്നിട്ട് ഒരു കാര്യമില്ല. കമ്പനികളൊന്നും അധികമില്ല. വലിയ ശമ്പളമൊന്നും കിട്ടില്ല. അതുകൊണ്ട് പഞ്ചാബിലേക്കു വരാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ സിറാമിക് മേഖലയിലെ കമ്പനിയില്‍ ജോലി ചെയ്തു. അപ്പോള്‍ 16 വയസേയുള്ളൂ. പിന്നെ ഞാന്‍ രാജസ്ഥാന്‍, ഡല്‍ഹി,ഹരിയാന എന്നിവിടങ്ങളിലെ സിറാമിക്‌സ് കമ്പനികളില്‍ പതിമൂന്നുവര്‍ഷം ജോലി ചെയ്തു. സാധാരണ തൊഴിലാളിയായിരുന്നു അവിടെയൊക്കെ.
അപ്പോഴാണ് കേരളത്തില്‍ സിറാമികസ് കമ്പനിയില്‍ ഒഴിവുണ്ടെന്ന പരസ്യം കണ്ടത്. അപേക്ഷിച്ചു. അങ്ങനെ ജോലികിട്ടി. 1995 ലാണ് അത്. സാധാരണ തൊഴിലാളിയായിട്ടാണ് വ്യവസായ മേഖലയിലെ കമ്പനിയില്‍ പണികിട്ടിയത്്. ഇപ്പോള്‍ സൂപ്പര്‍വൈസറായി പണിയെടുക്കുന്നു.
1995 ലായിരുന്നു കല്യാണം. നാട്ടുകാരി തന്നെയാണ് ഭാര്യ- മഞ്ജു. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതാണ്് വിവാഹം. ഇവിടുന്ന് അവിടെയെത്തി കല്യാണം കഴിച്ചു, വൈകാതെ മടങ്ങിവന്നു. ഭാര്യയും കുടുംബവും ഇപ്പോള്‍ കാക്കനാട്ട് ഒപ്പമുണ്ട്. പ്രായം പെട്ടന്ന് കടന്നുപോകുകയാണ്. 39 വയസായി. രണ്ടു പെണ്‍മക്കളുണ്ട്. മൂത്തയാള്‍ പത്തിലേക്കാവുന്നു. മറ്റെയാള്‍ ചെറുതാണ്. ഒന്നിലേക്കാവുന്നതേയുള്ളൂ. കാക്കനാട്ട് മാര്‍ത്തോമ സ്‌കൂളിലാണ് പഠിക്കുന്നത്. ഇപ്പോള്‍ അവരിവിടെയില്ല. സ്‌കൂള്‍ അടച്ചതിനാല്‍ ഭാര്യ അവരെയും കൂട്ടി നാട്ടിലേക്ക് പോയിരിക്കുന്നു. മെയ് ഒന്നിന് മടങ്ങിവരും.
ഇത് ഒരു പരിചയക്കാരന്റെ വീടാണ്. കൃത്യമായ വാടകയില്ല. എന്നാലും മൂവായിരത്തിനധികമാവും കൊടുക്കേണ്ട തുക. ഞാന്‍ വര്‍ഷത്തില്‍ രണ്ടുതവണ നാട്ടില്‍ പോകും. ഇനി ദുര്‍ഗാ പൂജയ്ക്കാവും പോവുക. നാട്ടില്‍ അധികം ബന്ധങ്ങളില്ല. അമ്മ മരിച്ചു. അച്ഛനും സഹോദരനുമാണുള്ളത്്. നാടുമായിട്ടുള്ള ബന്ധം രബീന്ദ്ര സംഗീതം കേള്‍ക്കുന്നതിലൂടെയൊക്കേയുള്ളൂ. ഇവിടെ ബംഗാളി സംഗീതമോ സിനിമയോ ഇല്ല. പിന്നെ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ഹിന്ദി സിനിമയും പാട്ടുകളുമാണ്.
മലയാളം സംസാരിക്കാന്‍ അറിയാം. കുറച്ച് അക്ഷരങ്ങള്‍ കണ്ടാലും മനസിലാവും. ഇവിടെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുമെന്ന് രാഷ്ട്രീയക്കാര്‍ പറഞ്ഞിരുന്നു. അതേതായലും ഉണ്ടായില്ല. അടുത്തെങ്ങും പേര് ചേര്‍ക്കുമെന്നും കരുതുന്നില്ല. എനിക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല. മുമ്പ് കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. എന്നാല്‍, പ്രവര്‍ത്തകനൊന്നുമായിരുന്നില്ല. അത്തരം തിരിച്ചറിവു വരുന്ന സമയത്തേ ഞാന്‍ നാട് വിട്ടു.
ബംഗാള്‍ ശരിക്കും തകര്‍ന്ന അവസ്ഥയാണ്. അവിടെ വികസനമില്ല. പുതിയ ഒന്നും അവിടെ ഉണ്ടാവുന്നില്ല. എന്തെങ്കിലൂം നടക്കുന്നുണ്ടെങ്കില്‍ അത് കൊല്‍ക്കത്തയില്‍ മാത്രമാണ്്. ബംഗാളില്‍ പുതിയ കമ്പനികള്‍ തുറക്കുന്നില്ല. സിംഗൂര് ടാറ്റ വന്നപ്പോള്‍ ഇങ്ക്വിലാബും ബഹളവും. അപ്പോള്‍ പിന്നെ നാട്ടുകാര്‍ക്ക് ജീവിക്കാന്‍ എന്തുചെയ്യാന്‍ പറ്റും. നാടുവിടുകയല്ലാതെ.
കേരളത്തിലുള്ളവര്‍ കൂടുതല്‍ പൈസ കിട്ടുന്ന ജോലിക്ക് ഗള്‍ഫില്‍പോകും. കാരണം അവര്‍ പഠിത്തമുള്ളവരാണ്. ബംഗാളിലെ മനോഭാവം പഠിക്കുന്നതില്‍ കാര്യമില്ലെന്നാണ്. എങ്ങനെയെങ്കിലും പണികിട്ടിയാല്‍ മതി എന്നതാണ് നാട്ടുകാരുടെ അവസ്ഥ. എല്ലാവരും വളരെ ചെറുപ്പത്തിലേ മറ്റ് പണിയിലേക്ക് തിരിയും. അതുകൊണ്ട് തൊഴിലില്ലാത്തവര്‍ ധാരാളമുണ്ട്. ഗ്രാമങ്ങളില്‍ പട്ടിണിയുണ്ട്. ഇവിടെ കിട്ടുന്ന കൂലി ബംഗാളില്‍ കിട്ടുകയുമില്ല.
ബംഗാളില്‍ നിന്ന് കൂടുതല്‍ പേരും വരുന്നത് കൊച്ചിയിലേക്കാണ്. കേരളത്തില്‍ പോലും കൊച്ചിയില്‍ മാത്രമേ വികസനമുള്ളൂ. ഒരു ബംഗാളി ഇവിടെ വരുമ്പോള്‍ കരാറുകാര്‍ പറയും കുടുതല്‍ നാട്ടുകാരെ വിളിച്ചുകൊണ്ടുവരാന്‍. അവര്‍ പോയി നാട്ടിലെ അഞ്ചെട്ടുപേരുമായി വരും. അങ്ങനെയാണ് കൂടുതല്‍ കൂടുതല്‍ പേര്‍ തൊഴില്‍ തേടി ഇവിടെ വരുന്നത്. ഇവിടെ ഇങ്ങനെ ഫ്‌ളാറ്റുകള്‍ അതിവേഗം ഉയരാന്‍ എന്താണ് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? അന്യസംസ്ഥാനത്ത് നിന്ന് ആളുവന്നതുകൊണ്ടാണ്. തൊട്ടുമുമ്പിലുള്ള 'ശില്‍പകല' എന്ന ഫ്‌ളാറ്റ് പണിയാന്‍ ഒരു വര്‍ഷമേ എടുത്തുള്ളു. അതിവിടെയുള്ളവര്‍ പണിയുകയായിരുന്നെങ്കില്‍ മൂന്നോ നാലോ കൊല്ലം വേണ്ടിവരും. ബംഗാളില്‍ നിര്‍മാണ മേഖലയില്‍ പണിയറിയാവുന്ന ചെറുപ്പക്കാര്‍ ധാരാളമുണ്ട്. പക്ഷേ അവിടെ 150 രൂപയേ കൂലിയുള്ളൂ. ഇവിടെ 350-450 രൂപ കിട്ടും. അതുകൊണ്ട് തന്നെ നിര്‍മാണ പണി അറിയാവുന്നവരുടെ ഒഴുക്കാണ് ഇങ്ങോട്ട്. നിര്‍മാണ മേഖലയില്‍ മാത്രമല്ല, മുടിവെട്ട് കടയിലും വീട്ടുജോലിക്കുമെല്ലാം ബംഗാളില്‍ നിന്നുള്ളവരുണ്ട്. മുടിവെട്ട് കടയില്‍ കമീഷന്‍ വ്യവസ്ഥയിലാണ് അവര്‍ പണിയെടുക്കുന്നത്. ഒരാളുടെ മുടിവെട്ടിയാല്‍ ഇരുപത് രൂപ കിട്ടും. ബാക്കിയുള്ളത് കടയുടമ എടുക്കും. ബംഗാളില്‍ തലമുടിവെട്ടിയാല്‍ കൂടിയാല്‍ ആറുരൂപയാണ് കിട്ടുക. അതാണ് വ്യത്യാസം.
ബംഗാളിലേക്ക് തിരിച്ചുപോകണമെന്നുണ്ട്. പക്ഷേ, പോയിട്ടെന്തിനാണ്. പണി കിട്ടില്ലല്ലോ. സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ മാനേജര്‍ പോസ്റ്റില്‍ അവിടെ ഏത് കമ്പനിയിലാണ് ജോലി കിട്ടുക? ആകെ കുറച്ചേ കമ്പനികളുള്ളൂ. അതും അടച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ തിരിച്ചുപോയിട്ടെന്തിന്?

പച്ചക്കുതിര
2011 മെയ്‌

Photo: Sunoj N Mathew (Mangalam)

Monday, May 2, 2011

ഞാനും അവരും ഇപ്പോഴും 'പട്ടികജാതി'ക്കാര്‍ മാത്രമാണ്

സംഭാഷണം

ആനന്ദ് തെല്‍തുംബ്‌ദേ/ആര്‍.കെ. ബിജുരാജ്


ദളിത്പക്ഷ ചിന്തകനും എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ ഡോ. ആനന്ദ് തെല്‍തുംബ്‌ദേ ജാതിയെയും ദലിത് അവസ്ഥകളെയും പറ്റി സംസാരിക്കുന്നു. ഇന്ത്യന്‍ സാമൂഹ്യാവസ്ഥയില്‍ അടിസ്ഥാനപരമായി ഒരു മാറ്റവും സംഭവിക്കുന്നില്ലെന്നും ദലിതുകളുടെ ജീവിത സാഹചര്യം മുമ്പെന്നെത്തേക്കാളും മോശമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.



ഞാനും അവരും ഇപ്പോഴും 'പട്ടികജാതി'ക്കാര്‍
മാത്രമാണ്



ഒരൊറ്റ വാചകം ചിലപ്പോള്‍ നമ്മളോട് പലതും പറയാതെ പറയും. ''എന്റെ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന യോഗ്യതകള്‍ എനിക്കുണ്ട്, എന്നാല്‍ ഞാനിപ്പോഴും ഒരു 'പട്ടികജാതി'ക്കാരനാണ്''- ദളിത് പക്ഷ ചിന്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെല്‍തുംബ്‌ദേയുടെ വാചകം അത്തരത്തില്‍ ഒന്നാണ്. ദളിതുകള്‍ക്ക് മുന്നില്‍ ജീവിതവും സമൂഹവും വെല്ലുവിളിയായി കടന്നുവരുന്നതിനെപ്പറ്റിയാണ് ആ വാക്കുകള്‍ രോഷംകൊള്ളുന്നത്.
ദളിത് പക്ഷ ചിന്തകന്‍ എന്നതിനു പുറമെ ആക്റ്റിവിസ്റ്റും മനുഷ്യാവകാശപ്രവര്‍ത്തകനുമാണ് ഡോ. ആനന്ദ് തെല്‍തുംബ്‌ദെ. ദളിത് പക്ഷത്തു തന്നെ വേറിട്ട ചിന്താധാരയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നീരിക്ഷകന്‍ (പൊളിറ്റിക്കല്‍ കമന്റേറ്റര്‍) കൂടിയായ ആനന്ദ് തെല്‍തുംബ്‌ദെയുടെ ജനനം മഹാരാഷ്ട്രയിലെ രജൂരിലാണ്. ഭൂരഹിത തൊഴിലാളി കുടുംബത്തില്‍ അംഗമായിട്ടായിരുന്നു അത്. പിന്നീട് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ബിരുദം. ഇപ്പോള്‍ മുംബൈയിലെ പെട്രോനെറ്റ് ഇന്ത്യാ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ്. സമകാലിക സംഭവങ്ങളെപ്പറ്റി ആനുകാലികങ്ങളില്‍ പതിവായി വിശകലനവും വിമര്‍ശവും എഴുതിവരുന്നു. മുംബൈയിലാണ് താമസം. ഡോ. അംബേദ്കറിന്റെ പൗത്രി രമയാണ് ഭാര്യ. 'അംബേദ്കര്‍ ഓണ്‍ മുസ്ലീംസ്', 'ഖൈര്‍ലാന്‍ജി: എ സ്‌ട്രെയിഞ്ച് ആന്‍ഡ് ബിറ്റര്‍ കോപ്പ്', 'ഹിന്ദുത്വ ആന്‍ഡ് ദളിത്‌സ്', 'അംബേദ്കര്‍ ഇന്‍ ആന്‍ഡ് ഫോര്‍ ദ പോസ്റ്റ്-അംബേദ്കര്‍ ദളിത് മൂവ്‌മെന്റ്' എന്നിവ ഉള്‍പ്പടെ 16 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ഈ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ തെല്‍തുംബ്‌ദേ തന്റെ ജീവിതത്തെപ്പറ്റിയും ദളിത് അവസ്ഥകളെയും പറ്റിയുള്ള ചില തുറന്ന വിചാരങ്ങള്‍ പങ്കുവയ്ക്കുന്നു.



താങ്കള്‍ എങ്ങനെയാണ് ജാതി വിരുദ്ധ പ്രസ്ഥാനത്തിലേക്കും ദളിത് ബോധത്തിലേക്കും എത്തിച്ചേരുന്നത്?

ഞാന്‍ ജനിച്ചത് ഒരു ഭൂരഹിത തൊഴിലാളി കുടുംബത്തിലാണ്. അതുകൊണ്ട് സ്വാഭാവികമായി തന്നെ ഗ്രാമത്തില്‍ നിലനിന്നിരുന്ന വിവിധ തരം അസമത്വങ്ങള്‍ പരിചിതമായിരുന്നു. ഞങ്ങളുടേത് സാധാരണ രീതിയിലുള്ള ഒരു ഗ്രാമമായിരുന്നില്ല. അവിടെ ഒരു റെയില്‍വേ സ്‌റ്റേഷനുണ്ടായിരുന്നു. താലൂക്ക് പട്ടണം, ചുണ്ണാമ്പുക ഫാക്ടറികള്‍, കല്‍ക്കരി ഖനികള്‍ എന്നിവയിലേക്ക് ബന്ധിപ്പിക്കുന്ന റോഡുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം ജാതിയെപ്പറ്റി ചിന്തിക്കാനും വിപ്ലവകരമായ രീതിയില്‍ കാര്യങ്ങളെ നോക്കിക്കാണാനും സഹായകമായി. മാര്‍ക്‌സിസത്തിലേക്ക് ജോസഫ് സ്റ്റാലിന്റെ ജീവചരിത്രം വായിച്ച് ഞാന്‍ അടുത്തു. ആ പുസ്തകം എനിക്ക് ലഭിച്ചത് രണ്ടാംക്ലാസില്‍ ഒന്നാമനായതിനാണ്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ അംബേദ്കറെ വായിക്കുന്നത്. മാര്‍ക്‌സിസം ആരും പഠിപ്പിച്ചുതന്നതല്ല. സൈദ്ധാന്തികവും പ്രായോഗികവുമായ രീതിയിലൂടെ വൈരുദ്ധ്യാത്മകമായിട്ടാണ് ഞാനത് സ്വയം സ്വായത്തമാക്കിയത്. ഈ പ്രക്രിയ ജാതി ബോധം എന്ന യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. പിന്നീട്, എനിക്ക് ജാതി, വര്‍ഗം എന്നീ അടിസ്ഥാന ദ്വന്ദങ്ങളാണ് ആദ്യകാല കമ്യൂണിസ്റ്റുകളുടെ വിഡ്ഡിത്തം എന്നു മനസിലായി. അവര്‍ ഇവിടുത്തെ സാമൂഹ്യ അസ്ഥയെ ശരിയായ രീതിയില്‍ വര്‍ഗവിശകലനം നടപ്പാക്കുന്നതില്‍ പരാജയെപ്പട്ടുവെന്ന് മനസിലായി. അത്തരത്തിലായിരുന്നു എന്റെ ചിന്തകളുടെയും ധാരണകളുടെയും വികാസം.

ജാതിയെ മനസിലാക്കുന്നതില്‍ കമ്യൂണിസ്റ്റുകള്‍ക്ക് പാളിച്ച പറ്റി എന്നതാണോ താങ്കളെ മാറ്റി ചിന്തിപ്പിക്കുന്നത്?

അതെ. വര്‍ഗ വികശലനം ഏതൊരു രാജ്യത്തെയും സമൂര്‍ത്ത സാഹചര്യത്തിന് അനുസരിച്ചാണ് നടത്തുക. എന്നാല്‍, കമ്യൂണിസ്റ്റുകള്‍ അതിന് ഇറക്കുമതി ചെയ്യപ്പെട്ട സിദ്ധാന്തങ്ങളാണ് ഉപയോഗിച്ചത്. ശരിയായ വിശലകനം നടത്തിയിരുന്നെങ്കില്‍ വര്‍ഗവുമായി ഉള്‍ചേര്‍ന്നിരിക്കുന്ന ജാതിയെ അവര്‍ കാണുമായിരുന്നു. അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ സമാന്തരമായ ദലിത് പ്രസ്ഥാനം ആവശ്യമായി വരില്ലായിരുന്നു. ഇന്ത്യയുടെ ചരിത്രം തന്നെ മാറിപ്പോയേനെ. ജാതിയെ എതിരിടാതെ ഈ രാജ്യത്ത് ഗുണകരമായ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് എനിക്ക് ബോധ്യമായി. ഭരണവര്‍ഗങ്ങള്‍ക്ക് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശക്തിമത്തായ ആയുധമാണ് ജാതി. ഈ ആയുധം നശിപ്പിക്കുക എന്നതാണ് പ്രധാനം. അടിത്തട്ടിലുള്ള ജനവിഭാഗത്തെ മുഴുവന്‍ ഒരു വര്‍ഗമായി സംഘടിപ്പിക്കുക എന്നതാണ് ഇന്ത്യയില്‍ ഒരു വിപ്ലവ പദ്ധതിക്ക് വേണ്ട ഏറ്റവും അടിസ്ഥാന പരമായ ആവശ്യം.


''എന്റെ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന യോഗ്യതകള്‍ എനിക്കുണ്ട്, എന്നാല്‍ ഞാനിപ്പോഴും ഒരു 'പട്ടികജാതി'ക്കാരനാണ്''-താങ്കള്‍ പറഞ്ഞതാണിത്. വിശദീകരിക്കാമോ?

അടിസ്ഥാനപരമായി ഇന്ത്യയില്‍ ഒന്നും മാറുന്നില്ല. അതാണ് വസ്തുത. പുരോഗമനക്കാരായ ആളുകള്‍പോലും നിങ്ങളെ ദലിത് എന്ന രീതിയില്‍ തിരിച്ചറിയുന്നത് ഞെട്ടിപ്പിക്കും. എത്ര ആഴത്തിലാണ് ജാതി എന്ന ബോധം ഓരോരുത്തരിലും പടര്‍ന്നിറങ്ങിയിരിക്കുന്നത് എന്ന് ഇത് വ്യക്തമാക്കും. ഞാനെപ്പോഴും ഏറ്റവും ഉയര്‍ന്ന റാങ്ക് മേടിച്ച വിദ്യാര്‍ത്ഥിയാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളോടും ആത്മാത്ഥയോടെ സമീപിക്കുകയും വസ്തുനിഷ്ഠമായ മത്സരങ്ങളില്‍ ആത്മവിശ്വാസത്തോടെ പോരാടി വിജയിക്കുകയും ചെയ്തയാളാണ്. എന്നാല്‍ പിഗ്മികള്‍ എന്ന നിലയില്‍ നമ്മള്‍ വിലയിരുത്തപ്പെടുന്നത് ഞെട്ടലുളവാക്കും. ഇതെങ്ങനെയാണ് വിശദീകരിക്കുക? 'പ്രീമിയവും', 'ഡിസ്‌കൗണ്ടും' ഉള്ള ഒരു വ്യവസ്ഥയിലാണ് ജാതി പ്രവര്‍ത്തിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. സംവരണത്തിനായി യാചിക്കുന്ന ദലിതാണ് നിങ്ങളെങ്കില്‍ അവരെന്തിങ്കിലും തന്നേക്കും. പക്ഷേ, നിങ്ങള്‍ക്ക് സംവരണം വേണ്ടെങ്കില്‍ അവര്‍ നിങ്ങളെ അധിക്ഷേപിക്കും. വ്യക്തിപരമായ അനുഭവങ്ങള്‍ സാമൂഹ്യപരമായ കാര്യങ്ങളുമായി കൂട്ടിക്കലര്‍ത്തുന്നത് എനിക്ക് ഇഷ്ടമില്ല. എന്നാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന കാപട്യം എന്നെ വേദനിപ്പിക്കുന്നുണ്ട്. ഞാനെന്നും പുരോഗമനവാദിയായിരുന്നു. ജാതിയെപ്പറ്റി സങ്കുചിതമായ തലത്തില്‍ സംസാരിച്ചിട്ടില്ല. എന്റെ എഴുത്തിന്റെ നല്ല പങ്കും ഈ തരത്തില്‍ നോക്കിയാല്‍ ജാതിയെ നിരാകരിക്കുന്നതാണ്. എന്നാല്‍ ഞാനിപ്പോഴും 'ദലിത്' എഴുത്തുകാരനായിട്ടാണ് പരിഗണിക്കപ്പെടുന്നത്. മറ്റുള്ളവരെ അവര്‍ ജാതിയുമായി ചേര്‍ത്ത് പരാമര്‍ശിക്കാറുണ്ടോ? എന്തുകൊണ്ട് ദലിതുകളെ മാത്രം ജാതിയുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കുന്നു. അവരുടെ മനസിലുള്ള ജാതി വിഷമാണ് വെളിപ്പെടുത്തുന്നത്. ഞാന്‍ പങ്കാളിയായ കോര്‍പ്പറേറ്റ് മേഖലയെ വിട്ടുകളയാം. അഹമ്മദാബാദ് ഐ.ഐ.എം ലെ പൂര്‍വ വിദ്യാര്‍ത്ഥി ഏതെങ്കിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അവര്‍ക്ക് മാധ്യമങ്ങള്‍, പൂര്‍വവിദ്യാര്‍ത്ഥി സമൂഹം എന്നിങ്ങനെ പല കോണുകളില്‍ നിന്ന് വലിയ അംഗീകാരങ്ങള്‍ കിട്ടും. രണ്ടു ദശാബ്ദത്തിലേറെയായി ഞാന്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവമാണ്. എന്നാല്‍ ആരും അത്തരം അഭിനന്ദനങ്ങളൊന്നും എനിക്ക് നല്‍കിയിട്ടില്ല. പകരം ദലിത് എന്ന പരാമര്‍ശമാണ് ഞാന്‍ നേരിട്ടിട്ടുള്ളത്. ഒരു ഐ.ഐ.എം.എ മുന്‍ വിദ്യാര്‍ത്ഥി ഒരു കഥാ പുസ്തകം രചിച്ചു. അദ്ദേഹത്തെ എല്ലാവരും എഴുത്തുകാരനായി പുകഴ്ത്തി. ദീര്‍ഘകാല താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന 18 പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഒരാളും എഴുത്തുകാരന്‍ എന്ന പേരില്‍ എന്നെ അഭിസംബോധന ചെയ്തിട്ടില്ല. സാധാരണ ആത്മനിഷ്ഠമായ സ്വയം അവസ്ഥയെപ്പറ്റി ഞാന്‍ ചിന്തിക്കാറില്ല. എങ്കില്‍ തന്നെ ചുറ്റുപാടുമുള്ള വസ്തുനിഷ്ഠമായ അഴുക്കുകള്‍ നിങ്ങള്‍ ചിലപ്പോഴെങ്കിലും ശ്രദ്ധിക്കേണ്ടിവരുന്നു.


എന്താണ് ദളിതുകളുടെ അവസ്ഥ? പുരോഗന മാറ്റങ്ങള്‍ സംഭവിക്കുകയാണോ, അതോ തിരിച്ചടിയോ?

എന്നത്തേക്കാളും, വ്യത്യസ്തവിഭാഗങ്ങള്‍ ഉര്‍ച്ചേര്‍ന്ന ഒരു വിഭാഗമാണ് ദലിതുകള്‍ . ദലിത് എന്നത് അഭിലാഷങ്ങളുള്ള വര്‍ഗം എന്ന പദമാണ്. എല്ലാതൊട്ടുകൂടാത്തവരെയും ഉള്‍പ്പെടുത്തുന്ന പേര്. ആ പദം ആവിഷ്‌കരിക്കുന്ന സമയത്ത് ദലിതുകള്‍ക്കിടയില്‍ വര്‍ഗപരമായി നല്ലയളവില്‍ ഐക്യാവസ്ഥയുണ്ടായിരുന്നു. പക്ഷേ ഇന്ന് അത് വ്യത്യാസപ്പെട്ടിട്ടുണ്ട്. സംവരണ വ്യവസ്ഥയും സര്‍ക്കാരിന്റെ നവീകരണ പദ്ധതികളും മൂലം സമൂഹത്തിന്റെ ഓരോ തലത്തിലും അസമത്വമേറിയിട്ടുണ്ട്. ദലിതുകളില്‍ ഭൂരിപക്ഷവും, തീര്‍ച്ചയായും 90 ശതമാനത്തിലധികം, മോശാവസ്ഥയിലാണ്. നവലിബറല്‍ നയങ്ങളുടെ ഉന്നതവര്‍ഗ സമീപനം മൂലമാണ് ഇത്. ദലിതുകള്‍ക്ക്് നല്ല വിദ്യാഭ്യാസമില്ല. ജോലി കിട്ടുമെന്ന് പ്രതീക്ഷയില്ല. സംവരണം ശരിക്കും ഇല്ലാതായിട്ടുണ്ട്. ഗ്രാമീണ സാമ്പത്തിക വ്യവസ്ഥ തകരുകയും ജാതി അതിക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ആഗോളീകരണത്തിന്റെ രണ്ടു ദശാബ്ദങ്ങളില്‍ പുരോഗമനകരമായ എന്തെങ്കിലും മാറ്റമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ദലിതുകളില്‍ കൈവിരലില്ലെണ്ണാവുന്ന വര്‍ക്കുമാത്രമേ അല്‍പമെങ്കിലും ഗുണമുണ്ടായിട്ടുള്ളൂ. എല്ലാ മേഖലയിലും ദലിതുകള്‍ക്ക് ഗൗരവമായ തിരിച്ചടികള്‍ നേരിടുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്.


ജാതി വ്യവസ്ഥയെ എങ്ങനെയാണ് ഉന്മൂലനം ചെയ്യാനാവുക? രാഷ്ട്രീയമായി എന്താണ് താങ്കള്‍ നിര്‍ദേശിക്കുക?

ആദ്യം ജാതിയെ നിഷേധിക്കണം. പിന്നെ അതിന്റെ അവശിഷ്ട രൂപങ്ങള്‍ക്കെതിരെ പോരാടണം്. അതിനര്‍ത്ഥം ജാതിയെ ജാതിയില്‍ ഊന്നിക്കൊണ്ട് ഒരിക്കലും ഇല്ലാതാക്കാനാവില്ലെന്നാണ്. അതിനെ ഉന്മൂലനം ചെയ്യണമെങ്കില്‍ അതിനെ പരിവര്‍ത്തനപ്പെടുത്തണം. ജാതി എന്നത് ഭിന്നതകള്‍ നിറഞ്ഞതാണ്. അതിനെ ഒരുമിപ്പിക്കാനാവില്ല. എല്ലാ തൊട്ടുകൂടാത്ത ജാതികളെയും ഒന്നിപ്പിച്ചുകൊണ്ട് ദലിത് എന്നത് കേവലമായി നിര്‍മിക്കാനാവില്ല. നിങ്ങള്‍ ആളുകളെ ജാതിയില്‍ കൊണ്ടുവന്നാല്‍ അത് ജാതി ബോധവും ജാത്യാഭിമാനവും സൃഷ്ടിക്കും. അത് ഒരിക്കലും ഒന്നിപ്പിക്കില്ല. ജാതിയുടെ അിസ്ഥാനത്തില്‍ ഒന്നിപ്പിക്കുന്നത് നിര്‍ത്തി, വര്‍ഗാടിത്തറയില്‍ ജനങ്ങളെ ഒന്നിപ്പിക്കുക.ജാതിക്കുപുറത്ത് വിശാലമായ ഐക്യം എളുപ്പത്തിലുണ്ടാക്കാനാവും.
ജാതിക്കെതിരെയുളള ശക്തികളെ ക്രമേണ വളര്‍ത്തിക്കൊണ്ടുമാത്രമാണ് പ്രായോഗികമായ രീതിയില്‍ ജാതി നശീകരണം സാധ്യമാകുക. ദലിത് പ്രസ്ഥാനങ്ങള്‍ തിരിച്ചറിയേണ്ടത് സ്വയം അവര്‍ക്ക് ജാതിയെില്ലാതാക്കാന്‍ ഒരിക്കലുമാവില്ലെന്നാണ്.


ജാതി സമരങ്ങള്‍ എങ്ങനെയായിരിക്കണം. അവ അക്രമത്തിന്റെ പാത സ്വീകരിക്കണമോ? അതോ അക്രമരാഹിത്യത്തിന്റെയോ?

ജാതി സമരങ്ങള്‍ ചരിത്രപരമായി വിനാശകരമാണ്. ജാതികള്‍ പോരാടിയത് തങ്ങളുടെ മേല്‍കൈയ്ക്കുവേണ്ടിയാണ്. അവര്‍ ഉയര്‍ന്ന ജാതികളുടെ ചൂഷണം ചോദ്യം ചെയ്യപ്പെടാതെ വിടുകയും ചെയ്തു. ഈ യഥാര്‍ത്ഥ ജാതിയുദ്ധങ്ങക്കെള്‍ക്കപ്പുറം ജാതി സമരം അപ്രായോഗികവും പൊളളയായ വാചോടോപമാണ്. എന്താണീ ജാതിയുദ്ധം? ഏത് ജാതി ഏത് ജാതിക്കെതിരെയാണ് പോരാട്ടം നടത്താന്‍ പോകുന്നത്? ചരിത്രത്തില്‍ അത്തരമൊരു യുദ്ധത്തിന്റെ ഒരു ഉദാഹരണം പോലുമില്ല. അത്തരം ഒരു കാര്യത്തെപ്പറ്റി സംസാരിക്കുന്നവര്‍ക്ക് അതിനെപ്പറ്റി ഒരു ധാരണയുമില്ല. അക്രമമോ അക്രമരാഹിത്യമോ എന്നെ സംബന്ധിച്ച് അപ്രധാനമാണ്്.


ദലിത് പാന്തറുകളും സംഘടനകളും


ഒരിക്കല്‍ നമ്മള്‍ സജീവമായ ദളിത് പാന്തര്‍ മുന്നേറ്റങ്ങള്‍ കണ്ടു. അതില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ?

സര്‍വകലാശാലകളില്‍ നിന്ന് പുറത്തിറങ്ങുകയും എന്നാല്‍ ജാതി അതിക്രമങ്ങളുടെ കാലത്ത് മങ്ങിയ ഭാവി മാത്രം മുന്നിലുണ്ടാവുകയും ചെയ്ത ദളിത് യുവാക്കളുടെ സ്വാഭാവികമായ പ്രതികരണമായിരുന്നു ദളിത് പാന്തര്‍. മുഖ്യധാരണ നേതൃത്വത്തിന്റെ ഉത്തരവാദിത്വമില്ലായ്മയും ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന വിപ്ലവ മുന്നേറ്റങ്ങളുടെ ഉദയവുമാണ് അവരെ പ്രതികരിക്കുന്നതിലേക്ക് നയിച്ചത്. അമേരിക്കയിലെ ബ്ലാക്ക് പാന്തറുകളില്‍ പ്രചോദിതരായി അവര്‍ സൈനികമായ ഭാഷ സംസാരിച്ചതും സ്വഭാവികമാണ്. ദലിതുകളുടെ പൊതു ദൗര്‍ബല്യമായി 1936 ല്‍ അംബോദ്കര്‍ ചൂണ്ടിക്കാട്ടിയ മൂന്ന് കാര്യങ്ങളുടെ കുറവ് ദലിത് പാന്തറുകള്‍ക്കുണ്ടായിരുന്നു. സംഘടനാപരമായ ശക്തി, സാമ്പത്തിക ശക്തി, അതോടൊപ്പം തങ്ങളുടെ സൈനികമായ ഇടപെടലുകളെ നയിക്കാനുള്ള മാനസിക കരുത്ത്് (ആയശാസ്ത്രം). അവര്‍ തങ്ങളുടെ പുരോഗമന ആശയത്തിന് മാത്രം ഊന്നല്‍ നല്‍കി. അതില്‍ ഊന്നിക്കൊണ്ട് അവര്‍ക്ക് സംഘടനാപരമായ കരുത്ത് ആര്‍ജിക്കാനാവുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനെതിരെ അംബേദ്കറിന്റെ ബുദ്ധിസ്റ്റ് പാത കൈവെടിഞ്ഞുവെവന്ന് ആരോപണ മുയര്‍ത്തി സംഘടന വിട്ടു. അത് ദലിത് പ്രസ്ഥാനത്തിന്റെ ആശയശാസ്ത്രപരമായ പരിമതികള്‍ എടുത്തുകാട്ടി. അങ്ങനെ ദലിത് പാന്തര്‍ യഥാര്‍ത്ഥത്തില്‍ മരിച്ചു. എന്നാല്‍ അതിപ്പോഴും അതിന്റെ പേരിലും സ്വഭാവത്താലും അതിജീവിച്ചുകൊണ്ടിരിക്കുന്നു. ഭൗതികമായി നോക്കിയാല്‍ ദലിത് പാന്തറുകള്‍ പോസ്റ്റീവ് ഫലങ്ങള്‍ നേടിയിട്ടില്ല. എന്നാല്‍ പ്രതീകാത്മകമായി നോക്കിയാല്‍ ദലിത് യുവാക്കളുടെ കലാപമെന്ന നിലയില്‍ ഈ വ്യവസ്ഥയുടെ അിത്തറകളെ പിടിച്ചുലക്കാനായി. ദലിത് പാന്തര്‍ എന്ന പേരും പ്രശസ്തിയും വ്യവസ്ഥയ്‌ക്കെതിരെയുളള ഗുണകരമായ ഭീഷണിയായി മാറി.
ദലിത് പാനതറുകളുടെ പരാജയത്തില്‍ നിന്ന് പഠിക്കേണ്ട കാര്യം ദലിത് പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ അതിജീവനാവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു ആശയശാസ്ത്രം വേണമെന്നുള്ളതാണ്. രാജാ ദഹ്‌ലെ നയിച്ച ഒരു വിഭാഗം അംബേദ്കര്‍ കണിച്ചു തന്ന ബുദ്ധിസമാണ് അത്യന്തികമായ പാതയെന്ന് വാദിച്ചു. അബേദ്കറുമായുള്ള ബന്ധത്താല്‍ ബുദ്ധിസത്തിന് വലിയ വൈകാരിക പിന്തണ നേടാനായി. വളരെ പെട്ടെന്ന്, ദലിതുകള്‍ ഭിന്നിക്കാനും വീണ്ടും വീണ്ടും ഭിന്നിക്കാനും തുടങ്ങി. ഒരു ജാതി സംഘടനയില്‍ പ്രതീക്ഷിക്കാവുന്ന വിധത്തില്‍. ഭരണവര്‍ഗത്തിനുവേണ്ടി ദലിത് പ്രസ്ഥാനങ്ങളെ ഇല്ലാതാക്കുന്ന ഒന്നായി മാറി ദലിത് പാന്തറുകളുടെ ഭിന്നിച്ച, അധ:പതിച്ച വ്യാഖ്യാനങ്ങള്‍. മറ്റൊരു പാഠമെന്നത് ദലിതുകള്‍ ഒരിക്കലും തങ്ങളുടെ വര്‍ഗത്തില്‍പെട്ട മറ്റുളളവരുമായി കൈകോര്‍ത്തുന്നില്ലങ്കില്‍ അവര്‍ക്ക് ലക്ഷ്യങ്ങള്‍ നേടാനാവില്ല. മൂന്നാമത്തെ പാഠമെന്നത് സൈനികതയിലേക്കുളള വൈകാരികമായ പൊട്ടിത്തെറി ഭൗതികമായ കരുത്തിനെ പിന്തുണയ്ക്കുന്ന തന്ത്രങ്ങളുടെ അഭാവത്തില്‍ തിരിച്ചടിയാവും. കേവല വൈകാരിക പൊട്ടിത്തറികൊണ്ട് കാര്യമില്ല. അത് വളരെ ആലോചിച്ച വിശകലനങ്ങള്‍ക്ക് പകരമാകില്ല. മുഖ്യധാാര ദലിത് പ്രസ്ഥാനങ്ങള്‍ക്ക് എന്തുസംഭവിച്ചുവെന്ന് വസ്തുനിഷ്ഠമായ വിശലകനം നടത്തിയിരുന്നുവെങ്കില്‍ അവര്‍ക്ക് ആശയശാസ്ത്രത്തിന്റെ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനുവുമായിരുന്നു.


ഇന്ത്യയില്‍ നിലവിലുള്ള ദലിത് സംഘടനങ്ങളെപ്പറ്റി എന്തുപറയും?

വളരെയധികം സംഘടനകളും പാര്‍ട്ടികളും ഉണ്ട്. അത് തന്നെ തങ്ങള്‍ സൃഷ്ടിക്കാന്‍പോകുന്ന മുന്നേറ്റത്തെിന്റെ മോശം പ്രതിഫലനമാണ്. ഉദാഹരണത്തിന് അവര്‍ ബ്രാഹ്ണ്യത്തെ ലക്ഷ്യം വക്കും. എന്നാല്‍ അതെന്താണ് എന്നും എവിടെയാണ് കുടികൊള്ളുന്നത് എന്നും തിരിച്ചറിയാതെയാണ് അവര്‍ അത് ചെയ്യുന്നത്. രാഷ്ട്രീയ ലാഭത്തിനായി ദലിത് സംഘടനകള്‍ വൈകാരിക അഭ്യര്‍ത്ഥനകള്‍ നടത്തും. ഇവരെല്ലാം ഭരണവര്‍ഗ പാര്‍ടികളുടെ ഭാഗമാകാനാണ് ശ്രമിക്കുന്നത്. ചിലത് സ്വതന്ത്രമാണ് എന്നു പറയും. എന്നാല്‍ തെരഞ്ഞെടുപ്പ് മാര്‍ക്കറ്റിനായി കാന്‍ഷിറാം സഷിച്ച 'ബഹുജന്‍' എന്ന പദത്തിനു പിന്നാലയാണ് ഇത്. ബി.എസ്.പിയുടെ വിജയത്തിലാകൃഷ്ടരായി പലരും ഇത്തരത്തിലുള്ള വിജയ സൂത്രവാക്യങ്ങള്‍ക്ക് പിന്നാലെയാണ്. അത് ഇനി ഫലവത്താവില്ല. ബി.എസ്.പിയുടെ വിജയം പോലും ഉത്തരപ്രദേശിന്റെ ജാതി അവസഥകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ സംഘടനകള്‍ക്കെല്ലാം ദോഷവശങ്ങളുണ്ട്. ഇതിലേറ്റവും പ്രധാനും ഈ സംഘടനകള്‍ എല്ലാം യാഥാര്‍ത്ഥ അവസ്ഥകള്‍ അറിയാമെന്ന രീതിയില്‍ പെരുമാറുന്നതാണ്.


ഒരു വലിയ വിഭാഗം ദലിതുകളും ആദിവാസികളും ഇന്ന് മാവോയിസ്റ്റ് ക്യാമ്പിലാണ്. ഇതിനെ എങ്ങനെ കാണുന്നു?

ദലിതുകള്‍ മാവോയിസ്റ്റുകള്‍ക്കൊപ്പമാണോ എന്നെനിക്കറിയില്ല. പക്ഷേ, അവരിലെ യുവാക്കള്‍ മാവോയിസ്റ്റ് പാതയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ക്ക് മറ്റൊരു തെരഞ്ഞെടുപ്പിന് സാധ്യതയില്ല. 1960 ല്‍ ഇതേ മാനസികവസ്ഥയിലാണ് അവര്‍ ദലിത് പാന്തര്‍ തരത്തിലുളളള പ്രതിഷേധങ്ങള്‍ സ്വീകരിച്ചത്. ഇന്ന് സ്ഥിതി കൂടുതല്‍ വഷളാണ്. ദലിതരുടെ ജീവിത ദുരിതങ്ങളിലേക്ക് നോക്കിയാല്‍ അത് മനസിലാവും. അവര്‍ക്ക് മികച്ച വിദ്യാഭ്യാസമില്ല. അവര്‍ക്ക് ജോലി സമ്പാദിക്കാവുന്ന അവസ്ഥയില്ല. അവരുടെ പ്രശ്‌നങ്ങളും ദുരിതങ്ങളും ഉയര്‍ത്താന്‍ ജനാധിപത്യപരമായ ഇടവുമില്ല. അവന്തൊണ് ഈ സാഹചര്യത്തില്‍ ചെയ്യേണ്ടത്? ശബ്ദമുയര്‍ത്തിയാല്‍ അവരെ നകസ്‌ലൈറ്റുകളായി മുദ്രകുത്തി പീഡിപ്പിക്കും. യഥാര്‍ത്ഥത്തില്‍ ഭരണകൂടവവും അതിന്റെ പൊലീസുമാണ് മാവോയിസ്റ്റുളുടെ എറ്റവും വലിയ റിക്രൂട്ടിംഗ് എജന്റ്. ഭൂരിപക്ഷം ദലിത് ആണ്‍കുട്ടികളും മാവോയിസം എന്തെന്ന് അറിയുന്നതിനുമുമ്പേ പൊലീസിനാല്‍ മാവോയിസ്റ്റ് എന്ന് മുദ്രകുത്തപ്പെടുന്നു. അവരെ സംബന്ധിച്ച് ഒളിവില്‍ പോയി ശരിയായ മാവോയിസ്റ്റ് ആവുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലാതാവുന്നു. വളരെയധികം ദലിത് ചെറുപ്പക്കാര്‍ മാവോയിസ്റ്റ് അണിയില്‍ ചേര്‍ന്ന് ഇതുമൂലമാണ്. ഇതേ സാഹചര്യമാണ് രാജ്യത്തെ നല്ല പങ്ക് ദലിതുകളും ആദിവാസി യുവാക്കളും നേരിടുന്നത്.

മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കും ജാതി വിരുദ്ധ മുന്നേറ്റത്തിനും അഖിലേന്ത്യാ തലത്തില്‍ സംഘടനയില്ലാത്തത് ഒരു പ്രശ്‌നമായി തോന്നുന്നുണ്ടോ? അതിന് എന്താണ് താങ്കള്‍ക്ക് നിര്‍ദേശിക്കാനാവുക?

ഉണ്ട്. ജാതിക്കെതിരെയുള്ള മൂന്നേറ്റത്തിനും ജനങ്ങളുടെ പൗരാവശകാല ലംഘനത്തിനുമെതിരെയുള്ള പോരാട്ടത്തിനും അഖിലേന്ത്യാ തലത്തില്‍ സംഘടന ആവശ്യമുണ്ട്. വളരെയധികം സംഘടനകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അത് മോശം കാര്യമല്ല. പക്ഷേ ഊര്‍ജം കൂറേ അനാവശ്യമായി നഷ്ടപ്പെടുത്തുന്നു. ആശയശാസ്ത്രം മുതല്‍ പ്രവര്‍ത്തനം വരെ ജാതിവിരുദ്ധമാ ഒരു സംവിധാനം വേണം. വളരെയധികം ചെറിയ സംഘടനകളായിരിക്കുന്നത് ഗുണകരമല്ല. ഭാവിയില്‍ ചില സംഘനകള്‍ ഈ അഭാവം പരിഗണിക്കും. കേവലം ഒരു സംഘടന ഇതിനു പരിഹാരമല്ല. ശരിയായ ആയശാസ്ത്രത്തിലൂടെ ജാതിക്കെതിരെയുളള പോരട്ടങ്ങളെ ഐക്യപ്പെടുത്താവുന്ന സംഘടന ഉയര്‍ന്നുവരും.


ആഗോളീകരണത്തിന്റെ മുഖ്യ ഇരകള്‍ ആദിവാസികളും ദലിതുകളുമാണ്. എന്നാല്‍, സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളില്‍ ദലിത് ബുദ്ധിജീവികള്‍ സജീവമല്ല. ഈ വൈരുദ്ധ്യത്തെപ്പറ്റി എന്തു പറയും?

ദലിത് ബുദ്ധിജീവികള്‍ സാമ്രാജ്യവിരുദ്ധ സമരത്തില്‍ സജീവമല്ലെന്ന് മാത്രമല്ല, അവരാണ് ആഗോളീകരണത്തെ ഏറ്റവും വലിയ രീതിയില്‍ പിന്തുണയ്ക്കുന്നവര്‍. അവരുടെ അത്തരം മനോഭാവത്തിന് കാരണമെന്തെന്ന് എനിക്ക് മനസിലായിട്ടില്ല. അവര്‍ ഭരണകൂട നയങ്ങള്‍ക്ക് സ്തുതി പാടുകയാണ്. ആഗോളീകരണത്തിന്റെ മുഖ്യ ഇരകള്‍ ദലിതുകളും ആദിവാസികളുമാണ് എന്ന് താങ്കള്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. ആഗോളീകരണം അടിസ്ഥാനപരമായി ഉന്നതജാതര്‍ക്ക് വേണ്ടിയാണെന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ദലിത് ബുദ്ധിജീവികള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത കാര്യമാണ് സാമ്രാജ്യത്വ വിരുദ്ധത. ഞാന്‍ ആഗണത്തില്‍ പെടുന്നില്ല. ജാതിഅവസ്ഥകളില്‍ ആഗോളീകരണം എന്തുചെയ്തുവെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ജാതിഅവസ്ഥകള്‍ സ്ഥിരമായി വഷളായിക്കൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷം ദലിതുകളുടെയും സാമ്പത്തിക സാഹചര്യം തീര്‍ച്ചയായും മോശമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ബുദ്ധിജീവികള്‍ ആഗോളീകരണത്തില്‍ നിന്ന് ദലിതുകള്‍ക്ക് നേട്ടമാണുണ്ടായത് എന്ന തെറ്റായ ധാരണയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ വിഭാഗത്തിന്റെ ബൗദ്ധിക കാപാട്യം പാപ്പരത്തവും കാണുമ്പോള്‍ വേദന തോന്നുന്നുണ്ട്.


ഖൈര്‍ലാന്‍ജി, ബാബറി മസ്ജിദ്, സംഘ്പരിവാര്‍


ഖേര്‍ലാന്‍ജി സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ഒരഭിമുഖത്തില്‍ 'ഷോക്ക് ട്രീറ്റ്‌മെന്റ്് എന്ന പദം താങ്കള്‍ ഉപയോഗിച്ചിരുന്നു. അതെപ്പറ്റി?

ഈ പരാമര്‍ശം വലിയ ആശയക്കുഴമുണ്ടാക്കി. ആളുകള്‍ കരുതി ഞാന്‍ ബലാല്‍സംഗത്തിന് ബലാല്‍സംഗവും കൊലയ്ക്ക് കൊലയും ജാതി അതിക്രമത്തിനെതിരെ ജാതി അക്രമവും ഉപദേശിച്ചുവെന്ന്. അത് പൂര്‍ണമായി തെറ്റാണ്. ശരിക്കു പറഞ്ഞാല്‍, ഷോക്ക് ട്രീറ്റ്‌മെന്റ് എന്നു പറഞ്ഞത് ജാതിയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നവരുടെ വര്‍ഗപരമായ ഐക്യമെന്ന അര്‍ത്ഥത്തിലാണ്. ജാതി എന്നത് സാമൂഹ്യ തിന്‍മയാണ്. അത് സമൂഹം മൊത്തതില്‍ മനസിലാക്കണം. നിലനില്‍ക്കുന്ന അവസ്ഥയില്‍ ആളുകളെ ഒന്നിപ്പിക്കുക എന്നത് പലപ്പോഴും ഫലവത്താകില്ല. ജാതിക്കുള്ളിലും വര്‍ഗപരമായ മേല്‍തട്ടുകള്‍ ഉണ്ട്. പിന്നോക്ക ജാതികളിലെ ഉയര്‍ന്ന വര്‍ഗക്കാരാണ് അവരിലെ താഴ്ന്ന വര്‍ഗത്തെക്കൊണ്ട് അതിക്രമങ്ങള്‍ ചെയ്യിപ്പിച്ചത്. ജാതിയുടെ നൂറണ്ടുകളായിട്ടുള്ള സംസ്‌കാരം അതിന്റെ വൃത്തിക്കെട്ട മുഖം തലപൊക്കും. ഇത്തരം മുഖങ്ങളെ ജനങ്ങളുടെ വര്‍ഗപരമായ കൂട്ടയ്മയിലൂടെ, ബലപ്രായോഗത്തിലൂടെ നിയന്ത്രിക്കണം. അക്രമികളുടെ സംസ്‌കരിക മുഖത്തിന് തിരിച്ചടി കിട്ടണം. അങ്ങനെയുളളള ഷോക്ക് ട്രീറ്റ്‌മെന്റ അക്രമികള്‍ക്കെതിരെ വര്‍ഗ ഐക്യത്തിലൂടെ സാധ്യമായി. അതാണ് ഞാന്‍ ഉദ്ദേശിച്ചത്.

അയോധ്യ വിധിയെ 'ഡിസൈന്‍ ജസ്റ്റിസ് എന്നാണ് താങ്കള്‍ വിശേഷിപ്പിച്ചത്. ഖൈര്‍ലാന്‍ജി കേസില്‍ ബാന്ദ്ര കോടതി വിധി വന്നപ്പോഴാണ് ആദ്യം ഈ വാക്ക് താങ്ങള്‍ ഉപയോഗിച്ചത് എന്നും പറയുന്നു...?

ശരിയാണ്. നവ ലിബറല്‍ കാലത്ത് കോടതികളിലെ വിധികള്‍ക്കും മാര്‍ക്കറ്റിന്റേതായ താല്‍പര്യങ്ങളും അടങ്ങിയിരിക്കും. അവ നിയമ പരിധികള്‍ക്ക് പുറത്തുപോയി 'മാര്‍ക്ക്റ്റ് സ്ഥലത്ത്' അനുപൂരകമായി 'ഉപഭോക്തൃ പരീക്ഷണം 'നടത്തും. ഖൈര്‍ലാന്‍ജിയില്‍ അത് ഒരു ഗൗരവമായ കേസാക്കുന്നതിനു പകരം ആറ് പേര്‍ക്ക് വധശിക്ഷ വിധിച്ചു. വിധിയില്‍ പറഞ്ഞത് ഖൈര്‍ലാന്‍ജിക്ക് ജാതി വശമില്ലെന്നാണ്. അവിടെ ഗൂഢാലോചന നടന്നിട്ടില്ലെന്നും സ്ത്രിക്കെതിരെ അതിക്രമം നടന്നിട്ടില്ലെന്നും പറഞ്ഞു. കേസ് കേവലം ഒരു കൊലപാതകക്കേസാക്കി മാറ്റി. അത് അപൂര്‍വങ്ങളി അപൂര്‍വ കേസായി പരിഗണിക്കപ്പെട്ടില്ല. പക്ഷേ കോടതി വധശിക്ഷ നല്‍കി. കാരണം ജനങ്ങള്‍ വലിയ തോതില്‍ പ്രതിഷേധം സംഘടിപ്പിച്ചുവെന്നതും ജനം ക്രിമിനലുകള്‍ക്ക വലിയ ശിക്ഷ ആഗ്രഹിക്കുന്നുവെന്നും വ്യക്തിമായിരുന്നു. എട്ട് പേരെ ഒഴിച്ച് ബാക്കിയുളളവരെ വെറുതെവിട്ടതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. ജാതി ഗ്രാമത്തില്‍ ഭൂട്ട്മാംഗ് കുടുംബമാണ് ഈ കൊലപാതങ്ങളില്‍ പങ്കെടുത്തത് എന്നത് എല്ലാവര്‍ക്കും അറിയാം. ഹൈക്കോടതിയില്‍ ഈ കേസ് അപ്പീലിന് വരുമ്പോള്‍ നിലനില്‍ക്കില്ലെന്ന എല്ലാംവര്‍ക്കും അറിയാം. അതാണ് സംഭവിച്ചതും. ദലിതുകള്‍ മറ്റെല്ലാം മറന്നുപോവുകയും വിധിയില്‍ സന്തോഷിക്കുകയും ചെയ്തു. അവര്‍ മധുരങ്ങള്‍ വിതണം ചെയ്തു. ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. അപ്പോഴേക്കും ആളുകളുടെ പ്രതിഷേധം കുറഞ്ഞിരുന്നു. അങ്ങനെ 'മാര്‍ക്കറ്റിന്' അനുപൂരകമായ 'ഡിസൈന്‍ ജസ്റ്റിസ്' വന്നു.
അയോധ്യയിലും സമാനമായത് കാണാം. മൂന്നംഗ ബെഞ്ചില്‍ രണ്ട് ഹിന്ദുവും ഒരു മുസ്‌ളീം ജഡ്ജിയുമായിരുന്നു ഉണ്ടായിരുന്നത്. അവര്‍ തങ്ങളുടെ സ്വതന്ത്രമായ വിധികള്‍ എഴുതി. പക്ഷേ, രാമന്‍ ബാബറി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്താണ് ജനിച്ചത് എന്നു പറഞ്ഞു. വാസതവന്തെന്നതാല്‍ മൂന്ന് കക്ഷികള്‍ സമര്‍പ്പിച്ച സ്വത്ത് അവകാശ ഹര്‍ജിയാണ് ഇത്. രേഖകളുടെ അഭാവത്തിലും മറ്റും എളുപ്പം തീരുമാനിക്കാവുന്ന കേസായിരുന്നു അത്. രാമന്‍ ജനിച്ചത് ബാബറി മസ്ജിദ് നിന്നിരുന്നിടത്താണോ എന്നത് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയ കേസാണ്. പക്ഷേ കോടതി അനാ്യമായ കാര്യം ചെയ്തു. അവര്‍ ആര്‍ക്കിയോളിസ്്റ്റുകളെ നിയോഗിച്ചു. അവരുടെ റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചു. മസ്ജിദ് നിന്നിടത്താണ് രാമന്‍ ജനിച്ചത് എന്നു പറഞ്ഞു. അവര്‍ ഹിന്ദു താല്‍പര്യത്തെ അനുകൂലമാകന്‍ ശ്രമിച്ചു. പക്ഷേ മുഴുവന്‍ ഭൂമിയും അവര്‍ക്ക് നല്‍കിയാല്‍ മറ്റ് സമുദായങ്ങള്‍ പ്രശ്‌നം ഉണ്ടാക്കും. അതിനാല്‍ ഭൂമി മൂന്ന് തുല്യ ഭാഗങ്ങളായി വിഭജിച്ച് നല്‍കി. ഏറ്റവും പ്രധാനപ്പെട്ട ഭാഗം റാം ലല്ലാവാലകള്‍ക്ക് നല്‍കി. സംഘപരിവാര്‍ പിന്തുണതയ്ക്കും, 'അമ്പലം അവിടെ തന്നെ പണിയും' എന്ന പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തവരാണ് അത്. ഈ നടന്നതെല്ലാം അംഗീകരിക്കപ്പെട്ട തത്വങ്ങള്‍ക്ക് പുറത്തുള്ളകാര്യങ്ങളാണ്.എല്ലാ ക്ഷികളെയും ഹൃസ്വകാലത്തേക്ക് തൃപ്തിപ്പെടുത്തുന്നതായിരുന്നു വിധി.

മണ്ഡല്‍കാലത്തുണ്ടായ സവര്‍ണ ഹിന്ദുവാദ മുന്നേറ്റത്തിനു തിരിച്ചടികള്‍ നേരിട്ടതായി പൊതുവില്‍ വിശ്വസിക്കപ്പെടുന്നു? അങ്ങനെയാണോ താങ്കളുടെ വിലയിരുത്തലും?

മണ്ഡല്‍ എന്നത് മധ്യജാതികളുടെ ഉയര്‍ച്ചയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മത്സരത്തിന്റെയും ഫലമാണ്. സവര്‍ണ ജാതികള്‍ മണ്ഡലിനെതിരെമത്രമമല്ല സംവരണത്തിന് തന്നെ എതിരായിട്ടാണ് പ്രവര്‍ത്തിച്ചത്. ദലിതുകളെ സംവരണവമയാി ബന്ധിപ്പ് കാണുമ്പോള്‍ ഒരു കുഴപ്പമുണ്ട്. മണ്ഡലിനെ പിന്തുണച്ച് ദലിതുകള്‍ വന്നപ്പോള്‍ അവരെ മറ്റ് പിന്നോക്ക ജാതിക്കാര്‍ ആക്രമിച്ചു. കാരണം അവര്‍ തങ്ങള്‍ക്കാണ് ഗുണം കിട്ടുക എന്നു വിചാരിച്ചു. ഏതായാലും ഇത് സവര്‍ണരുടെ പിന്തുണയെ തങ്ങള്‍ക്കുനകൂലമായി ചലിപ്പിക്കാന്‍ ഹിന്ദുത്വവാദികള്‍ക്കായി.
സാഹചര്യം ഇന്ന് പഴയതുപോലെയാണ് എന്നു കരുതുന്നില്ല. ഹിന്ദുത്വ അജണ്ടയ്ക്ക്് തിരിച്ചടി കിട്ടിയിട്ടുണ്ട്. അതിന് പകരം വയ്ക്കനായി മറ്റൊന്നിന് സംഘപരിവാര്‍ ശ്രമിക്കുവെങ്കിലും വിജയിച്ചിട്ടില്ല. അയോധ്യ വിധി വ്യക്തമാക്കിയത് ജനങ്ങള്‍ ഹിന്ദുത്വയില്‍ ഇനി താല്പര്യമില്ലെന്നാണ്. സംഘപരിവാരിന് ഭാവിയില്‍ ചില അവസരങ്ങള്‍ കിട്ടും. ബി.ജെ.പി ഇപ്പോഴും കോണ്‍ഗ്രസിന് ദേശീയ ബദലായി നിലനില്‍ക്കുന്നുണ്ട്. അത് അവര്‍ക്ക് ഗുണകരമാണ്.

ദലിതുകള്‍ പലപ്പോഴും എതിര്‍സ്ഥാനത്ത് കാണുന്ന ഗാന്ധിയെപ്പറ്റി എന്തുപറയും? ഗാന്ധിസത്തില്‍ നിന്ന് ദലിതുകള്‍ക്ക് ഒന്നും സ്വീകരിക്കാനില്ലേ?

ഈ നിരര്‍ത്ഥകമായ അഭ്യാസത്തില്‍ ഇടപെടാന്‍ എനിക്ക് താല്‍പര്യമില്ല. ദലിതുകളുടെ വിമോചനത്തിന് ഗാന്ധിയില്‍ എന്തെങ്കിലും പ്രയോജനകമായരിട്ടുണ്ട് എന്നു ഞാന്‍ കാണുന്നില്ല. ഗാന്ധി ദലിതുകള്‍ക്ക് എതിരായിരുന്നു എന്ന അനുമാനത്തില്‍ പങ്കാളിയാകാനും ഞാനില്ല. ഗാന്ധി അങ്ങനെയായിരുന്നില്ല. അദ്ദേഹം സ്വയം പറഞ്ഞതുപോലെ ഒരു സനാതന ഹിന്ദുവായിരുന്നു. അദ്ദേഹം അതുപോലും ജന പിന്തുണ നേടാനായി ഉപയോഗിച്ചുവെന്നു ഞാന്‍ കരുതുന്നു. അദ്ദേഹം കൂര്‍മ ബുദ്ധിയുള്ള തന്ത്രശാലിയാണ്. പൊതുജന പിന്തുണയ്ക്കായി ധാര്‍മിക ആവരണ തന്ത്രങ്ങളും ഉപയോഗിച്ചിരുന്നു. ഇങ്ങനെ പറയുമ്പോള്‍ തന്നെ, ജാതിയെ ഉപേക്ഷിക്കുന്ന സമൂഹത്തിന് വേണ്ടി തയാറെടുക്കാനുള്ള അദ്ദേഹത്തിന്റെ കാഴ്പ്പാടിന്റെ ഒരു വശത്തെ ഞാന്‍ വിലമിക്കുന്നുണ്ട്. അതിനെ സദാചാര/ധാര്‍മികതയുടെ തലത്തില്‍ ഞാന്‍ കാണുന്നില്ല. അതിനെ വര്‍ഗ സമരത്തിന്റെ ഭാഗമായി് എടുക്കാനാണ് ഇഷ്ടപ്പെടുന്നത്.


കമ്യൂണിസ്റ്റുകളുടെ വങ്കത്തം



കമ്യൂണിസ്റ്റുകളെപ്പറ്റി നേരത്തെ പറഞ്ഞു. ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ടികളെയും അവരുടെ നയത്തെയും എങ്ങനെയാണ് താങ്കള്‍ കാണുന്നത്?

കമ്യൂണിസ്റ്റുകള്‍ക്ക് ശക്തമായ ഒരു ആശയശാസ്ത്രമുണ്ട്. സമൂഹ വിശകലനത്തിന് ഏറ്റവും നവീനമായ സിദ്ധാന്തം. പക്ഷേ, അവരത് ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടു. അതിന് കാരണം ആദ്യ കാല കമ്യൂണിസ്റ്റുകളുടെ ബ്രാഹ്മണ്യപരമായ സമീപനമാണെന്നാണ് ഞാന്‍ സംശയിക്കുന്നത്. ഇന്ത്യന്‍ സാമുഹിക യാഥാര്‍ത്ഥ്യം കാണാന്‍ അവര്‍ പരാജയപ്പെട്ടു. അസ്തമിച്ചുകൊണ്ടിരുന്ന നാടുവാഴിത്ത സംവിധാനത്തെയും അതിനുള്ളിലെ ജാതിഘടനയൊന്നും അവര്‍ കണ്ടില്ല. അവര്‍ക്ക് വര്‍ഗം, ജാതി എന്നിവയെ എങ്ങനെ നേരിടണമെന്ന് അറിയില്ലായിരുന്നു. അതിനാല്‍ ജാതി ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തിന്റെ അവിഭാജ്യഭാഗമായി തുടരുന്നു. അവരത് മനസിലാക്കിയുരുന്നെങ്കില്‍ വളരെ മുമ്പേ വിപ്ലവം സാധ്യമാകുമായിരുന്നു, ചരിത്രം വേറൊന്നാകുമായിരുന്നു.
ദൗര്‍ഭാഗ്യകരമെന്നതാണെന്നില്‍ അവരിപ്പോഴും തങ്ങളുടെ നിലപാടില്‍ തൂങ്ങിക്കിടക്കുകയാണ്. ഒമ്പതുവര്‍ഷത്തിനുശേഷം കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപിതമായതിന്റെ 100-ാം വര്‍ഷം ആചരിക്കും. കുറഞ്ഞപക്ഷം ആരെങ്കിലും അവരോട് പറയേണ്ടയിരിക്കുന്നു കമ്യൂണിസ്റ്റ് പാര്‍ടികള്‍ നൂറ്റാണ്ടുകള്‍ ആഘോഷിക്കാനല്ല രൂപീകരിക്കപ്പെട്ടിരിക്കുന്നതെന്ന്. അവര്‍ വിപ്ലവം നടത്താനാണ് ബാധ്യസ്ഥരെന്ന്. മുഖ്യധാരാ ഇടതുപക്ഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അമര്‍ന്നിരിക്കുന്നു. വിപ്ലവ ഇടതുപക്ഷത്തില്‍ ചില പ്രതീക്ഷകള്‍ക്ക് വകയുണ്ട്. പക്ഷേ, സൈനിക രീതികളില്‍ അമിതമായ ആശ്രയം ദോഷകരമാണ്. അവര്‍ നിലനിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതൊഴിവാക്കന്‍ സാധിക്കില്ലായിരിക്കും. പക്ഷേ, വിപ്ലവ രാഷ്ട്രീയത്തിന് ജനങ്ങളെ തയാറാക്കേണ്ടതുണ്ട്.

കമ്യൂണിസ്റ്റുകള്‍ ജാതിയെ കണ്ടില്ലെന്ന് പറഞ്ഞു. അതേ സമയം പല ദലിത്ബുദ്ധിജീവികള്‍ വര്‍ഗമെന്ന പ്രശ്‌നം ഉയര്‍ത്തുന്നതും കണ്ടില്ല. അതിനെപ്പറ്റി എന്തുപറയും?

ഇതാണ് രണ്ടുപക്ഷവും വരുത്തുന്ന വങ്കത്തം. കാര്യങ്ങള്‍ തിരിച്ചറിയാനായി വസ്തുനിഷ്ഠമായ ഒരു തിരിഞ്ഞുനോട്ടം രണ്ടു പക്ഷവും നടത്തേണ്ടതുണ്ട്. പക്ഷേ, അത് ചെയ്യുന്നില്ല. കമ്യൂണിസ്റ്റുകള്‍ വസ്തുനിഷ്ഠമായ വര്‍ഗവിശകലനം നടത്താനോ വര്‍ഗസമത്തിലേക്ക് ജാതി വിരുദ്ധ സമരത്തെ ഉള്‍ച്ചേര്‍ക്കാനോ ശ്രമിക്കുന്നുന്നില്ല. അതിനാല്‍ വേറിട്ട ദലിത് മുന്നേറ്റം ആവശ്യമായിവരുന്നു. ദലിതുകള്‍ക്കാകട്ടെ ജാതി ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം പുരോഗമന ശക്തികളുടെ പിന്തുണയില്ലാതെ സാധ്യമല്ല. ദലിതുകള്‍ ഒപ്പം ചേരാതെ ഇടതിന് തങ്ങളുടെ വിപ്ലവലക്ഷ്യം നേടാന്‍ സാധ്യമാവില്ല. ഈ ഒരു പ്രക്രിയയിലൂടെ രണ്ടുഘടകവും ഒന്നിച്ചേരണം.


ബി.എസ്.പിയും ദലിത് പാര്‍ടികള്‍കളും


ഉത്തര്‍പ്രദേശിലെ മായാവതിയുടെ വിജയം ദളിതരുടെ വിജയമായിട്ടാണ് വിലയിരുത്തപ്പെട്ടത്. പക്ഷേ അഴിമതിയുള്‍പ്പടെയുള്ള പലതരം ആരോപണങ്ങള്‍ അവര്‍ക്ക് എതിരെ ഉയരുന്നു. താങ്കള്‍ അതെപ്പറ്റി എന്തുപറയും?

നേരത്തെ പറഞ്ഞതുപോലെ മായാവതിയുടെ വിജയം ദളിതരുടെ വിജയമായി ഞാന്‍ കാണുന്നില്ല. അവര്‍ക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും എന്റെ വാദത്തെ ശരിവയ്ക്കുകയാണ്. അത് നമ്മുടെ സംവിധാനത്തിന്റെ അവിഭാജ്യഭാഗമാണ്. അത് അതേ രീതിയില്‍ കാണണം. എന്തിന് മായാവതി മാത്രം വ്യത്യസ്തയാവണം.? എല്ലാവരും കളിക്കുന്ന കളി അവരും കളിക്കുന്നു. എല്ലാവരും ചെയ്യുന്നത് അവരും ചെയ്യുന്നു. വേര്‍തിരിക്കുന്ന ഏക വ്യത്യാസം എന്നത് അവര്‍ മറ്റുള്ളവരേക്കാള്‍ അത് നന്നായി ചെയ്യുന്നുവെന്ന് മാത്രമാവും.


ബി.എസ്.പിയെ എങ്ങനെയാണ് താങ്കള്‍ പരിഗണിക്കുന്നത്? ദലിത് പാര്‍ട്ടിയായോ അതോ ഒര് അധികാര വര്‍ഗ പാര്‍ട്ടിയായിട്ടോ?

ബി.എസ്.പി തെരഞ്ഞെുടപ്പ് വിജയമായി ബന്ധപ്പെട്ടാണ് ചലിക്കുന്നത്. അതാണ് അതിന്റെ തന്ത്രം. അതിന് തെരഞ്ഞെുടപ്പ് രാഷ്ട്രീയത്തിലെ വലിയ കക്ഷികളെ ഒരു പാഠം പഠിപ്പിക്കാനാവും. പക്ഷേ ബി.എസ്.പയുടെ വിജയം 'ബഹുജന്‍' സുത്രവാക്യത്തിന്റെ വിജയമായിട്ടോ, അവരെ ഒരു ദലിത് പാര്‍ട്ടിയായിട്ടോ ഞാന്‍ കാണുന്നില്ല. ദലിതുകള്‍ നയിക്കുന്നുവെന്നതുകൊണ്ട് മാത്രം ഒരു പാര്‍ട്ടി ദലിത് പാര്‍ട്ടി ആവില്ല. മറ്റേതൊരു ഭരണവര്‍ഷ പാടിയെയും പോലെ അത് ജനങ്ങളെ വോട്ട് ബാങ്കിനായി ഉപയോഗിക്കുന്നു. ബി.എസ്.പി. ദലിതുകളെ തങ്ങളുടെ നിര്‍ണായക ശകതിയായി പരിഗണിക്കുകയും മറ്റുള്ളവരുമായി ചില വിലപേശല്‍ സാധ്യമാക്കുകയും ചെയ്യുന്നുണ്ട്. അതില്‍ കൂടുതല്‍ ഇല്ല. അവരൊരിക്കലും ദലിത് പാര്‍ട്ടിയായി അവകാശപ്പെട്ടിട്ടില്ല. നേരത്തെ അത് 'ബഹുജന'ിന്റെ പാര്‍ട്ടിയായും ഇപ്പോള്‍ 'സര്‍വജനി'ന്റെ പാര്‍ട്ടിയുമായിട്ടാണ് അവകാശപ്പെട്ടുന്നത്. ദലിത് അവസ്ഥകളെ അവര്‍ മാറ്റാന്‍ ശ്രമിച്ചിട്ടില്ല. യു.പിയില്‍ ദലിതുകളുടെ അവസ്ഥ മോശമാണ്്. അതാണ് ഇപ്പോഴും ദലിതുകള്‍ക്കെതിരെ ആക്രമണം നടക്കുന്ന ഒന്നാമത്തെ സംസ്ഥാനം.

അംബേദ്കറുടെ മകന്റെ മകന്‍ പ്രകാശ് അംബേദ്കര്‍ രൂപീകരിച്ച നാഷണല്‍ ബഹുജന്‍ പാര്‍ട്ടി, ഭാരിപ ബഹുജണ്‍ മഹാസംഘ് എന്നിവയെപ്പറ്റി എന്താണ് നിലപാട്? താങ്കള്‍ക്ക് അദ്ദേഹവുമായി കുടുംബപരമായി അടുത്ത ബന്ധമുള്ളതുകൊണ്ടുകൂടിയാണ് ഈ ചോദ്യം.

പ്രകാശ്് അംബേദ്കറുടെ ബാരിപ് ബഹുജന്‍ മഹാ സംഘും 'ബഹുജന്‍' അടിസ്ഥാനത്തിലുളള പാര്‍ട്ടിയാണ്. 'അകോല പാറ്റേണ്‍' എന്ന രൂപത്തിലാണ് അവര്‍ തങ്ങളുടെ വിജയം നേടിയത്. പക്ഷേ, അത് അധികം നീണ്ടു നിന്നില്ല. പ്രകാശ് അംബേദ്കറിന് ദലിതുകള്‍ക്കിടയില്‍ തന്റെ പേരിന്റെ പ്രത്യേകതകൊണ്ട് തന്നെ വലിയ സ്വാധീനമുണ്ട്. എന്നാല്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ അദ്ദേഹത്തനായില്ല. സംശയമില്ല, അദ്ദേഹത്തിന് മഹാരാഷ്ട്രയില്‍ ഒരു വലിയ ശക്തിയുമായിട്ടാണ് ഇടപെടേണ്ടിയിരുന്നത്- ശരത് പവാര്‍. പവാര്‍ തന്റെ പാവയായ രാംദാസ് അതു വാലെ ഉപയോഗിച്ച് പ്രകാശ്അംബേദ്കറെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചു. അങ്ങനെ മഹാരാഷ്ട്രയില്‍ പ്രകാശ് അംബേദ്കറിന് ചില തിരിച്ചടികള്‍ നേരിട്ടു. ഇവിടെനിന്ന് ഉയര്‍ന്നുവരിക വലതും ഭാരിച്ചതുമായ ദത്യമാണ്.

അംബേദ്കറുടെ നിര്‍ദേശ പ്രകാരം രൂപംകൊണ്ട റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ ഭിന്നിപ്പുകള്‍ ദലിതുകളുടെ മോചനത്തിന് ദോഷകരമായി ബാധിച്ചതായാണ് വിലയിരുത്തുന്നത്. ഈ ഭിന്നിപ്പുകളെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?

റിപ്പബ്ലിക്കന്‍ പാര്‍ടിയിലുണ്ടായ പിളര്‍പ്പുകള്‍ അംബേദര്‍ക്ക് പാര്‍ട്ടിയെപ്പറ്റി ഉണ്ടായിരുന്ന സങ്കല്‍പം അതിലെ അംഗങ്ങള്‍ക്ക് മനസിലാക്കാനാവാത്തതുകൊണ്ട് സംഭവിച്ചതാണ്. ഇന്ത്യയിലെ ആദ്യ ഇടതു പാര്‍ട്ടി എന്നു വിശേഷിപ്പിക്കാവുന്ന സ്വതന്ത്ര ലോബര്‍ പാര്‍ടിയിലെ പ്രവര്‍ത്തനങ്ങളിലൂടെ ഒരു തൊഴിലാളിവര്‍ഗ പാര്‍ടി്ക്കാണ് അംബേദ്കര്‍ ശ്രമിച്ചത്.പട്ടികജാതി ഫെഡറേഷന്‍ അദ്ദേഹം രൂപവത്കരിക്കുന്നത് ക്രിപ്‌സ് മിഷന്‍ റിപ്പോര്‍ട്ട് ദലിതുകളുടെ താല്‍പര്യം പൂര്‍ണായും നിരാകരിച്ചതുകൊണ്ടാണ്. കാരണം അവരെ പ്രതിനിധീകരിക്കാന്‍ അവരുടേതായ പാര്‍ടി ഉണ്ടായിരുന്നില്ല. അങ്ങനെയാണ് എല്ലവരെയും ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയില്‍ എക്യപ്പെടുത്തുന്ന നടപടി അംബേദ്കര്‍ സ്വീകരിച്ചത്. കമ്യൂണിസ്റ്റിതര ഇടതുകളെ ഒന്നിപ്പിക്കുകയായിരുന്നു. അതാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയായത്. അദ്ദേഹം അതിന് ശ്രമം തുടങ്ങിയെങ്കിലൂം അത് ഉണ്ടായിക്കാണുന്നതിനു മുമ്പേ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ അഭിലാഷത്തില്‍ നിന്ന് ഭിന്നമായിട്ടാണ് അനുയായികകള്‍ 1957 ല്‍ റിപബ്ലിക്കന്‍ പാര്‍ടി രൂപീകിച്ചത്. പക്ഷേ അതൊരു പട്ടികജാതി പാര്‍ടിയായി തുടര്‍ന്നു. അംബേദ്കറുടെ രാഷ്ട്രീയം പ്രഥമികമായി വര്‍ഗാധിഷ്ഠിതമായിരുന്നു എന്ന് അംബേദ്കറിസ്റ്റുകള്‍ എന്നറിയപ്പെടുന്നവ മനസിലാക്കാത്തത് വിഷമിപ്പിക്കുന്നുണ്ട്. ജാതിക്കെതിരെ വിശ്രമമില്ലാതെ യുദ്ധം യിക്കുമ്പോളും അംബേദ്കര്‍ ജാതി രാഷ്ട്രീയ്യം കളിച്ചിരുന്നില്ല. നിര്‍ഭാഗ്യകരമെന്നു പറയാം, അദ്ദേഹത്തിന്റെ അനുയായികള്‍ അദ്ദേഹത്തെ ജാതി രാഷ്ട്രീയത്തിന്റെ നായകനായി ചുരുക്കി. അവരാദ്യം അംബേദ്കറെ മനസിലാക്കണം. അതുകൊണ്ട് തന്നെ ആര്‍.പി.ഐയിലെ പിളര്‍പ്പുകള്‍ അത്ഭുതമുളവാക്കുന്നില്ല.

താങ്കള്‍ക്ക് എതെങ്കിലും സംഘടനയിലോ പാര്‍ട്ടിയിലോ അംഗത്വമുണ്ടോ? ഉണ്ടെങ്കില്‍ ആ സംഘടനകളിലെ താങ്കളുടെ പങ്ക് എന്താണ്?

വിദ്യാര്‍ത്ഥി കാലം തൊട്ടേ അസംഘടിത തൊഴിലാളികള്‍, ചേരിനിവാസികള്‍ തുടങ്ങിയതുപോലുള്ള പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ചില പൂരോഗന സംഘടനകളുടെ ഭാഗമായിരുന്നു ഞാന്‍. പക്ഷേ, ഞാനൊരു പാര്‍ട്ടിയിലും അംഗല്ല. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സമിതി'എന്ന പൗരാവകാശ സംഘടനയിലെ അംഗമാണ്.


ദേശീയത, ഭാഷ, സംസ്‌കാരം എന്നിവയും ദലിതുകളുമായി ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. ദലിതുകള്‍ തങ്ങളുടെ സംസ്‌കാരത്തിലേക്കു മടങ്ങിപ്പോകുകയും വിമോചനത്തിന് അടിസ്ഥാനം കണ്ടെത്തണമെന്നും കരുതുന്നുണ്ടോ?

ഇതെല്ലാം രണ്ടാമത്തെ കാര്യങ്ങളാണ്. ഈ പ്രശ്‌നങ്ങളിലെല്ലാം പ്രാഥമികമായ വൈരുദ്ധ്യം ജാതിയും ദലിതും തമ്മിലുള്ള വൈരുദ്ധ്യമാണ്. അതാദ്യം പരിഹരിക്കണം. ദലിത് സംസ്‌കാരം എന്ന ഒന്നില്ലെന്ന് ഞാന്‍ പറയില്ല. ദലിത് സംസ്‌കാരം എന്നാല്‍ ഉയര്‍ത്തിപ്പിടിക്കാനില്ല. അംബേദ്കര്‍ ഈ വിഷയം കൈകാാര്യം ചെയത്ിട്ടുണ്ട്. അദ്ദേഹം തന്റെ അനുയായികളോട് തങ്ങളുടെ ആചാരങ്ങളും ശീലങ്ങളും ഉപേക്ഷിക്കാനാണ് പറഞ്ഞത്. ദലിത് എന്നത് ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്.. അത് ഇന്ത്യന്‍ തലത്തില്‍ പരിഹരിക്കണം. മറ്റു കാര്യങ്ങളുമായി അത് ആശയക്കുഴപ്പിത്തിലാവരുത്.


അപ്പോള്‍ കാഞ്ചഐലയ്യയുടെ എരുമദേശീയതപോലുള്ള നിലപാടുകളെ എങ്ങനെ കാണും?

ഞാന്‍ കാഞ്ചാ ഐലയ്യയുടെ ദളിത് ബഹുജന്‍ പോലുള്ള പ്രയോഗങ്ങളെയും ഉയര്‍ന്ന ജാതികളേക്കാള്‍ തങ്ങളുടെ സംസ്‌കാരം മികച്ചതാണ് എന്നുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തത്തോടോ യോജിക്കുന്നില്ല. അത് ശരിക്കും വാസ്തവമല്ല. ജാതിയെ അടിസ്ഥാനമാക്കിയുള്ളതോ, ജാതിഅഭിമാനത്തെ പ്രോതാഹിപ്പിക്കുന്ന ഒന്നിനെയും ഞാന്‍ പിന്തുണയ്ക്കില്ല. അത് ദലിതുകള്‍ക്കുവേണ്ടി, ദലിതുകള്‍ ഉയര്‍ത്തുന്നതാണെങ്കിലും.


കേരളത്തിലെ ജാതി അവസ്ഥകളെപ്പറ്റി എന്തുപറയും?

എനിക്ക് കേരള സമൂഹത്തിലെ അവസ്ഥകളെപ്പറ്റി അറിവുണ്ടെന്ന് പറയാനാവില്ല. എന്റെ പൊതു നീരിക്ഷണം ദലിതുകളുടെ അവസ്ഥ ഇന്ത്യയിലെമ്പാടും ഒരേ പോലെയാണെന്നാണ്. സാക്ഷരതയുടെയും മനുഷ്യ വികസന അളവുകോലുകളും വച്ചു നോക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. കേരളത്തിന് ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൈതൃകമുണ്ട്. ഈ കാര്യങ്ങളെല്ലാം ദലിതുകളെ സംബന്ധിച്ച് കുറേ ഗുണകരമായിരിക്കും. ജാതിമര്‍ദനങ്ങള്‍ പരിശോധിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളുടെ അത്രയും മോശമല്ല. എന്നാല്‍ ജാതി മര്‍ദനങ്ങളില്ലാത്ത സംസ്ഥാനമാണ് എന്ന് അര്‍ത്ഥമില്ല. 2008 ലെ ദേശീയ ക്രൈം റിക്കോഡ് ബ്യൂറോയുടെ കണക്കുപ്രകാരം 519 ജാതി അതിക്രമങ്ങളുമായി 13-ാം സ്ഥാനത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നുണ്ട്. ഇതൊരിക്കലും നല്ല കണക്കല്ല. പ്രത്യേകിച്ച് വികസന അളവുകോലില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനത്തിന്.

പുതിയ പുസ്തകങ്ങള്‍?

പുതിയ പുസ്തങ്ങള്‍ ഇപ്പോള്‍ മനസിലില്ല. ഒന്നു രണ്ടു പുസ്തകങ്ങള്‍ വന്നു കഴിഞ്ഞു. ഞാനെഴുതിയതല്ലൊം ചില സമകാലിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കനത്ത ഉള്ളടക്കമുള്ളവയാണ്. പുസ്തകമെഴുത്തുമായി തുടര്‍ന്നാല്‍ എന്റെ പ്രൊഫഷന്‍ ശരിയായ രീതിയില്‍ മുമന്നാട്ടുപോകില്ല. പക്ഷേ ജനങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് ഞാന്‍ സമയം കണ്ടെത്തുന്നുണ്ട്. അടുത്തിടെ സെഡ് ബുക്‌സ് 'പെര്‍സിസ്റ്റന്‍സ് ഓഫ് കാസ്റ്റ്‌സ്' പ്രസിദ്ധീകരിച്ചിരുന്നു. പാതി വഴിയില്‍ നിര്‍ത്തിയ ചില എഴുത്തുകള്‍ ഈ വര്‍ഷം പൂര്‍ത്തികരിക്കണമെന്നുണ്ട്. 'പുരാതന ഇന്ത്യയിലെ ശാസ്ത്രവും സാങ്കേതിക വിദ്യായും, അംബേദ്കറെ മനസിലാക്കല്‍, ജാതിയും ആധുനികതയും' എന്നിവയാണ് പാതിവഴിയില്‍ നില്‍ക്കുന്നത്.


കുടുംബം? ജീവിത സാഹചര്യങ്ങള്‍?

മുംബൈയില്‍ ഭാര്യ രമയ്ക്കും പ്രായമായ മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. രണ്ട് പെണ്‍മക്കളുണ്ട്. അതില്‍ മൂത്തയാളായ പ്രാചി മൂംബൈയിലെ ജി.എസ്. മെഡിക്കല്‍ കോളജില്‍ എം.ഡി. ബിരുദത്തിന് പഠിക്കുന്നു. ഇളയമകള്‍ രശ്മി അമേരിക്കയിലെ വിര്‍ജിനിയ സര്‍വകലാശാലയില്‍ അണ്ടര്‍ഗ്വാജേറ്റ് ബിരുദത്തിന് പഠിക്കുന്നു. ജൂനിയര്‍ ടെന്നീസ് കളിക്കാരില്‍, റാങ്കിംഗില്‍ മുന്നിലാണ് രശ്മി.


മാധ്യമം ആഴ്ചപ്പതിപ്പ് ഐറ്റം
2010 May 9

Friday, April 8, 2011

'കവിതയാണ് എന്റെ മാതൃരാജ്യം'

സംഭാഷണം
നദാലി ഹന്‍ദാല്‍/ആര്‍.കെ. ബിജുരാജ്

ഫലസ്തീന്‍ കവിയും നാടകകൃത്തുമായ നദാലി ഹന്‍ദാല്‍ പ്രവാസ ജീവിതത്തിന്റെ സങ്കീര്‍ണതകളെയും എഴുത്തിനെയും പറ്റി സംസാരിക്കുന്നു



'കവിതയാണ് എന്റെ മാതൃരാജ്യം'


മറുനാട്ടിലൂടെയുള്ള നിലയ്ക്കാത്ത യാത്രയാണ് ഫലസ്തീന്‍ കവിയായ നദാലി ഹന്‍ദാലിന്റെ ജീവിതം. അതു തന്നെയാണ് അവരുടെ കവിതയും. സ്വന്തം നാട് ബത്‌ലഹേം. അതാകട്ടെ നദാലി ജനിക്കുന്നതിനു മുമ്പേ സംഘര്‍ഷത്തിന്റെ നടുവിലായിരുന്നു. അസ്വാതന്ത്ര്യം രാജ്യത്ത് ഓരോ തരിമ്പിലും നിലകൊണ്ടു. ബത്‌ലഹേം ദമ്പതികളുടെ മകളായി നദാലി ജനിച്ചത് തന്നെ പ്രവാസിയായിട്ടാണ്്- ഹെയ്ത്തിയില്‍. അതോടെ ഒരിടത്തുനിന്ന് അടുത്തിടത്തേക്കുള്ള യാത്ര തുടങ്ങുന്നു. യൂറോപ്പ്, അമേരിക്ക, കാനഡ, ബ്രിട്ടന്‍, കരീബിയ, ലാറ്റിന്‍ അമേരിക്ക, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി മാറി മാറി ജീവിതം. ഈ ജീവിതക്കാഴ്ചകളാണ് നദാലി ഹന്‍ദാലിന്റെ കവിതകള്‍. പ്രവാസം എന്ന വാക്കിന്റെ മുഴുവന്‍ സാധ്യതകളും ഉള്‍ക്കൊണ്ടാണ് 'കവിതയാണ് എന്റെ മാതൃരാജ്യം' എന്ന് കവി പ്രഖ്യാപിക്കുന്നതും. അതുകൊണ്ടാവും പശ്ചിമേഷ്യയുടെ സാംസ്‌കാരിക അംബാസഡര്‍ എന്ന് റോയിറ്റര്‍ നദാലിയെ വിശേഷിപ്പിച്ചത്.
എഴുത്തുകാരിയും നാടകകൃത്തും ആക്റ്റിവിസ്റ്റുമാണ് നാല്‍പ്പത്തിരണ്ടുകാരിയായ നദാലി ഹന്‍ദാല്‍. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലെ സര്‍വകലാശാലകളിലും അവര്‍ ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നു. ഇരുപതിലധികം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഫ്രാന്‍സ്, റഷ്യ, ലാറ്റിന്‍അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങിലെ പ്രശ്തരായ പല നാടകസംവിധായകര്‍ക്കൂമൊപ്പം പ്രവര്‍ത്തിച്ചാണ് നദാലി നാടകം പഠിച്ചത്. ഇപ്പോള്‍ 'ജിബ്രാന്‍' എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ചില ടെലിവിഷന്‍ ചിത്രങ്ങള്‍ നിര്‍മിക്കുകയൂം ചെയ്തു.
കൊല്‍ക്കത്തയിലുള്‍പ്പടെ ലോകമെമ്പാടും നദാലി കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അറബികും ഇംഗ്ലീഷും ഫ്രഞ്ചും നദാലി ഒഴുക്കോടെ സംസാരിക്കുന്നു; എഴുതുന്നു. വിവിധ ഭാഷകളിലേക്ക് കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 'ലൗ ആന്‍ഡ് സ്‌ട്രെയിഞ്ച് ഹോഴ്‌സസ്', 'ദ ലിവ്‌സ് ഓഫ് റെയിന്‍', 'ദ നെവര്‍ ഫീല്‍ഡ്' തുടങ്ങിയവയാണ് കൃതികള്‍. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ന്യൂയോര്‍ക്കിലാണ് ഇപ്പോള്‍ താമസം.
ഈ ഓണ്‍ ലൈന്‍ സംഭാഷണത്തില്‍ തന്റെ പ്രവാസി ജീവിതത്തെയും, ഫലസ്തിനെയും രചനയെയും പറ്റി നദാലി സംസാരിക്കുന്നു.



പ്രവാസം താങ്കളിലെ കവിയെ/എഴുത്തുകാരിയെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

പ്രവാസം എന്നത് മറ്റൊരാളോട് വിവരിക്കാവുന്ന അവസ്ഥയല്ല. വീടില്ലാതിരിക്കുക എന്നത് ഒരു വേദനയാണ്്. അത് നമ്മളോട് എപ്പോഴും നമ്മുടെ അസ്ഥിത്വത്തെപ്പറ്റി പറയുകയും ഓര്‍മിപ്പിക്കുകയും ചെയ്യും. പ്രവാസം അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അതിലെ വേദന മനസിലാവൂ. പക്ഷേ, പ്രവാസവും ഒരു രാജ്യത്തില്‍നിന്ന് മറ്റൊരു രാജ്യത്തേക്കുള്ള പറിച്ചുനടലും ലോകത്തെ നന്നായി കാണാനുള്ള അവസരം നല്‍കിയിട്ടുണ്ട്. അതായത് ലോകത്തിന്റെ മഹത്വവും മഹത്വമില്ലായ്മയും കാണാനുള്ള അവസരം. യാത്രയില്‍ നഗ്നപാദനായ ഒരു കുട്ടിയെ കാണുന്നുവെന്ന് കരുതുക. വരണ്ട ചുണ്ടുകളുള്ള, ഇപ്പോള്‍ ആയിരം കക്ഷണങ്ങളായി ചിതറാന്‍ പോകുന്ന കണ്ണുകളുള്ള ഒരു കുട്ടിയെ. ആ കുട്ടി വെള്ളത്തിനായി കേഴുന്നു. അത് നമ്മില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കും. ഈ ദൃശ്യം മനസില്‍ വളര്‍ന്നുകൊണ്ടേയിരിക്കും. ഇത്തരം അസംഖ്യം കാഴ്ചകള്‍ ഓര്‍മയിലുണ്ട്. കവിതകള്‍ ഈ പ്രവാസ കാഴ്ചകളാണ്. ശബ്ദമുഖരിതമായ അവസ്ഥയ്ക്ക് മേല്‍ നിശബ്ദത പതിക്കുന്നതുപോലെ അത് അനുഭവപ്പെടുന്നു. ഈ പ്രവാസമാണ് എന്നിലെ കവിയെയും എഴുത്തുകാരിയെയും നാടകൃത്തിനെയും ചലിപ്പിക്കുന്നത്.


എന്താണ് താങ്കള്‍ക്ക് എഴുത്ത്, കവിത?

എഴുതുമ്പോള്‍ ഞാന്‍ ചെറുത്തുനില്‍ക്കുന്നു. എനിക്കുള്ളിലെ ലോകത്തെ, എനിക്കറിയാവുന്ന ലോകത്തെ ഞാന്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നു. അതിലൂടെ ഞാന്‍ ആളുകളുമായും, പ്രകൃതിയുമായും, സ്വപ്നഭൂമിയുമായും സംവദിക്കുന്നു. സജീവമായ നിരീക്ഷണമല്ല എനിക്ക് എഴുത്ത്. മറവിക്കെതിരെയുള്ള പോരാട്ടമാണ്, എല്ലാത്തരം അനുഭവങ്ങളെയും ഓര്‍മിക്കലാണ്. അതുകൊണ്ട് തന്നെ കവി, സ്ത്രീ, എഴുത്തുകാരി എന്നീ എല്ലാ ഭാവങ്ങളും ഒന്നിച്ചിരിക്കുന്നു. എനിക്ക് മാനവികതയെപ്പറ്റി സംവദിക്കണം. ഒരു നദിക്കരയില്‍ ഇരുന്ന് രണ്ട് പ്രണയികള്‍ ചുംബിക്കുന്നതും, അമ്മയും നാലുവയസുകാരിയായ മകളും ഓറഞ്ചു മരത്തിനു ചുറ്റും ഓടുന്നതും, വീട് നഷ്ടപ്പെടുകയും എന്നാല്‍ താക്കോല്‍ മാത്രം കൈയിലുള്ള മനുഷ്യനും എന്റെ കവിതകളില്‍ ചിത്രീകരിക്കപ്പെടുന്നത് ഈ മാനവികതയെപ്പറ്റിയുള്ള സംവാദത്തിന്റെ തുടര്‍ച്ചയായാണ്.


എപ്പോഴാണ് താങ്കള്‍ എഴുത്തിലേക്ക് തിരിഞ്ഞത്?

ശരിക്കും ഓര്‍മയില്ല. അമ്മ പറഞ്ഞുള്ള ഓര്‍മ ഞാന്‍ മൂന്നുവയസായപ്പോള്‍ മുതല്‍ കഥകള്‍ പറയാന്‍ തുടങ്ങിയെന്നാണ്. അത് ബോധപൂര്‍വമായ പ്രവര്‍ത്തിയല്ല. പക്ഷേ ഈ കഥകള്‍ പിന്നീട് എന്നെ ഉറപ്പിക്കുകയും എവിടെയെങ്കിലും എന്നെ സ്ഥാപിക്കുകയൂം ചെയ്തു. അതായത് താളുകളില്‍, ലോകത്തിന്റെ നാശാവശിഷ്ടങ്ങള്‍ക്കില്‍. സ്വഭാവികമായും ഈ തുടര്‍ച്ചയാണ് എഴുത്ത്.

എന്താണ് എഴുത്തിന്റെ രീതി?

ഞാന്‍ പ്രഭാതത്തെ ഇഷ്ടപ്പെടുന്നു. പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നു. എവിടെ പോകുമ്പോഴും ഒരു നോട്ട് ബുക്ക് കൈവശമുണ്ട്. വളരെ കരുതലോടെയാണ് യാത്ര. കരുതലോടെയാണ് യാത്രയെങ്കിലും വാക്കുകളും വരികളുമെല്ലാം ചിതറിയതാണ്. ദിവസത്തില്‍ തോന്നുമ്പോള്‍ എഴുതുന്നു. തുടര്‍ച്ചയായി മനസില്‍ എഴുതിക്കൊണ്ടിരിക്കുന്നു. പിന്നെ അതു താളിലേക്ക് പകര്‍ത്തുന്നു. പകര്‍ത്തിയ ശേഷം അതില്‍ പിന്നെയും പിന്നെയും വര്‍ക്ക് ചെയ്യുന്നു. എഴുതാന്‍ ഏറ്റവും ഇഷ്ടപ്പെട്ട ഇടം എന്റെ മുറി തന്നെ.


പത്തിലധികം രാജ്യങ്ങളില്‍ താമസിച്ചിട്ടുണ്ട്.. താങ്കളുടെ ദേശീയത (നാഷണാലിറ്റി)യെപ്പറ്റി ചോദിച്ചാല്‍ എന്തുത്തരം പറയും?

പലനാടുകളില്‍ ജീവിച്ചുവെങ്കിലും വീടിനെപ്പറ്റുളള ബോധം എന്നും ഫലസ്തീന്‍ സ്വത്വവുമായി ചേര്‍ന്നിരിക്കുന്നതാണ്. അബോധപൂര്‍വമായോ ബോധപൂര്‍വമായോ നാടിനെപ്പറ്റി ചിന്തിക്കുമ്പോള്‍ ഫലസ്തീനാണ് മനസില്‍ ഉയരുന്നത്. പല ഭൂപ്രകൃതിയില്‍, പല സംഗീതത്തില്‍, പല ജനങ്ങള്‍ക്കൊപ്പം കഴിയുന്ന ഒരാള്‍ അയാളുടെ അസ്ഥിത്വത്തെപ്പറ്റി ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. അങ്ങനെ ചിന്തിച്ചാല്‍ അവര്‍ ഇരുണ്ട വെള്ളത്തിനടിയിലായി പോകും.


അറബിക് , ഇംഗ്ലീഷ്, ഫ്രഞ്ചു പല ഭാഷകള്‍ താങ്കള്‍ ഒഴുക്കോടെ സംസാരിക്കുന്നു. എന്താണ് താങ്കളുടെ ശരിയായ ഭാഷ? പല ഭാഷയിലെ വാക്കുകള്‍ കവിതയില്‍ കൊണ്ടുവരുന്നത് ബോധപൂര്‍വ ശ്രമമാണോ?

എനിക്ക് മാതൃഭാഷയില്ല. ഞാന്‍ വളര്‍ന്നത് പല ഭാഷകള്‍ പറഞ്ഞുകൊണ്ടാണ്. അതിനാല്‍ ഈ ഭാഷകളെല്ലാം എന്റെ ഇംഗ്ലീഷില്‍ കലര്‍ന്നിട്ടുണ്ട്. എന്റെ ഇംഗ്ലീഷ് തന്നെ ഫ്രഞ്ച്, സ്പാനിഷ്, അറബിക്, ക്രിയോള്‍ ഭാഷയുടെ മിശ്രതമാണ്. അത് ഞാന്‍ എഴുത്തിലും കൊണ്ടുവരുന്നു. വാക്കുകള്‍ തമ്മില്‍ പാലം പണിയുന്നതില്‍ ഇഷ്ടപ്പെടുന്നു. കവിതകളുടെ പാലം നമ്മെ ബന്ധിക്കുന്നു.


ബത്‌ലെഹേമിലെ കാഴ്ചകള്‍, ദൃശ്യങ്ങള്‍


ബത്‌ലെഹേം ആദ്യം കാണുന്നതെപ്പോഴാണ്? ഇപ്പോള്‍ അവിടേക്ക് പോകാറുണ്ടോ?

ഒരു കൗമാരക്കാരിയായിരിക്കുമ്പോഴാണ് ഞാന്‍ ആദ്യം ബത്‌ലേഹമില്‍ പോകുന്നത്. പിന്നെ പലവട്ടം പോയിട്ടുണ്ട്. എപ്പോള്‍ ചെല്ലുമ്പോഴും അസാധാരണമായ പരിചിതത്വം അനുഭവപ്പെടുന്നു. അവിടെ നില്‍ക്കുമ്പോള്‍ ഞാനാരാണ്, എന്റെ അസ്തിത്വം എന്തെന്ന് അത് മനസിലാക്കി തരുന്നു. ഇപ്പോള്‍ അവിടുത്തെ അവസ്ഥ വളരെ മോശമാണ്. ഫലസ്തീന്‍ വംശജരുടെ ദുരിതം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. പ്രത്യേകിച്ച്് ഇസ്രായേല്‍ വിവാദ മതില്‍ വെസ്റ്റ്ബാങ്കില്‍ പണിതശേഷം.

ആദ്യമായി ബത്‌ലേഹമില്‍ പോയപ്പോഴുള്ള അനുഭവം എന്തായിരുന്നു?. ബത്‌ലഹേമിനെക്കുറിച്ചുള്ള ഓര്‍മ?

മുമ്പ് 'ബത്‌ലെഹേം' എന്ന പേരില്‍ ഞാനൊരു കവിത എഴുതിയിട്ടുണ്ട്. എന്റെ അനുഭവവും ഓര്‍മയും വികാരവുമെല്ലാം അതിലുണ്ട്. അതിങ്ങനെയാണ്്: ''
രഹസ്യങ്ങള്‍ നമ്മുടെ ചുവടുകള്‍ക്കിടയിലെ അകലങ്ങളില്‍ ജീവിക്കുന്നു/മുത്തശ്ശന്റെ വാക്കുകള്‍ എന്റെ സ്വപ്നങ്ങളില്‍ മുഴങ്ങി/വര്‍ഷങ്ങള്‍ മുത്തശ്ശന്റെ ജപമാലയെയും പട്ടണത്തെയും കാത്തുവച്ചു/ഞാന്‍ ബെത്‌ലെഹേം കണ്ടു/എല്ലാം പൊടി നിറഞ്ഞ
ഒഴിഞ്ഞ പട്ടണം/ഒരു വാര്‍ത്തപത്രത്തിന്റെ കീറിയശകലം/അതിന്റെ ഇടുങ്ങിയ തെരുവുകളില്‍ നഷ്ടപ്പെട്ടിരിക്കുന്നു/എല്ലാവരും എവിടെയായിരുന്നിരിക്കും?/
ഭിത്തികളിലെ വരകളും കല്ലുകളും ഉത്തരം പറഞ്ഞു/ എവിടെയായിരുന്നു ശരിക്കുമുള്ള ബെത്‌ലെഹേം- എന്റെ മുത്തശ്ശന്‍ വന്നയിടം?/കൈലേസുകള്‍ എന്റെ കൈകളിലെ വേദനകളെ ഉണക്കി/ ഒലിവുമരങ്ങളും കണ്ണീരും ഓര്‍മിക്കുന്നത് തുടര്‍ന്നു/
ഞാന്‍ പട്ടണത്തിലൂടെ നടന്നു/ വെള്ള മേല്‍കുപ്പായം ധരിച്ച വൃദ്ധനായ അറബിയുള്ളിടം വരെ/ അദ്ദേഹത്തെ തടഞ്ഞ് നിര്‍ത്തി ഞാന്‍ ചോദിച്ചു:
''നിങ്ങളല്ലെ എന്റെ മുത്തശ്ശന്റെ കഥകളില്‍ ഞാന്‍ അറിഞ്ഞ മനുഷ്യന്‍?''/
എന്നെ ഒന്നു നോക്കിയശേഷം അയാള്‍ അവിടം വിട്ടുപോയി/ ഞാനയാളെ പിന്തുടര്‍ന്നു-എന്തുകൊണ്ട് സ്ഥലം വിടുന്നു എന്ന് ഞാന്‍ ചോദിച്ചു/
അയാള്‍ നടത്തം തുടര്‍ന്നതേയുള്ളു./ ഞാന്‍ ചുറ്റും നോക്കി/ അറിഞ്ഞു;
തന്റെ കാല്‍ചുവടുകള്‍ക്കിടയിലെ അകലങ്ങളില്‍/ അയാള്‍ രഹസ്യങ്ങള്‍ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു''. ഇതില്‍ കൂടുതല്‍ ഞാന്‍ മറ്റെന്തിങ്കിലും താങ്കളോട് പറയേണ്ടതുണ്ടോ?


ഫലസ്തീന്‍, അമേരിക്ക, അറബ് ലോകം


അറബ് രാജ്യങ്ങളില്‍ ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ നടക്കുകയാണ്. ഈ ഉയര്‍ത്തെഴുന്നേല്‍പ്പുകളെ എങ്ങനെ കാണുന്നു?

ലോകമെങ്ങും ജനങ്ങള്‍ സ്വാതന്ത്ര്യവും ജനാധിപത്യവും ആവശ്യപ്പെടുന്നു. ജനങ്ങള്‍ക്ക് അത് കൂടിയേ തീരൂ. അധികാലം ഇനി ഒരു രാജ്യത്തിലും മര്‍ദക സേച്ഛാധിപത്യം തുടരാനാവില്ല. അതുകൊണ്ട് തന്നെ ജനങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ സ്വാഭാവികമാണ്. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളെയും ഞാന്‍ പിന്തുണയ്ക്കുന്നു. എന്നാല്‍, ഈ ഉയര്‍ത്തെഴുന്നേല്‍പ്പുകളിലൂടെ പൂര്‍ണമായ ജനാധിപത്യം അധികാരത്തിലേറുമോയെന്ന കാര്യം സംശയമാണ്. ചിലയിടങ്ങളില്‍ മുമ്പുള്ളതിനേക്കാള്‍ കടുത്ത മര്‍ദക ഭരണകൂടമാവും സ്ഥാപിക്കപ്പെടുക. അങ്ങനെ മുമ്പ് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഉയര്‍ത്തെഴുന്നേല്‍പ്പുകളെ അല്‍പം ആശങ്കയോടെയാണ് ഞാന്‍ കാണുന്നത്.


നിങ്ങള്‍ കൂടുതല്‍ സമയവും ജീവിക്കുന്നത് അമേരിക്കയിലാണ്. അതേ സമയം അമേരിക്ക താങ്കളുടെ നാടിനെ സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും മറ്റിടങ്ങളില്‍ യുദ്ധങ്ങള്‍ നടത്തുകയും ചെയ്യുന്നു. അമേരിക്കയെ എങ്ങനെ കാണുന്നു?

അമേരിക്കയുടെ യുദ്ധതാല്‍പര്യങ്ങളോട് ഏതൊരു ജനാധിപത്യ വാദിയെയും പോലെ എതിര്‍പ്പാണ് എനിക്കുള്ളത്. അമേരിക്കയ്ക്ക് ചില നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. അവര്‍ അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിലെ പ്രശ്‌ന പരിഹരിക്കാനെന്ന പേരില്‍ കടന്നുകയറി യുദ്ധങ്ങള്‍ സൃഷ്ടിക്കും. ഇതിനെതിരെ അമേരിക്കയ്ക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. യുദ്ധക്കെടുതികള്‍ ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്്. ഇസ്രായേല്‍-ലെബനീസ് യുദ്ധത്തില്‍ സ്ത്രീകളും കുട്ടികളും മരിച്ചുകിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിപ്പോഴുമെന്നെ വേട്ടയാടുന്നുണ്ട്. അതുകൊണ്ട് തന്നെ ലോകത്തില്‍ ഇനിയൊരു യുദ്ധമുണ്ടാവരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. യുദ്ധത്തെ എതിര്‍ക്കുന്നു. മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് അമേരിക്കയുടെ യുദ്ധതാല്‍പര്യങ്ങളെ അപലപിക്കുന്നു.


ഫലസ്തീന്‍കാരിയെന്ന നിലയില്‍, അറബ് വംശജയെന്ന നിലയില്‍ താങ്കള്‍ക്ക് അമേരിക്കയില്‍ പ്രശ്‌നങ്ങള്‍ ഒന്നും നേരിട്ടിട്ടില്ലേ? അറബ് വംശജരെ സംശയദൃഷ്ടിയോടെ അമേരിക്കക്കാര്‍ നോക്കുന്നുവെന്ന് പല എഴുത്തുകാരും പറഞ്ഞ പശ്ചാത്തലത്തിലാണ് ഈ ചോദ്യം?

ഒരു ദശാബദക്കാലം ഫ്രാന്‍സിലും ഇംഗ്ലണ്ടിലും കഴിഞ്ഞ ശേഷമാണ് ഞാന്‍ അമേരിക്കയിലേക്ക് മടങ്ങുന്നത്. നിര്‍ഭാഗ്യകരമെന്നു പറയാം അത് സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷമായിരുന്നു. ആ സമയത്ത് മാധ്യമങ്ങളുള്‍പ്പടെ അറബ് വംശജര്‍ക്കെതിരെ മറ്റൊരു തരം ആക്രമമാണ് നടത്തിയത്. ആ സമയത്ത് എന്റെ കവിതകള്‍ കൂടുതലും രാഷ്ട്രീയപരമായിരുന്നു. കാരണം എന്റെ അമേരിക്കന്‍ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ടിരുന്നു. യുദ്ധത്തെ എതിര്‍ക്കുന്നതിനാല്‍ തന്നെ അക്കാലത്ത് അമേരിക്കയില്‍ കഴിയുക വളരെ ബുദ്ധിമുട്ടായിരിക്കുന്നു. എന്നാല്‍, 2006 ആയതോടെ ആ അവസ്ഥക്ക് മാറ്റം വന്നു. എന്നാല്‍, മനസില്‍ ചില പ്രശ്‌നങ്ങളുണ്ട്.
സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം അറബുകള്‍ക്കും മുസ്‌ലീങ്ങളുമായ അറബ്-അമേരിക്കന്‍ എഴുത്തുകാര്‍ക്കും നാടകൃത്തുക്കള്‍ക്കും മുഖ്യധാരകേന്ദ്രങ്ങളില്‍ കവിതയും നാടകമൊന്നും അവതരിപ്പിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. അതിപ്പോള്‍ മാറിവരികയാണ്.


താങ്കളോട് ലിസ സുഹൈര്‍ മജാജ് മുമ്പ് ഉന്നയിച്ച ഒരു ചോദ്യമുണ്ട്. ഫലസ്തീനെപ്പറ്റി ഒരു സ്ത്രീയുടെ വീക്ഷണകോണില്‍ നിന്ന് എഴൂതുന്നതിന്റെ അര്‍ത്ഥത്തെപ്പറ്റി?

അതിന് ലിസയോട് പറഞ്ഞ ഉത്തരം തന്നെയാണ് പറയാനുള്ളത്. ഫലസ്തീനെ ഞാന്‍ ഇഷ്ടപ്പെടുന്നു, പ്രണയിക്കുന്നു. ഞാനാഗ്രഹിക്കുന്ന രീതിയില്‍ പ്രണയിക്കാന്‍ ഫലസ്തീന്‍ എന്നെ അനുവദിക്കുന്നു. ഒരിക്കലും ഫലസ്തീന്‍ എന്നെ നിരാകരിച്ചിട്ടില്ല. അതെപ്പോഴും അതിന്റെ കൈകള്‍ ആശ്ലേഷിക്കാനായി നിവര്‍ത്തിപ്പിടിക്കുന്നു. ഫലസ്തീന്‍ ഉപാധികളില്ലാതെ സ്‌നേഹിക്കുന്നു. ഫലസ്തീന്‍ സ്വതന്ത്രമല്ല, പക്ഷേ ഫലസ്തീനുള്ളില്‍ ഞാന്‍ സ്വതന്ത്രമാണ്. ഫലസ്തീനെപ്പറ്റി എഴുതുമ്പോള്‍ ഒരു സ്ത്രീ എന്ന തലത്തിലല്ല എഴുതുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഫലസ്തീനെ മോശമായി പരിഗണിച്ച മറ്റൊരു ആത്മാവിനോട് ഒരു മനുഷ്യ ആത്മാവ് എന്ന നിലയില്‍ ഞാന്‍ പോരാടുകയാണ്.

കവിതയിലെ പ്രണയ

ഫലസ്തീനിലെ ഏറ്റവും മികച്ച കവിയായിട്ടാണ് മഹമൂദ് ദാര്‍വിഷിനെ വിശേഷിപ്പിക്കുന്നത്. താങ്കള്‍ക്ക് അദ്ദേഹത്തോട് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. ദാര്‍വിഷിനെയും സമകാലിക ഫലസ്തീന്‍ കവിതയെയും പറ്റി?

ഫലസ്തിന്റെ ബോധവും കൂട്ടായ ഓര്‍മയും (കളക്ടീവ് മെമ്മറി) മറ്റാരും ദാര്‍വിഷിനെപ്പോലെ കവിതയില്‍ കൊണ്ടുവന്നിട്ടില്ല. അദ്ദേഹം എവിടെ കവിത അവതരിപ്പിച്ചാലൂം, അത് പാരിസിലോ ഫലസ്തിനിലോ ആയിക്കോട്ടെ, കവിത എറ്റവും സാധാരണക്കാര്‍ അതില്‍ ആകര്‍ഷിക്കപ്പെട്ട് തടിച്ചുകൂടി. യുദ്ധത്താല്‍ തകര്‍ക്കപ്പെട്ട ലോകത്തില്‍ യോജിപ്പ് കൊണ്ടുവരാന്‍ കവിതയ്‌ക്കേ കഴീയൂവെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ''അവസാന അതിര്‍ത്തികളും കടന്ന് ഞങ്ങളെങ്ങോട്ട് പോകും, അവസാന ആകാശവും കഴിഞ്ഞാല്‍് പക്ഷികള്‍ക്ക് എവിടെ പറക്കാനാവും'' എന്ന രീതിയില്‍ ഫലസ്തിന്റെ ദുരിതങ്ങളെ അദ്ദേഹം കവിതയില്‍ കൊണ്ടുവന്നിട്ടുണ്ട്. ദാര്‍വിഷ് അതുകൊണ്ട് തന്നെ ഞാനുള്‍പ്പടെയുള്ള പുതുതലമുറയെ സ്വാധീനിക്കുന്നു. സമകാലിക ഫലസ്തീന്‍ കവിത വളരെ ശക്തമാണ്. പുതിയ കവികള്‍ കവിതയില്‍ രാജ്യത്തിന്റെ പ്രതിസന്ധികള്‍, വേദനകള്‍, ദുരന്തങ്ങള്‍ പകര്‍ത്തുന്നുണ്ട്. ഒരു പക്ഷേ, ഫലസ്തീന്റെ ഇന്നത്തെ കവിതകള്‍ ഏറ്റവും ഉജ്വലമായ രാഷ്ട്രീയ അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്.

കവിതയില്‍ പ്രണയം അപ്രത്യക്ഷമായിരിക്കുന്നു എന്നു താങ്കള്‍ ഒരിക്കല്‍ പറഞ്ഞു. അതെപ്പറ്റി?

അതിന്നത്തെ സമൂഹത്തിന്റെ പ്രതിഫലനമണ്. പ്രണയത്തെപ്പറ്റി പറയുമ്പോള്‍ നമ്മള്‍ മറ്റൊരു ഭാഷ, മറ്റൊരു പദാവലി, വ്യത്യസ്തമായ ഇമേജുകള്‍ എന്നിവ ഉപയോഗിക്കുന്നു. കരുന്നതിനേക്കാള്‍ കൂടുതല്‍ പ്രണയകവിതകള്‍ ഉണ്ടാകാം. പക്ഷേ നമ്മള്‍ അവയോട് സ്വയം അനൂരൂപമാകുകയോ താദാത്മ്യം പ്രാപിക്കുകയോ ചെയ്യുന്നില്ല. കാരണം പ്രണയത്തിന്റെ നിര്‍വചനങ്ങള്‍ മാറി. ആ അര്‍ത്ഥത്തിലാണ് ഞാതനത് പറഞ്ഞത്.

താങ്കളുടെ കവിതകളില്‍ പലപ്പോഴും കടന്നുവരുന്ന ബിംബങ്ങളാണ് യേശുക്രിസ്തുവും നബിയും. താങ്കളുടെ ജീവിതത്തില്‍ മതത്തിനെന്താണ് പ്രധാന്യം? മതവിശ്വാസിയാണോ?

ഞാന്‍ മതവിശ്വാസിയല്ല. പക്ഷേ, ഞാന്‍ നമുക്കുള്ളിലുള്ള വിശുദ്ധ ശക്തിയില്‍ വിശ്വസിക്കുന്നുണ്ട്. അതായത് നമ്മെ ചുറ്റിവളയുന്ന ഊര്‍ജത്തില്‍. നമ്മള്‍ അതിനെ അംഗീകരിക്കുകയും അതുമായി ഒത്തുപോകുകയും ചെയ്യുമ്പോള്‍ ദൈവവുമായി ആശയവിനിമയം സാധ്യമാകുന്നു. പക്ഷേ, നമുക്ക് ഈ ദൈവത്തെ നിര്‍വചിക്കേണ്ടതുണ്ട്. അതേ സമയം ജീവിതത്തില്‍ മതപരമായ ഒരു അനുഷ്ഠാനവും ഞാന്‍ പാലിക്കുന്നില്ല. മതത്തിന്റെ പേരില്‍ ഒരഭിമാനവും ഇല്ല. മതങ്ങളുടെ യുദ്ധത്തില്‍ എതിര്‍പക്ഷത്താണുതാനും.


ഒരു പ്രവാസി കവിക്കു മാത്രം പറയാവുന്ന വാക്കുകളാവും കവിതയാണ് എന്റെ മാതൃരാജ്യമെന്നത്.അതെപ്പറ്റി?

സര്‍ഗാത്മകത രചനയുടെ തുടക്കത്തില്‍ ഞാന്‍ ദൈവത്തോട് അടുക്കുന്നു. എഴുതുമ്പോള്‍ തീര്‍ത്തും സ്വതന്ത്രയായപോലെ തോന്നുന്നു. അത് ആശ്വാസവും സമാശ്വാസവും നല്‍കുന്നു. മാത്രമല്ല ഒരു ഫലസ്തീന്‍കാരിയെന്ന നിലയില്‍ ഫലസ്തീനെപ്പറ്റി ഉത്തരവാദിത്വത്തോടെ സംസാരിക്കുകയും എഴുതുകയും ചെയ്യണമെന്ന് മനസു പറയുന്നു. ഒരു ഫലസ്തീന്‍ കാരി എന്ന നിലയിലുള്ള അനുഭവം പങ്കിടല്‍ കൂടിയാണ് കവിത. നമുക്ക് ആശ്വാസം പകരുന്നു ഒന്നുകൂടിയാണ് ഈ കവിത. അങ്ങനെ പല അര്‍ത്ഥങ്ങളിലാണ് കവിത മാതൃരാജ്യമാണ്് എന്ന് പറഞ്ഞത്.

കവിതയിലും എഴുത്തിലും മറ്റാരുടെടെയെങ്കിലും സ്വാധീനം?

ജീവിതത്തിന്റെ വ്യത്യസ്ത നിമിഷങ്ങളില്‍ വ്യത്യസ്ത എഴുത്തുകാര്‍ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും തുടര്‍ച്ചയായി ഞാന്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാര്‍ ബെക്കറ്റ്, ഗാര്‍ഷിക മാര്‍ക്വേസ്,ബോദിലെയര്‍, അഖമതോവ, എലിയട്ട്, നെരൂദ എന്നിവരാണ്.

പലപ്പോഴും താങ്കളെ വിശേഷിപ്പിക്കുന്നത് അറബ്-അമേരിക്കന്‍ എഴുത്തുകാരിയായിട്ടാണ്. അത്തരം വിശേഷണങ്ങളെ, എഴുത്തിന്റെ വേര്‍തിരിവുകളോട് യോജിക്കുന്നുണ്ടോ?

ഇല്ല. ഞാന്‍ സ്വയം കരുതുന്നത് എഴുത്തികാരിയായിട്ടാണ്. എഴുത്തിന്റെ വേര്‍തിരിവുകളോടും നിര്‍വചനങ്ങളോടും എതിര്‍പ്പാണുള്ളത്. ഒരാള്‍ എന്നെ അറബ്-അമേരിക്കന്‍ എഴുത്തുകാരിയെന്ന് വിശേഷിപ്പിക്കുമ്പോള്‍, അയാള്‍ എന്നെ ഫലസ്തീന്‍, അമേരിക്കന്‍, ഫ്രഞ്ച്, ലാറ്റിന്‍ എന്നിങ്ങനെകൂടി പരിഗണിച്ചുകൊണ്ടും മനസിലാക്കിയുമാണ് അത് ചെയ്യുന്നതെങ്കില്‍ പ്രശ്‌നമില്ല.


താങ്കള്‍ക്ക് ഒരിടത്ത് സ്ഥിരമായി കൂടുകൂട്ടാനുള്ള ഉദ്ദേശമില്ലേ?

നല്ല ചോദ്യം. അച്ഛനുമമ്മയും വളരെ പിന്തുണയ്ക്കുന്നവരാണെങ്കിലും അവര്‍ക്കുപോലും എന്റെ ജീവിതം പിടികിട്ടിയിട്ടില്ല. കുറച്ചുവര്‍ഷം മുമ്പ് അമ്മ ഈ ചോദ്യം ചോദിക്കുന്നത് നിര്‍ത്തി: എന്നാണ് നീ നിന്റെ ജീവിതം തുടങ്ങാന്‍ പോകുന്നത് എന്നതായിരുന്നു പതിവ് ചോദ്യം. അതുകൊണ്ട് അവര്‍ ഉദ്ദേശിച്ചത് സ്ഥിരമായി ഒരിടത്തു നിന്ന് ജീവിക്കുക. അമ്മയ്ക്ക് അതിന് കഴിഞ്ഞിട്ടില്ല. ഞാനമ്മയോട് പറഞ്ഞത് വൂയര്‍ കയിക്‌സിയുടെ വരികളാണ് പറഞ്ഞത്. മറ്റൊരു പ്രവാസിയെ പരാമര്‍ശിക്കുകയായിരുന്നു വൂയര്‍. ''നമ്മള്‍ ആകാശം നേടിയിട്ടുണ്ടാവാം. പക്ഷേ നമുക്ക് ഭൂമി നഷ്ടമായി'. അതൊരു അവസ്ഥയാണ്. ഇതുവരെ മാറി ചിന്തിച്ചിട്ടില്ല.


ഇന്ത്യന്‍ സാഹിത്യത്തെപ്പറ്റി? ഇവിടുത്തെ രചനകളെ എത്രമാത്രം അറിയാം. മലയാളത്തെപ്പറ്റി കേട്ടിട്ടുണ്ടോ?

ഇന്ത്യയില്‍ നിന്നു വരുന്ന പല കവിതകളും നോവലുകളും ഞാന്‍ വായിച്ചിട്ടുണ്ട്. മുമ്പ് കൊല്‍ക്കത്ത പുസ്‌കോത്സവത്തിനും സാഹിത്യ സമ്മേളനത്തിനും വന്നപ്പോള്‍ പല എഴുത്തുകാരോടും അടുത്ത് ഇടപെടാനായി. അതിനുശേഷമാണ് ഇന്ത്യന്‍ സാഹിത്യത്തെപ്പറ്റി ഗൗരവമായി സമീപിക്കാന്‍ തുടങ്ങിയത്.ഇവിടുന്നുള്ള കവിതകള്‍ കൂടി ഉള്‍പ്പെടുത്തി ഒരു സമാഹാരം പ്രസിദ്ധീകരിക്കാനുള്ള ആലോചനയുണ്ട്. മലയാളത്തിലെ രചനകളെപ്പറ്റി അറിയില്ല. താങ്കളുടെ നാട്ടിലുള്ള കവികളുടെ രചനകള്‍ ഞാന്‍ വായിച്ചിട്ടുണ്ടാവും. പക്ഷേ, ഉറപ്പില്ല.


പച്ചക്കുതിര
2010 April

'അക്രമം ഒരു അടഞ്ഞ തെരുവ്'

സംഭാഷണം

ഡോള്‍കുന്‍ ഇസ/സേതുദാസ്

ഏറ്റവും അപകടകാരിയായ പതിനൊന്ന് തീവ്രവാദികളില്‍ ഒരാളായി ചൈനീസ് ഭരണകൂടം വിശേഷിപ്പിക്കുന്ന ഡോള്‍കുന്‍ ഇസ തന്റെ ജനതയെപ്പറ്റി, വിമോചനത്തെപ്പറ്റി, ചൈനയെപ്പറ്റി സംസാരിക്കുന്നു.



'അക്രമം ഒരു അടഞ്ഞ തെരുവ്'


ചൈനീസ് ഭരണകൂടത്തിന് ഭീകരവാദിയാണ് ഡോള്‍കുന്‍ ഇസ. 'രാജ്യ'ത്തെ ഏറ്റവും അപകടകാരിയായ പതിനൊന്ന് കൊടും തീവ്രവാദികളില്‍ ഒരാള്‍. ചൈനയിലെ സിന്‍ജിയാങ്-ഉഗ്യൂര്‍ സ്വയംഭരണ മേഖലയില്‍ 'കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ വിമോചന സംഘടന'യുടെ പേരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്നതാണ് ഡോള്‍കുന്‍ ഇസയ്ക്കുമേല്‍ ആരോപിക്കപ്പെടുന്ന കുറ്റം.
ചൈനയ്ക്കുള്ളില്‍, കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ നടന്നുവരുന്ന വിമോചനപോരാട്ടങ്ങളെക്കുറിച്ച് ലോകത്തിന് അധികം അറിവില്ല. അവര്‍ ഏത് ജനതയെന്നത് പരിഗണനാ വിഷയമായിട്ടുണ്ടെന്നും തോന്നുന്നില്ല. കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ (സിന്‍ജിയാങ്-ഉഗ്യൂര്‍ സ്വയംഭരണ മേഖല)ലെ ജനങ്ങള്‍ ചൈനക്കാരല്ല. തുര്‍ക്കികളാണ്. മധ്യ ഏഷ്യയില്‍ നിന്ന് ഉദയം ചെയ്ത, തുര്‍ക്കിഭാഷ സംസാരിക്കുന്നവരുടെ ദേശമാണിത്. ചൈനീസ് അധികാരികള്‍ പറയുന്നത് ആകെ 90 ലക്ഷം ഉഗ്യൂറുകളേയുള്ളൂവന്നാണ്. എന്നാല്‍, രണ്ടുകോടി വരും ഉഗ്യൂര്‍ മുസ്‌ളീം ജനങ്ങളുടെ എണ്ണം. 200 വര്‍ഷങ്ങള്‍ക്കിടയില്‍ പലവട്ടം കിഴക്കന്‍ തുര്‍ക്കിസ്ഥാനെ ചൈന അധിനിവേശപ്പെടുത്തിയിട്ടുണ്ട്. 1949 ലാണ് അവസാന അധിനിവേശം നടക്കുന്നത്. ശരിക്കും പറഞ്ഞാല്‍ മാവോയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ അധികാരത്തിലേറുന്നതോടെയാണ് ഉഗ്യൂര്‍ ജനതയുടെ ദുരിതം തുടങ്ങുന്നത്. ചൈനീസ് ജനകീയ വിമോചന സേന (പി.എല്‍.എ) കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ സ്വാതന്ത്ര്യം അവസാനിപ്പിച്ച്, കടന്നു കയറി. അതിനുശേഷം ആറുപതിറ്റാണ്ടായി ഉഗ്യൂറുകളും കുടിയേറ്റക്കാരായ ഹാന്‍ ചൈനീസ് വംശജരും തമ്മില്‍ പോരാട്ടം നടക്കുകയാണ്. ഹാന്‍ വംശത്തിന്റെ ചിട്ടയായ അധിനിവേശം ഉഗ്യൂര്‍ ജനതയെ സ്വന്തം മണ്ണില്‍ ന്യൂനപക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്. 1955ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉഗ്യൂറുകള്‍ക്ക് സ്വയം ഭരണം വാഗ്ദാനം ചെയ്യുകയും സിന്‍ജിയാങ്- ഉഗ്യൂര്‍ സ്വയംഭരണമേഖല സൃഷ്ടിക്കുകയും ചെയ്തു.
ഉഗ്യൂറുകളുടെ പോരാട്ടത്തെ നയിക്കുന്നത് ലോക ഉഗ്യൂര്‍ കോണ്‍ഗ്രസ് (ഡബ്‌ള്യു.യു.സി) ആണ്. സംഘടനയുടെ നേതൃത്വം ഡോള്‍കുന്‍ ഇസയ്ക്കാണ്. അദ്ദേഹമാണ് സെക്രട്ടറി ജനറല്‍. ചൈനീസ് തടവറയില്‍ അഞ്ചുവര്‍ഷക്കാലം ഏകാന്ത തടവിലടക്കപ്പെട്ട റബിയ കദീര്‍ എന്ന വനിതാ നേതാവാണ് 2004 ല്‍ മ്യൂണിക്കില്‍ സംഘടന രൂപീകരിച്ചത്. സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് മുദ്രാവാക്യം. സിന്‍ജിയാങ് സര്‍വകാലാശാലയില്‍ 1984 മുതല്‍ 1988 വരെ ഫിസിക്‌സ് വിദ്യാര്‍ത്ഥിയായിരുന്നു ഡോള്‍കുന്‍. അണവ പരീക്ഷണങ്ങള്‍ക്കെതിരെയായിരുന്നു ആദ്യ പ്രകടനം. 1964 മുതല്‍ 1996വരെ കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ 46 തവണ ചൈന ആണവ പരീക്ഷണം നടത്തിയിട്ടുണ്ട്. മുപ്പതിനായിരം പേര്‍ ആണവവികരണമേറ്റു മരിച്ചുവെന്ന വസ്തുത ഭരണകൂടം ഒളിപ്പിച്ചു. ഇതിനെതിരെയുള്ള പ്രതിഷേധം വലിയ തോതില്‍ ഉഗ്യൂറുകളെ ചലിപ്പിച്ചു. കസാക്കുകള്‍, ഉഗ്യൂറുകള്‍, താജിക്കുകള്‍ എന്നിവര്‍ക്ക് നേരെയുളള വിവേചനം അവസാനിപ്പിക്കാനായിരുന്നു മറ്റൊരു പ്രകടനം.
1988 ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭകാലത്ത് സര്‍വകലാശാലയില്‍ നടന്ന ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിന്റെ നേതാവായിരുന്നു ഡോള്‍കുന്‍. അവിടെ പടുകൂറ്റന്‍ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. അതോടെ സര്‍വകലാശാലയില്‍ നിന്ന് പുറത്തായി. തുടര്‍ന്ന് തുര്‍ക്കിയിലെ ഗാസി സര്‍വകലാശാലയില്‍ ചേര്‍ന്ന് രാഷ്ട്രതന്ത്രത്തിലും സോഷ്യോളജിയിലും മാസ്റ്റര്‍ ബിരുദം നേടി. ഭരണകുടം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നുവെങ്കിലും ഉഗ്യൂര്‍ ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി ഡോള്‍കുന്‍ പോരാട്ടം തുടര്‍ന്നു. ഇപ്പോള്‍ രാജ്യത്തിന് പുറത്ത് നിന്ന് വിമോചനപോരാട്ടത്തെ നയിക്കുകയാണ് അദ്ദേഹം.
ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ഭരണാധികാരത്തോടാണ്് ഉഗ്യൂറുകള്‍ എതിരിടുന്നത്. മൃഗീയ അടിച്ചമര്‍ത്തലിനെയും സാംസ്‌കാരിക കൂട്ടക്കൊലയെയും അതിജീവിച്ച്, പരാജയപ്പെടാന്‍ വിസമ്മതിച്ച് ഉഗ്യൂര്‍ ജനത നിലകൊള്ളുന്നു. 2009 ല്‍ അവര്‍ വലിയ ഉയര്‍ത്തെഴുന്നേല്‍പ്പു സംഘടിപ്പിച്ചു. ഭീകരമായ സൈനിക അടിച്ചമര്‍ത്തലായിരുന്നു പിന്നീട് ലോകം കണ്ടത്്. ഔദ്യോഗിക കണക്കുപ്രകാരം 197 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍, യഥാര്‍ത്ഥ മരണസംഖ്യ ആയിരം കവിയും.
ഉഗ്യൂര്‍ ആസ്ഥാനത്ത് വച്ചാണ് ഡോള്‍കുന്‍ ഇസയുമായി ഈ കൂടിക്കാഴ്ച നടക്കുന്നത്. കൊടും തീവ്രവാദിയെന്ന് വിശേഷിക്കപ്പെട്ടയാള്‍ കാഴ്ചയില്‍ സൗമ്യന്‍. മാന്യമായ പെരുമാറ്റം. സംസാരം തികഞ്ഞ നയന്ത്രജ്ഞതയോടെ. ചൈനീസ് മാധ്യമങ്ങളും ഭരണകൂടവും വിശേഷിപ്പിക്കുന്നതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായ ഒരു ജനനായകനെയാണ് അഭിമുഖക്കാരന്‍ കണ്ടത്. ഡോള്‍കുനുമായി നടത്തിയ ഹൃസ്വ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:


സേതുദാസ്: കിഴക്കന്‍ തുര്‍ക്കിസ്ഥാന്റെ തലസ്ഥാനമായ ഉറുമാച്ചിയില്‍ 2009 ല്‍ നടന്ന ഉയര്‍ത്തെഴുന്നേല്‍പ്പിനുശേഷം ചൈനീസ് ഭരണകൂടം ശക്തമായ അടിച്ചമര്‍ത്തല്‍ നടത്തുന്നതായി അറിയാം. എന്താണ് ഉഗ്യൂര്‍ ജനതയുടെ ഇപ്പോഴത്തെ അവസ്ഥ?

ഉറുമാച്ചിയിലെ ഉയര്‍ത്തെഴുന്നേല്‍പ്പിനുശേഷം ചൈനീസ് ഭരണകൂടം ഉഗ്യൂര്‍ ജനതയ്‌ക്കെതിരെയുള്ള യുദ്ധം ശക്തമാക്കിയിരിക്കുകയാണ്. 1,30,000 സൈനികരെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ചൈനീസ് സര്‍ക്കാര്‍ ഉഗ്യൂര്‍ വിമത നീക്കത്തിന്റെ എല്ലാ രൂപങ്ങള്‍ക്കെതിരെയും നിഷ്ഠൂരമായ അടിച്ചമര്‍ത്തല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഉഗ്യൂര്‍ ജനതയുടെ സമാധാനപരമായ സ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങളെ കടുത്ത രീതിയിലാണ് ചൈന നേരിടുന്നത്. എല്ലാത്തരത്തിലുള്ള മതപ്രവര്‍ത്തനങ്ങളും അടിച്ചമര്‍ത്തുകയാണ്. കൂടാതെ ഉഗ്യൂര്‍ സംസ്‌കാരത്തെയും സ്വത്വത്തെയും ഇല്ലാതാക്കാനും, ഉഗ്യൂര്‍ ഭാഷയുടെ നിലനില്‍പ് തന്നെ അപകടത്തിലാക്കാനുമുളള ശ്രമങ്ങള്‍ തുടരുന്നു. ഉഗ്യൂര്‍ മേഖലയിലെ മനുഷ്യാവകാശ സാഹചര്യം 2009 ലെ സംഭവങ്ങള്‍ക്കുശേഷം വളരെയധികം മോശമായിട്ടുണ്ട്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യവകാശ സംഘടനകള്‍ ഈ സാഹചര്യങ്ങളെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ ഉഗ്യൂര്‍ ജീവിത്തിന്റെ എല്ലാ മേഖലകളിലും കടുത്ത നീരീക്ഷണത്തിന് വിധേയരാണ്. അക്ഷരാര്‍ത്ഥത്തില്‍ സ്വതന്ത്രമായ ശ്വാസം വിടാന്‍പോലും അവിടെ ഒരു സാധ്യതയുമില്ല.

കിഴക്കന്‍ തുര്‍ക്കിസ്ഥാന്റെ പ്രശ്‌നത്തിന് സംവാദങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും സമാധാനപരമായ പരിഹാരം സാധ്യമാക്കുകയാണ് ലോക ഉഗ്യൂര്‍ കോണ്‍ഗ്രസിന്റെ മുഖ്യ ലക്ഷ്യം . ലോകത്തിന്റെ ഏറ്റവും ശക്തമായ ഒരു സൈനിക ഭരണകൂടത്തോട് എതിരിടുമ്പോള്‍ താങ്കള്‍ 'ചര്‍ച്ചകളെ'പ്പറ്റി എത്രത്തോളം ശുഭാപ്തി വിശ്വാസിയാണ്?

ലോക ഉഗ്യൂര്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും പരസ്യമായി ചൈനീസ് അധികാരികളോട് ആവശ്യപ്പെട്ടത് കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഉഗ്യൂറുകളുമായി ചര്‍ച്ചകളാരംഭിക്കമെന്നാണ്. 2010 ഏപ്രിലില്‍ ബ്രസല്‍സിലും ബല്‍ജിയത്തിലും യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലുമെല്ലാം ഞങ്ങള്‍ ഇതാവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ചൈനീസ് അധികാരികള്‍ ഈ നിര്‍ദേശത്തോട് പ്രതികരിച്ചിട്ടില്ല. അവരത് സമീപ ഭാവിയില്‍ ചെയ്യുമെന്നും ഞാന്‍ കരുതുന്നില്ല. അതിനാല്‍ ഔദ്യോഗിക സംഭാഷണത്തെപ്പറ്റിയുള്ള ഞങ്ങളുടെ കാഴ്പ്പാടുകള്‍ ഇപ്പോള്‍ അശുഭാപ്തികരമാണ്. എന്നാല്‍, ഞങ്ങള്‍ ഈ നിര്‍ദേശങ്ങളില്‍ ഉറച്ചുനില്‍ക്കുകയും അക്രമരഹിതവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ സമരം തുടരുകയും ചെയ്യും.

റബിയ കദീറിന്റെ നേതൃതത്ത്രിലുള്ള ഉഗ്യൂര്‍ ജനതയുടെ സമാധാന ശ്രമങ്ങള്‍ക്ക് വിരുദ്ധമായി കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ പോരാട്ടം അക്രമാസക്തമായി തുടരുകയാണ്്. കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ ജനങ്ങളും ഉഗ്യൂര്‍ നേതാക്കള്‍ സ്വീകരിച്ച പാതയും തമ്മില്‍ വൈരുദ്ധ്യമുള്ളതായി തങ്കള്‍ക്ക് തോന്നുന്നുണ്ടോ?

കിഴക്കന്‍ തുര്‍ക്കിസ്ഥാനിനുള്ളിലെ സമരങ്ങള്‍ അക്രമാസക്തമല്ല. ശരിയാണ്, അവിടെ മുമ്പ് ചില അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ, അവ വ്യക്തപരമായ തലത്തിലാണ് നടന്നത്. അതിന് ഉഗ്യൂര്‍ ജനതയുടെ മൊത്തത്തിലുള്ള പിന്തുണയുണ്ടായിരുന്നില്ല. ചൈനീസ് അധികാരികള്‍ ഉഗ്യൂര്‍ ജനതയുടെ സമാധാനപരമായ രാഷ്ട്രീയ-മതപര-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ എന്നും 'മൂന്ന് തിന്‍മ'കളുമായി തുലനപ്പെടുത്തിയാണ് പറയുന്നത്. അതായത് ഭീകരവാദം, വിഘടനവാദം, മത തീവ്രവാദം എന്നിവയുമായി. ഈ 'മൂന്ന് തിന്‍മകളെ' ഇല്ലാതാക്കാനെന്ന പേരില്‍ അവര്‍ ഉഗ്യൂറുകളെ പീഡിപ്പിക്കുകയാണ്. അതിനാല്‍ ഉഗ്യൂറുകളെപ്പറ്റിയും അവരുടെ പോരാട്ടങ്ങളെപ്പറ്റയും തെറ്റായ ധാരണകള്‍ ബാഹ്യലോകത്ത് വികസിച്ചിട്ടുണ്ട.് ഇന്ന് കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ നടക്കുന്ന കാര്യങ്ങള്‍ ശരിക്കും നിങ്ങള്‍ക്ക് മനസിലാക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ മൂല കാരണങ്ങള്‍ തേടണം. 2009 ജൂലൈയിലുണ്ടായ ഭീകരമായ സംഭവങ്ങളുടെ മൂല കാരണങ്ങള്‍ കുടികൊള്ളുന്നത് ചൈനീസ് സര്‍ക്കാര്‍ നീണ്ടകാലമായി ഉഗ്യോറുകളോട് സ്വീകരിക്കുന്ന വിവേചനപരമായ നയങ്ങളിലും, അവരുടെ മതം രാഷ്ട്രീയം, വിദ്യാഭ്യാസം, ഭാഷ, സാമ്പത്തിക അവകാശങ്ങള്‍ എന്നിവയ്ക്ക് നേരെ നടത്തിയ തുടര്‍ച്ചയായ അങ്ങേയറ്റം മോശമായ അടിച്ചമര്‍ത്തലിലുമാണ്്. അതിനര്‍ത്ഥം ഉഗ്യൂറുകള്‍ ഇന്ന് തുറന്ന ജയിലില്‍ കഴയുന്നുവെന്നാണ്. അത് സാമൂഹ്യപരമായ സംഘര്‍ഷങ്ങള്‍ കൂട്ടുകയും അക്രമത്തിലേക്കും നീക്കുകയും ചെയ്യും. ഇതു പറയുമ്പോള്‍ ഞാന്‍ അക്രമത്തിന് അനുകൂലമായി ഒഴികഴിവുകള്‍ കണ്ടെത്തുകയല്ല. പകരം അതിനു പിന്നിലെ കാരണങ്ങള്‍ പറയുകയാണ്. വ്യക്തിപരമായി പറഞ്ഞാല്‍ അക്രമം ഒരറ്റം അടഞ്ഞ തെരുവാണ് (ഡെഡ് എന്‍ഡ് സ്ട്രീറ്റ്). അതിനാല്‍ തന്നെ ഡബ്ല്യു.യു.സി അക്രമാസ്‌ക്തമായ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നു.


ചൈന ആരോപിക്കുന്നത് സിന്‍ജിയാങ്-ഉഗ്യൂര്‍ സ്വയംഭരണ മേഖലയിലെ തീവ്രവാദ സംഘങ്ങള്‍ അല്‍ക്വയ്ദ, മുന്‍സോവിയറ്റ് യൂണിയനിലെയിലെയും ചെച്‌നിയിയിലെയും ഇസ്ലാമിക ഗ്രുപ്പുകള്‍, താലിബാന്‍ എന്നിവയില്‍നിന്ന് പരിശീലനവും പ്രചോദനവും നേടുന്നതായിട്ടാണ്. എന്താണ് ഇതിനോടുള്ള താങ്കളുടെ പ്രതികരണം?

കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളെപ്പറ്റി പരമാര്‍ശിക്കുമ്പോള്‍ ചൈന ഉദ്ദേശിക്കുന്നത് കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്‌മെന്റ് (ഇ.ടി.ഐ.എം) പോലുള്ള സംഘടനയെയാണ്. എന്നാല്‍, പല വിദഗ്ധരും അക്കാമീഷ്യന്‍മാരും ഇത്തരം ഗ്രൂപ്പുകളുടെ നിലനില്‍പ്പിനെപ്പറ്റി ഗൗരവകരമായ സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അവര്‍ ചിന്തിക്കുന്നത് ഇവയെ ചൈനീസ് അധികാരികള്‍ തന്നെ സൃഷ്ടിച്ചതായിട്ടാണ്; ഉഗ്യൂര്‍ ജനതയെ പീഡിപ്പിക്കാന്‍ ഒരു കാരണം കണ്ടെത്താനായി.

ചൈനയുടെ മറ്റൊരു ആരോപണം ഉഗ്യൂറുകള്‍ക്ക് ദലൈലാമയുടെയും തായ്‌വാന്‍െയും തുര്‍ക്കി ഇറ്റലിന്‍ജര്‍സ് ഏജന്‍സികളുടെയും പിന്തുണയുണ്ടെന്നാണ്? എന്തു പറയുന്നു.

ദലൈലാമ തീര്‍ച്ചയായും ഉഗ്യൂര്‍ പോരാട്ടങ്ങളോട് സഹാനുഭൂതിയുള്ള വ്യക്തിയാണ്. ചൈനീസ് അധികാരികളുടെ അധിനിവേശത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും സമാനമായ ചരിത്രമാണ് തിബത്തന്‍കാര്‍ക്കും ഉഗ്യൂറുകള്‍ക്കുമുള്ളത്. താങ്കള്‍ക്കറിയാവുന്നതുപോലെ ദലൈലാമയും തിബത്തന്‍കാരും നടത്തുന്നത് ഞങ്ങള്‍ ചെയ്യന്നതുപോലെ സമാധാനപരവും അക്രമരഹിതവുമായ സമരമാണ്. തായ്‌വാനിലെയും തുര്‍ക്കിയിലെയും ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും മുന്‍കാലങ്ങളില്‍ ഞങ്ങളെ പിന്തുണച്ചിരുന്നു.

അറബ് രാജ്യങ്ങളിലെ ഉയര്‍ത്തെഴുന്നേല്‍പ്പുകളുടെ പശ്ഛാത്തലത്തില്‍ സമാനമായ ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ ഭയന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സിന്‍ജിയാങ്ങ് മേഖലില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതായി കേള്‍ക്കുന്നു. ചൈനയിലെ പല ഭാഗങ്ങളിലും വിപ്ലവ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ?

അറബ് ലോകത്തേതിന് സമാനമായ വിപ്ലവങ്ങക്ക് ചൈനയില്‍ സമയമായി എന്നു ഞാന്‍ കരുതുന്നില്ല. അതിന് കുറച്ചുകൂടി സമയമെടുക്കും. ചൈനീസ് പൗരന്‍മാര്‍ തയ്യാറാതെ അത്തരം സംഭവങ്ങള്‍ ചൈനയില്‍ സാധ്യമല്ല. ഈ നിമിഷത്തില്‍, രാജ്യത്തിനുമേലുളള പാര്‍ട്ടിയുടെ നിയന്ത്രണം ശക്തമാണ്. അവര്‍ വിമതരെ കടുത്ത രീതിയില്‍ തുടര്‍ച്ചയായി അടിച്ചമര്‍ത്തുന്നുണ്ട്. എന്നാല്‍, ചൈനയിലെ വിമത ശബ്ദങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്് ചൈനയില്‍ അധികം വൈകാതെ തന്നെ തന്നെ ശക്തമായ സാമൂഹ്യ, രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കന്നത്.


അമേരിക്ക സിന്‍ജിയാങ്ങിലെ ഉഗ്യൂര്‍ ജനതയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നുണ്ട്. അതേ സമയം ചൈനയെ അമേരിക്ക 'ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധ'ത്തില്‍ തന്ത്രപരമായ പങ്കാളികളാക്കുകയും ബീജിംഗില്‍ എഫ്.ബി.ഐ. ലീഗല്‍ അനുബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍, തിബത്ത് എന്നിവയുടെ കാര്യത്തില്‍ അമേരിക്കയുടെ നിലപാട് അവരുടെതന്നെ വിദേശ നയവുമായി വൈരുദ്ധ്യമുണ്ടോ? അവരുടെ ശരിയായ താലപര്യം ചൈനീസ് നേതൃത്വത്തെ തകര്‍ക്കുകയാണ്, അല്ലാതെ; മര്‍ദിത ജനതയുടെ മോചനമല്ലെന്ന് താങ്കള്‍ക്ക് തോന്നുന്നില്ലേ?

ചൈനയോടുളള അമേരിക്കയുടെ പെരുമാറ്റത്തില്‍ അത്ഭുതമൊന്നുമില്ല. ചൈനയുമായി പോസ്റ്റീവായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ താല്‍പര്യപ്പെടുന്ന മറ്റേതൊരു രാജ്യത്തെയും പോലെ അമേരിക്കയും ചൈനീസ് അധികാരികളുമായി പല തലങ്ങളിലും ബന്ധം ഉറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ലോകമെമ്പടുമുളള പല സര്‍ക്കാരുകളുടെ വിദേശ നയവും മനുഷ്യാവകാശ താലപര്യങ്ങളും തമ്മില്‍ വ്യക്തമായ വൈരുദ്ധ്യമുണ്ട്. പല പാശ്ചാത്യ രാജ്യങ്ങളും സ്വന്തം ജനതയ്ക്കും ഉഗ്യൂറുകള്‍ക്കും നേരെയുള്ള ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്നുണ്ട്. അതേ സമയം അവര്‍ ചൈനയുമായി മെച്ചപ്പെട്ട സാമ്പത്തിക ബന്ധങ്ങള്‍ക്കും ശ്രമിക്കുന്നു. ഇതൊരു വൈരുദ്ധ്യമാണോ? തീര്‍ച്ചയയായും അതെ. പക്ഷേ നിര്‍ഭാഗ്യകാരമെന്നുപറയാം ഇതേ രീതിയിലാണ് രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത്. ഈ വസ്തുതക്ക് വിരുദ്ധമായി രാഷ്ട്രീയത്തിലെ പല ജനങ്ങളും ഞങ്ങളുടെ ലക്ഷ്യത്തെ ഉറച്ചരീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. ഈ പിന്തുണ ഞങ്ങള്‍ക്ക് വളരെ അവശ്യമാണ്. അതിനോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.്്


------
'ഫ്രണ്ട് ഓഫ് തിബത്ത്' എന്ന സംഘടനയുടെ സ്ഥാപകനും ആക്റ്റിവിസ്റ്റുമണ് കൊച്ചി സ്വദേശിയായ സേതു ദാസ്. ഡിസൈന്‍ ആന്‍ഡ് പീപ്പിളിന്റെ സ്ഥാപകരിലൊരാളാണ്.

പരിഭാഷ: ആര്‍.കെ.ബിജുരാജ്

Pachakkuthira
2010 April