Tuesday, August 30, 2011

'വിവയുടെ പ്രസ്ഥാനം മുന്നേറിക്കൊണ്ടിരിക്കുന്നു'

സംഭാഷണം
സെഫി അറ്റ/ആര്‍.കെ.ബിജുരാജ്

നൈജീരിയന്‍ നോവലിസ്റ്റും കഥാകൃത്തുമായ സെഫി അറ്റ തന്റെ രാജ്യത്തെയും എഴുത്തിനെയുംപറ്റി സംസാരിക്കുന്നു.



'വിവയുടെ പ്രസ്ഥാനം മുന്നേറിക്കൊണ്ടിരിക്കുന്നു'

ഇന്നോളം സൃഷ്ടിക്കപ്പെട്ട ഭാവുകത്വത്തെ മുഴുവന്‍ ഭേദിച്ചാണ് ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പുതു എഴുത്തുകാര്‍ മുന്നേറുന്നത്. അവരില്‍ മൗലികതകൊണ്ട് ശ്രദ്ധേയയാണ് നൈജീരിയന്‍ നോവലിസ്റ്റ് സെഫി അറ്റ. നോവലിസ്റ്റ് എന്നതിനു പുറമെ കഥാകൃത്തും നാടകരചയിതാവുമാണ് അവര്‍.
നൈജീരിയയിലെ ഇകോയിയില്‍ 1964 ലാണ് സെഫി അറ്റയുടെ ജനനം. നൈജീരിയയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയെങ്കിലും പഠനം പൂര്‍ത്തിയാക്കിയത് ഇംഗ്ലണ്ടിലും അമേരിക്കയിലുമായിട്ടാണ്. ലോസ് ആഞ്ചലിസിലെ അനിടോക്ക് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. 2005 ലാണ് 'എവരിതിംഗ് ഗുഡ്‌വില്‍ കം' എന്ന ആദ്യ നോവല്‍ പുറത്തിറങ്ങിയത്. പുസ്തകമിറങ്ങി അധികം വൈകാതെ ലോകമെമ്പാടുനിന്നും പുകഴ്ത്തലുകളുണ്ടായി. നോവലിന് വോള്‍സോയിങ്ക പുരസ്‌കാരവും ലഭിച്ചു. ഈ ഒറ്റ നോവല്‍ തന്നെ ചിമമാന്‍ഡ എന്‍ഗോസി അദീച്ചി, ഹെലോന്‍ ഹാബില,സെഗുന്‍ അഫോലബി തുടങ്ങിയ പുതു എഴുത്തുകാരുടെ നിരയില്‍ സെഫി അറ്റയെ മുന്‍നിരക്കാരിയായി .'എവരിതിംഗ് ഗുഡ്‌വില്‍കം' നൈജീരിയയുടെ കഥയാണ്. 1970 കളിലെ, സൈനിക ഭരണത്തിന്‍ കീഴിലായിരുന്ന രാജ്യത്തിന്റെ ചിത്രമാണ് നോവലില്‍ നിറയുന്നത്. എനിത്തന്‍ തായ്‌വോ എന്ന പതിനൊന്നുകാരി സ്‌കൂള്‍ പഠനം തുടങ്ങുന്നതിനായി കാത്തിരിക്കുകയാണ്. അവളുടെ അമ്മ മകന്റെ മരണത്തോടെ കൂടുതല്‍ മതപരമായ ജീവിതം നയിക്കുന്നു. അടുത്ത വീട്ടില്‍ താമസിക്കുന്ന ഷെറി ബാക്കര്‍ എന്ന മറ്റൊരു പെണ്‍കുട്ടിയുമായി എനിത്തിന്‍ അടുക്കുന്നതും അവര്‍ ഒരുമിച്ചു കാണുന്ന ജീവിതവുമാണ് നോവലിന്റെ പ്രമേയം. തുടര്‍ന്ന് 'സ്‌വാലോ' എന്ന നോവലും പുറത്തിറങ്ങി. എണ്‍പതുകളുടെ മധ്യത്തില്‍ നൈജീരിയന്‍ സര്‍ക്കാരും ജനങ്ങളുമായുള്ള ഏറ്റുമുട്ടലാണ് ഈ നോവലിന്റെ പശ്ചാത്തലം. അവിടുത്തെ ലഹരികടത്തലും അക്രമവും ധാര്‍മികതയുമെല്ലാം വിഷയമായി മാറുന്നു. 'ന്യൂസ് ഫ്രം ഹോം', 'ലോലെസ്' എന്നീ ചെറുകഥാ സമാഹരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളും എഴുതി.
അമേരിക്കയിലെ മിസിസിപ്പിയില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമാണ് താമസം.
ഈ ഓണ്‍ലൈന്‍ സംഭാഷണത്തില്‍ തന്റെ രാജ്യത്തെയും,ജീവിതത്തെയും എഴുത്തിനെയും പറ്റി സംസാരിക്കുകയാണ് സെഫി. സംഭാഷണത്തിന്റെ പ്രസ്‌കതഭാഗങ്ങള്‍:


എന്താണ് താങ്കളുടെ ജീവിത പശ്ചാത്തലം? നൈജീരിയയിലെ കുട്ടിക്കാലത്തെപ്പറ്റിയുള്ള ഓര്‍മകള്‍ എത്തരത്തിലുള്ളതാണ്?

നൈജീരിയയിലെ ഇകോയി എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചത്. ലാഗോസിന് അടുത്താണ് ഈ സ്ഥലം. സര്‍ക്കാരുദ്യോഗസ്ഥരും പ്രൊഫഷണലുകളും ജീവിച്ചിരുന്ന ഒരു മേഖലയായിരുന്നു അത്. അച്ഛന്‍ സിവില്‍ സര്‍വീസ് മേധാവിയായിരുന്നു. ഒഴിവു സമയങ്ങളില്‍ മീന്‍ പിടിക്കാനും മറ്റുമായി അച്ഛന്‍ കുട്ടികളായ ഞങ്ങളെ കൊണ്ടുപോകുമായിരുന്നു. എട്ട്‌വയസുള്ളപ്പേള്‍ അച്ഛന്‍ മരിച്ചു. പിന്നീട് അമ്മയാണ് വളര്‍ത്തിയത്. അമ്മ ദക്ഷിണദേശക്കാരിയായിരുന്നു. യോറുബ വംശജക്കാരിയും ക്രിസ്തുമത വിശാസിയുമായിരുന്നു. അച്ഛന്‍ വടക്കന്‍ദേശക്കാരന്‍. ഇഗ്ബിറ വംശജനും മുസ്ലീമുമായിരുന്നു. നാല് സഹോദരരുണ്ട് എനിക്ക്. മൂത്തത് അര്‍ദ്ധ സഹോദരിയും ഒരു സഹോദരനും. ഇളയവര്‍ രണ്ടും പെണ്ണുങ്ങളാണ്. അവരെല്ലാം നൈജീരിയയിലാണ്.
1972 ല്‍ അച്ഛന്‍ മരിച്ചശേഷം ഞങ്ങള്‍ അടുത്തുള്ള ലഗോസിലേക്ക് മാറി. ലഗോസ് തടാകത്തിന് അഭിമുഖമായുള്ളതാണ് വീട്. ജനല്‍ തുറന്നിട്ടാല്‍ തടാകത്തില്‍ ആളുകള്‍ വരുന്നതും പോകുന്നതുമെല്ലാം കാണാം. അതിനാല്‍ കുട്ടിക്കാല ഓര്‍മകളിലെല്ലാം വെള്ളം നിറഞ്ഞുനില്‍ക്കുന്നുണ്ട്. എഴുതുന്നതും വായിക്കുന്നതും കുട്ടിക്കാലത്ത് ഇഷ്ടമില്ലായിരുന്നു. ഞങ്ങളുടെ ലൈബ്രറിയില്‍ എല്ലാത്തരം ക്ലാസിക്കുകളുമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും വായിച്ചില്ല. അതെല്ലാം കളിപ്പാട്ടമായിട്ടാണ് ഞാന്‍ ഉപയോഗിച്ചത്. വീട്ടില്‍ സഹോദരനാണ് എഴുത്ത് ഇഷ്ടപ്പെട്ടിരുന്നത്. വളരെ ചെറിയ പ്രായത്തിലേ സഹോദരന്‍ എഴുതാന്‍ താല്‍പര്യം കാണിച്ചു. അയാള്‍ കാര്‍ട്ടുണിസ്റ്റമായിരുന്നു. നന്നായി പ്രോത്സാഹിക്കപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നിട് എന്തുകൊണ്ടോ ആ താല്‍പര്യം നിലനിര്‍ത്തിയില്ല. അടുത്തിടെ സഹോദരന്‍ എന്നോട് പറഞ്ഞത് താനിപ്പോഴും കള്ളപ്പേരില്‍ മാഗസിനുകളില്‍ എഴുതുന്നുണ്ടെന്നാണ്. 1974 ല്‍ ഞാന്‍ പെണ്‍കുട്ടികള്‍ താമസിച്ച് പഠിക്കുന്ന ക്യൂന്‍സ് കോളജില്‍ ചേര്‍ന്നു. പത്ത് വയസായിരുന്നു അപ്പോള്‍. വളരെയധികം മെലിഞ് ദുര്‍ബലയായ കുട്ടിയായിരുന്നു ഞാനന്ന്. സ്വന്തമായി വസ്ത്രങ്ങള്‍ അലക്കുകയും പാത്രങ്ങള്‍ കഴുകയിയൊക്കുമായിരുന്നു അക്കാലത്തെ ജീവിതം. അവിടുത്തെ താമസം എനിക്ക് ഇഷ്ടമായിരുന്നു. സ്‌കൂള്‍ ജീവിതം സര്‍ഗാത്മക വികസിപ്പിക്കാന്‍ പറ്റിയ ഇടമായിരുന്നു.


എങ്ങനെയാണ് എഴുത്തിലേക്ക് തിരിഞ്ഞത്? എന്താണ് താങ്കള്‍ക്ക് എഴുത്ത്?

1995-ല്‍ ഞാന്‍ സര്‍ഗാത്മക രചനാ കോഴ്‌സില്‍ പങ്കെടുത്തു. ആ സമയത്ത് ന്യൂയോര്‍ക്കില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ഞാന്‍. ആ കോഴ്‌സ് വളരെ ഇഷ്ടമായി. പിന്നീടൊരിക്കലും എഴുത്ത് നിര്‍ത്തിയിട്ടില്ല. 1997 ല്‍ മിസിസിപ്പിയിലെ മെറിഡിയനിലേക്ക് താമസം മാറ്റിയതോടെ എഴുതാന്‍ തുടങ്ങി. ആദ്യമായിട്ടായിരുന്നു മറ്റൊരു ജോലിയിലും കേന്ദ്രീകരിക്കാതെ എഴുതാന്‍ അവസരം കിട്ടിയത്. അവിടെ ഒരു തരം ഏകാന്തതയും ഒറ്റപ്പെടലുമുണ്ടായിരുന്നു. അത് എഴുത്തിനെ സഹായിച്ചു. എഴുത്ത് ഒരു പ്രവര്‍ത്തിയാണ്. എന്നാല്‍, എനിക്ക് അതൊരിക്കലും ജോലിയായി അനുഭവപ്പെട്ടിട്ടില്ല. ഏറ്റവും നിരാശയുള്ള ദിനങ്ങളില്‍പോലും.


എഴുത്ത് എത്രമാത്രം താങ്കളുടെ ആക്റ്റിവിസത്തെ പ്രതിനിധീകരിക്കുന്നുണ്ട്?

എഴുതുമ്പോള്‍ ഞാന്‍ ഭയരഹിതയാണ്. സ്വയം സെന്‍സര്‍ ചെയ്യാറില്ല. മാത്രമല്ല ആഫ്രിക്കയുടെയും ലോകത്തിന്റെയും ഇരുണ്ടവശങ്ങളെ എഴുത്തിലേക്ക് പടര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അതു തന്നെ ആക്റ്റിവസമാണ്.

പക്ഷേ, നിങ്ങള്‍ നൈജീരിയയുടെ തനത് ഭാഷയിലല്ല എഴുതുന്നത്? അതെപ്പറ്റി എന്തുപറയും?

കുട്ടിക്കാലത്ത് പിന്നീടും കണ്ട നൈജീരിയന്‍ എഴൂത്തുകാരെല്ലാം തന്നെ യോറുബ, ഇഗ്‌ബോപോലുള്ള വംശങ്ങളില്‍ പെടുന്നവരായിരുന്നു. അവരുടെ എഴുത്തും അത്തരം പരിമിതികളില്‍ ഒതുങ്ങിയിരുന്നു. പക്ഷേ, ഏതെങ്കിലും വംശത്തില്‍ പെടുന്നയാളായിട്ടല്ല, മറിച്ച് ഞാനൊരു നൈജീരിയക്കാരിയാണെന്ന തോന്നലാണ് തുടക്കംമുതലേ ഉണ്ടായിരുന്നത്. അമ്മ യോറുബ വംശജയായിരുന്നു. അച്ഛന്‍ ഇഗ്ബിറ വംശജനും. അങ്ങനെ ഞാന്‍ ഒരു വംശത്തിലും പെടാത്തയാളായി. യോറുബ കാഴ്ചപ്പാടില്‍ എഴുതാന്‍ എനിക്കാവില്ല. എനിക്ക് ആ ഭാഷയറിയില്ല. ഒരു യോറുബ വംശജന് മറ്റ് വംശജനതകളോട് എന്തു തോന്നുന്നുവെന്നും അറിയില്ല. നൈജീരിയ എന്ന ബോധമാണ് എന്നെ നയിക്കുന്നത്. കുട്ടിക്കാലത്ത് വിവിധ വംശങ്ങളിലും മതങ്ങളിലും പെട്ടവരുടെ ഇടയിലാണ് കഴിഞ്ഞത്. പ്രാദേശികഭാഷയിലല്ല അവിടെ ഇംഗ്ലീഷിലായിരുന്നു സംസാരം. അതേ അറിയുമായിരുന്നുള്ളൂ. ഇംഗ്ലീഷ് മാത്രമേ അറിയൂ എന്നതിനെക്കുറിച്ച് അഭിമാനമോ ലജ്ജയോ ഇല്ല. അതായിരുന്നു അന്നത്തെ അവസ്ഥ. അങ്ങനെ പലതരക്കാരോടൊപ്പം ജീവിച്ചത് പല തരം ധാരണകളും അറിവുകളും പകര്‍ന്നു. മാത്രമല്ല അത് എന്റെ എഴുത്തിലും വന്നു. ഉറച്ച വംശ അടിത്തരയില്ലാത്ത ആളുകളെപ്പറ്റിയാണ് ഞാന്‍ എപ്പോഴും എഴുതുന്നത്.

നിങ്ങളുടെ എഴുത്തില്‍ നൈജീരിയയുടെ ചരിത്രവും ജനങ്ങളുടെ വിമോചനസ്വപ്നങ്ങളും ധാരാളമായി കടന്നുവരുന്നു. എന്തുകൊണ്ടാണ് അത്?

സ്വാതന്ത്ര്യം കിട്ടി അഞ്ചുവര്‍ഷത്തിനുശേഷമാണ് ഞാന്‍ ജനിച്ചത്. അപ്പോഴേക്കും ആഭ്യന്തരയുദ്ധം തുടങ്ങി. തുടര്‍ന്ന് സൈനിക അട്ടിമറി നടന്നു. ആഭ്യന്തരയദ്ധ സമയത്ത് രാജ്യം നയിച്ചിരുന്ന ജനറല്‍ ഗോവോണിന്റെ നേരെ കീഴിലായിരുന്നു അച്ഛന്‍ പ്രവര്‍ത്തിച്ചത്. കുറേക്കാലം കഴിഞ്ഞാണ് എന്റെ അമ്മായിയുടെ ഭര്‍ത്താവ് ക്രിസ്റ്റഫര്‍ ഒകിഗ്ംബോ എന്ന കവി ബിയാഫ്രക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് മരിച്ചത് എന്ന് അറിയുന്നത്. ഭരണാധികാരിയായ ജനറല്‍ മുര്‍താല മുഹമ്മദ്ദ് കൊല്ലപ്പെടുത്തിയുള്ള അട്ടിമറി നടക്കുന്ന 1975 ല്‍ പന്ത്രണ്ട് വയസാണ് എനിക്ക്. അദ്ദേഹത്തിന്റെ മകളും ഞാനും ക്യൂന്‍സ് കോളജില്‍ സഹപാഠികളായിരുന്നു. കുട്ടിക്കാലം എന്നത് നൈജീരിയയുടെ ഏറ്റവും തിളച്ചുമറിഞ്ഞ കാലത്താണ്. അങ്ങനെ വ്യക്തിപരമായി തന്നെ രാഷ്ട്രീയ ചരിത്രവുമായി ഞാന്‍ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സ്വാഭാവികമായും ചരിത്രം, അധികാരം, വിമോചനം എന്നിവ എന്റെ വിഷയങ്ങളാണ്.

എഴുത്ത് ആത്മകഥപരമാകുന്നുണ്ടോ? എഴുത്തിനോടുള്ള മറ്റുള്ളവരുടെ പ്രതികരണം എന്താണ്?

രചനകള്‍ ആത്മകഥാ പരമാണോ എന്ന് ആളുകള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട്. എനിക്ക് നേരിട്ടറിയാവുന്ന കാര്യങ്ങളാണ് എഴുതുന്നത്. അതില്‍ എന്റെ മുന്‍കാല അനുഭവങ്ങളും മറ്റും കടന്നിരിക്കാം. എന്നാല്‍, എപ്പോഴും ആത്മകഥാംശങ്ങളല്ല കഥയില്‍ പറയുന്നത്. നൈജീരിയ എനിക്ക് ഗൃഹാതുരതയല്ല. എന്നാല്‍, ചില കഥാപാത്രങ്ങള്‍ ഗൃഹാതുരതയോടെ നൈജീരിയെപ്പറ്റി പറയുന്നുണ്ട്. അതുകൊണ്ട് ചിലര്‍ കരുതുന്നത് എന്റെ കഥയാണ് ഞാന്‍ എഴുതുന്നത് എന്നതാണ്. ഒരിക്കല്‍ ഒരു സ്ത്രീ എനിക്ക് എഴുതി- 'ഒരിക്കലും നിങ്ങള്‍ക്ക് മാപ്പുതരില്ല''. നോവലിലെ മുഖ്യ കഥാപാത്രം ഭര്‍ത്താവിനെ ഉപേക്ഷിച്ചുപോയതാണ് വിഷയം. എഴുത്തുകാരന്‍ എഴുതുന്നത് ആത്മകഥയാണെന്ന് ചിലര്‍ ധരിക്കുന്നു. അത് ശരിയല്ല.
അങ്ങനെ കരുതുന്നത് ചിലപ്പോഴൊക്കെ അസ്വസ്ഥമാക്കാറുണ്ട്. അവരുടെ ജിജ്ഞാസ മനസിലാകുമെങ്കിലും ചോദ്യം കഥ പറയുന്ന രീതിയില്‍ നിന്ന് ്ശ്രദ്ധയകന്നുള്ളതാണ്. എന്റെ പല ചെറുകഥകളും പത്ര ലേഖനങ്ങളെ ആധാരമാക്കിയുള്ളതാണ്. അതുപോലെ ഞാനൊരിക്കലും കണ്ടിട്ടില്ല യഥാര്‍ത്ഥ ജനങ്ങളുടെ ജീവിതം അടിസ്ഥാനമാക്കിയും. ഇത്തരത്തിലുള്ള കഥ എഴുത്ത് രസകരമാണ്. നമുക്കിടയിലെ വിചിത്രരായ മനുഷ്യരെപ്പറ്റയുള്ളതാണ് എഴുത്ത്. അതിനാല്‍ തന്നെ എന്റെ എഴുത്ത് നിലനില്‍ക്കുമെന്ന് കരുതുന്നു. വിമര്‍ശര്‍ക്കുപോലും ആദ്യ നോവിലിന്റെ കാര്യത്തില്‍ ഒരു പൊതുധാരണയിലെത്താനായിട്ടില്ല.


നൈജീരിയ പിന്‍വിളിയാകുന്നുണ്ടോ? നാട് വളരെയേറയായി എഴുത്തില്‍ നിറഞ്ഞുനില്‍ക്കുന്നു?

നൈജീരിയയിലേക്ക് ഞാന്‍ മിക്കപ്പോഴും പോകാറുണ്ട്. ഒരു വര്‍ഷത്തില്‍ മൂന്നു തവണ വരെ പോയ സന്ദര്‍ഭങ്ങളുണ്ട്. അതുകൊണ്ട് നൈജീരിയ എനിക്ക് നഷ്ടമാവുന്നില്ല. മാത്രമല്ല ലാഗോസ് ഗൃഹാതുരതയല്ല. അവിടെ കുഴപ്പങ്ങളും പ്രശ്‌നങ്ങളും നന്മയും തിന്മയുമെല്ലാം ഉണ്ട്. അതെനിക്കറിയാം. അതുകൊണ്ട്തന്നെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് നൈജീരിയന്‍ ജീവിതം നോക്കിക്കാണുന്നത്. അതേ യാഥാര്‍ത്ഥ്യബോധത്തോടെയാണ് നൈജീരിയന്‍ ജീവിതം എഴുത്തിലേക്ക് പകര്‍ത്താനും ശ്രമിച്ചിട്ടുള്ളത്. എനിക്ക് കൂടുതല്‍ അറിയാവുന്ന ലോകമായതുകൊണ്ടാവും എഴുത്തില്‍ നാട് നിറയുന്നത്.

എന്താണ് നൈജീരിയിലെ രാഷ്ട്രീയ അവസ്ഥ? കുഴപ്പങ്ങളും പ്രശ്‌നങ്ങളും നിറഞ്ഞ രാഷ്ട്രീയ അന്തരീക്ഷം അവിടെ നിലനില്‍ക്കുന്നതായി കേള്‍ക്കുന്നു...

നൈജീരിയ ഇപ്പോള്‍ ജനാധിപത്യത്തിന്റെ പാതയിലാണ്. ഞങ്ങളുടെ അവസാന സര്‍വാധിപതിയായിരുന്നു അബാച്ച മരിച്ചതിനുശേഷമായിരുന്നു ഈ പാതയിലേക്ക് രാജ്യം കടന്നത്്. അങ്ങനെ, 1999 ല്‍ നൈജീരിയ ജനാധിപത്യത്തിലേക്ക് പോയി. 15 വര്‍ഷത്തെ സൈനികസര്‍വാധിപത്യത്തിനുശേഷമായിരുന്നു അത്. പിന്നീട് രണ്ടു തവണ മുന്‍ സൈനിക മേധാവിയായ ഒബാസന്‍ജോയായിരുന്നു പ്രസിഡന്റ്. അഴിമതിയും, അധികാര ദുര്‍വിനിയോഗവുമുല്ലൊം രാജ്യത്തുണ്ട്. എന്നാല്‍ ജനാധിപത്യ പ്രക്രിയ മുന്നേറുമ്പോള്‍, അത്തരം ശക്തികളെല്ലാം പരാജയപ്പെടും. ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നൈജീരിയ അത്യന്തികമായി എങ്ങോട്ടേക്ക് നീങ്ങുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. അത് എനിക്ക് അറിഞ്ഞുകൂട. എന്നാല്‍, ഇപ്പോള്‍ നീതിയും സമാധാനവും ഉറപ്പാക്കുമെന്ന കരുതുന്ന, അതിലേക്ക് വഴിവച്ചേക്കുന്ന സ്വാതന്ത്ര്യം ഞാനും ആഘോഷിക്കുന്നു. ഭൂരിപക്ഷവും ജനാധിപത്യത്തിന്റെ വലിയ ആശയങ്ങളാല്‍ ചലിപ്പിക്കപ്പെട്ടാല്‍ അവര്‍ക്കേത് സര്‍വാധിപതിയെയും അധികാരത്തില്‍നിന്ന് കടപുഴക്കാനാവും.

നൈജീരിയന്‍ എഴുത്തിന്റെ മുഖ്യ വിഷയം പൊതുവില്‍ രാഷ്ട്രീയമാണ്. അതെന്തുകൊണ്ടാവും?

നൈജീരിയന്‍ സാഹിത്യത്തെപ്പറ്റി അത്തരം ഒരു ആക്ഷേപം ഉന്നയിക്കാം. പുതിയ എഴുത്തുകാരെല്ലാം രാഷ്ട്രീയമാണ് അവരുടെ കഥയുടെ മുഖ്യപശ്ചാത്തലമാക്കുന്നത്. പക്ഷേ, അതൊരു തെറ്റായ പ്രവണതയല്ല. കാരണം രാജ്യത്തെ ചില ചീത്തകാര്യങ്ങള്‍ കൂടി പറയേണ്ടതുണ്ടല്ലോ. അതിനേക്കാള്‍ ബിയാഫ്ര പോലുള്ള വിപ്ലവങ്ങള്‍ എന്റെ തലമുറയെ സ്വാധീനിക്കുന്നുണ്ട്. ബയാഫ്ര നടക്കുമ്പോള്‍ ഞാന്‍ ചെറിയ കുട്ടിയാണ്. പക്ഷേ, അതൊരു വലിയ മുന്നേറ്റമായിരുന്നു. അതിന്റെ ചലനവേഗത്തില്‍ നിന്ന് ആര്‍ക്കും മാറിനില്‍ക്കാനാവുമായിരുന്നില്ല. പരാജിത വിപ്ലവങ്ങള്‍ വിജയിച്ചതിനേക്കാളോ, അതിനൊപ്പമോ ആളുകളെ ബാധിച്ചുകൊണ്ടിരിക്കും. നൈജീരിയയാകട്ടെ സര്‍വാധിപത്യം, വിപ്ലവം, ജനാധിപത്യം, അടിച്ചമര്‍ത്തല്‍ എന്നിങ്ങനെ വിവിധ രൂപങ്ങള്‍ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. അതിനാല്‍ സമൂഹത്തിന്റെ മറുവശത്തെപ്പറ്റി കൂടുതലായി പറയേണ്ടിവരുന്നത്. ഭൂരിപക്ഷം ആഫ്രിക്കക്കാരും നയിക്കുന്നത് ആശയറ്റ ജീവിതമാണ്. അവരുടെ കഥ പറയേണ്ടതുണ്ട്. എഴുത്തിന്റെ രാഷ്ട്രീയം സമൂഹത്തെ മുന്നോട്ട് ചലിപ്പിക്കുന്നതായിരിക്കണം എന്നു തന്നെയാണ് എന്റെ നിലപാട്.


നൈജീരിയ്ക്ക് പുറത്ത് രാജ്യത്തിന്റെ പ്രതീകാത്മക ബിംബമായി ചര്‍ച്ചചെയ്യപ്പെടുന്നത് കെന്‍സാരോ വിവയെയാണ്. എന്താണ് ഓഗോണി സമരത്തിന്റെയും മറ്റ് ചെറുത്തുനില്‍പ്പുകളുടെയും ഇപ്പോഴത്തെ അവസ്ഥ?


കെന്‍ സാരോ വിവയാണ് ഓഗോണി ജനതയുടെ പേരാട്ടത്തിന്റെ ബിംബം. നിഷ്ഠൂരമായി വധിക്കപ്പെടുന്നതിന് മുമ്പും പിമ്പും. ഒഗോണികളുടെ പേരാട്ടം തുടരുന്നു. മാധ്യമങ്ങള്‍ അവയ്ക്ക് വലിയ ശ്രദ്ധ കൊടുക്കുന്നില്ല. നിര്‍ഭാഗ്യവശാല്‍, മാധ്യമങ്ങള്‍ എല്ലാം 'പൊതുതാല്‍പര്യ'ത്തിനനുസരമായി ആ സമരത്തെ ഒരു നാടോടിക്കഥയാക്കി മാറ്റിയിരിക്കുന്നു. നൈജീരിയയില്‍ പല രൂപത്തില്‍, ഭാവത്തില്‍ ജനങ്ങളുടെ ചെറുത്തുനില്‍പ്പുകളും സമരങ്ങളും നടക്കുന്നുണ്ട്. കെന്‍സാരോ വിവയുടെ പ്രസ്ഥാനം ഡെല്‍റ്റാ മേഖലയുടെ മറ്റ് ഭാഗങ്ങളില്‍ ജനങ്ങളുടെ മുന്നേറ്റത്തിനു കാരണമായി. ഉദാഹരണത്തിന് ഇസ്‌ക്രാവോസിലെ സ്ത്രീകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പുപോലുള്ള മുന്നേറ്റങ്ങളെ. വിവയുടെ പ്രസ്ഥാനം അങ്ങനെ പല രീതിയില്‍ നൈജീരിയയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ പേരാട്ടങ്ങളിലെല്ലാം വിവ തന്നെയാണ് നായകന്‍. രാജ്യത്തിനകത്തു മാത്രമല്ല, ലോകമെമ്പാടുമുളള പരിസ്ഥിതി സമരങ്ങളിലും ജനതയുടെ അതിജീവന സമരങ്ങളിലും.


എന്താണ് നൈജീരിയയിലെ സ്ത്രീകളുടെ അവസ്ഥ?

സ്ത്രീകളെ് തുല്യതമായി പരിഗണിക്കുന്ന രാജ്യമല്ല. സംസ്‌കാരം വളരെയധികം പിതൃദായക്രമത്തിലുള്ളതാണ്. വിദ്യാഭ്യാസമുള്ള ഉന്നതകുലര്‍ മുതല്‍ സാധാരണക്കാരായ സ്ത്രീകള്‍ വരെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദുരിതം അനുഭവിക്കുന്നുണ്ട്. സ്ത്രീകളെ ദ്രോഹിക്കാനും അവരുടെ മുന്നേറ്റം തടയാനും പലതരത്തിലുള്ള പുരുഷ മനോഭാവങ്ങള്‍ ശക്തമാണ്. പക്ഷേ, നൈജീരിയയിലെ സ്ത്രീകള്‍ ദൃഢനിശ്ചയമുള്ളവരാണ്. അവര്‍ അതിജീവിച്ചവരാണ്. അവര്‍ പോരടുന്നു. അതല്ലാതെ മറ്റൊരു ജീവിതം സാധ്യമല്ല.


'എവരിതിംഗ് ഗുഡ്‌വില്‍കം' ഉള്‍പ്പടെയുള്ള രചനകളില്‍ ശക്തമായ രീതിയില്‍ സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തുന്നത് കാണാം ?

ഞാന്‍ ലോകത്തെ കാണുന്നത് സ്ത്രീയുടെ കാഴ്ചപ്പാടിലുടെയാണ്. അതല്ലാതെ മറ്റൊന്ന് സാധ്യമല്ല. 'സ്‌വാളോ' എന്ന നോവില്‍ കഥാപാത്രം ടെയൂസോ ചന്തയില്‍ പോകുന്ന രംഗമുണ്ട്. ഇതേ മാര്‍ക്കറ്റില്‍ ചാന്‍ പലവട്ടം പോയിട്ടുണ്ട്. അവിടുത്തെ പുരുഷ കച്ചവടക്കാര്‍ എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. ചിലതിനോടെല്ലാം ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. ഒരാളോട് വാദപ്രതിവാദങ്ങള്‍ നടത്തിയപ്പോള്‍ അയാളെന്നെ ആക്രമിക്കാന്‍ വന്നു. ഇത്തരം അനുഭവങ്ങള്‍ ഞാന്‍ നേരിടുന്നുണ്ട്. ഇതൊക്കെ എനിക്ക് കഥകളില്‍ ഉപയോഗിക്കാതിരിക്കാന്‍ പറ്റില്ല. ഞാന്‍/സ്ത്രീ കാണുന്ന, എന്റേതായ ലോകമാണ് കഥകളില്‍ സ്വാഭാവികമായും ഉണ്ടാവുക.


അപ്പോള്‍ എഴുത്തിനെ പെണ്ണെഴുത്ത്, കറുത്തരചനകള്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നതിനെപ്പറ്റി എന്തുപറയും?

വേര്‍തിരിവികള്‍ എന്നെ ബാധിക്കുന്നില്ല. അതില്‍ ഞാന്‍ അസ്വസ്ഥതയുമല്ല. പക്ഷേ എന്റെ/മറ്റൊരാളുടെ എഴുത്തിനെ പ്രാന്തവല്‍ക്കരിക്കാനാണ് ഇത്തരം വേര്‍തിരിവുകള്‍ എങ്കില്‍ അതിനോട് യോജിക്കാനാവില്ല. വേര്‍തിരിവുകള്‍ ഇത്തരത്തില്‍ ഒതുക്കാനായിട്ടാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.

നൈജീരിയയുടെ സാഹിത്യത്തെപ്പറ്റി? പുതിയ എഴുത്തുകാര്‍?

നൈജീരിയയുടെ സാഹിത്യം അന്താരാഷ്ട്ര നിലവാരമുള്ളതാണ്. നോബല്‍ സമ്മാനം ലഭിച്ച വോള്‍ സോയിങ്കയാണ് ഞങ്ങളുടെ സാഹിത്യത്തിന്റെ തലം വ്യക്തമാക്കുന്ന ഒരാള്‍. ചിനുവ അച്ചാബെ, ബെന്‍ ഓക്‌രി എന്നിവരല്ലൊം രാജ്യാന്ത പുരസ്‌കാരം നേടിയിട്ടുള്ള ലോകനിലവാരുമുള്ള എഴുത്തുകരാണ്. പുതിയ എഴുത്തുകാരില്‍ ഹെലന്‍ ഹാബിലയും ചിമമാന്‍ഡ എന്‍ഗോസി അദീച്ചിയും കോമണ്‍വെത്ത് പുരസ്‌കാരം നേടിയവരാണ്. ക്രിസ് അബാനിക്ക് പെന്‍/ഹെമിംഗ്‌വേ അവാര്‍ഡ് ലഭിച്ചു. സത്യത്തില്‍ മുന്‍ഗാമികളായ എഴുത്തുകാരനും പുതിയ എഴുത്തുകാരും തമ്മില്‍ വലിയ വ്യത്യാസം ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, എഴുത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നെപ്പോാലുള്ള പല പുതിയ എഴുത്തുകാരും വിദേശത്താണ്. അവര്‍ വിദേശങ്ങളില്‍ എഴുത്തില്‍/സാഹിത്യത്തില്‍ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. അത് കഥ പറയുന്ന രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ചില എഴുത്തുകാര്‍ സജീവമായി രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ട്. വോള്‍സോയിങ്ങയെപ്പോലുള്ള എഴുത്തുകാരാണത്.സോയിങ്ക നൈജീരിയയുടെ രാഷ്ട്രീയ സംവാദങ്ങളിലെ നിര്‍ണായക സാന്നിധ്യമാണ്. അദ്ദേഹം അത് രാജ്യത്ത് നിന്ന് ധീരമായി നിര്‍വഹിക്കുന്നു. അത്തരത്തില്‍ അല്ലെങ്കിലും പുതിയ എഴുത്തുകാരും രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ട്.


ഇന്ത്യന്‍ സാഹിത്യത്യത്തെപ്പറ്റി എത്രമാത്രം അറിയാം?

അമ്മയ്ക്ക് പല രാജ്യത്തുനിന്നുള്ള കുറേ അടുത്ത സുഹൃത്തുക്കളുണ്ടായിരുന്നു. ഇന്ത്യ, ലെബനോന്‍, ഗ്രീക്ക് എന്നിവിടങ്ങളില്ലൊം. അങ്ങനെ വിവിധ സംസ്‌കാരങ്ങള്‍ എനിക്ക് പരിചിതാമാണ്. ഇവരുടെ വീടുകളില്ലൊം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഭക്ഷണമാണ് ഇന്ത്യന്‍ സംസ്‌കാരത്തെ പരിചയപ്പെടുത്തിയത്. അമ്മയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കഴിച്ച ഭക്ഷണത്തിലൂടെ. ഇന്ത്യയുടെയും നൈജീരിയയുടെയും സാഹിത്യവും സംസ്‌കാരവും തമ്മില്‍ വലിയ സാമ്യങ്ങളുണ്ട്. അരുന്ധതിറോയിയോട് ആദരവുണ്ട്. അവരുടെ ആക്റ്റിവിസവും എഴുത്തും എനിക്ക് ഇഷ്ടമാണ്. പിന്നെ ഇഷ്ടമുള്ള എഴുത്തുകാര്‍ ചിത്ര ബാനര്‍ജി ദിവകറുനി, ജുംപാ ലഹിരി എന്നിവരാണ്. അതുപോലെ അവാര്‍ഡ് ജേതാക്കളായ വി.എസ്് നയിപോളും റുഷ്ദിയും. അടുത്തിടെ ഇന്റര്‍നെറ്റിലൂടെ ഞാന്‍ കൊല്‍ക്കത്തക്കാരിയായ അന്‍ജന ബസുവിന്റെ കഥകള്‍ വായിച്ചിരുന്നു.

എങ്ങനെയാണ് താങ്കള്‍ അമേരിക്കയില്‍ എത്തിയത്?

വിവാഹത്തിന് ശേഷമാണ്. ഇംഗ്ലണ്ടില്‍ പഠിച്ചശേഷം ഞാന്‍ അവിടെ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. പിന്നീട് അമേരിക്കയിലേക്ക് പോരാമെന്ന് ഭര്‍ത്താവും ഞാനും കൂടി തീരുമാനിക്കുകയായിരുന്നു. കുട്ടിയൊക്കെയായ ശേഷമായിരുന്നു അമേരിക്കയിലേക്ക് പോന്നത്.

കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ കുറേയേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍? പെട്ടന്നുള്ള ഈ അംഗീകാരങ്ങളെ എങ്ങനെ കാണുന്നു?

അവാര്‍ഡ് കിട്ടിയാല്‍ അതെപ്പറ്റി നീണ്ട നേരം ചിന്തിരിച്ചിരിക്കാറില്ല. അതെന്നെ നീണ്ട സന്തോഷത്തിലും ആഴ്ത്താറില്ല. ഞാന്‍ അടുത്ത കഥയിലേക്ക് നീങ്ങിയിട്ടുണ്ടാവും. പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷമാണുള്ളത്. ആദ്യഘട്ടത്തില്‍ വലിയ മൂന്നു പുരസ്‌കാരങ്ങള്‍ ഒരുമിച്ച് കിട്ടിയപ്പോള്‍ ഒരുതരം ആശ്ചര്യം കലര്‍ന്ന ഞെട്ടലായിരുന്നു. അത്തരം ആശ്ചര്യങ്ങളെ അതിജീവിച്ചിരിക്കുന്നു. ഇപ്പോള്‍ അവാര്‍ഡുകളുടെ ഭാരവും ഞാന്‍ ചുമുക്കുന്നുണ്ട്. അതായത് അടുത്ത കഥകളില്‍ നിന്ന് മറ്റുള്ളവര്‍ ചിലതെല്ലാം പ്രതീക്ഷിക്കുന്നുവല്ലോ എന്ന വലിയ ഉത്തരവാദിത്വം.


പുതിയ പുസ്തകങ്ങള്‍?

നോവലുകളുടെ രചനയിലാണ്. അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ നോവലുകള്‍ പ്രതീകഷിക്കാം. കഥകളും മനസിലുണ്ട്.പക്ഷേ അവയെപ്പറ്റി ഇപ്പോള്‍ കൂടുതലായി പറയാനാവില്ല. എഴുത്ത് പൂര്‍ണമാവുകയും സംതൃപ്തി തരികയും ചെയ്യുമ്പോള്‍ മാത്രമേ ഞാന്‍ വരാന്‍ പോകുന്ന പുസ്തകങ്ങളെപ്പറ്റി പറയാറുള്ളൂ. അതുവരെ അത് വെറും ഭാവനകളാണ്. ഒരു നോവല്‍ മൂന്നുതവണ മാറ്റി എഴുതി തയാറാക്കിക്കഴിഞ്ഞിരിക്കുന്നു.


എന്താണ് ഇപ്പോഴത്തെ ജീവിതം? കുടുംബം?

ഞാന്‍ താമസിക്കുന്ന മെറിഡിയന്‍ ചെറിയപട്ടണമാണ്. വളരെ ശാന്തമാണ് ഇവിടം. ജീവിതവും അതുപോലെ ശാന്തമാണ്. നിശബ്ദത വല്ലാതെ ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ മിയാമിലേക്ക് ചിലപ്പോഴൊക്കെ പോകാന്‍ കൊതിക്കും. മെറിഡിയനില്‍ ആളുകള്‍ മാന്യരും വിദേശികളായവരോട് അധികം അടുക്കാത്തവരുമാണ്. എന്നാല്‍ വളരെ നല്ലവരായ കുറച്ചുപേരുമായി ഞാന്‍ ഇവിടം സൗഹൃദം പങ്കിടുന്നു. ഭര്‍ത്താവ് ജിബോയെഗ റാന്‍സം കുത്തി ഡോക്ടറാണ്. മകളുണ്ട്.

ഒരു എഴുത്തുകാരിയായിരുന്നില്ലെങ്കില്‍ ആരാകുമായിരുന്നു?

എഴുതുന്നില്ലെങ്കില്‍ ഒരു ജാസ് പാട്ടുകാരയാവാനാണ് ഇഷ്ടപ്പെടുന്നത്. സ്വപ്നങ്ങളില്‍ ഞാന്‍ പാടാറുണ്ട്. എന്നാല്‍ ഉണര്‍ന്ന് കഴിഞ്ഞ് പാടുമ്പോള്‍ ശബ്ദം അങ്ങേയറ്റത്താണ്!

മാധ്യമം വാരിക
2011 August

Thursday, July 14, 2011

'അസമയത്തെ' പെണ്ണിന്റെ യാത്ര



'അസമയത്തെ' പെണ്ണിന്റെ യാത്ര

തസ്‌നി ബാനു

ഓരോ രാത്രിയാത്രയും പെണ്ണിന് ഒരേ മട്ടിലുള്ള അനുഭവങ്ങളാണ്. കാലവും സ്ഥലവും മാറുന്നുവെന്നു മാത്രം. അനുഭവങ്ങള്‍ വ്യത്യസ്തമാകുന്നേയില്ല. നോട്ടങ്ങളും സമീപനവും സമാനം. ഒരേ തരത്തിലുള്ള ആളുകളോടാണ് അവള്‍ ഇടപെടേണ്ടിയും/ഇടയേണ്ടിയും വരുന്നത്. അനുഭവങ്ങളുടെ ഒരു ഓര്‍മ ഇങ്ങനെയാണ്:
കുറച്ചുവര്‍ഷം മുമ്പാണ്. ഒരു ബിസിനസ് സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുകയാണ് ഞാനന്ന്. പകല്‍ കോഴിക്കോട് ഒരു ബിസിനസ് മീറ്റായിരുന്നു. അത് കഴിഞ്ഞ് മടക്കം. എത്തേണ്ടത് താമസിക്കുന്ന കോലഞ്ചേരിയില്‍. തൃശൂരില്‍ എത്തുമ്പോള്‍ രാത്രി 10-11 മണിയായിക്കാണും. അവിടുന്ന് എറണാകുളത്തിനുള്ള ബസില്‍ മാറിക്കയറണം. സ്റ്റാന്‍ഡിനടുത്ത് ഓട്ടോസ്റ്റാന്‍ഡുണ്ട്. അതിന് സമീപത്തുകൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്നുവരികയായിരുന്നു. ജീന്‍സും ഷര്‍ട്ടുമാണ് വേഷം. എതിരെ വന്നയാള്‍ പെട്ടെന്ന് എന്റെ മുന്‍വശത്ത് അടിഭാഗത്തായി പിടിച്ചു. എന്നിട്ട് നടക്കാന്‍ തുടങ്ങി. ഞാനത് ഒട്ടും പ്രതീക്ഷിക്കുന്നില്ല. ഒന്നു പകച്ചെങ്കിലും രാത്രിയാത്രകളിലുമെല്ലാം സ്ത്രീ സ്വയം ഒരുക്കുന്ന പ്രതിരോധത്തിന്റെ കണിശതയില്‍ ഞാന്‍ തിരിഞ്ഞു നിന്നു അയാളെ പിടിച്ചുനിര്‍ത്തി. പിന്നെ മൂക്കിന് തന്നെ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ അയാള്‍ ഇരുന്നുപോയി. പെട്ടന്ന് ഓട്ടോറിക്ഷക്കാരും ആള്‍ക്കാരും ചുറ്റും കൂടി. അവരെല്ലാം എനിക്ക് അനുകൂലമായ നിലപാട് എടുത്തു. പൊലീസ് വന്നു. ഞാനവരോട് കാര്യങ്ങള്‍ പറഞ്ഞു. പൊലീസ് അയാളെ പിടികൂടി. പക്ഷേ, അവര്‍ അയാളെ ചോദ്യം ചെയ്യുന്നതിനേക്കാള്‍ എന്നെയാണ് ചോദ്യം ചെയ്ത്. ഞാനാരാണ്, എവിടെ പോകുന്നു, എന്തുചെയ്യുന്നു തുടങ്ങി നൂറായിരം ചോദ്യങ്ങള്‍. 'അസമയത്ത്' (അസമയം സ്ത്രീക്ക് മാത്രമാണ്) പോകുന്ന സ്ത്രീയെപ്പറ്റിയുള്ള ചില ധാരണകള്‍ മനസില്‍ വച്ചുകൊണ്ടാണ് ചോദ്യമെന്നറിയാം. മറ്റൊരു കൂട്ടര്‍ ഒരു സ്ത്രീ പുരുഷനെ തല്ലാന്‍ മാത്രം വളര്‍ന്നോ, അതു ശരിയാണോ എന്ന മട്ടില്‍ നോക്കുകയും സംസാരം തുടങ്ങുകയും ചെയ്തു. ആര്‍ക്കും അയാള്‍ ചെയ്ത തെറ്റിനെപ്പറ്റി ചിന്തയില്ല. അവിടെ കൂടുതല്‍ നേരം നിന്നാല്‍ വൈകും. ബസ് പോകും. പൊലീസ്‌കാര്‍ക്ക്് ഞാന്‍ പേരും വിലാസവും ഫോണ്‍ നമ്പറും നല്‍കി. എന്തു നടപടി വേണമെങ്കിലുമെടുക്കാം, കേസാക്കണം എന്നു പറഞ്ഞ് ഞാന്‍ മടങ്ങി. ഫോണില്‍ വിളിച്ചാല്‍ മതി വരാം എന്നും പറഞ്ഞു. പക്ഷേ, അതിനുശേഷം ഇന്നുവരെ എന്റെ ഫോണില്‍ വിളിവന്നിട്ടില്ല. ആ പൊലീസുകാര്‍ അയാള്‍ക്കെതിരെ പരാതി നല്‍കണമെന്നു പറയാനോ, അന്വേഷിക്കാനോ വിളിച്ചിട്ടില്ല.
ഇത് എന്റെ ആദ്യത്തേതോ, ഏക അനുഭവമോ അല്ല. അല്ലെങ്കില്‍ ഈ അനുഭവം എന്‍േറതുമാത്രമല്ല. രാത്രി യാത്ര ചെയ്യുന്ന സ്ത്രീകളോട് സംസാരിച്ചപ്പോഴെല്ലാം അവരെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. രാത്രി സ്ത്രീകളുടേതല്ല എന്ന പുരുഷധാരണ ശക്തമായി നിലനില്‍ക്കുന്നുണ്ട്. രാത്രി പുറത്തിറങ്ങുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്നും അവര്‍ക്കുമേല്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നുമുള്ള മട്ടിലാണ് പുരുഷന്‍മാരിലധികം പെരുമാറുക. രാത്രി പുറത്തിറങ്ങുന്ന സ്ത്രീകള്‍ മോശക്കാരികളായതുകൊണ്ട് തന്നെ തങ്ങള്‍ വിളിച്ചാല്‍ ഒപ്പം വരുമെന്നാണ് മറ്റ് ചിലരുടെ ധാരണ.
മുമ്പ് ഞാന്‍ യുക്തിവാദ സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. പല പരിപാടികളുമുണ്ടാവും. ഞങ്ങള്‍ കലൂരില്‍ ഒരു മൗനജാഥ സംഘടിപ്പിച്ചു. വൈകുന്നേരമായിരുന്നു പരിപാടി. സന്ധ്യമയങ്ങിയതോടെ എല്ലാവരും പിരിഞ്ഞു. എനിക്ക് പോകേണ്ടത് കോലഞ്ചേരിയിലേക്കാണ്. എറണാകുളം കെ.എസ്.ആര്‍.ടി. സി സ്റ്റാന്‍ഡില്‍ ചെന്നാല്‍ ബസ് കിട്ടും. ഞാന്‍ കലൂര്‍ സ്റ്റാന്‍ഡിന് പുറത്ത് ബസ് കാത്തു നില്‍ക്കുകയാണ്. സമയം ഏഴാവുന്നു. അപ്പോള്‍ കുറച്ചുമാറി ഒരാള്‍ ടൂ വീലറില്‍ ഓടിച്ചുവന്നുനിന്നു. എന്നെ നോക്കി ആംഗ്യം കാണിക്കാന്‍ തുടങ്ങി. ഒപ്പം വരുന്നോ എന്നാണ് അര്‍ത്ഥം. ഞാനത് അവഗണിച്ചു. പ്രതികരിക്കണമെന്നുണ്ട്. എന്നാല്‍, ഞാനങ്ങോട്ട് ചെന്ന് വഴക്കുണ്ടാക്കിയാല്‍ അത് മറ്റൊരു രീതിയിലേ തെറ്റിധരിക്കൂ. എന്തിന് അങ്ങോട്ടു ചെന്നു എന്നതാവും കുറ്റം. അതുകൊണ്ട് അവഗണിക്കാന്‍ തീരുമാനിച്ചു. പെട്ടന്ന് തന്നെ കെ.എസ്.ആര്‍.ടി. ബസ് വന്നതിനാല്‍ ഞാന്‍ അതില്‍ കയറി. ഇപ്പോഴെങ്കിലും ഉദ്ദേശിച്ചയാളല്ല ഞാന്‍ എന്ന് അയാള്‍ക്ക് മനസിലായിക്കാണുമെന്നു കരുതി. എന്നാല്‍ അയാള്‍ വിടാന്‍ ഭാവമില്ലായിരുന്നു. അയാള്‍ തന്റെ വാഹനവുമായി ബസിന് പുറകെ വന്ന് ഹോണിടക്കാന്‍ തുടങ്ങി. ഒപ്പം കൂടെ വാ എന്ന ആംഗ്യവും. ബസ് ഓരോ സ്‌റ്റോപ്പില്‍ നിര്‍ത്തുമ്പോഴും ഇതു തന്നെയായിരുന്നു അയാളുടെ പരിപാടി. ഇയാള്‍ വന്ന് ഹോണടിക്കുന്നത് കേട്ട് ബസിലുള്ളവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അവരില്‍ പലരും എന്നെ ഒരു പ്രത്യേക രീതിയിലാണ് നോക്കിയത്. ഞാന്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോഴുണ്ട് അയാള്‍ അവിടെയും. വണ്ടി നിര്‍ത്തി അയാള്‍ എന്റെ പിന്നാലെ വരാന്‍ തുടങ്ങി. ഞാന്‍ സ്റ്റാന്‍ഡില്‍ കയറി ചെന്ന് അവിടെയുള്ള കടക്കാരോട് പറഞ്ഞു. അവര്‍ ഭയപ്പെടേണ്ട, ഞങ്ങള്‍ നോക്കിക്കോളാം എന്നു പറഞ്ഞു. അവര്‍ സെകൂരിറ്റികാരോട് പറഞ്ഞു. വൈകാതെ പൊലീസും എത്തി. അപ്പോള്‍ അയാള്‍ ഒന്നു മറിയാത്ത ഭാവത്തില്‍ സ്റ്റാന്‍ഡിന് സമീപമുള്ള റെയില്‍വേ സ്‌റ്റേഷന്‍ റോഡിലേക്ക് വേഗം നടക്കാന്‍ തുടങ്ങി. പൊലീസുകാരും ഞാനും പിന്നാലെ ഓടി. പിടിച്ചപ്പോള്‍ ഒന്നുമറിയാത്ത മട്ടില്‍ അയാള്‍ പെരുമാറി. പൊലീസ് ഒന്നുവിരട്ടിയപ്പോള്‍ അയാള്‍ സത്യം പറഞ്ഞു. പൊലീസുകാര്‍ ഇതിനിടയില്‍ ഒന്നുരണ്ടടിയും കൊടുത്തിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് കേസാക്കാന്‍ താല്‍പര്യമില്ല. അയാള്‍ മാപ്പു പറഞ്ഞാല്‍ മതി. രാത്രി സ്ത്രീകള്‍ പല ആവശ്യത്തിനും പുറത്തിറങ്ങും. അത് അയാള്‍ക്കൊപ്പം വരാനുള്ളതല്ല എന്ന് ബോധ്യപ്പെടുത്തിയാല്‍ മതി. അയാള്‍ മാപ്പു പറഞ്ഞു. അതോടെ ഞാന്‍ ബസില്‍ കയറി. അപ്പോള്‍ ബസില്‍ അടുത്തിരുന്ന ആളുകള്‍ പറഞ്ഞു 'എന്നാലും മോളേ നീ ചെയ്തത് ശരിയായില്ല. അയാളെ പൊലീസിനെകൊണ്ടു പിടിപ്പിക്കരുതായിരുന്നു. അത് മോശമായിപ്പോയി.' അയാള്‍ ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതല്ല ആള്‍ക്കാര്‍ക്ക് വിഷയം. ഇവിടെ രണ്ടു തരം പ്രശ്‌നമുണ്ട്. ഒന്ന് രാത്രി പുറത്തിറങ്ങുന്ന സ്ത്രീകളോട് ചില പുരുഷന്‍മാരുടെ സമീപനം. അതെത്ര മോശമായാലും തെറ്റാവുന്നില്ല. പകരം അതിനോട് പ്രതികരിച്ച സ്ത്രീയുടെ സമീപനം തെറ്റാവുകയും ചെയ്യുന്നു. കുറ്റപ്പെടുത്തല്‍ സ്ത്രീക്ക്!
തല്‍ക്കാലം രാത്രിയെയും യാത്രയെയും വിട്ട് സ്ത്രീയുടെ പ്രതികരണത്തെപ്പറ്റി സംസാരിക്കാം. സ്ത്രീയുടെ പ്രതികരണം എപ്പോഴും മോശം കാര്യമായിട്ടാണ് പൊതുസമൂഹം കാണുന്നത്. അതിന് രാത്രിയും പകലെന്നുമുള്ള വ്യത്യാസമില്ല. പുരുഷന്‍ ചെയ്ത അനീതി വിട്ടുകളഞ്ഞ് സ്ത്രീ പ്രതികരിച്ചതിലെ ശരിയും തെറ്റുമാവും വിഷയം. ഒരു പകല്‍ ഞാന്‍ നേരിട്ട അനുഭവം പറയാം. മുമ്പ് ഞാന്‍ ഈ അനുഭവം എഴുതിയിട്ടുണ്ട് (ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച 'പെണ്ണിര' എന്ന പുസ്തകത്തിലെ ഒരു അനുഭവമായി ഇതു ചേര്‍ത്തിട്ടുണ്ട്)
ഒരുകൂട്ടുകാരിയെ ആശുപത്രിയിലെത്തിച്ച് പുറത്തേക്ക് വരികയായിരുന്നു ഞാന്‍. ഒരു പയ്യന്‍ പിന്നാലെ നടന്നുവന്നത് കണ്ടില്ല. അവന്‍ ചേച്ചീ എന്നു വിളിച്ച് എന്റെ പിന്നില്‍ എന്തോ ഉള്ളതായി പറഞ്ഞു. യാത്രയിലോ ആശുപത്രിയില്‍ നിന്നോ പറ്റിയ അഴുക്കിനെപ്പറ്റിയാവും അവന്‍ പറയുന്നത് എന്നു കരുതി. അഴുക്ക് തട്ടിക്കളയാന്‍ ശ്രമിക്കുന്നതിനിടെ അവനോട് നന്ദി പറഞ്ഞു. നടക്കാന്‍ തുടങ്ങിയപ്പോള്‍ അവനെന്തോ ചോദിച്ചു. എന്താണെന്ന് ചോദിച്ചപ്പോള്‍ വ്യക്തമായി അവന്‍ ഇങ്ങനെ പറഞ്ഞു: ''ഈ അമ്മിഞ്ഞ കുടിക്കാനുള്ളതാണോ?'' ആ മറുപടി കേട്ട് ഒരു നിമിഷം സ്തബ്ധയായി. എന്താടാ നിനക്കറിയേണ്ടത്? അവന്‍ തിരിഞ്ഞോടി. പുറകേ ഞാനും. അവനെ കോളറില്‍ പിടിച്ചു നിര്‍ത്തി. നിനക്കെന്താടാ അറിയേണ്ടത് എന്നുചോദിച്ച് അവന്റെ മുഖത്ത് അടിച്ചു. സമീപത്തുണ്ടായിരുന്ന പെട്ടിക്കടയിലെ പ്രായംചെന്നയാള്‍ ഇടപെട്ടു. പയ്യാന്‍ കാണിച്ച വൃത്തികേട് അയാളോട് പറഞ്ഞപ്പോള്‍, അതെല്ലാം ശരി എന്നാലും ആണ്‍കുട്ടികളെ തല്ലാന്‍പാടില്ല എന്നാണ് അയാളുടെ നിലപാട്. അവന്‍ ചെയ്ത വൃത്തികേടല്ല, ഒരുപെണ്‍കുട്ടി ആണ്‍കുട്ടിയെ തല്ലി എന്നതാണ് അവരെ അലട്ടിയത്. ഇതാണ് പൊതുസമൂഹത്തിന്റെ മനോഭാവം (പൊതു എന്ന് പറയുമ്പോള്‍ എല്ലാവരും എന്നല്ല അര്‍ഥം). അപ്പോള്‍ പ്രതികരിച്ച സമയമല്ല വിഷയം. രാത്രിയാതുകൊണ്ടല്ല മുമ്പുള്ള സംഭവങ്ങളില്‍ ഞാന്‍ കുറ്റപ്പെടുത്തിലിന് വിധേയയായത്. സ്ത്രീ അനീതിയെ ചോദ്യം ചെയ്യുന്നതോ അവള്‍ക്ക് നേരെയുള്ള അക്രമത്തെ എതിര്‍ക്കുന്നതോ തെറ്റാണ്. ഇതിനെ രാത്രിയായാലും പകലായാലും ഒരേ മട്ടിലാണ് പൊതുസമൂഹം നോക്കികാണുന്നത്. ഓരോ യാത്രകളിലും ഓരോ അനുഭവത്തിലൂടെ കടന്നുപോകുമ്പോഴും അക്രമിയുടെ കൂടെനില്‍ക്കുന്ന പൊതുമനോഭാവം എന്നെ നൊമ്പരപ്പെടുത്തിയിട്ടുണ്ട്, വിഷമിപ്പിച്ചിട്ടുണ്ട്, ദേഷ്യം കൊള്ളിച്ചിട്ടുണ്ട്. ചിലപ്പോഴെങ്കിലും എനിക്ക് തോന്നിയിട്ടുണ്ട്, എന്നെക്കൊണ്ട് കഴിയാത്തത് അവന്‍ ചെയ്തല്ലോ എന്ന ആരാധനപോലും ഈ പക്ഷം ചേരലിനുണ്ടോ എന്ന്. ഈ മനോഭാവം തന്നെ അപകടമാണ്. അത് അംഗീകരിച്ചുകൊടുക്കാന്‍ സ്ത്രീകള്‍ക്കാവില്ല.
രാത്രിയാത്രയിലേക്ക് തന്നെ മടങ്ങാം. ഞാന്‍ യാത്ര ഇഷ്ടപ്പെടുന്ന ഒരാളാണ്. നിരന്തരം യാത്ര ചെയ്യേണ്ടിയും വരുന്നുണ്ട്. ജോലി സംബന്ധമായും അല്ലാതെയും. മാസത്തിലൊരിക്കല്‍ മഞ്ചേരിയിലെ വീട്ടില്‍ പോയി മടങ്ങുന്നതുമെല്ലാം രാത്രിയിലാണ്. രാത്രി ഒരു സ്ത്രീ യാത്ര ചെയ്യുമ്പോള്‍ പുരുഷന്‍മാര്‍ക്ക് എവിടെ പോകുന്നുവെന്ന് അറിയണം. രാത്രി കുറച്ചുവൈകയിയാലുള്ള സംഭവമല്ലിത്. സന്ധ്യയ്ക്ക് നമ്മള്‍ ഒരു ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്നുവെന്ന് കരുതുക. പതിയെ ആളുകള്‍/ആണുങ്ങള്‍ അടുത്തുവന്നുചോദിക്കും. എവിടെ പോകുന്നു, എന്തിനു പോകുന്നു. ഉത്തരം പറയാന്‍ തുടങ്ങിയാല്‍ ചോദ്യങ്ങള്‍ കൂടിക്കൊണ്ടേയിരിക്കും. അവസാനം കൊണ്ടുവിടണോ എന്നു ചോദിക്കും. ഇതില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യഘടകം സ്ത്രീയെ സംരക്ഷിക്കുകയല്ല.
കാക്കനാടിന് അടുത്ത് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സില്‍ ഞാന്‍ നേരിട്ട അനുഭവം ചര്‍ച്ചയായിക്കഴിഞ്ഞു. മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലുമെല്ലാം അത് സജീവ വിഷയമാണ്. സംഭവം ഇതാണ്:
കാക്കനാട് സെസില്‍ ഒരു ബി.പി.ഒ. കമ്പനിയിലാണ് എനിക്ക് ജോലി. ഒരോ മാസവും ജോലിയുടെ ഷിഫ്റ്റ് മാറും. രാത്രി 11 നു തുടങ്ങി രാവിലെ ഏഴിന് അവസാനിക്കുന്ന ഷിഫ്റ്റാണ് ജൂണിലുണ്ടായിരുന്നത്. പാലാരിവട്ടത്തെ വനിതാ ഹോസ്റ്റലിലാണ് താമസം. സാധാരണ രാത്രി ഡ്യൂട്ടിയുള്ളപ്പോള്‍ ഓഫീസില്‍ നിന്ന് വണ്ടി അയക്കും. വ്യക്തിപരമായ മറ്റ് ചില ആവശ്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ 19-ാം തീയതി ഓഫീസ് വാഹനത്തില്‍ പോകാനായില്ല. അതുകൊണ്ട് ഒരു സൃഹൃത്ത് ബൈക്കില്‍ കൊണ്ടാക്കാമെന്ന് സമ്മതിച്ചു. രാത്രി പത്ത് കഴിഞ്ഞതേയുള്ളൂ. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ സുഹൃത്ത് ബൈക്ക് നിര്‍ത്തി സിഗരറ്റ് വാങ്ങാനായി പോയി. അവന്‍ കടയിലേക്ക് പോകുമ്പോള്‍ ബൈക്കിന്റെ സമീപത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. റോഡില്‍ തന്നെയാണ് നില്‍പ്പ്.
അവിടെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലെ ഡ്രൈവര്‍ അടുത്തെത്തി ചോദ്യം ചെയ്യല്‍ ആംഭിച്ചു. ഒപ്പം ഒന്നുരണ്ടുപേരും കൂടി. ഈ സമത്ത് ഒരു പുരുഷനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നത് ശരിയല്ലെന്ന് മട്ടിലായിരുന്നു സംസാരം. കൂടെയുള്ളത് സൃഹൃത്താണെന്നും ഓഫീസില്‍ ഡ്യൂട്ടിക്ക് കൊണ്ടാക്കാന്‍ പോകുകയയാണെന്നും പറഞ്ഞു. അതവര്‍ക്ക് ബോധ്യപ്പെട്ടില്ല. അഥവാ ഉള്‍ക്കൊള്ളാനായില്ല. പെണ്ണിനെയും കൊണ്ട് വീട്ടിലേക്ക് പോടേ എന്ന് എന്റെ സുഹൃത്തിനോട് അയാള്‍ പറഞ്ഞു. ഇവള്‍ക്ക് ജോലിയുണ്ടെന്നും അവിടെ കൊണ്ട് വിടുകയാണെന്നും സുഹൃത്ത് മര്യാദക്ക് പറഞ്ഞു.
അവര്‍ പരസ്യമായി അപഹസിക്കാന്‍ തുടങ്ങി. അവന്‍ തന്റെ പേരും വിലാസവുമൊക്കെ കൃത്യമായി തന്നെ പറഞ്ഞു. അതവന്റെ നിലപാടാണ്. അതിനെ ഞാന്‍ എതിര്‍ക്കുന്നില്ല. അതുപോലെ കണ്ടവരോട് എല്ലാം പേരും വിവരം പറയാതിരിക്കുക എന്റെ അവകാശമാണ്. നിങ്ങളോട് പേരും അഡ്രസും പറയാന്‍ എനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞു. ഇതു ബാംഗ്ലൂരല്ലെന്നും ഇവിടെ ഉത്തരം പരിപാടികളൊന്നും നടക്കില്ലെന്ന് പറഞ്ഞ് അപഹസിച്ചു. എന്താണ് ഇവിടെ നടന്നതെന്നു ഞാന്‍ തിരിച്ചുചോദിച്ചു.
കൂടുതല്‍ പ്രശ്‌നത്തിന് നില്‍ക്കാതെ ബൈക്കില്‍ കയറിപോകാന്‍ ശ്രമിക്കവെ അയാള്‍ ഉച്ചത്തില്‍ പുലയാടി മോളേ എന്ന് തെറി വിളിച്ചു. എന്താടാ വിളിച്ചത് എന്നു ഞാന്‍ തിരിച്ചുചോദിച്ചു. ആ സമയത്ത് വല്ലാതെ ദേഷ്യം വന്നു. അതോടെ അയാള്‍ എന്റെ കവളില്‍ ആഞ്ഞടിച്ചു. വലതു കൈ പിടിച്ചു ശക്തിയായി തിരിക്കുകയും ചെയ്തു. അഞ്ചാറുപേരേയുള്ളൂ അവിടെ. സംഭവം ആരും കണ്ടിട്ടില്ല കൂടുതല്‍ ആളുകള്‍ സ്ഥത്തെത്തുമ്പോള്‍ ഞങ്ങള്‍ എന്തോ മോശക്കാരണാണെന്ന മട്ടില്‍ അടിച്ചയാളും കൂട്ടരും ചേര്‍ന്ന് കാര്യങ്ങള്‍ അവതരിപ്പിച്ചു.
പൊലീസിനെ വരുത്തിച്ചു പിടിപ്പിക്കുമെന്നായി ഭീഷണി. എങ്കില്‍ പൊലീസിനെ വിളിക്കു എന്നായി ഞാന്‍. പക്ഷേ അവര്‍ അതിന് തയാറായില്ല. ഒടുവില്‍ കാക്കനാട് പൊലീസില്‍ മൊബൈലില്‍ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തകരായ സി.ആര്‍ നീലകണ്ഠനെയും ജ്യോതി നാരായണനെയും ഫോണില്‍ വിളിച്ചു. തൊട്ടടുത്ത് താമസിക്കുന്ന അവര്‍ ഉടന്‍ സ്ഥലത്തെത്തി. അതോടെ തല്ലിയ ഓട്ടോറിക്ഷക്കാരന്‍ മുങ്ങി. മറ്റുളളവരുടെ പ്രതിഷേധം അടങ്ങുകയും ചെയ്യു. അയാളുടെ അടിയില്‍ എന്റെ കഴൂത്തില്‍ മുറിവേറ്റു. കയ്യും നടുവിലുമെല്ലാം നല്ല വേദനയുണ്ടായിരുന്നു. എങ്കിലും ഓഫീസിലേക്ക് പോകന്‍ തീരുമാനിച്ചു യാത്ര തുടര്‍ന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി. ഇതറിഞ്ഞ് ഞങ്ങളും തിരിച്ച് അവിടെയെത്തി.
ഓട്ടോറിക്ഷക്കരന്‍ മുങ്ങിയെങ്കിലും അയാള്‍ക്കൊപ്പം ചേര്‍ന്ന് അപമാനിച്ച ആളെ ഞാന്‍ കാട്ടിക്കൊടുത്തു. പൊലീസ് അയാളെ ജീപ്പില്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഞാനും സുഹൃത്തും ബൈക്കില്‍ സ്‌റ്റേഷനിലെത്തി എസ്.ഐയെ കണ്ടു. കേസാക്കണമോ എന്ന് പോലീസ് ചോദിച്ചപ്പോള്‍ നിയമപരമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് ഞാന്‍ പറഞ്ഞു. പരാതി എഴുതിത്തരാന്‍ പറഞ്ഞു. ഇപ്പോള്‍ എഴുതാന്‍ പറ്റിയ മാനസികാവസ്ഥയില്ല, നാളെ രാവിലെ വന്ന് എഴുതി തന്നാല്‍ മതിയോ എന്നു ചോദിച്ചു. മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ അവിടെ നിന്ന് പോകുന്നത്. ഞാനെന്റെ പേരും അഡ്രസും ഫോണ്‍ നമ്പറും നല്‍കി അവിടെ നിന്നും തിരിച്ചു.
പ്രതികളിലൊരാളെ കിട്ടിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല. അയാളെ വിടുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്‌റ്റേഷനില്‍ വിളിച്ചവരോടും അങ്ങനെയൊരു സംഭവമേ നടന്നില്ലെന്നാണ് പൊലീസുകാരന്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള മര്‍ദനത്തില്‍ സ്ത്രീയുടെ പരാതിയില്ലാതെ കേസെടുക്കാന്‍ പൊലീസുകാര്‍ ബാധ്യസ്ഥരാണ്. അതുണ്ടായില്ല. തിങ്കളാഴ്ച കഴുത്തിനും ശരീരത്തിനും വേദനതോന്നിയതുകൊണ്ട് ഡോക്ടറെ കണ്ടു.ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഏറണാകുളം ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായി. എന്നാല്‍ പൊലീസ് മൊഴി എടുക്കാനെത്തിയില്ല. മുഖ്യമന്ത്രിയില്‍ ഓഫീസില്‍ നിന്് നിര്‍ദേശം വന്നശേഷമാണ് പിന്നീട് പൊലീസ് എത്തിയത്.



മാധ്യങ്ങള്‍, 'നാട്ടുകാര്‍', സദാചാര പൊലീസുകാര്‍

ഞാന്‍ നേരിട്ടത് ഒരു സ്ത്രീക്കും ഉണ്ടാകാന്‍ പാടില്ലാത്ത അനുഭവമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഒത്തുതീര്‍പ്പിന് വഴങ്ങാതെ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. സുഹൃത്തിനൊപ്പം ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് എനിക്ക് നേരെ ആക്രമണമുണ്ടായത്. ജോലിക്ക് മാത്രമല്ല, നാടു കാണാനോ, സൃഹത്തിനെ കാണനോ, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ, വെറുതെ കറങ്ങാനോ ആവട്ടെ, അത് എപ്പോഴായാലും പുറത്തിറങ്ങി യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും ഭരണഘടന നല്‍കുന്നുണ്ട്. എവിടെ പോകുന്നുവെന്നോ, ആരാണ് കൂടെയുള്ളതെന്നോ, പേരും വിലാസമെന്തേന്നോ വഴിയില്‍ കാണുന്നവരേട് വെളിപ്പെടുത്തേണ്ട ആവശ്യം സ്ത്രീക്കില്ല. ആരുടെ ഒപ്പം പോകുന്നു എന്നത് ചോദ്യം ചെയ്യാനും ആര്‍ക്കും അവകാശമില്ല. ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുവെങ്കില്‍ വഴിയേ പോകുന്നവര്‍ക്ക് ഇടപെടാം. സ്ത്രീകളെ രാത്രി കണ്ടാല്‍ രക്ഷാധികാരി കളിക്കുന്നവര്‍ തന്നെയാണ് സ്ത്രീയെ പീഡിപ്പിക്കുന്നതും.
സംഭവം വാര്‍ത്തയായതോടെ അക്രമം നടത്തിയ ആളുകളുടെ രക്ഷക്കുതകുന്ന വിശദീകരണങ്ങളുടെ പ്രവാഹമായി. അതിനാദ്യം ചെയ്തത് എന്നെ മോശമായി ചിത്രീകരിക്കലാണ്. ഒരു സംഭവത്തില്‍ സ്ത്രീ പ്രതികരിച്ചാല്‍ ഏറ്റവും എളുപ്പമാര്‍ഗം ആ സ്ത്രീയെ മോശക്കാരിയായും 'അപസഞ്ചാരണിയുമായി ചിത്രീകരിക്കലാണ് (അപഥവും പഥവും എതെന്ന് നിര്‍വചനവും പുരുഷന്‍ തന്നെ നിര്‍മിക്കും!). അതുകൊണ്ടാണ് ഈ സംഭവത്തിലും സ്ത്രീയെ മോശക്കാരിയാക്കാന്‍ ശ്രമം നടക്കുന്നത്. അത് തസ്‌നി ബാനു എന്നുപേരുള്ള ഒരാള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതുകൊണ്ടല്ല. ഒരു സ്ത്രീ പുരുഷ സുഹൃത്തിനോടൊപ്പം യാത്ര ചെയ്തതില്‍ അശ്‌ളീലം കണ്ടെത്താനായി ശ്രമം. ഒരാണിനും പെണ്ണിനും തമ്മില്‍ സെക്ഷ്വല്‍ ബന്ധം മാത്രമേ സാധ്യമാവൂ എന്നത് പൊതുധാരണയാണ്. അത് ശരിയല്ല. ഒരു സ്ത്രീക്ക് പുരുഷനെന്നപോലെ പലരീതിയിലുള്ള സൗഹൃദങ്ങളുമുണ്ടാവാം. അത് ചിലപ്പോള്‍ വൈകാരികാവാം ബൗദ്ധികപരമാവാം. രാത്രിയായാലും പകലായാലും ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് യാത്ര ചെയ്യുന്നത് എങ്ങനെയാണ് തെറ്റാവുന്നത്?അതില്‍ തെറ്റു കണ്ടെത്തുന്നരുടെ മനസിനാണ് കുഴപ്പം. ഇവിടെ തല്ലിയ പുരുഷന്‍മാരെ രക്ഷിച്ചെടുക്കാന്‍ രാത്രി അരുതാത്തത് എന്തോ സംഭവിച്ചുവെന്ന് പറഞ്ഞാല്‍ എളുപ്പായി. ഉയരുന്ന പ്രതിഷേധത്തില്‍ നിന്നും നിയമ കുരുക്കില്‍ നിന്നും രക്ഷ പെടാന്‍ എളുപ്പം സംഭവം അനാശാസ്യമാക്കുക ആണല്ലോ!
ഞാനാണ് ആദ്യം തല്ലിയത് എന്നായി മറ്റൊരു പ്രചരണം. സ്ത്രീ പുരുഷനെ തല്ലുകയോ? എന്ന പഴയ ചോദ്യമുയര്‍ന്നു. സ്ത്രീയെ ധിക്കാരിയും പെഴച്ചവളുമായി ചിത്രീകരിക്കാന്‍ ഇത്തരം തല്ലല്‍ തന്നെ ധാരാളം. ഇനി ഞാന്‍ തല്ലിയെന്ന് തന്നെ വയ്ക്കുക. വെറുതെ വഴിയില്‍ നിന്നിട്ട് അത് വഴി വന്ന ഓട്ടോ തടഞ്ഞു നിര്‍ത്തി ഒരാളെ വലിച്ചു പുറത്തിട്ട് അടിക്കുകയല്ലോ ചെയ്തത്. ഈ യുക്തിബോധം പോലും ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കില്ലാതെ പോകുന്നു. ഇവിടെ തെറ്റെന്താണ് ? ഒറ്റയ്ക്ക് നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തെറി പറയാന്‍ ചെന്നതോ? അതോ തനിക്ക് നേരെ അസഭ്യം പറയാന്‍ വന്നവനു നേരെ സ്ത്രീ പ്രതികരിച്ചതോ? അസഭ്യം പറഞ്ഞവനെ തിരിച്ച് എടാ എന്ന് വിളിച്ചതാണ് വലിയകുറ്റം. ഇത് പുരുഷന്റെ വാദം മാത്രമേ ആകുന്നുള്ളൂ.
ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ ഒരാള്‍ പറഞ്ഞത് ഇങ്ങനെയാണ്: ''എന്റെ വീട്ടിലെ സ്ത്രീകള്‍ അസമയത്ത് അന്യപുരുഷന്‍മാരുടെ കൂടെ യാത്ര ചെയ്യില്ല''. അന്യപുരുഷനൊപ്പം യാത്ര ചെയ്തത് ശരിയാണോ എന്നതായി ചോദ്യം. ഈ അഭിപ്രായം പറഞ്ഞയാള്‍ക്കും മറ്റുള്ളവര്‍ക്കും എന്റെ സുഹൃത്ത് അന്യനായിരിക്കും. എനിക്കല്ല. അവന്‍ അന്യനല്ലാത്തതുകൊണ്ടാണ് ഞാന്‍ ഒപ്പം യാത്രചെയ്തത്. അന്യന്‍ എന്ന് എന്റെ സുഹൃത്തിനെ വിളിച്ച്, ആക്രമിക്കാന്‍ വന്നവരാണ് എനിക്ക് അന്യര്‍. ഇനി അഭിപ്രായം പറഞ്ഞയാള്‍ തന്നെ എന്നും വീട്ടിനകത്ത് അടച്ചിരിക്കുകയല്ലല്ലോ ചെയ്യുന്നത്. അയാള്‍ക്കും പെങ്ങളും ഭാര്യയുമുണ്ടാകും. അവര്‍ക്ക് ഒരത്യാവശത്തിന് രാത്രി പുറത്തിറങ്ങേണ്ടിവരും. അയാള്‍ കൂടെ പോകേണ്ടിയും വരും. അസുഖം വരുമ്പോഴോ, അല്ലെങ്കില്‍ മറ്റെന്തിനെങ്കിലുമോ. അങ്ങനെ പുറത്തിറങ്ങുമ്പോള്‍ കൈയില്‍ റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കൊണ്ടല്ലോ അയാള്‍ നടക്കുക.ഒരു ഭാര്യയും ഭര്‍ത്താവും തന്നെയാണ് രാത്രിയില്‍ പോകുന്നത് എന്നു കരുതുക. അവര്‍ കൈയില്‍ വിവാഹ സര്‍ട്ടിഫിക്കറ്റും പിടിച്ചല്ല യാത്ര ചെയ്യുക. വഴിയില്‍ നിന്ന് നിങ്ങളെ ആക്രമിക്കാന്‍ വരുന്നവരെ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ചുകൊടുത്ത് രക്ഷപ്പെടാമെന്ന് കരുതുന്നത് തന്നെ ബാലിശമായ വാദമാണ്. ഇനി ആവശ്യം പോകട്ടെ. അത്യാവശ്യമില്ലെന്ന് തന്നെ കരുതുക. എനിക്ക് എന്റെ സൃഹത്തിനൊപ്പം നടന്നുകൂടെ? എനിക്ക് യാത്ര ചെയ്യാന്‍ പാടില്ലേ? അതിന് സുരക്ഷിതത്വം നല്‍കാന്‍ ഭരണകൂടവും സമൂഹവും ബാധ്യമാണ്. പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചാല്‍ അത് കുറ്റമാവും. ഇതൊന്നുമില്ലെങ്കില്‍, കാമുകനോ, കാമുകിക്ക് രാത്രി യാത്ര പോയാല്‍, ഒരു സിനിമ കാണാന്‍ ഒരുമിച്ചു പോയാലോ എതെറ്റ്? കൂടെയുള്ളത് ഭര്‍ത്താവോ പിതാവോ, സഹോദരനോ ആണെണ് കൂടെയുള്ളവരെ ബോധിപ്പേിക്കേണ്ടത് സ്ത്രീയുടെ മാത്രം കടമയാകുന്നതെങ്ങനെ?
തസ്‌നി ബാനുവിനെതിരെ നാട്ടുകാര്‍ രംഗത്ത് വന്നു എന്നായി ചില മാധ്യമങ്ങളുടെ പ്രചാരണം. അത്തരം ബഹുവചനങ്ങള്‍ പ്രസക്തമല്ല. കാരണം അവിടെ കൂടിയിരുന്നവരില്‍ മൂന്ന് പുരുഷന്മാര്‍ മാത്രമാണ് ഉപദ്രവിച്ചത് എന്നാണ് ഞാന്‍ പരാതിയില്‍ വ്യക്തമായി പറഞ്ഞിരുന്നു. അവരുടെ കൃത്യമായ അടയാള വിവരങ്ങള്‍ നല്‍കുകയും ചെയ്തു. നേരിട്ട് ഉപദ്രവിച്ചവര്‍ക്കെതിരെ മാത്രമാണ് പരാതി നല്‍കിയത്. എന്നിട്ടും നാട്ടുകാര്‍ക്കെതിരെയുള്ള നീക്കമായി അത് എന്തിന് വ്യഖ്യാനിക്കപെടണം? എതൊരു സംഭവത്തിനും രണ്ടുവശം പറഞ്ഞ് ആളുകള്‍ രംഗത്തുവരും. പ്രകടനം നടത്തിയ കുറച്ചുപേര്‍ മുഴുവന്‍ ജനങ്ങളെയും നാട്ടുകാരെയും പ്രതിനിധീകരിക്കുന്നുവെന്നാണോ പറയുന്നത്? ഇരുപതോളം ആണുങ്ങള്‍ മാത്രമാണ് പ്രകടനം നടത്തിയത്. അവര്‍ എങ്ങനെയാണ് മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധികളാകുന്നത്.? പൊതു ഇടങ്ങളും പൊതു ബോധവും പുരുഷന്റേത് മാത്രം എന്ന അവസ്ഥക്ക് അടിവരയിടുകയാണ് ഇതിലൂടെ ചെയ്യുന്നത്. യഥാര്‍ഥത്തില്‍ എനിക്കെതിരെ പരസ്യമായി വന്നവര്‍ മാത്രമല്ല സദാചാര പൊലീസ് വേഷം കെട്ടിയത്. ഒപ്പം അപവാദപ്രചരണമായും പുരുഷനുവേണ്ടി വാദമുഖങ്ങള്‍ ഉന്നയിച്ചും വന്ന എല്ലാവരുമാണ്.


മാറാത്ത ആണധികാരങ്ങള്‍

നേരത്തെ പറഞ്ഞതുപോലെ കാക്കനാടുണ്ടായത് എന്റെ ആദ്യ അനുഭവമൊന്നുമല്ല. മോശം അനുഭവമുണ്ടായപ്പോഴെല്ലാം ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. ആക്രമിക്കാന്‍ വന്നവരെ അടിച്ചിട്ടുണ്ട്. പക്ഷേ, ആ അവസരങ്ങളിലെല്ലാം നേരിടേണ്ടി വന്നത് ഒരാളെയോ രണ്ടുപേരെയോ ആണ്. ഇവിടെ അതല്ല. ഒന്നിലധികം പോരോട് എനിക്ക് എതിരിടേണ്ടി വന്നു. ഈ മനുഷ്യരാകട്ടെ സ്ത്രീയെ സദാചാരം പഠിപ്പിച്ചേക്കാമെന്ന് നിശ്ചയിച്ചവരുമായിരുന്നു. നമ്മുടെ സമൂഹം പുരോഗമനപരമായി മാറുകയാണ് എന്ന കരുതരുത്. ഒരിക്കലും അവസ്ഥകള്‍ മാറിയിട്ടില്ല. ഒരു പക്ഷേ കുറേക്കൂടി പിന്നിലോട്ട് സമൂഹം സഞ്ചരിക്കുകയാണ്. കാക്കനാട്ടുണ്ടായതിന്് സമാനമായ അനുഭവങ്ങളാണ് പതിനൊന്ന് വര്‍ഷം മുമ്പ് നേരിട്ടത്.് അന്ന് യുക്തിവാദത്തോട് താല്‍പര്യമുള്ളയാളായിരുന്നു. മത വിശ്വാസിയായിരുന്നില്ല. ഇന്നുമതെ. കുറേ വര്‍ഷം മുമ്പ് മതത്തെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കിയതാണ്. പ്രാര്‍ത്ഥിക്കാറില്ല. അന്ന് ഞാന്‍ ചെയ്തത് എനിക്കിഷ്ടമുള്ളയാളെ നിയമപരമായി വിവാഹം ചെയ്തുവെന്നതാണ്. മതരീതിയില്‍ വിവാഹം ചെയ്തില്ല എന്നതായിരുന്നു കുറ്റം. അന്നുണ്ടായതെല്ലാം എല്ലാവര്‍ക്കുമറിയാം. അന്നും ഇതുപോലെയുള്ള സംഭവമുണ്ടായി. ആക്രമിക്കാന്‍ വന്നത് ഒരു മതത്തില്‍ പെട്ടവരാണ് എന്നതുമാത്രമായിരുന്നു വ്യത്യാസം. വിവാഹം കഴിച്ചയാള്‍ക്കൊപ്പം റോഡില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. അന്ന് പൊലീസ് അനുകൂലമായ നിലപാട് എടുത്തു. സത്യത്തില്‍ അന്ന് മാധ്യമങ്ങള്‍ തന്ന പിന്തുണയുള്ളതുകൊണ്ടാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ അത്തരം നിലപാട് എടുത്തില്ലായിരുന്നെങ്കില്‍ ഞാനിന്നുണ്ടാവുമായിരുന്നില്ല. അതാണ്് സത്യം. പക്ഷേ, അത് വ്യത്യസ്തമായ സംഭവമാണ്. അതിവിടെ പരാമര്‍ശിക്കേണ്ട കാര്യമില്ല. ഞാന്‍ പറഞ്ഞത് അന്ന് ആക്രമിക്കാന്‍ വന്നവര്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കാക്കനാട്ടും ഞാന്‍ കേട്ടത്. കാക്കനാട്ടെ സംഭവത്തിന് ആദ്യത്തേതുമായി നേരിട്ട് ബന്ധമില്ല. രണ്ടും രണ്ടു വിഷയമാണ്. അന്നതിന് മത സ്വഭാവമുണ്ടായിരുന്നു. ഇന്ന അതില്ല. പക്ഷേ, മതത്തിലായാലും മതത്തിനു പുറത്തായാലും, പുരുഷന്‍ തന്റെ അധികാരം സ്ത്രീക്കുമേല്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് വാസ്തവം. അത് പതിനൊന്നുവര്‍ഷത്തിനുശേഷവും ഞാന്‍ അനുഭവിച്ചു. ഏത് മതത്തിലാണെങ്കിലും പുരുഷന്റെ മാനസികാവസ്ഥ ഒന്നാണ്. അടിസ്ഥാനപരമായി ഒരു മാറ്റവും പുരുഷന്റെയും സമൂഹത്തിന്റെയും മനോഭാവത്തില്‍ ഉണ്ടായിട്ടില്ല.സ്ത്രീകള്‍ പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും എങ്ങനെ കാണപ്പെടണം, പെരുമാറണം ആരുടെ കൂടെ കാണപ്പെടണം എന്നതിനെക്കുറിച്ചുള്ള പ്രബല ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. അതനുസരിച്ചേ പുരുഷന്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.
രാത്രി യാത്ര ചെയ്യുന്ന സ്ത്രീകളുടെമേല്‍ എന്തു അധികാരവുമുണ്ടെന്നുള്ള മട്ടിലാണ് ആണുങ്ങളുടെ പെരുമാറ്റം. അവര്‍ പറയുന്നത് എന്തും സ്ത്രീകള്‍ സഹിച്ചോളണം എന്നതാണ് മനോഭാവം. പെണ്‍കുട്ടികള്‍ പുരുഷന്‍മാരോട് ധിക്കാരം പറയാന്‍ പാടില്ല, അവര്‍ ചോദിക്കുന്നതിന് വിനീതമായി മറുപടി പറയണം എന്ന മട്ടിലാണ് അക്രമിക്കാന്‍ വന്നവര്‍ എന്നോട് പെരുമാറിയത്. പെണ്‍കുട്ടികളെ അച്ചടക്കം പഠിപ്പിക്കാനുള്ള ശ്രമം പോലെയാണ് എനിക്ക് തോന്നിയത്. ആക്രമിച്ചവര്‍ക്കും പൊതു സമൂഹത്തിന്റെ ഇക്കാര്യത്തില്‍ ഒരേ മാനസിക നിലവാരമാണുള്ളത്. രാത്രി ഇറങ്ങി നടക്കുന്ന ഒരു സ്ത്രീയെ ചോദ്യം ചെയ്ത് തെറ്റല്ല എന്നതാണ് വിശ്വാസം. സംഭവം നടന്ന് പൊലീസ് വന്നപ്പോള്‍ തല്ലിയയാള്‍ രക്ഷപ്പെട്ടു. തെറി പറഞ്ഞയാള്‍ രക്ഷപെട്ടു. പക്ഷേ, എന്നെ അപമാനിച്ച ഒരാള്‍ മാത്രം അവിടെ നിന്നു. അയാളാണ് ആദ്യം പിടിയിലായത്. അയാള്‍ എന്നെ തല്ലിയില്ല, തെറി വിളിച്ചില്ല. അപമാനിക്കാന്‍ കുട്ടുനിന്നു. അയാളാണ് ഇത്് ബാംഗ്ലൂരല്ല എന്നു പറഞ്ഞത്. പൊലീസ് വന്നപ്പോള്‍ അയാള്‍ അവിടെ തന്നെ നില്‍ക്കുകയായിരുന്നു. ധൈര്യപൂര്‍വം. അയാള്‍ക്ക് തോന്നുന്നത് അയാള്‍ ചെയ്ത് ശരിയാണെന്നാണ്. രാത്രി അസമയത്ത് കണ്ട ഒരു സ്ത്രീയെ സദാചാരം പഠിപ്പിച്ച് നേര്‍വഴിക്ക് നടത്താന്‍ താന്‍ ശ്രമിച്ചുവെന്നതായിരുന്നു ഭാവം. താന്‍ ചെയതത് തെറ്റാണെന്നുപോലും അയാള്‍ക്ക് മനസിലായില്ല. ഇതാണ് അവസ്ഥ. ആ മനോഭാവമാണ് പ്രശ്‌നം. പുരുഷന്റെ അധികാരം നടപ്പാക്കാനുള്ള ഉപകരണം മാത്രമാണ് സ്ത്രീകള്‍ എന്ന ഭാവം മാറണം. കേസ് ഫയല്‍ ചെയ്യാതെ ഒത്തുതീര്‍പ്പാക്കുകയല്ലേ നല്ലത് എന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍ പരസ്യമായി മാപ്പ് പറഞ്ഞാല്‍ കേസില്‍ നിന്ന് പിന്മാറാം എന്ന് ഞാന്‍ അവിടെ വച്ചു സമ്മതിച്ചു. ആ നാണക്കേടിന് താനില്ലെന്നായിരുന്നു ഓട്ടോ ഡ്രൈവര്‍ പറഞ്ഞത്. അല്ലാതെ ആരുമറിയാതെ ഒരു രഹസ്യ ഒത്ത്തീര്‍പ്പാണോ അവര്‍ ഉദ്ദേശിച്ചത്? പുരുഷന്റെ അഹംബോധം സ്ത്രീക്ക് മുമ്പില്‍ ഒരു മാപ്പു പറച്ചിലിനുപോലും തയാറാക്കുന്നില്ലെന്നതാണ് രസകരം.
പുറത്ത് യാത്ര ചെയ്യുന്ന സ്ത്രീകളെല്ലാം ഈ പുരുഷാധികാരത്തിനു കീഴില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇന്ന് കേരളത്തിലെ നല്ല പങ്ക് സ്ത്രീകളും ജോലിയുള്ളവരാണ്. ജോലിയുടെ ഭാഗമായോ അല്ലാതെയോ രാത്രി യാത്ര ചെയ്യുന്നവരാണ്. അവര്‍ പല പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ട്. സൗമ്യ തന്നെയാണ് നമ്മുടെ മുന്നിലുള്ള വലിയ ഉദാഹരണം.
മുമ്പ് അശ്‌ളീലം നിറഞ്ഞ കമന്റുകള്‍ മാത്രം സഹിച്ചാല്‍ മതിയായിരുന്നു. ഇപ്പോള്‍ സ്ത്രീക്ക് നേരെ ആക്രമണവുമായിരിക്കുന്നു. ഇപ്പോഴൂം ചിലര്‍ ചോദിക്കാറുണ്ട്. ബസില്‍ വച്ച് ആരെങ്കിലും ശല്യപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഒന്നു തറപ്പിച്ചു നോക്കിക്കൂടേ, അല്ലെങ്കില്‍ പിന്നെടുത്ത് കുത്തിക്കൂടേ എന്നൊക്കെ. അത് പഴയ കാലത്തെ കാര്യമാണ്. സ്ത്രീ തറപ്പിച്ച് നോക്കിയാല്‍ പിന്‍മാറുന്ന കലാമുണ്ടായിരുന്നു. ഇപ്പോള്‍ പ്രതികരിച്ചാല്‍ പുരുഷന്‍ തിരിച്ചടിക്കാനും ആക്രമിക്കാനും തുടങ്ങി. സെറീന സംഭവം അതിന്റെ വ്യക്്തമായ സൂചനയാണ്. തന്നെ ഉപദ്രവിച്ചയാളോട് പ്രതികരിച്ചപ്പോള്‍ അയാള്‍ തിരിച്ച് ആക്രമിക്കുകയാണ് ചെയ്ത്.
പല സ്ത്രീകള്‍ക്കും ഇതുപോലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടാവും. പേടികൊണ്ടോ മറ്റ് കാരണങ്ങള്‍ കൊണ്ടോ അവര്‍ തുറന്ന് പറയാന്‍ തയ്യാറാല്ല. ഓരോ ദിവസവും തെരുവോരങ്ങളില്‍, ബസ്സുകളില്‍, ട്രെയിനുകളില്‍, കട കമ്പോളങ്ങളില്‍, തൊഴിലിടങ്ങളില്‍, വിദ്യാലയങ്ങളില്‍ എവിടെല്ലാം അറിയപെടാതെ പോയ തേങ്ങലുകള്‍ എത്രയാണ്?
സ്ത്രീകള്‍ക്കുനേരെ ഇനിയും അതിക്രമങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. അതിനാലാണ് നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. സ്ത്രീകള്‍ എങ്ങോട്ട് പോകണമെന്നും എന്തുചെയ്യണമെന്നും ഞങ്ങള്‍ തന്നെ തീരുമാനിക്കും.സ്വതന്ത്രവും നിര്‍ഭയവുമായ യാത്ര ഞങ്ങളുടെ അവകാശമാണ്; രാത്രിയായാലും പകലായാലും.

സംഭാഷണം: തസ്‌നി ബാനു/ആര്‍.കെ. ബിജുരാജ്
പച്ചക്കുതിര
2011 July

Thursday, June 30, 2011

കമ്യൂണിസ്റ്റുകള്‍ക്കുള്ള ഉപദേശങ്ങള്‍!

ഇടതുപക്ഷക്കാര്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ആകേണ്ടതുണ്ടോ?



പ്രഭാത് പട്‌നായിക്


വോട്ടെണ്ണല്‍ ദിനത്തില്‍ ഒരു ടിവി ചാനലില്‍ കണ്ടതാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെ വിശകലനം ചെയ്യുന്ന ഒരു പാനലിനോട് ഇടതുപക്ഷത്തിന് ചില നിര്‍ദേശങ്ങള്‍ നല്‍കാനായി ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിന് തങ്ങള്‍ ഭരിച്ചിരുന്ന രണ്ട് വലിയ സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഒന്നില്‍ ദയനീയമായിട്ടായിരുന്നു പരാജയം. ഭാവിയില്‍ തിരിച്ചുവരാന്‍ ഇടതുപക്ഷം എന്തൊക്കെ മാറ്റം വരുത്തണം എന്നായിരുന്നു പാനലിലുള്ളവര്‍ നിര്‍ദേശിക്കേണ്ടിയിരുന്നത്. അതില്‍ കൂടുതലായി ഉയര്‍ന്നുകേട്ട ഉപദേശങ്ങളില്‍ ഒന്ന് ഇടതു പാര്‍ട്ടികള്‍ ലെനിനെ മറക്കണമെന്നും, ചര്‍ച്ച നയിച്ചയാള്‍ അവകാശപ്പെട്ടതുപോലെ, അങ്ങനെ ആ പാര്‍ട്ടി 'സോഷ്യല്‍ ഡെമോക്രാറ്റ്' ആകണമെന്നുമായിരുന്നു. തങ്ങളുടെ ഭാവിയില്‍ ഇത്രയേറെ ആകുലരായ പാനലിലുള്ളവരോട് ഇടതുപക്ഷം തീര്‍ച്ചയായും നന്ദിയുള്ളവരായിരിക്കണം! ചോദ്യമതിതാണ്: ഇടതുപാര്‍ട്ടികള്‍ അവരുടെ ഉപദേശം പിന്തുടര്‍ന്ന് 'സോഷ്യല്‍ ഡെമോക്രാറ്റു'കളാകണോ?
സോഷ്യല്‍ ജനാധിപത്യവും കമ്യൂണിസവും തമ്മിലുള്ള മുഖ്യ വ്യത്യാസം 'സാമ്രാജ്യത്വ'ത്തോടുള്ള സമീപനത്തിലും അതില്‍ നിന്നുളവാക്കുന്ന മറ്റ് വിയോജിപ്പുകളിലുമാണ്. വാസ്തവത്തില്‍, രണ്ടാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണിലിലെ അടിസ്ഥാന പിളര്‍പ്പ് ഒന്നാംലോകയുദ്ധത്തോടുള്ള സമീപനവുമായി ബന്ധപ്പെട്ടായിരുന്നു. സാമ്രാജ്യത്തോടുള്ള വിവിധ കാഴ്ചപ്പാടുകളുടെ പ്രശ്‌നമായിരുന്നു അത്. ഒരു വശത്ത്് തങ്ങളുടെ രാജ്യങ്ങളിലെ യുദ്ധശ്രമങ്ങളെ പിന്തുണക്കുകയും അത് 'സാമ്രാജ്യത്വയുദ്ധ'മാണെന്ന് കാണാന്‍ വിസമ്മതിക്കുകയും ചെയ്ത സോഷ്യല്‍ ഡെമോക്രാറ്റുകളായിരുന്നു. മറുവശത്ത് അങ്ങനെ ചെയ്യാന്‍ കൂട്ടാക്കാതിരിക്കുകയും യുദ്ധത്തെ സാമ്രാജ്യത്വയുദ്ധമായി കാണുകയും ചെയ്യുന്നവായിരുന്നു. അവര്‍ 'തങ്ങളുടെ' കുത്തക ബുര്‍ഷ്വാസിയുടെ 'സാമ്പത്തിക അധീനമേഖലകള്‍'നേടാനുള്ള ശ്രമിമായി യുദ്ധത്തെ കണ്ടു. കൂടാതെ അവര്‍ 'സാമ്രാജ്യത്വ യുദ്ധത്തെ' തങ്ങളുടെ കുത്തകമുതലാളിത്ത ക്രമത്തെ മറിച്ചിടാനുള്ള ആഭ്യന്തര യുദ്ധമാക്കി മാറ്റണമെന്നുമുള്ള നിലപാടുകാരായിരുന്നു. അത് ഒരു രാജ്യത്തെ തൊഴിലാളികളെ മറ്റ് രാജ്യങ്ങളിലെ സഹ തൊഴിലാളികളുായി ഐക്യപ്പെടുത്തി. (ഈ രണ്ടു നിലപാടിനും ഇടയിലുള്ള മൂന്നാം പക്ഷക്കാര്‍ ഒരിക്കലും ഒത്തുപോകാത്ത രണ്ടു നിലപാടുകളെയും ഐക്യപ്പെടുത്താന്‍ ശ്രമിക്കുകയും, ക്രമേണ പ്രസക്തി നഷ്ടപ്പെട്ട് ഇല്ലാതാവുകയും ചെയ്തു)
സോഷ്യല്‍ ഡെമോക്രാറ്റുകളുടെ രണ്ടാമത്തെ വിഭാഗം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രൂപീകരിക്കുന്നതിനായി തങ്ങളുടെ പാര്‍ട്ടികളില്‍ നിന്ന് ഭിന്നിച്ച് പുറത്തുവരികയും ചെയ്തു. അതില്‍ ലെനിന്‍ മാത്രമായിരുന്നില്ല, റോസാലക്‌സംബര്‍ഗുമുണ്ടായിരുന്നു. ലെനിനോട് പല അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും കൊല്ലപ്പെടുന്നതിന് പതിനഞ്ച് ദിവസം മുമ്പ് ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണ കോണ്‍ഗ്രസില്‍ റോസാലക്‌സംബര്‍ഗ് പങ്കെടുക്കുകയും ചെയ്തു. ഇത് കമ്യൂണിസ്റ്റുകള്‍ക്കും, അതുപോലെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കും സാമ്രാജ്യത്വത്തോടുള്ള സമീപനത്തിന്റെ പ്രാധാന്യം അടിവരയിടുന്നുണ്ട്. അത് മികച്ച വ്യവസ്ഥിതിയേത് എന്ന പ്രശ്‌നവുമായി ബന്ധപ്പെട്ടിരിക്കുന്നു. മുതലാളിത്തത്തെ സമാധാനപരമായും, സാമ്രാജ്യത്തേതരവും അക്രമരഹിതവുമായ വി്യവസ്ഥിയാക്കിമാറ്റിയാല്‍, അതിനെ 'മാനവികപരവും'മാക്കിമാറ്റാന്‍ കഴിയുമെന്ന് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ വിശ്വസിക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങളിലൂടെ സോഷ്യലിസം ആവശ്യപ്പെടുന്നത് മറികടക്കുകയും ചെയ്യാം.
അതിനാല്‍, കമ്യൂണിസ്റ്റുകളോട് സോഷ്യല്‍ ഡെമോക്രാറ്റുകളാകാന്‍ ഉപദേശിക്കുക വഴി ആവശ്യപ്പെടുന്നത് അവരോട് സോഷ്യലിസം എന്ന അടിസ്ഥാന ലക്ഷ്യം ഉപേക്ഷിക്കണമെന്ന് മാത്രമല്ല, സാമ്രാജ്യത്വത്തോട് വിട്ടുവീഴ്ചയില്ലാതെ തുടരുന്ന എതിര്‍പ്പ് അവസാനിക്കുക എന്നതു കൂടിയാണ്. അതാണ് മുമ്പ് പറഞ്ഞ ടിവി ഷോയിലെ ഒരു പാനല്‍ അംഗം കമ്യൂണിസ്റ്റുകളോട് 'സാമ്രാജ്യത്വത്തെ' മറക്കാന്‍ ആവശ്യപ്പെട്ടതിലൂടെ വാസ്തവത്തില്‍ ഉണ്ടായതും.
കമ്യൂണിസ്റ്റുകളും ലോക സോഷ്യല്‍ ഫോറവുമായി സഹകരിച്ച വളരെ പുരോഗനകാരികളായവരുള്‍പ്പടെയുള്ള വലിയ സംഘം എന്‍.ജി.ഒകളും തമ്മിലുള്ള ഏറ്റവും മിതമായ വ്യത്യാസമെന്നത് സൂക്ഷ്മമായി ബന്ധപ്പെട്ടിരിക്കുന്നത് സാമ്രാജ്യത്വത്തോടുള്ള നിലപാടിലാണ്. പല എന്‍.ജി.ഒകളും ചെയ്യുന്നതുപോലെ ഇറാഖ് യുദ്ധത്തോടുള്ള എതിര്‍പ്പോ അമേരിക്കന്‍ ഇടപെടലുകളോടോ വിയോജിപ്പോ സാമ്രാജ്യത്വം എന്ന സങ്കല്‍പം ഉള്‍ക്കൊള്ളുന്നതിന്റെ ഫലമാവണമെന്നില്ല (ഇത്തരം ഇടപെടലുകളുടെ ഭൗതിക താല്‍പര്യം തിരിച്ചറിഞ്ഞാല്‍ കൂടി). അവര്‍ ഇതെല്ലാം 'സംഭവ പരമ്പരകള്‍' മാത്രമായിട്ടാവും അവര്‍ കാണുക. കമ്യൂണിസ്റ്റുകള്‍ സാമ്രാജ്യത്വത്തെ ഒരുകൂട്ടം സംഭവപരമ്പരകളായിട്ടല്ല കാണുന്നത്. അത് മുതലാളിത്തത്തിന്റെ സ്വഭാവത്തില്‍ നിന്ന് ഉടടെലടുക്കുന്ന മുഴുവന്‍ ക്രമമായിട്ടാണ് കാണുന്നത്.
സാമ്രാജ്യത്വത്തിന്റെ മികവ് മാത്രം കാണുന്നവര്‍, അന്താരാഷ്ട്ര മര്യാദയുടെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഒസാമ ബിന്‍ ലാദനെ വധിച്ചതുപോലുള്ള ചില സമീപകാല സംഭവപരമ്പരകള്‍ വിട്ടുപോകുന്നതാവും. ഒരു രാജ്യം മറ്റൊരു പരമാധികാര രാഷ്ട്രത്തിലെ ഒരു ലക്ഷ്യത്തിലേക്ക് സേനയെ അയക്കുകയും അവിടെയുള്ളവരെ അറിയിക്കുക പോലും ചെയ്യാതെ നിരായുധനായ, ചെറുത്തുനില്‍പ്പു നടത്താത്ത ഒരാളെ കുടുംബാംഗങ്ങള്‍ക്ക് മുമ്പില്‍ വധിച്ച്, ആ മൃതദേഹവും എടുത്തുകൊണ്ടുപോയി കടലില്‍ തളളുക. ഒസാമ ഒരു വില്ലനായിരിക്കാം. പക്ഷേ ഇവിടുത്തെ പ്രശ്‌നം ഒരു പരാമധികാര രാജ്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ്. രണ്ടാമത് ഒരു വ്യക്തിയെ വിചാരണ കൂടാതെ കൊലപ്പെടുത്തുന്നതിന്റെ ധാര്‍മികവും നിയമപരവുമായ പ്രശ്‌നമുണ്ട്. ജനങ്ങളെ കൂട്ടക്കൊല ചെയ്ത നാസി കൊലയാളികള്‍ പോലും വിചാരണ സാധ്യമാക്കിയിരുന്നു. ഫിഡല്‍ കാസ്‌ട്രോയും നോം ചോംസ്‌കിയും ഈ പ്രശ്‌നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ നമ്മുടെ രാജ്യത്ത് ഫലത്തില്‍ നിശ്ബതതായിരുന്നു. അന്താരാഷ്ട്ര നിയമം ലംഘിച്ച് ലിബിയയില്‍ (മുവമ്മര്‍ ഗദ്ദാഫി ത്ര മാത്രം സേച്ഛാധിപതിയായിരുന്നു എന്നത് വിഷയമല്ല) നാറ്റോം ബോംബ് വര്‍ഷിക്കുമ്പോഴും ഇതുതന്നെയാണ് അവസ്ഥ.
സാമ്രാജ്യത്വ ക്രമം വളരെ പ്രത്യക്ഷരൂപമുണ്ടായിരുന്ന കൊളോണിയല്‍ യുഗത്തില്‍ സമ്രാജ്യത്വമെന്ന സങ്കല്‍പം ഉള്‍ക്കൊണ്ടിരുന്നവരുടെ എണ്ണം ഇന്നത്തെപോലെയായിരുന്നില്ല. കൊട്ടിഘോഷിക്കുന്ന ചൈനയുടെയും ഇന്ത്യയുടെും ആഭ്യന്തര ഉല്‍പാദന വളര്‍ച്ച, സാമ്രാജ്യത്വ സങ്കല്‍പത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒന്നും മൂന്നും ലോകങ്ങള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥ അപ്രത്യക്ഷമാക്കുകയാണെ ധാരണ നല്‍കുന്നുണ്ട്. മൂന്നാംലോകങ്ങള്‍ ഒന്നാം ലോകത്തിന് പകരമായി ഉയരുകയാണ് എന്നും കരുതപ്പെടുന്നു. ഈ കരുതപ്പെടുന്ന ബദല്‍ വ്യക്തമായും അവാസ്തവികമാണ്. ഉയര്‍ന്ന വളര്‍ച്ചയ്ക്ക് വിരുദ്ധമായി ഇന്ത്യയിലും ചൈനയിലും അധ്വാനിക്കുന്ന ജനങ്ങളുടെ നല്ല പങ്ക് ഇപ്പോഴും കര്‍ഷകരും( ഭൂരഹിതരുള്‍പ്പടെ) ചെറുകിട ഉല്‍പാദകരമാണ്. ഇത്തരം വളര്‍ച്ചയില്‍ സംഭവിക്കുന്നത് അവരെ അസ്വസ്ഥകളുടെ ആഴത്തിലേക്ക് തള്ളിയിടുകയാണ് കൂടാതെ 'രാഷ്ട്ര'ങ്ങള്‍ക്കിടയിലുള്ള വ്യത്യാസങ്ങളുടെ തലം ദുര്‍ബലമാവുകയല്ല, ശക്തിപ്പെടുകയാണ്. അതുപോലെ ഒന്നാം ലോകത്തെ 'മൂലധന'വും. ചൈനയുടെ കയറ്റുമതി വളര്‍ച്ച ഉദാഹരണമായെടുക്കാം.ഈ കണക്കില്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ചൈനയില്‍ പ്ലാന്റുകള്‍ തുറന്ന് തങ്ങളുടെ സാമ്പത്തിക വ്യവസ്ഥിയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് നല്ല പങ്കുണ്ട്. ഈ 'വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥി'കളുടെ തലസ്ഥാനങ്ങള്‍ ' കൂടുതല്‍ ശക്തമായി വളര്‍ന്നിട്ടുണ്ടാവും, പക്ഷേ അത് മെട്രാ തലസ്ഥാനങ്ങളുമായി ഉദ്ഗ്രഥിച്ച്, തങ്ങുടെ സ്വന്തം ജനതയ്ക്ക് ദോഷകരമായിട്ടാണ് നടക്കുന്നത്. അതിനാല്‍, സാമ്രാജ്യത്വമെന്ന സങ്കല്‍പത്തിന് സാമൂഹ്യശാസ്ത്ര തലത്തിലോ (മുതലാളിത്തം മുതലാളിത്ത പൂര്‍വ ഉല്‍പാദകര്‍ക്കുമേല്‍ കടന്നുകയറ്റം നടത്തുന്നു) ഭൂമിശാസ്ത്രതലത്തിലോ (മെട്രാ തലസ്ഥാനങ്ങളില്‍ നിന്ന് ലോകമെമ്പാടും വിഭവങ്ങളും പ്രാഥമിക ചരക്കുകളും പിടിച്ചെടുക്കുന്നതിലൂടെ ഒരു ക്രമം അടിച്ചച്ചേല്‍പ്പിക്കുകയാണ്) പ്രധാന്യം നഷ്ടപ്പെട്ടിട്ടില്ല.
ഒരു രാജ്യത്തിന് സ്വന്തം ഉല്‍പന്നങ്ങള്‍ക്ക് പകരമായി പുറത്തുനിന്ന് വിഭവങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ അതെന്ത് തരം 'വ്യാപാര'മാണ്? എന്തിന് 'വ്യാപാരത്തെ' 'ജനോപകാരപ്രദം' എന്നു വിളിക്കണം? സാധാരണ 'വ്യാപാരം' എന്ന പേരില്‍ കാണുന്നതിനടയിലുള്ളത് സങ്കീര്‍ണമായ പ്രവര്‍ത്തന രീതിയാണ് എന്നതുകൊണ്ടാണ് ഈ ചോദ്യം. ഈ വ്യാപാരം നിശ്ചിത പരിധിക്കുള്ളില്‍ ജനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്ന ചരക്കുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന വിഭവങ്ങളും മെട്രോ തലസ്ഥാനങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ നിന്ന് 'സ്വതന്ത്ര'മാക്കണമെന്ന മൂന്നാംലോകത്തിലെ അധ്വാനിക്കുന്ന ജനതയുടെ അവകാശത്തെ ബോധപൂര്‍വം തന്നെ അടിച്ചമര്‍ത്തുകയാണ്. കൊളോണിയല്‍ കാലത്ത്, അത്തരം അടിച്ചമര്‍ത്തല്‍ ഭരണകൂടം നിര്‍വഹിച്ചിരുന്നത് നികുതികളിലൂടെയോ അല്ലെങ്കില്‍ അത്തരം നികുതി വരുമാനത്തിന് അനൂപൂരകമല്ലാത്തവിധത്തില്‍ ജനങ്ങളെ 'ശോഷിപ്പിച്ചും' കൊണ്ടായിരുന്നു. ഇന്ന്, അടിച്ചമര്‍ത്തല്‍ വ്യത്യസ്തമായ നവ-ലിബറല്‍ നപടികളിലൂടെയാണ് നടക്കുന്നത്. ഇതെല്ലാം അധ്വാനിക്കുന്ന ജനതയുടെ വിലയ്ക്കു വാങ്ങാനുള്ള കരുത്തിനെ നിയന്ത്രിക്കുന്നു.
സാമ്രാജ്യത്വത്തിന്റെ സത്തായ ഇത്തരം അടിച്ചമര്‍ത്തില്‍ ഉടലെടുക്കുന്നത് അസ്ന്തുലിതമായ തലത്തില്‍നിന്നാണ്. അതായത് ഈ വിഭവങ്ങളും ചരക്കുകളും ഒരിക്കലും മെട്രാ നഗരങ്ങളില്‍ മതിയായ അളവില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയില്ല. അത് ഏപ്പോഴൂം മൂന്നാം ലോക വ്യവസ്ഥിയിലേ ഉല്‍പാദിപ്പിക്കാനാവു.
കമ്യൂണിസ്റ്റ് പ്രയോഗിക പ്രവര്‍ത്തനം സിദ്ധാന്തത്തില്‍ നിന്നാണ് രൂപംകൊള്ളുന്നത്. അതിന്റെ ഏക ഉരക്കല്ല് തെറ്റില്ലായ്മയാണ്. അല്ലാതെ വോട്ടുകള്‍ നേടാനുള്ള കഴിവല്ല. പാനലിലുള്ളവര്‍ ഉപദേശിച്ചപോലെ 'സാമ്രാജ്യത്വ'ത്തെ മറന്നാല്‍, മറ്റുള്ള പാര്‍ടികളില്‍ നിന്ന് അവരെ വേര്‍തിരിച്ചറിയാന്‍ ഒന്നുമില്ലാതാക്കുകയും ഫലത്തില്‍ ചരിത്രപരമായ അപ്രസക്താവുകയുമാവും ഫലം. മാത്രമല്ല സാമ്രാജ്യത്വത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പ് ഒരു പക്ഷേ, സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലെ ഭീകരവാദികളുടെയും മതമൗലികവാദികളുടെയും ഒസാമ ബിന്‍ലാദന്‍മാരുടെയും കൈയില്‍ ഏല്‍പിച്ചുകൊടുക്കുയുമാവും ചെയ്യുക.
അതിനാല്‍ കമ്യൂണിസ്റ്റുകള്‍ സ്വീകരിക്കേണ്ട പരിഷ്‌കരണം 'സാമ്രാജ്യത്വം' എന്ന സങ്കല്‍പം ഉപേക്ഷിക്കുകയല്ല, നേരെ മറിച്ച് വേണ്ടത് അതില്‍ ശക്തമായി ഊന്നുകയാണ്. ഏത് അടിസ്ഥാന വര്‍ഗത്തിന്റെ താല്‍പര്യമാണോ തങ്ങള്‍ സംരക്ഷിക്കേണ്ടത്-അതായത് തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരുടെ- അവര്‍ക്ക് ആശ്വാസം പകരാനാണ് ജാഗ്രത പുലര്‍ത്തേണ്ടത്. അസ്വസ്ഥതകള്‍ നല്‍കാനല്ല (സാമ്രാജ്യത്വത്തിന്റെ കൈയേറ്റവും ആഭ്യന്ത കോര്‍പ്പറേണ്ട താല്‍പര്യങ്ങളുണ്ടാവുമെങ്കിലും). അവര്‍ പാര്‍ടിയില്‍ സംവാദങ്ങള്‍ക്ക്, ചര്‍ച്ചകള്‍ക്ക്, എതിരഭ്രിപ്രായങ്ങള്‍ക്ക് ഇടം ഉറപ്പക്കണം. അങ്ങനെ പാര്‍ട്ടി ബൗദ്ധിക പ്രവര്‍ത്തനത്തിന്റെ സമ്പന്നമായ കേന്ദ്രമാകണം. പാര്‍ടി എന്നത് ഏകശിലസ്തംഭരൂപത്തിലുള്ള അസ്തിത്വമല്ലെന്നും, ഏതെങ്കിലും പ്രാദേശിക നേതാക്കളോ, ഇടതുഭരിക്കുന്ന സംസ്ഥാനത്തിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമോ സേച്ഛാനുസരണമെടുക്കുന്ന തീരുമാനം നടപ്പാക്കുക രാജ്യമെമ്പാടും പാര്‍ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വിപ്ലവ കടമയായി കാണുന്നതിനുമപരിയാകുകയും വേണം.
ചോദ്യമുയരാനിടയുണ്ട്: ഇതൊക്കെ തന്നെയല്ലേ 'സോഷ്യല്‍ ജനാധിപത്യം' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? ഉത്തരം 'അല്ല' എന്നതാണ്. റോസാലംക്‌സംബര്‍ഗ് സോഷ്യല്‍ ജനാധിപതത്തെ തള്ളിക്കളഞ്ഞു. കാള്‍ ലീബെനെക്റ്റിനൊപ്പം റോസാലംക്‌സംബര്‍ഗിനെയും സോഷ്യല്‍ ജനാധിപത്യ സര്‍ക്കാരിന്റെ കീഴില്‍ സൈന്യം കൊലപ്പെടുത്തി. റോസാലക്‌സംബര്‍ഗ് ഒരിക്കലും ഏകശിലാരൂപത്തില്‍ വിശ്വസിച്ചിരുന്നില്ല. ലെനിനും. തന്റെ കീഴിലുള്ള വിപ്ലവ സര്‍ക്കാരിനെ ശത്രുക്കള്‍ ചുറ്റിവളയുകയും ഉപരോധിക്കുകയും ചെയ്തതപ്പോള്‍ ലെനിന്‍ ബ്രസ്റ്റലിറ്റോവ് സന്ധിയില്‍ ഒപ്പുവച്ചു. ബുഖാറിന്റെയും മറ്റുള്ളവരുടെയും എതിര്‍പ്പ് മറികടന്നുകൊണ്ടായിരുന്നു അത്. ബുഖാറിനും കൂട്ടരും 'കമ്യൂണിസ്റ്റ്' എന്ന സൈദ്ധാന്തിക പ്രസിദ്ധീകരണമിറക്കുകയും ഉടമ്പടിയെ ആക്രമിക്കുകയും ചെ്തു. അതിനെ ബോള്‍ഷെവിക് സര്‍ക്കാരോ പാര്‍ട്ടിയോ അക്കാലത്തുപോലും നിരോധിക്കാന്‍ കൂട്ടാക്കിയില്ല. പാര്‍ട്ടിക്കുള്ളില്‍ എതിരഭിപ്രായം പ്രകടിപ്പിക്കാനുള്ള വലിയ ഇടമെന്നത് ഒരിക്കലും 'സോഷ്യല്‍ ജനാധിപത്യം' എന്നതിന് പര്യായമല്ല. കമ്യൂണിസ്റ്റുകളോട് സോഷ്യല്‍ ജനാധിപത്യവാദികളാകാനുള്ള ഉപദേശം, അതിനാല്‍ തന്നെ അധ്വാനിക്കുന്ന ജനതയില്‍ നിന്ന് അകന്നുകൊണ്ടുള്ള, ഇന്ത്യന്‍ ഉന്നതരുടെ സാമ്രാജ്യത്വവുമായുള്ള 'ഇടപാടുധാരണകളാ'ണ്.


സ്വതന്ത്ര പരിഭാഷ: ആര്‍.കെ.ബിജുരാജ്‌

Saturday, May 14, 2011

ഗുവഹാത്തിയില്‍ നിന്നെത്തുന്ന തീവണ്ടി

കേരളത്തില്‍ വന്നടിയിടുന്ന തൊഴില്‍ അഭയാര്‍ഥികളുടെ/ആഭ്യന്തര അഭയാര്‍ത്ഥി പ്രവാഹത്തിന്റെ സൂചകങ്ങളായി മൂന്നു പേരിലൂടെ മെയ് ദിനത്തിന്റെ ചൂടന്‍മാസത്തില്‍ ഒരന്വേഷണം. അവര്‍ നമ്മളിലേക്ക് വരുന്നതെന്തുകൊണ്ട്?





ആര്‍.കെ.ബിജുരാജ്

പ്രത്യാശകള്‍ കുത്തിനിറച്ച ഇരുണ്ടനരകങ്ങളാണ് ഗുവഹാട്ടിയില്‍ നിന്നു ഇഴഞ്ഞിഴഞ്ഞ് എത്തുന്ന ഓരോ ട്രെയിനും. കൊച്ചിയിലേക്ക് നൂറുകണക്കിന് കൂലിയടിമകളേയും വഹിച്ചാണ് ഓരോ വരവും. മൂന്നും നാലും ദിവസം ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ തിങ്ങിഞെരുങ്ങി നിന്ന്, മൂവായിരത്തിയഞ്ഞൂറ് കിലോമീറ്ററുകള്‍ പിന്നിട്ട് എത്തുന്ന ഈ തൊഴില്‍ അഭയാര്‍ത്ഥികളുടെ കണക്ക് ആരുടെയെങ്കിലും വശമുണ്ടോ?
'ഒരു വര്‍ഷം എത്തുന്നവര്‍ കുറഞ്ഞത് അമ്പതിനായിരം പേരെങ്കിലുമുണ്ടാവും'. ദക്ഷിണറെയില്‍വേയുടെ, എറണാകുളം കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അലക്ഷ്യമായി പറഞ്ഞതാണ് ഈ 'അനൗദ്യോഗിക' കണക്ക് (ആഴ്ചയില്‍ രണ്ടുട്രെയിനില്‍ ആയിരംപേര്‍ വരുന്നുവെന്ന മിതമായ കണക്ക് വച്ച്). പക്ഷേ, അത് ഒന്നിനും തൃപ്തികരമായ മറുപടിയാവില്ല.
കൊച്ചി കെട്ടിപ്പൊക്കുന്ന സൗഭാഗ്യങ്ങള്‍ അസമുള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ നാടുകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും തൊഴില്‍ തേടിയെത്തുന്നവരുടെ ഔദാര്യമാണ്. കേരളത്തിലേക്ക് തൊഴിലിനായി എത്തിയിരുന്നത് മുമ്പ് പ്രധാനമായും തമിഴ്‌നാട്ടുകാരായിരുന്നുവെങ്കില്‍ (60 ശതമാനം), ഇന്നതല്ല സ്ഥിതി. അവരുടെ എണ്ണത്തെ വടക്കുകിഴക്കില്‍ നിന്നും വടക്കേന്ത്യയില്‍ നിന്നുമുള്ള തൊഴിലാളികള്‍ വൈകാതെ മറികടക്കും. അവരും തമിഴ് തൊഴിലാളികളുമാണ് കേരളത്തിന്റെ നിര്‍മാണ, തോട്ടം മേഖലകളെ ഇപ്പോള്‍ ചലിപ്പിക്കുന്നത്. ഏറ്റവുമധികം ബഹുനിലകെട്ടിടങ്ങള്‍ ഉയരുന്ന കൊച്ചിയിലാണ് കേരളത്തില്‍ തൊഴില്‍ കുടിയേറ്റം കൂടുതലായി നടക്കുന്നത്. 2000ത്തിനുശേഷമാണ് ഈ ഒഴുക്ക് തുടങ്ങിയത്. 2005നുശേഷം അത് കൂടുതല്‍ ശക്തിയാര്‍ജിച്ചു. ഇപ്പോള്‍ കുത്തൊഴുക്കിന്റെ മൂര്‍ധന്യകാലമാണ്. ആഗോളീകരണം തുറന്നിട്ട 'വികസന'ത്വരയുടെയും പണമൊഴുക്കിന്റെയും ഭാഗമാണ് ഈ തൊഴില്‍ അഭയാര്‍ത്ഥിത്വം. സാമ്രാജ്യത്വത്തിന്റെ നയങ്ങള്‍ പിന്തുടരുന്ന ഒരു ദല്ലാള്‍ ഭരണകൂടത്തിന്റെ വൈകല്യങ്ങള്‍ സൃഷിക്കുന്നതാണ് ഇപ്പോഴത്തെ ഗുരുതരാവസ്ഥ.


അസമിലെ പണിക്കാര്‍

കാലങ്ങളായി, കുറഞ്ഞത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതലേ അന്യനാടുകളില്‍ തൊഴില്‍ തേടി യാത്ര തുടങ്ങിയവരാണ് മലയാളികള്‍. ദൂരെ, അസമിലെയും സിലോണിലേയും ബര്‍മയിലെയും തൊഴില്‍ ഇടങ്ങളില്‍ അവര്‍ സുഖകരമായ ജീവിതം കെട്ടിപ്പടുത്തു. തോട്ടങ്ങളിലെ മാനേജര്‍മാരായോ, ബ്രിട്ടീഷുകാരുടെ തൊഴില്‍ശാലകളുടെ നടത്തിപ്പു ചുമതലയിലോ അവര്‍ തിളങ്ങി. അക്കാലത്തിന്റെ വര്‍ണനായിരുന്നു വൈലോപ്പിള്ളിയുടെ 'അസം പണിക്കാര്‍' പോലുള്ള കവിതകള്‍. മാറിയ സാമൂഹ്യ സാഹചര്യത്തില്‍ ഗള്‍ഫും യൂറോപ്പുമായി മലയാളിയുടെ തൊഴില്‍ മേഖലകള്‍.
കേരളത്തിലേക്കുള്ള ഈ പുത്തന്‍ ആഭ്യന്തര അഭയാര്‍ത്ഥി പ്രവാഹത്തെ അവഗണിക്കുന്നതോ സാമാന്യ വല്‍ക്കരിക്കുന്നതോ (ജനറലൈസേഷന്‍) ഗുണകരമായിരിക്കില്ല. തൊഴില്‍ തേടി മലയാളികള്‍ വിദേശ നാടുകളിലും അന്യസംസ്ഥാനങ്ങളിലേക്കും പോകുന്നില്ലേ, പിന്നെ എന്തുകൊണ്ട് മറ്റ്് സംസ്ഥാനക്കാര്‍ക്ക് വന്നുകൂടാ എന്ന ചോദ്യം ഈ അഭയാര്‍ത്ഥി പ്രവാഹത്തിന് മുന്നില്‍ നിന്ന് ഒരു എതിര്‍ചോദ്യമായി ഉയര്‍ത്താം. തുലനങ്ങള്‍ ഒരിക്കലും ശരിയാവില്ല. കാരണം ഇവിടുത്തെ വേതനം മതിയാകുന്നില്ലെന്ന കാരണത്താലാണ് മലയാളികള്‍ കേരളത്തേക്കാള്‍ സമ്പന്നമായ വിദേശ നാടുകളിലേക്ക് കുടിയേറുന്നത്. അല്ലെങ്കില്‍ മറുനാടുകളിലെ മെച്ചപ്പെട്ട ജോലി സ്വീകരിക്കുന്നത്. ഇതേ ന്യായത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മറ്റ് സംസ്ഥാന തൊഴിലാളികള്‍ ഇങ്ങോട്ട് പ്രവഹിക്കുന്നത് കേരളം ബംഗാളിനേക്കാളും മറ്റ് സംസ്ഥാനങ്ങളേക്കാളും ധനികമായതുകൊണ്ടാണെന്ന് വരുന്നു. അതിനര്‍ത്ഥം മറ്റ് സംസ്ഥാനങ്ങളിലെ സാമൂഹ്യ-സാമ്പത്തിക സാഹചര്യം കേരളത്തേക്കാള്‍ മോശമാണെന്നാണ്. അത് രാജ്യത്തിനകത്തു നിലകൊള്ളുന്ന ഒരു പ്രധാന വൈരുദ്ധ്യത്തെ എടുത്തു കാട്ടുന്നുണ്ട്. കെട്ടിടനിര്‍മാണ മേഖലയില്‍, കമ്പനികളില്‍, ചെരിപ്പ് ബാഗ് തുടങ്ങിയവയുടെ നിര്‍മാണത്തില്‍, ക്വാറികളില്‍ ഒക്കെയായിട്ടാണ് അന്യസംസ്ഥാനക്കാര്‍ തൊഴില്‍ കണ്ടെത്തുന്നത്. മറ്റൊരു പങ്ക് ആള്‍ക്കാര്‍ വീട്ടുവേലകളിലാണ് ജീവിതവരുമാനം കെണ്ടത്തുന്നത്.
ഒരു പക്ഷേ, വിലകുറഞ്ഞ അധ്വാനം വിലയ്ക്കു വക്കുന്ന പതിവ് കാഴ്ച കേരളത്തില്‍ എറണാകുളം ജില്ലയിലാവും കൂടുതല്‍ കാണാനാവുക. ജോലി തേടുന്ന തമിഴര്‍ അടക്കുമുള്ളവര്‍ (ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്)പുലര്‍ച്ചെ ആറുമുതല്‍ ഒമ്പതുമണിവരെ റോഡ് വക്കുകളില്‍ നിലകൊള്ളും. ആവശ്യക്കാര്‍ ഇടനിലക്കാര്‍ മുഖേന വിലപേശി (വിലപേശല്‍ ഇടനിലക്കാരോടാണ്) വിളിച്ചുകൊണ്ടുപോകും. കലൂര്‍, കടവന്ത്ര, പാലാരിവട്ടം, കളമശേരി, ആലുവ, പെരുമ്പാവൂര്‍, കാക്കനാട് എന്നിവിടങ്ങളിലെ പതിവ് കാഴ്ചയാണ് ഇത്.
കൊച്ചിയിലെ നിര്‍മാണ മേഖലയ്ക്ക് പുറത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത് പെരുമ്പാവൂരാണ്. തടിമില്‍ വ്യവസായമാണ് ഇവിടെ തൊഴില്‍ സ്രോതസ്.
ദുരിതമായ ജീവിതമാണ് അടിസ്ഥാന ജോലികളില്‍ ഏര്‍പ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളുടേത്. മിക്കവര്‍ക്കും ദിവസം 10-12 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരും. എട്ട് മണിക്കൂര്‍ ജോലി എന്ന തത്വം പ്രായോഗികമാവാറേയില്ല. അതിനൊപ്പം തൊഴില്‍ ദാതാക്കളുടെ അങ്ങേയറ്റം മോശമായ പെരുമാറ്റവും.
ജോലി സ്ഥലത്ത് തന്നെ കുടുക്കിയിടാനുള്ള തന്ത്രങ്ങളാണ് അന്യസംസ്ഥാന തൊഴിലാളികളോട് മിക്ക പല തൊഴില്‍ ഉടമകളും പയറ്റുക. ഒന്നുകില്‍ വിലപ്പെട്ട രേഖകള്‍ പിടിച്ചുവക്കും. അല്ലെങ്കില്‍ വേതന തുക നിത്യേന നല്‍കാതെ, ആഴ്ചയിലോ മാസത്തിലോ ആക്കും. പണിയെടുക്കുന്ന തുകയുടെ നല്ല ശതമാനം തൊഴില്‍ ഉടമയുടെ കൈവശം തന്നെയായിരിക്കും. നാട്ടില്‍ പോകുമ്പോള്‍ നല്‍കുമെന്നായിരിക്കും വ്യവസ്ഥ. അതുകൊണ്ട് എളുപ്പം വിട്ടുപോവാനാനില്ല. 16 ബംഗാളികളെ വച്ച് ബാഗ് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൃക്കാക്കരയിലെ ഒരു ചെറുകിട തൊഴില്‍ ഉടമ പറഞ്ഞതിങ്ങനെ: ''ഇവറ്റകള്‍ ഇട്ടേച്ചുപോയാല്‍ പിന്നെ ഞാനെവിടെനിന്ന് ആളെകണ്ടെത്തും. ഇവരെ വിശ്വസിച്ചാണ് ഞാന്‍ ഓര്‍ഡര്‍ പിടിക്കുന്നത്. പൈസ മൊത്തം കൊടുത്താല്‍ ഇവര്‍ സ്ഥലം വിടും. ഇവരുടെ പൈസ കുറേ എന്റെ കൈയിലുണ്ട്. അതുകൊണ്ട് പെട്ടന്ന് ഇവര്‍ പോകില്ല''
തൊഴിലിടങ്ങളിലാകട്ടെ കടുത്ത ലിംഗ-ദേശീയ വിവേചനം നിലനിലനില്‍ക്കുകയും ചെയ്യുന്നു. അന്യസംസ്ഥാന തൊഴിലാളിക്കും മലയാളി തൊഴിലാളികള്‍ക്ക് കിട്ടുന്ന കൂലിയിലും അന്തരമുണ്ട്. ആലുവ-അങ്കമാലി മേഖലകളിലെ ഇഷ്ടികക്കളങ്ങില്‍ പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളിക്ക് 150-200 കിട്ടുമ്പോള്‍ അതേ പണി ചെയ്യുന്ന നാട്ടുകാരായ തൊഴിലാളിക്ക് 400-500 രൂപ കിട്ടും. ഒരേ പണി ചെയ്യുന്ന ആണിനും പെണ്ണിനും വ്യത്യസ്ത കൂലികളാണ്. പലര്‍ക്കും തൊഴില്‍ സുരക്ഷ, ലേബര്‍ കാര്‍ഡ്, കുറഞ്ഞ വേതനം എന്നിവ ലഭ്യമല്ല.
തൊഴില്‍ ഉടമയായിരിക്കും മിക്കപ്പോഴും താമസസൗകര്യം ഒരുക്കുക. അതാകട്ടെ ഇടുങ്ങിയ മുറികളിലാവും. മൂന്നുപേര്‍ക്ക് താമസിക്കാവുന്ന മുറിയില്‍ ഏഴും എട്ടും പേരെ വരെ താമസിപ്പിക്കും. ഇത്തരം 'ലയങ്ങള്‍' പലതും കാലപ്പഴക്കം ചെന്നവയാണ്. അതിന് വ്യക്തമായ തെളിവാണ് അഞ്ചുവര്‍ഷം മുമ്പ് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം കെട്ടിടമിടിഞ്ഞ് വീണ് രണ്ട് ഒറീസ് തൊഴിലാളികള്‍ മരിച്ച സംഭവം. തകര്‍ന്നു വീണ കെട്ടിടത്തിനു താഴെ 30 ഒറീസക്കാരാണ് താമസിച്ചിരുന്നത്്. അവരെല്ലാം ഒരു ഗ്രാമത്തില്‍ നിന്ന് കൊച്ചിയിലെത്തിയവരുമായിരുന്നു.


ബംഗാളില്‍ നിന്നുള്ള ഒഴുക്കുകള്‍

മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ നിന്നാണ് കേരളത്തിലേക്ക് കൂലിയടിമകളുടെ വലിയ ഒഴുക്ക് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ ബംഗാളില്‍ നിന്നുള്ള പ്രവാഹം ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നം ഉയര്‍ത്തുന്നുണ്ട്. ബംഗാള്‍, സി.പി.എം. അവകാശപ്പെടുന്നതുപോലെ സുന്ദരമാണെങ്കില്‍ എന്തുകൊണ്ട് അവിടെ നിന്ന് ആയിരക്കണക്കിന് യുവാക്കള്‍ തൊഴില്‍തേടി നമ്മുടെ കൊച്ചിയിലും മറ്റു കെട്ടിടനിര്‍മാണ മേഖലകളിലും ദിനംതോറും വന്നടിയുന്നു? കുറഞ്ഞവേതനവും ദുരിത ജീവിതവും മാത്രം വാഗ്ദാനം ചെയ്യുന്ന നമ്മുടെ തൊഴിലിടങ്ങളില്‍ അടിമത്തൊഴിലാളികളാകാന്‍ (കരാര്‍,ബോണ്ടഡ് എന്നൊക്കെ മറ്റുപേരുകള്‍) അവര്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന സാഹചര്യം എന്താവും?
കൊല്‍ക്കത്ത സര്‍വകലാശാലയ്ക്ക് കീഴിലുള്ള ശിവോനാഥ് ശാസ്ത്രി കോളജില്‍ കാല്‍നൂറ്റാണ്ടിലേറെയായി ധനതത്വശാസ്ത്ര അധ്യാപകനും ആക്റ്റിവിസ്റ്റും 'സ്ട്രഗിള്‍ ഓഫ് ഇന്ത്യ' അഖിലേന്ത്യാ നേതാവുമായ പ്രൊഫ. സുഖേന്തു സര്‍ക്കാര്‍ നിരത്തുന്നത് കാരണങ്ങള്‍ ഇതാണ്: '' ബംഗാളിന്റെ സര്‍വമേഖലകളിലും മുരടിപ്പ് പ്രകടമാണ്. കാര്‍ഷികമേഖല തകര്‍ന്നു. പട്ടിണിയും തൊഴിലില്ലായ്മയും കടക്കെണിയും പെരുകുന്നു; അതിനാല്‍ ആത്മഹത്യയും. 45 ലക്ഷം തൊഴില്‍രഹിതരാണ് എംപ്ലോയ്‌മെന്റ എക്‌സ്‌ചേഞ്ചുകളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ കാത്തിരിക്കുന്നത്. അവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. മണ്ണില്‍പണിയെടുക്കുന്ന ഭൂരിപക്ഷം പേര്‍ക്കും ഇപ്പോഴും ഭൂമിയില്ല. മറിച്ച് ചെറുന്യൂനപക്ഷം വരുന്ന വന്‍കിട-ദല്ലാള്‍ മുതലാളിത്ത വര്‍ഗ്ഗങ്ങളിലും ഭൂപ്രഭുക്കളിലും ഭൂമിയുടെ കേന്ദ്രീകരണം തുടരുന്നു. സംസ്ഥാനത്തെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ഭരണകൂടം സാമ്രാജ്യത്വ-വിദേശ വന്‍കിട മുതലാളിവര്‍ഗ്ഗത്തിന് തുറന്ന രീതിയില്‍ ഒത്താശ ചെയ്യുന്നു. നഗരങ്ങളില്‍ മാത്രം വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഗ്രാമങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ നരകിക്കുന്നു. ഇതുവരെ സര്‍ക്കാര്‍ നടപ്പാക്കിയതു മുഴുവന്‍ നഗരകേന്ദ്രീകൃതമായി വന്‍കിട-ഇടത്തരം വര്‍ഗ്ഗ താല്‍പര്യങ്ങളെ സേവിക്കുന്ന വ്യവസായ പദ്ധതികള്‍ മാത്രാണ്. ഇതുമൂലം ഗ്രാമങ്ങള്‍ ദരിദ്രമായി. ഗ്രാമങ്ങളില്‍ പട്ടിണി തുടരുന്നതിനാല്‍ ജനങ്ങള്‍ എവിടേക്കും തൊഴില്‍ തേടി പോകും. ബംഗാളില്‍ ജോലിയോ മെച്ചപ്പെട്ട വേതനമോ ഇല്ലാത്തതുകൊണ്ടാണ് അവര്‍ കേരളത്തില്‍ കുറഞ്ഞകൂലിക്ക് പണിയെടുക്കാന്‍ വരുന്നത്.''


നിയമവും ക്ഷേമനിധിയും മറ്റൊരു വഴിക്ക്

1979 ല്‍ അന്യസംസ്ഥാന തൊഴിലാളികളുടെ സുരക്ഷിതതത്വത്തിനായുള്ള നിലവിലുള്ള നിയമങ്ങളെപ്പറ്റി മിക്ക തൊഴില്‍ ഉടമകളും സ്ഥാപനങ്ങളും അജ്ഞരാണ്. ദ ഇന്റര്‍സ്‌റ്റേറ്റ് മൈഗ്രറ്റ് വര്‍ക്മാന്‍ (റഗുലേഷന്‍ ഓഫ് എംപ്ലോയ്‌മെന്റ ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ആക്റ്റ് അന്യ സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ട്. അഞ്ചലധികം അന്യസംസ്ഥാന തൊഴിലാളികള്‍ 12 മാസത്തിലേറെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആ കമ്പനികള്‍ നിയമത്തിന് കീഴില്‍ വരും. തൊഴില്‍, വേതന സുരക്ഷിതത്വം ഉറപ്പാക്കുന്നതാണ് നിയമം. റീജണല്‍ കമ്മീഷണര്‍ (സെന്ററല്‍) -കൊച്ചി മേഖലയ്ക്കാണ് മേല്‍നോട്ട ചുമതല. ഈ നിയമമോ മിനിമം വേജസ് ആക്‌റ്റോ 1970 ലെ കോണ്‍ട്രാക്റ്റ് ലേബര്‍ (റെഗുലേഷന്‍ ആന്‍ഡ് അബോളിഷന്‍) ആക്‌റ്റോ പലരും പ്രാവര്‍ത്തികമാകാറേയില്ല.
സര്‍ക്കാര്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പേരിന് ഒരു ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേമനിധി പദ്ധതിപ്രകാരം രജിസ്റ്റര്‍ ചെയ്ത ഓരോ അന്യസംസ്ഥാന തൊഴിലാളിക്കും 25000 രൂപവരെ ആരോഗ്യ സംരക്ഷണത്തിനായി ലഭിക്കും. ഒരു നിശ്ചിത കാലത്തിനുശേഷം വിരമിക്കുകയാണെങ്കില്‍ 25,000 രൂപ ലഭിക്കും. കുട്ടികളുടെ പഠനത്തിയനായി ഓരോ വര്‍ഷവും 3000 രൂപവരെ കിട്ടും. അപകട മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് 50,000 രൂപ. സ്വഭാവിക മരണമാണെങ്കില്‍ 15,000 രൂപയും. മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാന്‍ 15,000 രൂപ വേറെയും. കഴിഞ്ഞ വര്‍ഷം മെയ് ഒന്നിനായിരുന്നു ക്ഷേമനിധിക്ക് തുടക്കം കുറിച്ചത്. എന്നാല്‍, അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ ചേരാന്‍ അധികം താല്‍പര്യമില്ല. തങ്ങള്‍ ഒരു മേഖലയില്‍ കുടുങ്ങിക്കിടക്കേണ്ടിവരുമോ എന്ന ഭയം ഒരു വശത്ത്. മറുവശത്ത് സ്ഥിരമായി ഒരു മേഖലയില്‍ തുടരാന്‍ തൊഴിലാളികള്‍ക്കുള്ള താല്‍പര്യമില്ലയ്മ. പലരും വിഹിതം അടക്കാന്‍ പോലും കൂട്ടാക്കുന്നില്ല. ഇപ്പോള്‍ ക്ഷേനിധിയില്‍ തൊഴില്‍ ഉടമയെ കൂടുതലായി ക്ഷേമനിധിയില്‍ ചേര്‍ക്കാനാണ് ശ്രമം. എന്നാല്‍, പതിവ് തൊഴില്‍ ഉടമ- തൊഴിലാളി സങ്കല്‍പ്പങ്ങള്‍/നിര്‍വചനങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നിത്യേന ഇടപെടുന്ന മേഖലയ്ക്ക് ചേരില്ല. സ്ഥിതിഗതികള്‍ പലപ്പോഴും സങ്കീര്‍ണമാണ്്.
അപകടങ്ങള്‍ നടന്നാല്‍ അന്യസംസ്ഥാനതൊഴിലാളികളെ ഉടമയും, കരാറുകാരും, സര്‍ക്കാരുമെല്ലാം കൈയൊഴിയുകയാണ് പതിവ്. അങ്കമാലിയിലും എറണാകുളത്തും അപകടത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളിക്ക് മാന്യമായ നഷ്ടപരിഹാരം പോലും കിട്ടിയില്ല. കളമശേരിയിലെ പേപ്പര്‍ മില്ലില്‍ പണിയെടുക്കുന്നതിനെ കൈയറ്റുപോയ ബീഹാറി സ്വദേശി ഇപ്പോഴും ഇവിടെയുണ്ട്; നമ്മുടെ തൊഴില്‍ അവസ്ഥകളുടെ പേടിപ്പെടുത്തുന്ന പ്രതീകമായി.
വളരെ വൈകിയാണെങ്കിലും അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇടതുപാര്‍ട്ടികള്‍ അത്തരം രീതിയില്‍ ചുവടു വച്ചു തുടങ്ങി. പക്ഷേ, ഇത്തരം യൂണിയനുകള്‍ക്ക് മലയാളി സങ്കുചിത ദേശീയ ബോധത്തെ മറികടക്കാനാവുമോ എന്നതാണ് വെല്ലുവിളി. യൂണിയനുകള്‍ക്ക് ഒരേ സമയം മലയാളി സങ്കുചിതബോധത്തിനും അന്യസംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുമിടയില്‍ ചുവട് തെറ്റാനാണ് കൂടുതല്‍ സാധ്യത.

'തൊഴില്‍ അഭയാര്‍ത്ഥി'കളുടെ ജീവിതം

എന്താണ് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതം? ഇങ്ങോട്ട് വരാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്താവും? അവരെങ്ങനെയാണ് ഇവിടെ ജീവിക്കുന്നത്?- ഇത് നന്നായി അറിയണമെങ്കില്‍ നമ്മള്‍ കുറഞ്ഞത് വ്യക്തികളുടെ ജീവിതകഥ മനസിലാക്കേണ്ടിവരും.
അന്യ സംസ്ഥാന തൊഴിലാളികളായ മൂന്നു പേരാണ് പ്രദീപ് ബസല്‍, ഉദയാള്‍, അര്‍ജുന്‍ സാവ് എന്നിവര്‍. അസംകാരനാണ് പ്രദീപ് ബസാല്‍. ഇരുപത്തിമൂന്നുകാരന്‍. അഞ്ചുവര്‍ഷത്തിലേറെയായി അയാളിവിടെയുണ്ട്. ഒരു പക്ഷേ, തൊഴില്‍തേടി കേരളത്തില്‍ എത്തുന്ന വടക്കുകിഴക്കന്‍ നാട്ടുകാരുടെ ശരിയായ പ്രതിനിധി. ''ഒരിക്കലും ഞാന്‍ തിരിച്ചുപോയില്ലെന്നും വരാം' എന്ന് പ്രദീപ് ബസാല്‍ പറയുന്ന സാഹചര്യം വ്യക്തിപരമല്ല. അത് അസമിന്റെ സാമൂഹ്യ-സാമ്പത്തിക അവസ്ഥയോടുള്ള പ്രതികരണമാണ്.
അമ്പത് വയസിനോടടുക്കുന്ന ഉദയയാള്‍ നമ്മുടെ തൊഴിലിടങ്ങളില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് 'കരാര്‍/അടിമത്തൊഴിലാളി'കളെയാണ് പ്രതിനിധീകരിക്കുന്നത്. അവര്‍ മലയാളിയുടെ സങ്കുചിത ദേശീയ ബോധത്തെ (നാഷണല്‍ ഷോവനിസ്റ്റിക്) ആക്രമിക്കുകയും ചില ജാതി യാഥാര്‍ത്ഥ്യങ്ങള്‍ പറയുകയും ചെയ്യുന്നു.
ബംഗാളിലെ നയിഹതി ഗ്രാമത്തില്‍ നിന്നുവരുന്ന അര്‍ജുന്‍ സാവാകട്ടെ അവിടുത്തെ മധ്യവര്‍ഗ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക അവസ്ഥകളെയാണ് പ്രതിനിധീകരിക്കുന്നത്. ഇവിടെ അദ്ദേഹം കുറച്ചൊക്കെ 'വെള്ളക്കോളര്‍' ജോലിക്കാരനാണ്. ഇവര്‍ മൂന്നുപേരും വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നാണ് വരുന്നതെങ്കിലും ഏറെക്കുറെ സമാനരാണ്. അധ്വാനിക്കുന്നവരുടെ കഥ എല്ലായിടത്തും ഒന്നുതന്നെയാണ് എന്ന ഒരു ചലച്ചിത്ര വാചകം വീണ്ടും നമ്മളോര്‍ക്കേണ്ടിവരുന്നു. മൂന്നുപേരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കേരളത്തില്‍ വന്നടിയുന്ന തൊഴില്‍അഭയാര്‍ത്ഥികളുടെ/ആഭ്യന്തര അഭയാര്‍ത്ഥി പ്രവാഹത്തിന്റെ സുചകങ്ങളാണ്. മെയ്ദിനത്തിന്റെ ചൂടന്‍ മാസത്തില്‍ അവര്‍ അവരുടെ കഥ, പറയട്ടെ:




'ഒരു പക്ഷേ, ഞാന്‍ തിരിച്ചുപോയില്ലെന്നും വരാം'

പ്രദീപ് ബസാല്‍, 23 വയസ്, സില്‍ചാര്‍, അസം


നാടിന്റെ പേര് പറഞ്ഞാല്‍ അറിയില്ല. ബക്ത്പുര്‍ എന്നു പറയും. അസമിന്റെ തെക്ക് കിഴക്കാണ് നാട്. ബംഗ്‌ളാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലമാണത്. അതിര്‍ത്തി എന്നു പറഞ്ഞാല്‍ തൊട്ടടുത്തല്ല. കുറേ പോകണം. അതിര്‍ത്തി പ്രദേശമെന്നാണ് നാടിനെപ്പറ്റി എല്ലാവരും പറയുക. അടുത്ത നഗരം എന്നു പറയാവുന്നത് സില്‍ചാറാണ്. ചച്ചാര്‍ ജില്ലയുടെ ആസ്ഥാനം. സില്‍ചാറില്‍ നിന്ന് കുറേ ദൂരമുണ്ട് നാട്ടിലേക്ക്്. എപ്പോഴും ബസുണ്ട്.
സില്‍ചാറിനെപ്പറ്റി കേട്ടിട്ടുണ്ടാവും. സുന്ദരമായ സ്ഥലമാണ്. അസമിലെ പ്രധാന പട്ടണമെന്നാണ് പറയുന്നത്. എന്നാല്‍ നഗരമൊന്നുമല്ല. സാധാരണ ഒരു പട്ടണം. ഒരിക്കലും കൊച്ചിയുമായി തുലനം ചെയ്യാനേ പറ്റില്ല. കുറേ കച്ചവട സ്ഥാപനങ്ങളുണ്ടെന്നേയുള്ളു. ഗുവഹാട്ടിയില്‍ നിന്ന് 420 കിലോമീറ്റര്‍ ഉണ്ട് സില്‍ചാറിലേക്ക്. ബരാക് എന്ന നദിയുടെ അടുത്താണ് സില്‍ചാര്‍ പട്ടണം.
സില്‍ചാറില്‍ നെല്ലാണ് പ്രധാന കൃഷി. കാലാവസ്ഥ ഇവിടുത്തേതില്‍ നിന്ന് വ്യത്യസ്തമാണ്. മഴ സമയത്ത് മഴ തന്നെയാണ്. വേനലില്‍ അവിടെ നിക്കാനേ പറ്റില്ല. ആകെ കരിഞ്ഞുണങ്ങും. ഗുവഹാട്ടിയില്‍ നിന്ന് സില്‍ചാറിലേക്ക് 10-12 മണിക്കൂര്‍ ട്രെയിനിലിരിക്കണം. ബസിന് 430 രൂപയാവും. ട്രെയിന്‍ എപ്പോഴുമുണ്ടാവില്ല. വല്ലപ്പോഴുമേയുള്ളൂ. മാത്രമല്ല, അവിടെ ബ്രോഡ്‌ഗേജ് ട്രെയിനുകളില്ല. മീറ്റര്‍ ഗേജുകളാണുള്ളത്. യാത്ര അതുകൊണ്ട് തന്നെ ദുരിതമാണ്. പ്രത്യേകിച്ച് എന്റെ നാട്ടിലേക്ക്.
സില്‍ഹെറ്റികളാണ് ഞങ്ങള്‍. അസമീസാണ് ഭാഷ. മതം ഹിന്ദു. ഞങ്ങള്‍ക്ക് ജാതി സംവരണമൊന്നുമില്ല. സില്‍ചാര്‍ ശാന്തമായ സ്ഥലമാണ്. ഒരു അക്രമവുമില്ല. ഒരു കുഴപ്പവും ഇതുവരെ അവിടെയുണ്ടായിട്ടില്ല. മറ്റ് ഭാഗങ്ങളിലാണ് ഉള്‍ഫയൊക്കെയുള്ളത്. അത്തരം ആള്‍ക്കാരോട് യോജിപ്പില്ല. അങ്ങനെ വേറിട്ട് ഒരു രാജ്യമാകേണ്ട കാര്യമില്ല. അതു നടക്കാനും പോകുന്നില്ല. എനിക്ക് രാഷ്ട്രീയമൊന്നുമില്ല. വോട്ടുചെയ്യാന്‍ ഇതുവരെ പറ്റിയിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്തൊക്കെ ഇവിടെയായിരുന്നു. ഇനി വോട്ട് ചെയ്താല്‍ തന്നെ അത് രാഷ്ട്രീയം നോക്കിയായിരിക്കില്ല. വ്യക്തികളെ നോക്കിയാവും ചെയ്യുക.
അച്ഛനും അമ്മയും ഒരു ചേട്ടനും ചേച്ചിയുമാണ്് അടുത്ത ബന്ധുക്കളായുണ്ടായിരുന്നത്. ചേച്ചി കല്യാണം കഴിച്ച് ഭര്‍ത്താവിനൊപ്പം താമസിക്കുന്നു. അച്ഛന്റെ പേര് പോരിതോസ് ബസാല്‍. സര്‍വേ ഓഫ് ഇന്ത്യയില്‍ ജോലിക്കാരനായിരുന്നു. ആദ്യമൊക്കെ വളരെ സുഖകരമായിരുന്നു ജീവിതം. ചന്ദ്രാസിംഗ് ഹൈസ്‌ക്കൂളിലായിരുന്നു പഠിച്ചത്. പത്തുവരയേ പഠിച്ചുള്ളു.
അച്ഛന്റെ ശരീരം ഒരു വശം തളര്‍ന്നുപോയി. മരുന്നും ചികിത്സയുമായി. അതോടെ പ്രശ്‌നങ്ങളായി. കടമായി. അച്ഛന് കിട്ടിയിരുന്ന പണം മുഴുവന്‍ ചികിത്സക്ക് തികയാതായി. മരുന്നുമേടിക്കാന്‍ പണം കടംമേടിച്ചു. കടയില്‍ കുറേ പൈസകൊടുക്കേണ്ട അവസ്ഥയായി. അങ്ങനെ പഠിത്തം തുടരനായില്ല. പത്താംക്ലാസ് ഒരു വിധം പൂര്‍ത്തിയാക്കി. പഠിക്കണമെന്നുണ്ടായിരുന്നു. പഠിക്കാന്‍ മോശവുമായിരുന്നില്ല. കടം വന്നുകയറിയപ്പോള്‍ പിന്നെ പണിക്കുപോകാതെ പറ്റാതായി. പഠിത്തം നിര്‍ത്തി. ജ്യേഷ്ഠന് സര്‍വേ ഓഫ് ഇന്ത്യയില്‍ കാവല്‍ക്കാരന്റെ പണികിട്ടി. ഞാന്‍ അവിടെ പല പണിയും ചെയ്തു. പക്ഷേ, കൂലി അധികമില്ല.
അമ്മയുടെ അനുജത്തി കേരളത്തിലായിരുന്നു താമസം. മലയാളിയെയാണ് കുഞ്ഞമ്മ കല്യാണം കഴിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഡോക്ടറാണ് കുഞ്ഞമ്മയുടെ ഭര്‍ത്താവ്-ഡോ. കുഞ്ഞുമോന്‍. മാവേലിക്കരയിലാണ് താമസം. കുഞ്ഞമ്മയാണ് പറഞ്ഞത് അവിടെ നിന്ന് അധ്വാനിക്കുന്നതിനേക്കാള്‍ ഇങ്ങോട്ട് പോരാന്‍. അങ്ങനെയാണ് ഇങ്ങോട്ടുപോന്നത്. കുഞ്ഞമ്മയുണ്ട് എന്നതായിരുന്നു ധൈര്യം. അച്ഛന്‍ മൂന്നുവര്‍ഷം മുമ്പ് മരിച്ചു. അമ്മയ്ക്ക് ചെറിയ പെന്‍ഷനുണ്ട്. അമ്മ സില്‍ചാറില്‍ തന്നെയാണ്്. ചേട്ടന്‍ അമ്മയുടെ അടുത്തുണ്ട്.
ഞാനിപ്പോള്‍ കേരളത്തില്‍ വന്നിട്ട് അഞ്ചുവര്‍ഷമായി. ഇരുപത്തിമൂന്നുവയസുണ്ട്. വന്നശേഷം ഞാന്‍ കളമശേരി എടയാറില്‍ സേവന കറി പൗഡര്‍ എന്ന കമ്പനിയില്‍ പണിയെടുത്തു. സ്ഥിരം ജോലിയല്ല. ദിവസക്കൂലി. പക്ഷേ, ഓരോ മാസവും ആദ്യം കാശുതരും. അവിടെ പണി കടുപ്പമായിരുന്നു. കൂടുതല്‍ സമയം പണിയെടുക്കണം. അല്‍പംപോലും വിശ്രമിക്കാന്‍ പറ്റില്ല. എനിക്ക് അധികം ഭാരമുള്ള പണിയെടുക്കാനാവില്ല. ശരീരം കൊണ്ട് ചെറിയ ആളായതുകൊണ്ടാവാം. അവിടെ പണിയെടുക്കുമ്പോഴേ ഞാന്‍ വേറെ പണി അന്വേഷിച്ചു. കുഞ്ഞമ്മ തന്നെയാണ് കാക്കനാട് വ്യവസായമേഖലയുടെ ഭാഗത്ത് ജോലിനോക്കാന്‍ പറഞ്ഞത്. കുഞ്ഞമ്മയുടെ ഭര്‍ത്താവിന്റെ ബന്ധത്തില്‍ പെട്ട ഒരു പെണ്‍കുട്ടി ടാറ്റാ സിറാമിക്‌സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്റെ കസിനാണ്. അങ്ങനെയാണ് ഞാനീ കമ്പനിയില്‍ പണിക്കെത്തുന്നത്. ഇവിടെ മൂന്നുവര്‍ഷമായി.
ദിവസം 150 രൂപയാണ് കൂലി. സ്ഥിരം ജോലിയല്ല. കരാര്‍. ഞാന്‍ തുടര്‍ച്ചയായി രണ്ടു ഷിഫ്റ്റ് കയറും. അപ്പോള്‍ പൈസ കൂടുതല്‍ കിട്ടും. രാവിലെ എട്ട് മണിക്ക് കയറണം. നാലുമണിക്ക് ഇറങ്ങാം. മിക്കപ്പോഴും അടുത്ത ഷിഫ്റ്റ് കൂടി കയറും. രാത്രി 12 മണിയാകുമ്പോള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് പോകും. കമ്പനി തന്നെയാണ് താമസൗകര്യം ചെയ്തിരിക്കുന്നത്. ഇരുപത്് പേരുണ്ട് അവിടെ. കമ്പനി സൗകര്യമൊരിക്കിയതുകൊണ്ട് താമസിക്കാന്‍ പൈസവേണ്ട. മാസം പകുതി കാശ് അമ്മയുടെ അക്കൗണ്ടിലോട്ട് ചെല്ലും. അമ്മയ്ക്ക് സില്‍ചാറില്‍ നിന്ന് അതെടുക്കാം. അച്ഛന്റെ പെന്‍ഷന്‍ അമ്മയ്്ക്ക് കിട്ടുന്നുണ്ട്. പക്ഷേ, കുറച്ചേയുള്ളൂ. മലയാളം പഠിച്ചത് അഞ്ചുവര്‍ഷംകൊണ്ട് ആള്‍ക്കാരോട് സംസാരിച്ചാണ്. മലയാളം എഴുതാനോ വായിക്കാനോ അറിയില്ല. ഒന്നു രണ്ടു അക്ഷരങ്ങള്‍ അറിയാം.
വന്നശേഷം ഒറ്റത്തവണയേ നാട്ടില്‍പോയിട്ടുള്ളൂ. കുറേ കാശുവേണം പോകാന്‍. 2000 രൂപ യാത്രക്കുതന്നെ വേണം. ട്രെയിനില്‍ തന്നെ കുറഞ്ഞത് ഏഴ്ദിവസം ഇരിക്കണം. അതുകൊണ്ട് പോയില്ല. ഈ പൂജാ അവധിക്ക് നാട്ടില്‍ പോകണമെന്ന് കരുതുന്നു.
ഗുവഹാട്ടിയില്‍ ഒരു കൂട്ടുകാരനുണ്ട്. സുരോജിത് ചക്രവര്‍ത്തി. സ്‌കൂളില്‍ ഒപ്പം പഠിച്ചയാളാണ്. അവനെ വല്ലപ്പോഴും ഫോണില്‍ വിളിക്കും. അമ്മയെ ആഴ്ചയില്‍ ഒരു തവണ വിളിക്കും.
തിരിച്ചുപോകുമോയെന്ന് ചോദിച്ചാല്‍ തിരിച്ചുപോകുമെന്നാണ് ഉത്തരം. പക്ഷേ, എന്നാണ് എന്നറിയില്ല. അവിടെ പോയിട്ട് കാര്യമില്ല. അവിടെ ഇത്രയും കൂലികിട്ടുന്ന ജോലി കിട്ടാന്‍ സാധ്യതയില്ല. അവിടെയുള്ളവര്‍ ഒന്നുകില്‍ തോട്ടങ്ങളില്‍ പണിക്കോ, കച്ചവടസ്ഥാപനങ്ങളില്‍ ജോലിയെടുക്കാനോ മറ്റോ ആണ് പോകുക. സില്‍ചാറില്‍ വലിയ കമ്പനികളൊന്നുമില്ല. പിന്നെ അവിടെ നിന്നിട്ടോ, പോയിട്ടോ കാര്യമില്ല. പട്ടിണി കിടക്കാനായിട്ട് തിരികെ പോകേണ്ട കാര്യമില്ലല്ലോ. ഇവിടെ വന്നത് തന്നെ ജീവിക്കാനുള്ള ആഗ്രഹംകൊണ്ടാണ്. കടം ഇനിയും തീരാനുണ്ട്. അത് തീര്‍ക്കണമാദ്യം. കൂടെ പണിയെടുക്കുന്നവരോ പുറത്തുള്ളവരോ ഒന്നും മോശമായി പെരുമാറിയിട്ടില്ല. കളിയാക്കുന്നുണ്ടാവാം. അതെനിക്കറിയില്ല. കാലാവസ്ഥ നല്ലതാണ്. ഇവിടം ഇഷ്ടമാണ്. ഒരുപക്ഷേ, ഞാന്‍ ഇവിടെ നിന്ന് തിരിച്ചുപോയില്ലെന്നും വരും.


'നിങ്ങള്‍ക്ക് ഞങ്ങള്‍ വെറും പാണ്ടികള്‍!'

ഉദയാള്‍, 49 വയസ്, തമിഴ്‌നാട്

ജീവിതത്തില്‍ ഇന്നുവരെ ഞാന്‍ ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ല. ഒരു ഔദാര്യവും പറ്റിയിട്ടില്ല. പണിയെടുത്താണ് ജീവിച്ചത്. തെണ്ടാന്‍ മടിയുള്ളതുകൊണ്ടാണ് ഇപ്പോഴൂം പണിയെടുത്ത് ജീവിക്കുന്നത്. വെറുതെ പറയുന്നതല്ല, ജീവിതത്തില്‍ ഒരു നിമിഷം പോലും ഇതുവരെ വിശ്രമിക്കാനായിട്ടില്ല. അമ്പത് വയസാകാന്‍ മൂന്നുമാസം കൂടിയുണ്ട്.
ഉദയാള്‍ എന്നാണ് പേര്. ജനിച്ചത് കാളിയാപുരത്താണ്. നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്നറിയില്ല. കോയമ്പത്തൂര്‍ ജില്ലയിലാണ് കാളിയാപുരം. പൊള്ളാച്ചിയില്‍ നിന്ന് 20 കിലോമീറ്ററുണ്ട് നാട്ടിലേക്ക്. ആനമലൈക്കടുത്താണ് സ്ഥലം.
പൊള്ളാച്ചിയില്‍ നിന്ന് എപ്പോഴും ബസുണ്ട്. കാളിയാപുരം എന്നത് സാധാരണ ഗ്രാമാണ്. ഒന്നും എടുത്തു പറയാനില്ല. തമിഴ്‌നാട്ടിലെ മറ്റേത് ഗ്രാമവും പോലെയിരിക്കും. കാളിയാപുരത്ത് നെല്ലും കരിമ്പുമാണ് കൃഷി. പിന്നെ ധാരാളം തെങ്ങുണ്ട്. മിക്കവീട്ടിലും പേരമരവും നെല്ലിയുമുണ്ട്.
വീടിന്റെ അടുത്ത് നിന്ന് അഞ്ചാറുകിലോമീറ്ററേയുള്ളൂ അരുള്‍മിഗു മസാനി അമ്മന്‍ കോവിലിലേക്ക്. പ്രശസ്തമാണ് കോവില്‍. ശക്തിയുള്ള ദൈവമാണ്. ആളിയാര്‍ പുഴയുടെ തീരത്താണ് ഈ കോവില്‍. അവിടെ കിടക്കുന്ന രീതിയിലാണ് ദേവിയുള്ളത്. എല്ലായിടത്തും ദൈവം നില്‍ക്കുകയോ ഇരിക്കുകയോ ആവും ചെയ്യുക. ഇവിടെ മാത്രം വ്യത്യസ്തമാണ്. ചൊവ്വയും വെളളിയുമാണ് അമ്പലത്തില്‍ പ്രധാനപ്പെട്ട ദിവസങ്ങള്‍. ജനുവരി അവസാനമാണ് ഉത്സവം. അത് നാട്ടിലും വലിയ ഉത്സവമാണ്. എല്ലാവരും അമ്പലത്തില്‍ പോകും. മൊത്തം അലങ്കരിക്കും. അവസാന ദിവസം തീയാട്ടമുണ്ട്. വലിയ തീ കൂട്ടി അതിലൂടെ നടക്കും.
മുക്കോണത്താണ് ചന്തസ്ഥലം. സാധാനങ്ങള്‍ മേടിക്കാന്‍ എല്ലാവരും പോകുന്നത് അവിടെയാണ്. നാട്ടില്‍ ഒരു പ്രഥാമിക സ്‌കൂളും ഹൈസ്‌ക്കൂളുമുണ്ട്. കാളിയാപുരത്തെ ഹൈസ്‌ക്കൂളിലാണ് അടുത്തുള്ള നാട്ടില്‍ നിന്നൊക്കെ ആളുകള്‍ വരിക. കന്നുകാലികള്‍ കുറേയുള്ളതിനാല്‍ ഒരു മൃഗാശുപത്രിയുണ്ട്. ഹിന്ദുക്കളാണ് നാട്ടില്‍ കൂടുതല്‍ പേരും. മറ്റുള്ളവര്‍ കുറച്ചേയുള്ളൂ. ഞങ്ങള്‍ പട്ടികജാതിക്കാരാണ്. ആദി ദ്രാവിഡന്‍ വിഭാഗത്തില്‍ പെടുന്നു. അമ്മ വഴിക്ക് പള്ളന്‍ വിഭാഗക്കാരാണ് ഞങ്ങള്‍. എല്ലാവരും ജാതി നോക്കും. അവര്‍ മറ്റ് ജാതിയില്‍ നിന്ന് കല്യാണം കഴിക്കില്ല. വീട്ടില്‍ കയറ്റില്ല. ഒരുമിച്ച് ഒരിടത്തുപോകില്ല. കൗണ്ടര്‍മാരും ചെട്ടിയാര്‍മാരും മുതലിയാര്‍മാരുമൊക്കെ ഉയര്‍ന്ന ജാതിക്കാരാണ്. അവരുടെ വീടുകളില്‍ ഞങ്ങളെ കയറ്റില്ല. അവര്‍ ഇങ്ങോട്ടും കയറില്ല. ഇപ്പോഴും അവര്‍ കല്യാണം പോലുള്ള പരിപാടിക്കൊന്നും വരില്ല. വന്നാല്‍ ഒരുമിച്ച് ഭക്ഷണം കഴിക്കില്ല. കിണറ്റില്‍ നിന്ന് വെള്ളം കോരാനൊന്നും സമ്മതിക്കില്ല. എന്നാല്‍ പുറത്തെ പണികള്‍ ചെയ്യാന്‍ വിളിക്കും. നാട്ടില്‍ പട്ടിക ജാതിക്കാരില്‍ കൂടുതലുള്ളത് പറയന്‍, ചക്കിലയന്‍ വിഭാഗക്കാരാണ്.
രാഷ്ട്രീയത്തെപ്പറ്റി വലുതായി ഒന്നുമറിയില്ല. ജയലളിതയെ ഇഷ്ടമാണ്. എം.ജി. ആറിനെയും പെരുത്ത് ഇഷ്ടം. വോട്ട് ചെയ്തത് എ.ഐ.ഡി.എം.കെക്കാണ്. അതുകൊണ്ട് ഞാനാ പാര്‍ട്ടിക്കാരിയൊന്നുമല്ല. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടം കാണുമല്ലോ.
അച്ഛനും അമ്മയും കൃഷിപ്പണിക്കാരായിരുന്നു. എനിക്ക് പതിനഞ്ച് വയസായപ്പോള്‍ അച്ഛന്‍ മരിച്ചു. ഒരു ചേച്ചിയും രണ്ട് അനുജന്‍മാരുമുണ്ട്. അതില്‍ ഒരനുജനും ചേച്ചിയും മരിച്ചുപോയി. ഞാന്‍ വളര്‍ന്നത് അമ്മയുടെ നാടായ ശെല്‍വപുരത്താണ്. തൊട്ടടുത്ത ഗ്രാമമാണ്് അത്. ഞാന്‍ സ്‌കൂളില്‍ പോയിട്ടില്ല. ചെറുപ്പത്തിലേ വെറ്റില മുറക്കും. അതവിടെ എല്ലാവരും ചെയ്യുന്നതാണ്. ഇപ്പോള്‍ മുറുക്ക് കുറച്ചു. ദിവസത്തില്‍ മൂന്നുപ്രാവശ്യമേയുള്ളൂ.
പഠിച്ചിട്ടില്ലെങ്കിലും തമിഴ് അക്ഷരമെല്ലാമറിയാം. ചെറുപ്പത്തിലേ പാടത്ത് പണിക്ക് പോയിരുന്നു. ഞങ്ങള്‍ക്ക് സ്ഥലമെന്നു അധികമില്ല. ആറു സെന്റാണുള്ളത്. അടുത്തിടെയാണ് അതിന്റെ അവകാശം കിട്ടിയത്.
അയല്‍വാസിയായ മുത്തുവേലാണ് എന്നെ കല്യാണം കഴിച്ചത്. സ്‌നേഹിച്ചായരിരുന്നു കല്യാണം. പതിനേഴ് വയസില്‍. മുത്തുവേല്‍ പറയ ജാതിക്കാരനാണ്. കൃഷിപ്പണിയും കൂലിപ്പണിയും ചെയ്യും. സ്‌നേഹമൊക്കെയായിരുന്നു ആദ്യം. കുറേക്കാലം കുട്ടിയുണ്ടായില്ല. പിന്നെയാണ് മകനുണ്ടായത് -സെന്തില്‍. അവിനിപ്പോള്‍ 23 വയസുണ്ട്. കല്യാണം കഴിച്ചു വേറെ താമസിക്കുന്നു. ഞാനിങ്ങോട്ട് പോന്നപ്പോള്‍ അവന്‍ വീട്ടില്‍ താമസം തുടങ്ങി. വീടെന്നു പറഞ്ഞാല്‍ ചെറിയ കുടിലാണ്്.
ഭര്‍ത്താവ് പന്ത്രണ്ട് വര്‍ഷം മുമ്പ് എന്നെ ഉപേക്ഷിച്ചുപോയി. വേറെ പെണ്ണിന്റെയൊപ്പം പൊള്ളാച്ചിയില്‍ തന്നെയുണ്ട്. ഞാന്‍ തിരിഞ്ഞുനോക്കാന്‍ പോയില്ല. കുറച്ചുവര്‍ഷം മുമ്പ് എന്റെയടുത്തുവന്നു. വീണ്ടും ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞു. ഞാന്‍ ആട്ടിയോടിച്ചു. എനിക്ക് അയാളുടെ മര്‍ദനമൊന്നും സഹിക്കാന്‍ വയ്യ. എനിക്ക് മുത്തുവേലിനെ ഇഷ്ടമൊക്കെതന്നെയാണ്. അയാള്‍ വേറെ പെണ്ണിന്റെ പിറകേ പോയത് എനിക്കിഷ്ടമില്ല. അയാളവരെ ഉപേക്ഷിക്കാനും തയാറല്ല.
അമ്മ ഞങ്ങള്‍ക്കൊപ്പമാണ് താമസിച്ചത്. അസുഖമായിരുന്നു. പലതരം അസുഖങ്ങളുണ്ടായി. കാലിനും വാതരോഗവും ചൊറിഞ്ഞ പൊട്ടലുമുണ്ടായി. ഒന്നും ചെയ്യാന്‍ പറ്റാതെ ഇരിപ്പുതന്നെയായി. അടുത്താണ് മരിച്ചത്. അതിനുശേഷമാണ് ഞാനിങ്ങോട്ട് പോന്നത്. അമ്മയുടേത് പ്രത്യേക സ്വഭാവമായിരുന്നു. എല്ലാവരെയും വെറുപ്പിക്കും. ഭര്‍ത്താവുമായി എപ്പോഴും വഴക്കായിരുന്നു. മുത്തുവേല്‍ കുടിച്ചിട്ട് വരുന്നദിവസം മുഴുവന്‍ വഴക്കാവും. എന്നോടല്ല, അമ്മയോടാവും കുടുതല്‍ വഴക്ക്.
മകന്‍ കല്യാണം കഴിച്ചതോടെ അവനും എന്നെ വേണ്ടാതായി. അവന് വേണ്ടെങ്കില്‍ വേണ്ടെന്ന് ഞാനും വച്ചു. പെണ്ണിന്റെ വാക്കുംകേട്ട് നടക്കുകയാണ് അവന്‍. കല്‍പ്പണിയാണ് അവന്. ഒരു സൈക്കിള്‍ കടയില്‍ പണിയുണ്ട്. സൈക്കിള്‍ നന്നാക്കാനറിയാം. കുറേക്കാലം അമ്മയും ഞാനും മാത്രമായിരുന്നു കഴിഞ്ഞത്. അമ്മ മരിച്ചപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടു. അയല്‍വാസിയായ രാജമ്മയും സുനിജയുമാണ് ഇവിടെ വന്നാല്‍ പണികിട്ടുമെന്ന് പറഞ്ഞത്. അവരിവിടെയാണ് പണിയെടുത്തിരുന്നത്. അവര്‍ ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചുപോയി. അവിടെ നിന്നിട്ട് കാര്യമില്ല. കൂലി കുറച്ചേയുള്ളൂ. എപ്പോഴും പണിയില്ല. അതുകൊണ്ടാണ് പോന്നത്.
കളമശേരിയിലാണ് ഞാന്‍ താമസിക്കുന്നത്. ഏലൂരില്‍. ഇവിടെ തമിഴ് കോളനിയുണ്ട്. ഞാന്‍ താമസിക്കുന്നത് വാടകയ്ക്കാണ്. മാസം അറുനൂറു രൂപ കൊടുക്കണം. വേറെയും സ്ത്രീകളുണ്ട് ഒപ്പം. മെക്കാഡ് പണിയാണ് ഞാന്‍ ചെയ്യുന്നത്. ആ പണി മാത്രമേ ചെയ്യൂ എന്നില്ല. എന്തു പണിയും ചെയ്യും.
രാവിലെ ആറുമണിക്ക് മുമ്പായി വീട്ടില്‍ നിന്നിറങ്ങും. ആദ്യ ബസില്‍ ഒന്നുകില്‍ കളമശേരിയിലോ അല്ലെങ്കില്‍ കലൂരോ പോവും. പണിയുണ്ടെങ്കില്‍ കൂടെയുള്ളവര്‍ നേരത്തെ പറയും. അല്ലാത്ത ദിവസങ്ങളില്‍ എട്ടര വരെ കാത്തുനില്‍ക്കും. മിക്കപ്പോഴും പണിയുണ്ടാവും. എന്നാല്‍ പണിയില്ലാത്ത ദിവസങ്ങളുമുണ്ട്. കുറഞ്ഞത് ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും പണി കിട്ടും.
350 രൂപയാണ് കൂലി. ആണുങ്ങള്‍ക്ക് 50 രൂപ കൂടുതലുണ്ട്. ചില ആണുങ്ങള്‍ക്ക് 100 രൂപവരെ കൂടുതലായി കിട്ടും. ആണുങ്ങള്‍ ചെയ്യുന്ന അതേ പണി പെണ്ണുങ്ങള്‍ ചെയ്താലും കൂലി വ്യത്യാസമുണ്ട്. ആളുകള്‍ 350 രൂപ കൂലി കുറക്കാന്‍ പറയും. അതിന് ഞങ്ങള്‍ സമ്മതിക്കില്ല. ഈ കൂലി തമിഴ്‌നാട്ടില്‍ കിട്ടില്ല. അവിടെ കൂടിയാല്‍ ഇരുനൂറുരൂപ കിട്ടും. ഇവിടെ വല്ലാര്‍പാടത്തെ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നിര്‍മാണ പണി കുറേ ദിവസം ചെയ്തു. കലൂരിലെ ഒരു ഫ്‌ളാറ്റിന്റെ പണിയുണ്ടായിരുന്നു. ചിലപ്പോള്‍ ചില വീടിന്റെ മതില്‍കെട്ടാനോ, കെട്ടിടത്തിനുവേണ്ടി അടിത്തറ കുഴിക്കാനോ റോഡ് പണിക്കോ ഒക്കെയാവും വിളിക്കുക.
മലയാളികളുടെ പെരുമാറ്റം വളരെ മോശമാണ്. അവര്‍ക്ക് ഞങ്ങളോട് പുശ്ചമാണ്. ചിലര്‍ എന്തോ വെറുക്കപ്പെട്ടവരെ കാണുന്നതുപോലെയാണ് പെരുമാറുക. ബസിലൊക്കെ കയറുമ്പോള്‍ ഞങ്ങളെ ചീത്ത വിളിക്കും. തമിഴ്‌നാട്ടില്‍ ഇവിടെ നിന്നുള്ളവര്‍ വന്ന് കടകള്‍ നടത്തുന്നുണ്ട്. പണിയെടുക്കുന്നുമുണ്ട്. അവരെ ആരും മോശം രീതിയില്‍ സമീപിക്കാറില്ല. ഇവിടെ അങ്ങനെയെല്ല. കടകളില്‍ ചെന്നാല്‍ സാധനം ദൂരെനിന്ന് എടുത്ത് എറിഞ്ഞു തരും. നിങ്ങള്‍ക്ക് ഞങ്ങള്‍ വെറും പാണ്ടികളാണ്. അങ്ങനെ വിളിക്കുന്നവരുമുണ്ട്. അതൊന്നും നോക്കിയിട്ട് കാര്യമില്ല. ജീവിക്കാന്‍ വേണ്ടി പണിയെടുക്കുന്നു.
നാട്ടില്‍ വര്‍ഷത്തിലൊരിക്കല്‍ പോകും. ചിലപ്പോള്‍ തോന്നും എന്തിനാണ് പോകുന്നതെന്ന്. മകനെയും അവന്റെ മകളെയും കാണാന്‍ പോകണമെന്നുണ്ട്. മരുമകളെ എനിക്കിഷ്ടമില്ല. അവളെ കാണണമെന്നുമില്ല. മകന്് എന്നെ കാണണമെന്നുണ്ടോ എന്നറിയില്ല. അങ്ങനെ തോന്നുന്നില്ല. ഇടക്ക് അവന്‍ വിളിച്ച് വിവരം ചോദിക്കും. പൊങ്കലിന് പോകണമെന്നുണ്ടായിരുന്നു. നടന്നില്ല. ഇനി ക്രിസ്മസിന് പോകണമെന്നാണ് കരുതുന്നു. പോയാല്‍ നാട്ടുകാരെ കാണാം. സ്വന്തം നാട്ടില്‍ നില്‍ക്കുമ്പോഴുള്ള സന്തോഷം എവിടെയും കിട്ടില്ല.






'തിരിച്ചുപോയിട്ടെന്തിന്?'


അര്‍ജുന്‍ സാവ്, 39, നയിഹതി, പശ്ചിമ ബംഗാള്‍


ഇരുപത്തിമൂന്ന് കൊല്ലത്തിലധികമായി ഞാന്‍ അന്യനാടുകളില്‍ തൊഴില്‍ ചെയ്യുന്നു. പ്ലസ് ടു കഴിഞ്ഞ ഉടനെ ജോലി തേടി നാടുവിട്ടുവെന്ന് പറയാം. നാടുമായി ഇപ്പോള്‍ നേര്‍ത്ത ബന്ധമേയുള്ളൂ.
ചോദിക്കുന്നവരോട് കൊല്‍ക്കത്തയെന്നാണ് പറയുക. ആളുകള്‍ക്ക് മറ്റ് നാടുകള്‍ അറിയില്ലല്ലോ. നയിഹതി എന്നാണ് ഗ്രാമത്തിന്റെ പേര്. 24 പര്‍ഗാന വടക്ക് ജില്ലയിലാണ് ഈ സ്ഥലം. അര്‍ദ്ധപട്ടണമാണ് നയിഹതി. ഒരു റെയില്‍വേ സ്‌റ്റേഷനുണ്ട് അവിടെ. കൊല്‍ക്കത്ത സബ് അര്‍ബന്‍ റെയില്‍വേ സിസ്റ്റത്തിന്റെ ഭാഗമാണ് ഈ സ്‌റ്റേഷനും. സീല്‍ദായിലേക്ക് 38 കിലോമീറ്ററാണ് ദൂരം. ഫെറി സര്‍വീസുണ്ട് കൊല്‍ക്കത്തയ്ക്ക്. ബംഗാളിന്റെ തെക്കന്‍ ഭാഗത്തുള്ള ജില്ലയാണ് 24 പര്‍ഗനന. സാമ്പത്തികമായി ബംഗാളിലെ പിന്നോക്ക ജില്ലയാണ്. കേരളത്തിലേതുപോലുള്ള കാലാവസ്ഥയാണ് അവിടെ. ജൂണ്‍ മധ്യം മുതല്‍ സെപ്റ്റംബര്‍ വരെ മഴയാണ്.
നാട്ടിലെ പ്രധാന തൊഴില്‍മേഖല തുകലുമായി ബന്ധപ്പെട്ടതായിരുന്നു. അവിടെ ഒരു തുകല്‍കമ്പനി പ്രവര്‍ത്തിച്ചിരുന്നു. മുമ്പാണത്. എന്നാല്‍, പെട്ടന്ന് തുകല്‍ വ്യവസായം തകര്‍ന്നു. കമ്പനി അടച്ചു. അതോടെ നാടിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നു. ഇടത്തരം കുടുംബമാണ് എന്റേത്. അച്ഛനും അമ്മയും ഒരു സഹോദരനുമടങ്ങിയതാണ് കുടുംബം. മതം ഹിന്ദു. ബനിയ ജാതിക്കാരാണ് ഞങ്ങള്‍. ബനിയ ജാതീയമായി മുന്നിലുള്ളവരാണ്. ജനറല്‍ വിഭാഗത്തിലാണ് പെടുന്നത്. അച്ഛന് കച്ചവടമായിരുന്നു ജീവിതമാര്‍ഗം. വലിയ കച്ചവടമൊന്നുമുണ്ടായിരുന്നില്ല. ചെറിയതോതില്‍. പഠിച്ചത് കാന്‍കിനാണ്‍ ഹിമാതല്‍ ധ്രുവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. പ്ലസ് ടു കഴിഞ്ഞ ഉടനെ ജോലി തേടാനുള്ള ശ്രമമായി. അധികം പഠിച്ചിട്ടും കാര്യമില്ലെന്നായിരുന്നു തോന്നല്‍. ആ സമയത്ത് എന്റെ ഒരു അളിയന് പഞ്ചാബിലായിരുന്നു ജോലി. അദ്ദേഹം അങ്ങോട്ടേക്ക് വിളിച്ചു. നാട്ടില്‍ നിന്നിട്ട് ഒരു കാര്യമില്ല. കമ്പനികളൊന്നും അധികമില്ല. വലിയ ശമ്പളമൊന്നും കിട്ടില്ല. അതുകൊണ്ട് പഞ്ചാബിലേക്കു വരാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ സിറാമിക് മേഖലയിലെ കമ്പനിയില്‍ ജോലി ചെയ്തു. അപ്പോള്‍ 16 വയസേയുള്ളൂ. പിന്നെ ഞാന്‍ രാജസ്ഥാന്‍, ഡല്‍ഹി,ഹരിയാന എന്നിവിടങ്ങളിലെ സിറാമിക്‌സ് കമ്പനികളില്‍ പതിമൂന്നുവര്‍ഷം ജോലി ചെയ്തു. സാധാരണ തൊഴിലാളിയായിരുന്നു അവിടെയൊക്കെ.
അപ്പോഴാണ് കേരളത്തില്‍ സിറാമികസ് കമ്പനിയില്‍ ഒഴിവുണ്ടെന്ന പരസ്യം കണ്ടത്. അപേക്ഷിച്ചു. അങ്ങനെ ജോലികിട്ടി. 1995 ലാണ് അത്. സാധാരണ തൊഴിലാളിയായിട്ടാണ് വ്യവസായ മേഖലയിലെ കമ്പനിയില്‍ പണികിട്ടിയത്്. ഇപ്പോള്‍ സൂപ്പര്‍വൈസറായി പണിയെടുക്കുന്നു.
1995 ലായിരുന്നു കല്യാണം. നാട്ടുകാരി തന്നെയാണ് ഭാര്യ- മഞ്ജു. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതാണ്് വിവാഹം. ഇവിടുന്ന് അവിടെയെത്തി കല്യാണം കഴിച്ചു, വൈകാതെ മടങ്ങിവന്നു. ഭാര്യയും കുടുംബവും ഇപ്പോള്‍ കാക്കനാട്ട് ഒപ്പമുണ്ട്. പ്രായം പെട്ടന്ന് കടന്നുപോകുകയാണ്. 39 വയസായി. രണ്ടു പെണ്‍മക്കളുണ്ട്. മൂത്തയാള്‍ പത്തിലേക്കാവുന്നു. മറ്റെയാള്‍ ചെറുതാണ്. ഒന്നിലേക്കാവുന്നതേയുള്ളൂ. കാക്കനാട്ട് മാര്‍ത്തോമ സ്‌കൂളിലാണ് പഠിക്കുന്നത്. ഇപ്പോള്‍ അവരിവിടെയില്ല. സ്‌കൂള്‍ അടച്ചതിനാല്‍ ഭാര്യ അവരെയും കൂട്ടി നാട്ടിലേക്ക് പോയിരിക്കുന്നു. മെയ് ഒന്നിന് മടങ്ങിവരും.
ഇത് ഒരു പരിചയക്കാരന്റെ വീടാണ്. കൃത്യമായ വാടകയില്ല. എന്നാലും മൂവായിരത്തിനധികമാവും കൊടുക്കേണ്ട തുക. ഞാന്‍ വര്‍ഷത്തില്‍ രണ്ടുതവണ നാട്ടില്‍ പോകും. ഇനി ദുര്‍ഗാ പൂജയ്ക്കാവും പോവുക. നാട്ടില്‍ അധികം ബന്ധങ്ങളില്ല. അമ്മ മരിച്ചു. അച്ഛനും സഹോദരനുമാണുള്ളത്്. നാടുമായിട്ടുള്ള ബന്ധം രബീന്ദ്ര സംഗീതം കേള്‍ക്കുന്നതിലൂടെയൊക്കേയുള്ളൂ. ഇവിടെ ബംഗാളി സംഗീതമോ സിനിമയോ ഇല്ല. പിന്നെ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ഹിന്ദി സിനിമയും പാട്ടുകളുമാണ്.
മലയാളം സംസാരിക്കാന്‍ അറിയാം. കുറച്ച് അക്ഷരങ്ങള്‍ കണ്ടാലും മനസിലാവും. ഇവിടെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുമെന്ന് രാഷ്ട്രീയക്കാര്‍ പറഞ്ഞിരുന്നു. അതേതായലും ഉണ്ടായില്ല. അടുത്തെങ്ങും പേര് ചേര്‍ക്കുമെന്നും കരുതുന്നില്ല. എനിക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല. മുമ്പ് കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. എന്നാല്‍, പ്രവര്‍ത്തകനൊന്നുമായിരുന്നില്ല. അത്തരം തിരിച്ചറിവു വരുന്ന സമയത്തേ ഞാന്‍ നാട് വിട്ടു.
ബംഗാള്‍ ശരിക്കും തകര്‍ന്ന അവസ്ഥയാണ്. അവിടെ വികസനമില്ല. പുതിയ ഒന്നും അവിടെ ഉണ്ടാവുന്നില്ല. എന്തെങ്കിലൂം നടക്കുന്നുണ്ടെങ്കില്‍ അത് കൊല്‍ക്കത്തയില്‍ മാത്രമാണ്്. ബംഗാളില്‍ പുതിയ കമ്പനികള്‍ തുറക്കുന്നില്ല. സിംഗൂര് ടാറ്റ വന്നപ്പോള്‍ ഇങ്ക്വിലാബും ബഹളവും. അപ്പോള്‍ പിന്നെ നാട്ടുകാര്‍ക്ക് ജീവിക്കാന്‍ എന്തുചെയ്യാന്‍ പറ്റും. നാടുവിടുകയല്ലാതെ.
കേരളത്തിലുള്ളവര്‍ കൂടുതല്‍ പൈസ കിട്ടുന്ന ജോലിക്ക് ഗള്‍ഫില്‍പോകും. കാരണം അവര്‍ പഠിത്തമുള്ളവരാണ്. ബംഗാളിലെ മനോഭാവം പഠിക്കുന്നതില്‍ കാര്യമില്ലെന്നാണ്. എങ്ങനെയെങ്കിലും പണികിട്ടിയാല്‍ മതി എന്നതാണ് നാട്ടുകാരുടെ അവസ്ഥ. എല്ലാവരും വളരെ ചെറുപ്പത്തിലേ മറ്റ് പണിയിലേക്ക് തിരിയും. അതുകൊണ്ട് തൊഴിലില്ലാത്തവര്‍ ധാരാളമുണ്ട്. ഗ്രാമങ്ങളില്‍ പട്ടിണിയുണ്ട്. ഇവിടെ കിട്ടുന്ന കൂലി ബംഗാളില്‍ കിട്ടുകയുമില്ല.
ബംഗാളില്‍ നിന്ന് കൂടുതല്‍ പേരും വരുന്നത് കൊച്ചിയിലേക്കാണ്. കേരളത്തില്‍ പോലും കൊച്ചിയില്‍ മാത്രമേ വികസനമുള്ളൂ. ഒരു ബംഗാളി ഇവിടെ വരുമ്പോള്‍ കരാറുകാര്‍ പറയും കുടുതല്‍ നാട്ടുകാരെ വിളിച്ചുകൊണ്ടുവരാന്‍. അവര്‍ പോയി നാട്ടിലെ അഞ്ചെട്ടുപേരുമായി വരും. അങ്ങനെയാണ് കൂടുതല്‍ കൂടുതല്‍ പേര്‍ തൊഴില്‍ തേടി ഇവിടെ വരുന്നത്. ഇവിടെ ഇങ്ങനെ ഫ്‌ളാറ്റുകള്‍ അതിവേഗം ഉയരാന്‍ എന്താണ് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? അന്യസംസ്ഥാനത്ത് നിന്ന് ആളുവന്നതുകൊണ്ടാണ്. തൊട്ടുമുമ്പിലുള്ള 'ശില്‍പകല' എന്ന ഫ്‌ളാറ്റ് പണിയാന്‍ ഒരു വര്‍ഷമേ എടുത്തുള്ളു. അതിവിടെയുള്ളവര്‍ പണിയുകയായിരുന്നെങ്കില്‍ മൂന്നോ നാലോ കൊല്ലം വേണ്ടിവരും. ബംഗാളില്‍ നിര്‍മാണ മേഖലയില്‍ പണിയറിയാവുന്ന ചെറുപ്പക്കാര്‍ ധാരാളമുണ്ട്. പക്ഷേ അവിടെ 150 രൂപയേ കൂലിയുള്ളൂ. ഇവിടെ 350-450 രൂപ കിട്ടും. അതുകൊണ്ട് തന്നെ നിര്‍മാണ പണി അറിയാവുന്നവരുടെ ഒഴുക്കാണ് ഇങ്ങോട്ട്. നിര്‍മാണ മേഖലയില്‍ മാത്രമല്ല, മുടിവെട്ട് കടയിലും വീട്ടുജോലിക്കുമെല്ലാം ബംഗാളില്‍ നിന്നുള്ളവരുണ്ട്. മുടിവെട്ട് കടയില്‍ കമീഷന്‍ വ്യവസ്ഥയിലാണ് അവര്‍ പണിയെടുക്കുന്നത്. ഒരാളുടെ മുടിവെട്ടിയാല്‍ ഇരുപത് രൂപ കിട്ടും. ബാക്കിയുള്ളത് കടയുടമ എടുക്കും. ബംഗാളില്‍ തലമുടിവെട്ടിയാല്‍ കൂടിയാല്‍ ആറുരൂപയാണ് കിട്ടുക. അതാണ് വ്യത്യാസം.
ബംഗാളിലേക്ക് തിരിച്ചുപോകണമെന്നുണ്ട്. പക്ഷേ, പോയിട്ടെന്തിനാണ്. പണി കിട്ടില്ലല്ലോ. സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ മാനേജര്‍ പോസ്റ്റില്‍ അവിടെ ഏത് കമ്പനിയിലാണ് ജോലി കിട്ടുക? ആകെ കുറച്ചേ കമ്പനികളുള്ളൂ. അതും അടച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ തിരിച്ചുപോയിട്ടെന്തിന്?

പച്ചക്കുതിര
2011 മെയ്‌

Photo: Sunoj N Mathew (Mangalam)

Monday, May 2, 2011

ഞാനും അവരും ഇപ്പോഴും 'പട്ടികജാതി'ക്കാര്‍ മാത്രമാണ്

സംഭാഷണം

ആനന്ദ് തെല്‍തുംബ്‌ദേ/ആര്‍.കെ. ബിജുരാജ്


ദളിത്പക്ഷ ചിന്തകനും എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ ഡോ. ആനന്ദ് തെല്‍തുംബ്‌ദേ ജാതിയെയും ദലിത് അവസ്ഥകളെയും പറ്റി സംസാരിക്കുന്നു. ഇന്ത്യന്‍ സാമൂഹ്യാവസ്ഥയില്‍ അടിസ്ഥാനപരമായി ഒരു മാറ്റവും സംഭവിക്കുന്നില്ലെന്നും ദലിതുകളുടെ ജീവിത സാഹചര്യം മുമ്പെന്നെത്തേക്കാളും മോശമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.



ഞാനും അവരും ഇപ്പോഴും 'പട്ടികജാതി'ക്കാര്‍
മാത്രമാണ്



ഒരൊറ്റ വാചകം ചിലപ്പോള്‍ നമ്മളോട് പലതും പറയാതെ പറയും. ''എന്റെ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന യോഗ്യതകള്‍ എനിക്കുണ്ട്, എന്നാല്‍ ഞാനിപ്പോഴും ഒരു 'പട്ടികജാതി'ക്കാരനാണ്''- ദളിത് പക്ഷ ചിന്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെല്‍തുംബ്‌ദേയുടെ വാചകം അത്തരത്തില്‍ ഒന്നാണ്. ദളിതുകള്‍ക്ക് മുന്നില്‍ ജീവിതവും സമൂഹവും വെല്ലുവിളിയായി കടന്നുവരുന്നതിനെപ്പറ്റിയാണ് ആ വാക്കുകള്‍ രോഷംകൊള്ളുന്നത്.
ദളിത് പക്ഷ ചിന്തകന്‍ എന്നതിനു പുറമെ ആക്റ്റിവിസ്റ്റും മനുഷ്യാവകാശപ്രവര്‍ത്തകനുമാണ് ഡോ. ആനന്ദ് തെല്‍തുംബ്‌ദെ. ദളിത് പക്ഷത്തു തന്നെ വേറിട്ട ചിന്താധാരയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നീരിക്ഷകന്‍ (പൊളിറ്റിക്കല്‍ കമന്റേറ്റര്‍) കൂടിയായ ആനന്ദ് തെല്‍തുംബ്‌ദെയുടെ ജനനം മഹാരാഷ്ട്രയിലെ രജൂരിലാണ്. ഭൂരഹിത തൊഴിലാളി കുടുംബത്തില്‍ അംഗമായിട്ടായിരുന്നു അത്. പിന്നീട് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ബിരുദം. ഇപ്പോള്‍ മുംബൈയിലെ പെട്രോനെറ്റ് ഇന്ത്യാ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ്. സമകാലിക സംഭവങ്ങളെപ്പറ്റി ആനുകാലികങ്ങളില്‍ പതിവായി വിശകലനവും വിമര്‍ശവും എഴുതിവരുന്നു. മുംബൈയിലാണ് താമസം. ഡോ. അംബേദ്കറിന്റെ പൗത്രി രമയാണ് ഭാര്യ. 'അംബേദ്കര്‍ ഓണ്‍ മുസ്ലീംസ്', 'ഖൈര്‍ലാന്‍ജി: എ സ്‌ട്രെയിഞ്ച് ആന്‍ഡ് ബിറ്റര്‍ കോപ്പ്', 'ഹിന്ദുത്വ ആന്‍ഡ് ദളിത്‌സ്', 'അംബേദ്കര്‍ ഇന്‍ ആന്‍ഡ് ഫോര്‍ ദ പോസ്റ്റ്-അംബേദ്കര്‍ ദളിത് മൂവ്‌മെന്റ്' എന്നിവ ഉള്‍പ്പടെ 16 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ഈ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ തെല്‍തുംബ്‌ദേ തന്റെ ജീവിതത്തെപ്പറ്റിയും ദളിത് അവസ്ഥകളെയും പറ്റിയുള്ള ചില തുറന്ന വിചാരങ്ങള്‍ പങ്കുവയ്ക്കുന്നു.



താങ്കള്‍ എങ്ങനെയാണ് ജാതി വിരുദ്ധ പ്രസ്ഥാനത്തിലേക്കും ദളിത് ബോധത്തിലേക്കും എത്തിച്ചേരുന്നത്?

ഞാന്‍ ജനിച്ചത് ഒരു ഭൂരഹിത തൊഴിലാളി കുടുംബത്തിലാണ്. അതുകൊണ്ട് സ്വാഭാവികമായി തന്നെ ഗ്രാമത്തില്‍ നിലനിന്നിരുന്ന വിവിധ തരം അസമത്വങ്ങള്‍ പരിചിതമായിരുന്നു. ഞങ്ങളുടേത് സാധാരണ രീതിയിലുള്ള ഒരു ഗ്രാമമായിരുന്നില്ല. അവിടെ ഒരു റെയില്‍വേ സ്‌റ്റേഷനുണ്ടായിരുന്നു. താലൂക്ക് പട്ടണം, ചുണ്ണാമ്പുക ഫാക്ടറികള്‍, കല്‍ക്കരി ഖനികള്‍ എന്നിവയിലേക്ക് ബന്ധിപ്പിക്കുന്ന റോഡുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം ജാതിയെപ്പറ്റി ചിന്തിക്കാനും വിപ്ലവകരമായ രീതിയില്‍ കാര്യങ്ങളെ നോക്കിക്കാണാനും സഹായകമായി. മാര്‍ക്‌സിസത്തിലേക്ക് ജോസഫ് സ്റ്റാലിന്റെ ജീവചരിത്രം വായിച്ച് ഞാന്‍ അടുത്തു. ആ പുസ്തകം എനിക്ക് ലഭിച്ചത് രണ്ടാംക്ലാസില്‍ ഒന്നാമനായതിനാണ്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ അംബേദ്കറെ വായിക്കുന്നത്. മാര്‍ക്‌സിസം ആരും പഠിപ്പിച്ചുതന്നതല്ല. സൈദ്ധാന്തികവും പ്രായോഗികവുമായ രീതിയിലൂടെ വൈരുദ്ധ്യാത്മകമായിട്ടാണ് ഞാനത് സ്വയം സ്വായത്തമാക്കിയത്. ഈ പ്രക്രിയ ജാതി ബോധം എന്ന യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. പിന്നീട്, എനിക്ക് ജാതി, വര്‍ഗം എന്നീ അടിസ്ഥാന ദ്വന്ദങ്ങളാണ് ആദ്യകാല കമ്യൂണിസ്റ്റുകളുടെ വിഡ്ഡിത്തം എന്നു മനസിലായി. അവര്‍ ഇവിടുത്തെ സാമൂഹ്യ അസ്ഥയെ ശരിയായ രീതിയില്‍ വര്‍ഗവിശകലനം നടപ്പാക്കുന്നതില്‍ പരാജയെപ്പട്ടുവെന്ന് മനസിലായി. അത്തരത്തിലായിരുന്നു എന്റെ ചിന്തകളുടെയും ധാരണകളുടെയും വികാസം.

ജാതിയെ മനസിലാക്കുന്നതില്‍ കമ്യൂണിസ്റ്റുകള്‍ക്ക് പാളിച്ച പറ്റി എന്നതാണോ താങ്കളെ മാറ്റി ചിന്തിപ്പിക്കുന്നത്?

അതെ. വര്‍ഗ വികശലനം ഏതൊരു രാജ്യത്തെയും സമൂര്‍ത്ത സാഹചര്യത്തിന് അനുസരിച്ചാണ് നടത്തുക. എന്നാല്‍, കമ്യൂണിസ്റ്റുകള്‍ അതിന് ഇറക്കുമതി ചെയ്യപ്പെട്ട സിദ്ധാന്തങ്ങളാണ് ഉപയോഗിച്ചത്. ശരിയായ വിശലകനം നടത്തിയിരുന്നെങ്കില്‍ വര്‍ഗവുമായി ഉള്‍ചേര്‍ന്നിരിക്കുന്ന ജാതിയെ അവര്‍ കാണുമായിരുന്നു. അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ സമാന്തരമായ ദലിത് പ്രസ്ഥാനം ആവശ്യമായി വരില്ലായിരുന്നു. ഇന്ത്യയുടെ ചരിത്രം തന്നെ മാറിപ്പോയേനെ. ജാതിയെ എതിരിടാതെ ഈ രാജ്യത്ത് ഗുണകരമായ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് എനിക്ക് ബോധ്യമായി. ഭരണവര്‍ഗങ്ങള്‍ക്ക് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശക്തിമത്തായ ആയുധമാണ് ജാതി. ഈ ആയുധം നശിപ്പിക്കുക എന്നതാണ് പ്രധാനം. അടിത്തട്ടിലുള്ള ജനവിഭാഗത്തെ മുഴുവന്‍ ഒരു വര്‍ഗമായി സംഘടിപ്പിക്കുക എന്നതാണ് ഇന്ത്യയില്‍ ഒരു വിപ്ലവ പദ്ധതിക്ക് വേണ്ട ഏറ്റവും അടിസ്ഥാന പരമായ ആവശ്യം.


''എന്റെ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന യോഗ്യതകള്‍ എനിക്കുണ്ട്, എന്നാല്‍ ഞാനിപ്പോഴും ഒരു 'പട്ടികജാതി'ക്കാരനാണ്''-താങ്കള്‍ പറഞ്ഞതാണിത്. വിശദീകരിക്കാമോ?

അടിസ്ഥാനപരമായി ഇന്ത്യയില്‍ ഒന്നും മാറുന്നില്ല. അതാണ് വസ്തുത. പുരോഗമനക്കാരായ ആളുകള്‍പോലും നിങ്ങളെ ദലിത് എന്ന രീതിയില്‍ തിരിച്ചറിയുന്നത് ഞെട്ടിപ്പിക്കും. എത്ര ആഴത്തിലാണ് ജാതി എന്ന ബോധം ഓരോരുത്തരിലും പടര്‍ന്നിറങ്ങിയിരിക്കുന്നത് എന്ന് ഇത് വ്യക്തമാക്കും. ഞാനെപ്പോഴും ഏറ്റവും ഉയര്‍ന്ന റാങ്ക് മേടിച്ച വിദ്യാര്‍ത്ഥിയാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളോടും ആത്മാത്ഥയോടെ സമീപിക്കുകയും വസ്തുനിഷ്ഠമായ മത്സരങ്ങളില്‍ ആത്മവിശ്വാസത്തോടെ പോരാടി വിജയിക്കുകയും ചെയ്തയാളാണ്. എന്നാല്‍ പിഗ്മികള്‍ എന്ന നിലയില്‍ നമ്മള്‍ വിലയിരുത്തപ്പെടുന്നത് ഞെട്ടലുളവാക്കും. ഇതെങ്ങനെയാണ് വിശദീകരിക്കുക? 'പ്രീമിയവും', 'ഡിസ്‌കൗണ്ടും' ഉള്ള ഒരു വ്യവസ്ഥയിലാണ് ജാതി പ്രവര്‍ത്തിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. സംവരണത്തിനായി യാചിക്കുന്ന ദലിതാണ് നിങ്ങളെങ്കില്‍ അവരെന്തിങ്കിലും തന്നേക്കും. പക്ഷേ, നിങ്ങള്‍ക്ക് സംവരണം വേണ്ടെങ്കില്‍ അവര്‍ നിങ്ങളെ അധിക്ഷേപിക്കും. വ്യക്തിപരമായ അനുഭവങ്ങള്‍ സാമൂഹ്യപരമായ കാര്യങ്ങളുമായി കൂട്ടിക്കലര്‍ത്തുന്നത് എനിക്ക് ഇഷ്ടമില്ല. എന്നാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന കാപട്യം എന്നെ വേദനിപ്പിക്കുന്നുണ്ട്. ഞാനെന്നും പുരോഗമനവാദിയായിരുന്നു. ജാതിയെപ്പറ്റി സങ്കുചിതമായ തലത്തില്‍ സംസാരിച്ചിട്ടില്ല. എന്റെ എഴുത്തിന്റെ നല്ല പങ്കും ഈ തരത്തില്‍ നോക്കിയാല്‍ ജാതിയെ നിരാകരിക്കുന്നതാണ്. എന്നാല്‍ ഞാനിപ്പോഴും 'ദലിത്' എഴുത്തുകാരനായിട്ടാണ് പരിഗണിക്കപ്പെടുന്നത്. മറ്റുള്ളവരെ അവര്‍ ജാതിയുമായി ചേര്‍ത്ത് പരാമര്‍ശിക്കാറുണ്ടോ? എന്തുകൊണ്ട് ദലിതുകളെ മാത്രം ജാതിയുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കുന്നു. അവരുടെ മനസിലുള്ള ജാതി വിഷമാണ് വെളിപ്പെടുത്തുന്നത്. ഞാന്‍ പങ്കാളിയായ കോര്‍പ്പറേറ്റ് മേഖലയെ വിട്ടുകളയാം. അഹമ്മദാബാദ് ഐ.ഐ.എം ലെ പൂര്‍വ വിദ്യാര്‍ത്ഥി ഏതെങ്കിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അവര്‍ക്ക് മാധ്യമങ്ങള്‍, പൂര്‍വവിദ്യാര്‍ത്ഥി സമൂഹം എന്നിങ്ങനെ പല കോണുകളില്‍ നിന്ന് വലിയ അംഗീകാരങ്ങള്‍ കിട്ടും. രണ്ടു ദശാബ്ദത്തിലേറെയായി ഞാന്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവമാണ്. എന്നാല്‍ ആരും അത്തരം അഭിനന്ദനങ്ങളൊന്നും എനിക്ക് നല്‍കിയിട്ടില്ല. പകരം ദലിത് എന്ന പരാമര്‍ശമാണ് ഞാന്‍ നേരിട്ടിട്ടുള്ളത്. ഒരു ഐ.ഐ.എം.എ മുന്‍ വിദ്യാര്‍ത്ഥി ഒരു കഥാ പുസ്തകം രചിച്ചു. അദ്ദേഹത്തെ എല്ലാവരും എഴുത്തുകാരനായി പുകഴ്ത്തി. ദീര്‍ഘകാല താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന 18 പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഒരാളും എഴുത്തുകാരന്‍ എന്ന പേരില്‍ എന്നെ അഭിസംബോധന ചെയ്തിട്ടില്ല. സാധാരണ ആത്മനിഷ്ഠമായ സ്വയം അവസ്ഥയെപ്പറ്റി ഞാന്‍ ചിന്തിക്കാറില്ല. എങ്കില്‍ തന്നെ ചുറ്റുപാടുമുള്ള വസ്തുനിഷ്ഠമായ അഴുക്കുകള്‍ നിങ്ങള്‍ ചിലപ്പോഴെങ്കിലും ശ്രദ്ധിക്കേണ്ടിവരുന്നു.


എന്താണ് ദളിതുകളുടെ അവസ്ഥ? പുരോഗന മാറ്റങ്ങള്‍ സംഭവിക്കുകയാണോ, അതോ തിരിച്ചടിയോ?

എന്നത്തേക്കാളും, വ്യത്യസ്തവിഭാഗങ്ങള്‍ ഉര്‍ച്ചേര്‍ന്ന ഒരു വിഭാഗമാണ് ദലിതുകള്‍ . ദലിത് എന്നത് അഭിലാഷങ്ങളുള്ള വര്‍ഗം എന്ന പദമാണ്. എല്ലാതൊട്ടുകൂടാത്തവരെയും ഉള്‍പ്പെടുത്തുന്ന പേര്. ആ പദം ആവിഷ്‌കരിക്കുന്ന സമയത്ത് ദലിതുകള്‍ക്കിടയില്‍ വര്‍ഗപരമായി നല്ലയളവില്‍ ഐക്യാവസ്ഥയുണ്ടായിരുന്നു. പക്ഷേ ഇന്ന് അത് വ്യത്യാസപ്പെട്ടിട്ടുണ്ട്. സംവരണ വ്യവസ്ഥയും സര്‍ക്കാരിന്റെ നവീകരണ പദ്ധതികളും മൂലം സമൂഹത്തിന്റെ ഓരോ തലത്തിലും അസമത്വമേറിയിട്ടുണ്ട്. ദലിതുകളില്‍ ഭൂരിപക്ഷവും, തീര്‍ച്ചയായും 90 ശതമാനത്തിലധികം, മോശാവസ്ഥയിലാണ്. നവലിബറല്‍ നയങ്ങളുടെ ഉന്നതവര്‍ഗ സമീപനം മൂലമാണ് ഇത്. ദലിതുകള്‍ക്ക്് നല്ല വിദ്യാഭ്യാസമില്ല. ജോലി കിട്ടുമെന്ന് പ്രതീക്ഷയില്ല. സംവരണം ശരിക്കും ഇല്ലാതായിട്ടുണ്ട്. ഗ്രാമീണ സാമ്പത്തിക വ്യവസ്ഥ തകരുകയും ജാതി അതിക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ആഗോളീകരണത്തിന്റെ രണ്ടു ദശാബ്ദങ്ങളില്‍ പുരോഗമനകരമായ എന്തെങ്കിലും മാറ്റമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ദലിതുകളില്‍ കൈവിരലില്ലെണ്ണാവുന്ന വര്‍ക്കുമാത്രമേ അല്‍പമെങ്കിലും ഗുണമുണ്ടായിട്ടുള്ളൂ. എല്ലാ മേഖലയിലും ദലിതുകള്‍ക്ക് ഗൗരവമായ തിരിച്ചടികള്‍ നേരിടുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്.


ജാതി വ്യവസ്ഥയെ എങ്ങനെയാണ് ഉന്മൂലനം ചെയ്യാനാവുക? രാഷ്ട്രീയമായി എന്താണ് താങ്കള്‍ നിര്‍ദേശിക്കുക?

ആദ്യം ജാതിയെ നിഷേധിക്കണം. പിന്നെ അതിന്റെ അവശിഷ്ട രൂപങ്ങള്‍ക്കെതിരെ പോരാടണം്. അതിനര്‍ത്ഥം ജാതിയെ ജാതിയില്‍ ഊന്നിക്കൊണ്ട് ഒരിക്കലും ഇല്ലാതാക്കാനാവില്ലെന്നാണ്. അതിനെ ഉന്മൂലനം ചെയ്യണമെങ്കില്‍ അതിനെ പരിവര്‍ത്തനപ്പെടുത്തണം. ജാതി എന്നത് ഭിന്നതകള്‍ നിറഞ്ഞതാണ്. അതിനെ ഒരുമിപ്പിക്കാനാവില്ല. എല്ലാ തൊട്ടുകൂടാത്ത ജാതികളെയും ഒന്നിപ്പിച്ചുകൊണ്ട് ദലിത് എന്നത് കേവലമായി നിര്‍മിക്കാനാവില്ല. നിങ്ങള്‍ ആളുകളെ ജാതിയില്‍ കൊണ്ടുവന്നാല്‍ അത് ജാതി ബോധവും ജാത്യാഭിമാനവും സൃഷ്ടിക്കും. അത് ഒരിക്കലും ഒന്നിപ്പിക്കില്ല. ജാതിയുടെ അിസ്ഥാനത്തില്‍ ഒന്നിപ്പിക്കുന്നത് നിര്‍ത്തി, വര്‍ഗാടിത്തറയില്‍ ജനങ്ങളെ ഒന്നിപ്പിക്കുക.ജാതിക്കുപുറത്ത് വിശാലമായ ഐക്യം എളുപ്പത്തിലുണ്ടാക്കാനാവും.
ജാതിക്കെതിരെയുളള ശക്തികളെ ക്രമേണ വളര്‍ത്തിക്കൊണ്ടുമാത്രമാണ് പ്രായോഗികമായ രീതിയില്‍ ജാതി നശീകരണം സാധ്യമാകുക. ദലിത് പ്രസ്ഥാനങ്ങള്‍ തിരിച്ചറിയേണ്ടത് സ്വയം അവര്‍ക്ക് ജാതിയെില്ലാതാക്കാന്‍ ഒരിക്കലുമാവില്ലെന്നാണ്.


ജാതി സമരങ്ങള്‍ എങ്ങനെയായിരിക്കണം. അവ അക്രമത്തിന്റെ പാത സ്വീകരിക്കണമോ? അതോ അക്രമരാഹിത്യത്തിന്റെയോ?

ജാതി സമരങ്ങള്‍ ചരിത്രപരമായി വിനാശകരമാണ്. ജാതികള്‍ പോരാടിയത് തങ്ങളുടെ മേല്‍കൈയ്ക്കുവേണ്ടിയാണ്. അവര്‍ ഉയര്‍ന്ന ജാതികളുടെ ചൂഷണം ചോദ്യം ചെയ്യപ്പെടാതെ വിടുകയും ചെയ്തു. ഈ യഥാര്‍ത്ഥ ജാതിയുദ്ധങ്ങക്കെള്‍ക്കപ്പുറം ജാതി സമരം അപ്രായോഗികവും പൊളളയായ വാചോടോപമാണ്. എന്താണീ ജാതിയുദ്ധം? ഏത് ജാതി ഏത് ജാതിക്കെതിരെയാണ് പോരാട്ടം നടത്താന്‍ പോകുന്നത്? ചരിത്രത്തില്‍ അത്തരമൊരു യുദ്ധത്തിന്റെ ഒരു ഉദാഹരണം പോലുമില്ല. അത്തരം ഒരു കാര്യത്തെപ്പറ്റി സംസാരിക്കുന്നവര്‍ക്ക് അതിനെപ്പറ്റി ഒരു ധാരണയുമില്ല. അക്രമമോ അക്രമരാഹിത്യമോ എന്നെ സംബന്ധിച്ച് അപ്രധാനമാണ്്.


ദലിത് പാന്തറുകളും സംഘടനകളും


ഒരിക്കല്‍ നമ്മള്‍ സജീവമായ ദളിത് പാന്തര്‍ മുന്നേറ്റങ്ങള്‍ കണ്ടു. അതില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ?

സര്‍വകലാശാലകളില്‍ നിന്ന് പുറത്തിറങ്ങുകയും എന്നാല്‍ ജാതി അതിക്രമങ്ങളുടെ കാലത്ത് മങ്ങിയ ഭാവി മാത്രം മുന്നിലുണ്ടാവുകയും ചെയ്ത ദളിത് യുവാക്കളുടെ സ്വാഭാവികമായ പ്രതികരണമായിരുന്നു ദളിത് പാന്തര്‍. മുഖ്യധാരണ നേതൃത്വത്തിന്റെ ഉത്തരവാദിത്വമില്ലായ്മയും ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന വിപ്ലവ മുന്നേറ്റങ്ങളുടെ ഉദയവുമാണ് അവരെ പ്രതികരിക്കുന്നതിലേക്ക് നയിച്ചത്. അമേരിക്കയിലെ ബ്ലാക്ക് പാന്തറുകളില്‍ പ്രചോദിതരായി അവര്‍ സൈനികമായ ഭാഷ സംസാരിച്ചതും സ്വഭാവികമാണ്. ദലിതുകളുടെ പൊതു ദൗര്‍ബല്യമായി 1936 ല്‍ അംബോദ്കര്‍ ചൂണ്ടിക്കാട്ടിയ മൂന്ന് കാര്യങ്ങളുടെ കുറവ് ദലിത് പാന്തറുകള്‍ക്കുണ്ടായിരുന്നു. സംഘടനാപരമായ ശക്തി, സാമ്പത്തിക ശക്തി, അതോടൊപ്പം തങ്ങളുടെ സൈനികമായ ഇടപെടലുകളെ നയിക്കാനുള്ള മാനസിക കരുത്ത്് (ആയശാസ്ത്രം). അവര്‍ തങ്ങളുടെ പുരോഗമന ആശയത്തിന് മാത്രം ഊന്നല്‍ നല്‍കി. അതില്‍ ഊന്നിക്കൊണ്ട് അവര്‍ക്ക് സംഘടനാപരമായ കരുത്ത് ആര്‍ജിക്കാനാവുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനെതിരെ അംബേദ്കറിന്റെ ബുദ്ധിസ്റ്റ് പാത കൈവെടിഞ്ഞുവെവന്ന് ആരോപണ മുയര്‍ത്തി സംഘടന വിട്ടു. അത് ദലിത് പ്രസ്ഥാനത്തിന്റെ ആശയശാസ്ത്രപരമായ പരിമതികള്‍ എടുത്തുകാട്ടി. അങ്ങനെ ദലിത് പാന്തര്‍ യഥാര്‍ത്ഥത്തില്‍ മരിച്ചു. എന്നാല്‍ അതിപ്പോഴും അതിന്റെ പേരിലും സ്വഭാവത്താലും അതിജീവിച്ചുകൊണ്ടിരിക്കുന്നു. ഭൗതികമായി നോക്കിയാല്‍ ദലിത് പാന്തറുകള്‍ പോസ്റ്റീവ് ഫലങ്ങള്‍ നേടിയിട്ടില്ല. എന്നാല്‍ പ്രതീകാത്മകമായി നോക്കിയാല്‍ ദലിത് യുവാക്കളുടെ കലാപമെന്ന നിലയില്‍ ഈ വ്യവസ്ഥയുടെ അിത്തറകളെ പിടിച്ചുലക്കാനായി. ദലിത് പാന്തര്‍ എന്ന പേരും പ്രശസ്തിയും വ്യവസ്ഥയ്‌ക്കെതിരെയുളള ഗുണകരമായ ഭീഷണിയായി മാറി.
ദലിത് പാനതറുകളുടെ പരാജയത്തില്‍ നിന്ന് പഠിക്കേണ്ട കാര്യം ദലിത് പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ അതിജീവനാവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു ആശയശാസ്ത്രം വേണമെന്നുള്ളതാണ്. രാജാ ദഹ്‌ലെ നയിച്ച ഒരു വിഭാഗം അംബേദ്കര്‍ കണിച്ചു തന്ന ബുദ്ധിസമാണ് അത്യന്തികമായ പാതയെന്ന് വാദിച്ചു. അബേദ്കറുമായുള്ള ബന്ധത്താല്‍ ബുദ്ധിസത്തിന് വലിയ വൈകാരിക പിന്തണ നേടാനായി. വളരെ പെട്ടെന്ന്, ദലിതുകള്‍ ഭിന്നിക്കാനും വീണ്ടും വീണ്ടും ഭിന്നിക്കാനും തുടങ്ങി. ഒരു ജാതി സംഘടനയില്‍ പ്രതീക്ഷിക്കാവുന്ന വിധത്തില്‍. ഭരണവര്‍ഗത്തിനുവേണ്ടി ദലിത് പ്രസ്ഥാനങ്ങളെ ഇല്ലാതാക്കുന്ന ഒന്നായി മാറി ദലിത് പാന്തറുകളുടെ ഭിന്നിച്ച, അധ:പതിച്ച വ്യാഖ്യാനങ്ങള്‍. മറ്റൊരു പാഠമെന്നത് ദലിതുകള്‍ ഒരിക്കലും തങ്ങളുടെ വര്‍ഗത്തില്‍പെട്ട മറ്റുളളവരുമായി കൈകോര്‍ത്തുന്നില്ലങ്കില്‍ അവര്‍ക്ക് ലക്ഷ്യങ്ങള്‍ നേടാനാവില്ല. മൂന്നാമത്തെ പാഠമെന്നത് സൈനികതയിലേക്കുളള വൈകാരികമായ പൊട്ടിത്തെറി ഭൗതികമായ കരുത്തിനെ പിന്തുണയ്ക്കുന്ന തന്ത്രങ്ങളുടെ അഭാവത്തില്‍ തിരിച്ചടിയാവും. കേവല വൈകാരിക പൊട്ടിത്തറികൊണ്ട് കാര്യമില്ല. അത് വളരെ ആലോചിച്ച വിശകലനങ്ങള്‍ക്ക് പകരമാകില്ല. മുഖ്യധാാര ദലിത് പ്രസ്ഥാനങ്ങള്‍ക്ക് എന്തുസംഭവിച്ചുവെന്ന് വസ്തുനിഷ്ഠമായ വിശലകനം നടത്തിയിരുന്നുവെങ്കില്‍ അവര്‍ക്ക് ആശയശാസ്ത്രത്തിന്റെ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനുവുമായിരുന്നു.


ഇന്ത്യയില്‍ നിലവിലുള്ള ദലിത് സംഘടനങ്ങളെപ്പറ്റി എന്തുപറയും?

വളരെയധികം സംഘടനകളും പാര്‍ട്ടികളും ഉണ്ട്. അത് തന്നെ തങ്ങള്‍ സൃഷ്ടിക്കാന്‍പോകുന്ന മുന്നേറ്റത്തെിന്റെ മോശം പ്രതിഫലനമാണ്. ഉദാഹരണത്തിന് അവര്‍ ബ്രാഹ്ണ്യത്തെ ലക്ഷ്യം വക്കും. എന്നാല്‍ അതെന്താണ് എന്നും എവിടെയാണ് കുടികൊള്ളുന്നത് എന്നും തിരിച്ചറിയാതെയാണ് അവര്‍ അത് ചെയ്യുന്നത്. രാഷ്ട്രീയ ലാഭത്തിനായി ദലിത് സംഘടനകള്‍ വൈകാരിക അഭ്യര്‍ത്ഥനകള്‍ നടത്തും. ഇവരെല്ലാം ഭരണവര്‍ഗ പാര്‍ടികളുടെ ഭാഗമാകാനാണ് ശ്രമിക്കുന്നത്. ചിലത് സ്വതന്ത്രമാണ് എന്നു പറയും. എന്നാല്‍ തെരഞ്ഞെടുപ്പ് മാര്‍ക്കറ്റിനായി കാന്‍ഷിറാം സഷിച്ച 'ബഹുജന്‍' എന്ന പദത്തിനു പിന്നാലയാണ് ഇത്. ബി.എസ്.പിയുടെ വിജയത്തിലാകൃഷ്ടരായി പലരും ഇത്തരത്തിലുള്ള വിജയ സൂത്രവാക്യങ്ങള്‍ക്ക് പിന്നാലെയാണ്. അത് ഇനി ഫലവത്താവില്ല. ബി.എസ്.പിയുടെ വിജയം പോലും ഉത്തരപ്രദേശിന്റെ ജാതി അവസഥകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ സംഘടനകള്‍ക്കെല്ലാം ദോഷവശങ്ങളുണ്ട്. ഇതിലേറ്റവും പ്രധാനും ഈ സംഘടനകള്‍ എല്ലാം യാഥാര്‍ത്ഥ അവസ്ഥകള്‍ അറിയാമെന്ന രീതിയില്‍ പെരുമാറുന്നതാണ്.


ഒരു വലിയ വിഭാഗം ദലിതുകളും ആദിവാസികളും ഇന്ന് മാവോയിസ്റ്റ് ക്യാമ്പിലാണ്. ഇതിനെ എങ്ങനെ കാണുന്നു?

ദലിതുകള്‍ മാവോയിസ്റ്റുകള്‍ക്കൊപ്പമാണോ എന്നെനിക്കറിയില്ല. പക്ഷേ, അവരിലെ യുവാക്കള്‍ മാവോയിസ്റ്റ് പാതയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ക്ക് മറ്റൊരു തെരഞ്ഞെടുപ്പിന് സാധ്യതയില്ല. 1960 ല്‍ ഇതേ മാനസികവസ്ഥയിലാണ് അവര്‍ ദലിത് പാന്തര്‍ തരത്തിലുളളള പ്രതിഷേധങ്ങള്‍ സ്വീകരിച്ചത്. ഇന്ന് സ്ഥിതി കൂടുതല്‍ വഷളാണ്. ദലിതരുടെ ജീവിത ദുരിതങ്ങളിലേക്ക് നോക്കിയാല്‍ അത് മനസിലാവും. അവര്‍ക്ക് മികച്ച വിദ്യാഭ്യാസമില്ല. അവര്‍ക്ക് ജോലി സമ്പാദിക്കാവുന്ന അവസ്ഥയില്ല. അവരുടെ പ്രശ്‌നങ്ങളും ദുരിതങ്ങളും ഉയര്‍ത്താന്‍ ജനാധിപത്യപരമായ ഇടവുമില്ല. അവന്തൊണ് ഈ സാഹചര്യത്തില്‍ ചെയ്യേണ്ടത്? ശബ്ദമുയര്‍ത്തിയാല്‍ അവരെ നകസ്‌ലൈറ്റുകളായി മുദ്രകുത്തി പീഡിപ്പിക്കും. യഥാര്‍ത്ഥത്തില്‍ ഭരണകൂടവവും അതിന്റെ പൊലീസുമാണ് മാവോയിസ്റ്റുളുടെ എറ്റവും വലിയ റിക്രൂട്ടിംഗ് എജന്റ്. ഭൂരിപക്ഷം ദലിത് ആണ്‍കുട്ടികളും മാവോയിസം എന്തെന്ന് അറിയുന്നതിനുമുമ്പേ പൊലീസിനാല്‍ മാവോയിസ്റ്റ് എന്ന് മുദ്രകുത്തപ്പെടുന്നു. അവരെ സംബന്ധിച്ച് ഒളിവില്‍ പോയി ശരിയായ മാവോയിസ്റ്റ് ആവുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലാതാവുന്നു. വളരെയധികം ദലിത് ചെറുപ്പക്കാര്‍ മാവോയിസ്റ്റ് അണിയില്‍ ചേര്‍ന്ന് ഇതുമൂലമാണ്. ഇതേ സാഹചര്യമാണ് രാജ്യത്തെ നല്ല പങ്ക് ദലിതുകളും ആദിവാസി യുവാക്കളും നേരിടുന്നത്.

മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കും ജാതി വിരുദ്ധ മുന്നേറ്റത്തിനും അഖിലേന്ത്യാ തലത്തില്‍ സംഘടനയില്ലാത്തത് ഒരു പ്രശ്‌നമായി തോന്നുന്നുണ്ടോ? അതിന് എന്താണ് താങ്കള്‍ക്ക് നിര്‍ദേശിക്കാനാവുക?

ഉണ്ട്. ജാതിക്കെതിരെയുള്ള മൂന്നേറ്റത്തിനും ജനങ്ങളുടെ പൗരാവശകാല ലംഘനത്തിനുമെതിരെയുള്ള പോരാട്ടത്തിനും അഖിലേന്ത്യാ തലത്തില്‍ സംഘടന ആവശ്യമുണ്ട്. വളരെയധികം സംഘടനകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അത് മോശം കാര്യമല്ല. പക്ഷേ ഊര്‍ജം കൂറേ അനാവശ്യമായി നഷ്ടപ്പെടുത്തുന്നു. ആശയശാസ്ത്രം മുതല്‍ പ്രവര്‍ത്തനം വരെ ജാതിവിരുദ്ധമാ ഒരു സംവിധാനം വേണം. വളരെയധികം ചെറിയ സംഘടനകളായിരിക്കുന്നത് ഗുണകരമല്ല. ഭാവിയില്‍ ചില സംഘനകള്‍ ഈ അഭാവം പരിഗണിക്കും. കേവലം ഒരു സംഘടന ഇതിനു പരിഹാരമല്ല. ശരിയായ ആയശാസ്ത്രത്തിലൂടെ ജാതിക്കെതിരെയുളള പോരട്ടങ്ങളെ ഐക്യപ്പെടുത്താവുന്ന സംഘടന ഉയര്‍ന്നുവരും.


ആഗോളീകരണത്തിന്റെ മുഖ്യ ഇരകള്‍ ആദിവാസികളും ദലിതുകളുമാണ്. എന്നാല്‍, സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളില്‍ ദലിത് ബുദ്ധിജീവികള്‍ സജീവമല്ല. ഈ വൈരുദ്ധ്യത്തെപ്പറ്റി എന്തു പറയും?

ദലിത് ബുദ്ധിജീവികള്‍ സാമ്രാജ്യവിരുദ്ധ സമരത്തില്‍ സജീവമല്ലെന്ന് മാത്രമല്ല, അവരാണ് ആഗോളീകരണത്തെ ഏറ്റവും വലിയ രീതിയില്‍ പിന്തുണയ്ക്കുന്നവര്‍. അവരുടെ അത്തരം മനോഭാവത്തിന് കാരണമെന്തെന്ന് എനിക്ക് മനസിലായിട്ടില്ല. അവര്‍ ഭരണകൂട നയങ്ങള്‍ക്ക് സ്തുതി പാടുകയാണ്. ആഗോളീകരണത്തിന്റെ മുഖ്യ ഇരകള്‍ ദലിതുകളും ആദിവാസികളുമാണ് എന്ന് താങ്കള്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. ആഗോളീകരണം അടിസ്ഥാനപരമായി ഉന്നതജാതര്‍ക്ക് വേണ്ടിയാണെന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ദലിത് ബുദ്ധിജീവികള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത കാര്യമാണ് സാമ്രാജ്യത്വ വിരുദ്ധത. ഞാന്‍ ആഗണത്തില്‍ പെടുന്നില്ല. ജാതിഅവസ്ഥകളില്‍ ആഗോളീകരണം എന്തുചെയ്തുവെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ജാതിഅവസ്ഥകള്‍ സ്ഥിരമായി വഷളായിക്കൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷം ദലിതുകളുടെയും സാമ്പത്തിക സാഹചര്യം തീര്‍ച്ചയായും മോശമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ബുദ്ധിജീവികള്‍ ആഗോളീകരണത്തില്‍ നിന്ന് ദലിതുകള്‍ക്ക് നേട്ടമാണുണ്ടായത് എന്ന തെറ്റായ ധാരണയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ വിഭാഗത്തിന്റെ ബൗദ്ധിക കാപാട്യം പാപ്പരത്തവും കാണുമ്പോള്‍ വേദന തോന്നുന്നുണ്ട്.


ഖൈര്‍ലാന്‍ജി, ബാബറി മസ്ജിദ്, സംഘ്പരിവാര്‍


ഖേര്‍ലാന്‍ജി സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ഒരഭിമുഖത്തില്‍ 'ഷോക്ക് ട്രീറ്റ്‌മെന്റ്് എന്ന പദം താങ്കള്‍ ഉപയോഗിച്ചിരുന്നു. അതെപ്പറ്റി?

ഈ പരാമര്‍ശം വലിയ ആശയക്കുഴമുണ്ടാക്കി. ആളുകള്‍ കരുതി ഞാന്‍ ബലാല്‍സംഗത്തിന് ബലാല്‍സംഗവും കൊലയ്ക്ക് കൊലയും ജാതി അതിക്രമത്തിനെതിരെ ജാതി അക്രമവും ഉപദേശിച്ചുവെന്ന്. അത് പൂര്‍ണമായി തെറ്റാണ്. ശരിക്കു പറഞ്ഞാല്‍, ഷോക്ക് ട്രീറ്റ്‌മെന്റ് എന്നു പറഞ്ഞത് ജാതിയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നവരുടെ വര്‍ഗപരമായ ഐക്യമെന്ന അര്‍ത്ഥത്തിലാണ്. ജാതി എന്നത് സാമൂഹ്യ തിന്‍മയാണ്. അത് സമൂഹം മൊത്തതില്‍ മനസിലാക്കണം. നിലനില്‍ക്കുന്ന അവസ്ഥയില്‍ ആളുകളെ ഒന്നിപ്പിക്കുക എന്നത് പലപ്പോഴും ഫലവത്താകില്ല. ജാതിക്കുള്ളിലും വര്‍ഗപരമായ മേല്‍തട്ടുകള്‍ ഉണ്ട്. പിന്നോക്ക ജാതികളിലെ ഉയര്‍ന്ന വര്‍ഗക്കാരാണ് അവരിലെ താഴ്ന്ന വര്‍ഗത്തെക്കൊണ്ട് അതിക്രമങ്ങള്‍ ചെയ്യിപ്പിച്ചത്. ജാതിയുടെ നൂറണ്ടുകളായിട്ടുള്ള സംസ്‌കാരം അതിന്റെ വൃത്തിക്കെട്ട മുഖം തലപൊക്കും. ഇത്തരം മുഖങ്ങളെ ജനങ്ങളുടെ വര്‍ഗപരമായ കൂട്ടയ്മയിലൂടെ, ബലപ്രായോഗത്തിലൂടെ നിയന്ത്രിക്കണം. അക്രമികളുടെ സംസ്‌കരിക മുഖത്തിന് തിരിച്ചടി കിട്ടണം. അങ്ങനെയുളളള ഷോക്ക് ട്രീറ്റ്‌മെന്റ അക്രമികള്‍ക്കെതിരെ വര്‍ഗ ഐക്യത്തിലൂടെ സാധ്യമായി. അതാണ് ഞാന്‍ ഉദ്ദേശിച്ചത്.

അയോധ്യ വിധിയെ 'ഡിസൈന്‍ ജസ്റ്റിസ് എന്നാണ് താങ്കള്‍ വിശേഷിപ്പിച്ചത്. ഖൈര്‍ലാന്‍ജി കേസില്‍ ബാന്ദ്ര കോടതി വിധി വന്നപ്പോഴാണ് ആദ്യം ഈ വാക്ക് താങ്ങള്‍ ഉപയോഗിച്ചത് എന്നും പറയുന്നു...?

ശരിയാണ്. നവ ലിബറല്‍ കാലത്ത് കോടതികളിലെ വിധികള്‍ക്കും മാര്‍ക്കറ്റിന്റേതായ താല്‍പര്യങ്ങളും അടങ്ങിയിരിക്കും. അവ നിയമ പരിധികള്‍ക്ക് പുറത്തുപോയി 'മാര്‍ക്ക്റ്റ് സ്ഥലത്ത്' അനുപൂരകമായി 'ഉപഭോക്തൃ പരീക്ഷണം 'നടത്തും. ഖൈര്‍ലാന്‍ജിയില്‍ അത് ഒരു ഗൗരവമായ കേസാക്കുന്നതിനു പകരം ആറ് പേര്‍ക്ക് വധശിക്ഷ വിധിച്ചു. വിധിയില്‍ പറഞ്ഞത് ഖൈര്‍ലാന്‍ജിക്ക് ജാതി വശമില്ലെന്നാണ്. അവിടെ ഗൂഢാലോചന നടന്നിട്ടില്ലെന്നും സ്ത്രിക്കെതിരെ അതിക്രമം നടന്നിട്ടില്ലെന്നും പറഞ്ഞു. കേസ് കേവലം ഒരു കൊലപാതകക്കേസാക്കി മാറ്റി. അത് അപൂര്‍വങ്ങളി അപൂര്‍വ കേസായി പരിഗണിക്കപ്പെട്ടില്ല. പക്ഷേ കോടതി വധശിക്ഷ നല്‍കി. കാരണം ജനങ്ങള്‍ വലിയ തോതില്‍ പ്രതിഷേധം സംഘടിപ്പിച്ചുവെന്നതും ജനം ക്രിമിനലുകള്‍ക്ക വലിയ ശിക്ഷ ആഗ്രഹിക്കുന്നുവെന്നും വ്യക്തിമായിരുന്നു. എട്ട് പേരെ ഒഴിച്ച് ബാക്കിയുളളവരെ വെറുതെവിട്ടതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. ജാതി ഗ്രാമത്തില്‍ ഭൂട്ട്മാംഗ് കുടുംബമാണ് ഈ കൊലപാതങ്ങളില്‍ പങ്കെടുത്തത് എന്നത് എല്ലാവര്‍ക്കും അറിയാം. ഹൈക്കോടതിയില്‍ ഈ കേസ് അപ്പീലിന് വരുമ്പോള്‍ നിലനില്‍ക്കില്ലെന്ന എല്ലാംവര്‍ക്കും അറിയാം. അതാണ് സംഭവിച്ചതും. ദലിതുകള്‍ മറ്റെല്ലാം മറന്നുപോവുകയും വിധിയില്‍ സന്തോഷിക്കുകയും ചെയ്തു. അവര്‍ മധുരങ്ങള്‍ വിതണം ചെയ്തു. ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. അപ്പോഴേക്കും ആളുകളുടെ പ്രതിഷേധം കുറഞ്ഞിരുന്നു. അങ്ങനെ 'മാര്‍ക്കറ്റിന്' അനുപൂരകമായ 'ഡിസൈന്‍ ജസ്റ്റിസ്' വന്നു.
അയോധ്യയിലും സമാനമായത് കാണാം. മൂന്നംഗ ബെഞ്ചില്‍ രണ്ട് ഹിന്ദുവും ഒരു മുസ്‌ളീം ജഡ്ജിയുമായിരുന്നു ഉണ്ടായിരുന്നത്. അവര്‍ തങ്ങളുടെ സ്വതന്ത്രമായ വിധികള്‍ എഴുതി. പക്ഷേ, രാമന്‍ ബാബറി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്താണ് ജനിച്ചത് എന്നു പറഞ്ഞു. വാസതവന്തെന്നതാല്‍ മൂന്ന് കക്ഷികള്‍ സമര്‍പ്പിച്ച സ്വത്ത് അവകാശ ഹര്‍ജിയാണ് ഇത്. രേഖകളുടെ അഭാവത്തിലും മറ്റും എളുപ്പം തീരുമാനിക്കാവുന്ന കേസായിരുന്നു അത്. രാമന്‍ ജനിച്ചത് ബാബറി മസ്ജിദ് നിന്നിരുന്നിടത്താണോ എന്നത് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയ കേസാണ്. പക്ഷേ കോടതി അനാ്യമായ കാര്യം ചെയ്തു. അവര്‍ ആര്‍ക്കിയോളിസ്്റ്റുകളെ നിയോഗിച്ചു. അവരുടെ റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചു. മസ്ജിദ് നിന്നിടത്താണ് രാമന്‍ ജനിച്ചത് എന്നു പറഞ്ഞു. അവര്‍ ഹിന്ദു താല്‍പര്യത്തെ അനുകൂലമാകന്‍ ശ്രമിച്ചു. പക്ഷേ മുഴുവന്‍ ഭൂമിയും അവര്‍ക്ക് നല്‍കിയാല്‍ മറ്റ് സമുദായങ്ങള്‍ പ്രശ്‌നം ഉണ്ടാക്കും. അതിനാല്‍ ഭൂമി മൂന്ന് തുല്യ ഭാഗങ്ങളായി വിഭജിച്ച് നല്‍കി. ഏറ്റവും പ്രധാനപ്പെട്ട ഭാഗം റാം ലല്ലാവാലകള്‍ക്ക് നല്‍കി. സംഘപരിവാര്‍ പിന്തുണതയ്ക്കും, 'അമ്പലം അവിടെ തന്നെ പണിയും' എന്ന പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തവരാണ് അത്. ഈ നടന്നതെല്ലാം അംഗീകരിക്കപ്പെട്ട തത്വങ്ങള്‍ക്ക് പുറത്തുള്ളകാര്യങ്ങളാണ്.എല്ലാ ക്ഷികളെയും ഹൃസ്വകാലത്തേക്ക് തൃപ്തിപ്പെടുത്തുന്നതായിരുന്നു വിധി.

മണ്ഡല്‍കാലത്തുണ്ടായ സവര്‍ണ ഹിന്ദുവാദ മുന്നേറ്റത്തിനു തിരിച്ചടികള്‍ നേരിട്ടതായി പൊതുവില്‍ വിശ്വസിക്കപ്പെടുന്നു? അങ്ങനെയാണോ താങ്കളുടെ വിലയിരുത്തലും?

മണ്ഡല്‍ എന്നത് മധ്യജാതികളുടെ ഉയര്‍ച്ചയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മത്സരത്തിന്റെയും ഫലമാണ്. സവര്‍ണ ജാതികള്‍ മണ്ഡലിനെതിരെമത്രമമല്ല സംവരണത്തിന് തന്നെ എതിരായിട്ടാണ് പ്രവര്‍ത്തിച്ചത്. ദലിതുകളെ സംവരണവമയാി ബന്ധിപ്പ് കാണുമ്പോള്‍ ഒരു കുഴപ്പമുണ്ട്. മണ്ഡലിനെ പിന്തുണച്ച് ദലിതുകള്‍ വന്നപ്പോള്‍ അവരെ മറ്റ് പിന്നോക്ക ജാതിക്കാര്‍ ആക്രമിച്ചു. കാരണം അവര്‍ തങ്ങള്‍ക്കാണ് ഗുണം കിട്ടുക എന്നു വിചാരിച്ചു. ഏതായാലും ഇത് സവര്‍ണരുടെ പിന്തുണയെ തങ്ങള്‍ക്കുനകൂലമായി ചലിപ്പിക്കാന്‍ ഹിന്ദുത്വവാദികള്‍ക്കായി.
സാഹചര്യം ഇന്ന് പഴയതുപോലെയാണ് എന്നു കരുതുന്നില്ല. ഹിന്ദുത്വ അജണ്ടയ്ക്ക്് തിരിച്ചടി കിട്ടിയിട്ടുണ്ട്. അതിന് പകരം വയ്ക്കനായി മറ്റൊന്നിന് സംഘപരിവാര്‍ ശ്രമിക്കുവെങ്കിലും വിജയിച്ചിട്ടില്ല. അയോധ്യ വിധി വ്യക്തമാക്കിയത് ജനങ്ങള്‍ ഹിന്ദുത്വയില്‍ ഇനി താല്പര്യമില്ലെന്നാണ്. സംഘപരിവാരിന് ഭാവിയില്‍ ചില അവസരങ്ങള്‍ കിട്ടും. ബി.ജെ.പി ഇപ്പോഴും കോണ്‍ഗ്രസിന് ദേശീയ ബദലായി നിലനില്‍ക്കുന്നുണ്ട്. അത് അവര്‍ക്ക് ഗുണകരമാണ്.

ദലിതുകള്‍ പലപ്പോഴും എതിര്‍സ്ഥാനത്ത് കാണുന്ന ഗാന്ധിയെപ്പറ്റി എന്തുപറയും? ഗാന്ധിസത്തില്‍ നിന്ന് ദലിതുകള്‍ക്ക് ഒന്നും സ്വീകരിക്കാനില്ലേ?

ഈ നിരര്‍ത്ഥകമായ അഭ്യാസത്തില്‍ ഇടപെടാന്‍ എനിക്ക് താല്‍പര്യമില്ല. ദലിതുകളുടെ വിമോചനത്തിന് ഗാന്ധിയില്‍ എന്തെങ്കിലും പ്രയോജനകമായരിട്ടുണ്ട് എന്നു ഞാന്‍ കാണുന്നില്ല. ഗാന്ധി ദലിതുകള്‍ക്ക് എതിരായിരുന്നു എന്ന അനുമാനത്തില്‍ പങ്കാളിയാകാനും ഞാനില്ല. ഗാന്ധി അങ്ങനെയായിരുന്നില്ല. അദ്ദേഹം സ്വയം പറഞ്ഞതുപോലെ ഒരു സനാതന ഹിന്ദുവായിരുന്നു. അദ്ദേഹം അതുപോലും ജന പിന്തുണ നേടാനായി ഉപയോഗിച്ചുവെന്നു ഞാന്‍ കരുതുന്നു. അദ്ദേഹം കൂര്‍മ ബുദ്ധിയുള്ള തന്ത്രശാലിയാണ്. പൊതുജന പിന്തുണയ്ക്കായി ധാര്‍മിക ആവരണ തന്ത്രങ്ങളും ഉപയോഗിച്ചിരുന്നു. ഇങ്ങനെ പറയുമ്പോള്‍ തന്നെ, ജാതിയെ ഉപേക്ഷിക്കുന്ന സമൂഹത്തിന് വേണ്ടി തയാറെടുക്കാനുള്ള അദ്ദേഹത്തിന്റെ കാഴ്പ്പാടിന്റെ ഒരു വശത്തെ ഞാന്‍ വിലമിക്കുന്നുണ്ട്. അതിനെ സദാചാര/ധാര്‍മികതയുടെ തലത്തില്‍ ഞാന്‍ കാണുന്നില്ല. അതിനെ വര്‍ഗ സമരത്തിന്റെ ഭാഗമായി് എടുക്കാനാണ് ഇഷ്ടപ്പെടുന്നത്.


കമ്യൂണിസ്റ്റുകളുടെ വങ്കത്തം



കമ്യൂണിസ്റ്റുകളെപ്പറ്റി നേരത്തെ പറഞ്ഞു. ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ടികളെയും അവരുടെ നയത്തെയും എങ്ങനെയാണ് താങ്കള്‍ കാണുന്നത്?

കമ്യൂണിസ്റ്റുകള്‍ക്ക് ശക്തമായ ഒരു ആശയശാസ്ത്രമുണ്ട്. സമൂഹ വിശകലനത്തിന് ഏറ്റവും നവീനമായ സിദ്ധാന്തം. പക്ഷേ, അവരത് ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടു. അതിന് കാരണം ആദ്യ കാല കമ്യൂണിസ്റ്റുകളുടെ ബ്രാഹ്മണ്യപരമായ സമീപനമാണെന്നാണ് ഞാന്‍ സംശയിക്കുന്നത്. ഇന്ത്യന്‍ സാമുഹിക യാഥാര്‍ത്ഥ്യം കാണാന്‍ അവര്‍ പരാജയപ്പെട്ടു. അസ്തമിച്ചുകൊണ്ടിരുന്ന നാടുവാഴിത്ത സംവിധാനത്തെയും അതിനുള്ളിലെ ജാതിഘടനയൊന്നും അവര്‍ കണ്ടില്ല. അവര്‍ക്ക് വര്‍ഗം, ജാതി എന്നിവയെ എങ്ങനെ നേരിടണമെന്ന് അറിയില്ലായിരുന്നു. അതിനാല്‍ ജാതി ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തിന്റെ അവിഭാജ്യഭാഗമായി തുടരുന്നു. അവരത് മനസിലാക്കിയുരുന്നെങ്കില്‍ വളരെ മുമ്പേ വിപ്ലവം സാധ്യമാകുമായിരുന്നു, ചരിത്രം വേറൊന്നാകുമായിരുന്നു.
ദൗര്‍ഭാഗ്യകരമെന്നതാണെന്നില്‍ അവരിപ്പോഴും തങ്ങളുടെ നിലപാടില്‍ തൂങ്ങിക്കിടക്കുകയാണ്. ഒമ്പതുവര്‍ഷത്തിനുശേഷം കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപിതമായതിന്റെ 100-ാം വര്‍ഷം ആചരിക്കും. കുറഞ്ഞപക്ഷം ആരെങ്കിലും അവരോട് പറയേണ്ടയിരിക്കുന്നു കമ്യൂണിസ്റ്റ് പാര്‍ടികള്‍ നൂറ്റാണ്ടുകള്‍ ആഘോഷിക്കാനല്ല രൂപീകരിക്കപ്പെട്ടിരിക്കുന്നതെന്ന്. അവര്‍ വിപ്ലവം നടത്താനാണ് ബാധ്യസ്ഥരെന്ന്. മുഖ്യധാരാ ഇടതുപക്ഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അമര്‍ന്നിരിക്കുന്നു. വിപ്ലവ ഇടതുപക്ഷത്തില്‍ ചില പ്രതീക്ഷകള്‍ക്ക് വകയുണ്ട്. പക്ഷേ, സൈനിക രീതികളില്‍ അമിതമായ ആശ്രയം ദോഷകരമാണ്. അവര്‍ നിലനിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതൊഴിവാക്കന്‍ സാധിക്കില്ലായിരിക്കും. പക്ഷേ, വിപ്ലവ രാഷ്ട്രീയത്തിന് ജനങ്ങളെ തയാറാക്കേണ്ടതുണ്ട്.

കമ്യൂണിസ്റ്റുകള്‍ ജാതിയെ കണ്ടില്ലെന്ന് പറഞ്ഞു. അതേ സമയം പല ദലിത്ബുദ്ധിജീവികള്‍ വര്‍ഗമെന്ന പ്രശ്‌നം ഉയര്‍ത്തുന്നതും കണ്ടില്ല. അതിനെപ്പറ്റി എന്തുപറയും?

ഇതാണ് രണ്ടുപക്ഷവും വരുത്തുന്ന വങ്കത്തം. കാര്യങ്ങള്‍ തിരിച്ചറിയാനായി വസ്തുനിഷ്ഠമായ ഒരു തിരിഞ്ഞുനോട്ടം രണ്ടു പക്ഷവും നടത്തേണ്ടതുണ്ട്. പക്ഷേ, അത് ചെയ്യുന്നില്ല. കമ്യൂണിസ്റ്റുകള്‍ വസ്തുനിഷ്ഠമായ വര്‍ഗവിശകലനം നടത്താനോ വര്‍ഗസമത്തിലേക്ക് ജാതി വിരുദ്ധ സമരത്തെ ഉള്‍ച്ചേര്‍ക്കാനോ ശ്രമിക്കുന്നുന്നില്ല. അതിനാല്‍ വേറിട്ട ദലിത് മുന്നേറ്റം ആവശ്യമായിവരുന്നു. ദലിതുകള്‍ക്കാകട്ടെ ജാതി ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം പുരോഗമന ശക്തികളുടെ പിന്തുണയില്ലാതെ സാധ്യമല്ല. ദലിതുകള്‍ ഒപ്പം ചേരാതെ ഇടതിന് തങ്ങളുടെ വിപ്ലവലക്ഷ്യം നേടാന്‍ സാധ്യമാവില്ല. ഈ ഒരു പ്രക്രിയയിലൂടെ രണ്ടുഘടകവും ഒന്നിച്ചേരണം.


ബി.എസ്.പിയും ദലിത് പാര്‍ടികള്‍കളും


ഉത്തര്‍പ്രദേശിലെ മായാവതിയുടെ വിജയം ദളിതരുടെ വിജയമായിട്ടാണ് വിലയിരുത്തപ്പെട്ടത്. പക്ഷേ അഴിമതിയുള്‍പ്പടെയുള്ള പലതരം ആരോപണങ്ങള്‍ അവര്‍ക്ക് എതിരെ ഉയരുന്നു. താങ്കള്‍ അതെപ്പറ്റി എന്തുപറയും?

നേരത്തെ പറഞ്ഞതുപോലെ മായാവതിയുടെ വിജയം ദളിതരുടെ വിജയമായി ഞാന്‍ കാണുന്നില്ല. അവര്‍ക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും എന്റെ വാദത്തെ ശരിവയ്ക്കുകയാണ്. അത് നമ്മുടെ സംവിധാനത്തിന്റെ അവിഭാജ്യഭാഗമാണ്. അത് അതേ രീതിയില്‍ കാണണം. എന്തിന് മായാവതി മാത്രം വ്യത്യസ്തയാവണം.? എല്ലാവരും കളിക്കുന്ന കളി അവരും കളിക്കുന്നു. എല്ലാവരും ചെയ്യുന്നത് അവരും ചെയ്യുന്നു. വേര്‍തിരിക്കുന്ന ഏക വ്യത്യാസം എന്നത് അവര്‍ മറ്റുള്ളവരേക്കാള്‍ അത് നന്നായി ചെയ്യുന്നുവെന്ന് മാത്രമാവും.


ബി.എസ്.പിയെ എങ്ങനെയാണ് താങ്കള്‍ പരിഗണിക്കുന്നത്? ദലിത് പാര്‍ട്ടിയായോ അതോ ഒര് അധികാര വര്‍ഗ പാര്‍ട്ടിയായിട്ടോ?

ബി.എസ്.പി തെരഞ്ഞെുടപ്പ് വിജയമായി ബന്ധപ്പെട്ടാണ് ചലിക്കുന്നത്. അതാണ് അതിന്റെ തന്ത്രം. അതിന് തെരഞ്ഞെുടപ്പ് രാഷ്ട്രീയത്തിലെ വലിയ കക്ഷികളെ ഒരു പാഠം പഠിപ്പിക്കാനാവും. പക്ഷേ ബി.എസ്.പയുടെ വിജയം 'ബഹുജന്‍' സുത്രവാക്യത്തിന്റെ വിജയമായിട്ടോ, അവരെ ഒരു ദലിത് പാര്‍ട്ടിയായിട്ടോ ഞാന്‍ കാണുന്നില്ല. ദലിതുകള്‍ നയിക്കുന്നുവെന്നതുകൊണ്ട് മാത്രം ഒരു പാര്‍ട്ടി ദലിത് പാര്‍ട്ടി ആവില്ല. മറ്റേതൊരു ഭരണവര്‍ഷ പാടിയെയും പോലെ അത് ജനങ്ങളെ വോട്ട് ബാങ്കിനായി ഉപയോഗിക്കുന്നു. ബി.എസ്.പി. ദലിതുകളെ തങ്ങളുടെ നിര്‍ണായക ശകതിയായി പരിഗണിക്കുകയും മറ്റുള്ളവരുമായി ചില വിലപേശല്‍ സാധ്യമാക്കുകയും ചെയ്യുന്നുണ്ട്. അതില്‍ കൂടുതല്‍ ഇല്ല. അവരൊരിക്കലും ദലിത് പാര്‍ട്ടിയായി അവകാശപ്പെട്ടിട്ടില്ല. നേരത്തെ അത് 'ബഹുജന'ിന്റെ പാര്‍ട്ടിയായും ഇപ്പോള്‍ 'സര്‍വജനി'ന്റെ പാര്‍ട്ടിയുമായിട്ടാണ് അവകാശപ്പെട്ടുന്നത്. ദലിത് അവസ്ഥകളെ അവര്‍ മാറ്റാന്‍ ശ്രമിച്ചിട്ടില്ല. യു.പിയില്‍ ദലിതുകളുടെ അവസ്ഥ മോശമാണ്്. അതാണ് ഇപ്പോഴും ദലിതുകള്‍ക്കെതിരെ ആക്രമണം നടക്കുന്ന ഒന്നാമത്തെ സംസ്ഥാനം.

അംബേദ്കറുടെ മകന്റെ മകന്‍ പ്രകാശ് അംബേദ്കര്‍ രൂപീകരിച്ച നാഷണല്‍ ബഹുജന്‍ പാര്‍ട്ടി, ഭാരിപ ബഹുജണ്‍ മഹാസംഘ് എന്നിവയെപ്പറ്റി എന്താണ് നിലപാട്? താങ്കള്‍ക്ക് അദ്ദേഹവുമായി കുടുംബപരമായി അടുത്ത ബന്ധമുള്ളതുകൊണ്ടുകൂടിയാണ് ഈ ചോദ്യം.

പ്രകാശ്് അംബേദ്കറുടെ ബാരിപ് ബഹുജന്‍ മഹാ സംഘും 'ബഹുജന്‍' അടിസ്ഥാനത്തിലുളള പാര്‍ട്ടിയാണ്. 'അകോല പാറ്റേണ്‍' എന്ന രൂപത്തിലാണ് അവര്‍ തങ്ങളുടെ വിജയം നേടിയത്. പക്ഷേ, അത് അധികം നീണ്ടു നിന്നില്ല. പ്രകാശ് അംബേദ്കറിന് ദലിതുകള്‍ക്കിടയില്‍ തന്റെ പേരിന്റെ പ്രത്യേകതകൊണ്ട് തന്നെ വലിയ സ്വാധീനമുണ്ട്. എന്നാല്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ അദ്ദേഹത്തനായില്ല. സംശയമില്ല, അദ്ദേഹത്തിന് മഹാരാഷ്ട്രയില്‍ ഒരു വലിയ ശക്തിയുമായിട്ടാണ് ഇടപെടേണ്ടിയിരുന്നത്- ശരത് പവാര്‍. പവാര്‍ തന്റെ പാവയായ രാംദാസ് അതു വാലെ ഉപയോഗിച്ച് പ്രകാശ്അംബേദ്കറെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചു. അങ്ങനെ മഹാരാഷ്ട്രയില്‍ പ്രകാശ് അംബേദ്കറിന് ചില തിരിച്ചടികള്‍ നേരിട്ടു. ഇവിടെനിന്ന് ഉയര്‍ന്നുവരിക വലതും ഭാരിച്ചതുമായ ദത്യമാണ്.

അംബേദ്കറുടെ നിര്‍ദേശ പ്രകാരം രൂപംകൊണ്ട റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ ഭിന്നിപ്പുകള്‍ ദലിതുകളുടെ മോചനത്തിന് ദോഷകരമായി ബാധിച്ചതായാണ് വിലയിരുത്തുന്നത്. ഈ ഭിന്നിപ്പുകളെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?

റിപ്പബ്ലിക്കന്‍ പാര്‍ടിയിലുണ്ടായ പിളര്‍പ്പുകള്‍ അംബേദര്‍ക്ക് പാര്‍ട്ടിയെപ്പറ്റി ഉണ്ടായിരുന്ന സങ്കല്‍പം അതിലെ അംഗങ്ങള്‍ക്ക് മനസിലാക്കാനാവാത്തതുകൊണ്ട് സംഭവിച്ചതാണ്. ഇന്ത്യയിലെ ആദ്യ ഇടതു പാര്‍ട്ടി എന്നു വിശേഷിപ്പിക്കാവുന്ന സ്വതന്ത്ര ലോബര്‍ പാര്‍ടിയിലെ പ്രവര്‍ത്തനങ്ങളിലൂടെ ഒരു തൊഴിലാളിവര്‍ഗ പാര്‍ടി്ക്കാണ് അംബേദ്കര്‍ ശ്രമിച്ചത്.പട്ടികജാതി ഫെഡറേഷന്‍ അദ്ദേഹം രൂപവത്കരിക്കുന്നത് ക്രിപ്‌സ് മിഷന്‍ റിപ്പോര്‍ട്ട് ദലിതുകളുടെ താല്‍പര്യം പൂര്‍ണായും നിരാകരിച്ചതുകൊണ്ടാണ്. കാരണം അവരെ പ്രതിനിധീകരിക്കാന്‍ അവരുടേതായ പാര്‍ടി ഉണ്ടായിരുന്നില്ല. അങ്ങനെയാണ് എല്ലവരെയും ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയില്‍ എക്യപ്പെടുത്തുന്ന നടപടി അംബേദ്കര്‍ സ്വീകരിച്ചത്. കമ്യൂണിസ്റ്റിതര ഇടതുകളെ ഒന്നിപ്പിക്കുകയായിരുന്നു. അതാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയായത്. അദ്ദേഹം അതിന് ശ്രമം തുടങ്ങിയെങ്കിലൂം അത് ഉണ്ടായിക്കാണുന്നതിനു മുമ്പേ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ അഭിലാഷത്തില്‍ നിന്ന് ഭിന്നമായിട്ടാണ് അനുയായികകള്‍ 1957 ല്‍ റിപബ്ലിക്കന്‍ പാര്‍ടി രൂപീകിച്ചത്. പക്ഷേ അതൊരു പട്ടികജാതി പാര്‍ടിയായി തുടര്‍ന്നു. അംബേദ്കറുടെ രാഷ്ട്രീയം പ്രഥമികമായി വര്‍ഗാധിഷ്ഠിതമായിരുന്നു എന്ന് അംബേദ്കറിസ്റ്റുകള്‍ എന്നറിയപ്പെടുന്നവ മനസിലാക്കാത്തത് വിഷമിപ്പിക്കുന്നുണ്ട്. ജാതിക്കെതിരെ വിശ്രമമില്ലാതെ യുദ്ധം യിക്കുമ്പോളും അംബേദ്കര്‍ ജാതി രാഷ്ട്രീയ്യം കളിച്ചിരുന്നില്ല. നിര്‍ഭാഗ്യകരമെന്നു പറയാം, അദ്ദേഹത്തിന്റെ അനുയായികള്‍ അദ്ദേഹത്തെ ജാതി രാഷ്ട്രീയത്തിന്റെ നായകനായി ചുരുക്കി. അവരാദ്യം അംബേദ്കറെ മനസിലാക്കണം. അതുകൊണ്ട് തന്നെ ആര്‍.പി.ഐയിലെ പിളര്‍പ്പുകള്‍ അത്ഭുതമുളവാക്കുന്നില്ല.

താങ്കള്‍ക്ക് എതെങ്കിലും സംഘടനയിലോ പാര്‍ട്ടിയിലോ അംഗത്വമുണ്ടോ? ഉണ്ടെങ്കില്‍ ആ സംഘടനകളിലെ താങ്കളുടെ പങ്ക് എന്താണ്?

വിദ്യാര്‍ത്ഥി കാലം തൊട്ടേ അസംഘടിത തൊഴിലാളികള്‍, ചേരിനിവാസികള്‍ തുടങ്ങിയതുപോലുള്ള പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ചില പൂരോഗന സംഘടനകളുടെ ഭാഗമായിരുന്നു ഞാന്‍. പക്ഷേ, ഞാനൊരു പാര്‍ട്ടിയിലും അംഗല്ല. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സമിതി'എന്ന പൗരാവകാശ സംഘടനയിലെ അംഗമാണ്.


ദേശീയത, ഭാഷ, സംസ്‌കാരം എന്നിവയും ദലിതുകളുമായി ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. ദലിതുകള്‍ തങ്ങളുടെ സംസ്‌കാരത്തിലേക്കു മടങ്ങിപ്പോകുകയും വിമോചനത്തിന് അടിസ്ഥാനം കണ്ടെത്തണമെന്നും കരുതുന്നുണ്ടോ?

ഇതെല്ലാം രണ്ടാമത്തെ കാര്യങ്ങളാണ്. ഈ പ്രശ്‌നങ്ങളിലെല്ലാം പ്രാഥമികമായ വൈരുദ്ധ്യം ജാതിയും ദലിതും തമ്മിലുള്ള വൈരുദ്ധ്യമാണ്. അതാദ്യം പരിഹരിക്കണം. ദലിത് സംസ്‌കാരം എന്ന ഒന്നില്ലെന്ന് ഞാന്‍ പറയില്ല. ദലിത് സംസ്‌കാരം എന്നാല്‍ ഉയര്‍ത്തിപ്പിടിക്കാനില്ല. അംബേദ്കര്‍ ഈ വിഷയം കൈകാാര്യം ചെയത്ിട്ടുണ്ട്. അദ്ദേഹം തന്റെ അനുയായികളോട് തങ്ങളുടെ ആചാരങ്ങളും ശീലങ്ങളും ഉപേക്ഷിക്കാനാണ് പറഞ്ഞത്. ദലിത് എന്നത് ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്.. അത് ഇന്ത്യന്‍ തലത്തില്‍ പരിഹരിക്കണം. മറ്റു കാര്യങ്ങളുമായി അത് ആശയക്കുഴപ്പിത്തിലാവരുത്.


അപ്പോള്‍ കാഞ്ചഐലയ്യയുടെ എരുമദേശീയതപോലുള്ള നിലപാടുകളെ എങ്ങനെ കാണും?

ഞാന്‍ കാഞ്ചാ ഐലയ്യയുടെ ദളിത് ബഹുജന്‍ പോലുള്ള പ്രയോഗങ്ങളെയും ഉയര്‍ന്ന ജാതികളേക്കാള്‍ തങ്ങളുടെ സംസ്‌കാരം മികച്ചതാണ് എന്നുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തത്തോടോ യോജിക്കുന്നില്ല. അത് ശരിക്കും വാസ്തവമല്ല. ജാതിയെ അടിസ്ഥാനമാക്കിയുള്ളതോ, ജാതിഅഭിമാനത്തെ പ്രോതാഹിപ്പിക്കുന്ന ഒന്നിനെയും ഞാന്‍ പിന്തുണയ്ക്കില്ല. അത് ദലിതുകള്‍ക്കുവേണ്ടി, ദലിതുകള്‍ ഉയര്‍ത്തുന്നതാണെങ്കിലും.


കേരളത്തിലെ ജാതി അവസ്ഥകളെപ്പറ്റി എന്തുപറയും?

എനിക്ക് കേരള സമൂഹത്തിലെ അവസ്ഥകളെപ്പറ്റി അറിവുണ്ടെന്ന് പറയാനാവില്ല. എന്റെ പൊതു നീരിക്ഷണം ദലിതുകളുടെ അവസ്ഥ ഇന്ത്യയിലെമ്പാടും ഒരേ പോലെയാണെന്നാണ്. സാക്ഷരതയുടെയും മനുഷ്യ വികസന അളവുകോലുകളും വച്ചു നോക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. കേരളത്തിന് ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൈതൃകമുണ്ട്. ഈ കാര്യങ്ങളെല്ലാം ദലിതുകളെ സംബന്ധിച്ച് കുറേ ഗുണകരമായിരിക്കും. ജാതിമര്‍ദനങ്ങള്‍ പരിശോധിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളുടെ അത്രയും മോശമല്ല. എന്നാല്‍ ജാതി മര്‍ദനങ്ങളില്ലാത്ത സംസ്ഥാനമാണ് എന്ന് അര്‍ത്ഥമില്ല. 2008 ലെ ദേശീയ ക്രൈം റിക്കോഡ് ബ്യൂറോയുടെ കണക്കുപ്രകാരം 519 ജാതി അതിക്രമങ്ങളുമായി 13-ാം സ്ഥാനത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നുണ്ട്. ഇതൊരിക്കലും നല്ല കണക്കല്ല. പ്രത്യേകിച്ച് വികസന അളവുകോലില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനത്തിന്.

പുതിയ പുസ്തകങ്ങള്‍?

പുതിയ പുസ്തങ്ങള്‍ ഇപ്പോള്‍ മനസിലില്ല. ഒന്നു രണ്ടു പുസ്തകങ്ങള്‍ വന്നു കഴിഞ്ഞു. ഞാനെഴുതിയതല്ലൊം ചില സമകാലിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കനത്ത ഉള്ളടക്കമുള്ളവയാണ്. പുസ്തകമെഴുത്തുമായി തുടര്‍ന്നാല്‍ എന്റെ പ്രൊഫഷന്‍ ശരിയായ രീതിയില്‍ മുമന്നാട്ടുപോകില്ല. പക്ഷേ ജനങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് ഞാന്‍ സമയം കണ്ടെത്തുന്നുണ്ട്. അടുത്തിടെ സെഡ് ബുക്‌സ് 'പെര്‍സിസ്റ്റന്‍സ് ഓഫ് കാസ്റ്റ്‌സ്' പ്രസിദ്ധീകരിച്ചിരുന്നു. പാതി വഴിയില്‍ നിര്‍ത്തിയ ചില എഴുത്തുകള്‍ ഈ വര്‍ഷം പൂര്‍ത്തികരിക്കണമെന്നുണ്ട്. 'പുരാതന ഇന്ത്യയിലെ ശാസ്ത്രവും സാങ്കേതിക വിദ്യായും, അംബേദ്കറെ മനസിലാക്കല്‍, ജാതിയും ആധുനികതയും' എന്നിവയാണ് പാതിവഴിയില്‍ നില്‍ക്കുന്നത്.


കുടുംബം? ജീവിത സാഹചര്യങ്ങള്‍?

മുംബൈയില്‍ ഭാര്യ രമയ്ക്കും പ്രായമായ മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. രണ്ട് പെണ്‍മക്കളുണ്ട്. അതില്‍ മൂത്തയാളായ പ്രാചി മൂംബൈയിലെ ജി.എസ്. മെഡിക്കല്‍ കോളജില്‍ എം.ഡി. ബിരുദത്തിന് പഠിക്കുന്നു. ഇളയമകള്‍ രശ്മി അമേരിക്കയിലെ വിര്‍ജിനിയ സര്‍വകലാശാലയില്‍ അണ്ടര്‍ഗ്വാജേറ്റ് ബിരുദത്തിന് പഠിക്കുന്നു. ജൂനിയര്‍ ടെന്നീസ് കളിക്കാരില്‍, റാങ്കിംഗില്‍ മുന്നിലാണ് രശ്മി.


മാധ്യമം ആഴ്ചപ്പതിപ്പ് ഐറ്റം
2010 May 9