Sunday, November 3, 2013

അര്‍ഥഭരിത വാക്ക്

വായന\പുസ്തക റിവ്യൂ


അര്‍ഥഭരിത വാക്ക്

ആര്‍.കെ. ബിജുരാജ്

‘നഖങ്ങളില്ലാത്ത വിരലുകള്‍ കണ്ടിട്ടുണ്ടോ?’ -മേശപ്പുറത്ത് പത്ത് കൈവിരലുകള്‍ പരത്തിവെച്ചിട്ട് ആ ചെറുപ്പക്കാരന്‍ ചോദിച്ചു. പിന്നെ അയാള്‍ പറഞ്ഞു: ‘വേദനയുടെ എന്‍െറ ത്രെഷോള്‍ഡ് വളരെ കൂടുതലാണ്, സാധാരണ മനുഷ്യര്‍ക്ക് സഹിക്കാവുന്നതിനുമപ്പുറം’.
എസ്. ജയചന്ദ്രന്‍ നായര്‍ എഴുതിയ ‘ആ വാക്കിന്‍െറ അര്‍ഥം’ എന്ന നോവലില്‍ സതീശന്‍ എന്ന കഥാപാത്രം സമീപ ഭൂതകാലത്തില്‍നിന്നാണ് തന്‍െറ കൈവിരലുകള്‍ നമുക്കു മുന്നിലേക്ക് നീട്ടിവെക്കുന്നത്. ആരോ ഇരുമ്പുചവണയുമായി വരുന്നെന്ന (അല്ളെങ്കില്‍ എപ്പോള്‍ വേണമെങ്കിലും വന്നേക്കാമെന്ന) തോന്നല്‍, സതീശനെപ്പോലെ വായനക്കൊടുവില്‍ നമ്മളിലും നിറയുന്നു. ജീവിതത്തില്‍നിന്ന് സ്വയം വിടവാങ്ങിയ ആ പാവം ഒന്നുകൂടി പറഞ്ഞുവെക്കുന്നുണ്ട്: ‘സ്റ്റേറ്റ് അതിന്‍െറ സ്റ്റീം റോളറുമായി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അതില്‍പെട്ട് പാവം എന്‍െറ വിരലുകള്‍ക്ക് നഖങ്ങള്‍ നഷ്ടപ്പെട്ടു’. ഒരു വാക്കുകൊണ്ടും ആശ്വസിപ്പിക്കാനാവുമായിരുന്നില്ല സതീശനുള്‍പ്പെടെയുള്ളവരുടെ വേദനകള്‍. അല്ളെങ്കില്‍തന്നെ വാക്കുകള്‍ പലപ്പോഴും തോറ്റ പടയാളികളാണ്.
സതീശനെപ്പോലെ നിരവധി പേരുടെ വേദനകള്‍ കാണാനും അതില്‍ പങ്കാളിയാകാനും സാധിച്ച ഒരു പത്രപ്രവര്‍ത്തകന്‍, അധികാരത്തിന്‍െറ സ്റ്റീം റോളര്‍ ചലിപ്പിച്ച ഒരാളെ (അയാള്‍ക്ക് മലയാളിയുടെ അടിയന്തരാവസ്ഥയിലെ പ്രതിനായകന്‍െറ മുഖച്ഛായയുണ്ട്) കാണാന്‍ ശ്രമിക്കുന്നു. രണ്ടുവര്‍ഷത്തെ പരിശ്രമത്തിനുശേഷവും കനത്ത നിഷേധങ്ങള്‍ക്കുമൊടുവില്‍ അയാളെ കാണാന്‍ പത്രപ്രവര്‍ത്തകന് അനുവാദം കിട്ടുന്നു. ആ നിമിഷത്തിനും അഭിമുഖത്തിനുമായി വീട്ടിലത്തെുന്നതിനിടയില്‍ പത്രപ്രവര്‍ത്തകന്‍െറ മനസ്സ് സഞ്ചരിക്കുന്ന യാത്രയും ദൂരവുമാണ് നോവല്‍.
ഒരു പക്ഷേ, സത്യസന്ധമായ തുറന്നുപറച്ചിലിന് ‘സ്റ്റീം റോളര്‍’ തയാറായിരുന്നെങ്കില്‍ എത്രയോ കഥകള്‍ പൊളിയുമായിരുന്നു. ചാരത്തില്‍ മറഞ്ഞുപോയ സത്യത്തിന്‍െറ വജ്രബിന്ദുക്കള്‍ പുറത്തുവന്നേനെ. മനസ്സിന്‍െറ വിങ്ങല്‍ ഒഴിഞ്ഞെങ്കിലും പോയേനെ. അതിനെക്കാള്‍ റിഡംപ്ഷന്‍ (Redemption-പാപവിമുക്തമാക്കല്‍, വീണ്ടെടുക്കല്‍ എന്നിങ്ങനെയാണ് ഈ വാക്കിന്‍െറ കൃത്യമല്ലാത്ത അര്‍ഥങ്ങള്‍ ) നേടാനാവുമായിരുന്നു. അയാള്‍ക്ക് പാപവിമുക്തി സാധ്യമായിരുന്നോ? അറിയില്ല. എന്തായാലും അത് സ്വയം അയാള്‍ ഇല്ലാതാക്കി.
പത്രപ്രവര്‍ത്തകന്‍െറ (കഥ പറയുന്ന ഫസ്റ്റ് പേഴ്സണിന്‍െറ) ഓര്‍മയില്‍ നിരവധി പേര്‍ കടന്നുവരുന്നു. ട്യൂട്ടോറിയല്‍ കോളജ് അധ്യാപകനായ മുന്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറും ‘ഫ്രോണ്ടിയര്‍’ മാസികയുടെ വായനക്കാരനുമായ സദാനന്ദ് ഷേണായി, സെക്കന്‍ഡ് ഹാന്‍ഡ് ബുക്സ്റ്റാള്‍ നടത്തിപ്പുകാരനായ സ്വാമി, സതീശന്‍,  പണിക്കര്‍, പത്രാധിപരായ എസ്.കെ, സഹപ്രവര്‍ത്തകരായ ശ്രീധരന്‍ നായര്‍, ഉണ്ണി,  ബാലകൃഷ്ണന്‍ എന്നിങ്ങനെ നിരവധി പേര്‍. ഇതില്‍ ചിലരെങ്കിലും തുറന്നുപറച്ചിലിലൂടെ റിഡംപ്ഷന്‍ സാധ്യമാക്കുന്നുണ്ട്.
വായനക്കിടയില്‍ ഓര്‍മയില്‍ നിലനില്‍ക്കുന്ന റിഡംപ്ഷന്‍ എന്ന വാക്കില്‍നിന്നാണ് നോവലിന്‍െറ തുടക്കമെന്ന് നോവലിസ്റ്റ്. ടി. രാമലിംഗംപിള്ളയുടെ നിഘണ്ടു മതിയാവില്ല ആ വാക്കിന്‍െറ കൃത്യമായ അര്‍ഥത്തിന്. ഒടുവില്‍ നമ്മളും അറിയുന്നു ഈ വാക്കിന് ഒരര്‍ഥമല്ല, അനേകം അര്‍ഥങ്ങളാണുള്ളതെന്ന്. ഈ അര്‍ഥങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന വാക്ക് മലയാളത്തില്‍ കണ്ടെടുക്കാനാവാത്തതാണ് നമ്മളുടെ നിസ്സഹായത.
മനസ്സില്‍ തങ്ങിനില്‍ക്കുന്ന കുറെ കഥാപാത്രങ്ങളുണ്ട് നോവലില്‍. തുറന്നുപറച്ചില്‍ നടത്തുന്നവരും അല്ലാത്തവരുമായവര്‍. പലതും ഉജ്ജ്വലമാണ്. പത്രം കൈവിട്ടുപോവുകയും ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി നീങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുമ്പോള്‍ പ്രസിദ്ധീകരണം നിര്‍ത്താന്‍ ധീരമായി തീരുമാനിക്കുന്ന എസ്.കെയാണ് അതില്‍ പ്രധാനം. പ്രണയത്തിന്‍െറ തടവുകാരനായി, വ്യവസ്ഥിതിക്കു പുറത്ത് ചലിച്ച് ഒടുവില്‍ ചരമപ്പേജില്‍ പടം പോലുമില്ലാത്ത വാര്‍ത്തയായി ഒതുങ്ങുന്ന ശ്രീധരന്‍ നായരാണ് മറ്റൊരു കഥാപാത്രം. ക്രിമിനല്‍ അഭിഭാഷകനായിരിക്കേ സത്യം പറയണമെന്ന തോന്നലില്‍ പത്രപ്രവര്‍ത്തകനായ ഉണ്ണി ആ ജോലിയും വിട്ട് ബിസിനസിലേക്ക് തിരിയുന്നു. മിസോറമില്‍ കുറ്റംചെയ്യാതെ പിടിയിലാകുന്ന അയാള്‍ പറയുന്നു: ‘പണം കൊടുത്തും സ്വാതന്ത്ര്യം നേടാം’. പണിക്കര്‍ എന്ന കഥാപാത്രം തന്‍െറ നഷ്ടപ്രണയത്തിന്‍െറ കാരണം വെളിപ്പെടുത്തി പറയുന്നു: ‘അവള്‍ ശരിയായ വഴി തെരഞ്ഞെടുത്തു. പക്ഷേ, ഞാന്‍ അവളില്‍നിന്ന് മോഷ്ടിച്ചെടുത്ത പ്രണയം മാത്രം അവള്‍ക്ക് തിരിച്ചുകിട്ടിയില്ല’. പത്രമോഫിസിലെ സഹപ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ പൊലീസ് ഒറ്റുകാരനാണ്.  സ്വാമിയാകട്ടെ, തന്‍െറ സെക്കന്‍ഡ്ഹാന്‍ഡ് പുസ്തകക്കടയില്‍ സ്ഥിരമായി വന്ന് ‘ഫ്രോണ്ടിയര്‍’ വാങ്ങിയവരുടെ പേരുകള്‍ പണത്തിനു പകരമായി ബാലകൃഷ്ണന് കൈമാറുന്നു. ഈ പേരുകളിലൂടെയാണ് അധികാരം നിരവധി യുവാക്കളുമേല്‍ സ്റ്റീം റോളര്‍ കയറ്റി ഉരുട്ടുന്നത്.
അധികാരം, തൊഴില്‍, വിപ്ളവം/രാഷ്ട്രീയം, പ്രണയം, കുടുംബം, സൗഹൃദം, സ്വപ്നങ്ങള്‍, ആദര്‍ശം എന്നിവ പലതവണ നോവലിന്‍െറ പ്രമേയമാകുന്നു. ഇവയുടെ ഉയര്‍ച്ചതാഴ്ചകള്‍ക്കിടെ വാക്കുകള്‍ ചോരവാര്‍ന്ന് മുറിഞ്ഞുവീഴുന്നു. അടിയന്തരാവസ്ഥ, നക്സലൈറ്റ് തുടങ്ങിയ വാക്കുകള്‍ പുസ്തകത്തിലില്ല. വേണമെങ്കില്‍ ഓരോ ഖണ്ഡികയിലും നോവലിസ്റ്റിന് അത് സാധ്യമാകുമായിരുന്നു. അതില്ലാത്തതാണ്  നോവലിന്‍െറ സവിശേഷത. എന്തിന്, അഭിമുഖത്തിന് വിധേയനാകാന്‍ പോകുന്നയാള്‍ പഴയ പൊലീസ് മേധാവിയാണെന്നതിനു പോലും നോവലില്‍ സൂചനകളേയുള്ളൂ. കലുഷിതമായ പശ്ചിമബംഗാളില്‍നിന്ന് സമര്‍സെന്‍ എന്ന വലിയ പത്രപ്രവര്‍ത്തകന്‍െറ പത്രാധിപത്വത്തിനു കീഴില്‍ പുറത്തിറങ്ങിയ ‘ഫ്രോണ്ടിയര്‍’ മാസിക നോവലില്‍ കഥാപാത്രമാണ്. ‘ഫ്രോണ്ടിയര്‍’ എന്ന സൂചന/സൂചകം നമ്മളോട് പലതും പറയാതെ പറയുന്നു. ഒറ്റപ്പെട്ട പുരയിടത്തിലെ മഞ്ഞച്ചായം പൂശിയ മാളികയും മറ്റൊരു സൂചനയാണ്. അവിടേക്ക് വന്നുപോയ പൊലീസ് വാഹനങ്ങള്‍, അതിലുണ്ടാവുമായിരുന്ന ചെറുപ്പക്കാരും നമ്മുടെ ചിന്തയെ അസ്വസ്ഥമാക്കുന്നു. രാഷ്ട്രീയവും അധികാരവുമാണ് നോവലിലെ കാതലായ പ്രമേയം. വായനപോലും രാഷ്ട്രീയപ്രവര്‍ത്തനമാവുന്ന കാലത്തെപ്പറ്റിയാണ് പലപ്പോഴും നോവല്‍ സംസാരിക്കുന്നത്.
 ഒരുപക്ഷേ, അടിയന്തരാവസ്ഥയെ ഏറ്റവും നന്നായി വരച്ചിടുന്ന നോവലാവും ‘ആ വാക്കിന്‍െറ അര്‍ഥം’. എന്നാല്‍, അടിയന്തരാവസ്ഥ എന്ന വാക്ക് ഇവിടെ പ്രയോഗിക്കുന്നത് നോവല്‍ വായനക്ക് തടസ്സമാക്കിക്കൂടാ. കാരണം, നോവല്‍ ഏതുകാലത്തും ഏതുദേശത്തും എപ്പോള്‍ വേണമെങ്കിലും ബാധകമായ ഒന്നാണ്. അടിയന്തരാവസ്ഥക്കാലം അതില്‍ ഒന്നുമാത്രം. അക്കാലത്തെ വേദനകള്‍ എസ്. ജയചന്ദ്രന്‍ നായരുടെ ആത്മാവില്‍ പകര്‍ന്നിരിക്കുന്നതുപോലെ നമുക്ക് അനുഭവപ്പെടുന്നു. മുമ്പ് ‘പിറവി’യുടെ തിരക്കഥയിലും അദ്ദേഹം അത് തീവ്രമായി പകര്‍ത്തിയിട്ടുണ്ട്.
നോവലില്‍ പതിനൊന്നാം അധ്യായത്തില്‍, ഫസ്റ്റ് പേഴ്സന്‍ എഴുതിയ കഥ മറ്റൊരു കഥാപാത്രം വിലയിരുത്തുന്നതിങ്ങനെ: ‘കഥ നന്നായിരിക്കുന്നു. പലരുടെയും നിഴല്‍ അതില്‍ കിടക്കുന്നുണ്ട്’. ഈ നോവലിലും അത് ശരിയാവും. നോവലിസ്റ്റിന്‍െറ, ജയറാം പടിക്കലിന്‍െറ, ഈച്ചരവാര്യരുടെ, രാജന്‍െറ, കെ. ബാലകൃഷ്ണന്‍െറ, പിന്നെ നമുക്ക് അറിയാവുന്ന ഒരുപിടി ആള്‍ക്കാരുടെ നിഴലുകള്‍ നോവലില്‍ വീണുകിടക്കുന്നു. നിഴലുകളും വാക്കുകളും ഒന്നുചേര്‍ന്ന് നമുക്കു മുന്നില്‍ മാറിമറിയുന്നു.
തുക്കറാമിന്‍െറ ഒരു ശ്ളോകമാണ് പുസ്തകത്തിന്‍െറ ആമുഖം. ‘എന്‍െറ കൈയില്‍ വാക്കുകള്‍ മാത്രമേയുള്ളൂ. എനിക്ക് ചൂടുപകരുന്ന വസ്ത്രങ്ങളായി. അതുമാത്രമാണ് എനിക്ക് സ്വന്തമായുള്ളത്... അത് മാത്രമാണ് സുലഭമായി ചെലവഴിക്കാന്‍ എന്‍െറ കൈയിലുള്ള സ്വത്ത്’. വാക്കുകള്‍ തന്നെയാവും നോവലിസ്റ്റിന്‍െറ മൂലധനം. മുമ്പേ ജയചന്ദ്രന്‍ നായരുടെ ഗദ്യം മലയാളിക്ക് പരിചിതമാണ്. നോവലാകട്ടെ, വാക്കുകളില്‍ തീര്‍ത്ത ശില്‍പമാണ്. അല്ളെങ്കില്‍ ലളിതസുന്ദരമായി തെളിഞ്ഞൊഴുകുന്ന പുഴയാണ്. മറ്റു ചിലപ്പോള്‍ നമ്മെ ഉലച്ച്, ചുഴിയില്‍പെടുത്തുന്നു. ചിലപ്പോഴൊക്കെ കര്‍പ്പൂരനാളമായി ജ്വലിക്കുന്നു.  സൂക്ഷ്മമായി തെരഞ്ഞെടുത്ത് മനോഹരമായി ചേര്‍ത്തുവെച്ച വാക്കുകള്‍ ധ്വനി സാന്ദ്രമായി, വല്ലാത്ത മുഴക്കങ്ങള്‍ സൃഷ്ടിക്കുന്നു. ഈ ഗദ്യവും അതിലെ വാക്കുകളുടെ ധാരാളിത്തവും നമ്മെ മോഹിപ്പിക്കും. അനാവശ്യ ബൗദ്ധിക ജാടകള്‍ ഒട്ടുമേയില്ല.
സതീശന്‍ ആത്മഹത്യ ചെയ്തതിന്‍െറ അടുത്തദിവസം ഫസ്റ്റ് പേഴ്സന്‍/പത്രപ്രവര്‍ത്തകന്‍ അഭിമുഖം നടത്താന്‍ പോകുന്നു.‘രാത്രികാലങ്ങളില്‍ അദ്ദേഹം ഞെട്ടിയുണര്‍ന്ന് അലറിവിളിക്കാറുണ്ടെന്ന് അറിയാം. ഭൂതങ്ങളും പിശാചുക്കളും നിറഞ്ഞ രാത്രികള്‍. ഉറക്കത്തിനിടയില്‍ ഞെട്ടിയുണര്‍ന്ന്, പല്ലിറുമ്മുകയും അമറുകയും ചെയ്യുന്നവരെ മുജ്ജന്മത്തിലെ പാപപങ്കിലമായ അനുഭവങ്ങള്‍ അലട്ടുന്നുണ്ടാവും. അജ്ഞാതരായ ശത്രുക്കളില്‍നിന്ന് ഓടിയൊളിക്കാനുള്ള വെപ്രാളം അവരുടെ ഉറക്കത്തെ ധ്വംസിക്കുന്നു. അവരില്‍ ഓരാളായിരുന്നു അദ്ദേഹവും’. പക്ഷേ, അയാളോട് ചോദിക്കാന്‍ ഒരൊറ്റ ചോദ്യം മാത്രമേ അഭിമുഖത്തിന് പോകുന്നയാള്‍ ഒരുക്കിവെച്ചിരുന്നുള്ളൂ എന്ന് നോവലിന്‍െറ ഒടുവില്‍ അറിയുന്നു: ‘നിങ്ങള്‍ അമ്മയെ സ്നേഹിച്ചിരുന്നോ?’. എന്നാല്‍, ആ ചോദ്യവും അഭിമുഖീകരിക്കപ്പെടുന്നില്ല.
ആദ്യഘട്ട നോട്ടത്തില്‍ ഒട്ടും ആകര്‍ഷകമായി തോന്നിയില്ല മുഖചിത്രം. ചുവന്ന രണ്ട് കൈപ്പടം. പക്ഷേ, വായന ആദ്യ മൂന്ന് അധ്യായങ്ങള്‍ പിന്നിടുമ്പോള്‍ അറിയുന്നു, ഇതിനേക്കാള്‍ നല്ളൊരു മുഖചിത്രം വേറെയില്ളെന്ന്. മറ്റൊന്നും പുസ്തകത്തിന് ചേരില്ളെന്ന്. മുഖചിത്രം വരച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്കാണ് പുസ്തകം സമര്‍പ്പിച്ചിട്ടുള്ളതും.
മികച്ചത്/ശ്രേഷ്ഠം എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ നല്‍കി നോവലിനെ വികലമാക്കേണ്ടതില്ല. ഇത്രമാത്രം പറയാം, നിസ്സംശയം വായിച്ചിരിക്കേണ്ടതാണ് നോവല്‍. പ്രത്യേകിച്ച് എഴുത്തും ഭാവനയും വായനയും അരാഷ്ട്രീയത്തിന്‍െറ മേഖലയില്‍ നിറഞ്ഞാടുമ്പോള്‍. ആഘോഷങ്ങളുടെ അരങ്ങില്‍നിന്ന് എന്നും അകന്നുനില്‍ക്കുന്നയാളാണ് എസ്. ജയചന്ദ്രന്‍ നായര്‍. അക്കാരണത്താല്‍തന്നെ നോവല്‍ അധികം വായിക്കപ്പെടാതിരിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അങ്ങനെ സംഭവിച്ചാല്‍ അതാവും നല്ല വായന നേരിടുന്ന ദുര്യോഗം.


ആ വാക്കിന്‍െറ അര്‍ഥം
എസ്. ജയചന്ദ്രന്‍ നായര്‍
വില: 85.00, പേജ് 112
മാതൃഭൂമി ബുക്സ് കോഴിക്കോട്


വാരാദ്യമാധ്യമം
2013 നവംബര്‍ 3 ഞായര്‍

1 comment:

  1. വായിക്കാന്‍ ശ്രമിക്കാം..

    ReplyDelete