Showing posts with label നക്സലൈറ്റ്. Show all posts
Showing posts with label നക്സലൈറ്റ്. Show all posts

Saturday, December 14, 2013

"കമ്യൂണിസ്റ്റുകള്‍ മാര്‍ക്സിസ്റ്റുകളായിരുന്നില്ല'



മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ ദേശീയ തലത്തിലും സാര്‍വദേശീയതലത്തിലും നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്? കേരളത്തിലെ നക്സലൈറ്റുകള്‍ എങ്ങനെ ചിന്തിക്കുന്നു? പ്രവര്‍ത്തിക്കുന്നു? മാവോയിസ്റ്റുകള്‍ എത്ര മാത്രം ശക്തരാണ്?- മുതിര്‍ന്ന നക്സലൈറ്റ് നേതാവും "പോരാട്ടം' ചെയര്‍മാനുമായ എം.എന്‍.രാവുണ്ണിയെന്ന മുണ്ടൂര്‍ രാവുണ്ണി സംസാരിക്കുന്നു






"കമ്യൂണിസ്റ്റുകള്‍ 

മാര്‍ക്സിസ്റ്റുകളായിരുന്നില്ല'


ആഞ്ഞുകത്തുന്ന തീമരം പോലെ, ഒട്ടും കെട്ടുപോകാതെ ചുവന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്ന അധികമാളുകള്‍ നമുക്കില്ല. അധികമെന്നല്ല, ചിലപ്പോള്‍ ഒട്ടുമേയില്ല. എം.എന്‍. രാവുണ്ണിയെന്ന മുണ്ടൂര്‍ രാവുണ്ണിയാവും ഈ ഗണത്തില്‍ വരുന്ന ആദ്യയാളുകളിലൊരാള്‍.
കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിലെ തലമുതിര്‍ന്ന നേതാവാണ് എം.എന്‍. എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന രാവുണ്ണി. സായുധവിപ്ളവത്തെ ഗാഢമായി പ്രണയിക്കുന്നൊരാള്‍. കറതീര്‍ന്ന കമ്യൂണിസ്റ്റ്. അനുഭവങ്ങളുടെ സാഗരം.
അഞ്ചുപതിറ്റാണ്ടുകളില്‍ രാവുണ്ണി നടന്ന ദൂരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ കയറ്റിറക്കങ്ങളാണ്.
1939 ഏപ്രില്‍ 10 ന് പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ ജനനം. ഫ്യൂഡല്‍ കുടുംബാംഗം. ഇടതുപക്ഷ അനുഭാവിയായ അച്ഛനൊപ്പം ചെറുപ്പത്തിലെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തു. അമ്പതുകളുടെ മധ്യത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം സജീവം. 1957 ല്‍ മദ്രാസിലേക്ക് സ്ഥലം വിട്ടു. അവിടെ മദ്രാസ് സ്റ്റേറ്റ് വൈദ്യതി ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി. എന്നാല്‍, ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനത്തിന്‍െറ തുടര്‍ച്ചയില്‍ സര്‍വീസില്‍ നിന്ന് പുറത്തായി. അതോടെ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകന്‍. ഇടക്കാലത്ത് മദ്രാസില്‍ സോവിയറ്റ് കൗന്‍സില്‍ ജനറല്‍ ഓഫീസില്‍ ജോലി. '64 ല്‍ പാര്‍ട്ടി പിളരുന്നതിനു മുമ്പേ, വിമതപക്ഷത്തിനൊപ്പം നിലകൊണ്ടു. "തീക്കതിര്‍' എന്ന പത്രം തുടങ്ങി. പിന്നീട് തീക്കതിര്‍ തമിഴ്നാട്ടില്‍ സി.പി.എമ്മിന്‍െറ മുഖപത്രമായി. 64 ല്‍ ചൈനീസ് ചാരന്‍ എന്ന് മുദ്രകുത്തി  ഭരണകൂടം കടലൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. 66 അവസാനം തീക്കതിറിന്‍െറ പത്രാധിപസ്ഥാനം രാജിവച്ചു. അതോടെ പ്രവര്‍ത്തനം പാലക്കാടായി.  67 ല്‍ ഭക്ഷ്യക്ഷാമം നേരിട്ടപ്പോള്‍ ജന്മിമാര്‍ പൂഴ്ത്തിവച്ച ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുക്കുന സമരം സംഘടിപ്പിച്ചു. ഈ ഘട്ടത്തില്‍ നക്സല്‍ബാരിയില്‍ നിന്ന് കാര്‍ഷിക കലാപ വാര്‍ത്തകള്‍ വന്നു തുടങ്ങി. ബംഗാളില്‍ ഭരണകക്ഷിയായ സി.പി.എം. കര്‍ഷകരെ അടിച്ചമര്‍ത്തുന്നത് അറിഞ്ഞതോടെ പാര്‍ട്ടി ബന്ധം പൂര്‍ണമായി വിചേ്ഛദിച്ചു. ഇതിനുമുമ്പേ കോഴിക്കോടുള്ള കുന്നിക്കല്‍ നാരായണനുമായി ബന്ധം സ്ഥാപിച്ചിരുന്നു. പാലക്കാട് നക്സല്‍ബാരി കര്‍ഷക സഹായ സമിതി രൂപീകരിച്ചു. "ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്‍െറ ഇടിമുഴക്കം' എന്ന ലഘുലേഖ കേരളത്തില്‍ ആദ്യമായി മൊഴിമാറ്റി, റെഡ്റൂട്ട് എന്ന പ്രസിദ്ധീകരണ കേന്ദ്രം സ്ഥാപിച്ച് പുറത്തിറക്കി. കേരളത്തില്‍ നക്സലൈറ്റുകളുടെ ആദ്യത്തെ  കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതില്‍ സംസ്ഥാന സമിതി അംഗം. തലശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്തു. 1969 അവസാനം കോഴിക്കോട് ബാലുശ്ശേരിയില്‍ ചേര്‍ന്ന  വിലയിരുത്തല്‍ യോഗത്തില്‍ കുന്നിക്കല്‍ വിഭാഗവുമായി തെറ്റി. ഗ്രാമങ്ങളില്‍ കേന്ദ്രീകരിച്ച് ഗറില്ലായുദ്ധം നടപ്പാക്കുകയും വിപ്ളവ പ്രവര്‍ത്തനം നടത്തുകയും ചെയ്യണമെന്ന നിലപാടായിരുന്നു രാവുണ്ണിക്ക് ഉണ്ടായിരുന്നത്.  യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങിയ  രാവുണ്ണി അവിടെ വച്ചു തന്നെ എ. വര്‍ഗീസുമായി ഒന്നിച്ചു. കേരളത്തിലെ സി.പി.ഐ (എം.എല്‍) ഒൗദ്യോഗിക കമ്മിറ്റിക്കെതിരെ വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ രൂപീകരിച്ച സമാന്തര സംസ്ഥാന കമ്മിറ്റിയില്‍ അംഗമായി.  ജന്മിമാരെ ഉന്മൂലനം ചെയ്യുക എന്ന മുദ്രാവാക്യത്തിന്‍െറ അടിസ്ഥാനത്തില്‍ 1970 ജൂലൈ 30 ന് കോങ്ങാട് നാരായണന്‍ കുട്ടി നായര്‍  എന്ന കുപ്രസിദ്ധ ജന്മിയെ വധിച്ചു. രാവുണ്ണിയായിരുന്നു ആക്ഷന്‍്റെ പാര്‍ട്ടി ചുമതലയുള്ള പൊളിറ്റിക്കല്‍ കമ്മിസാര്‍. കേസില്‍ പിടിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രാവുണ്ണി  1971 മെയ് 27 ന് എട്ട് നക്സലൈറ്റുകള്‍ക്കൊപ്പം വിയ്യൂര്‍ ജയില്‍ ചാടി.  വൈകാതെ വീണ്ടും പിടിയിലായി. കരിവെള്ളൂരില്‍ പിടിയിലാകുമ്പോള്‍  നക്സല്‍ബാരി അനുകൂല മുദ്രാവാക്യം മുഴക്കിയതിന്  പോലീസ് തൊണ്ടയിലെ സ്വനഗ്രാഹി വലിച്ചുപൊട്ടിച്ചു. അഞ്ചുവര്‍ഷം ഏകാന്തതടവില്‍. ഒടുവില്‍ 1980 മധ്യത്തില്‍ ജയില്‍ മോചനം. തുടര്‍ന്ന് കെ.വേണു നേതൃത്വം നല്‍കിയ സി.ആര്‍.സി, സി.പി.ഐ (എം.എല്‍) അംഗം. വൈകാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. കെ. വേണു പാര്‍ട്ടി പിരിച്ചുവിട്ടപ്പോള്‍ കേരള കമ്യൂണിസ്റ്റ് പാര്‍ട്ടി (കെ.സി.പി) രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങി. പാര്‍ട്ടി കേന്ദ്ര പ്രചരണ സമിതി സെക്രട്ടറിയായി. 1992 മുതല്‍ "മുന്നണിപ്പോരാളി' മാസികയുടെ  പത്രാധിപര്‍. പിന്നീട് മാവോയിസ്റ്റ് ഐക്യ കേന്ദ്രത്തിന്‍െറയും സി.പി.ഐ. എം എല്‍ (നക്സല്‍ബാരി)യുടെ രാഷ്ട്രീയ നേതൃത്വത്തിന്‍ കീഴില്‍ പ്രവര്‍ത്തനം. ഇപ്പോള്‍ "പോരാട്ടം' സംസ്ഥാന ചെയര്‍മാനാണ്.
കോഴിക്കോട് ഒരു മനുഷ്യാവകാശ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ എം.എന്‍. രാവുണ്ണിയുമായി നളന്ദ ഹോട്ടലില്‍ നടത്തിയ സംഭാഷണത്തിന്‍െറ പ്രസ്ക്ത ഭാഗങ്ങളാണ് ചുവടെ:



എന്താണ് കേരളത്തിലെ നക്സലൈറ്റുകളുടെ അവസ്ഥ. ഇപ്പോള്‍ പൊതുവില്‍  സജീവ പ്രവര്‍ത്തനം നടക്കുന്നതായി തോന്നുന്നില്ല..?

കേരളത്തില്‍ എഴുപതുകളിലോ എണ്‍പതുകളിലോ കണ്ട സജീവത നക്സലൈറ്റ് പ്രസ്ഥാനത്തിന് ഇപ്പോള്‍ ഇല്ല എന്നത് വാസ്തവമാണ്. എന്നാല്‍, നക്സലൈറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ജനകീയ സമരങ്ങളുടെ മുന്‍നിരയിലുണ്ട്. കേരളത്തിന്‍െറ ഭൂപടത്തില്‍ ജനകീയ സമരങ്ങള്‍ നടക്കാത്ത മേഖലകള്‍ ഒന്നും തന്നെയില്ല എന്നു പറയാം. അത് പരിസ്ഥിതി സംരക്ഷണത്തിനാകട്ടെ, കുടിയൊഴിപ്പിക്കലിനെതിരെയാവട്ടെ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയവാട്ടെ. സമരം എല്ലാ മേഖലകളിലും നടക്കുന്നുണ്ട്.  ഇത് എത്രത്തോളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നത് വിഷയമാണ്. എങ്കില്‍ തന്നെയും ആദിവാസി, ദളിത്, തൊഴിലാളി പ്രശ്നങ്ങളില്‍ ഒക്കെ ഇടപെട്ട് നക്സലൈറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഉണ്ടായിവരുന്ന ബന്ധങ്ങള്‍ക്ക് സമൂര്‍ത്ത സംഘടനാ രൂപം നല്‍കി വികസിപ്പിക്കുന്നതില്‍ നക്സലൈറ്റുകള്‍ക്ക് ഇനിയും  കുറേ മുന്നേറാനുണ്ട്. അത്തരം ശ്രമങ്ങള്‍ കാര്യക്ഷമമായി നടക്കുമ്പോള്‍ നക്സലൈറ്റുകള്‍ വീണ്ടും മുന്‍നിരയില്‍ വരും.


നക്സലൈററ് പ്രസ്ഥാനത്തിന് 45 വയസ് പിന്നിട്ടിരിക്കുന്നു. ഇപ്പോഴും ഏതാണ്ട് തുടങ്ങിയിടത്തു തന്നെയാണ് സംഘടന. കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന് ആഗോളതലത്തില്‍ തിരിച്ചടിയും നേരിട്ടിരിക്കുന്നു. എന്നിട്ടും താങ്കള്‍ ശുഭാപ്തി വിശ്വാസിയായി തുടരുന്നതിന് എന്താണ് അടിസ്ഥാനം?

വിപ്ളവത്തിന്‍െറ കാര്യത്തില്‍ ഞാന്‍ ശുഭാപ്തിവിശ്വാസിയാണ്. അതിന് കാരണം മാര്‍ക്സിസത്തിലുള്ള വിശ്വാസമാണ്. മാര്‍ക്സിസത്തിന്് പകരം വയ്ക്കാന്‍ മറ്റൊരു ആശയശാസ്ത്രമില്ല. പ്രകൃതി നിയമങ്ങള്‍ സമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കാനും സമൂഹത്തെ മാറ്റിത്തീര്‍ക്കാനും മാര്‍ക്സിസം (പുതിയ കാലത്ത് അതിന്‍െറ വികസിത രൂപമായ മാവോയിസം) ശക്തിമത്തായ ആയുധവും വഴികാട്ടിയുമാണ്. അതുകൊണ്ട് തന്നെ കമ്യൂണിസത്തില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. രണ്ടാമത്, 45 വയസ് എന്നത് മനുഷ്യരാശിയുടെ ചരിത്രത്തില്‍ വലിയ കാലയളവല്ല. ചരിത്രം മൊത്തത്തില്‍ എടുത്തുനോക്കിയാല്‍ വിജയവും പരാജയവും കാണാം. പരാജയം നേരിട്ടാലും മനുഷ്യരാശി മുന്നോട്ട് പോവുകയാണുണ്ടായത്. അടിമത്ത കാലത്തെ പരാജയപ്പെടുത്തി മനുഷ്യന്‍ നാടുവാഴിത്തത്തിലേക്ക് നീങ്ങി. അതിനെയും പരാജയപ്പെടുത്തി മുതലാളിത്തത്തിലേക്കും. അത് ഒഴുക്കാണ്. ഇതിനിടയില്‍ പാരീസ് കമ്യൂണ്‍ തൊഴിലാളികള്‍ സ്ഥാപിച്ചു. അത് അട്ടിമറിക്കപ്പെട്ടു. എന്നിട്ടും മനുഷ്യരാശി മുന്നോട്ട് പോയി. റഷ്യന്‍ വിപ്ളവം നടന്നു. അത് അട്ടിമറിക്കപ്പെട്ടു. ചൈനീസ് വിപ്ളവം നടന്നു, അട്ടിമറിക്കപ്പെട്ടു. എന്നാലും മനുഷ്യന്‍ മുന്നോട്ട് പോകും. വിപ്ളവം എന്നത് യാഥാര്‍ഥ്യമാണ്. അത് സംഭവിക്കും. അത് ഏന്‍െറ ജീവിത കാലത്ത് തന്നെ നടന്നുകൊള്ളണമെന്നില്ല. ചിലപ്പോള്‍ അടുത്ത തലമുറയിലാവും സംഭവിക്കുക.  അതിനുവേണ്ടി ജനങ്ങളെ ഒരുക്കുക എന്നതാണ് ഞാനേറ്റിരിക്കുന്ന കടമ. വിപ്ളവത്തിന് അനൂകൂലമായി  വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ എല്ലാം ഒത്തുവരുമ്പോള്‍ നമുക്ക് ആത്മനിഷ്ഠ ശക്തികള്‍ ഇല്ലാതെ വന്നാലോ? അതുണ്ടാവാതിരിക്കാന്‍ ഇപ്പോഴേ പ്രവര്‍ത്തിക്കേണ്ടതുണ്ട്.  45 വര്‍ഷം വലിയ കാലയളവായി എനിക്ക് തോന്നുന്നില്ല, അതെന്നെ അശുഭാപ്തി വിശ്വാസിയുമാക്കുന്നില്ല.


ഇടത്തരം സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. വിപ്ളവം ഇല്ലാതെ ജീവിക്കാവുന്ന അവസ്ഥ മധ്യവര്‍ഗത്തിനും അതില്‍ താഴെയുള്ളവര്‍ക്കുമിടയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പിന്നെ എന്തടിസ്ഥാനത്തിലാണ് വിപ്ളവം സാധ്യമാകുമെന്ന് പറയുന്നത്?


ശരിയാണ്. കേരളത്തില്‍ മധ്യവര്‍ഗത്തിന് വിപ്ളവം ആവശ്യമായ അവസ്ഥ വളരെ കുറഞ്ഞ അളവിലാണ്. വേണമെങ്കില്‍ ഈ സമൂഹത്തില്‍ അവര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ നിന്നുപോകാം. എന്നാല്‍ ഇത് സ്ഥായിയായ പ്രതിഭാസമല്ല. താല്‍ക്കാലികമാണ്. അമേരിക്കയാണ് ഏറ്റവും വലിയ സമ്പന്ന രാജ്യമെന്ന് നമ്മള്‍ കരുതിയത്. പക്ഷേ, അവര്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അത് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ ഉണ്ടാക്കിയതല്ല. മുതലാളിത്തത്തിന്‍െറ ആന്തരിക പ്രതിസന്ധിയാണ്. അവിടെ ജനം സ്വയം തെരുവിലിറങ്ങി. കേരളത്തിലെ മധ്യവര്‍ഗ അവസ്ഥകള്‍ക്ക് പെട്ടെന്ന് തിരിച്ചടി നേരിടും. സ്വാശ്രിതമായ വികസനം നടക്കാത്ത ഇവിടെ, കാര്‍ഷികധാന്യങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമുക്ക് വലിയ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാനാവില്ല. സ്വാഭാവികമായി ഈ മിഥ്യകള്‍ തകരും. വിപ്ളവവും സമരവും   അടിയന്തരാവശ്യമായി ഈ ഇടത്തരം/മധ്യവര്‍ഗത്തിനും മാറും.


സാഹചര്യത്തെ മാറ്റി നിര്‍ത്താം. എന്തുകൊണ്ടാണ് നക്സലൈറ്റുകള്‍ ഒരു ശക്തിയായി മാറാന്‍ കഴിയാത്തത്?

അതിന് പലതരം കാരണങ്ങളുണ്ട്. ഒന്നാമത് വിപ്ളവ സാഹചര്യങ്ങളില്‍ വേലിയേറ്റവും ഇറക്കവുമുണ്ട്. കയറ്റിറക്കങ്ങള്‍ സ്വാഭാവികം. 90 കളോടെ വിപ്ളവ സാഹചര്യത്തില്‍ ഇറക്കം സംഭവിച്ചിട്ടുണ്ട്. അത് നക്സലൈറ്റുകളെയും ബാധിച്ചു. രണ്ടാമത് പ്രസ്ഥാനം ഇപ്പോഴും ബാലാരിഷ്ടതകളിലാണ്. അത് മാറിവരുന്നതേയുള്ളൂ. മാറ്റം പൂര്‍ണമായി എന്ന് പറയാനാവില്ല. സി.പി.ഐ (എം.എല്‍) രൂപീകരിക്കുന്നത് സി.പി.എം. പിളര്‍ന്നുവന്നവരെകൊണ്ടാണ്. അത് ശാസ്ത്രീയമായല്ല സംഘടിക്കപ്പെട്ടത്. ചാരുമജുംദാറിനെ സംബന്ധിച്ച് കലാപം ചെയ്യുക, അതിലൂടെ പാര്‍ട്ടി ഉണ്ടാക്കുക,പ്രശ്നങ്ങള്‍ പിന്നീട് പരിഹരിക്കുക എന്ന ഒരു സമീപനമാണുണ്ടായിരുന്നത്. അത് അന്നത്തെ കാലത്ത് ശരിയായിരിക്കാം. പക്ഷേ, പെട്ടന്ന് തന്നെ പാര്‍ട്ടി പലതായി പിളര്‍ന്നു. വരട്ടുതത്വവാദം ശക്തമായിരുന്നു. അണുവിട അംഗീകൃത ലൈനുകളില്‍ നിന്ന് മാറാന്‍ പാടില്ളെന്നായിരുന്നു ഇതിന്‍െറ രാഷ്ട്രീയ രൂപം. അത്തരത്തില്‍ പലതരം പ്രശ്നങ്ങള്‍ നക്സലൈറ്റ് പ്രസ്ഥാനം നേരിട്ടിട്ടുണ്ട്. മാത്രമല്ല, സമൂഹത്തിന്‍െറ വൈരുദ്ധ്യങ്ങള്‍ കൃത്യമായി മനസിലാക്കുന്നതിലും പലതരം വീഴ്ചകള്‍ സംഭവിച്ചു. കേരളത്തിലാകട്ടെ കെ. വേണു വിന് വിപ്ളവ ആധികാരികത്വം നല്‍കുന്ന തെറ്റായ പ്രവണതയുണ്ടായിരുന്നു. അയാള്‍ പാര്‍ട്ടി പിരിച്ചിവിട്ടപ്പോള്‍ പലരും നിരാശരായത് അതുകൊണ്ടാണ്. ഇത്തരം ബാലാരിഷ്ടതകളെ നക്സലൈറ്റുകള്‍ മറികടന്നിട്ടുണ്ട്. എങ്കിലും ചിലയിടങ്ങളില്‍ അതിപ്പോഴുമുണ്ട്. ഒപ്പം പുതുതായി രൂപപ്പെടുന്ന ബന്ധങ്ങളെ സജീവമായി രാഷ്ട്രീയ സംഘടനയില്‍ ഉറപ്പിക്കുന്നതില്‍ പരാജയപ്പെടുന്നതും ശക്തിയായി മാറുന്നതില്‍ തടസമുണ്ട്.


എന്താണ് നിങ്ങളുടെ രാഷ്ട്രീയ ലൈന്‍?

മാര്‍ക്സിസം-ലെനിനിസം-മാവോയിസത്തിന്‍െറ അടിസ്ഥാനത്തില്‍ കാര്‍ഷിക വിപ്ളവം മുഖ്യ ഉള്ളടക്കമായ പുത്തന്‍ജനാധിപത്യ വിപ്ളവം പൂര്‍ത്തീകരിക്കലാണ് രാഷ്ട്രീയ ലൈന്‍. ജാതി നശീകൃത, മതേതതര, സോഷ്യലിസ്റ്റ്, ജനാധിപത്യ സമൂഹത്തിന്‍െറ സൃഷ്ടിയാണ് ലക്ഷ്യം. സാര്‍വദേശീയ വിപ്ളവത്തിന്‍െറ ഭാഗമാണ് ഇന്ത്യയിലെ വിപ്ളവം. ജനകീയ യുദ്ധമാണ് വിമോചനത്തിന്‍െറ മാര്‍ഗം. പാര്‍ലമെന്‍ററി പാതയെ ഞങ്ങള്‍ തള്ളിക്കളയുന്നു. തൊഴിലാളി വര്‍ഗ നേതൃത്വത്തില്‍ കര്‍ഷകര്‍ മുഖ്യ സംഖ്യകക്ഷിയായ പുത്തന്‍ ജനാധിപത്യത്തിന്‍െറ തന്ത്രപരമായ കോണില്‍ നിന്ന് ദേശീയ പ്രശ്നം പോലുളള വിഷയങ്ങള്‍ ഏറ്റെടുക്കും.


കേരളത്തില്‍ സജീവമായിരുന്നത് നിങ്ങള്‍ നേതൃത്വം നല്‍കിയ സംഘടനയായിരുന്നു.അതായത് സി.ആര്‍.സി, സി.പി.ഐ (എം.എല്‍)ന്‍െറ തുടര്‍ച്ചയായി രൂപീകരിക്കപ്പെട്ട പാര്‍ട്ടിയും ബഹുജന സംഘടനകളും. എന്നാല്‍, ഇപ്പോള്‍ അത് സി.പി.ഐ. മാവോയിസ്റ്റുകളായി. അത് എന്തുകൊണ്ട്? മാവോയിസ്റ്റുകളെ വനാതിര്‍ത്തികളില്‍ ല്‍ കണ്ടു എന്ന മട്ടില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വരുന്നു. എന്താണ് വാസ്തവം?

സി.പി.ഐ (മാവോയിസ്റ്റ്) രൂപീകരിക്കപ്പെടുന്നത് 2004 ല്‍ ആണ്. പീപ്പിള്‍സ്വാറും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്‍ററും ലയിച്ചിട്ട്. ഈ ലയനം പുതിയ പാര്‍ട്ടിക്ക് ചില മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് ഭരണകൂടം എറ്റവും വലിയ ആഭ്യന്തര ഭീഷണിയായി വിലയിരുത്തിയ പശ്ചാത്തലത്തില്‍. പീപ്പിള്‍സ് വാര്‍ രുപീകരിക്കുന്നതില്‍ മുന്‍കൈ എടുത്ത, അതിന്‍െറ സ്ഥാപക നേതാക്കളില്‍ ഒരാളായ റവൂഫ് സി.പി.ഐ (എം.എല്‍) നക്സല്‍ബാരിക്കൊപ്പമാണ്. കേരളത്തിലെ വനങ്ങളില്‍ മാവോയിസ്റ്റ് ഗറില്ലാ പോരാളികള്‍ ഉണ്ടെന്ന് അവരുടെ തന്നെ പ്രസ്താവനയിലും അവരുടെ നേതാക്കള്‍ വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങളിലും വ്യക്തമാക്കുന്നുണ്ട്. പക്ഷേ, അവര്‍ ഭരണകൂടവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന രീതിയില്‍ വന്‍ ശക്തിയൊന്നുമല്ല. ഭരണകൂടം തുടര്‍ച്ചയായി അവര്‍ക്കെതിരെയെന്ന മട്ടില്‍ സായുധ പൊലീസിനെ വയനാട് പോലുള്ള ആദിവാസി മേഖലകളില്‍ നിയോഗിക്കുന്നതിന് കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. ആദിവാസികളുടെ ഒരു പ്രക്ഷോഭവും ഉയര്‍ന്നുവരരുത്. മാവോയിസ്റ്റ് ഭീഷണി ഉയര്‍ത്തി നിലവിലുള്ളതും ഉയര്‍ന്നുവരാനുള്ളതുമായ എല്ലാ ജനകീയ സമരങ്ങളെയും അടിച്ചമര്‍ത്തുക. മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ വലിയ തോതില്‍ ഫണ്ട് വെട്ടിക്കുക എന്നിങ്ങനെ വിവിധങ്ങളായ ലക്ഷ്യങ്ങളാണുള്ളത്. ഇങ്ങനെ മാവോവാദികള്‍ എന്ന് തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് മാവോയിസ്റ്റുകള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നത്. കേരളത്തില്‍ മാവോയിസ്റ്റുകളേക്കാള്‍ വിപുലമായ ജനകീയ അടിത്തറയുള്ളതും സംഘടനാ ബന്ധങ്ങളമുള്ളത് സി.പി.ഐ (എം.എല്‍)നക്സല്‍ബാരിക്കാണ്.



സി.പി.ഐ എം.എല്‍ (നക്സല്‍ബാരി)യും സി.പി.ഐ മാവോയിസ്റ്റും ഉയര്‍ത്തുന്നത് ഏതാണ്ട് ഒരേ രാഷ്ട്രീയ- പ്രത്യയശാസ്ത്ര ലൈനുകളാണ്. അപ്പോള്‍  പിന്നെ ഒന്നിക്കുകയല്ളേ വേണ്ടത്?

അതെ. ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിക്കുകയാണ് വേണ്ടത്. ഞാന്‍ "പോരാട്ടം' സംഘടനയുടെ ചെയര്‍മാനാണ്. ആ തരത്തിലേ എനിക്ക് കാര്യങ്ങള്‍ വിശദീകരിക്കാനാവൂ. പാര്‍ട്ടി തല കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഞാനാളല്ല. സി.പി.ഐ (എം.എല്‍) നക്സല്‍ബാരിയുടെ രാഷ്ട്രീയ നേതൃത്വം ഞാന്‍ അംഗീകരിക്കുന്നുണ്ടെങ്കിലും. പീപ്പിള്‍സ്വാര്‍ വിഭാഗവുമായി എണ്‍പതുകളുടെ തുടക്കത്തില്‍ കേരളത്തിലുള്ളവര്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിപ്ളവപക്ഷമാണ് എന്ന തരത്തിലുള്ള അവരുടെ നിലപാടുകളും മറ്റുംകൊണ്ടാണ് ഐക്യം സാധ്യമാകാതെ വന്നത്. ചൈനയില്‍ 1976 ല്‍ നടന്നത് വലതുപക്ഷ അട്ടിമറിയാണെന്ന് കേരളത്തിലുള്ളവര്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. പീപ്പീള്‍സ്വാര്‍ സംഘടന അത് തിരിച്ചറിഞ്ഞത് വൈകിയാണ്. അതുപോലെ മാവോയിസം എന്ന് ഉപയോഗിക്കണമെന്ന് 1990 മുതലേ ഞങ്ങള്‍ ഉന്നയിക്കുന്നതാണ്. അന്നതിനോട് വിമുഖതായാണ് പീപ്പിള്‍സ്വാര്‍ കാട്ടിയത്. പിന്നീട് മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്‍ററുമായി ലയനം നടക്കുമ്പോഴാണ് അവര്‍ മാവോയിസം എന്ന് പ്രയോഗിക്കുന്നത്. അതുവരെ മാവോ ചിന്ത എന്നായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്. ഇത്തരം പലതരം കാരണങ്ങളാലാണ് ഐക്യം നടക്കാതെ വന്നത്. പക്ഷെ, ഭാവിയില്‍ ഐക്യം സംഭവിക്കുമെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.


നാടുവാഴിത്ത/ജന്മിത്വ വിരുദ്്ധ സമരമാണ് നിങ്ങളുടെ രാഷ്ട്രീയ ലൈന്‍. കേരളത്തെപ്പോലെ നാടുവാഴിത്ത ഘടനയില്‍ മാറ്റം വന്ന ഒരു സമൂഹത്തില്‍ എങ്ങനെയാണ് ഈ ലൈന്‍ പ്രാവര്‍ത്തികമാക്കുക? ആരാണ് ജന്മി എന്ന പ്രശ്നം ഉടലെടുക്കുന്നില്ളേ?

ഇന്ത്യയില്‍ ഒട്ടുമൊത്തത്തില്‍ നോക്കിയാല്‍ ജന്മിത്വം ശക്തമാണ്. അഖിലേന്ത്യാ വിപ്ളവത്തിന്‍െറ ഭാഗമാണ് കേരളത്തിലേതും. അതില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതല്ല. വസ്തുനിഷ്ഠമായി പറഞ്ഞാല്‍ ക്ളാസിക്കല്‍ ഫ്യൂഡലിസം അല്ല കേരളത്തിലുള്ളത്. നക്സലൈറ്റ് കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ത്വരിതമാക്കിയ ഭൂപരിഷ്കരണവും കമ്യൂണിസ്റ്റുകളുടെ നേതൃത്വത്തില്‍ കൃഷിഭൂമിക്കായി നടന്ന സമരങ്ങളും നാടുവാഴിത്ത ബന്ധങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി എന്നത് ശരിയാണ്. എന്നാല്‍ നാടുവാഴിത്തം ചൂഷണത്തിന്‍െറ അടിത്തറ എന്ന നിലയില്‍ മാറിയിട്ടില്ല. കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ലഭിച്ചിട്ടുമില്ല. ഭൂബന്ധങ്ങളില്‍ നാടുവാഴിത്ത ക്രമം ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഭൂകേന്ദ്രീകരണം മുമ്പെന്നത്തേക്കാളും ശക്തമാണ്. ഭൂപ്രഭുത്വം എന്ന അവസ്ഥയുണ്ട്. ജനസഖ്യയില്‍ 7 ശതമാനം പേര്‍ 20 ഏക്കറില്‍ കൂടുതല്‍ സ്വത്തുള്ളവരാണ്. പുത്തന്‍കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് രൂപപ്പെടുത്തിയ  ഉല്‍പാദന ബന്ധങ്ങളാണ് കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്നത്. ഉല്‍പാദനശക്തികളുടെ വികാസം സംഭവിച്ചിട്ടില്ല. ഇപ്പോഴും കൃഷിക്ക് പ്രാധാന്യമുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും  അതേ സമയം ഭൂമി വന്‍ തോതില്‍ തോട്ടം മേഖലയിലടക്കം കേന്ദ്രീകരിച്ചിരിക്കുന്നു. ഇങ്ങനെ പല വിധത്തില്‍ നോക്കിയാല്‍ നാടുവാഴിത്തത്തെ ഇല്ലാതാക്കുന്ന കാര്‍ഷിക വിപ്ളവത്തിന്‍െറ പ്രസക്തി വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്.


പഴയ ക്ളാസിക്കല്‍ ഫ്യൂഡലിസം അല്ല നിലനില്‍ക്കുന്നതെന്ന് പറഞ്ഞു. അപ്പോള്‍ പഴയ രീതിയിലുള്ള ജന്മിത്വ ഉന്മൂലന സമരമല്ല നടക്കാന്‍ പോകുന്നത്...?

അല്ല. പഴയ രീതിയിലുള്ള വിപ്ളവമല്ലിത്. ജന്മിമാരെ തച്ചുടച്ച് നീക്കം ചെയ്യുന്ന കലാപം സാധ്യമല്ല. 70 കളിലെ ലൈന്‍ അതേപോലെ നടപ്പാക്കാവുന്ന സാമൂഹ്യ-സാമ്പത്തിക സാഹചര്യമല്ല നിലവിലുള്ളത്. എന്നാല്‍, ഈ ലൈന്‍ 70 കളിലെ ലൈനിന്‍െറ വിപ്ളവാംശത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും.



സാമൂഹ്യ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതില്‍ നക്സലൈറ്റുകള്‍ പലപ്പോഴും പരാജയപ്പെടുന്നതായി തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ജാതിയുള്‍പ്പടെയുള്ള പ്രശ്നങ്ങളുടെ കാര്യത്തില്‍. എന്താണ് ജാതിക്കെതിരായ നിലപാടുകള്‍?

ജാതിയെ കൃത്യമായി മനസിലാക്കുന്നതില്‍ നക്സലൈറ്റുകള്‍ക്കെന്നല്ല, കമ്യുണിസ്റ്റുകള്‍ക്ക് പൊതുവില്‍ വീഴ്ചകള്‍ വന്നിട്ടുണ്ട്. അതിനു കാരണം ഇവിടെയുണ്ടായിരുന്ന കമ്യൂണിസ്റ്റുകള്‍ മാര്‍ക്സിസ്റ്റുകളായിരുന്നില്ളെന്നാണ്. അല്ളെങ്കില്‍ ഇപ്പോഴും മാര്‍കിസ്റ്റുകളല്ളെന്നതാണ്.  കാരണം സമൂഹത്തിലെ വൈരുദ്ധ്യങ്ങള്‍ മനസിലാക്കാന്‍ ശരിയായ രീതിയില്‍ മാര്‍ക്സിസം പ്രയോഗിക്കുന്നതിലൂടെ കഴിയണമായിരുന്നു. ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടുള്‍പ്പടെയുള്ളവര്‍ക്ക് ഇന്ത്യന്‍ വൈരുധ്യങ്ങളെ മനസിലാക്കാന്‍ കഴിഞ്ഞില്ല. കമ്യൂണിസ്റ്റുകള്‍ ജാതിയെ വര്‍ഗത്തിന്‍െറ കേവലം ഒരു ഭാഗമായി കണ്ടു. അവര്‍ വര്‍ഗ സമരം നടത്തുന്നതിനെപ്പറ്റി മാത്രം പറയുകയും അങ്ങനെ വര്‍ഗ സമരത്തിലൂടെ ജാതി താനേ ഇല്ലാതാകുമെന്നും കരുതി. ജാതിവിരുദ്ധ സമരം അജണ്ടയിലുണ്ടായിരുന്നില്ല. എന്നാല്‍, ഞാനുള്‍പ്പടെയുള്ള നക്സലൈറ്റുകള്‍ ഇതില്‍ നിര്‍ണാകയ ചുവടുവയ്പ്പുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയിരുന്നു. ജാതി സമരം കമ്യൂണിസ്റ്റുകള്‍ ഏറ്റെടുക്കാത്തതിനെപ്പറ്റിയുള്ള വിമര്‍ശം വലിയ തോതില്‍ ഉയരുന്നത് 90 കളിലാണ്. എന്നാല്‍, എണ്‍പതുകളുടെ മധ്യത്തില്‍ ഞങ്ങള്‍ ഡോ. അംബേദ്കറുടെ പ്രബോധനങ്ങളെ പുത്തന്‍ ജനാധിപത്യ വിപ്ളവുമായി ഉദ്ഗ്രഥിക്കുക എന്ന നിലപാട് മുന്നോട്ട് വച്ചു. അത് വലിയ ചുവട് വയ്പ്പായിരുന്നു. അംബേദ്കറുടെ പ്രബോധനങ്ങളെ വിപ്ളവ അടിത്തറയിലേക്ക് സമന്വയിപ്പിക്കലായിരുന്നു അത്. മനുസ്മൃതി കത്തിക്കല്‍ തുടങ്ങിയ സമരങ്ങളിലൂടെ ഞങ്ങള്‍ ജാതിവിരുദ്ധ സമരത്തെ മുന്നോട്ട്കൊണ്ടുപോയി. ഇതിന്‍െറ തുടര്‍ച്ചയിലാണ് വര്‍ഗസമരം ജാതിസമരത്തെ കൂടി ഉള്‍ക്കൊള്ളണം എന്ന നിലപാടിലേക്ക് സമൂഹം മൊത്തത്തില്‍ എത്തുന്നത്. അതായത് ഈ വിമര്‍ശം പോലും നക്സലൈറ്റുകളാണ് ഒരര്‍ഥത്തില്‍ മുന്നോട്ട് വയ്ക്കുന്നത്. ഞാനുള്‍പ്പടുന്ന സംഘടന ജാതിയുടെ കാര്യത്തില്‍ ഏറ്റവും മുന്തിയ നിലപാടുകളാണ് മുന്നോട്ട്വച്ചിട്ടുള്ളത്. അത് പൂര്‍ണമാണെന്ന അഭിപ്രായം ഇല്ല. ജാതി വിഷയത്തെ കേവലം സ്വത്വവാദത്തിന്‍െറ തലത്തിലല്ല ഞങ്ങള്‍ കാണുന്നത്. ജാതി വിരുദ്ധ സമരങ്ങള്‍ വര്‍ഗസമരത്തിന്‍െറ ഭാഗമായി ബോധപൂര്‍വം തന്നെ നടപ്പാക്കേണ്ടതുണ്ട്. ജാതി പ്രശ്നം കേവലം ജാതിയുടെ പ്രശ്നമല്ല. അത് വര്‍ഗത്തിന്‍െറയും കൂടിയാണ്. ജാതി പ്രശ്നം മാത്രം ഉയര്‍ത്തുന്നവര്‍ വര്‍ഗത്തിന്‍െറ പ്രശ്നം കാണാറില്ല. ഇതനുസരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.  ഇതിന്‍െറ തുടര്‍ച്ചയിലാണ് ദളിതരെ ദരിദ്രരെ, സ്ത്രീകളെ ആക്രമിച്ചാല്‍ പണമല്ല, പകയാണ് തീര്‍പ്പ് പോലുള്ള മുദ്രാവാക്യങ്ങള്‍ ഉന്നയിക്കുന്നതും ജാതിമര്‍ദനങ്ങള്‍ക്കെതിരെ തിരിച്ചടികള്‍ സംഘടിപ്പിച്ചതും.



എണ്‍പതുകളുടെ തുടക്കത്തില്‍ അത്വരെനിലനിന്നിരുന്ന സാമുദായിക-വര്‍ഗ സന്തുലിതാവസ്ഥ  അട്ടിമറിച്ച് പാര്‍ട്ടി നേതൃത്വം കലാലായ വിദ്യാഭ്യാസം സിദ്ധിച്ച സവര്‍ണ്ണ-പെറ്റി ബൂര്‍ഷ്വാ വിഭാഗങ്ങളുടെ പിടിയിലമരുന്നുണ്ട്. പ്രത്യേകിച്ച് കെ.എന്‍.രാമചന്ദ്രന്‍, കെ. വേണു, കെ.മുരളി, എം.എസ്.ജയകുമാര്‍ പോലുള്ളവരുടെ നേതൃത്വത്തില്‍. ഇവര്‍  എ..വാസു, നടേശന്‍ തുടങ്ങിയ തൊഴിലാളിവര്‍ഗ അടിത്തറയില്‍ നിന്നുള്ളവരെ പ്രസ്ഥാനത്തില്‍ നിന്ന് വിട്ടുപോകുന്ന അവസ്ഥയാണ് സഷ്ടിച്ചത്.  ഇവരുടെ നേതൃത്വമാണ് പിന്നീടുള്ള തിരിച്ചടികള്‍ക്കും മറ്റും കാരണമെന്ന വിമര്‍ശത്തെക്കുറിച്ച് എന്തുപറയും?


ഈ വിമര്‍ശം എന്‍േറതും കൂടിയാണ്. ഈ പുതിയ നേതൃത്വം 80 കളുടെ തുടക്കത്തില്‍ അന്ന് വരെ നേതൃത്വത്തിലുണ്ടായിരുന്നവരെ പുറം തള്ളുന്നുണ്ട്. അത് ശരിയായിരുന്നില്ല. രാഷ്ട്രീയമായ മേല്‍ക്കെ ഈ ഇടത്തരം-പെറ്റിബൂര്‍ഷ്വ അടിത്തറയില്‍ നിന്നു വന്നവര്‍ക്കുണ്ടായിരുന്നു. ഭാഷാപരമായും മറ്റും അവര്‍ക്ക് രാഷ്ട്രീയ തലങ്ങളില്‍ നടക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും മറ്റും സാധിച്ചു. പക്ഷേ, അവര്‍ വാസുവേട്ടനെപോലുളളവരെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവുകയാണ് വേണ്ടിയിരുന്നത്. അല്ളെങ്കില്‍ പ്രസ്ഥാനം വിട്ടവരെപോലും അടുപ്പിച്ച് നിര്‍ത്തുന്ന തരത്തില്‍. അതുണ്ടായില്ല. കോഴിക്കോട് ഒരിക്കല്‍ ഞാന്‍ നക്സലൈറ്റ് സഹപ്രവര്‍ത്തകര്‍ "ഈ വാസു ആരാണ്' എന്ന മട്ടില്‍ പുശ്ചത്തോടെ ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്? അവര്‍ക്ക് വാസുവേട്ടനെ മനസിലായില്ളെന്നാണ് സത്യം. പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ധീരതയോടെ പ്രവര്‍ത്തിച്ച എക്കാലത്തെയും മികച്ച നേതൃത്വത്തില്‍ ഒരാളെയാണ് അവര്‍ പുശ്ചിച്ചത്. അത് അന്ന് തന്നെ ഞാന്‍ എതിര്‍ത്തിട്ടുണ്ട്. കെ. വേണുവിനെപോലുള്ളവര്‍ ആധികാരിത്വം പാര്‍ട്ടിയില്‍ സ്ഥാപിച്ചു. ഇത് ദോഷകരമായി. അതേ സമയം ഈ വിഭാഗങ്ങളില്‍ നിന്നുവന്ന വരുടെ നേതൃത്വത്തിലാണ് ഗുണകരമായ രാഷ്ട്രീയ നിലപാടുകള്‍ പാര്‍ട്ടി സ്വീകരിക്കുന്നത്. സ്ത്രീപ്രശ്നത്തില്‍, ദേശീയ പ്രശ്നത്തില്‍,  ജാതി പ്രശ്നത്തില്‍ ഒക്കെ. അതും കണ്ടുകൂടാതിരുന്നുകൂടാ.


പക്ഷേ ദേശീയ പ്രശ്നത്തില്‍ ഉള്‍പ്പടെ കൈക്കൊണ്ട നിലപാടുകള്‍ നിങ്ങള്‍ കൈയൊഴിഞ്ഞല്ളോ. ദേശീയ വിമോചനം ഉന്നയിച്ച് പോരാടിയവര്‍ പെട്ടന്ന് തന്നെ കാര്‍ഷിക വിപ്ളവത്തിലേക്ക് മടങ്ങി. അത് കൈയൊഴിയുന്നതിലും ഈ വിഭാഗം തന്നെയാണ് മുന്‍കൈ എടുത്തത്?

പലതരം ബാലാരിഷ്ടതകളിലൂടെയാണ് നക്സലൈറ്റ് പ്രസ്ഥാനം മുന്നോട്ട് പോകുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞു. നമ്മള്‍ സ്വീകരിച്ച പല നിലപാടുകളും പുതിയ സാഹചര്യത്തില്‍ മാറ്റേണ്ടിവരും. പുതിയ നിലപാടുകള്‍ സ്വീകരിക്കേണ്ടിവരും. ജാതിയുടെയും ദേശീയതയുടെയും ഒക്കെ കാര്യത്തില്‍ സംഭവിച്ചതിതാണ്. ദേശീയ പ്രശ്നം ഞങ്ങള്‍ കൈയൊഴിഞ്ഞിട്ടില്ല. അത് ഇന്ത്യന്‍ വിപ്ളവത്തിന്‍െറ തന്ത്രപരമായ കോണില്‍ നിന്ന് കൈകാര്യം ചെയ്യണം എന്ന നിലപാട് തന്നെയാണുള്ളത്. എന്നാല്‍, കേവലം ദേശീയ സമരം മാത്രം തൊഴിലാളിവര്‍ഗത്തിന് നയിക്കാനാവില്ല. വര്‍ഗസമരത്തില്‍ ഊന്നി നിന്നാണ് അത് മുഴുവന്‍ പ്രശ്നങ്ങളെയും ഏറ്റെടുക്കുക. മുന്‍കാലത്ത് ദേശീയ പ്രശ്നം ഏറ്റെടുത്തപ്പോള്‍ വര്‍ഗസമരത്തില്‍ ഊന്നാത്ത പ്രവണതയുണ്ടായിരുന്നു. കാര്‍ഷിക വിപ്ളവം കൈയൊഴിഞ്ഞു. അത് തിരുത്തിക മാത്രമാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്.


പിളര്‍പ്പുകള്‍ തുടര്‍ച്ചയായി നേരിടുന്നത് തന്നെയല്ളേ നേരിടുന്ന മുഖ്യ വെല്ലുവിളി?

നക്സലൈറ്റ് പ്രസ്ഥാനം അതിന്‍െറ തുടക്കം മുതല്‍ പിളര്‍പ്പുകള്‍ നേരിടുന്നുണ്ട്. അത് ഒഴിവാക്കാനാവില്ല. പിളര്‍പ്പില്ലാതെ ഐക്യപ്പെട്ടു പോവുകയായിരുന്നു വേണ്ടത്. എന്നാല്‍ വിപ്ളവത്തെപ്പറ്റി കൃത്യവും സമഗ്രവുമായ ധാരണകള്‍ പലപ്പോഴും നക്സലൈറ്റുുകള്‍ക്ക് ഉണ്ടായിരുന്നില്ല. ചാരുമജുംദാറുടെ കാലത്താകട്ടെ, അതിനുശേഷമാകട്ടെ. ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും പിളര്‍പ്പുണ്ടായത്. അത് ആ തരത്തില്‍ ചിലപ്പോഴൊക്കെ ഗുണകരവുമാണ്. എന്നാല്‍, പിളര്‍പ്പില്ലാതെ മുന്നോട്ട് പോവുന്ന രീതിയില്‍ ആശയശാസ്ത്ര-രാഷ്ട്രീയ-സംഘടാന ലൈന്‍ സ്വീകരിച്ച് അതിന്‍െറ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.


ദേശീയ തലം വിട്ടു സാര്‍വദേശീയ തലത്തില്‍ നോക്കിയാലും തിരിച്ചടികള്‍ നേരിടുന്നുണ്ട്. നിങ്ങളുടെ കുടി മുന്‍കൈയില്‍ രൂപീകരിക്കപ്പെട്ട സാര്‍വദേശീയ വിപ്ളവ സംഘടനകളുടെ കൂട്ടായ്മയായ വിപ്ളവ സാര്‍ദേശയ പ്രസ്ഥാനം (റിം) തകര്‍ന്നിരിക്കുന്നു. അത്തരം വെല്ലുവിളികളെപ്പറ്റി എന്തുപറയുന്നു?


ലോകത്തിലെ പോരാടുന്ന വിവിധ മാവോയിസ്റ്റ് സംഘടനകളെ ഒന്നിപ്പിച്ച് വിപ്്ളവ സാര്‍വദേശീയ പ്രസ്ഥാനം (റിം) രൂപീകരിക്കുന്നതില്‍ കേരളത്തിലെ നക്സലൈറ്റ് പ്രവര്‍ത്തകര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ജയിലില്‍ കിടക്കുന്ന കാലത്ത് അമേരിക്കന്‍ കമൂണിസ്റ്റ് പാര്‍ട്ടിയായ ആര്‍.സി.പി ക്ക് കത്തുകളയക്കുന്നത് ഞാനാണ്. അതിനെ തുടര്‍ന്ന് അവരിവിടെ വരികയും ബന്ധം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് റിം രൂപീകരിക്കപ്പെട്ടു. തുടക്കം മുതലേ അതില്‍ നിലനിന്നിരുന്ന പലതരം തെറ്റായ പ്രവണതകള്‍ക്കെതിരെ ഞങ്ങള്‍ സമരം ചെയ്തിരുന്നു. ഇപ്പോള്‍ ആര്‍.സി.പിയുടെ ചെയര്‍മാന്‍ ബോബ് അവാക്യന്‍ അടിസ്ഥാന കമ്യൂണിസ്റ്റ് ആശയങ്ങളെ തന്നെ നിരാകരിച്ചിരിക്കുന്നു. പുതിയ കമ്യുണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറക്കി. അതിന്‍െറ തുടര്‍ച്ചയിലാണ് റിം നിശ്ചലമായത്. പക്ഷേ, ഞങ്ങള്‍ പോരാട്ടം തുടരുകയാണ്. ബോബ് അവാക്യന്‍െറ തെറ്റായ വലതുപക്ഷ നയങ്ങള്‍ക്കെതിരെ കൃത്യമായ രാഷ്ട്രീയ മറുപടി സി.പി.ഐ എം.എല്‍ നക്സല്‍ബാരി നേതൃത്വ സഖാവായ അജിത്തിന്‍െറ മുന്‍കൈയില്‍ "എഗൈനിസ്റ്റ് അവാക്യനിസം' എന്ന പേരില്‍ പുസ്തകമായി തന്നെ തയാറാക്കിയിട്ടുണ്ട്. അവാക്യന്‍െറ ആശയങ്ങള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട് എന്നതിനാലാണ് മറുപടിയുമായി ഞങ്ങള്‍ മുന്നിട്ടിറങ്ങിയത്..  റിം വീണ്ടും കെട്ടിപ്പടുക്കേണ്ടതുണ്ട്. അതില്‍ നിര്‍ണാകയ ചുവടുകള്‍ വച്ചുകൊണ്ടിരിക്കുകയാണ് ഇപ്പാള്‍. അതുപോലെ നേപ്പാളിലും വിപ്ളവ പ്രസ്ഥാനത്തില്‍ തിരിച്ചടികള്‍ ഉണ്ട്. ഇതിനെതിരെയും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.ഫലത്തില്‍ സാര്‍വദേശീയ തലത്തിലെ തെറ്റായ ആശയങ്ങള്‍ക്കെതിരെ പോരാടുക എന്ന വലിയ വെല്ലുവിളിയും ഞങ്ങളുടെ ചെറിയ സംഘടന ഏറ്റെടുത്തിരിക്കുന്നു. ആ തരത്തില്‍ ഒക്കെ നോക്കിയാല്‍ ഞങ്ങളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര ദൗത്യം വളരെ വലുതാണ്.

ഭരണകൂട അടിച്ചമര്‍ത്തലിനെതിരെയുള്ള മനുഷ്യാവകാശ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് താങ്കള്‍ കോഴിക്കോട് വന്നത്. ഭരണകൂട അടിച്ചമര്‍ത്തല്‍ എത്രമാത്രം ശക്തമാണ്?

ഭരണകൂട അടിച്ചമര്‍ത്തല്‍ മുമ്പെന്നത്തേക്കാളും ശക്തമാണ്. അത് ദിനംപ്രതി വര്‍ധിച്ചും കൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന് ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരുന്നത് തടയണം. അത് ഭരണവര്‍ഗങ്ങളുടെ നിലനില്‍പ്പ് തന്നെ അപടത്തിലാക്കും. ഛത്തീസ്ഗഢ് ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത് ശക്തമായ സൈനിക വല്‍ക്കരണമാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥ കേരളത്തിലുള്‍പ്പടെ നിലനില്‍ക്കുന്നുണ്ട്. മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ ആരെയും ജയിലിലടക്കാമെന്നതാണ് അവസ്ഥ. വയനാട് സന്ദര്‍ശിക്കുന്ന ആരെയും മാവോയിസ്റ്റുകളാക്കി അറസ്റ്റ് ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. വ്യക്തിപരമായ എന്‍െറ അനുഭവത്തിലാണെങ്കില്‍ ഭരണകൂടം നിരന്തരമായി പിന്നാലെയുണ്ട്. ഫോണുകള്‍ ചോര്‍ത്തുന്നു. വരുന്ന തപാലുകള്‍ പൊട്ടിച്ചുവായിക്കുന്നു. യാത്രചെയ്യുന്നിടത്തെല്ലാം ആരൊക്കെയായി ബന്ധപ്പെടുന്നു എന്ന് നിരീക്ഷിക്കുന്നു. താഴെ ഈ ഹോട്ടലിന് മുന്നില്‍ പോലും രഹസ്യപൊലീസുണ്ട്. സമൂഹത്തെ മൊത്തത്തില്‍ സംശയത്തിന്‍െറ നിഴലില്‍ നീരിക്ഷണത്തിന് വിധേയമാക്കുകയാണ് ഭരണകൂടം. വിദ്യാഭ്യാസത്തിലുള്‍പ്പടെ സമൂഹത്തിന്‍െറ സമസ്ത മേഖലകളിലും സൈനിക വല്‍ക്കരണം നടക്കുന്നുണ്ട്. അടുത്തിടെ ഡല്‍ഹിയില്‍ പോയപ്പോള്‍ ഒരു വിദ്യഭ്യാസ വിചക്ഷണന്‍ എന്നോട് പറഞ്ഞു ജെ.എന്‍.യു. ഒഴിച്ച് രാജ്യത്തെ മിക്ക സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാര്‍ മുന്‍ സൈനികരാണെന്ന്. അത്തരത്തില്‍ ഒരു സൈനിക വല്‍ക്കരണം നടക്കുന്നുണ്ട്. മുസ്ളീം ന്യൂനപക്ഷങ്ങളാണ് ഭരണകൂടത്തിന്‍െറ അടിച്ചമര്‍ത്തലിന് ഇരകളായി തീരുന്നത്. അതുപോലെ ആദിവാസികള്‍. ഭരണകൂട അടിച്ചമര്‍ത്തല്‍ നമ്മള്‍ കരുതുന്നതിനേക്കാള്‍ പലമടങ്ങ് ശക്തമാണ്.


കുടുംബം? ജീവിതാവസ്ഥകള്‍?

മുണ്ടൂരിലാണ് താമസിക്കുന്നത്. ഭാര്യ ഹേമ. രണ്ടു മക്കളാണുള്ളത്. മൂത്തമകള്‍ സോയ നിയമ വിദ്യാര്‍ഥിയാണ്. രണ്ടാമത്തെ മകള്‍ മായ എം.എസ് സിക്ക് പഠിക്കുന്നു. കൂടാതെ ഒരു മകനും കൂടിയുണ്ടെനിക്ക്. ഞങ്ങളുടെ മുന്‍കൈയില്‍ നടന്ന മിശ്രവിവാഹത്തിലെ ദമ്പതികളുടെ കുട്ടിയാണ് അവന്‍. ഞങ്ങള്‍ക്കൊപ്പം, വീട്ടിലാണ് വളരുന്നത്. ബി.ടെക്കിന് പഠിക്കുന്നു. അങ്ങനെ മൂന്നു മക്കള്‍.



പച്ചക്കുതിര
2013 ഡിസംബര്‍

Thursday, December 29, 2011

കരുണാകരനല്ല; കരുണാകരനെയാണ് നക്‌സലൈറ്റുകള്‍ തകര്‍ത്തത്

ചരിത്രം/പുനര്‍വായന

കരുണാകരന്റെ രാഷ്ട്രീയജീവിതത്തെയും നക്‌സലൈറ്റുകളുടെ ഇന്നലകളെയും പുനര്‍വായിക്കുമ്പോള്‍ മറനീക്കുന്നത് ചില യാഥാര്‍ഥ്യങ്ങള്‍. അധികാരപ്രയോഗം കരുണാകരന്‍ എങ്ങനെയാണ് നടപ്പാക്കിയത്? നിയമസഭാ രേഖകള്‍ ഉള്‍പ്പടെയുള്ള ചരിത്ര തെളിവുകള്‍ പരിശോധിക്കുമ്പോള്‍ അവകാശവാദങ്ങള്‍ പലതും അസത്യമാണ് എന്ന് വ്യക്തമാകുന്നു.

ആര്‍.കെ.ബിജുരാജ്


ചരിത്രം പലപ്പോഴും ജനമര്‍ദകര്‍ക്ക് ചില സൗഭാഗ്യങ്ങള്‍ വച്ചുനീട്ടും. മരണത്തോടെ ജനനായകരായി വാഴ്ത്തപ്പെടും. അവര്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചര്‍മത്തലുകളും മറവിയിലേക്ക് അമരും. അവര്‍ക്കായി നാടുനീളെ സ്മാരകങ്ങള്‍ ഉയരും. കെ. കരുണാകരന് ലഭിച്ചത് അത്തരമൊരു സൗജന്യമാണ്. മരണത്തോടെ വാഴ്ത്തപ്പെട്ടവനായി. ഇപ്പോള്‍, മരിച്ചയാളുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ വീണ്ടും കരുണാകര സ്തുതികളുടെ ആര്‍ഭാടം. നാടു നിറയുന്ന ഈ വാഴ്ത്തലുകള്‍ ഗുരുതരമായ രീതിയില്‍ നമ്മുടെ ചരിത്രത്തെയും യാഥാര്‍ത്ഥ്യങ്ങളെയും ആക്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരുവട്ടംകൂടി കെ. കരുണാകരനെ പുനര്‍വായിക്കാം.
മുമ്പ്, കരുണാകരന്‍ മരിച്ച ഉടനെ സോഷ്യല്‍ നെറ്റ് വര്‍ക്ക് കമ്യൂണിറ്റിയായ ഫേസ് ബുക്കില്‍ എഴുത്തുകാരന്‍ സി.ആര്‍. പരമേശ്വരന്‍ ഒരു വരി കുറിച്ചിരുന്നു: ''മരണമുണ്ടാക്കുന്ന ഒരു തരം പൊതുബോധം സമീപകാല ചരിത്രത്തെക്കൂടി സൗജന്യപൂര്‍വം തെറ്റി വായിക്കാന്‍ ഇടവരുത്തും''. അത്തരം സൗജന്യം കരുണാകരന്‍ അര്‍ഹിക്കുന്നില്ല. കരുണാകരന്‍ എന്ന വ്യക്തി/മുന്‍ഖ്യമന്ത്രി/ രാഷ്ട്രീയക്കാരന്‍ പലതരത്തിലും നിഷേധാത്ക ഗുരുനാഥനാണ് (നെഗറ്റീവ് ടീ്ച്ചര്‍).
കരുണാകരന്റെ മരണവേളയില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടത് നക്‌സലൈറ്റുകളാണ്. കേരളത്തിലെ നക്‌സലൈറ്റ് വിപ്ലവത്തെ അടിച്ചര്‍മത്തിയത് കരുണാകരനാണെന്നും അങ്ങനെ കേരളത്തെ ഒരു ആന്ധ്രയോ ഛത്തീസ്ഗഢോ ആക്കാതെ രക്ഷിച്ചുവെന്നുമാണ് മാധ്യമങ്ങളും കരുണാകരനെ സ്തുതിച്ചവരും ആവര്‍ത്തിച്ചത്. ഒന്നാം ചരമവാര്‍ഷികവേളയിലും അതേ ആവര്‍ത്തനം. കരുണാകരനാണോ നക്‌സലൈറ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്തിയത്? അല്ലെങ്കില്‍ നക്‌ലൈറ്റുകള്‍ എങ്ങനെയാണ് ഇല്ലാതായത്? കരുണാകരനും നക്‌ലൈറ്റുകളെയും എങ്ങനെയാണ് ചരിത്രം പരിഗണിക്കേണ്ടത്? നമുക്കാദ്യം കരുണാകരനില്‍ നിന്ന് തുടങ്ങാം.

കരുണാകരന്റെ സംഭാവനകള്‍

പ്രതിയോഗികളെ ശാരീരികമായി കടന്നാക്രമിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കരുണാകരന്‍ കടന്നുവരുന്നത്. കമ്യൂണിസ്റ്റ് യോഗങ്ങള്‍ കലക്കിക്കൊണ്ടും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചുംകൊണ്ടായിരുന്നു രാഷ്ട്രീയ പ്രവേശം. പിന്നീട് തൃശൂരില്‍ സീതറാം മില്ലിലുള്‍പ്പെടെ തൊഴിലാളികളെ വഞ്ചിച്ച്് കരിങ്കാലിപ്പണിയും മുതലാളി പാദസേവയും.
കെ.പി.മാധവന്‍നായരും, സി.കെ. ഗോവിന്ദന്‍നായരും പനമ്പള്ളിയും ആര്‍.ശങ്കറും നിറഞ്ഞുനിന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അവര്‍ക്കിടയിലെ ഗ്രൂപ്പുകളിയില്‍ ഇടപെട്ട് തരാതരംപോലെ കളിച്ചുവളര്‍ന്നു. വൈകാതെ അധികാരത്തിലേക്കും.
കരുണാകരന്‍ കേരളത്തിന്റെ 'ഹൈ എന്‍ഡ്' മോഹങ്ങളെ (സ്‌റ്റേഡിയം, വിമാനത്താവളം പോലുള്ളത്) ഉണര്‍ത്തുകയും യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തിട്ടുണ്ടാവാം. പക്ഷേ, അദ്ദേഹം കേരളത്തിനു നല്‍കിയ 'സംഭാവനകള്‍' ഒന്നുമില്ലെന്ന് തന്നെ പറയേണ്ടിവരും. അഥവാ ഉണ്ടെങ്കില്‍ അത് ഇതാണ്:

. കോണ്‍ഗ്രസിലുടെ ഗ്രൂപ്പുകളിയെയും ഉപജാപക പ്രവര്‍ത്തനത്തെയും രാഷ്ട്രീയകലയാക്കി മാറ്റി.
. അഴിമതിയെ കേരള രാഷട്രീയത്തില്‍ വ്യവസ്ഥാപിതമാക്കി (തട്ടില്‍ എസ്‌റ്റേ്, പാമൊയില്‍ ഇടപാടുകള്‍). ഒപ്പം അഴിമതിക്കാരായ സഹപ്രവര്‍ത്തകരെ സംരക്ഷിച്ചൂ.
. തന്റെ ആശ്രിതരായ പോലീസ് ഗൂഢ/നരഭോജി സംഘത്തിലൂടെ കേരളത്തെ പോലീസ് രാജാക്കിമാറ്റി. പൊലീസിനെ ആദ്യമായി ക്രിമിനല്‍വല്‍ക്കരിച്ചു. പൊലീസ് സേനയുടെ സ്വാഭാവിക ചലന സംവിധാനത്തെ താറുമാറാക്കി. പൊലീസിനെ രാഷ്ട്രീയക്കാരുടെ പാദസേവക്കാരാക്കി.
. കേരളത്തില്‍ ആദ്യമായി ജനാധിപത്യത്തെയും നിയമസഭയെയും നിര്‍വീര്യമാക്കി. കരുണാകരന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രിപോലും അപ്രസക്തനായിരുന്നു. ഭയമാണ് അന്ന് മുഖ്യന്ത്രിയെയും നയിച്ചത്.
. എല്ലാ മനുഷ്യാവകാശങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും ഹനിച്ചു. സ്വാതന്ത്ര്യം, ജനാധിപത്യം എന്ന മിതമായ ആവശ്യങ്ങള്‍ ഉന്നയിച്ച എല്ലാവരെയും മര്‍ദിച്ചൊതുക്കി. അതിന് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ തുറന്നു. അവിടെ ആണും പെണ്ണും പീഡിപ്പിക്കപ്പെട്ടു (കക്കയത്ത് നടന്ന ബലാല്‍സംഗങ്ങളും മാനഭംഗങ്ങളും ചരിത്രത്തില്‍ എവിടെയോ മുങ്ങിപ്പോയത് കരുണാകരന് തുണയായി). ഒരു തലമുറയെ രോഗത്തിലേക്കും അകാലജരാനരകളിലേക്കും നയിച്ചു.
. നിര്‍ബന്ധിത വന്ധികരണത്തിന് ആയിരക്കണക്കിന് ചെറുപ്പക്കാരെ വിധേയരാക്കി. സഞ്ജയ് ഗാന്ധിയുടെ ഈ മനുഷ്യാവകാശ ലംഘനത്തിന് എല്ലാ ഒത്താശകളും ചെയ്തു.
. പത്ര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമര്‍ത്തി. ('നവാബ്' പത്രവും അതിന്റെ പത്രാധിപരും തന്നെ എറ്റവും മികച്ച ഉദാഹരണങ്ങള്‍)
. അഴിമതി ആരോപണം പുറത്തുവരുന്ന ഘട്ടത്തില്‍ ഒരു രാഷ്ട്രീയ നേതാവ് (അഴിക്കോടന്‍ രാഘവന്‍) കൊലപ്പെട്ടതിന്റെ പല സാധ്യതകളും കരുണാകരനിലെത്തി നില്‍ക്കുന്നു. അതിനെപ്പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും കരുണാകരന്‍ ഇല്ലാതാക്കി. വെള്ളാനിക്കര എസ്‌റ്റേറ്റില്‍ നടന്ന കൊലപാതകങ്ങളും മറവിയിലമര്‍ന്നു.
. ദളിതുകളെയും സ്ത്രീകളെയും അടിച്ചമര്‍ത്തി. സ്ത്രീര്‍മദനം അതിന്റെ എല്ലാ ശക്തമത്തായ ഭാവത്തോടെയും അടിച്ചേല്‍പ്പിച്ചു (തങ്കമണി സംഭവം, കക്കയത്തെ സ്ത്രീ പീഡനങ്ങള്‍). ബലാല്‍സംഗം ചെയ്യപ്പെടുന്ന ദളിത് സ്ത്രീക്ക് 500 രൂപ നഷ്ടപരിഹാരം എന്ന കുപ്രസിദ്ധ ചട്ടത്തിനായി വാദിച്ചു. കരുണാകരന്റെ നിലപാടുകള്‍ രാഷ്ട്രീയം ദളിതര്‍-സ്ത്രീകള്‍-ദരിദ്രര്‍- ആദിവാസികള്‍ എന്നിവര്‍ക്ക് എതിരായിരുന്നു.
. എല്ലാ ധാര്‍ഷ്ട്യത്തോടെയും ജനങ്ങള്‍ക്കുനേരെ പെരുമാറി ('ഏത് ഈച്ചരവാര്യര്‍' എന്ന കുപ്രശസ്തമായ ധാര്‍ഷ്ട്യം തന്നെ ഓര്‍ക്കുക). ജനങ്ങളോട് നുണ പലവട്ടം പറഞ്ഞു.
. സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ചു. വിദ്യാഭ്യാസ- ആരോഗ്യരംഗം കച്ചവടവല്‍ക്കരിച്ചു.
. കോടതിയിയെ നിഷ്പ്രഭമാക്കി. തനിക്കെതിരെ വിധി പ്രസ്താവിച്ച ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പോറ്റിയെ നാടുകടത്തി. കോടതിയോട് പലവട്ടം കള്ളം പറഞ്ഞു.
. ഏതൊരു ജനകീയ സമരത്തെയും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി.
. ഹിന്ദുസവര്‍ണ്ണതയെ തെളിഞ്ഞും മറഞ്ഞും ഊട്ടിയുറപ്പിച്ചു. പിതൃദായക മൂല്യങ്ങളെ പരിപാലിച്ചു. കേരളത്തിലെ സവര്‍ണ്ണാധിപത്യത്തിന്റെ നടത്തിപ്പ് നല്ല രീതിയില്‍ നിര്‍വഹിച്ചു.
. പരിസ്ഥിതി നശീകരണത്തിന് എല്ലാ ഒത്താശകളും ചെയ്തു.
. ജനങ്ങളുടെ പേരില്‍ എല്ലാ ആഡംബരങ്ങളുമായി കാലം കഴിച്ചു. തന്റെ സ്വകാര്യ ആവശ്യങ്ങള്‍പോലും ഭരണത്തിന്റെ കണക്കിലെഴുതി. മാസംതോറുമുള്ള പതിവ് ഗുരുവായൂര്‍ സന്ദര്‍ശനം പോലും.

ഇതല്ലാതെ, കരുണാകരനെ പരിശോധിക്കുമ്പോള്‍ മറ്റൊന്നും നമുക്ക് നല്ലതായി എടുത്തുകാണിക്കാനാവില്ല. നിശ്ചയാര്‍ഢ്യം, വേഗത, ധീരത തുടങ്ങിയ ചില സവിശേഷതകള്‍ സ്തുതിപാഠകര്‍ കരുണാകരനില്‍ ചാര്‍ത്തുമെങ്കിലും. അദ്ദേഹത്തിന്റെ ആത്മകഥയിലും ('പതറാതെ മുന്നോട്ട്') നമുക്ക് അദ്ദേഹം ചെയ്ത നല്ല സംഭാവനകള്‍ കണ്ടെടുക്കാനാവുന്നില്ലെന്നത് ഖേദകരമാണ്.


കരുണാകരന്റെ 'അധികാരസര്‍വ്വസ്വം'
(അടിയന്തരവസഥ്‌യില്‍ പലതും സംഭവിക്കുന്നത് സമയം നോക്കിയില്ല)


അടിയന്തരാവസ്ഥയാണ് നമ്മുടെ ചരിത്രത്തിന്റെ ലിട്മസ്. അവിടെ സര്‍വാധിപതിയായ ആഭ്യന്തരമന്ത്രിയായിരുന്നു കരുണാകരന്‍. നിയമസഭയിലും പുറത്തും കെ. കരുണാകരന്റെ സര്‍വാധിപത്യമാണ് നിലനിന്നിരുന്നത്. അധികാരത്തിന്റെ ഹുങ്കും ധാര്‍ഷ്ട്യവും കരുണാകരന്‍ ആവര്‍ത്തിച്ചു പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയെ അപ്രസക്തനാക്കി മാറ്റി. നിയമസഭയുടെ രേഖകള്‍ അതിന് തെളിവാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു നിയമസഭയോടും അതിലെ ജനപ്രതിനിധികളോടും കരുണാകരന്‍ എങ്ങനെ പെരുമാറി എന്നു മാത്രം ആദ്യം നോക്കാം.
1976 ഫെബ്രുവരി 17 ന് ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ചു: ''അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷം 'മിസ' അനുസരിച്ച് കേരളത്തില്‍ എത്രപേരെ അറസ്റ്റ് ചെയ്തു? ഇതില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എത്ര? 1976 ജനുവരി 30 ന് തടങ്കലില്‍ ഉള്ളവരുടെ പാര്‍ട്ടി തിരിച്ചുള്ള കണക്കും ജില്ല തിരിച്ചുള്ള കണക്കും വ്യക്തമാക്കാമോ?ഇതില്‍ എം.എല്‍.എമാര്‍ എത്ര; ആരെല്ലാം? 'മിസ' പ്രകാരം അറസ്്‌റ് ചെയ്യപ്പെട്ടവരില്‍ ആരെയെങ്കിലും പോലീസ് ലോക്കപ്പില്‍വച്ച് മര്‍ദിച്ചതായി പരാതി കിട്ടിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചു?''.
ആദ്യത്തെ അഞ്ചുചോദ്യങ്ങള്‍ക്കും ആഭ്യന്തര മന്ത്രി കെ. കരുണാകരന്‍ പറഞ്ഞ ഉത്തരം തീര്‍ത്തും നിഷേധാത്മകമായിരുന്നു: ''രാജ്യത്തിന്റെ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ നിര്‍വാഹമില്ല''.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷം പത്രങ്ങളുടെമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെപ്പറ്റി എം. മൊയ്തീന്‍കുട്ടി ഹാജി ചോദ്യമുന്നയിച്ചു.
പൊതു താല്‍പര്യത്തെ മുന്‍നിര്‍ത്തി ഇക്കാര്യം വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല എന്നായിരുന്നു കരുണാകരന്റെ മറുപടി.
പി.പി.കൃഷ്ണന്‍: ദേശാഭിമാനി പത്രത്തില്‍ ബ്ലിറ്റ്‌സിലും മറ്റും വന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞു എന്നുള്ള വിവരം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?
കരുണാകരന്‍: സെന്‍സര്‍ ഏതെല്ലാം ന്യൂസാണ് തടഞ്ഞതെന്നും, ഏതെല്ലാം വിധത്തിലാണ് ന്യൂസ് പ്രസിദ്ധീകരിക്കേണ്ടത് എന്നും നിര്‍ദേശിച്ചതിനെ സംബന്ധിച്ചിടത്തോളം എന്നോട് ചോദിച്ചാല്‍ മറുപടി പറയാന്‍ പ്രയാസമാണ്.
അംഗങ്ങളുടെ പല ചോദ്യത്തിനും മുട്ടായുക്തിയാണ് കരുണാകരന്റെ മറുപടി.
മറ്റൊരിക്കല്‍ കെ. ചാത്തുണ്ണിമാസ്റ്റര്‍ ചോദിച്ചു: ജൂണ്‍ 26-ാം തീയതിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 28-ാം തീയതിയാണ് നൂറുകണക്കിനാളുകളെ ഈ സ്‌റ്റേറ്റില്‍ നിന്ന് മിസ പ്രകാരം അറസ്റ്റ് ചെയ്തത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നാലു മാസക്കാലം ഉണ്ടാകാത്ത അടിയന്തരം സെപ്റ്റംബര്‍ 28-ാം തീയതി മുതല്‍ക്ക് വരാന്‍ എന്താണ് കാരണം?
കരുണാകരന്‍: അടിയന്തരാവസ്ഥയില്‍ പലതും സംഭവിക്കുന്നത് സമയം നോക്കിയില്ല.
കെ. സോമശേഖരന്‍നായര്‍: സോഷ്യലിസ്സ്് പാര്‍ട്ടിയില്‍ നിന്നും ഹാജരാകാതിരുന്ന നാല് എം.എല്‍.എ.മാര്‍ കാരാഗൃഹത്തിലാണെന്ന് പറഞ്ഞാല്‍ അത് സര്‍ക്കാര്‍ നിഷേധിക്കുമോ?
കരുണാകരന്‍: വെളിപ്പെടുത്താന്‍ പാടില്ലാത്ത കാര്യങ്ങളെ സംബന്ധിച്ച് വളച്ചുചോദിച്ചതുകൊണ്ടൊന്നും മറുപടി പറയാന്‍ പറ്റുകയില്ല.
മന്ത്രിസഭയിലാരെങ്കലും മിസയനുസരിച്ച് അറസ്സ്് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനും വെളിപ്പെടുത്താന്‍ സാധ്യമല്ലെന്നായിരുന്നു ഉത്തരം.
ഇ.എം.എസ്: പരസ്യമായി കോടതിയില്‍ നടന്നതായ വിചാരണയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍പോലൂം കോടതിയുടെ മേല്‍ പരമാധികാരം ഉണ്ടാകണമെന്ന് അവകാശപ്പെടുന്നതായ പാര്‍ലമെന്റി സ്ഥാപനങ്ങളില്‍ പറയുകയില്ലാ എന്നുള്ളത് എന്തൊരു നീതിയാണ് സാര്‍?
കരുണാകരന്‍: ഈ സഭയില്‍ വെളിപ്പെടുത്താവുന്നവ എല്ലാം വെളിപ്പെടുത്താന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നുണ്ട്.
ജോണ്‍ മാഞ്ഞൂരാന്‍: വെളിപ്പെടുത്താവുന്ന കര്യങ്ങള്‍ എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല എന്നാണ്? മനസില്ലെങ്കില്‍ അതു പറഞ്ഞാല്‍ മതി?
(കരുണാകരന്‍ പക്ഷേ അതിനു മറുപടി പറഞ്ഞില്ല)
സി.എസ്. ഗംഗാധരന്‍: തടവറയില്‍ എം.എല്‍.എ.മാര്‍ ഏത്ര എന്നു പറയുന്നതുകൊണ്ട് രാജ്യരക്ഷയെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞാല്‍ കൊളളാം?
കെ. കരുണാകരന്‍: രാജ്യരക്ഷയെ ഏതു നിലയില്‍ ബാധിക്കുമെന്നുള്ളത് ഗവണ്‍മെന്റ് തീരുമാനിക്കുന്നതാണ്. അത് ഗവണ്‍മെന്റിന്റെ അഭിപ്രായമാണ്.
1976 ഒക്‌ടോബര്‍ 13 നും കരുണാകരന്‍ ധാര്‍ഷ്ട്യത്തിന്റെ ചീട്ടുകള്‍ പുറത്തെടുത്തു. സഭയിലെ സംഭാഷണം ഇങ്ങനെയായിരുന്നു:
സി. ഗോവിന്ദപ്പണിക്കര്‍: മിസ പ്രകാരം സംസ്ഥാനത്ത് ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകരുടെ പേരില്‍ വാറണ്ടുണ്ടോ?
കരുണാകരന്‍: പൊതുതാല്‍പര്യത്തെ മുന്‍നിര്‍ത്തി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല.
ആര്‍.കൃഷ്ണന്‍: ഈ സഭയിലെ എത്ര അംഗങ്ങളുടെ പേരില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറയാന്‍ ദയവുണ്ടാകുമോ?
കരുണാകരന്‍: അതാണല്ലോ പറഞ്ഞത്, പൊതുതാല്‍പര്യത്തെ മുനിര്‍ത്തി ഈ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലെന്ന്.
ടി.കെ. ചന്ദ്രന്‍: വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ച ഏത്ര സംഭവങ്ങള്‍ ഈ വിദ്യാലയവര്‍ഷത്തില്‍ ഉണ്ടായിട്ടുണ്ട്? തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതായി പരാതിയുണ്ടായിട്ടുണ്ടോ?
കരുണാകരന്‍: പരാതിയുണ്ടായിട്ടില്ല.
ടി.കെ. ചന്ദ്രന്‍: യൂണിവേഴ്‌സറ്റി കോളജിലെ വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതായി വല്ല പരാതിയും ലഭിച്ചിട്ടുണ്ടോ?
കരുണാകാരന്‍: പരാതി ഒന്നും കിട്ടിയിട്ടില്ലെന്നാണ് പറഞ്ഞത്.
ടി.കെ ചന്ദ്രന്‍: അവിടെ പ്രതിപക്ഷത്തുള്ള വിദ്യാര്‍ത്ഥികളുടെ സംഘടന ജയിച്ചതുകൊണ്ട് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പോലീസ് പാര്‍ട്ടിക്കാര്‍ പോയി തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെടുകയും അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളെ പിടിച്ചു കസ്റ്റഡിയില്‍ വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതികിട്ടിയിട്ടുണ്ടോ?
കരുണാകരണ്‍: പരാതി കിട്ടിയിട്ടില്ലെന്ന് പറഞ്ഞാല്‍ കിട്ടിയിട്ടില്ലെന്നാണ് അര്‍ത്ഥം.
ടി.കെ. ചന്ദ്രന്‍: സംസ്‌കൃത കോളജിലെ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചതായി കേള്‍ക്കുന്നു. അതു ശരിയെല്ലെന്നാണോ ബഹുമാനപ്പെട്ട മന്ത്രി പറയുന്നത്?
കരുണാകരന്‍: പരാതി കിട്ടിയിട്ടില്ലെന്ന് പറഞ്ഞാല്‍ പിന്നെ അതും ശരിയാണോ ഇതും ശരിയാണോ എന്നു ചോദിച്ചാല്‍ എന്താണ് പറയേണ്ടത്.
ഒട്ടും മയമില്ലാതെയായിരുന്നു കരുണാകരന്‍ നിയമസഭയില്‍ സംസാരിച്ചിരുന്നത്. ഈ ധിക്കാരത്തെ ചോദ്യം ചെയ്യാനോ അവകാശലംഘന വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനോ പ്രതിപക്ഷം ശ്രമിച്ചതുമില്ല.
അടിയന്തരാവസ്ഥാകാലത്ത് 12 പ്രതിപക്ഷ അംഗങ്ങള്‍ തടവിലാക്കപ്പെട്ടു. 1976 ഫെബ്രവരി 17 ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാനും ഈ അംഗങ്ങള്‍കഴിഞ്ഞില്ല. ആ സമയത്ത് പത്തുപേര്‍ തടവിലാണ്. രണ്ടുപേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യപിക്കുകയും ചെയ്തിരുന്നു.
1970 ഫെബ്രുവരി 20 ന് ചാത്തുണ്ണിമാസ്റ്റര്‍ സഭയില്‍ സംസാരിക്കുന്നതനുസരിച്ച് കേരളത്തില്‍ 300 ഓളം മിസാ തടവുകാരുണ്ട്. 10 എം.എല്‍. എ. മാര്‍ ജയിലാണ്. വി.എസ്. അച്യുതാനന്ദന്‍, എ.പി.കുര്യന്‍, സി.ബി.സി. വാര്യര്‍, എസ്. ദാമോദരന്‍, പിണറായി വിജയന്‍ എന്നീ അഞ്ചു സിപി.എം എം.എല്‍.എ. മാരും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ കെ.എ. ശിവരാമഭാരതി, വി.കെ. ഗോപിനാഥന്‍, പി.ബി.ആര്‍. പിള്ള, തരലവടി ഉടമ്മന്‍, മുസ്ലീം ലീഗിലെ എം.എല്‍.എ സെയുദ് ഉമ്മര്‍ ബാഫക്കിതങ്ങള്‍ എന്നിവരും ജയിലാണ്. അതിനു പുറമെ സി.പി.എം അംഗങ്ങായ 105 ആളുകളും ജയിലിലുണ്ട്. മൊത്തം 2800 ആളുകള്‍ ജയിലില്‍ ഉണ്ടെന്നാണ് ചാത്തുണ്ണി മാസ്റ്റര്‍ സഭയില്‍ പറയുന്നത്. പക്ഷേ ആഭ്യന്തര മന്ത്രി ഒന്നും വെളിപ്പെടുത്താന്‍ കൂട്ടാക്കിയില്ല.
1975 ഒക്‌ടോബര്‍ 28-ാം തീയതി പിണറായി വിജയനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 30-ാം തീയതിയാണ് ലോക്കപ്പില്‍ കൊണ്ടുപോകുന്നത്. അറസ്റ്റിനെപ്പറ്റി സ്പീക്കറെ അറിയിച്ചതുമില്ല.
പിണറായി വിജയന്‍ എം.എല്‍.എയെ പോലീസ് ലോക്കപ്പില്‍ വച്ച് മര്‍ദിച്ചതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് കേരള ഹൈക്കോടതി ഗവണ്‍മെന്റിനോട് നിര്‍ദേശിച്ചിരുന്നു. കരുണാകരന്‍ തന്റെ വിശ്വസ്തനായ ഡി.ഐ.ജിയെക്കൊണ്ട് അന്വേഷിച്ചു. പരാതിയില്‍ കഴമ്പില്ലെന്ന് 'കണ്ടെത്തുകയും' ചെയ്തു.
അതെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ധിക്കാരപരമായിരുന്നു കരുണാകരന്റെ മറുപടി. അന്വേഷണവുമായി ബന്ധപ്പെട്ട് വിജയനില്‍നിന്ന് മറുപടി തേടിയോ എന്ന ചോദ്യത്തിന് വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിവര്‍ത്തിയില്ല എന്നു കരുണാകരന്‍ മറുപടി പറഞ്ഞു.
ആര്‍. കൃഷ്ണന്‍: ഡി.ഐ.ജി. അന്വേഷിച്ച റിപ്പോര്‍ട്ട് മേശപ്പറുത്ത് വയ്ക്കാന്‍ തയ്യാറാകുമോ?
കരുണാകരന്‍: റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്‌ക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.
ആര്‍. കൃഷ്ണന്‍: പിണറായി വിജയനെ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ തള്ളവിരല്‍ ഒടിഞുവെന്നും ചികിത്സ ലഭിച്ചില്ലെന്നും പറയുന്നത് ശരിയാണോ?
കരുണാകരന്‍: ശരിയല്ല, പരാതി കിട്ടിയിട്ടില്ല. ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ അപ്പപ്പോള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ടി.കെ. കൃഷ്ണന്‍: ശ്രീ വിജയനെ മര്‍ദിച്ചുവെന്ന് പരാതി കിട്ടിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ആഭ്യന്തര മന്ത്രി തയ്യാറായോ?
കരുണാകരന്‍: ഞാന്‍ സന്ദര്‍ശിച്ചിട്ടില്ല. സന്ദര്‍ശിക്കുന്ന ഏര്‍പ്പാടുമില്ല.
നിയമസഭാ അംഗങ്ങളുള്‍പ്പടെയുള്ളവരെ നഗ്നരാക്കി മര്‍ദിച്ചുവെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ കരുണാകരന്റെ മടുപടി രസകരമായിരുന്നു: ''വസ്ത്രാക്ഷേപം നടത്തുന്ന ഏര്‍പ്പാട് ഈ സര്‍ക്കാരിന് ഇല്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നയാളുടെ ഐഡറ്റന്‍ിഫിക്കേഷന്‍ മാര്‍ക്കായിട്ട് ചില അടയാളങ്ങള്‍ രേഖപ്പെടുത്തിയേക്കാം. ആ അടയാളം അയാളുടെ പുറത്താണെങ്കില്‍ കുപ്പായം അഴിച്ചു നോക്കി ആ അടയാളം രേഖപ്പെടുത്തണം''. ഇതായിരുന്നു കരുണാകരന്‍.


സഭയുടെ അവകാശ ലംഘനം

ജയിലില്‍ കിടക്കുന്ന രാഷ്ട്രീയ തടവുകാരുടെ എണ്ണം എത്ര? എന്ന ചോദ്യം പലവട്ടം സഭയില്‍ ഉയര്‍ന്നു. പക്ഷേ കരുണാകരന്‍ അതിനോട് വളരെ അസഹിഷ്ണുതാപരമായ സമീപനമാണ് എടുത്തത്. ഒരു ഘട്ടത്തില്‍ കരുണാകരന്‍ പറഞ്ഞു: '' എത്ര ആളുകള്‍ ഉണ്ട്. എത്രയാളാണ് ഉളളത് അങ്ങനെയൊന്നും ചോദിച്ചാല്‍ എന്റെ കൈയില്‍ നിന്ന് കിട്ടുകയില്ല''. എന്നാല്‍ ഈ മറുപടി സഭയുടെ അവകാശ ലംഘനമായിരുന്നു.
കെ.ആര്‍. ഗൗരി അതു ചോദ്യം ചെയ്യുന്നുണ്ട്. ''എന്റെ കൈയില്‍ നിന്ന് മറുപടി കിട്ടുകയില്ല എന്ന് നിയസഭയില്‍ പറയുന്നത് അവകാശ ലംഘനമല്ലേ?''-ഗൗരിയമ്മ ചോദിച്ചു. 'അത് മറ്റൊരു പ്രിവിലീജ് ഇഷ്യൂവായി റെയിസ് ചെയ്യാനായിരുന്നു' ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞത്. പക്ഷേ അത് അവകാശലംഘനമായി ഗൗരിയമ്മയോ പ്രതിപക്ഷമോ അപ്പോഴോ പിന്നീടോ ഉയര്‍ത്തിയില്ല.
1976 ഫെബ്രുവരി 20 ന് തടവിലാക്കിയവരെപ്പറ്റി വിവരങ്ങള്‍ പറയാനാവില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കുമ്പോഴും ഇ.എം.എസ്. അവകാശ ലംഘനത്തിന്റെ വിഷയം ഉയര്‍ത്തുന്നു. ''കോടതിയില്‍ ഹാജരാകുന്ന ജനങ്ങളോട് പറയാം. ആ ജനങ്ങളുടെ പ്രതിനിധകളാ സഭാ മെമ്പര്‍ മാരോട് പറയാന്‍ പാടില്ല എന്നു പറയുന്നത് ഈ സഭയോടുള്ള ധിക്കാരമാണ് സാര്‍?
ഇ.എം.എസിന് പി.ജി. പുരുഷോത്തമന്‍പളിള്ള പിന്താങ്ങിക്കൊണ്ട് പറഞ്ഞു: ''സഭയോട് മറച്ചുവയ്ക്കുന്നത് അവകശാ ലംഘനമാണെന്നാണ് എനിക്ക് പറയാനുളളത്''
ഇത്തരത്തില്‍ കരുണാകരന്‍ നടത്തിയ അധികാര ദുര്‍വിനിയോഗത്തിന്റെ നൂറായിരം തെളിവുകള്‍ നിയമസഭാ രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.


നക്‌സലൈറ്റുകളുടെ 'തകര്‍ച്ച'

വാഴ്ത്തലുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെട്ട ഒന്നാണ് കരുണാകരന്‍ നക്‌സലൈറ്റുകളെ അടിച്ചമര്‍ത്തിയെന്നത്. ചരിത്രതെളിവുകളുടെ പിന്‍ബലമില്ലാത്തതാണ് ഈ അവകാശവാദം. 1967 ലെ നക്‌സല്‍ബാരി കലാപം മുതല്‍ പ്രവര്‍ത്തനമാരംഭിക്കുകയും 1968 ലെ തലശ്ശേരി-പുല്‍പള്ളി കലാപത്തോടെ സ്വാധീനം വ്യക്തമാക്കുകയും ചെയ്ത നക്‌സലൈറ്റ് പ്രസ്ഥാനം ഇന്നുവരെയുള്ള ചരിത്രത്തില്‍ മൂന്നുവട്ടമാണ് തിരിച്ചടികള്‍ നേരിട്ടത്. 1970-71, 75-76, 1992 കാലത്തായി മൂന്നുതവണ.
ഓരോ തിരിച്ചടികളിലും അത് വീണ്ടും തിരിച്ചുവന്നുകൊണ്ടിരുന്നു. കേരളത്തില്‍ ആദ്യം നക്‌ലൈറ്റ് പ്രസ്ഥാനം തകരുന്നത് 1970 ആദ്യമാണ്. കുന്നിക്കല്‍ നാരായണന്റെ നേതൃത്വത്തില്‍ മാവോ സാഹിത്യങ്ങളുടെ പ്രചാരണത്തോടെ തുടങ്ങി വെള്ളത്തൂവല്‍ സ്റ്റീഫന്റെ അറസ്‌റ്റോടെ ഏറെക്കുറെ നിര്‍ജീവമാകുന്നതാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഒന്നാംഘട്ടം (1967-1971). വര്‍ഗീസ് വധിക്കപ്പെടുന്നതാണ് ഇതിലെ നിര്‍ണായക ഘട്ടം. തലശ്ശേരി-പുല്‍പ്പള്ളി കലാപവും പാര്‍ട്ടിരൂപീകരണവും ഉന്മൂലനങ്ങളും നടക്കുന്ന ആദ്യഘട്ടം ഭരണകൂട അടിച്ചമര്‍ത്തല്‍ മൂലമാണ് അവസാനിക്കുന്നത്. പക്ഷേ ഈ ഘട്ടത്തില്‍ കരുണാകരന് റോളൊന്നുമില്ല. 1971 സെപ്റ്റംബര്‍ 25 ന് മാത്രമാണ് കരുണാകരന്‍ ആഭ്യന്തര മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. അതിന് മുമ്പ് സി.എച്ച്് മുഹമ്മദ്‌കോയയാണ് ആഭ്യന്തരമന്ത്രി. കരുണാകരന്‍ ആഭ്യന്തര മന്ത്രിയാകുന്നതിന് വളരെ മുമ്പേ ആദ്യ തിരിച്ചടി പ്രസ്ഥാനം നേരിട്ടു. അപ്പോള്‍ ആദ്യ തകര്‍ച്ചയില്‍ കരുണാകരന് പങ്കില്ലെന്ന് വരുന്നു. യഥാര്‍ഥത്തില്‍ ഈ ഘട്ടത്തിലെ തകര്‍ച്ച ഭരണകൂട അടിച്ചമര്‍ത്തല്‍ എന്നതിനേക്കാള്‍ പ്രസ്ഥാനത്തിന്റെ ദൗര്‍ബല്യം മൂലമാണ്. അന്ന് നക്‌സലൈറ്റ് പ്രസ്ഥാനത്തിന് സംഘടനാ രൂപമുണ്ടായിരുന്നില്ല. ഒറ്റ തിരിഞ്ഞുള്ള ഇടപെടലുകളാണ് ഓരോരുത്തരും നടത്തിയിരുന്നത്. കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ എന്നിങ്ങനെയുളള മേഖലകളില്‍ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ചില ഇടപെടലുകള്‍ നടത്തിയിരുന്നു എന്നല്ലാതെ കൃത്യമായ സംഘടനാ രൂപം ഉണ്ടായിരുന്നില്ല. ഈ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം കൊടുത്തവര്‍ പലരും ഉന്മൂലന കേസുകളിലും പൊലീസ് സ്‌റ്റേഷന്‍ ആക്രമണകേസിലും പ്രതികളായി ജയിലിലായതിനാല്‍ മുന്നേറാനായില്ലെന്ന് മാത്രം. തകര്‍ന്നുപോയ സംഘടനയെ പുതുതലമുറ നക്‌സലൈറ്റുകള്‍ പതിയെയാണെങ്കിലും പുന:സംഘടിപ്പിച്ചു. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പ് ഏറെക്കുറെ കേരളമെമ്പാടും താരതമ്യേന മെച്ചപ്പെട്ട സംഘടന അവര്‍ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും കെട്ടിപ്പടുത്തു. അടിയന്തരവസ്ഥയുടെ അവസാന ഘട്ടം വരെ അവര്‍ പിടിച്ചുനിന്നു. ഒരുപോലീസ് സ്‌റ്റേഷന്‍ ആക്രമണം ഒരു ഉന്മൂലനവും ഇക്കാലത്ത് അവര്‍ നടത്തി. അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ രക്തസാക്ഷിത്വത്തിനൊപ്പം പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. മാരാരിക്കുളം, മതിലകം പൊലീസ് സ്‌റ്റേഷന്‍ ആക്രമണങ്ങളില്‍ നിന്ന് അവസാന നിമിഷം നക്‌സലൈറ്റുകള്‍ പിന്‍മാറിയതുകൊണ്ടു മാത്രമാണ് നടക്കാതെ പോയത്. പക്ഷേ, ആക്രമണത്തിന്റെ ഒരുക്കങ്ങള്‍ കരുണാകരനോ ആഭ്യന്തരമന്ത്രാലമോ അറിഞ്ഞിരുന്നില്ല. അടിയന്തരാവസ്ഥ ഘട്ടത്തില്‍ പ്രധാന പ്രവര്‍ത്തകരെല്ലാം അകത്തായതോടെ സംഘടനയുടെ പ്രവര്‍ത്തനം പതിയെ നിലച്ചു. അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിന് തൊട്ടുമുമ്പും നക്‌സലൈറ്റുകള്‍ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു എന്നതോര്‍ക്കണം. അടിയന്തരവാസ്ഥ കഴിഞ്ഞ ഉടനെ നക്‌സലൈറ്റ് പ്രസ്ഥാനം പൂര്‍വാധികം ശക്തമായി. തകര്‍ച്ചയെന്നാല്‍ അതോടെ നക്‌സലൈറ്റുകള്‍ ഇല്ലാതാവണം. എന്നാല്‍, അവകാശ വാദങ്ങളെ എല്ലാം കാറ്റില്‍ പറത്തുന്ന വിധത്തില്‍, കേരളത്തിലെ നക്‌സലൈറ്റ്് പ്രസ്ഥാനത്തിന്റെ ഏറ്റവും സജീവവും ശക്തമവുമായ കാലം 1977-1992 ആണ്. ഇക്കാലത്ത് അവര്‍ നിരവധി ജനകീയ സമരങ്ങളും കലാപങ്ങളും നടത്തി. മൂന്ന് ഉന്മൂലനങ്ങളും (കാഞ്ഞിരം ചിറ, കേണിച്ചിറ എന്നിവിടങ്ങളിലായി). കരുണാകരന്‍ ശരിക്കും നിഷ്പ്രഭമായി പോകുകയായിരുന്നു ഇക്കാലത്ത്. നക്‌സലൈറ്റ് പ്രസ്ഥാനം തകരുന്നത് 1992 ലാണ്. അതിനു കാരണം കരുണാകരനോ പോലീസോ അല്ല. അവര്‍ സ്വയം പിരിച്ചുവിടപ്പെടുകയായിരുന്നു. കെ. വേണുവിന്റെ ജനാധിപത്യസങ്കല്‍പം പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ചതിനെ തുടര്‍ന്ന്. കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീണതും, ചൈനയിലെ തിയാന്‍മെന്‍ചത്വരത്തിലെ കൂട്ടക്കൊലയും സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ ഒരു പക്ഷേ സ്വഭാവികമായി സംഭവിക്കാവുന്ന പതനമായിരുന്നു അത്. അങ്ങനെ ഒരര്‍ത്ഥത്തിലും കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്തത് കരുണാകരനാണ് എന്നത് ചരിത്ര പിന്‍ബലമില്ല.


കരുണാകരന്റെ തകര്‍ച്ച

നക്‌സലൈറ്റുകളെ തകര്‍ക്കാന്‍ കരുണാകരന് ആയില്ലെന്ന് നമ്മള്‍ കണ്ടു. എന്നാല്‍ തിരിച്ച് കരുണാകരനെ ആരെങ്കിലും തകര്‍ത്തിരുന്നോ എന്നു കൂടി അന്വേഷിക്കേണ്ടതല്ലേ.
അടിയന്തരാവസ്ഥക്കുശേഷം എല്ലാ അധികാര പ്രമത്തതോടെയുമാണ് കരുണാകരന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. 1977 മാര്‍ച്ച് 25 ന്. എന്നാല്‍ ഏപ്രില്‍ 25 ന് അധികാരം വിട്ടൊഴിയേണ്ടിവന്നു. പിന്നീട് അധികാരത്തില്‍ വരുന്നത് 1981 ഡിസംബര്‍ 28 നാണ്. എന്തുകൊണ്ട് വെറും ഒരു മാസം കൊണ്ട് കരുണാകരന് അധികാരം വിട്ടൊഴിയേണ്ടിവന്നു. അവിടെയാണ് നക്‌സലൈറ്റുകളുടെ വിജയം; കരുണാകരന്റെ പരാജയം. നക്‌സലൈറ്റുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന എതിര്‍പ്പുകള്‍ക്കിടയില്‍ കരുണാകരന്‍ മുങ്ങിപ്പോകുകയായിരുന്നു. അടിയന്തരാവസ്ഥ ഘട്ടത്തില്‍ കോടതിയില്‍ ഹാജരാക്കിയ നക്‌സലൈറ്റ് തടവുകാര്‍ രാജനെ പൊലീസുകാര്‍ കൊലപ്പെടുത്തിയ കാര്യം ജനങ്ങളോട് വിളിച്ചു പറഞ്ഞിരുന്നു.
ആ ഘട്ടത്തില്‍ നിയമസഭയെ തെറ്റിധരിപ്പിക്കാന്‍ കരുണാകരന്‍ നടത്തിയ ശ്രമം നിയമസഭാ രേഖയില്‍ ഇങ്ങനെ വായിക്കാം.
കരുണാകരന്‍: ''പിന്നെ ഒരു രാജനെ കാണാനില്ലെന്നു പറഞ്ഞു. രാജന്റെ അച്ഛനായ ഈച്ചരവാര്യര്‍ എന്റെ ഒരു ആത്മാര്‍ത്ഥ സുഹൃത്താണ്; ഒരു പഴയ സഹപ്രവര്‍ത്തകനുമാണ്. അദ്ദേഹത്തിന്റെ മകനെ പോലീസ് കസ്റ്റഡിയില്‍ വച്ചിട്ടല്ല. പോലീസ് കസ്റ്റഡിയില്‍ ഇല്ല, ഗവണ്‍മെന്റ് കസ്റ്റഡിയയില്‍ ഇല്ല. ഇല്ലാത്തെ ആളെക്കുറിച്ച് പോലീസ് എങ്ങനെ സമാധാനം പറയണം? എക്‌സട്രിമിസ്റ്റ് ആക്റ്റിവിറ്റി സംബന്ധിച്ചടത്തോടം എഞ്ചിനീയറിംഗ് കോളജിലെ ആളുകള്‍ ഉള്‍പ്പടെ ചില ചെറുപ്പക്കാര്‍ ഇന്‍വോള്‍വഡ് ആണ്. അങ്ങനെയുള്ള ആളുകളെക്കുറിച്ച് അന്വേഷിക്കുന്ന കൂട്ടത്തില്‍ ഇയാളെയും അന്വേഷിക്കും. ആ കുട്ടി എന്തുചെയ്തു എന്ന് അറിഞ്ഞുകൂടാ. ഏതായിരുന്നാലും പോലീസ് കസ്റ്റഡിയില്‍ ഇല്ല'.
ടി.കെ. രാമകൃഷ്ണന്‍: രാജനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നുള്ളതാണോ അങ്ങു പറയുന്നതില്‍ നിന്നും ഉദ്ദേശിക്കേണ്ടത്?
കരുണാകരന്‍: ഗവണ്‍മെന്റ് കസ്റ്റഡിയിലുമില്ല, പോലീസ് കസറ്റഡിയിലുമില്ല. അറസ്റ്റ് ചെയ്തു ലോക്കപ്പില്‍ വച്ചിട്ടുമില്ല.
പിണറായി വിജയന്‍: രാജന്റെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പുറത്തുവന്നതിനുശേഷം രാജന്‍ തങ്ങളുടെ കൂടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞതായി കേള്‍ക്കുന്നു. അതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായമെന്താണ്?
കരുണാകരന്‍: വല്ലവരും പറഞ്ഞതിനെക്കുറിച്ച് ഞാന്‍ സമാധാനം പറയണമോ. ശ്രീ. വിജയനെപ്പോലുള്ളവര്‍ ഇതു പറയുന്നതില്‍ അത്ഭുതപ്പെടാനില്ല...
ആര്‍. ബാലകൃഷ്ണപ്പിള്ള: ഈ ആരോപണം തെറ്റാണെന്ന് തെളിയിക്കാനെങ്കിലും പോലീസ് ഒരു കേസെടുത്ത് അന്വേഷിച്ച് അയാളെ കണ്ടുപിടിച്ചുകൂടെ.
കരുണാകരന്‍: അതിനെക്കുറിച്ച് അന്വേഷിക്കാം.
അന്വേഷണത്തിന്റെ കഥ എന്തായി എന്ന് എല്ലാവര്‍ക്കും അറിയാം.
നിയമസഭയ്ക്ക് പുറത്ത് അടുത്ത നുണ പറഞ്ഞത് കോടതിയോടാണ്. രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ സമര്‍പ്പിച്ച ഫേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കരുണാകരനും മറ്റ് നാല് പ്രതികളും കള്ള സത്യവാങ്്മൂലം സമര്‍പ്പിച്ചു. കള്ള സത്യവാങ് മൂലം സമര്‍പ്പിച്ചതിന് കരുണാകരനും മറ്റ് പ്രതികള്‍ക്കൂമെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ എടുക്കാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് രാജി. കരുണാകരന്‍ മരിച്ചപ്പോഴും പിന്നീടും മനോരമയുള്‍പ്പടെയുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കോടതി പരാമര്‍ശം ഉണ്ടായതിന്റെ പേരില്‍ കരുണാകരന്‍ രാജിവച്ചു എന്നാണ്. അല്ല. കോടതി പരാമര്‍ശനത്തിന്റെ പേരിലല്ല. കള്ളസത്യവാങ്മൂലം സമര്‍പ്പിച്ചതായിരുന്നു കുറ്റം. അതിനെതിരെ പ്രോസിക്യൂഷന്‍ നടപടി എടുക്കാന്‍ കോടതി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു രാജി.
അടിയന്തരാവസ്ഥ്ക്കുശേഷം ഒരുമാസത്തിനുള്ളില്‍ അധികാരം വിട്ടൊഴിയേണ്ട വിധത്തില്‍ കരുണാകരനെ തകര്‍ക്കാന്‍ നക്‌സലൈറ്റുകള്‍ക്കും അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജനമുന്നേറ്റത്തിനും അഭിപ്രായ രൂപീകരണത്തിനും സാധ്യമായി. അടിയന്തരാവസ്ഥയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും ഭീകരതയും ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി. ജനകീയ എതിര്‍പ്പ് സംഘടിപ്പിച്ചു. അന്നുവരെ ജനമറിഞ്ഞ കരുണാകരനല്ല, ഈ കാലത്തിനുശേഷമുളള കരുണാകരന്‍. ജനങ്ങള്‍ അദ്ദേഹത്തെ അവിശ്വസിക്കാന്‍ തുടങ്ങി. ജനവിരുദ്ധനും, മര്‍ദകനും അഴിമതിക്കാരനുമാണെന്നുള്ള വിശ്വാസം ജനങ്ങളില്‍ പ്രബലമാകാന്‍ തുടങ്ങി. പിന്നീടുള്ള കരുണാകരനെ ഓരോ ഘട്ടത്തിലും അടിയന്തരാവസ്ഥയും രാജനും വേട്ടയാടാന്‍ തുടങ്ങി. അവിടെയാണ് കരുണാകരന്റെ തകര്‍ച്ച. തങ്കമണി പോലുള്ള സംഭവങ്ങള്‍ ഉണ്ടായപ്പോഴും നക്‌സലൈറ്റുകള്‍ പ്രചരണവുമായി ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അങ്ങനെ കരുണാകരനെ വീണ്ടുമൊരിക്കല്‍ കൂടി അധികാരത്തില്‍ നിന്ന് കടപുഴക്കി.
കരുണാകരന്റെ മുഖം വികൃതമായപ്പോള്‍ നക്‌സലൈറ്റുകള്‍ക്കാകട്ടെ അടിയന്തരാവസ്ഥക്കുശേഷം ജനസമ്മതി നേടാനായി. എന്തൊക്കെ എതിര്‍പ്പുകള്‍ അവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടാലും, കേരളത്തില്‍ 1950 കള്‍ക്ക് ശേഷം ഏറ്റവും സത്യസന്ധവും ആത്മാര്‍ത്ഥവുമായ ജനകീയ മുന്നേറ്റമാണ് നക്‌ലൈറ്റുകളുടേതെന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ടു. അങ്ങനെ ഏത് തലത്തില്‍ നോക്കിയാലും തകര്‍ച്ച കരുണാകരന്റേതാണ്.
മറ്റൊരു വഴിയിലൂടെയും കരുണാരനെയും നക്‌സലൈറ്റുകളെയും പരിശോധിക്കേണ്ടതുണ്ട്.


ജയറാം പടിക്കലിന്റെ 'കുട്ടികള്‍'

വിശ്വസ്ത വിധേയനായ ജയറാം പടിക്കലിലൂടെ നക്‌സലൈറ്റുകളെ 'നയിച്ച'താണ് മറ്റൊരു വിജയമായി കരുണാകരനില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്.
നക്‌സലൈറ്റ് ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നക്‌സലൈറ്റുകളെ ഉന്മൂലനം ചെയ്യാനായി പോലീസ് നക്‌സല്‍വേട്ടയ്ക്കുവേണ്ടി, ക്രൈംബ്രാഞ്ചിന്റെ കീഴില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു. 1969 അവസാനമായിരുന്നു സെല്‍ രൂപപ്പെട്ടത്. എസ്.പി.യായിരുന്നു ജയറാം പടിക്കലിനായിരുന്നു ചാര്‍ജ്. എല്ലാ ജില്ലയിലും ഒരു എസ്.ഐ.വീതമാണ് സെല്ലില്‍ ഉണ്ടായിരുന്നത്. ജയറാം പടിക്കല്‍, അദ്ദേഹത്തിന് കീഴില്‍ മുരളി കൃഷ്ദാസ്, രവീന്ദ്രന്‍, ഗോപകുമാര്‍, പുലിക്കോടന്‍ നാരായണന്‍ എന്നിവരും ഉള്‍പ്പെട്ട ഒരു സംഘത്തിനായിരുന്നു അക്കാലത്തെ പൊലീസ് ഭരണം. ജയറാം പടിക്കലിന് മുകളില്‍ ഐ.ജി. രാജനായിരുന്നു ചുമതല. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തെ മുഴുവന്‍ നയിച്ചത് തന്റെ കുട്ടികളായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ നക്‌സലൈറ്റുകള്‍ക്കിടയില്‍ നുഴഞ്ഞുകയറിയെന്നും മുന്‍ ഐ. ജി. ജയറാം പടിക്കല്‍ അവകാശപ്പെട്ടിരുന്നു. പ്രസ്ഥാനത്തിന്റെ ഓരോ ചലനങ്ങളും മനസ്സിലാക്കി നുഴഞ്ഞു കയറിയവര്‍ നിര്‍ദേശങ്ങള്‍ നല്‍കിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
'' എന്റെ നിര്‍ദേശമനുസരിച്ചാണ് എത്രയോ നാള്‍ കേരളത്തിലെ നക്‌സലൈറ്റ് പ്രവര്‍ത്തനം നടന്നത്. എന്റെ അറിവില്‍ പെടാത്ത ഒരു ചലനവും ആ പ്രസ്ഥാനത്തിലുണ്ടായിട്ടില്ല. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനമെന്നു പറഞ്ഞാല്‍ അക്കാലത്ത് ഞാന്‍ തന്നെയായിരുന്നു. എന്നുവച്ചാല്‍ ചുണക്കുട്ടികളാണയ എന്റെ പോലീസുകാര്‍. കാശ്മീരില്‍ നടക്കുന്നത് നോക്കൂ. പട്ടാളവും കേന്ദ്ര പോലീസുമെല്ലാം അവിടെ തീവ്രവാദികളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. എത്ര മുന്‍കരുതലോടെ നീങ്ങിയാലും കുറേ നിരപരാധികളെയും തല്ലിക്കൊല്ലേണ്ടി വരും. ജനങ്ങള്‍ പോലീസിനെതിരാകാന്‍ വേറെന്തുവേണം. അവര്‍ തീവ്രവാദികളെ സഹായിച്ചു തുടങ്ങും. നമ്മുടെ ലക്ഷ്യം പാളുകയും ചെയ്യും. ഇത്തരം കാര്യങ്ങളൊക്കെ വിലയിരുത്തിയ ശേഷമാണ് നക്‌സല്‍ പ്രസ്ഥാനത്തിലേക്ക് നുഴഞ്ഞുകയറാന്‍ തീരുമാനിച്ചത്. പോലീസുകാര്‍ നുഴഞ്ഞുകയറുക, സജീവ പ്രവര്‍ത്തകരാകുക, നേതാക്കളില്‍നിന്നും സര്‍വ്വകാര്യവും അറിയാന്‍ മാത്രം വിശ്വസ്തരാവുക, വേണ്ടി വന്നാല്‍ അവരുടെ തീരുമാനങ്ങളെല്ലാം മാറ്റി മറിക്കാന്‍ മാത്രം ശക്തരാകുക. എന്റെ കുട്ടികള്‍ ഇതെല്ലാം ഭംഗിയായി ചെയ്തു. ഇതൊന്നും ഇനിയും വിശ്വാസമായില്ലെങ്കില്‍ പോയി കെ. വേണുവിനോട് ചോദിച്ചുനോക്ക്. അദ്ദേഹം പറഞ്ഞുതരും കാര്യങ്ങള്‍. ജയറാം പടിക്കല്‍ എന്ന ക്രൂരനായ പോലീസ് ഉദ്യോഗസ്ഥനാണല്ലോ ഞാന്‍. ഞാനൊരു പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ അല്ലാതെ പോയി. ഞാന്‍ ക്രൂരനോ എന്തുമാകട്ടെ, എന്നെ ഏല്‍പ്പിച്ച ജോലി ചെയ്യണ്ടതുപോലെ ഞാന്‍ ചെയ്തില്ലായിരുന്നു എങ്കില്‍ കേരളം ഇന്നൊരു ശ്രീകാകുളമോ, ശ്രീനഗറോ, ഇന്നലത്തെ പഞ്ചാബോ, ഇന്നത്തെ ജാഫ്‌നയോ ആകുമായിരുന്നു'' 1997 ഓഗസ്റ്റില്‍ കലാകൗമുദിയിലാണ് ജയറാം പടിക്കല്‍ ഇങ്ങനെ പറഞ്ഞതായി വരുന്നത്.

വസ്തുതകളും തെളിവുകളും വച്ച് നിഗമനങ്ങളിലെത്തിയാല്‍ ജയറാം പടിക്കലിന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമാകും. ഒന്നാമത് ഈ വാദം വന്നത് ജയറാം പടിക്കല്‍ മരിച്ചശേഷമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ലഭിച്ചിട്ടില്ല.
കെ. വേണു ഇക്കാര്യം വസ്തുനിഷ്ഠമായി തന്നെ മുമ്പേ പൊളിച്ചു. കാരണം കേരളത്തില്‍ ഒരു നക്‌സലൈറ്റ് ആക്രമണവും പോലീസ് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല. ഉന്മൂലനങ്ങള്‍ അടക്കം നടന്ന ശേഷം പ്രതികളെ കണ്ടുപിടിക്കാനായില്ല. നക്‌സലൈറ്റ് ആക്രമണങ്ങള്‍ നടന്നശേഷം അവിടെ ക്യാമ്പ് തുറന്ന് നാട്ടുകാരും മറ്റുമായി നൂറുകണക്കിന് പേരെ മര്‍ദനങ്ങള്‍ വിധേയാക്കിശേഷമാണ് എന്തെങ്കിലും തുമ്പുകിട്ടിയത്. ജയറാമിന്റെ കുട്ടികള്‍ നക്‌സലൈറ്റുകള്‍ക്കുണ്ടായിരുന്നെങ്കില്‍ ഇതുവേണ്ടി വരുമായന്നില്ല.
നക്‌സലൈറ്റുകള്‍ പദ്ധതിയിട്ടതില്‍ നടക്കാതെ പോയത് തൃശൂര്‍ ജില്ലയിലെ മതിലകം, ആലപ്പുഴയിലെ മാരാരിക്കുളം സ്‌റ്റേഷനുകള്‍ ആക്രമണങ്ങളാണ്. അതില്‍ രണ്ടിടത്തും പാകപ്പിഴകള്‍ മൂലമാണ് നടക്കാതെ പോയത്. രണ്ടിടത്തും പുറത്തുപോയ പോലീസുകാര്‍ വരുന്നത് കാത്ത് നിന്ന് നേരം വൈകിയതുകൊണ്ട് ഒഴിവാക്കുകയാണുണ്ടായത്. ടെലഫോണ്‍ ബന്ധം വിച്‌ഛേദിച്ചിരുന്നത് പിറ്റേന്ന് കണ്ടപ്പോള്‍ മാത്രമാണ് ആകഷനെപ്പറ്റി ധാരണ ലഭിക്കുന്നത്. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനം ഇക്കാലത്ത് തകരണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തില്‍ നക്‌സലൈറ്റ് പ്രസ്ഥാനം സജീവമാകുകയാണുണ്ടായത്. അതാകട്ടെ ജയറാം പടിക്കലിനെപ്പോലുള്ള വരെ മറികടന്നുമാണ്.
നക്‌ലൈറ്റ് പ്രസ്ഥാനത്തിലെ വിവരങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നു എന്നു പറയുന്ന ജയറാം പടിക്കലിന് തനിക്കു നേരെ നടന്ന വധശ്രമങ്ങളെപ്പറ്റി പോലൂം അറിവുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ തൊട്ടുപിന്നാലെ നക്‌സലൈറ്റ് സ്‌ക്വാഡങ്ങള്‍ എത്തിയത് തടയാനുമായില്ല. പടിക്കല്‍ ഉന്മൂലനത്തിന് തൊട്ടടുത്തുവരെ എത്തിയതാണ്. വധിക്കാന്‍ നിശ്ചയിച്ച് മുന്നോട്ട് ചെന്ന നക്‌സലൈറ്റ് പ്രവര്‍ത്തകരുടെ കണക്കൂകൂട്ടലുകള്‍ പിഴച്ചതുമാത്രമാണ് പരാജയ കാരണം.
ജയറാം പടിക്കലിനെതിരെയുള്ള വധശ്രമത്തെപ്പറ്റി കെ. വേണു പറയുന്നതിങ്ങനെയാണ്: ''തീരുമാനം നടപ്പാക്കുന്നതിനുവേണ്ടി ഒരു മൂന്നംഗ സ്‌ക്വാഡ് രൂപീകരിക്കുകയുണ്ടായി...ഇത്തരമൊരു പ്രധാനപ്പെട്ട കാര്യം നടപ്പിലാക്കാന്‍ കഴിവുണ്ടെന്നു കരുതി തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു മൂന്നുപേരും. സംസ്ഥാന കമ്മിറ്റി സഖാവാണ് അവരെ തിരഞ്ഞെടുക്കുകയും പദ്ധതി ആസൂത്രണം ചെയ്യുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തത്... അന്ന് എറണാകുളം സൗത്തില്‍ പടിക്കലിന് ഒരു ഗാര്‍മന്റ്‌സ് കടയുണ്ടായിരുന്നു. എന്നും രാവിലെ കൃത്യസമയത്ത് പടിക്കല്‍ കാറില്‍ വന്ന് ആ കടയ്ക്കടുത്ത് ഇറങ്ങുകയും കടയിലേക്ക് നടന്നുപോവുകയും ചെയ്യുമായിരുന്നു. രണ്ടാഴ്ചകാലം പടിക്കലിന്റെ ഇത്തരം ദിനചര്യകള്‍ ആ സംഘം കൃത്യമായി നിരീക്ഷിച്ചിരുന്നു. കാറില്‍ നിന്നിറങ്ങി അയാള്‍ കടയിലേക്ക് നടന്നു നീങ്ങുന്ന സമയത്ത് കൃത്യം നടപ്പാക്കാനാണ് തീരുമാനിച്ചത്. രണ്ടുപേര്‍ ചേര്‍ന്ന് നടപ്പാക്കുകയും മൂന്നാമത്തെയാള്‍ വേണ്ടി വന്നാല്‍ മാത്രം ഇടപെടാന്‍ പാകത്തില്‍ മാറി നില്‍ക്കുകയും ചെയ്തു... 1981 ഏപ്രില്‍ മാസത്തില്‍ ഒരു ദിവസം എല്ലാം സജ്ജമായതായിരുന്നു. രണ്ടു പേരില്‍ ഒരാള്‍ ആദ്യം ആക്രമിക്കാനും മറ്റേ ആള്‍ കൂടി ചേര്‍ന്ന് കൃത്യം പൂര്‍ത്തിയാക്കാനുമായിരുന്നു ധാരണ. പതിവുപോലെ പാടിക്കല്‍ കാറില്‍ വന്നിറങ്ങി. നിശ്ചയിച്ചിരുന്ന രണ്ടുപേരും അയാളുടെ അടുത്തേക്ക് നിങ്ങുകയും ചെയ്തു. പക്ഷേ ആദ്യം ആക്രമിക്കേണ്ടയാള്‍ പെട്ടെന്ന് പതറിപ്പോവുകയും സംഗതി നടക്കാതെ മാറിപ്പോവുകയും ചെയ്തു'' (ഒരു അന്വേഷണത്തിന്റെ കഥ, കെ.വേണു, 2000 ജൂലൈ 7, സമകാലിക മലയാളം വാരിക)
കെ. വേണു പറഞ്ഞതിനുമപ്പുറം സംഭവങ്ങള്‍ നടന്നിരുന്നു. ജയറാം പടിക്കലിനെ വധിക്കുന്നതിന് ഉത്തരവാദിത്വം ഏറ്റെടുത്തിരുന്ന സംസ്ഥാന കമ്മിറ്റി സഖാവിനെ പിന്നീട് ഈ ലേഖകന്‍ നേരിട്ട് കണ്ടു. സംഭവത്തെപ്പറ്റി വിദശമാക്കിയെങ്കിലും തന്റെയോ സംഘാംഗങ്ങളുടെയോ പേര് വ്യക്തമാക്കരുതെന്ന് അദ്ദേഹം കര്‍ശനമായ വ്യവസ്ഥ വച്ചു. ജയറാം പടിക്കലിനു പിന്നാലെ തന്നെയുണ്ടായിരുന്നു മൂന്നംഗ ആക്ഷന്‍ സ്‌ക്വാഡ്. തിരുവനന്തപുരത്തും പടിക്കല്‍ ബാംഗ്ലൂരില്‍ പോയപ്പോഴുമെല്ലാം സംഘം പിന്നാലെയുണ്ടായിരുന്നു. ''പടിക്കലിന് ചുറ്റുവട്ടത്തും എന്നും കുട്ടികളുണ്ടായിരുന്നു. വേദിയിലിരിക്കുമ്പോഴും കാറില്‍ സഞ്ചരിക്കുമ്പോഴുമെല്ലാം. കുട്ടികള്‍ ചുറ്റുമുണ്ടെങ്കില്‍ തന്നെ നക്‌സലൈറ്റുകള്‍ ആക്രമിക്കില്ലെന്ന ധാരണ പടിക്കലിനുണ്ടായിരുന്നു. കുട്ടികള്‍ കൊല്ലപ്പെട്ടാല്‍ ജനവികാരം എതിരാകുമെന്നതിനാല്‍ നക്‌സലൈറ്റുകള്‍ ഒരാക്രമണം നടത്തില്ലെന്ന് അയാള്‍ക്ക് അറിയാം. ബോംബെറിഞ്ഞ് വേണമെങ്കില്‍ കൊല്ലാവുന്ന അത്രയും അടുത്തായിരുന്നു പടിക്കല്‍. പക്ഷേ, കുട്ടികളെ അപകടപ്പെടുത്തരുതെന്ന് ഞങ്ങള്‍ നിശ്ചയിച്ചിരുന്നു. അതിനാല്‍ തന്നെ പലപ്പോഴും അക്രമണം നടത്താതെ വിട്ടു. പക്ഷേ, ഞങ്ങള്‍ നടത്തിയ നീക്കങ്ങള്‍ ഒരു പൊലീസ് സംവിധാനവും അറിഞ്ഞിരുന്നില്ല''.
'കുട്ടികളെ അപകടപ്പെടുത്തിയാലും പടിക്കലിനെ വധിക്കണമെന്ന് പാര്‍ട്ടിയില്‍ ചിലര്‍ നിര്‍ദേശിച്ചു. അതില്‍ തര്‍ക്കമുണ്ടായി. സ്‌ക്വാഡ് അംഗങ്ങള്‍ കേവല മാനുഷിക വാദികളാകുന്നു എന്നതായിരുന്നു വിമര്‍ശനം. അതില്‍ പക്ഷേ ഒരു തീരുമാനമൊന്നും പാര്‍ട്ടി എടുത്തില്ല. നിലനിന്നിരുന്ന ആശയക്കുഴപ്പത്തിനൊടുവില്‍ സ്വഭാവികമായും തനിയെ സ്‌കാ്വഡ് സ്വയം ഇല്ലാതായി''. അല്ലാതെ തനിക്ക് നേരെ നടന്ന വധശ്രമം പോലും സംഘടന 'നയിച്ച' പടിക്കലിന് അറിയുമായിരുന്നില്ല എന്നത് തന്നെ കള്ളകഥകളെ വെളിവാക്കുന്നുണ്ട്.
അടിയന്തരാവസ്ഥയ്ക്ക് ശേഷമോ മുമ്പോ ഒരുഘട്ടത്തിലും നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ തലപ്പത്ത് പൊലീസ് ഏജന്റുമാര്‍ എത്തിയിരുന്നില്ല. നയിക്കണമെങ്കില്‍ സംഘടനയുടെ നയരൂപീകരണ സമിതിയില്‍, അഥവാ സംസ്ഥാന കമ്മിറ്റിയിലോ ജില്ലാ കമ്മിറ്റികളിലോ എത്തണമായിരുന്നു. എന്നാല്‍ നേതൃത്വത്തില്‍ എത്തിയ എല്ലാവരും പിടിക്കപ്പെടുകയും ദീര്‍ഘകാലം ജയിലില്‍ കഴിയുകയും ക്രൂരമായ മര്‍ദനത്തിനിരയാവുകയും ചെയ്തവരാണ്. അടിന്തരാവസ്ഥയിലൂടെ കടന്നുപോകുന്ന പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഉണ്ടായിരുന്ന നേതാക്കളെയെല്ലാം (ടി.എന്‍.ജോയി, കെ. വേണു, സദാശിവന്‍, നടേശന്‍, കുട്ടികൃഷ്ണന്‍) തുടങ്ങിയ എല്ലാവരും തന്നെ കടുത്ത മര്‍ദനങ്ങള്‍ക്കും ജയില്‍ വാസത്തിനും വിധേയരായി. പിന്നീടുള്ള അവരുടെ ജീവിതവും മലയാളിയുടെ കണ്‍മുന്നിലുണ്ട്. നേതാക്കളില്‍ പലരും കടുത്ത ദാരിദ്ര്യം, രോഗം, അകാലത്തിലെ ജരാനര എന്നിവയിലൂടെയാണ് കടന്നുപോയത്. പോലീസിന്റെ ചുണക്കുട്ടികളായിരുന്നെങ്കില്‍ അവര്‍ക്ക് ഈ ജീവിതമല്ല വിധിച്ചിരുന്നത്.
അങ്ങനെ പൊലീസിന്റെയും പടിക്കലിന്റെയും വഴികളിലൂടെയും സഞ്ചരിക്കുമ്പോഴും കരുണാകരന് നക്‌സലൈറ്റുകളെ തകര്‍ക്കാനോ നയിക്കാനോ ആയില്ലെന്ന് വരുന്നു. യഥാര്‍ഥത്തില്‍ കരുണാകരന്റെ പരാജയം മൂടിവയ്ക്കാനാണ് ഈ നക്‌ലൈറ്റുകളെ ഒതുക്കിയെന്ന ചരിത്ര വസ്തുതകളുടെ പിന്‍ബലമില്ലാത്ത കഥ.
സ്തുതിക്കലുകള്‍ക്കിടയിലും നാം ഇന്നലെകള്‍ മറന്നുകൂടാ. വേദനിപ്പിക്കുന്ന ഇല്ലെങ്കില്‍ നമ്മള്‍ അര്‍ത്ഥരഹിതമായ ദു:ഖകണ്ണീരിലാവും. സ്തുതി വചനങ്ങളില്‍ കാതടയും.
'ദളിതരരെ, ദരിദ്രരെ, സ്ത്രീകളെ ആക്രമിച്ചാല്‍ പണമല്ല, പകയാണ് തീര്‍പ്പ്' എന്നൊരു മുദ്രാവാക്യം ചുവരുകളില്‍ നക്‌സലൈറ്റുകളുടേതായി പതിഞ്ഞുകണ്ടിട്ടുണ്ട്. എന്തുകൊണ്ട് കരുണാകരനും, അയാളുടെ പോലീസ് നരഭോജികളും ഈ മുദ്രാവാക്യത്തിന്റെ കരുത്തുറ്റ പ്രയോഗങ്ങള്‍ക്ക് വിധേയരായില്ല? അതുമാത്രം അല്‍പം വേദനകലര്‍ന്ന അത്ഭുതമായി കാലത്തില്‍ ശേഷിക്കും.

ഡൂള്‍ ന്യൂസ്
2011 December
http://www.doolnews.com/critical-study-on-k-karunakaran-234.html