നഷ്ടപ്പെട്ടുവെന്ന് കരുതിയ ഒരു ആത്മകഥ വീണ്ടെടുക്കുന്നു
മകന്‍ നഷ്ടപ്പെട്ട ഒരമ്മ നീതി തേടി ദശാബ്ദത്തിലേറെക്കാലം നടത്തിയ പോരാട്ടത്തിന്റെയും അവര്‍ നേരിട്ട അനീതികളുടെയും കഥയാണിത്. മൂവാറ്റുപുഴ ആര്‍.ഡി. ഒയായിരിക്കെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മുന്‍ പത്രപ്രര്‍ത്തകന്‍ പി.എസ്. സന്തോഷിന്റെ അമ്മ കെ. ലീല ജീവിതം പറയുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് പൂര്‍ത്തിയാക്കിയ ആത്മകഥ സ്ത്രീപോരാട്ടങ്ങളുടെ വഴിയിലെ രേഖപ്പെടുത്താത്ത മറ്റൊരു ചരിത്രം പറയുന്നു.
ആത്മകഥ
ആര്‍.ഡി.ഒ. സന്തോഷിന്റെ അമ്മ ലീല ചമ്പക്കരയിലെ വീട്ടില്‍.
നിശ്ചലനീതിയുടെ വരാന്തയില്‍
കെ. ലീല
ഒരു സ്്ത്രീ ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് അവള്‍ അമ്മയാകുന്ന ദിനമാവും. ആ സന്തോഷമായിരുന്നു എനിക്ക് എന്റെ പുന്നാര മകന്‍ സന്തോഷ്. ഒരമ്മ ഏറ്റവുമധികം അഭിമാനിക്കുക മറ്റൊന്നിനെയും പറ്റിയായിരിക്കില്ല- മക്കള്‍ ജീവിതത്തില്‍ ഉയര്‍ന്ന നിലയിലെത്തണം. അവര്‍ ധീരരായിരിക്കുകയും ജീവിതം വെട്ടിപ്പിടിക്കുകയും ചെയ്യണം. എല്ലാവര്‍ക്കും മാതൃകയായി, മറ്റുള്ളവരെ നയിക്കണം. അപ്പോള്‍ ഏതൊരു അമ്മയും സ്വകാര്യമായെങ്കിലും അഹങ്കരിക്കും. എന്റെ സ്വകാര്യ അഹങ്കാരവും അഭിമാനവുമായിരുന്നു മകന്‍ സന്തോഷ്. അവന്‍ പത്രപ്രവര്‍ത്തനത്തില്‍ വിജയിച്ചപ്പോഴും ഡെപ്യൂട്ടി കലക്ടറായപ്പോഴുമെല്ലാം ഞാന്‍ ലോകത്തോട് ആരും കേള്‍ക്കാതെ ഒരായിരം വട്ടം പറഞ്ഞിട്ടുണ്ട്- 'നോക്കൂ ലോകമേ, ഇതാ എന്റെ മകന്‍. നിങ്ങള്‍ക്ക് അസൂയയില്ലേ ഇതുപോലൊരു മകനെ നൊന്തുപ്രസവിക്കാത്തതില്‍'. പക്ഷേ, ഞാനത് അവനുമുമ്പില്‍ ഒരിക്കലും പ്രകടിപ്പിച്ചില്ല. അവനു മുന്നില്‍ നിന്ന് നീ മിടുക്കനാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അതെന്റെ തെറ്റ്. പറയാതിരുന്നതിന് എനിക്ക് ന്യായമുണ്ട്. എന്റെ മകന്‍ എത്തേണ്ട ഉയരങ്ങള്‍ എത്തിയിരുന്നില്ല. അവനിനിയും കയറാന്‍ ഉയരങ്ങളുണ്ടായിരുന്നു. അവനിനിയും മുന്നേറുമായിരുന്നു. ഒരമ്മ എന്ന നിലയില്‍ ആ ഉയര്‍ച്ചകള്‍ കാണാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍. അതിനിടയ്ക്ക് അമ്മയുടെ പുകഴ്ത്തലുകള്‍ അവന് ആവശ്യമില്ലെന്ന് ഞാന്‍ കരുതി. ഒരു പക്ഷേ, എന്റെ മനസ് കാണാന്‍ അവന് പറ്റിയിട്ടുണ്ടാവും. അവന് അടുത്തിരിക്കുമ്പോള്‍, അവന്‍ വരാന്‍ കാത്തിരുന്നപ്പോള്‍, തൊട്ടടുത്തിരുന്ന് നിശബ്ദം അവന്‍ പറയുന്നത് കേട്ടിരുന്നപ്പോള്‍, അവന്‍ കഴിക്കുന്നത് നോക്കിയിരിക്കുമ്പോള്‍ എല്ലാം ഞാന്‍ മനസില്‍ പറഞ്ഞിരുന്നത് അവന്‍ കേട്ടിട്ടുണ്ടാവണം. അതായിരുന്നിരിക്കണം അവന്റെ ശക്തിയും. അറിയില്ല. എപ്പോഴോ ഒരിക്കല്‍ അവനെന്നോട് പറഞ്ഞിട്ടുണ്ട്- 'അമ്മേ, ഒരിക്കലും എന്നെയോര്‍ത്ത് ആരുടെ മുന്നിലും അമ്മയ്ക്ക് തലകുനിക്കേണ്ടിവരില്ല. ഞാന്‍ ജീവിതത്തില്‍ ഒരിക്കലും പിന്നോട്ട് പോവില്ല. അമ്മ നോക്കിക്കോളൂ.'
ഒരമ്മയുടെ നിര്‍ഭാഗ്യവും വേദനയുമെല്ലാം മകനാണ്. ഞാനുഭവിച്ച ഏറ്റവും വലിയ വലിയ വേദനയും ദു:ഖവും മകന്റെ നഷ്ടപ്പെടലാണ്. എന്റെ മകന്‍ സന്തോഷ് പോയി. അവന്‍ ഇല്ലാതായതോടെ എല്ലാം നഷ്ടപ്പെട്ടു. എനിക്ക് എന്റെ ലോകവും ഇല്ലാതായി. അവനെയോര്‍ത്ത് കരയാത്ത ഒറ്റ ദിവസമില്ല. അവനെന്റെ ഇടനെഞ്ചില്‍ ഉണ്ട്. ഞാനെന്തുചെയ്യും കരയുകയല്ലാതെ. അവന്‍ മരിച്ചതല്ല, കൊന്നതാണ്. അവനെ ഇല്ലാതാക്കിയവര്‍ക്ക് മേല്‍ എന്റെ കണ്ണീര് വീഴുന്നുണ്ട്. രോഗിയായ ഞാന്‍ അധികം വൈകാതെ മരിച്ചുപോയേക്കാം. പക്ഷേ, ഈ കണ്ണീര്‍ അവരെ വേട്ടയാടും. ഒരു നീതിയും ജീവിതത്തില്‍ ലഭിക്കാത്ത, നിസഹായായ അമ്മയുടെ കണ്ണീരാണിത്. കണ്ണീരൊഴുക്കിക്കൊണ്ടാണ് ഞാനിത് പറയുന്നത്. നിങ്ങള്‍ക്ക് കോടതിയെയും പൊലീസിനെയുമെല്ലാം വിലക്കെടുക്കാനായേക്കും. എന്നാല്‍, മുകളില്‍ നിന്ന് ഇതെല്ലാം കാണുന്ന വലിയ ഒരു ശക്തിയുണ്ട്. ആ ശക്തിയുടെ പ്രഹരം നിങ്ങള്‍ക്കുമേല്‍ പതിക്കും. നിങ്ങള്‍ കരയേണ്ടി വരും. മോന്റെ മുഖം അവസാനമായി ഒരു നോക്കു കാണാന്‍ പോലും കഴിഞ്ഞില്ല. അവര്‍ കാണിച്ചുതന്നില്ല. അത്രയേറെ ഭാഗ്യഹീനയാണ് ഞാന്‍. എനിക്ക് സംഭവിച്ചത് മറ്റൊരുമ്മയ്ക്കും വരരുതേയെന്ന് മനമുരുകി ഞാന്‍ പ്രാര്‍ഥിക്കുന്നു.
മകന്റെ സ്വപ്നങ്ങള്‍, അമ്മയുടെ പ്രാര്‍ഥന
ഒരമ്മയ്ക്ക് കുഞ്ഞ് ജനിച്ചതു മുതലുള്ള ഓരോ നിമിഷവും ഓര്‍മയുണ്ടാവും. കുഞ്ഞ് ആദ്യമായി കരഞ്ഞത്, നടന്നത്, അമ്മേയെന്ന് വിളിച്ചത്, അക്ഷരം പഠിക്കാന്‍ തുടങ്ങിയത് അങ്ങനെ എല്ലാം. സന്തോഷ് ജനിച്ചതു മുതലുള്ള ഓരോ നിമിഷവും മനസിലുണ്ട്. അക്കഥ എല്ലാ അമ്മമാര്‍ക്കും ഒരുപോലെ മാത്രമേ പറയാനുണ്ടാവൂ. അതുകൊണ്ട് അതെപ്പറ്റി പറയാന്‍ ആഗ്രഹിക്കുന്നില്ല. ഈ ആത്മകഥയില്‍ നിന്ന് നിങ്ങള്‍ക്ക് എന്നെയോ മകനെയോ പറ്റിയുള്ള, തീര്‍ത്തും വ്യക്തിപരമായ ഒന്നും വായിക്കാനുണ്ടാവില്ല. ഈ കഥ ശരിക്കും കെ. ലീല എന്ന സ്ത്രീയുടെ ആത്കഥയാക്കാനും ഉദ്ദേശിക്കുന്നില്ല. ഒരു മകന്റെ വീരകഥള്‍ പറയാനോ, അവന് പുസ്തകം എന്ന സ്മാരകം ഒരുക്കാനോ അല്ല എന്റെ ശ്രമം. ഇത് മകന്‍ നഷ്ടപ്പെട്ട ഒരമ്മ നീതിക്കുവേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ്. ഈ പോരാട്ടം രേഖപ്പെടുത്താന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഞങ്ങള്‍ സാധാരണക്കാരായിരുന്നു. സാമ്പത്തികമായി ഇടത്തരക്കാര്‍ പോലുമായിരുന്നില്ല. സത്യത്തില്‍ എങ്ങനെയൊക്കെയോ ജീവിച്ചുപോയി എന്നു മാത്രം. ശരാശരിക്കാരായ ഈഴവ കുടംബമായിരുന്നു ഞങ്ങളുടേത്. ഫോര്‍ട്ട്‌കൊച്ചിയിലെ ചുള്ളിക്കലായിരുന്നു ആദ്യം താമസിച്ചിരുന്നത്. എന്റെ വീട്ടുകാര്‍ക്കൊപ്പം. ഭര്‍ത്താവ് ശ്രീധരന്‍ വളരെ നേരത്തെ മരിച്ചു. അതിനാല്‍ കുട്ടികളെ വളര്‍ത്തേണ്ടതും ഒരു നിലയിലാക്കേണ്ടതുമായ ഉത്തരവാദിത്വം എന്റെ തലയിലായി. അഞ്ചുമക്കള്‍. അതില്‍ മൂന്ന് പെണ്ണും രണ്ടാണും. സന്തോഷായിരുന്നു ഏറ്റവും മൂത്തയാള്‍. ഏറ്റവും ഇളയത് ജ്യോതിയും. ഏക ആശ്രയം എറണാകുളം ജനറല്‍ ആശുപത്രിയിലെ ചെറിയ ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനമായിരുന്നു. എല്ലാവര്‍ക്കും കഴിവിനൊപ്പിച്ച് വിദ്യാഭ്യാസം നല്‍കുക എന്നതിനായിരുന്നു ശ്രമം. മക്കളെ വളര്‍ത്തുക എന്നത് അവരെ ജനിപ്പിച്ചവരുടെ ഉത്തരവാദിത്വമാണ്. അതിനാല്‍, അതിനുവേണ്ടി വരുന്ന കഷ്ടപ്പാടുകളെപ്പറ്റി ഒരിക്കലും പുറത്തുപറയരുത്. മക്കളോടുപോലും പറയാതിരിക്കണം. അതുകൊണ്ട്തന്നെ ആ കഥകള്‍ ഒരാളോടും പറയാന്‍ പോകുന്നില്ല. ഇരുപത് വര്‍ഷം മുമ്പ് തൃപ്പൂണിത്തുറക്കടുത്ത് ചമ്പക്കരയില്‍ 'സ്മൃതി' എന്ന വീട് പണികഴിപ്പിച്ചു. അന്നുമുതല്‍ അതായി വീട്. കടംമേടിച്ചും ലോണെടുത്തുമായിരുന്നു വീട് ഒരു വിധത്തില്‍ ഒപ്പിച്ചത്.
കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കാനോ, അവര്‍ക്ക് നല്ല കളിപ്പാട്ടങ്ങള്‍ മേടിച്ചുകൊടുക്കാനോ ഒന്നുമായിട്ടില്ല. എന്നാല്‍, അവര്‍ക്കൊരിക്കലും പട്ടിണി കിടക്കേണ്ടിവന്നിട്ടില്ല. കുട്ടികള്‍ പഠിക്കാന്‍ വലിയ മിടുക്കരായിരുന്നില്ലെങ്കിലും മോശമായിരുന്നില്ല.
ബഹളക്കാരനല്ലാത്ത, ഒതുങ്ങിയ കുട്ടിയായിരുന്നു സന്തോഷ് . അധികം വാശിയൊന്നുമുണ്ടായിരുന്നില്ല. അധികം സംസാരിക്കാറുമില്ലായിരുന്നു. എന്നാല്‍, ചില സമയങ്ങളില്‍ വളരെയധികം സംസാരിക്കും. അന്നേരം വലിയ സന്തോഷവാനായിരിക്കുകയും ചെയ്യും. അതെന്തുകൊണ്ട് എന്നൊന്നും മനസിലാവില്ല. ചിലപ്പോള്‍, അവനു മാത്രം അറിയാവുന്ന കാര്യങ്ങള്‍ കൊണ്ടാവും. കുട്ടിക്കാലം മുതലേ അവനില്‍ കണ്ടിരുന്ന കാര്യം ധാരാളം വായിക്കുമെന്നാണ്. കഥാ പുസ്തകങ്ങളില്‍ നിന്ന് പെട്ടന്ന് തന്നെ അവന്‍ മുതിര്‍ന്നവരുടെ വായനയിലേക്ക് കടന്നു. പത്താംക്ലാസ് പരീക്ഷ കഴയുമ്പോള്‍ വായനയുടെ സ്വഭാവം തീര്‍ത്തും മാറി. പലതും എനിക്ക് മനസിലാവാത്ത കാര്യങ്ങളായിരുന്നു. തടിയന്‍ പുസ്തകത്തില്‍ തലപൂഴ്ത്തിയിരിക്കുമ്പോഴൊക്കെ എനിക്ക് ഭയമായിരുന്നു. ഇവന്‍ കമ്യൂണിസ്‌റ്റോ നക്‌സലൈറ്റോ വല്ലതുമാവുമോ?.
സ്‌കൂള്‍ കഴിഞ്ഞ ഉടന്‍ അവന്‍ പറഞ്ഞുകൊണ്ടിരുന്നത് പത്രപ്രവര്‍ത്തകനാകണം എന്നായിരുന്നു. ആരു ചോദിച്ചാലും പറയും ജീവിതത്തിലെ മോഹം പത്രപ്രവര്‍ത്തകനാകുക എന്നാണെന്ന്. അപ്പോഴും എനിക്കു ഭയമായിരുന്നു. വലിയ അപകടം പിടിച്ച പണിയാണ് പത്രപ്രവര്‍ത്തനം എന്ന് മനസ് പറഞ്ഞിരുന്നു. സന്തോഷാണെങ്കില്‍ കുറച്ചൊക്കെ സാഹസികനും. അനീതി എവിടെ കണ്ടാലും അവന്‍ പൊട്ടിത്തെറിക്കും. ആരെങ്കിലും അനീതി കാണിച്ചാല്‍ അതിനെ എതിര്‍ത്ത് ബഹളമുണ്ടാക്കും. വീട്ടില്‍ ടെലഫോണ്‍ നന്നാക്കാന്‍ വരുന്നവര്‍ക്കും മറ്റും ഞാന്‍ സ്വകാര്യമായി എന്തെങ്കിലും കൊടുക്കുമായിരുന്നു. അവന്‍ ഡെപ്യൂട്ടി കളക്ടറായശേഷവും. അതറിഞ്ഞാല്‍ അവന്‍ ബഹളം വയ്ക്കും. ഒരു തരത്തിലും ഒരാള്‍ക്ക് കൈക്കൂലി കൊടുക്കാനോ, മേടിക്കാനോ അവന്‍ നില്‍ക്കില്ല. ആരെയും അതിന് സമ്മതിക്കില്ല. മേടിക്കുന്നവര്‍ക്കെതിരെ ബഹളമുണ്ടാക്കും. അത്തരമൊരു പ്രകൃതമുള്ളയാള്‍ പത്രപ്രവര്‍ത്തനത്തില്‍ ചേരണം എന്ന് സ്വപ്നം കണ്ട് നടക്കുന്നത് എനിക്ക് ചിന്തിക്കാന്‍ പോലുമാവുമായിരുന്നില്ല. അതിനാല്‍ ആ മോഹത്തെ വലുതായി പ്രോത്സാഹിപ്പിക്കാന്‍ പോയില്ല. എങ്ങനെയെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി സ്ഥിരം വരുമാനം അവന്‍ ഉണ്ടാക്കണം എന്നതായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ, അവന്‍ വിടാനൊരുക്കമായിരുന്നില്ല. വളരുന്നതിനനുസരിച്ച് പത്രപ്രവര്‍ത്തനം മോഹം അവന്‍ വളര്‍ത്തിക്കൊണ്ടേയിരുന്നു. അവന്റെ പത്രപ്രവര്‍ത്തന ജീവിതം എന്നെ സംബന്ധിച്ച് പേടി നിറഞ്ഞ കാലമായിരുന്നു. അവന്‍ രാത്രി വൈകി തിരിച്ചെത്തുന്നതുവരെ ഉറക്കം വരുമായിരുന്നില്ല. അതുപോലെത്തെ 'കുഴപ്പങ്ങള്‍' അവനൊപ്പിച്ചിരുന്നു. അതെപ്പറ്റി പിന്നീട് പറയാം
സന്തോഷ് ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഈ കുട്ടിക്ക് ഒന്നും വേണ്ടേ എന്ന് ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. ഒരിക്കലും ഒരു ഷര്‍ട്ട്‌വേണമെന്നോ, അല്ലെങ്കില്‍ കുറച്ച് പൈസ സിനിമയ്ക്ക് പോകാന്‍ തരണമെന്നോ ഒന്നും ചോദിച്ചിട്ടില്ല. അവന്‍ ചോദിച്ചിരുന്നെങ്കില്‍ തന്നെ കൊടുക്കാനും കൈയിലുണ്ടാവുമായിരുന്നില്ല. എന്നാലും എങ്ങനെയെങ്കിലും സംഘടിപ്പിച്ചുകൊടുക്കുമായിരുന്നേനെ. തനിക്ക് താഴെ വളരുന്ന സഹോദരങ്ങളെപ്പറ്റിയും എന്റെ കഷ്ടപ്പാടുകളെപ്പറ്റിയും എന്റെ പൊന്നുമോന് ധാരണയുണ്ടായിരുന്നിരിക്കണം. അധികം ആരോടുമിണ്ടാട്ടമില്ലായിരുന്നു. കുട്ടിയായിരിക്കുമ്പോഴേ മോന്‍ പെട്ടന്ന് മുതിര്‍ന്നുപോയല്ലോ എന്നതായിരുന്നു സങ്കടം. പാവം കൊച്ച്. അച്ഛന്‍ ഇല്ലാത്തതുകൊണ്ടായിരിക്കണം, അവന്‍ വലിയ പക്വത കാണിച്ചു.
സന്തോഷ് പഠിച്ചത് ഫോര്‍ട്ട്‌കൊച്ചി വെളിയിലെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു. പഠിത്തത്തില്‍ മുമ്പിലായിരുന്നു. നല്ല മാര്‍ക്കോടെയാണ് ജയിച്ചതും. തുടര്‍ന്ന് കൊച്ചിന്‍കോളജില്‍ പ്രീഡിഗ്രിയും, സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍ നിന്ന് ബി.കോമും പാസായി. അപ്പോഴേക്കും അവന്‍ പത്രപ്രവര്‍ത്തനം പഠിക്കാന്‍ തീരുമാനിച്ചിരുന്നു. തിരുവനന്തപുരം കാര്യവട്ടത്തായിരുന്നു പഠനം.
ജേര്‍ണലിസം പഠിച്ചിറങ്ങിയത് സ്വര്‍ണമെഡലോടെയാണ്. ആ സമയത്ത് സെക്രട്ടറിയേറ്റില്‍ ജോലി കിട്ടി. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ആദ്യ പേരുകാരനായിരുന്നു. ക്ലാര്‍ക്കായിട്ടായിരുന്നു നിയമനം. സെക്രട്ടറിയേറ്റില്‍ ഒതുങ്ങിപ്പോകുമോയെന്നായിരുന്നു ആ സമയത്ത് അവന്റെ പേടി. പത്രപ്രവര്‍ത്തനത്തില്‍ സ്വര്‍ണമെഡല്‍ കിട്ടിയ ഒരാള്‍ സെക്രട്ടറിയേറ്റില്‍ അധോമണ്ഡലഗുമസ്തനായി ഒതുങ്ങേണ്ടതില്ലെന്നൊക്കെയായിരുന്നു തത്വശാസ്ത്രം. ആ സമയത്ത് അവന് മലയാള മനോരമയില്‍ നിന്ന് ക്ഷണം കിട്ടി. 1984 ല്‍ മനോരമയില്‍ ചേര്‍ന്നു. ആദ്യ നിയമനം കാസര്‍ഗോഡായിരുന്നു. പിന്നെ പല ബ്യൂറോകളില്‍ മാറി മാറി പ്രവര്‍ത്തിച്ചു. പിന്നെ കൊച്ചി എഡിറ്റോറിയലിലെത്തി. പത്രപ്രവര്‍ത്തനം വിടുമ്പോള്‍ മലയാള മനോരമയുടെ പാലക്കാട് ബ്യൂറോ ചീഫായിരുന്നു അവന്‍.
പത്രപ്രവര്‍ത്തകനെന്ന നിലയില്‍ മിടുക്കനെന്ന് പേരെടുത്തു. പെട്ടെന്നു തന്നെ. അവന്‍ നൂറുകണക്കിന് റിപ്പോര്‍ട്ടുകള്‍ എഴുതി. പലതും എക്‌സ്‌ക്ലൂസിവുകളായിരുന്നു. ആ സമയത്ത് ഞാന്‍ ദിവസവും മനോരമപത്രം വായിക്കും. രാവിലെ എഴുന്നേറ്റാല്‍ ആദ്യ പണി അതാണ്. വായനയെന്നാല്‍ പത്രം വായിക്കാനോ ലോകവിവരം അറിയാനോ ഉള്ളതല്ല. സന്തോഷ് എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് തിരയലായിരുന്നു വായന. ഇനി ബൈലൈന്‍ കണ്ടില്ലെങ്കില്‍ അവന്‍ ജോലി ചെയ്യുന്ന സ്ഥലത്തെ വാര്‍ത്തകള്‍ തെരയും. അവന് എഴുതിയ വാര്‍ത്തകളും ഫീച്ചറുകളും തിരിച്ചറിയാനാകുമായിരുന്നു. വാര്‍ത്തയുടെ സൂചനകിട്ടിയാല്‍ അവന്‍ അതിന്റെ പിന്നാലെ പോകും. അവന് കൂടി സംതൃപ്തിയുള്ള എഴുത്താണെങ്കില്‍ അടുത്ത ദിവസത്തെ പത്രം നോക്കാന്‍ വിളിച്ചുപറയും. അത് പക്ഷേ അപൂര്‍വമായിട്ടേയുണ്ടായിരുന്നുള്ളൂ. അവന്‍ എഴുതിയ വാര്‍ത്തകള്‍ വായിക്കുമ്പോഴെല്ലാം മനസിലായ കാര്യം അതിന്റെയെല്ലാം അടിയില്‍ സാമൂഹ്യപ്രതിബദ്ധത ഒളിഞ്ഞും തെളിഞ്ഞും കിടന്നിരുന്നുവെന്നതാണ്. രാഷ്ട്രീയ വാര്‍ത്ത എഴുതുമ്പോള്‍ പോലും അങ്ങനെയായിരുന്നു.
കാഞ്ചവ് മാഫിയയെക്കുറിച്ചുള്ള എഴുതിയ ലേഖന പരമ്പരയിലൂടെ പലരുടെയും കണ്ണില്‍ കരാടായി. 'വശ്യം, ഭീകരം' എന്ന പരമ്പര എഴൂതാന്‍ മയക്കുമരുന്നു സംഘത്തിലേക്ക് അവരിലൊരാളായി സന്തോഷ് നുഴഞ്ഞുകയറി. അത് പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഏടാണ്. അവനെങ്ങനെ കഞ്ചാവ് മാഫിയക്കിടയില്‍ നുഴഞ്ഞുകയറി എന്ന് എനിക്കറിയില്ല. അവനെന്നോട് പറഞ്ഞിട്ടില്ല. പക്ഷെ, അന്ന് കൊച്ചിയിലുള്‍പ്പടെ നടക്കുന്ന കഞ്ചാവ്-മയക്കുമരുന്ന് മാഫിയയുടെ ഒരോ ചലനവും അവന്‍ പരമ്പരയില്‍ എഴുതിയിരുന്നു. അവനെ അത്തരം സാഹസിക പ്രവര്‍ത്തി ചെയ്യാന്‍ പ്രേരിപ്പിച്ചത് യുവതലമുറയോടുള്ള സ്‌നേഹമാണ്. യുവാക്കളും കുട്ടികളും വഴിതെറ്റരുതെന്നായിരുന്നു അവന്റെ ആഗ്രഹം. അത്തരം ഉദ്ദേശമില്ലായിരുന്നെങ്കില്‍ ആ അപകടജോലി അവന്‍ ഏറ്റെടുക്കില്ലായിരുന്നു. ആ ലേഖന പരമ്പര സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ടു. സര്‍ക്കാര്‍ തലത്തില്‍ ചില നടപടികള്‍ സ്വീകരിക്കപ്പെട്ടു. കഞ്ചാവ് മാഫിയക്കെതിരെ നടപടിയെടുക്കുമെന്ന് വകുപ്പ് മന്ത്രിയുടെ പ്രസ്താവന ഉണ്ടായി. ചില നടപടികളുണ്ടായി. ചിലര്‍ അറസ്റ്റിലായി. ആ ലേഖന പരമ്പരക്ക് അവന് അവാര്‍ഡുകള്‍ ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുള്‍പ്പടെ. മനോരമയുടെ അകത്ത് അവരുടെ ലേഖകര്‍ക്ക് ഏര്‍പ്പെടുത്തിയ ചില പുരസ്‌കാരവും.
പരമ്പര എഴുതിക്കഴിഞ്ഞ ദിവസം മുതല്‍ ഞാന്‍ പ്രാര്‍ഥിക്കുകയായിരുന്നു. അവനൊന്നും വരുത്തല്ലേ എന്ന്. പരമ്പര അച്ചടിച്ചുവരുന്ന ദിവസങ്ങളില്‍ സത്യത്തില്‍ പേടിച്ചിട്ട് ഞാന്‍ ഉറങ്ങിയിരുന്നില്ല. അവനെന്തെങ്കിലും പറ്റുമെന്ന് പേടിച്ച് വിറച്ചു. രാത്രി കിടക്കുമ്പോള്‍ പുറത്ത് എന്തെങ്കിലും ഒച്ചകേട്ടാല്‍ പോലും ഞെട്ടിയെഴുന്നേല്‍ക്കും. സന്തോഷും സൂക്ഷിച്ചാണ് ആ ദിനങ്ങളില്‍ നടന്നിരുന്നത്. എന്റെ ഭീതി കണ്ട് അവന്‍ ചിരിക്കും. കളിയാക്കിയാണ് ചിരി. ആ ചിരിയിലായിരുന്നു ഞാന്‍ സമാധാനം കണ്ടെത്തിയത്.
പി.എസ്. സന്തോഷ്, ഡെപ്യൂട്ടി കളക്ടര്‍, മൂവാറ്റുപുഴ
ഒരിക്കലും സന്തോഷ് പത്രപ്രവര്‍ത്തന രംഗം വിടില്ല എന്നാണ് കരുതിയത്. പക്ഷേ, പൊട്ടൊന്നൊരു ദിവസം നിലപാട് മാറ്റി. കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയപ്പോഴായിരുന്നു അത്. ഡെപ്യൂട്ടി കളക്ടറാകുക എന്ന ലക്ഷ്യമായിട്ടൊന്നുമല്ല പരീക്ഷ എഴുതിയത്. അടുത്ത സുഹൃത്തുക്കളും മറ്റ് നിര്‍ബന്ധിച്ചതുകൊണ്ട് പരീക്ഷ എഴുതി. അത് കിട്ടി. അങ്ങനെ ഒമ്പതുവര്‍ഷത്തെ പത്രപ്രവര്‍ത്തനം അവന്‍ അവസാനിപ്പിച്ചു. ഞാനെപ്പോഴും ചിന്തിക്കും മനോരമയില്‍ തന്നെ തുടര്‍ന്നിരുന്നെങ്കില്‍ അവന്‍ ഒരുപക്ഷേ ഇന്ന് ന്യൂസ് എഡിറ്ററോ അതിനു മുകളിലോ ആയിട്ടുണ്ടാവുമായിരുന്നു. സന്തോഷിനൊപ്പം മനോരമയില്‍ പ്രവേശിച്ച പലരും അത്തരം പദവികളിലാണിപ്പോള്‍. ഒരു പക്ഷേ, അവന് ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ല. ജോലി വിടുന്ന ദിവസം അവന്റെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു: 'ഇനി പത്രപ്രവര്‍ത്തകന്‍ അല്ല. ബ്യൂറോക്രാറ്റ്. ഉദ്യോഗസ്ഥ ദുഷ്പ്രഭു'. ആ പോസറ്റില്‍ തുടര്‍ന്നാല്‍ കുറച്ചുകാലത്തിനുള്ളില്‍ കലക്ടറായും പിന്നീട് ഏതെങ്കിലും വകുപ്പില്‍ സെക്രട്ടറിയൊക്കെയായി നിയമിക്കപ്പെടുമായിരുന്നു. പി.എസ്.സി. നിയമനം കിട്ടിയത് തിരുവനന്തപുരത്താണ്. അവിടെ ഡപ്യൂട്ടി കളക്ടറായി കുറച്ചുകാലം പ്രവര്‍ത്തിച്ചു.
1994 ഒക്‌ടോബറിലാണ് സന്തോഷ് മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസറാകുന്നത്. മൂവാറ്റുപുഴയലെ ജോലിയാണ് അവന്റെ ജീവിതം ഇല്ലാതാക്കിയത്. പലരുടെയും ധാരണ മൂവാറ്റുപുഴ പ്രശ്‌നങ്ങളില്ലാത്ത, ശാന്തമായ മേഖല എന്നാണ്. എന്നാല്‍, അങ്ങനെയായിരുന്നില്ല. ക്വാറികള്‍, മരം കടത്ത്, വനംകൊള്ള, മണല്‍മാഫിയ, അണക്കെട്ടുകള്‍, ജലസേചനപദ്ധതികള്‍ എന്നിങ്ങനെ പ്രശ്‌നങ്ങള്‍ നിറഞ്ഞ മേഖലയാണിത്. ഒരു തുടക്കക്കാരന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകുന്നപോലെയല്ല, പത്രപ്രവര്‍ത്തകന്‍ ഉദ്യോഗസ്ഥനാകുന്നത്. കാരണം പല രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും അവര്‍ക്ക് നേരത്തെ പരിചയമുണ്ടാകും. അവരോടൊക്കെ തുല്യതയില്‍ നിന്ന് സംസാരിക്കുകയും അവര്‍ക്ക് എതിരെ എഴുതുകയും ചെയ്തതിന്റെയൊക്കെ ഒരു തരം ആത്മവിശ്വാസം അവര്‍ക്കുണ്ടാകും. പുറത്ത് പഴയ മാധ്യമ സുഹൃത്തുക്കളുണ്ട് താനും. അവരെല്ലാം പല പത്ര സ്ഥാപനങ്ങളെയും നയിക്കുന്ന അവസ്ഥയിലും. അതൊരു തരം ചങ്കൂറ്റം നല്‍കും. സന്തോഷിന് അത്തരം ആത്മവിശ്വാസം ഉണ്ടായിരുന്നു. ആരെയും കൂസാക്കാതിരിക്കുക അവന്റെ സ്വഭാവമാണ്. അതിനപ്പുറം അഴിമതി കണ്ടാല്‍ എതിര്‍ക്കും. ഇങ്ങനെയൊരാള്‍ക്ക് പറ്റിയ സ്ഥലമല്ല മൂവാറ്റുപുഴ. മനസില്‍ അവനെപ്പറ്റി ആശങ്കയുണ്ടായിരുന്നു. 'വേണ്ടാത്ത കുഴപ്പത്തിലൊന്നും ചാടരുത്' എന്ന് ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. അവന്‍ പൊട്ടിച്ചിരിക്കും. കളിയാക്കും. അമ്മ വിചാരിക്കുന്നതല്ല ലോകമെന്ന് പറഞ്ഞ് തമാശയാക്കി അവന്‍ അടുത്ത വിഷയത്തിലേക്ക് കടക്കും. അവനായിരുന്നോ, ഞാനായിരുന്നോ ശരിയെന്ന് ഇപ്പോള്‍ പറയുന്നതില്‍ അര്‍ഥമില്ല. അവനോട് അങ്ങനെ പറയുമ്പോഴും മനസില്‍ അവന്‍ ചെയ്യുന്നതാണ് ശരി, അതുമാത്രമാണ് ശരിയെന്ന് ഞാന്‍ പറഞ്ഞിരുന്നു.
ആര്‍.ഡി.ഒ.ആയ ശേഷം മൂവാറ്റുപുഴയില്‍ ഔദ്യോഗിക കാ്വര്‍ട്ടേഴ്‌സിലായിരുന്നു താമസം. ഭാര്യ പ്രതിയും കുട്ടിയും ഒപ്പമാണ് താമസിച്ചിരുന്നത്. എറണാകുളത്ത് കോളജില്‍ ലക്ചറായി ജോലി ചെയ്യുന്നതിനും ഡോക്ടറേറ്റ് പഠനം തുടരാനുമായി പ്രീതിയും കുട്ടിയും മടങ്ങി. പ്രീതി പിന്നെ തന്റെ വീട്ടിലാണ് താമസിച്ചത്.
സമൂഹത്തിലെ വിവിധ തലങ്ങളില്‍ നിന്ന സന്തോഷ് ഭീഷണി നേരിട്ടിരുന്നു. കഞ്ചാവ് മാഫിയയില്‍ നിന്നാണ് അതില്‍ പ്രധാനം. മൂവാറ്റുപുഴയിലെ മണല്‍ വാരല്‍ പ്രശ്‌നത്തിലും ക്വാറി അടച്ചുപൂട്ടിയ വിഷയത്തിലുമെല്ലാം രാഷ്ട്രീയക്കാര്‍ സന്തോഷിനെതിരെ തിരിഞ്ഞു. ഒരു ക്വാറി അടച്ചു പൂട്ടിച്ചത് റദ്ദുചെയ്തില്ലെങ്കില്‍ താന്‍ ആ സീറ്റില്‍ കാണില്ലെന്ന് അന്നത്തെ തദ്ദേശിയനായ കേരളകോണ്‍ഗ്രസ് മന്ത്രി ടി.എം. ജേക്കബ് ഭീഷണിപ്പെടുത്തിയത് സന്തോഷ് എന്നോട് പറഞ്ഞിരുന്നു. 'ഒരാഴ്ചകൊണ്ട് സ്‌റ്റേപിന്‍വലിച്ചില്ലെങ്കില്‍ കസേര പോലും അവിടെയുണ്ടാവില്ല' എന്നായിരുന്നു ഭീഷണി. ്'അതായിക്കോട്ടെ, സ്ഥലംമാറ്റടോ, ആദ്യം താന്‍ തന്റെ സീറ്റ് ഉറപ്പിക്ക്, ഭീഷണിയുമായി ഇങ്ങോട്ട് വരല്ലേ..'' എന്നു പറഞ്ഞ് തിരിച്ച് സന്തോഷ് തൊട്ടപൊട്ടും ഒച്ചത്തില്‍ ചീത്ത വിളിച്ചു.
മരിക്കുന്നതിന് തൊട്ട്മുമ്പൊരു ദിവസം ഞങ്ങളെല്ലാം ഭക്ഷണം കഴിക്കുകയായിരുന്നു. ജോലിയെപ്പറ്റി വെറുതെ ചോദിച്ചപ്പോള്‍ സന്തോഷ് ഇങ്ങനെ പറഞ്ഞു: ''ജീവിക്കണമെങ്കില്‍ എത്ര പേരെ തൃപ്തിപ്പെടത്തണം. പഴയ പത്രപ്രവര്‍ത്തനം തന്നെ മതിയായിരുന്നു''. അവന്‍ ആത്മഗതം പോലെയാണ് പറഞ്ഞത്. എന്താടാ, എന്തുപറ്റി എന്നു ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല.
മൂവാറ്റുപുഴയില്‍ എത്തി കഷ്ടിച്ച് ആറുമാസം ആയപ്പോള്‍ സന്തോഷ് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടുവെന്ന് തന്നെയാണ് പറയേണ്ടത്. അതിന് ഏന്‍േറതായ ന്യായീകരണമുണ്ട്. അതിലേക്ക് പിന്നീട് വരാം.
കൊല്ലപ്പെടുന്നതിന് മുമ്പ്
സന്തോഷ് കൊല്ലപ്പെടുന്നത് 95 മെയ് 17 നാണ്. മൃതദേഹം കണ്ടെടുക്കുന്നത് മെയ് 20 നും. ആര്‍.ഡി.ഒയുടെ ഔദ്യോഗിക വസതിയി 49 തിലാണ് മൃതദേഹം കാണപ്പെട്ടത്.
മെയ് 17 ന് മൂവാറ്റുപുഴയില്‍ നിര്‍മതി കേന്ദ്രത്തിന്റെ പൊതുയോഗമാണ് സന്തോഷ് ഔദ്യോഗിക തലത്തില്‍ അവസാനമായി പങ്കെടുത്ത ചടങ്ങ്. അന്ന് വൈകിട്ട് 3.30 വരെ മൂവാറ്റുപുഴ സബ് ജയിലിലെ ജയില്‍ കമ്മിറ്റി യോഗത്തില്‍ സന്തോഷ് പങ്കെടുത്തു. കൂടെ റൂറല്‍ എസ്.പിയായ ടോമിന്‍ തച്ചങ്കരിയുമുണ്ടായിരുന്നു. ജയില്‍ കമ്മിറ്റിക്കു ശേഷം സന്തോഷും തച്ചങ്കരിയും ടി.ബിയില്‍ എത്തി. അവിടുത്തെ വി.ഐ.പി.മുറിയില്‍ കുറച്ചു സമയം ചിലവിട്ടു. അതിനു ശേഷം ഔദ്യോഗിക കാറില്‍ സന്തോഷ് ഔദ്യോഗിക വസതിയില്‍ലേക്ക് മടങ്ങി. പതിവ് ഡ്രൈവര്‍ സുകുമാരനായിരുന്നു കാര്‍ ഓടിച്ചത്. കാറിന് കേടുള്ളതിനാല്‍ വര്‍ക്ക് ഷോപ്പില്‍ കാര്‍ ഏല്‍പ്പിക്കാന്‍ പറഞ്ഞു. 18 ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനാല്‍, കാര്‍ നന്നാക്കി 20 ന് രാവിലെകൊണ്ടുവരണമെന്ന് ഡ്രൈവറോട് പറഞ്ഞു. വര്‍ക്ക്‌ഷോപ്പില്‍ വിളിച്ച് വിവരം പറയുകയും ചെയ്തു.
പിറ്റേന്ന് രാവിലെ കോടതിയില്‍ എത്തണം. ഒരു ട്രാവല്‍ ഏജന്‍സിയുടെ ഉദ്ഘാടനം അടുത്ത ദിവസത്തെ പരിപാടിയിലുള്‍പ്പെടുത്തിയിരിന്നു. അത് കഴിഞ്ഞ് തിരുവന്തപുരത്തേക്ക് പോകാനായിരുന്നു പരിപാടി. 19ന് ടൂറിസം വകുപ്പിന്റെ യോഗത്തില്‍ യോഗത്തല്‍ സന്തോഷിന് പങ്കെടുക്കണം. തിരുവനന്തപുരം തൈക്കാടിലെ ഗസ്റ്റ് ഹൗസിലാണ് യോഗം. അതേ ദിവസം ഉച്ചക്ക് ഉറ്റ സുഹൃത്തായ ബൈജു ചന്ദ്രന്റെ മകന്റെ പിറന്നാളാഘോഷത്തിന് എത്താമെന്ന് സന്തോഷ് ഏറ്റിരുന്നു. ദൂരദര്‍ശനനില്‍ പ്രൊഡ്യൂസറാണ് ഡോക്യുമെന്റി സംവിധായകന്‍ കൂടിയായ ബൈജു.
മെയ് 17 ന് വൈകിട്ട് 6.25 ന് സുകുമാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മാതിരപ്പള്ളിയിലെ തന്റെ വീട്ടിലേക്ക് മടങ്ങി. രാത്രി ഒമ്പതുമണിക്ക് സന്തോഷ് ഭാര്യയെ വിളിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരനായ ബാലകൃഷ്‌നെ വിളിച്ചു. രാത്രി 9.15 മുതല്‍ 10.30 വരെ ബാലകൃഷ്ണനും കുടുംബവും ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്നു. സന്തോഷ് വിളിച്ച പ്രകാരമാണ് അവര്‍ എത്തിയത്. സന്തോഷിനൊപ്പം അവര്‍ ഭക്ഷണം കഴിച്ചു. ഭക്ഷണം മൂവാറ്റുപുഴയിലെ ഒരു ഹോട്ടലില്‍ നിന്ന് ബാലകൃഷ്ണന്‍ മേടിച്ചുകൊണ്ടുവന്നതാണ്. ഈ സമയത്ത് അവര്‍ കുറേ പേരോട് ഫോണില്‍ സംസാരിച്ചിരുന്നു. 10.30 ന് ബാലകൃഷ്ണനും കുടുംബവും അവിടെ നിന്ന് മടങ്ങി. രാത്രി 11 ന് 'മലയാള മനോരമ'യുടെ പ്രാദേശിക ലേഖകന്‍ ജോണ്‍സണ്‍ മാമലശേരി സന്തോഷിനെ ഫോണില്‍ വിളിച്ചു. അടുത്ത ദിവസം കാണുന്നതിന് സമയം നിശ്ചയിക്കാനായിരുന്നു അത്. ഈ ഫോണാണ് സന്തോഷ് ചെയ്തിരിക്കുന്ന അവസാന കാര്യം. ജോണ്‍സണ്‍ മാമലശേരിയെ മൂവാറ്റുപുഴയില്‍ ലേഖകനാക്കുന്നതില്‍ സഹായിച്ചയാളാണ് സന്തോഷ്.
കോതമംഗലത്ത് ബാപ്പുട്ടി എന്നയാളുടെ ടൂര്‍, ട്രാവല്‍ ഏജന്‍സിയുടെ ഉത്ഘാടനമാണ് മെയ് 18 ന് സന്തോഷ് ഏറ്റിരുന്നത്. ബാപ്പുട്ടി അടുത്ത ദിവസം രാവിലെ 10 ന് ഉദ്ഘാടനത്തിന് സന്തോഷിനെ വിളിക്കാനായി ആര്‍.ഡി.ഒ. ക്വാര്‍ട്ടേഴ്‌സില്‍ വന്നു. ക്വാര്‍ട്ടേഴ്‌സ് അടഞ്ഞു കിടന്നതിനാലും ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാലും അവര്‍ കുറേ കാത്തുനിന്നശേഷം തിരിച്ചുപോയി. അതേ ദിവസം 11 മണിക്ക് ആര്‍.ഡി.ഒ.കോടതിയില്‍ ഒരു സിറ്റിംഗുണ്ട്. സന്തോഷ് എത്താതിനാല്‍ ജീവനക്കാര്‍ പലവട്ടം വിളിച്ചു. മറുപടി ഇല്ലാത്തതിനാല്‍ അവരത് മാറ്റി വച്ചു. ഭാര്യ പ്രീതി രാവിലെ പലവട്ടം സന്തോഷിനെ വിളിച്ചെങ്കിലും കിട്ടിയില്ല. സുകുമാരന്‍ സുഖമില്ലെന്ന് അറിയിക്കാനായി വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്ന് പറയുന്നു.
19-ാം തീയതി മനോരമ പ്രാദേശിക ലേഖകന്‍ ജോണ്‍സണ്‍ മാലമലശേരിയും മകനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ആ ദിവസം ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ശിവന്‍ സന്തോഷിനെ കാണാന്‍ ഔദ്യോഗിക ക്വാര്‍ട്ടേഴ്‌സിലെത്തി യിരുന്നു. കോളിംഗ് ബെല്ല് പലവട്ടം അടിച്ചെങ്കിലൂം വാതില്‍ തുറന്നില്ല. അതേ ദിവസം നഴ്‌സിംഗ് അസിസ്റ്റന്റ്ായ ടി.കെ. സാറാമ്മ കുട്ടിയുടെ കാര്യത്തിന് ശിപാര്‍ക്കായി ക്വാര്‍ട്ടേഴ്‌സില്‍ എത്തി. സന്തോഷിനെപ്പറ്റി വിവരമില്ലാത്തതിനാല്‍ അവരും മടങ്ങി.
20 നാണ്് ആര്‍.ഡി. ഒ.മരിച്ചെന്നും ദുരൂഹതയുണ്ടെന്നും എല്ലാവരും അറിഞ്ഞത്. സന്തോഷ് നേരത്തെ പറഞ്ഞതനുസരിച്ച് ഡ്രൈവര്‍ 20 ന് രാവിലെ ക്വാര്‍ട്ടേഴ്‌സില്‍ വന്നെങ്കിലും സന്തോഷിനെ കാണാനായില്ല. വരാന്തയിലെയും പിന്‍വശത്തെയും ഓരോ ജനലൊഴിച്ച് എല്ലാം അടഞ്ഞുകിടന്നിരുന്നു. ഡ്രൈവര്‍ കലൂരില്‍ താമസിക്കുന്ന പ്രീതിയെ ആര്‍.ഡി.ഒ. ക്വാര്‍ട്ടേഴ്‌സിന് അടുത്തുള്ള വീട്ടില്‍ നിന്ന് പലവട്ടം വിളിക്കാന്‍ ശ്രമിച്ചു. അദ്ദേഹം പ്രീതിയുടെ അമ്മ ജയശ്രീയോട് സംസാരിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അതിനുശേഷം ഡ്രൈവറും രണ്ടുപേരും ആര്‍.ഡി.ഒ.ഓഫീസില്‍ ചെന്നു. ജനലിലൂടെ എത്തി നോക്കിയപ്പോള്‍ കിടപ്പുമുറിയില്‍ സന്തോഷിന്റെ മൃതദേഹം കണ്ടു. അവര്‍ മൂവാറ്റുപുഴ പൊലീസില്‍ വിവരം അറിയിച്ചു. പോലീസ് വാതില്‍ പൊളിച്ച് അകത്തു കടന്നു. ലുങ്കി കിടക്കയില്‍ അഴിഞ്ഞു കിടക്കുന്ന രീതിയില്‍ നഗ്നനായിരുന്നു മൃതദേഹം. പൊലീസ് മൃതദേഹത്തിന്റെ ഫോട്ടോകള്‍ എടുക്കുകയും മൂവാറ്റുപഴ സര്‍ക്കിള്‍ ഇന്‍സ് പെക്ടര്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കുകയും മഹസര്‍ എഴുതുകയും ചെയതു. ശരീരം നല്ല വണ്ണം അഴുകിയിരുന്നു.
തെളിവുകള്‍ നശിപ്പിക്കുന്നു
മൂന്നുദിവസം പഴക്കമേയുള്ളൂവെങ്കിലും അഴുകിയ രീതിയില്‍ മൃതദേഹം വികൃതമാകുന്നതെങ്ങനെ? നഗ്നമായ ശരീരത്തിനു മുകളില്‍ കൈലി വിരിച്ച നിലയില്‍ കട്ടിലില്‍ ചരിഞ്ഞു കിടന്ന മൃതദേഹത്തിലും വിരിപ്പിലും രക്തപ്പാടുകള്‍ ഉണ്ടായിരുന്നു. വായില്‍ നിന്ന് മഞ്ഞ കലര്‍ന്ന ദ്രാവകം ഒഴുകി.
അലമാരിയില്‍ നിന്ന് വലിച്ചുവാരിയിട്ട നിലയില്‍ പഴയ പത്രക്കടലാസുകള്‍ മുറിയില്‍ ചിതറിക്കിടന്നു. ഇതിലൊന്നും പൊലീസിന് സംശയം തോന്നിയില്ലെന്നാണ് അത്ഭുതം.
ക്വാര്‍ട്ടേഴ്‌സിന്റെ മുന്‍വാതില്‍ അകത്തുനിന്ന് പൂട്ടിയ വിധത്തിലാണ് കാണപ്പെട്ടത്്. സുന്ദരേശന്‍ എന്ന കൊല്ലപ്പണിക്കാരന്റെ സഹായത്തോടെ പൊലീസ് മുറി തുറപ്പിച്ചു. പിന്നെ പൊലീസ് പ്രവര്‍ത്തിച്ചതെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതുപോലെയായിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും പൊലീസ് വളരെ തിടുക്കത്തോടെ പ്രവര്‍ത്തിച്ചു..
സന്തോഷിന്റെ ഡിജിറ്റല്‍ ഫോണില്‍ നിന്ന് പൊലീസ് നിരവധി കോളുകള്‍ വിളിച്ചു. പക്ഷേ, എന്നെ ആരും വിളിച്ചില്ല. മൂന്നു മണിക്കൂറിന് ശേഷം റേഡിയോയിലൂടെയാണ് ഞാന്‍ വിവരം അറിഞ്ഞത്.
പൊലീസ് പെട്ടന്ന് തന്നെ പോസ്റ്റ്‌മോര്‍ട്ടത്തിന് ഏര്‍പ്പാടാക്കി. ഒപ്പം എറണാകുളം പച്ചാളത്തെ പൊതുശ്മശാനത്തില്‍ വിളിച്ച് മൃതദേഹം ദഹിപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ബന്ധുക്കള്‍ എത്താനൊന്നും കാത്തുനിന്നില്ല. കോട്ടയം മെഡിക്കല്‍ കൊളിജിലെ ഫോറന്‍സിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പൊലീസ് സര്‍ജനുമായി ഡോ. എസ്. ഗോപാലകൃഷ്ണപിള്ള ആര്‍.ഡി.ഒ. ക്വാര്‍ട്ടേഴ്‌സിലെ കാര്‍ഷെഡില്‍ വച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി.
മരണവാര്‍ത്തയറിഞ്ഞ് മകള്‍ ജ്യോതി (സന്തോഷിന്റെ സഹോദരി) മൂവാറ്റുപുഴയില്‍ എത്തുമ്പോള്‍ പോസ്റ്റുമോര്‍ട്ടം നടക്കുകയായിരുന്നു. അങ്ങോട്ടേക്ക് ജ്യോതിയെ കടത്തിവിട്ടില്ല. മൃതദേഹം കാണണമെന്ന് ജ്യോതി നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടപ്പോള്‍ പൊലീസ് സൂപ്രണ്ട് ടോമിന്‍ തച്ചങ്കരി ഒഴിവ്കഴിവുകള്‍ പറഞ്ഞു. ഒരു സഹോദരി അതുകണ്ടാല്‍ സഹിക്കില്ലെന്ന് പറഞ്ഞു. അത് സഹിച്ചോളാം മൃതദേഹം കാണണമെന്ന് ജ്യോതി ശക്തമായി ആവശ്യപ്പെട്ടപ്പോള്‍ കൂടുതലൊന്നും പറയാതെ തച്ചങ്കരി സ്ഥലം വിട്ടു. ജ്യോതിയെ കണ്ടപ്പോള്‍ മനോരമ മൂവാറ്റുപുഴ ലേഖകന്‍ അടുത്തുവന്നു പറഞ്ഞു, മൃതദേഹം പാക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്, ശ്മശാനത്തില്‍ കൊണ്ടുവരുമ്പോള്‍ കാണിച്ചുതരാമെന്നു പറഞ്ഞു. ജ്യോതി അത് വിശ്വസിച്ചു. മൃതദേഹം പച്ചാളം ശ്മശാനത്തില്‍ കൊണ്ടുവരുമ്പോള്‍ കാണിക്കാമെന്ന് മറ്റ് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. എന്നാല്‍ അതുണ്ടായില്ല. മൃതദേഹം കയറ്റിയ ആംബുലന്‍സില്‍ മൂന്ന് മദ്യപന്‍മാരെ കലക്ടര്‍ കയറ്റി. ജ്യോതിയുമുണ്ടായിരുന്നു ആംബുലന്‍സില്‍. അതിവേഗം പാഞ്ഞ ആംബുലന്‍സില്‍ ആടിയുലഞ്ഞ ശവപ്പെട്ടി പിടിച്ചുനിര്‍ത്താന്‍ പോലും മദ്യപിച്ചവര്‍ക്ക് കഴിഞ്ഞെല്ലന്നാണ് ജ്യോതി പറയുന്നത്. അന്നുവൈകിട്ട് പൊതു സ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ചു.
മൃതദേഹം എന്തുകൊണ്ടാണ് ഞങ്ങളെ കാണിക്കാതെ ദഹിപ്പിച്ചതെന്ന് ഞാന്‍ അന്നത്തെ കലക്ടര്‍ തോമസ് മാത്യുവിനോട് ചോദിച്ചിരുന്നു. ഡ്രൈവര്‍ സുകുമാരന്‍ കണ്ടിരുന്നല്ലോ എന്നായിരുന്നു മറുപടി. ഞങ്ങളുടെ ബന്ധുവല്ലല്ലോ സുകുമാരന്‍ എന്നു ഞാന്‍ ചോദിച്ചപ്പാള്‍ കലക്ടര്‍ ഒന്നും മിണ്ടിയില്ല. എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. മറ്റൊരു വശത്തേക്ക് നോക്കി സ്ഥലം വിട്ടു. ഡ്രൈവര്‍ സുകുമാരന്‍ ഞങ്ങളുടെ ആരുമല്ല. ആറുമാസം സന്തോഷിന്റെ കാര്‍ ഓടിച്ചിട്ടുണ്ടെന്നു മാത്രം.
പൊലീസ് പറഞ്ഞ ഒരു ന്യായം സന്തോഷിന്റെ ഭാര്യ പ്രീതി മൃതദേഹം കണ്ടിരുന്നുവെന്നതാണ്. പക്ഷേ, മൃതദേഹം സന്തോഷിന്‍േറതല്ലെന്നാണ് അന്നേരം പ്രീതി പറഞ്ഞത്. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം അഴുകിയതാണ് അതിന് കാരണം. അങ്ങനെ ബന്ധുക്കളാരും തിരിച്ചറിയാതെയാണ് മൃതദേഹം സംസ്‌കരിക്കപ്പെട്ടത്. സന്തോഷല്ല മരിച്ചത്, സംസ്‌കരിച്ചത് മറ്റാരുടെയോ മൃതദേഹമാണ് എന്ന് ഞങ്ങള്‍ക്ക് വാദിക്കാവുന്ന അവസ്ഥയിലാണ് മൃതദേഹം സംസ്‌കരിക്കപ്പെട്ടത്. ആ സമയത്ത് മൃതദേഹം സംസ്‌കരിക്കരുതെന്ന് പറയാനൊന്നും ഞങ്ങള്‍ക്കായില്ല. അത്തരം മാനസികാവസ്ഥയിലായിരുന്നില്ല ആരും. അതുകൊണ്ട്തന്നെ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കാനുമായില്ല.
ഹിന്ദുമതാചാര പ്രകാരം മൂത്തവര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പൊതുവില്‍ മൃതദേഹം ദഹിപ്പിക്കില്ല. സന്തോഷിന്റെ അമ്മയായ ഞാന്‍ ജീവിച്ചിരിപ്പുണ്ട്. മൃതദേഹം ദഹിപ്പിക്കാനാവില്ല. മാത്രവുമല്ല, മതപരമായ മരണക്രിയകള്‍ നടത്തേണ്ടെ? പൊലീസിനും കലക്ടര്‍ക്കും റൂറല്‍ എസ്.പിക്കുമൊന്നും ഇതു വിഷയമായിരുന്നില്ല. അറിയാഞ്ഞിട്ടല്ല. അറിഞ്ഞുകൊണ്ടുതന്നെ!
കേസിന്റെ വഴികള്‍, അന്വേഷണങ്ങള്‍
ഡ്രൈവര്‍ സുകുമാരന്റെ മൊഴിയനുസരിച്ച് സന്തോഷിന്റെത് അസ്വഭാവിക മരണമായി കണക്കാക്കി മൂവാറ്റുപുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു (ക്രൈം നമ്പര്‍ 3553/95). മൂവാറ്റുപുഴ ഡിവൈ.എസ്.പി. കെ.കെ. വാസുദേവ മേനോനാണ് അന്വേഷണം നടത്തിയത്. മെയ് 23 ന് അന്വേഷണം ആരംഭിച്ചു്.
കേസ് അന്വേഷിക്കുന്നതിനു പകരം പൊലീസ് ആദ്യ ദിവസങ്ങള്‍ മുതല്‍ ചെയ്തത് സന്തോഷത്തിന്റെ സദാചാരത്തെക്കുറിച്ച് കഥകള്‍ മെനയാനാണ്. പൈങ്കിളി കഥകള്‍ അന്നു തന്നെ പൊലീസ് പത്രങ്ങള്‍ക്ക് നേരിട്ട് എത്തിച്ചുകൊണ്ടുത്തു. സന്തോഷിന്റെ പ്രതിഛായയയെ കരിവാരി തേക്കാനായിരുന്നു ഇത്. അതേ സമയം, സന്തോഷിന്റെ സ്വകാര്യ ഡയറി രഹസ്യമായി എടുത്തുമാറ്റി. അതില്‍ പ്രധാനപ്പെട്ട ചില വിവരങ്ങളും പരാമര്‍ശങ്ങളുമുണ്ടായിരുന്നു. അതെവിടെയാണെന്ന് ഇപ്പോള്‍ ആര്‍ക്കുമറിയില്ല.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സന്തോഷിന്റെ മൃതദേഹത്തില്‍ ബാഹ്യമായ മുറിവുകളോ ചതവുകളോ കാണുന്നില്ലെന്ന് പറഞ്ഞു. കൃത്യമായ കാരണമറിയാന്‍ രാസപരിശോധന ആവശ്യമായതിനാല്‍ അവസാന നിഗമനത്തിന് അദ്ദേഹം തയാറായില്ല. എന്നാല്‍, മൃതദേഹം കണ്ടെത്തിയ ദിവസം വൈകിട്ട് തന്നെ പൊലീസ് സൂപ്രണ്ട് പത്രങ്ങള്‍ക്ക് നല്‍കിയ വിവരം സന്തോഷ് വിഷം കഴിച്ച് മരിച്ചുവെന്നാണ്. അതെങ്ങനെ എസ്.പി. തീരുമാനിച്ചു?
പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് 36-72 മണിക്കൂര്‍ മുമ്പാണ് മരണം നടന്നത് എന്നതായിരുന്നു ഡോക്ടറുടെ നിഗനമം. മരണ കാര്യത്തില്‍ സംശയം തോന്നിയതിയനാലും വിഷാംശം ഉള്ളില്‍ ചെന്നതാണോ മരണ കാരണം എന്നുറപ്പിക്കാനും വിസറ രാസപരിശോധനയ്ക്ക് അയച്ചു. ഡികംപോസിഷന്‍ മാറ്റമാണ് മരണകാരണമന്നും കൃത്യമായ മരണകാരണം വ്യക്തമല്ലെന്നും എഴുതി. അപ്പോള്‍ മരണം മൂന്നു വിധത്തിലാവും സംഭവിച്ചിരിക്കുക. ഒന്ന് സ്വാഭാവിക മരണം, അല്ലെങ്കില്‍ നരഹത്യ, അതുമല്ലെങ്കില്‍ ആത്മഹത്യ. റിപ്പോര്‍ട്ടില്‍ വയറ്റില്‍ മൂന്നില്‍ ഒരു ഭാഗം അരിഭക്ഷണത്തിന്റെ ഭാഗങ്ങള്‍ കണ്ടുവെന്ന് പറയുന്നു. അവയില്‍ പ്രത്യേകതരം മണമുള്ള ഒരു ദ്രാവം കലര്‍ന്നിരുന്നു എന്നു മാത്രമാണ് റിപ്പോര്‍ട്ട്.
1995 ജൂണ്‍ 1ന് തയാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ''അക്രമം മൂലമുള്ള മരണത്തിന് സാധ്യതകളില്ല. മരണത്തിന് കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. എന്നിരുന്നാലും സ്വഭാവിക രോഗങ്ങള്‍ മൂലമുള്ള മരണ സാധ്യത തള്ളിക്കളയാനാവില്ല'.
കേസന്വേഷണം നടത്തുമ്പോഴെല്ലാം ഒരുതരത്തില്‍ നാടകം കളിക്കുകയായിരുന്നു പൊലീസ്. സംശയമുള്ളവരെ ചോദ്യം ചെയ്യുന്നതിനു പകരം എന്നെയും ജ്യോതിയെും ചോദ്യം ചെയ്യാനാണ് അവര്‍ കൂടുതല്‍ സമയം ചെലവിട്ടത്. ഒരു ദിവസം ജ്യോതിയെ വാനില്‍ കയറ്റി പൊലീസ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്നു. ഞാനവിടെയാണ് ജോലി ചെയ്തിരുന്നത്. ജ്യോതിയെ ഹൃദയാഘാത പരിശോധനയ്ക്കാണ് കൊണ്ടുവന്നത്. ജ്യോതിക്ക് ഹൃദയാഘാത സാധ്യതയുണ്ടെങ്കില്‍ സന്തോഷിനും അതുകാണുമല്ലോ എന്നായിരുന്നു പൊലീസിന്റെ വാദം. ഹൃദയസ്തംഭനവും ആഘാതവം പാരമ്പര്യമല്ലെന്ന് പോലും അറിയാത്തതുപോലെയാണ് പൊലീസുകാര്‍ പ്രവര്‍ത്തിച്ചത്. ഞാന്‍ ജ്യോതിയെ കൂട്ടിക്കൊണ്ടുവന്ന പൊലീസുകാരെ കുറേ ചീത്ത വിളിച്ചു. കണ്ണുപൊട്ടും വിധത്തില്‍. തലക്കകത്ത് ആകെ ഒരു ഇരുട്ടായിരുന്നു. ദേഷ്യം കൊണ്ട് ഞാന്‍ അലറി. ഒരക്ഷരം പൊലീസുകാര്‍ മിണ്ടിയില്ല. ഹൃദയാഘാതം പാരമ്പര്യരോഗമല്ലെന്ന കാര്യം ഇപ്പോഴാണ് തങ്ങള്‍ക്ക് മനസിലായെന്ന മട്ടില്‍ പൊലീസുകാര്‍ വാപൊളിച്ചു നിന്നു. പിന്നെ ഒരു വിധത്തില്‍ അവിടുന്നു സ്ഥലം വിട്ടു.
പൊലീസ് തുടക്കം മുതല്‍ തെളിവുകള്‍ നശിപ്പിക്കുക എന്നതിനാണ് ശ്രമിച്ചത്. ആര്‍.ഡി.ഒ. ക്വാര്‍ട്ടേഴ്‌സിന്റെ അകത്തുനിന്ന് കുറ്റിയിട്ട മുറി തുറക്കുമ്പോള്‍ പൊലീസ് സംഭവസ്ഥലത്തുനിന്ന് വിരലടയാളങ്ങള്‍ എടുത്തില്ല. മരണത്തില്‍ ദുരൂഹതയുണ്ടായിട്ടും പൊലീസ് നായയെ കൊണ്ടുവരാനും മിനക്കെട്ടില്ല. സാധാരണ കളവുകളില്‍ പോലും നായയെ കൊണ്ടുവരാറുള്ളതാണ്. അസ്വഭാവിക മരണമായിട്ടും മൃതദേഹം അന്നു തന്നെ ദഹിപ്പിച്ചു. മൂവാറ്റുപുഴ ഡിവൈ.എസ്.പി. കെ.കെ. വാസുദേവ മേനോന്‍ സ്വാഭാവിക കാരണങ്ങളാലാണ് മരണം എന്ന് രേഖപ്പെടുത്തി കേസ് അവസാനിപ്പിച്ചു.
കോടതിയുടെ ഇടപെടല്‍
കേസ് അവസാനിപ്പിച്ചതിനെതിരെ പല കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു. ആ സമയത്ത് മാധ്യമങ്ങള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ചില പോസ്റ്റര്‍ പ്രചരണങ്ങള്‍ നടന്നു. ആരും പറയാതെ തന്നെ പലതരം സംഘടനകളിലും രാഷ്ട്രീയ പാര്‍ടികളിലും വിശ്വസിക്കുന്നവരായിരുന്നു പോസ്റ്റര്‍ പ്രചരണങ്ങള്‍ക്ക് പിന്നില്‍. കേസ് അവസാനിപ്പിക്കുന്ന തെറ്റാണെന്ന് മനസിലായപ്പോള്‍ ഞാന്‍ എറണാകുളം പ്രസ് ക്ലബില്‍ പത്രസമ്മേളനം വിളിച്ചു. മകള്‍ ജ്യോതിയും സന്തോഷിന്റെ ഭാര്യ പ്രീതിയും പത്രസമ്മേളനത്തിനൊപ്പമുണ്ടായിരുന്നു. ഞങ്ങള്‍ കാര്യങ്ങള്‍ പത്രപ്രവര്‍ത്തകരോട് വിശദമാക്കി. മൃതദേഹം ഞങ്ങളെ കാണിക്കാതെ, പെട്ടന്ന് തന്നെ ദഹിപ്പിച്ചതും പൊലീസിന്റെ സമീപനവുമെല്ലാം പത്രപ്രവര്‍ത്തകരോട് നിരത്തി. പിറ്റേദിവസത്തെ പത്രങ്ങള്‍ ഞങ്ങളുടെ പത്രസമ്മേളന വാര്‍ത്ത നന്നായി നല്‍കി. പ്രതിഷേധവും കനത്തു. ഞാന്‍ എറണാകുളം കോടതിയില്‍ ഹര്‍ജി നല്‍കി. അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നതായിരുന്നു മുഖ്യ ആവശ്യം. കോടതി ഹര്‍ജിയില്‍ അനുകൂലമായ ഉത്തരവ് പ്രകടിപ്പിച്ചു. അങ്ങനെ കേരള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം (നമ്പര്‍ 32257/33/95/ഹോം) കേസ് സി.ബിഐയെ ഏല്‍പിച്ചു. സി.ബി.ഐ. ഡെപ്യൂട്ടി സൂപ്രണ്ട്് ജഗനാഥനായിരുന്നു അന്വേഷണ ചുമതല. 1996 ജനുവരി 30 ന് കേസ് അന്വേഷണം ജഗന്നാഥ് ആരംഭിച്ചു. അന്വേഷണം കാര്യക്ഷമമായിട്ടായിരുന്നു നടന്നത്. ആര്‍.ഡി.ഒ. ക്വാര്‍ട്ടേഴ്‌സില്‍ അകത്തുനിന്ന് മുറി കുറ്റിയിടാനുപയേഗിച്ച നൈലോണ്‍ വയര്‍ ജഗനാഥന്‍ കണ്ടെത്തി.
അദ്ദേഹം സ്‌പെഷല്‍ തഹസില്‍ദാര്‍ ടി.വി.ശിവനെ ചോദ്യം ചെയ്തു. കൊച്ചിന്‍ എണ്ണശുദ്ധീകരണശാലയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ മെയ് 19 ന് രാവിലെ 8.50 ന് ആര്‍.ഡി.ഒയുടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയിരുന്നുവെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ആരെയും കാണാത്തതിനാല്‍ പാതി തുറന്നുകിടന്ന ജനലിലൂടെ അകത്തേക്ക് എത്തി നോക്കിയെങ്കിലും ശിവന് ഒന്നും കാണാനായില്ല. കിടപ്പുമുറില്‍ ഫാന്‍ കറങ്ങുന്നുണ്ട്. ഒരു മണിക്കൂര്‍ കാത്തിരുന്ന ശേഷം വരാന്തയില്‍ കിടന്ന പത്രങ്ങള്‍ എടുത്ത് ജനലില്‍ കൂടി അകത്തിട്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഡ്രൈവര്‍ സുകുമാരനെ ചോദ്യം ചെയ്തപ്പോള്‍ വേറെ ഉത്തരമാണ് കിട്ടിയത്. അദ്ദേഹം പറഞ്ഞത് പത്രങ്ങള്‍ വരാന്തയില്‍ കിടക്കുന്നത് കണ്ടുവെന്നാണ്. മെയ് 18,19 ദിവസങ്ങളില്‍ സുകുമാരന്‍ ഓഫീസില്‍ ഹാജരായിരുന്നില്ല. കാര്‍ വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിച്ചാലും ഓഫീസില്‍ ഹാജരാകണം. ഓഫീസില്‍ അവധി നല്‍കിയിരുന്നുമില്ല. സി.ബി.ഐ. ചോദ്യം ചെയ്തപ്പോള്‍ 'തലവേദന' എന്നായിരുന്നു മറുപടി. എന്നാല്‍, 18-ാം തീയതി സുകുമാരന്‍ ഭാര്യയെയും കൂട്ടി അങ്കമാലിയില്‍ ഷോപ്പിംഗ് നടത്തിയത് സി.ബി.ഐ. കണ്ടെത്തി. ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടും സി.ബി.ഐ.പരിശോധിച്ചിരുന്നു. അതില്‍ ചില പിന്‍വലിക്കലുകള്‍ നടന്നതും കണ്ടെത്തി. ഡ്രൈവറുടെ മൊഴിയും തുടര്‍ന്നുള്ള പെരുമാറ്റവും തൃപ്തികരമല്ലെന്ന നിഗമനത്തിലായിരുന്നു സി.ബി.ഐ.
കേസില്‍ പ്രതികള്‍ അറസ്്‌റിലാകുമെന്ന ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അകരണമായി സ്ഥലം മാററി. എന്നെ ഒരിക്കല്‍ ജഗന്നാഥ് കാണാന്‍ വന്നു. മദ്രാസിലേക്ക് പോകുകയായിരുന്നു അദ്ദേഹം. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടിയാണ് മദ്രാസിലേക്ക് പോകുന്നതെന്ന എന്നോട് പറഞ്ഞു. ജഗന്നാഥ് എന്റെ കൈയില്‍ പിടിച്ചിട്ട് പറഞ്ഞത് ഇങ്ങനെയാണ്: '' അമ്മേ, പ്രതികളെ കണ്ടെത്തി. ഉടന്‍ അറസ്റ്റ് ചെയ്യും''. പ്രതികള്‍ ഉന്നതരാണെന്നും പ്രത്യേക അനുമതിയുണ്ടെങ്കിലേ അറസ്റ്റ് നടക്കൂ എന്നുമാണ് ജഗനാഥന്‍ പറഞ്ഞത്. വളരെ സൗമ്യനും ആത്മവിശ്വാസം തുളുമ്പുന്ന കണ്ണുകളുമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കേസുമായി ബന്ധപ്പെട്ട് പലവട്ടം എന്നെ വന്നു കണ്ടിട്ടുണ്ട്. ഞാന്‍ ചോദിച്ചു, 'മോനേ ആരൊക്കെയാണ് പ്രതികള്‍, എന്നോട് പറഞ്ഞുകൂടേ?'. പേരുകള്‍ പറയാതെ അദ്ദേഹം ഇങ്ങനെ പറഞ്ഞു. 'ഒരു ഐ.എ.എസ് ഓഫീസര്‍, ഐ.പി.എസ്. ഓഫീസര്‍, ഒരു എം.എല്‍.എ, ഒരു പത്രപ്രവര്‍ത്തകന്‍'. എനിക്കും ആരെയൊക്കെയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായി. കുറ്റവാളികള്‍ ഉടന്‍ പിടിയിലാകുമെന്ന് സന്തോഷം തോന്നിയെങ്കിലും പെട്ടന്ന് തന്നെ മനസു പറഞ്ഞു: 'ഇല്ല, ഒന്നും സംഭവിക്കില്ല'. അതു ഞാന്‍ ജഗനാഥിനോട് സൂചിപ്പിക്കാന്‍ പോയില്ല. ശരീരത്തില്‍ മെര്‍ക്കുറി കുത്തിവച്ചാണ് കൊലപാതകം നടത്തിയത് എന്നോ മറ്റോ ആയിരുന്നു അദ്ദേഹത്തിന്റെ നിഗമനം. സന്തോഷിന്റെ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഉന്നതരെ വീഡിയോ ചിത്രങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം ചോദ്യം ചെയ്തിരുന്നു. 'അമ്മേ, ഉടന്‍ കാണാം, വരുമ്പോള്‍ നോക്കിക്കോളൂ' എന്ന് പറഞ്ഞാണ് അദ്ദേഹം മദ്രാസിലേക്ക് പോയത്. പക്ഷേ,അറസ്റ്റിന് അനുമതി തേടി പോയ ജഗന്നാഥ് തിരിച്ചുവന്നില്ല. അവിടെ അദ്ദേഹത്തെ കാത്തിരുന്നത് സ്ഥലംമാറ്റ ഉത്തരവാണ്. ഈ കേസു തന്നെയായിരുന്നു കാരണം. ജഗനാഥന് പകരം വന്നത് മല്ലാന ഗൗഡായിരുന്നു.
ചെമ്മീന്‍ കുരുങ്ങാത്ത വല
മല്ലാന ഗൗഡയുടെ അന്വേഷണത്തെപ്പറ്റി പറയുന്നതിന് മുമ്പ് മറ്റൊരു കഥകൂടി പറയണം. അത് സി.ടി. സുകുമാരന്‍ ഐ.എ.എസിന്‍േറതാണ്. സന്തോഷിനെപ്പോലെ കൊലചെയ്യപ്പെടുകയായിരുന്നു സി.ടി. സുകുമാരന്‍. ആ മരണം അന്വേഷണം അവസാനിപ്പിക്കുന്നത് മല്ലാന ഗൗഡായാണ്. അദ്ദേഹം ആ 'മരണ'വും ആത്ഹത്യയാക്കി. സി.ടി. സുകുമാരന്റെ കഥ ഞാന്‍ പറയാന്‍ പോകുന്നത് മറ്റൊരു കാരണത്താല്‍ കൂടിയാണ്. സന്തോഷിന്റെ സുഹൃത്തായിരുന്നു സുകുമാരന്‍. സുഹൃത്ത് എന്ന് പറഞ്ഞാല്‍ ശരിയാവില്ല ഉറ്റ മിത്രം. അതിനേക്കാള്‍ എനിക്കും സി.ടി. സുകുമാരന്‍ മകനെ പോലെയായിരുന്നു. അതിനു കാരണം സുകുമാരന്റെ അച്ഛന്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്നു എന്നതു തന്നെ. രണ്ടു വീട്ടുകാരും അടുപ്പത്തിലായിരുന്നു. പക്ഷേ, വിധി എനിക്കും തേവനും ( സുകുമാരന്റെ അച്ഛന്‍) ഒരേ അവസ്ഥകളാണ് ഒരുക്കിവച്ചിരുന്നത്. അതുപോലെ സന്തോഷിനും സുകുമാരനും. പലപ്പോഴും ഞാന്‍ ദൈവത്തോട് കരഞ്ഞുകൊണ്ട് പ്രാര്‍ഥിച്ചിട്ടുണ്ട് എന്തിന് ഞങ്ങള്‍ക്ക് ഈ വിധി തന്നൂ.
കേരളത്തിലെ സീനിയര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു സി.ടി. സുകുമാരന്‍. ദലിത് സാമൂഹ്യ അന്തരീക്ഷത്തില്‍ നിന്ന് സ്വയം പഠിച്ചുയര്‍ന്ന വ്യക്തിയാണ് അമദദ്ഹം. സുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിട്ടി ചെയര്‍മാനായിരിക്കെയാണ് മരണം. 1992 സെപ്റ്റംബര്‍ 27 ഞായറാഴ്ച മദ്രാസിലെ ഓഫീസ് കെട്ടിടത്തിനു മുകളില്‍ നിന്ന് വീണുമരിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടു. സുകുമാരന്‍ വഴുതി വീണതാണെന്നും ബോധപൂര്‍വം തള്ളിയിട്ടുകൊന്നതാണെന്നും തുടക്കത്തിലേ വാദമുഖങ്ങള്‍ ഉയര്‍ന്നു.
റായപേട്ടയിലുള്ള അതോറിറ്റിയുടെ ഓഫീസ് കെട്ടിത്തിന്റെ മുമ്പില്‍ കമിഴ്ന്ന് കിടക്കുന്ന വിധത്തില്‍ രക്തത്തില്‍ കുളിച്ചുകിടന്ന സുകുമാരന്റെ ശരീരം പുലര്‍ച്ചെ അദ്ദേഹത്തെ വിളിക്കാനെത്തിയ അറ്റന്‍ഡറാണ് കാണുന്നത്. റായപേട്ട പൊല്‌സ് സ്‌റ്റേഷനടുത്ത് തിരക്കേറിയ സെന്റ് ആന്റണീസ് സ്ട്രീറ്റിലാണ് സമുദ്രോല്‍പന്ന വികസന അതോറിറ്റിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന മൂന്നു നില കെട്ടിടം. ഇതിന്റെ ഒന്നാമത്തെ നിലയില്‍ ഉടമസ്ഥന്‍ താമസിക്കുന്നു. താഴത്തെ നിലിയില്‍ ടെലിഗ്രാഫ് ഓഫീസ്. രണ്ടാമത്തെ നിലയില്‍ അതോറിറ്റിയുടെ ഓഫീസും. മുകളിലത്തെ നിലയില്‍ സുകുമാരന്‍ താമസിച്ച ഗസ്റ്റ് ഹൗസാണ്. മരണം നടന്നത് അര്‍ദ്ധരാത്രിയിലാണ്. വളരെയേറെ മണിക്കൂറുകള്‍ കഴിഞ്ഞാണ് സംഭവം പുറത്തറിഞ്ഞത് എന്നന്നതില്‍ തന്നെ അവശ്വസനീയത നിലനില്‍ക്കുന്നു. മരിക്കുന്നതിന്റെ തലേന്നാണ് സുകുമാരന്‍ നാട്ടില്‍ വന്നശേഷം മദ്രാസിലേക്ക് മടങ്ങുന്നത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു തിടുക്കപ്പെട്ടത് പോയത്. അന്നു തന്നെ ഡല്‍ഹിക്കുപോകാനായിരുന്നു പരിപാടി.
മദ്രാസ് വിമാനത്താവളത്തില്‍ നിന്നെത്തിയ സുകുമാരന്‍ ഗസ്റ്റ് ഹൗസിലെ എ.സി.റൂമിലാണ് താങ്ങിയത്. രാത്രി പത്തിന് ഓഫീസ് അറ്റന്‍ഡര്‍ എത്തി അദ്ദേഹത്തിന് എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് തിരിക്കി. ചുമയ്ക്കുളള മരുന്നു വാങ്ങിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പറഞ്ഞതുപോലെ ചെയ്ത ശേഷം അറ്റന്‍ഡര്‍ പുലര്‍ച്ചയ്ക്ക് വരാമെന്ന് പറഞ്ഞു മടങ്ങി. വെളുപ്പിന് ഈ അറ്റന്‍ഡര്‍ തന്നെ വിവരം അറിയിച്ചതനസരിച്ചാണ് പൊലീസ് എത്തുന്നത്.
തിങ്കളാഴ്ചത്തെ കോണ്‍ഫറന്‍സിനുവേണ്ടി രാത്രി പത്തു കഴിഞ്ഞും സുകുമാരന്‍ ഫയലുകള്‍ നോക്കിക്കൊണ്ടിരുന്നു എന് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കി. മരണം നടന്നത് പതിനൊന്നിനും വെളുപ്പിന് നാലുമണിക്കും ഇടയ്ക്കാണ്.
മകന്‍ കെട്ടിടത്തിനു മുകളില്‍ വിന്ന് വീണു മരിച്ചു എന്നറിഞ്ഞപ്പേള്‍ തേവനും ബന്ധുക്കള്‍ക്കും അതില്‍ അസ്വഭാവികതയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ സംശയം തോന്നിയത് സുകുമാരന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോഴാണ്.
ശനിയാഴ്ച രാവിലെ സുകുമാരന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മദ്രാസ്- ആലപ്പുഴ എക്‌സപ്രസില്‍ മൃതദേഹം കൊണ്ടുവരുമ്പോള്‍ മുതല്‍ ഒരു മന്ത്രിയും എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു. മൃതദേഹം സംസ്‌കരിക്കാന്‍ ഇരുവരും വളരെ ധൃതിയിലാണ് നേതൃത്വം കൊടുത്തത്. തേവനെ മകന്റെ മൃതദേഹം കാണാന്‍ പോലും അനുവദിച്ചില്ല. സ്വദേശമായ മുളന്തുരുത്തിയിലെ വസതിയില്‍ മൃതദേഹം വേഗം സംസ്‌കരിച്ചു. മൃതദേഹം വേഗം സംസ്‌കരിക്കാനുള്ള ചിലരുടെ നീക്കത്തില്‍ ബന്ധുക്കള്‍ക്ക് പന്തികേട് തോന്നി. പക്ഷേ അത് മറിക്കടക്കുന്ന ഒരു വാദം സംസ്‌കരിക്കാന്‍ ധൃതിവച്ചവര്‍ ഉന്നയിച്ചു. മൃതദേഹത്തിന്റെ അഞ്ചുദിവസത്തെ പഴക്കം.
മകന്റെ മൃതദേഹം ശരിക്കും കാണാന്‍ തേവനെ അനുവദിക്കാതിരുന്നതിന്റെ കാരണം പിന്നീടാണ് അച്ഛന് മനസിലായത്. മൃതദേഹത്തില്‍നിന്ന് ആന്തരികാവയവങ്ങള്‍ നീക്കം ചെയ്തിരുന്നു. വയറില്‍ ചകരിയും പഞ്ഞിയും കുത്തിനിറച്ച തുന്നിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
സമുദ്രോല്‍പ്പന്ന വികസന അതോറിറ്റി ചെയര്‍മാനായിരിക്കുന്നതിന്റെ ബുദ്ധിമുട്ട് സുകുമാരന്‍ പലപ്പോഴും തേവനോട് പറഞ്ഞിട്ടുണ്ട്. കൊച്ചിയാണ് അതോറിറ്റിയുടെ ആസ്ഥാനം. കൊച്ചിയിലെ മത്സ്യ കയറ്റുമതിക്കാരില്‍ നിന്ന് നേരിടുന്ന ഭീഷണികളും സമ്മര്‍ദങ്ങളും ഇടയ്ക്ക് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.
സുകുമാരന്‍ 1970 ലാണ് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീന് സര്‍വീസില്‍ അംഗമാകുന്നത്. എറണാകുളം മഹാരാജാസ് കോളില്‍ നിന്ന് ഇംഗ്ലീഷില്‍ മാസ്റ്റര്‍ ബിരുദം നേടി. ഐ.പി.എസ്. കിട്ടിയിരുന്നെങ്കിലും അതില്‍ ചേര്‍ന്നില്ല. ഒരു കൊല്ലം സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍ ഇംഗ്ലീഷ് ലക്ചററായി പ്രവര്‍ത്തിച്ചു. ആ സമയത്താണ് ഐ.എ.എസ്. ലഭിക്കുന്നത്. തൃശൂര്‍ ജില്ലാ കലക്ടര്‍, സര്‍ക്കാറിന്റെ ഫിഷറീസ് ടാക്‌സേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സെക്രട്ടറി, ലേബര്‍ കമീഷണര്‍, ടൈറ്റാനിയം പ്രോഡക്ട്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ബര്‍ഗിങ്ഹാം സര്‍വകലാശാലയില്‍ നിന്ന് ഡെവലപ്പമെന്റ അഡ്മിനിസ്‌ട്രേഷനില്‍ പരിശീലനം നേടിയിരുന്നു. 1989 ലാണ് സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി ചെയര്‍മാനാകുന്നത്.
മദ്രാസില്‍ അതോറിറ്റിയുടെ ഓഫീസ് സന്ദര്‍ശിച്ച തേവനും ബന്ധുക്കള്‍ക്കും സുകുമാരന്‍ മരിച്ചു എന്ന വാദം വിശ്വസിക്കാനാവാത്തതാണ് എന്ന് വ്യക്തമായി. കെട്ടിടത്തിന്റെ നിര്‍മാണം അത്തരത്തിലുള്ളതായിരുന്നു. മദ്രാസ് പൊലീസ് ആത്മഹത്യയെന്നാണ് വാദിച്ചത്. പക്ഷേ, പാരപ്പറ്റിന്റെ ഭിത്തി നെഞ്ചിനു മുകള്‍ വരെ എത്തുന്നതായിരുന്നു. താഴേക്ക് ചാടാന്‍ ആവില്ല.
സുകുമാരന്‍ ആത്മഹത്യ ചെയ്യുകയില്ലെന്നും തേവന് ഉറച്ച ബോധ്യമുണ്ടായിരുന്നു. കുടുംബ ബന്ധങ്ങളിലോ മറ്റേതെങ്കിലും തരത്തിലോ ഉള്ള പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നില്ല. സുകുമാരന്റെ ആദര്‍ശബോധത്തിലും നിശ്ചയദാര്‍ഢ്യത്തിലും തേവന് നല്ല മതിപ്പായിരുന്നു. പ്രശ്‌നങ്ങളെ അചഞ്ചലമായി നേരിടുന്നതാണ് പ്രകൃതം.
സുകുമാരന്റെ സഹപ്രവര്‍ത്തകരില്‍നിന്നും മറ്റുമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ കൊച്ചിയിലെ ഒരു മത്സ്യ കയറ്റുമതിക്കാരന്‍ നിരന്തരം സുകുമാരനെ ഭീഷണിപ്പെടുത്തിയിരുന്നതായി അറിഞ്ഞു. അയാളുടെ കച്ചവടതാല്‍പര്യക്ക് ചെയര്‍മാന്‍ പദവി അടിയറവക്കാന്‍ കൂട്ടാക്കാത്തായിരുന്നു മരണകാരണവും.
സത്യസന്ധനായ ഉദ്യേഗസ്ഥന്‍എന് പേരുകേട്ടിരുന്ന വ്യക്തിയായിരുന്നു സുകുമാരന്‍. വേണമെങ്കില്‍ പദവി ദുര്‍വിനിയോഗം ചെയ്ത് ലക്ഷങ്ങള്‍ വാരിക്കൂട്ടാമായിരുന്നു. എന്നാല്‍, മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
ദേവന്‍ മദ്രാസ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കേരളസര്‍ക്കാരിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ഒരു അന്വേഷണം പോലും പ്രഖ്യപാപിക്കപ്പെട്ടില്ല. തുടര്‍ന്ന് തേവന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടക്കല്‍ അനിശ്ചിത കാല നിരാഹാരം തുടങ്ങി. സമരങ്ങളുടെ ഒടുവില്‍ കേസ് സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് സമ്മതിച്ചു.
94 മധ്യത്തിലാണ് സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കുന്നത്. അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സി.ബി.ഐ.ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. കൊച്ചിയിലെ മത്സ്യകയറ്റുമതിക്കാരന്റെ സമ്മര്‍ദമാണ് അതിന് കാരണമെന്ന് തേവന്‍ പരസ്യമായി പറഞ്ഞു.
കുറ്റവാളികള്‍ എത്ര ഉന്നതരായാലും അറസ്റ്റ് ചെയ്യുമെന്നായിരുന്നു സി.ബി.ഐ.വാദം. പക്ഷേ, മരണം എഴുതിത്തള്ളാനായിരുന്നു സി.ബി.ഐക്ക് താല്‍പര്യം. അതിനു കഴിയാത്ത വിധത്തില്‍ ജനരോഷം ഉയര്‍ന്നു. പട്ടികജാതി- പട്ടികവര്‍ഗ സംസ്ഥാന സമരസമതി സി.ബി.ഐ. റിപ്പോര്‍ട്ട് കിട്ടണമെന്നാവശ്യവുമായി രംഗത്തെത്തി. കേസന്വേഷണവുമായി തേവന്‍ സമരം ചെയ്യുമ്പോള്‍ സുകുമാരന്റെ സഹപ്രവര്‍ത്തകാരും തിരിഞ്ഞുനോക്കിയില്ല. ഉദ്യോഗസ്ഥ സംവിധാനത്തിലെ ജാതിവേര്‍തിരിവുകള്‍ വ്യക്തമാക്കുന്നതായിരുന്നു സുകുമാരന്റെ മരണം.
സി.ബി.ഐ. അന്വേഷണം അവസാനം ചെന്നെത്തിയത് സുകുമാരന്‍ ആത്മഹത്യ ചെയ്തു എന്ന റിപ്പോര്‍ട്ടിലാണ്്. കൊച്ചിയിലെ മത്സ്യകയറ്റുമതിക്കാരന്റെ ഗുണ്ടകള്‍ മര്‍ദിച്ചു കൊലപ്പെടുത്തി താഴേക്ക് വലിച്ചെറിഞ്ഞുവെന്നാണ് തേവന്‍ വിശ്വസിച്ചിരുന്നത്. തേവന്‍ അത് എന്നോട് പറഞ്ഞിട്ടുണ്ട്. സി.ബി.ഐ.യും ഡമ്മി പരീക്ഷണം നടത്തി. അതാകട്ടെ തേവന്റെ വിശ്വാസത്തെ ബലപ്പെടുത്തുന്നതായിരുന്നു.
സുകുമാരന് ഭീഷണികള്‍ സ്വന്തംവകുപ്പില്‍ നിന്നാണ് ഉണ്ടായിരുന്നതായും നിരവധി പ്രശന്ങ്ങള്‍ നേരിട്ടതായും സി.ബി.എ. റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ എന്തായിരുന്നു ഭീഷണി? ആരാണ് അത് നടത്തിയത് എന്നൊന്നും റിപ്പോര്‍ട്ടിലില്ല. സുകുമാരന്‍ മരിച്ച മനോവിഷത്തില്‍ അദ്ദേഹത്തിന്റെ അമ്മ കെ. തിരുവണ്ട ഏറെ താമസിയാതെ മരിച്ചു. 1999 അവസാനം തേവനും.
കേസന്വേഷണം വഴിമുട്ടി. തേവന്റെ മരണത്തോടെ കേസ് നടത്താന്‍ നിയമപരമായി ആരുമില്ലാതെ വന്നു. സുകുമാരന്റെ ഭാര്യയും മക്കളും ബാംഗ്ലൂരിലാണ്. അവിടെ ഉദ്യോഗസ്ഥയാണ് ഭാര്യ ഗീത. മകന്‍ മരിച്ച വേര്‍പാടില്‍ സെക്രട്ടറിയേറ്റ് കവാടത്തില്‍ വിങ്ങിപ്പൊട്ടി തേവന്‍ ഒരു കാര്യം പറഞ്ഞു: '' എന്റെ മകനെ കൊന്നവരെ അറസ്റ്റ് ചെയ്യാന്‍ ഒരു അന്വേഷണ ഏജന്‍സിക്കും കഴിയില്ലെന്നറിയാം. അത്രയ്ക്ക് സ്വാധീനമുള്ളവരാണ് അവര്‍. എങ്കിലും ആ പ്രതീക്ഷ എല്ലാ അച്ഛന്‍മാര്‍ക്ക് വേണ്ടിയും ഈ വൃദ്ധന് വച്ചുപുലര്‍ത്താമല്ലോ...''.
ഞാനും അതുതന്നെ പറയുന്നു: എന്റെ മകനെ കൊന്നവരെ അറസ്റ്റ് ചെയ്യാന്‍ ഒരു ഏജന്‍സിക്കും കഴിയില്ല. പക്ഷേ, മക്കളെ നൊന്ത് പ്രസവിച്ച എല്ലാ അമ്മമാര്‍ക്കുവേണ്ടിയും ഞാനാ പ്രതീക്ഷ വിട്ടുകളയുന്നില്ല''. സി.ടി.സുകുമാരന്റെ കേസില്‍ സംഭവിച്ചത് തന്നെ സന്തോഷിന്റെ കേസിലും സംഭവിക്കും. രോഗിയായ എനിക്ക് അധികം ആയുസില്ല. ഞാന്‍ മരിക്കുന്നതോടെ ഈ കേസ് എന്നെന്നേക്കുമായി അടയും. എങ്കിലും മരിക്കുന്നുതുവരെ ഞാന്‍ പോരാടുക തന്നെ ചെയ്യും.
ഒടുവില്‍ കേസ് ആത്മഹത്യയെന്ന രീതിയില്‍ അവസാനിച്ചു. അത്തരം റിപ്പോര്‍ട്ട് എഴുതിയയാളാണ് മല്ലാന ഗൗഡ്. ഇനി സന്തോഷിന്റെ കൊലപാതകക്കേസിന്റെ വിധിയെന്താവുമെന്ന് പറയേണ്ട കാര്യമില്ലല്ലോ.
സി.ടി. സുകുമാരന്റെ അച്ഛന്‍ തേവന്‍ മകന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ സത്യഗ്രഹം.
മരണം ആത്മഹത്യയാക്കുന്നു
മല്ലാനഗൗഡ് സന്തോഷിന്റെ മരണം അന്വേഷിക്കാനെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പ്രതികളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു അന്വേഷണമെല്ലാം. ഒരൊറ്റ തവണപോലും ഞങ്ങള്‍ക്കെന്താണ് പറയാനുള്ളത് എന്നു കേള്‍ക്കാന്‍ മല്ലാന ഗൗഡ് കൂട്ടാക്കിയില്ല. എന്നെ കാണുകപോലും ചെയ്തില്ല. 1997 ജൂലൈ 28 ന് മല്ലാന ഗൗഡ് തന്റെ അന്വേഷണ റിപ്പോര്‍ട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചു.
സന്തോഷിനെ ആരെങ്കിലും കൊല്ലാനുള്ള സാഹചര്യമില്ലെന്നും അത്തരം തെളിവുകള്‍ ഇല്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. സന്തോഷ് ജീവിതം അവസാനിപ്പിക്കാന്‍ തിരഞ്ഞെടുത്ത രീതിയെന്തന്ന് വ്യക്തമല്ല. മരണത്തിന് മറ്റ് എന്തെങ്കിലും കാരണങ്ങള്‍ കണ്ടെത്താനായില്ലെന്നും സി.ആര്‍.പി.സി 173 വകുപ്പ് ചുണ്ടിക്കാട്ടി അദ്ദേഹം വാദിച്ചു. വിശദമായ അന്വേഷണം നടത്തിയിട്ടും തെളിവുകള്‍ കിട്ടാത്ത സാഹചര്യത്തില്‍ സ്വഭാവിക മരണമായി കേസ് അവസാനിപ്പിക്കണമെന്ന് മല്ലാന ഗൗഡ് കോടതിയില്‍ ബോധിപ്പിച്ചു.
കേസ് അവസാനിപ്പിക്കണമെന്ന വാദത്തിനെതിരെയും റിപ്പോര്‍ട്ടിനെതിരെയും ഞാന്‍ ഒബ്ജക്ഷന്‍ ഫയല്‍ ചെയ്തു. അത് പരിഗണിച്ച്, ഗൗഡിന്റെ റിപ്പോര്‍ട്ടിലെ തന്നെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാജേന്ദ്രന്‍നായര്‍ കേസ് അവസാനിപ്പിക്കണമെന്ന ആവശ്യം നിരസിച്ചു. പകരം പുനരന്വേഷണത്തിന് ഉത്തരവിട്ടു. നിഗൂഢതകള്‍ സി.ബി.ഐ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ തന്നെ സന്തോഷ് ആത്മഹത്യചെയ്തു എന്ന വാദം അംഗീകരിക്കാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു. സിആര്‍.പി.സിയുടെ 173(4) വകുപ്പ് പ്രകരം കേസ് പുനര്വേനഷിക്കാനനും മരണത്തിന്റെ യഥാര്‍ഥ കാരണം കത്തൊനും ഉത്തരവിട്ടു.
ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കേസ് സി.ബി.ഐ വീണ്ടും അന്വേഷിച്ചു. ഇത്തവണ സി.ബി.ഐ ചെന്നൈ വിഭാഗം ഡിവൈ.എസ്.പി പി.സി.മുജാഹിറിനായിരുന്നു അന്വേഷണ ചുമതല. മല്ലാന ഗൗഡിനെ ഇതേ കേസില്‍ അന്വേഷണത്തിന് സഹായിച്ചയാളാണ് മുഹാജിര്‍. സി.ബി.ഐയിലെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് ലോക്കല്‍ പൊലീസ് സര്‍വീസിലേക്ക് മടങ്ങിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഈ അന്വേഷണവും പ്രഹസനമായിരുന്നു. ആറുമാസകാലയളവില്‍ സന്തോഷ് കേസില്‍ സി.ബി.ഐ. കാര്യമായ അന്വേഷണം ഒന്നും നടത്തിയില്ല. തന്റെ സീനിയര്‍ ഉദ്യോഗസ്ഥനായ മല്ലാന ഗൗഡിനെ പ്രീതിപ്പെടുത്തുന്ന രീതിയിലായിരുന്നു അന്വേഷണം. അങ്ങനെ മുഹാജിര്‍ മൂന്നാമത്തെ നിഗമനത്തില്‍ എത്തി. സന്തോഷിനെ ആരെങ്കിലും കൊല്ലാന്‍ സാധ്യതയില്ലെന്ന് മുജാഹിര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. കൊലപാതകമല്ല, ആത്മഹത്യയ്ക്കാണ് സാധ്യത എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ഫോറന്‍സിക് വിദഗ്ധന്റേതെന്ന് നിലയില്‍ അവ്യക്തമായ നിഗമനങ്ങള്‍ ഉധരിച്ചാണ് സന്തോഷിന്‍േറത് സ്വാഭാവിക മരണണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചത്. കേസ് അന്വേഷണം അവസിപ്പിക്കുണമെന്ന അപേക്ഷയും നല്‍കി.
ഈ റിപ്പോര്‍ട്ടിനെതിരെയും ഞാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഒബ്ജക്ഷന്‍ ഉന്നയിച്ചു. പക്ഷേ, കോടതി മുജാഹിറിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചു. കേസ് മുജാഹിര്‍ നന്നായി പഠിച്ചാണ് ചെയ്തിരിക്കുന്നത് എന്ന നിഗമനത്തിലായിരുന്നു കോടതി. മുജാഹിറിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച് കോടതി എഫ്.ഐ.ആര്‍. അവസാനിപ്പിച്ചു.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഈ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി (ക്രിമിനല്‍ സി.ആര്‍.പി. നം 126/2000) ഞാന്‍ സമര്‍പ്പിച്ചു. ഹൈക്കോടതി സിംഗിള്‍ ബഞ്ച് പക്ഷേ ഹര്‍ജി അനുവദിച്ചില്ല. ഈ ഘട്ടത്തില്‍ വീണ്ടും പുനരന്വേഷണത്തില്‍ കാര്യമില്ലെന്നയായിരുന്നു കോടതിയുടെ നിഗമനം. കാരണം തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഹര്‍ജി തള്ളിയതിനെതിരെ ഞാന്‍ ഹൈക്കോടതിയില്‍ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ (ക്രിമിനല്‍. എം.സി.നം. 3817/2002) സമര്‍പ്പിച്ചു. അപെക്‌സ് കോടതി അതും തള്ളി.
സന്തോഷിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ. കണ്ടെത്തിയ പരസ്പര വിരുദ്ധമായ നിഗമനങ്ങള്‍ ശരിക്കും നിയമവൃത്തങ്ങളില്‍ തന്നെ അമ്പരപ്പ് സൃഷ്ടിച്ചു. അത്തരത്തില്‍ ആ സമയത്ത് വാര്‍ത്തകള്‍ വന്നു. മൂന്നുവര്‍ഷങ്ങള്‍ക്കിടയില്‍ സി.ബി.ഐ.യുടെ മൂന്ന് ഓഫീസര്‍മാര്‍ മാറി മാറി അന്വേഷിച്ച കേസില്‍ മൂന്നു തരം നിഗമനങ്ങളില്‍ എത്തിയതാണ് അമ്പരപ്പിന് കാരണമായത്.ലോക്കല്‍ പൊലീസ് സ്വാഭാവിക മരണമെന്ന് എഴുതിയ തള്ളി. പിന്നെ സി.ബി.ഐ. ഡി.വൈ.എസ്.പി. ജഗനാഥന്റെ ആദ്യ അന്വേഷത്തില്‍ സന്തോഷ് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തി. പിന്നീടുവന്ന മല്ലാന ഗൗഡ് ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിന്റെ ഒടുവില്‍ സന്തോഷിന്റെ മരണം എങ്ങനെ സംഭവിച്ചുവെന്നതിന് വ്യക്തമായ തെളിവില്ലെന്നും ആത്മഹത്യ ചെയ്തിരിക്കാനാണ് സാധ്യതയെന്നും ചൂണ്ടിക്കാട്ടി. സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലെല്ലാം തന്നെ വൈരുധ്യങ്ങള്‍ നിറഞ്ഞിരുന്നു. ഹൈക്കോടതിയും കൈവിട്ടപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാതെ നിവൃത്തിയില്ലാതായി. കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളും മറ്റും കൈമാറാനോ നശിപ്പിക്കാനോ പാടില്ലെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ആ രേഖകളെപ്പറ്റി പിന്നീടൊന്നും അറിയാനായില്ല.
മൂന്നുകാരണങ്ങള്‍, ഒരൊറ്റ നിഗമനം
ഏതൊരു മരണത്തിനും മൂന്ന് കാരണങ്ങളാണുള്ളത്. ആത്മഹത്യ, സ്വാഭാവിക മരണം(രോഗംമൂലമുള്ള മരണമുള്‍പ്പടെ), നരഹത്യ. സന്തോഷിന്റെ മരണവുമായി ബന്ധപ്പെട്ട മൂന്ന് സാധ്യതകളും പരിശോധിക്കേണ്ടതുണ്ട്.
ആത്മഹത്യയാണ് മരണകാരണം എന്ന് സ്ഥാപിക്കാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചത്. സന്തോഷ് ഒരിക്കലും ആത്മഹത്യചെയ്യില്ല. ഒരമ്മക്ക് മക്കളെക്കുറിച്ച് അക്കാര്യം ഉറപ്പിച്ചു പറയാനാവും ഏതൊരു അമ്മക്കും മക്കളെപ്പറ്റി കൃത്യമായി പറയാനാവും. കാരണം മക്കള്‍ എന്നത് അവരുടെ ശരീരത്തിന്റെ ഭാഗമാണ്. അവര്‍ക്കിടയില്‍ അദൃശ്യമായ ബന്ധനങ്ങുണ്ട്, മനോവ്യാപാരങ്ങളുണ്ട്. ഞാന്‍ പറയുന്നതിനേക്കാള്‍ നന്നായി മറ്റാര്‍ക്കും സന്തോഷിനെപ്പറ്റി പറയാനാവില്ല. അവന്റെ ഭാര്യക്ക് പോലും. സന്തോഷ് ആത്മഹത്യചെയ്യില്ലെന്ന് ഞാന്‍ പറയാന്‍ കാരണം അവന്റെ പ്രകൃതം തന്നെ. സ്വയം ഉയരണമെന്നായിരുന്നുചിന്ത. അക്കാര്യത്തില്‍ തികഞ്ഞ സ്വാര്‍ത്ഥനായിരുന്നു അവന്‍. ശരിയായ പാതയില്‍, ആരുടെയും ശിപാര്‍ശയില്ലാതെ നട്ടെല്ല് വളക്കാതെ ഉയരങ്ങളിലെത്തണം. അതവന്റെ താല്‍പര്യവും ലക്ഷ്യവുമാണ്. ഈ കാണുന്നതെല്ലാം ഇടിഞ്ഞു വീണാലും അതിനാല്‍ അവന്‍ പതറില്ല. അത്രയേറെ സ്വന്തം ഉയര്‍ച്ച ആഗ്രഹിക്കുന്ന, ലക്ഷ്യബോധമുള്ളയാള്‍ക്ക് ആത്മഹത്യ ചെയ്യാനാവില്ലെന്ന് ഞാനുറപ്പിച്ചു വിശ്വസിക്കുന്നു. മാത്രവുമല്ല സന്തോഷ് ഉയര്‍ച്ചയുടെ പടവുകളിലായിരുന്നു താനും. ലക്ഷ്യങ്ങളില്‍ നിരാശ അവനില്ല. അക്കാരണത്താല്‍ തന്നെ ആത്മഹ്യയെന്ന സാധ്യത നിലനില്‍ക്കില്ല. പത്രപ്രവര്‍ത്തകനായിരുന്ന അവന്‍ ആത്മഹത്യചെയ്യുമായിരുന്നെങ്കില്‍ അതിന് കാരണവും എഴുതി വയ്ക്കുമായിരുന്നു.
ഇനി അവന്‍ ആത്മഹത്യ ചെയ്തുവെന്ന് തന്നെ വക്കുക. അതെന്തിനാവണം? കുടുംബ പ്രശ്‌നം, പ്രണയനൈരാശ്യം, അസുഖങ്ങള്‍? ഇതൊന്നും അവനില്ല. അവന് കുടുംബപ്രശ്‌നങ്ങളില്ലായിരുന്നു. അവനും ഭാര്യയും സ്‌നേഹത്തോടെയാണ് കഴിഞ്ഞത്. കുടുംബപ്രശ്‌നമുണ്ടെങ്കില്‍ തന്നെ അവന്‍ അതിനെ അവഗണിച്ചു മുന്നേറാന്‍ മടിക്കില്ല. ചിലര്‍ അത്തരക്കാരാണ്. സന്തോഷ് ആ കൂട്ടത്തിലാണ്. അവനെ കരഞ്ഞുകാണിച്ചോ, പ്രലോഭിപ്പിച്ചോ, ഭീഷണിപ്പെടുത്തിയോ ഒന്നും നേടാനാവില്ല. അവന്റെ തീരുമാനം നടപ്പാവും. മനസാക്ഷിയുടെ ശബ്ദം മാത്രമേ അവന്‍ കേള്‍ക്കു.
പൊലീസ് സന്തോഷിന്റെ 'സദാചാരവിരുദ്ധത'യെപ്പറ്റി ചില കഥകള്‍ പ്രചരിപ്പിച്ചിരുന്നു. ഭാര്യ ഒപ്പമില്ലാത്തതും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു അത്. സദാചാര വിരുദ്ധ കഥകളും ശരിക്കും പരിശോധിച്ചാല്‍ നിലനില്‍ക്കില്ല.അത് അസംബന്ധ പ്രചരണമാണ്. കഷ്ടിച്ച് ആറുമാസം മാത്രമേ സന്തോഷ് മൂവാറ്റുപുഴയിലുണ്ടായിരുന്നുള്ളൂ. അതില്‍ ഏതാണ്ട് അഞ്ചുമാസവും ഭാര്യ അവനൊപ്പം മൂവാറ്റുപുഴയിലുണ്ടായിരുന്നു. കുടുംബമായിട്ടാണ് അവര്‍ അവിടെ കഴിഞ്ഞത്. ജോലിയും ഡോക്ടറേറ്റ് പഠനവുമായി ബന്ധപ്പെട്ടാണ് ഭാര്യ മടങ്ങുന്നത്. ഇനിയുള്ള ഒരൊറ്റമാസമെന്നത് തിരക്കുപിടിച്ച സമയമാണ്. യോഗങ്ങള്‍, തിരുവനന്തപുരം യാത്ര, വിട്ടിലേക്കുള്ള യാത്ര ഇതെല്ലാമായി തിരക്ക് പിടിച്ചതാണ് അവന്റെ ദിവസങ്ങള്‍. ആര്‍.ഡി.ഒ. എന്നനിലയില്‍ മൂവാറ്റുപുഴ പട്ടണത്തില്‍ ആര്‍ക്കും അറിയാനും കാണാനും പറ്റുന്ന വിധത്തിലായിരുന്നു അവന്റെ താമസം. അവിടെ എന്തെങ്കിലും തരത്തില്‍ മോശമായ ഒരു കാര്യത്തിന് അവന്‍ നില്‍ക്കില്ല. മാത്രമല്ല, സ്വകാര്യമായ മറ്റ് എന്തെങ്കിലും തരത്തില്‍ മോശമായ ജീവിതം നയിക്കുന്നത് തന്റെ കരിയറിനെ ബാധിക്കുമെന്ന് മറ്റാരെക്കാളും അവന് നിശ്ചയമുണ്ട്. ബാക്കി എന്തു സംഭവിച്ചാലും അതവന്‍ സമ്മതിക്കില്ല.
ഇനി സാധ്യമായത് സ്വാഭാവിക മരണമാണ്. സന്തോഷിന് അസുഖമൊന്നുമുണ്ടായിരുന്നില്ല. ഹൃദയാഘാതമോ മറ്റെന്തിങ്കിലും കാരണത്താലോ ആണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. സ്വഭാവിക മരണമല്ലെന്ന് മൂന്ന് നാല് കാരണങ്ങള്‍കൊണ്ടു തന്നെ ഉറപ്പിക്കാം. ഒന്നാമത്തെ കാരണം മരിച്ച് മൂന്നാം ദിവസം തന്നെ മൃതദേഹം തിരിച്ചറിയാത്ത വിധത്തില്‍ അഴുകിയതെങ്ങനെ? എന്തിനാണ് സന്തോഷിന്റെ മൃതദേഹം ബന്ധുക്കളെ പോലും കാണിക്കാതെ ഹിന്ദുമതാചാര വിരുധമായി പൊതുശ്മശാനത്തില്‍ ദഹിപ്പിച്ചത്? വാതില്‍ അകത്തുനിന്ന് പൂട്ടാവുന്ന കയര്‍ സി.ബി.ഐ. ഉദ്യോഗസ്ഥന്‍ ജഗനാഥന്‍ കണ്ടെത്തിയത്? എന്തിന്് സന്തോഷ് വിഷം കഴിച്ചുമരിച്ചുവെന്ന് പൊലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് പത്രഓഫീസുകളില്‍ വിളിച്ചറിയിച്ചു?
മനോരമയിലെ അവന്റെ ചില സഹപ്രവര്‍ത്തകര്‍ വിചിത്രമായ മരണകാരണം കണ്ടുപിടിച്ചു. ഭക്ഷണം കഴിക്കുമ്പോള്‍ കോഴിക്കാല്‍ തൊണ്ടയില്‍ കുടുങ്ങിയാണത്രെ മരണം!. ഇത്തരമൊരു അഭിപ്രായം പ്രകടനം മനോരമയിലെ ചില പത്രപ്രവര്‍ത്തകര്‍ തന്നെയാണ് എന്നോട് പറഞ്ഞത്. ഞാന്‍ അറിയാതെ ചിരിക്കുകയാണുണ്ടായത്. ഒന്നാമത് സന്തോഷിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കോഴിയിറച്ചി കഴിച്ച കാര്യം പറയുന്നില്ല. അതിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുമില്ല. അതിനേക്കാള്‍ ഒരു കോഴിയിറച്ചി പോലും തിന്നാനറിയാത്ത പാവമാണോ എന്റെ മോന്‍? അത്തരം അഭിപ്രായം പറഞ്ഞവരരോട് ഒരു അപേക്ഷയേയുളളൂ, കോഴിയിറച്ചി തിന്നാന്‍ പോലുമാവാത്ത അത്രയൂം പാവമാക്കരുത് സന്തോഷിനെ! എത്രപേരാണ് തൊണ്ടയില്‍ കോഴിക്കാല്‍ കുടുങ്ങി മരിച്ചിട്ടുളളത്- ചിരിക്കാതെന്തുചെയ്യും.
ഒരൊറ്റ സാധ്യതയേ നിലനില്‍ക്കുന്നുള്ളൂ. കൊലപാതകം. അതിന് വ്യക്തമായ കാരണമുണ്ട്. അതിലേക്കാണ് നമ്മള്‍ നീങ്ങുന്നത്. മാഫിയകള്‍ക്ക് ഉദ്യോഗസ്ഥരെ സമീപിക്കുന്ന രീതിയുണ്ട്. പ്രലോഭനം, ഭീഷണി, മര്‍ദനം, ഒടുവില്‍ ഇല്ലാതാക്കല്‍. അവനെ പ്രലോഭിപ്പിക്കാനാവില്ല. കാരണം സന്തോഷ് പലപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, 'സ്വന്തം കൈയും മനസും ശുദ്ധമായിരിക്കുന്നിടത്തോളം ഒരാള്‍ക്കും നിങ്ങളെ ഒന്നും ചെയ്യാനാവില്ല, ഒരാള്‍ക്കും നിങ്ങളെ തൊടാന്‍ പോലുമാവില്ല''. സന്തോഷ് അഴിമതി നടത്തില്ല. അഴിമതിക്ക് കൂട്ടുനില്‍ക്കില്ല. അവനെ അഴിമതി കേസില്‍ കുടുക്കാനാവില്ല, പെണ്ണുകേസില്‍ ഉള്‍പ്പെടുത്താനാവില്ല. മര്‍ദിക്കാനുമാവില്ല. ആര്‍.ഡി.ഒയെ മര്‍ദിച്ചാല്‍ അത് നടപ്പാക്കന്നവര്‍ വിചാരിച്ചപോലെ തീരില്ല. ഒരൊറ്റവഴിയേയുള്ളൂ, അവനെ ഇല്ലാതാക്കുക.
ഇടമലയാറും 'ആത്മഹത്യ'കളും
മരിക്കുന്നതിന് തൊട്ട് മുമ്പത്തെ ദിവസങ്ങളില്‍ ഏഷ്യാനെറ്റിലെ ഒരു സുഹൃത്തിനെ സന്തോഷ് വിളിച്ചിരുന്നു. ഒരു 'ഉഗ്രന്‍ സാധനമുണ്ട്, നേരിട്ട് തരാം' എന്നാണത്രെ പറഞ്ഞിരുന്നത്. തിരുവനന്തപുരത്ത് വരുമ്പോള്‍ അതെപ്പറ്റി സംസാരിക്കാം എന്നായിരുന്നു ധാരണ. ഈ സുഹൃത്ത് ഏഷ്യാനെറ്റിലെ ന്യൂസ് എഡിറ്റര്‍ ചുമതലയുള്ള വ്യക്തിയായിരുന്നു. ജനപക്ഷത്ത് നിലകൊള്ളുന്ന മാന്യനാണ്. ഒരു സ്‌ഫോടനാത്മകമായ വാര്‍ത്തയെപ്പറ്റിയാണ് സന്തോഷ് പറഞ്ഞത്. അത് ഇടമലയാര്‍ അഴിമതിയെപ്പറ്റിയാണത്. മൂവാറ്റുപുഴ ആര്‍.ഡി. ഒ. എന്ന നിലയില്‍ ഇടമലയാര്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പലതും സന്തോഷിന്റെ കൈവശമുണ്ടായിരുന്നു. ആ രേഖകള്‍ വിശ്വസിക്കാവുന്ന ഒരു പത്രപ്രവര്‍ത്തകനെ ഏല്‍പ്പിക്കുകയായിരുന്നു സന്തോഷിന്റെ ലക്ഷ്യം.
രേഖകള്‍ ഇടമലയാറുമായി ബന്ധപ്പെട്ടതാണെന്ന് ഉറപ്പിച്ചുതന്നെ പറയാം. മറ്റ് ചെറിയ വാര്‍ത്തകള്‍ ആയിരുന്നെങ്കില്‍ അത് മനോരമയിലെയോ മാതൃഭൂമിയിലെയോ പരിചയക്കാര്‍ക്ക് കൈമാറുമായിരുന്നു. ക്രൈം ചീഫ് എഡിറ്റര്‍ നന്ദകുമാര്‍ മറ്റൊരു കഥയാണ് പറഞ്ഞത്. സന്തോഷിന്റെ കൈയില്‍ ഒരു സിഡിയുണ്ടായിരുന്നത്രെ. ഒരു മുന്‍ മുഖ്യമന്ത്രിയുടെ മകളും ഒരു കലക്ടറും തമ്മിലുള്ള അവഹിതബന്ധത്തിന്റെതായിരുന്നുവെന്ന്. നന്ദകുമാര്‍ അത്തരത്തില്‍ വാര്‍ത്തയും 'ക്രൈ'മില്‍ വലുതാക്കികൊടുത്തു. എന്റെ പ്രതികരണവുമായി. ക്രൈമിന്റെ പതിവ് ശൈലിയില്‍. പക്ഷേ, അത്തരം ഒരു സംഭവത്തിന് പിന്നാലെ സന്തോഷ് പോകില്ല. കാരണം അത് രണ്ട് വ്യക്തികളുടെ സ്വകാര്യ താല്‍പര്യവും വ്യക്തി സ്വാതന്ത്ര പ്രശ്‌നവുമായി മാത്രം കണ്ട് അത് വിട്ടുകളായാനുള്ള സാമൂഹ്യബോധം സന്തോഷിനുണ്ട്. മാത്രമല്ല, ഈ സിഡിയായിരുന്നെങ്കില്‍ അത് കൈമാറാന്‍ ഏഷ്യാനെറ്റിലെ ന്യൂസ് എഡിറ്റര്‍ പദവിയിലുള്ള ആളെ വിളിക്കില്ല. സന്തോഷിന്റെ ഏഷ്യാനെറ്റിലെ സുഹൃത്ത് അത്തരമൊരു സിഡി കിട്ടിയാല്‍ ഒരു നിമിഷം പോലും വൈകാതെ ചവറ്റുകുട്ടയിലിടുന്നയാളാണ്. ഇനി അത്തരം സിഡി പ്രചരിപ്പിക്കണമെങ്കില്‍ അതിന് പത്രപ്രവര്‍ത്തകരെയല്ല ഉപയോഗിക്കുക. അതിന് മറ്റുവഴികളുണ്ടല്ലോ.
സന്തോഷിന്റെ കൈവശമുണ്ടായിരുന്നത് ഇടമലയാര്‍ സംബന്ധിച്ച രേഖകളാണ്. അതുകൊണ്ടാണ് സന്തോഷ് മരിച്ചുകിടന്ന മുറിയില്‍ പത്രകെട്ടുകളും കടലാസുകളും ചിതറിക്കിടന്നിരുന്നത്. സന്തോഷിനെ കൊലപ്പെടുത്തിയയവര്‍ ഇടമലയാര്‍ കേസുമായി ബന്ധപ്പെട്ട രേഖകളാണ് മുറിയില്‍ തപ്പിയത്.
ഇടമലയാര്‍ കേസിലെ നിര്‍ണായക വിവരങ്ങള്‍ അറിയുന്ന പലരും പലപ്പോഴായി കൊല്ലപ്പെടുകയാണുണ്ടായത്. അതിലൊന്നാണ് പട്ടിമറ്റത്തെ മത്തായുടെ ദുരൂഹമരണം. മറ്റൊന്ന് മനോരമയിലെ ട്രെയിനിയായിരുന്ന സുനില്‍ ബാബുവിന്റെ മരണം. സുനില്‍ബാബുവിന്റെ മരണത്തെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ആധികാരിമായി പറയാന്‍ പറ്റില്ല. സന്തോഷ് മരിച്ച് അധികം വൈകാതെയാണ് ഈ സംഭവങ്ങളെങ്കിലും അതും കൂടി വായനക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. മത്തായിയുടെ മരണമാണ് ഏറ്റവും ദുരൂഹം.
എറണാകുളം ജില്ലയിലെ പട്ടിമറ്റം സ്വദേശിയാണ് സിവില്‍ എന്‍ജിനിയറായ മത്തായി. ഇടമലയാര്‍ കേസ് തേച്ചുമാച്ചു കളയാന്‍ നീക്കം നടക്കുന്നതിനിടെയാണ് കേസിലെ മുഖ്യസാക്ഷിയായിരുന്ന മത്തായിയും ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബം മരിക്കുന്നത്. ബാലകൃഷ്ണപിള്ളയാണ് കേസിലെ മുഖ്യപ്രതി. കെ. കരുണാകരന്റെ മന്ത്രിസഭയില്‍ ബായലകൃഷ്ണപിള്ള വൈദ്യുത മന്ത്രിയായിരുന്ന കാലത്താണ് ഇടമലയാര്‍ അഴിമതി നടക്കുന്നത്. ഇടമലയാര്‍ പവര്‍സ്‌റ്റേഷനില്‍ ദീര്‍ഘകാലം എന്‍ജിനിയറായിരുന്നു മേച്ചങ്കര മത്തായി. ജസ്റ്റിസ് സുകുമാരന്‍ കമീഷന്‍ 1988 ല്‍ പിള്ള ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരെന്നു കണ്ടെത്തി. ക്രൈംബ്രാഞ്ചിന് കൈമാറിയ കേസില്‍ രണ്ടുവര്‍ഷത്തിന് ശേഷം പ്രത്യേകകോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. യുഡിഎഫ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ പിന്‍വലിച്ച് കേസില്ലാതാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ സി.പി.എം. നേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഈ കേസില്‍ വിസ്താരം തുടങ്ങുന്നതിന് ഒരുമാസംമുമ്പാണ് മത്തായി മരിക്കുന്നത്. ഈ കാലത്ത് ജോലിയില്‍ നിന്ന് മത്തായി വിമിച്ചിരുന്നു. പട്ടിമറ്റത്തെ വീട്ടില്‍ 1996 ജനുവരി 16നാണ് മരണം. വീടിനുമുന്നിലെ കിണറ്റില്‍ കഴുത്തറ്റ നിലയില്‍ മത്തായിയുടെ മൃതദേഹം കണ്ടെത്തി. ഭാര്യ ഏലമ്മയുടെയും രണ്ടു പെണ്‍മക്കളുടെയും മൃതദേഹങ്ങള്‍ വീടിനകത്തു നിന്നും കണ്ടെത്തി. അധ്യാപികയാണ് ഏലമ്മ. മക്കള്‍ രണ്ടു പേരും വിദ്യാര്‍ഥികളും. ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങളില്‍ വെട്ടേറ്റ പാടുകളുണ്ടായിരുന്നു. സാഹചര്യമെല്ലാമനുസരിച്ച് ഈ മരണത്തില്‍ ദൂരൂഹതയുണ്ട്. അത് ഇടമലയാര്‍ കേസുമായി ബന്ധപ്പെട്ടതാണ്. അന്വേഷണ ചുമത റൂറല്‍ എസ്പി ടോമിന്‍ ജെ തച്ചങ്കരിക്കായിരുന്നു. സന്തോഷിന്റെ മരണം ആത്മഹത്യാ സമയത്തും നമ്മള്‍ ടോമിന്‍ തച്ചങ്കരിയെ കണ്ട കാര്യം മറക്കരുത്. അദ്ദേഹം സ്ഥലത്തെത്തിയ ഉടന്‍ ആത്മഹത്യയാണ് സംഭവമെന്ന് വിധിയെഴുതി. കൊലപാതകമാണെന്നതിന്റെ ശക്തമായ തെളിവുകള്‍ അവശേഷിച്ചിട്ടും അദ്ദേഹം അത് ആത്മഹത്യയെന്നുറപ്പിച്ചിരുന്നു. ആത്മഹത്യയായി തന്നെ 2007ല്‍ കേസ് അവസാനിച്ചു. മത്തായുടെ വീടു പണി പൂര്‍ത്തിയാകുന്ന ദിവസത്തിന്റെ തലേന്നാണ് മരണം. അന്ന് രാത്രി വരെ വീടുനിര്‍മാണജോലിയില്‍ ഏര്‍പ്പെട്ടിരുന്നയാണ്. വീടിന് കുറച്ചു ദൂരെയായി മത്തായിയുടെ കണ്ണട കണ്ടെത്തി. അതൊന്നും ആരും പരിഗണിച്ചില്ല.
ഇടമലയാര്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശമുണ്ടായിരുന്നതിനൊപ്പം മൂവാറ്റുപുഴയില്‍ സന്തോഷ് ഉണ്ടാവരുതെന്ന് താല്‍പര്യമുള്ള മറ്റ് ചിലര്‍ കൂടി ഉണ്ടായിരുന്നു. അതില്‍ പ്രധാനം ക്വാറി ഉടമകളാണ്. പരിസ്ഥിക്ക് വിനാശകരമായ രീതിയില്‍ അശാസ്ത്രീയമായും നിയമവിരുധമായും പാറപൊട്ടിക്കുന്ന ക്വാറികളുടെ ലൈസന്‍സ് സന്തോഷ് റദ്ദു ചെയ്തിരുന്നു. പരിസ്ഥിതിയോടുള്ള താല്‍പര്യമാണ് അതിന് പ്രധാന കാരണം. ചിലര്‍ പ്രലോഭിക്കാന്‍ ശ്രമിച്ചിരുന്നു. അതിന് സന്തോഷ് വഴങ്ങിയില്ല. ലൈസന്‍സ് റദ്ദാക്കിയ ക്വാറികളില്‍ രാഷ്ട്രീയക്കാരുടേതുണ്ട്. അതുകൊണ്ടാണ് ഒരു മന്ത്രി വിളിച്ച് ഭീഷണിപ്പെടുത്തിയ കാര്യം സന്തോഷ് പറഞ്ഞത്.
മാത്രമല്ല മണല്‍മാഫിയകള്‍, കഞ്ചാവുലോബികള്‍ എന്നിവര്‍ക്കും സന്തോഷ് എതിരായിരുന്നു. ഇക്കാര്യങ്ങളും പരിസ്ഥിതി-ജനസ്‌നേഹം മാത്രമാണ് സന്തോഷിനെ നയിച്ചിരുന്നത്. ക്വാറി-മണല്‍-കഞ്ചാവു മാഫിയകളും ഇടമലയാര്‍ അഴിമതിക്കാരും ഒന്നുചേര്‍ന്നു. അവരെല്ലാം കൂടി അവര്‍ക്ക് എതിരായ ഉദ്യോഗസ്ഥനെ കൊന്നു. പത്രങ്ങളെയും മാധ്യമസ്ഥാപനങ്ങളെയും ഉപയോഗിച്ച് സന്തോഷ് തങ്ങള്‍ക്ക് ദോഷകരമായി പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചതിനാണ് സന്തോഷിനെ അവര്‍ ഇല്ലാതാക്കിയത്.
ആദ്യഘട്ടത്തില്‍ ഗായകസംഘത്തില്‍ പെട്ട ഒരാളെയായിരുന്നു എല്ലാവരും സംശയിച്ചത്. സന്തോഷിനെ ക്വാര്‍ട്ടേഴ്‌സില്‍ അവസാനം കണ്ട കുടുംബത്തിലെ ഒരാള്‍ക്ക് ഈ യുവാവുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍, അതിനല്ല സാധ്യതയെന്ന് മറ്റ് സാധ്യതകള്‍ തെളിയിക്കുന്നു.
ആര്‍.ഡി.ഒ. സന്തോഷിന്റെ അമ്മ ലീലയും സഹോദരി ജ്യോതിയും പത്ര സമ്മേളനത്തില്‍. 1996 ലെ ചിത്രം.
വധഭീഷണികള്‍, ദ്രോഹങ്ങള്‍
സന്തോഷ് ആത്മഹത്യ ചെയ്തതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും വ്യക്തമാക്കി ഞാന്‍ ആദ്യ പത്രസമ്മേളനം നടത്തിയ അന്നുമുതല്‍ ഭീഷണികള്‍ വരാന്‍ തുടങ്ങി. അജ്ഞാതര്‍ ഫോണില്‍ വിളിച്ചു പലപ്പോഴായി ഭീഷണിപ്പെടുത്തി. 'നിങ്ങളുടെ മകന്റെ അവസ്ഥ നിങ്ങള്‍ക്കും വരും. ഭൂമിയില്‍ കാണില്ല' എന്നായിരുന്നു ഭീഷണിപ്പെടുത്തല്‍. പല ഫോണുകളില്‍ നിന്ന് പല ശബ്ദത്തിലായിരുന്നു ഭീഷണികള്‍.
രാത്രി സമയത്ത് വീടിന്റെ പരിസരത്ത് അപരിചതരെ കാണുക, ചിലര്‍ വീടിന് മുന്നില്‍ വന്ന് നില്‍ക്കുക ഇതൊക്കെ പതിവായി. ഞാന്‍ പൊലീസില്‍ പരാതിപ്പെട്ടു. പക്ഷേ, ഒരു നടപടിയുമുണ്ടായില്ല. ചില ഊമകത്തുകള്‍ വന്നു. അത് പൊലീസിനു നല്‍കി. അന്വേഷിക്കാന്‍ ഒരു പൊലീസുകാരനും വന്നില്ല. പലവട്ടം ഫോണ്‍ ബന്ധം വിച്‌ഛേദിക്കപ്പെട്ടു. മാത്രമല്ല ഫോണ്‍ ടാപ്പ് ചെയ്യുന്നുമുണ്ടായിരുന്നു. ഞാന്‍ ആരോടൊക്കെ ബന്ധപ്പെടുന്നു, ആരൊക്കെയാണ് സഹായിക്കുന്നത്, എന്താണ് നീക്കം എന്നിവ അറിയുകയായിരുന്നു ഉദ്ദേശം. ഫോണ്‍ ബന്ധം വിച്‌ഛേദിച്ചതിന് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു. ഭയപ്പെടുത്തുക. രാത്രി എന്തെങ്കിലും ആവശ്യം വന്നാല്‍ പൊലീസിനെ വിളിക്കാന്‍ പോലുമാവാത്ത വിധത്തില്‍ നിസഹായരാണ് എന്ന് ഞങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു ശ്രമം. പൊലീസില്‍ പരാതിപ്പെട്ടതോടെ ഫോണ്‍ ബന്ധം പുനസ്ഥാപിക്കപ്പെട്ടു. മകളെ ഉപദ്രവിക്കുമെന്നായിരുന്നു എല്ലാ ഭീഷണികളിലും പറഞ്ഞിരുന്നത്. മകളെ ഓര്‍ത്ത് നിശബ്‌രാകാത്ത ഏത് മാതാപിതാക്കളാണുള്ളത്?
2001 ഓഗസ്റ്റ് ആദ്യം മുതല്‍ സ്ഥിരമായി ഭീഷണി വരാന്‍ തുടങ്ങി. കത്തുകളിലൂടെയും ഫോണിലൂടെയും. സന്തോഷിന്റെ മരണത്തെക്കുറിച്ചുള്ള ഒരു ലേഖനം ഒരു പ്രസിദ്ധീകരണത്തില്‍ വന്ന ശേഷമായിരുന്നു ഇത്. അതിന്റെ ബാക്കി ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞില്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. അര്‍ദ്ധരാത്രിയിലൊക്കെ ഫോണ്‍ വന്നു.
ഞാന്‍ കൊച്ചി സിറ്റി പൊലീസ ് കമഷണറെ നേരിട്ട് കണ്ട് പരാതി സമര്‍പ്പിച്ചു. ഒരു നടപടിയുമുണ്ടായില്ല. അന്വേഷിക്കാം, നോക്കട്ടെ എന്നൊക്കെ പറഞ്ഞു. പൊലീസ് സ്‌റ്റേഷനില്‍ ചെല്ലുമ്പോള്‍ മുന്‍ ആര്‍.ഡി.ഒയുടെ അമ്മ എന്ന നിലയില്‍ നല്ല പരിഗണനയായിരുന്നു. അതിലെന്തു കാര്യം. നടപടിയാണുവേണ്ടിയിരുന്നത്. അതുമാത്രമുണ്ടായില്ല.
സഹായിച്ചവര്‍, നിന്ദിച്ചവര്‍
മകന്‍ നഷ്ടപ്പെട്ട അമ്മ നീതിക്കുവേണ്ടി സമരം ചെയ്യുമ്പോള്‍ കൈവിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഒപ്പം നിന്നത്. അതുവരെ മകന്റെ സുഹൃത്തുക്കളായി വീട്ടില്‍ വന്ന പലരും അതോടെ വരാതായി. വിളിക്കാതായി. പലപ്പോഴും ഞാന്‍ ഒറ്റപ്പെട്ടു. മക്കളെപോലെ സ്‌നേഹിച്ചവരും വീട്ടില്‍ പലരാത്രികള്‍ ഉണ്ടുറങ്ങിയവരുമെല്ലാം അകന്നത് എന്നെ വേദനിപ്പിച്ചു. ആ വേദന എനിക്ക് പറയാനറിയില്ല. ശരിക്കും നെഞ്ച് ആരോ വലിച്ചുപിളര്‍ത്തുന്നതുപോലെയായിരുന്നു ഒറ്റപ്പെടല്‍ നല്‍കിയ വേദന. മുമ്പ് ഞാന്‍ കരുതിയത് ഞാന്‍ പെറ്റുവളര്‍ത്തിയവര്‍ മാത്രമല്ല മക്കളെന്നാണ്. മകന്റെ കൂട്ടുകാരും എനിക്ക് മക്കളായിരുന്നു. ആ വാത്സല്യവും സ്‌നേഹവുമാണ് അവരോട് പ്രകടിപ്പിച്ചതും. എന്റെ ആ തോന്നല്‍ തെറ്റാണെന്ന് മനസിലാവുന്നു. ചിലപ്പോള്‍, വെറുതെ കുഴപ്പത്തില്‍ ചാടേണ്ട എന്നു കരുതി ആ മക്കള്‍ പിന്‍മാറിയതുമാവാം.
കേസിനൊപ്പം നിലകൊണ്ട പത്രങ്ങള്‍ 'കേരള കൗമുദി'യും 'മാധ്യമ'വുമാണ്. കേരളാ കൗമുറി സ്‌പെഷല്‍ കറസ്‌പോണ്ടന്റ പി.സുജാതന്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കി. സ്വയവും തന്റെ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍മാരെ അയച്ചും. എനിക്ക് വധഭീഷണിയുള്ള കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് സുജാതന്‍ പറഞ്ഞയച്ച റിപ്പോര്‍ട്ടറാണ്. ഒരിക്കല്‍ എറണാകുളം കോടതിയില്‍ ഞാന്‍ നല്‍കി ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഉച്ചയോടെയാണ്. ഞാന്‍ രാവിലെ കോടതിയിലെത്തി. എന്നാല്‍, പൊലീസ് എന്നെ അകത്തേക്ക് കയറ്റിവിട്ടില്ല. സമയമാകുമ്പോള്‍ വിളിക്കും എന്നൊക്കെ പറഞ്ഞ് പ്രവേശനം നിഷേധിക്കുകയായിരുന്നു. അസുഖബാധിതയാണ് ഞാന്‍. കോടതിയില്‍ കേസ് വിളിക്കുമ്പോള്‍ കേള്‍ക്കുമോ എന്ന പേടിയിലാണ് കോടതിക്കകത്ത് ഇരിക്കണമെന്ന് ആഗ്രഹിച്ചത്. മാത്രമല്ല കോടതി നടപടികളെപ്പറ്റി വലിയ പിടിയില്ല. അഭിഭാഷകര്‍ മറ്റ് തിരക്കിലാണ്. ഞാന്‍ വിഷമിച്ച് പുറത്ത് വരാന്തയിലിരിക്കുമ്പോള്‍ സുജാതന്‍ അതുവഴി വന്നു. എന്താണ് വിഷമിച്ചിരിക്കുന്നത് എന്ന് മറ്റും ചോദിച്ചറിഞ്ഞു. അദ്ദേഹം നേരിട്ട് മജിസ്‌ട്രേറ്റിനെ കണ്ടു സംസാരിച്ചുവെന്നു തോന്നുന്നു. ഉടനെ എന്നെ അകത്തേക്ക് മജിസ്‌ട്രേറ്റ് വിളിപ്പിച്ചു. കോടതിമുറിയില്‍ ഇരിക്കാന്‍ അനുവാദം തന്നു. അതുവരെ മോശമായി പെരുമാറിയവര്‍ ഭവ്യതയോടെ മാറിനിന്നു.
കേസിനെപ്പറ്റി മുടങ്ങാതെ വാര്‍ത്ത കൊടുത്ത മറ്റൊരു പ്രസിദ്ധീകരണം 'കേരള ശബ്ദ'മാണ്. അതിന്റെ ലേഖകന്‍ അജയന്‍ ഓച്ചന്തുരത്ത് പ്രത്യേക താല്‍പര്യത്തോടെ വാര്‍ത്തകള്‍ നല്‍കി. അതാണ് പലപ്പോഴും കേസിനും ഗുണകരമായത്. അജയന്റെ എഴുത്ത് വിഷയം സമൂഹത്തിന്റെ ശ്രദ്ധയില്‍ നിലനിര്‍ത്തി.
മനോരമയില്‍ നിന്ന് ഇടയ്ക്കിടെ വിളിച്ചിരുന്നത് ഇന്ദുചൂഢന്‍ മാത്രമാണ്. സന്തോഷിന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. മറ്റാരും അങ്ങനെ വിളിക്കുകയോ കാണുകയോ ഉണ്ടായില്ല. സൗമ്യനാണ്. ആരെപ്പറ്റിയും പരദോഷമോ കുറ്റമോ പറയില്ല.
സന്തോഷിന്റെ പത്രാധിപര്‍ ഒരിക്കല്‍ എല്ലാവരോടും പറഞ്ഞുവത്രെ: 'ഈ കേസ് എങ്ങനെയെങ്കിലുമൊന്ന് അവസാനിച്ചിരുന്നെങ്കില്‍''. അത് കേട്ടവര്‍ എന്നോട് വന്നു പറഞ്ഞു. ഒരാളല്ല, രണ്ടുമൂന്നുപേര്‍. അക്കൂട്ടത്തില്‍ ഇന്ദുചൂഢനില്ല. പറഞ്ഞ സാഹചര്യവും സാധ്യതകളും വച്ചുനോക്കുമ്പോള്‍ പത്രാധിപര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാവണം. സത്യത്തില്‍, ഞാന്‍ മനോരമയോട് ഒരു സഹായവും ആവശ്യപ്പെട്ടിരുന്നില്ല. അതിന്റെ പത്രാധിപരെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. മാത്രവുമല്ല മനോരമയിലെ മുന്‍ ലേഖകന്‍ എന്ന പേരിലല്ലായിരുന്നു സന്തോഷ് പരാമര്‍ശിക്കപ്പെട്ടത്. അത് ആര്‍.ഡി.ഒ. എന്ന പേരിലാണ്. പിന്നെയെന്തിന് പത്രാധിപര്‍ അങ്ങനെ പറഞ്ഞുവെന്നറിയില്ല. കേസ് ജയിച്ചാലും തോറ്റാലും പത്രാധിപരെ അത് ഒരുതരത്തിലും ബാധിക്കാനും പോകുന്നില്ലായിരുന്നു. ചിലപ്പോള്‍ നമുക്കറിയാത്ത മറ്റേതെങ്കിലും കാരണം കാണുമായിരിക്കും.
കേസുമായി മുന്നോട്ടുപോകാന്‍ എനിക്കായതിന് കാരണം എറണാകുളത്തെ 'നിയമവേദി'യും അതിന്റെ അഡ്വ.എ.എക്‌സ് വര്‍ഗീസുമാണ്. ഒരു തുകപോലും പ്രതിഫലം പറ്റാതെയാണ് അദ്ദേഹം കേസ് ഏറ്റെടുത്തത്. മുന്‍ നക്‌സല്‍ സഹയാത്രികനായിരുന്ന വര്‍ഗീസിനെ ഈ കേസില്‍ ഒപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചത് സാമൂഹിക പ്രതിബദ്ധത മാത്രമാണ് എന്നെനിക്ക് ഉറപ്പിച്ചുപറയാനാവും.
ഇടയ്ക്ക് 'സന്തോഷ് പ്രശ്‌നം' എസ്.എന്‍.ഡി.പി. ഏറ്റെടുത്തു. പ്രക്ഷോഭം ആരംഭിച്ചു. ഒരു പ്രചരണ ജാഥ നടത്തി. സാമൂഹ്യ നീതിയുടെ പ്രശ്‌നമൊക്കെ ഉയര്‍ത്തിക്കാട്ടിയായിരുന്നു എസ്.എന്‍.ഡി.പി. രംഗത്ത് വന്നത്. സന്തോഷ് ഈഴവ സമുദായാംഗമാണ് എന്ന പരിഗണന വച്ചാണ് ഇടപെട്ടത്. ഇതും ഞാന്‍ ആവശ്യപ്പെട്ടതല്ല. അവരെന്റെ വീട്ടില്‍ വന്നുപറഞ്ഞു, 'അമ്മയുടെ ഒപ്പം ഞങ്ങളുണ്ട്. നീതിക്കുവേണ്ടിയുള്ള പേരാട്ടത്തില്‍ ഇനി ഞങ്ങള്‍ കാണു'മെന്നൊക്കെ. അങ്ങനെ അവരുടെ പ്രചരണ ജാഥ തുടങ്ങുന്നിടത്ത് ഞാനുമുണ്ടായിരുന്നു. ഇടയ്ക്ക് വച്ച് അവര്‍ അവസാനിപ്പിച്ചു. അതിനുകാരണം ഇതുവരെ മനസിലായിട്ടില്ല. എന്തുകൊണ്ട് പിന്‍മാറിയെന്ന് അവര്‍ എന്നോടോ മറ്റുള്ളവരോടോ പറഞ്ഞിട്ടില്ല. അവര്‍ക്കും അവരുടേതായ കാര്യം കാണും. ചിലപ്പോള്‍ മറ്റ് തിരക്കുകളില്‍ വിട്ടുപോയതുമാവാം. അറിയില്ല.
പോരാട്ടം മരണംവരെ
സന്തോഷിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ തിരിച്ചടിയായത് തെളിവ് നശിപ്പിക്കപ്പെട്ടതാണ്. ഉന്നതപൊലീസ് ഉദ്യോഗ്‌സഥര്‍ ബോധപൂര്‍വം നശിപ്പിച്ചതാണ് തെളിവുകള്‍.
മൃതദേഹം ദഹിപ്പിച്ചത് വഴിയാണ് പൊലീസ് ആദ്യം തെളിവ് നശിപ്പിച്ചത്. വിരലടയാളങ്ങള്‍ ശേഖരിച്ചില്ല. സംശയമുണ്ടായിട്ടും പൊലീസ് നായയെ കൊണ്ടുവന്നില്ല. പ്രതികളെന്നു സംശയിക്കുന്നവര്‍ ചോദ്യം ചെയ്യപ്പെട്ടില്ല. ടോമിന്‍ തച്ചങ്കരി ഉള്‍പ്പടെയുള്ളവരെ പോളിഗ്രാഫിന് വിധേയമാക്കണമെന്നാവശ്യവും നിരാകരിക്കപ്പെട്ടു. തച്ചങ്കരിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുമായില്ല. തച്ചങ്കരി നേരിട്ടുകൊന്നുവെന്നല്ല പറയുന്നത്, തച്ചങ്കരിയെ ചോദ്യം ചെയ്താല്‍ നിര്‍ണായകമായ വിവരങ്ങള്‍ കിട്ടും. നുണപരിശോധനയാണ് വേണ്ടത്.
മൃതദേഹത്തില്‍ നിന്ന് എടുത്തുസൂക്ഷിച്ചിരുന്ന ആന്തരവായവ സാമ്പിളുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബോറട്ടിറയില്‍ നിന്ന് ദുരുഹ സാഹചര്യത്തില്‍ നഷ്ടപ്പെട്ടു. ലോക്കല്‍ പോലിസിന്റെ അറിവല്ലായ്മയും വിഡ്ഡിത്തമായും മാത്രമേ സി.ബി.ഐ ഇത്തരം വീഴ്ചകളെ കണ്ടുള്ളൂ. തെളിവുകള്‍ ബോധ പൂര്‍വമാണോ നശിപ്പിക്കപ്പെട്ടതന്നെ സി.ബി.ഐ. അന്വേഷിച്ചില്ല.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സന്തോഷ് മരിച്ചു കിടന്ന മൂവാറ്റുപുഴയിലെ ആര്‍.ഡി.ഒ. ക്വാര്‍ട്ടേഴ്‌സ് അടച്ചു പൂട്ടിയിട്ടിരിക്കണമെന്ന് മുഖ്യമന്ത്രി തന്നെ ഉത്തരവിട്ടിരുന്നതാണ്. മരണവുമായി ബന്ധപ്പെട്ട തെളിവുകളും സ്വര്‍ണാഭരണങ്ങളടക്കമുള്ള വിലപ്പെട്ട വസ്തുകകളുമടങ്ങുന്ന ക്വാര്‍ട്ടേഴ്‌സിന്റെ താക്കോല്‍ മൂവാറ്റുപുഴ സി.ഐയുടെ പക്കലായിരുന്നു. എന്നാല്‍ ക്വാര്‍ട്ടേഴസും ഗെയറ്റും തുറന്ന നിലയിലായിരുന്നു. രാപ്പകലന്യേ പലരും അവിടെ കറയിറിറങ്ങി. സുപ്രീംകോടതിയില്‍ കേസ് നല്‍കിയ സാഹചര്യത്തില്‍ പൊലീസിന്റെ മൗനാനുവാദത്തോടെ സാമൂഹികവിരുദ്ധര്‍ ക്വാര്‍ട്ടേഴ്‌സില്‍ കയറിയിങ്ങുന്നത് എങ്ങനെ ന്യായീകരിക്കാനാവും. അതിനെതിരെ ഹര്‍ജി കൊടുത്തുപ്പോള്‍ രണ്ടു പൊലീസുകാരെ കാവലിനിട്ടു. പതിയെ അതു പിന്‍വലിച്ചു.
കേസില്‍ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ പലവട്ടം മുഖ്യമന്ത്രിമാര്‍ക്ക് നിവേദനം നല്‍കി. അതില്‍ കൂടുതല്‍ തവണ എ.കെ. ആന്റണിക്കാണ്. 2001 സെപ്റ്റംബര്‍ 12 നായിരുന്നു ഒരിക്കല്‍ നിവേദനം നല്‍കിയത്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് എ.കെ. ആന്റണി ഉറപ്പുനല്‍കിയിരുന്നു. അദ്ദേഹമത് മറന്നു. വീണ്ടും മുഖ്യമന്ത്രിയായി ആന്റണി നിയമിതനായപ്പോള്‍ നേരില്‍ കണ്ട് ഇക്കാര്യമോര്‍പ്പിച്ചു. നടപടിയുണ്ടായില്ല. 2002 ജൂലൈ 11 എല്ലാ കാര്യങ്ങളും വ്യക്തമാക്കി എ.കെ. ആന്റ്ണിക്ക് വീണ്ടും വിശദമായ നിവേദനം നല്‍കി. ഒരു ഫലവുമുണ്ടായില്ല.
പിന്നെ ഞാന്‍ പത്ര സമ്മേളനം നടത്തി. മരണത്തിനു പിന്നില്‍ ദൂരുഹത മാറ്റാന്‍ നീതിയയുക്തമായ അമന്വഷണത്ത്ിന് സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ സെക്രട്ടറിയയേറ്റിനു മുന്നില്‍ മരണം നടത്തുമെന്ന് ഞാന്‍ പ്രഖ്യാപിച്ചു.
അന്ന് ഞാന്‍ എല്ലാവര്‍ക്കും ഒരു പ്രസ്താവന കൂടി നല്‍കി. അതിതായിരുന്നു:
'ഇനി എന്റെ മുമ്പില്‍ മരണം മാത്രം'
'' എന്റെ മകന്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒയായിരുന്ന പി.എസ്. സന്തോഷ് ദാരുണമായി മരിച്ചിട്ട് എട്ട് വര്‍ഷമായി. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐ യും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടും എങ്ങും എത്തയിട്ടില്ല.
പ്രബലാരായ എതിരാളികള്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഈ കൊലപാതകം തേച്ചുമാച്ചുകളയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന്, എന്റെ മകന്‍ കൊല്ലപ്പെട്ട അന്ന് മുതല്‍ മുഖ്യമന്ത്രി ആന്റണി ഉള്‍പ്പെടയുള്ളവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടുണ്ട്.
എന്റെ അപേക്ഷ പ്രകാരം ഹൈക്കോടതി നിര്‍ദേശമനുസരിച്ച് അന്വേഷണം നടത്തിയ സി.ബി.ഐ. സംഘത്തലന്‍ ജഗന്നാഥന്‍ എന്നോട് പറഞ്ഞത്: ''സന്തോഷിനെ വധിച്ചതിന് പിന്നില്‍ ഒരു ഐ.എ.എസ് ഓഫീസര്‍, ഐ.പി.എസ്. ഓഫീസര്‍, ഒരു എം.എല്‍.എ, ഒരു പത്രപ്രവര്‍ത്തകന്‍ എന്നിവരടങ്ങിയ ഗുഢസംഘമാണ്''.
എന്റ മകന്റെ കൊലയാളികള്‍ ആരാണെന്നും എന്തിന് വേണ്ടിയാണ് അവര്‍ അത് നടത്തിയതെന്നും വ്യക്തമായിട്ടും കൊലയാളിക ൈഅറസ്റ്റ് ചെയ്യാന്‍ ഭരണകൂടം തയാറായിട്ടില്ല. മുഖ്യമന്ത്രി എ.കെ.ആന്റണിയെ എത്രയോവട്ടം നേരില്‍കണ്ട് ഞാന്‍ ഇക്കാര്യം അപേക്ഷിച്ചിട്ടുള്ളതാണ്.
രോഗിയും അവശയുമാണ് ഞാനിന്ന്. എന്റെ മകന്റെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ഇനി ഒരമ്മക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
സി.ബി.ഐ. ഉള്‍പ്പെടെയുള്ള അന്വേഷണ സംഘങ്ങള്‍ അവരുടെ അന്വേഷണം അവസാനിപ്പിച്ച സ്ഥിതിക്ക് ഇനി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് മാത്രമേ പുനരന്വേഷണം നടത്താന്‍ അവകാശമുള്ളൂ. മുഖ്യമന്ത്രി എ.കെ. ആന്റണി പലവട്ടം എനിക്ക് നല്‍കിയ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. മാത്രമല്ല പലപ്പോഴും എന്നെ അധിക്ഷേപിക്കുന്ന രീതിയിലാണ് ആന്റണിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിലെയും ഉദ്യോഗസ്ഥരുടെ പെരുമാറ്റം.
അതുകൊണ്ട് എന്റെ മകന്റെ കൊലയാളികളെ കണ്ടെത്തേണ്ടത് മുഖ്യമന്ത്രിയുടെ കൂടി ബാധ്യതയാണ്. വൃദ്ധയും രോഗിയുമായ എന്റെ മുമ്പില്‍ ഇനി മരണം മാത്രമേയുള്ളൂ. അതുകൊണ്ട് എന്റെ മകന്റെ കൊലയാളികളെ കണ്ടെത്തുംവരെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നിരാഹാര സത്യഗ്രഹം നടത്താന്‍ ഞാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ്. ഒരു മാസത്തിനുള്ളളല്‍ ഇത് സംബന്ധിച്ച് ക്രിയാത്മകമായ ഒരു നടപടി മുഖ്യമന്ത്രി ആന്റണയില്‍ നിന്നുണ്ടൊയില്ലെങ്കില്‍ മരണം വരെ നിരാഹാര സത്യഗ്രഹം നടത്തുമന്ന് ഒരിക്കല്‍ കൂടി നിങ്ങളുടെ മുമ്പില്‍ ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
നിങ്ങളുടെ എല്ലാം
അമ്മ, ലീല
തിരുവനന്തപുരം,
3-4-03
ഇതു വാര്‍ത്തായപ്പോള്‍ ചില ഇടപെടലുകളുണ്ടായി. ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവര്‍ നേരിട്ട് എത്തി. ഞാന്‍ അവരോട് ആവശ്യപ്പെട്ടത് ഇതാണ്: 'സി.ബി.ഐയില്‍ ജൂനിയര്‍ ഡയറക്ടറുടെ പദവിയില്‍ കുറയാത്ത സത്യസന്ധനനും മിടുക്കനുമായ മുതിര്‍ന്ന് സി.ബി.ഐ. പൊലീസ് ഓഫീസറുടെ നേതൃത്വത്തില്‍ കേസ് അന്വേഷിപ്പിക്കണം. അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം'
അനൂകൂലമായ തീരുമാനമെടുക്കാം എന്നു പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. അത്രമാത്രം.
പല നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെല്ലാം നിവേദനം നല്‍കിയിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയായിരുന്ന ഒ. രാജഗോപാലിന് നിവേദനം നല്‍കി. അദ്ദേഹം അത് കേന്ദ്ര ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനിക്ക് കൈമാറിയിരുന്നു. ഞാന്‍ ഇ.കെ. നായനാരെ ഒന്നിലേറെ തവണ നേരില്‍ കണ്ട് നിവേദനം നല്‍കി. ഗവര്‍ണര്‍ക്കും നല്‍കിയിരുന്നു. ഒരു പ്രയോജനവുമുണ്ടായില്ല. ഞാനൊരിക്കലും പോരാട്ടം നിര്‍ത്തില്ല. എന്റെ മകനെ കൊന്നവരെ നീതിക്കു മുന്നില്‍ കൊണ്ടുവരണം. അതിനായി എന്തുബുദ്ധിമുട്ട് സഹിക്കും. നീതികിട്ടുമെന്ന പ്രതിക്ഷയില്ല. ഞങ്ങളുടെ പക്കല്‍ പണമില്ല, പാവപ്പെട്ടവരും ദരിദ്രരരുമാണ്. അതിനാല്‍ നീതി ലഭ്യമാകുമെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. എങ്കിലും ഞാന്‍ പോരാടും. മരിച്ചാലും കേസ് നിലനില്‍ക്കായി ജ്യോതിയുടെ പേരില്‍ കേസ് നടത്താനുളള അവകാശം ഞാന്‍ എഴുതിക്കൊടുത്തിട്ടുണ്ട്.
രോഗിയാണ് ഞാന്‍. അസ്ഥികള്‍ തേയുന്ന രോഗമുണ്ട്. കൂടെ മറ്റ് ചില അസുഖങ്ങളും. പ്രായവുമായി. ഇനി അധികകാലം ഞാന്‍ ഉണ്ടാവില്ല. മരണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കും. എന്നാലൂം ഞാന്‍ പോരാടും. ഇത് എനിക്കുവേണ്ടി മാത്രമായിട്ടില്ല. എല്ലാ അമ്മമാര്‍ക്കും വേണ്ടിയും. അത് ഞാന്‍ ചെയ്തില്ലില്‍ മറ്റാരും ചെയ്യുകയുമില്ല. എന്റെ അവസ്ഥയില്‍ ദു:ഖിതയാണ്. പരാജിതയാകുകയാണ് എന്ന് ചിലപ്പോഴൊക്കെ മനസ് പറയുന്നു. എന്നാലൂം ഞാന്‍ പരാജയപ്പെടില്ല. മുമ്പേ പറഞ്ഞതുപോലെ, കോടതിയെയും പൊലീസിനെയുമെല്ലാം വിലക്കെടുക്കാനായേക്കും. പക്ഷേ, മുകളില്‍ നിന്ന് ഇതെല്ലാം കാണുന്ന വലിയ ഒരു ശക്തിയുണ്ട്.
ആ ശക്തിയോടാണ് എന്റെ പ്രാര്‍ഥന. ആ ശക്തിയോട് മറ്റൊരു അമ്മയ്ക്കും ഈ അവസ്ഥ വരുത്തരുത്,. ഒരമ്മയുടെയും കണ്ണീര്‍ ഈ ഭൂമിയില്‍ വീഴ്ത്തരുത് എന്നും പ്രാര്‍ഥിക്കുന്നു:
അതേ സമയം മനസ് മന്ത്രിക്കുന്നു, മകന്‍ നേരിട്ട അത്യാചാരത്തിന് ഞാന്‍ പ്രവര്‍ത്തിച്ചേ പറ്റൂവെന്ന്. അല്ലെങ്കില്‍ അവന്റെ ആത്മാവ് പൊറുക്കില്ല. മരണം അടുത്തെത്തിയ നാളിലും അതിനാല്‍ ഞാന്‍ കോടതികള്‍ കയറിയിറങ്ങുന്നു, നീതി തേടുന്നു. നിസഹായായി നിങ്ങള്‍ക്ക് മുന്നില്‍ കണ്ണീര്‍വീഴ്ത്തുന്നു.
തയ്യാറാക്കിയത്: ആര്‍.കെ.ബിജുരാജ്
കുറിപ്പ്: മൂവാറ്റുപുഴ ആര്‍.ഡി.ഒ. ആയിരുന്ന പി.എസ്. സന്തോഷിന്റെ അമ്മ ലീല 2004 ലാണ് തന്റെ ജീവിതകഥ പറഞ്ഞുതുടങ്ങിയത്. പലവട്ടം തിരുത്തുകയും മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. 2006 മാര്‍ച്ച് 30 ന് മരിക്കുന്നതിന് തൊട്ടുമുമ്പ് കമ്പോസ് ചെയ്ത ആത്മകഥ ഇതേ രൂപത്തില്‍ ലീലയുടെ കൈവശമുണ്ടായിരുന്നു. മരണത്തിനുശേഷം തെരഞ്ഞെങ്കിലും ആത്മകഥ കണ്ടെത്താനായില്ല. അടുത്തിടെ പഴയ സഹപ്രവര്‍ത്തകന്‍ ഈ ആത്മകഥയുടെ പകര്‍പ്പ് വീണ്ടെടുത്തു നല്‍കി. മാറ്റങ്ങള്‍ ഒന്നും വരുത്താതെ അതേ രൂപത്തില്‍ പ്രസിദ്ധീകരിക്കുകയാണ് ഇവിടെ.
മാധ്യമം ആഴ്ചപ്പതിപ്പ്
2012 മാര്‍ച്ച്
ii lokam ethra vrthikettathanu...aa ammayude kanneer veenavar adhikakalam vazhilla...urappu..nanma ennenkilum thirichu varum..
ReplyDelete