ചൈനീസ്-അമേരിക്കന്‍ എഴുത്തുകാരി ലി മിയാവോ ലോവറ്റ് സംസാരിക്കുന്നു:- ചൈനയെപ്പറ്റി, പരിസ്ഥിതിയെപ്പറ്റി, എഴുത്തിനെപ്പറ്റി. അതിനേക്കാളെല്ലാം, കുടിയൊഴിപ്പിക്കലിന് ഇരയാകുകയും വികസനം ജലത്തില്‍ മുക്കിത്താഴ്ത്തുകയും ചെയ്യുന്ന ജനജീവിതങ്ങളെക്കുറിച്ച്
"അതെ, എന്‍െറ രചന ചൈനീസ് ഭരണകൂടത്തിനെതിരാണ്'' (നിങ്ങളുടെ സര്‍ക്കാരിനും)
അങ്ങ് ദൂരെ, ചൈനയിലെ ഒരു നദീ തീരമാണ് കഥാ പശ്ചാത്താലം. നദിയില്‍ ഒഴുകിവരുന്ന കുട്ടിയെ വിഭാര്യനും പ്രിയപ്പെട്ടവരെല്ലാം നഷ്ടപ്പെടുകയും ചെയ്ത ലിയു എന്നൊരാള്‍ രക്ഷിക്കുന്നു. അയാളുടെ പട്ടണം അണക്കെട്ട് ഉയരുമ്പോള്‍ മുങ്ങിപ്പോകുന്നു. ലളിതമായ, പഴയ കൊച്ചു "പൂമ്പാറ്റ' വായനയെന്ന് തോന്നാവുന്ന കഥയില്‍ ചൈനീസ് ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുകയാണ് ചൈനീസ്-അമേരിക്കന്‍ നോവലിസ്റ്റ് ലി മിയാവോ ലോവറ്റ്. "ദൈവങ്ങളുടെ മടിത്തട്ടില്‍' (ഇന്‍ ദ ലാപ് ഓഫ് ദ ഗോഡ്സ്) എന്ന നോവല്‍ ചൈനീസ് പശ്ചാത്തലത്തിലല്ല, ലോകമെങ്ങും നടക്കുന്ന പരിസ്ഥിതി പോരാട്ടങ്ങളുടെ തുടര്‍ച്ചയിലാണ് വായിക്കപ്പെടേണ്ടത്. യാങ്ടസി നദിയില്‍ ഉയരുന്ന, ലോകത്തിലെ ഏറ്റവും വലിയ, "മൂന്ന് മലയിടുക്ക് അണക്കെട്ട്' (ത്രീ ഗോര്‍ജസ് ഡാം) കടപുഴക്കുന്നത് 15 ലക്ഷം ജീവിതങ്ങളെയാണ്; അവര്‍ അന്നുവരെ പടുത്തുയര്‍ത്തിയ സംസ്കാരത്തെയാണ്. ഗ്രാമങ്ങളും നഗരങ്ങളും വെള്ളത്തില്‍ ആഴുന്നു. ഭൂതകാലം വികസനത്തിന്‍െറ പേരില്‍ ഇല്ലാതാകുന്നു. ആധുനിക ലോകത്ത് അതിജീവിക്കാനുള്ള പാവപ്പെട്ട മനുഷ്യന്‍്റെ പോരാട്ടം ലിയുവിന്‍െറ പിടച്ചിലുകളിലുണ്ട്.
"ദൈവങ്ങളുടെ മടിത്തട്ടില്‍' എന്ന ആദ്യ നോവലിലൂടെ രാജ്യാന്തരതലത്തില്‍ ലി മിയാവോ ലോവറ്റ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ജീവിക്കുന്ന അധ്യാപികയും വിദ്യാഭ്യാസ വിചക്ഷണയുമാണ് ലി മിയാവോ. ചൈനയിലെ കമ്യൂണിസ്റ്റ് വിപ്ളവകാലത്ത് പലായനം ചെയ്തവരാണ് ലി മിയാവോയുടെ കുടുംബക്കാര്‍. സാന്‍ ഫ്രാന്‍സിസ്കോ ക്രോണിക്കിള്‍, ചൈന റൈറ്റ്സ് ഫോറം തുടങ്ങിയ മാധ്യമങ്ങളില്‍ പതിവായി എഴുതി വരുന്നു. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ചൈനീസ് ഭരണകൂടത്തെ വിമര്‍ശിക്കുന്നതിനാല്‍ ഇതുവരെ "ദൈവങ്ങളുടെ മടിത്തട്ടില്‍' ചൈനയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ചൈനയെപ്പറ്റിയും എഴുത്തിനെപ്പറ്റിയും, അതിനേക്കാളെല്ലാം കുടിയൊപ്പിക്കലിന് ഇരയാകുകയും വികസനം ജലത്തില്‍ മുങ്ങിത്താഴ്ത്തുന്ന ജനജീവിതങ്ങളെയുംകുറിച്ച് സംസാരിക്കുകയാണ് ലി മിയാവോ ലോവറ്റ് ഈ ഓണ്‍ലൈന്‍ അഭിമുഖത്തില്‍. സംഭാഷണത്തിന്‍െറ പ്രസക്ത ഭാഗങ്ങള്‍:
ചൈന, പലായനം, പരിസ്ഥിതി
ചൈനീസ് വംശജയാണ് താങ്കള്‍. പക്ഷെ, എങ്ങനെ അമേരിക്കയിലത്തെി?
എനിക്ക് രണ്ടുവയസുള്ളപ്പോഴാണ് അച്ഛനും കുടുംബവും അമേരിക്കയിലേക്ക് കുടിയേറിയത്. കമ്യൂണിസ്റ്റ് വിപ്ളവം ചൈനയിലെമ്പാടും വീശിയടിക്കുന്ന ഘട്ടത്തിലാണ് ഈ രക്ഷപ്പെടല്‍. ശരിക്കും കുടുംബം രക്ഷപ്പെടുന്നത് തായ്വാനില്‍ നിന്നാണ്. അച്ഛന് ആറു വയസുള്ളപ്പോള്‍,1949 ല്‍ മുത്തശ്ശനും മറ്റും തായ്വാനിലേക്ക് പലായനം ചെയ്തിരുന്നു. കമ്യൂണിസ്റ്റുകള്‍ അധികാരം പിടിച്ചടക്കുന്ന ഘട്ടത്തിലാണ് അതും. അവരുടെ പീഡനം ശക്തമായിരുന്നു. പിന്നീട് തായ്്വാനിലും നില്‍ക്കാന്‍ കഴിയാതെയായി. അപ്പോഴാണ് അമേരിക്കയിലേക്ക് കടക്കുന്നത്.
കമ്യൂണിസ്റ്റുകള്‍ പീഡിപ്പിച്ചുവെന്നു പറഞ്ഞു. അതെന്തുകൊണ്ട്?
അച്ഛന്‍െറ കുടുംബം ഭൂപ്രഭുക്കളായിരുന്നു. ചൈനയിലെ ഷാന്‍ഡോങ് മേഖലയിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. കമ്യൂണിസ്റ്റുകള്‍ ഭൂ ഉടമ എന്ന നിലയില്‍ മുത്തശ്ശനെ പീഡിപ്പിക്കുകയും സ്വത്തുക്കള്‍ എല്ലാം വിട്ടുനല്‍കുന്നതുവരെ തടവിലാക്കുകയും ചെയ്തു. സ്വത്ത് കര്‍ഷകര്‍ക്ക് നല്‍കുകയായിരുന്നു ഉദ്ദേശ്യം. ഭാഗ്യംകൊണ്ട് മാത്രമാണ് അദ്ദേഹം കൊല്ലപ്പെടാതെ രക്ഷപ്പെട്ടത്. അങ്ങനെ അവര്‍ തായ്വാനിലേക്ക് പോയി. പിന്നീട് വിപ്ളവം അവിടേക്കും എത്തി. മാത്രമല്ല ചൈന മൊത്തത്തില്‍ അവരുടെ അധികാരം വരുന്ന ഘട്ടമായി. പിന്നീട് ചൈനയില്‍ തങ്ങുക അപകടരമായിരുന്നു.
അമേരിക്കയില്‍ എത്തിയതിനുശേഷം എന്തായിരുന്നു അവസ്ഥ? കമ്യൂണിസ്്റ്റുകളോട് താങ്കള്‍ക്ക് വിരോധമുണ്ടോ?
അച്ഛന്‍ വളരെ ചെറുപ്രായത്തിലാണ് അമേരിക്കയില്‍ വരുന്നത്. അതിനാല്‍ തന്നെ അമേരിക്കന്‍ ജീവിതവുമായി എളുപ്പത്തില്‍ ഇടപഴകി. മാത്രമല്ല കോളജ് വിദ്യാഭ്യാസം നേടാനുമായി. കമ്യൂണിസ്റ്റ് വിപ്ളവം നടക്കുന്ന ഘട്ടത്തില്‍ ചൈനയില്‍ നിന്ന്, ഇവിടെ വന്നത് എന്‍െറ ഭാഗ്യമാണ്. അമേരിക്കയില്‍ വിദ്യാഭ്യാസം സാധാരണക്കാരന് താങ്ങാനാവുന്ന അവസ്ഥ അന്നുണ്ടായിരുന്നു. അത് എനിക്കും ഗുണം ചെയ്തു. ആ സമയത്ത് അമേരിക്കയില്‍ മധ്യവര്‍ഗത്തിനിടയില്‍ സമ്പല്‍സമൃദ്ധിയുണ്ടായിരുന്നു. അത് ഇന്ന് ഇല്ലാതായിട്ടുണ്ട്. "അമേരിക്കന്‍ സ്വപ്ന'മെന്നത് ഇന്ന് ഒരു സ്വപ്നം മാത്രമാണ്. ഇന്ന് അമേരിക്കയില്‍ പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കുമിടയില്‍ വലിയ വിടവ് രൂപപ്പെട്ടിട്ടുണ്ട്. ചൈനയിലും ഇന്ത്യയിലും നമ്മള്‍ കാണുന്ന അത്രയും രൂക്ഷമല്ളെങ്കിലൂം അന്തരം ശക്തമാണ്. അച്ഛന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന്‍െറ കടുത്ത വിമര്‍ശകനായിരുന്നു. എനിക്ക് കാര്യങ്ങളെ കറുപ്പിലും വെളുപ്പിലുമായി വീക്ഷിക്കുന്നതില്‍ യോജിപ്പില്ല. വിപ്ളവത്തിന്‍െറ കാര്യത്തതില്‍ മാവോ നല്ലതാണ്, എന്നാല്‍ സര്‍ക്കാരിന്‍െറയും ഭരണത്തിന്‍്റെയും തലത്തില്‍ മാവോ തന്‍െറ ആശയങ്ങളെ തീവ്ര അറ്റങ്ങളിലക്ക് നയിച്ചിരുന്നു. അദ്ദേഹത്തിന്‍െറ നയം വളരെയേറെ മനുഷ്യ ദുരിതങ്ങള്‍ക്കും പരിസ്ഥിതി നാശത്തിനും ഇടയാക്കി.
ചൈന സന്ദര്‍ശിക്കാറുണ്ടോ?
2006 ലും 2007 ലും ചൈനയില്‍ പോയിരുന്നു. 2006 ല്‍ പോകുമ്പോള്‍ പുസ്തകത്തിന്‍െറ രചനക്കുവേണ്ടിയുള്ള വസ്തുതകളുടെ അന്വേഷണത്തിലായിരുന്നു. അന്ന് ത്രിഗോര്‍ജസ് അണക്കെട്ടില്‍ 156 മീറ്റര്‍ ഉയരത്തില്‍ വെള്ളം നിറയുന്ന സമയമാണ്. 2007 ല്‍ ഞാന്‍ ചോങ്ക്വിങില്‍ പോയി. കമ്പനികള്‍ നടത്തുന്ന പരിസ്ഥിതി മലിനീകരണത്തിനെതിരെ കര്‍ഷകര്‍ പോരാട്ടം നടത്തുന്നത് നേരില്‍ കാണാനായിരുന്നു അത്. അടുത്തു തന്നെ വീണ്ടും ¥ൈചനയില്‍ പോകാനാകുമെന്നാണ് പ്രതീക്ഷ. പുതിയ പുസ്തകത്തിന്‍െറ രചനക്ക് അതാവശ്യമാണ്. ഇനി പോകുമ്പോള്‍ അണക്കെട്ട് ഭീഷണി നേരിടുന്ന ദക്ഷിണ പടിഞ്ഞാറന്‍ ദേശത്തെ ചില വലിയ നദികളുടെ തീരം സന്ദര്‍ശിക്കണമെന്നാണ് ആഗ്രഹം.
നോവല്‍ രചനക്ക് മുമ്പ് ചൈന സന്ദര്‍ശിച്ചതായി പറഞ്ഞു. എന്താണ് കണ്ടത്?
ആദ്യം പഴയ ഫെങ്ഡു നഗരം പൊളിക്കുന്നതിന്‍െറ ചില ഫോട്ടോകള്‍ മാത്രമാണ് കണ്ടിരുന്നത്. നോവല്‍ രചന തുടങ്ങുന്നതിനു മുമ്പുള്ള കാര്യമാണ് പറയുന്നത്. മുങ്ങാന്‍ പോകുന്ന ഭാഗങ്ങള്‍ അടയാളപ്പെടുത്തിയ കെട്ടിടങ്ങളുടെ ചിത്രങ്ങള്‍. 2006 പുതുവര്‍ഷ ദിനത്തിലാണ് ഞാന്‍ ഫെങ്ഡുവില്‍ എത്തുന്നത്. ഞങ്ങള്‍ ചെല്ലുമ്പോള്‍ അതൊരു പ്രേതനഗരമായി മാറിക്കഴിഞ്ഞിരുന്നു. പൊളിച്ചുമാറ്റിയ കെട്ടിടങ്ങള്‍, കൂട്ടിയിട്ട അവശിഷ്ടങ്ങളും കമ്പികളും. മുങ്ങാന്‍ ശേഷിക്കുന്ന ചില റോഡുകള്‍. ആ നഗരത്തില്‍ വളരെക്കുറവ് ആളുകളേ ഉണ്ടായിരുന്നുള്ളൂ. കൈവിരലിലെണ്ണാവുന്നവര്‍. ഉയര്‍ന്ന വാടകക്ക് പുതിയ നഗരത്തില്‍ താമസിക്കാനാവാത്തവരും ചില പ്രായം ചെന്നവരും മാത്രം. ഈ നഗരമെന്നത്, 60 വര്‍ഷം മുമ്പ് പലായനം ചെയ്യുന്നതിന് മുമ്പ് അച്ഛന്‍െറ മാതൃനാടാണ്. അവിടെ സ്വന്തം നാട്ടില്‍ അഭയാര്‍ഥിയെപ്പോലെ ഞാന്‍ നിന്നു. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഫെങ്ഡു പൂര്‍ണമായും വെള്ളത്തില്‍ അമരും. നദിക്കരയില്‍ ഒരു കുടിലിന് മുന്നില്‍ ഞങ്ങള്‍ നിര്‍ത്തി. കുടില്‍ എന്നു പറയാന്‍ പറ്റില്ല. പൈ്ളവുഡുകൊണ്ട് മറച്ച ഒരു കൂര. അവിടെ ഒരു അമ്മയും കുട്ടിയുമുണ്ട്. രണ്ടുവയേസയുള്ളൂ. എത്രവയസായി മകന് എന്നു ചോദിച്ചപ്പേള്‍ ആ സ്ത്രീയുടെ മറുപടി ഇങ്ങനെ: "ഇവനെ എനിക്ക് കിട്ടിയതാണ്. ഇവന്‍െറ അമ്മ എഴ് ദിവസം പ്രായമുള്ളമുള്ളപ്പോള്‍ ഉപേക്ഷിച്ചുപോയി. തണുപ്പുകാലത്ത്, മഞ്ഞില്‍ നിന്നാണ് ഇവനെ കിട്ടിയത്'. ചെന്‍ ഹുയി നെയിന്‍ എന്നാണ് കുട്ടിയുടെ പേര്. ആ സ്ത്രീയുടെ ഭര്‍ത്താവ് കെട്ടിടങ്ങള്‍ പൊളിക്കുന്നവരുടെ കൂട്ടത്തില്‍ ജോലി ചെയ്യുകയാണ്. ഓരോ ദിവസവും രാത്രി അവര്‍ പുതിയ നഗരത്തിലേക്ക് പോകും. ഇതെന്‍്റെ നോവലിന്‍്റെ പ്രമേയമായി മാറുന്നു. തിരിച്ചുപോരുമ്പോള്‍ വഴിയരികില്‍ ഇഷ്ടികനിരകള്‍ക്കും പൊടിപിടിച്ച ചാടുകള്‍ക്കുമിടിയില്‍ ഒരാളെ കണ്ടു. അത് വാങ് എന്ന കര്‍ഷകനായിരുന്നു അത്. നെല്ല് വിറ്റയായിരുന്നു അദ്ദേഹത്തിന്‍െറ ജീവിതം. അയാളുടെ ബിസിനസ് പരാജയപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ആ ഭൂമി പിടിച്ചെടുത്തു. ദരിദ്രനാണ് അദ്ദേഹം ഇന്ന്. 1949 ല്‍ ഷാന്‍ഡോങ് മേഖലയില്‍ നിന്ന് അച്ഛന്‍െ വീട്ടുകാര്‍ പലായനം ചെയ്തപ്പോള്‍ പുതിയ സര്‍ക്കാര്‍ ഭൂമി പിടിച്ചെടത്തു. കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ഭൂ ഉടമ എന്ന നിലയില്‍ മുത്തശ്ശനെ പീഡിപ്പിക്കുകയും തടവിലാക്കുകയും ചെയ്തു. അമ്പതുവര്‍ഷത്തിനു ശേഷവും സ്വന്തമെന്ന് വിളിക്കാന്‍ കര്‍ഷകര്‍ക്ക് ഭൂമിയില്ല. ദശലക്ഷക്കണക്കിന് ജനങ്ങള്‍ വന്‍കട അണക്കെട്ടിനും സാമ്പത്തിക വികസനത്തിനും വേണ്ടി തങ്ങളുടെ വീടുകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് കര്‍ഷക പ്രതിഷേധങ്ങള്‍ ചൈനയിലുണ്ടാകുന്നു. അങ്ങനെ എന്‍െറ മുത്തശ്ശന്‍െറ തലമുറയുടെ ദുരിതങ്ങള്‍ അര്‍ഥരഹിതമായി എന്ന് ഞാന്‍ അറിഞ്ഞു. ഒരു നഗരം ഇത്തരത്തില്‍ മറയുന്നതിന്‍െറ പേടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ചൈനയില്‍ ഞാന്‍ കണ്ടത്. ചൈനയുടെ വലിയ നഗരങ്ങളും ചെറിയ ഗ്രാമങ്ങളും സന്ദര്‍ശിച്ച ഓര്‍മകളും മറക്കാനാവില്ല. ഇവിടെയെല്ലാം പാരമ്പര്യവും സംസ്കാരവും മറയാന്‍ മടിച്ച്, ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നത് നമുക്ക് കാണാം. ചോങ് കിങ്ങ് പോലുള്ള നഗരത്തില്‍ അംബരചുംബികള്‍ക്കിടയില്‍ തങ്ങളുടെ കല്‍ക്കരി അടുപ്പില്‍ പാകം ചെയ്ത ഭക്ഷണം ചിലര്‍ വില്‍ക്കുന്നു. ഈ മേഖലകളില്‍ "ആധുനിക ചൈന' കാണാനേയില്ല. അന്തരങ്ങള്‍ പറഞ്ഞറിയിക്കുന്നതിന് അപ്പുറമാണ്.
നിങ്ങളുടെ രചനകള്‍ ചൈനീസ് ഭരണകൂടത്തിനെതിരെയുള്ള വിമര്‍ശനമാണെന്ന് പറഞ്ഞാല്‍..?
അതെ. എന്‍െറ രചന ചൈനീസ് സര്‍ക്കാരിനെതിരാണ്. ചൈനയ്ക്ക് മാത്രമല്ല, പരിസ്ഥിതിക്ക് വിഘാതം വരുത്തുന്ന, തെറ്റായ നയം പിന്തുടരുന്ന, എല്ലാ രാജ്യങ്ങള്‍ക്കുമെതിരാണ്. നിങ്ങളുടെ സര്‍ക്കാരിനുള്‍പ്പടെ. ചൈനീസ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനമായതിനാല്‍ "ഇന്‍ ദ ലാപ് ഓഫ് ഗോഡ്സ്' ചൈനയില്‍ പ്രസിദ്ധീകരിക്കാനായിട്ടില്ല. ഇനി മറ്റൊരു രീതിയില്‍ ശ്രമിച്ചാല്‍ തന്നെ നിരോധിക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്.
എഴുത്ത്, ജീവിതം, സ്വാതന്ത്ര്യം
സ്വയമെങ്ങനെ വിശേഷിപ്പിക്കും- ചൈനീസ് എഴുത്തുകാരിയെന്നോ?
എന്‍െറ ഫിക്ഷനുകളില്‍ നല്ല പങ്കും ചൈനയെ കേന്ദ്രീകരിച്ചുള്ളതാണ്. അതിനാല്‍ സ്വയം വിളിക്കാന്‍ ഇഷ്ടപ്പെടുന്നത് ചൈനീസ് -അമേരിക്കന്‍ എഴുത്തുകാരിയെന്നാണ്. പക്ഷേ, ഞാന്‍ ഒരു പരിസ്ഥിതി എഴുത്തുകാരിയാണ്. കാരണം എന്‍െറ നല്ല പങ്ക് പത്രപ്രവര്‍ത്തന രചനകളും പ്രകൃതി വിഭവങ്ങളുടെ പ്രശ്നമാണ് പറയുന്നത്. കൃഷിഭൂമിയുടെ പ്രശ്നം മുതല്‍ കാടുകളെപ്പറി അതിലുണ്ട്. അതിനാല്‍ പരിസ്ഥിതി എഴുത്തുകാരി എന്നറിയപ്പെടാനാണ് ഇഷ്ടം.
താങ്കള്‍ക്ക് എന്താണ് എഴുത്ത്?
എഴുത്ത് എന്ന് ഒരേ സമയം സ്വയം ശുദ്ധീകരണ പ്രക്രിയയും സര്‍ഗാത്മക പ്രക്രിയയുമാണ്. ജീവിതത്തിന്‍െറ നല്ല പങ്കും ഞാന്‍ ദിനചര്യകുറിപ്പുകള്‍ എഴുതിയിരുന്നു. പ്രസിദ്ധീകരിക്കണമെന്ന് ഉദ്ദേശത്തോടെ എഴുതുമ്പോള്‍ ക്രാഫ്്റ്റിന്‍െറ പ്രാധാന്യം മനസില്‍ വരും. അദൃശ്യരായ വായനക്കാര്‍ക്ക് വേണ്ടി വാക്കുകള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. അതൊരു ബോധപൂര്‍വമായ പ്രവര്‍ത്തനമാണ്. ഭാവനാകഥകള്‍ പറയുമ്പോഴാണ് സ്വയം മറന്ന് അതില്‍ മുഴുകാനാകുന്നത്, അപ്പോഴാണ് എന്‍്റെ നല്ല രചനകള്‍ പുറത്തുവരുന്നത്. ഇതെന്ന് പറയുന്നത് കലാകാരന്‍െറ ശില്‍പസൃഷ്ടിക്ക് തുല്യമായ ഒന്നാണ്. എഴുത്ത് എന്നത് വ്യക്തിപരമായി പറഞ്ഞാല്‍ എനിക്ക് സമൂഹവുമായി ഇടപെടാനുള്ള മാധ്യമാണ്. അടിസ്ഥാന സമൂഹത്തിന്‍്റെ പ്രശ്നങ്ങളും വിഷയങ്ങളും ജനങ്ങളുമായി തന്നെ പങ്കുവയ്ക്കാനും എനിക്ക് പറയാനുള്ളത് പറയാനുമുള്ള മാധ്യമമാണ് എഴുത്ത്.
എഴുത്തിലൂടെ സ്വയമെത്രമാത്രം ആവിഷ്കരിക്കാനാകുന്നുണ്ട്? എഴുത്ത് എത്രമാത്രം ആക്ടിവിസത്തിന്‍െറ ഭാഗമാണ്?
എന്‍െറ സാഹിത്യഭാവനാരചനകള്‍ ആത്മകഥാപരമല്ല. ഞാന്‍ നിരവധി ബ്ളോഗ് കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. പുസ്തക പ്രസാധനം, ജീവിതം, സംസ്കാരം തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി എഴുതുന്നു.. ഇതെല്ളൊം എന്‍്റെ ജീവിതത്തെയും ജീവിത പച്ഛാത്തലങ്ങളെയും പറ്റി പറയുന്നുണ്ട്. നോവല്‍ എഴുതുമ്പോള്‍ മറ്റുള്ളവരുടെ ജീവിതത്തെപ്പറ്റിയാണ് ഞാന്‍ ജിജ്ഞാസു. സര്‍ക്കാരിന്‍െറ അസാധാരണ നടപടികള്‍ ബാധിക്കുന്ന സാധാരണക്കാരുടെ കഥ പറയാനാണ് എന്‍െറ ലക്ഷ്യം. അവരുടെ ത്വക്കുകളിണഞ്ഞ് അഥവാ അവരുടെ തൊലിപ്പുറത്ത് നിന്ന് വിവിധതരം കാഴ്ചപ്പാടുകളില്‍ അവരുടെ ജീവിതം പറയാനാണ് എന്‍െറ ശ്രമം. ഒരേ സമയം എഴുത്തില്‍ നിറയുന്നത് എന്‍െറ മനസുകൂടിയാണ്. സാമൂഹ്യ-പരിസ്ഥിതി വിഷയങ്ങളോടുള്ള പ്രതികരണമാണ് എഴുത്ത്. അതില്‍ എത്രമാത്രം സ്വയം ആവിഷ്കരിക്കാനാകുന്നുണ്ട് എന്ന് എനിക്ക് പറയാനാവില്ല. പൗലോ കൊയിലോ "ആല്‍ക്കമിസ്റ്റി'ല്‍ തന്‍െറ കഥാപാത്രത്തിലൂടെ നല്ലപോരാട്ടം പോരാടുന്നതിനെപ്പറ്റി പറയുന്നുണ്ട്. മനുഷ്യരും പ്രകൃതിലോകവും തമ്മില്‍ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന സംഭവങ്ങളും ശക്തികളും വ്യക്തമാക്കാന്‍ ശ്രമിക്കുന്നതിന്‍െറ ഒരു രൂപമാണ് എന്‍െറ എഴുത്തുകള്‍. വലിയ അണക്കെട്ട് ഉയരുന്നതിനെപ്പറ്റിയും അതു കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ജീവിതം തകര്‍ക്കുന്നതിനെപ്പറ്റിയുമാണ് എന്‍െറ നോവല്‍. അതേ സമയം നോവല്‍ ചൈനീസ് സമൂഹത്തിലെ അഴിമതിയെപ്പറ്റി പറയുന്നു. വായനക്കാര്‍ ഇതിലൂടെ ചൈനയുടെ "വളര്‍ച്ച'യുടെ പ്രത്യാഘാതങ്ങര്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷ. ഇത്തരത്തിലാണ് ആക്റ്റിവിസം രചനകളില്‍ പ്രതിഫലിക്കുന്നത്.
നേരത്തെ പരിസ്ഥിതി എഴുത്തുകാരി എന്ന് സ്വയം വിളിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞു. അപ്പോള്‍ സ്ത്രീയെഴുത്ത്, കറുത്ത രചനകള്‍ എന്നിങ്ങനെ സാഹിത്യത്തെ പലതട്ടുകളിലായി വേര്‍തിരിക്കുന്നത് താങ്കള്‍ അംഗീകരിക്കുന്നുണ്ടോ?
വായനക്കാരനെ നിശ്ചിതമായ എഴുത്തുരീതികളിലേക്ക് ആകര്‍ഷിക്കാനാണെങ്കില്‍ വേര്‍തിരിവുകള്‍ നല്ലതാണ്. അതിനപ്പുറം വേര്‍തിരിവുകള്‍ നല്ലതല്ല. ഈ വേര്‍തിരിവുകള്‍ വ്യക്തിയെന്ന നിലയില്‍ എഴുത്തുകാരന്‍/എഴുത്തുകാരി വ്യത്യസ്തങ്ങളായ നിരവധി സ്രോതസുകളില്‍ നിന്ന് പ്രചോദനം നേടുമ്പോള്‍ അവസാനിക്കും. എന്നാല്‍, ഏകമാനകമായ ശബ്ദം ചിലപ്പോള്‍ പുസ്തകം വില്‍ക്കാന്‍ സഹായിക്കാം. മറ്റുള്ളവരെയെല്ലാം പോലെ എഴുത്തുകാരനും തങ്ങളുടെ ജീവിതത്തിലെമ്പാടും പലതരം സ്വാധീനങ്ങളിലാണ് രൂപപ്പെടുകയും മാറുകയുമൊക്കെ ചെയ്യുന്നത്. അതിനാല്‍ ചില അറകളില്‍ അവരെ ഒതുക്കുന്നത് ശരിയാവില്ല.
പ്രകൃതിയുടെ മടിത്തട്ടില്‍
നമുക്ക് നോവലിലേക്ക് വരാം. ചൈനയില്‍ നിരവധി വന്‍ അണക്കെട്ടുകള്‍ നിര്‍മിക്കപ്പെടുന്നുണ്ട്. ചൈന പരിസ്ഥിതി സംരക്ഷണ/താല്‍പര്യ നിലപാടുകളില്ലാത്ത രാജ്യമാണ് എന്ന തോന്നല്‍ നോവല്‍ ഉണ്ടാക്കുന്നു. താങ്കള്‍ ചൈനയെ അങ്ങനെയാണോ വിലയിരുത്തുന്നത്?
നോവലില്‍ വിവരിക്കുന്ന പ്രധാന കാര്യങ്ങളെല്ലാം യഥാര്‍ഥ സംഭവങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. മുഖ്യ വിഷയമെന്നത് കുടിയൊഴിപ്പിക്കലാണ്. ത്രീ ഗോര്‍ജ് അണക്കെട്ട് മൂലം 15 ലക്ഷം ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്നു. നോവലിന്‍െറ രണ്ടാം പകുതിയില്‍ ചെറിയ അണക്കെട്ട് പദ്ധതികളുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് പറയുന്നത്. ഇവിടെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയിട്ടുണ്ട് എന്നുമാത്രം. ചൈനീസ് കേന്ദ്ര സര്‍ക്കാറിലെ തലത്തില്‍ പരിസ്ഥിതി സംരക്ഷ്ണത്തിന്‍െറ പ്രാധാന്യത്തെപ്പറ്റി പറയുന്നുണ്ട്. കുറച്ചൊക്കെ അവര്‍ ബോധവാന്‍മാരുമാണ്. അതിനര്‍ഥം വലിയ അളവിലെന്നല്ല. എന്നാല്‍, പ്രവശ്യകളിലും പ്രാദേശിക തലങ്ങളിലും ഉള്ളവര്‍ പരസ്ഥിതി സംരക്ഷണമെന്നതിനേക്കാള്‍ സാമ്പത്തിക വികസനത്തിലാണ് ഊന്നുന്നത്. സാമ്പത്തിക വികസനത്തില്‍ ഊന്നല്‍ നല്‍കുന്നത് പരിസ്ഥിതിയെ വലിയ രീതിയില്‍ തകര്‍ത്തിട്ടുണ്ട്.
നിങ്ങള്‍ ചെറുപ്പം മുതല്‍ വളര്‍ന്നത് അമേരിക്കയിലാണ്. പക്ഷേ, നോവല്‍ വായിക്കുമ്പോള്‍ അത്തരം ഒരു പ്രതീതി അല്ല അനുഭവപ്പെടുന്നത്. ചൈനയെ എങ്ങനെയാണ് ഇത്രമാത്രം അടുത്ത് അറിയുന്നത്?
ഞാന്‍ ചൈനയിലെ രാഷ്ട്രീയ-സാമൂഹ്യ ചലനങ്ങള്‍ നിരീക്ഷിക്കാറുണ്ട്. അതെപറ്റി പഠിക്കാറുണ്ട്. മൂന്ന് മലയിടുക്ക് അണക്കെട്ടിനെപ്പറ്റി വളരെയേറെ ഗവേഷണം നടത്തുകയും വാര്‍ത്തകള്‍ ശ്രദ്ധിക്കുകയും ഒക്കെ ചെയ്തിരുന്നു. നേരത്തെ പറഞ്ഞതുപോലെ നേരിട്ട് ചൈനയില്‍ പോയി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. വായിച്ചറിഞ്ഞ കാര്യങ്ങള്‍ നേരിട്ടു കണ്ട് ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. അത് ചെയ്തു. മാത്രമല്ല അവിടുത്തെ സാഹ്യമാറ്റങ്ങളെപ്പറ്റി പരിസ്ഥിതിസംഘടനകളായ ഇന്‍റര്‍നാഷണല്‍ റിവേഴ്സ്, മൂവിങ് മൗണ്ടെയനിന്‍സില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നു. ചൈനീസ് നോവല്‍ വായിക്കുന്ന പ്രതീതിയോടെ എന്‍െറ നോവല്‍ വായിച്ചുവെന്ന പല വായനക്കാരും പറഞ്ഞിട്ടുണ്ട്. അത്തരം അഭിപ്രായ പ്രകടനം വല്ലാതെ പ്രചോദിപ്പിക്കുന്നുണ്ട്. അത് എഴുത്തുകാരിയെന്ന മി ലിയാവോ ലോവറ്റിന് കിട്ടുന്ന അംഗീകാരമാണ്.
പ്രകൃതി/മനുഷ്യന്‍ എന്ന ദ്വന്ദമാണ് പലപ്പോഴൂം ആവര്‍ത്തിച്ചുവരുന്ന പ്രമേയം. പക്ഷേ, ആധുനിക കാലത്ത് എത്രമാത്രം പരിസ്ഥിതിക്കിണങ്ങിയ ജീവിതം സാധ്യമാകും? ഈ സന്ദേഹം നോവല്‍ ഉയര്‍ത്തുന്നതായി തോന്നുന്നു...
കോളജില്‍ ഞാന്‍ വനനായാട്ടുജീവിതം നയിക്കുന്നവരെക്കുറിച്ച് പഠിച്ചിട്ടുണ്ട്. ആധുനിക നഗരത്തിലെ മത്സരയോട്ടങ്ങളേക്കാള്‍ സുന്ദരമാണ് ഈ ജീവതമെന്ന് കരുതിയിട്ടുമുണ്ട്. അത് അന്നത്തെ ധാരണയാണ്. ഇന്ന് കലാഹരി മരുഭുമിയില്‍ ജീവിക്കാനായി ഞാന്‍ പോകുമോ? ഇല്ല. വീട്ടില്‍ നിന്ന് അകന്ന് പലയിടത്തും വളരെയധികം തവണ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ പലതരം ജീവിതമെന്തെന്ന് എനിക്കറിയാം. പരിസ്ഥിതി താല്‍പര്യത്തിനായി ഞാന്‍ പ്രചാരണം നടത്തുന്നു. എന്നാല്‍ ഞാന്‍ വാഹനം ഓടിക്കുകയും ഊര്‍ജ ഉപഭോഗം നടത്തുകയും ഒക്കെ ചെയ്യുന്നുണ്ട്. അതായത് പ്രകൃതിക്ക് പുറത്തുള്ള ജീവിതമാണ് അത്. യാഥാര്‍ഥ്യബോധത്തോടെ പറഞ്ഞാല്‍ ഭൂമിയിലെ 700 കോടി ജനങ്ങള്‍ക്കും "പ്രകൃതി' ജീവിത രീതി സാധ്യമാകില്ല. എന്നാലും നമ്മുടെ നഗരങ്ങളില്‍, കൃഷിഭൂമിയില്‍, ഗതാഗത സംവിധാനങ്ങളില്‍, ഉപഭോഗ തെരഞ്ഞെടുപ്പുകളില്‍ അതിജീവതത്തിന്‍േറതായ വ്യവസ്ഥ നിലനിര്‍ത്തുന്നതിന് പ്രകൃതിയില്‍ നിന്നുള്ള തത്വങ്ങള്‍ പഠിക്കണം. എത്രമാത്രം നമുക്ക് പ്രകൃതിയെ ദ്രോഹിക്കാതെ ജീവിക്കാം എന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത്. അത്തരം ചിന്തയും നോവലില്‍ വ്യംഗ്യമല്ലാത്ത രീതിയില്‍ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്.
എന്താണാണ് നിങ്ങളുടെ രാഷ്ട്രീയ-മത-സാമൂഹ്യ നിലപാടുകള്‍?
ജനാധിപത്യവാദിയാണ്. സമൂഹത്തില്‍ എല്ലാ തലങ്ങളിലും ജനാധിപത്യം നിലവില്‍ വരേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നു. മനുഷ്യാവകാശങ്ങളെ വിലമതിക്കുന്നു. ചൈനയിലെ മൂന്ന് മലയിടുക്ക് അണക്കെട്ട് നിലകൊള്ളുന്ന സ്ഥലമായ വുഷാനില്‍ കാത്തോലിക വിശ്വാസമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ അത് ഞാന്‍ നോവലിലും വരച്ചിട്ടുണ്ട്. ഈ വരച്ചിടലിന് കാരണം ഞാന്‍ വളര്‍ന്ന സാഹചര്യവുമായിരിക്കാം. എന്നാല്‍, ബുദ്ധിസത്തിന്‍െറ ധാരണകളെ കൂടുതല്‍ കൂടുതല്‍ മനസിലാക്കി വരുന്നു. അനന്തമായപ്രകൃതി ദൈവികമാണെന്ന് കരുന്നു.
ചൈനീസ് രാഷ്ട്രീയ വ്യവസ്ഥിതിയെപ്പറ്റി എന്തുപറയും? അവിടുത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി?
മധ്യപൂര്‍വ ദേശത്തെ/അറബ് രാജ്യങ്ങളിലെ പ്രതിഷേധങ്ങള്‍ ചൈനയെ ബാധിക്കുമോയെന്ന് കമ്യൂണിസ്റ്റ് പാര്‍ടി ആകുലപ്പെടുന്നു. സമൂഹത്തിന്‍െറ അടിത്തട്ടില്‍ പ്രതിഷേധമുയരുന്നത് അവര്‍ക്കറിയാം. അത് ഇല്ലാതാക്കാന്‍ കലാകാരന്‍മാര്‍, എഴുത്തുകാര്‍, മനുഷ്യാവകാശപ്രവര്‍ത്തര്‍ തുടങ്ങിയ "അനാവശ്യ ഘടക'ങ്ങളെ അവര്‍ ഇല്ലാതാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നു. പക്ഷേ, ചൈനയില്‍ ആയിരക്കണക്കിന് പ്രതിഷേധങ്ങള്‍ ദിവസവും ഉയരുന്നുണ്ട്. വികസനത്തിന്‍്റെ പേരില്‍, വന്‍അണക്കെട്ടുകളുടെ പേരില്‍ കുടിയൊഴിപ്പിക്കുന്നവരുടെ പ്രതിഷേധമാണ്. കമ്യൂണിസ്റ്റ് വിപ്ളവ ഘട്ടത്തില്‍ എന്‍്റെ മുത്തശ്ശനെ വിപ്ളവകാരികള്‍ ലക്ഷ്യമിട്ടിരുന്നുവെന്നു പറഞ്ഞു. ഭൂഉടമയായ അദ്ദേഹത്തിന് വിപ്ളവത്തിന്‍്റെ തിളച്ചുമറിയലില്‍ ഭൂമി നഷ്ടപ്പെട്ടു. ഇന്ന് അരനൂറ്റാണ്ടിനുശേഷവും കര്‍ഷകര്‍ക്ക് ഭൂമിയില്ല. കര്‍ഷകര്‍ സാമ്പത്തിക പുരോഗതിയുടെ പേരില്‍ ചവിട്ടിയരക്കപ്പെടുന്നു ഇന്നത്തെ ചൈനയില്‍ നിങ്ങള്‍ക്ക് പണമുണ്ടാക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഭരണകൂടത്തിന് ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍/തുറന്നുപറയാന്‍ സ്വാതന്ത്ര്യമില്ല. അതിനാലാണ് പ്രശസ്ത കലാകാരനായ അയി വെയി വെയി രണ്ട് മാസം തടവിലാക്കപ്പെട്ടതും, അപ്രത്യക്ഷനായതും. സിചുവാന്‍ ഭൂകമ്പത്തില്‍ മോശം കെട്ടിടനിര്‍മാണം മൂലം സ്കൂള്‍ കുട്ടികള്‍ മരിച്ചതിനെപ്പറ്റി തുറന്നുപറഞ്ഞുവെന്നതാണ് കാരണം. തിബത്തിലെ അവസ്ഥ വളരെ കുഴപ്പം നിറഞ്ഞതാണ്. തിബത്തന്‍ സംസ്കാരത്തെയും വിഭവങ്ങളെയും നശിപ്പിക്കുന്ന രീതിയില്‍ അവിടെ റെയില്‍പാത പണിയുന്നതൊക്കെ അതിനു തെളിവാണ്.
ചൈനയിലെയും അമേരിക്കയിലെയും സര്‍ക്കാരുകളെ നിങ്ങളെങ്ങനെ വിലയിരുത്തും?
രാഷ്ട്രീയ മേലാളരെ തിരഞ്ഞെടുക്കതിന് വന്‍ ഡോളറുകള്‍ ചെലവഴിക്കപ്പെടുന്നതാണ് യു.എസ്. വ്യവസ്ഥതി. പ്രസിഡന്‍്റ് തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചത് നമ്മള്‍ എല്ലാം കണ്ടതാണ്. അതാണ് അവിടുത്തെ രീതി. കൂടുതല്‍ കൂടുതല്‍ ഡോളറുകളാല്‍ ഭരണവ്യവസ്ഥിതി ചലിപ്പിക്കപ്പെടുന്നു. അത്് അത്യാഗ്രഹികള്‍ക്കും ധനികര്‍ക്കും കൂടുതല്‍ കൂടുതല്‍ അധികാരം നല്‍കുന്നു. ചൈനീസ് സര്‍ക്കാര്‍ രാഷ്ട്രീയ ഘടനാപരമായി കമ്യൂണിസ്റ്റായിരിക്കാം. പക്ഷേ, വളരെയധികം അധികാരം മുതലാളിത്ത ശക്തികളിലാണ് കുടികൊള്ളുന്നത്. അതിന്‍െറ ഫലമായി അക്രമോത്സുക വികസനം നടക്കുന്നു. ജനങ്ങളുടെ ക്ഷേമം ബലികഴിക്കപ്പെടുന്നു. അതും അത്യഗ്രഹികള്‍ക്കും ധനികര്‍ക്കും കുടുതല്‍ അധികാരം നല്‍കുന്നു.
ചൈനീസ്, അരേിക്കന്‍ സാഹിത്യത്തെപ്പറ്റി? എഴുത്തില്‍ സ്വാധീനം?
ചൈനയിലെ സമകാലിക സാഹിത്യത്തെ സെന്‍സര്‍ഷിപ്പ് വളരെയധികം ബാധിക്കുന്നുണ്ട്, അതേസമയം ബദല്‍ മാര്‍ഗങ്ങളുടെ സ്വാതന്ത്ര്യവും ചൈനയുടെ പുതിയ സാഹിത്യം തേടുന്നു. വോള്‍ഫ് ടോറം എന്ന പുസ്തകം നോക്കാം. ഒരു പ്രൊഫസര്‍ ജിയാങ് റോങ് എന്ന കള്ളപ്പേരില്‍ എഴുതിയ പുസ്തകമാണ്. താന്‍ മംഗോളിയില്‍ കളിഞ്ഞ കാലമാണ് പുസ്തകത്തിന് ഗ്രനഥകര്‍ത്താവ് പശ്ചാത്തലമാക്കുന്നത്. വോള്‍ഫ് ടോറം വിജയത്തിന്‍െറ സൂചകമായി. ചൈനയുടെ സി.ഇ.ഒമാരുടെ ഇഷ്ടപാത്രവുമായി. ആ പുസ്തകത്തില്‍ ചൈനയുടെ വടക്കന്‍ പ്രവശ്യയിലെ വിദൂര സഥലങ്ങളിലെ പരിസ്ഥിതിനാശത്തെപ്പറ്റി ഉജ്വലമായി എഴുതിയിട്ടുണ്ട്. പുസ്തകത്തിനൊപ്പം പരിസ്ഥിതിയുടെ രാഷ്ട്രീയവും ജനങ്ങളില്‍ എത്തി. മോ യാന്‍ വരുന്നത് അച്ഛറെ കുടുംബത്തിന് വേരുകളുള്ള ഷാന്‍ഡോങ് മേഖലയില്‍ നിന്നാണ്. "ബിഗ് ബ്രെസ്റ്റ്സ് വൈഡ് ഹിപ്സ്' എന്ന പുസ്തകത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ ചൈനയുടെ ചരിത്രം ഫിക്ഷനിലൂടെ അദ്ദേഹത്തിന് പറയാനാവുന്നു. ആ പുസ്തകത്തില്‍ പറയുന്ന, മാറ്റത്തിന്‍െറ ചക്രത്തിലെ യുവാക്കക്കളുടെ അവസ്ഥകള്‍ കരച്ചിലും ചിരിയുമുയര്‍ത്തുന്നു. അമേരിക്കന്‍ സാഹിത്യത്തില്‍ എനിക്കിഷ്ടം വാലസ് സ്റ്റെഗ്നറിനെപോലുള്ളവരാണ്. സാമൂഹ്യവും പരിസ്ഥിതി പരവുമയ നിലപാടുകളാണ് അവരുടെ എഴുത്തു ഇഷ്ടമാക്കിയത്. സ്റ്റെഗ്നററുടെ എഴുത്ത് എന്നില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. കാനഡയിലെ സകാച്ചീവാനില്‍ നിന്ന് അമേരിക്കയിലേക്കോ മെക്സിക്കയിലേക്കോ ഒക്കെ നീളുന്ന ആ രചനകള്‍ വൈകാരികമായി നമ്മളില്‍ ഇടപെടുന്നു. ഇത് കൃഷിയിടത്തിലെ കുട്ടിയെപ്പറ്റിയോ യുദ്ധകാലത്തെ യുവാവിനെപ്പറ്റിയോ ആകട്ടെ. സ്റ്റെഗ്നര്‍ക്ക് മനുഷ്യാവസ്ഥകളുമായി ഉയര്‍ന്ന രീതിയിലുള്ള സംവേദാത്മകയുണ്ട്. ജോണ്‍ സ്റ്റെന്‍ബക്ക് തന്‍െറ കാലത്തെ കൃഷിതൊഴിലാളികളെയും മറ്റും നേരിട്ട അനീതികളെപ്പറ്റി പഞ്ഞിട്ടുണ്ട്. "ഗ്രേപ്സ് ഓഫ് റാത്ത്' പോലുള്ള കൃതികളില്‍ അദ്ദേഹത്തിന്‍െറ ശബ്ദം പ്രതിധ്വനിക്കുന്നു. ഇവരുടെ കൃതികള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്.
ചൈനയിലെ സെന്‍സര്‍ഷിപ്പുകളെപ്പറ്റി പറഞ്ഞു. എന്നാല്‍, ലോകമെമ്പാടും എഴുത്തിന്‍െറ സ്വാതന്ത്ര്യം മുഖ്യ വിഷയം തന്നെയല്ളേ?
എഴുത്തിന്‍െറ സ്വാതന്ത്ര്യം വലിയ വിഷയമാണ്. അടുത്തിടെ വെസ്റ്റ് കോസ്റ്റില്‍ കുറച്ച് ആള്‍ക്കാരെ അഭിസംബോധന ചെയ്യുമ്പോള്‍ ഞാന്‍ വ്യക്തമാക്കി, ചൈന എന്‍െറ പുസ്തകം നിരോധിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന്. കര്‍ഷകരുടെ പ്രതിഷേധം വിഷയമാകുന്നതുകൊണ്ട്. ഞാന്‍ ചോദിച്ചു "അണ്ടര്‍ ഗ്രൗണ്ട് പ്രസിദ്ധീകരണത്തിന് ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തില്‍ ബന്ധമുണ്ടോ?. ആരും കൈയുയര്‍ത്തിയില്ല. ചിലര്‍ പുഞ്ചിരിച്ചു. അതേ ഞായറാഴ്ച ഐ വെയ്വയ് എന്ന കലാകാരനെ ചൈനീസ് അധികാരികള്‍ അറസ്റ്റ് ചെയ്തു. അയാളുടെ ശരീരം പിന്നെയാരും കണ്ടില്ല, ആരും അയാളെപ്പറ്റി കേട്ടില്ല. അയാള്‍ അപ്രത്യക്ഷനായിരിക്കുന്നു. മുമ്പും തുറന്ന് പറയാന്‍ ധൈര്യം കാട്ടിയ വ്യക്തിയാണ് അയി വെയ് വെയി. മുമ്പ്, പൊലീസ് മാരകമായി മര്‍ദിച്ചതിനാല്‍ തലച്ചോറില്‍ ശസ്ത്രക്രിയ വേണ്ടിവന്നയാളാണ്. എന്നിട്ടും ധീരമായി കാര്യങ്ങള്‍ തുറന്നു പറഞ്ഞു. അതെന്നെയും ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. അമേരിക്കയിലുള്ളത് സവിഷേശ സ്വാതന്ത്ര്യമായി കണക്കാന്‍ പാടില്ല. ഞാനിപ്പോള്‍ ചൈനീസ് ഭാഷയില്‍ ബ്ളോഗ് എഴുതിയാല്‍, അത് എന്‍്റെ സ്വന്തം നാടെന്ന് പറയുവുന്ന ചൈനയില്‍ പ്രസിദ്ധീകരിച്ചാല്‍ ഇതുതന്നെയാകും അവസ്ഥ. ഇന്‍റര്‍നെറ്റ് ചില സാധ്യതകള്‍ തരുന്നുണ്ട്. അത് ഉചിതമായി ഉപയോഗിക്കുകയാണ് എഴുത്തിന്‍െറ സ്വാതന്ത്ര്യത്തെ മറികടക്കാനുള്ള ഒരു മാര്‍ഗം. പലതരത്തില്‍ പ്രതിഷേധ ശബ്ദങ്ങള്‍ കൂട്ടായി ഉയരുമ്പോള്‍, ഭയത്തെ മറികടക്കുമ്പോള്‍ മാത്രമേ മാറ്റം സാധ്യമാകൂ.
ഇന്ത്യന്‍ സാഹിത്യത്തെയും സംസ്കാരത്തെപ്പറ്റിയും എത്രമാത്രം പരിചിതയാണ്? മലയാളത്തെപ്പറ്റി എന്തെങ്കിലും ധാരണയുാേ?
പത്ത് വര്‍ഷം മുമ്പ് എഴുതാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കേന്ദ്രീകരിച്ചിരുന്നത് കാല്‍പനികമല്ലാത്ത നോണ്‍ ഫിക്ഷനുകളായിരുന്നു. വായനയും അത്തരം രചനകളായിരുന്നു. ഇന്ത്യന്‍ എഴുത്തുകാരി ചിത്ര ബാനര്‍ജി ദിവകറൂനിയുടെ "സിസ്റ്റര്‍ ഓഫ് മൈ ഹേര്‍ട്ട് എന്ന നോവലാണ് എന്നെ കാല്‍പനികകഥകളിലേക്ക് നയിക്കുന്നത്. ചിത്രയുടെ പുസ്തകങ്ങളില്‍ വരച്ചിട്ട പുരാവൃത്തവും കുടുംബബന്ധത്തിന്‍െറ ചലനരീതികളു േഇഷ്ടമായി. ഇന്ത്യയെപ്പറ്റി അറിയാവുന്നത് റോഹിന്‍സ്റ്റണ്‍ മിസ്ട്രി, അരുന്ധതി റോയി, അരവിന്ദ് അഡിഗ, ജുംപാലാഹ്രി, ദിവാകരുനി എന്നിവരുടെ നോവലുകളില്‍ നിന്നാണ്. ഇന്ത്യ സന്ദര്‍ശിക്കുക എന്നത് ഇപ്പോള്‍ പദ്ധതിയില്ളെങ്കലും നിങ്ങളുടെ രാജ്യം അഭിമുഖീകരിക്കുന്ന സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങളെപ്പറ്റി കൂടുതലറിയാന്‍ താല്‍പര്യമുണ്ട്. മലയാളം ഭാഷയെപ്പറ്റിയോ ജനങ്ങളെപ്പറ്റിയോ ഒന്നും അറിയില്ല. എന്തെങ്കിലുമറിയാമെങ്കില്‍ അത് "കൊച്ചുകാര്യങ്ങളുടെ തമ്പുരാന്‍' എന്ന നോവലിലൂടെ ലഭിച്ച ചിതറിയ ചില ചിത്രങ്ങള്‍ മാത്രമാണ്.
കുടുംബം? ജീവിത സാഹചര്യം?
സാന്‍ഫ്രാന്‍സിസ്കോയില്‍ ഒരു കമ്യൂണിറ്റി കോളില്‍ അധ്യാപികയാണ് ഞാന്‍. ജീവിതത്തിന്‍െറ എല്ലാ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികളും പഠിക്കുന്ന കോളജാണിത്. നാല് വയസുള്ള മകനുണ്ട്. അവനെ നോക്കി വളര്‍ത്തലാണ് അക്കാദമിക ജീവിതത്തിന് പുറത്ത് എനിക്കുള്ള മുഖ്യ പ്രവര്‍ത്തനം. അതിനാല്‍ എഴുതാന്‍ അധികം സമയമില്ല. അക്കാദമിക് ജോലിയില്‍ നിന്ന് വിടുതല്‍ ലഭിക്കുന്ന നിന്ന് വേനല്‍ അവധിക്കാലത്താണ് എഴുത്ത്.
പുതിയ പുസ്തകങ്ങള്‍, രചനകള്‍?
ഒരു ചരിത്ര നോവല്‍ മനസിലുണ്ട്. അതിന്‍െറ രചന തുടങ്ങാത്തതിനാല്‍ കൂടുതല്‍ പറയാന്‍ ഇഷ്ടപ്പെടുന്നില്ല. ഈ പുസ്തകം രചിക്കാന്‍ ചൈന വീണ്ടും സന്ദര്‍ശിക്കണം. വളരെയധികം ഗവേഷണം നടത്തേണ്ടതും ആവശ്യമാണ്. എഴുത്തിനു മുമ്പുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എത്രയും വേഗം പുര്‍ത്തിയാക്കണം.
മാധ്യമം വാരിക
2012 July 2
No comments:
Post a Comment