Wednesday, August 8, 2012

കറുത്തകവി(ത)യും കറുത്ത മനുഷ്യരും


അഭിമുഖം
ഇ. എഥല്‍ബെര്‍ട്ട് മില്ലര്‍/ആര്‍.കെ.ബിജുരാജ്




















അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ (ആഫ്രിക്കന്‍-അമേരിക്കന്‍ ജനവിഭാഗത്തിന്റെ) വിമോചന സ്വപ്നങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കുമൊപ്പം ചലിച്ച കവി ഇ. എഥല്‍ബെര്‍ട്ട് മില്ലര്‍ സംസാരിക്കുന്നു.  കല/കവിത കലാപമായ നാളുകളെപ്പറ്റി,  അമേരിക്കന്‍ യാഥാര്‍ഥ്യങ്ങളെയും അവിടുത്തെ കറുത്ത അവസ്ഥകളെയുംപ്പറ്റി.


 കറുത്തകവി(ത)യും കറുത്ത മനുഷ്യരും


ഒരാളുടെ തൊലിനിറം അവന്റെ/അവളുടെ സാമൂഹ്യാസ്ഥിത്വം നിശ്ചയിക്കുന്നിടത്ത് ചെറുത്ത്‌നില്‍പ്പ് ഉണ്ടാകുക സ്വാഭാവികം. അവിടെ, ആ വിമോചനമോഹങ്ങള്‍ക്കൊപ്പമാണ് കറുത്ത കവി(ത)യും കലയും നിലകൊള്ളുക. അത്തരത്തില്‍ അമേരിക്കയിലെ കറുത്ത വര്‍ഗത്തിന്റെ ആത്മബോധം നിറഞ്ഞ വരികള്‍ ഒച്ചത്തില്‍ മുഴക്കിയവരില്‍ പ്രമുഖനാണ് ഇ. എഥല്‍ബെര്‍ട്ട് മില്ലര്‍.
സമകാലിക ആഫ്രോ-അമേരിക്കന്‍ എഴുത്തുകാരുടെ മുന്‍നിരയിലാണ് എഥല്‍ബെര്‍ട്ടിന്റെ സ്ഥാനം. കവി, ലിറ്റററി ആക്റ്റിവിസ്റ്റ്, അധ്യാപകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ സജീവം.
എഥല്‍ബെര്‍ട്ട് മില്ലര്‍ 1950 നവംബര്‍ 20 ന് ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സില്‍ ജനിച്ചു. ഹൗവേര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം. 1974 മുതല്‍ ഹൗവേര്‍ഡ് സര്‍വകലാശാലയുടെ ആഫ്രിക്കന്‍-അമേരിക്കന്‍ റിസോഴ്‌സ് സെന്ററിന്റെ  ഡയറക്ടറാണ്. വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസര്‍.  'പോയറ്റ് ലോര്‍' മാഗസിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോളിസി സ്റ്റഡീസിന്റെ ബോര്‍ഡ് ചെയര്‍പേഴ്‌സണും റൈറ്റേഴ്‌സ് സെന്ററിന്റെ ബോര്‍ഡ് അംഗവുമാണ്.
ഫുള്‍ബൈട്രറ്റ് (2004), സ്റ്റീഫന്‍ ഹെന്‍ഡേഴ്‌സ്ന്‍ പോയട്രി അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആന്‍ഡ്രോമെഡ, ദ ലാന്‍ഡ് ഓഫ് സ്‌മൈല്‍സ് ആന്‍ഡ് ലാന്‍ഡ് ഓഫ് നോ സ്‌മൈല്‍സ്, മൈഗരന്റ് വര്‍ക്കര്‍, സീസണ്‍ ഓഫ് ഹങ്കര്‍/ക്രൈ ഓഫ് റെയിന്‍,  വേര്‍ ആര്‍ ദ ലവ് പോയംസ് ഫോര്‍ ഡിക്‌റ്റേറ്റേഴ്‌സ്, ഫസ്്റ്റ് ലൈറ്റ്, ബുദ്ധ വീപിംഗ് ഇന്‍ വിന്റര്‍, ഹൗ വി സ്‌ളീപ് ഓണ്‍ ദ നൈറ്റ്‌സ് വി ഡോന്‍ഡട് മേക് ലവ് തുടങ്ങിയവയാണ് കൃതികള്‍.
അമേരിക്കയിലെ കറുത്തവര്‍ഗങ്ങളെക്കുറിച്ചും കവിതയെക്കുറിച്ചും ആഫ്രോ-അമേരിക്കന്‍ സാഹിത്യത്തെക്കുറിച്ചും ഓണ്‍ലൈനിലൂടെ സംസാരിക്കുകയാണ് വാഷിംഗ്ടന്‍ ഡിസിയില്‍ താമസിക്കുന്ന എഥല്‍ബെര്‍ട്ട് മില്ലര്‍. സംഭാഷണത്തിലേക്ക്:


താങ്കള്‍ എങ്ങനെയാണ് കറുത്തവര്‍ഗ അവബോധത്തിലേക്കും ധാരണകളിലേക്കും എത്തിച്ചേരുന്നത്?

എന്റെ മാതാപിതാക്കള്‍ തൊഴിലാളികളായിരുന്നു. അവര്‍ ശ്രമിച്ചത് എങ്ങനെയെങ്കിലും ഭക്ഷണം കുട്ടികളുടെ മേശപ്പുറത്ത് എത്തിക്കാനായിരുന്നു. രാഷ്ട്രീയവും സാമൂഹ്യ വിഷയങ്ങളും വീട്ടില്‍ വിരളമായേ ചര്‍ച്ച ചെയ്തിരുന്നുള്ളു. പൗരാവകാശ മുന്നേറ്റത്തെപ്പറ്റിയോ വിയറ്റ്‌നാം യുദ്ധത്തെപ്പറ്റിയോ ഒന്നും വീട്ടില്‍ ചര്‍ച്ച ചെയ്തിരുന്നില്ല. എന്നാല്‍, വാഷിങ്ടണ്‍ ഡിസിയിലെ ഹൗവേര്‍ഡ് സര്‍വകലാശാലയില്‍ പഠനത്തിന് എത്തുന്നതോടെയാണ് ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നത്.അതിനു തൊട്ടുമുമ്പേ കറുത്തബോധം എന്നെ സ്വാധീനിച്ചു തുടങ്ങിയിരുന്നു. എന്നാല്‍, അത് വളരെ വ്യക്തതയോടെയുള്ളതായിരുന്നില്ല. 1968 സെപ്റ്റംബര്‍ ആദ്യമാണ് ഞാന്‍ ഹൗവേര്‍ഡില്‍ എത്തുന്നത്.  സൗത്ത് ബ്രോന്‍ക്‌സും ന്യൂയോര്‍ക്കും വിട്ടു പോകുന്ന ഒരു അനുഭവം മാത്രമായിരുന്നില്ല അത്.  അഭിഭാഷകനാകണം, അതിലൂടെ രാഷ്ട്രീയ പ്രവര്‍ത്തകനാകണം എന്നായിരുന്നു ചിന്ത. ഞാന്‍ ആ ശ്രമത്തില്‍ വിജയിക്കുമെന്ന ധാരണ മാതാപിതാക്കള്‍ രഹസ്യമായി പുലര്‍ത്തി. സംഭവിക്കാന്‍ പോകുന്ന മാറ്റത്തെപ്പറ്റി എനിക്ക് ധാരണയുണ്ടായിരുന്നില്ല. അക്കാലത്ത് ലെ റോജി ജോണ്‍സ് (അമിരി ബാരാക) എന്ന കവിയുടെ രചനകളെപ്പറ്റി എനിക്ക് അറിയില്ല. ഗ്രീന്‍വിച്ച് വില്ലേജില്‍ നിന്ന് കറുത്തവര്‍ഗക്കാര്‍ക്കായി ഹേര്‍ലത്തിലേക്ക് താമസം മാറിയാളായിരുന്നു അദ്ദേഹം. ആ വര്‍ഷം നടന്ന, മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങിന്റെ കൊലപാതകം എന്നെ ഞെട്ടിച്ചു. വീട്ടിലെ ഒരംഗം മരിച്ചതുപോലെ ദു:ഖമാചരിച്ചു.
1968 ല്‍ വാഷിങ്ടണിലേക്ക്  ട്രെയിനില്‍ പോകുമ്പോള്‍, സ്‌റ്റോക് ലി കാര്‍മിഹേലും ചാള്‍സ് ഹാമില്‍ട്ടണും ചേര്‍ന്ന് എഴുതിയ 'ബ്ലാക് പവര്‍' എന്ന പുസ്തം കൈയിലുണ്ടായിരുന്നു. കറുത്തവര്‍ഗക്കാര്‍ക്ക് ചരിത്രപരമായി  പ്രധാന്യമുള്ള സര്‍വകലാശാലയിലായിരുന്നു  ഞാന്‍ ചേര്‍ന്നത്. കറുത്തവര്‍ഗ അവബോധങ്ങളുടെ തുടക്കം ആ സര്‍വകലാശാലയിലായിരുന്നു. പിന്നീട് മിലിട്ടന്റ് രൂപത്തിലേക്ക് മാറിയ പൗരാവകാശ പ്രസ്ഥാനം കറുത്ത അധികാരത്തെപ്പറ്റി പുതിയ ധാരണകള്‍ നല്‍കി. ക്യാമ്പസില്‍ നടന്ന ചര്‍ച്ചകളും അവിടുത്തെ പ്രക്ഷോഭങ്ങളും എല്ലാം ചേര്‍ന്ന അവസ്ഥയിലാണ് എന്നില്‍ കറുത്ത ചിന്തകള്‍ വ്യക്തതയോടെ ഉറപ്പിക്കപ്പെടുന്നത്.


അക്കാലത്ത് സജീവമായ ബ്‌ളാക്ക് പാന്തര്‍ പ്രസ്ഥാനം താങ്കളെ സ്വാധീനിച്ചിരുന്നോ?  പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നോ?

കറുത്തവര്‍ഗക്കരുടെ ഇടയിലെ എക്കാലത്തെയും ശക്തമായ മുന്നേറ്റമായിരുന്നു ബ്‌ളാക്ക് പാന്തറുകളുടേത്. അവരുടെ ഇടപെടല്‍ സാഹിത്യമുള്‍പ്പടെ എല്ലാ രംഗത്തും ചലനങ്ങള്‍ ഉണ്ടാക്കി. അതിന്റെ സ്വാധീനത്തില്‍ പെടാത്ത കറുത്തവര്‍ഗക്കാര്‍ വിരളമാണ്.ഹൗവേര്‍ഡില്‍ ബ്ലാക്ക് പാന്തറുകള്‍ ഉണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഞാനും സ്വാധിനിക്കപ്പെട്ടിരുന്നു. എന്നാല്‍, ബ്ലാക്ക് പാന്തര്‍ പ്രവര്‍ത്തകനൊന്നുമായിരുന്നില്ല. എന്നാല്‍, അവരുണര്‍ത്തിവിട്ട സാഹിത്യം, കല, കവിത എന്നിവക്കൊപ്പമായിരുന്നു ഞാന്‍. ആ കലയും സാഹിത്യവും പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നിന്നു.

എഴുത്തിലേക്ക് തിരിയുന്നതെങ്ങനെയാണ്?

കവിത എഴുതാന്‍ തുടങ്ങുന്നത് 1968 ലാണ്.  ഹൗവേര്‍ഡ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന ഘട്ടത്തില്‍ തന്നെയാണ് അത്. ആദ്യകാല രചനകള്‍ അന്നു എന്നില്‍ ഉണ്ടായിക്കൊണ്ടിരുന്ന കറുത്ത അവബോധത്തിന്റെ പ്രതിഫലനമായിരുന്നു. സര്‍വകലാശാലയില്‍ ഞാന്‍ ആഫ്രിക്കന്‍-അമേരിക്കന്‍ സാഹിത്യവുമായി പരിചയപ്പെട്ടു. ഹൗവേര്‍ഡിലെ നല്ല അധ്യാപകരാണ് അത് ചെയ്തത്. ഡബ്ല്യു.ഇ.ഇബി ഡുബോയിസ്, ലാങ്‌സ്റ്റന്‍ ഹ്യൂഗസ് , ജീന്‍ ടോമര്‍ പോലുള്ളവരുടെ രചനകളുമായി പരിചയമായി. പതിയെ ഞാന്‍ ലോകത്തെയും സ്വയവും കാണുന്ന രീതി മാറി. കറുപ്പിന്റെ വിഷയം എനിക്ക് പ്രധാനപ്പെട്ടതായി.  ന്യൂയോര്‍ക്കിലെ സുഹൃത്തുക്കള്‍ക്ക് അന്ന് ഞാന്‍ കത്തെഴുതിയത് കവിതയുള്‍പ്പെടുത്തിയായിരുന്നു. ഗായകന്‍ പോള്‍ സിമോന്‍, ബോബ് ഡിലാന്‍, ഫില്‍ ഓക്‌സ് തുടങ്ങിയവരാല്‍ അക്കാലത്ത് സ്വാധീനിക്കപ്പെട്ടു.  സ്‌റ്റെര്‍ലിങ് എ. ബ്രോണ്‍ കവിത ചൊല്ലുന്നത് കേള്‍ക്കാനും ഭാഗ്യം കിട്ടി. കവിത എഴുതുക എന്നത് അങ്ങനെ പതിയെ ഇഷ്ട്മുള്ള കാര്യമായി. കോളജ് ന്യൂസ് പേപ്പറിലാണ്  ആദ്യ കാല കവിതകള്‍ എഴുതിയത്. ഹൗവേര്‍ഡില്‍ ബിരുദ പഠനത്തിന് ചെല്ലുന്നതിനു മുമ്പേ എഴുത്തുകാരനാകണമെന്ന ആഗ്രഹം മനസില്‍ സൂക്ഷിച്ചിരുന്നു. അങ്ങനെയേ ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തിന് ഗുണകരമായി എന്തെങ്കിലും സംഭാവന ചെയ്യാനാവൂ എന്ന് തോന്നിയിരുന്നു.


എന്താണ് താങ്കളുടെ കവിതയെ വേറിട്ടതാക്കുന്നത്? വായനക്കാരുടെ പ്രതികരണങ്ങള്‍ എത്തരത്തിലുള്ളതാണ്? എന്താണ് താങ്കള്‍ക്ക് കവിത?

ആളുകള്‍ക്ക് എന്റെ കവിത എളുപ്പം മനസിലാകുന്നു. ആശയ വ്യക്തതയോടെ എഴുതാനാണ് ഞാന്‍ ശ്രമിക്കാറ്. മറ്റുള്ള വ്യക്തികളുമായി ആശയ സംവേദനത്തിനുള്ള ഒരു മാര്‍ഗമാണ് എനിക്ക് കവിത. ജനങ്ങള്‍ അംഗീകരിക്കുന്ന തലത്തില്‍ കവിത എഴുതാനായിട്ടുണ്ട് എന്നു മാത്രമാണ് പറയാനാവുക. വിവിധ പശ്ഛാത്തലങ്ങളിലുള്ളവര്‍ക്ക് എന്റെ രചനകള്‍ രസകരമായി അനുഭവപ്പെട്ടുവെന്നും ബോധവല്‍ക്കരിക്കാന്‍ ഉതകിയെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. വിവിധ തരം വിഷയങ്ങളെപ്പറ്റി ജനങ്ങളെ ചിന്തിപ്പിക്കാനുതകുന്നതാകണം കവിതകള്‍  . കവിതക്ക് ഒരു സാമൂഹ്യ പങ്കും പ്രവര്‍ത്തനവുമുണ്ടെന്ന് ഞാന്‍ കരുതുന്നു. കവിതയിലെ മാന്ത്രികത എനിക്കിഷ്ടമാണ്. കവിത മരണത്തെ മറികടക്കുകയും ജീവിതം ആഘോഷിക്കുകയും ചെയ്യുന്നു. ഈ സ്വാതന്ത്ര്യമെന്നത് ഭാവനകളില്‍ വിഹരിക്കാനുള്ളതാണ്.  


നാല് പതിറ്റാണ്ടുകളിലായി താങ്കള്‍ എഴുതുന്നു. ഇക്കാലത്തിനിടക്ക് താങ്കളുടെ കവിതക്ക് വന്ന മാറ്റങ്ങള്‍ എത്തരത്തിലുള്ളതാണ്?

എഴുതി തുടങ്ങുന്ന സമയത്ത് പല കവിതകളും വളരെ ചെറുതായിരുന്നു. 1960കളുടെ അവസാനം ഞാന്‍ വായിച്ചിരുന്നത് നോര്‍മന്‍ ജോര്‍ദാന്റെയും ലാങ്‌സ്റ്റണ്‍ ഹ്യൂഗസിന്റെയും കവിതകളായിരുന്നു. ഈ രണ്ടുപേരും ചെറിയ കവിതകളാണ് എഴുതിയിരുന്നത്. ഈ രൂപത്തില്‍ കവിതകള്‍ എഴുതാനായിരുന്നു എനിക്ക് താല്‍പര്യം. അതുപോലെ ഹൈകു കവിതകളെഴുതാനും. എന്റെ ആദ്യകാല രചനകള്‍ പ്രണയ കവിതകളും കറുത്ത അവബോധവുമായി ബന്ധപ്പെട്ടിരുന്നു. അക്കാലത്ത് കറുത്ത സ്ത്രീകളുടെ ശാരീക സൗന്ദര്യത്തെപ്പറ്റിയും, ആഫ്രിക്കയെ പരാമര്‍ശിച്ചുമാണ് പല കവിതകളും എഴുതിയത്. അതുപോലെ  കറുത്ത വര്‍ഗക്കാരിലെ മധ്യവര്‍ഗത്തിന്റെ കാപട്യത്തെ ആക്രമിച്ചു. എന്റെ പല രാഷ്ട്രീയ എഴുത്തുകളും  അടിച്ചമര്‍ത്തല്‍, പോരാട്ടം എന്നിവ മനസിലാക്കാനുള്ള ശ്രമമായിരുന്നു. ഇപ്പോഴും രാഷ്ട്രീയ പാകത (പൊളിറ്റിക്കല്‍ മെച്യൂരിറ്റി) വരേണ്ടതുണ്ട്. അതുപോലെ കവിതയിലും. അക്കാലത്തെ കവിതാ സങ്കല്‍പങ്ങളിലും ചിന്തകളിലും മാറ്റം വന്നിട്ടുണ്ട്. പക്ഷേ, അത് പഴയതിന്റെ തുടര്‍ച്ചയാണ്. തുടര്‍ച്ചയായിരിക്കുമ്പോള്‍ തന്നെ അതിന്റെ അടുത്ത ഘട്ടവുമാണ്. എന്റെ കവിതയില്‍ വന്ന മാറ്റങ്ങളെപ്പറ്റിയാണ് നിങ്ങളുടെ മുന്‍ ചോദ്യത്തിനുത്തരമായി പറഞ്ഞത്.


ബ്ലാക്ക് ആര്‍ട്ട് മൂവ്‌മെന്റിന്റെ ഭാഗമായിരുന്നു താങ്കള്‍. അക്കാലത്തെ ഇപ്പോള്‍ എങ്ങനെ കാണുന്നു?

1960 കളിലും 1970 കളുടെ ആദ്യവും നടന്ന ബ്ലാക്ക് ആര്‍ട്ട് മൂവ്‌മെന്റിനെപ്പറ്റി ഇപ്പോള്‍ പലരും ഗവേഷണത്തിലാണ്. അക്കാലം പരിശോധിക്കപ്പെടുന്നത് എനിക്ക് ഇഷ്മാണ്.  കവിയെന്ന നിലയിലുള്ള എന്റെ തുടക്കവും ഈ പ്രസ്ഥാനത്തില്‍ കാണാനാവും. ബ്ലാക്ക് ആര്‍ട്ട് എന്ന് നിര്‍വചിക്കപ്പെടുന്നതിലാണ് എന്റെ രാഷ്ട്രീയ സങ്കല്‍പങ്ങളുടെയും വേരുകള്‍.  ബ്ലാക്ക് ആര്‍ട്ട് എന്ന പദം പ്രശസ്തമാക്കിയത് അമിരി ബരാകയും ലാറി നിയലും ചേര്‍ന്ന് 1965 ലാണ്. ഇവര്‍ രണ്ടുപേരും റോണ്‍ കരേംഗയും ചേര്‍ന്നാണ് ബ്ലാക്ക് ആര്‍ട് മൂവ്‌മെന്റിന്റെ സൈദ്ധാന്തിക അടിത്തറ പാകിയത്. ചൈന, ക്യൂബ, അള്‍ജീരിയ എന്നിങ്ങനെയുള്ള മൂന്നാം ലോക രാജ്യങ്ങളിലെ വിപ്ലവങ്ങളുമായി  ബന്ധപ്പെട്ടാണ് ഇവര്‍ തങ്ങളുടെ ആശയങ്ങള്‍ രൂപീകരിച്ചത്. ഇക്കാര്യം അമിരി ബരാകയുടെ 'ക്യൂബ ലിബ്‌റ' എന്ന ലേഖനത്തില്‍ കാണാം. 'വിപ്ലവം' എന്ന ആശയം പോലും വിദേശമായിരുന്നു എന്ന അദ്ദേഹം അതില്‍ പറയുന്നുണ്ട്.  കുബ, നിക്കാരഗ്വ, ചിലി, എല്‍സാല്‍വദോര്‍ രാജ്യങ്ങളെപ്പറ്റി വായിച്ചപ്പോഴാണ് എന്റെയും രാഷ്ട്രീയ ചിന്താഗതികളില്‍ മാറ്റം സംഭവിക്കുന്നത്. 1960 കളിലെ പല ആഫ്രിക്കന്‍-അമേരിക്കന്‍ എഴുത്തുകരും ബ്ലാക്ക് ദേശീയതയില്‍ സ്വാധീനിക്കപ്പെട്ടിരുന്നു.
ലാറി നിയല്‍ തന്റെ പ്രശസ്തമായ ബ്ലാക്ക് ആര്‍ട്ട് ആന്‍ഡ് ലിബറേഷന്‍ എന്ന ഉപന്യാസത്തില്‍ ബ്ലാക്ക് ആര്‍ട്ടിനെ നിര്‍വചിക്കുന്നത് 'കറുത്ത് അമേരിക്കയെ സാംസ്‌കാരികവും ആത്മീയവുമായ വിമോചനത്തിന് സഹായിക്കുകയും ഉറപ്പാക്കുകയും ചെയ്യുന്ന കല' എന്നാണ്. ആത്മീയം എന്ന വാക്കിന് ഞാന്‍ പ്രത്യേക ഊന്നല്‍ നല്‍കും. കാരണം ഞാനുള്‍പ്പടെയുള്ള പലരും ഇസ്ലാമും, അതുപോലെ ബുദ്ധിസടക്കമുള്ള ബന്ധപ്പെട്ട പൗരസ്ത്യകാഴ്പ്പടുകളുമായും ബന്ധപ്പെട്ടിരുന്നു. മാല്‍കം എക്‌സിന്റെ രാഷ്ട്രീയ തത്വശാസ്ത്രം ബ്ലാക്ക് ദേശിയതായിരുന്നു. അത് ഇസ്ലാമുമായി ചേര്‍ന്നായിരുന്നു. അത് ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തിലെ നിരവധി പേരെ ആകര്‍ഷിച്ചു. മാല്‍കം എക്‌സ് ജീവിതത്തിന്റെ പുതിയ രീതികളെയും വിവിധ മൂല്യവ്യവസ്ഥകളെയും സമൂഹത്തിന് പരിചയപെടുത്തി. ഇത് കലയുടെ രംഗത്തുമുണ്ടായിരുന്നു. ബ്ലാക്ക് ആര്‍ട്ട് മൂവ്‌മെന്റിന്റെ സ്വാധീനം മറ്റ് സാഹിത്യം/കല എന്നിവയെപ്പോലും പിടിച്ചുലക്കുകയും മാറ്റി തീര്‍ക്കുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയിലാണ് എന്റെ നിലനില്‍പ്.


ആഫ്രിക്കന്‍-അമേരിക്കന്‍ വിഭാഗം ഇപ്പോഴും പ്രാന്തവല്‍ക്കരിക്കപ്പെട്ടതായി കരുതുന്നുണ്ടോ?

ഉണ്ട്. പൊതുവില്‍, വളരെയധികം ആഫ്രിക്കന്‍-അമേരിക്കക്കാര്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ തന്നെയാണ്. നിങ്ങള്‍ ജയിലില്‍ സന്ദര്‍ശിച്ചാല്‍, അല്ലെങ്കില്‍ ഏതെങ്കിലും ക്ലാസ് മുറിയില്‍ പോയാല്‍ ഇതു മനസിലാകും. കറുത്ത കുട്ടിയെ ക്ലാസ് മുറിയുടെ പിന്‍നിരയിലായിട്ടു കാണാം. അവര്‍ ഒന്നും തുറന്നു സംസാരിക്കില്ല. തലതാഴ്ത്തി നില്‍ക്കും.അവരോട് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത് അവര്‍ വിലകെട്ടവരും വിവരംകെട്ടവരും ഒന്നിനും കൊള്ളാത്തവരുമെന്നാണ്. അവരുടെ കാഴ്ചപ്പാടിന് ഒരു വിലയുമില്ല. അതുപോലെ അമേരിക്കയില്‍ വെള്ള-കറുത്ത എഴുത്തുകാര്‍ തമ്മില്‍ പോലും അന്തരമുണ്ട്. വെള്ള എഴുത്തുകാര്‍ കറുത്തവര്‍ എഴുതിയ പുസ്തകങ്ങള്‍ അധികം വായിക്കാറില്ല. ഒന്നുകില്‍ എഴുത്തുകാരെ അവര്‍ക്ക് പരിചയമുണ്ടാകണം. അല്ലെങ്കില്‍ ആരെങ്കിലും അവര്‍ക്ക് അത് സമ്മാനമായി നല്‍കണം.


അമേരിക്കന്‍ സാമൂഹ്യ അവസ്ഥകളെപ്പറ്റി എന്തു പറയും?

അമേരിക്കയുടെ സാമൂഹ്യ അവസ്ഥകളെപ്പറ്റി പലര്‍ക്കും തെറ്റായ ധാരണകളാണുള്ളത്. സമൂഹത്തിന്റെ അടിത്തട്ടില്‍ വര്‍ണ/വര്‍ഗ അന്തരങ്ങള്‍ ശക്തമാണ്. ഇതാരും ചര്‍ച്ച ചെയ്യുന്നുപോലുമില്ല. യഥാര്‍ഥത്തില്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം അമേരിക്കയിലെ ദാരിദ്ര്യമാണ്. പക്ഷേ, ഇപ്പോള്‍ ഊന്നല്‍ മധ്യവര്‍ഗത്തിലാണ്. അതുപോലെ ജയില്‍ പരിഷ്‌കാരത്തെപ്പറ്റിയും ചര്‍ച്ച ചെയ്യേതുണ്ട്.എന്താണ് അഴികള്‍ക്ക് പിന്നില്‍ സംഭവിക്കുന്നത്? പ്രസിഡന്റ് ഒബാമ അമേരിക്കയിലെ ചുരുക്കം ജയിലുകള്‍ സന്ദര്‍ശിച്ച് തടവുകാരുമായി സംസാരിക്കണം. തൊഴിലില്ലായ്മ, വിദ്യാഭ്യാസം, കുടുംബമൂല്യങ്ങള്‍, വര്‍ണം-സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. കാരണം ഇതെല്ലാം സമൂഹത്തിന്റെ അടിത്തട്ടില്‍ ശക്തമായി ഉണ്ട്. അടിത്തട്ടില്‍ അല്ല, പലപ്പോഴും മേല്‍തട്ടില്‍ തന്നെ പ്രശ്‌നങ്ങള്‍ പൊന്തിവരുന്നു. അതിന്റെ ഒരു ഉദാഹരണമാണ് വാള്‍ സ്ട്രീറ്റ് പ്രക്ഷോഭം.അമേരിക്കക്ക് കൂടുതല്‍ പുരോഗമനപരമായ നയങ്ങളുടെ ആവശ്യതകയുണ്ട്. അമേരിക്ക കെട്ടിപ്പടുക്കുക എന്നത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന പ്രകിയയാണ് ഞാന്‍ കാണുന്നത്.


മുമിയ അബു ജമാലിനെപ്പോലുള്ള പല കറുത്തവര്‍ഗ വിപ്ലകാരികളും ഇന്ന് ജയിലിലാണ്. അവര്‍ക്ക് രാജ്യത്ത് എത്രമാത്രം പിന്തുണയുണ്ട്?

പൊലീസ് ഭീകരതയുടെ ഫലമായി  പ്രത്യക്ഷത്തില്‍ തന്നെ വളരെയധികം കേസുകള്‍ ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തിന് നേരയുണ്ട്. ഇത് നിര്‍ഭാഗ്യകരമായ സാഹചര്യമാണ്. ഇത് സമൂഹങ്ങളില്‍ കൂടുതല്‍ ധ്രുവീകരണം കൊണ്ടുവരുന്നുണ്ട്. ഇന്നത്തെ കാലത്ത് കറുത്ത വിപ്ലകാരി എന്ന പദംപോലും പ്രശ്‌നങ്ങള്‍ നിറഞ്ഞതാണ് എന്നു തോന്നുന്നു. വിപ്ലവത്തിനുവേണ്ടി വാദിക്കുന്ന അധികംപേരെയൊന്നും ഞാന്‍ അമേരിക്കയില്‍ കണ്ടിട്ടില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ എന്താണ് ലോകവീക്ഷണം? ശീതസമരം അവസാനിച്ചശേഷം സോഷ്യലിസം അല്ലെങ്കില്‍ കമ്യൂണിസ്റ്റ് അശയങ്ങള്‍ക്കുവേണ്ടി വാദിക്കാനാവില്ല. ക്യൂബയില്‍ ചെ (ഗുവേര) യെപ്പോലെ താന്‍ ഒരു പുതിയ മനുഷ്യനാണ് എന്ന് പ്രഖ്യാപിക്കുന്ന ഒരാളെയും ഞാന്‍ അമേരിക്കയില്‍ കണ്ടിട്ടില്ല. അമേരിക്കയില്‍ വലിയ തോതിലുള്ള ജനകീയ മുന്നേറ്റവും ഇല്ല. യുദ്ധവിരുദ്ധ പ്രസ്ഥാനംപോലും ചെറുതാണ്. അതാകട്ടെ വിയറ്റ്‌നാം യുഗത്തിലുണ്ടായതിലുമെത്രയോ നേര്‍ത്തതുമാണ്.


അമേരിക്കയിലെ മനുഷ്യാവകാശത്തെപ്പറ്റി എന്തു പറയും?

കാര്‍ട്ടറുടെ ഭരണകാലത്താണ് അമേരിക്കന്‍ ഐക്യനാടുകള്‍ അമേരിക്കന്‍ വിദേശനയവുമായി മനുഷ്യാവകാശത്തിനുള്ള ബന്ധം കൂടുതലായി തിരിച്ചറിയുന്നത്. അമേരിക്കയില്‍ മനുഷ്യാവകാശങ്ങള്‍ പലരീതിയില്‍ ലംഘിക്കപ്പെടുന്നുണ്ട്. വര്‍ണം/വര്‍ഗം എന്നിങ്ങനെ പല തട്ടില്‍. മാല്‍കം എക്‌സാണ് തന്റെ ജീവതകാലത്ത് പൗരാവകാശം (സിവില്‍ റൈറ്റസ്)വും മനുഷ്യാവകാശവും തമ്മമിലുള്ള വ്യത്യാസത്തെപ്പറ്റി പറയുന്നത്. അമേരിക്കയിലും പുറത്തും നടക്കുന്ന മനുഷ്യാവകാശ-പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ യു.എന്‍. പോലുള്ള അന്താരാഷ്ട്ര ഏജന്‍സി നിരീക്ഷണ സംവിധാനം വേണമെന്ന് അദ്ദേഹം വാദിച്ചിരുന്നു. അമേരിക്കയില്‍ പലതരത്തില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ട്. പെന്‍/അമേരിക്കന്‍ സെന്റര്‍ എന്ന  സംഘടനയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ അംഗമാണ് ഞാന്‍. ഈ സംഘടന ലോകമെങ്ങും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന എഴുത്താര്‍ക്കൊപ്പം അവര്‍ക്കായി നിലകൊള്ളുന്നു.


ഇറാഖ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തുന്ന യുദ്ധവെറിയന്‍ സമീപനങ്ങളെപ്പറ്റി എന്തുപറയും?

എഴുത്തുകാരും കലാകാരന്‍മാരും യുദ്ധത്തിനെതിരായി നിലകൊള്ളണം. നമ്മളുടെ പ്രവൃത്തിയുടെ സ്വഭാവം ജീവിതം നല്‍കലാണ്. ജീവിതം നിഷേധിക്കലല്ല. സര്‍ക്കാരുകള്‍ യുദ്ധത്തിനുപോയാലും ജനങ്ങള്‍ അതിനെതിരെ ഒന്നിച്ച് നിന്ന്  സമാധാനം ഉണ്ടാക്കാനാവും എന്ന് ഒരോ ആളും തിരിച്ചറിയണം.. നമ്മള്‍ ചരിത്ര മൂഹര്‍ത്തങ്ങള്‍ സൃഷ്ടിക്കണം. അതിന് ധൈര്യം വേണം.


'ബുദ്ധന്‍ ശിശിരത്തില്‍ കരഞ്ഞു' എന്നതാണ് നിങ്ങളുടെ ഒരു കവിതയുടെ പേര്. താങ്കള്‍ക്ക് എത്രമാത്രം ബുദ്ധമതത്തെ അറിയാം?

ഞാന്‍ ബുദ്ധമതക്കരാനല്ല. പക്ഷേ, ആ മതത്തെപ്പറ്റി വായിക്കാനും അറിയാനും ഇഷ്ടപ്പെടുന്നു. ബുദ്ധമതക്കാരായ നിരവധി സുഹൃത്തുക്കളുണ്ടെനിക്ക്. ആഫ്രിക്കന്‍-അമേരിക്കന്‍ സാഹിത്യം കുറച്ചുവര്‍ഷങ്ങളായി ബുദ്ധമതവും ഇസ്ലാമും സ്വാധീനിക്കുന്നുണ്ട്. എന്റെ സുഹൃത്താണ് 'ടേണിങ് വീല്‍ എഴുതിയ ചാള്‍സ് ജോണ്‍സണ്‍. അത് ബുദ്ധമതത്തെയും സാഹിത്യത്തെയും പറ്റിയുള്ള പുസ്തകമാണ്. ചാള്‍സും ഞാനും പതിവായി ഇമെയിലുകള്‍ അയക്കുന്നു. 'ബുദ്ധന്‍ ശിശിരത്തില്‍ കരഞ്ഞു' എന്ന പുസ്തകം ഞാനും കൊറിയന്‍ കവിയായ ചോയിയും ചേര്‍ന്ന് എഴുതിയതാണ്. ചോയിയാണ് പുസ്തകത്തിന്റെ കൈയെഴുത്ത് പ്രതി എഡിറ്റ് ചെയ്തതും അതിലെ ചിത്രങ്ങളും അവരാണ് പറഞ്ഞത്. എന്റെ പുസ്തകക്കൂട്ടങ്ങളില്‍ ബുദ്ധമത പുസ്തകങ്ങളുണ്ട്. അതില്‍ നല്ല പങ്കും ചോയി സമ്മാനിച്ചതാണ്. അവ ഞാന്‍ വീണ്ടും വീണ്ടും വായിക്കുന്നു. അതെനിക്ക് മനശാന്തിയും സന്തോഷവും പകരുന്നു.


ഇസ്ലാമും അമേരിക്കന്‍ സമൂഹത്തില്‍ സ്വാധീനമുണ്ടാക്കുന്നതായി പറഞ്ഞു. അതെപ്പറ്റി?

1970 കളില്‍ ഇസ്‌ളാമിക വിശ്വാസങ്ങളില്‍ ഞാനാകൃഷ്ടനായിരുന്നു. സൂഫിസുവമായി ബന്ധപ്പെട്ട ധാരയിലായിരുന്നു ഇത്. ഹൗവേര്‍ഡില്‍ വിദ്യാര്‍ഥിയാകുന്നതുവരെ എനിക്ക് ഇസ്ലാമിനെപ്പറ്റി ഒന്നുമറിയുമായിരുന്നില്ല. ഇന്ന് അമേരിക്കന്‍ ഐക്യനാടുകളില്‍ ഏറ്റവും അധികം വേഗത്തില്‍ വളരുന്ന മതമാണ് ഇസ്‌ളാം. ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തില്‍ ഈ വളര്‍ച്ച അതിലും വേഗത്തിലാണ്. ആഫ്രിക്കന്‍-അമേരിക്കക്കാര്‍ക്കിടയില്‍ ഇത് മൂന്ന് തരം അസ്ഥിത്വമുണ്ടാക്കിയിട്ടുണ്ട്. മുസ്‌ളീം, കറുത്തവര്‍ഗക്കാരന്‍, അമേരിക്കകാരന്‍ എന്നിങ്ങനെ. സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം ഇസ്ലാമിക വിശ്വാസത്തെ മനസിലാക്കാന്‍ അമേരിക്കക്കുള്ളില്‍ തന്നെ ശ്രമമുണ്ട്.
ഏഷ്യ, ആഫ്രിക്ക, മധ്യപൂര്‍വദേശം എന്നിവിടങ്ങളുമായി മെച്ചപ്പെട്ട ബന്ധം അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇസ്‌ളാമിനെപ്പറ്റി കൂടുതല്‍ മനസിലാക്കേണ്ടതുണ്ട്. അതേ സമയം തന്നെ സഭയും ഭരണകൂടവും തമ്മിലുള്ള വേര്‍തിരിവിന്റെ പ്രാധാന്യത്തെപ്പറ്റിയും മനസിലാക്കണം.

ഭാഷയുടെ പ്രശ്‌നങ്ങളെപ്പറ്റി താങ്കള്‍ പറഞ്ഞിരുന്നു?

എല്ലാം ഭാഷയിലാണ് തുടങ്ങുന്നത്. നിങ്ങളുടെ രാഷ്ട്രീയം വാക്കുകള്‍ക്ക് പിന്നില്‍ ഒളിപ്പിക്കാനാവില്ല. ബ്രദര്‍ഹുഡ് പോലെ പ്രശ്‌സതായ വാക്ക് എടുക്കുക. ഞാന്‍ യുവാവായിരിക്കുമ്പോള്‍ നാഷണല്‍ ബ്രദര്‍ ഹുഡ് വാരം അമേരിക്കയില്‍ ആഘോഷിച്ചിരുന്നു. അതുപോലെ നാഷണല്‍ കോണ്‍ഫ്രന്‍സ് ഓഫ് ക്രിസ്ത്യന്‍സ് ആന്‍ഡ് ജ്യൂസ് എന്ന സംഘടനയുണ്ടായിരുന്നതായി ഞാനോര്‍ക്കുന്നു.  ആരെങ്കിലും ബ്രദര്‍ഹുഡിനെപ്പറ്റി പറഞ്ഞാല്‍ അതില്‍ സ്ത്രീകളെയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയാം. 2012 ല്‍ സിസ്റ്റര്‍ ഹുഡ് എന്ന വാക്ക് നമ്മുടെ പദാവലിയുടെ ഭാഗമായി.ഈ ബ്രദര്‍ഹുഡിന് മുമ്പില്‍ മുസ്‌ളീം എന്ന വാക്ക് കൂടി ചേര്‍ക്കുക. അതൊരു വലിയ വിഷയമായി മാറും. നമ്മുടെ മനസില്‍ ഉലച്ചിലുകളുണ്ടാകും. പിന്നെ നമ്മള്‍ ഈജിപ്തിനെപ്പറ്റി പോലും സംസാരിക്കില്ല. ഇങ്ങനെ വാക്കുകള്‍ നമ്മളില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പറഞ്ഞുവരുന്നത് എഴുതുന്ന ഓരോ വാക്കിനും രാഷ്ട്രീയമുണ്ടെന്നാണ്. അത് എഴുതുന്നയാളുടെ രാഷ്ട്രീയത്തെ പുറത്തുകൊണ്ടുവരും. അതേ സമയം വായനക്കും രാഷ്ട്രീയമുണ്ട്. ഇതാണ് ഞാന്‍ പലപ്പോഴും പറയുന്നതും പറയാന്‍ ശ്രമിക്കുന്നതും.



കവിതയുടെ ചൊല്ലല്‍ പാരമ്പര്യത്തിന് അനുകൂലമായി താങ്കള്‍ വാദിച്ചു കാണുന്നു...?

കവിത ചൊല്ലുന്ന പാരമ്പര്യം വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ, അത് കവിതാ പാരമ്പര്യത്തിന്റെ ഒരു ഭാഗം മാത്രമാണ്. കവിത വായിക്കാന്‍ മാത്രമുള്ളതാണെന്നും അല്ലെങ്കില്‍ ചൊല്ലാന്‍ മാത്രമുള്ളതാണ് എന്ന തികഞ്ഞ വേര്‍തിരിവ് ശരിയല്ല.   ചിലര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ചൊല്ലുന്നതിനും അതിന്റെ സംഗീതത്തിനുമാണ്. ഇതാണ് കറുത്തവര്‍ഗ സംസ്‌കാരവുമെന്ന ധാരണയുണ്ട്. ആഫ്രിക്കക്കാര്‍ക്ക് ലിപിയുണ്ട്. നിശബ്ദമായി കവിത ചൊല്ലപ്പെടുകയാണ് എഴുതിയ കവിത ഒരാള്‍ വായിക്കുമ്പോള്‍.അത് മറക്കരുത്.  സാങ്കേതിക വിദ്യയുടെ വികാസം മൂലം  1968 ലെ എഴുത്തുകാരനല്ല 2012 ലേത്. അന്നത്തെ കവിതയല്ല ഇന്നത്തേത്. ഒരു വയര്‍ലെ് ഹെഡ്‌സെറ്റും റെക്കോര്‍ഡറുമുണ്ടെങ്കില്‍ കവിതയില്‍ നിങ്ങള്‍ക്ക് പലതരം സാധ്യതകള്‍ സൃഷ്ടിക്കാം.  കവിത ചൊല്ലാനുള്ളതാണ് എന്നല്ല വാദം. അതിന് പ്രാധാന്യമുണ്ടെന്നാണ്. അത് അവഗണിക്കരുതെന്നാണ് വാദം.



പല കവിതകളും രാഷ്ട്രീയപരമാണ്. ഒരു കറുത്ത-രാഷ്ട്രീയ കവി എന്നു താങ്കളെ വിളിച്ചാല്‍?

നമ്മുടെ ജിവീതം രാഷ്ട്രീയപരമാണ്. എന്നെ ആരെങ്കിലും കറുത്ത കവി എന്ന് വിളിക്കുമ്പോള്‍ അതില്‍നിന്ന് ഒളിച്ചോടാന്‍ എനിക്ക് ഇഷ്ടമില്ല. നിങ്ങള്‍ ഒരു രാഷ്ട്രീയ സാഹചര്യത്തിനുള്ളില്‍ ആണ് എന്ന് വ്യക്തമായാല്‍ നിങ്ങള്‍ക്ക് ഒരിക്കലും നിഷ്‌കളങ്കതയോടെ കാര്യങ്ങളെ സമീപിക്കാനാവില്ല.
എന്റെ പല കവിതകളും അിടമത്തത്തെപ്പറ്റിയുള്ളതാണ്. ഈ നിമിഷത്തിലേക്ക് നയിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ മറക്കാതിരിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഒരിക്കല്‍, വായിക്കുകയും എഴുതുകയും ചെയ്യുക എന്നത് കറുത്തവരെ സംബന്ധിച്ച നിയമവിരുദ്ധമായിരുന്നു.  എഴുതുക എന്ന പ്രവര്‍ത്തിപോലും ഒരു കറുത്ത വ്യക്തിയെ സംബന്ധിച്ച് വിചിത്ര കാര്യമായിരുന്നു. ആ ഒരു ബോധത്തില്‍ നിന്ന് തന്നെയാണ് എന്റെ രചനകള്‍, പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട് രാഷ്ട്രീയ കവി എന്ന വിശേഷണം എനിക്ക് അഭിമാനമാണ്.



യു.എസ്. സാഹിത്യത്തിലെ പുതിയ പ്രവണതകള്‍ എന്തൊക്കെയാണ്? ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തിലെ പുതിയ എഴുത്തുകാരെപ്പറ്റി?

അമേരിക്കന്‍ സാഹിത്യത്തിലെ പുതിയ സാഹിത്യ പ്രസരിപ്പുകള്‍ വരുന്നത് കൊറിയന്‍, അറബ്, ഇന്ത്യന്‍ സമൂഹങ്ങളില്‍ നിന്നാണ്. നദാലി ഹന്‍ദാല്‍, ദിമ ഹിലാല്‍, സുഹൈര്‍ ഹമ്മദ്, നവോമി അയാല, മരിലീയന്‍ നെല്‍സന്‍, ബ്രെന്‍ഡ മരിയിഒസ്‌ബെ തുടങ്ങിയ സ്ത്രീയ എഴുത്തുകാരുണ്ട് ഇതില്‍. ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തില്‍ ജനപ്രിയ സാഹിത്യത്തെപ്പറ്റി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഈ സാഹിത്യധാരയെ ഉപഭോക്തൃ മാര്‍ക്കറ്റാണ് പ്രോത്‌സാഹിപ്പിക്കുന്നത്. പുസതക വില്‍പനയല്ല സാഹിത്യമികവിന്റെ അളവ് കോല്‍. ആഫ്രിക്കന്‍-അമേരിക്കന്‍ സാഹിത്യത്തെ വിമര്‍ശനമായി പരിശോധിക്കുന്ന പുതിയ തലമുറയില്‍ വിമര്‍ശകര്‍ ഉയര്‍ന്നുവരുന്നുണ്ട്. രാജ്യമെമ്പാടും നടക്കുന്ന എഴുത്തു ശില്‍പശാലകളിലുടെ പുതിയ എഴുത്തുകാര്‍ വരുന്നു.  കേവ് കാനെം, ഹര്‍സ്റ്റണ്‍നറൈറ്റ് ഫൗഷേന്‍   എന്നീ സംഘടനകള്‍ പുതിയ എഴുത്തുകാരെ രൂപപ്പെടുത്തുന്നതില്‍ പങ്ക് വഹിക്കുന്നു.
ഓഗസ്റ്റ് വില്‍സണ്‍, ചാള്‍സ് ജോണ്‍സന്‍, ടോണി മോറിസണ്‍, യൂസഫ് കോമുന്‍യാകാ, കൊര്‍ണേലിയസ് ഏഡി, എലിസബത്ത് അലക്‌സാണ്ടര്‍, ലൂസിലി ക്‌ളിഫ്‌ടോണ്‍, ഒക്ടാവിയ ബുട്‌ലര്‍, എഡ്‌വിഗ് ഡാന്റികാറ്റ്, പെര്‍സിവല്‍ എവററ്റ് തുടങ്ങിയവരാണ് ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരില്‍ പ്രമുഖരായവര്‍. സാഹിത്യത്തെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുന്നതില്‍ നേതൃത്വ പങ്ക് വഹിക്കുന്നവരെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


താങ്കള്‍ നിരവധി ഔദ്യോഗിക ഉത്തരവാദിതങ്ങള്‍ വഹിക്കുന്നു. ഇതെങ്ങനെ കവിത എഴുത്തുമായി ഒത്തുപോകുന്നു?

ഞാന്‍ സ്വയം വിശേഷിപ്പിക്കുന്നത് ലിറ്ററി ആക്ടിവിസ്റ്റ് എന്നാണ്.  എഴുത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ തന്നെ മറ്റുള്ളവരുടെ രചനകളെ പ്രോത്സാഹിപ്പിക്കുന്നു. തുടക്കകാരുള്‍പ്പടെയുള്ളവരുടെ എഴുത്തുകളെ കുറ്റമറ്റതാക്കാന്‍ ആവുന്ന വിധത്തില്‍ ശ്രമിക്കുന്നു. മറ്റുള്ളവരുടെ രചനകള്‍ക്ക് പല തട്ടില്‍ സഹായം ചെയ്യുന്നു. ഇതെന്റെ ഒരു തട്ടിലുള്ള പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ നെരൂദയെപ്പോലെ നയതന്ത്രജ്ഞരായ എഴുത്തുകാരോടാണ് ആദരം.  ഒരു സാംസ്‌കാരിക അബാംസഡറാകാന്‍ ഞാനിഷ്ടപ്പെടുന്നു.  എഴുത്തുകാര്‍ രാഷ്ട്രീയ പദവികള്‍ വഹിക്കണം. അത് സമൂഹത്തെ മെച്ചപ്പെടുത്താനുള്ള ഒരു മാര്‍ഗമാണ്. ഞാന്‍ വഹിക്കുന്ന പല പദവികളും എഴുത്തുമായി ബന്ധപ്പെട്ടതാണ്. ഒന്നുകില്‍ സര്‍ഗാത്മക പഠന വിഭാഗത്തിന്റെ തലവന്‍, കവിതാ വിലയിരുത്തല്‍ കമ്മിറ്റി മേധാവി എന്നിങ്ങനെയുള്ളതാണ്. അടിസ്ഥാനപരമായി വഹിക്കുന്ന പദവികള്‍ സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിടുന്നവയാണ്.

കുടുംബം? പുതിയ പദ്ധതികള്‍?

വാഷിങ്ടണ്‍ ഡി.സിയിലെ വടക്ക് പടിഞാറന്‍ മേഖലയിലാണ് താമസം. ചെറിയ കുടുംബമാണ്. മകനും മകളുമുണ്ട്. പുതിയ കവിതാ സമാഹരങ്ങളുടെ പണിപ്പുരയിലാണ്. ഇപ്പോള്‍, കൂടുതല്‍ സമയം ചെലവിടുന്നത് രാജ്യത്ത് പലയിടത്തുമായി സര്‍ഗാത്മക എഴുത്തില്‍  പരിശീലനം നല്‍കാനും മറ്റുമായാണ്.


മാധ്യമം ആഴ്ചപ്പതിപ്പ്
2012 Aug 13

No comments:

Post a Comment