സംഭാഷണം
കമ്‌റാന്‍ മിര്‍ ഹാസര്‍/ആര്‍.കെ. ബിജുരാജ്
അഫ്ഗാനിസ്ഥാനില്‍ ജനിക്കുകയും ഇറാനിലേക്ക് കുടിയേറുകയും, പിന്നീട് ഇരുരാജ്യത്തുനിന്നും ഭരണകൂടത്താല്‍ രാജ്യഭ്രഷ്ടനാകുകയും ചെയ്യപ്പെട്ട കവിയും പത്രപ്രവര്‍ത്തകനുമാണ് കമ്‌റാന്‍ മിര്‍ ഹാസര്‍. കലാപം, കൂട്ടക്കൊല, അധിനിവേശം, മതമൗലികവാദം, ഭരണകൂട അടിച്ചമര്‍ത്തല്‍, പലായനം, പോരാട്ടം എന്നിങ്ങനെ സങ്കീര്‍ണ ജീവിതാനുഭവങ്ങള്‍ നിറഞ്ഞ കാലത്തെപ്പറ്റിയും എഴുത്തിന്റെ രാഷ്ട്രീയത്തെപ്പറ്റിയും അദ്ദേഹം സംസാരിക്കുന്നു.
അഫ്ഗാനും ഇറാനുമിടയിലെ ഞങ്ങള്‍
അനായാസവും അപകടകരവുമായ എഴുത്ത്-ജീവിതം നയിക്കുന്നവരുണ്ട്. രാജ്യങ്ങള്‍ക്കിടയില്‍ ചിലപ്പോള്‍ അവര്‍ ആടിയുലഞ്ഞുപോകും. തടവറ അവരെ നിശബ്ദരാക്കും. ഭരണകൂട വെടിയുണ്ടകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പോലുമാവില്ല. എന്നാല്‍, അഫ്ഗാനിസ്ഥാന്‍ എഴുത്തുകാരനായ കമ്‌റാന്‍ മിര്‍ ഹാസര്‍ കൊടുങ്കാറ്റില്‍ ഉലയാത്ത ഒരു ചില്ലയാണ്.
ഒരു പക്ഷേ, കമ്‌റാന്‍ മിര്‍ ഹാസറിന്‍േറതുപോലുള്ള ജീവിതം സമകാലിക എഴുത്തുകാര്‍ ആരും തന്നെ അനുഭവിച്ചിട്ടുണ്ടാവില്ല. അഫ്ഗാനിസ്ഥാനില്‍, മുപ്പത്തിയാറ് വര്‍ഷം മുമ്പാണ് കമ്‌റാന്റെ ജനനം. മധ്യ അഫ്ഗാനിലെ മലനിരകളാണ് നാട്. ഹസാര വംശജന്‍. താലിബാനുള്‍പ്പടെ പലവട്ടം കൂട്ടക്കൊലക്ക് വിധേയരാക്കിയ ഹസാര എന്ന വംശത്തില്‍ ജനിച്ചതു തന്നെ കുറ്റം. കുടുംബം കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇറാനിലേക്ക് പലായനം ചെയ്തു. അപ്പോള്‍ പ്രായം ആറുമാസം. വളര്‍ന്നത് ഇറാനില്‍. എട്ടുവര്‍ഷം ഇറാന്‍ പത്രങ്ങളിലും വാരികകളിലും പ്രവര്‍ത്തിച്ചു. കവിതയും ഭരണകൂട വിമര്‍ശനവും ശക്തമാക്കിയപ്പോള്‍ അവിടെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായി. ഒപ്പം പത്രസമ്മേളനം നടത്തിയ രണ്ട് യുവ കവി സുഹൃത്തുക്കളെ ഇറാന്‍ രഹസ്യ പോലീസ് വെടിവച്ചുകൊന്നതോടെ ഇറാന്‍ വിട്ടു. വീണ്ടും അഫ്ഗാനിസ്ഥാനില്‍. കമ്‌റാന്‍ എഡിറ്റര്‍ ഇന്‍ ചീഫായ 'കാബുള്‍ പ്രസ്' അഫ്ഗാനിലെ അഴിമതി കഥകള്‍ നിരത്തിയപ്പോള്‍ രണ്ടുവട്ടം അന്യായ തടവും പീഡനവും. പിന്നീട് അവിടെ നിന്നും പലായനം. വിവിധ രാജ്യങ്ങളില്‍ രാഷ്ട്രീയ അഭയം തേടി. ഇന്ത്യയില്‍ കുറച്ചുനാള്‍ സന്ദര്‍ശകവിസയില്‍ തങ്ങി രാഷ്ട്രീയാഭയത്തിന് ശ്രമിച്ചെങ്കിലും ഓഫീസുകള്‍ കയറിയിറങ്ങിയതുമാത്രം മിച്ചം. ഒടുവില്‍ നോര്‍വേ രാഷ്ട്രീയാഭയം വാഗ്ദാനം ചെയ്തു. ഇപ്പോള്‍ നോര്‍വേയില്‍ ഭാര്യക്കും കുട്ടിക്കുമൊപ്പം തന്റെ അപകടരമായ എഴുത്തു-ജീവിതം തുടരുന്നു.
കവി, പത്രാധിപര്‍/പത്രപ്രവര്‍ത്തകന്‍, മനുഷ്യാവകാശ പോരാളി, രാഷ്ട്രീയ വിമര്‍ശകന്‍, പ്രസാധകന്‍, ഇന്റര്‍നെറ്റ് ആക്റ്റിവിസ്റ്റ് എന്നിങ്ങനെ പലരീതിയില്‍ പ്രശസ്തനാണ് കമ്‌റാന്‍. പതിനഞ്ച്് വര്‍ഷമായി പത്രപ്രവര്‍ത്തന രംഗത്ത് സജീവം. 2004 ല്‍ അദ്ദേഹം സ്ഥാപിച്ച 'കാബുള്‍ പ്രസ്' അഫ്ഗാനിസ്ഥാനെപ്പറ്റി ഏറ്റവും അധികം വാര്‍ത്തകള്‍ ലോകത്തിനു നല്‍കുന്ന ന്യൂസ്‌പോര്‍ട്ടലാണ്. എന്നാല്‍ അഫ്ഗാനിസ്ഥാനും ഇറാനും ഈ പോര്‍ട്ടല്‍ നിരോധിച്ചു. 2005 ല്‍ കാബൂളില്‍ 'ഹോട്ട് ടീ' പ്രസിദ്ധീകരിച്ചു. 2006 ല്‍ കില്ലിഡ് എന്ന ദേശീയ റേഡിയോയില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പ് 'റഫ്യൂജി ഫേസ്' എന്ന വെബ് വാര്‍ത്താ സൈറ്റ് തുടങ്ങി. ദാരി/ഹസാരഗി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഭാഷകളില്‍ എഴുതുന്നു.
രണ്ട് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകള്‍ക്കും വാര്‍ത്താ റിപ്പോര്‍ട്ടിംഗിനും രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടി. അതില്‍ 2007 ല്‍ ലഭിച്ച അഫ്ഗാനിസ്ഥാന്‍ സിവില്‍ സൊസൈറ്റി ഫോറത്തിന്റെ ഫ്രീഡം അവാര്‍ഡും ഉള്‍പ്പെടുന്നു.'സെന്‍സര്‍ഷിപ്പ് ഇന്‍ അഫ്ഗാനിസ്ഥാന്‍' എന്ന പുസ്തകം അടുത്തിടെ നോര്‍വെയില്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. രാജ്യഭ്രഷ്ട എഴുത്തുകാരുടെ സംഘടനയായ റാഹ പെന്‍ സ്ഥാപിച്ചു.
ഈ ഓണ്‍ലൈന്‍ സംഭാഷണത്തില്‍ കമ്‌റാന്‍ മിര്‍ ഹാസാര്‍ തന്റെ ജീവിതത്തെപ്പറ്റിയും ഇറാന്റെയും അഫ്ഗാന്റെയും സമകാലിക അവസ്ഥകളെയും പറ്റി സംസാരിക്കുന്നു.
കുടിയേറ്റം, ഇറാന്‍, പലായനം
താങ്കള്‍ ജനിച്ചത് അഫ്ഗാനിസ്ഥാനിലാണ്. എന്നാല്‍, അധികം വൈകുംമുമ്പേ ഇറാനിലേക്ക് കുടിയേറി. എന്താണ് കുടിയേറ്റത്തിന് കുടുംബത്തെ പ്രേരിപ്പിച്ചത്?
എനിക്ക് ആറുമാസമുള്ളപ്പോഴാണ് ഞങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാനിലേക്ക് കുടിയേറുന്നത്. പലായനത്തിന് കുടുംബം നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഹസാര വിഭാഗത്തിലാണ് ഞങ്ങള്‍ ജനിച്ചത്. ഒരു ഹസാരക്ക് അഫ്ഗാനില്‍ ജീവിക്കുക എന്നത് പ്രയാസമാണ്. പലവട്ടം കൂട്ടക്കൊലക്കിരയാക്കപ്പെട്ടവരാണ് ഞങ്ങളുടെ വിഭാഗക്കാര്‍. താലിബാനാവട്ടെ, മറ്റ് ഭരണാധികാരികളാകട്ടെ എല്ലാവരും ശ്രമിച്ചത് ഹസാരകളുടെ വംശഹത്യക്കാണ്. കൂട്ടക്കൊലക്ക് ഇരയാക്കപ്പെടുമെന്ന തിരിച്ചറിവാണ് ഇറാനിലേക്ക് പോകാന്‍ കുടുംബത്തെ പ്രേരിപ്പിക്കുന്നത്. അക്കാലത്ത് നിരവധി ഹസാരള്‍ കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ മനുഷ്യത്വത്തോടുള്ള കൊടും പാതകമാണ്. അഫ്ഗാനിസ്ഥാനിലെ ലക്ഷക്കണക്കിന് ഇരകളില്‍ ഒന്നുമാത്രമായിരുന്നു ഞങ്ങള്‍.
ഇറാനിലെ ജീവിതം? ഇറാന്‍ രഹസ്യപോലീസ് താങ്കളുടെ രണ്ടു കവിസുഹൃത്തുക്കളെ വെടിവച്ചുകൊന്നതായി കേട്ടിട്ടുണ്ട്, അതേപ്പറ്റി?
ഇറാനിലെ ജീവിതം വലിയ കഥയാണ്. കുട്ടിയായിരിക്കുമ്പോഴേ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടു. പണിയെടുത്തിട്ടുവേണമായിരുന്നു സ്‌കൂളില്‍ പോകാന്‍. അഭയാര്‍ഥികളായി കടന്നുവന്നതുകൊണ്ട് ഒന്നിനും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ജീവിക്കാന്‍ കഷ്ടപ്പെട്ടു. പട്ടിണിയും ദാരിദ്ര്യവുമായിരുന്നു അക്കാലത്തെ കൈമുതല്‍. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം വിദ്യാഭ്യാസം തുടരാനായില്ല. 17 വയസുള്ളപ്പോള്‍ കവിതകള്‍ എഴുതാനും പ്രസിദ്ധീകരിക്കാനും തുടങ്ങി. പക്ഷേ പുസ്‌കം അച്ചടിക്കാന്‍ ശ്രമിച്ചപ്പോള്‍ സെന്‍സര്‍ഷിപ്പ് നേരിട്ടു. കടലാസില്‍ പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഇന്റര്‍നെറ്റില്‍ സ്വതന്ത്രമായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. പിന്നീട് പത്രപ്രവര്‍ത്തനം തിരഞ്ഞെടുത്തു. ഇറാന്‍ മാഗസിനുകളില്‍ പ്രവര്‍ത്തിച്ചു. ടെഹ്‌റാനില്‍ ഇറാന്‍ രഹസ്യ പോലീസുകാര്‍ എന്റെ രണ്ട് യുവ കവി സുഹൃത്തുക്കളെ വെടിവച്ച് കൊന്നത് 1999ലാണ്.അഫ്ഗാനിസ്ഥാനിലെ യുദ്ധകുറ്റങ്ങളെപ്പറ്റി ഇറാന്‍ ബുദ്ധിജീവികള്‍ എഴുതിയ തുറന്നകത്തിനെപ്പറ്റി ടെഹ്‌റാനില്‍ പത്ര സമ്മേളനം നടത്തിയതിന്റെ രണ്ടാം ദിനത്തിലായിരുന്നു രണ്ടുപേരും വധിക്കപ്പെട്ടത്. ആ തുറന്നകത്തില്‍ ഇറാന്‍കാരും അഫ്ഗാനിസ്ഥാന്‍കാരുമായി 331 എഴുത്തുകാരും പത്രപ്രവര്‍ത്തകരും ബുദ്ധിജീവികളും ഒപ്പിട്ടിരുന്നു. ഞാനും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ടെഹ്‌റാനില്‍ നഗരഹൃദയത്തില്‍ ചെറിയ മുറിയിലാണ് ഇരുവരും കൊല്ലപ്പെട്ടത്. അത് ബുദ്ധിജീവികളെ ഭീഷണിപ്പെടുത്താനും സമ്മര്‍ദത്തിലാക്കാനുമായിരുന്നു. മറ്റുളളവര്‍ക്കുള്ള മുന്നറിയിപ്പായിരുന്നു അത്. കൊലപാതകത്തെ ഞങ്ങള്‍ അപലപിച്ചു. ഭരണകൂടം പുറകെ ഉണ്ടായിരുന്നു. ജീവിതം അപകടത്തിലാകുന്ന ഘട്ടത്തിലാണ് ഇറാന്‍ വിട്ട് അഫ്ഗാനിസ്ഥാനിലേക്ക് വീണ്ടും കുടിയേറിയത്.
ഇറാനിലെ സര്‍ക്കാരിനെ താങ്കള്‍ എങ്ങനെ വിലയിരുത്തും? കുടുംബം ഇറാനിലേക്ക് കുടിയേറി അധികം വൈകാതെയാണ് ഇറാന്‍ വിപ്ലവം നടക്കുന്നത്. അതേപ്പറ്റി?
ഇറാന്‍ ഭരണകൂടം തീര്‍ത്തും സര്‍വാധിപത്യ/സേച്ഛാധിപത്യ ഭരണകൂടമാണ്. അത് മനുഷ്യാവകാശത്തെ ആദരിക്കുകയോ വിലമതിക്കുകയോ ചെയ്യുന്നില്ല. ഭരണകൂടം നിരവധി പേരെ കൊല്ലുന്നു. ജയിലുകളില്‍ നിരവധി രാഷ്ട്രീയ തടവുകാര്‍ വിചാരണപോലും കൂടാതെ കഴിയുന്നു. അധികാരത്തില്‍ വലിയ തോതില്‍ അഴിമതിയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യമില്ല. അവിടെ ഒരു സ്വതന്ത്ര മാധ്യമം പോലും കാണാനും കഴിയില്ല.
ഇറാനിയന്‍ വിപ്ലവത്തില്‍ കണ്ടത് ജനങ്ങള്‍ മെച്ചപ്പെട്ട ജീവിതരീതിക്കുവേണ്ടി സംയുക്തമായി നടത്തിയ പോരാട്ടത്തെ മതവാദികള്‍ ഹൈജാക്ക് ചെയ്യുന്നതാണ്. പുതിയ ഭരണകൂടം വ്യക്തമാക്കിയത് ഒരു ഭരണകൂടത്തിന് ജനങ്ങളെ എങ്ങനെയൊക്കെ കൊല്ലാം, എങ്ങനെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കാമെന്നല്ലാമാണ്. എന്താണ് ഒരു മത സര്‍ക്കാരിന് ചെയ്യാനാവുക എന്നതിനും ഉദാഹരണായിരുന്നു ഇറാനിയന്‍ വിപ്ലവം. ഖൊമൈനി ഫ്രാന്‍സില്‍ വച്ച് പറഞ്ഞതും അദ്ദേഹം ഇറാനില്‍ ചെയ്തതും തമ്മില്‍ വലിയ അന്തരമുണ്ട്.
ഇറാനെ ശത്രുപക്ഷത്താണ് അമേരിക്ക കാണുന്നത്? യുദ്ധ സാധ്യതകളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
യുദ്ധമുണ്ടാവുമെന്നോ ഇറാനുമേല്‍ കൂടുതല്‍ സമ്മര്‍ദം അമേരിക്ക നടത്തുമെന്നോ ഞാന്‍ കരുതുന്നില്ല. ഇറാന്‍ സര്‍ക്കാരില്‍ അമേരിക്കയുടെയും, പ്രത്യേകിച്ച് ബ്രിട്ടന്റെയും ചാരന്‍മാര്‍ നിര്‍ണായക പദവികളിലുണ്ട്. ഇരു സര്‍ക്കാരും തങ്ങള്‍ പരസ്പരം എതിരാണെന്ന് കാണിക്കാന്‍ ശ്രമിക്കും. പക്ഷേ, സത്യം ഇരുപക്ഷവും ജനങ്ങള്‍ക്കും മനുഷ്യജീവനും എതിരാണെന്നതാണ്. ഇറാന്‍ പോലുള്ള സര്‍ക്കാരില്‍ നിന്ന് ബ്രിട്ടന് നേട്ടങ്ങളുണ്ടാക്കാം. പക്ഷേ, ഈ എല്ലാ നേട്ടങ്ങളും മനുഷ്യാവകാശങ്ങള്‍ക്ക് എതിരാണ്. നമ്മള്‍ ഇറാന്‍ സര്‍ക്കാര്‍ സേച്ഛാധിപത്യമാണ് എന്നു പറയുമ്പോള്‍ അതിനര്‍ഥം അമേരിക്കന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനുമായി നിലകൊള്ളുന്നുവെന്നാണോ?തീര്‍ച്ചയായും അല്ല.
നിരവധി ഇറാന്‍ എഴുത്തുകാര്‍ പ്രവാസികളും രാജ്യഭ്രഷ്ടരുമാണിന്ന്. അവരെപ്പറ്റിയും ഇറാന്റെ സാഹിത്യത്തെപ്പറ്റിയും എന്തുപറയും?
ശരിയാണ്. വളരെയധികം എഴുത്തുകാര്‍ പ്രവാസികളാകാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. പലരും രാജ്യം വിട്ടു. സ്വതന്ത്രമായി എഴുതാനും പ്രസിദ്ധീകരിക്കാനുമാവാതെ എഴൂത്തുകാര്‍ കടുത്ത സമ്മര്‍ദത്തിന്‍ കീഴിലാണ്. എഴുത്തുകാര്‍, കലാകാരന്‍മാര്‍, പത്രപ്രവര്‍ത്തകര്‍, വിമതശബ്ദം നേര്‍ത്ത രീതിയില്‍ ഉയര്‍ത്തുന്നവരെയെല്ലാം വിവിധ കാരണങ്ങള്‍ പറഞ്ഞ് അറസ്റ്റ് ചെയ്ത് തടവിലടക്കുകയോ പീഡിപ്പിക്കയോ ചെയ്യുന്നു. ചിലരെ തോന്നിയതുപോലെ വധിക്കുന്നു. ഇറാനില്‍ രണ്ടു തരം എഴുത്തുകാരുണ്ട്. ഒരു വിഭാഗം ഇറാന്‍ സര്‍ക്കാരിനെ പിന്തുണക്കുകയും അതില്‍ നിന്ന് നേട്ടങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നു. ക്ലാസിക്കല്‍ എന്നു പറയുന്ന എഴുത്തുകാരാണിത്. അവര്‍ സര്‍ക്കാരിനെ സഹായം പറ്റുന്ന സാംസ്‌കാരിക സംഘടനകളിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റേ വിഭാഗം എഴുത്തുകാര്‍ ഇനാനിയന്‍ റൈറ്റേഴ്‌സ് സെന്റിന്റെ ഭാഗമാണ്. അതില്‍ പലരും, മൊഖാത്രി, പൗയാന്ദ എന്നിവരെ പോലെ ഇറാനിയന്‍ സുരക്ഷാ സേനകളാല്‍ കൊല്ലപ്പെടുന്നു. അല്ലെങ്കില്‍ തടവില്‍ അടക്കപ്പെടുന്നു. ഇറാനിലെ ഭരണകൂടം പുതിയ സാഹിത്യ രീതികളോട് കടുത്ത എതിര്‍പ്പും വിമുഖതയും വച്ചുപുലര്‍ത്തുന്നു. പ്രവാസികളായ എഴുത്തുകാര്‍ ഇറാനിലെ അവസ്ഥകളെപ്പറ്റി വ്യക്തമായ കാഴ്പ്പാട് ലോകത്തിന് നല്‍കുന്നുണ്ട്. വിദേശരാജ്യങ്ങളിലെ സ്വാതന്ത്ര്യം ഉപയോഗിച്ച്, അവര്‍ എഴുതുന്നു. പക്ഷേ, ഇതെത്ര മാത്രം ഇറാനിലെ സാധാരണക്കാരില്‍ എത്തുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
അഫ്ഗാനിസ്ഥാനും അവസ്ഥകളും
എന്താണ് അഫ്ഗാനിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥ? രാജ്യം എങ്ങോട്ടാണ് നീങ്ങുന്നത്?
ദാരിദ്ര്യം, മനുഷ്യത്വത്തിനെതിരെയുള്ള പാതകങ്ങള്‍, യുദ്ധകുറ്റങ്ങള്‍, അധിനിവേശ സേന, ലൈംഗിക കച്ചവടം, ലോകത്തില്‍ ഏറ്റവും അധികം അഴിമതി, പട്ടിണി, മയക്കുമരുന്ന് കച്ചവടം, മനുഷ്യാവകാശ ലംഘനങ്ങള്‍, ചാവേര്‍ ബോംബുകള്‍, അമ്പതിനായിരം വരുന്ന വിദേശ സൈന്യം, മുഹമ്മദ് ഷഹീര്‍ മുതല്‍ ഹമീദ് കര്‍സായിവരെയുള്ള ക്രിമിനലുകള്‍, സ്തുതിപാഠകരായ എഴുത്തുകാര്‍- ഇതൊക്കെയാണ് അഫ്ഗാനിസ്ഥാന്‍. നീതിയും സമാധാനവുമില്ലാത്ത രാജ്യം. ജനസംഖ്യയില്‍ 95 ശതമാനത്തിലധികം പേര്‍ക്കും നീതിയോ സമാധാനമോ ഭക്ഷണമോ സൗകര്യങ്ങളോ ഇല്ല. 50-60 ശതമാനം ജനങ്ങള്‍ ഭവനരഹിതരാണ്. നിരക്ഷരതയാണ് ഇന്ന് അഫ്ഗാന്‍ നേരിടുന്ന ചരിത്രപരമായ മുഖ്യ പ്രശ്‌നവും വെല്ലുവിളിയും. അഫ്ഗാനിസ്ഥാനിലെ പുതിയ തലമുറ കൊലപാതകത്തിനും മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പ്രതികരിക്കാന്‍ തുടങ്ങിയില്ലെങ്കില്‍ ദുരന്തങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ആവര്‍ത്തിച്ച് ഇനിയും വലിയ ദുരന്തങ്ങളിലേക്ക് പോകും.
അഫ്ഗാനിസ്ഥാനിലെ നിലവിലെ ഭരണാധികാരികളെ താങ്കള്‍ എങ്ങനെ വിലയിരുത്തും? രാജ്യത്തെ ജനാധിപത്യത്തെപ്പറ്റിയോ?
ഇപ്പോഴത്തെ ഭരണാധികാരികള്‍ മാത്രമല്ല രാജ്യത്തെ ഏക ഭരണാധികാരികള്‍! കര്‍സായിക്ക് ഒരു ഗ്ലാസ് വെള്ളംപോലും വൈറ്റ് ഹൗസ് അനുവാദമില്ലാതെ കുടിക്കാന്‍ കഴിയില്ല. സഖ്യശക്തികള്‍ ഇപ്പോഴും രാജ്യത്തുണ്ട്. താലിബാന്‍, അല്‍ക്വയ്ദ, യുദ്ധപ്രഭുക്കള്‍, മയക്കുമരുന്ന് കച്ചവടക്കാര്‍ എന്നിവരും രാജ്യത്തുണ്ട്. അധികാരത്തില്‍ ക്രിനമിലുകളാണുള്ളത്. അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യമെന്നത് അമേരിക്കന്‍ തമാശയാണ്. അവരെപ്പോഴും പറഞ്ഞുകൊണ്ടിരിക്കും: ഞങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യംകൊണ്ടുവരുന്നു. അവിടെ ഒരു ജനാധിപത്യവുമില്ല. അഫ്ഗാനിസ്ഥാന്‍ യുദ്ധപ്രഭുക്കളുടെയും ക്രമിനിലുകളുടെയും രാജ്യമാണ്. ചിലര്‍ യുദ്ധപ്രഭുക്കള്‍ എന്നു പറഞ്ഞാല്‍ വടക്കന്‍മേഖലയിലെ മുജാഹിദുകളെയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ നമുക്ക് ഇവരെ രാജ്യത്തിന്റെ എല്ലായിടത്തും കാണാം. അഫ്ഗാനിസ്ഥാന്‍ മാത്രമല്ല എന്റെ രാജ്യം. എല്ലായിടവും എന്റെ രാജ്യമാണ്. പക്ഷേ, ഇങ്ങനെ പറയുമ്പോഴും പാസ്‌പോര്‍ട്ടും വിസയും ആവശ്യമാണ് എന്ന് എനിക്കറിയം.
താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുക്കുമെന്ന് കരുതുന്നുണ്ടോ? എന്താണ് അവരുടെ അവസ്ഥ?
താലിബാന്‍ വീണ്ടും അധികാരം പിടിക്കുമോ എന്ന് പറയാനാവില്ല. അവര്‍ അഫ്ഗാന്റെ കിഴക്ക്, തെക്ക് ഭാഗത്തും ശക്തമാണ്. ബ്രിട്ടന്റെ ക്ലാസിക്കല്‍ ഭരണം എന്ന് പ്രയോഗമുണ്ട്. എന്നുവച്ചാല്‍, ബ്രിട്ടീഷ് അധികാരത്തിനായി എന്‍.ജി.ഒ ചിന്തകള്‍ ഉപയോഗിക്കുക. ക്രിമിനലുകളും, എന്‍.ജി.ഒ ചിന്താഗതിയുള്ള ആളുകളുമായി ചേര്‍ന്ന് ബ്രിട്ടന്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. അഫ്ഗാനിസ്ഥാനിലെ അധികാരത്തില്‍ നിരവധി താലിബാനുകള്‍ ഉണ്ട്. താലിബാനുമായി ബന്ധമുള്ള 500 പേരുകള്‍ ഞങ്ങള്‍ കാബൂള്‍പ്രസില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പറയുന്ന പലരും അധികാരത്തിലുണ്ട്. പാര്‍ലമെന്റില്‍ പലരീതിയില്‍ നുഴഞ്ഞുകയറിയ താലിബാന്‍കാര്‍ക്ക് നിയമം ഭേദഗതിചെയ്യാനും താലിബാന്‍ നേതാക്കളുമായി നല്ലരീതില്‍ സഹകരിക്കാനുമാകും.നേരത്തെ ഉണ്ടായ സമാധാന കമീഷന്‍ താലിബാനുവേണ്ടി ഉണ്ടാക്കിയതായിരുന്നു. ഈ കമീഷന്‍ 2500 താലിബാന്‍കാര്‍ക്ക് സമാധാനവും പണവും ഭൂമിയും നല്‍കി. സഹായം പറ്റി പലരും അഫ്ഗാന്‍ ജനതക്കെതിരെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിലും പങ്കാളികളായി. വാര്‍ത്താവിതരണ സാംസ്‌കാരിക മന്ത്രിയെപോലുള്ള ചില മന്ത്രിമാര്‍ക്ക് താലിബാന്റെ അതേ നിലപാടുകളാണുള്ളത്. ചിലര്‍ പാസ്‌പോര്‍ട്ട് കുപ്പായ കീശയിലിട്ടാണ് നടക്കുന്നത്. എപ്പോഴെങ്കിലും പ്രശ്‌നമുണ്ടായി പിടിക്കപ്പെടുമെന്ന ഘട്ടംവന്നാല്‍ രാജ്യം വിടാമെന്ന കണക്കുകൂട്ടലിലാണ് ഇവര്‍. ഇവരൊന്നും താലിബാനേക്കാള്‍ മെച്ചമല്ല. അതായത് താലിബാന്‍ നേരിട്ട് ഭരിക്കാതെയും താലിബാന്‍ ഭരണം നടപ്പാകുമെന്നര്‍ഥം.
അഫ്ഗാനിസ്ഥാന് പുതിയ വിപ്ലവം ആവശ്യമാണോ?
അതെ. ഈ പുതിയ വിപ്ലവം ജനങ്ങളില്‍ നിന്നും ബുദ്ധിജീവികളില്‍ നിന്നുമാണ് ഉണ്ടാകേണ്ടത്. നിര്‍ഭാഗ്യകരമെന്നുപറയാം നമുക്ക് ശരിയായ ബുദ്ധിജീവികളില്ല. അതിനാല്‍ നമുക്ക് പുതിയ തലമുറയെ മുന്നേറ്റം സംഘടിപ്പിക്കാനായി പരിശീലിപ്പിക്കുകയും അവര്‍ സജ്ജരാകുന്നതിന് കാത്തിരിക്കുകയും ചെയ്യണം. നിരക്ഷരതക്കെതിരെ നമ്മള്‍ പോരാടണം. അത് ഇല്ലാതക്കണം. ഏതൊരു മുന്നേറ്റത്തിനും ആവശ്യം ജനങ്ങള്‍ തങ്ങളുടെ അവകാശങ്ങളെപ്പററി ബോധവാന്‍മാരായിരിക്കുക എന്നതാണ്. ഞങ്ങള്‍ നിരക്ഷതക്കെതിരെ അന്താരാഷ്ട്ര പ്രചരണം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെയും നിരക്ഷരത തുടച്ചുനീക്കാനായി ഒരു ദേശീയ പദ്ധതി ആവിഷ്‌കരിക്കാന്‍ സര്‍ക്കാരിനായിട്ടില്ല.
ഒരിക്കല്‍ കമ്യൂണിസ്റ്റ് രാജ്യമായിരുന്ന അഫ്ഗാനില്‍ എന്താണ് ഇപ്പോഴത്തെ ഇടതുപക്ഷങ്ങളുടെ അവസ്ഥ?
ചില ഇടതുപക്ഷക്കാര്‍ വലതുപക്ഷക്കാരേക്കാള്‍ വലതുപക്ഷക്കാരാണ്. അഫ്ഗാനിസ്ഥാനിലേക്ക് അമേരിക്ക വന്നപ്പോള്‍ അവരില്‍ പലരും കാര്യങ്ങള്‍ മറക്കുകയും വലതുപക്ഷക്കാരായി മാറുകയും യുദ്ധപ്രഭുക്കള്‍ക്കും താലിബാനുമൊപ്പം കൈകോര്‍ക്കുകയും ചെയ്തു. ചില ഗ്രൂപ്പുകള്‍ ഇപ്പോഴും തങ്ങള്‍ സ്വതന്ത്രമാണ് എന്ന് അവകാശപ്പെടുന്നുണ്ട്. അവരില്‍ നിരവധി വിരോധാഭാസങ്ങളുണ്ട്. അവര്‍ ശക്തമായ പ്രതിപക്ഷവുമല്ല. ഭൂരിപക്ഷം നേതാക്കളും അമേരിക്കയിലോ യൂറോപ്യന്‍രാജ്യങ്ങളിലോ ആണ് ജീവിക്കുന്നത്.
എന്താണ് സ്ത്രീകളുടെ അവസ്ഥ?
എല്ലയ്‌പ്പോഴും കുട്ടികളും സ്ത്രീകളുമാണ് കലാപത്തിന്റെയും യുദ്ധത്തിന്റെയും ഇരകള്‍. പ്രത്യേകിച്ച് പുരുഷപ്രഭുക്കളുടെ നാടായ അഫ്ഗാനില്‍. സ്ത്രീകള്‍ സ്വതന്ത്രരല്ല. ഭയത്തോടെയാണ് അവര്‍ ജീവിക്കുന്നതും സമൂഹത്തില്‍ ഇടപെടുന്നതും. മതമൗലികവാദികളുടെയും താലിബാന്‍കാരുടെയും ആക്രമണം ഏത് നിമിഷവും ഉണ്ടാകുമെന്ന് അവര്‍ ഭയപ്പെടുന്നു. അമേരിക്കയുടെ ജനാധിപത്യമെന്നത് സ്ത്രീകളെ ഉപയോഗിച്ചുള്ളതാണ്. അവിടെ പ്രാദേശീകവും അന്തര്‍ദേശീയവൂമായ ഒ.ജി.ഒ കളുണ്ട്. പല സ്ത്രീ സംഘടനകളും സാമ്രാജ്യത്വ രാജ്യങ്ങളെയും യു.എന്‍, പോലുള്ള സംഘടനകളെയും ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവരെല്ലാം പറയും ലിംഗപ്രശ്‌നവും ശാക്തീകരണവും മുഖ്യമാണെന്ന്. ഈ സംഘടനകള്‍ പലതൂം സ്ത്രീകളെ നിരത്തി കൂടുതല്‍ കൂടുതല്‍ ഫണ്ട് നേടിയെടുക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. സ്ത്രീകള്‍ക്കാകട്ടെ ഈ സംഘടനകളില്‍ വലിയ പങ്കുമില്ല. സ്ത്രീ മന്ത്രാലയത്തിലെ സ്ത്രീ പ്രാതിനിധ്യം പോലും പേരിന് മാത്രമാണ്.
രാജ്യത്തെ അഭയാര്‍ഥികളുടെ അവസ്ഥയും മോശമാണെന്ന് കേള്‍ക്കുന്നു?
ലക്ഷക്കണക്കിന് അഫ്ഗാന്‍കാര്‍ രാജ്യംവിടാന്‍ നിര്‍ബന്ധിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ രാജ്യത്തിനകത്തുനിന്ന് മറ്റൊരിടത്തേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടവരുമുണ്ട്. 8-9 വര്‍ഷങ്ങള്‍ക്ക്മുമ്പ് അഞ്ചുലക്ഷം അഭയാഥികള്‍ രാജ്യത്തേക്ക് മടങ്ങിവന്നു. എന്നാല്‍ അവരില്‍ നല്ലപങ്കും അരക്ഷിതാവസ്ഥയും തൊഴിലില്ലായ്മയും മൂലം വീണ്ടും നാടുവിടേണ്ടി വന്നു. ബന്ധപ്പെട്ട മന്ത്രാലമാകട്ടെ അഴിമതി നിറഞ്ഞതുമാണ്. മറുവശത്ത് ഈ അഭയാര്‍ഥികള്‍ ഇറാന്‍, പാകിസ്ഥാന്‍പോലുള്ള രാജ്യങ്ങളിലും പ്രശ്‌നമാകുന്നുണ്ട്. ഭൂരിപക്ഷം അഫ്ഗാന്‍ അഭയാര്‍ഥികളും ഈ രണ്ടു രാജ്യങ്ങളിലുമാണുള്ളത്. ഇറാന്‍ സര്‍ക്കാര്‍ കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കില്ല. അതുപോലെ അവര്‍ക്ക് സ്വതന്ത്രമായി പണിയെടുക്കാനുമാവില്ല. ദക്ഷിണ അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴും പോരാട്ടമുണ്ട്. അതുപോലെ പലയിടത്തും താലിബാനും യുദ്ധപ്രഭുക്കളും ദേശീയ താല്‍പര്യത്തിന് വിരുദ്ധമായി പോരാട്ടം തുടരുകയാണ്. ഓരോ ദിവസവും പുതിയ ഇരകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ പ്രശ്‌ന പരിഹാരത്തിന് താങ്കള്‍ നിര്‍ദേശിക്കുന്ന രാഷ്ട്രീയ പരിഹാരം എന്താണ്?
അധികാരത്തിലുള്ള എല്ലാ ക്രമിനിലുകളെയും പിന്തള്ളുക. അവരെ വിചാരണ ചെയ്യുക. ഈ നടപടി തുടങ്ങേണ്ടത് അഫ്ഗാനിസ്ഥാനില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്ഥാപിച്ചുകൊണ്ടാവണം. മുഹമ്മദ് സഹീറിന്റെ കാലം മുതല്‍ ഇന്നുവരെയുള്ള അനീതികളും അക്രമങ്ങളും വിചാരണ ചെയ്യണം. ഒരു ക്രമിനിലും സ്ഥാനാര്‍ഥിയല്ലാത്ത പുതിയ തെരഞ്ഞെടുപ്പ് വേണം.
അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങളില്‍ ഇന്ത്യക്ക് എന്തെങ്കിലും ഗുണകരമായി ചെയ്യാനുന്നെ് കരുതുന്നുണ്ടോ?
പാകിസ്താന്‍, ഇറാന്‍, അറബ് രാജ്യങ്ങള്‍, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെപ്പോലെ ഇന്ത്യയും അഫ്ഗാനിസ്ഥാനിലെ യുദ്ധപ്രഭുക്കളെ പിന്തുണക്കുകയാണ് ചെയ്തത്. ന്യൂഡല്‍ഹിയിലെ ഒരു തെരുവിന് ഇന്ത്യന്‍സര്‍ക്കാര്‍ അഫ്ഗാനിലെ പ്രശസ്തനായ യുദ്ധപ്രഭുവിന്റെ പേര് നല്‍കിയത് ഓര്‍ക്കുക. അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സഹായിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നെങ്കില്‍ ആദ്യം ചെയ്യേണ്ടത് യുദ്ധ പ്രഭുക്കളെ പിന്തുണക്കുന്നത് നിര്‍ത്തുകയാണ്.
അഫ്ഗാനിസ്ഥാന്‍ വിടാന്‍ താങ്കളെ പ്രേരിപ്പിച്ചതെന്താണ്? രണ്ടുവട്ടം തടവിലായതാണോ? ആ അനുഭവങ്ങള്‍ എത്തരത്തിലുള്ളതാണ്?
ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതി വെളിപ്പെടുത്തുന്ന രേഖകള്‍ പ്രസിദ്ധീകരിച്ചും മനുഷ്യാവകാശ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചുമായിരുന്നു എന്റെ പത്രപ്രവര്‍ത്തനം. അതിനാല്‍ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും സ്വതന്ത്രമായി ഞാന്‍ എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും ഇഷ്ടമായില്ല. രണ്ടുതവണ സുരക്ഷാ സേനകള്‍ തടവിലാക്കി. പിടികൂടി എന്‍.ഡി.എസ്. ആസ്ഥാനത്ത് കൊണ്ടുപോയി. താലിബാന്‍, അല്‍ക്വയ്ദ അംഗങ്ങളെന്ന പേരില്‍ ചിലരെ തടവിലടച്ചിരുന്നതിനു സമീപമായിരുന്നു എന്റെ സെല്‍. കൈയും കാലിലും ചങ്ങലയിട്ടു. തടവുകാരനു ലഭിക്കേണ്ട ഒരു അവകാശവും ലഭിച്ചില്ല. അര്‍ധരാത്രി പോലും അവര്‍ വിളിച്ചുണര്‍ത്തി ചോദ്യം ചെയ്തു. ആരാണ് നീ, നിങ്ങള്‍ക്കാരാണ് രേഖകള്‍ തന്നത്? എന്തിന് കര്‍സായിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഴുതുന്നു. കാബൂള്‍ പ്രസിന്റെ ജര്‍മനിയിലും അമേരിക്കയിലുള്ള ശാഖകള്‍ എവിടെയൊക്കെ? ഒരു ഹസാരയായ ഞാന്‍ എന്തിന് ഭരണാധികാരികളെ വിമര്‍ശിക്കണം? ഉത്തരം വളരെ ലളിതമായിരുന്നു. ഞാന്‍ പത്രപ്രവര്‍ത്തകനാണ്. എനിക്ക് കോടതിയില്‍ മാത്രം, അതും കോടതി സുരക്ഷ ഉറപ്പാക്കുമെങ്കില്‍ സോഴ്‌സ് വെളിപ്പെടുത്തിയാല്‍ മതി. എന്‍.ഡി.എസ്. ആസ്ഥാനത്തെ തടവ് നിയമവിരുധമായിരുന്നു. എനിക്ക് ആകെയുളളത് ലാപ്‌ടോപാണ്. വീട്ടിലെ മോശം ഇന്റര്‍നെറ്റ് കണക്ഷനാണ് എന്റെ പ്രവര്‍ത്തനത്തിന്റെ ഘടകം. അഭിഭാഷനെ കാണാനും അനുവദിച്ചില്ല. ഒടുവില്‍ ഞാന്‍ നിരാഹരസമരം തുടങ്ങി. 96 മണിക്കൂര്‍ നിരാഹാരം നീണ്ടപ്പോള്‍ അവരെന്നെ അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ കൊണ്ടുപോയി. ഒടുവില്‍ ജാമ്യത്തില്‍ വിട്ടു. ഞാന്‍ പത്രസമ്മേളനം നടത്തി അന്താരാഷ്ട്ര മാധ്യമങ്ങളുള്‍പ്പടെയുള്ളവരോട് കാര്യങ്ങള്‍ വിശദീകരിച്ചു. അഴിമതി നടത്തിയ മന്ത്രിയെയല്ല, അഴിമതി വിളിച്ചു പറഞ്ഞ എന്നെ അറസ്റ്റ് ചെയ്യുന്നതിലെ തെറ്റ് ഞാന്‍ പറഞ്ഞു. ഒരു മാസം ഓഫീസിനുള്ളില്‍ തന്നെ തുടരാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെട്ടു. എന്‍.ഡി.എസ്. സേന അറസ്റ്റ് ചെയ്യാനായി ഓഫീസ് പരിസരത്ത് എപ്പോഴുമുണ്ടായിരുന്നു. ഒടുവില്‍ അറസ്റ്റ് നടന്നു. പാകിസ്താനും അഫ്ഗാനിസ്ഥാനുമായി സമാധാന സംഭാഷണം നടന്ന ആദ്യ ദിവസമായിരുന്നു അത്. ഞാന്‍ വീണ്ടും അഫ്ഗാനിസ്ഥാന്‍ ഗോണ്ടിനാമോയില്‍ അടക്കപ്പെട്ടു. ആദ്യ അറസ്റ്റിനുശേഷം അഫ്ഗാന്‍ ഗ്വാണ്ടിനാമോ എന്ന് എന്‍.എസ്.ഡി ആസഥാനത്തെ വിശേഷിപ്പിച്ച് മാധ്യമങ്ങളോട് പറഞ്ഞത് എന്‍.ഡി.എസ്. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമായില്ല. നിയമവിരുധ അറസ്റ്റില്‍ പ്രതിഷേധിച്ച് ഞാന്‍ നിരാഹാരം തുടങ്ങി. ഒമ്പതു മണിക്കൂറിനുശേഷം അവരെന്നെ വിട്ടയച്ചു. അതിനുകാരണം അറുനൂറോളം മാധ്യമപ്രവര്‍ത്തകര്‍ എന്നെ വിട്ടയച്ചിലെങ്കില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം പ്രകടനം നടത്തുമെന്നും പാകിസ്താനുമായി നടക്കുന്ന ഉച്ചകോടി ബഹിഷ്‌കരിക്കുമെന്നും മുന്നറിയിപ്പുനല്‍കിയതാണ്. കര്‍സായി ഒടുവില്‍ വിട്ടയക്കാന്‍ നിര്‍ദേശിച്ചു. വീണ്ടും ഞാന്‍ ഓഫീസിനുള്ളിലായി. മനുഷ്യാവകാശ സംഘടനകള്‍ രാജ്യം വിടാന്‍ ഉപദേശിച്ചു. കാരണം അടുത്ത തവണ തട്ടിക്കൊണ്ടുപോകലോ കൊലപാതകമോ നടത്തുമെന്ന് അവര്‍ പറഞ്ഞു. ഒടുവില്‍ അത് അംഗീകരിക്കുകയായിരുന്നു.
സ്വയമെങ്ങനെയാണ് വിശേഷിപ്പിക്കുക-രാഷ്ട്രീയ കവി, പത്രപ്രവര്‍ത്തകന്‍..?
എനിക്ക് എന്‍േറതായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. പക്ഷേ, ഞാന്‍ രാഷ്ട്രീയക്കരനല്ല. ഭരണാധികാരികള്‍ ചെയ്യുന്നത് വിമര്‍ശിക്കാനും അവരുടെ ചെയ്തികള്‍ തുറന്നുകാട്ടാനും ഞാന്‍ ഇഷ്ടപ്പെടുന്നു. ചിലപ്പോള്‍ സ്വയം തോന്നുന്നത് ഞാന്‍ ഇടതുപക്ഷക്കാരനാണെന്ന്. എന്നാല്‍ ഞാന്‍ ഇടതുപക്ഷക്കാരനാണ് എന്നു പറയുന്നവരെയും ഞാന്‍ വിമര്‍ശിക്കുന്നു! സ്വയം വിളിക്കാന്‍ ഇഷ്ടപ്പെടുന്നത് പത്രപ്രവര്‍ത്തകന്‍, കവിയെന്നാണ്.
താങ്കളുടെ ആക്റ്റിവസവുമായി കവിതാ രചന എത്രമാത്രം ഒത്തുപോകുന്നു? സ്വയം എത്രമാത്രം കവിതകളില്‍ തുറന്നു കാട്ടാനാകുന്നുണ്ട്? എത്രമാത്രം രചനകള്‍ ഇറാനിലും അഫ്ഗാനിലും സ്വീകരിക്കപ്പെടുന്നു?
ആക്റ്റിവിസം മൂലം എനിക്ക് കാര്യങ്ങള്‍ കൂടുതല്‍ ദൂരത്തിലും പരപ്പിലും കാണാനാവുന്നു. ആ കാഴ്ചകള്‍ ഞാന്‍ കവിതയില്‍ കൊണ്ടുവരുന്നു. അഫ്ഗാനിസ്ഥാനില്‍ കവിതകള്‍ ജനങ്ങളുടെ ശബ്ദമായേപറ്റു. അത് ചില രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ മാത്രം ഒതുക്കനാവില്ല.
കവിതകളില്‍ ഞാന്‍ എന്നെ തുറന്നുകാട്ടുന്നുണ്ട്. പക്ഷേ എല്ലാവര്‍ക്കും കണ്ടെത്താനാവില്ല. അത് വാക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുന്നു. സാധാരണക്കാര്‍ക്കും മനസിലാക്കാന്‍ പറ്റുന്ന വിധത്തില്‍ കാര്യങ്ങള്‍ ലളിതമായി പറയുകയാണ് ഞാന്‍ ചെയ്യുന്നത്. എന്നാല്‍, തീര്‍ത്തും ലളിതവുമല്ല! ഇറാനിലും അഫ്ഗാനിലും ഞാനൊരു സാധാരണ കവിമാത്രമാണ്. അച്ചടിച്ച പുസ്തകം പ്രസിദ്ധീകരിച്ചവരെ മാത്രമാണ് കവികളായി എല്ലാവരും അംഗീകരിക്കുക. സെന്‍സര്‍ഷിപ്പ് ഇടങ്ങളില്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഞാന്‍ ഉഷ്ടപ്പെടുന്നില്ല. അഫ്ഗാനില്‍ പുസ്തകം അച്ചടിച്ചാല്‍ പോലും വായനക്കാരെ കിട്ടുമോ എന്ന് സംശയം. എവിടെയാണ് അത് എനിക്ക് വില്‍ക്കാന്‍ കഴിയുക. നിങ്ങള്‍ക്ക് അധികം പുസ്തക ശാലകള്‍ അഫ്ഗാനില്‍ കാണാനാവില്ല.
എന്താണ് എഴുത്ത്? എപ്പോഴാണ് എഴുത്തിലേക്ക് തിരിഞ്ഞത്?
സ്വയം സമാധാനം കണ്ടെത്താനുള്ള മാര്‍ഗമാണ് എനിക്ക് എഴുത്ത്. പതിനേഴ് വയസുള്ളപ്പോള്‍ കവിത എഴുതാന്‍ തുടങ്ങി. എന്റെ നോട്ട് പുസ്തകത്തിലും മാഗസിന്റെ പുറംചട്ടയിലുമാണ് എഴുതിയത്. പിന്നീട് എന്റെ ഭാര്യയുടെ അച്ഛനായി മാറിയയാള്‍ ഞാന്‍ എഴുതുന്നത് നല്ലതാണെന്നും എഴുതാനായി പ്രേരിപ്പിക്കുകയും ചെയ്തു. ഞാനെഴുത്തു തുടര്‍ന്നു. അതെനിക്ക് പുതിയ പുതിയ ലോകങ്ങള്‍ നല്‍കി; സമാധാനം നല്‍കി.
അഫ്ഗാനിസ്ഥാനിലും ഇറാനിലും കവിത എത്രമാത്രം സ്വീകരിക്കപ്പെടുന്നുണ്ട്?
ജനങ്ങള്‍ കവിത ഇഷ്ടപ്പെടുന്നുണ്ട്. ഇറാനില്‍ ചില എഴുത്തുകാര്‍ തങ്ങളുടെ മോശം കവിതകളുമായി എത്തും. അതേതെങ്കിലും നടനോ മറ്റോ വായിക്കുന്നതോടെ വലിയ സ്വീകാര്യനാവും. പക്ഷേ കവി മരിക്കുന്നതിനു മുമ്പ കവിത മരിച്ചിട്ടുണ്ടാവും. അഫ്ഗാനില്‍ ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് നാടോടി ഗീതങ്ങളാണ്. അവര്‍ക്ക് മുന്നില്‍ മറ്റ് സാധ്യതകള്‍ വിരളമാണ്. പുതിയ രീതിയില്‍ എഴുതിയാല്‍ ജനങ്ങള്‍ സ്വീകരിക്കുമോ എന്ന ഭയമാണ് എഴുത്തുകാര്‍ക്കുള്ളത്. നിങ്ങള്‍ പുതിയ രീതിയില്‍ എഴുതാതെ എങ്ങനെയാണ് ജനങ്ങള്‍ സ്വീകരിക്കുമോ ഇല്ലയോ എന്ന് പറയാനാവുക. ജനത്തെ വിലകുറച്ചു കാണുന്നതാണ് ഈ മുന്‍വിധി. മാത്രമല്ല കവിതാ പുസ്തകങ്ങള്‍ അച്ചടിച്ച് വില്‍ക്കാവുന്ന സാഹചര്യം അഫ്ഗാനിലില്ല.
താങ്കള്‍ സെന്‍സര്‍ഷിപ്പിനെതിരെ പോരാടുന്നു. പുതിയ സാങ്കേിത വിദ്യ അതിന് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നുമുണ്ട്. അതേപ്പറ്റി?
ശരിയാണ് പൊതുജനങ്ങളോട് പറയണം, പരസ്യമാക്കണം എന്നു കരുതുന്നതെല്ലാം സ്വതന്ത്രമായി ചെയ്യാന്‍ എനിക്ക് പുതിയ സാങ്കേതിക വിദ്യയില്‍ കഴിയുന്നു.
വെബ് ഡിസൈനിങ് എനിക്കറിയുമായിരുന്നില്ല. പിന്നീട് അത് സ്വയം പഠിച്ചു. അതുപോലെ സ്വന്തം പുസ്തകങ്ങള്‍ ഇ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനുമായി. ആരും എന്റെ വെബ്‌സൈറ്റ് അടച്ചുപൂട്ടാന്‍ വന്നിട്ടില്ല. (എന്നെ അറസ്റ്റ് ചെയ്യാനാവില്ലെന്നല്ല. പക്ഷേ, കാബൂളില്‍ ഹോട്ട് ടീ വാരിക പ്രസിദ്ധീകരിച്ചതുപോലെ പരിമിതിയില്ല). കാബൂള്‍ പ്രസിന് അഫ്ഗാനിസ്ഥാനില്‍ നിന്നെമ്പാടും വായനക്കാരുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഒരു പത്രത്തിന് 2000 വായനക്കാരാണുള്ളത്. എന്നാല്‍ എനിക്ക് 25,000 ലധികം വായനക്കാരുണ്ട്. നേരത്തെ വര്‍ത്തമാനപത്രങ്ങള്‍ എല്ലാ പ്രവശ്യകളിലും വിതരണം ചെയ്യാന്‍ അനുവാദമുണ്ടായിരുന്നില്ല. കാബൂള്‍, മസാര്‍ ഇ ഷെരീഫ്, ഹീറത്ത്, ജലാലബാദ്, കഹാര്‍ എന്നിവിടങ്ങളിലേ വിതരണം ചെയ്യാന്‍ കയിയൂ. ഈ അവസ്ഥ ഇപ്പോള്‍ മാറുകയാണ്. ആ സമയത്ത് എനിക്ക് 20 പ്രവശ്യകളിലും വായനക്കരുണ്ടായിരുന്നു. ചില വായനക്കാര്‍ ഉന്നത ഉദ്യോഗസ്ഥരാണ്. ഇപ്പോള്‍ ഇറാന്‍-അഫ്ഗാന്‍ സര്‍ക്കാരുകള്‍ എന്റെ വാര്‍ത്താ സൈറ്റുകള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും വായനക്കാരുടെ എണ്ണം കൂടുകയാണ് ചെയ്യുന്നത്. പലരും പലവിധത്തില്‍ കാബൂള്‍പ്രസ് വായിക്കുന്നു. മാത്രമല്ല, നിയന്ത്രണം മറികടക്കാന്‍ വിദേശരാജ്യങ്ങളിലെ അഫ്ഗാന്‍കാര്‍ വാര്‍ത്തകള്‍ കോപ്പി ചെയ്ത് ഇമെയിലായും മറ്റും അഫ്ഗാനിലും ഇറാനിലുമുള്ളവര്‍ക്ക് അയക്കുന്നു. ഇത്തരത്തില്‍ വിശാലമായ സാധ്യതകള്‍ സാങ്കേിതിക വിദ്യ നല്‍കുന്നു.
അഫ്ഗാന്‍ സാഹിത്യത്തെപ്പറ്റി?
അഫ്ഗാന്റെ സാഹിത്യം മികച്ചതെന്ന് അവകാശപ്പെടാനാവില്ല. ചിലര്‍ അത് യുദ്ധം കാരണമാണെന്ന് പറയും. പക്ഷേ യുദ്ധ സമയത്തും കവിത ശക്തമാകുകയാണ് വേണ്ടത്. ആര്‍ക്കും യുദ്ധസമയത്ത് കവിതയെ തകര്‍ക്കാനാവില്ല. സങ്കീര്‍ണ അനുഭവങ്ങള്‍ ഉണ്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സാഹിത്യം അഫ്ഗാനില്ല. ഒരു ഉദാഹരണം പറയാം. നോബല്‍ സമ്മാനത്തിന് അഫ്ഗാനിലെ ഒരു എഴുത്തുകാരിയെ പെന്‍ നിര്‍ദേശിച്ചിരുന്നു. അവര്‍ പിന്നീട് എം.പിയായി. ശരിക്കും അവരുടെ എഴുത്ത് മെച്ചപ്പെട്ടതോ ഗുണനിലവാരമുള്ളതോ അല്ല. അഫ്ഗാന്‍ പാര്‍ലമെന്റില്‍ അവര്‍ യുദ്ധപ്രഭുക്കള്‍,താലിബാന്‍, അഴിമതിക്കാര്‍ എന്നിവര്‍ക്കൊപ്പമാണ് ഇരിക്കുന്നത്. പാര്‍ലമെന്റില്‍ അവര്‍ ഇരുന്നുറങ്ങുന്നത് പിന്നീട് വാര്‍ത്തയായി. മികച്ച എഴുത്ത് ഭീഷണിയെയും സമര്‍ദങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വഴങ്ങുന്നതാകരുത്. അഫ്ഗാനില്‍ അത്തരം എഴുത്ത് കുറവാണ്. എന്നാല്‍, ചില പുതിയ എഴൂത്തുകാര്‍ പഴയമൂല്യങ്ങളെ മറികടന്നു വരുന്നു എന്നതാണ് ആശ്വാസകരം.
റാഹെയപ്പറ്റി? താങ്കള്‍ പെന്‍ സംഘടനുമായി പോരാട്ടം നടത്തിയിരുന്നു. അതേപ്പറ്റി?
റാഹ എന്നത് ഓണ്‍ലൈന്‍ സംഘടനയാണ്. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇന്ത്യ ഉള്‍പ്പടെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ എഴുത്തുകാര്‍ ഒന്നിക്കുകയും സ്വതന്ത്രമായി തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. പെന്നുമായി പോരാട്ടം നടത്തിയിരുന്നില്ല. വിമര്‍ശിക്കുക എന്നതിന് പോരാട്ടമെന്നല്ല അര്‍ഥം. അഫ്ഗാനിസ്ഥാന്‍പോലുള്ള രാജ്യങ്ങളില്‍ പെന്‍ കുടുതല്‍ നന്നായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. പെന്‍ അഫ്ഗാനിസ്ഥാനില്‍ പിന്തുണക്കുന്നത് സര്‍ക്കാര്‍/അധികാര ചിന്തകള്‍ പുലര്‍ത്തുന്ന ഗ്രൂപ്പുകളെ ആശ്രയിച്ചു നില്‍ക്കുന്നവരെയും ചില യുദ്ധപ്രഭുക്കളെ പിന്താങ്ങുന്ന എഴുത്തുകാരെയുമാണ്. അതുപോലെ പെന്‍ പിന്തുണക്കുന്നത് ക്ലാസില്‍ എഴുത്തുകാരെയുമാണ്. ഞങ്ങള്‍ എന്നത് പുതിയ സാഹിത്യത്തിനുവേണ്ടി പോരാടുന്നവരാണ്. പുതിയ തലമുറ എഴുത്തുകാരെ വിട്ട് ക്ലാസിക്കല്‍ രീതിയെമാത്രം പിന്തുണക്കുന്നത് ഗുണകരമല്ല. അതായിരുന്നു വിമര്‍ശം. പെന്നിന് നിലപാടില്‍ മാറാന്‍ കഴിയില്ലെന്നുവന്നപ്പോള്‍ ഞങ്ങള്‍ ബദല്‍ തേടി.
താങ്കള്‍ക്ക് ഏതെങ്കിലും സംഘടനയില്‍ അംഗത്വമുണ്ടോ? എന്താണ് അതില്‍ താങ്കളുടെ പങ്ക്?
ഞാനൊരു പാര്‍ടിയിലും സംഘടനയിലും അംഗമല്ല. റാഹ പെന്‍ എന്ന ഓണ്‍ലൈന്‍ സംഘടനയില്‍ മാത്രമാണ് അംഗം. റാഹ പെന്നില്‍ ഇന്ത്യന്‍ സൃഹൃത്തുക്കള്‍ക്കൊപ്പം ധാരാളം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. പുതിയ എഴുത്തിനെയും എഴുത്ത് രീതികളെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. അധികാരങ്ങളോട് ഒത്തുചേര്‍ന്ന എഴുത്തിനെയല്ല, ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന സാഹിത്യത്തെയും രചനകളെയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വായിക്കാനും അറിയാനും അവസരം ഒരുക്കുന്നു.
താങ്കള്‍ കുറേക്കാലം ഇന്ത്യയിലുണ്ടായിരുന്നു ? എന്താണ് താങ്കള്‍ക്ക് ഇന്ത്യ?
ഇന്ത്യയെപ്പറ്റിയും അതിന്റെ ചരിത്രം, ഭാഷ, ജനങ്ങള്‍ എന്നിവയെപ്പറ്റിയുമെല്ലാം നേരത്തെ വായിച്ചും മറ്റും അറിയാം. നേരത്തെ അറിഞ്ഞതിന്റെ പകര്‍പ്പാണ് വീണ്ടും കണ്ടത്. ഞാനിന്ത്യയെ ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ അതേ സമയം തെരുവില്‍ ജീവിക്കുകയും ഉറങ്ങുകയും ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടവരെപ്പറ്റിയും പറയേണ്ടതുണ്ട്. തെരുവില്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നവര്‍ ലക്ഷക്കണക്കിനു വരും. ഇത് ദുരന്തമാണ്. ആ അവസ്ഥയെ എനിക്ക് നന്നായി അറിയാം. പരിചിതമാണ്. തെരുവിലെ നായകളുടെ ആര്‍ത്തിപിടിച്ച കണ്ണില്‍നിന്ന് നിങ്ങള്‍ക്ക് ഇന്ത്യയെ വേണമെങ്കില്‍ വായിക്കാം. സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ അധ്വാനിക്കുന്നു, എന്നാല്‍ അവരേക്കാള്‍ കുറഞ്ഞ വേതനം കൈപ്പറ്റുന്നു. ഇത്തരത്തില്‍ ഇന്ത്യ പലതാണ് എനിക്ക്. ഇന്ത്യ എന്റെ എഴുത്തില്‍ അധികം സ്വാധീനം ചെലുത്തിട്ടില്ല. കാരണം അതിലും വലുതും യഥാര്‍ഥവുമായ ദുരന്തങ്ങള്‍ അഫ്ഗാനില്‍ കണ്ടതുകൊണ്ടാവും. ഇന്ത്യയില്‍ ഞാന്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. രാഷ്ട്രീയാഭയത്തിനുവേണ്ടി ശ്രമിക്കുകയും ചെയ്തു. എംബസികളും വിവിധ സര്‍ക്കാര്‍ ഓഫീസുകളും കയറിയിറങ്ങി. ഒടുവില്‍ ഇന്ത്യയെന്ന മോഹം ഈ ഓഫീസുകളും ഉദ്യോഗസ്ഥരുമെല്ലാം ചേര്‍ന്ന് ഇല്ലാതാക്കി. പിന്നെ തുണയായത് നോര്‍വെയാണ്.
മതം എത്രമാത്രം താങ്കളെ നയിക്കുന്നുണ്ട്?
മതം ജീവിതത്തില്‍ പ്രധാനമുള്ളതായി ഞാന്‍ കരുതുന്നില്ല. ജീവിതത്തില്‍ മതം വലിയ പങ്കും വഹിക്കുന്നില്ല.
പുതിയ പുസ്തകങ്ങള്‍? പദ്ധതികള്‍?
അഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിന് തയാറായിട്ടുണ്ട്. രണ്ടെണ്ണം കവിതാ സമാഹാരമാണ്. ഒന്ന് സാഹിത്യവിമര്‍ശനം. ഒരെണ്ണം അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശത്തെപ്പറ്റിയുള്ളതാണ്്. അഴിമതിയെപ്പറ്റിയുള്ള രേഖകള്‍ അടക്കം 500 ലധികം ലേഖനങ്ങള്‍ അഫ്ഗാനിസ്ഥാനിലെ സാമൂഹ്യ പ്രശ്‌നങ്ങളെപ്പറ്റി എഴുതിയിട്ടുണ്ട്. അത് പുസ്തമാക്കമെണന്ന് ആലോചനയുണ്ട്. അഫ്ഗാന്‍കാര്‍ക്കായി ആദ്യ ബ്ലോഗ് സര്‍വീസ് തുടങ്ങണമെന്നുണ്ട്. അതുപോലെ അഫ്ഗാനിസ്ഥാന്‍ ഇ-സിറ്റി രൂപീകരിക്കണമെന്നും. പെട്ടന്ന് ചെയ്യാനാവില്ല. നീതിയുക്തമായ അന്താരാഷ്ട്ര ക്രിമിനല്‍ കോടി അഫ്ഗാനിസ്ഥാനില്‍ കൊണ്ടുവന്ന്, രാജ്യത്ത് ഇന്നോളം നടന്ന കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യണം എന്ന വാദം അടിസ്ഥാനമാക്കിയ പ്രചാരണത്തിലാണ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.
പച്ചക്കുതിര 2012 Aug
No comments:
Post a Comment