
'അസമയത്തെ' പെണ്ണിന്റെ യാത്ര
തസ്നി ബാനു
ഓരോ രാത്രിയാത്രയും പെണ്ണിന് ഒരേ മട്ടിലുള്ള അനുഭവങ്ങളാണ്. കാലവും സ്ഥലവും മാറുന്നുവെന്നു മാത്രം. അനുഭവങ്ങള്‍ വ്യത്യസ്തമാകുന്നേയില്ല. നോട്ടങ്ങളും സമീപനവും സമാനം. ഒരേ തരത്തിലുള്ള ആളുകളോടാണ് അവള് ഇടപെടേണ്ടിയും/ഇടയേണ്ടിയും വരുന്നത്. അനുഭവങ്ങളുടെ ഒരു ഓര്മ ഇങ്ങനെയാണ്:
കുറച്ചുവര്‍ഷം മുമ്പാണ്. ഒരു ബിസിനസ് സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുകയാണ് ഞാനന്ന്. പകല്‍ കോഴിക്കോട് ഒരു ബിസിനസ് മീറ്റായിരുന്നു. അത് കഴിഞ്ഞ് മടക്കം. എത്തേണ്ടത് താമസിക്കുന്ന കോലഞ്ചേരിയില്‍. തൃശൂരില്‍ എത്തുമ്പോള്‍ രാത്രി 10-11 മണിയായിക്കാണും. അവിടുന്ന് എറണാകുളത്തിനുള്ള ബസില്‍ മാറിക്കയറണം. സ്റ്റാന്‍ഡിനടുത്ത് ഓട്ടോസ്റ്റാന്‍ഡുണ്ട്. അതിന് സമീപത്തുകൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്നുവരികയായിരുന്നു. ജീന്‍സും ഷര്‍ട്ടുമാണ് വേഷം. എതിരെ വന്നയാള്‍ പെട്ടെന്ന് എന്റെ മുന്‍വശത്ത് അടിഭാഗത്തായി പിടിച്ചു. എന്നിട്ട് നടക്കാന്‍ തുടങ്ങി. ഞാനത് ഒട്ടും പ്രതീക്ഷിക്കുന്നില്ല. ഒന്നു പകച്ചെങ്കിലും രാത്രിയാത്രകളിലുമെല്ലാം സ്ത്രീ സ്വയം ഒരുക്കുന്ന പ്രതിരോധത്തിന്റെ കണിശതയില്‍ ഞാന്‍ തിരിഞ്ഞു നിന്നു അയാളെ പിടിച്ചുനിര്‍ത്തി. പിന്നെ മൂക്കിന് തന്നെ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ അയാള്‍ ഇരുന്നുപോയി. പെട്ടന്ന് ഓട്ടോറിക്ഷക്കാരും ആള്‍ക്കാരും ചുറ്റും കൂടി. അവരെല്ലാം എനിക്ക് അനുകൂലമായ നിലപാട് എടുത്തു. പൊലീസ് വന്നു. ഞാനവരോട് കാര്യങ്ങള്‍ പറഞ്ഞു. പൊലീസ് അയാളെ പിടികൂടി. പക്ഷേ, അവര്‍ അയാളെ ചോദ്യം ചെയ്യുന്നതിനേക്കാള്‍ എന്നെയാണ് ചോദ്യം ചെയ്ത്. ഞാനാരാണ്, എവിടെ പോകുന്നു, എന്തുചെയ്യുന്നു തുടങ്ങി നൂറായിരം ചോദ്യങ്ങള്‍. 'അസമയത്ത്' (അസമയം സ്ത്രീക്ക് മാത്രമാണ്) പോകുന്ന സ്ത്രീയെപ്പറ്റിയുള്ള ചില ധാരണകള്‍ മനസില്‍ വച്ചുകൊണ്ടാണ് ചോദ്യമെന്നറിയാം. മറ്റൊരു കൂട്ടര് ഒരു സ്ത്രീ പുരുഷനെ തല്ലാന്‍ മാത്രം വളര്‍ന്നോ, അതു ശരിയാണോ എന്ന മട്ടില്‍ നോക്കുകയും സംസാരം തുടങ്ങുകയും ചെയ്തു. ആര്‍ക്കും അയാള്‍ ചെയ്ത തെറ്റിനെപ്പറ്റി ചിന്തയില്ല. അവിടെ കൂടുതല്‍ നേരം നിന്നാല്‍ വൈകും. ബസ് പോകും. പൊലീസ്കാര്‍ക്ക്് ഞാന്‍ പേരും വിലാസവും ഫോണ്‍ നമ്പറും നല്കി. എന്തു നടപടി വേണമെങ്കിലുമെടുക്കാം, കേസാക്കണം എന്നു പറഞ്ഞ് ഞാന്‍ മടങ്ങി. ഫോണില്‍ വിളിച്ചാല്‍ മതി വരാം എന്നും പറഞ്ഞു. പക്ഷേ, അതിനുശേഷം ഇന്നുവരെ എന്റെ ഫോണില്‍ വിളിവന്നിട്ടില്ല. ആ പൊലീസുകാര്‍ അയാള്‍ക്കെതിരെ പരാതി നല്‍കണമെന്നു പറയാനോ, അന്വേഷിക്കാനോ വിളിച്ചിട്ടില്ല.
ഇത് എന്റെ ആദ്യത്തേതോ, ഏക അനുഭവമോ അല്ല. അല്ലെങ്കില്‍ ഈ അനുഭവം എന്‍േറതുമാത്രമല്ല. രാത്രി യാത്ര ചെയ്യുന്ന സ്ത്രീകളോട് സംസാരിച്ചപ്പോഴെല്ലാം അവരെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. രാത്രി സ്ത്രീകളുടേതല്ല എന്ന പുരുഷധാരണ ശക്തമായി നിലനില്‍ക്കുന്നുണ്ട്. രാത്രി പുറത്തിറങ്ങുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്നും അവര്‍ക്കുമേല്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നുമുള്ള മട്ടിലാണ് പുരുഷന്മാരിലധികം പെരുമാറുക. രാത്രി പുറത്തിറങ്ങുന്ന സ്ത്രീകള്‍ മോശക്കാരികളായതുകൊണ്ട് തന്നെ തങ്ങള്‍ വിളിച്ചാല്‍ ഒപ്പം വരുമെന്നാണ് മറ്റ് ചിലരുടെ ധാരണ.
മുമ്പ് ഞാന്‍ യുക്തിവാദ സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. പല പരിപാടികളുമുണ്ടാവും. ഞങ്ങള്‍ കലൂരില്‍ ഒരു മൗനജാഥ സംഘടിപ്പിച്ചു. വൈകുന്നേരമായിരുന്നു പരിപാടി. സന്ധ്യമയങ്ങിയതോടെ എല്ലാവരും പിരിഞ്ഞു. എനിക്ക് പോകേണ്ടത് കോലഞ്ചേരിയിലേക്കാണ്. എറണാകുളം കെ.എസ്.ആര്.ടി. സി സ്റ്റാന്‍ഡില്‍ ചെന്നാല്‍ ബസ് കിട്ടും. ഞാന്‍ കലൂര്‍ സ്റ്റാന്‍ഡിന് പുറത്ത് ബസ് കാത്തു നില്‍ക്കുകയാണ്. സമയം ഏഴാവുന്നു. അപ്പോള്‍ കുറച്ചുമാറി ഒരാള്‍ ടൂ വീലറില്‍ ഓടിച്ചുവന്നുനിന്നു. എന്നെ നോക്കി ആംഗ്യം കാണിക്കാന്‍ തുടങ്ങി. ഒപ്പം വരുന്നോ എന്നാണ് അര്‍ത്ഥം. ഞാനത് അവഗണിച്ചു. പ്രതികരിക്കണമെന്നുണ്ട്. എന്നാല്‍, ഞാനങ്ങോട്ട് ചെന്ന് വഴക്കുണ്ടാക്കിയാല്‍ അത് മറ്റൊരു രീതിയിലേ തെറ്റിധരിക്കൂ. എന്തിന് അങ്ങോട്ടു ചെന്നു എന്നതാവും കുറ്റം. അതുകൊണ്ട് അവഗണിക്കാന്‍ തീരുമാനിച്ചു. പെട്ടന്ന് തന്നെ കെ.എസ്.ആര്.ടി. ബസ് വന്നതിനാല്‍ ഞാന്‍ അതില്‍ കയറി. ഇപ്പോഴെങ്കിലും ഉദ്ദേശിച്ചയാളല്ല ഞാന്‍ എന്ന് അയാള്‍ക്ക് മനസിലായിക്കാണുമെന്നു കരുതി. എന്നാല്‍ അയാള്‍ വിടാന്‍ ഭാവമില്ലായിരുന്നു. അയാള്‍ തന്റെ വാഹനവുമായി ബസിന് പുറകെ വന്ന് ഹോണിടക്കാന്‍ തുടങ്ങി. ഒപ്പം കൂടെ വാ എന്ന ആംഗ്യവും. ബസ് ഓരോ സ്റ്റോപ്പില്‍ നിര്‍ത്തുമ്പോഴും ഇതു തന്നെയായിരുന്നു അയാളുടെ പരിപാടി. ഇയാള്‍ വന്ന് ഹോണടിക്കുന്നത് കേട്ട് ബസിലുള്ളവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അവരില്‍ പലരും എന്നെ ഒരു പ്രത്യേക രീതിയിലാണ് നോക്കിയത്. ഞാന്‍ കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോഴുണ്ട് അയാള്‍ അവിടെയും. വണ്ടി നിര്‍ത്തി അയാള്‍ എന്റെ പിന്നാലെ വരാന്‍ തുടങ്ങി. ഞാന്‍ സ്റ്റാന്‍ഡില്‍ കയറി ചെന്ന് അവിടെയുള്ള കടക്കാരോട് പറഞ്ഞു. അവര്‍ ഭയപ്പെടേണ്ട, ഞങ്ങള്‍ നോക്കിക്കോളാം എന്നു പറഞ്ഞു. അവര്‍ സെകൂരിറ്റികാരോട് പറഞ്ഞു. വൈകാതെ പൊലീസും എത്തി. അപ്പോള്‍ അയാള്‍ ഒന്നു മറിയാത്ത ഭാവത്തില്‍ സ്റ്റാന്‍ഡിന് സമീപമുള്ള റെയില്‍വേ സ്റ്റേഷന് റോഡിലേക്ക് വേഗം നടക്കാന്‍ തുടങ്ങി. പൊലീസുകാരും ഞാനും പിന്നാലെ ഓടി. പിടിച്ചപ്പോള്‍ ഒന്നുമറിയാത്ത മട്ടില്‍ അയാള്‍ പെരുമാറി. പൊലീസ് ഒന്നുവിരട്ടിയപ്പോള്‍ അയാള്‍ സത്യം പറഞ്ഞു. പൊലീസുകാര്‍ ഇതിനിടയില്‍ ഒന്നുരണ്ടടിയും കൊടുത്തിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് കേസാക്കാന്‍ താല്പര്യമില്ല. അയാള്‍ മാപ്പു പറഞ്ഞാല്‍ മതി. രാത്രി സ്ത്രീകള്‍ പല ആവശ്യത്തിനും പുറത്തിറങ്ങും. അത് അയാള്‍ക്കൊപ്പം വരാനുള്ളതല്ല എന്ന് ബോധ്യപ്പെടുത്തിയാല്‍ മതി. അയാള്‍ മാപ്പു പറഞ്ഞു. അതോടെ ഞാന്‍ ബസില്‍ കയറി. അപ്പോള്‍ ബസില്‍ അടുത്തിരുന്ന ആളുകള്‍ പറഞ്ഞു 'എന്നാലും മോളേ നീ ചെയ്തത് ശരിയായില്ല. അയാളെ പൊലീസിനെകൊണ്ടു പിടിപ്പിക്കരുതായിരുന്നു. അത് മോശമായിപ്പോയി.' അയാള്‍ ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതല്ല ആള്‍ക്കാര്‍ക്ക് വിഷയം. ഇവിടെ രണ്ടു തരം പ്രശ്നമുണ്ട്. ഒന്ന് രാത്രി പുറത്തിറങ്ങുന്ന സ്ത്രീകളോട് ചില പുരുഷന്മാരുടെ സമീപനം. അതെത്ര മോശമായാലും തെറ്റാവുന്നില്ല. പകരം അതിനോട് പ്രതികരിച്ച സ്ത്രീയുടെ സമീപനം തെറ്റാവുകയും ചെയ്യുന്നു. കുറ്റപ്പെടുത്തല്‍ സ്ത്രീക്ക്!
തല്ക്കാലം രാത്രിയെയും യാത്രയെയും വിട്ട് സ്ത്രീയുടെ പ്രതികരണത്തെപ്പറ്റി സംസാരിക്കാം. സ്ത്രീയുടെ പ്രതികരണം എപ്പോഴും മോശം കാര്യമായിട്ടാണ് പൊതുസമൂഹം കാണുന്നത്. അതിന് രാത്രിയും പകലെന്നുമുള്ള വ്യത്യാസമില്ല. പുരുഷന് ചെയ്ത അനീതി വിട്ടുകളഞ്ഞ് സ്ത്രീ പ്രതികരിച്ചതിലെ ശരിയും തെറ്റുമാവും വിഷയം. ഒരു പകല്‍ ഞാന്‍ നേരിട്ട അനുഭവം പറയാം. മുമ്പ് ഞാന്‍ ഈ അനുഭവം എഴുതിയിട്ടുണ്ട് (ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച 'പെണ്ണിര' എന്ന പുസ്തകത്തിലെ ഒരു അനുഭവമായി ഇതു ചേര്‍ത്തിട്ടുണ്ട്)
ഒരുകൂട്ടുകാരിയെ ആശുപത്രിയിലെത്തിച്ച് പുറത്തേക്ക് വരികയായിരുന്നു ഞാന്‍. ഒരു പയ്യന് പിന്നാലെ നടന്നുവന്നത് കണ്ടില്ല. അവന് ചേച്ചീ എന്നു വിളിച്ച് എന്റെ പിന്നില്‍ എന്തോ ഉള്ളതായി പറഞ്ഞു. യാത്രയിലോ ആശുപത്രിയില്‍ നിന്നോ പറ്റിയ അഴുക്കിനെപ്പറ്റിയാവും അവന് പറയുന്നത് എന്നു കരുതി. അഴുക്ക് തട്ടിക്കളയാന്‍ ശ്രമിക്കുന്നതിനിടെ അവനോട് നന്ദി പറഞ്ഞു. നടക്കാന്‍ തുടങ്ങിയപ്പോള്‍ അവനെന്തോ ചോദിച്ചു. എന്താണെന്ന് ചോദിച്ചപ്പോള്‍ വ്യക്തമായി അവന് ഇങ്ങനെ പറഞ്ഞു: ''ഈ അമ്മിഞ്ഞ കുടിക്കാനുള്ളതാണോ?'' ആ മറുപടി കേട്ട് ഒരു നിമിഷം സ്തബ്ധയായി. എന്താടാ നിനക്കറിയേണ്ടത്? അവന് തിരിഞ്ഞോടി. പുറകേ ഞാനും. അവനെ കോളറില്‍ പിടിച്ചു നിര്‍ത്തി. നിനക്കെന്താടാ അറിയേണ്ടത് എന്നുചോദിച്ച് അവന്റെ മുഖത്ത് അടിച്ചു. സമീപത്തുണ്ടായിരുന്ന പെട്ടിക്കടയിലെ പ്രായംചെന്നയാള്‍ ഇടപെട്ടു. പയ്യാന് കാണിച്ച വൃത്തികേട് അയാളോട് പറഞ്ഞപ്പോള്‍, അതെല്ലാം ശരി എന്നാലും ആണ്‍കുട്ടികളെ തല്ലാന്‍പാടില്ല എന്നാണ് അയാളുടെ നിലപാട്. അവന് ചെയ്ത വൃത്തികേടല്ല, ഒരുപെണ്‍കുട്ടി ആണ്‍കുട്ടിയെ തല്ലി എന്നതാണ് അവരെ അലട്ടിയത്. ഇതാണ് പൊതുസമൂഹത്തിന്റെ മനോഭാവം (പൊതു എന്ന് പറയുമ്പോള്‍ എല്ലാവരും എന്നല്ല അര്‍ഥം). അപ്പോള്‍ പ്രതികരിച്ച സമയമല്ല വിഷയം. രാത്രിയാതുകൊണ്ടല്ല മുമ്പുള്ള സംഭവങ്ങളില്‍ ഞാന്‍ കുറ്റപ്പെടുത്തിലിന് വിധേയയായത്. സ്ത്രീ അനീതിയെ ചോദ്യം ചെയ്യുന്നതോ അവള്‍ക്ക് നേരെയുള്ള അക്രമത്തെ എതിര്‍ക്കുന്നതോ തെറ്റാണ്. ഇതിനെ രാത്രിയായാലും പകലായാലും ഒരേ മട്ടിലാണ് പൊതുസമൂഹം നോക്കികാണുന്നത്. ഓരോ യാത്രകളിലും ഓരോ അനുഭവത്തിലൂടെ കടന്നുപോകുമ്പോഴും അക്രമിയുടെ കൂടെനില്‍ക്കുന്ന പൊതുമനോഭാവം എന്നെ നൊമ്പരപ്പെടുത്തിയിട്ടുണ്ട്, വിഷമിപ്പിച്ചിട്ടുണ്ട്, ദേഷ്യം കൊള്ളിച്ചിട്ടുണ്ട്. ചിലപ്പോഴെങ്കിലും എനിക്ക് തോന്നിയിട്ടുണ്ട്, എന്നെക്കൊണ്ട് കഴിയാത്തത് അവന് ചെയ്തല്ലോ എന്ന ആരാധനപോലും ഈ പക്ഷം ചേരലിനുണ്ടോ എന്ന്. ഈ മനോഭാവം തന്നെ അപകടമാണ്. അത് അംഗീകരിച്ചുകൊടുക്കാന്‍ സ്ത്രീകള്‍ക്കാവില്ല.
രാത്രിയാത്രയിലേക്ക് തന്നെ മടങ്ങാം. ഞാന്‍ യാത്ര ഇഷ്ടപ്പെടുന്ന ഒരാളാണ്. നിരന്തരം യാത്ര ചെയ്യേണ്ടിയും വരുന്നുണ്ട്. ജോലി സംബന്ധമായും അല്ലാതെയും. മാസത്തിലൊരിക്കല്‍ മഞ്ചേരിയിലെ വീട്ടില്‍ പോയി മടങ്ങുന്നതുമെല്ലാം രാത്രിയിലാണ്. രാത്രി ഒരു സ്ത്രീ യാത്ര ചെയ്യുമ്പോള്‍ പുരുഷന്മാര്ക്ക് എവിടെ പോകുന്നുവെന്ന് അറിയണം. രാത്രി കുറച്ചുവൈകയിയാലുള്ള സംഭവമല്ലിത്. സന്ധ്യയ്ക്ക് നമ്മള് ഒരു ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നുവെന്ന് കരുതുക. പതിയെ ആളുകള്‍/ആണുങ്ങള് അടുത്തുവന്നുചോദിക്കും. എവിടെ പോകുന്നു, എന്തിനു പോകുന്നു. ഉത്തരം പറയാന്‍ തുടങ്ങിയാല്‍ ചോദ്യങ്ങള്‍ കൂടിക്കൊണ്ടേയിരിക്കും. അവസാനം കൊണ്ടുവിടണോ എന്നു ചോദിക്കും. ഇതില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യഘടകം സ്ത്രീയെ സംരക്ഷിക്കുകയല്ല.
കാക്കനാടിന് അടുത്ത് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സില്‍ ഞാന്‍ നേരിട്ട അനുഭവം ചര്‍ച്ചയായിക്കഴിഞ്ഞു. മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലുമെല്ലാം അത് സജീവ വിഷയമാണ്. സംഭവം ഇതാണ്:
കാക്കനാട് സെസില്‍ ഒരു ബി.പി.ഒ. കമ്പനിയിലാണ് എനിക്ക് ജോലി. ഒരോ മാസവും ജോലിയുടെ ഷിഫ്റ്റ് മാറും. രാത്രി 11 നു തുടങ്ങി രാവിലെ ഏഴിന് അവസാനിക്കുന്ന ഷിഫ്റ്റാണ് ജൂണിലുണ്ടായിരുന്നത്. പാലാരിവട്ടത്തെ വനിതാ ഹോസ്റ്റലിലാണ് താമസം. സാധാരണ രാത്രി ഡ്യൂട്ടിയുള്ളപ്പോള്‍ ഓഫീസില്‍ നിന്ന് വണ്ടി അയക്കും. വ്യക്തിപരമായ മറ്റ് ചില ആവശ്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ 19-ാം തീയതി ഓഫീസ് വാഹനത്തില്‍ പോകാനായില്ല. അതുകൊണ്ട് ഒരു സൃഹൃത്ത് ബൈക്കില്‍ കൊണ്ടാക്കാമെന്ന് സമ്മതിച്ചു. രാത്രി പത്ത് കഴിഞ്ഞതേയുള്ളൂ. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോള്‍ സുഹൃത്ത് ബൈക്ക് നിര്‍ത്തി സിഗരറ്റ് വാങ്ങാനായി പോയി. അവന് കടയിലേക്ക് പോകുമ്പോള്‍ ബൈക്കിന്റെ സമീപത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. റോഡില്‍ തന്നെയാണ് നില്‍പ്പ്.
അവിടെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലെ ഡ്രൈവര്‍ അടുത്തെത്തി ചോദ്യം ചെയ്യല്‍ ആംഭിച്ചു. ഒപ്പം ഒന്നുരണ്ടുപേരും കൂടി. ഈ സമത്ത് ഒരു പുരുഷനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നത് ശരിയല്ലെന്ന് മട്ടിലായിരുന്നു സംസാരം. കൂടെയുള്ളത് സൃഹൃത്താണെന്നും ഓഫീസില്‍ ഡ്യൂട്ടിക്ക് കൊണ്ടാക്കാന്‍ പോകുകയയാണെന്നും പറഞ്ഞു. അതവര്‍ക്ക് ബോധ്യപ്പെട്ടില്ല. അഥവാ ഉള്‍ക്കൊള്ളാനായില്ല. പെണ്ണിനെയും കൊണ്ട് വീട്ടിലേക്ക് പോടേ എന്ന് എന്റെ സുഹൃത്തിനോട് അയാള്‍ പറഞ്ഞു. ഇവള്‍ക്ക് ജോലിയുണ്ടെന്നും അവിടെ കൊണ്ട് വിടുകയാണെന്നും സുഹൃത്ത് മര്യാദക്ക് പറഞ്ഞു.
അവര്‍ പരസ്യമായി അപഹസിക്കാന്‍ തുടങ്ങി. അവന് തന്റെ പേരും വിലാസവുമൊക്കെ കൃത്യമായി തന്നെ പറഞ്ഞു. അതവന്റെ നിലപാടാണ്. അതിനെ ഞാന്‍ എതിര്‍ക്കുന്നില്ല. അതുപോലെ കണ്ടവരോട് എല്ലാം പേരും വിവരം പറയാതിരിക്കുക എന്റെ അവകാശമാണ്. നിങ്ങളോട് പേരും അഡ്രസും പറയാന്‍ എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞു. ഇതു ബാംഗ്ലൂരല്ലെന്നും ഇവിടെ ഉത്തരം പരിപാടികളൊന്നും നടക്കില്ലെന്ന് പറഞ്ഞ് അപഹസിച്ചു. എന്താണ് ഇവിടെ നടന്നതെന്നു ഞാന്‍ തിരിച്ചുചോദിച്ചു.
കൂടുതല്‍ പ്രശ്നത്തിന് നില്‍ക്കാതെ ബൈക്കില്‍ കയറിപോകാന്‍ ശ്രമിക്കവെ അയാള്‍ ഉച്ചത്തില്‍ പുലയാടി മോളേ എന്ന് തെറി വിളിച്ചു. എന്താടാ വിളിച്ചത് എന്നു ഞാന്‍ തിരിച്ചുചോദിച്ചു. ആ സമയത്ത് വല്ലാതെ ദേഷ്യം വന്നു. അതോടെ അയാള്‍ എന്റെ കവളില്‍ ആഞ്ഞടിച്ചു. വലതു കൈ പിടിച്ചു ശക്തിയായി തിരിക്കുകയും ചെയ്തു. അഞ്ചാറുപേരേയുള്ളൂ അവിടെ. സംഭവം ആരും കണ്ടിട്ടില്ല കൂടുതല്‍ ആളുകള്‍ സ്ഥത്തെത്തുമ്പോള്‍ ഞങ്ങള്‍ എന്തോ മോശക്കാരണാണെന്ന മട്ടില്‍ അടിച്ചയാളും കൂട്ടരും ചേര്‍ന്ന് കാര്യങ്ങള്‍ അവതരിപ്പിച്ചു.
പൊലീസിനെ വരുത്തിച്ചു പിടിപ്പിക്കുമെന്നായി ഭീഷണി. എങ്കില്‍ പൊലീസിനെ വിളിക്കു എന്നായി ഞാന്‍. പക്ഷേ അവര്‍ അതിന് തയാറായില്ല. ഒടുവില്‍ കാക്കനാട് പൊലീസില്‍ മൊബൈലില്‍ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തകരായ സി.ആര് നീലകണ്ഠനെയും ജ്യോതി നാരായണനെയും ഫോണില്‍ വിളിച്ചു. തൊട്ടടുത്ത് താമസിക്കുന്ന അവര്‍ ഉടന്‍ സ്ഥലത്തെത്തി. അതോടെ തല്ലിയ ഓട്ടോറിക്ഷക്കാരന് മുങ്ങി. മറ്റുളളവരുടെ പ്രതിഷേധം അടങ്ങുകയും ചെയ്യു. അയാളുടെ അടിയില്‍ എന്റെ കഴൂത്തില്‍ മുറിവേറ്റു. കയ്യും നടുവിലുമെല്ലാം നല്ല വേദനയുണ്ടായിരുന്നു. എങ്കിലും ഓഫീസിലേക്ക് പോകന്‍ തീരുമാനിച്ചു യാത്ര തുടര്‍ന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി. ഇതറിഞ്ഞ് ഞങ്ങളും തിരിച്ച് അവിടെയെത്തി.
ഓട്ടോറിക്ഷക്കരന്‍ മുങ്ങിയെങ്കിലും അയാള്‍ക്കൊപ്പം ചേര്‍ന്ന് അപമാനിച്ച ആളെ ഞാന്‍ കാട്ടിക്കൊടുത്തു. പൊലീസ് അയാളെ ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഞാനും സുഹൃത്തും ബൈക്കില്‍ സ്റ്റേഷനിലെത്തി എസ്.ഐയെ കണ്ടു. കേസാക്കണമോ എന്ന് പോലീസ് ചോദിച്ചപ്പോള്‍ നിയമപരമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് ഞാന്‍ പറഞ്ഞു. പരാതി എഴുതിത്തരാന്‍ പറഞ്ഞു. ഇപ്പോള്‍ എഴുതാന്‍ പറ്റിയ മാനസികാവസ്ഥയില്ല, നാളെ രാവിലെ വന്ന് എഴുതി തന്നാല്‍ മതിയോ എന്നു ചോദിച്ചു. മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ അവിടെ നിന്ന് പോകുന്നത്. ഞാനെന്റെ പേരും അഡ്രസും ഫോണ്‍ നമ്പറും നല്കി അവിടെ നിന്നും തിരിച്ചു.
പ്രതികളിലൊരാളെ കിട്ടിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല. അയാളെ വിടുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്റ്റേഷനില്‍ വിളിച്ചവരോടും അങ്ങനെയൊരു സംഭവമേ നടന്നില്ലെന്നാണ് പൊലീസുകാരന് പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള മര്‍ദനത്തില്‍ സ്ത്രീയുടെ പരാതിയില്ലാതെ കേസെടുക്കാന്‍ പൊലീസുകാര്‍ ബാധ്യസ്ഥരാണ്. അതുണ്ടായില്ല. തിങ്കളാഴ്ച കഴുത്തിനും ശരീരത്തിനും വേദനതോന്നിയതുകൊണ്ട് ഡോക്ടറെ കണ്ടു.ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഏറണാകുളം ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായി. എന്നാല്‍ പൊലീസ് മൊഴി എടുക്കാനെത്തിയില്ല. മുഖ്യമന്ത്രിയില്‍ ഓഫീസില്‍ നിന്് നിര്‍ദേശം വന്നശേഷമാണ് പിന്നീട് പൊലീസ് എത്തിയത്.

മാധ്യങ്ങള്‍, 'നാട്ടുകാര്‍', സദാചാര പൊലീസുകാര്‍
ഞാന്‍ നേരിട്ടത് ഒരു സ്ത്രീക്കും ഉണ്ടാകാന്‍ പാടില്ലാത്ത അനുഭവമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഒത്തുതീര്‍പ്പിന് വഴങ്ങാതെ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. സുഹൃത്തിനൊപ്പം ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് എനിക്ക് നേരെ ആക്രമണമുണ്ടായത്. ജോലിക്ക് മാത്രമല്ല, നാടു കാണാനോ, സൃഹത്തിനെ കാണനോ, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ, വെറുതെ കറങ്ങാനോ ആവട്ടെ, അത് എപ്പോഴായാലും പുറത്തിറങ്ങി യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും ഭരണഘടന നല്‍കുന്നുണ്ട്. എവിടെ പോകുന്നുവെന്നോ, ആരാണ് കൂടെയുള്ളതെന്നോ, പേരും വിലാസമെന്തേന്നോ വഴിയില്‍ കാണുന്നവരേട് വെളിപ്പെടുത്തേണ്ട ആവശ്യം സ്ത്രീക്കില്ല. ആരുടെ ഒപ്പം പോകുന്നു എന്നത് ചോദ്യം ചെയ്യാനും ആര്‍ക്കും അവകാശമില്ല. ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുവെങ്കില്‍ വഴിയേ പോകുന്നവര്‍ക്ക് ഇടപെടാം. സ്ത്രീകളെ രാത്രി കണ്ടാല്‍ രക്ഷാധികാരി കളിക്കുന്നവര്‍ തന്നെയാണ് സ്ത്രീയെ പീഡിപ്പിക്കുന്നതും.
സംഭവം വാര്‍ത്തയായതോടെ അക്രമം നടത്തിയ ആളുകളുടെ രക്ഷക്കുതകുന്ന വിശദീകരണങ്ങളുടെ പ്രവാഹമായി. അതിനാദ്യം ചെയ്തത് എന്നെ മോശമായി ചിത്രീകരിക്കലാണ്. ഒരു സംഭവത്തില്‍ സ്ത്രീ പ്രതികരിച്ചാല്‍ ഏറ്റവും എളുപ്പമാര്‍ഗം ആ സ്ത്രീയെ മോശക്കാരിയായും 'അപസഞ്ചാരണിയുമായി ചിത്രീകരിക്കലാണ് (അപഥവും പഥവും എതെന്ന് നിര്‍വചനവും പുരുഷന് തന്നെ നിര്‍മിക്കും!). അതുകൊണ്ടാണ് ഈ സംഭവത്തിലും സ്ത്രീയെ മോശക്കാരിയാക്കാന്‍ ശ്രമം നടക്കുന്നത്. അത് തസ്നി ബാനു എന്നുപേരുള്ള ഒരാള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതുകൊണ്ടല്ല. ഒരു സ്ത്രീ പുരുഷ സുഹൃത്തിനോടൊപ്പം യാത്ര ചെയ്തതില്‍ അശ്ളീലം കണ്ടെത്താനായി ശ്രമം. ഒരാണിനും പെണ്ണിനും തമ്മില്‍ സെക്ഷ്വല്‍ ബന്ധം മാത്രമേ സാധ്യമാവൂ എന്നത് പൊതുധാരണയാണ്. അത് ശരിയല്ല. ഒരു സ്ത്രീക്ക് പുരുഷനെന്നപോലെ പലരീതിയിലുള്ള സൗഹൃദങ്ങളുമുണ്ടാവാം. അത് ചിലപ്പോള്‍ വൈകാരികാവാം ബൗദ്ധികപരമാവാം. രാത്രിയായാലും പകലായാലും ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് യാത്ര ചെയ്യുന്നത് എങ്ങനെയാണ് തെറ്റാവുന്നത്?അതില്‍ തെറ്റു കണ്ടെത്തുന്നരുടെ മനസിനാണ് കുഴപ്പം. ഇവിടെ തല്ലിയ പുരുഷന്മാരെ രക്ഷിച്ചെടുക്കാന്‍ രാത്രി അരുതാത്തത് എന്തോ സംഭവിച്ചുവെന്ന് പറഞ്ഞാല്‍ എളുപ്പായി. ഉയരുന്ന പ്രതിഷേധത്തില്‍ നിന്നും നിയമ കുരുക്കില്‍ നിന്നും രക്ഷ പെടാന്‍ എളുപ്പം സംഭവം അനാശാസ്യമാക്കുക ആണല്ലോ!
ഞാനാണ് ആദ്യം തല്ലിയത് എന്നായി മറ്റൊരു പ്രചരണം. സ്ത്രീ പുരുഷനെ തല്ലുകയോ? എന്ന പഴയ ചോദ്യമുയര്‍ന്നു. സ്ത്രീയെ ധിക്കാരിയും പെഴച്ചവളുമായി ചിത്രീകരിക്കാന്‍ ഇത്തരം തല്ലല്‍ തന്നെ ധാരാളം. ഇനി ഞാന്‍ തല്ലിയെന്ന് തന്നെ വയ്ക്കുക. വെറുതെ വഴിയില്‍ നിന്നിട്ട് അത് വഴി വന്ന ഓട്ടോ തടഞ്ഞു നിര്‍ത്തി ഒരാളെ വലിച്ചു പുറത്തിട്ട് അടിക്കുകയല്ലോ ചെയ്തത്. ഈ യുക്തിബോധം പോലും ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കില്ലാതെ പോകുന്നു. ഇവിടെ തെറ്റെന്താണ് ? ഒറ്റയ്ക്ക് നില്ക്കുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തെറി പറയാന്‍ ചെന്നതോ? അതോ തനിക്ക് നേരെ അസഭ്യം പറയാന്‍ വന്നവനു നേരെ സ്ത്രീ പ്രതികരിച്ചതോ? അസഭ്യം പറഞ്ഞവനെ തിരിച്ച് എടാ എന്ന് വിളിച്ചതാണ് വലിയകുറ്റം. ഇത് പുരുഷന്റെ വാദം മാത്രമേ ആകുന്നുള്ളൂ.
ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ ഒരാള്‍ പറഞ്ഞത് ഇങ്ങനെയാണ്: ''എന്റെ വീട്ടിലെ സ്ത്രീകള്‍ അസമയത്ത് അന്യപുരുഷന്മാരുടെ കൂടെ യാത്ര ചെയ്യില്ല''. അന്യപുരുഷനൊപ്പം യാത്ര ചെയ്തത് ശരിയാണോ എന്നതായി ചോദ്യം. ഈ അഭിപ്രായം പറഞ്ഞയാള്‍ക്കും മറ്റുള്ളവര്‍ക്കും എന്റെ സുഹൃത്ത് അന്യനായിരിക്കും. എനിക്കല്ല. അവന് അന്യനല്ലാത്തതുകൊണ്ടാണ് ഞാന്‍ ഒപ്പം യാത്രചെയ്തത്. അന്യന് എന്ന് എന്റെ സുഹൃത്തിനെ വിളിച്ച്, ആക്രമിക്കാന്‍ വന്നവരാണ് എനിക്ക് അന്യര്‍. ഇനി അഭിപ്രായം പറഞ്ഞയാള്‍ തന്നെ എന്നും വീട്ടിനകത്ത് അടച്ചിരിക്കുകയല്ലല്ലോ ചെയ്യുന്നത്. അയാള്‍ക്കും പെങ്ങളും ഭാര്യയുമുണ്ടാകും. അവര്‍ക്ക് ഒരത്യാവശത്തിന് രാത്രി പുറത്തിറങ്ങേണ്ടിവരും. അയാള്‍ കൂടെ പോകേണ്ടിയും വരും. അസുഖം വരുമ്പോഴോ, അല്ലെങ്കില്‍ മറ്റെന്തിനെങ്കിലുമോ. അങ്ങനെ പുറത്തിറങ്ങുമ്പോള്‍ കൈയില്‍ റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കൊണ്ടല്ലോ അയാള്‍ നടക്കുക.ഒരു ഭാര്യയും ഭര്‍ത്താവും തന്നെയാണ് രാത്രിയില്‍ പോകുന്നത് എന്നു കരുതുക. അവര്‍ കൈയില്‍ വിവാഹ സര്‍ട്ടിഫിക്കറ്റും പിടിച്ചല്ല യാത്ര ചെയ്യുക. വഴിയില്‍ നിന്ന് നിങ്ങളെ ആക്രമിക്കാന്‍ വരുന്നവരെ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ചുകൊടുത്ത് രക്ഷപ്പെടാമെന്ന് കരുതുന്നത് തന്നെ ബാലിശമായ വാദമാണ്. ഇനി ആവശ്യം പോകട്ടെ. അത്യാവശ്യമില്ലെന്ന് തന്നെ കരുതുക. എനിക്ക് എന്റെ സൃഹത്തിനൊപ്പം നടന്നുകൂടെ? എനിക്ക് യാത്ര ചെയ്യാന്‍ പാടില്ലേ? അതിന് സുരക്ഷിതത്വം നല്കാന് ഭരണകൂടവും സമൂഹവും ബാധ്യമാണ്. പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചാല്‍ അത് കുറ്റമാവും. ഇതൊന്നുമില്ലെങ്കില്‍, കാമുകനോ, കാമുകിക്ക് രാത്രി യാത്ര പോയാല്‍, ഒരു സിനിമ കാണാന്‍ ഒരുമിച്ചു പോയാലോ എതെറ്റ്? കൂടെയുള്ളത് ഭര്‍ത്താവോ പിതാവോ, സഹോദരനോ ആണെണ് കൂടെയുള്ളവരെ ബോധിപ്പേിക്കേണ്ടത് സ്ത്രീയുടെ മാത്രം കടമയാകുന്നതെങ്ങനെ?
തസ്നി ബാനുവിനെതിരെ നാട്ടുകാര്‍ രംഗത്ത് വന്നു എന്നായി ചില മാധ്യമങ്ങളുടെ പ്രചാരണം. അത്തരം ബഹുവചനങ്ങള് പ്രസക്തമല്ല. കാരണം അവിടെ കൂടിയിരുന്നവരില്‍ മൂന്ന് പുരുഷന്മാര് മാത്രമാണ് ഉപദ്രവിച്ചത് എന്നാണ് ഞാന്‍ പരാതിയില്‍ വ്യക്തമായി പറഞ്ഞിരുന്നു. അവരുടെ കൃത്യമായ അടയാള വിവരങ്ങള്‍ നല്‍കുകയും ചെയ്തു. നേരിട്ട് ഉപദ്രവിച്ചവര്‍ക്കെതിരെ മാത്രമാണ് പരാതി നല്‍കിയത്. എന്നിട്ടും നാട്ടുകാര്‍ക്കെതിരെയുള്ള നീക്കമായി അത് എന്തിന് വ്യഖ്യാനിക്കപെടണം? എതൊരു സംഭവത്തിനും രണ്ടുവശം പറഞ്ഞ് ആളുകള്‍ രംഗത്തുവരും. പ്രകടനം നടത്തിയ കുറച്ചുപേര്‍ മുഴുവന്‍ ജനങ്ങളെയും നാട്ടുകാരെയും പ്രതിനിധീകരിക്കുന്നുവെന്നാണോ പറയുന്നത്? ഇരുപതോളം ആണുങ്ങള് മാത്രമാണ് പ്രകടനം നടത്തിയത്. അവര്‍ എങ്ങനെയാണ് മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധികളാകുന്നത്.? പൊതു ഇടങ്ങളും പൊതു ബോധവും പുരുഷന്റേത് മാത്രം എന്ന അവസ്ഥക്ക് അടിവരയിടുകയാണ് ഇതിലൂടെ ചെയ്യുന്നത്. യഥാര്‍ഥത്തില്‍ എനിക്കെതിരെ പരസ്യമായി വന്നവര്‍ മാത്രമല്ല സദാചാര പൊലീസ് വേഷം കെട്ടിയത്. ഒപ്പം അപവാദപ്രചരണമായും പുരുഷനുവേണ്ടി വാദമുഖങ്ങള്‍ ഉന്നയിച്ചും വന്ന എല്ലാവരുമാണ്.
മാറാത്ത ആണധികാരങ്ങള്‍
നേരത്തെ പറഞ്ഞതുപോലെ കാക്കനാടുണ്ടായത് എന്റെ ആദ്യ അനുഭവമൊന്നുമല്ല. മോശം അനുഭവമുണ്ടായപ്പോഴെല്ലാം ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. ആക്രമിക്കാന്‍ വന്നവരെ അടിച്ചിട്ടുണ്ട്. പക്ഷേ, ആ അവസരങ്ങളിലെല്ലാം നേരിടേണ്ടി വന്നത് ഒരാളെയോ രണ്ടുപേരെയോ ആണ്. ഇവിടെ അതല്ല. ഒന്നിലധികം പോരോട് എനിക്ക് എതിരിടേണ്ടി വന്നു. ഈ മനുഷ്യരാകട്ടെ സ്ത്രീയെ സദാചാരം പഠിപ്പിച്ചേക്കാമെന്ന് നിശ്ചയിച്ചവരുമായിരുന്നു. നമ്മുടെ സമൂഹം പുരോഗമനപരമായി മാറുകയാണ് എന്ന കരുതരുത്. ഒരിക്കലും അവസ്ഥകള്‍ മാറിയിട്ടില്ല. ഒരു പക്ഷേ കുറേക്കൂടി പിന്നിലോട്ട് സമൂഹം സഞ്ചരിക്കുകയാണ്. കാക്കനാട്ടുണ്ടായതിന്് സമാനമായ അനുഭവങ്ങളാണ് പതിനൊന്ന് വര്‍ഷം മുമ്പ് നേരിട്ടത്.് അന്ന് യുക്തിവാദത്തോട് താല്പര്യമുള്ളയാളായിരുന്നു. മത വിശ്വാസിയായിരുന്നില്ല. ഇന്നുമതെ. കുറേ വര്‍ഷം മുമ്പ് മതത്തെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കിയതാണ്. പ്രാര്‍ത്ഥിക്കാറില്ല. അന്ന് ഞാന്‍ ചെയ്തത് എനിക്കിഷ്ടമുള്ളയാളെ നിയമപരമായി വിവാഹം ചെയ്തുവെന്നതാണ്. മതരീതിയില്‍ വിവാഹം ചെയ്തില്ല എന്നതായിരുന്നു കുറ്റം. അന്നുണ്ടായതെല്ലാം എല്ലാവര്‍ക്കുമറിയാം. അന്നും ഇതുപോലെയുള്ള സംഭവമുണ്ടായി. ആക്രമിക്കാന്‍ വന്നത് ഒരു മതത്തില്‍ പെട്ടവരാണ് എന്നതുമാത്രമായിരുന്നു വ്യത്യാസം. വിവാഹം കഴിച്ചയാള്‍ക്കൊപ്പം റോഡില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. അന്ന് പൊലീസ് അനുകൂലമായ നിലപാട് എടുത്തു. സത്യത്തില്‍ അന്ന് മാധ്യമങ്ങള്‍ തന്ന പിന്തുണയുള്ളതുകൊണ്ടാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ അത്തരം നിലപാട് എടുത്തില്ലായിരുന്നെങ്കില്‍ ഞാനിന്നുണ്ടാവുമായിരുന്നില്ല. അതാണ്് സത്യം. പക്ഷേ, അത് വ്യത്യസ്തമായ സംഭവമാണ്. അതിവിടെ പരാമര്‍ശിക്കേണ്ട കാര്യമില്ല. ഞാന്‍ പറഞ്ഞത് അന്ന് ആക്രമിക്കാന്‍ വന്നവര്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കാക്കനാട്ടും ഞാന്‍ കേട്ടത്. കാക്കനാട്ടെ സംഭവത്തിന് ആദ്യത്തേതുമായി നേരിട്ട് ബന്ധമില്ല. രണ്ടും രണ്ടു വിഷയമാണ്. അന്നതിന് മത സ്വഭാവമുണ്ടായിരുന്നു. ഇന്ന അതില്ല. പക്ഷേ, മതത്തിലായാലും മതത്തിനു പുറത്തായാലും, പുരുഷന് തന്റെ അധികാരം സ്ത്രീക്കുമേല്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് വാസ്തവം. അത് പതിനൊന്നുവര്‍ഷത്തിനുശേഷവും ഞാന്‍ അനുഭവിച്ചു. ഏത് മതത്തിലാണെങ്കിലും പുരുഷന്റെ മാനസികാവസ്ഥ ഒന്നാണ്. അടിസ്ഥാനപരമായി ഒരു മാറ്റവും പുരുഷന്റെയും സമൂഹത്തിന്റെയും മനോഭാവത്തില്‍ ഉണ്ടായിട്ടില്ല.സ്ത്രീകള്‍ പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും എങ്ങനെ കാണപ്പെടണം, പെരുമാറണം ആരുടെ കൂടെ കാണപ്പെടണം എന്നതിനെക്കുറിച്ചുള്ള പ്രബല ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. അതനുസരിച്ചേ പുരുഷന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.
രാത്രി യാത്ര ചെയ്യുന്ന സ്ത്രീകളുടെമേല്‍ എന്തു അധികാരവുമുണ്ടെന്നുള്ള മട്ടിലാണ് ആണുങ്ങളുടെ പെരുമാറ്റം. അവര്‍ പറയുന്നത് എന്തും സ്ത്രീകള്‍ സഹിച്ചോളണം എന്നതാണ് മനോഭാവം. പെണ്‍കുട്ടികള്‍ പുരുഷന്മാരോട് ധിക്കാരം പറയാന്‍ പാടില്ല, അവര്‍ ചോദിക്കുന്നതിന് വിനീതമായി മറുപടി പറയണം എന്ന മട്ടിലാണ് അക്രമിക്കാന്‍ വന്നവര്‍ എന്നോട് പെരുമാറിയത്. പെണ്‍കുട്ടികളെ അച്ചടക്കം പഠിപ്പിക്കാനുള്ള ശ്രമം പോലെയാണ് എനിക്ക് തോന്നിയത്. ആക്രമിച്ചവര്‍ക്കും പൊതു സമൂഹത്തിന്റെ ഇക്കാര്യത്തില്‍ ഒരേ മാനസിക നിലവാരമാണുള്ളത്. രാത്രി ഇറങ്ങി നടക്കുന്ന ഒരു സ്ത്രീയെ ചോദ്യം ചെയ്ത് തെറ്റല്ല എന്നതാണ് വിശ്വാസം. സംഭവം നടന്ന് പൊലീസ് വന്നപ്പോള്‍ തല്ലിയയാള്‍ രക്ഷപ്പെട്ടു. തെറി പറഞ്ഞയാള്‍ രക്ഷപെട്ടു. പക്ഷേ, എന്നെ അപമാനിച്ച ഒരാള്‍ മാത്രം അവിടെ നിന്നു. അയാളാണ് ആദ്യം പിടിയിലായത്. അയാള്‍ എന്നെ തല്ലിയില്ല, തെറി വിളിച്ചില്ല. അപമാനിക്കാന്‍ കുട്ടുനിന്നു. അയാളാണ് ഇത്് ബാംഗ്ലൂരല്ല എന്നു പറഞ്ഞത്. പൊലീസ് വന്നപ്പോള്‍ അയാള്‍ അവിടെ തന്നെ നില്‍ക്കുകയായിരുന്നു. ധൈര്യപൂര്‍വം. അയാള്‍ക്ക് തോന്നുന്നത് അയാള്‍ ചെയ്ത് ശരിയാണെന്നാണ്. രാത്രി അസമയത്ത് കണ്ട ഒരു സ്ത്രീയെ സദാചാരം പഠിപ്പിച്ച് നേര്‍വഴിക്ക് നടത്താന്‍ താന്‍ ശ്രമിച്ചുവെന്നതായിരുന്നു ഭാവം. താന്‍ ചെയതത് തെറ്റാണെന്നുപോലും അയാള്‍ക്ക് മനസിലായില്ല. ഇതാണ് അവസ്ഥ. ആ മനോഭാവമാണ് പ്രശ്നം. പുരുഷന്റെ അധികാരം നടപ്പാക്കാനുള്ള ഉപകരണം മാത്രമാണ് സ്ത്രീകള്‍ എന്ന ഭാവം മാറണം. കേസ് ഫയല്‍ ചെയ്യാതെ ഒത്തുതീര്‍പ്പാക്കുകയല്ലേ നല്ലത് എന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍ പരസ്യമായി മാപ്പ് പറഞ്ഞാല്‍ കേസില്‍ നിന്ന് പിന്മാറാം എന്ന് ഞാന്‍ അവിടെ വച്ചു സമ്മതിച്ചു. ആ നാണക്കേടിന് താനില്ലെന്നായിരുന്നു ഓട്ടോ ഡ്രൈവര്‍ പറഞ്ഞത്. അല്ലാതെ ആരുമറിയാതെ ഒരു രഹസ്യ ഒത്ത്തീര്‍പ്പാണോ അവര്‍ ഉദ്ദേശിച്ചത്? പുരുഷന്റെ അഹംബോധം സ്ത്രീക്ക് മുമ്പില്‍ ഒരു മാപ്പു പറച്ചിലിനുപോലും തയാറാക്കുന്നില്ലെന്നതാണ് രസകരം.
പുറത്ത് യാത്ര ചെയ്യുന്ന സ്ത്രീകളെല്ലാം ഈ പുരുഷാധികാരത്തിനു കീഴില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇന്ന് കേരളത്തിലെ നല്ല പങ്ക് സ്ത്രീകളും ജോലിയുള്ളവരാണ്. ജോലിയുടെ ഭാഗമായോ അല്ലാതെയോ രാത്രി യാത്ര ചെയ്യുന്നവരാണ്. അവര്‍ പല പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ട്. സൗമ്യ തന്നെയാണ് നമ്മുടെ മുന്നിലുള്ള വലിയ ഉദാഹരണം.
മുമ്പ് അശ്ളീലം നിറഞ്ഞ കമന്റുകള്‍ മാത്രം സഹിച്ചാല്‍ മതിയായിരുന്നു. ഇപ്പോള്‍ സ്ത്രീക്ക് നേരെ ആക്രമണവുമായിരിക്കുന്നു. ഇപ്പോഴൂം ചിലര്‍ ചോദിക്കാറുണ്ട്. ബസില്‍ വച്ച് ആരെങ്കിലും ശല്യപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഒന്നു തറപ്പിച്ചു നോക്കിക്കൂടേ, അല്ലെങ്കില്‍ പിന്നെടുത്ത് കുത്തിക്കൂടേ എന്നൊക്കെ. അത് പഴയ കാലത്തെ കാര്യമാണ്. സ്ത്രീ തറപ്പിച്ച് നോക്കിയാല്‍ പിന്മാറുന്ന കലാമുണ്ടായിരുന്നു. ഇപ്പോള്‍ പ്രതികരിച്ചാല്‍ പുരുഷന് തിരിച്ചടിക്കാനും ആക്രമിക്കാനും തുടങ്ങി. സെറീന സംഭവം അതിന്റെ വ്യക്്തമായ സൂചനയാണ്. തന്നെ ഉപദ്രവിച്ചയാളോട് പ്രതികരിച്ചപ്പോള്‍ അയാള്‍ തിരിച്ച് ആക്രമിക്കുകയാണ് ചെയ്ത്.
പല സ്ത്രീകള്‍ക്കും ഇതുപോലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടാവും. പേടികൊണ്ടോ മറ്റ് കാരണങ്ങള്‍ കൊണ്ടോ അവര്‍ തുറന്ന് പറയാന്‍ തയ്യാറാല്ല. ഓരോ ദിവസവും തെരുവോരങ്ങളില്‍, ബസ്സുകളില്‍, ട്രെയിനുകളില്‍, കട കമ്പോളങ്ങളില്‍, തൊഴിലിടങ്ങളില്‍, വിദ്യാലയങ്ങളില്‍ എവിടെല്ലാം അറിയപെടാതെ പോയ തേങ്ങലുകള്‍ എത്രയാണ്?
സ്ത്രീകള്‍ക്കുനേരെ ഇനിയും അതിക്രമങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. അതിനാലാണ് നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. സ്ത്രീകള്‍ എങ്ങോട്ട് പോകണമെന്നും എന്തുചെയ്യണമെന്നും ഞങ്ങള്‍ തന്നെ തീരുമാനിക്കും.സ്വതന്ത്രവും നിര്‍ഭയവുമായ യാത്ര ഞങ്ങളുടെ അവകാശമാണ്; രാത്രിയായാലും പകലായാലും.
സംഭാഷണം: തസ്നി ബാനു/ആര്.കെ. ബിജുരാജ്
പച്ചക്കുതിര
2011 July