Thursday, December 29, 2011

കരുണാകരനല്ല; കരുണാകരനെയാണ് നക്‌സലൈറ്റുകള്‍ തകര്‍ത്തത്

ചരിത്രം/പുനര്‍വായന

കരുണാകരന്റെ രാഷ്ട്രീയജീവിതത്തെയും നക്‌സലൈറ്റുകളുടെ ഇന്നലകളെയും പുനര്‍വായിക്കുമ്പോള്‍ മറനീക്കുന്നത് ചില യാഥാര്‍ഥ്യങ്ങള്‍. അധികാരപ്രയോഗം കരുണാകരന്‍ എങ്ങനെയാണ് നടപ്പാക്കിയത്? നിയമസഭാ രേഖകള്‍ ഉള്‍പ്പടെയുള്ള ചരിത്ര തെളിവുകള്‍ പരിശോധിക്കുമ്പോള്‍ അവകാശവാദങ്ങള്‍ പലതും അസത്യമാണ് എന്ന് വ്യക്തമാകുന്നു.

ആര്‍.കെ.ബിജുരാജ്


ചരിത്രം പലപ്പോഴും ജനമര്‍ദകര്‍ക്ക് ചില സൗഭാഗ്യങ്ങള്‍ വച്ചുനീട്ടും. മരണത്തോടെ ജനനായകരായി വാഴ്ത്തപ്പെടും. അവര്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചര്‍മത്തലുകളും മറവിയിലേക്ക് അമരും. അവര്‍ക്കായി നാടുനീളെ സ്മാരകങ്ങള്‍ ഉയരും. കെ. കരുണാകരന് ലഭിച്ചത് അത്തരമൊരു സൗജന്യമാണ്. മരണത്തോടെ വാഴ്ത്തപ്പെട്ടവനായി. ഇപ്പോള്‍, മരിച്ചയാളുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ വീണ്ടും കരുണാകര സ്തുതികളുടെ ആര്‍ഭാടം. നാടു നിറയുന്ന ഈ വാഴ്ത്തലുകള്‍ ഗുരുതരമായ രീതിയില്‍ നമ്മുടെ ചരിത്രത്തെയും യാഥാര്‍ത്ഥ്യങ്ങളെയും ആക്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരുവട്ടംകൂടി കെ. കരുണാകരനെ പുനര്‍വായിക്കാം.
മുമ്പ്, കരുണാകരന്‍ മരിച്ച ഉടനെ സോഷ്യല്‍ നെറ്റ് വര്‍ക്ക് കമ്യൂണിറ്റിയായ ഫേസ് ബുക്കില്‍ എഴുത്തുകാരന്‍ സി.ആര്‍. പരമേശ്വരന്‍ ഒരു വരി കുറിച്ചിരുന്നു: ''മരണമുണ്ടാക്കുന്ന ഒരു തരം പൊതുബോധം സമീപകാല ചരിത്രത്തെക്കൂടി സൗജന്യപൂര്‍വം തെറ്റി വായിക്കാന്‍ ഇടവരുത്തും''. അത്തരം സൗജന്യം കരുണാകരന്‍ അര്‍ഹിക്കുന്നില്ല. കരുണാകരന്‍ എന്ന വ്യക്തി/മുന്‍ഖ്യമന്ത്രി/ രാഷ്ട്രീയക്കാരന്‍ പലതരത്തിലും നിഷേധാത്ക ഗുരുനാഥനാണ് (നെഗറ്റീവ് ടീ്ച്ചര്‍).
കരുണാകരന്റെ മരണവേളയില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടത് നക്‌സലൈറ്റുകളാണ്. കേരളത്തിലെ നക്‌സലൈറ്റ് വിപ്ലവത്തെ അടിച്ചര്‍മത്തിയത് കരുണാകരനാണെന്നും അങ്ങനെ കേരളത്തെ ഒരു ആന്ധ്രയോ ഛത്തീസ്ഗഢോ ആക്കാതെ രക്ഷിച്ചുവെന്നുമാണ് മാധ്യമങ്ങളും കരുണാകരനെ സ്തുതിച്ചവരും ആവര്‍ത്തിച്ചത്. ഒന്നാം ചരമവാര്‍ഷികവേളയിലും അതേ ആവര്‍ത്തനം. കരുണാകരനാണോ നക്‌സലൈറ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്തിയത്? അല്ലെങ്കില്‍ നക്‌ലൈറ്റുകള്‍ എങ്ങനെയാണ് ഇല്ലാതായത്? കരുണാകരനും നക്‌ലൈറ്റുകളെയും എങ്ങനെയാണ് ചരിത്രം പരിഗണിക്കേണ്ടത്? നമുക്കാദ്യം കരുണാകരനില്‍ നിന്ന് തുടങ്ങാം.

കരുണാകരന്റെ സംഭാവനകള്‍

പ്രതിയോഗികളെ ശാരീരികമായി കടന്നാക്രമിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കരുണാകരന്‍ കടന്നുവരുന്നത്. കമ്യൂണിസ്റ്റ് യോഗങ്ങള്‍ കലക്കിക്കൊണ്ടും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചുംകൊണ്ടായിരുന്നു രാഷ്ട്രീയ പ്രവേശം. പിന്നീട് തൃശൂരില്‍ സീതറാം മില്ലിലുള്‍പ്പെടെ തൊഴിലാളികളെ വഞ്ചിച്ച്് കരിങ്കാലിപ്പണിയും മുതലാളി പാദസേവയും.
കെ.പി.മാധവന്‍നായരും, സി.കെ. ഗോവിന്ദന്‍നായരും പനമ്പള്ളിയും ആര്‍.ശങ്കറും നിറഞ്ഞുനിന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അവര്‍ക്കിടയിലെ ഗ്രൂപ്പുകളിയില്‍ ഇടപെട്ട് തരാതരംപോലെ കളിച്ചുവളര്‍ന്നു. വൈകാതെ അധികാരത്തിലേക്കും.
കരുണാകരന്‍ കേരളത്തിന്റെ 'ഹൈ എന്‍ഡ്' മോഹങ്ങളെ (സ്‌റ്റേഡിയം, വിമാനത്താവളം പോലുള്ളത്) ഉണര്‍ത്തുകയും യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തിട്ടുണ്ടാവാം. പക്ഷേ, അദ്ദേഹം കേരളത്തിനു നല്‍കിയ 'സംഭാവനകള്‍' ഒന്നുമില്ലെന്ന് തന്നെ പറയേണ്ടിവരും. അഥവാ ഉണ്ടെങ്കില്‍ അത് ഇതാണ്:

. കോണ്‍ഗ്രസിലുടെ ഗ്രൂപ്പുകളിയെയും ഉപജാപക പ്രവര്‍ത്തനത്തെയും രാഷ്ട്രീയകലയാക്കി മാറ്റി.
. അഴിമതിയെ കേരള രാഷട്രീയത്തില്‍ വ്യവസ്ഥാപിതമാക്കി (തട്ടില്‍ എസ്‌റ്റേ്, പാമൊയില്‍ ഇടപാടുകള്‍). ഒപ്പം അഴിമതിക്കാരായ സഹപ്രവര്‍ത്തകരെ സംരക്ഷിച്ചൂ.
. തന്റെ ആശ്രിതരായ പോലീസ് ഗൂഢ/നരഭോജി സംഘത്തിലൂടെ കേരളത്തെ പോലീസ് രാജാക്കിമാറ്റി. പൊലീസിനെ ആദ്യമായി ക്രിമിനല്‍വല്‍ക്കരിച്ചു. പൊലീസ് സേനയുടെ സ്വാഭാവിക ചലന സംവിധാനത്തെ താറുമാറാക്കി. പൊലീസിനെ രാഷ്ട്രീയക്കാരുടെ പാദസേവക്കാരാക്കി.
. കേരളത്തില്‍ ആദ്യമായി ജനാധിപത്യത്തെയും നിയമസഭയെയും നിര്‍വീര്യമാക്കി. കരുണാകരന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രിപോലും അപ്രസക്തനായിരുന്നു. ഭയമാണ് അന്ന് മുഖ്യന്ത്രിയെയും നയിച്ചത്.
. എല്ലാ മനുഷ്യാവകാശങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും ഹനിച്ചു. സ്വാതന്ത്ര്യം, ജനാധിപത്യം എന്ന മിതമായ ആവശ്യങ്ങള്‍ ഉന്നയിച്ച എല്ലാവരെയും മര്‍ദിച്ചൊതുക്കി. അതിന് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ തുറന്നു. അവിടെ ആണും പെണ്ണും പീഡിപ്പിക്കപ്പെട്ടു (കക്കയത്ത് നടന്ന ബലാല്‍സംഗങ്ങളും മാനഭംഗങ്ങളും ചരിത്രത്തില്‍ എവിടെയോ മുങ്ങിപ്പോയത് കരുണാകരന് തുണയായി). ഒരു തലമുറയെ രോഗത്തിലേക്കും അകാലജരാനരകളിലേക്കും നയിച്ചു.
. നിര്‍ബന്ധിത വന്ധികരണത്തിന് ആയിരക്കണക്കിന് ചെറുപ്പക്കാരെ വിധേയരാക്കി. സഞ്ജയ് ഗാന്ധിയുടെ ഈ മനുഷ്യാവകാശ ലംഘനത്തിന് എല്ലാ ഒത്താശകളും ചെയ്തു.
. പത്ര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമര്‍ത്തി. ('നവാബ്' പത്രവും അതിന്റെ പത്രാധിപരും തന്നെ എറ്റവും മികച്ച ഉദാഹരണങ്ങള്‍)
. അഴിമതി ആരോപണം പുറത്തുവരുന്ന ഘട്ടത്തില്‍ ഒരു രാഷ്ട്രീയ നേതാവ് (അഴിക്കോടന്‍ രാഘവന്‍) കൊലപ്പെട്ടതിന്റെ പല സാധ്യതകളും കരുണാകരനിലെത്തി നില്‍ക്കുന്നു. അതിനെപ്പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും കരുണാകരന്‍ ഇല്ലാതാക്കി. വെള്ളാനിക്കര എസ്‌റ്റേറ്റില്‍ നടന്ന കൊലപാതകങ്ങളും മറവിയിലമര്‍ന്നു.
. ദളിതുകളെയും സ്ത്രീകളെയും അടിച്ചമര്‍ത്തി. സ്ത്രീര്‍മദനം അതിന്റെ എല്ലാ ശക്തമത്തായ ഭാവത്തോടെയും അടിച്ചേല്‍പ്പിച്ചു (തങ്കമണി സംഭവം, കക്കയത്തെ സ്ത്രീ പീഡനങ്ങള്‍). ബലാല്‍സംഗം ചെയ്യപ്പെടുന്ന ദളിത് സ്ത്രീക്ക് 500 രൂപ നഷ്ടപരിഹാരം എന്ന കുപ്രസിദ്ധ ചട്ടത്തിനായി വാദിച്ചു. കരുണാകരന്റെ നിലപാടുകള്‍ രാഷ്ട്രീയം ദളിതര്‍-സ്ത്രീകള്‍-ദരിദ്രര്‍- ആദിവാസികള്‍ എന്നിവര്‍ക്ക് എതിരായിരുന്നു.
. എല്ലാ ധാര്‍ഷ്ട്യത്തോടെയും ജനങ്ങള്‍ക്കുനേരെ പെരുമാറി ('ഏത് ഈച്ചരവാര്യര്‍' എന്ന കുപ്രശസ്തമായ ധാര്‍ഷ്ട്യം തന്നെ ഓര്‍ക്കുക). ജനങ്ങളോട് നുണ പലവട്ടം പറഞ്ഞു.
. സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ചു. വിദ്യാഭ്യാസ- ആരോഗ്യരംഗം കച്ചവടവല്‍ക്കരിച്ചു.
. കോടതിയിയെ നിഷ്പ്രഭമാക്കി. തനിക്കെതിരെ വിധി പ്രസ്താവിച്ച ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പോറ്റിയെ നാടുകടത്തി. കോടതിയോട് പലവട്ടം കള്ളം പറഞ്ഞു.
. ഏതൊരു ജനകീയ സമരത്തെയും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി.
. ഹിന്ദുസവര്‍ണ്ണതയെ തെളിഞ്ഞും മറഞ്ഞും ഊട്ടിയുറപ്പിച്ചു. പിതൃദായക മൂല്യങ്ങളെ പരിപാലിച്ചു. കേരളത്തിലെ സവര്‍ണ്ണാധിപത്യത്തിന്റെ നടത്തിപ്പ് നല്ല രീതിയില്‍ നിര്‍വഹിച്ചു.
. പരിസ്ഥിതി നശീകരണത്തിന് എല്ലാ ഒത്താശകളും ചെയ്തു.
. ജനങ്ങളുടെ പേരില്‍ എല്ലാ ആഡംബരങ്ങളുമായി കാലം കഴിച്ചു. തന്റെ സ്വകാര്യ ആവശ്യങ്ങള്‍പോലും ഭരണത്തിന്റെ കണക്കിലെഴുതി. മാസംതോറുമുള്ള പതിവ് ഗുരുവായൂര്‍ സന്ദര്‍ശനം പോലും.

ഇതല്ലാതെ, കരുണാകരനെ പരിശോധിക്കുമ്പോള്‍ മറ്റൊന്നും നമുക്ക് നല്ലതായി എടുത്തുകാണിക്കാനാവില്ല. നിശ്ചയാര്‍ഢ്യം, വേഗത, ധീരത തുടങ്ങിയ ചില സവിശേഷതകള്‍ സ്തുതിപാഠകര്‍ കരുണാകരനില്‍ ചാര്‍ത്തുമെങ്കിലും. അദ്ദേഹത്തിന്റെ ആത്മകഥയിലും ('പതറാതെ മുന്നോട്ട്') നമുക്ക് അദ്ദേഹം ചെയ്ത നല്ല സംഭാവനകള്‍ കണ്ടെടുക്കാനാവുന്നില്ലെന്നത് ഖേദകരമാണ്.


കരുണാകരന്റെ 'അധികാരസര്‍വ്വസ്വം'
(അടിയന്തരവസഥ്‌യില്‍ പലതും സംഭവിക്കുന്നത് സമയം നോക്കിയില്ല)


അടിയന്തരാവസ്ഥയാണ് നമ്മുടെ ചരിത്രത്തിന്റെ ലിട്മസ്. അവിടെ സര്‍വാധിപതിയായ ആഭ്യന്തരമന്ത്രിയായിരുന്നു കരുണാകരന്‍. നിയമസഭയിലും പുറത്തും കെ. കരുണാകരന്റെ സര്‍വാധിപത്യമാണ് നിലനിന്നിരുന്നത്. അധികാരത്തിന്റെ ഹുങ്കും ധാര്‍ഷ്ട്യവും കരുണാകരന്‍ ആവര്‍ത്തിച്ചു പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയെ അപ്രസക്തനാക്കി മാറ്റി. നിയമസഭയുടെ രേഖകള്‍ അതിന് തെളിവാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു നിയമസഭയോടും അതിലെ ജനപ്രതിനിധികളോടും കരുണാകരന്‍ എങ്ങനെ പെരുമാറി എന്നു മാത്രം ആദ്യം നോക്കാം.
1976 ഫെബ്രുവരി 17 ന് ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ചു: ''അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷം 'മിസ' അനുസരിച്ച് കേരളത്തില്‍ എത്രപേരെ അറസ്റ്റ് ചെയ്തു? ഇതില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എത്ര? 1976 ജനുവരി 30 ന് തടങ്കലില്‍ ഉള്ളവരുടെ പാര്‍ട്ടി തിരിച്ചുള്ള കണക്കും ജില്ല തിരിച്ചുള്ള കണക്കും വ്യക്തമാക്കാമോ?ഇതില്‍ എം.എല്‍.എമാര്‍ എത്ര; ആരെല്ലാം? 'മിസ' പ്രകാരം അറസ്്‌റ് ചെയ്യപ്പെട്ടവരില്‍ ആരെയെങ്കിലും പോലീസ് ലോക്കപ്പില്‍വച്ച് മര്‍ദിച്ചതായി പരാതി കിട്ടിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചു?''.
ആദ്യത്തെ അഞ്ചുചോദ്യങ്ങള്‍ക്കും ആഭ്യന്തര മന്ത്രി കെ. കരുണാകരന്‍ പറഞ്ഞ ഉത്തരം തീര്‍ത്തും നിഷേധാത്മകമായിരുന്നു: ''രാജ്യത്തിന്റെ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ നിര്‍വാഹമില്ല''.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷം പത്രങ്ങളുടെമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെപ്പറ്റി എം. മൊയ്തീന്‍കുട്ടി ഹാജി ചോദ്യമുന്നയിച്ചു.
പൊതു താല്‍പര്യത്തെ മുന്‍നിര്‍ത്തി ഇക്കാര്യം വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല എന്നായിരുന്നു കരുണാകരന്റെ മറുപടി.
പി.പി.കൃഷ്ണന്‍: ദേശാഭിമാനി പത്രത്തില്‍ ബ്ലിറ്റ്‌സിലും മറ്റും വന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞു എന്നുള്ള വിവരം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?
കരുണാകരന്‍: സെന്‍സര്‍ ഏതെല്ലാം ന്യൂസാണ് തടഞ്ഞതെന്നും, ഏതെല്ലാം വിധത്തിലാണ് ന്യൂസ് പ്രസിദ്ധീകരിക്കേണ്ടത് എന്നും നിര്‍ദേശിച്ചതിനെ സംബന്ധിച്ചിടത്തോളം എന്നോട് ചോദിച്ചാല്‍ മറുപടി പറയാന്‍ പ്രയാസമാണ്.
അംഗങ്ങളുടെ പല ചോദ്യത്തിനും മുട്ടായുക്തിയാണ് കരുണാകരന്റെ മറുപടി.
മറ്റൊരിക്കല്‍ കെ. ചാത്തുണ്ണിമാസ്റ്റര്‍ ചോദിച്ചു: ജൂണ്‍ 26-ാം തീയതിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 28-ാം തീയതിയാണ് നൂറുകണക്കിനാളുകളെ ഈ സ്‌റ്റേറ്റില്‍ നിന്ന് മിസ പ്രകാരം അറസ്റ്റ് ചെയ്തത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നാലു മാസക്കാലം ഉണ്ടാകാത്ത അടിയന്തരം സെപ്റ്റംബര്‍ 28-ാം തീയതി മുതല്‍ക്ക് വരാന്‍ എന്താണ് കാരണം?
കരുണാകരന്‍: അടിയന്തരാവസ്ഥയില്‍ പലതും സംഭവിക്കുന്നത് സമയം നോക്കിയില്ല.
കെ. സോമശേഖരന്‍നായര്‍: സോഷ്യലിസ്സ്് പാര്‍ട്ടിയില്‍ നിന്നും ഹാജരാകാതിരുന്ന നാല് എം.എല്‍.എ.മാര്‍ കാരാഗൃഹത്തിലാണെന്ന് പറഞ്ഞാല്‍ അത് സര്‍ക്കാര്‍ നിഷേധിക്കുമോ?
കരുണാകരന്‍: വെളിപ്പെടുത്താന്‍ പാടില്ലാത്ത കാര്യങ്ങളെ സംബന്ധിച്ച് വളച്ചുചോദിച്ചതുകൊണ്ടൊന്നും മറുപടി പറയാന്‍ പറ്റുകയില്ല.
മന്ത്രിസഭയിലാരെങ്കലും മിസയനുസരിച്ച് അറസ്സ്് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനും വെളിപ്പെടുത്താന്‍ സാധ്യമല്ലെന്നായിരുന്നു ഉത്തരം.
ഇ.എം.എസ്: പരസ്യമായി കോടതിയില്‍ നടന്നതായ വിചാരണയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍പോലൂം കോടതിയുടെ മേല്‍ പരമാധികാരം ഉണ്ടാകണമെന്ന് അവകാശപ്പെടുന്നതായ പാര്‍ലമെന്റി സ്ഥാപനങ്ങളില്‍ പറയുകയില്ലാ എന്നുള്ളത് എന്തൊരു നീതിയാണ് സാര്‍?
കരുണാകരന്‍: ഈ സഭയില്‍ വെളിപ്പെടുത്താവുന്നവ എല്ലാം വെളിപ്പെടുത്താന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നുണ്ട്.
ജോണ്‍ മാഞ്ഞൂരാന്‍: വെളിപ്പെടുത്താവുന്ന കര്യങ്ങള്‍ എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല എന്നാണ്? മനസില്ലെങ്കില്‍ അതു പറഞ്ഞാല്‍ മതി?
(കരുണാകരന്‍ പക്ഷേ അതിനു മറുപടി പറഞ്ഞില്ല)
സി.എസ്. ഗംഗാധരന്‍: തടവറയില്‍ എം.എല്‍.എ.മാര്‍ ഏത്ര എന്നു പറയുന്നതുകൊണ്ട് രാജ്യരക്ഷയെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞാല്‍ കൊളളാം?
കെ. കരുണാകരന്‍: രാജ്യരക്ഷയെ ഏതു നിലയില്‍ ബാധിക്കുമെന്നുള്ളത് ഗവണ്‍മെന്റ് തീരുമാനിക്കുന്നതാണ്. അത് ഗവണ്‍മെന്റിന്റെ അഭിപ്രായമാണ്.
1976 ഒക്‌ടോബര്‍ 13 നും കരുണാകരന്‍ ധാര്‍ഷ്ട്യത്തിന്റെ ചീട്ടുകള്‍ പുറത്തെടുത്തു. സഭയിലെ സംഭാഷണം ഇങ്ങനെയായിരുന്നു:
സി. ഗോവിന്ദപ്പണിക്കര്‍: മിസ പ്രകാരം സംസ്ഥാനത്ത് ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകരുടെ പേരില്‍ വാറണ്ടുണ്ടോ?
കരുണാകരന്‍: പൊതുതാല്‍പര്യത്തെ മുന്‍നിര്‍ത്തി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല.
ആര്‍.കൃഷ്ണന്‍: ഈ സഭയിലെ എത്ര അംഗങ്ങളുടെ പേരില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറയാന്‍ ദയവുണ്ടാകുമോ?
കരുണാകരന്‍: അതാണല്ലോ പറഞ്ഞത്, പൊതുതാല്‍പര്യത്തെ മുനിര്‍ത്തി ഈ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലെന്ന്.
ടി.കെ. ചന്ദ്രന്‍: വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ച ഏത്ര സംഭവങ്ങള്‍ ഈ വിദ്യാലയവര്‍ഷത്തില്‍ ഉണ്ടായിട്ടുണ്ട്? തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതായി പരാതിയുണ്ടായിട്ടുണ്ടോ?
കരുണാകരന്‍: പരാതിയുണ്ടായിട്ടില്ല.
ടി.കെ. ചന്ദ്രന്‍: യൂണിവേഴ്‌സറ്റി കോളജിലെ വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതായി വല്ല പരാതിയും ലഭിച്ചിട്ടുണ്ടോ?
കരുണാകാരന്‍: പരാതി ഒന്നും കിട്ടിയിട്ടില്ലെന്നാണ് പറഞ്ഞത്.
ടി.കെ ചന്ദ്രന്‍: അവിടെ പ്രതിപക്ഷത്തുള്ള വിദ്യാര്‍ത്ഥികളുടെ സംഘടന ജയിച്ചതുകൊണ്ട് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പോലീസ് പാര്‍ട്ടിക്കാര്‍ പോയി തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെടുകയും അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളെ പിടിച്ചു കസ്റ്റഡിയില്‍ വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതികിട്ടിയിട്ടുണ്ടോ?
കരുണാകരണ്‍: പരാതി കിട്ടിയിട്ടില്ലെന്ന് പറഞ്ഞാല്‍ കിട്ടിയിട്ടില്ലെന്നാണ് അര്‍ത്ഥം.
ടി.കെ. ചന്ദ്രന്‍: സംസ്‌കൃത കോളജിലെ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചതായി കേള്‍ക്കുന്നു. അതു ശരിയെല്ലെന്നാണോ ബഹുമാനപ്പെട്ട മന്ത്രി പറയുന്നത്?
കരുണാകരന്‍: പരാതി കിട്ടിയിട്ടില്ലെന്ന് പറഞ്ഞാല്‍ പിന്നെ അതും ശരിയാണോ ഇതും ശരിയാണോ എന്നു ചോദിച്ചാല്‍ എന്താണ് പറയേണ്ടത്.
ഒട്ടും മയമില്ലാതെയായിരുന്നു കരുണാകരന്‍ നിയമസഭയില്‍ സംസാരിച്ചിരുന്നത്. ഈ ധിക്കാരത്തെ ചോദ്യം ചെയ്യാനോ അവകാശലംഘന വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനോ പ്രതിപക്ഷം ശ്രമിച്ചതുമില്ല.
അടിയന്തരാവസ്ഥാകാലത്ത് 12 പ്രതിപക്ഷ അംഗങ്ങള്‍ തടവിലാക്കപ്പെട്ടു. 1976 ഫെബ്രവരി 17 ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാനും ഈ അംഗങ്ങള്‍കഴിഞ്ഞില്ല. ആ സമയത്ത് പത്തുപേര്‍ തടവിലാണ്. രണ്ടുപേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യപിക്കുകയും ചെയ്തിരുന്നു.
1970 ഫെബ്രുവരി 20 ന് ചാത്തുണ്ണിമാസ്റ്റര്‍ സഭയില്‍ സംസാരിക്കുന്നതനുസരിച്ച് കേരളത്തില്‍ 300 ഓളം മിസാ തടവുകാരുണ്ട്. 10 എം.എല്‍. എ. മാര്‍ ജയിലാണ്. വി.എസ്. അച്യുതാനന്ദന്‍, എ.പി.കുര്യന്‍, സി.ബി.സി. വാര്യര്‍, എസ്. ദാമോദരന്‍, പിണറായി വിജയന്‍ എന്നീ അഞ്ചു സിപി.എം എം.എല്‍.എ. മാരും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ കെ.എ. ശിവരാമഭാരതി, വി.കെ. ഗോപിനാഥന്‍, പി.ബി.ആര്‍. പിള്ള, തരലവടി ഉടമ്മന്‍, മുസ്ലീം ലീഗിലെ എം.എല്‍.എ സെയുദ് ഉമ്മര്‍ ബാഫക്കിതങ്ങള്‍ എന്നിവരും ജയിലാണ്. അതിനു പുറമെ സി.പി.എം അംഗങ്ങായ 105 ആളുകളും ജയിലിലുണ്ട്. മൊത്തം 2800 ആളുകള്‍ ജയിലില്‍ ഉണ്ടെന്നാണ് ചാത്തുണ്ണി മാസ്റ്റര്‍ സഭയില്‍ പറയുന്നത്. പക്ഷേ ആഭ്യന്തര മന്ത്രി ഒന്നും വെളിപ്പെടുത്താന്‍ കൂട്ടാക്കിയില്ല.
1975 ഒക്‌ടോബര്‍ 28-ാം തീയതി പിണറായി വിജയനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 30-ാം തീയതിയാണ് ലോക്കപ്പില്‍ കൊണ്ടുപോകുന്നത്. അറസ്റ്റിനെപ്പറ്റി സ്പീക്കറെ അറിയിച്ചതുമില്ല.
പിണറായി വിജയന്‍ എം.എല്‍.എയെ പോലീസ് ലോക്കപ്പില്‍ വച്ച് മര്‍ദിച്ചതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് കേരള ഹൈക്കോടതി ഗവണ്‍മെന്റിനോട് നിര്‍ദേശിച്ചിരുന്നു. കരുണാകരന്‍ തന്റെ വിശ്വസ്തനായ ഡി.ഐ.ജിയെക്കൊണ്ട് അന്വേഷിച്ചു. പരാതിയില്‍ കഴമ്പില്ലെന്ന് 'കണ്ടെത്തുകയും' ചെയ്തു.
അതെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ധിക്കാരപരമായിരുന്നു കരുണാകരന്റെ മറുപടി. അന്വേഷണവുമായി ബന്ധപ്പെട്ട് വിജയനില്‍നിന്ന് മറുപടി തേടിയോ എന്ന ചോദ്യത്തിന് വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിവര്‍ത്തിയില്ല എന്നു കരുണാകരന്‍ മറുപടി പറഞ്ഞു.
ആര്‍. കൃഷ്ണന്‍: ഡി.ഐ.ജി. അന്വേഷിച്ച റിപ്പോര്‍ട്ട് മേശപ്പറുത്ത് വയ്ക്കാന്‍ തയ്യാറാകുമോ?
കരുണാകരന്‍: റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്‌ക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.
ആര്‍. കൃഷ്ണന്‍: പിണറായി വിജയനെ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ തള്ളവിരല്‍ ഒടിഞുവെന്നും ചികിത്സ ലഭിച്ചില്ലെന്നും പറയുന്നത് ശരിയാണോ?
കരുണാകരന്‍: ശരിയല്ല, പരാതി കിട്ടിയിട്ടില്ല. ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ അപ്പപ്പോള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ടി.കെ. കൃഷ്ണന്‍: ശ്രീ വിജയനെ മര്‍ദിച്ചുവെന്ന് പരാതി കിട്ടിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ആഭ്യന്തര മന്ത്രി തയ്യാറായോ?
കരുണാകരന്‍: ഞാന്‍ സന്ദര്‍ശിച്ചിട്ടില്ല. സന്ദര്‍ശിക്കുന്ന ഏര്‍പ്പാടുമില്ല.
നിയമസഭാ അംഗങ്ങളുള്‍പ്പടെയുള്ളവരെ നഗ്നരാക്കി മര്‍ദിച്ചുവെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ കരുണാകരന്റെ മടുപടി രസകരമായിരുന്നു: ''വസ്ത്രാക്ഷേപം നടത്തുന്ന ഏര്‍പ്പാട് ഈ സര്‍ക്കാരിന് ഇല്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നയാളുടെ ഐഡറ്റന്‍ിഫിക്കേഷന്‍ മാര്‍ക്കായിട്ട് ചില അടയാളങ്ങള്‍ രേഖപ്പെടുത്തിയേക്കാം. ആ അടയാളം അയാളുടെ പുറത്താണെങ്കില്‍ കുപ്പായം അഴിച്ചു നോക്കി ആ അടയാളം രേഖപ്പെടുത്തണം''. ഇതായിരുന്നു കരുണാകരന്‍.


സഭയുടെ അവകാശ ലംഘനം

ജയിലില്‍ കിടക്കുന്ന രാഷ്ട്രീയ തടവുകാരുടെ എണ്ണം എത്ര? എന്ന ചോദ്യം പലവട്ടം സഭയില്‍ ഉയര്‍ന്നു. പക്ഷേ കരുണാകരന്‍ അതിനോട് വളരെ അസഹിഷ്ണുതാപരമായ സമീപനമാണ് എടുത്തത്. ഒരു ഘട്ടത്തില്‍ കരുണാകരന്‍ പറഞ്ഞു: '' എത്ര ആളുകള്‍ ഉണ്ട്. എത്രയാളാണ് ഉളളത് അങ്ങനെയൊന്നും ചോദിച്ചാല്‍ എന്റെ കൈയില്‍ നിന്ന് കിട്ടുകയില്ല''. എന്നാല്‍ ഈ മറുപടി സഭയുടെ അവകാശ ലംഘനമായിരുന്നു.
കെ.ആര്‍. ഗൗരി അതു ചോദ്യം ചെയ്യുന്നുണ്ട്. ''എന്റെ കൈയില്‍ നിന്ന് മറുപടി കിട്ടുകയില്ല എന്ന് നിയസഭയില്‍ പറയുന്നത് അവകാശ ലംഘനമല്ലേ?''-ഗൗരിയമ്മ ചോദിച്ചു. 'അത് മറ്റൊരു പ്രിവിലീജ് ഇഷ്യൂവായി റെയിസ് ചെയ്യാനായിരുന്നു' ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞത്. പക്ഷേ അത് അവകാശലംഘനമായി ഗൗരിയമ്മയോ പ്രതിപക്ഷമോ അപ്പോഴോ പിന്നീടോ ഉയര്‍ത്തിയില്ല.
1976 ഫെബ്രുവരി 20 ന് തടവിലാക്കിയവരെപ്പറ്റി വിവരങ്ങള്‍ പറയാനാവില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കുമ്പോഴും ഇ.എം.എസ്. അവകാശ ലംഘനത്തിന്റെ വിഷയം ഉയര്‍ത്തുന്നു. ''കോടതിയില്‍ ഹാജരാകുന്ന ജനങ്ങളോട് പറയാം. ആ ജനങ്ങളുടെ പ്രതിനിധകളാ സഭാ മെമ്പര്‍ മാരോട് പറയാന്‍ പാടില്ല എന്നു പറയുന്നത് ഈ സഭയോടുള്ള ധിക്കാരമാണ് സാര്‍?
ഇ.എം.എസിന് പി.ജി. പുരുഷോത്തമന്‍പളിള്ള പിന്താങ്ങിക്കൊണ്ട് പറഞ്ഞു: ''സഭയോട് മറച്ചുവയ്ക്കുന്നത് അവകശാ ലംഘനമാണെന്നാണ് എനിക്ക് പറയാനുളളത്''
ഇത്തരത്തില്‍ കരുണാകരന്‍ നടത്തിയ അധികാര ദുര്‍വിനിയോഗത്തിന്റെ നൂറായിരം തെളിവുകള്‍ നിയമസഭാ രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.


നക്‌സലൈറ്റുകളുടെ 'തകര്‍ച്ച'

വാഴ്ത്തലുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെട്ട ഒന്നാണ് കരുണാകരന്‍ നക്‌സലൈറ്റുകളെ അടിച്ചമര്‍ത്തിയെന്നത്. ചരിത്രതെളിവുകളുടെ പിന്‍ബലമില്ലാത്തതാണ് ഈ അവകാശവാദം. 1967 ലെ നക്‌സല്‍ബാരി കലാപം മുതല്‍ പ്രവര്‍ത്തനമാരംഭിക്കുകയും 1968 ലെ തലശ്ശേരി-പുല്‍പള്ളി കലാപത്തോടെ സ്വാധീനം വ്യക്തമാക്കുകയും ചെയ്ത നക്‌സലൈറ്റ് പ്രസ്ഥാനം ഇന്നുവരെയുള്ള ചരിത്രത്തില്‍ മൂന്നുവട്ടമാണ് തിരിച്ചടികള്‍ നേരിട്ടത്. 1970-71, 75-76, 1992 കാലത്തായി മൂന്നുതവണ.
ഓരോ തിരിച്ചടികളിലും അത് വീണ്ടും തിരിച്ചുവന്നുകൊണ്ടിരുന്നു. കേരളത്തില്‍ ആദ്യം നക്‌ലൈറ്റ് പ്രസ്ഥാനം തകരുന്നത് 1970 ആദ്യമാണ്. കുന്നിക്കല്‍ നാരായണന്റെ നേതൃത്വത്തില്‍ മാവോ സാഹിത്യങ്ങളുടെ പ്രചാരണത്തോടെ തുടങ്ങി വെള്ളത്തൂവല്‍ സ്റ്റീഫന്റെ അറസ്‌റ്റോടെ ഏറെക്കുറെ നിര്‍ജീവമാകുന്നതാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഒന്നാംഘട്ടം (1967-1971). വര്‍ഗീസ് വധിക്കപ്പെടുന്നതാണ് ഇതിലെ നിര്‍ണായക ഘട്ടം. തലശ്ശേരി-പുല്‍പ്പള്ളി കലാപവും പാര്‍ട്ടിരൂപീകരണവും ഉന്മൂലനങ്ങളും നടക്കുന്ന ആദ്യഘട്ടം ഭരണകൂട അടിച്ചമര്‍ത്തല്‍ മൂലമാണ് അവസാനിക്കുന്നത്. പക്ഷേ ഈ ഘട്ടത്തില്‍ കരുണാകരന് റോളൊന്നുമില്ല. 1971 സെപ്റ്റംബര്‍ 25 ന് മാത്രമാണ് കരുണാകരന്‍ ആഭ്യന്തര മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. അതിന് മുമ്പ് സി.എച്ച്് മുഹമ്മദ്‌കോയയാണ് ആഭ്യന്തരമന്ത്രി. കരുണാകരന്‍ ആഭ്യന്തര മന്ത്രിയാകുന്നതിന് വളരെ മുമ്പേ ആദ്യ തിരിച്ചടി പ്രസ്ഥാനം നേരിട്ടു. അപ്പോള്‍ ആദ്യ തകര്‍ച്ചയില്‍ കരുണാകരന് പങ്കില്ലെന്ന് വരുന്നു. യഥാര്‍ഥത്തില്‍ ഈ ഘട്ടത്തിലെ തകര്‍ച്ച ഭരണകൂട അടിച്ചമര്‍ത്തല്‍ എന്നതിനേക്കാള്‍ പ്രസ്ഥാനത്തിന്റെ ദൗര്‍ബല്യം മൂലമാണ്. അന്ന് നക്‌സലൈറ്റ് പ്രസ്ഥാനത്തിന് സംഘടനാ രൂപമുണ്ടായിരുന്നില്ല. ഒറ്റ തിരിഞ്ഞുള്ള ഇടപെടലുകളാണ് ഓരോരുത്തരും നടത്തിയിരുന്നത്. കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ എന്നിങ്ങനെയുളള മേഖലകളില്‍ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ചില ഇടപെടലുകള്‍ നടത്തിയിരുന്നു എന്നല്ലാതെ കൃത്യമായ സംഘടനാ രൂപം ഉണ്ടായിരുന്നില്ല. ഈ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം കൊടുത്തവര്‍ പലരും ഉന്മൂലന കേസുകളിലും പൊലീസ് സ്‌റ്റേഷന്‍ ആക്രമണകേസിലും പ്രതികളായി ജയിലിലായതിനാല്‍ മുന്നേറാനായില്ലെന്ന് മാത്രം. തകര്‍ന്നുപോയ സംഘടനയെ പുതുതലമുറ നക്‌സലൈറ്റുകള്‍ പതിയെയാണെങ്കിലും പുന:സംഘടിപ്പിച്ചു. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പ് ഏറെക്കുറെ കേരളമെമ്പാടും താരതമ്യേന മെച്ചപ്പെട്ട സംഘടന അവര്‍ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും കെട്ടിപ്പടുത്തു. അടിയന്തരവസ്ഥയുടെ അവസാന ഘട്ടം വരെ അവര്‍ പിടിച്ചുനിന്നു. ഒരുപോലീസ് സ്‌റ്റേഷന്‍ ആക്രമണം ഒരു ഉന്മൂലനവും ഇക്കാലത്ത് അവര്‍ നടത്തി. അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ രക്തസാക്ഷിത്വത്തിനൊപ്പം പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. മാരാരിക്കുളം, മതിലകം പൊലീസ് സ്‌റ്റേഷന്‍ ആക്രമണങ്ങളില്‍ നിന്ന് അവസാന നിമിഷം നക്‌സലൈറ്റുകള്‍ പിന്‍മാറിയതുകൊണ്ടു മാത്രമാണ് നടക്കാതെ പോയത്. പക്ഷേ, ആക്രമണത്തിന്റെ ഒരുക്കങ്ങള്‍ കരുണാകരനോ ആഭ്യന്തരമന്ത്രാലമോ അറിഞ്ഞിരുന്നില്ല. അടിയന്തരാവസ്ഥ ഘട്ടത്തില്‍ പ്രധാന പ്രവര്‍ത്തകരെല്ലാം അകത്തായതോടെ സംഘടനയുടെ പ്രവര്‍ത്തനം പതിയെ നിലച്ചു. അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിന് തൊട്ടുമുമ്പും നക്‌സലൈറ്റുകള്‍ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു എന്നതോര്‍ക്കണം. അടിയന്തരവാസ്ഥ കഴിഞ്ഞ ഉടനെ നക്‌സലൈറ്റ് പ്രസ്ഥാനം പൂര്‍വാധികം ശക്തമായി. തകര്‍ച്ചയെന്നാല്‍ അതോടെ നക്‌സലൈറ്റുകള്‍ ഇല്ലാതാവണം. എന്നാല്‍, അവകാശ വാദങ്ങളെ എല്ലാം കാറ്റില്‍ പറത്തുന്ന വിധത്തില്‍, കേരളത്തിലെ നക്‌സലൈറ്റ്് പ്രസ്ഥാനത്തിന്റെ ഏറ്റവും സജീവവും ശക്തമവുമായ കാലം 1977-1992 ആണ്. ഇക്കാലത്ത് അവര്‍ നിരവധി ജനകീയ സമരങ്ങളും കലാപങ്ങളും നടത്തി. മൂന്ന് ഉന്മൂലനങ്ങളും (കാഞ്ഞിരം ചിറ, കേണിച്ചിറ എന്നിവിടങ്ങളിലായി). കരുണാകരന്‍ ശരിക്കും നിഷ്പ്രഭമായി പോകുകയായിരുന്നു ഇക്കാലത്ത്. നക്‌സലൈറ്റ് പ്രസ്ഥാനം തകരുന്നത് 1992 ലാണ്. അതിനു കാരണം കരുണാകരനോ പോലീസോ അല്ല. അവര്‍ സ്വയം പിരിച്ചുവിടപ്പെടുകയായിരുന്നു. കെ. വേണുവിന്റെ ജനാധിപത്യസങ്കല്‍പം പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ചതിനെ തുടര്‍ന്ന്. കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീണതും, ചൈനയിലെ തിയാന്‍മെന്‍ചത്വരത്തിലെ കൂട്ടക്കൊലയും സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ ഒരു പക്ഷേ സ്വഭാവികമായി സംഭവിക്കാവുന്ന പതനമായിരുന്നു അത്. അങ്ങനെ ഒരര്‍ത്ഥത്തിലും കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്തത് കരുണാകരനാണ് എന്നത് ചരിത്ര പിന്‍ബലമില്ല.


കരുണാകരന്റെ തകര്‍ച്ച

നക്‌സലൈറ്റുകളെ തകര്‍ക്കാന്‍ കരുണാകരന് ആയില്ലെന്ന് നമ്മള്‍ കണ്ടു. എന്നാല്‍ തിരിച്ച് കരുണാകരനെ ആരെങ്കിലും തകര്‍ത്തിരുന്നോ എന്നു കൂടി അന്വേഷിക്കേണ്ടതല്ലേ.
അടിയന്തരാവസ്ഥക്കുശേഷം എല്ലാ അധികാര പ്രമത്തതോടെയുമാണ് കരുണാകരന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. 1977 മാര്‍ച്ച് 25 ന്. എന്നാല്‍ ഏപ്രില്‍ 25 ന് അധികാരം വിട്ടൊഴിയേണ്ടിവന്നു. പിന്നീട് അധികാരത്തില്‍ വരുന്നത് 1981 ഡിസംബര്‍ 28 നാണ്. എന്തുകൊണ്ട് വെറും ഒരു മാസം കൊണ്ട് കരുണാകരന് അധികാരം വിട്ടൊഴിയേണ്ടിവന്നു. അവിടെയാണ് നക്‌സലൈറ്റുകളുടെ വിജയം; കരുണാകരന്റെ പരാജയം. നക്‌സലൈറ്റുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന എതിര്‍പ്പുകള്‍ക്കിടയില്‍ കരുണാകരന്‍ മുങ്ങിപ്പോകുകയായിരുന്നു. അടിയന്തരാവസ്ഥ ഘട്ടത്തില്‍ കോടതിയില്‍ ഹാജരാക്കിയ നക്‌സലൈറ്റ് തടവുകാര്‍ രാജനെ പൊലീസുകാര്‍ കൊലപ്പെടുത്തിയ കാര്യം ജനങ്ങളോട് വിളിച്ചു പറഞ്ഞിരുന്നു.
ആ ഘട്ടത്തില്‍ നിയമസഭയെ തെറ്റിധരിപ്പിക്കാന്‍ കരുണാകരന്‍ നടത്തിയ ശ്രമം നിയമസഭാ രേഖയില്‍ ഇങ്ങനെ വായിക്കാം.
കരുണാകരന്‍: ''പിന്നെ ഒരു രാജനെ കാണാനില്ലെന്നു പറഞ്ഞു. രാജന്റെ അച്ഛനായ ഈച്ചരവാര്യര്‍ എന്റെ ഒരു ആത്മാര്‍ത്ഥ സുഹൃത്താണ്; ഒരു പഴയ സഹപ്രവര്‍ത്തകനുമാണ്. അദ്ദേഹത്തിന്റെ മകനെ പോലീസ് കസ്റ്റഡിയില്‍ വച്ചിട്ടല്ല. പോലീസ് കസ്റ്റഡിയില്‍ ഇല്ല, ഗവണ്‍മെന്റ് കസ്റ്റഡിയയില്‍ ഇല്ല. ഇല്ലാത്തെ ആളെക്കുറിച്ച് പോലീസ് എങ്ങനെ സമാധാനം പറയണം? എക്‌സട്രിമിസ്റ്റ് ആക്റ്റിവിറ്റി സംബന്ധിച്ചടത്തോടം എഞ്ചിനീയറിംഗ് കോളജിലെ ആളുകള്‍ ഉള്‍പ്പടെ ചില ചെറുപ്പക്കാര്‍ ഇന്‍വോള്‍വഡ് ആണ്. അങ്ങനെയുള്ള ആളുകളെക്കുറിച്ച് അന്വേഷിക്കുന്ന കൂട്ടത്തില്‍ ഇയാളെയും അന്വേഷിക്കും. ആ കുട്ടി എന്തുചെയ്തു എന്ന് അറിഞ്ഞുകൂടാ. ഏതായിരുന്നാലും പോലീസ് കസ്റ്റഡിയില്‍ ഇല്ല'.
ടി.കെ. രാമകൃഷ്ണന്‍: രാജനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നുള്ളതാണോ അങ്ങു പറയുന്നതില്‍ നിന്നും ഉദ്ദേശിക്കേണ്ടത്?
കരുണാകരന്‍: ഗവണ്‍മെന്റ് കസ്റ്റഡിയിലുമില്ല, പോലീസ് കസറ്റഡിയിലുമില്ല. അറസ്റ്റ് ചെയ്തു ലോക്കപ്പില്‍ വച്ചിട്ടുമില്ല.
പിണറായി വിജയന്‍: രാജന്റെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പുറത്തുവന്നതിനുശേഷം രാജന്‍ തങ്ങളുടെ കൂടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞതായി കേള്‍ക്കുന്നു. അതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായമെന്താണ്?
കരുണാകരന്‍: വല്ലവരും പറഞ്ഞതിനെക്കുറിച്ച് ഞാന്‍ സമാധാനം പറയണമോ. ശ്രീ. വിജയനെപ്പോലുള്ളവര്‍ ഇതു പറയുന്നതില്‍ അത്ഭുതപ്പെടാനില്ല...
ആര്‍. ബാലകൃഷ്ണപ്പിള്ള: ഈ ആരോപണം തെറ്റാണെന്ന് തെളിയിക്കാനെങ്കിലും പോലീസ് ഒരു കേസെടുത്ത് അന്വേഷിച്ച് അയാളെ കണ്ടുപിടിച്ചുകൂടെ.
കരുണാകരന്‍: അതിനെക്കുറിച്ച് അന്വേഷിക്കാം.
അന്വേഷണത്തിന്റെ കഥ എന്തായി എന്ന് എല്ലാവര്‍ക്കും അറിയാം.
നിയമസഭയ്ക്ക് പുറത്ത് അടുത്ത നുണ പറഞ്ഞത് കോടതിയോടാണ്. രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ സമര്‍പ്പിച്ച ഫേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കരുണാകരനും മറ്റ് നാല് പ്രതികളും കള്ള സത്യവാങ്്മൂലം സമര്‍പ്പിച്ചു. കള്ള സത്യവാങ് മൂലം സമര്‍പ്പിച്ചതിന് കരുണാകരനും മറ്റ് പ്രതികള്‍ക്കൂമെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ എടുക്കാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് രാജി. കരുണാകരന്‍ മരിച്ചപ്പോഴും പിന്നീടും മനോരമയുള്‍പ്പടെയുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കോടതി പരാമര്‍ശം ഉണ്ടായതിന്റെ പേരില്‍ കരുണാകരന്‍ രാജിവച്ചു എന്നാണ്. അല്ല. കോടതി പരാമര്‍ശനത്തിന്റെ പേരിലല്ല. കള്ളസത്യവാങ്മൂലം സമര്‍പ്പിച്ചതായിരുന്നു കുറ്റം. അതിനെതിരെ പ്രോസിക്യൂഷന്‍ നടപടി എടുക്കാന്‍ കോടതി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു രാജി.
അടിയന്തരാവസ്ഥ്ക്കുശേഷം ഒരുമാസത്തിനുള്ളില്‍ അധികാരം വിട്ടൊഴിയേണ്ട വിധത്തില്‍ കരുണാകരനെ തകര്‍ക്കാന്‍ നക്‌സലൈറ്റുകള്‍ക്കും അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജനമുന്നേറ്റത്തിനും അഭിപ്രായ രൂപീകരണത്തിനും സാധ്യമായി. അടിയന്തരാവസ്ഥയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും ഭീകരതയും ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി. ജനകീയ എതിര്‍പ്പ് സംഘടിപ്പിച്ചു. അന്നുവരെ ജനമറിഞ്ഞ കരുണാകരനല്ല, ഈ കാലത്തിനുശേഷമുളള കരുണാകരന്‍. ജനങ്ങള്‍ അദ്ദേഹത്തെ അവിശ്വസിക്കാന്‍ തുടങ്ങി. ജനവിരുദ്ധനും, മര്‍ദകനും അഴിമതിക്കാരനുമാണെന്നുള്ള വിശ്വാസം ജനങ്ങളില്‍ പ്രബലമാകാന്‍ തുടങ്ങി. പിന്നീടുള്ള കരുണാകരനെ ഓരോ ഘട്ടത്തിലും അടിയന്തരാവസ്ഥയും രാജനും വേട്ടയാടാന്‍ തുടങ്ങി. അവിടെയാണ് കരുണാകരന്റെ തകര്‍ച്ച. തങ്കമണി പോലുള്ള സംഭവങ്ങള്‍ ഉണ്ടായപ്പോഴും നക്‌സലൈറ്റുകള്‍ പ്രചരണവുമായി ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അങ്ങനെ കരുണാകരനെ വീണ്ടുമൊരിക്കല്‍ കൂടി അധികാരത്തില്‍ നിന്ന് കടപുഴക്കി.
കരുണാകരന്റെ മുഖം വികൃതമായപ്പോള്‍ നക്‌സലൈറ്റുകള്‍ക്കാകട്ടെ അടിയന്തരാവസ്ഥക്കുശേഷം ജനസമ്മതി നേടാനായി. എന്തൊക്കെ എതിര്‍പ്പുകള്‍ അവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടാലും, കേരളത്തില്‍ 1950 കള്‍ക്ക് ശേഷം ഏറ്റവും സത്യസന്ധവും ആത്മാര്‍ത്ഥവുമായ ജനകീയ മുന്നേറ്റമാണ് നക്‌ലൈറ്റുകളുടേതെന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ടു. അങ്ങനെ ഏത് തലത്തില്‍ നോക്കിയാലും തകര്‍ച്ച കരുണാകരന്റേതാണ്.
മറ്റൊരു വഴിയിലൂടെയും കരുണാരനെയും നക്‌സലൈറ്റുകളെയും പരിശോധിക്കേണ്ടതുണ്ട്.


ജയറാം പടിക്കലിന്റെ 'കുട്ടികള്‍'

വിശ്വസ്ത വിധേയനായ ജയറാം പടിക്കലിലൂടെ നക്‌സലൈറ്റുകളെ 'നയിച്ച'താണ് മറ്റൊരു വിജയമായി കരുണാകരനില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്.
നക്‌സലൈറ്റ് ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നക്‌സലൈറ്റുകളെ ഉന്മൂലനം ചെയ്യാനായി പോലീസ് നക്‌സല്‍വേട്ടയ്ക്കുവേണ്ടി, ക്രൈംബ്രാഞ്ചിന്റെ കീഴില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു. 1969 അവസാനമായിരുന്നു സെല്‍ രൂപപ്പെട്ടത്. എസ്.പി.യായിരുന്നു ജയറാം പടിക്കലിനായിരുന്നു ചാര്‍ജ്. എല്ലാ ജില്ലയിലും ഒരു എസ്.ഐ.വീതമാണ് സെല്ലില്‍ ഉണ്ടായിരുന്നത്. ജയറാം പടിക്കല്‍, അദ്ദേഹത്തിന് കീഴില്‍ മുരളി കൃഷ്ദാസ്, രവീന്ദ്രന്‍, ഗോപകുമാര്‍, പുലിക്കോടന്‍ നാരായണന്‍ എന്നിവരും ഉള്‍പ്പെട്ട ഒരു സംഘത്തിനായിരുന്നു അക്കാലത്തെ പൊലീസ് ഭരണം. ജയറാം പടിക്കലിന് മുകളില്‍ ഐ.ജി. രാജനായിരുന്നു ചുമതല. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തെ മുഴുവന്‍ നയിച്ചത് തന്റെ കുട്ടികളായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ നക്‌സലൈറ്റുകള്‍ക്കിടയില്‍ നുഴഞ്ഞുകയറിയെന്നും മുന്‍ ഐ. ജി. ജയറാം പടിക്കല്‍ അവകാശപ്പെട്ടിരുന്നു. പ്രസ്ഥാനത്തിന്റെ ഓരോ ചലനങ്ങളും മനസ്സിലാക്കി നുഴഞ്ഞു കയറിയവര്‍ നിര്‍ദേശങ്ങള്‍ നല്‍കിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
'' എന്റെ നിര്‍ദേശമനുസരിച്ചാണ് എത്രയോ നാള്‍ കേരളത്തിലെ നക്‌സലൈറ്റ് പ്രവര്‍ത്തനം നടന്നത്. എന്റെ അറിവില്‍ പെടാത്ത ഒരു ചലനവും ആ പ്രസ്ഥാനത്തിലുണ്ടായിട്ടില്ല. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനമെന്നു പറഞ്ഞാല്‍ അക്കാലത്ത് ഞാന്‍ തന്നെയായിരുന്നു. എന്നുവച്ചാല്‍ ചുണക്കുട്ടികളാണയ എന്റെ പോലീസുകാര്‍. കാശ്മീരില്‍ നടക്കുന്നത് നോക്കൂ. പട്ടാളവും കേന്ദ്ര പോലീസുമെല്ലാം അവിടെ തീവ്രവാദികളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. എത്ര മുന്‍കരുതലോടെ നീങ്ങിയാലും കുറേ നിരപരാധികളെയും തല്ലിക്കൊല്ലേണ്ടി വരും. ജനങ്ങള്‍ പോലീസിനെതിരാകാന്‍ വേറെന്തുവേണം. അവര്‍ തീവ്രവാദികളെ സഹായിച്ചു തുടങ്ങും. നമ്മുടെ ലക്ഷ്യം പാളുകയും ചെയ്യും. ഇത്തരം കാര്യങ്ങളൊക്കെ വിലയിരുത്തിയ ശേഷമാണ് നക്‌സല്‍ പ്രസ്ഥാനത്തിലേക്ക് നുഴഞ്ഞുകയറാന്‍ തീരുമാനിച്ചത്. പോലീസുകാര്‍ നുഴഞ്ഞുകയറുക, സജീവ പ്രവര്‍ത്തകരാകുക, നേതാക്കളില്‍നിന്നും സര്‍വ്വകാര്യവും അറിയാന്‍ മാത്രം വിശ്വസ്തരാവുക, വേണ്ടി വന്നാല്‍ അവരുടെ തീരുമാനങ്ങളെല്ലാം മാറ്റി മറിക്കാന്‍ മാത്രം ശക്തരാകുക. എന്റെ കുട്ടികള്‍ ഇതെല്ലാം ഭംഗിയായി ചെയ്തു. ഇതൊന്നും ഇനിയും വിശ്വാസമായില്ലെങ്കില്‍ പോയി കെ. വേണുവിനോട് ചോദിച്ചുനോക്ക്. അദ്ദേഹം പറഞ്ഞുതരും കാര്യങ്ങള്‍. ജയറാം പടിക്കല്‍ എന്ന ക്രൂരനായ പോലീസ് ഉദ്യോഗസ്ഥനാണല്ലോ ഞാന്‍. ഞാനൊരു പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ അല്ലാതെ പോയി. ഞാന്‍ ക്രൂരനോ എന്തുമാകട്ടെ, എന്നെ ഏല്‍പ്പിച്ച ജോലി ചെയ്യണ്ടതുപോലെ ഞാന്‍ ചെയ്തില്ലായിരുന്നു എങ്കില്‍ കേരളം ഇന്നൊരു ശ്രീകാകുളമോ, ശ്രീനഗറോ, ഇന്നലത്തെ പഞ്ചാബോ, ഇന്നത്തെ ജാഫ്‌നയോ ആകുമായിരുന്നു'' 1997 ഓഗസ്റ്റില്‍ കലാകൗമുദിയിലാണ് ജയറാം പടിക്കല്‍ ഇങ്ങനെ പറഞ്ഞതായി വരുന്നത്.

വസ്തുതകളും തെളിവുകളും വച്ച് നിഗമനങ്ങളിലെത്തിയാല്‍ ജയറാം പടിക്കലിന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമാകും. ഒന്നാമത് ഈ വാദം വന്നത് ജയറാം പടിക്കല്‍ മരിച്ചശേഷമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ലഭിച്ചിട്ടില്ല.
കെ. വേണു ഇക്കാര്യം വസ്തുനിഷ്ഠമായി തന്നെ മുമ്പേ പൊളിച്ചു. കാരണം കേരളത്തില്‍ ഒരു നക്‌സലൈറ്റ് ആക്രമണവും പോലീസ് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല. ഉന്മൂലനങ്ങള്‍ അടക്കം നടന്ന ശേഷം പ്രതികളെ കണ്ടുപിടിക്കാനായില്ല. നക്‌സലൈറ്റ് ആക്രമണങ്ങള്‍ നടന്നശേഷം അവിടെ ക്യാമ്പ് തുറന്ന് നാട്ടുകാരും മറ്റുമായി നൂറുകണക്കിന് പേരെ മര്‍ദനങ്ങള്‍ വിധേയാക്കിശേഷമാണ് എന്തെങ്കിലും തുമ്പുകിട്ടിയത്. ജയറാമിന്റെ കുട്ടികള്‍ നക്‌സലൈറ്റുകള്‍ക്കുണ്ടായിരുന്നെങ്കില്‍ ഇതുവേണ്ടി വരുമായന്നില്ല.
നക്‌സലൈറ്റുകള്‍ പദ്ധതിയിട്ടതില്‍ നടക്കാതെ പോയത് തൃശൂര്‍ ജില്ലയിലെ മതിലകം, ആലപ്പുഴയിലെ മാരാരിക്കുളം സ്‌റ്റേഷനുകള്‍ ആക്രമണങ്ങളാണ്. അതില്‍ രണ്ടിടത്തും പാകപ്പിഴകള്‍ മൂലമാണ് നടക്കാതെ പോയത്. രണ്ടിടത്തും പുറത്തുപോയ പോലീസുകാര്‍ വരുന്നത് കാത്ത് നിന്ന് നേരം വൈകിയതുകൊണ്ട് ഒഴിവാക്കുകയാണുണ്ടായത്. ടെലഫോണ്‍ ബന്ധം വിച്‌ഛേദിച്ചിരുന്നത് പിറ്റേന്ന് കണ്ടപ്പോള്‍ മാത്രമാണ് ആകഷനെപ്പറ്റി ധാരണ ലഭിക്കുന്നത്. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനം ഇക്കാലത്ത് തകരണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തില്‍ നക്‌സലൈറ്റ് പ്രസ്ഥാനം സജീവമാകുകയാണുണ്ടായത്. അതാകട്ടെ ജയറാം പടിക്കലിനെപ്പോലുള്ള വരെ മറികടന്നുമാണ്.
നക്‌ലൈറ്റ് പ്രസ്ഥാനത്തിലെ വിവരങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നു എന്നു പറയുന്ന ജയറാം പടിക്കലിന് തനിക്കു നേരെ നടന്ന വധശ്രമങ്ങളെപ്പറ്റി പോലൂം അറിവുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ തൊട്ടുപിന്നാലെ നക്‌സലൈറ്റ് സ്‌ക്വാഡങ്ങള്‍ എത്തിയത് തടയാനുമായില്ല. പടിക്കല്‍ ഉന്മൂലനത്തിന് തൊട്ടടുത്തുവരെ എത്തിയതാണ്. വധിക്കാന്‍ നിശ്ചയിച്ച് മുന്നോട്ട് ചെന്ന നക്‌സലൈറ്റ് പ്രവര്‍ത്തകരുടെ കണക്കൂകൂട്ടലുകള്‍ പിഴച്ചതുമാത്രമാണ് പരാജയ കാരണം.
ജയറാം പടിക്കലിനെതിരെയുള്ള വധശ്രമത്തെപ്പറ്റി കെ. വേണു പറയുന്നതിങ്ങനെയാണ്: ''തീരുമാനം നടപ്പാക്കുന്നതിനുവേണ്ടി ഒരു മൂന്നംഗ സ്‌ക്വാഡ് രൂപീകരിക്കുകയുണ്ടായി...ഇത്തരമൊരു പ്രധാനപ്പെട്ട കാര്യം നടപ്പിലാക്കാന്‍ കഴിവുണ്ടെന്നു കരുതി തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു മൂന്നുപേരും. സംസ്ഥാന കമ്മിറ്റി സഖാവാണ് അവരെ തിരഞ്ഞെടുക്കുകയും പദ്ധതി ആസൂത്രണം ചെയ്യുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തത്... അന്ന് എറണാകുളം സൗത്തില്‍ പടിക്കലിന് ഒരു ഗാര്‍മന്റ്‌സ് കടയുണ്ടായിരുന്നു. എന്നും രാവിലെ കൃത്യസമയത്ത് പടിക്കല്‍ കാറില്‍ വന്ന് ആ കടയ്ക്കടുത്ത് ഇറങ്ങുകയും കടയിലേക്ക് നടന്നുപോവുകയും ചെയ്യുമായിരുന്നു. രണ്ടാഴ്ചകാലം പടിക്കലിന്റെ ഇത്തരം ദിനചര്യകള്‍ ആ സംഘം കൃത്യമായി നിരീക്ഷിച്ചിരുന്നു. കാറില്‍ നിന്നിറങ്ങി അയാള്‍ കടയിലേക്ക് നടന്നു നീങ്ങുന്ന സമയത്ത് കൃത്യം നടപ്പാക്കാനാണ് തീരുമാനിച്ചത്. രണ്ടുപേര്‍ ചേര്‍ന്ന് നടപ്പാക്കുകയും മൂന്നാമത്തെയാള്‍ വേണ്ടി വന്നാല്‍ മാത്രം ഇടപെടാന്‍ പാകത്തില്‍ മാറി നില്‍ക്കുകയും ചെയ്തു... 1981 ഏപ്രില്‍ മാസത്തില്‍ ഒരു ദിവസം എല്ലാം സജ്ജമായതായിരുന്നു. രണ്ടു പേരില്‍ ഒരാള്‍ ആദ്യം ആക്രമിക്കാനും മറ്റേ ആള്‍ കൂടി ചേര്‍ന്ന് കൃത്യം പൂര്‍ത്തിയാക്കാനുമായിരുന്നു ധാരണ. പതിവുപോലെ പാടിക്കല്‍ കാറില്‍ വന്നിറങ്ങി. നിശ്ചയിച്ചിരുന്ന രണ്ടുപേരും അയാളുടെ അടുത്തേക്ക് നിങ്ങുകയും ചെയ്തു. പക്ഷേ ആദ്യം ആക്രമിക്കേണ്ടയാള്‍ പെട്ടെന്ന് പതറിപ്പോവുകയും സംഗതി നടക്കാതെ മാറിപ്പോവുകയും ചെയ്തു'' (ഒരു അന്വേഷണത്തിന്റെ കഥ, കെ.വേണു, 2000 ജൂലൈ 7, സമകാലിക മലയാളം വാരിക)
കെ. വേണു പറഞ്ഞതിനുമപ്പുറം സംഭവങ്ങള്‍ നടന്നിരുന്നു. ജയറാം പടിക്കലിനെ വധിക്കുന്നതിന് ഉത്തരവാദിത്വം ഏറ്റെടുത്തിരുന്ന സംസ്ഥാന കമ്മിറ്റി സഖാവിനെ പിന്നീട് ഈ ലേഖകന്‍ നേരിട്ട് കണ്ടു. സംഭവത്തെപ്പറ്റി വിദശമാക്കിയെങ്കിലും തന്റെയോ സംഘാംഗങ്ങളുടെയോ പേര് വ്യക്തമാക്കരുതെന്ന് അദ്ദേഹം കര്‍ശനമായ വ്യവസ്ഥ വച്ചു. ജയറാം പടിക്കലിനു പിന്നാലെ തന്നെയുണ്ടായിരുന്നു മൂന്നംഗ ആക്ഷന്‍ സ്‌ക്വാഡ്. തിരുവനന്തപുരത്തും പടിക്കല്‍ ബാംഗ്ലൂരില്‍ പോയപ്പോഴുമെല്ലാം സംഘം പിന്നാലെയുണ്ടായിരുന്നു. ''പടിക്കലിന് ചുറ്റുവട്ടത്തും എന്നും കുട്ടികളുണ്ടായിരുന്നു. വേദിയിലിരിക്കുമ്പോഴും കാറില്‍ സഞ്ചരിക്കുമ്പോഴുമെല്ലാം. കുട്ടികള്‍ ചുറ്റുമുണ്ടെങ്കില്‍ തന്നെ നക്‌സലൈറ്റുകള്‍ ആക്രമിക്കില്ലെന്ന ധാരണ പടിക്കലിനുണ്ടായിരുന്നു. കുട്ടികള്‍ കൊല്ലപ്പെട്ടാല്‍ ജനവികാരം എതിരാകുമെന്നതിനാല്‍ നക്‌സലൈറ്റുകള്‍ ഒരാക്രമണം നടത്തില്ലെന്ന് അയാള്‍ക്ക് അറിയാം. ബോംബെറിഞ്ഞ് വേണമെങ്കില്‍ കൊല്ലാവുന്ന അത്രയും അടുത്തായിരുന്നു പടിക്കല്‍. പക്ഷേ, കുട്ടികളെ അപകടപ്പെടുത്തരുതെന്ന് ഞങ്ങള്‍ നിശ്ചയിച്ചിരുന്നു. അതിനാല്‍ തന്നെ പലപ്പോഴും അക്രമണം നടത്താതെ വിട്ടു. പക്ഷേ, ഞങ്ങള്‍ നടത്തിയ നീക്കങ്ങള്‍ ഒരു പൊലീസ് സംവിധാനവും അറിഞ്ഞിരുന്നില്ല''.
'കുട്ടികളെ അപകടപ്പെടുത്തിയാലും പടിക്കലിനെ വധിക്കണമെന്ന് പാര്‍ട്ടിയില്‍ ചിലര്‍ നിര്‍ദേശിച്ചു. അതില്‍ തര്‍ക്കമുണ്ടായി. സ്‌ക്വാഡ് അംഗങ്ങള്‍ കേവല മാനുഷിക വാദികളാകുന്നു എന്നതായിരുന്നു വിമര്‍ശനം. അതില്‍ പക്ഷേ ഒരു തീരുമാനമൊന്നും പാര്‍ട്ടി എടുത്തില്ല. നിലനിന്നിരുന്ന ആശയക്കുഴപ്പത്തിനൊടുവില്‍ സ്വഭാവികമായും തനിയെ സ്‌കാ്വഡ് സ്വയം ഇല്ലാതായി''. അല്ലാതെ തനിക്ക് നേരെ നടന്ന വധശ്രമം പോലും സംഘടന 'നയിച്ച' പടിക്കലിന് അറിയുമായിരുന്നില്ല എന്നത് തന്നെ കള്ളകഥകളെ വെളിവാക്കുന്നുണ്ട്.
അടിയന്തരാവസ്ഥയ്ക്ക് ശേഷമോ മുമ്പോ ഒരുഘട്ടത്തിലും നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ തലപ്പത്ത് പൊലീസ് ഏജന്റുമാര്‍ എത്തിയിരുന്നില്ല. നയിക്കണമെങ്കില്‍ സംഘടനയുടെ നയരൂപീകരണ സമിതിയില്‍, അഥവാ സംസ്ഥാന കമ്മിറ്റിയിലോ ജില്ലാ കമ്മിറ്റികളിലോ എത്തണമായിരുന്നു. എന്നാല്‍ നേതൃത്വത്തില്‍ എത്തിയ എല്ലാവരും പിടിക്കപ്പെടുകയും ദീര്‍ഘകാലം ജയിലില്‍ കഴിയുകയും ക്രൂരമായ മര്‍ദനത്തിനിരയാവുകയും ചെയ്തവരാണ്. അടിന്തരാവസ്ഥയിലൂടെ കടന്നുപോകുന്ന പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഉണ്ടായിരുന്ന നേതാക്കളെയെല്ലാം (ടി.എന്‍.ജോയി, കെ. വേണു, സദാശിവന്‍, നടേശന്‍, കുട്ടികൃഷ്ണന്‍) തുടങ്ങിയ എല്ലാവരും തന്നെ കടുത്ത മര്‍ദനങ്ങള്‍ക്കും ജയില്‍ വാസത്തിനും വിധേയരായി. പിന്നീടുള്ള അവരുടെ ജീവിതവും മലയാളിയുടെ കണ്‍മുന്നിലുണ്ട്. നേതാക്കളില്‍ പലരും കടുത്ത ദാരിദ്ര്യം, രോഗം, അകാലത്തിലെ ജരാനര എന്നിവയിലൂടെയാണ് കടന്നുപോയത്. പോലീസിന്റെ ചുണക്കുട്ടികളായിരുന്നെങ്കില്‍ അവര്‍ക്ക് ഈ ജീവിതമല്ല വിധിച്ചിരുന്നത്.
അങ്ങനെ പൊലീസിന്റെയും പടിക്കലിന്റെയും വഴികളിലൂടെയും സഞ്ചരിക്കുമ്പോഴും കരുണാകരന് നക്‌സലൈറ്റുകളെ തകര്‍ക്കാനോ നയിക്കാനോ ആയില്ലെന്ന് വരുന്നു. യഥാര്‍ഥത്തില്‍ കരുണാകരന്റെ പരാജയം മൂടിവയ്ക്കാനാണ് ഈ നക്‌ലൈറ്റുകളെ ഒതുക്കിയെന്ന ചരിത്ര വസ്തുതകളുടെ പിന്‍ബലമില്ലാത്ത കഥ.
സ്തുതിക്കലുകള്‍ക്കിടയിലും നാം ഇന്നലെകള്‍ മറന്നുകൂടാ. വേദനിപ്പിക്കുന്ന ഇല്ലെങ്കില്‍ നമ്മള്‍ അര്‍ത്ഥരഹിതമായ ദു:ഖകണ്ണീരിലാവും. സ്തുതി വചനങ്ങളില്‍ കാതടയും.
'ദളിതരരെ, ദരിദ്രരെ, സ്ത്രീകളെ ആക്രമിച്ചാല്‍ പണമല്ല, പകയാണ് തീര്‍പ്പ്' എന്നൊരു മുദ്രാവാക്യം ചുവരുകളില്‍ നക്‌സലൈറ്റുകളുടേതായി പതിഞ്ഞുകണ്ടിട്ടുണ്ട്. എന്തുകൊണ്ട് കരുണാകരനും, അയാളുടെ പോലീസ് നരഭോജികളും ഈ മുദ്രാവാക്യത്തിന്റെ കരുത്തുറ്റ പ്രയോഗങ്ങള്‍ക്ക് വിധേയരായില്ല? അതുമാത്രം അല്‍പം വേദനകലര്‍ന്ന അത്ഭുതമായി കാലത്തില്‍ ശേഷിക്കും.

ഡൂള്‍ ന്യൂസ്
2011 December
http://www.doolnews.com/critical-study-on-k-karunakaran-234.html

Wednesday, November 9, 2011

അറബ് വസന്തത്തിന്റെ പ്രായോജകര്‍

അല്‍ജസീറക്ക് പതിനഞ്ച് വയസ്. ലോകത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളെ പിന്നിലാക്കി അല്‍ജസീറ നടത്തുന്ന കുതിപ്പിന് കാരണം എന്താവും? എന്താണ് അവരുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാനം?



അറബ് വസന്തത്തിന്റെ പ്രായോജകര്‍


മാത്യു സാമുവല്‍


അറബ് രാജ്യങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു തമാശയുണ്ട്. ഈജിപ്തിന്റെ മൂന്ന് മുന്‍ പ്രസിഡന്റുമാര്‍ നരകത്തില്‍ കണ്ടുമുട്ടുന്നു. ഗമാല്‍ അബ്ദുള്‍ നാസര്‍, അന്‍വര്‍ അല്‍സാദത്ത്, ഹുസ്‌നി മുബാരക് എന്നിവരാണ് അവര്‍. എങ്ങനെയാണ് പതനമുണ്ടായതെന്ന് അവര്‍ പരസ്പരം ചോദിക്കുന്നു. നാസ്സര്‍ പറയുന്നു: 'വിഷം'. സാദത്ത് പറയുന്നു:'കൊലപാതകം'. മുബാരികിന്റെ മറുപടി: 'അല്‍ ജസീറ'.
ഖത്തറില്‍ നിന്നുള്ള, പതിനഞ്ച് വര്‍ഷത്തെ പ്രക്ഷേപണത്തിനിടയില്‍ അല്‍ജസീറ ഒരു പരമ്പരാഗത ടെലിവിഷന്‍ സ്ഥാപനത്തിന്് ചെയ്യാവുന്നതിന് അപ്പുറം പല കാര്യങ്ങളും ചെയ്തിരിക്കുന്നു. അറബ് രാഷ്ട്രീയത്തിലെ നിര്‍ഭയമായ ഇടപെടല്‍ മൂലം അവര്‍ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ പുതിയ ഇടം സൃഷ്ടിച്ചിരിക്കുന്നു. ഈ ഇടം അറബ് വിപ്ലവങ്ങള്‍ക്ക് നല്‍കിയ പൂര്‍ണതോതിലുള്ള പിന്തുണയില്‍ പരമകാഷ്ഠ പ്രാപിച്ചു.
അല്‍ജസീറ വിവരങ്ങളുടെ പരിധികള്‍ തള്ളിയകറ്റി. അറബ് ലോകത്തും മറ്റിടത്തുമുള്ള വലിയ സംഭവികാസങ്ങളുടെ ലൈവ് പ്രക്ഷേപണത്തിലൂടെയായിരുന്നു അത്. അറബ് രാജ്യങ്ങളിലെ രാഷ്ട്രീയവും മതപരവുമായ പ്രതിപക്ഷ സംഘടനകളുടെ വേദിയാണ് അല്‍ജസീറ. അത് ഇസ്രായേലി വക്താക്കള്‍ക്ക് ആതിഥ്യമരുളി, പ്രക്ഷേണ അടവുകളെ നന്നായി പുണരുകയും ചെയ്യുന്നു. ചുരുക്കി പറഞ്ഞാല്‍, അല്‍ജസീറ ആഗോള ബ്രാന്‍ഡും മറ്റ് അറബ് മാധ്യമങ്ങളുടെ റോള്‍ മോഡലുമാവുകയും ചെയ്തിരിക്കുന്നു.
വിജയം ആത്മവിശ്വാസം വളര്‍ത്തും, അതുപോലെ അസൂയാലുക്കളെയും. അല്‍ജസീറക്ക് ശത്രുക്കളുടെ കുറവൊട്ടുമില്ല. ഏറ്റവും കടുത്ത തീവ്ര ഇസ്ലാമിക യാഥാസ്ഥിതികര്‍ മുതല്‍ അമേരിക്കന്‍, ഇസ്രായേലി ഇന്റലിജന്‍സ് സംഘങ്ങള്‍ വരയുള്ളവരുണ്ട് ശത്രുക്കളുടെ പട്ടികയില്‍. ഈ രണ്ടു തീവ്ര അറ്റങ്ങള്‍ക്കിടയില്‍, അല്‍ജീസറ തങ്ങളുടെ മിത്രമണോ ശത്രുവാണോ എന്നതിനെപ്പറ്റി തീവ്രമായ സംവാദങ്ങളും നടക്കുന്നുണ്ട്.
അറബ് ലോകത്തിന്റെ സ്വാതന്ത്ര്യന്റെയും പുരോഗമനത്തിന്റെയും ദീപസ്തംഭമായി അല്‍ജസീറയെ സ്വാഗതം ചെയ്യുന്നവരുണ്ട്. അത്തരം ആളുകള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത് അല്‍ജസീറയെ ഇസ്ലാമിതയെന്നും മത തീവ്രവാദവല്‍ക്കരണമെന്നും ആരോപിക്കുന്നവരെയാണ്. തങ്ങളുടെ നിലപാടുകളുടെ അരങ്ങ് എന്ന രീതിയില്‍ അല്‍ജസീറയെ പുകഴ്ത്തുന്ന ഇസ്ലാമിസ്റ്റുകള്‍ അതേ ടെലിവിഷന്‍ ചാനല്‍ ഇസ്രായേലികള്‍ക്കും ശബ്ദം നല്‍കുന്നുണ്ടെന്ന വസ്തുതയെ അംഗീകരിക്കണം. അല്‍ജസീറ മാധ്യമപ്രവര്‍ത്തകരുടെ പേരുകള്‍ വീട്ടകങ്ങളില്‍ സുപരിചിതമാണ്. ഈ മാധ്യമപ്രവര്‍ത്തകര്‍ മറ്റ് പ്രമുഖ വാര്‍ത്താ സ്ഥാപനങ്ങളിലെ സഹപ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ ദ്രോഹങ്ങള്‍ക്ക്, തടവുകള്‍, അപകടമരണങ്ങള്‍ക്ക് വിധേയരാണ്.
അല്‍ജസീറ സി.ഐ.എയുടെ ഉപകരണമല്ല. ഇസ്രായേലിന്റെയോ അല്‍ക്വയ്ദയുടെയോ അല്ല. പകരം അത് ഖത്തറിന്റെയൂം അവരുടെ ഉത്‌കേര്‍ഷേച്ഛയുള്ള അമീര്‍, ഹമദ് അല്‍ഥാനിയുടെയും (ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി) കൂടുതല്‍ നവീകരിക്കപ്പെട്ട മുഖമാധ്യമം (മൗത്ത്പീസ്) ആണ്. ലളിതമായി പറഞ്ഞാല്‍, അല്‍ജസീറയുടെ വിജയകഥ ഖത്തറിന്റെ പിന്തുണയില്ലെങ്കില്‍ സാധ്യമാകില്ലായിരുന്നു. അല്‍ഥാനിയെ സംബന്ധിച്ച് അല്‍ ജസീറ ഖത്തറിന്റെ ദേശീയ 'മുദ'യുടെയും വിദേശനയ അഭിലാഷങ്ങളുടെയും അവിഭാജ്യഭാഗമാണ്.



ഈ അഭിലാഷത്തിന്റെ പ്രചോദനമെന്തെന്ന് വ്യക്തമല്ല. പക്ഷേ ഇതെപ്പറ്റി ചിന്താര്‍ഹമായ പലതരം ആശയങ്ങളുണ്ട്. 1995 ല്‍ തന്റെ പിതാവിനെ കൊട്ടാര അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കിയ ഉടനെ അല്‍ഥാനി അഭിമുഖീകരിക്കേണ്ടിവന്നത് ശത്രുതാപരമായ സമീപനംകൊക്കൊണ്ട സൗദി അറേബ്യയെയും ഈജിപ്തിനെയുമാണ്. ഈ രാജ്യങ്ങിലെ ഉന്നതജാതര്‍ ഉത്‌കേര്‍ഷേച്ഛയുള്ള യുവ ഭരണാധികാരിയെ വെറുത്തു. അതിനേക്കാള്‍, ഭീരുവും ശൗര്യം കുറവുള്ളതുമായ, അദ്ദേഹത്തിന്റെ പിതാവിനെയാണ് അവര്‍ ഇഷ്ടപ്പെട്ടത്. ഖത്തര്‍ വര്‍ധിതമായ രീതിയില്‍ കലാപത്വരയോടെ തുടരുകയും, ഗള്‍ഫ് രാജ്യങ്ങുടെ രാഷ്ട്രീയത്തിന്റെ കൂട്ടായതും സ്ഥാപിതതാല്‍പര്യമുള്ളതുമായ നയങ്ങളില്‍ നിന്ന് പതിവായി വ്യതിചലിക്കുകയും ചെയ്തു. അത് 'വലിയ സഹോദരമാരില്‍' നിന്ന് കൂടുതല്‍ സമ്മര്‍ദങ്ങളെ ക്ഷണിച്ചുവരുത്തി. അതിന് പ്രതികരണമെന്ന നിലയില്‍, യുവ അമീറിന്റെ ഉറച്ച കൈകള്‍ക്ക് കീഴില്‍, അല്‍ജസീറ ഈജിപ്ത്, സൗദി അറേബ്യ പോലുള്ള സര്‍ക്കാരുകള്‍ക്കെതിരെ കൂടുതല്‍ നിശ്ചയദാര്‍ഢ്യരീതിയില്‍ വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ടു. അത് തങ്ങള്‍ ജനങ്ങളില്‍ നിന്ന് അന്യമാകതിരിക്കാന്‍ മറ്റ് അറബ് മുഖ്യാധാര മാധ്യമങ്ങള്‍ക്കും ചെയ്യേണ്ടിവന്നു.
അറബ് വിപ്ലവങ്ങളെ പിന്തുണക്കാനുള്ള അധികാരപത്രം ഖത്തിറിലെ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് ലഭിച്ചതോടെ തുനീഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ സംഭവവികാസങ്ങളുടെ ലൈവ് പ്രക്ഷേപണത്തില്‍ അല്‍ജസീറ പൂര്‍ണമായി മുഴുകി. പ്രദേശിക സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുകള്‍ക്ക് പുറത്ത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളെ ആശ്രയിച്ചാണ് അവര്‍ അത് ചെയ്ത്. അവരുടെ ലൈവ് റിപ്പോര്‍ട്ടുകളില്‍ ലോകത്തോടുള്ള അറബ് ജനതയുടെ ആവശ്യങ്ങള്‍ പ്രഖ്യാപിക്കുന്നത് നിറഞ്ഞു. പ്രാദേശീക മാധ്യമങ്ങള്‍ നിരോധിക്കപ്പെടതിനാലും, നിയന്ത്രണങ്ങള്‍ ഉള്ളതിനാലും വിപ്ലവകാരികള്‍ തങ്ങളുടെ സ്വന്തം ജനങ്ങളിലേക്കെത്തിക്കാനും അവരെ ചലിപ്പിക്കാനുമായി അല്‍ജസീറയെ ഉപയോഗിച്ചു. ചാനല്‍ അതിന്റെ പതിവ് പരിപാടികള്‍ റദ്ദാക്കി. ഒരു വിപ്ലവത്തില്‍ നിന്ന് അടുത്തതിലേക്ക് എന്നനിലയില്‍ ലൈവ് വാര്‍ത്തകള്‍, അഭിമുഖങ്ങള്‍ എന്നിവയുമായി മുഴുവന്‍ സമയവും നിരന്നു.
ദശബ്ദങ്ങളായി അധികാരത്തില്‍ തുടര്‍ന്ന അഴിമതിക്കാരും മര്‍ദകരുമായ സര്‍വാധിപത്യഭരണങ്ങള്‍ക്കെതിരെ അറബ് വസന്തം യഥാര്‍ത്ഥ ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു. അതിന്റെ വേഗത്തിലുള്ള വ്യാപനം എല്ലാവരെയും അത്ഭുസ്തബ്ധരാക്കി. ആ വ്യാപനം അല്‍ ജസീറയുടെ സ്വാധീനം കൊണ്ടുകുടിയായിരുന്നു. അത് പശ്ചിമേഷ്യയിലെമ്പാടും ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറി. ഖത്തറിനെ സംബന്ധിച്ചാണെങ്കില്‍ അല്‍ഥാനി എല്ലാ അറബ് വസന്തങ്ങള്‍ക്കും വിവിധ രുപത്തിലുള്ള പിന്തുണ നല്‍കി. ബഹറിനിലൊഴിച്ച്. അവിടെ സൗദികളും കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ അമേരിക്കകാരും വളരെ കര്‍ശനമായ ചുവപ്പ് വര വരച്ചിരുന്നു.
അല്‍ഥാനിയുടെ രാഷ്ട്രീയ ധാര്‍ഷ്ട്യം ഭാഗികമായി കരുത്താര്‍ജിക്കുന്നത് ഖത്തറിന് സമൃദ്ധമായുള്ള പ്രകൃതിവാതക ശേഖരങ്ങളില്‍ നിന്നാണ്. അത് എല്ലാ മേഖലകളിലും ഊര്‍ജസ്വലമായ നയങ്ങള്‍ വികസിപ്പിക്കാന്‍ അവരെ അനുവദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വിദേശ കാര്യങ്ങളില്‍. അമേരിക്കക്കുപുറത്ത് ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളം ഒരുക്കി ഥാനി സ്വയവും ഖത്തറിനും സുരക്ഷ ഒരുക്കുന്നു. അദ്ദേഹം തുടരുന്ന തന്ത്രപരമായ സമീപനം ചെറിയ ഗള്‍ഫ് രാജ്യങ്ങളില്‍ ആധിപത്യ സ്ഥാനം ചെലുത്താനിടയുള്ള പ്രാദേശിക മൂന്നാം പാര്‍ട്ടികളുടെ നിയന്ത്രണം പിടിച്ചെടുക്കുക എന്നതാണ്. അതേ സമയം തന്നെ ഖത്തര്‍ ഇസ്രായേലുമായും, ഹമാസ്, ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള പല ഇസ്്‌ലാമിക പ്രസ്ഥാനവുമായി ഉറച്ച ബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
അത് കുടുതല്‍ അക്രമോത്സുകവും അപകടരവുമായ വിദേശ നയമാണ്. പക്ഷേ അല്‍ഥാനി വിശ്വസിക്കുന്നത് പ്രദേശിക നേതൃത്വ ശൂന്യത എന്ന അവസ്ഥ തനിക്ക് പരിഹരിക്കാനാവുമെന്നാണ്. അല്‍ജസീറ വഴി അറബ് വസന്ത വിപ്ലവങ്ങള്‍ക്കും അത് സൃഷ്ടിച്ച പുതു തലമുറനേതാക്കള്‍ക്കും പിന്തുണ വഴി അല്‍ഥാനി ഖത്തറിന്റെ നില കൂടുതല്‍ ശക്തിമത്താക്കുന്നു.
അറബ് ലോകത്ത് അധികാരത്തില്‍ നിന്ന് കൂപ്പുകുത്തുന്ന ഭരണാധികാരികള്‍ അല്‍ജസീറ നിഷ്പക്ഷമല്ലെന്ന് തുടര്‍ച്ചയായി തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അത്. അതെ അക്കാര്യത്തില്‍ അവര്‍ പറഞ്ഞതാണ് ശരി.


മാത്യു സാമുവല്‍ മുമ്പ് തെഹല്‍ക ലേഖകനായിരുന്നു. ഇപ്പോള്‍ ഒനിയോന്‍ലൈവ് ഡോട്ട് കോമിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആണ്.

മൊഴിമാറ്റം: ആര്‍.കെ. ബിജുരാജ്

മലയാളം വാരിക
2011 november 10

Friday, October 28, 2011

അഗ്‌നിപരീക്ഷ അഥവാ വേഷപ്രച്ഛന്നമായ ഭീകരവാദം



http://www.doolnews.com/tenzin-tsundue-abuot-phuntsok-suicide-malayalam-news-387.html


തിബത്തിന്റെ സ്വാതന്ത്ര്യമാവശ്യപ്പെട്ട് ബുദ്ധഭിക്ഷുക്കള്‍ നടത്തിയ ആത്മാഹൂതിയെ ചൈനീസ് ഭരണകൂടം ‘വേഷപ്രച്ഛന്നമായ ഭീകരവാദം’ എന്ന് മുദ്രകുത്തിയിരിക്കുന്നു. തിബത്തന്‍ ആക്റ്റിവിസ്റ്റും കവിയുമായ തെന്‍സിന്‍സുന്‍ന്ത്യു തങ്ങളുടെ സ്വാതന്ത്ര്യപോരാട്ടത്തെയും ‘അഗ്‌നി പരീക്ഷ’യെയും പറ്റി എഴുതുന്നു.







തെന്‍സിന്‍ സുന്‍ന്ത്യു


തിബത്തന്‍ ബുദ്ധഭിക്ഷുവായ ഫുന്ദ്‌സോക് ശാന്തനും നാണംകുണുങ്ങിയുമായ നവവിദ്യാര്‍ഥിയായിട്ടാണ് സുഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.
തെരുവിലേക്ക് നടന്നു ചെന്ന് മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തുന്ന മദ്ധ്യാഹ്നം വരെ അങ്ങനെയായിരുന്നു പൊതുവില്‍ കരുതപ്പെട്ടത്. പൊലീസ് ഓടിയെത്തി, ഇരുമ്പ് വടികള്‍കൊണ്ട് അദ്ദേഹത്തെ അടിച്ചു നിലത്ത് വീഴ്ത്തി, തീ അണച്ചു. പക്ഷേ അപ്പോഴേക്കും ഇരുപതുകാരനായ ഭിക്ഷുവിനെ തീ വിഴുങ്ങിയിരുന്നു. ഇത് മാര്‍ച്ച് 16 നാണ് നടന്നത്. കിഴക്കന്‍ തിബത്തിലെ ആംഡോ നഗ്ബയില്‍.

2008 ലെ തിബത്തന്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍. മൂന്നുവര്‍ഷം മുമ്പ് ഇതേ ദിനത്തില്‍ ചൈനയുടെ അതിര്‍ത്തി മേഖലയില്‍ നടന്ന ഉയര്‍ത്തെഴുന്നേല്‍പ്പില്‍ ഒമ്പതു പേര്‍ മരിച്ചിരുന്നു. ഇന്ന് ഈ മേഖല മുഴുവന്‍ സമയവും (24 മണിക്കൂറും ഏഴ് ദിനവും) സായുധ പോലീസിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ ഭരണകൂടവും തിബത്തന്‍ ജനതയുമായുള്ള ബന്ധം ഭയവും സംശയവും കലര്‍ന്നതാണ്.


ബീജിംഗിലെ ജനകീയ സായുധ പൊലീസ് (പി.എ.പി) ഫുന്ദ്‌സോകിന്റെ കരിഞ്ഞ മൃതദേഹം തെളിവുകള്‍ ഒളിപ്പിക്കാനായി നീക്കാന്‍ ശ്രമിച്ചിരുന്നു. ഭിക്ഷുക്കള്‍, സന്യാസിനികള്‍, ദേശാന്തരഗമന സഞ്ചാരികള്‍, കര്‍ഷകര്‍ എന്നിവര്‍ ചേര്‍ന്ന്, ആയിരക്കണക്കിന് ഭീഷണികളില്‍ കഴിയുന്ന ആത്മാക്കളുടെ ശക്തമത്തായ ഒരു മതില്‍ പെട്ടന്ന് രുപപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണധീനമാക്കാനായി വൈകുന്നേരം ഫുന്ദ്‌സോകിന്റെ വിദ്യാലയമായ നഗ്ബ കിര്‍തി വിഹാരം പി.എ.പി പിടിച്ചെടുത്തു.

130 വര്‍ഷം പഴക്കമുള്ള ഈ ബുദ്ധ വിഹാരത്തില്‍ 2500 ഭിക്ഷുക്കളുണ്ട്. കിഴക്കന്‍ തിബത്തില്‍ ഏറ്റവും അധികം സ്വാധീനമുള്ള ബുദ്ധമത പഠന കേന്ദ്രമാണ്. ഇവിടെയാണ് സമീപകാല പ്രവണതയായ ആത്മാഹൂതി സമരങ്ങള്‍ തുടങ്ങിയത്. ടെന്‍സിന്‍ വാന്‍ഗ്‌മോ എന്ന 19 വയസുകാരനാണ് ഇവിടെ ആത്മാഹുതി ആദ്യം നടത്തിയത്. ഇത് ഈ പരമ്പയിലെ ഒമ്പതാമത്തെയായിരുന്നു.

ചുവരെഴുത്തുകള്‍ മുന്നറിയിപ്പു നല്‍കി: ”സ്ഥിതി തുടര്‍ന്നാല്‍ കുടുതല്‍ പിന്നാലെ”. ആത്മാഹൂതി ചെയ്തുകൊണ്ടുള്ള പ്രതിഷേധ സമരത്തെ ഒരു പ്രതീകാത്മക ബിംബമാക്കി മാറ്റിയത് 1963 ല്‍ മാല്‍കം ബ്രോണിന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ്. വിയറ്റ്‌നാം യുദ്ധ ഘട്ടത്തില്‍ 66 വയസുകരാനായ തിച്ച്
ക്വാങ് എന്ന ബുദ്ധ ഭിക്ഷുവാണ് സ്വയം തീകൊളുത്തി മരിച്ചത്. ദക്ഷിണ വിയറ്റ്‌നാം പ്രസിഡന്റ് ന്‌ഗോ ഡിന്‍ ദിയത്തിന്റെ ബുദ്ധവിരുദ്ധ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹം. ആ ആത്മാഹൂതി ചരിത്രമായി. അത് പെട്ടന്ന് പലരും സ്വീകരിച്ചു. കമ്യുണിസ്റ്റ് വടക്കന്‍ വിയറ്റനാമിനെതിരെയുള്ള അമേരിക്കന്‍ യുദ്ധത്തിനോടുള്ള പ്രതിഷേധമായി പലരും
ആ പാത പിന്തുടര്‍ന്നു.



ആ സമയത്ത് ആത്മാഹൂതി കാതോലിക്കരും, സെന്‍ ബുദ്ധിസ്റ്റുകളും അമേരിക്കയിലെ ക്വാക്കേഴ്‌സും മാ്രതമാണ് നടത്തിയിരുന്നത്. ഇന്ത്യയില്‍ വര്‍ഷംതോറും 1500 ആത്മഹൂതികള്‍ നടക്കുന്നതായിട്ടാണ് കണക്ക്. പക്ഷേ, ആരും 1990 സെപ്റ്റംബര്‍. 19 ന് രാജീവ് ഗ്വാസ്വാമി മണ്ടല്‍ കമീഷനെതിരെ നടത്തിയ ആളുന്ന പ്രതിഷേധം മറന്നിട്ടുണ്ടാവില്ല.

ഈ വര്‍ഷം തുനീഷ്യയിലെ പാവപ്പെട്ട പച്ചക്കറി കച്ചവടക്കരനെ ഒരു മുന്‍സിപ്പല്‍ ഉദ്യോഗസ്ഥന്‍ അടിക്കുകയും അവമതിക്കുകയുംചെയ്തു. ഗവര്‍ണര്‍ കാണാന്‍ വിസമ്മതിച്ചപ്പോള്‍ പച്ചക്കറിക്കച്ചവടക്കാരന്‍ മുന്നറിയിപ്പ് നല്‍കി : ‘നിങ്ങള്‍ എന്നെ കണ്ടില്ലെങ്കില്‍ ഞാന്‍ സ്വയം തീകൊളുത്തി മരിക്കും’. അടുത്ത ദിവസം ബൗവസിസി ദേഹത്ത് ഗ്യസൊലിന്‍ ഒഴിച്ച് തീപ്പെട്ടി ഉരച്ചു. ഇത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷേത്തെ ജ്വലിപ്പിക്കുകയൂം പശ്ചിമേഷ്യയിലെമ്പാടും കാട്ടുതീയായി പടരുകയും ചെയ്തു. 23 വര്‍ഷത്തെ അധികാരത്തിനുശേഷം ഒരു പ്രസിഡന്റ് കടപുഴപ്പെട്ടു, മറ്റ് സര്‍വാധിപതികള്‍ പുറത്തേക്ക് വലിച്ചെറിയപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു.
കഴിഞ്ഞയാഴ്ച കേണല്‍ ഗദ്ദാഫി കൊല്ലപ്പെട്ടതുപോലെ.
ബൗസാസിയുടെ നടപടി വടക്കന്‍ ആഫ്രിക്കയില്‍ ഒരു പ്രവണതയായി പ്രചോദിക്കപ്പെട്ടു.

മുല്ലപ്പൂ വിപ്ലവത്തിന്റെ പരിമളം അറബ് ലോകത്ത് വീശിയടിച്ചുകൊണ്ടിരിക്കയാണ്. പക്ഷേ, ആര് ഓര്‍ക്കുന്നു ആദ്യത്തെ ബുദ്ധ സന്യാസിയുടെ ആത്മാഹൂതി എ.ഡി. 397 ല്‍ ചൈനയിലാണ് നടന്നതെന്ന്? ഇന്ത്യയില്‍ പഠിച്ച, ഇപ്പോള്‍ കാനഡ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചൈനീസ് ചരിത്രകാരന്‍ ജാന്‍ ഹുവ ‘മധ്യകാല ചൈനയിലെ ബുദ്ധമത
ആത്മാഹൂതി’ എന്ന പ്രബദ്ധത്തില്‍ അഞ്ചുമുതല്‍ 10 നൂറ്റാണ്ടുവരെയുള്ള രണ്ട് ചൈനീസ് ജീവചരിത്രകാരരെ ഉദ്ധരിക്കുന്നുണ്ട്. പ്രൊഫ ജാന്‍ പറയുന്നത് ഈ
കാലയളവില്‍ 50 ബുദ്ധസന്യാസികള്‍ ആത്മാഹൂതി നടത്തുകയോ നടത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ്. ‘വാങ്‌ഷെന്‍’ അഥവാ ‘യിഷെന്‍’ (അര്‍ഥം ശരീരം ഉപേക്ഷിക്കുക അല്ലെങ്കില്‍ വിടുക) എന്ന സങ്കല്‍പം ഇന്ത്യയില്‍ നിന്ന് കൊണ്ടുവരപ്പെട്ട ബുദ്ധമത താമര സൂത്രം എന്നതില്‍നിന്നാണ് കുടുതലായി പ്രചോദനം കൊണ്ടിരിക്കുന്നത് എന്നു പറയുന്നു. അത്
ഭൈസാജയരാജയുടെ കഥയുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. സ്വയം അഗ്‌നിക്ക് സമര്‍പ്പിച്ച് ബോധിസത്വം നേടിയ വ്യക്തിയാണ് അദ്ദേഹം.

പരക്കെ വിശ്വസിക്കപ്പെടുന്ന കാര്യം അഗാധമായ സമര്‍പ്പണം മൂലം അദ്ദേഹത്തിന്റെ ശരീരത്തെ ജ്വലിപ്പിച്ച തീ കെടാന്‍ 1200 വര്‍ഷം എടുത്തുവെന്നാണ്.

ഇന്ത്യയില്‍ സൈദ്ധാന്തികതലത്തില്‍ മാത്രം നിന്ന കാര്യം ചൈനീസ് ബുദ്ധമതക്കാര്‍ ധീരമായ പാരമ്പര്യമാക്കി മാറ്റി. 570 എഡിയില്‍ വടക്കന്‍ ചൗസാമ്രാജ്യത്തിലെ ബുദ്ധ മത വിരുദ്ധനായ ചക്രവര്‍ത്തി വു വിനെതിരെ (55781) സന്യാസിയായ താവോ ചിയും ഏഴ് സുഹൃത്തുക്കളും സ്വയം പട്ടിണികിടന്ന് മരിച്ചു. ഇന്നത്തെ ഷിചുവാന്‍ പ്രവശ്യയിലായിരുന്നു അത്. മരണംവരെ നിരാഹാരം
കിടന്നുള്ള സന്യാസിമാരുടെ ആത്മാഹൂതിയുടെ ഈ സംഭവങ്ങളെല്ലാം ചൈനയില്‍ നടന്നത് വളരെ പണ്ട്, ഇന്ത്യയില്‍ നിന്ന് ഏഴാം നൂറ്റാണ്ടില്‍ ബുദ്ധിസം തിബത്തില്‍ എത്തുന്നതിന് വളരെ മുമ്പാണ്.




കഴിഞ്ഞയാഴ്ച ബെയിജിംഗിലെ വിദേശ മന്ത്രാലയ വക്താവ് സ്വാതന്ത്ര്യത്തിനായുള്ള തിബത്തന്‍ ജനതയുടെ മുറവിളിയെ ‘വേഷപ്രച്ഛന്നമായ ഭീകരവാദം’ എന്ന് മുദ്രകുത്തി. ദുഖകരമെന്ന് പറയാം, മാവോയുടെ സാംസ്‌കാരിക വിപ്ലവം ചൈനയില്‍ നിന്ന് ബുദ്ധിസത്തെ വേരോടെ പിഴുതു. ഇന്ന് ഏറ്റവും വലിയ
ബുദ്ധിസ്റ്റ് രാഷ്ട്രത്തിലെ (45 കോടി വിശ്വാസികള്‍)യുവതലമുറ ബുദ്ധമത പഠനത്തിന് മറ്റിടങ്ങളെയാണ് തിരയുന്നത്. മുഖ്യമായും തിബത്തിനെ. അതില്‍ ചിലര്‍ ധരംശാലയിലും വരുന്നു. എല്ലാരീതിയിലും കരുത്തുറ്റ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മതത്തെ പറ്റിയുള്ളത് ചിത്തഭ്രമമാണ് അത്.

ബുദ്ധമതമാവകട്ടെ, കാതോലിക്കാമതാകട്ടെ, അല്ലെങ്കില്‍ ഫുലന്‍ ഗോങ്ങ് ആകട്ടെ. ഇന്നത്തെ ചൈനീസ് ജനകീയ പരമാധികാര ചൈനയില്‍ ആത്മീയതക്കുള്ള തീവ്ര ദാഹം നിലനില്‍ക്കുന്നുണ്ട്.
ഒരു ബുദ്ധമതക്കാരനെ സംബന്ധിച്ച് ജീവിതം എടുക്കുന്നത്, അത് കൊലപാതകമാകട്ടെ, ആത്മഹത്യയാകട്ടെ വിലക്കപ്പെട്ടതാണ്. അതിനാല്‍ സ്വയം ജീവനെടുക്കുന്നത് ഒരു മനുഷ്യന്റെ ഏറ്റവും പവിത്രതമായ ജീവിതത്തെ നശിപ്പിക്കുകയാണ്.

തിച്ച് ക്വാങ് ഡുക്‌സിന്റെ ആത്മാഹുതിയെപറ്റി പ്രമുഖനായ ബുദ്ധ ഗുരു തിച്ച് ന്ഹാത് ഹന്‍ഹ് പറഞ്ഞു: ”യേശുവിന്റെ ക്രൂശിലേറല്‍ പോലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തി മറ്റുള്ളവരുടെ
ഉണര്‍ത്തെഴുന്നേല്‍പിനുവേണ്ടിയുള്ള ഉപാധിയില്ലാത്ത ദുരിതം വഹിക്കാനുള്ള സന്നദ്ധയാണ് വ്യക്തമാക്കുന്നത്”

മൊഴിമാറ്റം: ബിജുരാജ്


കുറിപ്പ്:
1. മതങ്ങളുടെ ചരിത്രം, വോള്യം 4, ചിക്കാഗോ പ്രസ് 1965
2. ‘എ റിവ്യൂ ഓഫ് സോഷ്യലി എന്‍ഗേജ്ഡ് ബുദ്ധിസം ഫോര്‍ ദ ന്യു മില്ലീനിയം’
എഡിറ്റര്‍മാര്‍: പിപോബ് യുഡോമിറ്റിപോങ്, ക്രിസ് വാക്കര്‍

http://www.doolnews.com/tenzin-tsundue-abuot-phuntsok-suicide-malayalam-news-387.html

Sunday, October 9, 2011

തെരുവു ഗുണ്ടകളും പൊലീസ് ഗുണ്ടകളും

സംഭാഷണം
വി.ബി. ഉണ്ണിത്താന്‍/ആര്‍.കെ.ബിജുരാജ്




തെരുവു ഗുണ്ടകളും
പൊലീസ് ഗുണ്ടകളും



നമുക്കിടയില്‍ പത്രപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുക അപൂര്‍വ സംഭവമൊന്നുമല്ല. ഭരണകൂടവും പൊലീസും രാഷ്ട്രീയക്കാരും മാഫിയകളുമെല്ലാം ഈ ആക്രമണത്തിന്റെ ഒരുവശത്ത് പതിവായി നിലകൊണ്ടിട്ടുണ്ട്. മലയാള പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ ഇന്നുവരെ പല രീതിയില്‍, രൂപത്തില്‍ പത്രപ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. ചില പത്രപ്രവര്‍ത്തകരുടെയെങ്കിലും അപകടമരണം സമസ്യയായി തുടരുന്നുമുണ്ട്. ജൂണില്‍, മുംബൈയില്‍ കൊല്ലപ്പെട്ട അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ജ്യോതിര്‍മോയി ഡേയും (ജെ ഡേ) സൂചനയാണ്. യഥാര്‍ഥ പ്രതികളെ പിടിക്കാതെ കൊലപാതകികള്‍ക്കൊപ്പം നിലകൊള്ളുന്ന പൊലീസിന്റെ പ്രഹസനം അങ്ങനെ നമ്മള്‍ ആവര്‍ത്തിച്ചുകണ്ടുകൊണ്ടിരിക്കുന്നു.
നമ്മുടെ പുതിയ ലോകക്രമത്തില്‍ ആക്രമണം ഒന്നുകൂടി വര്‍ധിക്കാനേ തരമുള്ളൂ- മാധ്യമപ്രവര്‍ത്തകര്‍ക്ക്/മാധ്യമങ്ങള്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണവും ജനാധിപത്യത്തിനുനേരെയുള്ള കടന്നുകയറ്റമാണെങ്കിലും.
അതെന്തായാലും, മാതൃഭൂമി ലേഖകന്‍ വി.ബി. ഉണ്ണിത്താനു നേരെ നടന്ന ആക്രമണം പലരീതിയിലും വേറിട്ടുനില്‍ക്കുന്നു. അത് നമ്മളെ വല്ലാതെ ഭയപ്പെടുത്തും. അസ്വസ്ഥമാക്കും.
കേരള ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു പത്രപ്രവര്‍ത്തകനെ വധിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മാഫിയാ ഗുണ്ടാസംഘങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കുന്നു. അവരത് ഏതാണ്ടൊക്കെ ഭംഗിയായി നിര്‍വഹിക്കുന്നു. ഭാഗ്യം/നിര്‍ഭാഗ്യം എന്നുവിളിക്കുന്ന നൂല്‍പ്പാലങ്ങള്‍ക്കിടയില്‍ ഉണ്ണിത്താനായിരുന്നു ജയം. മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് ഉണ്ണിത്താനിപ്പോള്‍ പിച്ചവച്ചുകൊണ്ടിരിക്കുന്നു.
2011 ഏപ്രില്‍ 16 ന് രാത്രി പത്തിനാണ് ഉണ്ണിത്താനെതിരെ ആക്രമണം നടന്നത്. ഭരണിക്കാവിലെ വീട്ടിലേക്ക് പോകാന്‍ ശാസ്താംകോട്ടയില്‍ എത്തിയപ്പോഴായിരുന്നു ഇരുളില്‍ നിന്ന് ക്വട്ടേഷന്‍ സംഘം ചാടിവീണത്. കമ്പിവടിക്കുള്ള അടിയേറ്റ് വാരിയെല്ലും നട്ടെല്ലും ഒടിഞ്ഞു. കൈയിലെ എല്ലുകള്‍ നുറുങ്ങി. കാല്‍ പലയിടത്തും ഒടിഞ്ഞ് എല്ലുകള്‍ പുറത്തുവന്നു. നട്ടെല്ലും കാലിലെ എല്ലുകളും യോജിക്കുന്നിടത്ത് മാരക പൊട്ടല്‍. ശരീരം മുഴുന്‍ ചതവുകള്‍. മജജ്ജയും രക്തവും കലര്‍ന്ന് മരണം ഉറപ്പെന്ന് ഡോക്ടര്‍മാര്‍ പോലും പറഞ്ഞ അവസ്ഥയിലായിരുന്നു ഉണ്ണിത്താന്‍. എട്ട്മണിക്കൂറെടുത്തു ശസ്ത്രക്രിയയ്ക്ക്.
പതിനഞ്ചുവര്‍ഷക്കാലമായി പത്രപ്രവര്‍ത്തന രംഗത്ത് സജീവമാണ് ഉണ്ണിത്താന്‍. മാതൃഭൂമിയില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. കരുനാഗപ്പള്ളി ഭരണിക്കാവ് സ്വദേശി. കോളജ് അധ്യാപകജോലി ഉപേക്ഷിച്ചാണ് പത്രപ്രര്‍ത്തനരംഗത്ത് ഉണ്ണിത്താന്‍ എത്തിയത്. ഭാര്യ പ്രീതക്കും രണ്ടുമക്കള്‍ക്കും പ്രായമായ അമ്മയ്ക്കുമൊപ്പമാണ് താമസം.
തന്നെ വധിക്കാന്‍ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ പൊലീസിനെപ്പറ്റിയും അവരിലെ ക്രിമനലുകളെപ്പറ്റിയും എന്താവും ഉണ്ണിത്താന് പറയാനുണ്ടാകുക?


നമുക്ക് ഏപ്രില്‍ 16 ലെ രാത്രിയില്‍ നിന്ന് തുടങ്ങാം. എന്തുകൊണ്ട് നിങ്ങള്‍ ആക്രമിക്കപ്പെട്ടു?

ആക്രമിക്കപ്പെട്ടതിന്റെ ലളിതമായ കാരണം പൊലീസിലെ ക്രിമിനലുകള്‍ക്ക് ഞാനെഴുതിയ വാര്‍ത്തകള്‍ ഇഷ്ടപ്പെട്ടില്ല എന്നതാണ്. 2009 ഒക്‌ടോബര്‍ ആദ്യവാരത്തില്‍ കൊല്ലം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വലിയ ആഘോഷം നടന്നു. സ്പിരിറ്റ് കോണ്‍ട്രാക്ടര്‍മാര്‍ നടത്തിയ മദ്യ-മദിരാക്ഷി സല്‍ക്കാരം എന്നു പറയാം. കൊല്ലത്ത് കടലില്‍ കൂടി സ്പിരിറ്റ്/വ്യാജമദ്യം കടത്തുപതിവാണ്. അങ്ങനെ സ്പിരിറ്റ് കടത്ത് വിജയകരമായി നടത്തിയതിന്റെ നന്ദിസൂചകമായിട്ടാണ് സല്‍ക്കാരം നടന്നത്. വാര്‍ത്ത അറിഞ്ഞപ്പോള്‍ നേരിട്ട് അവിടെ ചെന്ന ചുരുക്കം പത്രപ്രവര്‍ത്തകരിലൊരാളാണ് ഞാന്‍. അവിടെ കണ്ട കാഴ്ചകള്‍ നാണിപ്പിക്കുന്നതാണ്. സ്ത്രീകള്‍ക്ക് വേണ്ടി പൊലീസ് ഓഫീസര്‍മാര്‍ ബഹളം കൂട്ടുന്നു. പരസ്പരം പോരാടിക്കുന്നു. വലിയ അടി നടക്കുന്നു. സി.ഐ. (പിന്നീട് ഡിവൈ.എസ്.പിയായി) സന്തോഷ് നായരടക്കം നാല് ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ അവിടെയുണ്ട്. വിവരങ്ങള്‍ ശേഖരിച്ച് തിരിച്ച് ഓഫീസിലേക്ക് വരുമ്പോള്‍ ഫോണില്‍ വിളിവന്നു. വാര്‍ത്ത കൊടുക്കരുതെന്ന് അപേക്ഷ. വാര്‍ത്ത വന്നാല്‍ വലിയ പ്രശ്‌നമാവും എന്ന് പറഞ്ഞു. നോക്കട്ടെ എന്നു ഞാനും. പിന്നെ പൊലീസ് അസോസിയേഷന്‍കാര്‍ വിളിച്ചു. വാര്‍ത്ത കൊടുക്കരുത്. 'വാര്‍ത്തയെപ്പറ്റി തീരുമാനിക്കുന്നത് ഞാനല്ല, അതിന് വേറെ ഓഫീസില്‍ വലിയ ആളുകള്‍ ഉണ്ട്. അവിടെ എന്തുകണ്ടോ അത് റിപ്പോര്‍ട്ട് ചെയ്യുകയാണ് എന്റെ ജോലി എന്നു മറുപടി പറഞ്ഞു. വിശദമായ വാര്‍ത്ത എഴുതി. ഞങ്ങളവിടെ എന്തുകണ്ടോ അത് മാത്രമാണ് അച്ചടിച്ചുവന്നത്. ഒക്‌ടോബര്‍ 13ലെ 'മാതൃഭൂമി'യില്‍ 'സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ പൊലീസ് ഓഫീസര്‍മാരുടെ അഴിഞ്ഞാട്ടം' എന്ന തലക്കെട്ടില്‍ പേജിന്റെ മുകള്‍ ഭാഗത്ത് വാര്‍ത്ത വന്നു. ജനങ്ങളെ വ്യാജമദ്യത്തില്‍ നിന്ന് രക്ഷിക്കേണ്ട പൊലീസുകാര്‍ മദ്യകച്ചവടക്കാരുടെ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നത് അവര്‍ക്കിടയിലെ അവിശുദ്ധ കൂട്ടുകെട്ട് വ്യക്തമാക്കുന്നുണ്ട്. വാര്‍ത്ത വന്നതിന്റെ പിറ്റേ ദിവസം നടപടിയായി. ഡി.ജി.പി.യുടെ ചുമതല ഇന്റലിജന്‍സ് എ.ഡി.ജി.പി. സിബി മാത്യൂസിനായിരുന്നു. അദ്ദേഹം ഇന്റലിജന്‍സിനേടും പൊലീസിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റേഞ്ച് ഐ.ജി. ഹേമചന്ദ്രനാണ് എഡിജിപിക്ക് വേണ്ടി പൊലീസിനോട് റിപ്പോര്‍ട്ട് ചോദിച്ചു. അന്നത്തെ കൊല്ലം എസ്.പി. സഞ്ജയ്കുമാര്‍ പല കാര്യങ്ങളും മറച്ചുവക്കാന്‍ ശ്രമിച്ചു. എന്നാലും സംഭവത്തിലുള്‍പ്പെട്ട പൊലീസ് ഉദ്യോഗ്‌സഥരെ മുഴുവന്‍ സ്ഥലംമാറ്റി. അത് സന്തോഷ് നായരുള്‍പ്പടെയുള്ളവരെ പ്രകോപിച്ച ഒരു കാരണമാണ്.

ഒരു കാരണമെന്ന് പറഞ്ഞു. അപ്പോള്‍ മറ്റ് കാരണങ്ങളോ?

മറ്റൊന്ന് പൊലീസിലെ മറ്റൊരു അഴിമതിയും അന്യായമായ പ്രവൃത്തി പുറത്തുകൊണ്ടുവന്നതാണ്. യഥാര്‍ഥത്തില്‍ അത് മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട, അവഗണിക്കാന്‍ കഴിയാത്ത സംഭവമാണ്. കളക്ടറേറ്റിലെ തൂപ്പുകാരി മകളെ കാണുന്നില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കി. വളരെ ദരിദ്രയായ സ്ത്രീയാണവര്‍. മകളെ തിരയാന്‍ രണ്ട് എസ്.ഐ. മാര്‍ എണ്‍പതിനായിരം രൂപ ആ അമ്മയില്‍ നിന്ന് കൈക്കൂലി വാങ്ങി. നൂറുരൂപക്ക് അഞ്ചുരൂപ പലിശയെടുത്താണ് ബ്ലേഡ്കാരില്‍ നിന്ന് അമ്മ പണം സംഘടിപ്പിച്ചത്. കാണാതായ ആളെ തിരയാന്‍ പൊലീസിന് സംവിധാനമുണ്ട്. അതിനുള്ള യാത്രാ ചിലവും സൗകര്യവും പൊലീസിനുണ്ട്. സ്വയമേ അന്വേഷിക്കുക പൊലീസിന്റെ ഉത്തരവാദിത്വമാണ്. അതിനാണ് പൊലീസ്. ഈ സംഭവം അറിഞ്ഞപ്പോള്‍ വാര്‍ത്ത കൊടുത്തു- 'മകളെ കണ്ടെത്താന്‍ എണ്‍പതിനായിരം കൈക്കൂലി'. മാതൃഭൂമി മാത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതത്. വാര്‍ത്ത വന്നതോടെ രണ്ട് എസ്.ഐ.മാരെ സസ്‌പെന്‍ഡ് ചെയ്തു. ഞങ്ങള്‍ ഈ വാര്‍ത്തയുടെ അനുബന്ധകഥ കൂടി കൊടുത്തു. ട്രെയിനില്‍ കൈയില്‍ പൈസയില്ലാതെ വിഷമിച്ച പെണ്‍കുട്ടിയെ ബാംഗ്ലൂര്‍ ഇന്ദിര കോളജിലെ ചില നല്ല വിദ്യാര്‍ഥികള്‍ രക്ഷിച്ചു. അതിലൊരു കന്നഡ വിദ്യാര്‍ഥി പൊലീസിനെ വിളിച്ച് വിവരം പറഞ്ഞു. പൊലീസ് അതിബുദ്ധി കാട്ടി. ആ വിദ്യാര്‍ഥിയോട് പെണ്‍കുട്ടിയെ കൂട്ടി നാട്ടിലോട്ട് വരാന്‍ പറഞ്ഞു. നല്ല മനസുകൊണ്ട് പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാനായി ആ വിദ്യാര്‍ഥി ഒപ്പം വന്നു. ആ വിദ്യാര്‍ഥിക്ക് ഈ പെണ്‍കുട്ടിയെ കാണാതായതില്‍ ഒരു ബന്ധവുമില്ല. പക്ഷെ പൊലീസുകാര്‍ അവനെ മര്‍ദിച്ചു. പിടിച്ചു ജയിലില്‍ തള്ളി. അമ്പതുദിവസം ആ വിദ്യാര്‍ഥി ജയിലില്‍ കിടന്നു. ഞങ്ങള്‍ വാര്‍ത്ത കൊടുത്തു. ആ വിദ്യാര്‍ഥിയെ വിട്ടു. പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ കിട്ടി. ഇതും പൊലീസിനെ പ്രകോപിക്കാന്‍ കാരണമായി. അതിപ്പോള്‍ മനുഷ്യാവകാശ കമീഷന്റെ പരിഗണനയിലാണ്.
കൂടാതെ ഞങ്ങള്‍ കാഞ്ഞിരക്കോട് കയാലിന് സമീപം സന്തോഷ് നായരും മറ്റൊരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും കൂടി റിസോര്‍ട്ട് പണിയാന്‍ ഭൂമി സ്വന്തമാക്കിയതിന്റെ പേരില്‍ വിജിലന്‍സ് അ്വേനഷം നടക്കുന്ന വാര്‍ത്ത നല്‍കിയിരുന്നു. പൊലീസുകാര്‍ സ്പിരിറ്റ് കടത്തിന് കൂട്ടുനിന്നത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്കൊപ്പം ഗോവയിലേക്ക് യാത്ര നടത്തിയതെല്ലാം വാര്‍ത്തയാക്കി. ഈ രീതിയില്‍ കൊല്ലത്തെ മാഫിയകളുടെ സ്വസ്ഥത കെട്ടപ്പോഴായിരുന്നു ആക്രമണം.

പക്ഷേ, എന്തിന് നിങ്ങളെ അവര്‍ കൊല്ലണം?

വാര്‍ത്തകള്‍ വന്നതോടെ പൊലീസ്/ക്രിമിനല്‍ കൂട്ടുകെട്ട് പഴയ രീതിയില്‍ തുടരാന്‍ കഴിയാതെ വന്നു. ഈ മാഫിയാ സംഘം എന്നത് നിസാരമായി കാണരുത്. ഇത് വലിയ അധികാരലോകമാണ്. പെലീസുകാരടങ്ങിയ മാഫിയകള്‍ക്ക് വലിയ രീതിയില്‍ ദോഷകരമായി സ്ഥലംമാറ്റവും സസ്‌പെന്‍ഷനും. അപ്പോള്‍ പിന്നെ പഴയ നില തുടരണമെങ്കില്‍ വാര്‍ത്തകള്‍ വരാതിരിക്കണം. അതിന് പത്രപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തണം. തങ്ങളുടെ ശക്തി പ്രകടിപ്പിക്കണം. പലതരത്തിലാവും പത്രപ്രവര്‍ത്തകരോട് മാഫിയാ സംഘം ഇടപെടുക. ആദ്യം അപേക്ഷയാവും, പിന്നെ പ്രലോഭനവും, ഭീഷണിയാവും. വാഗ്ദാനങ്ങള്‍ നല്‍കും. വേണമെങ്കില്‍ മദ്യവും മദിരാക്ഷിയും സമ്മാനിക്കാനും തയാറാവും. ഇവിടെ മൂന്നുവഴികളേ പത്രപ്രവര്‍ത്തകന്റെ മുന്നിലുള്ളൂ. ഒന്നുകില്‍ വഴങ്ങുക, രണ്ട് നിവര്‍ന്നു നില്‍ക്കുക. അല്ലെങ്കില്‍ കണ്ണടക്കുക. പത്രപ്രവര്‍ത്തകന്‍ ഭീഷണിക്കും പ്രലോഭനത്തിനും വഴങ്ങുന്നില്ലെന്നു കണ്ടാല്‍ എന്തുചെയ്യും? വളച്ചിട്ടു നടന്നില്ലെങ്കില്‍ ഒടിക്കുക എന്നതാണ് ചൊല്ല്. അതുകൊണ്ട് നട്ടെല്ല് ഒടിക്കുക. കൊല്ലുക.

ആക്രമിക്കപ്പെടുമെന്ന സൂചന താങ്കള്‍ക്കുണ്ടായിരുന്നോ? എത്തരത്തിലാണ് പൊലീസ് ആക്രമണം ആസൂത്രണം ചെയ്തത്?

എനിക്ക് സൂചനയുണ്ടായിരുന്നില്ല. ആക്രമണത്തിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥര്‍ ചിലയിടങ്ങളില്‍ പത്രക്കാര്‍ക്കിട്ട് 'പണികൊടുക്കു'ന്നതിനെപ്പറ്റി പറഞ്ഞിരുന്നതായാണ് അറിവ്. എന്നെ ആക്രമിക്കാനുള്ള പദ്ധതി അവര്‍ നീക്കിയത് ഗോവയില്‍ വച്ചാണ്. അവിടെ പൊലീസുകാര്‍ ഉല്ലാസകേളികള്‍ നടത്താന്‍ പോയിരുന്ന സമയത്ത്. കണ്ടെയ്‌നര്‍ സന്തോഷിനോട് ഒരു വര്‍ഷമായി ഡി.വൈ.എസ്.പി. സന്തോഷ് ആക്രമിക്കുന്നകാര്യം ചര്‍ച്ച ചെയ്യുന്നതാണ്. നവംബര്‍ മധ്യത്തിലാണ് സന്തോഷ് നായര്‍ എന്റെ പടം കണ്ടെയ്‌നര്‍ സന്തോഷിന് ഇമെയില്‍ ചെയ്തുകൊടുക്കുന്നത്. അത് ഹാപ്പി രാജേഷ് എന്ന ഗുണ്ടക്ക് കൈമാറി. തെരഞ്ഞടുപ്പ് ദിവസമായ ഏപ്രില്‍ 13 നാണ് അവര്‍ ആക്രമിക്കാന്‍ തെരഞ്ഞെടുത്തത്. അന്ന് അവര്‍ അവിടെ കാത്തുനിന്നെങ്കിലും ഞാന്‍ എത്തിയത് വളരെ വൈകിയാണ്. അവരുടെ കണക്കൂകൂട്ടല്‍ തെറ്റി. പിന്നെയാണ് 16 -ാം തീയതി തെരഞ്ഞെടുത്തത്. കുറ്റകൃത്യത്തിന് നേതൃത്വം വഹിച്ചത് ഹാപ്പി രാജേഷ് എന്ന ഗുണ്ടയാണ്. സംഘത്തിലെ രണ്ടുപേര്‍ക്ക് പതിനായിരം വീതവും മൂന്നാമന് 5000 രൂപയും കൊടുത്തുവെന്നാണ് അറിവ്. ഇതിലെ രസം കണ്ടെയ്‌നര്‍ സന്തോഷ് പലര്‍ക്ക് ഈ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്നാണ്. എന്നാല്‍, പത്രക്കാരനെയാണ് കൊല്ലേണ്ടത് എന്നു കണ്ടപ്പോള്‍ പലരും ക്വട്ടേഷന്‍ വിട്ടു. ഒടുവില്‍ പത്രകെട്ട് ഇറക്കുന്നയാള്‍ എന്ന് പറഞ്ഞാണ് ഹാപ്പി രാജേഷിന് ക്വട്ടേഷന്‍ പോയത്. ഇതിലെ പേടിപ്പിക്കുന്ന കാര്യം ഈ ക്വട്ടേഷന്‍ സംഘത്തിന് എന്നെ അറിയില്ലെന്നാണ്. ആക്രമിക്കപ്പെടേണ്ടയാളുടെ രൂപവും സമയവും പറഞ്ഞുകൊടുക്കുന്നു. സംഘം ആക്രമിക്കുന്നു. ചെറുപ്പക്കാര്‍ക്കിടയില്‍ സുഖജീവിതത്തിന് പണം ആവശ്യമാവുകയും പണത്തിന് വേണ്ടി എന്തും ചെയ്യും എന്ന അവസ്ഥ വന്നതോടെയാണ് ക്വട്ടേഷന്‍ സംഘം സജീവമാകുന്നത്. പണത്തിന് വേണ്ടി എന്തും ചെയ്യുക എന്ന അവസ്ഥ ഭീകരമാണ്. ഒരു പക്ഷേ, നാളെ ക്വട്ടേഷന്‍ സംഘത്തിലെ ആളുകള്‍ തങ്ങളുടെ അച്ഛനെയോ സഹോദരനെയെക്കയാവും ആക്രമിക്കുക. കാരണം അവര്‍ക്ക് തങ്ങള്‍ ആരെയാണ് ആക്രമിക്കാന്‍ പോകുന്നതെന്ന് നേരിട്ട് അറിവില്ല. ആക്രമിക്കുന്നതിന് തൊട്ടുമുമ്പാവും അവര്‍ തങ്ങള്‍ ആക്രമിക്കാന്‍ വന്നിരിക്കുന്നത് തന്റെ തന്നെ ബന്ധുക്കളെയാണെന്ന് തിരിച്ചറിയുക. അപ്പോഴുവര്‍ അതു ചെയ്യും. കാരണം ക്വട്ടേഷനില്‍ ബന്ധങ്ങളില്ലല്ലോ. ഞാനിത് കളിയായി പറയുന്നതല്ല. ശരിക്കും ആലോചിച്ചാല്‍ അവസ്ഥ നിങ്ങള്‍ക്കു പിടികിട്ടും. ഇത്തരത്തിലുള്ള സമൂഹത്തിന്റെ പോക്കാണ് എന്നെ ഭയപ്പെടുത്തുന്നത്.

നിങ്ങളെ ആക്രമിച്ച ഹാപ്പി രാജേഷ് കൊല്ലപ്പെട്ടതെങ്ങനെയാണ്്?

എന്നെ ആക്രമിച്ച കേസില്‍ അന്വേഷണം ഉന്നതപൊലീസ് ഉദ്യോഗസ്ഥരിലേക്ക് എത്താതിരിക്കാനാണ് ഹാപ്പി രാജേഷിനെ അവര്‍ തന്നെ കൊല്ലുന്നത്. ക്വട്ടേഷന്‍ സംഘത്തെപ്പറ്റി അറിവുള്ളതും, അതില്‍ പങ്കെടുത്തവരെപ്പറ്റി ധാരണയുള്ളതും ഹാപ്പി രാജേഷിനാണ്. അയാള്‍ ജീവിച്ചിരുന്നാല്‍ തനിക്ക് ക്വട്ടേഷന്‍ നല്‍കിയവരുടെ പേര് വിവരം പുറത്തു പറഞ്ഞേക്കും. മാത്രമല്ല ഹാപ്പി രാജേഷിനെ കിട്ടിയിരുന്നെങ്കില്‍ മറ്റ് പല കണ്ണികളിലേക്കും പോകാനാവുമായിരന്നു. അത് പൊലീസുകാര്‍ ഇല്ലാതാക്കി. ഹാപ്പി രാജേഷിനെ കൊല്ലാന്‍ വേറൊരു ക്വട്ടേഷന്‍. വെട്ടുകുട്ടന്‍ എന്ന കുപ്രസിദ്ധ ഗുണ്ടക്കാണ് അതിന്റെ ക്വട്ടേഷന്‍ ലഭിച്ചത്. അയാളിപ്പോള്‍ ജയിലിലാണ്. ഈ ക്വട്ടേഷന്‍ സംഘത്തെപ്പറ്റി അന്വേഷിക്കാതെ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമം. ക്രൈംബാഞ്ച്ര് പറയുന്നത് മുമ്പ് ഹാപ്പി രാജേഷ് ഒരു കാര്‍ കത്തിച്ചിരുന്നുവെന്നും ആന്നത്തെ ഇരകള്‍ അതിന് പ്രതികാരമായി തിരിച്ചടിച്ചുവെന്നുമാണ്. എന്നാല്‍, അതു ശരിയല്ലെന്നാണ് തെളിയുന്നത്. കാരണം കാര്‍ അത്തിയ ദിവസം അയാള്‍ വീട്ടിലുണ്ടായായിരുന്നത്രെ. സന്തോഷ് നായര്‍ മാത്രമല്ല, വേറെയും പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ പ്രതികളാണ്. സന്തോഷ് നായരെ മാത്രം വിട്ടുനല്‍കി മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കുകയാണ് ശരിക്കുമുണ്ടായത്.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് നടത്തുന്ന അന്വേഷണം. സംഭവത്തിന് പിന്നിലെ എല്ലാ വസ്തുതതകളും പുറത്തുവരുമോ?

പൊലീസ് അന്വേഷിച്ചാല്‍ കേസ് എവിടെയുമെത്തില്ല. എന്നെ ആക്രമിച്ച കേസില്‍ സന്തോഷ് നായര്‍ ആറാം പ്രതിയാണ്. വധശ്രമം, ഗൂഢാലോചന എന്നിവയൊക്കൊണ് കേസ്. കോടതി കുറ്റക്കാരനെന്ന് വിധിച്ചാല്‍ തന്നെ അനുഭവിക്കേണ്ടിവരുന്ന ശിക്ഷാ കാലാവധി വളരെ കുറവാണ്. അതേ സമയം ഹാപ്പി രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ സന്തോഷ് നായര്‍ പ്രതിയല്ല. ആ സംഭവം അന്വേഷിക്കാതെ ഒഴിവാക്കുകയാണ് പൊലീസ്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ കുറഞ്ഞത് ജീവപര്യന്തമാവും. അതു പാടില്ല. ഇങ്ങനെ പൊലീസ് തന്നെ നടത്തുന്ന രക്ഷിക്കാനുള്ള ശ്രമമുണ്ട്. മുമ്പ് ആശ്രമം ഗസ്റ്റ് ഹൗസില്‍ നടന്ന സല്‍ക്കാരത്തില്‍ സന്തോഷ് നായരുള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്ന കാര്യം നേരത്തെ സൂപിച്ചച്ചു. എന്നാല്‍ അന്ന് സി.ഐ മാരായ സന്തോഷ് നായരുള്‍പ്പടെയുള്ളവരെ സ്ഥലം മാറ്റിയെങ്കിലും വൈകാതെ ഇവരില്‍ പലര്‍ക്കും ഡിവൈ.എസ്.പിമാരായി സ്ഥാനയക്കയറ്റം നല്‍കി. ഇതാണ് പൊലീസിന്റെ രീതി. അതുകൊണ്ട് നമ്മുടെ പൊലീസ് അന്വേഷിച്ച് കേസിലെ പ്രതികള്‍ പിടിക്കപ്പെടുമെന്ന് കരുതുന്നത്

അപ്പോള്‍ അന്വേഷണത്തില്‍ തൃപ്തനല്ലേ?


കേസ് അന്വേഷണം ശരിക്കും പറഞ്ഞാല്‍ പ്രഹസനമാണ്. ഒരു വസ്തുത പറയാം. അന്വേഷണ ചുമതലയുള്ള ഡിഐജി ശ്രീജിത്ത് ഇന്നുവരെ എന്നെ കാണുകയോ തെളിവെടുക്കുകയോ ചെയ്തിട്ടില്ല. നേരിട്ട് പോകട്ടെ, ഒരുവട്ടം ഫോണില്‍ വിളിച്ചുപോലും കേസ് സംബന്ധമായി ഒരു വിവരവും തിരക്കിയിട്ടില്ല. അപ്പോള്‍ പിന്നെ അന്വേഷണം എവിടെയെത്തുമെന്ന് ഊഹിക്കാം. കണ്ടെയ്‌നര്‍ സന്തോഷിനെ അറസ്റ്റ് ചെയ്തപ്പോള്‍ മാധ്യമങ്ങളോട് അയാള്‍ തന്നെ ഈ പണി ഏല്‍പിച്ച രണ്ടുപോലീസുകാരുടെ പേര് പറഞ്ഞിരുന്നു. ഒന്ന് സന്തോഷ് നായരാണ്. രണ്ടാമത്തേത് ഡിവൈ.എസ്.പി അബ്ദുള്‍ റഷീദ്. ഇത് ചാനലുകളില്‍ കൂടി എല്ലാവരും കേട്ടതാണ്. എന്നാല്‍ അബ്ദുള്‍ റഷീദിനെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്തിട്ടുമില്ല. സന്തോഷ് നായരും ഈ പൊലീസ് ഉദ്യോഗസ്ഥനും അടുത്ത ബന്ധമുണ്ട്. കണ്ടെയ്‌നര്‍ സന്തോഷിനും സന്തോഷ് നായര്‍ക്കുമൊപ്പം ഗോവയില്‍ അവധിക്കാലം ചെലവഴിക്കാന്‍ ഈ പൊലീസുകാരനുമുണ്ടായിരുന്നു എന്നാണ് പറച്ചില്‍. ഡി.ജെ.പി ശ്രീജിത്ത് എന്തുകൊണ്ട് ഈ ഉദ്യോഗസ്ഥനെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, എന്തുകൊണ്ട് സംരക്ഷിക്കുന്നു എന്നത് അന്വേഷിക്കാവുന്നതേയുള്ളൂ. അന്വേഷിച്ചാല്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സാധാരണ ഉദ്യോഗസ്ഥര്‍ പോലും അതിനു കാരണം പറഞ്ഞുതന്നേക്കും!! എന്നെ ആക്രമിച്ച കേസ് ഇപ്പോള്‍ സി.ബി.ഐ. അന്വേഷണത്തിന്റെ വക്കിലാണ്. സി.ബി.ഐ ഏറ്റെടുത്താല്‍ ഒരു പക്ഷേ യഥാര്‍ത്ഥ പ്രതികള്‍ വെളിച്ചത്തുവന്നേക്കാം.




പൊലീസിലെ ക്രിമിനലുകള്‍


കൊല്ലം സംഭവത്തിനു പുറത്ത്, പത്രപ്രവര്‍ത്തന ജീവിതത്തില്‍ നിങ്ങള്‍ കണ്ട് പൊലീസ് അഴിമതികള്‍ എത്തരത്തിലുള്ളതാണ്?

പൊലീസില്‍ ധാരാളം ക്രിമിനലുകളുണ്ട്. ക്രിമിനല്‍ ബന്ധമുള്ളവരുമുണ്ട്. പത്രപ്രവര്‍ത്തനത്തിനിടയില്‍ പൊലീസിന്റെ അഴിമതി കണ്ടുകൊണ്ടിരിക്കുന്നരാണ്. ഞാന്‍ അടുത്തിടെ കണ്ട രണ്ട് സംഭവങ്ങള്‍ പറയാം. ഒന്ന് കിഴക്കേ കല്ലട പൊലീസ് സ്‌റ്റേഷനില്‍ നടന്നതാണ്. അവിടുത്തെ ചില പൊലീസ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീടു പണിയാന്‍ മണല്‍ വേണം. പൊള്ളുന്ന വിലയാണ് മണലിന്. അവരതിന് ഉപായം കണ്ടുപിടിച്ചു. അനധികൃത മണല്‍ വാരല്‍ പിടിച്ചുഎന്ന് വരുത്തുക. എന്നിട്ട് മണല്‍ സ്വന്തമാവശ്യത്തിന് മാറ്റുക. മണല്‍ കടത്തുകാരോട് മണല്‍ കൊണ്ട് പൊലീസ് സ്‌റ്റേഷന് പിന്നില്‍ അടിക്കാന്‍ പറഞ്ഞു. 60 ലോഡിനടുത്ത് മണല്‍ അടിച്ചു. രാത്രിക്ക് രാത്രി ഉദ്യോഗസ്ഥര്‍ മണല്‍ തങ്ങളുടെ വീട്ടിലേക്ക് മാറ്റി. എന്നിട്ട് രണ്ടു ലോഡ് മണല്‍ മാത്രം പിഡിച്ചതായി കേസുണ്ടാക്കി. ആ കേസ് അവര്‍ തന്നെ ഇല്ലാതാക്കുകയും ചെയതു. അന്ന് ഇതിന് കൂട്ടുനില്‍ക്കാത്ത ഒരു പൊലീസുകാരന്‍ ഇപ്പോഴും ലീവിലാണെന്നാണ് അറിയുന്നത്. അയാളെ മറ്റുള്ളവരെല്ലാം ചേര്‍ന്ന് ഭീഷണിപ്പെടുത്തി. ശരിക്കും മണല്‍മാഫിയയുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് ഈ സംഭവം.
മറ്റൊന്ന് പൊലീസുകാരുടെ അനധികൃത വരുമാമാണ്. മണല്‍മാഫിയകള്‍, ക്വാറി ഉടമകള്‍, സ്പിരിറ്റ് കച്ചവടക്കാര്‍ എന്നിവരെല്ലാം പൊലീസ് പതിവായി മാസപ്പടി കണക്കില്‍ പണം നല്‍കുന്നുണ്ട്. സാധാരണ പൊലീസുകാരന്‍ മുതല്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വരെ കൃത്യമായി ഇതിന്റെ വിഹിതം ലഭിക്കും. കൊല്ലത്തെ പല പൊലീസ് ഓഫീസര്‍മാര്‍ക്കും മാസം 20,000 രൂപവരെ പല രീതിയില്‍ അധികം പണം കിട്ടുന്നുണ്ട്. ഞാനിത് അന്വേഷിച്ചിട്ടുള്ളതാണ്. കൊല്ലത്തെ ഒരു ഹെഡ്‌കോണ്‍സ്്റ്റബിളിന് മാസം അഞ്ചുലക്ഷം രൂപയാണ് വരവ്. അയാളുടെ ബാങ്ക് അക്കൗണ്ടില്‍ പലയിടത്തുനിന്നായി പണം വരുന്നുണ്ട്. ബാങ്ക്് സ്‌റ്റേറ്റ്‌മെന്റ് ഞാന്‍ കണ്ടതാണ്.
കണ്ടെയ്‌നര്‍ സുന്തോഷ് ക്രിമിനലാണെന്ന് എല്ലാവര്‍ക്കുമറിയം. എന്നാല്‍, ഇയാള്‍ക്ക് തോക്കിന് ലൈസന്‍സിന് ശിപാര്‍ശ ചെയ്ത പൊലീസുകാരുണ്ട്. മാതൃഭൂമി കൊടുത്ത വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സി.ഐ. വിജയനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അയാളായിരുന്നു സന്തോഷിനനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്. എങ്ങനെയാണ് ഒരു ക്രിമിനലിന് തോക്ക് നല്‍കണമെന്ന് നമ്മുടെ പൊലീസിന് ശിപാര്‍ശചെയ്യാനാവുക? പൊലീസിന്റെ ക്രിമിനല്‍ സ്വഭാവം അറിയണമെങ്കില്‍ നമ്മള്‍ ദിവസം കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒന്നു സൂക്ഷ്മമായി വായിച്ചാല്‍ മതി.

എന്തുകൊണ്ടാണ് പൊലീസില്‍ ക്രമിനല്‍ വല്‍ക്കരണം സംഭവിക്കുന്നത്?

സംസ്ഥാന പൊലീസില്‍ ക്രിമിനലുകളുണ്ടെന്നത് ഏതെങ്കിലും പത്രപ്രവര്‍ത്തകന്റെ കണ്ടെത്തലൊന്നുമല്ല. പൊലീസ് സേനയുടെ തലവമാരും പൊലീസ് വകുപ്പ് ഭരിച്ചവരുമെല്ലാം പലവട്ടം പൊലീസില്‍ ക്രിമിനലുകളുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പൊലീസില്‍ ക്രിമിനലുകള്‍ വേണ്ട എന്ന്.
ഹൈക്കോടതിയുടെ സുപ്രധാനമായ നിഗമനവും നിര്‍ദേശവുമുണ്ട്. ക്രിമിനല്‍വല്‍ക്കരണം സംഭവിക്കുന്നതിന് ഒരു കാരണം പൊലീസ് ക്രിമിനലുകളെ തങ്ങളുടെ ഡ്യൂട്ടി ചെയ്യാന്‍ വേണ്ടി പോലും ഉപയോഗിക്കുന്നതാണ് ഒരു കള്ളനെ പിടിക്കാന്‍ പൊലീസ് മറ്റൊരു കള്ളനെ ഉപയോഗിക്കുന്നു. അവര്‍ പോയി പിടിച്ചുകൊണ്ടുവരുമ്പോള്‍ അതിന്റെ ക്രെഡിറ്റ് പൊലീസ് ഏറ്റെടുക്കും. ഓടിച്ചിട്ടുപിടിച്ചു, സാഹസികമായി കീഴടക്കി എന്നൊക്കെയുള്ള രീതിയില്‍ പൊലീസ് തന്നെ കഥകള്‍ സൃഷ്ടിക്കും. ശരിക്കും പണിയെടുത്തിട്ടുണ്ടാവുക ക്രിമിനലുകളാണ്.
എന്നെ ആക്രമിച്ച സംഭവത്തില്‍ ഒന്നാം പ്രിയായ ഹാപ്പി രാജേഷിനെ കൊല്ലാന്‍ പൊലീസ് ഉപയോഗിച്ചത് വെട്ടുകുട്ടന്‍ എന്ന കൊല്ലത്തെ മറ്റൊരു കുപ്രസിദ്ധ ക്രിമിനലിനെയാണ്. പൊലീസില്‍ താഴെ തട്ടില്‍ മുതല്‍ മുകള്‍ തട്ടുവരെ ക്രിമിനലുകളുടെ സഹായം തേടുന്നത് പതിവാണ്. പൊലീസില്‍ അറുപത് ശതമാനം പേര്‍ ഈ രീതി തുടരുന്നുണ്ടെന്നാണ് വ്യക്തിപരമായ അന്വേഷണത്തില്‍ തെളിഞ്ഞി്ട്ടുളളത്.രണ്ടാമത്തേത് പണത്തോടുള്ള ആര്‍ത്തി സമൂഹത്തിന്റെ പൊതു പ്രവണതയാണ്. അത് പൊലീസുകാരെയും ബാധിക്കുന്നു.
ഭൂമാഫിയകകളാണ് പൊലീസുകാരുടെ മറ്റൊരു വരുമാന സ്രോതസ്. ഭൂമാഫിയ പലയിടത്തൂം അനധികൃതമായി ഭൂമി വ്യജപ്പേരിലും ബിനാമിപേരിലുമെല്ലാം മേടിച്ച് കൂട്ടുന്നുണ്ട്. പത്ത് വര്‍ഷത്തിനും കേരളം ഭൂമാഫിയയുടെ കൈയില്‍ ഒതുങ്ങും. ഭൂമാഫിയയുടെ നല്ല ഇടനിലക്കാര്‍ പൊലീസുകാരാണ്.

പൊലീസില്‍ നല്ല ഉദ്യോഗസ്ഥരില്ലെന്നാണോ? അതേ അവര്‍ വളരെ കുറവാണെന്നാണാ?

പൊലീസില്‍ ക്രിമിനലുകളായി ബന്ധപ്പെടാത്ത സത്യസന്ധരായ നല്ല ഉദ്യോഗസ്ഥരുണ്ട്. എം.ആര്‍. അജിത് കുമാര്‍, മനോജ് എബ്രഹാം, ഹേമചന്ദ്രന്‍, സിബി മാത്യൂസ്, ഹര്‍ഷിത അത്തല്ലൂരി എന്നിങ്ങനെ കുറേ നല്ല പൊലീസ് ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ട്. പക്ഷേ ഇത്തരം നല്ല ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കുറവാണ്. കൈവരിലില്ലൊവുണ്ണവരേ വരൂ.

രാഷ്ട്രീയക്കാരും പൊലീസും തമ്മിലുള്ള ബന്ധത്തെപ്പറ്റി എന്തുപറയും? നിങ്ങളെ ആക്രമിച്ച കേസിലും രാഷ്ട്രീയക്കാരന്‍ പ്രതിയാണെന്ന് അറിയുന്നു. ആദ്യം ഒരു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പേര് സംഭവവുമായി ബന്ധപ്പെട്ട് പറഞ്ഞ് കേട്ടിരുന്നു.

രാഷ്ട്രീയക്കാരും മാഫിയാ സംഘങ്ങളും പൊലീസും തമ്മില്‍ എപ്പോഴും ബന്ധമുണ്ട്. ഒരു സാധാരണക്കാരന് തനിച്ച് പൊലീസ് സ്‌റ്റേഷനില്‍ പോകാന്‍ പേടിയാണ്. ജനമൈത്രി പൊലീസ് സ്‌റ്റേഷനോ മാതൃകാ പൊലീസ് സ്‌റ്റേഷനോ പേര് എന്തുമാകട്ടെ അവിടെ ചെല്ലാന്‍ ജനം ഭയപ്പെടുന്നു. അവര്‍ സ്‌റ്റേഷനില്‍ പോകേണ്ടിവന്നാലോ പൊലീസിന്റെയോ സഹായം തേടേണ്ട അവസരം വരുമ്പോള്‍ രാഷ്ട്രീയക്കാരുടെ സഹായം തേടുന്നു. ഇത്തരത്തില്‍ രാഷ്ട്രീയക്കാര്‍ പൊലീസുമായി ബന്ധം നിലനിര്‍ത്തുന്നു. എന്നെ ആക്രമിച്ച കേസില്‍ ഒമ്പതാം പ്രതി ചൂര്‍ക്കോട് വിജയന്‍ എന്നയാള്‍ പത്തനംതിട്ട ഡി.സി.സി.ഭാരവാഹിയാണ്. പൊലീസുകരെ സംരക്ഷിക്കുക എന്ന ചുമതല മിക്കപ്പോഴും രാഷ്ട്രീയക്കാര്‍ ഏറ്റെടുക്കും.തിരിച്ചും. അത്തരത്തില്‍ പൊലീസ്-രാഷ്ട്രീയക്കാര്‍-മാഫിയ ഭരണമാണ് നാടുഭരിക്കുന്നത്. നമ്മള്‍ കരുതുന്നതിനപ്പും മറ്റൊരു ലോകമുണ്ട്. മറ്റൊരു ഭരണവ്യവസ്ഥയും. എന്നെ ആക്രമിച്ചതില്‍ എം.എല്‍.എയ്ക്ക് പങ്കില്ല. അത് അന്വേഷണം വഴിതെറ്റിക്കാന്‍ ക്വട്ടേഷന്‍ സംഘം ബോധപൂര്‍വം ശ്രമിച്ചതാണ്. ആക്രമിക്കുന്നതിനിടക്ക് നീ നാല് പവന്‍ നാല്‍പതും നാനൂറുമാക്കും അല്ലേടാ എന്ന് അവര്‍ ആക്രോശിച്ചു. കുന്നത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍തി പി.കെ. രവിയുടെ ഭാര്യയുടെ സ്വത്ത് വാര്‍ത്ത മാതൃഭൂമിയില്‍ വന്നതില്‍ തെറ്റുണ്ടായിരുന്നു. നാല്‍പത് പവന്‍. അച്ചടിച്ചുവന്നപ്പോള്‍ നാനൂറായിപ്പോയി. അത് ഞാനല്ല എഴുതിയത്. പക്ഷെ, ഈ തെറ്റ് വരുത്തിയതിന് യു.ഡി.എഫ് സ്ഥാനാര്‍ഥി പറഞ്ഞിട്ട് ആക്രമിക്കുന്നു എന്ന് തോന്നിപ്പിക്കാനായിരുന്നു ക്വട്ടേഷന്‍ സംഘം അത്തരം തന്ത്രം പ്രയോഗിച്ചത്.


സമൂഹത്തില്‍ മൊത്തം നിറഞ്ഞുനില്‍ക്കുന്ന ക്രിമിനല്‍വല്‍ക്കരണവും അഴിമതിയും സ്വാഭാവികമായും മാധ്യമങ്ങളെയും വിട്ടുകളയാന്‍ സാധ്യതയില്ല. മാധ്യമങ്ങളിലെ/മാധ്യമപ്രവര്‍ത്തകരിലെ അഴിമതിയെപ്പറ്റി?
പത്രപ്രവര്‍ത്തകരില്‍ അഴിമതിക്കാരില്ലെന്നോ, മാഫിയാ സംഘങ്ങളുമായി ബന്ധമുള്ളവരില്ലെന്നോ ഒന്നും കരുതേണ്ടതില്ല. അതുണ്ട്. സമൂഹത്തിന്റെ പൊതു പ്രവണതകളില്‍ നിന്ന് മാധ്യമങ്ങള്‍ മാത്രം മാറി നില്‍ക്കാന്‍ സാധ്യതയില്ല. പക്ഷേ, ഈ അഴിമതിയുടെ അളവ് താരതമ്യേന കുറവാണ്. മാധ്യമതാല്‍പര്യങ്ങളെപ്പറ്റിയല്ല, മാധ്യമരംഗത്തെ പ്രവണതയെപ്പറ്റിയാണ് ഞാന്‍ പറയുന്നത്. മാധ്യമരംഗത്ത് നല്ലൊരു ശതമാനം പേര്‍ ഇപ്പോഴും ആദര്‍ശങ്ങളില്‍ പ്രചോദിതാരണ്. ആര്‍ക്കുമുന്നിലും വഴങ്ങാത്ത കുറേ പത്രപ്രവര്‍ത്തകര്‍ ഉണ്ട്. അതുപോലെ മാധ്യമങ്ങളുടെ തലപ്പത്തും. അതുകൊണ്ടാണ് അഴിമതിയുടെ കഥകള്‍ ഈ മാധ്യമപ്രവര്‍ത്തകര്‍ പുറത്തുവരുന്നത്. പത്രപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ഇത്രയേറെ മാഫിയാ സംഘം നിലനില്‍ക്കുമ്പോഴും അവരില്‍ നല്ല പങ്ക് അതിന് കീഴ്‌പ്പെടുന്നില്ലെന്നത് ചെറിയ കാര്യമല്ല. ടെലകോം അഴിമതി പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകന് കോടികള്‍ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. അത് അയാള്‍ തള്ളിക്കളയുന്ന ആദര്‍ശമാണ് പത്രലോകത്തിന്റെയും അതുവഴി ജനാധിപത്യത്തിന്റെയും കരുത്ത്.


പല പത്രപ്രവര്‍ത്തകരും കേരളത്തില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അപ്പോഴൊന്നുമില്ലാത്ത പ്രത്യേക താല്‍പര്യത്തോടെ പത്രപ്രവര്‍ത്തക യൂണിയന്‍ ഈ വിഷയം ഏറ്റെടുത്തു. എന്തുകൊണ്ടാവും അത്?


മുമ്പ് പത്രപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയോ മര്‍ദിക്കപ്പെടുകയോ ചെയ്തതുപോലുള്ള വിഷയമല്ല ഇത്. ഇത് തീര്‍ത്തും വ്യത്യസ്തമാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മാഫിയാ സംഘങ്ങള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുകയാണ്. ഇത് വലിയ ആകുലത എല്ലാവരിലും സൃഷ്ടിച്ചിട്ടുണ്ട്. പത്രക്കാരില്‍ മാത്രമല്ല സാധാരണ ജനങ്ങളിലും, മാധ്യമസ്ഥാപനങ്ങള്‍ക്കുമെല്ലാം. ഈ അതിക്രമം വകവച്ചുകൊടുക്കരുത് എന്ന ബോധ്യം പത്രപ്രവര്‍ത്തകരിലും ശക്തമായിരുന്നു. പ്രത്യേകിച്ച് പൊലീസ്/അധികാരത്തിന്റെ ഈ ക്രിമിനല്‍ സ്വഭാവത്തെ സാമാന്യബോധമുളള ആര്‍ക്കും അംഗീകരിക്കാനാവുമായിരുന്നില്ല. ഇത് അനുവദിച്ചുകൊടുത്താല്‍ അത് തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ തന്നെ വല്ലാത്ത ഭീകരത സൃഷ്ടിക്കുകയും തൊഴിലെടുക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുകയും ചെയ്യും. ഈ ആകുലതയെ കൃത്യമായി ഉള്‍ക്കൊണ്ടാണ് പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായ നിലപാട് തുടക്കം മുതല്‍ എടുത്തത്. പത്രപ്രവര്‍ത്തക യൂണിയന് പുറത്ത് മാധ്യമ സ്ഥാപനങ്ങള്‍ക്കും ഈ ആകുലതയുണ്ടായിരുന്നു. അതിനാലാണ് ഒരു മാധ്യമം ഒരു വിയോജിപ്പ് പോലും രേഖപ്പെടുത്താതെ സത്യത്തിനൊപ്പം നിന്നത്. എല്ലാ മാധ്യമങ്ങളും ഇതില്‍ ഒറ്റക്കെട്ടായിരുന്നു. ഈ അതിമ്രകം അനുവദിച്ചാല്‍ പത്രപ്രവര്‍ത്തന മേഖലയില്‍ പോലും ആളുകള്‍ വരാതാകും. നട്ടെല്ലുവളക്കാതെ നില്‍ക്കുന്നവര്‍പോലും ഭയപ്പെടും. അതൊഴിവാക്കേണ്ടത് എല്ലാവരുടെയും ആവശ്യമായിരുന്നു. അതിനാലാണ് പൊതുവികാരം ഒപ്പം നിന്നത്. വി.ബി. ഉണ്ണിത്താന്‍ എന്ന വ്യക്തി ഇവിടെ വിഷയമായിരുന്നില്ല. അത് മറ്റൊരള്‍ക്കു നേരെയായിരുന്നെങ്കിലും ഇതേ വികാരവും പ്രതിഷേധവും രൂപപ്പെടുമായിരുന്നു.

സാധാരണ ഒരു പത്രപ്രവര്‍ത്തകന് ജോലിയുമായി ബന്ധപ്പെട്ട് മര്‍ദനമേല്‍ക്കുകയോ, പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്താല്‍ സ്ഥാപനം അതിന് വലിയ പ്രാധാന്യം നല്‍കി കണ്ടിട്ടില്ല. പക്ഷേ, അത്തരമൊരു അവസ്ഥയുണ്ടാവാത്തതില്‍ സന്തോഷം തോന്നുന്നുണ്ടോ?

സത്യമാണ്. പത്രപ്രവര്‍ത്തകന് ജോലിയുമായി ബന്ധപ്പെട്ട് മര്‍ദനം നേരിട്ടാല്‍ ആരും തിരിഞ്ഞുപോലും നോക്കാനുണ്ടാവില്ല. എന്നാല്‍, അതില്‍ മാതൃഭൂമി അക്കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്തമാണ്. മാതൃഭൂമിയുടെയും അതിന്റെ എം.ഡി. എം.പി.വീരേന്ദ്രകുമാറിന്റെയും നിലപാട് പത്രപ്രവര്‍ത്തകരോട് ഒത്തുപോകുന്ന ഒന്നാണ്. മാതൃഭൂമി എന്ന ഞാന്‍ പ്രവര്‍ത്തിച്ച സ്ഥാപനം എനിക്കൊപ്പം നിന്നില്ലെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കുമോ എന്നുപോലും ഉറപ്പില്ല. അമ്മയും ഭാര്യയും രണ്ടുമക്കളുമുള്ള സാധാരണക്കാരനായ എന്നെപോലൊരാള്‍ക്ക് ചികിത്സാ ചെലവ് പോലും താങ്ങാനാവില്ല. നിങ്ങള്‍ തന്നെ പറയൂ എന്തുചെയ്യാനാവും? പക്ഷെ മാതൃഭൂമി ഇന്നുവരെയുള്ള ചിലവ് മുഴുവന്‍ വഹിച്ചു. വേതനത്തോടെയുള്ള പ്രത്യേക അവധി അനുവദിച്ചു. എം.പി. വീരേന്ദ്രകുമാര്‍ കോഴിക്കോട് നിന്ന് കൊല്ലത്തുവന്നു. അപ്പോഴാണ് അവസ്ഥയുടെ ഭീകരത മനസിലാക്കുന്നത്. അദ്ദേഹം എന്നെയും കുടുംബത്തെയും ആശ്വസിപ്പിച്ചു. കട്ടിലിലിരുന്ന് നേരെ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്‌നെ വിളിച്ചു. അങ്ങനെയാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. മാധ്യമ ചരിത്രത്തില്‍ ഇതും കൂടി പാഠമാകണം. മാതൃഭൂമിയും അതിലെ ജീവനക്കാരും ഇന്ന് എന്നോട് കാണിച്ച വലിയ സമീപനം നാളെ മറ്റ് സ്ഥാപനവും കാണിക്കണം. പത്രപ്രവര്‍ത്തകര്‍ക്ക് പിന്നില്‍ നിലകൊള്ളണം. മാധ്യമസ്ഥാപനത്തിന്റെ പിന്തുണ ഉണ്ടാവുമെന്നുണ്ടെങ്കില്‍ അത് പത്രപ്രവര്‍ത്തകന് നല്‍കുന്ന ബലം വളരെവലുതാണ്. ഈ ഒരു നന്മ എല്ലാ സ്ഥാപനങ്ങളും തുടര്‍ന്നാല്‍ മാത്രമേ നമ്മുടെ ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളായ മാധ്യമ പ്രവര്‍ത്തനം ശക്തിപ്പെടൂ.

ഇപ്പോഴത്തെ ആരോഗ്യസ്ഥിതി?


ആഞ്ചുമാസത്തിലേറെയായി കിടക്കയില്‍ തന്നെയായിരുന്നു. കുറേക്കാലം ആശുപത്രിയില്‍. ഇപ്പോള്‍ ഇവിടെ ഇങ്ങനെ ചാരുകസേരയില്‍ ഇരിക്കാവുന്ന പരുവത്തിലായി. നട്ടെല്ലിന്റെ പരുക്കുകള്‍ ഒരുവിധം ഭേദമായി. എന്നാല്‍, ചില സമയത്ത് അസഹനീയ വേദനയുണ്ട്. നടക്കാന്‍ ബുദ്ധിമുട്ടാണ്. വാക്കറിന്റെ സഹായം ആവശ്യമുണ്ട്. കാലിന്റെ അസ്ഥിക്ക് ബലക്കുറവുണ്ട്. ചെറുതായി ചലിച്ചാല്‍ വേദനയാണ്. അതിനി വീണ്ടും നടന്ന് ശരിയാവണം. എന്തായാലും ഒക്‌ടോബര്‍ അവസാനത്തോടെ പത്രഓഫീസില്‍ വീണ്ടും പോയിത്തുടങ്ങാം എന്നാണ് പ്രതീക്ഷ.

അപ്പോള്‍ ഇനി?


മുമ്പത്തെ ഞാനല്ല ആക്രമണത്തിനുശേഷമുള്ള ഞാന്‍. ഇപ്പോഴെനിക്ക് മാഫിയ/ക്രിമിനല്‍ സംഘത്തെപ്പറ്റിയും അവയുടെ സമൂഹത്തിലെ പങ്കിനെപ്പറ്റിയും കൂടുതല്‍ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ഇന്നലത്തെ ഉണ്ണിത്താനായി എനിക്ക് തുടരാനാവില്ല. ഞാനെന്താണോ എഴുതിക്കൊണ്ടിരുന്നത് അതിനിയും കൂടുതല്‍ ശക്തമായി എഴുതും. അതിനുള്ള പിന്തുണ എന്റെ പത്രം എനിക്ക് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ കാണുന്ന, സത്യമെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ ഒരു ഭയവും കൂടാതെ, മുമ്പെഴുതിയിരുന്നതിനേക്കാള്‍ പലമടങ്ങ് ശക്തിയില്‍ എഴുതും. ഞാനൊന്നിനെയും ഭയപ്പെടുന്നില്ല. ഒരു പക്ഷേ ഇങ്ങനെ എഴുതിയാല്‍ അവരെന്നെ വീണ്ടും ആക്രമിച്ചേക്കാം. കൂടിവന്നാല്‍ കൊല്ലുമായിരിക്കും. എന്നാലും എന്റെ മൂല്യങ്ങളെ കൊല്ലാനാവില്ല. പത്രപ്രവര്‍ത്തനം തുടങ്ങിയ അന്നു മുതല്‍ ഇന്നോളം ഞാന്‍ പുലര്‍ത്തുന്ന മൂല്യങ്ങളെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല. മൂല്യങ്ങളൂടെ കരുത്തിനെ, അഥവാ വാക്കിന്റെ നട്ടെല്ലിനെ ആര്‍ക്കും അടിച്ചൊടിക്കാനുമാവില്ല.

പച്ചക്കുതിര
2011 ഒക്‌ടോബര്‍

Thursday, September 8, 2011

വാക്കിന്റെ കൂടെരിയുന്നു

എസ്.എസ്.എല്‍.സി.
മലയാള പാഠ പുസ്തകം
പേജ് 9-11




വാക്കിന്റെ കൂടെരിയുന്നു

ഗൂഗി വാ തിഓംഗോ


ഞാനൊരു വലിയ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്-അച്ഛന്‍, നാല് ഭാര്യമാര്‍, ഇരുപത്തിയെട്ട് മക്കള്‍. അക്കാലത്തേതുപോലെ വളര്‍ന്നു പന്തലിച്ച, മൊത്തത്തില്‍ ഒരു സമൂഹം പോലുളള കുടുംബം.
വയലുകളില്‍ പണിയെടുത്തിരുന്ന ഞങ്ങള്‍ ഗികുയു സംസാരിച്ചു. വീടിനുളളിലും പുറത്തും ഞങ്ങള്‍ ഈ ഭാഷയാണ് സംസാരിച്ചത്. തീകൂട്ടി ചുറ്റുമിരുന്ന് കഥ കേട്ടിരുന്ന അക്കാലത്തെ സായാഹ്‌നങ്ങള്‍ ഞാന്‍ നന്നായി ഓര്‍മിക്കുന്നുണ്ട്. അതില്‍ മിക്കവാറും മുതിര്‍ന്നവര്‍ കുട്ടികള്‍ക്കായിട്ടാണ് കഥകള്‍ പറഞ്ഞിരുന്നതെങ്കിലും എല്ലാവരും അത് ആസ്വദിച്ചിരുന്നു. ഞങ്ങള്‍ അടുത്ത ദിവസം മറ്റ് കുട്ടികള്‍ക്കായി ആ കഥകള്‍ പറഞ്ഞു കൊടുക്കും. യൂറോപ്പുകാരുടെയും ആഫ്രിക്കയിലെ ജന്മികളുടെയും പാടത്തും പൂക്കള്‍ ശേഖരിക്കുന്ന സ്ഥലത്തും തേയില കൊളുന്തുകള്‍, കാപ്പിക്കുരുകള്‍ എന്നിവ ശേഖരിക്കുന്ന ഇടങ്ങളിലും പണിയെടുത്തിരുന്നവരായിരുന്നു ആ കുട്ടികള്‍.
ഗികുയുവില്‍ പറഞ്ഞുതന്ന മിക്ക കഥകളിലും മൃഗങ്ങളായിരുന്നു കഥാപാത്രങ്ങള്‍. ചെറുതും ദുര്‍ബലനുമെങ്കിലും സൂത്രശാലിയായ മുയലായിരുന്നു ഞങ്ങളുടെ നായകന്‍. സിംഹം, പുളളിപ്പുലി, കഴുതപ്പുലി തുടങ്ങിയ ക്രൂര മൃഗങ്ങള്‍ക്കെതിരെ പോരാടുന്ന മുയലിനെ നായകനായി ഞങ്ങള്‍ അംഗീകരിച്ചു. അവന്റെ വിജയങ്ങള്‍ ഞങ്ങളുടെ വിജയങ്ങളായിരുന്നു. അവനില്‍ നിന്നു ഞങ്ങള്‍ ഒരു പാഠം ഗ്രഹിച്ചു. പ്രത്യക്ഷത്തില്‍ ദുര്‍ബലനായവന് ശക്തനെ ബുദ്ധികൊണ്ട് തോല്‍പ്പിക്കാം. വരള്‍ച്ച, അതിവര്‍ഷം, സൂര്യതാപം, ശക്തമായ കാറ്റ് തുടങ്ങിയ പ്രതികൂലമായ പ്രകൃതിയെ നേരിടുന്ന മൃഗങ്ങളെ ഞങ്ങള്‍ പിന്തുടര്‍ന്നു. പ്രകൃതിയുമായുള്ള ഇത്തരം ഏറ്റുമുട്ടല്‍ മിക്കപ്പോഴും സഹകരണത്തിന്റെ പുതിയ രൂപങ്ങള്‍ തേടാന്‍ കഥകളിലെ ദുര്‍ബലരെ പ്രേരിപ്പിച്ചിരുന്നു. അവര്‍ക്കിടയിലെ പരസ്പരമുളള പേരാട്ടങ്ങളും ഞങ്ങളെ രസിപ്പിച്ചു, പ്രത്യേകിച്ച് മൃഗങ്ങളും ഇരകളും തമ്മിലുളള പോരാട്ടം. പ്രകൃതിക്കും മറ്റ് മൃഗങ്ങള്‍ക്കുമെതിരെയുളള ഇരട്ട പോരാട്ടം മനുഷ്യലോകത്തിന്റെ യഥാര്‍ത്ഥ ജീവിത പോരാട്ടങ്ങളെയാണ് പ്രതിഫലിപ്പിച്ചത്.
മനുഷ്യന്‍ മുഖ്യ കഥാപാത്രമായ കഥകളും ഞങ്ങള്‍ വിട്ടുകളഞ്ഞില്ല. മനുഷ്യകേന്ദ്രീകൃതമായ കഥകളില്‍ രണ്ട് തരം കഥാപാത്രങ്ങളാണുണ്ടായിരുന്നത്. ധീരത, കാരുണ്യം, തിന്‍മയോടുളള എതിര്‍പ്പ്, മറ്റുളളവരോട് സഹാനുഭൂതി തുടങ്ങിയ യഥാര്‍ത്ഥ സ്വഭാവ സവിശേഷതകളുളളവര്‍. രണ്ടാമത്തേത് മനുഷ്യഭോജികളെന്ന നിലയില്‍ രണ്ട് വായകളുളള, ആര്‍ത്തി, സ്വാര്‍ത്ഥത, ഞാനെന്ന ഭാവം, വിശാലമായ സഹകരണത്തിലുളള സമൂഹമെന്ന നന്മകളോടുളള വെറുപ്പ് എന്നിവയുളളവര്‍. സമൂഹത്തില്‍ അത്യന്തികമായ നന്മ സഹകരണമാണ്; അതായിരുന്നു സ്ഥിരമായ പ്രമേയവും. രാക്ഷസന്‍മാര്‍ക്കും ഇരതേടുന്ന മൃഗങ്ങള്‍ക്കുമെതിരെ മനുഷ്യനും മൃഗങ്ങളും ഒന്നിക്കുന്ന കഥയുമുണ്ടായിരുന്നു. വീട്ടില്‍ നിന്ന് അകന്ന് ജോലി ചെയ്യുന്ന കൊല്ലന്റെ ഗര്‍ഭിണിയായ ഭാര്യ മനുഷ്യനെ തിന്നുന്ന, ഇരട്ട വായുളള ഭീകരസത്വത്തെ പേടിച്ച് വീടിനുളളില്‍ കഴിയുമ്പോള്‍ ആവണക്കെണ്ണയുമായി എത്തുന്ന പ്രാവിന്റെ കഥപോലെയുളളതാണ് അത്.
നന്നായും മോശമായും കഥപറയുന്നവരുണ്ടായിരുന്നു അവിടെ. നല്ല കഥപറച്ചിലുകാരന്‍ ഒരേ കഥ തന്നെ പലവട്ടം ആവര്‍ത്തിക്കും. അത് ഞങ്ങള്‍, ശ്രോതാക്കള്‍ക്ക് പുതിയ അനുഭൂതി പകര്‍ന്നുകൊണ്ടിരിക്കും. മറ്റാരോ പറഞ്ഞ കഥ അവന്‍/അവള്‍ക്ക് കൂടുതല്‍ സജീവമായി, നാടകീയമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു. വാക്കുകളുടെയും ബിംബങ്ങളുടെയും ഉപയോഗത്തിലും വിവിധ സ്വരങ്ങള്‍ സൃഷ്ടിക്കുന്നതിനുളള ശബ്ദ ക്രമീകരണത്തിലുമായിരുന്നു വ്യത്യസ്തതകള്‍.
അതിനാല്‍ ഞങ്ങള്‍ വാക്കുകളുടെ അര്‍ത്ഥത്തിനും അവയുടെ വിജാതീയ മാനങ്ങള്‍ക്കും വലിയ മൂല്യം കല്‍പ്പിച്ചു. വാക്കുകള്‍ വെറുതെ കോര്‍ത്തിട്ട ചരടല്ല ഭാഷ. വാക്കുകള്‍ക്ക് തൊട്ടടുത്ത് നില്‍ക്കുന്നതും പദാവലികള്‍ നല്‍കുന്നതുമായ അര്‍ത്ഥങ്ങള്‍ക്കപ്പുറം മാന്ത്രികശക്തി അവയ്ക്കുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കി. വാക്കുകള്‍ കൊണ്ടുളള കളികളിലൂടെ, കടംകഥകളിലൂടെ, പഴംഞ്ചൊല്ലുകളിലൂടെ, അക്ഷരങ്ങളുടെ ചൊറിച്ചു മല്ലലുകളിലൂടെ അവയുടെ വശീകരണ ശക്തി ഞങ്ങള്‍ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞു. ഉളളടക്കത്തിനു മേല്‍ വിഹരിക്കുന്ന ഭാഷയുടെ സംഗീതം ഞങ്ങള്‍ അങ്ങനെ മനസിലാക്കി. ബിംബങ്ങളിലൂടെ, പ്രതീകങ്ങളിലൂടെ ഭാഷ ഞങ്ങള്‍ക്ക് ലോകത്തിന്റെ കാഴ്ച സമ്മാനിച്ചു. പക്ഷെ അവയ്ക്ക് അവയുടേതായ സൗന്ദര്യമുണ്ടായിരുന്നു. അങ്ങനെ വീടും വയലും ഞങ്ങള്‍ക്ക് പ്രാഥമിക വിദ്യാലയങ്ങളായി. ഈ ചര്‍ച്ചയില്‍ പ്രധാനപ്പെട്ട സംഗതി സായാഹ്‌ന വേളകളിലെ ഞങ്ങളുടെ പഠനത്തിലും ജോലിസ്ഥലത്തും സമൂഹത്തിലെവിടെയും മാധ്യമമായി മാറിയത് ഒരേയൊരു ഭാഷയായിരുന്നു എന്നതാണ്.
പിന്നെ ഞാന്‍ സ്‌കൂളില്‍ പോയി. ഒരു കൊളോണിയല്‍ സ്‌കൂള്‍. അങ്ങനെ ഈ സ്വരചേര്‍ച്ച ഇല്ലാതായി. എന്റെ വിദ്യാഭ്യാസത്തിന്റെ ഭാഷ എന്റെ സംസ്‌കാരത്തിന്റെ ഭാഷയായിരുന്നില്ല. സുവിശേഷകര്‍ നടത്തിയ കമാന്തരയിലാണ് ഞാന്‍ പഠിക്കാന്‍ ചെന്നത്. പിന്നീട് ഞാന്‍ ഗികുയു സ്വാതന്ത്ര്യവാദികളും കരിംഗ സ്‌കൂള്‍ അസോസിയേഷനും നടത്തിയ മാന്‍ഗുഗ വിദ്യാലയത്തില്‍ ചേര്‍ന്നു. എനിക്ക് ആദ്യമായി നീണ്ട കയ്യടിയിലൂടെ അംഗീകാരം ലഭിച്ചത് ഗികുയു ഭാഷയില്‍ ഞാന്‍ എഴുതിയ രചനയ്ക്കാണ്. അങ്ങനെ പഠനത്തിന്റെ ആദ്യ നാല് വര്‍ഷത്തില്‍ എന്റെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഷയും ലിമ്രു കര്‍ഷക സമൂഹത്തിന്റെ ഭാഷയും തമ്മില്‍ പൊരുത്തപ്പെട്ടിരുന്നു.
1952 ല്‍ കെനിയയില്‍ അധിനിവേശ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സ്വരാജ്യ സ്‌നേഹികളായ ദേശീയവാദികള്‍ നടത്തിയിരുന്ന വിദ്യാലയങ്ങള്‍ എല്ലാം ഇംഗ്ലീഷുകാരുടെ അധ്യക്ഷതയ്ക്ക് കീഴിലുളള ജില്ലാ വിദ്യാഭ്യാസ ബോര്‍ഡുകളുടെ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്നു. അങ്ങനെ എന്റെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഷ ഇംഗ്ലീഷ് ആയിത്തീര്‍ന്നു. കെനിയയില്‍ ഇംഗ്ലീഷിന് ഒരു ഭാഷയെന്നതിനേക്കാള്‍ വലിയ പ്രാധാന്യം ഉണ്ടായി. അതുമാത്രം ഭാഷയാവുകയും മറ്റെല്ലാവരും അതിന്റെ മഹത്വത്തിനു മുന്നില്‍ കുമ്പിടേണ്ടിയും വന്നു.
അങ്ങനെ സ്‌കൂള്‍ പരിസരത്ത് എവിടെയെങ്കിലും വച്ച് ഗികുയു ഭാഷയില്‍ സംസാരിച്ചു എന്ന കുറ്റത്തിന് പിടിക്കപ്പെടുന്നത് ഏറ്റവും തരം താണ, ലജ്ജാവഹമായ അനുഭവങ്ങളിലൊന്നായി മാറി. കുറ്റവാളികള്‍ക്ക് ശാരീരിക പീഡ നല്‍കിയിരുന്നു. നഗ്നമായ ചന്തിയില്‍ ചൂരല്‍ വടി മൂന്നു മുതല്‍ അഞ്ചു തവണ ശക്തിയോടെ പതിക്കും. അല്ലെങ്കില്‍ ഞാന്‍ വിഡ്ഢിയാണെന്നോ, ഞാന്‍ കഴുതയാണെന്നോ എഴുതിയ ഒരു പരന്ന കല്ല് കഴുത്തില്‍ കെട്ടി തൂക്കി നടത്തിക്കും. ഒടുക്കുവാന്‍ കഴിയാത്ത പിഴയായിരിക്കും മിക്കപ്പോഴും ഈടാക്കുക. അധ്യാപകര്‍ എങ്ങനെയായിരുന്നു ഈ കുറ്റവാളികളെ പിടികൂടിയിരുന്നത്? ആദ്യം ഒരു കുട്ടിക്ക് ഒരു ബട്ടണ്‍ സമ്മാനിക്കുന്നു. മാതൃഭാഷയില്‍ സംസാരിക്കുന്ന കുട്ടിക്ക് അവനത് കൈമാറണം. അങ്ങനെ ഈ ബട്ടണ്‍ ലഭിച്ച എല്ലാ കുട്ടികളും വൈകുന്നേരം ഒരുമിച്ച് ആരുടെ കയ്യില്‍ നിന്നാണ് തങ്ങള്‍ക്ക് ബട്ടണ്‍ ലഭിച്ചത് എന്ന് വെളിപ്പെടുത്തുന്നു. അതോടെ കുറ്റവാളികള്‍ മുഴുവന്‍ പിടിക്കപ്പെടുന്നു. ഈ പ്രക്രിയയിലൂടെ കുട്ടികള്‍ക്ക് കുറ്റവാളികളെ പിടികൂടാനുളള മാനസികമായ ഒരുതരം താല്‍പര്യം ഉണ്ടാകുന്നു. കൂടാതെ സമൂഹത്തില്‍ രാജ്യദ്രോഹിയായാല്‍ വന്നുഭവിച്ചേക്കാവുന്ന നഷ്ടങ്ങളെക്കുറിച്ചും കുട്ടികള്‍ ബോധവാന്‍മാരാകുന്നു.
അംഗലേയത്തോടുളള സമീപനം കൃത്യമായി മറിച്ചാണ്. ഇംഗ്ലീഷ് എഴുതുന്നതിലോ സംസാരിക്കുന്നതിലോ എന്തെങ്കിലും നേട്ടമുണ്ടായാല്‍ അതിന് വലിയ പ്രതിഫലമായി സമ്മാനങ്ങള്‍, അഭിനന്ദനം, കരഘോഷം, ഉയര്‍ന്ന മണ്ഡലങ്ങളിലേക്കുളള പ്രവേശനാനുമതി തുടങ്ങിയവ ലഭിച്ചിരുന്നു. ബുദ്ധിശക്തിയിലും കലയിലും ശാസ്ത്രത്തിലും വിജ്ഞാനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും കഴിവിന്റെ അളവുകോല്‍ ഇംഗ്ലീഷായി മാറി. ഒരു കുട്ടിയുടെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഏണിപ്പടികള്‍ക്ക് അപ്പുറത്തേക്കുളള പുരോഗതി തീരുമാനിക്കുന്നിന്റെ പ്രധാനഘടകം ഇംഗ്ലീഷ് ഭാഷയയായി തീര്‍ന്നു.
നിങ്ങള്‍ക്കറിയാവുന്നതുപോലെ, കോളനി വാഴ്ചക്കാലത്തെ വിദ്യാഭ്യാസ സംവിധാനത്തിന് വര്‍ണ്ണവിവേചന സ്വഭാവം ഉണ്ടായിരുന്നു. അതു കൂടാതെ വിദ്യാഭ്യാസ സംവിധാനത്തിന് പിരമിഡിന്റെ ഘടനയാണ് ഉണ്ടായിരുന്നത്: അതായത് താഴെ വിശാലമായ പ്രാഥമിക അടിത്തറ, ഇടുങ്ങിയ മധ്യഭാഗം, അതിനു മുകളില്‍ സങ്കുചിതമായ സര്‍വകലാശാല തലം. പ്രാഥമിക വിദ്യാഭ്യാസത്തില്‍ നിന്ന് രണ്ടാംതല വിദ്യാഭ്യസത്തിന് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തിരുന്നത് പരീക്ഷയിലൂടെയാണ്. എന്റെ പഠനകാലത്ത് ആ പരീക്ഷയെ കെനിയ ആഫ്രിക്കന്‍ പ്രാരംഭ പരീക്ഷ എന്നു വിളിച്ചിരുന്നു. ആ പരീക്ഷയില്‍ ജയിക്കുന്നതിന് ഗണിത ശാസ്ത്രം മുതല്‍ പ്രകൃതി പഠനവും കിസ്‌വാഹിലി ഭാഷയുംവരെയുളള ആറ് വിഷയങ്ങളില്‍ വിജയിക്കണം. എല്ലാ വിഷയങ്ങളും ഇംഗ്ലീഷില്‍ എഴുതണം. ഇംഗ്ലീഷ് ഭാഷയില്‍ തോല്‍ക്കുന്ന ആര്‍ക്കും തന്നെ പരീക്ഷയില്‍ ജയിക്കാന്‍ കഴിയുമായിരുന്നില്ല. 1954 ല്‍ എന്റെ ക്ലാസിലെ ഒരു കുട്ടി ഇംഗ്ലീഷ് ഒഴികെ എല്ലാത്തിലും ഉന്നതവിജയം നേടിയത് ഞാന്‍ ഓര്‍ക്കുന്നു. ഇംഗ്ലീഷില്‍ ആ കുട്ടി തോറ്റുപോയി. അതിനാല്‍ അവന്‍ മുഴുവന്‍ പരീക്ഷയും തോറ്റു. അവന്‍ പഠനം മതിയാക്കി ഒരു ബസ് കമ്പനിയില്‍ പകരക്കാരനായി ജോലിക്ക് ചേര്‍ന്നു. മറ്റ് വിഷയങ്ങളില്‍ കേവല വിജയം നേടിയ എനിക്ക് ഇംഗ്ലീഷില്‍ നല്ല മാര്‍ക്ക് ഉണ്ടായിരുന്നതിനാല്‍, അധിനിവേശ താവളമായ കെനിയയില്‍ ആഫ്രിക്കക്കാര്‍ക്ക് വേണ്ടി നടത്തപ്പെട്ട ഏറ്റവും ഉന്നത നിലവാരമുളള സ്ഥാപനങ്ങളില്‍ ഒന്നായ അലയന്‍സ് സ്‌കൂളില്‍ പ്രവേശനം തരപ്പെട്ടു. മകെറെറെ സര്‍വകലാശാല കലാലയത്തിലും പ്രവേശനാനുമതി ലഭിക്കുന്നതിനുളള യോഗ്യതകള്‍ മേല്‍പ്പറഞ്ഞവ തന്നെയായിരുന്നു. മറ്റുളള വിഷയങ്ങള്‍ക്ക് എത്ര തന്നെ മാര്‍ക്ക് നേടിയിരുന്നാലും ഇംഗ്ലീഷില്‍ മികവ് കാട്ടിയാല്‍ മാത്രമേ ഒരു വിദ്യാര്‍ത്ഥിക്ക് ബിരുദവിദ്യാര്‍ത്ഥി അണിയേണ്ട ചുവപ്പ് ഗൗണ്‍ ലഭിക്കുമായിരുന്നുളളൂ. ഇംഗ്ലീഷിന് കേവല വിജയം മാത്രം പോരാ!-അപ്പോള്‍ ഈ വേഷം ഇല്ലാതാകും. ഇംഗ്ലീഷില്‍ അനിതര സാധാരണ വിജയം കൈവരിച്ചാല്‍ മാത്രമേ ഈ പിരമിഡിന്റെ (ഈ ആംഗലേയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ) ഏറ്റവും അസൂയാവഹമായ സ്ഥാനത്ത് എത്തിച്ചേരാന്‍ ആവുകയുളളൂ. ആംഗലേയ ഭാഷയുടെ അഭിമാനപത്രം ലഭിച്ച വ്യക്തികള്‍ക്കേ വിശിഷ്ടമായ സ്ഥാനങ്ങള്‍ അലങ്കരിക്കാന്‍ സാധിക്കുകയുളളൂ. അധിനിവേശ സാമ്രാജ്യത്വത്തിന്റെ ഉന്നതങ്ങളില്‍ എത്താനുളള ഔദ്യോഗിക വാഹനവും ഇന്ദ്രജാല സൂത്രവാക്യവും ഇംഗ്ലീഷ് ഭാഷയായിരുന്നു.
ഈ ഭാഷ അതിന്റെ ആധിപത്യം ഉറപ്പിച്ചതിനോടൊപ്പം തന്നെ സാഹിത്യപഠനം ഏതു വിധത്തില്‍ വേണമെന്ന് അത്യന്തികമായി തീരുമാനമെടുക്കുന്ന ഭാഷയായും മാറി. കെനിയന്‍ ഭാഷകളിലൂടെ നടത്തി വന്ന വാമൊഴിയിലൂടെയുളള അക്ഷരാഭ്യാസം നിര്‍ത്തലാക്കി. പ്രാഥമിക വിദ്യാലയത്തില്‍ പ്രശസ്ത ആംഗലേയ സാഹിത്യകാരന്‍മാരുടെ ലളിതവല്‍ക്കരിച്ച കൃതികള്‍- മുയലിന്റെയും പുളളിപ്പുലിയുടെയും സിംഹത്തിന്റെയും കഥകളല്ല-ഞാന്‍ വായിച്ചു. ഒളിവര്‍ട്വിസ്റ്റ് പോലുള്ള കൃതികള്‍ ഭാവനയുടെ ലോകത്തിലെ കൂട്ടുകാരായി ദിവസവും എന്റെ കൂടെയുണ്ടായിരുന്നു. സെക്കന്‍ഡറി സ്‌കൂളില്‍ കൂടുതല്‍ ഗൗരവമുള്ള ഇംഗ്ലീഷ് കൃതികള്‍ വായിച്ചു. മകെറെറെ സര്‍വകലാശാലയില്‍ ആംഗലേയ സാഹിത്യം പ്രധാനമായും പഠിച്ചു.
ഭാഷയും സാഹിത്യവും അങ്ങനെ ഞങ്ങളെ ഞങ്ങളില്‍ നിന്ന് മറ്റ് വ്യക്തിത്വങ്ങളിലേക്കും ഞങ്ങളുടെ ലോകത്ത് നിന്ന് മറ്റുളള ലോകങ്ങളിലേക്കും, അകലേക്ക് അകലേക്ക് കൊണ്ടുപോയി.
അധിനിവേശ സംവിധാനം എന്താണ് ഞങ്ങളെപ്പോലുളള കെനിയന്‍ കുട്ടികളില്‍ ചെയ്തത്? ഒരു വശത്ത് ഞങ്ങളുടെ ഭാഷകളേയും അവയുടെ സാഹിത്യത്തെയും ക്രമാനുഗതമായി അടിച്ചമര്‍ത്തി. മറുവശത്ത് ആംഗലേയത്തെയും അതിന്റെ സാഹിത്യത്തെയും ആകാശത്തോളം ഉയര്‍ത്തുകയും ചെയ്തു. അതിന്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു.

മൊഴിമാറ്റം: ബിജുരാജ്, ബിനു ഇടനാട്
കൊല്ലം 'ഗ്രാംഷി' ബുക്‌സ് പ്രസിദ്ധീകരിച്ച 'മനസിന്റെ അപകോളനീകരണം' (ഗൂഗി വാ തിഓംഗോ) എന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗം



ഗൂഗി വാ തി ഓംഗോ
(1938-)

കെനിയയിലെ വിഖ്യാത നോവലിസ്റ്റ്, നാടകകൃത്ത്, മുന്‍ രാഷ്ട്രീയ തടവുകാരന്‍, പ്രവാസി, അധ്യാപകന്‍. ഭാഷയുടെ തലത്തില്‍ അധിനിവേശത്തിനെതിരെ ധീരമായ പരീക്ഷണങ്ങള്‍ നടത്തി. ഇംഗ്ലീഷ് ഉപേക്ഷിച്ച് സ്വന്തം ജനതയുടെ ഭാഷയായ ഗികുയുവിലെഴുതുന്ന അതുല്യ എഴുത്തുകാരന്‍. ഭാഷ പ്രതിരോധത്തിന്റെയും സാംസ്‌കാരിക ചെറുത്തുനില്‍പ്പിന്റെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും ആയുധമാക്കാമെന്ന് ലോകത്ത് ആദ്യം തെളിയിച്ച സാഹിത്യകാരന്‍. ഭാഷപോലെ തന്നെ കലയും സാഹിത്യവും സാംസ്‌കാരിക വിമോചനത്തിന്റെ ഭാഗമാക്കണമെന്ന് വാദിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍. നിരവധി ഭാഷകളിലേക്ക് കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കെനിയയിലെ ലിമ്രുവില്‍ കിമിറുതു ഗ്രാമത്തിലാണ് ജനനം. ജയിംസ് തിഓംഗോ ഗൂഗി എന്ന പേര് പിന്നീട് ക്രിസ്തുമതത്തോടുളള നിരാകരണത്തിന്റെ ഭാഗമായി മാറ്റി. ഗികുയു വംശജനായ ഗൂഗി ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടന്ന മൗ മൗ സായുധ വിമോചനപോരാട്ടത്തില്‍ നേരിട്ടല്ലെങ്കിലും പങ്കാളിയായിരുന്നു. ഉഗാണ്ടയിലെ കംപാല സര്‍വകലാശാലയില്‍ നിന്ന് ആംഗലേയത്തില്‍ ബിരുദം നേടിയ ശേഷം കുറച്ചു കാലം പത്രപ്രവര്‍ത്തകനായി ജോലി നോക്കി. 1962 ല്‍ 'കറുത്ത സന്യാസി' എന്ന നാടകം രചിച്ചു. തുടര്‍ന്ന് ഇംഗ്ലണ്ടില്‍ ഉന്നത പഠനം. വ്യക്തിയും സമൂഹവും തമ്മിലുളള വൈരുദ്ധ്യങ്ങളായിരുന്നു ആദ്യകാല രചനകളുടെ മുഖ്യ പ്രമേയം. 1964 ല്‍ 'കുഞ്ഞേ കരയരുത്' എന്ന ആദ്യ നോവല്‍ പുറത്തിറങ്ങി. ഇടതുപക്ഷത്തിന്റെയും മാര്‍ക്‌സിസത്തിന്റെയും ഭാഗമായി ഇക്കാലത്ത് ഗൂഗി മാറി. കെനിയയിലെ മൗ മൗ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ 'മദ്ധ്യത്തിലെ നദി' ഗൂഗിയെ അന്താരാഷ്ട്ര പ്രശസ്തനാക്കി. 1970 ല്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടലില്‍ പ്രതിഷേധിച്ച് സര്‍വകലാശാല അധ്യാപക ജോലി രാജിവച്ചു. 1980 ല്‍ 'എനിക്കു തോന്നുമ്പോള്‍ വിവാഹിതനാകും' എന്ന നാടകമെഴുതിയതിനെ തുടര്‍ന്ന് തടവിലടയ്ക്കപ്പെട്ടു. ഗ്രാമ്യമായ നാടകവേദിക്കുവേണ്ടി സ്വന്തം ഭാഷയില്‍ വിപ്ലവ രചനകള്‍ നടത്തിയതിനായിരുന്നു തടവ്. വിചാരണ കൂടാതെ അതിസുരക്ഷാ ജയിലില്‍ അടക്കപ്പെട്ടു. അന്താരാഷ്ട്രതലത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം മോചിതനായെങ്കിലും അദ്ദേഹത്തെയും കുടുംബത്തെയും ഭരണകൂടം തുടര്‍ച്ചയായി പീഡിപ്പിച്ചു. നയ്‌റോബി സര്‍വകലാശാലയിലെ ജോലി തിരിച്ചു നല്‍കാനും കൂട്ടാക്കിയില്ല. തുടര്‍ന്ന് 1982 ല്‍ ലണ്ടനിലേക്ക് പ്രവാസിയായി കടന്നു. ഇപ്പോള്‍ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. അമേരിക്കയില്‍ പ്രവാസ ജീവിതം.
ജയില്‍ മോചിതനായ ഉടന്‍ ഇംഗ്ലീഷില്‍ സര്‍ഗരചനകള്‍ നടത്തുന്നത് നിര്‍ത്തി ഗികുയു ഭാഷയില്‍ ആദ്യ ആധുനിക നോവല്‍ 'കയ്താനി മുത്ഹര്‍ബയിനി' 1980 ല്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ പൂര്‍ണമായും ഗികുയു ഭാഷയില്‍ എഴുതുന്നു. നീണ്ട പ്രവാസിത്വത്തിനു ശേഷം അടുത്തിടെ കെനിയ സന്ദര്‍ശിച്ചു. പക്ഷെ ദുരനുഭവങ്ങളാണുണ്ടായത്.
രണ്ടുമാസത്തിനു മുമ്പ് 'വിസാര്‍ഡ് ഓഫ് ദ ക്രോ' എന്ന പുതിയ പുസ്തകത്തിന്റെ സ്വന്തം വിവര്‍ത്തനം പ്രസിദ്ധീകരിച്ചു. തീവ്ര നിലപാടുകളും ആംഗലേയത്തോടുളള നിരാകരണവും ഗ്രാമ ഭാഷയിലെ രചനാ രീതിയും കാരണമാണ് നോബല്‍ സമ്മാനമുള്‍പ്പടെയുളള ബഹുമതികള്‍ ഗൂഗിക്ക് ലഭിക്കാതെ പോകുന്നതെന്ന് ആക്ഷേപമുണ്ട്.
പ്രധാന കൃതികള്‍: കറുത്ത സന്യാസി (നാടകം), വീപ് നോട്ട് ചൈല്‍ഡ്, ദ റിവര്‍ ബിറ്റ്‌വീന്‍, ദ ഗ്രെയിന്‍ ഓഫ് വീറ്റ്, ദിസ് ടൈം ടുമോറൊ, സീക്രട്ട് ലൈവ്‌സ്, പെറ്റല്‍സ് ഓഫ് ബ്ലഡ്, കയ്താനി മുത്ഹര്‍ബയിനി (ഡെവില്‍ ഓണ്‍ ദ ക്രോസ്), ഡീറ്റെയ്ന്‍ഡ്: എ റൈറ്റേഴ്‌സ് പ്രിസണ്‍ ഡയറി, ബാരല്‍ ഓഫ് എ പെന്‍, ഡീകോളനൈസിംഗ് ദ മൈന്‍ഡ്, മദര്‍ സിംഗ് ഫോര്‍ മി, റൈറ്റിംഗ് എഗെയിനിസ്റ്റ് നിയോ കൊളോണലിസം, വിസാര്‍ഡ് ഓഫ് എ ക്രോ.

ചരിത്രം നിങ്ങള്‍ക്ക് ശിക്ഷ വിധിക്കും

അമേരിക്കന്‍ ജനതയ്ക്ക് തടവറയില്‍ നിന്ന് സദ്ദാം ഹുസൈന്‍ എഴുതിയ കത്ത്




ചരിത്രം നിങ്ങള്‍ക്ക് ശിക്ഷ വിധിക്കും

പരമകാരുണ്യവാനും ദയാലുവുമായ ദൈവത്തിന്റെ നാമത്തില്‍,

''സത്യ വിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവര്‍ ചിലര്‍ അത് കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല. സത്യവാന്‍മാര്‍ തങ്ങളുടെ സത്യസന്ധതയ്ക്കുളള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി, അവന്‍ ഉദ്ദേശിക്കുന്നപക്ഷം കപട വിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
സത്യ നിഷേധികളേ അവരുടെ ഈര്‍ഷ്യയോടെ തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു''.
(വിശുദ്ധ ഖുറാന്‍ 33:23-25)

അമേരിക്കന്‍ ജനതയ്ക്ക്,

സമാധാനത്തില്‍ വിശ്വസിക്കുകയും അതാഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക്
ദൈവത്തിന്റെ ദയയാലും അനുഗ്രഹത്താലും അത് ഉണ്ടായിരിക്കട്ടെ.

എന്നെ തടവിലടച്ചിരിക്കുന്ന പാളയത്തില്‍ നിന്നാണ് ഞാന്‍ നിങ്ങളോട് ഈ കത്തിലൂടെ സംസാരിക്കുന്നത്. ധാര്‍മികവും മാനുഷികവും ഭരണഘടനാപരമായ ഉത്തരവാദിത്തിന്റെയും അടിസ്ഥാനത്തിലാണ് എന്റെ ഈ ശ്രമം. സമാധാനത്തിന്റെ സന്ദേശവുമായി യുദ്ധം തുടങ്ങിയതിനു ശേഷം ആരും എത്തിയില്ലെന്ന് നിങ്ങളിലൊരാള്‍ പോലും പറയാതിരിക്കാനും അങ്ങനെയുളള വാദത്തിനു മറുപടി പറയാനുമാണിത്. നിങ്ങള്‍ക്കൊപ്പം, ഞങ്ങളുടെ സത്യസന്ധരും വിശ്വസ്തരും ധീരരുമായ ജനതയ്ക്കും സമാധാനമുണ്ടാവാനും വേണ്ടിയാണിത്. ഞാനിങ്ങനെ പറയുമ്പോള്‍, തടവറയ്ക്കു പുറത്ത് ചെറുത്തുനില്‍പ്പു നടത്തുന്ന എന്റെ സഹോദരരോ സഖാക്കളോ ഇതിനുമുമ്പ് ഒരു കത്തുമായി വന്നുവോ ഇല്ലയോ എന്ന് എനിക്കറിഞ്ഞു കൂടാ. അതെന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ നേതാക്കളുടെ 'ജനാധിപത്യം' അറസ്റ്റിനു ശേഷം ഇന്നോളം പത്രങ്ങളോ ആനുകാലികങ്ങളോ കിട്ടുന്നതില്‍ നിന്നും അല്ലെങ്കില്‍ റേഡിയോയും ടെലിവിഷനും കേള്‍ക്കുന്നതില്‍ നിന്നും എന്നെ തടഞ്ഞിരിക്കുന്നു എന്നതാണ്. എന്നെ ലോകത്തു നിന്നു വേര്‍പെടുത്തുകയും ലോകത്തെ എന്നില്‍ നിന്ന് വേര്‍തിരിക്കുകയും, അങ്ങനെ തടവിലടച്ചിരിക്കുന്ന ഇടത്തിനു പുറത്തുളള ഒന്നും ഞാന്‍ കേള്‍ക്കുകയോ കാണുകയോ ചെയ്യരുതെന്നും അവര്‍ നിശ്ചയിച്ചിരിക്കുന്നു.
അമേരിക്കയ്ക്കു പുറത്ത് അവര്‍ വാദിക്കുന്ന ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും യഥാര്‍ത്ഥ മുഖമാണോ ഇത്!? അല്ലെങ്കില്‍ നിങ്ങളുടെ ഭരണകര്‍ത്താക്കള്‍ അതെപ്പറ്റി കളളം പറയുന്നതാണോ? തടങ്കല്‍ പാളയത്തിലും ജയിലിലും വച്ച് കൊല്ലുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ ചോദ്യംചെയ്യലുകാരുടെ കൈത്തോക്കുകള്‍കൊണ്ടാണ് ചിലര്‍ കൊല്ലപ്പെട്ടത്. നിങ്ങളുടെ അധികാരികള്‍ ഈ കൃത്യങ്ങളെല്ലാം മറ്റു പലതിനുമൊപ്പം മറച്ചുവയ്ക്കുകയും അങ്ങനെ നിങ്ങള്‍ സത്യമറിയരുതെന്ന് നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.
ഈ കത്തിലൂടെ ഞാന്‍ നിങ്ങളെ സംബോധനചെയ്യുന്നത് ഏതെങ്കിലും വിധത്തില്‍ ഇത് നിങ്ങളിലേക്ക് എത്തുമെന്നും നിങ്ങളിത് വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുമെന്നുമുളള പ്രതീക്ഷയോടെയാണ്. ജനങ്ങള്‍ക്കു മുമ്പില്‍ നിറമോ ദേശീയതയോ ഒന്നും നോക്കാതെ സത്യങ്ങള്‍ കൊണ്ടുവരികയെന്ന എന്റെ ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കത്ത്. വിവിധ ജനങ്ങളോടുളള ഞങ്ങളുടെ കടമയുടെ ഭാഗമാണിത്. തിന്‍മകള്‍ അംഗീകരിക്കാതിരിക്കുക എന്ന കടമ അവര്‍ക്ക് ഞങ്ങളോടുമുളളതു പോലെതന്നെ.
എന്റെ അഭിഭാഷകനും പ്രശസ്ത പ്രൊഫസറുമായ റാംസെ ക്ലര്‍ക്ക് നിങ്ങള്‍ക്കായി ഒരു കത്തെഴുതാന്‍ എന്നോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. പ്രൊഫസര്‍ റാംസെ മാനുഷികതയുടെ വിശിഷ്ടമായ ഉദാഹരണമാണെന്നു സ്വയം തെളിയിച്ചിട്ടുണ്ട്. റാംസെയും അദ്ദേഹത്തിന്റെ സഹ പ്രൊഫസറായ കുര്‍ടിസ് ഡോബ്‌ളറും വ്യക്തിപരമായി നല്ലവരാണെന്ന് എനിക്കു നന്നായി അറിയാം. ചുറ്റും അപകടങ്ങളാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ തങ്ങളുടെ ജോലി നിര്‍വഹിക്കാന്‍ സന്നദ്ധരായ ഇരുവരുടെയും ധീരതയെ അഭിവാദ്യം ചെയ്യാന്‍ ഈ അവസരത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ നാല് അഭിഭാഷകരെ കുറ്റവാളികള്‍ കൊലപ്പെടുത്തിയതിനു ശേഷമാണ് അവരതിന് തയ്യാറായത് എന്നും അറിയണം.
അമേരിക്കയിലെ ജനങ്ങളേ, നിങ്ങളുടെ അധികാരികള്‍ ഇപ്പോഴും നിങ്ങളോട് നുണപറഞ്ഞുകൊണ്ടിരിക്കുകയും ഇറാഖിനെതിരെയുളള അക്രമങ്ങളിലേക്ക് നിങ്ങളെ നയിച്ചതിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ വിശദീകരിക്കാതിരിക്കുകയും ചെയ്യുന്നതായിട്ടാണ് എനിക്കു തോന്നുന്നത്.
അന്താരാഷ്ട്ര സമുദായത്തെയും പ്രത്യേകിച്ച് യൂറോപ്യന്‍ സമൂഹത്തെയും അമേരിക്കന്‍ ജനതയെ ഒന്നടങ്കവും വഞ്ചിച്ചുകൊണ്ടാണ് തുടക്കം മുതല്‍ക്കേ അക്രമണത്തിനുളള കാരണങ്ങള്‍ അവര്‍ പറഞ്ഞത്. അവര്‍ പ്രഖ്യാപിച്ചതിനു വിരുദ്ധമാണ് വസ്തുതകള്‍ എന്ന് മുമ്പേ വ്യക്തമായിരുന്നതാണ്. തങ്ങളുടെ നുണകളെല്ലാം പൊളിഞ്ഞപ്പോള്‍ തങ്ങളെ ഇന്റലിജന്‍സ് സംഘങ്ങളും, 19, 20 നൂറ്റാണ്ടുകളില്‍ രാജഭരണക്കാര്‍ ചെയ്തതുപോലെ തങ്ങള്‍ പാവകളാക്കാന്‍ ഒപ്പംകൊണ്ടുവന്ന കുഴലൂത്തുകാരും വഞ്ചിച്ചെന്ന് പറയുന്നതും വാസ്തവ വിരുദ്ധമാണ്. ഞങ്ങള്‍ സംസാരിക്കുന്നത് നിരവധി വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. അതില്‍ പ്രധാനപ്പെട്ടത് ചുവടെ പറയാം:

1. ഐക്യരാഷ്ട്ര സംഘടനയുടെ പേരില്‍ കടന്നു വന്ന് പരിശോധക സംഘം ഇറാഖില്‍ തെരച്ചില്‍ നടത്തിയിരുന്നു. സ്വകാര്യ വസതികളും സര്‍ക്കാര്‍ വകുപ്പുകളും പ്രസിഡന്റിന്റെ കൊട്ടാരവും സര്‍ക്കാര്‍ രേഖകളും എല്ലാം ആ സംഘം പരിശോധിച്ചു. ഇറാഖില്‍ കൂട്ടനശീകരണായുധങ്ങള്‍ ഇല്ലായെന്ന് അവര്‍ക്കു നന്നായി അറിയാമായിരുന്നു. കാരണം ആ സംഘത്തെ നയിച്ച അംഗങ്ങള്‍ അമേരിക്കന്‍, ബ്രിട്ടീഷ് പൗരന്‍മാരാണ് എന്നതു തന്നെ. കൂടാതെ ചാരന്‍മാരും മറ്റ് ദേശീയതകളുടെ സന്നദ്ധ പ്രവര്‍ത്തകരും ഉണ്ടായിരുന്നു അവര്‍ക്ക് സഹായത്തിന്. ഇറാഖിനെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ അരിച്ചു പെറുക്കിയ അവര്‍ക്ക് ഇറാഖി ഔദ്യോഗിക പ്രതിനിധികള്‍ പറഞ്ഞതിനു വിരുദ്ധമായി ഒന്നും കണ്ടെത്താനായില്ല. ആ പരിശോധന ഏഴുവര്‍ഷം നീണ്ടു നിന്നു. വാഹനങ്ങളിലും നടന്നും യാത്രചെയ്ത ആ പരിശോധക സംഘത്തെ കൂടാതെ ചാര വിമാനങ്ങളും ഹെലിക്കോപ്പറുകളും ബഹിരാകാശത്തെ കൃത്രിമോപഗ്രഹങ്ങളും എല്ലാം അവര്‍ ഉപയോഗിച്ചിരുന്നു. ഇറാഖിനെ ആക്രമിക്കാനും അതിന്റെ ന്യായമായ അഭിലാഷങ്ങളെയും മുപ്പത്തഞ്ചുവര്‍ഷം കൊണ്ടു നേടിയ സാംസ്‌കാരികവും ശാസ്ത്രീയവുമായ ഉന്നതമായ നേട്ടങ്ങളെ തകര്‍ക്കാനും അവര്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. അമേരിക്കയില്‍ നടന്ന സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ പേരില്‍ അഴിച്ചുവിടുന്ന ഭീകരതയ്‌ക്കെതിരെയുളള യുദ്ധം ചരിത്രപരമായ ഒരവസരമാണെന്ന് അമേരിക്കന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ചിന്തിച്ചു. തങ്ങള്‍ മുമ്പേ നിശ്ചയിച്ചുറപ്പിച്ചിരുന്ന ലക്ഷ്യങ്ങള്‍ നടപ്പാക്കാനായി അവര്‍ തങ്ങളുടെ ചീട്ടുകള്‍ മാറ്റി കശക്കിയിട്ടു. പക്ഷെ തുടക്കത്തില്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്ന ലക്ഷ്യങ്ങളായിരുന്നില്ല അത്.
സാമ്പത്തികവും സാംസ്‌കാരികവും ശാസ്ത്രീയവും നാഗരികവുമായി മുന്നേറാനുമുളള ഇറാഖിന്റെ ന്യായയുക്തമായ അഭിലാഷങ്ങളെ തകര്‍ക്കാനോ വൈകിക്കാനോ തങ്ങളുടെ അന്യായമായ ഉപരോധം മൂലം കഴിയില്ലെന്ന വിലയിരുത്തിലില്‍ നേരത്തെതന്നെ അമേരിക്ക എത്തിയിരുന്നു. ഇറാഖ് തങ്ങള്‍ക്കുമേലുളള സാമ്പത്തിക ഉപരോധത്തെ ഭേദിക്കുന്നതിന് തൊട്ടടുത്ത് എത്തിയെന്ന് അവര്‍ തിരിച്ചറിഞ്ഞു. അത്തരമൊരവസ്ഥയിലേക്ക് ഇറാഖ് മുന്നേറിയത് അന്യോന്യമായ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഇറാഖുമായി സഹകരിച്ചവരുടെയും അറബ് എന്ന സഹോദര നിര്‍ഭരമായ ദേശീയ വികാരത്തിന്റെയും ഫലമായാണ്. നിങ്ങളുടെ രാജ്യത്തിന്റെ അധികാരികള്‍ ലോകത്ത് തങ്ങളുടെ ഇച്ഛ അടിച്ചേല്‍പ്പിക്കാനുളള അവസരമാണിതെന്നും അങ്ങനെ മദ്ധ്യപൂര്‍വദേശത്തെ എണ്ണയുടെ നിയന്ത്രണവും അതിന്റെ ഉല്‍പ്പാദനവും വിതരണവുമെല്ലാം പുതിയ വഴികളിലൂടെ പുതിയ ലക്ഷ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താമെന്നും കരുതി. ഇതിനെപ്പറ്റി 2003 നു മുമ്പേ ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. സിയോണിസ്റ്റ് ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും തെരഞ്ഞെടുപ്പില്‍ പിന്തുണയാര്‍ജിക്കാനും വേണ്ടിക്കൂടിയാണ് നിങ്ങളുടെ അധികാരികള്‍ ഇങ്ങനെ ചെയ്തത്. അക്രമം ആകര്‍ഷകമാക്കുന്നതിനും അതു നടപ്പാക്കുന്നതിനുമായി ഇറാനും അതിന്റെ പിണിയാളുകളും വൃത്തികെട്ടരീതിയില്‍ പങ്കു വഹിച്ചു.

2. തങ്ങളുടെ വാദങ്ങള്‍ മുഴുവന്‍ പൊളിയുകയും വിഷമവൃത്തത്തിലാവുകയും ചെയ്തിട്ടും അമേരിക്കന്‍ അധികാരികള്‍ ഇറാഖില്‍ നിന്നു പിന്‍മാറിയില്ല. പകരം, 2003 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന അധിനിവേശത്തിനുമുമ്പ് ഉന്നയിച്ചതിനു വിരുദ്ധമായ കാര്യങ്ങള്‍ പ്രഖ്യാപിച്ചു. അധിനിവേശത്തിന്റെ ന്യായീകരണത്തിനു മറയായി അവര്‍ ഉപയോഗിച്ച, അന്ന് മതിയായ ന്യായീകരണമായി അവര്‍ കണ്ട വിവരങ്ങള്‍-(അമേരിക്കന്‍ സുരക്ഷിതത്വത്തെ ബാധിക്കുമെന്നവിധത്തിലുളള കാര്യങ്ങള്‍ എന്നാണ് അതിനെപ്പറ്റി പറഞ്ഞിരുന്നത് )- തെറ്റാണെന്നും വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും സ്വയം പറയുന്നതിനോട് ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഇറാഖില്‍ നിന്ന് പിന്‍മാറുകയാണ് അവര്‍ വേണ്ടിയിരുന്നത്. അങ്ങനെയായിരുന്നെങ്കില്‍ അവര്‍ ധീരരായ ഇറാഖി ജനതയോടും, അമേരിക്കന്‍ ജനങ്ങളോടും ലോകമെമ്പാടുമുളള മറ്റുളളവരോടും തങ്ങള്‍ ചെയ്ത തെറ്റുകള്‍ക്ക് ക്ഷമായാചനം നടത്തണമായിരുന്നു.
യുദ്ധം തുടങ്ങുന്നതിനു മുമ്പ് അമേരിക്കക്കാര്‍ ആരുംതങ്ങളുടെ സര്‍ക്കാരിനോട്, ഇനിയും പിന്നോക്കാവസ്ഥയില്‍ നിന്നു കരകയറാത്ത ഒരു രാജ്യമായ ഇറാഖ് അറ്റ്‌ലാന്റികിന് കുറുകെ എങ്ങനെ തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന് ചോദിച്ചില്ല. അല്ലെങ്കില്‍ അമേരിക്കയ്ക്ക് ഇറാഖ് എന്തിന് ഭീഷണിയാവണം? അന്ന് ഞങ്ങളുടെ അതിര്‍ത്തികള്‍ ലംഘിച്ച് അമേരിക്ക കടന്നുകയറിയിരുന്നില്ല. ഫലസ്തീന്റെയും അറബ് ദേശീയതയുടെയും മണ്ണ് കയ്യടക്കിയ സിയോണിസ്റ്റ് അധിനിവേശത്തോട് ഇറാഖും അമേരിക്കയും കൈക്കൊണ്ട വിപരീതങ്ങളായ നിലപാടുകളിലായിരുന്നു ഭീഷണി എന്നു പ്രചരിപ്പിക്കാന്‍ അമേരിക്കന്‍ അധികാരികള്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. പക്ഷെ അങ്ങനെയാണെങ്കില്‍ ഈ പ്രശ്‌നത്തില്‍ അമേരിക്കയെ ഏതിര്‍ത്തുകൊണ്ട് നിലപാടെടുത്ത ലോകത്തിലെ ഏക രാജ്യമോ അറബ് രാജ്യമോ അല്ല ഇറാഖ്. അതിനെല്ലാ മുപരി തങ്ങളുടെ അളവുകോല്‍ വച്ച് അളന്ന് ലോകത്തിന്റെ നിലപാടുകള്‍ തുന്നുന്ന തയ്യല്‍ക്കാരനാകാനും, അനുസരിക്കുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ യുദ്ധം നടത്താനും ആരാണ് അമേരിക്കയെ ചുമതലപ്പെടുത്തിയത്? അന്താരാഷ്ട്ര തലത്തിലുളള പ്രശ്‌നങ്ങളിലല്ല, പ്രദേശീക അസ്ഥിത്വത്തിന്റെ പേരില്‍ പോലുമുളള വ്യത്യസ്ത അഭിപ്രായങ്ങള്‍ അനുവദിക്കില്ലെങ്കില്‍ ജനാധിപത്യത്തിനു വേണ്ടിയുളള അമേരിക്കയുടെ ആഹ്വാനത്തെ നമ്മളെങ്ങനെയാണ് കാണേണ്ടത്?
അവരുടെ മറ്റൊരു നുണ അവര്‍ ഭീകരതയെന്നു പറയുന്ന സംഭവവുമായി ഇറാഖിനു ബന്ധമുണ്ടെന്നായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബ്ലെയര്‍ ഇറാഖിന് ഭീകരതയെന്നു വിളിക്കുന്നവയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമോ അന്താരാഷ്ട്ര തലത്തില്‍ നിരോധിക്കപ്പെട്ട ആയുധങ്ങളോ ഇല്ലയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ പ്രഖ്യാപിക്കാന്‍ ബുഷിനെയും ബ്ലെയറിന്റെ വാദം നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍, അമേരിക്കയിലെ പ്രമുഖരായ ആരും പ്രസിഡന്റ് ബുഷിനോട് ഏതു തരത്തിലുളള യുക്തി വിശകലനത്തിന്റെയും യഥാര്‍ത്ഥമായ ഏന്തു വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇറാഖിനെതിരെ ഭീകരബന്ധന്നെ ആരോപണം ഉന്നയിക്കുന്നതെന്ന് ചോദിച്ചില്ല. വിശിഷ്ടരായ മാന്യരേ മഹതികളേ, നിങ്ങള്‍ക്കറിയാമോ അവരെന്തുകൊണ്ട് അങ്ങനെ ചോദിച്ചില്ല? ഇറാഖിന്റെ നിലപാടുകളെപ്പറ്റി മോശമായ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍, മറഞ്ഞിരുന്ന ശക്തികള്‍ നയിച്ചതനുസരിച്ചാണ് നിങ്ങളുടെ പ്രമുഖരായ വ്യക്തിത്വങ്ങളില്‍ പലരും പ്രവര്‍ത്തിച്ചത്. യുദ്ധം തുടങ്ങുന്നതിന് സഹായകമായ അവസ്ഥയൊരുക്കാനായിരുന്നു വര്‍ഷങ്ങളായി അവര്‍ പ്രവര്‍ത്തിച്ചത്. സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ എന്തുകൊണ്ട് ഒരൊറ്റ ഇറാഖികളും പങ്കെടുത്തില്ലയെന്നതു പോലുളള ചോദ്യങ്ങള്‍ അതുകൊണ്ടുതന്നെ അവരാരും അമേരിക്കന്‍ അധികാരികളോട് ഉന്നയിച്ചില്ല. അമേരിക്കന്‍ കേന്ദ്രങ്ങില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക് ഒരു രാജ്യത്തിന്റെയും പിന്തുണയുണ്ടായിരുന്നുവെന്ന് ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അപ്പോള്‍ പിന്നെ വ്യക്തമായ രാഷ്ട്രീയ സംവിധാനമുളള ഇറാഖിനെപോലുളള രാജ്യത്തിന് ആ ആക്രമണത്തില്‍ പങ്കുണ്ടെന്ന് നിങ്ങള്‍ എങ്ങനെയാണ് ആരോപിക്കാനാവുക? ഇറാഖിനെതിരെ ഉന്നയിക്കപ്പെട്ട രണ്ടേ രണ്ടു ആരോപണങ്ങളില്‍ ഒന്നായിരുന്നു ഭീകരാക്രമണ ബന്ധം. ആ ആരോപണത്തെ ഇറാഖ് ജനതയ്‌ക്കെതിരെ അക്രമണം അഴിച്ചുവിടാനും അവരുടെ സ്വത്തുക്കളും നേട്ടങ്ങളും നശിപ്പിക്കാനും അവരുടെ ജീവിതത്തെ നേരിട്ടും നിത്യവുമായ ഭീഷണിക്കു കീഴില്‍ അമര്‍ത്താനും കഴിയുന്ന വിധത്തില്‍ പരിഗണിക്കാമെന്ന് കരുതാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?
വിശിഷ്ട മഹതികളേ മാന്യരേ, നിങ്ങള്‍ക്കറിയാമോ എന്റെ അറസ്റ്റിനു ഏകദേശം രണ്ടാഴ്ചയ്ക്കു ശേഷം എന്നോടു സംസാരിച്ച അമേരിക്കന്‍ ഉദ്യോഗിസ്ഥരിലൊരാളോട് ഏന്തിനാണ് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എന്താണ് അടിസ്ഥാനമാണുളളതെന്നും ഞാന്‍ ചോദിച്ചിരുന്നു. കൂട്ടനശീകരണആയുധങ്ങളെപ്പറ്റിയുളള കാര്യത്തിലാണെങ്കില്‍ '' നിങ്ങള്‍ പറയുന്നതൊന്നും ഉറപ്പിക്കാന്‍ ഞങ്ങള്‍ക്ക് തെളിവൊന്നുമില്ലെന്ന്'' അയാള്‍ എന്നോടു പറഞ്ഞു. ഇനി ഭീകരരുമായുളള ബന്ധത്തിന്റെ കാര്യത്തിലാണെങ്കില്‍, അദ്ദേഹം പറഞ്ഞു: ''സദ്ദാം ഹുസൈന്‍, ആ സംഭവത്തിനു ശേഷം (സെപ്റ്റംബര്‍ 11) പ്രസിഡന്റ് ബുഷിന് നിങ്ങള്‍ ദുഖസൂചകമായ ഒരു കത്തെഴുതിയില്ല''
ഞാന്‍ പരുഷമായി ചിരിച്ചുകൊണ്ട് അയാളോടു പറഞ്ഞു: ഞങ്ങള്‍ നടത്തിയ പ്രസ്താവനകളെപ്പറ്റി നിങ്ങള്‍ക്കു യാതൊരു ധാരണയില്ല. നിങ്ങളുടെ അധികാരികള്‍ നുണ പറയുന്നതിനാല്‍ ലോകമെമ്പാടുമുളള മറ്റുളളവര്‍ അങ്ങനെ തന്നെ ചെയ്യുമെന്നു നിങ്ങള്‍ ധരിക്കുന്നു. അല്ലെങ്കില്‍ നിങ്ങളുമായി യഥാര്‍ത്ഥത്തില്‍ ബന്ധമുളള പലരും അവര്‍ നിങ്ങളെ എതിര്‍ക്കുമ്പോഴോ നിങ്ങളോട് യോജിക്കുമ്പോഴോ സത്യം പറയുന്നില്ല. അതൊരു അപകടകരമായ സംഗതിയാണ്. ലോകത്തെ മറ്റു രാജ്യങ്ങള്‍ക്കു മാത്രമല്ല അമേരിക്കയ്ക്കു പോലും അപകടം വരുത്തുന്നതാണ് അത്. 'ഇത് തെറ്റാണെന്ന്' അല്ലെങ്കില്‍ ''ഇത് സ്വീകാര്യമല്ലെന്ന്'ലോകത്ത് ആരും അമേരിക്കയോട് പറയില്ല. അമേരിക്കന്‍ വിമാനങ്ങള്‍ ഇറാഖിലെ ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുമ്പോള്‍, സര്‍ക്കാരിന്റെയും ജനങ്ങളുടെയും സ്വത്തുക്കള്‍ നശിപ്പിക്കുമ്പോള്‍, കാരണങ്ങളൊന്നുമില്ലാതെ അന്യായമായ ഉപരോധത്തിലൂടെ കുട്ടികളും സ്ത്രീകളുമുള്‍പ്പടെയുളള ജനങ്ങളെ കൊന്നൊടുക്കുമ്പോള്‍, പ്രാഥമിക വിദ്യാലയങ്ങളില്‍ കുട്ടികള്‍ ഉപയോഗിക്കുന്ന പെന്‍സിലുകള്‍ പോലും ഇറക്കുമതി ചെയ്യാന്‍ അനുവാദമില്ലാതെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുമ്പോള്‍ ഈ കുറ്റകൃത്യങ്ങളെല്ലാം ചെയ്ത ഭരണകൂടത്തിന്റെ പ്രസിഡന്റിന് ദു:ഖസൂചകമായി കമ്പിത്തപാല്‍ അയക്കാന്‍ സദ്ദാം ഹുസൈന് എന്തു ബാധ്യത? കാപട്യവും ദുര്‍ബലതയുമെല്ലെങ്കില്‍ പിന്നെയതെന്താണ്? ഞാനൊരു കപടനാട്യക്കാരനോ ബലഹീനനോ അല്ലാത്തതിനാല്‍ ബുഷിന് ഞാന്‍ ദു:ഖസൂചകമായി കമ്പിത്തപാല്‍ അയച്ചില്ല. എന്നാല്‍ ഇറാഖ് സര്‍ക്കാരിന്റെ പേരില്‍ ഉപപ്രധാനമന്ത്രി സഖാവ് താരിഖ് അസീസ് വിപത്തുകള്‍ സംഭവിച്ച കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ സുഹൃത്ത് റാംസെ ക്ലര്‍ക്ക് വഴി കമ്പിത്തപാല്‍ അയക്കുന്നതിനോട് ഞാന്‍ യോജിച്ചിരുന്നു.
തങ്ങള്‍ക്ക് ദു:ഖസൂചകമായി കത്തെഴുതാത്തവന്, അവന്റെ രാജ്യത്തിന്, അവന്റെ ജനങ്ങള്‍ക്ക് നേരെ യുദ്ധം അഴിച്ചുവിടണമെന്ന് ചിന്തിക്കാന്‍ മാത്രം മതിവിഭ്രമങ്ങളിലാണോ വലിയ ഭരണകൂടങ്ങള്‍? ഇവിടെ നിങ്ങള്‍ക്ക് അമേരിക്കന്‍ ഭരണാധികാരികള്‍ നിങ്ങളുടെ രക്തത്തെ തന്നെ തങ്ങളുടെ വീണ്ടുവിചാരമില്ലാത്ത, അക്രമണോത്സുക നയങ്ങള്‍ക്കായി ഉപയോഗിക്കുന്നതു കാണാം. ഇത്തരത്തിലുളളതായിരുന്നോ ആ ജനങ്ങളുടെ സ്വഭാവശുദ്ധി? ജനങ്ങള്‍ക്കും അല്ലങ്കില്‍ ഭരണാധികാരികള്‍ക്കും ഇത്തരത്തിലുളള മനോഭാവമാണോ വേണ്ടത്? ജനങ്ങളെ തച്ചുതകര്‍ക്കാനായി, മറ്റുളളവരുടെ ഭാഗധേയങ്ങളെ തെറ്റായി, മിഥാഭ്രമങ്ങളോടെ ആക്രമിക്കുന്നതിനായി ദുരന്തങ്ങളെ ഉപയോഗിക്കുന്നതിനേക്കള്‍ മോശമായിട്ടൊന്നുമില്ല. അമേരിക്കയെ ഇറാഖിനെതിരെയുളള യുദ്ധത്തിലേക്ക് നയിച്ച ഭരണാധികാരികള്‍ക്കുണ്ടായിരുന്ന ഏറ്റവും മോശമായ രോഗമാണിത്.
3. ഞാന്‍ അറസ്റ്റു ചെയ്യപ്പെട്ട ശേഷം അവര്‍ നിഷ്ഫലങ്ങളായ ഭീഷണികളും ഭയപ്പെടുത്തലുകളും എനിക്കെതിരെ നടത്തി. വിരട്ടലുകള്‍ക്കും ഭീഷണികള്‍ക്കു മിടയില്‍ അവരുടെ ജനറല്‍മാരിലൊരാള്‍ വിലപേശാനും ശ്രമിച്ചു. അവര്‍ തയാറാക്കി കാണിച്ച പ്രഖ്യാപനം ഞാനെന്റെ ശബ്ദത്തില്‍ വായിക്കുകയും ഒപ്പിടുകയും ചെയ്താല്‍ ജീവിക്കാനനുവദിക്കാമെന്ന് അവര്‍ എനിക്ക് വാഗ്ദാനം നല്‍കി. ഇറാഖി ജനതയോടും അവരുടെ ധീരരായ ചെറുത്തുനില്‍പ്പുകാരോടും ആയുധം താഴെ വയ്ക്കാന്‍ ആഹ്വാനം നല്‍കുന്നതായിരുന്നു അവര്‍ തയാറാക്കിയ ആ മണ്ടന്‍ പ്രഖ്യാപനം. ഞാന്‍ അത് നിരസിച്ചില്ലെങ്കില്‍ മുസോളനിയുടേതുപോലെ വെടിയേറ്റു മരിക്കലായിരിക്കും എന്റെ വിധിയെന്നാണ് എന്നോട് സംസാരിച്ചയാള്‍ പറഞ്ഞത്. എന്നാല്‍ നിങ്ങള്‍ക്ക് എന്നെ അറിയാവുന്നതുപോലെ, അല്ലെങ്കില്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതുപോലെ ഞാനത് അവജ്ഞയോടെ തളളി; ആ വൃത്തികെട്ട രേഖ കൈകൊണ്ട് തൊടുക പോലും ചെയ്യാതെ; അതിന്റെ കറ പറ്റാന്‍ അനുവദിക്കുപോലും ചെയ്യാതെ. എന്റെ ജനതയെ അഭിസംബോധന ചെയ്യാന്‍ ഒരവസരം കിട്ടിയാല്‍ കൂടുതല്‍ ചെറുത്തുനില്‍പ്പുകള്‍ നടത്താന്‍ ഞാനാഹ്വാനം ചെയ്യുമെന്നും ഞാനവരോട് വ്യക്തമാക്കി.
ഏഴുദിവസത്തിനുശേഷം, അവരാഗ്രഹിക്കുന്നതു ലഭിക്കാനായി എന്നോടു സംസാരിക്കാന്‍ അവര്‍ ഒരു സംഘത്തെ അയച്ചു. തങ്ങള്‍ അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്നു വരികയാണെന്നും തുറന്ന വിശദ ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് അവരെന്നോടു പറഞ്ഞത്. ഞാനതിനു സമ്മതിച്ചു. അമേരിക്കന്‍ അധികാരികള്‍ അവകാശപ്പെടുന്നതുപോലെ ഇറാഖിന്റെ കയ്യില്‍ ഒന്നുമില്ലെന്നും ഞാനവര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. അവരോട് (അമേരിക്കയോട്) ഇറാഖ് ഉടന്‍ വിടാനും എന്റെ ജനതയോട് ക്ഷമായാചനം നടത്താനും ഞാനവരോട് നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ മോശമായ സംഗതികള്‍ അവര്‍ക്ക് ഇവിടെ നിന്ന് നേരിടേണ്ടി വരുമെന്ന് -( ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതിനേക്കാള്‍ മോശമായിരിക്കും അവരുടെ വിധിയെന്നാണ് ഞാന്‍ കരുതുന്നത്)-ഞാനവര്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഇറാഖിന്റെ ഇരു പകുതികളും തങ്ങളെ വിഴുങ്ങുമ്പോള്‍ ആയുധങ്ങളും സംവിധാനങ്ങളുമായി പിന്‍മാറാന്‍ അവര്‍ക്ക് തെല്ലിടപോലും കിട്ടില്ല. ദൈവ നിശ്ചയത്താല്‍ ഞങ്ങളുടെ ജനത ആഴത്തില്‍ തിരിച്ചറിവും ബോധവും ഉളളവരാണ്. അവര്‍ക്കറിയാം വിമോചനം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ തങ്ങളുടെ ഐക്യത്തിലൂടെയേ കഴിയൂവെന്നും. ഞങ്ങളുടെ ജനങ്ങള്‍ സഹനത്തെ ദിശാബോധത്തിനു തീര്‍ച്ചയായും അടിസ്ഥാനമാക്കും. മുറിവുകള്‍ അവരില്‍ ഏല്‍പ്പിക്കപ്പെട്ടതാണ്, സ്വയം ഉണ്ടായവയല്ല.

നിങ്ങളോട് പറയട്ടെ, ഞാനവരെ എല്ലാം വ്യക്തമായി ധരിപ്പിച്ചിരുന്നു. എന്നാല്‍ അവര്‍ അവരുടെ രീതികള്‍ മാറ്റിയില്ല, അവര്‍ അവരുടെ കളളതാക്കോലുകളും മാറ്റിയില്ല. അവരിപ്പോഴും തെറ്റായ വാതിലുകളില്‍ മുട്ടുകയും ന്യായയുക്തയുടെ വാതിലുകള്‍ തുറക്കാന്‍ പരാജയപ്പെടുകയും ചെയ്യുന്നു; സ്വയം അത് നന്നായി അറിയാമെങ്കില്‍ തന്നെയും അവര്‍ അതാവര്‍ത്തിക്കുന്നു. അതുമായി ബന്ധപ്പെട്ട് ഞാന്‍ ഈ കത്തില്‍ ഖുറാനില്‍ നിന്ന് കുറച്ചധികം ഭാഗം, 56 വരികള്‍ ചേര്‍ക്കട്ടെ.
(അറബിയില്‍ നിന്നുളള പരിഭാഷകളില്‍ ഖുറാനിലെ ഉദ്ധരണികളോ അത് വ്യക്തമാക്കുന്ന സൂചനകളോ ഉണ്ടായിരുന്നില്ല. അതിനാല്‍ ഇവിടെ അത് ചേര്‍ക്കാനായിട്ടില്ല. അതിനു ക്ഷമാപണം-വിവര്‍ത്തകന്‍)

4. ഇന്റലിജന്‍സ് സംവിധാനങ്ങളുടെ വാതിലുകള്‍ കിഴക്കും മിക്ക പടിഞ്ഞാറന്‍ രാജ്യങ്ങളിലും തുറന്നിരിക്കുമ്പോള്‍ അമേരിക്കയെപോലുളള രാജ്യത്തിന് സത്യങ്ങള്‍ അറിയില്ലെന്നോ, അല്ലെങ്കില്‍ അറിയാന്‍ കഴിയുകയോ ഇല്ലെന്ന് കരുതുന്നത് യുക്തിസഹവും വിശ്വസ്യയോഗ്യവുമല്ല. ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് യുദ്ധത്തിലോ യുദ്ധങ്ങളിലോ താല്‍പര്യമുണ്ടായിരിക്കുമ്പോള്‍ അവള്‍ക്ക്(അമേരിക്കയ്ക്ക്) അങ്ങനെയല്ലെന്നാണ് എനിക്ക് ബോധ്യമായിട്ടുളളതും കരുതുന്നതും. തങ്ങള്‍ ചെയ്യുന്ന കൃത്യങ്ങളില്‍ അവള്‍ വിശ്വസിക്കുന്നു. പക്ഷെ ഇവിടെ അതിന് കടകവിരുദ്ധമാണ് വാസ്തവം.
അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മറുകരയില്‍ അമേരിക്ക വലിയ ഒരു രാജ്യമാണ്. അത് വ്യത്യസ്തമായ, ബദലില്ലാതെ, അപൂര്‍വമായ അധികാരമായി മാറിയിട്ടുണ്ട്. ലോകത്തിന്റെ കിരീടം തങ്ങള്‍ക്കു ലഭിക്കാനും തങ്ങള്‍ ലോകത്തിന്റെ ചക്രവര്‍ത്തി തുല്യരാകാനുമുളള യാത്രയിലാണെന്ന് അവിടെയുളള ചില ആള്‍ക്കാര്‍ ധരിക്കുന്ന വിധത്തില്‍ അതുമാറിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. തങ്ങളുടെ വിയറ്റ്‌നാം യുദ്ധത്തില്‍ നിന്ന് അവര്‍ പാഠങ്ങള്‍ ഒന്നും പഠിച്ചില്ലേ? ലോക കമ്യൂണിസവും സോവിയറ്റ് ബ്ലോക്കും തങ്ങളുടെ താല്‍പര്യത്തിനും മുഴുവന്‍ പാശ്ചാത്യലോകത്തിന്റെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് പാശ്ചാത്യര്‍ ആദ്യം പ്രചരിപ്പിച്ചു. ആ പ്രചാരണവുമായി നോക്കുമ്പോള്‍ ഇതൊന്നുമല്ല. എന്നിരുന്നാലും അമേരിക്ക അത് ഉപയോഗിക്കുകയും അതില്‍ സ്വയം അടയിരിക്കുകയും ചെയ്തു. വിയറ്റ്‌നാം ജനത ബല പ്രയോഗത്തിലൂടെ പുറത്താക്കുന്നതുവരെ.
അന്താരാഷ്ട്ര തലത്തിലെ ശക്തിസന്തുലനത്തിന്റെ ഫലമായി അന്താരാഷ്ട്ര സമൂഹത്തിന്റെ സമീപനം മൂലം ഇറാഖില്‍ നടത്തിയ അധിനിവേശത്തിനു സമാനമായി വിയറ്റ്‌നാമില്‍ അമേരിക്കയ്ക്ക് ആദ്യ ചുവടുകള്‍ വയ്ക്കാനായി. പക്ഷെ വിയറ്റ്‌നാമിനുളളില്‍ നടത്തിയ യുദ്ധത്തിന് ഏറെ വിലകൊടുക്കേണ്ട സാഹചര്യം പിന്നീടു വന്നു.
അമേരിക്കയ്ക്ക് മുമ്പ് ഭയപ്പെടുത്താനുപയോഗിച്ചതുപോലുളള തടിയന്‍ വടികള്‍ ഇന്ന് ഉപയോഗിക്കാനാവില്ല. ഭീഷണിയില്‍ക്കൂടി ഭയപ്പെടുത്തിനേടുന്നതിനേക്കാള്‍, ശക്തി ഉപയോഗിക്കാതെ നേടാനാണ് അമേരിക്കയുടെ ശ്രമം. ഇറാഖ് യുദ്ധത്തിനുശേഷം പഴയ തടിച്ചവടി പലരെയും ഭയപ്പെടുത്തുന്നില്ല. തങ്ങളുടെ കുറ്റങ്ങള്‍ക്കും വീണ്ടുവിചാരമില്ലാത്ത, വഴിവിട്ട ചലനങ്ങള്‍ക്കുമെതിരെ നിശബ്ദരായിരിക്കാന്‍ ചെറിയ രാജ്യങ്ങളെ വരെ സന്തോഷിപ്പിക്കേണ്ട ശ്രമത്തിലും അവസ്ഥയിലുമാണ് അമേരിക്ക. മുമ്പ് പല രാജ്യങ്ങളും അമേരിക്കയെ ഭയപ്പെട്ടിരുന്നു. ഇന്നു വളരെക്കുറുച്ചുപേര്‍ മാത്രമാണ് അവരെ ഭയപ്പെടുന്നതും വകവച്ചുകൊടുക്കുന്നതും. അമേരിക്ക ഒരു കടലാസ് പുലിയാണെന്നുളള തന്റെ പ്രവചനം സത്യമാകുന്നതുകണ്ട് ചിലപ്പോള്‍ മാവോസേതുങ്ങ് തന്റെ കുഴിമാടത്തില്‍ ചിരിക്കുന്നുണ്ടാവും. ഇത് സനാതമായ ദൈവത്തിന്റെയും അവന്റെ വാഹകരായ മഹത്തായ, സമരോത്സുകരായ, ഇറാഖി മുജാഹിദുകളുടെയും ജിഹാദികളുടെയും ഇച്ഛയാണ്.അതിനാല്‍ ഇറാഖിലെ ധീരജനതയ്ക്കും മുജാഹിദുകള്‍ക്കും ജിഹാദികള്‍ക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ട്.
അമേരിക്കയിലെ മഹതികളെ, മാന്യരെ, ഏറ്റവും കരുത്തും അത്യാധുനിക ഉപകരണങ്ങളുമായി സായുധവല്‍ക്കരിക്കപ്പെടുകയും ചെയ്ത സൈന്യത്തെ തച്ചുതകര്‍ക്കാന്‍ ഇറാഖില്‍ പുതിയ സൈന്യം ഉണ്ടാവുകയും യുദ്ധം നേര്‍ക്കുനേര്‍ നടത്താന്‍ തയാറായിക്കൊണ്ടിരിക്കുകയു ചെയ്യുന്നു. സംഘടിതമായ സംവിധാനങ്ങളില്ലാതെ ഞങ്ങളുടെ ധീരരായ ജനതയും മുജാഹിദുകളും പുതിയ തരം യുദ്ധം നടത്തുന്നതാണ് ഇനി നിങ്ങള്‍ കാണുക . കരയിലുളള അമേരിക്കക്കാര്‍ വിപ്ലവകാരികളുടെ തോക്കിനും ദൈവ വിശ്വസത്തില്‍ മുങ്ങിയ മനുഷ്യബോംബുകള്‍ക്കും ഇരകളാകും. അമേരിക്കയുടെ ആധിപത്യം തകര്‍ത്തെറിയപ്പെടും. വാസ്തവത്തില്‍ വരുംനാളില്‍ അവരുടെ സംവിധാനങ്ങള്‍ പിന്‍വലിക്കാനാവാതെ സ്വയം ഭാരമായി മാറും. യുക്തിപരമായി ചിന്തിക്കുന്നവരുടെ അഭ്യര്‍ത്ഥനകളെ വിശ്വസിക്കുമോ? അല്ലെങ്കില്‍ സത്താന്റെയും വഞ്ചകരുടെയും വെറുപ്പുനിറഞ്ഞ സിയോണിസത്തിന്റെ പിന്തുണക്കാരുടെയും വാക്കുകളില്‍ വിശ്വസിച്ച് ഇവിടെ തുടരുമോ? അവസാനം തിരമാലകള്‍ തങ്ങളെ വിഴുങ്ങുകയും ഉഗ്രകോപിതമായ കടലിന്റെ അഴങ്ങളില്‍ മുങ്ങിത്താഴുന്നതുവരെയും കാത്തിരിക്കുമോ?

എല്ലാത്തിനുമുപരി ആരാണ് അമേരിക്കന്‍ സര്‍ക്കാരിനെ ലോക പോലീസായും നിയമിച്ചത്. തങ്ങളാഗ്രഹിക്കുന്ന വിധത്തില്‍ ലോകത്തെ രൂപപ്പെടുത്താനും വിവിധ രാജ്യങ്ങള്‍ക്ക് ദേശീയ ഉത്തരവുകള്‍ നല്‍കാനും ആരാധികാരം നല്‍കി?
സ്ത്രീകളെ, മാന്യരെ, സദ്ദാം ഹുസൈന്‍ ആദരണീയനായ ദേശസ്‌നേഹിയും സത്യസന്ധനായ വ്യക്തിയുമാണ്. നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ബാധ്യസ്ഥനായ രാഷ്ട്രീയക്കാരനാണ്. എന്നാല്‍ ദയാമനസ്‌കനുമാണ്. അയാള്‍ തന്റെ രാജ്യത്തെയും ജനങ്ങളെയും സ്‌നേഹിക്കുന്നു. അയാള്‍ നേരെ ചൊവ്വേയുളളവനും രണ്ടുവളളത്തില്‍ കാലുകുത്താത്തവനാണ്. അല്ലെങ്കില്‍ വഞ്ചകനുമല്ല. അയാള്‍ തനിക്കെതിരാണെങ്കില്‍ പോലും സത്യം മാത്രം തുറന്നു പറയുന്നു. ബുഷിനെപ്പോലുളള സേച്ഛാധികള്‍ക്ക് ഈ സ്വഭാവ സവിശേഷതകളുണ്ടോ? സദ്ദാം ഡി ഗുല്ലിയെപ്പോലെയായിരിക്കുയോ റീഗനെപ്പോലെയിരിക്കുകയോ ചെയ്തിട്ടുണ്ടോ? ചിലപ്പോള്‍ അയാള്‍ക്ക്(സദ്ദാമിന്) അവരെ മനസിലായേക്കുമെങ്കിലും തീര്‍ത്തും അവജ്ഞയോടെയാണ് അവരെ കണ്ടിരുന്ന്. പക്ഷെ മഹതികളെ; മാന്യരെ, ഞാന്‍ നിങ്ങളോടു പറയട്ടെ നിങ്ങളുടെ രാജ്യം ഇനിയും കൂടുതല്‍ കാണേണ്ടിവരും. അതിന് അതിന്റെ പ്രശസ്തിയും അസ്തിത്വവും നഷ്ടമായിരിക്കുന്നു. അമേരിക്കക്കാര്‍ക്ക് മുമ്പ് ലോകത്തെവിടെയും ചെന്നാല്‍ ആദരവും സുരക്ഷയും ഉണ്ടായിരുന്നു. ഇന്ന് മൈന്‍ കണ്ടെത്തല്‍ ഉപകരണത്തിന്റെ സഹായമില്ലാതെ അമേരിക്കയ്ക്കു പുറത്ത് കാലെടുത്തുകുത്താന്‍ അവര്‍ക്ക് കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. അമേരിക്കന്‍ ജീവിതങ്ങള്‍ക്ക് ഭീഷണിയായ മേഖലകളെക്കുറിച്ച് തുടര്‍ച്ചയായി അമേരിക്കന്‍ പ്രതിരോധവകുപ്പിന് മുന്നറിയിപ്പുകള്‍ നല്‍കേണ്ടി വരുന്നു. അമേരിക്കന്‍ വിരുദ്ധ മനോഭാവം ലോകത്ത് ഉണ്ടാക്കിതീര്‍ന്നത് അമേരിക്കന്‍ അധികാരികളും അവരുടെ തന്നെ നയങ്ങളുമാണ്. അവരുടെ അക്രമണ സ്വഭാവവും വെറുപ്പിക്കുന്ന കടന്നാക്രമണ മനോഭാവവും അന്താരാഷ്ട്ര നിയമങ്ങളോടും സുരക്ഷയോടും-( ഫലസ്തീനിലെ സിയോണിസ്റ്റ് അസ്ഥിത്വത്തിന് നല്‍കുന്ന പിന്തുണയോടെ എന്റെ അറബ് രാജ്യത്തിന്റെ സുരക്ഷയുള്‍പ്പടെ)- ആദരവില്ലായ്മയുടെ അഭാവവുമാണ് അത്തരമൊരവസ്ഥ ഉണ്ടാക്കിയത്.
ഇന്ന് നിങ്ങള്‍ ലോകത്തെപ്പറ്റി മുന്‍വിചാരം നടത്തുകയാണ്. നിങ്ങളെ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും രക്ഷിക്കാനാവില്ല. നിങ്ങള്‍ മാറുകയാണെങ്കില്‍, ലോകത്തിനും സ്വയം പുതിയ സാഹചര്യങ്ങള്‍ തുറക്കുകയാവും ചെയ്യുക. നിങ്ങള്‍ മനസിരുത്തുന്നില്ലെങ്കില്‍, അതു നിങ്ങളുടെ തീരുമാനം മാത്രമാവും. സുരക്ഷയാണഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് സമാധാനത്തെ അടിസ്ഥാനമാക്കുന്ന സ്വതന്ത്രവും തുറന്നതുമായ മത്സരമാണ്.
18-ാം നൂറ്റാണ്ടിനെ പിന്തുടര്‍ന്ന സ്ഥിരതയുളള വര്‍ഷങ്ങള്‍ അധിനിവേശക്കാരായി മദ്ധ്യപൂര്‍വദേശത്ത് അതിക്രമിച്ചു കടന്നുവന്നതോടെ ദൂരെ മറഞ്ഞിരിക്കുന്നു. അത് നമ്മളുടെ ഓര്‍മയിലേക്ക് ഉയര്‍ത്തെഴുന്നേല്‍പ്പിനെയും ചെറുത്തുനില്‍പ്പിനെയും കൊണ്ടുവരുന്നു. മദ്ധ്യ പൂര്‍വദേശവും മുഴുവനും പ്രത്യേകിച്ചള അറബ് മാതൃഭൂമിയും പ്രവാചകന്‍മാരുടെയും ദൈവ ദൂതരുടെ പിളളത്തൊട്ടിലായിരുന്നു. പ്രവാചകന്‍മാരെ സംസ്‌കരിച്ച കബറിടങ്ങള്‍ സ്ഥിതി ചെയ്യുന്നിടം പകവിദ്വേഷമുളള കയേറ്റക്കാരായ സാത്താന്‍മാരുടെയും കണ്ണാടി ദൃശ്യങ്ങളുടെയും ഗേഹമായി മാറി?
ഞങ്ങള്‍ ചിന്തിക്കുകയും ഞങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്കുറപ്പുനല്‍കുകയു ചെയ്യുന്നത് സിയോണിസ്റ്റുകള്‍ സാത്താന്‍മാര്‍ക്ക് വഴികാട്ടികളാണെന്നാണ്. അവര്‍ അന്യായമായി കടന്നാക്രമണകാരികളായി വന്ന് ആഞ്ഞടിച്ചു. അവര്‍ മുന്നേറുന്നത് നിര്‍ത്തുകയോ വെറുതെ ഇരിക്കുകയോ ചെയ്തില്ല. അവരുടെ പൈശാചികനായ രക്ഷാധികാരിയാണ് അവരുടെ വൈഷമ്യങ്ങള്‍ തയാറാക്കിയത്. പക്ഷെ ഞങ്ങളെ സംബന്ധിച്ച കാരുണ്യവാനായ ദൈവമാണ് രക്ഷാധികാരി.
അമേരിക്കയിലെ ജനങ്ങളെ, നിങ്ങളുടെ സര്‍ക്കാര്‍ ഞങ്ങളുടെ ജനതയോടും ഞങ്ങളുടെ അറബ്‌ദേശീയതയോടും മാനുഷികതയോടും ഇറാഖിലെ ജനങ്ങളോടും- (ഇറാഖികള്‍ എന്നു ഞാന്‍ ഉദ്ദേശിക്കുമ്പോള്‍ ഞങ്ങളില്‍ നിന്ന് ഭിന്നിച്ച് സ്വന്തം ജനങ്ങളെക്കാള്‍ വിദേശിയര്‍ക്ക് പാദസേവ ചെയ്യുന്നവരെയല്ല)- കുറേയേറെ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഞങ്ങള്‍ ചിന്തിക്കുന്നത് ഞങ്ങളുടെ വിധിയെപ്പറ്റി മാത്രമല്ല. മറ്റുളളവരുടേതു കൂടിയാണ്. വേദനനിറഞ്ഞ പ്രശ്‌നത്തിന് എവിടെയും പരിഹാരം സാധ്യമാക്കാനാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ തടവറയിലായിരിക്കുമ്പോള്‍ ഞാന്‍ ചില അമരിക്കക്കാരോട്, പ്രതിരോധക്കാര്‍ക്ക് തടവിലായ അമേരിക്കന്‍ സൈനികരെ കൈമാറാന്‍ അധികാരവും ആധികാരികതയുമുളള മറ്റൊരു രാജ്യത്തെ നിര്‍ദേശിച്ചു കൂടെ എന്ന് ആരാഞ്ഞിരുന്നു.
ഇപ്പോള്‍ അമേരിക്കന്‍ സൈനികരെ പിടികൂടിയാലുടന്‍ വധിക്കുന്നുവെന്നാണ് ആക്ഷേപം. ഇറാഖിലെ നടപടികളിലൊന്നും അമേരിക്ക അന്താരാഷ്ട്ര നിയമങ്ങളോ തടവുകാരുടെയും കരുതല്‍ തടങ്കല്‍ കാരുടെയും കാര്യത്തില്‍ ജനീവ കണ്‍വന്‍ഷന്‍ ധാരണകളോ ഒന്നും പാലിച്ചിട്ടില്ല. ഇറാഖില്‍ ചെറുത്തുനില്‍പ്പുകാര്‍ക്ക് തടവുകാരെ സുരക്ഷിതമായി താമസിപ്പിക്കാനുളള ഇടമില്ല. തടവുകാരെ സുരക്ഷിതമായി വയ്ക്കാന്‍ ഇടമില്ലെന്നത് ചെറുത്തുനില്‍പ്പുകാരുടെയോ അല്ലെങ്കില്‍ ചെറുത്തുനില്‍പ്പുമായി ബന്ധമില്ലാത്ത പാര്‍ട്ടികളുടെ ബാധ്യതയാണോ?
മാനുഷികപരമായ ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കാനും തടവുകാരെ കൊല്ലുന്നതിന് ന്യായീകരണം കണ്ടെത്തുന്നത് അവസാനിപ്പിക്കാനുമായി ഞാനീ നിര്‍ദേശം നിങ്ങളുടെയും ദേശീയ ചെറുത്തുനില്‍പ്പുകാരുടെയും മറ്റ് താല്‍പര്യമുളളവരുടെയും മുമ്പില്‍ നല്ല ഉദ്ദേശത്തോടെ സമര്‍പ്പിക്കുന്നു. നിങ്ങള്‍ ജനീവാ സമ്മേളനത്തെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുകയാണെങ്കില്‍ തടവിലടക്കുന്നതിനേക്കാള്‍ കൂടുതലായി കൊല്ലുന്നതിനു വേണ്ടി വാദിക്കുന്നത് അവസാനിക്കും. എന്നാല്‍ നിങ്ങളുടെ സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ സര്‍ക്കാര്‍അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതിന്റെ ഫലമായുണ്ടായ എല്ലാ കുഴപ്പങ്ങള്‍ക്കും സംഭവങ്ങള്‍ക്കും നിങ്ങള്‍ മാത്രമാണ് ഉത്തരവാദി. , ധീരോദാത്തരായ പ്രതിരോധക്കാരല്ല. സംഭവിക്കുന്നതിനെല്ലാം നിങ്ങള്‍ മാത്രമായിരിക്കും ഉത്തരവാദികള്‍. പ്രത്യേകിച്ച് വരുംനാളില്‍ അമേരിക്കന്‍ തടവുകാരുടെ എണ്ണം കൂടുമെന്നത് സത്യമാണ്. അല്ലെങ്കില്‍ നിങ്ങളുടെ സര്‍ക്കാരിന് കൊണ്ടറിയുന്നതുവരെ ഒന്നും മനസിലാക്കാന്‍ കഴിവില്ലേ?
മഹതികളെ; മാന്യരെ, അന്താരാഷ്ട്ര നിയമങ്ങള്‍ക്കു മുമ്പില്‍ ഏതു രാജ്യത്തില്‍ പെടുന്നവരാണെന്നോ, ആ രാജ്യത്തിന്റെ വലിപ്പമെന്തെന്നോ പരിഗണിക്കാതെ എല്ലാ ജനങ്ങളെയും തുല്യരായി നിങ്ങളുടെ സര്‍ക്കാര്‍ കാണേണ്ട കാലമായിരിക്കുന്നു. തങ്ങളുടെ നയങ്ങളിലൂടെയും തങ്ങളുടെ സൈന്യത്തിന്റെ പെരുമാറ്റത്തിലൂടെയും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കു മാത്രമാണ് അതിന്റെ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം. അന്താരാഷ്ട്ര നിയമങ്ങളുടെ നിര്‍ദേശങ്ങള്‍ക്കു അനുരൂപമല്ല തങ്ങളുടെ നയങ്ങള്‍ എങ്കില്‍ മറ്റുളളവര്‍ ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ അവകാശം സംരക്ഷിക്കണമെന്നു വാദിക്കാന്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ല.
വിശിഷ്ട മഹതികളെ, മാന്യരേ, യുദ്ധം തടയാന്‍ ഒന്നും ചെയ്യാന്‍ അവസരം കിട്ടാതിരുന്നവര്‍ക്ക് ഇറാഖില്‍ സമാധാനവും സ്വാതന്ത്ര്യവും തിരികെക്കൊണ്ടുവരുന്നതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇപ്പോഴും അവസരമുണ്ട്. ആര്‍ക്കുവേണമെങ്കിലും വിദേശ ഇടപെടലുകളില്ലാതെ തങ്ങളുടെ ജനതയുടെ ഹിതത്തിനനുസരിച്ച് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കാം.
അമേരിക്കയിലെ ജനങ്ങളെ, ഞാന്‍ നിങ്ങളോടു സംസാരിക്കുന്നത് ദുര്‍ബലതകളില്‍ നിന്നോ അല്ലെങ്കില്‍ ദയായാചകനോ ആയല്ല. ഞാന്‍, എന്റെ ജനത, എന്റെ സഹോദരര്‍, സഖാക്കള്‍, എന്റെ രാഷ്ട്രം -ഞങ്ങള്‍ നിങ്ങളോട് സംസാരിക്കുന്നത് ധാര്‍മികവും മാനുഷികവുമായ ഉത്തരവാദിത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. ഞാന്‍ നിങ്ങളോട് പറയാം നിങ്ങളുടെ അധികാരികള്‍, അവരില്‍ ആദ്യത്തെയാള്‍ നിങ്ങളുടെ പ്രസിഡന്റ് ബുഷ് തന്നെ, നിങ്ങളോട് അസത്യം പറയുകയും നിങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്തിരിക്കുന്നു. മാധ്യമങ്ങളെ ഉപയോഗിച്ച് ഇറാഖിനെ അത്യന്തം വഷളായും സദ്ദാം ഹുസൈനെ വെറുക്കപ്പടുന്ന സര്‍വാധിപതിയായും, ജനങ്ങള്‍ അവനെ കൈകാര്യം ചെയ്യാന്‍ തിടുക്കപ്പെട്ടിരിക്കുന്ന വിധത്തില്‍ നിന്ദിതാനാണെന്നു ചിത്രീകരിക്കുകയും ചെയ്തുകൊണ്ടാണ് അത് ചെയ്തത്. നുണയുടെ അഴക്കുചാലില്‍ നുരച്ചുകൊണ്ട് ചില മാധ്യമങ്ങള്‍ ഇറാഖികള്‍ അധിനിവേശസേനയെ റോസാപൂക്കളും ആഘോഷങ്ങളുമായി സ്വീകരിക്കുമെന്നുവരെ പരസ്യമായി പ്രഖ്യാപിച്ചു.
ആഴത്തിലുളള വിശകലനം നടത്താത്ത ഒട്ടനവധി പേരെ എനിക്കറിയാം. കെട്ടിച്ചമച്ച വാര്‍ത്തകളില്‍ നിന്ന സത്യത്തെ വെളിച്ചത്തുകൊണ്ടുവരാന്‍ സമയമോ താലപര്യമമോ,കൃത്യമായ ധാരണകളില്‍ എത്താന്‍ ശ്രദ്ധയോ, ആഗ്രഹമോ, സമയമോ അവര്‍ക്കില്ല. അമേരിക്കന്‍ ജനതയ്ക്ക് അന്വേഷിക്കാന്‍ ഒരവസരവും ഉണ്ടായിരുന്നില്ല. ഉദാഹരണത്തിന് സദ്ദാം ഹുസൈനെ ഇറാഖ് ജനത വെറുക്കുന്നുവെങ്കില്‍ ഖുമൈനിയുടെ ഇറാനെ എട്ടുവര്‍ഷം നീണ്ട അക്രമണോത്സുകമായ യുദ്ധത്തിലൂടെ എങ്ങനെ തോല്‍പ്പിക്കാനായി. ഇറാഖില്‍ വിപ്ലവം കയറ്റുമതി ചെയ്യുന്നതിന് തുടക്കം എന്ന മുദ്രാവാക്യവുമായിട്ടാണ് അവര്‍ പോരാടിയത്. അമേരിക്കന്‍ ജനങ്ങളേ, ഖുമൈനിയുടെഇറാനുമേലുളള വിജയം യുദ്ധത്തിന്റെ ഹൃസ്വകാലംകൊണ്ട് കിട്ടയതല്ല. എട്ടുവര്‍ഷം നീണ്ട മുഷിഞ്ഞുളള നൂറുകണക്കിന് ജനങ്ങള്‍ രകതസാക്ഷിത്വം വരിച്ചും ആയിരക്കണക്കിന് ജനങ്ങള്‍ ഇറാന്‍ ഭാഗത്ത് മരിച്ചുകൊണ്ടുമാണ് സംഭവിച്ചത്.
അല്ലെങ്കില്‍ കരുതുക, സദ്ദാം ഹുസൈന്‍ സേച്ഛാധിപതിയിരുന്നുവെങ്കില്‍ എന്തിന് 1980 ല്‍ യുദ്ധകാലത്ത് ഇവിടെ തെരഞ്ഞെടുപ്പോടു കൂടി ഒരു പാര്‍ലമെന്റ് ആദ്യമായി സ്ഥാപിച്ചു. 1958 നു ശേഷം ഇവിടെ പാര്‍ലമെന്റ ഇല്ലാതിരുന്നു എന്നിരിക്കെ? അയാളും അയാളുടെ സര്‍ക്കാരും സേച്ഛാധിപതികളായിരുന്നുവെങ്കില്‍, എങ്ങനെ അയാള്‍ക്ക് സ്‌ക്കൂളുകളും സര്‍വകലാശാലകളും പട്ടണങ്ങളും ഗ്രാമങ്ങളും സന്ദര്‍ശിക്കാനും സൂര്യനസ്തമിച്ചതിനുശേഷം രാത്രി അവിടെ ചെലവഴിക്കാനും കഴിയുന്നു? അയാള്‍ക്കെങ്ങനെ ചുറ്റുവട്ടങ്ങളില്‍ സഞ്ചരിക്കാനും രാത്രിയിലും പകലും യുദ്ധമുന്നണിയിലെത്തി നയിക്കാനും കഴിയുന്നു? മുസ്ലീം സഹോദരര്‍ക്കൊപ്പം യുദ്ധത്തിന്റെ മുന്‍നിരയില്‍ കിടങ്ങുകളിലും കഴിയാനാകുന്നു?
അതെ, മാന്യ മഹതികളെ മാന്യരെ, നിങ്ങളുടെ സര്‍ക്കാര്‍ നിങ്ങളെ വഞ്ചിരിക്കുന്നു. നിങ്ങള്‍ക്കോ നിങ്ങളില്‍ ഭൂരിപക്ഷത്തിനോ സ്വയമോ മറിച്ചോ സത്യംകണ്ടെത്താനാന്‍ അവസരമില്ലാത്ത വിധത്തില്‍. കാരണം മറ്റ് ചില അധികാരകേന്ദ്രങ്ങള്‍ക്കൊപ്പം യുദ്ധത്തിനായി വാദിച്ച ഉപജാപക സംഘത്തിലെ സിയോണിസ്റ്റുകള്‍ നിങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും യഥാര്‍ത്ഥസത്യം നിങ്ങള്‍ക്കു മുമ്പില്‍ നിന്ന് മറക്കുകയും ചെയ്യുന്നു. കെട്ടിച്ചമച്ചതും വളച്ചൊടിച്ചതുമായ വിവരങ്ങള്‍മാത്രം കൈമാറുകയും ചെയ്യുന്നു. അതില്‍ അവസാനത്തേതായി, എന്നാല്‍ ഒട്ടും കുറവല്ലാതെ അവര്‍ സദ്ദാം ഹുസൈനെ സര്‍വ്വാധിപതിയായും ജനങ്ങള്‍ വെറുക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന ഒരാളായും ചൂണ്ടിക്കാട്ടുന്നു. പക്ഷെ എന്തുകൊണ്ട് ജനങ്ങള്‍ അവനില്‍ വിശ്വാസം പുലര്‍ത്തുകയും ഹിതപരിശോധനയിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു?
അമേരിക്കയിലെ ജനങ്ങളെ, നിങ്ങള്‍ക്കും ഞങ്ങളുടെ അറബ് ദേശത്തിനും ഞങ്ങളുടെ തന്നെ ധീരരായ ഇറാഖി ജനതയ്ക്കും -(അമേരിക്കയുടെ വിശ്വാസ്യതയയും പ്രശസ്തിയും തകര്‍ന്നതുമുള്‍പ്പടെ)- ബാധിച്ച ദുരിതത്തിനും കാരണം നിങ്ങളുടെ സര്‍ക്കാരിന്റെ വീണ്ടു വിചാരമില്ലാത്ത പ്രവര്‍ത്തനമാണ്. അമേരിക്കന്‍ ജനതയുടെ താല്‍പര്യത്തിനു ഒട്ടും ഗുണകരമല്ലാത്ത, പ്രത്യേക ഉദ്ദേശത്തോടെ കുറ്റകൃത്യങ്ങളും നിന്ദ്യമായ പ്രവര്‍ത്തികളും നിങ്ങളുടെ അധികാരികള്‍ ചെയ്തിനു പിന്നില്‍ സിയോണിസ്റ്റുകളുടെ സ്വാധീനമാണ്. കൂട്ടക്കൊലകളും രക്തവും ഇന്ന് ഇറാഖിന്റെ തെരുവിലും ഗ്രാമങ്ങളിലും മലവെളളംപോലെ ഒഴുകുകയാണ്. അതിന്റെ ഉത്തരവാദിത്തം മറ്റാരേക്കാളും മുമ്പ് അമേരിക്കയുടെ മേലാണ് പതിക്കുന്നത്. അത് നിങ്ങള്‍ക്കറിയാം അല്ലെങ്കില്‍ നിങ്ങള്‍ വൈകാതെ അറിയും.അമേരിക്കന്‍ സേന തങ്ങളുടെ വിമാനങ്ങളിലും ടാങ്കുകളിലും കൊണ്ടുവന്ന പിണിയാളുകളോ ഇറാനോ അല്ല അമേരിക്കയോട് മുന്നോട്ടുപോകാനും രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാനും ജനങ്ങളുടെയും രാജ്യത്തിന്റെയും അന്തസും സ്വത്തും നശിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്. അമേരിക്കയാണ് കടന്നാക്രമണവും അധിനിവേശവും നടത്തിക്കൊണ്ടിരിക്കുന്നത്. അതിപ്പോഴും ഉത്തരവിറക്കുന്നത് 'പച്ചമേഖലയില്‍' (ഗ്രീന്‍സോണ്‍) നിന്നാണ്. അതുകൊണ്ട് തന്നെ എല്ലാ കുറ്റങ്ങളുടെയും അതിക്രമങ്ങളുടെയും ഭാരം ചുമക്കേണ്ടത് അമേരിക്കയാണ്. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിന് വക്‌ത്രോക്തികളും വായാടിത്തവുമില്ലാതെ യഥാര്‍ത്ഥ സത്യത്തിന്റെ രീതികള്‍ ഉപയോഗിച്ച് നിങ്ങള്‍ അറുതി വരുത്താനാകുമോ? അല്ലെങ്കില്‍ പ്രശ്‌നം പരിഹാരത്തിന് ഒന്നും ചെയ്യാതെ മരണയന്ത്രത്തിനോട് ഇറാഖികളുടെയും അമേരിക്കകാരുടെയും കബന്ധങ്ങള്‍ തിന്നുന്നത് തുടരാന്‍ നിങ്ങള്‍ സമ്മതിക്കുമോ?

'' ഞങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു എന്നതു മാത്രമാണല്ലോ നീ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞു തരികയും, ഞങ്ങളെ നീ മുസ്ലീംങ്ങളായികൊണ്ട് മരിപ്പിക്കുകയും ചെയ്യണമേ''(വിശുദ്ധ ഖുറാന്‍ 7:126)

അമേരിക്കയിലെ ജനങ്ങളെ, ചില അധികാരകേന്ദ്രത്തിന്റെ പ്രേരണയാല്‍
നിങ്ങളുടെ സര്‍ക്കാര്‍ ലോകത്ത് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍-(അതിലൊന്നു മാത്രമാണ് ഇറാഖിലെയുദ്ധം)- അമേരിക്കന്‍ ജനതയുടെ താല്‍പര്യത്തിനുവേണ്ടിയല്ലെന്ന് നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ നന്നായി അറിയാം. ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്ന് മോചിതരാകാന്‍ നിങ്ങള്‍ എത്ര രക്തംകൊടുത്തുവെന്നും അതിനുശേഷം അമേരിക്കന്‍ ഐക്യനാടുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എത്ര രക്തനദികള്‍ ചൊരിഞ്ഞുവെന്നും നിങ്ങള്‍ക്ക് മറ്റുളളവരേക്കാള്‍ നന്നായി അറിയാം. അതുകൊണ്ട് തന്നെ മഹതികളെ മാന്യരേ, ഇറാഖ് അവമതിക്കപ്പെടുന്നതിനേത്രയോ മുമ്പ് സ്വയം അവമതിയിലാഴുന്ന ഇടപെടലിനെ നിങ്ങള്‍ക്കെങ്ങനെ സ്വീകരിക്കാനാവുന്നു. അധിനിവേശത്തെ മാത്രമല്ല ഇറാഖിന്റെ രാജ്യാന്തരകാര്യങ്ങളെയും അമേരിക്ക കലുഷിതമാക്കുന്നത് നിങ്ങള്‍ക്കെങ്ങനെ അംഗീകരിക്കാനാവുന്നു? ഇറാഖ് പ്രവാചകന്‍മാരുടെയും വിശുദ്ധ ദൂതന്‍മാരുടെയും ശരിയായ വ്യക്തിത്വങ്ങളുടെയും നാടാണെന്ന്. മുഴുവന്‍ ഇസ്ലാമിക ലോകത്തിന്റെ അറബ് ദേശീയതയുടെയും കാഴ്ചയില്‍ അറബ് മാതൃരാജ്യത്ത് മെക്കയും മദീനയും ജറുസലേമും കഴിഞ്ഞാല്‍ നാലാമത്തെ വിശുദ്ധ നഗരമാണ് ബാഗ്ദാദെന്നും നിങ്ങള്‍ക്കറിയാം. മറ്റൊരു പേരില്‍ മറ്റൊരു മുദ്രാവാക്യവുമായി ഈ കാലഘട്ടത്തില്‍ വന്നാല്‍ അധിനിവേശ ഭരണത്തോട് ഇറാഖ് അനുരജ്ഞനത്തിലാവുമെന്ന് എങ്ങനെ, ആര്‍ക്കു ചിന്തിക്കാനാവും. നിങ്ങളുടെ രാജ്യത്തെ രക്ഷിക്കുക, വിശിഷ്ട മഹതികളെ മാന്യരെ, ഇറാഖ് വിടുക.

സമാധാനം ഉണ്ടാവട്ടെ.
ദൈവം മഹാനാണ്. ദൈവം മഹാനാണ്.

ഒപ്പ്
സദ്ദാം ഹുസൈന്‍,
പരമാധികാര ഇറാഖിന്‍െ് പ്രസിഡന്റ്,
മുജാഹിദ് സായുധ സേനയുടെ കമാണ്ടര്‍ ഇന്‍ ചീഫ്
ജൂലൈ 7, 2006


കുറിപ്പ്:
1.അമേരിക്കന്‍ സൈന്യത്തിന്റെ തടവറയില്‍ നിന്ന് സദ്ദാം ഹുസൈന്‍ 2006 ജൂലൈ 7 ന് അറബിയില്‍എഴുതിയതാണ് ഈ കത്ത്. സദ്ദാമിന്റെ അഭിഭാഷകര്‍ കത്ത് പിന്നീട് പ്രസിദ്ധപ്പെടുത്തി. വരികളില്‍ നിരവധി വ്യത്യസ്തങ്ങളോടെ, എന്നാല്‍ സമാനതകളോടെ ഇംഗ്ലീഷില്‍ ഒന്നിലേറെ വിവര്‍ത്തനങ്ങള്‍ കാണുന്നുണ്ട്. അതിനാല്‍ അവയെ എല്ലാം അടിസ്ഥാനമാക്കിയുളള സ്വതന്ത്ര വിവര്‍ത്തനമാണിത്.
2.ഗ്രീന്‍സോണ്‍: അമേരിക്കന്‍ അധിനിവേശ ഭരണാധികാരികളുടെയും പാവസര്‍ക്കാരിന്റെയും ആസ്ഥാനം കഴിയുന്ന ഇറാഖിലെ അതീവസുരക്ഷാ മേഖല.
3. ചെറിയമുണ്ടം അബ്ദുള്‍ ഹമീദ്, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍ എന്നിവരുടെ മലയാള പരിഭാഷയില്‍ നിന്നാണ് സദ്ദാം ഹുസൈന്റെ കത്തില്‍ ചേര്‍ത്തിരിക്കുന്ന ഖുറാന്‍ വരികള്‍ എടുത്തിരിക്കുന്നത്.

വിവര്‍ത്തനം: ബിജുരാജ്
Madhyamam Variak 2007 Jan