Thursday, November 14, 2013

‘നീതിയെപ്പറ്റി ഞങ്ങള്‍ പാടിക്കൊണ്ടേയിരിക്കും’
ദീപക് ദെങ്ലെ /ആര്‍.കെ. ബിജുരാജ്

ആള്‍ക്കൂട്ടത്തിനു മുന്നില്‍ ദീപക് ദെങ്ലെ നിറഞ്ഞാടുന്ന ‘സ്പര്‍ട്ടക്കസ്’ ആണ്. തെരുവു കൈയടക്കുന്ന, അരങ്ങുതകര്‍ക്കുന്ന കലാകാരന്‍. എന്നാല്‍, അതിന് പുറത്ത് വളരെ സൗമ്യന്‍. മിതഭാഷി. അല്‍പനേര സംസാരത്തില്‍തന്നെ, ഭരണകൂടം മാവോയിസ്റ്റ് എന്ന് മുദ്രകുത്തി വേട്ടയാടുന്നത് ഈ മുപ്പത്തിയെട്ടുകാരനെ തന്നെയോ എന്ന് സംശയം നമ്മളിലുയരും.
കബീര്‍ കലാ മഞ്ചിന്‍െറ (കെ.കെ.എം) പ്രധാന പ്രവര്‍ത്തകരിലൊരാളാണ് ദീപക് ദെങ്ലെ. കവി, ഗായകന്‍, സംഗീതകാരന്‍ തുടങ്ങിയ നിലകളില്‍ സജീവം. പുണെ കോര്‍പറേഷനില്‍ മെക്കാനിക്കായിരുന്നു ദീപക്. ടെല്‍കോ കമ്പനി മുന്‍ ജീവനക്കാരനായിരുന്നു അച്ഛന്‍. കമ്പനി അടച്ചുപൂട്ടിയതോടെ തൊഴില്‍ ഇല്ലാതായ അച്ഛനൊപ്പം 1996ല്‍ ആണ് ദീപക് പുണെയിലേക്ക് വരുന്നത്.  അവിടെ ചേരിയില്‍ താമസം. കവിതയോടും സംഗീതത്തോടുമുള്ള താല്‍പര്യമാണ് 2004ല്‍ ദീപകിനെ കെ.കെ.എമ്മുമായി അടുപ്പിക്കുന്നത്. അതോടെ, അംബേദ്കറിസവും മാര്‍ക്സിസവും വിശ്വാസപ്രമാണങ്ങളായി. ഇരു സിദ്ധാന്തങ്ങളും ഒന്നിപ്പിക്കുന്ന സാമൂഹിക രാഷ്ട്രീയത്തിന്‍െറ തുടര്‍ച്ചയാണ് കലാ പ്രവര്‍ത്തനവും. കെ.കെ.എമ്മിനൊപ്പം ദീപക് ആദിവാസി ഊരുകളിലും ദലിത് മേഖലകളിലും തൊഴിലിടങ്ങളിലും പതിവായി പരിപാടി അവതരിപ്പിച്ചു. സമരമുഖങ്ങളില്‍ ധീരമായി നിലകൊണ്ടു.
2011ല്‍ അപ്രതീക്ഷിതമായാണ്  നാട്ടുകാരനെന്ന് പറഞ്ഞ് ഒരാള്‍ ജോലി ചെയ്യുന്നിടത്ത് ദീപകിനെ കാണാന്‍ വന്നത്. അയാള്‍ക്കൊപ്പം ചായ കുടിക്കാന്‍ ഇറങ്ങുമ്പോള്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് ശ്രദ്ധിച്ചിരുന്നില്ല.  ഏതാനും ചുവടുകള്‍ വെക്കുന്നതിനുമുമ്പേ ജീപ്പിലേക്ക് പൊലീസ്  എടുത്തെറിഞ്ഞു. അടുത്ത ദിവസം വരെ അറസ്റ്റ് രേഖപ്പെടുത്താതെ മര്‍ദനം.  മാവോവാദി ബന്ധമാരോപിച്ചാണ് അറസ്റ്റ് എന്ന് വൈകിയാണ് ദീപക് അറിയുന്നത്. കെ.കെ.എമ്മിനെ നിശ്ശബ്ദമാക്കാനുള്ള ശ്രമത്തിന്‍െറ കൂടി ഭാഗമായിരുന്നു അത്.
ഒളിവില്‍ കഴിയുന്ന, കെ.കെ.എമ്മിലെ സചിന്‍ മാലിയും ശീതല്‍ സാത്തെയും എവിടെയെന്ന് ചോദിച്ചായിരുന്നു മര്‍ദനം. അറിയില്ളെന്ന മറുപടിക്ക് നഗ്നനാക്കിയും കൈകാലുകള്‍ ബന്ധിച്ചും തലകീഴായി കെട്ടിത്തൂക്കിയും കൂടുതല്‍ ശക്തമായ പീഡനം. ഗുദഭാഗത്തുള്‍പ്പെടെ  സൂര്യപ്രകാശ് എണ്ണ എന്ന് വിളിക്കുന്ന ലേപനം പുരട്ടി. അതോടെ ശരീരമാസകലം പൊള്ളി. അബോധാവസ്ഥയിലായി.
ജഡ്ജിയോട് ഇതെല്ലാം തുറന്നു പറഞ്ഞു. എന്നാല്‍, ഒന്നും സംഭവിച്ചില്ല. മടങ്ങുമ്പോള്‍ പൊലീസ് ഭീഷണി. ഇനി കോടതിയില്‍ എന്തെങ്കിലും സംസാരിച്ചാല്‍ ഭാര്യയെ പിടികൂടി പീഡിപ്പിക്കും.
ചുമത്തിയത് രാജ്യദ്രോഹം. യു.എ.പി.എ എന്ന കരിനിയമത്തിന്‍െറ ഫലമായി ജാമ്യമില്ലാതെ രണ്ടുവര്‍ഷം ജയിലില്‍. ഒടുവില്‍ ഉപാധികളോടെ ജാമ്യം. മാര്‍ച്ച് എട്ടിന് പുറത്തിറങ്ങിയതോടെ കബീര്‍ കലാ മഞ്ച് പുന$സംഘടിപ്പിച്ചു.  രണ്ടുമാസത്തിനകം വീണ്ടും അറസ്റ്റിലായി. തുക്കറാം ജീവിച്ചിരുന്നുവെന്ന് കരുതുന്ന രണ്ട് മലകള്‍  നിര്‍മാണ മാഫിയ ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരമുന്നണിയില്‍ പാടിയതാണ് കുറ്റം.  രൂപാലി ജാദവ് തുടങ്ങിയ സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു അറസ്റ്റ്. ജാമ്യത്തിലിറങ്ങിയ ദീപക് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആദ്യമായാണ് കേരളത്തിലത്തെുന്നത്.
ഈ സന്ദര്‍ശനത്തില്‍ അവര്‍ എന്താവും  കണ്ടത്? മറുപടി ഇങ്ങനെ:   ‘ഇവിടെ  വരുമ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു. ശക്തമായ  കമ്യൂണിസ്റ്റ് മുന്നേറ്റമുള്ള നാടാണ് കേരളം . സ്ത്രീകള്‍ ശാക്തീകരണം നേടിയവരാണ് എന്നൊക്കെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ആളുകളെപ്പോലെ ഞങ്ങളും വിശ്വസിച്ചിരുന്നത്. പക്ഷേ, അതൊരു മിഥ്യാധാരണയാണ്. ഇവിടെ സ്ഥിതി ഭേദപ്പെട്ട നിലയിലല്ല. കമ്യൂണിസ്റ്റുകള്‍ കാര്യമായി ഒന്നുംചെയ്തിട്ടില്ല. അല്ളെങ്കില്‍ ജാതി എങ്ങനെ ഇത്ര ശക്തമായി തുടരും? ജനങ്ങള്‍ ദുരിതത്തിലാണ്. ദാരിദ്ര്യമുണ്ട്. കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നു. സ്ത്രീകള്‍ മര്‍ദിക്കപ്പെടുന്നു. കുടിയൊഴിപ്പിക്കല്‍ അരങ്ങേറുന്നു. അങ്ങനെ പലതരത്തില്‍ നോക്കിയാല്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കാര്യമായ വ്യത്യാസമില്ല. തിരിച്ചു പോകുമ്പോള്‍ കേരളം നല്ല സംസ്ഥാനമാണെന്ന് വിശ്വസിക്കുന്നവരോട് എന്തുപറയണമെന്ന് ഞങ്ങള്‍ക്കറിയില്ല.’

മാവോവാദി  എന്ന് മുദ്രകുത്തപ്പെട്ട ദീപക് സ്വയം എങ്ങനെയാണ് വിശേഷിപ്പിക്കുന്നത്?

l‘ഞാന്‍ സാംസ്കാരിക പ്രവര്‍ത്തകനാണ്. കലാകാരനാണ്. ഞങ്ങളാരും മാവോവാദികളല്ല. ഞങ്ങള്‍ ഒരിക്കലും തോക്ക് എടുത്തിട്ടില്ല.  ഒടുവില്‍ കോടതിയും പറഞ്ഞു ഞങ്ങള്‍ മാവോവാദികളല്ളെന്ന്. കേവലം മാവോവാദികളോട്  അനുഭാവം പുലര്‍ത്തുന്നതുകൊണ്ടോ  മാവോവാദി സാഹിത്യം കൈയില്‍ വെച്ചതുകൊണ്ടോ മാവോവാദികളാവില്ല. ഞങ്ങള്‍ക്ക് അഴിമതിനിറഞ്ഞ വ്യവസ്ഥയെ എതിര്‍ക്കാനും അനീതി ചോദ്യംചെയ്യാനും കലയുടെ മാര്‍ഗമല്ലാതെ മറ്റൊന്നില്ല.’

എന്തൊക്കെ വിഷയമാണ് കെ.കെ.എം മുഖ്യമായി ഉയര്‍ത്തുന്നത്?

lഇന്ത്യയിലെ വൈരുധ്യങ്ങളെപ്പറ്റി തന്നെ. ഇന്ത്യ മഹാനുഭൂമിയെന്ന് പറയും. അപ്പോള്‍ എന്തുകൊണ്ടാണ് ദലിതര്‍ക്ക് വഴിനടക്കാനും വെള്ളം കുടിക്കാനും കഴിയാത്തവിധം ജാതിവ്യവസ്ഥ ഇവിടെ ശക്തമായി നിലകൊള്ളുന്നത്. കര്‍ഷകരാജ്യമാണ് ഇത്. അപ്പോള്‍ എങ്ങനെ കര്‍ഷക ആത്മഹത്യയും ദാരിദ്ര്യവും ഉണ്ടാകും? പട്ടിണി മരണം എന്തുകൊണ്ട് സംഭവിക്കുന്നു? എന്തുകൊണ്ട് ജെയ്താപൂരില്‍ ആണവനിലയം? സല്‍മാന്‍ ഖാന്‍െറ സിക്സ് പാക് ശരീരവും രജനീകാന്തിന്‍െറ സ്റ്റൈലും ഐശ്വര്യറായിയുടെ സൗന്ദര്യവുമല്ല ഇന്ത്യയുടെ യാഥാര്‍ഥ്യം എന്ന് ഞങ്ങള്‍ക്ക് പറയണം. സമൂഹത്തിലെ  വൈരുധ്യങ്ങള്‍ എടുത്തുകാട്ടാനാണ് ശ്രമം. അതേസമയംതന്നെ, ജാതീയ അക്രമങ്ങള്‍, സ്ത്രീമര്‍ദനം തുടങ്ങിയവക്ക്  ഊന്നല്‍നല്‍കുന്നു. സമൂഹത്തില്‍ സമത്വവും തുല്യതയും സ്ഥാപിക്കപ്പെടണം. അഴിമതി ഇല്ലാതാവണം. ജാതീയത ഇല്ലാതാവണം. പരിസ്ഥിതി സംരക്ഷിക്കപ്പെടണം. വര്‍ഗീയത ഉണ്ടാവരുത്. ഈ നിലപാടില്‍ ഊന്നിയാണ് പ്രവര്‍ത്തനം.

ഈ കലാപ്രവര്‍ത്തനത്തിന്‍െറ ഊര്‍ജം എന്താവും?

lഞാന്‍ ചേരിയിലാണ് താമസിക്കുന്നത്. ഞാന്‍ മാത്രമല്ല, കെ.കെ.എമ്മിലെ പലരും. പുണെയില്‍ തന്നെയാണത്. എന്‍െറ ഗ്രാമത്തില്‍ വെള്ളമോ വെളിച്ചമോ ഇല്ല.  നാലുമാസ വര്‍ഷകാലത്ത് ദിവസത്തില്‍ രണ്ടുമണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭിച്ചത്. നല്ല സ്കൂളുകളില്ല. നല്ല ആശുപത്രികളില്ല. മരുന്ന് ലഭ്യമല്ല. അസമത്വവും ജാതീയതയും ചൂഷണവും അനീതിയും നിറഞ്ഞ ലോകത്തില്‍ പ്രവര്‍ത്തിക്കാതിരിക്കാനാവില്ല. ഞങ്ങളുടെ കലാപ്രകടനം ശക്തമാണ് എന്ന് പലരും പറയും. അങ്ങനെ ശക്തമാണെങ്കില്‍ അത് ഞങ്ങളുടെ തന്നെ കയ്പ് നിറഞ്ഞ അനുഭവങ്ങളില്‍നിന്ന് കല ഉടലെടുത്തതുകൊണ്ടാണ്.
കെ.കെ.എമ്മിന്‍െറ രാഷ്ട്രീയ കാഴ്ചപ്പാട് എന്താണെന്ന് ആരാഞ്ഞാല്‍ ദീപകിന്‍െറ ഉത്തരം സുവ്യക്തം: ‘ഞങ്ങള്‍ അംബേദ്കറിസത്തിലും മാര്‍ക്സിസത്തിലും വിശ്വസിക്കുന്നു. അവ പരസ്പരം ഒന്നിപ്പിക്കണം. സമൂഹത്തില്‍ വര്‍ഗം മാത്രമല്ല, ജാതിയും യാഥാര്‍ഥ്യമാണ്. വര്‍ഗസമരം നടത്തണമെന്ന് ചില കമ്യൂണിസ്റ്റുകള്‍ പറയും. ചിലര്‍ പറയും ജാതിസമരം നടത്തണമെന്ന്. അവര്‍ വര്‍ഗത്തെ വിട്ടുകളയും. ഞങ്ങള്‍ പറയുന്നത് വര്‍ഗ സമരത്തിനൊപ്പം ജാതിസമരവും നടത്തണമെന്നാണ്. അതായത്, വര്‍ഗത്തെയും ജാതിയെയും മാറ്റാന്‍ മാര്‍ക്സിസവും അംബേദ്കറിസവും ഉപയോഗിക്കണം. ലളിതമായി പറഞ്ഞാല്‍, അംബേദ്കര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്വീകരിക്കുമായിരുന്നു. ജാതിയെ ഇല്ലാതാക്കാതെ നല്ല സമൂഹം സാധ്യമേയല്ല.   ഞങ്ങള്‍ ജനാധിപത്യവാദികളാണ്. പക്ഷേ, വേണ്ടത് ശരിയായ ജനാധിപത്യമാണ്. അംബേദ്കര്‍ എഴുതിയ ഭരണഘടന അതിന്‍െറ യഥാര്‍ഥ വീര്യത്തോടെ നടപ്പാക്കണം.’ കേസും ജയില്‍വാസവും തന്നെ ഒട്ടും ഉലച്ചിട്ടില്ളെന്നും ദീപക് പറയുന്നു. ‘കബീര്‍ കലാമഞ്ചിനെ ഭരണകൂടം പലരീതിയില്‍ തകര്‍ക്കാന്‍ നോക്കുന്നുണ്ട്. ഇനിയും ശ്രമിക്കും. ഞങ്ങള്‍ക്ക് ഭയമില്ല. ഇതിനൊന്നും ഞങ്ങളെ  ഒട്ടും വ്യതിചലിപ്പിക്കാനോ തളര്‍ത്താനോ കഴിയില്ല. കേസിനെ നിയമപരമായി നേരിടും. അതേസമയം, കലാപരിപാടിയുമായി മുന്നോട്ടുപോകും. അതുകൊണ്ടാണ് ഇപ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്.  നീതിയെപ്പറ്റി ഞങ്ങള്‍ പാടിക്കൊണ്ടേയിരിക്കും.’നീലയും ചുവപ്പും കലര്‍ന്ന കൊടികള്‍അനീതി ഇരുള്‍മൂടിയ ഇടങ്ങളില്‍ നീതിയെപ്പറ്റിയുള്ള ചെറു മര്‍മരം പോലും കലാപമാണ്. അപ്പോള്‍  ആള്‍ക്കൂട്ടത്തോട് ഉച്ചത്തില്‍ നേരും നീതിയും പാടിയാലോ? ഈ ഒരു കാരണത്താലാണ് ഭരണകൂടം കബീര്‍ കലാ മഞ്ചിനെ നിരന്തരം വേട്ടയാടുന്നത്. പുണെയിലെ ദലിത്-ഇടതുപക്ഷ സാംസ്കാരിക സംഘമാണ് കബീര്‍ കലാ മഞ്ച് (കെ.കെ.എം).  രാജ്യത്ത് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുകയും കടുത്ത അടിച്ചമര്‍ത്തലിന് വിധേയമാവുകയും ചെയ്ത ജനകീയ കലാ സംഘം.
2002ലെ ഗുജറാത്ത് കൂട്ടക്കൊലക്കുശേഷം, വര്‍ഗീയതക്കെതിരെയുള്ള ചെറുത്തുനില്‍പിന്‍െറ ഭാഗമായാണ് കെ.കെ.എം രൂപവത്കരിക്കപ്പെടുന്നത്.  ആദ്യനാളുകളില്‍  മുംബൈയിലും പരിസരത്തുമായി പരിപാടികള്‍ അവതരിപ്പിച്ചു. രണ്ടുവര്‍ഷത്തിനകം കോളജ് വിദ്യാര്‍ഥിനി ശീതല്‍ സാത്തേ, സാഗര്‍ ഗോര്‍ഖെ,  ദീപക് ദെങ്ലെ തുടങ്ങിയ പുതിയ ചെറുപ്പക്കാര്‍ കടന്നുവന്നു.  സംഗീതത്തോടുള്ള താല്‍പര്യമാണ് ശീതല്‍ ഉള്‍പ്പെടെയുള്ളവരെ സംഘടനയിലേക്ക് അടുപ്പിച്ചത്. മിക്കവരും ദരിദ്ര പശ്ചാത്തലമുള്ളവര്‍; ചേരിനിവാസികള്‍. എല്ലാവരും തന്നെ ദലിതുകള്‍.  ഇവര്‍ക്കിടയിലേക്ക് മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനും പുണെ സര്‍വകലാശാലയിലെ സ്വര്‍ണമെഡല്‍ ജേതാവും ബസ് കണ്ടക്ടറുമായ സച്ചിന്‍ മാലിയും എത്തി. പാട്ടും നാടകവുമായി കെ.കെ.എം  ചേരികളിലും ആദിവാസി ഊരുകളിലും ദലിത് മേഖലകളിലും തൊഴിലിടങ്ങളിലും നിലകൊണ്ടു. ഇതിനിടയില്‍  കൂട്ടായ പഠനത്തിലൂടെ സംഘം തങ്ങളുടെ രാഷ്ട്രീയ ദര്‍ശനം രൂപവത്കരിച്ചു. അംബേദ്കറിസവും മാര്‍ക്സിസവും ഒന്നിപ്പിക്കുന്നതാണ് ശരിയെന്നും വര്‍ഗസമരവും ജാതിസമരവും അനിവാര്യമാണെന്നും തിരിച്ചറിഞ്ഞു. അവര്‍ വേദികളില്‍ ‘ജയ് ഭീം ലാല്‍ സലാം’എന്ന് കാണികളെ അഭിവാദ്യം ചെയ്തു. നീലയും ചുവപ്പും കലര്‍ന്ന കൊടികള്‍ വീശി.
ഖേര്‍ലാഞ്ചിയില്‍ ദലിതുകള്‍ കൂട്ടക്കൊലക്കിരയായതോടെ ജാതിപ്രശ്നങ്ങളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചു. ദാരിദ്ര്യം, സാമൂഹിക അസമത്വം,  ചൂഷണം, കുടിയൊഴിപ്പിക്കല്‍,  സ്ത്രീമര്‍ദനം, കര്‍ഷക ആത്മഹത്യ, പെണ്‍ഭ്രൂണഹത്യ, അഴിമതി തുടങ്ങിയവ കെ.കെ.എമ്മിന്‍െറ പാട്ടിനും നാടകത്തിനും പ്രമേയങ്ങളായി. കെ.കെ.എം ഐക്കണായി  മാറിയ ശീതല്‍  ‘മഹാരാഷ്ട്രയിലെ ഗദ്ദര്‍’ എന്നും വിശേഷിപ്പിക്കപ്പെട്ടു.
  2011ല്‍ കെ.കെ.എമ്മുമായി അടുത്ത ബന്ധമുണ്ടായിരുന്ന മാവോയിസ്റ്റ് പ്രവര്‍ത്തക പിടിയിലായത് നല്ല അവസരമായി ഭരണകൂടം കണ്ടു. തുടര്‍ന്ന് ദീപക് ദെങ്ലെയെയും  സിദ്ധാര്‍ഥ് ഭോസ്ലെയെയും രാജ്യദ്രോഹകുറ്റം ആരോപിച്ച് ജയിലിലടച്ചു. ഇതോടെ ശീതല്‍ സാത്തേയും സച്ചിന്‍ മാലിയുമുള്‍പ്പെടെയുള്ള സംഘം ഒളിവില്‍ പോയി. ഒളിവിലും നിശബ്ദരായിരുന്നില്ല ഇവര്‍. രണ്ടുവര്‍ഷത്തിന് ശേഷം 2013 മാര്‍ച്ചില്‍, ബോംബെ ഹൈകോടതി ദീപക് ദാങ്ലെക്ക് ജാമ്യം അനുവദിച്ചു. കബീര്‍ കലാ മഞ്ച് പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളല്ല എന്ന അഭിപ്രായ പ്രകടനവും കോടതി നടത്തി. ഇതിന്‍െറ പശ്ചാത്തലത്തില്‍ 28 വയസ്സുകാരിയായ ശീതല്‍ സാത്തേയും ഭര്‍ത്താവ് സച്ചിന്‍ മാലിയും മറ്റു രണ്ടുപേരും ബോംബെ വിധാന്‍ സഭക്ക് മുന്നില്‍ സത്യഗ്രഹവുമായി രംഗത്തത്തെി. ഏഴു മാസം ഗര്‍ഭിണിയായിരുന്ന ശീതലിന് ആദ്യം ജാമ്യം നിഷേധിക്കപ്പെട്ടെങ്കിലും അടുത്തിടെ പുറത്തിറങ്ങി. സച്ചിന്‍ മാലിയും മറ്റു രണ്ടുപേരും വിചാരണ കാത്ത് ഇപ്പോഴും ജയിലിലാണ്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പൊതു പരിപാടിയിലൂടെയാണ് കെ.കെ.എം വീണ്ടും വേദിയിലത്തെിയത്.  കഴിഞ്ഞയാഴ്ച കെ.കെ.എം പ്രവര്‍ത്തകര്‍ കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. ദീപക് ദെങ്ലെ, രൂപാലി ജാദവ്, രാംദാസ് ഉന്‍ഹാലെ, ദാദാ വാഘ്മാരെ, വിശാല്‍ ഭാലേ റാവു, ദത്താത്രേയ എന്നീ കലാകാരന്മാരാണ് കേരളത്തിലത്തെിയത്. 
കെ.കെ.എമ്മിനെതിരെയുള്ള ഭരണകൂട വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സാംസ്കാരിക നായകരുള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ട്. കേസ് നടത്തിപ്പിനായി ഡിഫന്‍സ് കമ്മിറ്റിയും രൂപവത്കരിച്ചു. ലക്ഷ്യം വ്യക്തം. കെ.കെ.എമ്മിനെ ഭരണകൂടത്തിന് വിട്ടുകൊടുക്കരുത്. ജനങ്ങള്‍ക്കൊപ്പം കെ.കെ.എം എന്നും നിലകൊള്ളണം. മറിച്ച് സംഭവിച്ചാല്‍ നമ്മുടെ കാലത്തോട് ചില നേരുകള്‍ വിളിച്ചുപറയാന്‍ ധൈര്യപ്പെടുന്ന അവസാന കണ്ണികളില്‍ ഒന്നാവും അറ്റുപോവുക. അതുപാടില്ല. ഈ പാട്ടുകള്‍ നിലച്ചുകൂടാ.വാരാദ്യമാധ്യമം
2013 നവംബര്‍ 10

Sunday, November 3, 2013

അര്‍ഥഭരിത വാക്ക്

വായന\പുസ്തക റിവ്യൂ


അര്‍ഥഭരിത വാക്ക്

ആര്‍.കെ. ബിജുരാജ്

‘നഖങ്ങളില്ലാത്ത വിരലുകള്‍ കണ്ടിട്ടുണ്ടോ?’ -മേശപ്പുറത്ത് പത്ത് കൈവിരലുകള്‍ പരത്തിവെച്ചിട്ട് ആ ചെറുപ്പക്കാരന്‍ ചോദിച്ചു. പിന്നെ അയാള്‍ പറഞ്ഞു: ‘വേദനയുടെ എന്‍െറ ത്രെഷോള്‍ഡ് വളരെ കൂടുതലാണ്, സാധാരണ മനുഷ്യര്‍ക്ക് സഹിക്കാവുന്നതിനുമപ്പുറം’.
എസ്. ജയചന്ദ്രന്‍ നായര്‍ എഴുതിയ ‘ആ വാക്കിന്‍െറ അര്‍ഥം’ എന്ന നോവലില്‍ സതീശന്‍ എന്ന കഥാപാത്രം സമീപ ഭൂതകാലത്തില്‍നിന്നാണ് തന്‍െറ കൈവിരലുകള്‍ നമുക്കു മുന്നിലേക്ക് നീട്ടിവെക്കുന്നത്. ആരോ ഇരുമ്പുചവണയുമായി വരുന്നെന്ന (അല്ളെങ്കില്‍ എപ്പോള്‍ വേണമെങ്കിലും വന്നേക്കാമെന്ന) തോന്നല്‍, സതീശനെപ്പോലെ വായനക്കൊടുവില്‍ നമ്മളിലും നിറയുന്നു. ജീവിതത്തില്‍നിന്ന് സ്വയം വിടവാങ്ങിയ ആ പാവം ഒന്നുകൂടി പറഞ്ഞുവെക്കുന്നുണ്ട്: ‘സ്റ്റേറ്റ് അതിന്‍െറ സ്റ്റീം റോളറുമായി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അതില്‍പെട്ട് പാവം എന്‍െറ വിരലുകള്‍ക്ക് നഖങ്ങള്‍ നഷ്ടപ്പെട്ടു’. ഒരു വാക്കുകൊണ്ടും ആശ്വസിപ്പിക്കാനാവുമായിരുന്നില്ല സതീശനുള്‍പ്പെടെയുള്ളവരുടെ വേദനകള്‍. അല്ളെങ്കില്‍തന്നെ വാക്കുകള്‍ പലപ്പോഴും തോറ്റ പടയാളികളാണ്.
സതീശനെപ്പോലെ നിരവധി പേരുടെ വേദനകള്‍ കാണാനും അതില്‍ പങ്കാളിയാകാനും സാധിച്ച ഒരു പത്രപ്രവര്‍ത്തകന്‍, അധികാരത്തിന്‍െറ സ്റ്റീം റോളര്‍ ചലിപ്പിച്ച ഒരാളെ (അയാള്‍ക്ക് മലയാളിയുടെ അടിയന്തരാവസ്ഥയിലെ പ്രതിനായകന്‍െറ മുഖച്ഛായയുണ്ട്) കാണാന്‍ ശ്രമിക്കുന്നു. രണ്ടുവര്‍ഷത്തെ പരിശ്രമത്തിനുശേഷവും കനത്ത നിഷേധങ്ങള്‍ക്കുമൊടുവില്‍ അയാളെ കാണാന്‍ പത്രപ്രവര്‍ത്തകന് അനുവാദം കിട്ടുന്നു. ആ നിമിഷത്തിനും അഭിമുഖത്തിനുമായി വീട്ടിലത്തെുന്നതിനിടയില്‍ പത്രപ്രവര്‍ത്തകന്‍െറ മനസ്സ് സഞ്ചരിക്കുന്ന യാത്രയും ദൂരവുമാണ് നോവല്‍.
ഒരു പക്ഷേ, സത്യസന്ധമായ തുറന്നുപറച്ചിലിന് ‘സ്റ്റീം റോളര്‍’ തയാറായിരുന്നെങ്കില്‍ എത്രയോ കഥകള്‍ പൊളിയുമായിരുന്നു. ചാരത്തില്‍ മറഞ്ഞുപോയ സത്യത്തിന്‍െറ വജ്രബിന്ദുക്കള്‍ പുറത്തുവന്നേനെ. മനസ്സിന്‍െറ വിങ്ങല്‍ ഒഴിഞ്ഞെങ്കിലും പോയേനെ. അതിനെക്കാള്‍ റിഡംപ്ഷന്‍ (Redemption-പാപവിമുക്തമാക്കല്‍, വീണ്ടെടുക്കല്‍ എന്നിങ്ങനെയാണ് ഈ വാക്കിന്‍െറ കൃത്യമല്ലാത്ത അര്‍ഥങ്ങള്‍ ) നേടാനാവുമായിരുന്നു. അയാള്‍ക്ക് പാപവിമുക്തി സാധ്യമായിരുന്നോ? അറിയില്ല. എന്തായാലും അത് സ്വയം അയാള്‍ ഇല്ലാതാക്കി.
പത്രപ്രവര്‍ത്തകന്‍െറ (കഥ പറയുന്ന ഫസ്റ്റ് പേഴ്സണിന്‍െറ) ഓര്‍മയില്‍ നിരവധി പേര്‍ കടന്നുവരുന്നു. ട്യൂട്ടോറിയല്‍ കോളജ് അധ്യാപകനായ മുന്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറും ‘ഫ്രോണ്ടിയര്‍’ മാസികയുടെ വായനക്കാരനുമായ സദാനന്ദ് ഷേണായി, സെക്കന്‍ഡ് ഹാന്‍ഡ് ബുക്സ്റ്റാള്‍ നടത്തിപ്പുകാരനായ സ്വാമി, സതീശന്‍,  പണിക്കര്‍, പത്രാധിപരായ എസ്.കെ, സഹപ്രവര്‍ത്തകരായ ശ്രീധരന്‍ നായര്‍, ഉണ്ണി,  ബാലകൃഷ്ണന്‍ എന്നിങ്ങനെ നിരവധി പേര്‍. ഇതില്‍ ചിലരെങ്കിലും തുറന്നുപറച്ചിലിലൂടെ റിഡംപ്ഷന്‍ സാധ്യമാക്കുന്നുണ്ട്.
വായനക്കിടയില്‍ ഓര്‍മയില്‍ നിലനില്‍ക്കുന്ന റിഡംപ്ഷന്‍ എന്ന വാക്കില്‍നിന്നാണ് നോവലിന്‍െറ തുടക്കമെന്ന് നോവലിസ്റ്റ്. ടി. രാമലിംഗംപിള്ളയുടെ നിഘണ്ടു മതിയാവില്ല ആ വാക്കിന്‍െറ കൃത്യമായ അര്‍ഥത്തിന്. ഒടുവില്‍ നമ്മളും അറിയുന്നു ഈ വാക്കിന് ഒരര്‍ഥമല്ല, അനേകം അര്‍ഥങ്ങളാണുള്ളതെന്ന്. ഈ അര്‍ഥങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന വാക്ക് മലയാളത്തില്‍ കണ്ടെടുക്കാനാവാത്തതാണ് നമ്മളുടെ നിസ്സഹായത.
മനസ്സില്‍ തങ്ങിനില്‍ക്കുന്ന കുറെ കഥാപാത്രങ്ങളുണ്ട് നോവലില്‍. തുറന്നുപറച്ചില്‍ നടത്തുന്നവരും അല്ലാത്തവരുമായവര്‍. പലതും ഉജ്ജ്വലമാണ്. പത്രം കൈവിട്ടുപോവുകയും ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി നീങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുമ്പോള്‍ പ്രസിദ്ധീകരണം നിര്‍ത്താന്‍ ധീരമായി തീരുമാനിക്കുന്ന എസ്.കെയാണ് അതില്‍ പ്രധാനം. പ്രണയത്തിന്‍െറ തടവുകാരനായി, വ്യവസ്ഥിതിക്കു പുറത്ത് ചലിച്ച് ഒടുവില്‍ ചരമപ്പേജില്‍ പടം പോലുമില്ലാത്ത വാര്‍ത്തയായി ഒതുങ്ങുന്ന ശ്രീധരന്‍ നായരാണ് മറ്റൊരു കഥാപാത്രം. ക്രിമിനല്‍ അഭിഭാഷകനായിരിക്കേ സത്യം പറയണമെന്ന തോന്നലില്‍ പത്രപ്രവര്‍ത്തകനായ ഉണ്ണി ആ ജോലിയും വിട്ട് ബിസിനസിലേക്ക് തിരിയുന്നു. മിസോറമില്‍ കുറ്റംചെയ്യാതെ പിടിയിലാകുന്ന അയാള്‍ പറയുന്നു: ‘പണം കൊടുത്തും സ്വാതന്ത്ര്യം നേടാം’. പണിക്കര്‍ എന്ന കഥാപാത്രം തന്‍െറ നഷ്ടപ്രണയത്തിന്‍െറ കാരണം വെളിപ്പെടുത്തി പറയുന്നു: ‘അവള്‍ ശരിയായ വഴി തെരഞ്ഞെടുത്തു. പക്ഷേ, ഞാന്‍ അവളില്‍നിന്ന് മോഷ്ടിച്ചെടുത്ത പ്രണയം മാത്രം അവള്‍ക്ക് തിരിച്ചുകിട്ടിയില്ല’. പത്രമോഫിസിലെ സഹപ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ പൊലീസ് ഒറ്റുകാരനാണ്.  സ്വാമിയാകട്ടെ, തന്‍െറ സെക്കന്‍ഡ്ഹാന്‍ഡ് പുസ്തകക്കടയില്‍ സ്ഥിരമായി വന്ന് ‘ഫ്രോണ്ടിയര്‍’ വാങ്ങിയവരുടെ പേരുകള്‍ പണത്തിനു പകരമായി ബാലകൃഷ്ണന് കൈമാറുന്നു. ഈ പേരുകളിലൂടെയാണ് അധികാരം നിരവധി യുവാക്കളുമേല്‍ സ്റ്റീം റോളര്‍ കയറ്റി ഉരുട്ടുന്നത്.
അധികാരം, തൊഴില്‍, വിപ്ളവം/രാഷ്ട്രീയം, പ്രണയം, കുടുംബം, സൗഹൃദം, സ്വപ്നങ്ങള്‍, ആദര്‍ശം എന്നിവ പലതവണ നോവലിന്‍െറ പ്രമേയമാകുന്നു. ഇവയുടെ ഉയര്‍ച്ചതാഴ്ചകള്‍ക്കിടെ വാക്കുകള്‍ ചോരവാര്‍ന്ന് മുറിഞ്ഞുവീഴുന്നു. അടിയന്തരാവസ്ഥ, നക്സലൈറ്റ് തുടങ്ങിയ വാക്കുകള്‍ പുസ്തകത്തിലില്ല. വേണമെങ്കില്‍ ഓരോ ഖണ്ഡികയിലും നോവലിസ്റ്റിന് അത് സാധ്യമാകുമായിരുന്നു. അതില്ലാത്തതാണ്  നോവലിന്‍െറ സവിശേഷത. എന്തിന്, അഭിമുഖത്തിന് വിധേയനാകാന്‍ പോകുന്നയാള്‍ പഴയ പൊലീസ് മേധാവിയാണെന്നതിനു പോലും നോവലില്‍ സൂചനകളേയുള്ളൂ. കലുഷിതമായ പശ്ചിമബംഗാളില്‍നിന്ന് സമര്‍സെന്‍ എന്ന വലിയ പത്രപ്രവര്‍ത്തകന്‍െറ പത്രാധിപത്വത്തിനു കീഴില്‍ പുറത്തിറങ്ങിയ ‘ഫ്രോണ്ടിയര്‍’ മാസിക നോവലില്‍ കഥാപാത്രമാണ്. ‘ഫ്രോണ്ടിയര്‍’ എന്ന സൂചന/സൂചകം നമ്മളോട് പലതും പറയാതെ പറയുന്നു. ഒറ്റപ്പെട്ട പുരയിടത്തിലെ മഞ്ഞച്ചായം പൂശിയ മാളികയും മറ്റൊരു സൂചനയാണ്. അവിടേക്ക് വന്നുപോയ പൊലീസ് വാഹനങ്ങള്‍, അതിലുണ്ടാവുമായിരുന്ന ചെറുപ്പക്കാരും നമ്മുടെ ചിന്തയെ അസ്വസ്ഥമാക്കുന്നു. രാഷ്ട്രീയവും അധികാരവുമാണ് നോവലിലെ കാതലായ പ്രമേയം. വായനപോലും രാഷ്ട്രീയപ്രവര്‍ത്തനമാവുന്ന കാലത്തെപ്പറ്റിയാണ് പലപ്പോഴും നോവല്‍ സംസാരിക്കുന്നത്.
 ഒരുപക്ഷേ, അടിയന്തരാവസ്ഥയെ ഏറ്റവും നന്നായി വരച്ചിടുന്ന നോവലാവും ‘ആ വാക്കിന്‍െറ അര്‍ഥം’. എന്നാല്‍, അടിയന്തരാവസ്ഥ എന്ന വാക്ക് ഇവിടെ പ്രയോഗിക്കുന്നത് നോവല്‍ വായനക്ക് തടസ്സമാക്കിക്കൂടാ. കാരണം, നോവല്‍ ഏതുകാലത്തും ഏതുദേശത്തും എപ്പോള്‍ വേണമെങ്കിലും ബാധകമായ ഒന്നാണ്. അടിയന്തരാവസ്ഥക്കാലം അതില്‍ ഒന്നുമാത്രം. അക്കാലത്തെ വേദനകള്‍ എസ്. ജയചന്ദ്രന്‍ നായരുടെ ആത്മാവില്‍ പകര്‍ന്നിരിക്കുന്നതുപോലെ നമുക്ക് അനുഭവപ്പെടുന്നു. മുമ്പ് ‘പിറവി’യുടെ തിരക്കഥയിലും അദ്ദേഹം അത് തീവ്രമായി പകര്‍ത്തിയിട്ടുണ്ട്.
നോവലില്‍ പതിനൊന്നാം അധ്യായത്തില്‍, ഫസ്റ്റ് പേഴ്സന്‍ എഴുതിയ കഥ മറ്റൊരു കഥാപാത്രം വിലയിരുത്തുന്നതിങ്ങനെ: ‘കഥ നന്നായിരിക്കുന്നു. പലരുടെയും നിഴല്‍ അതില്‍ കിടക്കുന്നുണ്ട്’. ഈ നോവലിലും അത് ശരിയാവും. നോവലിസ്റ്റിന്‍െറ, ജയറാം പടിക്കലിന്‍െറ, ഈച്ചരവാര്യരുടെ, രാജന്‍െറ, കെ. ബാലകൃഷ്ണന്‍െറ, പിന്നെ നമുക്ക് അറിയാവുന്ന ഒരുപിടി ആള്‍ക്കാരുടെ നിഴലുകള്‍ നോവലില്‍ വീണുകിടക്കുന്നു. നിഴലുകളും വാക്കുകളും ഒന്നുചേര്‍ന്ന് നമുക്കു മുന്നില്‍ മാറിമറിയുന്നു.
തുക്കറാമിന്‍െറ ഒരു ശ്ളോകമാണ് പുസ്തകത്തിന്‍െറ ആമുഖം. ‘എന്‍െറ കൈയില്‍ വാക്കുകള്‍ മാത്രമേയുള്ളൂ. എനിക്ക് ചൂടുപകരുന്ന വസ്ത്രങ്ങളായി. അതുമാത്രമാണ് എനിക്ക് സ്വന്തമായുള്ളത്... അത് മാത്രമാണ് സുലഭമായി ചെലവഴിക്കാന്‍ എന്‍െറ കൈയിലുള്ള സ്വത്ത്’. വാക്കുകള്‍ തന്നെയാവും നോവലിസ്റ്റിന്‍െറ മൂലധനം. മുമ്പേ ജയചന്ദ്രന്‍ നായരുടെ ഗദ്യം മലയാളിക്ക് പരിചിതമാണ്. നോവലാകട്ടെ, വാക്കുകളില്‍ തീര്‍ത്ത ശില്‍പമാണ്. അല്ളെങ്കില്‍ ലളിതസുന്ദരമായി തെളിഞ്ഞൊഴുകുന്ന പുഴയാണ്. മറ്റു ചിലപ്പോള്‍ നമ്മെ ഉലച്ച്, ചുഴിയില്‍പെടുത്തുന്നു. ചിലപ്പോഴൊക്കെ കര്‍പ്പൂരനാളമായി ജ്വലിക്കുന്നു.  സൂക്ഷ്മമായി തെരഞ്ഞെടുത്ത് മനോഹരമായി ചേര്‍ത്തുവെച്ച വാക്കുകള്‍ ധ്വനി സാന്ദ്രമായി, വല്ലാത്ത മുഴക്കങ്ങള്‍ സൃഷ്ടിക്കുന്നു. ഈ ഗദ്യവും അതിലെ വാക്കുകളുടെ ധാരാളിത്തവും നമ്മെ മോഹിപ്പിക്കും. അനാവശ്യ ബൗദ്ധിക ജാടകള്‍ ഒട്ടുമേയില്ല.
സതീശന്‍ ആത്മഹത്യ ചെയ്തതിന്‍െറ അടുത്തദിവസം ഫസ്റ്റ് പേഴ്സന്‍/പത്രപ്രവര്‍ത്തകന്‍ അഭിമുഖം നടത്താന്‍ പോകുന്നു.‘രാത്രികാലങ്ങളില്‍ അദ്ദേഹം ഞെട്ടിയുണര്‍ന്ന് അലറിവിളിക്കാറുണ്ടെന്ന് അറിയാം. ഭൂതങ്ങളും പിശാചുക്കളും നിറഞ്ഞ രാത്രികള്‍. ഉറക്കത്തിനിടയില്‍ ഞെട്ടിയുണര്‍ന്ന്, പല്ലിറുമ്മുകയും അമറുകയും ചെയ്യുന്നവരെ മുജ്ജന്മത്തിലെ പാപപങ്കിലമായ അനുഭവങ്ങള്‍ അലട്ടുന്നുണ്ടാവും. അജ്ഞാതരായ ശത്രുക്കളില്‍നിന്ന് ഓടിയൊളിക്കാനുള്ള വെപ്രാളം അവരുടെ ഉറക്കത്തെ ധ്വംസിക്കുന്നു. അവരില്‍ ഓരാളായിരുന്നു അദ്ദേഹവും’. പക്ഷേ, അയാളോട് ചോദിക്കാന്‍ ഒരൊറ്റ ചോദ്യം മാത്രമേ അഭിമുഖത്തിന് പോകുന്നയാള്‍ ഒരുക്കിവെച്ചിരുന്നുള്ളൂ എന്ന് നോവലിന്‍െറ ഒടുവില്‍ അറിയുന്നു: ‘നിങ്ങള്‍ അമ്മയെ സ്നേഹിച്ചിരുന്നോ?’. എന്നാല്‍, ആ ചോദ്യവും അഭിമുഖീകരിക്കപ്പെടുന്നില്ല.
ആദ്യഘട്ട നോട്ടത്തില്‍ ഒട്ടും ആകര്‍ഷകമായി തോന്നിയില്ല മുഖചിത്രം. ചുവന്ന രണ്ട് കൈപ്പടം. പക്ഷേ, വായന ആദ്യ മൂന്ന് അധ്യായങ്ങള്‍ പിന്നിടുമ്പോള്‍ അറിയുന്നു, ഇതിനേക്കാള്‍ നല്ളൊരു മുഖചിത്രം വേറെയില്ളെന്ന്. മറ്റൊന്നും പുസ്തകത്തിന് ചേരില്ളെന്ന്. മുഖചിത്രം വരച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്കാണ് പുസ്തകം സമര്‍പ്പിച്ചിട്ടുള്ളതും.
മികച്ചത്/ശ്രേഷ്ഠം എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ നല്‍കി നോവലിനെ വികലമാക്കേണ്ടതില്ല. ഇത്രമാത്രം പറയാം, നിസ്സംശയം വായിച്ചിരിക്കേണ്ടതാണ് നോവല്‍. പ്രത്യേകിച്ച് എഴുത്തും ഭാവനയും വായനയും അരാഷ്ട്രീയത്തിന്‍െറ മേഖലയില്‍ നിറഞ്ഞാടുമ്പോള്‍. ആഘോഷങ്ങളുടെ അരങ്ങില്‍നിന്ന് എന്നും അകന്നുനില്‍ക്കുന്നയാളാണ് എസ്. ജയചന്ദ്രന്‍ നായര്‍. അക്കാരണത്താല്‍തന്നെ നോവല്‍ അധികം വായിക്കപ്പെടാതിരിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അങ്ങനെ സംഭവിച്ചാല്‍ അതാവും നല്ല വായന നേരിടുന്ന ദുര്യോഗം.


ആ വാക്കിന്‍െറ അര്‍ഥം
എസ്. ജയചന്ദ്രന്‍ നായര്‍
വില: 85.00, പേജ് 112
മാതൃഭൂമി ബുക്സ് കോഴിക്കോട്


വാരാദ്യമാധ്യമം
2013 നവംബര്‍ 3 ഞായര്‍