Saturday, July 4, 2015

നമ്മുടെ കുടുംബാസൂത്രണങ്ങളില്‍ യഥാര്‍ഥത്തില്‍ നടന്നതെന്ത്?

അന്വേഷണം\ചരിത്രം


നമ്മുടെ കുടുംബാസൂത്രണങ്ങളില്‍
 യഥാര്‍ഥത്തില്‍ നടന്നതെന്ത്?




ആര്‍.കെ. ബിജുരാജ്

ആര്‍ക്കും കാണാവുന്ന വിധത്തില്‍ ചില ചോദ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എപ്പോഴെങ്കിലും സഭാചരിത്രരേഖകള്‍ മറിച്ചുനോക്കിയിരുന്നുവെങ്കില്‍, നമ്മള്‍ കേരളത്തില്‍ നടന്ന ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളിലൊന്നിലേക്ക് അറിയാതെയെങ്കിലും എത്തുമായിരുന്നു.
അത്തരത്തില്‍ നിര്‍ണായകമായ ചോദ്യം ഉന്നയിച്ചത് ലോനപ്പന്‍ നമ്പാടനാണ്. 1978 മാര്‍ച്ച് 2ന്്.
എ. അടിയന്തരാവസ്്ഥക്കാലത്ത് കേരളത്തില്‍ കുടുംബാസൂത്രണ ഓപറേഷന്‍ മൂലം മരണമടഞ്ഞവര്‍ എത്ര?
ബി. രോഗികളായവര്‍ എത്ര?
സി. ഇവര്‍ക്ക് നാളിതുവരെയായി നഷ്ടപരിഹാരമായി കൊടുത്ത സംഖ്യ എത്ര?
ഡി. ഇതിന് ഉത്തരവാദികളായ എത്ര ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടികള്‍ എടുത്തിട്ടുണ്ട്?
ഉത്തരം:
എ: 39 പേര്‍
ബി. 1414 പേര്‍
സി. 3,77, 426 രൂപ
ഡി. ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥമൂലം സംഭവിച്ചതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ആരുടെയും പേരില്‍ നടപടി എടുത്തിട്ടില്ല.
കേരളം എങ്ങനെ കുടുംബാസൂത്രണം നടത്തി എന്നതിന് ഒരു സൂചകമാണ് ലോനപ്പന്‍ നമ്പാടന്‍െറ ചോദ്യവും അതിനു ലഭിച്ച ഉത്തരവും. അടിയന്തരാവസ്ഥയില്‍, 21 മാസത്തിനിടയില്‍  39 പേര്‍ കുടുംബാസൂത്രണ ശസ്ത്രക്രിയമൂലം മരിച്ചിരിക്കുന്നു. ആരായിരുന്നു ഈ 39 പേര്‍? എന്തുകൊണ്ട് ഒരിക്കലും അവര്‍ ചരിത്രത്തില്‍ ഇല്ലാതെപോയി? അടിയന്തരാവസ്ഥാ രക്തസാക്ഷികളായിപോലും ഇവര്‍ എന്തുകൊണ്ട് പരിഗണിക്കപ്പെട്ടില്ല?
കൊടുത്ത നഷ്ടപരിഹാരമോ? 1453 പേര്‍ക്ക്  3,77,426 രൂപ. അതായത് ഒരാള്‍ക്ക് കിട്ടിയത് ശരാശരി 259 രൂപ. പണത്തിന്‍െറ മൂല്യക്കുറവ് എന്ന ആശയത്തിന്‍െറ ഏത് മാനദണ്ഡംവെച്ചു നോക്കിയാലും ഈ തുക വളരെ കുറവാണ്. കുടുംബാസൂത്രണത്തിന്‍െറ ചരിത്രം തിരയുമ്പോള്‍ ഇത്തരം നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നമുക്ക് മുന്നിലത്തെും. രാജ്യാന്തരതലത്തില്‍പോലും കൊട്ടിഗ്ഘോഷിക്കുന്ന കേരള കുടുംബാസൂത്രണ മോഡല്‍ മനുഷ്യത്വവിരുദ്ധവും സ്ത്രീവിരുദ്ധവുമായ അടിത്തറയില്‍ കെട്ടിപ്പടുത്തതാണെന്ന് തെളിയും.
 ഒരുപക്ഷേ, കേരളത്തില്‍ കുടിയൊഴിപ്പിക്കലുകള്‍ക്കുശേഷം ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം നടന്നത് കുടുംബാസൂത്രണവുമായി ബന്ധപ്പെട്ടാണ്.  നിയമസഭാ രേഖകളും മറ്റ് ചരിത്ര തെളിവുകളും വെച്ച് നമുക്ക് കേരളം എങ്ങനെയാണ് കുടുംബാസൂത്രണം നടത്തിയതെന്ന് അന്വേഷിക്കാം.


തുടക്കം, വളര്‍ച്ച, സ്വഭാവം

1952 ലാണ് ഇന്ത്യയില്‍ ഒൗദ്യോഗികമായി കുടുംബാസൂത്രണ പദ്ധതി നടപ്പാക്കുന്നത്. അഖിലേന്ത്യാതലത്തില്‍ തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞ് 1955 ജനുവരി ഒന്നിനാണ് കേരളത്തില്‍ പദ്ധതിയുടെ ആരംഭം. വൈദ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 11  ക്ളിനിക്കുകളുമായാണ് കേരളത്തില്‍ പദ്ധതി തുടങ്ങുന്നത്. ഒന്നും രണ്ടും പഞ്ചവത്സര പദ്ധതികളില്‍ കുടുംബാസൂത്രണത്തിന് അധികം ഊന്നല്‍ നല്‍കിയിരുന്നില്ല. മൂന്നാം പദ്ധതിയിലാണ് വേഗമേറുന്നത്. രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ 9 ലക്ഷം രൂപയും മൂന്നാം പഞ്ചവത്സരപദ്ധതിയില്‍ 32.82 ലക്ഷം രൂപയും കേരളത്തില്‍ കുടുംബാസൂത്രണത്തിനായി നീക്കിവെച്ചിരുന്നു. 1966ല്‍ കേന്ദ്രം ഒരു പൂര്‍ണ വകുപ്പുതന്നെ രൂപവത്കരിച്ചു.
ആദ്യ ഘട്ടത്തില്‍ (1951-61) വളരെ സാവധാനമാണ് പദ്ധതി  മുന്നേറിയത്. 1955-56ല്‍ 4,406.15 രൂപയും   1956-57ല്‍ 36,437.16 രൂപയുമാണ് സര്‍ക്കാര്‍ പദ്ധതിക്കായി ചെലവഴിച്ചത്.  1957-58ല്‍   50, 312.80 രൂപയും ചെലവിട്ടു. 1956 മുതല്‍ 1961-62 വരെ ചെലവിട്ടത് 13, 55, 957 രൂപയാണ്.  1956-61 കാലത്ത് 70 കുടുംബാസൂത്രണ ക്ളിനിക്കുകള്‍  കേരളത്തില്‍ തുറന്നു. 53 സ്ഥാപനങ്ങളില്‍ വന്ധ്യംകരണത്തിന് സൗകര്യമേര്‍പ്പെടുത്തി. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 50 കുടുംബാസൂത്രണ ക്ളിനിക്കുകള്‍ 93 പഞ്ചായത്തുകളിലായി തുറന്നു.
ആദ്യം മുതല്‍ക്കേ കുടുംബാസൂത്രണ പരിപാടിയോട് ക്രിസ്ത്യന്‍ പുരോഹിതരടക്കമുള്ള മതവിശ്വാസികള്‍ ശക്തമായ എതിര്‍പ്പാണ് പുലര്‍ത്തിയത്. 1960 ല്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന കുടുംബാസൂത്രണ പരിപാടി കത്തോലിക്കക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപ്പില്‍ വരുത്തരുതെന്ന് ആവശ്യപ്പെട്ട് കത്തോലിക്കോ കോണ്‍ഗ്രസിന്‍െറ പേരാവൂര്‍ സമ്മേളനം പ്രമേയം പാസാക്കി. 1960 ജൂണ്‍ 27 ന് സി. അച്യുതമേനോന്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി വേലപ്പന്‍ ഒരു സര്‍ക്കാരുദ്യോഗസ്ഥനും പ്രമേയം അനുസരിച്ച് പ്രവര്‍ത്തിച്ചിട്ടില്ളെന്ന് വ്യക്തമാക്കി. പക്ഷേ, 1960 ജൂലൈ 25 ന് പൊതുജനാരോഗ്യമന്ത്രി വേലപ്പന്‍ നല്‍കിയ ഒരു മറുപടിയില്‍  65 ഗവണ്‍മെന്‍റ് മെഡിക്കല്‍ സ്ഥാപനങ്ങളിലും 16 സ്വകാര്യ സ്ഥാപനങ്ങളിലും കുടുംബാസൂത്രണത്തിന് സൗകര്യമുണ്ടെന്നും  പ്രത്യേക  പരിശീലനം  ലഭിച്ച 91 ഡോക്ടര്‍മാരിലും 61 മിഡ്വൈഫ്മാരിലും കത്തോലിക്കര്‍  ആരുമില്ളെന്നും വ്യക്തമാക്കി.
1963 ഒക്ടോബര്‍ വരെ കേരളത്തില്‍ 332 ഫാമിലിസെന്‍ററുകളാണ് തുറന്നത്. സെന്‍ററുകള്‍ സന്ദര്‍ശിക്കുന്ന ദമ്പതികള്‍ക്ക് കുടുംബാസൂത്രണം സംബന്ധിച്ച് അവശ്യം അറിഞ്ഞിരിക്കേണ്ട സംഗതികള്‍ ഉപദേശിക്കുക, ഹിതകരങ്ങളായ ഗര്‍ഭനിരോധ ഒൗഷധങ്ങളും ഉപകരണങ്ങളും നല്‍കുക, ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തി കുടുംബാസൂത്രണത്തിന്‍െറ പ്രാധാന്യം, ആവശ്യകത എന്നിവയെക്കുറിച്ച് ഉദ്ബോധിപ്പിക്കുക, ഗര്‍ഭനിരോധക മാര്‍ഗങ്ങള്‍ ഏതെങ്കിലും സെന്‍ററിലെ ഉപദേശമനുസരിച്ച് സ്വീകരിച്ചിട്ടുള്ളവര്‍ അവ  തുടര്‍ന്ന് ഉപയോഗിക്കുന്നുണ്ടോ എന്നും മറ്റുമുള്ള വിവരങ്ങള്‍ അറിഞ്ഞ് പ്രോത്സാഹനം നല്‍കുക, വന്ധ്യംകരണ ശസ്ത്രക്രിയ ആവശ്യപ്പെടുന്നവര്‍ക്ക് അതിനു സൗകര്യം ചെയ്തുകൊടുക്കുക എന്നിവയായിരുന്നു കേന്ദ്രങ്ങളുടെ ലക്ഷ്യം.
രണ്ടം ഘട്ടത്തില്‍, 1964-70 വര്‍ഷങ്ങളില്‍  കുടുംബാസൂത്രണ കേന്ദ്രങ്ങളിലൂടെ പദ്ധതിക്ക് വേഗമേറ്റി.  1964 ല്‍ മുഖര്‍ജി കമ്മിറ്റി ശിപാര്‍ശകള്‍ പ്രകാരം സര്‍വിസ് യൂനിറ്റുകളുടെ ഒരു ശൃംഖല സ്ഥാപിച്ചു. 1970 വരെ ശിപാര്‍ശ അനുസരിച്ച് കാര്യങ്ങള്‍ മുന്നേറി.  1970 കള്‍ മുതല്‍ പദ്ധതി തീവ്രവേഗത്തില്‍ ചലിച്ചു.
കുടുംബാസൂത്രണ രംഗത്ത് ‘കുതിച്ചുചാട്ടം’ സാധ്യമാകുന്നത്


എസ്. കൃഷ്ണകുമാര്‍  എറണാകുളം ജില്ലാ കലക്ടറായി (1969 ഏപ്രില്‍ - 1973 ഒക്ടോബര്‍)  ചുമതലയേല്‍ക്കുന്നതോടെയാണ്. പലതരത്തിലും ലോകശ്രദ്ധ പിടിച്ചുപറ്റിയ കൂട്ടവന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകള്‍ അദ്ദേഹം എറണാകുളത്ത് സംഘടിപ്പിച്ചു.
1970 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 20 വരെ കൊച്ചിയില്‍ നടന്ന ആദ്യ ക്യാമ്പില്‍ 15,005 പേര്‍ വാസക്ടമിക്ക് (പുരുഷ വന്ധ്യംകരണം) വിധേയമായി. ജില്ലാ കലക്ടര്‍, ജില്ലാ ഫാമിലി പ്ളാനിങ് ബ്യൂറോ, സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകള്‍ എന്നിവ സംയോജിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്ത്യയില്‍തന്നെ ഇതൊരു റെക്കോഡായിരുന്നു.  ഈ ക്യാമ്പിന്‍െറ  വിജയത്തത്തെുടര്‍ന്ന് 1971  ജൂലൈയില്‍ സംഘടിപ്പിച്ച രണ്ടാമത്തെ ഫാമിലി പ്ളാനിങ് ഫെസ്റ്റിവലില്‍ 62,913 പുരുഷന്മാരും 505 സ്ത്രീകളും ശസ്ത്രക്രിയക്ക് വിധേയമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ ക്യൂവില്‍നിന്ന്  ശസ്ത്രക്രിയക്ക് വിധേയരായി. ചെറിയ കാലയളവിനുള്ളില്‍ ചെറുപ്രദേശത്ത് 78,423 പേര്‍ വന്ധ്യംകരണത്തിന് വിധേയരായതോടെ എറണാകുളം ജില്ല ലോക റെക്കോഡിട്ടു.  മൂന്നാമത്തെ ക്യാമ്പ് 1972 ജൂലൈ 25 മുതല്‍ ആഗസ്റ്റ് 17 വരെ 24 ദിവസം നടന്നു. ഈ വിജയത്തിന്‍െറ പിന്‍ബലത്തിലാണ് രാജ്യത്ത് കുടുംബാസൂത്രണ പദ്ധതി തീവ്രമായി, തീര്‍ത്തും ജനാധിപത്യവിരുദ്ധമായി നടപ്പാക്കുന്നത്.
എറണാകുളത്ത് 78,423 പേര്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നുവെന്ന് ഭരണകൂടം അവകാശപ്പെട്ടെങ്കിലും അതില്‍ വാസ്തവം തീരെ കുറവായിരുന്നു. പൊതുജനാരോഗ്യ വകുപ്പിന്‍െറ കീഴില്‍ വന്‍ പ്രചാരണം ആദ്യമേ നടത്തിയിരുന്നു. വന്‍ പ്രലോഭനമാണ് ജില്ലാ ഭരണകൂടം നടത്തിയത്. ആദ്യ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച 21 രൂപ  നല്‍കി. 10 രൂപ പഞ്ചായത്തും മുനിസിപ്പാലിറ്റികളുമടങ്ങുന്ന തദ്ദേശഭരണവകുപ്പും നല്‍കി. സര്‍ക്കാര്‍ പ്രത്യേകമായി അനുവദിച്ച 20 രൂപയില്‍ 15 രൂപയും ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് നല്‍കി. ഏകദേശം 51 രൂപ അത്തരത്തില്‍ തന്നെ ലഭിച്ചു. കെയര്‍ എന്ന സംഘടന 25 രൂപ വിലയുള്ള ഭക്ഷണപ്പൊതി സമ്മാനമായി നല്‍കി. സര്‍ക്കാര്‍ ഒരാഴ്ചത്തെ സൗജന്യ റേഷനും അനുവദിച്ചു. രണ്ടാമത്തെ ക്യാമ്പില്‍ 35.10 രൂപ ശസ്ത്രക്രിയക്ക് വിധേയമാകുന്നയാള്‍ക്ക് നല്‍കി. കെയര്‍  54 രൂപ വിലവരുന്ന സമ്മാനങ്ങളും ഏര്‍പ്പെടുത്തി. ഇതില്‍ ഷോപ്പിങ് ബാഗ്, ഒരു മുണ്ട്, ഒരു സാരി, മൂന്ന് കിലോ അരി എന്നിവ അടക്കം 40 രൂപയുടെ ആനുകൂല്യം പങ്കെടുക്കുന്നവര്‍ക്ക്  നേരിട്ട് ലഭിച്ചു. കൂടാതെ കലക്ടര്‍ നേരിട്ട് ജനങ്ങളില്‍നിന്നും വന്‍കിട ബിസിനസുകാരില്‍നിന്നും സംഭാവന സ്വീകരിച്ച് മുണ്ട്, സൈക്കിള്‍, റേഡിയോ, ബക്കറ്റ് എന്നിവയും സമ്മാനമായി വാഗ്ദാനം ചെയ്തു.  ഏകദേശം 100-200 രൂപയുടെ ആനുകൂല്യം. ഈ സാമാന്യം ഭേദപ്പെട്ട തുക  1970ന്‍െറ തുടക്കത്തിലെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളില്‍ ആകര്‍ഷകമായി മാറി.  ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയവരെ നിര്‍ബന്ധിച്ച് ഉദ്യോഗസ്ഥര്‍ ക്യാമ്പുകളിലേക്ക് അയച്ചു. ക്യാമ്പില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരുടെയും  വര്‍ഗ\ജാതി അടിത്തറ  ഇടത്തരത്തിലും താഴെയായിരുന്നു. ദരിദ്രരെയും നിരക്ഷരരെയും മോഹന വാഗ്ദാനങ്ങളിലൂടെയും സമ്മര്‍ദങ്ങളിലൂടെയുമാണ് ക്യാമ്പുകളിലേക്ക് നയിച്ചത്. പ്രലോഭനത്തിലൂടെ ജനങ്ങളെ വന്ധ്യംകരിക്കുന്നുവെന്ന ആരോപണം അന്ന്  ഉയര്‍ന്നു. എസ്. കൃഷ്ണകുമാര്‍ പിന്നീട് ഐ.ഐ.എസ്. വിട്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചേക്കേറിയതും കരുണാകരന്‍െറയും ഗാന്ധി കുടുംബത്തിന്‍െറയും വിശ്വസ്തനായി കേന്ദ്രമന്ത്രി പദവി വരെ എത്തിയതും ചരിത്രം.
സ്വയം സന്നദ്ധമായി ആളുകള്‍ കുടുംബാസൂത്രണം/ വന്ധ്യംകരണത്തിനായി   മുന്നോട്ടുവരുമ്പോള്‍  മാത്രമേ അത് മാതൃകാ നടപടിയായി അംഗീകരിക്കാനാവൂ. പണം, പ്രലോഭനം, ഭീഷണി എന്നിവ മാനദണ്ഡങ്ങളായി വരുന്നതോടെ അത് തീര്‍ത്തും മനുഷ്യാവകാശ-ജനാധിപത്യ വിരുദ്ധമായി മാറുന്നു. കേരളത്തില്‍ കുടുംബാസൂത്രണ-വന്ധ്യം കരണ ശസ്ത്രക്രിയകളില്‍ ഭൂരിഭാഗവും നടന്നത് ഇത്തരത്തിലാണ്.
എറണാകുളത്തെ വിജയത്തെ തുടര്‍ന്ന് 1972-1975 കളില്‍ സംസ്ഥാനത്ത് പലയിടത്തും വന്ധ്യംകരണ  ക്യാമ്പുകള്‍ നടന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ കുടുംബാസൂത്രണ-വന്ധ്യംകരണത്തിന് സംവിധാനം തുറന്നു. സബ്സെന്‍ററിലെ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാരുടെയും മുന്നണി പ്രവര്‍ത്തകരുടെയും ശ്രമഫലമായി വന്ധ്യംകരണ ശസ്ത്രക്രിയകളുടെ എണ്ണമുയര്‍ന്നു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഉദ്യോഗസ്ഥരെ അടക്കം നിയോഗിച്ച് നിര്‍ബന്ധിതവും അല്ലാതെയും പിരിവുകള്‍ നടന്നു.
പത്രപ്രവര്‍ത്തകനായ എസ്. ജയചന്ദ്രന്‍ നായര്‍ ഇക്കാലത്തെ പണമെന്ന പ്രലോഭനത്തെ തന്‍െറ പുസ്തകത്തില്‍ വരച്ചിടുന്നുണ്ട്.  ‘‘എല്ലാവരെയും സ്നേഹിച്ചിരുന്ന തങ്കപ്പന് ആരെയും വെറുക്കാന്‍ സാധിക്കുമായിരുന്നില്ല. ഒരിക്കല്‍ തങ്കപ്പന്‍ ഒരു കടുംകൈ ചെയ്തു. ജനനനിയന്ത്രണത്തിനു വിധേയരാകുന്നവര്‍ക്ക് ചെറിയൊരു തുകക്കു പുറമെ വലിയൊരു പ്ളാസ്റ്റിക് ബക്കറ്റും നല്‍കിയിരുന്നു. എന്തിനായിരുന്നു ബക്കറ്റ് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. അവിവാഹിതനായിരുന്നു തങ്കപ്പന്‍. കുറച്ചു രൂപ കിട്ടുമെങ്കില്‍ എന്തുകൊണ്ട് ജനനനിയന്ത്രണം ആയിക്കൂടാ? ഒരു ദിവസം വലിയൊരു പ്ളാസ്റ്റിക് ബക്കറ്റുമായി വന്ന തങ്കപ്പന്‍ അവശനായിരുന്നു. മൂന്നാലു ദിവസം ചികിത്സ വേണ്ടിവന്നു, മകുടുവിന് (തങ്കപ്പന്‍) പൂര്‍വനിലയിലത്തൊന്‍.’’  (എന്‍െറ പ്രദക്ഷിണവഴികള്‍, എസ്. ജയചന്ദ്രന്‍നായര്‍, പേജ് 117, സൈന്‍ ബുക്സ്).
1972ല്‍  എം. മൊയ്തീന്‍കുട്ടി ഹാജി  കുടുംബാസൂത്രണത്തിന്‍െറ പേരില്‍ നടക്കുന്ന പൗരാവകാശ ലംഘനങ്ങള്‍ നിയമസഭയെ അറിയിച്ചു. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന 17 വയസ്സുള്ള ഇബ്രാഹിം എന്ന ഒരു അവിവാഹിതനെ പ്രമോട്ടര്‍ വിളിച്ചുകൊണ്ടുപോയി കണ്ണൂര്‍ കുടുംബാസൂത്രണ ക്യാമ്പില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. അയാളുടെ പിതാവ് മകന് സന്താനോല്‍പാദനശേഷി തിരിച്ചുകിട്ടണമെന്നു കാണിച്ച് സര്‍ക്കാറിന് നിവേദനം കൊടുത്തു.  നിവേദനത്തിന്‍െറ അടിസ്ഥാനത്തില്‍  ഇബ്രാഹിമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21 വയസ്സില്‍ കൂടുതലുള്ള പുരുഷന്മാരെയും 18 വയസ്സില്‍ കൂടുതലുള്ള സ്ത്രീകളെയും മാത്രമേ വന്ധ്യം കരണത്തിന് വിധേയരാക്കാവൂ എന്ന അംഗീകൃത ചട്ടത്തെയും ലംഘിച്ചായിരുന്നു ഇത്. എന്നാല്‍, മന്ത്രിയും സര്‍ക്കാറും മൊയ്തീന്‍കുട്ടി ഹാജി ഉന്നയിച്ച  യഥാര്‍ഥ പ്രശ്നത്തോട് അനുഭാവപൂര്‍വമായ സമീപനം കൈക്കൊണ്ടില്ല. ഇത്തരം  മനുഷ്യത്വരഹിതമായ വശങ്ങള്‍ക്ക് തീവ്രരൂപം നല്‍കുന്നതായിരുന്നു  രാജ്യം അതിവേഗം എത്തിച്ചേര്‍ന്ന അടിയന്തരാവസ്ഥ.

അടിയന്തരാവസ്ഥയിലെ  യാഥാര്‍ഥ്യങ്ങള്‍

ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായ വേളയിലാണ് വന്ധ്യംകരണം പദ്ധതിക്ക് രാജ്യത്ത് കൂടുതല്‍ പ്രചാരം കിട്ടുന്നത്. രണ്ടോ അതിലധികമോ കുട്ടികളുള്ള പുരുഷന്മാര്‍ വന്ധ്യംകരണത്തിന് വിധേയമാകണമെന്നായിരുന്നു ഒൗദ്യോഗിക നിബന്ധന. എന്നാല്‍, 1975 ജൂണ്‍ 25  ന് അടിയന്തരാവസ്ഥ  പ്രഖ്യാപിക്കപ്പെട്ടതോടെ എല്ലാം തകിടം മറിഞ്ഞു. 1976 സെപ്റ്റംബറില്‍ സഞ്ജയ് ഗാന്ധി നിര്‍ബന്ധിത വന്ധ്യംകരണം പദ്ധതി തുടങ്ങി.  വന്ധ്യംകരണത്തിന് ക്വോട്ട നിശ്ചയിക്കുകയും അനുയായികളെക്കൊണ്ട് അത് നേടിയെടുക്കുകയും ചെയ്തു. അവിവാഹിതരായ ചെറുപ്പക്കാര്‍, രാഷ്ട്രീയ എതിരാളികള്‍, പാവപ്പെട്ടവര്‍, ആദിവാസികള്‍,നിരക്ഷരര്‍  എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങള്‍ നിര്‍ബന്ധമായി വന്ധ്യംകരിക്കപ്പെട്ടു. 1976, 1977 വര്‍ഷങ്ങളില്‍  83 ലക്ഷം പേര്‍ വന്ധ്യംകരണത്തിന് വിധേയമായി. തൊട്ടുമുമ്പത്തെ വര്‍ഷം അത് 27 ലക്ഷമായിരുന്നു. തുര്‍ക്ക്മാന്‍ ഗേറ്റ് ജുമാമസ്ജിദ് പരിസരത്തെ ചേരികളില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഏഴ് ലക്ഷം പേരെ പുനരവധിവസിപ്പിക്കാന്‍വെച്ച ഉപാധികളിലൊന്ന് ആണോ പെണ്ണോ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ്. അടിയന്തരാവസ്ഥ നാളില്‍ വന്ധ്യംകരണ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി ജസ്റ്റിസ് ഷാ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.
കേരളത്തില്‍ ഇന്ദിര അനുകൂലികള്‍ക്കായിരുന്നു കോണ്‍ഗ്രസില്‍ ഭൂരിപക്ഷം. ആഭ്യന്തരവകുപ്പ് കൈയാളിയ, ഡി ഫാക്ടോ മുഖ്യമന്ത്രി കെ. കരുണാകരന്‍െറ നേതൃത്വത്തില്‍ ഏറ്റവും മനുഷ്യത്വവിരുദ്ധമായി വന്ധ്യംകരണ ശസ്ത്രക്രിയകള്‍ കേരളത്തില്‍ അരങ്ങേറി. പൊലീസ്രാജിന്‍െറ പിന്‍ബലത്തില്‍ അവിവാഹിതരായ നിരവധി ചെറുപ്പക്കാരെ പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരിച്ചു. തൊഴില്‍രഹിതര്‍,  ദരിദ്രവിഭാഗങ്ങള്‍, ആദിവാസികള്‍, നിസ്സാര കേസുകളിലെ പ്രതികള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍പെടുന്ന നിരവധി പേരെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് ഇരകളാക്കി. എതിര്‍ക്കാനും ചോദ്യം ചെയ്യാനും ആരുമുണ്ടായില്ല.  നടപടികള്‍ ഭയന്ന പൊലീസ്, സര്‍ക്കാറുദ്യോഗസ്ഥര്‍ വന്ധ്യംകരണത്തിന് ആളുകളെ കൂട്ടാന്‍ മത്സരിച്ചു. എത്രപേര്‍ അടിയന്തരാവസ്ഥയില്‍ ശസ്ത്രക്രിയക്ക് വിധേയമായി എന്നതിന് കൃത്യമായ കണക്കില്ല. പല വ്യത്യസ്ത കണക്കുകള്‍ നിരത്തപ്പെട്ടുവെന്നു മാത്രം. നിയമസഭാ രേഖകള്‍ ശ്രദ്ധിച്ചാല്‍ ഏകദേശം മൂന്നുലക്ഷത്തിനും നാലു ലക്ഷത്തിനുമിടയില്‍ ആളുകള്‍ വന്ധ്യംകരണത്തിന് വിധേയമായി എന്നു വ്യക്തമാകും.
അടിയന്തരാവസ്ഥ നിലനിന്നത് 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെയാണ്. 1978 ഫെബ്രുവരി 23 ന് കെ.എ. മാത്യു  1976 കാലഘട്ടത്തില്‍ നടത്തിയ കുടുംബാസൂത്രണ ശസ്ത്രക്രിയ എത്രയെന്ന് വ്യക്തമാക്കാമോ എന്ന് ആവശ്യപ്പെട്ടതിന് ലഭിച്ച മറുപടി 1, 74, 261 എന്നായിരുന്നു.
കണക്കുകള്‍ ശ്രദ്ധിക്കുക: 1973 മാര്‍ച്ച് വരെ സംസ്ഥാനത്ത് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായത് 5,07,329 പുരുഷന്മാരും 1,58,183 സ്ത്രീകളുമായിരുന്നു.അതായത് 6,65,512 പേര്‍. ഇതിനായി  15,99,596 രൂപ ചെലവിട്ടു.1974-75 വര്‍ഷത്തില്‍ സംസ്ഥാനത്ത് 62,151 പേര്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായി. 22,221 പേര്‍ ലൂപ്പ് നിക്ഷേപത്തിനും. അതായത്  1973 ഏപ്രില്‍ മുതല്‍ 1974 മാര്‍ച്ച് വരെ നടന്ന ശസ്ത്രക്രിയ മാറ്റിനിര്‍ത്തിയാല്‍  തന്നെ 1975 വരെ 7,27,663 പേര്‍ ശസ്ത്രക്രിയക്ക് വിധേയമായി.  1977 ഏപ്രില്‍ മുതല്‍ 1978 ഫെബ്രുവരി വരെ 54,447 ശസ്ത്രക്രിയകളാണ് നടന്നത്.
1979 ജനുവരി വരെയായി 7,99,045 പുരുഷന്മാരും 5,44,733 സ്ത്രീകളും ഉള്‍പ്പെടെ 13,43,778 പേര്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക്വിധേയരായെന്ന് നിയമസഭാ രേഖകള്‍ പറയുന്നു. 3,73, 103 സ്ത്രീകള്‍ ലൂപ്പ് നിക്ഷേപം നടത്തുകയും ചെയ്തു (1979 മാര്‍ച്ച് 26 ന് ആരോഗ്യമന്ത്രി കെ.പി. പ്രഭാകരന്‍ നിയമസഭയില്‍ നല്‍കിയ മറുപടി). ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ട് 17 ലക്ഷത്തിലേറെ ജനങ്ങളെ ഒഴിവാക്കാന്‍ സാധിച്ചെന്നായിരുന്നു സര്‍ക്കാര്‍ അവകാശവാദം. ഈ കണക്കുകള്‍ വെച്ചുനോക്കിയാല്‍ മൂന്ന് ലക്ഷത്തിനും  നാല് ലക്ഷത്തിനുമിടയില്‍ ശസ്ത്രക്രിയകള്‍ കേരളത്തില്‍ അടിയന്തരാവസ്ഥയില്‍ മാത്രം നടന്നിട്ടുണ്ട്. സെന്‍സസ് കണക്ക് പ്രകാരം 1971 ല്‍ കേരളത്തിലെ ജനസംഖ്യ 2,13,47,375  ആണ് (പട്ടിക ഒന്ന് കാണുക). അതുവെച്ച് കണക്കുകൂട്ടിയാല്‍  മൊത്തം ജനസംഖ്യയുടെ  1.41 - 1.87 ശതമാനം ജനങ്ങള്‍ വന്ധ്യംകരണത്തിന് വിധേയമായി.
അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഷാ കമീഷന്‍ റിപ്പോര്‍ട്ടില്‍ കണക്കുകള്‍ കുറച്ചുകൂടി വ്യത്യസ്തമാണ്.  1975-1976 വര്‍ഷത്തില്‍ കേരളത്തില്‍  1,48,400 വന്ധ്യംകരണമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ നടത്തിയത് 1, 56,622 എണ്ണം. 1976-77 വര്‍ഷത്തില്‍ ലക്ഷ്യമിട്ടത് 2, 22,500. നടത്തിയത് 2,06,600 എണ്ണം. അതായത്  1975, 1976 വര്‍ഷങ്ങളിലായി  3,63,222 പേര്‍. ഇത് അടിയന്തരാവസ്ഥയിലെ യഥാര്‍ത്ഥ കണക്കല്ല.   അടിയന്തരാവസ്ഥയില്‍ കേരളതില്‍ 39 പേര്‍ കുടുംബാസൂത്രണ വന്ധ്യംകരണം മൂലം മരിച്ചുവെന്ന് നിയമസഭയില്‍ പറഞ്ഞുവെങ്കില്‍ ഷാ കമീഷന്‍ പറയുന്നത് 40 പേര്‍ മരിച്ചുവെന്നാണ്. ഇന്ത്യയില്‍ 1, 07,56, 964 പേര്‍ 1975, 76 വര്‍ഷങ്ങളിലായി വന്ധ്യം കരണത്തിന് വിധേയമായതാണ് ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പണം നിര്‍ലോഭം അടിയന്തരാവസ്ഥയില്‍ കുടുംബാസൂത്രണത്തിനായി ചെലവഴിക്കപ്പെട്ടു. 1979 മാര്‍ച്ച് 26 ന് ആരോഗ്യമന്ത്രി കെ.പി. പ്രഭാകരന്‍ നിയമസഭയില്‍ നല്‍കിയ മറുപടി അനുസരിച്ച് 1974-75ല്‍ 2,70,05,200 രൂപയും 1975-76ല്‍ 3,93,07,996 രൂപയും 1976-77ല്‍ 6,27,16,956 രൂപയും 1977-78ല്‍  4,28,15,525 രൂപയും കുടുംബാസൂത്രണത്തിനായി ചെലവഴിച്ചു. അതായത് മൂന്ന് വര്‍ഷത്തേക്ക് 14,48,40,477 രൂപ. ഈ തുക 1955-1975 വരെ കുടുംബാസൂത്രണത്തിന് ചെലവിട്ട തുകക്ക് സമാനമായിരുന്നു (പട്ടിക രണ്ട് കാണുക).  1985 വരെയുള്ള വര്‍ഷങ്ങളില്‍ ഏറ്റവും അധികം തുക ചെലവഴിച്ചത് 1976-1977 കാലത്തായിരുന്നു.1976-77 കാലഘട്ടത്തില്‍ വധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് 19 പേര്‍ മരിക്കുകയും 536 പേര്‍ക്ക് പ്രത്യേകചികിത്സ നല്‍കുകയും ചെയ്യേണ്ടിവന്നു എന്നത് വേറെ കാര്യം. വന്ധ്യംകരണ ശസ്ത്രക്രിയ അടിയന്തരാവസ്ഥയില്‍ ചെയ്തിട്ടുള്ളവര്‍ക്ക് അംഗവൈകല്യം വന്നിട്ടുണ്ടെന്ന് തെളിയിച്ചാല്‍ അയ്യായിരം രൂപ കൊടുക്കുമെന്ന്് കേന്ദ്ര സര്‍ക്കാറിന്‍െറ പ്രഖ്യാപനമുണ്ടായിരുന്നു. അതനുസരിച്ച് കേരളത്തില്‍ എത്രപേര്‍ക്ക് തുക ലഭിച്ചു എന്നതിന് ഒരു കണക്കും ലഭ്യമല്ല.
ആറാം പദ്ധതിയുടെ അവസാനത്തോട് കൂടി ജനനനിരക്ക് 1000 ന് 30 ആക്കി കുറക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്‍െറ ലക്ഷ്യം. 1973ല്‍തന്നെ കേരളം ഈ ലക്ഷ്യം നേടിയിരുന്നു.  1976 ലെ കണക്കു പ്രകാരം ജനനനിരക്ക് 27 ആയി കുറഞ്ഞിട്ടുണ്ടെന്നും  പൊതുജനാരോഗ്യ മന്ത്രി കെ.പി. പ്രഭാകരന്‍ സഭയെ അറിയിച്ചു. ഈ മറുപടിയില്‍ വ്യക്തമാകുന്ന നഗ്നസത്യം കേരളത്തില്‍ അടിയന്തരാവസ്ഥയില്‍ നടന്ന കുടുംബാസൂത്രണ അതിക്രമങ്ങളെല്ലാം അനാവശ്യമായിരുന്നുവെന്നാണ്. ലക്ഷ്യം നേടിക്കഴിഞ്ഞിട്ടും 14 കോടി രൂപ മുടക്കി മൂന്ന്-നാല് ലക്ഷം പേരെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഫലത്തില്‍ ജനങ്ങളുടെ ചെലവില്‍ ജനങ്ങള്‍ക്കുമേല്‍ ഭരണകൂട ഭീകരത അരങ്ങേറി. അതിന്‍െറ പേരില്‍ അന്നത്തെ ആഭ്യന്തര മന്ത്രിയടക്കം ആരെയും കുറ്റവിചാരണ ചെയ്യുകയുമുണ്ടായില്ല.          

ശിക്ഷ ഇളവിന് വന്ധ്യംകരണം

1977 ആഗസ്റ്റ് എട്ടിന് സുബ്രഹ്മണ്യം ഷേണായിയുടെ ചോദ്യത്തിന് ആഭ്യന്തരമന്ത്രി നല്‍കിയ മറുപടിയില്‍ അടിയന്തരാവസ്ഥയുടെ മുഴുവന്‍ ഭീകരതയും അടങ്ങിയിട്ടുണ്ട്. ചോദ്യങ്ങള്‍ ഇതാണ്:
എ.  കുടുംബാസൂത്രണ ശസ്ത്രക്രിയക്ക് വിധേയരാകുന്ന തടവുകാര്‍ക്ക് ശിക്ഷയുടെ കാലാവധിയില്‍ ഇളവ് അനുവദിക്കുന്നുണ്ടോ?
ബി. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍വെച്ച് ഇത്തരം ശസ്ത്രക്രിയക്ക് വിധേയരാക്കപ്പെട്ടവര്‍ എത്രപേരുണ്ട്?
സി. ഏതേത് ജയിലുകളില്‍ എത്രവീതം?
ഡി. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ശിക്ഷയില്‍ ഇളവ് കൊടുത്തിട്ടുണ്ടെന്ന് പരിഗണിച്ച് ഇവിടെയും ആ ഇളവ് അനുവദിക്കുമോ?
ഉത്തരം:
എ. ഉണ്ട്
ബി. അടിയന്തരാവസ്ഥക്കാലത്ത് സംസ്ഥാനത്തെ വിവിധ ജയിലുകളിലെ 184 തടവുകാര്‍ ഇത്തരം ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ട്.
സി. 1. സെന്‍ട്രല്‍ പ്രിസണ്‍, വിയ്യൂര്‍ -20
       2. ജില്ലാ ജയില്‍, കോഴിക്കോട് -14
       3. സെന്‍ട്രല്‍ പ്രിസണ്‍, കണ്ണൂര്‍ -105
       4 സബ് ജയില്‍, കണ്ണൂര്‍ -27
       5. സബ്ജയില്‍ പത്തനംതിട്ട -5
       6. സബ്ജയില്‍, ഇരിങ്ങാലക്കുട -13
ഡി.  ഇപ്പോള്‍തന്നെ ഇതിന് വ്യവസ്ഥയുള്ളതിനാല്‍ ചോദ്യം ഉദിക്കുന്നില്ല.
ഇത് അടിയന്തരാവസ്ഥയിലെ മാത്രം കണക്കാണ്. അതിന് മുമ്പും പിമ്പും കേരളം തടവുകാരോട് എങ്ങനെ പെരുമാറിയെന്ന കണക്ക് ഇപ്പോഴും ലഭ്യമല്ല. കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം നടത്തിയത് ജയില്‍ശിക്ഷ അനുഭവിക്കുന്നവരോടാണ്. തടവുകാര്‍ക്ക് മോചനം എന്നത് ഏറ്റവും വലിയ സ്വപ്നമാണ്. ശിക്ഷയിളവ്, മോചനം എന്നിങ്ങനെയുള്ള വാഗ്ദാനം നല്‍കി തടവുകാരെ വന്ധ്യംകരണത്തിന് വിധേയമാക്കുകയായിരുന്നു ഭരണകൂടം.  ഏതൊരു പരിഷ്കൃതസമൂഹത്തിനും  ഇത്  അപമാനകരമാണ്.


രോഹിണി പിന്നെ എന്തിന് സാക്ഷ്യം?

കുടുംബാസൂത്രണം മൂലം സംസ്ഥാനത്ത് നിത്യരോഗികളായവര്‍ ആരെങ്കിലുമുണ്ടോയെന്ന് നിയമസഭയില്‍ പലവട്ടം ചോദ്യമുയര്‍ന്നു. ഇല്ളെന്നായിരുന്നു ആവര്‍ത്തിച്ചുള്ള മറുപടി. 1978 ഫെബ്രുവരി 15ന് ഭാര്‍ഗവി തങ്കപ്പന്‍, ഇ. ചന്ദ്രശേഖരന്‍ നായര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി ജെ. ചിത്തരഞ്ജന്‍ മറുപടി പറഞ്ഞതും അത്തരത്തിലാണ്.
കുടുംബാസൂത്രണ ശസ്ത്രക്രിയക്ക് വിധേയരായതുമൂലം ആരും നിത്യരോഗികളായി മാറിയതായി അറിവില്ളെന്നും എന്തെങ്കിലും വൈഷമ്യം നേരിടുന്നവര്‍ക്ക് ആവശ്യമായ വൈദ്യസഹായം സൗജന്യമായി ഗവണ്‍മെന്‍റ് നല്‍കുന്നുണ്ടെന്നുമായിരുന്നു മറുപടി.  കൂടാതെ അങ്ങനെയുള്ളവര്‍ക്ക് 500 രൂപ വരെയുള്ള തുക നഷ്ടപരിഹാരമായും നല്‍കുന്നുണ്ടെന്നും കേരളത്തില്‍ 1470 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്നും ചിത്തരഞ്ജന്‍ പറഞ്ഞു. പക്ഷേ, ഇതൊരു ശുദ്ധനുണയായിരുന്നു. കേരളത്തിന്‍െറ കുടുംബാസൂത്രണ-വന്ധ്യംകരണ ശസ്ത്രക്രിയകളുടെ രക്തസാക്ഷിയാണ്  രോഹിണി.
കുന്ദമംഗലം സ്വദേശിയായ രോഹിണി കുടുംബാസൂത്രണ ശസ്ത്രക്രിയക്ക് വിധേയയായത് 1971 സെപ്റ്റംബര്‍ 12 നാണ്. കോഴിക്കോട് കടപ്പുറം ഗവ. ജനറല്‍ ആശുപത്രിയില്‍. എന്നാല്‍, അനസ്തേഷ്യ നല്‍കിയതിലെ തകരാറുമൂലം ചലനശേഷി നഷ്ടപ്പെട്ടു.  നാല് പതിറ്റാണ്ട് ചലനമറ്റ് കിടക്കയില്‍ അവര്‍ കിടന്നു. കേരളത്തില്‍ കുടുംബാസൂത്രണം കാര്യക്ഷമമായി നടന്നു എന്ന എല്ലാ അവകാശവാദങ്ങളെയും രോഹിണിയുടെ അനുഭവം റദ്ദുചെയ്യുന്നുണ്ട്.
1980 ജൂലൈ 16 ന് വക്കം പുരുഷോത്തമന്‍ നിയമസഭയില്‍  കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ക്ക് വിധേയമായവരില്‍ ആരോഗ്യം നഷ്ടമായതായി സര്‍ക്കാറിന് പരാതികള്‍ കിട്ടുന്നുണ്ടെന്നു സമ്മതിച്ചു. കിട്ടുന്ന പരാതികള്‍ അതത് ജില്ലകളിലെ കുടുംബക്ഷേമ ഓഫിസര്‍മാര്‍ക്ക് അയച്ച് അന്വേഷണം നടത്തിക്കുന്നു. വിദഗ്ധ ചികിത്സ നല്‍കേണ്ട കേസുകള്‍ക്ക് അതിനുള്ള ഏര്‍പ്പാട് ചെയ്യുകയും മറ്റ് അര്‍ഹതയുള്ള കേസുകള്‍ക്ക് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്യുന്ന സംഖ്യ സ്റ്റേറ്റ് കമ്മിറ്റി പരിശോധിച്ചശേഷം എക്സ്ഗ്രേഷ്യ അലവന്‍സായി നല്‍കിവരുന്നതായും അദ്ദേഹം പറഞ്ഞു. കുടുംബക്ഷേമപരിപാടിയുടെ ചെലവ് പൂര്‍ണമായും വഹിക്കുന്നത് കേന്ദ്രസര്‍ക്കാറാണ്.  കൂടുതല്‍ സാമ്പത്തികസഹായം നല്‍കുന്നത് കേന്ദ്രസര്‍ക്കാറിന്‍െറ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്ന് വക്കം മറുപടി പറഞ്ഞു.
മറ്റൊരു ചോദ്യത്തിന് വക്കത്തിന്‍െറ മറുപടി ഇങ്ങനെയായിരുന്നു: ‘‘കുടുംബാസൂത്രണ ശസ്ത്രക്രിയയുടെ അനന്തരഫലമായി വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് സൗജന്യചികിത്സയും പുറത്തുനിന്ന് വാങ്ങേണ്ടിവരുന്ന മരുന്നുകളുടെ വിലയും ആശുപത്രിയില്‍ കിടക്കുന്ന ദിവസങ്ങള്‍ക്കും വിശ്രമമെടുക്കാന്‍ ഉപദേശിക്കുന്ന ദിവസങ്ങള്‍ക്കും പരമാവധി പ്രതിദിനം അഞ്ചുരൂപ നിരക്കില്‍ നഷ്ടപ്പെട്ട വേതനത്തിന് പരിഹാരമായി നല്‍കിവരുന്നുണ്ട്. ഇവര്‍ക്ക് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യചികിത്സ നല്‍കുന്നുണ്ട്.’’ പക്ഷേ,  വക്കമോ മറ്റാരെങ്കിലുമോ കേരളത്തില്‍ കുടുംബാസൂത്രണം മൂലം നിത്യരോഗികളായവരുണ്ടെന്ന് സമ്മതിച്ചിട്ടില്ല.


ഉദ്യോഗസ്ഥര്‍ക്കും പ്രമോട്ടര്‍മാര്‍ക്കും സമ്മര്‍ദം

കുടുംബാസൂത്രണരംഗത്ത് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കും പ്രമോട്ടര്‍മാര്‍ക്കും മേല്‍ തുടക്കം മുതല്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ചത് അമിതഭാരവും ശിക്ഷാ നടപടികളുമാണ്.  1976 ഡിസംബര്‍ 23 ന്  നിയമസഭയില്‍ പിണറായി വിജയന്‍െറ ചോദ്യത്തിന്  ആരോഗ്യമന്ത്രി നല്‍കിയ മറുപടി പ്രകാരം കുടുംബാസൂത്രണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്  ചുരുങ്ങിയത് ഇത്ര ആളുകളെ ശസ്ത്രക്രിയക്ക് വിധേയരാക്കണമെന്ന ക്വോട്ട നിശ്ചയിച്ചിട്ടുണ്ടെന്നും  ക്വോട്ട പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരുടെ പേരില്‍ നടപടി എടുത്തിരുന്നുവെന്നുമാണ്. നടപടികള്‍ നേരിടാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ വഴിവിട്ടുപ്രവര്‍ത്തിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറാന്‍ ഇതായിരുന്നു മുഖ്യകാരണം.
അടിയന്തരാവസ്ഥയിലടക്കം കുടുംബാസൂത്രണ-വന്ധ്യംകരണ ശസ്ത്രക്രിയക്ക് അതിന്‍െറ പ്രചാരകരായിരുന്നവര്‍ മറ്റ് മതവിഭാഗങ്ങളിലെ ആളുകളെ പലയിടത്തും കൂടുതലായി വന്ധ്യംകരണത്തിന് വിധേയമാക്കുന്നതായി   ആരോപണമുയര്‍ന്നിരുന്നു. ഇന്ദിരാ അനുയായികള്‍ കൂടുതലുള്ള തൃശൂരിലായിരുന്നു ഇത്തരം ആരോപണം ഉയര്‍ന്നത്.
അടിയന്തരാവസ്ഥയില്‍ കുടുംബാസൂത്രണ  പദ്ധതികള്‍ക്ക് ലഭിച്ച കുപ്രസിദ്ധി മൂലം പിന്നീട് അധികാരത്തിലത്തെിയ ജനതാ സര്‍ക്കാര്‍ പദ്ധതിയുടെ പേര് മാറ്റി കുടുംബസൗഭാഗ്യയജ്ഞം എന്നാക്കി. 1977 ന് ശേഷം കുടുംബാസൂത്രണം പൂര്‍ണമായും സ്വയം സന്നദ്ധമായിരിക്കണമെന്നും നിശ്ചയിച്ചു.  മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് സര്‍വിസ് (എം.സി.എച്ച് സര്‍വിസുകള്‍) കുടുംബാസൂത്രണ പദ്ധതികളുമായി ചേര്‍ത്തു.
എന്നാല്‍, വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് നല്‍കിവന്ന സഹായത്തില്‍ 1977  ജൂലൈ ഒന്നു മുതല്‍   മാറ്റം വരുത്തി. (പട്ടിക മൂന്ന് കാണുക) കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ഓരോ ശസ്ത്രക്രിയക്കും നല്‍കിവന്ന സഹായം 1977 ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ത്തലാക്കി. മുപ്പത് വര്‍ഷത്തിന് ശേഷം,  2007 ല്‍ സര്‍ക്കാര്‍ വന്ധ്യംകരണത്തിനു വിധേയമാകുന്ന പുരുഷനും സ്ത്രീക്കും നല്‍കുന്ന തുക 800 ല്‍നിന്ന് 1500 രൂപയായി ഉയര്‍ത്തി.  എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ സൗജന്യചികിത്സയും ഏര്‍പ്പെടുത്തും. ശസ്ത്രക്രിയ പരാജയപ്പെട്ട് വീണ്ടും കുട്ടികളുണ്ടായാല്‍ 30,000 രൂപ ഇന്‍ഷുറന്‍സ് തുകയായും നല്‍കും.
1970 കളുടെ അവസാനം വന്ധ്യംകരണ ശസ്ത്രക്രിയക്ക് മൂന്നുതരത്തിലുള്ള പ്രോത്സാഹനതുകയാണ് നല്‍കിയത്.  രണ്ടോ അതില്‍ കുറവോ കുട്ടികള്‍ ഉള്ളവര്‍ക്ക് 100 രൂപയും മൂന്നു കുട്ടികള്‍ ഉള്ളവര്‍ക്ക് 60 രൂപയും നാലോ അതില്‍ കൂടുതലോ കുട്ടികളുള്ളവര്‍ക്ക് 50 രൂപയും  പ്രോത്സാഹനതുക നല്‍കി.  ഇതിനുപുറമെ യാത്രാചെലവിന് അഞ്ചു രൂപ കൊടുത്തു. ആഹാരചെലവിനായി പുരുഷന്മാര്‍ക്ക് അഞ്ചുരൂപ വീതവും സ്ത്രീകള്‍ക്ക് 20 രൂപ വീതവും അനുവദിച്ചു.
1970 കളുടെ ഒടുവില്‍ ഫാമിലി പ്ളാനിങ് വളന്‍ററി വര്‍ക്കേഴ്സായി സംസ്ഥാനത്താകെ 1600 പേരുണ്ടായിരുന്നു. അവര്‍ക്ക് 60 രൂപയാണ് ഓണറേറിയമായി കൊടുത്തിരുന്നത്. സാധാരണ പാര്‍ട്ട് ടൈം കണ്ടിന്‍ജന്‍സി ജീവനക്കാര്‍ക്ക് കൊടുത്തിരുന്ന അതേ വേതനം.
കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ തൊഴിലില്ലാത്ത ദമ്പതികളുടെ സേവനം  പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരം  1979-80, 1980-81 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തി.  1980 കളില്‍  തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിപ്രകാരം പ്രമോട്ടര്‍ ദമ്പതിമാരെ  ആരോഗ്യവകുപ്പ്  കുടുംബാസൂത്രണ പ്രവര്‍ത്തനത്തിന് നിയോഗിച്ചിരുന്നു.  തൊഴില്‍ വകുപ്പിന്‍െറ ഫണ്ട് ആരോഗ്യ വകുപ്പില്‍കൂടി വകമാറ്റിയാണ് പ്രമോട്ടര്‍ ദമ്പതിമാര്‍ക്ക് പ്രമോട്ടിങ് ഫീസ് നല്‍കിയിരുന്നത്. 1981 മാര്‍ച്ച് 31 മുതല്‍ പ്രമോട്ടര്‍ ദമ്പതികളുടെ സേവനം  സര്‍ക്കാര്‍ വേണ്ടെന്നുവെച്ചു. ഇവരുടെ പ്രവര്‍ത്തനംകൊണ്ട് കുടുംബക്ഷേമ പരിപാടി നടപ്പാക്കുന്നതില്‍ കാര്യമായ നേട്ടമൊന്നുമുണ്ടായില്ലയെന്ന് ബോധ്യമായതുകൊണ്ടാണ്  വേണ്ടെന്നുവെച്ചത് എന്ന ന്യായീകരണമാണ് സര്‍ക്കാര്‍ നല്‍കിയത്.
എന്നാല്‍, അതും വാസ്തവവിരുദ്ധമായിരുന്നു.  1981 ജൂലൈ 21 ന് എം.ആര്‍. രഘുചന്ദ്രബാല്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് ലഭിച്ച മറുപടി പ്രകാരം 1980 ല്‍  പ്രമോട്ടര്‍ ദമ്പതികള്‍ 9000 പേരെ ശസ്ത്രക്രിയക്ക് പ്രേരിപ്പിച്ചുവെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. 1980 ല്‍ നടന്ന കുടുംബാസൂത്രണ ശസ്ത്രക്രിയകളില്‍ എട്ട് ശതമാനം പ്രമോട്ടര്‍ ദമ്പതികള്‍ ശിപാര്‍ശ ചെയ്തതായിരുന്നു. എന്നാലും നിഷ്കരുണം പ്രമോട്ടര്‍ ദമ്പതിമാരെ പുറംതള്ളി. അവര്‍ക്കാകട്ടെ മറ്റെന്തെങ്കിലും തൊഴില്‍ നല്‍കിയതുമില്ല.
അടിയന്തരാവസ്്ഥക്ക് ശേഷവും നിരവധി ആരോപണങ്ങള്‍ കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു. ക്വോട്ട നിശ്ചയിക്കാന്‍  ഉദ്യോഗസ്ഥരും പ്രമോട്ടര്‍മാരും വളഞ്ഞ വഴികള്‍ പലതും സ്വീകരിക്കുന്നുവെന്നായിരുന്നു അതില്‍ പ്രമുഖം. 1990 ല്‍  അവിവാഹിതനായ  കൊയിലാണ്ടി സ്വദേശി മുരളിയെ പണം തരാമെന്ന് പ്രലോഭിപ്പിച്ച് നരിക്കുനി ഹെല്‍ത്ത് സെന്‍ററില്‍ പ്രമോട്ടര്‍മാര്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി. കലശലായ വേദനയും മാനസികത്തര്‍ച്ചയും മൂലം മുരളിയുടെ ആരോഗ്യം തകര്‍ന്നു. നേര്‍ത്ത മാനസികവൈകല്യമുള്ള മുരളി കോഴിക്കോട് കോര്‍പറേഷന്‍ ബസ്സ്റ്റാന്‍ഡില്‍ കിടന്നുറങ്ങുമ്പോഴാണ് പ്രമോട്ടര്‍   400 രൂപ തരാമെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചത്. കുത്തിവെപ്പ് എടുക്കണമെന്ന് പറഞ്ഞ് പേപ്പറുകളില്‍ ഒപ്പിടീച്ചു. 400 രൂപയും രണ്ടു തരം ഗുളികയും ഒരു ലോട്ടറി ടിക്കറ്റും നല്‍കിയാണ് വിട്ടയച്ചത്. ശസ്ത്രക്രിയക്കുശേഷം സംഭവം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
1990 മാര്‍ച്ചില്‍ തിരുവനന്തപുരത്ത് 17 വയസ്സുകാരനും അവിവാഹിതനുമായ കൂലിപ്പണിക്കാരനെ  തെറ്റിദ്ധരിപ്പിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി.   തിരുവനന്തപുരം പെരുന്തരനി സ്വദേശിയും ചാല പച്ചക്കറി മാര്‍ക്കറ്റില്‍ ലോഡിങ് തൊഴിലാളിയുമായിരുന്ന വ്യക്തിയെ  പ്രമോട്ടര്‍ ഫോര്‍ട്ട് ആശുപത്രിയില്‍ നടന്ന കുടുംബാസൂത്രണ ക്യമ്പില്‍ എത്തിച്ചു.  245 രൂപയും സ്റ്റീല്‍ പാത്രവും ഒരു ലോട്ടറിടിക്കറ്റും സമ്മാനമായി നല്‍കി.  ടാര്‍ഗറ്റ് തികക്കാന്‍ വേണ്ടി ചെയ്തവയായിരുന്നു  ഈ  അതിക്രമങ്ങള്‍.  ഇത് പുറത്തുവന്ന ഏതാനും കഥകളില്‍ ചിലതു മാത്രം.
ലോകബാങ്ക് സഹായത്തോടെ 1980 കളുടെ അവസാനം  ഇന്ത്യയില്‍ നടപ്പാക്കിയ ഇന്ത്യാ പോപ്പുലേഷന്‍ പ്രോജക്ട്  പ്രകാരം മലപ്പുറം, പാലക്കാട്, വയനാട്, ഇടുക്കി ജില്ലകള്‍ക്ക് മാത്രം 44 കോടി രൂപയാണ് അനുവദിച്ചത്. ആരോഗ്യരംഗത്തെ ബോധവത്കരണവും ശിശുമരണനിരക്ക് കുറക്കുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍ തുക പരമാവധി ദമ്പതികളെ വന്ധ്യംകരിക്കാനാണ് സര്‍ക്കാര്‍ വിനിയോഗിച്ചത്. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദമുണ്ടായി. നിലവില്‍ ടാര്‍ഗറ്റ് ഇല്ലാത്ത കുടുംബാസൂത്രണ പദ്ധതികളാണ് നടപ്പാക്കുന്നത് എന്നാണ് കേന്ദ്രം അവകാശപ്പെടുന്നതെങ്കിലും അതല്ല ഫലത്തില്‍ സംഭവിക്കുന്നത്.

കുടുംബാസൂത്രണം  സ്ത്രീകളുടെ ബാധ്യത

ആദ്യഘട്ടത്തില്‍നിന്ന് വ്യത്യസ്തമായി 1973 ന് ശേഷം കുടുംബാസൂത്രണത്തിന് തീര്‍ത്തും സ്ത്രീവിരുദ്ധമായ സ്വഭാവം കൈവന്നു. വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരാകേണ്ട ബാധ്യത സ്ത്രീകളുടേത് മാത്രമായി.  1957-58 ല്‍ സംസ്ഥാനത്ത് നടന്ന 78 ശതമാനവും  പുരുഷ വന്ധ്യംകരണമായിരുന്നു.1952-1960 വരെ നടന്ന വന്ധ്യംകരണ ശസ്ത്രക്രിയകളില്‍ 93 ശതമാനം പുരുഷന്മാരായിരുന്നു.  1961-1970 വരെയുള്ള വര്‍ഷങ്ങളില്‍ 84 ശതമാനവും പുരുഷന്മാരായിരുന്നു.  1973 വരെ പുരുഷന്മാരാണ് സ്ത്രീകളെക്കാള്‍ വന്ധ്യംകരണത്തിന് വിധേയമായത്. പക്ഷേ, 1973 ന് ശേഷം സ്ത്രീകളിലെ വന്ധ്യംകരണത്തിനായി (ട്യൂബെക്ടോമി)പ്രാധാന്യം. 1976 മാത്രമായിരുന്നു അപവാദം.  1980-81 ല്‍  പുരുഷ വന്ധ്യംകരണം 14 ശതമാനമായി താണു. 1990-91 ല്‍ അത് 1.8 ശതമാനമായി. 2000-2001 ല്‍ അത് 0.5 ശതമാനമായി താണു. 1,25, 338 സ്ത്രീകള്‍ വന്ധ്യംകരണത്തിന് വിധേയമായപ്പോള്‍ പുരുഷന്മാര്‍ 653 ആയി താണു (പട്ടിക നാല് കാണുക) അതായത്  0.5 ശതമാനം. ഇന്ത്യയില്‍ ആകെ വന്ധ്യംകരണ ശസ്ത്രക്രിയകളില്‍ നാല് ശതമാനം മാത്രമാണ് വാസക്ടമി. അങ്ങനെ സ്ത്രീയുടെ ചെലവിലായി കുടുംബാസൂത്രണത്തെക്കുറിച്ചുള്ള ഊറ്റം കൊള്ളലെല്ലാം.  കേരളത്തില്‍ ഭൂരിഭാഗം പ്രസവവും ആശുപത്രികളില്‍ നടക്കുന്നതാണ് സ്ത്രീകളുടെ വന്ധ്യംകരണ നിരക്ക്മാത്രം വര്‍ധിക്കാന്‍ ഒരു കാരണം. ആശുപത്രികളില്‍ പ്രസവത്തോടനുബന്ധിച്ചുതന്നെ  വന്ധ്യംകരണശസ്ത്രക്രിയ നടത്തുന്നതായി പതിവ്്.
പുരുഷന്മാരില്‍  15 മിനിറ്റു നീളുന്ന നിസ്സാര ശസ്ത്രക്രിയയാണ് വന്ധ്യംകരണത്തിന് ആവശ്യം. വേദനയുണ്ടാവില്ല, ചോര നഷ്ടപ്പെടില്ല.  മുറിവിന് തുന്നലും വേണ്ട. രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം ധാരാളം. 99 ശതമാനംവരെ വിജയകരവും.  എന്നാല്‍, സ്ത്രീകളില്‍ നടപടി സങ്കീര്‍ണമാണ്. താക്കോല്‍ദ്വാരത്തിലൂടെയാണെങ്കിലും ഉദരപേശികള്‍ തുളച്ചുള്ള ശസ്ത്രക്രിയ ഒരു മണിക്കൂര്‍ നീളും. ദിവസങ്ങളോളം വേദനയുണ്ടാകും. ആഴ്ചകള്‍ വിശ്രമിക്കണം. ചെലവും കൂടുതല്‍.പക്ഷേ, ഈ കണക്കിന്‍െറ യുക്തിയൊന്നും കേരളത്തിലെ പുരുഷന്മാര്‍ക്ക് ബാധകമല്ല.  അവര്‍ വന്ധ്യംകരണ ബാധ്യത സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചു.
ഇത് തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ 2000 ഒടുവില്‍ പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയകളുടെ എണ്ണം കൂട്ടാന്‍ കേരളത്തിലും തീവ്രശ്രമം തുടങ്ങി. പുരുഷ വന്ധ്യംകരണശസ്ത്രക്രിയ 10 ശതമാനമാണ് കുറഞ്ഞത് നടക്കേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നത്.
ഇതിന്‍െറ ഫലമായിട്ടാവണം അനൗദ്യോഗിക കണക്ക് പ്രകാരം 2012-2013 ല്‍  പുരുഷ വന്ധ്യംകരണത്തിന്‍െറ തോത്  2.1  ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.  2012 ല്‍  99,126   സ്ത്രീകളും    2128 പുരുഷന്മാരുമാണ് വന്ധ്യംകരണത്തിന് വിധേയമായത്.  2014 ല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ലോക്സഭയില്‍ സമര്‍പ്പിച്ച കണക്കുപ്രകാരം  2011 ല്‍ 1,50,540  സ്ത്രീകളെ വന്ധ്യംകരിച്ചു.  2012 ല്‍ അത് 2,01,715 ആയി. 33.99 ശതമാനം വര്‍ധന.   ഈ കാലയവളില്‍ പുരുഷ വന്ധ്യം കരണം 3.03 ശതമാനം മാത്രമാണ്.

ആദിവാസിവംശഹത്യയിലേക്ക് വഴിതുറന്ന് 

കുടുംബാസൂത്രണ വന്ധ്യംകരണ ശസ്ത്രക്രിയകളുടെ തുടക്കം മുതല്‍ ഇന്നുവരെ അതിന്‍െറ ഏറ്റവും വലിയ ഇര അടിസ്ഥന വര്‍ഗ, ജാതി വിഭാഗങ്ങളെപ്പോലെ  ആദിവാസികളുമായിരുന്നു. വയനാട്ടിലും ഇടുക്കിയിലും  മലപ്പുറത്തും പലപ്പോഴും ക്വോട്ട തികക്കാന്‍ ഇരയാക്കിയത് ആദിവാസികളെയാണ്. വയനാട്ടില്‍ 2008 ലും 2010ലും നടന്ന വന്ധ്യംകരണ ക്യാമ്പുകളില്‍ അവിവാഹിതര്‍ ഉള്‍പ്പെടെയുള്ള ആദിവാസികള്‍ കൂട്ടത്തോടെ എത്തി.  1200 രൂപ എന്ന  പ്രലോഭനവും വളന്‍റിയര്‍മാരുടെ നിര്‍ബന്ധവുമാണ് ശസ്ത്രക്രിയക്ക് വിധേയരാകാന്‍ പ്രേരിപ്പിച്ചത് എന്ന് പിന്നീട് ആദിവാസികള്‍ തുറന്നുപറഞ്ഞു.
2009ല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍  നെടുങ്കയം വനമേഖലയിലെ സംരക്ഷിത ഗോത്രവര്‍ഗമായ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പെട്ട യുവാക്കളെയാണ്, ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ വന്ധ്യംകരണത്തിന് വിധേയമാക്കിയത്. കാട്ടുനായ്ക്കരെ വന്ധ്യംകരണത്തിന് പ്രേരിപ്പിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴായിരുന്നു അത്. ഇന്ന് ലോകത്ത് അന്യം വന്നുകൊണ്ടിരിക്കുന്ന ആദിമ ഗോത്രമാണ് ചോലനായ്ക്കര്‍. നിര്‍ബന്ധിത വന്ധ്യംകരണം ഇവരുടെ വംശമറ്റ് പോകുന്നതിന് കാരണമായിട്ടുണ്ടോ എന്ന അന്വേഷണം ആവശ്യമാണ്. അങ്ങനെയെങ്കില്‍ ആസൂത്രിത വംശഹത്യക്ക് ഭരണകൂടം ഉത്തരം പറയേണ്ടിവരും.
 വയനാട്ടിലെ മേപ്പാടി ഏലവയല്‍ പണിയ കോളനിയിലെ രണ്ടു ചെറുപ്പക്കാരെയും വന്ധ്യംകരണത്തിന് വിധേയമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ കോളനിയിലത്തെി ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇത്. മൂന്ന് കുട്ടികളില്‍ കൂടുതലുള്ള ആദിവാസികളില്‍ മാത്രമേ വന്ധ്യംകരണം ചെയ്യാവൂ എന്ന ഉത്തരവ് ലംഘിച്ചാണ് ആദിവാസികളെ വംശഹത്യക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയക്ക് വിധേയരായി നിത്യരോഗികളായവരും ആദിവാസികള്‍ക്കിടയിലുണ്ട്.
ആരോഗ്യവകുപ്പ്  വന്ധ്യംകരണത്തിന് നിശ്ചയിച്ച ക്വോട്ട പൂര്‍ത്തിയാക്കാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ഫീല്‍ഡ് വര്‍ക്കര്‍മാരും എത്തുന്നത് ആദിവാസി കോളനികളിലാണ്. ഒരാളെ ശസ്ത്രക്രിയക്ക് എത്തിച്ചാല്‍ ജീവനക്കാരന് 250 രൂപ ലഭിക്കും.  തുച്ഛമായ വേതനം പറ്റുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് വരുമാനത്തിന് ഇതേ വഴിയുള്ളൂ. പക്ഷേ, അതൊരു ന്യായീകരണമല്ല.

മറച്ചുവെച്ച  സത്യങ്ങള്‍

കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട യഥാര്‍ഥ കണക്കുകള്‍ ഒരിക്കലും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടില്ല. മരണവും ദുരിതവും സമൂഹത്തിന്‍െറ മുന്നില്‍നിന്ന് മറച്ചുവെച്ചു.
1976 ല്‍ വര്‍ക്കി പൈനാടന്‍ എറണാകുളം ജില്ലയില്‍പ്പെട്ട തന്‍െറ പഞ്ചായത്തില്‍ കുടുംബാസൂത്രണ ശസ്ത്രക്രിയക്ക് വിധേയമായി ഒരു ദലിത് യുവാവ് മരിക്കുകയും വേറെ ഒരു മുസ്ലിം യുവാവ് രോഗിയാവുകയും ചെയ്തതായി നിയമസഭയെ അറിയിച്ചിരുന്നു.
1970 കളുടെ ഒടുവില്‍ തലശ്ശേരി ആശുപത്രിയിലെ മരണങ്ങളില്‍ ചിലത് ഈ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്നായിരുന്നു.   ഇതേപ്പറ്റിയും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെപ്പറ്റിയും  എം.വി. രാജന്‍ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി കെ.പി. പ്രഭാകരന്‍ മറുപടി പറഞ്ഞത് ഇങ്ങനെ:  അതില്‍ ഒരു കേസ് പെന്‍ഡിങ്ങിലുണ്ട്. ധനസഹായം നല്‍കുന്നതിന് അര്‍ഹതപ്പെട്ട കേസാണെന്നാണു മനസ്സിലാകുന്നത്.  പ്രത്യേകമായി പരിശോധിച്ച് റെക്കമെന്‍റ് ചെയ്യാനായിട്ട് ഒരു കമ്മിറ്റിയുണ്ട്. ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തന്നെ കൊടുക്കും.
കുടുംബാസൂത്രണ ശസ്ത്രക്രിയ നടത്തിയിട്ടുള്ള നിരവധി പുരുഷന്മാരുടെ ഭാര്യമാര്‍ പ്രസവിച്ചിട്ടുള്ളതായി വളരെയധികം റിപ്പോര്‍ട്ടുണ്ട്  എന്ന് ആര്യാടന്‍ മുഹമ്മദ് ഉന്നയിച്ചതിനോട് മന്ത്രി  കെ.പി. പ്രഭാകരന്‍ (1978 നവംബര്‍ 8 മുതല്‍ 1979 ഒക്ടോബര്‍ വരെ പി.കെ. വാസുദേവന്‍നായര്‍ മന്ത്രിസഭയില്‍  പൊതുജനാരോഗ്യ മന്ത്രിയായിരുന്നു കെ.പി. പ്രഭാകരന്‍ ) പറഞ്ഞ മറുപടി നിരവധിപേര്‍ പ്രസവിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്ളെന്നാണ്. അങ്ങനെയുള്ള ചില കേസുകള്‍ ഉള്ളതായിട്ടറിയാം. ശസ്ത്രക്രിയ പൂര്‍ണമായി വിജയിച്ചുകൊള്ളണമെന്നില്ല. അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ പലപ്പോഴും വന്ധ്യംകരണ ശസ്ത്രക്രിയക്ക് ശേഷവും സ്ത്രീകള്‍ പ്രസവിച്ച സംഭവങ്ങളുണ്ടായി. സര്‍ക്കാര്‍ മറച്ചുവെച്ചെങ്കിലും ഇരകള്‍ കോടതിയില്‍ പോയി.  2007 ല്‍ കൊയിലാണ്ടിയിലെ മഷീദക്ക്   57,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോഴിക്കോട് കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍തലത്തില്‍ നടത്തുന്ന വന്ധ്യം കരണപദ്ധതി ലക്ഷ്യംതെറ്റിയാല്‍ വിധേയരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് 2015 ജനുവരി അഞ്ചിന് ഹൈകോടതി ഉത്തരവിട്ടു. വന്ധ്യംകരണത്തിന് വിധേയയായ മുകുന്ദപുരം കരുമത്തറ സ്വദേശിനിയുടെ ഹരജിയിലായിരുന്നു വിധി. 76,480 രൂപയാണ്  നഷ്ടപരിഹാരമായി വിധിച്ചത്.
 കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍െറ 1989-90 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം  1987-90 വര്‍ഷങ്ങളില്‍ കുടുംബാസൂത്രണ ശസ്ത്രക്രിയയെതുടര്‍ന്ന് രാജ്യത്ത് 1100 പേര്‍ മരിച്ചു. 1989-90 ല്‍ മൊത്തം 283 യുവതികള്‍ (ഭൂരിഭാഗവും  30 വയസ്സില്‍ താഴെയുള്ളവര്‍)  മരിച്ചു. 1988-89 ല്‍ 363 പേരാണ് മരിച്ചത്. 2003 മുതല്‍ 2012 വരെ വന്ധ്യം കരണം മൂലം 1434 പേര്‍ മരിച്ചു. 2009 ല്‍ 247 പേരും.  2008 മുതല്‍ 2012 വരെ അഞ്ചുവര്‍ഷത്തിനിടെ 675 സ്ത്രീകള്‍ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചു. 483 പേര്‍ക്ക് ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായി.  ഇതില്‍ കേരളത്തില്‍നിന്ന് ആരെങ്കിലും ഉള്‍പ്പെടുന്നോയെന്നതിന് കണക്ക് ലഭ്യമല്ല.
 കുടുംബാസൂത്രണരംഗത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായി മാറുമായിരുന്ന  ഒരു ശിപാര്‍ശ നടപ്പാക്കാതിരുന്നതില്‍ മുഖ്യപങ്കുവഹിച്ചത് മതസംഘടനകളും വിശ്വാസികളുമാണ്.  രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്നുള്ള പ്രചാരണം ശിക്ഷാര്‍ഹമാക്കുന്നതായിരുന്നു  2011 ല്‍ വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ചത്. 10,000 രൂപ പിഴയോ മൂന്നുമാസം തടവോ ആയിരുന്നു  വനിതാ-ബാല ക്ഷേമ ബില്‍ രണ്ടുകുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് നിശ്ചയിച്ചിരുന്നത്.  എന്നാല്‍, ശക്തമായ എതിര്‍പ്പിലൂടെ ഈ റിപ്പോര്‍ട്ടിനെ ജനം തള്ളി. കുടുംബാസൂത്രണത്തെപ്പറ്റി നിയമവൃത്തങ്ങളിലുള്‍പ്പെടെ എത്ര ജനാധിപത്യവിരുദ്ധമായ  നിലപാടാണ്  പുലര്‍ത്തുന്നത് എന്നതിന് കൃഷ്ണയ്യര്‍ റിപ്പോര്‍ട്ടും സാക്ഷ്യം.
കുടുംബാസൂത്രണത്തില്‍ 1980-81 മുതല്‍ 90 ശതമാനം ലക്ഷ്യം തുടര്‍ച്ചയായി നേടുന്നുവെന്നാണ് ആരോഗ്യവകുപ്പിന്‍െറ അവകാശവാദം.  1990-91 ല്‍ മാത്രമാണ് അത് സാധിക്കാതെ പോയത്.  1986-87 കാലത്ത് സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനത്തിന് രണ്ടാം സ്ഥാനം നേടിയതിന് കേരളത്തിന് ഒരുകോടി  ലഭിച്ചു. 1987-88കാലത്ത് ഒന്നാംസ്ഥാനത്ത് എത്തിയത് വഴി  2.5 കോടിയും.
1950 കളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. 1970 കളില്‍ ജനനനിരക്കില്‍ വന്‍ ഇടിവുകള്‍ സംഭവിച്ചു. ജനനനിരക്ക് 1985 ല്‍ 23.2 ആയിരുന്നത് 1995 ആയപ്പോള്‍ 17.7 ശതമാനമായി കുറഞ്ഞു. 2006 ല്‍ കേരളത്തിലായി ഏറ്റവും കുറഞ്ഞ ജനനനിരക്ക് (1000ന് 14.7 ശതമാനം). കേരളം സമ്പൂര്‍ണ ജനസംഖ്യാനിയന്ത്രണത്തിലേക്ക് നീങ്ങിയതായും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

വേണ്ടത്  ശാസ്ത്രീയസമീപനം

കുടുംബാസൂത്രണരംഗത്ത് ലക്ഷ്യങ്ങള്‍ നേടിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതിനാല്‍തന്നെ,  ഇനിയെങ്കിലും  ഈ മേഖലയില്‍ നിലനില്‍ക്കുന്ന അശാസ്ത്രീയവും മനുഷ്യാവകാശവിരുദ്ധവുമായ സമീപനം പൂര്‍ണമായും കൈയൊഴിയുകയാണ് വേണ്ടത്. വൈകിയ വേളയിലെങ്കിലും കുടുംബാസൂത്രണത്തില്‍ ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനം കൊണ്ടുവരണം. സ്ത്രീകള്‍ക്കുമേലുള്ള വന്ധ്യംകരണ ബാധ്യത ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കണം. ആദിവാസിമേഖലകളെ കുടുംബാസൂത്രണത്തില്‍നിന്ന് ഒഴിവാക്കണം. വംശഹത്യകളിലേക്ക് ആദിവാസിജനതയെ നയിക്കരുത്. അതിനെക്കാള്‍ എല്ലാം ഉപരിയായി കുടുംബാസൂത്രണത്തിന്‍െറ ഇരകള്‍ക്കും നിത്യരോഗികളായി കഴിയുന്നവര്‍ക്കും മാന്യമായ  നഷ്ടപരിഹാരം നല്‍കണം.


സൂചികകള്‍
1. 1950 മുതല്‍ 1980 വരെയുള്ള നിയമസഭാ രേഖകള്‍
2. http://www.kerala.gov.in
3. The Story of The Ernakulam Experience in Family planning, S.Krishna Kumar, 1971
4. എന്‍െറ  പ്രദക്ഷിണവഴികള്‍, എസ്. ജയചന്ദ്രന്‍നായര്‍, പേജ് 117, സൈന്‍ ബുക്സ്)
5. ജനപഥം, ജൂലൈ 2010 ലക്കം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ്
6.  ആണുങ്ങള്‍ക്കും വേണ്ടേ ആസൂത്രണം?, കെ.വി. കല. മാതൃഭൂമി ഓണ്‍ലൈന്‍  2011
7.  പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയകളുടെ എണ്ണം കൂട്ടാന്‍ തീവ്രയജ്ഞം, കെ.പി. റജി,  2011  ജൂലൈ 26,  മാധ്യമം ദിനപത്രം
8.  ആദിവാസികളെ  ഉന്മൂലനം ചെയ്യാനുള്ള ഗൂഢശ്രമം ബാലന്‍ മന്ത്രി അറിയുന്നുണ്ടോ? ടൈറ്റസ് കെ. വിളയില്‍, namonnu.blogspot.in,  2009
9. സെന്‍സസ്  ഓഫ്  ഇന്ത്യ
10.  ബിലാസ്പുര്‍ നല്‍കുന്ന പാഠങ്ങള്‍,  ഡോ.കെ. അനില്‍,  മാധ്യമം  ദിനപത്രം,  2014  നവംബര്‍ 2





പട്ടിക  ഒന്ന്
കേരളത്തിലെ ജനസംഖ്യ

1951    1,35,49,118
1961    1,69,03,715
1971    2,13,47,375
1981    2,54,03.217
1991    2,90,98,518
2001    3,18,38,619
2011    3,34,56,300

അവലംബം:  സെന്‍സസ്  ഓഫ് ഇന്ത്യ






പട്ടിക  രണ്ട്

കുടുംബാസൂത്രണ പദ്ധതികള്‍ക്കായി
കേരളം  ഓരോ വര്‍ഷവും ചെലവിട്ട തുക

1955-56:         4406.15 രൂപ
1956-57:         36,437.16
1957-58:         50,312.80
1958-59:        1,93,797.00
1959-60:        3,80,324.69
1960-61:        2,17,802.40
1967-68        13,18,400
1972-73        2,27,125,70
1974-75:       2,70, 05,200
1975-76:       3,93,07,996
1976-77:       6, 27,16,956
1977-78:        4, 28,15,525
1990-91:        60.30 കോടി
1991-92         60.97 കോടി
1992-1993     67.23  കോടി
1993-1994      68.50 കോടി
1994-95        74.65 കോടി
1999-2000    84 കോടി
2000-2001    57 കോടി
2001-2002    68 കോടി




പട്ടിക   മൂന്ന്


70 കളുടെ   അവസാനത്തില്‍  കുടുംബാസൂത്രണ 
മേഖലയില്‍ നല്‍കിയ ആനുകൂല്യം


1.  ശസ്ത്രക്രിയക്ക് വിധേയനാകുന്ന ആളിന് പ്രതിഫലം 50 രൂപ
2.  കമ്യൂണിറ്റി അവാര്‍ഡ് ശസ്ത്രക്രിയ ഒന്നിന് 2 രൂപ
3. ഇന്‍സ്റ്റിറ്റ്യൂഷന്‍ അവാര്‍ഡ് ശസ്ത്രക്രിയ ഒന്നിന് 1.50 രൂപ
4. ശസ്ത്രക്രിയക്ക് വിധേയയാകുന്ന സ്ത്രീക്ക് മരുന്നിന് 13 രൂപ
5. ശസ്ത്രക്രിയക്ക് വിധേയനാകുന്ന  പുരുഷന് മരുന്നിന് 8 രൂപ
6. ശസ്ത്രക്രിയക്ക് വിധേയയാകുന്ന സ്ത്രീക്ക് ഭക്ഷണത്തിന് 25 രൂപ
7. ലൂപ്പ് നിക്ഷേപത്തിന് വിധേയയാകുന്ന സ്ത്രീക്ക് പ്രതിഫലം 6 രൂപ
8.  ലൂപ്പ് നിക്ഷേപത്തിന് വിധേയയാകുന്ന സ്ത്രീക്ക് മരുന്നിന് 1.50 രൂപ
9. എക്സ്ഗ്രേഷ്യാ അലവന്‍സ് കേസൊന്നിന് 50 പൈസ

(എന്‍.കെ. ബാലകൃഷ്ണന്‍ ആരോഗ്യ-കൃഷി  മന്ത്രിയായിരുന്നപ്പോള്‍ നിയമസഭക്ക് നല്‍കിയ വിവരം.
1970   ഒക്ടോബര്‍  4  മുതല്‍ 1977 മാര്‍ച്ച് 25 വരെയാണ് എന്‍.കെ. ബാലകൃഷ്ണന്‍ ആരോഗ്യ-കൃഷി മന്ത്രി ചുമതല വഹിച്ചത്).




പട്ടിക  നാല്
വന്ധ്യംകരണം:    സ്ത്രീ-പുരുഷ എണ്ണത്തില്‍ വരുന്ന മാറ്റം

വര്‍ഷം    സ്ത്രീകള്‍  പുരുഷന്മാര്‍   പുരുഷപങ്കാളിത്തം
1957-66     26,307            88,855            78
1969-1970   18,404            42,142            70
1976-77      84,566          1,29,829          60
1980-81       97,120             15,854         14
1990-91      1,87,544             3003        1.8
2000-2001   1,25,338               653         0.5
2012-2013    99,126                 2128         2.1  (അനൗദ്യോഗികം)



മാധ്യമം ആഴ്ചപ്പതിപ്പ്, നമ്പര്‍ 903, 2015 ജൂണ്‍ എട്ട്

Friday, July 3, 2015

അടിയന്തരാവസ്ഥക്ക് ‘ശേഷം’ തെരഞ്ഞെടുപ്പില്‍ ജനം തോറ്റോ, ജയിച്ചോ?


ചരിത്രം/വിശകലനം


1977 ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ തലത്തില്‍ ഇന്ദിരാഗാന്ധി പരാജയപ്പെട്ടെങ്കിലും കേരളത്തില്‍ വന്‍ വിജയമാണ് നേടിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൃഗീയ ഭൂരിപക്ഷം നേടുകയും ചെയ്തു. എന്തുകൊണ്ടാണ് ചരിത്രനിമിഷങ്ങളില്‍ മലയാളി മറിച്ചു ചിന്തിച്ചത്? എന്തായിരുന്നു അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍?



അടിയന്തരാവസ്ഥക്ക് ‘ശേഷം’ 
തെരഞ്ഞെടുപ്പില്‍ ജനം  തോറ്റോ, ജയിച്ചോ? 


ആര്‍.കെ. ബിജുരാജ്

ഉയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധത എന്ന  മലയാളിയുടെ  ഊറ്റം കൊള്ളലുകളെ മുഴുവന്‍ നിഷേധിക്കാന്‍ പലപ്പോഴും ഉയര്‍ത്തിക്കാട്ടുന്ന ഒന്നാണ് അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളം കോണ്‍ഗ്രസിനും ഇന്ദിരാഗാന്ധിക്കും അനുകൂലമായി വോട്ട് ചെയ്തു എന്ന ആരോപണം. രാജ്യത്താകെ കോണ്‍ഗ്രസ് കടപുഴകിയപ്പോള്‍ കേരളം കോണ്‍ഗ്രസിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു.
കഥാകൃത്ത് സക്കറിയ അക്കാലത്ത് ‘കലാകൗമുദി’യില്‍ എഴുതിയ ലേഖനത്തില്‍ മലയാളിയെ  രൂക്ഷമായി ഇങ്ങനെ വിമര്‍ശിച്ചു: ‘‘ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും രാജസ്ഥാനിലെയും ഏഴകള്‍ മനുഷ്യാന്തസ്സിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടി ഒരു പാറ പോലെ ഉറച്ചുനിന്ന് നാടിന് വഴികാട്ടിയപ്പോള്‍ മലയാളി അവന്‍െറ തനി നിറം കാട്ടി. അവനെ ചുറ്റിപ്പറ്റി സ്വയം ഉണ്ടാക്കിവച്ചിരുന്ന ‘വിദ്യാഭ്യാസം', രാഷ്ട്രീയ പ്രബുദ്ധത' തുടങ്ങിയ വിശേഷണങ്ങള്‍ വന്‍ കെട്ടുകഥകളാണെന്ന് തെളിയിച്ചു’. ‘എല്ലാം മറന്ന നമ്മള്‍’ എന്ന ലേഖനത്തിലൂടെ ബി.ആര്‍.പി. ഭാസ്കറും, ‘ഈ ബാക്കി പത്രം ആര്‍ക്കുവേണ്ടി’ എന്ന ലേഖനത്തിലൂടെ വി.രാജകൃഷ്ണനുമെല്ലാം ഈ വിര്‍മശനം ആവര്‍ത്തിക്കുന്നുണ്ട്.
പിന്നീട് പലപ്പോഴായി എഴുതപ്പെട്ട നിരവധി ലേഖനങ്ങളിലും പ്രസംഗങ്ങളിലുമെല്ലാം അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചുവെന്ന കുറ്റം മലയാളിക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുണ്ട്. പക്ഷേ, ലളിതമായ തെറ്റ് തിരുത്തിക്കൊണ്ടേ നമുക്ക് മുന്നോട്ടുപോകാനാവൂ. ചരിത്രപരമായി, ഗൗരവമായ ഒരു തെറ്റ് ആവര്‍ത്തിച്ച് പ്രയോഗിക്കപ്പെട്ട ഈ വാചകത്തിലുണ്ട്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിലല്ല, അടിയന്തരാവസ്ഥയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് മലയാളി കോണ്‍ഗ്രസിനെ തെരഞ്ഞെടുത്തത് (സക്കറിയ, ബി.ആര്‍.പി. ഭാസ്ക്കര്‍, വി.രാജകൃഷ്ണന്‍ എന്നിവര്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍െറ പേരില്‍ മലയാളികളെ വിമര്‍ശിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് നടന്നത് അടിയന്തരാവസ്ഥക്ക് ശേഷമാണെന്ന് പറയുന്നില്ല. ധ്വനി അതാണെങ്കിലും).
1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 20 വരെയാണ് ഇന്ത്യയില്‍ അടിയന്തരാവസ്ഥ നിലനിന്നത്. 1977 ജനുവരി 19 ന് മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് അപ്രതീക്ഷിതമായി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു. മാര്‍ച്ച് 16 മുതല്‍ 19 വരെയാണ് ഇന്ത്യയില്‍  തെരഞ്ഞെടുപ്പ് നടന്നത്. കേരളത്തില്‍ മാര്‍ച്ച് 19 നായിരുന്നു തെരഞ്ഞെടുപ്പ്. മാര്‍ച്ച് 20 ന് വോട്ടുകള്‍ എണ്ണി. അടിയന്തരാവസ്ഥയുടെ അവസാന നാളില്‍ പൊലീസ് രാജില്‍ അല്‍പം ഇളവ് വരുത്തിയിരുന്നെങ്കിലും സ്ഥിതി ഒട്ടും മാറിയിരുന്നില്ല. ഭയത്തിന്‍െറ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഇന്ദിരാഗാന്ധി  വീണ്ടും അടിയന്തരാവസ്ഥ നീട്ടുമെന്നും കരുതപ്പെട്ടു. ജനുവരിയില്‍  പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ വിട്ടയച്ചിരുന്നുവെങ്കിലും ഭരണകൂടത്തോട്  കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച  മീസ പ്രകാരം ജയിലില്‍ കഴിഞ്ഞ നക്സലൈറ്റ് തടവുകാരടക്കമുള്ളവരെ വിട്ടയച്ചിരുന്നില്ല. അത്തരത്തിലുള്ള  നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായത് അടിയന്തരാവസ്ഥ പിന്‍വലിച്ച് നാല് നാളുകള്‍ക്കു ശേഷമാണ്. അതായത് തെരഞ്ഞെടുപ്പ് നടന്ന് അഞ്ചുനാളുകള്‍ക്ക് ശേഷം. ഈ തടവുകാരായിരുന്നു കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷം. അവര്‍ എന്തുചെയ്തു എന്നു നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം. പക്ഷേ, നമ്മളാദ്യം നോക്കേണ്ടത് കേരളത്തില്‍ കോണ്‍ഗ്രസ് എന്തുകൊണ്ട് ജയിച്ചുവെന്നും സി.പി.എം. ഉള്‍പ്പടെയുള്ള പ്രതിപക്ഷം തോറ്റുവെന്നുമാണ്.ആത്മനിഷ്ഠ ആഗ്രഹങ്ങളല്ല, അതിനനുസരിച്ച വസ്തുനിഷ്ഠ സാഹചര്യവും ഘടകങ്ങളുമാണ് സമൂഹത്തില്‍ രാഷ്ട്രീയമാറ്റം സാധ്യമാക്കുക.

കേരളത്തിലെ കക്ഷി രാഷ്ട്രീയ യാഥാര്‍ത്ഥ്യം
അന്നത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മുഖ്യപ്രതിപക്ഷമായ സി.പി.എമ്മിനെയും സഖ്യകക്ഷികളെയുമാണ് ആദ്യം വിശകലനം ചെയ്യേണ്ടത്.  1980കളിലും  90 കളിലും  സി.പി.എമ്മിനുണ്ടായിരുന്ന മേധാവിത്തം  70 കളില്‍ ഇല്ലായിരുന്നുവെന്നതാണ് സത്യം. 1964 ല്‍ പാര്‍ട്ടി പിളര്‍ന്നശേഷം കേരളത്തില്‍ നല്ല പങ്ക് നേതാക്കളും അണികളും സി.പി.ഐക്കൊപ്പമായിരുന്നു നിലകൊണ്ടത്. എ.കെ.ജി, ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ഒഴിച്ചാല്‍ തലയെടുപ്പുള്ള നേതാക്കള്‍ സി.പി.എമ്മില്‍ കുറവായിരുന്നു. അതേ സമയം എം.എന്‍.ഗോവിന്ദന്‍നായര്‍, ടി.വി.തോമസ്, സി. അച്യുതമേനോന്‍, എന്‍.ഇ. ബാലറാം, പി.കെ.വാസുദേവന്‍ നായര്‍ തുടങ്ങിയ വലിയ നിര സി.പി.ഐക്കൊപ്പമായിരുന്നു. പിന്നീട് 1968 കളിലാകട്ടെ നക്സലൈറ്റ് രാഷ്ട്രീയത്തിലാകൃഷ്ടരായി നിരവധി പേര്‍ സി.പി.എം. വിട്ടുപോയി. ഇത്തരത്തില്‍ രാഷ്ട്രീയവും സംഘടനാപരവുമായ പ്രതിസന്ധികളിലായിരുന്നു 1970 കളില്‍ സി.പി.എം. 1982 ല്‍ സി.പി.ഐയെ ക്കൂടി ഉള്‍പ്പെടുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) രൂപീകരിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ യഥാര്‍ത്ഥ ഇടതുപക്ഷ സാധ്യതകള്‍ തുറക്കപ്പെടുന്നത്.
1970 സെപ്റ്റംബര്‍ 17 ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സി.അച്യുതമേനോന്‍്റെ നേതൃത്വത്തില്‍ നാലാം നിയമസഭ ഒക്ടോബര്‍ നാലിന് നിലവില്‍ വന്നു. രണ്ടുവട്ടം നീട്ടിക്കിട്ടിയ ആയുസിന്‍്റെ ബലത്തില്‍ 1977 മാര്‍ച്ച് 25 വരെ അച്യുതമേനോന്‍ മുഖ്യമന്ത്രിയായി തുടര്‍ന്നു. സി.പി.ഐ. അന്ന് കോണ്‍ഗ്രസ് പാളയത്തിലായിരുന്നു. മുഖ്യമന്ത്രി പദത്തിലിരുന്നതാണ്  സി.അച്യുതമേനോന്‍െറ നേതൃത്വത്തിലുള്ള മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 1969 നവംബര്‍ ഒന്നുമുതല്‍ അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി.  ഭൂപരിഷ്കരണ നിയമം കേരളത്തില്‍ നടപ്പാക്കി  (1970 ജനുവരി ഒന്നു മുതല്‍) എന്ന നേട്ടത്തോടെയാണ് അച്യുതമേനോന്‍ 1970 ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ആ തെരഞ്ഞെടുപ്പില്‍ ത്രികക്ഷി മുന്നണികളാണ് ഏറ്റുമുട്ടിയത്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒറ്റമുന്നണിയായാണ് നിലകൊണ്ടത്. കോണ്‍ഗ്രസ്, സി.പി.ഐ, മുസലിംലീഗ്, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, ആര്‍.എസ്.പി. എന്നീ കക്ഷികള്‍ ചേര്‍ന്നുണ്ടാക്കിയ മുന്നണിക്ക് എല്ലാ അര്‍ത്ഥത്തിലും മേല്‍കൈ ഉണ്ടായിരുന്നു. 56 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചു. 72 സീറ്റുകളില്‍ സംഖ്യകക്ഷികളും. അതേ സമയം, മാര്‍ക്സിസ്സ്റ് പാര്‍ട്ടിക്കൊപ്പം ശക്തമായ ജനകീയ അടിത്തറയുള്ള ഒരൊറ്റ സംഘടനയുമല്ലായിരുന്നു. ഉണ്ടായിരുന്നതാകട്ടെ,  ഐ.എസ്.പി, കെ.ടി.പി, കെ.എസ്.പി, എസ്.എസ്.പി എന്നീ ചെറുസംഘടനകള്‍ ആയിരുന്നു.  ഇവര്‍ക്ക് നല്‍കിയ ശേഷം 72 സീറ്റിലാണ് സി.പി.എം മത്സരിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ കേരളത്തില്‍ രണ്ട് മുന്നണികളിലായി മത്സരം നടക്കുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍, അവസാന നിമിഷം കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന്  കെ.എം.ജോര്‍ജിന്‍െറ നേതൃത്വത്വത്തില്‍ കേരള കോണ്‍ഗ്രസ് പുറത്തുകടന്നു. സംഘടനാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് എന്നീപാര്‍ട്ടികള്‍ ജനാധിപത്യമുന്നണിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടു. ഇവര്‍ക്കൊപ്പമായിരുന്നു  ജനസംഘവും സ്വതന്ത്രാപാര്‍ട്ടിയും.
അവസാന നിമിഷം സാധ്യമായ ത്രികോണ മത്സരമാണ് വലിയ നാണക്കേടുകള്‍ ഒഴിവാക്കുന്നതില്‍നിന്ന് സി.പി.എമ്മിനെ രക്ഷിച്ചത്. തെരഞ്ഞെടുപ്പല്‍ 30 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഒറ്റക്ഷിയായി. സി.പി.ഐ 16 സീറ്റ് നേടി, ലീഗ് -11, ആര്‍.എസ്.പി- 6, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി ( പി.എസ്.പി)- 3, ഐ.എസ്.പി -3, കെ.ടി.പി- 2, കെ.എസ്.പി- 1 എന്നിങ്ങനെയായിരുന്നു നില. സി.പി.എമ്മിന് 29 സീറ്റുകള്‍. കേരള കോണ്‍ഗ്രസിന് 12 സീറ്റുകള്‍ ലഭിച്ചു.  വിജയിച്ച 16 കക്ഷി രഹിതരില്‍ മൂന്നുപേര്‍ മാര്‍ക്സിസ്റ്റ് സ്വതന്ത്രരും അഞ്ചുപേര്‍ കോണ്‍ഗ്രസുകാരുമായിരുന്നു. കേരള കോണ്‍ഗ്രസിന്‍െറയും ലീഗിന്‍െറയും പിന്തുണയുള്ള ഓരോരുത്തര്‍ വീതവും ജയിച്ചു. 133 അംഗങ്ങളുള്ള സഭയില്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സി.പി.ഐ. മുന്നണിക്കായിരുന്നു ഭൂരിപക്ഷം-69 സീറ്റ്. സി.പി.എം. മുന്നണിക്ക് വെറും 37 സീറ്റുമാത്രം. ത്രികോണ മത്സരമുണ്ടായിട്ടും സി.പി.എമ്മിന്‍െറ അവസ്ഥ പരിതാപകരമായിരുന്നു. ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് (പട്ടാമ്പി), എം.വി. രാഘവന്‍ (മാടായി), വി.എസ്.അച്യുതാനന്ദന്‍ (അമ്പലപ്പുഴ), ബാലാനന്ദന്‍ (വടക്കേക്കര), പി.കെ. ചാത്തന്‍മാസ്റ്റര്‍ (കിളിമാനൂര്‍), കെ. ചാത്തുണ്ണി മാസ്റ്റര്‍ (ബേപ്പൂര്‍), എസ്. ദാമോദരന്‍ (മാരാരിക്കുളം), കെ. ആര്‍. ഗൗരി (അരൂര്‍), എ.വി.കുഞ്ഞമ്പു (പയ്യന്നൂര്‍),  വി.വി.കുഞ്ഞമ്പു (നീലേശ്വരം), ഇ.കെ. നായനാര്‍ (ഇരിക്കൂര്‍), പിണറായി വിജയന്‍ (കൂത്തുപറമ്പ്), സി.ജി. പണിക്കര്‍ (ശ്രീകൃഷ്ണപുരം). പി.ജി. പുരുഷോത്തമണ്‍പള്ള (ചെങ്ങന്നൂര്‍).എം. സത്യനേശന്‍ ( പാറശാല) തുടങ്ങിയവരായിരുന്നു സഭയിലെ  സി.പി.എം. പ്രമുഖര്‍. ഇവരില്‍ പലരും ജയിച്ചത് നിസാര വോട്ടുകള്‍ക്കായിരുന്നു.
അധികാരത്തിലേറിയ അച്യുതമേനോന്‍ സര്‍ക്കാര്‍  പല രീതിയില്‍ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. ഭൂപരിഷ്കരണനിയമം നടപ്പാക്കിയതിന് പുറമെ വിദ്യാഭ്യാസ മേഖലയില്‍ ഫീസേകീകരണം കൊണ്ടുവന്നു. കേരള ജനത ആദ്യമായി ഭരണസ്ഥിരത എന്തെന്ന് അറിഞ്ഞു. ലക്ഷം വീട് പദ്ധതിയുടെ വിജയം സര്‍ക്കാരിന്‍െറ പ്രശസ്തി കൂട്ടി. എല്ലാ പഞ്ചായത്തിലും ആരോഗ്യ കേന്ദ്രം കൊണ്ടുവന്നതിന് പുറമെ കര്‍ഷക തൊഴിലാളികള്‍ക്ക് നിശ്ചിത വേതനവും മറ്റ് തൊഴില്‍ ആനുകൂല്യങ്ങളും സാധ്യമാക്കുന്ന കര്‍ഷകത്തൊഴിലാളി നിയമം പാസാക്കി. ജനദ്രോഹനടപടികളും കുടിയൊഴിപ്പിക്കലുകളും നിര്‍ബന്ധിത വന്ധ്യംകരണം അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളും നടത്തിയിരുന്നെങ്കിലും ഇടത്തരം വര്‍ഗ\ജാതി വിഭാഗങ്ങളെ വലിയ രീതിയില്‍  തൃപ്തിപ്പെടുത്തുന്നതായിരുന്നു അച്യുതമേനോന്‍െറ ഭരണം.  അടിയന്തരാവസ്ഥയിലും അതിനുമുമ്പും നടപ്പാക്കിയ പല നടപടികളും അതേ വര്‍ഗതാല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നതായിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നതിന് മുമ്പ് തന്നെ, കേരളത്തില്‍ ക്രിയാത്മക പ്രതിപക്ഷമായി മാറുന്നതില്‍ സി.പി.എം. പരാജയപ്പെട്ടിരുന്നു. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ സര്‍ക്കാരിനെതിരെ അണിനിരത്തുന്നതില്‍ സി.പി.എം. പരാജയപ്പെട്ടു.  ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരോഫീസുകള്‍, കാര്യക്ഷമമായി നടക്കുന്ന വിദ്യാലയങ്ങള്‍, ക്രമക്കേടില്ലാത്ത പൊതുവിതരണ സമ്പ്രദായം,  സമയത്തോടുന്ന ട്രെയിനുകളും ബസുകളും, ഇതെല്ലാം വലിയ രീതിയില്‍ ഇടത്തരം ജനവിഭാഗങ്ങളുടെ പിന്തുണ നേടാന്‍ സഹായിച്ചു. 1976 ഒക്ടോബര്‍ 13 ന് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ കേരളത്തില്‍ 93 കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്തായി സര്‍ക്കാര്‍ മറുപടി പറഞ്ഞു. കരിഞ്ചത്തക്കാരും പൂഴ്ത്തിവയ്പ്പുകാരുമായി മറ്റ് 306 പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതൊരു ചെറിയ കണക്കല്ല. 1976 മാര്‍ച്ച് 9 ന് നിയമസഭയില്‍ ആഭ്യന്തര മന്ത്രി നല്‍കിയ മറ്റൊരു മറുപടി പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ക്രമരഹിതമായി പെരുമാറിയ 237 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതായും അറിയിച്ചു.  അഴിമതി,കൈക്കൂലി, കയ്യേറ്റം തുടങ്ങിയ കേസില്‍ 89 പോലീസുകാര്‍ക്കെതിരെയും നടപടിയെടുത്തിരുന്നു. മധ്യവര്‍ഗത്തിന്‍െറ സുരക്ഷിതബോധ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഇത്തരം നടപടികള്‍ ധാരാളമായിരുന്നു.
അടിയന്തരാവസ്ഥയില്‍ നിയമവിരുദ്ധ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലടക്കം നടന്ന ഭരണകൂട അതിക്രമങ്ങള്‍ ഒന്നും തന്നെ പുറംലോകം അറിഞ്ഞിരുന്നില്ല. കടുത്ത സെന്‍സര്‍ഷിപ്പിന് വിധേയമായ പത്രങ്ങള്‍ക്ക് ക്രൂരമായ മനുഷ്യവകാശ ലംഘനങ്ങളൊന്നും റിപ്പോര്‍ട്ട്് ചെയ്തിരുന്നില്ല. അഥവാ ചെയ്യാനും ഒരുക്കമായിരുന്നില്ല.  ഏകദേശം 8000-12,000നും ഇടയില്‍ ആളുകള്‍ അറസ്റ്റിലാവുകയോ നിയമവിരുദ്ധ തടങ്കലുകളില്‍ പീഡനത്തിനിരയാവുകയോ ചെയ്തു. കേരളത്തില്‍ മാത്രം ലോകസംഘര്‍ഷ സമിതി നടത്തിയ സത്യഗ്രഹ പരിപാടിയില്‍ 8000 പേര്‍ പങ്കെടുക്കുകയും അതില്‍ 4645  പേര്‍ അറസറ്റ് ചെയ്യപ്പെട്ടുവെന്നുമാണ് ജനസംഘം അവകാശപ്പെട്ടത്. കേരളത്തില്‍ മാത്രം 1270 മീസാ തടവുകാരുമുണ്ടായിരുന്നു. ഇത്തരത്തില്‍ പ്രതിഷേധിച്ചവരെയെല്ലാം തടവറക്കുള്ളില്‍ അടച്ചെങ്കിലും സി.പി.എം കാര്യമായ പ്രതിഷേധങ്ങള്‍ക്ക് നിയമസഭയിലോ പുറത്തോ നേതൃത്വം നല്‍കിയില്ല. പ്രതിഷേധങ്ങള്‍ എല്ലാം തന്നെ പ്രാദേശികമായോ വ്യക്തികളിലോ ഒതുങ്ങി. ആര്‍.എസ്.എസ്\ജനസംഘം, നക്സലൈറ്റ് പ്രവര്‍ത്തകര്‍ ശ്രമിച്ചതുപോലെ ഒളിവില്‍ ഭരണകൂട വിരുദ്ധ മുന്നേറ്റം സൃഷ്ടിക്കാന്‍ ഒരു ഘട്ടത്തിലും സി.പി.എം.തുനിഞ്ഞില്ല. അടിയന്തരാവസ്ഥകാലം മുഴുന്‍  നിയമസഭയുടെ പ്രവര്‍ത്തനം തടസ്സമില്ലാതെ മുറപോലെ നടന്നു. അക്കാര്യത്തില്‍ പ്രതിപക്ഷത്തിന്‍്റെ സഹകരണം ഭരണകക്ഷിക്ക് വേണ്ടുവോളമുണ്ടായിരുന്നു താനും. ഭയമായിരുന്നു സി.പി.എമ്മിനെയിച്ചത് എന്ന് അക്കാലത്തെ നിയമസഭാ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഒന്നും ചെയ്തില്ളെങ്കിലും, അടിയന്തരാവസ്ഥക്ക് ശേഷം തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തങ്ങള്‍ അധികാരത്തിലത്തെുമെന്ന ആത്മനിഷ്ഠമായ ബോധം സി.പി.എമ്മിനെ നയിച്ചുവെന്നുവേണം കരുതാന്‍. 1977 ജനുവരിയില്‍ പ്രഖ്യാപനം വന്ന ശേഷം  തെരഞ്ഞെടുപ്പിനും അതിനുള്ള പ്രചരണത്തിനും രണ്ടുമാസത്തെ സമയമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. അത് വിദഗ്ധമായി പ്രയോജനപ്പെടുത്തുന്നതില്‍ സി.പി.എം. പരാജയപ്പെട്ടു. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളും പൗരാവകാശ നിഷേധവും വലിയ തോതില്‍ പ്രചാരായുധമാക്കുന്നതിലും സി.പി.എം.വിജയിച്ചില്ല.   ഫലത്തില്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെട്ടത് അടിയന്തരാവസ്ഥയുടെ ഗുണഫലങ്ങളാണ്. ‘57 ല്‍ ഇ.എം.എസ്, 67 ല്‍ ഇ.എം.എസ്., 77ല്‍ ഇ.എം.എസ് എന്ന മുദ്രാവാക്യമായിരുന്നു സി.പി.എം മുഖ്യമായി ഉയര്‍ത്തിയത്. അതേ സമയം,  ഉദ്യോഗസ്ഥ സംവിധാനത്തെ മുഴുവന്‍ തങ്ങള്‍ക്ക് അനുയോജ്യമായി പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഭരണമുന്നണിക്കായി.
1977 മാര്‍ച്ചില്‍ തെരഞ്ഞെുപ്പ് നടക്കുമ്പോള്‍ 1970 ലെ കക്ഷിരാഷ്ട്രീയസ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നില്ല. മാത്രമല്ല മത്സരം രണ്ടു കക്ഷികള്‍ തമ്മിലുള്ളതായി. 1970 ല്‍ ത്രികോണ മത്സരതിന് വഴിയൊരുക്കിയ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസ് മുന്നണിയിലേക്ക് നേരത്തെ തന്നെ തിരിച്ചുപോയിരുന്നു. 1976 ഡിസംബര്‍ 26 ന് കെ.എം.മാണിയും ബാലകൃഷ്ണപ്പിള്ളയും മന്ത്രിമാരായി ചുമതലയേറ്റു. പിന്നീട് ഇതില്‍ നിന്ന് ബാലകൃഷണപ്പിള്ളയുടെ നേതൃത്വത്തില്‍ ചെറിയ വിഭാഗംപിളര്‍ന്നു. അവര്‍  സി.പി.എമ്മിനൊപ്പം നിലകൊണ്ടു. കോണ്‍ഗ്രസിനൊപ്പമായിരുന്നു  സി.പി.ഐ, മുസ്ലിംലീഗ്, ആര്‍.എസ്.പി,,കേരള കോണ്‍ഗ്രസ്, പി.എസ്.പി എന്നീ പാര്‍ട്ടികള്‍. ആയിടെ നായര്‍ സര്‍വീസ് സൊസൈറ്റി രൂപംകൊടുത്ത നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും (എന്‍.ഡി.പി) കോണ്‍ഗ്രസ് മുന്നണിയില്‍ ചേര്‍ന്നു. എന്‍.ഡി.പിയുടെ പിന്തുണ കേരളത്തിലെ സവര്‍ണ\ഇടത്തരം വിഭാഗങ്ങളുടെ ഭരണകക്ഷി അനുകൂല മനോനില കൃത്യമായി വ്യക്തമാക്കുന്നുണ്ട്. സി.പി.എമ്മിനൊപ്പം മത്സരിച്ചത് ഭാരതീയ ലോക്ദള്‍  (ജനതാപാര്‍ട്ടി), കേരളകോണ്‍ഗ്രസില്‍ നിന്നും ഭിന്നിച്ച ബാലകൃഷ്ണപിള്ള വിഭാഗം, പ്രതിപക്ഷ മുസ്ലിംലീഗ്,  കെ.എസ്.പി, നാഷണല്‍ ആര്‍.എസ്.പി.  എന്നിവയായിരുന്നു. ഇത്തവണയും സി.പി.എമ്മിനൊപ്പം ശക്തമായ കക്ഷികളുണ്ടായിരുന്നില്ല. 1970 ല്‍ നിന്ന് വ്യത്യസ്തമായി. 140 സീറ്റുകളിലേക്കാണ് മത്സരം നടന്നത്.1970 ല്‍ വോട്ടര്‍മാരുടെ  10,169,467 ആ്വയിരുന്നത് 1977 ല്‍ 11,463, 487ആയി ഉയര്‍ന്നു.  8,772541 വോടടുകള്‍ സാധുവായി. ഭരണമുന്നിക്ക് 111 സീറ്റുകള്‍ ലഭിച്ചു.  33 മണ്ഡലങ്ങളിലായിരുന്നു നേരിട്ടുള്ള മത്സരം.
കോണ്‍ഗ്രസ് മുന്നണിയിലെ കക്ഷി നില ഇങ്ങനെയായിരുന്നു:കോണ്‍ഗ്രസ് -38, സി.പി.ഐ -23, കേരള കോണ്‍ഗ്രസ് -20, മുസ്ലിംലീഗ്- 13, ആര്‍.എസ്.പി- 9, എന്‍.ഡി.പി- 5, പി.എസ്.പി- 3.
സി.പി.എം. മുന്നണിക്ക് 29 സീറ്റുകള്‍ ലഭിച്ചു. സി.പി.എം- 17, ജനതാ പാര്‍ട്ടി- 6, പ്രതിപക്ഷ മുസ്ലിംലഗ് -3, പിള്ള കോണ്‍ഗ്രസ് -2 സ്വതന്ത്രന്‍ -ഒന്ന്.
68 സീറ്റീല്‍ മത്സരിച്ച സി.പി.എമ്മിന് 17 സീറ്റ്. 27 സീറ്റില്‍ മത്സരിച്ച ജനാതപാര്‍ട്ടി ആറു സീറ്റ് നേടി. 17 സീറ്റില്‍ മത്സരിച്ച പിള്ള ഗ്രൂപിന് രണ്ട് സീറ്റുകളേ ലഭിച്ചുള്ളൂ. പ്രതിപക്ഷ മുസ്ലിംലീഗ് 16 സീറ്റില്‍ മത്സരിച്ചെങ്കിലും കിട്ടിയത് മൂന്ന് സിറ്റുകള്‍. നാഷണല്‍ ആര്‍.എസ്.പി, കെ.എസ്.പി, കോണ്‍സ്ര് പരിവര്‍ത്തനവാദികള്‍ എന്നിവര്‍ക്ക്് ഒരു സീറ്റുപോലും ലഭിച്ചില്ല.
എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്ത ജനങ്ങള്‍  ഭരണമുന്നണിക്ക് നല്‍കിയ അംഗീകാരമായിരുന്നില്ല. അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം നക്സലൈറ്റ് തടവുകാരടക്കം മോചിതരാവുകയും മാധ്യമ സ്വാതന്ത്ര്യം പുന:സ്ഥാപിക്കപ്പെടുകയും ചെയ്തശേഷമാണ് അതിക്രമങ്ങളും പീഡനങ്ങളും ജനം അറിഞ്ഞത്. അതിനാല്‍ തന്നെ അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ തിരിച്ചറിഞ്ഞിട്ടും ജനം കോണ്‍ഗ്രസിന് വോട്ട് ചെയ്തു എന്ന ആക്ഷേപം ശരിയല്ല. ഇവിടെയാണ് നിര്‍ണാകയമായ മറ്റൊരു ചോദ്യം ഉയരുന്നത്. കേരളത്തിലേതിന് സമാനമായ അവസ്ഥകള്‍ ആയിരുന്നില്ളേ അഖിലേന്ത്യ തലത്തില്‍ നിന്നിരുന്നത്. പിന്നെ കേരളത്തില്‍ മാത്രം എങ്ങനെ സ്ഥിതി വ്യത്യസ്തമായി?


കേരളത്തിന് പുറത്തെ വസ്തുനിഷ്ഠ സാഹചര്യം

കേരളത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു മറ്റ് സംസ്ഥാനങ്ങളിലെയെല്ലാം അവസ്ഥ. ജയ പ്രകാശ് നാരായണന്‍െറ നേതൃത്വത്തില്‍ സോഷ്യലിസ്റ്റുകള്‍ തുടങ്ങിയ സമ്പൂര്‍ണ വിപ്ളവം  കേന്ദ്ര അധികാരം പിടിച്ചെടുക്കുമെന്ന തോന്നിയ ഒരു ഘട്ടത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാഗാന്ധി മുതിരുന്നത്.  സമ്പൂര്‍ണ വിപ്ളവത്തില്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സോഷ്യലിസ്റ്റുകള്‍ നിര്‍ണായക മുന്നേറ്റം നടത്തിയിരുന്നു. അഴിമതിക്കെതിരായ മുന്നേറ്റം ഗുജറാത്തിലടക്കം വലിയ രീതിയില്‍ ജനങ്ങളെ ചലിപ്പിച്ചു. ംേബാംബെ പോലുള്ള വന്‍ നഗരങ്ങളിലെ വ്യവസായ തൊഴിലാളികളില്‍ നല്ല പങ്ക് ജയപ്രകാശ് നാരായണന് ഒപ്പം നിലകൊണ്ടു. അഖിലേന്ത്യാ തലത്തില്‍ തന്നെ റെയില്‍വേ തൊഴിലാളികളുടെ പിന്തുണയും സോഷ്യലിസ്റ്റുകള്‍
നേടിയെടുത്തിരുന്നു  സേവനമേഖലയിലെ സര്‍വീസ് സംഘടനകള്‍ നല്ല പങ്കും അതേ നിലപാട് എടുത്തത്് ഈ മുന്നേറ്റത്തിന്‍െറ ശേഷിപ്പുകളെ അടിയന്തരാവസ്ഥക്കും ഇല്ലാതാക്കാനായിരുന്നില്ല. കേരളത്തില്‍ ആ ഘട്ടത്തില്‍ സോഷ്യലിസ്റ്റ് മുന്നേറ്റം നടന്നിരുന്നില്ല.
കോണ്‍ഗ്രസിലെ പിളര്‍പ്പിനെതുടര്‍ന്ന് രൂപീകരിക്കപ്പെട്ട സംഘടനാ കോണ്‍ഗ്രസിന് വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ സ്വാധീനം നേടാനായിരുന്നു. മൊറാര്‍ജി ദേശായി എന്ന മുതിര്‍ന്ന നേതാവിന്‍െറ സാന്നിദ്ധ്യം അതില്‍ വലിയ പങ്കുവഹിച്ചു. കോണ്‍ഗ്രസിലെ നല്ല പങ്കും സംഘടനാ കോണ്‍ഗ്രസിനൊപ്പമായിരുന്നു. കേരളത്തില്‍ അതായിരുന്നില്ല സ്ഥിതി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബാബു ജഗജീവന്‍ റാംപ്രതിപക്ഷ മുന്നണിയിലേക്ക് നീങ്ങിയത് ഇന്ദിരാഗാന്ധിയുടെ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടിയേകി.  ഉത്തേരന്ത്യയില്‍ ആര്‍.എസ്.എസ്\ജനസംഘത്തിനുമുണ്ടായിരുന്ന സ്വാധീനശക്തി കേരളവുമായി തുലനം ചെയ്യാന്‍ പോലുമാകുമായിരുന്നില്ല. അവര്‍ രഹസ്യമായി പ്രവര്‍ത്തിച്ച് അടിയന്തരാവസ്ഥയില്‍ തന്നെ സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്തി. തുടക്കം മുതല്‍ ഒടുക്കംവരെ അവര്‍ക്ക് രഹസ്യസംഘടന സംവിധാനം നിലനിര്‍ത്താനുമായി.
പ്രതിപക്ഷത്തിന്‍െറ വിജയത്തിന് വേറെയും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. അതില്‍ ആദ്യത്തേത്, അടിയന്തരാവസ്ഥ കാലത്ത് തന്നെ അഖിലേന്ത്യാ തലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുവെന്നതാണ്. സോഷ്യലിസ്റ്റ് പാര്‍ട്ടി, സംഘടനാ കോണ്‍ഗ്രസ്, ജനസംഘം, ലോക്ദളള്‍ എന്നിവ ഒന്നിച്ചു.  അവര്‍ 1976 ല്‍ തന്നെ ലോകസംഘര്‍ഷ് സമിതി രൂപീകരിച്ചിരുന്നു. സര്‍വോദയം പ്രവര്‍ത്തകരും പരിവര്‍ത്തനവാദികളുമായിരുന്നു അതിലുണ്ടായിരുന്ന മറ്റ് വിഭാഗങ്ങള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിനം തന്നെ ജയപ്രകാശ് നാരായണണ്‍ ജനതാപാര്‍ട്ടിയുടെ പ്രഖ്യാപനം ഒരര്‍ത്ഥത്തില്‍ നടത്തിയിരുന്നു.   ശക്തമായ പ്രതിപക്ഷ ഐക്യ നിര അഖിലേന്ത്യാ തലത്തില്‍ തന്നെ രൂപപ്പെട്ടു.   പ്രതിപക്ഷ കക്ഷികള്‍ ചക്രവും കലപ്പ ഏന്തിയ കര്‍ഷകനും എന്ന പൊതു ചിഹ്നത്തില്‍ മത്സരിച്ചു.എന്നാല്‍ കേരളത്തില്‍ ജനതാ\ജനസംഘം വിഭാഗത്തിന് സ്വാധീനംകുറവായിരുന്നു. ഇ.എം.എസിന്‍െറ നേതൃത്വത്തിലുള്ള സി.പി.എം. ആകട്ടെ ജനസംഘത്തോടുള്ള ബന്ധം ഇഷ്ടപ്പെട്ടില്ല.ജനസംഘത്തിന് ആര്‍.എസ്.എസ് പിന്തുണയുള്ളതായിരുന്നു കാരണം. കേരളത്തില്‍ 1977 ല്‍ സീറ്റുകള്‍ വിഭജിച്ചപ്പോള്‍  ജയസാധ്യതയുള്ള സീറ്റുകള്‍ ജനസംഘം വിഭാഗത്തിന് നല്‍കാതിരിക്കാന്‍ സി.പി.എം. ശ്രമിച്ചു. ഒരു ഘട്ടത്തിലും ഇവിട ഐക്യം പൂര്‍ണമായിരുന്നില്ല. ജനസംഘവും സി.പി.എമ്മും പരസ്പരം തോല്‍പ്പിക്കാന്‍ ആവുന്നത് ശ്രമിച്ചു. ഉത്തരേന്ത്യയില്‍ പ്രതിപക്ഷം ഒന്നിച്ച് ഒറ്റകക്ഷിയായി നിന്നപ്പോള്‍ ഇവിടെ രഹസ്യ കാലുവാരല്‍ നടന്നു.
അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടിക്കുള്ളിലെ  ഐക്യമില്ലായിരുന്നു കോണ്‍ഗ്രസിന്‍െറ മറ്റൊരു പരാജയകാരണം. കേരളത്തില്‍ നിന്ന് വ്യത്യസ്തമായി ഉത്തരേന്ത്യയില്‍ അടിയന്തരാവസ്ഥയുടെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ജനം തൊട്ടറിഞ്ഞിരുന്നു. ഡല്‍ഹയിലെ തുര്‍ക്ക്മാന്‍ഗേറ്റിലടക്കം നടന്ന വന്‍ കുടിയൊഴിപ്പിക്കലുകള്‍, കൂട്ടംകുട്ടമായി നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയത്, കൂട്ട അറസ്റ്റുകള്‍ എന്നിവ  ജനം നേരിട്ടറിഞ്ഞു. ഡല്‍ഹി സര്‍വകലാശലാ വിദ്യാര്‍ഥികളുടെ പ്രതിഷേധം പല ഘട്ടത്തിലും കെട്ടുപൊട്ടിച്ചു. മാത്രമല്ല, കേരളത്തില്‍ സാധ്യമായതുപോലെ സമഗ്ര മാധ്യമ അടിച്ചമര്‍ത്തല്‍ ഉത്തരേന്ത്യയില്‍ ഭരണകൂടത്തിന് സാധ്യമായതുമില്ല.
പഞ്ചാബില്‍ സിഖുവിഭാഗം ശക്തമായി തന്നെ കോണ്‍ഗ്രസിനെതിരെ നിലകൊണ്ടു.  അടിയന്താരവസ്ഥ പ്രഖ്യാപനം ഉണ്ടായശേഷം അമൃത്സറില്‍ ചേര്‍ന്ന സിഖ്നേതൃത്വം കോണ്‍ഗ്രസിന്‍െറ ണ്‍െന്‍റ ഫാഷിസ്റ്റ് പ്രവണണത ചെറുന്‍ തീരുമാനിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ആദ്യത്തെ ബഹുജന പ്രക്ഷോഭം പഞ്ചാബിലാണുണ്ടായിരുന്നു. അലകാദി ദളായിരുന്നു പ്രതിപക്ഷത്തെ പ്രധാന കക്ഷി. പ്രതിഷേധങ്ങള്‍ അടിച്ചര്‍മത്താന്‍ ഭരണകൂടം  ശ്രമിച്ചത് എതിര്‍പ്പുകള്‍ തീക്ഷണമാക്കി. ശിരോമണി അകാലിദളിന്‍െറയും  ശിരോമണി ഗുരുദ്വരാ പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) നേതാക്കളെയും അറസ്റ്റ് ചെയ്തത് സിഖ് സമുദായത്തില്‍ മൊത്തത്തില്‍ തന്നെ പ്രതിഷേധമുണര്‍ത്തി. മതമെന്ന യോജിപ്പിക്കലുകള്‍ പഞ്ചാബില്‍ സാധ്യമായി. സിഖുകാരുടെ പ്രതിഷേധം  വ്യാപിക്കുന്നത് കണ്ട് പഞ്ചാബ് നിയമസഭാ ഭരണത്തില്‍ ശിരോണമണി അകാലിദളിനെ ഉള്‍പ്പെടുത്താമെന്ന് കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്യേണ്ടിവന്നു. അതാകട്ടെ സിഖുകാര്‍ തള്ളിക്കളഞ്ഞു.
ബംഗാളില്‍ കേരളത്തില്‍ നിന്ന് വ്യത്യസ്തമായി ഫലപ്രദ പ്രതിപക്ഷമായി സി.പി.എമ്മിന് പ്രവര്‍ത്തിക്കാനായി. അവര്‍ ജനങ്ങളെ അണിനിരത്തി.സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയുടെ കോണ്‍ഗ്രസ് ഭരണത്തെ ജനം വല്ലാതെ വെറുത്തിരുന്നു. ബംഗ്ളാദേശ് വിമോചന യുദ്ധ കാലത്തെ അഭയാര്‍ഥിപ്രവാഹം അടക്കമുള്ള പ്രശ്നങ്ങളെ സി.പി.എം. നന്നായി അഭിമുഖീകരിച്ചു. അവിടെ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കുകള്‍ മൂലം ഏതാണ്ട് അരാജഅവസ്ഥയിലായിരുന്നു. അവസരങ്ങള്‍ ശരിയായ പ്രയോജനപ്പെടുത്തിയ സി.പി.എം.നേതൃത്വത്തിലുള്ളള മുന്നണി 243 സീറ്റുകള്‍ നേടി വന്‍ ഭൂരിപക്ഷം സ്വന്തമാക്കി.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു തമിഴ്നാട്ടിലെ സ്ഥിതി. ശക്തമായ ദ്രാവിഡ മുന്നേറ്റങ്ങളാണ് അമ്പതുകള്‍മുതല്‍ തമിഴ്നാട്ടില്‍ നിലനിന്നിരുന്നത്. കെ. കരുണാനിധിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന ഡി.എം.കെ മന്ത്രിസഭയെ ഇന്ദിരാഗാന്ധി പുറത്താക്കിയതും കരുണാനിധിയുടെ മകന്‍ സ്റ്റാലിനെ മിസ പ്രകാരം അറസ്റ്റ് ചെയ്തതും തമിഴ്നാട്ടില്‍ ശക്തമായ എതിര്‍പ്പുകളുണ്ടാക്കി. ഡി.എം.കെയില്‍ നിന്ന് പിളര്‍ന്ന എം.ജി.രാമചന്ദ്രന്‍ നേതൃത്വം നല്‍കിയ അണ്ണാഡി.എം.കെക്കും ദ്രാവിഡതാല്‍പര്യങ്ങളാണ് മുഖ്യമായി ഉണ്ടായിരുന്നത്. അഖിലേന്ത്യാതലത്തില്‍ നിന്ന സവര്‍ണ്ണ\ഇടത്തരം വര്‍ഗജാതി വിഭാഗങ്ങളുടെ താല്‍പര്യത്തെ തമിഴ്നാട്ടിലെ ജനം നന്നായി പ്രതിരോധിച്ചു. തമിഴ്നാട്  നിയമസഭയിലേക്ക് ചതുഷ്കോണ മത്സരമാണ് നടന്നത്. ഡി.എം.കെയില്‍നിന്ന് പിളര്‍ന്ന് രൂപീകരിക്കപ്പെട്ട എ.ഐ.ഡി.എം.കെ തെരഞ്ഞെടുപ്പില്‍ നിര്‍ണായക വിജയം നേടി. 233 സീറ്റുകളുള്ള നിയമസഭയില്‍ ഡി.എം.കെ. തനിച്ച് 230 സീറ്റുകളില്‍ മത്സരിച്ചു. എ.ഐ.ഡി.എം.കെ, സി.പി.എം, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ളോക്ക് എന്നിവ മുന്നണിയായി മത്സരിച്ചു. ഒരു മുസ്ലീംലീഗ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇതേ മുന്നണിയില്‍ അനൗദ്യോഗികമായി മത്സരിച്ചു.  കോണ്‍ഗ്രസും സി.പി.ഐയുമായിരുന്നു മറ്റൊരു മുന്നണി. ജനതാ പാര്‍ട്ടി തനിച്ചും മത്സരിച്ചു. സി.പി.എമ്മിന് ലഭിച്ച 12 സീറ്റുകളുള്‍പ്പടെ എ.ഐ.ഡി.എം.കെ. 144 സീറ്റു നേടി.കോണ്‍ഗ്രസ് മുന്നണിക്ക് 32 സീറ്റുകള്‍ (സി.പി.ഐ 5)
കേരളത്തില്‍ നിന്ന് വ്യത്യസ്തമായി അനുകൂലമായ നിരവധി സാഹചര്യങ്ങളുടെയും ഘടകങ്ങളുടെയും പിന്തുണയോടെയാണ് 1977 ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വന്‍ വിജയം നേടുന്നത്.  മൊത്തം 542 സീറ്റുകളില്‍ 298 സീറ്റുകള്‍ ജനതാപാര്‍ടി നേടി.ജനതാപാര്‍ട്ടിയുടെ സഖ്യകക്ഷികള്‍ 47 സീറ്റും നേടി. മൊത്തം 345 സീറ്റുകള്‍. കോണ്‍ഗ്രസ് 153 സീറ്റുകളിലേക്ക് ചുരുങ്ങി. സംഖ്യകക്ഷികളുടെയും കുട്ടി 189 സീറ്റുകള്‍. കോണ്‍ഗ്രസ് നേടിയ സീറ്റുകളില്‍ 9 2 എണ്ണം നാല് ദക്ഷിണ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. കേരളത്തില്‍ 20 ലോക്സഭാ മണ്ഡലങ്ങളും കോണ്‍ഗ്രസ് മുന്നണി നേടി.ആന്ധ്ര പ്രാദേശിലും വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്.


ജനം വിജയിക്കുന്നു

തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയതിന്‍െറ അഭിമാനവുായി  1977 മാര്‍ച്ച് 25 നാണ് കരുണാകന്‍ മുഖ്യമന്ത്രി പദമേറ്റത്. അതിന് തൊട്ടു തലേന്നാണ് കേരളത്തിലെ ജയിലുകളില്‍ മിസാ തടവുകാരായിരുന്ന നൂറുകണക്കിന് പേരെ മോചിപ്പിച്ചത്. മോചിപ്പിക്കപ്പെട്ടവരായിരുന്നു യഥാര്‍ത്ഥ പ്രതിപക്ഷം. അവര്‍ ആഞ്ഞടിച്ചു. കക്കയം പൊലീസ് ക്യാമ്പില്‍ രാജന്‍ കൊല്ലപ്പെട്ടതടക്കമുള്ള അതിക്രമങ്ങള്‍ അവര്‍ ജനങ്ങളോട് വിളിച്ചുപറഞ്ഞു. മാര്‍ച്ച് 26 ന് പ്രൊഫ ഈച്ചരവാര്യര്‍ പൊലീസ് കസ്റ്റടഡയിലെടുത്ത തന്‍െറ മകന്‍ രാജനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഫേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. അതേ ദിവസങ്ങളില്‍ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തിറങ്ങി. സമരം തുടങ്ങിയത് കോഴിക്കോട് റീജണല്‍ എഞ്ചിനിയറിംഗ് കോളജ് വിദ്യാര്‍ഥികളാണ്. രാജനെ തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ഥികള്‍ അറസ്റ്റിനെപ്പറ്റി പരസ്യാന്വേഷണവും ആവശ്യപ്പെട്ടു. മെഡിക്കല്‍ വിദ്യാര്‍ഥികളും സമരത്തില്‍ ചേര്‍ന്നു.  തുടര്‍ന്ന് കേരളത്തിലെ എല്ലാ പ്രമുഖ പട്ടണങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറി. മുക്കിലും മൂലയിലും സര്‍ക്കാരിനെതിരെ ചുവരെഴുത്തുകള്‍ നിറഞ്ഞു. കേരളത്തിലെ വിദൂര ഗ്രാമങ്ങള്‍ വരെ പ്രതിഷേധത്തില്‍ മുങ്ങി. എസ്.എഫ്.ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി സംഘടനങ്ങള്‍  പ്രതിഷേധമുയര്‍ത്തി. ഈച്ചരവാര്യര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി കോടതി പരിഗണിച്ച ഒരാഴ്ചയോളം ഹൈക്കോടതിക്ക് മുന്നില്‍ ജനപ്രളയമായിരുന്നു. ആഭ്യന്തരവകുപ്പ് സെക്രട്ടറി എസ്. നാരായണ സ്വാമി, പൊലീസ് ഐ.ജി വി.എന്‍.രാജന്‍, ഡി.ഐ.ജി (ക്രൈം)ജയറാം പടിക്കല്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയായായിരുന്നു ഈച്ചരവാര്യര്‍ ഹര്‍ജി. എന്നാല്‍, അടുത്ത ദിവസങ്ങളില്‍ കരുണാകരന്‍ രാജനെ കസ്റ്റഡിയിലെടുത്തിട്ടേയില്ളെന്ന് പ്രഖ്യാപിച്ചു. കരുണാകരനെ മുമ്പ് ഈച്ചാരവാര്യര്‍ സന്ദര്‍ശിച്ചപ്പോള്‍ കസ്റ്റഡയിലെടുത്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിന്‍െറ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി കെ. കരുണാകരനെയും കോഴിക്കോട് ജില്ലാ പൊലീസ് സൂപ്രണ്ട് ലക്ഷ്മണയെയും കക്ഷിചേര്‍ത്ത് ഈച്ചരവാര്യര്‍ അഡീഷണല്‍ ഹര്‍ജി സമര്‍പ്പിച്ചു.
ഫേബിയസ് കോര്‍പസ് ഹര്‍ജിയുടെ വിചാരണക്കിടയില്‍ രാജനെ കസ്റ്റഡിയിലെ എടുത്തിട്ടില്ളെന്ന മട്ടില്‍ കരുണാകരന്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. 1977 ഏപ്രില്‍ 13 ന് ജസ്റ്റിസ് പി. സുബ്രഹ്മണ്യന്‍പോറ്റിയും ജസ്റ്റിസ് ജെ.ജെ.ഖാലിദും ചേര്‍ന്ന് വിധി പുറപ്പെടുവിച്ചു. രാജനെ കസ്റ്റഡയിലെടുത്തതായി തെളിഞ്ഞിട്ടുണ്ടെന്നും ഏപ്രില്‍ 21 ന് രാജനെ കോടതിയില്‍ ഹാജരാക്കണമെന്നുമായിരുന്നു വിധി. ഹാജരാക്കാന്‍ കഴിയുന്നില്ളെങ്കില്‍ ഏപ്രില്‍ 19 ന് മുമ്പ് വിവരം ഹൈക്കോടതിയെ അറിയിക്കണം. അങ്ങനെ വന്നാല്‍ കോടതി ഉചിതമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും. കള്ളസത്യവാങ്മൂലമാണ് ആഭ്യന്തരമന്ത്രിയായിരുന്ന (അപ്പോള്‍ മുഖ്യമന്ത്രി) കരുണാകരനും പൊലീസ് ഉദ്യോഗസ്ഥരും സമര്‍പ്പിച്ചതെന്നും കോടതി വിമര്‍ശിച്ചു. വിധിപ്രഖ്യാപനം ഉണ്ടായ ദിവസം ഹൈക്കോടതി പരിസരവും ഷണ്‍മുഖം റോഡും ജനങ്ങളാല്‍ നിറഞ്ഞിരുന്നു. കോടതി പരിസരത്തുള്‍പ്പടെയുള്ള തിരക്ക് നിയന്ത്രിക്കാന്‍ പൊലീസുകാര്‍ക്കും കഴിഞ്ഞില്ല. ഉച്ചക്ക് രണ്ടുമണിയോടടുപ്പിച്ച് വിധി വന്നപ്പോള്‍ കോടതി വളപ്പില്‍ പടക്കം  പൊട്ടി. എം.ജി റോഡിലൂടെ ജനം സന്തോഷത്തില്‍ മുദ്രാവാക്യം വിളിച്ച്  പ്രകടനമായി നീങ്ങി.  കള്ള സത്യവാങ് മൂലം സമര്‍പ്പിച്ചുവെന്ന പരാമര്‍ശവും  വിമര്‍ശവും കോടതിയില്‍ നിന്ന് നേരിട്ടത് കരുണാകരന് തിരിച്ചടിയായി. ഒരര്‍ത്ഥത്തില്‍ ജനത്തിന്‍െറ വികാരമാണ് കോടതിയും പ്രകടിപ്പിച്ചത്. ജനങ്ങളുടെ പ്രതിഷേധം കോടതിയെ സ്വാധീനിക്കുമെന്ന് അനുമാനിക്കാവുന്നതേയുള്ളൂ.
പിടിച്ചു നില്‍ക്കാനായിരുന്നു കരുണാകരന്‍െറ ശ്രമം. ഏപ്രില്‍ 13 ന് വിധി വന്നശേഷം  12 ദിവസം കരുണാകരന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ചു. പക്ഷെ, കരുണാകരന്‍െറ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിക്കൊണ്ടിരുന്നു. ജനം കൂടുതലായി രംഗത്തിറങ്ങി. രക്ഷയില്ളെന്ന ഘട്ടം വന്നപ്പോള്‍ ഏപ്രില്‍ 25 ന്  (ഭരണം ഏറ്റെടുത്ത് കൃത്യം ഒരുമാസം) കരുണകാരന്‍ രാജിവച്ചു. ഹൈക്കോടതിവിധിയെ തുടര്‍ന്ന് നിയമപരമായോ സാങ്കേതികമായോ രാജിവയ്ക്കാന്‍ ഞാന്‍ ബാധ്യസ്ഥനല്ളെങ്കിലും ഉന്നതമായ ജനാധിപത്യ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കാനാണ്  ജനവികാരം കണക്കിലെടുത്ത് സ്ഥാനമൊഴിയുന്നതെന്ന് കരുണാകരന്‍ രാജി പ്രസ്താവനയില്‍ വ്യക്തമാക്കി. ഉന്നതമായ ജനാധിപത്യ കീഴ്വഴക്കങ്ങള്‍ എന്ന വാദം അവിടെ നില്‍ക്കട്ടെ, പ്രസ്താവനയുടെ രണ്ടാം ഭാഗത്ത്  ‘ജനവികാരം കണക്കിലെടുത്ത്’ എന്നു പറഞ്ഞതാണ് ശ്രദ്ധിക്കേണ്ടത്. അറിയാതെയെങ്കിലും ജനവികാരം തനിക്കെതിരാണെന്ന് കരുണാകരന്‍ സമ്മതിച്ചു. ആ ‘ജനവികാര’മാണ് ജനത്തിന്‍െറ വിജയം. തടവറയിലായതിനാല്‍ ഒരുമാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം കിട്ടാത്തവരും, കിട്ടിയത് ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാത്തവരും തിരിച്ചടിച്ചു.  അങ്ങനെ മലയാളി അവന്‍െറ\അവളുടെ രാഷ്ട്രീയ പ്രബുദ്ധത വീണ്ടും ഉയര്‍ത്തിപ്പിടിച്ചു. തെരഞ്ഞെടുപ്പില്‍ മലയാളി ‘പരാജയ’പ്പെട്ടത്് കണ്ടവരാരും ഒരുമാസത്തിനുള്ളില്‍ അവര്‍ വിജയികളായത് കണ്ടില്ല. അതും ചരിത്രത്തിന്‍െറ വിരോധാഭാസം.


സൂചിക

1.Statistical Report on General Election 1977 to The Legislative Assembly of Kerala, Election Commission of India, NewDelhi
2. 1975 മുതല്‍ 1979 വരെയുള്ള നിയമസഭാ രേഖകള്‍
3.1975: അടിയന്തരാവസ്ഥയുടെ ഓര്‍മപ്പുസ്തകം,ഷാനവാസ് എം.എ, പ്രണത ബുക്സ്, 2006
4. അടിയന്തരാവസ്ഥുടെ അന്തര്‍ധാരകള്‍, കെ. രാമന്‍പിള്ള, പ്രണവം ബുക്സ്, 2000
5. സ്മൃതിദര്‍പ്പണം, എം.പി. മന്മമഥന്‍, ഡി.സി.ബുക്സ്, 2008
6. www. kerala.gov.in



മാധ്യമം ആഴ്ചപ്പതിപ്പ്
2015 june 29