Friday, July 3, 2015

അടിയന്തരാവസ്ഥക്ക് ‘ശേഷം’ തെരഞ്ഞെടുപ്പില്‍ ജനം തോറ്റോ, ജയിച്ചോ?


ചരിത്രം/വിശകലനം


1977 ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ തലത്തില്‍ ഇന്ദിരാഗാന്ധി പരാജയപ്പെട്ടെങ്കിലും കേരളത്തില്‍ വന്‍ വിജയമാണ് നേടിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൃഗീയ ഭൂരിപക്ഷം നേടുകയും ചെയ്തു. എന്തുകൊണ്ടാണ് ചരിത്രനിമിഷങ്ങളില്‍ മലയാളി മറിച്ചു ചിന്തിച്ചത്? എന്തായിരുന്നു അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍?അടിയന്തരാവസ്ഥക്ക് ‘ശേഷം’ 
തെരഞ്ഞെടുപ്പില്‍ ജനം  തോറ്റോ, ജയിച്ചോ? 


ആര്‍.കെ. ബിജുരാജ്

ഉയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധത എന്ന  മലയാളിയുടെ  ഊറ്റം കൊള്ളലുകളെ മുഴുവന്‍ നിഷേധിക്കാന്‍ പലപ്പോഴും ഉയര്‍ത്തിക്കാട്ടുന്ന ഒന്നാണ് അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളം കോണ്‍ഗ്രസിനും ഇന്ദിരാഗാന്ധിക്കും അനുകൂലമായി വോട്ട് ചെയ്തു എന്ന ആരോപണം. രാജ്യത്താകെ കോണ്‍ഗ്രസ് കടപുഴകിയപ്പോള്‍ കേരളം കോണ്‍ഗ്രസിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു.
കഥാകൃത്ത് സക്കറിയ അക്കാലത്ത് ‘കലാകൗമുദി’യില്‍ എഴുതിയ ലേഖനത്തില്‍ മലയാളിയെ  രൂക്ഷമായി ഇങ്ങനെ വിമര്‍ശിച്ചു: ‘‘ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും രാജസ്ഥാനിലെയും ഏഴകള്‍ മനുഷ്യാന്തസ്സിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടി ഒരു പാറ പോലെ ഉറച്ചുനിന്ന് നാടിന് വഴികാട്ടിയപ്പോള്‍ മലയാളി അവന്‍െറ തനി നിറം കാട്ടി. അവനെ ചുറ്റിപ്പറ്റി സ്വയം ഉണ്ടാക്കിവച്ചിരുന്ന ‘വിദ്യാഭ്യാസം', രാഷ്ട്രീയ പ്രബുദ്ധത' തുടങ്ങിയ വിശേഷണങ്ങള്‍ വന്‍ കെട്ടുകഥകളാണെന്ന് തെളിയിച്ചു’. ‘എല്ലാം മറന്ന നമ്മള്‍’ എന്ന ലേഖനത്തിലൂടെ ബി.ആര്‍.പി. ഭാസ്കറും, ‘ഈ ബാക്കി പത്രം ആര്‍ക്കുവേണ്ടി’ എന്ന ലേഖനത്തിലൂടെ വി.രാജകൃഷ്ണനുമെല്ലാം ഈ വിര്‍മശനം ആവര്‍ത്തിക്കുന്നുണ്ട്.
പിന്നീട് പലപ്പോഴായി എഴുതപ്പെട്ട നിരവധി ലേഖനങ്ങളിലും പ്രസംഗങ്ങളിലുമെല്ലാം അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചുവെന്ന കുറ്റം മലയാളിക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുണ്ട്. പക്ഷേ, ലളിതമായ തെറ്റ് തിരുത്തിക്കൊണ്ടേ നമുക്ക് മുന്നോട്ടുപോകാനാവൂ. ചരിത്രപരമായി, ഗൗരവമായ ഒരു തെറ്റ് ആവര്‍ത്തിച്ച് പ്രയോഗിക്കപ്പെട്ട ഈ വാചകത്തിലുണ്ട്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിലല്ല, അടിയന്തരാവസ്ഥയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് മലയാളി കോണ്‍ഗ്രസിനെ തെരഞ്ഞെടുത്തത് (സക്കറിയ, ബി.ആര്‍.പി. ഭാസ്ക്കര്‍, വി.രാജകൃഷ്ണന്‍ എന്നിവര്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍െറ പേരില്‍ മലയാളികളെ വിമര്‍ശിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് നടന്നത് അടിയന്തരാവസ്ഥക്ക് ശേഷമാണെന്ന് പറയുന്നില്ല. ധ്വനി അതാണെങ്കിലും).
1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 20 വരെയാണ് ഇന്ത്യയില്‍ അടിയന്തരാവസ്ഥ നിലനിന്നത്. 1977 ജനുവരി 19 ന് മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് അപ്രതീക്ഷിതമായി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു. മാര്‍ച്ച് 16 മുതല്‍ 19 വരെയാണ് ഇന്ത്യയില്‍  തെരഞ്ഞെടുപ്പ് നടന്നത്. കേരളത്തില്‍ മാര്‍ച്ച് 19 നായിരുന്നു തെരഞ്ഞെടുപ്പ്. മാര്‍ച്ച് 20 ന് വോട്ടുകള്‍ എണ്ണി. അടിയന്തരാവസ്ഥയുടെ അവസാന നാളില്‍ പൊലീസ് രാജില്‍ അല്‍പം ഇളവ് വരുത്തിയിരുന്നെങ്കിലും സ്ഥിതി ഒട്ടും മാറിയിരുന്നില്ല. ഭയത്തിന്‍െറ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഇന്ദിരാഗാന്ധി  വീണ്ടും അടിയന്തരാവസ്ഥ നീട്ടുമെന്നും കരുതപ്പെട്ടു. ജനുവരിയില്‍  പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ വിട്ടയച്ചിരുന്നുവെങ്കിലും ഭരണകൂടത്തോട്  കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച  മീസ പ്രകാരം ജയിലില്‍ കഴിഞ്ഞ നക്സലൈറ്റ് തടവുകാരടക്കമുള്ളവരെ വിട്ടയച്ചിരുന്നില്ല. അത്തരത്തിലുള്ള  നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായത് അടിയന്തരാവസ്ഥ പിന്‍വലിച്ച് നാല് നാളുകള്‍ക്കു ശേഷമാണ്. അതായത് തെരഞ്ഞെടുപ്പ് നടന്ന് അഞ്ചുനാളുകള്‍ക്ക് ശേഷം. ഈ തടവുകാരായിരുന്നു കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷം. അവര്‍ എന്തുചെയ്തു എന്നു നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം. പക്ഷേ, നമ്മളാദ്യം നോക്കേണ്ടത് കേരളത്തില്‍ കോണ്‍ഗ്രസ് എന്തുകൊണ്ട് ജയിച്ചുവെന്നും സി.പി.എം. ഉള്‍പ്പടെയുള്ള പ്രതിപക്ഷം തോറ്റുവെന്നുമാണ്.ആത്മനിഷ്ഠ ആഗ്രഹങ്ങളല്ല, അതിനനുസരിച്ച വസ്തുനിഷ്ഠ സാഹചര്യവും ഘടകങ്ങളുമാണ് സമൂഹത്തില്‍ രാഷ്ട്രീയമാറ്റം സാധ്യമാക്കുക.

കേരളത്തിലെ കക്ഷി രാഷ്ട്രീയ യാഥാര്‍ത്ഥ്യം
അന്നത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മുഖ്യപ്രതിപക്ഷമായ സി.പി.എമ്മിനെയും സഖ്യകക്ഷികളെയുമാണ് ആദ്യം വിശകലനം ചെയ്യേണ്ടത്.  1980കളിലും  90 കളിലും  സി.പി.എമ്മിനുണ്ടായിരുന്ന മേധാവിത്തം  70 കളില്‍ ഇല്ലായിരുന്നുവെന്നതാണ് സത്യം. 1964 ല്‍ പാര്‍ട്ടി പിളര്‍ന്നശേഷം കേരളത്തില്‍ നല്ല പങ്ക് നേതാക്കളും അണികളും സി.പി.ഐക്കൊപ്പമായിരുന്നു നിലകൊണ്ടത്. എ.കെ.ജി, ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ഒഴിച്ചാല്‍ തലയെടുപ്പുള്ള നേതാക്കള്‍ സി.പി.എമ്മില്‍ കുറവായിരുന്നു. അതേ സമയം എം.എന്‍.ഗോവിന്ദന്‍നായര്‍, ടി.വി.തോമസ്, സി. അച്യുതമേനോന്‍, എന്‍.ഇ. ബാലറാം, പി.കെ.വാസുദേവന്‍ നായര്‍ തുടങ്ങിയ വലിയ നിര സി.പി.ഐക്കൊപ്പമായിരുന്നു. പിന്നീട് 1968 കളിലാകട്ടെ നക്സലൈറ്റ് രാഷ്ട്രീയത്തിലാകൃഷ്ടരായി നിരവധി പേര്‍ സി.പി.എം. വിട്ടുപോയി. ഇത്തരത്തില്‍ രാഷ്ട്രീയവും സംഘടനാപരവുമായ പ്രതിസന്ധികളിലായിരുന്നു 1970 കളില്‍ സി.പി.എം. 1982 ല്‍ സി.പി.ഐയെ ക്കൂടി ഉള്‍പ്പെടുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) രൂപീകരിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ യഥാര്‍ത്ഥ ഇടതുപക്ഷ സാധ്യതകള്‍ തുറക്കപ്പെടുന്നത്.
1970 സെപ്റ്റംബര്‍ 17 ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സി.അച്യുതമേനോന്‍്റെ നേതൃത്വത്തില്‍ നാലാം നിയമസഭ ഒക്ടോബര്‍ നാലിന് നിലവില്‍ വന്നു. രണ്ടുവട്ടം നീട്ടിക്കിട്ടിയ ആയുസിന്‍്റെ ബലത്തില്‍ 1977 മാര്‍ച്ച് 25 വരെ അച്യുതമേനോന്‍ മുഖ്യമന്ത്രിയായി തുടര്‍ന്നു. സി.പി.ഐ. അന്ന് കോണ്‍ഗ്രസ് പാളയത്തിലായിരുന്നു. മുഖ്യമന്ത്രി പദത്തിലിരുന്നതാണ്  സി.അച്യുതമേനോന്‍െറ നേതൃത്വത്തിലുള്ള മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 1969 നവംബര്‍ ഒന്നുമുതല്‍ അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി.  ഭൂപരിഷ്കരണ നിയമം കേരളത്തില്‍ നടപ്പാക്കി  (1970 ജനുവരി ഒന്നു മുതല്‍) എന്ന നേട്ടത്തോടെയാണ് അച്യുതമേനോന്‍ 1970 ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ആ തെരഞ്ഞെടുപ്പില്‍ ത്രികക്ഷി മുന്നണികളാണ് ഏറ്റുമുട്ടിയത്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒറ്റമുന്നണിയായാണ് നിലകൊണ്ടത്. കോണ്‍ഗ്രസ്, സി.പി.ഐ, മുസലിംലീഗ്, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, ആര്‍.എസ്.പി. എന്നീ കക്ഷികള്‍ ചേര്‍ന്നുണ്ടാക്കിയ മുന്നണിക്ക് എല്ലാ അര്‍ത്ഥത്തിലും മേല്‍കൈ ഉണ്ടായിരുന്നു. 56 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചു. 72 സീറ്റുകളില്‍ സംഖ്യകക്ഷികളും. അതേ സമയം, മാര്‍ക്സിസ്സ്റ് പാര്‍ട്ടിക്കൊപ്പം ശക്തമായ ജനകീയ അടിത്തറയുള്ള ഒരൊറ്റ സംഘടനയുമല്ലായിരുന്നു. ഉണ്ടായിരുന്നതാകട്ടെ,  ഐ.എസ്.പി, കെ.ടി.പി, കെ.എസ്.പി, എസ്.എസ്.പി എന്നീ ചെറുസംഘടനകള്‍ ആയിരുന്നു.  ഇവര്‍ക്ക് നല്‍കിയ ശേഷം 72 സീറ്റിലാണ് സി.പി.എം മത്സരിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ കേരളത്തില്‍ രണ്ട് മുന്നണികളിലായി മത്സരം നടക്കുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍, അവസാന നിമിഷം കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന്  കെ.എം.ജോര്‍ജിന്‍െറ നേതൃത്വത്വത്തില്‍ കേരള കോണ്‍ഗ്രസ് പുറത്തുകടന്നു. സംഘടനാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് എന്നീപാര്‍ട്ടികള്‍ ജനാധിപത്യമുന്നണിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടു. ഇവര്‍ക്കൊപ്പമായിരുന്നു  ജനസംഘവും സ്വതന്ത്രാപാര്‍ട്ടിയും.
അവസാന നിമിഷം സാധ്യമായ ത്രികോണ മത്സരമാണ് വലിയ നാണക്കേടുകള്‍ ഒഴിവാക്കുന്നതില്‍നിന്ന് സി.പി.എമ്മിനെ രക്ഷിച്ചത്. തെരഞ്ഞെടുപ്പല്‍ 30 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഒറ്റക്ഷിയായി. സി.പി.ഐ 16 സീറ്റ് നേടി, ലീഗ് -11, ആര്‍.എസ്.പി- 6, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി ( പി.എസ്.പി)- 3, ഐ.എസ്.പി -3, കെ.ടി.പി- 2, കെ.എസ്.പി- 1 എന്നിങ്ങനെയായിരുന്നു നില. സി.പി.എമ്മിന് 29 സീറ്റുകള്‍. കേരള കോണ്‍ഗ്രസിന് 12 സീറ്റുകള്‍ ലഭിച്ചു.  വിജയിച്ച 16 കക്ഷി രഹിതരില്‍ മൂന്നുപേര്‍ മാര്‍ക്സിസ്റ്റ് സ്വതന്ത്രരും അഞ്ചുപേര്‍ കോണ്‍ഗ്രസുകാരുമായിരുന്നു. കേരള കോണ്‍ഗ്രസിന്‍െറയും ലീഗിന്‍െറയും പിന്തുണയുള്ള ഓരോരുത്തര്‍ വീതവും ജയിച്ചു. 133 അംഗങ്ങളുള്ള സഭയില്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സി.പി.ഐ. മുന്നണിക്കായിരുന്നു ഭൂരിപക്ഷം-69 സീറ്റ്. സി.പി.എം. മുന്നണിക്ക് വെറും 37 സീറ്റുമാത്രം. ത്രികോണ മത്സരമുണ്ടായിട്ടും സി.പി.എമ്മിന്‍െറ അവസ്ഥ പരിതാപകരമായിരുന്നു. ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് (പട്ടാമ്പി), എം.വി. രാഘവന്‍ (മാടായി), വി.എസ്.അച്യുതാനന്ദന്‍ (അമ്പലപ്പുഴ), ബാലാനന്ദന്‍ (വടക്കേക്കര), പി.കെ. ചാത്തന്‍മാസ്റ്റര്‍ (കിളിമാനൂര്‍), കെ. ചാത്തുണ്ണി മാസ്റ്റര്‍ (ബേപ്പൂര്‍), എസ്. ദാമോദരന്‍ (മാരാരിക്കുളം), കെ. ആര്‍. ഗൗരി (അരൂര്‍), എ.വി.കുഞ്ഞമ്പു (പയ്യന്നൂര്‍),  വി.വി.കുഞ്ഞമ്പു (നീലേശ്വരം), ഇ.കെ. നായനാര്‍ (ഇരിക്കൂര്‍), പിണറായി വിജയന്‍ (കൂത്തുപറമ്പ്), സി.ജി. പണിക്കര്‍ (ശ്രീകൃഷ്ണപുരം). പി.ജി. പുരുഷോത്തമണ്‍പള്ള (ചെങ്ങന്നൂര്‍).എം. സത്യനേശന്‍ ( പാറശാല) തുടങ്ങിയവരായിരുന്നു സഭയിലെ  സി.പി.എം. പ്രമുഖര്‍. ഇവരില്‍ പലരും ജയിച്ചത് നിസാര വോട്ടുകള്‍ക്കായിരുന്നു.
അധികാരത്തിലേറിയ അച്യുതമേനോന്‍ സര്‍ക്കാര്‍  പല രീതിയില്‍ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. ഭൂപരിഷ്കരണനിയമം നടപ്പാക്കിയതിന് പുറമെ വിദ്യാഭ്യാസ മേഖലയില്‍ ഫീസേകീകരണം കൊണ്ടുവന്നു. കേരള ജനത ആദ്യമായി ഭരണസ്ഥിരത എന്തെന്ന് അറിഞ്ഞു. ലക്ഷം വീട് പദ്ധതിയുടെ വിജയം സര്‍ക്കാരിന്‍െറ പ്രശസ്തി കൂട്ടി. എല്ലാ പഞ്ചായത്തിലും ആരോഗ്യ കേന്ദ്രം കൊണ്ടുവന്നതിന് പുറമെ കര്‍ഷക തൊഴിലാളികള്‍ക്ക് നിശ്ചിത വേതനവും മറ്റ് തൊഴില്‍ ആനുകൂല്യങ്ങളും സാധ്യമാക്കുന്ന കര്‍ഷകത്തൊഴിലാളി നിയമം പാസാക്കി. ജനദ്രോഹനടപടികളും കുടിയൊഴിപ്പിക്കലുകളും നിര്‍ബന്ധിത വന്ധ്യംകരണം അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളും നടത്തിയിരുന്നെങ്കിലും ഇടത്തരം വര്‍ഗ\ജാതി വിഭാഗങ്ങളെ വലിയ രീതിയില്‍  തൃപ്തിപ്പെടുത്തുന്നതായിരുന്നു അച്യുതമേനോന്‍െറ ഭരണം.  അടിയന്തരാവസ്ഥയിലും അതിനുമുമ്പും നടപ്പാക്കിയ പല നടപടികളും അതേ വര്‍ഗതാല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നതായിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നതിന് മുമ്പ് തന്നെ, കേരളത്തില്‍ ക്രിയാത്മക പ്രതിപക്ഷമായി മാറുന്നതില്‍ സി.പി.എം. പരാജയപ്പെട്ടിരുന്നു. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ സര്‍ക്കാരിനെതിരെ അണിനിരത്തുന്നതില്‍ സി.പി.എം. പരാജയപ്പെട്ടു.  ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരോഫീസുകള്‍, കാര്യക്ഷമമായി നടക്കുന്ന വിദ്യാലയങ്ങള്‍, ക്രമക്കേടില്ലാത്ത പൊതുവിതരണ സമ്പ്രദായം,  സമയത്തോടുന്ന ട്രെയിനുകളും ബസുകളും, ഇതെല്ലാം വലിയ രീതിയില്‍ ഇടത്തരം ജനവിഭാഗങ്ങളുടെ പിന്തുണ നേടാന്‍ സഹായിച്ചു. 1976 ഒക്ടോബര്‍ 13 ന് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ കേരളത്തില്‍ 93 കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്തായി സര്‍ക്കാര്‍ മറുപടി പറഞ്ഞു. കരിഞ്ചത്തക്കാരും പൂഴ്ത്തിവയ്പ്പുകാരുമായി മറ്റ് 306 പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതൊരു ചെറിയ കണക്കല്ല. 1976 മാര്‍ച്ച് 9 ന് നിയമസഭയില്‍ ആഭ്യന്തര മന്ത്രി നല്‍കിയ മറ്റൊരു മറുപടി പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ക്രമരഹിതമായി പെരുമാറിയ 237 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതായും അറിയിച്ചു.  അഴിമതി,കൈക്കൂലി, കയ്യേറ്റം തുടങ്ങിയ കേസില്‍ 89 പോലീസുകാര്‍ക്കെതിരെയും നടപടിയെടുത്തിരുന്നു. മധ്യവര്‍ഗത്തിന്‍െറ സുരക്ഷിതബോധ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഇത്തരം നടപടികള്‍ ധാരാളമായിരുന്നു.
അടിയന്തരാവസ്ഥയില്‍ നിയമവിരുദ്ധ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലടക്കം നടന്ന ഭരണകൂട അതിക്രമങ്ങള്‍ ഒന്നും തന്നെ പുറംലോകം അറിഞ്ഞിരുന്നില്ല. കടുത്ത സെന്‍സര്‍ഷിപ്പിന് വിധേയമായ പത്രങ്ങള്‍ക്ക് ക്രൂരമായ മനുഷ്യവകാശ ലംഘനങ്ങളൊന്നും റിപ്പോര്‍ട്ട്് ചെയ്തിരുന്നില്ല. അഥവാ ചെയ്യാനും ഒരുക്കമായിരുന്നില്ല.  ഏകദേശം 8000-12,000നും ഇടയില്‍ ആളുകള്‍ അറസ്റ്റിലാവുകയോ നിയമവിരുദ്ധ തടങ്കലുകളില്‍ പീഡനത്തിനിരയാവുകയോ ചെയ്തു. കേരളത്തില്‍ മാത്രം ലോകസംഘര്‍ഷ സമിതി നടത്തിയ സത്യഗ്രഹ പരിപാടിയില്‍ 8000 പേര്‍ പങ്കെടുക്കുകയും അതില്‍ 4645  പേര്‍ അറസറ്റ് ചെയ്യപ്പെട്ടുവെന്നുമാണ് ജനസംഘം അവകാശപ്പെട്ടത്. കേരളത്തില്‍ മാത്രം 1270 മീസാ തടവുകാരുമുണ്ടായിരുന്നു. ഇത്തരത്തില്‍ പ്രതിഷേധിച്ചവരെയെല്ലാം തടവറക്കുള്ളില്‍ അടച്ചെങ്കിലും സി.പി.എം കാര്യമായ പ്രതിഷേധങ്ങള്‍ക്ക് നിയമസഭയിലോ പുറത്തോ നേതൃത്വം നല്‍കിയില്ല. പ്രതിഷേധങ്ങള്‍ എല്ലാം തന്നെ പ്രാദേശികമായോ വ്യക്തികളിലോ ഒതുങ്ങി. ആര്‍.എസ്.എസ്\ജനസംഘം, നക്സലൈറ്റ് പ്രവര്‍ത്തകര്‍ ശ്രമിച്ചതുപോലെ ഒളിവില്‍ ഭരണകൂട വിരുദ്ധ മുന്നേറ്റം സൃഷ്ടിക്കാന്‍ ഒരു ഘട്ടത്തിലും സി.പി.എം.തുനിഞ്ഞില്ല. അടിയന്തരാവസ്ഥകാലം മുഴുന്‍  നിയമസഭയുടെ പ്രവര്‍ത്തനം തടസ്സമില്ലാതെ മുറപോലെ നടന്നു. അക്കാര്യത്തില്‍ പ്രതിപക്ഷത്തിന്‍്റെ സഹകരണം ഭരണകക്ഷിക്ക് വേണ്ടുവോളമുണ്ടായിരുന്നു താനും. ഭയമായിരുന്നു സി.പി.എമ്മിനെയിച്ചത് എന്ന് അക്കാലത്തെ നിയമസഭാ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഒന്നും ചെയ്തില്ളെങ്കിലും, അടിയന്തരാവസ്ഥക്ക് ശേഷം തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തങ്ങള്‍ അധികാരത്തിലത്തെുമെന്ന ആത്മനിഷ്ഠമായ ബോധം സി.പി.എമ്മിനെ നയിച്ചുവെന്നുവേണം കരുതാന്‍. 1977 ജനുവരിയില്‍ പ്രഖ്യാപനം വന്ന ശേഷം  തെരഞ്ഞെടുപ്പിനും അതിനുള്ള പ്രചരണത്തിനും രണ്ടുമാസത്തെ സമയമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. അത് വിദഗ്ധമായി പ്രയോജനപ്പെടുത്തുന്നതില്‍ സി.പി.എം. പരാജയപ്പെട്ടു. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളും പൗരാവകാശ നിഷേധവും വലിയ തോതില്‍ പ്രചാരായുധമാക്കുന്നതിലും സി.പി.എം.വിജയിച്ചില്ല.   ഫലത്തില്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെട്ടത് അടിയന്തരാവസ്ഥയുടെ ഗുണഫലങ്ങളാണ്. ‘57 ല്‍ ഇ.എം.എസ്, 67 ല്‍ ഇ.എം.എസ്., 77ല്‍ ഇ.എം.എസ് എന്ന മുദ്രാവാക്യമായിരുന്നു സി.പി.എം മുഖ്യമായി ഉയര്‍ത്തിയത്. അതേ സമയം,  ഉദ്യോഗസ്ഥ സംവിധാനത്തെ മുഴുവന്‍ തങ്ങള്‍ക്ക് അനുയോജ്യമായി പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഭരണമുന്നണിക്കായി.
1977 മാര്‍ച്ചില്‍ തെരഞ്ഞെുപ്പ് നടക്കുമ്പോള്‍ 1970 ലെ കക്ഷിരാഷ്ട്രീയസ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നില്ല. മാത്രമല്ല മത്സരം രണ്ടു കക്ഷികള്‍ തമ്മിലുള്ളതായി. 1970 ല്‍ ത്രികോണ മത്സരതിന് വഴിയൊരുക്കിയ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസ് മുന്നണിയിലേക്ക് നേരത്തെ തന്നെ തിരിച്ചുപോയിരുന്നു. 1976 ഡിസംബര്‍ 26 ന് കെ.എം.മാണിയും ബാലകൃഷ്ണപ്പിള്ളയും മന്ത്രിമാരായി ചുമതലയേറ്റു. പിന്നീട് ഇതില്‍ നിന്ന് ബാലകൃഷണപ്പിള്ളയുടെ നേതൃത്വത്തില്‍ ചെറിയ വിഭാഗംപിളര്‍ന്നു. അവര്‍  സി.പി.എമ്മിനൊപ്പം നിലകൊണ്ടു. കോണ്‍ഗ്രസിനൊപ്പമായിരുന്നു  സി.പി.ഐ, മുസ്ലിംലീഗ്, ആര്‍.എസ്.പി,,കേരള കോണ്‍ഗ്രസ്, പി.എസ്.പി എന്നീ പാര്‍ട്ടികള്‍. ആയിടെ നായര്‍ സര്‍വീസ് സൊസൈറ്റി രൂപംകൊടുത്ത നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും (എന്‍.ഡി.പി) കോണ്‍ഗ്രസ് മുന്നണിയില്‍ ചേര്‍ന്നു. എന്‍.ഡി.പിയുടെ പിന്തുണ കേരളത്തിലെ സവര്‍ണ\ഇടത്തരം വിഭാഗങ്ങളുടെ ഭരണകക്ഷി അനുകൂല മനോനില കൃത്യമായി വ്യക്തമാക്കുന്നുണ്ട്. സി.പി.എമ്മിനൊപ്പം മത്സരിച്ചത് ഭാരതീയ ലോക്ദള്‍  (ജനതാപാര്‍ട്ടി), കേരളകോണ്‍ഗ്രസില്‍ നിന്നും ഭിന്നിച്ച ബാലകൃഷ്ണപിള്ള വിഭാഗം, പ്രതിപക്ഷ മുസ്ലിംലീഗ്,  കെ.എസ്.പി, നാഷണല്‍ ആര്‍.എസ്.പി.  എന്നിവയായിരുന്നു. ഇത്തവണയും സി.പി.എമ്മിനൊപ്പം ശക്തമായ കക്ഷികളുണ്ടായിരുന്നില്ല. 1970 ല്‍ നിന്ന് വ്യത്യസ്തമായി. 140 സീറ്റുകളിലേക്കാണ് മത്സരം നടന്നത്.1970 ല്‍ വോട്ടര്‍മാരുടെ  10,169,467 ആ്വയിരുന്നത് 1977 ല്‍ 11,463, 487ആയി ഉയര്‍ന്നു.  8,772541 വോടടുകള്‍ സാധുവായി. ഭരണമുന്നിക്ക് 111 സീറ്റുകള്‍ ലഭിച്ചു.  33 മണ്ഡലങ്ങളിലായിരുന്നു നേരിട്ടുള്ള മത്സരം.
കോണ്‍ഗ്രസ് മുന്നണിയിലെ കക്ഷി നില ഇങ്ങനെയായിരുന്നു:കോണ്‍ഗ്രസ് -38, സി.പി.ഐ -23, കേരള കോണ്‍ഗ്രസ് -20, മുസ്ലിംലീഗ്- 13, ആര്‍.എസ്.പി- 9, എന്‍.ഡി.പി- 5, പി.എസ്.പി- 3.
സി.പി.എം. മുന്നണിക്ക് 29 സീറ്റുകള്‍ ലഭിച്ചു. സി.പി.എം- 17, ജനതാ പാര്‍ട്ടി- 6, പ്രതിപക്ഷ മുസ്ലിംലഗ് -3, പിള്ള കോണ്‍ഗ്രസ് -2 സ്വതന്ത്രന്‍ -ഒന്ന്.
68 സീറ്റീല്‍ മത്സരിച്ച സി.പി.എമ്മിന് 17 സീറ്റ്. 27 സീറ്റില്‍ മത്സരിച്ച ജനാതപാര്‍ട്ടി ആറു സീറ്റ് നേടി. 17 സീറ്റില്‍ മത്സരിച്ച പിള്ള ഗ്രൂപിന് രണ്ട് സീറ്റുകളേ ലഭിച്ചുള്ളൂ. പ്രതിപക്ഷ മുസ്ലിംലീഗ് 16 സീറ്റില്‍ മത്സരിച്ചെങ്കിലും കിട്ടിയത് മൂന്ന് സിറ്റുകള്‍. നാഷണല്‍ ആര്‍.എസ്.പി, കെ.എസ്.പി, കോണ്‍സ്ര് പരിവര്‍ത്തനവാദികള്‍ എന്നിവര്‍ക്ക്് ഒരു സീറ്റുപോലും ലഭിച്ചില്ല.
എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്ത ജനങ്ങള്‍  ഭരണമുന്നണിക്ക് നല്‍കിയ അംഗീകാരമായിരുന്നില്ല. അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം നക്സലൈറ്റ് തടവുകാരടക്കം മോചിതരാവുകയും മാധ്യമ സ്വാതന്ത്ര്യം പുന:സ്ഥാപിക്കപ്പെടുകയും ചെയ്തശേഷമാണ് അതിക്രമങ്ങളും പീഡനങ്ങളും ജനം അറിഞ്ഞത്. അതിനാല്‍ തന്നെ അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ തിരിച്ചറിഞ്ഞിട്ടും ജനം കോണ്‍ഗ്രസിന് വോട്ട് ചെയ്തു എന്ന ആക്ഷേപം ശരിയല്ല. ഇവിടെയാണ് നിര്‍ണാകയമായ മറ്റൊരു ചോദ്യം ഉയരുന്നത്. കേരളത്തിലേതിന് സമാനമായ അവസ്ഥകള്‍ ആയിരുന്നില്ളേ അഖിലേന്ത്യ തലത്തില്‍ നിന്നിരുന്നത്. പിന്നെ കേരളത്തില്‍ മാത്രം എങ്ങനെ സ്ഥിതി വ്യത്യസ്തമായി?


കേരളത്തിന് പുറത്തെ വസ്തുനിഷ്ഠ സാഹചര്യം

കേരളത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു മറ്റ് സംസ്ഥാനങ്ങളിലെയെല്ലാം അവസ്ഥ. ജയ പ്രകാശ് നാരായണന്‍െറ നേതൃത്വത്തില്‍ സോഷ്യലിസ്റ്റുകള്‍ തുടങ്ങിയ സമ്പൂര്‍ണ വിപ്ളവം  കേന്ദ്ര അധികാരം പിടിച്ചെടുക്കുമെന്ന തോന്നിയ ഒരു ഘട്ടത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാഗാന്ധി മുതിരുന്നത്.  സമ്പൂര്‍ണ വിപ്ളവത്തില്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സോഷ്യലിസ്റ്റുകള്‍ നിര്‍ണായക മുന്നേറ്റം നടത്തിയിരുന്നു. അഴിമതിക്കെതിരായ മുന്നേറ്റം ഗുജറാത്തിലടക്കം വലിയ രീതിയില്‍ ജനങ്ങളെ ചലിപ്പിച്ചു. ംേബാംബെ പോലുള്ള വന്‍ നഗരങ്ങളിലെ വ്യവസായ തൊഴിലാളികളില്‍ നല്ല പങ്ക് ജയപ്രകാശ് നാരായണന് ഒപ്പം നിലകൊണ്ടു. അഖിലേന്ത്യാ തലത്തില്‍ തന്നെ റെയില്‍വേ തൊഴിലാളികളുടെ പിന്തുണയും സോഷ്യലിസ്റ്റുകള്‍
നേടിയെടുത്തിരുന്നു  സേവനമേഖലയിലെ സര്‍വീസ് സംഘടനകള്‍ നല്ല പങ്കും അതേ നിലപാട് എടുത്തത്് ഈ മുന്നേറ്റത്തിന്‍െറ ശേഷിപ്പുകളെ അടിയന്തരാവസ്ഥക്കും ഇല്ലാതാക്കാനായിരുന്നില്ല. കേരളത്തില്‍ ആ ഘട്ടത്തില്‍ സോഷ്യലിസ്റ്റ് മുന്നേറ്റം നടന്നിരുന്നില്ല.
കോണ്‍ഗ്രസിലെ പിളര്‍പ്പിനെതുടര്‍ന്ന് രൂപീകരിക്കപ്പെട്ട സംഘടനാ കോണ്‍ഗ്രസിന് വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ സ്വാധീനം നേടാനായിരുന്നു. മൊറാര്‍ജി ദേശായി എന്ന മുതിര്‍ന്ന നേതാവിന്‍െറ സാന്നിദ്ധ്യം അതില്‍ വലിയ പങ്കുവഹിച്ചു. കോണ്‍ഗ്രസിലെ നല്ല പങ്കും സംഘടനാ കോണ്‍ഗ്രസിനൊപ്പമായിരുന്നു. കേരളത്തില്‍ അതായിരുന്നില്ല സ്ഥിതി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബാബു ജഗജീവന്‍ റാംപ്രതിപക്ഷ മുന്നണിയിലേക്ക് നീങ്ങിയത് ഇന്ദിരാഗാന്ധിയുടെ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടിയേകി.  ഉത്തേരന്ത്യയില്‍ ആര്‍.എസ്.എസ്\ജനസംഘത്തിനുമുണ്ടായിരുന്ന സ്വാധീനശക്തി കേരളവുമായി തുലനം ചെയ്യാന്‍ പോലുമാകുമായിരുന്നില്ല. അവര്‍ രഹസ്യമായി പ്രവര്‍ത്തിച്ച് അടിയന്തരാവസ്ഥയില്‍ തന്നെ സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്തി. തുടക്കം മുതല്‍ ഒടുക്കംവരെ അവര്‍ക്ക് രഹസ്യസംഘടന സംവിധാനം നിലനിര്‍ത്താനുമായി.
പ്രതിപക്ഷത്തിന്‍െറ വിജയത്തിന് വേറെയും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. അതില്‍ ആദ്യത്തേത്, അടിയന്തരാവസ്ഥ കാലത്ത് തന്നെ അഖിലേന്ത്യാ തലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുവെന്നതാണ്. സോഷ്യലിസ്റ്റ് പാര്‍ട്ടി, സംഘടനാ കോണ്‍ഗ്രസ്, ജനസംഘം, ലോക്ദളള്‍ എന്നിവ ഒന്നിച്ചു.  അവര്‍ 1976 ല്‍ തന്നെ ലോകസംഘര്‍ഷ് സമിതി രൂപീകരിച്ചിരുന്നു. സര്‍വോദയം പ്രവര്‍ത്തകരും പരിവര്‍ത്തനവാദികളുമായിരുന്നു അതിലുണ്ടായിരുന്ന മറ്റ് വിഭാഗങ്ങള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിനം തന്നെ ജയപ്രകാശ് നാരായണണ്‍ ജനതാപാര്‍ട്ടിയുടെ പ്രഖ്യാപനം ഒരര്‍ത്ഥത്തില്‍ നടത്തിയിരുന്നു.   ശക്തമായ പ്രതിപക്ഷ ഐക്യ നിര അഖിലേന്ത്യാ തലത്തില്‍ തന്നെ രൂപപ്പെട്ടു.   പ്രതിപക്ഷ കക്ഷികള്‍ ചക്രവും കലപ്പ ഏന്തിയ കര്‍ഷകനും എന്ന പൊതു ചിഹ്നത്തില്‍ മത്സരിച്ചു.എന്നാല്‍ കേരളത്തില്‍ ജനതാ\ജനസംഘം വിഭാഗത്തിന് സ്വാധീനംകുറവായിരുന്നു. ഇ.എം.എസിന്‍െറ നേതൃത്വത്തിലുള്ള സി.പി.എം. ആകട്ടെ ജനസംഘത്തോടുള്ള ബന്ധം ഇഷ്ടപ്പെട്ടില്ല.ജനസംഘത്തിന് ആര്‍.എസ്.എസ് പിന്തുണയുള്ളതായിരുന്നു കാരണം. കേരളത്തില്‍ 1977 ല്‍ സീറ്റുകള്‍ വിഭജിച്ചപ്പോള്‍  ജയസാധ്യതയുള്ള സീറ്റുകള്‍ ജനസംഘം വിഭാഗത്തിന് നല്‍കാതിരിക്കാന്‍ സി.പി.എം. ശ്രമിച്ചു. ഒരു ഘട്ടത്തിലും ഇവിട ഐക്യം പൂര്‍ണമായിരുന്നില്ല. ജനസംഘവും സി.പി.എമ്മും പരസ്പരം തോല്‍പ്പിക്കാന്‍ ആവുന്നത് ശ്രമിച്ചു. ഉത്തരേന്ത്യയില്‍ പ്രതിപക്ഷം ഒന്നിച്ച് ഒറ്റകക്ഷിയായി നിന്നപ്പോള്‍ ഇവിടെ രഹസ്യ കാലുവാരല്‍ നടന്നു.
അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടിക്കുള്ളിലെ  ഐക്യമില്ലായിരുന്നു കോണ്‍ഗ്രസിന്‍െറ മറ്റൊരു പരാജയകാരണം. കേരളത്തില്‍ നിന്ന് വ്യത്യസ്തമായി ഉത്തരേന്ത്യയില്‍ അടിയന്തരാവസ്ഥയുടെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ജനം തൊട്ടറിഞ്ഞിരുന്നു. ഡല്‍ഹയിലെ തുര്‍ക്ക്മാന്‍ഗേറ്റിലടക്കം നടന്ന വന്‍ കുടിയൊഴിപ്പിക്കലുകള്‍, കൂട്ടംകുട്ടമായി നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയത്, കൂട്ട അറസ്റ്റുകള്‍ എന്നിവ  ജനം നേരിട്ടറിഞ്ഞു. ഡല്‍ഹി സര്‍വകലാശലാ വിദ്യാര്‍ഥികളുടെ പ്രതിഷേധം പല ഘട്ടത്തിലും കെട്ടുപൊട്ടിച്ചു. മാത്രമല്ല, കേരളത്തില്‍ സാധ്യമായതുപോലെ സമഗ്ര മാധ്യമ അടിച്ചമര്‍ത്തല്‍ ഉത്തരേന്ത്യയില്‍ ഭരണകൂടത്തിന് സാധ്യമായതുമില്ല.
പഞ്ചാബില്‍ സിഖുവിഭാഗം ശക്തമായി തന്നെ കോണ്‍ഗ്രസിനെതിരെ നിലകൊണ്ടു.  അടിയന്താരവസ്ഥ പ്രഖ്യാപനം ഉണ്ടായശേഷം അമൃത്സറില്‍ ചേര്‍ന്ന സിഖ്നേതൃത്വം കോണ്‍ഗ്രസിന്‍െറ ണ്‍െന്‍റ ഫാഷിസ്റ്റ് പ്രവണണത ചെറുന്‍ തീരുമാനിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ആദ്യത്തെ ബഹുജന പ്രക്ഷോഭം പഞ്ചാബിലാണുണ്ടായിരുന്നു. അലകാദി ദളായിരുന്നു പ്രതിപക്ഷത്തെ പ്രധാന കക്ഷി. പ്രതിഷേധങ്ങള്‍ അടിച്ചര്‍മത്താന്‍ ഭരണകൂടം  ശ്രമിച്ചത് എതിര്‍പ്പുകള്‍ തീക്ഷണമാക്കി. ശിരോമണി അകാലിദളിന്‍െറയും  ശിരോമണി ഗുരുദ്വരാ പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) നേതാക്കളെയും അറസ്റ്റ് ചെയ്തത് സിഖ് സമുദായത്തില്‍ മൊത്തത്തില്‍ തന്നെ പ്രതിഷേധമുണര്‍ത്തി. മതമെന്ന യോജിപ്പിക്കലുകള്‍ പഞ്ചാബില്‍ സാധ്യമായി. സിഖുകാരുടെ പ്രതിഷേധം  വ്യാപിക്കുന്നത് കണ്ട് പഞ്ചാബ് നിയമസഭാ ഭരണത്തില്‍ ശിരോണമണി അകാലിദളിനെ ഉള്‍പ്പെടുത്താമെന്ന് കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്യേണ്ടിവന്നു. അതാകട്ടെ സിഖുകാര്‍ തള്ളിക്കളഞ്ഞു.
ബംഗാളില്‍ കേരളത്തില്‍ നിന്ന് വ്യത്യസ്തമായി ഫലപ്രദ പ്രതിപക്ഷമായി സി.പി.എമ്മിന് പ്രവര്‍ത്തിക്കാനായി. അവര്‍ ജനങ്ങളെ അണിനിരത്തി.സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയുടെ കോണ്‍ഗ്രസ് ഭരണത്തെ ജനം വല്ലാതെ വെറുത്തിരുന്നു. ബംഗ്ളാദേശ് വിമോചന യുദ്ധ കാലത്തെ അഭയാര്‍ഥിപ്രവാഹം അടക്കമുള്ള പ്രശ്നങ്ങളെ സി.പി.എം. നന്നായി അഭിമുഖീകരിച്ചു. അവിടെ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കുകള്‍ മൂലം ഏതാണ്ട് അരാജഅവസ്ഥയിലായിരുന്നു. അവസരങ്ങള്‍ ശരിയായ പ്രയോജനപ്പെടുത്തിയ സി.പി.എം.നേതൃത്വത്തിലുള്ളള മുന്നണി 243 സീറ്റുകള്‍ നേടി വന്‍ ഭൂരിപക്ഷം സ്വന്തമാക്കി.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു തമിഴ്നാട്ടിലെ സ്ഥിതി. ശക്തമായ ദ്രാവിഡ മുന്നേറ്റങ്ങളാണ് അമ്പതുകള്‍മുതല്‍ തമിഴ്നാട്ടില്‍ നിലനിന്നിരുന്നത്. കെ. കരുണാനിധിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന ഡി.എം.കെ മന്ത്രിസഭയെ ഇന്ദിരാഗാന്ധി പുറത്താക്കിയതും കരുണാനിധിയുടെ മകന്‍ സ്റ്റാലിനെ മിസ പ്രകാരം അറസ്റ്റ് ചെയ്തതും തമിഴ്നാട്ടില്‍ ശക്തമായ എതിര്‍പ്പുകളുണ്ടാക്കി. ഡി.എം.കെയില്‍ നിന്ന് പിളര്‍ന്ന എം.ജി.രാമചന്ദ്രന്‍ നേതൃത്വം നല്‍കിയ അണ്ണാഡി.എം.കെക്കും ദ്രാവിഡതാല്‍പര്യങ്ങളാണ് മുഖ്യമായി ഉണ്ടായിരുന്നത്. അഖിലേന്ത്യാതലത്തില്‍ നിന്ന സവര്‍ണ്ണ\ഇടത്തരം വര്‍ഗജാതി വിഭാഗങ്ങളുടെ താല്‍പര്യത്തെ തമിഴ്നാട്ടിലെ ജനം നന്നായി പ്രതിരോധിച്ചു. തമിഴ്നാട്  നിയമസഭയിലേക്ക് ചതുഷ്കോണ മത്സരമാണ് നടന്നത്. ഡി.എം.കെയില്‍നിന്ന് പിളര്‍ന്ന് രൂപീകരിക്കപ്പെട്ട എ.ഐ.ഡി.എം.കെ തെരഞ്ഞെടുപ്പില്‍ നിര്‍ണായക വിജയം നേടി. 233 സീറ്റുകളുള്ള നിയമസഭയില്‍ ഡി.എം.കെ. തനിച്ച് 230 സീറ്റുകളില്‍ മത്സരിച്ചു. എ.ഐ.ഡി.എം.കെ, സി.പി.എം, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ളോക്ക് എന്നിവ മുന്നണിയായി മത്സരിച്ചു. ഒരു മുസ്ലീംലീഗ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇതേ മുന്നണിയില്‍ അനൗദ്യോഗികമായി മത്സരിച്ചു.  കോണ്‍ഗ്രസും സി.പി.ഐയുമായിരുന്നു മറ്റൊരു മുന്നണി. ജനതാ പാര്‍ട്ടി തനിച്ചും മത്സരിച്ചു. സി.പി.എമ്മിന് ലഭിച്ച 12 സീറ്റുകളുള്‍പ്പടെ എ.ഐ.ഡി.എം.കെ. 144 സീറ്റു നേടി.കോണ്‍ഗ്രസ് മുന്നണിക്ക് 32 സീറ്റുകള്‍ (സി.പി.ഐ 5)
കേരളത്തില്‍ നിന്ന് വ്യത്യസ്തമായി അനുകൂലമായ നിരവധി സാഹചര്യങ്ങളുടെയും ഘടകങ്ങളുടെയും പിന്തുണയോടെയാണ് 1977 ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വന്‍ വിജയം നേടുന്നത്.  മൊത്തം 542 സീറ്റുകളില്‍ 298 സീറ്റുകള്‍ ജനതാപാര്‍ടി നേടി.ജനതാപാര്‍ട്ടിയുടെ സഖ്യകക്ഷികള്‍ 47 സീറ്റും നേടി. മൊത്തം 345 സീറ്റുകള്‍. കോണ്‍ഗ്രസ് 153 സീറ്റുകളിലേക്ക് ചുരുങ്ങി. സംഖ്യകക്ഷികളുടെയും കുട്ടി 189 സീറ്റുകള്‍. കോണ്‍ഗ്രസ് നേടിയ സീറ്റുകളില്‍ 9 2 എണ്ണം നാല് ദക്ഷിണ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. കേരളത്തില്‍ 20 ലോക്സഭാ മണ്ഡലങ്ങളും കോണ്‍ഗ്രസ് മുന്നണി നേടി.ആന്ധ്ര പ്രാദേശിലും വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്.


ജനം വിജയിക്കുന്നു

തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയതിന്‍െറ അഭിമാനവുായി  1977 മാര്‍ച്ച് 25 നാണ് കരുണാകന്‍ മുഖ്യമന്ത്രി പദമേറ്റത്. അതിന് തൊട്ടു തലേന്നാണ് കേരളത്തിലെ ജയിലുകളില്‍ മിസാ തടവുകാരായിരുന്ന നൂറുകണക്കിന് പേരെ മോചിപ്പിച്ചത്. മോചിപ്പിക്കപ്പെട്ടവരായിരുന്നു യഥാര്‍ത്ഥ പ്രതിപക്ഷം. അവര്‍ ആഞ്ഞടിച്ചു. കക്കയം പൊലീസ് ക്യാമ്പില്‍ രാജന്‍ കൊല്ലപ്പെട്ടതടക്കമുള്ള അതിക്രമങ്ങള്‍ അവര്‍ ജനങ്ങളോട് വിളിച്ചുപറഞ്ഞു. മാര്‍ച്ച് 26 ന് പ്രൊഫ ഈച്ചരവാര്യര്‍ പൊലീസ് കസ്റ്റടഡയിലെടുത്ത തന്‍െറ മകന്‍ രാജനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഫേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. അതേ ദിവസങ്ങളില്‍ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തിറങ്ങി. സമരം തുടങ്ങിയത് കോഴിക്കോട് റീജണല്‍ എഞ്ചിനിയറിംഗ് കോളജ് വിദ്യാര്‍ഥികളാണ്. രാജനെ തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ഥികള്‍ അറസ്റ്റിനെപ്പറ്റി പരസ്യാന്വേഷണവും ആവശ്യപ്പെട്ടു. മെഡിക്കല്‍ വിദ്യാര്‍ഥികളും സമരത്തില്‍ ചേര്‍ന്നു.  തുടര്‍ന്ന് കേരളത്തിലെ എല്ലാ പ്രമുഖ പട്ടണങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറി. മുക്കിലും മൂലയിലും സര്‍ക്കാരിനെതിരെ ചുവരെഴുത്തുകള്‍ നിറഞ്ഞു. കേരളത്തിലെ വിദൂര ഗ്രാമങ്ങള്‍ വരെ പ്രതിഷേധത്തില്‍ മുങ്ങി. എസ്.എഫ്.ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി സംഘടനങ്ങള്‍  പ്രതിഷേധമുയര്‍ത്തി. ഈച്ചരവാര്യര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി കോടതി പരിഗണിച്ച ഒരാഴ്ചയോളം ഹൈക്കോടതിക്ക് മുന്നില്‍ ജനപ്രളയമായിരുന്നു. ആഭ്യന്തരവകുപ്പ് സെക്രട്ടറി എസ്. നാരായണ സ്വാമി, പൊലീസ് ഐ.ജി വി.എന്‍.രാജന്‍, ഡി.ഐ.ജി (ക്രൈം)ജയറാം പടിക്കല്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയായായിരുന്നു ഈച്ചരവാര്യര്‍ ഹര്‍ജി. എന്നാല്‍, അടുത്ത ദിവസങ്ങളില്‍ കരുണാകരന്‍ രാജനെ കസ്റ്റഡിയിലെടുത്തിട്ടേയില്ളെന്ന് പ്രഖ്യാപിച്ചു. കരുണാകരനെ മുമ്പ് ഈച്ചാരവാര്യര്‍ സന്ദര്‍ശിച്ചപ്പോള്‍ കസ്റ്റഡയിലെടുത്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിന്‍െറ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി കെ. കരുണാകരനെയും കോഴിക്കോട് ജില്ലാ പൊലീസ് സൂപ്രണ്ട് ലക്ഷ്മണയെയും കക്ഷിചേര്‍ത്ത് ഈച്ചരവാര്യര്‍ അഡീഷണല്‍ ഹര്‍ജി സമര്‍പ്പിച്ചു.
ഫേബിയസ് കോര്‍പസ് ഹര്‍ജിയുടെ വിചാരണക്കിടയില്‍ രാജനെ കസ്റ്റഡിയിലെ എടുത്തിട്ടില്ളെന്ന മട്ടില്‍ കരുണാകരന്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. 1977 ഏപ്രില്‍ 13 ന് ജസ്റ്റിസ് പി. സുബ്രഹ്മണ്യന്‍പോറ്റിയും ജസ്റ്റിസ് ജെ.ജെ.ഖാലിദും ചേര്‍ന്ന് വിധി പുറപ്പെടുവിച്ചു. രാജനെ കസ്റ്റഡയിലെടുത്തതായി തെളിഞ്ഞിട്ടുണ്ടെന്നും ഏപ്രില്‍ 21 ന് രാജനെ കോടതിയില്‍ ഹാജരാക്കണമെന്നുമായിരുന്നു വിധി. ഹാജരാക്കാന്‍ കഴിയുന്നില്ളെങ്കില്‍ ഏപ്രില്‍ 19 ന് മുമ്പ് വിവരം ഹൈക്കോടതിയെ അറിയിക്കണം. അങ്ങനെ വന്നാല്‍ കോടതി ഉചിതമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും. കള്ളസത്യവാങ്മൂലമാണ് ആഭ്യന്തരമന്ത്രിയായിരുന്ന (അപ്പോള്‍ മുഖ്യമന്ത്രി) കരുണാകരനും പൊലീസ് ഉദ്യോഗസ്ഥരും സമര്‍പ്പിച്ചതെന്നും കോടതി വിമര്‍ശിച്ചു. വിധിപ്രഖ്യാപനം ഉണ്ടായ ദിവസം ഹൈക്കോടതി പരിസരവും ഷണ്‍മുഖം റോഡും ജനങ്ങളാല്‍ നിറഞ്ഞിരുന്നു. കോടതി പരിസരത്തുള്‍പ്പടെയുള്ള തിരക്ക് നിയന്ത്രിക്കാന്‍ പൊലീസുകാര്‍ക്കും കഴിഞ്ഞില്ല. ഉച്ചക്ക് രണ്ടുമണിയോടടുപ്പിച്ച് വിധി വന്നപ്പോള്‍ കോടതി വളപ്പില്‍ പടക്കം  പൊട്ടി. എം.ജി റോഡിലൂടെ ജനം സന്തോഷത്തില്‍ മുദ്രാവാക്യം വിളിച്ച്  പ്രകടനമായി നീങ്ങി.  കള്ള സത്യവാങ് മൂലം സമര്‍പ്പിച്ചുവെന്ന പരാമര്‍ശവും  വിമര്‍ശവും കോടതിയില്‍ നിന്ന് നേരിട്ടത് കരുണാകരന് തിരിച്ചടിയായി. ഒരര്‍ത്ഥത്തില്‍ ജനത്തിന്‍െറ വികാരമാണ് കോടതിയും പ്രകടിപ്പിച്ചത്. ജനങ്ങളുടെ പ്രതിഷേധം കോടതിയെ സ്വാധീനിക്കുമെന്ന് അനുമാനിക്കാവുന്നതേയുള്ളൂ.
പിടിച്ചു നില്‍ക്കാനായിരുന്നു കരുണാകരന്‍െറ ശ്രമം. ഏപ്രില്‍ 13 ന് വിധി വന്നശേഷം  12 ദിവസം കരുണാകരന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ചു. പക്ഷെ, കരുണാകരന്‍െറ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിക്കൊണ്ടിരുന്നു. ജനം കൂടുതലായി രംഗത്തിറങ്ങി. രക്ഷയില്ളെന്ന ഘട്ടം വന്നപ്പോള്‍ ഏപ്രില്‍ 25 ന്  (ഭരണം ഏറ്റെടുത്ത് കൃത്യം ഒരുമാസം) കരുണകാരന്‍ രാജിവച്ചു. ഹൈക്കോടതിവിധിയെ തുടര്‍ന്ന് നിയമപരമായോ സാങ്കേതികമായോ രാജിവയ്ക്കാന്‍ ഞാന്‍ ബാധ്യസ്ഥനല്ളെങ്കിലും ഉന്നതമായ ജനാധിപത്യ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കാനാണ്  ജനവികാരം കണക്കിലെടുത്ത് സ്ഥാനമൊഴിയുന്നതെന്ന് കരുണാകരന്‍ രാജി പ്രസ്താവനയില്‍ വ്യക്തമാക്കി. ഉന്നതമായ ജനാധിപത്യ കീഴ്വഴക്കങ്ങള്‍ എന്ന വാദം അവിടെ നില്‍ക്കട്ടെ, പ്രസ്താവനയുടെ രണ്ടാം ഭാഗത്ത്  ‘ജനവികാരം കണക്കിലെടുത്ത്’ എന്നു പറഞ്ഞതാണ് ശ്രദ്ധിക്കേണ്ടത്. അറിയാതെയെങ്കിലും ജനവികാരം തനിക്കെതിരാണെന്ന് കരുണാകരന്‍ സമ്മതിച്ചു. ആ ‘ജനവികാര’മാണ് ജനത്തിന്‍െറ വിജയം. തടവറയിലായതിനാല്‍ ഒരുമാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം കിട്ടാത്തവരും, കിട്ടിയത് ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാത്തവരും തിരിച്ചടിച്ചു.  അങ്ങനെ മലയാളി അവന്‍െറ\അവളുടെ രാഷ്ട്രീയ പ്രബുദ്ധത വീണ്ടും ഉയര്‍ത്തിപ്പിടിച്ചു. തെരഞ്ഞെടുപ്പില്‍ മലയാളി ‘പരാജയ’പ്പെട്ടത്് കണ്ടവരാരും ഒരുമാസത്തിനുള്ളില്‍ അവര്‍ വിജയികളായത് കണ്ടില്ല. അതും ചരിത്രത്തിന്‍െറ വിരോധാഭാസം.


സൂചിക

1.Statistical Report on General Election 1977 to The Legislative Assembly of Kerala, Election Commission of India, NewDelhi
2. 1975 മുതല്‍ 1979 വരെയുള്ള നിയമസഭാ രേഖകള്‍
3.1975: അടിയന്തരാവസ്ഥയുടെ ഓര്‍മപ്പുസ്തകം,ഷാനവാസ് എം.എ, പ്രണത ബുക്സ്, 2006
4. അടിയന്തരാവസ്ഥുടെ അന്തര്‍ധാരകള്‍, കെ. രാമന്‍പിള്ള, പ്രണവം ബുക്സ്, 2000
5. സ്മൃതിദര്‍പ്പണം, എം.പി. മന്മമഥന്‍, ഡി.സി.ബുക്സ്, 2008
6. www. kerala.gov.inമാധ്യമം ആഴ്ചപ്പതിപ്പ്
2015 june 29
No comments:

Post a Comment