Saturday, December 14, 2013

ഒരു വനിതാ ട്രാഫിക് വാര്‍ഡന് ബോധിപ്പിക്കാനുള്ളത്



കൊച്ചി നഗരത്തിലെ തെരുവില്‍, പട്ടാപ്പകല്‍ ഡ്യൂട്ടിക്കിടെ ആണ്‍ ധാര്‍ഷ്ട്യത്താല്‍ ആക്രമിക്കപ്പെട്ട വനിതാ ട്രാഫിക് വാര്‍ഡന്‍ തന്‍െറ അനുഭവം പറയുന്നു. സ്ത്രീ, ദളിത, ഉദ്യോഗസ്ഥ എന്നിങ്ങനെ ജീവിതത്തിലും തൊഴിലിടങ്ങളിലും നേരിടുന്ന പുരുഷനസവര്‍ണ ആക്രമങ്ങളെയും അവഗണനെയും ദുരിതജീവിതത്തെയും പറ്റിയാണ് അവര്‍ സംസാരിക്കുന്നത്. അവരുടെ ചെറുത്ത്നില്‍പ്പ് സുന്ദരമായ കലാപമാണ്. ഇനിയുമേറെ പേര്‍ക്ക് വഴികാട്ടിയാകേണ്ട ഒന്ന്. പത്മിനിയുമായി ആര്‍.കെ.ബിജുരാജ് നടത്തിയ അഭിമുഖ സംഭാഷണത്തിന്‍െറ ലേഖന രൂപമാണ് ചുവടെ:





ഒരു വനിതാ ട്രാഫിക് വാര്‍ഡന്
ബോധിപ്പിക്കാനുള്ളത്

പത്മിനി ഡി.


തെരുവിലെ സാധാരണ മനുഷ്യര്‍ക്ക് എന്താണ് വില? അല്ളെങ്കില്‍, അവിടെ ഗതാഗതം നിയന്ത്രിക്കുന്ന ഒരു വനിതാ ട്രാഫിക് വാര്‍ഡന് ?
ഞാനീ ചോദ്യങ്ങള്‍ വളരെ മുമ്പേ സ്വയം ഉന്നയിക്കുന്നതാണ്. അനുഭവങ്ങള്‍ അതിന് ഉത്തരം നല്‍കിയിട്ടുമുണ്ട്. അഹങ്കാരികളായ മനുഷ്യര്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ചോദ്യത്തിനും ഉത്തരങ്ങള്‍ക്കും ഒന്നും വലിയ പ്രസക്തിയില്ല.  അവരിടുന്നതാണ് വില.
അധികാരം, പണം, ആണെന്ന ബോധം, ജാതി -ഇതൊക്കെ കൂടി കലരുമ്പോള്‍ അഹങ്കാരം താനേ ഉയരും.  എന്തും ചെയ്യാമെന്ന തോന്നല്‍ ഉണരും. അങ്ങനെ തെരുവില്‍ നില്‍ക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ക്കും വില ഇടും. ആക്രമിക്കും. എതിര്‍ക്കാന്‍ ആരും ധൈര്യപ്പെടില്ല.  എന്നെപോലുള്ള നിസാരക്കാരായ ഒരാള്‍ അപമാനങ്ങളും അവഗണനയും ആക്രമണങ്ങളും നേരിടേണ്ടിവരുന്നത് സ്വാഭാവികം.  പക്ഷേ, ഈ "സ്വാഭാവികം' അംഗീകരിച്ചുകൊടുക്കാന്‍ എനിക്കാവില്ല. ഈ "ഞാന്‍' വളരെ ചെറിയ വ്യക്തിയാണെങ്കിലും.
കൊച്ചിയിലെ റോഡുകളില്‍ ഏഴ് വര്‍ഷത്തിലേറെയായി പണിയെടുക്കുന്ന സാധാരണ വനിതാ ട്രാഫിക് വാര്‍ഡനാണ് ഞാന്‍. ജീവിതത്തിന്‍െറ രണ്ടറ്റം കൂട്ടിമുട്ടിക്കാനും സമൂഹത്തില്‍ നിവര്‍ന്ന് നില്‍ക്കാനുമുള്ള ജീവിത മാര്‍ഗമാണ് ഈ തൊഴില്‍. അതിനപ്പുറം ഒന്നുമല്ല. ഈ തൊഴിലുമായി നിന്ന് വെയിലും പുകയും കൊള്ളുമ്പോഴും  മുന്നിലൂടെ ഒഴുകുന്ന വാഹന നിരകളില്‍ ലോകം ഞാന്‍ കാണുന്നുണ്ട്. ഈ വര്‍ഷങ്ങളിലെ "അനുഭവ'ങ്ങളിലേക്ക്  പിന്നാലെ വരാം. ഇപ്പോള്‍ ഞാന്‍ വാര്‍ത്തയാകാനുള്ള കാരണം പറയാം:
നവംബര്‍ 2 ശനിയാഴ്ച കലൂര്‍-  കതൃക്കടവ് റോഡില്‍ സെന്‍റ് ഫ്രാന്‍സിസ് കുരിശുപള്ളി ജങ്ഷനിലായിരുന്നു ഡ്യൂട്ടി. കതൃക്കടവ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ യു ടേണ്‍ എടുക്കുന്നത് ഇവിടെയാണ്. രാവിലെ 11 ന് കലൂര്‍ ഭാഗത്ത് നിന്ന് വന്ന ഒരു കാര്‍ യു ടേണ്‍ പോയിന്‍റും കഴിഞ്ഞ് മുന്നോട്ട് പോയി. അതിനുശേഷം സിഗ്നലൊന്നും കാട്ടാതെ അതിവേഗം പിന്നോട്ട് എടുത്തു. ഇത് കണ്ടല്‍ ഞാന്‍  കാര്‍ മറ്റു വണ്ടികളില്‍ ഇടിക്കാതിരിക്കാന്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ കൈകാണിച്ചു നിര്‍ത്തി. കാറിന് വഴിതെറ്റിയാതാവുമെന്നും കരുതിയാണു തിരിഞ്ഞു പോകാന്‍ സൗകര്യ പ്രദമായി മറ്റ് വാഹനങ്ങള്‍ നിര്‍ത്തികൊടുത്തത്. ഇരുപത് അടിയോളം റിവേഴ്സ് വന്ന കാര്‍ അതിവേഗം തിരഞ്ഞു പോയി.
 എന്നാല്‍, അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതേ വാഹനം എന്‍െറ പിന്നില്‍ കൊണ്ടുവന്നുനിര്‍ത്തി. ആ സമയത്ത് റോഡിന്‍െറ വശത്ത് നില്‍ക്കുകയാണ് ഞാന്‍. കാര്‍ ഓടിച്ചയാള്‍ ചാടി പുറത്തിറങ്ങി "എന്‍െറ വണ്ടി ഇടിച്ചത് നീ കണ്ടില്ളെടീ' എന്നീ ചോദിച്ചു മാറിടത്തില്‍ ആഞ്ഞടിച്ചു. യൂണിഫോം വലിച്ചു കീറി. പൊടിയേല്‍ക്കാതിരിക്കാന്‍ മുഖത്ത് കെട്ടിയ തുവാല വലിച്ചുമാറ്റി. യൂണിഫോമിലെ നെയിംപ്ളേറ്റ് വലിച്ചു പൊട്ടിച്ചു. അസഭ്യം പറഞ്ഞു. താന്‍ ഡി.സി.സി.മെമ്പറുടെ മകനാണെന്നും ഇവിടെയൊക്കെ തന്നെയുല്‍ാവുമൊന്നൊക്കെ അയാള്‍ വിളിച്ചു കൂവി. നിന്നെ ഇവിടെ വച്ചിരിക്കില്ലന്ന് ഭീഷണിപ്പെടുത്തി അതിവേഗം കാറില്‍ കയറി ഓടിച്ചുപോയി. പാന്‍്റ്സും ഷര്‍ട്ടുണിഞ്ഞ ഉയരവും വണ്ണവുമുള്ള ആളായിരുന്നു ആക്രമി. പണത്തിന്‍െറ അഹങ്കാരം ശരീരഭാഷയിലുണ്ട്.
 ആള്‍ക്കാര്‍ അപ്പോഴേക്കും ചുറ്റും കൂടാന്‍ തുടങ്ങിയതുകൊണ്ടും കൂടിയാണ് അയാള്‍ വേഗം സ്ഥലം വിട്ടത്.  എന്താണ് സംഭവിച്ചത് എന്ന് പോലും മനസിലായില്ല.   അടിയേറ്റതിന്‍െറ വേദന ഒരുവശത്ത്.  അയാള്‍ പറഞ്ഞതും മനസിലായില്ല. അയാളുടെ കാര്‍ ഇടിച്ചത് ഞാന്‍ കണ്ടിരുന്നില്ല. എന്നെ എന്തിനാണ് ഇയാള്‍ ആക്രമിച്ചത് എന്നാണ് ചിന്തിക്കുന്നത്. പരിഭ്രമിച്ചുപോയ എനിക്ക് പ്രതികരിക്കാനായില്ല. ഏതായാലും പെട്ടന്ന് തന്നെ കാറിന്‍െറ നമ്പര്‍ കൈയില്‍ കുറിച്ചിട്ടു. കെഎല്‍-7 ബി വി 4856.
ഉടനെ മൊബൈലില്‍ 100 വിളിച്ച് കണ്‍ട്രോള്‍ റൂമില്‍  പരാതി പറഞ്ഞു. അവര്‍ വണ്ടിയുടെ നമ്പര്‍ എഴുതിയെടുത്തു. അതില്‍ കൂടുതല്‍ ഒന്നും സംഭവിച്ചില്ല.  ഞാന്‍ അപമാനിതയായി തെരുവില്‍ നില്‍ക്കുകയാണ്. ആള്‍ക്കൂട്ടം കാണ്‍കെ ഒരു പുരുഷന്‍ സ്ത്രീയെ ആക്രമിച്ചിരിക്കുന്നു. യൂണിഫോം കീറി, മറ്റുള്ളവരുടെ സഹതാപ നോട്ടവുമേറ്റ് ഞാനങ്ങനെ നിന്നു. ശരിക്കും അപമാനകരമായ അവസ്ഥാണ് അത്.  സ്ത്രീയെന്ന നിലയിലും ഒരു ഉദ്യോഗസ്ഥയെന്ന നിലയിലും. കരച്ചിലും ദേഷ്യവും വന്നു. പലര്‍ക്കും ഇപ്പോള്‍ ആ അവസ്ഥ പറഞ്ഞാല്‍ മനസിലാവില്ല. അനുഭവിച്ചറിയേണ്ടിവരും.
ഞാന്‍ ട്രാഫിക് സ്റ്റേഷനിലും സംഭവം അറിയിച്ചിരുന്നു. നേരത്തെ വിളിച്ചറിയിച്ചതുനസരിച്ച് രണ്ടുപൊലീസുകാര്‍ കുറേ വൈകി അടുത്തു വന്നു. അവര്‍ എന്നോട് ഞാന്‍ ജോലി ചെയ്യുന്ന ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലേക്ക് ചെല്ലാന്‍ പറഞ്ഞു.  ഓര്‍ക്കണം, അടിയേറ്റ് നില്‍ക്കുന്ന സ്ത്രീയോട് ഇതു പറയുമ്പോള്‍ ഒരു വണ്ടി പോലും പൊലീസുകാരോ ട്രാഫിക് ഉദ്യോഗസ്ഥരോ ഏര്‍പ്പെടുത്തിതരുന്നില്ല. ഞാന്‍ ബസില്‍ ഇടപ്പള്ളി സ്റ്റേഷനിലേക്ക്പോയി. പാതി വഴി എത്തിയപ്പോള്‍ ഫോണില്‍ വിളിവന്നു. ഇടപ്പള്ളിക്കല്ല കടവന്ത്രയിലേക്കാണ് പോകേല്‍തെന്ന്. ഞാന്‍ ബസില്‍ നിന്നിറങ്ങി കടവന്ത്രയിലേക്ക് ബസ് മാറി കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍ വന്നു. കടവന്ത്രയിലേക്കല്ല എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്കാണ് ചെല്ളേണ്ടതെന്ന്. ആ സമയത്ത് ബൈപാസ് റോഡിലാണ് ഞാന്‍. അവിടെ ഇറങ്ങി. തിരിക്കുള്ള നഗരത്തില്‍ ബസുകള്‍ മാറിക്കയറി ഒരു വിധം ഞാന്‍ നോര്‍ത്ത് സ്റ്റേഷനിലത്തെി. മൂന്നു മണിക്കൂര്‍ കഴിഞ്ഞിരുന്നു അപ്പോള്‍. ഒടുവില്‍ പരാതി എഴുതി നല്‍കി.

ഠഠഠ

ആക്രമിക്കപ്പെട്ട വിവരം വിളിച്ചറിയിച്ചതുമുതല്‍ പൊലീസുകാര്‍ ബോധപൂര്‍വം ഉപേക്ഷ കാട്ടുകയാണ് ചെയ്തത്. കാറിന്‍െറ നമ്പര്‍ ഞാനുടനെ വിളിച്ചു പറഞ്ഞിരുന്നു. വേണമെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമിയെ പിടികൂടാം. അതുല്‍ായില്ല. സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയത് വൈകി എന്നായിരുന്നു പൊലീസിന്‍െറ പ്രതികരണം. പക്ഷേ, ഇവര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ വിവിധ സ്റ്റേഷനുകളിലേക്ക് മാറി മാറി സഞ്ചരിച്ചതുകൊണ്ടാണ് ഇത്രയും വൈകിയതെന്ന യാഥാര്‍ഥ്യം പൊലീസുകാര്‍ മറന്നു. എവിടെയും പരാതിക്കാരി കുറ്റക്കാരിയാകുന്ന അവസ്ഥയാണ്. അതിന്‍െറ തുടക്കമായിരുന്നു വൈകിയെന്ന വാദം.
പരാതി നല്‍കാനൊരുങ്ങുമ്പോള്‍ പരിചയമുള്ള ഒരു മുതിര്‍ന്ന പൊലീസുകാരന്‍ ഉപദേശിച്ചു: മോളെ നിന്നെ നെഞ്ചില്‍ ഇടിച്ച കാര്യവും യൂണിഫോം കീറിയ കാര്യവും  ഒന്നും പറയേണ്ട. അക്രമി രാഷ്ട്രീയ ബന്ധം പറഞ്ഞതും പരാതിയില്‍ എഴുതേല്‍. അത് കേസിന് ദോഷമാകും. ഉപദേശ രൂപേണയാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അപ്പോള്‍ അതില്‍ എനിക്ക് ഒന്നും തോന്നിയില്ല. അതിനാല്‍ പരാതി അയാള്‍ പറയുന്നതുപോലെ നല്‍കി. പിന്നെയാണ് ഉദ്യോഗസ്ഥന്‍ എനിക്ക് വേല്‍ിയല്ല. പ്രതിക്ക് വേണ്ടിയാണ് സംസാരിച്ചത് എന്ന് മനസിലായത്. കേസ് അക്രമിക്ക് ദോഷകരമാകരുത്. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കതെ പോകരുത്. ഇത് മനസിലാക്കിയപ്പോള്‍ ഞാന്‍ പിന്നീട് കൃത്യമായ വിവരങ്ങള്‍ കാണിച്ച് വിശദ പരാതി നല്‍കി.
നഗരം ചുറ്റിക്കറങ്ങി നോര്‍ത്ത് സ്റ്റേഷനിലത്തെി പരാതി നല്‍കിയപ്പോഴേക്കും ഞാന്‍ അവശയായിരുന്നു. ശാരീരികമായ ക്ഷീണം ഒരു വശത്ത്. അപമാനം മറ്റൊരുവശത്ത്. അവശയാണെങ്കിലും ബസില്‍ കയറി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ തേടി. സാധാരണ നിലയില്‍ പൊലീസുകാരോ, ട്രാഫിക് പൊലീസുകാരോ ആണ് എന്നെ ആശുപത്രിയിലാക്കേണ്ടത്. അവര്‍ സാധാരണ ഒരു പരാതിക്കാരന് നല്‍കുന്ന സ്ഥാനം പോലും എനിക്ക് നല്‍കിയില്ല.  മര്‍ദനമേറ്റതായി സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ പിന്നീട് പൊലീസിന് നല്‍കി. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ താന്‍ അവിടെ നല്‍കിയ മൊഴിയും പൊലീസ്സ്റ്റേഷനില്‍ നല്‍കിയ മൊഴിയും വ്യത്യസ്തമാണെന്നു പറഞ്ഞ് കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചു. മൊഴി വ്യത്യസ്തമാകാനിടയായ സാഹചര്യം ഞാന്‍ നേരത്തെ പറഞ്ഞതാണ്.
എന്‍െറ പരാതിയില്‍ കലൂര്‍ അശോക റോഡില്‍ കപ്പാട്ടില്‍ വീട്ടില്‍ വിനോഷ് വര്‍ഗീസിനെ(27) പ്രതിയാക്കി പൊലീസ് കേസെടുത്തു. സംഭവം നടന്നിട്ട് ഇപ്പോള്‍ എട്ട് ദിവസം കഴിഞ്ഞിരിക്കുന്നു. പൊലീസിന്  പ്രതിയെ പിടികൂടാനായില്ല. അതിനുള്ള ശ്രമമില്ല. പ്രതി ഒളിവിലാണെന്നാണു പൊലീസിന്‍െറ ന്യായം.പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ലത്രെ. അതേ സമയം  മുന്‍കൂര്‍ ജാമ്യത്തിനായി പ്രതി ശ്രമം നടത്തുന്നുമുണ്ട്.
 താല്‍ക്കാലിക ജോലിയായതിനാല്‍  ട്രാഫിക് സ്റ്റേഷനില്‍നിന്നും മതിയായ പിന്തുണയില്ല. ചിലര്‍ സഹപ്രവര്‍ത്തകര്‍ ഒപ്പമുണ്ട് എന്നു മാത്രം.മാനസികമായി തളര്‍ത്തുന്ന സമീപനങ്ങളാണ് ചില ട്രാഫിക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
കേസുമായി ബന്ധപ്പെട്ടു പൊലീസ്  സ്റ്റേഷനില്‍നിന്ന് ഇടയ്ക്കിടെ വിളിക്കും. പക്ഷെ എന്‍്റെ ഭാഗത്താണു കുറ്റമുള്ളതെന്ന നിലയ്ക്കാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാവണം ഇത്. രാഷ്ട്രീയ സ്വാധീനം മൂലമാണ് പ്രതിയെ പിടിക്കാത്തത് എന്നാണ് മനസിലാകുന്നത്.പ്രതിയെ പിടികൂടാന്‍ കഴിയാത്ത പൊലീസ് എന്‍െറ ഫോണ്‍ ചോര്‍ത്താനാണ് ശ്രമിക്കുന്നത്.   പലപ്പോഴായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നു.  നിരന്തരം സമര്‍ദം ചെലുത്തി കേസില്‍നിന്ന്  പിന്തിരിപ്പിക്കാനാണ് ശ്രമം.  
അതേസമയം, വനിതാ ട്രാഫിക് വാര്‍ഡനെ യാതൊരു വിധത്തിലും അപമാനിച്ചിട്ടില്ളെന്നും മുമ്പിലുണ്ടായിരുന്ന ബൈക്ക് കാറിലിടിച്ചത് വാര്‍ഡന്‍്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ തങ്ങളോട് അപമര്യാദയായി പെരുമാറുകയായിരുന്നെന്നും  കാണിച്ച് പ്രതിയുടെ ഭാര്യ പ്രസ്താവനയുമായി പത്രമോഫീസ് കയറിയിറങ്ങി. അവര്‍ കാറില്‍ ഉണ്ടായിരുന്നില്ല. ബൈക്ക് യാത്രക്കാരനെ തടയാതിരുന്നതു ചോദ്യം ചെയ്തപ്പോള്‍ ട്രാഫിക് വാര്‍ഡന്‍ മോശമായി പെരുമാറിയതെന്നാണു പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ഹര്‍ജിയിലും പറയുന്നത്. ഞാന്‍ ഒരാളോടും അപമര്യാദയായി പെരുമാറിയിട്ടില്ല. ആരെയും ചീത്തപറഞ്ഞിട്ടുമില്ല. ഹൃദയത്തില്‍ തൊട്ടാണ് ഞാനിത് പറയുന്നത്. കേസ് അനുകൂലമാക്കാനാണ് ഇത്തരം നുണകളമായി പ്രതിയും കുടുംബവും രംഗത്ത് വരുന്നത്.

ഠഠഠ

ഞാന്‍ എറണാകുളത്ത് നെട്ടൂരിലാണ് താമസിക്കുന്നത്. എസ്.സി. വിഭാഗത്തില്‍ (ദളിത്) പെട്ടവരാണ് ഞങ്ങള്‍. സ്വന്തമായി വീടില്ല.  വാടകവീട്ടിലാണ് താമസം.  ഭര്‍ത്താവില്ല.12 വര്‍ഷമായി എറണാകുളത്ത് പലയിടങ്ങളിലായി വാടകയ്ക്ക് താമസിക്കുകയാണ്. രണ്ടുപെണ്‍മക്കളാണുള്ളത്. മൂത്തമകളെ അടുത്തിടെ കെട്ടിച്ചയച്ചു. ഇളയമകള്‍ രമ്യ പ്ളസ് വണ്‍ വരെ പഠിച്ചു. നിവൃത്തിയില്ലാത്തതിനാല്‍ പഠിക്കാന്‍ വിട്ടില്ല. സഹായത്തിന് ബന്ധുക്കളുമില്ല.
ആദ്യം ഹോം നഴ്സായി കുറച്ചുകാലം പണിയെടുത്തു. അതിനുശേഷം ഒരു കമ്പനിയില്‍ സെക്യൂരിറ്റി ജോലി ചെയ്തു. ഏഴ് വര്‍ഷമായി ട്രാഫിക് വാര്‍ഡനായിട്ട്. ഇങ്ങനെ ഈ ജോലിയില്‍ തുടരാന്‍ പ്രേരിപ്പിച്ച ഒരു ഘടകം യൂണിഫോം ഒരു ശക്തിയാണെന്ന തോന്നല്‍ മനസിലുണ്ടായതുകൊണ്ട് കൂടിയാണ്. അതാണിപ്പോള്‍ ഇല്ലാതായത്. ആദ്യം തൃപ്പൂണിത്തുറ വടക്കേകോട്ടയിലും മറ്റുമായിരുന്നു ജോലി. അന്ന് 120 രൂപയാണ് പ്രതിദിന വേതനം. രണ്ടുവര്‍ഷം മുമ്പ് എന്നെയും 50 നടുത്ത് പേരെയും ലൈന്‍ ട്രാഫികിലേക്ക് എടുത്തു. ഇപ്പോള്‍ ദിവസം  300 രൂപയാണ് കൂലി. അതു മുടങ്ങാതെ കിട്ടിയില്ളെങ്കില്‍ ജീവിതം വഴിമുട്ടും.  കുട്ടികളുടെ കാര്യം പരുങ്ങലിലാവും. വാടക കൊടുക്കാനാവില്ല.അതിനാല്‍ 30 ദിവസവും ജോലിക്ക് പോകും.
നവംബര്‍ 2 ന് ആക്രമിക്കപ്പെട്ടെങ്കിലും  വേദന സഹിച്ചും തിങ്കളാഴ്ച  ജോലിക്ക് ചെന്നു. കുടുംബം പട്ടിണിയാവരുത് എന്നാണ് മനസിലുണ്ടായിരുന്നത്. ഒന്നര വര്‍ഷം മുമ്പ് എന്നെ ഒരു കാര്‍ ഇടിച്ചിട്ടു. ഇടപ്പള്ളിയില്‍ പള്ളിക്ക് മുമ്പില്‍ ഗതാഗതം നിയന്ത്രിക്കുമ്പോഴായിരുന്നു അത്. ഓട്ടോമാറ്റിക് സിഗ്നല്‍ കിട്ടി പാഞ്ഞുവന്ന വാഹനങ്ങള്‍ക്ക് ഞാന്‍ സ്റ്റോപ്പ് കാണിച്ചു. റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുന്നവരെ സഹായിക്കാനായിരുന്നു. എന്നാല്‍, ഒരു കാര്‍ നിന്നില്ല. ഇടിച്ചിട്ടു. റോഡിലിടിച്ച് തല പൊട്ടി (ഇപ്പോള്‍ നെറ്റിയില്‍ മുഴച്ച പാടുണ്ട്) കാലില്‍ ചതവ്. ഞരമ്പുകള്‍ക്ക് കേട് പാട് സംഭവിച്ചു. സ്റ്റേഷിനടുത്തായത് കൊണ്ട് അവിടെയുള്ളവരെല്ലാം ചേര്‍ന്ന് ആശുപത്രിയിലാക്കി. ലീവ് എടുത്ത്കൊള്ളാന്‍ അനുവാദം കിട്ടി. അപ്പോള്‍ എന്‍െറ പ്രതീക്ഷ എന്തെങ്കിലും സഹായം ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് ചെയ്യുമെന്നായിരുന്നു. 24 ദിവസം ഞാന്‍ ആശുപത്രിയിലായിരുന്നു.  വേതനം വരുന്ന ദിവസം ബാങ്കില്‍ നോക്കിയപ്പോള്‍ ഒരു തുകയും എത്തിയിട്ടില്ല. എടുത്ത അവധിയെല്ലാം ശമ്പളമില്ലാത്തതാണ്. ഇതാണ് ഞങ്ങളുടെ അവസ്ഥ. അപ്പോള്‍ ഇനി എന്ത് ചെയ്യുമെന്ന് കരുതി വിഷമിച്ചു. ഒടുവില്‍ വീണ്ടും ജോലിക്ക് പോകന്‍ തീരുമാനിച്ചു. ഡോക്ടര്‍ ബെഡ് റെസ്റ്റ് പറഞ്ഞിരിക്കുന്നതാണ്. ഞാന്‍ ട്രാഫിക് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞ് മാടവനയില്‍ ഡ്യൂട്ടി മേടിച്ചു. വീട്ടില്‍ നിന്ന് മൂന്ന് സ്റ്റോപ്പ് അപ്പുറമാണ് മാടവന. കാലില്‍ വലിയ കെട്ടുമായി രണ്ടു കിലോമീറ്ററിലധികം ദിവസവും നടന്നുപോയി എട്ട് മണിക്കൂറോളം പണിയെടുത്തു. അങ്ങനെ ചെയ്യാതിരിക്കാന്‍ ആവില്ല. ചെയ്തില്ളെങ്കില്‍ അടുപ്പില്‍ കഞ്ഞിപുകയില്ല.
ആക്രമിക്കപ്പെട്ട ദിവസം പഴയ വാടക വീട് ഒഴിയേല്‍ സമയമായിരുന്നു. 11 മാസ വാടക്കരാര്‍ കഴിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ എന്‍െറ വേദന എങ്ങനെ പുതിയ വാടകവീട് കണ്ടത്തെുമെന്നായിരുന്നു. ഇപ്പോഴിത് കണ്ടത്തെി. ഇന്നാണ് ഇങ്ങോട്ട് മാറിയത്. മൂന്ന് നാല് ദിവസം കൂടി ലീവിന് അപേക്ഷകൊടുത്തിട്ടുണ്ട്. ഈ അവധി ദിനങ്ങളിലെ പണം കണ്ടത്തൊന്‍ ഓവര്‍ടൈം ഡ്യൂട്ടി ചെയ്താലേ കഴിയൂ.
ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെങ്കിലും ഞായറാഴ്ചയും തിങ്കളാഴ്ചയും  ജോലിക്കു ചെന്നു. നെഞ്ചിലെ കടുത്ത വേദന കടിച്ചമര്‍ത്തിയാണ് ചെന്നത്. എന്നാല്‍, തിങ്കളാഴ്ച ഉച്ചയോടെ അസ്വസ്ഥത കൂടി. അതിനാല്‍ വൈകിട്ട് നെട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.നാല് ദിവസം ആശുപത്രിയില്‍ കിടന്നു.
ഈ സമയത്ത് ചില നല്ല നീക്കങ്ങള്‍ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. ഇടതു വനിതാ സംഘടനകള്‍ ഉള്‍പെടെയുള്ളവര്‍ അനകൂലമായി രംഗത്തത്തെി. പ്രതിയെ അറസ്റ്റ് ചെയ്യമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷനും ഡി.വൈ.എഫ്.ഐ.യും പ്രതിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. എന്നിട്ടും പ്രതിയെ പിടികൂടാനായില്ല. ഏതോ ഒരു പത്രത്തില്‍ പ്രതി വിദേശത്തേക്ക് കടന്നതായി പറയുന്നു.
ഇതുവരെ എഫ്.ഐ. ആര്‍ എനിക്ക് കിട്ടിയിട്ടില്ല. അതില്‍ പ്രതിക്കെതിരെ ജോലിക്ക് തടസമുണ്ടാക്കി എന്ന വകുപ്പ് മാത്രമാണ് ചേര്‍ത്തിരിക്കുന്നതെന്നറിയുന്നു. ആ വകുപ്പ് മാത്രമാണെങ്കില്‍ കേസ് നിലനില്‍ക്കില്ല. ഞാന്‍ സര്‍ക്കാര്‍ ജോലിക്കാരിയല്ലല്ളോ. എന്നാല്‍, ചുമത്തേല്‍ വകുപ്പുകള്‍ സ്ത്രീള്‍ക്കും ദളിതര്‍ക്ക് നേരെയുള്ള അതിക്രമ കുറ്റമാണ്. പൊലീസ് മന:പുര്‍വം ആ വകുപ്പുകള്‍ ചുമത്താത്താണെന്ന് കരുതുന്നു. ആ വകുപ്പുകള്‍ ചുമത്തിയാല്‍ ജാമ്യം ലഭിക്കില്ല.
 പരാതിക്കാരി ഞാന്‍ ആയതുകൊണ്ടാണ് പൊലീസ്  ഉപേക്ഷ കാട്ടുന്നത്. അവര്‍ നോക്കുമ്പോള്‍ ഞാന്‍ സ്ത്രീ. ദരിദ്ര. ദളിത. ഇത് സംഭവിച്ചത് പുരുഷനാണെന്ന് കരുതുക. അപ്പോള്‍ ഇതാവുമോ പൊലീസ് സമീപനം? അല്ളെങ്കില്‍ കുറച്ച് പണമുള്ള, ജാതിയമായി ഉയര്‍ന്ന സത്രീയായിരുന്നെങ്കില്‍? അല്ളെന്ന് ഉറപ്പ്. അപ്പോള്‍ അവര്‍ വ്യക്തമായി കരുതുന്നത് എന്നെപ്പോലൊരാളോട് ഇങ്ങനെയൊക്കെ പെരുമാറിയാല്‍ മതിയെന്നാണ്.  ഇതിന്‍െറ തന്നെ മറ്റൊരു വകഭേദമായിരുന്നു ഞാന്‍ ആക്രമിക്കപ്പെട്ടതിന് പിന്നിലും. സ്ത്രീ, ദരിദ്ര, ദളിത- ഇവള്‍ എവിടെ വരെ പോകും എന്ന പുശ്ചമായിരുന്നു കാര്‍ ഓടിച്ചയാള്‍ക്കുമുണ്ടായിരുന്നത്.



ഠഠഠ

പലരും കരുതുന്നതുപോലെ ട്രാഫിക് വാര്‍ഡന്‍ എന്നത് സുഖകരമായ ജോലിയൊന്നുമല്ല. രാവിലെ മുതല്‍ രാത്രി വൈകുവോളം വരെ  പൊടിയും പുകയും  കൊള്ളണം. വെയിലത്ത് തുടര്‍ച്ചയായി നില്‍ക്കണം. ശരീരമാസകലം കരുവാളിക്കും. മഴക്കാലത്ത് മഴ മുഴുവന്‍ കൊള്ളണം.ഒരേ നില്‍പ്പ് തുടരുന്നതിനാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ വേറെ. ചിലപ്പോഴൊക്കെ കാലില്‍ നീരുവന്ന് നിറയും. പൊടിയും പുകയും ശ്വസിച്ച് ചുമയും ശ്വാസംമുട്ടലും വരും.
ഇതു മാത്രമല്ല ബുദ്ധിമുട്ട്. വാഹനങ്ങളില്‍ വരുന്നരുടെ ആഭാസത്തരങ്ങള്‍ സഹിക്കണം. ചിലര്‍ നോട്ടംകൊണ്ട് മാനഭംഗപ്പെടുത്തും. സിഗ്നല്‍ തെറ്റിച്ചത്തെുന്ന വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ നല്ല ശതമാനം പേരും ചീത്തപറയും. വണ്ടി കൈകാണിച്ച് നിര്‍ത്തി എതിര്‍വശത്ത് നിന്നുള്ള വണ്ടി പോകാന്‍ അവസരം കൊടുത്താല്‍ ചിലര്‍  അസഭ്യംപറയും. നിന്നെയൊക്കെ കാണിച്ചു തരം എന്ന് ഭീഷണിപ്പെടുത്തും. ചിലരോടൊക്കെ "എന്നാല്‍, അങ്ങനെയായിക്കോട്ടെ' എന്ന് മറുപടിയും പറയും.
ട്രാഫിക് വാര്‍ഡനാണെന്നു മനസ്സിലാക്കിയാല്‍ പലരും വണ്ടി നിര്‍ത്തില്ല. കൈയിലെ നീല ബാഡ്ജ് കല്‍ാല്‍ തന്നെ ഡ്രൈവര്‍മാര്‍ക്കറിയാം ട്രാഫിക് വാര്‍ഡനാണെന്ന്. നീല ബാഡ്ജും ഐഡന്‍റിറ്റി കാര്‍ഡും അഴിച്ചു വച്ചാല്‍ ട്രാഫിക് മേലുദ്യോഗസ്ഥര്‍ കണ്ടാല്‍ കുറ്റമാണ്. അവര്‍ ആബ്സന്‍റ് മാര്‍ക് ചെയ്യും. അന്ന് കൂലി കിട്ടില്ല.
മുമ്പ് ഞങ്ങള്‍ക്ക് കറുത്ത ബെല്‍റ്റായിരുന്നു. അത് തന്നെയാണ് വനിതാ ട്രാഫിക് പൊലീസുമാരുടേതും. അപ്പോള്‍ വനിതാ ട്രാഫിക് പൊലീസുമാര്‍ പ്രശ്നമുണ്ടാക്കി. അങ്ങനെ ഞങ്ങളുതേടത് വെളുത്ത ബെല്‍റ്റായി. വെളുത്ത ബെല്‍റ്റും കൈയിലെ നീല ബാഡ്ജും കണ്ടാല്‍ അഹങ്കാരികളായ ഡ്രൈവര്‍മാര്‍ വകവയ്ക്കില്ല. അവര്‍ മുഖമടച്ച് ആട്ടും. ചിലര്‍ നമ്മളെ തോല്‍പ്പിക്കാനെന്ന മട്ടില്‍ നിലത്ത് തുപ്പും.
ഡ്യൂട്ടിക്കിടെ പ്രാഥമികാവശ്യത്തിനുള്ള സൗകര്യമില്ല. ഡ്യൂട്ടിക്കു നില്‍ക്കുന്ന സ്ഥലത്ത് നിന്ന്  പ്രാഥമികാവശ്യത്തിനായി എങ്ങോട്ടേക്കെങ്കിലും പോകണമെങ്കില്‍ 10 മിനിറ്റ് മുന്‍കൂര്‍ അനുവാദം വാങ്ങണം. മൊബൈലില്‍ 30 പൈസ ബാലന്‍സ് ഇല്ളെങ്കില്‍ നിങ്ങള്‍ വലഞ്ഞു പോകും. ഈ 30 പൈസ് എന്നത് മൂത്രമൊഴിക്കാനോ വെള്ളം കുടിക്കാനോ മാറുമ്പോള്‍ ട്രാഫിക് സറ്റേഷനില്‍ വിളിച്ചുപറയാനാണ്. അല്ളെങ്കില്‍ അവര്‍ വരുമ്പോള്‍ നമ്മള്‍ സ്ഥലത്തില്ളെങ്കില്‍ നടപടി വരും. മിക്കവാറും അന്നത്തെ കൂലി കിട്ടില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ട്.
ട്രാഫിക് സ്റ്റേഷനുകളിലാകട്ടെ പ്രാഥമികാ ആവശ്യത്തിന് സൗകര്യമില്ല.  ഡ്രസ് മാറാന്‍ പോലും ഇടമില്ല. അതിനാല്‍ യൂണിഫോമിട്ടാണ് വീട്ടില്‍ നിന്ന് ഡ്യൂട്ടിക്ക് പോകാറ്.  നഗരത്തില്‍ പണിയെടുക്കുന്ന 100 നടുത്ത് ട്രാഫിക് വാര്‍ഡന്‍മാരുണ്ട്. പലരും രാത്രി 9.30 വരെ ജോലിയെടുക്കുന്നു. അതിനുശേഷമാണ് വീട്ടിലേക്ക് പോകുക. ഈ സമയത്ത് ബസുണ്ടാവില്ല. ട്രാഫിക് വകുപ്പിന് ഇവരെ വീട്ടില്‍ എത്തിക്കാന്‍ സംവിധാനമില്ല.  രാത്രി പല വണ്ടികള്‍ കൈകാണിച്ചും മറ്റുമാണ് പലരും വീടണയുന്നത്. ചിലര്‍ മദ്യപിച്ച് മോശമായി പെരുമാറും. പരാതിപ്പെടാന്‍ എല്ലാവരും പറയും. ജോലി പോകുമെന്ന ഭയത്താന്‍ ആരും ഒന്നും മിണ്ടില്ല. അപ്പോള്‍ ഈ സ്ത്രീകളുടെ സുരക്ഷ ആര്‍ക്കും വിഷയമല്ളെന്ന് വരുന്നു.
ദിവസവും വാഹനങ്ങള്‍ക്കു നടുവില്‍ പണിയെടുക്കുന്ന ഞങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോ, ചികിത്സാസഹായമോ നല്‍കാനും നടപടിയില്ല. ഡ്യൂട്ടിക്കിടെ അപകടമുല്‍ായാല്‍ അതതു സ്റ്റേഷനുകളില്‍നിന്നുള്ള പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിക്കും. അപകടം ചെറുതാണെങ്കില്‍ തനിയെ ആശുപത്രിയിലത്തെി ചികിത്സ തേടണം. ആരോടും പരാതിപ്പെടാറില്ല. അന്നന്നത്തെ അരിക്കായി പണിയെടുക്കുന്ന ഞങ്ങളെപ്പോലുള്ളവരുടെ സങ്കടം ആര് കേള്‍ക്കാന്‍. പക്ഷെ, ഞാനിപ്പോള്‍ ഇതു പറയുന്നത് ട്രാഫിക് വാര്‍ഡന്‍മാരുടെ അവസ്ഥ എല്ലാവരും അറിയട്ടെ എന്നു കരുതിയാണ്. അവസ്ഥകള്‍ക്ക് മാറ്റം വരണം. ഞാന്‍  ഉറച്ചുനില്‍ക്കുന്നത് ട്രാഫിക് വാര്‍ഡന്‍മാരായി പണിയെടുക്കുന്ന കുറച്ച് സ്ത്രീകള്‍ക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടാവട്ടെ എന്നു കൂടി കരുതിയാണ്.

ഠഠഠ

ആക്രമിച്ചയാളെ എനിക്ക് നേരിട്ട് അറിയില്ല. അയാള്‍ അറസ്റ്റിലാകുമ്പോള്‍ കാണണമെന്നുണ്ട്. എന്തിനെന്നെ ആക്രമിച്ചു എന്ന് നേരിട്ട് തന്നെ ചോദിക്കണം. ഞാന്‍ അയാള്‍ക്ക് ഒരു ദോഷവും ചെയ്തില്ലല്ളോ. മുമ്പ് എന്നെ കൊച്ചിയിലെ ഒരു പ്രമാണി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനെതിരെ ഞാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇനി അതിന്‍െറ തുടര്‍ച്ചയായിട്ടാണോ ആക്രമണം. അറിയില്ല. എന്തായാലും അത് നേരിട്ട് തന്നെ അറിയണമെന്നുണ്ട്.
എന്‍െറ ആവശ്യം വളരെ ലളിതമാണ്. കുറ്റം ചെയ്തയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ശിക്ഷ നല്‍കണം. ഇനിയൊരു സ്ത്രീയെയും ആക്രമിക്കാന്‍ ആര്‍ക്കും ധൈര്യം വരരുത്. പെണ്ണിന്‍്റെ മാനത്തിനും അന്തത്തസിനും വിലയുണ്ടാവണം.
വീട് വിട്ട് എന്തെങ്കിലും ആവശ്യത്തിന് പുറത്തുപോകുന്ന  മകളെയും, മറ്റ് എല്ലാ പെണ്‍മക്കളെയും ഓര്‍ക്കുമ്പോള്‍ ഭയമാണ്. നടുറോഡില്‍ യൂണിഫോമിട്ടു നില്‍ക്കുന്ന എന്നെ കടന്നു പിടിക്കാന്‍ ധൈര്യമുണ്ട് ഇവിടെയുള്ളവര്‍ പലര്‍ക്കും. അപ്പോള്‍ പാവം നമ്മുടെ പെണ്‍കുട്ടികളുടെ അവസ്ഥയോ.അധികാരവും സ്വാധീനവുമുള്ള ആര്‍ക്കും അസഭ്യം പറയാനും ആക്രമിക്കാനുമുള്ളവരാണോ വനിതാ വാര്‍ഡന്‍മാര്‍? അത്തരക്കാര്‍ക്കു സംരക്ഷണം നല്‍കുന്നവരായി പോലീസും ഡിപ്പാര്‍ട്ട്മെന്‍്റും മാറുകയാണോ? നീതിക്കുവേണ്ടിയുള്ള പോരാട്ടം ജോലി നഷ്ടപ്പെടുത്തുമോയെന്ന് പലരും പറയുന്നു. അങ്ങനെ സംഭവിക്കുമെന്ന് മനസും പറയുന്നു. എന്നാലും ഞാന്‍ പിന്‍മാറില്ല. ജോലി പോയാല്‍ പാത്രം കഴുകിയും വീട്ടു വേലക്കു നിന്നും ഞാന്‍ കുടുംബം പുലര്‍ത്തും. എനിക്ക് ഒരു ജോലിചെയ്യാനും മടിയില്ല.
പ്രതിയുടെ അറസ്റ്റുണ്ടായില്ളെങ്കില്‍ നീതി ലഭിക്കുന്നതുവരെ നിരാഹാര സത്യഗ്രഹം നടത്തുമെന്ന് ഞാന്‍ എല്ലാവരോടും പറഞ്ഞിട്ടുണ്ട്. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന അനേകം സ്ത്രീകളുണ്ട്.  അവരുടെ പ്രാര്‍ഥന കൂടെ ഉണ്ടാകുമെന്നാണ് വിശ്വാസം. പരാതി പിന്‍വലിച്ചാല്‍ പിന്നെ  സ്ത്രീയായി കരുതാനാകില്ല. അതുകൊണ്ട് സ്ത്രീകള്‍ക്കുവേണ്ടി പരാതിയില്‍ ഉറച്ചുനില്‍ക്കും. അന്വേഷണം അട്ടിമറിക്കാനാണ് പൊലീസിന്‍െറ നീക്കമെങ്കില്‍ കമീഷണര്‍ ഓഫിസിന് മുന്നില്‍ യൂനിഫോമില്‍ സത്യഗ്രഹം നടത്തുന്നതുള്‍പ്പെടെ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കും.  ഐ.ജിക്കും മനുഷ്യാവകാശ കമീഷനും പട്ടികജാതി ക്ഷേമ കോര്‍പറേഷനും പരാതി നല്‍കും. ഒരു പെണ്ണിനോട് എന്തുമാകാം, പിന്നെയും മാന്യനായി നടക്കാം എന്നാരും ചിന്തിക്കാനിടവരുത്തരുത്. അതിനാല്‍ ഏതറ്റംവരെയും ഞാന്‍ പോകും.  എനിക്ക് വേണ്ടി മാത്രമല്ല. എന്‍െറ മകളും ഇവിടെയുള്ള എല്ലാ പെണ്‍മക്കളും സ്ത്രീകളും തെരുവില്‍ സുരക്ഷിതരായിരിക്കാന്‍ കൂടി.


പച്ചക്കുതിര
2013 ഡിസംബര്‍




"കമ്യൂണിസ്റ്റുകള്‍ മാര്‍ക്സിസ്റ്റുകളായിരുന്നില്ല'



മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ ദേശീയ തലത്തിലും സാര്‍വദേശീയതലത്തിലും നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്? കേരളത്തിലെ നക്സലൈറ്റുകള്‍ എങ്ങനെ ചിന്തിക്കുന്നു? പ്രവര്‍ത്തിക്കുന്നു? മാവോയിസ്റ്റുകള്‍ എത്ര മാത്രം ശക്തരാണ്?- മുതിര്‍ന്ന നക്സലൈറ്റ് നേതാവും "പോരാട്ടം' ചെയര്‍മാനുമായ എം.എന്‍.രാവുണ്ണിയെന്ന മുണ്ടൂര്‍ രാവുണ്ണി സംസാരിക്കുന്നു






"കമ്യൂണിസ്റ്റുകള്‍ 

മാര്‍ക്സിസ്റ്റുകളായിരുന്നില്ല'


ആഞ്ഞുകത്തുന്ന തീമരം പോലെ, ഒട്ടും കെട്ടുപോകാതെ ചുവന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്ന അധികമാളുകള്‍ നമുക്കില്ല. അധികമെന്നല്ല, ചിലപ്പോള്‍ ഒട്ടുമേയില്ല. എം.എന്‍. രാവുണ്ണിയെന്ന മുണ്ടൂര്‍ രാവുണ്ണിയാവും ഈ ഗണത്തില്‍ വരുന്ന ആദ്യയാളുകളിലൊരാള്‍.
കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിലെ തലമുതിര്‍ന്ന നേതാവാണ് എം.എന്‍. എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന രാവുണ്ണി. സായുധവിപ്ളവത്തെ ഗാഢമായി പ്രണയിക്കുന്നൊരാള്‍. കറതീര്‍ന്ന കമ്യൂണിസ്റ്റ്. അനുഭവങ്ങളുടെ സാഗരം.
അഞ്ചുപതിറ്റാണ്ടുകളില്‍ രാവുണ്ണി നടന്ന ദൂരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ കയറ്റിറക്കങ്ങളാണ്.
1939 ഏപ്രില്‍ 10 ന് പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ ജനനം. ഫ്യൂഡല്‍ കുടുംബാംഗം. ഇടതുപക്ഷ അനുഭാവിയായ അച്ഛനൊപ്പം ചെറുപ്പത്തിലെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തു. അമ്പതുകളുടെ മധ്യത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം സജീവം. 1957 ല്‍ മദ്രാസിലേക്ക് സ്ഥലം വിട്ടു. അവിടെ മദ്രാസ് സ്റ്റേറ്റ് വൈദ്യതി ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി. എന്നാല്‍, ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനത്തിന്‍െറ തുടര്‍ച്ചയില്‍ സര്‍വീസില്‍ നിന്ന് പുറത്തായി. അതോടെ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകന്‍. ഇടക്കാലത്ത് മദ്രാസില്‍ സോവിയറ്റ് കൗന്‍സില്‍ ജനറല്‍ ഓഫീസില്‍ ജോലി. '64 ല്‍ പാര്‍ട്ടി പിളരുന്നതിനു മുമ്പേ, വിമതപക്ഷത്തിനൊപ്പം നിലകൊണ്ടു. "തീക്കതിര്‍' എന്ന പത്രം തുടങ്ങി. പിന്നീട് തീക്കതിര്‍ തമിഴ്നാട്ടില്‍ സി.പി.എമ്മിന്‍െറ മുഖപത്രമായി. 64 ല്‍ ചൈനീസ് ചാരന്‍ എന്ന് മുദ്രകുത്തി  ഭരണകൂടം കടലൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. 66 അവസാനം തീക്കതിറിന്‍െറ പത്രാധിപസ്ഥാനം രാജിവച്ചു. അതോടെ പ്രവര്‍ത്തനം പാലക്കാടായി.  67 ല്‍ ഭക്ഷ്യക്ഷാമം നേരിട്ടപ്പോള്‍ ജന്മിമാര്‍ പൂഴ്ത്തിവച്ച ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുക്കുന സമരം സംഘടിപ്പിച്ചു. ഈ ഘട്ടത്തില്‍ നക്സല്‍ബാരിയില്‍ നിന്ന് കാര്‍ഷിക കലാപ വാര്‍ത്തകള്‍ വന്നു തുടങ്ങി. ബംഗാളില്‍ ഭരണകക്ഷിയായ സി.പി.എം. കര്‍ഷകരെ അടിച്ചമര്‍ത്തുന്നത് അറിഞ്ഞതോടെ പാര്‍ട്ടി ബന്ധം പൂര്‍ണമായി വിചേ്ഛദിച്ചു. ഇതിനുമുമ്പേ കോഴിക്കോടുള്ള കുന്നിക്കല്‍ നാരായണനുമായി ബന്ധം സ്ഥാപിച്ചിരുന്നു. പാലക്കാട് നക്സല്‍ബാരി കര്‍ഷക സഹായ സമിതി രൂപീകരിച്ചു. "ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്‍െറ ഇടിമുഴക്കം' എന്ന ലഘുലേഖ കേരളത്തില്‍ ആദ്യമായി മൊഴിമാറ്റി, റെഡ്റൂട്ട് എന്ന പ്രസിദ്ധീകരണ കേന്ദ്രം സ്ഥാപിച്ച് പുറത്തിറക്കി. കേരളത്തില്‍ നക്സലൈറ്റുകളുടെ ആദ്യത്തെ  കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതില്‍ സംസ്ഥാന സമിതി അംഗം. തലശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്തു. 1969 അവസാനം കോഴിക്കോട് ബാലുശ്ശേരിയില്‍ ചേര്‍ന്ന  വിലയിരുത്തല്‍ യോഗത്തില്‍ കുന്നിക്കല്‍ വിഭാഗവുമായി തെറ്റി. ഗ്രാമങ്ങളില്‍ കേന്ദ്രീകരിച്ച് ഗറില്ലായുദ്ധം നടപ്പാക്കുകയും വിപ്ളവ പ്രവര്‍ത്തനം നടത്തുകയും ചെയ്യണമെന്ന നിലപാടായിരുന്നു രാവുണ്ണിക്ക് ഉണ്ടായിരുന്നത്.  യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങിയ  രാവുണ്ണി അവിടെ വച്ചു തന്നെ എ. വര്‍ഗീസുമായി ഒന്നിച്ചു. കേരളത്തിലെ സി.പി.ഐ (എം.എല്‍) ഒൗദ്യോഗിക കമ്മിറ്റിക്കെതിരെ വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ രൂപീകരിച്ച സമാന്തര സംസ്ഥാന കമ്മിറ്റിയില്‍ അംഗമായി.  ജന്മിമാരെ ഉന്മൂലനം ചെയ്യുക എന്ന മുദ്രാവാക്യത്തിന്‍െറ അടിസ്ഥാനത്തില്‍ 1970 ജൂലൈ 30 ന് കോങ്ങാട് നാരായണന്‍ കുട്ടി നായര്‍  എന്ന കുപ്രസിദ്ധ ജന്മിയെ വധിച്ചു. രാവുണ്ണിയായിരുന്നു ആക്ഷന്‍്റെ പാര്‍ട്ടി ചുമതലയുള്ള പൊളിറ്റിക്കല്‍ കമ്മിസാര്‍. കേസില്‍ പിടിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രാവുണ്ണി  1971 മെയ് 27 ന് എട്ട് നക്സലൈറ്റുകള്‍ക്കൊപ്പം വിയ്യൂര്‍ ജയില്‍ ചാടി.  വൈകാതെ വീണ്ടും പിടിയിലായി. കരിവെള്ളൂരില്‍ പിടിയിലാകുമ്പോള്‍  നക്സല്‍ബാരി അനുകൂല മുദ്രാവാക്യം മുഴക്കിയതിന്  പോലീസ് തൊണ്ടയിലെ സ്വനഗ്രാഹി വലിച്ചുപൊട്ടിച്ചു. അഞ്ചുവര്‍ഷം ഏകാന്തതടവില്‍. ഒടുവില്‍ 1980 മധ്യത്തില്‍ ജയില്‍ മോചനം. തുടര്‍ന്ന് കെ.വേണു നേതൃത്വം നല്‍കിയ സി.ആര്‍.സി, സി.പി.ഐ (എം.എല്‍) അംഗം. വൈകാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. കെ. വേണു പാര്‍ട്ടി പിരിച്ചുവിട്ടപ്പോള്‍ കേരള കമ്യൂണിസ്റ്റ് പാര്‍ട്ടി (കെ.സി.പി) രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങി. പാര്‍ട്ടി കേന്ദ്ര പ്രചരണ സമിതി സെക്രട്ടറിയായി. 1992 മുതല്‍ "മുന്നണിപ്പോരാളി' മാസികയുടെ  പത്രാധിപര്‍. പിന്നീട് മാവോയിസ്റ്റ് ഐക്യ കേന്ദ്രത്തിന്‍െറയും സി.പി.ഐ. എം എല്‍ (നക്സല്‍ബാരി)യുടെ രാഷ്ട്രീയ നേതൃത്വത്തിന്‍ കീഴില്‍ പ്രവര്‍ത്തനം. ഇപ്പോള്‍ "പോരാട്ടം' സംസ്ഥാന ചെയര്‍മാനാണ്.
കോഴിക്കോട് ഒരു മനുഷ്യാവകാശ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ എം.എന്‍. രാവുണ്ണിയുമായി നളന്ദ ഹോട്ടലില്‍ നടത്തിയ സംഭാഷണത്തിന്‍െറ പ്രസ്ക്ത ഭാഗങ്ങളാണ് ചുവടെ:



എന്താണ് കേരളത്തിലെ നക്സലൈറ്റുകളുടെ അവസ്ഥ. ഇപ്പോള്‍ പൊതുവില്‍  സജീവ പ്രവര്‍ത്തനം നടക്കുന്നതായി തോന്നുന്നില്ല..?

കേരളത്തില്‍ എഴുപതുകളിലോ എണ്‍പതുകളിലോ കണ്ട സജീവത നക്സലൈറ്റ് പ്രസ്ഥാനത്തിന് ഇപ്പോള്‍ ഇല്ല എന്നത് വാസ്തവമാണ്. എന്നാല്‍, നക്സലൈറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ജനകീയ സമരങ്ങളുടെ മുന്‍നിരയിലുണ്ട്. കേരളത്തിന്‍െറ ഭൂപടത്തില്‍ ജനകീയ സമരങ്ങള്‍ നടക്കാത്ത മേഖലകള്‍ ഒന്നും തന്നെയില്ല എന്നു പറയാം. അത് പരിസ്ഥിതി സംരക്ഷണത്തിനാകട്ടെ, കുടിയൊഴിപ്പിക്കലിനെതിരെയാവട്ടെ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയവാട്ടെ. സമരം എല്ലാ മേഖലകളിലും നടക്കുന്നുണ്ട്.  ഇത് എത്രത്തോളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നത് വിഷയമാണ്. എങ്കില്‍ തന്നെയും ആദിവാസി, ദളിത്, തൊഴിലാളി പ്രശ്നങ്ങളില്‍ ഒക്കെ ഇടപെട്ട് നക്സലൈറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഉണ്ടായിവരുന്ന ബന്ധങ്ങള്‍ക്ക് സമൂര്‍ത്ത സംഘടനാ രൂപം നല്‍കി വികസിപ്പിക്കുന്നതില്‍ നക്സലൈറ്റുകള്‍ക്ക് ഇനിയും  കുറേ മുന്നേറാനുണ്ട്. അത്തരം ശ്രമങ്ങള്‍ കാര്യക്ഷമമായി നടക്കുമ്പോള്‍ നക്സലൈറ്റുകള്‍ വീണ്ടും മുന്‍നിരയില്‍ വരും.


നക്സലൈററ് പ്രസ്ഥാനത്തിന് 45 വയസ് പിന്നിട്ടിരിക്കുന്നു. ഇപ്പോഴും ഏതാണ്ട് തുടങ്ങിയിടത്തു തന്നെയാണ് സംഘടന. കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന് ആഗോളതലത്തില്‍ തിരിച്ചടിയും നേരിട്ടിരിക്കുന്നു. എന്നിട്ടും താങ്കള്‍ ശുഭാപ്തി വിശ്വാസിയായി തുടരുന്നതിന് എന്താണ് അടിസ്ഥാനം?

വിപ്ളവത്തിന്‍െറ കാര്യത്തില്‍ ഞാന്‍ ശുഭാപ്തിവിശ്വാസിയാണ്. അതിന് കാരണം മാര്‍ക്സിസത്തിലുള്ള വിശ്വാസമാണ്. മാര്‍ക്സിസത്തിന്് പകരം വയ്ക്കാന്‍ മറ്റൊരു ആശയശാസ്ത്രമില്ല. പ്രകൃതി നിയമങ്ങള്‍ സമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കാനും സമൂഹത്തെ മാറ്റിത്തീര്‍ക്കാനും മാര്‍ക്സിസം (പുതിയ കാലത്ത് അതിന്‍െറ വികസിത രൂപമായ മാവോയിസം) ശക്തിമത്തായ ആയുധവും വഴികാട്ടിയുമാണ്. അതുകൊണ്ട് തന്നെ കമ്യൂണിസത്തില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. രണ്ടാമത്, 45 വയസ് എന്നത് മനുഷ്യരാശിയുടെ ചരിത്രത്തില്‍ വലിയ കാലയളവല്ല. ചരിത്രം മൊത്തത്തില്‍ എടുത്തുനോക്കിയാല്‍ വിജയവും പരാജയവും കാണാം. പരാജയം നേരിട്ടാലും മനുഷ്യരാശി മുന്നോട്ട് പോവുകയാണുണ്ടായത്. അടിമത്ത കാലത്തെ പരാജയപ്പെടുത്തി മനുഷ്യന്‍ നാടുവാഴിത്തത്തിലേക്ക് നീങ്ങി. അതിനെയും പരാജയപ്പെടുത്തി മുതലാളിത്തത്തിലേക്കും. അത് ഒഴുക്കാണ്. ഇതിനിടയില്‍ പാരീസ് കമ്യൂണ്‍ തൊഴിലാളികള്‍ സ്ഥാപിച്ചു. അത് അട്ടിമറിക്കപ്പെട്ടു. എന്നിട്ടും മനുഷ്യരാശി മുന്നോട്ട് പോയി. റഷ്യന്‍ വിപ്ളവം നടന്നു. അത് അട്ടിമറിക്കപ്പെട്ടു. ചൈനീസ് വിപ്ളവം നടന്നു, അട്ടിമറിക്കപ്പെട്ടു. എന്നാലും മനുഷ്യന്‍ മുന്നോട്ട് പോകും. വിപ്ളവം എന്നത് യാഥാര്‍ഥ്യമാണ്. അത് സംഭവിക്കും. അത് ഏന്‍െറ ജീവിത കാലത്ത് തന്നെ നടന്നുകൊള്ളണമെന്നില്ല. ചിലപ്പോള്‍ അടുത്ത തലമുറയിലാവും സംഭവിക്കുക.  അതിനുവേണ്ടി ജനങ്ങളെ ഒരുക്കുക എന്നതാണ് ഞാനേറ്റിരിക്കുന്ന കടമ. വിപ്ളവത്തിന് അനൂകൂലമായി  വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ എല്ലാം ഒത്തുവരുമ്പോള്‍ നമുക്ക് ആത്മനിഷ്ഠ ശക്തികള്‍ ഇല്ലാതെ വന്നാലോ? അതുണ്ടാവാതിരിക്കാന്‍ ഇപ്പോഴേ പ്രവര്‍ത്തിക്കേണ്ടതുണ്ട്.  45 വര്‍ഷം വലിയ കാലയളവായി എനിക്ക് തോന്നുന്നില്ല, അതെന്നെ അശുഭാപ്തി വിശ്വാസിയുമാക്കുന്നില്ല.


ഇടത്തരം സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. വിപ്ളവം ഇല്ലാതെ ജീവിക്കാവുന്ന അവസ്ഥ മധ്യവര്‍ഗത്തിനും അതില്‍ താഴെയുള്ളവര്‍ക്കുമിടയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പിന്നെ എന്തടിസ്ഥാനത്തിലാണ് വിപ്ളവം സാധ്യമാകുമെന്ന് പറയുന്നത്?


ശരിയാണ്. കേരളത്തില്‍ മധ്യവര്‍ഗത്തിന് വിപ്ളവം ആവശ്യമായ അവസ്ഥ വളരെ കുറഞ്ഞ അളവിലാണ്. വേണമെങ്കില്‍ ഈ സമൂഹത്തില്‍ അവര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ നിന്നുപോകാം. എന്നാല്‍ ഇത് സ്ഥായിയായ പ്രതിഭാസമല്ല. താല്‍ക്കാലികമാണ്. അമേരിക്കയാണ് ഏറ്റവും വലിയ സമ്പന്ന രാജ്യമെന്ന് നമ്മള്‍ കരുതിയത്. പക്ഷേ, അവര്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അത് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ ഉണ്ടാക്കിയതല്ല. മുതലാളിത്തത്തിന്‍െറ ആന്തരിക പ്രതിസന്ധിയാണ്. അവിടെ ജനം സ്വയം തെരുവിലിറങ്ങി. കേരളത്തിലെ മധ്യവര്‍ഗ അവസ്ഥകള്‍ക്ക് പെട്ടെന്ന് തിരിച്ചടി നേരിടും. സ്വാശ്രിതമായ വികസനം നടക്കാത്ത ഇവിടെ, കാര്‍ഷികധാന്യങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമുക്ക് വലിയ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാനാവില്ല. സ്വാഭാവികമായി ഈ മിഥ്യകള്‍ തകരും. വിപ്ളവവും സമരവും   അടിയന്തരാവശ്യമായി ഈ ഇടത്തരം/മധ്യവര്‍ഗത്തിനും മാറും.


സാഹചര്യത്തെ മാറ്റി നിര്‍ത്താം. എന്തുകൊണ്ടാണ് നക്സലൈറ്റുകള്‍ ഒരു ശക്തിയായി മാറാന്‍ കഴിയാത്തത്?

അതിന് പലതരം കാരണങ്ങളുണ്ട്. ഒന്നാമത് വിപ്ളവ സാഹചര്യങ്ങളില്‍ വേലിയേറ്റവും ഇറക്കവുമുണ്ട്. കയറ്റിറക്കങ്ങള്‍ സ്വാഭാവികം. 90 കളോടെ വിപ്ളവ സാഹചര്യത്തില്‍ ഇറക്കം സംഭവിച്ചിട്ടുണ്ട്. അത് നക്സലൈറ്റുകളെയും ബാധിച്ചു. രണ്ടാമത് പ്രസ്ഥാനം ഇപ്പോഴും ബാലാരിഷ്ടതകളിലാണ്. അത് മാറിവരുന്നതേയുള്ളൂ. മാറ്റം പൂര്‍ണമായി എന്ന് പറയാനാവില്ല. സി.പി.ഐ (എം.എല്‍) രൂപീകരിക്കുന്നത് സി.പി.എം. പിളര്‍ന്നുവന്നവരെകൊണ്ടാണ്. അത് ശാസ്ത്രീയമായല്ല സംഘടിക്കപ്പെട്ടത്. ചാരുമജുംദാറിനെ സംബന്ധിച്ച് കലാപം ചെയ്യുക, അതിലൂടെ പാര്‍ട്ടി ഉണ്ടാക്കുക,പ്രശ്നങ്ങള്‍ പിന്നീട് പരിഹരിക്കുക എന്ന ഒരു സമീപനമാണുണ്ടായിരുന്നത്. അത് അന്നത്തെ കാലത്ത് ശരിയായിരിക്കാം. പക്ഷേ, പെട്ടന്ന് തന്നെ പാര്‍ട്ടി പലതായി പിളര്‍ന്നു. വരട്ടുതത്വവാദം ശക്തമായിരുന്നു. അണുവിട അംഗീകൃത ലൈനുകളില്‍ നിന്ന് മാറാന്‍ പാടില്ളെന്നായിരുന്നു ഇതിന്‍െറ രാഷ്ട്രീയ രൂപം. അത്തരത്തില്‍ പലതരം പ്രശ്നങ്ങള്‍ നക്സലൈറ്റ് പ്രസ്ഥാനം നേരിട്ടിട്ടുണ്ട്. മാത്രമല്ല, സമൂഹത്തിന്‍െറ വൈരുദ്ധ്യങ്ങള്‍ കൃത്യമായി മനസിലാക്കുന്നതിലും പലതരം വീഴ്ചകള്‍ സംഭവിച്ചു. കേരളത്തിലാകട്ടെ കെ. വേണു വിന് വിപ്ളവ ആധികാരികത്വം നല്‍കുന്ന തെറ്റായ പ്രവണതയുണ്ടായിരുന്നു. അയാള്‍ പാര്‍ട്ടി പിരിച്ചിവിട്ടപ്പോള്‍ പലരും നിരാശരായത് അതുകൊണ്ടാണ്. ഇത്തരം ബാലാരിഷ്ടതകളെ നക്സലൈറ്റുകള്‍ മറികടന്നിട്ടുണ്ട്. എങ്കിലും ചിലയിടങ്ങളില്‍ അതിപ്പോഴുമുണ്ട്. ഒപ്പം പുതുതായി രൂപപ്പെടുന്ന ബന്ധങ്ങളെ സജീവമായി രാഷ്ട്രീയ സംഘടനയില്‍ ഉറപ്പിക്കുന്നതില്‍ പരാജയപ്പെടുന്നതും ശക്തിയായി മാറുന്നതില്‍ തടസമുണ്ട്.


എന്താണ് നിങ്ങളുടെ രാഷ്ട്രീയ ലൈന്‍?

മാര്‍ക്സിസം-ലെനിനിസം-മാവോയിസത്തിന്‍െറ അടിസ്ഥാനത്തില്‍ കാര്‍ഷിക വിപ്ളവം മുഖ്യ ഉള്ളടക്കമായ പുത്തന്‍ജനാധിപത്യ വിപ്ളവം പൂര്‍ത്തീകരിക്കലാണ് രാഷ്ട്രീയ ലൈന്‍. ജാതി നശീകൃത, മതേതതര, സോഷ്യലിസ്റ്റ്, ജനാധിപത്യ സമൂഹത്തിന്‍െറ സൃഷ്ടിയാണ് ലക്ഷ്യം. സാര്‍വദേശീയ വിപ്ളവത്തിന്‍െറ ഭാഗമാണ് ഇന്ത്യയിലെ വിപ്ളവം. ജനകീയ യുദ്ധമാണ് വിമോചനത്തിന്‍െറ മാര്‍ഗം. പാര്‍ലമെന്‍ററി പാതയെ ഞങ്ങള്‍ തള്ളിക്കളയുന്നു. തൊഴിലാളി വര്‍ഗ നേതൃത്വത്തില്‍ കര്‍ഷകര്‍ മുഖ്യ സംഖ്യകക്ഷിയായ പുത്തന്‍ ജനാധിപത്യത്തിന്‍െറ തന്ത്രപരമായ കോണില്‍ നിന്ന് ദേശീയ പ്രശ്നം പോലുളള വിഷയങ്ങള്‍ ഏറ്റെടുക്കും.


കേരളത്തില്‍ സജീവമായിരുന്നത് നിങ്ങള്‍ നേതൃത്വം നല്‍കിയ സംഘടനയായിരുന്നു.അതായത് സി.ആര്‍.സി, സി.പി.ഐ (എം.എല്‍)ന്‍െറ തുടര്‍ച്ചയായി രൂപീകരിക്കപ്പെട്ട പാര്‍ട്ടിയും ബഹുജന സംഘടനകളും. എന്നാല്‍, ഇപ്പോള്‍ അത് സി.പി.ഐ. മാവോയിസ്റ്റുകളായി. അത് എന്തുകൊണ്ട്? മാവോയിസ്റ്റുകളെ വനാതിര്‍ത്തികളില്‍ ല്‍ കണ്ടു എന്ന മട്ടില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വരുന്നു. എന്താണ് വാസ്തവം?

സി.പി.ഐ (മാവോയിസ്റ്റ്) രൂപീകരിക്കപ്പെടുന്നത് 2004 ല്‍ ആണ്. പീപ്പിള്‍സ്വാറും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്‍ററും ലയിച്ചിട്ട്. ഈ ലയനം പുതിയ പാര്‍ട്ടിക്ക് ചില മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് ഭരണകൂടം എറ്റവും വലിയ ആഭ്യന്തര ഭീഷണിയായി വിലയിരുത്തിയ പശ്ചാത്തലത്തില്‍. പീപ്പിള്‍സ് വാര്‍ രുപീകരിക്കുന്നതില്‍ മുന്‍കൈ എടുത്ത, അതിന്‍െറ സ്ഥാപക നേതാക്കളില്‍ ഒരാളായ റവൂഫ് സി.പി.ഐ (എം.എല്‍) നക്സല്‍ബാരിക്കൊപ്പമാണ്. കേരളത്തിലെ വനങ്ങളില്‍ മാവോയിസ്റ്റ് ഗറില്ലാ പോരാളികള്‍ ഉണ്ടെന്ന് അവരുടെ തന്നെ പ്രസ്താവനയിലും അവരുടെ നേതാക്കള്‍ വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങളിലും വ്യക്തമാക്കുന്നുണ്ട്. പക്ഷേ, അവര്‍ ഭരണകൂടവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന രീതിയില്‍ വന്‍ ശക്തിയൊന്നുമല്ല. ഭരണകൂടം തുടര്‍ച്ചയായി അവര്‍ക്കെതിരെയെന്ന മട്ടില്‍ സായുധ പൊലീസിനെ വയനാട് പോലുള്ള ആദിവാസി മേഖലകളില്‍ നിയോഗിക്കുന്നതിന് കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. ആദിവാസികളുടെ ഒരു പ്രക്ഷോഭവും ഉയര്‍ന്നുവരരുത്. മാവോയിസ്റ്റ് ഭീഷണി ഉയര്‍ത്തി നിലവിലുള്ളതും ഉയര്‍ന്നുവരാനുള്ളതുമായ എല്ലാ ജനകീയ സമരങ്ങളെയും അടിച്ചമര്‍ത്തുക. മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ വലിയ തോതില്‍ ഫണ്ട് വെട്ടിക്കുക എന്നിങ്ങനെ വിവിധങ്ങളായ ലക്ഷ്യങ്ങളാണുള്ളത്. ഇങ്ങനെ മാവോവാദികള്‍ എന്ന് തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് മാവോയിസ്റ്റുകള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നത്. കേരളത്തില്‍ മാവോയിസ്റ്റുകളേക്കാള്‍ വിപുലമായ ജനകീയ അടിത്തറയുള്ളതും സംഘടനാ ബന്ധങ്ങളമുള്ളത് സി.പി.ഐ (എം.എല്‍)നക്സല്‍ബാരിക്കാണ്.



സി.പി.ഐ എം.എല്‍ (നക്സല്‍ബാരി)യും സി.പി.ഐ മാവോയിസ്റ്റും ഉയര്‍ത്തുന്നത് ഏതാണ്ട് ഒരേ രാഷ്ട്രീയ- പ്രത്യയശാസ്ത്ര ലൈനുകളാണ്. അപ്പോള്‍  പിന്നെ ഒന്നിക്കുകയല്ളേ വേണ്ടത്?

അതെ. ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിക്കുകയാണ് വേണ്ടത്. ഞാന്‍ "പോരാട്ടം' സംഘടനയുടെ ചെയര്‍മാനാണ്. ആ തരത്തിലേ എനിക്ക് കാര്യങ്ങള്‍ വിശദീകരിക്കാനാവൂ. പാര്‍ട്ടി തല കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഞാനാളല്ല. സി.പി.ഐ (എം.എല്‍) നക്സല്‍ബാരിയുടെ രാഷ്ട്രീയ നേതൃത്വം ഞാന്‍ അംഗീകരിക്കുന്നുണ്ടെങ്കിലും. പീപ്പിള്‍സ്വാര്‍ വിഭാഗവുമായി എണ്‍പതുകളുടെ തുടക്കത്തില്‍ കേരളത്തിലുള്ളവര്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിപ്ളവപക്ഷമാണ് എന്ന തരത്തിലുള്ള അവരുടെ നിലപാടുകളും മറ്റുംകൊണ്ടാണ് ഐക്യം സാധ്യമാകാതെ വന്നത്. ചൈനയില്‍ 1976 ല്‍ നടന്നത് വലതുപക്ഷ അട്ടിമറിയാണെന്ന് കേരളത്തിലുള്ളവര്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. പീപ്പീള്‍സ്വാര്‍ സംഘടന അത് തിരിച്ചറിഞ്ഞത് വൈകിയാണ്. അതുപോലെ മാവോയിസം എന്ന് ഉപയോഗിക്കണമെന്ന് 1990 മുതലേ ഞങ്ങള്‍ ഉന്നയിക്കുന്നതാണ്. അന്നതിനോട് വിമുഖതായാണ് പീപ്പിള്‍സ്വാര്‍ കാട്ടിയത്. പിന്നീട് മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്‍ററുമായി ലയനം നടക്കുമ്പോഴാണ് അവര്‍ മാവോയിസം എന്ന് പ്രയോഗിക്കുന്നത്. അതുവരെ മാവോ ചിന്ത എന്നായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്. ഇത്തരം പലതരം കാരണങ്ങളാലാണ് ഐക്യം നടക്കാതെ വന്നത്. പക്ഷെ, ഭാവിയില്‍ ഐക്യം സംഭവിക്കുമെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.


നാടുവാഴിത്ത/ജന്മിത്വ വിരുദ്്ധ സമരമാണ് നിങ്ങളുടെ രാഷ്ട്രീയ ലൈന്‍. കേരളത്തെപ്പോലെ നാടുവാഴിത്ത ഘടനയില്‍ മാറ്റം വന്ന ഒരു സമൂഹത്തില്‍ എങ്ങനെയാണ് ഈ ലൈന്‍ പ്രാവര്‍ത്തികമാക്കുക? ആരാണ് ജന്മി എന്ന പ്രശ്നം ഉടലെടുക്കുന്നില്ളേ?

ഇന്ത്യയില്‍ ഒട്ടുമൊത്തത്തില്‍ നോക്കിയാല്‍ ജന്മിത്വം ശക്തമാണ്. അഖിലേന്ത്യാ വിപ്ളവത്തിന്‍െറ ഭാഗമാണ് കേരളത്തിലേതും. അതില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതല്ല. വസ്തുനിഷ്ഠമായി പറഞ്ഞാല്‍ ക്ളാസിക്കല്‍ ഫ്യൂഡലിസം അല്ല കേരളത്തിലുള്ളത്. നക്സലൈറ്റ് കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ത്വരിതമാക്കിയ ഭൂപരിഷ്കരണവും കമ്യൂണിസ്റ്റുകളുടെ നേതൃത്വത്തില്‍ കൃഷിഭൂമിക്കായി നടന്ന സമരങ്ങളും നാടുവാഴിത്ത ബന്ധങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി എന്നത് ശരിയാണ്. എന്നാല്‍ നാടുവാഴിത്തം ചൂഷണത്തിന്‍െറ അടിത്തറ എന്ന നിലയില്‍ മാറിയിട്ടില്ല. കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ലഭിച്ചിട്ടുമില്ല. ഭൂബന്ധങ്ങളില്‍ നാടുവാഴിത്ത ക്രമം ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഭൂകേന്ദ്രീകരണം മുമ്പെന്നത്തേക്കാളും ശക്തമാണ്. ഭൂപ്രഭുത്വം എന്ന അവസ്ഥയുണ്ട്. ജനസഖ്യയില്‍ 7 ശതമാനം പേര്‍ 20 ഏക്കറില്‍ കൂടുതല്‍ സ്വത്തുള്ളവരാണ്. പുത്തന്‍കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് രൂപപ്പെടുത്തിയ  ഉല്‍പാദന ബന്ധങ്ങളാണ് കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്നത്. ഉല്‍പാദനശക്തികളുടെ വികാസം സംഭവിച്ചിട്ടില്ല. ഇപ്പോഴും കൃഷിക്ക് പ്രാധാന്യമുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും  അതേ സമയം ഭൂമി വന്‍ തോതില്‍ തോട്ടം മേഖലയിലടക്കം കേന്ദ്രീകരിച്ചിരിക്കുന്നു. ഇങ്ങനെ പല വിധത്തില്‍ നോക്കിയാല്‍ നാടുവാഴിത്തത്തെ ഇല്ലാതാക്കുന്ന കാര്‍ഷിക വിപ്ളവത്തിന്‍െറ പ്രസക്തി വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്.


പഴയ ക്ളാസിക്കല്‍ ഫ്യൂഡലിസം അല്ല നിലനില്‍ക്കുന്നതെന്ന് പറഞ്ഞു. അപ്പോള്‍ പഴയ രീതിയിലുള്ള ജന്മിത്വ ഉന്മൂലന സമരമല്ല നടക്കാന്‍ പോകുന്നത്...?

അല്ല. പഴയ രീതിയിലുള്ള വിപ്ളവമല്ലിത്. ജന്മിമാരെ തച്ചുടച്ച് നീക്കം ചെയ്യുന്ന കലാപം സാധ്യമല്ല. 70 കളിലെ ലൈന്‍ അതേപോലെ നടപ്പാക്കാവുന്ന സാമൂഹ്യ-സാമ്പത്തിക സാഹചര്യമല്ല നിലവിലുള്ളത്. എന്നാല്‍, ഈ ലൈന്‍ 70 കളിലെ ലൈനിന്‍െറ വിപ്ളവാംശത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും.



സാമൂഹ്യ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതില്‍ നക്സലൈറ്റുകള്‍ പലപ്പോഴും പരാജയപ്പെടുന്നതായി തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ജാതിയുള്‍പ്പടെയുള്ള പ്രശ്നങ്ങളുടെ കാര്യത്തില്‍. എന്താണ് ജാതിക്കെതിരായ നിലപാടുകള്‍?

ജാതിയെ കൃത്യമായി മനസിലാക്കുന്നതില്‍ നക്സലൈറ്റുകള്‍ക്കെന്നല്ല, കമ്യുണിസ്റ്റുകള്‍ക്ക് പൊതുവില്‍ വീഴ്ചകള്‍ വന്നിട്ടുണ്ട്. അതിനു കാരണം ഇവിടെയുണ്ടായിരുന്ന കമ്യൂണിസ്റ്റുകള്‍ മാര്‍ക്സിസ്റ്റുകളായിരുന്നില്ളെന്നാണ്. അല്ളെങ്കില്‍ ഇപ്പോഴും മാര്‍കിസ്റ്റുകളല്ളെന്നതാണ്.  കാരണം സമൂഹത്തിലെ വൈരുദ്ധ്യങ്ങള്‍ മനസിലാക്കാന്‍ ശരിയായ രീതിയില്‍ മാര്‍ക്സിസം പ്രയോഗിക്കുന്നതിലൂടെ കഴിയണമായിരുന്നു. ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടുള്‍പ്പടെയുള്ളവര്‍ക്ക് ഇന്ത്യന്‍ വൈരുധ്യങ്ങളെ മനസിലാക്കാന്‍ കഴിഞ്ഞില്ല. കമ്യൂണിസ്റ്റുകള്‍ ജാതിയെ വര്‍ഗത്തിന്‍െറ കേവലം ഒരു ഭാഗമായി കണ്ടു. അവര്‍ വര്‍ഗ സമരം നടത്തുന്നതിനെപ്പറ്റി മാത്രം പറയുകയും അങ്ങനെ വര്‍ഗ സമരത്തിലൂടെ ജാതി താനേ ഇല്ലാതാകുമെന്നും കരുതി. ജാതിവിരുദ്ധ സമരം അജണ്ടയിലുണ്ടായിരുന്നില്ല. എന്നാല്‍, ഞാനുള്‍പ്പടെയുള്ള നക്സലൈറ്റുകള്‍ ഇതില്‍ നിര്‍ണാകയ ചുവടുവയ്പ്പുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയിരുന്നു. ജാതി സമരം കമ്യൂണിസ്റ്റുകള്‍ ഏറ്റെടുക്കാത്തതിനെപ്പറ്റിയുള്ള വിമര്‍ശം വലിയ തോതില്‍ ഉയരുന്നത് 90 കളിലാണ്. എന്നാല്‍, എണ്‍പതുകളുടെ മധ്യത്തില്‍ ഞങ്ങള്‍ ഡോ. അംബേദ്കറുടെ പ്രബോധനങ്ങളെ പുത്തന്‍ ജനാധിപത്യ വിപ്ളവുമായി ഉദ്ഗ്രഥിക്കുക എന്ന നിലപാട് മുന്നോട്ട് വച്ചു. അത് വലിയ ചുവട് വയ്പ്പായിരുന്നു. അംബേദ്കറുടെ പ്രബോധനങ്ങളെ വിപ്ളവ അടിത്തറയിലേക്ക് സമന്വയിപ്പിക്കലായിരുന്നു അത്. മനുസ്മൃതി കത്തിക്കല്‍ തുടങ്ങിയ സമരങ്ങളിലൂടെ ഞങ്ങള്‍ ജാതിവിരുദ്ധ സമരത്തെ മുന്നോട്ട്കൊണ്ടുപോയി. ഇതിന്‍െറ തുടര്‍ച്ചയിലാണ് വര്‍ഗസമരം ജാതിസമരത്തെ കൂടി ഉള്‍ക്കൊള്ളണം എന്ന നിലപാടിലേക്ക് സമൂഹം മൊത്തത്തില്‍ എത്തുന്നത്. അതായത് ഈ വിമര്‍ശം പോലും നക്സലൈറ്റുകളാണ് ഒരര്‍ഥത്തില്‍ മുന്നോട്ട് വയ്ക്കുന്നത്. ഞാനുള്‍പ്പടുന്ന സംഘടന ജാതിയുടെ കാര്യത്തില്‍ ഏറ്റവും മുന്തിയ നിലപാടുകളാണ് മുന്നോട്ട്വച്ചിട്ടുള്ളത്. അത് പൂര്‍ണമാണെന്ന അഭിപ്രായം ഇല്ല. ജാതി വിഷയത്തെ കേവലം സ്വത്വവാദത്തിന്‍െറ തലത്തിലല്ല ഞങ്ങള്‍ കാണുന്നത്. ജാതി വിരുദ്ധ സമരങ്ങള്‍ വര്‍ഗസമരത്തിന്‍െറ ഭാഗമായി ബോധപൂര്‍വം തന്നെ നടപ്പാക്കേണ്ടതുണ്ട്. ജാതി പ്രശ്നം കേവലം ജാതിയുടെ പ്രശ്നമല്ല. അത് വര്‍ഗത്തിന്‍െറയും കൂടിയാണ്. ജാതി പ്രശ്നം മാത്രം ഉയര്‍ത്തുന്നവര്‍ വര്‍ഗത്തിന്‍െറ പ്രശ്നം കാണാറില്ല. ഇതനുസരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.  ഇതിന്‍െറ തുടര്‍ച്ചയിലാണ് ദളിതരെ ദരിദ്രരെ, സ്ത്രീകളെ ആക്രമിച്ചാല്‍ പണമല്ല, പകയാണ് തീര്‍പ്പ് പോലുള്ള മുദ്രാവാക്യങ്ങള്‍ ഉന്നയിക്കുന്നതും ജാതിമര്‍ദനങ്ങള്‍ക്കെതിരെ തിരിച്ചടികള്‍ സംഘടിപ്പിച്ചതും.



എണ്‍പതുകളുടെ തുടക്കത്തില്‍ അത്വരെനിലനിന്നിരുന്ന സാമുദായിക-വര്‍ഗ സന്തുലിതാവസ്ഥ  അട്ടിമറിച്ച് പാര്‍ട്ടി നേതൃത്വം കലാലായ വിദ്യാഭ്യാസം സിദ്ധിച്ച സവര്‍ണ്ണ-പെറ്റി ബൂര്‍ഷ്വാ വിഭാഗങ്ങളുടെ പിടിയിലമരുന്നുണ്ട്. പ്രത്യേകിച്ച് കെ.എന്‍.രാമചന്ദ്രന്‍, കെ. വേണു, കെ.മുരളി, എം.എസ്.ജയകുമാര്‍ പോലുള്ളവരുടെ നേതൃത്വത്തില്‍. ഇവര്‍  എ..വാസു, നടേശന്‍ തുടങ്ങിയ തൊഴിലാളിവര്‍ഗ അടിത്തറയില്‍ നിന്നുള്ളവരെ പ്രസ്ഥാനത്തില്‍ നിന്ന് വിട്ടുപോകുന്ന അവസ്ഥയാണ് സഷ്ടിച്ചത്.  ഇവരുടെ നേതൃത്വമാണ് പിന്നീടുള്ള തിരിച്ചടികള്‍ക്കും മറ്റും കാരണമെന്ന വിമര്‍ശത്തെക്കുറിച്ച് എന്തുപറയും?


ഈ വിമര്‍ശം എന്‍േറതും കൂടിയാണ്. ഈ പുതിയ നേതൃത്വം 80 കളുടെ തുടക്കത്തില്‍ അന്ന് വരെ നേതൃത്വത്തിലുണ്ടായിരുന്നവരെ പുറം തള്ളുന്നുണ്ട്. അത് ശരിയായിരുന്നില്ല. രാഷ്ട്രീയമായ മേല്‍ക്കെ ഈ ഇടത്തരം-പെറ്റിബൂര്‍ഷ്വ അടിത്തറയില്‍ നിന്നു വന്നവര്‍ക്കുണ്ടായിരുന്നു. ഭാഷാപരമായും മറ്റും അവര്‍ക്ക് രാഷ്ട്രീയ തലങ്ങളില്‍ നടക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും മറ്റും സാധിച്ചു. പക്ഷേ, അവര്‍ വാസുവേട്ടനെപോലുളളവരെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവുകയാണ് വേണ്ടിയിരുന്നത്. അല്ളെങ്കില്‍ പ്രസ്ഥാനം വിട്ടവരെപോലും അടുപ്പിച്ച് നിര്‍ത്തുന്ന തരത്തില്‍. അതുണ്ടായില്ല. കോഴിക്കോട് ഒരിക്കല്‍ ഞാന്‍ നക്സലൈറ്റ് സഹപ്രവര്‍ത്തകര്‍ "ഈ വാസു ആരാണ്' എന്ന മട്ടില്‍ പുശ്ചത്തോടെ ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്? അവര്‍ക്ക് വാസുവേട്ടനെ മനസിലായില്ളെന്നാണ് സത്യം. പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ധീരതയോടെ പ്രവര്‍ത്തിച്ച എക്കാലത്തെയും മികച്ച നേതൃത്വത്തില്‍ ഒരാളെയാണ് അവര്‍ പുശ്ചിച്ചത്. അത് അന്ന് തന്നെ ഞാന്‍ എതിര്‍ത്തിട്ടുണ്ട്. കെ. വേണുവിനെപോലുള്ളവര്‍ ആധികാരിത്വം പാര്‍ട്ടിയില്‍ സ്ഥാപിച്ചു. ഇത് ദോഷകരമായി. അതേ സമയം ഈ വിഭാഗങ്ങളില്‍ നിന്നുവന്ന വരുടെ നേതൃത്വത്തിലാണ് ഗുണകരമായ രാഷ്ട്രീയ നിലപാടുകള്‍ പാര്‍ട്ടി സ്വീകരിക്കുന്നത്. സ്ത്രീപ്രശ്നത്തില്‍, ദേശീയ പ്രശ്നത്തില്‍,  ജാതി പ്രശ്നത്തില്‍ ഒക്കെ. അതും കണ്ടുകൂടാതിരുന്നുകൂടാ.


പക്ഷേ ദേശീയ പ്രശ്നത്തില്‍ ഉള്‍പ്പടെ കൈക്കൊണ്ട നിലപാടുകള്‍ നിങ്ങള്‍ കൈയൊഴിഞ്ഞല്ളോ. ദേശീയ വിമോചനം ഉന്നയിച്ച് പോരാടിയവര്‍ പെട്ടന്ന് തന്നെ കാര്‍ഷിക വിപ്ളവത്തിലേക്ക് മടങ്ങി. അത് കൈയൊഴിയുന്നതിലും ഈ വിഭാഗം തന്നെയാണ് മുന്‍കൈ എടുത്തത്?

പലതരം ബാലാരിഷ്ടതകളിലൂടെയാണ് നക്സലൈറ്റ് പ്രസ്ഥാനം മുന്നോട്ട് പോകുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞു. നമ്മള്‍ സ്വീകരിച്ച പല നിലപാടുകളും പുതിയ സാഹചര്യത്തില്‍ മാറ്റേണ്ടിവരും. പുതിയ നിലപാടുകള്‍ സ്വീകരിക്കേണ്ടിവരും. ജാതിയുടെയും ദേശീയതയുടെയും ഒക്കെ കാര്യത്തില്‍ സംഭവിച്ചതിതാണ്. ദേശീയ പ്രശ്നം ഞങ്ങള്‍ കൈയൊഴിഞ്ഞിട്ടില്ല. അത് ഇന്ത്യന്‍ വിപ്ളവത്തിന്‍െറ തന്ത്രപരമായ കോണില്‍ നിന്ന് കൈകാര്യം ചെയ്യണം എന്ന നിലപാട് തന്നെയാണുള്ളത്. എന്നാല്‍, കേവലം ദേശീയ സമരം മാത്രം തൊഴിലാളിവര്‍ഗത്തിന് നയിക്കാനാവില്ല. വര്‍ഗസമരത്തില്‍ ഊന്നി നിന്നാണ് അത് മുഴുവന്‍ പ്രശ്നങ്ങളെയും ഏറ്റെടുക്കുക. മുന്‍കാലത്ത് ദേശീയ പ്രശ്നം ഏറ്റെടുത്തപ്പോള്‍ വര്‍ഗസമരത്തില്‍ ഊന്നാത്ത പ്രവണതയുണ്ടായിരുന്നു. കാര്‍ഷിക വിപ്ളവം കൈയൊഴിഞ്ഞു. അത് തിരുത്തിക മാത്രമാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്.


പിളര്‍പ്പുകള്‍ തുടര്‍ച്ചയായി നേരിടുന്നത് തന്നെയല്ളേ നേരിടുന്ന മുഖ്യ വെല്ലുവിളി?

നക്സലൈറ്റ് പ്രസ്ഥാനം അതിന്‍െറ തുടക്കം മുതല്‍ പിളര്‍പ്പുകള്‍ നേരിടുന്നുണ്ട്. അത് ഒഴിവാക്കാനാവില്ല. പിളര്‍പ്പില്ലാതെ ഐക്യപ്പെട്ടു പോവുകയായിരുന്നു വേണ്ടത്. എന്നാല്‍ വിപ്ളവത്തെപ്പറ്റി കൃത്യവും സമഗ്രവുമായ ധാരണകള്‍ പലപ്പോഴും നക്സലൈറ്റുുകള്‍ക്ക് ഉണ്ടായിരുന്നില്ല. ചാരുമജുംദാറുടെ കാലത്താകട്ടെ, അതിനുശേഷമാകട്ടെ. ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും പിളര്‍പ്പുണ്ടായത്. അത് ആ തരത്തില്‍ ചിലപ്പോഴൊക്കെ ഗുണകരവുമാണ്. എന്നാല്‍, പിളര്‍പ്പില്ലാതെ മുന്നോട്ട് പോവുന്ന രീതിയില്‍ ആശയശാസ്ത്ര-രാഷ്ട്രീയ-സംഘടാന ലൈന്‍ സ്വീകരിച്ച് അതിന്‍െറ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.


ദേശീയ തലം വിട്ടു സാര്‍വദേശീയ തലത്തില്‍ നോക്കിയാലും തിരിച്ചടികള്‍ നേരിടുന്നുണ്ട്. നിങ്ങളുടെ കുടി മുന്‍കൈയില്‍ രൂപീകരിക്കപ്പെട്ട സാര്‍വദേശീയ വിപ്ളവ സംഘടനകളുടെ കൂട്ടായ്മയായ വിപ്ളവ സാര്‍ദേശയ പ്രസ്ഥാനം (റിം) തകര്‍ന്നിരിക്കുന്നു. അത്തരം വെല്ലുവിളികളെപ്പറ്റി എന്തുപറയുന്നു?


ലോകത്തിലെ പോരാടുന്ന വിവിധ മാവോയിസ്റ്റ് സംഘടനകളെ ഒന്നിപ്പിച്ച് വിപ്്ളവ സാര്‍വദേശീയ പ്രസ്ഥാനം (റിം) രൂപീകരിക്കുന്നതില്‍ കേരളത്തിലെ നക്സലൈറ്റ് പ്രവര്‍ത്തകര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ജയിലില്‍ കിടക്കുന്ന കാലത്ത് അമേരിക്കന്‍ കമൂണിസ്റ്റ് പാര്‍ട്ടിയായ ആര്‍.സി.പി ക്ക് കത്തുകളയക്കുന്നത് ഞാനാണ്. അതിനെ തുടര്‍ന്ന് അവരിവിടെ വരികയും ബന്ധം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് റിം രൂപീകരിക്കപ്പെട്ടു. തുടക്കം മുതലേ അതില്‍ നിലനിന്നിരുന്ന പലതരം തെറ്റായ പ്രവണതകള്‍ക്കെതിരെ ഞങ്ങള്‍ സമരം ചെയ്തിരുന്നു. ഇപ്പോള്‍ ആര്‍.സി.പിയുടെ ചെയര്‍മാന്‍ ബോബ് അവാക്യന്‍ അടിസ്ഥാന കമ്യൂണിസ്റ്റ് ആശയങ്ങളെ തന്നെ നിരാകരിച്ചിരിക്കുന്നു. പുതിയ കമ്യുണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറക്കി. അതിന്‍െറ തുടര്‍ച്ചയിലാണ് റിം നിശ്ചലമായത്. പക്ഷേ, ഞങ്ങള്‍ പോരാട്ടം തുടരുകയാണ്. ബോബ് അവാക്യന്‍െറ തെറ്റായ വലതുപക്ഷ നയങ്ങള്‍ക്കെതിരെ കൃത്യമായ രാഷ്ട്രീയ മറുപടി സി.പി.ഐ എം.എല്‍ നക്സല്‍ബാരി നേതൃത്വ സഖാവായ അജിത്തിന്‍െറ മുന്‍കൈയില്‍ "എഗൈനിസ്റ്റ് അവാക്യനിസം' എന്ന പേരില്‍ പുസ്തകമായി തന്നെ തയാറാക്കിയിട്ടുണ്ട്. അവാക്യന്‍െറ ആശയങ്ങള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട് എന്നതിനാലാണ് മറുപടിയുമായി ഞങ്ങള്‍ മുന്നിട്ടിറങ്ങിയത്..  റിം വീണ്ടും കെട്ടിപ്പടുക്കേണ്ടതുണ്ട്. അതില്‍ നിര്‍ണാകയ ചുവടുകള്‍ വച്ചുകൊണ്ടിരിക്കുകയാണ് ഇപ്പാള്‍. അതുപോലെ നേപ്പാളിലും വിപ്ളവ പ്രസ്ഥാനത്തില്‍ തിരിച്ചടികള്‍ ഉണ്ട്. ഇതിനെതിരെയും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.ഫലത്തില്‍ സാര്‍വദേശീയ തലത്തിലെ തെറ്റായ ആശയങ്ങള്‍ക്കെതിരെ പോരാടുക എന്ന വലിയ വെല്ലുവിളിയും ഞങ്ങളുടെ ചെറിയ സംഘടന ഏറ്റെടുത്തിരിക്കുന്നു. ആ തരത്തില്‍ ഒക്കെ നോക്കിയാല്‍ ഞങ്ങളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര ദൗത്യം വളരെ വലുതാണ്.

ഭരണകൂട അടിച്ചമര്‍ത്തലിനെതിരെയുള്ള മനുഷ്യാവകാശ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് താങ്കള്‍ കോഴിക്കോട് വന്നത്. ഭരണകൂട അടിച്ചമര്‍ത്തല്‍ എത്രമാത്രം ശക്തമാണ്?

ഭരണകൂട അടിച്ചമര്‍ത്തല്‍ മുമ്പെന്നത്തേക്കാളും ശക്തമാണ്. അത് ദിനംപ്രതി വര്‍ധിച്ചും കൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന് ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരുന്നത് തടയണം. അത് ഭരണവര്‍ഗങ്ങളുടെ നിലനില്‍പ്പ് തന്നെ അപടത്തിലാക്കും. ഛത്തീസ്ഗഢ് ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത് ശക്തമായ സൈനിക വല്‍ക്കരണമാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥ കേരളത്തിലുള്‍പ്പടെ നിലനില്‍ക്കുന്നുണ്ട്. മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ ആരെയും ജയിലിലടക്കാമെന്നതാണ് അവസ്ഥ. വയനാട് സന്ദര്‍ശിക്കുന്ന ആരെയും മാവോയിസ്റ്റുകളാക്കി അറസ്റ്റ് ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. വ്യക്തിപരമായ എന്‍െറ അനുഭവത്തിലാണെങ്കില്‍ ഭരണകൂടം നിരന്തരമായി പിന്നാലെയുണ്ട്. ഫോണുകള്‍ ചോര്‍ത്തുന്നു. വരുന്ന തപാലുകള്‍ പൊട്ടിച്ചുവായിക്കുന്നു. യാത്രചെയ്യുന്നിടത്തെല്ലാം ആരൊക്കെയായി ബന്ധപ്പെടുന്നു എന്ന് നിരീക്ഷിക്കുന്നു. താഴെ ഈ ഹോട്ടലിന് മുന്നില്‍ പോലും രഹസ്യപൊലീസുണ്ട്. സമൂഹത്തെ മൊത്തത്തില്‍ സംശയത്തിന്‍െറ നിഴലില്‍ നീരിക്ഷണത്തിന് വിധേയമാക്കുകയാണ് ഭരണകൂടം. വിദ്യാഭ്യാസത്തിലുള്‍പ്പടെ സമൂഹത്തിന്‍െറ സമസ്ത മേഖലകളിലും സൈനിക വല്‍ക്കരണം നടക്കുന്നുണ്ട്. അടുത്തിടെ ഡല്‍ഹിയില്‍ പോയപ്പോള്‍ ഒരു വിദ്യഭ്യാസ വിചക്ഷണന്‍ എന്നോട് പറഞ്ഞു ജെ.എന്‍.യു. ഒഴിച്ച് രാജ്യത്തെ മിക്ക സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാര്‍ മുന്‍ സൈനികരാണെന്ന്. അത്തരത്തില്‍ ഒരു സൈനിക വല്‍ക്കരണം നടക്കുന്നുണ്ട്. മുസ്ളീം ന്യൂനപക്ഷങ്ങളാണ് ഭരണകൂടത്തിന്‍െറ അടിച്ചമര്‍ത്തലിന് ഇരകളായി തീരുന്നത്. അതുപോലെ ആദിവാസികള്‍. ഭരണകൂട അടിച്ചമര്‍ത്തല്‍ നമ്മള്‍ കരുതുന്നതിനേക്കാള്‍ പലമടങ്ങ് ശക്തമാണ്.


കുടുംബം? ജീവിതാവസ്ഥകള്‍?

മുണ്ടൂരിലാണ് താമസിക്കുന്നത്. ഭാര്യ ഹേമ. രണ്ടു മക്കളാണുള്ളത്. മൂത്തമകള്‍ സോയ നിയമ വിദ്യാര്‍ഥിയാണ്. രണ്ടാമത്തെ മകള്‍ മായ എം.എസ് സിക്ക് പഠിക്കുന്നു. കൂടാതെ ഒരു മകനും കൂടിയുണ്ടെനിക്ക്. ഞങ്ങളുടെ മുന്‍കൈയില്‍ നടന്ന മിശ്രവിവാഹത്തിലെ ദമ്പതികളുടെ കുട്ടിയാണ് അവന്‍. ഞങ്ങള്‍ക്കൊപ്പം, വീട്ടിലാണ് വളരുന്നത്. ബി.ടെക്കിന് പഠിക്കുന്നു. അങ്ങനെ മൂന്നു മക്കള്‍.



പച്ചക്കുതിര
2013 ഡിസംബര്‍