Sunday, September 26, 2010

ഭ്രമകല്‍പനകളിലെ കവിതയും നേരും

ബിജുരാജ്




രാത്രി മുഴുവന്‍ ഇരുട്ടുപിഴിഞ്ഞ് ഭൂമിയെ വെളുപ്പിച്ചെടുക്കുക എന്നത് കവിക്കും ഉന്മാദിക്കും മാത്രം സങ്കല്‍പ്പിച്ചെടുക്കാവുന്ന കല്‍പനയാണ്. അങ്ങനെ താന്‍ വീടിനു പിന്നിലെ ടാങ്കില്‍ മൂടിവച്ച ഇരുട്ട് പതുക്കെ പുറത്തേക്ക് വന്ന് കണ്ണിലേക്ക് പടര്‍ന്നു കയറുമ്പോള്‍, പഴംതുണി എവിടേ എന്ന് ചോദിക്കാന്‍ ഉന്മാദിക്കാവില്ല. കവിക്കേ അത് സാധിക്കൂ. ഇത്തരത്തില്‍, ഭ്രമകല്‍പനകളില്‍ കുറിച്ചിടുന്ന കാലത്തിന്റെ നേരുകളാണ് സെബാസ്റ്റ്യന്റെ പുതിയ കവിതാ സമാഹാരമായ ‘ഇരുട്ടുപിഴിഞ്ഞ്’.
നമ്മുടെ ഇന്നിനോട് നിരന്തരം സംവദിക്കുന്നതാണ് ഈ സമാഹാരത്തിലെ കവിതകള്‍. അതുകൊണ്ട് തന്നെ ഈ വരികളില്‍ ക്ഷോഭമുണ്ട്, വേദനയുണ്ട്, പരിഹാസമുണ്ട്.അതിലേറെ നിസഹായതയുണ്ട്. ഒപ്പം ആശ നശിക്കാത്ത സ്വ്പനങ്ങളുണ്ട്.
‘പാവം’, ‘ഇരുട്ട് പിഴിഞ്ഞ്’, ‘ആല്‍ബം’, ‘കരതലാമലകം’, ‘മീന്‍പിടുത്തം’, ‘ആരണ്യകം’, ‘ജീവചരിത്രം’, ‘എളുപ്പം’, ‘വില്‍പന’, ‘തിരിച്ചടി’ തുടങ്ങിയ നാല്‍പ്പത്തിമൂന്ന് കവിതകളാണ് സമാഹാരത്തിലുള്ളത്. കവിയുടെ അഞ്ചാമത്തെ കവിതാസമാഹാരമാണിത്. വര്‍ത്തമാനകാലം, പ്രണയം, സ്വത്വം എന്നിവയാണ് ‘ഇരുട്ടുപിഴിഞ്ഞില്‍’ ആവര്‍ത്തിച്ചുവരുന്ന പ്രമേയങ്ങള്‍. കാലം തകര്‍ക്കുന്ന അവസ്ഥകളെയും ജീവിതങ്ങളെയും കവിത പ്രതിനിധീകരിക്കുന്നുവെങ്കിലും സെബാസ്റ്റ്യന്റെ കവിതകള്‍ പക്ഷേ ഒരിക്കലും അശുഭാപ്തി വിശ്വാസങ്ങള്‍ പങ്കിടുന്നില്ല.
എഴുതപ്പെടുന്ന ഓരോ കവിതയും എഴുത്തിന്റെ രാഷ്ട്രീയം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. ഒരാള്‍ക്ക് കവിത എങ്ങനെയും എഴുതാം. വളരെ ലാഘവത്തോടെ, ഒരു പൂവിതള്‍ വീഴുന്നത്രയും മൃദുവായി. തിരിച്ചും സത്യമാണ്. ഒരാള്‍ക്ക് കവിത എങ്ങനെയും വായിക്കാം. എന്നാല്‍ സെബാസ്റ്റ്യന്റെ കവിതകള്‍ അതിന്റെ നിലപാടുകള്‍കൊണ്ട്, കാവ്യഭംഗികൊണ്ട്, എഴുത്തിന്റെ ലാളിത്യം കൊണ്ട് വേറിട്ടുനില്‍ക്കുന്നു. അതിന്റെ വായനയും ഒരു തരം സാമൂഹ്യപ്രവര്‍ത്തനമായി അനുഭവപ്പെടുന്നു.
‘പ്രേരണ’യില്‍ എഴുതിയ ആദ്യ കവിത ‘മഹാബീര്‍’ മുതല്‍ ഇന്നുവരെയുള്ള സെബാസ്റ്റ്യന്റെ കവിതകള്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് കലഹിക്കുന്നവയാണ്. രാഷ്ട്രീയം സംസാരിക്കുന്നു എന്നതിനാല്‍ അലമുറയിടുന്ന മുദ്രാവാക്യങ്ങളില്ല ഈ സമാഹാരത്തിലെ കവിത. അവ ‘ഷൌട്ട്’ചെയ്യുന്നുമില്ല.
കാഴ്ചയുടെ സുതാര്യയുണ്ട് ഓരോ വരികളിലും. നമ്മുടെ നാട്ടിന്‍പുറത്തിന്റെ അതിരുകളില്‍ നിന്ന് അവ വെള്ളവും വെളിച്ചവും ശ്വസിക്കുന്നു. വിവരണാതീതമായ ശബ്ദങ്ങള്‍ ഉതിര്‍ക്കുന്നു. അതില്‍ നിസഹായതയുണ്ടാവാം, അമര്‍ഷമുണ്ടാവാം. ‘ജീവിതമേ നീ എത്ര ചെറുത്’ എന്ന് പരിതപിക്കലുണ്ടാവാം(ചെറുത്). അലറിവിളിക്കലുകളില്ലാത്ത മുഴക്കങ്ങളാണ് ഈ സമാഹാരത്തിലെ കവിതകള്‍.
‘ആല്‍ബം’ എന്ന കവിത നമ്മളെ നന്നായി ഒന്നു കശക്കുന്നു. ‘വലിപ്പ ചെറുപ്പങ്ങള്‍ അല്‍പം അഭംഗിയുണ്ടാക്കുമെങ്കിലും/വിശേഷപ്പെട്ട മറ്റൊരാല്‍ബമുണ്ടാക്കുന്നു/ മുത്തങ്ങ, മേപ്പാടി, നെല്ലിയാമ്പതി, ചെങ്ങറ/എല്ലാം ചേര്‍ത്ത് തുന്നിക്കെട്ടി/ ഒഴിവുനേരങ്ങളില്‍/വെറുതേ/മറിച്ചു നോക്കി രസിക്കാം.
‘വില്പന’ എന്ന കവിത നമ്മളിലെ കച്ചവടക്കാരനെ കറുത്ത ഫലിതംകൊണ്ട് ആക്രമിക്കുന്നു: “ഇനിയും ചാവാത്ത ഇടവഴികള്‍/ തൂങ്ങിപ്പിടയുന്ന കോര്‍മ്പയുമായി/ നാഷണല്‍ ഹൈവേക്കരുകില്‍ നില്‍ക്കുകയാണ്/ പാഞ്ഞുപോകുന്ന വാഹനങ്ങക്ക് നേരെ/ അവയെ ഉയര്‍ത്തിക്കാട്ടി നല്ല വിലയ്ക്ക ്വില്‍ക്കാന്‍.
ഹൌസ്ബോട്ടിലിരുന്ന് ബൈനാക്കുലറിലൂടെ കാണുന്ന കൌതുകമാണ് ‘സമീപദൃശ്യം’ എന്ന കവിത. ടൂറിസം വിപണിക്കു നേരെ കവിത പാഞ്ഞടുക്കുന്നു. “ബോട്ടുകളുടെ ശ്മശാനം കണ്ടു, ചെളിവെള്ളത്തില്‍ മുഷികളെപ്പോലെ മനുഷ്യരെയും’- കവിത പരിഹസിക്കുന്നു.
ജീവിത പങ്കാളിയായ സ്ത്രീയാണ് കവിതയില്‍ ആവര്‍ത്തിച്ചുവരുന്ന ഒരാള്‍ . സഹതാപംകലര്‍ന്ന പുരുഷന്റെ വാക്കുകളല്ല അതിലുള്ളത്. സ്ത്രീയോടുള്ള ഐക്യപ്പെടലുണ്ട് . അവളുടെ അവസ്ഥയോടുള്ള തീര്‍ത്തും ‘ഫെമിനൈന്‍’ ആയ പ്രതികരണമുണ്ട്.
‘തിരിച്ചടി’ എന്ന കവിത അത്തരത്തില്‍ ഒന്നാണ്. ‘ചെറിയ കാര്യം വലുതാക്കി അവളെ അടിച്ചു/തെറിവിളിച്ചു/ ഉണ്ടില്ല/ഉറങ്ങിയില്ല അവള്‍/ രാത്രി ഇരുളിലൂടെ വന്ന്/ അടുത്ത് കിടന്ന്/ അവള്‍ പറഞ്ഞു/ വെറുതെ എന്നെ അടിച്ചു./ഇനി അടിച്ചാല്‍/ഞാനും തിരിച്ചടിക്കും/ ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടു/ ഇടവഴിയിലൂടെ ഞാന്‍ നടക്കുന്നു/ പൊടുന്നനേ/ വഴി ഇളകി/നടുങ്ങിപ്പോയി/ അതൊരു/ പെരുമ്പാമ്പായിരുന്നു/ അവള്‍ വലിയ വടിയുമയാി വടന്ന്/ പാമ്പിനെ അടിച്ചുകൊണ്ടിരുന്നു/ അത് ചാവും വരെ”.
നിസ്സഹായതയാണ് ചില കവിതകളുടെ അന്തസാരം. നാനോ വിദ്യയാല്‍ ഭൂഗോളത്തെ ആയിരം കോടി ചെറുതാക്കി/ ഒരു നെല്ലിക്കയോളമാക്കി കൈയില്‍ വച്ചു/.. നാനോടേക്നോളജിയുടെട വിരുതുകൊണ്ട് ലോപിച്ച പൂര്‍വ്വരൂപത്തിലാകാനാവാകാത്ത ഒരു കൊച്ചു ഭൂമിയിലാണ് ഇപ്പോള്‍ നമ്മള്‍” എന്ന് കവി നമ്മളോട് പറയുന്നു (കരതലാമലകം). കവിക്കൊപ്പം വായനക്കാരനും നിസാര മനുഷ്യനാവുന്നു; വെറും നിസാരനായ മനുഷ്യന്‍.




സമാഹാരത്തിലെ പല കവിതകളിലും കവിയുടെ മിഥ്യാടനങ്ങളും ഭ്രമാത്കതയ്ക്കും സുവ്യക്തമായുണ്ട്. ചൂണ്ടയില്ലാത്തതിനാല്‍, കടല്‍ത്തീവണ്ടിയില്‍ നിന്ന് ‘എന്നെ എന്നില്‍ തന്നെ കൊളുത്തി ജാലകത്തിലൂടെ നീട്ടിയെറിയുന്ന’യാളിലും (മീന്‍പിടുത്തം) അന്ധര്‍ക്കുള്ള സീറ്റില്‍ ഇരുന്ന് അന്ധനാവുന്ന മനുഷ്യനിലും (സഞ്ചാരം) ആള്‍ക്കൂട്ടത്തില്‍ എത്ര ഭ്രാന്തന്‍മാരുണ്ടെന്ന് തിരിച്ചറിയാന്‍ ഒരു ചെമ്പരത്തിപ്പൂ ഉയര്‍ത്തിക്കാട്ടുകയും ആരും തിരിഞ്ഞുനോക്കാത്തിനാല്‍ മനുഷ്യരുടെ കാര്യമോര്‍ത്ത് ചിരിച്ച് അടുത്ത തെരുവിലേക്ക് ഓടുകയും ചെയ്യുന്ന ഭ്രാന്തനിലും(മന:ശാസ്ത്രജ്ഞന്‍) നമുക്ക് ഭ്രമാത്മകനായ കവിയെ കണ്ടെടുക്കാം.
‘ഇരുട്ടുപിഴിഞ്ഞ്’ എന്ന കവിതാ സമാഹാരം കാലം കവിയില്‍ വരുത്തുന്ന മാറ്റങ്ങളെയും കവിയുടെ തന്നെ കാവ്യവളര്‍ച്ചയെയും അടയാളപ്പെടുത്തുന്നുണ്ട്. മുമ്പ് തുറന്ന രീതിയില്‍ പൊളിറ്റിക്കല്‍ ആയിരുന്നുവെങ്കില്‍ ഇന്നതില്‍ നിന്ന് വ്യത്യസ്തമാണ് സെബാസ്റ്റ്യന്റെ കവിതകള്‍. ഭ്രമാത്മകമായ വരികള്‍ തന്നെയാണ് ശ്രദ്ധേയമായ ഒരു മാറ്റം. അസാമാന്യമായ കൈയടക്കത്തോടെയും ലാളിത്യഭംഗിയോടെയുമാണ് കവി രാഷ്ട്രീയവും സംസാരിക്കുന്നത് എന്നത് അതിനേക്കാള്‍ സുഭഗം.
മുമ്പൊരിക്കല്‍ തന്റെ കവിതയെപ്പറ്റി സെബാസ്റ്റ്യന്‍ തന്നെ പറഞ്ഞു: ” പണിയെടുക്കുകയും സമ്പാദിക്കുകയും കുടുംബം പുലര്‍ത്തുകയും ചെയ്യുന്ന ഒരു സാധാരണ പൌരധര്‍മത്തിനപ്പുറം കവിത എനിക്ക് അതി നിര്‍വേദകരമായ ഒരു ഹര്‍ഷോന്മാദത്തിന്റെയും നക്ഷത്രങ്ങള്‍ ആകാശത്തില്‍ പൊട്ടിത്തൂവുന്നതുപോലെ നിര്‍വചിക്കാനാവാത്ത ഒരു ആത്മീയതയുടെയും അനുഭവമാണ്”.
ഈ ഹര്‍ഷോന്മാദവും അനിര്‍വചനീയമായ ആത്മീയതയും നമുക്ക് വരികളില്‍ നിഴലിക്കുന്നത് കാണം. കവിതയെ സെബാസറ്റ്യന്‍ സ്വീകരിക്കുന്നതും ജീവിതത്തില്‍ സാക്ഷാത്കരിക്കുന്നതും സാങ്കേതിക അര്‍ത്ഥത്തിലല്ല. ഐന്ദ്രികജാലവും ഹിപ്നോട്ടിക് വലയത്തില്‍പ്പെടുന്നതുമായ ഒരു അതി ഉന്മാദഹര്‍ഷവലത്തില്‍ അകപ്പെട്ടുപോകുന്നു എന്ന നിലയിലാണ്. കവിതന്നെ മുമ്പ് ഇതേ അര്‍ത്ഥം വരുന്ന വരികള്‍ എഴുതിയിട്ടുണ്ട്.
മലയാള കവിതയില്‍ എന്നും മൂന്നു പതിറ്റാണ്ടായി നിറഞ്ഞു നില്‍ക്കുന്ന കവിയാണ് സെബാസ്റ്റ്യന്‍. ആനുകാലികങ്ങളില്‍ പതിവായി എഴുതുന്നു. തുടര്‍ച്ചയായി, ‘ശ്വസിക്കുന്നതുപോലെ’ കവിത എഴുതുന്ന വളരെ വളരെ ചുരുക്കം കവികളേ നമുക്കുള്ളൂ. ആ പട്ടികയില്‍ സച്ചിദാനന്ദനും അയ്യപ്പനുമൊപ്പമുണ്ട് സെബാസ്റ്റ്യന്‍. രണ്ടുപേരുമായി കവി ഊഷ്മളമായ ബന്ധം സൂക്ഷിക്കുകയും ചെയ്യുന്നു.
അവതാരികയില്‍ ഡോ.ബി.കേരളവര്‍മ പറയുന്നതിനോടവും വായനക്കൊടുവില്‍ നമ്മളും എത്തിച്ചേരുക. ” സൈദ്ധാന്തികമായിട്ടല്ലെങ്കിലും ആധുനികാന്തര മലയാള കവിയയുടെ മാനിഫെസ്റ്റോയാണ് ഈ പുസ്തകം. അത്രയ്ക്ക് കൃത്യമായിട്ടാണ് ഇത് മലയാള കവിതയുടെ സമകാലിക ദിശയെ അടയാളപ്പെടുത്തുന്നത്. വര്‍ത്തമാനകാല ചരിത്രാവസ്ഥയോട് സംവദിക്കുന്നതിലും പ്രണയത്തെ അകാല്‍പ്പനികവല്‍ക്കരിക്കുന്നതിലും സ്വത്വാവസ്ഥാന്തരങ്ങളെ രേഖപ്പെടുത്തുന്നതിലും ഈ കവിതകള്‍ പ്രതിനിധാത്മകമായ ഉത്താരാധുനികഭാവമാണ് സ്വീകരിക്കുന്നത്”.
മലയാളത്തിലെ കൈവിരലിലെണ്ണാവുന്ന രാഷ്ട്രീയ കവിയാണ് സെബാസ്റ്റ്യന്‍. ‘രാഷ്ട്രീയ കവി’ (സോഷ്യോ-പൊളിറ്റിക്കല്‍) എന്നത് ഒരു അവഹേളന പദമായി പുതിയകവിക്കൂട്ടം കാണുമ്പോള്‍, അങ്ങനെ തന്നെ പ്രയോഗിക്കണം. തികച്ചും രാഷ്ട്രീയകാരണങ്ങളാല്‍. അല്ലെങ്കില്‍ ഈ കവിതാ സമാഹാരത്തില്‍ നിന്ന് കാലത്തിന്റെ സത്യമില്ലാത്ത ഒരു കവിത കണ്ടെടുത്ത് നല്‍കുക.

ഇരുട്ടുപിഴിഞ്ഞ്
സെബാസ്റ്റ്യന്‍
പേജ് 84
വില 50 രൂപ
ഡി.സി.ബുക്സ്

http://www.doolnews.com/bijuraj-on-sebastians-book-eruttupizhinju.html

Thursday, September 9, 2010

യവനിക വീഴാത്ത അരങ്ങ്

ഇന്ത്യന്‍ ജനകീയ നാടകവേദിയുടെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളാണ് ജൂണ്‍ എട്ടിന് അന്തരിച്ച ഹബീബ് തന്‍വീര്‍. നാടകത്തിന്റെ രൂപവും ഭാഷയും വിപ്ലവകരമായി അദ്ദേഹം മാറ്റിത്തീര്‍ത്തു. കവിയും അഭിനേതാവും സംഗീതകാരനുമായ തന്‍വീര്‍ അനുരഞ്ജനം ഇഷ്ടപ്പെടാത്ത സാമൂഹ്യ പ്രവര്‍ത്തന്‍ കൂടിയായിരുന്നു.






ബിജുരാജ്


അക്ഷര്‍ധാമില്‍ ഭീകരര്‍ വെടിയുതിര്‍ത്തതിന്റെ തൊട്ടടുത്ത ദിനം. പത്രവാര്‍ത്തയില്‍ തലതാഴ്ത്തിയിരിക്കുകയായിരുന്നു ഹബീബ് തന്‍വീര്‍. മുഖത്ത് നീരസവും ഈര്‍ഷ്യയും പ്രകടം. ചുണ്ടിലെ പൈപ്പില്‍ നിന്ന് അസ്വസ്ഥതയുടെ പുകച്ചുരുളുകള്‍ തുടര്‍ച്ചയായി ഉയര്‍ന്നുപൊങ്ങി.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍, മുന്നിലെത്തിയ അപരിചിതനോട് തന്റെ ആശങ്ക അദ്ദേഹം മറച്ചുവച്ചില്ല. പിന്നെ പറഞ്ഞു: ''അയാളെ ചവിട്ടി പുറത്താക്കണം. അല്ലെങ്കില്‍ നമ്മളിനിയും ഇത്തരം വാര്‍ത്തകള്‍ കേട്ടുകൊണ്ടേയിരിക്കും''. നരേന്ദ്ര മോഡിയെയാണ് ഉദ്ദേശിച്ചത്. ഗുജറാത്തിലെ മുസ്ലീം കൂട്ടക്കൊല നേരിട്ട് കണ്ടിരുന്ന തന്‍വീര്‍ അവിടെ വീണ്ടും ഒരു നരഹത്യകൂടി അരങ്ങേറുമോയെന്ന ഭയത്തിലായിരുന്നു. അക്ഷര്‍ധാമിലെ ക്ഷേത്രത്തില്‍ മുപ്പതുപേരെ കൊലപ്പെടുത്തിയത് മറ്റൊരു മുസ്ലീം കൂട്ടക്കൊലയ്്ക്ക് വഴിയൊരുക്കാനുള്ള ആസൂത്രിത നീക്കമാണന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നതുപോലെ തോന്നി. ഗുജറാത്ത് കൂട്ടക്കൊലയ്ക്കുമുമ്പ് 'ഗോധ്ര' സംഭവിച്ചതുപോലെ. നാടകാവതരണത്തിന് എത്തിയ തന്‍വീര്‍ അന്ന് ഇവിടെ താന്‍ പങ്കെടുത്ത വേദികളിലെല്ലാം നാടകം രണ്ടാംസ്ഥാനത്തേക്ക് മാറ്റിവച്ചു. സംസാരിച്ചതു മുഴുവന്‍ മത തീവ്രവാദത്തെപ്പറ്റിയായിരുന്നു. മുഖ്യമായും ഹിന്ദുവര്‍ഗീയവാദത്തിനെതിരെ. ഏഴുവര്‍ഷം മുമ്പാണ് അത്. തൊട്ടടുത്ത ദിവസം ഭാരത്ബന്ദായിരുന്നു. അത് മറികടന്ന് തനിക്കടുത്തെത്തിയവരോടും തന്‍വീര്‍ മനസ്സിലെ ആശങ്കകള്‍ രോഷത്തോടെ പങ്കുവച്ചു. ജനകീയ നാടകവേദിയിലെ അതുല്യനായ കലാകാരന് അങ്ങനെയായിരിക്കാനേ കഴിയുമായിരുന്നുള്ളൂ.
കാലത്തിന്റെ അഗ്നിചിന്തകള്‍ മനസ്സില്‍ പേറിയ, അരങ്ങില്‍ ഒതുങ്ങാത്ത, മെരുങ്ങാത്ത വേഷമായിരുന്നു തന്‍വീര്‍. നാടക പ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും അദ്ദേഹം ആചാര്യനായിരുന്നു. നാടകത്തിന്റെ അവസാന വാക്ക്. അപൂര്‍വമായൊരു ഇതിഹാസം. വിപ്ലവത്തിന്റെ ഗൂഢ-പരസ്യ പ്രണേതാക്കള്‍ക്കാകട്ടെ അദ്ദേഹം സഖാവായിരുന്നു. അവരുടെ സ്വന്തം കവിയും സംഗീതകാരനുമായിരുന്നു തന്‍വീര്‍.
അരങ്ങില്‍, സാമൂഹികവേദിയില്‍ ആറുപതിറ്റാണ്ടുകാലം തന്‍വീര്‍ നിറഞ്ഞുനിന്നു. മുന്‍ഗാമികളില്ലാത്ത കലാവഴി സ്വയം അദ്ദേഹം തെളിച്ചെടുത്തു. നാടകത്തിന്റെ പതിവ് രീതികളെയാണ് തന്‍വീര്‍ സ്വയംനിശ്ചയിച്ചു മാറ്റിയെഴുതിയത്. ദേവ വേഷങ്ങള്‍ക്കും പുരാണകഥകള്‍ക്കും പിന്നില്‍ അന്നുവരെ ഇഴഞ്ഞുവലിഞ്ഞ ആസ്വാദക ബോധത്തെ അദ്ദേഹം മാറ്റി മറിച്ചു. നാടകത്തെ തനത്തിന്റെ, സംസ്‌കാരത്തിന്റെ ആദ്യ രൂപത്തില്‍ പകര്‍ത്തുകയായിരുന്നു തന്‍വീര്‍.
കലയെ അന്വേഷിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയെന്നതാണ്, ആ അന്വേഷണം മരണംവരെ തുടര്‍ന്നു എന്നതാണ് അദ്ദേഹത്തിന്റെ മേന്‍മയും വിജയവും. 'നയാ തീയേറ്റര്‍' (ഭോപ്പാല്‍) എന്ന അനുകരണ സാധ്യമല്ലാത്ത നാടകപ്രപഞ്ചവും സാധ്യമാക്കി അദ്ദേഹം.
''നാടകം രക്തത്തിലൂടെ എന്നിലേക്ക് ഊറിയെത്തുകയായിരുന്നു. ഞാന്‍ നാടകത്തെ തേടി പോവുകയല്ല, നാടകം എന്നിലേക്ക് വരികയാണ് ചെയ്തത്''-തന്‍വീര്‍ പറഞ്ഞു. റായ്പൂരിലെ പ്രാഥമിക പാഠശാലയിലായിരുന്നു ആദ്യ വേഷത്തിന്റെ അവതരണം. പിന്നെ തുടര്‍ച്ചയായി ജേതാവ്. അലിഗഡ് സര്‍വകലാശാലയിലെ ബിരുദ പഠനം നാടകസ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ സമ്മാനിച്ചു. ഈഘട്ടത്തില്‍ പത്രപ്രവര്‍ത്തകന്റെ വേഷവുമണിഞ്ഞു. 'തന്‍വീര്‍' എന്ന തൂലികാ നാമത്തില്‍ കവിതകളെഴുതി. ഹബീബ് അഹമ്മദ് ഖാന്‍ അതോടെ ഹബീബ് തന്‍വീറായി.
നാല്‍പതുകളുടെ ഒടുവില്‍ ബോംബേയിലേക്ക് കുടിയേറിയ യുവത്വത്തെ, ഒളിവില്‍ പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കലാകാരന്‍മാര്‍ കൂടുതല്‍ സര്‍ഗാത്മകമാക്കി. 1945 ല്‍ ബോംബെയിലെത്തുമ്പോള്‍ ഓള്‍ ഇന്ത്യാ റേഡിയോയില്‍ പ്രൊഡ്യൂസര്‍ എന്ന തൊഴില്‍ മേല്‍വിലാസമുണ്ടായിരുന്നു തന്‍വീറിന്. ഇടയ്ക്ക് ഹിന്ദി സിനിമയ്ക്ക് പാട്ട് എഴുതി. പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷനില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ)യിലും. ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്ത് ഭൂരിപക്ഷം നേതാക്കളും അറസ്റ്റിലായപ്പോള്‍ ഇപ്റ്റയുടെ നേതൃത്വമേറ്റെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. കല്‍ക്കത്താതീസിസന്റെ രക്തസമ്മര്‍ദ്ദത്തെ അതിജീവിച്ച തന്‍വീറിനോട് അക്കാലത്തെക്കുറിച്ചാരാഞ്ഞാല്‍ ''അതൊരു കാല്‍പനിക കവിതയൊന്നുമായിരുന്നില്ല'' എന്നു പറഞ്ഞവസാനിപ്പിക്കുമായിരുന്നു.
1954 ല്‍ ഡല്‍ഹിയിലേക്ക് തന്‍വീര്‍ തട്ടകം മാറ്റി. നാടകം തന്നെയായിരുന്നു ഈ മാറ്റത്തിന്റെ പ്രേരണ. അവിടെ പ്രശസ്തമായ ഹിന്ദുസ്ഥാനി തീയറ്റേറില്‍ ചേര്‍ന്നു. കുട്ടികളുടെ നാടകങ്ങള്‍ എഴുതി. ആ സമയത്താണ് നടിയും സംവിധായകയുമായ മോണിക്ക മിശ്രയുമായി ജീവിതത്തിലും നാടകത്തിലും ഒന്നു ചേരുന്നത്. ആ വര്‍ഷം തന്നെയാണ് തന്റെ ആദ്യ വലിയ നാടകമായ 'ആഗ്ര ബസാര്‍' എഴുതുന്നത്. ഒരു സൂഫി കവിയായ നസീര്‍ അക്ബറാബാദി എന്ന ഉറുദു കവിയുടെ രചനയെ ആസ്പദമാക്കിയായിരുന്നു നാടകം. അത് പെട്ടെന്ന് ചര്‍ച്ചാവിഷയമായി. നാടോടി കലാകാരന്‍മാരെയും സര്‍വകലാശാല വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നാടകം ഒരുക്കിയത്.
നാടകത്തെപ്പറ്റി കൂടുതല്‍ അറിയുക എന്നത് തന്‍വീറിന്റെ ഒരിക്കലും അടങ്ങാത്ത ത്വരയായിരുന്നു. 1955 ല്‍ അതിനായി ഇംഗ്ലണ്ടിലേക്ക് തിരിച്ചു.


നാടകത്തെക്കുറിച്ചറിയാന്‍ ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ഡ്രാമറ്റാക് ആര്‍ട്‌സിലും ബ്രിസ്‌റ്റോളിലെ സ്‌കൂളിലും അലഞ്ഞു തിരിഞ്ഞ നാളുകളെയും അദ്ദേഹം പിന്നീട് പുശ്ചിച്ചു' '' നാടകത്തിന്റെ ഉപരിതല സ്പര്‍ശിയായ അനുഭവം ഒന്നും നല്‍കിയില്ല. കുറേ പരിചയങ്ങള്‍ മാത്രമല്ലാതെ''.
രണ്ടുവര്‍ഷം യൂറോപ്പ് ചുറ്റിക്കറങ്ങി. 1956 ല്‍ എട്ടുമാസം ജര്‍മനിയില്‍ തങ്ങി. ബര്‍ലിനിലെ യാത്രയില്‍ തന്‍വീര്‍ ഒന്നു നേടി. ബ്രഹ്ത്തിന്റെ നാടകവുമായി അടുത്ത പരിചയം. തന്‍വീര്‍ അവിടെ എത്തുന്ന നാളിലായിരുന്നു ബ്രഹ്ത്തിന്റെ മരണം. സുഹൃത്തായ ബെര്‍ലിനര്‍ എന്‍സെബിള്‍ ആവിഷ്‌കരിച്ച ബ്രഹ്ത്തിന്റെ നാടകങ്ങള്‍ കണ്ടപ്പോള്‍ അതില്‍ ആകൃഷ്ടനായി. ''നാടകത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ മാറി മറിഞ്ഞു. അവിടെ വച്ചാണ് നാടകം പരീക്ഷണങ്ങളുടെ അനന്ത സാധ്യതകള്‍ ശേഷിപ്പിക്കുന്നുണ്ടെന്ന് മനസ്സിലായത്. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട, അവര്‍ക്കുവേണ്ടിയുള്ള നാടകങ്ങള്‍ ഒരുക്കാന്‍ ഞാന്‍ തീരുമാനിച്ചു.''. തിരിച്ചുവന്ന തന്‍വീര്‍ ഛത്തീസ്ഗഢില്‍ കേന്ദ്രീകരിച്ചു. വൈകാതെ 'മിട്ടി കി ഗാഡി' എന്ന നാടകം അരങ്ങത്തെത്തി.
പിന്നീട് തന്‍വീര്‍ നമുക്ക് നല്‍കിയതെന്താണ്? 'ചരണ്‍ദാസ് ചോര്‍' എന്ന വിശ്രുത നാടകം. 'മൃശ്ചകടികം' എന്ന രൂക്ഷ പ്രഹസനം. 'മധ്യവേനല്‍ക്കാല രാത്രിയിലെ സ്വ്പന'മെന്ന അസംബന്ധം. പിന്നെ കുറേ ഗൗരവമേറിയ നാടകങ്ങള്‍. 'മൃശ്ചകടിക'മായിരുന്നു ഛത്തീസ്ഗഢ് ഭാഷയിലെ ആദ്യത്തെ പ്രധാന നാടകം. 1973 ല്‍ ഹിന്ദിയില്‍ നിന്ന് ഛത്തീസ്ഗഢ് ഭാഷയിലേക്ക് തന്‍വീര്‍ ചുവടുമാറ്റി. പ്രദേശിക കഥയെ ആസ്പദമാക്കി 'പണ്ടവാണി' യും 1972 -ല്‍ ചത്തീസ്ഗഢിലെ 'നാച്' ശൈലില്‍ 'ഗോണ്‍ കാ നാം സസുരാല്‍ മോര്‍ നാം ഡമാദ്' എന്ന ഹാസ്യ നാടകവും സംവിധാനം ചെയ്തിരുന്നു. ഛത്തീസ്ഗഢിന്റെ കലാരൂപമായ 'നാച്ചി'ന്റെ സവിശേഷതകള്‍ ചേര്‍ത്തായിരുന്നു ഈ നാടകങ്ങളെല്ലാം. അതിന്റെ പര്യവസാനിയായിരുന്നു 1975 ല്‍ അരങ്ങിലെത്തിയ 'ചരണ്‍ദാസ് ചോര്‍'.
അതായിരുന്നു തന്‍വീറിന്റെ എക്കാലത്തെയും മികച്ച സൃഷ്ടി. ' താനൊരിക്കലും നുണപറയില്ലെന്ന് ഗുരുവിനോട് വാഗ്ദാനം ചെയത മോഷ്ടാവിന്റെ കഥയായിരുന്നു അത്. സ്വര്‍ണത്തളികയില്‍ ഭക്ഷണം കഴിക്കില്ല, ഘോഷയാത്രയുടെ മുന്നില്‍ ആനപ്പുറത്ത് സവാരി ചെയ്യില്ല, രാജകുമാരിയെ വേള്‍ക്കില്ല, സിംഹാസനം സ്വീകരിക്കില്ല എന്നീ വാഗ്ദാനങ്ങളും അയാള്‍ നല്‍കുന്നു. ഈ വാഗ്ദാനങ്ങള്‍ അയാളെ കൊണ്ടെത്തിക്കുന്ന സങ്കീര്‍ണതകളും ആശയക്കുഴപ്പങ്ങളുമായിരുന്നു നാടകം.
ലോക നാടകവേദിയില്‍ നടന്ന ചില ധീരമായ പരീക്ഷണങ്ങളുമായി ചേര്‍ത്തുവേണം തന്‍വിറിന്റെ 'ചരണ്‍ദാസ് ചോറി'നെ നോക്കിക്കാണാന്‍. ഏറ്റവും അടിസ്ഥാന വര്‍ഗ/ജാതി വിഭാഗങ്ങള്‍ക്കിടയില്‍ കേന്ദ്രീകരിച്ച്, അവരുടെ ഭാഷയില്‍, അവരെക്കൊണ്ട്, അവരുടെ കഥ പറയിക്കുകയായിരുന്നു തന്‍വീര്‍ ചെയ്തത്. കെനിയയിലെ കിയുകു ഭാഷയില്‍ ഗൂഗി വാ തിഓംഗോ വരുത്തിയ നാടക പരീക്ഷണത്തിന് സമാനമായിരുന്നു അത്. നാടകത്തില്‍ അഭിനയിച്ചത് ആദിവാസികളായ കലാകാരന്‍മാരായിരുന്നു. ഛത്തീസ്ഗഢി ഭാഷയിലായിരുന്നു സംഭാഷണവും. നാടോടി കഥയെ ആസ്പദമാക്കിയ നാടകത്തിന് രണ്ട് നാടോടി കവികള്‍ തന്‍വീറിനൊപ്പം ഗാനം ഒരുക്കി. നാടന്‍ശീലിന്റെ ഈണവും താളവും നാടകത്തിലേക്ക് പകര്‍ന്നു. മിത്തുകള്‍ക്ക് ജീവന്‍ നല്‍കി. ഈ പുതു നാടക സങ്കല്‍പ്പം ചരിത്രമാണ്.
ഒരര്‍ത്ഥത്തില്‍ ഇന്നത്തെ ഛത്തീസഗഢിന്റെ സൃഷ്ടാവാണ് തന്‍വീര്‍. ആദിവാസികള്‍ക്കിടയില്‍ കലാ-സാംസ്‌കാരിക പ്രവര്‍ത്തനത്തിലൂടെ അവരില്‍ പുതിയ ദേശീയ-രാഷ്ട്രീയ-സാമൂഹ്യബോധം പടര്‍ത്തുകയായിരുന്നു അദ്ദേഹം. ശങ്കര്‍ ഗുഹാ നിയോഗിയും ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയുമൊക്കെ രംഗത്തുവരുന്നത് ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ്. അവരും തന്‍വീറും പലപ്പോഴും ഒന്നുചേര്‍ന്നു.


'ചരണ്‍ദാസ് ചോര്‍' അരങ്ങത്തെത്തിയ എല്ലായിടത്തും കാഴ്ചക്കാര്‍ കള്ളന്റെ വേഷത്തിനൊപ്പിച്ച് ആടിയും പാടിയും ഉന്മത്തരായി. ഭാഷ ആശയവിനിമയത്തിന് കേവല ഉപാധി പോലുമല്ലെന്ന വിധത്തില്‍ മറുനാട്ടുകാര്‍ക്കു മുന്നില്‍ ചുരുക്കിക്കളഞ്ഞു. നാടന്‍ കലയുടെ എല്ലാ വന്യ തീവ്രതയും നാടകത്തിനുണ്ടായിരുന്നു. കൊച്ചിയില്‍ പത്ത് വര്‍ഷം മുമ്പ് അവതരിപ്പിച്ച 'ചരണ്‍ദാസ് ചോര്‍' കാണികള്‍ ഏറ്റുവാങ്ങിയത് അവസാന നിമിഷങ്ങളില്‍ പാട്ടിനൊപ്പിച്ച് മിനിറ്റുകള്‍ നീണ്ടകൈയടിയോടെയാണ്. ഒരു പക്ഷേ, കേരളത്തില്‍ ഒരു നാടകത്തിനുവേണ്ടിയും ഇത്രയേറെ മലയാളി കൈയടിച്ചിട്ടുണ്ടാവില്ല. അന്ന് നാടകം ഒരിക്കല്‍കൂടി കണ്ടിറങ്ങിയ നരേന്ദ്ര പ്രസാദ് വിളിച്ചു പറഞ്ഞു: 'ഇന്ത്യയിലൊരു നാടകമേയുള്ളൂ. അത് ഇതാണ്''.
നാടകാവതരണം മറ്റൊന്നു കൂടി കാട്ടിത്തന്നു. കലാകാരന്റെ ദയനീയ ജീവിതം. നാടകോത്സവവേദിക്കു പിന്നിലെ ഭക്ഷണ ശാലയില്‍ ബാക്കി വന്ന ഭക്ഷണം ഭാണ്ഡങ്ങളിലാക്കുവാന്‍, വിശപ്പടക്കാന്‍ നായക നടനും നടിയും സാധാരണക്കാരില്‍ സാധാരണക്കാരായത്. ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ട ആധുനിക നാടകവും ' ചരണ്‍ദാസ് ചോറാ'യിരിക്കും. ശ്യാം ബെനഗല്‍ നാടകം സിനിമയുമാക്കി.
എണ്‍പതഞ്ചാം വയസ്സിലും തളരാതെ, ഒട്ടും മടികൂടാതെ തന്‍വീര്‍ പ്രവര്‍ത്തിച്ചു. കലാ പ്രവര്‍ത്തനം സമൂഹമുന്നേറ്റവുമായി ചേര്‍ന്നിണങ്ങണമെന്ന തന്റെ ശാഠ്യം അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു: '' നാടകമെന്നത് കലാപത്തിന്റെ ഒരു മാര്‍ഗ്ഗം മാത്രമാണ്''. ഇതിന്റെ ഭാഗമായി രാഷ്ട്രീയ തെരുവുനാടകങ്ങള്‍ ഇന്ത്യയിലങ്ങോളമിങ്ങോളം പടര്‍ത്തിയതും തന്‍വീറാണ്. സഫ്ദര്‍ ഹഷ്മിയും ജനനാട്യമഞ്ചും ഒരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സൃഷ്ടിതന്നെ. 1980 ല്‍ ജനനാട്യമഞ്ചിന് വേണ്ടി 'മോടി റാം കാ സത്യഗ്രഹ' തന്‍വീര്‍ സംവിധാനം ചെയ്തു. സഫ്ദറിന്റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു. അത്. അതായിരുന്നു 'ജനനാട്യമഞ്ചി'ന്റെ യഥാര്‍ത്ഥ തുടക്കം. ഡല്‍ഹിയില്‍ സവര്‍ണ ഫാസിസത്തിന് എന്നും വെല്ലുവിളിയുയര്‍ത്തുന്ന 'സഫ്മതിന്റെ' സംഘാടകരിലൊരാളും കൂടിയായിരുന്നു മരിക്കുന്നതുവരെ തന്‍വീര്‍. സാമ്രാജ്യത്വ- വര്‍ഗീയ വിരുദ്ധതയായിരുന്നു തന്‍വീറിന്റെ മുഖ്യ അജണ്ട. അതുകൊണ്ടാണ് ഗുജറാത്തിലെ ന്യൂനപക്ഷങ്ങള്‍ കൂട്ട നരഹത്യയ്ക്കിരയായപ്പോള്‍ തന്‍വീര്‍ അവിടെ ഓടിയെത്തിയത്. കാലകാരന്‍മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും അണിനിരത്തി മോഡിയുടെ രാജി അദ്ദേഹം ആവശ്യപ്പെട്ടു.
''ഗുജറാത്ത് കലാപം ഞാന്‍ നേരിട്ടുകണ്ടിട്ടുണ്ട്. അവിടെ മുസ്ലിംങ്ങളെ ആസൂത്രിതമായി കൂട്ടക്കൊലക്കിരയാക്കുകയായിരുന്നു. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ മുസ്‌ളിങ്ങളും അവരുടെ സ്ഥാപനങ്ങളും ഏതു നിമിഷവും ആക്രമിക്കപ്പെടുന്ന അവസ്ഥയായിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ഞങ്ങള്‍ കണ്ടു. അവിടെ വച്ച് ഞങ്ങളെയും ആക്രമിക്കാന്‍ വര്‍ഗീയവാദികള്‍ ശ്രമിച്ചിരുന്നു.''.
തന്‍വീറും അദ്ദേഹത്തിന്റെ നാടകങ്ങളും വര്‍ഗീയവാദികള്‍ക്ക് എന്നും അസഹനീയമായിരുന്നു. അതുകൊണ്ടാണ് ന്യൂനപക്ഷ അടിച്ചമര്‍ത്തലുകളെ വിശാല കാഴ്ചപ്പാടില്‍ അവതരിപ്പിച്ച 'ജിസ്‌നേ ലാഹോര്‍ നഹീ ദേഖാ വോ ജനമയീ നഹീന്‍' തടസ്സപ്പെടുത്താന്‍ അവര്‍ വന്നെത്തിയത്. ഭീഷണിക്ക് വഴങ്ങിലെന്ന തന്‍വീറിന്റെ നിശ്ചയത്തിനായിരുന്നു വിജയം. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന പോരാട്ടം കൂടിയായിരുന്നു അത്.
ഹിന്ദുവര്‍ഗീയവാദം ശക്തമായിക്കൊണ്ടിരുന്ന കാലത്ത് തന്നെ അതിനെതിരെയുള്ള പോരാട്ടങ്ങില്‍ തന്‍വീര്‍ മുന്നില്‍ നിന്നു. 90 കളില്‍ 'പോങ്ങ പണ്ഡിറ്റ്' എന്ന നാടകം സംവിധാനം ചെയ്താണ് വര്‍ഗീയവാദികള്‍ ഒരു പ്രഹരം നല്‍കുന്നത്. 1930 ല്‍ സുഖ്‌റാം, സീതാറാമം എന്നീ രണ്ടുപേര്‍ ഛത്തീസ്ഗഢ് ഭാഷയില്‍ എഴുതിയ നാടകത്തെ പുനരവതരിപ്പിച്ചായിരുന്നു അത്. ഹിന്ദുവര്‍ഗീയവാദികള്‍ നാടകം പലയിടത്തും തടഞ്ഞു. പലപ്പോഴും കായികമായി ആക്രമിക്കാന്‍ ശ്രമിച്ചു. കൊച്ചിയില്‍ എഴുവര്‍ഷം മുമ്പ് വന്നത് വിവാദമുയര്‍ത്തിയ 'ജിസ്‌നേ ലാഹോര്‍ നഹീ ദേഖാ വോ ജനമയീ നഹീന്‍' എന്ന നാടകവുമായായിരുന്നു. ഗുജാറാത്തിലെ മുസ്ലിം നരഹത്യയെ വിശാലമായ കാഴ്ചപ്പാടില്‍ അവതിരപ്പിക്കുന്നതായിരുന്നു നാടകം. ഈ നാടകത്തിന് ഗുജറാത്തിലുള്‍പ്പടെ ഉത്തരേന്ത്യയില്‍ എല്ലായിടത്തും വര്‍ഗീയവാദികള്‍ തടസ്സം സൃഷ്ടിച്ചിരുന്നു.
സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും സാംസ്‌കാരിക അപചയത്തിനുമെതിരെ സാമൂഹിക വിപ്ലവം അടിയന്തരാവാശ്യമാണെന്ന് ഇടതു സഹയാത്രികന്‍ കൂടിയായ തന്‍വീര്‍ എപ്പോഴും ആവര്‍ത്തിച്ചു. ''സാമൂഹിക മുന്നേറ്റത്തില്‍ നിന്ന് മാറി നിന്നുകൊണ്ടുള്ള ഒരു കലാപ്രവര്‍ത്തനവും നല്ലതല്ല''. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ സാമൂഹിക പ്രവര്‍ത്തകരും കലാകാരന്‍മാരും സാഹിത്യകാരന്‍മാരും യോജിച്ച വേദി കണ്ടെത്താനും തന്‍വീര്‍ ശ്രമിച്ചു. ''പഴയ 'ഇപ്റ്റ' പോര. അതിനേക്കാള്‍ ശക്തവും കെട്ടുറപ്പും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പറ്റുകയും ചെയ്യുന്ന ഒന്ന് സംഘടിപ്പിക്കണം''. പക്ഷേ, കലാകാരന്‍മാര്‍ക്ക് എത്രമാത്രം സാമൂഹ്യ മുന്നേറ്റത്തില്‍ പങ്ക് വഹിക്കാനാവും?
''രാജ്യം നേരിടുന്ന വര്‍ഗീയ വാദ വെല്ലുവിളികള്‍ക്കെതിരെ കാലകാരന്‍മാര്‍ക്ക് ചെറു പങ്കാണ് വഹിക്കാനുള്ളത്. പക്ഷേ അത് പ്രധാനപ്പെട്ടതാണ്. അതവര്‍ വഹിക്കുന്നില്ല. പലപ്പോഴും കലാകാരന്‍മാര്‍ വര്‍ഗീയവാദത്തിന് പിണിയാളാകുന്നതാണ് കണ്ടുവരുന്നത്.''-വേദനയോടെ തന്‍വീര്‍ പറഞ്ഞു.
കലാപ്രവര്‍ത്തനത്തേക്കാള്‍ സമൂഹ രംഗത്ത് തുടരുന്നതിന് ന്യായീകരണവും അദ്ദേഹം നിരത്തി: ''ചരിത്രത്തോട് നീതി പുലര്‍ത്താന്‍ തലമുറയ്ക്ക് കഴിയണമെങ്കില്‍ സമൂഹ തിന്‍മകള്‍ക്കെതിരെ കലാപം നടത്തിയേ മതിയാകൂ. പുതു ചെറുപ്പക്കാര്‍ എന്തേ അതിനു മുതിരുന്നില്ല?. അവര്‍ തങ്ങളുടെ കടമകള്‍ നിറവേറ്റുമ്പോള്‍ ഞങ്ങള്‍ വിശ്രമിക്കും''. ആത്മഗതം പോലെ മറ്റൊന്നും തന്‍വീര്‍ പറഞ്ഞു: '' അത് അടുത്തുണ്ടാകുമെന്ന് കരുതുക വയ്യ''.
രാജ്യത്ത് ജനകീയ നാടകവേദി വെല്ലുവിളികള്‍ നേരിടുന്നുണ്ടെ് സമ്മതിക്കാന്‍ തന്‍വീര്‍ മടിച്ചില്ല. പക്ഷേ അതൊരു താല്‍ക്കാലിക പ്രതിഭാസമായി മാത്രമാണ് അദ്ദേഹം കണ്ടത്. ''വിപ്ലവ വേലിയേറ്റ-ഇറക്കങ്ങള്‍ പോലെ നാടകവും ചലനാത്മകമാണ്. ഇന്ന് നാടകം പിന്നോട്ടുപോകുന്നുവെങ്കില്‍ നാളെ വന്‍ കുതിച്ചു ചാട്ടത്തോടെ തിരിച്ചുവരും. നാടകമാണ് ഏറ്റവും വലിയ ജനീകയ കല. അണിയറ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിനിമയിലേക്കും ടിവിയിലേക്കും ചേക്കേറുന്നതാണ് നാടകത്തിന് ഇന്ന് ഭീഷണി. വമ്പിച്ച മുതല്‍ മുടക്ക് വേണ്ടിവരുന്നതും അമേച്വര്‍ നാടങ്ങളെ തളര്‍ന്നുന്നു.''
'ഭോപ്പാല്‍' എന്ന നാടകത്തിന്റെ പണിപ്പുരയിലായിരുന്നു അന്ന് കാണുമ്പോള്‍ തന്‍വീര്‍. എന്തുകൊണ്ട് ഭോപ്പാല്‍? ''യുണിയന്‍ കാര്‍ബൈഡ് കമ്പനി നടത്തിയ കൂട്ടക്കൊല 17 വര്‍ഷം പിന്നിടുമ്പോഴും ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. തുടക്കം മുതല്‍ ഞങ്ങള്‍ നടത്തിയ സമരം മൂലം പേരിന് എന്തൊക്കെയോ സാമ്പത്തിക സഹായം ഇരകള്‍ക്ക് മേടിച്ചു നല്‍കാനായി എന്നു മാത്രം. സമരം തുടരാന്‍ പോകുന്നുവെന്നതിന്റെ മുന്നറിയിപ്പാണ് നാടകം''.
നാടകത്തില്‍ നവ പരീക്ഷണങ്ങള്‍ വിരളമായേ നടക്കുന്നുള്ളൂവെന്ന് പക്ഷക്കാരനായിരുന്നു തന്‍വീര്‍. മലയാളത്തില്‍ കാവാലത്തെയും ചന്ദ്രദാസിനെയും പുകഴ്ത്തിയിരുന്ന അദ്ദേഹം മലയാള നാടകം എണ്‍പതുകളിലെ അവസ്ഥയുമായി തുലനം ചെയ്യുമ്പോള്‍ പരിതാപകരമാണെന്നാണ് അഭിപ്രായക്കാരനായിരുന്നു. കൊച്ചിയില്‍ രണ്ട് വര്‍ഷം മുമ്പ് വന്നപ്പോഴും അതേ നിലപാട് ആവര്‍ത്തിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ 'ചരണ്‍ദാസ് ചോറി'ന്റെ മലയാള ഭാഷാന്തരീകരണം കാണായിരുന്നു അത്തവണ വന്നത്.
2006 ല്‍ 'രാജ് രക്ത്' എന്ന നാടകം എഴുതി. രവീന്ദ നാഥ് ടാഗോറിന്റെ നോവിലിനെയും നാടകത്തെയും ആസ്പദമാക്കിയായിരുന്നു ഈ നാടകം.
മരിക്കുമ്പോള്‍ ആത്മകഥയുടെ പണിപ്പുരയിലായിരുന്നു അദ്ദേഹം.
നാടകപ്രവര്‍ത്തനങ്ങള്‍ക്കിയ്ക്ക് സിനിമയിലും മുഖം കാട്ടിയിരുന്നു. 1953 ല്‍ ഇറങ്ങിയ 'ഫുട്പാത്ത്' മുതല്‍ 2008 ല്‍ പുറത്തുവന്ന 'ബ്ലാക്ക് ആന്‍ഡ് വൈറ്റ്' എന്നിങ്ങനെ ഒമ്പത് സിനികളില്‍ മാത്രം. എന്തുകൊണ്ട് കൈവിരലിലെണ്ണാവുന്ന സിനിമകള്‍? '' എനിക്ക് സിനിമയോടല്ല താല്‍പര്യം. നാടകത്തോടാണ്. നാടകമാണ് എന്റെ കല. അടുപ്പമുള്ളവര്‍ വിളിച്ചപ്പോള്‍, ഒഴിവാക്കാന്‍ കഴിയാതെ വന്നപ്പോള്‍ മാത്രമാണ് അതിലൊക്കെ വേഷമിട്ടത്. അഭിനയം മറക്കാതിരിക്കാനുള്ള ചില പരിശീലനമായിരുന്നു അത്''. പകുതി ചിരിയോടും പകുതി കാര്യവുമായും തന്‍വീര്‍ പറഞ്ഞു.
ഭാര്യ മോണിക്ക മിശ്രയും മകള്‍ നഗീനും നയാ തീയേറ്ററിലുണ്ടായിരുന്നു. മോണിക്ക മിശ്ര നാല് വര്‍ഷം മുമ്പ് മരിച്ചു. ഇപ്പോള്‍ നഗീനാണ് നയാതീയറ്ററിന്റെ മേല്‍നോട്ടം. ഛത്തീസ്ഗഢിലുള്‍പ്പടെ വിവിധ ദേശങ്ങളില്‍ നിന്നെത്തിയ കാലകാരന്‍മാരും നാടകവിദ്യാര്‍ത്ഥികളും അണിയറ പ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന വലിയ കളരിയാണ്, കുടുംബമാണ് നയാ തീയറ്റര്‍. രാജ്യത്തിനകത്തും പുറത്തുമായി വിശാലമായ ശിഷ്യ സമ്പത്തും തന്‍വീറിനുണ്ടായിരുന്നു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും വിദേശ ഇന്‍സ്റ്റിറ്റിയൂട്ടുകളിലും സന്ദര്‍ശക അധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം.
നാടടത്തിനും കവിതയ്ക്കും നല്‍കിയ സംഭാവനകള്‍ക്ക് നിരവധി അംഗീകാരങ്ങളും തന്‍വീറിനെ തേടിയെത്തി. ചരണ്‍ദാസ് ചോറിന് എഡ്വിന്‍ബറോ അന്താരാഷ്ട്ര നാടകോത്സവത്തില്‍ മികച്ച നാടക പുരസ്‌കാരം. സംഗീത നാടക അക്കാദമി അവാര്‍ഡ്. നടികര്‍ തിലകം അവാര്‍ഡ്. കവിതയ്ക്ക് ഹിന്ദി സാഹിത്യ ഭാവഭൂതി അവാര്‍ഡ്. പിന്നാലെ സര്‍ക്കാരിന്റെ പത്മശ്രീയും പത്മഭൂഷണൂം. 1972-78 വരെ രാജ്യസഭയില്‍ അംഗവുമായിരുന്നു.
പ്രകൃതത്തിലും സംസാരത്തിലും തീര്‍ത്തും സാധാരണക്കാരനായിരുന്നു തന്‍വീര്‍. നാട്ടിന്‍ പുറത്തെ പ്രായം ചെന്ന വ്യക്തിയെപ്പോലെ പുകയില നിറച്ച കവര്‍ പാന്റിന്റെ കീശയില്‍ എപ്പോഴും കൊണ്ടുനടന്നു. സ്ഥിരമായി കടിച്ചു പിടിച്ച പൈപ്പ് മാത്രമായിരുന്നു വ്യത്യസ്തത. ഇടയ്ക്കിടെ കവര്‍ തുറന്ന് പൈപ്പില്‍ പുകയില നിറച്ച് ആഞ്ഞുവലിച്ചുകൊണ്ടേയിരിക്കും.
സംസാരത്തിനൊടുവില്‍ പോകാനായി എഴുന്നേറ്റപ്പോള്‍ തുടര്‍ച്ചയായ പുകവലിയിലെ അപകട സാധ്യത സൂചിപ്പിച്ചു. മറുപടി ചിരിച്ചുകൊണ്ട്: '' വൃദ്ധനായി. മരണം അടുത്തെത്തി. പിന്നെന്തിന് ശീലം വിടണം''.
നാടക സങ്കല്‍പ്പത്തിന്റെ പൂര്‍ണ്ണതയിലാണോ ഈ മരണ ചിന്തയെന്ന ചോദ്യത്തിന് നിഷേധമായിരുന്നു. ഉത്തരം: ''നാടകം ആരംഭിച്ചിട്ടേയുള്ളൂ. ഇനിയുമേറെ ചെയ്യാനുണ്ട്''.
മരണത്തിനും നാടകത്തിനുമിടയിലെ യുക്തിവിരുദ്ധത ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു നിമിഷത്തെ മൗനം. പിന്നെ സ്‌നേഹപൂര്‍വം തോളത്തു തട്ടി, കാത്തിരിക്കുന്ന സഹപ്രവര്‍ത്തകരിലേക്ക്, നാടകത്തിന്റെ തിരക്കിലേക്ക് മടങ്ങി.
ഇപ്പോള്‍ അരങ്ങ് ഒഴിഞ്ഞിക്കുന്നു. രംഗം ശൂന്യം. പക്ഷേ, കര്‍ട്ടന്‍ വീഴില്ല. കാരണം തന്‍വീറിന്റെ നാടകത്തില്‍ കര്‍ട്ടനേ ഇല്ലായിരുന്നു.

Samakaalika Malayalam vaarika
2009 June

ഹൃദയമിടിപ്പ്‌














സംഭാഷണം
ഡോ. എം.എസ്. വല്യത്താന്‍/ബിജുരാജ്



ഡോ. എം.എസ്. വല്യത്താന്‍ എന്തുകൊണ്ട് കേരളം വിട്ടു? ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പദവി രാജി വച്ചതിന് എന്തായിരുന്നു കാരണം? ഹൃദയാ ചികിത്സാ അനുഭവങ്ങള്‍ക്കൊപ്പം ഡോ. വല്യത്താന്‍ ആദ്യമായി മൗനം മുറിക്കുന്നു.



ഹൃദയം കണ്ട്, അറിഞ്ഞ്, തൊട്ട്...



ഒരു ഡോക്ടര്‍ക്ക് നന്നായി ചികിത്സിക്കാനാവും. എന്നാല്‍ ജനകീയമായ ഒരു മെഡിക്കല്‍ സംരംഭം തനിച്ച്, ഒന്നുമില്ലായ്മയില്‍ നിന്നു തുടങ്ങി വിജയിപ്പിക്കുക എളുപ്പമാവില്ല. മാനേജ്‌മെന്റ പാടവവും അസാമാന്യ ഇച്ഛാശക്തിയും അതിനാവശ്യമാണ്. ഒപ്പം സാമൂഹ്യപ്രതിബന്ധതയുള്ള മനസും. അത്തരത്തില്‍ നോക്കിയാല്‍ ഡോ. എം.എസ്. വല്യത്താന്‍ എന്ന ഹൃദയശസ്ത്രക്രിയാ വിദഗ്ധന്റെ ജീവിതവും പ്രവൃത്തനവഴികളും നമ്മെ വല്ലാതെ അത്ഭുതപ്പെടുത്തും; മോഹിപ്പിക്കും.
അതിശയോക്തിയല്ല. സാധാരണക്കാര്‍ക്ക് പ്രാപ്യമായ വിധത്തില്‍ മലയാളിയുടെ ചികിത്സാ ധാരണകളെ മാറ്റിമറിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ ശങ്കരന്‍ വല്യത്താന്‍ എന്ന ഡോ. എം.എസ്്. വല്യത്താന്് കഴിഞ്ഞിട്ടുണ്ട്.
1936-ല്‍ ജനിച്ച ഡോ. വല്യത്താന്‍ വളര്‍ന്നതും പഠിച്ചതുമെല്ലാം മാവേലിക്കരയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് 1956 ല്‍ എം.ബി.ബി.എസ്. നേടിയ ശേഷം ഡോ. വല്യത്താന്‍ ഇംഗ്ലണ്ടിലും അമേരിക്കയിലുമായി ഹൃദയശസ്ത്രക്രിയയില്‍ ഉപരി പഠനം നടത്തി. അവിടെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ പരിശീലനം നേടുകയും ചികിത്സിക്കുകയും ചെയ്തു. പീഡിയാട്രിക് കാര്‍ഡിക് സര്‍ജറി, ട്രോപ്പിക്കല്‍ ഹേര്‍ട്ട് മസില്‍ രോഗങ്ങള്‍, കാര്‍ഡിയോ വാസ്‌കുലാര്‍ ഡിവൈസസിന്റെ വികസനം എന്നിവയിലായിരുന്നു തുടക്കം മുതലേയുള്ള ശ്രദ്ധ. 1974- ല്‍ തിരുവനന്തപുരത്തെ ശ്രീ ചിത്തിരാ മെഡിക്കല്‍ സെന്ററിന്റെ ഡയറക്ടറായി ചുമതലയേറ്റെടുത്തു. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതിരുന്ന ഒരു സംരംഭത്തെ ലോകപ്രശസ്ത ഗവേഷണ-ചികിത്സാ സ്ഥാപനമാക്കി മാറ്റിയെടുത്തു. പിന്നീട് മണിപ്പാല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍. ഇപ്പോള്‍ ആയുര്‍വേദത്തിന്റെ ശാസ്ത്രീയ വശങ്ങളെപ്പറ്റിയുള്ള ഗവേഷണത്തിലാണ് ഡോ. വല്യത്താന്‍. ആധുനിക ചികിത്സാ സമ്പ്രദായവുമായി ആയുര്‍വേദത്തെ കൂട്ടിയോജിപ്പിക്കുകയാണ് ലക്ഷ്യം. എ.ഡി.ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആയുര്‍വേദാചാര്യന്‍ ചരകന്‍ രചിച്ച 'ചരകസംഹിത'യ്ക് പുതിയൊരു വ്യാഖ്യാനം നല്‍കി 'ലെഗസി ഓഫ് ചരക' എന്ന പുസ്തകം രചിച്ചു. (ഇത് മലയാളത്തില്‍ ഡിസി ബുക്‌സ് 'ചരക പൈതൃകം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്) തുടര്‍ന്ന് സുശ്രുതന്റെയും വാഗ്ഭടന്റെയും സംഹിതകള്‍ക്കും വ്യാഖ്യാനം എഴുതി. (ലെഗസി ഓഫ് സുശ്രുത, ലെഗസി ഓഫ് വാഗ്ഭട. പ്രസാധകര്‍: ബ്ലാക് സ്‌വാന്‍) കേവലമായ വ്യാഖ്യാനത്തിനപ്പുറം ആധുനികചികിത്സാ ശാസ്ത്രത്തിന് അനുരൂപമായി ആയുര്‍വേദ ആചാര്യന്‍മാരുടെ ദര്‍ശനങ്ങളെ വിശദീകരിക്കാനുള്ള ശ്രമമാണ് വല്യത്താന്‍ പുസ്തകങ്ങളിലൂടെ നടത്തിയത്.
ലണ്ടനിലെ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സിന്റെയും ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എഞ്ചിനീയറിംഗിന്റെയും ഫെല്ലോയാണ്. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ ശ്രീ ധന്വന്തരി അവാര്‍ഡ് (1991). ഇന്ത്യയിലെ രണ്ടാമത്തെ വലിയ അംഗീകാരമായ പത്മവിഭൂഷണ്‍ (2005) തുടങ്ങിയ വിവിധ പുരസ്‌കാരങ്ങള്‍ നേടി.
മണിപ്പാലില്‍ സ്ഥിരതാമസമാക്കിയ ഡോ. വല്യത്താന്‍, ഡി.സി. ബുക്‌സിന്റെ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുക്കാനും എം.ജി. സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതിനുമായി, ഓഗസ്റ്റില്‍ കോട്ടയത്ത് എത്തിയിരുന്നു. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസ്തഭാഗങ്ങളാണ് ചുവടെ:



'കാല്‍പനികതളില്ലാത്ത' ഹൃദയം


ഹൃദയം കീറിമുറിച്ച് ചികിത്സിക്കുന്ന ഒരാളാണ് താങ്കള്‍. ഒരു ഹൃദയം കീറിമുറിക്കുമ്പോള്‍ എന്താവും ഒരു ഡോക്ടറുടെ വ്യക്തിപരമായ മാനസിക തലം?

മറ്റുള്ളവരോട് അനുകമ്പയും സഹതാപവും ഉള്ളവരാണ് ഒരു വ്യക്തിയെന്ന നിലയില്‍ ഞാനുള്‍പ്പടെയുള്ള ഡോക്ടര്‍മാരെല്ലാം. മറ്റുള്ളവര്‍ അനുഭവിക്കുന്ന വേദന ഞങ്ങളെ വിഷമിപ്പിക്കുന്നുണ്ട്. അവരുടെ വേദനമാറാനും ജീവന്‍ നിലനിര്‍ത്താനുമാണ് ഞങ്ങള്‍ ഹൃദയം കീറിമുറിച്ച് ചികിത്സിക്കുന്നത്. അതിനാല്‍ തന്നെ ഞങ്ങളുടെ കൃത്യം മഹത്തരമാണ്. ഒരു ഡോക്ടറെന്ന നിലയില്‍ വൈകാരികതയ്ക്ക്(ഇമോഷന്‍സ്) വലിയ സാധ്യതയില്ല. വികാരമാണ് നയിക്കുന്നതെങ്കില്‍ ചികിത്സിക്കാനാവില്ല. ഒരു ഡോക്ടറെ നയിക്കേണ്ടത് പ്രൊഫഷണല്‍ കമ്മിറ്റ്‌മെന്റും അയാള്‍ നേടിയ അറിവും മാത്രമാണ്. ഓപ്പറേഷന്‍ നടത്താന്‍ പോകുന്നതിനുമുമ്പ് കുട്ടിയുമായി വരുന്ന അച്ഛനും അമ്മയും തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞ് തൊഴുത് കരയും. അവരുടെ കരച്ചിലും വേദനയും കണ്ട് നമ്മള്‍ വൈകാരികമായി പതറിയാല്‍ കാര്യങ്ങള്‍ വഷളാകും. അവര്‍ക്ക് ഊര്‍ജം പകരാനാവില്ല. ഡോക്ടര്‍ക്ക് ശരിയായ രീതിയില്‍ ഓപ്പറേഷന്‍ നടത്താന്‍ കഴിയാതെ വരും. അതുകൊണ്ട് തന്നെ മറ്റ് വികാരങ്ങള്‍ എല്ലാം മാറ്റി വച്ച് ഒരു ഡോക്ടറായി മാത്രമേ ഒരാള്‍ക്ക് ഓപ്പറേഷന്‍ നടത്താനാവൂ. അതിനാല്‍ വികാരഭരിതരല്ല കാര്‍ഡിയോളജിസ്റ്റുകള്‍.

സ്വന്തക്കാരുടെയും ബന്ധുക്കളുടെയും ഹൃദയം ശസ്ത്രകിയ ചെയ്യേണ്ട ഒരവസ്ഥ ഡോക്ടര്‍ക്കുണ്ടായിട്ടുണ്ടോ? എന്തായിരുന്നു അപ്പോഴത്തെ അവസ്ഥ?

ഇല്ല. ഞാന്‍ ചെയ്തിട്ടില്ല. ഒരു ഡോക്ടര്‍ തന്റെ ബന്ധുക്കളുടെയും സ്വന്തക്കാരുടെയും ഹൃദയം ശസ്ത്രക്രിയ ചെയ്യുന്നത് ശരിയല്ല. കാരണം ഒരു ഡോക്ടറെ വികാരം നയിച്ചുകൂടാ. ബന്ധുക്കളുടെ ഹൃദയം കീറിമുറിക്കുമ്പോള്‍ തീരുമാനങ്ങള്‍ (പ്രൊഫഷണലായ ജഡ്‌മെന്റ്‌സ്) എടുക്കുന്നതിനെ ഇമോഷന്‍സ് നയിച്ചേക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് വിശ്വാസമുള്ള സുഹൃത്തുക്കളായ ഡോക്ടര്‍മാരെയാണ് രക്തബന്ധമുള്ളവരുടെ ശസ്ത്രക്രിയ ഏല്‍പ്പിക്കുക. ചില ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ ബന്ധുക്കളുടെ ഹൃദയം ശസ്ത്രക്രിയ നടത്താനാവുമായിരിക്കും. അങ്ങനെ ചെയ്യുന്നവരുണ്ട്. പക്ഷേ, എന്തായാലും എനിക്ക് അതിനുള്ള കഴിവില്ല.

ഹൃദയത്തെ കവികള്‍ കാല്‍പനികമായിട്ടാണ് വാഴ്ത്തുന്നത്. 'എന്റെ ഹൃദയത്തിനുള്ളില്‍ നീ ഒളിച്ചിരിക്കുന്നു' എന്നിങ്ങനെ....

ഒരു ഡോക്ടര്‍ക്ക് അത്തരം കാല്‍പനികതകള്‍ ഒന്നുമില്ല. ഹൃദയം എന്നത് ചികിത്സിക്കേണ്ട, രോഗവും തകരാറും മാറ്റേണ്ട മനുഷ്യാവയവം മാത്രമാണ്. കാല്‍പനികത ചികിത്സയ്ക്ക് പറ്റിയതല്ല. നമ്മുടെ മുന്നില്‍ രോഗം മാറണം, തകരാറുകള്‍ പരിഹരിക്കണം എന്നു മാത്രമേയുള്ളൂ. മനസ്സില്‍ നന്മ മാത്രമേയുള്ളൂ. തുടിക്കുന്ന ഒരു അവയവം കീറിമുറിക്കുകയും മാറ്റിവയ്ക്കുകയും ഒക്കെയാണ് നമ്മള്‍ ചെയ്യുന്നത്. നേരത്തെ പറഞ്ഞതുപോലെ ഇമോഷന്‍സിനും കാല്‍പനികതയ്ക്കും അവിടെ ഇടമില്ല. ഒരു പക്ഷേ ഓപ്പറേഷന്‍ റൂമിന് പുറത്ത് ഒരു കാര്‍ഡിയോളജിസ്റ്റിനും ഹൃദയത്തെപ്പറ്റി മനോഹരമായി കവിതകള്‍ എഴുതാനാവും.

ഡോക്ടര്‍ക്ക് എന്താണ് ഹൃദയം?

എന്നെ സംബന്ധിച്ച് ഹൃദയം ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന, ഇതുവരെ പൂര്‍ണമായും പിടിതരാത്ത സമസ്യയാണ്. മുമ്പ് മുംബൈയിലെ സോഫിയ കോളജില്‍ പ്രഭാഷണത്തിനുപോയപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു ഹൃദയം ഒരു പമ്പാണ്. പക്ഷേ ഇതൊരു അസാധാരണമായ പമ്പാണ്. എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അഞ്ചുലിറ്റര്‍ രക്തം ഒരു മിനിറ്റില്‍ പമ്പു ചെയ്യുന്നു. അല്‍പം സമ്മര്‍ദമോ ഭയമോ വരുമ്പോള്‍ പമ്പിംഗ് മിനിറ്റില്‍ 10 ലിറ്റര്‍ ആകുന്നു. ഹൃദയം മിനിറ്റില്‍ 80 തവണ ഇടിക്കുന്നു. ഒരു ആമയുടേത് മിനിറ്റില്‍ 15 തവണയാണ്. ഒരു കുരുവിയുടേത് മിനിറ്റില്‍ 500 തവണ. അപ്പോള്‍ ഹൃദയമിടിപ്പിനെ നിശ്ചയിക്കുന്നത് എന്താവും? ഒരു ദിവസം ഹൃദയവാല്‍വുകള്‍ തുറന്നടയന്നത് ഒരു ലക്ഷം തവണയാണ്. അപ്പോള്‍ ഒരു വര്‍ഷമോ? എന്നെ സംബന്ധിച്ച് ഹൃദയമെന്നത് അത്ഭുതപ്പെടുത്തുന്ന അവയവാണ്. അതേ സമയം ഞാനതിനെ അതേ ഗൗരവത്തോടെ ചികിത്സിക്കുകയും ചെയ്യുന്നു.

ആദ്യമായി ഒരു ഹൃദയ ശസ്ത്രക്രിയ നടത്തുമ്പോള്‍ എന്തായിരുന്നു ഡോക്ടറുടെ മാനസിക ഭാവം?

കുറേക്കാലം മറ്റ് ഡോക്ടര്‍മാരുടെ കീഴില്‍ നിന്ന് പഠിച്ചശേഷമാണ് ഓരോ ഡോക്ടറും തനിച്ച് ശസ്ത്രക്രിയ ചെയ്യുക. ഞാന്‍ നീണ്ട കാലം സീനിയര്‍ മാരുടെ അസിസ്റ്റാന്റായും മറ്റും നിന്നാണ് ഇത് പഠിച്ചത്. ഡല്‍ഹിയിലെ സഫദര്‍ജംഗ് ആശുപത്രിയിാണ് ഞാന്‍ ആദ്യമായി ശസ്ത്ര ക്രിയ ചെയ്യുന്നത്. ഒരു കുട്ടിയെയിരുന്നു എന്റെ പേഴ്യന്റ്്. ശ്രീ ചിത്തിരയില്‍ വന്ന ശേഷം ആദ്യം ചെയ്തത് 12 വയസുകാരിയായ ഒരു മേഴ്‌സിയുടേതാണ്. കൊല്ലത്തുള്ള ഒരു മത്സ്യബന്ധന കുടുംബത്തിലെ അംഗമായിരുന്നു ആ കൂട്ടി. അന്നത് പത്രത്തിലൊക്കെ പടം സഹിതം വന്നിരുന്നു. ആദ്യം ഓപ്പറേഷന്‍ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ മനസില്‍ ചില ആശങ്കകള്‍ സ്വഭാവികമായിട്ടും ഉണ്ടായിരുന്നു. പക്ഷേ, ഓപ്പറേഷന്‍ റൂമിലെത്തിയയുടന്‍ ഞാന്‍ സ്വയം പരിചയ സമ്പനന്നായ ഡോക്ടറായി തന്നെയാണ് പ്രവര്‍ത്തിച്ചത്. അല്ലെങ്കില്‍ ചികിത്സ പാളുമെന്ന് അറിയാം. ആദ്യ ചികിത്സകള്‍ വന്‍ വിജയമായിരുന്നു. പക്ഷേ, ഞാനാദ്യ ചികിത്സയുടെ റെക്കോഡുകളൊന്നും സൂക്ഷിച്ചിട്ടില്ല.


ഹൃദയ ശസ്ത്രക്രിയ ചികിത്സാ ജീവിതത്തിനടയില്‍ മനസിനെ ഏറ്റവും അധികം സ്പര്‍ശിച്ച അനുഭവമെന്താണ്?

എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്ന് ഞാന്‍ കരുതുന്ന, എന്നെ അത്ഭുതപ്പെടുത്തിയ രണ്ട് സംഭവങ്ങള്‍ പറയാം. രണ്ടും തമ്മില്‍ ബന്ധമുണ്ട്. മനസിന് രോഗ ചികിത്സയില്‍ മനസിനുള്ള പങ്കിനെ കാണിക്കാനാണ് ഞാന്‍ ഇത് പറയുന്നത്. ഒന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയില്‍ വച്ചാണ് നടക്കുന്നത്. വാഷിംഗ്ടണ്‍ ഡിസിയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലാണ് അന്ന് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. എന്റെ പരിശീലന കാലമാണ്. ലോകപ്രശസ്ത സര്‍ജനായ ഡോ. ചാള്‍സ് എ. ഹഫ്‌നാഗലാണ് എന്റെ സീനിയര്‍. ആദ്യമായി ഹൃദയ വാല്‍വ് മാറ്റി വച്ച് ശസ്‌ക്രിയ നടത്തിയ വ്യക്തിയാണ് അദ്ദേഹം. അന്നവിടെ ഈജിപ്തുകാരിയായ ഒരു സ്ത്രീ ഹൃദയശസ്ത്രക്രിയയ്ക്കായി വന്നു. അവരുടെ പേര് സാരിയഫ നജര്‍. ചടച്ച്, കണ്ണുകള്‍ തുറിച്ചു നില്‍ക്കുന്ന ഒരു രുപമാണ് അവര്‍ക്ക്. അവരുടെ കേസ് ഹിസ്റ്ററി എഴുതേണ്ടത് ഞാനാണ്. ഭാഷ വശമില്ലാത്തതിനാല്‍ ഞാന്‍ ശരിക്കും വശം കെട്ടു. എനിക്കാകെ മനസ്സിലാത് 'ഐ', 'കിഡ്‌നി' എന്നീ രണ്ടുവാക്കുകള്‍ മാത്രമാണ്. അതവര്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒടുവില്‍ എനിക്ക് മനസ്സിലായി തന്റെ കണ്ണും, വൃക്കയും ദാനം ചെയ്യണം എന്നാണ് അവര്‍ പറയുന്നത്. മരിക്കുമെന്ന തോന്നലുള്ളതുകൊണ്ടാണ് അത്. അവര്‍ വല്ലാത്ത രീതിയില്‍ അസ്വസ്ഥയായിരുന്നു. ശസ്ത്രക്രിയ നടക്കേണ്ട തലേദിവസം ഹഫ്‌നാഗലും മറ്റ് ഡോക്ടര്‍മാരും ചേര്‍ന്നുള്ള ഒരു അവലോകന മീറ്റിംഗ് ഉണ്ട്. ശസ്ത്രക്രിയ നടത്താന്‍ പോകുന്ന സ്ത്രീയുടെ വിവരങ്ങള്‍ ഞാനാണ് ആ മീറ്റിംഗില്‍ അവതരിപ്പിക്കേണ്ടത്. ഞാനത് ചെയ്തു. ഓപ്പറേഷന്‍ നിശ്ചയിച്ചു. മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഹഫ്‌നാഗലിനോട് രോഗിയ്ക്ക് രസകരമായ വശമുണ്ടെന്ന് ഞാന്‍ പറഞ്ഞു. കണ്ണുകള്‍ ദാനം ചെയ്യണം എന്ന് രോഗി പറയുന്നതായി ഞാന്‍ അറിയിച്ചു. ഹവ്‌നാഗല്‍ രോഷാകുലനായി. അവരെ ചികിത്സിക്കേണ്ട, ഉടന്‍ തിരിച്ചയാക്കാന്‍ പറഞ്ഞു. ഞാനാകെ വല്ലാണ്ടായി. തമാശയെന്ന് കരുതി പറഞ്ഞ കാര്യം ഇങ്ങനെയായല്ലോ എന്ന് വിഷമിച്ചു. ഓപ്പറേഷന്‍ വേണ്ടെന്നു വയ്ക്കുന്നത് വലിയ സംഭവമാണ്.. ഓപ്പറേഷനുവേണ്ടി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരിക്കുന്നു. രക്തം വരെ ശേഖരിച്ചിരിക്കുന്നു. പക്ഷേ ഹവ്‌നാഗല്‍ അവരെ തിരിച്ചയച്ചു. മരിക്കുമെന്ന് ഉറപ്പോടെ വന്നിരിക്കുന്ന ഒരു രോഗിയെ ചികിത്സിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്്. ആറേഴുമാസം കഴിഞ്ഞ് അവര്‍ വീണ്ടും വന്നു. ഇത്തവണ കണ്ണിനെയും വൃക്കയെപ്പറ്റിയും സംസാരമില്ല. ശസ്ത്രക്രിയ വിജയകരമായി നടന്നു. ഒരുദിവസം ഹവ്‌നാഗല്‍ അവരെ പരിശോധിച്ചശേഷം നിങ്ങള്‍ക്ക് സുഖമായിരിക്കുന്നു, നാളെ വീട്ടില്‍ പൊയ്‌ക്കോളൂ എന്ന് പറഞ്ഞ് തിരിഞ്ഞു. അടുത്ത നിമിഷം രോഗി പെട്ടെന്ന് ഡോക്ടറുടെ കൈയില്‍ പിടിച്ചു. കണ്ണുകള്‍ തുറിച്ചു. പെട്ടന്ന് നിശ്ചലായി. മരണം കണ്ട് ഞങ്ങള്‍ തരിച്ചു നിന്നു. അന്നേരം ഹവ്‌നാഗല്‍ എന്നോടായി പറഞ്ഞു: ''ഒരിക്കലും ഞാനിവരെ ചികിത്സിക്കരുതായിരുന്നു'. മരണഭയം മനസിലുള്ള രോഗിയെ ആര്‍ക്കും രക്ഷിക്കാനാവില്ല എന്നതാണ് സത്യം. അതിനു പിന്നില്‍ എന്താണെന്നറിയല്ല. അത് വ്യാഖ്യാനിക്കാനും ഞാനാളല്ല. പക്ഷേ അതാണ് സത്യം. രണ്ടാമത്തെ സംഭവം നടന്നത് ഞാന്‍ ശ്രീചിത്തിരയിലായിരിക്കുമ്പോഴാണ്. ഹൃദയതകരാറുമായി 32 വയസുള്ള സ്ത്രീ എന്നെ കാണാന്‍ വന്നു. അവരുടെ പേര് ഓര്‍ക്കുന്നില്ല. കോട്ടയമാണ് സ്വദേശം എന്നു തോന്നുന്നു. മുമ്പ് ഹൃദയതകരാറിന് ബോംബെയില്‍ വച്ച് അവര്‍ക്ക് വാല്‍വ് മാറ്റി വച്ചിട്ടുണ്ട്. വാല്‍വ് ചുരുങ്ങുന്നതാണ് അവരുടെ കുഴപ്പം. ഞങ്ങളവരെ ഓപ്പറേഷന്‍ തീയേറ്ററില്‍ എത്തിച്ചു. മുമ്പ് ഓപ്പറേഷന്‍ ചെയ്തതിനുവേണ്ടി നെഞ്ച് കീറിയ പാടുണ്ട്. പെരികാര്‍ഡിയം എന്ന സഞ്ചിയിലാണ് ഹൃദയം ഇരിക്കുന്നത്. ഓപ്പറേഷന്‍ നടത്തുമ്പോള്‍ പെരികാര്‍ഡിയത്തില്‍ നിന്ന് ഹൃദയം വിട്ടു വരും. പക്ഷേ ഈ സ്ത്രിയുടെ ഹൃദയം നോക്കിയപ്പോള്‍ പെരികാര്‍ഡിയം തുറന്നിട്ടില്ല. അതായത് മുമ്പ് ഓപ്പറേഷന്‍ നടന്നിട്ടില്ല എന്നര്‍ത്ഥം. പക്ഷേ മുറിവ് വന്നത് എങ്ങനെയാവും? അറിയില്ല. എനിക്ക് തോന്നുന്നത് മുംബൈയില്‍ വച്ച് ഓപ്പറേഷന് വേണ്ടി നെഞ്ചുകീറിക്കാണും. പക്ഷേ അവരുടെ രക്തസമ്മര്‍ദം ഉയര്‍ന്നതിനാലോ മറ്റോ ഓപ്പറേഷന്‍ നടത്താതെ അതു തുന്നിക്കെട്ടി, ഓപ്പറേഷന്‍ നടന്നു എന്ന് പറഞ്ഞു തിരിച്ചയച്ചിട്ടുണ്ടാവണം. കണക്കുപ്രകാരം മുമ്പേ അവര്‍ മരിക്കേണ്ടതാണ്. ഞങ്ങള്‍ ഞങ്ങളുടെ ശസ്ത്രക്രിയ വേഗം വിജയകരമായി പുര്‍ത്തിയാക്കി. എന്നാല്‍ ഇതൊന്നുമല്ല എന്റെ വിഷയം. ഓപ്പറേഷന്‍ നടന്നു എന്ന ധാരണയില്‍ ആ സ്ത്രീ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് നടന്നതാണ്. അവര്‍ കല്യാണം കഴിച്ചു, കുട്ടികളുണ്ടായി. അവരെന്തുകൊണ്ട് ജീവിച്ചു?. രോഗം ഭേദമായി എന്ന തോന്നലാണ് അവരെ ജീവിപ്പിച്ചത്. അതായത് മനസ്സാണ് അവര്‍ക്ക് ശക്തി നല്‍കിയത്. മനസും രോഗവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പറഞ്ഞുവരുന്നത്. ചികിത്സ തേടുന്ന രോഗിക്ക് ചികിത്സയിലും ഡോക്ടറിലും വിശ്വാസമുണ്ടായേ പറ്റൂ. ഈ രണ്ട് അനുഭവങ്ങള്‍ വളരെ വലിയ പാഠങ്ങള്‍എന്നെ പഠിപ്പിച്ചു.



ശ്രീചിത്തിരയിലെ ജീവിതം, കാലം


ശ്രീചിത്തിരയിലെ അനുഭവങ്ങളെ എങ്ങനെയാണ് ഇപ്പോള്‍ വിലയിരുത്തുക?

അതൊരു വെല്ലുവിളിയായിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു സ്ഥാപനം കെട്ടിപ്പടുക്കുക. അത് ഞാന്‍ ഏറ്റെടുത്തു. അതിനു മുമ്പുള്ള സമയം ഒരിടത്തും ഉറച്ചുനില്‍ക്കാതെ പലയിടങ്ങളിലായി ജോലിയെടുക്കുകയായിരുന്നു. 1974 ല്‍ ശ്രീചിത്തിരയിലേക്ക് ക്ഷണം കിട്ടിയപ്പോള്‍ ഒരു വലിയ ദൗത്യം മുന്നില്‍വന്നു. അത് മാത്രമായി ചിന്ത, പ്രവൃത്തി. പ്രതിബന്ധങ്ങള്‍ ഒന്നൊന്നായി വന്നപ്പോള്‍ അത് മറികടക്കാനുള്ള ശ്രമങ്ങളായി. അതിനേക്കാള്‍ വ്യക്തിപരമായി ഞാന്‍ കുറേയേറെ അനുഭവങ്ങള്‍ ആര്‍ജിച്ചു. പുതിയ ചികിത്സാ രീതികള്‍ മനസ്സിലാക്കി. കഴിവുറ്റ വളരെയേറെ പേരോടൊപ്പം പ്രവര്‍ത്തിക്കാനായി. അത് ഡോക്ടറെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എന്റെ കഴിവുകള്‍ വികസിച്ചു.

എന്തുകൊണ്ടാണ് ശ്രീചിത്തിര വിട്ടത്?

ഇരുപതുവര്‍ഷക്കാലം ഞാനവിടെ പ്രവര്‍ത്തിച്ചു. അത് ധാരാളമാണ്. നീണ്ടകാലമാണത്. ഒരു കാര്യം ജീവിതകാലം മുഴുവന്‍ ചെയ്തുകൊണ്ടിരിക്കുക എന്നത് ശരിയായ ശീലമല്ല. പ്രത്യേകിച്ച് തലച്ചോറുപയോഗിച്ചു ചെയ്യുന്ന ജോലികള്‍. നമ്മള്‍ക്ക് പുതിയ ഒന്നും ചെയ്യാനാവാതെ വരും. അമേരിക്കയില്‍ ജനിച്ച കാനേഡിയന്‍ വംശജനായ ന്യൂറോ സര്‍ജനായ വൈല്‍ഡര്‍ പെന്‍ഫീല്‍ഡിനെപ്പറ്റി കേട്ടിട്ടുണ്ടാവും. ഞങ്ങള്‍ പഠിക്കുന്ന കാലത്തൊക്കെ ലോകപ്രശസ്തനായ ന്യൂറോളജിസ്റ്റാണ് അദ്ദേഹം. അദ്ദേഹം വിരമിക്കലിനെപ്പറ്റി ഒരു കാര്യം പറഞ്ഞിട്ടുണ്ട്. നമ്മള്‍ ഒരു കാര്യം സ്ഥിരമായി എപ്പോഴും ചെയ്യാതെ മറ്റൊരു മേഖലയിലേക്ക് തിരിഞ്ഞാല്‍ കൂടുതല്‍ ക്രിയേറ്റിവിറ്റിയും കോണ്‍ട്രിബ്യൂഷന്‍സും സാധ്യമാകുമെന്ന്. അതായത് ജീവിതത്തില്‍ കുറേക്കാലം നമ്മള്‍ ഡ്രൈവിംഗ് ചെയ്തുകൊണ്ടിരിക്കുകയിരുന്നു എന്നു കരുതുക. കുറേക്കഴിയുമ്പോള്‍ നമ്മള്‍ അത് വിട്ട് മറ്റൊരു മേഖലയിലേക്ക് തിരിയുക. ഒരു പെയിന്ററുടെ ജോലി നോക്കുക. ഒരു പക്ഷേ അയാള്‍ക്ക് അതില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യാനുണ്ടാവും. ഒരു സാധ്യത നിലനില്‍ക്കുന്നുണ്ട്. ഡ്രൈവറായി തുടര്‍ന്നാല്‍ ആ സാധ്യത ലഭ്യമാകില്ല. പെന്‍ഫീല്‍ഡ് പറഞ്ഞത് നമുക്ക് ഒരു കോശത്തെ മാറ്റാന്‍ ആവില്ല. പക്ഷേ അതിലേക്കുള്ള വയറിംഗ് സിസ്റ്റം മാറ്റാനാവും എന്നാണ്. ഐന്‍സ്റ്റീന്‍ തന്റെ തലച്ചോറ് പരിശോധനയ്ക്ക് വിട്ടുകൊടുത്തിരുന്നു. ഒരു ക്യുബിക് സെന്റീമിറ്ററില്‍ ഉള്ള കോശങ്ങള്‍ക്ക് മറ്റേതൊരാളില്‍ ഉണ്ടാകുന്നതിനും സമാനമായിരുന്നു. വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. അതിനര്‍ത്ഥം കോശങ്ങളല്ല, അതിനെ സഹായിക്കുന്ന സംവിധാനങ്ങളാണ് മാറ്റങ്ങള്‍ വരുത്തുന്നത്. അങ്ങനെയാണെങ്കില്‍ നമ്മള്‍ ഈ വയറിംഗ് ഒന്നു മാറ്റുന്നു. അപ്പോള്‍ കൂടുതല്‍ പ്രവര്‍ത്തനത്തിന് സാധ്യതയുണ്ടല്ലോ. അതാണ് ഞാനും ചെയ്ത്. ഇരുപതുവര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് മറ്റൊരു മേഖലയിലേക്ക് തിരിയണമെന്ന് തോന്നി. അപ്പോള്‍ മണിപ്പാല്‍ സര്‍വകലാശാലയില്‍ നിന്ന് ക്ഷണം വന്നു. അത് വേറൊരുതരം വെല്ലുവിളിയായിരുന്നു. സ്വകാര്യമേഖലയിലെ ആദ്യത്തെ ഡീംഡ് സര്‍വകലാശാല കെട്ടിപ്പടുക്കുക എന്നതായിരുന്നു അത്. ഞാനത് സന്തോഷപൂര്‍വം ഏറ്റെടുത്തു.

പക്ഷേ, കേരളത്തിന്റെ ചികിത്സാ രംഗത്തിനായിരുന്നിരിക്കുമല്ലോ അതിന്റെ നഷ്ടം. കേരളത്തില്‍ തന്നെ തുടര്‍ന്നുകൂടായിരുന്നോ?

വേണമെങ്കില്‍ തുടരാമായിരുന്നു. പക്ഷേ അന്ന് ചലഞ്ചിംഗായ ഒരു അവസരം മുന്നില്‍ വന്നു. വൈദ്യശാസ്ത്രരംഗത്ത് പുതിയ പരീക്ഷണത്തിന് എനിക്ക് ഒരു അവസരം കൂടി കിട്ടി. മണിപ്പാലിലേക്ക് ഞാന്‍ പോയത് വൈസ് ചാന്‍സലറായാണ്. കേരളത്തില്‍ വേണമെങ്കില്‍ എനിക്ക് മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റായി ജോലിയെടുക്കാം. ഞാന്‍ പരിശീലിപ്പിച്ചു വിട്ടവര്‍ അപ്പോഴേക്കും മിക്ക സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നുണ്ട്. അവര്‍ക്കൊപ്പം നിന്ന് വീണ്ടും അറിയാവുന്ന പണി ചെയ്യന്നതില്‍ താല്‍പര്യം തോന്നിയില്ല. അതിനാലാണ് ഇവിടം വിട്ടത്.

ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പോലൊരു സ്ഥാപനം സൃഷ്ടിക്കുകയും നയിക്കുകയും ചെയ്‌തൊരാളാണ് താങ്കള്‍. സ്വയം എങ്ങനെ വിശേഷിപ്പിക്കും- ഓട്ടോക്രാറ്റ് അതോ ഡെമോക്രാറ്റെന്നോ?

എന്റെ കൂടെയുള്ളവര്‍ കൃത്യമായി പണിയെടുക്കണമെന്നത് എനിക്ക് നിര്‍ബന്ധമാണ്. ഞാനൊരു പദവിയും ചോദിച്ചുമേടിച്ചതല്ല. സര്‍ക്കാര്‍ നമ്മെ വിശ്വാസമര്‍പ്പിച്ച് ഒരു പണിയേല്‍പ്പിച്ചു. ഞാനത് നന്നായി ചെയ്യുന്നു. പ്രവര്‍ത്തിക്കുന്ന സമയത്ത് രാഷ്ട്രീയക്കാരോ മറ്റുള്ളവരോ പറയുന്നതനുസരിച്ച് വഴിവിട്ട് പ്രവര്‍ത്തിക്കാന്‍ ഒരുക്കമായിരുന്നില്ല. അവര്‍ പറയുന്ന പരാതികളും പ്രശ്‌നങ്ങളും ഒക്കെ കേട്ടിരുന്നു. നിയമപരമായി സാധ്യമായ് ഞാന്‍ ചെയ്തുകൊടുത്തിട്ടുമുണ്ട്. എന്നാല്‍ അവര്‍ പറയുന്ന, അന്യായമെന്ന് തോന്നിയ ഒരു കാര്യവും ഒരിക്കലും അനുവദിച്ചുകൊടുത്തിട്ടില്ല. സഹപ്രവര്‍ത്തകരുടെ കാര്യത്തിലാണെങ്കില്‍ എല്ലാവരും കൃത്യസമയത്ത് വരണമെന്നും കാര്യക്ഷമമായി ജോലി ചെയ്യണമെന്നും ഞാന്‍ കര്‍ശന നിലപാടുകാരനായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്, പഞ്ചിംഗ് മെഷിന്‍ സ്ഥാപിച്ചിരുന്നു. അവിടെ ആദ്യം പഞ്ച് ചെയ്തിരുന്നത് ഞാനായിരുന്നു. ഫോണുകള്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം എല്ലാവര്‍ക്കും നല്‍കിയിരുന്നു.

അടുത്തകാലത്ത് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിച്ചിട്ടുണ്ടോ? താങ്കള്‍ നിര്‍ത്തിയിടത്തുനിന്ന് അത് എത്രമാത്രം പുരോഗമിച്ചിട്ടുണ്ട്?

അടുത്തിടെയൊന്നും ഞാന്‍ പോയിട്ടില്ല. ശ്രീചിത്തിര വിട്ടശേഷം വളരെ അപൂര്‍വമായേ ഞാന്‍ അവിടെ പോയിട്ടുള്ളൂ. എന്തെങ്കിലും മീറ്റിംഗില്‍ സംസാരിക്കാനോ മറ്റോ. പക്ഷേ അവിടെ നടക്കുന്ന കാര്യങ്ങളും രീതികളും അന്വേഷിക്കാന്‍ പോയിട്ടില്ല. ഒരിക്കല്‍ വിട്ട സ്ഥാപനത്തില്‍ പിന്നീട് പോകുക എന്നത് എന്റെയൊരു രീതിയല്ല. പോക്ക് കഴിവതും ഒഴിവാക്കും. അതിന് കാരണമൊന്നുമില്ല. പോകാറില്ല. എനിക്ക് തോന്നിയിട്ടുള്ള കാര്യം എസ്. സി. ടി. ഐ എം.എസ്. ടി നന്നായി തന്നെ പ്രവര്‍ത്തിക്കുന്നുവെന്നാണ്.


രാജിക്ക് പിന്നിലെ സംഭവങ്ങള്‍

പിന്നീട് കേരളത്തിലെ ശാസ്ത്രസാങ്കേതിക കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. എന്തായിരുന്നു അനുഭവം?

മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് എന്നെ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിലേക്ക് ക്ഷണിക്കുന്നത്. 2002 ല്‍ അന്ന് ശാസ്ത്ര സാങ്കേതിക കൗണ്‍സിലില്ല. 'സ്‌റ്റെക്' എന്ന അയഞ്ഞ ഒരു ഘടന മാത്രമേയുള്ളൂ. തങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്‌റ്റെകിന് നിയന്ത്രണം പോലുമുണ്ടായിരുന്നില്ല. എല്ലായിടത്തും തോന്നിയ രീതികളില്‍ തോന്നിയ പോലെ കാര്യങ്ങള്‍ നടന്നുകൊണ്ടിരുന്നു. നാടിന് ഗുണകരമായ വിധത്തിലല്ലായിരുന്നു ഇവയുടെ പ്രവര്‍ത്തനം. സ്‌റ്റെക്കിന് കീഴില്‍ സെസ്, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ്, നാപ്ടാക്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിങ്ങനെ ഏഴ് സ്ഥാപനങ്ങള്‍ നില നിന്നിരുന്നു. എന്റെ അതിന്റെ പ്രസിഡന്റായാണ് വിളിക്കുന്നത്. പക്ഷേ ഇങ്ങോട്ട് എനിക്ക് വ്യക്തിപരമായി താല്‍പര്യമുണ്ടായിരുന്നില്ല. അന്ന് ഞാന്‍ മണിപ്പാലില്‍ ഏറെക്കുറെ കേന്ദ്രീകരിച്ചു കഴിഞ്ഞിരുന്നു. സ്‌റ്റെക് കുത്തഴിഞ്ഞ് കിടക്കുകയാണെന്നും നമുക്കത് ഒന്ന് നന്നാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. വ്യക്തിപരമായി ആന്റണിയോട് എനിക്ക് അടുപ്പമുണ്ട്. ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടാവില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. ഞാന്‍ സ്‌റ്റെക് എന്ന ഘടനയെ മാറ്റി. പകരം 'സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്ക്‌നോളജി ആന്‍ഡ് എന്‍വയേണ്‍മെന്റ്' എന്ന പുതിയ കൗണ്‍സിലുണ്ടാക്കി. മുഖ്യമന്ത്രിയാണ് പ്രസിഡന്റ്. ഞാനതിന്റെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്നു. ഇവയുടെ ഭരണ ചുമലയ്ക്ക് കര്‍ശനമായ വ്യവസ്ഥകള്‍ ഉണ്ടാക്കി. സ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

മണിപ്പാലില്‍ താമസിച്ചുകൊണ്ട് എങ്ങനെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്?

ഞാന്‍ മണിപ്പാലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥിരമായി വന്നു. അന്ന് വിമാന സര്‍വീസ് ഇല്ല. രാത്രിയുള്ള മലബാര്‍ എകസ്പ്രസിനാണ് വന്നുകൊണ്ടിരുന്നത്. രാവിലെ ഒമ്പതുമണിയോടടുപ്പിച്ച് തിരുവനന്തപുരത്ത് എത്തും. ഏതാണ്ട് 32 തവണയിലധികം ഞാന്‍ ട്രിപ്പുകള്‍ നടത്തി. മാസത്തില്‍ കുറേ ദിവസം ഞാന്‍ തിരുവനന്തപുരത്ത് തങ്ങും. പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ പദവിയാണെങ്കിലും ഒരു നയാ പൈസ പോലും ഞാന്‍ കൈപ്പറ്റിയിട്ടില്ല. യാത്രാബത്തയല്ലാതെ മറ്റ് അലവന്‍സുകളൊന്നും സ്വീകരിച്ചില്ല.


പക്ഷേ എന്തുകൊണ്ടാണ് രാജിവച്ചത്?

ആന്റണിയാണ് എന്നെ ക്ഷണിക്കുന്നത്. ഒരിടപെടലും ഉണ്ടാവില്ലെന്ന് ഉറപ്പുനല്‍കി. അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. അദ്ദേഹം രാജിവച്ചപ്പോള്‍ ഒഴിയുന്നതാണ് നല്ലതെന്ന് തോന്നി. ഒഴിഞ്ഞു. 2004 ഒഴിഞ്ഞു. ഏതാണ്ട് രണ്ടരവര്‍ഷം ഞാനതില്‍ പ്രവര്‍ത്തിച്ചു.


പക്ഷേ, പെട്ടന്നുള്ള രാജിക്ക് മറ്റു ചില കാരണങ്ങള്‍ കൂടി ഉണ്ടാവുമല്ലോ?

ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത്, അതായത് ആദ്യഘട്ടത്തില്‍ ഇടപെടലുകള്‍ ഒന്നും ഉണ്ടായില്ല. കാര്യങ്ങള്‍ വളരെവേഗം നല്ല ദിശയിലേക്ക് നീങ്ങി. കൗണ്‍സിലിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ കര്‍ശനമായ ചിട്ടകളും നിയമങ്ങളും ഏര്‍പ്പെടുത്തി. അവിടെ മുമ്പ് തോന്ന്യവാസങ്ങളായിരുന്നു നടന്നിരുന്നത്. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാക്കി നിയമനങ്ങള്‍. പക്ഷേ ഈ സ്ഥാപനങ്ങളില്‍ പരിശീലനത്തിന് വന്നവര്‍ കാലാവധി കഴിയുമ്പോള്‍ അവിടം വിട്ടുപോകണം. എന്നാലേ പുതിയ ബാച്ചിന് പരിശീലനം നല്‍കാനാവുകയുള്ളൂ. തങ്ങള്‍ക്ക് വേണ്ടപ്പെട്ട ഇതിലെ ചിലര്‍ക്ക് സ്ഥിരം നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ചില രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായി. ചിലര്‍ നേരിട്ട് തന്നെ എന്നെ സമീപിച്ചു. ഞാനത് അനുവദിക്കാന്‍ കൂട്ടാക്കിയില്ല. കാരണം അനാവശ്യമായി ആളുകളെ നിയമിക്കാനാവില്ല. കടം മേടിച്ച് വെറുതെ ശമ്പളം നല്‍കാന്‍ വകുപ്പില്ല. അര്‍ഹതയില്ലാത്തവരെ അനാവശ്യമായി സ്ഥാനമാനങ്ങളില്‍ നിയമിക്കുന്നത് നാടിന് ഗുണം ചെയ്യില്ല. ഇതൊക്കെ ചിലര്‍ക്ക് ഒക്കെ എതിര്‍പ്പായിരുന്നു. ഉമ്മന്‍ചാണ്ടി അധികാരമേറ്റതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ചിലര്‍ക്ക് നാടിന്റെ നന്മയേക്കാള്‍ സ്വന്തം കാര്യമായിരുന്നു പ്രധാനം. അല്ലെങ്കില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെ കാര്യം. അതിനേക്കാള്‍ ഒക്കെ പ്രശ്‌നമായത് ഇന്‍സ്റ്റിറ്റിയുട്ടുകളുടെ ഡയറക്ടര്‍ മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ്. കൗണ്‍സിലിന് കീഴില്‍ ഏഴോളം സ്ഥാപനങ്ങളുണ്ട്. അതില്‍ മൂന്നെണ്ണത്തിന് ഡയറക്ടര്‍മാരില്ലായിരുന്നു. ഈ സ്ഥാപനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ നല്ല ഡയറക്ടര്‍മാര്‍ വരണം. ഒരു രാഷ്ട്രീയ ഇടപെടലും കൂടാതെ മികച്ച ആളുകളെ നിയമിക്കനായിരുന്നു ഞങ്ങളുടെ തീരുമാനം. പക്ഷേ അത് ചിലര്‍ തടസ്സപ്പെടുത്തി. അവര്‍ക്കിഷ്ടമുള്ള ആളുകളെ നിയമിക്കണം. ഞങ്ങള്‍ ഡയറക്ടര്‍മാരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നല്‍കി. ഡല്‍ഹിയില്‍നിന്ന് പ്രശസ്ത ഡോക്ടറായ മോഹന്റാമിനെയാണ് ഇന്റര്‍വ്യൂ നടത്തുന്നതിനുള്ള ചുമതലകള്‍ ഏല്‍പ്പിച്ചത്. ഞാന്‍ ക്ഷണിച്ചതുകൊണ്ടാണ് വരാമെന്നേറ്റത്. ഞങ്ങള്‍ ഇന്റര്‍വ്യൂമായി മുന്നോട്ടുപോയി. ഒരു ദിവസം സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തിക്കൊള്ളുമെന്ന് അറിയിച്ചുകൊണ്ടുള്ള അറിയിപ്പുകിട്ടി. പക്ഷേ എന്നോട് കൂടിയാലോചിച്ചിട്ടായിരുന്നില്ല ആ തീരുമാനം. ഓര്‍ഡര്‍ എന്നെ കാണിച്ചതുമില്ല. ഇന്റര്‍വ്യു നടത്തുന്നത് ഞങ്ങള്‍ നിര്‍ത്തിവച്ചു. മോഹന്‍ റാമുള്‍പ്പടെയുള്ളവരെ് വിളിച്ച് എനിക്ക് ക്ഷമാപണം നടത്തേണ്ടിവന്നു. നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ചില കുഴപ്പങ്ങളുണ്ട്. അവര്‍ക്ക് കാര്യങ്ങള്‍ നന്നാവുന്നത് ഇഷ്ടമല്ല. അവര്‍ക്ക് സങ്കുചിതമായ താല്‍പര്യങ്ങളാണ് മുഖ്യം. എന്നെ സംബന്ധിച്ചിടത്തോളം മറ്റ് താല്‍പര്യങ്ങളില്ലായിരുന്നു. കാര്യങ്ങള്‍ നന്നായി നടക്കേട്ടെ, ജനങ്ങള്‍ക്ക് ഗുണം കിട്ടട്ടേ, ശാസ്ത്രത്തിന് നേട്ടമുണ്ടാവട്ടെ എന്നു മാത്രമായിരുന്നു ചിന്ത. അത്തരം നന്മ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്കുണ്ടായില്ല. രാഷ്ട്രീയക്കാരുടെ താല്‍പര്യത്തിന് തുള്ളാന്‍ എനിക്കാവുമായിരുന്നില്ല. അതൊരിക്കലും ചെയ്തിട്ടില്ല. എന്നെ ക്ഷണിച്ച ആന്റണിയല്ല മുഖ്യമന്ത്രി. അന്ന് കിട്ടിയ ഉറപ്പ് പുതിയ ഭരണത്തിന്‍ കീഴില്‍ സാധ്യമാകാതെ വന്നു. അതുകൊണ്ട് തന്നെയായിരുന്നു രാജി.

പിന്നീട് വന്ന ഡയറക്ടര്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ നോമിനികളായിരുന്നോ?

അതു പറയാന്‍ ഞാനാളല്ല. ആരു വന്നു, എങ്ങനെ വന്നു എന്ന് ഞാന്‍ ശ്രദ്ധിച്ചതുപോലുമില്ല. മണിപ്പാലില്‍ എനിക്ക് ചെയ്യാന്‍ വേറെ ജോലികളുണ്ടായിരുന്നു.

എന്തുകൊണ്ടാണ് അന്ന് മൗനം പാലിച്ചത്? കാര്യങ്ങള്‍ ഇതുവരെ തുറന്നു പറയാതിരുന്നത്്?

ഞാനൊന്നും പറഞ്ഞില്ല. പറയാന്‍ തോന്നിയില്ല. എന്നാല്‍ കൗണ്‍സിലിന്റെ ഭരണ കാര്യങ്ങളില്‍ സര്‍ക്കാര്‍ അനാവശ്യ കൈകടത്തലുകള്‍ നടത്തുന്നതുകൊണ്ടാണ് രാജി എന്ന് മാധ്യമങ്ങള്‍ എഴുതി. അക്കാലത്ത് ഏതാണ്ട് എനിക്ക് ഇവിടം മടുത്തിരുന്നു. കഷ്ടപ്പാടുകള്‍ സഹിച്ച് മണിപ്പാലില്‍ നിന്ന് വന്നിട്ടും ഗുണമില്ല. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ എനിക്ക് താല്‍പര്യമില്ല. ഇഷ്ടമല്ലാത്ത രീതികള്‍ കണ്ടാല്‍ അതനുസരിച്ച് പോവുകയല്ല എന്റെ രീതി. അവിടം വിട്ട് പോവുകയാണ്.

രാഷ്ട്രീയ ഇടപെലാണ് രാജിക്ക് കാരണമെന്ന് പറഞ്ഞു. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ ഇരുപതുവര്‍ഷം നയിച്ചകാലത്ത് രാഷ്ട്രീയക്കാരുടെ ഇടപെടല്‍ നേരിടേണ്ടി വന്നില്ലേ?

ഇല്ല. അതായിരുന്നു എന്റെ ഭാഗ്യം. അച്യുതമോനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഇന്‍സ്റ്റിറ്റിയുട്ട് സ്ഥാപിക്കപ്പെടുന്നതും വികസനത്തിലേക്ക് നീങ്ങുന്നതും. അദ്ദേഹം ഒരു ഇടപെടലും നടത്തിയിരുന്നില്ല. പിന്നീട് ആന്റണി മന്ത്രിസഭ വന്നപ്പോഴും പ്രശ്‌നങ്ങളൊന്നും നേരിട്ടില്ല. 1980 ആദ്യം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായി ഇന്‍സ്റ്റിറ്റിയൂട്ട്. പിന്നെ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് ഇടപെടാന്‍ അവസരമില്ലാതായി. അതുകൊണ്ടു തന്നെ രാഷ്ട്രീയക്കാരുടെ ഒരു വലിയ ഇടപെടലും നേരിടേണ്ടി വന്നിട്ടില്ല.


കേരളത്തിലെ വൈദ്യശാസ്ത്ര മേഖല

ദീര്‍ഘകാലം കേരളത്തില്‍ പ്രവര്‍ത്തിച്ചു. എന്താണ് കേരളത്തിലെ വൈദ്യശാസ്ത്ര മേഖലയെപ്പറ്റിയുള്ള താങ്കളുടെ വിലയിരുത്തല്‍?

കേരളം വിട്ടിട്ട് ഇപ്പോള്‍ കുറച്ചധികം കാലമായി. ഞാന്‍ ഇവിടുത്തെ കാര്യങ്ങള്‍ അത്ര സൂക്ഷ്മമായി പഠിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആധികാരികമായി ഒരഭിപ്രായം പറയാന്‍ ആളല്ല. എനിക്ക് തോന്നിയിട്ടുള്ളത് കേരളത്തിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ചില ആദിവാസി മേഖലകള്‍ ഒഴിച്ച് ഇന്ന് അഞ്ചോ പത്തോമിനിറ്റുകൊണ്ട് എത്താവുന്ന വിധത്തില്‍ ആശുപത്രികള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഗുണ നിലവാരത്തിന്റെ കാര്യത്തില്‍ സംയമുണ്ട്. ഈ ആശുപത്രികളുടെ ഗുണനിലവാരം മനസ്സിലാക്കാന്‍ നമുക്ക് സംവിധാനങ്ങളില്ല. കേരളത്തിലെ മുക്കിലും മൂലയിലും ലാബോറട്ടറികള്‍ കാണാം. എല്ലാം സ്വകാര്യ സ്ഥാപനങ്ങളാണ്. ഇവയുടെ ഗുണനിലവാരം എന്താണ് എന്ന് നമുക്കെങ്ങനെ പറയാനാവും. ശരിക്കും കേന്ദ്രസര്‍ക്കാര്‍ സ്ഥപാനമായ നാഷണല്‍ അക്രഡീറ്റീഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലാബോറട്ടറീസ് (എന്‍.എ.ബി.എല്‍) അംഗീകാരവും സര്‍ട്ടിഫിക്കേറ്റും വേണം ലാബോറട്ടറികളുടെ പ്രവര്‍ത്തനത്തിന്. കേരളത്തില്‍ അത്തരത്തില്‍ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ കൈവിരലിലെണ്ണാവുന്നതേയുള്ളൂ.


എന്തുകൊണ്ടാവും കേരളത്തില്‍ ഇങ്ങനെ ചിക്കന്‍ഗുനിയ, തക്കാളിപ്പനി തുടങ്ങിയ പേരുകളില്‍ പലതരം രോഗങ്ങള്‍ ഇത്രയും വ്യാപകമായി പടരുന്നത്്?

ഒന്നാമത് കേരളത്തിന്റെ അന്തരീക്ഷം വളരെയേറെ മാറിയിട്ടുണ്ട്. മാലിന്യങ്ങള്‍ കുന്നുകൂടി. അത് ശരിയായി നീക്കം ചെയ്യപ്പെടുന്നില്ല. വെള്ളവും വായുവും മലിനമായി. ഇതാണ് രോഗങ്ങള്‍ വ്യാപകമായി പടരാനുള്ള ഒരു കാരണം. രണ്ടാമത്തെ പ്രശ്‌നം എന്തിനും ഏതിനും ഡോക്ടറെ കാണുക എന്നത് കേരളീയരുടെ ശീലമായി. ഇന്ന് ഒരു തലവേദന വന്നാലും ഡോക്ടറെ കാണണം എന്നാണ് ധാരണ. ഡോക്ടറുടെ അടുത്ത് എത്തുമ്പോള്‍ അവര്‍ സ്‌കാനിംഗിന് എഴുതും. കുറേ മരുന്നും. ഇത് കഴിച്ചാല്‍ തന്നെ അസുഖം വരും. മുമ്പ് ഇതായിരുന്നില്ല അവസ്ഥ. ചെറിയ തലവേദനയും പനിയും വന്നാല്‍ ഡോക്ടറുടെ അടുത്തേക്ക് ഓടുന്ന പതിവില്ല. അല്‍പം വിശ്രമവും നാടന്‍ ചികിത്സയും മതി. മൂന്നാമതായി നമ്മുടെ ഭക്ഷണ രീതി മാറി. മുമ്പ് നമ്മള്‍ പലതരം നാടന്‍ പച്ചക്കറികളും മറ്റും കഴിച്ചു. ഇന്ന് അതിനു പകരം മറ്റ് പലതരം ഭക്ഷണമായി. ഇത് നമ്മളെ രോഗബാധിതരാക്കുന്നു.

കേരളത്തിലെ ആശുപത്രികളുമായി ബന്ധപ്പെട്ട് ഇടക്കാലത്തെങ്കിലും വൃക്ക തട്ടിപ്പ് പോലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിലെത്രമാത്രം വസ്തുതയുണ്ട്?

കേരളത്തില്‍ വൃക്കതട്ടിപ്പുപോലുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം അതിന് സാധ്യത വളരെ കുറവാണ്. മലയാളിക്ക് നല്ല ധാരണയുള്ളവരാണ്. അവരെ പറ്റിക്കുക എളുപ്പമല്ല. അതുകൊണ്ട് തന്നെ കേരളത്തിലെ ആശുപത്രികളില്‍ തട്ടിപ്പുകള്‍ നടത്തുന്നുണ്ടെന്ന് കരുതുന്നത് ശരിയാവില്ല. തട്ടിപ്പ് നടക്കുന്നത് അമിത ചാര്‍ജിന്റെ കാര്യത്തിലും മരുന്നിന്റെ കാര്യത്തിലൂമൊക്കെയാണ്.


ആയുര്‍വേദത്തിലേക്കുള്ള ചുവടുകള്‍

മണിപ്പാല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയും പെട്ടന്ന് തന്നെ ഒഴിഞ്ഞല്ലോ? ഇപ്പോള്‍ എന്തുചെയ്യുന്നു?

അഞ്ചുവര്‍ഷക്കാലം മണിപ്പാല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലാറായി പ്രവര്‍ത്തിച്ചു. അത് നല്ല രീതിയില്‍ തന്നെ കെട്ടിപ്പടുത്തു. നേരത്തെ പറഞ്ഞതുപോലെ ഒരു മേഖലയില്‍ നീണ്ട കാലം തുടരുക എന്റെ രീതിയല്ല. ഞാന്‍ ശ്രമിച്ചത് ആയുര്‍വേദത്തിലെ ശാസ്ത്രീയ സാധ്യതകളെ കണ്ടെത്തുകയും അവയെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിക്കാനുമുള്ള ഗവേഷണങ്ങള്‍ നടത്താനായിരുന്നു. അതിന്റെ ഭാഗമായി ബ്രഹദ്ത്രയികള്‍ രചിച്ച മൂന്ന് സംഹിതകള്‍ക്ക്് വ്യാഖ്യാനം എഴുതി. അതായത് ചരകന്‍, ശുശ്രുതന്‍, വാഗ്ഭടന്‍ എന്നിവര്‍ രചിച്ച ഗ്രന്ഥങ്ങളായിരുന്നു അത്. അവ മൂന്നും ബ്ലാക്ക സ്‌വാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. കേരളത്തില്‍ രാഘവന്‍ തിരുമുല്‍പ്പാടിനെ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞും പഠിച്ചുമാണ് ചെയ്തത്. അതില്‍ 'ലെഗസി ഓഫ് ചരക' ഡിസി ബുക്‌സ് 'ചരകപൈതൃകം' എന്നപേരില്‍ മലയാളത്തിലാക്കിയിട്ടുണ്ട്. ആയുര്‍വേദത്തെ ആധുനികവൈദ്യശാസ്ത്രവുമായി ബന്ധിപ്പിക്കുക എന്നത് വലിയ വെല്ലുവിളി നിറഞ്ഞ മേഖലയാണ്. പഞ്ചഭൂതങ്ങള്‍, ഋതുചര്യ, ത്രിദോഷങ്ങള്‍ എന്നിവ ആയുര്‍വേദത്തിന്റെ് അടിസ്ഥാന തത്വങ്ങളും മഹത്തായ സങ്കല്‍പ്പങ്ങളുമാണ്. ഇത് പരീക്ഷണശാലയില്‍ നീരിക്ഷിച്ചും പഠിച്ചും കണ്ടെത്താനുള്ള കാര്യം ബുദ്ധിമുട്ടാണ്.

എത്രത്തോളം ആയുര്‍വേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധിപ്പിക്കാനാവും? ഇക്കാര്യത്തില്‍ എത്രമാത്രം വിജയിച്ചിട്ടുണ്ട്?

ആയുര്‍വേദത്തില്‍ പറയുന്ന കാര്യങ്ങളുടെ ശാസ്ത്രീയമായ അടിത്തറകളെപ്പറ്റി ആധുനിക ശാസ്ത്രം പഠിച്ചുകൊണ്ടിരിക്കുകയാണ്. ആയുര്‍വേദത്തില്‍ പറയുന്ന കാര്യങ്ങളില്‍ എത്രത്തോളം ശാസ്ത്രീയ പിന്‍ബലമുണ്ടെന്നാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്. പഞ്ചകര്‍മ ഉള്‍പ്പടെയുള്ള ആയുര്‍വേദത്തിലെ ചികിത്സാ രീതികള്‍ക്ക് ശാസ്ത്രവുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷണം. ആയുര്‍വേദത്തില്‍ കഫം, വാതം, പിത്തം എന്നു പറയുന്നതിനെയും പഠിച്ചുകൊണ്ടിരിക്കുന്നു. ആറു പ്രോജക്ടുകളായി പഠനം നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ രണ്ടുവര്‍ഷം പിന്നിട്ടു. മൂന്നുവര്‍ഷമെങ്കിലും വേണം പഠനം പൂര്‍ത്തിയാക്കാന്‍. പഠനങ്ങള്‍ നല്‍കുന്ന പ്രവണ ആയുര്‍വേദത്തിന് ശാസ്ത്രീയമായ അടിത്തറയുണ്ടെന്നാണ്.


വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് തന്നെ, എന്നാല്‍ പുതിയ ഒരു വെല്ലുവിളി കേരളത്തില്‍ നിന്ന് ക്ഷണം കിട്ടിയാല്‍ സ്വീകരിക്കുമോ? കുറച്ചുകൂടി വ്യക്തമായി ചോദിച്ചാല്‍ കേരളത്തിലേക്ക് മടങ്ങി വരുമോ?

ഇല്ല. കേരളത്തില്‍ ഔദ്യോഗികമായ ചുമതലകളോ പദവിയോ എറ്റെടുക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അതിന് ഒരുക്കവുമല്ല. മടുപ്പ് അത്രമാത്രം എന്നെ ബാധിച്ചിട്ടുണ്ട്. മണിപ്പാലിലാണ് ഞാന്‍ ഇപ്പോള്‍ സെറ്റില്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ എന്റെ ഗവേഷണ മേഖല നേരത്തെ പറഞ്ഞതുപോലെ ആയുര്‍വേദത്തെയും ആധുനികശാസ്ത്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍ കണ്ടെത്തുകയും ഒരുമിപ്പിക്കുകയും ചെയ്യുക എന്നതാണ്. ആയുര്‍വേദത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ പറ്റിയ സ്ഥലം കേരളമാണ്. അതുനുവേണ്ടി ഇടയ്ക്കിടെ വരും. നല്ല പാട്ടുകള്‍ കാണാന്‍, കഥകളി കാണാന്‍ ഒക്കെ വന്നേക്കാം. എന്നാല്‍ ഇനി സര്‍ക്കാരിന്റെ ഒരു പദവിയും ഇനിയേറ്റെടുക്കാന്‍ ഒരുക്കമല്ല.

ഡോക്ടര്‍ക്ക് കേരളം പിന്‍വിളിയാകുന്നുണ്ടോ, അഥവാ കേരളം 'മിസ്'ചെയ്യുന്നുണ്ടോ?

കേരളം എന്റെ നാടാണ്. എനിക്ക് മലയാളം പാട്ടുകള്‍ കേള്‍ക്കാനിഷ്ടമാണ്. മലയാളം സാഹിത്യം വായിക്കാന്‍ ഇഷ്ടമാണ്. കഥകളി കാണാന്‍ ഭ്രമമുണ്ട്. ഒരു കഥകളി ഭ്രാന്തനാണ് ഞാന്‍. ഒരു രസമുള്ള കാര്യമുണ്ട്. ഇരുപതുവര്‍ഷത്തിനുശേഷം ഞാന്‍ ഇന്നലെ ആദ്യമായി കഥകളി കണ്ടു. ദുര്യോധനവധം. ആദ്യാവസാനം പുര്‍ണമായി. വളരെ മനോഹരമായിരുന്നു. ഇത്തരത്തില്‍ പല രീതിയിലും കേരളം മിസ് ചെയ്യുന്നുണ്ട്.

നല്ല ഡോക്ടറായിരിക്കാന്‍ വേണ്ട സവിശേഷതകള്‍ എന്താണ്?

അറിവ്, പ്രായോഗിക പരിജ്ഞാനം, സഹാനുഭൂതി. ഇതുണ്ടെങ്കില്‍ നല്ല ഡോക്ടറാവും. ഇവ മൂന്നും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നുവയാണ്..


എന്താണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി താങ്കള്‍ കരുതുന്നത്?

ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ വികസിപ്പിക്കുയും ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ് എന്ന പദവിയിലേക്ക് ഉയര്‍ത്താനയതുമാണ്.

എന്താണ് ഡോക്ടറുടെ രാഷ്ട്രീയം?

എനിക്ക് പാര്‍ട്ടി രാഷ്ട്രീയമില്ല. അതിനോട് എനിക്ക് താല്‍പര്യമില്ല. ഇടതും വലതും തമ്മില്‍ വ്യത്യസ്തമല്ല. ഇന്ത്യ വികസിക്കണം എന്നതാണ് എന്റെ താല്‍പര്യം. മൂന്നാം ലോകം, ദരിദ്രം രാഷ്ട്രം തുടങ്ങിയ പദാവാലികള്‍ കേട്ട് മടുത്തു. ഇവിടെ പ്രശ്‌നം ഭരണ നിര്‍വഹണം (ഗവര്‍ണന്‍സ്) ആണ്. കാര്യക്ഷമമായി ജനങ്ങളെ പുരോഗമതിയിലേക്ക് നയിക്കുന്നവരെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.


എന്തുകൊണ്ട് ആത്മകഥ എഴുതുന്നില്ല?

ഞാനക്കാര്യം ഇതുവരെ സീരിയസായി ചിന്തിച്ചിട്ടില്ല. മാത്രമല്ല ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പുകള്‍ ജനങ്ങള്‍ വായിക്കൂം എന്ന് ഞാന്‍ കരുതിയുമില്ല. മെഡിക്കല്‍ ജേര്‍ണലുകള്‍ക്ക് വേണ്ടി ഞാന്‍ ചില കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. പക്ഷേ, ഞാന്‍ എന്റെ ചികിത്സയുടെ റെക്കോഡുകള്‍ ഒന്നും സൂക്ഷിച്ചിട്ടില്ല. അതുകൊണ്ട് ഓര്‍മയെ ആശ്രയിക്കേണ്ടിവരും. തെറ്റുവന്നേക്കാമെന്ന് ഭയമുണ്ട്. വരട്ടെ. നോക്കാം.

കുടുംബം?

ഭാര്യയും രണ്ടു മക്കളുമുണ്ട്. ഭാര്യ അഷിമ പഞ്ചാബിക്കാരിയാണ്. മണിപ്പാലില്‍ യൂണിവേഴ്‌സിറ്റിയില്‍ ഓര്‍ത്തോഡോണ്ടിക്‌സ് വിഭാഗം പ്രൊഫസറും ഹെഡുമാണ് അഷിമ. മകള്‍ മന്ന മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ പതോളജി പ്രൊഫസറാണ്. മകന്‍ ക്ലെവ് ലാന്‍ഡ് അമേരിക്കയില്‍ ഡോക്ടറാണ്. ഓര്‍ത്തോഡോണ്ടിക്‌സിലാണ് സ്‌പെഷിലൈസേഷന്‍. വര്‍ഷത്തില്‍ ഒരുമാസം ഞങ്ങള്‍ അമേരിക്കയില്‍ മകന്റെ അടുത്തേക്ക് പോകും.




Pachakkuthira
2010 september

ഉത്തരായനം കാക്കാതെ മറഞ്ഞ ഭീഷ്മര്‍

ലാഹോര്‍ ബസ് യാത്രാദിനത്തില്‍ അന്തരിച്ച നാടകകൃത്തം നോവലിസ്റ്റും കഥാകൃത്തും അഭിനേതാവുമായ ഭീഷ്മ സാഹ്നിയെക്കുറിച്ച് ഒരനുസ്മരണം

ആര്‍.കെ. ബിജുരാജ്



ചരിത്രം ചിലപ്പോഴൊക്കെ അതിലെ നല്ല മനുഷ്യരോട് വിചിത്രമായി പെരുമാറാറുണ്ട്. മനസ്സുകള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ ചെറുകണികപോലും കാണരുതെന്ന് നിഷ്‌കര്‍ഷിച്ച ഭീഷ്മാ സാഹ്നിക്ക് അത്തരം ഒരു നീതി ലഭിച്ചിരിക്കുന്നു. അവിശ്വനീയമായി തോന്നാം, അയല്‍ദേശത്തേക്ക് സമാധാനത്തിന്റെ ചക്രമുരുളാന്‍ തുടങ്ങിയ ദിനത്തിലാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍. കൊട്ടിഘോഷിക്കപ്പെട്ട ആദ്യ ലാഹോര്‍ ബസ് യാത്രയില്‍ ആവേശത്തോടെ, സമാധാന പ്രവര്‍ത്തകനായി സാഹ്നിയും ചേര്‍ന്നിരുന്നു. പിന്നീട് രാജ്യതന്ത്രത്തിന്റെ ഏതോ കല്‍ക്കൂനയില്‍ സമാധാനം ഇടിച്ചുനിന്നപ്പോള്‍ അദ്ദേഹം വേദനിച്ചു. ഒന്നിക്കാനായി മുന്നോട്ട് പോകണമെന്നഭ്യര്‍ത്ഥിച്ച് അവധൂതനായി അധികാര കേന്ദ്രങ്ങളില്‍ ഓടിനടന്നു. അഭയാര്‍ത്ഥിത്വത്തിന്റെ നൊമ്പരവും ദുരിതവും അനുഭവിച്ച അത് ശിരസില്‍ വഹിച്ച സാഹ്നിക്ക് അങ്ങനെയായിരിക്കാനേ കഴിയുമായിരുന്നുള്ളൂ.
സംസ്‌കാരങ്ങള്‍ക്കിടയില്‍, മനസുകള്‍ക്കിടയില്‍ ദൃഢതരമായ പാലം തീര്‍ക്കാന്‍ പരിശ്രമിക്കുകയായിരുന്നു എന്നും സാഹ്നി; സൗമ്യവും തീക്ഷ്ണവുമായ കഥകളിലൂടെ, ജന്മാന്തരങ്ങളിലെ സ്‌നേഹവും നൈര്‍മല്യവും വഴിഞ്ഞ് ഒഴുകിയ നോവലുകളിലൂടെ, സൂര്യതാപം ചൊരിഞ്ഞ നാടകങ്ങളിലൂടെ.


മൂന്ന് വര്‍ഷം മുമ്പ്, കൊച്ചിയിലെ മങ്ങിയ സായാഹ്‌നത്തില്‍ തിരക്കൊഴിഞ്ഞ നിരത്തിലൂടെ ഒരുമിച്ച് നടക്കുമ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ വേദനയോടെ അദ്ദേഹം പറഞ്ഞു: ''ഇന്നായിരുന്നെങ്കില്‍ എനിക്ക് 'തമസ്' എഴുതാനാകുമായിരുന്നില്ല. അതൊരിക്കലും ചിത്രീകരിക്കപ്പെടുമായിരുന്നില്ല''.
കേരള സംഗീത നാടക അക്കാദമി ഫൈന്‍ആര്‍ട്‌സ് ഹാളില്‍ സംഘടിപ്പിച്ച ദേശീയ നാടകോത്സവം 'നാടകഭാരതി' മുഖ്യാതിഥിയായി തലേന്ന് എത്തിയതായിരുന്നു സാഹ്നി. നഗരം കാണാന്‍ ഒപ്പം ചെല്ലാന്‍ ക്ഷണിച്ച ഭാഗ്യം 'മംഗള'ത്തിനായി പ്രയോജനപ്പെടുത്താന്‍ ഒരുങ്ങി ഞങ്ങളും (മറ്റൊരാള്‍ മംഗളം പത്രാധിപ സമിതി അംഗം കിഷോര്‍ എബ്രഹാം). ദീപാ മേത്തയുടെ 'വാട്ടര്‍' സംഘപരിവാര്‍ തകര്‍ത്തെറിഞ്ഞത് മനസ്സില്‍ വച്ചുകൊണ്ടാണ് സാഹ്നി 'തമസിനെ'പ്പറ്റി പറഞ്ഞത്. വിഷംവമിപ്പിക്കുന്ന വര്‍ഗീതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലാദ്യം രചിക്കപ്പെടുന്ന സാമൂഹ്യ നോവലാണ് തമസ്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് 1975 ല്‍ നേടിയ ഇതേ കൃതി ഇതേ പേരില്‍, ഗോവിന്ദ് നിഹ്‌ലാനി ടെലിവിഷനില്‍ പരമ്പരയാക്കി. എതിര്‍പ്പുകള്‍ മതമൗലിക വാദികളില്‍ നിന്നുയര്‍ന്നെങ്കിലും അനേകായിരം സാഹ്നിക്കും നിഹ്‌ലാനിക്കുമൊപ്പം നിന്നു. വിവാദങ്ങള്‍ പലപ്പോഴും അക്രമത്തിന്റെ രൂപം തേടി.
എന്തുകൊണ്ട് തമസ്? വര്‍ഗീയതയ്‌ക്കെതിരെ നിരന്തരം എഴുതുകയാണല്ലോ?
അദ്ദേഹം അപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞു. അഭയാര്‍ത്ഥിത്വത്തിന്റെ, യുവത്വത്തിന്റെ കഥ. ''ഇന്ത്യ-പാക് വിഭജനനാളില്‍ റാവല്‍പിണ്ടിയില്‍ നിന്ന് അലിഗഢിലേക്ക് വരികയായിരുന്നു ഞാന്‍. പഠനം പൂര്‍ത്തിയാക്കുകയാണ് ഉദ്ദേശ്യം. കലാപ സാധ്യത മുന്‍കൂട്ടി കണ്ടിരുന്നെങ്കില്‍ കുലം മൂച്ചൂടം മുടിക്കുന്ന വിപത്ത് സ്വപ്നത്തിലേയില്ല. അലിഗഡിലെത്തിന്നതിനിടയില്‍ ജാലകത്തിലൂടെ വഴിയരികില്‍ കണ്ടതുമുഴുവന്‍ ഛേദിക്കപ്പെട്ട മൃതശരീരങ്ങള്‍. അപമാനിക്കപ്പെട്ട ദേഹങ്ങള്‍, നിലവിളികള്‍, മൂകത. ചോര ഒഴുകുന്നു''.
''അറിഞ്ഞിരുന്നില്ല, ഞാന്‍ വന്നത് പാകിസ്ഥാനില്‍ നിന്ന് അവസാന തീവണ്ടിയലായിരുന്നെന്ന്. തിരിച്ചുപോക്കും സാധ്യമല്ല. അതിര്‍ത്തിക്കപ്പുറത്തേക്കുള്ള അവസാനവണ്ടിയും പൊയ്മറഞ്ഞിരുന്നു. ഞാന്‍ സ്‌നേഹിക്കുന്നവരും എന്നെ സ്‌നേഹിക്കുന്നവരുമെല്ലാം അവിടെ. അവരുമായി ബന്ധപ്പെടാന്‍ ഒരു വഴിയുമില്ലാതെ മൂന്നുമാസം ഞാന്‍ അഭയാര്‍ത്ഥിക്യാമ്പില്‍ നരകിച്ച്, ഭയന്ന് വിറച്ച് കഴിച്ചുകൂട്ടി. ഒടുവില്‍ ബോംബെയിലുള്ള ജ്യേഷ്ഠന്‍ ബല്‍രാജ് സാഹ്നിയുമായി ബന്ധപ്പെട്ടു. ആ നശിച്ച ദിനങ്ങളില്‍ തന്നെ ഞാന്‍ തീരുമാനമെടുത്തു. ഈ നാട് ഇനി എന്റേത്. പക്ഷേ, പിന്നീട് പലപ്പോഴും ഞാന്‍ കണ്ടത് ആ ട്രെയിന്‍ യാത്രയുടെ തുടര്‍ച്ചയായിരുന്നു. ചോര നീണ്ടൊഴുകി.''
'' തമസ് കെട്ടുകഥയല്ല. നേരില്‍ അറിഞ്ഞ സംഭവങ്ങളില്‍ ഭാവനയ്ക്ക് ചെറിയ ഇടമേ നല്‍കിയിട്ടുള്ളൂ. അത് എന്നെ വിടാതെ, ഉറക്കത്തില്‍ പോലും പിന്തുടരുന്ന പേ സ്വപ്നമാണ്. മാനസിക നില തെറ്റാതിരിക്കാന്‍ എഴുത്തേ വഴിയുണ്ടായിരുന്നുള്ളൂ.''
ബോംബെയില്‍ കഴിയുന്ന നാളുകളില്‍ ഒളിവില്‍ കഴിയുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി സാഹ്നി അടുത്തു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്ന അദ്ദേഹത്തിന് പാര്‍ട്ടിയുടെ വിപ്ലവ കലാ,സാഹിത്യ പ്രവര്‍ത്തകരുമായിട്ടായിരുന്നു അടുപ്പം. സ്‌കൂളില്‍ സ്വയം നാടകമെഴുതി അവതരിപ്പിച്ച സാഹ്നി ഇവിടെ ജനകിയ പ്രവര്‍ത്തകനായി. ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) സംഘടിപ്പിക്കുകയും അതിന്റെ മുന്നില്‍ നിന്ന് രാജ്യത്താകമാനമുള്ള നാടകപ്രവര്‍ത്തകരെ ഒന്നിപ്പിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. കലയുടെ, നാടകത്തിന്റെ രുപം മാറ്റുകയായിരുന്നു ഇപ്റ്റ. സാഹ്നി പറഞ്ഞു: '' തെരുവിലേക്ക് ഞങ്ങള്‍ നാടകത്തെ കൂട്ടിക്കൊണ്ടുപോയി. അവിടുത്തെ ജനങ്ങളുടെ ഭാഷയില്‍ അവരുടെ കഥ പറഞ്ഞു. ഹൃദയങ്ങളുമായി സംവദിച്ചു.അവരെ ഉണര്‍ത്തിവിട്ടു''.
''ജീവിതത്തില്‍ ഞാന്‍ ആഗ്രഹിച്ചതെന്നും നടന്‍ ആകാനായിരുന്നു. ജ്യേഷ്ഠന്‍ ബല്‍രാജ് എഴുത്തുകാരനാകാനും''- നടത്തത്തിനിടയില്‍ അദ്ദേഹം പറഞ്ഞു. പക്ഷേ, കാലം അത് തിരിച്ചിട്ടു.
സാഹ്നി അഭിയനത്തിന്റെ അസാമാന്യത തെളിയിച്ചിട്ടുണ്ട്. ആദ്യ കാല നാടകങ്ങളില്‍ സ്വയം രചിച്ച് സംവിധാനം ചെയ്ത 'ഹാനൂശ്' 'കബീര ബഡാ ബാസര്‍ മേം', 'മാധവി' തുടങ്ങിയ പ്രഹസനങ്ങളില്‍; കുറച്ചു നല്ല സിനിമകളില്‍. അറുപത്തിയൊമ്പത് വയസ്സുള്ളപ്പോഴായിരുന്നു ആദ്യ സിനിമാ അഭിനയം. 'മോഹന്‍ ജോഷി ഹാസിര്‍ ഹോ' എന്ന സിനിമയില്‍ ആദ്യവേഷം. തുടര്‍ന്ന് 'ലിറ്റില്‍ ബുദ്ധ', 'തമസ്' , അടുത്തിടെ അപര്‍ണാ സെന്‍ സംവിധാനം ചെയ്ത 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍' എന്നീ ഇംഗ്ലീഷ്-ഹിന്ദി സിനിമകളിലും വേഷമിട്ടു. പക്ഷേ, നാടകത്തില്‍ അഭിനയിക്കാനും അത് തയ്യാറാക്കാനുമാണ് എന്നും ആഗ്രഹിച്ചത്.
ബോംബെയില്‍ കുറച്ചുനാള്‍ സാഹ്നി പത്ര പ്രര്‍ത്തകനായി. പിന്നീട് ദില്ലി സക്കീര്‍ ഹുസൈന്‍ കോളജില്‍ സാഹിത്യ അധ്യാപകന്‍. 1957 മുതല്‍ ആറുവര്‍ഷം മോസ്‌കോയില്‍ വിവര്‍ത്തകനായി. ഇരുപത്തിനാലിലേറെ ക്ലാസിക്കുകള്‍ റഷ്യനില്‍ നിന്ന് മൊഴിമാറ്റി. അവിടെ നിന്ന് തിരിച്ചെത്തി 'നയി കഹാനി'യുടെ പത്രാധിപര്‍. 1967 'ത്സാരോഗെ' (കിളിവാതിലുകള്‍) എഴുതി നോവല്‍ ശാഖയിലേക്ക് വന്നു. തമസ്, ബസന്തി, ഘടിയാം തുടങ്ങിയ നോവലുകള്‍ക്കു പുറമേ നൂറിലേറെ ചെറുകഥകള്‍. വാക്കുകളില്‍ അപചയത്തിനെതിരെ രോഷം. തിരിച്ചുപോക്കുകളില്‍ നിരാശ. അടിച്ചമര്‍ത്തലുകളില്‍ നിഷേധം, മോചനം എന്ന പ്രത്യാശ. സരളമായി പറഞ്ഞ കഥകള്‍ ആസുരമായി അനുവാചകരില്‍ പടര്‍ന്നിറങ്ങി. ഇതില്‍ പലതും മലയാളിയും വായിച്ചു. സാഹിത്യത്തിലെ ദളിത് എന്നും സ്ത്രീപക്ഷമെന്നുമുള്ള വേര്‍തിരിവിനെയും കാലന്തര ഭേദം ചികയിലിനെയും സാഹ്നി എതിര്‍ത്തു, വെറുത്തു പത്മഭൂഷണ്‍, സോവിയറ്റ് ലാന്‍ഡ് നെഹ്‌റു പുരസ്‌കാരം, ശിരോമണി, ആഫ്രോ-ഏഷ്യന്‍ അവാര്‍ഡുകള്‍, കുറച്ചേറെ മറ്റ് അംഗീകാരങ്ങള്‍. അവയ്ക്ക് അര്‍ഹമായ പരിഗണന മാത്രം സാഹ്നി നല്‍കി.
ഇടയ്ക്ക് നിന്നും പിന്നെ നടന്നും സാഹ്നി സംസാരിച്ചുകൊണ്ടേയിരുന്നു. ശിവക്ഷേത്രത്തിന്റെ കമാനത്തിലേക്ക് കണ്ണയച്ച് അല്‍പനേരം. വൈഷ്ണവരോ ശൈവരോ ഇവിടെ ഏറെയെന്ന് ആരായല്‍. ഇടതുപക്ഷ സഹയാത്രികന്‍ ആത്മീയാന്വേഷണത്തിലാണോ എന്ന് തമാശയായി ചോദിച്ചപ്പോള്‍ തലയ്ക്ക് പിന്നില്‍ സ്‌നേഹപൂര്‍വം തട്ടി. നിഷേധത്തിന്റെ മന്ദഹാസത്തോടെ തലയാട്ടി. കൊച്ചി നഗരത്തില്‍ സാഹ്നി തിരിച്ചറിയപ്പെടില്ലെന്ന് കരുതിയവര്‍ക്കും തെറ്റി. പ്രായംചെന്ന നാട്ടുകാരനില്‍ നിന്ന് വ്യത്യസ്തനാക്കുന്ന ഒന്നുമില്ലായിരുന്നു സാഹ്നിക്ക്. സദാ പ്രസന്നമായ, പരിഭവമില്ലാത്ത മുഖം. അല്‍പം കുനിഞ്ഞുള്ള നടത്തത്തിനടയില്‍ പാറി വീഴുന്ന വെള്ളിനരകള്‍ കോതിയൊതുക്കല്‍. ഓവര്‍കോട്ട് നേരെയാക്കി ചെവിയില്‍ ശ്രവണസഹായി തിരുകി പതിയെ നടന്നു. എണ്‍പത്തിയഞ്ചിലും ചുറുചുറുക്കും ഓജസ്സും. കായലോരത്ത് അസ്മതയ സൂര്യനെ കണ്ടു നടക്കുന്നതിനിടയില്‍ മരങ്ങള്‍ക്കിടയില്‍നിന്നും പലരും സാഹ്നിയെ തിരിച്ചറിഞ്ഞു. ചെറുപ്പക്കാര്‍ ചുറ്റും കൂടി. മിതമായ സ്‌നേഹ പ്രകടനങ്ങള്‍. അപ്പോള്‍ പുറത്തിറങ്ങിയ 'നിലു, നീലിമ, നീലോഫറിനെ'ക്കുറിച്ചാണ് പലര്‍ക്കും അറിയേണ്ടിയിരുന്നു. ചിലര്‍ അദ്ദേഹത്തിന്റെ വിശുദ്ധമായ കൈത്തടം കവര്‍ന്നെടുത്തു. ഇരുള്‍ വീഴുന്നതുവരെ അവര്‍ക്കൊപ്പം സംസാരിച്ചു നിന്നു. ഞങ്ങള്‍ക്ക് മാത്രം ലഭിക്കേണ്ട മഹദ് സാമിപ്യം തട്ടിയെടുത്തവരില്‍ നിന്ന് ഒരുവിധത്തില്‍ മോചിപ്പിച്ച് സ്വന്തമാക്കി. സുഭാഷ് പാര്‍ക്കിന്റെ കരിങ്കല്‍തിട്ടയില്‍ പേടിയില്ലാതെ പാഞ്ഞുനടന്ന കുഞ്ഞെലികളെ നോക്കി സാഹ്നി നിന്നു. പിന്നെ പറഞ്ഞു. 'മലയാളത്തില്‍ നില്‍ക്കുമ്പോള്‍ വല്ലാത്ത ഹൃദയബന്ധനം അനുഭവപ്പെടുന്നു. മുന്‍ജന്മങ്ങളിലെപ്പോഴോ ഞാനിവിടെയായിരുന്നിരിക്കണം. കുറേ നല്ല ബന്ധങ്ങള്‍ ഇവിടെ എനിക്കുണ്ട്''. സാഹ്നി പറയാതെ അറിയാമായിരുന്നു ബന്ധങ്ങളെപ്പറ്റി. എം.ടി, കോവിലന്‍, ഡല്‍ഹിയിലെ മലയാള എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, സ്‌കൂള്‍ ഓഫ് ഡ്രാമയിലെയും പുനെ ഇന്‍സ്റ്റിറ്റിയട്ടിലെയും വിദ്യാര്‍ത്ഥികള്‍, അതിലേറെ ഒന്നുമല്ലാത്ത സാധാരണക്കാര്‍, ഇവര്‍ക്കും സാഹ്നി സ്വന്തമാണെന്ന്.
അടുത്ത സായാഹ്നത്തിലും കണ്ടു. കലയ്ക്കു മുന്നില്‍ സാഹ്നി എത്ര വിനായന്വിതനാണെന്ന്. ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ തിക്കിതിരക്കി നില്‍ക്കുന്ന ആസ്വാദകരുടെ സായാഹ്നം. ഹബീബ് തന്‍വീറിന്റെ 'ചരണ്‍ദാസ് ചോര്‍' അരങ്ങിലെത്താന്‍ തെല്ലിട മാത്രം. നാടകോത്സവം ഉദ്ഘാടനം ചെയ്ത ശേഷം, ആത്മ സുഹൃത്തിന്റെ നാടകം കാണാന്‍ മുന്‍നിരയില്‍ സാഹ്നി ഇരിപ്പുണ്ട്. കാഴ്ചക്കാര്‍ക്കിടയില്‍ 'രംഗകേളി' വിതരണം ചെയ്ത് അടുത്തെത്തിയപ്പോള്‍ അദ്ദേഹം കൈയില്‍ ബാക്കിയുണ്ടായിരുന്ന കോപ്പികളെല്ലാം വലിച്ചെടുത്ത് അടുത്ത വരിയില്‍ ഇരുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ ആദരപൂര്‍വം തടഞ്ഞു. സാഹ്നിക്കൊപ്പമുണ്ടായിരുന്ന ഡല്‍ഹി സര്‍വകലാശാല അധ്യാപകനും തീയേറ്റര്‍ ആക്റ്റിവിസ്റ്റുമായ ദിലീപ്കുമാര്‍ ബസു പറഞ്ഞു: ''തടയേണ്ട, നാടകത്തിനും കലയ്ക്കും വേണ്ടി ഒരു പക്ഷേ ചെറുതെന്ന് കരുതെന്നതെല്ലാം സാഹ്നി സാബ് ചെയ്യും. മടിക്കേണ്ട വേദിയില്‍ കര്‍ട്ടന്‍ ഉയര്‍ത്താന്‍ ആളില്ലെങ്കില്‍ വിളിച്ചോളൂ. ആ കസേരയും ഞങ്ങള്‍ക്കിണങ്ങും''. നാട്യത്തിന്റെ അംശയങ്ങള്‍ തെല്ലുമില്ലാതെ 'രംഗകേളി' വിതരണം ചെയ്തത് പലരും ഓര്‍ക്കുന്നുണ്ടാകും. അടുത്ത ദിവസത്തെ 'രംഗകേളി' തയ്യാറാക്കുന്നതിന് സഹായിക്കാനായി സാഹ്നി ഞങ്ങള്‍ക്കടുത്തേക്ക് വന്നു.
രണ്ടുദിവസത്തിനുശേഷം മടക്കം. അന്ന് തോളില്‍ അമര്‍ത്തിചേര്‍ത്തു നിര്‍ത്തി. ''വരണം, ഡല്‍ഹിയില്‍ വരികയാണെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വീട്ടില്‍ തങ്ങാം. പലരും പറയുന്നതുപോലെയല്ല. ഓര്‍മക്കുറവ് എനിക്കില്ല. നിങ്ങള്‍ക്ക് എന്നും സ്വാഗതം''.


ഗോധ്രയും ഗുജറാത്തും കത്തിനിന്നപ്പോള്‍, വൈര്യം വളര്‍ന്ന് വിന്ധ്യനോളം വളര്‍ന്ന കലായളവില്‍ അദ്ദേഹത്തിന് എഴുതി. അഭിപ്രായം അഭിമുഖമായി വായനക്കാരില്‍ എത്തിക്കാമെന്നായിരുന്നു മനസ്സില്‍. പതിവുപോലെ ചെറിയ അക്ഷരങ്ങളില്‍, കുനുകുനെയുള്ള വാക്കുളില്‍ മറുപടി വന്നു. ''മകനേ, എന്തുകൊണ്ട് നിന്റെ തലമുറ തെറ്റിനെതിരെ ആഞ്ഞടിക്കുന്നില്ല. തെറ്റുകള്‍ക്കൊപ്പം എന്തിന് നില്‍ക്കുന്നു. ഈ വൃദ്ധന്റെ യുക്തിക്ക് മനസ്സിലാകുന്നില്ല നിങ്ങളുടെ രസതന്ത്രം. മുന്‍പില്‍ എനിക്ക് ഇരുട്ട് (തമസ്) മാത്രമേ കാണാനാവുന്നുള്ളൂ. അതിനമപ്പുറം അനന്തതയില്‍ പുലരിയുടെ ചെറുവെട്ടം ഉണ്ടെന്നെനിക്ക് ഉറപ്പുണ്ട്. ശരിയേക്കാള്‍ തെറ്റ് ശിരസില്‍ വഹിച്ച എന്റെയും പുത്തന്‍കൊളോണിയല്‍ നുകം പ്രതിഷേധംപോലുമില്ലാതെ ചുവന്ന നിന്റെയും തലമുറയ്ക്ക് അപ്പുറത്ത്. ഒരുവേള, പുലരി വേഗം വന്നുകൂടെന്നുമില്ല''.
ഇരുളിനുമപ്പുറം, പുലരി മാത്രം സ്വപ്നം കണ്ടിരുന്ന, അതുവേഗം വേണമെന്ന് ശഠിച്ച ഭീഷ്മസാഹ്നിയും അനന്തതയിലേക്ക് നടന്നിരിക്കുന്നു. ഉത്തരായനം കാക്കാതെ. അറിയുക, ഇനി വിശുദ്ധ മനുഷ്യരില്ല.


മംഗളം ദിനപത്രം
2003 ജൂലൈ 20 ഞായര്‍.

നിഷേധത്തിന്റെ കൊടുങ്കാറ്റ്

എം.ആര്‍.ബി അന്തരിച്ചതിന്റെ തൊട്ടടുത്ത ദിവസം എഴുതിയ കുറിപ്പ്‌



ബിജുരാജ്




കാലത്തിനുമേല്‍, നൂറ്റാണ്ടിന്റെ മറക്കുടയ്ക്കുമേല്‍ പ്രക്ഷുബ്ധമായി വീശിയടിച്ച കൊടുങ്കാറ്റാണ് എം.ആര്‍.ബി. ആ പ്രചണ്ഡതയില്‍ ചരിത്രത്തെ ഒന്നാകെ ഉലച്ച് തനിക്ക് പിന്നിലാക്കി മുന്നേ നടന്ന നിഷേധി. സ്ത്രീവിമോചനത്തിന്റെ ധീരമായ ആണ്‍രൂപം.
മുന്‍ ശതാബ്ദത്തിന്റെ അവശേഷിച്ചിരുന്ന ഏറ്റവും സമരോത്സുകനായ സാമൂഹ്യ വിപ്ലവകാരിയെയാണ് എം.ആര്‍.ബിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. മലയാളിയുടെ അവിശ്വസനീയമായ ഇന്നലെകളെയും 'സുരക്ഷിതമായ' ഇന്നിനെയും കൂട്ടിയിണക്കുന്ന അവസാന കണ്ണിയും മറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങളിലെ നമ്പൂതിരി സമുദായതത്തിന്റെ ചിത്രം ദിയനീയമായിരുന്നു; സ്ത്രീകളടെ അവസ്ഥയും. മറക്കുടയ്ക്കുള്ളില്‍ നരകിച്ച അന്തര്‍ജനങ്ങളെ മംഗലാപുരത്തെ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ വിറ്റവര്‍ക്ക് അതിന് ആടുമാടുകളുടെ വിലപോലും കിട്ടിയില്ല. അകത്തളങ്ങളില്‍ നിന്ന് അകത്തളങ്ങളിലേക്ക് മാത്രമായിരുന്നു അവളുടെ യാത്ര. അവിടെ വൃദ്ധന്റെ പട്ടമഹിഷി പദനത്തിന് സപത്‌നികളുമായി കലഹിച്ച്, അതുമല്ലെങ്കില്‍ വൈവധ്യം ഏറ്റ് അസ്തമിക്കുക. ഈ മൃഗാവസ്ഥയെ എം.ആര്‍.ബി. കാല്‍പനികമായി ഇങ്ങനെ പറയും: '' കരിപിടിച്ച അടുക്കളചുമരില്‍ കുളിര്‍ ചന്ദനംകൊണ്ട് കുറിച്ചിട്ട ദൗര്‍ഭാഗ്യം. കണ്ണുനീരും നെടുവീര്‍പ്പും കൂട്ടിക്കുഴച്ച അസ്പഷ്ട മനോഹാരിത''.
ആണ്‍വേഷങ്ങളുടെ കഥയോ? വൈദികത്വത്തിന്റെ ജീര്‍ണിച്ച നൂലിഴക്‌ളുടെ കരുത്തുില്‍ കുടുംബത്തിലെ മൂത്തസഹോദര' സ്വത്തവകാശം പൂര്‍ണമായി കൈയാളി. അവിടെ വെടിപറച്ചിലും സദ്യയുണ്ണലുമായി അവരുടെ തൊഴില്‍. അപ്ഫന്‍മാര്‍ (ഇളയസഹോദരന്‍മാര്‍) സ്വത്തവകാശവും സ്വജാതി വിവാഹവും നിഷേധിക്കപ്പെട്ട് ഇല്ലങ്ങളില്‍ നിന്ന് ഭ്രഷ്ടരായി അമ്പലങ്ങളുടെ അരികുപറ്റിയും നാടുചുറ്റിയും കാലക്ഷേപം കഴിച്ചു.
ഈ ഊഷരഭൂവിലാണ് തുഷാരം പെയ്തിറങ്ങുന്നത്. യോഗക്ഷേമ ഉപവാര്‍ഷികയോഗത്തില്‍ പാര്‍വതി നെന്മിനിമംഗലം ചരിത്രത്തിലേക്കെറിഞ്ഞ ചോദ്യത്തിന്, വിധവയെ വിവാഹം ചെയ്യാന്‍ ആദര്‍ശപുരുഷന്‍മാരുണ്ട് എന്ന വെല്ലുവിളിക്ക് ഉവ്വ്, ഞാന്‍ തയ്യാറാണ് എന്ന ഉറച്ച ഉത്തരം.അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക. ആദ്യ വിധവാ വിവാഹം.
അകാലത്തില്‍ മംഗല്യച്ചരട് അറത്തുമാറ്റിയ, വിധവയുടെ, വി.ടിയുടെ ഭാര്യാസഹോദരി ഉമാ അന്തര്‍ജനത്തിന്റെ നഗ്നമായ കൈത്തണ്ടയില്‍ പിടിച്ചപ്പോള്‍ സമുദായം ഞെഞ്ടി. യാഥാസ്ഥിതികത്വം കലികൊണ്ട് പാഞ്ഞെടുത്തു. ഭ്രഷ്ട്. ബന്ധുക്കള്‍ പടിയടച്ച് പിണ്ഡം വച്ചു. കൂടെയുണ്ടായിരുന്നവര്‍ കൈയ്യൊഴിഞ്ഞു. അദ്ദേഹം പതറിയില്ല. എം.ആര്‍.ബി. എന്ന മുല്ലമംഗലത്ത് രാമന്‍ഭട്ടത്തിരിപ്പാടിന് അറിയാമായിരുനനു ത്യാഗങ്ങളിലൂടെയോ ചരിത്രം മുന്നോട്ടുപോകൂ എന്ന. എവിടെ സമരമുണ്ടോ അവിടെ ത്യഗാമുണ്ടെന്ന്. പട്ടിണിയും പരിവെട്ടവും കൂട്ടുകാരായി. പല ദിവസങ്ങളിലും 'ഒരിക്കല്‍ ഊണ്'മാത്രമായി.
എം.ആര്‍.ബി.കൊളുത്തിയ തീയില്‍ പിന്തിരിപ്പത്തത്തിന്റെ മോന്തായം വെണ്ണീറായി. വിപ്ലവത്തിന്റെ പുത്തന്‍വിളികേട്ട് അനേകം പേര്‍ ഇല്ലങ്ങള്‍ വിട്ടുപറുത്തുവന്നു.
അക്ഷരത്തിന്റെ ദിവ്യജ്യോതി പകര്‍ന്ന് വി.ടി.ക്ക് പുതിയൊരു ജീവിതം തുറന്നുകൊടുത്തത് കച്ചതോര്‍ത്തു മാത്രമുടുത്ത തിയ്യാടി പെണ്‍കുട്ടിയായിരുന്നുവെങ്കില്‍ എം.ആര്‍.ബി.യുടെ ജീവിതത്തെയും മാറ്റി മറിച്ചത് മറ്റൊരു പെണ്‍കുട്ടി; ഒരു ബാലവിധവ.
വന്നേരിയിലെ പ്രശസ്തമായ നമ്പൂതിരിത്തറവാട്ടില്‍ നടന്ന 'കുടിവെയ്പ്' ചടങ്ങ്. മുല്ലമംഗലത്തുനിന്ന് രാമനും അമ്മയ്ക്കുമൊപ്പം അവിടെ ചെന്നു. നടുമുറ്റത്ത് എല്ലാവര്‍ക്കും മധ്യത്തില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് തലകുനിച്ച് ഒരു പെണ്‍കുട്ടിയിരിപ്പുണ്ടായിരുന്നു. ഉണ്ണികളുമായി മത്സരിച്ച് രാമന്‍ കൈക്കലാക്കിയ കരോലപ്പം പെണ്‍കുട്ടിക്ക് നേരെ നീട്ടി. വേണ്ടെന്ന് അവള്‍ തലയാട്ടി. ബാലവിധവയുടെ കണ്ണീര്‍വേദന നെഞ്ചിലേറ്റിയാണ് രാമന്‍ മടങ്ങിയത്. പിന്നീട് അനേകം വിധവകളുടെ കണ്ണീരകറ്റാന്‍ എം.ആര്‍.ബി ദൃഢനിശ്ചയത്തോടെ ഇറങ്ങിത്തിരിച്ചതും ആ ഓര്‍മയില്‍ നിന്നാണ്.
നമ്പൂതിരി പരിഷ്‌കരണ നാളില്‍ മറക്കുടയിലെ നിസഹായര്‍ക്കായി എം.ആര്‍.ബി. പ്രഹസനം രിച്ചിു. 'മറക്കുടയ്ക്കുള്ളിലെ മഹാനരകം'. വി.ടിയുടെ അടുക്കളിയില്‍ നിന്ന് അരങ്ങത്തേക്കിന്റെ രണ്ടാം ഭാഗം. ആഹ്വാനം കേട്ടുണര്‍ന്ന സ്ത്രീകള്‍ മറക്കുട തല്ലിപ്പൊളിച്ചു. ഘോഷ ബഹിഷ്‌കരിച്ചു.
ഋതുമതിയായാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം അനുവദിക്കപ്പെടാതിരുന്നവര്‍ സ്‌ക്കൂളിലും പിന്നീട് ജോലിക്കും പോയി. ഈ മാറത്തിന് ആദ്യം രംഗത്തെത്തിയത് ജ്യേഷ്ഠപുത്രി പ്രിയദത്തയായിരുന്നു എന്നത് എം.ആര്‍.ബി.യുടെ മറ്റൊരു വിജയം.
'മറക്കുടയ്ക്കുള്ളിലെ മഹാനരക'ത്തിനുശേഷവും സ്ത്രീവിമോചനത്തിനുവേണ്ടി എം.ആര്‍.ബി. കഥകളും കവിതകളും ലേഖനങ്ങളുമെഴുതി. അതിനെല്ലാം 'എം.ആര്‍. ശൈലി'യുടെ ചാരുതയുണ്ടായിരുന്നു. കാനനഭംഗയില്‍ സ്വച്ഛമായി ഒഴുകുന്ന അരുവിയുടെ കുളിരും നൈര്‍മല്യവും ആ വരികള്‍ക്കുണ്ടായിരുന്നു. അവ സ്ത്രീകളുടെ കാതില്‍ മൊഴിഞ്ഞു. ഹൃദയത്തോട് സംവദിച്ചു: 'ഉണരുക, വിമോചനത്തിന് സ്വന്തം കാലില്‍ ധീരമായി നില്‍ക്കുക, പ്രതിഷേധത്തിന്റെ കൊടുങ്കാറ്റാവുക'.
'എം.ആര്‍.ശൈലി' അതിനും വളരെ മുമ്പേ പലര്‍ക്കും പരിചിതമായിരുന്നു. പക്ഷേ, അതൊരു സ്ത്രീയുടെ പേരിലായിരുന്നു എന്നു മാത്രം.
ഇല്ലങ്ങള്‍ വിട്ട് സ്ത്രീകള്‍ പുറത്തുവരാന്‍ തുടങ്ങിയ കാലത്ത് 'ഉണ്ണി നമ്പൂതിരി'യിലും 'പാശുപാതത്തി'ലും വന്നേരിയില്‍ നിന്ന് കെ. സാവിത്രി അന്തര്‍ജനം പതിവായി കഥകളും കവിതകളും എഴുതിയിരുന്നു. സാമുദായിക പരിഷ്‌കാര പ്രവര്‍ത്തിന് എത്തിയ പാര്‍വതി നെന്മിനി മംഗലത്തേയും ആര്യാപള്ളത്തെയും മറ്റനേകരെയും പ്രചോദിപ്പിച്ച് കൊണ്ട് സ്ത്രീയുടെ കഥ അവള്‍ തന്നെ പറയുകയോ? കുറച്ചുകാലം കഴിഞ്ഞാണ് സാവിത്രി അന്തര്‍ജനം എം.ആര്‍.ബി.യുടെയും അനുജന്‍ പ്രേംജിയുടെയും സാങ്കല്‍പിക സൃഷ്ടിയാണെന്ന് പലര്‍ക്കും മനസ്സിലായത്.
മലയാളത്തെയും എം.ആര്‍.ബി. തന്റെ കൃതികളിലൂടെ ധന്യമാക്കിയിട്ടുണ്ട്. 'വാല്‍കണ്ണാടി', 'മുഖച്ഛായ', 'വളപൊട്ടുകള്‍', 'കവിസപര്യ', 'കിനാവിലൊരു യാത്ര'. പിന്നെ എപ്പോഴോ അംഗീകരിച്ചുവെന്നു വരുത്താന്‍ ഒരു കേരള സാഹിത്യ അക്കാദമി പ്രത്യേക പുരസ്‌കാരം.
ഇ.എം.എസും ഐ.സി.പിയും പ്രേംജിയുമെല്ലാം നമ്പൂതിരി പ്രസ്ഥാനത്തില്‍ നിന്ന് മുന്നോട്ടുപോയപ്പോള്‍ എം.ആര്‍.ബി. ഒപ്പമുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാ പുരോഗമനങ്ങളെയും പിന്തുണയ്ക്കാന്‍ ഒപ്പമുണ്ടായിരുന്നു താനും. അതുകൊണ്ടാണ് പോലീസ് പിടിയിലായത്. കല്‍ക്കത്ത തീസിസ് കാലത്ത് സി. അച്യുതമേനോനെ വീട്ടില്‍ ഒളിപ്പിച്ചതിന് 25 ദിവസം ജയിലില്‍. അിടയന്തരാവസ്ഥകാലത്ത് രാഷ്ട്രീയ നേതാക്കള്‍ക്ക് ഒളിക്കാന്‍ എം.ആര്‍.ബി. തന്റെ വീട് തുറന്നുകൊടുത്തു.
'ഉദ്ബുദ്ധ കേരള'ത്തിന്റെ സഹപത്രാധിപര്‍, 'ദേശാഭിമാനി'യില്‍ ജോലി, കേരള സംഗീത നാടക അക്കാദമിയുടെ 'കേളി' സഹപത്രാധിപര്‍, ഇങ്ങനെ കേരളത്തിന്റെ സാമൂഹ്യാവസ്ഥയില്‍ എം.ആര്‍.ബി. പതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്നു.
തൃശൂര്‍ ചെമ്പൂക്കാവിലെ 'തുഷാര'യില്‍ മകള്‍ തങ്കമണിയുടെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. തൊണ്ണൂറ്റിരണ്ടുകാരനായ എം.ആര്‍.ബി. കാലത്തിശന്റ സ്പന്ദനങ്ങള്‍ എല്ലാം അറിഞ്ഞും ഉള്‍കൊണ്ടും നാലുവര്‍ഷം മുമ്പ് സഹയാത്രികയും സഖാവുമായിരുന്ന ഉമ്മ മരിച്ചു. ജീവിതത്തില്‍ എം.ആര്‍.ബി. തളര്‍ന്നെങ്കില്‍ അത് അന്നുമാത്രമായിരുന്നെന്ന് മക്കള്‍ പറയുന്നു.
'അടുക്കളിയില്‍ നിന്ന് അരങ്ങത്തേക്കിന്റെ' എഴുപതാം വാര്‍ഷികവേളയില്‍ എം.ആര്‍.ബിയെ കാണാന്‍ ചെന്നപ്പോള്‍ തന്റെ സാമൂഹ്യ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സംസാരമെല്ലാം കുറച്ചു വാക്കുകളില്‍ ഒതുക്കി. ''സമുഹവും സമുദായവും സ്ത്രീകളും വിദ്യാഭ്യാസപരമായി, കൈവരിച്ച നേട്ടങ്ങളില്‍ സന്തോഷമുണ്ട്. അന്നത്തെ പേരാട്ടങ്ങളെല്ലാം തന്നെ കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. ഞങ്ങളില്ലായിരുന്നെങ്കില്‍ മറ്റാരെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നേനെ''.
സായാഹ്‌നങ്ങളില്‍ എന്നും വീടിന്റെ ഉമ്മറത്ത് ചാരുകസേരയില്‍ ഇരുന്ന് എം.ആര്‍.ബി തനിക്കു ചുറ്റും അതിവേഗത്തില്‍ ചലിക്കുന്ന ലോകത്തെ കാണുമായിരുന്നു. തന്റെ ചുറ്റുപാടുകളെ അറിഞ്ഞ്, കാലത്തിന്റെ മുന്നേറ്റത്തിനുനേരെ (?) നിശബ്ദനായി. ആ നിശബ്ദതയ്ക്കുപോലും നിഷേധത്തിന്റെ പരുക്കന്‍ സ്വരമായിരുന്നു.

മംഗളം ദിനപത്രം
2001 ഒക്‌ടോബര്‍ 10 ബുധന്‍

Monday, September 6, 2010

അരങ്ങ് പങ്കുവച്ചിട്ടില്ല; അടുക്കള ഒട്ടുമേയില്ല

അഭിമുഖം
വി.സി.ജെന്നി/ബിജുരാജ്



ഓരങ്ങളില്‍ നടക്കുന്നതെന്തെന്ന് അധികമാരും അറിഞ്ഞുകൊളളണമെന്നില്ല. ഓരങ്ങള്‍ മധ്യത്തെ വളയം ചെയ്യാന്‍ തുടങ്ങുന്നതുവരെ ചിലപ്പോഴൊക്കെ അങ്ങനെതന്നെ തുടരും. എന്നാല്‍ സമൂഹത്തിന്റെ അരികുകളില്‍ ശ്രദ്ധേയമായ സ്ത്രീ ഇടപെടലുകളും ചെറുത്തുനില്‍പ്പും നടക്കുന്നുണ്ട്. 'വിപ്ലവസ്ത്രീവാദി പ്രസ്ഥാനം' എന്ന സ്ത്രീസംഘടന നടത്തുന്ന സമരങ്ങള്‍ക്ക് നമ്മള്‍ കണ്ണും കാതും കൊടുക്കാത്തതിന് മറ്റു ചില കാരണങ്ങളുണ്ടാകാം. പക്ഷെ അവര്‍ സ്ത്രീമര്‍ദ്ദകരെ കടന്നാക്രമിക്കുന്നുണ്ട്; ഭൂമിക്കുവേണ്ടി പോരാടുന്നുണ്ട്; സാമ്രാജ്യത്വത്തെ പ്രതിരോധിക്കുന്നുണ്ട്; വിപ്ലവത്തിനുവേണ്ടി ജീവിക്കുന്നുണ്ട്. നിലവിലുളള സ്ത്രീസംഘടനകളില്‍ നിന്നും സ്ത്രീവാദികളില്‍ നിന്നും വ്യത്യസ്തമാണ് ഇവരുടെ നിലപാടുകള്‍.
''പുരുഷന്‍മാര്‍ അരങ്ങ് സ്ത്രീകള്‍ക്കായി ഒരിക്കലും സമഭാവനയില്‍ പങ്കുവച്ചിട്ടില്ല; ഇനി വാദത്തിന് അതു സമ്മതിക്കാമെന്നുവച്ചാല്‍ തന്നെ അടുക്കള പങ്കുവച്ചിട്ടേയില്ലെന്ന് 'വിപ്ലവസ്ത്രീവാദി പ്രസ്ഥാനത്തിന്റെ നേതാവായ വി.സി.ജെന്നി പറയുന്നു. ''ആകാശത്തിന്‍ പാതി താങ്ങി നിര്‍ത്തുന്ന സ്ത്രീകള്‍ക്ക് ഭൂമി തുല്യമായി അവകാശപ്പെട്ടതാണ്''
20 വര്‍ഷമായി നക്‌സലൈറ്റ് പ്രസ്ഥാനത്തോടൊപ്പം സജീവമാണ് ജെന്നി. നാലുവര്‍ഷങ്ങള്‍ക്കുളളില്‍ മാത്രം ഇവര്‍ക്കുമേല്‍ വന്‍തോതില്‍ പോലീസ് അടിച്ചമര്‍ത്തലുകള്‍ നടന്നിട്ടുണ്ട്- 10 കേസുകള്‍, മൂന്ന് ജയിലുകള്‍, 40 ലേറെ ദിവസം തടവ്, രണ്ട് ലോക്കപ്പുകള്‍, ശരീരം തളരുകയും സംസാരശേഷി കുറച്ചുകാലത്തേക്കെങ്കിലും നഷ്ടപ്പെടുന്ന വിധത്തില്‍ പുരുഷപോലീസിന്റെ മൂന്ന് മര്‍ദനങ്ങള്‍, നിരന്തരമായ ചോദ്യംചെയ്യലുകള്‍, സ്വകാര്യത അനുവദിക്കാത്തവിധത്തില്‍ ഭരണകൂട നിരീക്ഷണങ്ങള്‍. സമീപകാലത്ത്, വ്യവസ്ഥാപിത സംഘടനകള്‍ക്കു പുറത്ത് (ഒരു പക്ഷേ അവയുമായി നോക്കുമ്പോഴും) ജെന്നിയെപ്പോലെ കേസുകളും തടവും അനുഭവിച്ച/ക്കുന്ന സ്ത്രീകള്‍ കേരളത്തില്‍ വേറെയുണ്ടാവില്ല.
സ്ത്രീപ്രശ്‌നത്തെപ്പറ്റി, തങ്ങളുടെ സമരങ്ങളെപ്പറ്റി ജെന്നി സംസാരിക്കുന്നു. കൊച്ചിയില്‍, ഡോ. ബിനായക് സെന്‍ ജയില്‍മോചന കണ്‍വെന്‍ഷന്‍ വേദിയില്‍ വച്ചായിരുന്നു ഈ സംഭാഷണം.


സ്വയം എങ്ങനെയാണ് നിങ്ങള്‍ വിശേഷിപ്പിക്കുക? ആക്റ്റിവിസ്റ്റ് എന്നോ നക്‌സലൈറ്റ് അല്ലെങ്കില്‍ മാവോയിസ്റ്റ് എന്നോ?

ഞാന്‍ വിപ്ലവ സ്ത്രീവാദി പ്രസ്ഥാനം എന്ന സംഘടനയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകയാണ്. ഒരു സ്ത്രീപക്ഷ പ്രവര്‍ത്തകയെന്ന് വിളിക്കപ്പെടാനാണ് എനിക്കിഷ്ടം. ഞാനൊരു കമ്യൂണിസ്റ്റാണ്. നക്‌സല്‍ബാരിയുടെ പാരമ്പര്യത്തെ ഉള്‍ക്കൊളളുന്നുണ്ട്. മാര്‍ക്‌സിസം-ലെനിനിസം-മാവോയിസമാണ് ഞങ്ങളുടെ സൈദ്ധാന്തിക അടിത്തറ. സ്വയം വിശേഷണങ്ങള്‍ക്ക് അര്‍ത്ഥമില്ല. ഭരണകൂടം ഞങ്ങളെ ജനങ്ങളില്‍ നിന്ന് അകറ്റാന്‍ വേണ്ടി ഭീകരവാദിയാണെന്നാണ് മുദ്രകുത്തുന്നത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുമെങ്കില്‍ ഭീകരവാദിയെന്ന വിശേഷണം സ്വീകരിക്കാനും തയ്യാര്‍.

നമുക്ക് പിന്നില്‍ നിന്നു തന്നെ വരാം. മകള്‍ക്ക് ജെന്നിയെന്ന പേരിടാന്‍ തക്ക വിധത്തില്‍ കമ്യൂണിസ്റ്റ് ബോധമുളള കുടുംബ പശ്ചാത്തലമാണോ ഉണ്ടായിരുന്നത്?

അതെ. എന്നാല്‍ അല്ല എന്നും പറയേണ്ടിവരും. അച്ഛന്‍ ഒരു കര്‍ഷകത്തൊഴിലാളിയായിരുന്നു.കൂലിപ്പണി. ദലിത് കുടുംബമാണ് ഞങ്ങളുടേത്. അച്ഛന്‍ കമ്യൂണിസ്റ്റ് ഒക്കെയാണ്. എന്നാല്‍ വലിയ രാഷ്ട്രീയബോധമൊന്നും ഇല്ല. അമ്മയ്ക്ക് ഒട്ടുമില്ല. അവര്‍ക്ക് ഞാന്‍ രാഷ്ട്രീയവുമായി നടക്കുന്നത് ഒട്ടും ഇഷ്ടമായിരുന്നില്ല. പുസ്തകം വായിക്കുന്നതിനൊക്കെ അടിയായിരുന്നു കിട്ടിയിരുന്നത്. ഏതെങ്കിലും സമരത്തിന്റെ അടുത്തേക്ക് പോയി നോക്കിയെന്നറിഞ്ഞാല്‍ വീട്ടില്‍ അടിയും ബഹളവുമായിരുന്നു.

പക്ഷെ നക്‌സലൈറ്റ് പ്രസ്ഥാനത്തോട് അടുക്കുന്നതെങ്ങനെയാണ്?

വൈപ്പിന്‍ മദ്യദുരന്ത കാലത്താണ് നക്‌സലൈറ്റ് പ്രസ്ഥാനവുമായി കുറേയൊക്കെ അടുക്കുന്നത്. ഞാന്‍ എട്ടില്‍ പഠിക്കുമ്പോഴാണ് അത്. ആ സമയത്ത് ആവിഷകാരസ്വാതന്ത്ര്യത്തിനുവേണ്ടിയുളള സമരമൊക്കെ നടക്കുന്നുണ്ട്. വൈപ്പിനില്‍ അന്ന് നക്‌സലൈറ്റുകള്‍ കേന്ദ്രീകരിച്ചിരുന്നു. മദ്യദുരന്തത്തിലെ പ്രതികളിലൊരാളായ കൊച്ചഗസ്തിയുടെ പാടം ജനങ്ങളോട് കൊയ്യാന്‍ നക്‌സലൈറ്റുകള്‍ ആഹ്വാനം ചെയ്തിരുന്നു. ഈ സമയത്ത് കേരളത്തിലെ ഏല്ലാ നക്‌സലൈറ്റുനേതാക്കളും വൈപ്പിനും നായരമ്പലത്തുമൊക്കെയായി എത്തിയിരുന്നു. സോമശേഖരന്‍, രാമചന്ദ്രന്‍, ജയകുമാര്‍, കെ.മുരളി തുടങ്ങി ഒരു മാതിരിപ്പെട്ട എല്ലാവരും. അന്ന് ഞങ്ങള്‍, വിദ്യാര്‍ത്ഥികള്‍ കൊച്ചഗസ്തിയുടെ പാടത്തേക്ക് മാര്‍ച്ച് ചെയ്യുകയൊക്കെ ചെയ്തു. അങ്ങനെയാണ് പ്രസ്ഥാനവുമായി അടുക്കുന്നത്. ആ സമയത്ത് പൊതുവില്‍ നക്‌സലൈറ്റുകളോട് ആരാധനയൊക്കെയുണ്ട്. മേരി ടെയ്‌ലറുടെ 'ഇന്ത്യന്‍ തടവറയില്‍ അഞ്ചുവര്‍ഷങ്ങളും', അജിതയുടെ 'ഓര്‍മക്കുറിപ്പു'കളുമൊക്കെ വായിച്ച ആവേശമാണ്. അത് സ്വാഭാവികമായും രാഷ്ട്രീയബോധമായി വളര്‍ന്നു.

പിന്നെ എപ്പോഴാണ് സജീവമായി രാഷ്ട്രീയത്തിലിറങ്ങുന്നത്? വീട്ടുകാരുടെ മനോഭാവം എന്തായിരുന്നു?

വൈപ്പിനില്‍ നടന്ന നക്‌സലൈറ്റ് യോഗങ്ങളിലും സമരങ്ങളിലുമൊക്കെ പങ്കെടുത്തിരുന്നു. പിന്നീട് സി.ആര്‍.സി, സി.പി.ഐ.എം.എല്ലിന്റെ അഖിലേന്ത്യാനേതാവും 'മാസ്‌ലൈന്‍' ഇംഗ്ലീഷ് മാസികയുടെ പത്രാധിപരുമായ കെ. മുരളിയുമായി വിവാഹം നടക്കുന്നത്. പാര്‍ട്ടി തലത്തില്‍ ആലോചിച്ചുറപ്പിച്ച കല്യാണമായിരുന്നു. വൈപ്പിന്‍സമര സമയത്തേ എനിക്ക് മുരളി അറിയാം. അതോടെ സംഘടനയില്‍ സജീവമാകുകയായിരുന്നു. പക്ഷെ, നേരെത്തെ പറഞ്ഞതുപോലെ വീട്ടുകാര്‍ക്ക് ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് സ്വീകാര്യമല്ലായിരുന്നു. രാഷട്രീയ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത് വീട്ടില്‍ വലിയ പ്രശ്‌നമായി. അമ്മ കടുത്ത രീതിയില്‍ മര്‍ദ്ദിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങുന്നത് അമ്മയും അച്ഛനും തമ്മില്‍ വഴക്കിലേക്കും മറ്റും നീങ്ങുകയും ചെയ്തു. ഞാന്‍ ഇടതുപക്ഷ പുസ്തകങ്ങള്‍ വായിക്കുന്നതിന് അടിയൊക്കെ തന്നിട്ടുണ്ട്.

സംഘടനയില്‍ സജീവമായശേഷമുളള പ്രവര്‍ത്തങ്ങള്‍?

കുറച്ചുകാലം ഞാന്‍ 'മാനുഷി'യില്‍ പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് ഞാന്‍ കെ.വി (കെ.വേണു)യുടെ വീട്ടിലായിരുന്നു താമസിച്ചത്. മണിച്ചേച്ചി (കെ. വേണുവിന്റെ ഭാര്യ) മാനുഷിയില്‍ സജീവമായിരുന്നു. അവര്‍ക്കൊപ്പം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയായിരുന്നു ആദ്യം. അന്തിക്കാട് നടന്ന ചെത്തുതൊഴിലാളിയുണിയന്‍ സമരത്തില്‍ ചെറിയ രീതിയില്‍ പങ്കെടുത്തിട്ടുണ്ട്. പിന്നീട് മുരളിക്കൊപ്പം കുറച്ചുകാലം ബോംബെയിലായിരുന്നു. ആ സമയത്ത് അന്ധേരിയിലെ ചേരികളില്‍ മഹാരാഷ്ട്രയിലെ സഖാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ സമയത്താണ് കെ.വേണു പാര്‍ട്ടി പിരിച്ചുവിടുന്നത്. അതോടെ മുരളിക്കൊപ്പം കേരളത്തിലേക്കു മടങ്ങി. ആ സമയത്ത് മുരളിയുടെ മുന്‍കൈയില്‍ കേരളാ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചിരുന്നു. പാര്‍ട്ടി പുന:സംഘടനയുടെ ചുതല മുരളിക്കായിരുന്നു. അതോടെ പൂര്‍ണസമയ പ്രവര്‍ത്തകയായി.

ഏതുഘട്ടത്തിലാണ് ആദ്യമായി അറസ്റ്റ ചെയ്യപ്പെടുന്നത്?

1992 ലാണ്. കൊച്ചി എണ്ണ ശുദ്ധീകരണശാലയിലെ കാന്റിനീല്‍ സംവരണം ആവശ്യപ്പെട്ട ദലിതുകളെ അവിടെയുളള ബ്രാഹ്മണവിഭാഗത്തില്‍പെട്ട അധികാരി ജാതിവിളിച്ചാക്ഷേപിച്ചിരുന്നു. ഞങ്ങള്‍ റിഫൈനറി ഉപരോധിച്ചു. സാമ്രാജ്യത്വവും ബ്രാഹ്മണ്യവും തൊഴിലാളിവര്‍ഗത്തിന്റെ ഇരട്ടശത്രുക്കള്‍ എന്നതാണ് നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് സമരം സംഘടിപ്പിച്ചത്. കൈക്കുഞ്ഞായ മോനുണ്ട് എന്റൊപ്പം. അന്ന് അറസ്റ്റ് ചെയ്ത് കരിമുകള്‍ പോലീസ് സ്‌റ്റേഷന്‍ ലോക്കപ്പിലടച്ചു. രാത്രി വൃത്തികെട്ട വെറും നിലത്ത് കിടന്നുറങ്ങി. റിമാന്‍ഡ് ചെയ്യുകയൊക്കെ ചെയ്തു.


സ്ത്രീവാദം, മാനുഷി, വിപ്ലവം

സ്ത്രീ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് രണ്ടുപതിറ്റാണ്ടായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സ്ത്രീകളുടെ സാമൂഹ്യ അവസ്ഥയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഇക്കാലയളവില്‍ സംഭവിച്ചിട്ടുണ്ടോ?

സ്ത്രീകള്‍ ചില ചുവടുകള്‍ വച്ചുവെന്ന് പറയാം. പക്ഷെ ശരിയായ അര്‍ത്ഥത്തില്‍ സ്ത്രീ മുന്നേറ്റം നടന്നിട്ടില്ല. സ്ത്രീകളുടെ സമൂഹ്യപദവിയില്‍ മാറ്റങ്ങളുണ്ടായിട്ടില്ല. കടന്നാക്രമണങ്ങളില്‍ 33 ശതമാനം പോയിട്ട് 3 ശതമാനം പോലും കുറവുവന്നിട്ടില്ല. മാത്രമല്ല വര്‍ധിക്കുകയുമാണ്. സാമ്രാജ്യത്വ ഇടപെടല്‍ ശക്തമാകുന്നതോടൊപ്പം ജാതി, മതം, വര്‍ഗീയത എന്നിവയുടെ സ്വാധീനവും ശക്തമാകുന്നുണ്ട്. സ്ത്രീകളെ പര്‍ദയ്ക്കുളളിലും മറ്റും കൂടുതലായി അടച്ചിടുന്ന അവസ്ഥയാണ് 90 കള്‍ക്കുശേഷം കൂടുതലായി കണ്ടുവരുന്നത്. പുരോഗമനാശയങ്ങള്‍ക്കുണ്ടാകുന്ന തിരിച്ചടിയും സ്ത്രീകളെയും ബാധിക്കുന്നു. ടൂറിസം വ്യവസായത്തിന്റെ ഇരകളായി സ്ത്രീകള്‍ കൂടുതലായി മാറുകയാണ്.


സ്ത്രീകള്‍ പക്ഷെ വിവിധ മേഖലകളില്‍ കൂടുതലായി കഴിവു പ്രകടിപ്പിക്കുന്നുണ്ട്?

സ്ത്രീകള്‍ ചില ചുവടുകള്‍ വച്ചിട്ടുണ്ടെന്ന് വാസ്തവാണ്. അത് ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ, സമൂഹത്തിന്റെ സര്‍വമേഖലയിലും സ്ത്രീയുടെ സാമൂഹ്യപദവി മെച്ചപ്പെട്ടിട്ടില്ല. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്നത് പഴയ മുദ്രാവാക്യമാണ്. അരങ്ങത്ത് തുല്യതയുടെ അടിസ്ഥാനത്തില്‍ പുരുഷനുമായി സമത്വം സാധ്യമാകണം. അത് നടന്നിട്ടില്ല. ഇനി ഒരു വാദത്തിന് അരങ്ങ് പങ്കുവച്ചു എന്നു സമ്മതിച്ചാല്‍ തന്നെ അടുക്കള ഒരര്‍ത്ഥത്തിലും പങ്കുവച്ചിട്ടില്ലല്ലോ. പിന്നെയെങ്ങനെയാണ് സമത്വത്തെപ്പറ്റി പറയുക. സ്ത്രീകള്‍ മുന്നോട്ട് വച്ച ചുവടുകള്‍ പോലും സാമ്രാജ്യത്വ ചൂഷണം മുറുകുന്നതോടെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ്‌സ്ത്രീകളും ദരിദ്രരരുമാണ് സാമ്രാജ്യത്വത്തിന്റെ മുഖ്യ ഇരകള്‍. പിന്നോട്ടാണ് സമൂഹത്തിന്റെ പോക്ക്.


എന്താണ് വിപ്ലവ സ്ത്രീവാദി പ്രസ്ഥാനത്തിന്റെ നിലപാട്?


സ്ത്രീ പ്രശ്‌നമെന്നത് കേവലം ലിംഗവ്യത്യാസത്തിലധിഷ്ഠിതമായ വിഷയമല്ല. ഒരു വര്‍ഗ പ്രശ്‌നം തന്നെയാണ്. സ്ത്രീമോചനം സാമൂഹ്യവിപ്ലവത്തിന്റെ അഭേദ്യഭാഗമാണ്. വര്‍ഗസമരത്തിലൂടെ മാത്രമേ അത് പരിഹരിക്കാന്‍ കഴിയൂ. അധികാരം കയ്യാളുന്നത് സ്ത്രീയോ പുരുഷനോ എന്നതല്ല, ഈ അധികാരികള്‍ വഹിക്കുന്ന 'വര്‍ഗമുദ'യാണ് പ്രധാന പ്രശ്‌നം. മാര്‍ക്‌സിയന്‍ തൊഴിലാളിവര്‍ഗ ആശയശാസ്ത്രത്തിന്റെ പ്രയോഗത്തിലൂടെ മാത്രമേ യഥാര്‍ത്ഥ സ്ത്രീവിമോചനം സാധ്യമാകൂ എന്നാണ് ഞങ്ങളുടെ നിലപാട്. വീട്ടുജോലികളുടെ ചങ്ങലക്കെട്ടില്‍ നിന്നും സ്ത്രീകളെ മോചിപ്പിക്കുകയും സാമൂഹ്യ ഉല്‍പാദനത്തില്‍ സ്ത്രീകളെ വന്‍തോതില്‍ പങ്കാളികളാക്കുകയും വേണം.അതിനുവേണ്ടത് നിലവിലുളള വ്യവസ്ഥിതിയെ തകര്‍ക്കാനുളള വിപ്ലവം വേണം. സ്ത്രീകളുടെ രോഷത്തെ വിപ്ലവത്തിന്റെ മഹദ് ശക്തിയായി കെട്ടഴിച്ചു വിടണം. മാര്‍ക്‌സിസം -ലെനിനിസം-മാവോയിസത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കണം. മാവോയിസത്താല്‍ കരുത്താര്‍ജിച്ച ജനകീയയുദ്ധത്തിലൂടെ മാത്രമേ ചൂഷിതര്‍ക്ക് രാഷ്ട്രീയാധികാരം കയ്യടക്കാന്‍ കഴിയൂ. സാമ്രാജ്യത്വം, ജാതി- ജന്മിത്വം, ദല്ലാള്‍ ഉദ്യോഗസ്ഥമേധാവിത്ത ബൂര്‍ഷ്വാസി എന്നിവയുടെ ആധിപത്യം തകര്‍ക്കുന്ന പുത്തന്‍ജനാധിപത്യ വിപ്ലവത്തിലൂടെയേ മൗലികമായ സാമൂഹ്യ പരിവര്‍ത്തനം സാധ്യമാകൂ- ഇതാണ് ഞങ്ങളുടെ നിലപാട്.


നിലവിലുളള സ്ത്രീസംഘടനകളെ എങ്ങനെയാണ് കാണുന്നത്? അവയില്‍ നിന്ന് നിങ്ങളെങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

സ്ത്രീ സംഘടനകള്‍ പലതരത്തിലുണ്ട്. ഒരു കൂട്ടര്‍ കരുതുന്നത്
ജോലിയിലും കൂലിയിലും വിദ്യാഭ്യാസത്തിലും സ്വത്തിലും നിയമപരമായ തുല്യത നല്‍കുന്നതിലൂടെ സ്വാതന്ത്ര്യം സാധ്യമാകുമെന്നാണ്. കുടുംബവ്യവസ്ഥ, ലൈംഗിക അടിച്ചമര്‍ത്തല്‍ എന്നിവയിലും സ്ത്രീ പ്രശ്‌നത്തിന്റെ വേരുകള്‍ കണ്ടെത്തുന്നു. പക്ഷെ ഞങ്ങള്‍ പറയുന്നത് സാമ്രാജ്യത്വ, ദല്ലാള്‍ മുതലാളിത്ത, ജാതിജന്മിത്ത, പുരുഷാധിപത്യത്തിലൂടെ നടന്നുവരുന്ന ചൂഷണം, അടിച്ചമര്‍ത്തല്‍ എന്നിവയില്‍ നിന്നുളള മോചനമാണ്.
രാഷ്ട്രീയാധികാരം ഉള്‍പ്പടെ സമൂഹത്തിന്റെ സര്‍വമണ്ഡലങ്ങളിലും പുരുഷന്‍മാര്‍ക്കൊപ്പം തുല്യനിലയില്‍ പങ്കാളിയാകാന്‍ കഴിയുന്ന വിധം സ്ത്രീകളെ രാഷ്ട്രീയമായി പ്രാപ്തമാക്കാനുളള സമരം. മറ്റൊരു കൂട്ടര്‍ സ്ത്രീ പ്രശ്‌നത്തെ സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് നിലപാടിനെ നിരാകരിക്കുന്നു. അവര്‍ പരിഷ്‌കരണവാദികളാണ്. വര്‍ഗവിശകലനത്തിലധിഷ്ഠിതമായ മാര്‍ക്‌സിസ്റ്റ് സമീപനം സ്ത്രീപ്രശ്‌നത്തിന്റെ സവിശേഷത അവഗണിക്കുന്നു എന്നാണവര്‍ പറയുന്നത്. സ്ത്രീപ്രശ്‌നത്തിന് വര്‍ഗേതരതലമുണ്ടെന്നും പറയുന്നു. വര്‍ഗവിഭജിത സമൂഹത്തില്‍ വര്‍ഗകാഴചപ്പാടില്ലാതെ ഒരു സാമൂഹ്യപ്രശ്‌നവും വിശകലനം ചെയ്യാനോ പരിഹരിക്കാനോ കഴിയില്ല.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോലുളള ചില സംഘടനകളാകട്ടെ നിലവിലുളള വ്യവസ്ഥിയുടെ നടത്തിപ്പുകാരാണ്. സ്ത്രീകളെ വോട്ടുബാങ്കുകളാക്കി മാറ്റാന്‍, അവരെ മെരുങ്ങിയ ഉപകരണങ്ങളാക്കി നിലനിര്‍ത്തുന്ന പിന്തിരിപ്പന്‍ ദൗത്യമാണ് പൊതുവില്‍ നിറവേറ്റുന്നത്. മാര്‍ക്‌സിസത്തിന്റെ വിപ്ലവ അന്തസത്ത ചോര്‍ത്തിക്കളഞ്ഞ് ഇവര്‍ സ്ത്രീകളുടെ വിപ്ലവ ഊര്‍ജത്തിന് കടിഞ്ഞാണിടുന്നു.
ഇതിനെല്ലാം പുറത്ത് സാമ്രാജ്യത്വ ഫണ്ടുവാങ്ങി അതിന്റെ നയങ്ങളുടെ നടത്തിപ്പുകാരായി സ്ത്രീകളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സന്നദ്ധത സംഘടനകളുണ്ട്. അവയാണ് എണ്ണത്തില്‍ കൂടുതല്‍. സാമ്രാജ്യത്വ നയങ്ങളുടെ ഭാഗമായി തന്നെ സര്‍ക്കാരിന്റെ മുന്‍കൈയില്‍ രൂപംകൊണ്ട കുടുംബശ്രീ അയല്‍ക്കൂട്ടം പോലുളള സംഘടനകളുണ്ട്. പരസ്പര സഹായത്തോടെ കൂട്ടായ തൊഴിലുകളിലേര്‍പ്പെട്ട് ചെറിയ സംഖ്യങ്ങള്‍ സാമ്പാദിച്ച് സ്വാശ്രിതരായി ദരിദ്രസ്ത്രീകള്‍ക്ക് ജീവിത ഭദ്രത നേടാന്‍ കഴിയുമെന്ന വ്യാമോഹം സൃഷ്ടിക്കാനാണ് ഇവരെല്ലാം പണിയെടുക്കുന്നത്. ജീവിത ഭദ്രത അസാധ്യമാക്കുന്ന ചൂഷണത്തിന്റെയും ആധിപത്യത്തിന്റെയും യഥാര്‍ത്ഥ ബന്ധങ്ങളെ ഇവര്‍ മറച്ചുവയ്ക്കുന്നു. ചില്ലറ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി വിമോചനത്തിന്റെ വിപ്ലവപാതയില്‍ നിന്ന് സ്ത്രീകളെ അകറ്റാനാണ് ഇവരുടെ ശ്രമം. ഇതൊക്കെ തുറന്നുകാട്ടി സ്ത്രീകളെ വിപ്ലവപാതയില്‍ അണിനിരത്താനാണ് ഞങ്ങളുടെ ശ്രമം.


സ്ത്രീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ നടത്തിയ സമരങ്ങളുടെ പൊതു സ്വഭാവമെന്താണ്?

സ്ത്രീ മര്‍ദകരെ കടന്നാക്രമിക്കുക എന്നതാണ് ഞങ്ങളുടെ മുഖ്യ സമര നിലപാട്. സ്ത്രീകളെ, ദളിതരെ, ദരിദ്രരെ ആക്രമിച്ചാല്‍ പകയാണ് തീര്‍പ്പ് എന്നതും നിലപാടാണ്. ഇതനുസരിച്ച് സ്ത്രീമര്‍ദകരെ കടന്നാക്രമിക്കുന്ന നിരവധി സമരങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. 2004 ഡിസംബറില്‍ കാവാലത്ത്, 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയും ദലിതുമായ സ്‌കൂളില്‍ വച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരായ അധ്യാപകനെ പരസ്യമായി ജനകീയ വിചാരണ ചെയ്ത് ശിക്ഷിച്ചിരുന്നു. വയനാട്ടിലെ മുട്ടില്‍ പീക്ക് എസ്‌റ്റേറ്റില്‍ ആദിവാസി സ്ത്രീയെ കൂട്ടബലാല്‍സംഗം ചെയ്ത എസ്‌റ്റേറ്റ് മേസ്തിരയെ ശിക്ഷിക്കുന്ന സംഭവത്തില്‍ ആദിവാസി സമരസംഘത്തിനൊപ്പം ചേര്‍ന്നു. പാലക്കാടും വയനാട്ടിലും മറ്റ് സ്ത്രീമര്‍ദകരെ ആക്രമിക്കുന്നതില്‍ സ്ത്രീവാദി പ്രസ്ഥാനം മുന്നിലുണ്ടായിരുന്നു. മാനന്തവാടിയില്‍ സണ്ണിയെന്ന ബ്ലേഡ് ഉടമയെ വിചാരണചെയ്തു ശിക്ഷിക്കുന്നതില്‍ സഹകരിച്ചിരുന്നു. നൈനാം കോണത്തെ കുടിയൊപ്പിക്കലിനെതിരെ, സാമ്രാജ്യത്വത്തിനെതിരെ നടന്ന ജിം വിരുദ്ധ സമരങ്ങളിലൊക്കെ സജീവമാണ് സംഘടന. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിക്കെതിരെ ആദ്യം സമരം തുടങ്ങുന്നത് ഞങ്ങളുടെ ഔദ്യോഗിക വക്താവും സംസ്ഥാന നേതാവുമായ ജി. ഹേമയുടെ നേതൃത്വത്തിലാണ്. പക്ഷെ ഞങ്ങളുടേത് ഇപ്പോഴും ഒരു ചെറിയ സംഘടനയാണ്. 2001 മാര്‍ച്ച് 8 ന്റെ വനിതാ ദിനത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വച്ചാണ് വിപ്ലവ സ്ത്രീവാദി പ്രസ്ഥാനം രൂപീകരിച്ചത്. സംഘടന വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

മുന്‍കാലത്ത് നക്‌സലൈറ്റ് പ്രസ്ഥാനത്തോട് അടുത്തുനിന്ന മാനുഷി സ്ത്രീ സംഘടനയെ എങ്ങനെ കാണുന്നു?

കേരളത്തില്‍ സ്ത്രീ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നത് മാനുഷിയും അവരുടെ ഇടപെടലുകളുമാണ്. പക്ഷെ അതൊരു പെറ്റി ബൂര്‍ഷ്വാ സ്ത്രീ സംഘടനയായിരുന്നു.അതില്‍ സജീവമായി പ്രവര്‍ത്തിച്ചവരെല്ലാം കോളജധ്യാപകര്‍, വിദ്യാര്‍ത്ഥിനികള്‍, ഇടത്തരം വര്‍ഗാടിത്തറയുളളവര്‍ തുടങ്ങിയവരായിരുന്നു. ഈ വര്‍ഗാടിത്തറയില്‍ സംഘടിപ്പിക്കപ്പെട്ട ആ വര്‍ഗത്തിന്റേതായ ചാഞ്ചാട്ടങ്ങളും നിലപാടില്ലായ്മയും ഉണ്ടായിരുന്നു. കേവലം പ്രചരണത്തിന് ഊന്നലായിരുന്നു മുഖ്യമായി നല്‍കിയത്. അതിന് ശരിയായ മുദ്രാവാക്യങ്ങള്‍ പോലും ഉയര്‍ത്താനായില്ല. സ്ത്രീപക്ഷത്ത് നിന്ന് ശരിയായ സമരങ്ങളും ഏറ്റെടുക്കാനായില്ല. പറഞ്ഞതിനര്‍ത്ഥം മാനുഷി തീര്‍ത്തും തളളിക്കളയേണ്ടതും നിഷേധാത്മകവുമാണെന്നല്ല. മാനുഷിയുടെ ഗുണകരമായ വശങ്ങള്‍ സ്ത്രീവാദി പ്രസ്ഥാനവും സ്വാംശീകരിക്കേണ്ടതുണ്ട്. മാനുഷിക്ക് ഒരിക്കലും ദലിതര്‍, ആദിവാസികള്‍ എന്നിവരുടെ വര്‍ഗാടിത്തറ സാധ്യമാക്കാനായില്ല. ദരിദ്ര, ഭൂരഹിത, കര്‍ഷക വര്‍ഗങ്ങളില്‍ പെടുന്നവരാണ് സ്ത്രീവാദി പ്രസ്ഥാനത്തിന്റെ മുഖ്യശക്തി. ആദിവാസി സ്ത്രീകളുടെ പങ്ക് ഞങ്ങള്‍ക്ക് സംഘടനയുടെ രൂപീകരണഘട്ടത്തിലേ ഉണ്ട്. പീഡനം നേരിട്ട സ്ത്രീകളെ സംരക്ഷിക്കുന്ന ഒരു തലമേ മാനുഷിക്ക് ഉണ്ടായിരുന്നുളളൂ. സ്ത്രീ സംരക്ഷണം സ്ത്രീ സ്വാതന്ത്ര്യവും രണ്ടാണ്. മാത്രമല്ല മാനുഷി അതിന്റെ വര്‍ഗാടിത്തറയെ ഭേദിക്കാനോ അണുകുടുംബ സദാചാരത്തെ ചോദ്യം ചെയ്യാനോ തയ്യാറായിട്ടില്ല.

വ്യക്തിപരമായി നിങ്ങള്‍ക്ക് എത്രമാത്രം പുരോഗമന ആശയങ്ങളെ ജീവിതത്തില്‍ പുലര്‍ത്താനായിട്ടുണ്ട്. കുടുംബഘടനയെ പൊളിക്കാന്‍ സാധിച്ചിട്ടുണ്ടോ?

മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനം ഏറ്റെടുക്കുന്നത് തന്നെ ജീവിതത്തില്‍ പുരോഗമന ആശയങ്ങളെ പകര്‍ത്തുക എന്ന ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗം കൂടിയായാണ്. കുടുംബഘടനയില്‍ നിന്നു പുറത്തുവരാനൊക്കെ കഴിഞ്ഞിട്ടുണ്ട്. മുമ്പ് മുരളി തന്റെ സ്വത്തൊക്കെ വിറ്റ് പാര്‍ട്ടിക്ക് നല്‍കുമ്പോഴും അടുത്തിടെ മാണിക്കുട്ടി ( ജെന്നി പിന്നീട് സഖാവും സഹപ്രവര്‍ത്തകനുമായ മാനുവല്‍ എന്ന മാണിക്കുട്ടിയെ വിവാഹം കഴിച്ചു) തന്റെ ജോലി ഉപേക്ഷിച്ച് സ്വത്ത് പാര്‍ട്ടിക്കുനല്‍കുമ്പോഴും അതിനൊപ്പമായിരുന്നു ഞാന്‍. അവരോട് അതാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അത്തരം കാര്യങ്ങളിലൊക്കെ കുടുംബ ഘടനയെയും സ്വകാര്യസ്വത്ത് മോഹങ്ങളെയൊക്കെ അതിജീവിക്കാനായി എന്നാണ് ഞാന്‍ സ്വയം കരുതുന്നത്. പക്ഷെ അതില്‍ കൂടുതലായി മുന്നേറേണ്ടതുണ്ട്.


മാനുഷി നിര്‍ജീവമാകുന്നതിനു മുമ്പ് ഉന്നയിച്ച ഒരു മുഖ്യവിമര്‍ശനം പാര്‍ട്ടിക്കെതിരെയായിരുന്നു. പാര്‍ട്ടിയുടെ തന്നെ പുരുഷാധിപത്യ പ്രവണതകള്‍ക്ക എതിരെ. ഇപ്പോള്‍ പാര്‍ട്ടിയുടെ പുരുഷാധിപത്യം സംഘടനയ്ക്ക് നേരെ ഇല്ലേ?

ഉണ്ട്. തീര്‍ച്ചയായും. പുരുഷാധിപത്യപ്രവണതകള്‍ ഇല്ലെന്നൊക്കെ വെറുതെ പറഞ്ഞാല്‍ അതൊരു ശുദ്ധനുണയാവും. എന്തൊക്കെയായാലും ഈ സമൂഹത്തിന്റെ ചില ജീര്‍ണതകള്‍ പാര്‍ട്ടിയിലും ചില അളവിലെങ്കിലുമുണ്ടാകുമല്ലോ. അതിനെതിരെ ബോധപൂര്‍വമായ സമരങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. അവര്‍ അത് തിരിച്ചറിയുന്നുണ്ട്. തിരുത്തുന്നുണ്ട്. പറഞ്ഞുവരുന്നത് സി.പി.എം എം.എല്‍. (നക്‌സല്‍ബാരി) പുരുഷാധിപത്യ പാര്‍ട്ടിയാണെന്നല്ല. ഇന്ന് നിലവിലുളള ഏത് സംഘടനയേക്കാളും പാര്‍ട്ടിയേക്കാളും കുറഞ്ഞ അളവിലേ ഈ സംഘടനയില്‍ അത്തരം അംശങ്ങളുളളൂ. പുരുഷാധിപത്യ പ്രവണതകള്‍ ചൂണ്ടിക്കാണ്ടിയാല്‍ അത് തിരുത്താനും പാര്‍ട്ടി തയാറാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ വിപ്ലവസ്ത്രീവാദി പ്രസ്ഥാനം രൂപീകരിച്ചശേഷം നടന്ന പ്രകടനത്തില്‍ സ്ത്രീമുദ്രാവാക്യങ്ങള്‍ ചൊല്ലി കുറച്ചു പുരുഷസഖാക്കളും ഞങ്ങള്‍ക്കൊപ്പം അണനിരന്നിരുന്നു. 'ഞങ്ങള്‍ സ്ത്രീകള്‍' എന്ന മുദ്രാവാക്യം ആള്‍ക്കൂട്ടത്തിനുമുന്നില്‍ മുഴക്കുന്നതിന് അവര്‍ മടിക്കാതിരിക്കുമ്പോള്‍ അതിനര്‍ത്ഥം അവര്‍ അത്രയേറെ സ്ത്രീപക്ഷവാദികളും സ്ത്രീവല്‍ക്കരിക്കപ്പെടുകയും ചെയ്തുവെന്നാണ്. പക്ഷെ അതുപോരാ. പുരുഷാധിപത്യപ്രണവതകളെ പൂര്‍ണമായും ഇല്ലാതാക്കണം. ഇക്കാര്യത്തില്‍ നേപ്പാളിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ പാര്‍വ്വതി (ഹിസില യാമി) നടത്തിയ സമരങ്ങളും അവരെഴുതിയ ലേഖനങ്ങളുമാണ് ഞങ്ങള്‍ മാതൃകയാക്കുന്നത്.


പോലീസ്, ഭരണകൂടം, അടിച്ചമര്‍ത്തല്‍

പ്രസിദ്ധീകരിച്ചു കണ്ട ചില ഫോട്ടോകളില്‍ നിങ്ങള്‍ പോലീസുമായി ഏറ്റുമുട്ടുകയോ അതിനുശ്രമിക്കുന്നതോ ആയിട്ടാണ് കാണുന്നത്?

സമരത്തിലേര്‍പ്പെടുമ്പോഴും അല്ലാത്തപ്പോഴും രാഷ്ട്രീയപ്രവര്‍ത്തകരോടും സ്ത്രീകളോടുമുളള പോലീസിന്റെ സമീപനം തീര്‍ത്തും മോശമാണ്. എറണാകുളത്ത് എക്‌സപ്രസ് ഹൈവേയ്‌ക്കെതിരെ ഞങ്ങള്‍ സമരം നടത്തിയപ്പോള്‍ ഞാനുള്‍പ്പടെയുളള സ്ത്രീകളെ അറസ്റ്റ് ചെയ്തത് പുരുഷപോലീസ് കൈക്കും മുടിക്കും പിടിച്ച് ബലമായിട്ടാണ്. അന്ന് നോര്‍ത്ത് സി.ഐ.യുടെ നേതൃത്വത്തില്‍ പുരുഷ പോലീസുകാര്‍ സ്ത്രീകളെ അധിക്ഷേപിക്കുകയായിരുന്നു.
അത് ചോദ്യം ചെയ്യാതിരിക്കാനാവില്ല. ഞങ്ങള്‍ക്ക് നേരെ പോലീസ് നടത്തുന്ന ബലപ്രയോഗം നടക്കുന്നതുകണ്ട് മാധ്യമപ്രവര്‍ത്തകര്‍വരെ ഇടപെട്ടു. സ്‌റ്റേഷനില്‍ വച്ചും കയ്യേറ്റംചെയ്യാന്‍ ശ്രമം നടന്നു. ഞങ്ങള്‍ ഒരുമിച്ച് ചെറുത്തു. പ്ലാച്ചിമടയില്‍ സമരം തുടങ്ങിയ ആദ്യമാസങ്ങളില്‍ ഞങ്ങള്‍ സത്യഗ്രഹം നടത്തുമ്പോള്‍ പോലീസ് ശക്തമായാണ് അതിനുനേരെ അടിച്ചമര്‍ത്തല്‍ നടത്തിയത്. അന്ന് ഒരു വനിതാസഖാവിന്റെ സാരിയില്‍ പിടിച്ചുവലിക്കുകയും അവരുടെ കമ്മല്‍ അടക്കം കാതുപറിഞ്ഞുപോരുന്ന അവസ്ഥയുണ്ടായി. കൂടെയുളള ഞങ്ങള്‍ക്ക് അത് കണ്ടുനില്‍ക്കാനാവില്ലല്ലോ. അത് എതിര്‍ത്തപ്പോള്‍ പുരുഷപോലീസ് ഞങ്ങള്‍ക്കെതിരെ നടത്തിയത് ഭീകരമായ മര്‍ദനമായിരുന്നു. നൈനാംകോണത്ത് പോലീസ് നടത്തിയ സ്ത്രീമര്‍ദനത്തെപ്പറ്റി പൊതുസമൂഹം അറിഞ്ഞ മട്ടുകാണിച്ചിട്ടില്ല. അവിടെ പോസ്റ്റര്‍ ഒട്ടിച്ചു മടങ്ങിയ സ്ത്രീകളടക്കമുളളവര്‍ക്കുനേരെ 20 മിനിറ്റാണ് പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തത്. ശാരദ എന്ന സ്ത്രീയുടെ കൈ ലാത്തികൊണ്ടടിച്ച് ഒടിച്ചു. അവരുടെ അടിവയറ്റില്‍ ചവിട്ടി. ഞാനുള്‍പ്പടെയുളളവരെ ലാത്തികൊണ്ട് കുത്തിവീഴ്ത്തിയാണ് അടിച്ചത്. അവിടെ ഒരു ദിവസം രാത്രി കോളനിയില്‍ നിന്ന് സ്ത്രീകളുള്‍പ്പടെയുളളവരെ അറസ്റ്റ് ചെയ്യാന്‍ നോക്കി. പിന്നീട് കോളനിയില്‍ ശേഷിച്ച പുരുഷന്‍മാരെയും സ്ത്രീകളെയും വീട്ടില്‍ നിന്ന് വലിച്ചിഴച്ച് റോഡിലിട്ട് മര്‍ദിച്ചു. മനുഷ്യാവകാശ ലംഘനം പോലീസ് നടത്തുമ്പോള്‍ അത് ചോദ്യംചെയ്യാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല.


നെനാംകോണത്തെ ഭൂസമരത്തില്‍ നിങ്ങളുടെ പങ്ക് എന്താണ്? സമരം വിജയമായിരുന്നോ?

കല്ലമ്പലത്തിനടുത്തുളള നാവായിക്കോണം പഞ്ചായത്തിലെ നൈനാംകോണം ദലിതര്‍ ഭൂരിപക്ഷമുളള ദലിത് കോളനിയാണ്. തലമുറകളായിട്ട് കുറുവ, പാണ, വേട സമുദായത്തില്‍പെട്ടവരാണ് ഇവിടെ താമസിക്കുന്നത്. തിരുവനന്തപുരം മുന്‍സിപ്പല്‍ കൗണ്‍സിലംഗവും സി.ഐ.ടി.യു.നേതാവുമായ ഒരാള്‍ കളളരേഖയുടെ പിന്‍ബലത്തില്‍ ഈ ദലിതരുടെ കുടിലകള്‍ കയ്യടക്കി. പോലീസിന്റെ സംരക്ഷണത്തില്‍ 20 വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ഇവര്‍ തെരുവിലിറക്കപ്പെട്ടു. ആ ഘട്ടത്തില്‍ ആരും അവര്‍ക്കുവേണ്ടി ശബ്ദിക്കാനുണ്ടായില്ല. അപ്പോഴാണ് വിപ്ലവസ്ത്രീവാദി പ്രസ്ഥാനം അവിടെ ചെല്ലുന്നത്. ഞാനവിടെ തങ്ങാന്‍ തീരുമാനിച്ചു. ആളുകളെ സംഘടിപ്പിച്ചത് മുഖ്യമായി എന്റെകൂടി പങ്കാളിത്തത്തിലാണ്. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് സമരം ചെയ്യുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. അതോടെ പോലീസ് ഭീകരവാഴ്ചയായി. സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ തടയാന്‍ നോക്കിയെങ്കിലും ഞങ്ങളതു പരാജയപ്പെടുത്തി. പിന്നീട് അവര്‍ ഭീകരമായി എല്ലാവരെയും മര്‍ദിക്കുകയായിരുന്നു. ഭൂമിക്കുവേണ്ടിയുളള സമരത്തിനുനേരെ ഗ്രനേഡും ടിയര്‍ഗ്യാസുമൊക്കെ ഉപയോഗിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന നൂറില്‍ താഴെയുളളവര്‍ക്കുനേരെയായിരുന്ന മര്‍ദനം എന്ന് ഓര്‍ക്കണം. എന്നെയും സഖാക്കളെയും അറസ്റ്റ് ചെയ്യാനുളള ശ്രമം കുടിയിറക്കപ്പെട്ടവര്‍ തടഞ്ഞു. ആ കോളനിയില്‍ 300 വീടുകള്‍ ഉണ്ട്. സമരത്തിനവസാനം പട്ടയം നല്‍കാനും കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കാനും തീരുമാനമായി. പക്ഷെ ഭൂനിയമത്തിലുളള പുതിയ ഭേദഗതികള്‍ ഇവിടെയുളളവര്‍ക്ക് ഭൂമി നഷ്ടപ്പെടാനിടയാക്കും. ആദ്യഘട്ട സമരം വിജയമായിരുന്നു. പക്ഷേ മണ്ണില്‍പണിയെടുക്കുന്നവര്‍ക്ക് ഭൂമി ലഭ്യമാക്കാനും ഉളള ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെടാതിരിക്കാനും സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കേണ്ടതുണ്ട്.


നിങ്ങളുടെ പേരില്‍ എങ്ങനെയാണ് ഇത്രയേറെ കേസുകള്‍ ചാര്‍ജുചെയ്യപ്പെട്ടത്? കേസുകളെയും കോടതിയെയും നിങ്ങളെങ്ങനെ കാണുന്നു?

ഈ കേസുകളെല്ലാം കെട്ടിച്ചമച്ചതാണ്. നൈനാംകോണത്തെ ഭൂസമരത്തില്‍ ഏര്‍പ്പെട്ടതിന് എന്റെ പേരില്‍ പോലീസിനെ വധിക്കാന്‍ ശ്രമിച്ചുവെന്നുള്‍പ്പടെ മൂന്നുകേസുകളാണ് ചാര്‍ജ് ചെയ്തത്. അവിടെ ഭീകരത മുഴുവന്‍ നടപ്പാക്കിയത് പോലീസാണ്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുവെന്നതിന്റെ പേരിലാണ് ഒന്നുരണ്ടു കേസുകള്‍. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്നതുപോലെ ബഹിഷ്‌കരിക്കാന്‍ പറയുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതെങ്ങനെ ക്രിമിനല്‍ കുറ്റമാകും. പ്ലാച്ചിമടയില്‍ സമരത്തിന്റെ ആദ്യഘട്ടത്തില്‍ ധര്‍ണ നടത്തിയതിനുനേരെ പോലീസ് ലാത്തിചാര്‍ജ് ചെയ്തു. എന്നിട്ട് പോലീസിനെ ആക്രമിച്ചുവെന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. കൊച്ചിയില്‍ ആഗോള മുതല്‍മുടക്കുമേള (ജിം)ക്കെതിരെ പ്രതിഷേധിച്ചന് മൂന്നിലേറെ കേസുകള്‍ വേറെ. കലൂരില്‍ സര്‍ക്കാര്‍ എഴുനിലകെട്ടിടത്തിനുമേല്‍ ഉയര്‍ത്തിയ കൂറ്റന്‍ ഹോള്‍ഡിംഗ്‌സ് ടാര്‍ അടിച്ചുവെന്നതാണ് കേസ്. പക്ഷെ എനിക്കെതിരെയുളള കേസുകളില്‍ ഞാന്‍ വലിയ വിലകല്‍പ്പിക്കുന്നില്ല. ശിക്ഷിക്കുന്നുവെങ്കില്‍ ശിക്ഷിക്കട്ടെ. വിപ്ലവ സ്ത്രീവാദി പ്രസ്ഥനത്തിന്റെ സെക്രട്ടറി ശാരദയ്‌ക്കെതിരെയും ഏതാണ്ട് പത്തിനടുത്ത് കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. വല്‍സല, ബിന്ദു തുടങ്ങിയ ഏതാണ്ട് എല്ലാ പ്രവര്‍ത്തകര്‍ക്കുമേലും നിരവധി കേസുകള്‍ ഉണ്ട്. സ്ത്രീകള്‍ക്കുനേരെ മാത്രമല്ല, അനീതിക്കെതിരെ ആരു പ്രതികരിച്ചാലും അവര്‍ക്കെതിരെയൊക്കെ കളളക്കേസുകള്‍ പടച്ചുവിടുകയാണ് ഭരണകൂടം.

ജിമ്മിനെതിരെ വിപ്ലവസ്ത്രീവാദി പ്രസ്ഥാനം നടത്തിയ സമരം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. എങ്ങനെയാണ് നിങ്ങള്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ തിരിച്ചുപോക്കിനെ വൈകിച്ചത്?

ജിമ്മിനോടനുബന്ധിച്ച് വ്യാപകമായ പോലീസ് വിന്യാസം നടത്തിയിരുന്നു. ഔദ്യോഗിക വക്താവ് ജി.ഹേമയുള്‍പ്പടെയുളളവരെ മുന്‍കരുതല്‍ തടവിലാക്കി. ഞങ്ങളെ തിരഞ്ഞെങ്കിലും പിടികൊടുക്കാതെ ഒഴിഞ്ഞുമാറി. കേരളം വിദേശികള്‍ക്ക് തീറെഴുതുന്നതിനെതിരെയുളള എല്ലാ പ്രതിഷേധവും പോലീസ് അടിച്ചമര്‍ത്തുന്നതുകണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ശക്തമായ രീതിയല്‍ ഇടപെടണമെന്നു തോന്നി. ഞങ്ങളഞ്ചുപേര്‍ അവശായ രോഗിണിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നവിധത്തില്‍ ഒരു വാടകക്കാര്‍ വിളിച്ചു. എന്നെയും രണ്ടു സഖാക്കളെയും ജിമ്മിന്റെ പരസ്യബോര്‍ഡുകള്‍ ടാറടിച്ചതിന് പോലീസ് തെരയുന്നുണ്ട്. ഞങ്ങള്‍ ബി.ഒ.ടി. പാലത്തിന്റെ മധ്യത്തിലെത്തിയപ്പോള്‍ ചാടിയിറങ്ങി, വലിയ ബാനര്‍ റോഡിനു കുറുകെ പിടിച്ചു നിന്നു. മൊത്തം ഗതാഗതം സ്തംഭിച്ചു. പോലീസിന് തടസം മറികടന്നെത്താന്‍ ഒരു മണിക്കൂര്‍ എടുത്തു. വാജ്‌പേയിയുടെ തിരിച്ചുപോക്കു മുക്കാല്‍ മണിക്കൂറോളം വൈകി. ഞങ്ങളിങ്ങനെ പ്രതിഷേധിക്കുമെന്ന് പോലീസും ഭരണകൂടവും ഒരിക്കലും പ്രതീക്ഷിച്ചില്ല, ആ കേസില്‍ നാലുദിവസം റിമാന്‍ഡില്‍ കഴിയേണ്ടി വന്നു. പക്ഷെ പ്രതിഷേധത്തെ കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തിക്കാനായി.


എന്താണ് നിങ്ങള്‍ ജയിലുകളില്‍ കണ്ടത്?

ജയില്‍ ഭീകരമായ കാഴ്ചയാണ്. എറണാകുളം, പാലക്കാട്, തിരുവനന്തപുരം ജയിലുകളിലാണ് ഞാന്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുളളത്. ഇതില്‍ എറണാകുളം സബ്ജയിലില്‍ ഏറ്റവും മോശവും വൃത്തികെട്ടതുമായ അവസ്ഥയിലാണ്. നമ്മള്‍ പതിറ്റാണ്ടുകള്‍ പിന്നിലാണെന്നു തോന്നും. അകത്തുളളവര്‍ മനുഷ്യരാണെന്നുപോലും പരിഗണന പോലുമില്ല. മലമൂത്ര വിസര്‍ജനത്തിനുപോലും സൗകര്യമില്ല. ഇവിടുത്തെ തടവുകാരാകട്ടെ മുഴുവന്‍ ദരിദ്രരും ജീവിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് ചെറിയ കുറ്റങ്ങള്‍ ചെയ്തവരുമാണ്. ഒരു കുപ്പിമദ്യം മേടിച്ച് പലര്‍ക്കായി അല്‍പം തുകകൂട്ടി വിറ്റതിനാണ് ചിലര്‍ ജയിലില്‍ എത്തപ്പെട്ടത്. ജീവിക്കാന്‍ മറ്റെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ ഞങ്ങളീപ്പണി ചെയ്യില്ലെന്നാണവര്‍ പറഞ്ഞത്. പിന്നെ കണ്ട ഒരു കൂട്ടര്‍ ലൈംഗികവും മറ്റുമായ പീഡനത്തിനെതിരെ കടുത്തരീതിയില്‍ പ്രതികരിച്ചവരാണ്. മെച്ചപ്പെട്ട സാമ്പത്തിക ശേഷിയുളള ആരെയും ഞാനവിടെ കണ്ടില്ല. എല്ലാവരും നിസാരകുറ്റങ്ങള്‍ ചെയ്തവര്‍. ദലിതരും ദരിദ്രരുമാണ് ഭൂരിപക്ഷവും. രസമെന്താണെന്നുവച്ചാല്‍ കല്ലമ്പലം പോലീസ് സ്‌റ്റേഷന്‍ ലോക്കപ്പില്‍ ഒരു രാത്രി ഞങ്ങള്‍ക്ക് കിടക്കേണ്ടിവന്നു. അവിടെ കൃഷ്ണവിഗ്രഹവും മറ്റും വച്ച് പോലീസുകാര്‍ പ്രാര്‍ത്ഥനയും പൂജയുമൊക്കെ നടത്തുന്നുണ്ട്. സ്ത്രീകളുടെ അടിവയറ്റില്‍ തൊഴിച്ചതും കൈയടിച്ചു ഒടിച്ചതും മുടിക്കുകുത്തിപ്പിടിച്ചതും വീടുകള്‍ തകര്‍ത്തതുമൊക്കെ അല്‍പം മുമ്പ് ഇതേ പോലീസുകാര്‍ തന്നെയാണ്. ഇതെല്ലാം ചെയ്തശേഷം പൂജയും! തിരുവനന്തപുരം ജയിലിലെ വാര്‍ഡനാകട്ടെ സായിബാവ ഭക്തയാണ്. അവര്‍ വൈകിട്ട് തടവുകാരെയൊക്കെ വിളിച്ചിരുത്തി ഭജനയും പ്രാര്‍ത്ഥനയുമാണ്. ഇത് ഞങ്ങള്‍ അവിടെ തങ്ങിയ കുറച്ചു ദിവസംകൊണ്ട് അവസാനിപ്പിച്ചിരുന്നു. തിരുവനന്തപുരം ജയിലില്‍ ഞാന്‍ എത്തുന്നത് ശരിക്കും പോലീസിന്റെ അടിയേറ്റശേഷമാണ്. ശരീരികസ്ഥിതി മോശമായ അവസ്ഥയില്‍. അവര്‍ ആശുപത്രിയിലൊന്നും കൊണ്ടുപോയില്ല. അവിടെയെത്തിയപ്പോള്‍ തളര്‍ന്നുവീണു. ചലനശേഷി നഷ്ടമായി, സംസാരിക്കാന്‍ പറ്റാതായി. കണ്ണുതുറക്കുമ്പോള്‍ മെഡിക്കല്‍ കോളജിലാണ്. ജയില്‍വാര്‍ഡന്‍മാര്‍ തന്നെയാണ് ആംബുലന്‍സില്‍കൊണ്ടുവന്നത്. 13 ദിവസം ചികില്‍സകഴിഞ്ഞപ്പോഴാണ് പഴയ അവസ്ഥയിലേക്ക് കുറച്ചെങ്കിലും എത്തിയത്. 28 ദിവസമായിരുന്നു അന്ന് ജയിലില്‍ കിടന്നത്. ആ ദിവസങ്ങളില്‍ ഞങ്ങള്‍ ജയിലിലെ മോശം അവസ്ഥയ്‌ക്കെതിരെ സമരം സംഘടിപ്പിക്കാനുളള ശ്രമത്തിലായിരുന്നു.


അടുത്തിടെ ഷൈന എന്ന സ്ത്രീ, ഭരണകൂടം തുടര്‍ച്ചയായി പീഡിപ്പിക്കുന്നതിനാല്‍ പൂര്‍ണ മാവോയിസ്റ്റ് പ്രവര്‍ത്തകയായി ഒളിവില്‍ പോകുന്നതായി കാണിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഒളിവില്‍ പോവേണ്ടതായ സാഹചര്യം യഥാര്‍ത്ഥത്തില്‍ ഉണ്ടോ?

ഉണ്ട്. അത് ഭരണകൂടം ബോധപൂര്‍വം സൃഷ്ടിക്കുന്നതാണ്. പരസ്യപ്രവര്‍ത്തനം സാധ്യമാക്കാത്ത വിധത്തില്‍ ഭരണകൂടം നിരന്തരം വേട്ടയാടുമ്പോള്‍ പിന്നെ എന്തുചെയ്യും? ഷൈനയുടെ സംഭവം തന്നെ നോക്കുക. അങ്കമാലിയില്‍ നിന്ന് ഒരു മാവോയിസ്റ്റ് നേതാവിനെ പിടികൂടുന്നതോടെയാണ് പ്രശ്‌നം മുഴുവന്‍ തുടങ്ങുന്നത്. പോലീസിന് തങ്ങളുടെ വീഴ്ച മറച്ചുവയ്ക്കണം. അതിന് അവര്‍ പരസ്യമായി കൊച്ചിയില്‍ തന്നെ നിന്നിരുന്ന ഗോവിന്ദന്‍കുട്ടിയെ ഭീകരവാദിയാക്കി അറസ്റ്റ് ചെയ്യുന്നു. സ്ത്രീകളെ അര്‍ദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി കുട്ടികള്‍ക്കൊപ്പം അറസ്റ്റ് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ രഹസ്യ പ്രവര്‍ത്തനമേ സാധ്യമാകൂ. കേരളത്തില്‍ ആരെങ്കിലും ജനങ്ങള്‍ക്കുവേണ്ടി സംസാരിച്ചാല്‍ അവര്‍ക്കെതിരെ സകലരീതിയിലും ഭരണകൂടം ആക്രമണം അഴിച്ചുവിടും. ജാനു ഉള്‍പ്പടെയുളളവരുടെ കാര്യം നോക്കിയാല്‍ ഇത് മനസിലാകും.

രാഷ്ട്രീയ മുന്നേറ്റം എന്ന നിലയില്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന് മുന്നേറാനായിട്ടിലല്ലോ?

ശരിയാണ്. നക്‌സൈലറ്റ് പ്രസ്ഥാനം ഇപ്പോഴും കേരളത്തില്‍ ദുര്‍ബലമാണ്. പാര്‍ട്ടി പിരിച്ചുവിട്ടതിനുശേഷമുളള പുന:സംഘടനയൊക്കെ ശരിയായ അര്‍ത്ഥത്തില്‍ മുന്നേറുന്നതേയുളളൂ. ഈ പരിമിതകളിലും ആദിവാസിപ്രശ്‌നം ഉള്‍പ്പടെയുളള സമരങ്ങള്‍ പാലക്കാട് കളക്ടറെ ബന്ദിയാക്കിയതുള്‍പ്പടെയുളള ഇടപെടലുകളിൂടെ ജനങ്ങളിലെത്തിക്കാന്‍ പ്രസ്ഥാനത്തിനാകുന്നുണ്ട്. ജനകീയ ചെറുത്തുനില്‍പ്പുകള്‍ വിവിധ മേഖലകളില്‍ നടക്കുണ്ട്്. സാമ്രാജ്യത്വ മര്‍ദനം മുറുകിയതോടെ ചെറുപ്പക്കാര്‍ കൂടുതല്‍ കൂടുലായി പ്രസ്ഥാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി, തൊഴില്‍മേഖല, സ്ത്രീ- ദലിത്-ആദിവാസി മേഖലകള്‍, എന്നിവിടങ്ങളിലൊക്കെ പുതിയ ഉണര്‍വുകള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടിസ്ഥാന വര്‍ഗ/ജാതി വിഭാഗങ്ങളുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.
ജീവിതം വഴിമുട്ടിയവര്‍ക്ക് പോരാടുകയമല്ലാതെ നിവര്‍ത്തിയില്ല. അതിനാല്‍ തന്നെ വിപ്ലവത്തിനു ബദലില്ല.



Mathrubhumi weekly
2009