Monday, September 6, 2010

അരങ്ങ് പങ്കുവച്ചിട്ടില്ല; അടുക്കള ഒട്ടുമേയില്ല

അഭിമുഖം
വി.സി.ജെന്നി/ബിജുരാജ്



ഓരങ്ങളില്‍ നടക്കുന്നതെന്തെന്ന് അധികമാരും അറിഞ്ഞുകൊളളണമെന്നില്ല. ഓരങ്ങള്‍ മധ്യത്തെ വളയം ചെയ്യാന്‍ തുടങ്ങുന്നതുവരെ ചിലപ്പോഴൊക്കെ അങ്ങനെതന്നെ തുടരും. എന്നാല്‍ സമൂഹത്തിന്റെ അരികുകളില്‍ ശ്രദ്ധേയമായ സ്ത്രീ ഇടപെടലുകളും ചെറുത്തുനില്‍പ്പും നടക്കുന്നുണ്ട്. 'വിപ്ലവസ്ത്രീവാദി പ്രസ്ഥാനം' എന്ന സ്ത്രീസംഘടന നടത്തുന്ന സമരങ്ങള്‍ക്ക് നമ്മള്‍ കണ്ണും കാതും കൊടുക്കാത്തതിന് മറ്റു ചില കാരണങ്ങളുണ്ടാകാം. പക്ഷെ അവര്‍ സ്ത്രീമര്‍ദ്ദകരെ കടന്നാക്രമിക്കുന്നുണ്ട്; ഭൂമിക്കുവേണ്ടി പോരാടുന്നുണ്ട്; സാമ്രാജ്യത്വത്തെ പ്രതിരോധിക്കുന്നുണ്ട്; വിപ്ലവത്തിനുവേണ്ടി ജീവിക്കുന്നുണ്ട്. നിലവിലുളള സ്ത്രീസംഘടനകളില്‍ നിന്നും സ്ത്രീവാദികളില്‍ നിന്നും വ്യത്യസ്തമാണ് ഇവരുടെ നിലപാടുകള്‍.
''പുരുഷന്‍മാര്‍ അരങ്ങ് സ്ത്രീകള്‍ക്കായി ഒരിക്കലും സമഭാവനയില്‍ പങ്കുവച്ചിട്ടില്ല; ഇനി വാദത്തിന് അതു സമ്മതിക്കാമെന്നുവച്ചാല്‍ തന്നെ അടുക്കള പങ്കുവച്ചിട്ടേയില്ലെന്ന് 'വിപ്ലവസ്ത്രീവാദി പ്രസ്ഥാനത്തിന്റെ നേതാവായ വി.സി.ജെന്നി പറയുന്നു. ''ആകാശത്തിന്‍ പാതി താങ്ങി നിര്‍ത്തുന്ന സ്ത്രീകള്‍ക്ക് ഭൂമി തുല്യമായി അവകാശപ്പെട്ടതാണ്''
20 വര്‍ഷമായി നക്‌സലൈറ്റ് പ്രസ്ഥാനത്തോടൊപ്പം സജീവമാണ് ജെന്നി. നാലുവര്‍ഷങ്ങള്‍ക്കുളളില്‍ മാത്രം ഇവര്‍ക്കുമേല്‍ വന്‍തോതില്‍ പോലീസ് അടിച്ചമര്‍ത്തലുകള്‍ നടന്നിട്ടുണ്ട്- 10 കേസുകള്‍, മൂന്ന് ജയിലുകള്‍, 40 ലേറെ ദിവസം തടവ്, രണ്ട് ലോക്കപ്പുകള്‍, ശരീരം തളരുകയും സംസാരശേഷി കുറച്ചുകാലത്തേക്കെങ്കിലും നഷ്ടപ്പെടുന്ന വിധത്തില്‍ പുരുഷപോലീസിന്റെ മൂന്ന് മര്‍ദനങ്ങള്‍, നിരന്തരമായ ചോദ്യംചെയ്യലുകള്‍, സ്വകാര്യത അനുവദിക്കാത്തവിധത്തില്‍ ഭരണകൂട നിരീക്ഷണങ്ങള്‍. സമീപകാലത്ത്, വ്യവസ്ഥാപിത സംഘടനകള്‍ക്കു പുറത്ത് (ഒരു പക്ഷേ അവയുമായി നോക്കുമ്പോഴും) ജെന്നിയെപ്പോലെ കേസുകളും തടവും അനുഭവിച്ച/ക്കുന്ന സ്ത്രീകള്‍ കേരളത്തില്‍ വേറെയുണ്ടാവില്ല.
സ്ത്രീപ്രശ്‌നത്തെപ്പറ്റി, തങ്ങളുടെ സമരങ്ങളെപ്പറ്റി ജെന്നി സംസാരിക്കുന്നു. കൊച്ചിയില്‍, ഡോ. ബിനായക് സെന്‍ ജയില്‍മോചന കണ്‍വെന്‍ഷന്‍ വേദിയില്‍ വച്ചായിരുന്നു ഈ സംഭാഷണം.


സ്വയം എങ്ങനെയാണ് നിങ്ങള്‍ വിശേഷിപ്പിക്കുക? ആക്റ്റിവിസ്റ്റ് എന്നോ നക്‌സലൈറ്റ് അല്ലെങ്കില്‍ മാവോയിസ്റ്റ് എന്നോ?

ഞാന്‍ വിപ്ലവ സ്ത്രീവാദി പ്രസ്ഥാനം എന്ന സംഘടനയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകയാണ്. ഒരു സ്ത്രീപക്ഷ പ്രവര്‍ത്തകയെന്ന് വിളിക്കപ്പെടാനാണ് എനിക്കിഷ്ടം. ഞാനൊരു കമ്യൂണിസ്റ്റാണ്. നക്‌സല്‍ബാരിയുടെ പാരമ്പര്യത്തെ ഉള്‍ക്കൊളളുന്നുണ്ട്. മാര്‍ക്‌സിസം-ലെനിനിസം-മാവോയിസമാണ് ഞങ്ങളുടെ സൈദ്ധാന്തിക അടിത്തറ. സ്വയം വിശേഷണങ്ങള്‍ക്ക് അര്‍ത്ഥമില്ല. ഭരണകൂടം ഞങ്ങളെ ജനങ്ങളില്‍ നിന്ന് അകറ്റാന്‍ വേണ്ടി ഭീകരവാദിയാണെന്നാണ് മുദ്രകുത്തുന്നത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുമെങ്കില്‍ ഭീകരവാദിയെന്ന വിശേഷണം സ്വീകരിക്കാനും തയ്യാര്‍.

നമുക്ക് പിന്നില്‍ നിന്നു തന്നെ വരാം. മകള്‍ക്ക് ജെന്നിയെന്ന പേരിടാന്‍ തക്ക വിധത്തില്‍ കമ്യൂണിസ്റ്റ് ബോധമുളള കുടുംബ പശ്ചാത്തലമാണോ ഉണ്ടായിരുന്നത്?

അതെ. എന്നാല്‍ അല്ല എന്നും പറയേണ്ടിവരും. അച്ഛന്‍ ഒരു കര്‍ഷകത്തൊഴിലാളിയായിരുന്നു.കൂലിപ്പണി. ദലിത് കുടുംബമാണ് ഞങ്ങളുടേത്. അച്ഛന്‍ കമ്യൂണിസ്റ്റ് ഒക്കെയാണ്. എന്നാല്‍ വലിയ രാഷ്ട്രീയബോധമൊന്നും ഇല്ല. അമ്മയ്ക്ക് ഒട്ടുമില്ല. അവര്‍ക്ക് ഞാന്‍ രാഷ്ട്രീയവുമായി നടക്കുന്നത് ഒട്ടും ഇഷ്ടമായിരുന്നില്ല. പുസ്തകം വായിക്കുന്നതിനൊക്കെ അടിയായിരുന്നു കിട്ടിയിരുന്നത്. ഏതെങ്കിലും സമരത്തിന്റെ അടുത്തേക്ക് പോയി നോക്കിയെന്നറിഞ്ഞാല്‍ വീട്ടില്‍ അടിയും ബഹളവുമായിരുന്നു.

പക്ഷെ നക്‌സലൈറ്റ് പ്രസ്ഥാനത്തോട് അടുക്കുന്നതെങ്ങനെയാണ്?

വൈപ്പിന്‍ മദ്യദുരന്ത കാലത്താണ് നക്‌സലൈറ്റ് പ്രസ്ഥാനവുമായി കുറേയൊക്കെ അടുക്കുന്നത്. ഞാന്‍ എട്ടില്‍ പഠിക്കുമ്പോഴാണ് അത്. ആ സമയത്ത് ആവിഷകാരസ്വാതന്ത്ര്യത്തിനുവേണ്ടിയുളള സമരമൊക്കെ നടക്കുന്നുണ്ട്. വൈപ്പിനില്‍ അന്ന് നക്‌സലൈറ്റുകള്‍ കേന്ദ്രീകരിച്ചിരുന്നു. മദ്യദുരന്തത്തിലെ പ്രതികളിലൊരാളായ കൊച്ചഗസ്തിയുടെ പാടം ജനങ്ങളോട് കൊയ്യാന്‍ നക്‌സലൈറ്റുകള്‍ ആഹ്വാനം ചെയ്തിരുന്നു. ഈ സമയത്ത് കേരളത്തിലെ ഏല്ലാ നക്‌സലൈറ്റുനേതാക്കളും വൈപ്പിനും നായരമ്പലത്തുമൊക്കെയായി എത്തിയിരുന്നു. സോമശേഖരന്‍, രാമചന്ദ്രന്‍, ജയകുമാര്‍, കെ.മുരളി തുടങ്ങി ഒരു മാതിരിപ്പെട്ട എല്ലാവരും. അന്ന് ഞങ്ങള്‍, വിദ്യാര്‍ത്ഥികള്‍ കൊച്ചഗസ്തിയുടെ പാടത്തേക്ക് മാര്‍ച്ച് ചെയ്യുകയൊക്കെ ചെയ്തു. അങ്ങനെയാണ് പ്രസ്ഥാനവുമായി അടുക്കുന്നത്. ആ സമയത്ത് പൊതുവില്‍ നക്‌സലൈറ്റുകളോട് ആരാധനയൊക്കെയുണ്ട്. മേരി ടെയ്‌ലറുടെ 'ഇന്ത്യന്‍ തടവറയില്‍ അഞ്ചുവര്‍ഷങ്ങളും', അജിതയുടെ 'ഓര്‍മക്കുറിപ്പു'കളുമൊക്കെ വായിച്ച ആവേശമാണ്. അത് സ്വാഭാവികമായും രാഷ്ട്രീയബോധമായി വളര്‍ന്നു.

പിന്നെ എപ്പോഴാണ് സജീവമായി രാഷ്ട്രീയത്തിലിറങ്ങുന്നത്? വീട്ടുകാരുടെ മനോഭാവം എന്തായിരുന്നു?

വൈപ്പിനില്‍ നടന്ന നക്‌സലൈറ്റ് യോഗങ്ങളിലും സമരങ്ങളിലുമൊക്കെ പങ്കെടുത്തിരുന്നു. പിന്നീട് സി.ആര്‍.സി, സി.പി.ഐ.എം.എല്ലിന്റെ അഖിലേന്ത്യാനേതാവും 'മാസ്‌ലൈന്‍' ഇംഗ്ലീഷ് മാസികയുടെ പത്രാധിപരുമായ കെ. മുരളിയുമായി വിവാഹം നടക്കുന്നത്. പാര്‍ട്ടി തലത്തില്‍ ആലോചിച്ചുറപ്പിച്ച കല്യാണമായിരുന്നു. വൈപ്പിന്‍സമര സമയത്തേ എനിക്ക് മുരളി അറിയാം. അതോടെ സംഘടനയില്‍ സജീവമാകുകയായിരുന്നു. പക്ഷെ, നേരെത്തെ പറഞ്ഞതുപോലെ വീട്ടുകാര്‍ക്ക് ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് സ്വീകാര്യമല്ലായിരുന്നു. രാഷട്രീയ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത് വീട്ടില്‍ വലിയ പ്രശ്‌നമായി. അമ്മ കടുത്ത രീതിയില്‍ മര്‍ദ്ദിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങുന്നത് അമ്മയും അച്ഛനും തമ്മില്‍ വഴക്കിലേക്കും മറ്റും നീങ്ങുകയും ചെയ്തു. ഞാന്‍ ഇടതുപക്ഷ പുസ്തകങ്ങള്‍ വായിക്കുന്നതിന് അടിയൊക്കെ തന്നിട്ടുണ്ട്.

സംഘടനയില്‍ സജീവമായശേഷമുളള പ്രവര്‍ത്തങ്ങള്‍?

കുറച്ചുകാലം ഞാന്‍ 'മാനുഷി'യില്‍ പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് ഞാന്‍ കെ.വി (കെ.വേണു)യുടെ വീട്ടിലായിരുന്നു താമസിച്ചത്. മണിച്ചേച്ചി (കെ. വേണുവിന്റെ ഭാര്യ) മാനുഷിയില്‍ സജീവമായിരുന്നു. അവര്‍ക്കൊപ്പം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയായിരുന്നു ആദ്യം. അന്തിക്കാട് നടന്ന ചെത്തുതൊഴിലാളിയുണിയന്‍ സമരത്തില്‍ ചെറിയ രീതിയില്‍ പങ്കെടുത്തിട്ടുണ്ട്. പിന്നീട് മുരളിക്കൊപ്പം കുറച്ചുകാലം ബോംബെയിലായിരുന്നു. ആ സമയത്ത് അന്ധേരിയിലെ ചേരികളില്‍ മഹാരാഷ്ട്രയിലെ സഖാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ സമയത്താണ് കെ.വേണു പാര്‍ട്ടി പിരിച്ചുവിടുന്നത്. അതോടെ മുരളിക്കൊപ്പം കേരളത്തിലേക്കു മടങ്ങി. ആ സമയത്ത് മുരളിയുടെ മുന്‍കൈയില്‍ കേരളാ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചിരുന്നു. പാര്‍ട്ടി പുന:സംഘടനയുടെ ചുതല മുരളിക്കായിരുന്നു. അതോടെ പൂര്‍ണസമയ പ്രവര്‍ത്തകയായി.

ഏതുഘട്ടത്തിലാണ് ആദ്യമായി അറസ്റ്റ ചെയ്യപ്പെടുന്നത്?

1992 ലാണ്. കൊച്ചി എണ്ണ ശുദ്ധീകരണശാലയിലെ കാന്റിനീല്‍ സംവരണം ആവശ്യപ്പെട്ട ദലിതുകളെ അവിടെയുളള ബ്രാഹ്മണവിഭാഗത്തില്‍പെട്ട അധികാരി ജാതിവിളിച്ചാക്ഷേപിച്ചിരുന്നു. ഞങ്ങള്‍ റിഫൈനറി ഉപരോധിച്ചു. സാമ്രാജ്യത്വവും ബ്രാഹ്മണ്യവും തൊഴിലാളിവര്‍ഗത്തിന്റെ ഇരട്ടശത്രുക്കള്‍ എന്നതാണ് നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് സമരം സംഘടിപ്പിച്ചത്. കൈക്കുഞ്ഞായ മോനുണ്ട് എന്റൊപ്പം. അന്ന് അറസ്റ്റ് ചെയ്ത് കരിമുകള്‍ പോലീസ് സ്‌റ്റേഷന്‍ ലോക്കപ്പിലടച്ചു. രാത്രി വൃത്തികെട്ട വെറും നിലത്ത് കിടന്നുറങ്ങി. റിമാന്‍ഡ് ചെയ്യുകയൊക്കെ ചെയ്തു.


സ്ത്രീവാദം, മാനുഷി, വിപ്ലവം

സ്ത്രീ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് രണ്ടുപതിറ്റാണ്ടായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സ്ത്രീകളുടെ സാമൂഹ്യ അവസ്ഥയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഇക്കാലയളവില്‍ സംഭവിച്ചിട്ടുണ്ടോ?

സ്ത്രീകള്‍ ചില ചുവടുകള്‍ വച്ചുവെന്ന് പറയാം. പക്ഷെ ശരിയായ അര്‍ത്ഥത്തില്‍ സ്ത്രീ മുന്നേറ്റം നടന്നിട്ടില്ല. സ്ത്രീകളുടെ സമൂഹ്യപദവിയില്‍ മാറ്റങ്ങളുണ്ടായിട്ടില്ല. കടന്നാക്രമണങ്ങളില്‍ 33 ശതമാനം പോയിട്ട് 3 ശതമാനം പോലും കുറവുവന്നിട്ടില്ല. മാത്രമല്ല വര്‍ധിക്കുകയുമാണ്. സാമ്രാജ്യത്വ ഇടപെടല്‍ ശക്തമാകുന്നതോടൊപ്പം ജാതി, മതം, വര്‍ഗീയത എന്നിവയുടെ സ്വാധീനവും ശക്തമാകുന്നുണ്ട്. സ്ത്രീകളെ പര്‍ദയ്ക്കുളളിലും മറ്റും കൂടുതലായി അടച്ചിടുന്ന അവസ്ഥയാണ് 90 കള്‍ക്കുശേഷം കൂടുതലായി കണ്ടുവരുന്നത്. പുരോഗമനാശയങ്ങള്‍ക്കുണ്ടാകുന്ന തിരിച്ചടിയും സ്ത്രീകളെയും ബാധിക്കുന്നു. ടൂറിസം വ്യവസായത്തിന്റെ ഇരകളായി സ്ത്രീകള്‍ കൂടുതലായി മാറുകയാണ്.


സ്ത്രീകള്‍ പക്ഷെ വിവിധ മേഖലകളില്‍ കൂടുതലായി കഴിവു പ്രകടിപ്പിക്കുന്നുണ്ട്?

സ്ത്രീകള്‍ ചില ചുവടുകള്‍ വച്ചിട്ടുണ്ടെന്ന് വാസ്തവാണ്. അത് ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ, സമൂഹത്തിന്റെ സര്‍വമേഖലയിലും സ്ത്രീയുടെ സാമൂഹ്യപദവി മെച്ചപ്പെട്ടിട്ടില്ല. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്നത് പഴയ മുദ്രാവാക്യമാണ്. അരങ്ങത്ത് തുല്യതയുടെ അടിസ്ഥാനത്തില്‍ പുരുഷനുമായി സമത്വം സാധ്യമാകണം. അത് നടന്നിട്ടില്ല. ഇനി ഒരു വാദത്തിന് അരങ്ങ് പങ്കുവച്ചു എന്നു സമ്മതിച്ചാല്‍ തന്നെ അടുക്കള ഒരര്‍ത്ഥത്തിലും പങ്കുവച്ചിട്ടില്ലല്ലോ. പിന്നെയെങ്ങനെയാണ് സമത്വത്തെപ്പറ്റി പറയുക. സ്ത്രീകള്‍ മുന്നോട്ട് വച്ച ചുവടുകള്‍ പോലും സാമ്രാജ്യത്വ ചൂഷണം മുറുകുന്നതോടെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ്‌സ്ത്രീകളും ദരിദ്രരരുമാണ് സാമ്രാജ്യത്വത്തിന്റെ മുഖ്യ ഇരകള്‍. പിന്നോട്ടാണ് സമൂഹത്തിന്റെ പോക്ക്.


എന്താണ് വിപ്ലവ സ്ത്രീവാദി പ്രസ്ഥാനത്തിന്റെ നിലപാട്?


സ്ത്രീ പ്രശ്‌നമെന്നത് കേവലം ലിംഗവ്യത്യാസത്തിലധിഷ്ഠിതമായ വിഷയമല്ല. ഒരു വര്‍ഗ പ്രശ്‌നം തന്നെയാണ്. സ്ത്രീമോചനം സാമൂഹ്യവിപ്ലവത്തിന്റെ അഭേദ്യഭാഗമാണ്. വര്‍ഗസമരത്തിലൂടെ മാത്രമേ അത് പരിഹരിക്കാന്‍ കഴിയൂ. അധികാരം കയ്യാളുന്നത് സ്ത്രീയോ പുരുഷനോ എന്നതല്ല, ഈ അധികാരികള്‍ വഹിക്കുന്ന 'വര്‍ഗമുദ'യാണ് പ്രധാന പ്രശ്‌നം. മാര്‍ക്‌സിയന്‍ തൊഴിലാളിവര്‍ഗ ആശയശാസ്ത്രത്തിന്റെ പ്രയോഗത്തിലൂടെ മാത്രമേ യഥാര്‍ത്ഥ സ്ത്രീവിമോചനം സാധ്യമാകൂ എന്നാണ് ഞങ്ങളുടെ നിലപാട്. വീട്ടുജോലികളുടെ ചങ്ങലക്കെട്ടില്‍ നിന്നും സ്ത്രീകളെ മോചിപ്പിക്കുകയും സാമൂഹ്യ ഉല്‍പാദനത്തില്‍ സ്ത്രീകളെ വന്‍തോതില്‍ പങ്കാളികളാക്കുകയും വേണം.അതിനുവേണ്ടത് നിലവിലുളള വ്യവസ്ഥിതിയെ തകര്‍ക്കാനുളള വിപ്ലവം വേണം. സ്ത്രീകളുടെ രോഷത്തെ വിപ്ലവത്തിന്റെ മഹദ് ശക്തിയായി കെട്ടഴിച്ചു വിടണം. മാര്‍ക്‌സിസം -ലെനിനിസം-മാവോയിസത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കണം. മാവോയിസത്താല്‍ കരുത്താര്‍ജിച്ച ജനകീയയുദ്ധത്തിലൂടെ മാത്രമേ ചൂഷിതര്‍ക്ക് രാഷ്ട്രീയാധികാരം കയ്യടക്കാന്‍ കഴിയൂ. സാമ്രാജ്യത്വം, ജാതി- ജന്മിത്വം, ദല്ലാള്‍ ഉദ്യോഗസ്ഥമേധാവിത്ത ബൂര്‍ഷ്വാസി എന്നിവയുടെ ആധിപത്യം തകര്‍ക്കുന്ന പുത്തന്‍ജനാധിപത്യ വിപ്ലവത്തിലൂടെയേ മൗലികമായ സാമൂഹ്യ പരിവര്‍ത്തനം സാധ്യമാകൂ- ഇതാണ് ഞങ്ങളുടെ നിലപാട്.


നിലവിലുളള സ്ത്രീസംഘടനകളെ എങ്ങനെയാണ് കാണുന്നത്? അവയില്‍ നിന്ന് നിങ്ങളെങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

സ്ത്രീ സംഘടനകള്‍ പലതരത്തിലുണ്ട്. ഒരു കൂട്ടര്‍ കരുതുന്നത്
ജോലിയിലും കൂലിയിലും വിദ്യാഭ്യാസത്തിലും സ്വത്തിലും നിയമപരമായ തുല്യത നല്‍കുന്നതിലൂടെ സ്വാതന്ത്ര്യം സാധ്യമാകുമെന്നാണ്. കുടുംബവ്യവസ്ഥ, ലൈംഗിക അടിച്ചമര്‍ത്തല്‍ എന്നിവയിലും സ്ത്രീ പ്രശ്‌നത്തിന്റെ വേരുകള്‍ കണ്ടെത്തുന്നു. പക്ഷെ ഞങ്ങള്‍ പറയുന്നത് സാമ്രാജ്യത്വ, ദല്ലാള്‍ മുതലാളിത്ത, ജാതിജന്മിത്ത, പുരുഷാധിപത്യത്തിലൂടെ നടന്നുവരുന്ന ചൂഷണം, അടിച്ചമര്‍ത്തല്‍ എന്നിവയില്‍ നിന്നുളള മോചനമാണ്.
രാഷ്ട്രീയാധികാരം ഉള്‍പ്പടെ സമൂഹത്തിന്റെ സര്‍വമണ്ഡലങ്ങളിലും പുരുഷന്‍മാര്‍ക്കൊപ്പം തുല്യനിലയില്‍ പങ്കാളിയാകാന്‍ കഴിയുന്ന വിധം സ്ത്രീകളെ രാഷ്ട്രീയമായി പ്രാപ്തമാക്കാനുളള സമരം. മറ്റൊരു കൂട്ടര്‍ സ്ത്രീ പ്രശ്‌നത്തെ സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് നിലപാടിനെ നിരാകരിക്കുന്നു. അവര്‍ പരിഷ്‌കരണവാദികളാണ്. വര്‍ഗവിശകലനത്തിലധിഷ്ഠിതമായ മാര്‍ക്‌സിസ്റ്റ് സമീപനം സ്ത്രീപ്രശ്‌നത്തിന്റെ സവിശേഷത അവഗണിക്കുന്നു എന്നാണവര്‍ പറയുന്നത്. സ്ത്രീപ്രശ്‌നത്തിന് വര്‍ഗേതരതലമുണ്ടെന്നും പറയുന്നു. വര്‍ഗവിഭജിത സമൂഹത്തില്‍ വര്‍ഗകാഴചപ്പാടില്ലാതെ ഒരു സാമൂഹ്യപ്രശ്‌നവും വിശകലനം ചെയ്യാനോ പരിഹരിക്കാനോ കഴിയില്ല.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോലുളള ചില സംഘടനകളാകട്ടെ നിലവിലുളള വ്യവസ്ഥിയുടെ നടത്തിപ്പുകാരാണ്. സ്ത്രീകളെ വോട്ടുബാങ്കുകളാക്കി മാറ്റാന്‍, അവരെ മെരുങ്ങിയ ഉപകരണങ്ങളാക്കി നിലനിര്‍ത്തുന്ന പിന്തിരിപ്പന്‍ ദൗത്യമാണ് പൊതുവില്‍ നിറവേറ്റുന്നത്. മാര്‍ക്‌സിസത്തിന്റെ വിപ്ലവ അന്തസത്ത ചോര്‍ത്തിക്കളഞ്ഞ് ഇവര്‍ സ്ത്രീകളുടെ വിപ്ലവ ഊര്‍ജത്തിന് കടിഞ്ഞാണിടുന്നു.
ഇതിനെല്ലാം പുറത്ത് സാമ്രാജ്യത്വ ഫണ്ടുവാങ്ങി അതിന്റെ നയങ്ങളുടെ നടത്തിപ്പുകാരായി സ്ത്രീകളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സന്നദ്ധത സംഘടനകളുണ്ട്. അവയാണ് എണ്ണത്തില്‍ കൂടുതല്‍. സാമ്രാജ്യത്വ നയങ്ങളുടെ ഭാഗമായി തന്നെ സര്‍ക്കാരിന്റെ മുന്‍കൈയില്‍ രൂപംകൊണ്ട കുടുംബശ്രീ അയല്‍ക്കൂട്ടം പോലുളള സംഘടനകളുണ്ട്. പരസ്പര സഹായത്തോടെ കൂട്ടായ തൊഴിലുകളിലേര്‍പ്പെട്ട് ചെറിയ സംഖ്യങ്ങള്‍ സാമ്പാദിച്ച് സ്വാശ്രിതരായി ദരിദ്രസ്ത്രീകള്‍ക്ക് ജീവിത ഭദ്രത നേടാന്‍ കഴിയുമെന്ന വ്യാമോഹം സൃഷ്ടിക്കാനാണ് ഇവരെല്ലാം പണിയെടുക്കുന്നത്. ജീവിത ഭദ്രത അസാധ്യമാക്കുന്ന ചൂഷണത്തിന്റെയും ആധിപത്യത്തിന്റെയും യഥാര്‍ത്ഥ ബന്ധങ്ങളെ ഇവര്‍ മറച്ചുവയ്ക്കുന്നു. ചില്ലറ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി വിമോചനത്തിന്റെ വിപ്ലവപാതയില്‍ നിന്ന് സ്ത്രീകളെ അകറ്റാനാണ് ഇവരുടെ ശ്രമം. ഇതൊക്കെ തുറന്നുകാട്ടി സ്ത്രീകളെ വിപ്ലവപാതയില്‍ അണിനിരത്താനാണ് ഞങ്ങളുടെ ശ്രമം.


സ്ത്രീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ നടത്തിയ സമരങ്ങളുടെ പൊതു സ്വഭാവമെന്താണ്?

സ്ത്രീ മര്‍ദകരെ കടന്നാക്രമിക്കുക എന്നതാണ് ഞങ്ങളുടെ മുഖ്യ സമര നിലപാട്. സ്ത്രീകളെ, ദളിതരെ, ദരിദ്രരെ ആക്രമിച്ചാല്‍ പകയാണ് തീര്‍പ്പ് എന്നതും നിലപാടാണ്. ഇതനുസരിച്ച് സ്ത്രീമര്‍ദകരെ കടന്നാക്രമിക്കുന്ന നിരവധി സമരങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. 2004 ഡിസംബറില്‍ കാവാലത്ത്, 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയും ദലിതുമായ സ്‌കൂളില്‍ വച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരായ അധ്യാപകനെ പരസ്യമായി ജനകീയ വിചാരണ ചെയ്ത് ശിക്ഷിച്ചിരുന്നു. വയനാട്ടിലെ മുട്ടില്‍ പീക്ക് എസ്‌റ്റേറ്റില്‍ ആദിവാസി സ്ത്രീയെ കൂട്ടബലാല്‍സംഗം ചെയ്ത എസ്‌റ്റേറ്റ് മേസ്തിരയെ ശിക്ഷിക്കുന്ന സംഭവത്തില്‍ ആദിവാസി സമരസംഘത്തിനൊപ്പം ചേര്‍ന്നു. പാലക്കാടും വയനാട്ടിലും മറ്റ് സ്ത്രീമര്‍ദകരെ ആക്രമിക്കുന്നതില്‍ സ്ത്രീവാദി പ്രസ്ഥാനം മുന്നിലുണ്ടായിരുന്നു. മാനന്തവാടിയില്‍ സണ്ണിയെന്ന ബ്ലേഡ് ഉടമയെ വിചാരണചെയ്തു ശിക്ഷിക്കുന്നതില്‍ സഹകരിച്ചിരുന്നു. നൈനാം കോണത്തെ കുടിയൊപ്പിക്കലിനെതിരെ, സാമ്രാജ്യത്വത്തിനെതിരെ നടന്ന ജിം വിരുദ്ധ സമരങ്ങളിലൊക്കെ സജീവമാണ് സംഘടന. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിക്കെതിരെ ആദ്യം സമരം തുടങ്ങുന്നത് ഞങ്ങളുടെ ഔദ്യോഗിക വക്താവും സംസ്ഥാന നേതാവുമായ ജി. ഹേമയുടെ നേതൃത്വത്തിലാണ്. പക്ഷെ ഞങ്ങളുടേത് ഇപ്പോഴും ഒരു ചെറിയ സംഘടനയാണ്. 2001 മാര്‍ച്ച് 8 ന്റെ വനിതാ ദിനത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വച്ചാണ് വിപ്ലവ സ്ത്രീവാദി പ്രസ്ഥാനം രൂപീകരിച്ചത്. സംഘടന വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

മുന്‍കാലത്ത് നക്‌സലൈറ്റ് പ്രസ്ഥാനത്തോട് അടുത്തുനിന്ന മാനുഷി സ്ത്രീ സംഘടനയെ എങ്ങനെ കാണുന്നു?

കേരളത്തില്‍ സ്ത്രീ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നത് മാനുഷിയും അവരുടെ ഇടപെടലുകളുമാണ്. പക്ഷെ അതൊരു പെറ്റി ബൂര്‍ഷ്വാ സ്ത്രീ സംഘടനയായിരുന്നു.അതില്‍ സജീവമായി പ്രവര്‍ത്തിച്ചവരെല്ലാം കോളജധ്യാപകര്‍, വിദ്യാര്‍ത്ഥിനികള്‍, ഇടത്തരം വര്‍ഗാടിത്തറയുളളവര്‍ തുടങ്ങിയവരായിരുന്നു. ഈ വര്‍ഗാടിത്തറയില്‍ സംഘടിപ്പിക്കപ്പെട്ട ആ വര്‍ഗത്തിന്റേതായ ചാഞ്ചാട്ടങ്ങളും നിലപാടില്ലായ്മയും ഉണ്ടായിരുന്നു. കേവലം പ്രചരണത്തിന് ഊന്നലായിരുന്നു മുഖ്യമായി നല്‍കിയത്. അതിന് ശരിയായ മുദ്രാവാക്യങ്ങള്‍ പോലും ഉയര്‍ത്താനായില്ല. സ്ത്രീപക്ഷത്ത് നിന്ന് ശരിയായ സമരങ്ങളും ഏറ്റെടുക്കാനായില്ല. പറഞ്ഞതിനര്‍ത്ഥം മാനുഷി തീര്‍ത്തും തളളിക്കളയേണ്ടതും നിഷേധാത്മകവുമാണെന്നല്ല. മാനുഷിയുടെ ഗുണകരമായ വശങ്ങള്‍ സ്ത്രീവാദി പ്രസ്ഥാനവും സ്വാംശീകരിക്കേണ്ടതുണ്ട്. മാനുഷിക്ക് ഒരിക്കലും ദലിതര്‍, ആദിവാസികള്‍ എന്നിവരുടെ വര്‍ഗാടിത്തറ സാധ്യമാക്കാനായില്ല. ദരിദ്ര, ഭൂരഹിത, കര്‍ഷക വര്‍ഗങ്ങളില്‍ പെടുന്നവരാണ് സ്ത്രീവാദി പ്രസ്ഥാനത്തിന്റെ മുഖ്യശക്തി. ആദിവാസി സ്ത്രീകളുടെ പങ്ക് ഞങ്ങള്‍ക്ക് സംഘടനയുടെ രൂപീകരണഘട്ടത്തിലേ ഉണ്ട്. പീഡനം നേരിട്ട സ്ത്രീകളെ സംരക്ഷിക്കുന്ന ഒരു തലമേ മാനുഷിക്ക് ഉണ്ടായിരുന്നുളളൂ. സ്ത്രീ സംരക്ഷണം സ്ത്രീ സ്വാതന്ത്ര്യവും രണ്ടാണ്. മാത്രമല്ല മാനുഷി അതിന്റെ വര്‍ഗാടിത്തറയെ ഭേദിക്കാനോ അണുകുടുംബ സദാചാരത്തെ ചോദ്യം ചെയ്യാനോ തയ്യാറായിട്ടില്ല.

വ്യക്തിപരമായി നിങ്ങള്‍ക്ക് എത്രമാത്രം പുരോഗമന ആശയങ്ങളെ ജീവിതത്തില്‍ പുലര്‍ത്താനായിട്ടുണ്ട്. കുടുംബഘടനയെ പൊളിക്കാന്‍ സാധിച്ചിട്ടുണ്ടോ?

മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനം ഏറ്റെടുക്കുന്നത് തന്നെ ജീവിതത്തില്‍ പുരോഗമന ആശയങ്ങളെ പകര്‍ത്തുക എന്ന ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗം കൂടിയായാണ്. കുടുംബഘടനയില്‍ നിന്നു പുറത്തുവരാനൊക്കെ കഴിഞ്ഞിട്ടുണ്ട്. മുമ്പ് മുരളി തന്റെ സ്വത്തൊക്കെ വിറ്റ് പാര്‍ട്ടിക്ക് നല്‍കുമ്പോഴും അടുത്തിടെ മാണിക്കുട്ടി ( ജെന്നി പിന്നീട് സഖാവും സഹപ്രവര്‍ത്തകനുമായ മാനുവല്‍ എന്ന മാണിക്കുട്ടിയെ വിവാഹം കഴിച്ചു) തന്റെ ജോലി ഉപേക്ഷിച്ച് സ്വത്ത് പാര്‍ട്ടിക്കുനല്‍കുമ്പോഴും അതിനൊപ്പമായിരുന്നു ഞാന്‍. അവരോട് അതാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അത്തരം കാര്യങ്ങളിലൊക്കെ കുടുംബ ഘടനയെയും സ്വകാര്യസ്വത്ത് മോഹങ്ങളെയൊക്കെ അതിജീവിക്കാനായി എന്നാണ് ഞാന്‍ സ്വയം കരുതുന്നത്. പക്ഷെ അതില്‍ കൂടുതലായി മുന്നേറേണ്ടതുണ്ട്.


മാനുഷി നിര്‍ജീവമാകുന്നതിനു മുമ്പ് ഉന്നയിച്ച ഒരു മുഖ്യവിമര്‍ശനം പാര്‍ട്ടിക്കെതിരെയായിരുന്നു. പാര്‍ട്ടിയുടെ തന്നെ പുരുഷാധിപത്യ പ്രവണതകള്‍ക്ക എതിരെ. ഇപ്പോള്‍ പാര്‍ട്ടിയുടെ പുരുഷാധിപത്യം സംഘടനയ്ക്ക് നേരെ ഇല്ലേ?

ഉണ്ട്. തീര്‍ച്ചയായും. പുരുഷാധിപത്യപ്രവണതകള്‍ ഇല്ലെന്നൊക്കെ വെറുതെ പറഞ്ഞാല്‍ അതൊരു ശുദ്ധനുണയാവും. എന്തൊക്കെയായാലും ഈ സമൂഹത്തിന്റെ ചില ജീര്‍ണതകള്‍ പാര്‍ട്ടിയിലും ചില അളവിലെങ്കിലുമുണ്ടാകുമല്ലോ. അതിനെതിരെ ബോധപൂര്‍വമായ സമരങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. അവര്‍ അത് തിരിച്ചറിയുന്നുണ്ട്. തിരുത്തുന്നുണ്ട്. പറഞ്ഞുവരുന്നത് സി.പി.എം എം.എല്‍. (നക്‌സല്‍ബാരി) പുരുഷാധിപത്യ പാര്‍ട്ടിയാണെന്നല്ല. ഇന്ന് നിലവിലുളള ഏത് സംഘടനയേക്കാളും പാര്‍ട്ടിയേക്കാളും കുറഞ്ഞ അളവിലേ ഈ സംഘടനയില്‍ അത്തരം അംശങ്ങളുളളൂ. പുരുഷാധിപത്യ പ്രവണതകള്‍ ചൂണ്ടിക്കാണ്ടിയാല്‍ അത് തിരുത്താനും പാര്‍ട്ടി തയാറാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ വിപ്ലവസ്ത്രീവാദി പ്രസ്ഥാനം രൂപീകരിച്ചശേഷം നടന്ന പ്രകടനത്തില്‍ സ്ത്രീമുദ്രാവാക്യങ്ങള്‍ ചൊല്ലി കുറച്ചു പുരുഷസഖാക്കളും ഞങ്ങള്‍ക്കൊപ്പം അണനിരന്നിരുന്നു. 'ഞങ്ങള്‍ സ്ത്രീകള്‍' എന്ന മുദ്രാവാക്യം ആള്‍ക്കൂട്ടത്തിനുമുന്നില്‍ മുഴക്കുന്നതിന് അവര്‍ മടിക്കാതിരിക്കുമ്പോള്‍ അതിനര്‍ത്ഥം അവര്‍ അത്രയേറെ സ്ത്രീപക്ഷവാദികളും സ്ത്രീവല്‍ക്കരിക്കപ്പെടുകയും ചെയ്തുവെന്നാണ്. പക്ഷെ അതുപോരാ. പുരുഷാധിപത്യപ്രണവതകളെ പൂര്‍ണമായും ഇല്ലാതാക്കണം. ഇക്കാര്യത്തില്‍ നേപ്പാളിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ പാര്‍വ്വതി (ഹിസില യാമി) നടത്തിയ സമരങ്ങളും അവരെഴുതിയ ലേഖനങ്ങളുമാണ് ഞങ്ങള്‍ മാതൃകയാക്കുന്നത്.


പോലീസ്, ഭരണകൂടം, അടിച്ചമര്‍ത്തല്‍

പ്രസിദ്ധീകരിച്ചു കണ്ട ചില ഫോട്ടോകളില്‍ നിങ്ങള്‍ പോലീസുമായി ഏറ്റുമുട്ടുകയോ അതിനുശ്രമിക്കുന്നതോ ആയിട്ടാണ് കാണുന്നത്?

സമരത്തിലേര്‍പ്പെടുമ്പോഴും അല്ലാത്തപ്പോഴും രാഷ്ട്രീയപ്രവര്‍ത്തകരോടും സ്ത്രീകളോടുമുളള പോലീസിന്റെ സമീപനം തീര്‍ത്തും മോശമാണ്. എറണാകുളത്ത് എക്‌സപ്രസ് ഹൈവേയ്‌ക്കെതിരെ ഞങ്ങള്‍ സമരം നടത്തിയപ്പോള്‍ ഞാനുള്‍പ്പടെയുളള സ്ത്രീകളെ അറസ്റ്റ് ചെയ്തത് പുരുഷപോലീസ് കൈക്കും മുടിക്കും പിടിച്ച് ബലമായിട്ടാണ്. അന്ന് നോര്‍ത്ത് സി.ഐ.യുടെ നേതൃത്വത്തില്‍ പുരുഷ പോലീസുകാര്‍ സ്ത്രീകളെ അധിക്ഷേപിക്കുകയായിരുന്നു.
അത് ചോദ്യം ചെയ്യാതിരിക്കാനാവില്ല. ഞങ്ങള്‍ക്ക് നേരെ പോലീസ് നടത്തുന്ന ബലപ്രയോഗം നടക്കുന്നതുകണ്ട് മാധ്യമപ്രവര്‍ത്തകര്‍വരെ ഇടപെട്ടു. സ്‌റ്റേഷനില്‍ വച്ചും കയ്യേറ്റംചെയ്യാന്‍ ശ്രമം നടന്നു. ഞങ്ങള്‍ ഒരുമിച്ച് ചെറുത്തു. പ്ലാച്ചിമടയില്‍ സമരം തുടങ്ങിയ ആദ്യമാസങ്ങളില്‍ ഞങ്ങള്‍ സത്യഗ്രഹം നടത്തുമ്പോള്‍ പോലീസ് ശക്തമായാണ് അതിനുനേരെ അടിച്ചമര്‍ത്തല്‍ നടത്തിയത്. അന്ന് ഒരു വനിതാസഖാവിന്റെ സാരിയില്‍ പിടിച്ചുവലിക്കുകയും അവരുടെ കമ്മല്‍ അടക്കം കാതുപറിഞ്ഞുപോരുന്ന അവസ്ഥയുണ്ടായി. കൂടെയുളള ഞങ്ങള്‍ക്ക് അത് കണ്ടുനില്‍ക്കാനാവില്ലല്ലോ. അത് എതിര്‍ത്തപ്പോള്‍ പുരുഷപോലീസ് ഞങ്ങള്‍ക്കെതിരെ നടത്തിയത് ഭീകരമായ മര്‍ദനമായിരുന്നു. നൈനാംകോണത്ത് പോലീസ് നടത്തിയ സ്ത്രീമര്‍ദനത്തെപ്പറ്റി പൊതുസമൂഹം അറിഞ്ഞ മട്ടുകാണിച്ചിട്ടില്ല. അവിടെ പോസ്റ്റര്‍ ഒട്ടിച്ചു മടങ്ങിയ സ്ത്രീകളടക്കമുളളവര്‍ക്കുനേരെ 20 മിനിറ്റാണ് പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തത്. ശാരദ എന്ന സ്ത്രീയുടെ കൈ ലാത്തികൊണ്ടടിച്ച് ഒടിച്ചു. അവരുടെ അടിവയറ്റില്‍ ചവിട്ടി. ഞാനുള്‍പ്പടെയുളളവരെ ലാത്തികൊണ്ട് കുത്തിവീഴ്ത്തിയാണ് അടിച്ചത്. അവിടെ ഒരു ദിവസം രാത്രി കോളനിയില്‍ നിന്ന് സ്ത്രീകളുള്‍പ്പടെയുളളവരെ അറസ്റ്റ് ചെയ്യാന്‍ നോക്കി. പിന്നീട് കോളനിയില്‍ ശേഷിച്ച പുരുഷന്‍മാരെയും സ്ത്രീകളെയും വീട്ടില്‍ നിന്ന് വലിച്ചിഴച്ച് റോഡിലിട്ട് മര്‍ദിച്ചു. മനുഷ്യാവകാശ ലംഘനം പോലീസ് നടത്തുമ്പോള്‍ അത് ചോദ്യംചെയ്യാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല.


നെനാംകോണത്തെ ഭൂസമരത്തില്‍ നിങ്ങളുടെ പങ്ക് എന്താണ്? സമരം വിജയമായിരുന്നോ?

കല്ലമ്പലത്തിനടുത്തുളള നാവായിക്കോണം പഞ്ചായത്തിലെ നൈനാംകോണം ദലിതര്‍ ഭൂരിപക്ഷമുളള ദലിത് കോളനിയാണ്. തലമുറകളായിട്ട് കുറുവ, പാണ, വേട സമുദായത്തില്‍പെട്ടവരാണ് ഇവിടെ താമസിക്കുന്നത്. തിരുവനന്തപുരം മുന്‍സിപ്പല്‍ കൗണ്‍സിലംഗവും സി.ഐ.ടി.യു.നേതാവുമായ ഒരാള്‍ കളളരേഖയുടെ പിന്‍ബലത്തില്‍ ഈ ദലിതരുടെ കുടിലകള്‍ കയ്യടക്കി. പോലീസിന്റെ സംരക്ഷണത്തില്‍ 20 വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ഇവര്‍ തെരുവിലിറക്കപ്പെട്ടു. ആ ഘട്ടത്തില്‍ ആരും അവര്‍ക്കുവേണ്ടി ശബ്ദിക്കാനുണ്ടായില്ല. അപ്പോഴാണ് വിപ്ലവസ്ത്രീവാദി പ്രസ്ഥാനം അവിടെ ചെല്ലുന്നത്. ഞാനവിടെ തങ്ങാന്‍ തീരുമാനിച്ചു. ആളുകളെ സംഘടിപ്പിച്ചത് മുഖ്യമായി എന്റെകൂടി പങ്കാളിത്തത്തിലാണ്. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് സമരം ചെയ്യുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. അതോടെ പോലീസ് ഭീകരവാഴ്ചയായി. സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ തടയാന്‍ നോക്കിയെങ്കിലും ഞങ്ങളതു പരാജയപ്പെടുത്തി. പിന്നീട് അവര്‍ ഭീകരമായി എല്ലാവരെയും മര്‍ദിക്കുകയായിരുന്നു. ഭൂമിക്കുവേണ്ടിയുളള സമരത്തിനുനേരെ ഗ്രനേഡും ടിയര്‍ഗ്യാസുമൊക്കെ ഉപയോഗിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന നൂറില്‍ താഴെയുളളവര്‍ക്കുനേരെയായിരുന്ന മര്‍ദനം എന്ന് ഓര്‍ക്കണം. എന്നെയും സഖാക്കളെയും അറസ്റ്റ് ചെയ്യാനുളള ശ്രമം കുടിയിറക്കപ്പെട്ടവര്‍ തടഞ്ഞു. ആ കോളനിയില്‍ 300 വീടുകള്‍ ഉണ്ട്. സമരത്തിനവസാനം പട്ടയം നല്‍കാനും കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കാനും തീരുമാനമായി. പക്ഷെ ഭൂനിയമത്തിലുളള പുതിയ ഭേദഗതികള്‍ ഇവിടെയുളളവര്‍ക്ക് ഭൂമി നഷ്ടപ്പെടാനിടയാക്കും. ആദ്യഘട്ട സമരം വിജയമായിരുന്നു. പക്ഷേ മണ്ണില്‍പണിയെടുക്കുന്നവര്‍ക്ക് ഭൂമി ലഭ്യമാക്കാനും ഉളള ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെടാതിരിക്കാനും സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കേണ്ടതുണ്ട്.


നിങ്ങളുടെ പേരില്‍ എങ്ങനെയാണ് ഇത്രയേറെ കേസുകള്‍ ചാര്‍ജുചെയ്യപ്പെട്ടത്? കേസുകളെയും കോടതിയെയും നിങ്ങളെങ്ങനെ കാണുന്നു?

ഈ കേസുകളെല്ലാം കെട്ടിച്ചമച്ചതാണ്. നൈനാംകോണത്തെ ഭൂസമരത്തില്‍ ഏര്‍പ്പെട്ടതിന് എന്റെ പേരില്‍ പോലീസിനെ വധിക്കാന്‍ ശ്രമിച്ചുവെന്നുള്‍പ്പടെ മൂന്നുകേസുകളാണ് ചാര്‍ജ് ചെയ്തത്. അവിടെ ഭീകരത മുഴുവന്‍ നടപ്പാക്കിയത് പോലീസാണ്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുവെന്നതിന്റെ പേരിലാണ് ഒന്നുരണ്ടു കേസുകള്‍. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്നതുപോലെ ബഹിഷ്‌കരിക്കാന്‍ പറയുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതെങ്ങനെ ക്രിമിനല്‍ കുറ്റമാകും. പ്ലാച്ചിമടയില്‍ സമരത്തിന്റെ ആദ്യഘട്ടത്തില്‍ ധര്‍ണ നടത്തിയതിനുനേരെ പോലീസ് ലാത്തിചാര്‍ജ് ചെയ്തു. എന്നിട്ട് പോലീസിനെ ആക്രമിച്ചുവെന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. കൊച്ചിയില്‍ ആഗോള മുതല്‍മുടക്കുമേള (ജിം)ക്കെതിരെ പ്രതിഷേധിച്ചന് മൂന്നിലേറെ കേസുകള്‍ വേറെ. കലൂരില്‍ സര്‍ക്കാര്‍ എഴുനിലകെട്ടിടത്തിനുമേല്‍ ഉയര്‍ത്തിയ കൂറ്റന്‍ ഹോള്‍ഡിംഗ്‌സ് ടാര്‍ അടിച്ചുവെന്നതാണ് കേസ്. പക്ഷെ എനിക്കെതിരെയുളള കേസുകളില്‍ ഞാന്‍ വലിയ വിലകല്‍പ്പിക്കുന്നില്ല. ശിക്ഷിക്കുന്നുവെങ്കില്‍ ശിക്ഷിക്കട്ടെ. വിപ്ലവ സ്ത്രീവാദി പ്രസ്ഥനത്തിന്റെ സെക്രട്ടറി ശാരദയ്‌ക്കെതിരെയും ഏതാണ്ട് പത്തിനടുത്ത് കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. വല്‍സല, ബിന്ദു തുടങ്ങിയ ഏതാണ്ട് എല്ലാ പ്രവര്‍ത്തകര്‍ക്കുമേലും നിരവധി കേസുകള്‍ ഉണ്ട്. സ്ത്രീകള്‍ക്കുനേരെ മാത്രമല്ല, അനീതിക്കെതിരെ ആരു പ്രതികരിച്ചാലും അവര്‍ക്കെതിരെയൊക്കെ കളളക്കേസുകള്‍ പടച്ചുവിടുകയാണ് ഭരണകൂടം.

ജിമ്മിനെതിരെ വിപ്ലവസ്ത്രീവാദി പ്രസ്ഥാനം നടത്തിയ സമരം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. എങ്ങനെയാണ് നിങ്ങള്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ തിരിച്ചുപോക്കിനെ വൈകിച്ചത്?

ജിമ്മിനോടനുബന്ധിച്ച് വ്യാപകമായ പോലീസ് വിന്യാസം നടത്തിയിരുന്നു. ഔദ്യോഗിക വക്താവ് ജി.ഹേമയുള്‍പ്പടെയുളളവരെ മുന്‍കരുതല്‍ തടവിലാക്കി. ഞങ്ങളെ തിരഞ്ഞെങ്കിലും പിടികൊടുക്കാതെ ഒഴിഞ്ഞുമാറി. കേരളം വിദേശികള്‍ക്ക് തീറെഴുതുന്നതിനെതിരെയുളള എല്ലാ പ്രതിഷേധവും പോലീസ് അടിച്ചമര്‍ത്തുന്നതുകണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ശക്തമായ രീതിയല്‍ ഇടപെടണമെന്നു തോന്നി. ഞങ്ങളഞ്ചുപേര്‍ അവശായ രോഗിണിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നവിധത്തില്‍ ഒരു വാടകക്കാര്‍ വിളിച്ചു. എന്നെയും രണ്ടു സഖാക്കളെയും ജിമ്മിന്റെ പരസ്യബോര്‍ഡുകള്‍ ടാറടിച്ചതിന് പോലീസ് തെരയുന്നുണ്ട്. ഞങ്ങള്‍ ബി.ഒ.ടി. പാലത്തിന്റെ മധ്യത്തിലെത്തിയപ്പോള്‍ ചാടിയിറങ്ങി, വലിയ ബാനര്‍ റോഡിനു കുറുകെ പിടിച്ചു നിന്നു. മൊത്തം ഗതാഗതം സ്തംഭിച്ചു. പോലീസിന് തടസം മറികടന്നെത്താന്‍ ഒരു മണിക്കൂര്‍ എടുത്തു. വാജ്‌പേയിയുടെ തിരിച്ചുപോക്കു മുക്കാല്‍ മണിക്കൂറോളം വൈകി. ഞങ്ങളിങ്ങനെ പ്രതിഷേധിക്കുമെന്ന് പോലീസും ഭരണകൂടവും ഒരിക്കലും പ്രതീക്ഷിച്ചില്ല, ആ കേസില്‍ നാലുദിവസം റിമാന്‍ഡില്‍ കഴിയേണ്ടി വന്നു. പക്ഷെ പ്രതിഷേധത്തെ കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തിക്കാനായി.


എന്താണ് നിങ്ങള്‍ ജയിലുകളില്‍ കണ്ടത്?

ജയില്‍ ഭീകരമായ കാഴ്ചയാണ്. എറണാകുളം, പാലക്കാട്, തിരുവനന്തപുരം ജയിലുകളിലാണ് ഞാന്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുളളത്. ഇതില്‍ എറണാകുളം സബ്ജയിലില്‍ ഏറ്റവും മോശവും വൃത്തികെട്ടതുമായ അവസ്ഥയിലാണ്. നമ്മള്‍ പതിറ്റാണ്ടുകള്‍ പിന്നിലാണെന്നു തോന്നും. അകത്തുളളവര്‍ മനുഷ്യരാണെന്നുപോലും പരിഗണന പോലുമില്ല. മലമൂത്ര വിസര്‍ജനത്തിനുപോലും സൗകര്യമില്ല. ഇവിടുത്തെ തടവുകാരാകട്ടെ മുഴുവന്‍ ദരിദ്രരും ജീവിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് ചെറിയ കുറ്റങ്ങള്‍ ചെയ്തവരുമാണ്. ഒരു കുപ്പിമദ്യം മേടിച്ച് പലര്‍ക്കായി അല്‍പം തുകകൂട്ടി വിറ്റതിനാണ് ചിലര്‍ ജയിലില്‍ എത്തപ്പെട്ടത്. ജീവിക്കാന്‍ മറ്റെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ ഞങ്ങളീപ്പണി ചെയ്യില്ലെന്നാണവര്‍ പറഞ്ഞത്. പിന്നെ കണ്ട ഒരു കൂട്ടര്‍ ലൈംഗികവും മറ്റുമായ പീഡനത്തിനെതിരെ കടുത്തരീതിയില്‍ പ്രതികരിച്ചവരാണ്. മെച്ചപ്പെട്ട സാമ്പത്തിക ശേഷിയുളള ആരെയും ഞാനവിടെ കണ്ടില്ല. എല്ലാവരും നിസാരകുറ്റങ്ങള്‍ ചെയ്തവര്‍. ദലിതരും ദരിദ്രരുമാണ് ഭൂരിപക്ഷവും. രസമെന്താണെന്നുവച്ചാല്‍ കല്ലമ്പലം പോലീസ് സ്‌റ്റേഷന്‍ ലോക്കപ്പില്‍ ഒരു രാത്രി ഞങ്ങള്‍ക്ക് കിടക്കേണ്ടിവന്നു. അവിടെ കൃഷ്ണവിഗ്രഹവും മറ്റും വച്ച് പോലീസുകാര്‍ പ്രാര്‍ത്ഥനയും പൂജയുമൊക്കെ നടത്തുന്നുണ്ട്. സ്ത്രീകളുടെ അടിവയറ്റില്‍ തൊഴിച്ചതും കൈയടിച്ചു ഒടിച്ചതും മുടിക്കുകുത്തിപ്പിടിച്ചതും വീടുകള്‍ തകര്‍ത്തതുമൊക്കെ അല്‍പം മുമ്പ് ഇതേ പോലീസുകാര്‍ തന്നെയാണ്. ഇതെല്ലാം ചെയ്തശേഷം പൂജയും! തിരുവനന്തപുരം ജയിലിലെ വാര്‍ഡനാകട്ടെ സായിബാവ ഭക്തയാണ്. അവര്‍ വൈകിട്ട് തടവുകാരെയൊക്കെ വിളിച്ചിരുത്തി ഭജനയും പ്രാര്‍ത്ഥനയുമാണ്. ഇത് ഞങ്ങള്‍ അവിടെ തങ്ങിയ കുറച്ചു ദിവസംകൊണ്ട് അവസാനിപ്പിച്ചിരുന്നു. തിരുവനന്തപുരം ജയിലില്‍ ഞാന്‍ എത്തുന്നത് ശരിക്കും പോലീസിന്റെ അടിയേറ്റശേഷമാണ്. ശരീരികസ്ഥിതി മോശമായ അവസ്ഥയില്‍. അവര്‍ ആശുപത്രിയിലൊന്നും കൊണ്ടുപോയില്ല. അവിടെയെത്തിയപ്പോള്‍ തളര്‍ന്നുവീണു. ചലനശേഷി നഷ്ടമായി, സംസാരിക്കാന്‍ പറ്റാതായി. കണ്ണുതുറക്കുമ്പോള്‍ മെഡിക്കല്‍ കോളജിലാണ്. ജയില്‍വാര്‍ഡന്‍മാര്‍ തന്നെയാണ് ആംബുലന്‍സില്‍കൊണ്ടുവന്നത്. 13 ദിവസം ചികില്‍സകഴിഞ്ഞപ്പോഴാണ് പഴയ അവസ്ഥയിലേക്ക് കുറച്ചെങ്കിലും എത്തിയത്. 28 ദിവസമായിരുന്നു അന്ന് ജയിലില്‍ കിടന്നത്. ആ ദിവസങ്ങളില്‍ ഞങ്ങള്‍ ജയിലിലെ മോശം അവസ്ഥയ്‌ക്കെതിരെ സമരം സംഘടിപ്പിക്കാനുളള ശ്രമത്തിലായിരുന്നു.


അടുത്തിടെ ഷൈന എന്ന സ്ത്രീ, ഭരണകൂടം തുടര്‍ച്ചയായി പീഡിപ്പിക്കുന്നതിനാല്‍ പൂര്‍ണ മാവോയിസ്റ്റ് പ്രവര്‍ത്തകയായി ഒളിവില്‍ പോകുന്നതായി കാണിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഒളിവില്‍ പോവേണ്ടതായ സാഹചര്യം യഥാര്‍ത്ഥത്തില്‍ ഉണ്ടോ?

ഉണ്ട്. അത് ഭരണകൂടം ബോധപൂര്‍വം സൃഷ്ടിക്കുന്നതാണ്. പരസ്യപ്രവര്‍ത്തനം സാധ്യമാക്കാത്ത വിധത്തില്‍ ഭരണകൂടം നിരന്തരം വേട്ടയാടുമ്പോള്‍ പിന്നെ എന്തുചെയ്യും? ഷൈനയുടെ സംഭവം തന്നെ നോക്കുക. അങ്കമാലിയില്‍ നിന്ന് ഒരു മാവോയിസ്റ്റ് നേതാവിനെ പിടികൂടുന്നതോടെയാണ് പ്രശ്‌നം മുഴുവന്‍ തുടങ്ങുന്നത്. പോലീസിന് തങ്ങളുടെ വീഴ്ച മറച്ചുവയ്ക്കണം. അതിന് അവര്‍ പരസ്യമായി കൊച്ചിയില്‍ തന്നെ നിന്നിരുന്ന ഗോവിന്ദന്‍കുട്ടിയെ ഭീകരവാദിയാക്കി അറസ്റ്റ് ചെയ്യുന്നു. സ്ത്രീകളെ അര്‍ദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി കുട്ടികള്‍ക്കൊപ്പം അറസ്റ്റ് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ രഹസ്യ പ്രവര്‍ത്തനമേ സാധ്യമാകൂ. കേരളത്തില്‍ ആരെങ്കിലും ജനങ്ങള്‍ക്കുവേണ്ടി സംസാരിച്ചാല്‍ അവര്‍ക്കെതിരെ സകലരീതിയിലും ഭരണകൂടം ആക്രമണം അഴിച്ചുവിടും. ജാനു ഉള്‍പ്പടെയുളളവരുടെ കാര്യം നോക്കിയാല്‍ ഇത് മനസിലാകും.

രാഷ്ട്രീയ മുന്നേറ്റം എന്ന നിലയില്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന് മുന്നേറാനായിട്ടിലല്ലോ?

ശരിയാണ്. നക്‌സൈലറ്റ് പ്രസ്ഥാനം ഇപ്പോഴും കേരളത്തില്‍ ദുര്‍ബലമാണ്. പാര്‍ട്ടി പിരിച്ചുവിട്ടതിനുശേഷമുളള പുന:സംഘടനയൊക്കെ ശരിയായ അര്‍ത്ഥത്തില്‍ മുന്നേറുന്നതേയുളളൂ. ഈ പരിമിതകളിലും ആദിവാസിപ്രശ്‌നം ഉള്‍പ്പടെയുളള സമരങ്ങള്‍ പാലക്കാട് കളക്ടറെ ബന്ദിയാക്കിയതുള്‍പ്പടെയുളള ഇടപെടലുകളിൂടെ ജനങ്ങളിലെത്തിക്കാന്‍ പ്രസ്ഥാനത്തിനാകുന്നുണ്ട്. ജനകീയ ചെറുത്തുനില്‍പ്പുകള്‍ വിവിധ മേഖലകളില്‍ നടക്കുണ്ട്്. സാമ്രാജ്യത്വ മര്‍ദനം മുറുകിയതോടെ ചെറുപ്പക്കാര്‍ കൂടുതല്‍ കൂടുലായി പ്രസ്ഥാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി, തൊഴില്‍മേഖല, സ്ത്രീ- ദലിത്-ആദിവാസി മേഖലകള്‍, എന്നിവിടങ്ങളിലൊക്കെ പുതിയ ഉണര്‍വുകള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടിസ്ഥാന വര്‍ഗ/ജാതി വിഭാഗങ്ങളുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.
ജീവിതം വഴിമുട്ടിയവര്‍ക്ക് പോരാടുകയമല്ലാതെ നിവര്‍ത്തിയില്ല. അതിനാല്‍ തന്നെ വിപ്ലവത്തിനു ബദലില്ല.



Mathrubhumi weekly
2009

No comments:

Post a Comment