Thursday, September 9, 2010

ഹൃദയമിടിപ്പ്‌


സംഭാഷണം
ഡോ. എം.എസ്. വല്യത്താന്‍/ബിജുരാജ്ഡോ. എം.എസ്. വല്യത്താന്‍ എന്തുകൊണ്ട് കേരളം വിട്ടു? ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പദവി രാജി വച്ചതിന് എന്തായിരുന്നു കാരണം? ഹൃദയാ ചികിത്സാ അനുഭവങ്ങള്‍ക്കൊപ്പം ഡോ. വല്യത്താന്‍ ആദ്യമായി മൗനം മുറിക്കുന്നു.ഹൃദയം കണ്ട്, അറിഞ്ഞ്, തൊട്ട്...ഒരു ഡോക്ടര്‍ക്ക് നന്നായി ചികിത്സിക്കാനാവും. എന്നാല്‍ ജനകീയമായ ഒരു മെഡിക്കല്‍ സംരംഭം തനിച്ച്, ഒന്നുമില്ലായ്മയില്‍ നിന്നു തുടങ്ങി വിജയിപ്പിക്കുക എളുപ്പമാവില്ല. മാനേജ്‌മെന്റ പാടവവും അസാമാന്യ ഇച്ഛാശക്തിയും അതിനാവശ്യമാണ്. ഒപ്പം സാമൂഹ്യപ്രതിബന്ധതയുള്ള മനസും. അത്തരത്തില്‍ നോക്കിയാല്‍ ഡോ. എം.എസ്. വല്യത്താന്‍ എന്ന ഹൃദയശസ്ത്രക്രിയാ വിദഗ്ധന്റെ ജീവിതവും പ്രവൃത്തനവഴികളും നമ്മെ വല്ലാതെ അത്ഭുതപ്പെടുത്തും; മോഹിപ്പിക്കും.
അതിശയോക്തിയല്ല. സാധാരണക്കാര്‍ക്ക് പ്രാപ്യമായ വിധത്തില്‍ മലയാളിയുടെ ചികിത്സാ ധാരണകളെ മാറ്റിമറിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ ശങ്കരന്‍ വല്യത്താന്‍ എന്ന ഡോ. എം.എസ്്. വല്യത്താന്് കഴിഞ്ഞിട്ടുണ്ട്.
1936-ല്‍ ജനിച്ച ഡോ. വല്യത്താന്‍ വളര്‍ന്നതും പഠിച്ചതുമെല്ലാം മാവേലിക്കരയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് 1956 ല്‍ എം.ബി.ബി.എസ്. നേടിയ ശേഷം ഡോ. വല്യത്താന്‍ ഇംഗ്ലണ്ടിലും അമേരിക്കയിലുമായി ഹൃദയശസ്ത്രക്രിയയില്‍ ഉപരി പഠനം നടത്തി. അവിടെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ പരിശീലനം നേടുകയും ചികിത്സിക്കുകയും ചെയ്തു. പീഡിയാട്രിക് കാര്‍ഡിക് സര്‍ജറി, ട്രോപ്പിക്കല്‍ ഹേര്‍ട്ട് മസില്‍ രോഗങ്ങള്‍, കാര്‍ഡിയോ വാസ്‌കുലാര്‍ ഡിവൈസസിന്റെ വികസനം എന്നിവയിലായിരുന്നു തുടക്കം മുതലേയുള്ള ശ്രദ്ധ. 1974- ല്‍ തിരുവനന്തപുരത്തെ ശ്രീ ചിത്തിരാ മെഡിക്കല്‍ സെന്ററിന്റെ ഡയറക്ടറായി ചുമതലയേറ്റെടുത്തു. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതിരുന്ന ഒരു സംരംഭത്തെ ലോകപ്രശസ്ത ഗവേഷണ-ചികിത്സാ സ്ഥാപനമാക്കി മാറ്റിയെടുത്തു. പിന്നീട് മണിപ്പാല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍. ഇപ്പോള്‍ ആയുര്‍വേദത്തിന്റെ ശാസ്ത്രീയ വശങ്ങളെപ്പറ്റിയുള്ള ഗവേഷണത്തിലാണ് ഡോ. വല്യത്താന്‍. ആധുനിക ചികിത്സാ സമ്പ്രദായവുമായി ആയുര്‍വേദത്തെ കൂട്ടിയോജിപ്പിക്കുകയാണ് ലക്ഷ്യം. എ.ഡി.ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആയുര്‍വേദാചാര്യന്‍ ചരകന്‍ രചിച്ച 'ചരകസംഹിത'യ്ക് പുതിയൊരു വ്യാഖ്യാനം നല്‍കി 'ലെഗസി ഓഫ് ചരക' എന്ന പുസ്തകം രചിച്ചു. (ഇത് മലയാളത്തില്‍ ഡിസി ബുക്‌സ് 'ചരക പൈതൃകം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്) തുടര്‍ന്ന് സുശ്രുതന്റെയും വാഗ്ഭടന്റെയും സംഹിതകള്‍ക്കും വ്യാഖ്യാനം എഴുതി. (ലെഗസി ഓഫ് സുശ്രുത, ലെഗസി ഓഫ് വാഗ്ഭട. പ്രസാധകര്‍: ബ്ലാക് സ്‌വാന്‍) കേവലമായ വ്യാഖ്യാനത്തിനപ്പുറം ആധുനികചികിത്സാ ശാസ്ത്രത്തിന് അനുരൂപമായി ആയുര്‍വേദ ആചാര്യന്‍മാരുടെ ദര്‍ശനങ്ങളെ വിശദീകരിക്കാനുള്ള ശ്രമമാണ് വല്യത്താന്‍ പുസ്തകങ്ങളിലൂടെ നടത്തിയത്.
ലണ്ടനിലെ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സിന്റെയും ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എഞ്ചിനീയറിംഗിന്റെയും ഫെല്ലോയാണ്. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ ശ്രീ ധന്വന്തരി അവാര്‍ഡ് (1991). ഇന്ത്യയിലെ രണ്ടാമത്തെ വലിയ അംഗീകാരമായ പത്മവിഭൂഷണ്‍ (2005) തുടങ്ങിയ വിവിധ പുരസ്‌കാരങ്ങള്‍ നേടി.
മണിപ്പാലില്‍ സ്ഥിരതാമസമാക്കിയ ഡോ. വല്യത്താന്‍, ഡി.സി. ബുക്‌സിന്റെ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുക്കാനും എം.ജി. സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതിനുമായി, ഓഗസ്റ്റില്‍ കോട്ടയത്ത് എത്തിയിരുന്നു. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസ്തഭാഗങ്ങളാണ് ചുവടെ:'കാല്‍പനികതളില്ലാത്ത' ഹൃദയം


ഹൃദയം കീറിമുറിച്ച് ചികിത്സിക്കുന്ന ഒരാളാണ് താങ്കള്‍. ഒരു ഹൃദയം കീറിമുറിക്കുമ്പോള്‍ എന്താവും ഒരു ഡോക്ടറുടെ വ്യക്തിപരമായ മാനസിക തലം?

മറ്റുള്ളവരോട് അനുകമ്പയും സഹതാപവും ഉള്ളവരാണ് ഒരു വ്യക്തിയെന്ന നിലയില്‍ ഞാനുള്‍പ്പടെയുള്ള ഡോക്ടര്‍മാരെല്ലാം. മറ്റുള്ളവര്‍ അനുഭവിക്കുന്ന വേദന ഞങ്ങളെ വിഷമിപ്പിക്കുന്നുണ്ട്. അവരുടെ വേദനമാറാനും ജീവന്‍ നിലനിര്‍ത്താനുമാണ് ഞങ്ങള്‍ ഹൃദയം കീറിമുറിച്ച് ചികിത്സിക്കുന്നത്. അതിനാല്‍ തന്നെ ഞങ്ങളുടെ കൃത്യം മഹത്തരമാണ്. ഒരു ഡോക്ടറെന്ന നിലയില്‍ വൈകാരികതയ്ക്ക്(ഇമോഷന്‍സ്) വലിയ സാധ്യതയില്ല. വികാരമാണ് നയിക്കുന്നതെങ്കില്‍ ചികിത്സിക്കാനാവില്ല. ഒരു ഡോക്ടറെ നയിക്കേണ്ടത് പ്രൊഫഷണല്‍ കമ്മിറ്റ്‌മെന്റും അയാള്‍ നേടിയ അറിവും മാത്രമാണ്. ഓപ്പറേഷന്‍ നടത്താന്‍ പോകുന്നതിനുമുമ്പ് കുട്ടിയുമായി വരുന്ന അച്ഛനും അമ്മയും തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞ് തൊഴുത് കരയും. അവരുടെ കരച്ചിലും വേദനയും കണ്ട് നമ്മള്‍ വൈകാരികമായി പതറിയാല്‍ കാര്യങ്ങള്‍ വഷളാകും. അവര്‍ക്ക് ഊര്‍ജം പകരാനാവില്ല. ഡോക്ടര്‍ക്ക് ശരിയായ രീതിയില്‍ ഓപ്പറേഷന്‍ നടത്താന്‍ കഴിയാതെ വരും. അതുകൊണ്ട് തന്നെ മറ്റ് വികാരങ്ങള്‍ എല്ലാം മാറ്റി വച്ച് ഒരു ഡോക്ടറായി മാത്രമേ ഒരാള്‍ക്ക് ഓപ്പറേഷന്‍ നടത്താനാവൂ. അതിനാല്‍ വികാരഭരിതരല്ല കാര്‍ഡിയോളജിസ്റ്റുകള്‍.

സ്വന്തക്കാരുടെയും ബന്ധുക്കളുടെയും ഹൃദയം ശസ്ത്രകിയ ചെയ്യേണ്ട ഒരവസ്ഥ ഡോക്ടര്‍ക്കുണ്ടായിട്ടുണ്ടോ? എന്തായിരുന്നു അപ്പോഴത്തെ അവസ്ഥ?

ഇല്ല. ഞാന്‍ ചെയ്തിട്ടില്ല. ഒരു ഡോക്ടര്‍ തന്റെ ബന്ധുക്കളുടെയും സ്വന്തക്കാരുടെയും ഹൃദയം ശസ്ത്രക്രിയ ചെയ്യുന്നത് ശരിയല്ല. കാരണം ഒരു ഡോക്ടറെ വികാരം നയിച്ചുകൂടാ. ബന്ധുക്കളുടെ ഹൃദയം കീറിമുറിക്കുമ്പോള്‍ തീരുമാനങ്ങള്‍ (പ്രൊഫഷണലായ ജഡ്‌മെന്റ്‌സ്) എടുക്കുന്നതിനെ ഇമോഷന്‍സ് നയിച്ചേക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് വിശ്വാസമുള്ള സുഹൃത്തുക്കളായ ഡോക്ടര്‍മാരെയാണ് രക്തബന്ധമുള്ളവരുടെ ശസ്ത്രക്രിയ ഏല്‍പ്പിക്കുക. ചില ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ ബന്ധുക്കളുടെ ഹൃദയം ശസ്ത്രക്രിയ നടത്താനാവുമായിരിക്കും. അങ്ങനെ ചെയ്യുന്നവരുണ്ട്. പക്ഷേ, എന്തായാലും എനിക്ക് അതിനുള്ള കഴിവില്ല.

ഹൃദയത്തെ കവികള്‍ കാല്‍പനികമായിട്ടാണ് വാഴ്ത്തുന്നത്. 'എന്റെ ഹൃദയത്തിനുള്ളില്‍ നീ ഒളിച്ചിരിക്കുന്നു' എന്നിങ്ങനെ....

ഒരു ഡോക്ടര്‍ക്ക് അത്തരം കാല്‍പനികതകള്‍ ഒന്നുമില്ല. ഹൃദയം എന്നത് ചികിത്സിക്കേണ്ട, രോഗവും തകരാറും മാറ്റേണ്ട മനുഷ്യാവയവം മാത്രമാണ്. കാല്‍പനികത ചികിത്സയ്ക്ക് പറ്റിയതല്ല. നമ്മുടെ മുന്നില്‍ രോഗം മാറണം, തകരാറുകള്‍ പരിഹരിക്കണം എന്നു മാത്രമേയുള്ളൂ. മനസ്സില്‍ നന്മ മാത്രമേയുള്ളൂ. തുടിക്കുന്ന ഒരു അവയവം കീറിമുറിക്കുകയും മാറ്റിവയ്ക്കുകയും ഒക്കെയാണ് നമ്മള്‍ ചെയ്യുന്നത്. നേരത്തെ പറഞ്ഞതുപോലെ ഇമോഷന്‍സിനും കാല്‍പനികതയ്ക്കും അവിടെ ഇടമില്ല. ഒരു പക്ഷേ ഓപ്പറേഷന്‍ റൂമിന് പുറത്ത് ഒരു കാര്‍ഡിയോളജിസ്റ്റിനും ഹൃദയത്തെപ്പറ്റി മനോഹരമായി കവിതകള്‍ എഴുതാനാവും.

ഡോക്ടര്‍ക്ക് എന്താണ് ഹൃദയം?

എന്നെ സംബന്ധിച്ച് ഹൃദയം ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന, ഇതുവരെ പൂര്‍ണമായും പിടിതരാത്ത സമസ്യയാണ്. മുമ്പ് മുംബൈയിലെ സോഫിയ കോളജില്‍ പ്രഭാഷണത്തിനുപോയപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു ഹൃദയം ഒരു പമ്പാണ്. പക്ഷേ ഇതൊരു അസാധാരണമായ പമ്പാണ്. എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അഞ്ചുലിറ്റര്‍ രക്തം ഒരു മിനിറ്റില്‍ പമ്പു ചെയ്യുന്നു. അല്‍പം സമ്മര്‍ദമോ ഭയമോ വരുമ്പോള്‍ പമ്പിംഗ് മിനിറ്റില്‍ 10 ലിറ്റര്‍ ആകുന്നു. ഹൃദയം മിനിറ്റില്‍ 80 തവണ ഇടിക്കുന്നു. ഒരു ആമയുടേത് മിനിറ്റില്‍ 15 തവണയാണ്. ഒരു കുരുവിയുടേത് മിനിറ്റില്‍ 500 തവണ. അപ്പോള്‍ ഹൃദയമിടിപ്പിനെ നിശ്ചയിക്കുന്നത് എന്താവും? ഒരു ദിവസം ഹൃദയവാല്‍വുകള്‍ തുറന്നടയന്നത് ഒരു ലക്ഷം തവണയാണ്. അപ്പോള്‍ ഒരു വര്‍ഷമോ? എന്നെ സംബന്ധിച്ച് ഹൃദയമെന്നത് അത്ഭുതപ്പെടുത്തുന്ന അവയവാണ്. അതേ സമയം ഞാനതിനെ അതേ ഗൗരവത്തോടെ ചികിത്സിക്കുകയും ചെയ്യുന്നു.

ആദ്യമായി ഒരു ഹൃദയ ശസ്ത്രക്രിയ നടത്തുമ്പോള്‍ എന്തായിരുന്നു ഡോക്ടറുടെ മാനസിക ഭാവം?

കുറേക്കാലം മറ്റ് ഡോക്ടര്‍മാരുടെ കീഴില്‍ നിന്ന് പഠിച്ചശേഷമാണ് ഓരോ ഡോക്ടറും തനിച്ച് ശസ്ത്രക്രിയ ചെയ്യുക. ഞാന്‍ നീണ്ട കാലം സീനിയര്‍ മാരുടെ അസിസ്റ്റാന്റായും മറ്റും നിന്നാണ് ഇത് പഠിച്ചത്. ഡല്‍ഹിയിലെ സഫദര്‍ജംഗ് ആശുപത്രിയിാണ് ഞാന്‍ ആദ്യമായി ശസ്ത്ര ക്രിയ ചെയ്യുന്നത്. ഒരു കുട്ടിയെയിരുന്നു എന്റെ പേഴ്യന്റ്്. ശ്രീ ചിത്തിരയില്‍ വന്ന ശേഷം ആദ്യം ചെയ്തത് 12 വയസുകാരിയായ ഒരു മേഴ്‌സിയുടേതാണ്. കൊല്ലത്തുള്ള ഒരു മത്സ്യബന്ധന കുടുംബത്തിലെ അംഗമായിരുന്നു ആ കൂട്ടി. അന്നത് പത്രത്തിലൊക്കെ പടം സഹിതം വന്നിരുന്നു. ആദ്യം ഓപ്പറേഷന്‍ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ മനസില്‍ ചില ആശങ്കകള്‍ സ്വഭാവികമായിട്ടും ഉണ്ടായിരുന്നു. പക്ഷേ, ഓപ്പറേഷന്‍ റൂമിലെത്തിയയുടന്‍ ഞാന്‍ സ്വയം പരിചയ സമ്പനന്നായ ഡോക്ടറായി തന്നെയാണ് പ്രവര്‍ത്തിച്ചത്. അല്ലെങ്കില്‍ ചികിത്സ പാളുമെന്ന് അറിയാം. ആദ്യ ചികിത്സകള്‍ വന്‍ വിജയമായിരുന്നു. പക്ഷേ, ഞാനാദ്യ ചികിത്സയുടെ റെക്കോഡുകളൊന്നും സൂക്ഷിച്ചിട്ടില്ല.


ഹൃദയ ശസ്ത്രക്രിയ ചികിത്സാ ജീവിതത്തിനടയില്‍ മനസിനെ ഏറ്റവും അധികം സ്പര്‍ശിച്ച അനുഭവമെന്താണ്?

എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്ന് ഞാന്‍ കരുതുന്ന, എന്നെ അത്ഭുതപ്പെടുത്തിയ രണ്ട് സംഭവങ്ങള്‍ പറയാം. രണ്ടും തമ്മില്‍ ബന്ധമുണ്ട്. മനസിന് രോഗ ചികിത്സയില്‍ മനസിനുള്ള പങ്കിനെ കാണിക്കാനാണ് ഞാന്‍ ഇത് പറയുന്നത്. ഒന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയില്‍ വച്ചാണ് നടക്കുന്നത്. വാഷിംഗ്ടണ്‍ ഡിസിയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലാണ് അന്ന് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. എന്റെ പരിശീലന കാലമാണ്. ലോകപ്രശസ്ത സര്‍ജനായ ഡോ. ചാള്‍സ് എ. ഹഫ്‌നാഗലാണ് എന്റെ സീനിയര്‍. ആദ്യമായി ഹൃദയ വാല്‍വ് മാറ്റി വച്ച് ശസ്‌ക്രിയ നടത്തിയ വ്യക്തിയാണ് അദ്ദേഹം. അന്നവിടെ ഈജിപ്തുകാരിയായ ഒരു സ്ത്രീ ഹൃദയശസ്ത്രക്രിയയ്ക്കായി വന്നു. അവരുടെ പേര് സാരിയഫ നജര്‍. ചടച്ച്, കണ്ണുകള്‍ തുറിച്ചു നില്‍ക്കുന്ന ഒരു രുപമാണ് അവര്‍ക്ക്. അവരുടെ കേസ് ഹിസ്റ്ററി എഴുതേണ്ടത് ഞാനാണ്. ഭാഷ വശമില്ലാത്തതിനാല്‍ ഞാന്‍ ശരിക്കും വശം കെട്ടു. എനിക്കാകെ മനസ്സിലാത് 'ഐ', 'കിഡ്‌നി' എന്നീ രണ്ടുവാക്കുകള്‍ മാത്രമാണ്. അതവര്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒടുവില്‍ എനിക്ക് മനസ്സിലായി തന്റെ കണ്ണും, വൃക്കയും ദാനം ചെയ്യണം എന്നാണ് അവര്‍ പറയുന്നത്. മരിക്കുമെന്ന തോന്നലുള്ളതുകൊണ്ടാണ് അത്. അവര്‍ വല്ലാത്ത രീതിയില്‍ അസ്വസ്ഥയായിരുന്നു. ശസ്ത്രക്രിയ നടക്കേണ്ട തലേദിവസം ഹഫ്‌നാഗലും മറ്റ് ഡോക്ടര്‍മാരും ചേര്‍ന്നുള്ള ഒരു അവലോകന മീറ്റിംഗ് ഉണ്ട്. ശസ്ത്രക്രിയ നടത്താന്‍ പോകുന്ന സ്ത്രീയുടെ വിവരങ്ങള്‍ ഞാനാണ് ആ മീറ്റിംഗില്‍ അവതരിപ്പിക്കേണ്ടത്. ഞാനത് ചെയ്തു. ഓപ്പറേഷന്‍ നിശ്ചയിച്ചു. മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഹഫ്‌നാഗലിനോട് രോഗിയ്ക്ക് രസകരമായ വശമുണ്ടെന്ന് ഞാന്‍ പറഞ്ഞു. കണ്ണുകള്‍ ദാനം ചെയ്യണം എന്ന് രോഗി പറയുന്നതായി ഞാന്‍ അറിയിച്ചു. ഹവ്‌നാഗല്‍ രോഷാകുലനായി. അവരെ ചികിത്സിക്കേണ്ട, ഉടന്‍ തിരിച്ചയാക്കാന്‍ പറഞ്ഞു. ഞാനാകെ വല്ലാണ്ടായി. തമാശയെന്ന് കരുതി പറഞ്ഞ കാര്യം ഇങ്ങനെയായല്ലോ എന്ന് വിഷമിച്ചു. ഓപ്പറേഷന്‍ വേണ്ടെന്നു വയ്ക്കുന്നത് വലിയ സംഭവമാണ്.. ഓപ്പറേഷനുവേണ്ടി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരിക്കുന്നു. രക്തം വരെ ശേഖരിച്ചിരിക്കുന്നു. പക്ഷേ ഹവ്‌നാഗല്‍ അവരെ തിരിച്ചയച്ചു. മരിക്കുമെന്ന് ഉറപ്പോടെ വന്നിരിക്കുന്ന ഒരു രോഗിയെ ചികിത്സിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്്. ആറേഴുമാസം കഴിഞ്ഞ് അവര്‍ വീണ്ടും വന്നു. ഇത്തവണ കണ്ണിനെയും വൃക്കയെപ്പറ്റിയും സംസാരമില്ല. ശസ്ത്രക്രിയ വിജയകരമായി നടന്നു. ഒരുദിവസം ഹവ്‌നാഗല്‍ അവരെ പരിശോധിച്ചശേഷം നിങ്ങള്‍ക്ക് സുഖമായിരിക്കുന്നു, നാളെ വീട്ടില്‍ പൊയ്‌ക്കോളൂ എന്ന് പറഞ്ഞ് തിരിഞ്ഞു. അടുത്ത നിമിഷം രോഗി പെട്ടെന്ന് ഡോക്ടറുടെ കൈയില്‍ പിടിച്ചു. കണ്ണുകള്‍ തുറിച്ചു. പെട്ടന്ന് നിശ്ചലായി. മരണം കണ്ട് ഞങ്ങള്‍ തരിച്ചു നിന്നു. അന്നേരം ഹവ്‌നാഗല്‍ എന്നോടായി പറഞ്ഞു: ''ഒരിക്കലും ഞാനിവരെ ചികിത്സിക്കരുതായിരുന്നു'. മരണഭയം മനസിലുള്ള രോഗിയെ ആര്‍ക്കും രക്ഷിക്കാനാവില്ല എന്നതാണ് സത്യം. അതിനു പിന്നില്‍ എന്താണെന്നറിയല്ല. അത് വ്യാഖ്യാനിക്കാനും ഞാനാളല്ല. പക്ഷേ അതാണ് സത്യം. രണ്ടാമത്തെ സംഭവം നടന്നത് ഞാന്‍ ശ്രീചിത്തിരയിലായിരിക്കുമ്പോഴാണ്. ഹൃദയതകരാറുമായി 32 വയസുള്ള സ്ത്രീ എന്നെ കാണാന്‍ വന്നു. അവരുടെ പേര് ഓര്‍ക്കുന്നില്ല. കോട്ടയമാണ് സ്വദേശം എന്നു തോന്നുന്നു. മുമ്പ് ഹൃദയതകരാറിന് ബോംബെയില്‍ വച്ച് അവര്‍ക്ക് വാല്‍വ് മാറ്റി വച്ചിട്ടുണ്ട്. വാല്‍വ് ചുരുങ്ങുന്നതാണ് അവരുടെ കുഴപ്പം. ഞങ്ങളവരെ ഓപ്പറേഷന്‍ തീയേറ്ററില്‍ എത്തിച്ചു. മുമ്പ് ഓപ്പറേഷന്‍ ചെയ്തതിനുവേണ്ടി നെഞ്ച് കീറിയ പാടുണ്ട്. പെരികാര്‍ഡിയം എന്ന സഞ്ചിയിലാണ് ഹൃദയം ഇരിക്കുന്നത്. ഓപ്പറേഷന്‍ നടത്തുമ്പോള്‍ പെരികാര്‍ഡിയത്തില്‍ നിന്ന് ഹൃദയം വിട്ടു വരും. പക്ഷേ ഈ സ്ത്രിയുടെ ഹൃദയം നോക്കിയപ്പോള്‍ പെരികാര്‍ഡിയം തുറന്നിട്ടില്ല. അതായത് മുമ്പ് ഓപ്പറേഷന്‍ നടന്നിട്ടില്ല എന്നര്‍ത്ഥം. പക്ഷേ മുറിവ് വന്നത് എങ്ങനെയാവും? അറിയില്ല. എനിക്ക് തോന്നുന്നത് മുംബൈയില്‍ വച്ച് ഓപ്പറേഷന് വേണ്ടി നെഞ്ചുകീറിക്കാണും. പക്ഷേ അവരുടെ രക്തസമ്മര്‍ദം ഉയര്‍ന്നതിനാലോ മറ്റോ ഓപ്പറേഷന്‍ നടത്താതെ അതു തുന്നിക്കെട്ടി, ഓപ്പറേഷന്‍ നടന്നു എന്ന് പറഞ്ഞു തിരിച്ചയച്ചിട്ടുണ്ടാവണം. കണക്കുപ്രകാരം മുമ്പേ അവര്‍ മരിക്കേണ്ടതാണ്. ഞങ്ങള്‍ ഞങ്ങളുടെ ശസ്ത്രക്രിയ വേഗം വിജയകരമായി പുര്‍ത്തിയാക്കി. എന്നാല്‍ ഇതൊന്നുമല്ല എന്റെ വിഷയം. ഓപ്പറേഷന്‍ നടന്നു എന്ന ധാരണയില്‍ ആ സ്ത്രീ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് നടന്നതാണ്. അവര്‍ കല്യാണം കഴിച്ചു, കുട്ടികളുണ്ടായി. അവരെന്തുകൊണ്ട് ജീവിച്ചു?. രോഗം ഭേദമായി എന്ന തോന്നലാണ് അവരെ ജീവിപ്പിച്ചത്. അതായത് മനസ്സാണ് അവര്‍ക്ക് ശക്തി നല്‍കിയത്. മനസും രോഗവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പറഞ്ഞുവരുന്നത്. ചികിത്സ തേടുന്ന രോഗിക്ക് ചികിത്സയിലും ഡോക്ടറിലും വിശ്വാസമുണ്ടായേ പറ്റൂ. ഈ രണ്ട് അനുഭവങ്ങള്‍ വളരെ വലിയ പാഠങ്ങള്‍എന്നെ പഠിപ്പിച്ചു.ശ്രീചിത്തിരയിലെ ജീവിതം, കാലം


ശ്രീചിത്തിരയിലെ അനുഭവങ്ങളെ എങ്ങനെയാണ് ഇപ്പോള്‍ വിലയിരുത്തുക?

അതൊരു വെല്ലുവിളിയായിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു സ്ഥാപനം കെട്ടിപ്പടുക്കുക. അത് ഞാന്‍ ഏറ്റെടുത്തു. അതിനു മുമ്പുള്ള സമയം ഒരിടത്തും ഉറച്ചുനില്‍ക്കാതെ പലയിടങ്ങളിലായി ജോലിയെടുക്കുകയായിരുന്നു. 1974 ല്‍ ശ്രീചിത്തിരയിലേക്ക് ക്ഷണം കിട്ടിയപ്പോള്‍ ഒരു വലിയ ദൗത്യം മുന്നില്‍വന്നു. അത് മാത്രമായി ചിന്ത, പ്രവൃത്തി. പ്രതിബന്ധങ്ങള്‍ ഒന്നൊന്നായി വന്നപ്പോള്‍ അത് മറികടക്കാനുള്ള ശ്രമങ്ങളായി. അതിനേക്കാള്‍ വ്യക്തിപരമായി ഞാന്‍ കുറേയേറെ അനുഭവങ്ങള്‍ ആര്‍ജിച്ചു. പുതിയ ചികിത്സാ രീതികള്‍ മനസ്സിലാക്കി. കഴിവുറ്റ വളരെയേറെ പേരോടൊപ്പം പ്രവര്‍ത്തിക്കാനായി. അത് ഡോക്ടറെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എന്റെ കഴിവുകള്‍ വികസിച്ചു.

എന്തുകൊണ്ടാണ് ശ്രീചിത്തിര വിട്ടത്?

ഇരുപതുവര്‍ഷക്കാലം ഞാനവിടെ പ്രവര്‍ത്തിച്ചു. അത് ധാരാളമാണ്. നീണ്ടകാലമാണത്. ഒരു കാര്യം ജീവിതകാലം മുഴുവന്‍ ചെയ്തുകൊണ്ടിരിക്കുക എന്നത് ശരിയായ ശീലമല്ല. പ്രത്യേകിച്ച് തലച്ചോറുപയോഗിച്ചു ചെയ്യുന്ന ജോലികള്‍. നമ്മള്‍ക്ക് പുതിയ ഒന്നും ചെയ്യാനാവാതെ വരും. അമേരിക്കയില്‍ ജനിച്ച കാനേഡിയന്‍ വംശജനായ ന്യൂറോ സര്‍ജനായ വൈല്‍ഡര്‍ പെന്‍ഫീല്‍ഡിനെപ്പറ്റി കേട്ടിട്ടുണ്ടാവും. ഞങ്ങള്‍ പഠിക്കുന്ന കാലത്തൊക്കെ ലോകപ്രശസ്തനായ ന്യൂറോളജിസ്റ്റാണ് അദ്ദേഹം. അദ്ദേഹം വിരമിക്കലിനെപ്പറ്റി ഒരു കാര്യം പറഞ്ഞിട്ടുണ്ട്. നമ്മള്‍ ഒരു കാര്യം സ്ഥിരമായി എപ്പോഴും ചെയ്യാതെ മറ്റൊരു മേഖലയിലേക്ക് തിരിഞ്ഞാല്‍ കൂടുതല്‍ ക്രിയേറ്റിവിറ്റിയും കോണ്‍ട്രിബ്യൂഷന്‍സും സാധ്യമാകുമെന്ന്. അതായത് ജീവിതത്തില്‍ കുറേക്കാലം നമ്മള്‍ ഡ്രൈവിംഗ് ചെയ്തുകൊണ്ടിരിക്കുകയിരുന്നു എന്നു കരുതുക. കുറേക്കഴിയുമ്പോള്‍ നമ്മള്‍ അത് വിട്ട് മറ്റൊരു മേഖലയിലേക്ക് തിരിയുക. ഒരു പെയിന്ററുടെ ജോലി നോക്കുക. ഒരു പക്ഷേ അയാള്‍ക്ക് അതില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യാനുണ്ടാവും. ഒരു സാധ്യത നിലനില്‍ക്കുന്നുണ്ട്. ഡ്രൈവറായി തുടര്‍ന്നാല്‍ ആ സാധ്യത ലഭ്യമാകില്ല. പെന്‍ഫീല്‍ഡ് പറഞ്ഞത് നമുക്ക് ഒരു കോശത്തെ മാറ്റാന്‍ ആവില്ല. പക്ഷേ അതിലേക്കുള്ള വയറിംഗ് സിസ്റ്റം മാറ്റാനാവും എന്നാണ്. ഐന്‍സ്റ്റീന്‍ തന്റെ തലച്ചോറ് പരിശോധനയ്ക്ക് വിട്ടുകൊടുത്തിരുന്നു. ഒരു ക്യുബിക് സെന്റീമിറ്ററില്‍ ഉള്ള കോശങ്ങള്‍ക്ക് മറ്റേതൊരാളില്‍ ഉണ്ടാകുന്നതിനും സമാനമായിരുന്നു. വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. അതിനര്‍ത്ഥം കോശങ്ങളല്ല, അതിനെ സഹായിക്കുന്ന സംവിധാനങ്ങളാണ് മാറ്റങ്ങള്‍ വരുത്തുന്നത്. അങ്ങനെയാണെങ്കില്‍ നമ്മള്‍ ഈ വയറിംഗ് ഒന്നു മാറ്റുന്നു. അപ്പോള്‍ കൂടുതല്‍ പ്രവര്‍ത്തനത്തിന് സാധ്യതയുണ്ടല്ലോ. അതാണ് ഞാനും ചെയ്ത്. ഇരുപതുവര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് മറ്റൊരു മേഖലയിലേക്ക് തിരിയണമെന്ന് തോന്നി. അപ്പോള്‍ മണിപ്പാല്‍ സര്‍വകലാശാലയില്‍ നിന്ന് ക്ഷണം വന്നു. അത് വേറൊരുതരം വെല്ലുവിളിയായിരുന്നു. സ്വകാര്യമേഖലയിലെ ആദ്യത്തെ ഡീംഡ് സര്‍വകലാശാല കെട്ടിപ്പടുക്കുക എന്നതായിരുന്നു അത്. ഞാനത് സന്തോഷപൂര്‍വം ഏറ്റെടുത്തു.

പക്ഷേ, കേരളത്തിന്റെ ചികിത്സാ രംഗത്തിനായിരുന്നിരിക്കുമല്ലോ അതിന്റെ നഷ്ടം. കേരളത്തില്‍ തന്നെ തുടര്‍ന്നുകൂടായിരുന്നോ?

വേണമെങ്കില്‍ തുടരാമായിരുന്നു. പക്ഷേ അന്ന് ചലഞ്ചിംഗായ ഒരു അവസരം മുന്നില്‍ വന്നു. വൈദ്യശാസ്ത്രരംഗത്ത് പുതിയ പരീക്ഷണത്തിന് എനിക്ക് ഒരു അവസരം കൂടി കിട്ടി. മണിപ്പാലിലേക്ക് ഞാന്‍ പോയത് വൈസ് ചാന്‍സലറായാണ്. കേരളത്തില്‍ വേണമെങ്കില്‍ എനിക്ക് മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റായി ജോലിയെടുക്കാം. ഞാന്‍ പരിശീലിപ്പിച്ചു വിട്ടവര്‍ അപ്പോഴേക്കും മിക്ക സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നുണ്ട്. അവര്‍ക്കൊപ്പം നിന്ന് വീണ്ടും അറിയാവുന്ന പണി ചെയ്യന്നതില്‍ താല്‍പര്യം തോന്നിയില്ല. അതിനാലാണ് ഇവിടം വിട്ടത്.

ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പോലൊരു സ്ഥാപനം സൃഷ്ടിക്കുകയും നയിക്കുകയും ചെയ്‌തൊരാളാണ് താങ്കള്‍. സ്വയം എങ്ങനെ വിശേഷിപ്പിക്കും- ഓട്ടോക്രാറ്റ് അതോ ഡെമോക്രാറ്റെന്നോ?

എന്റെ കൂടെയുള്ളവര്‍ കൃത്യമായി പണിയെടുക്കണമെന്നത് എനിക്ക് നിര്‍ബന്ധമാണ്. ഞാനൊരു പദവിയും ചോദിച്ചുമേടിച്ചതല്ല. സര്‍ക്കാര്‍ നമ്മെ വിശ്വാസമര്‍പ്പിച്ച് ഒരു പണിയേല്‍പ്പിച്ചു. ഞാനത് നന്നായി ചെയ്യുന്നു. പ്രവര്‍ത്തിക്കുന്ന സമയത്ത് രാഷ്ട്രീയക്കാരോ മറ്റുള്ളവരോ പറയുന്നതനുസരിച്ച് വഴിവിട്ട് പ്രവര്‍ത്തിക്കാന്‍ ഒരുക്കമായിരുന്നില്ല. അവര്‍ പറയുന്ന പരാതികളും പ്രശ്‌നങ്ങളും ഒക്കെ കേട്ടിരുന്നു. നിയമപരമായി സാധ്യമായ് ഞാന്‍ ചെയ്തുകൊടുത്തിട്ടുമുണ്ട്. എന്നാല്‍ അവര്‍ പറയുന്ന, അന്യായമെന്ന് തോന്നിയ ഒരു കാര്യവും ഒരിക്കലും അനുവദിച്ചുകൊടുത്തിട്ടില്ല. സഹപ്രവര്‍ത്തകരുടെ കാര്യത്തിലാണെങ്കില്‍ എല്ലാവരും കൃത്യസമയത്ത് വരണമെന്നും കാര്യക്ഷമമായി ജോലി ചെയ്യണമെന്നും ഞാന്‍ കര്‍ശന നിലപാടുകാരനായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്, പഞ്ചിംഗ് മെഷിന്‍ സ്ഥാപിച്ചിരുന്നു. അവിടെ ആദ്യം പഞ്ച് ചെയ്തിരുന്നത് ഞാനായിരുന്നു. ഫോണുകള്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം എല്ലാവര്‍ക്കും നല്‍കിയിരുന്നു.

അടുത്തകാലത്ത് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിച്ചിട്ടുണ്ടോ? താങ്കള്‍ നിര്‍ത്തിയിടത്തുനിന്ന് അത് എത്രമാത്രം പുരോഗമിച്ചിട്ടുണ്ട്?

അടുത്തിടെയൊന്നും ഞാന്‍ പോയിട്ടില്ല. ശ്രീചിത്തിര വിട്ടശേഷം വളരെ അപൂര്‍വമായേ ഞാന്‍ അവിടെ പോയിട്ടുള്ളൂ. എന്തെങ്കിലും മീറ്റിംഗില്‍ സംസാരിക്കാനോ മറ്റോ. പക്ഷേ അവിടെ നടക്കുന്ന കാര്യങ്ങളും രീതികളും അന്വേഷിക്കാന്‍ പോയിട്ടില്ല. ഒരിക്കല്‍ വിട്ട സ്ഥാപനത്തില്‍ പിന്നീട് പോകുക എന്നത് എന്റെയൊരു രീതിയല്ല. പോക്ക് കഴിവതും ഒഴിവാക്കും. അതിന് കാരണമൊന്നുമില്ല. പോകാറില്ല. എനിക്ക് തോന്നിയിട്ടുള്ള കാര്യം എസ്. സി. ടി. ഐ എം.എസ്. ടി നന്നായി തന്നെ പ്രവര്‍ത്തിക്കുന്നുവെന്നാണ്.


രാജിക്ക് പിന്നിലെ സംഭവങ്ങള്‍

പിന്നീട് കേരളത്തിലെ ശാസ്ത്രസാങ്കേതിക കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. എന്തായിരുന്നു അനുഭവം?

മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് എന്നെ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിലേക്ക് ക്ഷണിക്കുന്നത്. 2002 ല്‍ അന്ന് ശാസ്ത്ര സാങ്കേതിക കൗണ്‍സിലില്ല. 'സ്‌റ്റെക്' എന്ന അയഞ്ഞ ഒരു ഘടന മാത്രമേയുള്ളൂ. തങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്‌റ്റെകിന് നിയന്ത്രണം പോലുമുണ്ടായിരുന്നില്ല. എല്ലായിടത്തും തോന്നിയ രീതികളില്‍ തോന്നിയ പോലെ കാര്യങ്ങള്‍ നടന്നുകൊണ്ടിരുന്നു. നാടിന് ഗുണകരമായ വിധത്തിലല്ലായിരുന്നു ഇവയുടെ പ്രവര്‍ത്തനം. സ്‌റ്റെക്കിന് കീഴില്‍ സെസ്, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ്, നാപ്ടാക്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിങ്ങനെ ഏഴ് സ്ഥാപനങ്ങള്‍ നില നിന്നിരുന്നു. എന്റെ അതിന്റെ പ്രസിഡന്റായാണ് വിളിക്കുന്നത്. പക്ഷേ ഇങ്ങോട്ട് എനിക്ക് വ്യക്തിപരമായി താല്‍പര്യമുണ്ടായിരുന്നില്ല. അന്ന് ഞാന്‍ മണിപ്പാലില്‍ ഏറെക്കുറെ കേന്ദ്രീകരിച്ചു കഴിഞ്ഞിരുന്നു. സ്‌റ്റെക് കുത്തഴിഞ്ഞ് കിടക്കുകയാണെന്നും നമുക്കത് ഒന്ന് നന്നാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. വ്യക്തിപരമായി ആന്റണിയോട് എനിക്ക് അടുപ്പമുണ്ട്. ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടാവില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. ഞാന്‍ സ്‌റ്റെക് എന്ന ഘടനയെ മാറ്റി. പകരം 'സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്ക്‌നോളജി ആന്‍ഡ് എന്‍വയേണ്‍മെന്റ്' എന്ന പുതിയ കൗണ്‍സിലുണ്ടാക്കി. മുഖ്യമന്ത്രിയാണ് പ്രസിഡന്റ്. ഞാനതിന്റെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്നു. ഇവയുടെ ഭരണ ചുമലയ്ക്ക് കര്‍ശനമായ വ്യവസ്ഥകള്‍ ഉണ്ടാക്കി. സ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

മണിപ്പാലില്‍ താമസിച്ചുകൊണ്ട് എങ്ങനെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്?

ഞാന്‍ മണിപ്പാലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥിരമായി വന്നു. അന്ന് വിമാന സര്‍വീസ് ഇല്ല. രാത്രിയുള്ള മലബാര്‍ എകസ്പ്രസിനാണ് വന്നുകൊണ്ടിരുന്നത്. രാവിലെ ഒമ്പതുമണിയോടടുപ്പിച്ച് തിരുവനന്തപുരത്ത് എത്തും. ഏതാണ്ട് 32 തവണയിലധികം ഞാന്‍ ട്രിപ്പുകള്‍ നടത്തി. മാസത്തില്‍ കുറേ ദിവസം ഞാന്‍ തിരുവനന്തപുരത്ത് തങ്ങും. പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ പദവിയാണെങ്കിലും ഒരു നയാ പൈസ പോലും ഞാന്‍ കൈപ്പറ്റിയിട്ടില്ല. യാത്രാബത്തയല്ലാതെ മറ്റ് അലവന്‍സുകളൊന്നും സ്വീകരിച്ചില്ല.


പക്ഷേ എന്തുകൊണ്ടാണ് രാജിവച്ചത്?

ആന്റണിയാണ് എന്നെ ക്ഷണിക്കുന്നത്. ഒരിടപെടലും ഉണ്ടാവില്ലെന്ന് ഉറപ്പുനല്‍കി. അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. അദ്ദേഹം രാജിവച്ചപ്പോള്‍ ഒഴിയുന്നതാണ് നല്ലതെന്ന് തോന്നി. ഒഴിഞ്ഞു. 2004 ഒഴിഞ്ഞു. ഏതാണ്ട് രണ്ടരവര്‍ഷം ഞാനതില്‍ പ്രവര്‍ത്തിച്ചു.


പക്ഷേ, പെട്ടന്നുള്ള രാജിക്ക് മറ്റു ചില കാരണങ്ങള്‍ കൂടി ഉണ്ടാവുമല്ലോ?

ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത്, അതായത് ആദ്യഘട്ടത്തില്‍ ഇടപെടലുകള്‍ ഒന്നും ഉണ്ടായില്ല. കാര്യങ്ങള്‍ വളരെവേഗം നല്ല ദിശയിലേക്ക് നീങ്ങി. കൗണ്‍സിലിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ കര്‍ശനമായ ചിട്ടകളും നിയമങ്ങളും ഏര്‍പ്പെടുത്തി. അവിടെ മുമ്പ് തോന്ന്യവാസങ്ങളായിരുന്നു നടന്നിരുന്നത്. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാക്കി നിയമനങ്ങള്‍. പക്ഷേ ഈ സ്ഥാപനങ്ങളില്‍ പരിശീലനത്തിന് വന്നവര്‍ കാലാവധി കഴിയുമ്പോള്‍ അവിടം വിട്ടുപോകണം. എന്നാലേ പുതിയ ബാച്ചിന് പരിശീലനം നല്‍കാനാവുകയുള്ളൂ. തങ്ങള്‍ക്ക് വേണ്ടപ്പെട്ട ഇതിലെ ചിലര്‍ക്ക് സ്ഥിരം നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ചില രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായി. ചിലര്‍ നേരിട്ട് തന്നെ എന്നെ സമീപിച്ചു. ഞാനത് അനുവദിക്കാന്‍ കൂട്ടാക്കിയില്ല. കാരണം അനാവശ്യമായി ആളുകളെ നിയമിക്കാനാവില്ല. കടം മേടിച്ച് വെറുതെ ശമ്പളം നല്‍കാന്‍ വകുപ്പില്ല. അര്‍ഹതയില്ലാത്തവരെ അനാവശ്യമായി സ്ഥാനമാനങ്ങളില്‍ നിയമിക്കുന്നത് നാടിന് ഗുണം ചെയ്യില്ല. ഇതൊക്കെ ചിലര്‍ക്ക് ഒക്കെ എതിര്‍പ്പായിരുന്നു. ഉമ്മന്‍ചാണ്ടി അധികാരമേറ്റതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ചിലര്‍ക്ക് നാടിന്റെ നന്മയേക്കാള്‍ സ്വന്തം കാര്യമായിരുന്നു പ്രധാനം. അല്ലെങ്കില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെ കാര്യം. അതിനേക്കാള്‍ ഒക്കെ പ്രശ്‌നമായത് ഇന്‍സ്റ്റിറ്റിയുട്ടുകളുടെ ഡയറക്ടര്‍ മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ്. കൗണ്‍സിലിന് കീഴില്‍ ഏഴോളം സ്ഥാപനങ്ങളുണ്ട്. അതില്‍ മൂന്നെണ്ണത്തിന് ഡയറക്ടര്‍മാരില്ലായിരുന്നു. ഈ സ്ഥാപനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ നല്ല ഡയറക്ടര്‍മാര്‍ വരണം. ഒരു രാഷ്ട്രീയ ഇടപെടലും കൂടാതെ മികച്ച ആളുകളെ നിയമിക്കനായിരുന്നു ഞങ്ങളുടെ തീരുമാനം. പക്ഷേ അത് ചിലര്‍ തടസ്സപ്പെടുത്തി. അവര്‍ക്കിഷ്ടമുള്ള ആളുകളെ നിയമിക്കണം. ഞങ്ങള്‍ ഡയറക്ടര്‍മാരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നല്‍കി. ഡല്‍ഹിയില്‍നിന്ന് പ്രശസ്ത ഡോക്ടറായ മോഹന്റാമിനെയാണ് ഇന്റര്‍വ്യൂ നടത്തുന്നതിനുള്ള ചുമതലകള്‍ ഏല്‍പ്പിച്ചത്. ഞാന്‍ ക്ഷണിച്ചതുകൊണ്ടാണ് വരാമെന്നേറ്റത്. ഞങ്ങള്‍ ഇന്റര്‍വ്യൂമായി മുന്നോട്ടുപോയി. ഒരു ദിവസം സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തിക്കൊള്ളുമെന്ന് അറിയിച്ചുകൊണ്ടുള്ള അറിയിപ്പുകിട്ടി. പക്ഷേ എന്നോട് കൂടിയാലോചിച്ചിട്ടായിരുന്നില്ല ആ തീരുമാനം. ഓര്‍ഡര്‍ എന്നെ കാണിച്ചതുമില്ല. ഇന്റര്‍വ്യു നടത്തുന്നത് ഞങ്ങള്‍ നിര്‍ത്തിവച്ചു. മോഹന്‍ റാമുള്‍പ്പടെയുള്ളവരെ് വിളിച്ച് എനിക്ക് ക്ഷമാപണം നടത്തേണ്ടിവന്നു. നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ചില കുഴപ്പങ്ങളുണ്ട്. അവര്‍ക്ക് കാര്യങ്ങള്‍ നന്നാവുന്നത് ഇഷ്ടമല്ല. അവര്‍ക്ക് സങ്കുചിതമായ താല്‍പര്യങ്ങളാണ് മുഖ്യം. എന്നെ സംബന്ധിച്ചിടത്തോളം മറ്റ് താല്‍പര്യങ്ങളില്ലായിരുന്നു. കാര്യങ്ങള്‍ നന്നായി നടക്കേട്ടെ, ജനങ്ങള്‍ക്ക് ഗുണം കിട്ടട്ടേ, ശാസ്ത്രത്തിന് നേട്ടമുണ്ടാവട്ടെ എന്നു മാത്രമായിരുന്നു ചിന്ത. അത്തരം നന്മ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്കുണ്ടായില്ല. രാഷ്ട്രീയക്കാരുടെ താല്‍പര്യത്തിന് തുള്ളാന്‍ എനിക്കാവുമായിരുന്നില്ല. അതൊരിക്കലും ചെയ്തിട്ടില്ല. എന്നെ ക്ഷണിച്ച ആന്റണിയല്ല മുഖ്യമന്ത്രി. അന്ന് കിട്ടിയ ഉറപ്പ് പുതിയ ഭരണത്തിന്‍ കീഴില്‍ സാധ്യമാകാതെ വന്നു. അതുകൊണ്ട് തന്നെയായിരുന്നു രാജി.

പിന്നീട് വന്ന ഡയറക്ടര്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ നോമിനികളായിരുന്നോ?

അതു പറയാന്‍ ഞാനാളല്ല. ആരു വന്നു, എങ്ങനെ വന്നു എന്ന് ഞാന്‍ ശ്രദ്ധിച്ചതുപോലുമില്ല. മണിപ്പാലില്‍ എനിക്ക് ചെയ്യാന്‍ വേറെ ജോലികളുണ്ടായിരുന്നു.

എന്തുകൊണ്ടാണ് അന്ന് മൗനം പാലിച്ചത്? കാര്യങ്ങള്‍ ഇതുവരെ തുറന്നു പറയാതിരുന്നത്്?

ഞാനൊന്നും പറഞ്ഞില്ല. പറയാന്‍ തോന്നിയില്ല. എന്നാല്‍ കൗണ്‍സിലിന്റെ ഭരണ കാര്യങ്ങളില്‍ സര്‍ക്കാര്‍ അനാവശ്യ കൈകടത്തലുകള്‍ നടത്തുന്നതുകൊണ്ടാണ് രാജി എന്ന് മാധ്യമങ്ങള്‍ എഴുതി. അക്കാലത്ത് ഏതാണ്ട് എനിക്ക് ഇവിടം മടുത്തിരുന്നു. കഷ്ടപ്പാടുകള്‍ സഹിച്ച് മണിപ്പാലില്‍ നിന്ന് വന്നിട്ടും ഗുണമില്ല. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ എനിക്ക് താല്‍പര്യമില്ല. ഇഷ്ടമല്ലാത്ത രീതികള്‍ കണ്ടാല്‍ അതനുസരിച്ച് പോവുകയല്ല എന്റെ രീതി. അവിടം വിട്ട് പോവുകയാണ്.

രാഷ്ട്രീയ ഇടപെലാണ് രാജിക്ക് കാരണമെന്ന് പറഞ്ഞു. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ ഇരുപതുവര്‍ഷം നയിച്ചകാലത്ത് രാഷ്ട്രീയക്കാരുടെ ഇടപെടല്‍ നേരിടേണ്ടി വന്നില്ലേ?

ഇല്ല. അതായിരുന്നു എന്റെ ഭാഗ്യം. അച്യുതമോനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഇന്‍സ്റ്റിറ്റിയുട്ട് സ്ഥാപിക്കപ്പെടുന്നതും വികസനത്തിലേക്ക് നീങ്ങുന്നതും. അദ്ദേഹം ഒരു ഇടപെടലും നടത്തിയിരുന്നില്ല. പിന്നീട് ആന്റണി മന്ത്രിസഭ വന്നപ്പോഴും പ്രശ്‌നങ്ങളൊന്നും നേരിട്ടില്ല. 1980 ആദ്യം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായി ഇന്‍സ്റ്റിറ്റിയൂട്ട്. പിന്നെ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് ഇടപെടാന്‍ അവസരമില്ലാതായി. അതുകൊണ്ടു തന്നെ രാഷ്ട്രീയക്കാരുടെ ഒരു വലിയ ഇടപെടലും നേരിടേണ്ടി വന്നിട്ടില്ല.


കേരളത്തിലെ വൈദ്യശാസ്ത്ര മേഖല

ദീര്‍ഘകാലം കേരളത്തില്‍ പ്രവര്‍ത്തിച്ചു. എന്താണ് കേരളത്തിലെ വൈദ്യശാസ്ത്ര മേഖലയെപ്പറ്റിയുള്ള താങ്കളുടെ വിലയിരുത്തല്‍?

കേരളം വിട്ടിട്ട് ഇപ്പോള്‍ കുറച്ചധികം കാലമായി. ഞാന്‍ ഇവിടുത്തെ കാര്യങ്ങള്‍ അത്ര സൂക്ഷ്മമായി പഠിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആധികാരികമായി ഒരഭിപ്രായം പറയാന്‍ ആളല്ല. എനിക്ക് തോന്നിയിട്ടുള്ളത് കേരളത്തിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ചില ആദിവാസി മേഖലകള്‍ ഒഴിച്ച് ഇന്ന് അഞ്ചോ പത്തോമിനിറ്റുകൊണ്ട് എത്താവുന്ന വിധത്തില്‍ ആശുപത്രികള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഗുണ നിലവാരത്തിന്റെ കാര്യത്തില്‍ സംയമുണ്ട്. ഈ ആശുപത്രികളുടെ ഗുണനിലവാരം മനസ്സിലാക്കാന്‍ നമുക്ക് സംവിധാനങ്ങളില്ല. കേരളത്തിലെ മുക്കിലും മൂലയിലും ലാബോറട്ടറികള്‍ കാണാം. എല്ലാം സ്വകാര്യ സ്ഥാപനങ്ങളാണ്. ഇവയുടെ ഗുണനിലവാരം എന്താണ് എന്ന് നമുക്കെങ്ങനെ പറയാനാവും. ശരിക്കും കേന്ദ്രസര്‍ക്കാര്‍ സ്ഥപാനമായ നാഷണല്‍ അക്രഡീറ്റീഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലാബോറട്ടറീസ് (എന്‍.എ.ബി.എല്‍) അംഗീകാരവും സര്‍ട്ടിഫിക്കേറ്റും വേണം ലാബോറട്ടറികളുടെ പ്രവര്‍ത്തനത്തിന്. കേരളത്തില്‍ അത്തരത്തില്‍ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ കൈവിരലിലെണ്ണാവുന്നതേയുള്ളൂ.


എന്തുകൊണ്ടാവും കേരളത്തില്‍ ഇങ്ങനെ ചിക്കന്‍ഗുനിയ, തക്കാളിപ്പനി തുടങ്ങിയ പേരുകളില്‍ പലതരം രോഗങ്ങള്‍ ഇത്രയും വ്യാപകമായി പടരുന്നത്്?

ഒന്നാമത് കേരളത്തിന്റെ അന്തരീക്ഷം വളരെയേറെ മാറിയിട്ടുണ്ട്. മാലിന്യങ്ങള്‍ കുന്നുകൂടി. അത് ശരിയായി നീക്കം ചെയ്യപ്പെടുന്നില്ല. വെള്ളവും വായുവും മലിനമായി. ഇതാണ് രോഗങ്ങള്‍ വ്യാപകമായി പടരാനുള്ള ഒരു കാരണം. രണ്ടാമത്തെ പ്രശ്‌നം എന്തിനും ഏതിനും ഡോക്ടറെ കാണുക എന്നത് കേരളീയരുടെ ശീലമായി. ഇന്ന് ഒരു തലവേദന വന്നാലും ഡോക്ടറെ കാണണം എന്നാണ് ധാരണ. ഡോക്ടറുടെ അടുത്ത് എത്തുമ്പോള്‍ അവര്‍ സ്‌കാനിംഗിന് എഴുതും. കുറേ മരുന്നും. ഇത് കഴിച്ചാല്‍ തന്നെ അസുഖം വരും. മുമ്പ് ഇതായിരുന്നില്ല അവസ്ഥ. ചെറിയ തലവേദനയും പനിയും വന്നാല്‍ ഡോക്ടറുടെ അടുത്തേക്ക് ഓടുന്ന പതിവില്ല. അല്‍പം വിശ്രമവും നാടന്‍ ചികിത്സയും മതി. മൂന്നാമതായി നമ്മുടെ ഭക്ഷണ രീതി മാറി. മുമ്പ് നമ്മള്‍ പലതരം നാടന്‍ പച്ചക്കറികളും മറ്റും കഴിച്ചു. ഇന്ന് അതിനു പകരം മറ്റ് പലതരം ഭക്ഷണമായി. ഇത് നമ്മളെ രോഗബാധിതരാക്കുന്നു.

കേരളത്തിലെ ആശുപത്രികളുമായി ബന്ധപ്പെട്ട് ഇടക്കാലത്തെങ്കിലും വൃക്ക തട്ടിപ്പ് പോലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിലെത്രമാത്രം വസ്തുതയുണ്ട്?

കേരളത്തില്‍ വൃക്കതട്ടിപ്പുപോലുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം അതിന് സാധ്യത വളരെ കുറവാണ്. മലയാളിക്ക് നല്ല ധാരണയുള്ളവരാണ്. അവരെ പറ്റിക്കുക എളുപ്പമല്ല. അതുകൊണ്ട് തന്നെ കേരളത്തിലെ ആശുപത്രികളില്‍ തട്ടിപ്പുകള്‍ നടത്തുന്നുണ്ടെന്ന് കരുതുന്നത് ശരിയാവില്ല. തട്ടിപ്പ് നടക്കുന്നത് അമിത ചാര്‍ജിന്റെ കാര്യത്തിലും മരുന്നിന്റെ കാര്യത്തിലൂമൊക്കെയാണ്.


ആയുര്‍വേദത്തിലേക്കുള്ള ചുവടുകള്‍

മണിപ്പാല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയും പെട്ടന്ന് തന്നെ ഒഴിഞ്ഞല്ലോ? ഇപ്പോള്‍ എന്തുചെയ്യുന്നു?

അഞ്ചുവര്‍ഷക്കാലം മണിപ്പാല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലാറായി പ്രവര്‍ത്തിച്ചു. അത് നല്ല രീതിയില്‍ തന്നെ കെട്ടിപ്പടുത്തു. നേരത്തെ പറഞ്ഞതുപോലെ ഒരു മേഖലയില്‍ നീണ്ട കാലം തുടരുക എന്റെ രീതിയല്ല. ഞാന്‍ ശ്രമിച്ചത് ആയുര്‍വേദത്തിലെ ശാസ്ത്രീയ സാധ്യതകളെ കണ്ടെത്തുകയും അവയെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിക്കാനുമുള്ള ഗവേഷണങ്ങള്‍ നടത്താനായിരുന്നു. അതിന്റെ ഭാഗമായി ബ്രഹദ്ത്രയികള്‍ രചിച്ച മൂന്ന് സംഹിതകള്‍ക്ക്് വ്യാഖ്യാനം എഴുതി. അതായത് ചരകന്‍, ശുശ്രുതന്‍, വാഗ്ഭടന്‍ എന്നിവര്‍ രചിച്ച ഗ്രന്ഥങ്ങളായിരുന്നു അത്. അവ മൂന്നും ബ്ലാക്ക സ്‌വാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. കേരളത്തില്‍ രാഘവന്‍ തിരുമുല്‍പ്പാടിനെ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞും പഠിച്ചുമാണ് ചെയ്തത്. അതില്‍ 'ലെഗസി ഓഫ് ചരക' ഡിസി ബുക്‌സ് 'ചരകപൈതൃകം' എന്നപേരില്‍ മലയാളത്തിലാക്കിയിട്ടുണ്ട്. ആയുര്‍വേദത്തെ ആധുനികവൈദ്യശാസ്ത്രവുമായി ബന്ധിപ്പിക്കുക എന്നത് വലിയ വെല്ലുവിളി നിറഞ്ഞ മേഖലയാണ്. പഞ്ചഭൂതങ്ങള്‍, ഋതുചര്യ, ത്രിദോഷങ്ങള്‍ എന്നിവ ആയുര്‍വേദത്തിന്റെ് അടിസ്ഥാന തത്വങ്ങളും മഹത്തായ സങ്കല്‍പ്പങ്ങളുമാണ്. ഇത് പരീക്ഷണശാലയില്‍ നീരിക്ഷിച്ചും പഠിച്ചും കണ്ടെത്താനുള്ള കാര്യം ബുദ്ധിമുട്ടാണ്.

എത്രത്തോളം ആയുര്‍വേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധിപ്പിക്കാനാവും? ഇക്കാര്യത്തില്‍ എത്രമാത്രം വിജയിച്ചിട്ടുണ്ട്?

ആയുര്‍വേദത്തില്‍ പറയുന്ന കാര്യങ്ങളുടെ ശാസ്ത്രീയമായ അടിത്തറകളെപ്പറ്റി ആധുനിക ശാസ്ത്രം പഠിച്ചുകൊണ്ടിരിക്കുകയാണ്. ആയുര്‍വേദത്തില്‍ പറയുന്ന കാര്യങ്ങളില്‍ എത്രത്തോളം ശാസ്ത്രീയ പിന്‍ബലമുണ്ടെന്നാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്. പഞ്ചകര്‍മ ഉള്‍പ്പടെയുള്ള ആയുര്‍വേദത്തിലെ ചികിത്സാ രീതികള്‍ക്ക് ശാസ്ത്രവുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷണം. ആയുര്‍വേദത്തില്‍ കഫം, വാതം, പിത്തം എന്നു പറയുന്നതിനെയും പഠിച്ചുകൊണ്ടിരിക്കുന്നു. ആറു പ്രോജക്ടുകളായി പഠനം നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ രണ്ടുവര്‍ഷം പിന്നിട്ടു. മൂന്നുവര്‍ഷമെങ്കിലും വേണം പഠനം പൂര്‍ത്തിയാക്കാന്‍. പഠനങ്ങള്‍ നല്‍കുന്ന പ്രവണ ആയുര്‍വേദത്തിന് ശാസ്ത്രീയമായ അടിത്തറയുണ്ടെന്നാണ്.


വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് തന്നെ, എന്നാല്‍ പുതിയ ഒരു വെല്ലുവിളി കേരളത്തില്‍ നിന്ന് ക്ഷണം കിട്ടിയാല്‍ സ്വീകരിക്കുമോ? കുറച്ചുകൂടി വ്യക്തമായി ചോദിച്ചാല്‍ കേരളത്തിലേക്ക് മടങ്ങി വരുമോ?

ഇല്ല. കേരളത്തില്‍ ഔദ്യോഗികമായ ചുമതലകളോ പദവിയോ എറ്റെടുക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അതിന് ഒരുക്കവുമല്ല. മടുപ്പ് അത്രമാത്രം എന്നെ ബാധിച്ചിട്ടുണ്ട്. മണിപ്പാലിലാണ് ഞാന്‍ ഇപ്പോള്‍ സെറ്റില്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ എന്റെ ഗവേഷണ മേഖല നേരത്തെ പറഞ്ഞതുപോലെ ആയുര്‍വേദത്തെയും ആധുനികശാസ്ത്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍ കണ്ടെത്തുകയും ഒരുമിപ്പിക്കുകയും ചെയ്യുക എന്നതാണ്. ആയുര്‍വേദത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ പറ്റിയ സ്ഥലം കേരളമാണ്. അതുനുവേണ്ടി ഇടയ്ക്കിടെ വരും. നല്ല പാട്ടുകള്‍ കാണാന്‍, കഥകളി കാണാന്‍ ഒക്കെ വന്നേക്കാം. എന്നാല്‍ ഇനി സര്‍ക്കാരിന്റെ ഒരു പദവിയും ഇനിയേറ്റെടുക്കാന്‍ ഒരുക്കമല്ല.

ഡോക്ടര്‍ക്ക് കേരളം പിന്‍വിളിയാകുന്നുണ്ടോ, അഥവാ കേരളം 'മിസ്'ചെയ്യുന്നുണ്ടോ?

കേരളം എന്റെ നാടാണ്. എനിക്ക് മലയാളം പാട്ടുകള്‍ കേള്‍ക്കാനിഷ്ടമാണ്. മലയാളം സാഹിത്യം വായിക്കാന്‍ ഇഷ്ടമാണ്. കഥകളി കാണാന്‍ ഭ്രമമുണ്ട്. ഒരു കഥകളി ഭ്രാന്തനാണ് ഞാന്‍. ഒരു രസമുള്ള കാര്യമുണ്ട്. ഇരുപതുവര്‍ഷത്തിനുശേഷം ഞാന്‍ ഇന്നലെ ആദ്യമായി കഥകളി കണ്ടു. ദുര്യോധനവധം. ആദ്യാവസാനം പുര്‍ണമായി. വളരെ മനോഹരമായിരുന്നു. ഇത്തരത്തില്‍ പല രീതിയിലും കേരളം മിസ് ചെയ്യുന്നുണ്ട്.

നല്ല ഡോക്ടറായിരിക്കാന്‍ വേണ്ട സവിശേഷതകള്‍ എന്താണ്?

അറിവ്, പ്രായോഗിക പരിജ്ഞാനം, സഹാനുഭൂതി. ഇതുണ്ടെങ്കില്‍ നല്ല ഡോക്ടറാവും. ഇവ മൂന്നും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നുവയാണ്..


എന്താണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി താങ്കള്‍ കരുതുന്നത്?

ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ വികസിപ്പിക്കുയും ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ് എന്ന പദവിയിലേക്ക് ഉയര്‍ത്താനയതുമാണ്.

എന്താണ് ഡോക്ടറുടെ രാഷ്ട്രീയം?

എനിക്ക് പാര്‍ട്ടി രാഷ്ട്രീയമില്ല. അതിനോട് എനിക്ക് താല്‍പര്യമില്ല. ഇടതും വലതും തമ്മില്‍ വ്യത്യസ്തമല്ല. ഇന്ത്യ വികസിക്കണം എന്നതാണ് എന്റെ താല്‍പര്യം. മൂന്നാം ലോകം, ദരിദ്രം രാഷ്ട്രം തുടങ്ങിയ പദാവാലികള്‍ കേട്ട് മടുത്തു. ഇവിടെ പ്രശ്‌നം ഭരണ നിര്‍വഹണം (ഗവര്‍ണന്‍സ്) ആണ്. കാര്യക്ഷമമായി ജനങ്ങളെ പുരോഗമതിയിലേക്ക് നയിക്കുന്നവരെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.


എന്തുകൊണ്ട് ആത്മകഥ എഴുതുന്നില്ല?

ഞാനക്കാര്യം ഇതുവരെ സീരിയസായി ചിന്തിച്ചിട്ടില്ല. മാത്രമല്ല ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പുകള്‍ ജനങ്ങള്‍ വായിക്കൂം എന്ന് ഞാന്‍ കരുതിയുമില്ല. മെഡിക്കല്‍ ജേര്‍ണലുകള്‍ക്ക് വേണ്ടി ഞാന്‍ ചില കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. പക്ഷേ, ഞാന്‍ എന്റെ ചികിത്സയുടെ റെക്കോഡുകള്‍ ഒന്നും സൂക്ഷിച്ചിട്ടില്ല. അതുകൊണ്ട് ഓര്‍മയെ ആശ്രയിക്കേണ്ടിവരും. തെറ്റുവന്നേക്കാമെന്ന് ഭയമുണ്ട്. വരട്ടെ. നോക്കാം.

കുടുംബം?

ഭാര്യയും രണ്ടു മക്കളുമുണ്ട്. ഭാര്യ അഷിമ പഞ്ചാബിക്കാരിയാണ്. മണിപ്പാലില്‍ യൂണിവേഴ്‌സിറ്റിയില്‍ ഓര്‍ത്തോഡോണ്ടിക്‌സ് വിഭാഗം പ്രൊഫസറും ഹെഡുമാണ് അഷിമ. മകള്‍ മന്ന മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ പതോളജി പ്രൊഫസറാണ്. മകന്‍ ക്ലെവ് ലാന്‍ഡ് അമേരിക്കയില്‍ ഡോക്ടറാണ്. ഓര്‍ത്തോഡോണ്ടിക്‌സിലാണ് സ്‌പെഷിലൈസേഷന്‍. വര്‍ഷത്തില്‍ ഒരുമാസം ഞങ്ങള്‍ അമേരിക്കയില്‍ മകന്റെ അടുത്തേക്ക് പോകും.
Pachakkuthira
2010 september

No comments:

Post a Comment