Wednesday, February 12, 2014

മഹാത്മയിലേക്ക് ഒരു ചുവട് കൂടി


പുസ്തക റിവ്യൂ\വായന



മഹാത്മയിലേക്ക് ഒരു ചുവട് കൂടി


ഒന്നര നൂറ്റാണ്ട് അതിവിദൂര ഭൂതകാലമല്ല. രേഖകള്‍ മുതല്‍ ജീവിച്ചിരിക്കുന്നവര്‍ വരെയുള്ള ഒരുപാട് സാധ്യതകളില്‍ ചരിത്രം പുനര്‍നിര്‍മിക്കാവുന്നതേയുള്ളൂ. എന്നിട്ടും എന്തുകൊണ്ടാവും അയ്യന്‍കാളിയെക്കുറിച്ച് മഹദ് ഗ്രന്ഥങ്ങളൊന്നും നമുക്കില്ലാതെ പോയത്? മൂന്ന് സാധ്യതകളാണുള്ളത്. ഒന്നുകില്‍ നമ്മള്‍ ചരിത്രമമത തെല്ലുമില്ലാത്തവരായതാവാം. രണ്ടാമത്തേത് അയ്യന്‍കാളി കേവലം പുലയരുടെ (ദലിതരുടെ പോലുമല്ല!) നേതാവായിരുന്നു എന്ന് ‘നമ്മള്‍’ തീരുമാനിച്ചതുമാവാം. അല്ളെങ്കില്‍ രണ്ടു കാരണവും ഒന്നുചേര്‍ന്നിരിക്കാം. ഇക്കാര്യത്തില്‍ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടുള്‍പ്പടെയുള്ള ഇടതുപക്ഷക്കാര്‍ പുലര്‍ത്തിയ കുറ്റകരമായ അനാസ്ഥ മുമ്പിലുണ്ട്. അതെന്തായാലും അയ്യന്‍കാളിയുടെ ജീവചരിത്ര രചന തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നത് നല്ല സൂചനയാണ്.
150 വര്‍ഷം മുമ്പ് ജനിക്കുകയും 73 വര്‍ഷം മുമ്പ് മരിക്കുകയും ചെയ്ത അയ്യന്‍കാളിയെപ്പറ്റി ആദ്യമായി ആധികാരികമെന്ന് വിശേഷിപ്പിക്കാവുന്ന പുസ്തകം ഇറങ്ങുന്നത് 35 വര്‍ഷം മുമ്പാണ് . ടി.എച്ച്.പി. ചെന്താരശ്ശേരി രചിച്ച ‘അയ്യന്‍കാളി’ ചിന്തയുടെ തലത്തില്‍ വിസ്ഫോടനമാണ് സാധ്യമാക്കിയത്. സാമൂഹ്യപരിഷ്കരണത്തിലും സാംസ്കാരിക നവോഥാനങ്ങളിലേക്കുമുള്ള മലയാളിയുടെ യാത്രകളെ അയ്യന്‍കാളി എത്രമേല്‍ ചലിപ്പിച്ചിരുന്നുവെന്ന് ചെന്താരശ്ശേരിയുടെ കൃതി ആദ്യമായി വ്യക്തമാക്കി. ദളിത് പക്ഷ ചര്‍ച്ചകളെയും ചെന്താരശ്ശേരി ത്വരിതമാക്കി.
ചെന്താരശ്ശേരിയുടെ ‘അയ്യന്‍കാളി’യുടെ അടിത്തറയില്‍ നിന്ന് അതിനെ ഗുണകരമായി വികസിപ്പിച്ചും കൂട്ടിചേര്‍ക്കലുകളും സാധ്യമാക്കി അയ്യന്‍കാളിയെക്കുറിച്ച് പുതിയ ജീവചരിത്രം പുറത്തിറങ്ങിയിരിക്കുന്നു. പത്രപ്രവര്‍ത്തകനും ഗവേഷകനും ദളിത് പക്ഷ ചിന്തകനുമായ കുന്നുകുഴി എസ്.മണിയും പി.എസ്. അനിരുദ്ധനും ചേര്‍ന്ന് രചിച്ച ‘മഹാത്മാ അയ്യന്‍കാളി’ ദളിത്\ജാതിവിരുധ പോരാട്ടങ്ങളിലെ അറിയാത്ത സമരമുഖങ്ങള്‍ അനാവരണം ചെയ്യുന്നു.
മുന്‍ ജീവചരിത്രങ്ങളില്‍ നിന്ന് പലതരത്തിലുളള രാഷ്ട്രീയ വിച്ഛേദനം കൂടി പുതിയ പുസ്തകം സാധ്യമാക്കുന്നുണ്ട്. മഹാത്മാ എന്ന പ്രയോഗം തന്നെയാണ് ഇതില്‍ സവിശേഷ ശ്രദ്ധ നല്‍കേണ്ടത്. പെരിനാട്ട് ലഹള എന്നവിശേഷണം ‘മഹാത്മ അയ്യന്‍കാളി’യില്‍ പെരിനാട് വിപ്ളവമാണ്. ഈ മാറ്റം ഗുണകരമായ കുതിച്ചുചാട്ടമായാണ് വിലയിരുത്തപ്പെടേണ്ടതും. പ്രത്യേകിച്ച് വാക്കുകള്‍ വരെ ജാതിയും വര്‍ഗവും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ അന്തരീക്ഷത്തില്‍.
   അയ്യന്‍കാളിയുടെ മുമ്പ് പുറത്തിറങ്ങിയ ജീവചരിത്രഗ്രനഥങ്ങളിലെ ചരിത്രപരമായ വൈകല്യങ്ങളാണ്  ഗ്രന്ഥം രചിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. പല രീതിയിലും ചരിത്രത്തെ ഗ്രന്ഥകര്‍ത്താക്കള്‍ പുതുക്കി എഴുതുന്നു.
‘നൂറ്റാണ്ടുകളില്‍ ഇവിടെ സംഭവിച്ചത്’ എന്നതുമുതല്‍ ‘യുഗപുരുഷന്‍െറ അന്ത്യം’ വരെ പതിനാറ് അധ്യായങ്ങളിലായാണ് അയ്യന്‍കാളിയുടെ ജീവിതകഥ  പുസ്തകത്തില്‍ വിവരിക്കുന്നത്.ആദ്യത്തെ രണ്ട് അധ്യായങ്ങള്‍ അയ്യന്‍കാളിയെന്ന സാമൂഹ്യ പരിഷ്കര്‍ത്താവിനെ രൂപപ്പെടുത്തുന്ന സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ സാഹചര്യങ്ങള്‍ വിവരിക്കാനാണ് വിനിയോഗിക്കുന്നത്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ ദളിതുകളുടെ ദുരന്തപൂര്‍ണമായ ജീവിതം വിദേശ മിഷനറിമാരും മറ്റ് ചരിത്ര രേഖകളും നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണ് ഈ ആധ്യായങ്ങളില്‍.
 അയ്യന്‍കാളിയുടേതും അതിനൊപ്പിച്ച് വിവിധ തലങ്ങളില്‍ നടന്ന സാമൂഹ്യപരിഷ്കരണ മുന്നേറ്റങ്ങളും വിവരിക്കുന്നത് അക്കാലത്തെപ്പറ്റി സമഗ്ര ചിത്രം നല്‍കാന്‍ പര്യാപ്തമാണ്. അയ്യന്‍കാളിയെപ്പറ്റി എഴുതുമ്പോള്‍ അത് കേവലം വ്യക്തിയുടെ ജീവചരിത്രമല്ല, മറിച്ച് സമൂഹചരിത്രമാകണം എന്ന വലിയ ഉത്തരവാദിത്വവും  ചരിത്ര ദൗത്യവും പുസ്തകം നന്നായി നിറവേറ്റുന്നു.ആറാട്ടുപുഴ വേലായുധപണിക്കര്‍, ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ പോരാട്ടങ്ങള്‍ക്ക് മതിയായ പരിഗണനയും നല്‍കിയിട്ടുണ്ട്.
വിവര ശേഖരണത്തിനായി ഗ്രന്ഥകര്‍ത്താക്കള്‍ വളരെയേറെ അധ്വാനവും പരിശ്രമവും നടത്തിയിട്ടുണ്ടെന്ന് വ്യക്തം.അയ്യന്‍കാളിയുടെ പിന്‍തലമുറക്കാരുമായും അയ്യന്‍കാളിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കേശവന്‍ റൈറ്ററുള്‍പ്പടെയുള്ള പലരെയും നേരിട്ട് കണ്ട് തിരക്കിയ വിവരങ്ങള്‍ കൂടി പുസ്തകത്തില്‍ ഉള്‍പ്പെടുന്നു.  ഒരുവര്‍ഷത്തിലേറെ നീണ്ട അധ്വാനത്തിലൂടെയാണ് പുസ്തക രചന പൂര്‍ത്തിയായതെന്ന് രചയിതാക്കള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
അയ്യന്‍കാളി നടത്തിയ വില്ലുവണ്ടി വിപ്ളവം, പള്ളിക്കൂട സ്ഥാപനം, ഊരുട്ടമ്പലം സ്കൂള്‍ പ്രവേശ പ്രക്ഷോഭം, പെരിനാട് വിപ്ളവം, പ്രജാസഭയിലെ ഒറ്റയാള്‍ പോരാട്ടം എന്നിവ ജീവചരിത്രത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നു. വായനയെ പിടിച്ചുനിര്‍ത്തുകയും അല്‍പം ഉദ്വേഗം ജനിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ ലളിതമാണ് രചന.
   പുസ്തകം നമ്മുടെ ചരിത്രധാരണകളെ പല രീതിയിലും കശക്കി വിടുന്നുണ്ട്.  സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ദലിത് വിരുദ്ധ നിലപാടുകള്‍ പുലര്‍ത്തിയിരുന്നു എന്ന പില്‍കാല വായനയോട് കൂട്ടിവായിക്കേണ്ട ചില വിവരങ്ങള്‍ ‘അറിവിനു വേണ്ടി ആദ്യ പോരാട്ടം നടത്തിയ ജനത’ എന്ന എട്ടാം അധ്യായത്തിലുണ്ട്. ഈഴവകുട്ടികള്‍ക്ക് പ്രവേശം അനുവദിച്ച സ്കൂളുകളില്‍ പുലയക്കുട്ടികളെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ 1910 മാര്‍ച്ച് രണ്ടിനിറങ്ങിയ സ്വദേശാഭിമാനി കുതിരയെയും പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുന്നു എന്നാണ് ആക്ഷേപിച്ചത്. പിന്നീട് നാടുകടത്തപ്പെട്ട് മദ്രാസില്‍ കഴിയുന്ന വേളയില്‍ അതേ രാമകൃഷ്ണപിള്ളയോട് സഹായമഭ്യര്‍ഥിച്ച് അയ്യന്‍കാളി കത്തെഴുതിയിരുന്നോ? അങ്ങനെ സമര്‍ഥിക്കുന്ന കത്ത്  1911 സെപ്റ്റംബറില്‍ ‘ലക്ഷ്മി വിലാസം’ മാസികയില്‍ രാമകൃഷ്ണപിള്ളയുടെ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്നു. ‘ബോംബെയിലോ  മദ്രാസിലോ എവിടെയെങ്കിലും സാധുക്കള്‍ക്ക് വിദ്യാഭ്യാസം ദാനമായി കൊടുക്കാന്‍ ധര്‍മിഷ്ഠന്‍മാര്‍ ഏര്‍പ്പെടുത്തിയ സ്ഥാപനങ്ങളില്‍ പുലയവര്‍ഗത്തില്‍പെട്ട രണ്ട് കുട്ടികളെ ചേര്‍ത്ത് പഠിപ്പിക്കാന്‍’ സഹായം അഭ്യര്‍ഥിക്കുന്നതാണ് കത്ത്. അതിനുള്ള മറുപടിയില്‍ രാമകൃഷ്ണപിള്ള ദളിത് അനുകൂല നിലപാടാണ് എടുക്കുന്നത്. എന്നാല്‍, ഈ കത്ത് വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണ് എന്നതാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗ്രന്ഥകര്‍ത്താക്കളുടെ വാദം. ഇനിയും പരിശോധനയും ഗവേഷണത്തിനും സാധ്യതകള്‍ തുറന്നിട്ട് ആ കത്ത് പൂര്‍ണമായി പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘പുലയര്‍ മഹാസഭയുടെ ആവിര്‍ഭാവം’ എന്ന പതിനഞ്ചാം അധ്യായം സവിശേഷത വായനയും ശ്രദ്ധയും ആവശ്യപ്പെടുന്നു. അയ്യന്‍കാളി രൂപംകൊടുത്ത സാധുജനപരിപാലന സംഘത്തിന് സംഭവിച്ച പതനം ഈ അധ്യായത്തില്‍ വിശദമായി വിവരിക്കുന്നു. പാമ്പാടി ജോണ്‍ജോസഫ് എന്തിന്,  ചേരമര്‍ സംഘം രൂപീകരിച്ചു, അതെങ്ങനെ സാധുജനപരിപാലന സംഘത്തെ ഉലച്ചു എന്നും പിന്നീട് ചേരമര്‍ സംഘത്തിന് എന്തുസംഭിച്ചുവെന്നും ആധികാരികമായി പുസ്തകം പറഞ്ഞുവയ്ക്കുന്നു. ഒപ്പമുണ്ടായിരുന്ന പലരും ചേര്‍ന്ന് പിന്നീട് പുലയര്‍ മഹാസഭ രൂപീകരിക്കുമ്പോള്‍ അതിനെ അയ്യങ്കാളി അംഗീകരിച്ചിരുന്നില്ല.  എല്ലാ വിഭാഗം അയിത്ത ജാതികള്‍ക്കുംവേണ്ടിയാണ് 1907 ല്‍ സാധുജനപരിപാലന സംഘ രൂപീകരിച്ചതെന്നും അതില്‍ നിന്ന് വേറിട്ടൊരു സംഘടന രൂപീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ളെന്നും മരുമകന്‍ ടി.ടി. കേശവന്‍ ശാസ്ത്രികളോട് അയ്യന്‍കാളി പറഞ്ഞിരുന്നതായും പുസ്തകം വ്യക്തമാക്കുന്നു. ദളിത് പക്ഷ നിലപാടുകളില്‍ അയ്യങ്കാളി പുലര്‍ത്തുന്ന ഉയര്‍ന്ന വീക്ഷണം പലരും ഉള്‍ക്കൊള്ളാതെ പോയി എന്ന് നമ്മെ പുസ്തകം ഓര്‍മിപ്പിക്കുന്നു.
‘ഒരു കാലത്ത് അടിമത്തിന്‍െറ നുകം പേറിയ അവര്‍ണ്ണര്‍ക്ക്’ സമര്‍പ്പിച്ചിരിക്കുന്ന പുസ്തകത്തിന്‍െറ അവതാരിക എഴുതിയിരിക്കുന്നത് കേരള സര്‍വകലാശാല ചരിത്രവിഭാഗം പ്രൊഫസറായിരുന്ന ഡോ.ടി.പി. ശങ്കരന്‍കുട്ടി നായരാണ്. അവസാന നാല് പേജുകളില്‍ അപൂര്‍വ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

 അയ്യന്‍കാളി എന്ന വലിയ വ്യക്തിത്വത്തെ സമഗ്രമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളില്‍ കുതിച്ചുചാട്ടമാണ് ‘മഹാത്മാ അയ്യന്‍കാളി’. മഹാത്മാവിന്‍െറ ജീവിതത്തിലേക്ക് പിന്നാലെ വരുന്നവര്‍ക്ക് ചവിട്ടി മുന്നേറാനുള്ള നല്ല പടവ്.ഒപ്പം ദളിത് -ജാതിവിരുധ മുന്നേറ്റങ്ങള്‍ക്ക് മുതല്‍കൂട്ട്. സമൂഹപുരോഗതി ആഗ്രഹിക്കുന്ന ഓരോ മലയാളിയും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ട പുസ്തകങ്ങളില്‍  ഒന്നാണ് ഇത്.




മഹാത്മാ അയ്യന്‍കാളി
(ജീവചരിത്രം)
കുന്നുകുഴി എസ്.മണി, പി.എസ്. അനിരുദ്ധന്‍
ഡി.സി.ബുക്സ്, പേജ് 180
വില: 120 രൂപ


മാധ്യമം വാരാദ്യപ്പതിപ്പ്
2014 jan 26

നവ മാധ്യമങ്ങള്‍ക്ക്കരിനിയമമെന്തിന്?


സംഭാഷണം
ശശികുമാര്‍/ആര്‍.കെ.ബിജുരാജ്


നവമാധ്യമങ്ങള്‍ സമൂഹത്തില്‍ എങ്ങനെ ഇടപെടുന്നു, അവ എങ്ങനെയൊക്കെ നമ്മളെ മാറ്റിതീര്‍ക്കുന്നു, അവയുടെ രാഷ്ട്രീയമെന്താണ്, എത്രമാത്രം ജനാധിപത്യപരമാണ്? നവമാധ്യമങ്ങളെ നിയന്ത്രിക്കേണ്ടതുണ്ടോ?-മാധ്യമ വിദഗ്ധന്‍ കൂടിയായ ശശികുമാര്‍ സംസാരിക്കുന്നു



നവ മാധ്യമങ്ങള്‍ക്ക്കരിനിയമമെന്തിന്?



മലയാളത്തില്‍ പത്രപ്രവര്‍ത്തനം എന്ന പദത്തെയും പ്രൊഫഷനെയും 'മാധ്യമപ്രവര്‍ത്തനം' എന്ന് തിരുത്തി എഴുതിയ/എഴുതിച്ച അതികായനാണ് ശശികുമാര്‍. ഇന്ത്യയിലെ ആദ്യ സ്വകാര്യ പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റ് സ്ഥാപിച്ച്  ഇവിടെ ചാനല്‍/കേബിള്‍ സംസ്കാരവും മാധ്യമ വിസ്ഫോടനവും സാധ്യമാക്കിയയാള്‍. ആലങ്കാരികമായി പറഞ്ഞാല്‍ മലയാളിയുടെ "സാം പിത്രോദ'. ശശികുമാര്‍ സാധ്യമാക്കിയ മാധ്യമസംരംഭത്തിന്‍െറ ആദ്യ  ചുവടുവയ്പ്പില്‍ വാര്‍ത്ത മലയാളിക്ക് ദൃശ്യാനുഭവവും കൂടിയായി മാറി. ഒരര്‍ഥത്തില്‍ അതായിരുന്നു മാറ്റങ്ങളുടെ തുടക്കം. പിന്നീട് മലയാളത്തില്‍ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തനവും പലതലങ്ങളില്‍ മാറി. ചാനലുകള്‍ പെരുമഴകളായി. വാര്‍ത്തകള്‍ 24 മണിക്കൂറായി. അവയ്ക്കും അപ്പുറം നവമാധ്യമങ്ങള്‍ അതിവേഗം യാഥാര്‍ഥ്യമായി. ഈ ചലന വേഗങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും അതിനെ നയിക്കുകയും ചെയ്യുന്നു എന്നിടത്താണ് ശശികുമാര്‍ അനിഷേധ്യനാവുന്നത്.
മാധ്യമപ്രവര്‍ത്തകന്‍, മാധ്യമ വിദഗ്ധന്‍, അഭിനേതാവ്, ചലച്ചിത്ര സംവിധായകന്‍,അധ്യാപകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. 1952  ഫെബ്രുവരി 23 ന് കൊടുങ്ങല്ലൂരിനടുത്ത് കരുപ്പടന്നയില്‍ ജനനം. ബോംബെ, കല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ കുട്ടിക്കാലം. ചെന്നൈയിലെ ലയോള കോളജില്‍ നിന്ന് ബിരുദവും മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും. പത്തുവര്‍ഷം സംഗീതവും പഠിച്ചു. ഐ.എ.എസിനു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ചലച്ചിത്രത്തോടുള്ള അഭിനിവേശം മൂലം അത് വേണ്ടെന്നുവച്ചു.
1984 മുതല്‍ 86 വരെ ഹിന്ദുവിന്‍്റെയും, ഫ്രണ്ട്ലൈനിന്‍്റെയും ആദ്യ പശ്ചിമേഷ്യാലേഖകനായി പ്രവര്‍ത്തനം. ദൂരദര്‍ശനിലൂടെ ദൃശ്യമാധ്യമരംഗത്തേക്ക്.  ദൂരദര്‍ശനുവേണ്ടി  ജന്‍മഞ്ച്,താനാബാന, മണിമാറ്റഴേ്സ് തുടങ്ങിയ ജനപ്രിയ പരിപാടികളടക്കം നിരവധി ഡോക്യുമെന്‍്ററികളും ഫീച്ചര്‍ ഫിലിമുകളും നിര്‍മ്മിച്ചു. പിന്നീട് പി.ടി.ഐ. യുടെ ചീഫ് പ്രൊഡ്യൂസറും ജനറല്‍ മാനേജറുമായി. 1992 ല്‍ ഏഷ്യാനെറ്റ് സംരംഭവുമായി രംഗത്ത്. ഹിന്ദിയില്‍ "കായ തരണ്‍' എന്ന ചിത്രം സംവിധാനം ചെയ്തു. "ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍', "ലൗഡ്സ്പീക്കര്‍' തുടങ്ങിയ മലയാള സിനിമകളിലും വേഷമിട്ടു.  ഇപ്പോള്‍ ചെന്നൈയില്‍ ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസത്തിന്‍െറ ചെയര്‍മാന്‍.
ശശികുമാര്‍ തുടങ്ങിവച്ച ദൃശ്യമാധ്യമ സംവിധാനത്തെയും മറികടന്ന് സമൂഹം നവമാധ്യമങ്ങളിലൂടെ അതിവേഗം ചലിക്കുന്നതാണ് സമകാലിക അവസ്ഥ. വെബ് പോര്‍ട്ടലുകള്‍, ബ്ളോഗുകള്‍, ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ തുടങ്ങിയവയെല്ലാം അടങ്ങുന്ന നവമാധ്യമം നിലവിലുള്ള മാധ്യമ/പത്രപ്രവര്‍ത്തന രീതികളെയെല്ലാം അട്ടിമറിച്ച് അതിന്‍െറ ആഘോഷവേഗങ്ങളിലാണിപ്പോള്‍. നവമാധ്യമങ്ങള്‍ എങ്ങനെ നമ്മുടെ സമൂഹത്തില്‍ ഇടപെടുന്നു, അവ എങ്ങനെയൊക്കെ മാറ്റിതീര്‍ക്കുന്നു, അവയുടെ രാഷ്ട്രീയമെന്താണ്, അവ എത്രമാത്രം ജനാധിപത്യപരമാണ്-മാധ്യമവികശലന വിദഗ്ധന്‍ കൂടിയായ ശശികുമാര്‍ നിലപാടുകള്‍ വ്യക്തമാക്കുകയാണ് ഈ ടെലഫോണ്‍ അഭിമുഖത്തില്‍.



നവമാധ്യമങ്ങളെ താങ്കള്‍ എങ്ങനെ നിര്‍വചിക്കും. അഥവാ എങ്ങനെ വിലയിരുത്തുന്നു?  

നവമാധ്യമങ്ങള്‍ എന്നതു കൊണ്ട് ചുരുക്കി പറഞ്ഞാല്‍ അര്‍ഥമാക്കുന്നത് അനലോഗ് മാധ്യമത്തില്‍ നിന്ന് ഡിജിറ്റല്‍ മാധ്യമത്തിലേക്കുള്ള സമൂഹത്തിന്‍െറ മാറ്റമാണ്. ഈ ഡിജിറ്റല്‍ വളര്‍ച്ച ഇവിടെ വിവര വിപ്ളവം നടക്കാന്‍ കാരണമായി.  ഈ വിപ്ളവം മുമ്പ് നടന്ന വ്യാവസായിക വിപ്ളവത്തേക്കാള്‍ ശക്തവും വിപുലവുമാണ്. മുമ്പ് അച്ചടി മാധ്യമങ്ങളില്‍ക്കൂടി മാത്രമാണ് വാര്‍ത്തകളും വിവരങ്ങളും ജനങ്ങള്‍ അറിഞ്ഞിരുന്നത്. ആ അവസ്ഥ നവമാധ്യമങ്ങള്‍ മാറ്റിതീര്‍ത്തു. ഒൗപചാരിക മുഖ്യധാരാ മാധ്യമങ്ങളെ പിന്നിലാക്കിയാണ് നവമാധ്യമങ്ങളുടെ ഉദയം. ഇന്‍റര്‍നെറ്റും മൊബൈലുമടക്കമുള്ള സാങ്കേതിക വിദ്യകളുടെ വിപുലീകരണത്തോടെ മിക്കവര്‍ക്കും നവമാധ്യമങ്ങള്‍ സാധ്യമാകുന്ന ഒന്നായി. അതോടെ ലോകം തന്നെ ഗ്ളോബല്‍ വില്ളേജായി. ഇതെന്നത് അറിവിന്‍െറ ജനാധിപത്യവല്‍ക്കരണമാണ്. അതോടൊപ്പം സാങ്കേതിക വിദ്യയുടെ ജനാധിപത്യവല്‍ക്കരണവും നടക്കുന്നു. സാങ്കേതിക വിദ്യയുടെ ജനാധിപത്യവല്‍ക്കരണമാണ് നവമാധ്യമങ്ങളെ ശക്തിപ്പെടുത്തിയതും. സാങ്കേതിക വിദ്യ ചലച്ചിത്ര നിര്‍മാണത്തെപോലും ജനാധിപത്യവല്‍ക്കരിച്ചു. ഡിജിറ്റല്‍ സാങ്കേതിക വിദ്യ മൂലം സിനിമാ നിര്‍മാണം ഒരാള്‍ക്ക് തനിച്ച് ചെയ്യാവുന്ന ഒന്നായി മാറ്റി. ഇതുപറയുമ്പോള്‍ ഈ ദിനങ്ങളിലെ ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്തകളില്‍ ഒന്ന് പ്രസാദ് കളര്‍ ലാബോറട്ടറി പൂട്ടാന്‍ പോകുന്നുവെന്നതാണ്. മുമ്പ് സിനിമകളുടെ പ്രോസസിങ് നടന്നിരുന്ന ഈ പ്രമുഖ സ്ഥാപനത്തില്‍ ഇപ്പോള്‍ ആരും ആ ആവശ്യവുമായി ചെല്ലുന്നില്ല. സിനിമക്ക് പഴയമട്ടിലുള്ള പ്രോസസിങ് ആവശ്യമില്ല. ഇതാണ് സാങ്കേതിക വിദ്യ സാധ്യമാക്കിയ മാറ്റം. സമാനമാണ് നവമാധ്യമങ്ങളുടെ കാര്യവും. നവമാധ്യമങ്ങള്‍ അവയുടെ സവിശേഷതകള്‍കൊണ്ടാണ് പ്രാമുഖ്യം നേടുന്നത്. അച്ചടിമാധ്യമത്തില്‍ വാര്‍ത്തയിലെ സംഭവം വായനക്കാരന്‍ കാണുന്നില്ല. ശ്രാവ്യമാധ്യമത്തില്‍ കേള്‍ക്കുന്നു. ദൃശ്യമാധ്യമത്തില്‍ കാണുന്നു. എന്നാല്‍, നവ മാധ്യമങ്ങളില്‍ ഇത് മൂന്നും സാധ്യമാകുന്നു. നവമാധ്യമങ്ങള്‍ ഒരേ സമയം വായിക്കാനും, കേള്‍ക്കാനും കാണാനുമുളള ഇടമാകുന്നു. വാര്‍ത്തകള്‍ക്ക് ത്രിമാന സ്വഭാവം ലഭിക്കുന്നു. മാത്രമല്ല, ഈ നവമാധമ്യങ്ങളാണ് പലപ്പോഴും യഥാര്‍ഥ മാധ്യമപ്രവര്‍ത്തനത്തിന്‍െറ കടമകള്‍ നിര്‍ഹിക്കുന്നത്. ശക്തമായ രീതിയില്‍ സമൂഹത്തില്‍ നവമാധ്യമങ്ങള്‍ ഇടപെടുന്നു. നവമാധ്യമങ്ങളില്‍ കണ്‍വെര്‍ജന്‍സ് (ഒരുമിച്ച്ചേരല്‍ അഥവാ കേന്ദ്രീകരണം) സാധ്യമാകുന്നുണ്ട്. ഈ കണ്‍വെര്‍ജന്‍സ് എന്നതിന് സ്ഥാപനപരമായി വിശാലാര്‍ഥത്തില്‍ മൂന്ന്  വൃത്തങ്ങാണുള്ളത്്. ആദ്യത്തെ വൃത്തത്തില്‍ അച്ചടി, പ്രസിദ്ധീകരണ മാധ്യമങ്ങളാണുള്ളത്, രണ്ടാമത്തേതില്‍ ദൃശ്യ/ചലച്ചിത്ര മേഖല.  മൂന്നാമത്തെ വൃത്തമെന്നത് ഇന്‍റര്‍നെറ്റ്/മൊബൈല്‍ എന്നിവയെല്ലാം അടങ്ങുന്ന സൈബര്‍ മേഖലയാണ്.  നവമാധ്യമങ്ങളുടെ വളര്‍ച്ച ഫുക്കുയാമ വിശേഷിപ്പിച്ചതുപോലെ ചരിത്രത്തിന്‍െറ അവസാനമല്ല. അല്ളെങ്കില്‍ പുതിയ ക്ളീന്‍ സ്ളേറ്റില്‍ എഴുത്തല്ല. അറിവിന്‍െറ ജനാധിപത്യവല്‍ക്കണം വന്നതോടെ ഇവിടെ പഴയ പത്രപ്രവര്‍ത്തന രീതികള്‍ ആവശ്യമില്ലാതായി. ഇപ്പോള്‍ ഓരോരുത്തരും മാധ്യമപ്രവര്‍ത്തകരാകുകയാണ്. തങ്ങള്‍ക്ക് ലഭ്യമായ അറിവുകളും വിവരങ്ങളും വാര്‍ത്തകളും അവര്‍ ഓരേരുത്തരും കുറിപ്പുകളായോ അല്ളെങ്കില്‍ ചിത്രങ്ങളോ വീഡിയോകളായോ അപ്പപ്പോള്‍ നവമാധ്യമങ്ങളിലൂടെ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയാണ്്. ഇതെന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കിങ്, സിറ്റിസണ്‍ ജേര്‍ണലിസം എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങള്‍ സ്വീകരിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന അവസ്ഥയാണ്. മുഖ്യധാരകള്‍ അവഗണിക്കുന്ന ജനകീയ വിഷയങ്ങള്‍ പോലും കൈകാര്യം ചെയ്യുന്ന തലത്തേിലേക്ക് നവമാധ്യമങ്ങള്‍ വളര്‍ന്നു. അത് തിരിച്ച് മൊത്തം മാധ്യമ രംഗത്തെ മാറ്റിയിരിക്കുന്നു.


നവ മാധ്യമങ്ങളുടെ വളര്‍ച്ച അച്ചടിമാധ്യമങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുണ്ടെന്നാണ് സൂചന..?

ഉണ്ട്. അച്ചടിമാധ്യമങ്ങളുടെ കാലം അതിവേഗം ഇല്ലാതാകുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മാസികകളും ആനുകാലികങ്ങളുമെല്ലാം അതിവിദൂരമല്ലാത്ത ഭാവിയില്‍ നിന്നുപോയേക്കാം. പച്ചക്കുതിര പോലുള്ളവയ്ക്കെല്ലാം ഇത് ബാധകമാണ്. ഏഷ്യന്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ ക്ളാസ് എടുക്കുമ്പോള്‍ ഞാന്‍ സ്ഥിരമായി ദിനപത്രം വായിക്കുന്ന വിദ്യാര്‍ഥികള്‍ എത്രയുണ്ടെന്ന് ചോദിക്കാറുണ്ട്. പലപ്പോഴും  200 വിദ്യാര്‍ഥികളുള്ളതില്‍ ഉയരുന്നത് 10 കൈകളോ മറ്റോ ആണ്. ആദ്യമൊക്കെ എനിക്കിത് അത്ഭുതവും വിഷമവുമുണ്ടാക്കിയിരുന്നു. എന്നാല്‍, ഈ വിദ്യാര്‍ഥികള്‍ വാര്‍ത്തകള്‍ അറിയാതെ പോകുന്നില്ല. അവര്‍ നവമാധ്യമങ്ങളിലൂടെ വാര്‍ത്ത അറിയുകയും ഇടപെടുകയുമാണ് ചെയ്യുന്നത്. അവര്‍ പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡീഷനുകളില്‍ നിന്ന് വാര്‍ത്തകളറിയുന്നു. അത് മറ്റുള്ളവരുമായി പങ്ക് വയക്കുന്നു. അവര്‍ പത്രം വായിക്കാത്തതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. ഇപ്പോള്‍ ആര്‍ക്കും ഒരു ലേഖനമോ, കുറിപ്പോ അച്ചടിമഷി പുരണ്ട് കാണാനായി മാധ്യമങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുമില്ല. അതവര്‍ക്ക് ബ്ളോഗിലൂടെയോ സോഷ്യല്‍ മീഡിയകളിലൂടെയോ മറ്റുള്ളവരുമായി പങ്കുവയ്ക്കാം, സംവദിക്കാം. അങ്ങനെ അച്ചടി മാധ്യമങ്ങളെ മറികടന്ന് സമൂഹം മുന്നോട്ട് പോവുകയാണ്. നവമാധ്യമങ്ങള്‍ പലപ്പോഴും അച്ചടി/ചാനല്‍ തുടങ്ങിയവയുടെ പ്രസക്തി ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല അച്ചടിയുള്‍പ്പടെയുള്ള മാധ്യമങ്ങള്‍ പ്രതിസന്ധിയിലുമാണ്. നമുക്ക് നവമാധ്യമങ്ങളുടെ പുതിയ രൂപങ്ങളാണ് ആവശ്യമായി വരുന്നത്.


മാധ്യമ സ്ഥാപനങ്ങളെ പൊതുവില്‍ എങ്ങനെയാണ് നവമാധ്യമങ്ങള്‍ സ്വാധീനിച്ചിരിക്കുന്നത്?

ബിസിനസില്‍ വെര്‍ട്ടിക്കല്‍ ഇന്‍റഗ്രേഷന്‍ എന്ന് വിശേഷിപ്പിക്കുന്ന അവസ്ഥയാണ് പത്രമാധ്യമസ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പിന്തുടരുന്നത് (ഒരു വ്യവസായ സ്ഥാപനം അതിന് അനുബന്ധമായ മറ്റ് വ്യവസായ സംരംഭങ്ങള്‍ കൂടി തുടങ്ങുന്ന രീതി). പത്രസ്ഥാപനങ്ങള്‍ക്ക് തന്നെ നവമാധ്യമങ്ങളില്‍ ഇടപെടാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇതിന്‍െറ തുടര്‍ച്ചയിലാണ്  ഓരോ പത്രസ്ഥാപനവും ചാനലും ഓണ്‍ലൈന്‍ എഡീഷനും റേഡിയോകളുമായി രംഗത്ത് വരുന്നത്. ഇത് നവമാധ്യമങ്ങളുടെ സ്വാധീനത്തിന്‍െറ മാത്രം പ്രശ്നമല്ല.മറിച്ച്  സമ്പൂര്‍ണമായ മാറ്റമാണ്. രാഷ്ട്രീയക്കാര്‍ അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നത്  ട്വിറ്ററിലും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലുമാണ്. രാഹുല്‍ഗാന്ധിയാകട്ടെ, സുഷമ സ്വരാജാകട്ടെ, മോഡിയാകട്ടെ. ഇവര്‍ പറയുന്ന വളരെ കുറച്ച് അക്ഷരങ്ങളുള്ള ഒരു ട്വീറ്റാണ് അടുത്ത ദിവസത്തെ പത്രത്തിന്‍െറ ഒന്നാം പേജിലെ അഞ്ചുകോളം തലക്കെട്ട്. രാഷ്ട്രീയക്കാര്‍ പോലും നവമാധ്യമങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞിരിക്കുന്നു. പത്രങ്ങളുടെ സ്ഥലപരിമിതി  ഓണ്‍ലൈനില്‍ ഇല്ല. അതുകൊണ്ട് തന്നെ  പ്രിന്‍്റ് എഡീഷനില്‍ ഉപയോഗിക്കാത്ത വാര്‍ത്തകളും അവര്‍ ഓണ്‍ ലൈന്‍ എഡീഷനില്‍ നല്‍കുന്നു. പല വാര്‍ത്തകളുടെയും ചുരുക്കമാണ് ഇപ്പോള്‍ പത്രമാധ്യമങ്ങള്‍ നല്‍കുന്നത്. കുടുതല്‍ വിപുലമായ വാര്‍ത്ത ഓണ്‍ലൈന്‍ എഡീഷനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. കൂടാതെ പ്രിന്‍റ് എഡീഷന്‍െറ പിഡിഎഫ് രൂപവും ഓണ്‍ലൈനില്‍ നല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.. ഇത് മാധ്യമങ്ങളെ ചില സ്വയംനിയന്ത്രണങ്ങള്‍ക്ക് നിര്‍ബന്ധിതരാക്കാനും ഒരേ മാധ്യമസ്ഥാപനംതന്നെ തങ്ങളുടെ വ്യത്യസ്ത ഘടകങ്ങളില്‍ (ചാനല്‍, ഓണ്‍ലൈന്‍ എന്നിങ്ങനെയുള്ള) അല്പാല്പം വ്യത്യസ്തതയുള്ള സമീപനം സ്വീകരിക്കാനും നിര്‍ബന്ധിക്കുന്നു. ഇത്  സമൂഹത്തിന് ഗുണംചെയ്യം.

നവമാധ്യമങ്ങള്‍ നിലവിലുണ്ടായിരുന്ന പത്രപ്രവര്‍ത്തനത്തെ എങ്ങനെയൊക്കെ മാറ്റി തീര്‍ത്തിട്ടുണ്ട്?

പത്രപ്രവര്‍ത്തനം എന്നത് പഴയ അര്‍ഥത്തില്‍ നിന്ന് സമ്പൂര്‍ണമായി പരിവര്‍ത്തനപ്പെട്ടു. പത്രപ്രവര്‍ത്തകര്‍ക്കാകട്ടെ ഇപ്പോള്‍ വാര്‍ത്ത എഴുതുക എന്ന ജോലി മാത്രം അറിഞ്ഞാല്‍ പോരാതായി. പത്രപ്രവര്‍ത്തകര്‍ ഇപ്പോള്‍ തങ്ങളുടെ പത്രത്തിന് വേണ്ടി വാര്‍ത്ത എഴുതിയാല്‍ മാത്രം പോര. പത്രത്തില്‍ എഴുതേണ്ടതിനൊപ്പം അവര്‍ വാര്‍ത്ത ഓണ്‍ലൈന്‍ എഡീഷനിലേക്കും എഴുതേണ്ടിയിരിക്കുന്നു. ഒപ്പം തന്നെ അതിനൊപ്പം കൊടുക്കാനുളളള പടങ്ങളും സ്വയം എടുക്കേണ്ടിവരുന്നു. മാത്രമല്ല അതിന്‍െറ വീഡിയോയും കൂടി കൊണ്ടുവരേണ്ടി വരുന്നു. അതായത് പത്രപ്രവര്‍ത്തകന്‍ ഫോട്ടോഗ്രാഫറുടെയും വീഡിയോഗ്രാഫറുടെയും ജോലി കൂടി ചെയ്യേണ്ട തലത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. മുമ്പ് പത്രങ്ങള്‍ നല്‍കുന്നതായിരുന്നു അറിവ്. അവര്‍ സൃഷ്ടിക്കുന്നതായിരുന്നു വാര്‍ത്ത. എന്നാല്‍, വിക്കിപീഡിയ പോലുള്ള സംരംഭങ്ങള്‍ സ്വതന്ത്ര അറിവിന്‍്റെ ബദല്‍ മാതൃകയാകുകയാണ്. ഈ സംരംഭങ്ങള്‍ ചെയ്യുന്നത് അറിവിന്‍െറ ജനാധിപത്യവല്‍ക്കരണമാണ്. വിക്കി പീഡിയ പ്രവര്‍ത്തകര്‍ തന്നെ ദിവസവും വളരെയേറെ വിവരങ്ങള്‍ സൃഷ്ടിക്കുന്നു. അവ സമൂഹത്തിനായി നല്‍കുന്നു. വിവരങ്ങളുടെയും അറിവിന്‍െറയും കുത്തക ഇത്തരം നവമാധ്യമങ്ങള്‍ തകര്‍ത്തുകളഞ്ഞു. പത്രപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ അറിവിന് പോലും നവമാധ്യമങ്ങളെ ആശ്രയിക്കേണ്ടതയായ അവസ്ഥ വരുന്നു.മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ മടിക്കുന്ന സാമൂഹിക, ജനകീയ പ്രശ്നങ്ങള്‍ പോലും നവമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നു. സ്വാഭാവികമായി മാധ്യമങ്ങള്‍ അത് ഏറ്റെടുക്കാനും വാര്‍ത്തകള്‍ നല്‍കാനും നിര്‍ബന്ധിതരാവുന്നു.


നവമാധ്യമങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ നമ്മള്‍ യഥാര്‍ഥത്തില്‍ സംസാരിക്കുന്നത്   മധ്യവര്‍ഗത്തെപ്പറ്റിയാണ് എന്ന അവസ്ഥയുണ്ട്. കാരണം ഇന്‍റര്‍നെറ്റും നവമാധ്യമ സംവിധാനങ്ങളും നഗരത്തിലെ മനുഷ്യര്‍ക്കാണ് എളുപ്പം ലഭ്യമാകുന്നത്. ഈ സൗകര്യങ്ങള്‍ ഒന്നും കടന്നുചെല്ലാത്ത ഗ്രാമങ്ങളുള്ള സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. അതുകൊണ്ട് തന്നെ നവമാധ്യമങ്ങള്‍ നഗരകേന്ദ്രീകൃത  മധ്യവര്‍ഗത്തെയാണ്  പ്രതിനിധീകരിക്കുന്നത് എന്ന തരത്തിലുള്ള വര്‍ഗ/ജാതി പ്രശ്നമില്ളേ?


ഉണ്ട്. അതില്‍ ഒരു സംശയവുമില്ല. രണ്ടുതരം ഇന്ത്യ നിലവിലുണ്ട്. ഉള്ളതുംഇല്ലാത്തുമായ രണ്ട് ഇന്ത്യകള്‍. സമ്പന്നരുടെയും ദരിദ്രന്‍െറയും. നഗരങ്ങളും ഗ്രാമങ്ങളുമായി ഇന്ത്യ വിഭജിക്കപ്പെട്ടിരിക്കുന്നു. അത് മാധ്യമങ്ങള്‍ക്കും ബാധകമാണ്. ഡിജിറ്റലും അല്ലാത്തതുമായ ഇന്ത്യയുമുണ്ട്. ഇന്‍റര്‍നെറ്റും മറ്റ് സംവിധാനങ്ങളും ലഭ്യമല്ലാത്ത ഗ്രാമീണ ജനതകളുണ്ട്്.  കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി വ്യത്യാസമാണെന്ന് പറയാം. ഇവിടെ മൊബൈല്‍ വിപ്ളവം നടന്നിരിക്കുന്നു. ഏത് ഗ്രാമീണന്‍െറയും കൈവശം മൊബൈല്‍ ഉണ്ട്. കര്‍ഷകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക്  വിളകളുടെ വിലകള്‍ അറിയാന്‍, പതിയ കൃഷി രീതികള്‍ അറിയാന്‍, കാലാവസ്ഥ അറിയാന്‍ എല്ലാം മൊബൈല്‍ ആവശ്യമായി വരികയും ചെയ്യുന്നു. വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് ഉള്‍നാടുകളില്‍ വരെ കേരളത്തില്‍ മൊബൈല്‍ വിപ്ളവം നടന്നത്. ഇതല്ല മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി. പ്രത്യേകിച്ച് ബീഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍. എന്നാല്‍ ഈ അവസ്ഥ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. രണ്ട് കാരണംകൊണ്ട് ഈ അവസ്ഥയില്‍ വളരെ ചുരുങ്ങിയ സമയംകൊണ്ട് മാറ്റമുണ്ടാകും.

എങ്ങനെ മാറ്റം സാധ്യമാകുമെന്നാണ് കരുതുന്നത്?

ഒന്നാമത് വിപണി ശക്തികള്‍ നഗരങ്ങളില്‍ അവയുടെ വളര്‍ച്ചയുടെ പാരമ്യത്തിലാണ്. അതിന് നഗരങ്ങളില്‍ ഇതില്‍ കൂടുതല്‍ വളരുക സാധ്യമല്ല. നിശ്ചലതയാവും ഇനി സംഭവിക്കുക. സ്വാഭാവികമായി അവര്‍ക്ക്  ഗ്രാമങ്ങളിലേക്ക് പോകുകയല്ലാതെ മാര്‍ഗമില്ല. നഗരത്തിന് പുറത്താണ് വലിയ ഒരു വിപണിയുള്ളത്്.അതുകൊണ്ട് തന്നെയാണ് മൊബൈല്‍ കമ്പനികള്‍ ഉള്‍പ്പടെയുള്ളവര്‍  ഗ്രാമീണ ജനതകളുടെ അടുത്തേക്ക് പോകുന്നത്. രണ്ടാമത്, അഭ്യന്തര കുടിയേറ്റങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്. കേരളമടക്കമുള്ള ഇന്ത്യയിലെ വലിയ നഗരങ്ങളിലേക്ക് ബംഗാളിലെയും മറ്റ് അവികസിത സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളില്‍ വന്‍ തോതില്‍ ജനം തൊഴില്‍ അഭയാര്‍ഥികളായി പ്രവഹിക്കുന്നുണ്ട്. ഇവരുടെ ജനസംഖ്യ നാല് കോടിയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ നഗരത്തില്‍ നിന്ന് പുതിയ സാങ്കേതിക വിദ്യ പരിചയിക്കുകയും അതുമായി ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുകയും ചെയ്യുന്നു. ഇത് വലിയ മാറ്റത്തിന് കാരണമാവുന്നുണ്ട്. ഇത് വഴി ഗ്രാമങ്ങള്‍ക്കും പ്രാപ്യമായ ഒന്നായി നവമാധ്യമങ്ങളും സാങ്കേതിക വിദ്യയും അതിവേഗം മാറുന്നുണ്ട്. ഇത്തരം രണ്ട് രീതികളിലൂടെയും നവമാധ്യമങ്ങള്‍ വിദൂരസ്ഥങ്ങളായ ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നതാണ് നമ്മള്‍ കാണുന്നത്.


നവമാധ്യമങ്ങള്‍ സമൂഹത്തിന്‍െറ ചലനത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു?

ആം ആദ്്മി പാര്‍ട്ടിയെ ദല്‍ഹിയില്‍ അധികാരത്തിലത്തെിച്ചത് യഥാര്‍ഥത്തില്‍ നവമാധ്യമങ്ങളാണ്. നവമാധ്യമങ്ങളെ ശരിയായ രീതിയില്‍ ഉപയോഗിച്ചും അഭിപ്രായ രൂപീകരണം സാധ്യമാക്കിയുമാണ് ആം ആദ്മി പാര്‍ട്ടി വിജയ നേടിയത്. ജനങ്ങളുടെ അഭിപ്രായരൂപീകരണത്തിനും അവരെ ചലിപ്പിക്കാനും ഈ പുതിയ മാധ്യമങ്ങള്‍ക്കും സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകള്‍ക്കും വലിയ പങ്ക് വഹിക്കാനാവും. ഇത്. അറബ്വസന്തത്തിലും ദല്‍ഹിയിലുള്‍പ്പടെ നടന്ന പ്രതിഷേധങ്ങളിലും വ്യക്തമാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്ത് ജനങ്ങളെ സംഘടിപ്പിക്കാന്‍ നവമാധ്യമങ്ങള്‍ക്ക് കഴിയും. തെരുവിലെ പ്രകടനങ്ങളല്ല, സോഷ്യല്‍ മീഡിയകളിലെ പ്രതിഷേധങ്ങളാണ് പലപ്പോഴും സമൂഹത്തെ ചലിപ്പിക്കുന്നത്. നവമാധ്യമങ്ങളുടെ സാധ്യതകള്‍ അപരിമിതമായതിനാല്‍ ഇപ്പോള്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സൈബര്‍ സ്പേസ് കണ്ടെത്തേണ്ടിവരുന്നു.


നവ/സോഷ്യല്‍ മീഡയയെ നല്ല കാര്യത്തിന് ഉപയോഗിക്കാവുന്നതുപോലെ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്കും പ്രയോജനപ്പെടുത്താവുന്ന അവസ്ഥയുണ്ട്? ഉദാഹരണത്തിന് ഹിന്ദുത്വവര്‍ഗീയവാദികള്‍ക്ക്?

അതുണ്ട്. സോഷ്യല്‍ മീഡിയകളെ അറിവിന്‍െറയും വിവരങ്ങളുടെയും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതുപോലെ തന്നെ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്കും വര്‍ഗീയ കക്ഷികള്‍ക്കുമെല്ലാം ഉപയോഗിക്കാനാവും. സോഷ്യല്‍ മീഡിയകളെ ഇപ്പോള്‍ ഏറ്റവും നന്നായി ഇപ്പോള്‍ ഉപയോഗിക്കുന്നത് വലതുപക്ഷ ഹിന്ദു തീവ്രവാദികളാണ്. അവര്‍ നവ മാധ്യമങ്ങള്‍ കൈയടക്കിയിരിക്കുന്നു. ഇടതുപക്ഷങ്ങളെയും കോണ്‍ഗ്രസിനേയും മെല്ലാം അധികമായി നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു.  തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ ഈ മാധ്യമങ്ങളെ വിദഗ്ധമായും ശക്തമായും ആസൂത്രിതമായും ഉപയോഗിക്കുന്നു. നരേന്ദ്ര മോഡിയെപോലുള്ള ഫാസിസ്റ്റ് രാഷ്ട്രീയക്കാര്‍ അധികാരത്തിലത്തൊന്‍ ഈ മീഡിയകളിലാണ് വലിയ തോതില്‍ പ്രചരണം അഴിച്ചുവിടുന്നത്. അവരുടെ പ്രചരണങ്ങളില്‍ വഴിതെറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. നവ മാധ്യമങ്ങളില്‍ കൂടി വര്‍ഗീയത പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വ ശ്രമം വലിയ തോതില്‍ നടക്കുന്നുണ്ട്.  ഇതിനെ പ്രതിരോധിക്കേണ്ടത് നമ്മളുടെ ബോധവും കൂട്ടായ ജാഗ്രതയിലുമാണ്. ജനാധിപത്യമാര്‍ഗങ്ങളുപയോഗിച്ച് അതിനെ ഒന്നിച്ച് പ്രതിരോധിച്ച് തോല്‍പിക്കുകയാണ് വേണ്ടത്.


മുസഫര്‍ നഗര്‍ കലാപത്തിന് കാരണമായി പറയുന്നത് ഒന്ന് ഒരു വീഡിയോ ദൃശ്യം തെറ്റായി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചുവെന്നതാണ്. അപ്പോള്‍ നിയന്ത്രണം ആവശ്യമായി വരുന്നില്ളേ?

നവമാധ്യമങ്ങളെ ഒരു സാഹചര്യത്തിലും പുറത്തുനിന്ന് നിയന്ത്രിക്കേണ്ടതില്ളെന്നു തന്നെയാണ് എന്‍െറ പക്ഷം. അത് സ്വയം നിയന്ത്രണമാണ് വേണ്ടത്. മുസഫര്‍ നഗര്‍ കലാപത്തിലായിക്കോട്ടേ, മുമ്പ് വടക്കുകിഴക്കന്‍ ജനങ്ങളെ തങ്ങളുടെ നാട്ടിലേക്ക് പരിഭ്രാന്തരായി പലായനം ചെയ്യിച്ച സംഭവമാകട്ടെ എല്ലാം തന്നെ ഗുരുതരമായ കുറ്റങ്ങളാണ്. അവയെ നിയന്ത്രിക്കാനും ശിക്ഷിക്കാനും നമുക്കിപ്പോള്‍ തന്നെ നിയമങ്ങളുണ്ട്. മത സ്പര്‍ധ വളര്‍ത്തുന്നതും മറ്റൊരു വിഭാഗത്തെ അവമതിക്കുന്നതും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റങ്ങളാണ്. നവമാധ്യമങ്ങള്‍ മാത്രമല്ല, പത്രമാധ്യമങ്ങളും ബോധപൂര്‍വം മതസ്പര്‍ധ വളര്‍ത്തുന്ന രീയിയില്‍ സങ്കുചിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേകിച്ച് ഗുജറാത്ത് കലാപവേളയില്‍. കലാപത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് അന്ന് പ്രദേശിക ഭാഷാ പത്രങ്ങള്‍ പ്രവര്‍ത്തിച്ചത്.അതുകൊണ്ട് പത്രമാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് വേണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. പിന്നെന്തുകൊണ്ട് നവമാധ്യമങ്ങള്‍ മാത്രം വ്യത്യസ്തമാകണം. പത്രങ്ങള്‍ക്ക് ബാധകമായ രീതികളാവണം നവമാധ്യമങ്ങളുടെ കാര്യത്തിലും പിന്തുടരേണ്ടത്. നവമാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ ചലിച്ചാല്‍ നിലവിലുള്ള നിയമങ്ങള്‍ കൊണ്ട് തന്നെ ശിക്ഷിക്കാം. അതിന് ബാഹ്യമായ നിയന്ത്രണമോ, ഐടി. ആക്റ്റിലെ  66 വകുപ്പ് പോലുള്ള കരിനിയമങ്ങളോ ആഅവശ്യമില്ല.


നവമാധ്യമങ്ങള്‍ ഐ.ടി. ആക്റ്റിന്‍െറ കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്...? . അതെപ്പറ്റി?

നവമാധ്യമങ്ങള്‍ക്ക് മാത്രമായി ചില കരിനിയങ്ങള്‍ നിലവിലുണ്ട്. 66ാം വകുപ്പ് പ്രകാരംഓണ്‍ലൈന്‍ സംവിധാനങ്ങളില്‍  തനിക്ക് ആക്ഷേപകരമായി എന്ന് കാണിച്ച് ആര്‍ക്കും മറ്റൊരാളുടെ നേര്‍ത്ത പരാമര്‍ശത്തിനെതിരെ പോലും പരാതി നല്‍കാം. അത്തരം പരാതിയില്‍ കടുത്ത ശിക്ഷ നല്‍കുന്ന അവസ്ഥയാണ് നിലവിലുള്ളത്.  അതുകൊണ്ടാണ് ചിദംബരത്തിനെതിരെ പ്രസ്താവന നടത്തിയയാളും, ബാല്‍താക്കറെ മരിച്ചപ്പോള്‍ നടന്ന ബന്ദിനെിരെ പ്രതികരിച്ച യുവതികളുമെല്ലാം അറസ്റ്റിലായത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇത്തരം കരിനിയമങ്ങള്‍ വഴി നവമാധ്യമങ്ങളിലില്ലാതാക്കാം. അതേ സമയം ഇതേ പരാമര്‍ശങ്ങള്‍ അച്ചടി-ദൃശ്യമാധ്യമത്തിലുണ്ടായാല്‍ കുറ്റകരമാകുന്നുമില്ല. അവിടെ ഇത്തരം കരിനിയമങ്ങള്‍ നിലവിലില്ല. നവമാധ്യമങ്ങള്‍ക്ക് അച്ചടി,ദൃശ്യ മാധ്യമങ്ങള്‍ക്ക് ബാധകമല്ലാത്ത നിയമം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. അത് നീക്കം ചെയ്യാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. നവമീഡിയകള്‍ ഗിനിപന്നികളല്ല. അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ പോലെ തന്നെയാണ് നവമാധ്യമങ്ങളും. ആദ്യത്തെ രണ്ടിനും ബാധകമായ നിയമങ്ങള്‍ മാത്രമേ നവമാധ്യമങ്ങള്‍ക്കും ബാധകമാകാന്‍ പാടുള്ളൂ.





നവമാധ്യമങ്ങളെയടക്കം നിയന്ത്രിക്കാന്‍ ബാഹ്യനിയന്ത്രകന്‍ (എക്സ്റ്റേണല്‍ റഗുലേറ്റര്‍) എന്ന വാദം പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു ഉന്നയിക്കുന്നുണ്ട്..?

അത് അംഗീകരിക്കാനാവില്ല. എക്സ്റ്റേണല്‍ റഗുലേറ്റര്‍ എന്ന വാദം അപകടകരമാണ്. അതെന്നത് നവമീഡിയയെ ഭരണകൂടത്തിന്‍െറ കൈയിലെ ഉപകരണമാക്കുകയാവും ചെയ്യുക. സെന്‍സര്‍ഷിപ്പോ ബാഹ്യനിയന്ത്രണമോ ആവശ്യമില്ല. സ്വയം നിയന്ത്രണമാണ് ആവശ്യം. അമേരിക്കയിലുള്‍പ്പടെയുള്ള ചില രാജ്യങ്ങളില്‍ ഒരു മാധ്യമസ്ഥാപനത്തിന് അതുമായി ബന്ധപ്പെട്ട ചാനല്‍ പോലുള്ള അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുവാദമില്ല.അമേരിക്കയില്‍ അസൂത്രണമായ വികസനമാണ് നവമാധ്യമങ്ങളുടെ അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടായതെങ്കില്‍ ഇവിടെ അതലല്ല. ഇവിടെ മാധ്യമങ്ങളും അനുബന്ധമായി നവമാധ്യമങ്ങളും വളര്‍ന്നു കഴിഞ്ഞു. ഇപ്പോള്‍ നിയയമങ്ങളിലൂടെ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. അത് ഗുണകരമല്ല.
സെന്‍സര്‍ഷിപ്പിന്‍െറ ഏറ്റവും ഭീകരമായ അനുഭവം 1976 കളില്‍ നമ്മള്‍ കണ്ടതാണ്. അടിയന്തരാവസ്ഥയും അതിന്‍െറ പ്രസ് സെന്‍സര്‍ഷിപ്പും മാധ്യമങ്ങളെ അടിച്ചമര്‍ത്താനാണ് ഉപയോഗിച്ചത്. പിന്നീട് പലപ്പോഴും ഇത്തരം സെന്‍സര്‍ഷിപ്പ് സമീപനങ്ങള്‍ ഭരണകൂടമെടുത്തിരുന്നുവെങ്കില്‍ പ്രതിഷേധങ്ങള്‍ മൂലം നടക്കാതെ പോവകുയാണുണ്ടായത്. എക്സറ്റേണല്‍ റഗുലേറ്റര്‍ എന്ന ആവശ്യം സെന്‍സര്‍ഷിപ്പിലേക്ക് നവമാധ്യമങ്ങളെ നയിക്കുകയാവും ചെയ്യുക.


നവമാധ്യമങ്ങളും സോഷ്യല്‍ മീഡിയകളുമെല്ലാം ചേര്‍ന്ന അവസ്ഥയില്‍ വ്യക്തിയുടെ സ്വകാര്യത സാധ്യമല്ലാത്ത അവസ്ഥയുണ്ട്. അതെപ്പറ്റി എന്തുപറയും?

ശരിയാണ്. സ്വകാര്യത എന്നൊന്ന് ഇല്ലാതായിക്കഴിഞ്ഞു. സ്വകാര്യത ഉണ്ടെങ്കില്‍ അതിനെ യാദൃശിചിതക/ആകസ്മികം എന്ന് വിളിക്കേണ്ടിവരും. നിങ്ങള്‍ ഇലക്ട്രാണിക് ഗാഡ്ജറ്റ് ഉപയോഗിക്കുന്നതോടെ സ്വകാര്യത എന്നൊന്ന് ഇല്ലാതാകും. കാരണം ഇപ്പോള്‍ നമ്മള്‍ നടത്തുന്ന ടെലഫോണ്‍ സംഭാഷണം പോലും നമ്മള്‍ രണ്ട് പേര്‍ മാത്രമുള്ള സ്വകാര്യതയല്ല. ഏതൊക്കെയോ സ്ഥലങ്ങളിലിരുന്ന് ആരൊക്കെയോ ഇത് കേള്‍ക്കുന്നുണ്ട്. റെക്കോഡ് ചെയ്യപ്പെടുന്നുമുണ്ടാകാം. അതുകൊണ്ട് തന്നെയാണ് ഏറ്റവും സുരക്ഷിതവും സ്വകാര്യവുമെന്ന് കരുതിയ ദേശീയ സുരക്ഷാ ഏജന്‍സിയുടെ (എന്‍.എസ്.എ) രഹസ്യ നീക്കങ്ങള്‍ സ്നോഡനെ പോലുള്ളവര്‍ അവ വലിച്ച് പുറത്തിടുന്നത്. ലോകമെങ്ങും സ്വകാര്യത എന്നൊന്ന് ഇല്ളെന്നതാണ് അവസ്ഥ.


എന്തായിരിക്കും നവമാധ്യമങ്ങളുടെ ഭാവി? അതിവേഗമുള്ള ചലനം നവമാധ്യമങ്ങളെ എവിടെയത്തെിക്കുമെന്നാണ് വിലയിരുത്തല്‍?

നവമാധ്യമങ്ങളുടെ വളര്‍ച്ച ഒരു പ്രക്രിയയാണ്. അതിന്‍െറ തുടക്കത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. വെര്‍ട്ടിക്കല്‍ ഇന്‍റഗ്രേഷന്‍ എന്ന അവസ്ഥയിലാണ് നവമാധ്യമങ്ങള്‍ വളര്‍ന്നുവരുന്നത്.  ഇത് ഡിജിറ്റല്‍ ക്യാപിറ്റലിസത്തെ സൃഷ്ടിച്ചേക്കും. പുതിയ കോടിപതികള്‍ ഉയര്‍ന്നുവരാം. അതിനേക്കാള്‍ കൂടുതലായി ജനാധിപത്യവല്‍ക്കരണങ്ങള്‍ നടന്നേക്കാം. അതിവേഗമാണ് സോഷ്യല്‍ മീഡിയിലുള്‍പ്പടെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാങ്കേതിക വിദ്യയും അതുപോലെ മാറിയിരിക്കുന്നു. ചുരുങ്ങിയ സമയത്ത് തന്നെ രണ്ടോ മൂന്നോ പുതിയ മൊബൈലുകള്‍ വാങ്ങുന്നവരാണ് നമ്മള്‍ ഓരോരുത്തരും. സാങ്കേതിക വിദ്യ ആഴ്ചകള്‍കൊണ്ട് തന്നെ മാറിക്കൊണ്ടിരിക്കുന്നു. വാങ്ങിക്കുക, വീണ്ടും വാങ്ങിക്കുക എന്നതിനാല്‍ സാങ്കേിതക മാറ്റം പടി പടിയായി അതിവേഗമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങള്‍ക്കിടയില്‍ സംഭവിച്ചത് കമ്പ്യുട്ടര്‍ അടക്കം നമ്മള്‍ അനിവാര്യമായി കരുതിയ പലതിന്‍െറയും സ്ഥാനം മൊബൈല്‍ പോലുള്ള ഗാഡ്ജറ്റുകള്‍ ഏറ്റെടുക്കുന്നതാണ്്.ഇക്കാരണത്താല്‍ നവമാധ്യമങ്ങള്‍ അതിവേഗം മാറ്റത്തിന് വിധേയമാകും. അതുകൊണ്ടതന്നെ അവയുടെ ഭാവി കൃത്യമായി പ്രവചിക്കുക സാധ്യമല്ല.


പച്ചക്കുതിര, 2014 ജനുവരി