Friday, July 23, 2010

സഖാവെ, എവിടെ മറന്നുവച്ചു പൊടിയനുള്ള ആ ചുവന്നഹാരം?

സംഭാഷണം
ടി.എ. പൊടിയന്‍/ബിജുരാജ്
ആരുമെത്തിയില്ല. ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞ് ജയിലില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍, തൊഴിലാളി പ്രവര്‍ത്തകനും തൊഴിലാളിയുമായ സഖാവ് ടി.എ. പൊടിയനുവേണ്ടി ഒരു രക്തഹാരം ആരും കാത്തുവച്ചിരുന്നുമില്ല. നക്‌സലൈറ്റുകള്‍ ജയില്‍മോചനം അറിഞ്ഞുവോയെന്നും സംശയം. ആരും തന്നെക്കാത്ത് വരാനില്ലെന്ന് അറിയാമെന്നതുകൊണ്ട് തന്നെ പൊടിയന്‍ അടുത്ത വണ്ടിക്ക് പൂജപ്പുരയില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു. ഒരാളോടും ഒരു പരിഭവും മനസില്‍ സൂക്ഷിക്കാതെ.
ഇരുപത്തിയൊമ്പതുവര്‍ഷം മുമ്പ് ആലപ്പുഴ കാഞ്ഞിരംചിറയില്‍ സോമരാജന്‍ എന്ന കയര്‍ മുതലാളിയെ ഉന്മൂലനം ചെയ്ത കേസിലെ പ്രതിയാണ് പൊടിയന്‍. നക്‌സലൈറ്റ് ഉന്മൂലനത്തില്‍ നേരിട്ടോ പരോക്ഷമായോ പങ്കാളിയായിരുന്നില്ല. തീര്‍ത്തും നിരപരാധി. സി.പി.ഐ. പ്രവര്‍ത്തകനായിരുന്ന പൊടിയനെ അന്നത്തെ സി.പി.എം. നേതൃത്വം കേസില്‍ കുടുക്കുകയായിരുന്നു.
കാഞ്ഞിരംചിറ സ്വദേശിയായ തൈപ്പറമ്പില്‍ അന്ത്രപ്പന്‍ പൊടിയന്‍ തുടക്കം മുതലേ ഇടതുപക്ഷത്തോടൊപ്പമായിരുന്നു. സി.പി.ഐയുടെ യുവജന വിഭാഗത്തിന്റെ പ്രാദേശിക നേതാവ്. ജീവിതചെലവ് കണ്ടെത്താന്‍ ചെറിയ കച്ചവടം. പക്ഷേ, 1980 മാര്‍ച്ചില്‍ നടക്കുന്ന നക്‌സലൈറ്റ് ഉന്മൂലനം പൊടിയന്റെ ജീവിതം ആകെ മാറ്റി മറിച്ചു. അപ്പോള്‍ 25 വയസ്. നക്‌സലൈറ്റ് കേസില്‍ വിചാരണത്തടവുകാരനായിരിക്കുമ്പോള്‍ നക്‌സലൈറ്റായി. ജയിലിലും പരോളിലും ഒളിവിലുമായി പിന്നെ ഇരുപത്തൊമ്പത് വര്‍ഷങ്ങള്‍. ഒടുവില്‍ വളരെ വൈകി അടുത്തിടെ മോചനം.
പഴയ സഹപ്രവര്‍ത്തകര്‍ ഇപ്പോള്‍ വിവിധ താവളങ്ങളില്‍. പ്രവര്‍ത്തിക്കുന്നവര്‍ക്കാകട്ടെ പഴയകാലത്തിനെ ഓര്‍ക്കാനും സമയമില്ല. എം.എന്‍. രാവുണ്ണി, വെള്ളത്തൂവല്‍ സ്റ്റീഫന്‍ ഉള്‍പ്പടെയുള്ള ഒമ്പത് നക്‌സലൈറ്റ് തടവുകാരാണ് ഇതിനുമുമ്പ് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചവര്‍. സാംസ്‌കാരിക കേരളം നിരന്തരം നടത്തിയ പ്രക്ഷോഭത്തിലൂടെ 1985 ലായിരുന്നു അവരുടെ മോചനം. അതിനുശേഷം ആദ്യമായിട്ടാണ് ഒരു നക്‌സലൈറ്റ് പ്രവര്‍ത്തകന്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്നത്. പക്ഷേ, പൊടിയന്റെ ജയില്‍ മോചനത്തിന് ഒരു ശബ്ദവും ഒച്ചത്തില്‍ മുഴങ്ങിയില്ല. നക്‌സലൈറ്റ് പ്രവര്‍ത്തകര്‍ മറന്നുപോയതാവാം. അല്ലെങ്കില്‍ അവരിലെ തന്നെ കുഴപ്പങ്ങളാവാം. അതെന്തായാലും പൊടിയനും അദ്ദേഹത്തിന്റെ ജയില്‍ ജീവിതവും മൂന്നു പതിറ്റാണ്ടുകളില്‍ കേരള രാഷ്ട്രീയത്തില്‍ സംഭവിച്ച ഉയര്‍ച്ച താഴ്ചകളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
ഇപ്പോള്‍ ചേര്‍ത്തലയില്‍ വയലാര്‍ തങ്കിക്കവലയില്‍ ചെറിയ വീട്ടില്‍ ഭാര്യയ്ക്കും രണ്ടുമക്കള്‍ക്കുമൊപ്പമാണ് പൊടിയന്റെ താമസം. കൊച്ചി നഗരത്തില്‍ കെട്ടിട നിര്‍മാണത്തൊഴിലാളിയായി പണിയെടുക്കുന്നു.
പൊടിയന്‍ തന്റെ ഇന്നലെകളെപ്പറ്റി, നക്‌സലൈറ്റ് പ്രസ്ഥാനത്തെപ്പറ്റി, തടവുജീവിതത്തെപ്പറ്റി, ഇന്നത്തെ അവസ്ഥകളെപ്പറ്റി സംസാരിക്കുന്നു.നമുക്ക് താങ്കള്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ സജീവമാകുന്നതിനുമുമ്പുള്ള കാലത്ത് നിന്ന് തുടങ്ങാം. എന്തായിരുന്നു താങ്കളുടെ കുടുംബ സാഹചര്യം?

ഞങ്ങളുടേത് ഇടത്തരത്തിലും താഴ്ന്ന അവസ്ഥയായിരുന്നു. ക്രിസ്ത്യന്‍ (ലത്തീന്‍) കുടുംബം. അച്ഛന്‍ നേരത്തെ മരിച്ചു. ചേട്ടന്‍മാര്‍ വിവാഹം കഴിഞ്ഞ് മാറിത്താമസിക്കുകയായിരുന്നു. എട്ടുമക്കളില്‍ ഏറ്റവും ഇളയതാണ് ഞാന്‍. അമ്മയുടെ സംരക്ഷണവും മറ്റും എന്റെ ചുതലയിലായിരുന്നു. സോമരാജനെ നക്‌സലൈറ്റുകള്‍ കൊലപ്പെടുത്തുന്നതിനു മുമ്പ് വിറക് കച്ചവടം ചെയ്ത് അതില്‍ നിന്നുള്ള ചെറിയ വരുമാനവുമായി ജീവിക്കുകയായിരുന്നു.

എന്തായിരുന്നു ആദ്യകാല രാഷ്ട്രീയ നിലപാട്?

ചെറുപ്പം മുതലേ ഇടതുപക്ഷത്തോടൊപ്പമായിരുന്നു. ആലപ്പുഴയില്‍ ഇന്നത്തേക്കാള്‍ എത്രയോ മടങ്ങ് ഇരട്ടിയാണ് അന്ന് പ്രവര്‍ത്തനം. അതും ഒരു കാരണമായിരിക്കാം. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ക്കൊണ്ടും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടായിരുന്നു എന്നും താല്‍പര്യം. സി.പി.ഐയോടായിരുന്നു ആഭിമുഖ്യം.

നക്‌സലൈറ്റ് ഉന്മൂലനക്കേസില്‍ നിങ്ങള്‍ എങ്ങനെയാണ് പ്രതിയായത്?

സോമരാജനെ വധിച്ചതില്‍ എനിക്ക് യാതൊരു പങ്കുമില്ല. ഞാന്‍ ആ സമയത്ത് നക്‌സലൈറ്റ് അനുഭാവി പോലുമല്ല. അന്ന് സി.പി.ഐ.യിലായിരുന്നു. എ.ഐ.വൈ.എഫിന്റെ ആലപ്പുഴ ടൗണ്‍ കമ്മിറ്റി മെമ്പറാണ്. മേഖലാ പ്രസിഡന്റുമാണ്. ഇരുപത്തഞ്ച് വയസേയുള്ളൂ. ഞങ്ങളുടെ മേഖലയില്‍ സി.പി.എമ്മിനേക്കാള്‍ മുന്നിലായിരുന്നു സി.പി.ഐ. കൂടുതല്‍ ഉശിരുള്ള ചെറുപ്പക്കാര്‍ നല്ല പങ്കും അന്ന് സി.പി.ഐ.യിലായിരുന്നു. അതില്‍ സി.പി.എമ്മിന് എതിര്‍പ്പുണ്ട്. എനിക്ക് സി.പി.ഐ.യോട് ചില പ്രവര്‍ത്തന രീതികളോട് വിയോജിപ്പ് അവസാന ഘട്ടത്തില്‍ വന്നു. അതുകൊണ്ട് രാഷ്ട്രീയത്തില്‍ നിന്ന് അല്‍പം ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു. കുടുംബം നോക്കേണ്ടതുള്ളതുകൊണ്ട് അവിടെ ചെറിയ രീതിയില്‍ വിറക് കച്ചവടം തുടങ്ങി. കൂപ്പുകളില്‍ നിന്ന് വിറകുകള്‍കൊണ്ടുവന്ന് ചില്ലറ വില്‍പ്പനയാണ് നടത്തിയത്. ആ സമയത്താണ് നക്‌സലൈറ്റുകള്‍ സോമരാജനെതിരെ തിരിയുന്നത്. അയാളെ ഉന്മൂലനം ചെയ്ത വാര്‍ത്തയറിഞ്ഞെങ്കിലും എന്നെയത് വലിയ രീതിയില്‍ ബാധിക്കുമെന്ന് കരുതിയതുപോലുമില്ല. ഞാന്‍ സോമരാജന്‍ മരിച്ചശേഷം ആ വീട്ടില്‍ പോകുകയൊക്കെ ചെയ്യുന്നുണ്ട്. കച്ചവടവും തുടര്‍ന്നു. പിന്നെയാണ് എന്റെ പേര് കേസില്‍ ഉണ്ടെന്നറിയുന്നത്. സി.പി.എം.കാര്‍ കൊടുത്ത നിര്‍ദേശമാനുസരിച്ചാണ് പോലീസ് പ്രതികളുടെ പട്ടിക തയ്യാറാക്കിയിരുന്നത്. അവരുടെ രാഷ്ട്രീയ പകപോക്കല്‍മൂലമാണ് ഞാനതില്‍ ഉള്‍പ്പെട്ടത്. ഞാന്‍ മാത്രമല്ല ആ കേസില്‍ ശിക്ഷ ലഭിച്ച നാടക സംവിധായകന്‍ പി.എം. ആന്റണി ഉള്‍പ്പടെ പതിമൂന്ന് പേര്‍ നിരപരാധികളാണ്. അന്നത്തെ നഗരസഭാ കൗണ്‍സിലര്‍ ഗോപിദാസ്, ഹരിജന്‍ വെല്‍ഫെയര്‍ സൊസൈറ്റി ക്ലാര്‍ക്ക് ബാബു എന്നിവരൊക്കെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണ്. ആക്ഷന്‍ നടക്കുന്ന സമയത്ത് തീര്‍ത്ഥശേരി മൈതാനത്ത് നാടകം കളിച്ച ക്ലീറ്റസ് ഉള്‍പ്പടെ പലര്‍ക്കും സംഭവുമായി ഒരു ബന്ധവുമില്ല.

പിന്നെ താങ്കളെപ്പോഴാണ് നക്‌സലൈറ്റായത്?

കേസില്‍ പ്രതിയായി ആലപ്പുഴ സബ് ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുമ്പോഴാണ് അത്. അപ്പോഴേക്കും നക്‌സലൈറ്റ് പ്രവര്‍ത്തകരുമായി അടുപ്പം രൂപപ്പെട്ടു. അവരുടെ സാഹിത്യങ്ങള്‍ വായിക്കുകയും ചര്‍ച്ച ചെയ്യുകയും മറ്റും ചെയ്തപ്പോള്‍ നക്‌സലൈറ്റുകള്‍ പറയുന്നതാണ് ശരിയെന്ന് തോന്നി. വ്യക്തമായൊരു രാഷ്ട്രീയ കാഴ്ചപ്പാട് രൂപീകരിച്ചശേഷമാണ് സി.പി. ഐ (എം.എല്‍)നൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നത്.

സോമരാജന്‍ വധിക്കപ്പെടണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിരുന്നോ? എന്തിനായിരുന്നു ഉന്മൂലനം?

എനിക്ക് സോമരാജനുമായി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്നു. അയാള്‍ക്ക് ഞാന്‍ വിറക് വിതരണം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ സോമരാജന്റെ രീതികളോട് എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. സോമരാജന്‍ ശരിക്കും ജനമര്‍ദകനായിരുന്നു. കയര്‍ മുതലാളിയായിരുന്ന ഇയാള്‍ തന്റെ തടുക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് തൊഴിലാളിയായ ചാപ്രയില്‍ തോമസ് എന്ന അയല്‍വാസിയെ തല്ലുചതച്ചു. കോണ്‍ഗ്രസ്‌കാരുള്‍പ്പടെയുളളവര്‍ രംഗത്തെത്തി. 30 പേരടങ്ങുന്ന ഗുണ്ടാപ്പടയെയും പൊലീസിന്റെയും സംരക്ഷണം സോമരാജന്‍ തേടിയിരുന്നു. സോമരാജന്റെ വീട്ടിലേക്ക് ഒരു ബഹുജന മാര്‍ച്ച് നടന്നു. അതില്‍ ചിലര്‍ കടന്നുചെന്ന് സോമരാജനെ കൊലപ്പെടുത്തുകയുമാണ് ചെയ്തത്. സോമരാജന്‍ വധിക്കപ്പെടതില്‍ എനിക്ക് ദു:ഖമൊന്നുമില്ല.

ഉന്മൂലനം ഒരു സമര രൂപമെന്ന നിലയില്‍ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?

ആരും കൊല്ലപ്പെടണമെന്ന് എനിക്കാഗ്രഹമില്ല. പക്ഷെ വിപ്ലവ ശ്രമങ്ങള്‍ക്കിടയില്‍ ഇത്തരം ചില നടപടികള്‍ ചിലപ്പോഴൊക്കെ ഒഴിച്ചുകൂടാനാവാതെ വരും.


സി.പി.എം.എല്ലില്‍ നടന്ന ആശയസംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു സോമരാജന്റെ വധം എന്ന് ആരോപണമുണ്ട്?

സോമരാജനെതിരെ ജനവികാരം ശക്തമായിരുന്നു. അതിനെ പാര്‍ട്ടി ഉപയോഗിച്ചു എന്നുവേണമെങ്കില്‍ പറയാം. സി.പി.എം.എല്ലില്‍ അന്ന് രണ്ടുലൈന്‍ സമരം നടക്കുന്നുണ്ട.് ജനകീയ സമരങ്ങളുടെ ലൈനാണ് വേണ്ടതെന്ന് ഒരു പക്ഷം വാദിച്ചു. മറുപക്ഷം ചാരുമജുംദാര്‍ ലൈനില്‍ ആയിരുന്നു. ബഹുജനലൈനില്‍ കേന്ദ്രീകരിച്ച സൈനിക ലൈന്‍ വേണോ സൈനിക ലൈനില്‍ കേന്ദ്രീകരിച്ച ബഹുജനലൈന്‍ വേണമോ എന്നതാണ് തര്‍ക്കം. അതില്‍ ആദ്യ ലൈനുകാര്‍ക്ക് കിട്ടിയ അവസരമായിരുന്നു കാഞ്ഞിരംചിറ.


ശിക്ഷ, ജയില്‍, രാഷ്ട്രീയപ്രവര്‍ത്തനം


കാഞ്ഞിരംചിറയിലാണ് നക്‌സലൈറ്റ് ഉന്മൂലനം നടക്കുന്നത്. പക്ഷെ തൊടുപുഴ കോടതിയിലാണ് വിധി വന്നത്?

ആലപ്പുഴയില്‍ കേസ് പരിഗണിച്ച ജഡ്ജി കാഞ്ഞിരംചിറ കേസിലെ പ്രതികളോട് അനുകൂല മനോഭാവം പുലര്‍ത്തിയിരുന്നതായി കരുതപ്പെട്ടു. കേസ് നടക്കുന്നതിനിടയ്ക്ക് അദ്ദേഹം തൊടുപുഴയിലേക്ക് സ്ഥലം മാറി. ആലപ്പുഴയില്‍ പിന്നീട് വന്ന ജഡ്ജി കനത്ത ശിക്ഷ തരുമെന്ന് എല്ലാവരും ഉറപ്പായിരുന്നു. അതിനാല്‍ ആദ്യം കേസ് പരിഗണിച്ച ജഡ്ജി തന്നെ കേസ് വാദം കേള്‍ക്കണമെന്ന് പറഞ്ഞ് ഞങ്ങള്‍ തൊടുപുഴയിലെത്തി. പക്ഷെ അപ്പോഴേക്കും ജഡ്ജിയുടെ മനോഭാവം മാറിയിരുന്നു. ഞാനുള്‍പ്പടെ 16 പേര്‍ക്ക് ജീവപര്യന്തം. 1985 ഡിസംബര്‍ 19നാണ് വിധി. ശിക്ഷ കടുത്തതാണ് എന്ന് തലേന്ന് തന്നെ അറിവുകിട്ടി. പിടികൊടുക്കാതെ ഒളിവില്‍ പോകാനായിരുന്നു പാര്‍ട്ടി തലത്തില്‍ തീരുമാനം. പക്ഷേ, അതെന്തുകൊണ്ടോ തീരുമാനം ഞാന്‍ അറിഞ്ഞിരുന്നില്ല. കോടതിയില്‍ നിന്ന് നേരെ ജയിലിലേക്കാണ് പോയത്. ഞങ്ങള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തു. പക്ഷേ ഹൈക്കോടതി ശിക്ഷ ശരിവച്ചു. ആറുമാസം മാത്രം ശിക്ഷ കിട്ടിയ പി.എം.ആന്റണിയുടേത് ജീവപര്യന്തമാക്കി ഉയര്‍ന്നു.


കേസില്‍ നിരപരാധിയാണെന്ന് പറഞ്ഞു. അപ്പോള്‍ ശിക്ഷ ഏറ്റുവാങ്ങുമ്പോള്‍ എന്തായിരുന്നു മാനസികാവസ്ഥ?

നിരപരാധിയായിരുന്നിട്ടും ശിക്ഷിക്കപ്പെടുന്നു എന്നത് പ്രത്യേക മാനസികാവസ്ഥയാകും ഒരാളില്‍ സൃഷ്ടിക്കുക. ജയിലില്‍ മറ്റുള്ളവര്‍ക്കൊപ്പം കഴിയുമ്പോഴും ഞാനീ ശിക്ഷ അര്‍ഹിക്കുന്നില്ല എന്ന ബോധം എന്നിലുണ്ടായിരുന്നു. അതിനാല്‍ കുറ്റബോധം ഉണ്ടായിരുന്നില്ല. പക്ഷേ, അതേ സമയം വിഷമം വലിയ രീതിയിലുണ്ടായിരുന്നു. പുറത്തായിരുന്നെങ്കില്‍ നന്നായി പ്രവര്‍ത്തിക്കാമെന്നായിരുന്നു ആദ്യ ചിന്ത. ശിക്ഷ വന്നപ്പോള്‍ വീട്ടുകാര്‍ ഒപ്പം നിന്നു. ഞാന്‍ നിരപരാധിയാണെന്ന് അവര്‍ക്കറിയാമായിരുന്നു. നിരപരാധിത്വം തെളിയിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് വിധേയനാക്കണം എന്ന് ഹര്‍ജി നല്‍കണമെന്നും മറ്റും ആലോചിച്ചു. കേസില്‍ ഞാന്‍ നിരപരാധിയാണെന്ന് അത് ആസൂത്രണം ചെയ്തവര്‍ക്കും, നാട്ടുകാര്‍ക്കും, പോലീസിനുമെല്ലാം അറിയാം. രസകരമായ സംഗതി എന്താണെന്നുവച്ചാല്‍ പോലീസ് ഉണ്ടാക്കിയ എഫ്.ഐ.ആറും സാക്ഷികളുമെല്ലാം കളവായിരുന്നു. പോലീസ് പറഞ്ഞതനുസരിച്ചാണെങ്കില്‍ അവിടെ കൊലപാതകം നടക്കുക പോലും സാധ്യമല്ല. കോടതി നേരിട്ട് സംഭവ സ്ഥലത്ത് സന്ദര്‍ശിക്കുന്നതിനുമുമ്പ് പോലീസ് അവിടെയുള്ള മരങ്ങളും മറ്റും വെട്ടിനീക്കി. സാക്ഷികളെ കോടതിയില്‍ പറയാന്‍ പോലീസ് പറഞ്ഞു പഠിപ്പിക്കുന്നതിന്റെ ചിത്രം ഞങ്ങള്‍ രഹസ്യമായി പകര്‍ത്തി. അതു പക്ഷേ പോലീസ് പിടിച്ചെടുത്തു കാമറയുള്‍പ്പടെ നശിപ്പിച്ചു. ഉന്മൂലന സമരത്തില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ എനിക്ക് ഇപ്പോള്‍ അത് സമ്മതിക്കാം. കാരണം ഞാന്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. മാത്രമല്ല നക്‌സലൈറ്റ് ഉന്മൂലനം തെറ്റാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടുമില്ല. ശിക്ഷ അനുഭവിച്ചെങ്കിലും ഞാന്‍ മാനസികമായി കരുത്തനാണ്. തലയുയര്‍ത്തി തന്നെയാണ് ജയിലിലുള്‍പ്പടെ ഏത് നിമിഷവും ജീവിച്ചിട്ടുള്ളത്.എന്തായിരുന്നു ജയിലിലെ അനുഭവങ്ങള്‍?

ജയില്‍ എനിക്ക് വ്യത്യസ്തമായ അനുഭവങ്ങളാണ്. നമ്മള്‍ ആരാണ് എന്നനുസരിച്ച് അത് വ്യത്യസ്തപ്പെട്ടിരിക്കും. ആദ്യം ജയിലില്‍ പോകുമ്പോള്‍ ഞാന്‍ നക്‌സലൈറ്റല്ല. സി.പി.ഐ. പ്രവര്‍ത്തകനാണ്. ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ അടയ്ക്കപ്പെടുന്ന ഒരാളുടെ നിസഹായാവസ്ഥയായിരുന്നു അപ്പോള്‍. രണ്ടാമത് ജയിലില്‍ ചെല്ലുമ്പോള്‍, അതായത് ശിക്ഷ വിധിക്കപ്പെട്ട ശേഷം എത്തുമ്പോള്‍ നക്‌സലൈറ്റായി മാറിക്കഴിഞ്ഞിരുന്നു. അപ്പോള്‍ ജയില്‍ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ നടത്താനുള്ള മാനസികാവസ്ഥയിലാണ്. കാരണം പുറത്ത് എന്റെ പ്രസ്ഥാനമുണ്ട്. അതിന്റെ കൂടി ഭാഗമാണ് ഞാന്‍ എന്ന തോന്നലുണ്ട്. മുന്നാമത്തെ ഘട്ടത്തില്‍ (1998ല്‍) ശിക്ഷ എങ്ങനെയും അനുഭവിച്ച് തീര്‍ത്ത് പുറത്തിറങ്ങി സ്വതന്ത്രനാകണം എന്നാണ് ചിന്ത. കാരണം പാര്‍ട്ടി പിരിച്ചുവിടപ്പെട്ടിരുന്നു. പുറത്താകട്ടെ കാര്യമായ മുന്നേറ്റം നടക്കുന്നുമില്ല. പ്രതീക്ഷകളില്ലാതെയാണ് ജയില്‍വാസം. അപ്പോള്‍ നമ്മള്‍ക്ക് മൊത്തം അവസ്ഥയോട് എതിര്‍പ്പുണ്ടെങ്കിലും പലതും മിണ്ടാതെ അവഗണിക്കേണ്ടി വരും.

പക്ഷേ, നക്‌സലൈറ്റ് ആയിരുന്നപ്പോള്‍ ജയിലില്‍ സമരങ്ങള്‍ നടത്തിയതായി കേട്ടിട്ടുണ്ട്?

ഉണ്ട്. ശിക്ഷ വിധിക്കപ്പെട്ട ശേഷം ജയിലിടക്കപ്പെട്ട കാലയളവിലാണ് അത്. ആ സമയത്ത് ഞാന്‍ കെ. വേണു നേതൃത്വം കൊടുത്ത സി.ആര്‍.സി, സി.പി.ഐ (എം.എല്‍) എന്ന സംഘടനയുടെ എറണാകുളം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനം കൂട്ടിയോജിപ്പിക്കുന്ന പാര്‍ട്ടി ചുമതലകളുണ്ട്. ജയിലില്‍ അന്ന് സൗകര്യങ്ങള്‍ പരിമിതമായിരുന്നു. തടവുകാര്‍ക്ക് ഒരു മനുഷ്യാവകാശവുമില്ല. ഞങ്ങളത് ചോദ്യം ചെയ്തു. കഠിന തടവായതുകൊണ്ട് പണിയെടുക്കണം. തറി നെയ്യലാണ് ഞങ്ങള്‍ക്ക്. എന്നാല്‍ എല്ലാവര്‍ക്കും പണിയില്ലതാനും. അനാവശ്യമായി സെല്ലില്‍ നിന്ന് വലിച്ചിഴച്ച് പണിയെടുപ്പിക്കാനുള്ള നീക്കത്തെ ഞങ്ങള്‍ എതിര്‍ത്തു. സമരം ശക്തമായപ്പോള്‍ ഏകാന്തതടവില്‍ അടച്ചു. ഞങ്ങള്‍ പുറത്തുള്ള സഖാക്കള്‍ വഴി, കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അന്ന് രാഷ്ട്രീയമായ ഐക്യം പ്രകടിപ്പിച്ചിരുന്ന അഡ്വ. മധൂസുദനന്‍ കോടതിയില്‍ നിന്ന് അനുകൂലമായ വിധി സമ്പാദിച്ചു. ഏകാന്ത തടവ് അവസാനിപ്പിക്കപ്പെട്ടു. അത്തരത്തില്‍ ചെറുതും വലുതുമായ സമരങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. കേസ് വിചാരണ നടക്കുന്ന കാലയളവില്‍ പി.എം. ആന്റണിയുടെ നാടകവുമായി മറ്റും ജയിലില്‍ പലവട്ടം പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ നക്‌സലൈറ്റ് എന്ന രീതിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എന്നെയും സഖാക്കളെയും അറിയാം. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് നേരെ മര്‍ദനം അഴിച്ചുവിടാന്‍ അവര്‍ക്ക് ധൈര്യം ഉണ്ടായിരുന്നില്ല എന്നുവേണം പറയാന്‍.


ജാമ്യമെടുത്ത് പുറത്തിറങ്ങിയശേഷവും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു എന്നു പറഞ്ഞല്ലോ? എത്തരം പ്രവര്‍ത്തനമാണ് അന്ന് നടത്തിയിരുന്നത്?


മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ചുമതലയാണ് പാര്‍ട്ടി എന്നെ ഏല്‍പ്പിച്ചിരുന്നത്. ഞങ്ങള്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ തീരദേശ മേഖലയില്‍ നിര്‍ണായക സ്വാധീനം നേടിയെടുത്തു. ചാവക്കാട് മുതല്‍ വൈപ്പിന്‍ ദ്വീപിലൂടെ ആലപ്പുഴ-കൊല്ലം വരെ നീളുന്ന മേഖലയില്‍ മത്സ്യത്തൊഴിലാളികളെ ഞങ്ങള്‍ സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി ഐക്യവേദി എന്ന പേരില്‍ സംഘടന സംഘടിപ്പിക്കപ്പെട്ടു. അന്ന് തീരദേശമേഖ പട്ടിണിയുടെ വറുതിയിലായിരുന്നു. പഞ്ഞ മാസങ്ങളില്‍ റേഷന്‍ ഇല്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരുവിധ സഹായവുമില്ല. ഒരു വിധത്തിലുള്ള ക്ഷേമപദ്ധതികളില്ല. ഈ സമയത്താണ് അനിയന്ത്രിതമായ ട്രോളിംഗ് നടക്കുന്നത്. ഈ ഘട്ടത്തില്‍ തന്നെയാണ് ആദ്യമായി പഴ്‌സ്‌നെറ്റ് വലകള്‍ കേരളത്തിന്റെ കടലിലേക്ക് വരുന്നത്. തുടര്‍ന്ന് വിദേശ ട്രോളറുകളും എത്തി. ഇതിനെതിരെ ശക്തമായ പ്രതിഷേധ ശ്രമങ്ങള്‍ നടന്നു. വലകള്‍ കത്തിച്ചു. കടലില്‍ ബോട്ടുകള്‍ തടഞ്ഞു.
തീരദേശ മേഖലയിലെ ലത്തീന്‍ കത്തോലിക്കരുള്‍പ്പടെയുള്ളവര്‍ നക്‌സലൈറ്റ് പക്ഷത്തേക്ക് ചാഞ്ഞതോടെയാണ് ക്രിസ്ത്യന്‍ സഭ അപകടം മനസ്സിലാക്കി രംഗത്ത് എത്തുന്നത്. ഫാദര്‍ കോച്ചേരി, ഡൊമിനിക് ജോര്‍ജ് സിസ്റ്റര്‍ ആലിസ് എന്നിവരുടെ നേതൃത്വത്തില്‍ സമരം തുടങ്ങി. പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങള്‍ മൂലം ഞങ്ങളുടെ പ്രവര്‍ത്തനം കുറഞ്ഞു. അതു മുതലാക്കിയാണ് തീരദേശമേഖലയില്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും മറ്റ്‌സംഘടനകളുമുണ്ടാവുന്നത്. 87 ല്‍ പാര്‍ട്ടി പിളര്‍ന്നതോടെ മത്സ്യത്തൊഴിലാളികള്‍ രണ്ടു വശത്തായി. വൈപ്പിന്‍, പറവൂര്‍, അരൂര്‍ മേഖലകളില്‍ ഇപ്പോഴും ചെറിയ രീതിയില്‍ തുടരുന്ന നക്‌സലൈറ്റ് സ്വാധീനത്തിന് പഴയ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് കാരണം.


എപ്പോഴായിരുന്നു വിവാഹം?

കേസില്‍ പ്രതിയായി ജാമ്യത്തില്‍ കഴിയുന്ന സമയത്താണ് അത്. 1985 ഫെബ്രുവരിയില്‍. പാര്‍ട്ടി സഖാക്കളുടെ മുന്‍കൈയിലായിരുന്നു വിവാഹം. അരൂരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ പ്രഭാകരന്റെ മകളാണ് തങ്കമണി. അതൊരു പാര്‍ട്ടി കുടുംബമാണ്. കയര്‍ത്തൊഴിലാളിയായിരുന്നു ഭാര്യ. ജാതിയും മതം നോക്കാതെയാണ് വിവാഹം നടന്നത്. കേസില്‍ പ്രതിയാണെന്ന് ഭാര്യവീട്ടുകാര്‍ക്കും അറിയാം. അന്ന് കേസ് ശിക്ഷിക്കപ്പെടുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ല. പക്ഷേ, കുഞ്ഞുണ്ടായി പത്തൊമ്പതാം ദിവസം വിധി വന്നു. കുട്ടിയെ ഇട്ടേച്ച് തീര്‍ത്തും നീറുന്ന മനസുമായാണ് ജയിലേക്ക് പോയത്.

ജയിലായിരുന്നപ്പോള്‍ കുടുംബം എങ്ങനെ കഴിഞ്ഞു?

ദാരിദ്ര്യം തന്നെ. പട്ടിണിയായിരുന്നു എപ്പോഴും. ഭാര്യ കയര്‍പിരിച്ചാണ് രണ്ടാണ്‍മക്കളെയും വളര്‍ത്തിയത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും പണം കണ്ടെത്താന്‍ ശരിക്കും വിഷമിച്ചു. അപ്പോള്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സഖാക്കള്‍ക്കും ഭക്ഷണമുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ നല്‍കാനും അവര്‍ മടിച്ചിരുന്നില്ല. രണ്ടാമത്തെ ഘട്ടത്തില്‍ ജയിലില്‍ പോകുമ്പോള്‍ തുറന്ന ജയിലായിരുന്നു ഞാന്‍. അവിടെ പണിയെടുക്കുന്നതുവഴി കിട്ടുന്ന തുക ചെറിയതാണെങ്കിലും വീട്ടിലേക്ക് അയച്ചുകൊടുത്തു. എന്നാല്‍ ഭാര്യ അവരുടെ അധ്വാനം കൊണ്ടായിരുന്നു ജീവിതച്ചെലവുകള്‍ കണ്ടെത്തിയത്. അത് അവരുടെ ആരോഗ്യത്തെയും തകര്‍ത്തു.1985 ല്‍ വിധി വന്നുവെന്നു പറഞ്ഞു. പക്ഷേ, ശിക്ഷ തീര്‍ന്നു പുറത്തിറങ്ങുമ്പോള്‍ 24 വര്‍ഷം കഴിഞ്ഞല്ലോ?

കേസില്‍ വിധി വരുന്നതിനുമുമ്പേ ഞാന്‍ പാര്‍ട്ടി അംഗമായി മാറിയിരുന്നു. സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ശിക്ഷ അനുഭവിക്കുക എന്നത് മനസിലില്ല. ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ പരോളിലിറങ്ങിയശേഷം തിരിച്ചുപോവാതെ കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു. അത് ശിക്ഷ നീളാന്‍ കാരണമായി. പക്ഷേ, അതിനേക്കാള്‍ വിഷയം നമ്മുടെ ജയില്‍ നിയമത്തിലെ പോരായ്മകള്‍ തന്നെയാണ്. സാധാരണ എട്ടുവര്‍ഷമൊക്കെ ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഞങ്ങളുടെ കാര്യത്തില്‍ അതുണ്ടായില്ല. അവസാന സമയത്ത് പതിനൊന്നുവര്‍ഷം തുടര്‍ച്ചയായി ഞാന്‍ ശിക്ഷ അനുഭവിച്ചു. ജയില്‍ അഡ്‌വൈസറി ബോര്‍ഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം മോചനം നീണ്ടു. പിന്നെ കോടതിയില്‍ ഹര്‍ജി നല്‍കിയാണ് മോചനം നേടിയത്. അല്ലെങ്കില്‍ ആറുമാസം കൂടി കാലയളവ് നീണ്ടേനേ.


കാഞ്ഞിരംചിറ സോമരാജന്‍ വധത്തിനുശേഷം നടന്ന കേണിച്ചിറയുള്‍പ്പടെയുള്ള ഉന്മൂലന സമരങ്ങളും മറ്റു കേസുകളുമെല്ലാം ശിക്ഷിക്കപ്പടാതെ പോയപ്പോള്‍ എന്തുകൊണ്ടാവണം നിങ്ങളുടെ കേസ് ശിക്ഷിക്കപ്പെടുകയും നീളുകയും ചെയ്തത്?

അതില്‍ ചില വീഴ്ചകള്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. കെ.വേണുവും കെ.എന്‍.രാമചന്ദ്രനും ഭാസുരേന്ദ്രബാബുവുമെല്ലാം ഒരുമിച്ചുണ്ടായിരുന്ന അവിഭക്ത സി.പി.ഐ (എം.എല്‍) കാലത്ത്, 1980 മാര്‍ച്ച് 30 നാണ് കാഞ്ഞിരംചിറയില്‍ ഉന്മൂലനം നടക്കുന്നത്. അതിനുശേഷം പാര്‍ട്ടി പിളര്‍ന്നു. ഞാനൊക്കെ വേണു നയിച്ച സി.ആര്‍.സി, സി.പി.ഐ (എം.എല്‍) ആയി എന്നതിനാല്‍ റെഡ്ഫ്‌ളാഗ് വിഭാഗം കേസില്‍ താല്‍പര്യം കാണിച്ചില്ല. മാത്രമല്ല മറ്റ് കേസുകളില്‍, ഇടപെടലുകള്‍ക്ക് നേതൃത്വം കൊടുത്ത ചില നേതാക്കള്‍ തന്നെ പ്രതികളുടെ മോചനത്തിനായി പദ്ധതികള്‍ നീക്കുകയും തടവുകാരുടെ മോചനം ഉറപ്പാക്കുകയും ചെയ്തു. ഞങ്ങളെ സംബന്ധിച്ച്, 1992 ല്‍ പാര്‍ട്ടി പിരിച്ചുവിടപ്പെട്ടു. ശരിക്കും ചെയ്യേണ്ടിയിരുന്ന നിയമനടപടികളും സൗകര്യങ്ങളും ഞങ്ങളുടെ കാര്യത്തില്‍ പ്രയോജനപ്പെടുത്താന്‍ ആരും ഉണ്ടായിരുന്നില്ല. മെനക്കെട്ടുമില്ല. അല്ലെങ്കില്‍ മോചനം നേരത്തെ നടക്കുമായിരുന്നു. പക്ഷേ, എനിക്കതില്‍ ഒരു പരിഭവവുമില്ല. ഇതെല്ലാം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.


ജയില്‍മോചനം, പ്രതീക്ഷകള്‍


ജയില്‍ മോചിതനായ ശേഷം നക്‌സലൈറ്റ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നോ?

ഇല്ല. ഒന്നാമത് നക്‌സലൈറ്റ് പ്രസ്ഥാനം നിര്‍ജീവമാണ്. പലരും പല ഗ്രൂപ്പായി പിരിഞ്ഞു. ആരും കാണാനും വന്നില്ല. ജയില്‍ മോചിതനായി എന്ന് വിവരം അവര്‍ക്ക് അറിയുമോയെന്നും എനിക്കുറപ്പില്ല. പക്ഷേ, മുമ്പ് സംഘടനയില്‍ ഉണ്ടാവുകയും എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഇടപെടുകയും ചെയ്യാത്ത എറണാകുളത്തെ മാര്‍ട്ടിന്‍ (കുട്ടന്‍), ചിത്തരജ്ഞന്‍, തങ്കച്ചന്‍ എന്നിങ്ങനെയുള്ള ചില സുഹൃത്തുക്കളുമായി അടുപ്പം പുലര്‍ത്തുന്നു. കെ. വേണുവുമായും അടുത്ത ബന്ധം തന്നെ. വ്യക്തിപരമാണ് ഈ ബന്ധങ്ങള്‍. പക്ഷേ, നക്‌സലൈറ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ഒരാളെയും ഞാന്‍ കണ്ടില്ല, ആരെയും തേടി ഞാന്‍ പോയതുമില്ല.

ജയിലില്‍ നിന്നിറങ്ങുമ്പോള്‍ നിങ്ങള്‍ എന്താണ് കണ്ടത്?

സാമൂഹ്യഅവസ്ഥ മുമ്പത്തേക്കാള്‍ ദയനീയവും വഷളുമായിരിക്കുന്നു. എല്ലാതലത്തിലും ചൂഷണം പെരുകിയിരിക്കുന്നു. സംഘപരിവാര്‍ പോലുള്ള ഫാസിസ്റ്റു ശക്തികളുടെ വളര്‍ച്ച, സാമ്രാജ്യത്വത്തിന്റെ മുറുകുന്ന ചൂഷണം, സാമൂഹ്യ ബന്ധങ്ങളിലെ തകര്‍ച്ച, യുവാക്കളുടെ നിഷ്‌ക്രിയത്വം- അത്തരത്തില്‍ വേദനിപ്പിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. ശരിയായ ജനകീയ മുന്നേറ്റങ്ങള്‍ ആവശ്യമുണ്ട്. മുമ്പ് പ്രവര്‍ത്തിച്ചിരുന്നതിനേക്കാള്‍ തീവ്രമായി പ്രവര്‍ത്തിക്കേണ്ട അവസ്ഥ സമൂഹത്തിലുണ്ട് എന്നാണ് യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. പക്ഷേ, ഒരു സംഘടന കെട്ടിപ്പടുക്കാന്‍ മാത്രം കഴിവെനിക്കില്ല. കുറച്ചുനേരം മുമ്പ് അല്‍പം തമാശയായി ഞാന്‍ ഒരു സുഹൃത്തിനോട് പറഞ്ഞതാണ് സത്യം. മുമ്പ് ഒരു ഇടത്തരക്കരനായ സോമരാജനേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇന്ന് അതിനേക്കാള്‍ സാമ്പത്തികശേഷിയുള്ള നൂറുകണക്കിന് സോമരാജന്‍മാരുണ്ട്. ജനങ്ങള്‍ക്കുമേല്‍ മര്‍ദനം അഴിച്ചുവിട്ടും ചൂഷണം ചെയ്തും അവരുടെ കാലം തുടരുന്നു.

നിങ്ങള്‍ ഇപ്പോഴും നക്‌സലൈറ്റാണോ? ദു:ഖിതനാണോ?

ജനങ്ങളുടെ മുന്നേറ്റം ഇല്ലാത്തതില്‍ തീര്‍ച്ചയായും വലിയ വേദനയുണ്ട്. ഒരു തരത്തിലുള്ള നക്‌സലൈറ്റ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഞാന്‍ ഇപ്പോള്‍ ഇല്ല. പക്ഷേ, നക്‌സലൈറ്റ് ആശയങ്ങള്‍ തെറ്റാണ് എന്ന് തോന്നുന്നുമില്ല. ഒറ്റപ്പെട്ട ചില സമരങ്ങള്‍ നടക്കുന്നുവെന്നല്ലാതെ നക്‌സലൈറ്റുകള്‍ ഇപ്പോള്‍ സജീവമായി ഇല്ലല്ലോ.

നക്‌സലൈറ്റ് പ്രസ്ഥാനം തകര്‍ന്നടിഞ്ഞുവെന്നാണോ നിങ്ങള്‍ പറഞ്ഞുവരുന്നത്?

അല്ല. നക്‌സലൈറ്റ് പ്രസ്ഥാനം തീര്‍ത്തും ഇല്ലാതായി എന്നോ അവര്‍ക്ക് ഇനി ഒരു പ്രസക്തിയില്ല എന്നോ എനിക്കഭിപ്രായമില്ല. അവരുടെ പ്രസക്തി കൂടിവരുന്നതായിട്ടാണ് തോന്നുന്നത്. സാമ്രാജ്യത്വ ചുഷണം പെരുകിക്കൊണ്ടിരിക്കുകയാണ്. മറ്റ് തലത്തിലുള്ള അസ്വസ്ഥതകളും. സമരങ്ങള്‍ എല്ലാ മേഖലയിലും ഉണ്ടാവുകയും ചെയ്യുന്നുണ്ട്. കുടിയൊഴിപ്പിക്കലിനെതിരെ, ഭൂമിക്കുവേണ്ടി എന്നിങ്ങനെ പല വിധത്തിലുള്ള സമരങ്ങള്‍. എനിക്ക് തോന്നുന്നത് ഇന്ത്യയില്‍ മൊത്തത്തില്‍ നക്‌സലൈറ്റുകള്‍ ശക്തിപ്പെടുന്നതായിട്ടാണ്. അടിച്ചമര്‍ത്തിയാലും അവര്‍ ശക്തമായി വീണ്ടും തിരിച്ചു വരും. ജനങ്ങള്‍ക്ക് അനീതിക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. വലിയ തോതിലുള്ള ബഹുജനമുന്നേറ്റം ഉണ്ടാവുകയും ചെയ്യും. അതില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ല.

അങ്ങനെ നക്‌സലൈറ്റ് പ്രസ്ഥാനം വീണ്ടും വന്നാല്‍...?

ജനങ്ങളുടെ മുന്നേറ്റവുമായി ബന്ധപ്പെട്ടാണ് മാവോയിസ്റ്റുകള്‍ വരിക. അതൊരു വലിയ ജനമുന്നേറ്റമായിരിക്കും. അപ്പോള്‍ മറ്റെല്ലാവര്‍ക്കുമൊപ്പം, അവരില്‍ ഒരാളായി ഞാനും അതില്‍ ഉണ്ടാവും.

ഇപ്പോള്‍ ജീവിക്കാന്‍ വേണ്ടി എന്തുചെയ്യുന്നു?

കൂലിപ്പണിയെടുക്കുന്നു. കൊച്ചിയില്‍ കെട്ടിടനിര്‍മാണത്തൊഴില്‍ മേഖലയില്‍ തൊഴിലാളിയാണ്. അവിടെ പണിയില്ലാത്തപ്പോള്‍ വീട്ടില്‍ തന്നെ കയര്‍ പിരിക്കുന്നു.


Madhyamam weekly
2009 November 9

നമുക്കിപ്പോള്‍ മരിച്ചവരെപോലെ ഉറങ്ങാംമാധ്യമം
2007Jan12

അഭയാര്‍ത്ഥികളുടെ നാട്; നിഷേധിക്കപ്പെട്ട സമാധാനം

അഭിമുഖം
ജെഹാന്‍ പെരേര/ബിജുരാജ്


ശ്രീലങ്കന്‍ ദേശീയ സമാധാന സമിതി (എന്‍.പി.സി)യുടെ എക്‌സിക്യുട്ടീവ് ഡയറക്ടറും പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പോരാളിയും ആക്റ്റിവിസ്റ്റുമായ ഡോ. ജെഹാന്‍ പെരേര സംസാരിക്കുന്നു.
ചിതറി വീണ ചോരത്തുളളി കടലില്‍ അലിയുന്നതുപോലെ- ശ്രീലങ്കയെ ഓര്‍മിക്കുമ്പോള്‍ പൊടുന്നനെ മനസില്‍ വരുന്ന അസുന്ദരചിത്രങ്ങളില്‍ ഒന്നാണിത്. ഒരു നാടിന്റെ ദുരന്തക്കാഴ്ചയുടെ ദയനീയമായ പ്രതിഫലനം.
വിമോചനത്തിന്റെ ഈഴം പോരാട്ടം കണിശമായി ഒരു വശത്ത്. മറുവശത്ത് വംശവെറിയുടെ സങ്കുചിത ഭരണകൂടം. ആഭ്യന്തര യുദ്ധം, വലിയ അയല്‍ക്കാരന്റെ സൈനിക ഇടപെടലുകള്‍, അന്തമില്ലാത്ത നരഹത്യകള്‍, നിനച്ചിരിക്കാത്ത വരുന്ന പൊട്ടിത്തെറികള്‍, നീണ്ടു നീണ്ടു പോകുന്ന അഭയാര്‍ത്ഥി നിര, ഇടയ്ക്ക് സുഖചികില്‍സ തേടും പോലെ വെടിനിര്‍ത്തല്‍- മുപ്പതുവര്‍ഷങ്ങള്‍ ശ്രീലങ്ക കടന്നുപോയത് ഇത്തരം അനിശ്ചിതത്വങ്ങളിലൂടെയാണ്.
ശ്രീലങ്കയില്‍ എന്നാവും സമാധാനം പുലരുക? അതെന്തായാലും, അഞ്ചുലക്ഷം ആഭ്യന്തര അഭയാര്‍ത്ഥികളുളള കൊച്ചു നാട്ടില്‍ സമാധാനം എന്ന വാക്ക് ഉച്ചരിക്കപ്പെടുക നമുക്ക് അപരിചിതമായ മറ്റേതെങ്കിലും തരത്തിലാവും.
പക്ഷെ അതിലും പ്രധാനം സമാധാനത്തിനായി പോരാടലാണ്. സുഖകരമായ കടല്‍ക്കാറ്റേല്‍ക്കലല്ല അത് . ഇടയ്‌ക്കെപ്പോഴോ കടന്നുവരാവുന്ന വെടിയുണ്ടയെയാണ് ആ പോരാട്ടം പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയില്‍ അപൂര്‍വം ചിലരുണ്ട് ഇങ്ങനെ; ഡോ. ജെഹാന്‍ പെരേരയെപ്പോലെ ഭയരഹിതരായി. ശ്രീലങ്കന്‍ ദേശീയ സമാധാന സമിതി (എന്‍.പി.സി) എക്‌സിക്യുട്ടീവ് ഡയറക്ടറാണ് ജെഹാന്‍ പെരേര. ഒരു വേള, ശ്രീലങ്കയില്‍ നിന്ന് സമാധാനത്തിനു വേണ്ടി ഉയരുന്ന ഉറച്ചതും മുഴങ്ങുന്നതുമായ ഏക ശബ്ദം ഇദ്ദേഹത്തിന്റേതാവണം. സമാധാനത്തെപ്പറ്റിയുളള ഏതൊരു ചര്‍ച്ചയിലും കാതോര്‍ക്കപ്പെടുന്നത് ജെഹാന്‍ പെരേരയുടെ ശബ്ദത്തിനാണ്. 1994 ജൂലൈയില്‍ സ്വതന്ത്രമായി രൂപീകരിക്കപ്പെട്ട സര്‍ക്കാരേതര സംഘടനയായാണ് ദേശീയ സമാധാന സമിതി (എന്‍.പി.സി). ആ വര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മത സംഘടനകള്‍ സൃഷ്ടിച്ച കലുഷിതാവസ്ഥയാണ് സംഘടനയ്ക്കു രൂപം കെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ശ്രീലങ്കന്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം നിര്‍ദേശിക്കുന്ന ഈ സംഘടന ഒരളവുവരെ രാജ്യാന്തര തലത്തില്‍ ശ്രീലങ്കയെപ്പറ്റി നടക്കുന്ന ചര്‍ച്ചകളിലും ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലും സജീവ പങ്കാളികളാണ്. ജെഹാന്‍ പെരേരയാണ് എന്‍.പി.സി.ക്ക് തുടക്കം കുറിച്ചതും വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്നതും. മുമ്പ് ഒമ്പതു വര്‍ഷം എന്‍.പി.സി.യുടെ മീഡിയാ ഡയറക്ടറായും ചുമതല വഹിച്ചു.
പത്രപ്രവര്‍ത്തകന്‍, ആക്റ്റിവിസ്റ്റ്, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം.അമേരിക്കയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുളള ജെഹാന്‍ മുമ്പ് സര്‍വോദയ ലീഗല്‍ എയ്ഡ്‌സ് സര്‍വീസ് ഡയറക്ടറായിരുന്നു. 1992 ല്‍ പത്രപ്രവര്‍ത്തനത്തിനുളള എസ്‌മോണ്ട് വിക്രംസിംഗെ പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 'ഫ്രം വാര്‍ ടു പീസ്', 'പീസ് പ്രോസസ് ഇന്‍ നാഗാലാന്‍ഡ് ആന്‍ഡ് ചിറ്റഗോംഗ് ഹില്‍ ട്രാക്റ്റ്‌സ്', 'പീപ്പിള്‍സ് മൂവ്‌മെന്റ് അണ്ടര്‍ സീജ്' തുടങ്ങിയ കൃതികളുടെ രചയിതാവാണ്. ശ്രീലങ്കയുടെ സമകാലിക പ്രശ്‌നങ്ങളെപ്പറ്റി നിരവധി ലേഖനങ്ങളും കുറിപ്പുകളും എഴുതിവരുന്നു.
ആഭ്യന്തരയുദ്ധത്തില്‍ പക്ഷം ചേരലില്ലാതെ വസ്തുനിഷ്ഠമായും വളച്ചുകെട്ടലില്ലാതെയുമായാണ് ജെഹാന്‍ പെരേര സംസാരിക്കുന്നത്. ശ്രീലങ്കന്‍ പ്രശ്‌നത്തെപ്പറ്റി, രാജ്യത്തെ വൈരുദ്ധ്യങ്ങളെപ്പറ്റി, അന്തര്‍ദേശീയ സാഹചര്യങ്ങളെപ്പറ്റി തന്റെ കാഴ്ചപ്പാട് അദ്ദേഹം തുറന്നു പറയുന്നു. ജെഹാന്‍ പെരേരയുമായി നടത്തിയ ഇന്റനെറ്റ് അഭിമുഖത്തില്‍ നിന്ന്:


തമിഴ് ഈഴം, യുദ്ധം, സമാധാനം

ശ്രീലങ്കയിലെ ഇപ്പോഴത്തെ സാഹചര്യം എന്താണ്? രാജ്യം എങ്ങോട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്?

രണ്ടു വ്യത്യസ്ത അവസ്ഥകള്‍ കൂടിക്കലര്‍ന്ന പ്രത്യേകതരം സ്ഥിതിയാണ് ശ്രീലങ്കയില്‍. ഇവിടെ വളരെ സാധാരണമായ ഒരവസ്ഥയുണ്ട്. ഒപ്പം കുഴപ്പംപിടിച്ച മറ്റൊരു അവസ്ഥയും. രാജ്യത്ത് സിംഹളര്‍ ഭൂരിപക്ഷമുളള മേഖലയില്‍ സാധാരണ ജീവിതമാണുളളത്. ഭൂരിപക്ഷം സിംഹളരുടെയും ജീവിതം സാധാരണ പോലെ പോകുന്നു. പക്ഷെ ജീവിതച്ചെലവ് വലിയ അളവില്‍ വര്‍ധിച്ചിട്ടുണ്ട്. അത് ഭൂരിപക്ഷത്തിനും പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. തമിഴര്‍ക്ക് ഭൂരിപക്ഷമുളള വടക്ക്, കിഴക്ക് മേഖലകളിലും അവര്‍ താമസിക്കുന്ന മറ്റിടങ്ങളിലും വളരെയേറെ അനിശ്ചിതത്വവും ഭയവും നിലനില്‍ക്കുന്നു. സര്‍ക്കാരും എല്‍.ടി.ടി.ഇ.യും തമ്മില്‍ മൂര്‍ഛിച്ചുകൊണ്ടിരിക്കുന്ന സൈനിക ഏറ്റുമുട്ടലാണ് ഈ പ്രശ്‌നത്തിന്റെ മൂലകാരണം. മുസ്ലീം ന്യൂനപക്ഷ സമൂഹത്തിനും ഭയമുണ്ട്. തങ്ങള്‍ ഈ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്നും ഇരകളാക്കപ്പെടുമെന്നും അവര്‍ ഭയക്കുന്നു. സമ്പന്നരായ മുസ്ലിം വ്യാപാരികളെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയ സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിര്‍ഭാഗ്യമെന്നു പറയാം, ഇപ്പോഴുളള സാഹചര്യം പോലും കൂടുതല്‍ മോശമാവാനാണ് സാധ്യത. ഏറ്റുമുട്ടലുകളില്‍ നിന്ന് സര്‍ക്കാരും എല്‍.ടി.ടി.ഇ.യും പാഠങ്ങള്‍ പഠിച്ചതായി സൂചനയില്ല. ഈ മോശമായ പ്രവണത സര്‍ക്കാര്‍ മാറുന്നതുവരെ തുടര്‍ന്നേക്കും.

സമാധാന കരാര്‍ ലംഘിച്ച്, വെടിനിര്‍ത്തല്‍ പുനരാരംഭിക്കാന്‍ എന്താണ് കാരണം? ആര്‍ക്കാണ് ഈ സംഘര്‍ഷം ആവശ്യം?

2005 നവംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമായൊരു തെരഞ്ഞെടുപ്പിന് സാധ്യതയുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ മഹേന്ദ്ര രാജപാക്‌ഷെ വെടിനിര്‍ത്തല്‍ കരാര്‍ ദോഷകരമാണെന്ന് വാദിച്ചു. 2002 ല്‍ നോര്‍വെ സംഘം തുടങ്ങിവച്ച സമാധാന നടപടികളെ അദ്ദേഹം വിമര്‍ശിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ റെനില്‍ വിക്രംസിംഗെ താന്‍ സമാധാന നടപടികള്‍ തുടരുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തമിഴ് ജനങ്ങള്‍ വിക്രംസിംഗെയ്ക്ക് വോട്ട് ചെയ്തു. പക്ഷെ വടക്ക്, കിഴക്ക് മേഖലകളില്‍ തമിഴരെ മൊത്തത്തില്‍ വോട്ട് ചെയ്യാന്‍ എല്‍.ടി.ടി.ഇ അനുവദിച്ചില്ല. വിക്രംസിംഗെ പരാജയപ്പെടാന്‍ ഇത് ഇടയാക്കി. തെരഞ്ഞെടുപ്പില്‍ നിന്ന് തമിഴ് ജനങ്ങളെ മാറ്റി നിര്‍ത്താന്‍ രാജപക്‌ഷെയുടെ അനുയായികള്‍ എല്‍.ടി.ടി.ഇ.യ്ക്ക് പണം നല്‍കിയതായി ആരോപണമുണ്ട്.


അങ്ങനെയാണെങ്കില്‍ ഇപ്പോഴത്തെ സര്‍ക്കാരിനെ മുമ്പുളളതുമായി എങ്ങനെ താരതമ്യം ചെയ്യും?

മുമ്പുണ്ടായിരുന്ന സര്‍ക്കാരുകളേക്കാള്‍, എല്‍.ടി.ടി.ഇ.യെ സായുധമായി പരാജയപ്പെടുത്തി സൈനിക പരിഹാരം നേടാന്‍ നിശ്ചയിച്ചിരിക്കുകയാണ് ഇപ്പോഴത്തെ ഭരണാധികാരികള്‍. മുമ്പുണ്ടായിരുന്ന സര്‍ക്കാരുകളെ അപേക്ഷിച്ച് ഈ ഭരണത്തിന് അന്താരാഷ്ട്ര അഭിപ്രായങ്ങളോ, മനുഷ്യാവകാശമോ, സാധാരണക്കാരുടെ ജീവന്റെ വിലയോ ഒന്നും പ്രശ്‌നമല്ല. ഈ സമീപനം സമാധാനം കൊണ്ടു വരില്ല. അതു മാറേണ്ടതുണ്ട്.


ശ്രീലങ്കയില്‍ യഥാര്‍ത്ഥമായ ജനാധിപത്യമുണ്ടോ? എത്രമാത്രം അതു ജനങ്ങളുടെ താല്‍പര്യങ്ങളെ ഉള്‍ക്കൊളളുന്നുണ്ട്?

ശ്രീലങ്കയിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നത് ജനാധിപത്യമുണ്ടെന്നാണ്. അവര്‍ പതിവായി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നുണ്ട്. കുറേയേറെ സ്വാതന്ത്ര്യവും അവകാശങ്ങളുമുണ്ട്. പക്ഷെ പ്രശ്‌നം വംശീയ ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ പതിവായി അവഗണിക്കപ്പെടുന്നു എന്നതാണ്. അതിനാലാണ് അധികാരം പങ്കിടുന്ന ഫെഡറല്‍ നയം ആവശ്യമായി വരുന്നത്.

നിലവിലുളള സംഘര്‍ഷത്തെ നിങ്ങള്‍ എന്തു വിളിക്കും? ദേശീയ വിമോചന പോരാട്ടമെന്നോ അതോ വംശീയ സംഘര്‍ഷമെന്നോ?

ഞാനിതിനെ വംശീയ സംഘര്‍ഷമെന്നാണ് വിളിക്കുന്നത്. ഒരു തരത്തില്‍ നോക്കിയാല്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിച്ച് കൊണ്ടുളള ഭൂരിപക്ഷത്തിന്റെ ഭരണം എന്ന തത്വവുമായി എല്ലാവരും അനുരഞ്ജനപ്പെടേണ്ട പ്രശ്‌നമുണ്ടിതില്‍. മറ്റൊരു തലത്തില്‍ നോക്കിയാല്‍ ശ്രീലങ്കയ്ക്കുളളില്‍ എല്ലാ ദേശീയതകള്‍ക്കും തങ്ങളുടെ കൂട്ടായ അസ്തിത്വം വ്യക്തമാക്കുന്നതിനുളള അവകാശവും സ്വയം നിര്‍ണയാവകാശത്തിനുമുളള അവകാശവും അനുവദിക്കേണ്ടതുണ്ട്. വംശീയതയും മതവും പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റ് ദേശീയതകള്‍ ആധിപത്യം ചെലുത്താത്ത തങ്ങളുടേതായ സ്വയം നിര്‍ണയാവകാശം വേണമെന്നില്‍ കാര്യത്തില്‍ താല്‍പര്യമുളളവരാണ് മുസ്ലീം സമൂഹം. ദേശീയ വിമോചന പോരാട്ടമെന്ന് ഇതിനെ വിളിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. കാരണം രണ്ട് വ്യത്യസ്ത രാജ്യങ്ങളെന്നത് ശ്രീലങ്കക്കാരായ ഞങ്ങളുടെ ഹിതമല്ല.


യുദ്ധം, വെടിനിര്‍ത്തല്‍-ഇത് നിശ്ചിത വേളയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കയില്‍ ശാശ്വതമായ സമാധാനം പുലരില്ലേ?

മാറിമാറി വന്ന സര്‍ക്കാരുകള്‍ തമിഴ് ജനതയുടെ ന്യായമായ ആകുലതകളെ അഭിമുഖീകരിച്ചില്ലെ ന്നതാണ് യുദ്ധം തുടങ്ങാന്‍ കാരണം. ഈ ദുഖങ്ങളെ അകറ്റുന്ന ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്തുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്താല്‍ ശ്രീലങ്ക വീണ്ടും സമാധന രാജ്യമാവും. ഇപ്പോള്‍ അത്തരം രാഷ്ട്രീയ പരിഹാരം കാണാന്‍ ആരും ശ്രമിക്കുന്നില്ല. രാഷ്ട്രീയ പരിഹാരം കണ്ടാല്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം ഇനിമേല്‍ ആവശ്യം അല്ലാതായിത്തീരും. അതെപ്പോഴാവുമെന്ന് ആര്‍ക്കും ഉറപ്പില്ല.

എന്താണ് സംഘര്‍ഷത്തിനുളള രാഷ്ട്രീയ പരിഹാരം? എന്താണ് സാമ്പത്തിക പരിഹാരം?

പ്രശ്‌ന പരിഹാരത്തിന് രണ്ട് രാഷ്ട്രീയ തലമുണ്ട്. ആദ്യ വശമെന്നത് തമിഴ് ജനത കഴിഞ്ഞ അമ്പതു വര്‍ഷമായി ആവശ്യപ്പെടുന്ന, അഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്തുകയെന്നതാണ്. അത് യോജിച്ച രീതിയിലുളള അധികാര പങ്കിടലാവാം. ഇന്ത്യന്‍ മാതൃക പ്രശ്‌ന പരിഹാരത്തിന് അടിസ്ഥാനമാക്കാം. രണ്ടാമത്തെ വശമെന്നത് എല്‍.ടി.ടി.ഇയ്ക്ക് ആധിപത്യമുളള മേഖലയില്‍, ആയുധങ്ങളെ അവലംബിക്കാതെ അവര്‍ പുരോഗമനപരമായ ജനാധിപത്യ സംവിധാനത്തില്‍ പ്രവേശിക്കുക എന്നതാണ്്. ഫെഡറല്‍ ഭരണം സാമ്പത്തിക പരിഹാരം സാധ്യമാക്കും. അത് അധികാരത്തെയും സാമ്പത്തിക വിഭവങ്ങളെയും കൊളംബോയില്‍ നിന്ന് മറ്റ് മേഖലകളിലേക്ക് കൊണ്ടുപോകും. ഇപ്പോള്‍ കൊളംബോ സ്ഥിതിചെയ്യുന്ന പശ്ചിമ മേഖലയ്ക്ക് ദേശീയ വരുമാനത്തിന്റെ 51 ശതമാനം ലഭിക്കുന്നുണ്ട്. പക്ഷെ അവിടെ ജനസംഖ്യയുടെ 29 ശതമാനം ജനങ്ങളേ അധിവസിക്കുന്നുളളൂ. ഫെഡറല്‍ ഭരണ സംവിധാനം നിലവില്‍ വന്നാല്‍ ഇതില്‍ മാറ്റം വരും.


പക്ഷെ എല്‍.ടി.ടി.ഇ. ഫെഡറല്‍ വ്യവസ്ഥ അംഗീകരിച്ച് ഐക്യ ശ്രീലങ്കയ്ക്ക് കീഴില്‍ വരുമെന്ന് കരുതാനാവുമോ? അവര്‍ വിമോചനമാണ് ആവശ്യപ്പെട്ടുവരുന്നത്?

2002 ഡിസംബറില്‍ നടന്ന ഓസ്‌ലോ സമാധാന ചര്‍ച്ചകളില്‍ എല്‍.ടി.ടി.ഇ.യും ശ്രീലങ്കന്‍ സര്‍ക്കാരും വടക്ക്, കിഴക്ക് മേഖലകള്‍ക്ക് സ്വീകാര്യമായ ആഭ്യന്തര സ്വയം നിര്‍ണയാവകാശം അടിസ്ഥാന തത്വമാക്കിയ ഒരു ഫെഡറല്‍ പരിഹാരത്തിന് സാധ്യതകള്‍ ആരായാമെന്ന് സമ്മതിച്ചിരുന്നു. വേറിട്ട രാജ്യമെന്ന തങ്ങളുടെ ആവശ്യത്തിന് സമൂര്‍ത്തമായ ഒരു ബദല്‍ സ്വീകരിക്കാമെന്ന് എല്‍.ടി.ടി.ഇ. ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇതില്‍ കൂടിയാലോചന നടത്തേണ്ടതുണ്ട്.

എന്തുകൊണ്ടാണ് തമിഴര്‍ക്ക് സ്വയം നിര്‍ണയാവകാശം നല്‍കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്? എന്താണ് സര്‍ക്കാരിന്റെ എതിര്‍ വാദങ്ങള്‍?

സിംഹള ജനങ്ങളുടെ ഭയം സര്‍ക്കാരില്‍ പ്രതിഫലിക്കുന്നുണ്ട്. അവര്‍ ഭയപ്പെടുന്നത് ഫെഡറല്‍ അല്ലെങ്കില്‍ സംയുക്ത ഭരണം വേറിട്ടുപോകാനുളള തമിഴരുടെ ആവശ്യത്തെ ശക്തിപ്പെടുത്തുമെന്നാണ് . അതിനേക്കാള്‍ വലിയ ഭയം ശ്രീലങ്ക വിഭജിക്കപ്പെടുമെന്നും അങ്ങനെ ദ്വീപില്‍ പ്രത്യേകമായ തമിഴ് രാജ്യം വരുമ്പോള്‍ അതിന് ഇന്ത്യയില്‍ നിന്ന് അല്ലെങ്കില്‍ കുറഞ്ഞ പക്ഷം തമിഴ്‌നാട്ടില്‍ നിന്നെങ്കിലും പിന്തുണ ലഭിക്കുമെന്നും അവര്‍ കരുതുന്നു. അങ്ങനെ വന്നാല്‍ മുഴുവന്‍ ദ്വീപും തമിഴര്‍ കയ്യടക്കുന്നതിലേക്ക് നയിക്കും. ഇതാണ് സിംഹളരുടെ ഭയം.

പ്രശ്‌ന പരിഹാരത്തിന് സിംഹള ദേശീയ സങ്കുചിത വാദികളാണ് തടസം എന്ന് കേള്‍ക്കുന്നു. നിങ്ങളങ്ങനെ ചിന്തിക്കുന്നുണ്ടോ?

സിംഹള ദേശീയ പാര്‍ട്ടികള്‍ക്ക് മൊത്തം വോട്ടിന്റെ 10 ശതമാനമേയുളളൂ. പക്ഷെ പാര്‍ലമെന്റില്‍ അധികാര സന്തുലനം ഉളളതുകൊണ്ട് അവര്‍ ശക്തരാണ്. അധികാരത്തില്‍ തുടരാന്‍ സര്‍ക്കാരിന് അവരുടെ വോട്ട് വേണം. അവര്‍ സമൂല പരിഷ്‌കരണവാദികളാണ്. തങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി തെരുവിലേക്കിറങ്ങാന്‍ മടിയില്ലാത്തവരുമാണ്. ഇക്കാരണത്താല്‍ കൂടുതല്‍ ശക്തരാണ് അവര്‍. പക്ഷെ സമാധാന പരിഹാരത്തിന് ഏക തടസമല്ല അവര്‍. അതുപോലെ തന്നെ, എല്‍.ടി.ടി.ഇ.യും ചിതറിയ തമിഴരും (ഡയസ്‌പോറ) ഉള്‍പ്പെടുന്ന തമിഴ് ദേശീയവാദികള്‍ സമൂലപരിഷ്‌കരണവാദികളും വിട്ടു വിഴ്ചയില്ലാത്തവരാണ്.

ശ്രീലങ്ക അഭയാര്‍ത്ഥികളുടെ നാടാണ്.എന്താണ് അവരുടെ അവസ്ഥ? ജനങ്ങള്‍ രാജ്യം വിടുന്നതു തുടരുകയാണല്ലോ?

ശ്രീലങ്കയില്‍ മാത്രം അഞ്ചുലക്ഷം ആഭ്യന്തര അഭയാര്‍ത്ഥികളുണ്ട്. അവര്‍ വലിയ അളവില്‍ ദുരിതം അനുഭവിക്കുന്നു. പറഞ്ഞറിയിക്കാനാവുന്നതിന് അപ്പുറമാണ് ദുരിതവും കഷ്ടപ്പാടും. ഇനിയും കുറേയേറെ വര്‍ഷം ഈ ദുരിതവും ദുരന്തവും തുടരാനാണ് സാധ്യത. സംഘര്‍ഷം മൂലം ബുദ്ധിജീവികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് പേര്‍ രാജ്യം വിട്ടിട്ടുണ്ട്. രാജ്യത്തിന് ഗുണകരമായി ഉപയോഗിക്കേണ്ട വിഭവങ്ങള്‍ നഷ്ടപ്പെടുന്നു എന്നാണ് ഇതിനര്‍ത്ഥം. എന്‍.പി.സി.യുടെ ലക്ഷ്യം സമാധാനത്തിനുളള സാധ്യത ഒരുക്കലാണ്. അതിലൂടെയേ അഭയാര്‍ത്ഥികളുടെ ദുരിതം അവസാനിക്കൂ.

അടുത്തിടെ കൊളംബോ സന്ദര്‍ശിച്ച പത്രപ്രവര്‍ത്തകരില്‍ ചിലര്‍ പറഞ്ഞ കാര്യം അവിടെയും മറ്റിടങ്ങളിലും കഴിയുന്ന മിക്ക ആള്‍ക്കാരും ആഭ്യന്തരയുദ്ധത്തെപ്പറ്റി ശ്രദ്ധിക്കുന്നുപോലുമില്ലെന്നാണ്. വെറും കാഴ്ചക്കാരായി ഇതെല്ലാം കാണുന്നു എന്നു മാത്രം. എന്തുകൊണ്ടാണ് ഈ പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ലാത്തത്?

ഭൂരിപക്ഷം ജനങ്ങള്‍ക്ക് വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നത് എന്ന് അറിയില്ല. സര്‍ക്കാര്‍ പറയുന്നത് ഞങ്ങള്‍ സാധാരണ പൗരന്‍മാരെ സംരക്ഷിക്കുന്നുണ്ട് എന്നാണ്. ജനം അതു വിശ്വസിക്കുകയും ചെയ്യുന്നു. ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നത് വേറിട്ട ഒരു രാജ്യത്തില്‍ കുറഞ്ഞ ഒന്നുമായും എല്‍.ടി.ടി.ഇ. ഒത്തുതീര്‍പ്പില്‍ എത്തില്ല എന്നാണ്. അതിനാല്‍ യുദ്ധത്തില്‍ എല്‍.ടി.ടി.ഇ. തോല്‍പ്പിക്കുകയല്ലാതെ മറ്റൊരു ബദലില്ല എന്നും അവര്‍ ചിന്തിക്കുന്നു.എല്‍.ടി.ടി.ഇ, പ്രഭാകരന്‍, പാര്‍ട്ടികള്‍


എല്‍.ടി.ടി.ഇ. ഇപ്പോള്‍ വ്യോമാക്രമണവുമായി രംഗത്തെത്തിയിരിക്കുന്നു. വെടിനിര്‍ത്തല്‍ കാലത്ത് അവര്‍ ശക്തി സംഭരിക്കുകയായിരുന്നോ? എവിടെ നിന്നാണ് അവര്‍ക്ക് ആയുധവും വിമാനം ലഭിച്ചത്? വിദേശ സഹായങ്ങള്‍?

എല്‍.ടി.ടി.ഇ. കഴിഞ്ഞ ഒരു ദശാബ്ദമായി വ്യോമ ശക്തി സ്വന്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു. അവര്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ പുറത്തു നിന്ന് കടത്തിക്കൊണ്ടുവന്നതാണ്. ഞാന്‍ കരുതുന്നത് എല്‍.ടി.ടി.ഇ. ഈ ഭാഗങ്ങള്‍ തുറന്ന വിപണിയില്‍ നിന്ന് മേടിച്ചു എന്നാണ്. ഇതിന് ഏതെങ്കിലും വിദേശ രാജ്യങ്ങള്‍ സഹായം ചെയ്തതായി ഞാന്‍ വിശ്വസിക്കുന്നില്ല. ഈ വിമാനങ്ങള്‍ കൂട്ടിയിണക്കിയതില്‍ സാങ്കേതിക മികവൊന്നുമില്ല. ഇത് ഭാരം കുറഞ്ഞ ചെറിയ വിമാനമാണ്. മറ്റ് രാജ്യങ്ങളുടെ പറക്കല്‍ സംഘങ്ങളില്‍ (ഫ്‌ളയിംഗ് ക്ലബ്) ലഭിക്കുന്നവയാണ് ഈ വിമാനങ്ങള്‍.


സമാധാന കാലയളവിലും എല്‍.ടി.ടി.ഇ. സൈനിക കരുത്തില്‍ തന്നെയാണ് വിശ്വസിച്ചിരുന്നത്

യുദ്ധത്തില്‍ വിജയമാണ് അവര്‍ ആഗ്രഹിക്കുന്നത്. ശ്രീലങ്കന്‍ ഭരണകൂടത്തെ പരാജയപ്പെടുത്താനായില്ലെങ്കില്‍ വേറിട്ട രാജ്യം സാധ്യമാവില്ലെന്ന് അവര്‍ കരുതുന്നു. എല്‍.ടി.ടി.ഇ.യുടെ സൈനിക കരുത്തുകൊണ്ടാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ തുല്യതയില്‍ ഇരുന്ന് ചര്‍ച്ചചെയ്യാന്‍ അവരെ ക്ഷണിക്കുന്നത്. അതിനാല്‍ തന്നെ അവര്‍ സൈനിക കരുത്ത് നിലനിര്‍ത്തി. കൂടുതല്‍ ശക്തി സംഭരിച്ചു.


സമാധാന കൂടിയാലോചനകള്‍ക്ക് എല്‍.ടി.ടി.ഇ. വന്നത് സമാന്തരമായ ഒരു ഭരണകൂടത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ്

അതെ. അന്ന് എല്‍.ടി.ടി.ഇ. യെ പ്രതിനിധീകരിക്കുന്ന സാധാരണക്കാരോട് ഞാന്‍ സംസാരിച്ചിരുന്നു. അവര്‍ യോജിച്ച ഭരണം (ഫെഡറല്‍) എന്നതുകൊണ്ട് അര്‍ത്ഥമാക്കിയത് യഥാര്‍ത്ഥത്തില്‍ സഖ്യരാഷ്ട്ര ഭരണം (കോണ്‍ ഫെഡറിസം)ആണ്. അതായത് രണ്ട് സര്‍ക്കാരുകള്‍, രണ്ട് പ്രധാന മന്ത്രിമാര്‍, രണ്ട് വിദേശ മന്ത്രിമാര്‍, രണ്ടു സൈന്യം എന്നിങ്ങനെയുളള മട്ടില്‍.


എല്‍.ടി.ടി.ഇ.യുടെയും മറ്റ് തമിഴ് ദേശീയ വിമോചന സംഘങ്ങളുടെയും ശക്തി എത്രമാത്രമാണ്. മുമ്പുണ്ടായിരുന്ന ടുള്‍ഫ് തുടങ്ങിയ സംഘടനകളെപ്പറ്റി കേള്‍ക്കാനേയില്ല.

എല്‍.ടി.ടി.ഇ. ആണ് ഇന്ന് ശ്രീലങ്കയിലെ എറ്റവും ശക്തമായ, ഏക പാര്‍ട്ടി. അതിന് ഒരു പരിധിവരെയുളള കാരണം മറ്റ് തമിഴ് പാര്‍ട്ടികളുടെ നേതാക്കളെ മുഴുവന്‍ എല്‍.ടി.ടി.ഇ. കൊലപ്പെടുത്തിയെന്നതാണ്. മാത്രമല്ല മറ്റുളളവരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുമില്ല. ശ്രീലങ്കന്‍ സര്‍ക്കാര്‍ തങ്ങളുടെ അവകാശം എന്നെങ്കിലും അനുവദിച്ച് തരുമെങ്കില്‍ അത് എല്‍.ടി.ടി.ഇ. മൂലമാവും എന്നാണ് തമിഴ് ജനങ്ങളുടെ ഇടയില്‍ ശക്തമായുളള ചിന്ത. കാരണം എല്‍.ടി.ടി.ഇ.ആണ് കൂടിയാലോചന മേശകളിലേക്ക് സര്‍ക്കാരിനെ എത്തിച്ചിട്ടുളളത്.

എല്‍.ടി.ടി.ഇ ആഭ്യന്തരമായി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ? ബാലശിങ്കത്തിന്റെ മരണത്തെയും കരുണ വിഭാഗത്തിന്റെ ശത്രുതാപരമായ വേര്‍പെടലിനെയും എങ്ങനെ കാണുന്നു?

എല്‍.ടി.ടി.ഇ.യുടെ ആഭ്യന്തര പ്രശ്‌നങ്ങളെപ്പറ്റി അധികമൊന്നും ആര്‍ക്കുമറിയില്ല. എല്‍.ടി.ടി.ഇ. വളരെ രഹസ്യവും കടുത്ത അച്ചടക്കവുമുളള സംഘടനയാണ്. കരുണയോടുണ്ടായ ഭിന്നിപ്പ് പോലും സംഭവിച്ചശേഷമാണ് എല്ലാവരും അറിഞ്ഞത്. കരുണ പറഞ്ഞത് എല്‍.ടി.ടി.ഇ. നേതൃത്വം വടക്കന്‍ മേഖലയില്‍ നിന്നു വരുന്നവരാണെന്നും അവര്‍ കിഴക്കന്‍ മേഖലയിലുളള തമിഴരോട് വിവേചനം കാട്ടുന്നുവെന്നും അതിനാല്‍ താന്‍ സംഘടന വിടുന്നുമെന്നാണ്. ബാലശിങ്കത്തിന്റെ മരണം എല്‍.ടി.ടി.ഇയ്ക്കും ശ്രീലങ്കയ്ക്കും വലിയ നഷ്ടം വരുത്തിയിട്ടുണ്ട്. രാജ്യത്ത് ഏതുതരം രാഷ്ട്രീയ പരിഹാരമാണ് നിലവില്‍ വരേണ്ടത് എന്നതിനെപ്പറ്റി മനസിലാക്കിയിരുന്ന ആളായിരുന്നു അദ്ദേഹം. തന്റെ മരണത്തിനു മുമ്പ് ഒരു രാഷ്ട്രീയ പരിഹാരം സാധ്യമാക്കുന്നതിനുവേണ്ടി ബാലശിങ്കം തിരക്കിട്ടു പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ കൂടിയാലോചനകള്‍ തുടങ്ങാനായില്ല എന്നതു ദു:ഖകരമാണ്.


എല്‍.ടി.ടി.ഇ. തലവന്‍ വേലുപ്പിളളി പ്രഭാകരനെ വ്യക്തിപരമായി താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? ശ്രീലങ്കന്‍ ഭരണാധികാരികളേക്കാള്‍ മെച്ചമാണോ അദ്ദേഹം?

പ്രഭാകരന്‍ മനുഷ്യ ജീവിതത്തേക്കാള്‍ തന്റെ ലക്ഷ്യത്തില്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വ രീതി രാജാക്കന്‍മാരുടെ യുഗത്തിന് അനുയോജ്യമായിരിക്കാം. എന്നാല്‍ ആധുനിക ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും കാലത്തില്‍ ഒട്ടും ചേര്‍ന്നതല്ല.

കമ്യൂണിസ്റ്റുകള്‍ക്കും മറ്റ് ഇടതു പാര്‍ട്ടികള്‍ക്കും അവടെ എന്തെങ്കിലും പങ്കുവഹിക്കുന്നുണ്ടോ? അവര്‍ക്കെന്തെങ്കിലും ചെയ്യാനാകുമെന്ന് കരുതുന്നുണ്ടോ?

കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലുളള പഴയ ജനാധിപത്യ ഇടതു പാര്‍ട്ടികളെല്ലാം സര്‍ക്കാര്‍ സഖ്യത്തില്‍ പങ്കാളികളാണ്. വംശീയ സംഘര്‍ഷത്തോടുളള സര്‍ക്കാര്‍ സമീപനത്തില്‍ അവര്‍ സന്തുഷ്ടരല്ല. പക്ഷെ സര്‍ക്കാരിന്റെ നയം തിരുത്താന്‍ കഴിയുന്ന വിധത്തില്‍ അവര്‍ ശക്തരുമല്ല. രാഷ്ട്രീയമായി അവര്‍ ദുര്‍ബലരാണ്. ഒരു പാര്‍ലമെന്റ സീറ്റുപോലും തനിച്ചു നേടാനാവില്ല. പക്ഷെ അവരുടെ സാന്നിധ്യം അര്‍ത്ഥമാക്കുന്നത് സമാധാനത്തിന്റെയും സല്‍ബുദ്ധിയുടെയും ശബ്ദങ്ങള്‍ സര്‍ക്കാരിനുണ്ട് എന്നാണ്.


കമ്യൂണിസ്റ്റുകളുള്‍പ്പടെയുളള പുരോഗമനശക്തികള്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് എന്തെങ്കിലും ചെയ്യുന്നുണ്ടോ?

സര്‍ക്കാരിനൊപ്പമുളള പഴയ ഇടതു പാര്‍ട്ടികളിലൊന്നായ എല്‍.എസ്.എസ്.പി (ട്രോട്‌സ്‌കിയിസ്റ്റ്)യുടെ നേതാവ് പ്രൊഫ. ടിസ വിതരണയാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഉള്‍പ്പെടുന്ന പ്രതിനിധി സമിതിയുടെ അധ്യക്ഷന്‍. അദ്ദേഹം വംശീയ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം നിര്‍ദേശിച്ചുകൊണ്ട് ഒരു കരട് നിര്‍ദേശം തയാറാക്കികൊണ്ടിരിക്കുകയാണ്. കരട് നിര്‍ദേശങ്ങള്‍ക്കായി പ്രൊഫ. വിതരണ ഉന്നയിച്ച നിര്‍ദേശങ്ങള്‍ നല്ലതാണ്. അത് രാഷ്ട്രീയ പരിഹാരത്തിന് അടിത്തറയൊരുക്കും. പക്ഷെ നിര്‍ഭാഗ്യമെന്നു പറയാം, സര്‍ക്കാര്‍ ഇതുവരെ ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചിട്ടില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക യുദ്ധത്തിന്റെ ഫലം കൂടുതല്‍ വ്യക്തമാകുന്നതുവരെ ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ തുനിയുന്നത് നീട്ടി നീട്ടിക്കൊണ്ടുപോകാനാണ് സാധ്യത.

എല്‍.ടി.ടി.ഇ. യുദ്ധത്തില്‍ ജയിക്കുമെന്ന് കരുതുക. എന്തായിരിക്കും പിന്നീട് സംഭവിക്കുക? അവരേത് രാഷ്ട്രീയ-സമ്പദ് വ്യവസ്ഥിയാവും നടപ്പാക്കുക?

എല്‍.ടി.ടി.ഇ. ഒരിക്കലും സ്ഥിരമായ വിജയം നേടാന്‍ പോകുന്നില്ല. കാരണം നഷ്ടപ്പെട്ട അധികാരം തിരിച്ചു പിടിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ എപ്പോഴും ശ്രമിക്കും. പക്ഷെ എല്‍.ടി.ടി.ഇ.യെ ഭരണത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. അതിനര്‍ത്ഥം എല്‍.ടി.ടി.ഇ. ജനാധിപത്യത്തെ ആദരിക്കണമെന്നും അവരുടെ ആയുധം പ്രയോഗിക്കരുതെന്നുമാണ്. തമിഴ് ജനതയെ പ്രതിനിധീകരിക്കുന്ന മറ്റ് തമിഴ് പാര്‍ട്ടികളെ ആദരിക്കാന്‍ അവര്‍ പഠിക്കണം. ഒരു ജനാധിപത്യ രാജ്യത്തും ഒരൊറ്റ പ്രതിനിധികള്‍ ഉണ്ടാവില്ല. രാഷ്ട്രീയ-സമ്പദ് ശാസ്ത്രം എന്ന രീതിയില്‍ എന്താവും എല്‍.ടി.ടി.ഇ. ചെയ്യുക എന്നു വ്യക്തമല്ല. പക്ഷെ ഭരണകൂടത്തിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ എല്ലാം ആക്കാനാവും അവരുടെ ശ്രമം. കാരണം തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കാനാവുന്നതെല്ലാം അങ്ങനെ ആക്കണമെന്ന് വിശ്വസിക്കുന്നവരാണ് അവര്‍.

എന്താണ് ജാഫ്‌നയിലും മറ്റ് എല്‍.ടി.ടി.ഇ. നിയന്ത്രണ മേഖലകളിലുമുളള ജീവിത സാഹചര്യങ്ങള്‍?

ശ്രീലങ്കയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ വളരെ അവികസിതമായ അവസ്ഥയാണുളളത്. വടക്ക്, കിഴക്ക് മേഖലയിലെ ഭൂരിപക്ഷം പ്രദേശങ്ങള്‍ വികസനത്തിന്റെ കാര്യത്തില്‍ നോക്കിയാല്‍ ശ്രീലങ്കയുടെ മറ്റ് ഭാഗങ്ങളേക്കാള്‍ ദശാബ്ദങ്ങള്‍ പുറകിലാണ്. അവിടെ എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങളുണ്ടായിരുന്നോ അതെല്ലാം യുദ്ധത്തില്‍ തകര്‍ന്നിട്ടുണ്ട്. ജാഫ്‌നയെയും രാജ്യത്തെ മറ്റ് ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന റോഡ് മാര്‍ഗങ്ങള്‍ അടച്ചതിനാല്‍ ജാഫ്‌നയിലേക്കുളള അവശ്യ വസ്തുക്കളുടെ വിതരണം പോലും നിലച്ചിരിക്കുകയാണ്. ഭരണകൂടം സൈനിക കാരണങ്ങളാലാണ് റോഡ് അടച്ചതെങ്കിലും ഇതിന്റെ അത്യന്തികഫലം വലിയ അളവില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുക എന്നതാണ്.

യുദ്ധതടവുകാരെ(പി.ഒ.ഡബ്ല്യു)ക്കുറിച്ച് എന്തു പറയുന്നു? ഭരണകൂടം മനുഷ്യാവകാശ ലംഘനം നടത്തുന്നതായി കേള്‍ക്കുന്നു?

എല്‍.ടി.ടി.ഇ.യുടെ പക്ഷത്ത് യുദ്ധത്തടവുകാര്‍(പി.ഒ.ഡബ്ല്യു) ഉളളതായി അറിവില്ല. എന്നാല്‍ സര്‍ക്കാരിന്റെ പക്ഷത്തുണ്ട്. ഭരണകൂടം യുദ്ധതടവുകാരെ സാധാരണ ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. പക്ഷെ നിരവധി തവണ ഹീനമായ രീതിയിലാണ് അവരോട് പെരുമാറിയിട്ടുളളത്. 1983 ജൂലൈയില്‍ സംശയത്തിന്റെ പേരില്‍ തടവിലടയ്ക്കപ്പെട്ട 50 തീവ്രവാദികളെയും മറ്റുളളവരെയും ജയിലില്‍ വച്ച് മറ്റു തടവുകാര്‍ കൊലപ്പെടുത്തിയിരുന്നു. 2004 ല്‍ കീഴടങ്ങിയതിനെ തുടര്‍ന്ന് പുനരധിവസിപ്പിച്ച 20 യുവാക്കളെ ഗ്രാമീണര്‍ കൊലപ്പെടുത്തി. പക്ഷെ ഇതെല്ലാം വേറിട്ട സംഭവങ്ങളാണ്. എന്നാലും മനുഷ്യാവകാശ ലംഘനങ്ങള്‍ വലിയ അളവില്‍ നടക്കുന്നുണ്ട്. മുമ്പത്തേക്കാള്‍ വഷളാണ് അവസ്ഥ. അപ്രത്യക്ഷമാകല്‍, തട്ടിക്കൊണ്ടുപോകല്‍, പണത്തിനുവേണ്ടിയുളള റാഞ്ചല്‍ തുടങ്ങിയവ പതിവായി നടക്കുന്നു. തങ്ങള്‍ക്ക് ഇതില്‍ ഉത്തരവാദിത്വമില്ല എന്നാണ് ഭരണാധികാരികള്‍ പറയുന്നത്. എല്‍.ടി.ടി.ഇ, മറ്റ് കുറ്റവാളിസംഘങ്ങള്‍, നിയമവിരുദ്ധര്‍ തുടങ്ങിയവര്‍ ഇതെല്ലാം ചെയ്യുന്നു എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പക്ഷെ ഇതിലെല്ലാം ഭരണകൂടത്തിന്റെ കൈയുളളതായി കൂറേയേറെപ്പേര്‍ വിശ്വസിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ആയിരത്തിലേറെ സംഭവങ്ങളുണ്ടായി. ഈ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയമിച്ചിരുന്നു. എക്ഷെ അവരുടെ പ്രവര്‍ത്തനം സാവധാനവും തൃപ്തികരമല്ലാത്ത വിധത്തിലുമാണ്.

ബുദ്ധഭിക്ഷുക്കള്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്നു.അവരെന്തുകൊണ്ടാവണം ആക്രമണ ലക്ഷ്യമാകുന്നത്? പക്ഷം ചേര്‍ന്നതുകൊണ്ടാണോ? ഭിക്ഷുക്കള്‍ക്കിടയിലും കലഹം നടക്കുന്നുണ്ട്.

ശ്രീലങ്കയിലെ ബുദ്ധഭിക്ഷുക്കള്‍ സ്വയം കരുതുന്നത് തങ്ങള്‍ രാജ്യത്തിന്റെ സംരക്ഷകരാണെന്നാണ്. സിംഹള ചരിത്രം ഭാഗികമായി ഇത് ശരിവയ്ക്കുന്നുണ്ട്. സിംഹളര്‍ ശ്രീലങ്കയില്‍ ബുദ്ധമതത്തിന്റെ സംരക്ഷകരായിരിക്കും എന്നു ബുദ്ധഭഗവാന്‍ പറഞ്ഞതായി പുരാതന കൃതികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ സിംഹള ജനതയെയും ബുദ്ധമതത്തെയും നാശത്തില്‍ നിന്ന് രക്ഷപെടുത്തുക എന്നത് തങ്ങളുടെ പവിത്രമായ കടമയായിട്ടാണ് ബുദ്ധഭിക്ഷുക്കള്‍ കരുതുന്നത്. പുരാതന ചരിത്രത്തില്‍ രാജ്യത്തെ രക്ഷിക്കാന്‍ ബുദ്ധസന്യാസികള്‍ സിംഹളസേനയ്‌ക്കൊപ്പം അണിചേര്‍ന്നതായി പറയുന്നുണ്ട്. അത് ഇന്നത്തെ കാലത്തേക്കും കൊണ്ടു വന്നിരിക്കുന്നു. തമിഴ് തീവ്രവാദത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കലാണ് ഇപ്പോഴവര്‍ കടമയായി കാണുന്നത്. തിരിച്ച് തമിഴര്‍ ബുദ്ധസന്യാസികളെ തമിഴ്‌വിരുദ്ധരായും സിംഹളീസ് സങ്കുചിത ആധിപത്യവാദികളായും കാണുന്നു. ബുദ്ധഭിക്ഷുക്കളെ കൊല്ലുന്നതു വഴി എല്‍.ടി.ടി.ഇ. ശ്രമിക്കുന്നത് സിംഹളരെ പ്രകോപിപ്പിക്കാനും സിംഹള സങ്കുചിത വാദത്തിന് പ്രഹരം നല്‍കാനുമാണ്. പക്ഷെ ഞാന്‍ സംസാരിച്ചിട്ടുളള ഭൂരിപക്ഷം സന്യാസികളും സമാധാനകാംക്ഷികളാണ്. അവര്‍ക്ക് സമാധാനം സമാധാനമാര്‍ഗങ്ങളിലൂടെ നിലവില്‍ വരണമെന്നാണ് ആഗ്രഹം. തീവ്രവാദികളായ ബുദ്ധഭിക്ഷുക്കള്‍ ആക്രോശിക്കുന്നവരും രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്നവരും തെരുവില്‍ അണിനിരക്കാന്‍ തയാറുളളവരുമാണ്. അതേസമയം സമാധാനപ്രിയരായ ഭിക്ഷുക്കള്‍ ദേവാലയത്തില്‍ ജനങ്ങളെ സഹായിച്ചു കഴിയുന്നു. ഈ രണ്ടു വ്യത്യസ്ത രീതികള്‍ ബുദ്ധ ഭിക്ഷുക്കള്‍ക്കിടയില്‍ വൈരുദ്ധ്യമുണ്ടാക്കിയിട്ടുണ്ട്. ഇന്നത്തെ വംശീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സമാധാന പരമായ സഹവര്‍ത്തിത്വം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരായും സമാധാനകാംക്ഷികളായും എനിക്ക് തോന്നിയിട്ടുളളത് ക്രിസ്ത്യന്‍ പുരോഹിതരെയാണ്. സംഘര്‍ഷത്തില്‍ ഗുണകരമായ മദ്ധ്യസ്ഥതവഹിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. അതിനു കാരണം സിംഹള, തമിഴ് വിഭാഗങ്ങള്‍ക്കിടയില്‍ നല്ല അളവില്‍ ക്രിസ്ത്യാനികള്‍ ഉണ്ടെന്നതാണ്. ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഉന്നത വിദ്യഭ്യാസം കൂടുതലായി നേടിയവരും സമൂഹത്തിന്റെ നിലപാടുകളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരുമാണ്.

ശ്രീലങ്കയില്‍ ജാതി വ്യവസ്ഥ നിലവിലുണ്ട്. അതെത്രമാത്രം ഈ സംഘര്‍ഷത്തെ സ്വാധീനിക്കുന്നുണ്ട്?

ശ്രീലങ്കയില്‍ ജാതി വ്യവസ്ഥ നിലവിലുണ്ട്. പക്ഷെ അത് ഇന്ത്യയിലുളള ജാതി വ്യവസ്ഥയുമായി രണ്ടു തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു വ്യത്യാസമെന്നത് ഇവിടുത്തെ ഉയര്‍ന്ന ജാതിയെന്നത് കര്‍ഷകരുടേതാണ്. അവരാണ് ഏറ്റവും വലിയ ജാതി. രണ്ടാമത് മിക്കയിടത്തും ജാതിവ്യവസ്ഥ ദൃശ്യമല്ല. അത് കുറഞ്ഞ അളവില്‍ പൊന്തിവരുന്നത് ആള്‍ക്കാര്‍ വിവാഹിതരാകുമ്പോള്‍, വോട്ടു ചെയ്യുമ്പോള്‍ തുടങ്ങിയ സമയത്തൊക്കെയാണ്. സംഘര്‍ഷം തുടരുന്നതിന് തമിഴ് സമൂഹത്തില്‍ ജാതിയുടെ പങ്കും കാരണമാകുന്നുണ്ടാവാം. പ്രഭാകരനുള്‍പ്പടെയുളള മിക്ക എല്‍.ടി.ടി.ഇ. നേതാക്കളും കര്‍ഷകതേരമായ മുക്കുവ ജാതികളില്‍ നിന്നുളളവരാണ്. ഇപ്പോള്‍ നടക്കുന്ന യുദ്ധം മൂലം അവര്‍ കര്‍ഷക ജാതിയിലെ ആള്‍ക്കാര്‍ക്കു മേല്‍ ആധിപത്യമുണ്ട്. പക്ഷെ സമാധാനം നിലവില്‍ വരുന്നതോടെ അവര്‍ക്ക് കര്‍ഷക ജാതിക്കുമേലുളള ആധിപത്യം ഒരിക്കല്‍ കൂടി നഷ്ടമാകും.ഇന്ത്യയുടെ ഇടപെടല്‍, തിരിച്ചടികള്‍ശ്രീലങ്കന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ പങ്കിനെ എങ്ങനെ നിര്‍വചിക്കും? ഇന്ത്യയ്ക്ക് എന്തെങ്കിലും ഗുണകരമായി ചെയ്യാനാവുമോ?

സിംഹള ചരിത്രമെന്നത് ഇന്ത്യയില്‍ നിന്നുളള അക്രമങ്ങളുടേതാണ്. സിംഹള കാഴ്ചപ്പാടില്‍ ഇന്ത്യ തങ്ങളുടെ ചരിത്രപരമായ ശത്രുവാണ്. അഞ്ചാം നൂറ്റാണ്ടിലെ ബുദ്ധ ഭിക്ഷു എഴുതിയ 'മഹാവസ്മ'(മഹാ പുരാവൃത്തം) എന്ന പുസ്തകത്തില്‍ സിംഹള നാഗരികത ദക്ഷിണ ഇന്ത്യയില്‍ നിന്നുളള തുടര്‍ച്ചയായ അധിനിവേശങ്ങളില്‍ നശിപ്പിക്കപ്പെട്ടതായും ദുര്‍ബലമാക്കപ്പെട്ടതായും പറയുന്നുണ്ട്. ഇതുകൊണ്ട് തന്നെ, 1970 ലും 80 കളിലും തമിഴ് തീവ്രവാദത്തെ ഇന്ത്യ പിന്തുണച്ചത് സിംഹള ജനങ്ങളുടെ മനസില്‍ ആഴത്തില്‍ വൈകാരികമായും മനശാസ്ത്രപരവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 1987 ല്‍ ഇന്ത്യന്‍ സമാധാന സേന വരുന്നതിനെ അവര്‍ എതിര്‍ത്തതും ഇക്കാരണത്താലാണ്. അവര്‍ കണ്ടത് ഇത് ചരിത്രത്തിന്റെ പുനരാവര്‍ത്തനമായാണ്. ഇന്ത്യന്‍ സേന ഒരിക്കലും തിരിച്ചുപോകില്ലെന്നും അവര്‍ വിശ്വസിച്ചു. സിംഹളരുടെ ആകുലതകളോട് ഇന്ത്യ കൂടുതല്‍ സംവേദനാത്മകമായ സമീപനം പുലര്‍ത്തേണ്ടതുണ്ട്.


ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്ക്ക് നിക്ഷിപ്തമായ താല്‍പര്യമുണ്ട് എന്നു കരുതുന്നുണ്ടോ?

ഇന്ത്യയുടെ മുഖ്യ ആകുലതയെന്നത് ശ്രീലങ്കയിലെ തമിഴ് പ്രശ്‌നം കടല്‍ കടന്ന തമിഴ്‌നാടിനെ ബാധിക്കരുത് എന്നതാണ്. സംഘര്‍ഷത്തെ അന്താരാഷ്ട്രവല്‍ക്കരിക്കുന്നതിലും ഇന്ത്യയ്ക്ക് വിയോജിപ്പുണ്ട്. വിദേശ ശക്തികള്‍ ശ്രീലങ്കയില്‍ പങ്കുവഹിക്കുന്നതിനെയും അതിനു അവര്‍ കാണിക്കുന്ന താല്‍പര്യത്തിലും ഇന്ത്യയ്ക്ക് ആശങ്കകളുണ്ട്. പ്രശ്‌നം മൂര്‍ച്ഛിക്കതെ ഒതുക്കാനാണ് ഇന്ത്യയ്ക്ക് താല്‍പര്യം.


'ഇന്ത്യയുടെ ആശിസും പിന്തുണയും സമ്മര്‍ദവുമില്ലാതെ ഈ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ പോകുന്നില്ല എന്ന് നമുക്കെല്ലാം അറിയാം'' എന്ന് താങ്കള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു? വിശദമാക്കാമോ?

നാനാത്വമുളളതും വ്യത്യസ്തവുമായ ജനവിഭാഗങ്ങളെ ചേര്‍ത്ത് തങ്ങളുടെ രാജ്യത്തെ ഒന്നിപ്പിച്ചു കൊണ്ടുപോകാന്‍ ഇന്ത്യ പഠിച്ചിട്ടുണ്ട്. വംശീയ സംഘര്‍ഷങ്ങളെയും തീവ്രവാദത്തെയും കൈകാര്യം ചെയ്യാന്‍ പ്രപ്തരും തീവ്രവാദികളെ എങ്ങനെ മുഖ്യധാരയില്‍ കൊണ്ടുവരണം എന്നും അറിയുന്നവരുമാണ് അവര്‍. ഇന്ത്യ ഒരു സൂപ്പര്‍ ശക്തിയും ശ്രീലങ്കയുടെ അടുത്ത അയല്‍ക്കാരനുമാണ്. അതിനാല്‍ ഞങ്ങള്‍ക്ക് ഇന്ത്യയെ വേണം. പക്ഷെ ഇന്ത്യയെ അവിശ്വസിക്കുന്ന വളരെയധികം പേര്‍ ശ്രീലങ്കയില്‍ ഉണ്ട്. അവര്‍ ചിന്തിക്കുന്നത് ഇന്ത്യ ബോധപൂര്‍വം തങ്ങളെ സംഘര്‍ഷത്തില്‍ നില നിര്‍ത്തുന്നു എന്നാണ്. മുമ്പ് തമിഴ് തീവ്രവാദികളെ പരിശീലിപ്പിക്കുകയും ആയുധം നല്‍കുകയും ചെയ്ത കാര്യം ശ്രീലങ്കന്‍ ജനങ്ങള്‍ ഓര്‍മിക്കുന്നുണ്ട്. ഇന്ത്യ ഇത് എന്നും നിഷേധിച്ചിട്ടുണ്ടെങ്കിലും. അതിനാല്‍ അവര്‍ ചോദിക്കുന്നു: എങ്ങനെ നമുക്ക് ഇന്ത്യയെ വിശ്വസിക്കാനാവും? പക്ഷെ ഇന്ത്യയുമായുളള ബന്ധം പുനസ്ഥാപിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ബന്ധങ്ങള്‍ പുനസ്ഥാപിക്കുന്നതിലൂടെ ഇന്ത്യയോടുളള വിശ്വാസം വര്‍ദ്ധിക്കും. അങ്ങനെ നല്ല സുഹൃത്തും പങ്കാളിയുമായി ഇന്ത്യയെ മാറ്റാനാവും. അത് ശ്രീലങ്കയിലെ പ്രശ്‌ന പരിഹാരത്തിന് ഒരളവുവരെ കാരണമാകും.


ശ്രീലങ്കന്‍ പ്രശ്‌ന പരിഹാരത്തിന് രാജീവ് ഗാന്ധിക്ക് താല്‍പര്യമുണ്ടായിരുന്നു എന്ന് ഒരിക്കല്‍ താങ്കള്‍ പറഞ്ഞു. പക്ഷെ ഇന്ത്യന്‍ സമാധാന പാലന സേനാ (ഐ.പി.കെ. എഫ്) അധ്യായം അത്ര നല്ല ഓര്‍മകളിലല്ല അവസാനിച്ചത്? എന്തുപറയുന്നു?

ഇന്ത്യാ-ലങ്കാ ഉടമ്പടിയില്‍ പ്രശ്‌നം ഉണ്ടായിരുന്നു. ഉടമ്പടി വരുന്നതിനു മുമ്പ് അത് കൃത്യമായി വിശദീകരിക്കുകയോ ജനങ്ങളുമായി ചര്‍ച്ച നടത്തുകയോ ചെയ്തില്ല. പ്രധാനമന്ത്രി രാജീവ് ഗാന്ധി അന്ന് ചെറുപ്പമായിരുന്നു. അനുഭവ സമ്പത്ത് കുറവും. ഒരു രാജ്യത്തിലെ പ്രശ്‌നങ്ങള്‍ രാത്രി ഇരുണ്ടുവെളുക്കുമ്പോഴേക്കോ, അല്ലെങ്കില്‍ പേനയുടെ ഒരു കോറല്‍ കൊണ്ടോ പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം മനസിലാക്കിയില്ല. ഇന്ത്യന്‍ ഇടപെടലിനെപ്പറ്റി ശക്തായ എതിര്‍പ്പ് ശ്രീലങ്കയില്‍ ഉണ്ടായിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍ പോലും. ഇന്ത്യ തന്നെ ബോധപൂര്‍വം ദുര്‍ബലമാക്കിയ ഒരു ചെറിയ അയല്‍ക്കാരനുമേലുളള ഇന്ത്യയ്ക്കു കടന്നുകയറാനുളള അവസരമായി സമാധാന കരാര്‍ പരക്കെ വീക്ഷിക്കപ്പെട്ടു. പക്ഷെ ഇന്ത്യാ-ലങ്കാ സമാധാന ഉടമ്പടി സര്‍ക്കാരിനും തമിഴര്‍ക്കുമിടയില്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പിന് അടിത്തറ ഒരുക്കുന്നതായിരുന്നു. പ്രശ്‌നം എന്തെന്നാല്‍ ജനങ്ങള്‍ അതിന് തയ്യാറെടുത്തിരുന്നില്ല എന്നതാണ്. സര്‍ക്കാരോ എല്‍.ടി.ടി.ഇ. പോലും. ഐ.പി.കെ.എഫ്. എന്നതുകൊണ്ട് ഒരിക്കലും യുദ്ധം ചെയ്യുക എന്ന് ഉദ്ദേശിച്ചിരുന്നില്ല. അവരെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതോടെ ഇന്ത്യാ ലങ്ക ഉടമ്പടി തകര്‍ന്നു. ഈ കാലത്ത് അസംഖ്യം മനുഷ്യാവാകശ ലംഘനങ്ങള്‍ നടന്നു. അത് ലങ്കയ്ക്ക് ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിച്ചു.


തമിഴ്‌നാടിന് ശ്രീലങ്കയുമായി വിവിധ തലത്തില്‍ അടുത്ത ബന്ധമുണ്ട്. ചില കൊടുക്കല്‍ വാങ്ങലുകള്‍, പരസ്പരം സ്വായത്തമാക്കല്‍ സാധ്യമാണ്. അതിനെപ്പറ്റി എന്തുപറയുന്നു?

ശ്രീലങ്ക സാമ്പത്തികമായും സാമൂഹ്യമായും ദക്ഷിണേന്ത്യയുമായി കൂടുതല്‍ ബന്ധം പുലര്‍ത്തേണ്ടതുണ്ട്. ഇപ്പോഴുളള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തണം. ഞങ്ങള്‍ക്ക് ദക്ഷിണേന്ത്യന്‍ വിപണി, വിനോദസഞ്ചാരം, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ ഇതുവഴി സാധ്യമാണ്. രാജ്യത്തിന് വൈകാരികമായി തന്നെ ഇന്ത്യയോട് അടുപ്പമുണ്ട്. ഇന്ത്യയില്‍ തമിഴ്‌നാട്ടിലും കേരളത്തിലും ആയിരിക്കുമ്പോള്‍ സ്വന്തം വീട്ടില്‍ നില്‍ക്കുന്നതുപോലുളള അനുഭവമാണ് കൂടുതലും എനിക്കു തോന്നിയിട്ടുളളത്.

സമാധാന സമിതി, ഭീഷണികള്‍,ദേശീയ സമാധാന സമിതി (എന്‍.പി.സി)ക്ക് കുറച്ചു കാലത്തെ ചരിത്രമുണ്ട്? എന്താണ് അതിന്റെ പങ്ക്?

ദേശീയ സമാധാന സമിതി 1995 ലാണ് രൂപീകരിക്കുന്നത്. ഞാന്‍ സ്ഥാപക അംഗമാണ്. സമാധാനത്തിനുവേണ്ടിയുളള ജനകീയ മുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ പ്രഥമികമായി ശ്രമിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ യുദ്ധത്തിനെതിരെ അവബോധം വളര്‍ത്താനാണ്. സമാധാനത്തിലേക്കുളള മാര്‍ഗം യുദ്ധമല്ല എന്നതാണ് ഞങ്ങളുടെ പ്രധാന മുദ്രാവാക്യം. ആ സമാധാനത്തില്‍ എല്‍.ടി.ടി.ഇയെ ഉള്‍പ്പെടുത്തുകയും ഫെഡറല്‍ രീതിയില്‍ അധികാരം പങ്കിടുന്ന പരിഹാരം കാണുകയും വേണം. വ്യത്യസ്ത വംശീയ, മത വിഭാഗങ്ങളില്‍ പെടുന്നവരാണ് ഞങ്ങളുടെ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും. ഞങ്ങള്‍ എല്ലാ സമുദായങ്ങളോടും അകലം പാലിക്കുകയും രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും സ്വതന്ത്രമായിരിക്കുകയും ചെയ്യുന്നു. ഏതെങ്കിലും ഭാഗം തെറ്റു വരുത്തുമ്പോള്‍ ഞങ്ങളത് ചൂണ്ടിക്കാട്ടുന്നു. അതിനര്‍ത്ഥം ഞങ്ങളും വിമര്‍ശിക്കപ്പെടുന്നു എന്നാണ്.

നോര്‍വേയുടേതുള്‍പ്പടെയുളള സമാധാന ദൗത്യങ്ങളെ ഇരുപക്ഷവും എങ്ങനെ കാണുന്നു?

നിലവില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നോര്‍വേയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും നടപടികളോട് സംശയാലുക്കളാണ്. അന്താരാഷ്ട്ര സമൂഹം തങ്ങളെ വിമര്‍ശിക്കുന്നതുകൊണ്ട് അവര്‍ പക്ഷപാതികളാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത് . സമാധാന ദൗത്യക്കാരുടെ മുഖ്യ വിമര്‍ശനം എന്നത് സര്‍ക്കാര്‍ സമാധാനത്തിനു വേണ്ടി കൂടുതലായി ഒന്നും ചെയ്യുന്നില്ല എന്നാണ്. എല്‍.ടി.ടി.ഇ.യും അന്താരാഷ്ട്ര സമൂഹത്തെ പക്ഷപാതികളായി കണ്ട് സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്. കാരണം അന്താരാഷ്ട്ര സമൂഹം എല്‍.ടി.ടി.ഇ.യെ നിരോധിച്ചിട്ടുണ്ട്.
സര്‍ക്കാരിനും എല്‍.ടി.ടി.ഇ.ക്കും തങ്ങളുടെ നിലപാടില്‍ വിട്ടുവീഴ്‌യില്ലാതെ തങ്ങളുടേതായ രീതിയില്‍ ഏറ്റുമുട്ടലിന്റെ പാതയില്‍ മുന്നോട്ടു പോകാനാണ് താല്‍പര്യം. അതിനാലാണ് അവര്‍ ഇരുപക്ഷത്തിനും സ്വീകാര്യമായ പരിഹാരം തേടുന്ന അന്താരാഷ്ട്ര സമൂഹത്തെ ഇഷ്ടമില്ലാത്തത്. സമാധാനത്തിനു വേണ്ടി രണ്ടു പക്ഷവും ഒത്തു തീര്‍പ്പുകള്‍ നടത്തണമെന്നാണാണ് എന്റെ അഭിപ്രായം.

നിങ്ങളുടെ സമാധാന ദൗത്യത്തിന് പണം നല്‍കുന്നത് നോര്‍വെയാണ്? അവര്‍ക്കെന്താണ് ശ്രീലങ്കയില്‍ താല്‍പര്യം?

ഞങ്ങള്‍ക്ക് പണം നല്‍കുന്നവരില്‍ പ്രധാനപ്പെട്ട രാജ്യമാണ് നോര്‍വെ. ശ്രീലങ്കന്‍ സമാധാന നടപടികളില്‍ നോര്‍വെ പ്രതിജ്ഞാബദ്ധരാണ്. ശ്രീലങ്കയില്‍ നിരവധി പേര്‍, പ്രത്യേകിച്ച് സിംഹള സമൂഹവും സര്‍ക്കാരും നോര്‍വെയുളള താല്‍പര്യങ്ങളില്‍ സംശയാലുക്കളാണ്. കാരണം നോര്‍വെ എല്‍.ടി.ടി.ഇയെ പിന്തുണയ്ക്കുന്നതായിട്ടാണ് അവര്‍ കരുതുന്നത്. എനിക്ക് വ്യത്യസ്ത അഭിപ്രായമാണുളളത്. നോര്‍വെ പ്രവര്‍ത്തിക്കുന്നത് ശ്രീലങ്കയുടെ നന്മയ്ക്കുവേണ്ടിയും ഇവിടുത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് എന്ന് ഞാന്‍ വിശ്വസിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ല.

അമേരിക്കയുള്‍പ്പെടുന്ന സാമ്രാജ്യത്വത്തിന് ശ്രീലങ്കയിലെ സംഘര്‍ഷങ്ങളില്‍ ചില താല്‍പര്യങ്ങളില്ലേ? സാമ്രാജ്യത്വത്തിന് ആയുധ വിപണി എന്നും ലക്ഷ്യമാണല്ലോ?

ഉണ്ടാവാം. എല്ലാവര്‍ക്കും നിശ്ചിതമായ താല്‍പര്യങ്ങള്‍ എപ്പോഴുമുണ്ട്. അതനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍അന്താരാഷ്ട്ര സമൂഹം പൊതുവില്‍ ശ്രീലങ്കയില്‍ സമാധാനം വരുന്നതിനെ പൂര്‍ണ രീതിയില്‍ പിന്തുണയ്ക്കുന്നതായിട്ടാണ് തോന്നിയിട്ടുളളത്. സമാധാന ശ്രമങ്ങള്‍ക്ക് നോര്‍വെയുള്‍പ്പടെയുളള പാശ്ചാത്യ രാജ്യങ്ങള്‍ നല്ല പങ്കാണ് വഹിക്കുന്നത്. എന്നിരുന്നാലും ചില രാജ്യങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് ആയുധങ്ങള്‍ നല്‍കുന്നുണ്ട്. ന്യായയുക്തമായ സര്‍ക്കാരിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനെന്ന പേരില്‍.


നിങ്ങളുടെ സമാധാന ശ്രമങ്ങളെ ഇരുപക്ഷവും എങ്ങനെയാണ് കാണുന്നത്? വ്യക്തിപരമായി ഭീഷണികള്‍?

സമാധാനത്തിന് ഇരുപക്ഷവും വിട്ടുവീഴ്ചകള്‍ നടത്തി ഒത്തുതീര്‍പ്പിലെത്തണം. ഇങ്ങനെ ആവശ്യപ്പെടുന്നത് ഇരുപക്ഷത്തിനും പലപ്പോഴും സ്വീകാര്യമാവാതെ പോകുന്നു. അതിനേക്കാളെല്ലാം ഉപരി തങ്ങളുടെ ലക്ഷ്യം നേടാന്‍ ജനങ്ങളെ കൊല്ലുന്നത് തെറ്റും അധാര്‍മികവുമാണെന്നാണ് എന്റെ പക്ഷം. അതിനാല്‍ ഞാന്‍ ഹിംസയെ, അനീതിയെ, മനുഷ്യാവകാശ ലംഘനങ്ങളെ എതിര്‍ക്കുന്നുണ്ട്. ആരാണ് അത് ചെയ്യുന്നത് എന്നു നോക്കാതെ. സ്വാഭാവികമായും ഭീഷണികള്‍ നേരിട്ടുണ്ട്. വധഭീഷണികള്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. പക്ഷെ സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കലാണ് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു. അതു ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ല.

ഡോ. വിക്ടര്‍ രാജകുലേന്ദ്രനെപ്പോലുളളവര്‍ നിങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് വായിച്ചിട്ടുണ്ട്. നിങ്ങള്‍ പക്ഷപാതിയാണെന്നും സിംഹള കുഴലൂത്തുകാരനുമാണെന്നാണ് ധ്വനി. വ്യക്തിപരമായി നിങ്ങള്‍ക്ക് പക്ഷമുണ്ടോ?

ആള്‍ക്കാര്‍ക്ക് പേനയെടുത്ത് എഴുതാന്‍ എളുപ്പമാണ്. അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാന്‍. ജനങ്ങള്‍ക്കിടയിലേക്ക് ചെന്ന് അവര്‍ക്ക് കാര്യങ്ങള്‍ മനസിലാക്കികൊടുക്കുയും സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് കൂടുതല്‍ മൂല്യമുളളത്. അതത്ര എളുപ്പവുമല്ല. സിംഹള, തമിഴ് വിഭാഗങ്ങള്‍ക്കിടയില്‍ ഡോ. വിക്ടറിനെപ്പോലെ രോഷമുളള പലരുണ്ട്. പക്ഷെ അത്തരക്കാര്‍ ഭൂരിപക്ഷവും, ഡോ. വിക്ടറിനെപ്പോലെ തന്നെ വിദേശത്താണ് കഴിയുന്നത്. സമാധാനം സമാധാനത്തിന്റേതായ മാര്‍ഗങ്ങളിലൂടെയേ സാധ്യമാകൂ എന്ന ദേശീയ സമാധാന സമിതി (എന്‍.പി.സി)യുടെ നിലപാടിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അതായത് എല്‍.ടി.ടി.ഇ.യും ഈ പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായിരിക്കണം. ശ്രീലങ്ക ഒരു സംയുക്ത രാഷ്ട്രം (ഫെഡറല്‍) ആയിരിക്കുകയും അതില്‍ വിവിധ സമൂഹങ്ങള്‍ക്കിടയിലും മേഖലകള്‍ക്കിടയിലും അധികാര പങ്കിടല്‍ സാധ്യമാവുകയും ചെയ്യണം. അതാണെന്റെ പക്ഷം. മറിച്ചൊരു പക്ഷം എനിക്കില്ല.

ദേശീയ സമാധാന സമിതി(എന്‍.പി.സി)യുടെ മാധ്യമ തലവനായി താങ്കള്‍ പ്രവര്‍ത്തിച്ചിരുന്നു. എങ്ങനെയാണ് മാധ്യമപ്രവര്‍ത്തകര്‍ സംഘര്‍ഷത്തെ സമീപിക്കുന്നത്? സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുളള സാഹചര്യമുണ്ടോ?

ശ്രീലങ്കയില്‍ വലിയ അളവില്‍ മാധ്യമ സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയ കാര്യങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ മാധ്യമങ്ങളില്‍ വരാറുണ്ട്. എന്നിരുന്നാലും യുദ്ധ റിപ്പോര്‍ട്ടിംഗ് വളരെ മോശമാണ്. കാരണം സൈന്യവും എല്‍.ടി.ടി.ഇ.യും സംഘര്‍ഷ മേഖലയിലേക്ക് അടുക്കാന്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകരെ അനുവദിക്കാറില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മാധ്യമങ്ങള്‍ ഒരര്‍ത്ഥത്തിലും സ്വതന്ത്രമല്ല. മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരില്‍ നിന്നും എല്‍.ടി.ടി.ഇയില്‍ നിന്നും നിരവധി ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 മാധ്യമ പ്രവര്‍ത്തകര്‍ അജ്ഞാതരായ തോക്കുധാരികളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്.


ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡിലും ചിറ്റഗോംഗിലും നടക്കേണ്ട് സമാധാന ശ്രമങ്ങളെപ്പറ്റി താങ്കള്‍ പുസ്തകം രചിച്ചിട്ടുണ്ട്. എന്താണ് ഈ മേഖലയ്ക്ക് നിര്‍ദേശിക്കാനാവുക?

വളരെ സങ്കീര്‍ണമായ സാഹചര്യമാണ് അവിടെയുളളത്. ഇപ്പോള്‍ എനിക്ക് ആ സങ്കീര്‍ണതയെപ്പറ്റി എന്തെങ്കിലും പറയാന്‍ മതിയായ അറിവില്ല. അവിടെ നടക്കുന്ന സംഘര്‍ഷവും സ്വത പ്രശ്‌നമാണ്. അതിനാല്‍ ഏറെക്കുറെ ശ്രീലങ്കയിലെ സംഘര്‍ഷവുമായി ബന്ധമുണ്ട്. നാഗാലാന്‍ഡിലെയും ചിറ്റഗോംഗ് മലനിരയിലെയും പൊതുവായ പ്രവണത വെടിനിര്‍ത്തല്‍ തുടരുന്നതുമായി ബന്ധപ്പെട്ടാണ് കാണാനാവുക. എപ്പോള്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുന്നോ അപ്പോഴൊക്കെ ജനങ്ങള്‍ക്ക് വലിയ ആശ്വാസം ലഭിക്കുന്നു. അവര്‍ സന്തോഷിക്കുന്നു. എന്നാല്‍ സമാധാനം ആഗ്രഹിക്കുന്ന അതേ ജനങ്ങളുടെ പേരിലാണ് തങ്ങള്‍ പോരാട്ടം നടത്തുന്നത് എന്ന് സര്‍ക്കാരും തീവ്രാദികളും അവകാശപ്പെടുന്നു.


അവസാനമായി ഒരു സഹായ അഭ്യര്‍ത്ഥന നടത്തട്ടെ. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ചിലര്‍ ശ്രീലങ്കയില്‍ തടവിലാണ്. സര്‍ക്കാരും ചിലപ്പോള്‍ എല്‍.ടി.ടി.ടിയും അവരെ തടവിലാക്കുന്നു. പലരുടെയും കുടുംബാംഗങ്ങള്‍ ദു:ഖത്തിലാണ്. എന്തെങ്കിലും സഹായം ചെയ്യാനാവുമോ? (കൊച്ചിയിലെ സൈമണ്‍ സോസ ഉള്‍പ്പടെയുളള മത്സ്യത്തൊഴിലാളികള്‍ എല്‍.ടി.ടി.ഇ. തടവില്‍ ആണെന്ന വാര്‍ത്ത ഉയരുമ്പോഴാണ് ഈ ചോദ്യം ഉന്നയിച്ചത്)

മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്കൊപ്പം ഞങ്ങളും സഹതപിക്കുന്നു. ഇത് ഒരു അന്താരാഷ്ട്ര പ്രശ്‌നമാണ്. സര്‍ക്കാരേതര സംഘടനയായ ഞങ്ങള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വളരെ കുറച്ചേ ചെയ്യാനാവൂ. എന്നാലും ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളെ കണ്ട് /കാണുമ്പോള്‍ ഈ പ്രശ്‌നം ഉന്നയിക്കാം. നിങ്ങളുടെ ആകുലതകള്‍ അധികാരികളെ അറിയിക്കാം.മാധ്യമം ആഴ്ചപ്പതിപ്പ്
2007

നിങ്ങള്‍ ചോരയൊഴുകും നദി കണ്ടിട്ടുണ്ടോ?

അഭിമുഖം
ഡോ. ഇലിന സെന്‍/ബിജുരാജ്


'നക്‌സലൈറ്റ്' എന്നാരോപിച്ച് ഭരണകൂടം തടവറയില്‍ അടച്ച, ഛത്തീസ്ഗഢിലെ ജനകീയഡോക്ടര്‍ ഡോ. ബിനായക് സെന്നിന്റെ ഭാര്യയും മനുഷ്യാവകാശ-സാമൂഹ്യപ്രവര്‍ത്തകയും ഫെമിനിസ്റ്റുമായ ഡോ. ഇലിന സെന്‍ സംസാരിക്കുന്നു


മൂന്ന് ദശാബ്ദത്തിലേറെയായി, സമൂഹത്തിലെ മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്കൊപ്പം നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ചുവരികയാണ് ഡോ. ഇലിന സെന്‍. മനുഷ്യാവകാശ-സാമൂഹ്യ പ്രവര്‍ത്തക, ഫെമിനിസ്റ്റ്, അധ്യാപിക എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തയാണ് അവര്‍. 'നക്‌സലൈറ്റ്' ബന്ധമാരോപിച്ച് തടവറയില്‍ അടയ്ക്കപ്പെട്ട ഡോ. ബിനായക് സെന്നിന്റെ ഭാര്യയായ ഇലിന ഇപ്പോള്‍ അദ്ദേഹത്തിന്റെ ജയില്‍ മോചനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രാജ്യത്ത് ശക്തമായ മനുഷ്യാവകാശപ്രസ്ഥാനം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഛത്തീസ്ഗഢ് ആദിവാസി-ഖനിത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവന്ന ജനകീയ ഡോക്ടറും മനുഷ്യാവകാശ സംഘടനയായ പി.യു.സി.എല്‍. ദേശീയ വൈസ് പ്രസിഡന്റും ഛത്തീസ്ഗഢ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഡോ. ബിനായക് ഭരണകൂട അതിക്രമങ്ങളെയും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെയും തുറന്നു കാട്ടിയതോടെയാണ് 'നക്‌സലൈറ്റ്' ആവുന്നത്. ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിനെ നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ സന്ദര്‍ശിച്ചതും അദ്ദേഹത്തിന്റെ കൈയില്‍ ബാധിച്ച കാന്‍സറിന് ചികില്‍സാ സൗകര്യം ഒരുക്കിയതുമാണ് നക്‌സലൈറ്റ് ബന്ധത്തിന് ആരോപിക്കുന്ന 'തെളിവുകള്‍'. ഒന്നരവര്‍ഷത്തിലേറെയായി ജാമ്യം പോലും നിഷേധിക്കപ്പെട്ട് റായ്പൂര്‍ ജയിലില്‍ കഴിയുകയാണ് ബിനായക്.
1981ല്‍, ഛത്തീസ്ഗഢിലെ ഖനിത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ബിനായക് സെന്‍ എത്തുമ്പോള്‍ ഒപ്പം ഡോ. ഇലിനയുമുണ്ടായിരുന്നു. തൊഴിലാളികളുടെ നേരിട്ടുളള നിയന്ത്രണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന, ഏഷ്യയിലെ തന്നെ രണ്ടാമത്തെ ആശുപത്രിയായ, 'ഷഹീദ്'ആശുപത്രി അവരവിടെ പടുത്തുയര്‍ത്തി. ആ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ആദിവാസി വംശഹത്യ ഒരുപരിധിവരെ തടയപ്പെടുന്നത്. പിന്നീട്
,ഛത്തീസ്ഗഢില്‍ ചികിത്സാ സൗകര്യങ്ങളൊന്നുമില്ലാത്ത ഗ്രാമങ്ങളില്‍ വൈദ്യ സഹായം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന 'രൂപാന്തര്‍' എന്ന സംഘടനയ്ക്ക് ഇരുവരും കൂടി രൂപം കൊടുത്തു. ജാതി-മത-ലിംഗ മര്‍ദനങ്ങള്‍, വര്‍ഗീയത, ആണവായുധം തുടങ്ങിയവയ്‌ക്കെതിരെ പോരാടുന്ന ഡോ. ഇലിന, വാര്‍ധയിലെ മഹാത്മാഗാന്ധി അന്തരാഷ്ട്ര സര്‍വകലാശാലയില്‍ സ്ത്രീപഠന വിഭാഗത്തിന്റെ അധ്യക്ഷയാണ്. തൃശൂരില്‍ ഈ മാസമാദ്യം 'മഴവില്‍ ചലച്ചിത്രമേള' ഉദ്ഘാടനം ചെയ്യാനെത്തിയ അവര്‍, ബിനായകിനെപ്പറ്റി, ഛത്തീസ്ഗഢിലെ ഭരണകൂട അടിച്ചമര്‍ത്തലിനെപ്പറ്റി, തന്റെ നിലപാടുകളെപ്പറ്റി സംസാരിക്കുന്നു.എന്തുകൊണ്ട് ബിനായക് സെന്‍? അദ്ദേഹത്തെ എന്തിന് ഭരണകൂടം ജയിലിലടയ്ക്കണം?

ബിനായകിന്റെ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തിന് എന്നും തലവേദനയായിരുന്നു. ഛത്തീസ്ഗഢിലെ ആദിവാസി മേഖലകളില്‍ ബഹുരാഷ്ട്ര-കുത്തക കമ്പനികള്‍ക്കായി ഭരണവര്‍ഗ്ഗങ്ങള്‍ നടത്തുന്ന കുടിയൊഴിപ്പിക്കലുകളെയും അടിച്ചമര്‍ത്തലുകളെയും അദ്ദേഹം എതിര്‍ത്തു; മനുഷ്യാവകാശപ്രവര്‍ത്തകനെന്ന നിലയിലും പി.യു.സി.എല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറിയെന്ന നിലയിലും. ഭരണകൂടത്തിന്റെ കള്ളത്തരങ്ങള്‍ തുടര്‍ച്ചയായി പുറത്തുകൊണ്ടുവന്നു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം സംഭവിക്കുന്ന മരണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി. കസ്റ്റഡി മരണങ്ങളെക്കുറിച്ചും വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു. ഇതൊന്നും ഭരണകൂടത്തിന് ഇഷ്ടമായില്ല. 2007 മാര്‍ച്ച് 31 ന് സന്തോഷ്പൂരില്‍ 12 പേരെ നക്‌സലൈറ്റുകള്‍ എന്നു പറഞ്ഞു വെടിവച്ചുകൊന്നത് വ്യാജമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാറ്റിനുമുപരി, നക്‌സല്‍ വിരുദ്ധ മുന്നേറ്റം എന്ന പേരില്‍ ഭരണകൂടം നേരിട്ട് ആയുധവും പണവും കൊടുത്ത് പിന്തുണയ്ക്കുന്ന സല്‍വാജൂഢത്തിനെതിരെ ബിനായക് പ്രവര്‍ത്തിച്ചു. അതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചു. അതാണ് പ്രശ്‌നം.
കേസില്‍പ്പെടുത്തി തടവിലടച്ചാല്‍ ബിനായകിനെ നിശബ്ദമാക്കാമെന്നാണ് ഭരണകൂടം കരുതിയത്.


ഭരണകൂടം അതില്‍ വിജയിച്ചോ?

ഒരു പരിധിവരെ. ബിനായക് പുറത്തായിരുന്നുവെങ്കില്‍ ഛത്തീസ്ഗഢിലെ മനുഷ്യവാകാശ ലംഘനങ്ങള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നിലപാടുകള്‍ എടുക്കുമായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി കുറേയൊക്കെ ചെയ്യാനാകുമായിരുന്നു. നിര്‍ഭയനാണ് അദ്ദേഹം. ബിനായകിന്റെ അറസ്റ്റ് വഴി, ഭരണകൂടം ആഗ്രഹിച്ചില്ലെങ്കിലും മറ്റൊന്നു സംഭവിച്ചു. ഒരു പരിധിവരെ ഛത്തീസ്ഗഢിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്തു ചര്‍ച്ചചെയ്യാന്‍ ഇടയാക്കി.


ബിനായകിനെ ജയിലില്‍ കണ്ടിരുന്നോ?

ഞാന്‍ പഠിപ്പിക്കുന്നത് വാര്‍ധയിലാണ്. എല്ലാ ശനിയാഴ്ചയും മഹാരാഷ്ട്രയില്‍നിന്ന് റായ്പൂര്‍ ജയിലില്‍ എത്തി അദ്ദേഹത്തെ കാണാറുണ്ട്. പക്ഷേ, മുംബൈ ആക്രമണത്തിനുശേഷം സുരക്ഷാകാരണം പറഞ്ഞ് എങ്ങനെയെങ്കിലും കൂടിക്കാഴ്ച ഒഴിവാക്കാനാണ് ജയിലധികൃതരുടെ ശ്രമം. അടുത്ത ബന്ധുക്കളല്ലാത്ത ആരെയും കാണാന്‍ അനുവദിക്കുന്നില്ല. കൂടിക്കാഴ്ച കുറച്ചുനേരത്തേക്കുമാത്രമാണ്. അതും കടുത്ത നിരീക്ഷണങ്ങള്‍ക്ക് വിധേയമാണ്.


ജയിലില്‍ എന്താണ് ബിനായക് സെന്നിന്റെ അവസ്ഥ? അദ്ദേഹം എങ്ങനെ പ്രതികരിക്കുന്നു?

അദ്ദേഹം വളരെ സ്‌ട്രോംഗാണ്. കേസിനെപ്പറ്റിയും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും തികഞ്ഞ ബോധ്യം അദ്ദേഹത്തിനുണ്ട്. പക്ഷേ, നിരപരാധിയുടെ സ്വാഭാവികമായുള്ള ആന്തരിക കരുത്ത് അദ്ദേഹം പ്രകടിപ്പിക്കുന്നു. എനിക്ക് തോന്നിയത് ഒന്നും ചെയ്യാനാവാതെ, ജനങ്ങളില്‍ നിന്ന് അകന്ന് കഴിയേണ്ടി വരുന്നതിലെ അമര്‍ഷം അദ്ദേഹത്തെ വല്ലാതെ വേട്ടയാടുന്നുണ്ടെന്നാണ്. ഒരു കുലുക്കവും സംഭവിച്ചിട്ടില്ല. വ്യക്തിപരമായ കാര്യങ്ങളല്ല, കൂടിക്കാഴ്ചാ സമയത്തെ ചര്‍ച്ചാവിഷയം. മിക്കപ്പോഴും അത് സാമൂഹ്യ വിഷയങ്ങളാകും.
ജയിലില്‍ ബിനായകിന് 17 കിലോ ഗ്രാം തൂക്കം നഷ്ടപ്പെട്ടിരുന്നു. ഭക്ഷണം തീര്‍ത്തും മോശമാണ്. ബന്ധുക്കള്‍ കൊണ്ടുചെല്ലുന്ന ഭക്ഷണം പൊലീസുകാര്‍ കൊളളയടിക്കും ജയിലിന്റെ മേല്‍ക്കൂരയൊക്കെ ചോര്‍ന്നൊലിക്കുന്ന മട്ടിലാണ്. മുമ്പ് പൊലീസ് വീഡിയോ കോണ്‍ഫറന്‍സിംഗ് നിര്‍ദേശിച്ചിരുന്നു. പക്ഷേ ഞങ്ങള്‍ അതു നിരസിച്ചു. കാരണം ബിനായകിന് പിന്നീട് അഭിഷകരോടുപോലും നേരിട്ട് സംസാരിക്കാന്‍ കഴിയാതെ വരും.


എന്താണ് കേസിന്റെയും വിചാരണയുടെയും ഇപ്പോഴത്തെ അവസ്ഥ?

വളരെ സാവധാനം ഇഴഞ്ഞാണ് വിചാരണ നടക്കുന്നത്. വിചാരണ എന്നു തീരുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. കാരണം ഇതുവരെ അതൊരിടത്തും എത്തിയിട്ടില്ല. കേസില്‍ മൊത്തം 84 സാക്ഷികളാണുളളത്. ആദ്യഘട്ടത്തില്‍ 37 സാക്ഷികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ പൊലീസ് 47 സാക്ഷികളെ ചേര്‍ത്തുകൊണ്ട് പുതിയൊരു പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു. കോടതി മൊഴിയെടുത്ത സാക്ഷികള്‍ക്കാകട്ടെ ബിനായകിനെ പ്രതിയാക്കുന്ന തെളിവുകളൊന്നും നല്‍കാനുമായിട്ടില്ല. ഫെബ്രുവരി മുതല്‍ മാസത്തില്‍ നാലു തവണ വിചാരണ നടക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. കേസ് നടക്കുന്നത് ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് എന്നാണ് വയ്പ്പ്!!

യഥാര്‍ത്ഥത്തില്‍ എന്താണ് ഛത്തീസഢിലെ അവസ്ഥ?

ഛത്തീസ്ഗഡില്‍ നടപ്പാകുന്നത് ഭരണകൂടഭീകരതയാണ്; പൊലീസ്‌രാജാണ്. അവിടെ ആഗോള- അഖിലേന്ത്യാ കുത്തകകമ്പനികളുടെ വമ്പന്‍ വ്യവസായ പ്രൊജക്ടുകള്‍ക്കുവേണ്ടി ആദിവാസികളടക്കമുള്ള പാവപ്പെട്ട ആയിരക്കണക്കിന് പേരെ ബലമായി കുടിയൊഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മാവോയിസ്റ്റുകളെന്നാരോപിച്ച് വ്യാജ ഏറ്റുമുട്ടലുകളില്‍ നൂറുകണക്കിന് പേരെയാണ് കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്.
ആയിരത്തോളം പേരെ ബിനായകിനെ പോലെഅന്യായമായി തുറുങ്കിലടച്ചിട്ടുണ്ട്.
സല്‍വാജൂഢം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള ഗുണ്ടാസംഘത്തിന്റെ മുന്‍കൈയിലാണ് അടിച്ചമര്‍ത്തല്‍. സമാധാന പ്രചരണം എന്നറിയപ്പെടുന്ന സല്‍വാജൂഢത്തോടെയാണ് ഇവിടെ അക്രമം വര്‍ധിച്ചത്. കൊലപാതകങ്ങള്‍, ബലാല്‍സംഗങ്ങള്‍, വീടുകളും ഗ്രാമങ്ങളും ചുട്ടരിക്കല്‍ തുടങ്ങിയവയൊക്കെ ഈ സംഘത്തിന്റെ നേതൃത്വത്തില്‍ നിര്‍ബാധം നടക്കുന്നു. ജനങ്ങളുടെ സായുധ ചെറുത്തുനില്‍പ്പ് കൂടി ഉയര്‍ന്നുവന്നതോടെ ഛത്തീസ്ഗഢില്‍ ഭീകരാവസ്ഥയാണ്. സല്‍വാജൂഢംആദിവാസികളെ, തങ്ങളുടെ താമസസ്ഥലങ്ങളില്‍നിന്ന് കുടിയിറക്കി, തെരുവില്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലായി താമസിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷം രണ്ടുലക്ഷം പേരുടെയെങ്കിലും പലായനത്തിന് ഇടയാക്കിയിട്ടുണ്ട്.


ഛത്തീസ്ഗഢില്‍നിന്ന് കഴിഞ്ഞയാഴ്ച കേട്ട പ്രധാന വാര്‍ത്ത പത്തൊമ്പത് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ്...


ഞാനത് പറയാന്‍ തുടങ്ങുകയായിരുന്നു. ഛത്തീസ്ഗഢില്‍ കുറച്ചു ദിവസങ്ങള്‍ മുമ്പ് 19 പേരെ പൊലീസും സല്‍വാജൂഢവും കൂടി 'നക്‌സലൈറ്റുകള്‍' എന്നു പറഞ്ഞു കൊലപ്പെടുത്തിയിരുന്നു. കൊലപ്പെടുത്തിയവരെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. പക്ഷേ, തൊട്ടടുത്ത ദിവസം കൊല്ലപ്പെട്ടവര്‍ നക്‌സലൈറ്റുകളല്ല, ഗ്രാമീണരാണെന്ന് റിപ്പോര്‍ട്ട് വന്നു. 'തെഹല്‍ക' പോലുള്ള മാധ്യമങ്ങള്‍ നടത്തിയ അന്വേഷണങ്ങള്‍ യഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവന്നു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ നല്ല പങ്കും ഭരണകൂടം കെട്ടിച്ചമക്കുന്നതാണ്. നിരപരാധികളായ ആദിവാസികളെ കൊന്നാലും മാവോയിസ്റ്റുകള്‍ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് അവകാശപ്പെടും. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ഭരണകൂടം ആദിവാസികളെ ഇല്ലായ്മചെയ്യുകയാണ്. ഇന്ദ്രാവതി നദിക്കപ്പുറമുള്ള ബസ്തര്‍, ദാന്തെവാ
ഡെ ജില്ല മുഴുവന്‍ യുദ്ധക്കളമാണ്. ഏതുനിമിഷവും കൂട്ടക്കൊല നടക്കാം. വെടിയൊച്ചമുഴങ്ങാം. നദിയില്‍ മൃതദേഹങ്ങള്‍ പൊന്താം. ഭരണകൂടം ആദിവാസികളുടെ ചോര നിലയ്ക്കാതെ ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ഈ അവസ്ഥ പറഞ്ഞാല്‍ മനസ്സിലായിക്കൊള്ളണമെന്നില്ല. ആ അവസ്ഥ കണ്ടിട്ടില്ലല്ലോ. ആ മേഖല ഒന്നു സന്ദര്‍ശിച്ചാല്‍ ഞാന്‍ പറയുന്നതില്‍ തെല്ലും അതിശയോക്തിയല്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാവും.


ഭരണകൂട അടിച്ചമര്‍ത്തലിനെതിരെയുള്ള ജനകീയ മുന്നേറ്റങ്ങളുടെ അവസ്ഥ എന്താണ്?

ജനങ്ങള്‍ക്ക് ഭയമാണ്. കരിനിയമം മൂലം പൊലീസിന് ആരെയും അറസ്റ്റ് ചെയ്ത് വിചാരണ കൂടാതെ എത്രകാലം വേണമെങ്കിലും തടവിലിടാം. നക്‌സലൈറ്റുകള്‍ എന്നു പറഞ്ഞ് ആരെയും വെടിവെച്ചുകൊല്ലാം. അതിനാല്‍ തന്നെ ജനകീയ മുന്നേറ്റങ്ങളുടെ അവസ്ഥ അല്‍പം പിന്നാക്കമാണ്.
പ്രതിഷേധിക്കുന്നവരെയെല്ലാം ക്രൂരമായി അടിച്ചമര്‍ത്തും. ഛത്തീസ്ഗഢ് പ്രത്യേക പൊതു സുരക്ഷ നിയമം-2005, 2004 ലെ യു.എ.പി.എ. പോലുളള നിലവിലുളള കരിനിയമങ്ങള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നു. ഈ നിയമങ്ങള്‍ പിന്‍വലിക്കണം. വെളളത്തിന്റെ സ്വകാര്യവത്കരണം (ശിവോനാഥ് നദി), തൊഴില്‍ നിയമ ലംഘനം, ആദിവാസികളെ വെളളം, കാട്, ഭൂമി എന്നിവയില്‍ നിന്ന് കുടിയിറക്കല്‍, ഭൂ-ജല-മദ്യ മാഫിയകള്‍, കുത്തക-കരാര്‍ ബിസിനസുകാര്‍ എന്നിവയ്‌ക്കെതിരെയുളള പ്രതിഷേധങ്ങളാണ് അടിച്ചമര്‍ത്തുന്നത്. ഈ അടിച്ചമര്‍ത്തലുകളെയും മറികടന്ന് തൊഴിലാളികളും വൈദ്യമേഖലയില്‍ നിന്നുള്ളവരും ബിനായകിനുവേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു


ഛത്തീസ്ഗഢില്‍ അധികാരത്തിലുള്ള ഹിന്ദുവര്‍ഗീയ കക്ഷികള്‍ ആദിവാസികള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി താങ്കള്‍ മുമ്പ് ആരോപിച്ചിട്ടുണ്ട്...

ഉണ്ട്. മുഖ്യധാരാ സമൂഹത്തെ ജാതീയമായി വേര്‍തിരിക്കുന്നതിനൊപ്പം ആദിവാസി മേഖലയിലേക്ക് ഹിന്ദുവര്‍ഗ്ഗീയ കക്ഷികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ആദിവാസികളെ തമ്മിലടിപ്പിക്കുന്നതില്‍ വലിയൊരു പങ്ക് അവര്‍ക്കാണ്. സല്‍വാജൂഢത്തിന്റെ ഒരു നടത്തിപ്പുകാര്‍ അവരാണ്. സാംസ്‌കാരിക ബഹുസ്വരതയെയെയും തദ്ദേശീയമായ സംസ്‌കാരിക ധാരകളെ സംസ്‌കൃതഹിന്ദുയിസത്തിലേക്ക് സങ്കലനം ചെയ്യാനും ഹിന്ദുത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനും പുറത്ത് ഛത്തീസഗഢിന്റെ സംസ്‌കാരം തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്; തിളങ്ങുന്ന ഷോപ്പിംഗ് മാളുകളുടെയും ഉപഭോക്തൃത്വരയുടെയും കീഴില്‍.
ഏതു വിഷയത്തെയും 'ലോ ആന്‍ഡ് ഓര്‍ഡര്‍' പ്രശ്‌നമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബി.ജെ.പി. സര്‍ക്കാരിന്റെ ഭീകരവാഴ്ചയ്ക്ക് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും കൂട്ടുനില്ക്കുകയാണ്. മാവോയിസ്റ്റുകള്‍ ആക്രമിക്കുന്ന ഭൂമാഫിയാ-നാടുവാഴിത്ത വിഭാഗങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിക്കാരുമാണ് നല്ല പങ്കും. അതിനാല്‍ അവര്‍ പ്രതികാര മനോഭാവത്തോടെയാണ് അടിച്ചമര്‍ത്തലില്‍ ഏര്‍പ്പെടുന്നത്.മാവോയിസം, ഗാന്ധിസം, വിമോചനംമാവോയിസ്റ്റുകളോട് നിങ്ങള്‍ക്ക് അനുഭാവമുണ്ടോ?

ഞാനോ ബിനായകോ മാവോയിസ്റ്റുകളല്ല. അവരോട് പല കാര്യങ്ങളിലും വിയോജിപ്പുള്ളപ്പോള്‍ തന്നെ വിവിധ പ്രശ്‌നങ്ങളില്‍ അവര്‍ കൈക്കൊള്ളുന്ന നിലപാടുകളോട് യോജിപ്പുണ്ട്. പ്രശ്‌നാധിഷ്ഠിതമാണ് അത്. ഭൂമി അടിസ്ഥാന വര്‍ഗത്തിനു വിതരണം ചെയ്യണം പോലുള്ള അവരുടെ ചില മുദ്രാവാക്യങ്ങള്‍ ന്യായമാണ്. അടിസ്ഥാന വര്‍ഗത്തിനും ആദിവാസികള്‍ക്കുമൊപ്പമാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ ചില ആത്മാര്‍ത്ഥതയൊക്കെ നമുക്ക് കാണാനാകും.


പക്ഷേ, മാവോയിസ്റ്റുകളും ഛത്തീസ്ഗഢില്‍ ആദിവാസികളെ കൊല്ലുന്നുണ്ട്...?


ഉണ്ട്. അത് ദു:ഖകരമാണ്. സല്‍വാജൂഢം എന്ന പേരില്‍ ആദിവാസികള്‍ക്കെതിരെ ആദിവാസികളെ ഭരണകൂടം ആയുധമണിയിച്ചതോടെയാണ് നക്‌സലൈറ്റുകള്‍/മാവോയിസ്റ്റുകള്‍ ആദിവാസികളെ കൊല്ലാന്‍ തുടങ്ങിയത്. ജനങ്ങളുടെ ചെറുത്തുനില്‍പ്പിനെ പക്ഷേ ആ നിലയിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്വം ഭരണകൂടത്തിനാണ്.


എന്താണ് താങ്കളുടെ രാഷ്ട്രീയ നിലപാട്?

ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റാണ്. മാര്‍ക്‌സിസ്റ്റ് വര്‍ഗവിശകലന സിദ്ധാന്തത്തോടും രീതികളോട് യോജിപ്പുണ്ട്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകയൊന്നുമല്ല. സി.പി.എം പോലുള്ള പാര്‍ട്ടികളോട് ആഭിമുഖ്യവുമില്ല. ഒപ്പം ഗാന്ധിസത്തിന്റെ ചില വശങ്ങളോട് യോജിപ്പുണ്ട്. മാര്‍ക്‌സിസവും-ഗാന്ധിസവും തമ്മില്‍ ഗുണപരമായി യോജിപ്പിക്കുന്ന രാഷ്ട്രീയ രീതികളോട് എനിക്ക് താല്‍പര്യം.


പക്ഷേ, മാര്‍ക്‌സിസവും ഗാന്ധിസവും വ്യത്യസ്ത വര്‍ഗ്ഗ ധാരകളെ പ്രതിനിധീകരിക്കുന്നതിനാല്‍ തമ്മില്‍ യോജിപ്പിക്കാനാവില്ലെന്ന ഒരു വാദം നിലവിലുണ്ട്. ജാതിയുടെ തലത്തില്‍ ഗാന്ധിസം പിന്തിരിപ്പനാണെന്ന് ദളിതുകള്‍ ഉന്നയിക്കുന്നുണ്ട്...

അത് ശരിയായിരിക്കാം. ജാതിയുടെ കാര്യത്തില്‍ ഗാന്ധിസം പിന്തിരിപ്പനാണ്. പക്ഷേ, അതിനൊക്കെ അപ്പുറം അവ തമ്മില്‍ യോജിപ്പിക്കാനാവും. നിയോഗിജി (ശങ്കര്‍ ഗുഹാ നിയോഗി)യെപ്പോലുളളവര്‍ ഇത് കൂട്ടിയോജിപ്പിച്ച് കാണിച്ചു തന്നിട്ടുണ്ട്. ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയും ബിനായകുമെല്ലാം അത്തരം രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ജനങ്ങള്‍ ഇത്തരം മുന്നേറ്റങ്ങളോട് എന്നും താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.


ജാതിയുമായി ബന്ധപ്പെട്ട മേഖലകളില്‍ താങ്കള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. എന്താണ് ജാതി യുമായി ബന്ധപ്പെട്ട് താങ്കളുടെ നിലപാട്?

വ്യക്തിപരമായി ഞാനും എന്റെ കുടുംബവും ജാതിയെ മറികടന്നിട്ടുണ്ട്. പക്ഷേ, ജാതി എന്നും സങ്കീര്‍ണ്ണമായ പ്രശ്‌നമാണ്. ജാതിമര്‍ദനം നടക്കുന്നു എന്നത് വസ്തുതയാണ്. ജാതിയില്ലാത്ത ലോകമാണ് നമ്മളാഗ്രഹിക്കുന്നത്. ജാതി നിര്‍മാര്‍ജനം സമൂഹത്തെ മൊത്തത്തില്‍ മാറ്റുന്ന വര്‍ഗസമരവുമായി കണ്ണിചേര്‍ന്നേ സാധ്യമാകൂ. ജാതി, വര്‍ഗ്ഗമായും ലിംഗവുമായെല്ലാം കെട്ടുപിണഞ്ഞുകിടക്കുന്നുണ്ട്. ജാതിയെ മാത്രം വേര്‍തിരിച്ചെടുത്ത് പരിഹരിക്കാനാവുമെന്ന് കരുതുന്നത് മണ്ടത്തരമാണ്.


ജാതി വിരുദ്ധ- ദളിത് മുന്നേറ്റങ്ങളുടെ അവസ്ഥ പൊതുവില്‍ എന്താണ്?

ഞാന്‍ പ്രവര്‍ത്തിക്കുന്നത് മഹാരാഷ്ട്രയിലാണ്. ജാതിമര്‍ദ്ദനങ്ങള്‍ കൂടുതലായി നടക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് അത്. ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ ഇവിടെ സജീവമാണെങ്കിലും തികച്ചും വിഭാഗീയമായിട്ടാണ് നടക്കുന്നത്. അതാണ് ദു:ഖകരം. അതായത് മൊത്തം സമൂഹത്തിന്റെ പ്രശ്‌നത്തില്‍ നിന്ന് അടര്‍ത്തിമാറ്റി പരിഹരിക്കാനാണ് ശ്രമം. അങ്ങനെ ജാതി നിര്‍മാര്‍ജനമോ ജാതിമര്‍ദനം അവസാനിപ്പിക്കാനോ സാധ്യമല്ല. ദളിത്‌വാദികള്‍ അംബേദ്കറെപ്പോലും കാണുന്നത് വിഭാഗീയമായിട്ടാണ്. അദ്ദേഹം സോഷ്യലിസ്റ്റായിരുന്നു. നമ്മുടെ ഭരണഘടന സോഷ്യലിസ്റ്റ്-സെക്കുലര്‍ആയി നിര്‍വചിക്കുന്നതും അദ്ദേഹമാണ്. പക്ഷേ ഈ വശം അവര്‍ കാണില്ല. മറിച്ച് ജാതിമര്‍ദ്ദനത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ മാത്രം മുഖ്യമായി എടുക്കുന്നു. ജാതിപ്രശ്‌നം തങ്ങളുടെ വിഷയം മാത്രമാണെന്നും തങ്ങള്‍ തന്നെ പരിഹരിച്ചോളാമെന്നുമാണ് ചില ദളിത് പക്ഷക്കാരുടെ വാദം. അവര്‍ക്ക് വര്‍ഗസമരത്തോട് യോജിപ്പില്ല. അതിനോടെനിക്ക് യോജിപ്പില്ല.വര്‍ഗസമരം ഉന്നയിക്കുന്ന കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ജാതിയെ മുഖ്യമായി കണ്ടിട്ടില്ല എന്നതും വിഷയമാണ്...

അതെ. അത് മറ്റൊരു വശമാണ്. അതിനോട് എനിക്ക് വിയോജിപ്പുണ്ട്. ജാതിയെ പ്രധാന വിഷയമായിതന്നെ എടുത്ത് കമ്യൂണിസ്റ്റുകള്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തണം. വര്‍ഗ്ഗസമരവുമായി അതിനെ ബന്ധിപ്പിക്കണം. കമ്യൂണിസ്റ്റുകള്‍ ഗൗരവമായി ജാതിയെ എടുക്കാത്തതിനാല്‍ ദളിതര്‍ അവരില്‍ നിന്ന് അകന്നുമാറുന്നു എന്ന യാഥാര്‍ത്ഥ്യം അവര്‍ ഇനിയെങ്കിലും തിരിച്ചറിയാണം. വര്‍ഗ്ഗസമരത്തിലൂടെ താനേ ജാതിയും ജാതിമര്‍ദനവും ഇല്ലാതാകുമെന്ന് കമ്യൂണിസ്റ്റുകാര്‍ കരുതരുത്.


സ്ത്രീ വിമോചനത്തെയും വര്‍ഗ്ഗസമരത്തിന്റെ തലത്തില്‍ നിന്നാണോ നോക്കിക്കാണുന്നത്?

സ്ത്രീ സമത്വം വേണം. അവര്‍ക്ക് മോചനം വേണം. പുരുഷാധിപത്യത്തില്‍ നിന്ന് സ്ത്രീകള്‍ മോചിതരാവണം. അടിച്ചമര്‍ത്തല്‍ നേരിടാത്ത ഒരു ലോകം സാധ്യമാക്കണം. അതുപക്ഷേ, വര്‍ഗ്ഗസമരവുമായി കണ്ണിചേരുന്നതിലൂടെയേ സാധ്യമാകൂ. ജാതി നിര്‍മാര്‍ജനം പോലെ, പരിസ്ഥിതി പ്രശ്‌നങ്ങള്‍പോലെ സ്ത്രീയുടെ പ്രശ്‌നങ്ങള്‍ മൊത്തം പ്രശ്‌നങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റി പരിഹരിക്കാനാവില്ല. സ്ത്രീകളുടെ വിഷയം സ്ത്രീയുടേതുമാത്രമല്ല, അത് ജാതിയുമായും, പരിസ്ഥിതിയുമായും, തൊഴിലാളികളുടേതുമായുമൊക്കെ കൂടിച്ചേര്‍ന്ന് കെട്ടുപിണഞ്ഞതാണ്. സ്ത്രീയുടെ മോചനവും സമൂഹത്തെ മൊത്തം മാറ്റിമറിക്കുന്ന വിപ്ലവുമായി ചേര്‍ന്നേ സാധ്യമാവൂ. എന്നാല്‍ സ്ത്രീകളുടെ പ്രശ്‌നം സവിശേഷ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം.


നേരത്തെ ശങ്കര്‍ ഗുഹാ നിയോഗിയെപ്പറ്റി പറഞ്ഞു. അദ്ദേഹം നേതൃത്വം കൊടുത്ത ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

നിയോഗിയുടെ മരണത്തിനുശേഷം ഛത്തീസ്ഗഢ്മുക്തിമോര്‍ച്ച പലതരം ഉയര്‍ച്ച താഴ്ചകളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാനപരമായി അത് ഒരു ട്രേഡ്‌യൂണിയന്‍ പ്രസ്ഥാനമാണ്. ഖനിത്തൊഴിലാളികളുടെ പല ന്യായമായ അവകാശങ്ങളും നേടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി പുതിയതായി തൊഴിലാളികളെ ഖനിമേഖലയില്‍ ജോലിക്ക് എടുക്കുന്നില്ല. മാത്രമല്ല പുതിയതായി കടന്നുവരുന്ന വ്യവസായങ്ങളില്‍ സംഘടന കെട്ടിപ്പടുക്കുന്നതില്‍ പലതരം വിഷമങ്ങളുണ്ട്. ഛത്തീസ്ഗഢ് സംസ്ഥാനം വേണമെന്നെക്കെ ആദ്യം ആവശ്യപ്പെടുന്നത് ആ സംഘടനയാണ്. പുതിയ വെല്ലുവിളികളെ സംഘടന എങ്ങനെ നേരിടുന്നു എന്നതനുസരിച്ചായിരിക്കും ഭാവി.

സംഘടനയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പിളര്‍പ്പും പ്രശ്‌നമല്ലേ?

അതെ. ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയുടെ വളര്‍ച്ചയ്ക്ക് നിയോഗിയെപ്പോലുള്ള നേതൃത്വത്തിന്റെ അഭാവം തടസ്സമായി. സംഘടനയില്‍ ഉണ്ടായ പിളര്‍പ്പുകളെല്ലാം ആശയങ്ങളുടെ പേരിലാണ്. പുതിയ കാലത്തിലെ വെല്ലുവളികളെ എങ്ങനെ നേരിടണമെന്ന പ്രശ്‌നത്തിന്റെ പേരിലാണ് പിളര്‍പ്പുകള്‍. പിളര്‍ന്നുപോയവരും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് ജനകീയ പ്രശ്‌നങ്ങളുയര്‍ത്തി സമരം സംഘടിപ്പിക്കുന്നുണ്ട്. മനുഷ്യാവകാശ ലംഘനത്തിനെതിരെ ഏറ്റവും ശക്തമായ പ്രവര്‍ത്തനം നടത്തുന്നവരില്‍ ഒരു വിഭാഗം ഛത്തീസ്ഗഢ്മുക്തിമോര്‍ച്ചയാണ്. അവര്‍ ബിനായകിനുവേണ്ടി പ്രകടനവും ധര്‍ണകളും സംഘടിപ്പിച്ചിരുന്നു.'മാവോയിസ്റ്റ്' ബന്ധവും അറസ്റ്റുംബിനായക് സെന്നിനെ എപ്പോഴാണ് ആദ്യം കാണുന്നത്്?

എഴുപതുകളുടെ ആദ്യമാണ് ബിനായകിനെ കാണുന്നത്. അടുത്തു പരിചയാമാകുന്നത് 1973ല്‍ ജബല്‍പൂരില്‍ വച്ചാണ്. പശ്ചിമ ബംഗാളില്‍ തന്നെയാണ് ഞങ്ങളിരുവരുടെയും വീട്. പിന്നീട് അദ്ദേഹം വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ ഞാനും അങ്ങോട്ടേക്കു മാറി. ഞാന്‍ കാണുമ്പോഴും പരിചയപ്പെടുമ്പോഴുമെല്ലാം മനുഷ്യസ്‌നേഹം എന്ന വലിയ ആശയത്തില്‍ പ്രചോദിതമായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. വൈദ്യശാസ്ത്രം പഠിച്ചതു തന്നെ പാവപ്പെട്ടവരെ സഹായിക്കാനായിട്ടാണ്.


ജെ.എന്‍.യു.വിലെ അധ്യാപക ജോലി രാജിവച്ച് ബിനായക് ഛത്തീസ്ഗഢിലേക്ക് പോകുന്നതിനെ എങ്ങനെയാണ് ഭാര്യ എന്ന നിലയില്‍ താങ്കള്‍ സമീപിച്ചത്?


ബിനായകിനെ എനിക്ക് ശരിക്കുമറിയാം. അദ്ദേഹത്തിന് ജീവിതവും വൈദ്യശാസ്ത്രവും പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. ഞങ്ങള്‍ തമ്മിലുള്ള മുഖ്യയോജിപ്പിന് സാമൂഹ്യസേവനത്തിന്റേതായ തലമുണ്ടായിരുന്നു എന്നും.
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്ന് ബിരുദമെടുത്തയുടന്‍ ഇംഗ്ലണ്ടില്‍ എം.സി.ആര്‍. പിക്ക് പോകാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയിരുന്നു. അത് അദ്ദേഹം തള്ളിക്കളഞ്ഞു.നമ്മുടെ രാജ്യത്ത് വൈദ്യസേവനം ചെയ്യാനുളള വിജ്ഞാനം മുഴുവന്‍ നമ്മുടെ നാട്ടില്‍നിന്നു തന്നെ ആര്‍ജിക്കണം എന്നായിരുന്നു ബിനായകിന്റെ നിലപാട്. ശിശുചികിത്സയില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം ജെ.എന്‍.യുവില്‍ അസിസ്റ്റന്റ് പ്രൊഫസറായി ചേര്‍ന്നത് പി.എച്ച്ഡി എടുക്കണമെന്ന് കരുതിയാണ്. പക്ഷേ അതുപക്ഷേിച്ചത്, ഹോഷംഗാദിലെ (മധ്യപ്രദേശ്) ക്ഷയരോഗാശുപത്രിയിലാണ് തന്റെ സേവനം കൂടുതല്‍ ആവശ്യമെന്ന് തോന്നിയതുകൊണ്ടാണ്. സ്വതന്ത്ര തൊഴിലാളി യൂണിയന്‍ നേതാവായ ശങ്കര്‍ ഗുഹാ നിയോഗിയുമായി അക്കാലത്താണ് ബിനായകിന് ബന്ധം ഉണ്ടാവുന്നത്. ഭിലായിലെ ഉരുക്കു ഫാക്ടറികളിലും ദല്ലി രജ്ഹാരയിലെയും നന്ദിനിയിലെയും ഖനികളിലും പണിയെടുത്തിരുന്ന പാവങ്ങളുടെ ജീവിതപ്പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കാനും സാമൂഹിക വിപത്തുകള്‍ക്കെതിരെ സംഘടിക്കാനും നിയോഗി, ബിനായകിനെ ക്ഷണിച്ചു. അദ്ദേഹം അവിടെയെത്തി ആരോഗ്യകേന്ദ്രം തുടങ്ങി. മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി തൊഴിലാളികളാല്‍ നടത്തപ്പെട്ട സ്ഥാപനമായിരുന്നു അത്. ആരോഗ്യകേന്ദ്രം കുറഞ്ഞ നാളിനുളളില്‍ 25 കിടക്കകളും കിടത്തിച്ചികിത്സാ സൗകര്യമുളള ആശുപത്രിയായി മാറി. പറഞ്ഞുവന്നത്, ബിനായകിന് ഇത്തരം പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ ജീവിക്കാനാവില്ല. ഒരിക്കലും ലളിതജീവിതമല്ലാതെ മറ്റൊന്നു തിരഞ്ഞെടുക്കാനാവില്ല. ബിനായകിന്റെ ഇത്തരം ഒരു നടപടിയെയും ഞാന്‍ എതിര്‍ത്തിട്ടില്ല. പിന്തുണച്ചിട്ടേയുള്ളൂ. ജനങ്ങള്‍ക്കൊപ്പമല്ലാത്ത മറ്റൊരു ജീവിതം ഞാനും ഇഷ്ടപ്പെടുന്നില്ല.


എങ്ങനെയാണ് ഡോ. ബിനായക് സെന്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് നാരായണ്‍ സന്യാലുമായി ബന്ധപ്പെടുന്നത്?

ഒരു മാവോയിസ്റ്റ് നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടതായി പി.യു.സി.എല്ലിന് 2005 ഡിസംബര്‍ വിവരം കിട്ടി. പി.യു.സി.എല്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ബിനായക് ആഭ്യന്തര സെക്രട്ടറിയുമായി ബന്ധപ്പെട്ടു. കുറച്ചുദിവസത്തിനുശേഷം മന്ത്രി ആന്ധ്രാപൊലീസ് നാരായണ്‍ സന്യാല്‍ എന്ന മാവോയിസ്റ്റ് നേതാവിനെ അറസ്റ്റ് ചെയ്തിട്ടിണ്ടുവെന്ന് അറിയിച്ചു. കൂടുതല്‍ വിവരം ഒന്നും ലഭ്യമായിരുന്നില്ല. സന്യാലിന്റെ സഹോദരന്‍ ബിനായകുമായി ബന്ധപ്പെട്ട് നാരായണ്‍ സന്യാല്‍ എവിടെയുണ്ടെന്ന് അറിയണമെന്ന് അഭ്യര്‍ത്ഥിച്ചു. 2006 ജനുവരി ഒന്നിന് അദ്ദേഹം ബിലാസ്പൂരിലെത്തി ഹേബിയസ് കോര്‍പസ് നല്‍കി. ഛത്തീസഗഢ് പൊലീസ് തങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്ന് അറിയിച്ചു. പക്ഷെ ആന്ധ്രാപൊലീസ് തങ്ങള്‍ നാരായണ്‍ സന്യാലിനെ ദാണ്ഡെവാഡെ അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയതായി അറിയിച്ചു. പിന്നീട്, സന്യാലിന്റെ കൈയ്ക്ക് ഗുരുതരമായ കാന്‍സര്‍ ബാധിച്ചതിനാല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ബിനായക് ജയിലില്‍ ചെല്ലുന്നത്. ജയിലധികാരികളുടെ രേഖാമൂലമുള്ളഅനുവാദത്തോടെയാണ് ജയിലില്‍ ബിനായകിനെ കാണുന്നത്. പിന്നീട് ഇത് 'നക്‌സലൈറ്റ് ബന്ധ'മായി പൊലീസ് വ്യാഖ്യാനിച്ചു. ശസ്ത്രക്രിയ അവസാനം ജയിലിനു പുറത്തുവച്ചു വിജയകരമായി നടത്തി.


അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് എങ്ങനെയാണ്?

സന്യാലിന് വസ്ത്രവും അഭിഭാഷകനു പണവുമായി എത്തിയിരുന്ന സഹോദരന്‍, 2006 ഒടുവില്‍ ഹൃദയ സ്തംഭനം ഉണ്ടായതിനാല്‍ പിന്നീട് വന്നില്ല. പകരം കൊല്‍ക്കത്തയിലെ വ്യാപാരിയായ പിയൂഷ് ഗുഹയാണ് എത്തുന്നത്. 2007 മെയ് ഒന്നിന് ബിനായക് ബിലാസ്പൂരിലെ തന്റെ ക്ലിനിക്കില്‍ ഉണ്ടായിരുന്നു. രാത്രി 8 ന് അദ്ദേഹം പിയൂഷ് ഗുഹയെ കാണാന്‍ ഹോട്ടലില്‍ പോയി. മുറി അടച്ചിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഗുഹ പുറത്തുപോയിരിക്കുകയാണെന്നും വൈകാതെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. ബിനായക് രാത്രിഭക്ഷണം കഴിക്കാന്‍ പുറത്തേക്കുപോയി. പക്ഷേ, തിരിച്ചെത്തിയപ്പോള്‍ ഗുഹ ഒന്നും സൂചിപ്പിക്കാതെ ഹോട്ടല്‍ വിട്ടുപോയതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ബിനായക് അദ്ദേഹത്തെ തിരഞ്ഞെങ്കിലും കണ്ടില്ല. പിയൂഷ് ഗുഹയെ പോലീസ് പിടികൂടി. അദ്ദേഹത്തില്‍ നിന്ന് ലഭിച്ച സന്യാലിന്റെ കത്തുകള്‍ ബിനായക് ജയിലില്‍ നിന്ന് കടത്തിക്കൊണ്ടുവന്നു എന്നതായിരുന്നു ആരോപണം. പക്ഷേ, അതിന് ഒരു തെളിവും ഇതുവരെ ഹാജരാക്കാനായിട്ടില്ല. മാത്രമല്ല പറയുന്ന കത്തുകളില്‍ നിയമവിരുദ്ധമായ എന്തെങ്കിലും ഉള്ളതായി പൊലീസ് പറയുന്നില്ല. രസകരമായ വസ്തുതയെന്തെന്നാല്‍ ബിനായകും പിയൂഷ് ഗുഹയും തമ്മില്‍ കാണാതെ എങ്ങനെയാണ് കത്തുകള്‍ കൈമാറുക?


പക്ഷേ, ബിനായക് കൊല്‍ക്കത്തയില്‍നിന്ന് മടങ്ങിയെത്തുമ്പോഴായിരുന്നല്ലോ അറസ്റ്റ്?


2007 ഏപ്രില്‍ 30 ന് ഞാന്‍ മക്കള്‍ക്കൊപ്പം കൊല്‍ക്കത്തയില്‍ ബിനായകിന്റെ അമ്മയെ കാണാന്‍ പോയി. ബിനായക് മെയ് രണ്ടിന് അവിടെ എത്തണം. ഇത് വളരെ മുമ്പേ പദ്ധതിയിട്ട ഒരു കുടുംബ ഒത്തുചേരലായിരുന്നു. പിയൂഷ് ഗുഹയെ ഹോട്ടലില്‍ തെരഞ്ഞിട്ട് കാണാതായ ദിവസം ബിനായക് കൊല്‍ക്കത്തയിലേക്ക് പോന്നു. മെയ് 4ന് ഗുഹയുടെ ഭാര്യ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് അറിയിച്ചു. ഗുഹയെ മെയ് ഒന്നുമുതല്‍ കാണാനില്ലായിരുന്നെങ്കിലും ഛത്തീസ്ഗഢ് പി.യു.സി.എല്‍ പൊലീസില്‍ അറിയിക്കുന്നത് മെയ് അഞ്ചിനാണ്.
മെയ് 9 ന്, റായ്പൂരില്‍ നിന്ന് സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ച് ഡോ. സെന്നും കുടുംബവും കൊല്‍ക്കത്തയില്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലീസ് പ്രചരിപ്പിക്കുന്നതായി അറിയിച്ചു. ഇക്കാര്യത്തില്‍, ബിനായകിന്റെ അഭിഭാഷകന്‍ സുധ ഭരദ്വാജ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാന്‍ ഉപദേശം നല്‍കി. അതിനായി ബിനായക് മെയ് 14 ന് ബിലാസ്പൂരില്‍ എത്തി. അന്നേദിവസം മൊഴിയെടുക്കാനെന്നു പറഞ്ഞ്, സുധ ഭരദ്വാജിന്റെ ഓഫീസില്‍ നിന്ന് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റുചെയ്യുകയായിരുന്നു.


എന്താണ് ഈ കേസില്‍ പൊലീസ് പറയുന്ന തെളിവുകള്‍?

ഇതുവരെ ഒരു തെളിവും പൊലീസ് സമര്‍പ്പിച്ചിട്ടില്ല. മെയ് 16 ന് പൊലീസ് ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റ് തെരച്ചില്‍ നടത്താന്‍ എത്തി. ഞാന്‍ അവിടെയുണ്ടായിരുന്നില്ല. വീട്ടുടമ ഞാനാണ്. പൊലീസ് വീട് സീല്‍ ചെയ്തു. ഞാന്‍ മെയ് 16 ന് എത്തി. നിഷ്പക്ഷനായ ഒരു സാക്ഷി നിര്‍ബന്ധമായും പൊലീസ്‌തെരച്ചില്‍ സമയത്തുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ കോടതിയില്‍ ഹര്‍ജി നല്‍കി. സ്വതന്ത്ര സാക്ഷികളെ അനുവദിച്ചുകൊണ്ടുളള ഉത്തരവ് എനിക്ക് ലഭിച്ചതിനെ തുടര്‍ന്ന് മെയ് 19 ന് പൊലീസ് തെരച്ചില്‍ നടത്തി. കമ്പ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്‌ക് പൊലീസ് എടുത്തുകൊണ്ടുപോയി. അത് ഹൈദരാബാദില്‍ പരിശോധിച്ചു. ജൂണ്‍ 16 ന് അതിന്റെ ഫലം വന്നെങ്കിലും പുറത്തുവിട്ടില്ല. ഒടുവില്‍ കമ്പ്യുട്ടറില്‍ നിയമവിരുദ്ധമായതൊന്നുമില്ലെന്ന് വ്യക്തമായി. അറസ്റ്റിനുശേഷം 89 -ാം ദിവസമാണ് കുറ്റപത്രം നല്‍കിയത്. തൊണ്ണൂറുദിവസമാണ് പരിധി. ഞങ്ങളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സന്യാലിന്റെ പോസ്റ്റ്കാര്‍ഡുകള്‍ പി.യു.സി.എല്‍.സെക്രട്ടറിക്ക് അദ്ദേഹം ജയില്‍ അധികൃതരുടെ അനുമതിയോടെ അയച്ചവയാണ്. വീട്ടില്‍ നിന്ന് കണ്ടെടുത്ത പത്ര-മാസികകളാകട്ടെ നിയമവിധേയമായി പുറത്തിറങ്ങുന്നവയുമാണ്.മുമ്പ് താങ്കളെയും അറസ്റ്റ് ചെയ്യാന്‍ ശ്രമം നടന്നതായി കേട്ടിരുന്നു. ഇപ്പോള്‍ ഭരണകൂടം താങ്കളോട് എങ്ങനെ പെരുമാറുന്നു?

അതെ. എന്നെയും 'നക്‌സലൈറ്റ്' ആക്കി അറസ്റ്റ് ചെയ്യാന്‍ ശ്രമം നടന്നിരുന്നു. ഞാന്‍ അപ്പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എനിക്കെതിരെ തെളിവുകളില്ലെന്ന് ഒടുവില്‍ പൊലീസ് കോടതിയില്‍ പറഞ്ഞു. അതുവരെ പൊലീസ് നടത്തിയ നാടകങ്ങള്‍ എന്തിനായിരുന്നു എന്ന് വ്യക്തമല്ല. അറസ്റ്റിനു സാധ്യതയില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഞാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു.
ഇപ്പോള്‍ പൊലീസ് പിന്നാലെയുണ്ട്. ഫോണ്‍ ചോര്‍ത്തുക, പോകുന്ന സ്ഥലങ്ങളില്‍ പിന്തുടര്‍ന്ന് എത്തുക, ബന്ധപ്പെടുന്നവരെ ഭീഷണിപ്പെടുത്തക-ഇതൊക്കെ നടക്കുന്നുണ്ട്. പക്ഷേ, ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടും, നിയമവിരുദ്ധമായതോ രഹസ്യമായോ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താത്തതുകൊണ്ടും ഞാനിതൊന്നും വിഷയമാക്കുന്നില്ല.


അമിത ശ്രീവാസ്തവ എന്ന പി.എച്ച്.ഡി. വിദ്യാര്‍ത്ഥിക്ക് ജോലി നേടാന്‍ സഹായം നല്‍കിയത് താങ്കളാണെന്ന് പൊലീസ് ആരോപിക്കുന്നുണ്ട്?

ശരിയാണ്. അമിത അലഹബാദില്‍ നിന്നുള്ള പി.എച്ച്.ഡി. വിദ്യാര്‍ത്ഥിയായിരുന്നു. അതുമാത്രമേ എനിക്കറിയൂ. 2005 ഡിസംബര്‍ മുതല്‍ അവരെ കാണാനില്ല. അമിതയ്‌ക്കെതിരെ ഒരു കേസും നിലവിലില്ല. അവര്‍ മാവോയിസ്റ്റാണോ, അതോ അനുഭാവിയാണോ എന്നൊന്നും എനിക്കറിയില്ല. ഇപ്പോള്‍ അവരെവിടെയാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ.


അമിതയ്ക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക? അമിതയുടെ വീട്ടിലാണ് നാരായണ്‍ സന്യാല്‍ കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് പറയുന്നത്?

എനിക്കറിഞ്ഞുകൂടാ. അമിതയ്ക്ക് എവിടെയാണെന്ന് ഒരു വിവരവും ആര്‍ക്കും ഇല്ല. അവര്‍ ഒരു പക്ഷേ മാവോയിസ്റ്റ് പ്രവര്‍ത്തകയായി ഒളിവില്‍ പോയിരിക്കാം. അല്ലെങ്കില്‍ പൊലീസ് തന്നെ കൊന്ന് കുഴിച്ചുമൂടിയിരിക്കാം. രണ്ടാമത്തേതിനാണ് കൂടുതല്‍ സാധ്യത. അമിതയുടെ വീട്ടിലാണ് നാരായണ്‍ സന്യാല്‍ താമസിച്ചിരുന്നതെന്ന് പൊലീസ് ഭാഷ്യമാണ്. സന്യാലിനെ ഭദ്രാചലം എന്ന സ്ഥലത്തുവച്ചാണ് അറസ്റ്റുചെയ്തതെന്നാണ് ആന്ധ്രാ പൊലീസ് കോടതിയില്‍ പറയഞ്ഞത്. ഇനി സന്യാല്‍, അമിതയുടെ വീട്ടില്‍ താമസിച്ചിരുന്നോ എന്ന് എനിക്കെങ്ങനെ പറയാനാവും?


ബിനായക് സെന്നിന്റെ മോചനത്തിനായി പല കോണുകളില്‍ നിന്നും ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. എങ്ങനെ ഈ പ്രതിഷേധ മുന്നേറ്റത്തെ കാണുന്നു?

ബിനായകിനുവേണ്ടി രാജ്യത്തിനകത്തും പുറത്തും പലരും, നോബല്‍ സമ്മാനിതരായവര്‍ ഉള്‍പ്പടെ സംസാരിക്കുന്നുണ്ട്. അതില്‍ എനിക്ക് വല്ലാത്ത സന്തോഷവും അഭിമാനവും ഉണ്ട്. ഈ പ്രതിഷേധങ്ങളെല്ലാം വ്യക്തികളും സംഘങ്ങളും തനിച്ചോ, ഒറ്റതിരിഞ്ഞ ആയിട്ടാണ് സംഘടിപ്പിക്കുന്നത്. പലതും പരസ്പരം അറിയുന്നുപോലുമില്ല. പൊതുവില്‍ ഈ പ്രതിഷേധങ്ങള്‍ക്കെല്ലാം ഒരു നല്ല കേന്ദ്രീകരണമോ ഏകീകൃത സ്വഭാവമോ ഇല്ല. അതൊരു കുറവാണ്. അത്തരം കൂട്ടായ ഒരു ശ്രമത്തിന്റെ ആവശ്യമുണ്ട്. ഞാനത് പലരുമായും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യവകാശ ലംഘനങ്ങള്‍ക്കെതിരെ ഒരു കൂട്ടായ ശ്രമം ഉയര്‍ത്തിക്കൊണ്ടുവരാനും ശ്രമിക്കേണ്ടതുണ്ട്. വൈകാതെ അതുസാധ്യമാകുമെന്നാണ് പ്രതീക്ഷ.


വീണ്ടും ഛത്തീസ്ഗഢിലേക്ക് വരാം. എന്താണ് സംഘര്‍ഷത്തിന് പരിഹാരം?

ഭരണകൂടം ജനങ്ങളെ അടിച്ചമര്‍ത്തുന്നത് പൂര്‍ണ്ണമായി നിര്‍ത്തണം. സ്വകാര്യ സായുധ സേനയായ 'സല്‍വാജൂഢം' പിരിച്ചുവിടണം. ബഹുരാഷ്ട്ര-വന്‍കിട കുത്തക കമ്പനികള്‍ക്കായുള്ള കുടിയൊഴിപ്പിക്കലുകള്‍ അവസാനിപ്പിക്കണം. ഭൂമി നഷ്ടപ്പെട്ട ആദിവാസികളെ പുനരധിവസിപ്പിക്കണം. വനം ആദിവാസികള്‍ക്ക് വിട്ടുകൊടുക്കണം. ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ സമാധാനപരമായി, സൗഹാര്‍ദപരമായി പരിഹരിക്കാനുള്ള സന്നദ്ധതയുണ്ടാവണം. ഇതൊക്കെ സംഭവിക്കുന്നതോടു കൂടി ഛത്തീസ്ഗഢില്‍ സമാധാനം കൈവരും.

നിങ്ങള്‍ അത്തരത്തില്‍ ശുഭാപ്തി വിശ്വാസിയാണോ?

അല്ലെന്നു പറയേണ്ടിവരും. സാമ്രാജ്യത്വ ചൂഷണം മുറുകുന്നതിനനുസരിച്ച് ഭരണകൂട അടിച്ചമര്‍ത്തലും മുറുകും. ഭരണകൂടം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് നമുക്ക് ആശിക്കാനേ കഴിയൂ. സാമ്രാജ്യത്വത്തിനും വന്‍കിടക്കാര്‍ക്കും ഛത്തീസ്ഗഢിന്റെ പരിധിയില്ലാത്ത വിഭവ സമ്പത്ത് കൊള്ളയടിക്കണം. അതിനാല്‍ അടിച്ചമര്‍ത്തല്‍ തുടരും. അതനുസരിച്ച് ജനങ്ങളുടെ ചെറുത്തുനില്‍പ്പും.

മാധ്യമം weekly
2009FEB23

Two poems

http://www.cmich.edu/chsbs/x28246.xmlMy IndiaSeemingly from Sinbad’s endless
Nights, and with Mesopotamian
blazing beauty, you ask,
What is Your India?

Ding
The four Vedas, ancient promises
of Sindhu valley, the epics, cultural
diversities, Buddhist philosophies,
The eternal love on the bank of Yamuna.
Forts, temples, army, science—
The vastness, the population, the democracy,
non-violence, Telungana, peasant struggles,
Naxalbari, Charu Majumdar. Literature, literacy,
the music, the art, the cinema,
And finally, the landscape.

Then I ask you, what have you
found in India?

The new Indian churidar
made you a goddess. You reply,
Very nice, beautiful.

But I see more:
The widows of Yamuna, the red streets
of Kamathipura, The naked priests, half-burned
bodies in Ganges The devotion of animals
and penies Sacrifice of animals in Kalighat
Brothels in Mumbai,Hindu lunatics of Pune
The caste wall of Uttapuram, The outcasted
in the streets of Delhi, The genocide in Gujarat,
the army rules in North-east. The massacre
of tribes in Chattisghar.

You then say, And your men
stare at me, stare at my breasts.

Suddenly I feel naked.


Bijuraj

Looking through glassy wings

In the courtyard of my childhood,
I once caught a dragonfly.
There were many, of different colours,
On the bushes, on father’s old bicycle
and the wall of the old well.

I touched its many-faceted eye,
Looked through its glassy wings,
Placed it on a stone and
Forced it to pick it up.

I cut its tail with my nail and pushed
A blade of grass through the hole.
When it flew away in uncontrollable pain
I laughed and danced and clapped.

Now, after twenty five years,
My courtyard spreads its hands to the world.
It’s grown as wide as the world; and
There are others catching dragonflies.

They place a dragonfly on a stone
And pour fire on its tail.
All remains the same, except,
Now, I am that dragonfly.


Bijuraj

Bijuraj is a journalist and translator, lives in Kochi, India.Translated many writings, including poems into his native language Malayalam from English. Published 13 books in Malayalam.

കീഴടങ്ങലല്ല അടവ് നയം മാത്രം

സംഭാഷണം
ജി.ബാബുരാജ് (കല്ലറ ബാബു)/ബിജുരാജ്


ഭരണകൂടം കഴിഞ്ഞ പതിനാല് വര്‍ഷമായി തിരഞ്ഞുകൊണ്ടിരിക്കുന്ന നക്‌സലൈറ്റ് നേതാവ് ജി. ബാബുരാജ് (കല്ലറ ബാബു) സംസാരിക്കുന്നു. മാവോയിസത്തെയും നക്‌സലൈറ്റ് പ്രസ്ഥാനത്തെയും പുനര്‍ചിന്തയ്ക്ക് വിധേയമാക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. പുതിയ അന്വേഷണങ്ങളുടെ രാഷ്ട്രീയ വഴികളിലുടെ നടക്കാന്‍ താന്‍ ഒരുങ്ങുകയാണെന്ന് കല്ലറ ബാബു വെളിപ്പെടുത്തുന്നു.


'ദളിത്‌രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്നതില്‍
നക്‌സലൈറ്റുകള്‍ പരാജയം'
ആരും നിനച്ചിരിക്കാത്ത നിമിഷത്തിലാണ് പാലക്കാട് കളക്ടര്‍ ഡബ്ല്യു.ആര്‍. റെഡ്ഢിയെ നാലു ചെറുപ്പക്കാര്‍ ബന്ദിയാക്കുന്നത്. പതിനാല് വര്‍ഷം മുമ്പ്-അതായത്
1996 ഒക്‌ടോബര്‍ നാലിന്. പരാതി സമര്‍പ്പിക്കാന്‍ എന്ന വ്യാജേനെ നാലുപേരും കലക്ടറേറ്റിലേക്ക് കടന്നുകയറി. കൈയിലുണ്ടായിരുന്നത് നൂലുണ്ടയും കളിത്തോക്കും കുറച്ച് ലഘുലേഖയും മാത്രം. ആദിവാസി ഭൂമി ആദിവാസികള്‍ക്ക് നല്‍കണം എന്നതായിരുന്നു അവരുടെ ആവശ്യം. ഒമ്പതുമണിക്കൂറിന്റെ ഉദ്വേഗങ്ങള്‍ക്കൊടുവില്‍ കളക്ടറെ മോചിപ്പശേഷം ഒത്തുതീര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ അവര്‍ ഒളിവില്‍ മറഞ്ഞു. ആദിവാസികള്‍ക്ക് അവരുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന 1975 ലെ ഭൂനിയമം നിയമസഭ ഭേദഗതി ചെയ്തപ്പോഴാണ് അത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഈ ചെറുപ്പക്കാര്‍ കടന്നുവന്നത്. നിയമസഭയില്‍ ഒരാളൊഴിച്ച് (ഗൗരിയമ്മ) എല്ലാവരും അന്യായമായ നിയമ ഭേദഗതിക്ക് അനുകൂലമായി കൈയുയര്‍ത്തിയിരുന്നു.
ആദിവാസി ഭൂപ്രശ്‌നത്തെ കേരളത്തില്‍ സജീവ ചര്‍ച്ചാവിഷയമാക്കുന്നത് 'അയ്യങ്കാളിപ്പട'യുടെ ഈ ഇടപെടലിനെതുടര്‍ന്നാണ്. ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ കലക്ടറെ ബന്ദിയാക്കിയവര്‍ക്കെതിരെ നടപടിയുണ്ടാവില്ലെന്ന് ഭരണകൂടം സമ്മതിച്ചിരുന്നു. പക്ഷേ, മോചനം നടന്ന ഉടന്‍ പോലീസ് നാലുപേരെയും വേട്ടയാടാന്‍ തുടങ്ങി. വയനാട്ടിലെയും ഇടുക്കിയിലെയും ആദിവാസി ഊരുകളില്‍ ഭീകരത സൃഷ്ടിച്ച് പോലീസ് കയറിയിറങ്ങി. ഏഴുമാസത്തിനുശേഷം ബന്ദിനാടകത്തിലെ ആദ്യപ്രതി (മണ്ണൂര്‍ അജയന്‍) പിടിയിലായി. രണ്ടാമത്തെയാള്‍ അടുത്തവര്‍ഷം മാര്‍ച്ചില്‍ (വിളയോടി ശിവന്‍കുട്ടി)അഗളിയില്‍ വച്ച് ഒരു ആദിവാസി സമ്മേളനത്തിന്റെ അരികില്‍ നിന്നും. മൂന്നാമത്തെയാള്‍ (രമേശന്‍ കാഞ്ഞങ്ങാട്) അല്‍പം കൂടിക്കഴിഞ്ഞ് കല്‍പറ്റ ടൗണില്‍ വച്ചും അറസ്റ്റിലായി. 2003 നവംബറില്‍ പാലക്കാട് സെഷന്‍സ് കോടതി ആദ്യത്തെ മൂന്നുപേര്‍ക്ക് മൂന്നുവര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. 5000 രൂപ പിഴയും.
ബന്ദിനാടകത്തിന് നേതൃത്വം നല്‍കിയ ആക്ഷന്‍ ലീഡര്‍ കല്ലറ ബാബു എന്ന ജി.ബാബുരാജ് ഇക്കാലമത്രയും ഒളിവില്‍ കഴിയുകയായിരുന്നു. ഭരണകൂടം ഇക്കാലമത്രയും കിണഞ്ഞുശ്രമിച്ചിട്ടും പിടികൂടാനായില്ല. ഒരു വേള, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഒളിവില്‍ കഴിഞ്ഞ നക്‌സലൈറ്റ് ബാബുവാകും. പക്ഷേ, ഫെബ്രുവരി ആദ്യം ബാബു പാലക്കാട് പരസ്യമായി ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചു. പോലീസ് നോക്കിനില്‍ക്കെ ഒന്നരമണിക്കൂര്‍. എന്നിട്ടും പോലീസിന് പിടികൂടാനായില്ല എന്നത് നമ്മെ അത്ഭുതപ്പെടുത്തും. ഇപ്പോള്‍ ബാബു പുതിയ രാഷ്ട്രീയവഴികളിലാണ്. കേരളത്തിലെ ദളിത് അവസ്ഥകളെപ്പറ്റിയും മോചനത്തെപ്പറ്റിയും പുതിയ അന്വേഷണങ്ങളും പഠനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം ശ്രമങ്ങളുടെ ഭാഗമായി ജനങ്ങളെ ജനകീയ മാര്‍ഗത്തില്‍ സംഘടിപ്പിച്ച് മുന്നേറുക എന്നലക്ഷ്യത്തോടെ പരസ്യപ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുകയാണ് അദ്ദേഹം. പാലക്കാട്ടെ കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള നീക്കം ബാബു നടത്തിക്കൊണ്ടിരിക്കുന്നു. ഒരുവട്ടം കോടതിയില്‍ ഹാജരാകുകയും ചെയ്തു. മേല്‍ക്കോടതിക്ക് മുമ്പാകെ ഹാജരാകാനാണ് മജിസ്‌ട്രേറ്റ് അന്ന് ആവശ്യപ്പെട്ടത്. ഒരുവേള, ഈ അഭിമുഖം അച്ചടിച്ചുവരുമ്പോഴേക്ക് ബാബുവുമായി ബന്്ധപ്പെട്ട് മറ്റ് ചില വാര്‍ത്തകള്‍ കൂടി നമുക്ക് കേള്‍ക്കാനായേക്കും. 'കീഴടങ്ങലല്ല' പുതിയ സമരമുഖം തുറക്കലാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.
മുപ്പതു വര്‍ഷത്തിലേറെയായി നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ബാബു സജീവമാണ്. കോട്ടയത്തിനടുത്തുള്ള കല്ലറയില്‍ ദളിത് കുടുംബത്തില്‍ ജനനം. കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ അവിഭക്ത സി.പി.ഐ. (എം.എല്‍)ലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി.
കെ. വേണു നേതൃത്വം കൊടുത്ത സി.ആര്‍.സി, സി.പി.ഐ (എം.എല്‍) എന്ന പാര്‍ട്ടിയുടെ സംസ്ഥാന സമിതിയില്‍ അംഗമായിരുന്നു ബാബു. പാര്‍ട്ടിയുടെ കീഴില്‍ രൂപീകരിച്ച അധ:സ്ഥിത നവോഥാന മുന്നണിയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. വൈക്കത്ത് 'മനുസ്മൃതി'കത്തിച്ചതുപോലുള്ള സമരങ്ങള്‍ക്ക് ഇക്കാലത്ത് നേതൃത്വം നല്‍കി. വേണു പാര്‍ട്ടി പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കേരള കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ മുന്നിട്ടിറങ്ങി. കെ.സി.പിയുടെ മുന്‍കൈയില്‍ രൂപീകരിച്ച ദളിത് സംഘാടകസമിതിയുടെ സംസ്ഥാന കണ്‍വീനറായിരുന്നു. പിന്നീടാണ് 'അയ്യങ്കാളിപ്പട' രൂപികരിച്ചത്. മാവോയിസ്റ്റ് യുവജനസംഘടന എന്ന പേരില്‍ രൂപീകരിക്കപ്പെട്ട അയ്യങ്കാളിപ്പട സിറ്റിബാങ്ക് ആക്രമണം, സൂര്യനെല്ലിക്കേസിലെ പ്രതി ജേക്കബ് സ്റ്റീഫനെ ആക്രമിക്കല്‍ തുടങ്ങിയ പല ഇടപെടലുകളും നടത്തിയിരുന്നു. കെ.സി.പി. പിന്നീട് സി.പി.ഐ. (എം.എല്‍)- നക്‌സല്‍ബാരിയായി മാറിയപ്പോള്‍ അതിനുമൊപ്പവും പ്രവര്‍ത്തിച്ചു. ഭാര്യ ഷീബയും സമരങ്ങളില്‍ സജീവമാണ്. നക്‌സലൈറ്റ്/മാവോയിസ്റ്റുകളുടെ ചില നയങ്ങളോടും സമീപനങ്ങളോടും വിയോജിക്കുകയാണ് ഇപ്പോള്‍ ബാബു.
കേസിന്റെയും ജാമ്യത്തിന്റെയും നിയമവഴികള്‍ തേടുന്നതിനായി ഒരു പ്രമുഖ അഭിഭാഷകനെ കാണാന്‍ കഴിഞ്ഞ ചൊവ്വാഴ്ച ബാബു കൊച്ചിയിലെത്തി. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതുന്നതിനുള്ള വിഭവങ്ങള്‍ തേടി ഒന്നിലേറെത്തവണ ഈ ലേഖകന്‍ ചെന്നതുകൊണ്ടു കൂടിയാവണം അഭിഭാഷകനാണ് ഈ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. എറണാകുളം ബാനര്‍ജി റോഡിലെ ഹൈക്കോടതി ബസ് സ്‌റ്റോപ്പില്‍ പെട്ടെന്ന് എത്താന്‍ അഭിഭാഷകന്‍ ഫോണില്‍ വിളിക്കുമ്പോള്‍ ബാബു അവിടെയുണ്ടാവുമെന്ന് കരുതിയില്ല. ''നിങ്ങള്‍ സംസാരിക്കൂ'' എന്നു പറഞ്ഞ് അഭിഭാഷകന്‍ മടങ്ങി. കിട്ടിയ അവസരം അഭിമുഖത്തിനായി പ്രയോജനപ്പെടുത്താനായി തീരുമാനിച്ചു. കൊച്ചിയിലെ തിരക്കേറിയ ബാനര്‍ജി റോഡിലെ ബസ്സ്‌സ്‌റ്റോപ്പില്‍ പരസ്യമായി തന്നെയായിരുന്നു അഭിമുഖം. ഒരുമണിക്കൂര്‍ സംഭാഷണത്തിനുശേഷം ബാബു മടങ്ങി. ജാമ്യമെടുത്തു പുറത്തുവന്നശേഷം കൂടുതല്‍ കാണാം എന്നു പറഞ്ഞായിരുന്നു മടക്കം.
തന്റെ പുതിയ രാഷ്ട്രീയ നിലപാടുകളെപ്പറ്റി, കാഴ്ചപ്പാടുകളെപ്പറ്റി ബാബു സംസാരിക്കുന്നു:അടുത്തിടെ പാലക്കാട് ഒരു പൊതുയോഗത്തില്‍ പരസ്യമായി നിങ്ങള്‍ പ്രസംഗിച്ചുവെന്ന് കേട്ടു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായെന്നും. എന്താണ് നിങ്ങള്‍ ചെയ്യാന്‍ പോകുന്നത്?


1996-ല്‍ പാലക്കാട് കളക്ടറെ ബന്ദിയാക്കിയതു മുതല്‍ ഞാന്‍ ഒളിവിലാണ് പ്രവര്‍ത്തിക്കുന്നത്. കലക്ടറെ മോചിപ്പിക്കുമ്പോഴുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഞങ്ങള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഭരണകൂടം സമ്മതിച്ചതാണ്. എന്നാല്‍ തങ്ങളുടെ വാഗ്ദാനത്തോട് ഒരു നീതിയും ഭരണകൂടം പുലര്‍ത്തിയില്ല. വ്യവസ്ഥകള്‍ ലംഘിച്ച് ഞങ്ങള്‍ക്കെതിരെ കേസ് എടുത്തു. അത് അധാര്‍മികമാണ്. ഒത്തുതീര്‍പ്പുകളുടെ ലംഘനമാണ്. ഒളിവില്‍ പ്രവര്‍ത്തിക്കേണ്ട സാഹചര്യം അങ്ങനെ ഭരണകൂടം സൃഷ്ടിച്ചതാണ്. ഇന്നത്തെ മാറിയ രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തുന്നതിന് പരസ്യരാഷ്ട്രീയ പ്രവര്‍ത്തനമാണ് കൂടുതല്‍ ഗുണകരം. ഞാന്‍ പുറത്തുവരാന്‍ ആഗ്രഹിക്കുന്നു. പരസ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായിട്ടാണ് പാലക്കാട് പരസ്യമായി യോഗത്തില്‍ പ്രസംഗിച്ചത്. മജിസ്‌ട്രേറ്റിന്റെ മുന്നില്‍ എത്തിയപ്പോള്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകാനാണ് പറഞ്ഞത്. വൈകാതെ അതുണ്ടാകും. ഇപ്പോള്‍ കേസിന്റെ ചില നിയമവശങ്ങള്‍ അറിയാനായി വക്കീലിനെ കാണാനാണ് ഞാന്‍ കൊച്ചിയില്‍ വന്നത്.


നിങ്ങള്‍ കീഴടങ്ങാന്‍ പോവുകയാണോ? ഭരണകൂടത്തിനു മുന്നില്‍ കീഴടങ്ങില്ല എന്നാണല്ലോ നിങ്ങള്‍ പാലക്കാട് കളക്ടറെ ബന്ദിയാക്കിയശേഷം ഒളിവില്‍ പോകുമ്പോള്‍ വിളിച്ചു പറഞ്ഞത്?

കീഴടങ്ങലല്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്നത് ആദിവാസി-ദളിത് വിഭാഗങ്ങളുടെ വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ജനകീയ മുന്നേറ്റങള്‍ വിജയിപ്പിക്കുകയാണ്. സമരത്തില്‍ ചിലപ്പോള്‍ പലതരം ചുവടുകള്‍ വയ്‌ക്കേണ്ടി വരും. എന്നും ഒരാള്‍ക്ക് ഒളിവില്‍ കഴിയാനോ പരസ്യമായി തുടരാനോ കഴിഞ്ഞുകൊള്ളണമെന്നില്ല. സാഹചര്യങ്ങളാണ് അത് തീരുമാനിക്കുക. ഇന്നത്തെ സാഹചര്യം പരസ്യമായ ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ പരസ്യ പ്രവര്‍ത്തനത്തിന് ആവശ്യമായ നിയമ രീതികള്‍ സ്വീകരിക്കുന്നത് ഒരുതരം അടവാണ്. എന്റെ പുതിയ നീക്കത്തെ അങ്ങനെ കാണുന്നതാവും ശരി. തുടര്‍ന്നുള്ള പ്രവര്‍ത്തങ്ങള്‍ കണ്ട് എന്റേത് കീഴടങ്ങല്‍ ആണോ അല്ലെയോ എന്ന് ജനം വിലയിരുത്തട്ടെ.


ഒളിവില്‍ നിന്നുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ജനകീയ മുന്നേറ്റങ്ങള്‍ സംഘടിപ്പക്കാനാവില്ലേ?

പറ്റും. പക്ഷേ പരിമിതിയുണ്ട്. ഒളിവില്‍ കഴിയുമ്പോള്‍ സമരങ്ങള്‍ നേരിട്ട് ഏറ്റെടുക്കാനോ നയിക്കാനോ ആവില്ല. നമ്മള്‍ നേരിട്ട് ചെയ്യേണ്ട ജോലികള്‍ പോലും മറ്റുള്ളവരെ ആശ്രയിച്ചു നടത്തേണ്ടിവരും. ദളിത്- ആദിവാസി മേഖലകളില്‍ ഓരോ ദിനവും പുതിയ സമരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ പരസ്യമായി നിന്ന്് ഉയര്‍ന്നുവരുന്ന സമരങ്ങളില്‍ പങ്കെടുക്കുകയും പുതിയ സമരമുഖങ്ങള്‍ തുറക്കുകയുമാണ് നല്ലത്്. കുറച്ചുകൂടി നന്നായി കാര്യങ്ങള്‍ ചെയ്യാനാകും. മാത്രമല്ല ഞാന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഒളിവ് ജീവിതം ഒരു തടസ്സമാണ്.


പുതിയ രാഷ്ട്രീയ അന്വേഷവും പഠനവും എന്നതുകൊണ്ട് ഉദ്ദേശിച്ചത്? നിങ്ങള്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ നിന്ന് വഴിമാറി നടക്കാന്‍ തുടങ്ങുകയാണോ?

നിലവിലുള്ള നക്‌സലൈറ്റ്/മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ രീതികളോട് എനിക്ക് ചില വിയോജിപ്പുകളുണ്ട്. ആശയശാസ്ത്രപരമായും രാഷ്ട്രീയപരവും സംഘടനാപരവുമായൊക്കെ. പക്ഷേ, ഒരിക്കലും അതൊരു ശത്രുതാപരമായ സമീപനമല്ല. സൗഹാര്‍ദപരമാണ്. നിലവിലുള്ള സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയില്‍ ജനങ്ങളുടെ മുന്നേറ്റം സംഘടിപ്പിക്കുന്നതില്‍ പലപ്പോഴും നക്‌സലൈറ്റുകള്‍ പിന്നിലാവുന്നുണ്ട്. എന്തുകൊണ്ട് തങ്ങള്‍ പിന്നിലാവുന്നു എന്നതിന് വ്യക്തമായ കാരണം ചൂണ്ടിക്കാട്ടാന്‍ അവര്‍ക്കാവുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ മര്‍ദിത വിഭാഗത്തിന്റെ പ്രതിനിധിയാണ്. എനിക്കും എന്റെ ജനങ്ങള്‍ക്കും മുന്നേറിയേ മതിയാകൂ. അതുകൊണ്ട് തന്നെ ജനങ്ങളുടെ മുന്നേറ്റം സംഘടിപ്പിക്കുന്നതിന് ചില അന്വേഷണങ്ങളും പഠനങ്ങളും നടത്തേണ്ടതുണ്ട്.

നമുക്ക് രാഷ്ട്രീയത്തിലേക്ക് വരാം. അതിനുമുമ്പ് ചോദിക്കട്ടെ. എവിടെയായിരുന്നു നിങ്ങള്‍ ഇത്രയും കാലം?

ഞാനിവിടെത്തന്നെയുണ്ടായിരുന്നു (ചിരി). ജനങ്ങള്‍ക്കിടയില്‍ പരസ്യവും രഹസ്യവുമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സജീവമായി ഞാന്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഇക്കാലത്തൊക്കെ. ഞാനൊരു തട്ടിന്‍പുറത്തും കയറിയിരുന്നില്ല. അടിസ്ഥാന വര്‍ഗ-ജാതി വിഭാഗങ്ങള്‍ക്കിടയിലാണ് ഞാന്‍ നിലയുറപ്പിച്ചിരുന്നത്. വിവിധ ജില്ലകളിലെ ബഹുജന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു ഇക്കാലത്ത്.

എന്തുകൊണ്ടാവും ഇത്രയും കാലത്തിനിടയ്ക്ക് ഭരണകൂടത്തിന് നിങ്ങളെ പിടികൂടാന്‍ കഴിയാതിരുന്നത്?

'എല്ലാ പിന്തിരിപ്പന്‍മാരും കടലാസ് പുലികളാണ്' എന്ന് ആദ്യ ഇടപെടല്‍ നടത്തുമ്പോള്‍ 'അയ്യങ്കാളിപ്പട' പറഞ്ഞിരുന്നു. മാവോയിസ്റ്റ് വിലയിരുത്തലാണ് അത്. ജനങ്ങള്‍ സംരക്ഷിക്കുന്ന, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിപ്ലവ പ്രവര്‍ത്തകരെ പിടികൂടുക ഭരണകൂടത്തിന് എളുപ്പമല്ല. അതുകൊണ്ടാവണം അവര്‍ക്കെന്നെ പിടികൂടാന്‍ കഴിയാതിരുന്നത്.

അയ്യങ്കാളിപ്പടയ്ക്ക് പിന്നെ എന്തുസംഭവിച്ചു? ഇപ്പോള്‍ ഒന്നും കേള്‍ക്കാനില്ലല്ലോ?

അയ്യങ്കാളിപ്പട രൂപീകരിക്കപ്പെട്ടത്് അനീതിക്കെതിരെ കലാപം ചെയ്യുന്ന മാവോയിസ്റ്റ് യുവജന സംഘടനയായിട്ടാണ്. പരസ്യപ്രവര്‍ത്തനമാണ് രൂപീകരണഘട്ടത്തില്‍ ഞങ്ങള്‍ ലക്ഷ്യമിട്ടത്. പക്ഷേ ഭരണകൂടം അതിനെ പല രീതിയില്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. സ്വാഭാവികമായും അയ്യങ്കാളിപ്പട ഒരു യു.ജി. സംഘടനയായി മാറി. ഒരു ആക്ഷന്‍ സംഘമായി അതുമാറി. ഓരോ സമരത്തിനുശേഷവും ബഹുജനങ്ങള്‍ ഞങ്ങളുടെ അണിയിലേക്ക് വന്നുചേര്‍ന്നുകൊണ്ടിരുന്നു. പക്ഷേ, ഞങ്ങളുടെ സംഘടനാക്രമത്തില്‍ ബഹുജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലായിരുന്നു. തുടര്‍ന്ന് ബഹുജന പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തുന്നതിന് അയ്യങ്കാളിപ്പട തല്‍ക്കാലം നിര്‍ജീവമാക്കുന്നതാണ് നല്ലത് എന്ന തീരുമാനത്തില്‍ ഞങ്ങളെത്തി. മറ്റ് ബഹുജനസംഘടനാ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുക എന്ന ദൗത്യം അയ്യങ്കാളിപ്പടയിലുണ്ടായിരുന്നവര്‍ ഏറ്റെടുത്തു.


പക്ഷേ, ചിലപ്പോഴെങ്കിലും അയ്യങ്കാളിപ്പടയുടെ പ്രവര്‍ത്തനം അക്രമിസംഘത്തി നിലയിലേക്ക് താഴ്ന്നിരുന്നല്ലോ? ഉദാഹരണത്തിന് പണം തരാത്തതിന്റെ പേരില്‍ എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തെ ആക്രമിച്ചതുപോലുള്ള സംഭവത്തില്‍...

ഇല്ല. അയ്യങ്കാളിപ്പട നടത്തിയ സമരങ്ങളെല്ലാം അടിസ്ഥാന ജനങ്ങളുടെ താല്‍പര്യാര്‍ത്ഥം, അവര്‍ക്കുവേണ്ടി അവരുടെ പിന്തുണയോടെ നടത്തിയ സമരങ്ങളാണ്. നിങ്ങള്‍ ഉന്നയിച്ച ആക്രമണം നടന്നത് പണം തരാത്തതിന്റെ പേരിലല്ല. മറിച്ച് രണ്ട് സഖാക്കളെ പോലീസിന് ഒറ്റുകൊടുത്തതിനാണ്. ഒറ്റുകാരെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാനാവില്ല. അതുകൊണ്ടാണ് എറണാകുളം ജില്ലയിലെ അയ്യങ്കാളിപ്പട പ്രവര്‍ത്തകര്‍ അവരുടെ സ്വന്തം മുന്‍കൈയില്‍ ഒറ്റുകാരനെതിരെ സമരം നടത്തുന്നത്. അത് തെറ്റാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷേ, ഒരിക്കലും ഞങ്ങളുടെ സമരങ്ങള്‍ രാഷ്ട്രീയത്തെ മുറുകിപ്പിടിക്കാതെ നടന്നിട്ടില്ല. സ്ത്രീമര്‍ദകരെയും സാമ്രാജ്യത്വ സ്ഥാപനങ്ങളെയും ജനവിരുദ്ധരെയുമാണ് ഞങ്ങള്‍ ആക്രമിച്ചത്. മറിച്ച് ഒരു സംഭവം ചൂണ്ടിക്കാട്ടാന്‍ ഞാന്‍ ആരോപണം ഉന്നയിക്കുന്ന ആരെയും വെല്ലുവിളിക്കുന്നു.


പാലക്കട് കളക്ടറെ ബന്ദിയാക്കിയ നാലുപേര്‍ പിന്നീട് പലവഴിക്ക് പിരിഞ്ഞുപോയത് എന്തുകൊണ്ടാണ്?

അയ്യങ്കാളിപ്പടയുടെ രാഷ്ട്രീയസംവിധാനത്തിന് ചില പോരായ്മകളുണ്ടായിരുന്നു എന്ന് ഞാന്‍ നേരത്തെ പറഞ്ഞു. അണിയിലേക്ക് വന്നുചേര്‍ന്നുകൊണ്ടിരിക്കുന്ന ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധത്തില്‍ സംഘടന രാഷ്ട്രീയമായും സംഘടനാപരമായും ദുര്‍ബലമായി നിന്നത് ഞങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ സൃഷ്ടിച്ചു. അങ്ങനെ വന്നതുകൊണ്ട് രണ്ടുപേര്‍ മറ്റ് ബഹുജന സംഘടനകളിലേക്ക് പോയി. മറ്റൊരാള്‍ ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയില്‍ തുടര്‍ന്നു. പക്ഷേ എല്ലാവരും തന്നെ വിവിധ ബഹുജന രാഷ്ട്രീയ മേഖലകളില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സമരങ്ങള്‍ ചെയ്യുന്നുണ്ട്. അതൊരു വലിയ കാര്യമാണ്.


പാലക്കാട് കളക്ടറെ ബന്ദിയാക്കിയശേഷമുള്ള പതിനാല് വര്‍ഷങ്ങളെ നിങ്ങള്‍ എങ്ങനെ കാണും? രാഷ്ട്രീയമായി നിരാശനാണോ?

പാലക്കാട് നടത്തിയ ഇടപെടല്‍ ഞങ്ങളുടെ ഉള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന രോഷത്തിന്റെ തീവ്രമായ ബഹിര്‍ഗമനമായിരുന്നു. ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തെ വംശീയമായി ഇല്ലാതാക്കാനും അവരുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കാതിരിക്കാനും ഭരണകൂടവും ഇടതു-വലതു കക്ഷികള്‍ ശ്രമിക്കുമ്പോഴുള്ള മര്‍ദിതന്റെ രോഷമായിരുന്നു അത്. മര്‍ദിതന്റെ ബലപ്രയോഗമായിരുന്നു കലക്ടറെ ബന്ദിയാക്കല്‍. അതിനുശേഷമാണ് കേരളത്തില്‍ ആദിവാസി ഭൂ പ്രശ്‌നം സജീവവിഷയമാകുന്നത്. അത് കേവലം ആദിവാസികളുടെ വിഷയമല്ലെന്നും നമ്മുടെ തന്നെ പ്രശ്‌നമാണെന്നും മലയാളി തിരിച്ചറിയുന്നത് അതിനുശേഷമാണ്. കേരളത്തില്‍ ഭൂമസമരങ്ങള്‍ ശക്തമാകുന്നതും ഞങ്ങളുടെ ഇടപെടലിനെതുടര്‍ന്നാണ്. പക്ഷേ, ഞങ്ങള്‍ക്ക് ഉയര്‍ന്നുവന്ന അന്തരീക്ഷത്തെ ഗുണകരമാക്കാനോ നയിക്കാനോ ആയില്ല. അതില്‍ മാത്രാണ് നിരാശ. രാഷ്ട്രീയമായി നിരാശയോ കുറ്റബോധമോ ഒന്നുമില്ല.

ദളിതുകളുടെയും ആദിവാസികളുടെയും അവസ്ഥയില്‍ ഗുണകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നില്ലേ?

മാറ്റങ്ങളുണ്ട്. പക്ഷേ ഗുണകരമാണോ എന്നു പറയാനാവില്ല. ദളിതര്‍ക്കും ആദിവാസികളുമിപ്പോഴും ഭൂരഹിതരാണ്. ജാതിമര്‍ദനങ്ങള്‍ ഓരോ നിമിഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ദളിതരും ആദിവാസികളും സമരത്തിലേക്ക് വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നത്. സവര്‍ണ്ണരും ദളിതരും തമ്മിലും പണക്കാരനും പാവപ്പെട്ടവനും തമ്മില്‍ അന്തരം ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.വിയോജിപ്പുകളുടെ രാഷ്ട്രീയം


നമുക്ക് രാഷ്ട്രീയത്തിലേക്ക് പോകാം. എന്താണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ പൊതുവിലുള്ള അവസ്ഥ ?

നക്‌സലൈറ്റ് സംഘടന കേരളത്തില്‍ ഇപ്പോഴും ദുര്‍ബലമാണ്. വളരെ സാവധാനമാണ് നക്‌സലൈറ്റുകള്‍് ചലിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് വിപ്ലവം ആവശ്യമുണ്ട്. എന്നാല്‍ നക്‌സലൈറ്റുകള്‍ക്ക് അത് നടത്താന്‍ കഴിയാതെ വരുന്നു. അതിനു കാരണം രാഷ്ട്രീയപരമായ പോരായ്മകളാണ്. സാഹചര്യങ്ങ്െള വസ്തുനിഷ്ഠമായി വിലയിരത്തി സമൂര്‍ത്ത പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന് മുന്നോട്ട് പേകാന്‍ ആവും. ജനങ്ങളെ നയിക്കാനുമാവും. പക്ഷേ അതിനുള്ള യാതൊരു നടപടിയും സ്വീകരിക്കാതെ, പഴയ ലൈനുകള്‍ യാന്തികമായി തുടരുന്നതിനാല്‍ അവരിപ്പോഴും ദുര്‍ബലാവസ്ഥയില്‍ തന്നെ തുടരുന്നു.


നിങ്ങള്‍ നക്‌സലൈറ്റാണോ? നക്‌സലൈറ്റ് ആയിത്തുടരുമോ?

ഞാന്‍ ഇപ്പോള്‍ നക്‌സലൈറ്റ് ആണെന്നു പറയാം. നാളെ അങ്ങനെയായിരിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ഞാന്‍ കൂടി അംഗമായിരുന്ന സി.പി.ഐ എം.എല്‍ (നക്‌സല്‍ബാരി) ഇവിടുത്തെ സാമൂഹ്യവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ ആശയശാസ്ത്രത്തിലും രാഷ്ട്രീയ നയസമീപനങ്ങളിലും എത്രത്തോളം മാറ്റം വരുത്തും എന്നതിനെ ആശ്രയിച്ചുകൂടിയാണ് ഞാന്‍ നക്‌സലൈറ്റ് ആയിരിക്കുമോ അല്ലയോ എന്നു തീരുമാനിക്കപ്പെടുക.

മാവോയിസവുമായി വിയോജിക്കുന്നുവെന്നാണോ?

മാവോയിസവുമായി വിയോജിക്കുകയാണോ അതോ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുമായി വിയോജിക്കുകയാണോ എന്ന് എനിക്കുറപ്പില്ല. എന്നാല്‍ അടിസ്ഥാനപരമായി ചില മാറ്റങ്ങള്‍ നയങ്ങളിലും സമീപനങ്ങളിലും മാവോയിസ്റ്റുകള്‍ വരുത്തേണ്ടതുണ്ട്.


എന്തൊക്കെ പ്രശ്‌നങ്ങളിലാണ് നിങ്ങള്‍ക്ക് നിലവിലുള്ള നക്‌സലൈറ്റ്/മാവോയിസ്റ്റുകളോട് വിയോജിപ്പ്?

രാഷ്ട്രീയമായും സംഘടനാപരമായും ആശയ ശാസ്ത്രപരമായും പലകാര്യത്തില്‍ വിയോജിപ്പുണ്ട്. നക്‌സലൈറ്റുകള്‍ ഇപ്പോഴും വിപ്ലവത്തെ കാണുന്നത് കേവലം വര്‍ഗസമരമായിട്ടുമാത്രമാണ്. എല്ലാ പ്രശ്‌നങ്ങളും വര്‍ഗസമരത്തിലൂടെ പരിഹരിക്കപ്പെടുമെന്നാണ് അവരുടെ വിശ്വാസം. പക്ഷേ ജാതി/ലിംഗം/വംശീയത/ദേശീയ തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ഗസമരത്തിലൂടെ മാത്രം പരിഹരിക്കാനാവില്ല. വര്‍ഗസമരം പൂര്‍ത്തീകരിച്ചാലും ജാതി ഇവിടെ നിലനില്‍ക്കും. ജാതിയെ യാന്ത്രികമായിട്ടാണ് നക്‌സലൈറ്റുകള്‍ മനസ്സിലാക്കിയിട്ടുള്ളത്. ദളിത് രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്നതില്‍ നക്‌സലൈറ്റുകള്‍ പരാജയമാണ്. ഇന്ത്യയിലെ നക്‌സലൈറ്റുകളുടെ രാഷ്ട്രീയ പദ്ധതിയില്‍ തൊഴിലാളികളാണ് നേതൃത്വശക്തി. കര്‍ഷകര്‍ മുഖ്യസംഖ്യശക്തിയും. ദേശീയ ബൂര്‍ഷ്വാസിയും സഖ്യത്തിലുണ്ട്. പക്ഷേ ഈ സഖ്യശക്തികളെ വിലയിരുത്തുന്നതില്‍ തന്നെ ഗുരുതരമായ പോരായ്മയുണ്ട്. ഇന്ത്യയിലെ തൊഴിലാളിവര്‍ഗം എന്നത് ഏകശിലാ രൂപത്തിലുള്ള ഒന്നല്ല. അവര്‍ ജാതീയമായി വിഭജിക്കപ്പെട്ടിരിക്കുന്നു, വംശീയമായി വിഭജിക്കപ്പെട്ടിരിക്കുന്നു, ദേശീയമായി വിഭജിക്കപ്പെട്ടിരിക്കുന്നു. അംബേദ്കര്‍ മുമ്പ് പറഞ്ഞിട്ടുണ്ട് നിങ്ങള്‍ക്ക് ജാതിയെ നശിപ്പിക്കാതെ വിപ്ലവം നടത്താന്‍ സാധ്യമല്ല എന്ന്. അല്ലെങ്കില്‍ വിപ്ലവത്തിനുശേഷം നിങ്ങള്‍ക്ക് ജാതിയോട് കണക്ക് തീര്‍ക്കേണ്ടി വരും. ഇവിടെനൂറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തുന്നത് ബ്രാഹ്മണ്യ ആശയശാസ്ത്രമാണ്. അതിനെ പരാജയപ്പെടുത്തുകയും കണക്കുതീര്‍ക്കുകയും ചെയ്യണം. ബ്രാഹ്മണ്യ ആശയശാസ്ത്രത്തിനെതിരെ സമരം നയിച്ചില്ലെങ്കില്‍ അത് തൊഴിലാളിവര്‍ഗ ആശയശാസ്ത്രത്തെ അപകടപ്പെടുത്തും. പക്ഷേ ജാതിയുടേതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ മാവോയിസ്റ്റുകള്‍ ഇപ്പോഴും പിന്തുടരുന്നത് പഴയ ലൈനാണ്.


പഴയ ലൈനോ? ഒന്നുകൂടി വ്യക്തമാക്കാമോ?

നക്‌സലൈറ്റുകള്‍ ഇപ്പോഴും പിന്തുടരുന്നത് 1970 കളില്‍ ചാരുമജുംദാര്‍ ആവിഷ്‌കരിച്ച ലൈനാണ്. ജന്മിത്വത്തെ മുഖ്യ ശത്രുവായിട്ടാണ് അവര്‍ കാണുന്നത്. പക്ഷേ ഇന്ത്യയുടെ പുതിയ അവസ്ഥയില്‍ വന്ന മാറ്റങ്ങളെ അവര്‍ക്കൊരിക്കലും ഉള്‍ക്കൊള്ളാനായിട്ടില്ല. പുതിയ നൂറ്റാണ്ടിലെ പുതിയ അവസ്ഥകളെ സേവിക്കുന്നില്ല അവരുടെ രാഷ്്ട്രീയ നയ സമീപനം. ഉദാഹരണത്തിന് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ചൈനയെ മാവോ സേതുംഗ് അര്‍ദ്ധ നാടുവാഴിത്തം എന്നു വിശേഷിപ്പിച്ചതാണ് ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ ഇന്ത്യയെ പിന്തുടരുന്നത്. അവരിപ്പോഴും ഇന്ത്യയെ അര്‍ദ്ധ നാടുവാഴിത്ത രാജ്യമായാണ് വിശേഷിപ്പിക്കുന്നത്. നാടുവാഴിത്തം മുഖ്യ ചൂഷണവ്യവസ്ഥയാവുന്ന ഒരു സമൂഹത്തെയാണ് മാവോ അര്‍ദ്ധ നാടുവാഴിത്തം എന്നുവിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ സാമ്രാജ്യത്വ ചൂഷണത്തിന്റെയും ജനകീയ കലാപങ്ങളുടെയും ഫലമായി സാമുഹ്യയാഥാര്‍ത്ഥ്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. ഈ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് പുതിയ സമീപനം സ്വീകരിക്കുന്നതില്‍ വരുത്തിയ വീഴ്ചമൂലം ഇപ്പോഴും പ്രസ്ഥാനം പ്രതിസന്ധിയില്‍ ഉഴലുന്നു.
ഒരിക്കലും മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ആദിവാസി-ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ സ്ഥാപിക്കപ്പെട്ടില്ല. വ്യക്തികള്‍ നേതൃസ്ഥാനങ്ങളില്‍ വന്നിട്ടില്ല എന്നല്ല. ഒരു ആശയശാസ്ത്രമെന്ന നിലയില്‍ അവരെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ഒരു നയമോ സമീപനമോ മുന്നോട്ട് വയ്ക്കാനായില്ല എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. ഗദ്ദറുള്‍പ്പടെയുള്ളവര്‍ എന്തുകൊണ്ട് പാര്‍ട്ടിയുടെ ഭാഗമാകാതെ അകന്നു നില്‍ക്കുന്നു എന്ന് മാവോയിസ്റ്റുകള്‍ സ്വയം വിലയിരുത്തണം. പലഘട്ടത്തിലായി ദളിതരും ആദിവാസികളും നക്‌സലൈറ്റുകള്‍ക്കൊപ്പം ചേര്‍ന്നിരുന്നു. പക്ഷേ പിന്നീട് നക്‌സലൈറ്റ് രാഷ്ട്രീയ നയങ്ങളിലെ പേരായ്മകള്‍ തിരിച്ചറിഞ്ഞ് ബദല്‍ സംഘടനകള്‍ സംഘടിപ്പിച്ച് മുന്നേറിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാനാകും. യുറോ കേന്ദ്രീകൃതമായ കമ്യൂണിസ്റ്റ് വിപ്ലവങ്ങളുടെ വാര്‍പ്പ് മാതൃകയിലാണ് അവര്‍ ഇന്ത്യന്‍ വിപ്ലവത്തെ കാണുന്നത്. അതല്ല ഇന്ത്യന്‍ സാഹചര്യം. യൂറോപ്പ്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് ജാതിയെ നേരിടേണ്ടതില്ല. ദേശീയത വിഷയമല്ല. പക്ഷേ, ഇന്ത്യയില്‍ അതല്ല സ്ഥിതി. ഞാന്‍ വിശദമാക്കാം.
ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി ദളിതരെ വിലയിരുത്തിയത് കര്‍ഷകത്തൊഴിലാളികളായിട്ടാണ്. 70 കളിലെ നക്‌സലൈറ്റുകള്‍ അവരെ ഭൂരഹിത-ദരിദ്ര കര്‍ഷകരെന്നു വിളിച്ചു. പിന്നീട് സവിശേഷ വിഭാഗങ്ങള്‍ എന്ന നിലയിലായി പരിഗണന. പക്ഷേ ഒരിക്കലും വിപ്ലവത്തിന്റെ മുഖ്യ സാമൂഹ്യ ശക്തിയെന്ന നിലയില്‍ ദളിതര്‍ വിലയിരുത്തിയിട്ടില്ല. അവിടെയാണ് എനിക്ക് വിയോജിപ്പ്. ദളിതരും ആദിവാസികളും വിപ്ലവത്തിന്റെ മുഖ്യ സാമൂഹ്യശക്തിയാണ് എന്ന് നയം സ്വീകരിച്ച് ജാതിവിരുദ്ധ സമരങ്ങള്‍ ഏറ്റെടുക്കണം.


നിങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്ന പല പ്രശ്‌നങ്ങളും ഇരുപതുവര്‍ഷം മുമ്പ് 20 വര്‍ഷം മുമ്പ് കെ. വേണുവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഉന്നയിച്ചതാണ്. ആ തിരിച്ചറിവില്‍ എത്താന്‍ നിങ്ങള്‍ക്ക് ഇത്രയും കാലം വേണ്ടിവന്നോ്?


സി.ആര്‍.സി, സി.പി.ഐ (എം.എല്‍) ആണ് കേരളത്തില്‍ (ഒരു പക്ഷേ ഇന്ത്യയില്‍ തന്നെ) ആദ്യമായി ജാതി, ദേശീയ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കൊണ്ടുവന്നത്. അംബേദ്കറിന്റെ പ്രബോധനങ്ങളെ പുത്തന്‍ജനാധിപത്യ വിപ്ലവത്തില്‍ കണ്ണിചേര്‍ക്കുക എന്ന നയം അവര്‍ സ്വീകരിച്ചിരുന്നു. അതാണ് എന്നെപ്പോലുള്ളവരെ ഈ സംഘടനയുടെ നേതൃത്വ സമിതിയില്‍ തുടരാന്‍ പ്രേരിപ്പിച്ചത്. പക്ഷേ വേണുവിന്റെ പോക്ക് വലതുപക്ഷത്തേക്കാവുകയും പാര്‍ട്ടി പിരിച്ചുവിടപ്പെടുകയും ചെയ്തതോടെ ആ അന്വേഷണങ്ങള്‍ ഇല്ലാതായി. വേണുവിന്റെ വലതുപക്ഷ നയങ്ങള്‍ പ്രശ്്‌നമാണെന്നായിരുന്നു അന്ന് ധാരണ. പിന്നീട് അയ്യങ്കാളിപ്പടയുടെ ഇടപെടല്‍ നടന്നതോടെ ദളിതരുള്‍പ്പടെയുള്ള മര്‍ദിത ജനതകള്‍ അവരുടെ സ്വന്തം സംഘടന എന്ന നിലയില്‍ ഞങ്ങള്‍ക്കൊപ്പം ചേരാന്‍ തുടങ്ങി. അതുകൊണ്ട് തന്നെ എന്നെപ്പോലുള്ളവര്‍ കരുതിയത് ആ രീതിയില്‍ തന്നെ മുന്നേറാമെന്നാണ്. മര്‍ദിത ജനതകള്‍ ഒപ്പംചേര്‍ന്നതുകൊണ്ട് പുതിയ അന്വേഷണം നടത്തുന്നതില്‍ ചില വീഴ്ചകള്‍ ഞങ്ങള്‍വരുത്തി. പക്ഷേ ഒപ്പം വന്നവര്‍ പെട്ടന്ന് തന്നെ പിന്‍വാങ്ങി. കാരണം ഞങ്ങളുടെ രാഷ്ട്രീയത്തിലെ പോരായ്മകളാണ്. ദളിത് രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാന്‍ നക്‌സലൈറ്റുകള്‍ക്കാവുന്നില്ല എന്ന തിരിച്ചറിവിലാണ് ഞാനിപ്പോള്‍ എത്തിനില്‍ക്കുന്നത്. കുറച്ചുവൈകി എന്നതില്‍ വലിയ ഖേദം എനിക്ക് തോന്നുന്നില്ല. എന്തൊക്കെയാണെങ്കിലും ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന സി.പി.എം.(എം.എല്‍-നക്‌സല്‍ബാരിയാണ് ഇന്നുള്ള ഇന്നും നക്‌സലൈററ് പാര്‍ട്ടികളില്‍ ദളിത്, ദേശീയ പ്രശ്‌നങ്ങളില്‍ ശാസ്ത്രീയമായ ധാരണ വച്ചുപുര്‍ത്തുന്നതില്‍ കുറേയൊക്കെ ഭേദം. സി.പി.ഐ. മാവോയിസ്റ്റ് ഉള്‍പ്പടെയുള്ളവര്‍ വളരെ പിന്നിലാണ്. അതുകൊണ്ടാണ് ഞാന്‍ പാര്‍ട്ടിയില്‍ തുടര്‍ന്നത്.


ചുരുക്കത്തില്‍ എന്താണ് നിങ്ങളുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട്?

വിപ്ലവത്തിന്റെ മുഖ്യ സാമൂഹ്യശക്തി ഇവിടുത്തെ ദളിത്-ആദിവാസി വിഭാഗങ്ങള്‍ ആണെന്നാണ് എന്റെ നിലപാട്. അവരുടെ ബോധപൂര്‍വമായ നേതൃത്വം സാധ്യമാക്കാത്ത ഒരു വിപ്ലവ പ്രവര്‍ത്തനവും മുന്നോട്ട് പോവില്ല എന്നതാണ് എന്റെ നിലപാട്. അതുകൊണ്ട് തന്നെ അടിസ്ഥാന വര്‍ഗ-ജാതി വിഭാഗങ്ങളെ സംഘടിപ്പിക്കുകയും അവരെ വിപ്ലവത്തിന്റെ മുഖ്യ ശക്തിയായി വളര്‍ത്തിക്കൊണ്ടുവരാനുമാവും ശ്രമം. വര്‍ഗസമരത്തിന് സ്ത്രീകളുടെയും ദളിതരുടെയും മതന്യുനപക്ഷങ്ങളുടെയും ദേശീയ ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളണം. കേവമായി ഉള്‍ക്കൊണ്ടാല്‍ പോരാ, വൈരുദ്ധ്യങ്ങള്‍ പരിഹരിക്കുന്നവിധത്തില്‍ രാഷ്ട്രീയമായി ഏറ്റെടുക്കണം.


സായുധവിപ്ലവത്തിന്റെ രാഷ്ട്രീയമാണ് പാലക്കാട് കളക്ടറെ ബന്ദിയാക്കിയ സമരത്തിലുള്‍പ്പടെ നിങ്ങളുയര്‍ത്തിയത്. ഇപ്പോള്‍ സായുധവിപ്ലവ പാതയില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

ഏതൊരു തരം വിപ്ലവും, വ്യവസ്ഥിതിയുടെ മാറ്റവും ബലപ്രയോഗത്തിലൂടെയേ സാധ്യമാകൂ എന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. പക്ഷേ മാവോയിസ്റ്റുകളുടെ കേവല ധാരണയോട് ഞാന്‍ യോജിക്കുന്നില്ല. സായുധ ബലപ്രയോഗത്തിനനുകൂലമായ അന്തരീക്ഷം ഒരുക്കണം. ജനങ്ങളുടെ മുന്‍കൈയില്‍ സമരങ്ങള്‍ ഉണ്ടാവാണം. അതിന്റെ ഭാഗമായേ സായുധ വിപ്ലവം സാധ്യമാകൂ.


തെരഞ്ഞെടുപ്പ് ബഹിഷ്‌കരണമാണ് നക്‌സലൈറ്റുകളുടെ നിലപാട്. കുറഞ്ഞപക്ഷം മൂന്നു പതിറ്റാണ്ടായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെല്ലാം അത്തരമൊരു മുദ്രാവാക്യം ഉയര്‍ത്തിയിട്ടുണ്ട്. പാര്‍ലമെന്റി പാതയോടുള്ള സമീപനം എന്തായിരിക്കും?

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം എന്നതാണ് എന്റെ നിലപാട്. അതാണ് ശരിയായ രാഷ്ട്രീയ സമീപനം. പക്ഷേ, തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തെപ്പോലും യാന്ത്രികമായി കണ്ടുകൂടാ എന്നതാണ് നിലപാട്. സമരത്തിന്റെ വിവിധ ഘട്ടങ്ങളിലും മറ്റും നമ്മള്‍ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കണം. മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ഒരാള്‍ സമരത്തിന്റെ ഭാഗമായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. അതൊരു സമരത്തിന്റെ ഭാഗമാണ്. അങ്ങനെ വരുമ്പോള്‍ തെരഞ്ഞെടുപ്പുകളെ നമുക്ക് ഉപയോഗിക്കാനാവും. അത് ചെയ്യേണ്ടതുണ്ട്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് തന്നെയുള്ള വിയോജിപ്പിലേക്ക് താങ്കള്‍ എത്തിച്ചേരുമെന്ന് തോന്നുന്നല്ലോ?

ഇല്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഞാനെന്നും. അതാണെന്റെ അസ്ഥിത്വം. കമ്യൂണിസത്തിന് ബദലായി ഒന്നും തന്നെ ചൂണ്ടിക്കാട്ടാനാവില്ല. ഞാന്‍ ഉന്നയിക്കുന്നത് നക്‌സലൈറ്റ്/മാവോയിസത്തോടുള്ള എതിര്‍പ്പല്ല.. അവര്‍ പുതിയ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാത്തിലെ അമര്‍ഷവും രോഷവുമാണ് എനിക്കുള്ളത്. മാവോയിസ്റ്റുകള്‍ തങ്ങളുടെ നയസമീപനങ്ങളില്‍ മാറ്റം വരുത്തുകയാണെങ്കില്‍ എനിക്കതില്‍ തന്നെ തുടരുന്നതില്‍ സന്തോഷമേയുള്ളൂ.


ജാമ്യം എടുത്തു പുറത്തുവന്നശേഷം നിങ്ങളെന്തുചെയ്യാന്‍ പോകുന്നു. നിലവിലുള്ള ഏതെങ്കിലും ദളിത് സംഘടനകളില്‍ ചേരുമോ? അതോ പുതിയ സംഘടന ഉണ്ടാക്കുമോ?

പുറത്തുവന്നശേഷം അക്കാര്യങ്ങളില്‍ വ്യക്തത വരുത്തും. ഇക്കാലമത്രയും വിവിധ ദളിത് സംഘടനകളുമായും അവരുടെ സമരങ്ങളുമായും ഐക്യപ്പെട്ടു തന്നെയാണ് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. അവരുടെ മൂവ്‌മെന്റുകള്‍ക്ക് തടസ്സമാവാത്ത വിധത്തില്‍ അത്തരം സമരങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. പക്ഷേ പുറത്തുവന്നശേഷം സംഘടനകളെപ്പറ്റി വ്യക്തമായ ധാരണ രൂപീകരിച്ചശേഷമാവും എന്തെങ്കിലും തീരുമാനമെടുക്കുക.


നമുക്ക് അല്‍പം പിന്നിലോട്ട് പോകാം. നിങ്ങളെങ്ങനെയാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിലെത്തിയത്?

ദരിദ്രരും ദളിതരുമാണ് എന്റെ കുടുംബം. അച്ഛന്‍ ഗോപാലന്‍ കര്‍ഷകത്തൊഴിലാളിയായിരുന്നു.അപ്പര്‍ കുട്ടനാട്ടിലാണ് ജനിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികളാണ് പണ്ടുമുതലേ. നക്‌സലൈറ്റ് പ്രസ്ഥാനം വന്നപ്പോള്‍ കുടുംബം അപ്പാടെയാണ് അതിനോട് അനുഭാവഗ പുലര്‍ത്തിയത്. വിമോചനത്തിന് കമ്യൂണിസ്റ്റ് പ്രസ്ഥാനമേയുള്ളൂ എന്ന തിരിച്ചറിവാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചത്.


കുടുംബം?

ഭാര്യയും രണ്ടുമക്കളുമുണ്ട്. ഭാര്യ ഷീബ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തിരുവനന്തപുരത്തെ ലോകബാങ്ക് ഓഫീസ് തകര്‍ക്കുന്നതിലൊക്കെ പങ്കെടുത്തിട്ടുണ്ട്. മകനും മകളും കോളജില്‍ പഠിക്കുന്നു.


നിങ്ങള്‍ ഒളിവിലായിരുന്ന ഇക്കാലത്തെല്ലാം കുടുംബം എങ്ങനെ കഴിഞ്ഞു? പതിനാല്‌വര്‍ഷം മുമ്പ് നിങ്ങള്‍ ഒളിവില്‍ പോകുമ്പോള്‍ മക്കള്‍ ചെറിയ കുട്ടികളായിരുന്നല്ലോ?

എങ്ങനെ കുടുംബം കഴിഞ്ഞു എന്നതിന് പെട്ടെന്ന് ഒരു ഉത്തരം പറയാനാവില്ല. ഒളിവില്‍ പോകുമ്പോള്‍ മക്കള്‍ക്ക് ആറുവയസില്‍ താഴെയാണ് പ്രായം. വീട്ടില്‍ ഒരു തയ്യല്‍മെഷ്യന്‍ ഉണ്ട്്. ഭാര്യ ഷീബ തയ്ക്കും. അടുത്തുള്ള വീട്ടുകാര്‍ ചിലപ്പോള്‍ തയ്ക്കാനെന്തെങ്കിലും നല്‍കും. പിന്നെ ചില ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ സഹായം നല്‍കി. പിന്നെ മകന്‍ ചെറുപ്പം മുതലേ ചില പണിക്കുപോയി വിദ്യാഭ്യാസത്തിനുള്ള സാമ്പത്തികം കണ്ടെത്തുന്നു. അങ്ങനെ വീട് ഒരു വിധം കഴിഞ്ഞുപോകുന്നു.


നിങ്ങളുടെ വീട് കണ്ടുകെട്ടാന്‍ പോകുന്നതായി വാര്‍ത്തയുണ്ടായിരുന്നു? എന്താണ് ഇപ്പോഴത്തെ അവസ്ഥ?

വീട് ജപ്തിയിലാണ്. മൂന്നര സെന്റിലെ ചെറിയ കൂരയാണ് അത്. ഭാര്യയും മക്കളും പ്രായമായ അമ്മയും തെരുവിലിറങ്ങേണ്ട ഗതികേട് ഇതിനിടയില്‍ വന്നിരുന്നു. എന്റെ സ്വത്ത് കണ്ടുകെട്ടാന്‍ ഭരണകൂടം നീക്കം നടത്തിയപ്പോഴാണ്. നീതിബോധമുള്ള ജനങ്ങള്‍ ഉള്ളതുകൊണ്ടാണ് കുടുംബം വഴിയാധാരമാകാതിരുന്നത്.


Malayalam Vaarika
2010 March 5