Friday, July 23, 2010

നിങ്ങള്‍ ചോരയൊഴുകും നദി കണ്ടിട്ടുണ്ടോ?

അഭിമുഖം
ഡോ. ഇലിന സെന്‍/ബിജുരാജ്


'നക്‌സലൈറ്റ്' എന്നാരോപിച്ച് ഭരണകൂടം തടവറയില്‍ അടച്ച, ഛത്തീസ്ഗഢിലെ ജനകീയഡോക്ടര്‍ ഡോ. ബിനായക് സെന്നിന്റെ ഭാര്യയും മനുഷ്യാവകാശ-സാമൂഹ്യപ്രവര്‍ത്തകയും ഫെമിനിസ്റ്റുമായ ഡോ. ഇലിന സെന്‍ സംസാരിക്കുന്നു


മൂന്ന് ദശാബ്ദത്തിലേറെയായി, സമൂഹത്തിലെ മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്കൊപ്പം നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ചുവരികയാണ് ഡോ. ഇലിന സെന്‍. മനുഷ്യാവകാശ-സാമൂഹ്യ പ്രവര്‍ത്തക, ഫെമിനിസ്റ്റ്, അധ്യാപിക എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തയാണ് അവര്‍. 'നക്‌സലൈറ്റ്' ബന്ധമാരോപിച്ച് തടവറയില്‍ അടയ്ക്കപ്പെട്ട ഡോ. ബിനായക് സെന്നിന്റെ ഭാര്യയായ ഇലിന ഇപ്പോള്‍ അദ്ദേഹത്തിന്റെ ജയില്‍ മോചനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രാജ്യത്ത് ശക്തമായ മനുഷ്യാവകാശപ്രസ്ഥാനം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഛത്തീസ്ഗഢ് ആദിവാസി-ഖനിത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവന്ന ജനകീയ ഡോക്ടറും മനുഷ്യാവകാശ സംഘടനയായ പി.യു.സി.എല്‍. ദേശീയ വൈസ് പ്രസിഡന്റും ഛത്തീസ്ഗഢ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഡോ. ബിനായക് ഭരണകൂട അതിക്രമങ്ങളെയും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെയും തുറന്നു കാട്ടിയതോടെയാണ് 'നക്‌സലൈറ്റ്' ആവുന്നത്. ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിനെ നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ സന്ദര്‍ശിച്ചതും അദ്ദേഹത്തിന്റെ കൈയില്‍ ബാധിച്ച കാന്‍സറിന് ചികില്‍സാ സൗകര്യം ഒരുക്കിയതുമാണ് നക്‌സലൈറ്റ് ബന്ധത്തിന് ആരോപിക്കുന്ന 'തെളിവുകള്‍'. ഒന്നരവര്‍ഷത്തിലേറെയായി ജാമ്യം പോലും നിഷേധിക്കപ്പെട്ട് റായ്പൂര്‍ ജയിലില്‍ കഴിയുകയാണ് ബിനായക്.
1981ല്‍, ഛത്തീസ്ഗഢിലെ ഖനിത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ബിനായക് സെന്‍ എത്തുമ്പോള്‍ ഒപ്പം ഡോ. ഇലിനയുമുണ്ടായിരുന്നു. തൊഴിലാളികളുടെ നേരിട്ടുളള നിയന്ത്രണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന, ഏഷ്യയിലെ തന്നെ രണ്ടാമത്തെ ആശുപത്രിയായ, 'ഷഹീദ്'ആശുപത്രി അവരവിടെ പടുത്തുയര്‍ത്തി. ആ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ആദിവാസി വംശഹത്യ ഒരുപരിധിവരെ തടയപ്പെടുന്നത്. പിന്നീട്
,ഛത്തീസ്ഗഢില്‍ ചികിത്സാ സൗകര്യങ്ങളൊന്നുമില്ലാത്ത ഗ്രാമങ്ങളില്‍ വൈദ്യ സഹായം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന 'രൂപാന്തര്‍' എന്ന സംഘടനയ്ക്ക് ഇരുവരും കൂടി രൂപം കൊടുത്തു. ജാതി-മത-ലിംഗ മര്‍ദനങ്ങള്‍, വര്‍ഗീയത, ആണവായുധം തുടങ്ങിയവയ്‌ക്കെതിരെ പോരാടുന്ന ഡോ. ഇലിന, വാര്‍ധയിലെ മഹാത്മാഗാന്ധി അന്തരാഷ്ട്ര സര്‍വകലാശാലയില്‍ സ്ത്രീപഠന വിഭാഗത്തിന്റെ അധ്യക്ഷയാണ്. തൃശൂരില്‍ ഈ മാസമാദ്യം 'മഴവില്‍ ചലച്ചിത്രമേള' ഉദ്ഘാടനം ചെയ്യാനെത്തിയ അവര്‍, ബിനായകിനെപ്പറ്റി, ഛത്തീസ്ഗഢിലെ ഭരണകൂട അടിച്ചമര്‍ത്തലിനെപ്പറ്റി, തന്റെ നിലപാടുകളെപ്പറ്റി സംസാരിക്കുന്നു.എന്തുകൊണ്ട് ബിനായക് സെന്‍? അദ്ദേഹത്തെ എന്തിന് ഭരണകൂടം ജയിലിലടയ്ക്കണം?

ബിനായകിന്റെ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തിന് എന്നും തലവേദനയായിരുന്നു. ഛത്തീസ്ഗഢിലെ ആദിവാസി മേഖലകളില്‍ ബഹുരാഷ്ട്ര-കുത്തക കമ്പനികള്‍ക്കായി ഭരണവര്‍ഗ്ഗങ്ങള്‍ നടത്തുന്ന കുടിയൊഴിപ്പിക്കലുകളെയും അടിച്ചമര്‍ത്തലുകളെയും അദ്ദേഹം എതിര്‍ത്തു; മനുഷ്യാവകാശപ്രവര്‍ത്തകനെന്ന നിലയിലും പി.യു.സി.എല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറിയെന്ന നിലയിലും. ഭരണകൂടത്തിന്റെ കള്ളത്തരങ്ങള്‍ തുടര്‍ച്ചയായി പുറത്തുകൊണ്ടുവന്നു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം സംഭവിക്കുന്ന മരണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി. കസ്റ്റഡി മരണങ്ങളെക്കുറിച്ചും വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു. ഇതൊന്നും ഭരണകൂടത്തിന് ഇഷ്ടമായില്ല. 2007 മാര്‍ച്ച് 31 ന് സന്തോഷ്പൂരില്‍ 12 പേരെ നക്‌സലൈറ്റുകള്‍ എന്നു പറഞ്ഞു വെടിവച്ചുകൊന്നത് വ്യാജമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാറ്റിനുമുപരി, നക്‌സല്‍ വിരുദ്ധ മുന്നേറ്റം എന്ന പേരില്‍ ഭരണകൂടം നേരിട്ട് ആയുധവും പണവും കൊടുത്ത് പിന്തുണയ്ക്കുന്ന സല്‍വാജൂഢത്തിനെതിരെ ബിനായക് പ്രവര്‍ത്തിച്ചു. അതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചു. അതാണ് പ്രശ്‌നം.
കേസില്‍പ്പെടുത്തി തടവിലടച്ചാല്‍ ബിനായകിനെ നിശബ്ദമാക്കാമെന്നാണ് ഭരണകൂടം കരുതിയത്.


ഭരണകൂടം അതില്‍ വിജയിച്ചോ?

ഒരു പരിധിവരെ. ബിനായക് പുറത്തായിരുന്നുവെങ്കില്‍ ഛത്തീസ്ഗഢിലെ മനുഷ്യവാകാശ ലംഘനങ്ങള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നിലപാടുകള്‍ എടുക്കുമായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി കുറേയൊക്കെ ചെയ്യാനാകുമായിരുന്നു. നിര്‍ഭയനാണ് അദ്ദേഹം. ബിനായകിന്റെ അറസ്റ്റ് വഴി, ഭരണകൂടം ആഗ്രഹിച്ചില്ലെങ്കിലും മറ്റൊന്നു സംഭവിച്ചു. ഒരു പരിധിവരെ ഛത്തീസ്ഗഢിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്തു ചര്‍ച്ചചെയ്യാന്‍ ഇടയാക്കി.


ബിനായകിനെ ജയിലില്‍ കണ്ടിരുന്നോ?

ഞാന്‍ പഠിപ്പിക്കുന്നത് വാര്‍ധയിലാണ്. എല്ലാ ശനിയാഴ്ചയും മഹാരാഷ്ട്രയില്‍നിന്ന് റായ്പൂര്‍ ജയിലില്‍ എത്തി അദ്ദേഹത്തെ കാണാറുണ്ട്. പക്ഷേ, മുംബൈ ആക്രമണത്തിനുശേഷം സുരക്ഷാകാരണം പറഞ്ഞ് എങ്ങനെയെങ്കിലും കൂടിക്കാഴ്ച ഒഴിവാക്കാനാണ് ജയിലധികൃതരുടെ ശ്രമം. അടുത്ത ബന്ധുക്കളല്ലാത്ത ആരെയും കാണാന്‍ അനുവദിക്കുന്നില്ല. കൂടിക്കാഴ്ച കുറച്ചുനേരത്തേക്കുമാത്രമാണ്. അതും കടുത്ത നിരീക്ഷണങ്ങള്‍ക്ക് വിധേയമാണ്.


ജയിലില്‍ എന്താണ് ബിനായക് സെന്നിന്റെ അവസ്ഥ? അദ്ദേഹം എങ്ങനെ പ്രതികരിക്കുന്നു?

അദ്ദേഹം വളരെ സ്‌ട്രോംഗാണ്. കേസിനെപ്പറ്റിയും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും തികഞ്ഞ ബോധ്യം അദ്ദേഹത്തിനുണ്ട്. പക്ഷേ, നിരപരാധിയുടെ സ്വാഭാവികമായുള്ള ആന്തരിക കരുത്ത് അദ്ദേഹം പ്രകടിപ്പിക്കുന്നു. എനിക്ക് തോന്നിയത് ഒന്നും ചെയ്യാനാവാതെ, ജനങ്ങളില്‍ നിന്ന് അകന്ന് കഴിയേണ്ടി വരുന്നതിലെ അമര്‍ഷം അദ്ദേഹത്തെ വല്ലാതെ വേട്ടയാടുന്നുണ്ടെന്നാണ്. ഒരു കുലുക്കവും സംഭവിച്ചിട്ടില്ല. വ്യക്തിപരമായ കാര്യങ്ങളല്ല, കൂടിക്കാഴ്ചാ സമയത്തെ ചര്‍ച്ചാവിഷയം. മിക്കപ്പോഴും അത് സാമൂഹ്യ വിഷയങ്ങളാകും.
ജയിലില്‍ ബിനായകിന് 17 കിലോ ഗ്രാം തൂക്കം നഷ്ടപ്പെട്ടിരുന്നു. ഭക്ഷണം തീര്‍ത്തും മോശമാണ്. ബന്ധുക്കള്‍ കൊണ്ടുചെല്ലുന്ന ഭക്ഷണം പൊലീസുകാര്‍ കൊളളയടിക്കും ജയിലിന്റെ മേല്‍ക്കൂരയൊക്കെ ചോര്‍ന്നൊലിക്കുന്ന മട്ടിലാണ്. മുമ്പ് പൊലീസ് വീഡിയോ കോണ്‍ഫറന്‍സിംഗ് നിര്‍ദേശിച്ചിരുന്നു. പക്ഷേ ഞങ്ങള്‍ അതു നിരസിച്ചു. കാരണം ബിനായകിന് പിന്നീട് അഭിഷകരോടുപോലും നേരിട്ട് സംസാരിക്കാന്‍ കഴിയാതെ വരും.


എന്താണ് കേസിന്റെയും വിചാരണയുടെയും ഇപ്പോഴത്തെ അവസ്ഥ?

വളരെ സാവധാനം ഇഴഞ്ഞാണ് വിചാരണ നടക്കുന്നത്. വിചാരണ എന്നു തീരുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. കാരണം ഇതുവരെ അതൊരിടത്തും എത്തിയിട്ടില്ല. കേസില്‍ മൊത്തം 84 സാക്ഷികളാണുളളത്. ആദ്യഘട്ടത്തില്‍ 37 സാക്ഷികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ പൊലീസ് 47 സാക്ഷികളെ ചേര്‍ത്തുകൊണ്ട് പുതിയൊരു പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു. കോടതി മൊഴിയെടുത്ത സാക്ഷികള്‍ക്കാകട്ടെ ബിനായകിനെ പ്രതിയാക്കുന്ന തെളിവുകളൊന്നും നല്‍കാനുമായിട്ടില്ല. ഫെബ്രുവരി മുതല്‍ മാസത്തില്‍ നാലു തവണ വിചാരണ നടക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. കേസ് നടക്കുന്നത് ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് എന്നാണ് വയ്പ്പ്!!

യഥാര്‍ത്ഥത്തില്‍ എന്താണ് ഛത്തീസഢിലെ അവസ്ഥ?

ഛത്തീസ്ഗഡില്‍ നടപ്പാകുന്നത് ഭരണകൂടഭീകരതയാണ്; പൊലീസ്‌രാജാണ്. അവിടെ ആഗോള- അഖിലേന്ത്യാ കുത്തകകമ്പനികളുടെ വമ്പന്‍ വ്യവസായ പ്രൊജക്ടുകള്‍ക്കുവേണ്ടി ആദിവാസികളടക്കമുള്ള പാവപ്പെട്ട ആയിരക്കണക്കിന് പേരെ ബലമായി കുടിയൊഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മാവോയിസ്റ്റുകളെന്നാരോപിച്ച് വ്യാജ ഏറ്റുമുട്ടലുകളില്‍ നൂറുകണക്കിന് പേരെയാണ് കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്.
ആയിരത്തോളം പേരെ ബിനായകിനെ പോലെഅന്യായമായി തുറുങ്കിലടച്ചിട്ടുണ്ട്.
സല്‍വാജൂഢം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള ഗുണ്ടാസംഘത്തിന്റെ മുന്‍കൈയിലാണ് അടിച്ചമര്‍ത്തല്‍. സമാധാന പ്രചരണം എന്നറിയപ്പെടുന്ന സല്‍വാജൂഢത്തോടെയാണ് ഇവിടെ അക്രമം വര്‍ധിച്ചത്. കൊലപാതകങ്ങള്‍, ബലാല്‍സംഗങ്ങള്‍, വീടുകളും ഗ്രാമങ്ങളും ചുട്ടരിക്കല്‍ തുടങ്ങിയവയൊക്കെ ഈ സംഘത്തിന്റെ നേതൃത്വത്തില്‍ നിര്‍ബാധം നടക്കുന്നു. ജനങ്ങളുടെ സായുധ ചെറുത്തുനില്‍പ്പ് കൂടി ഉയര്‍ന്നുവന്നതോടെ ഛത്തീസ്ഗഢില്‍ ഭീകരാവസ്ഥയാണ്. സല്‍വാജൂഢംആദിവാസികളെ, തങ്ങളുടെ താമസസ്ഥലങ്ങളില്‍നിന്ന് കുടിയിറക്കി, തെരുവില്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലായി താമസിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷം രണ്ടുലക്ഷം പേരുടെയെങ്കിലും പലായനത്തിന് ഇടയാക്കിയിട്ടുണ്ട്.


ഛത്തീസ്ഗഢില്‍നിന്ന് കഴിഞ്ഞയാഴ്ച കേട്ട പ്രധാന വാര്‍ത്ത പത്തൊമ്പത് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ്...


ഞാനത് പറയാന്‍ തുടങ്ങുകയായിരുന്നു. ഛത്തീസ്ഗഢില്‍ കുറച്ചു ദിവസങ്ങള്‍ മുമ്പ് 19 പേരെ പൊലീസും സല്‍വാജൂഢവും കൂടി 'നക്‌സലൈറ്റുകള്‍' എന്നു പറഞ്ഞു കൊലപ്പെടുത്തിയിരുന്നു. കൊലപ്പെടുത്തിയവരെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. പക്ഷേ, തൊട്ടടുത്ത ദിവസം കൊല്ലപ്പെട്ടവര്‍ നക്‌സലൈറ്റുകളല്ല, ഗ്രാമീണരാണെന്ന് റിപ്പോര്‍ട്ട് വന്നു. 'തെഹല്‍ക' പോലുള്ള മാധ്യമങ്ങള്‍ നടത്തിയ അന്വേഷണങ്ങള്‍ യഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവന്നു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ നല്ല പങ്കും ഭരണകൂടം കെട്ടിച്ചമക്കുന്നതാണ്. നിരപരാധികളായ ആദിവാസികളെ കൊന്നാലും മാവോയിസ്റ്റുകള്‍ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് അവകാശപ്പെടും. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ഭരണകൂടം ആദിവാസികളെ ഇല്ലായ്മചെയ്യുകയാണ്. ഇന്ദ്രാവതി നദിക്കപ്പുറമുള്ള ബസ്തര്‍, ദാന്തെവാ
ഡെ ജില്ല മുഴുവന്‍ യുദ്ധക്കളമാണ്. ഏതുനിമിഷവും കൂട്ടക്കൊല നടക്കാം. വെടിയൊച്ചമുഴങ്ങാം. നദിയില്‍ മൃതദേഹങ്ങള്‍ പൊന്താം. ഭരണകൂടം ആദിവാസികളുടെ ചോര നിലയ്ക്കാതെ ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ഈ അവസ്ഥ പറഞ്ഞാല്‍ മനസ്സിലായിക്കൊള്ളണമെന്നില്ല. ആ അവസ്ഥ കണ്ടിട്ടില്ലല്ലോ. ആ മേഖല ഒന്നു സന്ദര്‍ശിച്ചാല്‍ ഞാന്‍ പറയുന്നതില്‍ തെല്ലും അതിശയോക്തിയല്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാവും.


ഭരണകൂട അടിച്ചമര്‍ത്തലിനെതിരെയുള്ള ജനകീയ മുന്നേറ്റങ്ങളുടെ അവസ്ഥ എന്താണ്?

ജനങ്ങള്‍ക്ക് ഭയമാണ്. കരിനിയമം മൂലം പൊലീസിന് ആരെയും അറസ്റ്റ് ചെയ്ത് വിചാരണ കൂടാതെ എത്രകാലം വേണമെങ്കിലും തടവിലിടാം. നക്‌സലൈറ്റുകള്‍ എന്നു പറഞ്ഞ് ആരെയും വെടിവെച്ചുകൊല്ലാം. അതിനാല്‍ തന്നെ ജനകീയ മുന്നേറ്റങ്ങളുടെ അവസ്ഥ അല്‍പം പിന്നാക്കമാണ്.
പ്രതിഷേധിക്കുന്നവരെയെല്ലാം ക്രൂരമായി അടിച്ചമര്‍ത്തും. ഛത്തീസ്ഗഢ് പ്രത്യേക പൊതു സുരക്ഷ നിയമം-2005, 2004 ലെ യു.എ.പി.എ. പോലുളള നിലവിലുളള കരിനിയമങ്ങള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നു. ഈ നിയമങ്ങള്‍ പിന്‍വലിക്കണം. വെളളത്തിന്റെ സ്വകാര്യവത്കരണം (ശിവോനാഥ് നദി), തൊഴില്‍ നിയമ ലംഘനം, ആദിവാസികളെ വെളളം, കാട്, ഭൂമി എന്നിവയില്‍ നിന്ന് കുടിയിറക്കല്‍, ഭൂ-ജല-മദ്യ മാഫിയകള്‍, കുത്തക-കരാര്‍ ബിസിനസുകാര്‍ എന്നിവയ്‌ക്കെതിരെയുളള പ്രതിഷേധങ്ങളാണ് അടിച്ചമര്‍ത്തുന്നത്. ഈ അടിച്ചമര്‍ത്തലുകളെയും മറികടന്ന് തൊഴിലാളികളും വൈദ്യമേഖലയില്‍ നിന്നുള്ളവരും ബിനായകിനുവേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു


ഛത്തീസ്ഗഢില്‍ അധികാരത്തിലുള്ള ഹിന്ദുവര്‍ഗീയ കക്ഷികള്‍ ആദിവാസികള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി താങ്കള്‍ മുമ്പ് ആരോപിച്ചിട്ടുണ്ട്...

ഉണ്ട്. മുഖ്യധാരാ സമൂഹത്തെ ജാതീയമായി വേര്‍തിരിക്കുന്നതിനൊപ്പം ആദിവാസി മേഖലയിലേക്ക് ഹിന്ദുവര്‍ഗ്ഗീയ കക്ഷികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ആദിവാസികളെ തമ്മിലടിപ്പിക്കുന്നതില്‍ വലിയൊരു പങ്ക് അവര്‍ക്കാണ്. സല്‍വാജൂഢത്തിന്റെ ഒരു നടത്തിപ്പുകാര്‍ അവരാണ്. സാംസ്‌കാരിക ബഹുസ്വരതയെയെയും തദ്ദേശീയമായ സംസ്‌കാരിക ധാരകളെ സംസ്‌കൃതഹിന്ദുയിസത്തിലേക്ക് സങ്കലനം ചെയ്യാനും ഹിന്ദുത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനും പുറത്ത് ഛത്തീസഗഢിന്റെ സംസ്‌കാരം തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്; തിളങ്ങുന്ന ഷോപ്പിംഗ് മാളുകളുടെയും ഉപഭോക്തൃത്വരയുടെയും കീഴില്‍.
ഏതു വിഷയത്തെയും 'ലോ ആന്‍ഡ് ഓര്‍ഡര്‍' പ്രശ്‌നമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബി.ജെ.പി. സര്‍ക്കാരിന്റെ ഭീകരവാഴ്ചയ്ക്ക് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും കൂട്ടുനില്ക്കുകയാണ്. മാവോയിസ്റ്റുകള്‍ ആക്രമിക്കുന്ന ഭൂമാഫിയാ-നാടുവാഴിത്ത വിഭാഗങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിക്കാരുമാണ് നല്ല പങ്കും. അതിനാല്‍ അവര്‍ പ്രതികാര മനോഭാവത്തോടെയാണ് അടിച്ചമര്‍ത്തലില്‍ ഏര്‍പ്പെടുന്നത്.മാവോയിസം, ഗാന്ധിസം, വിമോചനംമാവോയിസ്റ്റുകളോട് നിങ്ങള്‍ക്ക് അനുഭാവമുണ്ടോ?

ഞാനോ ബിനായകോ മാവോയിസ്റ്റുകളല്ല. അവരോട് പല കാര്യങ്ങളിലും വിയോജിപ്പുള്ളപ്പോള്‍ തന്നെ വിവിധ പ്രശ്‌നങ്ങളില്‍ അവര്‍ കൈക്കൊള്ളുന്ന നിലപാടുകളോട് യോജിപ്പുണ്ട്. പ്രശ്‌നാധിഷ്ഠിതമാണ് അത്. ഭൂമി അടിസ്ഥാന വര്‍ഗത്തിനു വിതരണം ചെയ്യണം പോലുള്ള അവരുടെ ചില മുദ്രാവാക്യങ്ങള്‍ ന്യായമാണ്. അടിസ്ഥാന വര്‍ഗത്തിനും ആദിവാസികള്‍ക്കുമൊപ്പമാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ ചില ആത്മാര്‍ത്ഥതയൊക്കെ നമുക്ക് കാണാനാകും.


പക്ഷേ, മാവോയിസ്റ്റുകളും ഛത്തീസ്ഗഢില്‍ ആദിവാസികളെ കൊല്ലുന്നുണ്ട്...?


ഉണ്ട്. അത് ദു:ഖകരമാണ്. സല്‍വാജൂഢം എന്ന പേരില്‍ ആദിവാസികള്‍ക്കെതിരെ ആദിവാസികളെ ഭരണകൂടം ആയുധമണിയിച്ചതോടെയാണ് നക്‌സലൈറ്റുകള്‍/മാവോയിസ്റ്റുകള്‍ ആദിവാസികളെ കൊല്ലാന്‍ തുടങ്ങിയത്. ജനങ്ങളുടെ ചെറുത്തുനില്‍പ്പിനെ പക്ഷേ ആ നിലയിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്വം ഭരണകൂടത്തിനാണ്.


എന്താണ് താങ്കളുടെ രാഷ്ട്രീയ നിലപാട്?

ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റാണ്. മാര്‍ക്‌സിസ്റ്റ് വര്‍ഗവിശകലന സിദ്ധാന്തത്തോടും രീതികളോട് യോജിപ്പുണ്ട്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകയൊന്നുമല്ല. സി.പി.എം പോലുള്ള പാര്‍ട്ടികളോട് ആഭിമുഖ്യവുമില്ല. ഒപ്പം ഗാന്ധിസത്തിന്റെ ചില വശങ്ങളോട് യോജിപ്പുണ്ട്. മാര്‍ക്‌സിസവും-ഗാന്ധിസവും തമ്മില്‍ ഗുണപരമായി യോജിപ്പിക്കുന്ന രാഷ്ട്രീയ രീതികളോട് എനിക്ക് താല്‍പര്യം.


പക്ഷേ, മാര്‍ക്‌സിസവും ഗാന്ധിസവും വ്യത്യസ്ത വര്‍ഗ്ഗ ധാരകളെ പ്രതിനിധീകരിക്കുന്നതിനാല്‍ തമ്മില്‍ യോജിപ്പിക്കാനാവില്ലെന്ന ഒരു വാദം നിലവിലുണ്ട്. ജാതിയുടെ തലത്തില്‍ ഗാന്ധിസം പിന്തിരിപ്പനാണെന്ന് ദളിതുകള്‍ ഉന്നയിക്കുന്നുണ്ട്...

അത് ശരിയായിരിക്കാം. ജാതിയുടെ കാര്യത്തില്‍ ഗാന്ധിസം പിന്തിരിപ്പനാണ്. പക്ഷേ, അതിനൊക്കെ അപ്പുറം അവ തമ്മില്‍ യോജിപ്പിക്കാനാവും. നിയോഗിജി (ശങ്കര്‍ ഗുഹാ നിയോഗി)യെപ്പോലുളളവര്‍ ഇത് കൂട്ടിയോജിപ്പിച്ച് കാണിച്ചു തന്നിട്ടുണ്ട്. ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയും ബിനായകുമെല്ലാം അത്തരം രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ജനങ്ങള്‍ ഇത്തരം മുന്നേറ്റങ്ങളോട് എന്നും താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.


ജാതിയുമായി ബന്ധപ്പെട്ട മേഖലകളില്‍ താങ്കള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. എന്താണ് ജാതി യുമായി ബന്ധപ്പെട്ട് താങ്കളുടെ നിലപാട്?

വ്യക്തിപരമായി ഞാനും എന്റെ കുടുംബവും ജാതിയെ മറികടന്നിട്ടുണ്ട്. പക്ഷേ, ജാതി എന്നും സങ്കീര്‍ണ്ണമായ പ്രശ്‌നമാണ്. ജാതിമര്‍ദനം നടക്കുന്നു എന്നത് വസ്തുതയാണ്. ജാതിയില്ലാത്ത ലോകമാണ് നമ്മളാഗ്രഹിക്കുന്നത്. ജാതി നിര്‍മാര്‍ജനം സമൂഹത്തെ മൊത്തത്തില്‍ മാറ്റുന്ന വര്‍ഗസമരവുമായി കണ്ണിചേര്‍ന്നേ സാധ്യമാകൂ. ജാതി, വര്‍ഗ്ഗമായും ലിംഗവുമായെല്ലാം കെട്ടുപിണഞ്ഞുകിടക്കുന്നുണ്ട്. ജാതിയെ മാത്രം വേര്‍തിരിച്ചെടുത്ത് പരിഹരിക്കാനാവുമെന്ന് കരുതുന്നത് മണ്ടത്തരമാണ്.


ജാതി വിരുദ്ധ- ദളിത് മുന്നേറ്റങ്ങളുടെ അവസ്ഥ പൊതുവില്‍ എന്താണ്?

ഞാന്‍ പ്രവര്‍ത്തിക്കുന്നത് മഹാരാഷ്ട്രയിലാണ്. ജാതിമര്‍ദ്ദനങ്ങള്‍ കൂടുതലായി നടക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് അത്. ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ ഇവിടെ സജീവമാണെങ്കിലും തികച്ചും വിഭാഗീയമായിട്ടാണ് നടക്കുന്നത്. അതാണ് ദു:ഖകരം. അതായത് മൊത്തം സമൂഹത്തിന്റെ പ്രശ്‌നത്തില്‍ നിന്ന് അടര്‍ത്തിമാറ്റി പരിഹരിക്കാനാണ് ശ്രമം. അങ്ങനെ ജാതി നിര്‍മാര്‍ജനമോ ജാതിമര്‍ദനം അവസാനിപ്പിക്കാനോ സാധ്യമല്ല. ദളിത്‌വാദികള്‍ അംബേദ്കറെപ്പോലും കാണുന്നത് വിഭാഗീയമായിട്ടാണ്. അദ്ദേഹം സോഷ്യലിസ്റ്റായിരുന്നു. നമ്മുടെ ഭരണഘടന സോഷ്യലിസ്റ്റ്-സെക്കുലര്‍ആയി നിര്‍വചിക്കുന്നതും അദ്ദേഹമാണ്. പക്ഷേ ഈ വശം അവര്‍ കാണില്ല. മറിച്ച് ജാതിമര്‍ദ്ദനത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ മാത്രം മുഖ്യമായി എടുക്കുന്നു. ജാതിപ്രശ്‌നം തങ്ങളുടെ വിഷയം മാത്രമാണെന്നും തങ്ങള്‍ തന്നെ പരിഹരിച്ചോളാമെന്നുമാണ് ചില ദളിത് പക്ഷക്കാരുടെ വാദം. അവര്‍ക്ക് വര്‍ഗസമരത്തോട് യോജിപ്പില്ല. അതിനോടെനിക്ക് യോജിപ്പില്ല.വര്‍ഗസമരം ഉന്നയിക്കുന്ന കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ജാതിയെ മുഖ്യമായി കണ്ടിട്ടില്ല എന്നതും വിഷയമാണ്...

അതെ. അത് മറ്റൊരു വശമാണ്. അതിനോട് എനിക്ക് വിയോജിപ്പുണ്ട്. ജാതിയെ പ്രധാന വിഷയമായിതന്നെ എടുത്ത് കമ്യൂണിസ്റ്റുകള്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തണം. വര്‍ഗ്ഗസമരവുമായി അതിനെ ബന്ധിപ്പിക്കണം. കമ്യൂണിസ്റ്റുകള്‍ ഗൗരവമായി ജാതിയെ എടുക്കാത്തതിനാല്‍ ദളിതര്‍ അവരില്‍ നിന്ന് അകന്നുമാറുന്നു എന്ന യാഥാര്‍ത്ഥ്യം അവര്‍ ഇനിയെങ്കിലും തിരിച്ചറിയാണം. വര്‍ഗ്ഗസമരത്തിലൂടെ താനേ ജാതിയും ജാതിമര്‍ദനവും ഇല്ലാതാകുമെന്ന് കമ്യൂണിസ്റ്റുകാര്‍ കരുതരുത്.


സ്ത്രീ വിമോചനത്തെയും വര്‍ഗ്ഗസമരത്തിന്റെ തലത്തില്‍ നിന്നാണോ നോക്കിക്കാണുന്നത്?

സ്ത്രീ സമത്വം വേണം. അവര്‍ക്ക് മോചനം വേണം. പുരുഷാധിപത്യത്തില്‍ നിന്ന് സ്ത്രീകള്‍ മോചിതരാവണം. അടിച്ചമര്‍ത്തല്‍ നേരിടാത്ത ഒരു ലോകം സാധ്യമാക്കണം. അതുപക്ഷേ, വര്‍ഗ്ഗസമരവുമായി കണ്ണിചേരുന്നതിലൂടെയേ സാധ്യമാകൂ. ജാതി നിര്‍മാര്‍ജനം പോലെ, പരിസ്ഥിതി പ്രശ്‌നങ്ങള്‍പോലെ സ്ത്രീയുടെ പ്രശ്‌നങ്ങള്‍ മൊത്തം പ്രശ്‌നങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റി പരിഹരിക്കാനാവില്ല. സ്ത്രീകളുടെ വിഷയം സ്ത്രീയുടേതുമാത്രമല്ല, അത് ജാതിയുമായും, പരിസ്ഥിതിയുമായും, തൊഴിലാളികളുടേതുമായുമൊക്കെ കൂടിച്ചേര്‍ന്ന് കെട്ടുപിണഞ്ഞതാണ്. സ്ത്രീയുടെ മോചനവും സമൂഹത്തെ മൊത്തം മാറ്റിമറിക്കുന്ന വിപ്ലവുമായി ചേര്‍ന്നേ സാധ്യമാവൂ. എന്നാല്‍ സ്ത്രീകളുടെ പ്രശ്‌നം സവിശേഷ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം.


നേരത്തെ ശങ്കര്‍ ഗുഹാ നിയോഗിയെപ്പറ്റി പറഞ്ഞു. അദ്ദേഹം നേതൃത്വം കൊടുത്ത ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

നിയോഗിയുടെ മരണത്തിനുശേഷം ഛത്തീസ്ഗഢ്മുക്തിമോര്‍ച്ച പലതരം ഉയര്‍ച്ച താഴ്ചകളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാനപരമായി അത് ഒരു ട്രേഡ്‌യൂണിയന്‍ പ്രസ്ഥാനമാണ്. ഖനിത്തൊഴിലാളികളുടെ പല ന്യായമായ അവകാശങ്ങളും നേടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി പുതിയതായി തൊഴിലാളികളെ ഖനിമേഖലയില്‍ ജോലിക്ക് എടുക്കുന്നില്ല. മാത്രമല്ല പുതിയതായി കടന്നുവരുന്ന വ്യവസായങ്ങളില്‍ സംഘടന കെട്ടിപ്പടുക്കുന്നതില്‍ പലതരം വിഷമങ്ങളുണ്ട്. ഛത്തീസ്ഗഢ് സംസ്ഥാനം വേണമെന്നെക്കെ ആദ്യം ആവശ്യപ്പെടുന്നത് ആ സംഘടനയാണ്. പുതിയ വെല്ലുവിളികളെ സംഘടന എങ്ങനെ നേരിടുന്നു എന്നതനുസരിച്ചായിരിക്കും ഭാവി.

സംഘടനയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പിളര്‍പ്പും പ്രശ്‌നമല്ലേ?

അതെ. ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയുടെ വളര്‍ച്ചയ്ക്ക് നിയോഗിയെപ്പോലുള്ള നേതൃത്വത്തിന്റെ അഭാവം തടസ്സമായി. സംഘടനയില്‍ ഉണ്ടായ പിളര്‍പ്പുകളെല്ലാം ആശയങ്ങളുടെ പേരിലാണ്. പുതിയ കാലത്തിലെ വെല്ലുവളികളെ എങ്ങനെ നേരിടണമെന്ന പ്രശ്‌നത്തിന്റെ പേരിലാണ് പിളര്‍പ്പുകള്‍. പിളര്‍ന്നുപോയവരും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് ജനകീയ പ്രശ്‌നങ്ങളുയര്‍ത്തി സമരം സംഘടിപ്പിക്കുന്നുണ്ട്. മനുഷ്യാവകാശ ലംഘനത്തിനെതിരെ ഏറ്റവും ശക്തമായ പ്രവര്‍ത്തനം നടത്തുന്നവരില്‍ ഒരു വിഭാഗം ഛത്തീസ്ഗഢ്മുക്തിമോര്‍ച്ചയാണ്. അവര്‍ ബിനായകിനുവേണ്ടി പ്രകടനവും ധര്‍ണകളും സംഘടിപ്പിച്ചിരുന്നു.'മാവോയിസ്റ്റ്' ബന്ധവും അറസ്റ്റുംബിനായക് സെന്നിനെ എപ്പോഴാണ് ആദ്യം കാണുന്നത്്?

എഴുപതുകളുടെ ആദ്യമാണ് ബിനായകിനെ കാണുന്നത്. അടുത്തു പരിചയാമാകുന്നത് 1973ല്‍ ജബല്‍പൂരില്‍ വച്ചാണ്. പശ്ചിമ ബംഗാളില്‍ തന്നെയാണ് ഞങ്ങളിരുവരുടെയും വീട്. പിന്നീട് അദ്ദേഹം വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ ഞാനും അങ്ങോട്ടേക്കു മാറി. ഞാന്‍ കാണുമ്പോഴും പരിചയപ്പെടുമ്പോഴുമെല്ലാം മനുഷ്യസ്‌നേഹം എന്ന വലിയ ആശയത്തില്‍ പ്രചോദിതമായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. വൈദ്യശാസ്ത്രം പഠിച്ചതു തന്നെ പാവപ്പെട്ടവരെ സഹായിക്കാനായിട്ടാണ്.


ജെ.എന്‍.യു.വിലെ അധ്യാപക ജോലി രാജിവച്ച് ബിനായക് ഛത്തീസ്ഗഢിലേക്ക് പോകുന്നതിനെ എങ്ങനെയാണ് ഭാര്യ എന്ന നിലയില്‍ താങ്കള്‍ സമീപിച്ചത്?


ബിനായകിനെ എനിക്ക് ശരിക്കുമറിയാം. അദ്ദേഹത്തിന് ജീവിതവും വൈദ്യശാസ്ത്രവും പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. ഞങ്ങള്‍ തമ്മിലുള്ള മുഖ്യയോജിപ്പിന് സാമൂഹ്യസേവനത്തിന്റേതായ തലമുണ്ടായിരുന്നു എന്നും.
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്ന് ബിരുദമെടുത്തയുടന്‍ ഇംഗ്ലണ്ടില്‍ എം.സി.ആര്‍. പിക്ക് പോകാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയിരുന്നു. അത് അദ്ദേഹം തള്ളിക്കളഞ്ഞു.നമ്മുടെ രാജ്യത്ത് വൈദ്യസേവനം ചെയ്യാനുളള വിജ്ഞാനം മുഴുവന്‍ നമ്മുടെ നാട്ടില്‍നിന്നു തന്നെ ആര്‍ജിക്കണം എന്നായിരുന്നു ബിനായകിന്റെ നിലപാട്. ശിശുചികിത്സയില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം ജെ.എന്‍.യുവില്‍ അസിസ്റ്റന്റ് പ്രൊഫസറായി ചേര്‍ന്നത് പി.എച്ച്ഡി എടുക്കണമെന്ന് കരുതിയാണ്. പക്ഷേ അതുപക്ഷേിച്ചത്, ഹോഷംഗാദിലെ (മധ്യപ്രദേശ്) ക്ഷയരോഗാശുപത്രിയിലാണ് തന്റെ സേവനം കൂടുതല്‍ ആവശ്യമെന്ന് തോന്നിയതുകൊണ്ടാണ്. സ്വതന്ത്ര തൊഴിലാളി യൂണിയന്‍ നേതാവായ ശങ്കര്‍ ഗുഹാ നിയോഗിയുമായി അക്കാലത്താണ് ബിനായകിന് ബന്ധം ഉണ്ടാവുന്നത്. ഭിലായിലെ ഉരുക്കു ഫാക്ടറികളിലും ദല്ലി രജ്ഹാരയിലെയും നന്ദിനിയിലെയും ഖനികളിലും പണിയെടുത്തിരുന്ന പാവങ്ങളുടെ ജീവിതപ്പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കാനും സാമൂഹിക വിപത്തുകള്‍ക്കെതിരെ സംഘടിക്കാനും നിയോഗി, ബിനായകിനെ ക്ഷണിച്ചു. അദ്ദേഹം അവിടെയെത്തി ആരോഗ്യകേന്ദ്രം തുടങ്ങി. മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി തൊഴിലാളികളാല്‍ നടത്തപ്പെട്ട സ്ഥാപനമായിരുന്നു അത്. ആരോഗ്യകേന്ദ്രം കുറഞ്ഞ നാളിനുളളില്‍ 25 കിടക്കകളും കിടത്തിച്ചികിത്സാ സൗകര്യമുളള ആശുപത്രിയായി മാറി. പറഞ്ഞുവന്നത്, ബിനായകിന് ഇത്തരം പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ ജീവിക്കാനാവില്ല. ഒരിക്കലും ലളിതജീവിതമല്ലാതെ മറ്റൊന്നു തിരഞ്ഞെടുക്കാനാവില്ല. ബിനായകിന്റെ ഇത്തരം ഒരു നടപടിയെയും ഞാന്‍ എതിര്‍ത്തിട്ടില്ല. പിന്തുണച്ചിട്ടേയുള്ളൂ. ജനങ്ങള്‍ക്കൊപ്പമല്ലാത്ത മറ്റൊരു ജീവിതം ഞാനും ഇഷ്ടപ്പെടുന്നില്ല.


എങ്ങനെയാണ് ഡോ. ബിനായക് സെന്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് നാരായണ്‍ സന്യാലുമായി ബന്ധപ്പെടുന്നത്?

ഒരു മാവോയിസ്റ്റ് നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടതായി പി.യു.സി.എല്ലിന് 2005 ഡിസംബര്‍ വിവരം കിട്ടി. പി.യു.സി.എല്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ബിനായക് ആഭ്യന്തര സെക്രട്ടറിയുമായി ബന്ധപ്പെട്ടു. കുറച്ചുദിവസത്തിനുശേഷം മന്ത്രി ആന്ധ്രാപൊലീസ് നാരായണ്‍ സന്യാല്‍ എന്ന മാവോയിസ്റ്റ് നേതാവിനെ അറസ്റ്റ് ചെയ്തിട്ടിണ്ടുവെന്ന് അറിയിച്ചു. കൂടുതല്‍ വിവരം ഒന്നും ലഭ്യമായിരുന്നില്ല. സന്യാലിന്റെ സഹോദരന്‍ ബിനായകുമായി ബന്ധപ്പെട്ട് നാരായണ്‍ സന്യാല്‍ എവിടെയുണ്ടെന്ന് അറിയണമെന്ന് അഭ്യര്‍ത്ഥിച്ചു. 2006 ജനുവരി ഒന്നിന് അദ്ദേഹം ബിലാസ്പൂരിലെത്തി ഹേബിയസ് കോര്‍പസ് നല്‍കി. ഛത്തീസഗഢ് പൊലീസ് തങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്ന് അറിയിച്ചു. പക്ഷെ ആന്ധ്രാപൊലീസ് തങ്ങള്‍ നാരായണ്‍ സന്യാലിനെ ദാണ്ഡെവാഡെ അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയതായി അറിയിച്ചു. പിന്നീട്, സന്യാലിന്റെ കൈയ്ക്ക് ഗുരുതരമായ കാന്‍സര്‍ ബാധിച്ചതിനാല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ബിനായക് ജയിലില്‍ ചെല്ലുന്നത്. ജയിലധികാരികളുടെ രേഖാമൂലമുള്ളഅനുവാദത്തോടെയാണ് ജയിലില്‍ ബിനായകിനെ കാണുന്നത്. പിന്നീട് ഇത് 'നക്‌സലൈറ്റ് ബന്ധ'മായി പൊലീസ് വ്യാഖ്യാനിച്ചു. ശസ്ത്രക്രിയ അവസാനം ജയിലിനു പുറത്തുവച്ചു വിജയകരമായി നടത്തി.


അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് എങ്ങനെയാണ്?

സന്യാലിന് വസ്ത്രവും അഭിഭാഷകനു പണവുമായി എത്തിയിരുന്ന സഹോദരന്‍, 2006 ഒടുവില്‍ ഹൃദയ സ്തംഭനം ഉണ്ടായതിനാല്‍ പിന്നീട് വന്നില്ല. പകരം കൊല്‍ക്കത്തയിലെ വ്യാപാരിയായ പിയൂഷ് ഗുഹയാണ് എത്തുന്നത്. 2007 മെയ് ഒന്നിന് ബിനായക് ബിലാസ്പൂരിലെ തന്റെ ക്ലിനിക്കില്‍ ഉണ്ടായിരുന്നു. രാത്രി 8 ന് അദ്ദേഹം പിയൂഷ് ഗുഹയെ കാണാന്‍ ഹോട്ടലില്‍ പോയി. മുറി അടച്ചിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഗുഹ പുറത്തുപോയിരിക്കുകയാണെന്നും വൈകാതെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. ബിനായക് രാത്രിഭക്ഷണം കഴിക്കാന്‍ പുറത്തേക്കുപോയി. പക്ഷേ, തിരിച്ചെത്തിയപ്പോള്‍ ഗുഹ ഒന്നും സൂചിപ്പിക്കാതെ ഹോട്ടല്‍ വിട്ടുപോയതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ബിനായക് അദ്ദേഹത്തെ തിരഞ്ഞെങ്കിലും കണ്ടില്ല. പിയൂഷ് ഗുഹയെ പോലീസ് പിടികൂടി. അദ്ദേഹത്തില്‍ നിന്ന് ലഭിച്ച സന്യാലിന്റെ കത്തുകള്‍ ബിനായക് ജയിലില്‍ നിന്ന് കടത്തിക്കൊണ്ടുവന്നു എന്നതായിരുന്നു ആരോപണം. പക്ഷേ, അതിന് ഒരു തെളിവും ഇതുവരെ ഹാജരാക്കാനായിട്ടില്ല. മാത്രമല്ല പറയുന്ന കത്തുകളില്‍ നിയമവിരുദ്ധമായ എന്തെങ്കിലും ഉള്ളതായി പൊലീസ് പറയുന്നില്ല. രസകരമായ വസ്തുതയെന്തെന്നാല്‍ ബിനായകും പിയൂഷ് ഗുഹയും തമ്മില്‍ കാണാതെ എങ്ങനെയാണ് കത്തുകള്‍ കൈമാറുക?


പക്ഷേ, ബിനായക് കൊല്‍ക്കത്തയില്‍നിന്ന് മടങ്ങിയെത്തുമ്പോഴായിരുന്നല്ലോ അറസ്റ്റ്?


2007 ഏപ്രില്‍ 30 ന് ഞാന്‍ മക്കള്‍ക്കൊപ്പം കൊല്‍ക്കത്തയില്‍ ബിനായകിന്റെ അമ്മയെ കാണാന്‍ പോയി. ബിനായക് മെയ് രണ്ടിന് അവിടെ എത്തണം. ഇത് വളരെ മുമ്പേ പദ്ധതിയിട്ട ഒരു കുടുംബ ഒത്തുചേരലായിരുന്നു. പിയൂഷ് ഗുഹയെ ഹോട്ടലില്‍ തെരഞ്ഞിട്ട് കാണാതായ ദിവസം ബിനായക് കൊല്‍ക്കത്തയിലേക്ക് പോന്നു. മെയ് 4ന് ഗുഹയുടെ ഭാര്യ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് അറിയിച്ചു. ഗുഹയെ മെയ് ഒന്നുമുതല്‍ കാണാനില്ലായിരുന്നെങ്കിലും ഛത്തീസ്ഗഢ് പി.യു.സി.എല്‍ പൊലീസില്‍ അറിയിക്കുന്നത് മെയ് അഞ്ചിനാണ്.
മെയ് 9 ന്, റായ്പൂരില്‍ നിന്ന് സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ച് ഡോ. സെന്നും കുടുംബവും കൊല്‍ക്കത്തയില്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലീസ് പ്രചരിപ്പിക്കുന്നതായി അറിയിച്ചു. ഇക്കാര്യത്തില്‍, ബിനായകിന്റെ അഭിഭാഷകന്‍ സുധ ഭരദ്വാജ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാന്‍ ഉപദേശം നല്‍കി. അതിനായി ബിനായക് മെയ് 14 ന് ബിലാസ്പൂരില്‍ എത്തി. അന്നേദിവസം മൊഴിയെടുക്കാനെന്നു പറഞ്ഞ്, സുധ ഭരദ്വാജിന്റെ ഓഫീസില്‍ നിന്ന് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റുചെയ്യുകയായിരുന്നു.


എന്താണ് ഈ കേസില്‍ പൊലീസ് പറയുന്ന തെളിവുകള്‍?

ഇതുവരെ ഒരു തെളിവും പൊലീസ് സമര്‍പ്പിച്ചിട്ടില്ല. മെയ് 16 ന് പൊലീസ് ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റ് തെരച്ചില്‍ നടത്താന്‍ എത്തി. ഞാന്‍ അവിടെയുണ്ടായിരുന്നില്ല. വീട്ടുടമ ഞാനാണ്. പൊലീസ് വീട് സീല്‍ ചെയ്തു. ഞാന്‍ മെയ് 16 ന് എത്തി. നിഷ്പക്ഷനായ ഒരു സാക്ഷി നിര്‍ബന്ധമായും പൊലീസ്‌തെരച്ചില്‍ സമയത്തുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ കോടതിയില്‍ ഹര്‍ജി നല്‍കി. സ്വതന്ത്ര സാക്ഷികളെ അനുവദിച്ചുകൊണ്ടുളള ഉത്തരവ് എനിക്ക് ലഭിച്ചതിനെ തുടര്‍ന്ന് മെയ് 19 ന് പൊലീസ് തെരച്ചില്‍ നടത്തി. കമ്പ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്‌ക് പൊലീസ് എടുത്തുകൊണ്ടുപോയി. അത് ഹൈദരാബാദില്‍ പരിശോധിച്ചു. ജൂണ്‍ 16 ന് അതിന്റെ ഫലം വന്നെങ്കിലും പുറത്തുവിട്ടില്ല. ഒടുവില്‍ കമ്പ്യുട്ടറില്‍ നിയമവിരുദ്ധമായതൊന്നുമില്ലെന്ന് വ്യക്തമായി. അറസ്റ്റിനുശേഷം 89 -ാം ദിവസമാണ് കുറ്റപത്രം നല്‍കിയത്. തൊണ്ണൂറുദിവസമാണ് പരിധി. ഞങ്ങളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സന്യാലിന്റെ പോസ്റ്റ്കാര്‍ഡുകള്‍ പി.യു.സി.എല്‍.സെക്രട്ടറിക്ക് അദ്ദേഹം ജയില്‍ അധികൃതരുടെ അനുമതിയോടെ അയച്ചവയാണ്. വീട്ടില്‍ നിന്ന് കണ്ടെടുത്ത പത്ര-മാസികകളാകട്ടെ നിയമവിധേയമായി പുറത്തിറങ്ങുന്നവയുമാണ്.മുമ്പ് താങ്കളെയും അറസ്റ്റ് ചെയ്യാന്‍ ശ്രമം നടന്നതായി കേട്ടിരുന്നു. ഇപ്പോള്‍ ഭരണകൂടം താങ്കളോട് എങ്ങനെ പെരുമാറുന്നു?

അതെ. എന്നെയും 'നക്‌സലൈറ്റ്' ആക്കി അറസ്റ്റ് ചെയ്യാന്‍ ശ്രമം നടന്നിരുന്നു. ഞാന്‍ അപ്പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എനിക്കെതിരെ തെളിവുകളില്ലെന്ന് ഒടുവില്‍ പൊലീസ് കോടതിയില്‍ പറഞ്ഞു. അതുവരെ പൊലീസ് നടത്തിയ നാടകങ്ങള്‍ എന്തിനായിരുന്നു എന്ന് വ്യക്തമല്ല. അറസ്റ്റിനു സാധ്യതയില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഞാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു.
ഇപ്പോള്‍ പൊലീസ് പിന്നാലെയുണ്ട്. ഫോണ്‍ ചോര്‍ത്തുക, പോകുന്ന സ്ഥലങ്ങളില്‍ പിന്തുടര്‍ന്ന് എത്തുക, ബന്ധപ്പെടുന്നവരെ ഭീഷണിപ്പെടുത്തക-ഇതൊക്കെ നടക്കുന്നുണ്ട്. പക്ഷേ, ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടും, നിയമവിരുദ്ധമായതോ രഹസ്യമായോ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താത്തതുകൊണ്ടും ഞാനിതൊന്നും വിഷയമാക്കുന്നില്ല.


അമിത ശ്രീവാസ്തവ എന്ന പി.എച്ച്.ഡി. വിദ്യാര്‍ത്ഥിക്ക് ജോലി നേടാന്‍ സഹായം നല്‍കിയത് താങ്കളാണെന്ന് പൊലീസ് ആരോപിക്കുന്നുണ്ട്?

ശരിയാണ്. അമിത അലഹബാദില്‍ നിന്നുള്ള പി.എച്ച്.ഡി. വിദ്യാര്‍ത്ഥിയായിരുന്നു. അതുമാത്രമേ എനിക്കറിയൂ. 2005 ഡിസംബര്‍ മുതല്‍ അവരെ കാണാനില്ല. അമിതയ്‌ക്കെതിരെ ഒരു കേസും നിലവിലില്ല. അവര്‍ മാവോയിസ്റ്റാണോ, അതോ അനുഭാവിയാണോ എന്നൊന്നും എനിക്കറിയില്ല. ഇപ്പോള്‍ അവരെവിടെയാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ.


അമിതയ്ക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക? അമിതയുടെ വീട്ടിലാണ് നാരായണ്‍ സന്യാല്‍ കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് പറയുന്നത്?

എനിക്കറിഞ്ഞുകൂടാ. അമിതയ്ക്ക് എവിടെയാണെന്ന് ഒരു വിവരവും ആര്‍ക്കും ഇല്ല. അവര്‍ ഒരു പക്ഷേ മാവോയിസ്റ്റ് പ്രവര്‍ത്തകയായി ഒളിവില്‍ പോയിരിക്കാം. അല്ലെങ്കില്‍ പൊലീസ് തന്നെ കൊന്ന് കുഴിച്ചുമൂടിയിരിക്കാം. രണ്ടാമത്തേതിനാണ് കൂടുതല്‍ സാധ്യത. അമിതയുടെ വീട്ടിലാണ് നാരായണ്‍ സന്യാല്‍ താമസിച്ചിരുന്നതെന്ന് പൊലീസ് ഭാഷ്യമാണ്. സന്യാലിനെ ഭദ്രാചലം എന്ന സ്ഥലത്തുവച്ചാണ് അറസ്റ്റുചെയ്തതെന്നാണ് ആന്ധ്രാ പൊലീസ് കോടതിയില്‍ പറയഞ്ഞത്. ഇനി സന്യാല്‍, അമിതയുടെ വീട്ടില്‍ താമസിച്ചിരുന്നോ എന്ന് എനിക്കെങ്ങനെ പറയാനാവും?


ബിനായക് സെന്നിന്റെ മോചനത്തിനായി പല കോണുകളില്‍ നിന്നും ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. എങ്ങനെ ഈ പ്രതിഷേധ മുന്നേറ്റത്തെ കാണുന്നു?

ബിനായകിനുവേണ്ടി രാജ്യത്തിനകത്തും പുറത്തും പലരും, നോബല്‍ സമ്മാനിതരായവര്‍ ഉള്‍പ്പടെ സംസാരിക്കുന്നുണ്ട്. അതില്‍ എനിക്ക് വല്ലാത്ത സന്തോഷവും അഭിമാനവും ഉണ്ട്. ഈ പ്രതിഷേധങ്ങളെല്ലാം വ്യക്തികളും സംഘങ്ങളും തനിച്ചോ, ഒറ്റതിരിഞ്ഞ ആയിട്ടാണ് സംഘടിപ്പിക്കുന്നത്. പലതും പരസ്പരം അറിയുന്നുപോലുമില്ല. പൊതുവില്‍ ഈ പ്രതിഷേധങ്ങള്‍ക്കെല്ലാം ഒരു നല്ല കേന്ദ്രീകരണമോ ഏകീകൃത സ്വഭാവമോ ഇല്ല. അതൊരു കുറവാണ്. അത്തരം കൂട്ടായ ഒരു ശ്രമത്തിന്റെ ആവശ്യമുണ്ട്. ഞാനത് പലരുമായും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യവകാശ ലംഘനങ്ങള്‍ക്കെതിരെ ഒരു കൂട്ടായ ശ്രമം ഉയര്‍ത്തിക്കൊണ്ടുവരാനും ശ്രമിക്കേണ്ടതുണ്ട്. വൈകാതെ അതുസാധ്യമാകുമെന്നാണ് പ്രതീക്ഷ.


വീണ്ടും ഛത്തീസ്ഗഢിലേക്ക് വരാം. എന്താണ് സംഘര്‍ഷത്തിന് പരിഹാരം?

ഭരണകൂടം ജനങ്ങളെ അടിച്ചമര്‍ത്തുന്നത് പൂര്‍ണ്ണമായി നിര്‍ത്തണം. സ്വകാര്യ സായുധ സേനയായ 'സല്‍വാജൂഢം' പിരിച്ചുവിടണം. ബഹുരാഷ്ട്ര-വന്‍കിട കുത്തക കമ്പനികള്‍ക്കായുള്ള കുടിയൊഴിപ്പിക്കലുകള്‍ അവസാനിപ്പിക്കണം. ഭൂമി നഷ്ടപ്പെട്ട ആദിവാസികളെ പുനരധിവസിപ്പിക്കണം. വനം ആദിവാസികള്‍ക്ക് വിട്ടുകൊടുക്കണം. ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ സമാധാനപരമായി, സൗഹാര്‍ദപരമായി പരിഹരിക്കാനുള്ള സന്നദ്ധതയുണ്ടാവണം. ഇതൊക്കെ സംഭവിക്കുന്നതോടു കൂടി ഛത്തീസ്ഗഢില്‍ സമാധാനം കൈവരും.

നിങ്ങള്‍ അത്തരത്തില്‍ ശുഭാപ്തി വിശ്വാസിയാണോ?

അല്ലെന്നു പറയേണ്ടിവരും. സാമ്രാജ്യത്വ ചൂഷണം മുറുകുന്നതിനനുസരിച്ച് ഭരണകൂട അടിച്ചമര്‍ത്തലും മുറുകും. ഭരണകൂടം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് നമുക്ക് ആശിക്കാനേ കഴിയൂ. സാമ്രാജ്യത്വത്തിനും വന്‍കിടക്കാര്‍ക്കും ഛത്തീസ്ഗഢിന്റെ പരിധിയില്ലാത്ത വിഭവ സമ്പത്ത് കൊള്ളയടിക്കണം. അതിനാല്‍ അടിച്ചമര്‍ത്തല്‍ തുടരും. അതനുസരിച്ച് ജനങ്ങളുടെ ചെറുത്തുനില്‍പ്പും.

മാധ്യമം weekly
2009FEB23

No comments:

Post a Comment