വീടിനെക്കുറിച്ചുള്ള മലയാളിയുടെ സങ്കല്‍പ്പങ്ങള്‍ വിപ്ലവകരമായി മാറ്റി മറിച്ച ലാറി ബേക്കറുമായി നടത്തിയ അപ്രകാശിത അഭിമുഖം. ഒരുവേള, അദ്ദേഹവുമായി നടന്ന അവസാനത്തെ അഭിമുഖ സംഭാഷണമായിരിക്കാം ഇത്.
അപ്രകാശിത സംഭാഷണം
ലാറി ബേക്കര്‍/സുകുദാസ്
മലയാളിയുടെ വീടെന്ന സങ്കല്‍പ്പത്തെ ചെലവുകുറഞ്ഞതും സുന്ദരവുമാക്കി മാറ്റിയെന്നതാണ് ലാറി ബേക്കറിന്റെ അനശ്വരത. ആറുപതിറ്റാണ്ടുകള്‍ കേരളത്തില്‍ അദ്ദേഹം വിശ്രമമില്ലാതെ കെട്ടിടങ്ങള്‍ പണിതു. സാധാരണക്കാരന് കൈയെത്തിപ്പിടിക്കാവുന്ന ദൂരത്തിലായിരുന്നു പരിസ്ഥിതിക്കിണങ്ങിയ ആ വീടുകള്‍. ആധുനികതയുടെ പണക്കൊഴുപ്പ് നിറഞ്ഞ ആഘോഷങ്ങള്‍ക്കിടയിലും ലാറി ബേക്കറിന്റെ പ്രസ്‌കതി ഒട്ടും മങ്ങാതെ, വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നത് വാസ്തവം. 'മണ്‍കൂരകള്‍' എന്നൊക്കെ വിളിച്ച് ആ കെട്ടിടങ്ങളെ ആക്ഷേപിക്കുന്നുവരുണ്ടാകാം. പക്ഷേ, ബേക്കര്‍ പണിതത് പ്രകൃതിയുടെ താളത്തോടിണങ്ങുന്ന, വലിയ നന്മകളുള്ള കെട്ടിടങ്ങളാണ്.
ഇംഗ്ലണ്ടില്‍ ജനിച്ച ലാറി ബേക്കര്‍ എല്ലാ അര്‍ത്ഥത്തിലും മലയാളത്തെ സ്‌നേഹിച്ചു; മലയാളിക്കുവേണ്ടി പ്രവര്‍ത്തിച്ചു; മലയാളിയായി ഇവിടെ മരിച്ചു. അദ്ദേഹത്തിന്റെ മരണത്തിന്അല്‍പനാളുകള്‍ മുമ്പ്, 2006 ജൂണ്‍ 18 നാണ് ഈ സംഭാഷണം നടക്കുന്നത്. ചിത്രകാരനും പെയിന്ററുമായ വിനോദിനും പത്രപ്രവര്‍ത്തകനായ സുധീറിനുമൊപ്പമാണ് ആര്‍ക്കിറ്റെക്റ്റായ സുകുദാസ് വാസ്തുവിദ്യയുടെ കുലപതിയായ ബേക്കറെ കാണാന്‍ ചെല്ലുന്നത്. തിരുവനന്തപുരത്തെ തന്റെ 'ഹാംലെറ്റ്' എന്ന വീട്ടില്‍ ആഹ്‌ളാദവാനായിരുന്നു അദ്ദേഹം. സ്‌നേഹപൂര്‍വം, സന്തോഷത്തോടെ സ്വീകരണം. പിന്നീട് അല്‍പ നേരം വാസ്തുവിദ്യയെക്കുറിച്ചും തന്നെപ്പറ്റിയും സംസാരം. ആ സംഭാഷണത്തിന്റെ പ്രസ്‌ക്ത ഭാഗങ്ങള്‍:
സുകുദാസ്: കുട്ടിയായിരുന്നപ്പോള്‍ എന്തായിരുന്നു താങ്കളുടെ സ്വപ്നം? ഒരു ആര്‍ക്കിറ്റെക്റ്റ് ആകണമെന്ന് ആഗ്രഹിച്ചിരുന്നോ, അതോ മറ്റെന്തെങ്കിലും തൊഴില്‍ മനസ്സിലുണ്ടായിരുന്നോ?
ബേക്കര്‍: ഇല്ല. പക്ഷേ കുട്ടിയെന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്? രണ്ട് വയസുള്ള കുട്ടി?.. ഇല്ല. അഞ്ച് വയസ്? ഇല്ല... (ചിരിക്കുന്നു). പത്ത് വയസ്സില്‍ എനിക്ക് താല്‍പര്യം തോന്നിത്തുടങ്ങിയിരുന്നു. ആ സമയത്ത് എന്ത് ചെയ്യണമെന്ന് ചിന്തിച്ചിട്ടൊന്നുമില്ല. ആര്‍ക്കിറ്റെക്റ്റ്, ഡോക്ടര്‍, എഞ്ചിനീയര്‍ അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല... പക്ഷേ എങ്ങനെയോ ഞാന്‍ ആര്‍ക്കിറ്റെക്റ്റ് മേഖലയില്‍ വന്നെത്തുകയായിരുന്നു.
സുകുദാസ്: കലയില്‍ ചില താല്‍പര്യങ്ങളുണ്ടായിരുന്നില്ലേ?
ബേക്കര്‍: ഉണ്ട്. ചിത്രംവരയ്ക്കലിലും പെയിന്റിംഗിലുമൊക്കെ ഞാന്‍ ക്ലാസില്‍ മുന്നിലായിരുന്നു. പഠിച്ച സ്‌കൂളില്‍ ചിത്രംവരയ്ക്കലിന്റെയും പെയിന്റിംഗിന്റെയും ചുമതലയുണ്ടായിരുന്നത് ഒരു കഴിവുള്ള വ്യക്തിക്കായിരുന്നു. അദ്ദേഹം പ്രശസ്തനായ പെയിന്ററാണ്. പേര് മറന്നു (ചിരിക്കുന്നു). പക്ഷേ ആ കാലത്ത് വലിയ പ്രശസ്തനാണ്. എനിക്ക് അദ്ദേഹത്തിന്റെ രീതികളോട് ഇഷ്ടം തോന്നുകയും അദ്ദേഹത്തിന് തിരിച്ച് എന്നോട് താല്‍പര്യം തോന്നുകയും ചെയ്തു. ഞാന്‍ ഉദ്ദേശിച്ചത് ഒരു ശരാശരി സ്‌കൂള്‍ പയ്യനേക്കള്‍ ഞാന്‍ കലയില്‍അല്‍പം കൂടുതലായി താല്‍പര്യം കാണിച്ചു എന്നാണ്.
സുകുദാസ്: എത്രവയസ്സിലാണ് ഇന്ത്യയിലേക്ക് വന്നത്?
(ലാറി ബേക്കര്‍ ഭാര്യ പൊന്നമ്മയോട് ചോദിക്കുന്നു. അവര്‍ അറിയില്ല എന്നു മറുപടി പറയുന്നു)
ബേക്കര്‍: എനിക്കറിയില്ല. ഓര്‍ക്കാനാവുന്നില്ല. എനിക്ക് തോന്നുന്നത് 20 വയസ്സ് ഒക്കെ ഉണ്ടാകുമെന്നാണ്. 1937-ല്‍ ആയിരുന്നു. യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്. ഏത് യുദ്ധമാണ് എന്ന് ചോദിക്കരുത്. (ചിരിക്കുന്നു)
സുകുദാസ്: ഗാന്ധിയുമായുള്ള കൂടിക്കാഴ്ച?
ലാറി ബേക്കര്‍: എനിക്കദ്ദേഹത്തില്‍ വലിയ താല്‍പര്യമായിരുന്നു.
സുകുദാസ്: ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകണമെന്ന് തോന്നിയ നിമിഷങ്ങളുണ്ടായിട്ടുണ്ടോ?
ലാറിബേക്കര്‍: ഇല്ല... പക്ഷേ പോയിട്ടുണ്ട്. എന്റെ മാതാപിതാക്കള്‍ അവിടെയായിരുന്നു. അവര്‍ ഓരോരോ സമയത്തും എന്നെ കാണാന്‍ ഇവിടെ വന്നു. പക്ഷേ എനിക്ക് പൊന്നമ്മയെ എന്റെ പശ്ചാത്തലം കാണിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് പോയിട്ടുണ്ട്.
സുകുദാസ്: താങ്കളുടെ കെട്ടിട നിര്‍മാണ രീതിയെ സ്വയം എങ്ങനെയാണ് വിശേഷിപ്പിക്കുക. പലരും 'ബേക്കര്‍ സ്‌റ്റൈല്‍' എന്നാണ് വിളിക്കുക.
ലാറിബേക്കര്‍: ഓ.. ഇല്ല. അത് തീര്‍ത്തും ശരിയായിരിക്കില്ല. കാരണം ഞാന്‍ ഇന്ത്യയിലേക്ക് വന്നത് ഒരു കെട്ടിട നിര്‍മാണ (ആര്‍ക്കിറ്റെക്റ്റ്) ദൗത്യവുമായാണ്. കുഷ്ഠരോഗികള്‍ക്കുവേണ്ടി... ഇന്ത്യയിലെല്ലായിടത്തും കുഷ്ഠരോഗ കേന്ദ്രങ്ങളുണ്ടായിരുന്നു. 80 ക്രേന്ദ്രങ്ങളോ മറ്റോ. ഞാന്‍ ഒരു ആര്‍ക്കിറ്റെക്റ്റിന്റെ കണ്ണുകളോടെ നോക്കിയപ്പോള്‍ ഒരു പ്രദേശത്തുള്ള കെട്ടിട നിര്‍മാണ രീതി മറ്റൊരിടത്ത് ആവര്‍ത്തിക്കുന്നില്ലെന്ന് മനസ്സിലായി. ഓരോ നാട്ടിലും ലഭ്യമായ വസ്തുക്കളുമായി ബന്ധപ്പെട്ടാണ് ഈ വ്യത്യാസം എന്ന് എനിക്ക് പിന്നീട് ബോധ്യമായി. എല്ലായിടത്തും ഇഷ്ടികയില്ലായിരുന്നു. ഇഷ്ടിക വേണമെങ്കില്‍ ഉണ്ടാക്കാം. പക്ഷേ അത് ചുടാന്‍ വലിയ ചെലവാണ്. അതിനാല്‍ ചിലയിടത്ത് കല്ലുകള്‍. മറ്റ് ചിലയിടത്ത് മരങ്ങള്‍. അങ്ങനെ.. അതിനാല്‍ തന്നെ ഞാനൊരു ലാറിബേക്കര്‍ സ്‌റ്റൈല്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നില്ല. എവിടെയെങ്കിലും ജോലി ചെയ്യുമ്പോള്‍ ആ നാട്ടില്‍ ലഭ്യമായ കെട്ടിട നിര്‍മാണ വസ്തുക്കളോട് ഞാന്‍ ഒത്തുപോയി. ചിലയിടത്ത് ഇഷ്ടിക ഉപയോഗിച്ചു. മറ്റിടത്ത് അത് ഉപയോഗിച്ചില്ല. ചിലയിടത്ത് കല്ല്, ചിലയിടത്ത് ചെളിമാത്രം. ഞാന്‍ ആശ്രയിച്ചത് വസ്തുക്കളുടെ ലഭ്യതയെയാണ്-ചെളി, കല്ല്, ഇഷ്ടിക, മരം, എന്നിങ്ങനെ. ഞാന്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇവിടെ സിമന്റ് ഒട്ടും പരിചിതമല്ലാത്ത വസ്തുവാണ്. (പുറകിലത്തെ ചുമര് കാട്ടി) ഇത് സിമന്റല്ല, കുമ്മായമാണ്. പിന്നീടാണ് സിമന്റ് ഉപയോഗിക്കാന്‍ തുടങ്ങിയത്. അതെല്ലാം ചൈന, കൊറിയ ജപ്പാന്‍ എന്നിടങ്ങളില്‍നിന്നാണ് വന്നത്, ഇന്ത്യയില്‍ നിന്നല്ല. അതെ കൊറിയയില്‍ നിന്നൊക്കെ. ലഭ്യമായിടത്ത് ഞാന്‍ അത് ഉപയോഗിച്ചു. അല്ലെങ്കില്‍ പ്രാദേശികമായ വസ്തുക്കള്‍. ഇന്ത്യയില്‍ ഒട്ടും തന്നെ അന്ന് സിമിന്റ് കെട്ടിടങ്ങള്‍ കാണാനില്ലായിരുന്നു. എല്ലായിടത്തും ഞാന്‍ ജോലി ചെയ്തു. അതിനാല്‍ പ്രാദേശികമായി കെട്ടിട സാമഗ്രികള്‍ ഉപയോഗിക്കുന്ന രീതി തന്നെ ഞാന്‍ തുടര്‍ന്നു.
സുകുദാസ്: താങ്കളുടെ പ്രോജക്ടില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്?
ലാറി ബേക്കര്‍: (ചിരിക്കുന്നു)... ഞാന്‍ എല്ലാം ഇഷ്ടപ്പെട്ടു ചെയ്താണ്.
സുകുദാസ്: താങ്കള്‍ സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍, ഭക്ഷണശാലകള്‍ അങ്ങനെ പലതും നിര്‍മിച്ചിട്ടുണ്ട്. പക്ഷേ ആഗ്രഹിച്ചിരുന്നെങ്കിലും നിര്‍മിക്കാന്‍ പറ്റാതിരുന്ന എന്തെങ്കിലും ഉണ്ടോ?
ലാറിബേക്കര്‍: ഞാന്‍ എപ്പോഴും പൂര്‍ണ്ണമായും വര്‍ക്കില്‍ തന്നെ മുഴുകിയിരിക്കുകയായിരുന്നു. അങ്ങനെ ചെയ്യാന്‍ കഴിയാത്തതായി പ്രത്യേകിച്ച് ഒന്നുമില്ല.
സുകുദാസ്: വളരെ മുമ്പ് 'ഇന്ത്യാടുഡേ'യില്‍ ഒരഭിമുഖത്തില്‍ താങ്കള്‍ നമ്മളില്‍ പലരും കടലാസ് ആര്‍ക്കിറ്റെക്റ്റുകളാണെന്നും; കൈയില്‍ അഴക്കുപുരളാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും സൂചിപ്പിച്ചിരുന്നു. അതെപ്പറ്റി പറയാമോ?
ലാറിബേക്കര്‍: ഒ.. ഞാന്‍ ഓര്‍ക്കുന്നില്ല... ഞാന്‍ എഴുതിയതാണോ അത്?
സുകുദാസ്: അതെ, 'ഇന്ത്യാടുഡേ'യില്‍.
പൊന്നമ്മ: അദ്ദേഹം അങ്ങനെത്തെ കാര്യങ്ങള്‍ ഒന്നും പറയില്ല.
സുകുദാസ്: അടുത്തിടെ ഒരു ആര്‍ക്കിറ്റെക്റ്റ്, തിരുവല്ല പള്ളിയിലെ താങ്കളുടെ പ്രോജക്ടിനെപ്പറ്റി ഒരു അഭിപ്രായം പറഞ്ഞിരുന്നു. അതായത് താങ്കള്‍ കെട്ടിടത്തിന്റെ ആയുസ്സിനെപ്പറ്റി പരിഗണിച്ചില്ല എന്ന്. അദ്ദേഹം പറഞ്ഞത് താങ്കളുടെ കെട്ടിടങ്ങള്‍ 25 വര്‍ഷം മാത്രമേ നിലനില്‍ക്കൂ എന്നാണ്.
ലാറിബേക്കര്‍: ഇന്ത്യയില്‍ പലയിടത്തും പല വസ്തുക്കളും നിര്‍മാണത്തിന് ഉപയോഗിക്കേണ്ടിവരും. ചിലയിടത്ത് കല്ല്, ചിലയിടത്ത് സിമിന്റ് അങ്ങനെ. ഇന്ത്യയില്‍ പലയിടത്തും, മറ്റൊന്നും ഉപയോഗിക്കാതെ ചെളിയില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ നിന്നിട്ടുണ്ട്...
പൊന്നമ്മ: തിരുവല്ലയിലെ പള്ളി അവര്‍ പൊളിച്ചു.
ലാറിബേക്കര്‍: ശരിക്കും? എനിക്കതേപ്പറ്റി അറിയില്ല.
പൊന്നമ്മ: ആധുനിക രീതിയില്‍ പള്ളിപണിയാനായിട്ടാണ്...
സുകുദാസ്: അവര്‍ പറഞ്ഞത് അതിന്റെ മരത്തില്‍ നിര്‍മിച്ച കൂര നശിച്ചുവെന്നും മേല്‍ക്കൂര സുരക്ഷിതമല്ലെന്നുമാണ് പറഞ്ഞത്.
ലാറി ബേക്കര്‍: ഓ..എനിക്കറിയില്ല.
സുകുദാസ്:. ബേക്കര്‍ സ്‌റ്റൈല്‍ പലരും പിന്തുടരുന്നുണ്ട്... അവരെല്ലാം താങ്കളുടെ പ്രതീക്ഷകള്‍ക്ക് ഒപ്പം പോകുന്നുണ്ടോ?
ലാറിബേക്കര്‍: അവര്‍ക്ക് ഞാന്‍ എന്താണ് ചെയ്തിരുന്നത് എന്നു മനസ്സിലായിട്ടുണ്ടെങ്കില്‍ കുഴപ്പമില്ല. ഇന്ത്യയില്‍ എവിടെയൊക്കെ കെട്ടിടം നിര്‍മിച്ചോ അവിടെയെല്ലാം ഞാന്‍ ഉപയോഗിച്ചത് ലഭ്യമായ പ്രാദേശികമായ കെട്ടിട നിര്‍മാണ സാമഗ്രികളാണ്. അവര്‍ അതു തന്നെയാണ് ചെയ്യുന്നത് എങ്കില്‍ ഞാന്‍ സന്തുഷ്ടനാണ്. ചൈന, യൂറോപ്പ്, ആഫ്രിക്ക അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് നിന്ന് സാമഗ്രികള്‍ കൊണ്ടുവന്ന് ഉപയോഗിക്കുന്നത് നിസാരകാര്യമാണ്. പ്രാദേശിക വസ്തുക്കള്‍ ഉപയോഗിക്കണം. രാജ്യത്ത് മറ്റു ഭാഗങ്ങളിലുള്ള സാമഗ്രികളല്ല തമിഴ്‌നാട്ടില്‍ കാണുക. അവിടെയുള്ളതല്ല മറ്റൊരിടത്തു കാണുക. കെട്ടിടനിര്‍മാണത്തിനു ലഭ്യമായ നാടന്‍ സാമഗ്രികള്‍ ഉപയോഗിക്കുമ്പോള്‍ വിവിധ തരത്തിലുള വാസ്തുവിദ്യകളായി അത് മാറും. ഇഷ്ടിക എന്നത്-അതായത് ആധുനിക ചുട്ട ഇഷ്ടികകയ്ക്ക് 200-300 വര്‍ഷത്തെ പഴക്കമേയുള്ളൂ. പക്ഷേ കല്ലിന് മാറ്റം സംഭവിച്ചിട്ടില്ല. ഇന്നും കല്ലാണ് ഉപയോഗിക്കുന്നത്. സിമന്റ് വന്നതോടെയാണ് എല്ലാം മാറുന്നത്. സിമന്റ് എന്നത് ഉണ്ടാക്കിയ വസ്തുവാണ്. സിമന്റ് അതുപോലെ തന്നെ കുഴിച്ചെടുക്കാനാവില്ല. അമ്പതുവര്‍ഷമായിട്ടുള്ളൂ സിമന്റ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്. അതിന് മുമ്പ് സിമന്റിനു പകരമുണ്ടായിരുന്നത് ചുണ്ണാമ്പാണ്-കുമ്മായം. ഇന്നത് പെട്ടന്ന് ലഭ്യമല്ല. അത് ലഭ്യമായിടത്ത് അതുതന്നെ ഉപയോഗിക്കണം.
സുകുദാസ്: ഇന്ന് പഴയ കെട്ടിടങ്ങള്‍ മാറ്റിസ്ഥാപിക്കുന്നത് (ട്രാന്‍സ്പ്ലാന്റിംഗ്) കണ്ടിട്ടുണ്ടാവുമല്ലോ...
ലാറിബേക്കര്‍: ശരിക്കും അങ്ങനെയുണ്ടോ? ഞാന്‍ കണ്ടിട്ടില്ല. ശ്രദ്ധിച്ചിട്ടില്ല.
സുകുദാസ്: അതിനെപ്പറ്റി അഭിപ്രായം?
ലാറിബേക്കര്‍: എനിക്കറിയില്ല...സുഖകരമായി ജീവിക്കുന്നതിന് പ്രാദേശികമായി ആ പ്രത്യേക മേഖലയില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ച് പണിത വീടുകളാവും ഇങ്ങനെ മാറ്റിസ്ഥാപിക്കുന്നത്. പക്ഷേ, തിരുവനന്തപുരം പോലുള്ള പട്ടണങ്ങളില്‍ വരുമ്പോള്‍... അതായിരിക്കില്ല സ്ഥിതി (ചിരിക്കുന്നു). ഇവിടുത്തെ കെട്ടിടങ്ങള്‍ വെറും ചെലവുകുറഞ്ഞതുമാത്രമല്ല, ഏറ്റവും ചെലവുകുറഞ്ഞതും ഉറപ്പുള്ളതും സ്ഥിരമായതുമായ ഘടനയുള്ളതുമാണ്.
സുകുദാസ്: ആധുനിക കെട്ടിടങ്ങളെപ്പറ്റി അഭിപ്രായം?
ലാറിബേക്കര്‍: (ചിരിക്കുന്നു) ഇതുവരെ എന്നെ സംബന്ധിച്ച് അത്തരം കെട്ടിടങ്ങളില്‍ താമസിക്കേണ്ടി വന്നിട്ടില്ല (ചിരിക്കുന്നു)... അതാണ് ആള്‍ക്കാര്‍ക്ക് ആഗ്രഹമെങ്കില്‍ ആയിക്കോട്ടെ.
സുകുദാസ്: ചെറുപ്പക്കാരായ ആര്‍ക്കിറ്റെക്റ്റുമാര്‍ക്ക് എന്തെങ്കിലും സന്ദേശം?
ലാറി ബേക്കര്‍: ഓ...ഇല്ല. അവര്‍ ആധുനിക രീതി എന്നറിയപ്പെടുന്ന നിര്‍മാണ രീതിയാണ് ചെയ്യുന്നതെങ്കില്‍ അവര്‍ സ്വയം ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്, തങ്ങള്‍ പ്രാദേശികമായി ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ചാണോ വീട് പണിയുന്നത്, പ്രകൃതിയോട് ഇണങ്ങിയതും അതില്‍ താമസിക്കുന്നവര്‍ക്ക് യോജിച്ചതുമാണോ, വീട്ടുടമകളുടെ തൊഴില്‍ എന്താണ്, വീടുപണിയുന്നയാള്‍ക്ക് ചെലവ് താങ്ങാവുന്നതാണോ എന്നൊക്കെ. (പിന്നിലെ ഭിത്തി ചൂണ്ടിക്കാട്ടി) ഇതില്‍ സിമന്റില്ല. (മറ്റൊരു ഭിത്തി ചൂണ്ടിക്കാട്ടി) ഇതെല്ലാം കുമ്മായമാണ്. ഒന്നു രണ്ടു കുഴപ്പങ്ങളുണ്ട് കുമ്മായത്തിന്. അത് വളരെ സാവധാനമേ ഉറക്കൂ. ഈ ഭിത്തി ഇപ്പോഴാണ് പണിയുന്നതെങ്കില്‍ ഈ ഉയരത്തില്‍ എനിക്ക് പണിയാനാവില്ല. എനിക്കിതില്‍ പിന്നീട് രണ്ടോ മൂന്നോ ദിവസം പണിതുടരാനാവില്ല. ഇന്ന് സിമന്റ് ഉപയോഗിക്കുന്നിടത്ത് ഉറപ്പാണ്, നാളെ പണിതുടരാനുമാവും. സിമന്റിന് അതിന്റേതായ ഉപയോഗമുണ്ട്. പക്ഷേ തീര്‍ച്ചയായും അത് വിലകൂടുതലാണ്. കാരണം സിമന്റ് അങ്ങനെയാണ് ഉണ്ടാക്കുന്നത്. പ്രാദേശികമായ വസ്തുക്കള്‍ ലഭ്യമായിടത്തുപോലും... ഇന്ന് സിമന്റ് എല്ലാം മാറ്റിയിട്ടുണ്ട്. കാരണം സിമന്റ് പോലെ മറ്റൊന്നില്ല. ഇന്ന് എവിടെയും, മലയുടെ മകളില്‍ പോലും നിങ്ങള്‍ക്ക് ഒരു ചാക്ക് സിമന്റ് കിട്ടും. ഞാന്‍ ഇന്ത്യയില്‍ ആദ്യംവരുമ്പോള്‍ വ്യവസായ മേഖലയില്‍ മാത്രമേ സിമന്റ് കിട്ടുകയുള്ളൂ. അന്ന് നാടന്‍ വസ്തുക്കള്‍ എളുപ്പം കിട്ടും. അതു വച്ച് വേഗത്തില്‍ പണിയാനുമാകും. (അടുത്തുള്ള ഭിത്തി ചൂണ്ടിക്കാട്ടി). ഈ ഭിത്തി ഞാന്‍ ഇന്ന് കുമ്മായ കൂട്ടുപയോഗിച്ചാണ് പണിയുന്നതെങ്കില്‍ അടുത്ത മൂന്നടി പൊക്കം മൂന്നോ നാലോ ദിവസത്തേക്ക് പണിയാനാകില്ല. സിമന്റാണെങ്കില്‍ ഇന്ന് രാത്രിയിലും പണിതുടരാം. കാരണം സിമിന്റ ഉറപ്പുള്ളതും പെട്ടന്ന് ഉറക്കുകയും ചെയ്യും.
വിനോദ്: തന്ത്ര താങ്കളെ സ്വാധീനിച്ചിട്ടുണ്ടോ?
പൊന്നമ്മ: (ബേക്കറിനോട്) നിങ്ങളത് കേട്ടിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല
വിനോദ്: ഞാന്‍ ഉദ്ദേശിച്ചത് തന്ത്ര വിദ്യ താങ്കളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്നാണ്?
ലാറിബേക്കര്‍: ഇല്ല. ബോധപൂര്‍വമായിട്ടില്ല.
വിനോദ്: തന്ത്ര വിദ്യമാത്രമല്ല, ജ്യോമട്രിക്കല്‍ റിഥം, ശ്രീചക്രം, യന്ത്രങ്ങള്‍ എന്നിങ്ങനെയുള്ളവയുടെ ദൃശ്യ താളക്രമം?
ലാറിബേക്കര്‍: ഇല്ല. അവ എന്നെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഞാനൊരു പ്രത്യേക രീയില്‍ മാത്രമല്ല കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. പ്രത്യേകമേഖലയില്‍ വികസിച്ചിരുന്ന കെട്ടിട നിര്‍മാണ രീതികളാണ് ഞാന്‍ ചെയ്തിരുന്നത്. നിങ്ങള്‍ ഇവിടെ പണിയുന്നതായിരിക്കില്ല, വിമാന ത്താവളത്തിന്റെ അടുത്ത് പണിയുന്നത്... കാരണം കിട്ടുന്ന സാമഗ്രികളുടെ വ്യത്യസ്ത . മലമുകളില്‍ കെട്ടിടം പണിയുമ്പോള്‍ അതിന്റേതായ വ്യത്യാസമുണ്ടാകും. എന്താണോ കെട്ടിടം പണിയാനായി കിട്ടിയിരുന്നത് അതാണ് പരമ്പരാഗതമായി ആള്‍ക്കാര്‍ ഉപയോഗിച്ചിരുന്നത്. അതാണ് ഞാനും പിന്തുടര്‍ന്നത്.
സുകുദാസ്: ഏതെങ്കിലും ആര്‍ക്കിറ്റെക്‌റ്റോ നിര്‍മാണ രീതിയോ നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ?
ലാറിബേക്കര്‍ : ഇല്ല. പ്രത്യേകിച്ച് ആരും എന്നെ സ്വാധീനിച്ചിട്ടല്ല. എന്നാല്‍ എല്ലാവരിലും എനിക്ക് താല്‍പര്യമുണ്ട്.
വിവര്‍ത്തനം: ബിജുരാജ്
കൊച്ചിയിലെ പ്രശസ്ത ആര്‍ക്കിടെക്റ്റാണ് സുകുദാസ്. ഡിസൈന്‍ ആന്‍ഡ് പീപ്പിളിന്റെ സ്ഥാപകരിലൊരാളാണ്.ഇ.മെയില്‍ വിലാസം: suku.dass@designandpeople.org
No comments:
Post a Comment