അഭിമുഖം
ചിനുവ അച്ചെബെ
നൈജീരിയയുടെ നക്‌സല്‍ബാരിയാണ് ബയാഫ്ര. അപരാജിതരായ പരാജിതരുടെ നാട്- ഈ വിശേഷണം പൂര്‍ണമായി ശരിയാവില്ലെങ്കിലും ഒരിക്കലും തെറ്റാവില്ല. പക്ഷെ അവരുടെ ചിനുവ അച്ചെബെയ്ക്ക് സമാനരെ ഇവിടെ തേടേണ്ടതില്ല. ഇല്ല എന്നതു തന്നെ കാരണം.
തുലനം ആവാം - നൈജീരിയയിലെ തന്നെ വോള്‍ സോയിങ്കയുമായോ കെനിയയിലെ ഗൂഗി വാ തിഓംഗോയുമായോ മറ്റോ. വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത എഴുത്തുകാരനാണ് അച്ചെബെ. അതിനു ശ്രമിക്കുന്നവര്‍ക്ക് അരോചകമാംവണ്ണം, മുഷിഞ്ഞ വാചകങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരും. അത്രമേല്‍ ലോകത്തിന് അദ്ദേഹത്തെ അറിയാം. ജനതകളുടെ മുന്നേറ്റങ്ങളില്‍, ജീവിതത്തില്‍, സ്വീകരണമുറികളില്‍ അച്ചെബെ ഒപ്പമുളളതുകൊണ്ട് തന്നെ. ലോകം ആഫ്രിക്കയെ കണ്ടെത്തിയതും ആഫ്രിക്കന്‍ ജനത ആഫ്രിക്കയെ അറിഞ്ഞതും അച്ചെബെയുടെ രചനകളിലൂടെയാണ്.
സമ്മോഹനമാണ് ഈ എഴുപത്തിഏഴുകാരന്റെ ജീവിതം. 'സര്‍വം ശിഥിലമാകുന്നു', 'ദൈവത്തിന്റെ അമ്പ്', 'യുദ്ധത്തിലെ പെണ്‍കുട്ടി' ഉള്‍പ്പടെ അതിപ്രശസ്തമായ നിരവധി കൃതികള്‍. ലോകമെമ്പാടും നുറിലേറെ ഭാഷകളിലേക്ക് മൊഴിമാറ്റം. ഈ വര്‍ഷം ലഭിച്ച മാന്‍ ബൂക്കര്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍, 30 ലേറെ ബഹുമതി ബിരുദങ്ങള്‍. മറ്റെന്തിനുമുപരി ലോകമെമ്പാടും കോടിക്കണക്കിന് വായനക്കാര്‍.
പരാജയമടഞ്ഞ ബയാഫ്രന്‍ വിപ്ലവ സര്‍ക്കാരിന്റെ (1967-70) നയതന്ത്രജ്ഞന്‍ ഇന്ന് അമേരിക്കയില്‍ പ്രവാസിയാണ്. പതിനേഴ് വര്‍ഷം മുമ്പ് സംഭവിച്ച വാഹനാപകടത്തില്‍ അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട് ചക്രക്കസേരയിലാണ് ജീവിതം. 'പാരീസ് റിവ്യൂ'വിന് വേണ്ടി ജെറോം ബ്രൂക്‌സ്, 'കണ്‍ജംഗ്ഷ'നു വേണ്ടി ബ്രാഡ് ഫോര്‍ഡ് മോറോ, എ.എ.യു.പിക്കുവേണ്ടി റോജര്‍ ബോവന്‍ തുടങ്ങിയവരും ഡുലു മ്ബാച്ചുവിനെപോലുളള പത്രപ്രവര്‍ത്തകരും വിവിധ കാലങ്ങളില്‍ അച്ചെബെയുമായി നടത്തിയ സംഭാഷണങ്ങളുടെ സംയോജിതവും സ്വതന്ത്രവുമായ വിവര്‍ത്തനമാണ് ചുവടെ.
എഴുത്തിന്റെ രാഷ്ട്രീയം
അച്ചെബെ കുടുംബത്തെപറ്റി, ഇഗ്‌ബോ ഗ്രാമത്തിലെ ബാല്യത്തെപറ്റി പറയാമോ? കഥകളിലേക്ക് താങ്കള്‍ എത്തിയതെങ്ങനെയാണ്?
തങ്ങളുടെ മേഖലയില്‍ ക്രിസ്തു മതത്തിലേക്ക് ആദ്യം പരിവര്‍ത്തനം ചെയ്യപ്പെട്ടവരില്‍ പെടുന്നവരാണ്
എന്റെ മാതാപിതാക്കള്‍. അവര്‍ വെറും പരിവര്‍ത്തനപ്പെട്ടവര്‍ മാത്രമായിരുന്നില്ല. സുവിശേഷകനും മത അധ്യാപകനുമായിരുന്നു അച്ഛന്‍ . മുപ്പത്തഞ്ച് വര്‍ഷം അച്ഛനും അമ്മയും ഇഗ്‌ബോ നാടിന്റെ മിക്കയിടങ്ങളിലും സുവിശേഷം പ്രചരിപ്പിക്കാനായി സഞ്ചരിച്ചു. ഞാനവരുടെ ആറുമക്കളില്‍ അഞ്ചാമനാണ്. ഞാന്‍ നന്നേ ചെറുപ്പമായിരിക്കുമ്പോള്‍ അച്ഛന്‍ വിരമിക്കുകയും ഞങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ കഥകള്‍ കേള്‍ക്കുന്നത്. കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ഞാന്‍ കഥകള്‍ ഇഷ്ടപ്പെട്ടിരുന്നു. എഴുതുന്നതിനെപ്പറ്റി അന്ന് ചിന്തിക്കാനാവുമായിരുന്നില്ല. പക്ഷെ കഥകള്‍ ആരു പറയുന്നതും കേള്‍ക്കാന്‍ ഞാനിഷ്ടപ്പെട്ടു. ആദ്യം അമ്മയും പിന്നെ ചേച്ചിയും കഥകള്‍ പറഞ്ഞുതന്നു- ആമയുടെ കഥകള്‍ പോലത്തവ-. എന്റെ അച്ഛന് സന്ദര്‍ശകരൊക്കെയുളളപ്പോള്‍ ഞാന്‍ ചുറ്റുവട്ടത്തു നിന്ന് സംസാരം ശ്രദ്ധിച്ച് അവര്‍ പറയുന്ന കഥകേള്‍ക്കാന്‍ ശ്രമിച്ചിരുന്നു. സ്‌കൂളില്‍ പോയിത്തുടങ്ങിയശേഷം ഞാന്‍ വായിക്കാന്‍ തുടങ്ങി. ഈ സമയത്ത് മറ്റുളള നാട്ടിലെ ജനങ്ങളുടെ കഥകളുമായി ഞാന്‍ കൂട്ടിമുട്ടി. ആഫ്രിക്കയില്‍ നിന്ന് ഒരു മാന്ത്രികന്‍ ചൈനയില്‍ പോയി വിളക്ക് കണ്ടെത്തുന്നപോലുളള കഥകള്‍ എന്നെ ആകര്‍ഷിച്ചിരുന്നു. കാരണം അവ വിദൂരമായ ഇടങ്ങളിലാണ് നടക്കുന്നത്.
പിന്നീട് ഞാന്‍ വലുതായപ്പോള്‍ സാഹസിക കഥകള്‍ വായിക്കാന്‍ തുടങ്ങി. പക്ഷെ അവയെല്ലാം വെളുത്ത നിറക്കാരനൊപ്പം നില്‍ക്കുന്ന, അവനെ പുകഴ്ത്തുന്ന കഥകളായിരുന്നു. അവര്‍ മാത്രം നല്ലവര്‍. അവര്‍ സുന്ദരര്‍, അവര്‍ ബുദ്ധിമാന്‍മാര്‍, മറ്റുളളവര്‍ അല്ല. മറ്റു നിറക്കാരെല്ലാം വിഡ്ഢികളും വൃത്തികെട്ടവരും. സ്വന്തം കഥകളില്ലാത്തതിന്റെ അപകടം അപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്. അവിടെ ഇങ്ങനെ ഒരു ചൊല്ലുണ്ട്- സിംഹത്തിനു തന്റേതായ ചരിത്രകാരന്‍മാരില്ലെങ്കില്‍ വേട്ടയുടെ ചരിത്രം എന്നും വേട്ടക്കാരനെ മഹത്വവല്‍ക്കരിക്കും. ഞാനിത് പിന്നീടാണ് മനസിലാക്കുന്നത്. തിരിച്ചറിവുണ്ടായപ്പോള്‍ എനിക്ക് എഴുത്തുകാരനാകണം എന്ന തോന്നലായി. ഒരു ചരിത്രകാരന്‍ ആകാനാണ് ആഗ്രഹിച്ചത്. പക്ഷെ ചരിത്രമെഴുത്ത് ഒരറ്റയാളുടെ ജോലിയല്ല. കൂട്ടായ ശ്രമം വേണം. എനിക്ക് എന്തെങ്കിലും തനിച്ചു ചെയ്യേണ്ടിയിരുന്നു. വേട്ടയുടെ കഥ പറയുമ്പോള്‍ സിംഹത്തിന്റെ വേദന, പരാജയം-ഒപ്പം ധീരത എന്നിവയും പറയാം. അങ്ങനെയാണ് ഞാന്‍ കഥ എഴുതുന്നതിലേക്ക് എത്തുന്നത്.
മത പശ്ചാത്തലമുളള കുടുംബമാണ് താങ്കളുടേത്. മതത്തെ അല്ലെങ്കില്‍ ദൈവത്തെ നിങ്ങള്‍ വ്യക്തിപരമായി എങ്ങനെ കാണുന്നു?
മതമൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. ഞാന്‍ മതത്തിന്റെ ഭാഗവുമല്ല. ദൈവത്തിന്റെ കാര്യത്തില്‍ ഞാനിപ്പോഴും അനിശ്ചിതത്വത്തിലാണ്. പക്ഷെ എനിക്ക് അതിനെപ്പറ്റി ആകലുതകളില്ല. ഞാന്‍ അതിന് ഉത്തരങ്ങള്‍ തേടുന്നില്ല. കാരണം ഞാനിപ്പോള്‍ വിശ്വസിക്കുന്നത് ദൈവം ഉണ്ടോ ഇല്ലയോ എന്നു നമ്മള്‍ ഒരിക്കലും അറിയാന്‍ പോകുന്നില്ലെന്നാണ്. ജീവിതത്തിലൂടെയുളള പ്രയാണം നമ്മള്‍ ആവുന്നത്ര അര്‍ത്ഥഭരിതവും ഉപയോഗപ്രദവുമാക്കുക. ലോക നന്മയ്ക്ക് നമ്മളുടെ സംഭാവനയാണ് പ്രധാനം. ഇഗ്‌ബോ ജനതയ്ക്കിടയില്‍ ദൈവവും മനുഷ്യനും തമ്മിലുളള ഒരു സംഭാഷണമുണ്ട്. മനുഷ്യന്റെ അവസ്ഥയെപ്പറ്റിയുളള സംഭാഷണമാണത്. ഒരു മനുഷ്യന്‍ മലമുകളില്‍ ദുഖിതനായി ഇരിക്കുന്നു. ദൈവം കാര്യമെന്താണെന്ന് അന്വേഷിക്കുന്നു.മണ്ണ് കടുപ്പമുളളതാണെന്നും ദൈവം പറഞ്ഞപോലെ കാച്ചില്‍ കൃഷിചെയ്യാനാവില്ലെന്നും അയാള്‍ പറയുന്നു. ദൈവം അയാളോട് കൊല്ലനെ വിളിക്കാനും അവന്റെ ഉലയില്‍ നിന്ന് പ്രതിവിധി കാണാനും ആവശ്യപ്പെട്ടു മടങ്ങുന്നു. കൂട്ടായ പ്രവര്‍ത്തനമാണ് പ്രധാനം എന്നാണ് ഇഗ്‌ബോ കഥയുടെ സാരം. സൃഷ്ടിപരതയില്‍ യോജിച്ച സംഭാവന പ്രധാനമാണ്. ആഗ്രഹിച്ചിരുന്നെങ്കില്‍ ദൈവത്തിന് ലോകം നന്നാക്കാമായിരുന്നു. പക്ഷെ അങ്ങനെ സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മണ്ണ് വിളഭൂയിഷ്ടമാക്കാന്‍ നമുക്ക് പരസ്പരം കൂടുതല്‍ സഹകരിക്കേണ്ടതുണ്ട്. ദൈവമുണ്ടോ ഇല്ലയോ എന്ന ചിന്തകളില്‍ സമയം നഷ്ടപ്പെടുത്താന്‍ ഞാനില്ല. അത് നിലനില്‍ക്കുന്നുണ്ടോ? മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത്? വേണമെങ്കില്‍ എന്നന്നേക്കും ഇത്തരം ചോദ്യങ്ങളില്‍ ഒരാള്‍ക്ക് മുഴുകാം. അതിനുത്തരം ഒരിക്കലും അറിയാന്‍ പോകുന്നില്ല.
ആദ്യ കൃതിയായ 'സര്‍വം ശിഥിലമാകുന്നു' എന്നത് ജോയ്‌സ് കാരിയുടെ 'മിസ്റ്റര്‍. ജോണ്‍സണ്‍' എന്ന പുസ്തകത്തിന് പ്രതികരണമായിട്ടാണ് എഴുതിയെന്നത് നിങ്ങള്‍ പറഞ്ഞിട്ടുണ്ട്. കൊനാര്‍ഡിന്റെ 'ഹാര്‍ട്ട് ഓഫ് ഡാര്‍ക്‌നസ്' എന്ന കൊളോണിയല്‍ നോവലിനെപ്പറ്റിയും താങ്കള്‍ എഴുതിയിട്ടുണ്ട്.
ജോയ്‌സ് കാരിയുടെ കൃതിയോടുളള പ്രതികരണമായി നോവല്‍ എഴുതിയതെന്ന് ഞാന്‍ പറഞ്ഞിട്ടില്ല എന്നാണ് കരുതുന്നത്. പക്ഷെ അത് എന്നെ ചെറുതായി ഉലച്ചിട്ടുണ്ട്. പക്ഷെ വളരെയധികമില്ല. അന്നുവരെയുളള കൃതികള്‍ എഴുതിയത് വെളുത്ത വര്‍ഗക്കാരായ വിദേശികളാണ്. അവരുടെ രചനകളില്‍ വെളുത്തവര്‍ഗക്കാര്‍ നല്ലവരും കറുത്തവര്‍ഗക്കാര്‍ കോമാളികളും വിവരം കെട്ടവരുമാണ്.
'ഹാര്‍ട്ട് ഓഫ് ഡാര്‍ക്‌നസി'ലുളള വര്‍ണവെറിയെപ്പറ്റി ആരും ഒന്നു മിണ്ടിയില്ല. ഞങ്ങള്‍ മറ്റൊരു ലോകത്തിലാണ് ജീവിച്ചത്്. നിങ്ങള്‍ക്ക് ഒരാളുടെ കഥ ഇഷ്ടമല്ലെങ്കില്‍ സ്വന്തം കഥ നിങ്ങള്‍ എഴുതണം. ആരെങ്കിലും പറയുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അത് ഇഷ്ടമായില്ല എന്ന് തുറന്നു പറയണം. ഞാന്‍ 'ഹാര്‍ട്ട് ഓഫ് ഡാര്‍ക്ക്‌നസ്' പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നു. അതില്‍ ആഫ്രിക്കക്കാരെ കൈകാര്യം ചെയ്യുന്നത് നോക്കൂ. അതില്‍ മാനുഷികത നിങ്ങള്‍ക്ക് കാണാനാകുമോ? ജനങ്ങള്‍ പറയും അതിലെ നായകന്‍ സാമ്രാജ്യത്തെ എതിര്‍ത്തിട്ടുണ്ട്. പക്ഷെ അതില്‍ പറയാന്‍ തക്ക ഒന്നുമില്ല. അതില്‍ കറുത്തവര്‍ഗക്കാരനെ അവഹേളിക്കുന്നുണ്ട്. 'പിന്‍കാലുകളില്‍ നില്‍ക്കുന്ന പട്ടികള്‍' പോലുളള വിശേഷണങ്ങള്‍. നമ്മള്‍ വ്യത്യസ്തലോകത്തിലാണ് ജീവിക്കുന്നത്. ഈ രണ്ടു ലോകങ്ങളും ഒരുമിച്ചു വന്നില്ലെങ്കില്‍ അത് കുറേ പ്രശ്‌നങ്ങളുണ്ടാക്കും. അതാണ് എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത്. മറ്റൊരുലോകം ഉണ്ടെന്ന് കാണിക്കേണ്ടിയിരുന്നു.
സ്വയം ഒരു രാഷ്ട്രീയ എഴുത്തുകാരനായാണോ വിശേഷിപ്പിക്കുന്നത്?
അതെ. അതിനര്‍ത്ഥം ഞാന്‍ രാഷ്ട്രീയക്കാരനാണെന്നല്ല. രാഷ്ട്രീയത്തിന് ജീവിതത്തിന്റെ ആഴങ്ങളില്‍ വേരുകളുണ്ട്. പക്ഷെ പാശ്ചാത്യനാട്ടില്‍ രാഷ്ട്രീയമെന്നത് തരംതാണ കാര്യമായിട്ടാണ് പരിഗണിക്കുന്നത്. അങ്ങനെയാക്കിയ 'ചക്രവര്‍ത്തി'യുടെ ബുദ്ധികൂര്‍മതയ്ക്ക് നന്ദി!
നിങ്ങള്‍ രാഷ്ട്രീയത്തെ എങ്ങനെ നിര്‍വചിക്കും?
സമൂഹത്തില്‍ ജനങ്ങളുടെ സംഘടിത ശക്തികൊണ്ട് എന്തും നേടാം-ഇതാണ് നിര്‍വചനം. ഒത്തൊരുമയോടെ ജീവിക്കണം എന്നാഗ്രഹിക്കുന്ന കുറച്ചാള്‍ക്കാരുണ്ടെങ്കില്‍ അവര്‍ക്ക് സംഘടന വേണ്ടി വരുന്നു. ചില രാഷ്ട്രീയമായ ക്രമീകരണങ്ങള്‍ ആവശ്യമായി വരുന്നു. എന്തുചെയ്യണം, എന്തുചെയ്യേണ്ട എന്നു നിശ്ചയിക്കേണ്ടിവരുന്നു.
പക്ഷെ കുടുംബത്തിന്റെ രാഷ്ട്രീയം, മതത്തിന്റെ, ബന്ധങ്ങളുടെ, തെരുവിലെ മനുഷ്യരുടെ ഒക്കെ രാഷ്ട്രീയമുണ്ട്?
അതെ. തീര്‍ച്ചയായും. നമ്മള്‍ പറയുന്നത് അധികാരത്തിന്റെ രാഷ്ട്രീയത്തെപ്പറ്റിയാണ്. അധികാരം ഉപയോഗിക്കുന്ന രീതിയെപ്പറ്റി.
എഴുത്തുകാര്‍ പൊതു പ്രവര്‍ത്തനത്തില്‍ അല്ലെങ്കില്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതുണ്ടോ. താങ്കള്‍ എന്തു പറയുന്നു?
ആരുടെയെങ്കിലും മേല്‍ നിയമങ്ങള്‍ നിശ്ചയിക്കാന്‍ ഞാനാളല്ല. പക്ഷെ ഞാന്‍ കരുതുന്നത് എഴുത്തുകാര്‍ വെറും എഴുത്തുകാരാണെന്നല്ല. അവര്‍ പൗരന്‍മാര്‍ കൂടിയാണ്. മിക്കവാറും മുതിര്‍ന്നവരാണ്. ഗൗരവവും നല്ലതുമായ എഴുത്ത് എന്നാല്‍ അത് എപ്പോഴും മാനുഷികതയെ സഹായിക്കുകയും സേവിക്കുന്നതുമാകണം. മനുഷ്യത്വത്തെ നിരാശപ്പെടുത്താനുദ്ദേശിച്ചുളള കലയെ എങ്ങനെ കലയെന്നു വിളിക്കാമെന്ന് എനിക്കറിഞ്ഞു കൂടാ. വര്‍ണവെറി നമുക്ക് സ്വീകാര്യമല്ല. അത് മാനുഷികതയ്ക്ക് എതിരാണ്. ചില ആള്‍ക്കാര്‍ കരുതുന്നത് നമ്മള്‍ അയാളുടെ (എഴുത്തുകാരന്റെ) ജനങ്ങളെ വാഴത്തണമെന്നാണ്. ദൈവത്തിന് സ്തുതി! പോയി എന്റെ പുസ്തകം വായിക്ക്. ഞാന്‍ എന്റെ ജനതയെ പുകഴ്ത്താറില്ല. ഞാനാണവരുടെ എറ്റവും വലിയ വിമര്‍ശകന്‍.
'സര്‍വം ശിഥിലമാകുന്നു' ഇപ്പോഴും ജനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. അതവര്‍ക്കിടയില്‍ പ്രതിധ്വനിക്കുന്നുവെന്ന് താങ്കളും കരുതുന്നു. എന്തുകൊണ്ടാവും ഇത് സ്വീകാര്യമാകുന്നത്?
ലോകമെമ്പാടും ജനങ്ങള്‍ക്കിടയില്‍ പ്രതിധ്വനിക്കുന്നവിധത്തില്‍ ആ നോവലില്‍ ചിലതുണ്ടെന്ന് ഞാന്‍ കരുതുന്നു. ജനം ഇത് വായിക്കുന്നത് അധിനിവേശിതാവസ്ഥ, ഭ്രഷ്ടരാക്കപ്പെടല്‍- അങ്ങനെ തങ്ങളുടേതായ പല കാരണങ്ങള്‍കൊണ്ടാവും. അത് അവരുടെ കഥയാണ്. നോവല്‍ എഴുതുമ്പോള്‍ ഞാനിതിനെപ്പറ്റി ബോധവാനായിരുന്നില്ല. എഴുതുമ്പോള്‍ വളരെ ചെറുപ്പമായിരുന്നു, മാത്രമല്ല ഞാന്‍ വെറുതെ എന്റെ കഥ എഴുതുകയായിരുന്നു. ഇത് മറ്റുളളവര്‍ക്കും ബാധകമാണെങ്കില്‍ സാര്‍വത്രികമായ മാനുഷികതയാണ്. ലോകമെമ്പാടും നോക്കിയാലും ഒരേതരത്തില്‍ അനുഭവമുളള, ഒരേ പ്രശ്‌നങ്ങളുളള ആള്‍ക്കാരെ കാണാനാകും. ഈ പ്രശ്‌നങ്ങളുടെ പരിഹാരങ്ങളും നമുക്ക് പരസ്പരം നല്‍കാനാകും.
വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്കുണ്ടായ അസാധാരണമായ അനുഭവം പറയാം. കൊറിയയിലെ ഒരു വനിതാ കോളജില്‍ നിന്ന് 35 കത്തുകളടങ്ങിയ ഒരു പൊതി എനിക്ക് കിട്ടി. 'സര്‍വം ശിഥിലമാകുന്നു' തങ്ങളെങ്ങനെ വായിച്ചു, അവര്‍ക്ക് എങ്ങനെ ബോധിച്ചു എന്നിങ്ങനെയായിരുന്നു കത്തുകള്‍. അതില്‍ പലരും ഞാനെന്തിനു ആ മനുഷ്യനെ കഥയുടെ അന്ത്യത്തില്‍ മരിക്കാന്‍ അനുവദിച്ചു എന്നതിനെ വൈകാരികമായി ചോദ്യം ചെയ്യുകയും ഞാനെങ്ങനെ അത് എഴുതേണ്ടിയിരുന്നുവെന്നും പറഞ്ഞിരുന്നു(ചിരി). ആദ്യം എനിക്ക് അത്ഭുതം തോന്നി. പിന്നെ എനിക്ക് ബോധമുണ്ടായി. കൊറിയയെപ്പറ്റി എനിക്കൊന്നുമറിയില്ല. ഞാനവിടം ഒരിക്കലും കണ്ടിട്ടില്ല. പക്ഷെ അവര്‍ എന്നോട് പറഞ്ഞു അധിനിവേശം എന്നാല്‍ എന്താണെന്ന് തങ്ങള്‍ക്കറിയാമെന്ന്. അവര്‍ ജപ്പാന്‍കാരാല്‍ കോളനിവല്‍ക്കരിക്കപ്പെട്ടിരുന്നു. അതിനാല്‍ അവര്‍ എന്റെ കഥ വായിച്ചത് അവരുടെ തന്നെ അനുഭവമായിട്ടാണ്. ഇതാണ് സാഹിത്യം ചെയ്യുന്നത്. നിങ്ങളുടെ പിന്നാമ്പുറത്ത് മാത്രം നടക്കുന്നതല്ല അത്. വിദൂരത്തുളള ഒരാള്‍ക്കും അത് പോലെ സംഭവിക്കുന്നു. അതുകൊണ്ടാണ് നമ്മള്‍ എല്ലാവരോടും സ്വന്തം കഥകള്‍ പറയണമെന്ന് ആവശ്യപ്പെടുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും. അവസാനമെന്നത് നമ്മുടെയെല്ലാം നന്മയാണ്-എല്ലാവര്‍ക്കും അതില്‍ നേട്ടമുണ്ടാകും.
'സര്‍വം ശിഥിലമാകുന്നു' എന്ന നോവല്‍ സ്വന്തം ഭാഷയായ ഇഗ്‌ബോയില്‍ എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നെന്നും സ്വന്തം ജനതയ്ക്കിടയില്‍ കൂടുതല്‍ ചലനം ഉണ്ടാക്കുമെന്നും തോന്നിയിട്ടുണ്ടോ? സ്വന്തം ഭാഷയില്‍ തന്നെ വേണം രചനകള്‍ നടത്തണം എന്ന നിലപാട് ചില എഴുത്തുകാര്‍ ഉന്നയിക്കുമ്പോള്‍ എങ്ങനെ കാണുന്നു ഇതിനെ?
സ്വന്തം ഭാഷയില്‍ എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ ചലനമുണ്ടാക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരം. എന്റെ ജനങ്ങള്‍ എന്നു പറയുന്നത് നൈജീരിയക്കാരാണ്. നൈജീരിയയിലെല്ലാവരും ഇഗ്‌ബോയല്ല സംസാരിക്കുന്നത്. ഇഗ്‌ബോ അവിടുത്തെ വലിയ ഗോത്രജനവിഭാഗമാണ്. ഞാന്‍ ഇഗ്‌ബോയിലാണ് എഴുതിയിരുന്നെങ്കില്‍ ഇഗ്‌ബോ ജനങ്ങള്‍ക്ക് മാത്രമേ അത് വായിക്കാന്‍ കഴിയുമായിരുന്നുളളൂ. യോറുബസ്, ഹൗസാസ്, ഭൂഖണ്ഡത്തില്‍ മൊത്തത്തിലുളള മറ്റ് ആഫ്രിക്കന്‍ വംശജരായ കികുയുസ്, ലുവോസ് തുടങ്ങിയവര്‍ക്ക് ഒന്നും അത് വായിക്കാനാവുമായിരുന്നില്ല. 'സര്‍വം ശിഥിലമാകുന്നു' മുപ്പതിലേറെ വര്‍ഷങ്ങളായി വലിയ ചലനം ഉണ്ടാക്കിയിട്ടുണ്ട്. ഞാന്‍ ആഫ്രിക്ക മൊത്തത്തില്‍ സഞ്ചരിച്ചിട്ടുളളതുകൊണ്ട് എനിക്കതറിയാം. ഇത് ചിലപ്പോള്‍ ഒരു വാദം മാത്രമാകാം. കുറച്ചുപേരെ വായിക്കുകയുളളൂവെങ്കിലും ഇഗ്‌ബോയില്‍ തന്നെ എഴുതുകയാണ് വേണ്ടിയിരുന്നതെന്ന് ചില ആള്‍ക്കാര്‍ വാദിക്കുന്നുണ്ട്. കാരണം ആഫ്രിക്കന്‍ ഭാഷയില്‍ എഴുതിയിരുന്നെങ്കില്‍ പുതിയ സര്‍ഗസാഹിത്യം ആ ഭാഷയില്‍ ഉണ്ടാവാന്‍ അവസരം നല്‍കുമായിരുന്നു. അതിനുത്തരം നിങ്ങള്‍ എങ്ങനെയുളള ആളാണ്, സാഹിത്യത്തെപ്പറ്റി നിങ്ങള്‍ എന്തുകരുതുന്നു എന്നിവയൊക്കെ അടിസ്ഥാനമാക്കിയാവും. എനിക്ക് പശ്ചാത്താപമില്ല. കാരണം ഞാന്‍ ഇഗ്‌ബോയിലും രചനകള്‍ നടത്താറുണ്ട് എന്നതുകൊണ്ട് തന്നെ. ഞാന്‍ നിരവധി രചനകള്‍ ആ ഭാഷയില്‍ നടത്തിയിട്ടുണ്ട്. ഇഗ്‌ബോയില്‍ നോവല്‍ എഴുതുന്നത് ഗുണകരമാണ് എന്ന് അന്നു തോന്നിയിരുന്നുവെങ്കില്‍ ഞാനാഭാഷയില്‍ എഴുതിയേനെ.
നോവലിന്റെ സ്വാധീനം ഷേക്‌സ്പിയറില്‍ നിന്നാണോ? എഴുതുന്നതിനു മുമ്പ് നോവലിന്റെ പേര് മനസിലുണ്ടായിരുന്നോ?
അല്ല. യീറ്റ്‌സില്‍ നിന്നാണ് കൂടുതല്‍ സ്വാധീനം. ഞാനദ്ദേഹത്തെ കോളജ് കാലത്തിനു മുമ്പേ വായിച്ചിരുന്നു. നോവലിന്റെ പേര് എഴുതുന്നതിനിടയില്‍ ലഭിച്ചതാണ്. യീറ്റ്‌സിന്റെ കവിതകള്‍ ആദ്യ വായനയില്‍ തന്നെ എന്നെ ആകര്‍ഷിച്ചിരുന്നു. അത് ആഴമുളളതും അഗാധമായ ധ്യാനത്മകതയും ഉളളതാണ്.
'സര്‍വം ശിഥിലമാകുന്നു' എന്നതിന്റെ കയ്യെഴുത്ത് പ്രതിയുമായി ബന്ധപ്പെട്ട് രസകരമായ കഥകേള്‍ക്കുന്നുണ്ടല്ലോ? അത് ഏതാണ്ട് നഷ്ടമായ അവസ്ഥയെപ്പറ്റി?
അതൊരു നീണ്ട കഥയാണ്. അതിന്റെ ആദ്യ ഭാഗമെന്നത് കയ്യെഴുത്ത് പ്രതി ഏതാണ്ടൊക്കെ നഷ്ടപ്പെട്ടു പോയ അവസ്ഥയാണ്. 1957 ല്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചതുകൊണ്ട് ഞാന്‍ കുറച്ചു കാലം ലണ്ടനില്‍ ബി.ബി.സിയില്‍ പരിശീലനത്തിനായി പോയി. നോവലിന്റെ കരട് എന്റെ ഒപ്പമുണ്ടായിരുന്നു. അവിടുത്തെ എന്റെ സുഹൃത്തുക്കള്‍ ബി.ബി.സിയിലെ ജീവനക്കാരനും നോവലിസ്റ്റുമായ ഗില്‍ബെര്‍ട്ട് ഫെലപ്‌സിനെ കയ്യെഴുത്ത് പ്രതി കാണിക്കാന്‍ പറഞ്ഞു. ഞാനദ്ദേഹത്തിന് കൊടുത്തു. ഉത്സാഹം കാട്ടാതെയാണ് മേടിച്ചത്. കുറച്ചു കാലത്തിനു ശേഷം,അദ്ദേഹമത് വായിച്ചിട്ട് വളരെ നല്ലത് എന്നു പറയുകയും തന്റെ പ്രസാധകനെ കാണിക്കട്ടെ എന്ന് ചോദിക്കുകയും ചെയ്തു. ഞാന്‍ പറഞ്ഞു: ''നന്ദിയുണ്ട്. പക്ഷെ നൈജീരിയയിലേക്ക് പോയി ഒന്നു കൂടി തിരുത്തി എഴുതിയ ശേഷം അയക്കാം''. ഇംഗ്ലണ്ടിലായിരുന്നപ്പോള്‍ കണ്ട ടൈപ്പ് റൈറ്റിംഗ് ഏജന്‍സിയുടെ പരസ്യം എനിക്കോര്‍മയുണ്ടായിരുന്നു. ഞാന്‍ നിര്‍ഭാഗ്യത്തിന് കയ്യെഴുത്ത് പ്രതി ടൈപ്പ് ചെയ്ത് കിട്ടാനായി അതുപോലെ നൈജീരിയയില്‍ നിന്ന് അവര്‍ക്കയച്ചു. അവര്‍ അത് കിട്ടിയെന്നും അറിയിച്ചു. അവരാവശ്യപ്പെട്ട 32 പൗണ്ട് ഞാന്‍ നല്‍കി. പക്ഷെ പിന്നീട് മറുപടി ഒന്നുമുണ്ടായില്ല. മാസങ്ങള്‍ കഴിഞ്ഞു. ഞാന്‍ പലവട്ടം എഴുതി. മറുപടിയില്ല. കയ്യെഴുത്ത് പ്രതി നഷ്ടമായി എന്നു ഞാന്‍ ഉറപ്പിച്ചു. ഒടുവില്‍, എന്റെ ഭാഗ്യത്തിന് എന്റെ പ്രക്ഷേപണ കേന്ദ്രത്തിലെ മേലുദ്യോഗസ്ഥ ലണ്ടനില്‍ അവധിക്ക് പോകുന്നുണ്ടായിരുന്നു. ഞാനവരോട് കാര്യം പറഞ്ഞു. അവര്‍ ടൈപ്പ് റൈറ്റിംഗ് ഏജന്‍സിയില്‍ ചെന്നപ്പോള്‍ ഒഴിവു കഴിവ് പറയുകയായിരുന്നു. അവരത് തൊട്ടിട്ടുപോലുമില്ലായിരുന്നു. പൊടിപിടിച്ച് ഒരു മൂലക്ക് കിടപ്പുണ്ടായിരുന്നു. നൈജീരിയയില്‍ നിന്നാരും ഇതു തെരഞ്ഞു വരുമെന്ന് അവര്‍ കരുതിയില്ല. വൈകാതെ ടൈപ്പ് ചെയ്ത നോവല്‍ എനിക്ക് തിരിച്ചുകിട്ടി. ഒന്നല്ല, രണ്ടു കോപ്പി. പിന്നീട് ഞാനത് അലന്‍ ഹില്ലിന് അയച്ചു. പ്രസാധകരായ ഹൈനിമന്ന് അയച്ചുകൊടുത്തപ്പോള്‍ എന്തുചെയ്യണമെന്ന് അവര്‍ക്ക് പിടിയില്ല. അതിനു മുമ്പ് ഒരാഫ്രിക്കന്‍ നോവല്‍ അവര്‍ കണ്ടിരുന്നില്ല. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്‌ണോമിക്‌സിലെ ഒരു പ്രൊഫസറെ അവര്‍ അത് കാണിച്ചു. അദ്ദേഹം വളരെ ചെറിയ കുറിപ്പ് എഴുതി- ഏഴു വാക്കുകള്‍. 'യുദ്ധം കഴിഞ്ഞ ശേഷം ഇറങ്ങിയ ആദ്യ മികച്ച നോവല്‍'. അങ്ങനെ നോവല്‍ യാഥാര്‍ത്ഥ്യമായി.
പക്ഷെ കുറച്ചു കോപ്പികള്‍ മാത്രമാണ് അച്ചടിച്ചത്?
അതെ. വളരെ കുറച്ചു കോപ്പികള്‍ മാത്രം. അവര്‍ക്ക് ഈ നോവല്‍ വായിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. ആഫ്രിക്കയില്‍ നിന്ന് നോവല്‍ എന്ന സംഭവം അവര്‍ കണ്ടിട്ടേയില്ല. പക്ഷെ ജനം പെട്ടന്ന് അത് സ്വീകരിച്ചു.
'സര്‍വം ശിഥിലമാകുന്നു' എന്ന കൃതിയെപ്പറ്റി യാണ് എപ്പോഴും പറഞ്ഞുകേള്‍ക്കുന്നത്? മറ്റ് പുസ്തകങ്ങള്‍ ആദ്യ പുസ്തകത്തിന്റെ അത്രയും ചര്‍ച്ച ചെയ്യപ്പെടാത്തത് നിങ്ങളെ വിഷമിപ്പിച്ചിട്ടുണ്ടോ?
ചിലപ്പോഴൊക്കെ. പക്ഷെ അതൊരു പ്രശ്‌നമായി തോന്നിയിട്ടില്ല. ഒരു കുടുംബത്തില്‍ പല അംഗങ്ങളുളളതുപോലെ, ആദ്യം വന്ന 'സര്‍വം ശിഥിലമാകുന്നു' എന്നതിന് പ്രാമുഖ്യം കിട്ടി. മറ്റ് പുസ്തകങ്ങള്‍ മറ്റ് ചില ഗുണങ്ങളാല്‍ അതിനേക്കാള്‍ മികച്ചതാണ്. മറ്റുളളവര്‍ ഇതു കേള്‍ക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍,
യൂറോപ്പുമായുളള എന്റെ എതിരിടല്‍ സ്വീകാര്യമായ രീതിയില്‍ പറയേണ്ടി വന്നതാണ് ആദ്യ കൃതി. പക്ഷെ മറ്റ് പുസ്തകങ്ങള്‍ എന്റെ ചിന്തയുടെ ചട്ടക്കൂടിനുളളില്‍ അതേ സ്ഥാനം നേടിയിട്ടില്ല. എന്റെ ഏറ്റവും നല്ല പുസ്തകമേതാണെന്ന് ചോദിച്ചാല്‍ സത്യത്തില്‍ പറയുക 'എനിക്ക് അറിയില്ല' എന്നാണ്. എനിക്ക് പറയാനും ആഗ്രഹമില്ല. ഏതൊരു പുസതകവും വ്യത്യസ്തമായിരിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുളളത്. മനുഷ്യകഥയുടെ സങ്കീര്‍ണതയില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. ഒരു കഥ പല രീതിയില്‍ പറയാനാകും. എവിടെ നിന്നാണ് കഥ പറയുന്നത് എന്നനുസരിച്ച് കഥ പലരീതിയില്‍ വ്യത്യാസപ്പെടാം. ഒരു മനുഷ്യന്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് കഥ പറഞ്ഞാല്‍ അത് വ്യത്യസ്തമാകും. ഇഗ്‌ബോ ജനങ്ങള്‍ പറയുന്ന ഒരു കാര്യമുണ്ട്. അവരുടെ ഉത്സവങ്ങളില്‍ പൊതുമദ്ധ്യത്തില്‍ മുഖംമൂടിധരിച്ചൊക്കെയുളള നൃത്തമുണ്ട്. വലിയ സ്ഥലത്ത് അവര്‍ ചലിച്ചുകൊണ്ടിരിക്കുകയാവും. നിങ്ങള്‍ക്ക് നൃത്തം നന്നായി കാണണമെങ്കില്‍ ഒരിടത്തു നിന്നാല്‍ പറ്റില്ല എന്നവര്‍ പറയും. ഒരിടത്തു നിന്നാല്‍ നിങ്ങള്‍ക്ക് മുഴുവന്‍ കാഴ്ചയും കിട്ടില്ല. അതു കൊണ്ട് ചലിക്കണം. എനിക്ക് തോന്നുന്നത് കഥകള്‍ പറയുന്നത് അല്ലെങ്കില്‍ പറയേണ്ടത് ഇങ്ങനെയാണെന്നാണ്.-വിവിധ കാഴ്ചപ്പാടുകളില്‍ നിന്ന്.
നോവലിലെ ഒകോന്‍ക്‌വോ എന്ന പേര് യഥാര്‍ത്ഥമാണോ?
അത് ഒരു സാധാരണ പേരാണ്. ഇഗ്‌ബോനാട്ടില്‍ ഇഗ്‌ബോ ആഴ്ചയ്ക്ക് നാല് ദിവസമാണുളളത്. അതെല്ലാം ഓരോരുത്തരുടെയും പേരിന്റെയൊപ്പം വരും. നിങ്ങള്‍ തിങ്കള്‍, ചൊവ്വ, ബുധന്‍,വ്യാഴം തീയതികളിലാണ് ജനിച്ചതെങ്കില്‍ നിങ്ങള്‍ക്ക് 'തിങ്കളിന്റെ മകന്‍', 'ചൊവ്വയുടെ മകന്‍' എന്നിങ്ങനെയാണ് പേരിടുക. അതുപോലെയാണ് ഒകോന്‍ക്‌വോ. ക്‌വോ ദിനത്തില്‍ ജനിച്ചയാളാണ് അയാള്‍. ഈ ദിവസത്തില്‍ അല്ല ജനിക്കുന്നതെങ്കില്‍ ഒകെകെ, ഒകോയി, ഒകാഫോ എന്നിങ്ങനെയാവും പേര്. ഇതെല്ലാവരും അനുസരിച്ചുകൊളളണമെന്നില്ല. അങ്ങനെയല്ലെങ്കില്‍ നിങ്ങളുടെ അച്ഛനമ്മമാര്‍ അച്ചെബെ പോലുളള മറ്റേതെങ്കിലും പേരിടും.
വിപ്ലവ നാളുകള്‍
പഠനത്തിനു ശേഷം നൈജീരിയയില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ടോ? എത്രകാലം? ബയാഫ്ര വിപ്ലവത്തിലേക്ക് താങ്കള്‍ എങ്ങനെ എത്തി?
ഞാന്‍ നൈജീരിയ സര്‍വകലാശാലയില്‍ അധ്യാപകനായിരുന്നു. അതിനു മുമ്പ് റേഡിയോ കമ്പനിയില്‍ പ്രക്ഷേപകന്റെ ജോലി ചെയ്തിരുന്നു. 10 വര്‍ഷം. അപ്പോഴേക്കും നൈജീരിയയില്‍ കുഴപ്പം ആരംഭിച്ചു-ആഭ്യന്തര യുദ്ധം. 1967-68ല്‍. നൈജീരിയയില്‍ സൈനിക അട്ടിമറി നടന്നപ്പോള്‍ ലാഗോസിലെ ജോലി ഞാന്‍ ഉപേക്ഷിച്ചു. അട്ടിമറി സംഘടിപ്പിച്ചത് ചെറുപ്പക്കാരായ ഉദ്യോഗസ്ഥരാണ്. അവരില്‍ പലരും എന്റെ നാട്ടുകാരായിരുന്നു. ഞാന്‍ സൈനികരുടെ ആരാധകനോ സൈന്യത്തില്‍ ആകര്‍ഷിതനോ ആയിരുന്നില്ല. അതിനാലാണ് ദുഖിതനായി സ്വന്തം നാട്ടിലേക്ക് മടങ്ങിയത്.യുദ്ധം എനിക്ക് ദുരന്തമായാണ് തോന്നിയത്.ഞാന്‍ നൈജീരിയയില്‍ തുടര്‍ന്നു. പക്ഷെ ഞാന്‍ ലാഗോസ് വിട്ട് കിഴക്കന്‍ഭാഗത്തുളള നാട്ടിലേക്ക് പോയി. ലക്ഷക്കണക്കിന് ജനങ്ങള്‍ ചെയ്തതുപോലെ. അവിടമായിരുന്നു സുരക്ഷിതം. അതാണ് നൈജീരിയയില്‍ നിന്ന് ബയാഫ്ര എന്ന പേരില്‍ വേറിട്ട് പോകുന്നതിനുവേണ്ടിയുളള കലാപത്തിലേക്ക് നയിക്കുന്നത്. ഞാനും അതിന്റെ ഭാഗമായിരുന്നു. സര്‍ക്കാരിന്റെ അംബാസഡറും.
ബയാഫ്ര വിപ്ലവത്തില്‍ താങ്കള്‍ സജീവമായി പങ്കെടുത്തിരുന്നു. ബയാഫ്ര എന്ന നഷ്ട സ്വപ്നത്തെ താങ്കള്‍ എങ്ങനെ കാണുന്നു? എന്തായിരുന്നു കാഴ്ചപ്പാട്?
ആ സമത്ത് ബയാഫ്ര അനിവാര്യമായിരുന്നു. അത് ജനങ്ങളുടെ അവകാശമായിരുന്നു. ഇരകളാക്കപ്പെടുന്നതിനും നരഹത്യകള്‍ക്കുമെതിരെ 'വേണ്ട' എന്ന ശബ്ദം മുഴക്കേണ്ടിയിരുന്നു. മറിച്ച് ചിന്തിക്കുന്നവരുണ്ടാകും. രാജ്യത്തിന്റെ ഐക്യമാണ് മുഖ്യസ്ഥാനം, രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ പവിത്രമാണ് എന്നൊക്കെ കരുതുന്നവര്‍. പക്ഷെ എന്നെ സംബന്ധിച്ച് കാര്യം വ്യക്തമാണ്. എതിരായി രണ്ടു നിലപാടുകള്‍ വരുമ്പോള്‍ ഒന്നേ സ്വീകരിക്കാനാവൂ. മനുഷ്യ ജീവിതത്തിന്റെ പവിത്രത, ജനങ്ങളുടെ സന്തോഷം എന്നിവയ്ക്കാണ് വില കൊടുക്കേണ്ടത്. അതിനാല്‍ തന്നെ ബയാഫ്ര ശരിയായിരുന്നു. അതേ സമയം നമ്മള്‍ ജീവിക്കുന്നത് പ്രായോഗിക ലോകത്താണ്. അതായത് അധികാരവും ശക്തിയും യാഥാര്‍ത്ഥ്യമാണ്. മാറി നടക്കാന്‍ ചിന്തിച്ചാല്‍ നിങ്ങളുടെ അന്ത്യത്തിലേക്ക്, രക്തച്ചൊരിച്ചിലിലേക്ക് നയിക്കും. നമുക്ക് സംഭവിച്ചതുപോലെ. നഷ്ടം ലക്ഷങ്ങളാകും. ഇന്നും എത്രപേര്‍ മരിച്ചുവെന്ന് നമുക്കറിയില്ല. കൂടുതലും സാധാരണ ജനങ്ങളായിരുന്നു.
ബയാഫ്ര മൂന്നു വര്‍ഷമേ നീണ്ടു നിന്നുളളൂ.
അതെ. മൂന്നുവര്‍ഷത്തിനടുത്ത്. ആദ്യഘട്ടത്തില്‍ കയ്‌പേറിയ അനുഭവമായിരുന്നു. അത് നീട്ടിക്കൊണ്ടുപോകുന്ന വിധത്തില്‍ ഇടപെടാന്‍ വലിയ ശക്തികള്‍ക്ക് കഴിഞ്ഞു. വലിയ ശക്തികള്‍ക്ക് തങ്ങളുടെ കളികള്‍ കളിക്കാന്‍ അവസരം ഉണ്ട്. ചെറിയ മനുഷ്യര്‍ക്ക് അങ്ങനെ ചെയ്യാനാവില്ല. ബയാഫ്ര പരാജയപ്പെട്ടപ്പോള്‍ ഞങ്ങള്‍ വട്ടം തിരിഞ്ഞു. ജനങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്തേണ്ടതുണ്ട്. ചില ആള്‍ക്കാര്‍ പറഞ്ഞു നമുക്ക് കാട്ടിലോട്ടുപോകാം പോരാട്ടം തുടരാം എന്ന്. അത് ആത്മഹത്യപരമായിരുന്നേനെ. ആരെങ്കിലും ആത്മഹത്യ ചെയ്യുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല, ആഗ്രഹിക്കുന്നില്ല.
പക്ഷെ ബായഫ്ര ആവിശ്യപ്പെട്ട വേറിട്ടുപോകല്‍ എത്രമാത്രം നല്ലതാണ്?
കുറേ കാര്യങ്ങള്‍ സംഭവിച്ചശേഷം പിന്നീട് ഊഹത്തിന് പ്രസ്‌ക്തയില്ല. ചരിത്രത്തിന്റെ കുഴപ്പമാണ് അത്. നൈജീരിയ എന്നത് ബ്രിട്ടീഷ് സൃഷ്ടിയാണ്. നൈജീരിയയ്ക്ക് ബ്രിട്ടീഷ് അധിനിവേശത്തിനു കീഴില്‍ കഴിയേണ്ടി വന്നു. ബ്രിട്ടീഷ് ഭരണത്തിനൊടുവില്‍ ഞങ്ങള്‍ നൈജീരിയ എന്ന ആശയം സ്വീകരിച്ചു. പക്ഷെ രാജ്യത്ത് നന്നായല്ല കാര്യങ്ങള്‍ സംഭവിച്ചത്. അതിനാലാണ് ബയാഫ്രന്‍ കാര്യങ്ങള്‍ സംഭവിച്ചത്. ബ്രിട്ടീഷുകാര്‍ക്ക് രാജ്യം ഒന്നിപ്പിച്ച് നിര്‍ത്തുന്നതില്‍ ചില നിക്ഷിപ്ത താല്‍പര്യമുണ്ടായിരുന്നു. ജനങ്ങള്‍ക്കു വേണ്ടിയല്ല, അവര്‍ക്കു വേണ്ടി. അവര്‍ക്ക്- ബ്രിട്ടീഷുകാര്‍ക്ക് മാത്രമല്ല, സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും- ഒന്നിപ്പിച്ചു നിര്‍ത്തിയാല്‍ സാമ്പത്തിക, വാണിജ്യ ചൂഷണം നടത്താം.ജനങ്ങള്‍ സന്തോഷവാന്‍മാരല്ലെങ്കില്‍ ഐക്യം അര്‍ത്ഥരഹിതമാണെന്ന് അവര്‍ മനസിലാക്കിയില്ല. നൈജീരിയയില്‍ ഇല്ലാതിരുന്ന മറ്റൊരുതരം സ്വാതന്ത്ര്യം, പരാമാധികാരം എന്നിവ ജനങ്ങള്‍ക്ക് വേണമായിരുന്നു. ആറുവര്‍ഷമേ ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്ന് മോചിതമായിട്ടുളളൂവെങ്കിലും പെരുമാറ്റത്തില്‍, രീതികളില്‍, ചിന്താധാരകളില്‍ നേതാക്കള്‍ ബ്രിട്ടീഷുകാരെപ്പോലെ പെരുമാറി. ബ്രിട്ടീഷ് ഉപദേശകര്‍ രാജ്യഭരണം തുടര്‍ന്നു. അവര്‍ രാജ്യത്തിലെ പുരോഗമന ശക്തികളില്‍ ആകുലരായിരുന്നു. ജനതകളില്‍ ഒരുവിഭാഗത്തെ അവര്‍ കൊന്നൊടുക്കി. ബ്രിട്ടീഷുകാരില്‍ നിന്ന് മോചനം തേടുമ്പോള്‍ ഞങ്ങളുടെ സങ്കല്‍പ്പം അതായിരുന്നില്ല. അതിനാല്‍ ബയാഫ്ര എന്നത് യഥാര്‍ത്ഥ സ്വാതന്ത്ര്യം, യഥാര്‍ത്ഥ പരാമധികാരം ഉളള രാഷ്ട്രം സ്ഥാപിക്കാനുളള ശ്രമമായിരുന്നു.
ലോകത്ത് ഏതെങ്കിലും രാജ്യത്ത് ജനങ്ങള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
ബയാഫ്ര എന്നതുകൊണ്ട് ഞങ്ങള്‍ ഉദ്ദേശിച്ചതിന്റെ മറ്റു തലം കൂടി ഉണ്ടായിരുന്നു. സ്വാന്ത്ര്യവും പരമാധികാരവും എങ്ങനെ ആയിരിക്കണമെന്നതിനെപ്പറ്റി എന്തായിരുന്നു ബയാഫ്രന്‍ സങ്കല്‍പ്പം എന്നു കൂടി പറയാം. ഞങ്ങളോട് പറഞ്ഞിരുന്നത് നമ്മള്‍ സാങ്കേതികമായി വളരെ വളരെ പിന്നിലാണെന്നും എല്ലാ കാര്യത്തിനും ബ്രിട്ടീഷുകാരെയും പാശ്ചാത്യരെയും ആശ്രയിക്കണമെന്നുമാണ്. എണ്ണ ഖനന സാങ്കേതിക വിദ്യ വളരെ സങ്കീര്‍ണമാണെന്നും അടുത്ത അഞ്ഞൂറു വര്‍ഷമെങ്കിലുമെടുക്കും ഞങ്ങള്‍ക്കത് പ്രാപ്യമാവാനുമെന്നാണ് യൂറോപ്യന്‍ എണ്ണ കമ്പനികള്‍ പറഞ്ഞത്. അത് സത്യമല്ലെന്ന് ഞങ്ങള്‍ക്കറിയാം. കാരണം വളയപ്പെട്ടിരുന്നതിനാല്‍, പോരാട്ടത്തിനിടയ്ക്ക് ഞങ്ങള്‍ എണ്ണ ശുദ്ധീകരണം നടത്തിയിരുന്നു. ആഫ്രിക്കന്‍ ജനതയ്ക്ക് തനിച്ചതു ചെയ്യാമെന്ന് കാട്ടിക്കൊടുക്കേണ്ടിയിരുന്നു. ആഫ്രിക്കക്കാരന് വിമാനം പറത്താമെന്നും തെളിയിക്കാനും ഞങ്ങള്‍ ശക്തരായിരുന്നു. ചിലപ്പോള്‍ അതിശയോക്തി കലര്‍ത്തിയതായേക്കാമെങ്കിലും ഒരു കഥയുണ്ട്. ഒരാഫ്രിക്കന്‍ രാജ്യത്ത് ബയാഫ്രന്‍ വിമാനം ചെന്നിറങ്ങി. പൈലറ്റ് ഉള്‍പ്പടെ എല്ലാവരും പുറത്തിറങ്ങി. ഒറ്റ വെളുത്ത നിറക്കാരനുമില്ലായിരുന്നു അതില്‍. ഫ്രഞ്ച് പിണിയാളുകളായ ആ രാജ്യക്കാര്‍ക്ക് വെളള വൈമാനികനില്ലാതെ വിമാനം ഇറങ്ങിയത് വിശ്വസിക്കാനാവുമായിരുന്നില്ല. അവര്‍ പറഞ്ഞു: ''എവിടെ പൈലറ്റ്, എവിടെ വെളള നിറക്കാര്‍'. അവര്‍ വിമാനം പറത്തിയവരെ അറസ്റ്റു ചെയ്തു. ഞങ്ങള്‍ ചെയ്തിരുന്നതിനേക്കാള്‍ നന്നായി ഞങ്ങളുടെ കഴിവിനെയും അറിവിനെയും ഉപയോഗിക്കാനാവുമായിരുന്നു. അതു തെളിയിക്കല്‍ കൂടിയായിരുന്നു ബയാഫ്ര.ഏതെങ്കിലും രാജ്യത്ത് യഥാര്‍ത്ഥ സ്വാതന്ത്ര്യമുണ്ടോ എന്ന് നിങ്ങള്‍ ചോദിച്ചു. ഉത്തരം ഇല്ല എന്നാണ്.
ഈ കാലത്ത് സര്‍ഗ രചനകള്‍ നടത്താന്‍ കഴിഞ്ഞിരുന്നോ?
ഈ കാലത്താണ് ഞാന്‍ എന്റെ ഭൂരിപക്ഷം കവിതകളും എഴുതുന്നത്. കുറേ ചെറുകഥകളും എഴുതി. 'യുദ്ധത്തിലെ പെണ്‍കുട്ടി' എഴുതുന്നത് ഈ സമയത്താണ്.
ഭരണകൂടം നിങ്ങളെയും രചനകളെയും പീഡിപ്പിച്ചിരുന്നോ? എങ്ങനെയാണ് വിദേശത്ത് ആദ്യം പ്രവാസിയായി എത്തിയത്? പിന്നെ മടക്കം?
നൈജീരിയയില്‍ നടന്നത് പരിഷ്‌കൃത രൂപത്തിലുളള പീഡനങ്ങളാണ്. ഭരണകൂടം നിരന്തരം ഉപദ്രവിച്ചിരുന്നു. ഞാന്‍ നൈജീരിയയില്‍ തന്നെ തുടര്‍ന്നു. മറ്റുളളവര്‍ക്ക് ലഭിക്കുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ തന്നെയായിരുന്നു എന്റെ ഉദ്ദേശം. യുദ്ധത്തിനൊടുവില്‍ കുറച്ചുവര്‍ഷം അവര്‍ എന്നെ പീഡിപ്പിച്ചു. പക്ഷെ എനിക്ക് നൈജീരിയയില്‍ യാത്രചെയ്യാനായി. പാസ്‌പോര്‍ട്ട് അവര്‍ നല്‍കിയില്ല. ഒടുവില്‍ ഞാന്‍ വിദേശകാര്യ മന്ത്രിയോട് നേരിട്ട് എന്തുകൊണ്ടാണ് എനിക്ക് പാസ്‌പോര്‍ട്ട് തരാന്‍ താങ്കളുടെ മന്ത്രാലയം മടിക്കുന്നത് എന്നാരാഞ്ഞു. പാസ്‌പോര്‍ട്ട് തരാമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. 1972 ല്‍ പാസ്‌പോര്‍ട്ട് കിട്ടി. അങ്ങനെയാണ് ഞാന്‍ അമേരിക്കയില്‍ വരുന്നത്. ഞാന്‍ ക്ഷീണിതനായിരുന്നു. എനിക്ക് അല്‍പം മാറ്റം ആവശ്യമായിരുന്നു. മസാക്കുചുസറ്റ് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് വിഭാഗം അധ്യക്ഷനായി ഞാന്‍ ക്ഷണിക്കപ്പെട്ടു. അവിടെ രണ്ടു വര്‍ഷം. പിന്നെ ഒരു വര്‍ഷം മറ്റൊരു സര്‍വകലാശാലയില്‍. ആ സമയത്താണ് നൈജീരിയയിലെ സൈനിക ഭരണകൂടം എന്നോട്്എന്തുകൊണ്ട് നാട്ടിലേക്ക് മടങ്ങിക്കൂടാ എന്ന് ചോദിക്കുന്നത്. 1975 ല്‍ നൈജീരിയന്‍ സര്‍വകലാശാലയിലേക്ക് മടങ്ങാന്‍ എനിക്കായി.
എഴുത്തിന്റെ രീതി
എഴുതുമ്പോള്‍ ആരാണ് മനസില്‍? നൈജീരിയക്കാര്‍? ഇഗ്‌ബോ? അല്ലെങ്കില്‍ അമേരിക്കക്കാര്‍?
എല്ലാവരും. എഴുതുമ്പോള്‍ എന്റെ സ്ഥാനം മധ്യത്തിലാണ്. എന്നില്‍ നിന്ന് നീളുന്ന വൃത്തങ്ങള്‍ പോലെയാണ് മറ്റുളള വായനക്കാര്‍. ആ വൃത്തത്തില്‍ ഉളളത് എന്റെ കഥ കേള്‍ക്കാനുളളവരാണ്. അടുത്തുളള വൃത്തമെന്നത് എന്റെ ഇഗ്‌ബോലാന്‍ഡില്‍ വീടിനടുത്തളളവരാണ്. കാരണം ഞാനുപയോഗിക്കുന്ന വസ്തുക്കള്‍ അവരുടേതാണ്. ഞാന്‍ എല്ലായിടത്തും വികസിച്ച ഭാഷയായ ഇംഗ്ലീഷാണ് ഉപയോഗിക്കുന്നത്. അത് എന്റെ എഴുത്തിനെ സ്വാധീനിക്കും. കുറച്ചൊക്കെ അത് ഞാന്‍ എഴുതുന്ന കഥയെയും സ്വാധീനിക്കും. അതില്‍ ഒരു വൈരുദ്ധ്യമുണ്ട്. എന്റെ പുസ്തകങ്ങള്‍ ഇന്തോനീഷ്യ, ജപ്പാന്‍,തായ്‌ലാന്‍ഡ്, കൊറിയ എന്നിവിങ്ങളിലെ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ എഴുതുമ്പോഴെങ്കിലും ഞാനീ ബാഹ്യ വൃത്തങ്ങളെപ്പറ്റി ചിന്തിക്കാറില്ല. എഴുതുമ്പോള്‍ തൃപ്തിയാണ് എനിക്ക് പ്രധാനം. ഒരു കഥ എനിക്ക് പറയണം. അത് ഏറ്റവും ഗുണകരമായ വിധത്തില്‍ പറയുകയാണ് എന്റെ ലക്ഷ്യം. പക്ഷെ ആരാണ് പുസ്തകം വായിക്കുക എന്നത് മനസില്‍ ഉണ്ട്. ചില ആള്‍ക്കാര്‍ ചോദിക്കും ഇയാളെന്തിനാണ് നൈജീരിയന്‍-ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നതെന്ന്? ചില വിമര്‍ശകരൊക്കെ ഇതു പറഞ്ഞിട്ടുണ്ട്. അവരോട് 'പോ, നരകത്തിലേക്ക്' എന്നു പറയാന് തോന്നിയിട്ടുളളത്. യൂറോപ്പിനെയും ലോകത്തിന്റെ മറ്റ് ഭാഗത്തെയും മനസിലാക്കാന്‍ എന്റെ ജനങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ നിങ്ങള്‍ അറിയണം. നിങ്ങള്‍ക്ക് ചെറിയ ചുവടുപോലും വയ്ക്കാനാവില്ലെങ്കില്‍ അതിനെ(എന്റെ പുസ്തകത്തെ) വിട്ടേക്കുക എന്നാണ് എനിക്ക് പറയാനുളളത്.
എന്താണ് താങ്കളുടെ രചനാ രീതി? ആശയം, പ്രത്യേക സാഹചര്യം, കഥാപാത്രങ്ങള്‍-ആദ്യമെന്താണ് മനസിലേക്ക് വരുന്നത്?
എല്ലാ പുസ്തകവും ഒരുപോലെയല്ല പൂര്‍ത്തിയാവുന്നത്. പൊതുവില്‍ പറഞ്ഞാല്‍ എന്നെ സംബന്ധിച്ച് മൊത്തത്തിലുളള ആശയമാണ് ആദ്യം മനസില്‍ വരുന്നത്. അതിനെതുടര്‍ന്ന് വൈകാതെ മുഖ്യ കഥാപാത്രങ്ങള്‍ വരുന്നു. നമ്മള്‍ ജീവിക്കുന്നത് പൊതുവായ ആശയങ്ങളുടെ സാഗരത്തിലാണ്.പക്ഷെ പ്രത്യേക ആശയം ഒരു കഥാപാത്രത്തോട് ബന്ധിപ്പിക്കുമ്പോള്‍ എഞ്ചിന്‍ ചലിക്കാന്‍ തുടങ്ങുന്നു. പക്ഷെ ഇത്, ഇസേയുലു പോലുളള കഥാപാത്രമുളള 'ദൈവത്തിന്റെ അമ്പ് പോലുളള നോവലിലേ സാധ്യമാകൂ. പക്ഷെ 'മാന്‍ ഓഫ് ദ പീപ്പിള്‍' തുടങ്ങിയ എന്റെ മറ്റ് രചനകളില്‍ നായക വ്യക്തിത്വങ്ങളില്ല. അപ്പോള്‍ എനിക്ക് തോന്നുന്നു പൊതു ആശയമാണ് ആദ്യഘട്ടത്തില്‍ ശക്തമായ ഘടകമെന്ന്. പക്ഷെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ പൊതു ആശയത്തിനും കഥാപാത്രത്തിനും തമ്മില്‍ വേര്‍തിരിവുകളുണ്ടാവില്ല.
എഴുത്ത് അനായാസമാണോ? അതോ ബുദ്ധിമുട്ടായി തോന്നുന്നോ?
സത്യസന്ധമായ ഉത്തരം എഴുത്ത് ബുദ്ധിമുട്ടാണ് എന്നതാണ്.പക്ഷെ ബുദ്ധിമുട്ട് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് നിങ്ങള്‍ക്ക് മനസിലാകണമെന്നില്ല. അത് മല്ലയുദ്ധം പോലെയാണ്. ആശയങ്ങളുമായും കഥയുമായും നമ്മള്‍ മല്ലയുദ്ധം നടത്തുന്നു. വളരെയേറെ ഊര്‍ജം ആവശ്യമാണതിന്. പക്ഷെ അതേ സമയം അത് ആവേശജനകവുമാണ്. അങ്ങനെ എഴുത്ത് ഒരേ സമയം ബുദ്ധിമുട്ടും അനായസവുമാണ്.
എഴുതാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഇടമുണ്ടോ?
എനിക്ക് നന്നായി എഴുതാനാവുന്നത് നൈജീരിയിലെ വീട്ടില്‍ ആയിരിക്കുമ്പോഴാണ്. പക്ഷെ മറ്റുളളിടത്തിരുന്നും എനിക്ക് എഴുതിയേ മതിയാകൂ. പക്ഷെ ചുറ്റുപാടുകള്‍ വിഷയമാണ്. സമയം ഒരു പ്രശ്‌നമല്ല. അതിരാവിലെയുളള എഴുത്തൊന്നും എനിക്ക് വശമില്ല. ദിനം ആരംഭിച്ചശേഷമേ എനിക്ക് എഴുതാനാവൂ. രാത്രി വൈകിയും എഴുതും. ഒരു ദിവസം ഇത്ര വാക്കുകള്‍ എഴുതണമെന്ന് ശാഠ്യമൊന്നും എനിക്കില്ല.
നിങ്ങള്‍ എങ്ങനെ എഴുതുന്നു? പേന, കമ്പ്യൂട്ടര്‍...?
അല്ല. ഞാനിപ്പോഴും അപരിഷ്‌കൃതനാണ്. ഞാന്‍ പേന കൊണ്ടാണ് എഴുതുന്നത്. അതാണ് എന്റെ രീതി. യന്ത്രങ്ങള്‍ എനിക്കു സുഖകരമായി തോന്നിയിട്ടില്ല. ടൈപ്പ് റൈറ്റിംഗും വശമില്ല. ടൈപ്പ് ചെയ്യുന്ന പേപ്പറില്‍ ഒരു തിരുത്തല്‍ പോലും വരുന്നത് എനിക്കിഷ്ടമില്ല. വൃത്തിവേണം. ടൈപ്പ് റൈറ്റിംഗില്‍ തിരുത്താന്‍ ശ്രമിച്ചാല്‍ ആകെ വൃത്തികേടാകും. അങ്ങനെയൊക്കെ നോക്കുമ്പോള്‍ ഞാനൊരു വ്യവസായവല്‍ക്കരണത്തിനു മുമ്പുളള മനുഷ്യനാണ്.
അമേരിക്കയും നൈജീരിയയും
നൈജീരിയിന്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തെയും ഇന്നത്തെ വിദ്യാര്‍ത്ഥികളുടെഅവസ്ഥയെയും താരതമ്യപ്പെടുത്തിയാല്‍..?
അത് പകലും രാത്രിയും പോലെയാണ്.
എതാണ് പകല്‍, എതാണ് രാത്രി? എന്തുകൊണ്ട്?
എന്റെ വിദ്യാര്‍ത്ഥികാലമാണ് പകല്‍. ഇത് രാത്രി. വിദ്യാര്‍ത്ഥികളുടേതല്ല കുഴപ്പം.
പിന്നെ? സര്‍ക്കാരിന്റെ?
അത് രാജ്യത്തിന്റെ, സര്‍ക്കാരിന്റെ, മറ്റ് പലതിന്റെയും തകര്‍ച്ചയുടെയും ഒക്കെ ഫലമാണ്. നൈജീരിയയെപ്പറ്റി സംസാരിക്കുന്നത് വേദനാജനകമാണ്. അത് എന്നില്‍ സൃഷ്ടിക്കുന്നത് എന്റെ ഭാഷയിലെ ഒരു പഴം ചൊല്ലിലെ ബിംബങ്ങളാണ്. ഒരു വീട് തകരുന്നു. 'മേല്‍ക്കൂരയ്‌ക്കെന്തുപറ്റി', ജനലുകള്‍ക്ക് എന്ത് പറ്റി? എന്ന് നിങ്ങള്‍ ചോദിക്കില്ല. നമ്മള്‍ ദുരന്തത്തെപ്പറ്റിയാണ് പറയുന്നത്.
അമേരിക്കയിലാണ് താങ്കള്‍ ഇപ്പോഴുളളത്. നൈജീരിയയിലെയും അമേരിക്കയിലെ സാമൂഹ്യ സാഹചര്യങ്ങളെ എങ്ങനെ കാണാനാകുന്നു?
തങ്ങളുടെ രാജ്യത്തെ രാഷ്ട്രീയ മാറ്റം അമേരിക്ക കൈകാര്യം ചെയ്യുന്ന രീതി നല്ലതാണ്. നൈജീരിയ പോലുളള രാജ്യത്ത് നിന്ന് വരുന്നവര്‍ക്ക് ഇത് പെട്ടന്നു മനസിലാകും. കാരണം അവിടെ രാഷ്ട്രീയമാറ്റങ്ങള്‍ സമാധാനപരമായി നടക്കാറില്ല. നൈജീരിയ ഇക്കാര്യങ്ങള്‍ അമേരിക്കയില്‍ നിന്ന് പഠിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. പക്ഷെ അമേരിക്കക്കാര്‍ക്ക് നൈജീരിയയില്‍ നിന്ന് ചിലതു പഠിക്കാനുണ്ട്. നിശ്ചയമായും പഠിക്കണം. വ്യക്തികളെ വ്യക്തികളായി കാണാനുളള കഴിവ്, ചിന്തകളിലും സര്‍ക്കാരിലും വര്‍ണവെറി പൂര്‍ണമായി ഒഴിവാക്കല്‍- ഇതാണ് എനിക്ക് അമേരിക്കയ്ക്ക് ആശംസിക്കാനാവുക. കാരണം ഇവിടെ എവിടെയെങ്കിലും വര്‍ണവെറിയുമായി ബന്ധപ്പെട്ട വാര്‍ത്ത കേള്‍ക്കാത്ത ദിവസമില്ല. ഇതാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ ഭാരം.
നൈജീരിയയില്‍ വര്‍ണവെറിയുണ്ടോ?
നൈജീരിയയില്‍ വര്‍ണവെറി ഒരു പ്രശ്‌നമല്ല. അവിടെ കറുത്തവര്‍ഗക്കാരല്ലാത്തവരെ കാണുന്നത് വിരളമാണ്(ചിരി). ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് അതായിരുന്നില്ല സ്ഥിതി.
നൈജീരിയയില്‍ നിന്ന് പക്ഷെ ഗോത്രങ്ങള്‍ തമ്മിലുളള കലാപത്തെപറ്റിയൊക്കെ മോശമായ വാര്‍ത്തകളാണല്ലോ എപ്പോഴും വരുന്നത്?
സൈനിക ഭരണവും അതിന്റെ സേച്ഛാധിപത്യമൊക്കെ മാറി മാറി വന്നിട്ടുണ്ടാകാം. പക്ഷെ ബോധപൂര്‍വം തന്നെ പാശ്ചാത്യമാധ്യമങ്ങള്‍ ആഫ്രിക്കയെപറ്റിയും നൈജീരിയയെപ്പറ്റിയും മോശം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. വെളളക്കാരുടെ ലോകം മഹത്തരം എന്നു പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. അവിടെ നടക്കുന്ന മിക്ക കുഴപ്പങ്ങള്‍ക്കു പിന്നിലും സാമ്രാജ്യത്വ ഇടപെടലുകളുണ്ട്. നൈജീരിയില്‍ വിവിധ ദേശീയ-ഗേത്ര വിഭാഗങ്ങള്‍ സൗഹാര്‍ദത്തോടെയാണ് കഴിഞ്ഞത്. ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാരാണ് ആദ്യം അവര്‍ക്കിടയില്‍ വൈര്യം ജനിപ്പിച്ചത്. അത് നന്നായി അവര്‍ വളര്‍ത്തി. ഇപ്പോഴും സംഭവിക്കുന്നത് അതു തന്നെയാണ്. നിക്ഷിപ്ത താല്‍പര്യങ്ങളാണ് പ്രശ്‌നം ഉണ്ടാക്കുന്നത്. നൈജീരയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ സാമ്രാജ്യത്വ രാജ്യങ്ങളാണ് എന്നു നമ്മള്‍ കാണാതെ പോകുന്നു.
നൈജീരിയയിലെ ഇപ്പോഴത്തെ രാഷ്ട്രീയവാസ്ഥ എന്താണ്? എന്താണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്?
നൈജീരിയ എന്നത് വളരെ സങ്കീര്‍ണമായ സ്ഥലമാണ്. വലിയ നാടാണ്. ആഫ്രിക്കയുടെ അഞ്ചില്‍ ഒന്ന് ജനസംഖ്യയും അവിടെയാണുളളത്. ഭൂപടത്തില്‍ നോക്കിയാല്‍ മനസിലാവില്ലിത്. ചെറിയ ഒരു ത്രികോണമായേ നിങ്ങള്‍ക്കത് കാണാനാവൂ. അവിടെ പെട്രോളിയം ഉള്‍പ്പടെയുളള വിഭവങ്ങളും വളരെയേറെ കഴിവുളള ജനങ്ങളും ഉണ്ട്. പക്ഷെ ഇതൊന്നും ഗുണകരമായി ഉപയോഗിക്കാനായിട്ടില്ല. ഇതാണ് നൈജീരിയക്കാരന്റെ യഥാര്‍ത്ഥ വേദന. സമീപകാലത്തെ സംഭവികാസങ്ങള്‍ മൂലം ബൗദ്ധികമായി നൈജീരിയ തരിശാക്കപ്പെട്ടിട്ടുണ്ട്- അവിടുത്തെ പ്രൊഫഷണലുകളെല്ലാം വിദേശത്ത്, പ്രത്യേകിച്ച് ഇംഗ്ലണ്ടിലാണുളളത്. നിങ്ങള്‍ എവിടെയെങ്കിലും രണ്ട് നൈജീരിയക്കാരെ കാണുകയാണെങ്കില്‍ അവര്‍ സംസാരിക്കുന്നത് ഇതിനെപ്പറ്റിയാകും. അത് തുടരുന്ന വേദനയാണ്. ഞങ്ങള്‍ 20 -ാം നൂറ്റാണ്ടില്‍ സാധിക്കാത്ത പുതിയ നൈജീരിയ ഉണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തെപ്പറ്റിയുളള താങ്കളുടെ പ്രതീക്ഷകളുടെ അടിസ്ഥാനമെന്താണ്? ആഫ്രിക്കന്‍ സ്ത്രീകളിലാണോ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്?
സ്ത്രീകള്‍ക്ക് ഞങ്ങളുടെ സംസ്‌കാരത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്. കാര്യങ്ങള്‍ നിയന്ത്രണാധീനമാകുമ്പോള്‍, പരിഹരിക്കാനാവുന്നതിനപ്പുറം പ്രശ്‌നം താറുമാറാകുമ്പോള്‍ സ്ത്രീകളെ വിളിക്കുകയും പ്രശ്‌നം പരിഹരിക്കുന്നതിനും സംസ്‌കാരത്തില്‍ തെളിവുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ പലപ്രവാശ്യം ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷുകാര്‍ ഇഗ്‌ബോ നാട്ടിലേക്ക് വന്നു. അവര്‍ പുരുഷന്‍മാരെ പരാജയപ്പെടുത്തി അധികാരം ഉറപ്പിച്ചു. പക്ഷെ ആദ്യ കലാപം നടത്തുന്നത് സ്ത്രീകളാണ്. നികുതിചുമത്തിലിനെതിരെയാണ് ആ കലാപം. യഥാര്‍ത്ഥത്തില്‍ വിദേശ ഭരണം അടിച്ചേല്‍പ്പിക്കുന്നതിനെതിരെയാണ് അത് നടന്നത്. ഈ കലാപത്തെ ബ്രിട്ടീഷുകാര്‍ക്ക് മനസിലാക്കാനായില്ല. നൂറുകണക്കിന് ചതുരശ്ര മൈലുകളില്‍ ചിതറിനിന്ന കര്‍ഷക സ്ത്രീകള്‍ക്ക് സംഘടിതമായ രീതിയില്‍ പോരാടാന്‍ കഴിഞ്ഞു. ബ്രിട്ടീഷുകാര്‍ പിന്തിരിഞ്ഞു. അവര്‍ ഇഗ്‌ബോ ജനതയെപ്പറ്റി വീണ്ടും പഠിക്കേണ്ടി വന്നു.
ഇങ്ങനെ പൂര്‍ണമായും പ്രതീക്ഷ നശിക്കുന്ന സമയത്ത് സ്ത്രീകള്‍ മുന്നോട്ടുവന്നത് എനിക്കറിയാം. രൂപപ്പെടുത്തലിനെക്കുറിച്ചുളള ആശയങ്ങളില്‍ സ്ത്രീകളുടെ പങ്ക് ഏതാണ്ട് സ്രഷ്ടാവിന്റെ തലത്തിലാണ്. പക്ഷെ കാര്യങ്ങള്‍ കൈവിട്ടുവരുന്നതു വരെ അവര്‍ പിന്നണിയില്‍ നില്‍ക്കണമെന്ന് പുരുഷന്‍മാര്‍ ശഠിക്കുന്നു.
ദേശീയ സുരക്ഷയ്ക്ക് എന്താണ് കൂടുതല്‍ പ്രാധാന്യമുളളതായി താങ്കള്‍ കാണുന്നത്? അധ്യാപകര്‍ക്കും സൈനികര്‍ക്കോ കൂടുതല്‍ വേതനം നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്താണ് പറയാനുളളത്?
സുരക്ഷ? ദേശീയ സുരക്ഷയുടെ കാര്യത്തില്‍ ഞാനൊരു വിദഗ്ധനല്ല. ദേശീയ സുരക്ഷ എന്നു പറയുമ്പോള്‍ ജനങ്ങള്‍ അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് വ്യക്തമല്ല. അധ്യാപകര്‍ക്കാണോ സൈനികര്‍ക്കാണോ കൂടുതല്‍ വേതനം നല്‍കേണ്ടത് എന്നതാണെങ്കില്‍ തീര്‍ച്ചയായും അധ്യാപകര്‍ക്കാണ്. അത് പ്രതിദിനമാണെങ്കിലും പ്രതിമണിക്കൂറിലാണെങ്കിലും.
കെന്‍സാരോ വിവയുടെ വധത്തോട് താങ്കളുടെ പ്രതികരണം എന്തായിരുന്നു? സൈനിക ഭരണം അടുത്തിടെ വരെ തുടരാന്‍ എന്തായിരുന്നു കാരണം?
നൈജീരിയില്‍ സൈനിക ഭരണം നിലനില്‍ക്കാന്‍ കാരണം ജനങ്ങള്‍ക്കിടയിലെ അനൈക്യമാണ്. മതി, മതി എന്നു പറയാനുളള നിശ്ചയദാര്‍ഢ്യം ഇല്ലാതെ പോകുന്നു. സൈനിക ഭരണം മാറി മാറി വരുമ്പോള്‍ ജനം പറയുന്നത് ഇയാള്‍ മുമ്പത്തേക്കാള്‍ നന്നായിരിക്കും, നോക്കിക്കളയാം എന്ന മട്ടിലാണ്. പക്ഷെ ഈ അവസ്ഥ അങ്ങനെ തുടരാനാവില്ല. ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ ബോധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. വിവയുടെ വധം ജനങ്ങളെ ഭയപ്പെടുത്താനാണ്. നൈജീരിയയുടെ എണ്ണ സമ്പത്ത് കൊളളയടിക്കാന്‍ ദേശീയ ജനവിഭാഗങ്ങള്‍ നിന്നുകൊടുക്കണമെന്നാണ് വിവയുടെ വധത്തിലൂടെ അവര്‍ സൂചിപ്പിച്ചത്. അദ്ദേഹത്തെ വധിക്കുന്നതിലൂടെ ജനങ്ങളുടെ പ്രതിഷേധം ഇല്ലാതാക്കാമെന്ന് അവര്‍ കരുതി. പക്ഷെ തെറ്റിപ്പോയി. പ്രതിഷേധം ശക്തമായി. രാഷ്ട്രീയമായി ജനങ്ങളെ സംഘടിപ്പിക്കുകയാണ് ആ രക്തസാക്ഷിത്വം ചെയ്തത്. വിവയുടെ മരണം അതീവ ദു:ഖമാണ് എന്നില്‍ ഉണര്‍ത്തിയത്. അതിലേറെ രോഷവും.
എങ്ങനെയാണ് 'വീടും പ്രവാസിത്വവും' യാഥാര്‍ത്ഥ്യമായത്?
ഞാന്‍ ജനിക്കുമ്പോള്‍ മുതല്‍ ഇതെനിക്കൊപ്പം വളര്‍ന്നതാണ് 'വീടും പ്രവാസിത്വവും'. ഞാനിതാണ് എന്റെ ഭാവനാകൃതികളിലൂടെ ചെയ്യുന്നത്- 20-ാം നൂറ്റാണ്ടിലെ ആഫ്രിക്കക്കാരനെന്താണ് എന്നതിന് പൊതുവായ ആശയം നല്‍കുക. എന്താണ് ഇന്നലെകളില്‍ സംഭവിച്ചത്, ഇപ്പോള്‍ എവിടെയാണ്, എങ്ങോട്ടാണ് പോകുന്നത് എന്ന് വ്യക്തമാക്കുക.
നൈജീരിയിയില്‍ നടന്ന ബൗദ്ധിക തരിശാക്കലിനെ പറ്റി എല്ലാവരും പറയുന്നുണ്ട്. പക്ഷെ നിങ്ങളുള്‍പ്പടെയുളളവര്‍ വിദേശത്താണ് താമസിക്കുന്നത്. നിങ്ങളുടെ പ്രവാസിത്വത്തിന് കാരണം എന്താണ്?
എല്ലാവര്‍ക്കും തങ്ങളുടെ പ്രവാസിത്വത്തിന് കാരണമുണ്ട്. ഞാന്‍ മുമ്പ് പലപ്പോഴും പറഞ്ഞിട്ടുളളതാണ് എന്റെ പ്രവാസി ജീവിതത്തിനു കാരണം. അരയ്ക്കു താഴെ തളര്‍ന്ന, നട്ടെല്ലിനു സംഭവിച്ച പരുക്കാണ് കാരണം. അപകടത്തിനുശേഷമുളള ശസ്ത്രക്രിയയ്‌ക്കോ മരുന്നിനോ സാധ്യത കുറവായിരുന്നു. അപകടമാണ് എന്റെ പ്രവാസിത്വത്തിന്റെ തുടക്കം; രാഷ്ട്രീയമല്ല. പക്ഷെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ആശുപത്രികളെ പ്രവര്‍ത്തന രഹിതമാക്കിയത്.
രാജ്യം വിട്ട് ആള്‍ക്കാര്‍ പോകുന്നതിന് പല കാരണമുണ്ട്. സുരക്ഷിതത്വം-അതാണ് മുഖ്യ കാരണം-, തൊഴില്‍ സാധ്യത ഇതൊക്കെയാവാം. ഇത്തരം പ്രവാസിത്തത്തിനു കാരണം അവര്‍ അമേരിക്കയെ നൈജീരിയയേക്കാള്‍ സ്‌നേഹിക്കുന്നതുകൊണ്ടല്ല. നൈജീരിയ എല്ലാവരുടെയും ഹൃദയത്തിലുണ്ട്.
താങ്കള്‍ക്ക് സംഭവിച്ച അപകടത്തെപറ്റി പറയൂ. ബാര്‍ഡ് കോളജില്‍ പഠിപ്പിക്കാനെത്തിയതിനെപ്പറ്റിയും?
അപകടത്തെപ്പറ്റി സത്യത്തില്‍ ഞാനൊന്നും ഓര്‍ക്കുന്നില്ല. വ്യക്തമായി കാറ് വന്നിടിക്കുകയായിരുന്നു. ഒപ്പം യാത്ര ചെയ്തിരുന്ന മകന് ചെറുപോറല്‍ പോലും ഏറ്റിരുന്നില്ല എന്നതാണ് സന്തോഷകരമായ വസ്തുത. ഡ്രൈവറുടെ പരുക്കും ഗുരുതരമായിരുന്നില്ല. അവര്‍ വേഗം രക്ഷാപ്രവര്‍ത്തനം നടത്തി. പ്രദേശിക തലസ്ഥാനത്തെ ആശുപത്രിയില്‍ അവരെന്നെ എത്തിച്ചു. ജീവന്‍ രക്ഷിക്കാനുളള ചികില്‍സ അവര്‍ ചെയ്തു. പിന്നീട് എന്നെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോന്നു. ആറുമാസം അവിടെ ചികില്‍സ തേടി. ഒടുവിലാണ് ഡോക്ടര്‍മാര്‍ അറിഞ്ഞത് എനിക്കിനി നടക്കാനാവില്ലെന്ന്. അവര്‍ എന്നോട് അമേരിക്കയില്‍ ചികില്‍സ തേടാന്‍ ആവശ്യപ്പെട്ടു.ഈ സമയത്താണ് ബാര്‍ഡ് കോളജിന്റെ പ്രസിഡന്റിന്റെ കത്ത് വരുന്നത് . വര്‍ഷങ്ങള്‍ക്ക് മുമ്പ് ബുഡാപസ്റ്റില്‍ നടന്ന എഴുത്തുകാരുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ വച്ച് എനിക്കദ്ദേഹത്തെ അറിയാം. ബാര്‍ഡ് കോളജിനെപ്പറ്റി ഞാന്‍ മുമ്പ് കേട്ടിട്ടേയില്ല. കത്തു വന്നപ്പോള്‍ ''ശരി, നമുക്ക് അങ്ങോട്ടു പോയേക്കാം' എന്നു തോന്നി. നൈജീരിയയിലേക്ക് മടങ്ങുന്നതിനെപ്പറ്റി ആ സമയത്ത് ചിന്തിക്കാനാവുമായിരുന്നില്ല.
അപകടത്തിനു ശേഷം എഴുത്തിലേക്കും വായനയിലേക്കും വേഗം മടങ്ങാനായോ?
ഇല്ല. കുറേയേറെ ചികില്‍സ വേണ്ടി വന്നു. എഴുത്തിലേക്കും വായനയിലേക്കും മടങ്ങാന്‍ കുറേ സമയം വേണ്ടി വന്നു. അതിനു മുമ്പുളള രീതിയില്‍ നിന്ന് ജീവിതത്തിന് പെട്ടന്ന് മാറ്റം സംഭവിക്കുകയായിരുന്നു. ചലനം നഷ്ടപ്പെട്ട് ഒരിടത്ത് കഴിയേണ്ടി വരിക ബുദ്ധിമുട്ടാണ്. താളം മുഴുവന്‍ നഷ്ടപ്പെട്ടു. കഷ്ടപ്പെട്ട്, സമയമെടുത്തു തന്നെയാണ് എല്ലാം വീണ്ടും ചെയ്തു തുടങ്ങിയത്.
നൈജീരിയ നഷ്ടമായതുപോലെ തോന്നുന്നുണ്ടോ?
ഉണ്ട്, വളരെയധികം.
നഷ്ടമായത് പ്രവര്‍ത്തിക്കാനുളള ശരിയായ അന്തരീക്ഷമാണ്. ഉദാഹരണത്തിന് അപകടം പിണയുന്നതിനു മുമ്പ് എന്റെ പട്ടണത്തിന്റെ ഭരണസമിതി പ്രസിഡന്റായിരുന്നു ഞാന്‍. ആ ദിവസങ്ങളില്‍ ഇന്നത്തെ പ്രസിഡന്റ് ഒരു വാനയശാല ഉണ്ടാക്കുന്നതിന് സഹായം തേടി എനിക്ക് കത്തെഴുതിയിരുന്നു. ന്യൂയോര്‍ക്ക് പോലുളള നഗരത്തില്‍ ആരും നിങ്ങളോട് ''ഞങ്ങള്‍ക്ക് ഒരു വായനശാല വേണം, സഹായിക്കാമോ'' എന്ന് എന്നോട് ചോദിക്കില്ല. എന്നെ ഏറ്റവും കൂടുതല്‍ ആവശ്യമായ ഒരിടത്തു നിന്നാണ് എനിക്ക് പോരേണ്ടി വന്നത്.
നൈജീരിയയെ എങ്ങനെ അറിയുന്നു?
നൈജീരിയയെപ്പറ്റിയുളള വാര്‍ത്തകള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ടി.വി കാണുകയും റേഡിയോ കേള്‍ക്കുകയും ചെയ്യുന്നു. പക്ഷെ അമേരിക്കന്‍ ടിവികള്‍ക്ക് ലോകത്ത് മറ്റിടങ്ങളില്‍ നടക്കുന്നതൊന്നും ഗൗരവമുളള വിഷയമല്ല (ചിരി). സ്ഥിരമായി നൈജീരിയിലേക്ക് പോകുകയും വരികയും ചെയ്യുന്ന സുഹൃത്തുക്കളുണ്ട്. അവര്‍ വാര്‍ത്തകൊണ്ടു വരുന്നു. ന്യൂജഴ്‌സിയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് ഒരു സുഹൃത്ത് നൈജീരിയയില്‍ പോയിരുന്നു. അഞ്ചാഴ്ച തങ്ങിയ അദ്ദേഹം കുറേ വാര്‍ത്തകളുമായാണ് വന്നത്.
നാട്ടിലേക്ക് മടങ്ങിപ്പോകുമോ?
ശരിക്കും എനിക്ക് നാട്ടിലേക്ക് മടങ്ങിപ്പോകണം. പക്ഷെ ഞാന്‍ ചക്രക്കസേരയില്‍ ആയശേഷം ഗൗരവമേറിയ മറ്റ് ചില പരിമിതികള്‍ കൂടി ഉണ്ടായിട്ടുണ്ട്. എനിക്ക് ഇപ്പോള്‍ ചില കാര്യങ്ങള്‍ കൂടി പരിഗണിക്കണം: എത്താവുന്ന ദൂരത്തില്‍ ആശുപത്രിയുണ്ടോ? മരുന്നുകള്‍ ലഭിക്കുമോ? എന്നിങ്ങനെ.
നിങ്ങള്‍ പുതിയ പുസ്തകത്തിന്റെ പ്രവര്‍ത്തനത്തിലാണോ?
എല്ലായിപ്പോഴും. ഒരു കാര്യവും യാഥാര്‍ത്ഥ്യമാവുന്നതിനു മുമ്പ് കൂടുതല്‍ സംസാരിച്ചുകൂടാ. അല്ലെങ്കില്‍ അത് ചിലപ്പോള്‍ നടക്കാതെ വരും (ചിരി) .
സംയോജനം/വിവര്‍ത്തനം: ബിജുരാജ്
കവിത/ചിനുവ അച്ചെബെ
1. ചിത്രശലഭം
വേഗത അക്രമമാണ്
ശക്തി അക്രമമാണ്
ഭാരം അക്രമമാണ്
ചിത്രശലഭം ഉല്ലാസത്തില്‍
സുരക്ഷ തേടി
ഭാരമേതുമില്ലാതെ
നിഷ്‌കളങ്കമായി
പാറുന്നു
പക്ഷെ നാല്‍ക്കവലയില്‍,
മരങ്ങളില്‍ നിന്ന്
വര്‍ണ വെളിച്ചം
പുതിയ വലിയ കല്‍പാതകളില്‍
വീഴുന്നിടത്ത് നമ്മുടെ
ഭിന്ന ദേശങ്ങള്‍ സന്ധിക്കുന്നു
രണ്ടുവിളക്കിന്റെ
വിദ്യുത് കരുത്തുമായാണ്
ഞാന്‍ വന്നത്
സൗമ്യചിത്രശലഭം സ്വയം,
തിളങ്ങുന്ന മഞ്ഞ ബലി
എന്റെ കട്ടിയുളള സിലിക്കണ്‍
കവചത്തില്‍ അര്‍പ്പിക്കുന്നു
2. നമ്മളെ കൊളളയടിക്കുമ്പോള്‍
നമ്മെ വിസ്മയിച്ച്
കൊളളയടിക്കല്‍
അത് വിളഞ്ഞു പക്വമായി
കഴിഞ്ഞില്ലേ?
ആദി രാത്രിയുടെ പേടിപ്പിക്കും
കമ്പളങ്ങള്‍,
നായത്തലയില്‍
അലങ്കാര കൊമ്പുകള്‍ തീര്‍ത്ത
കരുത്ത് കവരാന്‍,
പിടക്കോഴിയുടെ
പരിചിതമായ കുറുകലില്‍
രാത്രി വിതയ്ക്കപ്പെട്ട വിപ്ലവം-
ഇതൊന്നും
ദിനം പതിവായി വെളുക്കുമെന്നതിന്
നമുക്കുറപ്പല്ല.
സൂര്യകിരണങ്ങള്‍
രാത്രിയുടെ മനോഹര
രൂപങ്ങളെ നിരായുധമാക്കാന്‍-
ഓരോ ദിനവും പൊട്ടിവിടരുന്നു.
നഗരകവാടത്തില്‍ പൂക്കളര്‍പ്പിച്ച്
രാജകീയ ഭേരികളുടെ അകമ്പടിയായി
ആശ്ചര്യലോകത്തെ
ഗംഭീരാഘോഷങ്ങളിലേക്ക്
ഒരു ദിനം,
ഇരുണ്ട ഏപ്രിലിന്‍ ചണ്ഡവാതം
ഒഴിഞ്ഞ നാളില്‍
ഉന്മാദ പക്ഷികള്‍
ഉഴവുചാലുകളിലേക്ക് മടങ്ങി
പുലരിയിലെ വിതപ്പാട്ടുകളിലൂടെ
ഉച്ചകഴിഞ്ഞ സമയത്ത്,
അവരുടെ തിളങ്ങുന്ന
നാദങ്ങളില്‍ നിന്ന്
പച്ച നാമ്പുകള്‍ തളിര്‍ത്തു
ലോകത്തെ അഭിശപ്ത
മരണത്തില്‍ മോചിപ്പിക്കാന്‍
എല്ലായിടത്തുമായി
പക്ഷെ എനിക്ക്
ആഘോഷമെന്നത് നാട്യമാണ്.
ഋതുമാറ്റങ്ങളുടെ ആരവം
സുക്കയിലെ മലകളെ ഇരുട്ടിക്കും.
ഒന്നോ രണ്ടോ മണിക്കൂറിനുളളില്‍
അത് വരും;
ഒരു കൊടുങ്കാറ്റും എന്റെ
ആകാശത്തില്‍ തട്ടില്ല
രക്ഷപെടുത്തലിന്റെ
ഒരു ഗാനവുമുയരില്ല
Madhyamam Weekly
2007 December,Jan
No comments:
Post a Comment