ഇറാനിയന്‍ എഴുത്തുകാരി ഷോലെ വോള്‍പിയുമായി നടത്തിയ അഭിമുഖം
അഭിമുഖം
ഷോലെ വോള്‍പി/ബിജുരാജ്
അമേരിക്കയില്‍ താമസിക്കുന്ന ഇറാന്‍ കവിയും എഴുത്തുകാരിയും വിവര്‍ത്തകയും ആക്റ്റിവിസ്റ്റുമാണ് ഷോലെ വോള്‍പി. ജനാധിപത്യത്തിനും സമത്വത്തിനും സമാധാനത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടി അവര്‍ വിട്ടുവീഴ്ചയില്ലാതെ പോരാടുന്നു; കവിതകളിലൂടെ, സമൂഹത്തിനിടയിലെ പ്രവര്‍ത്തനങ്ങളിലൂടെ. ഇറാനില്‍ ജനിച്ചു വളര്‍ന്ന അവര്‍ പതിമൂന്നാം വയസില്‍ നാടുവിട്ടു. തിരിച്ചുപോക്ക് സാധ്യമാവാത്ത വിധത്തില്‍ രാജ്യത്ത്അപ്പോഴേക്കും അവസ്ഥ മാറിയിരുന്നു. കരീബിയയിലും യൂറോപ്പിലുമായി ജിവിച്ച അവര്‍ അമേരിക്കയിലേക്ക് വരുന്നത് റേഡിയോ-ടിവി-സിനിമാ പഠനത്തില്‍ ബിരുദാനന്തര ബിരുദം നേടാനായാണ്. അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ചവയാണ് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുളള ഷോലെയുടെ കവിതകള്‍ . 'സ്‌കാര്‍ സലൂണ്‍' ആദ്യകൃതി. 'റൂഫ് ടോപ്പ് ഓഫ് ടെഹ്‌റാന്‍' എന്ന കവിതാസമാഹാരവും ഇറാന്‍ കവിയായ ഫോറ ഫറൂഖ്‌സാദയുടെ രചനകളുടെ വിവര്‍ത്തന സമാഹാരം 'സിന്നും(sin) വൈകാതെ പുറത്തിറങ്ങും. വര്‍ഷാവസാനത്തിനുമുമ്പ് 'ഷേയിംലെസ്' എന്ന നാടകവും അരങ്ങിലെത്തും. റെഡ്‌ലാന്‍ഡില്‍ സ്ഥിരം കവിതാവേദിയായ 'പോയട്രി അറ്റ് ദ ലോഫ്റ്റ് ആന്‍ഡ് മോര്‍' നടത്തുന്ന ഇവര്‍ നല്ല ചിത്രകാരി കൂടിയാണ്.അമേരിക്കക്കാരനായ ഭര്‍ത്താവ് ഡോ. അലനും മക്കള്‍ക്കുമൊപ്പം ലോസ് ആഞ്ചലസിലാണ്(കാലിഫോര്‍ണിയ)താമസം. (കൂടുതല്‍ വിവരങ്ങള്‍ക്ക് www,sholehwolpe.com).
അമേരിക്കന്‍ എഴുത്തുകാരിയും സുഹൃത്തുമായ സൂസെന്‍ റോബര്‍ട്ടിനൊപ്പം ഇന്ത്യ സന്ദര്‍ശിച്ച് മൂന്നുദിവസം മുമ്പ് മടങ്ങിയ ഷോലെ വോള്‍പി കഴിഞ്ഞയാഴ്ച കൊച്ചിയിലുമെത്തിയിരുന്നു. അവരുമായി നടത്തിയ സംഭാഷണം:
ഇരുട്ടിലെ നാമ്പ്, പ്രവാസ കവിതകള്‍
എങ്ങനെയാണ് എഴുത്തിലേക്ക് തിരിഞ്ഞത്? കവിത ആക്റ്റിവിസത്തിന്റെ ഭാഗമാകുന്നത് എപ്പോഴാണ്?
വളരെ ചെറുപ്പം മുതലേ സാഹിത്യത്തെ ഞാനിഷ്ടപ്പെട്ടിരുന്നു. പത്തുവയസുളളപ്പോള്‍ ചെറുകഥയെഴുതിയിരുന്നു. മലമുകളില്‍ താമസിക്കുന്ന ഒരു ചെറിയ പെണ്‍കുട്ടി എന്നും രാവിലെ താഴ്‌വരയിലെ മഞ്ഞ് മൂടിയ നഗരത്തിലേക്ക് യാത്രയാകും. വൈകിട്ട് എന്നും ഒരു പുതിയ കഥയുമായി അവള്‍ തിരിച്ചെത്തുന്നു. ഇത്തരം രീതിയില്‍ ഞാന്‍ കുറേ കഥകള്‍ എഴുതി. പിന്നീട് ഞാന്‍ പേര്‍ഷ്യനില്‍ കവിതകള്‍ കുറിച്ചു. 15 വയസുവരെ. പിന്നീട് ഇറാന്‍ വിട്ടു പോകുന്നതോടെയാണ് ഇംഗ്ലീഷില്‍ എഴുതാന്‍ തുടങ്ങുന്നത്. പ്രവാസി ജീവിതമാവും കൂടുതലായി എന്നെ കവിതയില്‍ കേന്ദ്രീകരിപ്പിക്കുന്നത്. ആശയവിനിമയത്തിന്റെയും ആക്റ്റിവിസത്തിന്റെയും ഭാഗമായി കവിത ഇതിനിടയില്‍ എപ്പോഴോ കൂടെ ചേര്‍ന്നു എന്നു പറയുന്നതാവും ശരി. പക്ഷെ കവിത മാത്രമല്ല നാടകവും, ചിത്രരചനയുമെല്ലാം എനിക്ക് ആക്റ്റിവിസത്തിന്റെ ഭാഗമാണ്.
എന്താണ് താങ്കള്‍ക്ക് എഴുത്ത്? താങ്കളുടെ കവിതകളെ വായനക്കാര്‍ എങ്ങനെ സ്വീകരിക്കുന്നു?
കവിതകള്‍ എനിക്ക് സ്വയം തുറന്നുപറച്ചിലുകളല്ല. അത് പ്രത്യേകിച്ച് എന്നെപ്പറ്റിയുമുളളതല്ല. ഇത് മനുഷ്യ സമൂഹത്തെപ്പറ്റിയുളളതാണ്. പക്ഷെ തീര്‍ച്ചയായും ഇതെന്റെ പേനയാണ്, അതുകൊണ്ട് തന്നെ ഞാന്‍ ലോകത്തെ കാണുന്ന പോലെയാവും എന്റെ കവിതകളുണ്ടാവുക. എന്റെയും എന്നോടു അടുപ്പമുളളവരുടെയും അനുഭവങ്ങള്‍ കവിതയിലുണ്ടാകാം. വായനക്കാരുമായി താദാത്മ്യം പ്രാപിക്കാനാണ് എന്റെ ശ്രമം. വായനക്കാരെ വേറൊരു സാഹചര്യത്തിനു മധ്യത്തില്‍, മറ്റുളളവരുടെ ത്വക്കുമായി നിര്‍ത്താനാണ് ഞാന്‍ ശ്രമിക്കാറ്. എനിക്കിങ്ങനെ ചോദിക്കണം, നിങ്ങള്‍ ഈ സാഹചര്യത്തെ ഇങ്ങനെ നോക്കിക്കണ്ടിരുന്നോ? അതായത് നിങ്ങള്‍ പ്രത്യേക പ്രശ്‌നത്തെ അതിനുളളില്‍ നിന്നുകൊണ്ട്, അവിടുത്തെ ജനങ്ങളുടെ വീക്ഷണത്തില്‍ കണ്ടിരുന്നോ?. 'സ്‌കാര്‍ സലൂണ്‍' എന്ന കവിതാ സമാഹാരം പുറത്തിറങ്ങിയ ശേഷം ഞാന്‍ പതിവായി കവിയരങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്. ഒരിടത്ത് കവിത ചൊല്ലുമ്പോള്‍ അതേ വേദിയില്‍ വച്ച് മറ്റുളള സ്ഥലങ്ങളിലേക്കും ക്ഷണം ലഭിക്കുന്നു. അതിനര്‍ത്ഥം എന്നോടും എന്റെ കവിതയോടും അവര്‍ക്ക് അടുപ്പം തോന്നുന്നു എന്നാണ്. ജനങ്ങള്‍ എന്റെ കവിതയെ സ്‌നേഹിക്കുന്നതായാണ് തോന്നിയിട്ടുളളത്. ചിലപ്പോഴൊക്കെ കേള്‍വിക്കാരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
സ്വയം എങ്ങനെ വിശേഷിപ്പിക്കും? സാമുഹ്യ-രാഷ്ട്രീയ കവിയെന്നോ?
എന്റെ കവിതകള്‍ എന്റെ ആക്റ്റിവിസത്തിന്റെ ഭാഗമാണ്. ഞാനെന്തെഴുതുമ്പോഴും നേരത്തെ പറഞ്ഞതുപോലെ അത് മൊത്തം മനുഷ്യസമൂഹത്തെപ്പറ്റിയാണ്. അതുകൊണ്ട് തന്നെ സാമൂഹ്യ-രാഷ്ട്രീയ കവിയെന്നു വിളിക്കുന്നതാവും എനിക്കിഷ്ടം. ഏതൊരു എഴുത്തും രാഷ്ട്രീയപരമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം ഭാഷയെന്നത് രാഷ്ട്രീയത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും ജന്മമെടുക്കുകയും തിരിച്ച് പോഷിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. നിങ്ങള്‍ എന്തെഴുതിയാലും അതില്‍ രാഷ്ട്രീയമുണ്ട്. സ്‌നേഹത്തെപ്പറ്റിയാവും ഞാന്‍ കൂടുതല്‍ എഴുതിയിട്ടുണ്ടാവുക. 'ഇഫ് ഐ മേക് അറ്റ് എയിറ്റി' പോലുളള പ്രണയ കവിതകളും എഴുതിയിട്ടുണ്ട്. 'എന്റെ സഹോദരന്‍ കനേഡിയന്‍ അതിര്‍ത്തിയില്‍' പോലുളള ഹാസ്യാത്മക കവിതകളും. പക്ഷെ ഇതെല്ലാം അടിസ്ഥാനപരമായി സാമൂഹ്യപരവും രാഷ്ട്രീയപരവുമാണ്. നമ്മള്‍ ജീവിക്കുന്നത് അത്ര സുന്ദരവും സുഖകരവുമായ ലോകത്തിലല്ലെന്ന് എന്റെ കവിതകള്‍ ഓര്‍ക്കുകയും ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
എന്താണ് നിങ്ങളുടെ കവിതയെ പ്രചോദിപ്പിക്കുന്നത്? എന്താണ് രചനാ രീതി?
പ്രപഞ്ചമാണ് വലിയ നീണ്ട കവിത. നമ്മളില്‍ ചിലര്‍ അതില്‍ നിന്ന് ചെറു ശകലം എടുത്ത് വാക്കുകളായി വിവര്‍ത്തനം ചെയ്യുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുളളത്. എന്റേതുമാത്രമല്ല എല്ലാ കവിതകളും അങ്ങനെയാണ്. എഴുതുന്ന സമയത്ത് ഞാനത് പിന്നീട് ചൊല്ലാന്‍ പോകുന്നതിനെപ്പറ്റിയല്ല ശ്രദ്ധിക്കാറ്. വാക്കുകളുടെ സംഗീതത്തെപ്പറ്റിയാണ് ഞാന്‍ ചിന്തിക്കുന്നത്. കവിതയെ ഗദ്യത്തില്‍ നിന്ന് വേര്‍തിരിക്കുന്നത് വാക്കുകളുടെ ഇടയിലെ താളവും സംഗീതവുമാണ്. ആശയങ്ങള്‍ ചിലപ്പോള്‍ മനസില്‍ വര്‍ഷങ്ങളോളം കിടക്കും. എഴുതാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ മാത്രം എഴുതുന്നു. ആദ്യം ചെറുകുറിപ്പായി എഴുതുന്നു. ആവര്‍ത്തനങ്ങളും തിരുത്തലുകളും ധാരാളമായി വേണ്ടി വരും. അവസാനം എഡിറ്റു ചെയ്യുമ്പോള്‍ അത് ഉറക്കെ ചൊല്ലാറുണ്ട്. അതിന്റെ സംഗീതം കേള്‍ക്കാനായി. എഴുത്ത് എനിക്ക് നീണ്ട പ്രവൃത്തിയാണ്.
നിങ്ങളുടെ കവിതകള്‍ പലപ്പോഴും ദുരന്തകരമായ സംഭവങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കലാണ്.ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന (ചെയ്യപ്പെടുകയാണെങ്കില്‍?) ബോംബ് വര്‍ഷവും കൊലപാതകങ്ങളുമെല്ലാം ജനം പെട്ടന്ന് മറക്കുന്നു. അടുത്ത വലിയ ഒന്നുണ്ടാകുന്നതുവരയേ അവയ്ക്ക് ആയുസുളളൂ. അപ്പോള്‍ നിങ്ങളുടെ കവിതയ്ക്ക് ആ തരത്തില്‍ പ്രസക്തിയെന്താണ്?
നല്ല ചോദ്യമാണത്. ഒരു കവി അവന്റെ/അവളുടെ രചനകളിലൂടെ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്?. ഞാനാഗ്രഹിക്കുന്നത് കേള്‍വിക്കാരും വായനക്കാരും ആ സംഭവങ്ങളിലേക്ക് വീണ്ടും എത്തണമെന്നും മുന്‍വിധികളില്ലാതെ, ധാരണകളില്ലാതെ അവയെ സമീപിക്കണമെന്നുമാണ്. പിടിക്കപ്പെട്ട ഭീകരരുള്‍പ്പടെ എല്ലാ ജനങ്ങളെയും ഞാനെന്റെ കവിതകളില്‍ കാണുന്നത് 'ഇരുണ്ട അറയിലെ തടവുകാരായാണ്'. നമ്മളെല്ലാം മനുഷ്യരാണ്, തുല്യരാണ് എന്നതുമാത്രമാണ് സത്യം. ഞാന്‍ ചുറ്റും ഇരുട്ടുമാത്രമേ കാണുന്നുളളു. അതാണു വാസ്തവം. ഇരുട്ടു മാത്രമേയുളളൂ. ഇവിടെ വെളിച്ചത്തിന്റെ ചെറുനാമ്പ് ആവാനാണ് ഞാനാഗ്രഹിക്കുന്നത്.അതല്ലെങ്കില്‍ ഈ ഇരുട്ടില്‍ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല.
എന്താണ് നിങ്ങളുടെ രാഷ്ട്രീയം?
എന്റെ രാഷ്ട്രീയമെന്നത് മാനവികതയുടെ രാഷ്ട്രീയമാണ്. ഞാന്‍ നിങ്ങളുടെ കുട്ടിയെ എന്റേതെന്നപോല്‍ കാണുന്നു. നിങ്ങളെ എന്റെ സ്വന്തമായും. മതം വെറുപ്പിന്റെയും കൊലപതാകത്തിന്റെയും നശീകരണത്തിന്റെയും ഉപകരണമാണെന്നു കണ്ടപ്പോള്‍ അത് മറ്റെല്ലാവര്‍ക്കും വേണ്ടി ഉപേക്ഷിച്ചു. മതം വെളിച്ചത്തിന്റെയും സഹനത്തിന്റെയും മറ്റുളളവരോടുളള ദയാവായ്പിന്റെയും സഹാനുഭൂതിയുടെയും ഭാഗമാകുമ്പോള്‍ മാത്രമേ അതിനെ സ്‌നേഹിക്കാനാവൂ. എന്നാല്‍ ഞാനൊരു സിദ്ധാന്തത്തിന്റെയും ആളല്ല. നമ്മള്‍ മാത്രം ശരിയെന്നും മറ്റുളളവരെല്ലാം തെറ്റുമെന്നും ധരിക്കുമ്പോള്‍ രക്തച്ചൊരിച്ചില്‍ അവസാനിക്കില്ല; ഒരിക്കലും. എല്ലാ വഴികളും സൃഷ്ടാവിലേക്ക് നീങ്ങുന്നുവെന്നും നമ്മളുടേതെല്ലാം വെറും വഴികളാണെന്നും മാത്രം തിരിച്ചറിയണം. ഒരു വിത്തു നട്ടാല്‍ വെളളവും സൂര്യനുമില്ലാതെ അത് വളരുകയില്ല. വെളളവും വെളിച്ചവുമെന്നത് നമ്മളുടെ ജീവിതവും സഹനവുമാണ്. 'ഐ ഡിഡിന്റ് ആസ്‌ക് മൈ പാരന്‍സ്' എന്ന കവിത നിങ്ങള്‍ വായിച്ചുകാണും. മാനുഷികതയില്‍ ഊന്നിയതാണ് എന്റെ രാഷ്ട്രീയവും മതവുമെന്ന് അതില്‍ പറയുന്നുണ്ട്.
സ്വന്തം പ്രവാസി ജീവിതത്തെ നിങ്ങള്‍ എങ്ങനെ കാണുന്നു?
പതിമൂന്ന് വയസുളളപ്പോഴാണ് ഞാന്‍ ഇറാന്‍ വിടുന്നത്. ട്രിനിഡഡില്‍ അമ്മായിക്കൊപ്പം കഴിയാനായി അച്ഛനുമമ്മയും എന്നെ അയച്ചു. ഒരു വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ടിലേക്കു സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ പോയി. അതിനുശേഷം ഒരു തവണയേ ഇറാന്‍ സന്ദര്‍ശിച്ചിട്ടുളളൂ. അപ്പോഴേക്ക് അവിടെ 'വിപ്ലവം' നടന്നിരുന്നു. തിരിച്ചുപോക്ക് അത്ര സുരക്ഷിതമല്ലായിരുന്നു. എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇറാനിലുണ്ട്. തങ്ങളുടെ കുട്ടികളും മാതാപിതാക്കളും തടവിലടക്കപ്പെടുമ്പോഴും വെടിയേല്‍ക്കുമ്പോഴുമൊക്കെയുളള അവിടെയുളള ആ ബന്ധുക്കളുടെ വേദനകളും ദുരിതവുമെല്ലാം എനിക്ക് നന്നായി അറിയാം. ഞാനൊരു ഇരട്ട ജീവിതമാണ് നയിക്കുന്നത്. ഇറാനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇറാനിയനാണ് ഞാന്‍. അതേ സമയം അമേരിക്കന്‍ ഭര്‍ത്താവും കുട്ടികളുമുളള അമേരിക്കക്കാരിയാണ്. ഒരിടത്തുമാവാതിരിക്കുന്നതില്‍ ചിലപ്പോള്‍ എനിക്കു ദു:ഖം തോന്നും. അതു നല്ലതുമാണ്. ഈ ഭൂമി മൊത്തം സ്വന്തമായിരിക്കുന്ന പോലുളള അവസ്ഥയുണ്ടെനിക്ക്.
ഇറാന്‍, അമേരിക്ക, യുദ്ധം
അമേരിക്ക ഇറാനെ ആക്രമിക്കാന്‍ വട്ടം കൂട്ടുകയാണ്. എങ്ങനെ കാണുന്നു ഇതിനെ?
ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നതിനോട് ആര്‍ക്കും യോജിക്കാനാവില്ല. യുദ്ധം അന്തമില്ലാത്ത ദുരിതവും ദുരന്തങ്ങളും തുറന്നു വിടും. രക്തം ചൊരിയും. സ്‌നേഹവും സാഹോദര്യവും സമാധാനവുമാണ് എല്ലാവര്‍ക്കും വേണ്ടത്. ബുഷിന് ഭ്രാന്താണ്. അയാള്‍ യുദ്ധവെറിമൂത്ത് എന്തും ചെയ്യും.
അമേരിക്കയും ലോകവും തന്നെ അനുനിമിഷം വെറുത്തുകൊണ്ടിരിക്കുന്നത് അയാള്‍ തിരിച്ചറിയുന്നതേയില്ല. ഇറാനെതിരെ ഒരു ആക്രമണം ഉണ്ടാകരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന. കാരണം അതെന്റെ ജനതയുടെ അന്തമില്ലാത്ത ദുരന്തങ്ങളുടെ തുടക്കമാവും.
അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഒരു ഇറാനിയന്‍-അമേരിക്കന്‍ സ്ത്രീ എന്ന നിലയില്‍ അതിനെ നിങ്ങള്‍ എങ്ങനെ കാണും?
ഇറാനെതിരെ ഒരാക്രമണം നടന്നാല്‍ അത് വലിയ പ്രതിസന്ധിയാവും ഞങ്ങളെപ്പോലുളള പ്രവാസികളില്‍ സൃഷ്ടിക്കുക. പക്ഷെ പ്രവര്‍ത്തിക്കാതിരിക്കാനാവില്ല. ഞങ്ങള്‍ക്ക് അമേരിക്കന്‍ ഭരണകൂടത്തെ എതിര്‍ക്കണം. യുദ്ധത്തിനെതിരെ പ്രവര്‍ത്തിക്കണം. അതേ സമയം ഞങ്ങള്‍ ഇറാനിലെ ജനാധിപത്യ-യാഥാസ്ഥിതിക ഭരണത്തോട് യോജിപ്പുണ്ടെന്ന് കരുതുകയും അരുത്. ഇതാണ് ഞങ്ങളുടെ പ്രതിസന്ധി. ഇരു രാജ്യത്തെയും സര്‍ക്കാരുകള്‍ മാറണമെന്ന് നമ്മള്‍ ആഗ്രഹിച്ചാലും നടക്കാത്ത അവസ്ഥയാണുളളത്. പക്ഷെ ഇറാന്‍ ഭരണകൂടത്തോടൊപ്പമല്ല, ഇറാന്‍ ജനതയോടൊപ്പമാവും ഞാന്‍ നില്‍ക്കുക, അമേരിക്കന്‍ ഭരണകൂടത്തോടൊപ്പമല്ല, അമേരിക്കയിലെ നല്ല ജനങ്ങള്‍ക്കൊപ്പം.
ഇറാനിലെ നിലവിലുളള സര്‍ക്കാരിനെ നിങ്ങള്‍ അംഗീകരിക്കുന്നില്ലേ?
അടിസ്ഥാനപരമായി എല്ലാ ഭരണകൂടവും ജനാധിപത്യ വിരുദ്ധമാണ്. നിലവിലുളള സര്‍ക്കാര്‍ ഇറാനിലെ ജനങ്ങളുടെ ജനാധിപത്യമോഹങ്ങളെയോ, സ്വാതന്ത്ര്യ ബോധത്തെയോ പ്രതിനിധീകരിക്കുന്നുണ്ടോയെന്ന് നിങ്ങള്‍ സത്യസന്ധമായി ഉളളുതുറന്ന് പരിശോധിക്കുക. അപ്പോള്‍ നമുക്ക് മനസിലാവും അവിടുത്തെ സര്‍ക്കാര്‍ ജനങ്ങളെ, സ്ത്രീകളെ, ദരിദ്രരെ, കുട്ടികളെ അടിച്ചമര്‍ത്തുന്നതായി. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല. ഇറാന്‍ പ്രസിഡന്റ് അഹ്മദി നജാദ് എന്റെ ജനതയെ നിഷ്ഠൂരമായി അടിച്ചമര്‍ത്തുന്ന ഭരണകൂട പ്രതീകമാണ്. പക്ഷെ ആ സര്‍ക്കാരിനെ മാറ്റേണ്ടത് ഇറാനിലെ ജനങ്ങള്‍ തന്നെയാണ്. അമേരിക്കയോ പുറത്തു നിന്നുളളവരോ അല്ല. തിരിച്ച് അമേരിക്കയ്ക്കും ഇത് ബാധകമാണ്. ബുഷിനെ മാറ്റേണ്ടത് അമേരിക്കന്‍ ജനതയാണ്. പുറത്തു നിന്നുളളവരല്ല. വൈകാതെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അമേരിക്കക്കാര്‍ നല്ല ഭരണത്തെ അധികാരത്തില്‍ എത്തിക്കുമായിരിക്കും. അതെന്തായാലും യുദ്ധവെറിയാനായ ബുഷിന് ഒരവസരം ഇനിയില്ലല്ലോ. അത് ആശ്വാസം.
ഇറാനെ എങ്ങനെ കാണുന്നു. തിരിച്ചുപോകുന്നുണ്ടോ?
അമേരിക്കന്‍ ഭരണകൂടത്തെ എതിര്‍ക്കുന്നതിനാലും അമേരിക്ക ഇറാനെ നോട്ടമിട്ടതിനാലും ഇന്ന് ലോകമെങ്ങും ജനങ്ങള്‍ ഇറാനെ കൂടുതലായി ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ നേരത്തെ പറഞ്ഞതുപോലെ ഇറാനിലെ ഭരണം നല്ലതൊന്നുമല്ല. ജനങ്ങളെ എല്ലാ അര്‍ത്ഥത്തിലും അടിച്ചമര്‍ത്തുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളെ അനുദിനം പിന്നോട്ട് ഓടിക്കുകയും അവളെ വെറും ലൈംഗികോപകരണമായി കണക്കാക്കുകയും ചെയ്യുന്നുണ്ട്. നന്മകള്‍ ഭരണകൂടത്തില്‍ കുറവാണ്. വിപ്ലവം തുടക്കത്തിലേ അട്ടിമറിക്കപ്പെട്ടു. അടിസ്ഥാന ജനങ്ങളുടെയും കമ്യൂണിസ്റ്റുകളുടെയും സോഷ്യലിസ്റ്റുകളുടെയും ജൂതരുടെയും സ്ത്രീകളുടെയും ഒക്കെ പിന്തുണയോടെ, അവരുടെ നേതൃത്വത്തില്‍ നടന്നു വന്ന ഒരു ജനകീയ വിപ്ലവത്തെ യാഥാസ്ഥിതികര്‍ കയ്യടക്കുകയും തീര്‍ത്തും ജനാധിപത്യവിരുദ്ധമാക്കുകയും ചെയ്തു. ജനം വിപ്ലവം തുടങ്ങിയത് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും വേണ്ടിയാണ്. പക്ഷെ അത് ഷിയാ മേധാവിത്ത ഭരണമായി മാറി. ഇറാനും ഇറാഖും നടത്തിയ എട്ടുവര്‍ഷത്തെ യുദ്ധം ആ ഭരണത്തെ ഊട്ടിയുറപ്പിച്ചു. ജനാധിപത്യവാദികളെയും സ്വാതന്ത്ര്യം ആവശ്യപ്പെട്ടവരെയും അവര്‍ കൊന്നൊടുക്കി. കുറേയായിരം നല്ല മനുഷ്യര്‍ രാജ്യം വിട്ട് പലായനം ചെയ്തു. ആയിരങ്ങള്‍ തടവറയിലുണ്ട്.
അടുത്തവര്‍ഷം ആദ്യം ഇറാനില്‍ പോകാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. എനിക്കങ്ങോട്ട് തിരിച്ചുപോകണം. അതെന്റെ രാജ്യമാണ്. വരുന്നത് വരട്ടെ, ഞാന്‍ പോകുക തന്നെ ചെയ്യും.
നിങ്ങള്‍ ഭരണകൂടത്തിനും മൗലികവാദത്തിനും എതിരെ തുടര്‍ച്ചയായി പറയുന്നു. ഇറാന്‍ സന്ദര്‍ശിക്കുമ്പോഴുള്‍പ്പടെ ഇത് നിങ്ങള്‍ക്ക് തിരിച്ചടിയാവില്ലേ?
എന്റെ അഭിപ്രായം ഞാനെവിടെയും പറയും. അതിലാരെയും ഞാന്‍ ഭയപ്പെടുന്നില്ല. സത്യസന്ധമായ കാര്യങ്ങള്‍ പറയുന്നുവെന്നതിന്റെ പേരില്‍ വരാന്‍ പോകുന്ന ഏത് ഭവിഷത്തും നേരിടാന്‍ ഞാനൊരുക്കമാണ്. നിരവധി തവണ പല രീതിയില്‍ ഭീഷണിപ്പെടുത്താന്‍ ഭരണാധികാരികള്‍ ഉള്‍പ്പടെ ശ്രമിച്ചിട്ടുണ്ട്. ഞാനതിനെ ഗൗനിക്കുന്നില്ല. ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന കാരണത്താല്‍ ഞാനൊരിടത്തും പോകാതിരിക്കുകയുമില്ല.
സ്ത്രീ, അടിച്ചമര്‍ത്തല്‍, വിമോചനം
എന്താണ് ഇറാനിലെ സ്ത്രീകളുടെ അവസ്ഥ?
അത്ര നല്ലതല്ലാത്ത അവസ്ഥയാണ്. ലോകത്തിന്റെ മറ്റ് പലഭാഗങ്ങളിലെയും പോലെ സ്ത്രീകളെ വിദ്യാഭ്യാസം നിഷേധിച്ചും അടിച്ചമര്‍ത്തിയും വീടുകളില്‍ തളച്ചിട്ടും അവളുടെ എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കുകയാണ്. ലൈംഗിക അടിമകളായും അടിമ-ഭാര്യകളുമായിട്ടവരെ ചൂഷണം ചെയ്യുന്നു. മൂടുപടങ്ങള്‍ക്കു പിന്നില്‍ വെറും ലൈംഗികോപകരണമായി മാത്രം പരിഗണിക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും ഇറാനിയന്‍ സ്ത്രീകള്‍ വളരെ കരുത്തുളളവരാണ്. അവര്‍ തങ്ങള്‍ക്കെതിരെയുളള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ എന്നും വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവരാണ്. വിദ്യാഭ്യാസമുളള, സാമൂഹ്യബോധമുളള കുറേ സ്ത്രീകള്‍ മുന്നിലോട്ട് വരുന്നുണ്ട്. ഭാവിയില്‍ ഈ സ്ത്രീകളും നല്ല പുരുഷന്‍മാരും നേതൃത്വത്തിലേക്കു വരികയും മാന്യവും സമാധാനഭരിതവുമായ ലോകം പണിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
സ്ത്രീകളുടെ വിമോചനം എങ്ങനെ സാധിക്കുമെന്നാണ് കരുതുന്നത്?
ആദ്യം സ്ത്രീകള്‍ തങ്ങളെപ്പറ്റി ബോധമുളളവരാവണം. വിദ്യാഭ്യാസത്തിലൂടെയും അനുഭവങ്ങളിലൂടെയും കരുത്താര്‍ജിക്കണം. അഭിപ്രായങ്ങള്‍ എന്തുവിലകൊടുത്തും തുറന്നുപറയാനും യോജിച്ചു പോരാടാനും തയാറാവണം. അതിലൂടെയോ സമത്വം നേടിയെടുക്കാനാവൂ. എല്ലാ സങ്കുചിത കെട്ടുപാടുകളില്‍ നിന്നും സ്വയം മോചിതയാവണം. പലപ്പോഴും പറഞ്ഞിട്ടുളള മറുപടി ആവര്‍ത്തിക്കാം. സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതേ വസ്ത്രധാരണം ഒരു വര്‍ഷം എല്ലാ പുരുഷന്‍മാരും ഉപയോഗിക്കാനാവശ്യപ്പെടണം. കല്ലിലും മറ്റും തട്ടി കുറച്ചു വീഴട്ടെ. സ്ത്രീകള്‍ പുറകെ ഒരു ചാട്ടയുമായി പോകാം. കുറച്ചു നാളുകള്‍കൊണ്ട് കാര്യം മനസിലാകും. കുറച്ച് അനുഭവിക്കുമ്പോള്‍ പുരുഷന്‍ തന്നെ സമത്വം ആവശ്യപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. ഇത് തമാശയല്ല, പരീക്ഷിച്ചുനോക്കാവുന്നതേയുളളൂ. പക്ഷെ സ്ത്രീകള്‍ ലോകത്തെല്ലായിടത്തും നുകങ്ങളില്‍ നിന്ന് മോചിതരായി കൊണ്ടിരിക്കുകയാണ്. അധികകാലം ഇതുപോലെ തുടരാനാവില്ല.
നിങ്ങള്‍ ഒരു സ്ത്രീ എഴുത്തുകാരിയാണോ?
സാഹിത്യകാരെ പ്രത്യേക ഗണമായി വേര്‍തിരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. പക്ഷെ ഒരു സ്ത്രീയെന്ന നിലയില്‍, അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഞാന്‍ കണ്ണിനു മുമ്പില്‍ നടക്കുന്ന സംഭവങ്ങളെപ്പറ്റി ശ്രദ്ധിക്കാറുണ്ട്. ആക്റ്റിവിസ്‌റ്റെന്ന നിലയില്‍ അതിനോട് പ്രതികരിക്കാറുമുണ്ട്. ഇത് പുരുഷന് ആധിപത്യമുളള പുരുഷന്റെ ലോകമാണ്. അവിടെ സ്ത്രീകളുടെ ശബ്ദം മുഴങ്ങണമെന്നും സമത്വം യാഥാര്‍ത്ഥ്യമാകണമെന്നും തന്നെയാണ് എന്റെ നിലപാട്. ഇറാനിലുള്‍പ്പടെ സ്ത്രീകളെ വീടിനുളളിലും പര്‍ദയ്ക്കുളളിലും സ്വാതന്ത്ര്യമില്ലാതെ അടച്ചിടുമ്പോള്‍ ഞാനെന്തിന് നിശബ്ദമായിരിക്കണം. എന്റെ കവിതകള്‍ നല്ല പങ്കും സ്ത്രീകളെ സംബോധനചെയ്യുന്നതും അവരുടെ പ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്നതുമാണ്. യുദ്ധമുള്‍പ്പടെയുളള എല്ലാ ദുരന്തങ്ങളിലും അവള്‍ തന്നെയല്ലേ കൂടുതല്‍ നേരിടുന്നത്.
ഇറാനിയന്‍ സാഹിത്യത്തെപ്പറ്റി?
അന്താരാഷ്ട്ര നിലവാരമുളളതാണ് ഇറാനിലെ സാഹിത്യം. ഞങ്ങളുടെ നാട്ടിലെ ഏറ്റവും ശക്തയായ എഴുത്തുകാരിയാണ് ഫോറ ഫറൂഖ്‌സാദ. അടിച്ചമര്‍ത്തലുകളെ അതിജീവിച്ചാണ് അവിടെ സാഹിത്യം നിലനില്‍ക്കുന്നത്. പുതിയതായി നിരവധി പേര്‍ കടന്നുവരുന്നുണ്ട്. ഷര്‍നൂഷ് പുരിസ്‌പോര്‍, ഗോലി തരാഗി, പെഡ്‌റാം മോലിയിയാന്‍, ഗ്രാനസ് മൗസാവി, നസിം ഖാക്‌സര്‍, ഷംലു, പാര്‍ടോ നൂറിയാല തുടങ്ങിയ നല്ല എഴുത്തകാര്‍ നിര്‍ഭയമായി എഴുതുന്നു. പ്രവാസികളായി കുറേയേറെപ്പേര്‍ വേറെയുമുണ്ട്. പെഡ്‌റാം മോലിയിയാന്‍ അമേരിക്കയില്‍ നിന്ന് പേര്‍ഷ്യന്‍ ഭാഷയില്‍ സാംസ്‌കാരിക പ്രസിദ്ധീകരണം ഇറക്കാനുളള ശ്രമം നടത്തുന്ന നിര്‍ഭയനായ എഴുത്തുകാരനാണ്.
ഇറാനില്‍ നിന്ന് കുറേ നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട്. മറ്റ് കലാരൂപങ്ങളും?
ഇറാനിയന്‍ സിനിമ എന്നേക്കാള്‍ ഒരു പക്ഷേ ഇവിടെയുളള ജനങ്ങള്‍ കണ്ടിട്ടുണ്ടാവും. അവിടെ സിനിമയെടുക്കുന്നത് സാഹസമാണ്. പലരും അതിന്റെ പേരില്‍ തടവിലടയ്ക്കപ്പെടുകയും വിചാരണ നേരിടുകയുമൊക്കെ ചെയ്യുന്നു. പലരും തങ്ങള്‍ക്കുളള പരിമിതമായ സ്വാതന്ത്ര്യം ശരിക്കും ഉപയോഗിക്കുന്നവരാണ്. പക്ഷെ പ്രവാസികളായ ഇറാന്‍കാരാണ് അതില്‍ നല്ല പങ്ക് വഹിക്കുന്നത്. ശിക്ഷ കിട്ടിയ, തടവില്‍ കഴിഞ്ഞ സ്ത്രീ സംവിധായകരുമുണ്ട് അവിടെ. ഇറാനിയന്‍ സംഗീതവും കലയും മനോഹരമാണ്. എന്റെ കവിതകള്‍ ഞാന്‍ സി.ഡിയാക്കിയിട്ടുണ്ട്. ഇറാനിലെ നാടോടി ഗാനങ്ങളുടെ ഈണവും സംഗീതവും അതില്‍ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ കലയെയും സിനിമയെയും സാഹിത്യത്തെയും ഒന്നും പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയോ ഭരണമോ അല്ല അവിടെയുളളത്.
ബുഷ്, സദ്ദാം, ഇറാഖ്
അല്‍പ്പം മുമ്പ് ഇറാന്‍-ഇറാഖ് യുദ്ധത്തെപ്പറ്റി പറഞ്ഞു. ഇറാഖിലെ സംഭവങ്ങളോടും സദ്ദാം ഹുസൈന്റെ വധത്തോടും നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു?
അമേരിക്കയുടെ ഇറാഖ് അധിനിവേശത്തോട് എനിക്ക് എതിര്‍പ്പാണുളളത്. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതും അവരെ ആക്രമിക്കുന്നതും കുറ്റമാണ്. ബുഷിന്റെ യുദ്ധവെറിയെ ഞങ്ങള്‍ എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇറാഖി ജനതയോടാണ് ഞങ്ങള്‍ക്ക് ഐക്യം. സദ്ദാം ഹുസൈനോട് സഹതാപം പോലുമില്ല. ബുഷിനെപ്പോലെ സദ്ദാമും പാവപ്പെട്ട ജനങ്ങളെ കൊന്നിട്ടുണ്ട്. കുര്‍ദുകളെ കൂട്ടക്കൊല ചെയ്തിട്ടുണ്ട്. ജനങ്ങള്‍ക്കുമേല്‍ രാസായുധം പ്രയോഗിച്ചിട്ടുണ്ട്. സദ്ദാമിന്റെ മരണത്തില്‍ ദു:ഖമുണ്ടോയെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇല്ലയെന്നായിരിക്കും മറുപടി. ആരും മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും.
അമേരിക്ക ഇറാഖിനെതിരെ ആക്രമം നടത്തിയത് കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അതു ഒരു അസംബന്ധ തമാശയാണെന്നും എല്ലാവര്‍ക്കും അറിയാം. കാരണം ഇറാനെതിരെ ഇറാഖ് യുദ്ധം നടത്തിയത് അമേരിക്കയ്ക്ക് വേണ്ടിയായിരുന്നു. അമേരിക്കയുടെ പക്ഷത്തായിരുന്നു അവര്‍. മുഴുവന്‍ ആയുധങ്ങളും അമേരിക്കയാണ് ഇറാഖിന് കൊടുത്തത്. അമേരിക്ക ഉടന്‍ ഇറാഖില്‍ നിന്ന് പിന്‍മാറണമെന്നും അവിടുത്തെ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കണമെന്നുമാണ് എന്റെ നിലപാട്.
സദ്ദാമിന്റെ കഴിഞ്ഞകാലം മറക്കുന്നില്ല. പക്ഷെ ഇന്ന് അദ്ദേഹത്തിന് രക്തസാക്ഷി പദവിയുണ്ട്?
സദ്ദാഹുസൈന്‍ ജനനായകനല്ല, അയാള്‍ ജനങ്ങളെ കൊന്നൊടുക്കിയയാളാണ്. ലോകം അയാളില്‍ കേന്ദ്രീരിക്കേണ്ടതില്ല. നമ്മള്‍ കാണേണ്ടത് ഇറാഖിലെ കുട്ടികളുടെ, സ്ത്രീകളുടെ, ആണുങ്ങളുടെ ദുരിതങ്ങളെയും തെരുവില്‍ മരിച്ചുവീഴുന്നവരെയുമാണ്. ജനങ്ങളെ കൊല്ലുന്ന ആരും ജനങ്ങളുടെ നേതാവല്ല. നമ്മള്‍ സദ്ദാമില്‍ കേന്ദ്രീകരിച്ചാല്‍, അയാളെ മാതൃകയാക്കണമെന്നാവശ്യപ്പെട്ടാല്‍ ചീത്ത വ്യക്തിത്വങ്ങളെ പ്രതിഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നു എന്നു വരുന്നു. അമേരിക്കന്‍ ഭരണകൂടത്തെ എതിര്‍ത്തിരുന്നു എന്നതിനാല്‍ സദ്ദാമിനെ വാഴ്‌ത്തേണ്ടതില്ല. ജനാധിപത്യവാദികളായ നല്ല മാതൃകകളെയാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. തെറ്റിധാരണ ഉണ്ടാവാതിരിക്കാന്‍ പറയട്ടെ. ബുഷുനോടും സദ്ദാമിനോടും, ഇറാനിലെ ഭരണകൂടത്തോടുമൊന്നും എനിക്കൊരു പ്രതിപത്തിയില്ല. ഇവര്‍ സമൂഹമുന്നേറ്റത്തിനു വെല്ലുവിളിയാണ്. ചൗഷ്‌ക്യുവിനെ പിന്നില്‍ നിന്ന് വെടിവച്ച് കൊല്ലുമ്പോള്‍ ആരും കരയാതിരുന്നത് അയാള്‍ ക്രൂരനായ സേച്ഛാധിപത്യയാതുകൊണ്ടാണ്. അതു തന്നെയാണ് സദ്ദാമിന്റെ കാര്യത്തിലും സംഭവിക്കുന്നത്. മാധ്യമങ്ങള്‍ സദ്ദാമില്‍ കേന്ദ്രീകരിച്ച് അദ്ദേഹത്തെ ജനനായകനും രക്തസാക്ഷിയും ഒക്കെ ആക്കാന്‍ ശ്രമിക്കുന്നുണ്ട്്. അങ്ങനെ വരുമ്പോള്‍ നമ്മള്‍ അയാള്‍ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്തവരോട് ഐക്യപ്പെടാതെ പോകുന്നു. അത് ശരിയല്ല.
പക്ഷെ അമേരിക്കന്‍ ഭരണകൂടത്തിനെതിരെ നിങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യ പോരാട്ടവും പ്രതിഷേധവും സംഘടിപ്പിച്ചതായി അറിയാം. എന്തിനായിരുന്നു അത്?
ഇറാനിയന്‍ സാഹിത്യകാരുടെ രചനാ സമാഹാരമായ 'സ്‌ട്രേഞ്ച് ടൈംസ്, മൈ ഡിയര്‍' എന്ന പുസ്തകം രണ്ടുവര്‍ഷം മുമ്പ് പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു അത്. നാലിലേറെ പ്രസാധക സംഘങ്ങള്‍ സഹകരിച്ചാണ് അതിറക്കാന്‍ ശ്രമിച്ചത്. പക്ഷെ വിദേശ സ്വത്ത് നിയന്ത്രണ ഓഫീസ് അനുമതി നല്‍കാന്‍ വിസമ്മതിച്ചു. ദശലക്ഷം ഡോളര്‍ പിഴയും ജയില്‍ ശിക്ഷയും ലഭിക്കുന്ന കുറ്റമാണ് ഇറാനിയന്‍ രചനാ സമാഹാരം പുറത്തിറക്കുന്നത്. അമേരിക്കയില്‍ സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുളള രചനകള്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ പ്രതിഷേധവും പ്രചരണവും സംഘടിപ്പിച്ചു. നിയന്ത്രണങ്ങള്‍ക്കെതിരെ ജനാധിപത്യത്തിന്റെ കളിത്തൊട്ടില്‍ നടന്ന നല്ല പ്രതിഷേധമായിരുന്നു. കോടതിയില്‍ കേസും നല്‍കി. ഒടുവില്‍ 'പൊതു അനുമതി' നല്‍കിയതോടെ ഞങ്ങള്‍ വിജയിച്ചു.
ഒരിക്കല്‍ ഞാന്‍ വിവര്‍ത്തനം ചെയ്ത് അയച്ച ഇറാനിയന്‍ കവിത പ്രസിദ്ധീകരിക്കാതെ തിരിച്ചയച്ചിട്ടുണ്ട്. പിഴ ശിക്ഷ വിധിക്കുമോ എന്ന ഭയമായിരുന്നു ആ പ്രസീദ്ധികരണ ശാലക്കാരെ അങ്ങനെ പ്രേരിപ്പിച്ചത്. മറ്റൊരു സാഹിത്യ മാസികയായ സര്‍ക്കംഫെറെന്‍സ് ഉപരോധമുളള രാജ്യങ്ങളിലെ ഒരു കൂട്ടം രചനകളുടെ വിവര്‍ത്തനം 'ഉപരോധിക്കപ്പെട്ടത്' എന്ന തലക്കെട്ടു നല്‍കി പ്രസിദ്ധീകരിച്ചിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ഇത്തരം നല്ല പ്രസിദ്ധീകരണങ്ങളുമുണ്ട്.
9/11, ഓര്‍വലിന്റെ കഥാപാത്രങ്ങള്‍
സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷം പശ്ചിമ ഏഷ്യയില്‍ നിന്നും അറബ് ലോകത്തുനിന്നുമുളളവര്‍ അമേരിക്കയില്‍ സംശയത്തിന്റെ നിഴലിലാണെന്നു കേട്ടിട്ടുണ്ട്.
നിരപരാധികള്‍ക്ക് നേരെ നടന്ന ആക്രമണമാണ് സെപ്റ്റംബര്‍ 11. അതിന് ന്യായീകരണമില്ല. ലോകത്തെങ്ങും നിരപരാധികളായ ജനങ്ങള്‍ക്കു നേരെ ഇത്തരം ഭീകരമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ അമേരിക്കയില്‍ വലിയ അളവില്‍ അത്തരം ആക്രമണം നടക്കുന്നത് ആദ്യമായാണ്. ഇത് ജനങ്ങളെ ദു:ഖിപ്പിക്കുകയും രോഷാകുലരാക്കുകയും ഭീതിയിലാഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം ആമ്രകണങ്ങളോട് എനിക്കൊരു തരത്തിലും യോജിപ്പില്ല.കടുത്ത രോഷമാണുളളത്. ആക്രമണത്തിനുശേഷം അമേരിക്കന്‍ ജനങ്ങള്‍ ലോകത്തിന്റെ ഭാഗമാണ് തങ്ങളെന്നും ആകാശത്തിലെ ഒറ്റപ്പെട്ട ദ്വീപല്ല തങ്ങളൂടെ രാജ്യമെന്നും തിരിച്ചറിഞ്ഞിട്ടുണ്ടാവാം. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടക്കുന്നതെന്ത് എന്ന് മനസിലാക്കാന്‍ അവര്‍ ശ്രമം തുടങ്ങി. ഒപ്പം, മറ്റുളളവരുടെ കുടിവെളളം മലീമസമാക്കിയാല്‍ അത് തങ്ങളുടെ കിണറിലേക്കും വഴികണ്ടെത്തുമെന്നും അവര്‍ മനസിലായി.
നിരവധി മരണങ്ങള്‍ക്കൊപ്പം അത് ഞങ്ങളെപ്പോലുളള അറബ് പ്രവാസികള്‍ക്കും സാധാരണജനങ്ങള്‍ക്കുമെതിരായ നീക്കങ്ങളായും മാറി. അമേരിക്കന്‍ ഭരണകൂടം ഞങ്ങളെ സംശയത്തോടെയും ഭയത്തോടെയും നോക്കാന്‍ തുടങ്ങി. അവര്‍ ജനാധിപത്യവും സ്വാതന്ത്ര്യവും നിഷേധിച്ചു. മുമ്പ് ആരെയെങ്കിലും തടവിലാക്കാന്‍ വ്യക്തമായ കാരണം വേണം. അതിനു നടപടികളുമുണ്ടായിരുന്നു. എന്നാല്‍ ആക്രമണത്തിനു ശേഷം അവര്‍ 'ഹോംലാന്‍ഡ് സെക്യൂരിറ്റി' നിയമം നടപ്പാക്കി. ആരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കാരണവും നടപടിയും കൂടാതെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്യാം. പിടിയിലായവര്‍ വേണമെങ്കില്‍ അപ്രത്യക്ഷമാകാം. ആരെയും തീവ്രവാദിയെന്നു മുദ്രകുത്തി ശിക്ഷവിധിക്കാം. ഫോണുകള്‍ ചോര്‍ത്താന്‍ തുടങ്ങി. ഫോണ്‍ ചോര്‍ത്തല്‍ അടുത്തിടെ നിര്‍ത്തി.
ആക്രമണത്തിനുശേഷം ജോര്‍ജ് ഓര്‍വലിന്റെ കഥാപാത്രങ്ങളായി ഞങ്ങള്‍ എന്നു പറയുന്നതാവും ശരി. വലിയ സഹോദരന്‍ (ബിഗ് ബ്രദര്‍) ഞങ്ങള്‍ അറിയാതെ ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ ഫോണുകള്‍, തപാലുകള്‍ എല്ലാം ഒളിഞ്ഞിരുന്നു നോക്കുന്നു. കാരണം കൂടാതെ ആരെവേണമെങ്കിലും തടവിലാക്കാം. അവര്‍ അപ്രത്യക്ഷമാവാം. വിമാനത്തിലുമെല്ലാം ഞങ്ങള്‍ കൂടുതലായി പരിശോധിക്കപ്പെടുന്നു. അമേരിക്കന്‍ ഭരണകൂടത്തിന്റെ സംശയദൃഷ്ടികള്‍ ഇപ്പോള്‍ പോലും പിന്നാലെയുണ്ട്.
ആക്രമണത്തിനു ശേഷം എങ്ങനെയായിരുന്നു നിങ്ങളുടെ ജീവിതം? വ്യക്തിപരമായി പ്രശ്‌നങ്ങള്‍ നേരിട്ടോ?
വ്യക്തിപരമായി പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. പക്ഷെ ഞാനതത്ര വലിയ കാര്യമാക്കുന്നില്ല ഇറാന്‍കാരിയായതിനാല്‍ അവര്‍ കൂടുതലായി എന്നെ നിരീക്ഷിക്കുന്നുണ്ട്. പക്ഷെ അത് അസംബന്ധമാണ്.കവിയാണ് ഞാന്‍. ജനങ്ങളെ കൊല്ലുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യുന്ന ഏതെങ്കിലും നീക്കങ്ങളുമായി ഏതെങ്കിലും തരത്തില്‍ എനിക്ക് ഐക്യപ്പെടാനാവില്ല. വിമാന യാത്രകളില്‍ അവര്‍ എന്നെ കൂടുതലായി പരിശോധിക്കുകയും നിരീക്ഷണ വലയില്‍ നിര്‍ത്തുകയും ചെയ്യാറുണ്ട്. ഒരിക്കല്‍ അമേരിക്കക്കാരിയായ സുഹൃത്തിനൊപ്പം വിമാനത്താവളത്തില്‍ എത്തിയ അവര്‍ എന്റെ ബാഗുകള്‍ എല്ലാം ചികഞ്ഞ് പരിശോധിച്ചു. അമേരിക്കന്‍ സുഹൃത്ത് അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'നിങ്ങള്‍ കാരണമല്ല, ഇവര്‍ കൂടെയുളളതുകൊണ്ടാണെന്ന്' പറഞ്ഞു. മറ്റൊരിക്കല്‍, ഇങ്ങോട്ട് വരുന്നതിനു മുമ്പ് ഫ്രാങ്ക്ഫുര്‍ട്ടില്‍ വച്ച് വിമാനത്താവളത്തില്‍ വച്ച് പോലീസ് ചോദ്യം ചെയ്തു. തലേന്ന് ഞാനെവിടെ തങ്ങിയെന്നറിയണം. അമ്മയുടെ സുഹൃത്തായ ഇറാനിയന്‍ സ്ത്രീയുടെ വീട്ടിലാണ് ഞാന്‍ തങ്ങിയിരുന്നത്. കഷ്ടകാലത്തിന് അവരുടെ പേര് ചോദിച്ചപ്പോള്‍ ഓര്‍മ വന്നതുമില്ല. കുറേ നേരം തിരിച്ചും മറിച്ചും ചോദ്യം ചെയ്യലായി. ഒടുവില്‍ വിട്ടയച്ചു. പക്ഷെ വിമാനത്തില്‍ കയറുമ്പോള്‍ ഒപ്പം വന്നു. എന്നെ തന്നെ നോക്കി നില്‍പ്പായി. ഫോണ്‍ ചോര്‍ത്തുന്നതും എനിക്കറിയാമായിരുന്നു. പക്ഷെ എനിക്കതില്‍ വിഷമിക്കേണ്ടതായി ഒന്നുമുണ്ടായിരുന്നില്ല. മറ്റൊരാള്‍ കേള്‍ക്കാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍ എനിക്കില്ലാത്തതുകൊണ്ട് തന്നെ. എന്റെ എഴുത്തുകാരനായ സുഹൃത്തിനെ ഇറാനിയനാണ് എന്ന ഒറ്റ കാരണത്താല്‍ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അദ്ദേഹത്തിന്റെ പേര് പറയാന്‍ ഞാനിഷ്ടപ്പെടുന്നില്ല. പക്ഷെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. അമേരിക്കന്‍ ഭരണകൂടത്തിന് ഭയമുണ്ട്.
അതേ സമയം ജനങ്ങളില്‍ നിന്ന് അനുകൂലമായ മനോഭാവം ഉണ്ടാവുകയും ചെയ്യുന്നു. സെപ്റ്റംബര്‍ 11 നു മുമ്പായിരുന്നെങ്കില്‍ ഒരു പക്ഷേ 'സ്‌കാര്‍ സലൂണ്‍' പ്രസിദ്ധീകരിക്കപ്പെടുകപോലും ഉണ്ടാവുമായിരുന്നില്ല. യുദ്ധത്തെയും അതിക്രമങ്ങളെയും മറ്റ് ലോകത്തെ സ്ത്രീകളെയും പറ്റിയുളള കവിതകളില്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോഴവര്‍ പ്രവാസികളുടെ സമരത്തെയും വിവിധ രാജ്യങ്ങളില്‍ മര്‍ദ്ദകഭരണകൂടത്തിന് കീഴില്‍ കഴിയുന്ന ജനങ്ങളെയും ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഇന്ത്യന്‍ കാഴ്ചകള്‍, ഗംഗയിലെ ശവങ്ങള്‍
ഇന്ത്യ നിങ്ങള്‍ ആദ്യമായാണ് സന്ദര്‍ശിക്കുന്നത്. പക്ഷെ 'ഗംഗാ തീരത്ത്' എന്ന കവിത നിങ്ങള്‍ മുമ്പ് എഴുതിയിട്ടുണ്ട്. ഇപ്പോള്‍ ഗംഗ നേരിട്ടു കാണുകയും ചെയ്തു. എന്തുതോന്നുന്നു?
ശരിയാണ് ഞാന്‍ ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. പക്ഷെ എനിക്ക് ഇന്ത്യയെ അറിയാം. വായിച്ചും കേട്ടുമെല്ലാം. സംസ്‌കാര ക്രിയയ്ക്ക് പണമില്ലാത്തവരുടെ പാതിവെന്ത മൃതദേഹം ഗംഗയിലൂടെ ഒഴുകി നടക്കുമെന്ന് കേട്ടിട്ടുണ്ട്. ഒരിക്കല്‍ ഇന്ത്യ സന്ദര്‍ശിച്ചശേഷം വന്ന എന്റെ സുഹൃത്ത് പറഞ്ഞ ദൃശ്യം മനസില്‍ പതിഞ്ഞിരുന്നു. അതാണ് 'ഗംഗാ തീരത്ത്' എന്ന കവിതയായി മാറുന്നത്. ഇപ്പോള്‍ ഞാന്‍ ഗംഗാ മാതാവിനെ കാണാന്‍ ചെന്നു. മനസില്‍ ഏതു ദൃശ്യമാണോ ഉണ്ടായിരുന്നത് അതിനു സമാനമായ ദൃശ്യങ്ങള്‍ ഞാന്‍ കണ്ടു. പക്ഷെ ഗംഗയെ ഓര്‍ക്കുമ്പോള്‍ പുതിയ കുറേ ദൃശ്യങ്ങളും കൂടി അതിനൊപ്പം ചേരുന്നുണ്ട്. മാത്രമല്ല ഗംഗ ഭഗവാന്‍ ശിവന്റെ ജഢയിലാണിരിക്കുന്നതെന്നും ഒളിച്ചിരിക്കുകയാണെന്നും മറ്റും കുറേ പുരാണ കഥകളും അറിയുന്നു. ഇതെല്ലാം ഗംഗയുടെ പുതിയ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഞാന്‍ വീണ്ടും ഗംഗയെപ്പറ്റി എഴുതും. ഗംഗയെപ്പറ്റി മാത്രമല്ല, ഇന്ത്യ പശ്ചാത്തലമാക്കി കുറേ കവിതകള്‍ രചിക്കണമെന്നുണ്ട്. അതിനുളള തയാറെടുപ്പിലാണ് ഞാന്‍.
നിങ്ങള്‍ എന്താണ് ഇന്ത്യയില്‍ നിന്നു കണ്ടത്? അറിഞ്ഞത്?
ഇന്ത്യ വേഗത്തില്‍ ഒന്നു ഓടിക്കാണുകയായിരുന്നു ഞങ്ങള്‍. പക്ഷെ അറിയാം ഒരു ജന്മം മുഴുവന്‍കൊണ്ടുപോലും ഇന്ത്യയെ അറിയാനാവില്ലെന്ന്. പക്ഷെ ഇവിടെ കണ്ട കാഴ്ചകള്‍ ചിന്തിപ്പിക്കുന്നതാണ്. ഞങ്ങള്‍ താജ്മഹല്‍ കണ്ടു.മനോഹരം. അവര്‍ കാഴ്ചകാണാന്‍ വരുന്നവരില്‍ നിന്ന് കുറേ പണം അധികാരികള്‍ ഈടാക്കുന്നുണ്ട്. പക്ഷെ അതിനുപുറത്ത് ആഗ്ര മാലിന്യം നിറഞ്ഞ് തകര്‍ന്നടിഞ്ഞിരിക്കുന്നു. ഓരോ ദിവസവും നഗരം നശിച്ചുകൊണ്ടിരിക്കുകയാണ്. വൃത്തിഹീനമായ നഗരത്തില്‍ കുറേയേറെ ദരിദ്രരെയും ഞങ്ങള്‍ കണ്ടു. ഞങ്ങളെപ്പോലുളളവരില്‍ നിന്ന് ഈടാക്കിയ ആ പണം മുഴുവന്‍ എവിടെ പോകുന്നു. എന്തുകൊണ്ട് ഈ ജനങ്ങളുടെ പട്ടിണി മാറുന്നില്ല. കാഴ്ചകളിലെല്ലാം ഇങ്ങനെ മനോഹരവും വേദനിപ്പിക്കുന്നതുമായ രണ്ടു വശങ്ങളുണ്ട്.
നിങ്ങള്‍ ചിത്രകാരിയാണ്. സുന്ദരങ്ങളായ ചിത്രങ്ങള്‍ വരച്ചിട്ടുമുണ്ട്. അതെപ്പറ്റി പറയൂ?
ശരിയാണ്. ഞാന്‍ ചിത്രം വരയ്ക്കാറുണ്ട്. എണ്ണച്ചായ ചിത്രങ്ങളാണ് അധികവും വരയ്ക്കാറ്. പക്ഷെ മറ്റ് മാധ്യമങ്ങളും ഉപയോഗിക്കാനാവും. പേന പരാജയപ്പെടുമ്പോള്‍ ഞാന്‍ ബ്രഷ് കയ്യിലെടുക്കും. ചിലതെല്ലാം വാക്കുകളില്‍ ആവിഷ്‌ക്കരിക്കാവുന്നതിനുപുറത്താണ്. ഞാനിപ്പോള്‍ വരച്ച ചിത്രങ്ങള്‍ സമാഹരിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം അത് പ്രദര്‍ശിപ്പിക്കും. എന്റെ വെബ്‌സൈറ്റില്‍ കുറേ ചിത്രങ്ങളുണ്ട്.
വിവര്‍ത്തനങ്ങള്‍ ധാരാളമായി നിങ്ങള്‍ നടത്തുന്നു. ഫോറ ഫറൂഖ്‌സാദയുടെ രചനകള്‍ അടുത്തമാസം പുറത്തിറങ്ങും. എന്താണ് വിവര്‍ത്തനത്തിന്റെ പൊതു രീതി?
പേര്‍ഷ്യയില്‍ നിന്നാണ് ഞാന്‍ കൂടുതല്‍ കവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുളളത്. പ്രസിദ്ധീകരണങ്ങള്‍ തുടര്‍ച്ചയായി വിവര്‍ത്തനങ്ങള്‍ ആവശ്യപ്പെടാറുണ്ട്. ഫോറ ഫറൂഖ്‌സാദയുടെ കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് സുന്ദരമായ വെല്ലുവിളിയാണ്. കാരണം കവിത വിവര്‍ത്തനം ചെയ്യുകയല്ല ഒപ്പം അതിന്റെ സംഗീതവും ഇംഗ്ലീഷിലേക്കാക്കണം. വിവര്‍ത്തനം ചെയ്യുന്നത് അത്ര എളുപ്പമുളള കൃത്യമല്ല. എഴുത്തുകാരനുമായി താദാത്മ്യം പ്രാപിച്ച് അയാളുടെ സ്വരത്തില്‍ എഴുതണം. അത് നിങ്ങളുടെ ചെരിപ്പ് ഇട്ട് ഞാന്‍ നിങ്ങള്‍ സംസാരിക്കുന്നതും ചിന്തിക്കുന്നതുപോലെയും എഴുതണം. ഒരു പക്ഷേ നിങ്ങളുടെ ആശയങ്ങളോട് എനിക്ക് യോജിപ്പുണ്ടായിരിക്കില്ല എങ്കിലും. വിവര്‍ത്തനം ഞാന്‍ ആസ്വദിച്ച് ചെയ്യുന്നു. ഇന്ത്യയില്‍ നിന്ന് കുറച്ച് കവിതകള്‍ ഇംഗ്ലീഷില്‍ ആക്കണമെന്നാണ് ആഗ്രഹം. മലയാളത്തില്‍ നിന്ന് കുറച്ച് നല്ല കവിതകള്‍ ഇംഗ്ലീഷിലേക്ക് ആക്കണമെന്നുമുണ്ട്. പ്രത്യേകിച്ച് നിങ്ങള്‍ അര്‍ത്ഥം പറഞ്ഞുതന്ന ആ നല്ല കവിതകള്‍.
Madhyamam weekly
2007, Feb
No comments:
Post a Comment