Saturday, July 17, 2010

എന്റെ ബോളിവുഡ് വിശേഷങ്ങള്‍

അഭിമുഖം/പ്രിയദര്‍ശന്
മലയാളിക്ക് കൈയെത്തിപ്പിടിക്കാവുന്ന സ്വപ്നങ്ങള്‍ക്ക് അപ്പുറത്താണ് പ്രിയദര്‍ശന്‍. 'വന്‍പുലികള്‍' നിറഞ്ഞ ബോളിവുഡ് ഇന്ന് എല്ലാ അര്‍ത്ഥത്തിലും ഈ 'സൗത്ത് ഇന്ത്യക്കാരന്റെ' കൈപ്പിടിയിലാണ്. ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംവിധായകന്‍. ഹിറ്റുകള്‍ മാത്രം ഒരുക്കുന്ന ഫിലിംമേക്കര്‍. സൂപ്പര്‍ താരങ്ങള്‍ പോലും അല്‍പം ഭയത്തോടെ മാത്രം സമീപിക്കുന്ന വ്യക്തിത്വം. ശരിക്കു പറഞ്ഞാല്‍ താരങ്ങളേക്കാള്‍ താരം.
പക്ഷേ സൗമ്യനും ജാടകളുമില്ലാത്ത സാധാരണ മലയാളിയുമാണ് ഇന്നും പ്രിയദര്‍ശന്‍. ചെന്നൈ വള്ളുവര്‍കോട്ടത്തെ 'ഫോര്‍ ഫ്രെയിം' ഓഫീസില്‍ കാണാന്‍ ചെല്ലുമ്പോള്‍ പ്രിയദര്‍ശന്‍ തിരക്കിലാണ്. നിന്നു തിരിയാന്‍ ഇടയില്ലാത്തവണ്ണം. മുംബൈയില്‍നിന്ന് തലേന്ന് എത്തിയതേയുള്ളൂ. അതിനുമുമ്പ് വിദേശത്ത്. ഇപ്പോള്‍ തന്റെ സ്റ്റുഡിയോയില്‍ ചില സിനിമാ പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍. ചില കൂടിയാലോചനകള്‍. അടുത്ത ദിവസം തന്നെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഭോജ്പൂരിലേക്ക്.
പക്ഷേ തിരക്കുകളെല്ലാം മാറ്റിവച്ച് 'ഗൃഹലക്ഷ്മി'യോട് അല്‍പം നീണ്ട സംഭാഷണത്തിന് പ്രിയദര്‍ശന്‍ ഇരുന്നു. 'ഒന്നുകില്‍ നയിക്കുക, അല്ലെങ്കില്‍ പിന്തുടരുക. അതുല്ലെങ്കില്‍ എന്റെ വഴിയില്‍നിന്ന് മാറി നില്‍ക്കൂ'-എന്നെഴുതി മേശപ്പുറത്ത് വച്ചിരിക്കുന്ന ബോര്‍ഡ് ഒരല്‍പം വശത്തേക്ക് ഒതുക്കിവച്ചു. ഹിന്ദി താരങ്ങളുള്‍പ്പടെയുള്ളവരുടെ നിര്‍ത്താത്ത ഫോണ്‍ കോളുകള്‍ക്ക് തല്‍ക്കാലം വിട.
ഹിന്ദി സിനിമയിലേക്ക് താന്‍ എത്തിപ്പെട്ടതിനെയും ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് കൈപ്പിടിയിലൊതുക്കിയതിനെപ്പറ്റിയാണ് സംസാരം. ആദ്യമായിട്ടാണ് ഒരു ഒരു മലയാള പ്രസിദ്ധീകരണത്തോട് ബോളിവുഡിനെയും അതിന്റെ പിന്നാമ്പുറങ്ങളെയും പറ്റി വിശദമായി പ്രിയദര്‍ശന്‍ സംസാരിക്കുന്നത്.ഹിന്ദി സിനിമയുടെ ലോകത്ത് എങ്ങനെ എത്തപ്പെട്ടു? സ്വപ്നം കണ്ടിരുന്നതാണോ ഇത്?


ഞാന്‍ എന്നും ഹിന്ദിസിനിമയുടെ ആരാധകനായിരുന്നു. ചെറുപ്പത്തില്‍ എല്ലാ പടങ്ങളും കാണും. എഴുപതുകളില്‍, പഠിച്ചുകൊണ്ടിരിക്കുമ്പോഴത്തെ ഒരു ജ്വരമാണത്. ഞാന്‍ ജഗദീഷിനെ പരിചയപ്പെടുന്നതും അടുക്കുന്നതും ഹിന്ദിസിനിമ കാണാന്‍ ചെല്ലുമ്പോഴാണ് എന്നു പറയാം. അയാളും പതിവായി ഹിന്ദിസിനിമകള്‍ കാണാന്‍ തീയേറ്ററില്‍ എത്തിയിരുന്നു. ഹിന്ദിയിലെ നായകരുടെ വേഷവും രീതികളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. അതെന്തുകൊണ്ട് നമ്മുടെ സിനിമയില്‍ കൊണ്ടുവന്നുകൂടാ എന്നൊക്കെ അന്ന് ചിന്തിച്ചിട്ടുണ്ട്. പിന്നെ സ്വന്തമായി മലയാള സിനിമ ചെയ്തപ്പോള്‍ കഥാപാത്രങ്ങള്‍ക്ക് ഹിന്ദി സിനിമാതാരങ്ങളുടെ വേഷവും രീതികളും കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. 'ബോയിംഗ് ബോയിംഗ്', 'ചിത്രം' തുടങ്ങിയ സിനിമയിലൊക്കെ നോക്കിയാല്‍ അതുകാണാനാവും. ഹിന്ദിസിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതൊരു സ്വപ്നം മാത്രമായിരുന്നു. 'ചെപ്പ്' എന്ന സിനിമ ചെയ്ത സമയത്ത് ഹിന്ദിയില നിര്‍മാതാവായ പ്രാണ്‍ ലാല്‍ മേത്ത ഒരു ദിവസം വിളിച്ചു. ശത്രുഘനന്‍ സിന്‍ഹയ്ക്ക് ഈ സിനിമ ഇഷ്ടമായെന്നും അത് ഹിന്ദിയില്‍ ചെയ്യണമെന്ന് താല്‍പര്യമുണ്ടെന്നും പറഞ്ഞു. ഞാന്‍ ബോംബെയില്‍ ചെന്നു. പ്രാണ്‍ലാലിനൊപ്പം സിനിമ വീണ്ടും കാണുകയുംചെയ്തു. പക്ഷേ ആ സിനിമ നടന്നില്ല. പിന്നീട് 'കിലുക്കം' എന്ന സിനിമയക്ക് ശേഷം പ്രാണ്‍ ലാല്‍ വീണ്ടും വിളിച്ചു. അവര്‍ക്ക് കിലുക്കം ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നു അറിയിച്ചു. പൂജാഭട്ടിനെയും അമീര്‍ഖാനെയും മറ്റും വച്ച് ചെയ്യാനിരുന്നതാണ് ആ സിനിമ. പക്ഷേ അഭിനേതാക്കളുടെ കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നു. പിന്നെ പൂജാഭട്ട് പിന്‍മാറി. 'മുസ്‌കുരാഹത്' എന്ന ആ സിനിമ വലിയ വിജയമായിരുന്നില്ലെങ്കിലും പൊതുവില്‍ ശ്രദ്ധിക്കപ്പെട്ടു. ഞാന്‍ 'കിലുക്കം' ചെയ്യുമ്പോള്‍ ഗുഡ്‌നൈറ്റ് മോഹന്‍ 'ഈ സിനിമ ഹിറ്റാവുകയാണെങ്കില്‍ പ്രിയന് ഞാന്‍ ഒരു ഹിന്ദി സിനിമ തരും' എന്ന് പറഞ്ഞിരുന്നു. 'മുസ്‌കുരാഹത്' ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മോഹന്‍ എന്നോട് പഴയ വാഗ്ദാനം ആവര്‍ത്തിച്ചു. മലയാളത്തിലെ ഹിറ്റ് സിനിമയായ 'കിരീടം' ഞാന്‍ 'ഗര്‍ദിഷ്' എന്ന പേരില്‍ ചെ്തു. വന്‍ വിജയമായിരുന്നില്ലെങ്കിലും അതും ശ്രദ്ധിക്കപ്പെട്ടു. കിരീടത്തില്‍ ഇല്ലാതിരുന്ന ചില കഥാപാത്രങ്ങള്‍ ഞാന്‍ അതില്‍ പുതിയതായി ഉള്‍പ്പെടുത്തി. ആക്ഷന്‍ നന്നായി ചെയ്തു. പല പ്രമുഖ നടന്‍മാരും ആദ്യം കഥകേട്ട് നന്നാവില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്നു. അതില്‍ ക്യാമറ ചെയ്തിന് സന്തോഷ് ശിവന് അവാര്‍ഡി കിട്ടി. ത്യാഗരാജന് ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടി. സംഘട്ടനത്തിന് ആദ്യമായി ഒരു സൗത്ത് ഇന്ത്യക്കാരന് അവാര്‍ഡ് കിട്ടുന്നതപ്പോഴാണ്. 'ഗര്‍ദിഷ്' പുറത്തിറങ്ങിയ സമയത്ത് ഒരിക്കല്‍ സഞ്ജയ് ദത്തിനെ യാദൃശ്ചികമായി കണ്ടു. എന്നെ കണ്ട് തിരിച്ചറിഞ്ഞിട്ടാവണം തിരിഞ്ഞ് നിന്ന് 'ഗര്‍ദിഷിന്റെ സംവിധായകനല്ലേ' എന്ന് ചോദിച്ചു പരിചയപ്പെട്ടു. ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും നല്ല ആക്ഷന്‍ 'ഗര്‍ദിഷി'ലാണെന്ന് ദത്ത് പറഞ്ഞു. വൈകാതെ 'തേവര്‍ മകന്‍' എന്ന തമിഴ്‌സിനിമ 'വിരാസത്' എന്നപേരില്‍ ഹിന്ദിയില്‍ ചെയ്തു. ദിലീപ് കുമാര്‍ ഈ സിനിമയില്‍ താല്‍പര്യം കാണിച്ചെങ്കിലും പകുതി ഭാഗത്തിനുശേഷം തന്റെ കഥാപാത്രം മരിച്ചുപോകുന്നതുകൊണ്ട് കാണികള്‍ക്ക് ഇഷ്ടമാകില്ലെന്ന് പറഞ്ഞ് പിന്‍മാറി. പിന്നെയാണ് അനില്‍ കപൂറിനെ വച്ച് ചെയ്യുന്നത്. അതോടെ നല്ല കാലം തെളിഞ്ഞു. ഞാനൊരു ക്യാമ്പിലും ഉണ്ടായിരുന്നില്ല. സിനിമയില്‍ ഒത്തിരിയേറെ കോക്കസും ടീമുകളും താല്‍പര്യങ്ങളുമുണ്ട്. ഞാനതിന്റെ ഭാഗമാകാന്‍ പോയില്ല. അതും ഗുണകരമായി.പക്ഷേ, ആദ്യഘട്ടത്തില്‍ സംഭവിച്ച ചില പടങ്ങളുടെ പരാജയങ്ങളെ എങ്ങനെ അതിജീവിച്ചു?

ആദ്യം ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ ചെയ്‌തെങ്കിലും ഇടയ്ക്ക് തിരിച്ചടിയേറ്റു. 'കഭിനാ കഭി', 'ദോലി സജാകെ രഹ്നഹ്‌ന' യഹ് മേരാഘര്‍ വോ സതേരാ ഘര്‍' എന്നിങ്ങനെ മൂന്ന് സിനിമകള്‍ എട്ടു നിലയില്‍ പൊട്ടി. തീര്‍ത്തും ഫ്‌ളോപ്പ്. ഞാന്‍ ഏതാണ്ട് ഹിന്ദിയില്‍ നിന്ന് ഔട്ടായി എന്നു തന്നെ ഉറപ്പിച്ചു. ആ സമയത്ത് എന്റെ കൈയില്‍ ഒരൊറ്റ സിനിമയേ ബാക്കിയുള്ളൂ. ഞാന്‍ 'പൂച്ചക്കൊരു മൂക്കൂത്തി' ഹിന്ദിയില്‍ ഹംഗാമ' എന്ന പേരില്‍ എടുക്കാന്‍ തീരുമാനിച്ചു. തിരക്കഥയൊക്കെ മാറ്റിയെഴുതി മൊത്തത്തില്‍ ഹിന്ദിക്കാര്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ ചെയ്തു. അതിനിടയില്‍ ഫിറോസ് നദിയത്ത് വാലയ്ക്ക് സുനില്‍ ഷെട്ടിയെവച്ച് ഒരു കോമഡി പടം ചെയ്യണമെന്ന് പറഞ്ഞു. ഞാനുടനെ ഫാസിലിനെ വിളിച്ച് 'റാംജി റാവു സ്പീക്കിംഗി'ന്റെ റൈറ്റ് മേടിച്ചു. 'ഹേരാ ഫേരി'.എന്ന പേരില്‍ റീമേക്ക് ചെയ്തു. അതുരണ്ടും സൂപ്പര്‍ ഹിറ്റായി. മൂന്നാമത് കിട്ടിയത് 'മാലമാല്‍ വീക്ക്‌ലി'യാണ്. പുതുമുഖ താരങ്ങളെ ാത്രം വച്ച് എടുത്ത പരീക്ഷണമായിരുന്നു അത്. ആര്‍ക്കും വലിയ പ്രതീക്ഷയില്ലാതിരുന്ന കോമഡി സിനിമ. സ്വയം എഴുതിയുണ്ടാക്കിയ കഥയാണ്. അതും തകര്‍പ്പന്‍ വിജയം നേടി. അതിന്റെ ലാഭം 24 കോടി രൂപയായിരുന്നു. ഭാഗ്യം കൊണ്ടാവാം പിന്നീട് ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.


ബോളിവുഡ് കൈപ്പിടിയിലൊതുക്കാന്‍ എന്തു മാജിക്കാണ് താങ്കള്‍ കാണിച്ചത്?

ആദ്യ സിനിമകളുടെ പരാജയത്തില്‍നിന്ന് എനിക്ക് ചില കാര്യങ്ങള്‍ പിടികിട്ടി. ഇത് തീര്‍ത്തും വേറൊരു ലോകമാണ്. ഇവിടെ മലയാളത്തിലേതുപോലെയുള്ള സിനിമയോ അഭിനയമോ അല്ല വേണ്ടത്. മലയാളത്തിലെ തിരക്കഥ അതുപോലെ ചെയ്താല്‍ വിജയിക്കില്ല. അതുകൊണ്ട് കഥ മാത്രമെടുത്ത്, പൂര്‍ണമായി ഹിന്ദി പ്രേക്ഷകന് വേണ്ടരീതിയില്‍ ഹിന്ദി ചേരുവയോടെ സിനിമ കൊടുക്കുക. വര്‍ണപ്പകിട്ടിനാണ് പ്രധാനം. അതുകൊണ്ട് നല്ല വിഷ്വല്‍ ഭംഗിയോടെ, നല്ല പാട്ടുകളോടെ സിനിമ ചെയ്യുക. ഈ തന്ത്രമാണ് വിജയിച്ചത്. മറ്റ് ഭാഷകളില്‍നിന്ന് റീമേക്ക് ചെയ്യുന്ന സിനിമകള്‍ പലതും പരാജയപ്പെടാന്‍ കാരണം അവ അതേ ഭാഷയില്‍തന്നെയുള്ള തിരക്കഥയില്‍ ചെയ്തതുകൊണ്ടാണ്. 'ഗജനി' ഒഴിച്ച് ഹിന്ദിയില്‍ അടുത്ത കാലത്ത് വിജയിച്ച എല്ലാ റീമേക്കുകളും എന്റേതാവാനുള്ള കാരണം ഇതാണ്.


പൊതുവില്‍ ഹിന്ദി പ്രേക്ഷകന് ആവശ്യം എത്തരത്തിലുളള സിനിമയാണ്?

ഇവര്‍ക്കാവശ്യം കൊമേഴ്‌സ്യല്‍ സിനിമയാണ്. ഗ്ലാമറിനാണ് പ്രധാനം. ഹിന്ദിക്കാര്‍ക്ക് സിനിമ കണ്ടിരിക്കാന്‍ ക്ഷമയില്ല. സ്പീഡുള്ള സിനിമയാകണം. അവര്‍ക്ക് സിനിമകണ്ട് ആലോചിക്കാന്‍ ഒന്നും താല്‍പര്യമില്ല. തയ്യാറുമലല്ല. അതുകൊണ്ട് അവര്‍ക്ക് എളുപ്പം മനസ്സിലാകുന്ന, രസിപ്പിക്കുന്ന സിനിമകള്‍ വേണം. ബോളിവുഡിന്റെ രസതന്ത്രം എളുപ്പമാണ്. അത് മനസ്സിലാക്കിയതോടെ വിജയം തുടങ്ങി.

ആദ്യ ഘട്ടത്തില്‍ പ്രതിസന്ധികള്‍ നേരിട്ടിരുന്നില്ലേ? പ്രത്യേകിച്ച്
സൗത്ത് ഇന്ത്യയില്‍നിന്ന് വരുന്ന ഒരാളെന്നനിലയില്‍?

പ്രതിസന്ധിയുണ്ടായിട്ടുണ്ട്. ഉത്തരന്ത്യക്കാരന്‍ നമ്മളെ കാണുന്നത് ഒരു സൗത്ത് ഇന്ത്യക്കാരന്‍ എന്ന നിലയില്‍ പുച്ഛത്തോടെയാണ്. ചില പ്രൊഡ്യൂസര്‍മാര്‍ക്കും അഭിനേതാക്കള്‍ക്കും ഇത്തരം മനോഭാവം ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. പക്ഷേ, സിനിമകള്‍ വിജയിച്ചതോടെ അവരുടെ ആ മനോഭവത്തെ ഞാന്‍ ഒരു പരിധിവരെ മറികടന്നു. പിന്നെ പ്രൊഡ്യുസര്‍മാരെ ഞാനന്വേഷിച്ച് കണ്ടെത്തുന്നില്ല. അവര്‍ എന്നെ തേടുന്നു. ഞാന്‍ എനിക്കാവശ്യമുള്ള നടന്‍മാരെ കണ്ടെത്തുന്നു. അല്ലാതെ ഏതെങ്കിലും നടനോ മറ്റോ കണ്ടെത്തിയ അവര്‍ക്ക് വേണ്ടി സിനിമ ചെയ്യുന്ന ഒരാളല്ല. അതുകൊണ്ട് തന്നെ എനിക്ക് എന്റേതായ നേട്ടമുണ്ട്. പിന്നെ ഉരുളക്കുപ്പേരി പോലെ മമ്മൂട്ടി പറഞ്ഞ ഒരു ഡയലോഗ് ഞാനും ചില സമയത്ത് എടുത്ത് ഉപയോഗിക്കും. ആരോ സൗത്ത് ഇന്ത്യന്‍ എന്നു പറഞ്ഞപ്പോള്‍ മമ്മൂട്ടി പറഞ്ഞ് 'നിങ്ങള്‍ നോര്‍ത്ത് ഇന്ത്യന്‍സ് അല്ല, സെന്‍ട്രല്‍ ഇന്ത്യക്കാരാണ് എന്നാണ്. അവിടെയും ഇല്ല ഇവിടെയുമില്ല. ഞങ്ങള്‍ പറയാന്‍ ഒരു സൗത്തെങ്കിലുമുണ്ട്. നിങ്ങള്‍ക്കതില്ലല്ലോ' ഞാനതേ ധാരണയില്‍ തന്നെ മുന്നോട്ട് പോകുന്നു.


ഹിന്ദിയിലെ സൂപ്പര്‍താരങ്ങള്‍ക്ക് പ്രിയദര്‍ശന്‍ എന്ന സംവിധായകനെ പേടിയാണെന്ന് അവര്‍ തന്നെ പറഞ്ഞ് കേട്ടിട്ടുണ്ട്?

അതുണ്ട്. അവര്‍ക്കറിയല്ലല്ലോ ഞാന്‍ ഒരു പാവമാണെന്ന് (ചിരിക്കുന്നു). മലയാളികള്‍ക്ക് എന്നെ നന്നായി അറിയാം. പക്ഷേ എന്റെ രൂപവും ഭാവവുംകൊണ്ടെന്തോ ഹിന്ദിതാരങ്ങള്‍ക്ക് അല്‍പം ഭയമുണ്ട്. ഞാന്‍ പെട്ടെന്ന് ചൂടാകും, മുഖം നോക്കാതെ ചീത്തവിളിക്കും എന്നൊക്കെ അവര്‍ക്കിടയില്‍ സംസാരമുണ്ട്. ഞാന്‍ അത് പൊളിക്കാന്‍ പോയില്ല. അതങ്ങനെ നില്‍ക്കുന്നത് ഗുണകരമാണെന്ന് എനിക്ക് മനസ്സിലായി.


സൂപ്പര്‍ താരങ്ങള്‍ പോലും പ്രിയദര്‍ശന്റെ സെറ്റില്‍ മാത്രം അതിരാവിലെയാണെങ്കില്‍ എത്തുമെന്നാണ് പറയുന്നത്. എന്താണ് അവരെകൊണ്ട് കൃത്യത പാലിക്കുന്നതില്‍ താങ്കളുടെ മാനേജ്‌മെന്റ വൈദഗ്ദധ്യം?

എന്റെ സിനിമയില്‍ അഭിനയിക്കുന്ന താരങ്ങള്‍ കൃത്യ സമയത്ത് തന്നെ എത്തണമെന്ന് എനിക്ക് നിര്‍ബന്ധമാണ്. അതിരാവിലെയൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ അവര്‍ അവിടെയുണ്ടാവണം. ഞാനും അതേ സമയത്ത് എത്തുന്നുണ്ട്. ഹിന്ദിയില്‍ പൊതുവില്‍ താരങ്ങള്‍ കൃത്യസമയത്ത് വരില്ല. ഗോവിന്ദയൊക്കെ ഇക്കാര്യത്തില്‍ വലിയ ശല്യക്കാരനാണ്. നടന്‍മാരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഹിന്ദിയിലെ രീതി എന്തെന്നുവച്ചാല്‍ എഴുമണിക്ക് ഷൂട്ടിംഗ് പറഞ്ഞാന്‍ നടന്‍മാര്‍ ഒമ്പതുമണിക്കുവരും, സംവിധായകന്‍ പതിനൊന്നുമണിക്കും. ഞാന്‍ താരങ്ങളോട് ആദ്യമേ പറയും. എന്റെ രീതി ഇതാണ്. രാവിലെയൊക്കെ എത്തേണ്ടിവരും. അതിനു പറ്റിലെങ്കില്‍ നിങ്ങള്‍ അഭിനയിക്കാമെന്ന് സമ്മതിക്കേണ്ട. പിന്നെ വഴക്കിടാനൊന്നും എനിക്കു വയ്യ. അങ്ങനെ പറഞ്ഞാവും ഞാന്‍ സിനിമ തുടങ്ങുന്നതുതന്നെ. സന്തോഷ് ശിവന്‍ ഇടയ്ക്കു പറയും മലയാളത്തില്‍നിന്ന് പോയവര്‍ക്ക് എല്ലാം പറ്റുമെന്ന്. കുറഞ്ഞ ആള്‍ക്കാരെയും മുതല്‍ മുടക്കും ഉപയോയിച്ച് സ്പീല്‍സ് ബര്‍ഗിനോടാണ് അവര്‍ മത്സരിക്കുന്നത്. ഇരുപത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ തിരിച്ചും മറിച്ചും നൂറുപേരാക്കി അഭിനയിപ്പിക്കാനും അറിയാം. മലയാളത്തില്‍നിന്ന് പോയതാവണം എന്റെ വിജയം.

കൃത്യസമയത്ത് വരുന്നതില്‍ വീഴ്ചവരുത്തുന്ന ആളായിരുന്നു ഗോവിന്ദ എന്നു പറഞ്ഞു. പിന്നെ എങ്ങനെയാണവര്‍ 'അച്ചടക്ക'മുള്ളവരായത്?

അതില്‍ ഞാന്‍ സ്വീകരിച്ചത് 'ഡിപ്ലോമാറ്റിക് അറോഗന്റ്' എന്ന നയമാണ്. വൈകി വന്നാല്‍ നേരിട്ട് വഴക്കിടാന്‍ പോവുകയില്ല. വൈകിയെത്തുന്ന താരങ്ങള്‍ക്ക് നേരെ കൈയുയര്‍ത്തി, വാച്ചില്‍ തൊട്ടുകാണിക്കും. മറ്റ് സംസാരമൊന്നും ഉണ്ടാവില്ല. അടുത്ത ദിവസം വൈകിയാല്‍ ഞാന്‍ ചൂടാവും പൊട്ടിത്തെറിക്കും എന്നൊരു ധാരണ അവര്‍ക്കുണ്ട്. അതുകൊണ്ട് കൃത്യമായി വരും. ശഹീദ് കപൂറിനോട് മാത്രമേ ഇക്കാര്യത്തില്‍ വഴക്കിടേണ്ടി വന്നിട്ടുള്ളൂ. കൃത്യസമയത്ത് വരാന്‍ അയാള്‍ക്കു മടിയാണ്. ഒന്ന് പൊട്ടിത്തെറിച്ചതോടെ അടുത്ത ദിവസം മുതല്‍ ശരിയായി. ഇങ്ങനെത്തെ വാര്‍ത്തകള്‍ പെട്ടെന്ന് പ്രചരിക്കും. അതും ഗുണകരമാണ് (ചിരി).

അതിതാഭ്ബച്ചനെപ്പോലുള്ളവരോടും ഇതേ സമീപനമാണോ താങ്കളുടേത്?

സംശയമന്തെ്? ഞാന്‍ സിനിമ ചെയ്യുന്നത് എന്റേതായ രീതിയിലാണ്. അതിനോട് എല്ലാവരും സഹകരിക്കും. അമിതാഭ്ബച്ചനുമായി നല്ല അടുപ്പമാണുള്ളത്. പലവട്ടം ഞങ്ങള്‍ ഒരുമിച്ചിട്ടുണ്ട്. മുമ്പ് കോന്‍ ബനേഗാ ക്രോര്‍പതിയുടെ പരസ്യചിത്രം, മിസ് വേള്‍ഡ് മത്സരം എന്നിവയൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. ഒരു തലക്കനവുമില്ലാതെ പ്രവര്‍ത്തിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന നടനാണ് അദ്ദേഹം.


ബോളിവുഡ് അധോലോകത്തിന്റെ നിയന്ത്രണത്തിലാണെന്ന് എന്നാണ് എപ്പോഴും പറഞ്ഞുകേള്‍ക്കുന്ന ആരോപണം. താങ്കളെങ്ങനെ അതിജീവിക്കുന്നു? ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടോ?

ഹിന്ദി സിനിമ ഇപ്പോള്‍ അധോലോകത്തിന്റെ നിയന്ത്രണത്തില്‍ അല്ല.
മുമ്പ് അധോലോകവും ഹിന്ദിസിനിമയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇറങ്ങുന്ന സിനിമകള്‍ 40 ശതമാനത്തിലധികം അവരുടെ പണം കൊണ്ടായിരുന്നു. പക്ഷേ ബോംബെ കലാപവും,സ്‌ഫോടനങ്ങളും നടന്നതോടെ അധോലോകത്തിന് വലിയ തിരിച്ചടി നേരിട്ടും. പലരെയും പോലീസ് അടിച്ചമര്‍ത്തി. പലരും ബോംബെവിട്ടുപോയി. ഇന്ന് ഹിന്ദിസിനിമ ഏറെക്കുറെ പൂര്‍ണമായും തന്നെ അധോലോകത്തില്‍ നിന്ന് മുക്തമാണ്. എനിക്കൊരിക്കലും അധോലോകത്തിന്റെ ഇടപെടലിനെയോ ഭീഷണികളെയോ ഇത്തരം നേരിടേണ്ടിവന്നിട്ടില്ല. ഞാന്‍ ചെല്ലുന്നത് അധോലോകത്തിനുശേഷമുള്ള ഒരു സമയത്താണ്.


എന്താണ് നായികമാരെ തിരഞ്ഞെടുക്കന്നതിന് മാനദണ്ഡം?

ഹിന്ദിസിനിമയില്‍ സ്ത്രീകളെ സംബന്ധിച്ച് അഭിനയമല്ല വേണ്ടത്. കാണാന്‍ നല്ല ഭംഗിയും അല്‍പം ഡാന്‍സ് ചെയ്യാനുമുള്ള കഴിവ് മതി. അവരില്‍നിന്ന് വലിയ സംഭാവനയൊന്നും കാഴ്ചക്കാരന് വേണ്ട. അതുകൊണ്ട് തന്നെ ഓരോ ഘട്ടത്തിലും ഹിന്ദിയില്‍ ഏറ്റവും താരമൂല്യമുള്ള നായികമാരെയാണ് ഞാന്‍ സിനിമയില അഭിനയിപ്പിക്കുക.ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം മേടിക്കുന്നയാളാളെന്ന് പറയപ്പെടുന്നു. പ്രതിഫലത്തുക ഇനിയും കൂട്ടുമോ?

ഹിന്ദിയില്‍ ഏറ്റവും അധികം പ്രതിഫലം മേടിക്കുന്ന സംവിധായകന്‍ ഞാനാണെന്ന് പരസ്യമാണ്. അതില്‍ എനിക്ക് അഭിമാനമേയുള്ളൂ. അതത്രമോശം കാര്യമല്ലല്ലോ. 11 കോടിരൂപയാണ് സിനിമ ചെയ്യുന്നതിന് മേടിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി വന്നശേഷം തുക സ്‌റ്റെഡിയാണ്. (ചിരിക്കുന്നു). ഹിന്ദിയുടെ മാര്‍ക്കറ്റ് വലുതാണ്. അവസാനം അഭിനയിച്ച സിനിമയ്ക്ക് 27 കോടിയാണ് അക്ഷയ്കുമാര്‍ പ്രതിഫലം മേടിച്ചത്. അതുവച്ചുവേണം ഹിന്ദി സിനിമയെ വിലയിരുത്താന്‍.


ചുരുങ്ങിയ കാലം കൊണ്ട് 25 സിനിമകള്‍ ചെയ്തു. ഇക്കാലത്ത് കുറേ രസകരമായ ഓര്‍മകളും ഉണ്ടാവുമല്ലോ?

ഹിന്ദി സിനിമയ്ക്ക് എന്നും ചെറുപ്പമാണ്. മിക്ക താരങ്ങളും ടെക്ക്‌നീഷ്യന്‍മാരും പൊതുവില്‍ ചെറുപ്പക്കാരാണ്. അതുകൊണ്ട് തന്നെ അവരുടേതായ തമാശകളും കുസൃതികളും എപ്പോഴുമുണ്ടാവും. ഊട്ടിയില്‍ ഒരു ഷൂട്ടിംഗ് നടക്കുമ്പോഴുണ്ടായ കാര്യം പറയാം. സുനില്‍ഷെട്ടിയാണ് നായകന്‍. അയാള്‍ രാവിലെ മുതല്‍ അവിടെ എല്ലാവരോടും പറഞ്ഞു ഊട്ടിയിലെ ഹീറ്ററുകള്‍ക്ക് ഒരു കുഴപ്പമുണ്ട്. അവയ്ക്ക് അധികം ചൂടുതാങ്ങാന്‍ പറ്റില്ല. ഏത് സമയത്തും പൊട്ടിത്തെറിക്കും. ശക്തികപൂര്‍ തുടങ്ങിയ എല്ലാവരോടും സുനില്‍ ഷെട്ടി അതു പറഞ്ഞുനടന്നു. അവിടെയുണ്ടായിരുന്ന ഒരു ക്രൂ സുനില്‍ ഷെട്ടി അറിയാതെ 'സ്‌മോക്ക്' പെപ്പ് അയാളുടെ കുളിമുറിയില്‍ പിടിപ്പിച്ചു. കുളിക്കാനായി ടാപ്പുതുറന്നപ്പോള്‍ പെട്ടന്ന് അവിടെയാകെ ഒച്ചയോടെ പുക തുറന്നുവിട്ടു. സുനിഷെട്ട് ഉടുതുണി പോലും ഉടുക്കാതെ ജനല്‍ വഴി പുറത്തുചാടി. അതെല്ലാവരും തലകുത്തിമറിഞ്ഞു ചിരിച്ചു. ഇത്തരം കുസൃതികള്‍ അവിടെ എപ്പോഴുമുണ്ട്. ഔട്ട്‌ഡോര്‍ ഷൂട്ടിംഗ് രസകരമാണ്.

ദു:ഖിപ്പിച്ച ഓര്‍മകള്‍?

അധികം ദുഖകരമായ ഓര്‍മകളില്ല. ഉളളത് ബോംബെയിലെ മലയാളി ജേര്‍ണലിസ്റ്റുകളുമായി ബന്ധപ്പെട്ടാണ്. അവര്‍ എന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ മലയാളത്തിലെ അതിന്റെ ഒര്‍ജിനലുമായി ബന്ധിപ്പിച്ച് വിമര്‍ശനങ്ങള്‍ പതിവായി പറയും. അത് സിനിമാ വിമര്‍ശകരോട് പെരുപ്പിച്ച് പറയുകയും അവരെക്കൊണ്ട് എഴുതിക്കുകയും ചെയ്യും. അതെനിക്ക് വലിയ ദു:ഖമുണ്ടാക്കി. അവിടെയുള്ളവര്‍ എന്നോട് പറഞ്ഞിരുന്നു നിങ്ങളുടെ നാട്ടുകാര്‍ തന്നെയാണല്ലോ നിങ്ങള്‍ക്ക് ശത്രുക്കള്‍ എന്ന്. അന്നതെനിക്ക് വലിയ ദോഷം ചെയ്‌തേനെ. പക്ഷേ ഭാഗ്യം കൊണ്ടുണ്ടായില്ല.


തമിഴില്‍ ചെയ്ത 'കാഞ്ചീവരം' പ്രേക്ഷകരുടെ കൈയടിയും വിമര്‍ശനവും ഒരുപോലെ നേടിയല്ലേ?

ഹിന്ദിയില്‍ സിനിമ ചെയ്ത് ഞാന്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ അതിനേക്കാള്‍ എനിക്ക് സന്തോഷവും പ്രശംസയും നേടിത്തന്നത് കാഞ്ചീവരമാണ്. ആ സിനിമ കണ്ടിറങ്ങിയ ശ്യംബെനഗില്‍ 10-20 മിനിറ്റ് കൈപിടിച്ച് കുലുക്കി ഒന്നും മിണ്ടാതെ നിന്നു. പിന്നീട് എനിക്ക് ഒരു കത്തെഴുതി. 'വിക്ടര്‍ ഹ്യൂഗോവിന്റെയും ടോള്‍സ്‌റ്റോയിയുടെയും കഥകള്‍ വായിക്കുന്ന രസം തോന്നി നിങ്ങളുടെ കാഞ്ചീവരം കണ്ടപ്പോള്‍ എന്ന്. രണ്ടാമത് ടൊര്‍ന്‍ടോ ഫിലിം ഫെസറ്റ്‌വലില്‍ വിദേശ പ്രേക്ഷകര്‍ അവസാനം 10-15 എഴുന്നേറ്റ് നിന്ന് നിര്‍ത്താതെ കൈയടിച്ചു. ഞാന്‍ നോക്കുമ്പോള്‍ അക്കൂട്ടത്തില്‍ മോഹന്‍ലാലുമുണ്ട്. ഞാനറിയാതെ അവിടെ സിനിമകാണാന്‍ എത്തിയതാണ് അദ്ദേഹം. അതൊക്കെ ഫിലിംമേക്കര്‍ എന്ന നിലയില്‍ വലിയ സന്തോഷങ്ങള്‍ നല്‍കിയ നിമിഷങ്ങളാണ്. വിമര്‍ശനം ഉണ്ടായത് ചില ഇടതുപക്ഷക്കാരില്‍നിന്നാണ്. കമ്യൂണിസം പറയുകയും പ്രസംഗിക്കുകയും അത് ജീവിതത്തില്‍ നടപ്പാക്കാത്തവരെ സിനിമയില്‍ വിമര്‍ശിക്കുന്നുണ്ട്. അത് ചില കമ്യൂണിസ്റ്റുകാര്‍ ചിലര്‍ക്ക് അപ്രിയമായിട്ടുണ്ടാകാം. പക്ഷേ, പൊതുവില്‍ ഇടതുപക്ഷക്കാര്‍ക്കും സിനിമ ഇഷ്ടമായി.

മലയാളത്തിലേതുപോലെ തന്റേതായ അഭിനേതാക്കളുടെ ഒരു ടീമിനെ ഹിന്ദി സിനിമയില്‍ ഉണ്ടാക്കിയിട്ടുണ്ടോ?

ഇല്ല. ഞാന്‍ ഏതാണ്ട് എല്ലാ നടന്‍മാരെയും ഉപയോഗിച്ചിട്ടുണ്ട്. ഷാരൂഖ്ഖന്‍, സുനില്‍ഷെട്ടി തുടങ്ങിയ എല്ലാ നായകരെയും ഉപയോഗിച്ച് സിനിമയെടുത്ത സംവിധായകര്‍ ഹിന്ദിയില്‍ വേറെ കാണുമെന്ന് തോന്നുന്നില്ല. ഓരോ സമയത്ത് ഓരോരുത്തര്‍ ഒപ്പം ചെയ്യുന്നതാണ്. മറ്റൊരു നടനെ കാസ്റ്റ് ചെയ്ത സിനിമയില്‍ നിന്ന് അദ്ദേഹം പിന്‍മാറുമ്പോഴാണ് അമിരീഷ് പുരിയെ മുസ്‌കുരാഹത്തില്‍ അഭിനയിപ്പിക്കുന്നത്. അതുപോലെയാണ് എല്ലാ താരങ്ങളെയും. അതില്‍ കോമഡി ചെയ്യുന്ന പര്‍വേഷ് റാവലിനെപ്പോലുള്ള ചിലര്‍ കൂടുതല്‍ സിനിമയി കാണാമെന്നു മാത്രം. അല്ലാതെ ഒരു ടീമിനെ സൃഷ്ടിക്കാനുളള ശ്രമമൊന്നും നടത്തിയിട്ടില്ല.


മലയാളികള്‍ അഭിനേതാക്കള്‍ക്ക്്എത്തിപ്പെടാനാവാത്ത അത്രയും ദൂരെയാണോ ഹിന്ദി സിനിമ?

മലയാളികള്‍ക്ക് സംഭവിക്കുന്ന കുഴപ്പം ഭാഷയുടെ പ്രശ്‌നമാണ്. ഹിന്ദിക്കാര്‍ക്ക് അവരുടേതായ രീതിയില്‍ ഭാഷ സംസാരിക്കുന്നവരോടാണ് പ്രിയം. ജഗദീഷിനും ഇന്നസെന്റിനു ഹിന്ദിയില്‍ വന്നെങ്കിലും രക്ഷകിട്ടാതെ പോയതിന് ഒരു കാരണമിതാണ്. ദാസേട്ടനെ (ംയേശുദാസ്)പ്പോലുള്ളവരെ പ്പോലും സ്വീകരിക്കാത്തവരാണ്. ജഗതിയോട് ഒരിക്കല്‍ ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നതിനെപ്പറ്റി പറഞ്ഞു. ഭാഷയിലുള്ള പരിമിതി അഭിനയത്തെയും ബാധിക്കുമെന്നാണ് ജഗതി പറഞ്ഞത്. അതാണ് സത്യം. ഇന്നസെന്റ് ചേട്ടന്‍ പറഞ്ഞതാണ് രസകരം. ബില്ലുബാര്‍ബര്‍ ചെയ്യുമ്പോള്‍ തുടക്കത്തില്‍ ഹിന്ദി തനിക്കറിയാം എന്ന് ഇന്നസെന്റ് പറഞ്ഞു. പിന്നെ പറഞ്ഞു ഇതല്‍പ്പം ബുദ്ധിമുട്ടുള്ള പരിപാടിയാണ്. ഞാന്‍ ചോദിച്ചു ഹിന്ദി അറിയാം എന്നല്ലേ ചേട്ടന്‍ പറഞ്ഞത്? അപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു: ''മര്‍വാടികളോട് കച്ചവടം ചെയ്യാനുള്ള ഹിന്ദിയേ എനിക്കറിയാവു. ഇവിടെ അതുപോരല്ലോ''. സത്യമതാണ് ഹിന്ദി നന്നായി അവരുടെ രീതിയില്‍ സംസാരിക്കുന്നവര്‍ക്കേ രക്ഷയുള്ളൂ. അല്ലെങ്കില്‍ ഡബ്ബ് ചെയ്യുകയൊക്കെ വേണം.

മോഹന്‍ലാലിന്റെ നല്ല സുഹൃത്താണ്. ഹിന്ദിയിലെ ഏതൊരു നടനേക്കാളും നന്നായി അഭിനയിക്കും എന്നും എല്ലാവരും പറയും? കൂടുതല്‍ അവസരങ്ങള്‍ കൊടുത്തുകൂടേ?

ലാലിന് അവസരമുണ്ട്. നല്ല നടനുമാണ്. പക്ഷേ ഹിന്ദിക്കാരുടെ ചില ധാരണകള്‍ പ്രശ്‌നമാണ്. ഇവിടെ അദ്ദേഹത്തിന് എപ്പോഴും തിരക്കല്ലേ?. അഭിനയത്തെപ്പറ്റി വേറെ ചില ധാരണകൂടിയുണ്ട്. നസറുദ്ദീന്‍ ഷാ അഭിനയിച്ച സിനിമ വേറൊരു ഭാഷയില്‍ റിമേക്ക് ചെയ്തു. അപ്പോള്‍ ആളുകള്‍ പറഞ്ഞത് നസറുദ്ദീന്‍ ഷായുടെ അത്രയും നന്നായില്ല എന്നാണ്. ഒര്‍ജിലുമായി എപ്പോഴും തുലനം ഉണ്ടാവും. റീമേക്കിലെ അഭിനയം ഒര്‍ജിനലിന്റെ വെല്ലുന്നതാണെങ്കിലും ആള്‍ക്കാര്‍ പറയും ഒര്‍ജിനലാണ് നല്ലത് എന്ന്. അത്തരമൊരു പ്രശ്‌നമുണ്ട്.

മലയാളം സിനിമ ചെയ്യാന്‍ പദ്ധതിയുണ്ടോ?

ഉണ്ട്. നിരവധി ഓഫറുകളുണ്ട്. മലയാളം സിനിമ ചെയ്യാനുള്ള ഒരുഒരാലോചനയിലാണ്. എം.ടി. വാസുദേവന്‍ നായരുടെ ഒരു സ്‌ക്രിപ്പ്റ്റില്‍ ഒരു സിനിമ ചെയ്യുന്നതിനെപ്പറ്റി ആലോചനകള്‍ നടക്കുന്നു. അടുത്ത വര്‍ഷം ചെയ്യാനാവും. ഹിന്ദി സിനിമ എന്നത്് അയല്‍വക്കത്തെ അല്ലെങ്കില്‍ ഹോട്ടലിലെ ഭക്ഷണമാണ് (ചിരി). ഇത് അധികം കിട്ടില്ല. അതുകൊണ്ട് കിട്ടാവുന്നയത്രയും ഭക്ഷിക്കുക. വീട്ടില്‍ ഊണുണ്ട്. അതെനിക്ക് എപ്പോള്‍ വേണമെങ്കിലും ഭക്ഷിക്കാം. അടുത്തിടെ ദുബായില്‍ ലാലിന്റെ ഒരു സിനിമാ ഷൂട്ടിംഗിനുപോയപ്പോഴാണ് മലയാളം എനിക്ക് എത്രമാത്രം മിസ് ചെയ്യുന്നു എന്ന് മനസ്സിലാക്കിയത്.

മലയാളികളും പ്രിയദര്‍ശനെ മിസ് ചെയ്യുന്നില്ലേ? 'ഗൃഹലക്ഷ്മി' നടത്തിയ സര്‍വേയില്‍ അത്തരം അഭിപ്രായം ചിലരെങ്കിലും ഉന്നയിച്ചിരുന്നു.

മലയാളി എന്നെ മിസ് ചെയ്യുന്നുണ്ടെന്ന് ഞാന്‍ കരുതിയിട്ടില്ല. പക്ഷേ, ഇത് കേള്‍ക്കുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു. നന്ദിയുണ്ട്. എനിക്ക് മലയാളത്തിലേക്ക് മടങ്ങണം. ഞാന്‍ തിരിച്ചുവരും.


മലയാളത്തേക്കാള്‍ തൃപ്തി ഹിന്ദി സിനിമ നല്‍കുന്നുണ്ടോ?

ഇല്ല. സംതൃപ്തി മലയാളം ചെയ്യുമ്പോഴാണ്. അത് ചെയ്യുമ്പോള്‍ കിട്ടുന്ന മാനസിക സുഖം ഹിന്ദിയില്‍ എത്ര സാമ്പത്തിക വിജയം നേടിയ സിനിമ ചെയ്താലും കിട്ടില്ല. ഹിന്ദി സിനിമ നമുക്ക് തരുന്നത് രണ്ടാണ്. സാമ്പത്തിക മെച്ചം, ഇന്റര്‍നാഷണല്‍ എക്‌സ്‌പോഷര്‍. അതെനിക്ക് വേണ്ടെന്ന് വയ്ക്കാനാവില്ല. അതുകൊണ്ട് ഇവിടെ തുടരുന്നു.

കൂടുതല്‍ റിമേക്ക് ചിത്രങ്ങളേ ചെയ്യുന്നത്? അത് ഒര്‍ജിനല്‍ സിനിമകള്‍ ചെയ്യുന്ന അത്രയും എളുപ്പമാണോ?

അല്ല. റിമേക്ക് സിനിമകള്‍ ചെയ്യുന്നതാണ് വെല്ലുവിളി. ഒര്‍ജിനലുമായി എപ്പോഴും താരതമ്യപ്പെടുത്തിയാവും എല്ലാവരും സിനിമയെപ്പറ്റി പറയുക. അതുകൊണ്ട് ഒര്‍ജിനലിമനട് നീതി പുലര്‍ത്തണം. മിയന്‍ഹോഫ് എന്ന ചലച്ചിത്രകാരന്‍ കുറേ ഒര്‍ജിനല്‍ സിനിമകള്‍ ചെയ്തു. ഒരു ഓസ്‌കാര്‍ അവാര്‍ഡു പോലും കിട്ടിയല്ല. ഡിപ്പാര്‍ട്ട്ച്ചര്‍ എന്ന സിനിമ ചെയ്യുന്നതോടെയാണ് ഓസ്‌കാര്‍ കിട്ടുന്നത്. അദ്ദേഹം പറഞ്ഞത് റീമേക്കിംഗ് സിനിമ ചെയ്യുന്നതാണ് എപ്പോഴും വെല്ലുവിളി എന്നാണ്. ഇത് കൂടുതല്‍ ചലഞ്ചിംഗാണ്. അതേ സമയം ഭയങ്കര ടെന്‍ഷനും ഉണ്ടഖാക്കും.

പുതിയ പ്രോജക്ടുകള്‍?

ഞാന്‍ ഇപ്പോള്‍ ചെയ്യാന്‍ പോകുന്നത് 'ഇഷ്‌ക്' എന്ന സിനിമയാണ്. ബിഹാറില്‍ നടക്കുന്ന ജാതി യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു പ്രണയ കഥ പറയാനാണ് ശ്രമം. ഭോജ്പൂരി ഭാഷ യുടെ സാധ്യതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ആ സിനിമ. അങ്ങോട്ട് സിനിമ ചെല്ലാന്‍പറ്റുമോ എന്നത് വേറെകാര്യം (ചിരി) അസാമാന്യ അഭിനയശേഷിയുള്ളവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയിലെ 18 പേര്‍ വേഷമിടും. അജയ് ദേവഗന്‍, അക്ഷയ്ഖന്ന് എന്നിവരാണ് താരങ്ങള്‍. പിന്നെ അക്ഷയ്കുമാറിനെ നായകനാക്കി ഒരു സിനിമ ചെയ്യാനുളള ഒരുക്കത്തിലാണ്..താരേ സമീന്‍ പറിലെ കഥാപാത്രത്തെ നായകനാക്കി മറ്റൊരു പടം. ചെയ്യുന്നു. അത് ഏതാണ്ട് പൂര്‍ത്തിയായി. പിന്നെ ദേ ദനാ ദന്‍ എന്ന ചിത്രമുണ്ട്.


കുടുംബം? മക്കള്‍?

ഞങ്ങള്‍ ഇവിടെ മദ്രാസിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. വീഭദ്ര റോിഡല്‍ സ്റ്റുഡിയോയോട് ചേര്‍ന്ന് തന്നെ. രണ്ട് മക്കളുണ്ട്. കല്യാണിയും സിദ്ധാര്‍ത്ഥും. കല്യാണി 12 ലും സിദ്ധാര്‍ത്ഥ് 10 ലും പഠിക്കുന്നു. സിംഗപ്പൂരിലാണ് ഇരുവരും പഠിക്കുന്നത്.

സ്റ്റുഡിയോയുടെ മേല്‍നോട്ടം ലിസിയുടേതാണോ?

അതെ. ഞാന്‍ സിനിമയില്‍നിന്ന് ഉണ്ടാക്കിയ പണം സിനിമയിലേക്കു തന്നെയാണ് നിക്ഷേപിക്കുന്നത്. മറ്റൊന്നിനും ചിലവിടുന്നില്ല. ലിസി സിനിമയില്‍ നിന്നുള്ള ആളായതുതന്നെയാണ് എന്റെ ഭാഗ്യം. അതുകൊണ്ട് സിനിമയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അവര്‍ക്കറിയാം. പതിനഞ്ച് ദിവസം ഇവിടെയും പതിനഞ്ചുദിവസം സിംഗപ്പൂരില്‍ മക്കളുമൊപ്പവുമായാണ് ലിസിയുടെ ജീവിതം. ഇവിടെയായിരിക്കുമ്പോള്‍ സ്റ്റുഡിയോയുടെ നടത്തിപ്പും മേല്‍നോട്ടവും വഹിക്കുന്നു. പതിനഞ്ച് ദിവസം സിംഗപ്പൂരിലേക്ക് പോയി മക്കളുടെ പഠനവും മറ്റ് കാര്യങ്ങളും നോക്കുന്നു. സിംഗപ്പൂരില്‍ ഒരു വീടുണ്ട്. അവിടെ ഞങ്ങള്‍ക്ക് ഫോര്‍ ഫ്രെയിംസ് എന്ന പേരില്‍ സ്റ്റുഡിയോയുമുണ്ട്. അതിന്റെ നടത്തിപ്പ് ചുമതലയും ലിസി തന്നെ നോക്കുന്നു.


സ്പീല്‍സ് ബര്‍ഗിന്റെ സിനിമയോട് കിടപിടിക്കുന്നതാണ് ഈ സ്റ്റുഡിയോയിലെ സൗകര്യങ്ങള്‍ എന്ന് എഴുതിയിരിക്കുന്നത് കണ്ടു..

അതെ. എനിക്ക് ഉറപ്പായി പറയാം. രാജ്യാന്തര നിലവാരത്തിലുള്ള സൗണ്ട് മിക്‌സിംഗ് സംവിധാനമാണ് ഇവിടെയുള്ളത്. മികച്ച സാങ്കേതിക വിദഗ്ധരും. സ്പീല്‍സ്ബര്‍ഗും മറ്റു അന്താരാഷ്ട്ര സംവിധായകരും ചെയ്യുന്ന അതേ സാങ്കേതിക സൗകര്യം ഇവിടെയുണ്ട്. അതിനിയും കൂടുതല്‍ നവീകരിക്കാനുള്ള ശ്രമത്തിലാണ്. ഹിന്ദി സിനിമയില്‍ അടുത്ത കാലത്ത് വന്ന മാറ്റം ശ്രദ്ധിക്കണം. സാങ്കേതികമായി വളരെ യേറെ മുമ്പിലായി. സ്പാനിഷ് ഡബ്ലിംഗ്, സബ് ടൈറ്റിലിംഗ് ഒഴിച്ചാല്‍ ബോളിവുഡ് ഹോളിവുഡിനൊപ്പമാണ്. അതേ സാങ്കേതിക വിദ്യകള്‍ ലഭ്യമായാലേ കാര്യമുള്ളൂ. അതിവിടെയുണ്ട്.ഈ ഓണത്തിന് നാട്ടിലേക്കുണ്ടോ?

എല്ലാ ഓണത്തിനും വിഷുവിനും ഞങ്ങള്‍ നാട്ടില്‍ വരാറുണ്ട്. അച്ഛന്റെയും അമ്മയുടെയും ഒപ്പം വിശേഷദിവസം ആഘോഷിക്കാന്‍. ഒരുമിച്ച് പോവാനാവാറില്ലെങ്കില്‍ ഞാനോ അല്ലെങ്കില്‍ ലിസിയോ പോവും. ഇത്തവണയും വരണമെന്നാണ് ആഗ്രഹം. നടക്കുമെന്ന് തോന്നുന്നില്ല. എന്റേത് വ്യത്യസ്തമായ അവസ്ഥയാണ്. അച്ഛനും അമ്മയും തിരുവനന്തപുരത്ത്. ഒരു സഹോദരി എറണാകുളത്ത്. ലിസി ചെന്നൈയില്‍. ഞാന്‍ സിനിമയുമായി മുംബൈയില്‍. പഠിത്തത്തിനായി കുട്ടികള്‍ സിംഗപ്പൂരില്‍. അങ്ങനെ എല്ലാവരും ചിതറിയാണ് താമസം. സിനിമയുടെ തിരക്കൊഴിഞ്ഞ് വളരെക്കുറച്ചേ സമയമുള്ളൂവെന്നതാണ് ഇപ്പോഴത്തെ എന്റെ പ്രശ്‌നം.
2009 September
Grihalakshmi

No comments:

Post a Comment