Saturday, July 17, 2010

വേണം, നമുക്കൊരു ഫിഫ്ത്ത് എസ്‌റ്റേറ്റ്

''ഈ ....യെ കൊണ്ടുപോകാനുള്ളതല്ല പോലീസ് ജീപ്പ്''. സി.ഐയുടെ അക്രോശം മാധ്യമപ്രവര്‍ത്തകര്‍ മുഴുവന്‍ കേട്ടു. പക്ഷേ, ഒരൊറ്റ ചാനലിലും ആ ദൃശ്യമോ വാര്‍ത്തയോ വന്നില്ല.
വര്‍ക്കല സംഭവവുമായി ബന്ധപ്പെട്ട്, തങ്ങളുടെ കോളനിയില്‍ ശിവസേനക്കാര്‍ നടത്തിയ അക്രമണങ്ങള്‍ക്കെതിരെ ദളിത് സ്ത്രീകള്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തിയ സത്യഗ്രഹമാണ് രംഗം. യുവമോര്‍ച്ചക്കാര്‍ നൂറോളം വരുന്ന സ്ത്രീകളെ പോലീസിന്റെയും മാധ്യമപ്രവര്‍ത്തരുടെയും കണ്‍മുന്നില്‍ വച്ച് ആക്രമിച്ചു. ശിവസേനക്കാര്‍ എറിഞ്ഞ കല്ല് സമരപന്തലിലുണ്ടായിരുന്ന യുവതിയുടെ വയറിലാണ് പതിച്ചത്. വേദനകൊണ്ട് അലറിവിളിച്ച് ആ സ്ത്രീ തളര്‍ന്നു വീണു. ഏതാണ്ടെല്ലാ ചാനാലുകളുടെയും റിപ്പോര്‍ട്ടര്‍മാരുടെ സംഭവസ്ഥലത്ത്. പക്ഷേ 'ഇന്ത്യാ വിഷന്‍' മാത്രം കല്ലേറ് നടന്നു എന്ന വാര്‍ത്തയോടൊപ്പം തളര്‍ന്നു വീഴുന്ന സ്ത്രീയെ കാണിക്കാനെങ്കിലും തയ്യാറായി.
തൊഴില്‍പരമായ പ്രതിബദ്ധത പോകട്ടെ, സ്വന്തം അമ്മയെയും താന്‍ ഭൂമിയിലേക്ക് വരുന്നതിന് അമ്മ സഹിച്ച വേദനയെയും പറ്റി ഒരു നിമിഷം ഓര്‍ത്തിരുന്നെങ്കില്‍ ഗര്‍ഭിണിയായ സ്ത്രീക്കെതിരെ നടന്ന അക്രമം വാര്‍ത്തയാവുമായിരുന്നു. ഇനി തിരിച്ച്
കല്ലേറ് പതിച്ചത് അക്രമികള്‍ക്ക് നേരെയാണെന്ന് കരുതുക. വാര്‍ത്തയിങ്ങനെയായേനെ: 'സമരപന്തലില്‍ നിന്ന് ഡി.എച്ച്.ആര്‍. എം. ദളിത് തീവ്രവാദികള്‍ ജനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു'. അതിശയോക്തിയല്ല. കേരളത്തില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഭരണകൂട ദളിത് വേട്ടയില്‍ വാര്‍ത്താ ചാനലുകള്‍ സ്വീകരിച്ചത് അത്തരം ഏകപക്ഷീയമായ ഒരു സമീപനമാണ്. (വര്‍ക്കല സംഭവത്തിലേക്ക് നമുക്ക് പിന്നീട് വരാം).
ഒരു കാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍, കാമറയേന്തുന്നയാളുടെ 'കണ്ണിന്റെ കാഴ്ച'യാണ്. അതായത് കാമറ ചലിപ്പിക്കുന്നയാള്‍ താന്‍ കാണാന്‍ ആഗ്രഹിക്കുകയും മറ്റുള്ളവരോട് പങ്ക്‌വയ്ക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ മാത്രമാണ് തന്റെ കാമറയില്‍ പകര്‍ത്തുക. ഒരിക്കലും ഒരു ദൃശ്യവും വസ്തുനിഷ്ഠമല്ലെന്നര്‍ത്ഥം. നമ്മള്‍ കാണുന്ന ഓരോ ചാനല്‍ ദൃശ്യത്തിലും ആദ്യം അതു നേരിട്ടു കണ്ടയാളുടെ (റിപ്പോര്‍ട്ടര്‍/കാമറമാന്‍) വര്‍ഗം, ജാതി, മതം,ലിംഗം, രാഷ്ട്രീയം തുടങ്ങിയവയുടെ സ്വധീനം ശക്തമായിട്ടുണ്ടാകും. അത് ന്യൂസ് റൂമിലെത്തുമ്പോള്‍ അവിടെയുള്ള ചിലരുടെ കാഴ്ചപ്പാടും ആ ദൃശ്യത്തില്‍ കലരും. നമുക്ക് മുന്നിലെത്തുന്ന വാര്‍ത്ത/ദൃശ്യം ഒരിക്കലും യാഥാര്‍ത്ഥ്യത്തെ പ്രതിനിധീകരിച്ചുകൊള്ളണമെന്നില്ല. അതുകൊണ്ട് തന്നെ ഓരോ വാര്‍ത്തയും/ദൃശ്യവും ഏത് രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നുവെന്ന വിശകലനം ആവശ്യമാക്കുന്നു.
മലയാള ചാനലുകളിലെ വാര്‍ത്തകളുടെ രാഷ്ട്രീയം നമ്മളെ ഭയപ്പെടുത്തും. വാര്‍ത്തകളുടെ രാഷ്ട്രീയമമെന്നതുകൊണ്ട് കേവല കക്ഷിരാഷ്ട്രീയമല്ല വിഷയമാക്കുന്നത്. നേരത്തെപറഞ്ഞ വര്‍ഗ/ജാതി/മത/ലിംഗ/കക്ഷിരാഷ്ട്രീയ കാഴ്ചപ്പാടുകളെയാണ് രാഷ്ട്രീയം എന്ന് സമഗ്രാര്‍ത്ഥത്തില്‍ വിവക്ഷിക്കപ്പെടേണ്ടത്. ഒരേ സമയം അധികാര ശ്രേണിയോട് ഒത്തുപോകുന്നതും ജനമര്‍ദകവുമാണ് വാര്‍ത്തകളുടെ/ചാനലുകളുടെ രാഷ്ട്രീയം. വലതുപക്ഷത്ത് നിന്നാണ് ചാനലുകള്‍ നമ്മളെ വാര്‍ത്തകളുടെ കാഴ്ചകള്‍ കാണിക്കുന്നത്.
ഭരണകൂടത്തിനും പാര്‍ലമെന്റിനും ജുഡീഷ്യറിക്കും പുറത്ത് തിരുത്തല്‍ശക്തിയായി ഫോര്‍ത്ത് എസ്‌റ്റേറ്റ് നിലനില്‍ക്കുന്നുവെന്നാണ് സങ്കല്‍പം. സമഗ്രമായ ഒരു വിശകലനത്തില്‍ മറ്റ് മൂന്ന് എസ്‌റ്റേറ്റുകള്‍ക്കും പുറത്ത് ജനാധിപത്യത്തിന്റെ കലാപഭരിതമായ ഇടം എന്ന നിലയില്‍ ചാനല്‍രംഗത്ത് ഫോര്‍ത്ത് എസ്‌റ്റേറ്റ് കേരളത്തില്‍ നില നില്‍ക്കുന്നില്ല എന്ന് പറയേണ്ടിവരും. ചാനലുകള്‍ കാണിക്കാത്ത ദൃശങ്ങള്‍ നമ്മളിപ്പോള്‍ ബദല്‍ ചാനലുകളിലൂടെ കാണാന്‍ തുടങ്ങുകയാണ്. അതായത് ഒരു ഫിഫ്ത്ത് എസ്‌റ്റേറ്റ് ഉദയം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം. ഈ ബദല്‍വാര്‍ത്താശ്രമങ്ങളെ് അഥവാ ഫിഫ്ത്ത് എസ്‌റ്റേറ്റിനെ് നമ്മള്‍ ഗൗരവത്തോടെ സമീപിച്ചിട്ടില്ല. ഫിഫ്ത്ത് എസ്‌റ്റേറ്റ് ഒരു സങ്കല്‍പ്പമായി ലോകത്ത് ഉയര്‍ന്നുവരാന്‍ തുടങ്ങുന്നതേയുള്ളൂ. അതിലേക്കു വരുന്നതിനു മുമ്പ് നമ്മുടെ ചാനല്‍ വാര്‍ത്തകളുടെ രാഷ്ട്രീയം ഒന്നു അന്വേഷിക്കുന്നത് നന്നായിരിക്കും.

ചാനലുകളുടെ വര്‍ഗ/ജാതി സ്വഭാവം


ഒരു പക്ഷേ, ലോകത്ത് ഏറ്റവുമധികം ചാനല്‍ സാന്ദ്രതയുള്ള നാട് നമ്മുടേതാകാം. നിലവില്‍ 19 ടെലിവിഷന്‍ ചാനലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം 15 ചാനലുകള്‍ കൂടി വരും. അതോടെ മത്സരം രൂക്ഷമാകും.വിദേശ മലയാളികളുടെ കൂട്ടായ്മയില്‍ വരുന്ന സി, മനോരമയുടെ 'യുവ', മനോരമ വിഷന്‍ തുടങ്ങിയവയാണ് പുതിയ പ്രമുഖ ചാനലുകള്‍. സൂര്യ ടിവി കേരളത്തിലേക്ക് ആസ്ഥാനം മാറ്റുന്നു. തമിഴ് ചാനലായ രാജ് ടി.വിയുടെ രണ്ട് ചാനലുകള്‍ കേരളത്തിലേക്കു വരുന്നു വരുന്നു. കെ.മുരളീധരന്റെ ജനപ്രിയ, മാതൃഭൂമി, കേരള കൗമുദി, മംഗളം തുട്ങ്ങിയ പത്രങ്ങളുടെ ചാനലുകളും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. മലയാളിക്ക് ഏതുതരം വാര്‍ത്തയും ഈ ചാനല്‍സാന്ദ്രത എത്തിച്ചു നല്‍കിയേക്കും എന്ന ഗുണകരമായ വശമുണ്ട്. ഒരു ചാനല്‍ വാര്‍ത്ത മറച്ചുവയ്ക്കാന്‍ ശ്രമിച്ചാലും മറ്റു ചാനലുകള്‍ ഇവിടെയുള്ളതുകൊണ്ട് നമ്മള്‍ അറിയാതെ പോവില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാര്‍ത്തയുടെ രാഷ്ട്രീയം മാത്രമേ പ്രശ്‌നമാവുന്നുള്ളൂ. അവ സമൂഹത്തിന്റെ ജനപക്ഷത്താണോ അല്ലയോ എന്നതാണ് വിഷയം. അവിടെ നമ്മള്‍ എല്ലാ ടെലിവിഷന്‍ ചാനലുകളോടും പൊതുവില്‍ വിയോജിക്കേണ്ടിവരും മലയാള ചാനലുകള്‍ സാമൂഹികമായി അധ:പതിച്ചതാണ് എന്നല്ല. ചില നിര്‍ണായക സമയങ്ങളില്‍ മലയാള ചാനലുകള്‍ വാര്‍ത്തകളിലൂടെ ഗുണകരമായി ഇടപെട്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ ജനപക്ഷത്തുനിന്ന് ചില സജീവമായ ചെറുത്തുനില്‍പ്പുകളില്‍ പങ്കാളിയായിട്ടുണ്ട്. സാമൂഹ്യപ്രതിബദ്ധതയുടെ തലത്തില്‍ നോക്കുമ്പോള്‍ തിളങ്ങുന്ന ഉദാഹരണങ്ങള്‍ പലതും എടുത്ത
ുകാട്ടാനാവും. മൂന്നാറിലെ കയേറ്റത്തെക്കുറിച്ചുള്ള ഏഷ്യാനെറ്റ് വാര്‍ത്തകള്‍, കുഞ്ഞാലിക്കുട്ടിയെ അധികാരത്തില്‍ നിന്ന് ഭ്രഷ്ടമാക്കിയ ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍, മുത്തങ്ങാ സംഭവത്തെ സാഹസികമായി ജനങ്ങളിലേക്ക് എത്തിച്ച കൈരളി ദൃശ്യങ്ങള്‍ എന്നിങ്ങനെ ചാനല്‍വാര്‍ത്താ മികവിന്റെ ഉജ്വല മാതൃകകള്‍ നമുക്ക് ചൂണ്ടിക്കാട്ടാനാവും.
ഏതൊരു 'സക്്‌സസ് മീഡിയയും' അതുപ്രവര്‍ത്തിക്കുന്ന സമൂഹത്തിന്റെ സ്വഭാവങ്ങള്‍ കൂടി പൊതുവില്‍ ഉള്‍ക്കൊണ്ടിരിക്കും. സമൂഹത്തിലെ ആധിപത്യവര്‍ഗ, മത, ജാതി, പുരുഷാധിപത്യ സ്വഭാവം ചാനലിലും കടന്നുകൂടും. എന്നാല്‍ കേരളം പോലെ നവോഥാനങ്ങളുടെ ഒരു നൂറ്റാണ്ട് പിന്നിട്ട സമൂഹത്തില്‍ തീര്‍ത്തും വ്യത്യസ്തമായ അവസ്ഥയാണ് മാധ്യമങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
നമ്മുടെ ചാനല്‍ രംഗത്ത് ഒരൊറ്റ ജനകീയ ചാനലും ഇല്ലെന്നതാണ് വാസ്തവം. ഭൂരിപക്ഷവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ്. അതില്‍ റൂപെക് മര്‍ഡോക്ക് മുതല്‍ സോമതീരം വരെയുള്ളവരുണ്ട്. മദ്ധ്യത്തില്‍ തികഞ്ഞ പ്രൊഫഷണല്‍ കോര്‍പ്പറേറ്റുകളായ മനോരമയും. ഹിന്ദു (അമൃത), ക്രിസ്ത്യന്‍ (ശാലോം, ജീവന്‍), മുസ്ലീം (ഭാഗികമായി ഇന്ത്യാവിഷന്‍), കോണ്‍ഗ്രസ് (ജയ്ഹിന്ദ്), സി.പി.എം( കൈരളി) എന്നിങ്ങനെ കോര്‍പ്പറേറ്റ്, മത, രാഷ്ട്രീയാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട ചാനലുകള്‍ക്കെല്ലാം നിക്ഷിപ്തമായ താല്‍പര്യവും ലക്ഷ്യങ്ങളുമുണ്ട്.
ഈ ചാനലിലെ മേധാവികളില്‍ ഭൂരിപക്ഷവും വരുന്നത് വര്‍ഗപരമായി സമ്പന്ന/ഇടത്തരം വിഭാഗത്തില്‍നിന്നും ജാതീയമായി സവര്‍ണ്ണവുമായ ശ്രേണിയില്‍ നിന്നാണ്. പല വാര്‍ത്താ മേധാവികളും പ്രവര്‍ത്തിക്കുന്നത് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സി.ഇ.ഒ ആയിട്ടാണ്. ഇതില്‍ ചിലര്‍ക്ക് നേരെ വിദേശം പണം തട്ടിച്ചുവെന്നും ലൈംഗികപീഡനങ്ങളില്‍ പങ്കാളിയാണെന്നമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്; വാസ്തവം എത്രയെന്ന് വ്യക്തമല്ലെങ്കിലും.
പുതിയ ജേര്‍ണലിസ്റ്റുകളില്‍ ഏതാണ്ട് എല്ലാവരും തന്നെ ഇതേ വര്‍ഗ/ജാതി ശ്രേണിയില്‍ നിന്നു തന്നെയാണ് കടന്നുവരുന്നത്. മുന്‍കാലത്തേതതില്‍ നിന്ന് വ്യത്യസ്തമായി ജേര്‍ണലിസം പഠനം ചെലവേറിയ കാര്യമാണ്. വന്‍തുക മുടക്കാതെ ജേര്‍ണലിസം കോഴ്‌സ് പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്നോ പ്രസ്അക്കാദമയില്‍ നിന്നോ പഠിച്ചിറങ്ങാനാവില്ല. സ്വാഭാവികമായി പണം മുടക്കാന്‍ കഴിയുന്നത് ഇടത്തരം/സമ്പന്ന വര്‍ഗങ്ങള്‍ക്കാണ്. അതുകൊണ്ട് തന്നെ ദരിദ്ര/ദളിത് വിഭാഗത്തില്‍ നിന്നുള്ള ചാനല്‍ രംഗത്തെ പ്രാതിനിധ്യം കൈവിരലിലെണ്ണാവുന്നത്രയേയുള്ളൂ. ചാനല്‍ റിപ്പോര്‍ട്ടര്‍മാരായും അവതാരകരായും യുവതികള്‍ ധാരാളമുണ്ടെങ്കിലും ചാനല്‍ മേധാവികളായോ ഉന്നത നയരൂപീകരണ ബോഡികളിലോ സ്ത്രീകളുടെ പ്രാതിനിധ്യം ഒട്ടും തന്നെയില്ല. അതുകൊണ്ട് തന്നെ നമ്മുടെ ചാനല്‍ രംഗം ഒരിക്കലും വര്‍ഗ/ജാതി/ലിംഗപരമായി ജനാധിപത്യവല്‍ക്കരിക്കപ്പെട്ടിട്ടില്ല.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുമിടയില്‍ കമ്മിറ്റഡ് പത്രവ്രര്‍ത്തനം എന്നത് സാധ്യമല്ലാതായി കഴിഞ്ഞിട്ടുണ്ട്. ഗ്ലാമറും നന്നായി ഇംഗ്ലീഷ്- മലയാളം ഭാഷാപ്രാവീണ്യവുമുള്ള ഏതൊരാള്‍ക്കും കൈകാര്യം ചെയ്യാവുന്ന ഒരു ജോലിയായി ചാനല്‍ വാര്‍ത്താ മേഖല മാറിക്കഴിഞ്ഞു. അവിടെ ലേഖകരുടെയും എഡിറ്റര്‍മാരുടെയും വ്യക്തിപരമായ അറിവും വിജ്ഞാനവും അപ്രധാനമാണ്. അതുകൊണ്ട് തന്നെ എം.ലീലാവതി എത്ര നോവല്‍ എഴുതിയിട്ടുണ്ടെന്നും സി. രാധാകൃഷന്‍ കാലടി സര്‍വകലാശാലയുടെ വി.സി. അല്ലേ എന്നും പുതിയ ചാനല്‍ പ്രവര്‍ത്തകര്‍ക്കു ആള്‍ക്കൂട്ടത്തില്‍ നിന്ന് മറ്റ് സഹപ്രവര്‍ത്തകരോട് ചോദിക്കാം.
നമ്മുടെ ചാനല്‍ വാര്‍ത്താ രംഗത്തെ വര്‍ഗ/ജാതി നിലപാടുകള്‍ക്ക് ഒരു ഉദാഹരണം ചാലക്കുടിക്കാരനായ നടനും ഒരു ചാനലിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററും തമ്മിലുള്ള മുഖാമുഖം പരിപാടിയില്‍ സംഭവിച്ചു. 'നിങ്ങള്‍ കീഴ്ജാതിക്കാരനായ നടനയാതുകൊണ്ട് ...''എന്ന മട്ടില്‍ ഒരു ചോദ്യം എക്‌സിക്യുട്ടീവ് എഡറ്റ്ര്‍ ഉന്നയിക്കുന്നു. ഉടനെ നടന്‍ അഭിമുഖക്കാരനെ കശക്കി. ചോദ്യകര്‍ത്താവിന്റെ ജാതിയേതെന്ന് വെളിപ്പെടുത്താനും നിങ്ങളുടെ ജാതിബോധ്യം സവര്‍ണ്ണമായതുകൊണ്ടാണ് മറ്റൊരാള്‍ കീഴ്ജാതിയാണെന്ന് തോന്നുന്നതെന്നും നടന്‍ തുറന്നടിച്ചു. മുടങ്ങിപ്പോയ ഒരഭിമുഖമായി ആ കഥ ചാനല്‍ ഓഫീസില്‍ തന്നെ ഒതുങ്ങിയെന്നാണറിയാന്‍ കഴിഞ്ഞത്. റിപ്പോര്‍ട്ടര്‍/മാധ്യമ പ്രവര്‍ത്തകന്റെ വര്‍ഗ/ജാതി നിലപാടുകള്‍ മറനീക്കി പുറത്തുവരുമ്പോള്‍ ചോദ്യം ചെയ്യാന്‍ അപൂര്‍വമായേ ആളുള്ളൂ എന്നതാണ് സത്യം.

വാര്‍ത്തയുടെ പൈങ്കിളിവല്‍ക്കരണം


ചാനലുകള്‍ക്ക് വാര്‍ത്തയും ഒരു വിനോദോപാധിയാണ്. ഓരോ വാര്‍ത്തയും എത്രത്തോളം ജനപ്രിയമായിരിക്കാമോ എന്നതിലാണ് മികവ്. ആളുകളെ രസിപ്പിച്ച് തങ്ങളിലേക്ക് ആകര്‍ഷിക്കുക എന്നിടത്താണ് മത്സരം.
ആള്‍ക്കുട്ടത്തെ രമിപ്പിക്കല്‍ നല്ല കലയാണ്. അവിടെ വേണ്ടത് കലാമൂല്യമല്ല. മിമിക്രിയുടെ നീട്ടിക്കുറുക്കലുകള്‍ മതി. 'സവാരിഗിരിഗിരി'യെന്നും തുടവലിപ്പം കാണിച്ച് അവിടെയൊന്നാഞ്ഞടിച്ച് കേട്ടാല്‍ അറപ്പ് തോന്നാല്‍ ഡയലോഗ് ഉച്ചരിച്ചും നിവര്‍ന്നു നിന്നാല്‍ മതി. വ്യക്തമായി പറഞ്ഞാല്‍ ഏതൊരു വാര്‍ത്തയും മലയാള കൊമേഴ്്‌സ്യല്‍ സിനിമയുടെ ചേരുവ ഉള്‍ക്കൊണ്ടിരിക്കണം. വാര്‍ത്ത വിനോദോപാധിയായതുകൊണ്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രീതിക്ക് പ്രാധാന്യം കിട്ടുന്നത്. പുകവലി വിരുദ്ധ ദിനത്തില്‍ സിഗരറ്റ് നമുക്കായി ഉപേക്ഷിക്കുന്നയാളും, പാല്‍ക്ഷാമത്തെപ്പറ്റി പറയുമ്പോള്‍ രാവിലെ പശുവിന്റെ അകിടിന്‍ ചുവട്ടില്‍ ഇരുന്നു പാല്‍കറക്കുന്നതുമായ (മനോരമ ചാനല്‍) വാര്‍ത്തകളുടെ പ്രവഹസനങ്ങള്‍ റിപ്പോര്‍ട്ടര്‍മാര്‍ കാണിക്കുന്നത് നമ്മള്‍ സഹിക്കേണ്ടി വരുന്നത്. ഒരു ഗൗരവമായ വാര്‍ത്തയെ എങ്ങനെ പൈങ്കിളിവല്‍ക്കരിച്ച് മുനയൊടിക്കാം എന്നതിലാണ് മികവ്. ഇത് തീര്‍ത്തും വലതുപക്ഷമാധ്യമ സമീപനമാണ്.
എതിരാളികളികളേക്കാള്‍ കേമന്‍ തങ്ങളാണെന്ന് വാര്‍ത്തയുടെ പൊലിമയിലൂടെ സൃഷ്ടിക്കാനാണ് ചാനലുകളുടെ മതസ്‌രം. അവിടെ സാമൂഹ്യ മൂല്യത്തിന് വിലയുണ്ടാവില്ല. കുട്ടികളുടെ കലാ-സാഹിത്യകഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്ന കലാമത്സരങ്ങള്‍ക്കും ചാനലുകളുടെ മത്സരവേദിയാകും. അവിടെ യുവജനോത്സവ പുരസ്‌കാരങ്ങള്‍ ഉടഞ്ഞു വീഴും.
വാര്‍ത്തയുടെ യുക്തി മത്സരമായതിനാല്‍ കേവല മൂല്യങ്ങള്‍ക്കോ ആധികാരികതയ്‌ക്കോ വിശ്വാസ്യതയോ ചാനലുകള്‍ക്ക് വിഷയമല്ല. അതുകൊണ്ട് കൊച്ചിന്‍ ഫനീഫയും കെ.ആര്‍. നാരായണും മരിച്ചെന്ന് വാര്‍ത്തകള്‍ ഫ്‌ളാഷായി നമുക്ക് മുന്നിലൂടെ കടന്നുപോവും. ജീവിച്ചിരിക്കുന്നവരും അവരുടെ ബന്ധുക്കളും നമ്മളെപ്പോലെ 'മരണവാര്‍ത്ത' അറിയും. ഒരു ക്ഷമാപണവുമില്ലാതെ അടുത്ത നിമിഷം തങ്ങള്‍ 'കൊന്നവര്‍' അത്യാസന്ന നിലയില്‍ തുടരുന്നു എന്ന് മാറ്റി ഫ്‌ളാഷ് നല്‍കും. അങ്ങനെ ഉപരിവിപ്ലവം, കാമ്പില്ലാത്തത് എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളില്‍ വിശേഷിപ്പിക്കാവുന്നതായി ചാനല്‍ വാര്‍ത്തകള്‍. ഈ യാത്ര അതിവേഗമാതിനാല്‍ തീര്‍ത്തും വിലയിടഞ്ഞ വാര്‍ത്തകളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത്.
ചാനലുകളുടെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്ന മുഖ്യ വെല്ലുവളി വൈകിട്ടത്തെ ന്യൂസ് അവറുകളിലേക്ക് ആളുകളെ തപ്പിയെടുക്കുകയും മറ്റുള്ള ചാനലുകളുമായി മത്സരിച്ച് അവര്‍ക്ക് വിട്ടുകൊടുക്കാതെ തങ്ങളുടെ ഓഫീസിലേക്ക് കൊണ്ടുവരികയുമാണ്. കൊച്ചിയിലെ ഒരു പ്രമുഖ ചാനലിന്റെ ബ്യൂറോ ചീഫ് പരസ്യമായി ഇങ്ങനെ പറഞ്ഞു: '' ദിവസം മുഴുവനുള്ള വാര്‍ത്താ റിപ്പോര്‍ട്ടിനേക്കാള്‍ പാടാണ് വൈകിട്ടത്തെ ഈ ഇരപിടുത്തം''
അത്തരം 'ഇരപിടുത്തത്തിലൂടെ' പലപ്പോഴും അര്‍ഹരല്ലാത്തവര്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കും. ആധികാരികമായി പറയാന്‍ അറിയുന്നവര്‍ ഈ വണ്‍ അവര്‍ ഷോയില്‍ പുറത്താവുകയും ചെയ്യും. വാര്‍ത്തയ്ക്കിടയിലെ ചര്‍ച്ചകളിലും രാജ്‌മോഹന്‍ ഉണ്ണിത്താന്‍മാരും പി.സി.ജോര്‍ജുമാരും തിളങ്ങുന്നതിനും ഒരു രാഷ്ട്രീയമുണ്ട്. രമിപ്പിക്കല്‍ തന്നെ അവിടെയും കല.
ചാനലുകള്‍ ആഘോഷിക്കുന്ന വാര്‍ത്തകള്‍ പ്രധാനമായും അഞ്ചു ഗണത്തില്‍ വരുന്നുവയാണ്. ഒന്ന്. മുസ്ലീം/ഭീകരതയുമായി ബന്ധപ്പെട്ടവ രണ്ട്. ലൈംഗികതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. മൂന്ന്: ഭക്തി. നാല്: സിനിമ, ക്രിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ടത്. അഞ്ച്: കൊലപാതകങ്ങള്‍/ഗുണ്ടാ ആക്രമങ്ങള്‍ അഥവാ ക്രൈം.


വാര്‍ത്തകളിലെ സാമൂഹ്യ വിമര്‍ശനം

ചാനല്‍ വാര്‍ത്തകള്‍ സാമൂഹ്യ വിമര്‍ശന പരമായ റോളുകള്‍ വഹിക്കും എന്നു കരുതുന്നത് അസംബന്ധ ധാരണയാണ്. ഏഷ്യാനെറ്റിന്റെ തുടക്കകാലത്ത് വാര്‍ത്ത ഗൗരവമായി അവതരിപ്പിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു സമീപനമുണ്ടായിരുന്നു. അതിനുകാരണം വ്യക്തമായ സാമൂഹ്യബോധമുള്ള വാര്‍ത്താ മേധാവികളും രാഷ്ട്രീയ-സാമൂഹ്യ കാഴ്ചപ്പാടുള്ള യുവ പത്രപ്രവര്‍ത്തക നിരയും അവര്‍ക്കുണ്ടായിരുന്നതുകൊണ്ടാണ്. ഏഷ്യാനെറ്റ് ഇവിടെ വരുമ്പോള്‍ മറ്റ് ചാനലുകള്‍ ഉണ്ടായിരുന്നില്ലെന്ന് ഓര്‍ക്കണം. അതുകൊണ്ട് തന്നെ സാമൂഹ്യവിമര്‍ശനത്തിന്റെ പക്ഷത്ത് അവര്‍ക്ക് ആധികാരികമായി നില്‍ക്കാനായി. റൂപെക് മര്‍ഡോക്കുമാരുടെ പുതുകാലത്ത് വാര്‍ത്താഅധികാരികയുടെയോ സാമൂഹ്യ വിമര്‍ശനത്തിന്റെയോ തലത്തില്‍ നിന്നല്ല ഏഷ്യാനെറ്റ് ചര്‍ച്ച ചെയ്യപ്പെടേണ്ടത് എന്നതാണ് മലയാളിയുടെ ചാനല്‍ ദുരന്തം.
മലയാളത്തില്‍ പൊതുവെ നിലനില്‍ക്കുന്നത് വിശാല ഇടതുപക്ഷ അന്തരീക്ഷമാണ്്. (ഇടതുപക്ഷം എന്ന് ഉദ്ദേശിക്കുന്നത് സി.പി.എം, സി.പി.ഐ, കക്ഷികളെയല്ല. മറിച്ച് വിശാല ഇടതുമൂല്യബോധം പുലര്‍ത്തുന്ന സകലരെയുമാണ്)അതായത് മലയാളികളില്‍ ഭൂരിപക്ഷവും ഒരു 'ഇടത്' മനോഭാവം അറിഞ്ഞും അറിയാതെയും പുലര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തെ വിശാല ഇടതുപക്ഷത്തു നിന്ന് വിമര്‍ശിക്കുന്നതാണ് ശാസ്ത്രീയ വിമര്‍ശനം. ഇടതുപക്ഷത്തിന്റെ തിരുത്തല്‍ ശക്തിയാവുകയാണ് ചാനലുകള്‍ വേണ്ടത്. മലയാളത്തിലെ സാംസ്‌കാരിക മാഗസിനുകള്‍ സ്വീകരിക്കുന്നത് അത്തരം സമീപനമാണ്. എന്നാല്‍ ചാനലുകള്‍ തീര്‍ത്തും വലതുപക്ഷത്തുനിന്ന് തീര്‍ത്തും വലതുപക്ഷ സമീപനത്തോടെ ഇടതിനെയും സമൂഹത്തെയും സമീപിക്കുന്നു. ചാനല്‍ വാര്‍ത്തകളില്‍ ഇടതുപക്ഷത്തെ റദ്ദുചെയ്യുന്ന ചോദ്യങ്ങള്‍ ഉയരുന്നത് അതുകൊണ്ടാണ്. അഴിമതിയെപ്പറ്റി പറയുമ്പോള്‍ എല്ലാത്തരം അഴിമതിയും തെറ്റാണ് അത് അവസാനിപ്പിക്കണം എന്നല്ല ചാനല്‍വാര്‍ത്തകള്‍ വാദിക്കുന്നത്. മറിച്ച് നിശ്ചിത അഴിമതിയില്‍ കോഴയായി മേടിക്കുന്ന തുക കൂടുതലാണ് എന്ന മട്ടിലാണ് വിമര്‍ശനങ്ങള്‍. ഫലത്തില്‍ അഴിമതിയും മറ്റ് അനീതികളും തെറ്റല്ല, അവയുടെ തോത് കൂടുതലാവുന്നു എന്ന മട്ടില്‍ വിമര്‍ശനം നീങ്ങുന്നു. ഇത് ഒരിക്കലും സമൂഹത്തിന്റെ ഇടതുപക്ഷത്തുനിന്നുള്ള വിമര്‍ശനമല്ല. അഴിമതിക്കുമുണ്ട് വേര്‍തിരിവുകള്‍. സ്വാശ്രയ കോഴ്‌സുകളുള്‍പ്പടെ ചില കാര്യങ്ങളില്‍ കോഴ വാങ്ങുന്നത് അഴിമതിയല്ല. എന്നാല്‍, ആര്‍.ടി.ഒ ഓഫീസുകളിലേതുമാത്രം അഴിമതി എന്ന മട്ടില്‍ വാര്‍ത്തകള്‍ അഴിമതിക്കെതിരെ 'പക്ഷഭേദമായി' സംസാരിക്കുന്നു.
സക്കറിയയ്ക്ക് നേരെ നടന്ന കയ്യേറ്റം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്ത രീതി ശ്രദ്ധിച്ചാലും ഇടതുസാമൂഹ്യവിമര്‍ശനത്തിന്റെ പരിമിതി മനസ്സിലാവും.
ഇനി ഏന്തെങ്കിലും സാമൂഹ്യ വിമര്‍ശനം ചാനല്‍വാര്‍ത്തകള്‍് വഹിക്കാനുണ്ടെങ്കില്‍ തന്നെ വാര്‍ത്ത അവതരണത്തിന്റെ ബഹളത്തില്‍/ചോദ്യം ചെയ്യലുകളില്‍, മുഴുവിക്കാന്‍ അനുവദിക്കാത്ത സംഭാഷണങ്ങളില്‍ വിമര്‍ശനം തന്നെ ഇല്ലാതാകുന്നു.
വിമര്‍ശനത്തിന്റെ ദുരന്തം ഇന്ത്യാവിഷന്‍ കാണിച്ചു തരുന്നുണ്ട്. മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്ന വാര്‍ത്തകള്‍ അടങ്ങിയ വാര്‍ത്താ ബുളളറ്റിനുകളുടെയും വാര്‍ത്താവിമര്‍ശന പരിപാടികളുടെയും സ്‌പോണ്‍സര്‍മാര്‍ മുന്നാറിലെ കൈയേറ്റക്കാരായ ബിസിനസ് ഗ്രൂപ്പ് തന്നെ. ഇന്ത്യാവിഷന്‍ വാര്‍ത്തയുടെ സത്യസന്ധത ഈ സ്‌പോണ്‍സര്‍മാരുടെ വിശ്വാസ്യതയിലൂടെ ചോദ്യം ചെയ്യുന്നുണ്ട്.


ദളിത്/സ്്ത്രീ വിരുദ്ധ കാഴ്ചകള്‍

മലയാള ചാനലുകളുടെ കാഴ്ചപ്പാട് ജാതീയമായി സവര്‍ണ്ണപരമാണ്. കാമറയുടെ ദൃശ്യകോണുകള്‍ ഒരിക്കലും ദളിതരിലേക്ക് തിരിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ജനുവരി 20 ന് ചിത്രലേഖ എന്ന ദളിതയായ ഒട്ടോ ഡ്രൈവറെ പയ്യന്നൂരില്‍ സി.ഐ.ടിയു. ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് മര്‍ദിച്ചു. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ വച്ചും ചിത്രലേഖയ്ക്ക് മര്‍ദനമേറ്റു. ചിത്രലേഖ ഓട്ടോയോടിക്കുന്നത് എതിര്‍ത്ത സി.ഐ.ടി.യുക്കാര്‍ മുമ്പ് അവരെ 'പുലച്ചി' എന്ന്് വിളിച്ചാക്ഷേപിക്കുകും ഓട്ടോ അഗ്നിക്കിരയാക്കുകയും ചെയ്തയാണ്. പക്ഷേ, മലയാളത്തിലെ ഒരൊറ്റ ചാനല്‍ പോലും സംഭവം റിപ്പോര്‍ട്ട് ചെയ്തില്ല. ഡല്‍ഹിയിലെയും മറ്റും ആക്റ്റിവിസ്റ്റുകള്‍ പലവട്ടം പല ചാനലുകളെയും വിവരം അറിയിച്ചിട്ടും ആരും പ്രതികരിച്ചതുപോലുമില്ല. രണ്ടുദിവസം കഴിഞ്ഞ് കോഴിക്കോട് നിന്ന് ഇന്ത്യാവിഷന്‍ മാത്രം സംഭവം റിപ്പോര്‍ട്ട് ചെയ്തു. എന്തുകൊണ്ട് വാര്‍ത്ത കോഴിക്കോട് നിന്നായി?
2007-2008 ല്‍ കൊല്ലത്തിനടുത്ത് നൈനാംകോണത്ത് ദളിത് കോളനിയില്‍ കുടിയൊഴിപ്പിക്കല്‍ നടന്നു. ഭീകരമായി പോലീസ് മര്‍ദനം അരങ്ങേറി. കുടിലുകള്‍ പൊളിച്ചു നീക്കി. സ്ത്രീകളുടെ കൈ പോലീസ് അടിച്ച് ഒടിച്ചു. ഒരു പ്രതിഷേധ പ്രകടനം പോലും സാധ്യമാവാത്ത വിധത്തില്‍ അവിടെ മനുഷ്യാവകാശ ലംഘനം അരങ്ങേറി. പക്ഷേ ഒരൊറ്റ ചാനലുപോലും നൈനാംകോണത്ത് എത്തിയില്ല. (ഇരകള്‍ ദളിതരും സ്ത്രീകളുമാണല്ലോ, പിന്നെയെന്ത് വാര്‍ത്ത?)
വര്‍ക്കല സംഭവം നടന്ന ശേഷം ദളിത് കോളനികളില്‍ നടമാടിയ പോലീസ്ഭീകരത ഒന്നുപോലും ഗൗരവത്തോടെ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ദളിതരെ തീവ്രവാദികളായി മുദ്രയടിക്കുന്നതിന് ഭരണകൂടത്തിനും പോലീസിനുമൊപ്പം മത്സരിക്കുകയായിരുന്നു മലയാളത്തിലെ ഏതാണ്ട് എല്ലാ ചാനലുകളും.
വര്‍ക്കലയിലെ ഒരു കോളനിയില്‍ എട്ട് ദളിത് സ്ത്രീകള്‍ക്ക് ശിവസേന പ്രവര്‍ത്തകരുടെ ആക്രമത്തില്‍ പരുക്കേറ്റു. മുത്താന കേളാനിയില്‍ സുഭദ്ര എന്ന പ്രായം ചെന്ന സ്ത്രീയെ പോലീസ് വയറ്റില്‍ ചവിട്ടുകയും കാനയിലേക്ക് എടുത്തിടുകയും ചെയ്തു. സുജഗോപാലന്‍ എന്ന ദളിത് സ്ത്രീയുടെ വയറ്റില്‍ പോലീസ് ലാത്തികൊണ്ടടിച്ചതിനാല്‍ ഗര്‍ഭം അലസി. ചാനലുകള്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടന്ന ഈ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല.
പകരം ചാനലില്‍ വന്ന വാര്‍ത്തകള്‍ മുഴുവന്‍ ഡി.എച്ച്.ആര്‍.എംനെയും ദളിതരയെും ഭീകര സംഘടനയാക്കി ചിത്രീകരിക്കന്നതായിരുന്നു. കേരളത്തില്‍ ദളിത് തീവ്രാദം ശക്തമാണ് എന്ന മട്ടില്‍ ചാനലുകള്‍ സവര്‍ണ്ണപക്ഷത്തു നിന്ന് ഇല്ലാത്ത കഥകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തു. ദളിത് കോളനികളില്‍ കഞ്ചാവിനും മദ്യത്തിനുമെതിരെ പ്രവര്‍ത്തിച്ചിരുന്ന സാമൂഹ്യ സംഘടനയാണ് ഡി.എച്ച്്.ആര്‍.എം. എന്നു പറയുന്നതിനുപകരം ഒരേവേഷമണിഞ്ഞ ഡി.എച്ച്.ആര്‍.എമ്മുകാരെ ഭീകരരും ലൈംഗിക അരാജകവാദികളായി ചിത്രീകരിച്ചു.
സ്ത്രീകളുടെ അന്തസ്സിനെ ചാനലുകള്‍ എങ്ങനെ സമീപിക്കുന്നുവെന്നും വിഷയമാക്കേണ്ടതുണ്ട്. സ്ത്രീശരീരത്തിലേക്ക് ഉത്തേജിതമായ വൈകാരികഭാവത്തോടെ നീങ്ങുന്ന കാമറകള്‍ നമ്മള്‍ പലവട്ടം കണ്ടുകഴിഞ്ഞു. ആത്മഹത്യ ചെയ്ത സ്‌കൂള്‍വിദ്യാര്‍ത്ഥികളുടെയും ശോഭാജോണ്‍ ഉള്‍പ്പടെ അറസ്റ്റിലായ സ്ത്രീകളുടെയും നേരെ കാമറ ചലിക്കുമ്പോള്‍ തികഞ്ഞ പുരുഷാധിപത്യമൂല്യങ്ങളെ ചാനലുകള്‍ പിന്‍പറ്റുന്നുവെന്ന് വ്യക്തം.
ചെങ്ങറ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു നടന്ന രാത്രിസമരത്തില്‍ ചാനലിന്റെ ഒളിക്യാമറ സ്ത്രീ ശരീരത്തിലേക്ക് നീങ്ങിയത് വിവാദമായതാണ്്. പന്തലില്‍ പുരുഷനോട് ചേര്‍ന്നിരിക്കുന്ന പെണ്ണിലേക്ക് ചുംബനങ്ങളിലേക്കും കാമറ സൂം ചെയ്ത് നീങ്ങുന്നു. എന്നിട്ട് അഴിഞ്ഞാട്ടക്കാരുടെ വേദിയായി ചെങ്ങറ സമരത്തെ (യഥാര്‍ത്ഥത്തില്‍ അവിടെ ചെങ്ങറ സമരത്തോട് അുനഭാവം പ്രകടിപ്പിച്ചാണ് രാത്രിസമരം ആസൂത്രണം ചെയ്തത്)യും ചിത്രീകരിക്കുന്നു.
മുമ്പ്, തിരുവനന്തപുരത്ത് സമരത്തിനിടയില്‍ സി.പി.ഐ. അനുകൂല സംഘടനയിലെ ഒരു സ്ത്രീ തനിക്കുനേരെയുള്ള പോലീസ് സമീപനത്തെ തട്ടിയകറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ക്ലോസ്അപ്പില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു കാണിച്ചത് നമ്മള്‍ കണ്ടു. ഒരു സ്ത്രീ പോലീസിനെ ഇടിക്കുന്നതു ശരിയോ എന്ന മട്ടില്‍ ചര്‍ച്ചകള്‍ നീങ്ങി. അതേ സമയം സമരങ്ങള്‍ക്കിടയില്‍ പോലീസും ജനങ്ങളും പരസ്പരം ആക്രമിക്കാത്ത നാടൊന്നുമല്ല കേരളം. പക്ഷേ, സ്ത്രീയെന്തിന് അത് ചെയ്തു? അന്നു രാത്രി ന്യൂസ് അവറുകള്‍ സ്ത്രീകള്‍ എങ്ങനെ സമരം ചെയ്യണമെന്ന് മലയാളിയെ ഉദ്ബുധരാക്കി.

മുസ്ലീം വിരുദ്ധത

മലയാളത്തിലെ എല്ലാ ചാനലുകളും പ്രകടമായി തന്നെ മുസ്ലീം വിരുദ്ധ സമീപനം സ്വീകരിക്കുന്നതു കാണാം. ന്യുസ് റൂമുകള്‍ ഹിന്ദു മതമൗലികവാദ കാഴ്ചപ്പാടുള്ളവര്‍ കടന്നുകയറി കാവിവല്‍ക്കരിച്ചതിന്റെ ദുരന്തം കൂടിയാണ് ഇത്.
ഭീകരര്‍/കൊടുംഭീകരന്‍/തീവ്രവാദികള്‍/ലഷ്‌കറി തോയിബ/പാകിസ്താന്‍ ഈ വാക്കുകള്‍ മുസ്ലീം വിരുദ്ധ വാര്‍ത്തകളില്‍ ആവര്‍ത്തിച്ചു കാണാം. ഈ വാര്‍ത്തകളിലൂടെ സൃഷ്ടിക്കപ്പടുന്നത് മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണ് എന്ന തികഞ്ഞ ഹിന്ദുമൗലിക വാദ കാഴ്ചപ്പാട്. ലഷ്്കര്‍ ഭീകരന്‍ എന്ന് മാത്രമാണ് തടിയന്റവിട നസീര്‍ ചാനല്‍ വാര്‍ത്തയില്‍ വിശേഷിപ്പിക്കപ്പെടുന്നത്. നസീര്‍ ലക്ഷ്‌കര്‍ ഭീകരനാവാം അല്ലാതിരിക്കാം. പക്ഷേ, മാധ്യമങ്ങള്‍ക്കെങ്ങനെയാണ് അങ്ങനെ സംശയത്തിന്റെ ഒരണുപോലുമില്ലാതെ പറയാന്‍ കഴിയുക? സംശയത്തിന്റെ ചെറിയ ആനുകൂല്യം നസീര്‍ അര്‍ഹിക്കുന്നില്ലേ?. കുറഞ്ഞ പക്ഷം കോടതി അയാളെ കുറ്റവാളിയെന്ന് വിധിക്കുന്നതുവെരെയെങ്കിലും? ഒരു രാജ്യത്ത് ആധിപത്യമുള്ള മതത്തിന്റെ സ്വാധീനം ഭരണകൂടത്തിനുമുണട്ടാവും എന്നത് ലോകത്തെവിടെയുമുള്ള നിയമമാണ്. ഹിന്ദു ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് മാത്രം കാര്യങ്ങള്‍ വ്യത്യസ്തമാവാന്‍ വഴിയില്ല. ഇന്ത്യന്‍ ഭരണകൂടമെന്നത് സവര്‍ണ്ണാധിഷ്ഠിതവും ബ്രാഹ്മണ്യവുമായ ഒന്നാണ്. അത്തരം ഒരു ഭരണകൂടം നല്‍കുന്ന വാര്‍ത്തകളെ എങ്ങനെയാണ് ചാനലുകള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്നത്. ദിവസവും തടിയന്റവിട നസീര്‍ തന്റെ വിദേശ തീവ്രവാദ ബന്ധങ്ങള്‍ വെളിപ്പെടുത്തിയതായി വാര്‍ത്ത ഹൈ പിച്ചില്‍, മ്യൂസിക്കല്‍ വൈബ്രേഷനോടെ അവതരിപ്പിക്കപ്പെടുന്നു. നസീര്‍ ആരോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്? കോടതിയിലോ? അതോ മാധ്യമങ്ങളോടോ? അയാള്‍ ഒരു വെളിപ്പെടുത്തലും ഇന്നുവരെ ജനങ്ങള്‍ക്കു മുന്നില്‍ നടത്തിട്ടില്ല, അതിന് ഒരു അവസരവും ഭരണകൂടം നല്‍കിയിട്ടുമില്ല. കറുത്ത തുണികൊണ്ട് മൂടി പോലീസ് വലയത്തില്‍ നസീര്‍ നടക്കുന്നതുമാത്രമാണ് നമ്മള്‍ ചാനലുകളില്‍ കണ്ടത്. നസീര്‍ വെളിപ്പെടുത്തിയെന്ന് പറഞ്ഞുനമ്മള്‍ കേള്‍ക്കുന്നതെല്ലാം പോലീസ് നല്‍കുന്ന വിവരങ്ങളാണ്. അപ്പോള്‍ ചാനലുകള്‍ പോലീസിന്റെയൂം ഭരണകൂടത്തിന്റെയും മൗത്ത്പീസാകുന്നു.
കാശ്മീരില്‍ വെടിയേറ്റ് നാല് ചെറുപ്പക്കാര്‍ മരിച്ചപ്പോഴും നമ്മളുടെ ചാനലുകള്‍ ഭരണകൂടം പറയുന്നതില്‍ എന്തെങ്കിലും അവിശ്വസിക്കേണ്ടതുണ്ടോ എന്ന് അന്വേഷിച്ചതേയില്ല.
മുസ്ലിം തീവ്രാദത്തെപ്പറ്റി പറയുമ്പോഴെല്ലാം മഅ്ദനി-സൂഫി മഅ്ദനി എന്ന പരാമര്‍ശവും കാണാം. മുഴുവന്‍ മുസ്ലിം തീവ്രവാദ കേസുകളിലും മഅ്ദനിയുമായി ബന്ധിപ്പിക്കുന്നതു കാണാം. മഅ്ദനിയുടെ സഹായിയായ മണിതുടെ വിശേഷങ്ങള്‍ മുതല്‍ നസീര്‍-മഅ്ദനി സംഭാഷണം,ബസ് കത്തിക്കല്‍ ഇതിലെല്ലാം ഒരുതരം ക്രിമിനല്‍ വാസനയോടെയാണ് മുസ്ലീംവിരുദ്ധത പടര്‍ത്തുന്നത്.
ഇടയ്ക്ക് വന്ന ലൗജിഹാദ് വാര്‍ത്തകള്‍ക്കുമുണ്ടായിരുന്നു ഇത്തരം മുസ്ലീംവിരുദ്ധത. വ്യക്തമായ ഒരു തെളിവുപോലും ചൂണ്ടിക്കാട്ടാതെ പ്രണയങ്ങളെ ലൗജിഹാദ് എന്ന് ചാനലുകള്‍/മാധ്യമങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നു. ഫലത്തില്‍ മിശ്രവിവാഹങ്ങളും പ്രണയവിവാഹങ്ങളും സാധ്യമല്ലാത്ത വിധത്തില്‍ സമൂഹം മാറിത്തീരുന്നു.
ലൗജിഹാദിനെപ്പറ്റിയും മുസ്ലീം ഭീകരതയെപ്പറ്റിയും ആവേശത്തോടെ വാര്‍ത്തകള്‍ വരുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്ന ചാനല്‍ലേഖകന്റെ രാഷ്ട്രീയവും പരിശോധിക്കുന്നത് നല്ലതാവും. ലൗജിഹാദിനെപ്പറ്റി വാര്‍ത്തകള്‍ കൂടുതല്‍ ആവേശത്തോടെ ആഘോഷിച്ചത് കോട്ടയത്തെ മുന്‍ എ.ബി.വി.പി. പ്രവര്‍ത്തകന്‍ കൂടിയായ റിപ്പോര്‍ട്ടറുടെ ഭാവനാ വിലാസങ്ങളാണ് എന്ന സത്യം അധികം ആരുമറിയാതെ പോയി.


മനുഷ്യാവകാശ വിരുദ്ധത

മലയാള ചാനലുകള്‍ എത്രമാത്രം മനുഷ്യാവകാശ മൂല്യം പുലര്‍ത്തുന്നുണ്ട്?
കാട്ടാക്കടയില്‍ അടുത്തിടെ ബാബു എന്ന ദളിത് യുവാവിനെ പോലീസ് മര്‍ദിച്ചുകൊലപ്പെടുത്തി. മണല്‍/ഭൂമാഫിയയുടെ താല്‍പര്യാര്‍ത്ഥമാണ് മര്‍ദിക്കപ്പെടുന്നത്. വീട്ടില്‍, ഭാര്യ ചെല്ലമ്മയുടെ മുന്നില്‍ വച്ച് ഉടുമുണ്ട് ഊരി കൈകാലുകള്‍ നഗ്നനാക്കിയാണ് ബാബുവിനെ മര്‍ദിച്ചത്. പിന്നീട് സ്‌റ്റേഷനില്‍ എത്തിച്ചുവെങ്കിലും മരിച്ചു. ഭര്‍ത്താവിനെ അന്വേഷിച്ച് സ്‌റ്റേഷനില്‍ എത്തിയ ചെല്ലമ്മ കരഞ്ഞുവിളിച്ചപ്പോണ് സംഭവം പുറത്തറിഞ്ഞത്. ചാനലുകളില്‍ കസ്റ്റഡിമരത്തെപ്പറ്റിയും പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതും വാര്‍ത്തയാക്കി. എന്നാല്‍ വാര്‍ത്ത ഉപരിവിപ്ലവമായിരുന്നു. ബാബുവെന്തുകൊണ്ട് മര്‍ദിക്കപ്പെട്ടു, എത്തരത്തില്‍?, പിന്നീട് ഭാര്യ ചെല്ലമ്മയ്ക്ക് എന്തുസംഭവിച്ചു, നഷ്ടപരിഹരത്തുക ലഭിച്ചോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്് ഉത്തരം ചാനലുകളില്‍ നമ്മള്‍ കണ്ടില്ല. അല്‍പമെങ്കിലും ഭേദമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ജീവന്‍ ടിവിയാണ്. മനുഷ്യവകാശത്തോട് ഐക്യപ്പെടുത്തുന്ന ചാനലിലെ ജീവനക്കാരന്‍, മനുഷ്യാവാകാശ പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇടപെട്ടതുകൊണ്ടാണ് ഭേദപ്പെട്ട നിലയില്‍ വാര്‍ത്ത വന്നത്.
മനോരമ ചാനല്‍ തിരുവനന്തപുരത്തെ അനധികൃത പോലീസ് ടോര്‍ച്ചര്‍ കേന്ദ്രങ്ങള്‍ (തേഡ് ഡിഗ്രി) കാണിച്ചു. എക്സ്ലൂസീവ് എന്ന നിലയില്‍ നല്ല സംരംഭം. പക്ഷേ, ഇതേ തേഡ് ഡിഗ്രിയില്‍ പീഡിപ്പിക്കപ്പെട്ടവര്‍ ചാനല്‍ മൈക്കെത്തും ദൂരത്തുണ്ടായിരുന്നു. അവരില്‍ ഒരാളെപ്പോലും ചാനലില്‍ കാണിച്ചില്ല. വര്‍ക്കല സംഭവുമായി ബന്ധപ്പെട്ട ദാസ് ഉള്‍പ്പടെ പലരും ക്രൂരമായ പീഡനത്തിനിരയായിരുന്നു. ജയില്‍ മോചിതരായ അവര്‍ നാട്ടിലുണ്ട്. എന്തുകൊണ്ടാണ് അവര്‍ നേരിട്ട മനുഷ്യാവകാശ ലംഘങ്ങനങ്ങള്‍ എന്തൊക്കെയാണെന്ന് നമ്മളുടെ ചാനലുകള്‍ ചോദിച്ചില്ല.
ഇന്ത്യയുടെ ഇന്നുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും വലിയ മനുഷ്യാവകശ ധ്വംസനം ഗ്രീന്‍ ഹണ്ട് എന്ന പേരില്‍ ആദിവാസികള്‍ക്കുനേരെ നടന്നതിനെ ഒരൊറ്റ ചാനലും ഗൗരമവമായി കണ്ടില്ല. പകരം മാവോയിസ്റ്റ് തീവ്രാദികള്‍ എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കപ്പെട്ടു. സ്വന്തം ജനങ്ങള്‍ക്കു നേരെ ഒരു ഭരണകൂടം പ്രഖ്യാപിക്കുന്നത് ചാനലുകളും അംഗീകരിച്ചുകൊടുക്കുന്നു.
വര്‍ഗീയ ലഹള നടക്കുമ്പോള്‍ അതു പടരാതെ സമീപനമെടുക്കുന്നതില്‍ മലയാള ചാനലുകളുടെ പങ്ക് വലുതും പ്രശംസനീയവുാണ്. വര്‍ഗീയലഹളകള്‍ പടരാന്‍ ഇടയുള്ള സംഭവങ്ങളില്‍ ചാനലുകള്‍/മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രതയും അച്ചടക്കവും മറ്റ് ദേശങ്ങളിലെ ചാനലുകള്‍ക്കും മാതൃകയാണ്. പക്ഷേ, ചാനലുകള്‍ വര്‍ഗീയ ലഹള എന്ന ടൈറ്റിലില്‍ വിട്ടുകളയുന്ന മനുഷ്യാവകാശ ലംഘനങ്ങളുണ്ട്. 2009 മെയില്‍ ബീമാപള്ളി കടപ്പുറത്ത് നടന്ന പോലീസ് അതിക്രമം ഒരു ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ പോലീസ് ഒരാളെ വലിച്ചിഴച്ചുകൊണ്ടുപോകുന്ന ദൃശ്യം ആരോ മെബൈല്‍ കാമറയില്‍ ഒളിച്ചിരുന്നു പകര്‍ത്തിയത് യൂടുബ് വഴി പ്രചരിപ്പിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ബീമാപള്ളയില്‍ നടന്നത് ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ്. കൊമ്പന്‍ ഷാജി എന്ന ഗുണ്ടയുടെ അതിക്രമത്തെപ്പറ്റി നാട്ടുകാര്‍ പോലീസിനോട് പലവട്ടം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ വൈകിച്ച പോലീസ് സമീപനമാണ് വലിയ ദുരന്തം അവിടെ സൃഷ്ടിച്ചത്. മേലുദ്യോഗസ്ഥരുടെയോ ജില്ലാ കളക്ടറുടെയോ ഉത്തരവില്ലാതെ, ഒരു മുന്നറിയിപ്പൂം നല്‍കാതെ പോലീസ് ജനക്കൂട്ടത്തിലേക്ക് വെടിവയ്ക്കുകയായിരുന്നുവെന്ന് പിന്ന്ീട് മനുഷ്യാവകാശ പ്രവര്‍ത്തകള്‍ ആരോപിച്ചു.


ഭരണകൂട ദാസ്യത


ക്രൈമുമായി ബന്ധപ്പെട്ട് ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ മിക്കതും പോലീസ് നല്‍കുന്ന വാര്‍ത്തകളാണ്. എക്‌സ്‌ക്ലൂസീവ് എന്ന് ചാനല്‍ അവകാശപ്പെടുമെങ്കിലും.
പോള്‍ എം. വധക്കേസില്‍ 'എസ്്' ആകൃതിയിലുള്ള കത്തിയെപ്പറ്റി ഏഷ്യാനെറ്റ് നടത്തിയ ചില അന്വേഷണങ്ങളല്ലാതെ ചാനലുകള്‍ പോലീസ് ഭാഷ്യങ്ങള്‍ അതുപോലെ ലേഖകന്റെ കണ്ടെത്തലായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
ഭീകരര്‍, കൊടുംഭീകരര്‍, തീവ്രവാദികള്‍ എന്നിങ്ങനെയുളള സംജ്ഞകള്‍ ചാനലുകള്‍ ഉപയോഗിക്കുന്നതും ഭരണകൂടം നല്‍കുന്ന വിശേഷങ്ങളെ അടിസ്ഥാനമാക്കിയാണ്.
കേരളത്തില്‍ ഭരണകൂടം നടത്തിയ ഒരു കുടിയൊഴിപ്പിക്കലും ചാനലുകള്‍ അര്‍ഹമായ പ്രാധാന്യത്തോടെ വാര്‍ത്തയാക്കിയിട്ടേയില്ല. മൂലമ്പിള്ളി, പേരണ്ടൂര്‍ കനാല്‍, സ്മാര്‍ട്ട് സിറ്റി, ബ്രഹ്മപുരം, നൈനാം കോണം എന്നിവിടങ്ങളിലെ ജനങ്ങള്‍ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ടപ്പോള്‍ ചാനലുകള്‍ കാര്യമായി തിരിഞ്ഞുനോക്കിയില്ല. ഏഷ്യാനെറ്റ് മാത്രമാണ് അല്‍പം ഭേദപ്പെട്ട വാര്‍ത്ത കൊടുത്തത്.
മൂലമ്പിള്ളി കുടിയൊഴിപ്പിക്കല്‍ തന്നെ ചെറുകിട പത്രങ്ങള്‍ (മംഗളം, മാധ്യമം) വലിയ പ്രാധാന്യത്തോടെ കൊടുത്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ചാനലുകല്‍ അവിടേക്ക് യാഥാര്‍ത്ഥ്യബോധത്തോടെ എത്തിയത്. ഒരു റിപ്പോര്‍ട്ടിനപ്പറും മൂലമ്പിള്ളിയില്‍ നഷ്ടപരിഹാരത്തിനായി പോരാടുന്നവരുടെ സമരങ്ങളിലേക്കും അവസ്ഥകളിലേക്കും പിന്നീട് ചാനല്‍ അന്വേഷണങ്ങള്‍ ചെന്ന്ില്ല.
ഇപ്പോള്‍ മുളവുകാട് ജനങ്ങള്‍ അനുഭവിക്കുന്ന കുടിയൊഴിപ്പിക്കല്‍/ജീവിത ദുരിതങ്ങളിലേക്ക് ഏത് ചാനലാണ് കടന്നുചെന്നത് എന്ന് അന്വേഷിക്കാവുന്നതാണ്. വല്ലാര്‍പാടം പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തതിലൂടെയും കായല്‍ നികത്തിയതുമൂലവും ജീവിത വരുമാനവും കൃഷിയും നഷ്ടപ്പെട്ട നിരവധി മുളവുകാട്ടുകാര്‍ സമരരംഗത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ ദുരിതം ജനങ്ങള്‍ ചാനലുകളെ പലവട്ടം അറിയിച്ചിട്ടും മുളവുകാട്ടേക്ക് ചാനല്‍ കാമറ ചെന്നെത്തിയിട്ടില്ല്.
വളന്തക്കാട് ദ്വീപില്‍ ഭൂമാഫിയയുടെ നീക്കം ചാനലുകള്‍ക്ക് വാര്‍ത്തയായതിനു കാരണം വി.എസ്-പിണറായി ഗ്രൂപ്പ് മത്സരങ്ങള്‍ക്കിടയിലെ വില്ലന്‍ കഥാപത്രാമയി അവതരിച്ച ഫാരീസ് അബൂബക്കറിന്റെ സാന്നിദ്ധ്യമാണ്. അല്ലെങ്കില്‍ വളന്തക്കാട് നമുക്കൊരു വാര്‍ത്തയേ ആകുമായിരുന്നില്ല.


പ്രാദേശികവല്‍ക്കരിക്കപ്പെടുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍

മലയാളത്തിലെ ചാനല്‍ സംസ്‌കാരം, വിദേശരാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി നാലുതട്ടിലാണ് കാഴ്ചയെ വിഭജിക്കുന്നത്. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ദേശീയവും രാജ്യാന്തരവുമായ രണ്ട് ചാനല്‍ കാഴ്ചകള്‍ കാണിക്കുന്നത്. ഇവിടെ അത് നാലു തട്ടിലാണ് കാര്യങ്ങള്‍ നീക്കുന്നത്. ഒന്ന് തീര്‍ത്തും പ്രാദേശികമാകുന്ന നാട്ടുവാര്‍ത്തകള്‍/ചാനലുകള്‍ (സിറ്റി, എ.സി.വി ചാനലുകള്‍). രണ്ടാമതായി കേരളത്തിനെ മൊത്തമായി എടുക്കുന്ന കാഴ്ചകള്‍ (ഏഷ്യാനെറ്റ്, കൈരളി). ദേശീയ കാഴ്ചകയെ സാധ്യമാക്കുന്നതാണ് മൂന്നാമത്തെ ചാനലുകള്‍ (ആജ്തക്, ദൂരദര്‍ശന്‍), നാലാമത് രാജ്യാന്തരതലത്തിലെ കാഴ്ചകള്‍ (ബി.ബി.സി, സി.എന്‍.എന്‍). വാര്‍ത്ത 'കാണാന്‍' പോകുന്നയാള്‍ ആദ്യമേ തീരുമാനിക്കേണ്ടിയിരിക്കുന്നു തന്റെ വാര്‍ത്തയുടെ പരിധി.
ഈ വാര്‍ത്തകളുടെ തരം തിരിക്കലില്‍ നമ്മള്‍ എത്തിച്ചേരുന്നത് ഗുരുതരമായ പ്രാദേശിക വല്‍ക്കരണത്തിനാണ്.ചാനലിലെ ന്യൂസ് റൂമുകളില്‍ നിന്ന് തീരുമാനിക്കപ്പെടുന്നു ഏത് വാര്‍ത്ത മലയാളി മൊത്തം കാണണം അല്ലെങ്കില്‍ കാണണ്ടയെന്ന്. മൂലമ്പിള്ളിയിലെ കുടിയൊഴിപ്പിക്കല്‍ എറണാകുളത്തുമാത്രമുള്ളവര്‍ കാണുന്ന നാട്ടുവര്‍ത്തമാനമാകുന്നു. കാട്ടക്കടയിലെ കസ്റ്റഡിമരണം തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ കാണണമെന്ന് തീരുമാനിക്കപ്പെടുന്നു. കുടിയൊഴിപ്പിക്കല്‍ പോലെ മലയാളി മൊത്തം അറിയേണ്ട വാര്‍ത്തകള്‍ എല്ലാം തന്നെ ഇങ്ങനെ നാട്ടുവര്‍ത്തമാനമായി മാറുന്നതാണ് നമ്മുടെ സമകാലിക അനുഭവം. അതുവഴി മറ്റൊരു തരം ഭരണകൂട രാഷ്ട്രീയം ചാനലുകളും കൈകാര്യം ചെയ്യുന്നു.


ഭക്തിയുടെ ആഘോഷം

നവോത്ഥാനത്തിന്റെ നടന്നു തീര്‍ത്ത വഴികളെ റദ്ദുചെയ്യുന്നുണ്ട് നമ്മളുടെ ഭക്തിക്കാഴ്ചകള്‍. മത്സരാധിഷ്ഠതമായി ഭക്തി ആഘോഷിച്ചുകൊണ്ടാണ് ഓരോ വാര്‍ത്താബൂളളറ്റിനും കണ്‍മുന്നില്‍ നിന്ന് മറയുന്നത്. ആള്‍ക്കൂട്ടത്തെ ഭക്തിക്ക് കൂട്ടികൊടുക്കുന്ന വിധത്തില്‍ ലൈവ് ടെലിക്കാസ്റ്റുകള്‍ മണിക്കൂറുകള്‍ ദിവസവും ചാനല്‍ സമയം കൈയടക്കുന്നുണ്ട്്. ആദ്യഘട്ടത്തില്‍ ശബരിമലയിലെ മകരജ്യോതി ദര്‍ശനം മാത്രമായിരുന്നു കാണിച്ചിരുന്നതെങ്കില്‍ ഇന്ന് അവിടുത്തെ പല ചടങ്ങും ലൈവാണ്്. ആറ്റുകാല്‍ പൊങ്കാല, ചോറ്റാനിക്കര മകം തൊഴല്‍ എന്നിവയും നമ്മുടെ ലൈവ് കാഴ്ചയാകുന്നു.. കൊടുക്കുന്നു. ബൈബിള്‍ കണ്‍വന്‍ഷനുകള്‍, വചനപ്രഘോഷണങ്ങള്‍, മതനിസ്‌കാരങ്ങള്‍ എന്നിങ്ങനെ ദിവസത്തിന്റെ നല്ല പങ്കും ഭക്തിക്കായി നീക്കി വച്ചിരിക്കുകയാണ്്. അമൃതാ ചാനലിന്റെ സാന്നിദ്ധ്യം കൈരളിയുള്‍പ്പടെയുള്ള മറ്റ് ചാനലുകളെ ഭയപ്പെടുത്തുന്നതായിട്ടാണ് അനുഭവപ്പെടുക.
ഭക്തിയുടെ കാഴ്ചകള്‍ യഥാര്‍ത്ഥത്തില്‍ സേവിക്കുന്നത് മതപുനര്‍ജീവന വാദത്തെയാണ്. സമൂഹത്തെ മതത്തിനീതതമായി ഒന്നിപ്പിക്കുന്നതിനുപകരം കൂടുതല്‍ കൂടുതല്‍ വിഭജിക്കുകയാണ് ചെയ്യുക. മതത്തോടും ആചാരാനുഷ്്ഠാനങ്ങളോടും പൂരോഗമന സാമൂഹ്യ പ്രസ്ഥാനങ്ങളിലൂടെ മലയാളി തീര്‍ത്ത കണക്കുകള്‍ വീണ്ടും പിന്നില്‍ നിന്ന് ആവര്‍ത്തിക്കേണ്ട സ്ഥിതിയിലേക്ക് ചാനല്‍ ലൈവ് ഷോകള്‍ മാറ്റിതീര്‍ത്തിട്ടുണ്ട്. അതേ താല്‍പര്യം ചെങ്ങറ പോലുള്ള ദരിദ്രവിഭാഗങ്ങള്‍ നടത്തുന്ന സമരഭൂവില്‍ നിന്നും ലൈവായി കാണിക്കുകയുമില്ല.
അച്ചടി മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭക്തിയെ ആഘോഷമാക്കുന്ന ചാനലുകള്‍ ഒരിക്കലും എതിര്‍വാര്‍ത്തകളോ യുക്തി വാദ സമീപനങ്ങളോ അവതിരിപ്പിക്കില്ല.
ശാസ്ത്രവും യുക്തിബോധത്തെയും പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ നമുക്കില്ല.
അതുകൊണ്ടാവണം ബി. പ്രേംചന്ദിനെപ്പോലുള്ള യുക്തിവാദി അന്തരിച്ച വാര്‍ത്ത ചാനലുകളില്‍ ഒട്ടും പ്രധാന്യമില്ലാതെ പോയതും.


ആഘോഷിക്കപ്പെടുന്ന ദുരന്തങ്ങള്‍
---------------------------
ദുരന്തങ്ങളെ ആഘോഷമാക്കിമാറ്റുക എന്നത് സമീപകാല മാധ്യമപ്രവണതയാണ്. മലയാള ചാനലില്‍ അതിന് തുടക്കമിടുന്നത് പത്മതീര്‍ത്ഥ കുളത്തിലെ മുക്കിക്കൊല ലൈവായി നല്‍കിക്കൊണ്ട് സൂര്യ ടീവിയാണ്. അതിനുശേഷം, പ്രത്യേകിച്ച് 2005 നുശേഷമുള്ള എല്ലാ ദുരന്തവും പ്രമുഖകരുടെ മരണവും ആഘോഷമായി മാറി. ലൈവ് ദൃശ്യങ്ങളില്‍ തേക്കടി ബോട്ടപകടമോ, എം.എന്‍. വിജയന്റെ മരണമോ ഒന്നും വിട്ടുകളഞ്ഞില്ല.
അടുത്തിടെ നടന്ന ലോഹിതദാസിന്റെയും കൊച്ചിന്‍ഹനീഫയുടെ മരണവും ചാനകളുടെ 'ദൃശ്യവിരുന്നാ'യി. മരണത്തേക്കാള്‍ അവിടെ എത്തുന്ന താരങ്ങളിലേക്ക് കാമറ കൂടുതല്‍ നേരം ചലിച്ചു. എം.ജി.സോമന്റെ ദേഹം അവസാനമായി കാണാനെത്തിയ സിനിമാതാരങ്ങളെ നാട്ടുകാര്‍ ആഘോഷപൂര്‍വം സ്വീകരിച്ചത് മലയാളിയുടെ അശ്ലീലമായ കാഴ്ചയാണ്. അതിന്റെ ആവര്‍ത്തനമാണ് മിക്കപ്പോഴും ചാനലുകള്‍ കാണിക്കുന്നത്.
കോട്ടയത്ത് താഴത്തങ്ങാടിയില്‍ ബസ് മുങ്ങി പത്തുപേര്‍ മരിച്ചതും കാഴ്ചയുടെ ആഘോഷമാക്കിയത്് നമ്മള്‍ കണ്ടു. അപകടത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന്റെ 'ഹരമാണ്' താഴത്തങ്ങാടി ലൈവ് ടെലിക്കാസ്റ്റുകള്‍ നടത്തിയത്.


ഫിഫ്ത്ത് എസ്‌റ്റേറ്റിന്റെ അവശ്യകത


ഫിഫ്ത്ത് എസ്‌റ്റേറ്റ് എന്നത് ഇപ്പോഴും രാജ്യാന്തരതലത്തില്‍ അമൂര്‍ത്തമായ ഒരു സങ്കല്‍പ്പമാണ്. പക്ഷേ, അതൊരു അനിവാര്യതയായി മാറുന്നുണ്ട്. പ്രത്യേകിച്ച് ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളില്‍ മാധ്യമങ്ങള്‍ അമേരിക്കന്‍ താല്‍പര്യത്തിന് കുഴലൂത്തായി അധ:പതിച്ച സാഹചര്യത്തില്‍. മലയാളത്തില്‍ ഒരു ഫിഫ്ത്ത് എസ്‌റ്റേറ്റ് അനിവാര്യമാക്കുന്നുണ്ട. മുഖ്യധാരാ മാധ്യമങ്ങള്‍, തങ്ങളുടെ ധര്‍മം നിറവേറ്റാതെ മറുപക്ഷത്ത് നില്‍ക്കുന്നതുകൊണ്ടാണിത്.
1792-ല്‍ ഇംഗ്ലണ്ടിലെ പാര്‍ലമെന്റ സംവാദങ്ങളില്‍ എഡ്മണ്ട് ബര്‍ക്കാണ് ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന വാക്ക് ആദ്യം ഉപയോഗിക്കുന്നത്. രാജാവ്, പൗരോഹിത്യം, നിയമം എന്നിവയുടെ പുറത്ത് തിരുത്തല്‍ ശക്തിയായി നിലനില്‍ക്കുന്ന ഒന്നായാണ് ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന രീതിയില്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടത്. മറ്റ് മൂന്ന് സംവിധാനങ്ങളും അഴിമതി നിറയുകയും പുഴുക്കുത്തുകള്‍ വീഴുകയും ചെയ്യുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് വിശ്വസിക്കാവുന്നതയും ആശ്രയിക്കാവുന്നതും ഫോര്‍ത്ത് എസ്‌റ്റേറ്റിനെയാണ്. ഇന്ത്യയിലും ഭരണകൂടം, പാര്‍ലമെന്റ, ജുഡീഷ്യറി എന്നിവയ്ക്ക് പുറത്ത് ജനകീയമായ പ്രതിരോധമാണ് മാധ്യമങ്ങള്‍ തീര്‍ത്തത്. ഫോര്‍ത്ത് എസ്‌റ്റേ്‌റുംഅധികാരത്തിന്റെയും അഴിമതിയുടെയും പക്ഷത്താകുമ്പോള്‍
പകരം എന്താണ് സാധ്യത?
ഫിഫ്ത്ത് എസ്‌റ്റേറ്റ് എന്ന പുതിയ സങ്കല്‍പത്തിന്റെ സാധ്യത ഈ ഘട്ടത്തിലാണ് ഉദയം ചെയ്യുന്നത്. സിഡ്‌നി സമാധാന പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അന്താരാഷ്ട്ര പ്രശസ്തനായ, ഓസ്‌ട്രേിലയന്‍ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ പില്‍ജര്‍, കഴിഞ്ഞ വര്‍ഷം അവസാനം പറഞ്ഞതിങ്ങനെയാണ്: '' ഔദ്യോഗിക വാര്‍ത്ത നിരീക്ഷിക്കുകയും അപനിര്‍മിക്കയും മറികടക്കുകയും ചെയ്യുന്ന ഒരു ജനകീയമായ ഫിഫ്ത്ത് എസ്‌റ്റേറ്റിനെ ഞാന്‍ മുന്നോട്ട് വയ്ക്കുന്നു. ഓരോ ന്യൂസ് റൂമിലും ഒരോ മാധ്യമകോളജിലും, ജേര്‍ണലിസം അധ്യാപകാരും, ജേര്‍ണലിസ്റ്റുകളുമെല്ലാം രക്തച്ചൊരിച്ചില്‍, അസമത്വം, നിശബ്ദത എന്നിവയില്‍ തങ്ങള്‍ വഹിക്കുന്ന പങ്കിനാല്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്''
അമേരിക്കന്‍ മാധ്യമ വിമര്‍ശകനും നിയമജ്ഞനുമായ ആര്‍തര്‍ എസ്. ഹെയിസ് നേരെത്തെ താന്‍ രചിച്ച 'പ്രസ് ക്രിട്ടിക്‌സ് ആര്‍ ദ ഫിഫ്ത്ത് എസ്‌റ്റേറ്റ്: മീഡിയ വാച്ച് ഡോഗ്‌സ് ഇന്‍ അമേരിക്ക (ഡെമോക്രമസി ആന്‍ഡ് ദ ന്യൂസ്)' എന്ന പുസ്‌കത്തില്‍ ഫിഫ്ത്ത് എസ്‌റ്റേറ്റിനെപ്പറ്റി പറഞ്ഞുവയ്ക്കുന്നുണ്ട്.
ഫിഫ്ത്ത് എസ്‌റ്റേറ്റിന്റെ സ്വഭാവമെന്താണ്, അതിന്റെ രൂപം എന്തായിരിക്കണം എന്തായിരിക്കണം എന്നതിനെപ്പറ്റി ഗൗരവമായ ചര്‍ച്ച ഇനിയും നടക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് ബ്ലോഗുകള്‍, കമ്യൂണിറ്റി സൈറ്റുകള്‍, ഇ-മെയിലുകള്‍, ഗ്രൂപ്പ് മെയില്‍ ചര്‍ച്ചാവേദികള്‍ എന്നിവയിലൂടെ ഫിഫ്ത്ത് എസ്‌റ്റേറ്റിന് പ്രവര്‍ത്തിക്കാനാവും.
കേരളത്തില്‍ ഫിഫ്ത്ത് എസ്‌റ്റേറ്റ് സജീവമാകുന്നതിന്റെ ചില സൂചനകള്‍ ഉണ്ട്. പ്രത്യേകിച്ചും വര്‍ക്കല/ചെങ്ങറ സംഭവങ്ങള്‍ക്കുശേഷം. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ ബോധമുളള സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരാണ് ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. ഇവര്‍ മറ്റ് ചാനലുകള്‍ കാണിക്കാന്‍ വിസമ്മതിച്ച ബദല്‍ ദൃശ്യങ്ങള്‍ ചിത്രകരിച്ച് യുടൂബിലൂടെ വ്യാപകമായി കാണിച്ചിരുന്നു. ഫേസ്ബുക്ക്/ഓര്‍ക്കുട്ട്/ ഇമെയില്‍ ശൃംഖലയാണ് അവര്‍ അതിന് സാധ്യമാക്കിയത്. ചിത്രലേഖ സംഭവം നടന്നശേഷം ഇന്ത്യാവിഷനില്‍ വന്ന ചെറിയ വാര്‍ത്തശകലം ഇവര്‍ യൂടൂബിലൂടെ കൂടുതല്‍ ചര്‍ച്ചയ്ക്കായി വിട്ടു നല്‍കി. വര്‍ക്കലയിലെ സ്ത്രീകള്‍ക്കും ദളിതര്‍ക്കും പറയാനുളള കാര്യങ്ങള്‍ ആദ്യമായി മലയാളം അറിഞ്ഞത് ഈ ബദല്‍ വാര്‍ത്ത ശൃംഖലയിലൂടെയാണ്. സായിബാബയുടെ തട്ടിപ്പുകളും ബീമാപള്ളയിലെ പോലീസ് അതിക്രമവുമെല്ലാം ഫിഫ്ത്ത് എസ്‌റ്റേ്റ്റിന്റെ സംഭാവനയായി ഇന്റര്‍നെറ്റ് ലോകത്തുണ്ട്.
അതേ ഫിഫ്ത്ത് എസ്‌റ്റേ്റ്റാണ് ഏറ്റവും ദു:ഖകരവും രോഷമുണര്‍ത്തുന്നതുമായ കാഴ്ച കാണിച്ചത്. ഭുരിഹതനായ സി.പിഐ വാര്‍ഡ്‌മെമ്പറുടെ ശവസംസ്‌കാരം വീട്ടിലെ അടുക്കളമുറിയില്‍ കുഴിവെട്ടി ചെങ്കൊടിയില്‍ പുതച്ചു നടത്തുന്നു. ആ കാഴച നമ്മളെ ചുട്ടുപൊള്ളിക്കും.
ഈ ഫിഫ്ത്ത് എസ്‌റ്റേറ്റ് കൂടുതല്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഫോര്‍ത്ത് എസ്‌റ്റേറ്റിലെ ചാനലുകളും ചുട്ടുപൊള്ളിയമരും. അപ്പോഴെങ്കിലും യാഥാര്‍ത്ഥ്യങ്ങളെ കാണാന്‍ അവരും തയ്യാറായേക്കും.


പച്ചക്കുതിര
2010 April

No comments:

Post a Comment