സംഭാഷണം
ഗീതാ കൃഷ്ണന്‍കുട്ടി/ബിജുരാജ്
എം.ടി.യുടേതുള്‍പ്പടെ നിരവധി മലയാള സാഹിത്യകൃതികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ ഗീതാ കൃഷ്ണന്‍ കുട്ടി വിവര്‍ത്തനം ഒരു ഉത്തരാവാദിത്വപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തനമാണെന്ന ഉറച്ച പക്ഷക്കാരിയാണ്
മലയാളി പലതും ഓര്‍ക്കാറില്ല. പ്രത്യേകിച്ച്, തങ്ങള്‍ക്ക് നിസ്വമായി ചിലതു നല്‍കുന്നവരെ. അതിനപ്പുറം, മലയാളത്തിന് വലിയ സേവനങ്ങള്‍ നല്‍കുന്ന ചിലരെ അറിയുന്നുപോലുമുണ്ടാവില്ല നമ്മള്‍. അത്തരത്തില്‍, മലയാളിയുടെ ബോധപൂര്‍വായ 'വിട്ടുകളയലുകളില്‍' പെടുന്ന ഒരു പേരാവും ഗീതാകൃഷ്ണന്‍കുട്ടിയുടേത്.
എന്നാല്‍, മൂന്നു പതിറ്റാണ്ടുകളായി നമ്മുടെ സാഹിത്യവും സിനിമയും അന്യഭാഷക്കാര്‍ അറിയുന്നതും കാണുന്നതും ഗീതാകൃഷ്ണന്‍കുട്ടിയിലൂടെയാണ്.അവര്‍ നടത്തിയ ഇംഗ്ലീഷ് മൊഴിമാറ്റത്തിലൂടെയാണ് നമ്മുടെ 'കാല'വും 'മയ്യഴിപ്പുഴയുടെ തീരങ്ങളും', 'നാലുകെട്ടും', 'ഗോവര്‍ധന്റെ യാത്രകളും' മറുനാട്ടുകാര്‍ വായിച്ചത്. ഒരു വേള, മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുന്നവരില്‍ ഏറ്റവും മുതിര്‍ന്നയാളാവും എഴുപത്തഞ്ചുകാരിയായ ഗീതാകൃഷ്ണന്‍കുട്ടി. ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയയായ വിവര്‍ത്തകരില്‍ ഒരാളാണ് അവര്‍.
ചെന്നൈയില്‍ താമസിക്കുന്ന ഗീത കൃഷ്ണന്‍കുട്ടി ജനിച്ചതും വളര്‍ന്നതും ആലുവയ്ക്കടുത്തുള്ള ചെങ്ങമ്മനാടാണ്. വിവാഹത്തോടെയാണ് തമിഴ്‌നാട്ടിലെത്തുന്നത്. അല്‍പം വൈകി, നാല്‍പ്പത്തഞ്ച് വയസ്സ് പിന്നിട്ട ശേഷം മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും നേടി. തുടര്‍ന്ന് ഫ്രഞ്ചുഭാഷയില്‍ പ്രാവീണ്യവും. പിന്നീട് ചെന്നൈയില്‍ ഒമ്പതു വര്‍ഷം ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകള്‍ പഠിപ്പിക്കുകയും ചെയതു. മൂന്നു പതിറ്റാണ്ടായി വിവര്‍ത്തന രംഗത്ത് സജീവമാണ്. 'ബെല്‍' എന്ന ചെറുകഥയാണ് ആദ്യം പ്രസിദ്ധീകരിക്കുന്നത്; 1975 ല്‍. പിന്നീട് ല്‍ ആനന്ദിന്റെ 'മരണ സര്‍ട്ടിഫിക്കേറ്റ്' ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി (1983).
നാലുകെട്ട്, മഞ്ഞ് (മിസ്റ്റ്) , ഇരുട്ടിന്റെ ആത്മാവ് (ദ സോള്‍ ഓഫ് ഡാര്‍ക്‌നസ്), മരണസര്‍ട്ടിഫിക്കേറ്റ് (ഡെത്ത് സര്‍ട്ടിഫിക്കേറ്റ്), ആത്മഹത്യ (സൂയിസൈഡ്), ഭാസ്‌കര പട്ടേലരും മറ്റും കഥകളും, ദൈവത്തിന്റെ കണ്ണ് (ദ ഐ ഓഫ് ദ ഗോഡ്), കാലം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ (ഓണ്‍ ദ ബാങ്ക്‌സ് ഓഫ് മയ്യഴി), പെരുന്തച്ചന്‍ (ദ മാസ്റ്റര്‍ കാര്‍പ്പന്റര്‍/തിരക്കഥ) , ഗോവര്‍ധന്റെ യാത്രകള്‍ (ഗോവര്‍ധന്‍സ് ട്രാവല്‍), , തുടങ്ങിയവയാണ് മൊഴിമാറ്റിയ കൃതികളില്‍ പ്രശസ്തം. ഗോവര്‍ധന്റെ യാത്രകളുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ക്രോസ്‌വേഡ് ബുക്ക് അവര്‍ഡ് (2007) ലഭിച്ചു. ദൈവത്തിന്റെ കണ്ണിന് 1999 ലെ വിവര്‍ത്തനത്തുള്ള സാഹിത്യ അക്കാദമി പുരസ്‌കാരവും. സാഹിത്യകൃതികള്‍ക്ക് പുറത്ത്, ആയുര്‍വേദാചാര്യന്‍ പി.എസ്. വാര്യരുടെ ജീവിതകഥയായ ' എ ലൈഫ് ഓഫ് ഹീലിങ്ങും ഇംഗ്‌ളീഷിലേക്ക് മൊഴിമാറ്റി. നാഷണല്‍ ഫിലിം ആര്‍ക്കെവിസിനുവേണ്ടി 'നീലക്കുയില്‍', 'അമ്മ അറിയാന്‍', 'കുമ്മാട്ടി', 'എസ്തപ്പാന്‍ 'എന്നി സിനിമകള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റിലുകള്‍ നല്‍കി. ഇപ്പോള്‍ പുതിയ സിനിമകള്‍ക്ക് സബ് ടൈറ്റിലുകള്‍ നല്‍കുന്നു. 'അഗ്നിസാക്ഷി', കരുണം', 'തീര്‍ത്ഥാടനം', 'പഴശ്ശിരാജ', 'നീലത്താമര' തുടങ്ങി 15 ലധികം പുതിയ സിനിമകള്‍ക്ക് ഇതുവരെ സബ്‌ടൈറ്റിലുകള്‍ നല്‍കിയിട്ടുണ്ട്.
എം.ടി. വാസുദേവന്‍ നായരുടെ രചനകളുടെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനത്തിന് മെയ് അവസാനം കോഴിക്കോട് ഗീതാകൃഷ്ണന്‍കുട്ടി എത്തിയിരുന്നു. തന്റെ വിവര്‍ത്തനരീതികളെയും എഴുത്തിനെപ്പറ്റിയും പറ്റി ഗീതാകൃഷ്ണന്‍കുട്ടി സംസാരിക്കുന്നു.
എം.ടി, ആനന്ദ്, മൊഴിമാറ്റം
ഒരു പക്ഷേ, മലയാളത്തില്‍ നിന്ന് നിങ്ങള്‍ ഏറ്റവും കൂടുതല്‍ മൊഴിമാറ്റിയിരിക്കുക എം.ടി. വാസുദേവന്‍ നായരുടെ കൃതികളാവും. എന്തുകൊണ്ട് എം.ടിയുടെ രചനകള്‍?
വ്യക്തിപരമായി പറഞ്ഞാല്‍ എം.ടി.യുടെ രചനകള്‍ എനിക്ക് ഇഷ്ടമാണ്. ലളിതവും സുന്ദരവുമായി എഴുതുന്നു എന്നതാവാം അതിന് ഒരു കാരണം. എം.ടി.വളരെയേറെ എഴുതിയിട്ടുണ്ട്. എന്നാല്‍അദ്ദേഹം ഒരു വിഭാഗത്തിലും മാത്രം ഒതുങ്ങാതെ പല മേഖലയില്‍ എഴുതുന്നു. ചെറുഥകള്‍, നോവല്‍, തിരക്കഥ, ലേഖനം എന്നിങ്ങനെ. അത് നല്‍കുന്ന വായനാ സാധ്യതകള്‍ വലുതാണ്. പ്രസാധകര്‍ എം.ടി. കൃതികള്‍ മൊഴിമാറ്റാനയി എന്നോട് കൂടുതല്‍ ആവശ്യപ്പെടുന്നു എന്നതു കാരണമാണ്.
എം.ടിയുടെ കൃതികളുടെ വിവര്‍ത്താനനുഭവം എന്താണ്?
വിവര്‍ത്തനത്തിന് എളുപ്പം വഴുങ്ങുന്നതാണ് എം.ടി.യുടെ ഭാഷ എന്ന് നമുക്കു തോന്നും. പക്ഷേ രചനകളിലെ ഈ ലാളിത്യം തന്നെയാണ് വിവര്‍ത്തനത്തിന് മുന്നില്‍ വെല്ലുവിളിയാകുന്നത്. ചിലപ്പോള്‍ അര്‍ത്ഥഗര്‍ഭമായ മൗനങ്ങളുണ്ടാവും വാക്കുകള്‍ക്കിടയില്‍. അസ്വസ്ഥതയും പുശ്ചവും രോഷവും വേദനയും എല്ലാം അതിലുണ്ടാവും. നമുക്ക് നീണ്ട വാചകങ്ങളിലെഴുതിയ ഒരാളുടെ രചന പെട്ടെന്ന് ഇംഗ്‌ളീഷിലേക്ക് മൊഴിമാറ്റാനവും. എന്നാല്‍ രണ്ടോ മൂന്നോ വാക്കുകള്‍ മാത്രമുള്ള ലളിതമായ വരികളാവും വിവര്‍ത്തനം ചെയ്യാന്‍ പാട്. അതിനു നല്ല ഉദാഹരണമാണ് എം.ടിയുടെ രചനകള്‍. എം.ടിയുടെ മനോഹരവരികള്‍ അതേ കയ്യടക്കത്തോടെ മറ്റൊരു ഭാഷയിലേക്ക് പരിവര്‍ത്തനപ്പെടുത്തുക എളുപ്പമല്ല. എം.ടി.യുടെ കൃതികള്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടും കഥാകാരനുമായുമുള്ള പരിചയവുമെല്ലാം വിവര്‍ത്തനത്തിന് സഹായകരമാകുന്നു.
കഥാകാരനുമായ പരിചയം എന്നു പറഞ്ഞു. എം.ടിയുമായി എപ്പോഴാണ് പരിചയപ്പെടുന്നത്?
ഞാനാദ്യം വിവര്‍ത്തനം ചെയ്യുന്നത് 'കാല'മാണ്. അന്നെനിക്ക് എം.ടി.യെ പരിചയമില്ല. വിവര്‍ത്തനം എളുപ്പമായിരുന്നില്ല. 'കാല'ത്തില്‍ ചിലയിടത്ത് സേതുവിന്റെ ഭാഷ്യമാണെങ്കില്‍ മറ്റ് ചിലയിടത്ത് മാധവമാമയുടെ ഓര്‍മകളാണ്. ഈ മാറ്റങ്ങളും കഥ പറയുന്ന രീതിയുമെല്ലാം വെല്ലുവിളിയായിരുന്നു. 'ഷെര്‍ലോക്' എന്ന കഥ വിവര്‍ത്തനം ചെയ്യുന്നതോടെയാണ് എം.ടിയോട് വ്യക്തിപരമായി അടുപ്പമാകുന്നത്. പിന്നീട് വിവര്‍ത്തനം ചെയ്യുമ്പോള്‍ സംശയം തോന്നിയാല്‍ ഫോണില്‍ വിളിക്കും. വളരെ സഹകരണമനോഭാവമുള്ളയാളാണ് അദ്ദേഹം. ചിലപ്പോള്‍ കൂടുതല്‍ സംയങ്ങളുണ്ടാവും.അപ്പോള്‍ അതെല്ലാം കുറിച്ചുവയ്ക്കും. അദ്ദേഹം ചെന്നൈയിലേക്ക് വരുമ്പോള്‍ ഒപ്പമിരുന്ന് സംശയങ്ങള്‍ ചര്‍ച്ച ചെയ്യും. ഞാന്‍ ഇതിനായി കോഴിക്കോട് വന്ന സന്ദര്‍ഭങ്ങളുമുണ്ട്. ഇന്ന വാക്ക് ഇന്ന വാക്കിനുപകരമായി ഉപയോഗിക്കാം, ഈ ഭാഗത്ത് എന്തു മാറ്റമാവാം എന്നൊക്കെയാവും ചര്‍ച്ച. രസകരമായ അനുഭവമാണ് ഈ വിവര്‍ത്തനം. ആനന്ദുമായും ഇങ്ങനെ ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം ഇരിങ്ങാലക്കുടയില്‍ വന്നപ്പോഴാണ് അത്.ആനന്ദിന്റെ കൃതിയുടെ വിവര്‍ത്തനം എം.ടിയുടേതിനേക്കാള്‍ ബുദ്ധിമുട്ടാണ്. ബൗദ്ധികമായി വളരെ ഉയര്‍ന്ന നിലവാരത്തിലുള്ളതാണ് അദ്ദേഹത്തിന്റെ എഴുത്ത്. എം.ടി.യുടേത് ലാളിത്യമാണെങ്കില്‍ ഇവിടെ ബൗദ്ധികമായ ഔന്നത്യമാണ് പ്രശ്‌നം. വളരെ സഹകരണമനസ്ഥിതിയുള്ള സൗമ്യനായ ഒരാളാണ് ആനന്ദ്. എന്തു സംശയങ്ങളും തീര്‍ക്കാന്‍ അദ്ദേഹം തയ്യാറാണ്. ഫോണിലൂടെ എപ്പോള്‍ വിളിച്ചും സംശയം തീര്‍ക്കാം. അഭിപ്രായങ്ങള്‍ ആരായാം. ഇത്തരത്തില്‍ സഹകരിക്കുന്ന എഴുത്തുകാര്‍ക്കൊപ്പം വിവര്‍ത്തനം രസകരമായിട്ടാവും മുന്നോട്ട് നീങ്ങുക. എഴുത്തുകാരുമായി ബന്ധം നിലനിര്‍ത്തുന്നത് തുടര്‍ച്ചയായി ഫീഡ്ബാക്കുകള്‍ നമുക്ക് കിട്ടാന്‍ ഇടയാക്കും.
മൊഴിമാറ്റത്തിലെ വെല്ലുവിളികള്‍
പ്രശസ്തരായവരുശട കഥകളും നോവലുകളുമാണ് മലയാളത്തില്‍ നിന്ന് മൊഴിമാറ്റം ചെയ്തത്. എന്തുകൊണ്ട് മലയാളത്തിലെ വേറിട്ടതും മികച്ചതുമായ രചനകള്‍ വിവര്‍ത്തനം ചെയ്യുന്നില്ല?
എന്തു വിവര്‍ത്തനം ചെയ്യണം എന്നത് പലപ്പോഴൂം എന്റെ തെരഞ്ഞെടുപ്പല്ല. പ്രശസ്തരല്ലാത്തവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കണമെന്ന് ഞാനാഗ്രഹിച്ചാലും നടക്കില്ല. പ്രസാധകരുടെ താല്‍പര്യമാണ് പ്രമുഖമായി വരിക. ഞാന്‍ ചിലപ്പോള്‍ അപ്രശസ്തരായ (ദേശീയ തലത്തില്‍ എന്നാണ് ഉദ്ദേശിക്കുന്നത്) എഴുത്തുകാരുടെ രചനകള്‍ പ്രസാധകരോട് പറയാറുണ്ട്. അങ്ങനെയൊരു എഴുത്തുകാരനെപ്പറ്റി കേട്ടിട്ടില്ല എന്നതാവും മറുപടി. പക്ഷേ, അവര്‍ കേരളത്തില്‍ നന്നായി വായിക്കപ്പെടുന്നവരുമാകും. ഇക്കാര്യത്തില്‍ പിന്നെ എനിക്ക് ചെയ്യാനാവുക, സാഹിത്യമാസികകള്‍ മലയാള കഥകളുടെ വിവര്‍ത്തനം ആവശ്യപ്പെട്ടാല്‍ എനിക്കിഷ്ടമുള്ള എഴുത്തുകാരുടെ കഥകള്‍ നല്‍കുക എന്നതാണ്. അങ്ങനെ പലരുടെയും കഥകള്‍ വിവിധ ഇംഗ്ലീഷ് ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്പോള്‍ മൊഴിമാറ്റം ചെയ്യുന്നതിനുള്ള പുസ്തങ്ങള്‍ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്?
ചിലപ്പോള്‍ പ്രസാധകര്‍ ഒരു പുസ്തകം തന്നിട്ട് ആവശ്യപ്പെടുന്നതാവും. ചിലപ്പോള്‍ പ്രസാധകര്‍ ഇന്നയാളുടെ ഏതെങ്കിലൂം പുസ്തകം എന്നു പറയും. അപ്പോള്‍ തെരഞ്ഞെടുപ്പ് എന്റേതാകും. ചിലപ്പോള്‍ എഴുത്തുകാരന്‍ തന്നെ എന്റെ പുസ്തം വിവര്‍ത്തനം ചെയ്തുകൂടേ എന്നു ചോദിക്കും. അതുമല്ലെങ്കില്‍ ഞാന്‍ തന്നെ തിരഞ്ഞെടുക്കുന്നതുമാവാം. നമ്മളുടെ നിര്‍ദേശം പ്രസാധകര്‍ സ്വീകരിക്കുന്നതോടെ വിവര്‍ത്തനവുമായി മുന്നോട്ടുപോകുന്നു. തിരഞ്ഞെടുപ്പ് ഒരിക്കലും വിവര്‍ത്തകന്‍/വിവര്‍ത്തകയുടെ പൂര്‍ണമായ കൈപ്പിടയിലല്ല.
വിവര്‍ത്തനം ചെയ്യുമ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് അതിന്റെ താളവും സ്വരവും ഇംഗ്ലീഷിലേക്ക് പരിവര്‍ത്തനം ചെയ്യുക?
ഏതൊരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ അതില്‍ ചില ചോര്‍ച്ചകള്‍ അല്ലെങ്കില്‍ നഷ്ടങ്ങള്‍ സംഭവിക്കും. മലയാള ഭാഷയുടെ താളവും സ്വരവും അങ്ങനെ പൂര്‍ണാര്‍ത്ഥത്തില്‍ മൊഴിമാറ്റം ചെയ്യാനാവില്ല. പക്ഷേ നമ്മുടെ കൃതികള്‍ ഇംഗ്ലീഷിലേക്ക് ഭാഷാന്തരണം നടത്തുമ്പോള്‍ അത് വായിക്കുന്ന അന്യനാട്ടുകാരന് ലഭിക്കുന്ന അനുഭൂതിയും അറിവും വ്യത്യസ്തമാണ്. ഞാന്‍ ശ്രമിക്കുന്നത് മലയാളത്തില്‍നിന്ന് വെറുതെയങ്ങ് മൊഴിമാറ്റം ചെയ്യാനല്ല. എഴുത്തിന്റെ ഭാവം, വൈകാരിക തലം, അന്തരീക്ഷം എന്നിവ മൊത്തമായിട്ടാണ് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നത്. ശ്രമിക്കുന്നത് എന്നേ പറയാന്‍ പറ്റൂ. എത്രത്തോളം അതില്‍ വിജയിക്കുന്നു എന്നെനിക്കറിയില്ല.നമ്മള്‍ ചില പദങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ തതുല്യമായ ഇംഗ്ലീഷ് വാക്കുകളുണ്ടാവണമെന്നില്ല. അപ്പോള്‍ അതേ മലയാളം വാക്ക് തന്നെ ഇറ്റാലിക്‌സില്‍ കൊടുക്കുകയോ മറ്റോ ആവും ചെയ്യുക. വിവര്‍ത്തകന്‍ നേരിടുന്ന വെല്ലുവിളി മലയാളത്തിന്റെ താളവും സ്വരവും ഉള്‍പ്പടെയുള്ള മൊഴിമാറ്റമാണ്.
കേരളത്തില്‍ ചെറുപ്പകാലത്തു മാത്രമേ നിങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയൊരാള്‍ക്ക് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ വിവിധ രീതിയിലുളള സംഭാഷണരീതികളെയും അതിന്റെ താളക്രമത്തെയും എങ്ങനെ പരിവര്‍ത്തനപ്പെടുത്താനാകും?
അതൊരു വെല്ലുവിളിയാണ്. ഏറെക്കുറെ ഒപ്പിക്കാമെന്നേ പറയാനാവൂ. പിന്നെ ഇംഗ്ലീഷില്‍ നമ്മളുടേതുപോലെ വിവിധ സംഭാഷണരീതികള്‍ ഉപയോഗിക്കുക എന്ന പതിവില്ല. അത് പ്രാദേശികമായ ഭാഷകള്‍ക്കുള്ളിലാണ് കൂടുതലായി കണ്ടുവരുന്നത്. മലയാളത്തിന്റെ ശൈലിയേയല്ല ഇംഗ്ലീഷിലുള്ളത്. ഭാഷകള്‍ തമ്മിലുള്ള അന്തരം കണക്കിലെടുത്തേ മതിയാവൂ. ഇംഗ്ലീഷ് സാഹിത്യത്തില്‍ അവര്‍ക്ക് ഒരു ബ്ലാക്ക്-ആഫ്രിക്കന്‍ ശൈലിയും യൂറോപ്യന്‍ രീതികള്‍ എന്നൊക്കെയുള്ള ചില വേര്‍തിരിക്കലുകളേയുള്ളൂ. അല്ലാതെ ഒരു ഭാഷയിലെ തന്നെ പല സംസാര രീതികളില്ല. ഇനി ഒരു വിവര്‍ത്തകന്‍/വിവര്‍ത്തക മലയാളത്തിലെ സംസാര രീതി അതേ പോലെ തന്നെ, പ്രയോഗിക്കുമെന്ന് ശഠിച്ചാല്‍ അത് കൃത്രിമമാണ് എന്നു തോന്നും. അത് മുഴച്ചു നില്‍ക്കും. അതുകൊണ്ട് പൊതുവില്‍ ഏകദേശം ഒത്തുവരുന്ന ഒരു ഭാഷയില്‍ മലയാള ശൈലികള്‍ മൊഴിമാറ്റുകയാണ് ചെയ്യുക. ഞാന്‍ മൊഴിമാറ്റുന്നത് എഴുത്തുകാരുടെ കൂടി ആലോചിച്ചിട്ടാണ്. എഴുത്തുകാരന്‍ കാണാതെ ഞാനൊരു വിവര്‍ത്തനവും പ്രസാധകര്‍ക്ക് അയച്ചിട്ടില്ല.
എങ്ങനെയാണ് വിവര്‍ത്തനം എന്ന മേഖലയിലേക്ക് എത്തുന്നത്?
ചെന്നൈയിലുണ്ടായിരുന്ന വി.അബ്ദുള്ളയാണ് എന്നോട് ഒരു വിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെടുന്നത്. അദ്ദേഹവും എം.ടിയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സംഘം സീരിസ് എന്ന തലത്തില്‍ ഓറിയന്റ ലോംഗ്മാന്‍ ആ വിവര്‍ത്തനം പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ പ്രകാശനം ചെയ്യുന്ന 'ദ റൈറ്റിംഗ് ഓഫ് എം.ടി. വാസുദേവന്‍ നായര്‍' എന്ന പുസ്തകത്തിലും വി. അബ്ദുള്ളയുടെ വിവര്‍ത്തനം ഉണ്ട്. ആദ്യ സംരംഭം വിജയമായി തോന്നിയതുകൊണ്ടാവാം വീണ്ടും വിവര്‍ത്തനങ്ങള്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടു. തുടര്‍ന്ന് എനിക്കും അതില്‍ ആവേശം തോന്നി. പിന്നെ കഥകളായി, പുസ്തകങ്ങളായി. ചെറുപ്പം മുതലേ വായനയില്‍ താല്‍പര്യമുണ്ടായിരുന്നു. അമ്മ തങ്കംനായര്‍ ഡി.സി.ബുക്‌സിനുവേണ്ടിയും മറ്റും ലോകസാഹിത്യങ്ങളുടെ സംഗ്രഹീത പുന:രാഖ്യാനങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. ഇതൊക്കെയാവും എഴുത്തിന്റെയും വിവര്‍ത്തനത്തിന്റെയും മേഖലയിലേക്ക് എന്നെ അടുപ്പിച്ച് നിര്‍ത്തുന്നത്.
താങ്കളെ മലയാളിയുടെ 'എഡിത്ത് ഗ്രോസ്മാന്‍' എന്ന് വിളിച്ചാല്‍ ?
ഞാനെന്റെ ഒരു വിവര്‍ത്തനത്തിലും തൃപ്തയല്ല. നന്നായി വിവര്‍ത്തനം ചെയ്തിരിക്കുന്നു എന്ന് അഭിമാനത്തോടെ പറയാന്‍ എനിക്കാവില്ല. എന്നെക്കൊണ്ടാവുന്ന രീതിയില്‍, ചെയ്തുവച്ചൂ അല്ലെങ്കില്‍ ഒപ്പിച്ചൂ എന്നേ പറയാനാവൂ. എന്റെ വിവര്‍ത്തനം മോശമല്ല, തരക്കേടില്ല എന്നൊക്കെയേ ഞാന്‍ പറയൂ. എഡിത്ത് ഗ്രോസ്മാന്‍ വലിയ വിവര്‍ത്തകയാണ്. അവരുമായി തുലനം ചെയ്യാന്‍ പോലും കഴിയാത്തവിധത്തില്‍ അന്തരമുണ്ട് എനിക്ക്.
(മാര്‍ക്കേസിന്റെയും യോസയുടെയുംമടക്കം നിരവധികൃതികള്‍ സ്പാനിഷില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത പ്രശസ്താ വിവര്‍ത്തകയാണ് എഡിത്ത് ഗോസ്മാന്‍)
മുമ്പ് ഒരഭിമുഖത്തില്‍ വിവര്‍ത്തനകൃതികള്‍ നന്നായി വില്‍ക്കപ്പെടുന്നില്ല എന്ന് പറഞ്ഞതായി കണ്ടു? എന്തുകൊണ്ടാണ് വില്‍ക്കപ്പെടാത്തത്?
അതിനെപ്പറ്റി വ്യക്തമായി പറയാന്‍ എനിക്കാവില്ല. പ്രാദേശിക ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന കൃതികള്‍ ഇന്ത്യയില്‍ പൊതുവില്‍ സംശയത്തോടെയാണ് വായിക്കപ്പെടുന്നത്. ഈ വിവര്‍ത്തകന്‍/വിവര്‍ത്തക തെറ്റില്ലാതെ ചെയ്തിട്ടുണ്ടാവുമോ? മോശം വിവര്‍ത്തനമാകുമോ എന്നൊക്കെ യാണ് ചിന്ത. ഒരു മുന്‍വിധിയോടെയാണ് വായനക്കാരന്‍ വിവര്‍ത്തന കൃതികളെ സമീപിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ ഇന്ത്യന്‍വിവര്‍ത്തനകൃതികള്‍ വാങ്ങാനോ വായിക്കാനോ കൂട്ടാക്കില്ല. എന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത് അങ്ങനെയല്ല സ്ഥിതി. മറിച്ച് ഇന്ത്യയില്‍ തന്നെ നമ്മള്‍ സ്പാനിഷില്‍ നിന്നോ മറ്റോ മൊഴിമാറ്റപ്പെടുന്ന കൃതികള്‍ വായിക്കുമ്പോള്‍ ഈ സംശയം പ്രകടിപ്പിക്കുന്നുമില്ല. അതുകൊണ്ടാണല്ലോ മാര്‍ക്കേസിന്റെ കൃതികള്‍ ഇവിടെ വിറ്റഴിയപ്പെടുന്നത്. ഈ അവസ്ഥ മാറുന്നതായാണ് പറയപ്പെടുന്നത്.
ഇന്ത്യയില്‍ തന്നെ പലതരം പ്രവണതകളുണ്ട്. വടക്കേഇന്ത്യക്കാരനായ ഒരെഴുത്തുകാരന്റെ വിവര്‍ത്തനകൃതി ചിലപ്പോള്‍ വടക്കേ ഇന്ത്യയില്‍ മാത്രമാണ് ലഭിക്കുക. ഞാനെന്റെ ബുക്കുകള്‍ പുസ്തകക്കടകളില്‍ തിരയാറുണ്ട് പലപ്പോഴും കാണാറില്ല. . ഞാന്‍ 'കാസ്റ്റ് മി ഔട്ട് ഇഫ് യു വില്‍' എന്ന പേരില്‍ ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകളും ഓര്‍മകളും വിവര്‍ത്തനം ചെയ്തു. ഞാനാദ്യം ചെയ്ത വിവര്‍ത്തനങ്ങളില്‍ ഒന്നാണത്.അമേരിക്കയില്‍ ഫെമിനിസ്റ്റ് പ്രസ് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പക്ഷേ അധികമാര്‍ക്കും ഞാനത്തരം കൃതി വിവര്‍ത്തനം ചെയ്തയായി അറിയില്ല.
ലളിതാംബിക അന്തര്‍ജനത്തിന്റെയുള്‍പ്പടെ നിങ്ങള്‍ വിവര്‍ത്തനം ചെയ്ത പല കൃതികളും സ്ത്രീവിഷയവുമായി ബന്ധപ്പെടതാണ്. എന്തുകൊണ്ടാണ് അത്?
മലയാള സാഹിത്യത്തിലെ മുഖ്യ വിഷയം കൂടിയായതുകൊണ്ടാവാം അത്. മലയാളികള്‍ ഈ വിഷയത്തെപ്പറ്റി ശ്രദ്ധിക്കുന്നു. അവരതില്‍ തല്‍പരമാണ്. മാത്രമല്ല ലളിതാംബിക അന്തര്‍ജനം പോലുള്ള ഒരാളുടെ എഴുത്ത് കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ തീവ്രതയും വൈവിധ്യവും അതീവഗഹനമാണ്. സങ്കീര്‍ണമാണ് അതിലെ വൈകാരിക തലങ്ങള്‍. 'കാസ്റ്റ് മി ഔട്ട് ഇഫ് യു വില്‍' എന്നത് പുരുഷനോടുള്ള വെല്ലുവിളി കൂടിയാണ്. പഴയകാല നമ്പൂതിരി സമുദായത്തിന്റെ ഭ്രഷ്ടും സ്മാര്‍ത്തവിചാരവുമാണ് അതില്‍ അവര്‍ വിഷയമാക്കുന്നത്. രാജലക്ഷ്മി, മാധവിക്കുട്ടി, വത്സല തുടങ്ങി ഞാന്‍ വിവര്‍ത്തനം ചെയ്ത സ്ത്രീ എഴുത്തുകാര്‍ പലതരം ഭാവങ്ങളെയാണ് വരച്ചിടുന്നത്. അത് ചിലപ്പോള്‍ സ്ത്രീക്കുമാത്രം സാധ്യമാവുന്ന ഒന്നാണ്. സ്ത്രീയെന്ന നിലയില്‍ എനിക്ക് ഈ കൃതികളോടുള്ള താദാത്മ്യങ്ങളും സ്ത്രീ എഴുത്തുകളുടെ വിവര്‍ത്തനം കൂടുതല്‍ നടത്താന്‍ പ്രേരിപ്പിക്കുന്നുണ്ടാകാം.
മലയാള സാഹിത്യത്തിലെ കൃതികള്‍ ലോകനിലവാരമുള്ള വയാണോ? എങ്ങനെയാണ് അന്താരാഷ്ട്ര കൃതികളുമായി മലയാളത്തിന്റെ രചനകള്‍ തുലനം ചെയ്യുക?
മലയാളത്തിലെ പലകൃതികളും ലോക നിലവാരത്തിലുള്ളതാണ്. നമ്മുടെ 'നാലുകെട്ടും', 'ഗോവര്‍ധന്റെ യാത്രകളും'. 'ഖസാക്കിന്റെ ഇതിഹാസ'വുമെല്ലാം അന്താരാഷ്ട്ര നിലവാരമുള്ളവയാണ്. അതില്‍ സംശയംവേണ്ട്. പക്ഷേ മലയാള കൃതികള്‍ക്ക് അന്തര്‍ദേശീയ അംഗീകാരം കിട്ടാത്തതിന് പല കരണങ്ങളുണ്ടാവാം. ഒന്ന് മലയാളം എന്ന ചെറിയ ഭാഷയില്‍ നിന്നുള്ള കൃതിയായതുകൊണ്ട്. പിന്നെ പ്രസാധന കടമ്പകളും വായനക്കാരുടെ താല്‍പര്യമില്ലായ്മയും ഒക്കെയാവും കാരണം. എന്തായാലും ലോക നിലവാരത്തില്‍ കിടപിടിക്കുന്ന പുസ്തകങ്ങള്‍ മലയാളത്തിലുണ്ട്.
വിവര്‍ത്തകനും സാമൂഹികാംഗീകാരവും
വിവര്‍ത്തനകന് കിട്ടുന്ന സാമൂഹ്യ അംഗീകാരത്തെപ്പറ്റി?
ഇന്ത്യയില്‍ വിവര്‍ത്തനം എന്നത് അംഗീകരിക്കപ്പെട്ട ഒരു എഴുത്തുവിഭാഗം അല്ല. ഒരു സര്‍ഗപ്രവര്‍ത്തിയായി ആരൂം വിവര്‍ത്തനത്തെ കാണുന്നില്ല. സ്വന്തമായി എഴുതാന്‍ കഴിവില്ലാത്തതുകൊണ്ട് മറ്റുള്ളവര്‍ എഴുതുന്ന് ഭാഷ മാറ്റി അവതരിപ്പിക്കുന്നവര്‍ എന്ന മട്ടിലാണ് വിവര്‍ത്തകരോടുള്ള മനോഭാവം. വിവര്‍ത്തനം ചെയ്യാന്‍ ഭാഷ അറിഞ്ഞാല്‍ മാത്രം മതിയെന്നാണ് എല്ലാവരുടെയും ധാരണ. അതുകൊണ്ടുകൂടിയാവണം വിവര്‍ത്തകരെ ആരും ഓര്‍ക്കുക പോലും ചെയ്യാത്തത്. പക്ഷേ വിവര്‍ത്തനം എന്നത് കേവല ജോലിയല്ല. അത് രണ്ട് സംസ്‌കാരങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്ന വലിയ സാംസ്‌കാരിക പ്രവര്‍ത്തനമാണ്. ഇതില്‍ സംസ്‌കാരങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളുണ്ട്. പരസ്പരം അറിയലുണ്ട്.
വായനക്കാരുടെ മനോഭാവത്തെപ്പറ്റി?
വായനക്കാരന്‍ ഒരു വിവര്‍ത്തനകൃതി സംശയത്തോടെയാണ് വായിക്കുന്നത്. ഇതില്‍ തെറ്റുണ്ടാവും, എന്ന മുന്‍വിധിയാണ് വായനക്കാരനുള്ളത്. അത് കണ്ടുപിടിക്കാനാവും ശ്രമം. പക്ഷേ, വിവര്‍ത്തനം ചെയ്യപ്പെടുന്ന കൃതിക്കു പിന്നില്‍ വലിയ അധ്വാനവും പ്രയത്‌നവും ഊര്‍ജവും ചിവലഴിച്ചിട്ടുണ്ടെന്നെ് പലപ്പോഴും തിരിച്ചറിയാറില്ല.
കുറേ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തില്ലേ? സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരിക്കുമല്ലോ?
ഓ. അതൊരു ധാരണയാണ് (ചിരി). പക്ഷേ വിവര്‍ത്തനം ചെയ്യല്‍ എന്നത് വലിയ ധനസമ്പാദനം മാര്‍ഗമല്ല. ഒരു പുസ്തകത്തിന്റെ വിലയും അച്ചടിക്കുന്ന കോപ്പിയും വച്ച് നോക്കിയാല്‍ തന്നെ വിവര്‍ത്തകന് എത്ര തുക കിട്ടുമെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. റോയല്‍റ്റി എഴുത്തുകാരനും വിവര്‍ത്തകനുമായി വിഭജിക്കപ്പെടും. അപ്പോള്‍ ഒരു വിവര്‍ത്തകന് എന്തുകിട്ടുമെന്ന് ഊഹിക്കാം. എന്നെ സംബന്ധിച്ച് വിവര്‍ത്തനം സാമ്പത്തിക ലാഭം നല്‍കിയിട്ടില്ല. പണത്തിനുവേണ്ടിയല്ല ഞാന്‍ വിവര്‍ത്തനം ചെയ്യുന്നത്. പണം മോഹവുമില്ല. വലിയ തുക പ്രതിഫലമായി കിട്ടാത്തത്തില്‍ ദു:ഖവുമില്ല. ഞാന്‍ ചെയ്യുന്ന പ്രവൃത്തിയുടെ മഹത്വം എനിക്ക് നന്നായി അറിയാം. എന്നെ സംബന്ധിച്ച് ഉത്തരവാദിത്വത്തോടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തനമാണ് വിവര്‍ത്തനം.
വിവര്‍ത്തനം ചെയ്യുന്ന രീതിയെങ്ങനെയാണ്? എപ്പോഴാണ് എഴുത്തിന് സമയം കണ്ടെത്തുന്നത്? പുസ്തകമായി രൂപം കൊള്ളുന്നതുവരെയുള്ള എഴുത്തിന്റെ സ്വഭാവം എങ്ങനെയാണ്?
ചെന്നൈയില്‍ തനിച്ചാണ് താമസിക്കുന്നത്. എനിക്ക് തോന്നുമ്പോള്‍, മനസ്സ് നന്നായിരിക്കുമമ്പാള്‍ വിവര്‍ത്തനം ചെയ്യുന്നു. സമയകക്രമം ഒന്നുമില്ല. മുമ്പ് ടൈപ്പ് റൈറ്ററിലായിരുന്നു. ഇപ്പോള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റി. നേരത്തെ പറഞ്ഞതുപോലെ എന്റെയെല്ലാ കൃതിയും ഞാന്‍ എഴുത്തുകാരനെ കാണിച്ചശേഷമാണ് പ്രസാധകന് അയച്ചിട്ടുളളത്. പിന്നെ നമ്മള്‍ അത് പ്രസാധകര്‍ക്ക് അയച്ചുകൊടുക്കുന്നു. പബ്ലിഷറുടെ എഡിറ്റിംഗുണ്ടാകും. അസാമാന്യ പ്രതിഭയുള്ള എഡിറ്റര്‍മാര്‍ നമുക്കുണ്ട്. അവര്‍ ചില വെട്ടിത്തിരുത്തലുകളും മാറ്റങ്ങളും വരുത്തും. പുതിയ ചെറുപ്പക്കാരായ എഡിറ്റര്‍മാരുടെ ഒപ്പം അവസാന മിനുക്കു പണികള്‍ ചെയ്യുക എന്നത് രസകരമായ അനുഭവമാണ്. എഡിറ്റ് ചെയ്ത കോപ്പി പ്രസാധകര്‍ നമ്മെ കാണിച്ചിട്ടാവും അവസാനം പ്രിന്റുചെയ്യുന്നത്. അതുകൊണ്ട് എഴുത്ത് എന്നത് പല ഘട്ടത്തിലൂടെയുള്ള വര്‍ക്കാണ്. വിവര്‍ത്തനം ചെയ്യുന്നതിലൂടെ മാത്രം അവസാനിക്കുന്നില്ല. തുടക്കം മുതല്‍ ഒടുക്കം വരെ (വായന മുതല്‍ പ്രസാധനംവരെ) എല്ലാ തല പ്രവൃത്തികളുമായി സഹകരിക്കുക, അതില്‍ പങ്കാളിയാകുക എന്നതാണ് എന്റെ നയം.
മലയാള സിനികള്‍ക്ക് ഇംഗ്‌ളീഷ് സബ് ടൈറ്റിലുകള്‍ നല്‍കുന്നുണ്ട്. എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനം? 'നീലക്കുയിലി'ല്‍ നിന്ന് 'നീലത്താമര'യിലേക്ക് എത്തുമ്പോള്‍ എന്താണ് അനുഭവം?
ഞാനാദ്യം നാഷണല്‍ ഫിലിം ആര്‍ക്കൈവിസിനുവേണ്ടിയാണ് സിനിമയുടെ സബ്‌ടൈറ്റിലുകള്‍ നല്‍കിയത്. ജോണ്‍ എബ്രഹാമിന്റെയും അരവിന്ദന്റെയും സിനികമള്‍ക്ക് ഇംഗ്ലീഷ് മൊഴിമാറ്റം നല്‍കിയെങ്കിലും ഞാനവരെ കണ്ടിട്ടില്ല. കാരണം സംവിധായകരല്ല, നാഷണല്‍ ലാണ് സമീപിച്ചത്. എന്നാല്‍ ഇപ്പോള്‍ പല മലയാളി സംവിധായകര്‍ക്കും എന്നെ വ്യക്തിപരമായി അറിയാം. അവര്‍ ഒന്നുകില്‍ സിനിമയുടെ സ്‌ക്രിപ്പറ്റ് അയച്ചു നല്‍കും. ചിലര്‍ നേരിട്ട് തന്നെ വന്ന് നിര്‍ദേശങ്ങളും മറ്റുമായി എത്തും. ചിലപ്പോള്‍ സംവിധായകര്‍ സഹായികളെയാവും അയക്കുക. മുമ്പ് സബ്‌ടൈറ്റിലിംഗ് നല്‍കുന്നത് കുറച്ച് അധ്വാനമുള്ള പണിയായിരുന്നു. ഇന്നതിന്റെ തിരിക്ക് കുറഞ്ഞിട്ടുണ്ട്. ടൈം കോഡ് അനുസരിച്ച് ഇന്നത് ക്രമപ്പെടുത്തുകയാണ് വേണ്ടത്.
കുടുംബം?
ഭര്‍ത്താവ് ഡോക്ടറായിരുന്നു. 1985 ല്‍ മരിച്ചു. മക്കള്‍ അമേരിക്കയില്‍ കഴിയുന്നു. ഇടയ്ക്ക് മക്കളെയും പേരക്കുട്ടികളെയും കാണാന്‍ ഞാനവിടെ പോകാറുണ്ട്.
പുതിയ വിവര്‍ത്തനം?
ഇപ്പോള്‍ ഒരു പുസ്തകം വന്നതേയുള്ളൂ. എം.ടിയുടെ തന്നെ ചില വര്‍ക്കുകള്‍ വിവര്‍ത്തനം ചെയ്യാന്‍ പദ്ധതിയുണ്ട്. രാജലക്ഷ്മിയുടെ രചനകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റണമെന്നുണ്ട്.
Samakaalika Malayalam Varikha
2010 June
No comments:
Post a Comment