ചരിത്രം/അന്വേഷണം
അടിയന്തരാവസ്ഥ പ്രഖ്യാപനം നടന്നിട്ട് 35 വര്‍ഷം. ഇന്ദിരാഗാന്ധിയുടെ സര്‍വ്വാധിപത്യത്തിന്‍ കീഴില്‍ നമ്മുടെ നിയമസഭയില്‍ എന്തു സംഭവിച്ചു? ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ആ ചരിത്ര നിമിഷങ്ങളില്‍ എങ്ങനെ ഇടപെട്ടു? നിയമസഭാ രേഖകളിലൂടെ ഒരു അന്വേഷണം.
ബിജുരാജ്
''ഞാന്‍ കഴിഞ്ഞ 15 മാസമായി മിസയനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. ഈ അസംബ്ലി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എനിക്ക് നിവൃത്തിയില്ല. ദയവായി അവധി അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പി.ബി.ആര്‍. പിള്ള
11-10-1976''
ഈ കത്ത് ഒരു തെളിവാണ്. അടിയന്തരാവസ്ഥ കാലത്ത് നമ്മുടെ നിയമസഭ എന്തുചെയ്തു എന്നതിന് നല്ല ദൃഷ്ടാന്തം. അടിയന്തരാവസ്ഥയില്‍ കേരള നിയമസഭയുടെ എല്ലാ ദയനീതയും നിസഹായതയും ഈ കത്തിലുണ്ട്. തടവറയില്‍ നിന്ന് ഏറ്റുമാനൂര്‍ എം.എല്‍.എ പി.ബി.ആര്‍.പിള്ള എഴുതിയ ഈ കത്ത് സ്പീക്കര്‍ 1976 ഒക്‌ടേബാര്‍ 18 ന് കേരള നിയമസഭയില്‍ വായിച്ചു. നിയമസഭയുടെ 13, 14 സമ്മേളനങ്ങളിലായി 62 ദിവസം കത്തെഴുതിയയാള്‍ക്ക് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. എന്തായാലും 'സന്തോഷത്തോടെ' തന്നെ സഭ 'അവധി' അനുവദിച്ചു. ജയിലായിരുന്ന ഈ നിയമസഭാ സാമാജികന്റെ കഥ വിടുക. പക്ഷേ പുറത്ത്, നിയമസഭയും അവിടുത്തെ നമ്മുടെ പ്രതിപക്ഷം എന്തുചെയ്തു എന്നാണ് നമ്മള്‍ അന്വേഷിക്കേണ്ടത്.
അടിന്തരാവസ്ഥ പ്രഖ്യാപനം
അധികാരം നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഒരു പ്രധാനമന്ത്രി രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചു എന്ന് ആരെങ്കിലും വാദിച്ചാല്‍ അത് ചരിത്രത്തെ നിഷ്‌കളങ്കമായി സമീപമിക്കലാവും. ഭരണകൂടം സമം പ്രധാനമന്ത്രി എന്ന സൂത്രവാക്യങ്ങള്‍ക്ക് രാഷ്ട്രതന്ത്രത്തില്‍ (പൊളിറ്റിക്കല്‍ സയന്‍സ്) നിലനില്‍പ്പില്ല. ഭരണകൂടത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുന്ന സാമൂഹ്യ-സാമ്പത്തി-രാഷ്ട്രീയ സാഹചര്യങ്ങളാണ് ലോകത്തെവിടെയും രാജ്യങ്ങളെ അടിയന്തരാവസ്ഥയിലേക്ക് നയിക്കുക. ഇന്ത്യയെ സംബന്ധിച്ചും ഇതുതന്നെയായിരുന്നു വാസ്തവം.
വിലക്കയറ്റം, പട്ടിണി. അഴിമതി, ഭക്ഷ്യക്ഷാമം, അസമത്വം, അനീതി എന്നിങ്ങനെ വിവിധ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച്, സോഷ്യലിസ്റ്റുകള്‍, കമ്യൂണിസ്റ്റുകള്‍, നക്‌സലൈറ്റുകള്‍ എന്നിങ്ങനെ വിവിധ നേതൃത്വത്തിന്‍ കീഴില്‍ ഉയര്‍ന്ന ജനകീയ മുന്നേറ്റങ്ങള്‍ ഒരു വശത്ത് ശക്തമായി അലയടിക്കുന്നു. മറുവശത്ത് ഭരണകൂടത്തിന്റെയും ഭരണവര്‍ഗത്തിന്റെയും നിലനില്‍പ്പ് അപകടത്തിലാവുന്നു. ഈ സ്ഥിതി വിശേഷം നേരിടുാനുള്ള ഭരണകൂടതന്ത്രമാണ് 1975 ജൂണ്‍ 26 ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലേക്ക് നയിക്കുന്നത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ 1975 ജൂണ്‍ 12 ന് ഉണ്ടായ അലഹബാദ് ഹൈക്കോടതി വിധി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് മറ്റൊരു നിര്‍ണായകനിമിത്തമായി. 1971 ലെ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന രാജ്‌നാരായണന്‍ ഫയല്‍ ചെ്ത തെരഞ്ഞെടുപ്പ് കേസില്‍ ജസ്റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിന്‍ഹ പ്രസ്താവിച്ച വിധി ഇന്ദിരയ്ക്കു എതിരായിരുന്നു. ഇന്ദിരാഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കപ്പെട്ടു. ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ല എന്നും വിധിക്കപ്പെട്ടു. അപ്പീലില്‍ വാദം കേട്ട സുപ്രീംകോടതി ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാമെന്നും വോട്ടവകാശം ഇല്ലാതെ പാര്‍ലമെന്റില്‍ പങ്കെടുക്കാമെന്നും വിധി പുറപ്പെടുവിച്ചു. എന്നാല്‍ ഭരണരംഗത്തും സാമുഹ്യ രംഗത്തും കുഴപ്പങ്ങള്‍ മൂര്‍ഛിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഇന്ദിരയുടെ തീരുമാനം അനുസരിച്ച് അവരുടെ പാവയെന്ന് വിശേഷിപ്പിക്കാവുന്ന രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് ഇന്ത്യന്‍ ഭരണഘടനയുടെ 352-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപനം ഉണ്ടായ ഉടനെതന്നെ പത്രങ്ങള്‍ക്ക് മേല്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. പ്രതിപക്ഷ നേതാക്കളെ തടവിലാക്കി. ഇന്ദിര മറ്റൊന്നു കൂടി ചെയ്തു. പൗരന്‍മാര്‍ക്ക് മൗലികാവാകശങ്ങള്‍ ഉറപ്പുനല്‍കുന്ന, ഭരണഘടനയുടെ 14, 21, 22 വകുപ്പുകള്‍ നീര്‍വീര്യമാക്കി. മൗലികാവശങ്ങള്‍വേണ്ടി കോടതിയെ സമീപിക്കാനുള്ള അവകാശം സസ്‌പെന്‍ഡ് ചെയ്തുകകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ ഉത്തരവ്.
നിയമത്തിനു മുന്നില്‍ തുല്യതയും തുല്യമായ നിയമസരക്ഷണവും ഉറപ്പാക്കുന്നതാണ് 14-ാം വകുപ്പ്. ജീവനോപാധികളുടെ സംരക്ഷണം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമായി നിര്‍വചിക്കുന്നതായിരുന്നു 21-ാം വകുപ്പ് . പൗരന്‍മാരെ കാരണമറിയിക്കാതെ അറസ്റ്റ് ചെയ്തു കൂടുന്നെും തടങ്കിലില്‍ വച്ചുകൂടന്നെുമാണ് 22-ാം വകുപ്പ് അനുശാസിക്കുന്നത്. അറസറ്റ്് ചെയ്യപ്പെടുന്നയാളെ 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കണം. അങ്ങനെ നിര്‍വീര്യമായ ഈ മൂന്നു വകുപ്പിന്റെയും ബലത്തിന്‍ കീഴില്‍ തികഞ്ഞ പോലീസ്‌രാജാണ് കേരളത്തിലുള്‍പ്പടെ ഇന്ത്യയിലെമ്പാടും നടമാടിയത്. ഭരണഘടന ഉറപ്പാക്കിയിരുന്ന മൗലികാവകാശങ്ങള്‍ റദ്ദ് ചെയ്യപ്പെട്ട, ജനാധിപത്യത്തിന് വിലയില്ലാതായ ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന നിയമസഭയ്ക്ക് ഗുരുതരമായ വൈകല്യങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, അത്തരം അന്തരീക്ഷത്തിലും ജനാധിപത്യത്തിനുവേണ്ടി നിലയുറപ്പിക്കുകയും കഴിയുന്നിടത്തോളം സമര/പ്രതിഷേധങ്ങള്‍ക്ക് വേദിയാവുകയുമാണ് നിയമസഭ ചെയ്യേണ്ടിയിരുന്നത്. അത് ജനങ്ങളുടെ സ്വാതന്ത്ര്യാഭിലാഷങ്ങളുടെ കേന്ദ്രമാകേണ്ടിയിരുന്നു. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും കേന്ദ്രവും കാവലാളുമായി ഉയരേണ്ടിയിരുന്നു. പക്ഷേ, കേരളത്തിലെ നിയമസഭ എല്ലാത്തരത്തിലും നിര്‍ജീവമായിരുന്നു എന്നാണ് രേഖകള്‍ വിളിച്ചുപറയുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ 1977 മാര്‍ച്ച് 21 പിന്‍വലിക്കുന്നതുവരെയുള്ള ദിവസങ്ങളിലെ നിയമസഭാ സമ്മേളനത്തിന്റെ നപടി ക്രമങ്ങളുടെ അച്ചടിച്ച 2540 പേജുകള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ ജനാധിപത്യബോധമുള്ളവര്‍ നിരാശരാകും. കേരളത്തിനും ഇന്ന് അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടി എന്നു സ്വയം അവകാശപ്പെടുന്ന സി.പി.എമ്മിനും നാണക്കേടാണ് സംസാരിക്കുന്ന ആ രേഖകള്‍.
അടിയന്തരാവസ്ഥയിലെ നിയമസഭ
1970 സെപ്റ്റംബര്‍ 17 നാണ് കേരളത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി സി.അച്യുതമേനോന്റെ നേതൃത്വത്തില്‍ നാലാം നിയമസഭ 1970 ഒക്‌ടോബര്‍ നാലിന് നിലവില്‍ വന്നു. രണ്ടുവട്ടം നീട്ടിക്കിട്ടിയ ആയുസിന്റെ ബലത്തില്‍ 1977 മാര്‍ച്ച് 25 വരെ അച്യുതമേനോന്‍ മുഖ്യമന്ത്രിയായി തുടര്‍ന്നു. അന്ന് കോണ്‍ഗ്രസ് പാളയത്തിലായിരുന്നു സി.പി.ഐ. 1971 സെപ്റ്റംബര്‍ 25 മുതല്‍ ആഭ്യന്തര മന്ത്രിയായി കെ. കരുണാകാരന്‍ ചുമതലയേറ്റു. ടി.വി. തോമസ്, എം.എന്‍. ഗോവിന്ദന്‍നായര്‍, ബേബി ജോണ്‍ തുടങ്ങിയ പ്രമുഖര്‍ മന്ത്രിസഭയിലുണ്ട്. 133 അംഗങ്ങളുള്ള സഭയില്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സി.പി.ഐ. മുന്നണിക്കായിരുന്നു ഭൂരിപക്ഷം. കോണ്‍ഗ്രസിനും മുന്നണിക്കും കൂടി 69 സീറ്റ്. സി.പി.എം. മുന്നണിക്ക് വെറും 37 സീറ്റുമാത്രം.
ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് (പട്ടാമ്പി), എം.വി. രാഘവന്‍ (മാടായി), വി.എസ്.അച്യുതാനന്ദന്‍ (അമ്പലപ്പുഴ), ബാലാനന്ദന്‍ (വടക്കേക്കര), പി.കെ. ചാത്തന്‍മാസ്റ്റര്‍ (കിളിമാനൂര്‍), കെ. ചാത്തുണ്ണി മാസ്റ്റര്‍ (ബേപ്പൂര്‍), എസ്. ദാമോദരന്‍ (മാരാരിക്കുളം), കെ. ആര്‍. ഗൗരി (അരൂര്‍), എ.വി.കുഞ്ഞമ്പു (പയ്യന്നൂര്‍), വി.വി.കുഞ്ഞമ്പു (നീലേശ്വരം), ഇ.കെ. നായനാര്‍ (ഇരിക്കൂര്‍), പിണറായി വിജയന്‍ (കൂത്തുപറമ്പ്), സി.ജി. പണിക്കര്‍ (ശ്രീകൃഷ്ണപുരം). പി.ജി. പുരുഷോത്തമണ്‍പള്ള (ചെങ്ങന്നൂര്‍).എം. സത്യനേശന്‍ ( പാറശാല) തുടങ്ങിയവരായിരുന്നു സഭയിലെ സി.പി.എം. പ്രമുഖര്‍.
അടിയന്തരാവസ്ഥാ കാലത്ത് നിയമസഭയ്ക്ക് മൂന്ന് സ്പീക്കര്‍മാരുണ്ടായി. കെ.മൊയിദീന്‍കുട്ടി ഹാജിയും(1970 ഒക്‌ടോബര്‍ 22-1975 മെയ് 8), ടി.എസ്. ജോണും (1976 ഫെബ്രുവരി 17 -1977 മാര്‍ച്ച് 25) വിവിധ കാലങ്ങളില്‍ സഭ നിയന്ത്രിച്ചു. ഡപ്യൂട്ടി സ്പീക്കറായിരുന്ന ആര്‍.എസ്. ഉണ്ണിക്കായിരുന്നു 1975 മെയ് 9 മുതല്‍ 1976 ഫെബ്രുവരി 16 വരെ സ്പീക്കറിന്റെ ചുമതല. ഈ സമയത്ത് എന്‍.എന്‍. വാന്‍ചൂവായിരുന്നു ഗവര്‍ണര്‍ (1973 ഏപ്രില്‍ 1- 1977 ഒക്‌ടോബര്‍ 10).
ഭരണഘടനാപരമായി 1975 ഒക്‌ടോബര്‍ 21 വരെയായിരുന്നു സഭയുടെ കാലാവധി. കേരളത്തില്‍ സെപ്റ്റംബറില്‍ നടക്കേണ്ട തിരുഞ്ഞടുപ്പ് ആറുമാസം നീട്ടാന്‍ കേന്ദ്ര മന്ത്രിസഭ 1975 ജുലൈയില്‍ തീരുമാനിച്ചു. ഇന്ത്യയില്‍ ആദ്യമാണ് ഒരു സംസ്ഥാന നിയമസഭയുടെ കാലാവവധി നീട്ടുന്നത്. ഇതിന് 1976 സെബ്റ്റംബര്‍ 21 ന് ലോക്‌സഭ അംഗീകാരം നല്‍കി.
1975 ജൂലൈ 30- 31, ഓഗസ്റ്റ് 4- 9, 1976 ഫെബ്രുവരി 13-27, മാര്‍ച്ച് 1-31, ഏപ്രില്‍1-23, ഒക്‌ടോബര്‍ 11-19, ഡിസംബര്‍ 20- 23 തീയതികളിലായി അടിയന്തരാവസ്ഥ കാലത്ത് നിയമസഭ സമ്മേളിച്ചു. വിവിധഘട്ടങ്ങളിലായി എഴുപതുദിവസങ്ങളോളം സഭ ചേര്‍ന്നു. അതില്‍ 16 ദിവസം സഭയില്‍ അടിയന്തിരാവസ്ഥയെപ്പറ്റിയോ അതുമായി ബന്ധപ്പെട്ട സാമൂഹ്യ സാഹചര്യങ്ങളെപ്പറ്റിയോ ഒരു പരാമര്‍ശം പോലും ഉണ്ടായില്ല. ആകെ മൂന്ന് ദിവസം മാത്രമാണ് അടിയന്തിരാവസ്ഥയെപ്പറ്റി ഗൗരവമുള്ള ചര്‍ച്ചകള്‍ നടന്നിട്ടുള്ളത്. തടവുകാരുടെ എണ്ണം, പോലീസുകാരുടെ മര്‍ദനം തുടങ്ങിയവയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ മാത്രമാണ് ബാക്കിയുള്ള ദിവസങ്ങളില്‍ ഉണ്ടായത്. പ്രതിപക്ഷ നേതാവായ ഇ.എം.എസ്. അടിയന്തരാവസ്ഥയ്‌ക്കെതിരെ ഗൗരവത്തോടെ സംസാരിച്ചത് മൂന്ന് ദിവസം മാത്രം. കാര്യമായ ഒരു പ്രതിഷേധവും സഭയില്‍ ഉണ്ടായില്ല എന്നര്‍ത്ഥം. ഒരിക്കല്‍ ഗവര്‍ണറുടെ പ്രസംഗം ബഹിഷ്‌കരിച്ചു. മറ്റൊരിക്കല്‍ മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെയും പ്രതിപക്ഷം സഭ വിട്ടിറങ്ങി. എന്നാല്‍ ഒരു മുദ്രാവാക്യവും മുഴങ്ങിയില്ല.
അടിയന്തരാവസ്ഥകാലം മുഴുന്‍ സഭയുടെ കാര്യങ്ങള്‍ തടസ്സമില്ലാതെ മുറപോലെ നടന്നു. അക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ സഹകരണം വേണ്ടുവോളമുണ്ടായിരുന്നു താനും.
അടിയന്തിരാവസ്ഥ വാഴ്ത്തപ്പെടുന്നു
അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിനുശേഷം ആദ്യം കൂടുന്ന നിയമസഭാ സമ്മേളനത്തില്‍ ( 1975 ജൂലൈ 31) തന്നെ ഭരണപക്ഷ അംഗങ്ങള്‍ ഇന്ദിരാഗാന്ധിയെയും നയസമീപനങ്ങളെയും വാഴ്ത്തി. അടിയന്തരാവസ്ഥ ആവശ്യമാണ് എന്ന നിലപാടിലായിരുന്നു ഭരണപക്ഷം.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടിട്ടുള്ള ഇരുപതിന സാമ്പത്തിക പരിപാടികള്‍ ദൃുതഗതിയില്‍ ജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിന് 15 കോടിയില്‍ പരം രൂപ സപ്ലിമെന്റ് ഗ്രാന്റ് അനുവദിക്കണമെന്ന് ധനമന്ത്രി കെ.ജി.അടിയോടി സഭയോട് ആവശ്യപ്പെട്ടു. ഈ ചര്‍ച്ചയില്‍ ഇടപെട്ട് എം. കുഞ്ഞുകൃഷ്ന്‍ നാടാര്‍ ഭരണപക്ഷത്തിന്റെ സമീപന രീതി വ്യക്തമാക്കി. ''കഴിഞ്ഞ 27 വര്‍ഷമായി നാം പ്രവര്‍ത്ത സ്വാതന്ത്ര്യം, പ്രസംഗ സ്വാതന്ത്ര്യം പ്രസിദ്ധീകരണ സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള വിവിധ സ്വാതന്ത്ര്യങ്ങളും അനുഭവിക്കുന്നുണ്ടായിരുന്നു. ഈ സ്വാതന്ത്ര്യത്തിലെ ലഹരിയില്‍ ഒരു കൂട്ടം ആളുകള്‍ ആ സ്വാതന്ത്ര്യത്തെ ദു:സ്വാതന്ത്ര്യമാക്കി മാറ്റി എന്നുള്ളതാണ് വസ്തുത. രാജ്യത്തിന്റെ സ്വാതന്ത്ര്യം അപകടപ്പെടുത്തുന്നതിന,് മറ്റ് രാഷ്ട്രങ്ങള്‍ക്ക് നമ്മുടെ രാജ്യത്തെ അടിമപ്പെടുത്തുന്നതിന് ഒരു വിഭാഗക്കാര്‍ ശ്രമിച്ചുകൊണ്ടിരുന്നു, കൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. ഇവിടെ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം രാജ്യവ്യാപകമായി തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.ഇതിനെല്ലാം പരിഹാരമായിട്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്''.
ടി.എ. പരമന്‍ എം.എല്‍. എയുടെ വാദവും ഇങ്ങനെയായിരുന്നു: ''
നമ്മുടെ നാട്ടില്‍ അമ്പലങ്ങളിലെല്ലാം പ്രതിഷ്ഠിക്കുന്നതിനുവേണ്ടി ബിംബം ഉണ്ടാക്കാനായി കൃഷ്ണശില എടുക്കുന്നത് നമ്മുടെ പറമ്പുകളില്‍ നിന്ന് തന്നെയാണ്. പക്ഷേ അമ്പലങ്ങളില്‍ വിഗ്രഹമായി എടുത്തുവയ്ക്കുന്നതിനു മുമ്പായി പറമ്പില്‍ കിടക്കുന്ന ശിലയെടുത്ത് പൂജാദി കര്‍മങ്ങളും മന്ത്രങ്ങളും എല്ലാം കഴിച്ച് ശുദ്ധീകരിച്ചശേഷം മാത്രമേ അമ്പലങ്ങളില്‍ വയ്ക്കുകയുള്ളൂ. ഇപ്പോള്‍ അടിയന്തരാധികാരം ഉപയോഗിച്ച് പോലീസ് കൈക്കൊളുന്ന നടപടികളെല്ലാം ജനോപകാര പ്രദമായിട്ടുള്ളതും ജനങ്ങളുടെ മുന്നില്‍ ചെയ്യുന്ന പൂജാവിധികളുമാണ്. ആ പൂജാവിധി ചെയ്യാനുള്ള കൃഷ്ണശിലയാണ് നമ്മുടെ പോലീസ്''. ഫലത്തില്‍ ഭരണപക്ഷത്തിന്റെ അടിയന്തരാവസ്ഥ പുകഴ്ത്തലുകളില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം ദുര്‍ബലമായിപ്പോലും മുഴങ്ങിക്കേട്ടില്ല.
സഭയില്‍നിന്ന് രണ്ട് ഇറങ്ങിപ്പോകലുകള്‍
അടിയന്തിരാവസ്ഥ കാലത്ത് രണ്ട് പ്രതിഷേധങ്ങള്‍ക്കേ നിയമസഭ സാക്ഷ്യം വഹിച്ചുള്ളൂ. രണ്ടു തവണയും പ്രതിപക്ഷം സഭ വിട്ടിറങ്ങി. പക്ഷേ, രണ്ടും പേരിനുമാത്രമുള്ള നടപടികളായിരുന്നു.
ആദ്യത്തേത് 1976 ഫെബ്രുവരി 13 നായിരുന്നു. വൈകിട്ട് അഞ്ചിന് സഭ കൂടി. ഗവര്‍ണറുടെ പ്രസംഗമാണ് മുഖ്യ ചടങ്ങ്. സഭ സമ്മേളിച്ചയുടന്‍ ഇ.എം.എസ്. ശങ്കരന്‍ നമ്പൂതിരിപ്പാട് തന്റെ പ്രസ്താവന വായിച്ചു: '' സര്‍. 12 പ്രതിപക്ഷ എം.എല്‍.എമാരുടെ പേരില്‍ തടങ്കല്‍ ഉത്തരവ് പാസാക്കിയിരിക്കുകയാണ്. അതില്‍ 10 പേര്‍ ജയിലിലാണ്. രണ്ടുപേരുടെ പേരില്‍ ഗസ്റ്റ് നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ 12 പേര്‍ എന്നു പറഞ്ഞാല്‍ പ്രതിപക്ഷ എം.എല്‍.എ മാരില്‍ 25 ശതമാനത്തിലധികം വരും. ഇത്രയും പേരെ ജയിലിനകത്തുവച്ചുകൊണ്ടും അവരുടെ മേല്‍ തടങ്കല്‍ തടവ് കല്‍പ്പന തുടര്‍ന്നുകൊണ്ടുമാണ് ഈ സമ്മേളനം നടത്തുന്നത്. അതു കൂടാതെ കഴിക്കുന്നതിനുവേണ്ടി അങ്ങേക്ക് എഴുതിയിരുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത് എഴുതിയിരുന്നു. അതിനൊന്നും അനുകൂല പ്രതികരണമല്ല ഉണ്ടായിട്ടുള്ളത് എന്ന കാരണത്താല്‍ അങ്ങയോട് യാതൊരു ബഹുമാനക്കുറവും കാണിക്കാതെ തന്നെ ഈ പ്രസംഗത്തില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോകാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്''
ഒരു മെമ്മേറോണ്ടം ഗവര്‍ണ്ണര്‍ക്ക് നല്‍കിയതിനുശേഷം സി.പി.എം. അംഗങ്ങള്‍ സഭവിട്ടു പുറത്തേക്കുപോയി. തുടര്‍ന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെയും മുസ്ലിംലീഗ് (പ്രതിപക്ഷ ലീഗ്) പാര്‍ട്ടിയിലെയും കേരള സോഷ്യലിസ്റ്റ്പാട്ടിയിലെയും അംങ്ങളും സഭ വിട്ടിറങ്ങി. കെ. ഹര്‍ഷല്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒ), ഹൈദ്രോസ് ഹാജി, പെണ്ണമ്മ ജേക്ക്ബ് (സ്വതന്ത്ര അംഗങ്ങള്‍) സഭ വിട്ടു പുറത്തുപോയി. വൈകാതെ ഗവര്‍ണര്‍ തന്റെ പ്രസംഗം ആരംഭിച്ചു.
രണ്ടാമത്തെ പ്രതിഷേധം 1976 ഒക്‌ടോബര്‍ 15 നായിരുന്നു. 'കരുതല്‍ തടങ്കലില്‍ കഴിയുന്ന ചില നേതാക്കന്‍മാര്‍ നിരാഹാരസത്യാഗഹം അനുഷ്ഠിച്ചതിനെ തുടര്‍ന്ന ഉളവാക്കയിരുന്ന ഗുരുതരാവസ്ഥ ചര്‍ച്ച ചെയ്യുന്നതിന് ഇന്നത്തെ സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട്' റൂള്‍ 50 അനുസരിച്ച് എ.വി.കുഞ്ഞമ്പു. ടി.കെ.കൃഷ്ണന്‍ ഗൗരി, പി.ജി. പുരുഷോത്തന്‍മന്‍ പിള്ള എന്നിവര്‍ നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ ആഭ്യന്തര മന്ത്രി കരുണാകരന്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ തന്റേതായ രീതിയില്‍ വ്യഖ്യാനിച്ച് സംസാരിച്ചു. സഭനിര്‍ത്തിവച്ച് നോട്ടീസില്‍ പറയുന്ന കാര്യം ചര്‍ച്ച ചെയ്യുന്നത് പൊതുതാല്‍പര്യത്തിന് എതിരാണെന്നും ഈ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കണം എന്നും കരുണാകരന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.
''ബഹുമാനപ്പെട്ട മന്ത്രിയുടെ വിശദീകരണത്തിന്റെ വെളിച്ചത്തില്‍ ഇന്നത്തെ സഭാ നടപടികള്‍ നിര്‍ത്തിചച്ച ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് കരുതി അടിയന്തര പ്രമേയത്തിന് ഞാന്‍ അനുമതി നിഷേധിക്കുന്നു'' എന്ന് സ്പീക്കറുടെ റൂളിങ്ങ് ഉണ്ടായി. ഉടനെ കെ. ആര്‍. ഗൗരി എഴുന്നേറ്റ് ' മന്ത്രിയുടെ മറുപടി തൃപ്തികരമല്ലാത്തതുകൊണ്ട് അതില്‍ പ്രതിഷേധിച്ച് ഞങ്ങള്‍ സഭയില്‍ നിന്ന് വോക്കൗട്ട് ചെയ്യുന്നു'എന്നറിയിച്ചു. ഗൗരിയും പ്രതിപക്ഷ പാര്‍ട്ടി മെമ്പര്‍മാരും നിശബ്ദം സഭയില്‍ നിന്നിറങ്ങിപ്പോയി. ഈ രണ്ട് സംഭവങ്ങള്‍ക്കപ്പുറം മറ്റൊരു പ്രതിഷേധം സഭയില്‍ അടിയന്തരാവസ്ഥ നാളില്‍ കണ്ടില്ല.
നിയമസഭയുടെ അധികാരം
സ്വന്തം 'ആയുസി'നെപ്പറ്റി അറിവോ അത് നിശ്ചയിക്കാന്‍ കഴിവോ നിയമസഭയ്ക്കുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് നടത്തുന്നത് രണ്ടുവട്ടം പാര്‍ലമെന്റ് നീട്ടി വച്ചു. കേരളത്തില്‍ നിയമസഭയുടെയും മന്ത്രിസഭയുടെയുംകാലാവധി എത്രകാലം ഉണ്ടെന്നോ, അത് നീളുന്നത് ധാര്‍മികമായി ശരിയാണോ എന്നിങ്ങനെയുള്ള കാര്യത്തെപ്പറ്റി ഒരു ചര്‍ച്ചപോലും നിയമസഭയില്‍ സാധ്യമാകുമായിരുന്നില്ല. അത് ചര്‍ച്ച ചെയ്യാന്‍ സഭയ്ക്ക് അധികാരമില്ലെന്നാണ് സ്പീക്കര്‍ റൂളിംഗ് നല്‍കിയിരുന്നത്.
1976-77 നടപ്പുവര്‍ത്തിലേക്ക് ഗവണ്‍മെന്റിന് ചെലവു ചെയ്യാന്‍ അധികാരം നല്‍കുന്ന ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ ഇടപെട്ട് ഇ.എം.എസ്(1976 ഏപ്രില്‍ 23 ന്) ഇങ്ങനെ ചോദിച്ചു: '' ഈ ഒരു വര്‍ഷക്കാലം മുഴുന്‍ ഈ ധനകാര്യമന്ത്രിയായും ഈ മന്ത്രിസഭ മന്ത്രിസഭയായും നമ്മളെല്ലാം ഈ നിയമസഭയായും തുടരുമോ? അത് വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണ്. എന്തുകൊണ്ടെന്നാല്‍ ഈ മന്ത്രിസഭയും ഈ നിയമസഭയും ഇപ്പോള്‍ തന്നെ തുടരുന്നത് കൃത്രിമമായി നല്‍കപ്പെട്ട ജീവനോട്കൂടിയാണ്. രണ്ടു പ്രാവശ്യം ഇതിന്റെ ആയുസ് നീക്കക്കൊടുത്ത് കഴിഞ്ഞു. അത് കഴിഞ്ഞിട്ട് ഇനിയും നീട്ടിക്കൊടുക്കുമോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഈ സഭയ്‌ക്കോ ഈ മന്ത്രിമാര്‍ക്കോ സാധ്യമല്ല.''
കാലാവധിയെപ്പറ്റി മാത്രമല്ല എപ്പോഴൊക്കെ സമ്മേളിക്കണമെന്നതിലുംനിയമസഭയ്ക്ക് അവ്യക്തയായിരുന്നു ഉണ്ടായിരുന്നത്. പലപ്പോഴും സ്പീക്കറുള്‍പ്പടെയുള്ളവര്‍ ഇരുട്ടില്‍ തപ്പി. നിയമസഭ കൂടുന്നു എന്ന അറിയിപ്പ് 1975 ഓഗസ്റ്റ് ആദ്യം അംഗങ്ങള്‍ക്ക് കിട്ടി. അതു കിട്ടി 36 മണിക്കൂറുകള്‍ക്കുശേഷം വീണ്ടും നോട്ടിസ്. 24 മണിക്കൂര്‍ സമയം നല്‍കിക്കൊണ്ട് സഭ ചേരുന്നു എന്നായിരുന്നു അത്. നിയമസഭ 'അനിശ്ചിത കാലത്തേക്ക് പിരിയുന്നു' എന്ന് ഓഗസ്റ്റ് അഞ്ചിന് സ്പീക്കര്‍ അറിയിച്ചു. പക്ഷേ മൂന്ന് മണിക്കൂറുകള്‍ക്കകം അംഗങ്ങള്‍ക്ക് വീണ്ടും നോട്ടീസ് കിട്ടി. സഭ വീണ്ടും സമ്മേളിക്കുന്നു; ഓഗസ്റ്റ് എട്ട് മുതല്‍. ഇങ്ങനെ നിലനിന്ന അനിശ്ചിതത്വത്തെ ഇ.എം.എസ്. വിമര്‍ശിച്ചു: '' സിനാ ഡേ എന്ന് അങ്ങ് പ്രഖ്യാപിച്ച് എന്തുകൊണ്ട്? സാര്‍ അങ്ങനെ തന്നെ സിനാ ഡേ എന്നു പറഞ്ഞു കഴിഞ്ഞ് രണ്ടുമൂന്നു മണിക്കൂറിനകത്ത് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ട ഗതികേടില്‍ അങ്ങയെക്കൊണ്ടെത്തിച്ചത് ആരാണ്? ഇന്ന് ഈ പ്രയേം അവതരിപ്പിച്ച ഈ മന്ത്രിയുടെ തന്നെ അഖിലേന്ത്യാ പാര്‍ട്ടിയാണ്'' (1975 ഓഗസ്റ്റ് 9)
നിയമസഭ നേരിട്ട സെന്‍സറിംഗ്
നിയമസഭയിലെ നടപടികള്‍ പലപ്പോഴും സെന്‍സറിംഗിന് വിധേയമായി. പലതും പത്രങ്ങളില്‍ വരാന്‍ അനുവദിക്കപ്പെട്ടില്ല. ജനാധിപത്യ മൂല്യങ്ങളുടെ ഭാഗമായി അതുവെര അംഗീകരിക്കപ്പെട്ടിരുന്നതാണ് നിയമസഭാ നടപടികളും കോടതി നടപടികളും പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാം എന്നത്.
1976 ഫെബ്രവുരി 18 ന് പ്രതിപക്ഷം സ്പീക്കറുടെ മുന്നില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചു. സഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ സംബന്ധിച്ച് പുതിയ സംവിധാനം ഉണ്ടാക്കണമെന്നായിരുന്നു അപേക്ഷ. സഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയതെങ്കിലും പ്രതിപക്ഷനിന്നുള്ള വിമര്‍ശനങ്ങളൊന്നും പ്രസിദ്ധീകരിക്കാന്‍ സെന്‍സര്‍ അനുവദിച്ചിരുന്നില്ല. അതിനെതിരെ നല്‍കിയ അപേക്ഷയെപ്പറ്റി, തൊട്ടടുത്ത ദിവസം കൂടിയ സമ്മേളനത്തില്‍ ഇ.എം.എസ്് ഇങ്ങനെ പറഞ്ഞു: ''പ്രതിപക്ഷം ഉന്നയിച്ച ചില പ്രശ്‌നങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചില്ലെന്ന ഒരു അസത്യ പ്രസ്താവനയും ഒരു പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പത്രത്തിന്റെ പേരില്‍ പ്രിവിലേജ് കൊടുക്കുന്നകാര്യം ഞങ്ങള്‍ ആലോചിക്കുന്നുണ്ട്''. പക്ഷേ സ്പീക്കര്‍ ആ സംസാരം തുടരാന്‍ അനുവദിച്ചില്ല. '' അത് നിയമസഭയുടെ പരിധിയില്‍ പെട്ട കാര്യമല്ല. ഗവണ്‍മെന്റാണ് സെന്‍സര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്''എന്നായിരുന്നു മറുപടി
മറ്റൊരിക്കല്‍ പ്രതിപക്ഷ നേതാവ് ചോദിച്ചു: ''ഇവിടെ മന്ത്രിമാര്‍ നാലുപേര്‍ പ്രസംഗിച്ചു. മന്ത്രിമാരുടെ പ്രസംഗങ്ങള്‍ സെന്‍സറിംഗ് കഴിഞ്ഞ് പ്രസിദ്ധീകരിച്ചു. മന്ത്രിമാരല്ലാത്ത എം.എല്‍.എ.മാരുടെ പ്രസംഗങ്ങള്‍ ഒന്നും പ്രസിദ്ധീകരിക്കരുതെന്ന് വ്യവസ്ഥയുണ്ടെങ്കിലും മി. ആന്റണിയുടെ പ്രസംഗം പ്രസിദ്ധീകരിച്ചു. ഇതാണോ ജനാധിപത്യം?''
നിയമസഭയില്‍ ഒരു ചര്‍ച്ചയ്ക്കിടെ ഇ.എം.എസ്് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയോട് ചോദിച്ചു: ''അങ്ങ് വാചാലമായി എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നു. ഞങ്ങളുടെ ഉത്തരം കൂടി പറഞ്ഞാല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുമോ?' മറുപടി ഇങ്ങനെയായിരുന്നു. 'ഒളിവില്‍ പോകാം'. നിലവിലുള്ള പോലീസ്‌രാജിനെ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ അദ്ദേഹം വിരട്ടി.
ജയിലില്‍ കിടക്കുന്ന തടവുകാരെ വിടുന്ന കാര്യത്തില്‍ ഈ ഗവണ്‍മെന്റ നയം എന്താണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി കോട്ടയത്തുവച്ച് പ്രസ്താവന പുറപ്പെടുവിച്ചു. പക്ഷേ അത് പ്രസിദ്ധീകരിക്കാന്‍ സെന്‍സര്‍ അനുവദിച്ചില്ല. ഗവണ്‍മെന്റിന്റ നയം എന്താണെന്ന വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി ചെയ്തിട്ടുള്ള മറ്റൊരു പ്രസ്താവനയും സെന്‍സര്‍ ചെയ്യപ്പെട്ടു.
നക്‌സലൈറ്റുകള്‍ ആരുടെ സൃഷ്ടി (ശിഷ്യര്‍)?
ഭരണകൂടവും നിയമസഭയും പ്രതിപക്ഷവുമെല്ലാം അടിയന്തരാവസ്ഥയില്‍ ഭയത്തോടെ കണ്ടത് നക്‌സലൈറ്റുകളെയാണ്. നക്‌സലൈറ്റുകളെ അടിച്ചമര്‍ത്തണം എന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടുമായിരുന്നു. നക്‌ലൈറ്റുകളെ അടിച്ചമര്‍ത്തേണ്ടതാണ് എന്ന കാര്യത്തില്‍ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന് അഭിപ്രായവ്യത്യാസമില്ലായിരുന്നു. തങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ മാത്രമായിരുന്നു എതിര്‍പ്പ്. ഇ.എം.എസിന് ആഭ്യന്തരമന്ത്രി കരുണാകരനോടുണ്ടായ അഭിപ്രായ വ്യത്യാസംനക്‌സലൈറ്റുകള്‍ ആരുടെ സൃഷ്ടിയാണ് എന്നതിലായിരുന്നു. ഇരുവരും പരസ്പരം ആരോപണങ്ങള്‍ ചൊരിഞ്ഞു.
1976 ഏപ്രില്‍ 23 ന് സഭയില്‍, ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇ.എം.എസ് പറഞ്ഞു: ''ഇപ്പോള്‍ നക്‌സലൈറ്റുകളെ വേട്ടയാടാനെന്ന പേരില്‍ ആരെയൊക്കെയാണ് പിടിക്കുന്നത്? എന്തെല്ലാമാണ് ചെയ്യുന്നത്? നക്‌സലൈറ്റുകാരുമായി എന്തെങ്കിലും തരത്തില്‍ ബന്ധപ്പെട്ടു എന്നുള്ള കാരണം പറഞ്ഞ് നൂറുകണക്കിനാളുകളെ അറസ്റ്റ് ചെയ്യുകയും നക്‌സലൈറ്റ് നേതാക്കളെ അറസറ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയാതിരിക്കുകയും ചെയ്യുന്നതില്‍ സംശയകരമായി എന്തോ ഉണ്ട് എന്ന് ഞങ്ങള്‍ക്ക് തോന്നിയാല്‍ അതിന് നിങ്ങള്‍ ഞങ്ങളെ കുറ്റപ്പെടുത്തരുത്. ഈ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍, നക്‌സലൈറ്റുകാരുടെ സംഘാടകന്‍ ആണെന്നു പറയപ്പെടുന്ന വേണുവിനെ പലവിധത്തിലൂം സഹായിച്ചു എന്നുള്ളതിന്റെ പേരില്‍ എത്രയോ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതെല്ലാം ചെയ്യാന്‍ കഴിവുള്ള പോലീസീന് വേണുവിനെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. വേണുവും മറ്റൊരാളും മാത്രം അറിയുന്നതായിട്ടുള്ള കാര്യത്തെ ആസ്പദമാക്കി ആ ആളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപ്പോള്‍ സ്വാഭാവികമായും സംശയമുണ്ടാകുക വേണുവും പോലീസും തമ്മില്‍ ബന്ധമുണ്ടെന്നാണ്. ആ സംശയമുണ്ടെന്ന് ഞാന്‍ ഇവിടെ തുറന്നു പറയട്ടെ. ഈ രാജ്യത്തെ ജനലക്ഷങ്ങളെ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുള്ള ഞങ്ങളെ നശിപ്പിക്കാന്‍ വേണ്ടി നക്‌സലൈറ്റുകാരെ ഒരായുധമായി നിങ്ങള്‍ ഉപയോഗികക്കുായണ്. ഞങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയാന്‍ ഞങ്ങള്‍ നിങ്ങളുടെ നയത്തെ ആക്ഷേപിക്കുന്നതോടൊപ്പം തന്നെ നക്‌സലൈറ്റുകാരുടെ നയത്തെയും അധിക്ഷേപിക്കും.''
പക്ഷേ കരുണാകരന്‍ തിരിച്ചടിച്ചു. ''നക്‌സലൈറ്റ് പ്രസ്ഥാനമെന്നല്ല, അടിയന്തരിവാസ്ഥയ്‌ക്കെതിരായി, ഇരിപതിന സാമ്പത്തിക പരിപാടി പ്രാവര്‍ത്തികമാക്കുന്നതിനെതിരായി, ഈ സംസ്ഥാനത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാവരെയും ഒതുക്കാന്‍ ഈ സംസ്ഥാന ഗവണ്‍മെന്റിന് സാധിച്ചിട്ടുണ്ടെന്ന് ഞാന്‍ അഭിമാനപൂര്‍വം പറയുകയാണ് സാര്‍. ഈ നിലയില്‍ തന്നെ തുടരുകയാണെങ്കില്‍ പലതും സംഭവിച്ചേക്കുമെന്ന് പ്രതിപക്ഷ നേതാവ് ഒരു ഭീഷണി മുഴക്കുകയുണ്ടായി. ആ ഭീഷണി,ആ വെല്ലുവിളി സ്വീകരിക്കാന്‍ ഈ ഗവണ്‍മെന്റ് തയ്യാറാണ്. അതിനെ നേരിടാനും തയ്യാറാണ്....ശ്രീ നമ്പതിരിപ്പാട് തന്നെ ഒരു കാലത്ത് തന്റെ ആത്മ ശിഷ്യന്‍മാരാന്നെ കരുതിപ്പോന്ന ആളുകളാണ് ഈ നക്‌സലൈറ്റുകളായിപ്പോയിട്ടുള്ളത്. ആശാന്‍ ഇങ്ങനെ പഠിപ്പിച്ച് പഠിപ്പിച്ച് ശിഷ്യന്‍മാര്‍ ചിലത് മനസ്സിലാക്കി. പക്ഷേ ഇത് ആശാന്റെ നേരെ തന്നെ പ്രയോഗിക്കുമെന്നുള്ളതാണ് സത്യം. ഏതായാലും ഒന്നു മാത്രമേ ഞാന്‍ ബറയുന്നുള്ളൂ. ഇനിയും സമയമുണ്ട്. ശ്രീ.നമ്പൂതിരിപ്പാട് ആലോചിക്കണം. ആലോചിച്ച് സഹകരിക്കണം. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ആപത്തായ നിലയില്‍ നക്‌സലൈറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഉള്ള അനുവാദം ഈ ഗവണ്‍മെന്റ് നല്‍കുകയില്ല. അവരുടെ ഈ നടപടികളെ ഗവണ്‍മെന്റ് ശക്തമായി നേരിടുക തന്നെ ചെയ്യുമെന്ന് ആവര്‍ത്തിച്ചു പറയാന്‍ ഞാനാഗ്രഹിക്കുകയാണ്''.
മുമ്പും കരുണാകരന്‍ നക്‌സലൈറ്റുകളെപ്പറ്റി അതേ വാദം ഉന്നയിച്ചിരുന്നു.'' ഈ നമ്പൂതിരിപ്പാടിന്റെ ശിഷ്യഗണങ്ങളാണ് തലശ്ശേരിയിലും പുല്‍പ്പളളിയിലും മറ്റ് പല സ്ഥലത്തും പലതും നടത്തിയത്. തല റോഡില്‍ വച്ച, ശിഷ്യഗണങ്ങളുള്ള ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം, അത്തരം ശിഷ്യ ഗണങ്ങള്‍ ഈ രാജ്യത്ത് ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കും, ആഭ്യന്തര സുരക്ഷിതത്വം ഇല്ലാതാക്കും'' (1976 ഫെബ്രുവരി 20). ഇ.എം.എസ്. ഇങ്ങനെ മറുപടി പറഞ്ഞു: '' സാര്‍ ഇത് സത്യ വിരുദ്ധമാണ്. മന്ത്രി തന്നെ പ്രലോഭനം കൊടുത്ത് സ്വാധീനിപ്പിച്ചെടുത്ത നക്‌സലൈറ്റുകള്‍ ആയിരുന്നു. എന്റെ പാര്‍ട്ടിക്കാര്‍ ആയിരുന്നില്ല അത്''.
നമ്പൂതിരിപ്പാടിന്റെ പരാജയപ്പെട്ട പ്രതിപക്ഷം
1975 ഓഗസ്റ്റ് 9 ന് വക്കം പുരുഷോത്തമന്‍ (തൊഴില്‍, നിയമ മന്ത്രി)
ന് ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനുവേണ്ടിയുള്ള പ്രമേയം സഭയില്‍ അവതരിപ്പിച്ചു. ഭരണഘടനയുടെ 368 അനുസിച്ച് ഭരണഘടനയിലുള്ള ചില ആര്‍ട്ടിക്കിളില്‍ ഭേദഗതി വരുത്തണമെങ്കില്‍ ആ ഭേദഗതി പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കണം. തുടര്‍ന്ന് പ്രസിഡന്റ് അനുമതിക്ക് സമര്‍പ്പിക്കുന്നതിന് മുമ്പ് ഇന്ത്യയിലെ പകുതിയില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ അത് അംഗീകരിക്കണം.
ആര്‍ട്ടിക്കിള്‍ 71 മാറ്റി എഴുതാനും ആര്‍ട്ടിക്കിള്‍ 329 നുശേഷം 329 (എ) എന്നൊരു ആര്‍ട്ടിക്കിള്‍ കൂടി എഴുതിചേര്‍ക്കാനുമായിരുന്നു പാര്‍ലമെന്റ് തീരുമാനിച്ചിരുന്നത്. ഈ ദേഭഗതി ഇന്ദിരാഗാന്ധിയുടെ പ്രധാനമന്ത്രി പദം ഉറപ്പിച്ചുനിര്‍ത്തുന്നതിനുവേണ്ടിയായിരുന്നു. പ്രധാനമന്ത്രിയായിരിക്കുകയും തെരഞ്ഞെുടപ്പിന് ശേഷം പ്രധാനമന്ത്രിയാകുന്നയാളുടെയും തെരഞ്ഞെടുപ്പ് കേസുകളില്‍ നിന്ന് ഒഴിവാക്കുന്നതാണ് ഭേദഗതി.
പ്രതിപക്ഷം ഈ ദേഭഗതി പ്രമേയത്തെ എതിര്‍ത്തു. ഇ.എം.എസ്. ഇങ്ങനെ പ്രതികരിച്ചു: '' പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷ കക്ഷികളില്‍ മിക്കതിന്റെയും നേതാക്കന്‍മാര്‍ ഇന്ന് അകത്താണ്.അവര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല.. കുറ്റം ചെയ്താല്‍ കോടതിയില്‍ കൊണ്ടുവരാം. കോടതിയില്‍ കൊണ്ടുവരാന്‍ ധൈര്യമല്ലാതെ, അതിനുവേണ്ട തെളിവില്ലാതെ അവരെ അകത്താക്കി. പത്രങ്ങളില്‍ കണക്കും പേരും ഒന്നും ഇടാന്‍ നിവൃത്തിയില്ലാത്തുകൊണ് എത്രയുണ്ടെന്ന് എനിക്ക് തിട്ടമായി പറയാന്‍ സാധ്യമല്ല. ലോക്‌സഭാ മെമ്പര്‍മാര്‍ 500 ല്‍ അധികം ഉള്ളതില്‍ അന്‍പത്, അറുപത് പേരെങ്കെിലും , പത്തുശതമാനം പേരെങ്കിലും ജയിലിനകത്താണ്. ഇത് മാത്രമോ. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പാര്‍ലമെന്റ് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തുകൂടെന്ന് നിയമം വന്നിട്ടുള്ളത്. ഇതും ജനാധിപത്യമാണെനന്നാണോ പറയുന്നത്. ഇത്രയും വലിയ ഒരു ജനാധിപത്യ കൊല നടന്നിട്ടുണ്ടോ? പാര്‍ലമെന്റ് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തുകൂടാ. എന്നു മാത്രമല്ല, ചില നിയമങ്ങളെ സംബന്ധിച്ചിടത്തോളം ആ നിയമത്തിലെ വ്യവസ്ഥകള്‍ എന്താണെന്നുപോലും പാസാക്കുന്നതുവെരെ പത്രത്തില്‍ കൊടുത്തുകൂടാ. എന്തുകൊണ്ട് ആ കാര്യങ്ങള്‍ക്കെല്ലാം ചര്‍ച്ച നടത്തിക്കൂടാ. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് എന്തുകൊണ്ട് ഈ കാര്യങ്ങളെല്ലാം സംബന്ധിച്ച ചര്‍ച്ച നടത്തിക്കൂടാ. ആ നിലയ്ക്ക് രാജ്യത്തെ ജനങ്ങളെ എന്തിന് ഭയപ്പെടുന്നു? മന്ത്രിക്ക് എന്തിനാണ് ഭയം.? ജനങ്ങള്‍ അറിയട്ടെ. ജനങ്ങള്‍ സജീവമായി പങ്കെടുക്കട്ടെ''
പക്ഷേ പ്രമേയം പാസായി. 63 പേര്‍ അനുകുലമായും 39 പേര്‍ എതിരായും വോട്ട് ചെയ്തു. രണ്ടുപേര്‍ നിപ്ക്ഷത പാലിച്ചു. വര്‍ക്കി വടക്കനും ബി. വെല്ലിംഗ്ടനുമാണ് നിഷ്പക്ഷത പാലിച്ചത്. സി.പി.ഐ അംഗങ്ങള്‍ പ്രമേയത്തിനനകൂലമായി വോട്ട് ചെയ്തു.
പ്രതിപക്ഷത്തിന്റെ സമരമാര്‍ഗങ്ങള്‍
നിയമസഭയ്ക്ക് പുറത്തും ജനാധിപത്യത്തിനുവേണ്ടിയുള്ള സമരം നയിക്കുന്നതില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പരാജയമായിരുന്നു. പക്ഷേ ഇടയ്ക്കിടയ്ക്ക് പക്ഷേ വീരവാദങ്ങള്‍ മുഴക്കി. ഒരിക്കല്‍ ഇ..എം.എസ് സഭയില്‍ പറഞ്ഞു. ''ഭരണഘടനാ വിധേയ മാര്‍ഗം മാത്രമല്ല. അതില്‍ മാത്രം കമ്മിറ്റഡ് അല്ല ഞങ്ങള്‍. ഈ പറഞ്ഞതിന് മന്ത്രി നല്‍കുന്നതാണ് അര്‍ത്ഥമെങ്കില്‍ എന്നെയും പിടിച്ച് അകത്താക്കാം.എന്റെ പാര്‍ട്ടിയെ നിയമവിരുദ്ധമാക്കാം. എന്തും മന്ത്രിക്കുചെയ്യാം. പക്ഷേ ഞാന്‍ അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു.''
ഈ വിഷയത്തില്‍ സംസാരം തുടരുമ്പോള്‍ ഇ.എം.എസ്. പറഞ്ഞു ''രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്‍മാരോട് എങ്ങനെ പെരുമാറുന്നു എന്നതാണ് പ്രശ്‌നം. അതുതന്നെയാണ് എം.പിയും എം.എല്‍.എയും ആയ ആളുകളുടെ കാര്യം. ഉദാഹരണത്തിന്് നാളെ എന്റെ എം.എല്‍.എ.സ്ഥാനം പോയി എന്നു വിചാരിക്കുക( ഈ നിലയില്‍ എം.എല്‍.എ.യായി തുടരുകയാണോ വേണ്ടത് എന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്)അന്ന് എന്റെ സ്ഥിതി എന്തായിരിക്കും?''.
പലപ്പോഴും പ്രതിപക്ഷത്തെ നയിച്ചിരുന്നത് ഭയമായിരുന്നു എന്നുവേണം കരുതാന്‍. പോലീസ് തങ്ങളെ എപ്പോള്‍ വേണമെങ്കിലും തേടി വരുമെന്ന ഭീഷണി തലയ്ക്കുമേല്‍ തൂങ്ങിയാടിയിരുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു അവരുടെ സംസാരം. കുറഞ്ഞപക്ഷം രേഖകള്‍ പറയുന്നത് അങ്ങനെയാണ്.
കരുണാകരന്റെ 'അധികാരസര്‍വ്വസ്വം'
നിയമസഭയിലും പുറത്തും കെ. കരുണാകരന്റെ സര്‍വാധിപത്യമാണ് നിലനിന്നിരുന്നത്. അധികാരത്തിന്റെ ഹുങ്കും ധാര്‍ഷ്ട്യവും പലപ്പോഴും സംസാരത്തില്‍ പ്രകടമായിരുന്നു. മുഖ്യമന്ത്രിയെ പലപ്പോഴും കരുണാകരന്‍ അപ്രസക്തനാക്കി മാറ്റി.
1976 ഫെബ്രവരി 17 ന് ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ചു: ''അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതിനുശേഷം 'മിസ' അനുസരിച്ച് കേരളത്തില്‍ എത്രപേരെ അറസ്റ്ററ് ചെയ്തു? ഇതില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എത്ര? 1976 ജനുവരി 30 ന് തടങ്കലില്‍ ഉള്ളവരുടെ പാര്‍ട്ടി തിരിച്ചുള്ള കണക്കും ജില്ല തിരിച്ചുള്ള കണക്കും വ്യക്തമാക്കാമോ?ഇതില്‍ എം.എല്‍.എമാര്‍ എത്ര; ആരെല്ലാം? 'മിസ' പ്രകാരം അറസ്്‌റ് ചെയ്യപ്പെട്ടവരില്‍ ആരെയെങ്കിലും പോലീസ് ലോക്കപ്പില്‍വച്ച് മര്‍ദിച്ചതായി പരാതി കിട്ടിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചു?''.
ആദ്യത്തെ അഞ്ചുചോദ്യങ്ങള്‍ക്കും ആഭ്യന്തര മന്ത്രി കെ. കരുണാകരന്‍ പറഞ്ഞ ഉത്തരം തീര്‍ത്തും നിഷേധാത്മകമായിരുന്നു: ''രാജ്യത്തിന്റെ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ നിര്‍വാഹമില്ല''.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷം പത്രങ്ങളുടെമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെപ്പറ്റി എം. മൊയ്തീന്‍കുട്ടി ഹാജി ചോദ്യമുന്നയിച്ചു.
പൊതു താല്‍പര്യത്തെ മുന്‍നിര്‍ത്തി ഇക്കാര്യം വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല എന്നായിരുന്നു കരുണാകരന്റെ മറുപടി.
പി.പി.കൃഷ്ണന്‍: ദേശാഭിമാനി പത്രത്തില്‍ ബ്ലിറ്റ്‌സിലും മറ്റും വന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞു എന്നുള്ള വിവരം ഗവണ്‍മെന്റിന്റെ ശ്രദ്ധിയില്‍ പെട്ടിട്ടുണ്ടോ?
കരുണാകരന്‍: സെന്‍സര്‍ ഏതെല്ലാം ന്യൂസാണ് തടഞ്ഞതെന്നും, ഏതെല്ലാം വിധത്തിലാണ് ന്യൂസ് പ്രസിദ്ധീകരിക്കേണ്ടത് എന്നും നിര്‍ദേശിച്ചതിനെ സംബന്ധിച്ചിടത്തോളം എന്നോട് ചോദിച്ചാല്‍ മറുപടി പറയാന്‍ പ്രയാസമാണ്.
അംഗങ്ങളുടെ പല ചോദ്യത്തിനും മുട്ടായുക്തിയാണ് കരുണാകരന്റെ മറുപടി.
കെ. ചാത്തുണ്ണിമാസ്റ്റര്‍ ചോദിച്ചു: ജൂണ്‍ 26-ാം തീയതിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 28-ാം തീയതിയാണ് നൂറുകണക്കിനാളുകളെ ഈ സ്‌റ്റേറ്റില്‍ നിന്ന് മിസ പ്രകാരം അറസ്റ്റ് ചെയ്തത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നാലു മാസക്കാലം ഉണ്ടാകാത്ത അടിയന്തരം സെപ്റ്റംബര്‍ 28-ാം തീയതി മുതല്‍ക്ക് വരാന്‍ എന്താണ് കാരണം?
കരുണാകരന്‍: അടിയന്തരാവസ്ഥയില്‍ പലതും സംഭവിക്കുന്നത് സമയം നോക്കിയില്ല.
കെ. സോമശേഖരന്‍നായര്‍: സോഷ്യലിസ്സ്് പാര്‍ട്ടിയില്‍ നിന്നും ഹാജരാകാതിരുന്ന നാല് എം.എല്‍.എ.മാര്‍ കാരാഗൃഹത്തിലാണെന്ന് പറഞ്ഞാല്‍ അത് സര്‍ക്കാര്‍ നിഷേധിക്കുമോ?
കരുണാകരന്‍: വെളിപ്പെടുത്താന്‍ പാടില്ലാത്ത കാര്യങ്ങളെ സംബന്ധിച്ച് വളച്ചുചോദിച്ചതുകൊണ്ടൊന്നും മറുപടി പറയാന്‍ പറ്റുകയില്ല.
മന്ത്രിസഭയിലാരെങ്കലും മിസയനുസരിച്ച് അറസ്സ്് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനും വെളിപ്പെടുത്താന്‍ സാധ്യമല്ലെന്നായിരുന്നു ഉത്തരം.
ഇ.എം.എസ്: പരസ്യമായി കോടതിയില്‍ നടന്നതായ വിചാരണയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍പോലൂം കോടതിയുടെ മേല്‍ പരമാധികാരം ഉണ്ടാകണമെന്ന് അവകാശപ്പെടുന്നതായ പാര്‍ലമെന്റി സ്ഥാപനങ്ങളില്‍ പറയുകയില്ലാ എന്നുള്ളത് എന്തൊരു നീതിയാണ് സാര്‍?
കരുണാകരന്‍: ഈ സഭയില്‍ വെളിപ്പെടുത്താവുന്നവ എല്ലാം വെളിപ്പെടുത്താന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നുണ്ട്.
ജോണ്‍ മാഞ്ഞൂരാന്‍: വെളിപ്പെടുത്താവുന്ന കര്യങ്ങള്‍ എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല എന്നാണ്? മനസില്ലെങ്കില്‍ അതു പറഞ്ഞാല്‍ മതി?
(കരുണാകരന്‍ പക്ഷേ അതിനു മറുപടി പറഞ്ഞില്ല)
സി.എസ്. ഗംഗാധരന്‍: തടവറയില്‍ എം.എല്‍.എ.മാര്‍ ഏത്ര എന്നു പറയുന്നതുകൊണ്ട് രാജ്യരക്ഷയെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞാല്‍ കൊളളാം?
കെ. കരുണാകരന്‍: രാജ്യരക്ഷയെ ഏതു നിലയില്‍ ബാധിക്കുമെന്നുള്ളത് ഗവണ്‍മെന്റ് തീരുമാനിക്കുന്നതാണ്. അത് ഗവണ്‍മെന്റിന്റെ അഭിപ്രായമാണ്.
1976 ഒക്‌ടോബര്‍ 13 നും കരുണാകരന്‍ ധാര്‍ഷ്ട്യത്തിന്റെ ചീട്ടുകള്‍ പുറത്തെടുത്തു. സഭയിലെ സംഭാഷണം ഇങ്ങനെയായിരുന്നു:
സി. ഗോവിന്ദപ്പണിക്കര്‍: മിസ പ്രകാരം സംസ്ഥാനത്ത് ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകരുടെ പേരില്‍ വാറണ്ടുണ്ടോ?
കരുണാകരന്‍: പൊതുതാല്‍പര്യശത്ത മുന്‍നിര്‍ത്തി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല.
ആര്‍.കൃഷ്ണന്‍: ഈ സഭയിലെ എത്ര അംഗങ്ങളുടെ പേരില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറയാന്‍ ദയവുണ്ടാകുമോ?
കരുണാകരന്‍: അതാണല്ലോ പറഞ്ഞത്, പൊതുതാല്‍പര്യത്തെ മുണ്‍നിര്‍ത്തി ഈ കാര്യങ്ങള്‍ വെളിപ്പെടത്താന്‍ നിര്‍വാഹമില്ലെന്ന്.
ടി.കെ. ചന്ദന്‍: വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ച ഏത്ര സംഭവങ്ങള്‍ ഈ വിദ്യാലയവര്‍ഷത്തില്‍ ഉണ്ടായിട്ടുണ്ട്? തിരുവനന്തപരും യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതായി പരാതിയുണ്ടായിട്ടുണ്ടോ?
കരുണാകരന്‍: പരാതിയുണ്ടായിട്ടില്ല.
ടി.കെ. ചന്ദന്‍: യൂണിവേഴ്‌സറ്റി കോളജിലെ വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതായി വല്ല പരാതിയും ലഭിച്ചിട്ടുണ്ടോ?
കരുണാകാരന്‍: പരാതി ഒന്നും കിട്ടിയിട്ടില്ലെന്നാണ് പറഞ്ഞത്.
ടി.കെ ചന്ദന്‍: അവിടെ പ്രതിപക്ഷത്തുള്ള വിദ്യാര്‍ത്ഥികളുടെ സംഘടന ജയിച്ചതുകൊണ്ട് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പോലീസ് പാര്‍ട്ടിക്കാര്‍ പോയി തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെടുകയും അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളെ പിടിച്ചു കസ്റ്റ്ഡിയില്‍ വയക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതികിട്ടിയിട്ടുണ്ടോ?
കരുണാകരണ്‍: പരാതി കിട്ടിയിട്ടില്ലെന്ന് പറഞ്ഞാല്‍ കിട്ടിയിട്ടില്ലെന്നാണ് അര്‍ത്ഥം.
ടി.കെ. ചന്ദന്‍: സംസ്‌കൃത കോളജിലെ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചതായി കേള്‍ക്കുന്നു. അതു ശരിയെല്ലെന്നാണോ ബഹുമാനപ്പെട്ട മന്ത്രി പറയുന്നത്?
കരുണാകരന്‍: പരാതി കിട്ടിയിട്ടില്ലെന്ന് പറഞ്ഞാല്‍ പിന്നെ അതും ശരിയാണോ ഇതും ശരിയാണോ എന്നു ചോദിച്ചാല്‍ എന്താണ് പറയേണ്ടത്.
ഒട്ടും മയമില്ലാതെയായിരുന്നു കരുണാകരന്‍ നിയമസഭയില്‍ സംസാരിച്ചിരുന്നത്. ഈ ധിക്കാരത്തെ ചോദ്യം ചെയ്യാനോ അവകാശലംഘന വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനോ പ്രതിപക്ഷം ശ്രമിച്ചില്ല.
അംഗങ്ങള്‍ ജയിലില്‍
അടിയന്തരാവസ്ഥാകാലത്ത് 12 പ്രതിപക്ഷ അംഗങ്ങള്‍ തടവിലാക്കപ്പെട്ടു. 1976 ഫെബ്രവരി 17 ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാനും ഈ അംഗങ്ങള്‍കഴിഞ്ഞില്ല. ആ സമയത്ത് പത്തുപേര്‍ തടവില്‍, രണ്ടുപേരെ പിടികിട്ടാപ്പുള്ളായി പ്രഖ്യപിക്കുകയും ചെയ്തിരുന്നു.
1970 ഫെബ്രുവരി 20 ന് ചാത്തുണ്ണിമാസ്റ്റര്‍ സഭയില്‍ സംസാരിക്കുന്നതനുസരിച്ച് കേരളത്തില്‍ 300 ഓളം മിസാ തടവുകാരുണ്ട്. 10 എം.എല്‍. എ. മാര്‍ ജയിലാണ്. വി.എസ്. അച്യുതാനന്ദന്‍, എ.പി.കുര്യന്‍, സി.ബി.സി. വാര്യര്‍, എസ്. ദാമോദരന്‍, പിണറായി വിജയന്‍ എന്ന് അഞ്ചു സിപി.എം എം.എല്‍.എ. മാരും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ കെ.എ. ശിവരാമഭാരതി, വി.കെ. ഗോപിനാഥന്‍, പി.ബി.ആര്‍. പിള്ള, തരലവടി ഉടമ്മന്‍, മുസ്ലീം ലീഗിലെ എം.എല്‍.എ സെയുദ് ഉമ്മര്‍ ബാഫക്കിതങ്ങള്‍ എന്നിവര്‍ ജയിലാണ്.അതിനു പുറമെ സി.പി.എം അംഗങ്ങായ 105 ആളുകളും ജയിലിണ്ട്. മൊത്തം 2800 ഓളം ആളുകള്‍ ജയിലില്‍ ഉണ്ടെന്നാണ് ചാത്തുണ്ണി മാസ്റ്റര്‍ സഭയില്‍ പറയുന്നത്. പക്ഷേ ആഭ്യന്തര മന്ത്രി ഒന്നും വെളിപ്പെടുത്താന്‍ കൂട്ടാക്കിയില്ല.
1976 ഏപ്രില്‍ 22 ന്റെ നിയമസഭാ രേഖകളില്‍ ഇങ്ങനെ കാണുന്നു: ''1971 ലെ മിസാ ആക്റ്റ് അനുസരിച്ച് എം.വി. രാഘവവനെ 20-4-1976 ന് 11.30 ന് അറസ്റ്റ് ചെയ്തു. അടുത്ത ദിവസം കണ്ണൂര്‍ ജയിലലേക്ക് അയച്ചു'' പറശ്ശിനിക്കടവില്‍ നിന്നാണ് രാഘവന്‍ അറസ്റ്റിലായത്.
1975 ഒക്‌ടോബര്‍ 28-ാം തീയതി പിണറായി വിജയനെ പോലീസ് കസ്റ്റഡിയല്‍ എടുത്തു. 30-ാം തീയതിയാണ് ലോക്കപ്പില്‍ കൊണ്ടുപോകുന്നത്. അറസ്റ്റിനെപ്പറ്റി സ്പീക്കറെ അറിയിച്ചതുമില്ല.
പിണറായി വിജയന്‍ എം.എല്‍.എയെ പോലീസ് ലോക്കപ്പില്‍ വച്ച് മര്‍ദിച്ചതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് കേരള ഹൈക്കോടതി ഗവണ്‍മെന്റിനോട് നിര്‍ദേശിച്ചിരുന്നു. കരുണാകരന്‍ തന്റെ വിശ്വസ്തനായ ഡി.ഐ.ജിയെക്കൊണ്ട് അന്വേഷിച്ചു. പരാതിയില്‍ കഴമ്പില്ലെന്ന് 'കണ്ടെത്തുകയും' ചെയ്തു.
അതെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ധിക്കാരപരമായിരുന്നു കരുണാകരന്റെ മറുപടികള്‍. അന്വേഷണവുമായി ബന്ധപ്പെട്ട് വിജയനില്‍നിന്ന് മറുപടി തേടിയോ എന്ന ചോദ്യത്തിന് വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിവര്‍ത്തിയില്ല എന്നു കരുണാകരന്‍ മറുപടി പറഞ്ഞു.
ആര്‍. കൃഷ്ണന്‍: ഡി.ഐ.ജി. അന്വേഷിച്ച റിപ്പോര്‍ട്ട് മേശപ്പറുത്ത് വയ്ക്കാന്‍ തയ്യാറാകുമോ?
കരുണാകരന്‍: റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്‌ക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.
ആര്‍. കൃഷ്ണന്‍: പിണറായി വിജയനെ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ തള്ളവിരല്‍ ഒടിഞുവെന്നും ചികിത്സ ലഭിച്ചില്ലെന്നും പറയുന്നത് ശരിയാണോ?
കരുണാകരന്‍: ശരിയല്ല, പരാതി കിട്ടിയിട്ടില്ല. ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ അപ്പപ്പോള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ടി.കെ. കൃഷ്ണന്‍: ശ്രീ വിജയനെ മര്‍ദിച്ചുവെന്ന് പരാതി കിട്ടിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ആഭ്യന്തര മന്ത്രി തയ്യാറായോ?
കരുണാകരന്‍: ഞാന്‍ സന്ദര്‍ശിച്ചിട്ടില്ല. സന്ദര്‍ശിക്കുന്ന ഏര്‍പ്പാടുമില്ല.
നിയമസഭാ അംഗങ്ങളുള്‍പ്പടെയുള്ളവരെ നഗ്നരാക്കി മര്‍ദിച്ചുവെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ കരുണാകരന്റെ മടുപടി രസകരമായിരുന്നു: ''വസ്ത്രാക്ഷേപം നടത്തുന്ന ഏര്‍പ്പാട് ഈ സര്‍ക്കാരിന് ഇല്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നയാളുടെ ഐഡറ്റന്‍ിഫിക്കേഷന്‍ മാര്‍ക്കായിട്ട് ചില അടയാളങ്ങള്‍ രേഖപ്പെടുത്തിയേക്കാം. ആ അടയാളം അയാളുടെ പുറത്താണെങ്കില്‍ കുപ്പായം അഴിച്ചു നോക്കി ആ അടയാളം രേഖപ്പെടുത്തണം''.
അച്യുതാനന്ദന്റെ ബാലിശമായ ശബ്ദങ്ങള്‍
നിയസഭാ രേഖകളിലൂടെ കടന്നുപോകുമ്പോള്‍ പ്രതിപക്ഷ നിരയില്‍ നിന്ന് ഇ.എം.എസിന്റേതല്ലാതെ ഒരു ഗൗരവ ശബ്ദവും ഉയര്‍ന്നതായി കാണുന്നില്ല. അതുപോലും ദുര്‍ബലമായിരുന്നു. വി.എസ്. അച്യുതാനന്ദന്‍ സംസാരിച്ചതെല്ലാം ഗൗരവമില്ലാത്ത കാര്യങ്ങളായിരുന്നു. ഒറ്റത്തവണ മാത്രമായിരുന്നു ഇതിന് അപവാദം. ബാലിശമായ വാദങ്ങളാണ് അച്യുതാന്ദന്‍ ഉന്നയിച്ചത്.
1975 ഓഗസ്റ്റ് 9 ന് ഭരണഘടന ഭേദഗതി പ്രമേയത്തെപ്പറ്റി ചര്‍ച്ച നടക്കുമ്പോള്‍ ആക്ഷേപഹാസ്യത്തില്‍ തെങ്ങമം ബാലകൃഷ്ണന്‍ സഖാവെന്ന് പ്രതിപക്ഷത്തെ വിളിച്ചപ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ ഇടയ്ക്ക് കയറിപ്പറഞ്ഞു: ''സാര്‍. ഞങ്ങളെ സഖാക്കളെ എന്നു വിളിച്ചു. അങ്ങനെ വിളിക്കുവാന്‍ പാടില്ല. അത് പിന്‍വലിക്കണം...''. തെങ്ങമത്തിന്റെ മറുപടി ഇങ്ങനെ: '' അച്യ്യതാനന്ദനെയല്ല ഞാന്‍ സഖാവെന്ന് വിളിച്ചത്, അച്യുതാനന്ദന്‍ അവിടെയിരിക്കൂ'' മറ്റൊരിക്കല്‍ അച്യുതാനന്ദന്‍ ചോദിച്ചു: ''നെഹ്‌റുവിന്റെ കാലത്ത് തെരഞ്ഞെടുപ്പ് നടന്നിട്ടില്ലേ?''
1976 ഡിസംബര്‍ 22 നാണ് അല്‍പമെങ്കിലും ഭേദപ്പെട്ട രീതിയില്‍ അച്യുതാനന്ദന്‍ സംസാരിക്കുന്നത്. ''മിസ പ്രകാരം തടങ്കലില്‍ വച്ചിട്ടുള്ള സ്‌പെഷ്യല്‍ ക്ലാസ് തടവുകാര്‍ക്ക് ഭക്ഷണം നല്‍കുന്ന അലുമിനീയം പാത്രങ്ങളില്‍ ചൂട് ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പതിവായി കഴിച്ചാല്‍ ലഡ് പോയിസന്‍ പോലുള്ള ഒരു തരം വിഷാംശം ബാധിച്ച് വയറ്റില്‍ വേദന ബാധിക്കാനിടയുണ്ടെന്ന കാര്യം ഗവണ്‍മെന്റിന്റെ ശ്രദ്ധിയില്‍ പെട്ടിട്ടുണ്ടോ? അതുമാറ്റി കളിമണ്‍ പാത്രങ്ങളിലോ വാഴയിലയിലോകൊടുക്കാന്‍ നടപടിയുണ്ടാകുമോ?'' മുഖ്യമന്ത്രി സി. അച്യുതമേനോന്‍ ഇക്കാര്യം ഗവണ്‍മെന്റിന്റെ ശ്രദ്ധിയില്‍ പെട്ടിട്ടില്ല എന്ന് മറുപടി പറഞ്ഞതോടെ വിഷയം അവസാനിച്ചു.
അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍ പോലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത മര്‍ദിച്ച പിണറായി വിജയന്‍ പിന്നീട് തടവുകാരുടെ വിവിധ പ്രശ്‌നങ്ങള്‍ വിവിധ ദിവസങ്ങളിലായി സഭയില്‍ ഉന്നയിച്ചു.
ശിക്ഷിക്കപ്പെട്ട് ജയിലിലെത്തുന്ന ഒരു സാധാരണ 'സി' ക്ലാസ് തടവുകാരന് ജയിലില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും എന്താണ്? രാഷ്ട്രീയ തടവുകാര്‍ സണ്‍ട്രി അലവന്‍സ് നല്‍കുന്നത് എത്രയാണ്? രാഷ്ട്രീയ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന മുറിയില്‍ ലൈറ്റുണ്ടോ, ഫാനുണ്ടോ? കരുതല്‍ തടവുകാരുടെ ലോക്കപ്പ് സമയം എന്താണ്? തടവകാരുടെ വസ്ത്രങ്ങള്‍ വൃത്തിയാക്കുന്നതിന് സൗകര്യംമുണ്ടോ ? തടവുകാര്‍ക്ക് ചെരിപ്പ് വാങ്ങിക്കൊടുക്കുമോ? തുടങ്ങിയ ചോദ്യങ്ങള്‍ പിണറായി വിജയന്‍ ഉന്നയിക്കുന്നു. അതിനെല്ലാം ഉണ്ട് അല്ലെങ്കില്‍ ഇല്ല, പറായന്‍ സാധ്യമല്ല തുടങ്ങിയ മറുപടികള്‍ കിട്ടുന്നു. സഭാനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതുകൊണ്ട് തന്നെ പിണറായി വിജയന്റെ 'ചോദ്യോത്തരങ്ങള്‍'ക്ക് ജനം അറിഞ്ഞതുമില്ല.
ഉറച്ചൊരു പെണ്‍ശബ്ദം
സഭയ്ക്കുള്ളില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ ഏറ്റവും മികച്ച രീതിയില്‍ ശബ്ദമുയര്‍ത്തിയത് ഒരു സ്ത്രീയാണ്. ഒരു വേള, പുരുഷ എം.എല്‍.എമാരേക്കാള്‍ ഉച്ചത്തില്‍ മുഴങ്ങുന്നതായിരുന്നു അവരുടെ ശബ്ദം. മൂവാറ്റുപുഴയെ പ്രതിനിധീകരിച്ച പെണ്ണമ്മ ജേക്കബിന്റെ ഇങ്ങനെ തുറന്നടിച്ചു:'' ശ്രീമതി ഇന്ദിരാഗാന്ധി പിതാവിന്റെ കാലടികളെ പിന്തുടര്‍ന്നില്ലെന്നു മാത്രമല്ല ലോകത്ത് ഒരാളുടെയും കാലടികളെ പിന്തുടര്‍ന്നില്ല. അവരുടെ തന്നെ കാലടികളെ പിന്തുടരാന്‍ കഴിവില്ലാതെ ഇന്ന് ഒറ്റക്കാലില്‍ നില്‍ക്കുന്ന വഞ്ചകിയായ ഒരു സ്ത്രീയാണെന്ന് പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. ... ഇന്ത്യയിലല്ല ലോകത്തെമ്പടുമുള്ള സ്ത്രീ വര്‍ഗത്തിന് കളങ്കം ചാര്‍ത്തികൊണ്ട് കോടതിയെപ്പോലും ബഹിഷ്‌കിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയി''. 1975 ഓഗസ്റ്റ് 9 ന് നിയമസഭയില്‍ വക്കം പുരുഷോത്തമന്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതിയെ എതിര്‍ത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. ഭേദഗതി പ്രമേയത്തെ പെണ്ണമ്മ ജേക്കബ് എതിര്‍ത്തു. സഭയിലെ ഏറ്റവും ഉജ്വലയെന്ന് വിശേഷിപ്പിക്കപ്പെട്ട കെ.ആര്‍. ഗൗരിയെയും പിന്നിലാക്കുന്നുണ്ട് അടിയന്തരാവസ്ഥയില്‍ പെണ്ണമ്മ ജേക്കബ്.
പാളിപ്പോയൊരു പ്രമേയം
1970 ഫെബ്രുവരി 20 ന് കെ.ആര്‍.ഗൗരി, എ.വി.കുഞ്ഞമ്പു, ചാത്തുണ്ണി മാസ്റ്റര്‍ എന്നിവര്‍ ഒരു പ്രമേയത്തിന് നോട്ടീസ് നല്‍കി. ചാത്തുണ്ണിമാസ്സര്‍ തുടങ്ങിയത് ഇങ്ങനെയാണ് ''സഖാവ് എ.പി.കുര്യന്റെ പ്രമേയമാണ് ഞാന്‍ അവതരിപ്പിക്കുന്നത്. അദ്ദേഹം നിര്‍ഭാഗ്യത്തിന് ജയിലിലാണ്. ഞാന്‍ ഭാഗ്യത്തിന് ഈ നിയസഭയിലാണ്. എനിക്ക് കിട്ടിയ ഈ അപൂര്‍വ ഭാഗ്യത്തില്‍ ദുഖിച്ചുകൊണ്ടുതന്നെ ഞാന്‍ എ.പി.കുര്യന്റെ പ്രമേയം അവതരിപ്പിക്കുകയാണ്: '' സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയതടവുകാരെയും ഉടനെ മോചിപ്പിക്കണമെന്ന് ഈ സഭ തീരുമാനിക്കുന്നു''.
്എന്നാല്‍ കരുണാകരന്‍ അതിനെ എതിര്‍ത്തു. പൊതുതാല്‍പര്യത്ത മുന്‍ നിര്‍ത്തി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു കൂടാ എന്നതായിരുന്നു കരുണാകരന്റെ വാദം. വളരെ അത്യാവശ്യം ഒഴിച്ചുകൂട്ടാന്‍ വയ്യാത്ത ആളുകളെ മാത്രമേ തടങ്കലില്‍ വച്ചിട്ടുള്ളൂ എന്നായിരുന്നു മറുപടി. ഒടുവില്‍ പ്രമേയം വോട്ടിനിട്ടു. 20 പേര്‍ അനുകൂലമായും 49 പേര്‍ എതിരായും വോട്ട് ചെയ്തു. പ്രമേയത്തിന്റെ ഉള്ളടക്കം വോട്ടിംഗിന്റെ വിശദവിവരവും പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാന്‍ സെന്‍സര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് സ്പീക്കറോട് ഇ.എം.എസ്.അപേക്ഷിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല.
സഭയുടെ അവകാശ ലംഘനം
ജയിലില്‍ കിടക്കുന്ന രാഷ്ട്രീയ തടവുകാരുടെ എണ്ണം എത്ര? എന്ന ചോദ്യം പലവട്ടം സഭയില്‍ ഉയര്‍ന്നു. പക്ഷേ കരുണാകരന്‍ അതിനോട് വളരെ അസഹിഷ്ണുതാപരമായ സമീപനമാണ് എടുത്തത്. ഒരു ഘട്ടത്തില്‍ കരുണാകരന്‍ പറഞ്ഞു: '' എത്ര ആളുകള്‍ ഉണ്ട്. എത്രയാളാണ് ഉളളത് അങ്ങനെയൊന്നും ചോദിച്ചാല്‍ എന്റെ കൈയില്‍ നിന്ന് കിട്ടുകയില്ല''. എന്നാല്‍ ഈ മറുപടി സഭയുടെ അവകാശ ലംഘനമായിരുന്നു.
കെ.ആര്‍. ഗൗരി അതു ചോദ്യം ചെയ്യുന്നുണ്ട്. ''എന്റെ കൈയില്‍ നിന്ന് മറുപടി കിട്ടുകയില്ല എന്ന് നിയസഭയില്‍ പറയുന്നത് അവകാശ ലംഘനമല്ലേ?''-ഗൗരിയമ്മ ചോദിച്ചു. 'അത് മറ്റൊരു പ്രിവിലീജ് ഇഷ്യൂവായി റെയിസ് ചെയ്യാനായിരുന്നു' ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞത്. പക്ഷേ അത് അവകാശലംഘനമായി ഗൗരിയമ്മയോ പ്രതിപക്ഷമോ അപ്പോഴോ പിന്നീടോ ഉയര്‍ത്തിയില്ല.്
1976 ഫെബ്രുവരി 20 ന് തടവിലാക്കിയവരെപ്പറ്റി വിവരങ്ങള്‍ പറയാനാവില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കുമ്പോഴും ഇ.എം.എസ്. അവകാശ ലംഘനത്തിന്റെ വിഷയം ഉയര്‍ത്തുന്നു. ''കോടതിയില്‍ ഹാജരാകുന്ന ജനങ്ങളോട് പറയാം. ആ ജനങ്ങളുടെ പ്രതിനിധകളാ സഭാ മെമ്പര്‍ മാരോട് പറയാന്‍ പാടില്ല എന്നു പറയുന്നത് ഈ സഭയോടുള്ള ധിക്കാരമാണ് സാര്‍?
ഇ.എം.എസിന് പി.ജി. പുരുഷോത്തമന്‍പളിള്ള പിന്താങ്ങിക്കൊണ്ട് പറഞ്ഞു: ''സഭയോട് മറച്ചുവയ്ക്കുന്നത് അവകശാ ലംഘനമാണെന്നാണ് എനിക്ക് പറയാനുളളത്''
പക്ഷേ അതിന് മറുപടി ഉണ്ടായില്ല. ഇ.എം.എസും പ്രതിപക്ഷവും അവകാശലംഘന പ്രശ്‌നമായി ഇത് ഉയര്‍ത്തിതുമില്ല ഇന്ന് നിയമസഭാ രേഖകള്‍ വായിക്കുമ്പോള്‍അടിയന്തരാവസ്ഥയില്‍ പ്രതിപക്ഷം നിര്‍ജീവമായിരുന്നു എന്നു വ്യക്തമാക്കുന്നുണ്ട് ഈ സമീപനം.
മന്ത്രിയുടെ 'മറുപടിയില്‍' തൃപ്തി
''സംസ്ഥാനത്തെ രാഷ്ട്രീയ തടവുകാര്‍ക്ക് 1971 ലെ കേരള സെക്യൂരിറ്റ് പ്രസിണേഴ്‌സ് ഓര്‍ഡറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ സംസ്ഥാന ഗവണ്‍മെന്റിനോടാവശ്യപ്പെടുന്നു''എന്ന ഒരു പ്രമേയം 1976 ഏപ്രില്‍ 23 കെ.ആര്‍. ഗൗരി സഭയില്‍ അവതരിപ്പിച്ചു.
മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള തടവുകാരോട് അനുഭാവപൂര്‍ണമായ സമീപനമാണ് കൈക്കൊള്ളുക എന്ന രീതിയില്‍ മറുപടി പറഞ്ഞു. എന്നാല്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമെന്ന് ഒരുറപ്പ് നല്‍കിയില്ല. പ്രതിപക്ഷം പ്രമേയം ആത്മാര്‍ത്ഥയില്ലാതെയാണ് പ്രമേയം കൊണ്ടുവന്നത് എന്ന് തുടര്‍ന്നുള്ള സംഭാഷണം തെളിയിക്കുന്നു.
കെ. ആര്‍. ഗൗരി: നിയമസഭയില്‍ ഞങ്ങളുടെ ഭാഗത്ത് നിന്ന് ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കാമെന്ന് ബഹുമാനപ്പെട്ട മന്ത്രിയില്‍നിന്ന് കിട്ടിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഈ പ്രമേയം പിന്‍വലിക്കുന്നു.
ബാലകൃഷണപിള്ള: ചെയ്തുകൊടുക്കാം എന്ന് ഞാന്‍ പറയുന്നില്ല. കഴിയുന്നിടത്തോളം പരിഹരിക്കാം, അതിനുള്ള ഫയലുകള്‍ നീങ്ങിയിട്ടുണ്ട് എന്നാണ് പറഞ്ഞിട്ടുള്ളത്.
കരുണാകരന്‍ ആഭ്യന്തരമന്ത്രിയായി തുടരുന്ന ഒരു ഭരണത്തിന്‍ കീഴില്‍ തടവുകാര്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് പ്രതിപക്ഷത്തിന് ഉറപ്പായിരുന്നു. എന്നിട്ടും ഗൗരിയമ്മ പ്രമേയം പിന്‍വലിച്ചു. തടവുകാരുടെ അവസ്ഥ മാറ്റമില്ലാതെ തുടര്‍ന്നു.
നിഗമനങ്ങള്‍
നിയമസഭാ രേഖകളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് എത്തിച്ചേരാവുന്ന നിഗമനങ്ങള്‍ ഇതാണ്:
. അടിയന്തരാവസ്ഥയെ ഏതെങ്കിലും തരത്തില്‍ പ്രതിരോധിക്കുന്നതില്‍ നമ്മുടെ നിയമസഭ പരാജയപ്പെട്ടു. ഭയം കലര്‍ന്ന നിസഹായതയാണ് മൊത്തത്തില്‍ സഭയെ നയിച്ചിരുന്നത്. ഇന്ദിരാഗാന്ധി നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കുന്ന ഒരു സംവിധാനം മാത്രമായി നിയമസഭ അധ:പതിച്ചു. അതായത് അടിയന്തരാവസ്ഥയ്ക്ക് പിന്നിലായിരുന്നു നിയമസഭയുടെ സ്ഥാനം.
. അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നതില്‍ സി.പി.എം. നേതൃത്വത്തിലുള്ള പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും ദയനീയമായി പരാജയപ്പെട്ടു. നിയമസഭയെ സമരരംഗമാക്കി മാറ്റുന്നതിനോ, അവിടെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനോ പ്രതിപക്ഷത്തിനായില്ല.
. സഹപ്രവര്‍ത്തകര്‍/സഹസാമാജികര്‍ ജയിലില്‍ കിടക്കുമ്പോള്‍ അതിനെ ഗൗരവമായിപ്പോലും സഭ കണ്ടില്ല. അവരുടെ മോചനത്തിന് പോലും ശബ്ദമുയര്‍ന്നില്ല. ഒരിക്കലും ഇക്കാര്യത്തില്‍ ഐക്യം സഭയില്‍ ഉണ്ടായില്ല. എത്ര നിയമസഭാ സാമാജികര്‍ ജയിലിലുണ്ടെന്നുപോലും അംഗങ്ങോട് പലഘട്ടത്തിലും വെളിപ്പെടുത്തിയില്ല. ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാനോ അവരുടെ അവസ്ഥയെന്ത് എന്ന് പ്രതിഷേധത്തിലൂടെയെങ്കിലും ചോദിച്ച് അറിയാനോഉള്ള നിശ്ചയദാര്‍ഢ്യം പ്രതിപക്ഷം കാട്ടിയില്ല.
. പൊതുസമൂഹത്തില്‍ ഭരണകൂട അടിച്ചമര്‍ത്തില്‍ നടക്കുമ്പോള്‍ അതെപ്പറ്റി ഗൗരവമുള്ള ചര്‍ച്ചപോലും നടത്താന്‍ പോലുമാവാത്ത വിധത്തില്‍ ദുര്‍ബലമായിരുന്നു സഭയ്ക്കുള്ളിലെ അവസ്ഥ.
ജനങ്ങളുടെ സ്വാതന്ത്ര്യഭിലാഷവും സഭയുടെ നിര്‍ജീവാവസ്ഥയും തമ്മില്‍ പ്രകടമായ രീതിയില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നു.
. സഭയില്‍ മുഖ്യമന്ത്രി സി. അച്യുതമേനോനെപ്പോലും അപ്രസ്‌കതനാക്കി ആഭ്യന്തരമന്ത്രി കെ. കരുണാകരന്റെ അധികാരവാഴ്ചയായിരുന്നു നടന്നിരുന്നത്. സഹഅംഗങ്ങളോടുപോലും ധാര്‍ഷ്ട്യം അധികാരപ്രമത്തതയും കലര്‍ന്ന സ്വരത്തിലായിരുന്നു കരുണാകരന്റെ സമീപനവും സംസാരവും. യഥാര്‍ത്ഥത്തില്‍ കരുണാകരന്റെയും അദ്ദേഹത്തിനു കീഴിലെ പോലീസ്‌രാജുമാണ് നിലനിന്നത്.
. അടിയന്തിരാവസ്ഥയില്‍ നിയമസഭയുടെ നീട്ടിക്കിട്ടിയ ആയുസിനെപ്പറ്റിപ്പോലും അല്ലെങ്കില്‍ അതിലെ ജനവിരുദ്ധത പോലും ചര്‍ച്ചചെയ്യുക അസാധ്യമായിരുന്നു.
Madhyamam weekly
2010 july 15
No comments:
Post a Comment