Saturday, July 17, 2010

'ഞങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു'

മുഖാമുഖം
നഹിദ ഇസ്സദ്/ബിജുരാജ്

''സ്‌നേഹത്തെപ്പറ്റി കവിതകളെഴുതണമെന്നുണ്ടെനിക്ക്
മഴവില്ലുകളെയും പൂമ്പാറ്റകളെയും വരയ്ക്കണമെന്നുണ്ട്
റോസാമുകുളങ്ങളുടെ പരിമളം ആസ്വദിക്കണമെന്നുണ്ട്
തലയ്ക്കുനേരെ നീട്ടിയ തോക്കുകളില്ലാത്ത
കുരുന്നുപുഞ്ചിരികള്‍ കണ്ണടച്ച് ഓര്‍ക്കണമെന്നുണ്ട്;
അവര്‍ക്ക് ദൂരനാടുകളുടെ ചെറുമുത്തശ്ശികഥകള്‍ പറഞ്ഞുകൊടുക്കണമെന്നുണ്ട്;
വെടിയുണ്ടകള്‍ പായാത്ത, മിസൈലുകളുടെ മുഴക്കങ്ങളില്ലാത്ത കഥകള്‍.
പക്ഷേ,
എനിക്കെങ്ങനെയാവുമതിന്

എന്റെ ഹൃദയത്തില്‍ കത്തിയമര്‍ന്നിരിക്കുന്നു
ഞാന്‍ മുറിവേറ്റിരിക്കുന്നു...''

('എന്നെ നോക്കുക'- ഫലസ്തീനുവേണ്ടിയുള്ള കവിതകള്‍ എന്ന സമാഹാരത്തില്‍ നിന്ന്, നഹിദ ഇസ്സദ്)ആറുപതിറ്റാണ്ടുകള്‍ പിന്നിട്ട, ഏറ്റവും തീവ്രമായ അധിനിവേശങ്ങളെ ഫലസ്തീന്‍ ജനത അതിജീവിച്ചുകൊണ്ടേയിരിക്കുന്നു എന്നത് നിസാരകാര്യമല്ല. രക്തം ചൊരിയാത്ത, കൂട്ടക്കൊലകള്‍ നടക്കാത്ത ഒരു നിമിഷം അവര്‍ക്ക് ഇക്കാലങ്ങളില്‍ ഉണ്ടായിരുന്നില്ലെന്നും ഓര്‍ക്കണം. പ്രവാസിത്വവും അഭയാര്‍ത്ഥിത്വവും പലായനവുമെല്ലാം അവര്‍ക്ക് ജീവിതമാണ്; തൊട്ടറിയുന്ന, ശ്വസിക്കുന്ന നേരുകളാണ്.
ഫലസ്തീന്റെ ഈ വേദനയും പോരാട്ടവും ദുരന്തവുമെല്ലാം വാക്കുകളില്‍ പടര്‍ത്തുന്ന കവിയാണ് നഹിദ ഇസ്സദ്. കാലത്തിന്റെ ഏറ്റവും തീവ്രമായ നിമിഷങ്ങളെ, അവസ്ഥകളെ, ചൂടും ചൂരും നഷ്ടപ്പെടുത്താതെ വാക്കുകളിലേക്ക് പകരുന്നു എന്നതുകൊണ്ടുതന്നെയാണ് നഹിദ ഇസ്സദ് വ്യത്യസ്തയാകുന്നത്. അവരുടെ വരികള്‍ നിങ്ങളെ ചുട്ടുപൊള്ളിക്കുന്നുവെങ്കില്‍, ഓര്‍ക്കുക അത് അവരുടെ തന്നെ ജീവിതാവസ്ഥകളാണ്.
ഏഴുവയസില്‍ നാടുവിടേണ്ടി വന്ന അഭയാര്‍ത്ഥിയാണ് നഹിദ. ജറുസലേമിലായിരുന്നു ജനനം. 1967 ലെ ആറു-ദിന യുദ്ധത്തില്‍ നാടുവിട്ട അവരുടെ പ്രവാസിത്വം 42 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഗണിതശാസ്ത്ര വിദഗ്ധയും ആക്റ്റിവിസ്റ്റുമാണെങ്കിലും താന്‍ ഒന്നാമതായി ഒരു 'പ്രവാസി അമ്മ'യാണെന്ന് അവര്‍ പറയുന്നു. സ്വതന്ത്രവും സമാധാനപരവുമായ ഫലസ്തീനിലേക്ക് മടങ്ങുകയെന്ന സ്വപ്നം കാണുന്ന നൂറായിരം അമ്മമാരില്‍ ഒരാള്‍. വളരെ വൈകി, നാലുവര്‍ഷങ്ങള്‍ക്കു മുമ്പാണ് എഴുത്തിലേക്ക് തിരിഞ്ഞതെങ്കിലും പെട്ടെന്നുതന്നെ അവരുടെ കവിതകള്‍ രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ചു. 'ഞാന്‍ അത്ഭുതങ്ങളിലും ഫലസ്തീനിലും വിശ്വസിക്കുന്നു', 'യഥാര്‍ത്ഥ കഥ' എന്നീ രണ്ട് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു വ്യാഴവട്ടക്കാലമായി ബ്രിട്ടനിലെ ലിവര്‍പൂളിലാണ് താമസം. മൂന്നു മക്കളുണ്ട്.
നഹീദ ഇസ്സദുമായി ഇന്റര്‍നെറ്റിലൂടെ നടത്തിയ സംഭാഷണത്തില്‍ നിന്നുള്ള പ്രസ്‌കതഭാഗങ്ങളാണ് ഇത്:


കുട്ടിക്കാലം, അഭയാര്‍ത്ഥിത്വം


വളരെ ചെറുപ്പത്തില്‍ അഭയാര്‍ത്ഥിയായി നാടുവിടേണ്ടി വന്ന ഒരാളാണ് നിങ്ങള്‍. എന്തായിരുന്നു കുട്ടിക്കാലം?

ഞാന്‍ ജനിച്ചത് ചരിത്രപ്രസിദ്ധമായ ജറുസലേമിലാണ്. അവിടെയാണ് ഏഴുവയസുവരെ ജീവിച്ചതും. ഫലസ്തീന്റെ ഹൃദയത്തോട് ചേര്‍ന്ന്, വടക്കന്‍ ജറുസലേമിലെ മനോഹരമായ ഗ്രാമമായിരുന്നു എന്റേത്. യേശുക്രിസ്തു ജനിച്ച അതേ സുന്ദരമായ നാട്ടിലാണ് ഞാന്‍ കളിച്ചുവളര്‍ന്നത്. മുമ്പ് ഞാന്‍ 'യേശു കരഞ്ഞു' എന്ന ഒരു കവിത എഴുതിയിട്ടുണ്ട്. യേശു പ്രാര്‍ത്ഥിച്ചിരുന്ന ഇടത്ത് ഞാന്‍ കളിച്ചിരുന്നു, യേശു നടന്ന മലമുകളില്‍ ഞാന്‍ ഓടിനടന്നിരുന്നു എന്നിങ്ങനെ ആരംഭിക്കുന്ന വരികളാണ്. ആ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്: യേശു വിതുമ്പുമ്പോള്‍ അവന്റെ മക്കളെ അവര്‍ കൊലപ്പെടുത്തുകയായിരുന്നു/അവന്റെ മണ്ണിനെ ബലാല്‍സംഗം ചെയ്യുകയായിരുന്നു/ എനിക്ക് ഏഴുവയസുള്ളപ്പോള്‍/യേശു എന്നത്തേക്കാളുമധികം കരഞ്ഞു. ആറുദിനയുദ്ധം എല്ലാം തകര്‍ത്തു. ജറുസലേമിലുണ്ടായിരുന്ന കാലത്തെക്കുറിച്ചുള്ള എന്റെ എല്ലാ ഓര്‍മകളും അതിസുന്ദരങ്ങളാണ്.


അഭയാര്‍ത്ഥിയാകേണ്ടിവന്ന യുദ്ധദിനങ്ങളെപ്പറ്റി എന്താണ് ഓര്‍മകള്‍?

ഇസ്രായേല്‍ 1967ല്‍ നടത്തിയ ആറുദിനയുദ്ധം എല്ലാ രീതിയിലും ഭീകരമായിരുന്നു. ഭീകരം എന്ന് കേവലമായി അതിനെ വിശേഷിപ്പിച്ചാല്‍ ശരിയാവില്ല. വാക്കുകള്‍ക്ക് വിശേഷിപ്പിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു ആ ആക്രമണം. ആ ദിവസങ്ങളില്‍ സൈന്യം കടന്നുവന്ന് എല്ലാം പിടിച്ചെടുത്തു. സമാധാനം നിറഞ്ഞിരുന്ന പട്ടണങ്ങള്‍ക്കുമേല്‍ ബോംബിട്ടു. കൂട്ടകൊലപാതകങ്ങള്‍ അരങ്ങേറി. എല്ലാവരും പരക്കം പായുകയായിരുന്നു. എനിക്ക് പ്രിയപ്പെട്ടതെല്ലാം നഷ്ടമായി. വീട്, പൂന്തോട്ടം, ബന്ധുക്കള്‍, കൂട്ടുകാര്‍, ഗ്രാമം, വ്യക്തിത്വം, ഇഷ്ടപ്പെട്ട കഥാപുസ്തകങ്ങള്‍, സ്‌ക്കൂള്‍ ബാഗ് അങ്ങനെ എല്ലാം. ഞങ്ങള്‍ എങ്ങനെയോ കൊല്ലപ്പെടാതെ രക്ഷപെട്ടുവെന്ന് മാത്രം അറിയാം.


പലായന നാളുകള്‍ എങ്ങനെയായിരുന്നു?

ആളുകള്‍ കൊല്ലപ്പെടുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടന വിമാനത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണവും വസ്ത്രവുമടങ്ങിയ പൊതിക്കായി ഞങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവന്നു. വിമാനങ്ങള്‍ തലയില്‍ തൊടുമെന്ന വിധത്തിലാണ് ഗ്രാമങ്ങള്‍ നശിപ്പിക്കാനും കൊലനടത്താനും പറന്നിരുന്നത്. അഭയാര്‍ത്ഥിയായി വീടുവിടുമ്പോള്‍ രണ്ട് വസ്ത്രങ്ങളും അമ്മ നിര്‍ബന്ധിപ്പിച്ച് ധരിപ്പിച്ച പുറംകുപ്പായവും മാത്രമാണ് എനിക്കുണ്ടായിരുന്നത്. ചൂടുള്ള കാലാവസ്ഥയില്‍ രക്ഷകിട്ടാന്‍ വേണ്ടിയായിരുന്നു പുറംകുപ്പായം. അമ്മ എല്ലാം ഉപേക്ഷിച്ചു. ഏറ്റവും ഇളയ മൂന്നുമാസം പ്രായമുള്ള കുട്ടി മാത്രമാണ് അമ്മയുടെ കൈയിലുണ്ടായിരുന്നത്. അമ്മയ്ക്ക് അവനെയും എന്റെ നാലു സഹോദരിമാരെയും നോക്കണമായിരുന്നു. ഞാനായിരുന്നു മൂത്തത്. തൊട്ടടുത്ത ഒരു ഗ്രാമത്തിലെ ശ്മശാനത്തില്‍ ഞങ്ങള്‍ ആറുദിവസം ഒളിച്ചിരുന്നു. ഒരു കബറിടത്തില്‍ പേടിച്ചുവിറച്ച് ജീവിതം തള്ളിനീക്കിയ ആ ദിവസങ്ങളെപ്പറ്റി പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവില്ല.

വ്യക്തിപരമായ നഷ്ടങ്ങള്‍ക്കപ്പുറം ആ യുദ്ധം എങ്ങനെയാണ് ബാധിച്ചത്?

ആ യുദ്ധം എന്നില്‍ നിന്ന് കുട്ടിക്കാലം എടുത്തുമാറ്റി. ഭയത്തിന്റെ ഏറ്റവും തീവ്രമായ നിമിഷങ്ങള്‍ മനസില്‍ വലിയ മുറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരിക്കലും ഉണങ്ങില്ല ആ മുറിവുകള്‍. കൊച്ചുകുട്ടികള്‍ കണ്ട കാഴ്ചകള്‍ മരണംവരെ അവരെ വിട്ടുപോകില്ല. അടുത്തകാലം വരെ വലിയ ഒച്ചകേള്‍ക്കുമ്പോള്‍ ഞാന്‍ അറിയാതെ ചാടി എഴുന്നേറ്റിരുന്നു. വിമാനത്തിന്റെ ഒച്ചകേള്‍ക്കുമ്പോള്‍ ഇപ്പോഴും പേടിയാണ്. എവിടെയെങ്കിലും ഒളിക്കാനുള്ള തോന്നല്‍ അതുണ്ടാക്കും. കൗമാരത്തില്‍ ഒറ്റപ്പെട്ട ജീവിതമാണ് ഞാന്‍ തിരഞ്ഞെടുത്തത്. ആരോടും ഒന്നും മിണ്ടിയിരുന്നില്ല.അന്നത്തെ ജീവിതാനുഭവങ്ങള്‍ ആരെയും സ്‌നേഹിക്കരുതെന്നും സുഹൃത്തുക്കള്‍ പാടില്ലെന്നുമാണ് പഠിപ്പിച്ചത്. സ്‌നേഹിക്കുന്നവരെല്ലാം വിട്ടുപോകുകയായിരുന്നു. വിവാഹത്തിനുശേഷവും ഇതുതന്നെയായിരുന്നു അവസ്ഥ.
അമ്മയായതിനെതുടര്‍ന്ന് ഏതാണ്ട് നാലുവര്‍ഷത്തോളം കിടക്കയില്‍ തന്നെയായിരുന്നു ഞാന്‍. ഖാലിദ് (ഭര്‍ത്താവ്)ഓരോ ദിവസവും എന്നെ കാറില്‍ ഇരുത്തി പുറത്തേക്ക് കൊണ്ടുപോകും. പക്ഷേ പെട്ടന്ന് തന്നെ ആവേശം മുഴുവന്‍ നശിച്ച് തകര്‍ന്ന മാനസികാവസ്ഥയിലാവും ഞാന്‍. ചുറ്റും ആള്‍ക്കാര്‍ സന്തോഷിക്കുമ്പോള്‍ ഒന്നും ചെയ്യാനാവാതെ വിഷമിക്കുകയായിരുന്നു ഞാന്‍. കള്‍സള്‍ട്ടന്റിന്റെ മുന്നില്‍ കണ്ണീരൊലിപ്പിച്ച് ദീര്‍ഘനേരം ഇരുന്നിട്ടുണ്ട്. മനസ് ആറുദിനയുദ്ധത്തില്‍ നിന്ന് മോചിതമായിരുന്നില്ല എന്നതാണ് മുഖ്യപ്രശ്‌നം. പതിയെ അതില്‍ നിന്ന് കുറേ മോചിതനാകാനായി. ദൈവത്തിലുള്ള വിശ്വാസമാണ് എനിക്ക് കരുത്താവുന്നത്.


ലിവര്‍പൂളിലെത്തുന്നതിനുമുമ്പുള്ള കാലം എങ്ങനെയായിരുന്നു?

അഭയാര്‍ത്ഥിത്വത്തിന്റെ ആദ്യവര്‍ഷങ്ങള്‍ അതീവ ദുരിതമായിരുന്നു. ആവശ്യത്തിന് ഭക്ഷണമില്ല. വസ്ത്രമില്ല. വെള്ളമില്ല. ജീവിതം എല്ലാവിധത്തിലും താറുമാറായി. ജറുസലേമില്‍ നിന്ന് രക്ഷപെട്ട ഞങ്ങള്‍ ജോര്‍ദാനില്‍ കുറച്ചുകാലം തങ്ങി. എഴുപേരുള്ള കുടുംബം അവിടെ ഒറ്റമുറിയിലാണ് കഴിഞ്ഞത്. ആ മുറിയില്‍ പന്ത്രണ്ടുപേരുള്ള മറ്റൊരു കുടുംബവും താമസിക്കുന്നുണ്ടായിരുന്നു. പിന്നീട് ലിബിയയില്‍ തങ്ങുന്നതും അതേപോലെ തന്നെയാണ്. പത്ത് അംഗങ്ങളുള്ള ഒരു കുടുംബത്തോടൊപ്പം ഒറ്റമുറിയിലാണ് ഞങ്ങള്‍ കഴിഞ്ഞത്. 1985 ലാണ് ബ്രിട്ടനിലേക്ക് കുടിയേറുന്നത്.


'എനിക്ക് വീട്ടിലേക്ക് മടങ്ങിപ്പോകണം' എന്ന പേരില്‍ കവിത എഴുതിയിട്ടുണ്ട്. വീട് എത്രമാത്രം പിന്‍വിളിക്കുന്നുണ്ട്?

'വീട്' എന്ന വാക്ക് തന്നെ എന്നെ സംബന്ധിച്ച് വീട് നഷ്ടമാകുന്നതിനെക്കുറിച്ചുള്ള തുടര്‍ച്ചയായ ഓര്‍മപ്പെടുത്തലാണ്. വീട്ടിലേക്ക് മടങ്ങിപ്പോകുക എന്നത് വൈകാരികമായ ആഗ്രഹമാണ്. അഭയാര്‍ത്ഥിക്ക് വീടാണ് എന്നും സ്വപ്നം. തിരിച്ച് എങ്ങനെയും വീട്ടിലേക്ക് എത്തുക എന്നതാണ് മനസില്‍ ഏതുനിമിഷവും ഉണ്ടാകുക. വീടെന്നത് എന്നെ സംബന്ധിച്ച് വിശുദ്ധമായ വാക്കാണ്. അങ്ങോട്ടേക്ക് മടങ്ങിപ്പോകാന്‍ എന്നെങ്കിലും കഴിയും എന്ന മോഹമാണ് ജീവിതത്തെ ചലിപ്പിക്കുന്നത് തന്നെ.ഫലസ്തീലെ ചോരപ്പുഴകള്‍


ഫലസ്തീനിലെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? എങ്ങോട്ടാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്?

മുഴുവന്‍ രാജ്യവും അപരിഷ്‌കൃത അധിനിവേശക്കാരുടെ കൈയിലാണ്. എന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് മനുഷ്യരായി ജീവിക്കാനുള്ള ഒരവകാശമില്ല. അവര്‍ക്ക് എല്ലാ മനുഷ്യാവകാശവും നിഷേധിക്കപ്പെട്ടിരിക്കുന്നു. അതായത് സ്വന്തം മണ്ണില്‍ സമാധാനത്തോടെ ജീവിക്കാന്‍, സ്വതന്ത്രമായി ചലിക്കാന്‍, വിദ്യാലയങ്ങളില്‍ പോകാന്‍, ശാന്തമായി ഉറങ്ങാന്‍, സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍, അപഹരിക്കപ്പെട്ട മാതൃഭൂമിയെ പ്രതിരോധിക്കാന്‍ തുടങ്ങിയ എല്ലാ അവകാശവും നിഷേധിക്കപ്പെട്ടിരിക്കുന്നു.
അല്‍-ഖലീല്‍ (ഹിബോണ്‍) പോലുള്ള നഗരത്തില്‍ സ്വന്തം മണ്ണില്‍ നൂറ്റാണ്ടുകളായി ജീവിക്കുന്ന കുടുംബങ്ങള്‍ കുടിയിറക്കപ്പെട്ട്, അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. അവര്‍ക്ക് വിദ്യാഭ്യാസ സൗകര്യമില്ല. ഭക്ഷണമില്ല. ചിലയിടങ്ങളില്‍ വീടുകളിലേക്ക് തിരിച്ചുപോകാന്‍ പറ്റാത്ത വിധത്തില്‍ കര്‍ഫ്യൂവാണ്. ഓരോവര്‍ഷത്തിലും പകുതിയിലേറെ ദിവസവും ഇതുതന്നെയാണ് അവസ്ഥ.


ഗാസയ്ക്കുനേരെയുള്ള ഇസ്രായേല്‍ ആക്രമണം നടന്നിട്ട് അധികം നാളായിട്ടില്ല. ആ ആക്രമണത്തെ എങ്ങനെ കാണുന്നു?

ഗാസയ്ക്കുനേരെ അടുത്തിടെ നടന്ന ആക്രമണം ആദ്യത്തേതല്ല; അവസാനത്തേതുമല്ല. സിയോണിസ്റ്റ് ഭരണകൂടം നിലനില്‍ക്കുന്നിടത്തോളം കാലം നീണ്ടുനില്‍ക്കുന്ന അധിനിവേശത്തിന്റെയും കുറ്റങ്ങളുടയും കവര്‍ച്ചയുടെയും യുദ്ധകുറ്റങ്ങളുടെയും വംശീയ നരഹത്യകളുടെയും ചരിത്രത്തില്‍ ചെറിയ ഒരു അധ്യായം മാത്രമായിരിക്കും ഇപ്പോള്‍ അവസാനിച്ച ആക്രമണം. ഈ ആക്രമണമെന്നത് 1948 ല്‍ ആരംഭിച്ച, പ്രാകൃതമായ ആക്രമങ്ങളുടെ ഒരു തുടര്‍ച്ചയാണ്. ഫലസ്തീന്‍ സംസ്‌കാരം, സമൂഹം, നാഗരികത എന്നിവയെ ഇല്ലാതാക്കാനും അതിനുപകരം വിദേശജൂത അധിനിവേശം(മുഖ്യമായിട്ട് കിഴക്കന്‍ യൂറോപ്യന്‍ സംസ്‌കാരമാണെങ്കിലും അത് മാത്രമല്ല) സ്ഥാപിക്കുകയുമാണ് ലക്ഷ്യം.
ഗാസയെപ്പറ്റിയും ഗാസയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെപ്പറ്റിയും പറയുമ്പോള്‍ നമ്മള്‍ ഒരു കാര്യം ഓര്‍ക്കണം. അവിടെയുള്ള എണ്‍പതുശതമാനം പേരും അഭയാര്‍ത്ഥികളാണ്. ചരിത്രപ്രധാന ഫലസ്തീനില്‍ അറുപതുവര്‍ഷം മുമ്പ് നടന്ന വംശീയ ശുദ്ധീകരണത്തിന് വിധേയമാകുകയും പലായനം ചെയ്യുകയും ചെയ്തവരാണ് അവിടെയുള്ളത്. അവരുടെ യഥാര്‍ത്ഥ വീടുകളും പട്ടണങ്ങളും ഗ്രാമങ്ങളും അധിനിവേശപ്പെട്ടിരിക്കുന്നു. അതിനുശേഷം കൊളോണിയല്‍ അധികാരികള്‍ ഭൂഗോളത്തില്‍ നിന്ന് ഫലസ്തീനെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. ഗാസയില്‍ നടന്നത് കുറച്ച് ആഴ്ചകള്‍ നീണ്ടു നിന്ന ബോംബിങോ, കുറച്ചുവര്‍ഷമായി തുടരുന്ന ഉപരോധമോ അല്ല; അത് ലോകനേതൃത്വത്തിന്റെ പൂര്‍ണഅറിവോടെയും ആശിര്‍വാദത്തോടെയും നടക്കുന്ന ക്രിമനല്‍ കുറ്റങ്ങളുടെ ചെറു അധ്യായം മാത്രമാണ്.

ഗാസയിലും പൊതുവില്‍ ഫലസ്തീനിലുമുള്ള ജനങ്ങളുടെ പ്രതീകരണം എന്താണ്?

വംശീയ കൂട്ടക്കൊല നടക്കുമ്പോഴും അവര്‍ അവരുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നു. ദുരന്തം എല്ലായ്‌പ്പോഴും ഭീകരമാണ്. ഫലസ്തീന്‍ യുഗങ്ങളായി അധിനിവേശക്കാരെ നേരിട്ടിട്ടുണ്ട്. ഫലസ്തീന്‍കാര്‍ തങ്ങളുടെ നീണ്ടകാല ദുരിത ചരിത്രങ്ങളില്‍നിന്നും കേവല അതിജീവനത്തില്‍ നിന്നും ഒന്നു പഠിച്ചിട്ടുണ്ട്- തങ്ങളുടെ മാതൃഭൂമിയോടുള്ള അചഞ്ചലമായ കൂറില്‍ നിന്ന് ഏതൊരു അധിനിവേശക്കാരെയും കൈയേറ്റക്കാരെയും മറികടക്കാന്‍ ഞങ്ങള്‍ക്കാകുമെന്ന്. ഞങ്ങള്‍ ഞങ്ങളുടെ ചരിത്രത്തില്‍ നിന്ന് ലളിതമായി ഒരു കാര്യം മനസിലാക്കിയിരിക്കുന്നു: കുറേ കടന്നുകയറ്റക്കാര്‍ വരികയും പോകുകയും ചെയ്തു; ഫലസ്തീനും അതിന്റെ ജനതയും ശേഷിക്കുന്നു. ഞങ്ങള്‍ ജീവിച്ചിരിക്കുന്നു. അതു തുടരും.

ഇസ്രായേല്‍ അതിക്രമങ്ങള്‍ ഒരു പ്രവാസിയെന്ന നിലയില്‍ താങ്കളില്‍ ഉയര്‍ത്തുന്ന പ്രതികരണം എന്താണ്?

ഞങ്ങളുടെ നിസഹായരായ സഹോദരരുടെയും സഹോദരിമാരുടെയും കൂട്ടക്കൊലചെയ്യുന്നത് കണ്ടു നില്‍ക്കുന്നത് വലിയ പീഡനമാണ്. അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയാത്തതിലാണ് ദു:ഖം. ഞങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് വീടുകളിലേക്കോ കുടുംബത്തിലേക്കോ മടങ്ങാന്‍ അവകാശമില്ല. ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ സംസ്‌കാരക്രിയകള്‍ക്കുപോലും പങ്കെടുക്കാനാവില്ല. എന്നാല്‍ ലോകത്തെവിടെയുമുള്ള ജൂതര്‍ക്ക്, അവരുടെ വംശം എന്തെന്ന് നോക്കാതെ അധിനിവേശ ഫലസ്തീനില്‍ പോയി തങ്ങാനുള്ള അവസരമുണ്ടുതാനും.


എന്താണ് ഫലസതീന്‍ ജനതയുടെ യഥാര്‍ത്ഥ ആവശ്യം?

ആദ്യമായിട്ട്, ഞങ്ങള്‍ക്ക് നേരെ അനീതികള്‍നടന്നുകൊണ്ടിരിക്കുന്നുവെന്ന് ലോകം അംഗീകരിക്കണം. സത്യമെന്തെന്നാല്‍ യൂറോപ്പ് ജൂതര്‍ക്കുനേരെ നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് അറുപതുവര്‍ഷങ്ങളായി ഞങ്ങളാണ് ബലിയാടുകളായിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ നാട് ബലമായി കവര്‍ന്നെടുക്കുകയും, ഈ മണ്ണുമായി ഒരു ബന്ധവുമില്ലാത്ത തദ്ദേശിയരല്ലാത്ത കൂട്ടര്‍ക്ക് നല്‍കുകയും ചെയ്തിരിക്കുന്നു. ഇത് ലോകം അംഗീകരിക്കണം.
എല്ലാ ഫലസ്തീന്‍കാരുടെയും ആവശ്യം ഞങ്ങളുടെ പൂര്‍വികര്‍ കഴിഞ്ഞിരുന്ന നാട്ടില്‍ സമാധാനത്തോടെ ജീവിക്കുക എന്നതാണ്. അതായത് കവര്‍ന്നെടുത്ത എല്ലാ സ്വത്തുക്കളും മണ്ണും അതിന്റെ യഥാര്‍ത്ഥ ഉടമകളെ തിരിച്ചേല്‍പ്പിക്കണം. അപരിഷ്‌കൃത കടന്നുകയറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഞങ്ങള്‍ക്കുനേരെ നടത്തിക്കൊണ്ടിരിക്കുന്ന സാവധാനത്തിലുള്ള നരഹത്യകള്‍ വെളിച്ചത്തുകൊണ്ടുവരണം. ഞങ്ങളുടെ രാജ്യത്തിന്റെയും ഞങ്ങളുടെ രക്തസാക്ഷികളായവരുടെയും ദുരിതങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കണം.
രണ്ടാമതായി, തിരിച്ചുപോകുക എന്ന അടിസ്ഥാനപരമായ മനുഷ്യാവകാശം അംഗീകരിക്കപ്പെടണം. അഭയാര്‍ത്ഥികളെ സംബന്ധിച്ച് തിരിച്ചുപോകാനുള്ള അവകാശമാണ് മറ്റെന്തിനേക്കാളും വലുത്.


ഫലസ്തീനിലെ പൊരുതുന്ന സംഘങ്ങളെയും അവരുടെ രാഷ്ട്രീയത്തെയും താങ്കളെങ്ങനെയാണ് കാണുന്നത്?

അധിനിവേശത്തെയും കടന്നാക്രമണത്തെയും പ്രതിരോധിക്കുക എന്നത് അന്താരാഷ്ട്ര നിയമനുസരിച്ച് അടിസ്ഥാന മനുഷ്യാവകാശമായി അംഗീകരിച്ചിട്ടുണ്ട്. അതാണ് ഹമാസ് ചെയ്യുന്നത്. അതുകൊണ്ടാണ് ഞങ്ങളുടെ ജനങ്ങള്‍ ഹമാസിനെ ജനാധിപത്യപരമായി തെരഞ്ഞെടുക്കാനുള്ള കാരണം.


യാസര്‍ അറാഫത്തിന്റെ വേര്‍പാട് ഫലസ്തീന്‍ പ്രസ്ഥാനത്തെ ക്ഷീണിപ്പിച്ചതായി കരുതുന്നുണ്ടോ?

യാസര്‍ അറാഫത്ത് ഒരു പ്രതീകാത്മക രൂപമാണ്. പക്ഷേ, അദ്ദേഹത്തിന്റെ ദുരൂഹതയുള്ള മരണം ഞങ്ങളുടെ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പേരാട്ടത്തില്‍ ഒരു മാറ്റവും വരുത്തിട്ടില്ല. ഫലസ്തീന്‍ നേതാക്കളെയും അനുയായികളെയും ദശാബ്ദങ്ങളായി ലോകമെമ്പാടും സിയോണിസ്റ്റുകള്‍ കൊലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതാണ് അവരുടെ ഔദ്യോഗിക നയം. അത് ഭീകരമാണ്. ലോകസമൂഹം അത് സഹിക്കുന്നു എന്നത് തന്നെ നാണക്കേടാണ്.

ഫലസ്തീനിലുള്ള അമേരിക്കന്‍ താല്‍പര്യത്തെയും ഇടപെടലിനെയും എങ്ങനെ കാണുന്നു?

നമ്മുടെ കാലഘട്ടത്തിലെ ഭൂരിപക്ഷം സംഘര്‍ഷങ്ങള്‍ക്കും മുഖ്യ കാരണം അമേരിക്കയും സിയോണിസ്റ്റ് അസ്തിത്വവുമാണ്. അവര്‍ സമാധാനത്തിനുവേണ്ടി എന്നെങ്കിലും സംസാരിക്കും എന്ന് കരുതുന്നത് നിഷ്‌കളങ്കവും ബാലിശവുമാണ്. ഇസ്രായേലും അമേരിക്കയും യഥാര്‍ത്ഥത്തില്‍ യുദ്ധക്കൊതിയന്‍മാരാണ്. അമേരിക്കയ്ക്ക് 150 രാജ്യങ്ങളിലായി 450 സൈനിക താവളങ്ങളുണ്ട്. അതിന്റെ പിന്തുണ സയണിസ്റ്റുകള്‍ക്കുണ്ട്. ഇസ്രായേല്‍ സൈന്യം രൂപപ്പെടുത്തിരിക്കുന്നത് ആക്രമണത്തിനുവേണ്ടിയാണ്; പ്രതിരോധത്തിനുവേണ്ടിയില്ല. ഒപ്പം തന്നെ അവര്‍ക്ക് വാഷിംഗ്ടണില്‍ നിര്‍ണായക സ്ഥാനങ്ങളിലുള്ള ലോബി-ഏജന്റുകളുടെ എണ്ണം യു.എസ്. ജനങ്ങള്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കുന്ന പ്രതിനിധികളുടെ എണ്ണത്തേക്കാള്‍ അധികം വരും.


ഇസ്രായേലിന്റെ അതിക്രമത്തിനെതിരെ പോരാടുമ്പോള്‍ ഫലസ്തീന്‍ പോരാളികള്‍ വലിയ അളവില്‍ അക്രമം തിരിച്ചു പ്രയോഗിക്കുന്നതായി പറയപ്പെടുന്നുണ്ട്...

പാശ്ചാത്യമാധ്യമങ്ങള്‍ യാഥാര്‍ത്ഥത്തെ തെറ്റായി പ്രതിനിധീകരിക്കുന്നതുകൊണ്ടാണ് അത്തരം വാദം. കുറച്ച് പഴയ ആയുധങ്ങളുമായി, പ്രതിരോധമില്ലാത്ത ജനത അതിജീവനത്തിനുവേണ്ടി നടത്തുന്ന പോരാട്ടവും ഇസ്രായേല്‍ നടത്തുന്ന ആക്രമണവും തമ്മില്‍ വലിയ അന്തരമുണ്ട്. ഇസ്രായേല്‍ എന്നത് ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈന്യമാണ്. കൂട്ടനരഹത്യയുടെ ആയുധങ്ങളും സ്വന്തമായി അവര്‍ക്കുണ്ട്. അതിനേക്കാള്‍ മോശമായ കാര്യം സൈന്യത്തോടല്ല, ജനങ്ങളോടാണ് അവര്‍ യുദ്ധം നടത്തുന്നത് എന്നതാണ്. നിയമവിരുദ്ധമായ രാസായുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് അവരുടെ ആക്രമണം. കുട്ടികള്‍, ആംബുലന്‍സുകള്‍, ആരാധനാലയങ്ങള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവയ്ക്കുനേരെയാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുന്നത്. കടന്നുകയറ്റക്കാരുടെ ദുഷ്ടാക്രമങ്ങളെ സ്വയം പ്രതിരോധത്തിനുവേണ്ടിയുള്ള ശ്രമങ്ങളുമായി തുലനം ചെയ്യരുത്.

ഫലസ്തീന്‍കാര്‍ നടത്തുന്ന ചാവേര്‍ ആക്രമണവും വര്‍ധിക്കുകയാണ്...

നേരത്തെ പറഞ്ഞതുതന്നെയാണ് എനിക്ക് ആവര്‍ത്തിക്കാനുള്ളത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വാഭാവികമായ പ്രതികരണത്തെ, കൂട്ടക്കൊലയും തലമുറകളെ ഇല്ലാതാക്കുകയും ചെയ്യുന്ന അടിച്ചമര്‍ത്തലുകരുടെ നടപടികളോട് തുലനം ചെയ്യുന്നത് ശരിയല്ല. അത് നീതിയില്‍ നിന്നുള്ള വലിയ വ്യതിചലനമാണ്. കൊലപാതകികളെ കൊന്നൊടുക്കുന്നവരെ ഓടിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെ ദൈവത്തിന് വിരുദ്ധമാകും. ചാവേര്‍ ആക്രമങ്ങളെ ന്യായീകരിക്കുകയല്ല. പക്ഷേ നമ്മള്‍ കാണേണ്ടത് ഫലസ്തീന്‍കാര്‍ ആറുപതിറ്റാണ്ടായി നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തത്തെയും അടിച്ചമര്‍ത്തലുകളെയുമാണ്. എന്നും, എതുനിമിഷവും കൊല്ലപ്പെടുന്നവര്‍ ഇങ്ങനെ പ്രതികരിക്കണം എന്ന് സുഖവാസത്തില്‍ കഴിയുന്ന മറ്റൊരു വിഭാഗത്തിന് നിശ്ചയിക്കാനോ നിര്‍ദേശിക്കാനോ ആവില്ല. ഫലസ്തീന്‍കാരുടെ നിത്യമായ ദുരിതങ്ങളില്‍ നിന്നാണ് തിരിച്ചടികള്‍ ശക്തിപ്രാപിക്കുന്നത്. ആരും കൊല്ലപ്പെടരുത്, മരിക്കരുത് എന്നു വിശ്വസിക്കുമ്പോഴും എനിക്ക് പോരാടുന്നവരെ ഒരുവിധത്തിലും കുറ്റപ്പെടുത്താനാവില്ല.


ഫലസ്തീന്‍ പ്രശ്‌നം ചിലപ്പോഴെങ്കിലും ഒരു മതപ്രശ്‌നമായി ചുരുങ്ങുന്നതായി വിമര്‍ശനം ചിലര്‍ ഉയര്‍ത്തുന്നുണ്ട്

അധിനിവേശം, കോളനിവല്‍ക്കരണം, വംശീയ ഇല്ലായ്മചെയ്യല്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളില്‍ ഫലസ്തീന്‍കാരെ സംബന്ധിച്ച് മതം വിഷയമേ അല്ല. ഞങ്ങളെ സംബന്ധിച്ച് ഫലസ്തീന്റെ മോചനമാണ് ലക്ഷ്യം. എന്നിരുന്നാലും ഞങ്ങളുടെ കാര്യത്തില്‍ വിശ്വാസം നിര്‍ണായകമാണ്. അത് പ്രചോദിപ്പിക്കുകയും, ചലിപ്പിക്കുകയും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുകയും ചെയ്യുന്നതില്‍ നല്ല പങ്ക് വഹിക്കുന്നുണ്ട്.എഴുത്തിന്റെ രാഷ്ട്രീയം


എന്താണ് താങ്കള്‍ക്ക് എഴുത്ത്? എഴുത്തിലേക്ക് എത്തപ്പെടുന്നത് എങ്ങനെയാണ്?

ഞാന്‍ എഴുത്തിലേക്ക് എത്തുന്നത് യാദൃശ്ചികമായാണ്. സുഹൃത്തുക്കള്‍ എന്നോട് ഫലസ്തീന്‍ പ്രവാസി എന്ന നിലയില്‍ അനുഭവങ്ങളും വികാരങ്ങളും എഴുതാന്‍ ആവശ്യപ്പെട്ടു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അത്. എഴുതാന്‍ തുടങ്ങുമ്പോള്‍ കവിത എഴുതണമെന്നല്ല ആഗ്രഹിച്ചത്. മനസിലുള്ള തോന്നലുകള്‍ കടലാസില്‍ പകര്‍ത്തണമെന്ന് മാത്രമേ നിശ്ചയിച്ചിരുന്നുള്ളൂ. സയന്‍സ് പശ്ചാത്തലമാണ് എനിക്കുണ്ടായിരുന്നെങ്കിലും അറബി കവിതയോടും സാഹിത്യത്തോടും വളരെ താല്‍പര്യമുണ്ടായിരുന്നു. അതാവണം കവിതയായി വികാരങ്ങളെ പടര്‍ത്താന്‍ ഇടയാക്കിയത്. ഇപ്പോഴും നിര്‍ഭാഗ്യകരമെന്നു പറയാം ഇംഗ്ലീഷ് സാഹിത്യത്തിലോ ഭാഷയിലോ എനിക്ക് വലിയ പിടിയില്ല. എഴുത്ത് എന്നത് എനിക്ക് സ്വന്തം വികാരങ്ങളെ, വേദനകളെ, പകര്‍ത്താനുള്ള ഒരു മാധ്യമമാണ്. സാമൂഹ്യ പ്രവര്‍ത്തനത്തിനടയില്‍ പൊതുപ്രസംഗം നടത്താന്‍ എനിക്ക് മടിയാണ്. അത് മറികടക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ് എഴുത്ത്.

എഴുത്തിന്റെ രീതികള്‍ എന്താണ്?

എന്റെ എഴുത്ത് കൂടുതലും വ്യക്തിപരമാണ്. ഫലസ്തീനുമായി ബന്ധപ്പെട്ടും മറ്റും ഉയരുന്ന വികാരങ്ങുടെ പ്രകടനമാണ് അതില്‍ ഭൂരിപക്ഷവും. രാഷ്ട്രീയമായി ഞാന്‍ സജീവമാണ്. അതുകൊണ്ട് തന്നെ താല്‍പര്യമുണ്ടെങ്കിലും എനിക്ക് എഴുത്തിനും വായനയ്ക്കും നീക്കിവയ്ക്കാന്‍ അധികം സമയമില്ല. വിനോദവായനയോ എഴുത്തോ താല്‍പര്യമില്ല. തീവ്രമായി എന്നെ വേദനിപ്പിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന വിഷയങ്ങളാണ് കവിതകളായി ഞാന്‍ എഴുതുന്നത്.

എഴുത്ത് വ്യക്തിപരം എന്നു പറയുമ്പോള്‍ അവയെ പൂര്‍ണമായും രാഷ്ട്രീയപരമെന്ന് വിശേഷിപ്പിച്ചുകൂടേ?

ഇല്ല. എന്റെ എഴുത്ത് ഒരു സങ്കരമാണ്. ഞാന്‍ അനീതി, മരണം, ദുരിതം, വേദന എന്നിവയെപ്പറ്റി എഴുതുന്നു. അതേപോലെ പ്രതീക്ഷകള്‍, സന്തോഷം, ജീവിതം, സ്‌നേഹം എന്നിവയെപ്പറ്റിയും എഴുതുന്നു. വ്യക്തിപരമായുള്ള എഴുത്ത് പക്ഷേ എന്റെ രാഷ്ട്രീയത്തോട് നൂറശുതമാനവും നീതി പുലര്‍ത്തുന്നതു തന്നെയാണ്. കവിത ഒരിക്കലും നൂറുശതമാനവും വിവര്‍ത്തനം (കവിയില്‍ നിന്ന് വായനക്കാരിലേക്ക്) ചെയ്യാന്‍ കഴിയില്ല. എന്റെ വാക്കുകള്‍ നിങ്ങളുടെ ഹൃദയത്തില്‍ എത്തുന്ന നിമിഷം അതിന് അതിന്റെ വ്യക്തിത്വം അല്‍പം നഷ്ടപ്പെടും. അതിന്റെ മൊത്തം സംഗീതവും ഇല്ലതാകും. പക്ഷേ, എന്നാലും കവിത എന്ന് സ്വന്തം വികാരങ്ങള്‍ മറ്റൊരാളോട് പ്രത്യേകരീതിയില്‍ പറയുകയാണ്.

എന്താണ് കവിതയിലൂടെ മുഖ്യമായി പറയാന്‍ ശ്രമിക്കുന്നത്? സ്വയം രചനകളെ എങ്ങനെ വിലയിരുത്തുന്നു?

വ്യക്തമായും, ഞാന്‍ ശ്രമിക്കുന്നത് എന്റെ ശബ്ദമില്ലാത്ത ജനതയുടെ ശബ്ദമാകാനാണ്. ഞാന്‍ കരയുന്നത് നീതിക്കും, തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്. ഞാന്‍ എഴുതുന്നത് ഒരു ആശയം സംവദിക്കുക എന്ന ഉദ്ദേശത്തോടെയാണ്. അതുകൊണ്ട് എഴുത്ത് വികാരങ്ങളെ തുറന്നുകാട്ടുന്നവിധത്തില്‍ വളരെ ലളിതമാണ്. എഴുതുന്നത് സാധാരണക്കാരനോട് സംവദിക്കാനാണ്. ഉന്നതരോടല്ല. അതുകൊണ്ടാണ് എന്റെ എഴുത്ത് സുതാര്യവും ലളിതവുമാണ്.

ഫലസ്തീന്‍ സാഹിത്യത്തെപ്പറ്റി എന്താണ് താങ്കള്‍ പറയുക?

ഫലസ്തീന്റെ സാഹിത്യത്തിന് പൊതുവിലുള്ളത് മര്‍ദിതരായ ജനതയോടുള്ള ഐക്യപ്രകടനമാണ്. അവ പൊതുവില്‍ അധിനിവേശത്തിന്റെയും പ്രവാസിത്വത്തിന്റെയും വേദനകള്‍ ഉള്‍ക്കൊള്ളുന്നു. അപവാദങ്ങളുമുണ്ട്. ഞാനേറ്റവും ഇഷ്ടപ്പെടുന്ന ഫലസ്തീന്‍ എഴുത്തുകാരന്‍ തമീം ബര്‍ഗൗതിയാണ്. അദ്ദേഹത്തിന്റെ രചനകള്‍ തീവ്രമായി ഫലസ്തീനെ ഉള്‍ക്കൊള്ളുന്നു; പ്രതിനിധീകരിക്കുന്നു.


എഴുത്തുകാരിയെന്ന നിലയില്‍ ഇസ്രായേലില്‍ നിന്നുള്ള രചനകളെപ്പറ്റി എന്തുപറയും?

ഞാന്‍ ഇസ്രായേലിന്റെ സാഹിത്യം ശ്രദ്ധിക്കാറില്ല. പീഡകരുടെയും അധിനിവേശക്കാരുടെയും അടിച്ചമര്‍ത്തലുകാരുടെയും സാഹിത്യത്തില്‍ ഞാന്‍ തല്‍പരയല്ല. അവര്‍ എന്റെ മാതൃരാജ്യം സ്വന്തമാക്കുകയും ലക്ഷക്കണക്കിന് ഫലസ്തീന്‍കാരെപ്പോലെ തന്നെ എന്നെ പുറത്താക്കുകയും ചെയ്തിരിക്കുന്നു. അവരുടെ സാഹിത്യം ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയോ താല്‍പര്യമോ എനിക്കില്ല.


സ്വപ്നവും ജീവിതയാഥാര്‍ത്ഥ്യവും


ഇംഗ്ലണ്ടില്‍ നിങ്ങള്‍ ഫലസ്തീനുവേണ്ടി എന്തുചെയ്യുന്നു?

ഞങ്ങള്‍ ഫലസ്തീന്‍ പ്രശ്‌നവും അവിടുത്തെ ദുരിതങ്ങളും അന്താരാഷ്ട്ര സമൂഹത്തെ അറിയിക്കുക എന്നതാണ് മുഖ്യ കടമയായി ഏറ്റെടുത്തിരിക്കുന്നത്.
ഇംഗ്ലണ്ടില്‍ ഫലസ്തീന്‍ അനുകൂല പ്രചരണങ്ങളും സംവാദങ്ങളും സംഘടിപ്പിക്കുന്നു. ഫലസ്തീനിലേക്ക് രാജ്യാന്തര സഹായങ്ങള്‍ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം. അഭയാര്‍ത്ഥികള്‍ക്ക് മരുന്നും മറ്റും സഹായങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. വിദ്യാലയങ്ങളും ആശുപത്രികളും പുതുക്കി പണിയേണ്ടതുണ്ട്. ഫലസ്തീനെതിരെ കൂടുതല്‍ കടന്നാക്രമണങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ലോകസമൂഹം ഇടപെടേണ്ടതുണ്ട്. അതിനൊക്കെ സഹായകരമായ കാര്യങ്ങള്‍ ചെയ്യുന്നു.

ഫലസ്തീന്റെ ആവശ്യങ്ങളോടുള്ള ലോകത്തിന്റെ പൊതു സമീപനം ?എങ്ങനെയാണ്?

ലോക ജനത ഫലസ്തീനെ പിന്തുണയ്ക്കുന്നുണ്ട്. ലോകമെങ്ങുമുള്ള മര്‍ദിത ജനങ്ങള്‍ ഫലസ്തീന്റെ ഒപ്പമാണ്. അമേരിക്കയുള്‍പ്പടെയുള്ള ചില സാമ്രാജ്യത്വ രാജ്യങ്ങളും ഭരണകൂടങ്ങളും മാത്രമാണ് ഇസ്രായേലിന്റെ കൂട്ട്. അവര്‍ക്ക് ആയുധവും പണവും നല്‍കി പിന്തുണയ്ക്കുകയും ചെയ്യുന്നു. ലോകം ഫലസ്തീനെ പിന്തുണയ്ക്കുമ്പോള്‍ തന്നെ ഇസ്രായേലിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് പലപ്പോഴും മൂര്‍ച്ചകുറയുന്നതു കാണാം. ഇസ്രായേലിനെ വിമര്‍ശിക്കുമ്പോള്‍ പലരുടെയും ശബ്ദം താഴുന്നുണ്ട്. നിങ്ങള്‍ക്ക് ഇസ്ലാമിക തീവ്രവാദികളെപ്പറ്റി സംസാരിക്കാം. ക്രിസ്ത്യന്‍ തീവ്രവാദി, മാര്‍ക്‌സിസ്റ്റ് തീവ്രവാദം എന്നൊക്കെ വിളിച്ച് വിമര്‍ശനങ്ങള്‍ നടത്താം. എന്നാല്‍ നിങ്ങള്‍ക്കൊരിക്കലും സയണിസ്റ്റ് തീവ്രവാദത്തെപ്പറ്റി സംസാരിച്ചുകൂടാ. സംസാരിച്ചാല്‍ നിങ്ങള്‍ ജൂതവിരുദ്ധനായി മാറും. അതോടെ നിങ്ങള്‍ ഏറ്റവും മോശക്കാരനായ ഒരാളായി മാറും. അതിനാര്‍ക്കും താല്‍പര്യമില്ല. ആര്‍ക്കും ഇസ്രായേലിന്റെ മുദ്രകുത്തലുകള്‍ക്ക് വിധേയരാവാന്‍ താല്‍പര്യമില്ല.


എന്താണ് താങ്കളുടെ സ്വപ്നം?

സ്വതന്ത്രവും സമാധാനവും നിറഞ്ഞ ഫലസ്തീന്‍. അവിടേക്കുള്ള മടക്കം.


സമാധാനം എന്നത്തേക്കുമായി നിലവില്‍ വരാന്‍ എന്താണ് വേണ്ടത്? ശുഭപ്രതീക്ഷയുള്ളയാളാണോ താങ്കള്‍?

മനുഷ്യജീവനെ ആദരിക്കുന്നത് തന്നെയാവും അതിന്റെ തുടക്കം. മനുഷ്യ ജീവനെ മാത്രമല്ല, ഏതൊരു ജീവനെയും. ഇസ്രായേലുകാര്‍ അതെന്നു തുടങ്ങുമെന്നത് വ്യക്തമല്ല. അത്യന്തികമായി സമാധാനം വരുമെന്ന ശുഭപ്രതീക്ഷയുള്ളയാളാണ് ഞാന്‍. അതിന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം.


ഇപ്പോഴത്തെ ജീവിതം എങ്ങനെയാണ്?

ലിവര്‍പൂളില്‍ കുടുംബത്തോടൊപ്പമാണ് താമസം. മൂന്നുമക്കളുണ്ട്. പക്ഷേ എന്റെ പ്രിയ വിഷയം കലയാണ്. ഞാന്‍ സമയം കിട്ടുമ്പോള്‍ (അത് അപൂര്‍വമാണ്) കളിപ്പാട്ടങ്ങളും കാര്‍ഡുകളും ഉണ്ടാക്കുന്നു. വസ്ത്രങ്ങള്‍ സ്വയം ഉണ്ടാക്കുന്നു. പക്ഷേ, കൂടുതല്‍ സമയവും സാമൂഹ്യ-രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ വിനിയോഗിക്കുന്നു. പോയട്രിഫോര്‍ഫലസ്തീന്‍ എന്ന വെബില്‍ എഴുതുന്നു. ഫലസ്തീനില്‍ നിന്നുള്ള വാര്‍ത്തകളും ചിത്രങ്ങളും അതില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നു. ലോകമെങ്ങുമുള്ളവരുമായി ഫലസ്തീനുവേണ്ടി സംവദിക്കുന്നു.

Samakalika Malyalam varikah
2009 September

No comments:

Post a Comment