അഭിമുഖം
ഡോ.ഭാരത് പടന്‍കര്‍/ബിജുരാജ്
മഹാരാഷ്ട്രയിലെ പ്രമുഖ ദളിത്പക്ഷ-ഇടതു ചിന്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും ശ്രമിക് മുക്തിദള്‍ അഖിലേന്ത്യാ നേതാവുമായ ഡോ. ഭാരത് പടന്‍കര്‍ തന്റെ നിലപാടുകളെപ്പറ്റി സംസാരിക്കുന്നു. സി.പി.ഐയും സി.പി.എമ്മും ഉള്‍പ്പെടുന്ന വ്യവസ്ഥാപിത കമ്യൂണിസ്റ്റുകള്‍ ബ്രാഹ്മണ്യ പാര്‍ട്ടികളാണെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു. മലയാളിയുടെ മഹാബലി സങ്കല്‍പ്പം സവര്‍ണതയ്‌ക്കെതിരെയുള്ള അവര്‍ണരുടെ സമരങ്ങളില്‍ ഉയര്‍ത്തിക്കാട്ടേണ്ട പ്രതീകമാണെന്നും ഭാരത് പടന്‍കര്‍ വാദിക്കുന്നു.
ഇന്ത്യന്‍ സാഹചര്യങ്ങളെ കൃത്യമായി തിരിച്ചറിയുന്ന സൗമ്യനായ ഇടതുപക്ഷക്കാരന്‍- അതാവും അല്‍പ നേരത്തെ സംഭാഷണംകൊണ്ട് ഡോ. ഭാരത് പടന്‍കര്‍ തന്നെപ്പറ്റി നമ്മളിലുണര്‍ത്തുന്ന ധാരണ. സൈദ്ധാന്തിക ജാടകള്‍ തെല്ലുമില്ല. എന്നാല്‍ ആശയത്തിലും ആദര്‍ശത്തിലും വിട്ടുവീഴ്ചയുമില്ല. വ്യവസ്ഥാപിത കമ്യൂണിസ്റ്റുകളുടെ വഴിയില്‍ നിന്ന് മാറി സഞ്ചരിക്കുന്ന ദളിത്പക്ഷ ചിന്തകനാണ് അദ്ദേഹം. മനുഷ്യാവകാശ പ്രവര്‍ത്തകന്‍. പരിസ്ഥിതിവാദി, വിവര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്തന്‍. മുഖ്യമായി മഹാരാഷ്ട്രയില്‍ കര്‍ഷകരുടെയും ദളിതുകളുടെയും മുന്നേറ്റം സംഘടിപ്പിക്കുന്ന ശ്രമിക് മുക്തി ദള്‍ എന്ന ഇടതുപക്ഷ ദളിത്-കര്‍ഷക-തൊഴിലാളി സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റാണ് ഭാരത് പടന്‍കര്‍.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി രക്തസാക്ഷിയായിരുന്നു അച്ഛന്‍. ഭാരതിന് ഒന്നര വയസ്സുള്ളപ്പോഴാണ് രാഷ്ട്രീയ എതിരാളികള്‍ ബാബുജി പടന്‍കറിനെ കൊലപ്പെടുത്തുന്നത്. വിദ്യാര്‍ത്ഥികാലം മുതല്‍ക്കേ ഭാരത് രാഷ്ട്രീയത്തില്‍ സജീവമായി. മെച്ചപ്പെട്ട ഡോക്ടര്‍ ജോലിയും ഉന്നത വൈദ്യപഠനവും ഉപേക്ഷിച്ച് എഴുപതുകളുടെ ആദ്യം മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി. സി.പി.ഐയില്‍ നിന്ന് വിഭജിച്ചു നിന്ന മഗോവ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് ആദ്യം പ്രവര്‍ത്തിച്ചു. പിന്നീട് ശ്രമിക് മുക്തി ദള്‍ രൂപീകരിച്ചു. ജാതി, സ്ത്രീ വിഷയങ്ങള്‍ കമ്യൂണിസ്റ്റു പാര്‍ട്ടി ഏറ്റെടുക്കണമെന്ന് വാദിച്ച ആദ്യകാല സൈദ്ധാന്തികരില്‍ ഒരാളാണ്. കേവലം വര്‍ഗസമരത്തിന്റെ തലത്തില്‍ നിന്ന് മാത്രം ജാതി, സ്ത്രീ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനാവില്ല എന്നതാണ് ഭാരതിന്റെ എന്നത്തേയും നിലപാട്. സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളിലും ദളിതുകള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ ചെറുക്കുന്നതിലും മുന്‍നിരയില്‍ നില്‍ക്കുന്നു.
ബലിജന്‍ സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ നിര്‍വാഹകസമിതി അംഗം കൂടിയാണ്. മറാഠിയില്‍ നിരവധി പഠനങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഹിന്ദു ഓര്‍ സിന്ധു', 'ബദല്‍ വികസനം' തുടങ്ങിയവയാണ് കൃതികള്‍, ദളിത് വിഷയങ്ങളെപ്പറ്റി ആനുകാലികങ്ങളില്‍ പതിവായി എഴുതിവരുന്നു. ജീവിത പങ്കാളി ഡോ. ഗെയില്‍ ഓംവെദിനൊപ്പം ഭക്തകവി തുക്കറാമിന്റെ ഗീതികകള്‍ ഉള്‍പ്പടെ പല കൃതികളും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
അടുത്തിടെ, കൊച്ചിയില്‍ ഒരു സ്വകാര്യ സന്ദര്‍ശനത്തിന് ഭാരത് പടന്‍കര്‍ എത്തിയിരുന്നു. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്:
എന്താണ് നിങ്ങളുടെ കുടുംബ പശ്ചാത്തലം? ദലിത് ബോധത്തിലേക്കും ജാതി വിരുദ്ധ മുന്നേറ്റത്തിലേക്കും എത്തുന്നത് എങ്ങനെയാണ്?
മഹാരാഷ്ട്രയിലെ ഭൂരഹിത കര്‍ഷകരായിരുന്നു ഞങ്ങള്‍. മുത്തശ്ശന്‍മാരെല്ലാം കാര്‍ഷികവൃത്തിയുമായി കഴിഞ്ഞ ഗ്രാമീണരാണ്. 35 വര്‍ഷമേ ആയിട്ടുള്ളൂ ഞങ്ങള്‍ക്ക് സ്വന്തമായി ഭൂമി ലഭിച്ചിട്ട്. അച്ഛന്‍ കുടികിടപ്പുകാരനായിരുന്നു. ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഫലമായാണ് ഞങ്ങള്‍ക്ക് ഭൂമി കിട്ടുന്നത്. ഭൂപരിഷ്‌കരണം വഴി നിയമപരമായി അനുവദിക്കപ്പെട്ട ഭൂമി വിട്ടുതരാതിരിക്കാന്‍ ജന്മിത്വം ആവതും ശ്രമിച്ചു. അതിനെതിരെ നിയമപരമായും അല്ലാതെയും പോരാട്ടങ്ങള്‍ നടത്തി. പിന്നോക്ക സമുദായമാണ് (ബഹുജന്‍) ഞങ്ങളുടേത്. എന്നാല്‍ തുടക്കം മുതലേ രാഷ്ട്രീയ ബോധം ഞങ്ങളുടെ വീട്ടില്‍ ശക്തമായിരുന്നു. ജാതിയെ കുട്ടിക്കാലം മുതലേ ഒരോ നിമിഷവും ഞങ്ങള്‍ അറിഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ സജീവമായിരുന്ന അംബേദ്കര്‍പ്രസ്ഥാനം നന്നേ ചെറുപ്പം മുതല്‍ എന്നെ സ്വാധീനിച്ചിരുന്നു. അംബേദ്കറിന്റെയും ജ്യോതിറാവു ഫുലേയുടെയും കൃതികള്‍ വായിച്ചതുവഴിയാണ് ജാതിമര്‍ദനത്തെയും ജാതി വിരുദ്ധതയെയും പറ്റി കൃത്യമായ ധാരണകളില്‍ എത്തുന്നത്.
പക്ഷേ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ എങ്ങനെ എത്തിച്ചേര്‍ന്നു?
അച്ഛന്‍ ബാബുജി പടന്‍കര്‍ കമ്യൂണിസ്റ്റായിരുന്നു. സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ തീവ്രപക്ഷ നിലപാടുകള്‍ ഉണ്ടായിരുന്ന വിപ്ലവകാരിയാണ് അദ്ദേഹം. അരുണ അസഫലിയുടെ സഹപ്രവര്‍ത്തകനായിരുന്നു. ലെഫറ്റ് സോഷ്യലിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റില്‍) അംഗമായിരുന്നു. 1952 ല്‍ എനിക്ക് ഒന്നരവയസ്സുള്ളപ്പോള്‍ അച്ഛന്‍ രക്തസാക്ഷിയായി. കോണ്‍ഗ്രസ് ഗുണ്ടകള്‍ അച്ഛനെ കൊലപ്പെടുത്തുകയായിരുന്നു. ജനങ്ങളെ സംഘടിപ്പിച്ചതാണ് കാരണം.അമ്മ ഇന്ദുമതി പടന്‍കറും ഇടതുപക്ഷത്തുണ്ടായിരുന്നു. ഞങ്ങളെ വളര്‍ത്തേണ്ട ഭാരം അമ്മ ഏറ്റെടുത്തു. അമ്മ ചെറുപ്പം മുതലേ രാഷ്ട്രീയ ബോധം ഞങ്ങളില്‍ പകര്‍ന്നിരുന്നു. ഏഷ്യയിലെ ഏറ്റവും പ്രായം ചെന്ന സ്ത്രീപക്ഷ കൂട്ടായ്മയില്‍ അംഗമായിരുന്നു അമ്മ. ഞാന്‍ വിദ്യാര്‍ത്ഥി നാളില്‍ ഇടതുപക്ഷത്തോട് അടുത്തു. മാര്‍ക്‌സിറ്റ് കൃതികള്‍ വായിച്ചതുകൊണ്ടാണ് അത്. മിരാജ് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് പഠിക്കുമ്പോള്‍ ഇടതുപക്ഷ വിദ്യര്‍ത്ഥി സംഘടനയില്‍ അംഗമായി. പിന്നീട് 1972 ല്‍ മുഴുവന്‍ സമയം പ്രവര്‍ത്തകനാകാന്‍ തീരുമാനിച്ചു. എം.ഡി. പഠനം മുഴുവിച്ചില്ല. അന്ന് സജീവമായിരുന്ന 'മാഗുവ' വിഭാഗത്തോടൊപ്പമാണ് പ്രവര്‍ത്തിച്ചത്. പിന്നീട് ശ്രമിക് മുക്തിദള്‍ രൂപീകരിച്ചു.
എന്തുകൊണ്ട് ശ്രമിക് മുക്തി ദള്‍? നിലവിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ എന്തുകൊണ്ട് ചേര്‍ന്നില്ല?
അന്നുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇന്ത്യന്‍ വസ്തുനിഷ്ഠ സാഹചര്യങ്ങളെപ്പറ്റി ധാരണയോ വ്യക്തമായ പദ്ധതികളോ ഉണ്ടായിരുന്നില്ല. ജാതിയെന്ന യാഥാര്‍ത്ഥ്യത്തെ അവര്‍ ഒരിക്കലും കണ്ടില്ല. സ്ത്രീ വിഷയത്തെയോ, പരിസ്ഥിതി പ്രശ്‌നത്തെയോ പരിഗണിച്ചിരുന്നുമില്ല. പലപ്പോഴും വന്‍വ്യവസായം വേണം എന്ന തലത്തിലുള്ള യാന്ത്രിക റഷ്യന്‍ കാഴ്ചപ്പാടാണ് അവര്‍ക്കുണ്ടായിരുന്നത്. വര്‍ഗസമരം പൂര്‍ത്തിയാകുമ്പോള്‍ ജാതി തനിയെ ഇല്ലാതാവും എന്ന നിലപാടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്നോട്ടുവച്ചത്. ജാതിക്കെതിരെ അവര്‍ ഒരു സമരവും നടത്തിയിട്ടില്ല എന്നല്ല. ജാതിക്കെതിരെ വ്യക്തമായ ഒരു പദ്ധതി കമ്യൂണിസ്റ്റുകള്‍ മുന്നോട്ടുവച്ചില്ല. ജാതി തൊഴിലിനെ മാത്രമല്ല, തൊഴിലാളികളെയും വിഭജിക്കും എന്ന് അംബേദ്കര്‍ പറഞ്ഞത് ഇടതുപാര്‍ട്ടികള്‍ കണ്ടില്ല. ഞങ്ങള്‍ക്ക് ജാതിയെന്ന യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. വര്‍ഗസമരത്തിനു പുറമേ കമ്യൂണിസ്റ്റുകള്‍ ജാതി സമരവും നടത്തണമെന്നായിരുന്നു ഞങ്ങളുടെ നിലപാട്. സ്വാഭാവികമായും ബദല്‍ രാഷ്ട്രീയ സംഘടനയെന്ന നിലയില്‍ ശ്രമിക് മുക്തി ദള്‍ രൂപീകരിക്കുന്നതിലേക്ക് എത്തി.
സി.പി.ഐ, സി.പി.എം. ഉള്‍പ്പടെയുള്ള പാര്‍ട്ടികളെ ഇപ്പോള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്?
സി.പി.ഐയോ സി.പി.എമ്മോ കമ്യൂണിസ്റ്റ് പാര്‍ട്ടികളല്ല. അവര്‍ വലതുപക്ഷ- ബൂര്‍ഷ്വാ പാര്‍ട്ടികള്‍ മാത്രമാണ്. രണ്ടും ബ്രാഹ്മണ പാര്‍ട്ടികളാണ്. സവര്‍ണ്ണ സമുദായത്തില്‍ നിന്ന് ജനിച്ചവരുടെ കൈയിലാണ് തുടക്കം മുതലേ ഈ പാര്‍ട്ടികള്‍ ഉണ്ടായിരുന്നത്. ബ്രാഹ്മണ്യ സേവയാണ് അവര്‍ നടത്തുന്നത്. അധികാരത്തില്‍ തുടരുക വഴി എല്ലാ ജീര്‍ണ്ണതകളും അതിന് സംഭവിച്ചുകഴിഞ്ഞു. പലപ്പോഴും സാമ്രാജ്യത്വത്തിന്റെ പിണിയാളുകളുടെ റോളാണ് അവര്‍ക്കുള്ളത്. അതുകൊണ്ട് തന്നെയാണ് ബംഗാളിലും കേരളത്തിലും ദളിതുകളും ആദിവാസികളും മറ്റ് പിന്നോക്ക ജാതിക്കാരും അവര്‍ക്കെതിരെ സമരരംഗത്തിറങ്ങുന്നത്. ജനങ്ങള്‍ സമരം ചെയ്യാന്‍ തയ്യാറാണ്. തങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മാറാന്‍ ജനങ്ങള്‍ക്ക് സമരം ആവശ്യമുണ്ട്. പക്ഷേ ഈ പാര്‍ട്ടികള്‍ക്ക് സമരം ചെയ്യാന്‍ താല്‍പര്യമില്ല. ഈ പാര്‍ട്ടികളില്‍ നിന്ന് ജനങ്ങള്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം.
എന്താണ് ശ്രമിക് മുക്തിദളിന്റെ രാഷ്ട്രീയ നിലപാട്? എത്രത്തോളമുണ്ട് അംഗബലം?
മാര്‍ക്‌സ്, അംബേദ്കര്‍, ഫുലേ എന്നിവരുടെ ആശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സംഘടനയാണ് ശ്രമിക് മുക്തിദള്‍. കര്‍ഷകരും തൊഴിലാളികളും അടിസ്ഥാന ജാതി വിഭാഗങ്ങളുമാണ് സംഘടനയുടെ അടിത്തറ. ജനാധിപത്യ കേന്ദ്രീകരണം നിലനില്‍ക്കുമ്പോള്‍ പോലും ഹൈക്കമാന്‍ഡ്/പൊളിറ്റ് ബ്യൂറോ രീതിയില്ല സംഘടന പ്രവര്‍ത്തിക്കുന്നത്. കൂട്ടായ ചര്‍ച്ചകളിലുടെയും സംവാദങ്ങളിലൂടെയും ജനാധിപത്യ അന്തരീക്ഷം സംഘടനയില്‍ നിലനില്‍ക്കുന്നു. 1980 ല്‍ മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് സംഘടനയ്ക്ക് രൂപംകൊടുത്തത്. ഭൂസമരങ്ങളിലാണ് ഞങ്ങള്‍ ആദ്യം കേന്ദ്രീകരിച്ചത്. വര്‍ഗസമരം നടത്തിയാല്‍ പോരാ ജാതിസമരവും ഇടതുപക്ഷം ഏറ്റെടുക്കണമെന്നാണ് നിലപാട്. അതുപോലെ സ്ത്രീകളുടെ മോചനവും സാധ്യമാകണം. പരിസ്ഥിതി വിഷയങ്ങളില്‍ ശാസ്ത്രീയമായ നിലപാടുകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ മാര്‍ഗങ്ങളുപയോഗിച്ച് അക്രമരഹിതമായ മാര്‍ഗത്തില്‍ പോരാടുന്ന സംഘടനയാണ് ഞങ്ങളുടേത്. മറ്റ് ഇടതുപാര്‍ട്ടികളെപ്പോലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളല്ല മുഖ്യ പ്രവര്‍ത്തനമേഖല. എന്നാല്‍ പ്രാദേശികമായി ജനങ്ങളുടെ താല്‍പര്യാര്‍ത്ഥം മത്സരങ്ങളില്‍ ഇടപെടുകയോ ചിലപ്പോഴൊക്കെ ചില സ്ഥാനാര്‍ത്ഥികളെ അവരുയര്‍ത്തുന്ന നിലപാടുകളുടെ അടിസ്ഥാനത്തില്‍ പിന്തുണക്കുകയോ ചെയ്യുന്നു. മഹാരാഷ്ട്രയലെ ഒമ്പത് ജില്ലകളില്‍ സ്വാധീനമുണ്ട്. ഒരുലക്ഷത്തിലധികം വരും അംഗങ്ങള്‍. മുഴുവന്‍ സമയ പ്രവര്‍ത്തകരായ 500 കേഡര്‍മാരുണ്ട്. അതായത് ജില്ലാതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍. കര്‍ണാടകയിലെ ബാല്‍ക്കി തുടങ്ങിയ മേഖലകളിലും സ്വാധീനമുണ്ട്. ബലിജന്‍ സാംസ്‌കാരിക മുന്നേറ്റത്തിലൂടെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു. പല സംഘടനകളുമായി ഐക്യപ്പെടുന്നു.
മോചനത്തിന് അക്രമത്തിന്റെ മാര്‍ഗത്തെ ഉപയോഗിക്കുന്നതിനെ എങ്ങനെ കാണും? രാജ്യത്ത് മാവോയിസം ആഭ്യന്തരഭീഷണിയാണ് എന്ന് ഭരണകൂടം പ്രഖ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്...
അക്രമത്തിന്റെ രീതികളെ ശ്രമിക് മുക്തി ദളോ ഞാനോ അംഗീകരിക്കുന്നില്ല. രാജ്യത്ത് ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് അക്രമരഹിതമായ രീതിയില്‍ ജനങ്ങളെ അണിനിരത്താനാവും. സംഘടിതമായ അക്രമം വീണ്ടുംഅക്രമത്തെ തന്നെ സൃഷ്ടിക്കും എന്നതാണ് ഞങ്ങളുടെ നിലപാട്. മാവോയിസ്റ്റ് രീതികളോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. എന്നാല്‍ അവര്‍ ഉന്നയിക്കുന്ന പല ആവശ്യങ്ങളെയും പിന്തുണയ്ക്കുന്നുണ്ട്. മാവോയിസ്റ്റുകള്‍ അക്രമം അവസാനിപ്പിച്ച് ബഹുജനങ്ങളെ ജനകീയമായി അണിനിരത്തണമെന്നാണ് അഭ്യര്‍ത്ഥന.
ഗാന്ധി, മായാവതി, മൗലികവാദം
എന്താണ് ദലിതുകളുടെ പൊതു അവസ്ഥ? പുരോഗമനപരമായ മാറ്റങ്ങള്‍ ചുറ്റും സംഭവിക്കുകയാണോ?
പുരോഗമനപരമായ മാറ്റങ്ങള്‍ ഉണ്ട്. പക്ഷേ അത് വളരെ സാവധാനത്തിലാണ്. തൊട്ടുകൂടായ്മയുടെ തീവ്രത ഒരുപരിധിവരെ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ സമൂഹത്തിന്റെ പൊതു ചലന ദിശയും ദളിതരുടെ അവസ്ഥയും തമ്മില്‍ പ്രകടമായ വൈരുദ്ധ്യമുണ്ട്. അവ രണ്ടും ഒരേ തരത്തിലല്ല ചലിക്കുന്നത്. ദളിതര്‍ ഇപ്പോഴും ഒന്നോ രണ്ടോ നൂറ്റാണ്ട് പിന്നിലാണ്. ജാതി മര്‍ദനങ്ങള്‍ പലരീതിയില്‍ നടക്കുന്നു. ദളിതര്‍ ഇപ്പോഴും കൂലി അടിമകളും ദൂരഹിത കര്‍ഷകതൊഴിലാളികളുമാണ്. ദളിതര്‍ അധികാര ശക്തിയായിട്ടില്ല.
ഉത്തര്‍പ്രദേശിലെ മായാവതിയുടെ വിജയത്തെ അപ്പോള്‍ എങ്ങനെ കാണും?
മായാവതിയുടെ അധ:പതിച്ചുകൊണ്ടിരിക്കുന്നു. കന്‍ഷിറാമുള്ളപ്പോഴുള്ള ബി.എസ്.പിയല്ല ഇപ്പോഴുള്ളത്. മുമ്പ് ദളിതുകളെ മായാവതിക്ക് ചലിപ്പിക്കാനായെങ്കിലൂം ഇന്ന് അതല്ല അവസ്ഥ. ദളിതരും പുരോഗമന വാദികളും അവരില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. മായാവതിയുടെ ഭരണം ഇന്ത്യയിലെ മറ്റൊരു സവര്‍ണ്ണ ഭരണത്തില്‍നിന്ന് അധികം വ്യത്യസ്തമല്ല.
സവര്‍ണ ഹിന്ദുമുന്നേറ്റത്തിന് തിരിച്ചടികള്‍ നേരിട്ടതായി തോന്നുന്നുണ്ടോ?
ഹിന്ദുമൗലികവാദത്തിന് ചില തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. പക്ഷെ അവര്‍ ഇപ്പോഴുമുണ്ട്. മണ്ഡല്‍ കാലത്ത് ഉയര്‍ന്നുവന്ന പ്രതിലോമ മുന്നേറ്റത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ബി.ജെ.പിക്കേ തിരിച്ചടി നേരിട്ടിട്ടുള്ളൂ. ആര്‍.എസ്. എസ്. ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നത് മറന്നൂകൂടാ. ആര്‍.എസ്.എസിന് ഒന്നും സംഭവിച്ചിട്ടില്ല. കോണ്‍ഗ്രസുള്‍പ്പടെയുള്ള പാര്‍ട്ടികളിലും അധികാരത്തിലും അവരുടെ പ്രവര്‍ത്തകരെ കയറ്റിവിട്ടിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ആര്‍.എസ്. എസ്. ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് തങ്ങളുടെ നയം നടപ്പാക്കുമെന്നതിനാലാണ് അത്. മൃദൃഹിന്ദുത്വവും അപകടരമാണ്. ഇടതുപാര്‍ട്ടികളെപ്പോലും ആര്‍.എസ്. എസ്. സ്വാധീനിക്കുന്നുണ്ട്. ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് മരിക്കുന്നതിന് മുമ്പ് നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ രഥത്തിന്റെ മാതൃകയിലുള്ള പ്രചരണ വാഹനം ഉപയോഗച്ചിരുന്നു. അതില്‍ ശ്രീകൃഷ്‌ന്റെയും അര്‍ജുനന്റെയും പടം ആലേഖനം ചെയ്തിരുന്നു. ഇത്തരത്തില്‍ സവര്‍ണ ബിംബങ്ങളും രാഷ്ട്രീയവും സമൂഹത്തില്‍ സജീവമായി നിലനില്‍ക്കുന്നു. ഹിന്ദുത്വശക്തികള്‍ ഇനിയും ശക്തിയാര്‍ജിക്കാതിരിക്കാന്‍ സമൂഹം ബോധപൂര്‍വം ശ്രമം നടത്തണം. ബ്രാഹ്മണ്യത്തിന്റെ സ്വാംശീകരണ തന്ത്രത്തെ മറന്നൂകുടാ. അത് നമ്മളിലേക്ക് പല രൂപത്തില്‍ കടന്നുവരും.
ദലിത് പ്രസ്ഥാനങ്ങള്‍ ദലിത് മുന്നേറ്റത്തിന് ഗാന്ധിയില്‍ നിന്ന് ഒന്നും സ്വീകരിക്കാനില്ലെന്ന് കരുതുന്നത്. താങ്കളും അതേ അഭിപ്രായക്കാരനാണോ?
അതെ. ദളിത് മോചനത്തിന് ഗാന്ധിയില്‍ നിന്ന് ഒന്നും സ്വീകരിക്കാനില്ല. ജാതി വിഷയത്തില്‍ ഗാന്ധി തീര്‍ത്തും ദളിത് വിരുദ്ധ നിലപാടാണ് കൈക്കൊണ്ടത്. ദളിതുകള്‍ക്ക് സംവരണസീറ്റുകള്‍ ഏര്‍പ്പെടുത്തുന്നതിലുള്‍പ്പടെ. രാമരാജ്യം പോലുള്ള ഗാന്ധിയുടെ സങ്കല്‍പങ്ങള്‍ ദളിത് വിരുദ്ധമാണ്. രാമന്‍ ദളിത് വിരുദ്ധനായ സവര്‍ണ്ണ ഭരണാധികാരിയായിരുന്നു എന്ന് നമുക്കറിയാം. പക്ഷേ ഗാന്ധിയില്‍ നിന്ന് നമുക്ക് പലതും ഉള്‍ക്കൊള്ളാനുണ്ട്. ജനങ്ങളെ അണിനിരത്താനുള്ള കഴിവ്, അക്രമരഹിത രീതീകളുടെ ചലനാത്മകത എന്നിവ നമ്മള്‍ ഗാന്ധിയില്‍ നിന്ന് പഠിക്കണം. ദളിതുകളുടെ മുന്നേറ്റങ്ങള്‍ ഗാന്ധിയുടെ ഈ രീതികള്‍ ഉള്‍ക്കൊള്ളണം.
ജാതി നിര്‍മാര്‍ജനത്തിന് നിങ്ങള്‍ നിദേശിക്കുന്ന മാര്‍ഗം എന്താണ്?
ജാതിയെ നിലനിര്‍ത്തുന്ന വസ്തുനിഷ്ഠ സാഹചര്യങ്ങളെ മാറ്റിത്തീര്‍ക്കുകയാണ് വേണ്ടത്. വര്‍ഗസമരം നടത്തിയശേഷം ജാതി സമരം നടത്താമെന്ന രീതിയില്ല. ജാതിക്കെതിരെയും ജാതി മര്‍ദനങ്ങള്‍ക്കെതിരെയും എല്ലാത്തരത്തിലും സമരം നടത്തണം. ദളിതുകള്‍ സംഘടിക്കണം. അവര്‍ വിദ്യാഭ്യാസം നേടണം. മിശ്രവിവാഹങ്ങള്‍ നടക്കണം, ബ്രാഹ്മണ്യ ഹിന്ദുമതത്തില്‍ നിന്ന് പുറത്തുകടക്കണം, ഭൂമി ഉള്‍പ്പെടയുള്ള ഉല്‍പാദന ഉപാധികളുടെ ഉടമയാകണം. ഇങ്ങനെ പലതരത്തില്‍ നടക്കുന്ന ബോധപൂര്‍വമായ ശ്രമങ്ങളിലൂടെയോ ജാതി ഉന്മൂലനം സാധ്യമാകൂ.
ജാതി നിര്‍മാര്‍ജനത്തിന് മതപരിവര്‍ത്തനം പരിഹാരമാണോ, പ്രത്യേകിച്ച് പരിവര്‍ത്തനം ചെയ്യപ്പെടുന്നവര്‍ ആ മതങ്ങളിലും മറ്റൊരുതരം ദലിതരായി തുടരുന്ന സാഹചര്യത്തില്‍?
മതപരിവര്‍ത്തനം ജാതി ഉന്മൂലന സമരങ്ങളില്‍ അപ്രധാനമല്ലാത്ത ഒരു രീതിയാണ്. അല്ലാതെ പരിഹാരമല്ല. ബ്രാഹ്മണ്യമതത്തില്‍ നിന്ന് ദളിതുകള്‍ പുറത്തുവരേണ്ടതിനെപ്പറ്റിയാണ് പറഞ്ഞത്. അംബേദ്കറും ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനത്തെ അത്തരത്തിലാണ് കണ്ടിരുന്നത്.
ആഗോളീകരണത്തിന്റെ മുഖ്യ ഇരകളായി ദലിതരെയും ആദിവാസികളെയുമാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ദലിത് ബുദ്ധിജീവികള്‍ സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റങ്ങളില്‍ പങ്കെടുക്കുന്ന പ്രശ്‌നം പലപ്പോഴും ഉന്നയിച്ചുകാണുന്നില്ല. കമ്യൂണിസ്റ്റുകള്‍ ദളിത് ബുദ്ധിജീവികള്‍ക്കെതിരെ ഉയര്‍ത്തുന്ന ഒരു വിമര്‍ശനമാണിത്. എന്താണ് താങ്കളുടെ നിലപാട്?
സാമ്രാജ്യത്വ ചൂഷണത്തിനെതിരെയുള്ള സമരങ്ങളില്‍ ദളിതുകളും ആദിവാസികളും കര്‍ഷകരും തൊഴിലാളികളുമെല്ലാം ഇടപെടണം. സാമ്രാജ്യത്വ ചൂഷണത്തിനെതിരെയുള്ള സമരങ്ങളില്‍ നിന്ന് ദളിതുകള്‍ക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല. എന്നാല്‍ കമ്യൂണിസ്റ്റുകളുടെ നിലപാടിലുണ്ട് വൈരുദ്ധ്യം. അവര്‍ ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുന്നു. പക്ഷേ ഏതുതരം ആഗോളവല്‍ക്കരണത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നത് എന്നതില്‍ അവര്‍ക്ക് വ്യക്തതയില്ല. അവര്‍ ശ്രമിക്കുന്നത് പഴയ 'ഭരണകൂട മുതലാളിത്ത' സമൂഹത്തിനുവേണ്ടിയാണ്. അതാണ് ആഗോളക്രമത്തിന് ബദലും പരിഹാരവുമായി അവര്‍ കാണുന്നത്. ബ്രാഹ്മണര്‍ നിയന്ത്രിക്കുന്ന പൊതുമേഖലയാണ് കമ്യൂണിസ്റ്റുകാര്‍ സോഷ്യലിസ്റ്റായി കാണുന്നത്. അതുകൊണ്ടാണ് നന്ദിഗ്രാം മോഡല്‍ സാമ്രാജ്യത്വ വല്‍ക്കരണത്തെ അവര്‍ അംഗീകരിക്കുന്നത്. പക്ഷേ ജനങ്ങള്‍ അവരെ എതിര്‍ക്കുകയും ചെയ്യുന്നു. സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക ചൂഷണത്തെ എതിര്‍ക്കണം. പക്ഷേ ആഗോളീവല്‍ക്കരത്തിന്റെ നല്ല വശങ്ങള്‍ സ്വീകരിക്കാനുള്ള മനസ്സും ഉണ്ടാവണം.
ദലിത് മുന്നേറ്റത്തില്‍ ദേശീയത, ഭാഷ, സംസ്‌കാരം എന്നിവയുടെ പ്രാധാന്യത്തെ എങ്ങനെ കാണുന്നു? ദളിതുകള്‍ കൂടുതലായി ഇംഗ്ലീഷ് ഭാഷ പഠിക്കണം എന്നുവാദം ഉയരുന്നുണ്ട്?
ഇതില്‍ ഒരു സന്തുലിതാവസ്ഥ (ബാലന്‍സ്)നിലനിര്‍ത്തണമെന്നതാണ് എന്റെ പക്ഷം. ദേശീയതയില്‍ ഊന്നിയുള്ള സാര്‍വദേശീയമായ സംസ്‌കാരമേ സഹായകരമാകൂ. ഞാനെന്റെ മകള്‍ പ്രാചിയുടെ കാര്യം പറയാം. അവള്‍ മറാഠിയാണ് പഠിച്ചത്. പ്രദേശികമായ ഉച്ചാരത്തോടെ ആ ഭാഷയില്‍ നന്നായി സംസാരിക്കാനും എഴുതാനാമാവും. മറാഠിയില്‍ കവിതകള്‍ എഴുതുകയും ചെയ്യുന്നു. എന്നാല്‍ ഇംഗ്ലീഷും അവര്‍ പഠിച്ചിരുന്നു. ഇപ്പോഴവള്‍ അമേരിക്കയിലാണ് ജോലി ചെയ്യുന്നത്. അത്തരത്തില്‍ ഒരേസമയം സ്വന്തം ഭാഷയും അതോടൊപ്പം ഇംഗ്ലീഷും പഠിക്കുന്നതാണ് പുതിയ ലോകത്തില്‍ ഇടപെടാന്‍ സഹായം. ഇംഗ്ലീഷ് പഠിക്കേണ്ട എന്നു പറഞ്ഞൂകൂടാ. പ്രാദേശികമായ ഭാഷ മാത്രമേ പഠിക്കാവൂ എന്നും പറയരത്. രണ്ടുകാലില്‍ നടക്കുകയാണ് വേണ്ടത്. ഒന്നു മാത്രം എന്നു പറയുന്നത് ഒറ്റക്കാലിലെ നടത്തമാവും.
മാര്‍ക്‌സിന്റെ ചില നിലപാടുകളെ താങ്കള്‍ എതിര്‍ക്കുന്നതായി കേട്ടിട്ടുണ്ട്?
മാര്‍ക്‌സിയന്‍ കാഴ്ചപ്പാടുകളോടാണ് എനിക്കും ഞങ്ങളുടെ സംഘടനയ്ക്കും ആഭിമുഖ്യം. മാര്‍ക്‌സിസത്തോട് എതിര്‍പ്പില്ല. എന്നാല്‍ ചില കാര്യങ്ങളില്‍ മാര്‍ക്‌സിന് തെറ്റുപറ്റിയിട്ടുണ്ട് എന്നു ചൂണ്ടിക്കാട്ടുകയാണ് ഞാന്‍ ചെയ്തത്. ഉദാഹരണത്തിന് മുതലാളിത്ത ഉല്‍പാദന രീതികളെ തൊഴിലാളിവര്‍ഗം സ്വാംശീകരിക്കുന്നതിനെപ്പറ്റി മാര്‍ക്‌സ് പറയുന്നുണ്ട്. അതായത് വിപ്ലവത്തിലൂടെ നമുക്ക് മുതലാളിത്ത സ്ഥാപനങ്ങള്‍ ഉപയോഗിക്കാനാവുമെന്ന് മാര്‍ക്‌സ് പറയുന്നുണ്ട്. ഒരു കമ്പനി പിടിച്ചെടുത്ത് തൊഴിലാളികള്‍ നടത്തുന്നതുപോലെയുള്ള ചെറിയ ഉദാഹരണത്തിലേക്ക് വരാം. തൊഴിലാളിക്ക് കമ്പനി പിടിച്ചെടുത്താല്‍ അവിടെ നില നില്‍ക്കുന്ന രീതികള്‍ ഉപയോഗിച്ച് കമ്പനി പ്രവര്‍ത്തിപ്പിക്കാനാവില്ല. മുതലാളിത്തം മുതലാളിത്തത്തിനുവേണ്ടി രൂപപ്പെടുത്തിയ വ്യവസ്ഥയാണ് അവിടെയുള്ളത്.അതിന് മുതലാളിത്തത്തെ മാത്രമേ സേവിക്കാനാവൂ. അത് മാറ്റി തൊഴിലാളിവര്‍ഗത്തിനാവശ്യമായ വ്യവസ്ഥ അവിടെ സ്ഥാപിക്കണം. മാര്‍ക്‌സ് അതേപ്പറ്റി പറഞ്ഞിരുന്നില്ല. ഇത്തരത്തിലുള്ള ചില കാര്യങ്ങളില്‍ മാര്‍ക്‌സിന് ചില വീഴ്ചകള്‍ വന്നു എന്നു പറയുകയാണ് ഞാന്‍ ചെയ്തത്.
'ഹിന്ദു ഓര്‍ സിന്ധു' എന്ന താങ്കളുടെ കൃതിയെപ്പറ്റി കൂടുതല്‍ വിശദമാക്കാമോ?
ബ്രിട്ടീഷുകാര്‍ക്ക് മുമ്പ് ഹിന്ദുമതം ഇവിടെ നിലവിലുണ്ടായിരുന്നില്ല. ഭൂമിശാസ്ത്രപരമായ ഉത്ഭവം മാത്രമാണ് ആ വാക്കിനുളളത്്. (സിന്ധ്-ഹിന്ദ്). സിന്ധു നദിക്ക് കിഴക്ക് വശം കഴിയുന്നവര്‍ എന്ന അര്‍ത്ഥത്തിലാണത് ഉപയോഗിക്കപ്പെട്ടിരുന്നത്. മുസ്ലിം കാലഘട്ടത്തില്‍ ഈ ഭൂമി വിശേഷിപ്പിക്കപ്പെട്ടിരുന്നത് അല്‍ഹിന്ദ് എന്നാണ്. ഇവിടെയുളള മുസ്ലിങ്ങളും അറിയപ്പെട്ടിരുന്നത് ഹിന്ദുസ്ഥാനികള്‍ എന്നായിരുന്നു. ഇസ്ലാമിനും ക്രിസ്തുമതത്തിനും പുറത്ത് വൈഷണവര്‍, ശൈവര്‍, ബുദ്ധ, ജൈന മതക്കാര്‍ ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന മതത്തെ സൃഷ്ടിക്കുന്നത്. 14, 16 നൂറ്റാണ്ടുകളിലെ ഭക്തി പ്രസ്ഥാന നാളുകളിലൊന്നിലും നമ്മള്‍ ഹിന്ദുവെന്ന വാക്കു കാണില്ല. ബ്രാഹ്മണ്യമതമാണ് ഹിന്ദുവെന്ന് പറയുകയാണ് ഞാന്‍ ചെയ്തത്.ആ ബ്രാഹ്മണ്യ മതം ദളിതുകളുടെയും സ്ത്രീകളുടെയും മോചനത്തിന് തകര്‍ക്കപ്പെടേണ്ടത് ആവശ്യമാണ്.
മേധാ പട്കര്‍ക്കെതിരെയും നര്‍മദാ ബച്ചാവോ ആന്ദോളനെതിരെയും നിങ്ങള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പക്ഷേ അതെത്ര മാത്രം വസ്തുനിഷ്ഠമാണ്?
മേധാപട്കറുടെ സമര രീതികളോട് ഞങ്ങള്‍ക്ക് ചില എതിര്‍പ്പുണ്ട്. മേധ പറഞ്ഞത് 'വന്‍ അണക്കെട്ടുകള്‍ വേണ്ട' എന്നാണ്. അങ്ങനെ ഒരു നിലപാട് എല്ലാ ദേശത്തിനും എല്ലാ സ്ഥലത്തുമായി ഉന്നയിച്ചുകൂടാ. ചിലപ്പോള്‍ ചില മേഖലയിലെ പല വശങ്ങളും പഠിച്ചശേഷം അണക്കെട്ടുകള്‍ വേണ്ട എന്നു നമ്മള്‍ പറയും. ചിലപ്പോള്‍ ചെറിയ അണക്കെട്ടുകള്‍ മതിയെന്നാവും നമ്മള്‍ വാദിക്കുക. അതിന് ഓരോ മേഖലയുടെയും സവിശേഷത സാഹചര്യങ്ങള്‍ പഠിക്കണം. നമ്മള്‍ ഒരു ഡാമിനെപ്പറ്റി ധാരണയെത്തുക പരിസ്ഥിതിയുമായി ബന്ധപ്പെട്ടും ജനങ്ങള്‍ക്ക് വെള്ളം എത്തിക്കുന്നതിന്റെ വിഷയമൊക്കെ ബന്ധപ്പെട്ടാണ്. ചിലപ്പോള്‍ ചെറിയ ഡാമുകളും വേണ്ടെന്നു വരും. ഞങ്ങള്‍ അങ്ങനെ ചെറിയ ഡാമു നിര്‍മാണത്തെയും എതിര്‍ത്തിട്ടുമുണ്ട്.
'വന്‍ അണക്കെട്ടുകള്‍ വേണ്ട' എന്ന മേധയുടെ നിലപാട് ജനങ്ങളുടെ പിന്തുണ നേടാന്‍ പര്യാപ്തമായ ഒന്നായിരുന്നില്ല. നര്‍മദ സമരത്തെ ഞങ്ങള്‍ എതിര്‍ത്തില്ല. ആ നിലപാടിനോടാണ് എതിര്‍പ്പ്. വന്‍ അണക്കെട്ടുകള്‍ വേണ്ട എന്ന മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ പല പ്രധാന കാര്യങ്ങളും മേധാ പട്കര്‍ വിട്ടുകളയുന്നുണ്ട്. വരള്‍ച്ചാ ബാധിത മേഖലയില്‍ കഴിയുന്നുവരുടെ പ്രശ്‌നമുണ്ട്. എല്ലാവര്‍ക്കും കുടിവെളളം എന്ന പ്രശ്‌നമുണ്ട്. കുടിയിറക്കപ്പെട്ടവര്‍ക്ക് നീതി എന്ന ലോക ബാങ്ക് നിര്‍ദേശങ്ങള്‍ പിന്തുടരുകയായിരുന്നു ഒരുകാലത്ത് മേധാപട്ക്കര്‍. ആ നിര്‍ദേശങ്ങള്‍ അനുസരിച്ച് കുടുംബത്തിലെ പുരുഷന്‍മാര്‍ക്ക് (ഗൃഹനാഥന്‍) മാര്‍ക്ക് മാത്രമേ പകരം ഭൂമിക്ക് അര്‍ഹതയുളളൂ. പക്ഷെ ഞങ്ങളക്കാലത്തേ സ്ത്രീകള്‍ക്കും ഭൂമി എന്ന പ്രശ്‌നമുയര്‍ത്തിയിരുന്നു.
ഞങ്ങള്‍ അണക്കെട്ടുമൂലം കുടിയിറക്കപ്പെടുന്നവരുടെയും വരള്‍ച്ചാ ബാധിത കര്‍ഷരുടെയും സമരങ്ങളില്‍ പങ്കാളികളാണ്. ഇരുപക്ഷത്തെയും ഞങ്ങള്‍ ഐക്യപ്പെടുത്തുന്നു. വൃഷ്ടി പ്രദേശത്തു തന്നെ ഭൂമി നല്‍കിക്കൊണ്ടുളള പുനരധിവാസമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അതുപോലെ, വരള്‍ച്ച മേഖലയിലുളള ഭൂരഹിതരുള്‍പ്പടെയുളള എല്ലാ കുടുംബത്തിനും അണക്കെട്ടില്‍ നിന്ന് തുല്യമായി അളവില്‍ വെള്ളവും കിട്ടണം. മഹാരാഷ്ട്രയില്‍ ഈ ആവശ്യങ്ങള്‍ക്ക് വലിയ അളവില്‍ പിന്തുണ ലഭിക്കുന്നുണ്ട്. വരള്‍ച്ചാമേഖലയിലെ പ്രശ്‌നങ്ങള്‍ മധ്യവര്‍ഗ പരിസ്ഥിതിവാദികള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. അണക്കെട്ടില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിനേക്കാള്‍ വളരെ അധികം ഇരട്ടി 'അഭയാര്‍ത്ഥികള്‍' വരള്‍ച്ചാ മേഖലയില്‍ നിന്നാണ് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നു മറന്നുപോകുന്നു.
ബലിരാജ് അണക്കെട്ട് എന്നപേരില്‍ കര്‍ഷരുടേതായ ചെറിയ അണക്കെട്ട് ജനങ്ങളെ അണിനിരത്തി താങ്കള്‍ പണിതായി കേട്ടിട്ടുണ്ട്. എന്തായിരുന്നു ആ അനുഭവം?
മഹാരാഷ്ട്രയിലെ സന്‍ഗലി ജില്ലയിലാണ് ബലിരാജ സ്മാരക അണക്കെട്ട് പണിതത്. അവിടെ ഒരു നദി ഒഴുകുന്നുണ്ടെങ്കിലൂം രൂക്ഷമായ ജലക്ഷാമം ആ മേഖലയില്‍ അനുഭവപ്പെട്ടു. മണലൂറ്റുമൂലമാണ് അതെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. നദി മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് കേരളത്തിലെ ഒരു നദിയില്‍ മണലൂറ്റിനെതിരെ സ്ത്രീകള്‍ കോടതിയില്‍ നിന്ന് വിധി നേടിയതായി ഞങ്ങളറിഞ്ഞു. മണലൂറ്റിനെതിരെ ഞങ്ങള്‍ അവിടെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ സംഘടിപ്പിച്ചു. ഒരു ചെറിയ അണക്കെട്ട് പണിയുന്നത് നദിയുടെ രക്ഷയ്ക്ക് ഗുണകരമാകുമെന്നും ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാന്‍ ഇടയാക്കുമെന്നും ശാസ്ത്രീയമായി പഠനത്തിലൂടെ മനസ്സിലാക്കി. ജനങ്ങളുടെ നേതൃത്വത്തില്‍ മൂന്നുമീറ്റര്‍ ഉയരുമുള്ള ചെറിയ ഡാം പണിതു. നദിയിലെ മണലൂറ്റിന് ശാസ്ത്രീയമാര്‍ഗം ഏര്‍പ്പെടുത്തി. നിശ്ചിത അളവില്‍ മണല്‍ അടിഞ്ഞശേഷം അതിനുമേല്‍ വരുന്ന മണല്‍ മാത്രമേ നീക്കം ചെയ്യാവൂ എന്ന വ്യവസ്ഥ വച്ചു. മണലൂറ്റ് നിരീക്ഷാന്‍ ജനങ്ങളുടെ കമ്മിറ്റിയുണ്ട്. അങ്ങനെ നദി പുനര്‍ജനിച്ചു. അണക്കെട്ടുവന്നതോടെ വരള്‍ച്ച നിന്നു. ഇപ്പോള്‍ രണ്ട് ഗ്രാമങ്ങളിലെങ്കിലും കുടിവെളളം വിതരണം ചെയ്യുന്നുണ്ട്. മണലൂറ്റുന്നതില്‍ ഞങ്ങള്‍ നടപ്പാക്കിയ രീതിക്ക് സര്‍ക്കാരില്‍ നിന്നും കോടിയിയില്‍ നിന്നും അനുകൂലമായ വിധി സമ്പാദിച്ചു. ഇന്ത്യയ്ക്ക് മൊത്തം മാതൃകയാണ് ജനങ്ങള്‍ പണികഴിപ്പിച്ച ആ ഡാം. മണലില്‍ നിന്നുള്ള ലാഭം ആ മേഖലയിലെ ജനങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്. അല്ലാതെ കോണ്‍ട്രാക്ടര്‍മാരുടെയും മണല്‍മാഫിയയുടെയും കീശകളിലേക്കല്ല.
'മഹാബലി പ്രസ്ഥാനം'
------------------
ബലിജന്‍ സാംസ്‌കാരിക മുന്നേറ്റത്തെപ്പറ്റി?
ബ്രാഹ്മണ്യം, ജാതി, ഹിന്ദു മൗലികവാദം എന്നിവയ്‌ക്കെതിരെയുള്ള സാംസ്‌കാരിക മുന്നേറ്റമാണിത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹ്യ, മത, രാഷ്ട്രീയ, സാമ്പത്തിക ചൂഷണങ്ങള്‍ക്കുമെതിരെയുമുള്ള പോരാട്ടത്തിന് വിശാലമായ സാംസ്‌കാരിക അന്തരീക്ഷം ഒരുക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ബലി എന്നതുകൊണ്ട് കേരളത്തിലെ മഹാബലിയെയാണ് ഉദ്ദേശിക്കുന്നത്. സവര്‍ണതക്കെതിരയുള്ള അവര്‍ണ പോരാട്ടങ്ങളില്‍ മഹാബലിയെ പ്രതീകമാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്
കേരളത്തിലെ മഹാബലിയെ നിങ്ങള്‍ക്കെത്രമാത്രം ഉത്തരന്ത്യേന്‍ സാഹചര്യങ്ങളില്‍ പ്രയോജനപ്പെടുത്താനാവും?
മഹാബലി ഒരു ബിംബമാണ്. സവര്‍ണ്ണതയ്‌ക്കെതിരെയുള്ള അവര്‍ണ്ണ മുന്നേറ്റങ്ങളിലെ ഏറ്റവും ഉജ്വലമായ ബദല്‍ സങ്കല്‍പ്പം.അവര്‍ണ പോരാട്ടങ്ങളില്‍ നമ്മള്‍ മഹാബലിയുടെ ബിംബം കൂടുതലായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. മര്‍ദിതരെ ചലിപ്പിക്കാന്‍ പോന്നതാണ് മഹാബലിയുടെ കഥ. മഹാബലിയുടേതിന് സമാനമായ കഥകള്‍ വടക്കേഇന്ത്യയിലുമുണ്ട്. ദസറ ആഘോഷത്തിന്റെ പത്താം ദിവസം ബലിയുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ അവിടെ നടക്കുന്നുണ്ട്. ബലി ജനങ്ങളെ കാണാന്‍ എത്തുന്ന സങ്കല്‍പ്പമാണ് അതും. ദിപാവലിയുമായും ബന്ധപ്പെട്ടും ബലിയുടെ കഥ വടക്കേ ഇന്ത്യയിലുണ്ട്. അതുകൊണ്ട് തന്നെ ബലി കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. മതത്തിനും ജാതിക്കും മറ്റ് ഭിന്നതകള്‍ക്കുമപ്പുറം ജനങ്ങളെ ഒന്നിപ്പിക്കുന്ന ഇന്ത്യന്‍ ബിംബമാണ് ബലി. ജ്യോതിറാവൂ ഫുലേ ഹിന്ദുസ്ഥാനെന്നതിനു പകരം 'ബലിസ്ഥാന്‍' എന്നാണ് വിളിച്ചിരുന്നത്. അതില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് ബലിജന്‍ സാംസ്‌കാരിക പ്രസ്ഥാനം ഞങ്ങള്‍ രൂപപ്പെടുത്തുന്നത്.
ജാതി പ്രശ്‌നത്തില്‍ മുന്നേറിയ സമൂഹമായാണ് പൊതുവില്‍ കേരളം വിലയിരുത്തപ്പെടുന്നത്? കേരളത്തിലെ ജാതി പ്രശ്‌നത്തെപ്പറ്റി എത്രമാത്രം അറിയാം?
കേരളം ജാതിയുടെ കാര്യത്തില്‍ വളരെക്കുറച്ചു മാത്രമേ മുന്നേറിയിട്ടുള്ളൂ. ജാതി നല്ല അളവില്‍ ഇവിടെ ശക്തമാണ്. ദളിതുകളുടെയും ആദിവാസികളുടെയും അവസ്ഥ ദയനീയമാണ്. അതുകൊണ്ടാണ് മുത്തങ്ങയിലും ചെങ്ങറയിലും സമരങ്ങള്‍ നടക്കുന്നത്. വര്‍ക്കലയില്‍ നടന്ന ദളിത് അടിച്ചമര്‍ത്തലും അതിന്റെ തുടര്‍ച്ചയാണ്. ഇടതുപക്ഷവും സര്‍ക്കാരും എന്താണ് ദളിതുകളോട് ചെങ്ങറയിലും വര്‍ക്കലയിലും ചെയ്യുന്നത് നോക്കൂ. പുരോഗമനവാദികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഇതുകണ്ട് ലജ്ജിക്കണം. ഭൂപരിഷ്‌കരണത്തിന്റെ അടിയന്തര നേട്ടം ദളിതുകള്‍ക്ക് ലഭിച്ചില്ല. കുടികിടപ്പുകാര്‍ക്ക് ഭൂമി ലഭിച്ചപ്പോഴും ഭൂരഹിത കര്‍ഷകര്‍ക്ക് അതുലഭിച്ചതേയില്ല. സി.പി.എം. ഉള്‍പ്പടെയുള്ള പാര്‍ട്ടിയിലും ജാതി-സവര്‍ണ്ണാധിപത്യം നിലനില്‍ക്കുന്നു. ഗൗരിയമ്മയുടെ അനുഭവം തന്നെ തെളിവാണ്. ജാതിക്കെതിരെ ശക്തമായ നിലപാട് ഗൗരിയമ്മ മുന്നോട്ടു വച്ചില്ലെങ്കിലും, അവര്‍ ആദിവാസി ഭൂ പ്രശ്‌നത്തിലുള്‍പ്പടെ കൃത്യമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. ഇവരെയാണ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി പുറത്താക്കിയത്. ജാതിക്കെതിരെയുള്ള സമരം ഇപ്പോഴെങ്കിലും മലയാളികള്‍ തുടങ്ങണം. വളരെ വൈകിയിരിക്കുന്നു എന്നതാണ് സത്യം. ഇനിയും വൈകിയാല്‍ ഒരിക്കലും ജാതിവിരുദ്ധ സമരം സാധ്യമാകില്ലെന്ന് പറയേണ്ടി വരും.
ഡോ. ഗെയില്‍ ഓംവെദുമായി കൂടിക്കാണുന്നത് എപ്പോഴാണ്?
മഹാരാഷ്ട്രയില്‍ ഡോക്ടറായി പ്രവര്‍ത്തിക്കുന്ന കാലത്താണ് ഞാന്‍ ഗെയിലിനെ ആദ്യം കാണുന്നത്. ഡോക്ടറേറ്റ് പഠനത്തിന്റെ ഭാഗമായുള്ള ഗവേഷണങ്ങളിലായിരുന്നു അവര്‍. പശ്ചിമ ഇന്ത്യയിലെ ബ്രഹ്മണേതര മുന്നേറ്റത്തെപറ്റിയാണ് അവരുടെ പഠനം. ജ്യോതി റാവു ഫുലേയുടെ സംഭാവനകള്‍ അറിയണം. അമേരിക്കക്കാരിയാതിനാല്‍ ഗെയിലിന് ഭാഷ പിടിയില്ലായിരുന്നു. ഇടതുപക്ഷക്കാര്‍ക്കൊപ്പമാണ് ഗെയില്‍ തന്റെ അന്വേഷണങ്ങള്‍ നടത്തിയത്. അങ്ങനെ സ്വഭാവികമായി ഞങ്ങള്‍ തമ്മില്‍ അടുത്തു. അത് ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിലേക്ക് ആ ബന്ധം നീണ്ടു. ഫുലേയാണ് ഞങ്ങളെ അടിപ്പിച്ചത് എന്നു പറയാം (അടുത്തിരുന്ന ഗെയില്‍ ഓംവെദ് ചിരിയില്‍ പങ്കുചേരുന്നു)
പുതിയ രചനകള്‍?
മറാഠിയില്‍ ജാതി വിഷയവുമായി ബന്ധപ്പെട്ട് പല രചനകളും നടത്തുന്നുണ്ട്. ഞാനും ഗെയിലും ചേര്‍ന്ന് ഭക്തകവിയായ തുക്കറാമിന്റെ ഗീതികകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിരുന്നു. വലിയ പുസ്തകമാണിത്. ഭക്തകവിയുടെ ഒരൊറ്റ വരികളിലും 'ഹിന്ദു' എന്ന വാക്ക് കാണാനാവുന്നില്ലെന്നതിന് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ ബ്രാഹ്മണ്യത്തെയും ജാതിയെയും തന്റെ ഗീതികകളിലൂടെ തുക്കറാംആക്രമിക്കുകയും ചെയ്യുന്നു. വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
Malayalam vaarikha
2010 May
No comments:
Post a Comment