സംഭാഷണം
എറിക ഹഗ്ഗിന്‍സ്/ബിജുരാജ്
ബ്ലാക്ക് പാന്തര്‍ പ്രസ്ഥാനത്തിന്റെ മുന്‍ ഐതിഹാസിക നേതാവ് എറിക ഹഗ്ഗിന്‍സ് ആദ്യമായി ഒരു ഇന്ത്യന്‍ പ്രസിദ്ധീകരണത്തോട് സംസാരിക്കുന്നു. മുന്‍ രാഷ്ട്രീയത്തടവുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയും കവിയുമായ എറിക തന്റെ ബ്ലാക്ക് പാന്തര്‍ ദിനങ്ങളെക്കുറിച്ചും അമേരിക്കയുടെ വര്‍ണവെറിയെക്കുറിച്ചും തുറന്നുപറയുന്നു.
കറുപ്പിന്റെ കലാപത്തെ സുന്ദരമായ ചരിത്രാനുഭവമാക്കി മാറ്റി എന്നതാണ് അമേരിക്കയിലെ ബ്ലാക്ക് പ്ലാന്തര്‍ പ്രസ്ഥാനത്തിന്റെ അനശ്വരത. വെള്ളഅധികാരത്തെ സായുധമായി ചോദ്യം ചെയ്തും തിരിച്ചടിച്ചുമാണ് കറുപ്പ് അതിന്റെ സ്വത്വാഭിമാനവും ഇടവും നേടിയെടുത്തത്. ബ്ലാക്ക് പാന്തറുകള്‍ പെട്ടന്ന് ചരിത്രത്തില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ടാവാം. ഭരണകൂട അടിച്ചമര്‍ത്തലുകളില്‍ ചിതറിയിട്ടുണ്ടാവാം. പക്ഷേ അവര്‍ പരാജയപ്പെട്ടതേയില്ല. ഇന്ത്യയിലെ ദളിത് പാന്തറുകളായി, ആഫ്രിക്കയിലെ വിമോചന മുന്നേറ്റങ്ങളായി അവര്‍ പടര്‍ന്നുകൊണ്ടേയിരുന്നു.
ബ്ലാക്ക് പാന്തര്‍ പ്രസ്ഥാനത്തിന് തുടക്കം മുതലേ നേതൃത്വം കൊടുത്ത വനിതാ വിപ്ലവ നേതാവാണ് എറിക ഹഗ്ഗിന്‍സ്. അറുപതുകളുടെ അവസാനം മുതല്‍ എഴുപതുകളുടെ മധ്യംവരെ, ബ്ലാക്ക് പാന്തറിന്റെ സജീവകാലഘട്ടത്തിലെല്ലാം എറിക നേതൃത്വത്തിലുണ്ടായിരുന്നു. നൂറായിരങ്ങളെ വിപ്ലവ പാതയില്‍ അണിനിരത്തി, നന്നേ ചെറുപ്പത്തില്‍ തന്നെ എറിക്ക വിമോചന പോരാട്ടത്തിലെ ഇതിഹാസമായി മാറി. ഭരണകൂട അടിച്ചമര്‍ത്തലിനെ അതിജീവിച്ച് അവര്‍ കലാപം തുടര്‍ന്നു. മുന്‍ രാഷ്ട്രീയത്തടവുകാരി, മനുഷ്യാവകാശ പ്രവര്‍ത്തക, കവി, അധ്യാപിക എന്നീ നിലകളിലും പ്രശസ്തയാണ് എറിക.
1963ല്‍, പതിമൂന്നു വയസ്സുള്ളപ്പോഴാണ് എറിക രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. മനുഷ്യവകാശത്തിനുവേണ്ടി വാഷിംഗ്ടണിലേക്ക് നടക്കുന്ന ഒരു പ്രകടനത്തില്‍ അവര്‍ ആദ്യമായി പങ്കെടുത്തു. 1969 ല്‍, പതിനെട്ടാം വയസ്സില്‍ എറിക ഭര്‍ത്താവ് ജോണ്‍ ഹഗ്ഗിന്‍സിനൊപ്പം ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുടെ ലോസ് ആഞ്ചലസ് വിഭാഗം നേതാവായി. പതിനാല് വര്‍ഷക്കാലം അവര്‍ ബ്ലാക്ക് പാന്തറിന്റെ നേതൃത്വ സമിതിയില്‍ തുടര്‍ന്നു. ചരിത്രത്തില്‍ മറ്റൊരു വനിതയും ഇത്രയും ദീര്‍ഘനാള്‍ ബ്ലാക്ക് പാന്തര്‍ നേതാവായി പ്രവര്‍ത്തിച്ചിട്ടില്ല. ആദ്യ കുട്ടിയുണ്ടായി മൂന്നാഴ്ചയ്ക്കുള്ളില്‍ എറിക വിധവയായി. ജോണ്‍ ഹഗ്ഗിന്‍സും മറ്റൊരു സഖാവ് അല്‍പ്രന്റിസ 'ബുന്‍ചി' കാര്‍ട്ടറുംകാലിഫോര്‍ണിയിലെ യു.സി.എല്‍.എ. ക്യാമ്പസില്‍ പോലീസ്(എഫ്.ബി.ഐ.) വെടിയേറ്റുമരിച്ചു. ജോണ്‍ ഹഗ്ഗിന്‍സ് കൊല്ലപ്പെട്ട രാത്രി എറികയുടെ വീട് റെയ്ഡ് ചെയ്ത് പൊലീസ് 12 പാന്തറുകളെ പിടികൂടി. ജോണ്‍ഹഗ്ഗിന്‍സിന്റെ കൊലപാതകത്തിന് പകരം വീട്ടാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. അടുത്ത ദിവസം എറിക ഭര്‍ത്താവിന്റെ മൃതദേഹവുമേന്തി ന്യൂ ഹാവനിലേക്ക് ഉജ്ജ്വല പ്രകടനം നടത്തി. 1969 മെയ് വരെ ന്യൂഹാവനില്‍ ബ്ലാക് പാന്തര്‍ വിഭാഗം ആരംഭിച്ച് നൂറുകണക്കിന് കറുത്തവര്‍ഗക്കാരെ അണിനിരത്തി. വൈകാതെ എറികയെയും സഹപ്രവര്‍ത്തകനും ബ്ലാക്ക് പാന്തര്‍ സ്ഥാപക നേതാവുമായ ബോബി സീയലിനെയും ഭരണകൂടം അറസ്റ്റ് ചെയ്തു. അലക്‌സ് റാക്‌ലി എന്ന ബ്ലാക്ക് പാന്തര്‍ ആക്റ്റിവിസ്റ്റ്‌നെ കൊലപ്പെടുത്തി എന്ന കള്ളക്കേസ് ചുമത്തിയായിരുന്നു അറസ്റ്റ്. ബ്ലാക്ക് പാന്തറുകളെ അടിച്ചമര്‍ത്താനും ഇല്ലായ്മ ചെയ്യാനും ഭരണകൂടം കെട്ടിച്ചമച്ച അസംഖ്യം കേസുകളിലൊന്നായിരുന്നു അത്. തുടര്‍ന്ന് 'ഫ്രീ ബോബി, ഫ്രീ എറിക' എന്ന മദ്രാവാക്യം രാജ്യം മഴുവന്‍ മുഴുങ്ങി. വിദ്യാര്‍ത്ഥികള്‍ മാസങ്ങളോളം സമരം ചെയ്തു. മെയ് ദിന റാലി ചുവന്നു. വിചാരണയില്‍ പ്രതിഷേധിച്ച് 15000 ബ്ലാക്ക് പാന്തര്‍ പാര്‍ട്ടി അംഗങ്ങള്‍ കോടതിക്കു മുമ്പില്‍ അണിനിരന്നു. രാജ്യാന്തര ശ്രദ്ധ നേടിയ വിചാരണയ്‌ക്കൊടുവില്‍ കേസുകള്‍ ഭരണകൂടം പിന്‍വലിച്ചു. രണ്ട് വര്‍ഷത്തെ തടവിനുശേഷം പുറത്തിറങ്ങിയ എറികയ്ക്ക് ആവേശ വരവേല്‍പ്പാണ് ലഭിച്ചത്. ല്‍ ജയില്‍ മോചിതയായ ഉടനെ, 1972 ല്‍ ബ്ലാക്ക് പാന്തര്‍ ഇന്റര്‍ കമ്യൂണല്‍ ന്യൂസ് സര്‍വീസിന്റെ എഡിറ്ററായി എറിക ചുമതലയേറ്റു. ജയിലില്‍ വച്ചേ എറിക്ക എഴുത്തിലേക്ക് തിരിഞ്ഞിരുന്നു. തടവറയില്‍ വച്ചെഴുതിയ കവിതകള്‍ പെട്ടന്ന് പ്രശസ്തങ്ങളായി.
കറുത്ത വര്‍ഗക്കാരില്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി 1973-1981 കാലത്ത് എറിക ഓക്‌ലാന്‍ഡ് കമ്യൂണിറ്റി സ്‌കൂളില്‍ സ്ഥാപിച്ച് അതിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. ബ്ലാക്ക് പാന്തറുകളുടെ നേതൃത്വത്തിലുള്ളതായിരുന്നു സ്‌കൂള്‍.
1979 ല്‍ എറിക കാലിഫോര്‍ണിയയലേക്ക് മടങ്ങി. തടവുപുള്ളികളെ യോഗയും ധ്യാനവും പരിശീലിപ്പിക്കുന്ന സിദ്ധ യോഗ ജയില്‍ പദ്ധതി നടപ്പാക്കുന്നതിനു മുന്‍കൈയെടുത്തു. ജയില്‍ കാലയളവിലാണ് എറിക ധ്യാനത്തില്‍ (മെഡിറ്റേഷന്‍)ആകൃഷ്ടയാകുന്നത്. 1999 ല്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ/നിവാരണത്തിനുള്ള ശാന്തി പ്രോജക്ടിന്റെ ആദ്യ സ്ത്രീ നേതാവായി. കഴിഞ്ഞ 25 വര്‍ഷമായി അമേരിക്കയിലെമ്പാടും കറുത്തവരുടെയും സ്ത്രീകളുടെയും മോചനവുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങള്‍ നടത്തിവരുന്നു. ഒപ്പം സര്‍വകലാശാല അധ്യാപികയുമായി പ്രവര്‍ത്തിക്കുന്നു.
ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയെപ്പറ്റി, അമേരിക്കയെപ്പറ്റി, കറുത്ത വര്‍ഗക്കാരെപ്പറ്റി, ഒപ്പം തന്റെ ഇന്നലെകളെപ്പറ്റി എറിക ഹഗ്ഗിന്‍സ് ഇന്റര്‍നെറ്റിലൂടെ സംസാരിക്കുന്നു.
വര്‍ണ വിവേചനം, കലാപം, ബ്ലാക്ക് പാന്തര്‍ രാഷ്ട്രീയം
മൂന്നു പതിറ്റാണ്ടുകളെങ്കിലും പിന്നിട്ടിരിക്കുന്നു. ബ്ലാക്ക് പാന്തര്‍ രാഷ്ട്രീയം ഒരു പഴയകാല കഥയായി തോന്നുന്നുണ്ടോ?
ഇല്ല. ഒരിക്കലുമില്ല. ബ്ലാക്ക് പാന്തര്‍ പ്രസ്ഥാനത്തിന് തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. വേണമെങ്കില്‍ പൂര്‍ണമായി പാര്‍ട്ടി ഇല്ലാതായി എന്നും പറയാം. പക്ഷേ, ബ്ലാക്ക് പാന്തര്‍ ചരിത്രത്തില്‍ അതിന്റേതായ ഇടപെടല്‍ നടത്തിയിരുന്നു. അത് ശരിയായ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചു. ആദ്യമായി മര്‍ദിതരില്‍ കലാപബോധം പടര്‍ത്തി. ലോകമെങ്ങും കറുത്തവരുടെ മോചനത്തിന് പുതിയ രാഷ്ട്രീയ-ചിന്താ പദ്ധതികള്‍ പകര്‍ന്നു. ബ്ലാക്ക് പാന്തറിന്റെ രാഷ്ട്രീയം ഇപ്പോഴും ലോകമെങ്ങും ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അന്ന് ഞങ്ങള്‍ ഉന്നയിച്ച മുദ്രാവാക്യങ്ങള്‍ ഇന്നും മറ്റ് രീതികളില്‍ ജനം ചര്‍ച്ചചെയ്യുന്നുണ്ട്. 'എല്ലാ അധികാരവും ജനങ്ങള്‍ക്ക്' എന്ന മുദ്രാവാക്യം ഒരിക്കലും പഴഞ്ചനാകുന്നില്ല. അതുകൊണ്ട് തന്നെ ബ്ലാക്ക് പാന്തര്‍ പണ്ടെങ്ങോ നടന്ന, ഒരു കഴിഞ്ഞ കാലത്തിന്റെ കഥയല്ല.
എങ്ങനെയാണ് ബ്ലാക്ക് പാന്തറുകളുടെ തുടക്കം?
ലോകമെങ്ങും പുതിയ വിപ്ലവങ്ങള്‍, കലാപങ്ങള്‍ നടന്നുകൊണ്ടിരുന്ന കാലമാണ് അറുപതുകള്‍. അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ അവസ്ഥ ദയനീയമായി തുടരുകയായിരുന്നു. എവിടെയും അടിച്ചമര്‍ത്തല്‍. കറുത്തവര്‍ഗ്ഗക്കാരായ ചെറുപ്പക്കാര്‍ തുടര്‍ച്ചയായി പൊലിസ് അതിക്രമങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരുന്നു. അതിനൊപ്പം വര്‍ണവെറിയന്‍ അക്രമങ്ങളും. തിരിച്ചടിക്കണമെന്ന ആഗ്രഹം കറുത്തവരില്‍ ഉണ്ടായിരുന്നു. അതിന്റെ സ്വാഭാവിക പരിണാമമായിരുന്നു ബ്ലാക്ക് പാന്തര്‍ പാര്‍ട്ടി. മാവോയുടെ വിപ്ലവത്തില്‍ നിന്നും ക്യൂബന്‍ വിപ്ലവത്തില്‍നിന്നും ചെഗുവരെയുടെ പോരാട്ടങ്ങളില്‍ നിന്നുമെല്ലാം ആവേശഭരിതരായിരുന്നു അക്കാലത്തെ യുവത്വം.
ബ്ലാക്ക് നാഷണലിസത്തിനൊടൊപ്പം മാര്‍ക്‌സിസം-ലെനിനിസം-മാവോയിസവും ചേര്‍ന്നു. സാര്‍വദേശീയ വാദമാണ് ഓരോ ഘട്ടത്തിലും നയിച്ചത്.
ഹുവേ പി ന്യൂട്ടണ്‍, ബോബി സീയല്‍ എന്നീ യുവാക്കളായിരുന്നു ഒരു വിപ്ലവ പ്രസ്ഥാനത്തെപ്പറ്റി ചിന്തിച്ചത്. 1966 ല്‍ രൂപീകരിക്കുമ്പോള്‍ ബോബി സീയലായിരുന്നു ചെയര്‍മാന്‍. സ്വയം പ്രതിരോധത്തിനും കറുത്ത അധികാരത്തിനും പൗരവാകാശത്തിനും വേണ്ടിയാണ് ബ്ലാക്ക് പാന്തര്‍ പാര്‍ട്ടി തുടങ്ങുന്നത്. ആഫ്രിക്കന്‍-അമേരിക്കാര്‍ക്ക് ആത്മാഭിമാനബോധത്തോടെ ജീവിക്കണം. അതിന് സായുധമായ തിരിച്ചടിയും പോരാട്ടവും വേണമെന്ന നിലപാടായിരുന്നു ഉണ്ടായിരുന്നത്.
നിങ്ങളെങ്ങനെയാണ് ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയിലെത്തുന്നത്?
ഞാനൊരു കറുത്തവര്‍ഗക്കാരിയാണ്. അതുകൊണ്ട് തന്നെ വര്‍ണവിവേചനത്തെപ്പറ്റിയും മര്‍ദനത്തെപ്പറ്റിയും എനിക്കറിയാം. കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ചുറ്റും കാണുന്നത് ദാരിദ്ര്യവും അടിച്ചമര്‍ത്തലുമാണ്. ഈ അവസ്ഥ മാറണം എന്ന ചിന്ത സ്വാഭാവികമായി ഉടലെടുത്തു. വിദ്യാര്‍ത്ഥി കാലത്ത് ലോകത്ത് പലയിടത്തും നടക്കുന്ന വിപ്ലവങ്ങളെപ്പറ്റി കേട്ടപ്പോള്‍ പുതിയ ദിശാബോധം വന്നു. ജോണ്‍ ഹഗ്ഗിന്‍സിനെ പരിചയപ്പെടുന്നതോടെ കൃത്യമായ രാഷ്ട്രീയ ധാരണയും രൂപപ്പെട്ടു. അന്ന് യുവാക്കള്‍ പുതിയ മുന്നേറ്റം സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു. ജോണും ഞാനും അവര്‍ക്കൊപ്പം ചേര്‍ന്നു. അതൊരു മുന്നേറ്റമായി മാറാന്‍ അധികം സമയമെടുത്തില്ല.
ബ്ലാക്ക് പാന്തര്‍ പാര്‍ട്ടി (ബി.പി.പി)യില്‍ പതിനാല് വര്‍ഷം നേതൃത്വത്തിലുണ്ടായിരുന്നു. അക്കാലത്തെ എങ്ങനെയാണ് തിരിഞ്ഞുനോക്കുക?
ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുടെ (ബി.പി.പി) നേതൃത്വത്തില്‍ തുടക്കം മുതലേ ഞാനുണ്ടായിരുന്നു. ഇന്ന് അത്ഭുതത്തോടെയും പലതരം വൈകാരിതയോടും അവബോധത്തോടെയുമാണ് ഞാനക്കാലം ഓര്‍ക്കുന്നത്. ബി.പി.പിയുടെ നേതൃത്വം കേന്ദ്രകമ്മിറ്റിക്കായിരുന്നു. എന്റെ നേതൃത്വത്തില്‍ കമ്മിറ്റി തീരുമാനങ്ങള്‍ എടുത്തിരുന്നത് വിശാല സമുദായത്തിന്റെ നന്മലക്ഷ്യമാക്കി മാത്രമായിരുന്നു. സങ്കുചിതമായിരുന്നില്ല ഒരു തീരുമാനവും. എലൈന്‍ ബ്രൗണ്‍ ചെയര്‍പേഴ്‌സണായിരുന്ന കാലത്ത് (ഹുവെ ന്യൂട്ടന്‍ ക്യൂബയില്‍ പ്രവാസിയായിരുന്ന സമയം) ബി.പി.പി. ഊന്നല്‍ നല്‍കിയത് സമുദായ അതിജീവന പദ്ധതികള്‍ക്കായാണ്. അതായത് മര്‍ദിതരായ കറുത്തവര്‍ഗക്കാരുടെ വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ അവസ്ഥകള്‍ക്ക് സഹായകരമാകുന്ന വിധത്തിലുള്ള നപടികള്‍ക്ക്. ഞാന്‍ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന സമയത്തും ബി.പി. പി. പൊതുനേതൃത്വം അതിന്റെ അംഗങ്ങളുടെ, സ്ത്രീകളുള്‍പ്പടെയുള്ളവരുടെ പ്രവര്‍ത്തനങ്ങളെ പുര്‍ണമായി പിന്തുണച്ചിരുന്നില്ലെന്നുവേണം പറയാന്‍.
ബ്ലാക്ക് പാന്തറിന്റെ ചരിത്രത്തെ സ്വയം വിമര്‍ശനാത്മകമായി വിലയിരത്തിയിട്ടുണ്ടോ?
ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയെ ഞാന്‍ പലപ്പോഴും വിമര്‍ശനാത്മകമായി വിലയിരുത്തിയിട്ടുണ്ട്. ബി.പി.പി.യില്‍ ചേരുമ്പോള്‍ എനിക്ക് പതിനെട്ട് വയസ്സേയുണ്ടായിരുന്നുള്ളൂ. ഞങ്ങളില്‍ മിക്കവരും 20 വയസില്‍ താഴെയുള്ളവരായിരുന്നു. പ്രധാന കുറവ്/വീഴ്ച എന്തായിരുന്നു എന്നുവച്ചാല്‍ ഭരണകൂടത്തിന്റെ ശക്തി, നിയമം നടപ്പാക്കാനുള്ള അതിന്റെ കരുത്ത്, സൈന്യം ഇന്റലിജന്‍സ് വിഭാഗങ്ങള്‍, പീഡനം, ജയില്‍ എന്നിവയെപ്പറ്റിയെല്ലാം ഞങ്ങള്‍ നയിവ് (നിഷ്‌കളങ്കം) എന്നു പറയാവുന്ന ധാരണകളേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. ഞങ്ങള്‍ എതിര്‍പക്ഷത്തിന്റെ ശക്തിയെ കൃത്യമായി വിലയിരുത്തിയില്ല. അല്ലെങ്കില്‍ കുറഞ്ഞ അളവിലേ മനസിലാക്കിയുള്ളൂ.
ഇത്തരം നയിവ്(നിഷ്‌കളങ്കം) എന്നു പറയാവുന്ന ധാരണകളായിരുന്നോ ബ്ലാക്ക് പാന്തറുകള്‍ നേരിട്ട തിരിച്ചടിക്കും കാരണം?
അത് ഒരു ഘടകമാണ്. ബ്ലാക്ക് പാന്തറുകള്‍ ശക്തമാകുന്നുവെന്ന് തിരിച്ചറിഞ്ഞ ഘട്ടത്തില്‍ ഭരണകൂടം തീവ്രമായ അടിച്ചമര്‍ത്തലുകള്‍ തുടങ്ങി. അതിന് പലതരം രീതികളാണ് ഉപയോഗിച്ചത്. ജോണ്‍ ഹഗ്ഗിന്‍സിനെപ്പോലുള്ള പലരെയും ഭരണകൂടം വെടിവച്ചുകൊന്നു. മുഖ്യ പ്രവര്‍ത്തകരെ മുഴുവന്‍ കള്ളക്കേസില്‍ കുടുക്കി ജാമ്യം കിട്ടാത്തവിധത്തില്‍ തടവിലടച്ചു. പ്രസ്ഥാനത്തിനെതിരെ കടുത്ത രീതിയില്‍ കള്ളപ്രചരണങ്ങള്‍ അഴിച്ചുവിട്ടു. പ്രസ്ഥാനത്തിന് ദോഷകരമാകുന്ന വിധത്തിലുള്ള ചില അട്ടിമറികള്‍ എഫ്.ബി.ഐ. സ്വയം സംഘടിപ്പിച്ചു. പലര്‍ക്കും ഒളിവില്‍ പോകേണ്ടിവന്നു. ചിലര്‍ക്ക് നാടുവിടേണ്ടി വന്നു. പോലീസ് ഓഫീസറെ കൊന്നുവെന്ന് കള്ളക്കഥ ആരോപിച്ചാണ് ന്യുട്ടനെ അറ്‌സ്റ്റ് ചെയ്യുന്നത്. സഹപ്രവര്‍ത്തകനെ കൊന്നുവെന്നാരോപിച്ചാണ് എന്നെയും ബോബി സീയലിനെയും അറസ്റ്റ് ചെയ്തു. പാര്‍ട്ടി പിളര്‍ത്തുന്നതില്‍ വരെ ഒരു പരിധിവരെ എഫ്.ബി.ഐ. വിജയിക്കുകയും ചെയ്തു.
പുതിയ ഒരു ബ്ലാക്ക് പാന്തര്‍ പാര്‍ട്ടി ആവശ്യമാണെന്ന് കരുതുന്നുണ്ടോ?
ഉണ്ട്. പുതിയ സംഘടന ആവശ്യമുണ്ട്. സമരം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. പക്ഷേ പുതിയ സംഘടന പഴയ ബി.പി.പിയുടെ അനുകാരണമാവേണ്ടതില്ല. ആവശ്യങ്ങള്‍ പഴയതുതന്നെയാണെങ്കിലും നമ്മളിപ്പോള്‍ ജീവിക്കുന്നത് വ്യത്യസ്തകാലത്താണ്. പഴയ തെറ്റുകളില്‍ നിന്ന് പുതിയ സംഘടന പഠിക്കണം. കൂടാതെ സമുദായത്തെ (കമ്യൂണിറ്റി) പിന്തുണയക്കുന്ന പദ്ധതികളും ഉള്‍പ്പെടുത്തണം. ഒപ്പം സ്ത്രീകളും പുരുഷന്‍മാരും ആദ്യം മുതല്‍ക്കേ നേതൃത്വത്തിലുണ്ടാവണം. സംഘടനയെ ഗ്രാസ്‌റൂട്ട് തലത്തില്‍ നില നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. ആത്മീയം (മതപരമല്ല), വൈകാരികം, ശാരീരികമായ വിവിധ ഘടകങ്ങള്‍ കൂടി പ്രവര്‍ത്തനത്തിലുണ്ടെന്ന് തിരിച്ചറിയണം. ആക്റ്റിവിസത്തിന്റെ സമ്മര്‍ദം നിയന്ത്രിക്കാനും കുറക്കാനും അണികള്‍ക്കിടയില്‍ ശാസ്ത്രീയ പദ്ധതികള്‍വേണം. അങ്ങനെ വന്നാല്‍ മുമ്പ് സംഭവിച്ചതുപോലെ അംഗങ്ങള്‍ പരസ്പരം തിരിയില്ല. കൂടിയാലോചനകളുടേതായ, സാമൂഹ്യസംവാദങ്ങളുടേതായ സാധ്യതകള്‍ പുതിയ സംഘടനയില്‍ ഉണ്ടാവണം. കുട്ടികളെ വളര്‍ത്തുകയും സംരക്ഷിക്കുകയും (എല്ലാ ഘട്ടത്തിലും പ്രായത്തിലും, ഗര്‍ഭകാലം ഉള്‍പ്പടെ) ചെയ്യുന്നത് നിര്‍ബന്ധമായും പരിഗണിക്കപ്പെടണം.
പഴയ ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുടെ പുതിയ രൂപങ്ങള്‍ എന്ന് അവകാശപ്പെടുന്ന പല സംഘടനാരൂപങ്ങളും നിലവിലുണ്ട്. ന്യൂ ബ്ലാക്ക് പാന്തര്‍ പാര്‍ട്ടി, നാഷണല്‍ അലൈന്‍സ് ഓഫ് ബ്ലാക്ക് പാന്തേഴ്‌സ് എന്നിങ്ങനെയുള്ള പേരുകളില്‍. ഈ സംഘടനകളെ താങ്കള്‍ എങ്ങനെയാണ് സമീപിക്കുന്നത്?
ഈ 'പുതിയ രൂപങ്ങള്‍'ക്ക് ബി.പി.പി. അംഗങ്ങളുടെ പഴയകാലം ജീവിതം എന്താണ് എന്നറിയില്ല. അവര്‍ ബി.പി.പിയുടെ മഹത്വവല്‍ക്കരിക്കപ്പെട്ട രൂപത്തെ കേവലമായി അനുകരിക്കുകയാണ്. പഴയ ബി.പി.പി. ത്യാഗോജ്ജ്വലമായിരുന്നു.
ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയെന്നൊന്ന് ഒരിക്കലും നിലവിലേ ഉണ്ടായിരുന്നില്ല എന്ന മട്ടില്‍ മുന്‍കാല ആക്റ്റിവിസ്റ്റുകള്‍ തന്നെ ഉന്നയിച്ചതായി കേട്ടിട്ടുണ്ട്...?
ഏത് 'പഴയ ആക്റ്റിവിസ്റ്റാ'ണ് ബ്ലാക്ക് പാന്തര്‍ പാര്‍ട്ടി ഇല്ലായിരുന്നെന്ന് പറഞ്ഞത്. എനിക്കറിയില്ല. അവരുടെ പേരുകള്‍ പറഞ്ഞാലും. ഇനി അടിമത്തം എന്നൊന്ന് നിലനിന്നിരുന്നില്ലെന്നു പറയുന്നവരയും കണ്ടേക്കും! ഞാനുണ്ടിവിടെ ബി.പി.പിയുടെ അസ്ഥിത്വത്തെ സാക്ഷ്യപ്പെടുത്താന്‍. എനിക്കു പറയാനാവും ബി.പി.പിയുടെ ചരിത്രത്തെപ്പറ്റി; ആധികാരികമായി തന്നെ.
ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുടെ നാല്‍പതാം വാര്‍ഷികം മൂന്നു വര്‍ഷം മുമ്പ് കാലിഫോര്‍ണിയിലെ ഓക്‌ലാന്‍ഡില്‍ കൂടിയിരുന്നു. താങ്കള്‍ അതില്‍ പങ്കെടുത്തോ?
ഇല്ല. എനിക്കതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മകളുടെ പ്രസവുമായി ബന്ധപ്പെട്ട ചില അടിയന്തര കാരണങ്ങള്‍ മൂലം. പക്ഷേ വീണ്ടും കൂടിച്ചേരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നോക്കാം.
പഴയ ബ്ലാക്ക് പാന്തര്‍ ആക്റ്റിവിസ്റ്റുകളായ മര്‍ലിന്‍ ബക്, മുതലു സുകുര്‍ എന്നിങ്ങനെ പലരും അഴികള്‍ക്ക് പിന്നിലാണ്. അവരുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ എത്തരത്തിലുള്ളതാണ്?
നമുക്കറിയാവുന്നതുപോലെ രാഷ്ട്രീയത്തടവുകാര്‍ മിക്കപ്പോഴും തടവിലാക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതുമെല്ലാം കോടതി അധികാരികളുടെ പ്രതികാര ബുദ്ധിയോടെയുള്ള സമീപനത്തിന്റെയും വിചാരണകാലത്ത് നിലനില്‍ക്കുന്ന ആധിപത്യസംസ്‌കാരത്തിന്റെ രാഷ്ട്രീയ ബോധത്തിന്റെയും അടിസ്ഥാനത്തിലുമാണ്. ഞാന്‍ വിശ്വസിക്കുന്നത് എല്ലാ തടവുകാര്‍ക്കും സത്യസന്ധമായ വിചാരണയും തുടര്‍ന്ന് നീതിയുടെ അടിസ്ഥാനത്തിലുള്ള ശിക്ഷയും വിധിക്കപ്പെടമെന്നാണ്. അതിനാവുന്നില്ലെങ്കില്‍ കുറ്റവാളിയെന്നാരോപിക്കപ്പെടുന്നവരെ വെറുതെ വിടണം.
അമേരിക്കന്‍ ജനതയെന്നത് വിവിധ സംസ്‌കാരത്തിന്റെയും ധാരണയുടെയും ഒരു വിശാല കൂടിക്കുഴച്ചിലാണ്. അധികാരത്തില്‍ എത്തിയ പുതിയ സര്‍ക്കാര്‍ ദേശീയതലത്തില്‍ പുനര്‍ വിചാരണ സാധ്യമാക്കുമെന്നും അന്യായമായി തടവിലടക്കപ്പെട്ടവരെ മോചിപ്പിക്കുമെന്നും പൊതുവില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ജയിലില്‍ കഴിയുന്ന സ്ത്രീകളുടെയും പുരുഷന്‍മാരുടെ മോചനത്തിന് താഴേതട്ടില്‍ പല ജയില്‍മോചന മുന്നേറ്റങ്ങളും നടക്കുന്നുണ്ട്. ഈ മുന്നേറ്റങ്ങള്‍ രാഷ്ട്രീയ തടവുകാരുടെ മോചനമെന്നതിനപ്പുറം ശിക്ഷിക്കപ്പെട്ട എല്ലാ യുവാക്കളിലേക്കും പ്രത്യേകിച്ച് തൊലിനിറത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെട്ട യുവജനങ്ങളിലേക്ക് കൂടി എത്തേണ്ടതുണ്ടെന്നാണ് എന്റെ നിലപാട്.
ജയിലില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ അനുഭവത്തിന്റെ ഫലമായി നീതിയുക്തമായ വിചാരണയ്ക്കും ജയില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് നിശ്ചയിച്ചുറപ്പിച്ചയാളാണ്.
പ്രത്യേകിച്ച് യുവാക്കള്‍ക്ക് വേണ്ടി മോചന-പുനരധിവാസ പദ്ധതികള്‍ നടപ്പാക്കണമെന്ന പക്ഷക്കാരിയാണ് ഞാന്‍. യുവാക്കളുടെ നിയമ സൗകര്യം ഉറപ്പാക്കുന്നതിനും നിയമസൗകര്യം മെച്ചപ്പെടുനത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയ്‌ക്കൊപ്പം ഞാനുമുണ്ട്. അതുപോലെ തടവറയില്‍ പതിവായി ചെന്ന് വിദ്യാഭ്യാസം ചെയ്യിക്കാനും തടവുകാര്‍ക്ക് പിന്തുണ നല്‍കാനും ശ്രമിക്കുന്നു.
എന്താണ് നിങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാട്? യുവത്വത്തിലെ രാഷ്ട്രീയ നിലപാടുകളില്‍ മാറ്റം വന്നോ?
എന്റെ രാഷ്ട്രീയ നിലപാടുകള്‍ എന്നും മനുഷ്യാവകാശവുമായി കെട്ടുപിണഞ്ഞതാണ്. എല്ലാവര്‍ക്കും സുരക്ഷയ്ക്കുള്ള അവകാശമുണ്ട്, വിവേചനത്തില്‍നിന്നും അക്രമത്തില്‍ നിന്നുമുള്ള മോചനം ആവശ്യമാണ് എന്നതാണ് അടിസ്ഥാനപരമായ കാഴ്ചപ്പാട്. അതില്‍ ഒരു മാറ്റവും വന്നിട്ടില്ല. കൗമാരക്കാലം മുതല്‍ ഞാന്‍ എതിര്‍ത്ത ഒന്ന് സംഘടിത മതത്തെയാണ്. ഇക്കാലയളവില്‍ വന്ന ഒരു മാറ്റം ജയില്‍ കാലയളവില്‍ ധ്യാനം പ്രാകടീസ് ചെയ്യാന്‍ തുടങ്ങി എന്നതാണ്. ഞാന്‍ ഇപ്പോള്‍ ദിവസവും ധ്യാനിക്കുന്നു. അതുമാത്രമാണ് ഏക മാറ്റം.
വര്‍ണവെറിയെപ്പറ്റി എന്തു പറയും? എന്താണ് വര്‍ണവിവേചനം അവസാനിപ്പിക്കാനുള്ള മാര്‍ഗം?
ഡേവിഡ് വെല്‍മാന്‍ വര്‍ണവിവേചനത്തെ ''വര്‍ണത്തിന്റെ അടിസ്ഥാനത്തിലുള്ള നേട്ടത്തിന്റെ സംവിധാനം' എന്ന നിര്‍വചിച്ചിരുന്നു. ഈ നിര്‍വചനം യാഥാര്‍ത്ഥ്യത്തോടടുത്തതാണ്. വര്‍ണവിവേചനം അവസാനിപ്പിക്കാന്‍ വ്യവസ്ഥിതി തന്നെ പരിവര്‍ത്തവപ്പെടുത്തണം. നമ്മള്‍ ഈ യുക്തിരഹിതമായ വിശ്വാസത്തെ (വര്‍ണബോധത്തെ) കുട്ടികളിലേക്ക്, ഒന്നിനുപിറകെ മറ്റൊരു തലമുറയിലേക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്. അത് അവസാനിപ്പിക്കണം.
അസമത്വം അവസാനിപ്പിക്കുന്നതിന് അക്രമ മാര്‍ഗങ്ങള്‍ താങ്കള്‍ നിര്‍ദേശിക്കുകയാണോ? വ്യവസ്ഥിയെ മാറ്റാന്‍ സായുധമായ മാര്‍ഗമാണ് ബ്ലാക്ക് പാന്തറുകള്‍ മുന്നോട്ടുവച്ചത്...
അക്രമം അവസാനിപ്പിക്കുന്നിന് അക്രമമില്ലാത്ത ഒരു വഴിയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്; വിശ്വസിക്കുന്നത്. എന്നിരുന്നാലും അക്രമം ഒഴിവാക്കാനാവില്ല. ഒരു ഉദാഹരണത്തിന് എന്റെ കുട്ടികളെയോ പേരക്കുട്ടികളെയോ ആരെങ്കിലും ആക്രമിച്ചാല്‍ ഞാന്‍ അവര്‍ക്ക് നാശമുണ്ടാവാതിരിക്കാന്‍ അക്രമികളെ പ്രതിരോധിക്കും. അക്രമത്തിന്റ വേരുകള്‍ ആരംഭിക്കുന്നത് നാശനഷ്ടം നേരിട്ട/ദുരിതം അനുഭവിക്കുന്ന ജനങ്ങളില്‍നിന്നല്ല.
അക്രമം അവസാനിപ്പിക്കുന്നത് ഗാന്ധിയെപ്പോലുള്ളവര്‍ അക്രമരാഹിത്യത്തിന്റേതായ മാര്‍ഗവും ചൂണ്ടിക്കാട്ടിയിരുന്നു..
ശക്തിയും കരുത്തുള്ളതുമാണ് മഹാത്മാഗാന്ധിയുടെ ചിന്തയും പ്രവര്‍ത്തിയും. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇന്ത്യയക്ക് ആവശ്യമായിരുന്നു. മാര്‍ട്ടിന്‍ ലൂഥന്‍ കിംങ്ങിലൂടെ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം അമേരിക്കയുടെ പൗരവാകാശ പ്രസ്ഥാനത്തിലെ നാഴികകല്ലായി മാറിയിരുന്നു. ഗാന്ധി പറഞ്ഞ അക്രമരഹിത്യം നമ്മളോരുരുത്തും ഹൃദയത്തില്‍ എറ്റുവാങ്ങിയിരുന്നെങ്കില്‍ മാറ്റത്തിനുവേണ്ടി മുന്നേറ്റവും തീര്‍ത്തും ശക്തമാവുമായിരുന്നു. എന്നാല്‍ ഗാന്ധിയന്‍ രീതി എല്ലാക്കാലത്തും എല്ലായിടത്തും കേവലമായി പ്രയോഗിക്കാന്‍ കഴിയില്ല.
അമേരിക്ക വീട്ടേണ്ട കടങ്ങള്‍
വര്‍ണവിവേചനത്തിന് കുപ്രസിദ്ധമാണ് അമേരിക്ക. വര്‍ണ്ണ വിവേചനം അവസാനിപ്പിക്കുന്ന ദിശയില്‍ അമേരിക്ക ചുവടുകള്‍ വയ്ക്കുന്നുണ്ടോ?
വര്‍ണ വിവേചനത്തിന്റെ കാര്യത്തില്‍ അമേരിക്ക ചില തലങ്ങളില്‍ മുന്നോട്ട് പോയിട്ടുണ്ട്. എന്നാലും വര്‍ണവിവേചനത്തെ പുനരുല്‍പാദിപ്പിക്കുന്ന വിധത്തില്‍ വ്യവസ്ഥിതികള്‍ ഇപ്പോഴും നില്‍ക്കുന്നുണ്ട്. ജയില്‍ സംവിധാനം, വിദ്യാഭ്യാസം, മാസ് കമ്യൂണിക്കേഷന്‍ എന്നിവയാണ് ഈ മൂന്ന് വ്യവസ്ഥാപിത സ്ഥാപനങ്ങള്‍. വ്യവസ്ഥാപിതമായ വര്‍ണ്ണവിവേചന രീതികള്‍ ഉന്നതവിഭാഗത്തെയാണ് സംരക്ഷിക്കുന്നത്. അവര്‍ക്കാണ് ആനുകുല്യം നല്‍കുന്നത്. മറുവശം വര്‍ണവിവേചനത്തിന് ഇപ്പോഴും കീഴ്‌പ്പെട്ടിരിക്കുകയാണ്. കുറേ പരിവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഉന്നതലതലത്തിലും താഴെത്തട്ടിലും (ഗ്രാസ് റൂട്ട് ലെവല്‍) മാറ്റം ഇനിയും സംഭവിക്കേണ്ടതുണ്ട്.
അമേരിക്ക വര്‍ണവിവേചനം ഇല്ലാതാക്കുന്നതില്‍ കുറേയേറെ മുന്നോട്ടാണ് എന്നു പറയുന്നുവെങ്കിലും ഇപ്പോഴും അനേകം കറുത്തവര്‍ഗക്കാര്‍ ജയിലിലാണ്. തുടര്‍ച്ചയായി അവര്‍ ജയിലിടയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇക്കൂട്ടത്തില്‍ മുമിയ അബു ജമാലിനെപ്പോലുള്ള പ്രശസ്തരുമുണ്ട്. അതിനെ എങ്ങനെ കാണും?
കറുത്ത വര്‍ഗ്ഗക്കാര്‍ (തവിട്ട്/ലാറ്റിനോ വിഭാഗക്കാരും) അമേരിക്കന്‍ ജയിലുകളില്‍ നിറഞ്ഞിരിക്കുകയാണ്. പതിനെട്ട് വയസ്സിനുമേലുള്ള നാലില്‍ ഒന്ന് കറുത്ത പുരുഷന്‍മാരും യു.എസ്. പീനല്‍ സംവിധാനത്തിന്റെ ഇരകളാണ്. ഇവര്‍ ഒന്നുകില്‍ പരോളിലോ ജയിലോ ആണ്. തടവിലാക്കപ്പെടുന്നവരില്‍ കറുത്തതും തവിട്ടു നിറത്തിലമുള്ളതുമായ സ്ത്രീകളുടെ എണ്ണം അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ വേര് ദാരിദ്ര്യത്തിലാണ്.
ജയില്‍ സംവിധാനത്തില്‍ പരിവര്‍ത്തനം ആവശ്യമാണ്. കൂടുതല്‍ ഫണ്ട് സംസ്‌കാരികമായി സന്നദ്ധരായ അധ്യാപകരെ പരിശീലിപ്പിക്കന്‍ ഉപയോഗിക്കണം. വിദ്യാര്‍ത്ഥികളെ വിമര്‍ശകസ്വഭാവമുള്ള ചിന്തകരായി മാറ്റാനും ശ്രമിക്കണം. അതിനോടൊപ്പം എല്ലാത്തരത്തിലുള്ള കുരുന്നകളിലും ദാരിദ്ര്യം അവസാനിപ്പിക്കാനായി ബോധപൂര്‍വമായ നടപടികള്‍ രൂപീകരിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ വിഭവങ്ങള്‍ക്കും സേവനങ്ങള്‍ക്കുായി കുടതല്‍ ഫണ്ട് അനുവദിക്കുകയും വേണം.
അമേരിക്കയെപ്പറ്റി, അതിന്റെ അധിനിവേശങ്ങളെപ്പറ്റി, സാമ്രാജ്യത്വ കൊള്ളയെപ്പറ്റി നിങ്ങള്‍ എന്താണ് പറയുക?
അമേരിക്ക രാഷ്ട്രീയ, സാമ്പത്തിക (പ്രത്യേകിച്ച് സൈനികം) വിഭവങ്ങള്‍ തങ്ങുടെ അതിര്‍ത്തിക്കുള്ളില്‍ വിനിയോഗിച്ചിരുന്നെങ്കില്‍ അത്യധികം നേട്ടമുണ്ടായാനേ. രാഷ്ട്രീയ,സാമൂഹ്യ, സാമ്പത്തിക അസമത്വങ്ങള്‍ക്കെതിരെ സ്വന്തം ജനതയ്‌ക്കൊപ്പം ഭരണകൂടം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ലോകത്തിന്റെ ബാക്കി ഭാഗത്തിന് വ്യക്തമായ സന്ദേശം നല്‍കാനാകുമായിരുന്നു. മാറ്റത്തിന്റെ ഒരു സന്ദേശം. അമേരിക്കയുടെ ചരിത്രം എന്നത് തദ്ദേശിയരായ അമേരിക്കക്കാരെ കൊന്നൊടുക്കിയതിന്റെ, ആഫ്രിക്കന്‍ ജനതയെ അടിമകളാക്കിയതിന്റെ ചരിത്രമാണ്. അമേരിക്ക അതിന്റെ ക്രൂരതകള്‍ക്ക് ലോകത്തോട് കടം വീട്ടേണ്ടിവരും.
സ്ത്രീ, വിമോചനം
കറുത്തവര്‍ഗ്ഗക്കാരുടെ മോചന പ്രശ്‌നങ്ങളില്‍നിന്ന് സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങളിലേക്ക് നിങ്ങള്‍ മാറിയതായി തോന്നുന്നു? എന്തുകൊണ്ടാണ് ഈ മാറ്റം?
ബി.പി.പി. പ്രവര്‍ത്തിച്ചത് എല്ലാത്തരം ജനങ്ങള്‍ക്കുമെതിരെയുള്ള അനീതി അവസാനിപ്പിക്കുന്നിനുവേണ്ടിയാണ്. കറുത്തവര്‍ഗ്ഗക്കാര്‍, ലാറ്റിനോ, തദ്ദേശിയയര്‍, ദക്ഷിണേഷ്യക്കാര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും വേണ്ടിയാണ്. ഓരോ വിഭാഗം ജനങ്ങള്‍ക്കും സാഹചര്യത്തിനും അനുസരിച്ച് അതിന്റേതായ നടപടികള്‍ ആവശ്യമാണ്. ഞാന്‍ മാറിയിട്ടില്ല. അതുപോലെ യാഥാര്‍ത്ഥ്യങ്ങളും. മുമ്പുണ്ടായിരുന്ന സാമൂഹ്യ മുന്നേറ്റങ്ങള്‍ ആണിനെമാത്രം ഉയര്‍ത്തിക്കാട്ടുകയും സ്ത്രീകളെയും കുട്ടികളെയും അവഗണിക്കുകയും ചെയ്തിരുന്നു. സ്ത്രീകളാണ് ഭൂഗോളത്തിലെ ഏറ്റവും ദരിദ്രരായ ജനങ്ങള്‍.
ഞാനൊരു സ്ത്രീയാണ്, അമ്മയാണ്, കറുത്ത സ്ത്രീയാണ്. രണ്ട് കറുത്ത ആണ്‍മക്കളുടെയും ഒരു കറുത്ത പെണ്‍കുട്ടിയുടെയും അമ്മയാണ്. രണ്ട് കറുത്ത പേരക്കുട്ടികളുമുണ്ട്. കുട്ടിക്കാലം മുതല്‍ക്കേ ലിംഗപരവും വര്‍ണപരവുമായ വിവേചനത്തെപ്പറ്റി എനിക്കറിയാം. സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പ്രസ്ഥാനത്തിലും ലിംഗപരമായ വേര്‍തിരിവ് ശകതമായിരുന്നു. വര്‍ണവെറിയുല്‍പ്പാദിപ്പിക്കുന്ന വ്യവസ്ഥതന്നെയാണ് ലിംഗ/വര്‍ഗ വെറുപ്പും പുനരുല്‍പ്പാദിപ്പിക്കുന്നത്. അതിനെതിരെയുള്ളതാണ് എന്റെ ശ്രമങ്ങള്‍.
എന്താണ് അമേരിക്കയിലെ സ്ത്രീകളുടെ അവസ്ഥ? കറുത്ത സ്ത്രീകളുടെ അവസ്ഥയോ?
നമ്മള്‍ 'തുല്യതയുടെ കോണി' യിലേക്ക് നോക്കുകയാണെങ്കില്‍ അമേരിക്കയില്‍ വെള്ളനിറക്കാരായ പുരുഷന്‍മാരാണ് ഏറ്റവും മുകളില്‍, താഴെ വെള്ളനിറക്കാരായ സ്ത്രീകള്‍. പിന്നെ കറുത്തവര്‍ഗക്കാരായ ആണുങ്ങള്‍. അവര്‍ക്കും താഴെയാണ് കറുത്ത സ്ത്രീകള്‍. വര്‍ണവും ലിംഗവും പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്നു. നമ്മുടെ ലോകത്തില്‍ ഏറ്റവും ദരിദ്രനായ ആണിനെ അവന്റെ സ്ത്രീ പങ്കാളിയേക്കാള്‍ വളരെ മികച്ചതായാണ് പരിഗണിക്കപ്പെടന്നത്.
ഇടത്തരക്കാരയ ഭൂരിപക്ഷം വെള്ളക്കാരി സ്ത്രീകളും കറുത്തവര്‍ഗക്കാരായ പുരുഷന്‍മാരും സമന്‍മാരായാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ കറുത്ത സ്ത്രീകള്‍ക്ക് ഈ പദവിയില്ല. അമേരിക്കയിലെ സ്ത്രീ അവസ്ഥ ഇത്തരത്തില്‍ ദയനീയമാണ്. സമൂഹത്തില്‍ സ്ത്രീകള്‍ക്കുമുണ്ട് വേര്‍തിരിവുകള്‍. വെള്ളക്കാരികളായ സ്ത്രീകള്‍ പിന്നെ കറുത്ത സ്ത്രീകള്‍ അതിനുശേഷം മദ്ധ്യ ഏഷ്യക്കാരായ സ്ത്രീകള്‍ തുടര്‍ന്ന് ലാറ്റിനോ സ്ത്രീകള്‍, പിന്നെ ദക്ഷിണ ഏഷ്യക്കാരായ സ്ത്രീകള്‍, അതിനും എറ്റവും ഒടുവിലാണ് തദ്ദേശിയരായ അമേരിക്കന്‍ സ്ത്രീകള്‍-ഇതാണ് സ്ത്രീയുടെ 'തുല്യതാ കോണി'.
ഒരു സമൂഹത്തില്‍ സ്ത്രീകള്‍/അമ്മമാരാണ് ആദ്യ അധ്യാപികമാര്‍. സ്ത്രീകളെ അവമതിക്കുന്ന രീതിയില്‍ പരിഗണിക്കുന്ന ഒരു സമൂഹത്തില്‍ ഞങ്ങളെന്തു സന്ദേശമാണ് കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുക? അവരുടെതന്നെ പ്രധാന്യത്തെയും അന്തസിനെപ്പറ്റിയും എന്താണ് ഞങ്ങള്‍ പറയുക?
സ്ത്രീസമത്വ ചര്‍ച്ചകള്‍ ഏത് രീതിയില്‍ മുന്നേറണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?
സ്ത്രീകളുടെ മോചനത്തെപ്പറ്റി കൂടുതല്‍ ചര്‍ച്ചയും സംവാദവും ആവശ്യമാണ്. ലോകം യുദ്ധത്തില്‍ നിന്ന് യോജിപ്പിലേക്കാണ് നീങ്ങിയിരുന്നതെങ്കില്‍ സ്ത്രീകള്‍ എല്ലാ സംവാദത്തയിലും ഓര്‍മിക്കപ്പെടുമായിരുന്നു. അമേരിക്കയില്‍ സ്ത്രീ എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ അതിന്റെ അനുമാനം വെള്ളക്കാരിയായ സ്ത്രീ എന്നാണ്. അമേരിക്ക ഇപ്പോള്‍ പുതിയ രൂപം നേടിയിട്ടുണ്ട്. ഹിലാരി ക്ലിന്റണ്‍ വന്നപ്പോള്‍ നടന്ന ചര്‍ച്ചകള്‍ നോക്കുക. അവരൊരു സ്ത്രീയായതുകൊണ്ട് മാത്രമല്ല ഈ ചര്‍ച്ചകള്‍ വികസിച്ചത്. കരീബിയന്‍-അമേരിക്കക്കാരിയായ കോണ്‍ഗ്രസുകാരി ഷിര്‍ലെ ചിഷോലം, 1972 ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ എല്ലാവരും പരിഹസിച്ചു. അവളുടെ തന്നെ പാര്‍ട്ടിയിലെ കറുത്ത കോണ്‍ഗ്രസുകാരായ പുരുഷന്‍മാരും. നമ്മള്‍ ചോദിക്കണം എന്തുകൊണ്ട്? ഒബാമ/ഹിലാരി ക്ലിന്റണ്‍ പ്രസിഡന്റ് സ്ഥാനര്‍ത്ഥി മത്സരങ്ങളിലെല്ലാം നടന്ന വര്‍ണ്ണ സംവാദത്തെക്കുറിച്ചുള്ള ചര്‍ച്ചയിലൊന്നും എന്തുകൊണ്ടാണ് ഷിര്‍ലെ പരാമര്‍ശിക്കപ്പെടുകപോലും ചെയ്യാതെ പോയത്. അമേരിക്ക അതിന്റെ ചരിത്രത്തില്‍ ആദ്യമായി വര്‍ണത്തെയും ലിംഗത്തെയും അഭിമുഖീകരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അതൊരു നല്ല കാര്യമാണ്.
നിങ്ങള്‍ എല്ലാ വര്‍ണ/ലിംഗ തുല്യതയ്ക്കുവേണ്ടി ആവശ്യപ്പെടുന്നു. എന്താണ് നിങ്ങളുടെ ആവശ്യം?
ആവശ്യം (ഡിമാന്‍ഡ്) എന്നത് എന്റെ വാക്കല്ല. ഞാന്‍ ബ്ലാക്ക് പാന്തര്‍ മുദ്രാവാക്യത്തില്‍ വിശ്വസിക്കുന്നു 'എല്ലാ അധികാരവും ജനങ്ങള്‍ക്ക്', അതാണ് കൃത്യമായത്. കുറച്ചുപേര്‍ക്കല്ല. മനുഷ്യാവകാശമെന്ന് എല്ലാ മനുഷ്യര്‍ക്കും ലഭ്യമാകണം.
നിങ്ങള്‍ എന്തുകൊണ്ടാണ് കമ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഊന്നുന്നത്?
എഫ്.ബി.ഐ.യും യാഥാസ്ഥിതിക മാധ്യമങ്ങളും കൂടി സൃഷ്ടിച്ച ഒരു ധാരണയാണ് ബ്ലാക്ക് പാന്തറുകളെപ്പറ്റി ആളുകള്‍ക്കുള്ളത്. ബ്ലാക്ക് പാന്തര്‍ എന്നാല്‍ ലെതര്‍ ജാക്കറ്റും ആയുധമേന്തിയ നീഗ്രാവംശജരുമാണ് ആളുകളുടെട മനസില്‍. പക്ഷെ സമൂഹ ഉന്നമനത്തിനായി ബ്ലാക്ക് പാന്തറുകള്‍ നടത്തിയ സേവനങ്ങള്‍ ആരും കാണില്ല. ഓക്‌ലാന്‍ഡ് കമ്യൂണിറ്റി സ്‌കൂള്‍ ബ്ലാക്ക് പാന്തര്‍ ചരിത്രത്തിലെ തിളങ്ങുന്ന അധ്യയമാണ്. ബ്ലാക്ക് പാന്തറുകള്‍ സ്‌കൂള്‍ തുടങ്ങുന്നത് സമൂഹത്തിന്റെ പിന്നോക്കം നില്‍ക്കുന്ന കറുത്തവര്‍ഗ്ഗക്കാര്‍ക്കിടയില്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനാണ്. ഓക് ലാന്‍ഡ് കമ്യൂണിറ്റി സ്‌കൂളിന്റെ ഡയറക്ടറായിരുന്നു എട്ടുവര്‍ഷത്തിലേറെക്കാലം ഞാന്‍. കുട്ടികള്‍ക്ക് ഒരു കാരണവശാലും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത് എന്നതാണ് സ്‌കൂളിന്റെ ഒരു താല്‍പര്യം. ഇത്തരം പലവിധ ശ്രമങ്ങള്‍ ആവശ്യമാണ്. സാമൂഹ്യക്ഷേമം ഉറപ്പാക്കുന്ന പദ്ധതികള്‍ വിപ്ലവ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.
ഇന്ത്യയിലെ ദളിതുകളെപ്പറ്റി എന്തുപറയും?
ഇന്ത്യയിലെ ദളിതുകളുടെ അവസ്ഥ ഏറെക്കുറെ അമേരിക്കയിലെ കറുത്ത വിഭാഗക്കാരുടേതിനു തുല്യമാണ്. ദളിതരുള്‍പ്പടെ എല്ലാ ദരിദ്രരും, ആഗോളശക്തികളാല്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ലോകമെമ്പാടുമുള്ളവരും മര്‍ദക ശക്തികളുടെ ഇരയാണ്. ദളിതര്‍ എപ്പോഴും നല്ല ഉദാഹരണമാണ്. മര്‍ദനത്തോടുള്ള അവരുടെ പ്രതിരോധവും ഉജ്ജ്വലമാണ്. വ്യവസ്ഥിതിയെ മാറ്റി മറിക്കലാണ് ദളിതുകളുടെയും മോചനത്തിന്റെ ഉപാധി. ദളിതര്‍, അഫ്രിക്കന്‍-അമേരിക്കന്‍ക്കാര്‍, ആഫ്രിക്കക്കാര്‍, ലാറ്റിന്‍-മദ്ധ്യ അമേരിക്കക്കാര്‍, കരിബീയക്കാര്‍, പസഫിക് ദ്വീപ് വാസികള്‍, മദ്ധ്യ-ദക്ഷിണ ഏഷ്യക്കര്‍ എന്നിവരെല്ലാം സാഹചര്യങ്ങളിലും ജീവിത സമീപനങ്ങളിലും സമാനരാണ്. ഇതിനപ്പുറം ദാരിദ്ര്യത്തിന്റെ ആഗോളവല്‍ക്കരണം 'മൂന്നാംലോക' തൊഴിലാളി ശക്തിയെ സൃഷ്ടിച്ചിട്ടുണ്ട്. അത് ആഗോള ശക്തികള്‍ക്ക് സ്വത്ത് കുമിഞ്ഞുകുട്ടാന്‍ ഉപയോഗിക്കുന്നു. അവര്‍ യൂറോപ്പ്/അമേരിക്കന്‍ മാര്‍ക്കറ്റുകള്‍ സമ്പന്നമാക്കുന്ന ഫാക്ടറികളില്‍ ഉപയോഗിക്കപ്പെട്ടുന്നു. ദാരിദ്യത്തില്‍ കഴിയുന്നവരെക്കൊണ്ട് വിനോദ-ആനന്ദ ചന്തകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കപ്പെടുന്നു. സ്ത്രീകളുടെയും ആണ്‍കുട്ടികളുള്‍പ്പടെയുള്ള കുട്ടികളുടെയും പടിഞ്ഞാറിലേക്കുള്ള ലൈംഗിക കള്ളക്കടത്തിനെയാണ് ഉദ്ദേശിക്കുന്നത്. പോരാട്ടം നടക്കേണ്ടത് ഈ വിവിധ തലങ്ങളിലാണ്. കറുത്തവംശജര്‍, ദളിതര്‍, തൊഴിലാളികള്‍, സ്ത്രീകള്‍ തുടങ്ങി എല്ലാത്തരത്തിലുള്ള മര്‍ദിതര്‍ക്കിടയിലും പൊതുവായ ഐക്യവും ആവശ്യമാണ്.
കവിത, ആക്റ്റിവിസം
എന്താണ് താങ്കള്‍ക്ക് കവിത? എഴുത്തിലേക്ക് എങ്ങനെയാണ് തിരിഞ്ഞത്?
കവിത എന്നത് ബാഹ്യലോകത്തെപ്പറ്റയുള്ള എന്റെ ആന്തരിക കാഴച്പ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ്. പതിനൊന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ ഞാന്‍ എഴുതുന്നു. വീട്ടിലെയും ലോകത്തിലെയും ദുരിതങ്ങളുടെ വേദനകള്‍ കണ്ട് ഹൃദയത്തിനുണ്ടായ വേദന ലഘൂകരിക്കാനാണ് ഞാനാദ്യം എഴുതുന്നത്.
നിങ്ങളുടെ കവിത എത്രമാത്രം സ്വാവിഷ്‌കാരമാകുന്നുണ്ട്. രചനകള്‍ എത്തരത്തില്‍ മറ്റുള്ളവരുടേതില്‍നിന്ന് വ്യത്യസ്തമാണ്?
എന്റെ കവിതകള്‍ എന്റെ സത്യങ്ങളെ തുറന്ന രീതയില്‍ പ്രഖ്യാപിക്കുന്നു. ഞാനത് മറച്ചു വയ്ക്കുന്നില്ല. എന്റെ ജീവിതത്തെപ്പറ്റിയുള്ള കഥകകള്‍ പറയുന്നത് ഇഷ്ടപ്പെടുന്നു. അത് എഴുതുന്നത് എന്നെതന്നെയും എന്റെ തന്നെ അനുഭവങ്ങളെ പുതിയ രീതിയില്‍ പുണരാനും മണസ്സിലാക്കാനും സഹായിക്കുന്നു. ഈ എഴുത്ത് പങ്കിടുന്നതിലൂടെ മറ്റുള്ളവര്‍ക്ക് അവരുടെ തന്നെ അനുഭവങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതായിട്ടാണ് എന്നോട് പലരും പറഞ്ഞിട്ടുള്ളത്?
എന്തൊക്കെ സാമൂഹ്യ-രാഷ്ട്രീയ കാര്യങ്ങളാണ് താങ്കള്‍ കവിതയിലൂടെയും എഴുത്തിലൂടെയും പറയാന്‍ ആഗ്രഹിക്കുന്നത്?
എന്റെ രചനകള്‍ രാഷ്ട്രീയപരമാണെന്നോ അല്ലെങ്കില്‍ സാമൂഹ്യപരമാണെന്നോ അല്ലെങ്കില്‍ വ്യക്തിപരമാണെന്നോ ഞാന്‍ കരുതുന്നില്ല. ഇതെല്ലാം ഒരു മുഴുവന്‍ വൃത്തത്തിന്റെ വിവിധ ഭാഗങ്ങളാണ്. നേരത്തെ പറഞ്ഞതുപോലെ ഞാനൊരു സ്ത്രീയാണ്, അമ്മയാണ്. അമേരിക്കയില്‍ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന ആഫ്രിക്കയില്‍നിന്നുള്ള മുത്തശ്ശിയാണ്. സ്ത്രീയെന്ന നിലയിലുള്ള എന്റെ ധാരണയെ, എന്റെ കറുപ്പിനെപ്പറ്റിയുള്ള അവബോധത്തില്‍ നിന്നോ, അമ്മയെന്ന എന്റെ തന്നെ ധാരണയില്‍നന്നോ, എന്റെ വീര്യത്തിന്റെ കരുത്ത് എന്ന അവബോധത്തിത്തില്‍ നിന്ന് മാറ്റാനാവില്ല.അത് തന്നെയാണ് ഞാന്‍ എഴുതുന്നത്.
നിങ്ങള്‍ പറയുന്നത് കവിതകള്‍ നൂറശതമാനം രാഷ്ട്രീയവും നൂറുശതമാനം വ്യക്തിപരവും ആണെന്നാണോ?
അതെ. ഞാനീ ലോകത്തിലാണ് ജീവിക്കുന്നത്. അതില്‍നിന്ന് ഭിന്നയോ വേറിട്ടേ അല്ല നില്‍ക്കുന്നത്. എന്നാലും, ഞാന്‍ ലോകത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന കേവല കാഴ്ചപ്പാടുകള്‍ക്കൊപ്പം ചലിക്കുന്നില്ല. അതില്‍ എനിക്ക് കൃത്യമായ ധാരണയുണ്ട്.
എഴുത്തില്‍ സ്വാധീനം?
ഞാന്‍ പല വലിയ എഴുത്തുകാരാലും കവികളാലും സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ഇസ, ബാഷോ തുടങ്ങിയ പ്രചീന ഹൈക്കു ഗുരുക്കള്‍, ഖലീല്‍ ജിബ്രാന്‍, ഇന്ത്യന്‍ സ്ത്രീ എഴുത്തുകാരികളായ ചിത്രാ ബാനര്‍ജി, ദിവാകറൂനി, ജുംപ ലാഹിരി, ആഫ്രിക്കന്‍-അമേരിക്കന്‍ സ്ത്രീ എഴുത്തുകാരായ മായ ആഞ്ചലോ, ആലിസ് വാക്കര്‍, റബേക്ക വാക്കര്‍, ജ്‌വന്‍ഡോളിന്‍ ബ്രൂക്‌സ്, സോറ നെയില്‍ ഹര്‍സ്റ്റണ്‍, ആന്‍ഡ്രി ലോര്‍ഡ്, ജൂണ്‍ ജോര്‍ഡന്‍ തുടങ്ങിയവരെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ഡബ്ല്യു. ഇ.ബി. ഡുബോസിസ്, ഫ്‌ളാനറി ഒ കോന്നോര്‍, പൗലോ കൊയ്‌ലോ, ജെയ്ംസ് ബാള്‍ഡ്‌വിന്‍ എന്നിവരിലും ഞാന്‍ പ്രചോദിതയാണ്.
ഇന്ത്യന്‍ സംസ്‌കാരത്തെയും സാഹിത്യത്തെപ്പറ്റിയും എത്രമാത്രം അറിവുണ്ട്?
ഇന്ത്യന്‍ സംസ്‌കാരം, ആത്മീയത, സാഹിത്യം എന്നിവ എനിക്ക് പ്രിയപ്പെട്ടതാണ്. ഇന്ത്യന്‍ തത്വചിന്തയെന്നത് എന്റെ ലോക കാഴ്ചപ്പാടിനോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. മഹാത്മാഗാന്ധിയുടെ അഹിംസയും ജീവിത രീതിയും ഞാന്‍ അറിയുന്നത് പതിനഞ്ച് വയസ്സിലാണ്. അതാണെന്നെ മാനവികതയുടെ സേവനത്തിലേക്ക് നയിക്കുന്നത്.
ജയിലായിരിക്കുമ്പോഴാണ് ധ്യാനം അഭ്യസിക്കുന്നത്. അത് ഒരുതരത്തില്‍ ഇന്ത്യന്‍ സംഭാവനയാണ്. ജയിലില്‍ വച്ച് ഞാന്‍ ഇന്ത്യന്‍ ഗ്രന്ഥങ്ങള്‍ പഠിക്കാന്‍ തുടങ്ങി. ഇപ്പോഴും ഞാനതു തുടരുകയാണ്. കണ്ണടയ്ക്കുന്നതിനു മുമ്പ് ദക്ഷിണ ഇന്ത്യ സന്ദര്‍ശിക്കണമെന്നും അവിടെ കുറച്ചുകാലം തങ്ങണമെന്നുമാണ് ആഗ്രഹം.
എന്തായിരുന്നു ജീവിത പശ്ചാത്തലം? കുടുംബം?
ഞാന്‍ വളര്‍ന്നത് വാഷിംഗ്ടണ്‍ ഡിസിയിലാണ്. അച്ഛനമ്മമാര്‍ സര്‍ക്കാര്‍ ജീവനക്കാരായിരുന്നു. അച്ഛന് എട്ടാംതരവും അമ്മയ്ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂ. ഞാനായിരുന്നു മൂന്ന് മക്കളില്‍ മുതിര്‍ന്നത്. ഒരു സഹോദരിയും സഹോദരനുമുണ്ട്. അമ്മയ്ക്ക് ഇപ്പോള്‍ തൊണ്ണൂറ്റി ഒന്ന് വയസ്. ഞാനവരെ നോക്കുന്നു. എന്റെ ആദ്യ കുട്ടി, 1968 അവളുടെ അച്ഛനെ എഫ്.ബി.ഐ വെടിവച്ച് കൊല്ലുന്നതിന് മൂന്നാഴ്ചമുമ്പാണ് ജനിച്ചത്. ഞാന്‍ തടവിലാക്കുന്നതിന് മൂന്ന് മാസം മുമ്പും. രണ്ട് ആണ്‍മക്കള്‍ കൂടിയുണ്ട്. അവരും രണ്ടും പേരക്കുട്ടികളും ചേര്‍ന്നതാണ് എന്റെ ജീവിതത്തിന്റെ സന്തോഷം.
പുതിയ പുസ്തകങ്ങള്‍? പ്രോജക്ടുകള്‍?
ഞാന്‍ ആത്മകഥയുടെ രചനയിലാണ്. 'ഫീയര്‍ലെസ്' എന്ന പേരിട്ട ഈ പുസ്തകം അടുത്തവര്‍ഷം പുറത്തിറങ്ങും. ബ്ലാക്ക് പാന്തര്‍ ഓക് ലാന്‍ഡ് കമ്യൂണിറ്റി സ്‌കൂളിനെപ്പറ്റി. 'വാണ്ടട് ടു മേക് എ റവല്യൂഷന്‍' എന്ന പേരില്‍ ഒരു പുസ്തകം മറ്റൊരാള്‍ക്കൊപ്പം എഴുതിക്കൊണ്ടിരിക്കുന്നു.
ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന കാലിഫോര്‍ണിയയിലെ ഓക് ലാന്‍ഡില്‍ ഒരു പ്രാഥമിക സ്‌കൂള്‍ തുറക്കാനുള്ള ശ്രമത്തിലാണ്. ഒപ്പം സോഷ്യോളജിയില്‍ മാസ്റ്റര്‍ തീസിസ് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു.
Madhyamam Weekly
2009 August

No comments:
Post a Comment