Wednesday, October 10, 2018

കടയ്ക്കലി​​െൻറ വിപ്ളവം


ചരിത്രം ബോധപൂര്‍വം മറന്ന കടയ്ക്കല്‍ വിപ്ളവത്തിന് 80 വയസാകുന്നു. എന്തുകൊണ്ടാണ് കടയ്ക്കലിന്‍െറ ഐതിഹാസികമായ വിപ്ളവവീര്യം വിസ്മരിക്കപ്പെട്ടത്? എന്താണ് ഈ സമരത്തിന്‍െറ രാഷ്ട്രീയ പ്രസക്തി? 


കടയ്ക്കലി​​െൻറ വിപ്ളവം


ആര്‍.കെ.ബിജുരാജ്
ചിത്രങ്ങൾ: സനു കുമ്മിൾ
ചന്തിരൻ കാളിയമ്പിയുടെയും ഫ്രാ​േങ്കാ രാഘവൻ പിള്ളയുടെയും ചിത്രങ്ങൾക്ക്​ കടപ്പാട്​: കടയ്​ക്കൽ എൻ. ഗോപിനാഥൻ പിള്ളയുടെ കടയ്​ക്കൽ കത്തിപ്പടർന്ന വിപ്ലവജ്വാല എന്ന കൃതിക്ക്​




മലയാളി അക്രമോത്സുകമായി (സായുധമായി)  അധികാരം പിടിച്ചുപറ്റി ജനകീയ അധികാരം സാധ്യമാക്കിയ എത്ര രാഷ്ട്രീയ വിപ്ളവങ്ങള്‍ നടത്തിയിട്ടുണ്ട്? ഈ ചോദ്യത്തിന് ഉത്തരം പലപ്പോഴും തെറ്റിപ്പോകാനാണിട. ചരിത്രബോധത്തില്‍ നിന്ന് കേരളം വളരെ അകലെയാണെന്നതിനാല്‍ അതില്‍ അദ്ഭുതമില്ല. കുറച്ചുനാളുകള്‍ക്കാണെങ്കില്‍ പോലും ,കേരള ചരിത്രത്തില്‍ രണ്ടു തവണയാണ് ജനം അധികാരം പിടിച്ചെടുത്ത് ബദല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.   1921 ലെ മലബാര്‍ കാര്‍ഷിക കലാപത്തില്‍ ആലി മുസ്ലിയാര്‍ ഭരണാധികാരിയായി സ്വതന്ത്രരാജ്യപ്രഖ്യാപനം നടന്നതാണ് ആദ്യത്തേത്. 1938 ല്‍ കടയ്ക്കലിലാണ് അടുത്ത വിപ്ളവം നടന്നത്. തിരുവിതാംകൂര്‍ രാജവാഴ്ചയുടെയും ബ്രിട്ടീഷ് അധിനിവേശത്തിന്‍െറയും എല്ലാ അധികാര രൂപങ്ങളും എട്ട് ദിവസം കടയ്ക്കലില്‍ നിന്ന് തുരത്തപ്പെട്ടു. 1721 ല്‍ അഞ്ചുതെങ്ങില്‍ ജനം കലാപം നടത്തിയിരുന്നെങ്കിലും അത് ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമായിരുന്നു. ഭരണാധികാരിയായിരുന്ന ആറ്റിങ്ങല്‍ റാണി എതിര്‍പക്ഷത്തായിരുന്നില്ല.
കടയ്ക്കലിലെ ജനകീയ വിപ്ളവത്തിന്  സെപ്റ്റംബറില്‍ 80 വയസാകുന്നു. പക്ഷേ, കടയ്ക്കലിന്‍െറ ചരിത്രം ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ന് അധികം ആരുമില്ല. സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ പ്രവര്‍ത്തകരാണ് നടത്തിയതെങ്കിലും ‘അക്രമം’ തങ്ങളുടെ മാര്‍ഗമല്ലാത്തതിനാലാവണം കോണ്‍ഗ്രസുകാര്‍ക്കും ഗാന്ധിയന്‍മാര്‍ക്കും കടയ്ക്കല്‍ ആവേശം ജ്വലിപ്പിക്കുന്ന ഓര്‍മയല്ല. കമ്യൂണിസ്റ്റ് പങ്കാളിത്തത്തിലല്ലാത്തതിനാല്‍ ഇടതുപക്ഷത്തിനും കടയ്ക്കലിനോട് താല്‍പര്യക്കുറവ്. കടയ്ക്കലില്‍ രക്തസാക്ഷിമണ്ഡപം സ്ഥാപിച്ചതും ആ മേഖലയില്‍ ഇന്ന് സമരത്തിന്‍െറ അനുസ്മരണം നടത്തുന്നതും സി.പി.എമ്മാണ് എന്നു മറക്കുന്നില്ല. പക്ഷേ, അവരുടെ ആവേശം പ്രാദേശികമായി ഒതുങ്ങുകയാണ് പതിവ്. അങ്ങനെ അഗവണിക്കപ്പെടേണ്ട ഒന്നല്ല കടയ്ക്കലിലെ കാര്‍ഷിക വിപ്ളവം.
1938 സെപ്റ്റംബര്‍ 26 നാണ് (1114 കന്നി 10) കടയ്ക്കലില്‍ കലാപം തുടങ്ങിയത്. കടയ്ക്കല്‍ ചന്തയില്‍ കരാറുകാര്‍ ഏര്‍പ്പെടുത്തിയ അന്യായമായ ചന്തപ്പിരിവിനെതിരെയാണ് സമരത്തിന്‍െറ തുടക്കം. കാര്‍ഷിക വിളകളായിരുന്നു ചന്തയിലെ മുഖ്യവില്‍പന വസ്തു. അതിനാല്‍ തന്നെ കര്‍ഷകരുടെ രോഷമാണ് കലാപത്തില്‍ അണപൊട്ടിയത്. അന്യായമായ പിരിവിനെതിരെ ഒരുഘട്ടത്തില്‍ നാട്ടുകാര്‍ സംഘടിച്ച് കരാറുകാരോട് നികുതി വിവരപ്പട്ടിക എഴുതിവയക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, അത് കണക്കിലെടുക്കാതെ നാലും അഞ്ചും ഇരട്ടിത്തുക ചന്തക്കരമായി കരാറുകാര്‍ ചുമത്തി. അന്യായമായ പിരിവിന് വിധേയമാകാതെ സാധനങ്ങള്‍ ചന്തക്ക് അകത്തേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നില്ല. ചന്തയിലത്തെുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരോട് കരാറുകാരും ഗുണ്ടകളും മോശമായാണ് പെരുമാറിയത്. കടുത്ത മര്‍ദനം പല രൂപത്തില്‍ അരങ്ങേറി.പൊലീസും ഭരണകൂടവും കരാറുകാര്‍ക്കൊപ്പമാണ് നിലകൊണ്ടത്.



ഠഠഠ
തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിലെ കൊട്ടാരക്കര താലൂക്കിലെ ഒരു ഗ്രാമമായിരുന്നു കടയ്ക്കല്‍. കുമ്മിള്‍ പകുതിയുടെ ആസ്ഥാനം.
കുമ്മിള്‍ പകുതിയിലെ ഒരു മുറിയാണ് കടയ്ക്കല്‍. അക്കാലത്ത് സാമാന്യം തിരക്കേറിയ കൊച്ചുപട്ടണം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. കടയ്ക്കല്‍ കേസില്‍ വിധി പറഞ്ഞ 1939 ലെ കൊട്ടാരക്കര സ്പെഷല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ പറയുന്നതുപോലെ ‘‘ഈ ഗ്രാമം മറ്റ് സാധാരണ ഗ്രാമങ്ങളേക്കാള്‍ പ്രധാനപ്പെട്ടതാണ്. അവിടെ ഒരു പൊലീസ് ഒൗട്ട് പോസ്റ്റ്, ഒരു ചന്ത, പ്രവര്‍ത്തി കച്ചേരി, ഒരു അഞ്ചല്‍ ഓഫീസ്, രണ്ട്  വനം റേഞ്ച് ഓഫീസുകള്‍, രണ്ട് സര്‍ക്കാര്‍ സര്‍ക്കാര്‍ ആശുപത്രി,  ഒരു മലയാളം മീഡില്‍ സ്കൂള്‍ എന്നിവയുണ്ട്’’. കോടതി ഉത്തരവില്‍ സ്ഥലത്തെ വിശേഷിപ്പിക്കുമ്പോള്‍ പറയുന്ന സ്കൂള്‍  വെര്‍ണാക്കുലര്‍ മിഡില്‍ സ്കൂള്‍ (വി.എം.സ്കുള്‍) ആണ്. കൂടാതെ കടയ്ക്കലില്‍ പ്രശസ്തമായ ഭഗവതി ക്ഷേത്രം, ഒരു ആല്‍ത്തറ എന്നിവയും ഉണ്ടായിരുന്നു. പൊലീസ് ഒൗട്ട് പോസ്റ്റിന് വടക്കുവശത്താണ് ചന്ത. തിങ്കളും വ്യാഴവും പ്രവര്‍ത്തിക്കുന്ന ചന്തയിലേക്ക് ആറ്റിങ്ങല്‍, ചിറയന്‍കീഴ്, പരവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കച്ചവടക്കാര്‍ എത്തിയിരുന്നു. ചന്തയ്ക്കും പൊലീസ് ഒൗട്ട്പോസ്റ്റിനും മധ്യേ പോകുന്ന റോഡ് ഒരറ്റത്ത് എം.സി റോഡിലെ നിലമേല്‍ കവലയിലും  മറ്റേ അറ്റം ചെങ്കോട്ട് റോഡില്‍ മടത്തറ ജംഗ്ഷനില്‍ ചേരും.വനത്തോട് ചേര്‍ന്ന മേഖലയായതിനാല്‍ തന്നെ കാര്‍ഷികവൃത്തിയായിരുന്നു കടയ്ക്കലിന്‍െറ മുഖ്യവരുമാന മാര്‍ഗം. വനം പലരീതിയില്‍ കടയ്ക്കലിനെ സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്തു. വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയെയും ജീവനെയും രക്ഷിക്കാനുള്ള ഉപാധിയെന്ന നിലയിലും നായാട്ട് വ്യാപകമായതിനാലും തോക്കുകള്‍ പലരുടെ കൈയിലുമുണ്ടായിരുന്നു.

ഠഠഠ

തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കടയ്ക്കലിലെ വിപ്ളവത്തിന് നേതൃത്വം കൊടുത്തത്. 1938 ഫെബ്രുവരില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍െറ ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സംഘടന നേരിട്ട് ഇടപെടേണ്ടെന്നും പകരം സ്വതന്ത്ര രാഷ്ട്രീയ സംഘടനകള്‍ക്ക് രൂപം നല്‍കണമെന്നും തീരുമാനിച്ചിരുന്നു. അതിന്‍െറ അടിസ്ഥാനത്തില്‍ 1938 ഫെബ്രുവരി 23 ന് തന്നെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടു. ഉത്തരവാദിത്വഭരണമായിരുന്നു സ്ഥാപക സമ്മേളനം മുതല്‍ സ്റ്റേറ് കോണ്‍ഗ്രസിന്‍െറ ആവശ്യം. തിരുവിതാംകൂറില്‍ ഉത്തരവാദിത്വഭരണത്തിനുള്ള പ്രത്യക്ഷ പ്രക്ഷോഭം 1938 ആഗസ്റ്റ് 26 ന് തുടങ്ങി. ദിവാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസിനെയും യൂത്ത് ലീഗിനെയും നിരോധിച്ചു. ഈ നിരോധനത്തെ മറികടന്നാണ് കടയ്ക്കലില്‍ കര്‍ഷകരുള്‍പ്പെടുന്ന നാട്ടുകാര്‍ സമരം തുടങ്ങിയത്. കടയ്ക്കലിലെ വിപ്ളവം നടക്കുന്നതിന് തൊട്ടുമുമ്പ് അധികം ദൂരെയല്ലാത്ത കല്ലറ-പാങ്ങോട് മേഖലയിലും ചന്തക്കരത്തിനെതിരെ ജനത്തിന്‍െറ വലിയ പ്രക്ഷോഭം തുടങ്ങിയിരുന്നു. 1938 സെപ്റ്റംബര്‍ 22 മുതല്‍ സെപ്റ്റംബര്‍ 30 വരെ കല്ലറ-പാങ്ങോട് സമരം പൊലീസുമായി ഏറ്റുമുട്ടി ഐതിഹാസികമായി തുടര്‍ന്നു. കടയ്ക്കലില്‍നിന്ന് ഒമ്പത് കിലോമീറ്റര്‍ അപ്പുറമുള്ള  ഈ സമരം കടയ്ക്കലിനെ പ്രചോദിപ്പിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല.
1114 കന്നി അഞ്ചിന്  (1938 സെപ്റ്റംബര്‍ 21ന്) സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ യോഗം ആറ്റിങ്ങല്‍ വലിയകുന്നില്‍ നടന്നു.കടയ്ക്കലില്‍നിന്നുള്ള ചെറുപ്പക്കാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, യോഗം ‘അഞ്ചുരൂപ’ പൊലീസും സിംസണ്‍ പടയും ചേര്‍ന്ന് പൊളിച്ചു. ഇതേ തുടര്‍ന്ന് നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ മരിച്ചു. ഇതില്‍ പ്രതിഷേധിച്ച് കടയ്ക്കലിലെ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ആല്‍ത്തറയില്‍ യോഗം ചേര്‍ന്നു. ചാങ്കുവിള ഉണ്ണി, താണുവന്‍ വൈദ്യര്‍, തെങ്ങുവിള ഭാസ്കരന്‍, പറയാട്ട് വാസു, മേടയില്‍ സദാനന്ദന്‍, കൂവത്താളി നാരായണന്‍ തുടങ്ങിയവരായിരുന്നു യോഗത്തില്‍ പങ്കെടുത്ത പ്രധാന വ്യക്തികള്‍. ചാങ്കുവിള ഉണ്ണിയാണ് മുഖ്യ സംഘാടകന്‍. സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ പ്രക്ഷോഭം കടയ്ക്കലും തുടങ്ങണമെന്നും കടയ്ക്കലിലെ ചന്തക്കരത്തിനും മറ്റ് അനീതികള്‍ക്കുമെതിരെ ആയിരിക്കണം സമരം എന്നും തീരുമാനമായി. അടുത്ത ചന്തയുടെ തലേദിവസം, കന്നി ഒമ്പതിന് ആല്‍ത്തറയില്‍ വീണ്ടും യോഗം ചേരാനായിരുന്നു ധാരണ. ഈ സമയത്ത് തിരുവിതാംകൂറില്‍ മൊത്തം സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തിപ്പെടുകയായിരുന്നു. കല്ലറയും പാങ്ങോടും  ജനങ്ങള്‍ പൊലീസിനെ പരാജയപ്പെടുത്തിയെന്ന വാര്‍ത്തകള്‍ എത്തി.  ഈ സമയത്ത് ‘ബീഡി’വേലും, തോട്ടുംഭാഗം ഉമ്മിണി സദാനന്ദന്‍ തുടങ്ങിയവര്‍ കൂടി സമരത്തോട് ഒപ്പം ചേര്‍ന്നു. കന്നി 10 ന് ചന്തയില്‍ പ്രതിഷേധിക്കാനും കരാറുകാര്‍ അടിച്ചാല്‍ തിരിച്ച് നേരിടാനുമായിരുന്നു തീരുമാനം. ചിലര്‍ തോക്കുകള്‍ രഹസ്യമായി സൂക്ഷിച്ചു.
1114 കന്നി 10 ന്  (1938 സെപ്റ്റംബര്‍  26 തിങ്കള്‍) ജനം ചന്തക്ക് പുറത്ത് ഒത്തുകൂടി. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ് കിളിമാനൂര്‍ ശങ്കരപ്പിള്ള ചന്തക്ക് മുന്നില്‍ ജനങ്ങളോട് സംസാരിച്ചു. നിയമലംഘനം നടത്തണമെന്നും സര്‍ക്കാര്‍ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിക്കണമെന്നുമായിരുന്നു ആഹ്വാനം. പ്രശ്ന സാധ്യത കണക്കിലെടുത്ത് സ്ത്രീകളെ ചന്തയിലേക്ക് വരാതെ മറ്റി നിര്‍ത്തിയിരുന്നു.   അന്ന് ചന്തയിലേക്ക് ആരും കടന്നില്ല. പകരം ചന്തക്ക് പുറത്ത് സമാന്തര ചന്ത നടത്തി. പാതയുടെ ഇരുവശങ്ങളിലുമിരുന്ന് ആളുകള്‍ സാധനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്തു. ആദ്യം കുറേ സമയം കരാറുകാരും ഗുണ്ടകളും നോക്കി നിന്നു. സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ പ്രകടനം അതുവഴി പോയതോടെ കരാറുകാര്‍ പ്രകോപിതരായി. അവര്‍ സമാന്തര ചന്തയെ ആക്രമിച്ചു. ജനങ്ങളെ ആക്രമിക്കാന്‍ പൊലീസും ഒപ്പം ചേര്‍ന്നു.  ജനം തിരിച്ചടിച്ചു. കല്ളെറിഞ്ഞു. ജനക്കൂട്ടം വില്ളേജ് ഓഫീസ്, വനം റേഞ്ച് ഓഫീസ്, വി.എം. സ്കൂള്‍, അഞ്ചലോഫീസ് എന്നിവ അടപ്പിച്ചു.  വൈകിട്ട് നാലുമണിയോടെ ജനം പൊലീസ് ഒൗട്ട് പോസ്റ്റിനെതിരെ കല്ളെറിഞ്ഞു. എന്നാല്‍, ഇത് സമരക്കാരില്‍ ചിലര്‍ തന്നെ തടഞ്ഞു. ആളുകള്‍ കടയ്ക്കലിലെ ആല്‍ത്തറയില്‍ വീണ്ടും ഒന്നിച്ചു. അടുത്ത ചന്തദിവസമായ കന്നി 13 ന് (സെപ്റ്റംബര്‍ 29 ന്) വീണ്ടും ഒന്നിച്ച്, ക്ഷേത്രമൈതാനിയില്‍ പൊതുയോഗം നടത്താനായിരുന്നു തീരുമാനം. ഇതിന് വേണ്ട പ്രചാരണം നടത്തുന്നതിനൊപ്പം അടുത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്താനും തീരുമാനിച്ചു. കേസിലെ 31ാം പ്രതി ശങ്കരപിള്ളയായിരുന്നു ആല്‍ത്തറയില്‍ നടന്ന ഒത്തുചേരലിലെ മുഖ്യ പ്രസാംഗികന്‍. കടയ്ക്കല്‍ കേസിന്‍െറ വിധി പ്രസ്താവത്തില്‍ ആളുകളോട് ഇരിക്കാന്‍ പറഞ്ഞ ശേഷം ഒരു മരപ്പെട്ടിയുടെ (വീഞ്ഞപ്പെട്ടി)യുടെ മുകളില്‍ കയറിനിന്ന് ശങ്കരപ്പിള്ള സമരാഹ്വാനം നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്്. സര്‍ക്കാരിന് നികുതിയോ ചന്തക്കരമോ കൊടുക്കരുതെന്ന് തോക്കുധാരികളായ ആളുകളുടെ നടക്കു നടന്ന യോഗത്തില്‍ ശങ്കരപിള്ള പ്രസംഗിച്ചതായാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയ ഒരു കുറ്റം. കാട്ടില്‍ നിന്ന് തടികള്‍ വെട്ടിയെടുത്ത് ഇഷ്ടമനുസരിച്ച് വീടുകള്‍ പണിയാനും സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്യാനും അദ്ദേഹം ആഹ്വാനം ചെയ്തതായും പറയുന്നു.
അടുത്ത ചന്തദിവസം കന്നി 13 ന് (സെപ്റ്റംബര്‍ 29) രണ്ട് പ്ളാറ്റൂണ്‍ പട്ടാളം കടയ്ക്കല്‍ എത്തി.രാവിലെ ഒമ്പതുമണിക്ക് ബസില്‍ നിന്നിറങ്ങി പൊലിസ് ജനത്തെ തല്ലിയോടിക്കാനും മര്‍ദിക്കാനും തുടങ്ങി. നിരവധി പേര്‍ക്ക് പൊലീസിന്‍െറ മര്‍ദനവും അക്രമവും നേരിടേണ്ടിവന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ അസ്സറിയയാണ് ഈ അക്രമത്തിന് നേതൃത്വം കൊടുത്തത്. ജനം ഓടി രക്ഷപ്പെട്ടതോടെ പൊലീസ് മാത്രമായി കടയ്ക്കലില്‍. ഈ സമയത്ത് ചിതറയില്‍ നിന്ന് ജാഥയായി സമരക്കാര്‍ കടയ്ക്കല്‍ ഭഗവതി ക്ഷേത്രമൈതാനത്തേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു. ആയിരത്തിലേറെ പേര്‍ ജാഥയില്‍ അണിനിരന്നു. ‘ബീഡി’ വേലുവായിരുന്നു ജാഥാ ക്യാപ്റ്റന്‍. തോട്ടുംഭാഗം സദാനന്ദന്‍, തോട്ടുംഭാഗം രാഘവന്‍, ചരുവിള രാഘവന്‍പിള്ള, കൃഷ്ണ വൈദ്യര്‍, പണിയില്‍ വേലായുധന്‍ എന്നിവരാണ് ജാഥ നയിച്ച മറ്റ് ചിലര്‍. ഗാന്ധിയന്‍ വേഷമായിരുന്നു മിക്കവര്‍ക്കും ഉണ്ടായിരുന്നത്. ഈ ജാഥ തൃക്കണ്ണാപുരം പാങ്ങല്‍കാട് വച്ച് ജാഥ പൊലീസ് തടഞ്ഞു.  തഹസില്‍ദാര്‍ പത്മനാഭ അയ്യര്‍ ജാഥ നിയമവിരുദ്ധമാണ്, പിരിഞ്ഞ് പോകണം, വെടിവയ്ക്കും എന്ന് ജാഥാംഗങ്ങളെ അറിയിച്ചു. പിരിഞ്ഞുപോകാന്‍ സാധ്യമല്ളെന്ന് ‘ബീഡി’വേലു അറിയിച്ചതോടെ തഹസില്‍ ദാര്‍ ബീഡിവേലുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഉത്തരവ് നല്‍കി. തന്നെ പിടികൂടാന്‍ ശ്രമിച്ച പൊലീസ് ഇന്‍സ്പെക്ടര്‍ അസ്സറിയയുമായി ‘ബീഡി’വേലു ഇടഞ്ഞു. ഈ സമയത്ത് അവിടെ യാദൃച്ഛികമായി എത്തിയ പുതിയവീട്ടില്‍ രാഘവന്‍ പിള്ള (പിന്നീട് കടയ്ക്കല്‍ രാജാവ് എന്നറിയപ്പെട്ട ഫ്രാങ്കോ രാഘവന്‍പിള്ള) പൊലീസ് ഇന്‍സ്പെക്ടറെ ആഞ്ഞടിച്ചു. താഴെ വീണ ഇന്‍സ്പെകടര്‍ ബസില്‍ ഓടിക്കയറി ലാത്തിചാര്‍ജിന് നിര്‍ദേശം നല്‍കി. പാങ്ങല്‍കാടിനെ സവിശേഷ ഭൂപ്രകൃതി ഉപയോഗപ്പെടുത്തി സമരക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. സമരക്കാര്‍ പൊലീസിനെ കല്ളെറിഞ്ഞു. ഇതിനിടയില്‍ മജിസ്ട്രേറ്റിന്‍െറ ഡഫേദാര്‍ കൃഷ്ണക്കുറുപ്പിനെ ചന്തിരന്‍ കാളിയമ്പി കുത്തി (കുത്തിയ കാളിയമ്പി കേസില്‍ പ്രതിയായില്ല).ഇതോടെ പൊലീസ് പിന്തിരിഞ്ഞ് ബസില്‍ കയറി സ്ഥലം വിട്ടു. സമരക്കാര്‍ വീണ്ടും ഒന്നിക്കുകയും ജാഥയായി കടയ്ക്കലിലേക്ക് നീങ്ങുകയും ചെയ്തു. പുതിയ വീട്ടില്‍ രാഘവന്‍പിള്ളയുടെ നെറ്റില്‍ മുറിവേറ്റിരുന്നു. കടയ്ക്കലിലെ ആശുപത്രിയില്‍ കയറി മുറിവിന് ശുശ്രൂഷകള്‍ ചെയ്തു. മുറിവ് വച്ച് കെട്ടി പുറത്തിറങ്ങുമ്പോള്‍ രാഘവന്‍പിള്ള അവിടെ കൂടിയിരുന്നവരോട് ‘‘ഞരമ്പുകളില്‍ ഒരു തുള്ളി രക്തം ശേഷിക്കുംവരെ പോരാട്ടം തുടരാന്‍ ’’ആഹ്വാനം ചെയ്തു. ജാഥ കടയ്ക്കലില്‍ എത്തിയപ്പോള്‍ പൊലീസ് ഒൗട്ട് പോസ്റ്റ് ആക്രമിക്കാന്‍ നിശ്ചയിച്ചു. പൊലീസുകാര്‍ ആരുമില്ലാതിരുന്ന ഒൗട്ട് പോസ്റ്റ് പ്രക്ഷോഭകര്‍ ആക്രമിച്ചു. സ്റ്റേഷന്‍െറ മുഴുവന്‍ ഓടുകളും എറിഞ്ഞു തകര്‍ത്തു. വളപ്പിലെ മരങ്ങള്‍ വെട്ടി വീഴത്തി. ഒൗട്ട് പോസ്റ്റിലെ രേഖകള്‍ നശിപ്പിച്ചു. വിലങ്ങളുകളും തോക്കുകളും പുറത്ത് കിണറ്റില്‍ ഇട്ടു. സ്റ്റേഷന്‍െറ സമീപമുണ്ടായിരുന്ന ഷെഡ് അഗ്നിക്കിരയാക്കി. ‘‘അതോടെ കടയ്ക്കലില്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി ഇല്ലാതായി. പൂര്‍ണമായ അരക്ഷിതാവസ്ഥ നിലവില്‍ വന്നു.സ്കൂളുകള്‍ അടച്ചു. പൊലീസ് സ്റ്റേഷന്‍ കൊള്ളയടിക്കുകയും ഭാഗികമായി നശിപ്പിക്കപ്പെടുകയും ചെയ്തു’’( കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയുടെ വിധി പ്രസ്താവത്തിലെ 10ാം ഖണ്ഡിക). ആശയവിനിമയ സംവിധാനം മൊത്തത്തില്‍ തകര്‍ന്നു.
പിന്നീട് ചന്തക്ക് അകത്ത് ഒന്നിച്ച് കൂടി ഭാവി കാര്യങ്ങള്‍ തീരുമാനി. പട്ടാളം കടയ്ക്കലിലേക്ക് വരുന്നത് തടയാന്‍ മടത്തറയിലും നിലമേലും ഗതാഗതം തടസ്സപ്പെടുത്താന്‍ തീരുമാനിച്ചു. ബാരിക്കേഡുകള്‍ക്ക് പിന്നില്‍ തോക്കുമായി ആളുകള്‍ നില്‍ക്കും. കാര്യത്തുള്ള കലുങ്ക് പൊളിക്കാനും ധാരണയായി. കാര്യത്തെ കുന്നിന്‍പുറത്തുള്ള മിഷ്യന്‍ സ്കൂള്‍ വളപ്പില്‍ തോക്കുകാരുടെ ക്യാമ്പ് സ്ഥാപിക്കാനും നിശ്ചയിച്ചു.
കന്നി 14 ന് (സെപ്റ്റംബര്‍ 20) 1500 പേര്‍ കാര്യത്ത് മിഷന്‍ സ്കൂളില്‍ എത്തിചേര്‍ന്നു. കുറേയേറെ തോക്കുകള്‍ എത്തിയവരുടെ കൈവശമുണ്ടായിരുന്നു. അവര്‍ എം.സി. റോഡിലേക്ക് നീങ്ങി. നിലമേലിന് അല്‍പം മാറിയ വാഴോട് എന്ന സ്ഥലത്തെ കുന്നിന്‍മുകളില്‍ തമ്പടിച്ചു. നാടന്‍ ബോംബുകളുമായി ചിലര്‍ തട്ടത്തുമല കയറി കാട്ടില്‍ മറഞ്ഞുനിന്നു. പട്ടാള വണ്ടികള്‍ കണ്ടാല്‍ നാടന്‍ബോംബ് എറിയാനും പിന്നെ പതിയിരുന്ന് എല്ലാവരും ചേര്‍ന്ന് ആക്രമിക്കാനുമായിരുന്നു പദ്ധതി. പട്ടാളത്തിന് വിവരം ചോര്‍ന്നുകിട്ടിയിട്ടുണ്ടാവണം. പട്ടാളം വന്നില്ല. അവര്‍ മൂന്നാം ദിവസമാണ് വന്നത്. പട്ടാളം വന്നപാടെ കലാപകാരികള്‍ നാടന്‍ബോംബ് എറിഞ്ഞു. സ്ഫോടനം നടന്ന ഉടനെ രണ്ടു പട്ടാള വണ്ടികളില്‍ ഒന്ന് മടങ്ങിപ്പോകാനായി തിരിച്ചു. അത് വയലിലേക്ക് മറിഞ്ഞ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റു. തങ്ങള്‍ ചെങ്ങന്നൂര്‍ക്ക് പോകാന്‍ വന്നതാണ് എന്ന് പട്ടാള മേധാവി അറിയിച്ചതിനാല്‍ വാഹനം വിട്ടുകൊടുത്തു. ആ പട്ടാള വണ്ടി തിരുവനന്തപുരത്തേക്ക് പോയി. അതോടെ കലാപകാരികള്‍ കാര്യത്തെ കലുങ്ക് പൊളിച്ചു. കലുങ്കിന്‍െറ സമീപമുണ്ടായിരുന്ന തേക്കുമരങ്ങള്‍ വെട്ടി റോഡിലിട്ടു.
കോടതി രേഖകളില്‍ നിന്ന് വ്യക്തമാകുന്നത് സര്‍ക്കാരിന് കലാപം മൂലം 2390 രൂപ നഷ്ടമുണ്ടായതായാണ്. പൊലീസ് സ്റ്റേഷന്‍െറ അറ്റക്കുറപ്പണിക്ക് 300 രൂപയും ബസ് നന്നാക്കാന്‍ 75 രൂപയും ചെലവായി. കലുങ്ക് നന്നാക്കാന്‍ 800 രൂപ ആവശ്യമായി വന്നു. അതില്‍ 125 രൂപ കലാപകാരികള്‍ മുറിച്ചിട്ട മരംവില്‍പനയിലൂടെ സര്‍ക്കാരിന് കിട്ടി. സര്‍ക്കാര്‍ കണക്ക് പ്രകാരം 2000 ല്‍ മേല്‍ രൂപയുടെ നഷ്ടം.

ഠഠഠ
കുമ്മിള്‍ പകുതിയില്‍, കടയ്ക്കല്‍ കേന്ദ്രമായി സ്വതന്ത്രരാജ്യം പ്രഖ്യാപിക്കപ്പെട്ട വാര്‍ത്ത രാജ്യം മൊത്തം പരന്നു. കലാപകാരികള്‍ കടയ്ക്കല്‍ രാജാവായി പുതിയവീട്ടില്‍ രാഘവന്‍പിള്ളയെയും മന്ത്രിമാരായി അടൂര്‍ പരമേശ്വരന്‍പിള്ളയെയും ചന്തിരന്‍ കാളിയമ്പിയെയും തെരഞ്ഞെടുത്തതായി പറയപ്പെടുന്നു. സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചോ, ഭരണസംവിധാനം ഏര്‍പ്പെടുത്തിയോ എന്ന് ഇന്ന് പൂര്‍ണമായി അറിയാന്‍ സാധ്യമല്ല.  കാരണം അന്നത്തെ സമരനേതാക്കള്‍ എല്ലാം മണ്‍മറഞ്ഞിരിക്കുന്നു.അവരുടെ വാക്കുകള്‍ രേഖപ്പെടുത്തുന്ന നീക്കം ഉണ്ടായിട്ടില്ല. കടയ്ക്കല്‍ വിപ്ളവം  കേരള ചരിത്രത്തില്‍ വലിയ രീതിയില്‍ ഒരിക്കലും ഉയര്‍ത്തിക്കാട്ടാത്തപോലെ തന്നെ സമഗ്രമായ ചരിത്രവും എഴുതപ്പെട്ടില്ല. 1995 ല്‍ കിട്ടാവുന്ന വസ്തുകള്‍ എല്ലാം വച്ച്  ‘കടയ്ക്കല്‍ കത്തിപ്പടര്‍ന്ന വിപ്ളവ ജ്വാല’ എന്ന പേരില്‍ കടയ്ക്കല്‍ എന്‍. ഗോപിനാഥന്‍ പിള്ള പുസ്തകം എഴുതുന്നതാണ് ആദ്യത്തെ ചരിത്ര ഉദ്യമം എന്നു പറയാം. പക്ഷേ, അത് ഒരു തുടക്കം മാത്രമേ ആകുന്നുള്ളൂ. ഇനിയും ചരിത്രം എഴുതപ്പെടണം.
സര്‍ക്കാര്‍ രേഖകളിലും കോടതി രേഖകളിലും ബദല്‍ അധികാരം പ്രഖ്യാപിച്ചതായി  പരാമര്‍ശങ്ങളുണ്ട്. കൊല്ലം കോടതി രേഖയില്‍ ‘‘കുമ്മിള്‍ പകുതിയിലെ അധികാരം പിടിച്ചതായും ജനകീയ സര്‍ക്കാര്‍ സ്ഥാപിച്ചതായും’ കലാപകാരികള്‍ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു. രാജഭരണം കടയ്ക്കലില്‍ ആവശ്യമില്ളെന്നും ജനങ്ങള്‍ തന്നെ കൂട്ടായ പ്രവര്‍ത്തനം നടത്തുമെന്നും പ്രഖ്യാപിച്ചതായി സാക്ഷികളെ അടിസ്ഥാനമാക്കി കോടതി രേഖ പറയുന്നു. ക്യാമ്പില്‍ യുദ്ധസന്നാഹവുമായി മുന്നേറിയ ജനക്കൂട്ടം തങ്ങളുടെ നേതാവിനെയും നേതൃത്വത്തെയും തെരഞ്ഞെടുക്കുക സ്വാഭാവികമാണ്.എട്ടുദിവസം കടയ്ക്കല്‍ പൂര്‍ണമായും കലാപകാരികളുടെ ഭരണത്തിന്‍ കീഴിലായിരുന്നു. അവിടെ തിരുവിതാംകുറിന്‍െറ ഒരു അധികാരവും നിലനിന്നില്ല.
കടയ്ക്കലില്‍ നടന്നത് കലാപമാണെന്ന് ലോകത്തെ അറിയിക്കുക ദിവാന്‍ സര്‍.സി.പി രാമസ്വാമി അയ്യരുടെ ലക്ഷ്യമായിരുന്നു. അതുവഴിയേ ഒരു അടിച്ചമര്‍ത്തല്‍ എളുപ്പമാക്കാന്‍ കഴിയുമായിരുന്നുള്ളൂ. സര്‍.സി.പി കടയ്ക്കല്‍ കലാപത്തെ സ്പാനിഷ് ആഭ്യന്തരയുദ്ധവുമായി വിദഗ്ധമായി കൂട്ടിക്കെട്ടി.
കന്നി 19 നാണ്,( 1938  ഒക്ടോബര്‍ 3ന്) കടയ്ക്കലിലേക്ക് പട്ടാളം തന്ത്രപൂര്‍വം കടന്നുവന്നത്.  (കടയ്ക്കലിന്‍െറ അധികാരം ജനം പൂര്‍ണമായി പിടിച്ചെടുത്തത് കന്നി 13 നാണ്. അതായത് ജനം അധികാരം പൂര്‍ണമായി പിടിച്ചെടുത്തതിന്‍െറ ആറാം നാള്‍) ഒരാഴ്ച പൊലീസ് കടയ്ക്കലിലേക്ക് വന്നില്ല. ഒരു ‘സമാധാന ദൂതനെ’ സര്‍.സി.പി.രാമസ്വാമി അയ്യര്‍ അയച്ചു. സര്‍.സി.പി. കടയ്ക്കല്‍ നേരിട്ട് എത്തി കാര്യങ്ങള്‍ മനസിലാക്കുമെന്ന് അറിയിച്ചു. സന്ധി സംഭാഷണം നടക്കുന്നുവെന്ന മട്ടില്‍ തന്ത്രം മെനഞ്ഞു. അത്തരം നീക്കം നടത്തുമ്പോള്‍, മറുവശത്തുകൂടെ പട്ടാളം കടയ്ക്കലിലേക്ക് ഇരച്ചുവന്നു. നിലമേല്‍ വഴി പട്ടാളവാഹനങ്ങളും കുതിരപ്പടയാളികളും കടയ്ക്കല്‍ പിടിച്ചെടുക്കാന്‍ നീങ്ങി. പൊളിച്ച കലുങ്കുകള്‍ക്ക് പകരം പട്ടാളം താല്‍ക്കാലിക കലുങ്ക് പണിതു. വനം റേഞ്ച് ഓഫീസിലും മറ്റ് കെട്ടിടങ്ങളിലും പട്ടാളം തങ്ങി. കടയ്ക്കലിലും നിലമേലും മടത്തറയിലും കാവല്‍പ്പുരകള്‍ നിര്‍മിച്ചു. ആളുകളും വാഹനങ്ങളും കടയ്ക്കലിലേക്ക് വരുന്നത് പട്ടാളം നിയന്ത്രിച്ചു. ആളുകള്‍ക്ക് അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാതാക്കി. ക്യാമ്പുകള്‍ സ്ഥാപിച്ച്, ഭക്ഷണം പോലും കിട്ടാതാക്കിയ ശേഷം, കടയ്ക്കലിനെ തീര്‍ത്തും ഒറ്റപ്പെടുത്തി, പട്ടാളം ഭീകരവാഴ്ച ആരംഭിച്ചു.

ഠഠഠ
പട്ടാളം അധികാരം തിരിച്ചുപിടിച്ചതോടെ ഭീകരമായ മര്‍ദനങ്ങളും അതിക്രമങ്ങളും കടയ്ക്കല്‍ അരങ്ങേറി. കലാപകാരികളുടെ വീടുകള്‍ പട്ടാളം ചുട്ടെരിച്ചു. വീട്ടിലുള്ളവരെ മര്‍ദിച്ചു പുറത്തിറക്കി. കൃഷി വ്യാപകമായി നശിപ്പിച്ചു. കയ്യില്‍ കിട്ടിയവരെ മുഴുവന്‍ മര്‍ദിച്ചു. വീടുകളിലെ സ്ത്രീകളെ അപമാനിച്ചു. പട്ടാളം വ്യാപകമായ കൊള്ളയും നടത്തി. ഒളിവില്‍ കഴിഞ്ഞിരുന്ന പുതിയ വീട്ടില്‍ രാഘവന്‍ പിള്ള (കടയ്ക്കല്‍ ഫ്രാങ്കോ), ‘ബീഡി’ വേലു, കടയ്ക്കല്‍ മന്ത്രിയെന്ന് വിശേഷിപ്പിക്കപ്പെട്ട ചന്തിരന്‍ കാളിയമ്പി, ചാങ്കുവിള ഉണ്ണി തുടങ്ങിയവരെ പിടിക്കുകയായിരുന്നു പട്ടാളത്തിന്‍െറ അടിയന്തര ലക്ഷ്യം. കുഞ്ചുചിതറ എന്ന സമരനേതാവിനെ പിടിച്ച പട്ടാളം രണ്ട് കാലും അടിച്ചുതകര്‍ത്തു. രാഘവന്‍പിള്ള, തോട്ടുഭാഗം രാഘവന്‍, ‘ബീഡി’വേലു, മാറാങ്കുഴി പരമു എന്നിവര്‍ ഒരുമിച്ചാണ് ഒളിവില്‍ തുടര്‍ന്നത്. ഇതിനിടയില്‍ ‘ബീഡി’വേലു പിടിക്കപ്പെട്ടു. വീടുവളഞ്ഞ പട്ടാളത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയെങ്കിലും വീണതിനാല്‍ പിടിക്കപ്പെട്ടു.കയ്യില്‍ കഠാര ഉണ്ടായിരുന്ന വേലുവിന്‍െറ തല തോക്കിന്‍െറ പാത്തികൊണ്ട് പട്ടാളക്കാര്‍ അടിച്ചുപൊട്ടിച്ചു. ബയണറ്റുകൊണ്ട് കുത്തി രണ്ടുകാലും തകര്‍ത്തു. കൈകള്‍ അടിച്ച് ഒടിച്ചു. പട്ടാളക്യാമ്പില്‍ കൊണ്ടുവന്ന ശേഷം കൊട്ടാരക്കരക്ക് കൊണ്ടുപോയി. അവിടെ നിന്ന് ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.  പിന്നീട് ‘ബീഡി’വേലുവിന് എന്തുസംഭവിച്ചുവെന്ന് വ്യക്തമല്ല. ചെങ്ങന്നൂര്‍ പൊലീസ് ലോക്കപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് തള്ളിയിട്ട് കൊന്നതായും പറയുന്നു. കേരളത്തിന്‍െറ ധീര രക്തസാക്ഷി പട്ടികയില്‍ ‘ബീഡി’വേലു ഇതുവരെ ഇടം പിടിച്ചിട്ടില്ല എന്നതാണ് മറ്റൊരു ദു:ഖകരമായ വസ്തുത. രണ്ടാം പ്രതി ഉമ്മിണി സദാനന്ദനെയും ഏഴാം പ്രതി മാധവന്‍ നാരായണനെയും പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചുകൊന്നു.

ഠഠഠ
അടിസ്ഥാന വര്‍ഗ-ജാതി വിഭാഗത്തില്‍ പെട്ടവരായിരുന്നു കലാപകാരികളില്‍ നല്ല പങ്ക്. കലാപത്തിന്‍െറ ശരിയായ നേതാവ് എന്ന് ഇന്ന് നമുക്ക് ബോധ്യമാവുന്ന ‘ബീഡി’ വേലു ഏഴാം ക്ളാസ് വിദ്യാഭ്യാസം ഉണ്ടായിരുന്ന ബീഡിതെറുപ്പുകാരനായിരുന്നു.  ദലിത് സമുദായംഗമായിരുന്നു ചന്തിരന്‍ കാളിയമ്പി. ഡഫേദാറെ കുത്തിയ  നിലമേല്‍ വിശ്വനാഥന്‍ തയ്യല്‍ക്കാരനായിരുന്നു. അടൂര്‍ പരമേശ്വരന്‍പിള്ള ഡ്രൈവര്‍ തൊഴിലാണ് എടുത്തിരുന്നത്. കൊട്ടാരക്കര സ്പെഷല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് രേഖകള്‍ പരിശോധിക്കുമ്പോള്‍   19 മുതല്‍ 63 വയസുവരെയുളള 60 പ്രതികളില്‍ 34 പ്രതികള്‍ മുപ്പതോ അതില്‍ താഴെയോ പ്രായമുള്ളവരായിരുന്നു എന്നു വ്യക്തമാകും. വ്യത്യസ്ത മത-ജാതിയില്‍ പെട്ടവരും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. ആറു പേര്‍ മുസ്ലിംകളും ഒരാള്‍ ദലിതുമായിരുന്നു. 42ാം   പ്രതി 35 വയസുകാരനായ ചിന്നന്‍ ചന്തിരന്‍ (വാട്ടവിളയില്‍, മടത്തറ)യായിരുന്നു ദലിത് അംഗം. 60 പ്രതികളില്‍ 13 പേര്‍ സവര്‍ണജാതിയില്‍ പെട്ടവരാണെന്ന് പേരുകളിലെ ജാതിവാലുകളില്‍ നിന്ന് മനസിലാകുന്നു. കോടതിയില്‍ വിപ്ളവത്തിനെതിരെ സാക്ഷ്യം പറഞ്ഞവരുടെ മഹത്വം കോടതി രേഖയില്‍ തന്നെയുണ്ട്. 25 രൂപമുതല്‍ 200 രൂപവരെ നികുതി കൊടുക്കുന്നവരായിരുന്നു സാക്ഷികളില്‍ നല്ല പങ്ക്.അതായിരുന്നു അവരുടെ യോഗ്യതയും. പിന്നെ സാക്ഷികളായി കോടതിയില്‍ വന്നത് കരാറുകാരനും കച്ചവടക്കാരും പൊലീസ്-സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായിരുന്നു.

ഠഠഠ
കടയ്ക്കല്‍ കേസിന്‍െറ വിചാരണയ്ക്കായി കൊട്ടാരക്കരയില്‍ പ്രത്യേക മജിസ്ട്രേറ്റ് കോടതിയും കൊല്ലത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയും സ്ഥാപിച്ചു. കേസിന്‍െറ പ്രത്യേകതയായി പറഞ്ഞത് ട്രാവന്‍കൂര്‍ പീനല്‍ കോഡ് സെക്ഷന്‍ 112 അനുസരിച്ചുള്ള കുറ്റം കടക്കല്‍ മാത്രമേ നടന്നിട്ടുള്ളൂവെന്നാണ്. അതായത് ബ്രിട്ടീഷ് രാജ്ഞിക്കെതിരെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരെ യുദ്ധം നയിച്ചുവെന്ന കുറ്റം. ശിക്ഷയായി നിശ്ചയിച്ചിട്ടുള്ളത് വധശിക്ഷ, ജീവപര്യന്തം, സ്വത്ത് കണ്ടുകെട്ടല്‍ എന്നിവയാണ്. കൊട്ടാരക്ക സ്പെഷല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി 1939 മെയ് 29 ന് ( 1114 ഇടവം 15) ന് കേസില്‍ വിധി പ്രഖ്യാപിച്ചു. 1114 ല്‍ ഒന്നാം കേസായി ചുമത്തിയ കേസില്‍ സാഹിബ് ബഹദൂര്‍ പി. മുഹമ്മദ് കുഞ്ഞ് ബി.എയായിരുന്നു മജിസ്ട്രേറ്റ്. സര്‍ക്കാരിനെ കൊട്ടാര പൊലീസ് ഇന്‍സ്പെകര്‍ പ്രതിനിധീകരിച്ചു.  എം.എം. ജോര്‍ജ് ബി.എ, ബി.എല്‍ ആയിരുന്നു സ്പെഷല്‍ പ്രോസിക്യൂട്ടര്‍.  കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ 114 ല്‍ 10, 11 കേസുകളായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ 81 പേരായിരുന്നു പ്രതികള്‍. അതില്‍ 60 പേര്‍ മാത്രമേ പിടിക്കപ്പെട്ടുള്ളൂ. ഒരാള്‍ മരിച്ചിരുന്നു.വിധി പറയുന്ന സമയത്ത് 21 പേര്‍ ഒളിവിലായിരുന്നു. 95 സാക്ഷികളില്‍ 93 പേരെയും വിസ്തരിച്ചു.  കേസിലെ 71ാം സാക്ഷി ചന്തയുടെ കരാറുകാരായ അബ്ദുല്‍ ഖാദിര്‍ അബ്ദില്‍സാക്ക് ആയിരുന്നു.
കേസിലെ 28ാം പ്രതി വേലു രാഘവന്‍, 31-ാം പ്രതി പി. മീതിയന്‍ കുഞ്ഞ് (60 വയസ്), 33-ാം പ്രതി കൃഷ്ണന്‍ ഗോപാലന്‍, 53-ാം പ്രതി മാധവന്‍കുട്ടി (24വയസ്), 59-ാം പ്രതി മുഹമ്മദ് കുഞ്ഞ് അലികുഞ്ഞ് (28 വയസ്) എന്നീ അഞ്ചു പേരെ കുറ്റക്കാരല്ളെന്ന് കണ്ട് വിട്ടയച്ചു. ബാക്കി 55 പേരും കുറ്റക്കാരാണ് എന്നായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ വിധി. കുറ്റക്കാരാണ് എന്ന് കണ്ടത്തെിയവരുടെ വിചാരണ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടത്താനായിരുന്നു മജിസ്ട്രേറ്റിന്‍െറ ഉത്തരവ്. 55 പേര്‍ക്കും ടി.പി.സിയുടെ 112, 114 വകുപ്പുകള്‍ ബാധകമാണ് എന്നും വിധിച്ചു. പിന്നീട് പിടിക്കപ്പെടവരുടെ വിചാരണയും കൊല്ലം കോടതിയിലാണ് നടന്നത്.
1940 ജനുവരി മൂന്നിന് (1115 ധനു 10) കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്. കുളത്തൂരാന്‍ ബി.എ, ബി.എല്‍ വിധി പ്രഖ്യാപിച്ചു. കേസില്‍ 62 പ്രതികളാണുണ്ടായിരുന്നത്. 11 പേരെ വിട്ടയച്ചു. രണ്ടുപ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു.  രാമന്‍കൃഷ്ണന്‍ (15ാം പ്രതി), രാമപ്പണിക്കര്‍ കുട്ടപ്പണിക്കര്‍ (24ാംപ്രതി), മാധവന്‍കൃഷ്ണന്‍, മൈതീന്‍കുഞ്ഞ് മീരസാഹിബ്, പത്മനാഭന്‍ ജനാര്‍ദനന്‍, ശങ്കരപ്പണിക്കര്‍ ഉമ്മിണിപ്പണിക്കര്‍, അസനാരുപിള്ള മുഹമ്മദ് മുസ്തഫ, നാരായണന്‍ കുഞ്ഞു ശങ്കരന്‍, പപ്പുകുഞ്ഞന്‍, കൃഷ്ണന്‍ കേശവന്‍, കുഞ്ഞന്‍ ഗോപാലന്‍ എന്നിവരെയാണ് വിട്ടയച്ചത്. എന്നാല്‍ സെക്ഷന്‍ 112 പ്രകാരം 10 പേരെ ജീവപര്യന്തം തടവിനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും വിധിച്ചു. ഒന്നാംപ്രതി കുട്ടിവാസു, ഒമ്പതാം പ്രതി പപ്പുനാരായണന്‍, 10-ാം പ്രതി നാരായണന്‍ സദാനന്ദന്‍, കുഞ്ഞന്‍ ഭാസ്കരന്‍, വേലു ഗോപാലന്‍, അയ്യപ്പന്‍പിള്ള പാച്ചന്‍പിള്ള, കേശവന്‍ ഗംഗാധരന്‍, അയ്യപ്പന്‍പിള്ള ശങ്കരപ്പിള്ള, കൃഷ്ണന്‍ പരമു, പെരുമാള്‍ കൃഷ്ണന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ കിട്ടിയത്. മറ്റുള്ളവരെ ഒമ്പതുമാസം തടവു മുതല്‍  നാലുവര്‍ഷം എട്ടുമാസംവരെ കഠിനതടവിന് വിധിച്ചു. 21 മാസത്തെ തടവായിരുന്നു ചിന്നന്‍ ചന്തിരന് കിട്ടിയത്.
ജീവപര്യന്തം തടവ് വിധിക്കപ്പെട്ടവര്‍ വിവിധ കാലയളവില്‍ മോചിപ്പിക്കപ്പെട്ടു. ആരും ജീവപര്യന്തം കിടക്കേണ്ടിവന്നില്ല. കേസിലെ 59-ാം പ്രതി പറയാട്ടുവിളയില്‍ മാധവന്‍ വാസു സെന്‍ട്രല്‍ ജയിലില്‍ വച്ചു മരിച്ചു.         

ഠഠഠ

തിരുവിതാംകൂര്‍ മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും ‘കടയ്ക്കല്‍ ഫ്രാങ്കോ’പുത്തന്‍വീട്ടില്‍ രാഘവന്‍ പിള്ളയെ പിടിക്കാന്‍ ഭരണകൂടത്തിനായില്ല. ഒരുവര്‍ഷം അദ്ദേഹം ഒളിവില്‍ കഴിഞ്ഞു. അദ്ദേഹത്തിന്‍െറ തലക്ക് ആയിരം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.  1940 ജൂണ്‍ 10 ന് (1115 ഇടം 28) രാഘവന്‍ പിള്ള ചിതറ വോങ്കോട് ക്ഷേത്രത്തിന്‍െറ മുന്നില്‍ വച്ച് ഇന്‍സ്പെക്ടര്‍ രാമന്‍നായര്‍ക്ക് മുന്നില്‍ കീഴടങ്ങി. ചിതറക്ക് അടുത്ത വനങ്ങളില്‍ ആദ്യം ഒളിവില്‍ കഴിഞ്ഞ രാഘവന്‍പിള്ള പിന്നെ അഞ്ചല്‍, അഞ്ചുതെങ്ങ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. ജീവപര്യന്തം തടവിനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമായിരുന്നു ശിക്ഷ. കടയ്ക്കല്‍ വിപ്ളവത്തിന്‍െറ നായകന്‍മാരില്‍ ഒരാളായ ചാങ്കുവിള ഉണ്ണി എന്ന പുത്തന്‍വീട്ടില്‍ കൃഷ്ണപിള്ള പൊലീസിന് പിടികൊടുത്തതേയില്ല. അമ്പലപ്പുഴ, കോട്ടയം തുടങ്ങിയ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ അദ്ദേഹം പിന്നീട് ബോംബെയിലേക്ക് മുങ്ങി. കടയ്ക്കല്‍ സമരത്തിന്‍െറ നായകനായിരുന്ന ദലിത് അംഗം ചന്തിരന്‍ കാളിയമ്പി ഒരിക്കലും പിടികൊടുത്തില്ല. അതിനാല്‍ തന്നെ കേസില്‍ പ്രതിയായതുമില്ല. സ്വാതന്ത്ര്യം കിട്ടുന്നതുവരെ അദ്ദേഹം ഒളിവില്‍ തുടര്‍ന്നു.         





ഠഠഠ

കടയ്ക്കല്‍ വിപ്ളവം ജനകീയ അധികാരം ശാസ്ത്രീയമായി സ്ഥാപിക്കുന്നതിലും നിലനിര്‍ത്തുന്നതിലും പരാജയപ്പെട്ടുവെങ്കിലും പ്രസക്തി ഒട്ടും കുറയുന്നില്ല. കേരളത്തെ രൂപപ്പെടുത്തിയ കാര്‍ഷിക വിപ്ളവം എന്നത് തന്നെയാണ് ചരിത്രത്തില്‍ അതിന്‍െറ സ്ഥാനം . സ്റ്റേറ്റ് കോണ്‍ഗ്രസ് എന്ന് സംഘടന രൂപീകരിക്കപ്പെട്ട് മാസങ്ങള്‍ക്കുള്ളിലാണ് സമരം നടന്നത്. നിരോധിത സംഘടനയായി സ്റ്റേറ്റ് കോണ്‍ഗ്രസിനെ ഭരണകൂടം പ്രഖ്യാപിച്ചിട്ടും ജനം അതുകൂട്ടാക്കാതെ സമരവുമായി മുന്നോട്ടുവന്നു. അത് ചരിത്രത്തിലെ ധീരമായ നടപടിയാണ്. പ്രക്ഷോഭത്തില്‍ അടിസ്ഥാന വര്‍ഗ-ജാതി വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ സജീവമായ പങ്കാളിത്തം വ്യക്തമായിരുന്നു. കര്‍ഷകരായിരുന്നു സമരത്തില്‍ നല്ല പങ്ക് വഹിച്ചത്. സമരം കേവലം ചന്തക്കരത്തിന്‍െറ പ്രശ്നത്തിലൊതുങ്ങി നിന്നില്ല. ഉത്തരവാദിത്വ ഭരണം എന്ന ലക്ഷ്യം സമരം ഉയര്‍ത്തി. രാജഭരണത്തിന്‍െറയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍െറയും എല്ലാ അധികാര കേന്ദ്രങ്ങള്‍ക്കെതിരെയും ജനം പോരാടി. അതുവഴി  നാടുവാഴിത്ത- സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലും സ്വാതന്ത്ര്യസമര പോരാട്ടത്തിലും  പുതിയ അധ്യായം എഴുതിചേര്‍ത്തു. കടയ്ക്കല്‍ വലിയ ത്യാഗവും ആത്മാര്‍ത്ഥതയും പ്രകടിപ്പിച്ചു. വലിയ നഷ്ടങ്ങള്‍ സഹിച്ചു. ആ സഹനത്തിന്‍െറ കൂടി മുകളിലാണ് കേരളം കെട്ടിപ്പടുക്കപ്പെട്ടത്.
വിപ്ളവം പരാജയപ്പെടാന്‍ പലതുണ്ട് കാരണം. വിപ്ളവത്തെപ്പറ്റിയോ അധികാരം പിടിച്ചെടുക്കുന്നതിനെപ്പറ്റിയോ ശാസ്ത്രീയ ധാരണ കലാപകാരികള്‍ക്ക് ഉണ്ടായിരുന്നില്ല. ശരിയായ ആസൂത്രണമോ  പദ്ധതിയോ കടയ്ക്കലിലെ വിപ്ളവകാരികള്‍ക്കുണ്ടായിരുന്നില്ല. ഉറച്ച നേതൃത്വത്തിന്‍െറയും ശാസ്ത്രീയ സംഘടനാ സംവിധാനത്തിന്‍െറയും അഭാവം പ്രകടമായിരുന്നു. ഫ്രാങ്കോ രാഘവന്‍ പിള്ളയടക്കം പലരും ആവേശത്തള്ളിച്ചയിലാണ് കലാപത്തിന്‍െറ ഭാഗമാകുന്നത്. ക്യാമ്പ് സ്ഥാപിച്ചെങ്കിലും കൈവശമുണ്ടായിരുന്ന തോക്കുകള്‍ ഉപയോഗിക്കാനുള്ള പരിശീലനം നടത്തുകയോ, ചെറുത്തുനില്‍പിനുള്ള കരുത്ത് വര്‍ധിപ്പിക്കുകയോ ഉണ്ടായില്ല. അധികാരം ലഭിച്ചപ്പോള്‍ അത് ഉറപ്പിക്കാനോ വ്യാപിപ്പിക്കാനോ ശ്രമിച്ചതുമില്ല. അതുവഴി സമരം ബാഹ്യലോകത്ത്നിന്ന് ഒറ്റപ്പെട്ടു. യാഥാര്‍ത്ഥ്യ ബോധമല്ല, വികാരമാണ് പലപ്പോഴും കലാപകാരികളെ നയിച്ചത്.  അടിച്ചമര്‍ത്തല്‍ പ്രതീക്ഷിച്ചുവെങ്കിലും ഭരണകൂടത്തിന്‍െറ യഥാര്‍ത്ഥ ശക്തിയെ കണക്കിലെടുത്തില്ല. അവസാന ഘട്ടത്തില്‍, ഭരണകൂടം അയവേറിയ ഒത്തുതീര്‍പ്പ് സമീപനം കടയ്ക്കലിനോട് എടുക്കുമെന്ന് വൃഥായെങ്കിലും കലാപകാരികള്‍ ആശിച്ചു.   
പരാജയങ്ങള്‍ വിപ്ളവത്തിന്‍െറ മഹത്വം കുറക്കുന്നില്ല. കടയ്ക്കലില്‍ അനീതി നിലനിന്നിരുന്നു. ചന്തക്കരത്തിന്‍െറയും പൊലീസ് അടിച്ചമര്‍ത്തലിന്‍െറയും ഒക്കെ രൂപത്തില്‍ അനീതിയും അന്യായവും നടമാടി. രാജ-ബ്രിട്ടീഷ് ഭരണമായിരുന്നു ആ അനീതിയുടെ ഉപരിഘടന. അനീതിക്കെതിരെ നടക്കുന്ന ഏതൊരു കലാപവും ന്യായയുക്തമാണ്. അതിനാല്‍ തന്നെ കടയ്ക്കല്‍ വിപ്ളവം ജനത്തിന്‍െറ ന്യായമാണ്.  അത് ഉയര്‍ത്തിപ്പിടിക്കേണ്ടതു തന്നെയാണ്.     
                                                                                                                                                                                     
സൂചിക

1. ദ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്‍റ് ഇന്‍ കേരള, വോള്യം മൂന്ന് (1938-1948), സ്റ്റേറ്റ് ആര്‍കൈവ്സ് ഡിപ്പാര്‍ട്ട്മെന്‍റ്, കേരള സര്‍ക്കാര്‍, 2006
2. കടയ്ക്കല്‍ കത്തിപ്പടര്‍ന്ന വിപ്ളവജ്വാല, കടയ്ക്കല്‍ എന്‍. ഗോപിനാഥന്‍ പിള്ള, വിതരണം: സൃഷ്ടി പബ്ളിക്കേഷന്‍സ് ആന്‍ഡ് ബുക് സ്റ്റാള്‍, കടയ്ക്കല്‍, 1995
3. Kadakkal Rebellion 1939, കേരള സ്റ്റേറ്റ് ആര്‍കൈവ്സ് ഡിപ്പാര്‍ട്ട്മെന്‍റ്,2010
4. വിപ്ളവസ്മരണകള്‍, പുതുപ്പള്ളി രാഘവന്‍,  വോള്യം ഒന്ന്, 2009 ഏപ്രില്‍, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം.



പച്ചക്കുതിര , 2018 സെപ്റ്റംബര്‍


















Wednesday, October 3, 2018

പി.ടി. തോമസ്, തോമസ് ഐസക്, അഭിമന്യു, മഹാരാജാസ്






സംഭാഷണം
സൈമണ്‍ ബ്രിട്ടോ/ ആര്‍.കെ.ബിജുരാജ്



പി.ടി. തോമസ്, തോമസ് ഐസക്, അഭിമന്യു, മഹാരാജാസ്



കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ ഏതു ചര്‍ച്ചയിലും അറിഞ്ഞും അറിയാതെയും സൈമണ്‍ ബ്രിട്ടോ കടന്നുവരും. കാരണം, സൈമണ്‍ ബ്രിട്ടോ ഒരു സൂചകമാണ്, അതേ സമയം ഐക്കണും. പ്രക്ഷുബ്ധമായ, വിപ്ളവപ്രതീക്ഷകള്‍ നിറഞ്ഞു നിന്ന കാലത്തിന്‍െറ സ്പന്ദനങ്ങള്‍ ഏറ്റവാങ്ങിയ വിദ്യാര്‍ഥി നേതാവ്. കൊലക്കത്തിക്ക് ഇരയായി ജീവിതം ചക്രക്കസേരയിലേക്ക് പറിച്ചുവയ്ക്കേണ്ടിവന്ന ഒരാള്‍. വിദ്യര്‍ഥി പ്രസ്ഥാനത്തിനൊപ്പം അഞ്ചരപതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ്. അതിനാല്‍ തന്നെ ഇപ്പോള്‍ നമുക്ക് ബ്രിട്ടോവിന്‍െറ അടുക്കലേക്ക് തന്നെ പോകാം. മഹാരാജാസ് കോളജില്‍ അഭിമന്യു എന്ന വിദ്യാര്‍ഥി (പ്രവര്‍ത്തകന്‍) കൊല്ലപ്പെട്ട സാഹചര്യത്തില്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കാന്‍. നാല് പതിറ്റാണ്ടുകളില്‍ കലാലയ രാഷ്ട്രീയവും വിദ്യാര്‍ഥി പ്രസ്ഥാനവും എങ്ങനെയാണ് ചലിക്കുന്നത് എന്നതിന് ചില ഉത്തരങ്ങള്‍ കൂടി ഈ കൂടിക്കാഴ്ച തന്നേക്കും. ക്യാമ്പസുകളില്‍ എസ്.എഫ്.ഐയുടെയും ക്യാമ്പസ് ഫ്രണ്ട് പോലുള്ള സംഘടനകളുടെയും ഇടപെടലുകള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാകുന്ന ഈ വേളയില്‍ ചില ചോദ്യങ്ങളും ഉത്തരങ്ങളും പ്രസക്തമാണ്.
എറണാകുളം പോഞ്ഞിക്കരയില്‍ 1954 മാര്‍ച്ച് 27 നാണ് സൈമണ്‍ ബ്രിട്ടോയുടെ ജനനം. എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് കോളജ്, ബീഹാറിലെ മിഥില സര്‍വകലാശാല, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്‍റായായിരുന്നു. 1983 ഒക്ടോബര്‍ 14 ന് കത്തിക്കുത്തേറ്റ് അരയ്ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ടു. എങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനുമായി സാംസ്കാരിക രംഗത്ത് സജീവം. പന്ത്രണ്ടാം നിയമസഭയില്‍ ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു.
അഭിമന്യുവിന്‍െറ കൊലപാതകത്തിന്‍െറ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളജിലെയും പൊതുവില്‍ കേരളത്തിലെയും വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍െറ ഇന്നലെകളെയും വര്‍ത്തമാനകാല സവിശേഷതകളെയും കുറിച്ച് സൈബണ്‍ ബ്രിട്ടോ സംസാരിക്കുന്നു.


മഹാരാജാസ് കോളജില്‍ ഒരു വിദ്യാര്‍ഥി കൊലക്കത്തിക്ക് ഇരയായിരിക്കുന്നു. താങ്കള്‍ ഈ സംഭവത്തെ എങ്ങനെയാണ് കാണുന്നത്?

കൊല്ലപ്പെട്ട വിദ്യാര്‍ഥി അഭിമന്യു എസ്.എഫ്.ഐ നേതാവാണ്, എനിക്ക് വളരെ അടുപ്പമുള്ള കുട്ടിയാണ് എന്നത് തല്‍ക്കാലം മാറ്റിനിര്‍ത്താം. നമ്മള്‍ ചരിത്രത്തിന് അല്‍പം പിന്നിലേക്ക് പോകണം. മഹാരാജാസ് കോളജില്‍ നടക്കുന്ന ആദ്യ വിദ്യാര്‍ഥി കൊലപാതകമല്ലിത്, ആദ്യ കത്തിക്കുത്തുമല്ല. വലിയ സമരങ്ങളും ചരിത്രവുമുള്ള കോളജാണത്. വലിയ പ്രശസ്തര്‍ പഠിച്ച കലാലയം. ഈ കോളജിനെ അതിന്‍െറ പ്രശസ്തിയിലേക്കും മഹത്വത്തിലേക്കും ഉയര്‍ത്തിയത് പഠനത്തിലെ മികവ് മാത്രമല്ല, അവിടുത്തെ ഇടതുപക്ഷ രാഷ്ട്രീയവും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുമാണ്. കെ.എസ്.എഫും പിന്നീട് എസ്.എഫ്.ഐയും ക്യാമ്പസില്‍ കടന്നുവന്നത് വലതുപക്ഷ രാഷ്ട്രീയക്കാരുടെയും കടുത്ത മര്‍ദനങ്ങളെയും കൊലക്കത്തികളെയും അതിജീവിച്ചുകൊണ്ടാണ്. തുടര്‍ച്ചയായി ഇടതുപക്ഷവിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടു. ഇപ്പോള്‍ മന്ത്രിയായ തോമസ് ഐസക് മഹാരാജാസില്‍ പഠിക്കുമ്പോള്‍ കൊലക്കത്തിയില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തുടര്‍ച്ചയായ സംഘര്‍ഷത്തിന്‍െറ കാലത്താണത്. അന്ന് ആളുമാറി മറ്റൊരാളെ കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊന്നു. ഇങ്ങനെ പലതരത്തില്‍ ഏറ്റവും അധികം ആക്രമിക്കപ്പെട്ട വിദ്യാര്‍ഥി സംഘടന എസ്.എഫ്.ഐയാണ്.

ഇടയില്‍ ചോദിക്കട്ടെ, എങ്ങനെയാണ് തോമസ് ഐസക് കൊലക്കത്തിയില്‍ നിന്ന് രക്ഷപ്പെട്ടത്?

1970 കളുടെ തുടക്കത്തിലാണ് തോമസ് ഐസക് മഹാരാജാസില്‍ ബിരുദ വിദ്യാര്‍ഥിയായി എത്തുന്നത്. എസ്.എഫ്.ഐയുടെ തുടക്കകാലം കൂടിയാണ് അത്. 1973-74 കാലത്ത് ഐസക്കും മറ്റും ചേര്‍ന്ന് വിദ്യാര്‍ഥി യൂണിയന്‍ കെ.എസ്.യുവില്‍ നിന്ന് പിടിച്ചെടുത്തു. കൊച്ചി തുറമുഖ മേഖലയില്‍ സി.ടി.ടി.യു എന്ന സംഘടനയുണ്ട്. അവര്‍ തുടര്‍ച്ചയായി എസ്.എഫ്.ഐ. പ്രവര്‍ത്തകരെയും സി.പി.എം അംഗങ്ങളെയും ആക്രമിച്ചു. എസ്.എഫ്.ഐയും തുറമുഖമേഖലയിലെ ഗുണ്ടാസംഘവുമായുള്ള ഏറ്റുമുട്ടല്‍ പതിവായി. പോളി എന്ന കുപ്രസിദ്ധ ഗുണ്ടയാണ് വിദ്യാര്‍ഥികളെ മര്‍ദിച്ച് ഒതുക്കിയിരുന്നത്. എന്നാല്‍, ഭിന്നശേഷിക്കാരനായ ആല്‍ബി എന്ന സഖാവ് കൊച്ചിയില്‍ ഒരു വോളീബാള്‍ മത്സരം നടക്കുന്നിടത്ത് ചെന്ന് പോളിയെ വെല്ലുവിളിക്കുകയും തിരിച്ചടിക്കുകയും ചെയ്തു. പോളി പേടിച്ച് ഓടി. കത്തിയുമായി ഗാലറിക്ക് നടുവില്‍ നിന്ന ആല്‍ബിയെ പൊലീസ് അറസ്റ്റ്ചെയ്തു. ഗുണ്ടയെ ചോദ്യം ചെയ്തത് സത്യത്തില്‍ പൊലീസിന്  ഇഷ്ടപ്പെട്ടു. അടുത്ത ദിവസം ആല്‍ബിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഗുണ്ടകള്‍ വളഞ്ഞു. എന്നാല്‍, മട്ടാഞ്ചേരിയിലെ സഖാക്കള്‍ ഗുണ്ടകളില്‍ നിന്ന് ആല്‍ബിയെ രക്ഷിച്ചുകൊണ്ടുപോന്നു. ഇതിന്‍െറ തുടര്‍ച്ചയിലാണ് തോമസ് ഐസകിനു നേരെ വധശ്രമം നടന്നത്. അക്രമം ഭയന്ന് എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിട്ടിരുന്നു. ഗുണ്ടകളില്‍ നിന്ന് രക്ഷപെട്ടാന്‍ ഐസക്കും ഒന്നുരണ്ടുപേരും ഹോസ്റ്റലിന്‍െറ ടെറസിലാണ് കിടന്നുറങ്ങിയത്. ഐസക് വായിച്ചുകിടന്ന് ഉറങ്ങിപ്പോയി. ഉറക്കത്തില്‍ കണ്ണാടി ഊര്‍ന്ന് വീണു. അത് തലക്കടിയില്‍ പെട്ട് പൊട്ടിപ്പോയി. അടുത്ത ദിവസം രാവിലെ കോളജ് ഹോസ്റ്റലിന് മുന്നില്‍ ഒരു കാര്‍ ഗുണ്ടകളും ആയുധങ്ങളുമായി വന്ന് ഐസക്കിന് മുന്നില്‍ നിര്‍ത്തി. കണ്ണട ഇല്ലാത്തതിനാല്‍ ഐസക്കിനെ അവര്‍ക്ക് പെട്ടന്ന് മനസിലായില്ല. ഐസക് കാറിലേക്ക് തലയിട്ട് നോക്കി. ആയുധങ്ങള്‍ കണ്ടപ്പോള്‍ പതിയെ പിന്‍വലിഞ്ഞ്, ഓടി മറഞ്ഞു. ഗുണ്ടാസംഘം ഹോസ്റ്റലില്‍ കയറി ആക്രമണം അഴിച്ചുവിട്ടു. ഈ സമയത്താണ് എസ്.എഫ്.ഐ ക്കാരനല്ലാത്ത, തന്‍െറ ബന്ധുവിനെ അന്വേഷിച്ച് വന്ന ലക്ഷദ്വീപുകാരനായ മുത്തുക്കോയ കൊല്ലപ്പെട്ടത്്.

താങ്കള്‍ക്ക് എങ്ങനെയാണ് കുത്തേറ്റത്?

ഞാന്‍ മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്നില്ല. ലോകോളജിലാണ് പഠിച്ചത്. എസ്.എഫ്.ഐയില്‍ സജീവമായതിനാല്‍ കൊച്ചി നഗരത്തിലായിരുന്നു പ്രവര്‍ത്തനം. എസ്.എഫ്.ഐ പ്രവര്‍ത്തകരെ തുടര്‍ച്ചയായി വളഞ്ഞിട്ട് കോണ്‍ഗ്രസ് ഗുണ്ടകളും കെ.എസ്.യുക്കാരും ആക്രമിച്ചുകൊണ്ടിരുന്നു. അടിയന്തരാവസ്ഥയില്‍, ഭരത് അവാര്‍ഡ് ജേതാവ് പി.ജെ.ആന്‍റണിയുടെ മകന്‍ എസ്.എഫ്.ഐയുടെ ക്ളാസ് പ്രതിനിധിയായി മത്സരിച്ചിരുന്നു. അന്ന്  കുപ്രസിദ്ധ ഗുണ്ട പാല ജോണ്‍ കത്തിയുമായി പി.ജെ. ആന്‍റണിയെ ഭീഷണിപ്പെടുത്തി. തന്‍െറ മകന്‍ അടുത്ത ദിവസം എസ്.എഫ്.ഐക്ക് വോട്ടുചെയ്യാന്‍ വന്നാല്‍ കുത്തികൊല്ലും എന്ന് പറഞ്ഞ് കത്തി കാട്ടിയായിരുന്നു ഭീഷണി. പി.ജെ. ആന്‍റണി മകനെ വിളിച്ച് ഗുണ്ടക്ക് മുന്നില്‍ വച്ച് എസ്.എഫ്.ഐക്ക് വോട്ട് ചെയ്യണമെന്നും, കുത്തണമെങ്കില്‍ കുത്താനും ഗുണ്ടയെ വെല്ലുവിളിച്ച ഒരു സംഭവവുമുണ്ട്. ഇങ്ങനെ ഏകപക്ഷീയമായി ആക്രമിക്കപ്പെടുന്നതിനെ എസ്.എഫ്.ഐ പല രീതിയില്‍ ചെറുക്കാനും ശ്രമിച്ചു. 1983 ഒക്ടോബര്‍ 14 ന് കെ.എസ്.യു. ആക്രമണത്തില്‍ പരിക്കേറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ അവിടെ ചെല്ലുമ്പോള്‍ ക്യാഷ്വാലിറ്റിക്ക് മുന്നിലെ വരാന്തയില്‍ വച്ചാണ് എന്നെ കുത്തിയത്. രണ്ട്പേര്‍ പിന്നില്‍ നിന്ന് പിടിച്ചുവയ്ക്കുകയും മൂന്നാമന്‍ തലപിടിച്ച് കുനിച്ച് മുതുകില്‍ കുത്തുകയുമായിരുന്നു. നാല് കുത്ത്. എന്നെ കൊല്ലാന്‍ വേണ്ടി തന്നെയാണ് കുത്തിയത്. അവിടെയുണ്ടായിരുന്ന രണ്ടു പൊലീസുകാര്‍ നോക്കിനിന്നതേയുള്ളൂ. അവര്‍ക്ക് മുന്നില്‍ വച്ചാണ് എനിക്ക് കുത്തേറ്റത്. ഞാന്‍ രക്ഷപ്പെടാന്‍ ഏക കാരണം ക്യാഷ്വാലിറ്റിക്ക് മുന്നിലായതുകൊണ്ടുമാത്രമാണ്. പെട്ടന്ന് ചികിത്സ കിട്ടി. യഥാര്‍ത്ഥത്തില്‍ ക്യാഷ്വാലിറ്റിക്ക് മുന്നില്‍ വച്ചല്ല കുത്തെങ്കില്‍ എറണാകുളത്ത് അഭിമന്യുവിന് മുമ്പ് കൊല്ലപ്പെടുന്ന വിദ്യാര്‍ഥി പ്രവര്‍ത്തകന്‍ ഞാനാകുമായിരുന്നു.

സൈമണ്‍ ബ്രിട്ടോയെപ്പറ്റി അറിയണമെങ്കില്‍ പി.ടി. തോമസിനോട് ചോദിച്ചാല്‍ മതി എന്ന മട്ടില്‍ ഒരു എഫ്.പി. പോസ്റ്റ് അടുത്തിടെ കണ്ടു. എന്തായിരിക്കും ആ പോസ്റ്റ് ഇട്ടയാള്‍ ഉദ്ദേശിച്ചത്?

എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. ഞാനും പി.ടി. തോമസും സഹപാഠികളാണ്. അന്ന് പരസ്പരം അലോഹ്യമുണ്ടായിരുന്നില്ല. അദ്ദേഹം കെ.എസ്.യു. നേതാവാണ്. മഹാരാജാസില്‍ കെ.എസ്.യുവിനെ ഒരു ഘട്ടത്തില്‍ വിജയിപ്പിച്ച വ്യക്തിയാണ്. ഒരിക്കല്‍ എന്നോട് നിന്നെ ചിലര്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്, സൂക്ഷിക്കണം എന്ന് തോമസ് പറഞ്ഞിരുന്നു. അപ്പോള്‍ ചിരിച്ചുകൊണ്ട് എനിക്കെതിരെ എന്ത് നീക്കമുണ്ടായാലും നീ അറിയാതെ സംഭവിക്കില്ല എന്ന് ഞാനും പറഞ്ഞു. അത് എന്തായാലും പി.ടി. തോമസ് പിന്നെ എന്ത് ചെയ്തു എന്നറിയില്ല. കുറച്ചുവര്‍ഷങ്ങള്‍ക്ക് എസ്.എഫ്.ഐ സംഘടിപ്പിച്ച ഒരു ക്യാമ്പില്‍ ബാലചന്ദ്രന്‍ചുള്ളിക്കാടിനെയും പി.ടി. തോമസിനെയും ഞങ്ങള്‍ ക്ഷണിച്ചിരുന്നു. അവിടെ വച്ച് പഴയ സംഭവങ്ങള്‍ പറയുന്നതിനിടയില്‍ തോമസ് സംഭവങ്ങള്‍ എല്ലാം മറന്ന്, ഒരു പ്രണയകഥ മൂലമാണ് എനിക്ക് കുത്തേറ്റത് എന്ന് പറഞ്ഞു. അതിനെ എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗം ആതിര ചോദ്യം ചെയ്തു. നടന്ന സംഭവങ്ങള്‍ പറയാതെ ചില അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണ് തോമസ് എന്നും ചെയ്തത്. പിന്നീട് ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച ഘട്ടത്തില്‍ മുളന്തുരുത്തി പബ്ളിക് ലൈബ്രറിയില്‍ നടന്ന സംവാദത്തില്‍ തോമസും ഉണ്ടായിരുന്നു. അവിടെ വച്ചും ആളുകള്‍ക്ക് സംശയം തോന്നുന്ന വിധത്തില്‍ ചിലത് തോമസ് പറയുകയും ഇതിന് സൈമണ്‍ബ്രിട്ടോ മറുപടി പറയേണ്ടിവരും എന്ന് പ്രസംഗിക്കുകയും ചെയ്തു. അപ്പോള്‍ സീന എഴുന്നേറ്റ് ജനറല്‍ ആശുപത്രിയില്‍ മരുന്നുമേടിക്കാന്‍ കുപ്പിയുമായിട്ടാണോ കോണ്‍ഗ്രസുകാര്‍ വരിക അതോ കത്തിയുമായിട്ടാണോ എന്ന് ചോദിച്ചു. അന്ന് അവിടെയുണ്ടായിരുന്ന പലരും തോമസിനെതിരെ തിരിഞ്ഞു. ഞാന്‍ കൃത്യമായി മറുപടി പറയുകയും ഇനിയും എന്‍െറ ശരീരത്തില്‍ ശേഷിക്കുന്ന 20 ശതമാനം ജീവന്‍ വേണമെങ്കില്‍ എടുത്തുകൊള്ളൂ എന്ന് പറഞ്ഞ് മൈക്ക് തോമസിന് മുന്നിലേക്ക് ഇടുകയും ചെയ്തു. അന്ന് കോണ്‍ഗ്രസുകാരുള്‍പ്പടെയുള്ളവരുടെ എതിര്‍പ്പില്‍  പിടിച്ചുനില്‍ക്കാന്‍ തോമസ് പാടുപെട്ടു. എന്തൊക്കെയോ പറഞ്ഞ് തലയൂരി. ദീര്‍ഘകാലം സംസാരിക്കാറില്ലായിരുന്നെങ്കിലും ഇപ്പോള്‍ തോമസും ഞാനും വീണ്ടും സൗഹൃദത്തിലാണ്.



പി.ടി. തോമസിനെ ജാവലിന് കുത്തിയ ഒരു സംഭവം ഉണ്ടായിരുന്നോ?

ഉണ്ട്. അങ്ങനെ ഒരു സംഭവം നടന്നിരുന്നു. അതില്‍ എനിക്കു പങ്കില്ല. അറിവുമില്ല. ഈ സംഭവത്തിലേക്ക് വരുന്നതിന് മുമ്പ് മറ്റൊരു കഥ പറയണം. അടിയന്തരാവസ്ഥക്ക് ശേഷം മഹാരാജാസ് കോളജിലെ ഹോസ്റ്റലിലേക്ക് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ കത്തിയുമായി വരുന്നത് ഞങ്ങള്‍ തടഞ്ഞിരുന്നു. അപരിചിതരായ പലരും പതിവായി ഹോസ്റ്റലില്‍ വന്നുപോകും. അവരില്‍ പലരും ആയുധമായിട്ടായിരുന്നു വന്നിരുന്നത്. അക്കാലത്ത് ഞാനും ഷണ്‍മുഖനും നിര്‍മല്‍ കുമാറും ചേര്‍ന്ന് അങ്ങനെ ഹോസ്റ്റലില്‍ വരുന്ന പലരെയും തടഞ്ഞ് അരയില്‍ നിന്ന് കത്തി പിടിച്ചെടുത്തിരുന്നു. അഞ്ചുപേരില്‍ നിന്ന് കത്തി പിടിച്ചെടുത്തു. കത്തിയുമായി വന്നവരെ ഷണ്‍മുഖന്‍ അടിച്ചോടിക്കുകയും ചെയ്തു. ഇങ്ങനെ നിരന്തരം ആക്രമിക്കുകയും മാരാകായുധവുമായി വന്ന് ഭീഷണിപ്പെടുത്തുന്നതിനെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചെറുത്തിരുന്നു. അത് കഴിഞ്ഞ് വളരെ മോശം അനുഭവം ന്യൂ ഹോസ്റ്റലിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പറയാനുണ്ട്. പി.ടി. തോമസാണ് അന്ന് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനാ നേതാവ്. തോമസ് ഹോസ്റ്റലില്‍ വന്നുപോകുന്നതിനോട് അടുപ്പിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് ഗുണ്ടകളുടെ തല്ല് കിട്ടും. ഇത് പതിവായി നടന്നു. അന്ന് ഇന്നത്തെ സംഘടനാ ശേഷി എസ്.എഫ്.ഐക്കില്ല. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഹോസ്റ്റല്‍ മുറി പുറത്ത് നിന്ന് പൂട്ടി മര്‍ദിക്കുക പതിവായി. ഒരു ഘട്ടത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ ഒരാള്‍ ജാവലിനുമായി തോമസിനെ കുത്താനാഞ്ഞു. അന്ന് കൂടെയുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. അതിനാലാണ് അന്ന് തോമസ് കുത്തേറ്റുവീഴാതിരുന്നത്.

ഈ സംഘര്‍ഷത്തിന്‍െറ തുടര്‍ച്ചയിലാണോ താങ്കള്‍ക്ക് കുത്തേല്‍ക്കുന്നത്?

അല്ല. ഈ സംഘര്‍ഷം അടഞ്ഞ അധ്യായമാണ്. അതവിടെ തീര്‍ന്നു. അതിന് ശേഷം മറ്റൊരു സമയത്ത്, മറ്റൊരു സംഘര്‍ഷത്തിലാണ് എന്നെ അവര്‍ കൊല്ലാനൊരുങ്ങുന്നത്.

ആ സംഘര്‍ഷം എങ്ങനെയാണ് തുടങ്ങിയത്?

അക്കാലത്ത് പോളിയില്‍ നിന്ന് മോശം പെരുമാറ്റത്തിന് പുറത്താക്കപ്പെട്ട് മഹാരാജാസില്‍ വന്ന് ചേര്‍ന്ന ഒരു വിദ്യാര്‍ഥിയുണ്ടായിരുന്നു. പോളിയില്‍ എസ്.എഫ്.ഐയിലാണെങ്കിലും മഹാരാജാസില്‍ കോളജില്‍ കെ.എസ്.യുവിലാണ് അയാള്‍ പ്രവര്‍ത്തിച്ചത്. പക്ഷേ, ഇവിടെ സ്ഥിരമായി അയാള്‍ പെണ്‍കുട്ടികളോടക്കം മോശമായി പെരുമാറിയതിന്‍െറ പേരില്‍ വിദ്യാര്‍ഥികള്‍ അയാള്‍ക്കെതിരെ തിരിഞ്ഞു. അതില്‍ എസ്.എഫ്.ഐയുമുണ്ടായിരുന്നു.അതാണ്  സംഘര്‍ഷമായി വളര്‍ന്നത്.




നമുക്ക് അഭിമന്യുവിന്‍െറ കൊലപാതകത്തിലേക്ക് വരാം. ഈ കൊലപാതകത്തെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?

അഭിമന്യു നമുക്കെല്ലാം മറിയുന്നതുപോലെ ഇടുക്കിയിലെ ഉള്‍നാടായ വട്ടവട സ്വദേശിയാണ്. ദരിദ്രനും ആദിവാസി വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ഥിയുമാണ്. പഠിച്ച് മിടുക്കനാവണം, നാടിന് നന്മവരുത്തണം എന്ന് ആഗ്രഹിച്ചിരുന്ന വിദ്യാര്‍ഥിയാണ്. എന്തുകൊണ്ട് അഭിമന്യു മഹാരാജാസില്‍ എത്തി? എന്തുകൊണ്ട് ആ കുട്ടി ഹോസ്റ്റലില്‍ തുടര്‍ന്നു? എന്തായിരുന്നു ഹോസ്റ്റലിലെ സ്ഥിതി? ഇത് നമ്മള്‍ ആദ്യം മനസിലാക്കണം. വിദ്യാഭ്യാസ സ്വകാര്യവല്‍ക്കരണത്തിന്‍െറയും മറ്റും ഭാഗമായി മഹാരാജാസ് കോളജ് സ്വയംഭരണ കോളജായി മാറിയതോടെ ഈ കലാലയത്തിന്‍െറ തകര്‍ച്ച അതിവേഗത്തിലാണ്. എറണാകുളം നഗരത്തില്‍ ലോ കോളജ് ഒഴിച്ച് ഏതാണ്ട് എല്ലാ കോളജുകളും സ്വയം ഭരണ സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. പിന്നെ ദരിദ്രരും പഠിക്കാന്‍ മിടുക്കരുമായ വിദ്യാര്‍ഥികള്‍ക്ക് ഏക ആശ്രയം മഹാരാജാസാണ്. എന്‍.എല്‍. ബീന മഹരാജാസ് പ്രിന്‍സിപ്പലായ ശേഷം അവര്‍ ലക്ഷ്യമിട്ടത് കോളജിലെ ഹോസ്റ്റല്‍ പൊളിച്ചുമാറ്റാനാണ്. അതിന് പല കാരണങ്ങള്‍ നിരത്തി. ഒരു കാര്യം മനസിലാക്കണം ഇടുക്കിയില്‍ നിന്നും പത്തനംതിട്ടയില്‍ നിന്നും എത്തുന്ന നിര്‍ധനരായ കുട്ടികള്‍ പിന്നെ എവിടെയാണ് തങ്ങുക. വലിയ വാടകകൊടുത്ത് കോളജിന് പുറത്ത് താമസിക്കാനാവില്ല. കോളജധികൃതര്‍ പുട്ടിയിട്ട ഹോസ്റ്റല്‍ ഞാനുള്‍പ്പടെയുള്ളവര്‍ ഇടപെട്ടാണ് തുറന്നുകൊടുത്തത്. ഹോസ്റ്റലല്ല, അവിടെ ഒരു വലിയ മുറിമാത്രമാണ് തുറന്നത്. കുട്ടികള്‍ അവിടെ നിരനിരയായി കിടക്കണം. വെള്ളമില്ല, വെളിച്ചമില്ല. വെള്ളം പുറത്ത്നിന്ന് ചുമന്ന്കൊണ്ടുവരണം. വെളിച്ചത്തിന് മെഴുകുതിരി കത്തിക്കണം .  ഹോസ്റ്റലിലെ മെസ് പ്രവര്‍ത്തിക്കാത്ത അവസ്ഥയുണ്ടായി. അവിടെ ഞങ്ങള്‍ ഒക്കെ ഇടപെട്ട മൂന്ന് നേരം കഞ്ഞി കിട്ടുന്നവിധത്തില്‍ സൗകര്യമൊരുക്കി. അഭിമന്യുവിന്‍െറ രക്തസാക്ഷിത്വതിന് ശേഷം ആ കുട്ടി വിശപ്പ് അനുഭവിച്ചിരുന്നുവെന്ന് എല്ലാവര്‍ക്കും ഇന്നറിയാം. പട്ടിണിയാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. ആ പട്ടിണി വന്നതിന് സ്വയം ഭരണകോളജാക്കിയതുമായി ബന്ധപ്പെട്ട് ഒരു ചരിത്രമുണ്ട്. അതിനെ അതിജീവിച്ച് പഠിത്തം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് അഭിമന്യു ഉള്‍പ്പടെയുള്ള കുട്ടികള്‍ നടത്തിയിരുന്നത്. അപ്പോള്‍ ഒരു ചോദ്യം വരും എന്തുകൊണ്ടാണ് അഭിമന്യു കൊലപ്പെട്ടത് എന്ന്. അഭിമന്യുവിനെ കൊന്നത് വര്‍ഗീയ ക്രിമിനല്‍ സംഘമാണ്. കേരളത്തിലെ വിദ്യാര്‍ഥികളെ വര്‍ഗീയമായി ചേരിതിരിക്കാന്‍ ലക്ഷ്യമിട്ട് വന്ന ഒരു സംഘം ബോധപൂര്‍വം നടത്തിയ കൊലപാതകമാണത്. അതിനെ രാഷ്ട്രീയ സംഘര്‍ഷം എന്ന് വിളിച്ചുകൂടാ. പരിശീലനം നേടി, കൃത്യമായ മര്‍മങ്ങള്‍ അറിഞ്ഞ് നടത്തിയ ആസൂത്രിത കൊലപാതകമാണിത്.

ക്യാമ്പസ് ഫ്രണ്ട് തന്നെയാണ് കൊലക്ക് പിന്നില്‍ എന്ന് ഉറപ്പിക്കരുതെന്ന് ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്..?

അതൊരു തന്ത്രമാണ്. കൊന്നതില്‍ സംശയമുണര്‍ത്തുക. അല്ളെങ്കില്‍ പറയുക, കോടതിയില്‍ കുറ്റം തെളിയിക്കപെടട്ടെ, അതുവരെ ക്യാമ്പസ്ഫ്രണ്ടിനെ കുറ്റവാളികളാക്കരുതെന്ന്. കോടതിയില്‍ വലിയ രീതിയില്‍ ഫണ്ട് മുടക്കി അവര്‍ക്ക് അഭിഭാഷകരെയും മറ്റും അണിനിരത്തി കേസ് വിജയിപ്പിക്കാനാകും. ഇപ്പോള്‍ എളുപ്പത്തില്‍ പ്രതികളെ ഒളിപ്പിച്ചപോലെ. കോടതി ഈ കേസില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെ വിട്ട് എന്നു കരുതുക. അതിനര്‍ത്ഥം അഭിമന്യു കൊലപ്പെട്ടിട്ടില്ല എന്നല്ലല്ളോ. അവര്‍ കൊന്നിട്ടില്ല എന്നുമല്ലല്ളോ. എന്നെ കുത്തിയ കേസില്‍ കെ.എസ്.യു. പ്രവര്‍ത്തകരെ വിട്ടയച്ചു. അതിനര്‍ത്ഥം എനിക്ക് കുത്തുകിട്ടിയില്ല എന്നും, കുത്തിയവര്‍ കെ.എസ്.യുക്കാര്‍ അല്ളെന്നുമല്ലല്ളോ.

ഈ കൊലപാതകം ക്യാമ്പസ് ഫ്രണ്ടിന് നഷ്ടമാണുണ്ടാക്കുക. പിന്നെ അവര്‍ എന്തിന് ഇത് ചെയ്യണം?

അവര്‍ക്ക് നഷ്ടമല്ല, നേട്ടമാണുണ്ടാക്കുക. താല്‍ക്കാലികമായ തിരിച്ചടിയുണ്ടാവുമെങ്കിലും അവര്‍ ലക്ഷ്യമിടുന്ന മത-വര്‍ഗീയ ധ്രുവീകരണം സമൂഹത്തില്‍ സാധ്യമാകും. ക്യാമ്പസുകളില്‍ ഭയം പടര്‍ത്താന്‍ കഴിയും. പിന്നെ ആരും തങ്ങളെ ചെറുക്കാന്‍ വരില്ളെന്ന് അവര്‍ കരുതുന്നു. മാത്രമല്ല, ഇവരെ മറ്റുള്ളവര്‍ ഭയക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് സമുദായത്തിലെ പലരും അവര്‍ക്കൊപ്പം ചേരും. ഇനി ഇതിനപ്പുറം കൊലപാതകികളെ സംബന്ധിച്ച് തങ്ങള്‍ ചെയ്തിരിക്കുന്നത് വലിയ കാര്യമാണ്. അതിന് പരലോകത്തില്‍  പ്രതിഫലം കിട്ടും.  ക്യാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും ഇപ്പോള്‍ ചെയ്യുന്നത് കത്തിയേക്കാള്‍ ഒരു പടി കൂടി കടന്ന ആധുനിക മാരകായുധങ്ങള്‍ ഉപയോഗിക്കുക എന്നതാണ്. ഇരുട്ടടി എന്നു നമ്മള്‍ വിശേഷിപ്പിക്കുന്നതിന്‍െറ പുതിയ പരിഷ്കരിച്ച രൂപം. ആ  ആക്രമണം മാരകമായിരിക്കും, തടയാനുമാവില്ല.

പക്ഷേ, ഒരു ചോദ്യമുണ്ട്. ക്യാമ്പസുകളില്‍ മറ്റ് വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സോഷ്യല്‍ ഫാഷിസത്തിന്‍െറ പ്രശ്നം. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും മറ്റു പരലൂം ഉന്നയിച്ചത് എസ്.എഫ്.ഐ നടത്തുന്ന അക്രമങ്ങളോടുള്ള പ്രതിരോധത്തിന്‍െറ ഭാഗമായാണ് അഭിമന്യുവിന്‍െറ കൊലപാതകം എന്നതാണ്..?

ചോദ്യത്തെ രണ്ട് തരത്തില്‍ സമീപിക്കണം. മഹാരാജാസ് കോളജില്‍ എന്ത് എസ്.എഫ്.ഐ ഫാഷിസമാണ് നിലനിന്നത്? കെ.എസ്.യു ഉള്‍പ്പടെയുള്ള സംഘടനകള്‍ പറഞ്ഞു കോളജില്‍ പ്രശ്നമില്ളെന്ന്. കോളജില്‍ കെ.എസ്.യു സംഘടിപ്പിച്ച മത്സരങ്ങളില്‍ എസ്.എഫ്.ഐ പങ്കെടുക്കുന്നതിന്‍െറയും സൗഹൃദത്തിന്‍െറയും അന്തരീക്ഷം നിലനിന്നത് മാധ്യമങ്ങള്‍ തന്നെ കാണിച്ചു തന്നു. അവിടെ സംഘര്‍ഷം ഉണ്ടെന്ന് വരുത്തേണ്ടത് ക്യാമ്പസ് ഫ്രണ്ട് എന്ന വര്‍ഗീയ സംഘത്തിന്‍െറ ലക്ഷ്യമാണ്. അവര്‍ക്ക് തങ്ങളുടെ മതം കടത്തിവിട്ട്, സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കണം. രണ്ടാമത്തെ പ്രശ്നം എസ്.എഫ്.ഐ എല്ലാ സംഘടനകളെയും അടിച്ചമര്‍ത്തുന്നുവെന്നതാണ്. അങ്ങനെ അടിച്ചമര്‍ത്തുന്നതിന്‍െറ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഉണ്ടെങ്കില്‍തന്നെ നമ്മള്‍ ഒരോ വിഷയത്തെയും ഒറ്റതിരിച്ച് പരിശോധിക്കണം. ഉദാഹരണത്തിന് മുമ്പ് മഹരാജാസ് കോളജ് ഹോസ്റ്റലില്‍ നിന്ന് മാരാകായുധങ്ങള്‍ പിടിച്ചെടുത്തുഎന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അത് ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു. നേരത്തെ പറഞ്ഞപോലെ മഹാാജാസിന്‍െറ ന്യൂഹോസ്റ്റല്‍ പൊളിച്ചുമാറ്റാന്‍ കോളജധികൃതര്‍ ഒരു വശത്ത് ശ്രമം നടത്തുന്നു. അവര്‍ പല ന്യായീകരണം അതിന് പറഞ്ഞെങ്കിലും അതെല്ലാം പരാജയപ്പെട്ടു. അഭിമന്യുവിനെ പോലുള്ള ദരിദ്രരും അടിസ്ഥാന ജനവിഭാഗത്തില്‍ പെട്ടവരുമായ കുട്ടികള്‍ താമസിക്കുന്ന ഒരിടണമാണ് അത്. സാമൂഹ്യവിരുദ്ധരുടെ ശല്യമാണ് അധികൃതര്‍ പറഞ്ഞത്. ഹോസ്റ്റല്‍ അടച്ചിട്ടപ്പോള്‍ മറ്റ് സ്ഥലങ്ങളില്‍ താമസിക്കാന്‍ പണമില്ലാത്തതിനാല്‍ എസ്.എഫ്.ഐ നേതൃത്വത്തില്‍ ബലമായി ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ താമസം തുടങ്ങി. ഈ വിഷയം ക്യാമ്പസ്ഫ്രണ്ടോ അല്ളെങ്കില്‍ മറ്റൊരു മതവിഭാഗീയ സംഘടനകളോ ഏറ്റെടുത്തിരുന്നില്ല. ഹോസ്റ്റല്‍ പൊളിക്കാനും വിദ്യാര്‍ഥികളെ അവിടെ നിന്ന് തുരത്താനും അധികൃതര്‍ തന്നെ നടത്തിയ നാടകമാണ് മാരാകായുധങ്ങള്‍ കണ്ടത്തെല്‍. അത് ബോധപൂര്‍വം അധികൃതര്‍ കൊണ്ടുവച്ചതാണ് എന്ന് വ്യക്തം. ഞാന്‍ പറയുന്നത് നിങ്ങള്‍ വിശ്വസിക്കേണ്ട. നേരിട്ട് അന്വേഷിച്ചോളൂ. പക്ഷേ, വാര്‍ത്ത വന്നത് എസ്.എഫ്.ഐ മറ്റ് വിദ്യാര്‍ഥി സംഘടനകളെ ആക്രമിക്കാന്‍ സൂക്ഷിച്ചുവെന്നതാണ്. മഹാരാജാസില്‍ മറ്റ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ കുറച്ചുവര്‍ഷങ്ങളായി ആക്രമിക്കപ്പെട്ടിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കൂ. ഞാന്‍ പറഞ്ഞുവരുന്നത് ക്യാമ്പസുകളുടെ രാഷ്ട്രീയ വീര്യത്തെ ചോര്‍ത്തിക്കളയാനും വര്‍ഗീയ വല്‍ക്കരിക്കാനും ശ്രമിക്കുന്ന എ.ബി.വി.പി, ക്യാമ്പസ്ഫ്രണ്ട്, ഫ്രറ്റേണിറ്റി പോലുള്ള സംഘടനകളാണ് എസ്.എഫ്.ഐക്കെതിരെ ആരോപണമുന്നയിക്കുന്നത്. അവര്‍ക്കുവേണ്ടി ഒപ്പം നില്‍ക്കുന്നവരും.

മഹാരാജാസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ചിരുന്നു..?

സ്വയംഭരണ കോളജായ ശേഷം എല്‍.എന്‍. ബീന പ്രിന്‍സിപ്പലായി ചുമതലയേറ്റു. സ്വയംഭരണകോളജാക്കുന്നതിനെതിരെ സമരം ചെയ്ത അധ്യാപകര്‍ക്കെതിരെ പകപോക്കല്‍, അനധികൃത വിദ്യാര്‍ഥി പ്രവേശനം, നിലവാരമില്ലാത്ത അധ്യാപനം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉയര്‍ന്നു. പാഠഭാഗങ്ങള്‍ തീര്‍ക്കാതെ പരീക്ഷ നടത്താനുള്ള ശ്രമം വലിയ പ്രശ്നങ്ങളുണ്ടാക്കി.  ഒരു ബാച്ചിലെ 690 വിദ്യാര്‍ഥികളില്‍ 656 പേര്‍ പരീക്ഷ ബഹിഷ്കരിച്ചു. 12 ദിവസം നിരാഹാര സമരം നടത്തിയ ശേഷമാണ് പരീക്ഷ വീണ്ടും നടത്താന്‍ പ്രിന്‍സിപ്പല്‍ തയാറായത്.  എന്നാല്‍, ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം വന്നത് നാലാം സെമസ്റ്റര്‍ സമയത്താണ്. വിദ്യാര്‍ഥികളുടെ പേരില്‍ പൊലീസില്‍ കേസുകള്‍ അവര്‍ നല്‍കി. സെന്‍ട്രല്‍ സര്‍ക്കിളില്‍ ഇരുന്ന പെണ്‍കുട്ടികളെ ആണ്‍കുട്ടികളുടെ ചൂടുപറ്റിയിരിക്കുകയാണെന്ന് പറഞ്ഞ് അപമാനിച്ചു. അതിന് പ്രിന്‍സിപ്പലിന് മാപ്പ് എഴുതേണ്ടി വന്നു. ഒരു പക്ഷേ, ചരിത്രത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് മാപ്പ് എഴുതികൊടുത്ത പ്രിന്‍സിപ്പലാകും അവര്‍. അങ്ങനെ നിരവധി സമരങ്ങള്‍ നടന്നതിന് ഒടുവിലാണ് ഒരു പ്രകടനത്തിന് ശേഷം വിദ്യാര്‍ഥികള്‍ കസേര കത്തിച്ചത്. കത്തിച്ചവരെ  എസ്.എഫ്.ഐ പുറത്താക്കി. കസേര കത്തിച്ചത് അപക്വമാണ്. പക്ഷേ, വിദ്യാര്‍ഥികള്‍ അതിന് നിര്‍ബന്ധിക്കപ്പെട്ടു. കസേര കത്തിച്ച സംഭവത്തിന് ശേഷം പ്രിന്‍സിപ്പാല്‍ എങ്ങനെയാണ് വിദ്യാര്‍ഥികളോട് പെരുമാറിയത്. വിദ്യാര്‍ഥികളെ പരീക്ഷ എഴുതിപ്പിക്കാതിരിക്കാന്‍ ശ്രമിച്ചു. അഞ്ചുപേരെ പുറത്താക്കി. വിദ്യാര്‍ഥികളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ പുനര്‍വിദ്യാഭ്യാസമോ തുടര്‍ വിദ്യാഭ്യാസമോ സാധ്യമല്ലാത്ത വിധത്തില്‍ മോശം പരാമര്‍ശങ്ങള്‍ എഴുതിചേര്‍ത്തു. 1.35 കോടി ചെലവ് ചെയ്താല്‍ അറ്റകുറ്റപ്പണി നടത്തി പുതുക്കി പണിയാവുന്ന ഹോസ്റ്റല്‍ പൊളിച്ചു കളയാന്‍ അവര്‍ ശ്രമിച്ചു. 100 വര്‍ഷം പഴക്കമുള്ള ലേഡീസ് ഹോസ്റ്റലല്ല,  60 വര്‍ഷം പഴക്കമുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പൊളിക്കണമെന്നാണ് ബീന വാദിച്ചത്. എസ്.എഫ്.ഐ  ഇടപെട്ടാണ് ആ ഹോസ്റ്റല്‍ അവിടെ നിലനിര്‍ത്തിയത്. ഇത്തരം പല കാര്യങ്ങളെയും പരിഗണിക്കാതെ കസേര കത്തിച്ചത് മാത്രം എടുത്ത് ചിലര്‍ പൊക്കിപ്പിടിക്കുന്നത് എന്തിനാണ്?

മഹാരാജാസ് കോളജില്‍ തന്നെ ദലിത് വിദ്യാര്‍ഥികള്‍ സംഘടനയുണ്ടാക്കിയപ്പോഴും മറ്റും എസ്.എഫ്.ഐ ആക്രമിച്ചത് ഈ ലേഖകന് അറിയാം..?

അത് ഏത് കാലത്താണ്, എന്താണ് വിഷയമെന്ന് എനിക്ക് അറിയില്ല. ക്യാമ്പസിലെ ഒരക്രമത്തിനും ഞാന്‍ കൂട്ടല്ല. ക്യാമ്പസുകളില്‍ അക്രമം പാടില്ല. അവിടെ ജനാധിപത്യവും സൗഹാര്‍ദവും ഉണ്ടാവണം. അത് കൂടുതലായി രാഷ്ട്രീയവല്‍ക്കരിക്കപ്പെടണം. ക്യാമ്പസുകളില്‍ ഏതെങ്കിലും തരത്തിലുള്ള അക്രമം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയാലും ഞാന്‍ അതിനൊപ്പമില്ല. കൊലപാതക രാഷ്ട്രീയം ക്യാമ്പസുകളില്‍ നിന്ന് ഒഴിവാക്കണം. ഞാന്‍ പറഞ്ഞത് ഏകപക്ഷീയമായി എസ്.എഫ്.ഐ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നു മാത്രമാണ്. വയലന്‍സും പ്രതിരോധവും രണ്ടും രണ്ടാണ്. പ്രതിരോധത്തെ വയലന്‍സായി തെറ്റിധരിച്ച് പറയാനും പാടില്ല.


ഇന്നത്തെ പത്രത്തില്‍ പാലക്കാട് വിക്ടോറിയ കോളജില്‍ കൊടിയുയര്‍ത്താന്‍ ശ്രമിച്ച മറ്റൊരു വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരോട് യൂണിറ്റ് സെക്രട്ടറിയുടെ അനുവാദം വാങ്ങാന്‍ ആവശ്യപ്പെടുന്ന എസ്.എഫ്.ഐ നേതാക്കള്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയുണ്ട്. മറ്റ് വിദ്യാര്‍ഥി സംഘടനളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിന്‍െറ പ്രശ്നമാണത്..?

ക്യാമ്പസുകളില്‍ നിന്ന് മതത്തെ മാറ്റി നിര്‍ത്തണം. മതസംഘടനകളെ ഒഴിവാക്കണം. അവര്‍ക്ക് വിദ്യാര്‍ഥികളുടെ താല്‍പര്യമല്ല ഉള്ളത്. വര്‍ഗീയവല്‍ക്കരണമാണ് ലക്ഷ്യം.അവരെ ഒഴിവാക്കാന്‍, ചെറുക്കാന്‍ എസ്.എഫ്.ഐ ശ്രമിക്കും. ശ്രമിക്കുക എന്നതാണ് അവരുടെ രാഷ്ട്രീയ കടമ. ക്യാമ്പസ് ഫ്രണ്ടിനെപോലുള്ള ഒരു വര്‍ഗീയ സംഘടന കടന്നുവന്നത് തടയാന്‍ ശ്രമിച്ചതാകും എസ്.എഫ്.ഐ. ഞാന്‍ വാര്‍ത്ത കണ്ടിട്ടില്ല.

വിക്ടോറിയ കോളജില്‍ ഫ്രറ്റേണിറ്റിയെയാണ് എസ്.എഫ്.ഐ തടഞ്ഞത്, ക്യാമ്പസ് ഫ്രണ്ടിനെയല്ല...?

ഫ്രറ്റേണിറ്റിയെപ്പറ്റി അഭിമന്യുവിട്ട ഒരു പോസ്റ്റ് കണ്ടുകാണും. ഇന്നലെ അവര്‍ എസ്.ഐ.ഒ, പിന്നെ ഇങ്കിലാബ്, ഇപ്പാള്‍ ഫ്രറ്റേണിറ്റി, നാളെ മറ്റൊരു പേരില്‍. അപ്പോള്‍ എസ്.എഫ്.ഐ എന്ന് സംഘടനക്ക് പേരിടരുതേ എന്ന് പറഞ്ഞ് അഭിമന്യു ഫ്രറ്റേണിറ്റിയെ പരിഹസിക്കുന്നുണ്ട്. ഫ്രറ്റേണിറ്റി എന്നത് കൃത്യമായി ഒരു മതവാദ സംഘടനയാണ്. അവരുടെ ലക്ഷ്യം വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനമല്ല. വിദ്യാര്‍ഥികളെ വര്‍ഗീയമായി വിഭജിക്കുകയാണ്. ഞാനെല്ലാം പഠിക്കുന്ന കാലത്ത് അഫ്ഗാനിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തി സിമി എന്ന വിദ്യാര്‍ഥി സംഘന ‘റഷ്യന്‍ കരടികള്‍ അഫ്ഗാന്‍വിടുക’പോലുള്ള മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. ജമാത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായിരുന്നു അന്ന് സിമി. അവര്‍ പിന്നീട് തീവ്രാദമേഖലയിലേക്കും പോപ്പുലര്‍ ഫ്രണ്ടിലേക്കും എത്തി. ക്യാമ്പസ് ഫ്രണ്ടാകട്ടെ, ഫ്രറ്റേണിറ്റിയാകട്ടെ ഇതുവരെ ശ്രമിച്ചുവന്നത് വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പോരാടാനല്ല. എത്രത്തോളം മതത്തെ വിദ്യാര്‍ഥി സമൂഹത്തിലേക്ക് കടത്തിവിടാനാണ്. വിദ്യാര്‍ഥികളെ ബാധിക്കുന്ന നിരവധി വിഷയങ്ങളുണ്ട്. ആഗോളവല്‍ക്കരണം, സ്വകാര്യവത്കരണം, ഫീസ് വര്‍ധന, ക്യാമ്പസുകളുടെ സ്വയംഭരണസംവിധാനത്തിലേക്കുള്ള മാറ്റല്‍, ഹിന്ദുത്വഫാഷിസം ഇനി അതൊന്നുമല്ളെങ്കില്‍ മഹാരാജാസില്‍ ഞാന്‍ നേരത്തെ ചൂണ്ടിക്കാണിച്ചതടക്കം നിരവധി വിഷയങ്ങള്‍. ഈ സംഘടനകള്‍ എവിടെയാണ് ഈ വിഷയങ്ങള്‍ ഉയര്‍ത്തി സമരമുഖത്ത് വന്നിട്ടുള്ളത്. അവര്‍ വന്നിട്ടുള്ളത് മുഴുവന്‍ മുസ്ലിം സമൂഹത്തിന്‍െറ വിഷയങ്ങളുമായിട്ടാണ്. ലോകത്തിന്‍െറ എത് കോണിലായാലും മുസ്ലിംകള്‍ക്ക് നേരെ അതിക്രമം നടന്നാല്‍ അതിനെതിരെ ക്യാമ്പസ് ഫ്രണ്ടും ഫ്രറ്റേണിറ്റിയും പ്രകടനം നടത്തും. മറ്റൊന്നും അവരുടെ വിഷയമല്ല. എസ്.എഫ്.ഐയാകട്ടെ ആ അതിക്രമത്തിനു എതിരെയും ലോകത്ത് നടക്കുന്ന എല്ലാത്തരം അനീതികള്‍ക്കുമെതിരെയും പ്രകടനം നടത്തും. മുസ്ലിം പ്രശ്നം ഉയര്‍ത്തി, പാന്‍ ഇസ്ലാമിക ചിന്ത കൊണ്ടുവന്ന്, എത്രത്തോളം മതധ്രുവീകരണം നടത്താമെന്നാണ് അവര്‍ നോക്കുക. ക്യാമ്പസുകളില്‍ ഇത്തരം സംഘടനകള്‍ക്കും എ.ബി.വി.പിക്കും കടന്നുവരാന്‍ കഴിയാത്തത് എസ്.എഫ്.ഐ യുടെയും മറ്റ് ഇടതു സംഘടനകളുടെയും പ്രവര്‍ത്തനം മൂലമാണ്. പകരം അവര്‍ എസ്.എഫ്.ഐയെ അപമാനിക്കാനും ഒരു ഫാഷിസ്റ്റ് സംഘടനയായി മുദ്രകുത്താനും ശ്രമിച്ചുകൊണ്ടിരിക്കും. ചെറിയ വിഷയങ്ങള്‍ ഊതി പെരുപ്പിക്കും. ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അത് സോഷ്യല്‍മീഡിയയിലൂടെ വര്‍ഗീയമായി പ്രചരിപ്പിക്കും. അത് ഏറ്റുപിടിക്കാന്‍ ധാരാളം പേരുണ്ട്. നിങ്ങള്‍ നോക്കൂ, അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം ഈ സംഘടനകളും അവരെ പിന്തുണക്കുന്നവരും എല്ലാം നടത്തിയ പ്രവര്‍ത്തനം എന്താണെന്ന്. കൊലപാതകത്തെ അപലപിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് തുടങ്ങി, എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിക്കുന്നതില്‍ അവര്‍ എത്തി.  അതിന് അവര്‍ എസ്.എഫ്.ഐ ഫാഷിസ്റ്റ് സംഘടനയാണ് എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. എസ്.എഫ്.ഐ  നിരവധി പേരെ കൊന്നുതള്ളിയെന്നൊക്കെ പ്രചരിപ്പിക്കും. കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്‍െറ ചരിത്രം നിഷേധിച്ചുകൊണ്ടാണ് ഈ ആരോപണം. ഈ സംഘടനകള്‍ക്ക് പണമുണ്ട്. അവര്‍ക്ക് ആളുകളെ എളുപ്പത്തില്‍ സംഘടിപ്പിക്കാന്‍ കഴിയും, വലിയ പ്രചരണ സംവിധാനങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ അവരുടെ പ്രചാരണങ്ങള്‍ക്കാണ് മുന്‍തൂക്കം കിട്ടുക.

മതം ഒരുയാഥാര്‍ത്ഥ്യമാണ്. ജനാധിപത്യ സംവിധാനത്തില്‍ മതം പാടില്ല എന്ന് പറയാന്‍ പറ്റില്ലല്ളോ...?

ക്യാമ്പസുകളില്‍ മതം പാടില്ല. മതത്തെയും മതവാദത്തെയും ക്യാമ്പസിന് പുറത്താക്കണം. ഒരു ക്യാമ്പസിലും മതം പഠിപ്പിക്കുന്നില്ല. മതം പാഠ്യവിഷയമല്ല. മതം അതിനാല്‍ തന്നെ ക്യാമ്പസില്‍ വേണ്ട ഒന്നല്ല. വിശ്വാസവും മതവാദവും രണ്ടാണ്. വിശ്വാസമാകാം. മതവാദം കൂടുതല്‍ വര്‍ഗീയതയിലേക്ക് കാര്യങ്ങളെ എത്തിക്കും.

എ.ബി.വി.പിയാണോ, ക്യാമ്പസ് ഫ്രണ്ടാണോ ക്യാമ്പസില്‍ എസ്.എഫ്.ഐ നേരിടുന്ന പ്രധാന പ്രശ്നം?

രണ്ടും അപകടകരമാണ്. ഒന്ന് മറ്റൊന്നിന് വളം വയ്ക്കും. എ.ബി.വി.പിയുടെ പ്രവര്‍ത്തനം മുസ്ലിം സംഘടനകളെയും മുസ്ലിം സംഘടനകളുടെ പ്രവര്‍ത്തനം ഹിന്ദുത്വവാദികളെയും ശക്തിപ്പെടുത്തും. രണ്ടും അപകടരമാണെങ്കില്‍ ചില ഘട്ടത്തില്‍ ഒന്നാവും മുഖ്യസ്ഥാനത്ത്. അഭിമന്യു കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ മുസ്ലിം വര്‍ഗീയതയാണ് മുഖ്യസ്ഥാനത്ത്.

എസ്.എഫ്.ഐ ചില ഹിന്ദുത്വ ബിംബങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് സരസ്വതി ദേവിയുടെ ചിത്രം അടുത്തിടെ ഒരു ക്യാമ്പസില്‍ ഉപയോഗിച്ചത് കണ്ടു...?

അത് തെറ്റാണ്. മത ബിംബങ്ങള്‍ ഉപയോഗിക്കേണ്ട കാര്യമില്ല. അത് എതിര്‍ക്കപ്പെടേണ്ടതാണ്. എസ്.എഫ്.ഐക്ക് മതചിഹ്നങ്ങള്‍ ഉപയോഗിക്കുക എന്ന നയമില്ല. ഒറ്റപ്പെട്ട ഏതെങ്കിലും വിദ്യാര്‍ഥികള്‍ ചെയ്തത്, മൊത്തം സംഘടനയുടെ ഭാഗമായി പറയാന്‍ പറ്റില്ല. പക്ഷേ, ക്യാമ്പസ് ഫ്രണ്ട്, ഫ്രെറ്റേണിറ്റി പോലുള്ള സംഘടനകള്‍ തുറന്ന രൂപത്തില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നു, മതവാദത്തിന് ആളെക്കുട്ടുന്നു. അത് ചെറുക്കപ്പെടേണ്ടതാണ്.

‘പച്ചക്കുതിര’യുടെ കഴിഞ്ഞ ലക്കത്തില്‍ എസ്. ഹരീഷ് എസ്.എഫ്.ഐ യൂടെ ഇന്നലെകളും മോശമാണ്, അഭിമാനിക്കാന്‍ ഒന്നുമില്ല എന്ന മട്ടില്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു...?

അത് ചരിത്രത്തെ നിഷേധിച്ചുകൊണ്ടുള്ള വാദമാണ്. കേരളത്തിലെ കഴിഞ്ഞകാലത്ത് എസ്.എഫ്.ഐ നടത്തിയ പോരാട്ടങ്ങള്‍, ശ്രമങ്ങള്‍, സാമ്രാജ്യത്വവിരുദ്ധമുന്നേറ്റങ്ങള്‍, ആവിഷാരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി നടത്തിയ ത്യാഗോജ്ജലമായ പ്രവര്‍ത്തനം ഒന്നും കാണാതെ പറയുന്നതില്‍ എന്ത് മറുപടി പറയാനാണ്. മനസില്‍ യുവത്വമുള്ളവര്‍ ആരും അത് പറയില്ല. നിങ്ങള്‍ പറഞ്ഞ വ്യക്തിയെ ഞാനറിയില്ല (എസ്. ഹരീഷ് നോവല്‍ പിന്‍വലിക്കുന്നതിന് മുന്‍പാണ് ഈ അഭിമുഖം). ഒരു പക്ഷേ, അയാള്‍ക്ക് പ്രായംകൊണ്ടു ചെറുപ്പമായിരിക്കും. എന്നാല്‍, വാര്‍ധക്യം ബാധിച്ചിരിക്കുന്നു. മനസില്‍ വാര്‍ധക്യം ബാധിച്ചവര്‍ക്ക് മാത്രമേ യാഥാര്‍ത്ഥ്യങ്ങള്‍ കാണാതിരിക്കാനാവൂ. ഞാന്‍ പറയുന്നത് പ്രായത്തിന്‍െറ കണക്കിലെ വാര്‍ധക്യമല്ല.

എസ്.എഫ്.ഐയുടെ ഭൂതകാലം അവിടെ നില്‍ക്കട്ടെ. ഫാഷിസം ശക്തമായ ഇക്കാലത്ത്, അല്ളെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സമകാലീന അവസ്ഥയില്‍ എവിടെ എസ്.എഫ്.ഐയുടെ സമരങ്ങള്‍? 

വിദ്യാര്‍ഥികളില്‍ നിന്ന് ഒരു പ്രതിഷേധവും ഉണ്ടാവാത്ത വിധത്തില്‍ പലതരം ക്രമീകരണങ്ങള്‍ ഭരണകൂടവും കോടതിയും എല്ലാം കൂടി ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ഒന്നാമത് കലാലയ രാഷ്ട്രീയം നിരോധിക്കപ്പെട്ടിരിക്കുന്നു. കലാലയങ്ങളുടെ സ്വഭാവം മാറി, വിദ്യാഭ്യാസ സമ്പ്രദായം തന്നെ മാറി. ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് സമരം ചെയ്യാന്‍ പോയിട്ട് മറ്റൊന്നിനും സമയമില്ലാതായി. ഇന്‍േറണല്‍ അസസ്മെന്‍റുകള്‍, സെമസ്റ്റര്‍ സംവിധാനങ്ങള്‍, കടുപ്പമുള്ള സിലബസുകള്‍ എന്നിവയിലൂടെ കുട്ടികള്‍ക്ക് മറ്റൊന്നിനും സമയമില്ലാതായി. ഇറങ്ങിയാല്‍ തന്നെ അവര്‍ക്ക് വിദ്യാഭ്യാസം നഷ്ടപ്പെടുന്ന അവസ്ഥ. മഹാരാജാസ് കോളജ് ഉള്‍പ്പടെയുള്ള ക്യാമ്പസുകള്‍ സ്വയംഭരണത്തിന്‍ കീഴിലായി. അവിടെ അധ്യാപകര്‍ക്കും കോളജ്അധികൃതര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമേല്‍ സമഗ്രാധിപത്യം സാധ്യമായി. സ്വയംഭരണ കോളജുകളില്‍ നിന്ന് ഒരു വിദ്യാര്‍ഥി പുറത്താക്കപ്പെട്ടാല്‍ തുടര്‍ വിദ്യാഭ്യാസം പോലും സാധ്യമല്ല. മറ്റിടങ്ങളില്‍ പ്രവേശനം കിട്ടില്ല. ഇനി സ്വകാര്യ കോളജുകളിലാകട്ടെ വലിയ തുക കൊടുത്തുവേണം പഠിക്കാന്‍. അതിന് പുറത്ത് പ്രീഡിഗ്രി ക്ളാസുകള്‍ ഇപ്പോള്‍ കലാലയങ്ങളില്ല. അതിനേക്കാള്‍ വന്ന മാറ്റം, ആര്‍ട്സ് വിഷയങ്ങള്‍ പഠിക്കാന്‍ കോളജുകളില്‍ ആളില്ലാതായി എന്നാണ്. മുമ്പ് അതല്ല അവസ്ഥ. സ്വാശ്രയ വിദ്യാഭ്യാസവും സ്വകാര്യവത്കരണവും വന്നശേഷം ബി.ടെക്ക് പോലുള്ള കോഴ്സുകള്‍ മുട്ടിന് മുട്ടിന് വന്നു. ആര്‍ട്സ് വിഷയങ്ങള്‍ വിട്ട് വിദ്യാര്‍ഥികള്‍ കൂട്ടമായി എഞ്ചിനീയറിങ് പോലുള്ള കോഴ്സുകള്‍ക്ക് ചേര്‍ന്നു. ഇങ്ങനെ വിദ്യാഭ്യാസ മേഖലയില്‍ വന്ന മാറ്റങ്ങള്‍ വിദ്യാര്‍ഥികളെയും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെയും മാറ്റിതീര്‍ത്തു. എന്നാല്‍, ജിഷ്ണു പ്രണോയിയുടെ വ്യവസ്ഥാപിത കൊലപാതകത്തിന് ശേഷം പുതിയ മുന്നേറ്റം വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. അത് കാണാതിരുന്നു കൂടാ.

പ്രതിപക്ഷ സംഘടന എന്ന ദൗത്യം നിര്‍വഹിക്കാന്‍ കഴിയാത്ത വിധത്തില്‍ കെ.എസ്.യുവും മാറിയോ?

സംശയമെന്ത്. വിദ്യാര്‍ഥി വിഷയങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കെ.എസ്.യു. ദയനീയമായി പരാജയപ്പെട്ടു. പകരം ആരാണ് വന്നത് എന്ന് നോക്കൂ. ക്യാമ്പസ് ഫ്രണ്ടുള്‍പ്പടെയുള്ള മതഭീകരവാദികള്‍. അവര്‍ക്ക് ഏക എതിരാളികള്‍ എസ്.എഫ്.ഐയാണ്. അതുകൊണ്ടാണ് എസ്.എഫ്.ഐയെ അധിക്ഷേപിക്കുന്നതും.

ദേശീയതലത്തില്‍ നോക്കിയാല്‍ പുതിയ ദലിത് സംഘടനകള്‍ ഉയര്‍ന്നുവരുന്നു, മത ന്യൂനപക്ഷ സംഘടനകള്‍ കടന്നുവരുന്നു. ഫാഷിസത്തിനെതിരെ ചില ഒന്നിക്കലുകള്‍ ജെ.എന്‍.യു ഉള്‍പ്പടെയുള്ള ക്യാമ്പസുകളില്‍ സാധ്യമാകുന്നു. പുതിയ മാറ്റങ്ങളെ എസ്.എഫ്.ഐ ഉള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെടുന്നുണ്ടോ?

നേരത്തെ വ്യക്തമാക്കിയതുപോലെ, രാജ്യത്തെ പ്രധാനപ്പെട്ട ക്യാമ്പസുകളില്‍ മതസംഘടനകള്‍ക്ക് അവരുടേതായ കൃത്യമായ ലക്ഷ്യമുണ്ട്. അത് മാറ്റിനിര്‍ത്താം. ദലിത് വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പുതിയ വിഷയങ്ങളെ അഭിമുഖീകരിക്കാന്‍ എസ്.എഫ്.ഐ വിമുഖത കാട്ടുന്നതായി തോന്നിയിട്ടില്ല. പുതിയ കാലത്തിന്‍െറ വെല്ലുവിളികള്‍ ഏറ്റെടുത്ത്, ഫാഷിസത്തിനെതിരെയുള്ള ചെറുത്തുനില്‍പ് ശക്തമാക്കണം. അതില്‍ എസ്.എഫ്.ഐക്ക് നിര്‍ണായക പങ്കുണ്ട്. അത് വിദ്യാര്‍ഥികള്‍ നിറവേറ്റണം.

നേരത്തെ ക്യാമ്പസുകളിലെ പ്രശ്നങ്ങളെപ്പറ്റിയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ അപചയങ്ങളെയും പറ്റിയും പറഞ്ഞു. ഇടതുപക്ഷമാണ് അധികാരത്തില്‍. എന്തുകൊണ്ട് മറ്റങ്ങളുണ്ടാകുന്നില്ല..?

വിദ്യാഭ്യാസ മേഖലയില്‍ വലിയ പരിഷ്കരങ്ങള്‍ കൊണ്ടുവന്നത് ഇടതുപക്ഷ സര്‍ക്കാരാണ്.ആദ്യ ഇ.എം.എസ്. സര്‍ക്കാര്‍ പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമാക്കുകയും ചെയ്തു. പക്ഷേ, സര്‍ക്കാരിനെതിരെ മത-ജാതി സംഘടനകള്‍ മുഴുവന്‍ രംഗത്തിറങ്ങി. പിന്നീട് നടന്ന സ്വകാര്യവത്കരണവും കച്ചവടവല്‍ക്കരണവും അതീഭീകരമാണ്. അതിനെ ചെറുക്കുന്നതില്‍ വലിയ പങ്ക് ഇപ്പോഴും വഹിക്കുന്നത് ഇടതുപക്ഷവും ഇടതുസര്‍ക്കാരുമാണ്. ഇപ്പോഴത്തെ സര്‍ക്കാര്‍ നല്ല ചുവടുകള്‍ വയ്ക്കുന്നു. പൊതുവിദ്യാഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യം വളരെ വലുതാണ്. അതിന്‍െറ ഫലമായി കൂടുതല്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്കും കലാലയങ്ങളിലേക്കും മടങ്ങിവന്നുകൊണ്ടിരിക്കുന്നു. ആര്‍ട്സ്വിഷയങ്ങള്‍ പഠിക്കുന്നതിലേക്കും അവര്‍ കൂടുതലായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. പൊതുവിദ്യാഭ്യാസത്തിന്‍െറ നിലവാരം ഉയരുന്നുണ്ട്.അത് ശുഭസൂചകമാണ്.

മഹാരാജാസ് ഉള്‍പ്പടെയുള്ള ക്യാമ്പസുകള്‍ എങ്ങനെയായിരിക്കണമെന്നാണ് താങ്കള്‍ സങ്കല്‍പിക്കുന്നത്?

മഹാരാജാസ് മാത്രമല്ല എല്ലാ ക്യാമ്പസുകളും രാഷ്ട്രീയവല്‍ക്കരിക്കപ്പെടണം. കക്ഷിരാഷ്ട്രീയമല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. വിദ്യാര്‍ഥികള്‍ അവരുടെ ചരിത്രപരമായ കടമകള്‍ ഏറ്റെടുക്കണം. ക്യാമ്പസുകളില്‍ സ്വതന്ത്ര ചിന്തയും സംസ്കാരവും ശക്തിയാര്‍ജിക്കണം. മത സംഘടനകള്‍ക്ക് ഒരിടവും ക്യാമ്പസുകളില്‍ നല്‍കരുത്. അവിടം ജനാധിപത്യവല്‍ക്കരിക്കപ്പെടണം. സംഘര്‍ഷങ്ങള്‍ പൂര്‍ണമായി ഒഴിവാക്കപ്പെടണം. കച്ചവടവല്‍ക്കരണത്തില്‍ നിന്ന് ക്യാമ്പസുകള്‍ മുക്തമാകണം.

അത് സാധ്യമാകുമോ-താങ്കള്‍ ശുഭാപ്തി വിശ്വാസിയാണോ?

സംശയമെന്ത്. ഞാന്‍ മാര്‍ക്സിസ്റ്റാണ്. മാര്‍ക്സിസ്റ്റ് ചരിത്ര വിശകലന രീതികളില്‍ വിശ്വസിക്കുന്നു. ചരിത്രം ഒരിക്കലും നിശ്ചലമായിരുന്നിട്ടില്ല. വലിയ സാമ്രാജ്യത്വങ്ങളെ ജനം കടപുഴക്കിയിട്ടു. ഈ ഫാഷിസ്റ്റ് ക്രമത്തെയും ജനം മറിച്ചിടും. അതില്‍ സംശയമെന്തിന്?









പച്ചക്കുതിര  2018 ആഗസ്റ്റ്

Monday, October 1, 2018

ആരാണ് ഗാന്ധിയെ കൊന്നത്?



ഗാന്ധിജി @ 150


ഹിന്ദു ഫാഷിസ്​റ്റ് തീവ്രവാദികളാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയത്. പക്ഷേ, കൊ ലപാതകികൾക്ക് പിന്നിലെ ഫാഷിസ്​റ്റ് സംഘടനകളുടെ പങ്ക് ഇതുവരെ അന്വേഷിച്ചിട്ടില്ല. എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചത്​? ഗാന്ധി വധത്തിന് പിന്നിലെ സംഭവങ്ങൾ എഴുതുകയാണ് ഗാന്ധിജിയുടെ പ്രപൗത്രൻ കൂടിയായ ലേഖകൻ.



ആരാണ് ഗാന്ധിയെ കൊന്നത്?

തുഷാർ എ. ഗാന്ധി

മൂന്ന് തവണ നിറയൊഴിച്ച് ബാപ്പുവിനെ നാഥുറാം ഗോദ്​സെ കൊലപ്പെടുത്തി. നേരത്തെ, തുടർച്ചയായി പരാജയപ്പെട്ട ഒരു ഉദ്യമം ഏതെങ്കിലും സംഘടനയുടെയും അതിെൻറ ഭ്രാന്തൻ കേഡറുമില്ലാതെ സാധ്യമാകുമായിരുന്നില്ല. കുറ്റാരോപിതന് രാജ്യവ്യാപകമായി പിന്തുണയും അപരിമിതമായ വിധത്തിൽ പണവും മറ്റ് സഹായങ്ങളും ലഭിച്ചു. അത് സംഘടനാപരമായ പങ്കാളിത്തമില്ലാതെ സാധ്യമാകുമായിരുന്നില്ല.
ഗാന്ധി വധത്തിലെ എല്ലാ കുറ്റാരോപിതർക്കും അടുത്ത് ബന്ധമുള്ള രണ്ട് സംഘടനകളാണുണ്ടായിരുന്നത്. ആർ.എസ്​.എസും ഹിന്ദു മഹാസഭയും. ചില വിചിത്ര കാരണങ്ങളാൽ, സൂചനകളും കുറ്റസമ്മതങ്ങളുണ്ടായിട്ടും  ഈ രണ്ടു സംഘടനകളുടെയും പങ്ക് ഒരിക്കലും അന്വേഷിച്ചില്ല. എന്തുകൊണ്ട്? നമ്മളൊരിക്കലും അത് അറിയാൻ പോകുന്നില്ല.
ഗോദ്​സെയും ആംപ്തെയും പൊങ്ങച്ചക്കാരും ആത്മസ്​തുതിക്കാരുമായിരുന്നു. പക്ഷേ, അവർ കാര്യപ്രാപ്തിയുള്ളവരായി പരിഗണിക്കപ്പെട്ടിരുന്നില്ല. സവർക്കറിൽ മതിപ്പുളവാക്കാൻ അവർ മുസ്​ലിംകൾ, ഹൈദരാബാദിലെ നൈസാം, മുസ്​ലിം ലീഗുകാർ എന്നിവരെ ആക്രമിക്കാനുള്ള വിവിധ പദ്ധതികൾ പെരുപ്പിച്ച് പറഞ്ഞു. അവരുടെ പ്രവർത്തന രീതി തങ്ങളുടെ പദ്ധതിക്കായി സവർക്കറുടെ ആശിസ്സുകൾ നേടുകയും അങ്ങനെ ആർ.എസ്​.എസ്​, ഹിന്ദു മഹാസഭ, ഉറച്ച സവർക്ക​റൈറ്റുകൾ എന്നിവരുടെ പണവും പിന്തുണയും തേടുകയായിരുന്നു. അവർ മുന്നോട്ടു​െവച്ച ആദ്യ പദ്ധതി ബോംബെ പ്രവിശ്യയുടെ അതിർത്തിയോട് ചേർന്നുള്ള ഹൈദരാബാദ് നൈസാമിെൻറ വരുമാന സംവിധാനങ്ങൾ ആക്രമിക്കുകയായിരുന്നു. അതിനായി അവർ പണം സമാഹരിച്ചു. പിന്നെ ദീക്ഷിത് മഹാരാജിനെ സമീപിച്ച് അദ്ദേഹത്തിെൻറ വലിയ കാറുകളിൽ ഒന്ന് ആവശ്യപ്പെട്ടു. നൈസാമിനുനേരെ ആക്രമണം നടന്നതിെൻറ വാർത്തകളില്ലാതെ മൂന്നാഴ്ച കടന്നുപോയി. ദീക്ഷിത് മഹാരാജ് ത​െൻറ കാർ തേടിയെത്തി. അദ്ദേഹം കണ്ടത് ആംപ്തെ ത​െൻറ പെൺസുഹൃത്തിനോട് ആക്രമണത്തിനായി വാങ്ങിയ കാറിൽ പ്രണയ സല്ലാപങ്ങളിൽ ഏർപ്പെടുന്നതാണ്. പിന്നെ ഇരുവരും വന്നത് പാക് അസംബ്ലി ബോംബ് തൊടുത്ത് വിട്ട് തകർക്കുന്ന പദ്ധതിയുമായാണ്. അവർ സവർക്കറുടെ ആശിസ്സുകൾ നേടി. പണം സമാഹരിച്ചു. പക്ഷേ, അത് നടത്താനായില്ല.
വിഭജനസമയത്ത് പാകിസ്​താന്​ നൽകാനുള്ള ആയുധങ്ങളും വെടിക്കോപ്പുമായി രണ്ട് പ്രത്യേക െട്രയിനുകൾ പാകിസ്​താനിലേക്ക് പോകുന്നുവെന്ന വാർത്ത വന്നു. അപ്പോൾ ഇരുവരും ആ െട്രയിനുകൾ ബസൂക്കകൾ (തോളത്ത് വെച്ച് ദൂരെനിന്ന് ആക്രമിക്കാവുന്ന വെടിക്കോപ്പ്) ഉപയോഗിച്ച് െട്രയിനുകൾ തകർക്കുന്ന പദ്ധതിയുമായി എത്തി. അത്തവണയും ഒന്നും നടന്നില്ല.
പിന്നെ അവർ ഒരു സ്​റ്റെൻഗൺ വാങ്ങാനും പലായനം ചെയ്യുന്ന മുസ്​ലിംകൾക്ക് നേരെ അത് ഉപയോഗിക്കാനും തീരുമാനിച്ചു. അത് പ്രാവർത്തികമാക്കാൻ പോലും കഴിയാതെ ഉപേക്ഷിച്ചു. അവസാന പരിപാടി കശ്മീരിലേക്ക് അധിനിവേശ ശ്രമം നടത്തുന്ന കബാലികൾക്ക് എതിരെ പോരാടാൻ ആയുധങ്ങളും വെടിക്കോപ്പുകളും തുടർച്ചയായി എത്തിക്കലായിരുന്നു. കശ്മീർ ആക്രമിക്കുന്ന കബാലികൾക്കെതിരെ പോരാടാൻ ഹിന്ദുപോരാളികളെ തിരഞ്ഞെടുക്കാനും പരിശീലനം നൽകാനും ഇരുവരും ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും അവരെ പിന്തുണച്ചിരുന്നവർക്ക് അവരിലെ വിശ്വാസം നഷ്​ടപ്പെട്ടിരുന്നു.
ബാപുവിെൻറ ജീവനെടുക്കാനുള്ള എല്ലാ പരാജയപ്പെട്ട ശ്രമങ്ങൾക്കും കൊലപാതകിക്കും ഇടയിൽ ഒരു ബന്ധമുണ്ടായിരുന്നു. ബാപുവിെൻറ ജീവൻ എടുക്കാൻ അഞ്ച് പരാജയപ്പെട്ട ശ്രമങ്ങൾ നടന്നിരുന്നു. ഈ എല്ലാ ശ്രമങ്ങൾക്കും പുണെ, ഗോദ്​​സെ, ആംപ്തെ, ആർ.എസ്​.എസ്​, ഹിന്ദു മഹാസഭ അംഗങ്ങൾ എന്നുള്ള പൊതു ഘടകങ്ങളുണ്ടായിരുന്നു. അവസാനത്തേത് ഒഴിച്ച് എല്ലാം സ്വാതന്ത്ര്യത്തിന് മുമ്പാണ് നടന്നത്. അവ അന്വേഷിക്കപ്പെട്ടില്ല. ആദ്യത്തേത് 1934 ജൂണിൽ പുണെയിൽ ​െവച്ചായിരുന്നു. രണ്ടാമത്തേത് 1944 ജൂലൈയിൽ പഞ്ചാഗ്​നിയിൽ. മൂന്നാമത്തേത് 1944 സെപ്റ്റംബറിൽ സേവാഗ്രാമിൽ. നാലാമത്തേത് 1946 ജൂൺ 19ന്. അത് കർജാതിനും ഖണ്ഡാലക്കുമിടയിലുള്ള പശ്ചമഘട്ടത്തിൽ എവിടെയോ ​െവച്ചായിരുന്നു. അഞ്ചാമത്തേത് 1948 ജനുവരി 20 ന് ന്യൂഡൽഹിയിലെ ബിർള ഹൗസിൽ ​െവച്ചായിരുന്നു. എല്ലാം പരാജയപ്പെട്ടു. ആദ്യത്തേതും നാലാമത്തേതിലും ഒരാളും പിടിക്കപ്പെട്ടില്ല. അത് അന്വേഷിച്ചതുമില്ല. മറ്റ് മൂന്നെണ്ണത്തിലും ആപ്തെ, ഗോദ്​സെ, ആർ.എസ്​.എസ്​, ഹിന്ദുമഹാസഭ അംഗങ്ങളുടെ പങ്കാളിത്തം എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടു.
എറ്റവും വിറങ്ങലിപ്പിക്കുന്നത് ബാപുവിനെ കൊല്ലാൻ കിട്ടിയ ഒരു അവസരം ഗോദ്​സെ കൃത്യമായി മുതലാക്കി എന്ന പൊതുധാരണയാണ്. ശ്രമങ്ങൾ പരാജയപ്പെട്ടുവെങ്കിലും ബാപുവിെൻറ കൊലപാതകം കൃത്യമായി അസൂത്രണം ചെയ്തതാണ്. തുടർച്ചയായി പരാജയപ്പെട്ട ശ്രമങ്ങൾക്ക് വേണ്ടി നടന്ന തയാറെടുപ്പുകൾ മൂലം ഗോദ്​സെയും ആംപ്തെയും അവസാനത്തേതിൽ വിജയിച്ചു.
1946 മുതൽ പ്രത്യക്ഷ സമരദിനം മുതൽ  കൊലപാതകങ്ങളും തിരിച്ചുള്ള കൂട്ടക്കൊലകളും അരങ്ങേറിയ ശേഷം, ഡൽഹിയിലുള്ളപ്പോഴെല്ലാം ബാപു വൈകുന്നേരങ്ങളിൽ എല്ലാ വിശ്വാസങ്ങളും ഉൾക്കൊള്ളുന്ന പ്രാർഥനാ യോഗങ്ങൾ നടത്തിയിരുന്നു. ഖുർആനിലെ ആയത്തുകൾ ബാപു വായിക്കുമ്പോൾ എല്ലാ സമയത്തും ആളുകൾ എഴുന്നേറ്റ് പ്രതിഷേധിച്ചു. ഈ പ്രതിഷേധം തീവ്രവും അക്രമോത്സുകവുമായി മാറി. തൂപ്പുകാരുടെ കോളനിയിൽ നടന്ന അക്രമോത്സുകമായ പ്രതിഷേധത്തെപ്പറ്റി ആംപ്തെയും ഗോദ്​സെയും വമ്പു പറഞ്ഞു. ‘‘ഞങ്ങൾ അയാളെ പേടിപ്പിച്ച് ഓടിച്ചു’’ എന്നവർ പു​െണയിൽ വീരവാദം മുഴക്കി. അവസാനത്തെ പരാജയപ്പെട്ട ആക്രമണം നടന്നതും നാഥുറാം ഒടുവിൽ ബാപുവിനെ കൊന്നതും സായാഹ്ന പ്രാർഥനാ വേളയിലാണ്. ഇസ്​ലാമിക പ്രാർഥനകൾ ചൊല്ലണമെന്നുള്ള ബാപുവിെൻറ നിർബന്ധം മൂലവും ആ പിടിവാശിയോടുള്ള സ്വയോത്ഭവ രോഷത്തിെൻറ ഫലമായും കൊലപാതകം നടന്നുവെന്നുമുള്ള തോന്നൽ ആളുകളിൽ പടർത്താനായിരുന്നു പദ്ധതി. ഗോദ്​സെക്കും ആംപ്തെക്കും ആ പ്രചാരണം നീണ്ടനാൾ നിലനിർത്താനുള്ള കഴിവുണ്ടായിരുന്നില്ല, പക്ഷേ, ആർ.എസ്​.എസിനുണ്ടായിരുന്നു.
ബാപു കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുമ്പുവരെ ഗോദ്​സെക്ക് തോക്ക് സംഘടിപ്പിക്കാനായിരുന്നില്ല. അത്ഭുകരമായി, 1948 ജനുവരി 28ന് ഗോദ്​സെക്കും ആംപ്തെക്കും അക്കാലത്തെ മികച്ച തോക്കുകളിൽ ഒന്ന് ഗ്വാളിയറിൽ നിന്ന് സ്വന്തമാക്കാനായി. ഏറ്റവും മികച്ച, തൊട്ടടുത്ത് നിന്ന് കൊലപാതകം നടത്തുന്നവരുടെ പ്രിയപ്പെട്ട തോക്ക്. ‘ഫാഷിസ്​റ്റ് സ്​പെഷൽ’ ബെരേറ്റ 9 എം.എം സെമി ഓട്ടോമാറ്റിക്. തോക്ക് സംഘടിപ്പിക്കാൻ സഹായിച്ചതിന് ഗ്വാളിയർകാരനായ പാർച്യുറ (ദത്താേത്രയ പാർച്യുറ) അറസ്​റ്റിലായി. അദ്ദേഹം എല്ലാം തുറന്നു പറഞ്ഞു. എന്നാൽ, ഹൈകോടതിയിലെ അപ്പീലിൽ ബുദ്ധിമാനായ പ്രതിഭാഗം അഭിഭാഷകൻ അദ്ദേഹത്തിെൻറ അറസ്​റ്റിലെ നടപടിക്രമ വീഴ്ച ചൂണ്ടിക്കാട്ടി കേസിൽ നിന്ന് കുറ്റമുക്തനാക്കി. ഞെട്ടിപ്പിക്കുന്ന കാര്യം ഗോദ്​സെ എങ്ങനെ തോക്ക് സംഘടിപ്പിച്ചു, അത് എവിടെ നിന്നു വന്നു എന്ന് ഒരിക്കലും അന്വേഷിക്കപ്പെട്ടില്ല എന്നതാണ്. അവർക്ക് ആ തോക്ക് ഒരു ദേശീയ സംഘടനയുടെ സഹായമില്ലാതെ സംഘടിപ്പിക്കാനാവില്ല. ആസ്​ഥാനത്തുനിന്നുള്ള ആദേശുകൾ (ഉത്തരവുകൾ) അനുസരിക്കാൻ വിശ്വസ്​തരായ കേഡർമാരുള്ള, അത്തമൊരു ദേശീയ സംഘടനയാണ് ആർ.എസ്​.എസ്​.
ഒരു കോടതിയോ, ഒരു അന്വേഷണ കമീഷനോ ഗാന്ധി കൊലപാതകത്തിൽ ആർ.എസ്​.എസിെൻറ പങ്ക് ഒരിക്കലും കണ്ടെത്തിയില്ല. കാരണം അവർക്ക് നേരെ അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ കോടതിയോടോ അന്വേഷണകമീഷനോടോ ആവശ്യമുയർന്നില്ല.
1948 ജനുവരി 30ന് വൈകീട്ട് 5.17ന് നാഥുറാം ഗോദ്​സെ ബാപുവിെൻറ നെഞ്ചിലേക്ക് തൊട്ടടുത്ത് നിന്ന് മൂന്ന് വെടിയുണ്ടകൾ ഉതിർത്ത്  അദ്ദേഹത്തെ കൊന്നു. എങ്കിലും ആ കൈകളിൽ തോക്കുപിടിപ്പിച്ചത് ഗോദ്​സെയുടെ രക്ഷാധികാരികളും പിന്തുണക്കുന്ന സംഘടനകളാണെന്നും അതിനുള്ള ആദേശ് അവരിലേക്ക് വരുകയായിരുന്നുവെന്നുമുള്ള വസ്​തുത ശേഷിക്കുന്നു.

–––––––––
ഗാന്ധിജിയുടെ പേരമകൻ അരുൺ മണിലാൽ ഗാന്ധിയുടെ മകനാണ് തുഷാർ എ. ഗാന്ധി. മുംബൈയിൽ താമസിക്കുന്ന അദ്ദേഹം ‘ലെറ്റ് അസ്​ കിൽ ഗാന്ധി’ എന്ന ഗ്രന്ഥത്തിെൻറ രചയിതാവ് കൂടിയാണ്.

മൊഴിമാറ്റം: ആർ.കെ. ബിജുരാജ്


മാധ്യമം ആഴ്​ചപ്പതിപ്പ്​ 1074, 2018 ഒക്​ടോബർ ഒന്ന്​


ചരിത്രത്തിൽ ഗാന്ധി


ഗാന്ധിജി @ 150

ചരിത്രപരമായ ഇടപെടലുകളിലൂടെ ഗാന്ധി പുതിയ ഇന്ത്യ  സൃഷ്​ടിച്ചെടുത്തു. മതേതരത്വം, സമത്വം തുടങ്ങിയ വലിയ ആശയങ്ങൾ പുതിയ രാജ്യത്തിെൻറ അടിത്തറയാക്കിമാറ്റാൻ അദ്ദേഹം നിതാന്തമായി പോരാടി. ഇന്ത്യ പഴയ ആദർശങ്ങളിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് വ്യക്തമാക്കുകയാണ്  ഗാന്ധിജിയുടെയും സി. രാജഗോപാലാചാരിയുടെയും കൊച്ചുമകനും ചിന്തകനും  പത്രപ്രവർത്തകനും ജീവചരിത്രകാരനുമായ ലേഖകൻ. മാധ്യമം ആഴ്ചപ്പതിപ്പിനായി എഴുതിയ ഈ കുറിപ്പിൽ ശുഭാപ്തിവിശ്വാസത്തിെൻറ ഗാന്ധിയൻ പ്രതീക്ഷകൾ അദ്ദേഹം നിറക്കുന്നു








ചരിത്രത്തിൽ ഗാന്ധി

രാജ്മോഹൻ ഗാന്ധി

1948ൽ, 78ാം വയസ്സിൽ കൊല്ലപ്പെടു​േമ്പാൾ ഗാന്ധി ഒരു  പ്രായംചെന്ന വ്യക്തിയായാണ് തോന്നിച്ചത്. ഇന്ന്, പല ഇന്ത്യക്കാർക്കും അദ്ദേഹത്തിെൻറ ചില കൊച്ചുമക്കൾക്ക് ഉൾ​െപ്പടെ 78ലേറെ വയസ്സുണ്ട്.
ത​െൻറ ആയുഷ്കാലത്ത് ഗാന്ധി പല സ്​ഥലങ്ങളിലും ജീവിച്ചിട്ടുണ്ട്. രാജ്കോട്ടിലും മുംബൈയിലും ജീവിച്ചു. ദക്ഷിണാഫ്രിക്കയിൽ ഡർബൻ, പ്രിട്ടോറിയ, ജൊഹാനസ്​ബർഗ് എന്നിവിടങ്ങളിൽ. ഗുജറാത്തിലെ അഹ്​മദാബാദിൽ. ബിഹാറിലെ ചമ്പാരനിൽ. മഹാരാഷ്​ട്രയിലെ സേവാഗ്രാമിൽ. ഇന്ന് ബംഗ്ലാദേശിെൻറ ഭാഗമായ നവഖാലിയിലെ നെയ്ത്തുകാരുടെയും അലക്കുകാരുടെയും കൂരകളിൽ.  ഇപ്പോൾ പാകിസ്​താനിലെ ഖൈബർ പക്​തുഖ്വാ പ്രവശ്യയിലെ ചർസദ്ദ, ഉദ്​മാൻസായി, അബോദബാദ് എന്നിവിടങ്ങളിൽ. കേരളത്തിൽ, ആന്ധ്രയിൽ, അസമിൽ. കൊൽക്കത്തയിൽ, മുംബൈയിൽ, ചെന്നൈയിൽ, ബംഗളൂരുവിൽ. അമൃത്​സറിൽ, ലാഹോറിൽ, കറാച്ചിയിൽ. മ്യാൻമറിലും ശ്രീലങ്കയിലും. ഇംഗ്ലണ്ട്, ഫ്രാൻസ്​, സ്വിറ്റ്സർലൻഡ്, ഇറ്റലി എന്നീ രാജ്യങ്ങളിൽ.
അദ്ദേഹം ജയിലിൽ ജീവിച്ചു. ഇന്ത്യക്കും ആഫ്രിക്കക്കും ബ്രിട്ടീഷ് ഐൽസുകൾക്കുമിടയിലെ കപ്പലുകളിൽ ജീവിച്ചു. ഇന്ത്യയിലെമ്പാടും ആവി പറത്തി ഓടിയ െട്രയിനുകളിൽ കഴിഞ്ഞു. ഡൽഹിയിൽ അദ്ദേഹത്തിെൻറ ആതിഥേയർ ഹിന്ദുക്കളും മുസ്​ലിംകളും ക്രിസ്​ത്യാനികളും ജൈനരുമായിരുന്നു. അവിടെ അദ്ദേഹത്തിെൻറ ആതിഥേയർ പാവപ്പെട്ട ദലിതരും ഘനശ്യാം ദാസ്​ ബിർളയെപോലുള്ള ധനിക വ്യവസായികളുമായിരുന്നു
ഗാന്ധിക്ക് എല്ലായിടവും വീടായി തോന്നി. കാരണം എല്ലായിടത്തും അദ്ദേഹം സുഹൃത്തുക്കളെ സൃഷ്​ടിച്ചു.

ഠഠഠ
കൊല്ലപ്പെട്ടശേഷം വളരെക്കാലം ഗാന്ധി ഹിന്ദുദേശീയവാദികളാൽ ആക്രമിക്കപ്പെട്ടു. വിഭജനം തടയാനാവാത്തതിെൻറ പേരിൽ. ‘‘അദ്ദേഹം ഇന്ത്യയുടെ പിതാവല്ല’’, ഹിന്ദു തീവ്രവാദികൾ വിളിച്ചുകൂവി: ‘‘അയാൾ പാകിസ്​താെൻറ പിതാവാണ്.’’
ഇന്ന് ഹിന്ദു ദേശീയവാദികൾ ഗാന്ധിയെ ആക്രമിക്കുന്നത് വിഭജനത്തെ ചെറുക്കാത്തതിനല്ല. അവർ സ്വകാര്യമായി പറയുന്നത് ഇങ്ങനെയാണ്: ‘‘പാകിസ്​താൻ ഉണ്ടാവുന്നത് തടയുന്നതിൽ ഗാന്ധി പരാജയപ്പെട്ടതിൽ ദൈവത്തിന് നന്ദി. ഇന്ത്യ ഒന്നായി തുടർന്നുവെങ്കിൽ ഇന്ത്യയിലെ മുസ്​ലിം ശതമാനം 15 അല്ല 35 ആകുമായിരുന്നു. ദൈവം ഇടപെട്ടു,  ഗാന്ധി പരാജയപ്പെട്ടു, ഇന്ത്യ അനുഗ്രഹിക്കപ്പെട്ടു.’’
എന്നാൽ, ഇന്ത്യ അത്രമാത്രം അനുഗ്രഹിക്കപ്പെട്ടില്ല. ഇന്ത്യയെ യോജിപ്പിച്ച് നിർത്തണമെന്ന ഗാന്ധിയുടെ അപകടകരമായ ആഗ്രഹം പൂവണിഞ്ഞില്ല. എങ്കിലും നെഹ്റുവിെൻറയും അംബേദ്കറിെൻറയും മറ്റുള്ളവരുടെയും സഹായത്തോടെ ഇന്ത്യൻ ഭരണകൂടം മതനിരപേക്ഷമായിരിക്കുമെന്ന് ഗാന്ധി ഉറപ്പാക്കി. അങ്ങനെ ഇന്ത്യൻ പൗരർക്ക് ചിന്തിക്കാൻ, വിശ്വസിക്കാൻ, ആരാധിക്കാനുള്ള സ്വാതന്ത്ര്യം സ്വന്തമായി.
എന്തുകൊണ്ടാണ് വിഭജനം തടയുന്നതിൽ ഗാന്ധി പരാജയപ്പെട്ടത്? കാരണം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അക്ഷമ മൂലം ഭൂരിപക്ഷം ഇന്ത്യക്കാരും അതാവശ്യപ്പെടുന്ന വില നൽകാൻ തയാറായിരുന്നു. വിഭജനമായിരുന്നു ആ വില. മൂന്നു പതിറ്റാണ്ട് ഗാന്ധിയുടെ അടുത്ത സഹപ്രവർത്തകരായിരുന്നവർ (നെഹ്റു, പട്ടേൽ, ആസാദ്, രാജാജി, രാജേന്ദ്ര പ്രസാദ്, കൃപാലിനി എന്നിവരുൾ​െപ്പടെ) ആ വില നൽകാൻ തയാറായിരുന്നു. ജനങ്ങളിലെ വലിയ ഭൂരിപക്ഷം ആ വില നൽകാൻ തയാറായിരുന്നു.
ഹിന്ദു ഭൂരിപക്ഷ മേഖലകൾ പുതിയ ഇന്ത്യയാവുകയും മുസ്​ലിം ഭൂരിപക്ഷ മേഖലകൾ പാകിസ്​താനാവുകയും ചെയ്തുവെന്നത്​സത്യമാണ്. ഗാന്ധി ഭൂരിപക്ഷ അഭിപ്രായത്തിന് വഴങ്ങുകയും വിഭജനം അംഗീകരിക്കുകയും ചെയ്തു.
ജീവിതത്തിെൻറ അവസാന വർഷങ്ങളിൽ എല്ലാ ജനങ്ങൾക്കുമായി ചെറിയ ഇന്ത്യയെ ഒരു രാഷ്​ട്രമെന്ന നിലയിൽ സ്വതന്ത്രമായി നിലനിർത്താനും സ്വാതന്ത്ര്യത്തിെൻറ ഉദയത്തിനൊപ്പം സംഭവിച്ച ദുഃഖകരമായ മുറിവുകൾ ഉണക്കാനും ഗാന്ധി അധ്വാനിച്ചു.
ഈ ലക്ഷ്യങ്ങളിൽ അദ്ദേഹത്തിെൻറ വിജയം പൂർണമോ സ്​ഥായിയായതോ ആയിരുന്നില്ല.  പക്ഷേ, അത് അസാധാരണമായിരുന്നു.
ത​െൻറ ജീവിതത്തിെൻറ അവസാന വർഷത്തിൽ ചെയ്തപോലെ ഗാന്ധി വാദിക്കുകയും പോരാടുകയും ഉപവസിക്കുകയും ചെയ്തിരുന്നില്ലെങ്കിൽ ഇന്ത്യയിൽ ഒരു ഹിന്ദു രാഷ്​ട്രം സ്​ഥാപിക്കപ്പെടുമായിരുന്നു. മുസ്​ലിംകൾ ഡൽഹിയിൽ നിന്ന് പുറന്തള്ളപ്പെടുമായിരുന്നു. രാജ്യത്തെമ്പാടും മുസ്​ലിംകളും ക്രിസ്​ത്യാനികളും രണ്ടാംതരം പദവി അംഗീകരിക്കാൻ നിർബന്ധിക്കപ്പെടുമായിരുന്നു. ഗാന്ധിജി ഈ കാര്യങ്ങൾ സംഭവിക്കുന്നത് തടഞ്ഞു.  ഈ കാര്യങ്ങൾ ത​െൻറ ജനനത്തിെൻറ 150ാം വാർഷികം പുറമേക്ക് ആഘോഷിക്കുന്ന ഒരു കൂട്ടം ആളുകളുടെ രഹസ്യപിടിയിൽ സംഭവിക്കുന്നതിൽ നിന്നായിരുന്നു അദ്ദേഹം തടഞ്ഞത്. ആ ആളുകളുടെ ഉള്ളിലെ ആഗ്രഹം, ചിലപ്പോഴൊക്കെ തുറന്നുതന്നെ പ്രകടിപ്പിച്ചതുപോലെ, ഒരു ഹിന്ദു രാഷ്​​ട്രവും  വർഗീയ തരംതിരിവുകളും ഇന്ത്യ അതിെൻറ സ്വാതന്ത്ര്യത്തിെൻറ 100ാം വർഷികം, 2047ൽ വരുന്നതിന് മുമ്പേ കൊണ്ടുവരുകയാണ്.
‘‘എല്ലാവർക്കും തുല്യ അവകാശം’’ എന്ന പ്ലക്കാർഡ് ഏന്തുന്നത് ഇന്നത്തെ ലോകത്ത് പുതുമയല്ല. അത് ട്രംപിെൻറ അമേരിക്കയിലോ മോദിയുടെ ഇന്ത്യയിലോ പുതുമയല്ല. പുടിെൻറ റഷ്യയിലോ അല്ലെങ്കിൽ ഷിയുടെ ചൈനയിലോ അല്ല. മറ്റ് പല നാടുകളിലുമല്ല.
ഇന്നത്തെ ദേശീയവും ആഗോളവുമായ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ 1947 ലും 1948 ലും ഗാന്ധി നടത്തിയ സാഹസിക കൃത്യങ്ങൾ ചരിത്രപരമായ ആക്സ്​മിക നേട്ടമായി തോന്നുന്നു. സ്വതന്ത്ര ഇന്ത്യ മതനിരപേക്ഷ ഭരണകൂടമാക്കാനുള്ള നീക്കം ഇന്ത്യൻ സ്വാതന്ത്ര്യം പോലെ തന്നെ വലിയ നേട്ടമായി കാണാം.
ഗാന്ധി സ്വയമല്ല ഈ ഫലങ്ങൾ സൃഷ്​ടിച്ചത്. അല്ലെങ്കിൽ കേവലം നെഹ്റുവി​െൻറ​േയാ മറ്റ് ഏതാനും പേരുടെയോ സഹായത്താലുമല്ല. ലക്ഷക്കണക്കിന് അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഇന്ത്യക്കാർ, നിരവധി ഇന്ത്യക്കാരല്ലാത്തവർ ഈ ശ്രമത്തിൽ പങ്കുവഹിച്ചിട്ടുണ്ട്.
അവർ ബ്രിട്ടീഷ് രാജിനെയും മിക്കപ്പോഴും തങ്ങളുടെ അടുത്ത ബന്ധുക്കളെയും ധിക്കരിച്ചു. അവർക്ക് ജോലിയും പണവും നഷ്​ടപ്പെട്ടു. അവർ മർദനവും തടവുശിക്ഷയും ക്ഷണിച്ചുവരുത്തി. അതിനേക്കാൾ പ്രധാനമായി, ഗാന്ധിക്കൊപ്പം അണിനിരന്ന് ചുവടു​െവച്ചവർ അദ്ദേഹത്തിെൻറ കടുപ്പമുള്ള നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിച്ചു.
‘‘ഭയം അരുത്’’, ഗാന്ധി പറഞ്ഞു. ഒപ്പം ഗാന്ധി കൂട്ടി ചേർത്തു, ‘‘വെറുപ്പ് അരുത്.’’  ഗാന്ധി ഇന്ത്യക്കാരെ അവരുടെ ഭയത്തിൽ നിന്ന് മുക്തരാക്കാൻ ചക്രവർത്തിയുടെ പീരങ്കികൾക്കുമുന്നിലേക്ക് നയിച്ചുവെന്ന് നെഹ്റു പ്രശസ്​തമായ രീതിയിൽ പറഞ്ഞിട്ടുണ്ട്. വെറുപ്പും മുൻവിധികളും ആശ്ചര്യപ്പെടുത്തുന്ന വിധത്തിൽ മറികടന്നു, കുറഞ്ഞത് കുറച്ചു നാളത്തേക്കെങ്കിലും. മതത്തിെൻറ, ജാതിയുടെ, ഭാഷയുടെ, വർഗത്തിെൻറ പ്രതിബന്ധങ്ങൾ തകർക്കപ്പെട്ടു.
ഗാന്ധി എളുപ്പത്തിൽ ഉൾക്കൊള്ളാവുന്ന സൂചനകൾ നൽകി, എന്നാൽ അവ പുരോഗമനപരമായവ കൂടിയായിരുന്നു. അവ അത്ര മാ​ത്രം ലളിതമായിരുന്നു,  അതേസമയം നമ്മുടെ സാമാന്യധാരണക്ക് ഒത്തുപോകുന്നതായിരുന്നു, അവ ‘‘ഈശ്വർ അല്ലാ തേരെ നാം’’ എന്ന തുപോലെ അത്രമാത്രം ഉത്പതിഷ്ണുപരമായിരുന്നു.
തുല്യ അവകാശത്തെപ്പറ്റിയുള്ള ഭരണഘടനാപരമായ വ്യവസ്​ഥ, ലക്ഷക്കണക്കിന് ഇന്ത്യക്കാർ ‘‘ഈശ്വർ അല്ലാ തേരെ നാം’’  എന്ന വാക്യം തങ്ങളുടെ ഹൃദയത്തിലേറ്റാതെ പ്രാവർത്തികമാകുമായിരുന്നില്ല. സ്വാതന്ത്ര്യം സാധ്യമായത് ഗാന്ധി ‘‘ഇന്ത്യ വിടുക’’ എന്ന് പ്രഖ്യാപിച്ചതുകൊണ്ടല്ല, മറിച്ച് ലക്ഷക്കണക്കിന് ജനം അവരുടെ ഹൃദയത്തിൽ ബ്രിട്ടീഷുകൾ ഇന്ത്യ വിടേണ്ടതാണെന്ന് തീരുമാനിച്ചതുകൊണ്ടാണ്.
സ്വാതന്ത്ര്യം അടുത്ത് വന്ന നാളിൽ, ഗാന്ധി ജീവിച്ചിരിക്കുമ്പോൾ, 1947 ഏപ്രിലിൽ ഡൽഹിയിൽ നടന്ന ഏഷ്യൻ റിലേഷൻസ്​ സമ്മേളനത്തിൽ ഈജിപ്തിൽ നിന്ന് ഒരു കവിത  ചൊല്ലപ്പെട്ടു.

ഗാന്ധിയുടെ കൈയിൽ ചർക്കതണ്ടുകൾ വാളിനേക്കാൾ മൂർച്ചയുള്ളതായി
ഗാന്ധിയുടെ മെലിഞ്ഞ ദേഹത്ത് ചുറ്റിയ വെള്ള മുണ്ട് സാമ്രാജ്യത്വതോക്കുകൾക്ക് തുളച്ചുകയറാനാവാത്ത പടച്ചട്ടയായി
ഗാന്ധിയുടെ ആട് ബ്രിട്ടീഷ് സിംഹത്തേക്കാൾ കരുത്തുള്ളതായി (1)

മതേതര ഇന്ത്യയുടെ, –സമത്വവും സ്വാതന്ത്ര്യവും കുറഞ്ഞപക്ഷം ഉദ്ദേശ്യമെങ്കിലുമായ ഇന്ത്യയുടെ–  ‘‘ചരിത്രപരമായ ആകസ്​മിക വിജയം’’ തങ്ങൾക്ക് വേണ്ടത് ഇതാണെന്ന് നിശ്ചയിച്ച നിരവധി ഇന്ത്യക്കാർക്കിടയിലെ നിശ്ശബ്​ദവും ശക്തവുമായ ധാരണയുടെ ഫലമായിരുന്നു. അവർ ചിലർ ഉത്തരവിടുകയും മറ്റുള്ളവർ അനുസരിക്കുകയും ചെയ്യുന്ന ഇന്ത്യ ഒരിക്കലും അംഗീകരിച്ചില്ല.
നിസ്സംശയമായും അവർ ഗാന്ധിയാലും അദ്ദേഹത്തിെൻറ ആശ്ചര്യപ്പെടുത്തുന്ന സംഘത്താലും പ്രചോദിക്കപ്പെട്ടിരുന്നു. അതിനേക്കാൾ തങ്ങൾക്ക് അഭിമാനിക്കാവുന്ന ഒരു ഇന്ത്യയെപ്പറ്റിയുള്ള തങ്ങളുടെ സ്വന്തം ബോധത്താൽ, തങ്ങളുടെ സ്വന്തം ധാരണയാൽ അവർ ചലിക്കപ്പെട്ടു.
സമത്വവും സ്വാതന്ത്ര്യവും അന്തസ്സുമുള്ള ഇന്തയുടെ ‘‘ചരിത്രപരമായ ആകസ്​മിക വിജയം’’ വീണ്ടും സംഭവിക്കും. ഇന്ത്യൻ ജനതയുടെ മനസ്സാക്ഷിയും സാമാന്യബോധവും അത് വീണ്ടും സൃഷ്​ടിക്കും. അതെപ്പോൾ സംഭവിക്കും എന്നത് മാത്രമാണ് ചോദ്യം.
കേരളം വഴികാട്ടിയാവട്ടെ!


സൂചിക
1. ബി.ആർ. നന്ദ എഡിറ്റ് ചെയ്ത ‘മഹാത്മാഗാന്ധി: 125 വർഷങ്ങൾ’ എന്ന പുസ്​തകത്തിൽ ഒമർ ഉൽഹഖിനെ ഉദ്ധരിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ്​ (ഡൽഹി, 1995) ആണ് പുസ്​തകത്തിെൻറ പ്രസാധകർ.

മൊഴിമാറ്റം: ആർ.കെ. ബിജുരാജ്




മാധ്യമം ആഴ്​ചപ്പതിപ്പ്​, ലക്കം: 1074 , 2018 ഒക്​ടോബർ ഒന്ന്​