Wednesday, October 10, 2018

കടയ്ക്കലി​​െൻറ വിപ്ളവം


ചരിത്രം ബോധപൂര്‍വം മറന്ന കടയ്ക്കല്‍ വിപ്ളവത്തിന് 80 വയസാകുന്നു. എന്തുകൊണ്ടാണ് കടയ്ക്കലിന്‍െറ ഐതിഹാസികമായ വിപ്ളവവീര്യം വിസ്മരിക്കപ്പെട്ടത്? എന്താണ് ഈ സമരത്തിന്‍െറ രാഷ്ട്രീയ പ്രസക്തി? 


കടയ്ക്കലി​​െൻറ വിപ്ളവം


ആര്‍.കെ.ബിജുരാജ്
ചിത്രങ്ങൾ: സനു കുമ്മിൾ
ചന്തിരൻ കാളിയമ്പിയുടെയും ഫ്രാ​േങ്കാ രാഘവൻ പിള്ളയുടെയും ചിത്രങ്ങൾക്ക്​ കടപ്പാട്​: കടയ്​ക്കൽ എൻ. ഗോപിനാഥൻ പിള്ളയുടെ കടയ്​ക്കൽ കത്തിപ്പടർന്ന വിപ്ലവജ്വാല എന്ന കൃതിക്ക്​




മലയാളി അക്രമോത്സുകമായി (സായുധമായി)  അധികാരം പിടിച്ചുപറ്റി ജനകീയ അധികാരം സാധ്യമാക്കിയ എത്ര രാഷ്ട്രീയ വിപ്ളവങ്ങള്‍ നടത്തിയിട്ടുണ്ട്? ഈ ചോദ്യത്തിന് ഉത്തരം പലപ്പോഴും തെറ്റിപ്പോകാനാണിട. ചരിത്രബോധത്തില്‍ നിന്ന് കേരളം വളരെ അകലെയാണെന്നതിനാല്‍ അതില്‍ അദ്ഭുതമില്ല. കുറച്ചുനാളുകള്‍ക്കാണെങ്കില്‍ പോലും ,കേരള ചരിത്രത്തില്‍ രണ്ടു തവണയാണ് ജനം അധികാരം പിടിച്ചെടുത്ത് ബദല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.   1921 ലെ മലബാര്‍ കാര്‍ഷിക കലാപത്തില്‍ ആലി മുസ്ലിയാര്‍ ഭരണാധികാരിയായി സ്വതന്ത്രരാജ്യപ്രഖ്യാപനം നടന്നതാണ് ആദ്യത്തേത്. 1938 ല്‍ കടയ്ക്കലിലാണ് അടുത്ത വിപ്ളവം നടന്നത്. തിരുവിതാംകൂര്‍ രാജവാഴ്ചയുടെയും ബ്രിട്ടീഷ് അധിനിവേശത്തിന്‍െറയും എല്ലാ അധികാര രൂപങ്ങളും എട്ട് ദിവസം കടയ്ക്കലില്‍ നിന്ന് തുരത്തപ്പെട്ടു. 1721 ല്‍ അഞ്ചുതെങ്ങില്‍ ജനം കലാപം നടത്തിയിരുന്നെങ്കിലും അത് ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമായിരുന്നു. ഭരണാധികാരിയായിരുന്ന ആറ്റിങ്ങല്‍ റാണി എതിര്‍പക്ഷത്തായിരുന്നില്ല.
കടയ്ക്കലിലെ ജനകീയ വിപ്ളവത്തിന്  സെപ്റ്റംബറില്‍ 80 വയസാകുന്നു. പക്ഷേ, കടയ്ക്കലിന്‍െറ ചരിത്രം ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ന് അധികം ആരുമില്ല. സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ പ്രവര്‍ത്തകരാണ് നടത്തിയതെങ്കിലും ‘അക്രമം’ തങ്ങളുടെ മാര്‍ഗമല്ലാത്തതിനാലാവണം കോണ്‍ഗ്രസുകാര്‍ക്കും ഗാന്ധിയന്‍മാര്‍ക്കും കടയ്ക്കല്‍ ആവേശം ജ്വലിപ്പിക്കുന്ന ഓര്‍മയല്ല. കമ്യൂണിസ്റ്റ് പങ്കാളിത്തത്തിലല്ലാത്തതിനാല്‍ ഇടതുപക്ഷത്തിനും കടയ്ക്കലിനോട് താല്‍പര്യക്കുറവ്. കടയ്ക്കലില്‍ രക്തസാക്ഷിമണ്ഡപം സ്ഥാപിച്ചതും ആ മേഖലയില്‍ ഇന്ന് സമരത്തിന്‍െറ അനുസ്മരണം നടത്തുന്നതും സി.പി.എമ്മാണ് എന്നു മറക്കുന്നില്ല. പക്ഷേ, അവരുടെ ആവേശം പ്രാദേശികമായി ഒതുങ്ങുകയാണ് പതിവ്. അങ്ങനെ അഗവണിക്കപ്പെടേണ്ട ഒന്നല്ല കടയ്ക്കലിലെ കാര്‍ഷിക വിപ്ളവം.
1938 സെപ്റ്റംബര്‍ 26 നാണ് (1114 കന്നി 10) കടയ്ക്കലില്‍ കലാപം തുടങ്ങിയത്. കടയ്ക്കല്‍ ചന്തയില്‍ കരാറുകാര്‍ ഏര്‍പ്പെടുത്തിയ അന്യായമായ ചന്തപ്പിരിവിനെതിരെയാണ് സമരത്തിന്‍െറ തുടക്കം. കാര്‍ഷിക വിളകളായിരുന്നു ചന്തയിലെ മുഖ്യവില്‍പന വസ്തു. അതിനാല്‍ തന്നെ കര്‍ഷകരുടെ രോഷമാണ് കലാപത്തില്‍ അണപൊട്ടിയത്. അന്യായമായ പിരിവിനെതിരെ ഒരുഘട്ടത്തില്‍ നാട്ടുകാര്‍ സംഘടിച്ച് കരാറുകാരോട് നികുതി വിവരപ്പട്ടിക എഴുതിവയക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, അത് കണക്കിലെടുക്കാതെ നാലും അഞ്ചും ഇരട്ടിത്തുക ചന്തക്കരമായി കരാറുകാര്‍ ചുമത്തി. അന്യായമായ പിരിവിന് വിധേയമാകാതെ സാധനങ്ങള്‍ ചന്തക്ക് അകത്തേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നില്ല. ചന്തയിലത്തെുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരോട് കരാറുകാരും ഗുണ്ടകളും മോശമായാണ് പെരുമാറിയത്. കടുത്ത മര്‍ദനം പല രൂപത്തില്‍ അരങ്ങേറി.പൊലീസും ഭരണകൂടവും കരാറുകാര്‍ക്കൊപ്പമാണ് നിലകൊണ്ടത്.



ഠഠഠ
തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിലെ കൊട്ടാരക്കര താലൂക്കിലെ ഒരു ഗ്രാമമായിരുന്നു കടയ്ക്കല്‍. കുമ്മിള്‍ പകുതിയുടെ ആസ്ഥാനം.
കുമ്മിള്‍ പകുതിയിലെ ഒരു മുറിയാണ് കടയ്ക്കല്‍. അക്കാലത്ത് സാമാന്യം തിരക്കേറിയ കൊച്ചുപട്ടണം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. കടയ്ക്കല്‍ കേസില്‍ വിധി പറഞ്ഞ 1939 ലെ കൊട്ടാരക്കര സ്പെഷല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ പറയുന്നതുപോലെ ‘‘ഈ ഗ്രാമം മറ്റ് സാധാരണ ഗ്രാമങ്ങളേക്കാള്‍ പ്രധാനപ്പെട്ടതാണ്. അവിടെ ഒരു പൊലീസ് ഒൗട്ട് പോസ്റ്റ്, ഒരു ചന്ത, പ്രവര്‍ത്തി കച്ചേരി, ഒരു അഞ്ചല്‍ ഓഫീസ്, രണ്ട്  വനം റേഞ്ച് ഓഫീസുകള്‍, രണ്ട് സര്‍ക്കാര്‍ സര്‍ക്കാര്‍ ആശുപത്രി,  ഒരു മലയാളം മീഡില്‍ സ്കൂള്‍ എന്നിവയുണ്ട്’’. കോടതി ഉത്തരവില്‍ സ്ഥലത്തെ വിശേഷിപ്പിക്കുമ്പോള്‍ പറയുന്ന സ്കൂള്‍  വെര്‍ണാക്കുലര്‍ മിഡില്‍ സ്കൂള്‍ (വി.എം.സ്കുള്‍) ആണ്. കൂടാതെ കടയ്ക്കലില്‍ പ്രശസ്തമായ ഭഗവതി ക്ഷേത്രം, ഒരു ആല്‍ത്തറ എന്നിവയും ഉണ്ടായിരുന്നു. പൊലീസ് ഒൗട്ട് പോസ്റ്റിന് വടക്കുവശത്താണ് ചന്ത. തിങ്കളും വ്യാഴവും പ്രവര്‍ത്തിക്കുന്ന ചന്തയിലേക്ക് ആറ്റിങ്ങല്‍, ചിറയന്‍കീഴ്, പരവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കച്ചവടക്കാര്‍ എത്തിയിരുന്നു. ചന്തയ്ക്കും പൊലീസ് ഒൗട്ട്പോസ്റ്റിനും മധ്യേ പോകുന്ന റോഡ് ഒരറ്റത്ത് എം.സി റോഡിലെ നിലമേല്‍ കവലയിലും  മറ്റേ അറ്റം ചെങ്കോട്ട് റോഡില്‍ മടത്തറ ജംഗ്ഷനില്‍ ചേരും.വനത്തോട് ചേര്‍ന്ന മേഖലയായതിനാല്‍ തന്നെ കാര്‍ഷികവൃത്തിയായിരുന്നു കടയ്ക്കലിന്‍െറ മുഖ്യവരുമാന മാര്‍ഗം. വനം പലരീതിയില്‍ കടയ്ക്കലിനെ സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്തു. വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയെയും ജീവനെയും രക്ഷിക്കാനുള്ള ഉപാധിയെന്ന നിലയിലും നായാട്ട് വ്യാപകമായതിനാലും തോക്കുകള്‍ പലരുടെ കൈയിലുമുണ്ടായിരുന്നു.

ഠഠഠ

തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കടയ്ക്കലിലെ വിപ്ളവത്തിന് നേതൃത്വം കൊടുത്തത്. 1938 ഫെബ്രുവരില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍െറ ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സംഘടന നേരിട്ട് ഇടപെടേണ്ടെന്നും പകരം സ്വതന്ത്ര രാഷ്ട്രീയ സംഘടനകള്‍ക്ക് രൂപം നല്‍കണമെന്നും തീരുമാനിച്ചിരുന്നു. അതിന്‍െറ അടിസ്ഥാനത്തില്‍ 1938 ഫെബ്രുവരി 23 ന് തന്നെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടു. ഉത്തരവാദിത്വഭരണമായിരുന്നു സ്ഥാപക സമ്മേളനം മുതല്‍ സ്റ്റേറ് കോണ്‍ഗ്രസിന്‍െറ ആവശ്യം. തിരുവിതാംകൂറില്‍ ഉത്തരവാദിത്വഭരണത്തിനുള്ള പ്രത്യക്ഷ പ്രക്ഷോഭം 1938 ആഗസ്റ്റ് 26 ന് തുടങ്ങി. ദിവാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസിനെയും യൂത്ത് ലീഗിനെയും നിരോധിച്ചു. ഈ നിരോധനത്തെ മറികടന്നാണ് കടയ്ക്കലില്‍ കര്‍ഷകരുള്‍പ്പെടുന്ന നാട്ടുകാര്‍ സമരം തുടങ്ങിയത്. കടയ്ക്കലിലെ വിപ്ളവം നടക്കുന്നതിന് തൊട്ടുമുമ്പ് അധികം ദൂരെയല്ലാത്ത കല്ലറ-പാങ്ങോട് മേഖലയിലും ചന്തക്കരത്തിനെതിരെ ജനത്തിന്‍െറ വലിയ പ്രക്ഷോഭം തുടങ്ങിയിരുന്നു. 1938 സെപ്റ്റംബര്‍ 22 മുതല്‍ സെപ്റ്റംബര്‍ 30 വരെ കല്ലറ-പാങ്ങോട് സമരം പൊലീസുമായി ഏറ്റുമുട്ടി ഐതിഹാസികമായി തുടര്‍ന്നു. കടയ്ക്കലില്‍നിന്ന് ഒമ്പത് കിലോമീറ്റര്‍ അപ്പുറമുള്ള  ഈ സമരം കടയ്ക്കലിനെ പ്രചോദിപ്പിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല.
1114 കന്നി അഞ്ചിന്  (1938 സെപ്റ്റംബര്‍ 21ന്) സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ യോഗം ആറ്റിങ്ങല്‍ വലിയകുന്നില്‍ നടന്നു.കടയ്ക്കലില്‍നിന്നുള്ള ചെറുപ്പക്കാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, യോഗം ‘അഞ്ചുരൂപ’ പൊലീസും സിംസണ്‍ പടയും ചേര്‍ന്ന് പൊളിച്ചു. ഇതേ തുടര്‍ന്ന് നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ മരിച്ചു. ഇതില്‍ പ്രതിഷേധിച്ച് കടയ്ക്കലിലെ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ആല്‍ത്തറയില്‍ യോഗം ചേര്‍ന്നു. ചാങ്കുവിള ഉണ്ണി, താണുവന്‍ വൈദ്യര്‍, തെങ്ങുവിള ഭാസ്കരന്‍, പറയാട്ട് വാസു, മേടയില്‍ സദാനന്ദന്‍, കൂവത്താളി നാരായണന്‍ തുടങ്ങിയവരായിരുന്നു യോഗത്തില്‍ പങ്കെടുത്ത പ്രധാന വ്യക്തികള്‍. ചാങ്കുവിള ഉണ്ണിയാണ് മുഖ്യ സംഘാടകന്‍. സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ പ്രക്ഷോഭം കടയ്ക്കലും തുടങ്ങണമെന്നും കടയ്ക്കലിലെ ചന്തക്കരത്തിനും മറ്റ് അനീതികള്‍ക്കുമെതിരെ ആയിരിക്കണം സമരം എന്നും തീരുമാനമായി. അടുത്ത ചന്തയുടെ തലേദിവസം, കന്നി ഒമ്പതിന് ആല്‍ത്തറയില്‍ വീണ്ടും യോഗം ചേരാനായിരുന്നു ധാരണ. ഈ സമയത്ത് തിരുവിതാംകൂറില്‍ മൊത്തം സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തിപ്പെടുകയായിരുന്നു. കല്ലറയും പാങ്ങോടും  ജനങ്ങള്‍ പൊലീസിനെ പരാജയപ്പെടുത്തിയെന്ന വാര്‍ത്തകള്‍ എത്തി.  ഈ സമയത്ത് ‘ബീഡി’വേലും, തോട്ടുംഭാഗം ഉമ്മിണി സദാനന്ദന്‍ തുടങ്ങിയവര്‍ കൂടി സമരത്തോട് ഒപ്പം ചേര്‍ന്നു. കന്നി 10 ന് ചന്തയില്‍ പ്രതിഷേധിക്കാനും കരാറുകാര്‍ അടിച്ചാല്‍ തിരിച്ച് നേരിടാനുമായിരുന്നു തീരുമാനം. ചിലര്‍ തോക്കുകള്‍ രഹസ്യമായി സൂക്ഷിച്ചു.
1114 കന്നി 10 ന്  (1938 സെപ്റ്റംബര്‍  26 തിങ്കള്‍) ജനം ചന്തക്ക് പുറത്ത് ഒത്തുകൂടി. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ് കിളിമാനൂര്‍ ശങ്കരപ്പിള്ള ചന്തക്ക് മുന്നില്‍ ജനങ്ങളോട് സംസാരിച്ചു. നിയമലംഘനം നടത്തണമെന്നും സര്‍ക്കാര്‍ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിക്കണമെന്നുമായിരുന്നു ആഹ്വാനം. പ്രശ്ന സാധ്യത കണക്കിലെടുത്ത് സ്ത്രീകളെ ചന്തയിലേക്ക് വരാതെ മറ്റി നിര്‍ത്തിയിരുന്നു.   അന്ന് ചന്തയിലേക്ക് ആരും കടന്നില്ല. പകരം ചന്തക്ക് പുറത്ത് സമാന്തര ചന്ത നടത്തി. പാതയുടെ ഇരുവശങ്ങളിലുമിരുന്ന് ആളുകള്‍ സാധനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്തു. ആദ്യം കുറേ സമയം കരാറുകാരും ഗുണ്ടകളും നോക്കി നിന്നു. സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ പ്രകടനം അതുവഴി പോയതോടെ കരാറുകാര്‍ പ്രകോപിതരായി. അവര്‍ സമാന്തര ചന്തയെ ആക്രമിച്ചു. ജനങ്ങളെ ആക്രമിക്കാന്‍ പൊലീസും ഒപ്പം ചേര്‍ന്നു.  ജനം തിരിച്ചടിച്ചു. കല്ളെറിഞ്ഞു. ജനക്കൂട്ടം വില്ളേജ് ഓഫീസ്, വനം റേഞ്ച് ഓഫീസ്, വി.എം. സ്കൂള്‍, അഞ്ചലോഫീസ് എന്നിവ അടപ്പിച്ചു.  വൈകിട്ട് നാലുമണിയോടെ ജനം പൊലീസ് ഒൗട്ട് പോസ്റ്റിനെതിരെ കല്ളെറിഞ്ഞു. എന്നാല്‍, ഇത് സമരക്കാരില്‍ ചിലര്‍ തന്നെ തടഞ്ഞു. ആളുകള്‍ കടയ്ക്കലിലെ ആല്‍ത്തറയില്‍ വീണ്ടും ഒന്നിച്ചു. അടുത്ത ചന്തദിവസമായ കന്നി 13 ന് (സെപ്റ്റംബര്‍ 29 ന്) വീണ്ടും ഒന്നിച്ച്, ക്ഷേത്രമൈതാനിയില്‍ പൊതുയോഗം നടത്താനായിരുന്നു തീരുമാനം. ഇതിന് വേണ്ട പ്രചാരണം നടത്തുന്നതിനൊപ്പം അടുത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്താനും തീരുമാനിച്ചു. കേസിലെ 31ാം പ്രതി ശങ്കരപിള്ളയായിരുന്നു ആല്‍ത്തറയില്‍ നടന്ന ഒത്തുചേരലിലെ മുഖ്യ പ്രസാംഗികന്‍. കടയ്ക്കല്‍ കേസിന്‍െറ വിധി പ്രസ്താവത്തില്‍ ആളുകളോട് ഇരിക്കാന്‍ പറഞ്ഞ ശേഷം ഒരു മരപ്പെട്ടിയുടെ (വീഞ്ഞപ്പെട്ടി)യുടെ മുകളില്‍ കയറിനിന്ന് ശങ്കരപ്പിള്ള സമരാഹ്വാനം നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്്. സര്‍ക്കാരിന് നികുതിയോ ചന്തക്കരമോ കൊടുക്കരുതെന്ന് തോക്കുധാരികളായ ആളുകളുടെ നടക്കു നടന്ന യോഗത്തില്‍ ശങ്കരപിള്ള പ്രസംഗിച്ചതായാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയ ഒരു കുറ്റം. കാട്ടില്‍ നിന്ന് തടികള്‍ വെട്ടിയെടുത്ത് ഇഷ്ടമനുസരിച്ച് വീടുകള്‍ പണിയാനും സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്യാനും അദ്ദേഹം ആഹ്വാനം ചെയ്തതായും പറയുന്നു.
അടുത്ത ചന്തദിവസം കന്നി 13 ന് (സെപ്റ്റംബര്‍ 29) രണ്ട് പ്ളാറ്റൂണ്‍ പട്ടാളം കടയ്ക്കല്‍ എത്തി.രാവിലെ ഒമ്പതുമണിക്ക് ബസില്‍ നിന്നിറങ്ങി പൊലിസ് ജനത്തെ തല്ലിയോടിക്കാനും മര്‍ദിക്കാനും തുടങ്ങി. നിരവധി പേര്‍ക്ക് പൊലീസിന്‍െറ മര്‍ദനവും അക്രമവും നേരിടേണ്ടിവന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ അസ്സറിയയാണ് ഈ അക്രമത്തിന് നേതൃത്വം കൊടുത്തത്. ജനം ഓടി രക്ഷപ്പെട്ടതോടെ പൊലീസ് മാത്രമായി കടയ്ക്കലില്‍. ഈ സമയത്ത് ചിതറയില്‍ നിന്ന് ജാഥയായി സമരക്കാര്‍ കടയ്ക്കല്‍ ഭഗവതി ക്ഷേത്രമൈതാനത്തേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു. ആയിരത്തിലേറെ പേര്‍ ജാഥയില്‍ അണിനിരന്നു. ‘ബീഡി’ വേലുവായിരുന്നു ജാഥാ ക്യാപ്റ്റന്‍. തോട്ടുംഭാഗം സദാനന്ദന്‍, തോട്ടുംഭാഗം രാഘവന്‍, ചരുവിള രാഘവന്‍പിള്ള, കൃഷ്ണ വൈദ്യര്‍, പണിയില്‍ വേലായുധന്‍ എന്നിവരാണ് ജാഥ നയിച്ച മറ്റ് ചിലര്‍. ഗാന്ധിയന്‍ വേഷമായിരുന്നു മിക്കവര്‍ക്കും ഉണ്ടായിരുന്നത്. ഈ ജാഥ തൃക്കണ്ണാപുരം പാങ്ങല്‍കാട് വച്ച് ജാഥ പൊലീസ് തടഞ്ഞു.  തഹസില്‍ദാര്‍ പത്മനാഭ അയ്യര്‍ ജാഥ നിയമവിരുദ്ധമാണ്, പിരിഞ്ഞ് പോകണം, വെടിവയ്ക്കും എന്ന് ജാഥാംഗങ്ങളെ അറിയിച്ചു. പിരിഞ്ഞുപോകാന്‍ സാധ്യമല്ളെന്ന് ‘ബീഡി’വേലു അറിയിച്ചതോടെ തഹസില്‍ ദാര്‍ ബീഡിവേലുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഉത്തരവ് നല്‍കി. തന്നെ പിടികൂടാന്‍ ശ്രമിച്ച പൊലീസ് ഇന്‍സ്പെക്ടര്‍ അസ്സറിയയുമായി ‘ബീഡി’വേലു ഇടഞ്ഞു. ഈ സമയത്ത് അവിടെ യാദൃച്ഛികമായി എത്തിയ പുതിയവീട്ടില്‍ രാഘവന്‍ പിള്ള (പിന്നീട് കടയ്ക്കല്‍ രാജാവ് എന്നറിയപ്പെട്ട ഫ്രാങ്കോ രാഘവന്‍പിള്ള) പൊലീസ് ഇന്‍സ്പെക്ടറെ ആഞ്ഞടിച്ചു. താഴെ വീണ ഇന്‍സ്പെകടര്‍ ബസില്‍ ഓടിക്കയറി ലാത്തിചാര്‍ജിന് നിര്‍ദേശം നല്‍കി. പാങ്ങല്‍കാടിനെ സവിശേഷ ഭൂപ്രകൃതി ഉപയോഗപ്പെടുത്തി സമരക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. സമരക്കാര്‍ പൊലീസിനെ കല്ളെറിഞ്ഞു. ഇതിനിടയില്‍ മജിസ്ട്രേറ്റിന്‍െറ ഡഫേദാര്‍ കൃഷ്ണക്കുറുപ്പിനെ ചന്തിരന്‍ കാളിയമ്പി കുത്തി (കുത്തിയ കാളിയമ്പി കേസില്‍ പ്രതിയായില്ല).ഇതോടെ പൊലീസ് പിന്തിരിഞ്ഞ് ബസില്‍ കയറി സ്ഥലം വിട്ടു. സമരക്കാര്‍ വീണ്ടും ഒന്നിക്കുകയും ജാഥയായി കടയ്ക്കലിലേക്ക് നീങ്ങുകയും ചെയ്തു. പുതിയ വീട്ടില്‍ രാഘവന്‍പിള്ളയുടെ നെറ്റില്‍ മുറിവേറ്റിരുന്നു. കടയ്ക്കലിലെ ആശുപത്രിയില്‍ കയറി മുറിവിന് ശുശ്രൂഷകള്‍ ചെയ്തു. മുറിവ് വച്ച് കെട്ടി പുറത്തിറങ്ങുമ്പോള്‍ രാഘവന്‍പിള്ള അവിടെ കൂടിയിരുന്നവരോട് ‘‘ഞരമ്പുകളില്‍ ഒരു തുള്ളി രക്തം ശേഷിക്കുംവരെ പോരാട്ടം തുടരാന്‍ ’’ആഹ്വാനം ചെയ്തു. ജാഥ കടയ്ക്കലില്‍ എത്തിയപ്പോള്‍ പൊലീസ് ഒൗട്ട് പോസ്റ്റ് ആക്രമിക്കാന്‍ നിശ്ചയിച്ചു. പൊലീസുകാര്‍ ആരുമില്ലാതിരുന്ന ഒൗട്ട് പോസ്റ്റ് പ്രക്ഷോഭകര്‍ ആക്രമിച്ചു. സ്റ്റേഷന്‍െറ മുഴുവന്‍ ഓടുകളും എറിഞ്ഞു തകര്‍ത്തു. വളപ്പിലെ മരങ്ങള്‍ വെട്ടി വീഴത്തി. ഒൗട്ട് പോസ്റ്റിലെ രേഖകള്‍ നശിപ്പിച്ചു. വിലങ്ങളുകളും തോക്കുകളും പുറത്ത് കിണറ്റില്‍ ഇട്ടു. സ്റ്റേഷന്‍െറ സമീപമുണ്ടായിരുന്ന ഷെഡ് അഗ്നിക്കിരയാക്കി. ‘‘അതോടെ കടയ്ക്കലില്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി ഇല്ലാതായി. പൂര്‍ണമായ അരക്ഷിതാവസ്ഥ നിലവില്‍ വന്നു.സ്കൂളുകള്‍ അടച്ചു. പൊലീസ് സ്റ്റേഷന്‍ കൊള്ളയടിക്കുകയും ഭാഗികമായി നശിപ്പിക്കപ്പെടുകയും ചെയ്തു’’( കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയുടെ വിധി പ്രസ്താവത്തിലെ 10ാം ഖണ്ഡിക). ആശയവിനിമയ സംവിധാനം മൊത്തത്തില്‍ തകര്‍ന്നു.
പിന്നീട് ചന്തക്ക് അകത്ത് ഒന്നിച്ച് കൂടി ഭാവി കാര്യങ്ങള്‍ തീരുമാനി. പട്ടാളം കടയ്ക്കലിലേക്ക് വരുന്നത് തടയാന്‍ മടത്തറയിലും നിലമേലും ഗതാഗതം തടസ്സപ്പെടുത്താന്‍ തീരുമാനിച്ചു. ബാരിക്കേഡുകള്‍ക്ക് പിന്നില്‍ തോക്കുമായി ആളുകള്‍ നില്‍ക്കും. കാര്യത്തുള്ള കലുങ്ക് പൊളിക്കാനും ധാരണയായി. കാര്യത്തെ കുന്നിന്‍പുറത്തുള്ള മിഷ്യന്‍ സ്കൂള്‍ വളപ്പില്‍ തോക്കുകാരുടെ ക്യാമ്പ് സ്ഥാപിക്കാനും നിശ്ചയിച്ചു.
കന്നി 14 ന് (സെപ്റ്റംബര്‍ 20) 1500 പേര്‍ കാര്യത്ത് മിഷന്‍ സ്കൂളില്‍ എത്തിചേര്‍ന്നു. കുറേയേറെ തോക്കുകള്‍ എത്തിയവരുടെ കൈവശമുണ്ടായിരുന്നു. അവര്‍ എം.സി. റോഡിലേക്ക് നീങ്ങി. നിലമേലിന് അല്‍പം മാറിയ വാഴോട് എന്ന സ്ഥലത്തെ കുന്നിന്‍മുകളില്‍ തമ്പടിച്ചു. നാടന്‍ ബോംബുകളുമായി ചിലര്‍ തട്ടത്തുമല കയറി കാട്ടില്‍ മറഞ്ഞുനിന്നു. പട്ടാള വണ്ടികള്‍ കണ്ടാല്‍ നാടന്‍ബോംബ് എറിയാനും പിന്നെ പതിയിരുന്ന് എല്ലാവരും ചേര്‍ന്ന് ആക്രമിക്കാനുമായിരുന്നു പദ്ധതി. പട്ടാളത്തിന് വിവരം ചോര്‍ന്നുകിട്ടിയിട്ടുണ്ടാവണം. പട്ടാളം വന്നില്ല. അവര്‍ മൂന്നാം ദിവസമാണ് വന്നത്. പട്ടാളം വന്നപാടെ കലാപകാരികള്‍ നാടന്‍ബോംബ് എറിഞ്ഞു. സ്ഫോടനം നടന്ന ഉടനെ രണ്ടു പട്ടാള വണ്ടികളില്‍ ഒന്ന് മടങ്ങിപ്പോകാനായി തിരിച്ചു. അത് വയലിലേക്ക് മറിഞ്ഞ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റു. തങ്ങള്‍ ചെങ്ങന്നൂര്‍ക്ക് പോകാന്‍ വന്നതാണ് എന്ന് പട്ടാള മേധാവി അറിയിച്ചതിനാല്‍ വാഹനം വിട്ടുകൊടുത്തു. ആ പട്ടാള വണ്ടി തിരുവനന്തപുരത്തേക്ക് പോയി. അതോടെ കലാപകാരികള്‍ കാര്യത്തെ കലുങ്ക് പൊളിച്ചു. കലുങ്കിന്‍െറ സമീപമുണ്ടായിരുന്ന തേക്കുമരങ്ങള്‍ വെട്ടി റോഡിലിട്ടു.
കോടതി രേഖകളില്‍ നിന്ന് വ്യക്തമാകുന്നത് സര്‍ക്കാരിന് കലാപം മൂലം 2390 രൂപ നഷ്ടമുണ്ടായതായാണ്. പൊലീസ് സ്റ്റേഷന്‍െറ അറ്റക്കുറപ്പണിക്ക് 300 രൂപയും ബസ് നന്നാക്കാന്‍ 75 രൂപയും ചെലവായി. കലുങ്ക് നന്നാക്കാന്‍ 800 രൂപ ആവശ്യമായി വന്നു. അതില്‍ 125 രൂപ കലാപകാരികള്‍ മുറിച്ചിട്ട മരംവില്‍പനയിലൂടെ സര്‍ക്കാരിന് കിട്ടി. സര്‍ക്കാര്‍ കണക്ക് പ്രകാരം 2000 ല്‍ മേല്‍ രൂപയുടെ നഷ്ടം.

ഠഠഠ
കുമ്മിള്‍ പകുതിയില്‍, കടയ്ക്കല്‍ കേന്ദ്രമായി സ്വതന്ത്രരാജ്യം പ്രഖ്യാപിക്കപ്പെട്ട വാര്‍ത്ത രാജ്യം മൊത്തം പരന്നു. കലാപകാരികള്‍ കടയ്ക്കല്‍ രാജാവായി പുതിയവീട്ടില്‍ രാഘവന്‍പിള്ളയെയും മന്ത്രിമാരായി അടൂര്‍ പരമേശ്വരന്‍പിള്ളയെയും ചന്തിരന്‍ കാളിയമ്പിയെയും തെരഞ്ഞെടുത്തതായി പറയപ്പെടുന്നു. സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചോ, ഭരണസംവിധാനം ഏര്‍പ്പെടുത്തിയോ എന്ന് ഇന്ന് പൂര്‍ണമായി അറിയാന്‍ സാധ്യമല്ല.  കാരണം അന്നത്തെ സമരനേതാക്കള്‍ എല്ലാം മണ്‍മറഞ്ഞിരിക്കുന്നു.അവരുടെ വാക്കുകള്‍ രേഖപ്പെടുത്തുന്ന നീക്കം ഉണ്ടായിട്ടില്ല. കടയ്ക്കല്‍ വിപ്ളവം  കേരള ചരിത്രത്തില്‍ വലിയ രീതിയില്‍ ഒരിക്കലും ഉയര്‍ത്തിക്കാട്ടാത്തപോലെ തന്നെ സമഗ്രമായ ചരിത്രവും എഴുതപ്പെട്ടില്ല. 1995 ല്‍ കിട്ടാവുന്ന വസ്തുകള്‍ എല്ലാം വച്ച്  ‘കടയ്ക്കല്‍ കത്തിപ്പടര്‍ന്ന വിപ്ളവ ജ്വാല’ എന്ന പേരില്‍ കടയ്ക്കല്‍ എന്‍. ഗോപിനാഥന്‍ പിള്ള പുസ്തകം എഴുതുന്നതാണ് ആദ്യത്തെ ചരിത്ര ഉദ്യമം എന്നു പറയാം. പക്ഷേ, അത് ഒരു തുടക്കം മാത്രമേ ആകുന്നുള്ളൂ. ഇനിയും ചരിത്രം എഴുതപ്പെടണം.
സര്‍ക്കാര്‍ രേഖകളിലും കോടതി രേഖകളിലും ബദല്‍ അധികാരം പ്രഖ്യാപിച്ചതായി  പരാമര്‍ശങ്ങളുണ്ട്. കൊല്ലം കോടതി രേഖയില്‍ ‘‘കുമ്മിള്‍ പകുതിയിലെ അധികാരം പിടിച്ചതായും ജനകീയ സര്‍ക്കാര്‍ സ്ഥാപിച്ചതായും’ കലാപകാരികള്‍ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു. രാജഭരണം കടയ്ക്കലില്‍ ആവശ്യമില്ളെന്നും ജനങ്ങള്‍ തന്നെ കൂട്ടായ പ്രവര്‍ത്തനം നടത്തുമെന്നും പ്രഖ്യാപിച്ചതായി സാക്ഷികളെ അടിസ്ഥാനമാക്കി കോടതി രേഖ പറയുന്നു. ക്യാമ്പില്‍ യുദ്ധസന്നാഹവുമായി മുന്നേറിയ ജനക്കൂട്ടം തങ്ങളുടെ നേതാവിനെയും നേതൃത്വത്തെയും തെരഞ്ഞെടുക്കുക സ്വാഭാവികമാണ്.എട്ടുദിവസം കടയ്ക്കല്‍ പൂര്‍ണമായും കലാപകാരികളുടെ ഭരണത്തിന്‍ കീഴിലായിരുന്നു. അവിടെ തിരുവിതാംകുറിന്‍െറ ഒരു അധികാരവും നിലനിന്നില്ല.
കടയ്ക്കലില്‍ നടന്നത് കലാപമാണെന്ന് ലോകത്തെ അറിയിക്കുക ദിവാന്‍ സര്‍.സി.പി രാമസ്വാമി അയ്യരുടെ ലക്ഷ്യമായിരുന്നു. അതുവഴിയേ ഒരു അടിച്ചമര്‍ത്തല്‍ എളുപ്പമാക്കാന്‍ കഴിയുമായിരുന്നുള്ളൂ. സര്‍.സി.പി കടയ്ക്കല്‍ കലാപത്തെ സ്പാനിഷ് ആഭ്യന്തരയുദ്ധവുമായി വിദഗ്ധമായി കൂട്ടിക്കെട്ടി.
കന്നി 19 നാണ്,( 1938  ഒക്ടോബര്‍ 3ന്) കടയ്ക്കലിലേക്ക് പട്ടാളം തന്ത്രപൂര്‍വം കടന്നുവന്നത്.  (കടയ്ക്കലിന്‍െറ അധികാരം ജനം പൂര്‍ണമായി പിടിച്ചെടുത്തത് കന്നി 13 നാണ്. അതായത് ജനം അധികാരം പൂര്‍ണമായി പിടിച്ചെടുത്തതിന്‍െറ ആറാം നാള്‍) ഒരാഴ്ച പൊലീസ് കടയ്ക്കലിലേക്ക് വന്നില്ല. ഒരു ‘സമാധാന ദൂതനെ’ സര്‍.സി.പി.രാമസ്വാമി അയ്യര്‍ അയച്ചു. സര്‍.സി.പി. കടയ്ക്കല്‍ നേരിട്ട് എത്തി കാര്യങ്ങള്‍ മനസിലാക്കുമെന്ന് അറിയിച്ചു. സന്ധി സംഭാഷണം നടക്കുന്നുവെന്ന മട്ടില്‍ തന്ത്രം മെനഞ്ഞു. അത്തരം നീക്കം നടത്തുമ്പോള്‍, മറുവശത്തുകൂടെ പട്ടാളം കടയ്ക്കലിലേക്ക് ഇരച്ചുവന്നു. നിലമേല്‍ വഴി പട്ടാളവാഹനങ്ങളും കുതിരപ്പടയാളികളും കടയ്ക്കല്‍ പിടിച്ചെടുക്കാന്‍ നീങ്ങി. പൊളിച്ച കലുങ്കുകള്‍ക്ക് പകരം പട്ടാളം താല്‍ക്കാലിക കലുങ്ക് പണിതു. വനം റേഞ്ച് ഓഫീസിലും മറ്റ് കെട്ടിടങ്ങളിലും പട്ടാളം തങ്ങി. കടയ്ക്കലിലും നിലമേലും മടത്തറയിലും കാവല്‍പ്പുരകള്‍ നിര്‍മിച്ചു. ആളുകളും വാഹനങ്ങളും കടയ്ക്കലിലേക്ക് വരുന്നത് പട്ടാളം നിയന്ത്രിച്ചു. ആളുകള്‍ക്ക് അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാതാക്കി. ക്യാമ്പുകള്‍ സ്ഥാപിച്ച്, ഭക്ഷണം പോലും കിട്ടാതാക്കിയ ശേഷം, കടയ്ക്കലിനെ തീര്‍ത്തും ഒറ്റപ്പെടുത്തി, പട്ടാളം ഭീകരവാഴ്ച ആരംഭിച്ചു.

ഠഠഠ
പട്ടാളം അധികാരം തിരിച്ചുപിടിച്ചതോടെ ഭീകരമായ മര്‍ദനങ്ങളും അതിക്രമങ്ങളും കടയ്ക്കല്‍ അരങ്ങേറി. കലാപകാരികളുടെ വീടുകള്‍ പട്ടാളം ചുട്ടെരിച്ചു. വീട്ടിലുള്ളവരെ മര്‍ദിച്ചു പുറത്തിറക്കി. കൃഷി വ്യാപകമായി നശിപ്പിച്ചു. കയ്യില്‍ കിട്ടിയവരെ മുഴുവന്‍ മര്‍ദിച്ചു. വീടുകളിലെ സ്ത്രീകളെ അപമാനിച്ചു. പട്ടാളം വ്യാപകമായ കൊള്ളയും നടത്തി. ഒളിവില്‍ കഴിഞ്ഞിരുന്ന പുതിയ വീട്ടില്‍ രാഘവന്‍ പിള്ള (കടയ്ക്കല്‍ ഫ്രാങ്കോ), ‘ബീഡി’ വേലു, കടയ്ക്കല്‍ മന്ത്രിയെന്ന് വിശേഷിപ്പിക്കപ്പെട്ട ചന്തിരന്‍ കാളിയമ്പി, ചാങ്കുവിള ഉണ്ണി തുടങ്ങിയവരെ പിടിക്കുകയായിരുന്നു പട്ടാളത്തിന്‍െറ അടിയന്തര ലക്ഷ്യം. കുഞ്ചുചിതറ എന്ന സമരനേതാവിനെ പിടിച്ച പട്ടാളം രണ്ട് കാലും അടിച്ചുതകര്‍ത്തു. രാഘവന്‍പിള്ള, തോട്ടുഭാഗം രാഘവന്‍, ‘ബീഡി’വേലു, മാറാങ്കുഴി പരമു എന്നിവര്‍ ഒരുമിച്ചാണ് ഒളിവില്‍ തുടര്‍ന്നത്. ഇതിനിടയില്‍ ‘ബീഡി’വേലു പിടിക്കപ്പെട്ടു. വീടുവളഞ്ഞ പട്ടാളത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയെങ്കിലും വീണതിനാല്‍ പിടിക്കപ്പെട്ടു.കയ്യില്‍ കഠാര ഉണ്ടായിരുന്ന വേലുവിന്‍െറ തല തോക്കിന്‍െറ പാത്തികൊണ്ട് പട്ടാളക്കാര്‍ അടിച്ചുപൊട്ടിച്ചു. ബയണറ്റുകൊണ്ട് കുത്തി രണ്ടുകാലും തകര്‍ത്തു. കൈകള്‍ അടിച്ച് ഒടിച്ചു. പട്ടാളക്യാമ്പില്‍ കൊണ്ടുവന്ന ശേഷം കൊട്ടാരക്കരക്ക് കൊണ്ടുപോയി. അവിടെ നിന്ന് ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.  പിന്നീട് ‘ബീഡി’വേലുവിന് എന്തുസംഭവിച്ചുവെന്ന് വ്യക്തമല്ല. ചെങ്ങന്നൂര്‍ പൊലീസ് ലോക്കപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് തള്ളിയിട്ട് കൊന്നതായും പറയുന്നു. കേരളത്തിന്‍െറ ധീര രക്തസാക്ഷി പട്ടികയില്‍ ‘ബീഡി’വേലു ഇതുവരെ ഇടം പിടിച്ചിട്ടില്ല എന്നതാണ് മറ്റൊരു ദു:ഖകരമായ വസ്തുത. രണ്ടാം പ്രതി ഉമ്മിണി സദാനന്ദനെയും ഏഴാം പ്രതി മാധവന്‍ നാരായണനെയും പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചുകൊന്നു.

ഠഠഠ
അടിസ്ഥാന വര്‍ഗ-ജാതി വിഭാഗത്തില്‍ പെട്ടവരായിരുന്നു കലാപകാരികളില്‍ നല്ല പങ്ക്. കലാപത്തിന്‍െറ ശരിയായ നേതാവ് എന്ന് ഇന്ന് നമുക്ക് ബോധ്യമാവുന്ന ‘ബീഡി’ വേലു ഏഴാം ക്ളാസ് വിദ്യാഭ്യാസം ഉണ്ടായിരുന്ന ബീഡിതെറുപ്പുകാരനായിരുന്നു.  ദലിത് സമുദായംഗമായിരുന്നു ചന്തിരന്‍ കാളിയമ്പി. ഡഫേദാറെ കുത്തിയ  നിലമേല്‍ വിശ്വനാഥന്‍ തയ്യല്‍ക്കാരനായിരുന്നു. അടൂര്‍ പരമേശ്വരന്‍പിള്ള ഡ്രൈവര്‍ തൊഴിലാണ് എടുത്തിരുന്നത്. കൊട്ടാരക്കര സ്പെഷല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് രേഖകള്‍ പരിശോധിക്കുമ്പോള്‍   19 മുതല്‍ 63 വയസുവരെയുളള 60 പ്രതികളില്‍ 34 പ്രതികള്‍ മുപ്പതോ അതില്‍ താഴെയോ പ്രായമുള്ളവരായിരുന്നു എന്നു വ്യക്തമാകും. വ്യത്യസ്ത മത-ജാതിയില്‍ പെട്ടവരും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. ആറു പേര്‍ മുസ്ലിംകളും ഒരാള്‍ ദലിതുമായിരുന്നു. 42ാം   പ്രതി 35 വയസുകാരനായ ചിന്നന്‍ ചന്തിരന്‍ (വാട്ടവിളയില്‍, മടത്തറ)യായിരുന്നു ദലിത് അംഗം. 60 പ്രതികളില്‍ 13 പേര്‍ സവര്‍ണജാതിയില്‍ പെട്ടവരാണെന്ന് പേരുകളിലെ ജാതിവാലുകളില്‍ നിന്ന് മനസിലാകുന്നു. കോടതിയില്‍ വിപ്ളവത്തിനെതിരെ സാക്ഷ്യം പറഞ്ഞവരുടെ മഹത്വം കോടതി രേഖയില്‍ തന്നെയുണ്ട്. 25 രൂപമുതല്‍ 200 രൂപവരെ നികുതി കൊടുക്കുന്നവരായിരുന്നു സാക്ഷികളില്‍ നല്ല പങ്ക്.അതായിരുന്നു അവരുടെ യോഗ്യതയും. പിന്നെ സാക്ഷികളായി കോടതിയില്‍ വന്നത് കരാറുകാരനും കച്ചവടക്കാരും പൊലീസ്-സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായിരുന്നു.

ഠഠഠ
കടയ്ക്കല്‍ കേസിന്‍െറ വിചാരണയ്ക്കായി കൊട്ടാരക്കരയില്‍ പ്രത്യേക മജിസ്ട്രേറ്റ് കോടതിയും കൊല്ലത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയും സ്ഥാപിച്ചു. കേസിന്‍െറ പ്രത്യേകതയായി പറഞ്ഞത് ട്രാവന്‍കൂര്‍ പീനല്‍ കോഡ് സെക്ഷന്‍ 112 അനുസരിച്ചുള്ള കുറ്റം കടക്കല്‍ മാത്രമേ നടന്നിട്ടുള്ളൂവെന്നാണ്. അതായത് ബ്രിട്ടീഷ് രാജ്ഞിക്കെതിരെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരെ യുദ്ധം നയിച്ചുവെന്ന കുറ്റം. ശിക്ഷയായി നിശ്ചയിച്ചിട്ടുള്ളത് വധശിക്ഷ, ജീവപര്യന്തം, സ്വത്ത് കണ്ടുകെട്ടല്‍ എന്നിവയാണ്. കൊട്ടാരക്ക സ്പെഷല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി 1939 മെയ് 29 ന് ( 1114 ഇടവം 15) ന് കേസില്‍ വിധി പ്രഖ്യാപിച്ചു. 1114 ല്‍ ഒന്നാം കേസായി ചുമത്തിയ കേസില്‍ സാഹിബ് ബഹദൂര്‍ പി. മുഹമ്മദ് കുഞ്ഞ് ബി.എയായിരുന്നു മജിസ്ട്രേറ്റ്. സര്‍ക്കാരിനെ കൊട്ടാര പൊലീസ് ഇന്‍സ്പെകര്‍ പ്രതിനിധീകരിച്ചു.  എം.എം. ജോര്‍ജ് ബി.എ, ബി.എല്‍ ആയിരുന്നു സ്പെഷല്‍ പ്രോസിക്യൂട്ടര്‍.  കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ 114 ല്‍ 10, 11 കേസുകളായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ 81 പേരായിരുന്നു പ്രതികള്‍. അതില്‍ 60 പേര്‍ മാത്രമേ പിടിക്കപ്പെട്ടുള്ളൂ. ഒരാള്‍ മരിച്ചിരുന്നു.വിധി പറയുന്ന സമയത്ത് 21 പേര്‍ ഒളിവിലായിരുന്നു. 95 സാക്ഷികളില്‍ 93 പേരെയും വിസ്തരിച്ചു.  കേസിലെ 71ാം സാക്ഷി ചന്തയുടെ കരാറുകാരായ അബ്ദുല്‍ ഖാദിര്‍ അബ്ദില്‍സാക്ക് ആയിരുന്നു.
കേസിലെ 28ാം പ്രതി വേലു രാഘവന്‍, 31-ാം പ്രതി പി. മീതിയന്‍ കുഞ്ഞ് (60 വയസ്), 33-ാം പ്രതി കൃഷ്ണന്‍ ഗോപാലന്‍, 53-ാം പ്രതി മാധവന്‍കുട്ടി (24വയസ്), 59-ാം പ്രതി മുഹമ്മദ് കുഞ്ഞ് അലികുഞ്ഞ് (28 വയസ്) എന്നീ അഞ്ചു പേരെ കുറ്റക്കാരല്ളെന്ന് കണ്ട് വിട്ടയച്ചു. ബാക്കി 55 പേരും കുറ്റക്കാരാണ് എന്നായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ വിധി. കുറ്റക്കാരാണ് എന്ന് കണ്ടത്തെിയവരുടെ വിചാരണ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടത്താനായിരുന്നു മജിസ്ട്രേറ്റിന്‍െറ ഉത്തരവ്. 55 പേര്‍ക്കും ടി.പി.സിയുടെ 112, 114 വകുപ്പുകള്‍ ബാധകമാണ് എന്നും വിധിച്ചു. പിന്നീട് പിടിക്കപ്പെടവരുടെ വിചാരണയും കൊല്ലം കോടതിയിലാണ് നടന്നത്.
1940 ജനുവരി മൂന്നിന് (1115 ധനു 10) കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്. കുളത്തൂരാന്‍ ബി.എ, ബി.എല്‍ വിധി പ്രഖ്യാപിച്ചു. കേസില്‍ 62 പ്രതികളാണുണ്ടായിരുന്നത്. 11 പേരെ വിട്ടയച്ചു. രണ്ടുപ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു.  രാമന്‍കൃഷ്ണന്‍ (15ാം പ്രതി), രാമപ്പണിക്കര്‍ കുട്ടപ്പണിക്കര്‍ (24ാംപ്രതി), മാധവന്‍കൃഷ്ണന്‍, മൈതീന്‍കുഞ്ഞ് മീരസാഹിബ്, പത്മനാഭന്‍ ജനാര്‍ദനന്‍, ശങ്കരപ്പണിക്കര്‍ ഉമ്മിണിപ്പണിക്കര്‍, അസനാരുപിള്ള മുഹമ്മദ് മുസ്തഫ, നാരായണന്‍ കുഞ്ഞു ശങ്കരന്‍, പപ്പുകുഞ്ഞന്‍, കൃഷ്ണന്‍ കേശവന്‍, കുഞ്ഞന്‍ ഗോപാലന്‍ എന്നിവരെയാണ് വിട്ടയച്ചത്. എന്നാല്‍ സെക്ഷന്‍ 112 പ്രകാരം 10 പേരെ ജീവപര്യന്തം തടവിനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും വിധിച്ചു. ഒന്നാംപ്രതി കുട്ടിവാസു, ഒമ്പതാം പ്രതി പപ്പുനാരായണന്‍, 10-ാം പ്രതി നാരായണന്‍ സദാനന്ദന്‍, കുഞ്ഞന്‍ ഭാസ്കരന്‍, വേലു ഗോപാലന്‍, അയ്യപ്പന്‍പിള്ള പാച്ചന്‍പിള്ള, കേശവന്‍ ഗംഗാധരന്‍, അയ്യപ്പന്‍പിള്ള ശങ്കരപ്പിള്ള, കൃഷ്ണന്‍ പരമു, പെരുമാള്‍ കൃഷ്ണന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ കിട്ടിയത്. മറ്റുള്ളവരെ ഒമ്പതുമാസം തടവു മുതല്‍  നാലുവര്‍ഷം എട്ടുമാസംവരെ കഠിനതടവിന് വിധിച്ചു. 21 മാസത്തെ തടവായിരുന്നു ചിന്നന്‍ ചന്തിരന് കിട്ടിയത്.
ജീവപര്യന്തം തടവ് വിധിക്കപ്പെട്ടവര്‍ വിവിധ കാലയളവില്‍ മോചിപ്പിക്കപ്പെട്ടു. ആരും ജീവപര്യന്തം കിടക്കേണ്ടിവന്നില്ല. കേസിലെ 59-ാം പ്രതി പറയാട്ടുവിളയില്‍ മാധവന്‍ വാസു സെന്‍ട്രല്‍ ജയിലില്‍ വച്ചു മരിച്ചു.         

ഠഠഠ

തിരുവിതാംകൂര്‍ മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും ‘കടയ്ക്കല്‍ ഫ്രാങ്കോ’പുത്തന്‍വീട്ടില്‍ രാഘവന്‍ പിള്ളയെ പിടിക്കാന്‍ ഭരണകൂടത്തിനായില്ല. ഒരുവര്‍ഷം അദ്ദേഹം ഒളിവില്‍ കഴിഞ്ഞു. അദ്ദേഹത്തിന്‍െറ തലക്ക് ആയിരം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.  1940 ജൂണ്‍ 10 ന് (1115 ഇടം 28) രാഘവന്‍ പിള്ള ചിതറ വോങ്കോട് ക്ഷേത്രത്തിന്‍െറ മുന്നില്‍ വച്ച് ഇന്‍സ്പെക്ടര്‍ രാമന്‍നായര്‍ക്ക് മുന്നില്‍ കീഴടങ്ങി. ചിതറക്ക് അടുത്ത വനങ്ങളില്‍ ആദ്യം ഒളിവില്‍ കഴിഞ്ഞ രാഘവന്‍പിള്ള പിന്നെ അഞ്ചല്‍, അഞ്ചുതെങ്ങ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. ജീവപര്യന്തം തടവിനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമായിരുന്നു ശിക്ഷ. കടയ്ക്കല്‍ വിപ്ളവത്തിന്‍െറ നായകന്‍മാരില്‍ ഒരാളായ ചാങ്കുവിള ഉണ്ണി എന്ന പുത്തന്‍വീട്ടില്‍ കൃഷ്ണപിള്ള പൊലീസിന് പിടികൊടുത്തതേയില്ല. അമ്പലപ്പുഴ, കോട്ടയം തുടങ്ങിയ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ അദ്ദേഹം പിന്നീട് ബോംബെയിലേക്ക് മുങ്ങി. കടയ്ക്കല്‍ സമരത്തിന്‍െറ നായകനായിരുന്ന ദലിത് അംഗം ചന്തിരന്‍ കാളിയമ്പി ഒരിക്കലും പിടികൊടുത്തില്ല. അതിനാല്‍ തന്നെ കേസില്‍ പ്രതിയായതുമില്ല. സ്വാതന്ത്ര്യം കിട്ടുന്നതുവരെ അദ്ദേഹം ഒളിവില്‍ തുടര്‍ന്നു.         





ഠഠഠ

കടയ്ക്കല്‍ വിപ്ളവം ജനകീയ അധികാരം ശാസ്ത്രീയമായി സ്ഥാപിക്കുന്നതിലും നിലനിര്‍ത്തുന്നതിലും പരാജയപ്പെട്ടുവെങ്കിലും പ്രസക്തി ഒട്ടും കുറയുന്നില്ല. കേരളത്തെ രൂപപ്പെടുത്തിയ കാര്‍ഷിക വിപ്ളവം എന്നത് തന്നെയാണ് ചരിത്രത്തില്‍ അതിന്‍െറ സ്ഥാനം . സ്റ്റേറ്റ് കോണ്‍ഗ്രസ് എന്ന് സംഘടന രൂപീകരിക്കപ്പെട്ട് മാസങ്ങള്‍ക്കുള്ളിലാണ് സമരം നടന്നത്. നിരോധിത സംഘടനയായി സ്റ്റേറ്റ് കോണ്‍ഗ്രസിനെ ഭരണകൂടം പ്രഖ്യാപിച്ചിട്ടും ജനം അതുകൂട്ടാക്കാതെ സമരവുമായി മുന്നോട്ടുവന്നു. അത് ചരിത്രത്തിലെ ധീരമായ നടപടിയാണ്. പ്രക്ഷോഭത്തില്‍ അടിസ്ഥാന വര്‍ഗ-ജാതി വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ സജീവമായ പങ്കാളിത്തം വ്യക്തമായിരുന്നു. കര്‍ഷകരായിരുന്നു സമരത്തില്‍ നല്ല പങ്ക് വഹിച്ചത്. സമരം കേവലം ചന്തക്കരത്തിന്‍െറ പ്രശ്നത്തിലൊതുങ്ങി നിന്നില്ല. ഉത്തരവാദിത്വ ഭരണം എന്ന ലക്ഷ്യം സമരം ഉയര്‍ത്തി. രാജഭരണത്തിന്‍െറയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍െറയും എല്ലാ അധികാര കേന്ദ്രങ്ങള്‍ക്കെതിരെയും ജനം പോരാടി. അതുവഴി  നാടുവാഴിത്ത- സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലും സ്വാതന്ത്ര്യസമര പോരാട്ടത്തിലും  പുതിയ അധ്യായം എഴുതിചേര്‍ത്തു. കടയ്ക്കല്‍ വലിയ ത്യാഗവും ആത്മാര്‍ത്ഥതയും പ്രകടിപ്പിച്ചു. വലിയ നഷ്ടങ്ങള്‍ സഹിച്ചു. ആ സഹനത്തിന്‍െറ കൂടി മുകളിലാണ് കേരളം കെട്ടിപ്പടുക്കപ്പെട്ടത്.
വിപ്ളവം പരാജയപ്പെടാന്‍ പലതുണ്ട് കാരണം. വിപ്ളവത്തെപ്പറ്റിയോ അധികാരം പിടിച്ചെടുക്കുന്നതിനെപ്പറ്റിയോ ശാസ്ത്രീയ ധാരണ കലാപകാരികള്‍ക്ക് ഉണ്ടായിരുന്നില്ല. ശരിയായ ആസൂത്രണമോ  പദ്ധതിയോ കടയ്ക്കലിലെ വിപ്ളവകാരികള്‍ക്കുണ്ടായിരുന്നില്ല. ഉറച്ച നേതൃത്വത്തിന്‍െറയും ശാസ്ത്രീയ സംഘടനാ സംവിധാനത്തിന്‍െറയും അഭാവം പ്രകടമായിരുന്നു. ഫ്രാങ്കോ രാഘവന്‍ പിള്ളയടക്കം പലരും ആവേശത്തള്ളിച്ചയിലാണ് കലാപത്തിന്‍െറ ഭാഗമാകുന്നത്. ക്യാമ്പ് സ്ഥാപിച്ചെങ്കിലും കൈവശമുണ്ടായിരുന്ന തോക്കുകള്‍ ഉപയോഗിക്കാനുള്ള പരിശീലനം നടത്തുകയോ, ചെറുത്തുനില്‍പിനുള്ള കരുത്ത് വര്‍ധിപ്പിക്കുകയോ ഉണ്ടായില്ല. അധികാരം ലഭിച്ചപ്പോള്‍ അത് ഉറപ്പിക്കാനോ വ്യാപിപ്പിക്കാനോ ശ്രമിച്ചതുമില്ല. അതുവഴി സമരം ബാഹ്യലോകത്ത്നിന്ന് ഒറ്റപ്പെട്ടു. യാഥാര്‍ത്ഥ്യ ബോധമല്ല, വികാരമാണ് പലപ്പോഴും കലാപകാരികളെ നയിച്ചത്.  അടിച്ചമര്‍ത്തല്‍ പ്രതീക്ഷിച്ചുവെങ്കിലും ഭരണകൂടത്തിന്‍െറ യഥാര്‍ത്ഥ ശക്തിയെ കണക്കിലെടുത്തില്ല. അവസാന ഘട്ടത്തില്‍, ഭരണകൂടം അയവേറിയ ഒത്തുതീര്‍പ്പ് സമീപനം കടയ്ക്കലിനോട് എടുക്കുമെന്ന് വൃഥായെങ്കിലും കലാപകാരികള്‍ ആശിച്ചു.   
പരാജയങ്ങള്‍ വിപ്ളവത്തിന്‍െറ മഹത്വം കുറക്കുന്നില്ല. കടയ്ക്കലില്‍ അനീതി നിലനിന്നിരുന്നു. ചന്തക്കരത്തിന്‍െറയും പൊലീസ് അടിച്ചമര്‍ത്തലിന്‍െറയും ഒക്കെ രൂപത്തില്‍ അനീതിയും അന്യായവും നടമാടി. രാജ-ബ്രിട്ടീഷ് ഭരണമായിരുന്നു ആ അനീതിയുടെ ഉപരിഘടന. അനീതിക്കെതിരെ നടക്കുന്ന ഏതൊരു കലാപവും ന്യായയുക്തമാണ്. അതിനാല്‍ തന്നെ കടയ്ക്കല്‍ വിപ്ളവം ജനത്തിന്‍െറ ന്യായമാണ്.  അത് ഉയര്‍ത്തിപ്പിടിക്കേണ്ടതു തന്നെയാണ്.     
                                                                                                                                                                                     
സൂചിക

1. ദ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്‍റ് ഇന്‍ കേരള, വോള്യം മൂന്ന് (1938-1948), സ്റ്റേറ്റ് ആര്‍കൈവ്സ് ഡിപ്പാര്‍ട്ട്മെന്‍റ്, കേരള സര്‍ക്കാര്‍, 2006
2. കടയ്ക്കല്‍ കത്തിപ്പടര്‍ന്ന വിപ്ളവജ്വാല, കടയ്ക്കല്‍ എന്‍. ഗോപിനാഥന്‍ പിള്ള, വിതരണം: സൃഷ്ടി പബ്ളിക്കേഷന്‍സ് ആന്‍ഡ് ബുക് സ്റ്റാള്‍, കടയ്ക്കല്‍, 1995
3. Kadakkal Rebellion 1939, കേരള സ്റ്റേറ്റ് ആര്‍കൈവ്സ് ഡിപ്പാര്‍ട്ട്മെന്‍റ്,2010
4. വിപ്ളവസ്മരണകള്‍, പുതുപ്പള്ളി രാഘവന്‍,  വോള്യം ഒന്ന്, 2009 ഏപ്രില്‍, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം.



പച്ചക്കുതിര , 2018 സെപ്റ്റംബര്‍


















No comments:

Post a Comment