Friday, April 8, 2011

'കവിതയാണ് എന്റെ മാതൃരാജ്യം'

സംഭാഷണം
നദാലി ഹന്‍ദാല്‍/ആര്‍.കെ. ബിജുരാജ്

ഫലസ്തീന്‍ കവിയും നാടകകൃത്തുമായ നദാലി ഹന്‍ദാല്‍ പ്രവാസ ജീവിതത്തിന്റെ സങ്കീര്‍ണതകളെയും എഴുത്തിനെയും പറ്റി സംസാരിക്കുന്നു



'കവിതയാണ് എന്റെ മാതൃരാജ്യം'


മറുനാട്ടിലൂടെയുള്ള നിലയ്ക്കാത്ത യാത്രയാണ് ഫലസ്തീന്‍ കവിയായ നദാലി ഹന്‍ദാലിന്റെ ജീവിതം. അതു തന്നെയാണ് അവരുടെ കവിതയും. സ്വന്തം നാട് ബത്‌ലഹേം. അതാകട്ടെ നദാലി ജനിക്കുന്നതിനു മുമ്പേ സംഘര്‍ഷത്തിന്റെ നടുവിലായിരുന്നു. അസ്വാതന്ത്ര്യം രാജ്യത്ത് ഓരോ തരിമ്പിലും നിലകൊണ്ടു. ബത്‌ലഹേം ദമ്പതികളുടെ മകളായി നദാലി ജനിച്ചത് തന്നെ പ്രവാസിയായിട്ടാണ്്- ഹെയ്ത്തിയില്‍. അതോടെ ഒരിടത്തുനിന്ന് അടുത്തിടത്തേക്കുള്ള യാത്ര തുടങ്ങുന്നു. യൂറോപ്പ്, അമേരിക്ക, കാനഡ, ബ്രിട്ടന്‍, കരീബിയ, ലാറ്റിന്‍ അമേരിക്ക, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി മാറി മാറി ജീവിതം. ഈ ജീവിതക്കാഴ്ചകളാണ് നദാലി ഹന്‍ദാലിന്റെ കവിതകള്‍. പ്രവാസം എന്ന വാക്കിന്റെ മുഴുവന്‍ സാധ്യതകളും ഉള്‍ക്കൊണ്ടാണ് 'കവിതയാണ് എന്റെ മാതൃരാജ്യം' എന്ന് കവി പ്രഖ്യാപിക്കുന്നതും. അതുകൊണ്ടാവും പശ്ചിമേഷ്യയുടെ സാംസ്‌കാരിക അംബാസഡര്‍ എന്ന് റോയിറ്റര്‍ നദാലിയെ വിശേഷിപ്പിച്ചത്.
എഴുത്തുകാരിയും നാടകകൃത്തും ആക്റ്റിവിസ്റ്റുമാണ് നാല്‍പ്പത്തിരണ്ടുകാരിയായ നദാലി ഹന്‍ദാല്‍. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലെ സര്‍വകലാശാലകളിലും അവര്‍ ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നു. ഇരുപതിലധികം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഫ്രാന്‍സ്, റഷ്യ, ലാറ്റിന്‍അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങിലെ പ്രശ്തരായ പല നാടകസംവിധായകര്‍ക്കൂമൊപ്പം പ്രവര്‍ത്തിച്ചാണ് നദാലി നാടകം പഠിച്ചത്. ഇപ്പോള്‍ 'ജിബ്രാന്‍' എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ചില ടെലിവിഷന്‍ ചിത്രങ്ങള്‍ നിര്‍മിക്കുകയൂം ചെയ്തു.
കൊല്‍ക്കത്തയിലുള്‍പ്പടെ ലോകമെമ്പാടും നദാലി കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അറബികും ഇംഗ്ലീഷും ഫ്രഞ്ചും നദാലി ഒഴുക്കോടെ സംസാരിക്കുന്നു; എഴുതുന്നു. വിവിധ ഭാഷകളിലേക്ക് കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 'ലൗ ആന്‍ഡ് സ്‌ട്രെയിഞ്ച് ഹോഴ്‌സസ്', 'ദ ലിവ്‌സ് ഓഫ് റെയിന്‍', 'ദ നെവര്‍ ഫീല്‍ഡ്' തുടങ്ങിയവയാണ് കൃതികള്‍. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ന്യൂയോര്‍ക്കിലാണ് ഇപ്പോള്‍ താമസം.
ഈ ഓണ്‍ ലൈന്‍ സംഭാഷണത്തില്‍ തന്റെ പ്രവാസി ജീവിതത്തെയും, ഫലസ്തിനെയും രചനയെയും പറ്റി നദാലി സംസാരിക്കുന്നു.



പ്രവാസം താങ്കളിലെ കവിയെ/എഴുത്തുകാരിയെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

പ്രവാസം എന്നത് മറ്റൊരാളോട് വിവരിക്കാവുന്ന അവസ്ഥയല്ല. വീടില്ലാതിരിക്കുക എന്നത് ഒരു വേദനയാണ്്. അത് നമ്മളോട് എപ്പോഴും നമ്മുടെ അസ്ഥിത്വത്തെപ്പറ്റി പറയുകയും ഓര്‍മിപ്പിക്കുകയും ചെയ്യും. പ്രവാസം അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അതിലെ വേദന മനസിലാവൂ. പക്ഷേ, പ്രവാസവും ഒരു രാജ്യത്തില്‍നിന്ന് മറ്റൊരു രാജ്യത്തേക്കുള്ള പറിച്ചുനടലും ലോകത്തെ നന്നായി കാണാനുള്ള അവസരം നല്‍കിയിട്ടുണ്ട്. അതായത് ലോകത്തിന്റെ മഹത്വവും മഹത്വമില്ലായ്മയും കാണാനുള്ള അവസരം. യാത്രയില്‍ നഗ്നപാദനായ ഒരു കുട്ടിയെ കാണുന്നുവെന്ന് കരുതുക. വരണ്ട ചുണ്ടുകളുള്ള, ഇപ്പോള്‍ ആയിരം കക്ഷണങ്ങളായി ചിതറാന്‍ പോകുന്ന കണ്ണുകളുള്ള ഒരു കുട്ടിയെ. ആ കുട്ടി വെള്ളത്തിനായി കേഴുന്നു. അത് നമ്മില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കും. ഈ ദൃശ്യം മനസില്‍ വളര്‍ന്നുകൊണ്ടേയിരിക്കും. ഇത്തരം അസംഖ്യം കാഴ്ചകള്‍ ഓര്‍മയിലുണ്ട്. കവിതകള്‍ ഈ പ്രവാസ കാഴ്ചകളാണ്. ശബ്ദമുഖരിതമായ അവസ്ഥയ്ക്ക് മേല്‍ നിശബ്ദത പതിക്കുന്നതുപോലെ അത് അനുഭവപ്പെടുന്നു. ഈ പ്രവാസമാണ് എന്നിലെ കവിയെയും എഴുത്തുകാരിയെയും നാടകൃത്തിനെയും ചലിപ്പിക്കുന്നത്.


എന്താണ് താങ്കള്‍ക്ക് എഴുത്ത്, കവിത?

എഴുതുമ്പോള്‍ ഞാന്‍ ചെറുത്തുനില്‍ക്കുന്നു. എനിക്കുള്ളിലെ ലോകത്തെ, എനിക്കറിയാവുന്ന ലോകത്തെ ഞാന്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നു. അതിലൂടെ ഞാന്‍ ആളുകളുമായും, പ്രകൃതിയുമായും, സ്വപ്നഭൂമിയുമായും സംവദിക്കുന്നു. സജീവമായ നിരീക്ഷണമല്ല എനിക്ക് എഴുത്ത്. മറവിക്കെതിരെയുള്ള പോരാട്ടമാണ്, എല്ലാത്തരം അനുഭവങ്ങളെയും ഓര്‍മിക്കലാണ്. അതുകൊണ്ട് തന്നെ കവി, സ്ത്രീ, എഴുത്തുകാരി എന്നീ എല്ലാ ഭാവങ്ങളും ഒന്നിച്ചിരിക്കുന്നു. എനിക്ക് മാനവികതയെപ്പറ്റി സംവദിക്കണം. ഒരു നദിക്കരയില്‍ ഇരുന്ന് രണ്ട് പ്രണയികള്‍ ചുംബിക്കുന്നതും, അമ്മയും നാലുവയസുകാരിയായ മകളും ഓറഞ്ചു മരത്തിനു ചുറ്റും ഓടുന്നതും, വീട് നഷ്ടപ്പെടുകയും എന്നാല്‍ താക്കോല്‍ മാത്രം കൈയിലുള്ള മനുഷ്യനും എന്റെ കവിതകളില്‍ ചിത്രീകരിക്കപ്പെടുന്നത് ഈ മാനവികതയെപ്പറ്റിയുള്ള സംവാദത്തിന്റെ തുടര്‍ച്ചയായാണ്.


എപ്പോഴാണ് താങ്കള്‍ എഴുത്തിലേക്ക് തിരിഞ്ഞത്?

ശരിക്കും ഓര്‍മയില്ല. അമ്മ പറഞ്ഞുള്ള ഓര്‍മ ഞാന്‍ മൂന്നുവയസായപ്പോള്‍ മുതല്‍ കഥകള്‍ പറയാന്‍ തുടങ്ങിയെന്നാണ്. അത് ബോധപൂര്‍വമായ പ്രവര്‍ത്തിയല്ല. പക്ഷേ ഈ കഥകള്‍ പിന്നീട് എന്നെ ഉറപ്പിക്കുകയും എവിടെയെങ്കിലും എന്നെ സ്ഥാപിക്കുകയൂം ചെയ്തു. അതായത് താളുകളില്‍, ലോകത്തിന്റെ നാശാവശിഷ്ടങ്ങള്‍ക്കില്‍. സ്വഭാവികമായും ഈ തുടര്‍ച്ചയാണ് എഴുത്ത്.

എന്താണ് എഴുത്തിന്റെ രീതി?

ഞാന്‍ പ്രഭാതത്തെ ഇഷ്ടപ്പെടുന്നു. പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നു. എവിടെ പോകുമ്പോഴും ഒരു നോട്ട് ബുക്ക് കൈവശമുണ്ട്. വളരെ കരുതലോടെയാണ് യാത്ര. കരുതലോടെയാണ് യാത്രയെങ്കിലും വാക്കുകളും വരികളുമെല്ലാം ചിതറിയതാണ്. ദിവസത്തില്‍ തോന്നുമ്പോള്‍ എഴുതുന്നു. തുടര്‍ച്ചയായി മനസില്‍ എഴുതിക്കൊണ്ടിരിക്കുന്നു. പിന്നെ അതു താളിലേക്ക് പകര്‍ത്തുന്നു. പകര്‍ത്തിയ ശേഷം അതില്‍ പിന്നെയും പിന്നെയും വര്‍ക്ക് ചെയ്യുന്നു. എഴുതാന്‍ ഏറ്റവും ഇഷ്ടപ്പെട്ട ഇടം എന്റെ മുറി തന്നെ.


പത്തിലധികം രാജ്യങ്ങളില്‍ താമസിച്ചിട്ടുണ്ട്.. താങ്കളുടെ ദേശീയത (നാഷണാലിറ്റി)യെപ്പറ്റി ചോദിച്ചാല്‍ എന്തുത്തരം പറയും?

പലനാടുകളില്‍ ജീവിച്ചുവെങ്കിലും വീടിനെപ്പറ്റുളള ബോധം എന്നും ഫലസ്തീന്‍ സ്വത്വവുമായി ചേര്‍ന്നിരിക്കുന്നതാണ്. അബോധപൂര്‍വമായോ ബോധപൂര്‍വമായോ നാടിനെപ്പറ്റി ചിന്തിക്കുമ്പോള്‍ ഫലസ്തീനാണ് മനസില്‍ ഉയരുന്നത്. പല ഭൂപ്രകൃതിയില്‍, പല സംഗീതത്തില്‍, പല ജനങ്ങള്‍ക്കൊപ്പം കഴിയുന്ന ഒരാള്‍ അയാളുടെ അസ്ഥിത്വത്തെപ്പറ്റി ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. അങ്ങനെ ചിന്തിച്ചാല്‍ അവര്‍ ഇരുണ്ട വെള്ളത്തിനടിയിലായി പോകും.


അറബിക് , ഇംഗ്ലീഷ്, ഫ്രഞ്ചു പല ഭാഷകള്‍ താങ്കള്‍ ഒഴുക്കോടെ സംസാരിക്കുന്നു. എന്താണ് താങ്കളുടെ ശരിയായ ഭാഷ? പല ഭാഷയിലെ വാക്കുകള്‍ കവിതയില്‍ കൊണ്ടുവരുന്നത് ബോധപൂര്‍വ ശ്രമമാണോ?

എനിക്ക് മാതൃഭാഷയില്ല. ഞാന്‍ വളര്‍ന്നത് പല ഭാഷകള്‍ പറഞ്ഞുകൊണ്ടാണ്. അതിനാല്‍ ഈ ഭാഷകളെല്ലാം എന്റെ ഇംഗ്ലീഷില്‍ കലര്‍ന്നിട്ടുണ്ട്. എന്റെ ഇംഗ്ലീഷ് തന്നെ ഫ്രഞ്ച്, സ്പാനിഷ്, അറബിക്, ക്രിയോള്‍ ഭാഷയുടെ മിശ്രതമാണ്. അത് ഞാന്‍ എഴുത്തിലും കൊണ്ടുവരുന്നു. വാക്കുകള്‍ തമ്മില്‍ പാലം പണിയുന്നതില്‍ ഇഷ്ടപ്പെടുന്നു. കവിതകളുടെ പാലം നമ്മെ ബന്ധിക്കുന്നു.


ബത്‌ലെഹേമിലെ കാഴ്ചകള്‍, ദൃശ്യങ്ങള്‍


ബത്‌ലെഹേം ആദ്യം കാണുന്നതെപ്പോഴാണ്? ഇപ്പോള്‍ അവിടേക്ക് പോകാറുണ്ടോ?

ഒരു കൗമാരക്കാരിയായിരിക്കുമ്പോഴാണ് ഞാന്‍ ആദ്യം ബത്‌ലേഹമില്‍ പോകുന്നത്. പിന്നെ പലവട്ടം പോയിട്ടുണ്ട്. എപ്പോള്‍ ചെല്ലുമ്പോഴും അസാധാരണമായ പരിചിതത്വം അനുഭവപ്പെടുന്നു. അവിടെ നില്‍ക്കുമ്പോള്‍ ഞാനാരാണ്, എന്റെ അസ്തിത്വം എന്തെന്ന് അത് മനസിലാക്കി തരുന്നു. ഇപ്പോള്‍ അവിടുത്തെ അവസ്ഥ വളരെ മോശമാണ്. ഫലസ്തീന്‍ വംശജരുടെ ദുരിതം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. പ്രത്യേകിച്ച്് ഇസ്രായേല്‍ വിവാദ മതില്‍ വെസ്റ്റ്ബാങ്കില്‍ പണിതശേഷം.

ആദ്യമായി ബത്‌ലേഹമില്‍ പോയപ്പോഴുള്ള അനുഭവം എന്തായിരുന്നു?. ബത്‌ലഹേമിനെക്കുറിച്ചുള്ള ഓര്‍മ?

മുമ്പ് 'ബത്‌ലെഹേം' എന്ന പേരില്‍ ഞാനൊരു കവിത എഴുതിയിട്ടുണ്ട്. എന്റെ അനുഭവവും ഓര്‍മയും വികാരവുമെല്ലാം അതിലുണ്ട്. അതിങ്ങനെയാണ്്: ''
രഹസ്യങ്ങള്‍ നമ്മുടെ ചുവടുകള്‍ക്കിടയിലെ അകലങ്ങളില്‍ ജീവിക്കുന്നു/മുത്തശ്ശന്റെ വാക്കുകള്‍ എന്റെ സ്വപ്നങ്ങളില്‍ മുഴങ്ങി/വര്‍ഷങ്ങള്‍ മുത്തശ്ശന്റെ ജപമാലയെയും പട്ടണത്തെയും കാത്തുവച്ചു/ഞാന്‍ ബെത്‌ലെഹേം കണ്ടു/എല്ലാം പൊടി നിറഞ്ഞ
ഒഴിഞ്ഞ പട്ടണം/ഒരു വാര്‍ത്തപത്രത്തിന്റെ കീറിയശകലം/അതിന്റെ ഇടുങ്ങിയ തെരുവുകളില്‍ നഷ്ടപ്പെട്ടിരിക്കുന്നു/എല്ലാവരും എവിടെയായിരുന്നിരിക്കും?/
ഭിത്തികളിലെ വരകളും കല്ലുകളും ഉത്തരം പറഞ്ഞു/ എവിടെയായിരുന്നു ശരിക്കുമുള്ള ബെത്‌ലെഹേം- എന്റെ മുത്തശ്ശന്‍ വന്നയിടം?/കൈലേസുകള്‍ എന്റെ കൈകളിലെ വേദനകളെ ഉണക്കി/ ഒലിവുമരങ്ങളും കണ്ണീരും ഓര്‍മിക്കുന്നത് തുടര്‍ന്നു/
ഞാന്‍ പട്ടണത്തിലൂടെ നടന്നു/ വെള്ള മേല്‍കുപ്പായം ധരിച്ച വൃദ്ധനായ അറബിയുള്ളിടം വരെ/ അദ്ദേഹത്തെ തടഞ്ഞ് നിര്‍ത്തി ഞാന്‍ ചോദിച്ചു:
''നിങ്ങളല്ലെ എന്റെ മുത്തശ്ശന്റെ കഥകളില്‍ ഞാന്‍ അറിഞ്ഞ മനുഷ്യന്‍?''/
എന്നെ ഒന്നു നോക്കിയശേഷം അയാള്‍ അവിടം വിട്ടുപോയി/ ഞാനയാളെ പിന്തുടര്‍ന്നു-എന്തുകൊണ്ട് സ്ഥലം വിടുന്നു എന്ന് ഞാന്‍ ചോദിച്ചു/
അയാള്‍ നടത്തം തുടര്‍ന്നതേയുള്ളു./ ഞാന്‍ ചുറ്റും നോക്കി/ അറിഞ്ഞു;
തന്റെ കാല്‍ചുവടുകള്‍ക്കിടയിലെ അകലങ്ങളില്‍/ അയാള്‍ രഹസ്യങ്ങള്‍ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു''. ഇതില്‍ കൂടുതല്‍ ഞാന്‍ മറ്റെന്തിങ്കിലും താങ്കളോട് പറയേണ്ടതുണ്ടോ?


ഫലസ്തീന്‍, അമേരിക്ക, അറബ് ലോകം


അറബ് രാജ്യങ്ങളില്‍ ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ നടക്കുകയാണ്. ഈ ഉയര്‍ത്തെഴുന്നേല്‍പ്പുകളെ എങ്ങനെ കാണുന്നു?

ലോകമെങ്ങും ജനങ്ങള്‍ സ്വാതന്ത്ര്യവും ജനാധിപത്യവും ആവശ്യപ്പെടുന്നു. ജനങ്ങള്‍ക്ക് അത് കൂടിയേ തീരൂ. അധികാലം ഇനി ഒരു രാജ്യത്തിലും മര്‍ദക സേച്ഛാധിപത്യം തുടരാനാവില്ല. അതുകൊണ്ട് തന്നെ ജനങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ സ്വാഭാവികമാണ്. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളെയും ഞാന്‍ പിന്തുണയ്ക്കുന്നു. എന്നാല്‍, ഈ ഉയര്‍ത്തെഴുന്നേല്‍പ്പുകളിലൂടെ പൂര്‍ണമായ ജനാധിപത്യം അധികാരത്തിലേറുമോയെന്ന കാര്യം സംശയമാണ്. ചിലയിടങ്ങളില്‍ മുമ്പുള്ളതിനേക്കാള്‍ കടുത്ത മര്‍ദക ഭരണകൂടമാവും സ്ഥാപിക്കപ്പെടുക. അങ്ങനെ മുമ്പ് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഉയര്‍ത്തെഴുന്നേല്‍പ്പുകളെ അല്‍പം ആശങ്കയോടെയാണ് ഞാന്‍ കാണുന്നത്.


നിങ്ങള്‍ കൂടുതല്‍ സമയവും ജീവിക്കുന്നത് അമേരിക്കയിലാണ്. അതേ സമയം അമേരിക്ക താങ്കളുടെ നാടിനെ സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും മറ്റിടങ്ങളില്‍ യുദ്ധങ്ങള്‍ നടത്തുകയും ചെയ്യുന്നു. അമേരിക്കയെ എങ്ങനെ കാണുന്നു?

അമേരിക്കയുടെ യുദ്ധതാല്‍പര്യങ്ങളോട് ഏതൊരു ജനാധിപത്യ വാദിയെയും പോലെ എതിര്‍പ്പാണ് എനിക്കുള്ളത്. അമേരിക്കയ്ക്ക് ചില നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. അവര്‍ അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിലെ പ്രശ്‌ന പരിഹരിക്കാനെന്ന പേരില്‍ കടന്നുകയറി യുദ്ധങ്ങള്‍ സൃഷ്ടിക്കും. ഇതിനെതിരെ അമേരിക്കയ്ക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. യുദ്ധക്കെടുതികള്‍ ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്്. ഇസ്രായേല്‍-ലെബനീസ് യുദ്ധത്തില്‍ സ്ത്രീകളും കുട്ടികളും മരിച്ചുകിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിപ്പോഴുമെന്നെ വേട്ടയാടുന്നുണ്ട്. അതുകൊണ്ട് തന്നെ ലോകത്തില്‍ ഇനിയൊരു യുദ്ധമുണ്ടാവരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. യുദ്ധത്തെ എതിര്‍ക്കുന്നു. മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് അമേരിക്കയുടെ യുദ്ധതാല്‍പര്യങ്ങളെ അപലപിക്കുന്നു.


ഫലസ്തീന്‍കാരിയെന്ന നിലയില്‍, അറബ് വംശജയെന്ന നിലയില്‍ താങ്കള്‍ക്ക് അമേരിക്കയില്‍ പ്രശ്‌നങ്ങള്‍ ഒന്നും നേരിട്ടിട്ടില്ലേ? അറബ് വംശജരെ സംശയദൃഷ്ടിയോടെ അമേരിക്കക്കാര്‍ നോക്കുന്നുവെന്ന് പല എഴുത്തുകാരും പറഞ്ഞ പശ്ചാത്തലത്തിലാണ് ഈ ചോദ്യം?

ഒരു ദശാബദക്കാലം ഫ്രാന്‍സിലും ഇംഗ്ലണ്ടിലും കഴിഞ്ഞ ശേഷമാണ് ഞാന്‍ അമേരിക്കയിലേക്ക് മടങ്ങുന്നത്. നിര്‍ഭാഗ്യകരമെന്നു പറയാം അത് സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷമായിരുന്നു. ആ സമയത്ത് മാധ്യമങ്ങളുള്‍പ്പടെ അറബ് വംശജര്‍ക്കെതിരെ മറ്റൊരു തരം ആക്രമമാണ് നടത്തിയത്. ആ സമയത്ത് എന്റെ കവിതകള്‍ കൂടുതലും രാഷ്ട്രീയപരമായിരുന്നു. കാരണം എന്റെ അമേരിക്കന്‍ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ടിരുന്നു. യുദ്ധത്തെ എതിര്‍ക്കുന്നതിനാല്‍ തന്നെ അക്കാലത്ത് അമേരിക്കയില്‍ കഴിയുക വളരെ ബുദ്ധിമുട്ടായിരിക്കുന്നു. എന്നാല്‍, 2006 ആയതോടെ ആ അവസ്ഥക്ക് മാറ്റം വന്നു. എന്നാല്‍, മനസില്‍ ചില പ്രശ്‌നങ്ങളുണ്ട്.
സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം അറബുകള്‍ക്കും മുസ്‌ലീങ്ങളുമായ അറബ്-അമേരിക്കന്‍ എഴുത്തുകാര്‍ക്കും നാടകൃത്തുക്കള്‍ക്കും മുഖ്യധാരകേന്ദ്രങ്ങളില്‍ കവിതയും നാടകമൊന്നും അവതരിപ്പിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. അതിപ്പോള്‍ മാറിവരികയാണ്.


താങ്കളോട് ലിസ സുഹൈര്‍ മജാജ് മുമ്പ് ഉന്നയിച്ച ഒരു ചോദ്യമുണ്ട്. ഫലസ്തീനെപ്പറ്റി ഒരു സ്ത്രീയുടെ വീക്ഷണകോണില്‍ നിന്ന് എഴൂതുന്നതിന്റെ അര്‍ത്ഥത്തെപ്പറ്റി?

അതിന് ലിസയോട് പറഞ്ഞ ഉത്തരം തന്നെയാണ് പറയാനുള്ളത്. ഫലസ്തീനെ ഞാന്‍ ഇഷ്ടപ്പെടുന്നു, പ്രണയിക്കുന്നു. ഞാനാഗ്രഹിക്കുന്ന രീതിയില്‍ പ്രണയിക്കാന്‍ ഫലസ്തീന്‍ എന്നെ അനുവദിക്കുന്നു. ഒരിക്കലും ഫലസ്തീന്‍ എന്നെ നിരാകരിച്ചിട്ടില്ല. അതെപ്പോഴും അതിന്റെ കൈകള്‍ ആശ്ലേഷിക്കാനായി നിവര്‍ത്തിപ്പിടിക്കുന്നു. ഫലസ്തീന്‍ ഉപാധികളില്ലാതെ സ്‌നേഹിക്കുന്നു. ഫലസ്തീന്‍ സ്വതന്ത്രമല്ല, പക്ഷേ ഫലസ്തീനുള്ളില്‍ ഞാന്‍ സ്വതന്ത്രമാണ്. ഫലസ്തീനെപ്പറ്റി എഴുതുമ്പോള്‍ ഒരു സ്ത്രീ എന്ന തലത്തിലല്ല എഴുതുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഫലസ്തീനെ മോശമായി പരിഗണിച്ച മറ്റൊരു ആത്മാവിനോട് ഒരു മനുഷ്യ ആത്മാവ് എന്ന നിലയില്‍ ഞാന്‍ പോരാടുകയാണ്.

കവിതയിലെ പ്രണയ

ഫലസ്തീനിലെ ഏറ്റവും മികച്ച കവിയായിട്ടാണ് മഹമൂദ് ദാര്‍വിഷിനെ വിശേഷിപ്പിക്കുന്നത്. താങ്കള്‍ക്ക് അദ്ദേഹത്തോട് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. ദാര്‍വിഷിനെയും സമകാലിക ഫലസ്തീന്‍ കവിതയെയും പറ്റി?

ഫലസ്തിന്റെ ബോധവും കൂട്ടായ ഓര്‍മയും (കളക്ടീവ് മെമ്മറി) മറ്റാരും ദാര്‍വിഷിനെപ്പോലെ കവിതയില്‍ കൊണ്ടുവന്നിട്ടില്ല. അദ്ദേഹം എവിടെ കവിത അവതരിപ്പിച്ചാലൂം, അത് പാരിസിലോ ഫലസ്തിനിലോ ആയിക്കോട്ടെ, കവിത എറ്റവും സാധാരണക്കാര്‍ അതില്‍ ആകര്‍ഷിക്കപ്പെട്ട് തടിച്ചുകൂടി. യുദ്ധത്താല്‍ തകര്‍ക്കപ്പെട്ട ലോകത്തില്‍ യോജിപ്പ് കൊണ്ടുവരാന്‍ കവിതയ്‌ക്കേ കഴീയൂവെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ''അവസാന അതിര്‍ത്തികളും കടന്ന് ഞങ്ങളെങ്ങോട്ട് പോകും, അവസാന ആകാശവും കഴിഞ്ഞാല്‍് പക്ഷികള്‍ക്ക് എവിടെ പറക്കാനാവും'' എന്ന രീതിയില്‍ ഫലസ്തിന്റെ ദുരിതങ്ങളെ അദ്ദേഹം കവിതയില്‍ കൊണ്ടുവന്നിട്ടുണ്ട്. ദാര്‍വിഷ് അതുകൊണ്ട് തന്നെ ഞാനുള്‍പ്പടെയുള്ള പുതുതലമുറയെ സ്വാധീനിക്കുന്നു. സമകാലിക ഫലസ്തീന്‍ കവിത വളരെ ശക്തമാണ്. പുതിയ കവികള്‍ കവിതയില്‍ രാജ്യത്തിന്റെ പ്രതിസന്ധികള്‍, വേദനകള്‍, ദുരന്തങ്ങള്‍ പകര്‍ത്തുന്നുണ്ട്. ഒരു പക്ഷേ, ഫലസ്തീന്റെ ഇന്നത്തെ കവിതകള്‍ ഏറ്റവും ഉജ്വലമായ രാഷ്ട്രീയ അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്.

കവിതയില്‍ പ്രണയം അപ്രത്യക്ഷമായിരിക്കുന്നു എന്നു താങ്കള്‍ ഒരിക്കല്‍ പറഞ്ഞു. അതെപ്പറ്റി?

അതിന്നത്തെ സമൂഹത്തിന്റെ പ്രതിഫലനമണ്. പ്രണയത്തെപ്പറ്റി പറയുമ്പോള്‍ നമ്മള്‍ മറ്റൊരു ഭാഷ, മറ്റൊരു പദാവലി, വ്യത്യസ്തമായ ഇമേജുകള്‍ എന്നിവ ഉപയോഗിക്കുന്നു. കരുന്നതിനേക്കാള്‍ കൂടുതല്‍ പ്രണയകവിതകള്‍ ഉണ്ടാകാം. പക്ഷേ നമ്മള്‍ അവയോട് സ്വയം അനൂരൂപമാകുകയോ താദാത്മ്യം പ്രാപിക്കുകയോ ചെയ്യുന്നില്ല. കാരണം പ്രണയത്തിന്റെ നിര്‍വചനങ്ങള്‍ മാറി. ആ അര്‍ത്ഥത്തിലാണ് ഞാതനത് പറഞ്ഞത്.

താങ്കളുടെ കവിതകളില്‍ പലപ്പോഴും കടന്നുവരുന്ന ബിംബങ്ങളാണ് യേശുക്രിസ്തുവും നബിയും. താങ്കളുടെ ജീവിതത്തില്‍ മതത്തിനെന്താണ് പ്രധാന്യം? മതവിശ്വാസിയാണോ?

ഞാന്‍ മതവിശ്വാസിയല്ല. പക്ഷേ, ഞാന്‍ നമുക്കുള്ളിലുള്ള വിശുദ്ധ ശക്തിയില്‍ വിശ്വസിക്കുന്നുണ്ട്. അതായത് നമ്മെ ചുറ്റിവളയുന്ന ഊര്‍ജത്തില്‍. നമ്മള്‍ അതിനെ അംഗീകരിക്കുകയും അതുമായി ഒത്തുപോകുകയും ചെയ്യുമ്പോള്‍ ദൈവവുമായി ആശയവിനിമയം സാധ്യമാകുന്നു. പക്ഷേ, നമുക്ക് ഈ ദൈവത്തെ നിര്‍വചിക്കേണ്ടതുണ്ട്. അതേ സമയം ജീവിതത്തില്‍ മതപരമായ ഒരു അനുഷ്ഠാനവും ഞാന്‍ പാലിക്കുന്നില്ല. മതത്തിന്റെ പേരില്‍ ഒരഭിമാനവും ഇല്ല. മതങ്ങളുടെ യുദ്ധത്തില്‍ എതിര്‍പക്ഷത്താണുതാനും.


ഒരു പ്രവാസി കവിക്കു മാത്രം പറയാവുന്ന വാക്കുകളാവും കവിതയാണ് എന്റെ മാതൃരാജ്യമെന്നത്.അതെപ്പറ്റി?

സര്‍ഗാത്മകത രചനയുടെ തുടക്കത്തില്‍ ഞാന്‍ ദൈവത്തോട് അടുക്കുന്നു. എഴുതുമ്പോള്‍ തീര്‍ത്തും സ്വതന്ത്രയായപോലെ തോന്നുന്നു. അത് ആശ്വാസവും സമാശ്വാസവും നല്‍കുന്നു. മാത്രമല്ല ഒരു ഫലസ്തീന്‍കാരിയെന്ന നിലയില്‍ ഫലസ്തീനെപ്പറ്റി ഉത്തരവാദിത്വത്തോടെ സംസാരിക്കുകയും എഴുതുകയും ചെയ്യണമെന്ന് മനസു പറയുന്നു. ഒരു ഫലസ്തീന്‍ കാരി എന്ന നിലയിലുള്ള അനുഭവം പങ്കിടല്‍ കൂടിയാണ് കവിത. നമുക്ക് ആശ്വാസം പകരുന്നു ഒന്നുകൂടിയാണ് ഈ കവിത. അങ്ങനെ പല അര്‍ത്ഥങ്ങളിലാണ് കവിത മാതൃരാജ്യമാണ്് എന്ന് പറഞ്ഞത്.

കവിതയിലും എഴുത്തിലും മറ്റാരുടെടെയെങ്കിലും സ്വാധീനം?

ജീവിതത്തിന്റെ വ്യത്യസ്ത നിമിഷങ്ങളില്‍ വ്യത്യസ്ത എഴുത്തുകാര്‍ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും തുടര്‍ച്ചയായി ഞാന്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാര്‍ ബെക്കറ്റ്, ഗാര്‍ഷിക മാര്‍ക്വേസ്,ബോദിലെയര്‍, അഖമതോവ, എലിയട്ട്, നെരൂദ എന്നിവരാണ്.

പലപ്പോഴും താങ്കളെ വിശേഷിപ്പിക്കുന്നത് അറബ്-അമേരിക്കന്‍ എഴുത്തുകാരിയായിട്ടാണ്. അത്തരം വിശേഷണങ്ങളെ, എഴുത്തിന്റെ വേര്‍തിരിവുകളോട് യോജിക്കുന്നുണ്ടോ?

ഇല്ല. ഞാന്‍ സ്വയം കരുതുന്നത് എഴുത്തികാരിയായിട്ടാണ്. എഴുത്തിന്റെ വേര്‍തിരിവുകളോടും നിര്‍വചനങ്ങളോടും എതിര്‍പ്പാണുള്ളത്. ഒരാള്‍ എന്നെ അറബ്-അമേരിക്കന്‍ എഴുത്തുകാരിയെന്ന് വിശേഷിപ്പിക്കുമ്പോള്‍, അയാള്‍ എന്നെ ഫലസ്തീന്‍, അമേരിക്കന്‍, ഫ്രഞ്ച്, ലാറ്റിന്‍ എന്നിങ്ങനെകൂടി പരിഗണിച്ചുകൊണ്ടും മനസിലാക്കിയുമാണ് അത് ചെയ്യുന്നതെങ്കില്‍ പ്രശ്‌നമില്ല.


താങ്കള്‍ക്ക് ഒരിടത്ത് സ്ഥിരമായി കൂടുകൂട്ടാനുള്ള ഉദ്ദേശമില്ലേ?

നല്ല ചോദ്യം. അച്ഛനുമമ്മയും വളരെ പിന്തുണയ്ക്കുന്നവരാണെങ്കിലും അവര്‍ക്കുപോലും എന്റെ ജീവിതം പിടികിട്ടിയിട്ടില്ല. കുറച്ചുവര്‍ഷം മുമ്പ് അമ്മ ഈ ചോദ്യം ചോദിക്കുന്നത് നിര്‍ത്തി: എന്നാണ് നീ നിന്റെ ജീവിതം തുടങ്ങാന്‍ പോകുന്നത് എന്നതായിരുന്നു പതിവ് ചോദ്യം. അതുകൊണ്ട് അവര്‍ ഉദ്ദേശിച്ചത് സ്ഥിരമായി ഒരിടത്തു നിന്ന് ജീവിക്കുക. അമ്മയ്ക്ക് അതിന് കഴിഞ്ഞിട്ടില്ല. ഞാനമ്മയോട് പറഞ്ഞത് വൂയര്‍ കയിക്‌സിയുടെ വരികളാണ് പറഞ്ഞത്. മറ്റൊരു പ്രവാസിയെ പരാമര്‍ശിക്കുകയായിരുന്നു വൂയര്‍. ''നമ്മള്‍ ആകാശം നേടിയിട്ടുണ്ടാവാം. പക്ഷേ നമുക്ക് ഭൂമി നഷ്ടമായി'. അതൊരു അവസ്ഥയാണ്. ഇതുവരെ മാറി ചിന്തിച്ചിട്ടില്ല.


ഇന്ത്യന്‍ സാഹിത്യത്തെപ്പറ്റി? ഇവിടുത്തെ രചനകളെ എത്രമാത്രം അറിയാം. മലയാളത്തെപ്പറ്റി കേട്ടിട്ടുണ്ടോ?

ഇന്ത്യയില്‍ നിന്നു വരുന്ന പല കവിതകളും നോവലുകളും ഞാന്‍ വായിച്ചിട്ടുണ്ട്. മുമ്പ് കൊല്‍ക്കത്ത പുസ്‌കോത്സവത്തിനും സാഹിത്യ സമ്മേളനത്തിനും വന്നപ്പോള്‍ പല എഴുത്തുകാരോടും അടുത്ത് ഇടപെടാനായി. അതിനുശേഷമാണ് ഇന്ത്യന്‍ സാഹിത്യത്തെപ്പറ്റി ഗൗരവമായി സമീപിക്കാന്‍ തുടങ്ങിയത്.ഇവിടുന്നുള്ള കവിതകള്‍ കൂടി ഉള്‍പ്പെടുത്തി ഒരു സമാഹാരം പ്രസിദ്ധീകരിക്കാനുള്ള ആലോചനയുണ്ട്. മലയാളത്തിലെ രചനകളെപ്പറ്റി അറിയില്ല. താങ്കളുടെ നാട്ടിലുള്ള കവികളുടെ രചനകള്‍ ഞാന്‍ വായിച്ചിട്ടുണ്ടാവും. പക്ഷേ, ഉറപ്പില്ല.


പച്ചക്കുതിര
2010 April

'അക്രമം ഒരു അടഞ്ഞ തെരുവ്'

സംഭാഷണം

ഡോള്‍കുന്‍ ഇസ/സേതുദാസ്

ഏറ്റവും അപകടകാരിയായ പതിനൊന്ന് തീവ്രവാദികളില്‍ ഒരാളായി ചൈനീസ് ഭരണകൂടം വിശേഷിപ്പിക്കുന്ന ഡോള്‍കുന്‍ ഇസ തന്റെ ജനതയെപ്പറ്റി, വിമോചനത്തെപ്പറ്റി, ചൈനയെപ്പറ്റി സംസാരിക്കുന്നു.



'അക്രമം ഒരു അടഞ്ഞ തെരുവ്'


ചൈനീസ് ഭരണകൂടത്തിന് ഭീകരവാദിയാണ് ഡോള്‍കുന്‍ ഇസ. 'രാജ്യ'ത്തെ ഏറ്റവും അപകടകാരിയായ പതിനൊന്ന് കൊടും തീവ്രവാദികളില്‍ ഒരാള്‍. ചൈനയിലെ സിന്‍ജിയാങ്-ഉഗ്യൂര്‍ സ്വയംഭരണ മേഖലയില്‍ 'കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ വിമോചന സംഘടന'യുടെ പേരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്നതാണ് ഡോള്‍കുന്‍ ഇസയ്ക്കുമേല്‍ ആരോപിക്കപ്പെടുന്ന കുറ്റം.
ചൈനയ്ക്കുള്ളില്‍, കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ നടന്നുവരുന്ന വിമോചനപോരാട്ടങ്ങളെക്കുറിച്ച് ലോകത്തിന് അധികം അറിവില്ല. അവര്‍ ഏത് ജനതയെന്നത് പരിഗണനാ വിഷയമായിട്ടുണ്ടെന്നും തോന്നുന്നില്ല. കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ (സിന്‍ജിയാങ്-ഉഗ്യൂര്‍ സ്വയംഭരണ മേഖല)ലെ ജനങ്ങള്‍ ചൈനക്കാരല്ല. തുര്‍ക്കികളാണ്. മധ്യ ഏഷ്യയില്‍ നിന്ന് ഉദയം ചെയ്ത, തുര്‍ക്കിഭാഷ സംസാരിക്കുന്നവരുടെ ദേശമാണിത്. ചൈനീസ് അധികാരികള്‍ പറയുന്നത് ആകെ 90 ലക്ഷം ഉഗ്യൂറുകളേയുള്ളൂവന്നാണ്. എന്നാല്‍, രണ്ടുകോടി വരും ഉഗ്യൂര്‍ മുസ്‌ളീം ജനങ്ങളുടെ എണ്ണം. 200 വര്‍ഷങ്ങള്‍ക്കിടയില്‍ പലവട്ടം കിഴക്കന്‍ തുര്‍ക്കിസ്ഥാനെ ചൈന അധിനിവേശപ്പെടുത്തിയിട്ടുണ്ട്. 1949 ലാണ് അവസാന അധിനിവേശം നടക്കുന്നത്. ശരിക്കും പറഞ്ഞാല്‍ മാവോയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ അധികാരത്തിലേറുന്നതോടെയാണ് ഉഗ്യൂര്‍ ജനതയുടെ ദുരിതം തുടങ്ങുന്നത്. ചൈനീസ് ജനകീയ വിമോചന സേന (പി.എല്‍.എ) കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ സ്വാതന്ത്ര്യം അവസാനിപ്പിച്ച്, കടന്നു കയറി. അതിനുശേഷം ആറുപതിറ്റാണ്ടായി ഉഗ്യൂറുകളും കുടിയേറ്റക്കാരായ ഹാന്‍ ചൈനീസ് വംശജരും തമ്മില്‍ പോരാട്ടം നടക്കുകയാണ്. ഹാന്‍ വംശത്തിന്റെ ചിട്ടയായ അധിനിവേശം ഉഗ്യൂര്‍ ജനതയെ സ്വന്തം മണ്ണില്‍ ന്യൂനപക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്. 1955ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉഗ്യൂറുകള്‍ക്ക് സ്വയം ഭരണം വാഗ്ദാനം ചെയ്യുകയും സിന്‍ജിയാങ്- ഉഗ്യൂര്‍ സ്വയംഭരണമേഖല സൃഷ്ടിക്കുകയും ചെയ്തു.
ഉഗ്യൂറുകളുടെ പോരാട്ടത്തെ നയിക്കുന്നത് ലോക ഉഗ്യൂര്‍ കോണ്‍ഗ്രസ് (ഡബ്‌ള്യു.യു.സി) ആണ്. സംഘടനയുടെ നേതൃത്വം ഡോള്‍കുന്‍ ഇസയ്ക്കാണ്. അദ്ദേഹമാണ് സെക്രട്ടറി ജനറല്‍. ചൈനീസ് തടവറയില്‍ അഞ്ചുവര്‍ഷക്കാലം ഏകാന്ത തടവിലടക്കപ്പെട്ട റബിയ കദീര്‍ എന്ന വനിതാ നേതാവാണ് 2004 ല്‍ മ്യൂണിക്കില്‍ സംഘടന രൂപീകരിച്ചത്. സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് മുദ്രാവാക്യം. സിന്‍ജിയാങ് സര്‍വകാലാശാലയില്‍ 1984 മുതല്‍ 1988 വരെ ഫിസിക്‌സ് വിദ്യാര്‍ത്ഥിയായിരുന്നു ഡോള്‍കുന്‍. അണവ പരീക്ഷണങ്ങള്‍ക്കെതിരെയായിരുന്നു ആദ്യ പ്രകടനം. 1964 മുതല്‍ 1996വരെ കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ 46 തവണ ചൈന ആണവ പരീക്ഷണം നടത്തിയിട്ടുണ്ട്. മുപ്പതിനായിരം പേര്‍ ആണവവികരണമേറ്റു മരിച്ചുവെന്ന വസ്തുത ഭരണകൂടം ഒളിപ്പിച്ചു. ഇതിനെതിരെയുള്ള പ്രതിഷേധം വലിയ തോതില്‍ ഉഗ്യൂറുകളെ ചലിപ്പിച്ചു. കസാക്കുകള്‍, ഉഗ്യൂറുകള്‍, താജിക്കുകള്‍ എന്നിവര്‍ക്ക് നേരെയുളള വിവേചനം അവസാനിപ്പിക്കാനായിരുന്നു മറ്റൊരു പ്രകടനം.
1988 ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭകാലത്ത് സര്‍വകലാശാലയില്‍ നടന്ന ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിന്റെ നേതാവായിരുന്നു ഡോള്‍കുന്‍. അവിടെ പടുകൂറ്റന്‍ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. അതോടെ സര്‍വകലാശാലയില്‍ നിന്ന് പുറത്തായി. തുടര്‍ന്ന് തുര്‍ക്കിയിലെ ഗാസി സര്‍വകലാശാലയില്‍ ചേര്‍ന്ന് രാഷ്ട്രതന്ത്രത്തിലും സോഷ്യോളജിയിലും മാസ്റ്റര്‍ ബിരുദം നേടി. ഭരണകുടം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നുവെങ്കിലും ഉഗ്യൂര്‍ ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി ഡോള്‍കുന്‍ പോരാട്ടം തുടര്‍ന്നു. ഇപ്പോള്‍ രാജ്യത്തിന് പുറത്ത് നിന്ന് വിമോചനപോരാട്ടത്തെ നയിക്കുകയാണ് അദ്ദേഹം.
ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ഭരണാധികാരത്തോടാണ്് ഉഗ്യൂറുകള്‍ എതിരിടുന്നത്. മൃഗീയ അടിച്ചമര്‍ത്തലിനെയും സാംസ്‌കാരിക കൂട്ടക്കൊലയെയും അതിജീവിച്ച്, പരാജയപ്പെടാന്‍ വിസമ്മതിച്ച് ഉഗ്യൂര്‍ ജനത നിലകൊള്ളുന്നു. 2009 ല്‍ അവര്‍ വലിയ ഉയര്‍ത്തെഴുന്നേല്‍പ്പു സംഘടിപ്പിച്ചു. ഭീകരമായ സൈനിക അടിച്ചമര്‍ത്തലായിരുന്നു പിന്നീട് ലോകം കണ്ടത്്. ഔദ്യോഗിക കണക്കുപ്രകാരം 197 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍, യഥാര്‍ത്ഥ മരണസംഖ്യ ആയിരം കവിയും.
ഉഗ്യൂര്‍ ആസ്ഥാനത്ത് വച്ചാണ് ഡോള്‍കുന്‍ ഇസയുമായി ഈ കൂടിക്കാഴ്ച നടക്കുന്നത്. കൊടും തീവ്രവാദിയെന്ന് വിശേഷിക്കപ്പെട്ടയാള്‍ കാഴ്ചയില്‍ സൗമ്യന്‍. മാന്യമായ പെരുമാറ്റം. സംസാരം തികഞ്ഞ നയന്ത്രജ്ഞതയോടെ. ചൈനീസ് മാധ്യമങ്ങളും ഭരണകൂടവും വിശേഷിപ്പിക്കുന്നതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായ ഒരു ജനനായകനെയാണ് അഭിമുഖക്കാരന്‍ കണ്ടത്. ഡോള്‍കുനുമായി നടത്തിയ ഹൃസ്വ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:


സേതുദാസ്: കിഴക്കന്‍ തുര്‍ക്കിസ്ഥാന്റെ തലസ്ഥാനമായ ഉറുമാച്ചിയില്‍ 2009 ല്‍ നടന്ന ഉയര്‍ത്തെഴുന്നേല്‍പ്പിനുശേഷം ചൈനീസ് ഭരണകൂടം ശക്തമായ അടിച്ചമര്‍ത്തല്‍ നടത്തുന്നതായി അറിയാം. എന്താണ് ഉഗ്യൂര്‍ ജനതയുടെ ഇപ്പോഴത്തെ അവസ്ഥ?

ഉറുമാച്ചിയിലെ ഉയര്‍ത്തെഴുന്നേല്‍പ്പിനുശേഷം ചൈനീസ് ഭരണകൂടം ഉഗ്യൂര്‍ ജനതയ്‌ക്കെതിരെയുള്ള യുദ്ധം ശക്തമാക്കിയിരിക്കുകയാണ്. 1,30,000 സൈനികരെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ചൈനീസ് സര്‍ക്കാര്‍ ഉഗ്യൂര്‍ വിമത നീക്കത്തിന്റെ എല്ലാ രൂപങ്ങള്‍ക്കെതിരെയും നിഷ്ഠൂരമായ അടിച്ചമര്‍ത്തല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഉഗ്യൂര്‍ ജനതയുടെ സമാധാനപരമായ സ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങളെ കടുത്ത രീതിയിലാണ് ചൈന നേരിടുന്നത്. എല്ലാത്തരത്തിലുള്ള മതപ്രവര്‍ത്തനങ്ങളും അടിച്ചമര്‍ത്തുകയാണ്. കൂടാതെ ഉഗ്യൂര്‍ സംസ്‌കാരത്തെയും സ്വത്വത്തെയും ഇല്ലാതാക്കാനും, ഉഗ്യൂര്‍ ഭാഷയുടെ നിലനില്‍പ് തന്നെ അപകടത്തിലാക്കാനുമുളള ശ്രമങ്ങള്‍ തുടരുന്നു. ഉഗ്യൂര്‍ മേഖലയിലെ മനുഷ്യാവകാശ സാഹചര്യം 2009 ലെ സംഭവങ്ങള്‍ക്കുശേഷം വളരെയധികം മോശമായിട്ടുണ്ട്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യവകാശ സംഘടനകള്‍ ഈ സാഹചര്യങ്ങളെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ ഉഗ്യൂര്‍ ജീവിത്തിന്റെ എല്ലാ മേഖലകളിലും കടുത്ത നീരീക്ഷണത്തിന് വിധേയരാണ്. അക്ഷരാര്‍ത്ഥത്തില്‍ സ്വതന്ത്രമായ ശ്വാസം വിടാന്‍പോലും അവിടെ ഒരു സാധ്യതയുമില്ല.

കിഴക്കന്‍ തുര്‍ക്കിസ്ഥാന്റെ പ്രശ്‌നത്തിന് സംവാദങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും സമാധാനപരമായ പരിഹാരം സാധ്യമാക്കുകയാണ് ലോക ഉഗ്യൂര്‍ കോണ്‍ഗ്രസിന്റെ മുഖ്യ ലക്ഷ്യം . ലോകത്തിന്റെ ഏറ്റവും ശക്തമായ ഒരു സൈനിക ഭരണകൂടത്തോട് എതിരിടുമ്പോള്‍ താങ്കള്‍ 'ചര്‍ച്ചകളെ'പ്പറ്റി എത്രത്തോളം ശുഭാപ്തി വിശ്വാസിയാണ്?

ലോക ഉഗ്യൂര്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും പരസ്യമായി ചൈനീസ് അധികാരികളോട് ആവശ്യപ്പെട്ടത് കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഉഗ്യൂറുകളുമായി ചര്‍ച്ചകളാരംഭിക്കമെന്നാണ്. 2010 ഏപ്രിലില്‍ ബ്രസല്‍സിലും ബല്‍ജിയത്തിലും യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലുമെല്ലാം ഞങ്ങള്‍ ഇതാവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ചൈനീസ് അധികാരികള്‍ ഈ നിര്‍ദേശത്തോട് പ്രതികരിച്ചിട്ടില്ല. അവരത് സമീപ ഭാവിയില്‍ ചെയ്യുമെന്നും ഞാന്‍ കരുതുന്നില്ല. അതിനാല്‍ ഔദ്യോഗിക സംഭാഷണത്തെപ്പറ്റിയുള്ള ഞങ്ങളുടെ കാഴ്പ്പാടുകള്‍ ഇപ്പോള്‍ അശുഭാപ്തികരമാണ്. എന്നാല്‍, ഞങ്ങള്‍ ഈ നിര്‍ദേശങ്ങളില്‍ ഉറച്ചുനില്‍ക്കുകയും അക്രമരഹിതവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ സമരം തുടരുകയും ചെയ്യും.

റബിയ കദീറിന്റെ നേതൃതത്ത്രിലുള്ള ഉഗ്യൂര്‍ ജനതയുടെ സമാധാന ശ്രമങ്ങള്‍ക്ക് വിരുദ്ധമായി കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ പോരാട്ടം അക്രമാസക്തമായി തുടരുകയാണ്്. കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ ജനങ്ങളും ഉഗ്യൂര്‍ നേതാക്കള്‍ സ്വീകരിച്ച പാതയും തമ്മില്‍ വൈരുദ്ധ്യമുള്ളതായി തങ്കള്‍ക്ക് തോന്നുന്നുണ്ടോ?

കിഴക്കന്‍ തുര്‍ക്കിസ്ഥാനിനുള്ളിലെ സമരങ്ങള്‍ അക്രമാസക്തമല്ല. ശരിയാണ്, അവിടെ മുമ്പ് ചില അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ, അവ വ്യക്തപരമായ തലത്തിലാണ് നടന്നത്. അതിന് ഉഗ്യൂര്‍ ജനതയുടെ മൊത്തത്തിലുള്ള പിന്തുണയുണ്ടായിരുന്നില്ല. ചൈനീസ് അധികാരികള്‍ ഉഗ്യൂര്‍ ജനതയുടെ സമാധാനപരമായ രാഷ്ട്രീയ-മതപര-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ എന്നും 'മൂന്ന് തിന്‍മ'കളുമായി തുലനപ്പെടുത്തിയാണ് പറയുന്നത്. അതായത് ഭീകരവാദം, വിഘടനവാദം, മത തീവ്രവാദം എന്നിവയുമായി. ഈ 'മൂന്ന് തിന്‍മകളെ' ഇല്ലാതാക്കാനെന്ന പേരില്‍ അവര്‍ ഉഗ്യൂറുകളെ പീഡിപ്പിക്കുകയാണ്. അതിനാല്‍ ഉഗ്യൂറുകളെപ്പറ്റിയും അവരുടെ പോരാട്ടങ്ങളെപ്പറ്റയും തെറ്റായ ധാരണകള്‍ ബാഹ്യലോകത്ത് വികസിച്ചിട്ടുണ്ട.് ഇന്ന് കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ നടക്കുന്ന കാര്യങ്ങള്‍ ശരിക്കും നിങ്ങള്‍ക്ക് മനസിലാക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ മൂല കാരണങ്ങള്‍ തേടണം. 2009 ജൂലൈയിലുണ്ടായ ഭീകരമായ സംഭവങ്ങളുടെ മൂല കാരണങ്ങള്‍ കുടികൊള്ളുന്നത് ചൈനീസ് സര്‍ക്കാര്‍ നീണ്ടകാലമായി ഉഗ്യോറുകളോട് സ്വീകരിക്കുന്ന വിവേചനപരമായ നയങ്ങളിലും, അവരുടെ മതം രാഷ്ട്രീയം, വിദ്യാഭ്യാസം, ഭാഷ, സാമ്പത്തിക അവകാശങ്ങള്‍ എന്നിവയ്ക്ക് നേരെ നടത്തിയ തുടര്‍ച്ചയായ അങ്ങേയറ്റം മോശമായ അടിച്ചമര്‍ത്തലിലുമാണ്്. അതിനര്‍ത്ഥം ഉഗ്യൂറുകള്‍ ഇന്ന് തുറന്ന ജയിലില്‍ കഴയുന്നുവെന്നാണ്. അത് സാമൂഹ്യപരമായ സംഘര്‍ഷങ്ങള്‍ കൂട്ടുകയും അക്രമത്തിലേക്കും നീക്കുകയും ചെയ്യും. ഇതു പറയുമ്പോള്‍ ഞാന്‍ അക്രമത്തിന് അനുകൂലമായി ഒഴികഴിവുകള്‍ കണ്ടെത്തുകയല്ല. പകരം അതിനു പിന്നിലെ കാരണങ്ങള്‍ പറയുകയാണ്. വ്യക്തിപരമായി പറഞ്ഞാല്‍ അക്രമം ഒരറ്റം അടഞ്ഞ തെരുവാണ് (ഡെഡ് എന്‍ഡ് സ്ട്രീറ്റ്). അതിനാല്‍ തന്നെ ഡബ്ല്യു.യു.സി അക്രമാസ്‌ക്തമായ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നു.


ചൈന ആരോപിക്കുന്നത് സിന്‍ജിയാങ്-ഉഗ്യൂര്‍ സ്വയംഭരണ മേഖലയിലെ തീവ്രവാദ സംഘങ്ങള്‍ അല്‍ക്വയ്ദ, മുന്‍സോവിയറ്റ് യൂണിയനിലെയിലെയും ചെച്‌നിയിയിലെയും ഇസ്ലാമിക ഗ്രുപ്പുകള്‍, താലിബാന്‍ എന്നിവയില്‍നിന്ന് പരിശീലനവും പ്രചോദനവും നേടുന്നതായിട്ടാണ്. എന്താണ് ഇതിനോടുള്ള താങ്കളുടെ പ്രതികരണം?

കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളെപ്പറ്റി പരമാര്‍ശിക്കുമ്പോള്‍ ചൈന ഉദ്ദേശിക്കുന്നത് കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്‌മെന്റ് (ഇ.ടി.ഐ.എം) പോലുള്ള സംഘടനയെയാണ്. എന്നാല്‍, പല വിദഗ്ധരും അക്കാമീഷ്യന്‍മാരും ഇത്തരം ഗ്രൂപ്പുകളുടെ നിലനില്‍പ്പിനെപ്പറ്റി ഗൗരവകരമായ സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അവര്‍ ചിന്തിക്കുന്നത് ഇവയെ ചൈനീസ് അധികാരികള്‍ തന്നെ സൃഷ്ടിച്ചതായിട്ടാണ്; ഉഗ്യൂര്‍ ജനതയെ പീഡിപ്പിക്കാന്‍ ഒരു കാരണം കണ്ടെത്താനായി.

ചൈനയുടെ മറ്റൊരു ആരോപണം ഉഗ്യൂറുകള്‍ക്ക് ദലൈലാമയുടെയും തായ്‌വാന്‍െയും തുര്‍ക്കി ഇറ്റലിന്‍ജര്‍സ് ഏജന്‍സികളുടെയും പിന്തുണയുണ്ടെന്നാണ്? എന്തു പറയുന്നു.

ദലൈലാമ തീര്‍ച്ചയായും ഉഗ്യൂര്‍ പോരാട്ടങ്ങളോട് സഹാനുഭൂതിയുള്ള വ്യക്തിയാണ്. ചൈനീസ് അധികാരികളുടെ അധിനിവേശത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും സമാനമായ ചരിത്രമാണ് തിബത്തന്‍കാര്‍ക്കും ഉഗ്യൂറുകള്‍ക്കുമുള്ളത്. താങ്കള്‍ക്കറിയാവുന്നതുപോലെ ദലൈലാമയും തിബത്തന്‍കാരും നടത്തുന്നത് ഞങ്ങള്‍ ചെയ്യന്നതുപോലെ സമാധാനപരവും അക്രമരഹിതവുമായ സമരമാണ്. തായ്‌വാനിലെയും തുര്‍ക്കിയിലെയും ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും മുന്‍കാലങ്ങളില്‍ ഞങ്ങളെ പിന്തുണച്ചിരുന്നു.

അറബ് രാജ്യങ്ങളിലെ ഉയര്‍ത്തെഴുന്നേല്‍പ്പുകളുടെ പശ്ഛാത്തലത്തില്‍ സമാനമായ ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ ഭയന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സിന്‍ജിയാങ്ങ് മേഖലില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതായി കേള്‍ക്കുന്നു. ചൈനയിലെ പല ഭാഗങ്ങളിലും വിപ്ലവ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ?

അറബ് ലോകത്തേതിന് സമാനമായ വിപ്ലവങ്ങക്ക് ചൈനയില്‍ സമയമായി എന്നു ഞാന്‍ കരുതുന്നില്ല. അതിന് കുറച്ചുകൂടി സമയമെടുക്കും. ചൈനീസ് പൗരന്‍മാര്‍ തയ്യാറാതെ അത്തരം സംഭവങ്ങള്‍ ചൈനയില്‍ സാധ്യമല്ല. ഈ നിമിഷത്തില്‍, രാജ്യത്തിനുമേലുളള പാര്‍ട്ടിയുടെ നിയന്ത്രണം ശക്തമാണ്. അവര്‍ വിമതരെ കടുത്ത രീതിയില്‍ തുടര്‍ച്ചയായി അടിച്ചമര്‍ത്തുന്നുണ്ട്. എന്നാല്‍, ചൈനയിലെ വിമത ശബ്ദങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്് ചൈനയില്‍ അധികം വൈകാതെ തന്നെ തന്നെ ശക്തമായ സാമൂഹ്യ, രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കന്നത്.


അമേരിക്ക സിന്‍ജിയാങ്ങിലെ ഉഗ്യൂര്‍ ജനതയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നുണ്ട്. അതേ സമയം ചൈനയെ അമേരിക്ക 'ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധ'ത്തില്‍ തന്ത്രപരമായ പങ്കാളികളാക്കുകയും ബീജിംഗില്‍ എഫ്.ബി.ഐ. ലീഗല്‍ അനുബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍, തിബത്ത് എന്നിവയുടെ കാര്യത്തില്‍ അമേരിക്കയുടെ നിലപാട് അവരുടെതന്നെ വിദേശ നയവുമായി വൈരുദ്ധ്യമുണ്ടോ? അവരുടെ ശരിയായ താലപര്യം ചൈനീസ് നേതൃത്വത്തെ തകര്‍ക്കുകയാണ്, അല്ലാതെ; മര്‍ദിത ജനതയുടെ മോചനമല്ലെന്ന് താങ്കള്‍ക്ക് തോന്നുന്നില്ലേ?

ചൈനയോടുളള അമേരിക്കയുടെ പെരുമാറ്റത്തില്‍ അത്ഭുതമൊന്നുമില്ല. ചൈനയുമായി പോസ്റ്റീവായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ താല്‍പര്യപ്പെടുന്ന മറ്റേതൊരു രാജ്യത്തെയും പോലെ അമേരിക്കയും ചൈനീസ് അധികാരികളുമായി പല തലങ്ങളിലും ബന്ധം ഉറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ലോകമെമ്പടുമുളള പല സര്‍ക്കാരുകളുടെ വിദേശ നയവും മനുഷ്യാവകാശ താലപര്യങ്ങളും തമ്മില്‍ വ്യക്തമായ വൈരുദ്ധ്യമുണ്ട്. പല പാശ്ചാത്യ രാജ്യങ്ങളും സ്വന്തം ജനതയ്ക്കും ഉഗ്യൂറുകള്‍ക്കും നേരെയുള്ള ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്നുണ്ട്. അതേ സമയം അവര്‍ ചൈനയുമായി മെച്ചപ്പെട്ട സാമ്പത്തിക ബന്ധങ്ങള്‍ക്കും ശ്രമിക്കുന്നു. ഇതൊരു വൈരുദ്ധ്യമാണോ? തീര്‍ച്ചയയായും അതെ. പക്ഷേ നിര്‍ഭാഗ്യകാരമെന്നുപറയാം ഇതേ രീതിയിലാണ് രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത്. ഈ വസ്തുതക്ക് വിരുദ്ധമായി രാഷ്ട്രീയത്തിലെ പല ജനങ്ങളും ഞങ്ങളുടെ ലക്ഷ്യത്തെ ഉറച്ചരീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. ഈ പിന്തുണ ഞങ്ങള്‍ക്ക് വളരെ അവശ്യമാണ്. അതിനോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.്്


------
'ഫ്രണ്ട് ഓഫ് തിബത്ത്' എന്ന സംഘടനയുടെ സ്ഥാപകനും ആക്റ്റിവിസ്റ്റുമണ് കൊച്ചി സ്വദേശിയായ സേതു ദാസ്. ഡിസൈന്‍ ആന്‍ഡ് പീപ്പിളിന്റെ സ്ഥാപകരിലൊരാളാണ്.

പരിഭാഷ: ആര്‍.കെ.ബിജുരാജ്

Pachakkuthira
2010 April