Friday, December 30, 2016

പുന്നപ്ര-വയലാറിന്‍െറ സമരാവശ്യങ്ങള്‍



ചരിത്രം/അന്വേഷണം


1946 ഒക്ടോബറില്‍ തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗം നടത്തിയ സായുധ ഉയര്‍ത്തെഴുന്നേല്‍പ്പിനും അതിനൊപ്പം നടത്തിയ പണിമുടക്കിനും തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എന്തായിരുന്നു, എത്രയായിരുന്നു? സമരത്തിന്‍െറ എഴുപതാം വാര്‍ഷിക വേളയില്‍ പത്രപ്രവര്‍ത്തകനായ ലേഖകന്‍ സമരാവശ്യങ്ങളുടെ രേഖകള്‍ കണ്ടെടുക്കുന്നു




പുന്നപ്ര-വയലാറിന്‍െറ
സമരാവശ്യങ്ങള്‍



തൊഴിലാളികളുടെ ഉയര്‍ത്തെഴുന്നേല്‍പില്‍ അധികാരം പിടിച്ചെടുക്കുന്ന  കമ്യൂണിസ്റ്റ് വിപ്ളവം വിജയകരമായി ആദ്യം  നടപ്പായത് 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് റഷ്യയിലാണ്. അതിന് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ രീതിയില്‍ ഒരു "ഒക്ടോബര്‍ വിപ്ളവ'ത്തിനുള്ള ശ്രമം തിരുവിതാംകൂറിലെ തൊഴിലാളി വര്‍ഗം നടത്തി. അധികാരം പിടിച്ചെടുക്കുന്നതില്‍ പരാജയമായിരുന്നെങ്കിലും കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ളവശ്രമമായി അത് ശേഷിക്കുന്നു. ഒരു തൊഴിലാളി പണിമുടക്ക് പ്രഖ്യാപിച്ച്, അതിന്‍െറ പിന്നാലെ ഒരു സായുധ ഏറ്റുമുട്ടലിലുടെ തിരുവിതാംകൂറിന്‍െറ അധികാരം പിടിച്ചെടുക്കുകയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം.
എഴുപത് വര്‍ഷം മുമ്പ്  തീര്‍ത്തും അനുകൂലവും അനിവാര്യവുമായ സാഹചര്യത്തില്‍, തൊഴിലാളിവര്‍ഗം നടത്തിയ രാഷ്ട്രീയ ഇടപെടലായിരുന്നു പുന്നപ്ര-വയലാറിലേത്. സാമ്രാജ്യത്വത്തിനും രാജ,ജന്മി-നാടുവാഴിത്തവാഴ്ചയ്ക്കും എതിരെ തൊഴിലാളികള്‍ നടത്തിയ സജീവമായ ചെറുത്തുനില്‍പ്പും കടന്നാക്രമണവുമാണ് അത്.  എന്നാല്‍, പുന്നപ്ര-വയലാറിനെപ്പറ്റി വ്യാജമായ പ്രചാരണങ്ങളാണ് എന്നും നടന്നിട്ടുള്ളത്. സമരത്തെപ്പറ്റിയുള്ള വസ്തുതകള്‍ ഇനിയും പൂര്‍ണമായി പുറത്തുവന്നിട്ടില്ല. എന്ത് ആവശ്യങ്ങളുയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിയത്?  എത്രയായിരുന്നു അവരുടെ ആവശ്യങ്ങള്‍?  ഇതുവരെ എഴുതപ്പെട്ട "പുന്നപ്ര-വയലാര്‍' ചരിത്രകാരന്‍മാരെല്ലാം  തങ്ങള്‍ക്കിഷ്ടമുള്ളത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ എഴുതിവയ്ക്കുകയായിരുന്നു. കേട്ടുകേള്‍വിക്ക് അപ്പുറം യഥാര്‍ത്ഥ രേഖകളുടെ പിന്‍ബലത്തിലേ ഏത് ചരിത്ര സംഭവങ്ങളെക്കുറിച്ചും ആധികാരികമായി സംസാരിക്കാനാവൂ. അത്തരം  രേഖകള്‍ കണ്ടെടുക്കുന്നതിന് മുമ്പ് തൊഴിലാളികളെ വിപ്ളവത്തിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കേണ്ടതുണ്ട്.


സമരത്തിന്‍െറ പശ്ചാത്തലം, അനിവാര്യത


തിരുവിതാംകൂറിലെ തൊഴിലാളികളുടെ സായുധ ചെറുത്തുനില്‍പ്പ് അന്തര്‍ദേശീയവും ദേശീയവുമായ സാഹചര്യങ്ങളുടെ അനിവാര്യതയില്‍ നിന്നാണ് ഉണ്ടാകുന്നത്. രണ്ടാംലോകയുദ്ധത്തില്‍ (1939-45) ഇന്ത്യയുടെ ആഭ്യന്തര സ്വത്ത് മുഴുവന്‍ ബ്രിട്ടന്‍ യുദ്ധാവശ്യത്തിനായി കൊള്ളയടിച്ചിരുന്നു. ഇതിന്‍െറ ഫലമായി രാജ്യത്താകമാനം ഭീകരമായ ഭക്ഷ്യക്ഷാമവും പട്ടിണിയും നടമാടി. ബംഗാളില്‍ ഇരുപതുലക്ഷം പേര്‍ പട്ടിണിമൂലം മരിച്ചു. സമാനമായ അവസ്ഥ ഏറ്റക്കുറച്ചിലോടെ തിരുവിതാംകൂറിലും നില നിന്നിരുന്നു. 1943 ല്‍ ഭക്ഷ്യക്ഷാമം മൂലം ചേര്‍ത്തല താലൂക്കില്‍ 20000 പേര്‍ മരിച്ചുവെന്നാണ് കണക്ക്. ബര്‍മ്മയില്‍ നിന്ന് വന്നുകൊണ്ടിരുന്ന അരിയുടെ നീക്കം നിലച്ചതോടെ ഭക്ഷ്യക്ഷാമം മൂര്‍ദ്ധന്യാവസ്ഥയിലത്തെി. യുദ്ധംകഴിഞ്ഞതിനാല്‍ പട്ടാളത്തില്‍ നിന്ന് നൂറുകണക്കിനു പേര്‍ തൊഴില്‍രഹിതരായി മടങ്ങി വന്നു. യുദ്ധകാലത്ത് പട്ടാളത്തിനാവശ്യമായ ടെന്‍റ്, സെലീറ്റ എന്നിവ നല്‍കിയിരുന്ന ഇരുപതിനായിരത്തിലധികം വരുന്ന കയര്‍തൊഴിലാളികള്‍ ദുരിതത്തിലായി. സിലോണിലേക്കും ബര്‍മ്മയിലേക്കുമുളള മത്സ്യകയറ്റുമതി മന്ദീഭവിച്ചതോടെ മത്സ്യമേഖലയിലും പ്രതിസന്ധി രൂപപ്പെട്ടു. തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞു. കൂലി, തൊഴില്‍ സമയം എന്നിവയെക്കുറിച്ച് അസംതൃപ്തി ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകമായതോടെ അരി, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനില്ലാതായി.
ഇതിനെല്ലാം പുറമെ സവര്‍ണ്ണ ജന്മിത്വം അതിന്‍െറ മര്‍ദ്ദനം സര്‍.സി.പിയുടെ സായുധസേനാ പിന്‍ബലത്തോടെ അത്യധികമായി ശക്തിപ്പെടുത്തി. 1946 ഒക്ടോബര്‍ 1 ന് 1122-മാല്‍ത്തെ ഒന്നാം റഗുലേഷന്‍ പാസായതോടെ പണിമുടക്കും ഹര്‍ത്താലും നിരോധിക്കപ്പെട്ടു. അതിനു മുതിര്‍ന്നാല്‍ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന കരിനിയമവും നിലവില്‍ വന്നു. ഇതെല്ലാം ചേര്‍ന്ന സാമൂഹ്യ-സാമ്പത്തിക സാഹചര്യമാണ് സമരം അനിവാര്യമാക്കുന്നത്.തിരുവിതാംകുറിന് പുറത്തും സ്വാതന്ത്ര്യസമരം ആഞ്ഞടിക്കുകയായിരുന്നു. ലോകമെങ്ങും ദേശീയ വിമോചന പോരാട്ടങ്ങള്‍ വിജയിച്ചുകൊണ്ടിരുന്നു. ഈ ദേശീയ-അന്തര്‍ദേശീയ ധാരയില്‍ നിന്ന് തിരുവിതാംകൂറിന്‍െറ സമരചരിത്രത്തെയും ഒഴിച്ചുനിര്‍ത്താനാവില്ല.
1946 ഒക്ടോബര്‍ ആദ്യം മുതല്‍ക്ക് തൊഴിലാളികള്‍ ക്യാമ്പുകളിലേക്ക് നീങ്ങി. ആദ്യഘട്ടത്തില്‍ ക്യാമ്പുകള്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ബോധപൂര്‍വം സംഘടിപ്പിച്ചതായിരുന്നില്ല. ജന്മിത്വവും-ഭരണകൂടവും ഒത്തുചേര്‍ന്ന് അഴിച്ചുവിട്ട മര്‍ദനങ്ങള്‍ പ്രതിരോധിക്കാന്‍ ഒരുമിച്ചു നില്‍ക്കുക എന്ന പ്രാഥമിക ബോധത്തില്‍ നിന്നാണ് ജനങ്ങള്‍ ക്യാമ്പുകളിലേക്ക് നീങ്ങുന്നത്.ചേര്‍ത്തല താലൂക്കില്‍ ജന്മിത്വവും അതിന്‍െറ ഗുണ്ടാപ്പടയും കൂടിച്ചേര്‍ന്ന ഭരണമായിരുന്നു നിലനിന്നിരുന്നത്. 1946 ആദ്യം അമേരിക്കന്‍ മോഡല്‍ പ്രഖ്യാപിക്കുകയും സര്‍ സി.പി. പട്ടാള ചുമതലയേറ്റെടുക്കുകയും ചെയ്തതോടെ സ്ഥിതി കൂടുതല്‍ വഷളായി. സി.പിക്ക് ജയ്വിളിച്ച് തൊഴിലാളിയൂണിയനുകളെ തകര്‍ക്കുമെന്ന് മുദ്രവാക്യം മുഴക്കി, ജന്മി-ഗുണ്ടാപ്പട പോലീസ് അകമ്പടിയോടെ ചേര്‍ത്തല പട്ടണത്തിലും തൊഴിലാളി സങ്കേതങ്ങളിലും കയറിയിറങ്ങി കൊള്ളയും മര്‍ദ്ദനവും ആരംഭിച്ചിരുന്നു. ഒരര്‍ത്ഥത്തില്‍ തങ്ങളുടെ അധികാരം ഇല്ലാതാവുന്നു, നിലനില്‍പ്പും അപ്രമാദിത്വവും അവസാനിക്കാന്‍ പോകുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് അക്രമണം മൂര്‍ഛിക്കുന്നത്. 1946 സെപ്റ്റംബര്‍ മുതല്‍ (1122 ചിങ്ങം 18) പോലീസ് ചേര്‍ത്തല ടൗണില്‍ റോന്തുചുറ്റാനും അടിച്ചമര്‍ത്തല്‍ നടത്താനും തുടങ്ങി. ഇതില്‍ നിന്ന് സുരക്ഷ തേടിയാണ് തൊഴിലാളികള്‍ വയലാര്‍, ഒളതല, മോനാശ്ശേരി എന്നിവിടങ്ങളില്‍ ക്യാമ്പ് തുറന്നത്.  ചേര്‍ത്തല കടക്കരപ്പളളിയില്‍ കുടിയാനെ തെങ്ങില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചതിന് നാലുകെട്ടുങ്കല്‍ രാമനെ വധിച്ച് തൊഴിലാളികള്‍ പ്രതികാരം ചെയ്തിരുന്നു. തുടര്‍ന്നുണ്ടായേക്കാവുന്ന പോലീസ് നടപടി ഭയന്നാണ് തൊഴിലാളികള്‍ കൂട്ടത്തോടെ ക്യാമ്പിലേക്ക് നീങ്ങുന്നത്.
അമ്പലപ്പുഴ താലൂക്കിലും സ്ഥിതി ചേര്‍ത്തലയില്‍ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. വള്ളമുടമകളായ ജന്മിമാര്‍ ഒരു തൊഴിലാളിയെ കെട്ടിയിട്ടു തല്ലിച്ചതച്ചു. പിന്നീട് തൊഴിലാളികള്‍ക്കെതിരെ കള്ളക്കേസ് കൊടുത്ത് പോലീസിനെക്കൊണ്ട് ക്രൂരമായി മര്‍ദിച്ചു. ഇതറിഞ്ഞ് ടി.വി.തോമസും സഹപ്രവര്‍ത്തകരും ജന്മികളോട് ഇതാവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കി. അനുകൂലമായി ഉറപ്പുനല്‍കിയ ജന്മികള്‍ വീണ്ടും പഴയവഴിക്ക് തിരിഞ്ഞതോടെ തൊഴിലാളികള്‍ തിരിച്ചടിച്ചു. 1122 കന്നി 31 ന് ജന്മികളുടെ വീടും സ്ഥാപനങ്ങളും ആക്രമിച്ച് തൊഴിലാളികള്‍ തീവച്ചു. തുടര്‍ന്നുണ്ടായേക്കാവുന്ന പോലീസ് നായാട്ട് ഭയന്നാണ് ഇവിടെയും ജനങ്ങള്‍ ക്യാമ്പുകളിലേക്ക് നീങ്ങുന്നത്. ഈ ഒരു ഘട്ടത്തിലാണു സമരം സായുധകലാപമായി മാറുന്നത്. ചേര്‍ത്തല-അമ്പലപ്പുഴ താലൂക്കുകളില്‍ ജന്മിമാര്‍ നടത്തിയ കെട്ടിയിട്ടുമര്‍ദ്ദനം ഒര്‍ത്ഥത്തില്‍ പുകഞ്ഞുകൊണ്ടിരുന്ന അവസ്ഥയുടെ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമായിരുന്നു.

പണിമുടക്കവും ആവശ്യങ്ങളും

തിരുവിതാംകൂറിലെ തൊഴിലാളി സംഘടനകളുടെ ഐക്യവേദി യായ അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (എ.ടി.ടി.യു.സി)  1946 ഒക്ടോബര്‍ 22 (1122 തുലാം 5 ) മുതല്‍ പൊതുപണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. 1122 തുലാം മൂന്നിന് (1946 ഒക്ടോബര്‍ 20 ന്) യൂണിന്‍ പണിമുടക്കാഹ്വാനം നല്‍കി. തുലാം നാലിന് ദിവാന്‍ സംഘടനകള്‍ക്കുമേല്‍ യൂണിയനും പാര്‍ട്ടിക്കും അനുബന്ധ സംഘടനകള്‍ക്കും മേല്‍ നിരോധനം എര്‍പ്പെടുത്തി. തുലാം അഞ്ചു മുതല്‍ (ഒക്ടോബര്‍22) തുടങ്ങിയ പണിമുടക്കില്‍  തിരുവിതാംകൂര്‍ മൊത്തത്തില്‍ പങ്കുചേര്‍ന്നു. തുലാം ഏഴിന് നൂറുകണക്കിന് തൊഴിലാളികള്‍ പ്രകടനമായി ചെന്ന് പുന്നപ്ര പോലീസ് ക്യാമ്പ് ആക്രമിച്ചു.28 പേര്‍വെടിയേറ്റു മരിച്ചു.    തൊട്ടടുത്ത ദിനം ദിവാന്‍ സര്‍.സി.പി.  തിരുവിതാംകൂറില്‍ പട്ടാളഭരണം പ്രഖാപിച്ചു. തുലാം ഒമ്പതിന് വയലാറിലേക്കുള്ള പട്ടാള മുന്നേറ്റം തടയാന്‍ മാരാരിക്കുളത്തെ തടിപ്പാലം പൊളിച്ച തൊഴിലാളികള്‍ക്ക് നേരെ നടന്ന വെടിവയ്പ്പില്‍ ഒമ്പതുതൊഴിലാളികള്‍ മരിച്ചു. തുലാം പത്തിന് (ഒക്ടോബര്‍ 27 ) വയലാറിലും ഒളതലയിലും മോനാശേരിയിലും പട്ടാളം കൂട്ടക്കൊല നടത്തി. ഇതാണ് പുന്നപ്ര-വയലാര്‍ ദിനങ്ങളില്‍ നടന്ന സംഭവങ്ങളുടെ ചുരുക്കം. പുന്നപ്ര-വയലാറില്‍ രക്തസാക്ഷികളായ തൊഴിലാളികളുടെ എണ്ണത്തെപ്പറ്റി ഇന്നും കൃത്യമായ വിവരങ്ങളില്ല. സര്‍.സി.പി.യുടെ ഒൗദ്യോഗിക കണക്ക് അനുസരിച്ച് 193 പേര്‍ വെടിയേറ്റുമരിച്ചിട്ടുണ്ട്. കെ.സി.ജോര്‍ജിന്‍്റെ വിലയിരുത്തലനുസരിച്ച് 500 പേര്‍. മരണസംഖ്യ 193 നും 500 നുമിടയ്ക്ക് എന്നു പറയുന്നതാവും യുക്തിസഹം.
നമുക്ക് പണിമുടക്കിലേക്ക് തിരിച്ചുവരാം.എന്താവശ്യങ്ങള്‍ ഉയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിയത് എന്ന് സമരനായകനായിരുന്ന കെ.സി. ജോര്‍ജ് രചിച്ച "പുന്നപ്ര-വയലാര്‍' അടക്കമുള്ള പുസ്തകങ്ങള്‍ വായിച്ചാല്‍ ഉത്തരം ലഭിക്കില്ല. കെ.സി. ജോര്‍ജ് സമരാവശ്യങ്ങളെപ്പറ്റി സംസാരിക്കുന്നില്ല. സമരത്തില്‍ സജീവ പങ്ക് വഹിച്ച എം.ടി. ചന്ദ്രസേനന്‍, കെ.എസ്.ബെന്‍ തുടങ്ങിയവരും സമരത്തെപ്പറ്റി എഴുതിയ മറ്റുള്ളവരും 26 ആവശ്യങ്ങള്‍ പണിമുടക്കിന് ഉന്നയിച്ചുവെന്നും ചിലര്‍ 27 ആവശ്യങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നും മാറി മാറി എഴുതിയിട്ടുണ്ട്.
പുന്നപ്ര-വയലാറിനെപ്പറ്റി ആക്ഷേപം ചൊരിഞ്ഞ് രവിവര്‍മ തമ്പുരാന്‍ രചിച്ച "പുന്നപ്രവയലാര്‍: അപ്രിയ സത്യങ്ങള്‍' (ഡി.സി.ബുക്സ്,1998) എന്ന പുസ്തകത്തിലാണ് ആദ്യമായി സമരവശ്യങ്ങള്‍ നിരത്താന്‍ ശ്രമിക്കുന്നത്. 26 ആവശ്യങ്ങള്‍ അതില്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ എഴുതിയ ശേഷം ഒന്നുകൂടി സൂചിപ്പിക്കുന്നു: ""ആവശ്യങ്ങള്‍ 27 ആയിരുന്നു എന്നും ചില ഗ്രന്ഥങ്ങളില്‍ കാണുന്നു. കൊച്ചി-ആലപ്പുഴ-കൊല്ലം തീവല്‍ിപ്പാത അനുവദിക്കണമെന്നതും ഒരാവശ്യമായിരുന്നുവെന്ന് ചിലര്‍ പറയുന്നു'' (പേജ് 133).
റെയില്‍വേ പാത അനുവദിക്കണമെന്ന ആവശ്യം തൊഴിലാളികള്‍ ഉന്നയിച്ചിരുന്നില്ല. വളരെ ലളിതമായ യുക്തി മാത്രം മതി ആ ആവശ്യം തൊഴിലാളികള്‍ ഉന്നയിച്ചില്ളെന്ന് മനസിലാക്കാന്‍. 1940 കളില്‍ തിരുവിതാംകൂറിന്‍െറ അതിത്തിയായ അരൂക്കുറ്റിയില്‍ നിന്ന് കൊച്ചിയിലേക്ക് കടക്കാന്‍ ബോട്ട് അല്ളെങ്കില്‍ വള്ളത്തെ ആശ്രയിക്കുകമാത്രമായിരുന്നു മാര്‍ഗം. കൊച്ചിയിലേക്ക് ഒരു പാലം എന്ന ആവശ്യം തീക്ഷ്ണമായിരിക്കെ, അത് ഉന്നയിക്കാതെ, റെയില്‍ പാതക്കായി വാദിച്ചു എന്നുപറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. അന്നത്തെ റെയില്‍ സൗകര്യങ്ങളുടെ അവസ്ഥ മാറ്റി നിര്‍ത്തിയാല്‍ തന്നെ തൊഴിലാളികള്‍ അത്തരമൊരാവശ്യം അടിയന്തര പ്രാധാന്യമുള്ളതായി കരുതിയിട്ടില്ല. അതെന്തായാലും ഈ പുസ്കതത്തിന് ശേഷം പുറത്തിറങ്ങിയ മറ്റ് പുന്നപ്ര-വയലാര്‍ സമര ചരിത്രങ്ങളിലെല്ലാം "തീരദേശപാത' പൊതുപണിമുടക്കിന്‍െറ ആവശ്യമായി മാറി.
ഒന്നു മനസ്സുവച്ചിരുന്നുവെങ്കില്‍ പണിമുടക്ക് ആവശ്യങ്ങളുടെ രേഖ നമുക്ക് നേരത്തെ കണ്ടത്തൊനാവുമായിരുന്നു. പണിമുടക്കിനെയും അതിന്‍െറ ആവശ്യങ്ങളെപ്പറ്റിയും വ്യക്തമാക്കുന്ന രണ്ട് രേഖകള്‍ തിരുവനന്തപുരം സ്റ്റേറ്റ് ആര്‍കൈവ്സിലിലുണ്ട്. "സര്‍ സി.പി.യുടെ കിരാത ഭരണത്തിനെതിരായി പടക്കളത്തിലേക്കു മാര്‍ച്ച് ചെയ്യുക' എന്ന ആഹ്വാനത്തോടെ മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ സെക്രട്ടറി കെ. ദാമോദരന്‍ ഇറക്കിയ പ്രസ്താവനയാണ് ഒന്ന് (ഇത് ആര്‍കൈവ്സില്‍ സി.എസ് ഫയല്‍ 765ന46 എന്ന നമ്പരിലുണ്ട്). മറ്റൊന്ന് എ.ടി.ടി.യു.സി പ്രഡിന്‍റ് ടി.വി. തോമസ് എല്ലാ യൂണിയനുകള്‍ക്കും അയച്ച സര്‍ക്കുലറാണ്. ഈ സര്‍ക്കുലറിന്‍െറ ഇംഗ്ളീഷ് പരിഭാഷ 1946 നവംബര്‍ 30 ന് ഇന്‍സ്പെക്ര്‍ ജനറല്‍ ഓഫ് പൊലീസ് തിരുവിതാകംര്‍ ഹുസൂര്‍ സെക്രട്ടറിയേറ്റ് രജിസ്റ്റാര്‍ക്ക് അയച്ച ഡെയ്ലി റിപ്പോര്‍ട്ട് സി.നം: 334 (സീക്രട്ട്  ബുള്ളറ്റിന്‍) ലാണുള്ളത്്. ഇത് ആര്‍കൈവ്സിലെ സി.എസ്.  805ന46 എന്ന കോണ്‍ഫിഡന്‍ഷ്യല്‍ ഫയലിലുണ്ട് (ബണ്ടില്‍ നം.189). തുടര്‍ച്ചയായ അഞ്ചുവര്‍ഷത്തെ അന്വേഷണത്തിലൂടെയാണ് ഈ രേഖ ഈ ലേഖകന് ലഭിക്കുന്നത്. ആര്‍കൈവ്സില്‍ നേരിട്ട് നടത്തിയ അന്വേഷണങ്ങള്‍ വിഫലമായി. തുടര്‍ന്ന് വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യത്തിനും അതിന് ലഭിച്ച മറുപടിക്ക് നല്‍കിയ അപ്പീലിനും ശേഷമാണ് രേഖയുടെ പകര്‍പ്പ് ലഭിക്കുന്നത്.
 1946  ഒക്ടോബര്‍ 21 ന് അതായത് അനിശ്ചിത കാല പണിമുടക്ക് തുടങ്ങുന്നതിന്‍െറ തലേനാള്‍ ടി.വി. തോമസ് അയച്ചതാണ് സര്‍ക്കുലര്‍. തൊഴിലാളി പ്രവര്‍ത്തനത്തിന്‍െറ പേരില്‍ അറസ്റ്റിലായ പത്തനംതിട്ട ചിറ്റാര്‍ എസ്റ്റേറ്റിലെ കെ.എന്‍. കൊച്ചുപാപ്പിയുടെ പെട്ടിയില്‍നിന്നാണെന്ന് സര്‍ക്കുലര്‍ കണ്ടത്തെിയതെന്ന് പൊലീസ് റിപ്പോര്‍ട്ട് പറയുന്നു.അതില്‍ 27 ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പണിമുടക്കിന് കാരണമായി 26 ആവശ്യങ്ങളല്ല, 27 ആവശ്യങ്ങളാണുള്ളത് എന്ന് ഇംഗ്ളീഷിലുള്ള രേഖ വ്യക്തമാക്കുന്നു (ഈ രേഖയുടെ മലയാള വിവര്‍ത്തനം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. മൊഴിമാറ്റം ലേഖകന്‍േറത്).
അതേ സമയം, സമരത്തിന് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ്, 1122 കന്നി 31 ന് (1946 ഒക്ടോബര്‍ 17 ന്) മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍െറ ആഹ്വാനത്തിലുള്ളത് 26 ആവശ്യങ്ങളാണ്. ഇതില്‍ നേര്‍ത്ത ദേഭഗതി മാത്രമാണ് ടി.വി.തോമസ് അന്തിമായി അയച്ച സര്‍ക്കുലറിലുള്ളത്.(അനുബന്ധം ഒന്ന് കാണുക). വേലസമയം ആഴ്ചയില്‍ 48 മണിക്കൂര്‍ ആക്കുക എന്ന് ഈ ആഹ്വാനത്തിലുള്ളത് ടി.വി.തോമസിന്‍െറ സര്‍ക്കുലറില്‍ 40 മണിക്കൂറായി. "തൊഴിലാളി വര്‍ഗം അതിന്‍െറ ചരിത്രപരവും അടിയന്തരവുമായ കടമ നിര്‍വഹിക്കുക' എന്ന് വ്യക്തമാക്കുന്ന കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ ആഹ്വാനത്തില്‍ ഇങ്ങനെ പറയുന്നു: ""അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ പ്രതിനിധ സമ്മേളനത്തില്‍ വച്ച് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആക്ഷന്‍ കമ്മിറ്റി നിര്‍ദേശിക്കുന്ന തീയതി സമരപ്രഖ്യാപനം നടത്തേല്‍താണ്. സന്ധി സംസാരിക്കുന്നതിനും കൂടിയാലോചനകള്‍ നടത്തുന്നതിനും ഉള്ള അവകാശങ്ങള്‍ ആക്ഷന്‍ കമ്മിറ്റിക്കും കമ്മിറ്റി പ്രസിഡന്‍റ് സഖാവ് ടി.വി. തോമസിനും മാത്രമായിരിക്കും. അല്ലാതെയുള്ള ഏതു കൂടിയാലോചനകളും പ്രസിദ്ധീകരണങ്ങളും അസാധുവും തൊഴിലാളികളെ ബാധിക്കുന്നതുമല്ല''.
1946 ഒക്ടോബര്‍ 13 ന് (1122 കന്നി 27) കൂടിയ ട്രേഡ്യൂണിയനുകളുടെ പ്രതിനിധിയോഗമാണ് പണിമുടക്ക് എന്ന തീരുമാനത്തിലത്തെുന്നത്.  യോഗം ആറംഗം ആക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഈ കമ്മിറ്റിയാണ് യഥാര്‍ത്ഥത്തില്‍ പണിമുടക്കിനും സായുധ ഉയര്‍ത്തെഴുന്നേല്‍പ്പിനും രാഷ്ട്രീയവും സംഘടനാപരവുമായ നേതൃത്വംകൊടുത്തത്. ആക്ഷന്‍ കമ്മിറ്റിയംഗങ്ങള്‍ തിരുവിതാം കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്തിലുള്ളവരായിരുന്നു. കെ.സി.ജോര്‍ജ്, കെ.വി.പത്രോസ്, സി.കെ.കുമാരപ്പണിക്കര്‍, കെ.കെ.കുഞ്ഞന്‍, സി.ജി.സദാശിവന്‍, പി.കെ. പത്മനാഭന്‍ എന്നിവരായിരുന്നു ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍. കെ.വി. പത്രോസായിരുന്നു കണ്‍വീനര്‍. സമരത്തെപ്പറ്റി ഏതൊരു നിര്‍ണായക തീരുമാനമെടുക്കേണ്ടല്‍ ഈ ആറംഗ കമ്മിറ്റിയിലെ എല്ലാവരും വിവിധകേസുകളില്‍ പെട്ട് അക്കാലത്ത് ഒളിവിലായിരുന്നു. ചിലരുടെ പേരില്‍ കൊലപാതക കുറ്റമാണ് ചുമത്തിയിരുന്നത്.  തുലാം മൂന്നിന് സമരപ്രഖാപാനം ഉണ്ടായ ഉടന്‍ എ.ടി.ടി.യു.സി.യെയും അനുബന്ധ സംഘടനകളെയും തിരുവിതാംകൂര്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയെയും ദിവാന്‍ നിരോധിച്ചു.കമ്യൂണിസ്റ്റുപാര്‍ട്ടി സെക്രട്ടറി പി.ടി. പുന്നൂസ്, ആര്‍.സുഗതന്‍, സൈമണാശാന്‍ തുടങ്ങിയ ധീരരായ ജനകീയ നേതാക്കളില്‍ പലരെയും സമരത്തിന്‍െറ മുന്നൊരുക്കം തടയാന്‍ സി.പി. തടവറയില്‍ അടച്ചിരുന്നു.
മൊത്തത്തില്‍ സമരവും   പുന്നപ്ര ക്യാമ്പാക്രമണവും  ആസൂത്രിത പദ്ധതിക്കനുസരിച്ചാണ് നടക്കുന്നത്.  തുലാം ആറിന് ട്രേഡ് കൗണ്‍സില്‍ കണ്‍വീനര്‍മാര്‍ ആര്യാട് ഒത്തുചേര്‍ന്നാണ്  പദ്്ധതി ആസൂത്രണം ചെയ്തത്. ആക് ഷന്‍ കൗണ്‍സിലംഗങ്ങളും 54 ട്രേഡ് കൗണ്‍സില്‍ഭാരവാഹികളും രാത്രി രഹസ്യമായി ഒത്തുചേര്‍ന്നു. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍െറയും സമരാഹ്വാനം ചെയ്ത എ.ടി.ടി.യു.സിയുടെയും പ്രസിഡന്‍്റായിരുന്ന ടി.വി.തോമസും വൈസ് പ്രസിഡന്‍റായ പി.കെ. പത്മനാഭനും പരസ്യമായി തന്നെ നില്‍ക്കാനായിരുന്നു തീരുമാനം.
തിരുവിതാംകൂറിലാകെയാണ് പണിമുടക്കം പ്രഖ്യാപിച്ചത്. എന്നാല്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലാണ് പണിമുടക്ക് പൂര്‍ണവിജയകരമായി നടന്നത്.അന്ന് ഏറ്റവും കൂടുതല്‍ തൊഴിലാളികളുണ്ടായിരുന്നത് ഈ താലൂക്കുകളിലാണ്. അവരാകട്ടെ കമ്യൂണിസ്റ്റ് നേതൃത്വത്തില്‍ രാഷ്ട്രീയമായി സംഘടിതരുമായിരുന്നു. മാത്രമല്ല ഇവിടെ സവര്‍ണ്ണജന്മിത്വ ചൂഷണം വളരെയേറെ മൂര്‍ച്ഛിച്ചുമിരുന്നു. ഇക്കാരണത്താലാണ് ഇവിടെ സായുധ സമരം തുടങ്ങാന്‍ തീരുമാനിക്കുന്നത്.

പണിമുടക്ക് എന്ന രാഷ്ട്രീയസമരം

തിരുവിതാംകൂറിലെ തൊഴിലാളികള്‍ തങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ക്ക് വേണ്ടി നടത്തിയ സമരമാത്രമായിരുന്നില്ല 1946 ഒക്ടോബറിലേത് എന്ന് കണ്ടെടുത്ത രേഖ (ടി.വി.തോമസിന്‍െറ സര്‍ക്കുലര്‍) വ്യക്തമാക്കുന്നു.  സാമ്പത്തികസമരവാദം എന്ന ആക്ഷേപം ഒരിക്കലും സമരത്തിന് ചേരില്ല. 27 മുദ്രാവാക്യങ്ങളില്‍ ഒമ്പതെണ്ണം പൂര്‍ണമായും രാഷ്ട്രീയ സ്വഭാവമുള്ളവയായിരുന്നു. "ദിവാന്‍ ഭരണം അവസാനിപ്പിക്കണം', " ഇന്ത്യന്‍ ഭരണഘടന രൂപീകരണ സമിതിയിലേക്ക് ജനപ്രതിധികളെ അയക്കുക', "തിരുവിതാംകൂറിന്‍െറ ഭാവിഭരണഘടനയ്ക്ക് രൂപം നിശ്ചയിക്കുന്നതിനു പ്രായപൂര്‍ത്തിവോട്ടവകാശത്തിന്‍െറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധി സഭ രൂപീകരിക്കുക',"എല്ലാ പാര്‍ട്ടികളെയും ക്ഷണിച്ചുകൊണ്ടും പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍െറ പേരില്‍ പ്രതിനിധികളെ തെരഞ്ഞെടുത്ത് ഇടക്കാല സര്‍ക്കാര്‍  സ്ഥാപിക്കുക', "പൗരാവകാശം നിഷേധിക്കുന്ന എല്ലാ നിയമങ്ങളും പിന്‍വലിക്കുക', "പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുക', "എല്ലാ രാഷ്ട്രീയതടവുകാരെയും നിരുപാധികമായി വിട്ടയക്കുക' എന്നിവയായിരുന്നു അതിലെ രാഷ്ട്രീയ ആവശ്യങ്ങള്‍.
സമരം രാഷ്ട്രീയമായിരുന്നു എന്നതിന് തെളിവാണ് ഒൗദ്യോഗിക വസതിയായ ഭക്തിവിലാസത്തില്‍ ദിവാന്‍ സര്‍.സി.പി. രാമസ്വാമി അയ്യര്‍ വിളിച്ചുകൂട്ടിയ സന്ധി സംഭാഷണത്തില്‍ ടി.വി.തോമസും ശ്രീകണ്ഠന്‍നായരും എടുത്ത നിലപാട്. പണിമുടക്ക് തുടങ്ങുന്നതിന് എട്ട് ദിവസം മുമ്പ് നടന്ന സംഭാഷണത്തില്‍ ബോണസ് ഉള്‍പ്പടെയുയുള്ള മിക്ക സാമ്പത്തികാവശ്യങ്ങളും അംഗീകരിച്ചു തരാന്‍ സി.പി.തയാറായി. എന്നാല്‍ രാഷ്ട്രീയാവശ്യങ്ങള്‍ പിന്‍വലിക്കണമെന്ന് ദിവാന്‍ ആവശ്യപ്പെട്ടു. ഭരണപരിഷ്കാരം ഒരു വിധത്തിലും സ്വീകാര്യമല്ളെന്ന് ടി.വി. വ്യക്തമായി പറഞ്ഞു. അതൊടെ ചര്‍ച്ച പൊളിഞ്ഞു. സാമ്പത്തികാവശ്യങ്ങള്‍ അനുവദിച്ചുകൊടുക്കാമെന്നു പറഞ്ഞിട്ടും അത് തള്ളിക്കളഞ്ഞത് ഭരണപരിഷ്കാരത്തിനും അമേരിക്കന്‍മോഡലിനും കീഴില്‍ അത്തരം ആനുകൂല്യങ്ങള്‍ ആവശ്യമില്ളെന്ന് പറഞ്ഞുകൊണ്ടാണ്. സാമ്പത്തികമാത്ര സമരമായിരുന്നുവെങ്കില്‍ ഒത്തുതീര്‍പ്പു സാധ്യമായിരുന്നു. പക്ഷെ തൊഴിലാളികള്‍ക്ക് പ്രധാനം രാഷ്ട്രീയാവശ്യങ്ങളായിരുന്നു. തൊഴിലാളികളുടെ രാഷ്ട്രീയ നിലപാട് എന്താണെന്ന്  ഒരുഘട്ടത്തില്‍ തൊഴിലാളി സമരത്തിന്‍്റെ അവസ്ഥയെപ്പറ്റി നടന്ന ഒരു ചര്‍ച്ചയില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി നേതാവും സമര ആസൂത്രകനുമായ കെ.വി.പത്രോസ് കൃത്യമായി പറഞ്ഞിട്ടുണ്ട്: ""അമ്പലപ്പുഴമുതല്‍ ചേര്‍ത്തലവരെ ദിവാന്‍ ഭരിക്കേണ്ട''. ചര്‍ച്ചയില്‍ നാലുശതമാനം ബോണസ് എന്നത് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു.അത് തൊഴിലാളികള്‍ നേടിയെടുത്ത വലിയ വിജയമായിരുന്നു.

ദിവാനും രാജവാഴ്ചക്കുമെതിരായ നീക്കം

തൊഴിലാളികള്‍ ഉയര്‍ത്തിയ "ദിവാന്‍ ഭരണം എന്നെന്നേക്കുമായി അവസാനിപ്പിക്കണം' എന്ന മുദ്രാവാക്യത്തിന് വലിയ അര്‍ത്ഥങ്ങളാണുള്ളത്. ചിലര്‍ സമരം ദിവാനു മാത്രം എതിരായിരുന്നു രാജാവാഴ്ചക്കെതിരായിരുന്നില്ല എന്നും വാദിക്കുന്നുണ്ട്. രാജവാഴ്ച അവസാനിപ്പിക്കണം എന്നത് പണിമുടക്കാവശ്യങ്ങളിലുണ്ടായിരുന്നില്ളെങ്കിലും തൊഴിലാളികള്‍ നടത്തിയ പ്രകടനങ്ങളിലെല്ലാം ആ മുദ്രാവാക്യം ഉന്നയിച്ചിരുന്നു.
 സമരഘട്ടത്തില്‍ കൂടുതലായി മുഴങ്ങിയത് ദിവാന്‍ ഭരണത്തിനും അമേരിക്കന്‍ മോഡലിനുമെതിരെയുളള മുദ്രാവാക്യങ്ങളാണ്. അതിനു കാരണം സമരം പ്രഖ്യാപിച്ചത് തിരുവിതാംകൂര്‍ കമ്യൂണിസ്റ്റു പാര്‍ട്ടി നേരിട്ടോ സ്വയമോ അല്ല എന്നതാണ്. പണിമുടക്കിനാഹ്വാനം നല്‍കിയത് കമ്യൂണിസ്റ്റുപാര്‍ട്ടിക്കു കീഴിലെ നിയമവിധേയ സംഘടനയായ തിരുവിതാംകൂര്‍ ട്രേഡ്യൂണിയന്‍ കോണ്‍ഗ്രസാണ്. അതിന് ഒരു രാഷ്ട്രീയ മുദ്രാവാക്യം കമ്യൂണിസ്റ്റുപാര്‍ട്ടിയെപ്പോലെ ഉന്നയിക്കുന്നതില്‍ പരിമിതിയുണ്ട്. എങ്കിലും  അവര്‍ ആ പരിമിതി ബോധപൂര്‍വം മറികടന്നു. എ.ടി.ടി.യു.സി.യുടെ പ്രത്യക്ഷ സമരത്തിനു പിന്നിലും മറവിലുമായി സായുധസമരം അഴിച്ചുവിട്ട് ഭരണം പിടിച്ചെടുക്കുക എന്ന തന്ത്രമാണ് കമ്യൂണിസ്റ്റുകാരെ നയിച്ചത്.
പക്ഷേ, ദിവാന്‍ ഭരണം അവസാനിപ്പിക്കണമെന്ന ആവശ്യത്തിന്‍െറ മറ്റൊരു അര്‍ത്ഥം ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുക എന്നത് കൂടിയായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുന്നതുവരെ  തിരുവിതാംകൂറും കൊച്ചിയും സ്വതന്ത്ര രാജ്യങ്ങളായിരുന്നു എന്ന ധാരണ നിലവിലുണ്ട്. നേരിട്ടുള്ള കൊളോണിയല്‍ വാഴ്ചയ്ക്ക് കീഴിലായിരുന്നില്ല ഈ രാജ്യങ്ങളെന്നത് നേര്. പക്ഷേ, അതിനേക്കാള്‍ ശക്തമായ, പരോക്ഷ കൊളോണിയല്‍ അധിനിവേശം ( ബ്രിട്ടീഷ് ഭരണം) ഈ നാട്ടുരാജ്യങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു.
തിരുവിതാംകൂറിന്‍്റെ കാര്യത്തില്‍ അവര്‍ ബ്രിട്ടീഷുകാരുമായി 1795- ലാണ് നിര്‍ണായകമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സന്ധിയില്‍ ഒപ്പിടുന്നത്.ഈ ഉടമ്പടിയുടെയും സൗഹൃദത്തിന്‍്റെയും അടിസ്ഥാനത്തില്‍ തിരുവിതാംകൂറിന്‍്റെ ഭരണസംവിധാനം ആകെ പരിഷ്കരിക്കപ്പെട്ടു.  എന്നാല്‍, 1805 ല്‍ സ്ഥിതിമാറി. വേലുത്തമ്പി ദളവയുടെ ഭരണകാലത്ത്, ശോഷിച്ച ഭണ്ഡാരം നിറക്കാന്‍ അദ്ദേഹം ചില കടുത്തനടപടി കൈക്കൊണ്ടു. അത് രാജ്യത്തിനുള്ളില്‍ അസംതൃപ്തി ഉണ്ടാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചില നാട്ടുപ്രമാണികളും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. പട്ടാളം കലാപം ആരംഭിച്ചു. ഈ കലാപം അടിച്ചമര്‍ത്താന്‍ വേലുത്തമ്പിക്ക് കഴിയാതെ വന്നു. ഒടുവില്‍ സഹായത്തിന് ഇംഗ്ളീഷ് പട്ടാളത്തെ വിളിച്ചു. ആഭ്യന്തര കലാപത്തെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും തിരുവിതാംകൂറിന്‍െറ കീഴടങ്ങല്‍ അവിടെ തുടങ്ങി. സഹായത്തിനു പ്രത്യുപകാരമായി അതുവരെ നിലനിന്നിരുന്ന സന്ധി പുതുക്കാന്‍ ഇംഗ്ളീഷുകാര്‍ ആവശ്യപ്പെട്ടു. പുതുക്കിയ സന്ധികളാകട്ടെ തിരുവിതാംകൂറിനെ ബ്രിട്ടീഷുകാര്‍ക്ക് തീര്‍ത്തും അടിമപ്പെടുത്തുന്നതായിരുന്നു. വ്യവസ്ഥകള്‍ ഇതായിരുന്നു: ഒന്നാമതായി, ഈസ്റ്റിന്ത്യാകമ്പനിയുടെ അനുവാദത്തോടെയല്ലാതെ ഒരു യൂറോപ്യനെയും തിരുവിതാംകൂറിലെ ഒരുദ്യോഗത്തിലും നിശ്ചയിക്കുകയില്ല. രണ്ടാമത്, നികുതിപിരിവോ ധനസംബന്ധമായ ഭരണമോ, തിരുവിതാംകൂറിലെ മറ്റെന്തെങ്കിലും ഗവണ്‍മെന്‍്റ വകുപ്പുകളോ ശരിയായി നടത്തുന്നതിനാവശ്യമെന്ന് തോന്നുന്ന നിയമങ്ങളും നിര്‍ദേശങ്ങളും ബ്രിട്ടീഷുകാര്‍ പുറപ്പെടുവിക്കും. ആവശ്യമെന്നുകണ്ടാല്‍ തിരുവിതാംകൂറിന്‍്റെ ഏതെങ്കിലും ഭാഗമോ തിരുവിതാംകൂര്‍ മുഴുവന്‍ തന്നെയോ ഈസ്റ്റിന്ത്യാക്കമ്പനിയുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലാക്കാനും ഇംഗ്ളീഷ് ഗവര്‍ണര്‍ ജനറല്‍ക്കധികാരമുണ്ടായിരിക്കും. മൂന്നാമത്, തിരുവിതാംകൂറിലെ നീതിന്യായം, നികുതിപിരിവ്, സര്‍ക്കാര്‍ ചെലവുകളുടെ നിയന്ത്രണം, കച്ചവടം, കൃഷി, വ്യവസായം, മഹാരാജാവിന്‍്റെ താല്‍പര്യങ്ങളും പ്രജകളുടെ ക്ഷേമവും സംരക്ഷിക്കാനുള്ള വിഷയങ്ങള്‍ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന ഉപദേശങ്ങളനുസരിക്കാന്‍ തിരുവിതാംകൂര്‍ രാജാവ് ബാധ്യസ്ഥനാണ്.
തിരുവിതാംകൂറിന്‍്റെ എല്ലാ അധികാരങ്ങളും ഇംഗ്ളീഷുകാര്‍ക്ക് പണയപ്പെടുത്തിയതാണ് ഈ സന്ധി. ബ്രിട്ടീഷുകാരുടെ ദാസന്‍മാര്‍ മാത്രമായിരുന്നു രാജാവ്. തിരുവിതാംകൂറും ബ്രിട്ടീഷ് സര്‍ക്കാരുമായി ഉണ്ടാക്കിയ ബന്ധമെല്ലാം ഈ സന്ധിയുടെ ചുവടുപിടിച്ചാണ്. പിന്നീട്, 1809 ല്‍ തിരുവിതാംകൂറില്‍ തങ്ങള്‍ക്കെതിരെയുല്‍ായ ചില കുഴപ്പങ്ങളുടെ പേരില്‍ രാജ്യഭരണം ഇംഗ്ളീഷുകാര്‍ നേരിട്ട് കുറച്ചുകാലത്തേക്കെങ്കിലും ഏറ്റെടുത്തു. ഇംഗ്ളീഷ് സര്‍ക്കാരിന്‍്റെ പ്രതിനിധിയായ റസിഡന്‍്റ് കേണല്‍ മണ്‍റോ തിരുവിതാംകൂര്‍ ദിവാനായി.  രാജാവിനെ പേരിനുമാത്രം നിലനിര്‍ത്തി, രാജ്യഭരണം ദിവാന്‍ തന്നെ നടത്തി. ഇക്കാലയളവില്‍ തിരുവിതാംകൂറിന്‍്റെ ഭരണവ്യവസ്ഥയില്‍ മണ്‍റോ നിര്‍ണായകമായ ഒട്ടനവധി മാറ്റം വരുത്തി. അതാകട്ടെ ബ്രിട്ടീഷുകാരുടെ താല്‍പര്യത്തിനനുസരിച്ചുള്ളതുമാത്രമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്‍്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരെയും അവര്‍ക്കുമേല്‍ റസിഡന്‍്റിന് നിയന്ത്രണവുമുള്ള വിധത്തിലായിരുന്നു പുതിയ ഭരണവ്യവസ്ഥ ക്രമപ്പെടുത്തിയത്. ബ്രിട്ടീഷുകാര്‍ക്കിഷ്ടമുള്ള ദിവാന്‍മാര്‍ മാത്രം രാജ്യംഭരിക്കുകയെന്ന അവസ്ഥയുടെ ഫലമായി ഉദ്യോഗസ്ഥ യന്ത്രത്തിന്‍്റെ ചുക്കാന്‍ പൂര്‍ണഅര്‍ത്ഥത്തില്‍ അവരുടെ കയ്യിലായി.
ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് "കേരളം: മലയാളികളുടെ മാതൃഭൂമി'യില്‍ എഴുതി: " മണ്‍റോവിന്‍്റെ ഭരണപരിഷ്കാരത്തില്‍ നാടുവാഴികളും ദേശവാഴികളും മാത്രമല്ല, അവരുടെയെല്ലാം യജമാനനായ രാജാവുകൂടി ഇല്ലാതായിരിക്കുന്നു. പേരിന് നാടുവാഴുന്നത് രാജാവാണ്. അദ്ദേഹം ഒപ്പിട്ടതാണ് പ്രധാന ഉത്തരവുകള്‍; അദ്ദേഹമംഗീകരിക്കാത്ത നിയമങ്ങളൊന്നും നിയമമാവുകയില്ല; ദിവാന്‍ അദ്ദേഹത്തിന്‍്റെ ആജ്ഞാനുവര്‍ത്തിയായ ഉദ്യോഗസ്ഥന്‍മാത്രമാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ രാജ്യം ഭരിക്കുന്നത് ദിവാനാണ്; നയവും പരിപാടിയും രൂപീകരിക്കുന്നതിലും, അത് നടപ്പില്‍ വരുത്താന്‍വേണ്ട പ്രായോഗിക നടപടികളെടുക്കുന്നതിലും, അതിനുവേണ്ട ഉദ്യോഗസ്ഥന്‍മാരെ നിയമിക്കുന്നതിലുമെല്ലാം ദിവാനാണ് മുമ്പും കൈയുമുള്ളത്''. മണ്‍റോവിന്‍്റെ കാലത്തിനുശേഷം ആരും ഈ അവസ്ഥയ്ക്കുമാറ്റമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. മറിച്ച് ഈ സ്ഥിതി കൂടുതല്‍ ശക്തിപ്പെടുകയാണുണ്ടായത്.
തിരുവിതാംകൂറില്‍ ഭരണം നടത്തിയിരുന്നത് ദിവാനായിരുന്നു. ദിവാന്‍ തന്നെയായിരുന്നു എല്ലാ അര്‍ത്ഥത്തിലും സര്‍വാധിപതി. ദിവാന്‍മാര്‍ക്ക് രാജാവിനെപ്പോലും നീക്കം ചെയ്യാനുള്ള അധികാരമുണ്ടായിരുന്നു.  അതിനാല്‍ ദിവാനെതിരെ മാത്രം എന്ന് തോന്നിപ്പിക്കുന്ന പണിമുടക്കാവശ്യം ബ്രിട്ടീഷ് അധികാരത്തിലും രാജവാഴ്ചയിലും ചെന്നുതൊടുന്നു. തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിന് രാജകൊട്ടാരത്തോട് സവിശേഷമായ എന്തെങ്കിലും സ്നേഹമോ, സര്‍.സി.പി.യോട് മാത്രമായി എന്തെങ്കിലും വെറുപ്പോ ഉണ്ടായിരുന്നില്ല. അടിസ്ഥാനപരമായി, രാജവാഴ്ചയെയും ദിവാന്‍ ഭരണത്തെയും തൂത്തെറിഞ്ഞ് തൊഴിലാളിവര്‍ഗ ഭരണകൂടം സ്ഥാപിക്കുക എന്നതില്‍ കുറഞ്ഞ ഒരു രാഷ്ട്രീയ ലക്ഷ്യവും അവര്‍ക്കുണ്ടായിരുന്നില്ല. തൊഴിലാളിവര്‍ഗഭരണകൂടം ദിവാനെ മാത്രം നീക്കം ചെയ്ത് രാജാവിനെ നിലനിര്‍ത്തിയേനെ എന്നൊക്കെ ചിന്തിക്കുന്നത് ശുദ്ധ അസംബന്ധമാവും.
സര്‍.സി.പി.യോട് മാത്രമായിരുന്നു വിദ്വേഷമെങ്കില്‍ തൊഴിലാളികള്‍ പുന്നപ്രപോലീസ് ക്യാമ്പ് ആക്രമിക്കാന്‍ രാജാവിന്‍െറ ജന്മദിനമായ തുലാം ഏഴ് തന്നെ തെരഞ്ഞെടുക്കേല്‍ കാര്യമില്ല. മാത്രമല്ല പുന്നപ്ര ക്യാമ്പാക്രമണം നടത്തിയവര്‍ "ദിവാന്‍ ഭരണം അവസാനിപ്പിക്കുക', "രാജവാഴ്ച തുലയട്ടെ' എന്ന മുദ്രാവാക്യവും വിളിച്ചിരുന്നു. സര്‍.സി.പി. അധികാരമേറ്റെടുക്കുന്ന സമയത്തിനു മുമ്പായി പാര്‍ട്ടി പുറത്തിറക്കിയ ലഘുലേഖയില്‍ രാജവാഴ്ച അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നുമുണ്ട്.

സ്വതന്ത്ര തിരുവിതാംകൂര്‍ വാദവും അമേരിക്കന്‍ മോഡലും

"ഇന്ത്യന്‍ ഭരണഘടന രൂപീകരണ സമിതിയിലേക്ക് ജനപ്രതിധികളെ അയക്കണം' എന്ന പണിമുടക്കിന്‍െറ ആവശ്യം സവിശേഷമായി ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴിലാളികള്‍ സര്‍.സി.പി ഉയര്‍ത്തിയ സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന വാദത്തിന് എതിരായിരുന്നുവെന്നതിന്‍െറ പ്രത്യക്ഷ തെളിവാണ് ഈ ആവശ്യം.
"1947 ജനുവരിയില്‍ കരടു ഭരണഘടന പ്രഖ്യാപിച്ചതിനുശേഷമാണ് സ്വതന്ത്ര തിരുവിതാംകൂര്‍ ഒരു സജീവ പ്രശ്നമായത്' എന്ന് ശ്രീധരമേനോന്‍ വാദിക്കുന്നു. (സര്‍.സി.പി. തിരുവിതാംകൂര്‍ ചരിത്രത്തില്‍, പേജ് 319). പുന്നപ്ര-വയലാര്‍ സ്വതന്ത്ര തിരുവിതാംകൂറിന് എതിരായി നടന്ന സമരമല്ല എന്നു വാദിക്കാനാണ് ശ്രീധരമേനോന്‍ ശ്രമിക്കുന്നത്. എന്നാല്‍ 1947 ജനുവരിയില്‍ പ്രഖ്യപിച്ച കരട് ഭരണഘടന, ആ ദിവസങ്ങളില്‍ ഉണ്ടായതല്ല. കൃത്യം ഒരുവര്‍ഷം മുമ്പ്, 1946 ജനുവരി 16 ന്, അതായത് പുന്നപ്ര-വയലാര്‍ നടക്കുന്നതിനും ഒമ്പതുമാസങ്ങള്‍ക്ക് മുമ്പാണ് ഈ ഭരണഘടനാ പരിഷ്കാരം ആദ്യമായി പ്രഖ്യാപിക്കപ്പെടുന്നത്. അന്ന് "അമേരിക്കന്‍ മോഡല്‍' ഭരണപരിഷ്കാരം പ്രഖ്യാപിച്ച് പത്രക്കുറിപ്പ് ഇറങ്ങി. അതിന്‍്റെ വികസിതരൂപമാണ് 1947 ജനുവരിയില്‍ കരട് രൂപത്തില്‍ പുറത്തിറങ്ങുന്നത്.
പത്രക്കുറിപ്പില്‍ ഭരണഘടനയില്‍ വരുത്താന്‍പോകുന്ന മാറ്റങ്ങള്‍ അതില്‍ വ്യക്തമായി പറയുന്നുണ്ട്. മഹാരാജാവിന്‍്റെ ഭരണത്തില്‍ കീഴില്‍ ദിവാന്‍ ഭരണം നടത്തുന്ന, നിയമസഭയക്ക് ഒരധികാരവുമില്ലാത്ത ഭേദഗതിയാണ് ഇത്. ഭരണഘടനാ പരിഷ്കാരങ്ങളില്‍ ദിവാന്‍്റെ സ്ഥാനം അമേരിക്കന്‍ പ്രസിഡന്‍്റിനോടു തുല്യമാണ് എന്നു പറഞ്ഞതിനാലാണ് "അമേരിക്കന്‍ മോഡല്‍' ഭരണം എന്നു വിശേഷിപ്പിക്കാന്‍ തുടങ്ങിയത്.
മഹാരാജാവിന്‍്റെ പദവിക്കോ ദിവാന്‍്റെ പദവിക്കോ ഒരിളക്കവും സംഭവിക്കാത്ത ഭണഘടനയായിരുന്നു. ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്ന പൂര്‍ണ ജനാധിപത്യത്തിനും ഉത്തരവാദിത്വഭരണത്തിനും എതിരായിരുന്നു അത്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരധികാരവും ഇല്ലാത്ത നോക്കുകുത്തി പദവിമാത്രമാണുണ്ടായിരുന്നത്. ഇതിനെതിരെ, പൂര്‍ണ ജനാധിപത്യമാണ് തൊഴിലാളിവര്‍ഗം ആവശ്യപ്പെട്ടത്. അതുകൊല്‍് തന്നെ 1946 ഒക്ടോബറില്‍, പുന്നപ്ര-വയലാറില്‍ നടന്ന സായുധ സമരത്തില്‍ മുഴങ്ങിക്കേട്ട മുാ്രദവാക്യങ്ങളില്‍ ഒന്ന് "അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്നായിരുന്നു. അത് 1946 ജനുവരിയില്‍ പ്രഖ്യാപിച്ച  ഭരണഘടനാ പരിഷ്കാരങ്ങളോടുള്ള വിയോജിപ്പാണ്.
ഭരണഘടനാ ഭേദഗതി പ്രഖ്യാപിക്കുന്ന 1947 ജനുവരി 27 നു മുമ്പ് ഇന്ത്യയില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നു (1946 സെപ്റ്റംബറില്‍ 2). ഇന്ത്യന്‍യൂണിയനില്‍ ചേരാതെ, സ്വതന്ത്രമായി നില്‍ക്കാനാണ്, 1946 ജനുവരി മുതല്‍ സി.പി.ശ്രമിച്ചുപോന്നത്.

വിപ്ളവം പരാജയപ്പെടുന്നു

തിരുവിതാംകൂറിലെ സവര്‍ണ്ണ ഹിന്ദു ഭരണകൂടത്തിനെതിരെ അണിനിരന്നവരില്‍ ഭൂരിഭാഗം അടിസ്ഥാനവര്‍ഗ/ജാതി വിഭാഗങ്ങളായിരുന്നു.  കയര്‍-മത്സ്യത്തൊഴിലാളികള്‍ക്കായിരുന്നു സമരത്തിന്‍്റെ നേതൃത്വം. ഈഴവരായിരുന്നു ജനസംഖ്യയില്‍ ഭൂരിപക്ഷം. ദലിതര്‍, ക്രിസ്ത്യന്‍ ദരിദ്രവിഭാഗങ്ങള്‍, സ്ത്രീകള്‍, മത്സ്യമേഖലയിലെ തൊഴിലാളികള്‍ എന്നിവരാണ്് അണി നിരന്ന മറ്റുവിഭാഗക്കാര്‍. സ്ത്രീകള്‍ ഈ സമരത്തില്‍ പുരുഷതൊഴിലാളികള്‍ക്കൊപ്പം നിന്നു പോരാടി. എന്നാല്‍, പട്ടാളത്തിന്‍െറ മുന്നേറ്റത്തിന് മുന്നില്‍ തൊഴിലാളികള്‍ പതറി. അതിന് നിരവധി കാരണങ്ങളുണ്ട്.  ദേശീയതലത്തില്‍ സി.പി.ഐ പിന്തുടര്‍ന്നത് വലതുപക്ഷ പരിഷ്കരണവാദ ലൈനാണ്. വര്‍ഗസമരത്തിനു പകരം കോണ്‍ഗ്രസ് ഉള്‍പ്പടെയുളള ദേശീയബൂര്‍ഷ്വാസിയോട് വര്‍ഗസഹകരണമായിരുന്നു ലൈന്‍. അത്തരം ഒരു ലൈനിന്‍്റെ കീഴില്‍, ആ ലൈന്‍ തിരുത്താനുളള ശ്രമം പോലും  നടത്താതെയാണ് സമരം സംഘടിപ്പിച്ചത്. ഭരണകൂടത്തോട് സായുധമായി ഏറ്റുമുട്ടുമ്പോള്‍ ശരിയായ സൈനികലൈന്‍  ആവശ്യമാണ്. സൈനിക ലൈനിന് രൂപംകൊടുക്കാന്‍ ഒരിക്കലും ശ്രമിച്ചില്ല. തിരുവിതാംകൂറിലാകെ ഉയര്‍ത്തെഴുന്നേല്‍പ്പിന് അനുകൂല സാഹചര്യം നിലനിന്നിരുന്നെങ്കിലും അതിനുവേണ്ടി ശ്രമിച്ചില്ല. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പലനിലപാടും വസ്തുനിഷ്ഠതയേക്കാള്‍ ആത്മനിഷ്ഠതയില്‍ നിന്നാണ് ഉടലെടുത്തത്. സി.പി.യുടെ സായുധസേനയുടെ എണ്ണം മാത്രമെടുത്ത് അതിന്‍്റെ സായുധശക്തി അവഗണിച്ചു. 4000 പട്ടാളത്തെയും 3000 വരുന്ന പോലീസുമായിരുന്നു സി.പി.യുടെ ശക്തി. സായുധസേനയുടെ എണ്ണം മാത്രമെടുക്കുകയും ആയുധകരുത്ത് കണക്കിലെടുക്കാതിരിക്കുകയും ചെയ്്തു. ആ ആള്‍ബലത്തെ അതിനേക്കാള്‍ എത്രയോ ഇരട്ടി വരുന്ന തൊഴിലാളികളുടെ എണ്ണംകൊണ്ട് മറികടക്കാമെന്ന് വ്യാമോഹിച്ചു.
പട്ടാളത്തിന് എളുപ്പത്തില്‍ എത്തിച്ചേരാനാവാത്ത ഇടങ്ങളിലാണ് ക്യാമ്പുകള്‍ സ്ഥാപിച്ചെങ്കിലും ശത്രു ജലമാര്‍ഗം പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് അജ്ഞരായിരുന്നു. വയലാറിലും മോനാശേരിയിലും ബോട്ടിലാണ് പട്ടാളം വന്നിറങ്ങിയത്.ഭരണകൂട സേനകള്‍ അടിച്ചമര്‍ത്താന്‍ എത്തുമ്പോള്‍ വാരിക്കുന്തങ്ങള്‍കൊണ്ട് ചെറുത്തുനില്‍ക്കാമെന്ന് സമരസംഘാടകര്‍ തെറ്റായി ചിന്തിച്ചു.  ക്യാമ്പുകളില്‍ തൊഴിലാളികളുടെ വാരിക്കുന്തങ്ങള്‍ ചത്തെിക്കൂര്‍പ്പിക്കുകയും മുട്ടിലിഴഞ്ഞ് ചെന്ന് പട്ടാളക്കാരെ ആക്രമിക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പാക്രമണവേളയില്‍ വാരിക്കുന്തമായിരുന്നു സമരക്കാരുടെ മുഖ്യ ആയുധം.  മുന്നില്‍ നില്‍ക്കുന്നതിനേക്കാള്‍ ഇഴഞ്ഞു മുന്നേറുന്നതായിരുന്നു വെടിയേല്‍ക്കുന്നതിനെ പ്രതിരോധിക്കാനുളള മാര്‍ഗം.  പൊലീസിന്‍െറ കൈവശമുണ്ടായിരുന്ന  303 റൈഫിള്‍ തോക്ക് നേരെ മുന്നിലേക്ക് മാത്രമേ വെടിവയ്ക്കാനാവൂ. വെടിയുല്‍കള്‍ ഭൂമിക്ക് നിശ്ചിത ഉയരത്തില്‍ നേര്‍രേഖയിലേ ചലിക്കു. മാത്രമല്ല അഞ്ചുറൗണ്ട് വരെ വെടിവയ്ക്കാവുന്ന തോക്കിന് തിരകള്‍ സമയമെടുത്ത് മാറ്റിയിടുകയും വേണം. അതിനാല്‍ തന്നെ പോലീസിനെ കീഴ്പ്പെടുത്താന്‍ വാരിക്കുന്തവും ഇഴഞ്ഞുമുന്നേറ്റവും കുറേയൊക്കെ ഫലപ്രദമായിരുന്നു. എന്നാല്‍ ഈ നീക്കം പിഴച്ചത് വയലാറിലാണ്്. കാരണം അവിടെ അപ്രതീക്ഷിതമായി പട്ടാളം പ്രയോഗിച്ചത് യന്ത്രത്തോക്കാണ്. ഫലത്തില്‍ ശത്രുവിന്‍െറ ആയുധ ശേഷിയെ തെറ്റായി വിലയിരുത്തിയത് സമരത്തിന് വിനയായി.
വെടിവയ്പ്പ് നടന്ന ഉടന്‍ പലയാനത്തിനാണ് നേതൃത്വം ശ്രമിച്ചത്. ക്യാമ്പുകള്‍ പിരിച്ചുവിടാന്‍ അവര്‍ വേഗത്തില്‍ തീരുമാനമെടുത്തു. മാത്രമല്ല, സര്‍.സി.പിയാകട്ടെ എല്ലാത്തരം ക്രൂരതയും മര്‍ദനവും സൈനിക ആധിപത്യവും ജനങ്ങള്‍ക്ക് മേല്‍ നിഷ്ഠൂരമായി നടപ്പാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും തൊഴിലാളികള്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.
പക്ഷേ, ഒരു വിപ്ളവവും ഒരു സമരവും അത്യന്തികമായി പരാജയപ്പെടുന്നില്ല. പരാജയങ്ങള്‍ സമരത്തിന്‍െറ ന്യായയുക്തതെ ഇല്ലാതാക്കുന്നുമില്ല. ഓരോ പരാജയവും വിജയവും പിന്നീടുള്ള മുന്നേറ്റത്തിന്‍െറ ആദ്യ ചുവടുകള്‍ മാത്രം. 1946 ലെ തൊഴിലാളി പണിമുടക്കിന്‍െറയും പുന്നപ്ര-വയലാറിന്‍െറയും അജയ്യയമായ വാരിക്കുന്തമാണ് പിന്നീട് കേരളം നടന്ന വഴികളെ നിശ്ചയിച്ചത്.


സഹായക ഗ്രന്ഥങ്ങള്‍


1. പുന്നപ്ര-വയലാര്‍, കെ.സി.ജോര്‍ജ്, പ്രഭാത് ബുക് ഹൗസ്, 1998
2. സര്‍.സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും-ചരിത്ര രേഖകളിലൂടെ, പ്രൊഫ.എ.ശ്രീധരമേനോന്‍, ഡി.സി.ബുക്സ്,കോട്ടയം,1999
3.പുന്നപ്ര സമരം: ചരിത്രത്തിലെ കഥയും കഥയിലെ ചരിത്രവും, എ.എം.ജോസി, അരശര്‍കടവില്‍, കറന്‍്റ് ബുക്സ്,കോട്ടയം, 2007
4. പുന്നപ്ര-വയലാര്‍ സമരം: അനുഭവങ്ങളിലൂടെ, എഡിറ്റര്‍: ഫാ.അലോഷ്യസ് ഡി ഫെര്‍ണാന്‍്റസ്, ചിന്ത പബ്ളിഷേഴ്സ്, 2006
5. കേരളം: മലയാളികളുടെ മാതൃഭൂമി, ഇ.എം.എസ്, 1948
6. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍, വോല്യം 4.
7.പുന്നപ്ര-വയലാര്‍: നേരും നുണയും, കെ.എന്‍.കെ. നമ്പൂതിരി, പൂര്‍ണ ബുക്സ്, 2000
8.പുന്നപ്ര-വയലാര്‍: ജ്വലിക്കുന്ന അധ്യായങ്ങള്‍, എം.ടി.ചന്ദ്രസേനനന്‍, ഡി.സി.ബുക്സ്, 1996
9. പുന്നപ്ര-വയലാര്‍: അപ്രിയ സത്യങ്ങള്‍, രവിവര്‍മ തമ്പുരാന്‍, ഡി.സി.ബുക്സ്, 1998
10. പുന്നപ്ര-വയലാര്‍ സമരം: ഒരു ലഘുചരിത്രം, പി.കെ. ചന്ദ്രാനന്ദന്‍, ദേശാഭിമാനി ബുക്ഹൗസ്.
11. പുന്നപ്ര-വയലാര്‍ സമരം: അറിയപ്പെടാത്ത ഏടുകള്‍, എം.എം. വര്‍ഗീസ്, ഡി.സി.ബുക്സ്.
12.പുന്നപ്ര-വയലാര്‍: കനലും കരിക്കട്ടയും, തെക്കുംഭാഗം മോഹന്‍, ഇന്‍്റര്‍നെറ്റ് പബ്ളിക്കേഷന്‍സ്,1998
13. പുന്നപ്ര-വയലാര്‍ സമരങ്ങളുടെ യഥാര്‍ത്ഥ പാഠം, മുരളി, കനല്‍ പ്രസിദ്ധീകരണകേന്ദ്രം
14. പുന്നപ്ര-വയലാര്‍: റിവോള്‍ട്ട് ഓഫ് ദ ഒപ്രസ്ഡ്, ഇംഗ്ളീഷ്, പി.കെ.വി.കൈമള്‍.
15.  പുന്നപ്ര-വയലാര്‍: ചരിത്രത്തില്‍ സംഭവിച്ചതും ചരിത്രകാരനില്‍ സംഭവിച്ചതും, ബിജുരാജ്, മാധ്യമം ആഴ്ചപ്പതിപ്പ്, 2006 നവംബര്‍ 10 മുതല്‍ നാല് ലക്കങ്ങള്‍




അനുബന്ധം-1

തൊഴിലാളികളുടെ ആവശ്യങ്ങള്‍


"സര്‍ സി.പി.യുടെ കിരാത ഭരണത്തിനെതിരായി പടക്കളത്തിലേക്കു മാര്‍ച്ച് ചെയ്യുക' എന്ന തലകെട്ടില്‍ 1946 ഒക്ടോബര്‍ 17 ന് (1122 കന്നി 31 ന്) മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ സെട്ടറി കെ. ദാമോദരന്‍ പ്രസിദ്ധികരിച്ച പ്രസ്താവനയില്‍ ഉന്നയിച്ച 26 ആവശ്യങ്ങള്‍:

1. ദിവസമൊന്നുക്ക് ഒരാള്‍ക്ക് കുറഞ്ഞതു നാഴി അരിയും മറ്റ് ധാന്യങ്ങളും അനുവദിക്കുക
2. കപ്പ, കാച്ചില്‍, ഏത്തക്ക മുതലായ മറ്റ് ഭക്ഷണസാധനങ്ങള്‍ നിയന്ത്രിത വിലക്കു വിതരണം ചെയ്യുക.
3. എല്ലാവര്‍ക്കും തൊഴിലോ തൊഴിലില്ലായ്മ വേതനമോ അനുവദിക്കുക
4. ജീവിക്കുവാന്‍ മതിയാകുന്ന കൂലി നിജപ്പെടുത്തുക
5. മൂന്നുമാസത്തെ കൂലി ബോണസ്സായി അനുവദിക്കുക
6. ശമ്പളത്തോടുകൂടി ഒരു മാസത്തെ അവധി അനുവദിക്കുക.
7. മൂന്നു മാസത്തേയ്ക്ക് പ്രസവകാലവേതനം അനുവദിക്കുക
8. വാര്‍ദ്ധക്യകാലത്തും, രോഗം വരുമ്പോഴും ആവശ്യമായ പരിരക്ഷയും വൈദ്യസഹായവും ലഭ്യമാക്കുന്നതിന് ഉതകുന്ന സാമൂഹ്യ രക്ഷാ പദ്ധതികള്‍ ഉണ്ടാക്കുക
9. തൊഴിലാളികളുടെ കുട്ടികള്‍ക്കു പഠിക്കുാവാന്‍ ആഗ്രഹമുള്ളിടം വരെ സൗജന്യ വിദ്യാഭ്യാസം അനുവദിക്കുക.
10. വേല സമയം ആഴ്ചയില്‍ 42 മണിക്കൂറുകള്‍ ആക്കി ചുരുക്കുക
11. പത്തുപേരില്‍ കൂടുതല്‍ പണിയെടുക്കുന്ന എല്ലാ വ്യവസായ ശാലകളും ഫാക്ടറി ആക്റ്റിന്‍െറ പരിധിയില്‍ കൊണ്ടുവരിക
12. കയര്‍ വ്യവസായം പുന:സംഘടിപ്പിക്കുക
13. കയര്‍ തൊഴിലാളികളെ ഇടത്തട്ടുകാരില്‍നിന്നും രക്ഷിക്കാന്‍ വേണ്ടി കയറു ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡിപ്പോള്‍ സ്ഥാപിക്കുക.
14. പട്ടാളത്തില്‍ നിന്നും ആസാമില്‍ നിന്നുംയുദ്ധസേവനം കഴിഞ്ഞുവരുന്നവര്‍ക്ക് തൊഴിലുകൊടുക്കുവാന്‍ ഉതകുന്ന തരതില്‍ പുതിയ വ്യവസായങ്ങള്‍ തുടങ്ങുക
15. ചെറുകൃഷിക്കാരെ നെല്ളെടുപ്പില്‍നിന്നും ഒഴിവാക്കുക
16. ഉല്‍പാദനം, സംഭരണം, വിതരണം എന്നിവ ജനകീയ കമ്മിറ്റികളെ ഏല്‍പ്പിക്കുക.
17. തരിശുഭൂമികളും ചതുപ്പുനിലങ്ങളും കൃഷിക്കാര്‍ക്കു പതിച്ചുകൊടുത്ത് കൃഷിചെയ്യിപ്പിക്കുകയും അപ്രകാരം ആഹാര കാര്യത്തില്‍ തിരുവിതാംകൂറിനെ സ്വയം പര്യാപ്തമാക്കുകയും ചെയയുക
18. പ്യൂണ്‍സ്, പൊലീസ്, പട്ടാളം തുടങ്ങിയ കീഴ്ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 50 ഉറുപ്പികയായി നിജപ്പെടുത്തുക
19. 500 ഉറുപ്പികയില്‍ കവിഞ്ഞ എല്ലാ ശമ്പള റെയിറ്റും വെട്ടിച്ചുരുക്കുക
20. ചെറുതുംവലുതുമായ ഉദ്യോഗസ്ഥന്മാരും വന്‍കിട കച്ചവടക്കാരും അന്യായമായി യുദ്ധകാലത്ത് ഉണ്ടാക്കിയിട്ടുള്ള എല്ലാ അന്യായ സമ്പത്തുകളും കണ്ടുകെട്ടുകയും പിടിച്ചെടുക്കുകയും ചെയ്യുക.
21. കരിഞ്ചന്തക്കാരെയും അതിനു കുട്ടുനിന്ന ഉദ്യോഗസ്ഥന്‍മാരെയും പരസ്യമായി വിസ്തരിച്ചു ശിക്ഷിക്കണം.
22. എല്ലാ രാഷ്ട്രീയതടവുകാരെയും നിരുപാധികമായി വിട്ടയക്കണം.
23. തിരുവിതാംകൂറിന്‍െറ ഭാവിഭരണഘടനയ്ക്ക് രൂപം നിശ്ചയിക്കുന്നതിനു പ്രായപൂര്‍ത്തിവോട്ടവകാശത്തിന്‍െറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധി സഭ രൂപീകരിക്കണം
24. ഇന്ത്യന്‍ ഭരണഘടന രൂപീകരണ സമിതിയിലേക്ക് ജനപ്രതിധികളെ അയക്കണം
25. ദിവാന്‍ ഭരണം അവസാനിപ്പിക്കണം
26. എല്ലാ കക്ഷികള്‍ക്കും, താല്പര്യങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും പ്രതിനിധ്യമുള്ള ഇടകകാല ഗവണ്‍മെന്‍റ് സ്ഥാപിക്കണം





അനുബന്ധം-2


എ.ടി.ടി.യു.സി. സര്‍ക്കുലര്‍

സഖാവെ,

അടുത്തിടെ, തിരുവിതാംകൂര്‍ സര്‍ക്കാര്‍ തൊഴിലാളി സംഘടനയ്ക്കും അതിന്‍െറ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കുമെതിരെ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. എ.ടി.ടി.യു.സിയുടെ അവസാന പ്രത്യേക സമ്മേളനം സര്‍ക്കാരിന്‍െറ ഈ നയം സമരത്തിലൂടെ മാത്രമേ മാറ്റാനാകൂവെന്ന നിഗമനത്തില്‍ എത്തിയിരുന്നു. സമരത്തിന്‍െറ തീയതി നിശ്ചയിക്കാനുള്ള അധികാരം ആക്ഷന്‍കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. എ.ടി.ടി.യു.സി. സൗഹാര്‍ദപരമായ ഒത്തുതീര്‍പ്പിന് വേണ്ടി കാത്തിരുന്നുവെങ്കിലും ഇതിനിടയില്‍ ചേര്‍ത്തലയിലെ കാര്യങ്ങള്‍ വഷളായി. പട്ടംതാണുപിള്ളയും ടി.എം. വര്‍ഗീസും ചേര്‍ത്തലയിലെ സംഭവവികാസങ്ങളില്‍ ഇടപെട്ട് സര്‍ക്കാരുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു. പക്ഷേ, സര്‍ക്കാര്‍ ഒരു വശത്ത് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തുകയും മറുവശത്ത് ചേര്‍ത്തല കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍,അമ്പലപ്പുഴ മത്സ്യത്തൊഴിലാളി യൂണിയന്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് തൊഴിലാളി സംഘടനയെയും അതിന്‍െറ മുന്നേറ്റത്തെയും അടിച്ചമര്‍ത്താനുള്ള നയത്തിന്‍െറ മുന്നോടിയാണെന്നും, സര്‍ക്കാരിന് സമാധാന നയത്തില്‍ സത്യസന്ധതയില്ളെന്നുമേ കണക്കാക്കാനാവൂ. ഇതുവെറുതെ കാഴ്ചക്കാരായി കല്‍ിരിക്കാന്‍ അധ്വാനിക്കുന്ന വര്‍ഗത്തിന് കഴിയില്ല. അതിനാല്‍ എ.ടി.ടി.യു.സിയുടെ പേരില്‍ ഞാന്‍ എല്ലാ യൂണിനുകളോടും അഞ്ചാംതീയതി ചൊവ്വാഴ്ച മുതല്‍ (22-10-46) പൊതു പണിമുടക്ക് നടത്താന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഓരോ യൂണിയനുകളും തങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ ഇതിനൊപ്പം കൂട്ടിചേര്‍ത്ത് ഉന്നയിക്കുകയും മുന്നോട്ടുപോകുകയും ചെയ്യണം. ഈ ആവശ്യങ്ങളും താഴെസൂചിപ്പിച്ചിരിക്കുന്നതും അംഗീകരിക്കുന്നതുവരെ എല്ലാ യൂണിയനുകളും എ.ടി.ടി.യു.സി.യുടെ കൊടിക്കൂറക്ക് കിഴിലും തങ്ങളുടെ സ്വന്തം യൂണിയനുകളുടെ കൊടിക്കൂറക്ക് കീഴിലും ഉറച്ചുനില്‍ക്കുകയും സമരം തുടരുകയും വേണം.

അടിയന്തരാവശ്യങ്ങള്‍

1.ദിവസമൊന്നുക്ക് ഒരാള്‍ക്ക് കുറഞ്ഞതു നാഴി അരിയും മറ്റ് ധാന്യങ്ങളും അനുവദിക്കുക
2. സംഭരണം, വിതരണം എന്നിവ ജനകീയ കമ്മിറ്റികളെ ഏല്‍പ്പിക്കുക.
3. ഭക്ഷ്യവിതരണം സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം ഭക്ഷ്യ വകുപ്പില്‍ സര്‍ക്കാര്‍ നടത്തിയ പര്‍ച്ചേസുകളുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കുക.
4. എല്ലാ വ്യവസായങ്ങളെയും അംഗീകരിക്കുക
5.  വേല സമയം ആഴ്ചയില്‍ 40 മണിക്കൂറുകള്‍ ആക്കി ചുരുക്കുക
6.വാര്‍ദ്ധക്യകാലത്തും, രോഗം വരുമ്പോഴും ആവശ്യമായ പരിരക്ഷയും വൈദ്യസഹായവും ലഭ്യമാക്കുന്നതിന് ഉതകുന്ന സാമൂഹ്യ രക്ഷാ പദ്ധതികള്‍ ഉണ്ടാക്കുക
7.എല്ലാവര്‍ക്കും തൊഴിലോ തൊഴിലില്ലായ്മ വേതനമോ അനുവദിക്കുക
8.മൂന്നുമാസത്തെ കൂലി ബോണസ്സായി അനുവദിക്കുക
9. നിലവിലെ എല്ലാ തൊഴില്‍ നിയമങ്ങളും ദേഭഗതിചെയ്യുകയും പുതിയ നിയമങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുക
10. അടിസ്ഥാന വേതനം വര്‍ധിപ്പിക്കുക
11. യുദ്ധത്തിന് മുമ്പുള്ള പാട്ടം, വാരം സമ്പദ്രായം ഇല്ലായ്മ ചെയ്യുക
12. ഭൂവസ്തുവകകള്‍ക്കുമേല്‍ സ്ഥായിയായ അവകാശം അനുവദിക്കുക
13. നിയമനിര്‍മാണത്തിലൂടെയുള്ള കുടിയൊഴിപ്പിക്കല്‍ നിരോധിക്കുക
14. യുദ്ധകാലത്ത് കരിഞ്ചന്തയിലൂടെ ഉണ്ടാക്കിയ എല്ലാ അന്യായ സമ്പത്തുകളും പിടിച്ചെടുക്കുക
15.നീക്കിവച്ച ഭൂമികള്‍  രജിസ്റ്റര്‍ ചെയ്യുകയും കൃഷിക്കാരെ സഹായിക്കുകയും ചെയ്യുക
16.  പട്ടാളം, ക്ളര്‍ക്ക്, പൊലീസ്, പ്യൂണ്‍ എന്നിവര്‍ക്ക് കുറഞ്ഞ വേതനം 50 രൂപയായി നിജപ്പെടുത്തുക
17.500 ഉറുപ്പികയില്‍ കവിഞ്ഞ എല്ലാ ശമ്പള റെയിറ്റും വെട്ടിച്ചുരുക്കുക
18.ചെറുതുംവലുതുമായ ഉദ്യോഗസ്ഥന്മാരും വന്‍കിട കച്ചവടക്കാരും അന്യായമായി യുദ്ധകാലത്ത് ഉണ്ടാക്കിയിട്ടുള്ള എല്ലാ അന്യായ സമ്പത്തുകളും കണ്ടുകെട്ടുകയും പിടിച്ചെടുക്കുകയും ചെയ്യുക.
19. ജനമര്‍ദകരായ ഉദ്യോഗസ്ഥരെ പരസ്യമായി വിചാരണ ചെയ്യുക
20. ദിവാന്‍ ഭരണം എന്നന്നേക്കുമായി അവസാനിപ്പിക്കുക
21. പട്ടാളത്തെ പിന്‍വലിക്കുക
22. എല്ലാ നിരോധന ഉത്തരവുകളും റദ്ദുചെയ്യുക
23. പൗരാവകാശം നിഷേധിക്കുന്ന എല്ലാ നിയമങ്ങളും പിന്‍വലിക്കുക
24.  പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുക
25.  എല്ലാ രാഷ്ട്രീയതടവുകാരെയും നിരുപാധികമായി വിട്ടയക്കണം.
26. ഇന്ത്യന്‍ ഭരണഘടന രൂപീകരണ സമിതിയിലേക്ക് ജനപ്രതിധികളെ അയക്കണം
27.എല്ലാ പാര്‍ട്ടികളെയും ക്ഷണിച്ചുകൊണ്ടും പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍െറ പേരില്‍ പ്രതിനിധികളെ തെരഞ്ഞെടുത്ത്, ഇടക്കാല സര്‍ക്കാര്‍  സ്ഥാപിക്കുക.

ടി.വി. തോമസ്
പ്രസിഡന്‍റ്, എ.ടി.ടി.യു.സി

ആലപ്പുഴ
4-3-22/ 21-10-46



പച്ചക്കുതിര, 2016 ഒക്ടോബര്‍ 


                                                                                                                                                                                                                                                                                                                                                                 








‘ഏറ്റുമുട്ടല്‍’ കൊലകള്‍, മനുഷ്യാവകാശ ധ്വംസനങ്ങള്‍

‘ഏറ്റുമുട്ടല്‍’ കൊലകള്‍, മനുഷ്യാവകാശ ധ്വംസനങ്ങള്‍
ആര്‍.കെ.ബിജുരാജ്

ഒരു സമൂഹത്തില്‍ ‘ഏറ്റുമുട്ടല്‍’ കൊലപാതകങ്ങള്‍ പെരുകുന്നുവെങ്കില്‍ ആ സമൂഹം ഒരു പൊലീസ് സ്റ്റേറ്റായി മാറിയെന്നോ മാറുന്നുവെന്നോ ആണ് അര്‍ഥം. ആഗോളവത്കരണ കാലത്തെ ഭരണകൂടരൂപമായ ‘സുരക്ഷാ ഭരണകൂടങ്ങ’ളുടെ സൃഷ്ടിയായ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും നിഷ്ഠൂര ജനദ്രോഹനിയമങ്ങളുടെ വ്യാപക ഉപയോഗവുമാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം. 46 വര്‍ഷത്തിന് ശേഷം കേരളത്തില്‍ വീണ്ടും ഒരു ‘ഏറ്റുമുട്ടല്‍’ കൊലപാതകം നടന്നുവെന്നതാണ് 2016ന്‍െറ ഭരണകൂട അധികാരപ്രയോഗത്തിന്‍െറ ബാക്കി പത്രങ്ങളില്‍ ഒന്ന്.
2016 ഒക്ടോബര്‍ 24, 27 തീയതികളില്‍ ആന്ധ്ര-ഒഡീഷ അതിര്‍ത്തിയിലെ മാല്‍ക്കന്‍ഗിരിയിലാണ് സമീപകാലത്തെ ഏറ്റവും വലിയ ഭരണകൂട കൂട്ടക്കൊല നടന്നത്. വനമേഖലയില്‍ നിരോധിത സംഘടന സി.പി.ഐ (മാവോയിസ്റ്റ്)യോഗം നടത്തുന്നുവെന്നാരോപിച്ച് ആന്ധ്ര-ഒഡിഷ പൊലീസ് സേന നടത്തിയ സൈനിക നീക്കത്തില്‍  23 പേര്‍ കൊല്ലപ്പെട്ടു. കൂട്ടക്കൊലക്കെതിരെ പ്രതിഷേധം ഉയരുമ്പോള്‍ തന്നെ ഒക്ടോബര്‍ 24നും 25നും എട്ടുപേരെ കൂടി വധിച്ചതായി ഭരണകൂടം അറിയിച്ചു. മനുഷ്യാകകാശ പ്രവര്‍ത്തകരുടെ കണക്കനുസരിച്ച് 22 മാവോവാദികളും ഒമ്പത് ആദിവാസികളുമാണ് മാല്‍ക്കന്‍ഗിരിയില്‍ കൊല്ലപ്പെട്ടത്. പൊലീസ് വരുന്നതുകണ്ട് അയല്‍ഗ്രാമത്തിലെ ആദിവാസി യുവാക്കള്‍ ഓടി. നിരായുധരായ ഇവരെയും പുഴയില്‍ മീന്‍ പിടിച്ച ആദിവാസികളെയും പൊലീസ് വെടിവച്ചുകൊന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ബോക്സൈറ്റ് ഖനനത്തിനെതിരെയും  ബാലിമേലാ റിസര്‍വോയറിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടും ശക്തമായ ചെറുത്ത് നില്‍പ് നടക്കുന്ന മേഖലയിലാണ് കൂട്ടക്കൊല നടന്നത് എന്നത് സംഭവങ്ങളുടെ കൃത്യമായ രൂപം പകര്‍ന്നുനല്‍കുന്നുണ്ട്.
2016 ഒക്ടോബര്‍ 31ന്, മാല്‍ക്കന്‍ഗിരി കൂട്ടക്കൊല കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഭോപ്പാലില്‍ മറ്റൊരു വ്യാജഏറ്റുമുട്ടല്‍ കൊല നടന്നു. ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഉദ്യോഗസ്ഥനെ വധിച്ച ശേഷം തടവുചാടിയ എട്ട് സിമി വിചാരണ തടവുകാരെ  മണിക്കൂറുകള്‍ക്കകം എട്ട് കിലോമീറ്റര്‍ മാത്രം അകലെ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാത്തതിനാല്‍ വെടിവെച്ച് കൊന്നു എന്നതായിരുന്നു ഒൗദ്യോഗിക വിശദീകരണം. എന്നാല്‍, അവശ്വസനീയമായ കഥയായാണ് രാജ്യം ഈ സംഭവത്തെ കണ്ടത്. ഭരണകൂടം നിരത്തിയ എല്ലാ കഥകളും യുക്തിഭദ്രമല്ലാത്തതിനാല്‍ പൊളിഞ്ഞു വീണു.
2016 നവംബര്‍ 24ന് കേരളത്തിലെ നിലമ്പൂരില്‍ രണ്ട് മാവോവാദികള്‍ ‘ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ടു. കുപ്പുദേവരാജ്, അജിത എന്ന കാവേരി എന്നിവരാണ് തണ്ടര്‍ബോള്‍ട്ടിന്‍െറ വെടിയേറ്റ് നിലമ്പൂരിലെ കരുളായി വനത്തില്‍ കൊല്ലപ്പെട്ടത്. ഇത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന് വാദമുയര്‍ന്നു. അസുഖബാധിതരായി കാട്ടില്‍ കഴിഞ്ഞ രണ്ടുപേരും കീഴടങ്ങാന്‍ തയ്യാറായിട്ടും വെടിവച്ചുകൊല്ലുകയായിരുന്നുവെന്നായിരുന്നു മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറഞ്ഞത്. സാഹചര്യത്തെളിവുകളും അത് ശരിവെക്കുന്നു. 1970 ഫെബ്രുവരി 18ന്  നക്സലൈറ്റ് നേതാവ് എ. വര്‍ഗീസിനെ വെടിവച്ചുകൊന്നതായിരുന്നു ഐക്യകേരളത്തിലെ ആദ്യത്തെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം.
ഭരണകൂടം എതിരാളികളെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന അടിച്ചമര്‍ത്തല്‍ രീതികളിലൊന്നാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍. ഏതൊരു ഏറ്റുമുട്ടല്‍ കൊലയിലും പൊലീസുകാര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി വിധിയുണ്ട്. ഏറ്റുമുട്ടല്‍ കൊലകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത്,  പൊലീസ് അന്വേഷണം നടത്തണമെന്നും പോസ്റ്റ്മോര്‍ട്ടം വിഡിയോയില്‍ ചിത്രീകരിക്കണമെന്നും ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശം ദേശീയ മനുഷ്യാവകാശ കമീഷനും  പുറത്തിറക്കിയിരുന്നു. നിലമ്പൂര്‍ വിഷയത്തില്‍ ഒരു മാസത്തിനു ശേഷമാണ് പൊലീസുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്വാതന്ത്ര്യാനന്തരം ഏറ്റമുട്ടലിലൂടെ ഭരണകൂടം കൊലപ്പെടുത്തിയവരുടെ എണ്ണത്തെപ്പറ്റി കൃത്യമായ കണക്കുകളില്ല. 2004നും 2013നും ഇടയില്‍ 1654 പേര്‍ പൊലീസ് വെടിയേറ്റുമരിച്ചുവെന്നാണ് പാര്‍ലമെന്‍റിലെ ഒരുകണക്ക് പറയുന്നത്. 2013 മുതല്‍ 2016 ജൂണ്‍ വരെ 470 പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചിട്ടുണ്ട്. അതേ സമയം 2016 ജൂലൈയില്‍ സുപ്രീംകോടതിയില്‍ മണിപ്പൂരില്‍നിന്ന് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സംസ്ഥാനത്ത് നടന്ന 1528 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.  ദേശീയ മനുഷ്യാവകാശകമീഷന്‍ സമര്‍പ്പിച്ച ഒരു സത്യവാങ്മൂലത്തില്‍ 2007 മുതല്‍ 2012 വരെയുള്ള കാലത്തിനിടെ 1671 പരാതികള്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കെതിരെ ലഭിച്ചതായും അതില്‍ 191 കേസുകളില്‍ 10.5 കോടി  നഷ്ടപരിഹാരം വിധിച്ചതായും പറയുന്നു.

ഠഠഠ
2016 ജൂലൈ എട്ടിന് കശ്മീരില്‍ ബുര്‍ഹാന്‍ വാനിയെ ഹിസ്ബുള്‍ മുജാഹ്ദീന്‍ നേതാവ് എന്നാരോപിച്ച് ഭരണകൂടം കൊലപ്പെടുത്തിയതും വ്യാജ ഏറ്റുമുട്ടലിന്‍െറ ഗണത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തുന്നത്. ഈ കൊലപാതകത്തെ തുടര്‍ന്ന് അഞ്ചുമാസത്തിലേറെ കശ്മീര്‍ പ്രക്ഷുബ്ധമായി. നൂറിലേറെ സാധാരണപൗരന്‍മാരാണ് പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത്. 13000 പേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. സ്വന്തം ജനതയുടെ കാഴ്ചശക്തി നഷ്ടപ്പെടുത്തുന്ന രീതിയില്‍ ഭരണകൂടം പെല്ലറ്റ് ആക്രമണം നടത്തിയത് രാജ്യത്തിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യവേട്ടകളിലൊന്നായി മാറി.

ഠഠഠ
2016 ജൂലൈ 11ന് ഗുജറാത്തിലെ ഉനയില്‍ പശുവിനെ കൊന്ന് തോല്‍ ഉരിഞ്ഞെന്നാരോപിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍ നാല് ദലിതരെ അര്‍ധനഗ്നരാക്കി കെട്ടിയിട്ട് മര്‍ദിച്ചത് രാജ്യത്ത് തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ മറ്റൊരു രൂപം തുറന്നുകാട്ടി. സംഘ്പരിവാര്‍ അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ പശുവിനെ മതന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ ഉപയോഗിക്കുന്നതിന്‍െറ തുടര്‍സംഭവമായിരുന്നു ഉനയിലേത്. എന്നാല്‍, ഉന വലിയ പ്രതിഷേധം രാജ്യത്താകെ രൂപപ്പെടുത്തി. ആഗസ്റ്റ് 15ന് ഉനയില്‍ സമാപിച്ച അസ്മിതയാത്രയില്‍ ദലിതരുടെ രോഷം  വലിയരീതിയില്‍ അണപൊട്ടി.
ഠഠഠ
പോയ വര്‍ഷം  സംസ്ഥാനത്ത് വലിയ രീതിയില്‍ പൊലീസ് അതിക്രമം നടന്നു. കൊല്ലത്തും എറണാകുളം ചേരാനല്ലൂരുമായി രണ്ട് കസ്റ്റഡി മരണങ്ങളാണ് നടന്നത്. ജിഷ വധക്കേസിന്‍െറ പേരില്‍ ഓട്ടോ ഡ്രൈവര്‍ സാബു, ഒരു പൊലീസുകാരന്‍െറ വ്യക്തി വൈരാഗ്യത്തിന്‍െറ പേരില്‍ സ്റ്റേഷനില്‍ മര്‍ദനമേറ്റ് നട്ടെല്ല് തകര്‍ന്ന സ്കൂള്‍ ബസ് ഡ്രൈവര്‍ സുരേഷ്, രാത്രി തെരുവില്‍ വച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ച ട്രാന്‍സ്ജെന്‍ഡറുകളായ പൂര്‍ണ,അയിഷ, മോഷണക്കുറ്റമാരോപിച്ച് പൊലീസ് പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മര്‍ദിച്ചവശനാക്കിയ ഓട്ടോ ഡ്രൈവര്‍ നെട്ടൂര്‍ നസീര്‍ തുടങ്ങിയവര്‍ കഴിഞ്ഞ വര്‍ഷം പൊലീസ് അതിക്രമത്തിന് ഇരയായവരില്‍ ചിലര്‍ മാത്രം. ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് കുടുംബത്തോടൊപ്പം എത്തിയ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സനീഷ്, ഭാര്യ ഷാമില എന്നിവരക്കം നാലുപേരെ പൊലീസ് മര്‍ദിച്ചവശരാക്കിയ സംഭവം വേറെ. പാലക്കാട് വടക്കഞ്ചരേിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും എ.കെ ബാലനും പങ്കെടുക്കുന്ന ചടങ്ങില്‍ ട്രൈബല്‍ ഓഫീസര്‍ വിളിച്ച് ആവശ്യപ്പെട്ടതിനത്തെുടര്‍ന്ന് നിവേദനവുമായി എത്തിയ കടപ്പാറ ഭൂസമര മുന്നണി പ്രവര്‍ത്തകരായ റജീഷ്, രാജു, മണികണ്ഠന്‍ എന്നീ മൂന്ന് ആദിവാസി യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതും മനുഷ്യാവകാശ-പൗരാവാശ ധ്വംസനങ്ങളുടെ നീണ്ട പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ വരുന്നു.
കേരളത്തിലുള്‍പ്പടെ  യൂ.എ.പി.എ അടക്കമുള്ള ജനദ്രോഹ നിയമങ്ങള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപകമായി ചുമത്തപ്പെട്ടു. തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനം നല്‍കിയതിന്‍െറ പേരില്‍ മാത്രം ഏഴ് പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തപ്പെട്ടു. ഇതില്‍ ആദിവാസി സ്ത്രീയായ ഗൗരിയും വരുന്നു. നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവിന്‍െറ മൃതദേഹം ഏറ്റുവാങ്ങാനത്തെിയ ബന്ധുക്കളെ സഹായിച്ചതിന്‍െറ പേരില്‍ സര്‍ക്കാര്‍ ഉദ്യോസ്ഥനും നേരെയും അതേ നിയമം പ്രയോഗിച്ചിരുക്കുന്നതാണ് 2016 അവസാനിക്കുമ്പോഴുള്ള കാഴ്ച. അതേ സമയം, ദേശീയ ഗാനത്തെ അപമാനിച്ചുവെന്നതിന്‍െറ പേരില്‍ നോവലിസ്റ്റ് കമല്‍ സി. ചവറക്കും മാവോവാദികള്‍ക്കെതിരെ നിരന്തരം സംസാരിക്കുന്ന നദീര്‍ എന്ന യുവാവിനു നേരെയും ദേശദ്രോഹനിയമം ചുമത്താനുള്ള നീക്കം സോഷ്യല്‍ മീഡിയയിലടക്കം ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നു എന്ന നല്ല സൂചനയും വര്‍ഷാന്ത്യം മുന്നോട്ടുവെക്കുന്നു.

Madhyamam daily
2016 dec 31

Monday, July 4, 2016

തേംസ് തീരത്ത് ഒരു സായാഹ്ന സവാരി













തേംസ് തീരത്ത് ഒരു സായാഹ്ന സവാരി


ലണ്ടനില്‍ ഇറങ്ങാന്‍ വിമാനം താഴ്ന്നു പറക്കുമ്പോള്‍ ആദ്യം കണ്ണില്‍പെട്ടത് കലങ്ങിമറിഞ്ഞ് ഒഴുകുന്ന വലിയ നദിയാണ്. അതിന്‍െറ തീരത്ത് വലിയ ‘കാര്‍ണിവല്‍ ചക്രം’.  അത് തേംസാണെന്നും ചക്രം പ്രശസ്തമായ ‘ലണ്ടന്‍ ഐ’യാണെന്നും ആരും പറഞ്ഞുതരേണ്ടതില്ല. ലണ്ടനല്ല യാത്രയുടെ ലക്ഷ്യം. മാഞ്ചസ്റ്ററാണ്. ഹിത്രൂവില്‍ വിമാനമിറങ്ങി, ഭൂഗര്‍ഭ ട്രെയിനുകള്‍ മാറിക്കയറി യൂസ്റ്റണിലേക്കും അവിടെ നിന്ന് മാഞ്ചസ്റ്റിലേക്ക് മൂന്നുമണിക്കൂര്‍ ട്രെയിനിലും നീങ്ങുമ്പോള്‍ മനസില്‍ ലണ്ടനെന്ന മഹാനഗരം കാണാതെ പോകുന്നതിന്‍െറ വിഷമം ഉണ്ടായിരുന്നു. എന്നാല്‍, യാത്രയുടെ അന്ത്യപാദത്തില്‍ അവിചാരിതമായി ലണ്ടനിലേക്ക് തിരിച്ചുവന്നു.
സാമ്രാജ്യത്വത്തിന്‍െറ പഴയ തലസ്ഥാനം ചുറ്റികറങ്ങി കണ്ടു. ഉച്ചയോടെ തേംസിന്‍െറ തീരത്ത് എത്തി. പകലിന് രാത്രി 10 വരെ നീളമുണ്ട്. ഇഷ്ടം പോലെ സമയം ഇനിയും ബാക്കി. രാത്രി 10 നുള്ള ട്രെയിനില്‍ ലൂയിസിലേക്ക് മടങ്ങിയാല്‍ മതി. അതിനാല്‍ തേംസിന്‍ തീരത്ത് സാവധാനം നടക്കാമെന്ന് തീരുമാനമായി. വെസ്റ്റ്മിന്‍സ്റ്റര്‍ പാലം മുതല്‍ ലണ്ടന്‍ പാലം (ലണ്ടന്‍ ബ്രിഡ്ജ്), തേംസിന്‍െറ തീരത്ത് കൂടെ നടക്കാം. ഈ പാതക്ക് ക്യൂന്‍സ് വാക്ക് എന്ന് പേര്.  സൗത്ത് ബാങ്ക് വാക്ക് എന്നും വിളിക്കും. കൊച്ചിയിലെ മറൈന്‍ഡ്രൈവിലെ കായല്‍പാതയെ ഒന്നാം ലോകത്തിന്‍െറ ആഡംബരത്തിലേക്കും ചരിത്ര സമ്പുഷ്ടതയിലേക്കും പറിച്ചുവച്ചാല്‍ അത് ഏകദേശം ക്യൂന്‍സ്വാക്കിന് സമാനമാകും. പക്ഷേ, ഈ ദൂരം നമുക്ക് എളുപ്പം താണ്ടാനാവില്ളെന്നത് മറ്റൊരു വസ്തുത.
1977 ല്‍ എലിസബത്ത് രാജ്ഞിയുടെ അധികാര സ്ഥാനാരോഹണത്തിന്‍െറ ഭാഗമായാണ് പാത ശരിക്കും വികസിക്കപ്പെടുന്നത്. 1990 ല്‍ ലണ്ടന്‍ ബ്രിഡ്ജ് സിറ്റിയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ പാത പൂര്‍ണമായും സജ്ജമായി. രണ്ടുമണിക്കുര്‍ വേണം ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാവധാനം നടക്കാന്‍. വേഗത്തിലാണെങ്കില്‍ 45 മിനിറ്റ്. ഏകദേശം 4.3 കിലോമീറ്റര്‍. ക്യൂന്‍സ് വാക്ക് കാഴ്ചയുടെ സമൃദ്ധിയാണ്. കഫേകള്‍, ബാറുകള്‍, തീയേറ്റുകള്‍, ചരിത്ര സ്മാരകങ്ങള്‍ എന്നിങ്ങനെ കാഴ്ചയുടെ വശങ്ങളിലുണ്ട്. ഓരോ തരിമ്പിലും സംഗീതത്തിന്‍െറ മുഴക്കം,താളം.
ബ്രിട്ടീഷ് പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപത്തെ വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തില്‍ നിന്നാണ് നടക്കാന്‍ തുടങ്ങുന്നത്. ഇവിടെ സന്ദര്‍ശകരുടെ നിലക്കാത്ത പ്രവാഹം. നൂറുകണക്കിന് പേര്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ നിന്നും പാലത്തില്‍ നിന്നും സെല്‍ഫിയും ഗ്രൂപ്പിയും എടുക്കുന്നു. ഇവിടെ ആരും ആരെയും തുറിച്ചുനോക്കുന്നില്ല. ആണും പെണ്ണും കെട്ടിപ്പിടിച്ചു മറിയുന്നത് അവരുടെ സ്വകാര്യകാര്യം മാത്രം. (മറൈന്‍ഡ്രൈവിന് പരസ്യയിടങ്ങളിലെ ഈ സ്വകാര്യതയെപ്പറ്റി ധാരണയുണ്ടാവാന്‍ എത്ര കൊല്ലം വേണ്ടിവരും?).
ക്യൂന്‍സ്വാക്കിന്‍െറ തുടക്കത്തിന് സമാന്തരമായി മറുകരയില്‍ തിരക്കാണ്. വലിയയാനങ്ങള്‍ ആളുകളെയകറ്റിയും ഇറക്കിയും നീങ്ങുന്നു. ലണ്ടനില്‍ ജലമാര്‍ഗവും പ്രധാനമാണ്. ഇംഗ്ലണ്ടിലെ പ്രമുഖ വാണിജ്യ ജലപാതകളില്‍ ഒന്നാണ് തേംസ്. 346 കി.മീ. ദൈര്‍ഘ്യമുള്ള നദിയിലെ ഏറ്റവും തിരക്കുള്ള ഭാഗവും ഇതാണ്. യാത്രാബോട്ടുകള്‍ക്ക് പുറമെ സവാരിബോട്ടുകളുമുണ്ട്. തിരക്കേറിയ ഈ കാഴ്ചയും സുന്ദരം.  
1862 ല്‍ തുറന്ന വെസ്റ്റ്മിന്‍സ്റ്റര്‍ പാലമാണ് ആദ്യത്തെ കാഴ്ച. അതിന്‍െറ തീരത്ത് 13 ടണ്‍ ഭാരവും 150 വര്‍ഷം പഴക്കമുള്ള സിംഹ പ്രതിമകള്‍. അടുത്തായി ലണ്ടന്‍ ഹൈ വീല്‍ കൗണ്ടി ഹാള്‍. 1922 ല്‍ പണിതതാണിത്. ഒരര്‍ത്ഥത്തില്‍ ക്യൂന്‍സ്വാക്കിന്‍െറ തുടക്കത്തില്‍ തന്നെയാണ് ലണ്ടന്‍ ഐ. ഈ ഭീമന്‍ കാര്‍ണിവല്‍ വീലില്‍ പതിയെ ഉയര്‍ന്നുപൊങ്ങി ലണ്ടന്‍ നഗരത്തിന്‍െറ സൗന്ദര്യം വീക്ഷിക്കാം. യൂറോപ്പില്‍ ഏറ്റവും വലിതയാണ് ലണ്ടന്‍ ഐ. 135 മീറ്റര്‍ നീളം. ഒന്നു ചുറ്റിക്കറങ്ങാന്‍ 30 മിനിറ്റ്. 40 കിമീറര്‍ ദൂരം വരെ കാണം. ഇതുവരെ നാല് കോടി പേര്‍ ലണ്ടന്‍ ഐയില്‍ കയറിയിട്ടുണ്ടെന്നാണ് അനുമാനം.  പക്ഷേ, കയറണമെങ്കില്‍ 14 പൗണ്ട് കൊടുക്കണം. ഇവിടുത്തെ 1400 രൂപ. മൂന്നാംലോകത്തിന്‍െറ ദാരിദ്ര്യം ലണ്ടന്‍ ഐ എന്ന പ്രലോഭനത്തെ ഒരു വിധത്തില്‍ അടക്കി. തൊട്ടടുത്ത് ലണ്ടന്‍ ഐയെപ്പറ്റി 4ഡി പ്രദര്‍ശനമുണ്ട്. സൗജന്യം. വരിയില്‍ നിന്ന് ഊഴമനുസരിച്ച് ഈ സവിശേഷ അനുഭവം നുകരാം. ഒരു ബോക്സില്‍ നിന്ന് എടുക്കുന്ന കണ്ണട തിരിച്ചിറങ്ങുമ്പോള്‍ മറ്റൊരിടത്ത് നിക്ഷേപിക്കണം. വെടിക്കെട്ടിന്‍െറ സമയത്ത് തീയറ്ററില്‍ ലെറ്റ് ക്രമീകരണം യഥാര്‍ത്ഥ വെടിക്കെട്ടിന്‍െറ പ്രതീതി നല്‍കും. മഞ്ഞ് പെയ്യുന്ന ദൃശ്യത്തിനൊപ്പിച്ച് കാണികളുടെ ദേഹത്തേക്ക് ചെറിയ തുള്ളികള്‍ വന്നു പതിക്കും. ക്യൂവില്‍ നിന്ന് ഒന്നിലേറെ തവണ ആ കാഴ്ചകണ്ടു.
വെയില്‍ അല്‍പം താഴ്ന്നിട്ട് യാത്ര തുടരാം എന്നു തീരുമാനം. ലണ്ടന്‍ ഐ ഉറപ്പിച്ചിരിക്കുന്ന കൂറ്റന്‍ കാലിന്‍െറ തിണ്ണയില്‍ വേണമെങ്കില്‍ കിടക്കാം. ഒപ്പമുള്ള അനിയന്‍ ഡോ. ബിനുരാജ് വായനയില്‍ മുഴുകി. ക്ഷീണം മൂലം പെട്ടന്ന് മയങ്ങി. ഒരു മഹാനഗരത്തില്‍ ആള്‍തിരക്കിനിടയില്‍ ഇത്രയും സുരക്ഷിതത്വത്തോടെ ഉറങ്ങാനാകുമെന്ന് ഒരിക്കലും കരുതിയതേയില്ല. കണ്ണുതുറക്കുമ്പോള്‍ തൊട്ടുടുത്ത് അനിയനും നല്ല മയക്കത്തില്‍.
തൊട്ടുമാറി ഒരു തെരുവ് മജീഷ്യന്‍ പ്രകടനം തുടങ്ങിയിരിക്കുന്നു. നിര്‍ത്താതെയുള്ള സംസാരത്തില്‍ അയാള്‍ ഇടക്കിടക്ക് തന്‍െറ മാജിക് ചാരിറ്റിക്ക് വേണ്ടിയാണെന്ന് ആവര്‍ത്തിക്കുന്നുണ്ട്. ഷോ കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു:‘ചാരിറ്റി എന്‍െറ ഭാര്യയാണ്’. സമീപത്തുകൂടി പോകുന്നവരെയെല്ലാം അയാള്‍ ഓരോന്നു പറഞ്ഞ് തന്‍െറ മാജിക്കിന്‍െറ ഭാഗമാകുന്നുണ്ട്. ചെറീയ ബാഗും ഉന്തി വന്ന ഞങ്ങളെ കണ്ടപ്പോള്‍ മജിഷ്യന്‍ വിളിച്ചു പറഞ്ഞു: ‘ബംഗ്ളാദേശ്’. അല്ളെന്ന് തലയാട്ടിയപ്പോള്‍ പറഞ്ഞു ‘ശ്രീലങ്ക’. നിറങ്ങളില്‍ ഏഷ്യക്കാരനെ അടയാളപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുന്നു. ഇന്ത്യയെന്ന് മറുപടി പറഞ്ഞപ്പോള്‍ ഇന്ത്യക്കാര്‍ നമ്മുടെ സഹോദരരനെന്ന അയാള്‍ എല്ലാവരോടുമായി പഞ്ഞു ‘ഞങ്ങളെ കൊള്ളയടിച്ച് സമൃദ്ധരായ  നിങ്ങള്‍ (ബ്രിട്ടീഷുകാര്‍) എങ്ങനെ ഞങ്ങളുടെ സഹോദരനാകും? ‘കമ്യൂണിസ്റ്റ്’ ഫലിതം അയാള്‍ക്ക് തെല്ലും പിടികിട്ടിയില്ല.
തൊട്ടുമാറി റോബോര്‍ട്ടിന്‍െറ ആകൃതിയില്‍ റോബര്‍ട്ടിനെപോലെ ചലിക്കുന്നയാള്‍ കുട്ടികളെ കൈയിലെടുത്തിരിക്കുന്നു. ക്യൂന്‍സ്വാക്കിന് ഒരറ്റം മുതല്‍ മറ്റേയറ്റംവരെ ഇത്തരം കാഴ്ചകളാണ്. കുറച്ചുപേര്‍ കൂട്ടംകുടി നൃത്തം വയക്കുന്നു. ഒരാള്‍ ഒറ്റക്ക് തലകുനിച്ചിരുന്ന് വയലിന്‍ വായിക്കുന്നു. മറ്റൊരിടത്ത് ഉഗാണ്ടക്കാരന്‍ എതോ നാടോടി വാദ്യം വായിക്കുന്നു. കാമറ കണ്ടപ്പോള്‍ അയാള്‍ പിന്‍തിരിഞ്ഞു നിന്നു. ഓരോ ഇഞ്ചിലും സംഗീതവും കലാപരിപാടികളും. എല്ലാവര്‍ക്കും മുന്നില്‍ ചെറിയ തുണിയും വിരിച്ചിട്ടുണ്ട്. മറ്റൊരാള്‍ (ആസ്ട്രിയക്കാരന്‍)ക്യൂന്‍സ്വാക്കിന് താഴെ തേംസിന്‍െറ തീരത്ത് ഇരുന്ന് ബാഗ്പെപ്പ് വായിക്കുന്നു.
കുറേ കുട്ടികള്‍ ചക്രചെരുപ്പുകളുമായി തെന്നി നീങ്ങുന്നു. ലണ്ടന്‍ നഗരത്തിലെമ്പാടും കാണുന്ന ചുവരെഴുത്തുകള്‍ പതയുടെ വശങ്ങളിലുണ്ട്. പക്ഷേ, ഒന്നും മനസിലായില്ല. ഒരിടത്തു സ്നേഹോത്സവത്തിലേക്ക് സ്വാഗതം എന്ന് ബോര്‍ഡ്. മറ്റൊരാള്‍ കടല്‍കാക്ക (സീഗള്‍)ക്ക് തീറ്റയെറിഞ്ഞുകൊടുക്കുന്നു. ഒരു ബാറിന് മുന്നില്‍ ഇംഗ്ളീഷില്‍ ഇങ്ങനെ എഴുതി വച്ചിരിക്കുന്നു: i donot want to get technical or anything but according to chemistry alcohol is a solution'. ചിലയിടത്ത് ക്യൂന്‍സവാക്ക് കെട്ടിടങ്ങള്‍ക്കിടയിലൂടെയും അടിയിലൂടെയും നീങ്ങുന്നു.
ക്യൂന്‍സ് വാക്കിലെ അടുത്ത ആകര്‍ഷണം ക്യൂന്‍സ് ജൂബിലി ഫുട് ബ്രിഡ്ജാണ്. പിന്നീട് സൗത്ത് ബാങ്ക് സെന്‍ററിലേക്ക്.  റോയല്‍ ഫെസ്റില്‍വ ഹാള്‍, ഹേവാര്‍ഡ് ഗാലറി, പുര്‍സെല്‍ പോയട്രി ലൈബ്രറി എന്നിവയുണ്ടിവടെ. ഈ യാത്രയില്‍ നമ്മള്‍ അടുത്തു കാണുക പ്രശസ്തമായ  ദ റോയല്‍ നാഷണല്‍ തീയേറ്ററാണ്. തീയേറ്റനി മുന്നില്‍ ഒരു കൂട്ടമാള്‍ക്കാര്‍ വിവിധ വാദ്യോപകരണങ്ങളുമായി സംഗീതമവതരിപ്പിക്കുന്നു. വര്‍ഷം ഇരുപത് നാടകങ്ങളിലേറെ ഈ തീയേറ്ററില്‍ അവതരിപ്പിക്കുന്നു. നടത്തം തുടരുന്നതിനിടയില്‍ കാണുന്നത് ഓക്സോ ഗോപുരമാണ്. പിന്നെ ഒരു കാലത്ത്  ലണ്ടനിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടി വാണിജ്യ കെടിട ഗബ്രിയേല്‍ വാര്‍ഫ് കാണുന്നു. ഇടക്ക് നമ്മള്‍ വിഞ്ചസ്റ്റര്‍ കൊട്ടാരത്തിന്‍െറ ശേഷിപ്പുകള്‍ക്ക് മുന്നിലത്തെുന്നു. മദ്ധ്യകാല ലണ്ടനിലെ ഏറ്റവും ശക്തനായ ബിഷപ്പിന്‍െറ ആസ്ഥാനമായിരുന്നു കൊട്ടാരം. അവശിഷ്ടങ്ങളിലും കൊട്ടാരത്തിന്‍െറ പ്രൗഡി തെളിഞ്ഞു നില്‍ക്കുന്നു.
420 ലേറെ വര്‍ഷം പഴക്കമുള്ള ഷേക്സ്പിയര്‍സ് ഗ്ളോബ് തീയേറ്ററാണ് ക്യൂന്‍സ് വാക്കിലെ  പ്രധാന ആകര്‍ഷണം. മിക്കവാറും ദിവസങ്ങളില്‍ പ്രദര്‍ശനമുണ്ട്. ജൂലിയസ് സീസര്‍, കിംഗ് ലിയര്‍ നാടകങ്ങളുടെ പ്രദര്‍ശനമുണ്ടെന്നറിയിച്ച് പോസ്റ്റുകള്‍ തീയേറ്ററിന്‍െറ ചുമരില്‍ ഒട്ടിച്ചിട്ടുണ്ട്. കുറച്ചു പേര്‍ നാടകം കാണാന്‍ നില്‍ക്കുന്നുണ്ട്്. നാടകം തുടങ്ങുന്നതറിയിച്ചാവണം ഒരാള്‍ വേഷമണിഞ്ഞ് നാല് വശങ്ങളിലും നടന്നു ചെന്ന് കുഴല്‍ ഊതുന്നു.
ഒരു പക്ഷേ, ക്യൂന്‍സ് വാക്കിലെ മികച്ച കാഴ്ച 2000 ല്‍ തുറന്ന മില്ളേനിയം കാല്‍നടപ്പാലമാകും. ഇത് തേംസിന്‍െറ ദക്ഷിണ തീരത്ത നഗരവുമായി ബന്ധിപ്പിക്കുന്നതാണ്.ഇതിലൂടെ  സെന്‍റ് പോള്‍ കത്രീഡലിലേക്ക് പോകാം.  കത്തീഡ്രലിന് 604 എ.ഡിയോളം പഴക്കമുണ്ട്. 1710 ല്‍ കതീഡ്രല്‍ പുതുക്കിപ്പണിതു. 1666 ല്‍ ലണ്ടനിലെ വിഴുങ്ങിയ തീയിയില്‍ കത്തീഡ്രല്‍ തകര്‍ന്നു.കത്തീഡ്രലിന്‍െറ പ്രശസ്തിയില്‍ 1981 ല്‍ ചാള്‍സും ഡയനായും വിവാഹിതരായതിവിടെയന്ന് എഴുതിചേര്‍ത്തിട്ടുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ മില്ളേനിയം കാല്‍നടപ്പാലത്തിന് സമീപം ക്യൂന്‍സ് വാക്ക് അവസാനിച്ചു. എന്നാല്‍, നമ്മള്‍ പാലത്തിലൂടെ തേംസ് കുറുകെ കടക്കാതെ നേരെ യാത്ര തുടരുന്നു.  ചിലര്‍ തിടുക്കത്തില്‍ നടന്നുപോകുന്നു. ;ആരെയും നോക്കാതെ തിരക്കിട്ട നടത്തമാണ് ബ്രിട്ടീഷുകാരുടെ ഒരു പ്രത്യേകത എന്നു തോന്നും. ഒരു തരത്തിലും മടുപ്പുളാവാക്കില്ല മുന്നോട്ടുള്ള ഓരോ ഇഞ്ചും. കാഴ്ചയുടെ ഒരിടത്ത് മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഹിത്രൂവില്‍ നിന്ന് വിമാനം പറന്നുയരുന്നതിന്‍െറ ദൃശ്യഭംഗി. ക്യൂന്‍സ് വാക്കിന്‍െറ ഒടുവിലാണ് ലോക പ്രശസ്തമായ ലണ്ടണ്‍ ബ്രിഡ്ജ്. ലണ്ടന്‍ കാണാന്‍ വരുന്നവരെല്ലാം ഈ പാലത്തിലത്തെും. പാലത്തില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ തിരക്കോട് തിരക്ക്്. ലണ്ടന്‍ നഗരത്തെയും സൗത്ത്വാര്‍ക്കിനെയും ബന്ധിപ്പിക്കുന്ന പാലം നീണ്ട കാലത്തിന് സാക്ഷിയാണ്. പലതരം രൂപപരിണാമങ്ങളിലൂടെ കടന്നുവന്ന ഇപ്പോഴത്തെ പാലം 1974 ലാണ് തുറന്നു നല്‍കിയത്. 19ാം നൂറ്റാണ്ടിലെ  കമാനരൂപത്തില്‍ കല്ലില്‍ തീര്‍ത്ത പാലത്തിന് പകരമായാണ് വന്നത്. എങ്കിലും പഴയ ലണ്ടന്‍ പാലവും നയനമനോഹരം തന്നെ.
ലണ്ടന്‍ ബ്രിഡ്ജ് വരെയത്തെിയാല്‍ വേണമെങ്കില്‍ ഇനിയും മുന്നോട്ടുപോകാന്‍ അവസരമുണ്ട്. പക്ഷേ, മടങ്ങാനായിരുന്നു തീരുമാനം. തിരിച്ചു നടക്കുമ്പോള്‍ കാഴ്ചകള്‍ മാറിയിരിക്കുന്നു. പക്ഷേ, സംഗീതവും താളങ്ങളും ഒട്ടും മങ്ങാതെ തന്നെ നിറഞ്ഞുനില്‍ക്കുന്നു. ക്യൂന്‍സ്വാക്കിന്‍െറ തുടക്കത്തില്‍ കണ്ട മജീഷ്യന്‍ തന്‍െറ നാലാമത്തെ ഷോയും പൂര്‍ത്തിയാക്കി എല്ലാം കെട്ടിപ്പൂട്ടുകയാണ്. ഇന്നത്തെ ദിനം മോശമല്ളെന്ന് ആത്മഭാഷണം ഒച്ചത്തിലായി. ലണ്ടന്‍ ഐയില്‍ കയറാന്‍ ആളുകളുടെ നിര നീളുന്നു.
ലണ്ടന്‍ നഗരം പതിയെ വെളിച്ചത്തിന്‍െറ വര്‍ണവിതാനത്തിലേക്ക് മുങ്ങുകയാണ്. വൈകാതെ, തേംസിന്‍െറ തീരം വെളിച്ചത്തില്‍ മുങ്ങി. എവിടെയും വെളിച്ചത്തിന്‍െറ മനോഹാരിത. വെളിച്ചങ്ങള്‍ വീണ് തേംസും അതിമനോഹരമായി നിറം മാറിയിരിക്കുന്നു. വര്‍ണവെളിച്ചത്തില്‍ മുങ്ങിയ ലണ്ടനെ കാമറയില്‍ പകര്‍ത്താന്‍ സഞ്ചാരികളുടെ തിരക്ക്. മനസില്ളെങ്കിലും മടങ്ങിയേ മതിയാകൂ. ലൂയിസേലക്കുള്ള ട്രെയിന്‍ നഷ്ടമാകും. മടങ്ങുമ്പോഴൂം പിന്തിരിഞ്ഞുനോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാഴ്ചകളെ മുഴുവനായി ഒപ്പിയെടുക്കാന്‍ കണ്ണും മനസും പോരാ.  ഓരോ യാത്രയുടെയും അന്ത്യത്തില്‍ മടങ്ങിപ്പോക്ക് സുനിശ്ചിതം. പക്ഷേ, തേംസ് തീരത്തെ സവാരി മറക്കാത്ത യാത്രകളിലൊന്നായി ആരുടെയും മനസില്‍ ഉണ്ടാകുമെന്നത്് ഉറപ്പ്.

ആര്‍.കെ. ബിജുരാജ്

മാധ്യമം ഓണ്‍ലൈന്‍
http://www.madhyamam.com/travel/travelogue/travel-others/2016/jul/01/206400
2016 july 1

Wednesday, June 15, 2016

സംഗീതത്തിന്‍െറ രാഷ്ട്രീയശരികള്‍



സംഭാഷണം
ടി.എം.കൃഷ്ണ/ഗീതാ ഹരിഹരന്‍

സംഗീതത്തിന്‍െറ രാഷ്ട്രീയശരികള്‍

സംഗീതത്തിന്‍െറ ജാതിയെയും കലയുടെ രാഷ്ട്രീയത്തെയും കുറിച്ച് തീവ്ര വിമര്‍ശനങ്ങളുന്നയിക്കുന്ന സംഗീതഞ്ജനാണ് ടി.എം. കൃഷ്ണ. ഒരു പക്ഷേ, കര്‍ണാടിക് സംഗീതത്തില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്താന്‍ ശക്തിയുള്ള അധികാരങ്ങളോടാണ് അദ്ദേഹത്തിന്‍െറ പോരാട്ടം. കര്‍ണാടിക് സംഗീതത്തിന്‍െറ അതി പുരാതന ചരിത്രത്തെപ്പറ്റിയുള്ള ബ്രാഹ്മണിക അവകാശവാദങ്ങളെ കൃഷ്ണ നിഷേധിക്കുന്നു.
സംഗീത പാരമ്പര്യമുള്ള ബ്രാഹ്മണ കുടുംബത്തില്‍ 1976ലാണ് തൊടുര്‍ മാഡബുസി കൃഷ്ണ എന്ന ടി.എം. കൃഷ്ണയുടെ ജനനം. 2013 ല്‍ പ്രസിദ്ധീകരിച്ച "എ സതേണ്‍ മ്യൂസിക്: ദ കര്‍ണാടിക് സ്റ്റോറി' വന്‍ വിവാദങ്ങളുയര്‍ത്തിയിരുന്നു. കോഴിക്കോട് ഡി.സി.ബുക്സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവത്തില്‍ ഗീതാ ഹരിഹരനുമായി നടത്തിയ സംഭാഷണത്തിലും നിലപാടുകള്‍ തുറന്നു പറഞ്ഞ് ടി.എം. കൃഷ്ണ ആഞ്ഞടിച്ചു. സാഹിത്യോത്സവത്തിലെ വലിയ രാഷ്ട്രീയ ഇടപെടലുകളില്‍ ഒന്നായി മാറി അത്. ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാരിയും എഡിറ്ററുമാണ് ഗീതാ ഹരിഹരന്‍. ആദ്യ നോവല്‍ "ദ തൗസന്‍റ് ഫേസസ് ഓഫ് നൈറ്റി'ന് 1993 ല്‍ കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പ്രൈസ് അവാര്‍ഡ് ലഭിച്ചു.1954 ല്‍ കോയമ്പത്തൂരില്‍ ജനിച്ച ഗീതാ ഹരിഹരന്‍ ബോംബെയിലും മനിലയിലുമായാണ് വളര്‍ന്നത്. ബോംബെ സര്‍വകലാശാലയില്‍ നിന്ന് ബി.എയും ഫെയര്‍ഫീല്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എം.എയും നേടി. ന്യൂയോര്‍ക്കില്‍ പബ്ളിക് ബ്രോഡ്കാസ്റ്റിങ് സിസ്റ്റത്തിലാണ് ആദ്യം പ്രവര്‍ത്തനം. പിന്നീട് ഇന്ത്യയില്‍ പുസ്തക എഡിറ്റായി. ഇപ്പോള്‍ സ്വതന്ത്ര എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.
ടി.എം.കൃഷ്ണയുമായി ഗീതാ ഹരിഹരന്‍ നടത്തിയ സംഭാഷണത്തിന്‍െറ പ്രസക്ത ഭാഗങ്ങള്‍:


ഗീതാ ഹരിഹരന്‍:  കൃഷ്ണ, സംഗീതത്തിലെ വേര്‍തിരിവുകള്‍ പുറം തള്ളലുകള്‍ എന്നിവയെപ്പറ്റിയാണ് നമുക്ക് ചര്‍ച്ചചെയ്യാനുള്ളത്. ക്ളാസിക്കല്‍, പോപ്പുലര്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകളെ എങ്ങനെയാണ് നിങ്ങള്‍ കാണുന്നത്? 

ടി.എം.കൃഷ്ണ: എന്‍െറ കാഴ്ചപ്പാടുകള്‍ വര്‍ഷങ്ങള്‍ക്കിടയില്‍ മാറിയിട്ടുണ്ട്. ഞാന്‍ വളര്‍ന്നത് പാരമ്പരാഗതമായ ഒരു വീട്ടിലാണ്. എന്നാല്‍, ചില കാര്യങ്ങള്‍ ഒക്കെ വിശ്വസിച്ചിരുന്നു.അതനുസരിച്ച് നമ്മള്‍ ചിലതിനെ ക്ളാസിക്കല്‍ എന്നു പറയും,ചിലത് പോപ്പുലര്‍ എന്നു പറയും, മറ്റ് ചിലത് സിനിമാ മ്യൂസിക് പറയും. അങ്ങനെയാണ്  വളരെ ക്കാലം ഞാന്‍ സംഗീതത്തെപ്പറ്റി കരുതിയിരുന്നത്. ക്ളാസിക്കല്‍ എന്നാല്‍ എല്ലാവര്‍ക്കും അസസ് ചെയ്യാനാവാത്ത്, ബുദ്ധിമുട്ടുള്ളത്, കുറേ അച്ചടക്കംആവശ്യമുള്ളത് എന്നൊക്കെയാണ് ഞാന്‍ കരുതിയിരുന്നത്. കൂടുതല്‍  സോഫിസ്റ്റിക്കേറ്റഡ് ആയ, കൂടുതല്‍ ബൗദ്ധിക ആവശ്യമായ, കൂടുതല്‍ അറിവ് ആവശ്യമുള്ള, മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ് ക്ളാസിക്കല്‍ എന്നായിരുന്നു കുറേക്കാലം എന്‍്റെ ധാരണ.  ഇന്നും അങ്ങനെ തന്നെയാണ് പലരും പറയുന്നത്. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ള കഥതന്നെ പറയാം. എന്‍െറ സുഹൃത്തുക്കളിലൊരാളാണ് ഹരോള്‍ഡ് പവേഴ്സ്. അമേരിക്കയില്‍ നിന്നുള്ള ആദ്യകാല മ്യൂസിക്കോളജിസ്റ്റാണ് അദ്ദേഹം. 1950കളില്‍ ഇന്ത്യയില്‍ വന്ന് കര്‍ണാടിക് സംഗീതം പഠിച്ചയാള്‍. അദ്ദേഹത്തിന്‍െറ പിഎച്ച്.ഡി ഹിന്ദുസ്ഥാനി സംഗീതമായിരുന്നു.അദ്ദേഹം ഒരു ദിവസം വീട്ടില്‍ വന്നു. കാപ്പി കുടിച്ച് വര്‍ത്തമാനം പറയുന്നതിനിടയില്‍ എന്താണ് ക്ളാസിക്കല്‍, എന്താണ് ഫോക്ക് എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം കുറച്ചു നേരം  നിശബ്ദനായി ഇരുന്ന ശേഷം പറഞ്ഞു. "വളരെ ലളിതം. ഒരു കലാ രൂപം സമൂഹത്തിന്‍െറ താഴേ തട്ടില്‍ നിന്ന് മുകളിലെ തട്ടിലേക്കുപോയാല്‍ അത് ഫോക്കില്‍ നിന്ന് ക്ളാസിക്കല്‍ ആയി മാറും'. ആ അഭിപ്രായം ചെറുപ്പമായിരുന്ന എന്നെ വലുതായി ഞെട്ടിച്ചു.  അപ്പോള്‍  ഡപ്പാന്‍കുത്തിനെയൊക്കെ സംഭവിച്ച് അത് സത്യമാവില്ളേ? ആവും.  ഡപ്പാന്‍കുത്ത് വള്‍ഗര്‍, ശാരീരിക രൂപമായാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ സമൂഹത്തിന്‍െറ മുകള്‍ തട്ടിലേക്ക് വന്നാല്‍ ഡപ്പാന്‍ കുത്ത് ക്ളാസിക്കല്‍ ആയി മാറും. സുഹൃത്തിന്‍െറ മറുപടി എന്നെ ഞെട്ടിച്ചു.  ആദ്യമായാണ് ഇത്തരത്തില്‍ തലക്കുള്ളില്‍ ബോംബിംഗ് പോലെ മറുപടി അനുഭവപ്പെടുന്നത്. അതിന് ശേഷം ക്ളാസിക്കല്‍ എന്നുവിളിക്കുന്നതിനെപ്പറ്റി ഞാന്‍ അന്വേഷിച്ചു. ക്ളാസിക്കല്‍ എന്ന് നിങ്ങള്‍ ഒരു കലാ രൂപത്തെ വിളിക്കുമ്പോള്‍ അതിന് സൗന്ദര്യശാസ്ത്രപരമായി ഒരു കാരണവുമില്ല.  ആദ്യം ഇതുമായി ബന്ധപ്പെട്ട എല്ലാ തിയറികള്‍ പൊളിക്കണം. തിയറികള്‍ വ്യക്തമായി എഴുതപ്പെടണമെന്നില്ല. പക്ഷേ, എല്ലാ കലാ രൂപത്തിനും തിയറിയുണ്ട്.മുമ്പ് ഗുരുകുലയുമായി ഒക്കെ ബദ്ധപ്പെട്ടാണ് ഇത്തരം തിയറികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.  ഇത്തരത്തില്‍ നിരവധി അനുഭവങ്ങളുല്‍ായി. തെരുകുത്ത് കാണുമ്പോഴാണ് മറ്റൊന്ന്. തമിഴ്നാട്ടില്‍ കട്ടേകൂത്തെന്നും പറയും. ഒരു കലാകാരനെ വേദിയിലേക്ക് പരിപാടിക്ക് വിളിച്ചു. ഞാന്‍ കാഴ്ചക്കാരുടെ കൂടെയാണ്. ഒരു മണിക്കൂര്‍ താടിക്ക് കൈയും കൊടുത്ത് ഇരുന്നു. ഒരേ ചുവട് തന്നെ അയാള്‍ പലവട്ടം ആവര്‍ത്തിക്കുന്നതായാണ് എനിക്ക് തോന്നിയത്. പരിപാടിക്ക് ശേഷം ഒരു കൊച്ചുകുട്ടി എഴുന്നേറ്റ് കലാകാരനോട് കാല്‍ ചലനങ്ങളെപ്പറ്റിപറയാന്‍ ആവശ്യപ്പെട്ടു.  കൃത്യമായി എണ്ണം ഓര്‍ക്കുന്നില്ളെങ്കിലും കുട്ടി 64 അടവുകള്‍ കലാകാരന്‍ കാണിച്ചതായി പറഞ്ഞു. അതെനിക്ക് ഷോക്കായിരുന്നു. ഷോക്ക് എന്‍െറ ഈഗോക്ക് ഏറ്റ അടിമൂലമായിരുന്നു. കാരണം ജീവിതകാലം മുഴുവന്‍ ക്ളാസിക്കല്‍ രൂപം  ശീലിച്ച, ജീവിതത്തിലെമ്പാടും ഭരതനാട്യം കണ്ടല്‍ എനിക്ക് ഒന്നിലേറെ അടവുകള്‍ തിരിച്ചറിയാനാവില്ല. അല്ളെങ്കില്‍ ചുവടുകള്‍ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനായില്ല. ഇപ്പോഴാണ് ചോദ്യം ഉയരുന്നത് ആരാണ് സോഫിസ്റ്റിക്കേറ്റഡ്, ആരാണ് സോഫിസ്റ്റിക്കേറ്റഡ് അല്ലാത്തത്?


ഗീതാ ഹരിഹരന്‍:  ഇന്നലെ ഈ സാഹിത്യോത്സവത്തിന്‍െറ ഉദ്ഘാടന വേദിയില്‍ ഞാന്‍ വേദിയിലിരിക്കുമ്പോള്‍ ക്ളാസിക്കലിനെപ്പറ്റി ചര്‍ച്ചയുണ്ടായിരുന്നു. സ്വയം നിയന്ത്രിച്ചെങ്കിലും ഞാന്‍ വേദിയിലിരുന്നു ചിന്തിച്ചു. നിങ്ങള്‍ ക്ളാസിക്കലിനെപ്പറ്റി പറയൂ, ഞാന്‍ നിങ്ങള്‍ എവിടെനിന്ന് വരികയാണെന്ന് പറയാം എന്ന വാചകമായിരുന്നു അത്.

ടി.എം. കൃഷ്ണ: കൃത്യമായും. ക്ളാസിക്കല്‍ എന്നത് വ്യക്തമായും ഒരു സാമൂഹ്യ-രാഷ്ട്രീയ നിര്‍മിതിയാണ്. അത് സൗന്ദര്യ ശാസ്ത്ര നിര്‍മതിയില്ല.  ഒരു കലാരുപം ക്ളാസിക്കല്‍ എന്ന് വിശേഷിപ്പിക്കാന്‍  സൗന്ദര്യശാസ്ത്രപരമായ ഒരു കാരണവും നിങ്ങള്‍ക്ക് കണ്ടത്തൊനാവില്ല. ഒരു രാഷ്ട്രീയകാരണമുല്‍ാകാം. ഒരു സാമൂഹ്യകാരണമുണ്ടാകാം. ഫോക്ക് എന്ന വാക്കുപോലും പ്രശ്നം നിറഞ്ഞതാണ്. ചരിത്രപരമായി നമ്മള്‍ ദേശി എന്ന വാക്ക് ഉപയോഗിക്കും. ദേശി എന്നത് ഫോക്കിന് തുല്യമായാണ് കരുതുന്നത്. ദേശി അല്ല ഫോക്ക്്. നമ്മള്‍ ശാസ്ത്രീയ സംഗീതമെന്ന് വിളിക്കും. അശാസ്ത്രീയ സംഗീതമുണ്ടോ? എല്ലാ സംഗീതവും ശാസ്ത്രീയ സംഗീതമാണ്.

ഗീതാ ഹരിഹരന്‍: അതുപോലെ തന്നെയാണോ സുഗമം സംഗീതവും? 

ടി.എം. കൃഷ്ണ: എല്ലാം അങ്ങനെ തന്നെ. കര്‍ണാടിക് സംഗീതത്തിനുള്ളില്‍ എന്താണ് ആ സംഗീതത്തിന്‍െറ രൂപം, ചരിത്രപരത, എന്താണ് സോഫിസ്റ്റിക്കേഷന്‍ എന്നിവയെപ്പറ്റി ഒക്കെ പറയുന്നത് മനസിലാക്കാം. എന്നാല്‍ രണ്ടു വ്യത്യസ്തമായ സൗന്ദ്യശാസ്ത്ര നിര്‍മതികളെപ്പറ്റി തുലനം  ചെയ്യാന്‍ പാടില്ല. അങ്ങനെ പരസ്പര തുലനം ചെയ്യുമ്പോള്‍ അത് പ്രശ്നഭരിതമാകും.  തെറ്റായ നിലപാടാകും. അപ്പോള്‍ നേരത്തെ നിങ്ങള്‍ പറഞ്ഞതുപോലെ നിങ്ങള്‍ എവിടെ നിന്ന് വരുന്നു എന്നത് മനസിലാകും. വേര്‍തിരിവ് സാമൂഹ്യ-രാഷ്ട്രീയ തലത്തില്‍ നിന്നുള്ളതാണ്. അല്ലാതെ സൗന്ദര്യശാസ്ത്രപരമായുള്ളതല്ല.

ഗീതാ ഹരിഹരന്‍: നോര്‍ത്ത്,സൗത്ത്, ഫോക്ക്/പോപ്പുലര്‍, ക്ളാസിക്കല്‍ എന്നിവയെല്ലാം കര്‍ണാടിക് സംഗീതത്തെ എത്രമാത്രം  സമ്പന്നമാക്കിയിട്ടുണ്ട് ?

ടി.എം. കൃഷ്ണ: ആദ്യമേ പറയട്ടെ, കര്‍ണാടക സംഗീതം മുമ്പ് എതോ ഘട്ടത്തില്‍ വളരെ ജനാധിപത്യമായിരുന്നു, എല്ലാവര്‍ക്കും അത് പൂര്‍ണമായി  സ്വീകാര്യമായിരുന്നു എന്നൊക്കെ കരുതുന്നത് അസംബന്ധമാണ്. അത് വിശ്വസിക്കരുത്. കര്‍ണാടിക് സംഗീതം എപ്പോഴും രാജസദസിന്‍െറ ഭാഗമായിരുന്നു.  സമൂഹത്തിലെ ഉന്നത വിഭാഗത്തിന്‍െറ ഭാഗമായിരുന്നു. ആ സമയത്ത് ദക്ഷിണ ദേശത്ത്, ദേവദാസി, തമിഴ്നാട്ടില്‍ ഇസൈ വെള്ളാളര്‍ എന്നിവരുണ്ടായിരുന്നു. ഇസൈ വെള്ളാളര്‍ നാഗസ്വരം വായിച്ചിരുന്നരാണ്. അവിടെ  ബ്രാഹ്മണ പണ്ഡിതര്‍, ഗായകര്‍ തുടങ്ങിയവരൊക്കെയുണ്ട്. ഈ ഗ്രൂപ്പ് ഒന്നിച്ചാണ് സംഗീതം. പക്ഷേ, ഇതെല്ലാം സംഘടിതമായ രൂപമായിരുന്നു കരുതാന്‍ പാടില്ല.  മറിച്ച്  വ്യത്യസ്തമായ വിവിധ സമൂഹത്തില്‍ നിന്നാണ് കര്‍ണാടിക് സംഗീതം ഉല്‍ണ്ടാകുന്നത്.  കര്‍ണാടിക് സംഗീതം എന്ന് ഇന്ന് വിളിക്കുന്നത് വടക്കന്‍ കര്‍ണാടക, മദ്ധ്യപ്രദേശ് മേഖലയില്‍  നിന്നുള്ള സംഗീതത്തില്‍ നിന്ന് വലിയ രീതിയില്‍ സ്വാധീനമുള്‍ക്കൊല്‍താണ്. അവിടെയുള്ള  ഠായ, ചതുര്‍ഗണ്ഡിയില്‍ നിന്ന് ഒക്കെ സ്വാധീനം ഉള്‍ക്കൊണ്ടിട്ടുണ്ട്. ചതുര്‍ഗണ്ഡി വ്യത്യസ്തമാണ്. അതില്‍നിന്ന് വലിയ രീതിയിലാണ് സ്വാധീനമുള്‍ക്കൊണ്ടത്. അന്ന് സംഗീതജ്ഞര്‍ യാത്ര ചെയ്തിരുന്നു. അവര്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി സഞ്ചരിച്ചിരുന്നു.ഇതിനിടയില്‍ പല സ്വാധീനങ്ങളും സ്വീകരിക്കപ്പെട്ടു. അതുപോലെ രാഗമെന്ന്  ഇസ്ലാമിക് ലോകത്തില്‍ എടുത്തതാണ്. ഇവിടെയാണ് കര്‍ണാടിക്  സംഗീതകാരന്‍മാരുടെ കാപട്യം. അവര്‍  തങ്ങളാണ് ഇന്ത്യന്‍ പാരമ്പര്യത്തിന്‍െറ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍, ശുദ്ധതയുള്ളവര്‍ എന്ന് പറയും. ഹിന്ദുസ്ഥാനി സംഗീതം ഇസ്ലാമിക സ്വാധീനത്താല്‍ മലിനമാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍,ഞങ്ങള്‍ അങ്ങനെയല്ളെന്നാണ് അവരുടെ നിലപാട്. ഇത് അസംബന്ധമാണ്. കര്‍ണാടിക് സംഗീതത്തിന് 2000-3000 വര്‍ഷത്തിന്‍െറ പാരമ്പര്യം അവര്‍ പറയും. എന്നാല്‍, കര്‍ണാടിക് സംഗീതത്തിന് 200 വര്‍ഷത്തെ പഴക്കമേയുള്ളൂ. എന്‍െറ കുടുംബവംശാവലിക്ക് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പിന്നോട്ട് പോവാം. അതിനര്‍ത്ഥം ഞാന്‍ ദശലക്ഷം വര്‍ഷം പ്രായമുണ്ടെന്നാണോ? ഞാന്‍ നിശ്ചിതമായ സാമൂഹ്യ- സാംസ്കാരിക നിര്‍മിതിയാണ്. 150 വര്‍ഷത്തെ പഴക്കമേ ആ സാമൂഹ്യ-സാംസ്കാരിക നിര്‍മിതിക്കുള്ളൂ. ഇതു തന്നെയാണ് കര്‍ണാടിക് സംഗീതത്തെപ്പറിയുമുള്ളത്.സ്വാധീനങ്ങള്‍ നിഷേധിക്കാന്‍ പാടില്ല. ദേവാരം സംഗീതകാരുടെ പ്രധാന്യം, ഭക്തി പ്രസ്ഥാനത്തിന്‍െറ സ്വാധീനം ഒക്കെയുണ്ട്. അതുപോലെ പുരന്ദ്ര ദാസ്.  ആര്‍ട് മ്യൂസിക്കുകാരനായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കു. പക്ഷേ, ഭക്തി കവിയാണ്. അതുപോലെ താള സംവിധാനം. അതു ഭക്തി മ്യൂസിക്കില്‍ നിന്നുള്ളതാണ്. ഇങ്ങനെ പരസ്പരം കൊടുക്കല്‍ വാങ്ങലുകളുണ്ട്.  എ സമം ബി സമം സി എന്നുള്ള രീതി എല്ലാത്തിനും ശരിയാവില്ല. കാരണം എ,ബി.സി ഇവിടെ ഇല്ലതന്നെ. അതെല്ലാം പിന്നീടുള്ള വന്നതാണ്. 150 വര്‍ഷം മുമ്പുള്ള സംഗീതം എന്തായിരുന്നുവെന്നും അത് എങ്ങനെയിരിക്കുമെന്നും  റി കണ്‍സ്ട്രക്റ്റ് ചെയ്യുന്ന ഒരു പദ്ധതി ഞാന്‍ ഏറ്റെടുത്തിരുന്നു. അത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. അതനുസരിച്ച് ചില രാഗങ്ങള്‍ നോക്കുമ്പോള്‍ അതിനെ ഒരു തരത്തിലും സംഗീതം എന്നു വിളിക്കാന്‍ പറ്റാത്തതാണ്. ഞാന്‍ സുന്ദരമെന്ന കരുതെന്നത് തന്നെ പ്രശ്നമാണ്. എന്‍െറ  സാമൂഹ്യ-രാഷ്ട്രീയ സ്ഥാനം മാറ്റിനിര്‍ത്തി ഒന്നിനെ സുന്ദരമെന്ന് പറയാനാകുമോ, അതുപോലെ ഒരു സംഗീതകാരന് അദ്ദേഹത്തിന്‍െറ സാമൂഹ്യ-രാഷ്ട്രീയ സ്ഥാനം മാറ്റിവച്ച് സൗന്ദര്യശാസ്ത്രത്തില്‍ മാത്രം ഊന്നാനാകുമോ. ആദ്യം രൂപത്തെ നോക്കൂ, പിന്നെ സൗന്ദര്യത്തില്‍. അപ്പോള്‍ നിങ്ങള്‍ക്ക് പല ധാരകള്‍, ശബ്ദം, ചലനം തുടങ്ങിയവ ഇഴകലര്‍ന്നിരിക്കുന്നത് കാണാം. ഒരാള്‍ സ്വയം പല ധാരകളില്‍ നിന്നു വന്നതാണ്. തമ്പൂരി എന്ന ടര്‍ക്കി വാക്ക് കേട്ട് കാണും. ഹുസൈനി എന്ന കര്‍ണാടിക് രാഗം കേട്ടുകാണും.  മഖാം സംഗീതം അറിയുന്നവര്‍ക്ക് ഇതിലൊക്കെ ചില സമാനതകള്‍ കാണാം. സമാനതകള്‍ എന്ന് ഞാന്‍ വളരെ സൂക്ഷിച്ചാണ് പറയുന്നത്.  പക്ഷേ, ഈ സംഗീതം ഒരു ജാതി, മതം, വര്‍ഗത്തില്‍ നിന്ന് വന്നതാണ് എന്നത് വിഷയമല്ല. വ്യത്യസ്ത സ്വാധീനങ്ങള്‍ വളരെ നല്ല രീതിയില്‍ ഒന്നുചേരുന്നതിനെ അവര്‍ മറക്കും. മേധാവിത്തമുള്ള സമുദായം സൗന്ദര്യം സൃഷ്ടിച്ചതാണെന്ന് അവകാശപ്പെടും.  ഒരു സമുദായത്തിന് ഒറ്റക്ക് ഇത്തരം രൂപം നല്‍കാന്‍  കഴിയില്ല. അതിപ്പോഴും ഉന്നതവിഭാഗത്തിന്‍െറ കൈയിലായിരിക്കും. പക്ഷേ, അവരുടെ സൃഷ്ടിയല്ലിത്.



ഗീതാ ഹരിഹരന്‍: നമുക്ക് പുറംതള്ളലിനെപ്പറ്റി (എക്സ്ക്ളൂഡനെ) പറയേണ്ടതുണ്ട്. അതിപ്പോള്‍ രാജ്യത്ത് ഒരു നടപ്പുശീലമായി മാറിയിരിക്കുന്നു.പുറംതള്ളിന്‍െറ ഭാഷയെ നമ്മള്‍ നോക്കണം.  ശുദ്ധതയാണ് ഒന്നാമത്തെ ശത്രു. കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങള്‍ കേട്ടിരുന്നത് കര്‍ണാടിക് സംഗീതം ശാസ്ത്രമാണെന്നാണ്.  ശുദ്ധതയില്‍നിന്ന് തന്നെ നിങ്ങള്‍ തുടങ്ങേണ്ടതുണ്ട്.

ടി.എം. കൃഷ്ണ: ശുദ്ധതയെപ്പറ്റിയുള്ള ധാരണയില്‍ ചില പ്രശ്നങ്ങളുണ്ട്. ശുദ്ധത എന്നവാദം  ചില തരത്തിലുള്ള പെരുമാറ്റം ആവശ്യമാണെന്ന് പറയുകയാണ് ചെയ്യുന്നത്. അതിന് നിര്‍ബന്ധിക്കും. ശുദ്ധത, വിശുദ്ധത എന്നു പറയുമ്പോള്‍ നിങ്ങള്‍ നിശ്ചിത തലത്തിലുള്ള പെരുമാറ്റം ഈ സംഗീതത്തിനായി അര്‍പ്പിക്കണമെന്ന് പറയുകയാണ്. നിശ്ചിതമായ മത പ്രാക്ടീസുകള്‍ നിങ്ങള്‍ ശുദ്ധരായിക്കാന്‍ ആവശ്യമാണെന്ന് പറയുകയാണ്. ശുദ്ധതയും വിശുദ്ധിയും ഉള്ളതാണ് എന്നു പറയുന്നതിലൂടെ ചില കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ പാടില്ലാത്തതായി ഉണ്ടെന്ന് നിങ്ങളോട് പറയുകയാണ്. ഈ മൊത്തംകാര്യങ്ങളും ഒരു കെണിയാണ്. നിങ്ങളെ വിശ്വസിപ്പിക്കുന്ന കെണിയാണ് ഇവിടെയുള്ളത്.  നിങ്ങള്‍  ഇത് വിശുദ്ധമാണ് എന്നു പറയുമ്പോള്‍ അതിന്‍െറ സാധാരണമായ  തലത്തെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. ചോദ്യം ചെയ്യലുകള്‍ ഒഴിവാക്കുന്നു. പിന്നെ സംഗീതത്തെ ഉയര്‍ന്ന തട്ടില്‍ വക്കുന്നു.  അവിടെയാണ് നാട്യശാസ്ത്രം വരുന്നത്. കര്‍ണാടിക് സംഗീതത്തിന് 2000 വര്‍ഷം പഴക്കമുല്‍െന്ന് പറയുന്നത് അതിന് ശുദ്ധത നല്‍കാനുള്ള ശ്രമമാണ്. മറ്റൊരു പ്രശ്നം ഈ വൃത്തത്തിനുള്ളിലെ ആളുകളാണ്. കര്‍ണാടിക് സംഗീതത്തില്‍ കുറേയേറെ ബ്രാഹ്ണരുണ്ട്. ഈ വൃത്തത്തത്തിനുള്ളില്‍ കടക്കാന്‍ ചില ഒത്തുതീര്‍പ്പുകള്‍ വേല്‍ിവരും. ഞാനീപ്രശ്നം ഉയര്‍ത്തുമ്പോള്‍ പലപ്പോഴും കേള്‍ക്കുന്നതാണ് നാദസ്വരം ശ്രീരംഗത്ത് മുസ്ളിംകളാണ് വായിക്കുന്നത്, ടി.എന്‍. രാജരത്നം പിളെളയെ കേട്ടിട്ടില്ളേ, പഴനി സുബ്രഹമണ്യം പിള്ളയില്ളേ തുടങ്ങിയ വാദങ്ങള്‍. ഇത് വിശ്വസനീയമായ വാദമായി തോന്നാം. പക്ഷേ, ഈ വ്യക്തികള്‍ ഈ ശുദ്ധമായ, പവിത്രമായ സംഗീതത്തിന്‍െറ ഭാഗമാകാന്‍ നടത്തിയ ഒത്തുതീര്‍പ്പുകളെപ്പറ്റി( നെഗോസിയേഷന്‍) ആരും പറയില്ല. ഒരു ഇസ്ലാമിക വിശ്വാസി ഞാന്‍ ഹിന്ദുയിസത്തോട് വിയോജിക്കുന്നു, പക്ഷേ കര്‍ണാടക സംഗീതം ഇഷ്ടപ്പെടുന്നുവെന്ന് പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ പറഞ്ഞാല്‍ അയാള്‍നഅവള്‍ ഈ മേഖലയില്‍ ഒരിടത്തും എത്തില്ളെന്ന് ഞാന്‍ തറപ്പിച്ചു പറയുന്നു. നിങ്ങള്‍ക്ക് ചെയ്യാവുന്നത്  ഹിന്ദുവെന്ന ആശയം സ്വീകരിക്കലാണ്. ഈ സംഗീതകാരില്‍ പലരും ചെയ്യുന്നത് അതാണ്. നിങ്ങള്‍ മുസ്ലിം സംഗീതകാരുടെ വീട്ടില്‍ പോവുക. അവര്‍ മുസ്ലിം വിശ്വാസങ്ങള്‍ പുലര്‍ത്തുന്നുണ്ടാവും. പക്ഷേ, അവര്‍ ഹിന്ദുത്വത്തെ പകര്‍ത്തുന്നതു കാണാം. സംഗീതത്തിന്‍െറ ഈ ശുദ്ധത, വിശുദ്ധത എന്ന സങ്കല്‍പം അവരോട് ചില ഹിന്ദു മതത്തോട് ചില ഒത്തുതീര്‍പ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്. അവര്‍ സംഗീതത്തിന്‍െറ ഹിന്ദു അസ്തിത്വം അംഗീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇത് ഒരു കെണിയാണ്. മറ്റ് ജാതി ഗ്രുപ്പുകളും ഇത് ചെയ്തിട്ടുണ്ട്.

ഗീതാ ഹരിഹരന്‍: യേശുദാസ്?

ടി.എം. കൃഷ്ണ: നിങ്ങള്‍ യേശുദാസിന്‍െറ പേര്  പറഞ്ഞതില്‍ സന്തോഷം. യേശുദാസിന്‍െറ കാര്യത്തില്‍ ഇതില്‍ ഒരു വ്യത്യാസവുമില്ല. യേശുദാസിനോടുള്ള എല്ലാ ആദരവോടെയും പറയട്ടെ യേശുദാസും ഇത് തന്നെയാണ് ചെയ്തത്. പലതും ബോധപൂര്‍വമായിരിക്കില്ല. ഒരാള്‍ക്ക് രാവിലെ എഴുന്നേറ്റ് ഞാന്‍ ഹിന്ദുയിസത്തോട് ഒത്തുതീര്‍പ്പു നടത്തുന്നു എന്ന് പറഞ്ഞ് കര്‍ണാടിക് സംഗീതത്തില്‍ വരാന്‍ കഴിയില്ല. കഴിവുണ്ടാകണം. പക്ഷേ, യേശുദാസ് ഇത്തരത്തില്‍ ചെയ്യുമ്പോള്‍ അദ്ദേഹം ഒരു ട്രോഫിയാണ്. ട്രോഫിയാണെന്ന് പറയുന്നതില്‍ ക്ഷമിക്കണം. ഓരോ തവണയും എടുത്തുയര്‍ത്തി പറയും, നോക്കു, നോക്കൂ, യേശുദാസ് ക്രിസ്ത്യാനിയാണ്, കര്‍ണാടിക് സംഗീതം പാടുന്നു. യേശുദാസ് ക്രിസ്ത്യാനിയായിരിക്കാം. പക്ഷേ, അദ്ദേഹം ഞാന്‍ ഇഷ്ടപ്പെടുന്ന ഹിന്ദുവാണ്. ഹിന്ദുക്കളോട് വിയോജിക്കുന്ന ക്രിസ്ത്യാനിയല്ല അദ്ദേഹം. യേശുദാസ് ഇങ്ങനെ പറഞ്ഞുകാണാന്‍ ഞാനാഗ്രഹിക്കുന്നു, ഞാന്‍  രാമ, കൃഷ്ണ, ഗോവിന്ദ കാമാക്ഷിയില്‍ വിശ്വസിക്കുന്നില്ല, എങ്കിലും അതേപ്പറ്റി പാടുന്നുവെന്ന്. നിങ്ങള്‍ അതില്‍ വിശ്വസിക്കണമെന്നില്ല, പക്ഷേ, അത് നിലനില്‍ക്കുന്നില്ല എന്ന് പറയരുത്. ഞാന്‍ പറയുന്നത് രാമ, കൃഷ്ണ, ഗോവിന്ദ കാമാക്ഷി ഇല്ളെന്നാണ്.  എന്നിട്ടും ഞാന്‍ പാടുന്നു. ഇതും സാധ്യതയാണ്.

ഗീതാ ഹരിഹരന്‍:  കൃഷ്ണ,മുമ്പ് നിങ്ങള്‍ പറഞ്ഞിട്ടുണ്ട് ചില ക്രിസ്ത്യന്‍ സംഗീതം ചിട്ടപ്പെടുത്തുകയും ഇടക്കുവച്ച് നിര്‍ത്തേല്‍ി വരികയും  ചെയ്തവരെപ്പറ്റി.

ടി.എം.കൃഷ്ണ: മുമ്പ് രസകരമായ പലതും നടന്നിട്ടുണ്ട്. എബ്രഹാം പണ്ഡിതര്‍. അദ്ദേഹം ശരിക്കും കര്‍ണാടിക് സംഗീത പണ്ഡിതനാണ്. കര്‍ണാമൃത സാഗരം എന്ന പുസ്തകം എഴുതിയിട്ടുണ്ട്. മോഹനം, ആനന്ദഭൈരവി രാഗത്തില്‍ സംഗീതം ചിട്ടപ്പെടുത്തി. ഇപ്പോള്‍ കേള്‍ക്കുന്ന ആധുനിക മോഹനം, ആനന്ദ ഭൈരവിയിലല്ല.  ഇത് 100 വര്‍ഷം മുമ്പാണ്.  യു.വി. സ്വാമിനാഥ അയ്യര്‍ തമിഴ് സാഹിത്യത്തിലെ അതികായനാണ്. ചിലപ്പതികാരം, സംഘം സാഹിത്യം കണ്ടെടുക്കുന്നത് അദ്ദേഹമാണ്. അദ്ദേഹത്തെ കൂടാതെ തമിഴിന്‍െറ പഴക്കത്തെപ്പറ്റിയൊന്നും ചര്‍ച്ച ചെയ്യാനാവില്ല.19ാം നൂറ്റാണ്ടിലെ കര്‍ണാടിക് സംഗീതത്തെപ്പറ്റി അറിവ് തരുന്ന രണ്ടു മൂന്ന് പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം സൂഫി തമിഴ് സെയിന്‍റിനെപ്പറ്റി പറയുന്നുണ്ട്. കുന്നംകുടി മസ്താനെപ്പറ്റി. കുന്നംകുടി മസ്താന്‍ മദ്രാസ് മേഖലയിലാണ് ജീവിച്ചത്. അദ്ദേഹത്തിന്‍െറ ഗാനങ്ങളെല്ലാം കര്‍ണാടിക് രാഗത്തിലായിരുന്നു. അത് എല്ലാവരും പാടിയിരുന്നുവെന്നാണ് സ്വാമിനാഥ അയ്യര്‍ പറയുന്നത്. പക്ഷേ, ഇന്നാ പാട്ടുകള്‍ എല്ലാം പോയി. അതാരും പാടുന്നില്ല. ഞാനാ രാഗങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നാരാണ് കുന്നുംകുടി മസ്താന്‍െറ ഗാനങ്ങള്‍ പാടുന്നത്? പാടുന്നവരുണ്ട്. ചെന്നൈ നഗരത്തില്‍ പുതിയ കലാരൂപമുണ്ട്. ഗാന സംഗീതം. അത് ചെന്നൈയില്‍ കുടിയേറി താമസിക്കുന്ന തൊഴിലാളികളുടെ സംഗീതമാണ്. മനോഹരമായ സാമൂഹ്യ-രാഷ്ട്രീയ നിര്‍മിതിയാണിത്. അത് ശവസംസ്കാരവുമായി ബന്ധപ്പെട്ട സംഗീതമായാണ് രംഗപ്രവേശം ചെയ്തത്. കര്‍ണാടിക് സംഗീതമെന്നു വിളിക്കുന്നതില്‍ നിന്ന് കുന്നുംകുടി മസ്താന്‍െറ സംഗീതം  പൂര്‍ണമായി ഇല്ലാതായെങ്കിലും അത് ഇന്ന് കീഴാളജനതയുടെ സംഗീതത്തിന്‍െറ ഭാഗമായി മറ്റൊരു അടിത്തറയില്‍ നിലകൊള്ളുന്നു.
 കര്‍ണാടക സംഗിതം ഹിന്ദു സംഗീതമല്ല എന്ന പ്രസ്താവന മിക്കയാളുകള്‍ക്കും ഒരസംബന്ധ പ്രസ്താവനയായി തോന്നും. അവര്‍ ചോദിക്കും ഞാന്‍ സ്റ്റേജില്‍ രാമ, കൃഷ്ണ, ഗോവിന്ദ കാമാക്ഷി എന്നു പറയുന്നില്ളേയെന്ന്. അതെ. പക്ഷേ, അപ്പോഴും ഞാന്‍ തറപ്പിച്ചു പറയും കര്‍ണാടിക് സംഗീതം ഹിന്ദു സംഗീതമല്ളെന്ന്.നമ്മള്‍ സങ്കീര്‍ണമായ അവസ്ഥയുണ്ടാക്കിയിരിക്കുകയാണ്. അതിനാല്‍ പറയും എബ്രഹാം പണ്ഡിതര്‍ മുഖ്യധാര പണ്ഡിതനല്ല.  തമിഴ് ഭാഷാ വിഭജനത്തിന് വിധേയനാക്കും. ഈ വിഭജനം ഒരേസമയം ജാതി വിഭജനംകൂടിയാണ്. ഭാഷ, ജാതി, മതം എന്നിവയുടെ വിഭജനം എന്നിവയൊക്കെയുണ്ട്. അതുപോലെ മറന്നുപോവാന്‍ പാടില്ലാത്ത ഒന്നുകൂടിയുണ്ട്. ലിംഗപരമായ വ്യത്യാസം.
നിങ്ങള്‍ പറഞ്ഞ സയന്‍സിന്‍െറ പ്രശ്നത്തെപ്പറ്റി പറയാം. കല സയന്‍സല്ല. അത് എല്ലായിടത്തും വ്യക്തമായി തുറന്നുപറയണം. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാം  ശാസ്ത്രീയമാണ്.നിങ്ങള്‍ നടക്കുന്നു. അത് സയന്‍റിഫികാണ്.നിങ്ങള്‍ സംസാരിക്കുന്നു അത് സയന്‍റിഫിക്കാണ്. അത് നിങ്ങളുടെ ജീവിതത്തെ സയന്‍സാക്കുമോ? ഇല്ല. സയന്‍സ് എന്നത് അനുഭവമാണ്. ശബ്ദം ഇരട്ടിക്കുന്നത്, അതിന്‍െറ ഫ്രീക്വന്‍സികൂടുന്നത് ഒക്കെ സയന്‍റിഫിക്കാണ്. എന്നാല്‍ ഇത് സംഗീതമുണ്ടാക്കുന്നില്ല. നിങ്ങള്‍ക്ക് അനുഭവപ്പെടുമ്പോള്‍ മാത്രമാണ് സംഗീതമുണ്ടാകുന്നത്. നിങ്ങള്‍ക്ക് അനുഭവപ്പെടുമ്പോള്‍ മാത്രമാണ് എഴുത്ത് സംഭവിക്കുന്നത്. അതിന് കാരണം അനുഭവമാണ്. അതിനാല്‍ തന്നെ കല സയന്‍സാണ് എന്നത് അസംബന്ധമാണ്. കലയെന്നത് എന്താണോ അതിന്‍െറ  അനുഭവരൂപമാണ്. സയന്‍സ് നിങ്ങളോട് ഒരു സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് പറയും.

ഗീതാ ഹരിഹരന്‍: സംസ്കാരത്തിന്‍െറ ഉല്‍പാദനത്തില്‍ സയന്‍സിന്‍െറ അപൈ്ളഡ് രൂപമെന്ന നിലയില്‍ സാങ്കേതിക വിദ്യ പങ്കുവഹിക്കുന്നതായി നാം അംഗീകരിക്കണം.  കടലാസിന്‍െറ കല്‍ത്തെല്‍ എഴുത്തിനെ തന്നെ മൊത്തത്തില്‍ മാറ്റുന്നുണ്ട്. നമുക്ക് അതവിടെ നിര്‍ത്തി, മറ്റൊരു വിഷയത്തിലേക്ക് നീങ്ങാം. മുമ്പ് നമ്മുടെ സംഭാഷണത്തില്‍ പാശ്ചാത്യ ഉപകരണങ്ങളുടെ കടന്നുവരവിനെപ്പറ്റി പറഞ്ഞിരുന്നു. സാക്സഫോണ്‍ കദ്രി ഗോപാല്‍ നാഥ്, മാന്‍ഡലിന്‍ യു. ശ്രീനിവാസ് എന്നിവരെയും പറ്റി പറഞ്ഞിരുന്നു.ഇത്തരം സാങ്കേതിക വിദ്യയുടെ കടന്ന് വരവ് തീര്‍ത്തും പുതിയതല്ളേ? 

ടി.എം. കൃഷ്ണ: ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം  പുറംതള്ളലിനെ (എക്സ്ക്ളൂഷന്‍), അതുപോലെ ജാതി മനോഭാവത്തെ സഹായിക്കുകയാണ് ചെയ്യുന്നത്. കീഴാള ജാതികളില്‍ നിന്ന് കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ കര്‍ണാടക സംഗീതത്തില്‍ വന്ന രണ്ടുപേരാണ് മാന്‍ഡലിന്‍ ശ്രീനിവാസനും കദ്രിഗോപിനാഥും. അവര്‍ രണ്ടുപേരും പാശ്ചാത്യ ഉപകരണമാണ് ഉപയോഗിക്കുന്നത്. വയലിനോ, മൃദംഗമോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ കാര്യമായി ഒന്നുമില്ല. അവര്‍ സാക്സോഫോണ്‍, മാന്‍ഡലിന്‍ എന്നിവയുമായാണ് കടന്നുവരുന്നത്. അത് അവരുടെ ജാതിഗ്രൂപ്പിനെ ഉയര്‍ത്തുന്നു. ആധുനികത എന്നതിനെപ്പറ്റിയുള്ള എലൈറ്റ് ആശയത്തെ അത് പ്രചോദിപ്പിക്കുന്നു. ആധുനിക എന്ന ആശയം വര്‍ഗവുമായി ബന്ധപ്പെട്ടതാണ്. അത് നമ്മുടെ സാമൂഹ്യ ഘടനയില്‍ ജാതിയുമായി ബന്ധപ്പെട്ടതണ്. പാശ്ചാത്യം എന്ന ആശയം ആധുനികതയുമായി വരുമ്പോള്‍ വര്‍ണം (റേസിന്‍െറ ) പ്രശ്നം വരുന്നു. ആധുനികതക്ക് വലിയ ചരട് വര്‍ണവുമായുല്‍െന്ന വസ്തുതയില്‍ നിന്ന് നിങ്ങള്‍ക്ക് ഓടിയൊളിക്കാനാവില്ല. ആധുനികതയെപ്പറ്റി(മോഡേണിറ്റി)യെപ്പറ്റി ചിന്തിക്കുമ്പോള്‍ നമ്മള്‍ വൈറ്റ് (വെള്ളനിറത്തെ)പ്പറ്റിയാണ് പറയുന്നത്.  സാക്സഫോണ്‍, മാന്‍ഡലിന്‍ എന്ന ആശയവുമായി അവര്‍ക്ക് കര്‍ണാടിക് സംഗീതത്തിലേക്ക് കടന്നുവരാനായി. മാന്‍ഡലിനല്ല അത് ശരിക്കും ഇലക്ട്രിക് മിനി ഗിറ്റാറാണ്.എന്നാല്‍, മാന്‍ഡലിന്‍ ശ്രീനിവാസന്‍ വോക്കലിസ്റ്റായിട്ടാണ് വരുന്നെങ്കില്‍ അദ്ദേഹത്തിന്  എന്തെങ്കിലും ചെയ്യാനുമാകുമായിരുന്നു എന്ന് ഞാന്‍ കരുതുന്നതേയില്ല.

ഗീതാ ഹരിഹരന്‍: വീണക്ക് ഒരു വിശുദ്ധ പദവിയുണ്ട്. പക്ഷേ, എന്‍െറ ചോദ്യം വയലിനെങ്ങനെയാണ് ജാതി പദവി നേടിയത് അഥവാ ജാതി സ്വഭാവമുണ്ടായത്? 


ടി.എം. കൃഷ്ണ: നിങ്ങള്‍ ആ ചോദ്യം ഉന്നയിച്ചതില്‍ സന്തോഷം. ദക്ഷിണ ഇന്ത്യയില്‍ വയലിന്‍ ആദ്യമായി വരുന്നത് സദേര്‍ എന്ന കലാരൂപത്തിലൂടെയാണ്. ആ കലാരൂപം പിന്നീട് ഭരതനാട്യമായി മാറി. വയലിന്‍ ആദ്യം വായിച്ചതും സ്ത്രീയാണ്. അത് 1700 കളുടെ അവസാനം ടിപ്പുവിന്‍െറ കൊട്ടാരത്തിലും തഞ്ചാവൂരിലുമാണ് നടക്കുന്നത്. അന്ന് ദേവദാസികളാണ് വയലിന്‍ വായിക്കുന്നത്. ക്ളാരനറ്റ് പോലും സദേറില്‍ കൂടിയാണ് വരുന്നത്. പിന്നീട് വയലിന്‍ ബ്രിട്ടീഷ് അംഗീകാരം കിട്ടുന്നതിന് സഹായകമായി  ഉപകരണമായി മാറി.  ബ്രിട്ടീഷുകാരെ കൊണ്ട് "നോട്ട് ബാഡ്, ദീസ് നേറ്റീവ് കാന്‍ ഡു സം മ്യൂസിക്' എന്ന് പറയിക്കാന്‍ വയലിന്‍ ഇടയാക്കി. അതിനാല്‍ രാജസദസ്സിലെ സംഗീതകാരന്‍മാര്‍ വയലിന്‍ ഉപയോഗിച്ച് ആദ്യം പാശ്ചാത്യ സംഗീതം പഠിച്ചു. വരഹപ്പയ്യര്‍ എന്ന മുന്‍ മന്ത്രി  വയലിന്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പഠിച്ചു. അതിന് ശേഷം ചെന്നൈയിലേക്ക് വന്ന് അംഗീകാരം നേടി. അങ്ങനെ വയലിന്‍ രാഷ്ട്രീയ ടൂള്‍ ആയി ഉപയോഗിക്കപ്പെട്ടു. അത് നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള രാഷ്ട്രീയ മാര്‍ഗമായി. പിന്നെ മുത്തുസ്വാമി ദീക്ഷിതര്‍ ചെന്നൈക്ക് സമീപമുള്ള മണാലിയില്‍ താമസിച്ചു.അദ്ദേഹം വയലിന്‍ പഠിച്ചു. വയലിന്‍ ഇന്ന് ബ്രാഹ്മണ ഉപകരണമാണ്. കാരണം ലളിതമാണ്. അത് വന്നത് ബ്രിട്ടീഷുകാരില്‍ നിന്നാണ്. അത് ബ്രിട്ടീഷുകാരുമായി ഒത്തുതീര്‍പ്പ് നടത്താനുള്ള ഒരു ഉപകരണവുമായി മാറി. വയലിന്‍  സംഗീതത്തിന്‍െറ ഭാഗമാക്കുന്നത് നിങ്ങളുടെ പ്രശസ്തി വര്‍ധിപ്പിക്കും. വയലിന്‍െറ സൗന്ദര്യശാസ്ത്രപരമായ ഉപയോഗങ്ങള്‍ മറ്റൊരു കാര്യമാണ്. അതെപ്പറ്റിയല്ല ഞാന്‍ പറയുന്നത്.

ഗീതാ ഹരിഹരന്‍: ഇവിടെ ചില പ്രശ്നമുണ്ട്. മുമ്പ് ഞാന്‍ സിംഗപ്പൂരില്‍ പോയപ്പോള്‍ കേരളത്തില്‍നിന്നുള്ള ഒരു ക്രിസ്ത്യന്‍ സ്ത്രീയെ കണ്ടു. അവര്‍ തലമുറകളായി അവിടെ താമസിക്കുന്നവരാണ്. അമ്മയും മുത്തശ്ശിയും വയലിന്‍ വായിച്ചിരുന്നു. അവര്‍ പറയുന്നത് കര്‍ണാടിക് സംഗീതത്തില്‍ വയലിന്‍ വന്നത് അറബ്, പോര്‍ച്ചുഗീസ് ബന്ധത്തെപ്പറ്റിയാണ്...

ടി.എം. കൃഷ്ണ: അതിനെ പിന്തുണക്കുന്ന ചരിത്രപരമായ തെളിവുകള്‍ ഞാന്‍ കണ്ടിട്ടില്ല. സ്ട്രിങ്ങ് ഉപകരണങ്ങള്‍ അങ്ങനെ വന്നിട്ടുണ്ടാവാം. പക്ഷേ, ചരിത്രപരമായ തെളിവുകള്‍ വയലിന്‍ ഇപ്പോഴും ബ്രിട്ടീഷുകാരില്‍ നിന്ന് വന്നു എന്നാണ് കാണിക്കുന്നത്.

ഗീതാ ഹരിഹരന്‍: പക്ഷേ, വയലിന്‍ രാവണ കാലത്തോളം പഴക്കം പറയുന്നു. എല്ലാം ഇന്ത്യയിലുണ്ടായിരുന്നെന്നും ആളുകള്‍ പറയും.

ടി.എം. കൃഷ്ണ: എല്ലാവരും പഴമയെപ്പറ്റി പറയും. രണ്ട് മുഖങ്ങളുള്ള ഡ്രം നേരത്തെയുണ്ട്. അതിനര്‍ത്ഥം മൃദംഗത്തിന് 2000 വര്‍ഷം പഴക്കമുണ്ടെന്നാണോ? അങ്ങനെയില്ല.  നാഗസ്വരത്തിനും 2000 വര്‍ഷം പഴക്കമൊന്നുമില്ല. അത്തരം സംഗീതാ ഉപകരണത്തെപ്പറ്റിയുള്ള ആശയം എന്നുമുണ്ടായിരിക്കാം. വയലിന്‍ ഇന്ത്യയിലുണ്ടായിരുന്നു, അവിടെ നിന്ന് പാശ്ചാത്യലോകത്തേക്ക് പോയി, പിന്നെ വീണ്ടും തിരിച്ചുവന്നു എന്നൊക്കെ കരുതുന്നത് അസംബന്ധമാണ്.വടിവേലു കേരളത്തില്‍ കുറച്ചുകാലം വയലിനുമായി വരുന്നു. അതാണ് വയലിന്‍െറ കേരളവുമായുള്ള ഒരു പ്രധാനപ്പെട്ട സംഭവം.  എം.എസ്. ഗോപാലകൃഷ്ന്‍െറ അച്ഛന്‍ പരൂര്‍ സുന്ദരം അയ്യര്‍ വയലിനുമായി  മുംബൈയിലേക്കു പോയി.അങ്ങനെയാണ് വയലിന്‍ വ്യാപകമാകുന്നത്. വയലിന്‍ സ്വീകാര്യമാകുന്നത് അക്കാലത്തെ സാമൂഹ്യമായ ചില ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ്. അന്ന് നമ്മള്‍ കലയും സംഗീതവുമെല്ലാം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് നമ്മുടേത് വളരെ പഴയ സംസ്കാരമാണ് എന്നു തെളിയിക്കാന്‍ കൂടിയാണ്.  ഇന്ന് നമ്മള്‍ മനസിലാക്കുന്ന പോലുള്ള സംഗീതം 19ാം നൂറ്റാണ്ടിന്‍െറ അന്ത്യ വര്‍ഷങ്ങളുടെ സൃഷ്ടിയാണ്. അതൊരു സാമൂഹ്യ, രാഷ്ട്രീയ നിര്‍മതി എന്ന പോലെ കലാപരമായ സൃഷ്ടിയും കൂടിയാണ്.  ഒരു കലയുടെ സാമൂഹ്യ-രാഷ്ട്രീയ വശം അന്വേഷിക്കാതെ നിങ്ങള്‍ക്കൊരിക്കലും അതിന്‍െറ സൗന്ദര്യശാസ്ത്രം മനസിലാവില്ല.  സൗകര്യത്തിന് അനുസരിച്ച്  നമ്മള്‍ സാമൂഹ്യ, രാഷ്ട്രീയ വശം ഉപേക്ഷിച്ച ശേഷം പറയും ഇതാണ് സംഗീതം. അല്ല ഇതല്ല സംഗീതം.

ഗീതാ ഹരിഹരന്‍:  ഇന്ന് നമ്മള്‍ കാണുന്ന  ഈ കര്‍ണാടിക് സംഗീതം ഒരു ദേശീയ ഉല്‍പന്നമാണ്. അതോ എത്രത്തോളം കൊളോണിയല്‍ കാലത്തിന്‍െറ തുടര്‍ച്ചയാണ്?

ടി.എം. കൃഷ്ണ: ഇത് പ്രാഥമികമായ ഒരു ചോദ്യമാണ്.  നമ്മള്‍ കര്‍ണാടിക് സംഗീതം കച്ചേരി കേട്ട് ഹാളില്‍ നിന്ന് അഭിനന്ദിച്ച് പോകുന്നത് തന്നെ സംഗീതത്തെപ്പറ്റിയുള്ള ദേശീയ കാഴ്ചപ്പാടിന്‍െറ ഭാഗമാണ്. ആ രീതിയില്‍ തന്നെയാണ് സംഗീതം ഇന്നും  വില്‍ക്കപ്പെടുന്നതും. ഈ നിര്‍മതിയെ പുറത്തേക്ക് കൊണ്ടുവന്നാല്‍ എന്താണ് ശേഷിക്കുക? സംഗീതകാരനെന്ന നിലയില്‍ തന്നെ ഞാന്‍ ചോദിക്കേല്‍താണ് ഇത്. കച്ചേരിയുമായി ബന്ധപ്പെട്ട ആശയങ്ങള്‍, രുപങ്ങള്‍ എല്ലാം ക്രമപ്പെട്ടത് എങ്ങനെ എന്ന് നോക്കിയാല്‍ ഉത്തരം വ്യക്തമായി മനസിലാകും. എങ്ങനെയാണ് ത്യാഗരാജ് ഒരു സെയിന്‍റാവുന്നത്. ത്യാഗരാജനെ അങ്ങനെ മഹത്വവല്‍ക്കരിക്കുന്നത് ഒരു മതപരമായ പദ്ധതിയുടെ ഭാഗമാണ്. നമ്മള്‍ പറയും ഈ സംഗീതത്തിന് 100 വര്‍ഷത്തെ പഴക്കമുള്ളൂവെന്ന് പക്ഷേ, വിശ്വാസപരമായി നമ്മള്‍ ഉറപ്പിക്കും ഇതിന് 2000 വര്‍ഷം പഴക്കമുല്‍െന്ന്്.അതാണ് ഏറ്റവും അവിശ്വസനീയമായ ഭാഗം. കര്‍ണാടിക് സംഗീതത്തില്‍ നടക്കുന്ന ചര്‍ച്ച രസകരമാണ്. ത്യാഗരാജന്‍െറ രാമഭക്തിയെപറ്റി, മുത്തുസ്വാമി ദീക്ഷിതരൂടെ താന്ത്രിക് മൂല്യങ്ങളെപ്പറ്റിയാണ് പറഞ്ഞുകൊണ്ടിരിക്കുക. മറ്റൊരു വാദം ഭാവവുമായി ബന്ധപ്പെട്ടതാണ്. ഭാവം പ്രധാനമാണ്. പാട്ടിന്‍െറ അര്‍ത്ഥം ആന്തരികവല്‍ക്കരിക്കാതെ ഭാവം ഉല്‍ാവില്ളെന്നതാണ് വാദം. ഇതെല്ലാം ഒരു അജണ്ടയുടെ ഭാഗമാണ്. അതൊരു ബോധപൂര്‍വമായ അജണ്ടല്‍യാണെന്ന് ഞാന്‍ പറയില്ല.  എന്നാലും ഒരു അജണ്ടയുടെ ഭാഗമാണ്. ഞാന്‍ മുമ്പ് ഇതെപ്പറ്റി എഴുതിയിട്ടുണ്ട്. പദങ്ങളും ജാവലിയെയും പറ്റി. ഇവ പലതും കാമപരമാണ്. ഇവിടെ  ശൃംഗാര ഭക്തിയെപ്പറ്റിയല്ല പറയുന്നത്. ലളിതമായ, തീര്‍ത്തും ഈറോട്ടിക് ആയ കവിതയാണ്. അത് അതുപോലെ തന്നെ ആസ്വദിക്കുക. അതില്‍ നിങ്ങള്‍ ഭക്തി കല്‍ത്തെിയാല്‍ അത് തീര്‍ത്തും വ്യത്യസ്തമായ കാര്യം (ചിരി). ഞാന്‍ പറഞ്ഞുവരുന്നത് പദങ്ങളെ അങ്ങനെ ആന്തരികവല്‍ക്കരിക്കാനാവില്ളെന്നതാണ്. ഒരു കച്ചേരിയുടെ മുഖ്യ ഊന്നല്‍ ഭക്തിയാകുന്നു. ഇറോട്ടിസം അവസാനഭാഗത്താകുന്നു.

ഗീതാ ഹരിഹരന്‍: ഭജനുകളിലോ?

ടി.എം. കൃഷ്ണ:  പലുസ്കറാണ് നമുക്ക് ഭജനുകള്‍ തരുന്നത്. ഹിന്ദുസ്ഥാനിയില്‍. അതില്ലാതെ ഹിന്ദുസ്ഥാനി സംഗീതം പോലുണ്ടാവുമായിരുന്നില്ല.ഭജനുകള്‍ പിന്നീട് ദേശീയതയുടെ ഗാനങ്ങളായി മാറുന്നു. അവിടെ ഭക്തിയുടെ മറ്റൊരു രൂപമാകുന്നു. പക്ഷേ, നാഷണലിസം എന്നത് ഭക്തിയുടെ വൈകാരിക രൂപമാണ്.അതല്ലാതെ മറ്റൊന്നുമല്ല. സുബ്രഹ്മണ്യ ഭാരതിയോട് എല്ലാ ആദരവും നിലനിര്‍ത്തിയാണ് ഇത് പറയുന്നതും.

ഗീതാ ഹരിഹരന്‍: സംഗീതത്തിലെ സ്ത്രീകളെപ്പറ്റിയാണ് പറയാനുള്ളത്. മുമ്പ് ദേവദാസി പാരമ്പര്യത്തിലും മറ്റുമായി നിരവധി സ്ത്രീകള്‍ സംഗീതം ആലപിച്ചിരുന്നു. ആ പാരമ്പര്യത്തിന് എന്തുപറ്റി?
ടി.എം. കൃഷ്ണ: അത് വളരെ ദു:ഖകരമായ കഥയാണ്. അത് സംഗീതപരമായും സാമൂഹ്യപരമായും ദു:ഖകരമായ കഥയാണ്. നമുക്ക് ആദ്യം സാമൂഹ്യപരമായ വശം നോക്കാം. ഈ സംഭാഷണത്തില്‍ പറയണ്ടേ പേര് എം.എസ്. സുബുലക്ഷിയാണ്. അവശ്വസനീയമായ പാടവങ്ങളുള്ള ചെറുപ്പക്കാരിയായിരുന്നു അവര്‍. സുബുലക്ഷമിക്ക് സാമൂഹ്യ ക്രമവുമായി ഒത്തുതീര്‍പ്പ് നടത്തേണ്ടി വന്നു. അവര്‍ക്കും അവരുടെ സംഗീതത്തിനും അന്തസ് നല്‍കാനും മുഖ്യധാരയില്‍ വരാനുമായി അവര്‍ക്ക് ബ്രാഹ്മണയാകുക എന്ന ആശയം സ്വീകരിക്കേണ്ടിവന്നു. കര്‍ണാടിക് സംഗീതത്തിലേക്കുള്ള അവരുടെ വരവ് സങ്കീര്‍ണമായ ഒരു പ്രതിഭാസമായിരുന്നു. എന്ത് സംഭവിക്കുന്നതിനെപ്പറ്റി അവര്‍ക്ക് നല്ല ധാരണയുണ്ടായിരുന്നു. ഒത്തുതീര്‍പ്പ് നടത്താനുള്ള ഏക മാര്‍ഗം ഒരു മാതൃകാ ബ്രാഹ്മണ സ്ത്രീയായി മാറുകയെന്നതായിരുന്നു. പക്ഷേ, ഇതുകൊണ്ടു മാത്രം പുരുഷന്‍െറ സംഗീതം കൈാര്യം ചെയ്യാനാവില്ല. അപ്പോള്‍ അതു മറികടക്കാന്‍ മീരയെപോലുള്ള ഒരാളായി അവര്‍ മാറി. അങ്ങനെ ഭക്തി കൊണ്ടുവരികയും അതിലൂടെ സന്യാസതലത്തിലേക്ക് ഉയരുകയും ചെയ്തു.  ഇതിന്‍െറ മറുവശമുണ്ട് പട്ടമ്മാള്‍.അവര്‍ ശരിക്കും പരമ്പരാഗത ബ്രാഹ്മണ കുടും ബത്തില്‍നിന്നാണ് വരുന്നത്. ബ്രാഹ്മണ സ്ത്രീകള്‍ പാടുന്ന സംഗീതത്തെ തമിഴില്‍ കൊലു സംഗീതമെന്നാണ് പറയുക. കൊലുവെന്നാല്‍ നവരാത്രി. അങ്ങനെ കൊലുസംഗീതം, ഭജന്‍ എന്നിവയൊക്കെയാണ് സ്ത്രീകള്‍ പാടുക. സുബ്രഹ്മണ്യഭാരതിയുടെ ഒരു ലേഖനമുണ്ട്  "സംഗീത വിഷയങ്ങള്‍' എന്ന പേരില്‍.അതില്‍ അദ്ദേഹം പറയുന്നത് സ്ത്രീകള്‍ക്ക് താളത്തില്‍ ശ്രദ്ധിക്കണമെന്നാണ്.  ഭാരതിയോട് ആദരവു നിലനിര്‍ത്തി തന്നെ പറയാം ആ ലേഖനത്തില്‍ പ്രശ്നമുണ്ട്. കാരണം അന്ന് ബ്രാഹ്മണ സ്ത്രീകള്‍ വേദിയില്‍ പാടുന്നില്ല. പാടുന്നത് ദേവദാസികളാണ്. തന്‍െറ സംഗീതം ആദരണീയമാക്കാനും കൊലു സംഗീതത്തിന് അപ്പുറമാക്കാനും  പട്ടമ്മാള്‍ തന്‍െറ സംഗീതം കൂടുതല്‍ പുരുഷരൂപമാക്കി. സ്ത്രീകള്‍ക്ക് തലലേച്ചാറില്ളെന്നാണ് പറയുക. അതിനാല്‍ സ്ത്രീകള്‍ക്ക് സങ്കീര്‍ണമായ കാര്യങ്ങള്‍ ചെയ്യാനാവില്ളെന്നാണ് വിശ്വാസം. അതായത് അപൂര്‍വ രാഗങ്ങള്‍ ഒന്നും സ്ത്രീകള്‍ക്ക് പാടാനാവില്ളെന്നതാണ് വിശ്വാസം. പട്ടമ്മ അതിനോട് നെഗോഷ്യേറ്റ് ചെയ്യുന്നത് രസകരമായാണ്. അവര്‍ എറ്റവും കടുപ്പമുള്ള രാഗം, താളം, പല്ലവികള്‍ പാടി. അവര്‍ ദീക്ഷിതരുടെ കടുപ്പമുള്ള പാട്ടുകള്‍ പാടി.  ദീക്ഷിതര്‍ ബ്രാഹ്ണിക്  റിച്വലിസ്റ്റിക് ഐഡിയയുടെ ഒൗന്നത്യമാണ്. ത്യാഗരാജ കൂടുതല്‍ സാമൂഹ്യ രൂപമാണ്. എന്നാല്‍, ദീക്ഷിതതര്‍ അങ്ങനെയല്ല. ദീക്ഷിതര്‍ വലിയ പവിത്രമായ രൂപമാണ്. ദീക്ഷിതരെ പാടി പട്ടമ്മാള്‍ തന്‍െറ സംഗീതത്തെ മറ്റൊരു ആത്മീയ തലത്തിലേക്ക് കൊല്‍ുവന്നു. അങ്ങനെ അവര്‍ക്ക് ലഭിച്ച വലിയ ആദരം അവരുടെ സംഗീതം പുരുഷന്‍െറ സംഗീതത്തിന് തുല്യമാണ് എന്ന് അംഗീകരിക്കപ്പെട്ടതാണ്.  ഇത് എങ്ങനെയാണ് തന്‍െറ സംഗീതത്തെ പട്ടമ്മാള്‍ ചിട്ടപ്പെടുത്തിയെന്നതിനെപ്പറ്റി വളരെ നന്നായി പറയും. അങ്ങനെ ചെയ്യുന്നതിലൂടെ ദേവദാസികളേക്കാള്‍ നല്ലത് ബ്രാഹ്മണ സ്ത്രീയാണെന്ന് പട്ടമ്മാള്‍ പറയിച്ചു.
സൗന്ദര്യ ശാസ്ത്രപരമായി എന്‍െറ വാദം കര്‍ണാടിക് സംഗീതത്തിന് സ്ത്രീ ശബ്ദമില്ളെന്നതാണ്.നിങ്ങള്‍ കര്‍ണാടിക് സംഗീതത്തില്‍ കേള്‍ക്കുന്നത് പുരുഷന്‍െറ ശബ്ദം മാത്രമാണ്. കര്‍ണാടിക് സംഗീതത്തില്‍ എല്ലാ സ്ത്രീകളും പാടുന്നത്  പുരുഷന്‍ നിര്‍വചിച്ച്, ക്രമപ്പെടുത്തിയ, നിശ്ചയിച്ച ശബ്ദത്തിലാണ്. ഞാന്‍ ദേവദാസി സമ്പ്രദായത്തെ, അവരുടെ ജീവിതത്തെ കാല്‍പനികവല്‍ക്കരിക്കുകയല്ല.  പക്ഷേ, സൗന്ദര്യ ശാസ്പ്രരമായി ദേവദാസികളുടെ ഇല്ലാതാകല്‍ ഈ പുരുഷ ലോകത്ത് സ്ത്രീകളുടെ ശബ്ദം ഇല്ലാതാക്കി.

ഗീതാ ഹരിഹരന്‍: സ്ത്രീകളുടെ കച്ചേരിക്ക് പുരുഷ സംഗീതകാരന്‍മാര്‍ തുണപോകാതിരിക്കുക പോലുള്ള പ്രശ്നങ്ങളുണ്ട്. പക്ഷേ സ്ത്രീകളുടെ സംഗീത വികസിക്കാനുള്ള സാധ്യത എത്രമാത്രമാണ്?

ടി.എം. കൃഷ്ണ: ഞാന്‍ സാധാരണയായി ശുഭാപ്തി വിശ്വാസിയാണ്.എന്നാല്‍ ഇക്കാര്യത്തില്‍ അല്ല. ഇപ്പോഴും സ്ത്രീകളുടെ കച്ചേരിക്ക് പുരുഷന്‍മാര്‍ തുണപോകില്ല. ചില പുരുഷ സംഗീതകാരന്‍മാര്‍ വയലിനിസ്റ്റുകളോട് പറയും നിങ്ങള്‍ക്ക് കൂടുതല്‍ അവസരം എനിക്കൊപ്പം വേണമെങ്കില്‍ സ്ത്രീകളുടെ കച്ചേരിക്ക് സഹായിയായി പോകുന്നത് കുറക്കണം.  പരിപാടികള്‍ എല്ലാം പുരുഷനെ കേന്ദ്രീകരിച്ചാണ് ഒരുക്കുക. ശരിക്കും ഇതെപ്പറ്റി ഒരു സ്ത്രീയും സംസാരിക്കുന്നില്ല. ഒരൊറ്റ താരങ്ങളും ഇതേപ്പറ്റി പറയുന്നില്ല. ഇതെപ്പറ്റി പ്രേക്ഷകനും ശ്രദ്ധിക്കുന്നില്ളെന്നതാണ് ഏറ്റവും നിരാശ ജനിപ്പിക്കുന്ന വശം. പ്രേക്ഷകന് ഈ മോശം ലോകത്ത് നല്ല സംഗീതം വേണമെന്നു മാത്രമാണ്.  പക്ഷേ, നല്ല സംഗീതം മാത്രം എങ്ങനെ ഉണ്ടാകാനാണ്. നിലനില്‍ക്കുന്ന അവസ്ഥയെ കുറ്റപ്പെടുത്തുകപോയിട്ട്, ചര്‍ച്ചപോലും ചെയ്യാത്ത സാഹചര്യത്തില്‍ ഈ അവസ്ഥ എങ്ങനെ മാറാനാണ്? ഇവിടെ കേരളത്തില്‍ പോലും പുരുഷന്‍മാര്‍ പാടുന്നത് കേള്‍ക്കാനാണ് ആള്‍ക്കാര്‍ക്ക് കൂടുതല്‍ ഇഷ്ടം. അവര്‍ അതുപോലെ സ്ത്രീശബ്ദങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കച്ചേരി നടക്കുന്നത് പുരുഷന്‍മാരുടേതാണ്. പിന്നെ കേരളത്തില്‍ സ്ത്രീകള്‍ക്ക് അംഗീകാരം കിട്ടും. അവര്‍ക്ക് 75 നുമേല്‍ പ്രായമുല്‍െങ്കില്‍. ആ പ്രായത്തിന് ശേഷം അവരെ സ്ത്രീകളായി ആരും പരിഗണിക്കാറില്ളെന്നതാണ് അതിന് കാരണം . അപ്പോള്‍ അവര്‍ പറയും ഞങ്ങള്‍ക്ക് പാറശ്ശാല പൊന്നമ്മാള്‍ ഉണ്ടെന്ന്്. കഴിഞ്ഞുപോയ വര്‍ഷങ്ങളിലൊക്കെ അവര്‍ക്ക് എന്തുസംഭവിച്ചു? അവരിവിടെ തന്നെ സംഗീതവുമായി ഉല്‍ായിരുന്നില്ളേ?

ഗീതാ ഹരിഹരന്‍: മാറ്റം സ്ത്രീകള്‍ക്കുള്ളില്‍ നിന്ന്, കീഴാള ജനതക്കുള്ളില്‍ നിന്ന്, മുസ്ലിംകള്‍ക്കുള്ളില്‍ നിന്ന് തന്നെ ഉണ്ടാവാണം.  മാറ്റങ്ങള്‍ എങ്ങനെ വരുമെന്നാണ് നിങ്ങള്‍ കരുതുന്നത്.

ടി.എം.കൃഷ്ണ: മാറ്റം ഉള്ളില്‍ നിന്നു തന്നെ ഉണ്ടായിവരണം. ഒരു പ്രീവിലേജ്ഡ് വ്യക്തി എന്ന നിലയില്‍ എനിക്ക് ഈ വിഷയം ഉയര്‍ത്താം. പക്ഷേ, മാറ്റം ഉള്ളില്‍ തന്നെ വരണം. ഞാനൊരു ക്ളീന്‍ സ്ളേറ്റില്‍ നിന്നല്ല വരുന്നത്. എന്തുകൊല്‍് എന്‍. ആര്‍.ഐകള്‍ ഇന്ത്യന്‍ ക്ളാസിക്കല്‍ സംഗീതം ഇഷ്ടപ്പെടുന്നുവെന്നതിന്‍െറ അതേ കാരണം തന്നെയാണ് അവര്‍ മിസ്റ്റര്‍ മോദിയെ ഇഷ്ടപ്പെടുന്നതിന് പിന്നിലും. ശുദ്ധത, പഴക്കം, വിശുദ്ധത എന്നിങ്ങനെയുള്ള സങ്കല്‍പങ്ങളെ നമ്മള്‍ ഉപേക്ഷിച്ചിട്ടില്ല. അങ്ങനെ നമ്മള്‍ ഇപ്പോഴും മധ്യ, ഇടത്തരം ജാതികളുടെ മനസിനെയാണ് പിന്തുടരുന്നത്. ഗീതാ ക്ളാസ്, ഭരതനാട്യം ക്ളാസ് തുടങ്ങിയവക്ക് പോകും. എന്നിട്ടു പറയും നമ്മള്‍ സനാതന ധര്‍മം പാലിക്കുന്ന രാജ്യത്തിലാണ് കഴിയുന്നതെന്ന്. പാരമ്പര്യം ( കണ്‍വെന്‍ഷനുകള്‍) ആധുനികതക്ക് എതിരാണെന്ന് പറയും. അല്ല.ഇവ രണ്ടും ഒന്നിച്ച് സുന്ദരമായാണ് മുന്നോട്ടുപോകുന്നത്. പരമ്പരാഗതവും ആധുനികതയും  രണ്ടും സഹോദരിമാരാണ്.  ഇത് സൂക്ഷ്മ രുപത്തില്‍ കലയിലും സ്ഥൂല രുപത്തില്‍ രാഷ്ട്രത്തിലും കാണാം. അവ ചിലതിനെയെല്ലാം സംരക്ഷിക്കുന്നുണ്ട്. ആ സംരക്ഷിക്കുന്നതിനെപ്പറ്റിയാണ് നമുക്ക് സംസാരിക്കേല്‍തും.




 

ഗീതാ ഹരിഹരന്‍: പക്ഷേ, എന്തുകൊണ്ട് നിങ്ങള്‍ പ്രതികരിക്കുന്നു, സംസാരിക്കുന്നു? ബീഫ് പ്രശ്നത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു. എന്താണ് അതിന് പ്രേരിപ്പിക്കുന്നത്.

ടി.എം.കൃഷ്ണ: ശരിയാണ്. ഞാനെന്തിന് സംസാരിക്കുന്നുവെന്നത് ഒരു ചോദ്യമാണ്. എനിക്ക് മോശമില്ലാത്ത പണമുണ്ടാക്കാം. കുറേ ആസ്വാദകരുണ്ട്. വേണമെങ്കില്‍ അവാര്‍ഡ് ഒക്കെ കിട്ടും. സുഖമായി ഉറങ്ങാം. പക്ഷേ, ഞാനെന്തുകൊണ്ട് സംസാരിക്കുന്നുവെന്നതിന് കാരണം. എന്നെ സംബന്ധിച്ച് പ്രശ്നം അടിസ്ഥാനപരമായി സംഗീതപരമാണ്. വ്യക്തിപരമായി ഈ  സംഗീതം എന്നെ സംഗീതം അനുഭവിക്കുന്നതില്‍ നിന്ന് തടയുന്നു.  ഈ സംഗീതം നിര്‍മിക്കപ്പെട്ടിരിക്കുന്ന രീതി എന്‍െറ സംഗീതത്തെ പരിമിതപ്പെടുത്തുന്നു. സംഗീതകാരന് സംഗീതം പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ മറ്റ് സാമൂഹ്യ ഘടകങ്ങളുമായി താരതമ്യപ്പെടല്‍ ആവശ്യമാണ്. മറ്റ് കലാരൂപങ്ങളോട്, സ്ത്രീകള്‍, ദലിതര്‍ അടക്കമുള്ള വിഭാഗങ്ങളോട് ഒക്കെ തുല്യതയില്‍ ഒത്തുപോകണം. ചെന്നെയില്‍ രണ്ടുവര്‍ഷം മുമ്പ് കലോത്സവം മുക്കുവ ഗ്രാമത്തില്‍ വച്ച് നടത്തണമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു.  അത് വലിയ ചര്‍ച്ചയായി. എല്ലാവര്‍ക്കും എല്ലാം കലയും ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല. കര്‍ണാടിക് സംഗീതം എല്ലാവരും ഇഷ്ടപ്പെടണമെന്ന് നമ്മള്‍ ആഗ്രഹിക്കാന്‍ പാടില്ല. മുക്കുവരുടെ നാട്ടില്‍ അവതരിപ്പിക്കുമ്പോള്‍ അവര്‍ ചിലപ്പോള്‍ ചോദിക്കും "സാര്‍, എന്താണിങ്ങനെ "ആ' യെന്ന് നീട്ടിക്കൊണ്ടിരിക്കുന്നുവെന്ന്. അവര്‍ക്ക് കര്‍ണാടിക് സംഗീതം ഇഷ്ടമാവണമെന്നില്ല. അവര്‍ കര്‍ണാടിക് സംഗീതം ഏറ്റവും മഹത്തായ രൂപമായി കാണണമെന്ന് ഞാന്‍ ശഠിക്കാനും പാടില്ല.  അവര്‍ തള്ളിക്കളയും. പക്ഷേ, തള്ളിക്കളയാനുള്ള അവസരം അവര്‍ക്കു വേണം. അതാണ് ഞാന്‍ വാദിക്കുന്നത്.



പച്ചക്കുതിര ഐറ്റം, 2016 മാര്‍ച്ച്