Tuesday, February 22, 2011

'ഞങ്ങള്‍ ഭയത്തെ മറികടന്നിരിക്കുന്നു'



സംഭാഷണം
അസ്മ മഹ്ഫൂസ്/ ഇസം ഫാദല്‍


വിപ്ലവം സാധാരണ ഒരു തെരുവിന്റെ അറ്റത്തു നിന്നാണ് തുടങ്ങുക. പിന്നെ ജനങ്ങളുടെ ഉത്സവമായി മാറും. പക്ഷേ, ഈജിപ്തിലെ വിപ്ലവം തുടങ്ങിയത് തെരുവിലല്ല. ശരിക്കു പറഞ്ഞാല്‍ ഇന്റര്‍നെറ്റില്‍. ആ വിപ്ലവത്തിന് തീ പകര്‍ന്നത് ഒരു ഇരുപത്തിയാറുകാരിയായിരുന്നു- അസ്മ മഹ്ഫൂസ്. ഇന്റര്‍നെറ്റ് ആക്റ്റിവിസത്തിന്റെയൂം ഫെയ്‌സ് ബുക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെയും മുഴുവന്‍ സാധ്യതകളും അസ്മ വിപ്ലവത്തിനായി ഉപയോഗപ്പെടുത്തി. രാജ്യത്ത് നിലനിന്ന അന്തരീക്ഷം മുന്നേറ്റത്തിന് പക്വമാണ് എന്നു തിരിച്ചറിഞ്ഞ അവര്‍ ജനങ്ങളെ തെരുവിലേക്ക് നയിച്ചു.
മറ്റേതൊരു ഈജിപ്തുകാരിയെയും പോലെ തന്നെയാണ് അസ്മയും. ഒരു സാധരണക്കാരി. കാഴ്ചയില്‍ എടുത്തു പറയാന്‍ ഒന്നുമില്ല. ആകര്‍ഷകമായ മുഖം. അധികം ഉയരമില്ല. കണ്ണടയും ശിരോവസ്ത്രവും ധരിച്ച വെളുത്തനിറമുള്ളവള്‍. പക്ഷേ, ജനക്കൂട്ടത്തെ ഇളക്കിവിടാന്‍ കരുത്തുള്ള വാക്കുകള്‍ അസ്മ ഹൃദയത്തില്‍ ഒളിപ്പിച്ചിരുന്നു. ആ വാക്കുകളില്‍ നിന്ന് പ്രതിഷേധം കാട്ടുതീയായി പടര്‍ന്നു.
1984 ലാണ് അസ്മയുടെ ജനനം. കെയ്‌റോയിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടി. 2008 ഏപ്രില്‍ 6 ന് ഈജിപ്തില്‍ നടന്ന പൊതുപണിമുടക്കത്തെ പിന്തുണച്ചുകൊണ്ടാണ് അസ്മ ഇന്റര്‍നെറ്റ് ആക്റ്റിവിസത്തിലേക്കും രാഷ്ട്രീയ പ്രചരണ പ്രവര്‍ത്തനങ്ങളിലേക്കും കടന്നുവരുന്നത്.
കെയ്‌റോയിലെ അസ്ഹാര്‍ഖ് അല്‍ അസ്‌വാത് ഇംഗ്ലീഷ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ഇസം ഫാദലുമായി നടത്തിയ അഭുഖത്തില്‍, ഹൂസ്‌നി മുബാരകിനെ സ്ഥാനഭ്രഷ്ടനാക്കിയ ജനകീയ കലാപത്തിന് താന്‍ എങ്ങനെ തുടക്കമിട്ടുവെന്ന് അസ്മ വ്യക്തമാക്കുന്നു. മുബാറക് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഈ കൂടിക്കാഴ്ച നടന്നത്.


എങ്ങനെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് താങ്കള്‍ കടന്നുവന്നത്?

2008 മാര്‍ച്ചിലാണ് ഞാനാദ്യം രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത്. ഏപ്രില്‍ ആറിന് ഈജിപ്തിലെമ്പാടുമായി നടന്ന പൊതു പണിമുടക്ക് തുടങ്ങുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയായിക്കൊണ്ടാണ് അത്. ആ സമരം ഇന്റര്‍നെറ്റിലാണ് തുടങ്ങുന്നത്. സമരത്തെ തുടര്‍ന്ന് എപ്രില്‍ ആറ് പ്രസ്ഥാനത്തിന് ഞങ്ങള്‍ രൂപംകൊടുത്തു. പണിമുടക്ക് നടന്ന തീയതിയില്‍ നിന്നാണ് ഞങ്ങള്‍ പ്രസ്ഥാനത്തിന് പേര് കണ്ടെത്തിയത്്.ആ സമയത്ത് എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തെപ്പറ്റി ഒന്നുമറിയുമായിരുന്നില്ല.

പ്രസ്ഥാനത്തില്‍ ചേര്‍ന്ന ശേഷം രാഷ്ട്രീയ അനുഭവസമ്പത്തിലായ്മ എങ്ങനെയാണ് താങ്കള്‍ പരിഹരിച്ചത്?

രാഷ്ട്രീയ അനുഭവസമ്പത്തുള്ളവര്‍ അതില്ലാത്ത അംഗങ്ങള്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. പ്രസഥാനത്തിന്റെ ഭാഗമായിരുന്നു അത്. അനുഭവ സമ്പത്തുള്ളവര്‍ പ്രഭാഷണങ്ങള്‍ നടത്തി. പ്രയോഗത്തിലൂടെയും രാഷ്ട്രീയപ്രവര്‍ത്തകരുള്‍പ്പടെയുള്ള മറ്റ് ആള്‍ക്കാരുമായുള്ള അടുത്ത ബന്ധത്തിലൂടെയും ഞാന്‍ പല കാര്യങ്ങളും പഠിച്ചു.

ജനുവരി 25 ലെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് താങ്കളുടെ പങ്ക്?

പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഞാന്‍ ലഘുലേഖകള്‍ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. ആളുകളോട് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ആ ലഘുലേഖകള്‍. ആ മേഖലകളില്‍ ഞാന്‍ ചെറുപ്പക്കാരോട് അവരുടെ അവകാശങ്ങളെപ്പറ്റിയും അവരുടെ പങ്കാളിത്തത്തിന്റെ ആവശ്യകതയെപ്പറ്റിയും പറഞ്ഞു. പശ്ചിമേഷ്യയിലെമ്പാടും ആളുകള്‍ ഭരണാധികാരത്തോട് പ്രതിഷേധിച്ച് തീകൊളുത്തി ആത്മാഹൂതി ചെയ്യുന്നുണ്ടായിരുന്നു. ഈ സമയത്ത് ഞാനും പ്രസ്ഥാനത്തിലെ ചില അംഗങ്ങളും തഹ്‌രീര്‍ ചത്വരത്തില്‍ ചെന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, സുരക്ഷാ സേന ഞങ്ങളെ തടഞ്ഞു. സേന ചത്വരത്തില്‍ നിന്ന് ഞങ്ങളെ നീക്കം ചെയ്തു. ഇതെന്നെ ചിന്തിപ്പിച്ചു. സ്വന്തം ശബ്ദത്തിലും രൂപത്തിലും ഒരു വീഡിയോ ചിത്രം ചിത്രീകരിക്കുന്നതിനെപ്പറ്റി ഞാനാലോചിച്ചു. ജനുവരി 25 ന് തഹ്‌രീര്‍ ചത്വരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുള്ള ആഹ്വാനമായിരുന്നു ആ വീഡിയോയിലൂടെ നല്‍കിയത്. നേരിട്ട് ആളുകളുമായി ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടുള്ളിടത്തോളം ഒരു വീഡിയോ ആണ് നല്ല സാധ്യത എന്നു തോന്നി. ജനുവരി 25 ന് തന്റെ അന്തസും അവകാശങ്ങളെയും പ്രതിരോധിക്കുന്ന ഒരു ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയായിരിക്കും ഞാന്‍ എന്ന് ആ വീഡിയോയയില്‍ വ്യക്്തമാക്കി. ഈ രാജ്യത്തെപ്പറ്റി ആകുലത്തൈപ്പെടുന്നവരെല്ലാം എനിക്കൊപ്പം തഹ്‌രീര്‍ ചത്വരത്തില്‍ 25ന് വരിക. ഞാനാ വീഡിയോ ഫെയ്‌സ്ബുക്കിലൂടെ ഇന്റര്‍നെറ്റില്‍ പ്രക്ഷേപണം ചെയ്തു. ആ വീഡിയോ വെബ്‌സൈറ്റുകളിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും മുമ്പൊന്നുമില്ലാത്ത വിധം പ്രചാരം നേടുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. അതിനെ തുടര്‍ന്ന്, പ്രതിഷേധ ദിനത്തിന് മുമ്പായി നാലു വീഡിയോകളും കൂടി ഞാന്‍ നിര്‍മിച്ചു.


ജനുവരി 25 ന് താങ്കള്‍ എവിടെയായിരുന്നു? പ്രതിഷേധത്തില്‍ എന്തു പങ്കാണ് വഹിച്ചത്?

ഞാന്‍ അന്ന് ബുര്‍ലാഖ് ദര്‍കുറിലെ തെരുവിലേക്ക് പോയി. അവിടെ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ക്കൊപ്പം ഞാനും പ്രതിഷേധം പ്രകടിപ്പിക്കാന്‍ തുടങ്ങി. അതേ സമയം മറ്റ് മേഖലകളിലും മറ്റുള്ളവര്‍ ഇതു തന്നെ ചെയ്യാന്‍ തുടങ്ങി. ഒന്നിച്ചുകൂടിയപ്പോള്‍ ഞങ്ങള്‍ ഈജിപ്തിന്റെ പതാക ഉയര്‍ത്തുകയും മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ തുടങ്ങുകയും ചെയ്തു. വളരെയധികം ആളുകള്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നുവെന്നത് അത്ഭുതപ്പെടുത്തി. ഇത് ഞങ്ങളെ പ്രകടനം നടത്താന്‍ പ്രേരിപ്പിച്ചു. ഞങ്ങള്‍ ഗമാത് അല്‍ ഡാവല്‍ അല്‍ അറേബ്യ തെരുവിലൂടെ താഴോട്ട് നീങ്ങി. ആളുകള്‍ വര്‍ധിതമായ തോതില്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ടിരുന്നു. ഞങ്ങള്‍ മുസ്തഫ മുഹമ്മദ് പള്ളിക്കു സമീപം അല്‍പം നേരെ നിന്നു. പിന്നെ പ്രകടനം തഹ്‌രീര്‍ ചത്വരത്തിലേക്ക് നയിച്ചു. വളയെധികം പ്രകടനങ്ങള്‍ പല മേഖങ്ങളില്‍ നിന്നായി അവിടേക്ക് വന്നുകൊണ്ടിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ തഹ്‌രീര്‍ ചത്വരം പിടിച്ചെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഏതാണ്ട് പുലര്‍ച്ചെ രണ്ടിന് ഞങ്ങളെ കണ്ണീര്‍വാതകങ്ങളും റബ്ബര്‍ ബുള്ളറ്റുകളുമായി സുരക്ഷാ സേനകള്‍ ആക്രമിച്ചു. സേന ഞങ്ങളെ തിരക്കേറിയ കെയറേ നഗരത്തിലെ തെരുവുകളിലൂടെ തുരത്തി.

എന്താണ് 'രോഷദിനം' എന്ന വിളിക്കപ്പെടുന്ന ജനുവരി 28 ന് നടന്നത്?

വെള്ളിയാഴ്ച പ്രകടനങ്ങള്‍ മിക്ക ഈജിപ്ഷ്യന്‍ ചത്വരങ്ങളിലും തെരുവുകളിലും പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം തുടങ്ങി. ഞാന്‍ ഏപ്രില്‍ ആറ് പ്രസ്ഥാനത്തിലെ ചില അംഗങ്ങളെ കണ്ടു. ഞങ്ങള്‍ വളരെയധികം ആളുകള്‍ക്കൊപ്പം മുസ്തഫ മുഹമ്മദ് പള്ളിക്കുമുമ്പല്‍ പ്രതിഷേധപ്രകടനം തുടങ്ങി. ഞങ്ങള്‍ തഹ്‌രീര്‍ ചത്വരത്തിലേക്ക് നീങ്ങി. തഹ്‌രീര്‍ ചത്വരത്തിനും കെയ്‌റോയിലെ ദോക്കി മേഖലയ്ക്കും മധ്യത്തിലുള്ള ഈജിപ്ഷ്യന്‍ ഓപ്പറ ഹൗസിന് അടുത്തെത്തയപ്പോള്‍ വളരെയധികം വരുന്ന സുരക്ഷാ സംവിധാനങ്ങളെ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നു- കവചിത വാഹനങ്ങള്‍, കലാപ പൊലീസ്, കേന്ദ്ര സുരക്ഷാ പട്ടാളം. അവര്‍ ഞങ്ങളെ കടുത്ത രീതിയില്‍ മര്‍ദിക്കാന്‍ തുടങ്ങി. കണ്ണീര്‍വാതകവും റബ്ബര്‍ വെടിയുണ്ടകളും പ്രയോഗിച്ചു. ചെറുപ്പക്കാര്‍ കണ്‍മുന്നില്‍ മരിക്കുന്നതു ഞാന്‍ കണ്ടു. ഞാന്‍ കരയുകയായിരുന്നു ആ സമയത്ത്. വല്ലാതെ ഭയക്കുകയും ചെയ്തു. പിന്നോട്ടുപോകരുതെന്ന് ഞാന്‍ സ്വയം പറഞഞു. കാരണം ഈ ചെറുപ്പക്കാരുടെ ചോര പാഴാവരുത്. ഞങ്ങളില്‍ പലരും ചെറുത്തുന്നു. പലരും പലയാനം ചെയ്തു. പക്ഷേ, അവസാനം ഞങ്ങള്‍ക്ക് തഹ്‌രീര്‍ ചത്വരത്തില്‍ എത്താനായി. അവിടം നിയന്ത്രണത്തിലാക്കാനും.

സ്വന്തം ആഹ്വാനം ഈജിപ്തിലെമ്പാടും വലിയ ജനകീയ പ്രതിഷേധമായി മാറുമ്പോള്‍ വ്യക്തിപരമായി എന്താണ് അനുഭവപ്പെട്ടത്?

വെള്ളിയാഴ്ച രത്രി പൊലീസിനെ തെരുവുകളില്‍ നിന്ന് പിന്‍വലിച്ചപ്പോഴാണ് പ്രതിഷേധം ഒരു ബഹുജന വിപ്ലവമായി മാറിയെന്നത് തിരിച്ചറിയുന്നത്. ആഹ്വാനം നല്‍കുമ്പോള്‍ 10,000ത്തിലധികം ആളുകള്‍ പ്രതിഷേധവുമായി വരുമെന്ന് ഒരിക്കലും ഞങ്ങള്‍ സ്വപ്നം കണ്ടിരുന്നില്ല. ചില പ്രതിഷേധക്കാര്‍ പ്രകടനങ്ങള്‍ക്കിടയില്‍ എന്നെ കണ്ടു തിരിച്ചറിഞ്ഞു. 'നിങ്ങളല്ലേ ആ വിഡിയോയില്‍ ഉണ്ടായിരുന്നത്? ഞങ്ങള്‍ തെരുവിലേക്ക് വന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങള്‍ വിഡിയോയില്‍ പറഞ്ഞ് ഞങ്ങളെ വലുതായി ചലിപ്പിച്ചു. അതുകൊണ്ടാണ് ഞങ്ങള്‍ വന്നത്''എന്നിങ്ങനെ ആളുകള്‍ പറഞ്ഞു. അപ്പോള്‍ എനിക്ക് ഞാനെന്റെ രാജ്യത്തിനും ജനങ്ങള്‍ക്കുംവേണ്ടി ചിലതെല്ലാം നേടി എന്ന് തോന്നി.

എങ്ങനെയാണ് വീട്ടിലുള്ളവര്‍ താങ്കളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ നോക്കിക്കണ്ടത്? പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ എന്തായിരുന്നു അവരുടെ പ്രതികരണം?

ഏതൊരു ഈജിപ്ഷ്യന്‍ കുടുംബത്തെയും പോലെ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നില്‍ വിമുഖതയുള്ളവരായിരുന്നു വീട്ടുകാര്‍. അവരെപ്പോഴും എന്നെ ഉപദേശിക്കാന്‍ ശ്രമിച്ചുകൊണ്ടിരിന്നു. ''നീയൊരു പെണ്‍കുട്ടിയാണ്, കഠിനമായ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയ ആളല്ല''. അവരുടെ സമ്മര്‍ദം എന്റെ പ്രവര്‍ത്തനങ്ങളെ കുറച്ചിട്ടുണ്ട്. അതിനാല്‍ വീട്ടില്‍ അവര്‍ക്കൊപ്പം കൂടുതല്‍ സമയം എനിക്ക് തങ്ങേണ്ടിവന്നു. എപ്രില്‍ ആറ് യുവജന പ്രസ്ഥാനത്തിന്റെ മാധ്യമ വക്താവ് എന്ന പദവിപോലും എനിക്ക് ഉപേക്ഷിക്കേണ്ടിവന്നു. അതിനാല്‍ പ്രസ്ഥാനത്തിലെ സാധാരണ അംഗമായി ഞാന്‍ തുടര്‍ന്നു. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ അവര്‍ക്കെല്ലാം വലിയ സന്തോഷം തോന്നി. 'ഞങ്ങള്‍ക്ക് നിന്നെപ്പറ്റി അഭിമാനമുണ്ട്' എന്നവര്‍ പറഞ്ഞു.

പ്രതിഷേധക്കാര്‍ വിദേശത്തുനിന്ന് ഫണ്ട് കൈപ്പറ്റുന്നുവെന്ന ആരോപണത്തെ എങ്ങനെ കാണുന്നു? പ്രതിഷേധത്തിന് എതൊക്കെ വിദേശ രാജ്യങ്ങളാണ് സഹായം നല്‍കുന്നത്?

ഈ ആരോപണം ഭരണകൂട മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതാണ്. പ്രതിഷേധം അടിച്ചമര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമാണ് അത്. അഭൂതപൂര്‍വമായി സമരത്തോട് ജനങ്ങള്‍ പ്രകടിപ്പിച്ച പിന്തുണയെ ജനങ്ങള്‍ക്കെതിരായി തിരിക്കാനുള്ള നീക്കമായിരുന്നു അത്. ചിലര്‍ പറഞ്ഞു അമേരിക്ക ഞങ്ങള്‍ക്ക് സാമ്പത്തികം നല്‍കുന്നുവെന്ന്. വേറെ ചിലര്‍ പറഞ്ഞു ഇറാന്‍ പണം നല്‍കുന്നുവവെന്ന്. അഭിമാനത്തോടെ തന്നെ പറയട്ടെ, ഞങ്ങള്‍ സ്വന്തമായിട്ടാണ് പണം കണ്ടെത്തുന്നത്. പണം അംഗങ്ങളുടെ സംഭാവനയാണ്. ഞങ്ങള്‍ ആഭ്യന്തരമായോ വിദേശത്തുനിന്നോ ഒരു സാമ്പത്തിക സഹായവും പറ്റുന്നില്ല. ഞങ്ങള്‍ ആസ്ഥാനമില്ല. ഞങ്ങള്‍ എവിടെയും വച്ചു കൂടിക്കാണുന്നു. ഞങ്ങള്‍ മനുഷ്യാവകാശ സംഘടനകളിലും കഫേകളിലും വച്ചു കാണുന്നു. ലഘുലേഖകള്‍ക്കും ബാനറുകള്‍ക്കും ആവശ്യമായ തുക ഞങ്ങള്‍ തന്നെ എടുക്കുന്നു. തഹ്‌രീര്‍ ചത്വരത്തിലെ പ്രതിഷേധങ്ങളുടെ ഫണ്ടും അങ്ങനെ തന്നെയാണ്. ചിലര്‍ പറഞ്ഞു പ്രശസ്ത റസ്‌റ്റോറന്റായ 'കെന്റൂക്കി' പ്രതിഷേധക്കാര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുന്നുവെന്ന്. അത് അസംബന്ധമായ വാദമാണ്. പ്രതിഷേധം തുടങ്ങിയതിനുശേഷം എല്ലാ റെസ്‌റ്റോറന്റുകളും പ്രവര്‍ത്തനം നിര്‍ത്തി. പ്രതിഷേധം തുടങ്ങിയശേഷം ഏറ്റവും വില കൂടിയ ഭക്ഷണം എന്നത് ജനപ്രിയമായ കോഷാരി മാത്രമാണ്. അത് പ്രതിഷേധക്കാര്‍ സ്വന്തം പണംകൊടുത്താണ് മേടിക്കുന്നതും.


പ്രതിഷേധം തുടരുകയാണ്. നിങ്ങളുടെ പ്രധാന ആവശ്യം ഇതുവരെ നടന്നിട്ടില്ല, അതായത് പ്രസിഡന്റ് മുബാരക് സ്ഥാനമൊഴിയണമെന്ന ആവശ്യം. എന്തായിരിക്കും ഈ സമരത്തിന്റെ അനന്തരഫലം?

പ്രതിഷേധക്കാര്‍ മാത്രമല്ല, എല്ലാ ഈജിപ്തുകാരും ഭയത്തെ മറികടന്നിരിക്കുന്നു. അതായത് ഭയം എന്ന പ്രതിബന്ധത്തെ. അതിനാല്‍ ഞാനൊരൊറ്റ കാര്യം മാത്രമേ ഞങ്ങള്‍ അനന്തര ഫലമായി പ്രതീക്ഷിക്കുന്നുള്ളൂ- അതായത് മുബാറക് അധികാരത്തില്‍ നിന്ന് ഒഴിയുക. അതുവരെ പ്രതിഷേധം തുടരും.


പരിഭാഷ: ബിജുരാജ്

കുറിപ്പ്: ഈജിപ്ത് പ്രസിഡന്റും സേച്ഛാധിപതിയുമായി ഹുസ്‌നി മുബാറക് സ്ഥാന ഭ്രഷ്ടനാക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഈ അഭിമുഖം നടന്നത്.

Samakaalika Malayalam Varika
2011 Feb 25

ഭാവിയുടെ ചോളക്കതിരുകള്‍



താരിഖ് അലി


കെയ്‌റോയില്‍ ആഹ്‌ളാദത്തിന്റെ രാത്രി. ഒരു ഈജിപ്തുകാരനായി, ഒരു അറബ് വംശജനായി ജീവിച്ചിരിക്കുക എന്നത് തന്നെ എത്ര പരമാനന്ദകരം! തഹ്‌രീര്‍ ചത്വരത്തില്‍ അവരുടെ മന്ത്രണം മുഴങ്ങി: ''ഈജിപ്ത് സ്വതന്ത്രമായിരിക്കുന്നു', 'നമ്മള്‍ നേടിയിരിക്കുന്നു''.
മറ്റൊരു പരിഷ്‌ക്കരണവും നേടാനായില്ലെങ്കില്‍ തന്നെ, മുബാറക്കിന്റെ സ്ഥാനഭ്രഷ്ടമാക്കല്‍ (അയാള്‍ കൊള്ളയടിച്ച 40 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ദേശീയ ഖജനാവിലേക്ക് ലഭിക്കലും) എന്ന ഒറ്റക്കാര്യം തന്നെ ഈ മേഖലയിലെയും ഈജിപ്തിലെയും വലിയ രാഷ്ട്രീയ വിജയമായി കണക്കാക്കാം. അത് പുതിയ ശക്തികളെ ചലിപ്പിക്കും. ആ രാജ്യം സാക്ഷ്യം വഹിച്ച ജനമുന്നേറ്റം എന്ന അത്ഭുതത്തെയും ബഹുജന രാഷ്ട്രീയ ബോധത്തെയും എളുപ്പത്തില്‍ തകര്‍ക്കാനാവില്ല. തുനീഷ്യയും അത് വ്യക്തമാക്കുന്നു.
കാഴ്ചയ്ക്കപ്പുറം, അറബ് ചരിത്രം ഒരിക്കലും സ്ഥായിയായിരുന്നില്ല. മതേതര അറബ് ദേശീയതയെ പരാജയപ്പെടുത്തിക്കൊണ്ടാണ് 1967 ലെ ഇസ്രായേല്‍ വിജയം സാധ്യമാകുന്നത്. അത് നടന്ന ഉടനെ മഹത്തായ അറബ് കവികളിലൊരാളായ നിസാര്‍ കബ്ബാനി എഴുതി:

''അറബ് കുട്ടികള്‍,
ഭാവിയുടെ ചോളക്കതിരുകള്‍
നിങ്ങള്‍ നമ്മളുടെ കാല്‍ചങ്ങലകള്‍ ഭേദിക്കും
നമ്മുടെ തലയില്‍ നിറഞ്ഞ കറുപ്പിനെ കൊല്ലും
മിഥ്യകളെ അകറ്റും
അറബ് കുട്ടികളെ,
ശ്വാസംമുട്ടുന്ന ഞങ്ങളുടെ തലമുറയെപ്പറ്റി വായിക്കരുത്.
ഞങ്ങള്‍ ആശയറ്റ സംഗതികളാണ്
തണ്ണിമത്തങ്ങതൊലി പോലെ വിലകെട്ടവര്‍
ഞങ്ങളെപ്പറ്റി വായിക്കരുത്
ഞങ്ങളെ അംഗീകരിക്കരുത്
ഞങ്ങളുടെ ആശയങ്ങള്‍ സ്വീകരിക്കരുത്
ഞങ്ങള്‍ വഞ്ചകരുടെയും കപടനാട്യക്കാരുടെയും രാഷ്ട്രമാണ്
അറബ് കുട്ടികള്‍
വസന്തമഴ
ഭാവിയുടെ ചോളക്കതിരുകള്‍
പരാജയങ്ങളെ മറികടക്കുന്ന തലമുറ നിങ്ങളുടേതാണ്''

കവി നിസാര്‍ കബ്ബാനിയുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായി കാണുന്നത് എത്രമാത്രം സന്തോഷകരമാണ്.
ബഹുജനപ്രതിഷേധത്തിന്റെ പുതിയ അലകള്‍ സംഭവിച്ചത് അറബ് ലോകത്ത് ഒരൊറ്റ പുരോഗന ദേശീയ പാര്‍ടിയും ഇല്ലാത്ത കാലത്താണ്. അവര്‍ അടവുകള്‍ രൂപപ്പെടുത്തിയത് ഇങ്ങനെയാണ്: നിനച്ചിരിക്കാത്ത നിമിഷത്തില്‍ അധികാരികളെ വെല്ലുവിളിച്ചുകൊണ്ട് വന്‍ സമ്മേളനങ്ങള്‍ പ്രതീകാത്മ പ്രധാന്യമുള്ള ഇടങ്ങളില്‍ സംഘടിച്ചു. അവര്‍ ഇങ്ങനെ പറയുന്നതുപോലെ തോന്നിപ്പിച്ചു: ഞങ്ങള്‍ ഞങ്ങളുടെ കരുത്ത് പ്രകടിപ്പിക്കുകയാണ് ഇവിടെ. ഞങ്ങള്‍ക്ക് ഈ കരുത്ത് പരീക്ഷിക്കേണ്ടതില്ല. കാരണം ഞങ്ങള്‍ സംഘടിതരോ മുന്‍കൂട്ടി തയാറെടുത്തവരോ അല്ല. പക്ഷേ, നിങ്ങള്‍ ഞങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഓര്‍ക്കുക, ലോകം നിങ്ങളെ നോക്കുന്നുണ്ട്.
ആഗോള പൊതു അഭിപ്രായങ്ങളെ ആശ്രയിക്കുക എന്നത് ഹൃദയസ്പര്‍ശിയാണ്. പക്ഷേ, അത് ദുര്‍ബലതകളുടെ സൂചനകൂടിയാണ്. ഒബാമയും പെന്റഗണും ഈജിപ്ത് സൈന്യത്തോടെ ചത്വരത്തിലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നുവെങ്കില്‍-എത്ര ഉയര്‍ന്ന വിലകൊടുത്തും- ജനറല്‍മാര്‍ ആ ഉത്തരവുകള്‍ അനുസരിച്ചേനെ. പക്ഷേ, ഒബാക്കുവേണ്ടിയല്ലെങ്കില്‍ അത് അതൊരു അത്യന്തം അപകടകരമായ സൈനികനീക്കമാവുകയും ചെയ്യുമായിരുന്നു. അത്തരം നീക്കം ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും താഴ്ന്ന തലത്തിലുള്ള പട്ടാളക്കാരെയും ഓഫീസര്‍മാരെയും ഭിന്നിപ്പിക്കും. ഈ സാധാരണ പട്ടാളക്കാരുടെ ബന്ധുക്കളും കുടുംബക്കാരും പ്രതിഷേധ പ്രകടനത്തിലുണ്ട്. പട്ടാളക്കാരില്‍ നല്ല പങ്കിനുമറിയാം ജനങ്ങളാണ് ശരിയുടെ പക്ഷത്ത് നില്‍ക്കുന്നതെന്ന്. അതിനര്‍ത്ഥം വാഷിംഗ്ടണോ മുസ്‌ളീം ബ്രദര്‍ ഹുഡോ- ഇത് കൃത്യമായ കണക്കുകൂട്ടലുകളുള്ള ഒരു പാര്‍ട്ടിയാണ്- ആഗ്രഹിക്കാത്തത് അത്തരം സൈനിക നീക്കത്തിലൂടെ സംഭവിക്കുമായിരുന്നു എന്നാണ്.
ബഹുജന കരുത്തിന്റെ പ്രകടനം തന്നെ നിലവിലെ സേച്ഛാധിപതിയെ ഒഴിവാക്കാന്‍ ധാരാളമായിരുന്നു. അമേരിക്ക മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ മാത്രമേ അയാാള്‍ പോകുമായിരുന്നുള്ളൂ. വളരെയേറെ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം അമേരിക്കയത് ചെയ്തു. അവര്‍ക്ക് ഗൗരവകരമായ മറ്റൊരു സാധ്യതയും ശേഷിച്ചിരുന്നില്ല. അതെന്തായാലും വിജയം ഈജിപ്ഷ്യന്‍ ജനതയ്ക്ക് അവകാശപ്പെട്ടതാണ്. അവരുടെ അവസാനിക്കാത്ത ധീരതയും ത്യാഗവുമാണ് ഇതെല്ലാം സാധ്യമാക്കിയത്.
അതിനാല്‍ മുബാരക്കിനും അയാളുടെ പഴഞ്ചന്‍ പിണിയാളിനും കാര്യങ്ങള്‍ മോശമായി ഭവിച്ചു. പതിനഞ്ച് ദിവസം മുമ്പ്, സുരക്ഷാ സൈനിക തെമ്മാടികളെ അഴിച്ചുവിട്ട വൈസ് പ്രസിഡന്റ് സുലൈമന്‍ ചത്വരത്തില്‍ നിന്ന് പ്രകടനക്കാരെ ഒഴിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. അത് ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചു. ഈജിപ്ത് ജനതയുടെ അലയടിച്ചുയരല്‍, പണിമുടക്കിക്കൊണ്ടുള്ള തൊഴിലാളികളുടെ രംഗത്തിറങ്ങല്‍, തെരുവില്‍ ജഡ്ജിമാരുടെ പ്രകടനം, വരാന്‍ പോകുന്ന ആഴ്ചയില്‍ അണിനിരക്കാന്‍ പോകുന്ന അതി വിപുലമായ ആള്‍ക്കുട്ടം- ഇതെല്ലാം വാഷിംഗ്ടണിന് മുബാരക്കിനെയും അയാളുടെ അനുയായികളെയും ആശ്രയിച്ചുകൊണ്ടിരിക്കല്‍ അസാധ്യമാക്കി മാറ്റി. വിശ്വസ്ത സുഹൃത്തും, 'കുടുംബ'വുമെന്നും മുബാരക്കിനെപ്പറ്റി മുമ്പ് ഹിലാരി ക്ലിന്റണ്‍ പരാമര്‍ശിച്ചത് കൈയൊഴിയപ്പെട്ടു. തങ്ങളുടെ നഷ്ടം കഴിയുന്നത്ര കുറയ്ക്കാന്‍ അമേരിക്കന്‍ തീരുമാനിച്ചു. അവര്‍ സൈനിക ഇടപെടല്‍ അധികാരപ്പെടുത്തി.
പഴയ പാശ്ചാത്യ പ്രിയങ്കരന്‍ ഒമര്‍ സുലൈമാനെ വാഷിംഗ്ടണ്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. അതിന് യുറോപ്യന്‍ യൂണിയന്റെ പിന്തുണയും. അയാള്‍ 'ക്രമപ്രകാരമുള്ള പരിവര്‍ത്തനത്തിന്' മേല്‍നോട്ടം വഹിക്കും. സുലൈമാനെ ജനങ്ങള്‍ എന്നും ക്രൂരനും അഴിമതിക്കാരനായ പീഡകനുമായിട്ടാണ് കണ്ടിരുന്നത്. ഉത്തരവ് നല്‍കുക മാത്രമല്ല അത്തരം പ്രക്രിയയില്‍ പങ്കാളിയാകുകയും ചെയ്യുന്ന ഒരാളായി. മുന്‍ അമേരിക്കന്‍ അംബാസഡര്‍ അയാളെ 'മുന്‍ശുണ്ഠിക്കാരനായി' പുകഴ്ത്തുന്ന രേഖ വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. പുതിയ വൈസ് പ്രസിഡന്റ് കഴിഞ്ഞ ചൊവ്വാഴ്ച പ്രതിഷേധ ജനക്കൂട്ടത്തിന് മുന്നറിയിപ്പ് നല്‍കി. അവര്‍ സ്വയം പിരിഞ്ഞുപോകുന്നില്ലെങ്കില്‍ സൈന്യം നിലപാടെടുക്കും. ഒരു അട്ടിമറി മാത്രമായിരുന്നു പിന്നെയുള്ള ഏക സാധ്യത. പക്ഷേ, അത് തങ്ങള്‍ 30 വര്‍ഷമായി പിന്തുണയ്ക്കുന്ന സേച്ഛാധിപത്യത്തിനെതിരാകുമായിരുന്നു. അതായിരുന്നു രാജ്യത്തിന് സ്ഥിരത നല്‍കാനുള്ള ഏക വഴി.അവിടെ 'സാധാരണ നിലയിലേക്ക്' മടങ്ങിപ്പോകല്‍ സാധ്യമാകുമായിരുന്നില്ല.
അബ് ലോകത്ത് രാഷ്ട്രീയ യുക്തി വിചാരത്തിന്റെ യുഗം മടങ്ങിവരികയാണ്. അധിനിവേശവും അടിച്ചമര്‍ത്തലും ജനങ്ങള്‍ വശംകെട്ടിരിക്കുന്നു. അതിനിടയില്‍ ജോര്‍ദാന്‍, അള്‍ജീരിയ, യെമന്‍ എന്നിവിടങ്ങളില്‍ രാഷ്ട്രീയ താപം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

പരിഭാഷ: ആര്‍.കെ.ബിജുരാജ്

പത്രപ്രവര്‍ത്തകന്‍, ചരിത്രകാരന്‍, നോവലിസ്റ്റ്, ചലച്ചിത്ര സംവിധായകന്‍ എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തനാണ് താരിഖ് അലി. ബ്രിട്ടീഷ്-പാകിസ്ഥാന്‍ വംശജനായ അദ്ദേഹം 'ന്യൂലെഫ്റ്റ് റിവ്യൂ'വിന്റെ എഡിറ്റര്‍മാരിലൊരാളാണ്. ലണ്ടനിലാണ് താമസം.

Samakalika Malayalam varika
2011 Feb 25

Wednesday, February 16, 2011

ഒരു ജഡ്ജിയുടെ സത്യാന്വേഷണ പാഠങ്ങള്‍

ആത്മകഥ


ജസ്റ്റിസ് യു.എല്‍.ഭട്ട്



ഞാനാരാണ്?- സ്വാഭിമാനിയായ ഒരു ഇന്ത്യക്കാരന്‍



''ഞാന്‍ ആന്ധ്രയില്‍ ജനിച്ച, തുളു സംസാരിക്കുന്ന, കന്നഡ-കേരളീയനാണ് എന്നു സ്വയം പറയട്ടെ. പഴയ മദ്രാസ് പ്രവശ്യയില്‍ പ്രാക്ടീസ് തുടങ്ങുകയും ജീവിതത്തിന്റെ നല്ല പങ്കും കേരള സംസ്ഥാനത്തില്‍ ചെലവഴിച്ച് ഇപ്പോള്‍ വടക്കുകിഴക്കിലെ ഒരു കൂട്ടം സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറിപോവുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍''.

ഞാനിങ്ങനെ പറഞ്ഞത് കേരള ഹൈക്കോടതിയിലെ ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് പദവി ഒഴിയുന്ന അവസരത്തില്‍ എനിക്ക് നല്‍കിയ യാത്രയയപ്പിലാണ്. കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. പി. മാത്യൂസ്, പ്രവര്‍ത്തന പരിചയത്തില്‍ സീനിയോറിറ്റി അനുസരിച്ച് എനിക്ക് തൊട്ടു താഴെയുള്ള ജസ്റ്റിസ് കെ.എസ്. പരിപൂര്‍ണന്‍ എന്നിവര്‍ നടത്തിയ അനുമോദന-യാത്രയപ്പ് പ്രസംഗത്തിനുശേഷമായിരുന്നു എന്റെ പ്രസംഗം. ഗൊഹാട്ടി ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നതിനായി കേരളം വിടുന്നതിന്റെ തലേന്നാണ് ഈ യോഗം നടന്നത്. കേരളത്തില്‍ പലരും ചിന്തിക്കുന്നത് ഗൊഹാട്ടി ഹൈക്കോടതിയെന്നാല്‍ അസമിന്റെ ഹൈക്കോടതിയെന്നാണ്. പക്ഷേ, അത് വടക്കു കിഴക്കിലെ ഏഴ് സംസ്ഥാനങ്ങളുടെ പൊതുവായ ഹൈക്കോടതിയാണ്.
എന്റെ യാത്ര ഗുവഹാട്ടിയില്‍ അവസാനിച്ചില്ല. ഏതെങ്കിലും തെക്കന്‍ സംസ്ഥാനത്തിലേക്ക് സ്ഥലമാറ്റം തരണമെന്ന് ആവശ്യപ്പെട്ട് ഗുവഹാട്ടിയില്‍ എത്തി അധികം വൈകാതെ ഞാന്‍ സമര്‍പ്പിച്ച അപേക്ഷയ്ക്ക് വിചിത്രമായ പ്രതികരണമാണുണ്ടായത്. ഏതാണ്ട് രണ്ടര വര്‍ഷത്തിനുശേഷം മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഞാന്‍ നിയമിക്കപ്പെട്ടു. ഒരു കേരള ജഡ്ജിയെ സുപ്രീംകോടതിയില്‍ നിയമിക്കണമോയെന്ന കാര്യം നിരവധി മാസങ്ങള്‍ 'പരിഗണി'ക്കപ്പെട്ടപ്പോള്‍, പരക്കെ അറിയപ്പെടുന്നതുപോലെ, ജസ്റ്റിസ് കെ.എസ്. പരിപൂര്‍ണന് ഇക്കാര്യത്തില്‍ 'സൂപ്പര്‍ ഇളവ്' ലഭിച്ചു. അല്‍പം മുമ്പ് പാറ്റ്‌ന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട, എന്നേക്കാള്‍ രണ്ടരവര്‍ഷം ജൂനിയറായ പരിപൂര്‍ണന്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. എം.എന്‍. വെങ്കിടാചലയ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കാലയളവിലാണ് ആ നിയമനം. വെങ്കിടാചലയ്യയ്ക്കുശേഷം എ.എം. അഹമ്മദി ചീഫ് ജസ്റ്റിയായി. മദ്ധ്യപ്രദേശില്‍ നിന്ന് വിരമിക്കുന്നതിന്റെ തലേന്ന് എന്നോട് ന്യൂഡല്‍ഹിയില്‍, കസ്റ്റംസ് സെന്‍ട്രല്‍ എക്‌സൈ് ആന്‍ഡ് ഗോള്‍ഡ് കണ്‍ട്രോള്‍ അപ്പലേറ്റ് ട്രിബ്യുണല്‍ (സി.ഇി.ജി.എ.ടി) പ്രസിഡന്റായി ചുമതയേല്‍ക്കാന്‍ ജസ്റ്റിസ് അഹമ്മദി പറഞ്ഞു. ഞാന്‍ മദ്ധ്യപ്രദേശില്‍ എത്തിയിട്ട് അപ്പോള്‍ ഒരു വര്‍ഷവും പത്തുമാസവും കഴിഞ്ഞിരുന്നു. എന്നെ നിയമിക്കാനുള്ള തീരുമാനത്തിന്റെ പശ്ഛാത്തലം ജസ്റ്റിസ് അഹമ്മദി വിശദീകരിച്ചു. അതൊരു 'പ്രോത്സാഹന' സമ്മാനമായിട്ടാണ് നല്‍കുന്നതെന്ന് ഞാന്‍ സംശയിച്ചു. അച്ചടക്കത്തെ പറ്റിയുള്ള ബോധമാണ് ആ സമയത്ത് എന്നെ നയിച്ചത്. ഞാന്‍ ന്യൂഡല്‍ഹിയിലേക്ക് പോകുകയും ജീവിതത്തിന്റെ അടുത്ത മൂന്നുവര്‍ഷങ്ങള്‍ അവിടെ ചെലവിടുകയും ചെയ്തു.
സി.ഇ.ജി.എ.ടിയിലെ കാലാവധി പൂര്‍ത്തിയാക്കിയ ഉടനെ സുപ്രീം കോടതി എനിക്ക് 'സീനിയര്‍ അഭിഭാഷകന്‍' എന്ന പദവി നല്‍കി. പക്ഷേ, സജീവമായ പ്രാക്ടീസിനെപ്പറ്റി അപ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നില്ല.
മധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്ന് വിരമിക്കുന്നതിന്റെ മുന്നൊരുക്കമായി ഞാന്‍ ബംഗളരുവില്‍ ഒരു വീട് പണിതിരുന്നു. മംഗലാപുരത്തിന് അടുത്തുളള ഒരു ഗ്രാമത്തില്‍ ജനിച്ച, തുളു സംസാരിക്കുന്ന കന്നടക്കാരനായ ഞാന്‍ കുറച്ചുകൂടി തെക്കോട്ട് നീങ്ങിയാണ് വീടു പണിതത്. അങ്ങനെ ഞാന്‍ 'കേരളീയനായി'. അവസാനം 1998 ഒക്‌ടോബര്‍ ഒന്നിന് ബാംഗളരുവിലേക്ക് വരികയും എന്റെ വിശ്രമജീവിതം തുടങ്ങുകയും ചെയ്തു.
തീര്‍ത്തും യാദൃശ്ചികമായി, പിന്നെയും ചുരുക്കം ചില കേസുകള്‍ എന്റെ വഴിയില്‍ എന്നെത്തേടി വന്നു. അങ്ങനെ കര്‍ണാടക ഹൈക്കോടതിയില്‍ വാദിക്കാനായി എനിക്ക് ചെല്ലേണ്ടിവന്നു. വളരെ കര്‍ശനമായി സ്വയം നിയന്ത്രിച്ചുകൊണ്ട് ഞാന്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി.
ഇപ്പോള്‍ ഞാന്‍ സംശയിക്കുന്നു. ഇന്ത്യയുടെ മലകളും താഴ്‌വരകളും കടന്ന ഞാന്‍ ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണോ, അതോ ലോകത്തിന്റെ യഥാര്‍ത്ഥ പൗരനോ? ഇന്ത്യ 'വിശുദ്ധ കുടുംബകം' എന്ന സങ്കല്‍പ്പത്തില്‍ തീര്‍ത്തും വിശ്വസിക്കുന്നുണ്ട്. അതായത് മുഴുവന്‍ ലോകവും ഒരൊറ്റ കുടുംബമാണ്.


2

ജനനം, പഠനം, തൊഴില്‍

''ആന്ധ്രയില്‍ ജനിച്ച, തുളു സംസാരിക്കുന്ന...''

ഞാന്‍ 'ആന്ധ്ര'യിലാണ് ജനിച്ചത് എന്നു പറഞ്ഞു. ഞാനുദ്ദേശിച്ചത് പഴയ നാട്ടുരാജ്യമായ വിസിയാനഗരമാണ്. ഇന്ന് വിശാഖപട്ടണം എന്ന് അറിയപ്പെടുന്ന വാള്‍ട്ടയര്‍ ടൗണിനടുത്തായിരുന്നു ആ രാജ്യം. 1946-ല്‍ വിസിയാഗനരം ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി. 1954-ല്‍ അത് ആന്ധ്ര സംസ്ഥാനത്തിന്റെ ഭാഗമായി. മദ്രാസ് പ്രവശ്യയുടെ ഭാഗമായിരുന്ന, തെലുഗു സംസാരിക്കുന്ന ജനവിഭാഗങ്ങളെ ഒന്നിപ്പിച്ചാണ് സംസ്ഥാനം ഉടലെടുത്തത്. അന്ന് ആന്ധ്രയുടെ തലസ്ഥാനം കുര്‍നൂലായിരുന്നു. ആന്ധ്രഹൈക്കോടതി നിലകൊണ്ടത് ഗുണ്ടൂരുമായിരുന്നു. എന്നാല്‍ 1956 നവംബര്‍ ഒന്നിന് സംസ്ഥാനങ്ങളുടെ പുന:സംഘടനയുടെ ഭാഗമായി അതുവരെയുണ്ടായിരുന്ന ആന്ധ്ര സംസ്ഥാനത്തിനൊപ്പം സമീപ പ്രദേശങ്ങളിലെ തെലുഗു സംസാരിക്കുന്ന മേഖലകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട്, ഹൈദരാബാദ് തലസ്ഥാനമാക്കി ഇന്നത്തെ ആന്ധ്രാപ്രദേശ് രൂപീകരിച്ചു. മദ്രാസ് പ്രവശ്യയുടെ ഭാഗത്ത് ശേഷിച്ചത് വാള്‍ട്ടയര്‍ സര്‍വകലാശാലയും മദ്രാസ് സര്‍വകലാശാലയും മാത്രമായിരുന്നു.
എന്റെ അച്ഛന്‍ യു. സുബ്ബരായ്യ ഭട്ടായിരുന്നു ഞങ്ങളുടെ സമുദായത്തില്‍ ആദ്യ ബിരുദാന്തര ബിരുദം നേടിയയാള്‍. ഇംഗ്ലീഷ് ഭാഷയിലായിരുന്നു എം.എ. ബിരുദം. ശിവേലി ബ്രാഹ്മണന്‍ സമുദായമാണ് ഞങ്ങളുടേത്. ആ പേരുവന്നത് എട്ട് മഠങ്ങള്‍ക്കും ശ്രീകൃഷ്ണ അമ്പലത്തിനും പ്രശസ്തമായ ഉടുപ്പിയോട് ചേര്‍ന്നുള്ള ശിവേലി എന്ന ഗ്രാമത്തില്‍ നിന്നാണ്. പാലക്കാട് വിക്‌ടോറിയ കോളജില്‍ കുറച്ചു വര്‍ഷം അച്ഛന്‍ ഇംഗ്ലീഷ് ലക്ചററായി പ്രവര്‍ത്തിച്ചു. പാലക്കാട് അന്ന് മലബാര്‍ ജില്ലയിലാണ്്. മലബാര്‍ ജില്ലയാകട്ടെ മദ്രാസ് പ്രവശ്യയുടെ ഭാഗമണ്. പിന്നീട് ഞാന്‍ 1973-77 കാലത്ത്, നാലുവര്‍ഷം ജില്ലാ-സെഷന്‍സ് ജഡ്ജിയിയായി പാലക്കാട് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഞങ്ങള്‍ ഉള്ളാള്‍ എന്ന ഗ്രാമക്കരാണ്. അതാണ് എന്റെ പേരിലെ 'യു' എന്ന ഇന്‍ഷ്യലായി വന്നത്. ഇന്നത് മംഗലാപുരം പട്ടണത്തിന്റെ അര്‍ദ്ധപട്ടണമാണ്്. മംഗലാപുരം മുമ്പത്തെ ദക്ഷിണ കനാറ (കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമായപ്പോള്‍ അതിന് ദക്ഷിണ കന്നഡ ജില്ല എന്നാക്കി പേര്)യുടെ തലസ്ഥാനമായിരുന്നു. ആ ജില്ല പിന്നീട്് രണ്ടായി. മംഗലാപുരം തലസ്ഥാനമായി ദക്ഷിണ കന്നഡ ജില്ലയും ഉഡുപ്പി തലസ്ഥാനമായി ഉഡുപ്പി ജില്ലയും.
പിന്നീട് അച്ഛന്‍ വിസിയാനഗരത്തിലെ മഹാരാജാസ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറാകുന്നതിനായി വിസിയാനഗരത്തിലേക്ക് താമസം മാറ്റി. കാലം കടന്നുപോയപ്പോള്‍ അദ്ദേഹം ആ കോളജിന്റെ പ്രിന്‍സിപ്പലുമായി. കിഴക്കന്‍ തീരമേഖലയിലെ പ്രമുഖ ബിരുദകോളജായിരുന്നു അത്. വളരെ അധികം പ്രശസ്തിയും അംഗീകാരവും കോളജിനുണ്ടായിരുന്നു. രാജകുടുംബാംങ്ങള്‍ വിദ്യാഭ്യാസത്തെ പിന്തുണച്ചതിന്റെ ഫലം കൂടിയായിരുന്നു കോളജ്.
അച്ഛന്‍ ഹൃദയംകൊണ്ട് ശരിയായ ദേശീയ വാദിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് രബീന്ദ്ര നാഥ ടാഗോറും സരോജിനി നായിഡുവും കോളജ് സന്ദര്‍ശിച്ചിട്ടുണ്ട്. അവര്‍ക്ക് വലിയ ആദരവ് നല്‍കികൊണ്ടുള്ള സ്വീകരണവും കോളജില്‍ ഏര്‍പ്പാടാക്കി. ഷേക്‌സ്പിയിര്‍സാഹിത്യത്തിലെ ആധികാരിക വ്യക്തിയായിട്ടാണ് അച്ഛന്‍ അറിയപ്പെട്ടിരുന്നത്. 1935-39 കാലത്ത് കോളജിന്റെ പ്രിന്‍സിപ്പലായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകളുടെ അംഗീകാരമെന്ന നിലയില്‍ ഇംഗ്ലണ്ടിലെ രാജാവ് അദ്ദേഹത്തിന് 'റാവു സഹോബ'് എന്ന അംഗീകാരം നല്‍കി. 1938 ലായിരുന്നു വിരമിക്കേണ്ടിയിരുന്നത്്. ഞാനതിന് അഞ്ചുവര്‍ഷം മുമ്പ് ജനിച്ചു. അച്ഛന് പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ മൂന്നുവര്‍ഷത്തേക്ക് കൂടി സര്‍വീസ് നീട്ടി നല്‍കി. പക്ഷേ, 1939 മാര്‍ച്ചില്‍ ടൈഫോയിഡ് പിടിപെട്ട് അദ്ദേഹം അന്തരിച്ചു. ഇന്നത്തെകാലത്ത് ടൈഫോയിഡ് പിടിപെട്ടുള്ള മരണത്തെപ്പറ്റി ചിന്തിക്കാനാവില്ല.
അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയ്ക്ക് പ്രായം നാല്‍പതുകളുടെ തുടക്കത്തിലായിരുന്നു. ഭാര്യയെയും എന്റെ വിവാഹിതയായ മൂത്ത സഹോദരി, മൂത്ത സഹോദരന്‍, നാല് സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ എന്നിവരെ തനിച്ചാക്കിയിട്ടാണ് അച്ഛന്‍ പോയത്. മൂത്ത ചേട്ടന്‍ അന്ന്, ഇന്നത്തെ പ്ലസ് ടുവിന് തുല്യമായ ഇന്റര്‍മീഡിയേറ്റ് പൂര്‍ത്തിയാക്കിയതേയുണ്ടായിരുന്നുള്ളൂ. അച്ഛന് ആദ്യ ഭാര്യയില്‍ രണ്ടു കുട്ടികളും കൂടിയുണ്ടായിരുന്നു. ആദ്യ ഭാര്യ മരിച്ചുപോയിരുന്നു. അവര്‍ മംഗലാപുരത്താണ് താമസിച്ചിരുന്നത്. ഞാന്‍ അന്ന് തെലുഗു മാധ്യമമായ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുകയാണ്. കന്നഡയോ ഇംഗ്ലീഷോ ആണ് അവിടെ പഠിപ്പിച്ചിരുന്നത്. അച്ഛന്റെ മരണത്തോടെ ഞങ്ങള്‍ വിസിയനഗരം വിട്ട് മംഗലാപുരത്തേക്ക് തന്നെ മടങ്ങിപ്പോയി. എന്റെ മൂത്ത സഹോദരന്‍ മാത്രമാണ് അന്ന് കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ആണ്‍തരി. അദ്ദേഹം ബിഎസ്.സി. ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി പഠിക്കാനായി ബനാറസ് സര്‍വകലാശാലയിലേക്ക് പോയി. അമ്മ കാസര്‍ഗോഡേക്ക് പോകാമെന്ന് തീരുമാനിച്ചു. അവിടെ എന്റെ ജ്യേഷ്ഠത്തിക്കും ഭര്‍ത്താവായ ബി.എസ്. കാക്കിലയ്യയ്‌ക്കൊപ്പം താമസിക്കാനായിരുന്നു തീരുമാനം. അവരുടെ സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു അത്. കക്കാലിയ്യ പിന്നീട് പ്രദേശിക നിയമരംഗത്ത് വളരെ പ്രശസ്തനായി. മംഗലാപുരത്തിന്റെ 30 മൈല്‍ തെക്കായിട്ടാണ് കാസര്‍ഗാഡ് സ്ഥിതിചെയ്യുന്നത്. ഉള്ളാളില്‍ നിന്ന് 25 മൈല്‍ തെക്കായും. 1940 മുതല്‍ 1951 വരെ ഞങ്ങള്‍ മംഗലാപുരത്തിനും കാസര്‍ഗോഡിനുമിടയില്‍ അങ്ങോട്ടുമിങ്ങോട്ടും താമസം മാറിക്കൊണ്ടിരുന്നു. ഈ കൂടുമാറ്റങ്ങള്‍ അന്ന്് എസ്.എസ്.എല്‍.സി വിജയിച്ച, എന്റെ സഹോദരങ്ങളുടെ സൗകാര്യാര്‍ത്ഥമായിരുന്നു. അക്കാലത്ത് കാസര്‍ഗോഡും കാസര്‍ഗോഡു താലൂക്ക് മൊത്തവും മദ്രാസ് പ്രവശ്യയുടെ ഭാഗമായി ദക്ഷിണ കനാറയുടെ ഭാഗമായിരുന്നു. കന്നഡ്, തുളു, മലയാളം എന്നിവയാണ് ആളുകള്‍ സംസാരിച്ചിരുന്ന ഭാഷ. ഇക്കാലത്ത് ഞാന്‍ നാലുവര്‍ഷം കാസര്‍ഗോഡ് ജീവിച്ചു. കാസര്‍ഗോഡുമായുള്ള എന്റെ ബന്ധം ഉറപ്പിക്കുന്നതും സ്ഥാപിക്കുന്നതും ഇക്കാലത്താണ്. കൂട്ടുകാര്‍, സഹപാഠികള്‍, എന്നിവര്‍ക്കൊപ്പമായിരുന്നു ഈ ബന്ധം ദൃഢമായത്.
1951-ല്‍ കുടുംബം മദ്രാസിലേക്ക് മാറി. ഒരു സ്വകാര്യ സോപ്പ് കമ്പനിയില്‍ മൂത്ത ജ്യേഷ്ഠന്‍ യു.എ. കൃഷ്ണ ജോലി ചെയ്തിരുന്നു. നല്ല സാങ്കേതിക അവഗാഹമുള്ള ഒരാളായിരുന്നു അദ്ദേഹം. ഒരു അലക്ക് സോപ്പ് നിര്‍മാണ പ്രക്രിയ അദ്ദേഹത്തിന് അറിയാമായിരുന്നു. വിലകുറഞ്ഞ രീതിയില്‍ സ്വന്തമായി ഉല്‍പാദന യൂണിറ്റ് അദ്ദേഹം സ്ഥാപിച്ചു. എന്റെ മറ്റൊരു ജ്യേഷ്ഠന്‍ യു.കെ. മോഹനന്‍ വില്‍പനയുടെ ചുമതലയേറ്റെടുത്തു. മദ്രാസ് നഗരത്തിലും ആന്ധ്രയിലും താഴ്ന്ന, ഇടത്തരം വര്‍ഗങ്ങള്‍ക്കിയില്‍ സോപ്പ് പെട്ടെന്ന് ജനപ്രിയമായി.
ബിരുദത്തിന് പഠിക്കുമ്പോഴുള്ള രസകരമായ ഒരു സംഭവം പറയാതിരിക്കാനാവില്ല. പൊതു പരീക്ഷയില്‍ ഫിസിക്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് രണ്ട് എക്‌സാമിനര്‍മാരുണ്ടാകും. ഒരാള്‍ കോളജിലുള്ളതും മറ്റൊരാള്‍ പുറത്തുനിന്ന് വന്നതും. പുറത്തുനിന്ന് വന്ന എക്‌സാമിനര്‍ മദ്രാസ് പ്രസിഡന്‍സി കോളജിലെ ഫിസിക്‌സ് പ്രൊഫസറാണ്. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് 'വെളിച്ച'വുമായി ബന്ധപ്പെട്ട ഒരു ചോദ്യമാണ് നല്‍കിയിരുന്നത്. ഞാനത് സ്‌പെക്‌ട്രോമീറ്റര്‍ എന്ന ഉപകരണംകൊണ്ട് പരിഹരിക്കണം. ഞങ്ങളുടെ കോളജിലെ ഈ ഉപകരണങ്ങള്‍ പഴയതും ഏതാണ്ട് മോശവുമായിരുന്നു. സ്‌പെക്‌ടോമീറ്റര്‍ മേശപ്പുറത്ത് ഉറപ്പിക്കാന്‍ തന്നെ പണിപ്പെട്ടു. പുറത്തുനിന്ന് വന്ന എക്‌സാമിനര്‍ അദ്ദേഹത്തിന്റെ ശ്രദ്ധ എന്നില്‍ തന്നെ നിര്‍ത്തി. പലവട്ടം മേശയ്ക്കരികിലേക്ക് വന്ന് 'വെളിച്ച'വുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചുകൊണ്ടിരുന്നു. ഇത് തന്നിരിക്കുന്ന പ്രോബ്‌ളത്തിനു പുറത്തുള്ളതാണ്. മൂന്നു തവണ ഞാന്‍ ചെയ്യുന്നത് നിര്‍ത്തി അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ ഉത്തരം പറഞ്ഞു. വീണ്ടും ചോദിച്ചപ്പോള്‍ ഞാന്‍ ഉത്തരം പറയാന്‍ വിസമ്മതിച്ചു. ആദരവോടെ തന്നെയായിരുന്നു ഈ വിസമ്മതം. എക്‌സിപിരിമെന്റ് കഴിഞ്ഞിട്ട് ഉത്തരം പറയാമെന്നായിരുന്നു എന്റെ മനോഭാവം. അദ്ദേഹം എന്നെ തന്നെ തുറിച്ചുനോക്കിക്കൊണ്ട് നിന്നു. ആ നോട്ടത്തിന് എന്റെ ഭാവിയില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താനാവുമെന്ന് അന്നേരം ഞാന്‍ ചിന്തിച്ചതേയില്ല. ഞാന്‍ ബിരുദ പരീക്ഷയ്ക്ക്് വളരെ ഉയര്‍ന്ന സെക്കന്‍ഡ് ക്ലാസ് നേടി. സാധാരണ കുട്ടികളെല്ലാം വളരെ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന ഫിസിക്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ കുറവുമാര്‍ക്കും.
ഞാന്‍ മദ്രാസില്‍ കുടുബത്തിന്റെ അടുത്തേക്ക് പോയി. സഹോദരന്റെ വീടിനടുത്തുള്ള പ്രസിഡന്‍സി കോളജില്‍ ചേരണമെന്നായിരുന്നു ചിന്ത. പ്രസിഡന്‍സി കോളജില്‍ ഇന്റര്‍റ്വ്യൂ റൂമില്‍ കടന്നപ്പോള്‍ ഞാന്‍ പഴയ എക്‌സാമിനറെ അവിടെ കണ്ടു. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞ്് 'ഓ, നിങ്ങളോ' എന്ന് ആശ്ചര്യം കൊണ്ടു. സുഖകരമല്ലാതെ കഴിഞ്ഞ ആ അഭിമുഖത്തിനുശേഷം ഞാന്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കയറി നേരെ മദ്രാസ് ലോ കോളജിലേക്ക് പോയി. ഇന്നത് ചെന്നൈ ചട്ട കല്ലൂരി എന്നാണ് അറിയപ്പെടുന്നത്. ഞാന്‍ അപേക്ഷാ ഫോം മേടിച്ച് പൂരിപ്പിച്ച്, ഫീസുമടച്ച് വീട്ടിലേക്കുപോയി. എന്നെ കാത്ത് ആശങ്കയോടെ നിന്ന അമ്മയും സഹോദരന്‍മാരും എന്തുപറ്റി എന്നുചോദിച്ചു. ഞാനവരോട് എനിക്ക് മദ്രാസ് ലോ കോളജില്‍ പ്രവേശനം കിട്ടി എന്നു പറഞ്ഞു. അവര്‍ സ്തബദ്ധരായി. പക്ഷേ നിരാശരായിട്ടല്ല അവര്‍ കാണപ്പെട്ടത്. നിരാശകലര്‍ന്ന മാനസികാവാസ്ഥയിലായിരുന്നു ഞാന്‍.
തിരിഞ്ഞുനോക്കുമ്പോള്‍, എന്റെ മരിച്ചുപോയ സഹോദരീഭര്‍ത്താവ് ബി.എസ്. കാക്കിലയ്യയുടെ തലത്തില്‍ ഒപ്പമെത്തണമെന്ന് പലപ്പോഴും ഞാന്‍ ഉള്ളാലെ ആഹ്രിച്ചിരുന്നു എന്ന് തോന്നുന്നു. അദ്ദേഹം നാല് ദശാബ്്ദം സിവില്‍ കേസുകളില്‍ കാസര്‍ഗോട്ടെ മികച്ച നിയമജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ ഭാഗ്യത്തെപ്പറ്റി, നിയമ അറിവിനെപ്പറ്റി, കഴിവിനെ ചുറ്റിപ്പറ്റി പല കഥകള്‍ പ്രചരിച്ചിരുന്നു. പ്രാദേശിക സിവില്‍ കോടതിയില്‍ ആദ്യ ദിവസം ഹാജരായപ്പോള്‍ തന്നെ പഴയതും പുതിയതുമായ പതിനഞ്ച് കേസുകള്‍ക്ക് അദ്ദേഹം വക്കാലത്ത് സമര്‍പ്പിച്ചു. തന്റെ പ്രൊഫഷനോട് അതിയായ ഇഷ്ടമുള്ള, പ്രതിബദ്ധതയും സമര്‍പ്പണമനോഭവമുള്ളയാളായിരുന്നു അദ്ദേഹം. ഒരു പക്ഷേ, പ്രസിഡന്‍സി കോളജ് പ്രൊഫസറെ കണ്ടതും ഇന്റര്‍വ്യൂവിന്റെ ഫലം നോക്കാതെ നിയമത്തിനു ചേര്‍ന്നതും മനസിനുള്ളിലെ അറിയാത്ത ആ മോഹത്തിന്റെ തുടര്‍ച്ചയായിരുന്നിരിക്കണം. അന്നത്തെ് കാലത്ത് ലോ കോളജില്‍ ചേരുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ബംഗളരുവിലെ സെന്റ ജോണ്‍സ് മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗം മേധാവിയും പ്രൊഫസറുമായിരുന്ന, മരുമകള്‍ ഡോ. പ്രഭാ ജയരാജ് എന്റെ ജീവിതത്തിലെ ഇതുള്‍പ്പടെയുള്ള പല സംഭവങ്ങളും കേട്ടപ്പോള്‍ പറഞ്ഞു: ''അമ്മാവന്‍, അതായിരുന്നു താങ്കളുടെ വിധി''. ചിലപ്പോള്‍, പ്രായക്കുറവുണ്ടെങ്കിലും അവര്‍ക്ക് എന്നേക്കാള്‍ ബുദ്ധിയുണ്ടായിരിക്കണം. എന്നെ സംബന്ധിച്ച് 'വിധി' എന്ന വാക്ക് ഒരിക്കലും എന്നെ ആകര്‍ഷിച്ചിട്ടേയില്ല.
1954-ല്‍ നിയമത്തില്‍ ബിരുദം നേടിയപ്പോള്‍ എനിക്ക് നിയമത്തെപ്പറ്റി വളരെ കുറച്ചു മാത്രമേ അറിയാമായിരുന്നുള്ളു. അടുത്ത സുഹുത്തുക്കള്‍ പറയുന്നത് അനുസരിച്ച് പഠനം കഴിഞ്ഞിട്ടുള്ള അജ്ഞത ഇപ്പോഴും നിയമ ബിരുദധാരികളില്‍ തുടരുന്നുണ്ട്. ഇതാണ് മിക്ക ലോളോജിലെയും യഥാര്‍ത്ഥ പ്രൊഡക്ടുകളുടെ അവസ്ഥ. എന്തുകൊണ്ടാണ് ലോകോളജില്‍ ഇത്തരം അവസഥ തുടരുന്നത് എന്നതിനെപ്പറ്റി ആര്‍ക്കും ചിന്തിക്കാനാവില്ല. പക്ഷേ, നാഷണല്‍ ലോ സ്‌കൂളില്‍ നിന്നിറങ്ങുന്നവര്‍ ഇക്കാര്യത്തില്‍ വ്യത്യസ്തരാണ്. 1954 ഓടെ എന്റെ സഹോദരിഭര്‍ത്താവ് ജില്ലാ കോടതിയില്‍ നിന്ന് പ്രാക്ടീസ് മംഗലാപുരത്തെ മറ്റ് കോടതികളിലേക്ക് മാറ്റി. കാസര്‍ഗോഡുണ്ടായിരുന്ന വലിയ തോതിലുള്ള കേസുകളെല്ലാം മരുമകനായ യു.പി. കുന്നികുല്ലയ്യയ്ക്ക് അദ്ദേഹം ഏല്‍പിച്ചുകൊടുത്തു. മംഗലാപുരത്തെ ഒരു സീനിയര്‍ അഭിഭാഷകനും ജനപ്രിയനുമായ ജി.കെ.ഗോവിന്ദഭട്ട് ആ സമയത്ത് മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസു ചെയ്യാന്‍ പോയിരുന്നു. അദ്ദേഹമാണ് എന്റെ സഹോദരിഭര്‍ത്താവിനെ തന്റെ ജോലികള്‍ ഏറ്റെടുക്കാനായി ക്ഷണിച്ചത്. പെട്ടന്ന് തന്നെ ജില്ലയുടെ മറ്റ് ഭാഗങ്ങളിലുള്ള കക്ഷികളെയും ആകര്‍ഷിക്കാന്‍ സഹോദരീഭര്‍ത്താവിനായി. ഞാന്‍ 1954 ല്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചേംബറില്‍ കുടി. 1955-ല്‍ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി സന്നതെടുത്തു. എന്റോള്‍മെന്റ് നടന്നത് ചീഫ് ജസ്റ്റിസ് പി.വി. രാജമന്നാര്‍ മേധാവിയായിരുന്ന ഒന്നാം ക്ലാസ് കോടതിയിലാണ്. എന്റോള്‍മെന്റിനുളള മോഷന്‍ മൂവ് ചെയ്തത് തുംബ കൃഷ്ണ റാവുവാണ്. തുംബ കൃഷ്ണറാവു പിന്നീട് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറി. കര്‍ണാടക അഡ്വക്കേറ്റ് ജനറലുമായി.
അങ്ങനെ ഞാന്‍ അഭിഭാഷകനായി. സഹോദരിഭര്‍ത്താവിന്റെ ചേംബറില്‍ തന്നെയാണ് ചേര്‍ന്നത്. ആറുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചശേഷം, സഹോദരീഭര്‍ത്താവാണ് എന്നെ മകനെപ്പോലെ നോക്കിയിരുന്നത്. വളരെ ഗൗരവക്കാരനായ മനുഷ്യനായിരുന്നു അദ്ദേഹം. ആുകള്‍ക്ക് അദ്ദേഹത്തെ എളുപ്പം പിടികിട്ടില്ല. മുഖത്ത് വികാരങ്ങള്‍ പ്രകടിപ്പിക്കാത്ത ഒരാളായിരുന്നു. പക്ഷേ, എന്നോട് വലിയ വാത്സല്യമായിരുന്നു. അദ്ദേഹമാണ് എന്നെ ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ പരുവപ്പെടുത്തിയത്. വളരെ ഗൗരവക്കാരനായ അദ്ദേഹം തന്റെ കക്ഷികള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്തു. അവരോട് പ്രതിബദ്ധതയും സമര്‍പ്പണ മനസ്‌കനുമായിരുന്നു. സത്യത്തിന്റെ ലക്ഷ്മണ രേഖ മറികടക്കാത്ത, ശുദ്ധമനസ്‌കന്‍. പ്രൊഫഷണല്‍ പ്രാഗല്‍ഭ്യമുള്ളയാളുമായിരുന്നു. ഞങ്ങളോട് പലതരം ചിന്തകള്‍ അദ്ദേഹം എപ്പോഴും പങ്കുവച്ചിരുന്നു. അതിന്റെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ടത് ഒരു ജഡ്ജി എന്ന നിലയിലും സീനിയര്‍ അഭിഭാഷകനെന്ന നിലയിലും പിന്നീടുള്ള ജീവിതത്തില്‍ വലിയ ഗുണം ചെയ്തു. അദ്ദേഹം നല്ല കഠിനാധാനിയായിരുന്നു. എങ്കിലും ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. വൈകുന്നേരങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് (കോണ്‍ഗ്രസ് പാര്‍ട്ടിക്ക്) വേണ്ടി അദ്ദേഹം മാറ്റി വച്ചു. പിന്നീടുള്ള ജീവിതത്തില്‍ കാസര്‍ഗോഡ് കര്‍ണാടക സമിതിക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. സഹകരണ സ്ഥാപനങ്ങള്‍ക്കും തന്റെ വരുമാനത്തെ ഭാഗികമായി ആശ്രയിച്ചു പ്രവര്‍ത്തിച്ച ഹരിജന്‍ ഹോസ്റ്റലിനുവേണ്ടിയായിരുന്നു മുഖ്യപ്രവര്‍ത്തനം. കാസര്‍ഗോഡാണ് അദ്ദേഹം അഭിഭാഷകനായി ജീവിതം തുടങ്ങുന്നത്. അന്ന് അവിടെ രണ്ടോ മൂന്നോ മുന്‍സിഫ് കോടതി (സിവില്‍ ജഡ്ജി, ജൂനിയര്‍ ഡിവിഷന്‍)മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അദ്ദേഹം തന്റെ മികവുകള്‍കൊണ്ട് അപ്പലേറ്റ് അഭിഭാഷകനായി. എന്റെ ജീവിതത്തില്‍ അത്തരമൊരു വളര്‍ച്ച പിന്നീട് സംഭവിച്ചു കണ്ടിട്ടേയില്ല.
സംസ്ഥാനങ്ങളുടെ പുന:സംഘടനയോടെ, മദ്രാസ് പ്രവശ്യയുടെ ഭാഗമായിരുന്ന ദക്ഷിണ കനാറ ജില്ലയിലെ കാസര്‍ഗോഡ് താലൂക്ക് മലബാര്‍ ജില്ലയുടെ ഭാഗമായി. അത് പിന്നീട് തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനവുമായി ചേര്‍ന്ന് കേരള സംസ്ഥാനമായി രൂപീകരിക്കപ്പെട്ടു. അന്നും ഇന്നും ഞാന്‍ ചിന്തിക്കുന്നത് കാസര്‍ഗോഡിലെ ഭൂരിപക്ഷം ജനങ്ങളുടെയും ആഗ്രഹത്തിനു വിരുദ്ധമായിട്ടാണ് കാസര്‍ഗോഡ് കേരളത്തില്‍ ചേര്‍ന്നതെന്നാണ്. അവിടുത്തെ ജനങ്ങളുടെ സാമ്പത്തിക, സാംസ്‌കാരിക താല്‍പര്യത്തിനെതിരായിരുന്നു അത്. ജില്ലയുടെ ബാക്കി ഭാഗങ്ങള്‍ കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമായി. കാസര്‍ഗോഡ് ജില്ലാ കോടതിയെയും സബ്ഓര്‍ഡിനേറ്റ് ജഡ്ജിയുടെ കോടതിയും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടരാന്‍ എന്റെ സീനിയര്‍ തീരുമാനിച്ചിരുന്നു. ആ മേഖലയിലുള്ള ഏതൊരു കേസിലും സീനിയറിന്റെ പങ്കാളിത്തമുണ്ടായിരുന്നു. അതുകൂടാതെ സംസ്ഥാന പുന:സംഘടനയോടെ ഞങ്ങള്‍ക്ക് തലശ്ശേരിയിലേക്ക് മാറാതെ നിവര്‍ത്തിയില്ലെന്നായി. അവിടെയായിരുന്നു കാസര്‍ഗോഡ് കൂടി ഭാഗമായ കണ്ണൂര്‍ ജില്ലയുടെ ആസ്ഥാനം. ഞങ്ങള്‍ താമസവും ഓഫീസും ഒറ്റക്കെട്ടിടത്തില്‍ ഉറപ്പാക്കുന്ന ഒരു ഓഫീസ് തലശ്ശേരിയുടെ പ്രാന്തത്തിലുള്ള ധര്‍മടത്ത് തുറന്നു. ഒരു വലിയ കെട്ടിടത്തിലായിരുന്നു ഓഫീസ്്. ഞങ്ങള്‍ പ്രാദേശിക കോടതികളില്‍ ഹാജരാകാന്‍ തുടങ്ങി. ജില്ലാ രൂപീകരണത്തെ തുടര്‍ന്നും മംഗലാപുരത്തുതന്നെയുള്ള മറ്റ് അഭിഭാഷകരുടെ കക്ഷികള്‍ തലശ്ശേരിയിലെ അഭിഭാഷകരെ ആശ്രയിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പക്ഷേ, ഞങ്ങള്‍ തലശേരിയില്‍ ഓഫീസ് തുറന്നതോടെ അടുത്ത മാസങ്ങളില്‍ ഞങ്ങളുടെ ഓഫീസിലേക്ക് അവരും തള്ളിക്കയറാന്‍ തുടങ്ങി. എന്റെ മുഖ്യ ജോലി ഈ കേസുകള്‍ക്കുള്ള കടലാസുകെട്ടുകള്‍ ശരിയാക്കലായിരുന്നു. എന്റെ സീനീയറിനെ സംബന്ധിച്ച് കടലാസുകള്‍ ശരിയായ രീതിയില്‍ അടുക്കിവയ്ക്കുന്നതും ഇല്ലാത്ത പേപ്പറുകളും രേഖകളും സംഘടിപ്പിക്കുന്നതും ഓരോ കേസും വിജയകരമായി കൈകാര്യം ചെയ്യാന്‍ കൂടിയേ തീരൂ. ഈ ശീലം പിന്നീടുള്ള ജീവിതത്തില്‍ ഞാനും പിന്തുടര്‍ന്നു.

തുടരും

സമകാലിക മലയാളം വാരിക
2011 Feb 18

എന്റെ സിനിമാ യാത്രകള്‍

സംഭാഷണം

കമല്‍/ആര്‍.കെ.ബിജുരാജ്




മലയാളിക്ക് കുറേ നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ കമല്‍ സിനിമാ വഴികളും ജീവിതവും പറയുന്നു. തന്റെ നിലപാടുകളും സിനിമാ സങ്കല്‍പങ്ങളും വ്യക്തമാക്കുന്നു. ഒപ്പം താന്‍ സംവിധാനം ചെയ്ത സിനിമകള്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്നു.


എന്റെ സിനിമാ യാത്രകള്‍


കൊടുങ്ങല്ലൂരില്‍, ഒരു മുസ്‌ളീം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ശരിക്കും പറഞ്ഞാല്‍ കുട്ടിക്കാലം മുതലേ സിനിമ എന്റെ കുടുംബാന്തരീക്ഷത്തിലുണ്ട്. അതിനേക്കാള്‍ ശരിയായി പറഞ്ഞാല്‍ സിനിമയും കലയും എന്റെ ദേശത്തിന്റെ ഭാഗമാണ്. സിനിമയിലേക്ക് എന്നെ ആകര്‍ഷിക്കുന്നതില്‍ അബോധമായി ദേശത്തിന്റെയും കുടുംബത്തിന്റെയും അന്തരീക്ഷം സ്വാധീനിച്ചിട്ടുണ്ടാകാം.
എന്റെ ഓര്‍മയില്‍ കൊടുങ്ങല്ലൂരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പ്രതിഭ ഭാസ്‌കരന്‍ മാഷാണ് (പി. ഭാസ്‌കരന്‍). ഭാസ്‌കരന്‍ മാഷുള്ള കൊടുങ്ങല്ലൂര്‍ എന്നാണ് അന്നത്തെ കൊടുങ്ങല്ലൂരിനെപ്പറ്റി പറയേണ്ടത്. സിനിമ എന്നു പറയുമ്പോള്‍ ഭാസ്‌കരന്‍ മാഷിനെപ്പറ്റിയായിരുന്നു കൊടുങ്ങല്ലൂര്‍കാര്‍ ആദ്യം വമ്പു പറഞ്ഞിരുന്നത്. കുട്ടിക്കാലത്ത് ഞാനുള്‍പ്പടെയുള്ളവര്‍ അദ്ദേഹത്തിന്റെ വരികള്‍ ആവര്‍ത്തിച്ചു പാടി. 'താമസമെന്തേ വരുവാന്‍' തുടങ്ങിയ പ്രശസ്തമായ പാട്ടുകള്‍ എവിടെയും നിറഞ്ഞു നിന്നു. അത് അദ്ദേഹത്തിന്റെയും പുഷ്‌കലകാലമാണ്. പാട്ട് ഇഷ്ടപ്പെട്ടിരുന്ന എന്നെ, ഭാസ്‌കരന്‍ മാഷ് വല്ലാതെ ആകര്‍ഷിച്ചു. ആ ആകര്‍ഷണമാണ് സിനിമയിലേക്ക് അടുപ്പിക്കുന്ന ഒരു ഘടകം.
മറ്റൊന്ന് ബന്ധുവായ സിനിമാ നടന്‍ ബഹദൂറാണ്. അദ്ദേഹം എന്റെ തറവാടായ 'പടിയത്ത്' അംഗമാണ്. കുട്ടിക്കാലത്ത് ഞാന്‍. അദ്ദേഹത്തെ അപൂര്‍വമായേ കണ്ടിട്ടുള്ളൂ. എന്നാല്‍ ബഹദൂറിന്റെ ബന്ധുവാണ് എന്നത് കുട്ടിക്കാലത്തെ എന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. അത് ഞാന്‍ സഹപാഠികളോട് പറഞ്ഞ് അഭിമാനംകൊണ്ടു. അന്ന് വീട്ടുകാരെല്ലാം അദ്ദേഹത്തെ കുഞ്ഞാലു എന്നാണ് വിളിക്കുന്നത്. അമ്മയുടെ കസിനാണ് അദ്ദേഹം. അതുപോലെ മറ്റൊരു ഫസ്റ്റ് കസിനാണ് മൊയ്തു പടിയത്ത്. 'കുട്ടിക്കുപ്പായം' എന്ന സിനിമ സംവിധാനം ചെയ്ത പ്രതിഭാ ധനനാണ് അദ്ദേഹം. കൊടുങ്ങല്ലൂരിലാണ് കുട്ടിക്കുപ്പായം ചിത്രീകരിച്ചത്. അന്ന് കൊടുങ്ങല്ലൂരിലെ കാളീശ്വര ടാക്കീസിലും ചേരമനിലെ തീയേറ്ററിലുമൊക്കയാണ് ഞങ്ങളുടെ സിനിമ കാണാല്‍. കൊടുങ്ങല്ലൂരില്‍ 'കുട്ടിക്കുപ്പായം' റിലീസ് ചെയ്തപ്പോള്‍ ഒരു ഉത്സവമായിരുന്നു. വീട്ടുകാരെല്ലാം ഒന്നിച്ച് ആഘോഷമായിട്ടാണ് സിനിമ കാണാന്‍ പോകുന്നത്. പെണ്ണുങ്ങള്‍ അടക്കമുള്ളവര്‍ ഒരുങ്ങി വലിയ സംഘമായിട്ടാണ് സിനിമയ്ക്ക് പോയത്. ൂറു ദിവസം അവിടെ അന്ന് പടം ഓടി. കുട്ടിക്കുപ്പായം എന്നത് ഞങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട സിനിമയാണ്. സിനിമയിലെ കഥാപാത്രങ്ങളുടെ പേരുപോലും കുടുംബത്തിലുള്ളവരുടേതാണ്. അന്ന് അതൊരു കൗതുകമായിട്ടാണ് അനുഭവപ്പെട്ടത്.
സിനിമയുമായി ബന്ധപ്പെട്ട് മനസില്‍ തങ്ങി നില്‍ക്കുന്ന മറ്റൊന്ന് ചെമ്മീന്‍ സിനിമയുടെ ചിത്രീകരണമാണ്. ആ സിനിമയുടെ ചിത്രീകരണം നടക്കുന്നത് ചേറ്റുവ, നാട്ടിക കടപ്പുറത്താണ്. അന്ന് ഷൂട്ടിംഗ് കാണാന്‍ വീട്ടുകാര്‍ പോയപ്പോള്‍ എന്നെയും കൂടെ കൊണ്ടുപോയിട്ട് പറയുന്നു. പക്ഷേ മനസില്‍ അതിനെപ്പറ്റി വ്യക്തമായ ഓര്‍മയില്ല. സത്യനും ഷീലുയും മരിച്ചുകിടക്കുന്ന രംഗം ചിത്രീകരിക്കുന്നത് കാണാന്‍ അഴിക്കോട് കടപ്പുറത്ത് പോയി എന്നാണ് അമ്മയും മറ്റുള്ളവരും പറയുന്നത്. പക്ഷേ, എന്റെ ഓര്‍മയില്‍ സത്യനും ഷീലയുമില്ല. എന്നാല്‍, അന്ന് മനസില്‍ നിറഞ്ഞ ഒരു രൂപമുണ്ട്. അത് രാമു കര്യാട്ടിന്റെതാണ്. അദ്ദേഹമാണ് ആ സിനിമയുടെ സംവിധായകന്‍. രാമു കര്യാട്ടിനെ ഓര്‍മിക്കാന്‍ കാരണമുണ്ട്. അദ്ദേഹം അജാനുബാഹുവാണ്. വലിയ ശരീരം. സംവിധായകന്റെ തൊപ്പിയൊക്കെ അണിഞ്ഞ് . ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ അദ്ദേഹം നിന്നു. ഞാന്‍ കാണുന്ന ആദ്യ സംവിധായകനാണ് കര്യാട്ട്. അതിന് മുമ്പ്, മലയാളത്തിലെ സംവിധായകര്‍ക്ക് തൊപ്പിയുണ്ടായിരുന്നോ എന്ന് അറിഞ്ഞുകൂടാ. എന്തായാലും അതിനു മുമ്പ് തലയില്‍ സംവിധായകതൊപ്പി അണിഞ്ഞു നില്‍ക്കുന്ന ഒരാള്‍ മനസിലില്ല. ഒരു ആരാധനയും അടുപ്പവും രാമു കര്യാട്ട് എന്ന സംവിധാകയനോട് രൂപപ്പെട്ടു.

കൊടുങ്ങല്ലൂരിലെ പുരോഗമന മുസ്ലിം

കൊടുങ്ങല്ലൂരിലെ മുസ്‌ളീങ്ങള്‍ എന്തുകൊണ്ട് സിനിമ ഇഷ്ടപ്പെട്ടിരുന്നു എന്നു കൂടി പറയണം. പൊതുവെയുള്ള ധാരണ സിനിമ മുസ്‌ളീങ്ങള്‍ക്ക് സിനിമ നിഷിധമാണ് എന്നാണ്. കൊടുങ്ങല്ലൂരില്‍ സിനിമ ആര്‍ക്കും നിഷിധമായിരുന്നില്ല. അതിനുകാരണം കൊടുങ്ങല്ലൂരിലെ മുസ്‌ളീങ്ങള്‍ വ്യത്യസ്തമാണ് എന്നതാണ്്. അഭിമാനത്തോടെ പറയാം. അവരില്‍ നല്ല പങ്കും ഉന്നത രീതിയില്‍ അഭ്യസ്തവിദ്യരാണ്. കേരളത്തില്‍ തന്നെ ഒരു പക്ഷേ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പണ്ടു മുതലേ അവര്‍ മുന്നിലാണ്് കല, സാഹിത്യം, സംസ്‌കാരം എന്നിങ്ങനെ വിവിധ മേഖലകളില്‍ എന്റെ നാട്ടുകാര്‍ വ്യക്തിമുദ്ര പതിപ്പിച്ചു. 'അല്‍ അമീന്‍' പത്രത്തിന്റെ പത്രാധിപരായ അബു്ദുറഹിമാന്‍ സാഹിബൊക്കെ അതിന് ഉദാഹരണമാണ്. ഞങ്ങളുടെ മേഖലയില്‍ സിനിമ കണുന്നതില്‍ വിലക്കില്ലായിരുന്നു. സിനിമാ കാണാന്‍ പോകരുത് എന്ന് ആരെങ്കിലും പറയുന്നത് ഞാന്‍ കേട്ടിട്ടല്ല. എന്റെ മുത്തശ്ശന്‍ ഹജ്ജിനു പോയിട്ടുള്ള വിശ്വാസിയായിരുന്നു. എന്നാല്‍ അദ്ദേഹമാണ് ഞങ്ങളെ സിനിമയ്ക്ക്് കൊണ്ടുപോയിരുന്നത്. പറഞ്ഞുവരുന്നത് ഒരിക്കലും കൊടുങ്ങല്ലൂരിലെ മുസ്ലീം പശ്ചാത്തലം സിനിമയ്ക്ക് എതിരയായിരുന്നില്ല എന്നാണ്.
കുട്ടിക്കാലത്തെ മറ്റൊരു അനുഭവം പറയാം. കൊടുങ്ങല്ലൂര്‍ അമ്പലത്തില്‍ രണ്ടു ഉത്സവങ്ങളാണുള്ളത്. ഒന്ന് ഭരണിയും മറ്റൊന്ന് താലപ്പൊലിയും. അന്ന് അത് രണ്ടും നാടിന്റെ ഉത്സവങ്ങളാണ്. കുട്ടികളായ ഞങ്ങളെ ഭരണിക്കൊണ്ടുപോകാറില്ല. അതിനുകാരണം അവിടുത്തെ കാഴ്ചകള്‍ പലതും കുട്ടികള്‍ക്ക് പറ്റിയതായിരുന്നില്ല എന്നതു മാത്രമാണ്. തെറിപ്പാട്ട്, കോഴിയെ കൊല്ലുക തുടങ്ങിയത് കുട്ടികളെ കാണിക്കരുത് എന്ന് മുതിര്‍ന്നവര്‍ക്ക് തോന്നിയിരുന്നു. ഭരണി അതിനാല്‍ പേടിപ്പെടുത്തുന്ന ഉത്സവമാണ്. എന്നാല്‍ താലപ്പൊലി അങ്ങനെയായിരുന്നില്ല. താലപ്പൊലി നാലുദിവസത്തെ ഉത്സവമാണ്. അത് ശരിക്കും ഒരു ദേശത്തിന്റെ ഉത്സവമാണ്. ജാതിമതഭേദമില്ല. ഉത്സവത്തിന് വീട്ടുകാരുള്‍പ്പടെ എല്ലാവരും പോകും. അമ്പലപ്പറമ്പില്‍ ചുറ്റിക്കറങ്ങുകയായിരുന്നു ഞങ്ങളുടെ വിനോദം. അന്ന് മുസ്‌ളിങ്ങള്‍ വരുന്നതുകൊണ്ട് ഹിന്ദുക്കള്‍ക്കെതിര്‍പ്പോ, അല്ലെങ്കില്‍ അവിടെ പോകുന്നതില്‍ മുസ്‌ളീങ്ങള്‍ക്ക് സ്വയമോ എതിര്‍പ്പുണ്ടായിരുന്നില്ല. അത്തരമൊരു മത സൗഹൃദത്തിന്റെ അന്തരീക്ഷവും എന്നിലെ മതേതരമായ കാഴ്പ്പാടിനെ സ്വാധീനിച്ചിട്ടുണ്ട്.
ഗസലുകളുടെ മോഹിപ്പിക്കുന്ന അന്തരീക്ഷവുണ്ട് അന്ന് വീട്ടില്‍. അതുപോലെ മാപ്പിളപ്പാട്ടും. അമ്മയുടെ വീട്ടില്‍ ഗസലുകള്‍ നിറഞ്ഞു നിന്നു. അച്ഛന്റെ വീട്ടിനെപ്പറ്റി പറയുകയാണെങ്കില്‍ മുത്തശ്ശന് സംഗീതം വളരെയധികം ഇഷ്ടാണ്. അവിടെ വലിയ ഗ്രാമഫോണുണ്ട്. അതില്‍ നിന്ന് എപ്പോഴും പാട്ടുകള്‍ അലയടിച്ചുയരും. അമ്മയുടെ വീട്ടിലും അതുപോലെ തന്നെയായിരുന്നു. അമ്മയുടെയും അച്ഛന്റെയും വീട്ടില്‍ സിനിമ, സംഗീതം, കല ഒന്നും നിഷിധമായിരുന്നില്ല.

ബഹദൂറിന്റെ താരപ്പൊലിമ

കുട്ടിക്കാലത്ത് സിനിമ എന്നത് കൗതുകം നിറഞ്ഞ ആവേശമാണ്. നസീറിന്റെ ഇടിയുള്ള പടം കാണണം എന്നതാണ് ആഗ്രഹം. നസീറായിരുന്നു കുട്ടിക്കാലത്തെ ഞങ്ങളുടെ പ്രിയ താരം. നസീര്‍ സ്‌ക്രീനില്‍ ഇടിക്കുമ്പോള്‍ അടുത്തുള്ള കുട്ടികളുമായി തമാശയ്ക്ക് ഇടിവയ്ക്കുന്ന അത്രയും രസം അന്നത്തെ സിനിമാകാഴ്ചയ്ക്കുണ്ട്.
സിനിമയില്‍ ബഹദൂറിനെ കാണുന്നതും അതുപോലെ അഭിമാനത്തിന്റെ നിമിഷമാണ്. ബഹദൂര്‍ വല്ലപ്പോഴുമേ നാട്ടില്‍ വരൂ. എപ്പോഴൂം തിരിക്കയായിരുന്നതിനാല്‍ മദ്രാസിലായിരുന്നു അദ്ദേഹം തങ്ങിയിരുന്നത്. അതിനാല്‍ നേരത്തെ പറഞ്ഞതുപോലെ അപൂര്‍വമായിട്ടേ കണ്ടിട്ടുള്ളൂ. ഒരിക്കല്‍, ബഹദൂര്‍ വീട്ടില്‍ വന്നു. അച്ഛനുമായി വളരെ അടുപ്പമായിരുന്നു ബഹദൂര്‍. അന്ന് ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുകയാണ്. മതിലകത്താണ് അച്ഛന്റെ വീട്. ബഹദൂര്‍ വീട്ടില്‍ വരാന്‍ കാരണമുണ്ട്. അന്ന് ബഹദൂറിന്റെയും അച്ഛന്റെയും സുഹൃത്തായ ഡോ. സഹീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പാണ്. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ ഗോപാലകൃഷ്ണമോനോനാണ്. സി.പി.ഐ സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന് എതിരായിട്ടാണ് സഹീര്‍ മത്സരിക്കുന്നത്. ബഹദൂര്‍ ഡോ. സഹീറിനുവേണ്ടി പ്രചരണ പ്രവര്‍ത്തനം നടത്തി. പ്രചാരണത്തിനുവേണ്ടി കൊടുങ്ങല്ലൂരില്‍ വന്നപ്പോള്‍ ഉച്ചയ്ക്ക് ഞങ്ങളുടെ വീട്ടിലാണ് ഊണു കഴിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നത്. ബഹദൂര്‍ വീട്ടില്‍ വരുന്നു എന്നത് ഒരാവേശമായിരുന്നു. ഞാന്‍ കുറേ കുട്ടികളെ കൂട്ടി ജാഥയയായി സ്‌കൂളില്‍ നിന്ന് വീട്ടില്‍ വന്നു. എല്ലാവരുടെയും മുന്നില്‍ ഞാന്‍ ഞങ്ങളുടെ അതിഥിയോട് സംസാരിച്ചു. കുറേ നേരം ബഹദൂര്‍ വര്‍ത്തമാനം പറയുന്നത് കേട്ട് നിന്നു. അന്നത്തെ ഞങ്ങളുടെ കൗതുകം പ്രോംനസീര്‍ വെളുത്തിട്ടാണോ കറുത്തിട്ടാണോ എന്നൊക്കെ അറിയലാണ്. ബഹദൂര്‍ വെളുത്തതാണ് എന്നറിയാം. എന്നാല്‍ മറ്റുള്ളവരെ നമ്മള്‍ കണ്ടിട്ടില്ലല്ലോ. അതിന് ബഹദൂര്‍ എന്തൊക്കെയോ മറുപടി പറഞ്ഞു. സിനിമ ഗൗരമായി മനസില്‍ കയറുന്ന ഒരു സന്ദര്‍ഭം അതാണ്. ആള്‍ക്കൂട്ടവും അതിനിടയിലുള്ള ബഹദൂറിന്റെ പരിവേഷവും ആകര്‍ഷിപ്പിച്ചു. കോടമ്പാക്കം എന്നൊരു നാടുണ്ട്, അവിടെ നിന്നാണ് സിനിമ ഉണ്ടാകുന്നത് എന്നുകേള്‍ക്കുന്നത് ബഹദൂര്‍ പറയൂമ്പോഴാണ്. അന്ന് സിനിമ മദ്രാസിലാണുള്ളത്്. ബഹദൂറിനെ കണ്ടതുമുതല്‍ മുതല്‍ സിനിമ ഒരു സ്വപ്നായി. കോടമ്പാക്കം കാണണം എന്നത് രഹസ്യമോഹമായി മനസില്‍ പടര്‍ന്നു.
കുട്ടിക്കാലത്തെ മറ്റൊരു ആവേശം ചലച്ചിത്ര ഗാനങ്ങളായിരുന്നു. അന്ന് റേഡിയോയേ ഉള്ളൂ. അതിലെ 'നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍, രഞ്ജിനി' തുടങ്ങിയ പരിപാടികള്‍ കേള്‍ക്കുകയാണ് രസം. അന്ന് എനിക്കുണ്ടായിരുന്ന ഒരു വിനോദം പാട്ടിനൊപ്പം വരികള്‍ പഠിക്കുക എന്നതാണ്. കേള്‍ക്കുന്ന പാട്ട് ഞാന്‍ പുസ്തകത്തില്‍ എഴുതി വയ്ക്കും. എന്നിട്ട് കാണാപാഠം പഠിച്ച് പാടും. എല്ലാ സിനിമയിലെയും പാട്ടുകള്‍ ഞാനങ്ങനെ എഴുതി വയ്ക്കും. വയലാര്‍ എഴുതിയത് വേറൊരു ഭാഗത്തും ഭാസ്‌കരന്‍ മാഷ് എഴുതിയത് മറ്റൊരിടത്തും. അതെന്റെ പ്രിയപ്പെട്ട വിനോദമായി പെട്ടന്ന് മാറി. അന്ന് അതുപോലെ സിനിമയുടെ നോട്ടീസ്് ഇറങ്ങും. കാണാന്‍ പോകുന്ന സിനിമയുടെ കഥാസാരം അതിലുണ്ടാവും. കഥയുടെ ഏറ്റവും നിര്‍ണായക മുഹൂര്‍ത്തം വരെ പറഞ്ഞശേഷം 'ശേഷം സ്‌ക്രീനില്‍' എന്ന് കുറിപ്പ് അതിലുണ്ടാകം. അന്നത്തെ ഏറ്റവും വലിയ ശത്രു ഈ ശേഷം സ്‌ക്രീനിലാണ്.
സിനിമ അന്ന് ഒരു സമ്പൂര്‍ണ അനുഭവമാണ്. സിനിമയ്ക്ക് എല്ലാവരും കൂടി പോവുക. അതിനുവേണ്ടി വളരെ മുന്നേ തയാറെടുക്കുക. എന്നിട്ട് നിശ്ചിത ദിവസം ഉത്സവംപോലെ എല്ലാവരും കൂടി ഒന്നിച്ചു പോകുക. ഈ അനുഭവമെല്ലാം കൂടി ചേര്‍ന്നതാണ് സിനിമ. തീയേറ്ററില്‍ എത്തുമ്പോള്‍ പാട്ടുപുസ്തകം കിട്ടും. പിന്നെ നീണ്ട കോണ്‍ ആകൃതിയിലുള്ള കടലാസ് ചുരുളില്‍ കപ്പലണ്ടിയും. പാട്ടുപുസ്തകം ആദ്യമേ ഞങ്ങള്‍ കൈക്കലാക്കും. എന്നിട്ട് പാട്ട് മനസില്‍ ഉറപ്പിക്കും. പിന്നെ് കാത്തിരിപ്പാണ്. സിനിമയില്‍ പാട്ട് വന്നിരുന്നെങ്കില്‍ എന്നാശിച്ച്. പാട്ട് അത്രയ്‌ക്കേറെ പ്രിയംകരമായിരുന്നു. റേഡിയോയില്‍ പാട്ടുകേള്‍ക്കുമ്പോഴുള്ള ആഗ്രഹം ഈ പാട്ടിന്റെ ഒപ്പമുള്ള ദൃശ്യങ്ങള്‍ കുടിക്കാണാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നാണ്. അന്ന് ടിവിയില്ല. പാട്ട് കേള്‍ക്കുമ്പോള്‍ മനസില്‍ നസീറും സത്യനും പാടി അഭിനയിക്കുന്നത് ഞാന്‍ സങ്കല്‍പിക്കും.
സിനിമ എന്നിലേക്ക് ഏറ്റവും ശക്തമായി കടന്നുവരുന്ന മറ്റൊരു ഘടകമാണ് സത്യന്റെ മരണം. അന്ന് ഞാന്‍ എട്ടിലാണ് പഠിക്കുന്നത്. നസീറാണ് പ്രിയപ്പെട്ട താരമെങ്കിലും സത്യനെയും എനിക്ക് വലിയ ഇഷ്ടമാണ്. സത്യന്‍മരണശേഷമാണ് 'ശരശയ്യ', 'അനുഭവങ്ങള്‍ പാളിച്ചകള്‍', 'വിമോചന സമരം' തുടങ്ങിയ സിനിമകള്‍ പുറത്തുവരുന്നത്. ഉദയായ നിര്‍മിച്ച 'പഞ്ചവന്‍ കാട്' എന്ന സിനിമ കാണാന്‍ ഞാന്‍ പോയി. അതില്‍ സിനിമയ്ക്ക് മുമ്പ് സത്യന്റെ മരണവുമായി ബന്ധപ്പെട് ഒരു ന്യൂസ് റീല്‍ കാണിച്ചിരുന്നു. ആ റീലില്‍ സത്യന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കാണിച്ചിരുന്നു. ഒപ്പം ഉദയായ്ക്കുവേണ്ടി സത്യന്‍ അഭിനയിച്ച സിനിമകള്‍ കോര്‍ത്തിണക്കിയ ഒരു ഭാഗവുമുണ്ടായിരുന്നു. മാത്രവുമല്ല സത്യന്‍ അഭിനയിച്ച സിനിമകളുടെ ചിത്രങ്ങള്‍ വലിയ കളര്‍നോട്ടീസായി അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഈ റീലില്‍ വിലാപയാത്രയ് കാണിക്കുന്ന സമയത്ത്് ഉപയോഗിച്ചിരുന്നത് അരനാഴിക നേരം എന്ന സിനിമയിലെ 'സമയമാം രഥത്തില്‍ ഞാന്‍ തനിയേ പോകുന്നു'വെന്ന പാട്ടാണ്. ഈ കാഴ്ച എന്നെ വേട്ടയാടി;. ദിവസങ്ങളോളം. സിനിമ എന്നില്‍ ശക്തമായ ആവേശമായി. സിനിമയില്‍ വരണമെന്നോ, സംവിധായകനാകണമോ എന്നൊന്നുമല്ല. സിനിമ ഞാന്‍ മുമ്പെന്നത്തേക്കാളും ഇഷ്ടപ്പെടാന്‍ തുടങ്ങി.
സത്യന്റെ മരണം വേറൊരു രീതിയിലും സ്വാധീനിക്കാന്‍ കാരണമുണ്ടായിരുന്നു. സത്യന് പകരക്കാരനായി അന്ന് പലരും വിശേഷിപ്പിച്ച മറ്റെരു നടന്‍ കയറിവന്നു. സുധീര്‍. അദ്ദേഹവും പടിയത്ത് കുടുംബക്കാരനാണ്. ഞങ്ങളുടെ ബന്ധു. എനിക്ക് അദ്ദേഹത്തെ പരിചയമില്ല. കാരണം അദ്ദേഹം തിരുവനന്തപുരത്തായിരുന്നു പഠനവുമൊക്കെയായി കഴിഞ്ഞിരുന്നത്. എന്നാലും കുടുംബക്കാരനാണ് എന്നത് സന്തോഷിപ്പിച്ചു. പോരാത്തതിന് സത്യന്റെ പകരക്കാരനും.
പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ചിന്തകളെ ഗൗരവമായി പലതും സ്വാധീനിക്കുന്നത്. അത്തരം സ്വാധനീനങ്ങളില്‍ പ്രധാന പങ്കുവഹിച്ചത് അമ്മാവന്‍മാരും കലാകാരന്‍മാരുമായ മൊയ്്തു പടിയത്തും അഷ്‌റഫ് പടിയത്തുമാണ്്. ഞാന്‍ കാണുന്നതൊന്നുമല്ല സിനിമ, സിനിമയെന്നാല്‍ വേറെയാണ് എന്നു ഇവര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അവരുടെ പ്രേരണയിലാണ് സത്യജിത്ത് റേയുടെ പഥേര്‍ പാഞ്ചലി കാണുന്നത്. അവരുടെ പ്രേരണയിലാണ് പി.എന്‍. മേനോന്റെ 'ഓളവും തീരവും' കാണുന്നത്. അന്ന് ആ സിനിമ ഇഷ്ടമായില്ലെങ്കിലും അത് കാഴ്ചയെ പറിച്ചുനട്ടു. ഞാന്‍ അനുവഭിക്കുന്ന സിനിമയ്ക്ക് പുറത്ത് മറ്റ് സിനിമകള്‍ ഉണ്ടെന്ന വെളിപാട് മനസില്‍ പതിഞ്ഞു. ഇക്കാലത്ത് തന്നെയാണ് വായന ഗൗരവമുളളതാകുന്നത്. കുട്ടിക്കാലം മുതലേ വായിക്കുക എന്ന സ്വഭാവമുണ്ട്. നാലാംക്ലാസില്‍ സ്‌കൂള്‍ അടച്ചപ്പോള്‍ അച്ഛന്‍ അടുത്തുള്ള ലൈബ്രറിയില്‍ കൊണ്ടുപോയി അംഗത്വമെടുത്തുന്നു. ആദ്യം എടുത്തുതരുന്ന പുസ്തകം ബഷീറിന്റെ 'എന്റെ ഉപ്പാപ്പയ്ക്ക് ഒരു ആന ഉണ്ടാര്‍ന്ന്' എന്ന പുസ്തകമാണ്. സ്ഥിരമായുളള പതിവ് വായനയെ മൊയ്തു പടിയത്തും അഷ്‌റഫ് പടിയത്തും കൂടി തിരിച്ചവിട്ടു. ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസമൊക്കെ അങ്ങനെ വായിക്കുന്നതാണ്. സത്യം പറഞ്ഞാല്‍ അന്ന് ഖസാക്കിന്റെ ഇതിഹാസം ഒന്നും മനസിലായില്ല. പക്ഷേ, മറ്റൊരു തരം സാഹിത്യവും കലയും സിനിമയുമെണ്ടെന്ന ധാരണ മനസില്‍ ശക്തമായി.





സിനിമയുടെ ചുറ്റുവട്ടങ്ങളില്‍

ഇരിങ്ങലാക്കുട ക്രൈസ്റ്റിലാണ് കോളജ് പഠനത്തിനായി ചേര്‍ന്നത്. അക്കാലം പ്രക്ഷുബ്്ധമായിരുന്നു. ലോകം മാറുകയാണ് എന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ടായി. അവിടെ പഠിത്തത്തിന് ചേര്‍ന്ന് ഒരുവര്‍ഷം കഴിഞ്ഞപ്പോഴാണ് അടിയന്തരവാസ്ഥ. ഇക്കാലത്ത് സ്വയം ഒരു ബുദ്ധി ജീവി ചമഞ്ഞാണ് എന്റെ നടപ്പും ഭാവവും. ഞാനന്ന് ഒരു പ്രസ്ഥാനത്തിലും ഭാഗമായിരുന്നില്ല. പക്ഷേ, നക്‌സലൈറ്റുകളുള്‍പ്പടെയുള്ളവര്‍ ചരിചിത വൃത്തങ്ങളില്‍ ഉണ്ടായിരുന്നു.
പടിയന്റെ സ്വാധീനം ശക്തമായിരുന്നു. 'ബൈസിക്കിള്‍ തീവ്‌സ'് മുതല്‍ അന്ന് ഇറങ്ങിയ, പിന്നീട് ക്ലാസിക് എന്ന് വിലയിരുത്തപ്പെട്ട മിക്ക നല്ല സിനിമകളും ഞാന്‍ കണ്ടു. കേരളത്തിലാകട്ടെ 'സ്വയംവരം' ഇറങ്ങുകയും ചെയ്തിരുന്നു. ജോണ്‍ എബ്രഹാമും ചെറുപ്പക്കാരെ സ്വാധീനിച്ചു തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ 'അഗ്രഹാരത്തില്‍ കഴുതൈ' ഞങ്ങള്‍ അത്ഭുതത്തോടെയാണ് കാണുന്നത്. പടിയന്‍ അന്നത്തെ ചെറുപ്പക്കാരായ നല്ല സംവിധായകരുടെ സൃഹൃത്താണ്. അങ്ങനെയാണ് ഞാന്‍ പവി (പവിത്രന്‍), പി.എ.ബക്കര്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരെ പരിചയപ്പെടുന്നത്.
പടിയന്‍ (മൊയ്തു പടിയത്ത്) സിനിമയെ ഗൗരവമായി കാണുന്നയാളാണ്. ഒരു ചിത്രം നിര്‍മിക്കാന്‍ അദ്ദേഹം തയാറായി. 16 എം.എം.ല്‍ ഒരു ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചു-'ഫണം'. ഞാന്‍ കൂടെക്കൂടി. അന്നാണ് ആദ്യമായി സിനിമയെ അടുത്തു കാണന്‍ അവസരം കിട്ടുന്നത്. അദ്ദേഹത്തിന് കുറേ സൃഹൃത്തുക്കളുണ്ട്. കൊടുങ്ങല്ലൂരും പടിയാന്റെ തറാവട്ടിലുമൊക്കയായിട്ടായിരുന്നു ചിത്രീകരണം.
ഈ സമയത്ത് സിനിമ പഠിക്കണമെന്ന അതിയായ മോഹം എന്റെ മനസില്‍ കയറി. പൂനെയില്‍ പോകണം എന്നതാണ് ഏറ്റവും മിതമായ ആവശ്യം. പക്ഷേ അത് സാധ്യമാകില്ലെന്ന് മനസിലായി. ഫിസിക്‌സ് പഠിച്ചവര്‍ക്കേ അവിടെ പഠനം സാധ്യമാകൂ എന്ന് അടുപ്പമുള്ള ആരോ പറഞ്ഞതിനെതുടര്‍ന്ന് ആ മോഹം മാറ്റിവച്ചു. അപ്പോഴാണ് തൃശൂര്‍ 'കലാഭാരതി' എന്ന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങാന്‍ പോകുന്നതിനെപ്പറ്റി അറിയുന്നത്. 'ന്യൂസ് പേപ്പര്‍ ബോയി' സംവിധാനം ചെയ് പി. രാമദാസാണ് കലാഭാരതിയുടെ മേലധികാരി. ഞാന്‍ അവിടെ പഠിക്കാന്‍ ചേര്‍ന്നു. വൈകിട്ട് മാത്രമേ ക്ലാസുള്ളൂ. നാല് തൊട്ട് ആറ് മണിവരെ. കോളജ് വിട്ടാല്‍ ഞാന്‍ നേരെ അങ്ങോട്ട് പോകും. അവിടെ ചേരാന്‍ ചെന്നത് സംവിധാനം പഠിക്കാനായി ചേരാനാണ്. പക്ഷേ, അതിന് കുറച്ചു സീറ്റേയുള്ളൂ. അതില്‍ ആളുകള്‍ ചേര്‍ന്ന് കഴിഞ്ഞു. ഇനി ഒഴിവ് അഭിനയ പഠന കോഴ്‌സിലാണ്. അതിന് 20 സീറ്റുണ്ട്. പന്ത്രണ്ടുപേരേ ചേര്‍ന്നിട്ടുള്ളൂ. സിനിമ മനസില്‍ മോഹമായി കിടക്കുന്നതിനാല്‍ സമ്മതിച്ചു. ആക്റ്റിംഗ് എങ്കില്‍ ആക്റ്റിംഗ്. ഈ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സിനിമയെപ്പറ്റി കാര്യമായി ഒന്നും പഠിക്കാന്‍ കഴിഞ്ഞില്ല. കാരണം സിനിമയെപ്പറ്റിയുള്ള ഒരു പാഠപുസ്തകം തുറന്നുവച്ച് ചില കാര്യങ്ങള്‍ പറഞ്ഞു തരിക മാത്രമായിരുന്നു അവിടെ പഠനം. പക്ഷേ, ഇക്കാലത്ത് ഞങ്ങള്‍ ഒരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടു. ഒരു സിനിമ നിര്‍മിക്കാന്‍ ഞാനും ഒപ്പം പഠിച്ചവരും കൂടി ധാരണയായി. അന്ന് വൈക്കം ചന്ദ്രശേഖരന്‍ നായരുടെ ചേട്ടന്റെ മകന്‍ സാഗര്‍ അവിടെയുണ്ട്. ക്ഷേത്രം എന്ന പേരില്‍ അതേ പേരില്‍ അദ്ദേഹമെഴുതിയ കഥ സിനിയാക്കാണാണ് ഞങ്ങള്‍ ഒരുങ്ങിയത്. സിനിമയുമായി കുറച്ചു ദൂരം ഞങ്ങള്‍ മുന്നോട്ടുപോയി. എന്നാല്‍ പണം പ്രശ്‌നമായി. ഷൂട്ടിംഗ് മുടങ്ങി. സിനിമയും അവസാനിച്ചു.
ആ സമയത്താണ് പടിയന്‍ എന്നോട് ഒരു സിനിമ നിമിക്കുന്നതിനെപ്പറ്റി പറയുന്നത്. കഥ എന്റേതാണ്. അക്കാലത്ത് ഞാന്‍ കോളജ് മാഗസിനില്‍ 'ത്രാസം' എന്ന കഥ എഴുതിയിരുന്നു. ആ കഥയില്‍ ഒരു സിനിമയ്ക്ക് സാധ്യതയുണ്ടെന്നാണ് പടിയന്‍ പറഞ്ഞത്. മരണമാണ് ആ കഥയുടെ പ്രമേയം.
ആ കഥയ്ക്ക് ഒരു പശ്ചാത്തലമുണ്ട്. ഞാന്‍ പഠിച്ചത് മതിലകത്ത് വീടിനടുത്തുള്ള സ്‌കൂളിലാണ്. സ്‌കൂളിനോട് ചേര്‍ന്ന് ഒരു ലത്തീന്‍ പള്ളിയുണ്ടായിരുന്നു. അവിടെ ദാനിയല്‍ എന്ന് പേരുള്ള ഒരച്ചനുണ്ടായിരുന്നു. അദ്ദേഹം കലയോടും സാഹിത്യത്തോടും താല്‍പര്യമുള്ളയാളാണ്. ഇടയ്ക്ക് ഞങ്ങളവിടെപോകും. എന്നോട് ദാനിയലച്ചന് ഇഷ്ടമുണ്ടായിരുന്നു. ഒരു ശ്മശാനം സൂക്ഷിപ്പികാരനുണ്ട്. അച്ചനു സഹായിയായി. മത്തായി ചേട്ടന്‍. മുഴുന്‍ സമയം മദ്യപാനി. ഞങ്ങള്‍ ചെല്ലുമ്പോള്‍ ആദ്യമൊക്കെ ഒച്ചത്തില്‍ ചീത്ത വിളിക്കും. എന്നാല്‍ പിന്നീട് ഞങ്ങള്‍ അയാളുമായി അടുപ്പത്തിലായി. മത്തായി ചേട്ടന്‍ കുറേ കഥകള്‍ പറയും. മിക്കതും ഭാവനയില്‍ സൃഷ്ടിച്ചതാണ്. അതില്‍ ഫാന്റസിയാണ് നിറഞ്ഞു നിന്നത്. മത്തായി ചേട്ടന്‍ നന്നായി മദ്യപിച്ചിട്ട് കിടന്നുറങ്ങുക ശ്മശാനത്തിലാണ്. തലേന്ന് കല്ലറയില്‍ നിന്ന് ജോസഫ് ചേട്ടന്‍ എഴുന്നേറ്റുവന്നു, എന്നോട് കുറേ നേരം സംസാരിച്ചു എന്ന രീതിയിലാണ് അദ്ദേഹം കഥകള്‍ പറഞ്ഞിരുന്നത്. മരണത്തെ ഇഷ്ടമാണ് എന്നൊക്കെയാണ് മത്തായി ചേട്ടന്‍ പറഞ്ഞിരുന്നത്. കാരണം ആരെങ്കിലും മരിച്ചാല്‍ അന്ന് കാശ് കിട്ടും. ഇല്ലെങ്കില്‍ ഒന്നും കിട്ടില്ല. അതുകൊണ്ട് മരണമുള്ള ദിവസമാണ് മത്തായി ചേട്ടന് ഇഷ്ടം. പൈസ കിട്ടിയാല്‍ നന്നായി മദ്യപിക്കാം. എന്നാല്‍, ആ അവസ്ഥ മാറി. ദാനിയല്‍ അച്ചന്‍ പെട്ടന്ന് ഒരു ദിവസം മരിച്ചു. അന്നാദ്യമായി അയാള്‍ മരണത്തെ ഭയപ്പെട്ടു. ആ രാത്രി അയാള്‍ പേടിച്ചു. പിന്നെ അയാള്‍ക്ക് മരണം ഭയമായി. മകള്‍ മരിക്കുക കൂടി ചെയ്തപ്പോള്‍ മത്തായി ചേട്ടന്് മരണത്തെ വെറുപ്പായി. ഇതായിരുന്നു ത്രാസം എന്ന പേരില്‍ ഞാനെഴുതിയ കഥയുടെ പ്രമേയം. പടിയന്‍ ഇതു വായിച്ച ശേഷം 'എടാ. ഇതില്‍ സിനിമയുണ്ട്, നമുക്കാലോചിച്ചാലോ' എന്നു പറഞ്ഞു. ബര്‍്ഗ് മാന്റെ 'സെവന്‍ത് സീല്‍' പോലെയുള്ള സിനിമയാക്കാം എന്നായിരുന്നു പടിയന്‍ പറഞ്ഞത്. അങ്ങനെ അത് സിനിമയാക്കാനുളള ശ്രമത്തിലായി. ടി.വി.ചന്ദ്രനുള്‍പ്പടെയുള്ള പലരും ചര്‍ച്ചയ്ക്ക് വന്നു എന്റെ കഥയായതുകൊണ്ട് തിരക്കഥ ഞാനാണ് എഴുതിയത്. പക്ഷേ, ഒര്‍ജിനല്‍ കഥയില്‍ കുറേ മാറ്റങ്ങള്‍ പൊടിയന്‍ നിര്‍ദേശിച്ചിരുന്നു. മതിലകത്തെ പള്ളിക്കുപകരം എറണാകുളം പുല്ലേപ്പടിയിലുള്ള പൊതു ശ്മശാനമാക്കി. അവിടുത്തെ കാവല്‍ക്കാരനാണ് ബാലന്‍ കെ. നായര്‍. മരണത്തെ ഇഷ്്ടപ്പെട്ടു തുടങ്ങി മരണം വേട്ടയാടുന്ന രീതിയില്‍ തിരക്കഥയെഴുതി. പൊടിയന്‍ തന്നെയായിരുന്നു നിര്‍മാതാവും സംവിധായകനും. ചിത്രീകരണത്തിനും സിനിമ യാഥാര്‍ത്ഥ്യമാകുന്നതിനടയിലും കുറേ സമയമെടുത്തു. ഞാനാ സിനിമയ്‌ക്കൊപ്പം ആദ്യാവാസനം നിന്നു. ഞാനാദ്യമായി സഹകരിക്കുന്ന ഫുള്‍ലെംഗ്ത് സിനിമയും അതാണ്. ത്രാസത്തിന് ഒരു ദുരന്ത കഥകൂടിയുണ്ട്. അതിന്റെ ഒരൊറ്റ പ്രിന്റും ഇന്ന് നിലവിലില്ല. എങ്ങനെയോ ആ സിനിമയുടെ പ്രിന്റും നെഗറ്റീവുമെല്ലാം നഷ്ടമായി. ആ സിനിമയെ വീണ്ടെടുക്കാനുള്ള പിന്നീടു നടത്തിയ എല്ലാ ശ്രമങ്ങള്‍ക്കും നിരാശയായിരുന്നു ഫലം.




കോടമ്പക്കം, ഉമാ ലോഡ്ജ്, അലച്ചിലുകളുടെ കാലം


'ത്രാസ'ത്തിന്റെ വര്‍ക്കുമായി സഹകരിക്കുമ്പോള്‍ സിനിമ തന്നെയാണ് തട്ടകം എന്നു ഞാന്‍ ഉറപ്പിച്ചു. മദ്രാസിലും കോടാമ്പക്കത്തും ത്രാസത്തിന്റെ വര്‍ക്കിനായി പോയിരുന്നു. സിനിമയാണ് തട്ടകമെങ്കില്‍ കോടമ്പാക്കത്തേക്ക് പോകണം. അല്ലാതെ വഴിയില്ല. പോകാന്‍ തന്നെ തീരുമാനിച്ചു. ആ സമയത്ത് അച്ഛന്‍ എന്നെ ഗള്‍ഫിലയ്ക്കാനുള്ള ശ്രമത്തിലാണ്. നാട്ടില്‍ നിന്നാല്‍ രക്ഷയില്ലെന്നായിരുന്നു ധാരണ. ഞാന്‍ അച്ഛനോട് സിനിമയുടെ കാര്യം സൂചിപ്പിച്ചു. ആദ്യം കുറേ എതിര്‍ത്തു.
ഞാന്‍ പിന്നീട് എന്റെ അമ്മാവനായ യൂസഫ് പടിയത്തിനെ കണ്ടു. അദ്ദേഹം പിന്നീട് എന്റെ പിന്നീട് എന്റെ ഭാര്യയായ സുബറയുടെ പിതാവാണ്. മൊയ്തു പടിയത്തിന്റെ ജ്യേഷ്ഠനും ഹോമിയോ ഡോക്ടറുമാണ്. അച്ഛന്‍ കേള്‍ക്കണമങ്കില്‍ അമ്മാവന്‍ പറയണം. അദ്ദേഹം അച്ഛനോട് പറഞ്ഞു. 'അവന് അതാണ് ആഗ്രഹമെങ്കില്‍ അങ്ങനെ ചെയ്യട്ടെ'. ഒടുവില്‍ അച്ഛനും സമ്മതിച്ചു. അമ്മാവന്‍ ബഹദൂറിന് ഒരു കത്ത് തന്നു.
ഒരു വേനല്‍ക്കാലത്ത് ഞാന്‍ മദ്രാസിലേക്ക് വണ്ടി കയറി. ആവേശം മാത്രമാണ് കൈമുതല്‍. പിന്നെ ബാഗിലുള്ള ഒരു കത്തും. അങ്ങനെ മദ്രാസ് സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നിറങ്ങി. എന്തുകൊണ്ടോ, നേരെ ബഹദൂറിന്റെ അടുത്തേക്ക് പോകാന്‍ തോന്നിയില്ല. അങ്ങനെയാണ് അതുവരെ തീരുമാനിച്ചിരുന്നത്. ഞാന്‍ ഇലക്ടിക് ട്രെിയിനില്‍ കയറി കോടമ്പാക്കത്ത് ചെന്നു. അവിടെയാണ് ഉമാലോഡ്ജ്. സിനിമക്കാര്‍ താമസിക്കുന്നതിനാല്‍ വളരെ പ്രശസ്തമാണ് ആ ലോഡ്ജ്. മാസം 200 രൂപയ്ക്ക് അവിടെ തമസിക്കാം. ഞാന്‍ ചെന്നപ്പോള്‍ റൂമില്ലെന്നായിരുന്നു മറുപടി. കുറച്ചുതാഴ്ന്നു പറഞ്ഞപ്പോള്‍ മുറി തരാം കാത്തിരിക്കാനായി പറഞ്ഞു. ഞാനവിടെ ഇരിക്കുമ്പോള്‍ കൊച്ചിന്‍ ഹനീഫ മുകളിലേക്ക് കയറിപോകുന്നത് കണ്ടു. മണവളാന്‍ ജോസഫിനെ കണ്ടു. അവരെല്ലാം സിനിമാ സ്വപ്നവുമായി കഴിയുകയാണ്. ഒടുവില്‍ എറ്റവും മുകളിലത്തെ നിലയില്‍ ഒരു മുറി ഒത്തു. മദ്രാസ് ചുട്ടു പഴൂത്തുനില്‍ക്കുന്ന സമയമാണ്. എന്തായാലും അവിടെ തങ്ങുക തന്നെ. ചെറിയ മുറിയില്‍ അങ്ങനെ ഞാന്‍ സിനിമാ സ്വപ്നവുമായി കൂടി.. എതിര്‍ മുറിയില്‍ മണിയന്‍പിള്ളരാജുവുണ്ട്. അന്ന് അദ്ദേഹം മണിയന്‍പിള്ളയല്ല. സുധീര്‍കുമാറാണ്. സിനിമ തേടി വരുന്ന വേറെയും കുറേപേര്‍ ആ ലോഡ്ജിലുണ്ട്. ബിച്ചു തിരുമല, ഫനീഫ, മണവാളന്‍ ജോസഫ് അങ്ങനെ ഒരുപാട് പേര്‍. ഈ സ്വപ്ന ജീവികള്‍ക്കൊപ്പം, അങ്ങനെ എന്റെ കോടമ്പാക്കം ജീവിതത്തിന് തുടക്കമായി.
അടുത്ത ദിവസം ഞാന്‍ ബഹദൂറിനെ കാണാന്‍ ഇറങ്ങി. രാവിലെ തന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. വളരെ തിരക്കിലാണ് ബഹദൂര്‍. മുറ്റത്തൊക്കെയാളുകളുണ്ട്. ഞാന്‍ ചെന്നു. പരിചയപ്പെടുത്തി. കത്തുകൊടുത്തു. അദ്ദേഹമത് വായിച്ചു.
''എന്തു തീരുമാനിച്ചാണ്. പെട്ടിയൊക്കെ കതൂക്കി ഇറങ്ങിയിരിക്കുന്നത്' എന്ന് ചോദിച്ചു. ഞാന്‍ സത്യസന്ധമായി ആഗ്രഹം പറഞ്ഞു. 'സംവിധായകന്‍''. പെട്ടന്ന് ബഹദൂര്‍ ചൂടായി. 'കൊടുങ്ങല്ലൂരില്‍ നിന്ന് കുറേപേര്‍ സിനിമ എന്നും പറഞ്ഞ് കെട്ടിപ്പെറുക്കി വരുന്നുണ്ട്. മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍'. അദ്ദേഹം കുറേ ചീത്ത പറഞ്ഞു. അദ്ദേഹത്തിന്റെ ദേഷ്യം സ്വാഭാവികമാണ്. അക്കാലത്താണ് സത്യന് പകരം എന്ന മട്ടില്‍ വന്ന സുധീര്‍ പെട്ടന്ന് വീഴ്ചകളിലേക്ക് പതിച്ചു. പ്രതീക്ഷിക്കാത്ത ദിശയിലേക്ക് അദേ്ഹം നീങ്ങി. അതുപോലെ ഞാന്‍ മൊയ്തു പടിയത്തിന്റെ സുഹൃത്താണ്. അപ്പോള്‍ ബഹദൂര്‍ കരുതിയത് ഞാനും ഒരു മദ്യപാനിയാണ് എന്നോ മറ്റോ ആവാം.
ഞാന്‍ 'ത്രാസ'ത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞൂ. അതുകൊണ്ട് കാര്യമില്ല. മനുഷ്യന് മനസ്സിലാവുന്ന സിനിമ എടുത്താലേ വിജയിക്കു. ത്രാസവും ക്രൂസവുംകൊണ്ടു കാര്യമില്ല. അദ്ദേഹം ദേഷ്യത്തില്‍ തന്നെ തുടര്‍ന്നു. അക്കാലത്തെ കച്ചവട സിനിമയുടെ രാഷ്ട്രീയം വെളിപ്പെടുത്തുകയായിരുന്നു ബഹദൂര്‍. അദ്ദേഹത്തിന് ഷൂട്ടിംഗിന് പോകാണം. ഇറങ്ങുന്നതിന് തൊട്ടുമുമ്പ് പറഞ്ഞു 'ആരുടെ കത്തായിട്ടും കാര്യമില്ല. വൈകിട്ടത്തെ വണ്ടിക്ക് ടിക്കറ്റ് എടുത്തു തരും. നാട്ടിലേക്ക് മടങ്ങിക്കൊള്ളണം'. സഹായിയെ വിളിച്ചിട്ട് പറഞ്ഞു ഇയാള്‍ ഇവിടെ ഇരിക്കട്ടെ. ലോഡ്ജിലേക്ക് വിടണ്ട. അവിടെ ചെന്നാല്‍ മനസു മാറും. വൈകിട്ട് റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവിടണം.ഡ്രൈവറോടും അതുതന്നെ പറഞ്ഞു. എന്നിട്ട്, ബഹദൂര്‍ പോയി.
ഞാനവിടെയിരുന്നു. കാലിനടയില്‍ നിന്ന് മണ്ണ് ചോര്‍ന്നുപോകുന്ന അവസ്ഥ. കടുത്ത വേദന. നിരാശ. കുറേനീരം ആലോചിച്ചു. വീട്ടിലേക്ക് തിരിച്ച് ചെല്ലുന്നത് ആലോചിക്കാന്‍ കൂടി വയ്യ. ഗള്‍ഫിലേക്ക് പോകേണ്ടിവരും. ബഹദൂര്‍ കൂടി പറഞ്ഞു വിട്ട സ്ഥിക്ക് ഇനി സിനിമയില്ല. സിനിമ എന്ന മോഹം എന്നന്നേക്കുമായി അവസാനിക്കാന്‍ പോകുന്നു. പിന്നെ കുറേ നേരം ചിന്തിച്ചപ്പോള്‍ തോന്നി എതായാലും ഇറങ്ങിത്തരിച്ചു. വിജയിച്ചേ മടക്കമുള്ളൂ. ആരുടെയും സഹായവുമില്ലാതെ വിജയിച്ചുകൂടെ?. ബഹുദൂര്‍ വരുമ്പോള്‍ ഇവിടെ ആരുമുണ്ടായില്ലോ. പിന്നെ എനിക്കെന്തിന് ആളുവേണം. എനിക്കാണെങ്കില്‍ കുറച്ചൊക്കെ് സിനിമ അറിയുകയും ചെയ്യാം. പിന്നെ, എപ്പോഴാണ് എന്നറിയില്ല, ഞാന്‍ അവിടെനിന് ഉറങ്ങിപ്പോന്നു. നേരെ ഉമാലോഡ്ജില്‍ എത്തി. രാത്രി മുഴൂവന്‍ ആലോചിച്ചു.
പിറ്റേന്ന് കാലത്ത് ബഹദൂര്‍ ആളെ വിട്ട് എന്നെ വിളിപ്പിച്ചു. ആ സമയമായപ്പോഴേക്കും ചെറിയ താല്‍പര്യം അദ്ദേഹത്തിന് തോന്നിയിരിക്കണം. വീട്ടില്‍ ചെന്നയുടന്‍ അദ്ദേഹത്തിന്റെ ചോദ്യം: ''പറഞ്ഞാല്‍ അനുസരിക്കാന്‍ മേലെ''.
ഞാന്‍ പറഞ്ഞു: ''അനുസരിക്കാന്‍ വിരോധമുണ്ടായിട്ടല്ല. ഞാന്‍ തീരുമാനിച്ചിറങ്ങിയതാണ്. സിനിമയില്‍ തന്നെ നില്‍ക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്''.
സംവിധായകനാകണമെങ്കില്‍ എളൂപ്പം കഴിയില്ല. അതിന് ആരുടെയെങ്കിലും ഒപ്പം കുറച്ചുകാലം നിന്ന് പണി പഠിക്കണം. ആരുടെ കൂടെ നില്‍ക്കാനാണ് ഇഷ്ടം എന്ന ചോദ്യമുയര്‍ന്നു.
ഞാന്‍ പറഞ്ഞു: ''ഐ.വി. ശശി''. അക്കാലത്തെ സൂപ്പര്‍ സംവിധായകനാണ് അദ്ദേഹം. കൈ നിറയെ ചിത്രങ്ങള്‍. തിരക്കോട് തിരക്ക്. ''ഒരു കാര്യം ചെയ്യൂ, ഞാനൊരു കത്തു തരാം ചെന്ന് ശശിയെ കാണു''. കത്ത് തന്നു. നാലഞ്ച് ദിവസം കഴിഞ്ഞാണ് ഐ.വി.ശശിയെ കാണാനൊത്തത്. കുറേ നേരം കാത്തുനിന്നു. ഒടുവില്‍ കത്ത് കൊടുത്തു. അടുത്ത ദിവസം ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് വരാന്‍ പറഞ്ഞു. സത്യ സ്റ്റുഡിയോയിലാണ് ഷൂട്ടിംഗ്. രാവിലെ ഏഴിന് എത്താനാണ് പറഞ്ഞത്. അലാവുന്ദീനും അത്ഭുത വിളക്കും' എന്ന സിനിമയുടെ ഷൂട്ടിംഗാണ്. ഞാന്‍ ചെല്ലുമ്പോള്‍ ഷൂട്ടിംഗിന്റെ ഒരുക്കമാണ്. അകത്തേക്ക് കയറ്റിവിടാന്‍ തന്നെ ബുദ്ധിമുട്ട്. ശശിയുടെ അസിസ്റ്റന്റിനെ കണ്ട് കാര്യം പറഞ്ഞു. ശശിയെ കണ്ടപ്പോള്‍ ഗുഡ്‌മോണിംഗ് പറഞ്ഞു. പക്ഷേ, തലേന്ന് എന്നോട് വരാന്‍ പറഞ്ഞ കാര്യം അദ്ദേഹം മറന്നുപോയിരുന്നു. എന്നെ കണ്ടപ്പോള്‍ അസിസ്റ്റന്റുമാര്‍ ഒരു തരം പുശ്ചത്തില്‍ പരസ്പരം നോക്കുന്നു. പുതിയ ഒരു പാര എത്തിയ മട്ടാണ് അവര്‍ക്ക്. അവരങ്ങോട്ടും ഇങ്ങോട്ടും തിരിക്കിട്ട് നീങ്ങൂന്നുണ്ട്. ഊണുകഴിക്കുന്നതുവരെ നിന്നു. അതിനിടയില്‍ രജനീകാന്ത് കാറില്‍ വരുന്നതുകണ്ടു. ഐ.വി.ശശിയോട് സംസാരിക്കാനേ കഴിഞ്ഞില്ല. പിറ്റേന്ന് വീണ്ടും ചെന്നു. അസിസ്റ്റന്റ് ശശിയുടെ അടുത്തുകൊണ്ടുപോയി. കാര്യം പറഞ്ഞപ്പോള്‍ നിന്നോളാന്‍ പറഞ്ഞു. ആ ദിവസം ഹെലന്റെ ഡാന്‍സ് ഷൂട്ടിംഗാണ്. എനിക്കാകെ അസ്വസ്ഥ. പത്ത് അസസ്റ്റന്റുമാരുണ്ടവിടെ. പതിനൊന്നാമത്തെ ആളാണ് ഞാന്‍. 'ത്രാസ'ത്തില്‍ ഞാന്‍ അസോസിയേറ്റാണ്. സംവിധായകന്റെ അടുത്തയാളും. ഇവിടെ കുറേ അസിസ്റ്റന്റുമാരില്‍ ഒരാള്‍. ഇതു വഴി സിനിമ സാധ്യമാകില്ലെന്ന് മനസു പറഞ്ഞു. പിറ്റേ ദിവസം ഞാന്‍ അങ്ങോട്ട് പോയില്ല. നാലഞ്ച് ദിവസം ഉമാ ലോഡ്ജില്‍ കഴിഞ്ഞു. പിന്നെ എന്തും വരട്ടെ എന്നു കരുതി സത്യ സ്റ്റുഡിയോയില്‍ ചെന്നു. അപ്പോഴറിയുന്നു ശശി മറ്റൊരു പടത്തിന്റെ വര്‍ക്കിനായി നാട്ടില്‍ പോയിരിക്കുന്നുവെന്ന്. ഇനി കുറച്ചു നാള്‍ കഴിഞ്ഞേ വരൂ. അപ്പോള്‍ എനിക്ക് മനസിലായി ഐ.വി.ശശി എനിക്ക് മിസായിരിക്കുന്നു.
വീണ്ടും ബഹദൂര്‍ ഇടപെട്ടു. അദ്ദേഹം എന്നെ കാറില്‍ കയറ്റി സംവിധായകന്‍ ഹരിഹരന്റെ അടുത്തുകൊണ്ടുപോയി. ഹരിഹരന്‍ നാട്ടിലേക്കോ മറ്റോ പോകുകയാണ്. അടുത്ത പടംമൂന്നുമാസം കഴിഞ്ഞിട്ടേയൂ്ണടാവു. ഇന്ന് ഞാന്‍ പലരോടും പറയുന്നതുപോലെ അദ്ദേഹമെന്നോടും പറഞ്ഞു. മൂന്നാലുമാസം കഴിഞ്ഞിട്ടു വരൂ. ഹരിഹരന്റെ ഒപ്പം നില്‍ക്കുക സാധ്യമല്ലെന്ന് മനസിലായി. ഇനി ചെയ്യാവുന്നത് നാട്ടിലേക്ക് തിരിച്ചു പോവുകയാണ്. ഞാന്‍ നാട്ടിലേക്ക് പോന്നില്ല. കോടാമ്പക്കത്ത് തന്നെ തുടര്‍ന്നു. അന്ന് കോടമ്പാക്കത്ത് 'ത്രാസ'ത്തിന്റെ എഡിറ്ററായിരുന്ന രവിയുണ്ട്. അദ്ദേഹത്തെ എനിക്കറിയാം. ഞാന്‍ അദ്ദേഹമുണ്ടായിരുന്ന ആര്‍കെ ലാബില്‍ പോയി. ഒരു മാതിരിപ്പെട്ട എല്ലാ സിനിമാ സ്വപ്ന ജീവികളും അവിടെ വരും. എഡിറ്റര്‍ വൊങ്കിട്ടരാമനും അവിടെയുണ്ട്. അടുര്‍ഭാസിയുടെ ചേട്ടന്‍ ചന്ദ്രായിയാണ് അഡ്മിനിസ്‌ട്രേറ്റര്‍. ഞാന്‍ സ്ഥിരമായി ആര്‍.കെ. ലാബില്‍ പോകും. പലരെയും കാണും. ജോണ്‍ എബ്രാഹം അന്ന് കോടമ്പക്കത്താണ് താമസം. രാം തീയറ്ററിന് പിന്നിലാണ് ജോണിന്റെ പെങ്ങള്‍ താമസിക്കുന്നത്. ജോണ്‍ അവിടെയാണ് താമസം. ആ സമയത്ത് ഞാന്‍ നല്ല സിനിമയൂടെ കുറേ വ്യക്തമാക്കളെ കണ്ടു. ബാലചന്ദ്ര മേനോനെ പരിചയപ്പെട്ടു. ശ്രീനിവാസനെ കണ്ടു. ശ്രീനിവാസന്‍ അന്ന് അദ്ദേഹം പി.എ.ബക്കറിന്റെ 'സംഘഗാന'ത്തില്‍ അഭിനയിച്ചു നില്‍ക്കുകയാണ്.
അവിടെ വച്ചാണ് ഞാന്‍ രാമുകര്യാട്ടിനെ കാണുന്നത്. വളരെ വര്‍ഷം കഴിഞ്ഞിട്ടാണ് അദ്ദേഹത്തെ നേരില്‍ കാണുന്നത്. ചന്ദ്രായി ചേട്ടനാണ് രാമുകര്യാട്ടിനെ പരിചയപ്പെടുത്തുന്നത്. ഞാന്‍ തൊഴുതു. പരിചയപ്പെടുത്തി. ത്രാസത്തിന്റെ കാര്യം പറഞ്ഞു. 'ഇത് നമ്മുടെ മണപ്പുറത്തെ ചെക്കനല്ലേ' എന്നാണ് ചന്ദ്രായിയോട് രാമു കര്യാട്ട് പറഞ്ഞത്. അന്ന്. ചേറ്റുവയെ മൊത്തം മണപ്പുറം എന്നാണ് പറയുന്നത്. കര്യാട്ട് അവിടെയാണ് ചെമ്മീന്‍ ചിത്രീകരിച്ചത്. അദ്ദേഹം തലയില്‍ കൈവച്ചു അനുഗ്രഹിച്ചു.
ഈ സമയത്താണ്, ശാരദാ സ്റ്റുഡിയോയില്‍ വച്ച് പി.എന്‍. മോനോനെ പരിചയപ്പെടുന്നത്. പിന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശകനായി. അദ്ദേഹത്തിനൊപ്പം നില്‍ക്കാനുള്ള ആശ പറഞ്ഞു. അപ്പോള്‍ പി.എന്‍. മേനോന്‍ പറഞ്ഞത് ഇങ്ങനെയാണ് 'എനിക്ക് സിനിമയില്ല. മനസില്‍ കുറേ കഥയുണ്ട്. ഒരു നല്ല പ്രൊഡിസ്യൂര്‍ വന്നാല്‍ സിനിമ ചെയ്യണമെന്നുണ്ട്. ആരും വരുന്നില്ല. ഇപ്പോള്‍ ഒരു വഴിയുമില്ലെടാ'. അദ്ദേഹം തന്റെ നിസഹായാവസ്ഥ തുറന്നു പറഞ്ഞു.
ഈ സമയത്താണ് ബഹദൂര്‍ വീണ്ടും ചെല്ലാന്‍ പറയുന്നത്. എ.ബി. രാജിന്റെ പുതിയ സിനിമയില്‍ ഒപ്പം നില്‍ക്കാന്‍ അവസരം ഉണ്ടെന്ന് പറഞ്ഞു. പക്ഷേ, എന്തോ എനിക്ക് താല്‍പര്യം തോന്നിയില്ല. എന്റെ മനസില്‍ എ.ബി. രാജ് ഇല്ല. അദ്ദേഹത്തിന്റെ സിനിമയല്ല എന്റെ മനസിലുള്ള സിനിമ. ഞാന്‍ ഒരു ബുദ്ധിജീവി ടൈപ്പ് മാനസികാവസ്ഥയിലാണ്. ഞാന്‍ ഉമാ ലോഡ്ജിലേക്ക് മടങ്ങി. ആകെ ആശയക്കുഴപ്പം. ബഹദൂര്‍ പറഞ്ഞ സ്ഥിതിക്ക് പോകാതിരിക്കാനും പറ്റില്ല. അവിടെ ചെന്ന് ഹനീഫയോടും മണിയന്‍പിള്ള രാജുവിനോടും വിവരം പറഞ്ഞു. അവര്‍ പോകാന്‍ പറഞ്ഞു. ആരുടെ സിനിമയായലും നമ്മള്‍ പണിയെടുക്കുന്നുവെന്നാണ് അവരുടെ ന്യായം. മണിയന്‍പിള്ള അടുത്തദിവസം അതേ സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണ്. ഒരു ഉത്സവത്തിനുപോകുന്ന പ്രതീതിയിലാണ് അവര്‍ നില്‍ക്കുന്നത്. സിനിമയില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് അവരൊക്കെ. ഇനി ഇതാണ് രക്ഷപ്പെടാനുള്ള വഴിയെങ്കിലോ? അങ്ങനെ ഞാന്‍ എം.ബി.രാജിന്റെ അസിസ്റ്റന്റായി. 'സംഭവാമി യുഗേ യുഗേ' സിനിമയ്ക്ക് ഒപ്പം ര്‍േന്നു. പിന്നെ ഒന്നു രണ്ടു സിനിമയ്ക്കു കൂടി ഒപ്പം നിന്നു. പെട്ടന്ന് തന്നെ എനിക്ക് മടുത്തു. കുറേ അസിസ്റ്റന്റുമാരുടെ ഇടയില്‍ നിന്നിട്ട് കാര്യമില്ല. ഇനി ഒരു നല്ല സംവിധായകന്റെ സിനിമയ്ക്ക് മാത്രം അസിസ്റ്റന്റാവാന്‍ തീരുമാനിച്ചു. പി.എന്‍. മേനോന്‍ എപ്പോള്‍ സിനിമയെടുത്താലും അപ്പോള്‍ അദ്ദേഹത്തിന്റെ അസിസ്റ്റാകാം എന്നുറപ്പിച്ചു. പി.എന്‍. മേനോന്‍ അസാമാന്യമായ ചലച്ചിത്രപ്രഭിഭയാണ്. സിനിമയെ സ്റ്റുഡിയോയ്ക്ക് പുറത്തേക്ക് കൊണ്ടുവരുന്നത് അദ്ദേഹമാണ്. ഇനി സിനിമ ചെയ്യുന്നുണ്ടെങ്കില്‍ പി.എന്‍. മേനോന്റെ ഒപ്പമേയുള്ളൂ എന്നു ഞാന്‍ ഉറപ്പിച്ചു.
ഞാന്‍ പതിവായി പി.എന്‍. മേനോന്റെ അടുത്തുപോകും. പല കഥകള്‍ ആലോചിക്കും. പലതിനും തിരക്കഥ എഴുതാന്‍ പറയും. ഞാതു ചെയ്യും. അത് വലിയ ഹോം വര്‍ക്കായിരുന്നു. തിരക്കഥയുടെ സാങ്കേതിക വശങ്ങള്‍ മനസില്‍ പതിയുന്നത് ആ സമയത്താണ്.
പിന്നെ പല സംവിധായകരോടും കഥ പറച്ചിലായി എന്റെ പണി. അന്ന് ചന്ദ്രകുമാര്‍ തിരക്കുള്ള സംവിധായകനാണ്. അദ്ദേത്തിന്റെ അസിസ്റ്റന്റാണ് സത്യന്‍ അന്തിക്കാട്. ഒരു കഥ ഇഷ്ടമായത് അവര്‍ക്ക് സിനിമയാക്കാന്‍ താല്‍പര്യം. അപ്പോഴേക്കും പി.എന്‍.മേനോന് സിനിമകളായി. 'അര്‍ച്ചന ടീച്ചര്‍', 'കടമ്പ' തുടങ്ങിയ സിനിമകളില്‍ ഞാന്‍ പി.എന്‍. മേനോന്റെ അസിസ്റ്റന്റായി. 'കടമ്പ'യാണ് ഞാന്‍ ആദ്യമായി പൂര്‍ണ സമയം വര്‍ക്കു ചെയ്യുന്ന പടം. ആ സിനിമ പേരു കേട്ടാല്‍ മലയാളികള്‍ അറിയണമെന്നില്ല. 'അപ്പോഴേ പറഞ്ഞില്ലേ പോകണ്ടാ, പോകണ്ട' എന്ന പാട്ടുള്ള സിനിമയാണ് അത്. ആ പാട്ടിന് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഞാന്‍ തിരക്കുള്ള അസിസ്റ്റന്റ് ഡയറക്ടറായി മാറുകയായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ ('ചില്ല്), ഹരികുമാര്‍, സേതുമാധവന്‍ എന്നിവര്‍ക്കൊപ്പം വര്‍ക്കു ചെയ്തു. പിന്നീടുള്ള കുറേ വര്‍ഷം തിരക്കായിരുന്നു. ഭരതേട്ടന്റെപ്പം പല സിനിമകളിലും ഒന്നു ചേര്‍ന്നു. തിരിക്കുള്ള, അറിയപ്പെടുന്ന സഹസംവിധകയനായി ഞാന്‍ മാറി. അപ്പോള്‍ എനിക്ക് മനസിലായി സിനിമയില്‍ പ്രായോഗികമായി മുന്നേറാന്‍ അവസരമുണ്ട്. ഇനി ആ വഴിയില്‍ തന്നെ മുന്നേറുക. പറ്റുമെങ്കില്‍ എത്രയും വേഗം സ്വന്തം സിനിമ ചെയ്യുക.
കോടാമ്പക്കം ജീവിതമാണ് യഥാര്‍ത്ഥത്തില്‍ ഈ ആത്മവിശ്വാസം തന്നത്. സിനിമ എന്തെന്ന് മനിസലാക്കാന്‍ ആ ജീവിതം അവസരം നല്‍കി. സിനിമ ആവേശമായി എത്തിയ കുറേ പേര്‍ അവിടെ ഉണ്ടായിരുന്നു. ഐ.വി.ശശി, ചന്ദ്രന്‍, ജോണ്‍, ഹരിഹരന്‍, അരവിന്ദന്‍ ബക്കര്‍.. ഇങ്ങനെ നീളുന്ന നീണ്ട നിര. അക്കാലത്തെ അനുഭവം പിന്നീടുള്ള എന്റെ സിനിമയെ പരുവപ്പെടുന്നില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.


ആദ്യ സിനിമ: മിഴിനീര്‍പൂക്കള്‍


കോടമ്പാക്കത്ത് സ്ഥിരമായി നില്‍ക്കുന്നത് ഗുണകരമാകില്ലെന്ന എനിക്ക്്് തോന്നി. വേരുകള്‍ നഷ്ടമാകുന്നതുപോലെ. ഞാന്‍ തിരി്ച്ചു നാട്ടിലേക്ക് പോന്നു. ഞാനിവിടെയും തിരിക്കുള്ള സഹസംവിധായകനാണ്. മദ്രാസില്‍ പോയും വന്നും കൊണ്ടിരുന്നു.
ഈ സമയത്താണ് വിവാഹം. അമ്മാവന്റെ മകളാണ് സുബറ. പ്രണയ വിവാഹമൊന്നെും പറയാന്‍ പറ്റില്ല. മൂന്നാണ്‍ മക്കളായിരുന്നു ഞങ്ങള്‍. അമ്മയ്ക്ക് ഒരു പെണ്‍കുഞ്ഞിനെ വേണമെന്ന് അതിയായ ആഗ്രഹമായിരുന്നു. അമ്മാവന്‍മാരുടെ പെണ്‍മക്കളോട് അമ്മയ്ക്ക് വലിയ കാര്യമാണ്. ഓരോ അവധിക്കും അവരിലാരെയെങ്കിലും അമ്മ വീട്ടില്‍ കൊണ്ടുവരം. അങ്ങനെയാണ് സുബറയോട് അടുപ്പം വന്നത്. ഞങ്ങള്‍ വളര്‍ന്നപ്പോള്‍ ആ അടുപ്പത്തിന്റെ അര്‍ത്ഥം മാറി. ഒടുവില്‍ വിവരം അറിഞ്ഞപ്പോള്‍ ആര്‍ക്കും എതിര്‍പ്പില്ല. അങ്ങനെ വിവാഹം നടന്നു.
തിരക്കഥാ കൃത്ത് ജോണ്‍ പോളുമായി നല്ല അടുപ്പത്തിലായിരുന്നു ഞാന്‍. മായി. ഞാന്‍ പ്രവര്‍ത്തിച്ച പല സിനിമകളുടെയും തിരക്കഥാ കൃത്ത് ജോണ്‍ പോളായിരുന്നു. പ്രത്യേകിച്ച് ഭരതേട്ടന്റെ പടങ്ങളില്‍. അദ്ദേഹമാണ് എന്നെ ആദ്യമായി ഒരു നിര്‍മാതാവിനെ പരിചയപ്പെടുത്തുന്നത്. ശ്രീ സായി പ്രൊഡക്ഷന്‍സിന്റെ ശ്രീനിവാസനെ. അങ്ങനെയാണ് 'മിഴിനീര്‍പൂക്കള്‍' എന്ന സിനിമയുടെ തുടക്കം. ശ്രീ സായി പ്രൊഡക്ഷന്‍സ് പുതുമുഖ സംവിധായകനായ എന്നെകൊണ്ട് പടം ചെയ്യിക്കാന്‍ തീരുമാനിച്ചു. അവരെ സംബന്ധിച്ച് അതൊരു ധീരകൃത്യമാണെന്ന് പറയാതിരിക്കാന്‍ വയ്യ.
പക്ഷേ, ഒരു ദുരന്തമുണ്ടായി. നിര്‍മാതാവ് കുമരകത്തുണ്ടായ ബോട്ടപകടത്തില്‍ മരിച്ചു. എന്റെ ആശ പൊലിഞ്ഞു. വല്ലാത്ത നിരാശ അനുഭവപ്പെട്ടു. സ്വന്തമായി സിനിമ ചെയ്യാനുള്ള അവസരമാണ് ഇല്ലാതായിരിക്കുന്നത്. വീണ്ടും സഹസംവിധായകനായി തുടര്‍ന്നു. അഞ്ചാറു മാസം കഴിഞ്ഞപ്പോള്‍ നിര്‍മാതാവിന്റെ മക്കള്‍ എന്നെ കാണാന്‍ വന്നു. 'ആദ്യമായിട്ടും അവസാനമായിട്ടാണ് അച്ഛന്‍ ഒരു പുതുമുഖ സംവിധായകനെ കൊണ്ട് സിനിമ ചെയ്യിക്കാന്‍ തീരുമാനിച്ചിരുന്നത്. അത് പൂര്‍ത്തിയാക്കണന്നെുണ്ട്. നിങ്ങള്‍ തന്നെ ചെയ്യണം'. അങ്ങനെ 1986 ല്‍ മിഴി നീര്‍പൂക്കള്‍ പുറത്തിറങ്ങി. സിനിമ വലിയ വിജമായിരുന്നില്ലെങ്കിലും തരക്കേടില്ലാതെ ഓടി. ഞാന്‍ ശ്രദ്ധിക്കപ്പെട്ടു. ഒരു നല്ല സംവിധായകന്‍ എന്ന മേല്‍വിലാസം ആ സിനിമ നല്‍കി. മോഹന്‍ലാലാണ് ഈ സിനിമയിലെ നായകന്‍. ലാലിന് എന്നെ നേരത്തെ അറിയാം. ലാലിന്റെ പല സിനിമയിലും ഞാനും സഹസംവിധായകനായി പ്രവവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആ സിനിമയ്ക്ക് അദ്ദേഹം സമ്മതം മൂളിയത്.
'മിഴിനീര്‍പൂക്കളി'ന്റെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാല്‍ എന്നോട് നമുക്കൊരു സിനിമ ചെയ്യണമെന്നു പറഞ്ഞു. സെഞ്ചുറി ഫിലിംസിന്റെ കൊച്ചുമോനാണ് പ്രൊഡ്യൂസര്‍. അവര്‍ ഒരുമിച്ചാണ് വിവരം പറയുന്നത്.എന്നെ സംബന്ധിച്ച് അത് വലിയ അംഗീകാരമാണ്. ആദ്യ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിനു മുമ്പേ അടുത്ത സിനിമ ഉറപ്പിക്കപ്പെടുക. മിഴിനീര്‍പൂക്കളിന്റെ ഡബിംഗ് നടക്കുമ്പോഴാണ് അത്. അങ്ങനെ രണ്ടാമത്തെ സിനിമയായ 'ഉണ്ണികളെ ഒരു കഥ പറയാം' പിറന്നു. 1987ലാണ് അത്. ആ സിനിമ വലിയ വിജയമായി. ജോണ്‍ പോളിന്റെതായിരുന്നു തിരക്കഥ. മോഹന്‍ലാലും കാര്‍ത്തികയുമായിരുന്നു മുഖ്യ അഭിനേതക്കാള്‍. അതില്‍ ഔസേപ്പച്ചന്‍ ഈണം നല്‍കിയ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. എല്ലാത്തരത്തിലും ആ സിനിമ വിജയമായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ പരക്കെ അംഗീകരിക്കപ്പെട്ടു.
ഉണ്ണികളെ ഒരു കഥ പറയാം റിലീസ് ചെയ്ത് അധികം വൈകാതെ ഫാസില്‍ എന്നെ വിളിച്ചു. അദ്ദേഹം തിരിക്കഥ എഴുതിയ ഒരു സിനിമ ഞാന്‍ സംവിധാനം ചെയ്യണം. ഫാസില്‍ എന്നെ വിളിക്കാനുള്ള കാരണം പി.എന്‍. മേനോനാണ്. അദ്ദേഹമായിരുന്നു ഉണ്ണികളെ ഒരു കഥ പറയാം സിനിമയുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. മേനോന്‍ ആ സമയത്ത് തിരക്കുള്ള പോസ്റ്റര്‍ ഡിസൈനറായി മാറിയിരുന്നു. ഉണ്ണികളെ ഒരു കഥ പറയാമിന്റെ ഫോട്ടോ ആല്‍ബം മേനോനില്‍ നിന്ന് ഫാസില്‍ കണ്ടു. യാദൃശ്ചികമായി പി.എന്‍. മേനോന്റെ വീട്ടില്‍ ഫാസില്‍ വന്നപ്പോഴാണ് അത്. അദ്ദേഹം പി.എന്‍. മേനോനോട് എന്നെപ്പറ്റി ചോദിച്ചറിഞ്ഞു.
ഞാന്‍ ഫാസിലിനെ കണ്ടപ്പോള്‍ അദ്ദേഹം സംവിധാനം ചെയ്യാന്‍ നിശ്ചയിച്ച് തിരിക്കഥ എഴുതിയ പടം ഞാന്‍ സംവിധാനം ചെയ്യുന്നത് താല്‍പര്യമുണ്ടെന്ന് പറഞ്ഞു. അതിലെ വെല്ലുവിളികളെക്കുറിച്ച് പറഞ്ഞു. കാരണം ആ സിനിമ അദ്ദേഹം വിഷ്വലൈസ് ചെയ്തതുപോലെയാവില്ല മറ്റൊരു സംവിധായകന്‍ സിനിമ ചെയ്യുമ്പോള്‍ സംഭവിക്കുക. ചര്‍ച്ചയില്‍ ഫാസിലിന്റെ അസിസ്റ്റന്റുമാരയ സിദ്ദിഖും ലാലുമുണ്ട്. അവിടെ ഇരിക്കുമ്പോള്‍ മധു മുട്ടം മറ്റൊരു കഥ പറഞ്ഞു. രണ്ടു പെണ്‍കുട്ടികളുടെയും ഒരച്ഛന്റെയും കഥ. ഒരു മകള്‍ കൂട്ടം തെറ്റുന്നു. മധു മുട്ടം കഥയുടെ പേര് പറഞ്ഞു, 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍'. ആ പേര് എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാന്‍ കഥ കേട്ടു. അപ്പോള്‍ ഫാസില്‍ പറഞ്ഞു, ഇതല്ല ഞാനുദ്ദേശിച്ച സിനിമ. ഇത് ഞാന്‍ പിന്നീട് ചെയ്യാനായി മധു മുട്ടത്തില്‍ നിന്ന് മേടിച്ചു വച്ചിരിക്കുന്നതാണ്. പക്ഷേ, കമലിന് ഇതാണ് ഇഷ്ടമെങ്കില്‍ നമുക്കത് ചെയ്യാം. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികളായിരുന്നു എന്റെ മനസിലെ സിനിമ. പേര് അസമാന്യമായി സുന്ദരം. മനസിലെ കാല്‍പനികതയോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു പേര്. ഫാസിലിന്റെ ചോദ്യം ഇതാണ്: ''ഈ സിനിമ ചെയ്യാന്‍ കമല്‍ കോണ്‍ഫിഡന്റാണോ?' അതെയെന്നായിരുന്നു എന്റെ മറുപടി. എങ്കില്‍ നമുക്ക് സിനിമ തുടങ്ങാം എന്നായി ഫാസില്‍.
''തിരക്കഥ ഞാന്‍ എഴുതും. പൂര്‍ണ സ്വതന്ത്ര്യം കമലിനുണ്ടാവും. ഇതിന്റെ ഉത്തരവാദിത്വവു ഭവിഷത്തുമെല്ലാം കമലിനു മാത്രമായിരിക്കും''. സിനിമ ഒടുന്നതിനെപ്പറ്റി ഞങ്ങള്‍ക്ക് ആശങ്കകളില്ല. അധികം ഓടാനും സാധ്യതയില്ലെന്നതായിരുന്നു വിലയിരുത്തല്‍. ഒരു സംവിധായകന്‍ തിരക്കഥ എഴുതി മറ്റൊരാള്‍ സംവിധാനം ചെയ്യുമ്പോള്‍ സംഭവിക്കുന്നത് വേറൊരു തരം സിനിമയാകും എന്നറിഞ്ഞുകൊണ്ടായിരുന്നു ഫാസിലിന്റെ ഈ പറച്ചില്‍. വെല്ലുവിളി ഏറ്റെടുത്തു. ചിലര്‍ തിരക്കഥ എഴുതി അതനുസരിച്ചാവും ഓരോ ഷോട്ടും എടുക്കുക എന്നെ സംബന്ധിച്ച് അങ്ങനെയല്ല. തിരക്കഥയില്‍ നിന്ന് സിനിമയെ വികസിപ്പിക്കണം. പല മാസ്‌റ്റേഴ്‌സും ഈ സമീപനമാണ് എടുക്കുക. 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികളില്‍' അപ്പൂപ്പന്‍ താടികള്‍ ഒരു കഥാപാത്രമാണ്. കുട്ടിക്കാലം മുതലേ ഓരോ വ്യക്തിയുടെയും മനസിലുള്ളതാണ് അപ്പൂപ്പന്‍താടികള്‍. ഞാനതിനെ സിനിമയില്‍ നന്നായി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചു
1988 ലാണ് സിനിമ പുറത്തുവരുന്നത്. ഫാസിലും ഔസേപ്പച്ചനും ചേര്‍ന്നായിരുന്നു പ്രൊഡ്യുസ് ചെ്‌യത്ത്. അതില്‍ രേവതിയുടെ കൈയില്‍ നിന്ന് അപ്പൂപ്പന്‍താടികള്‍ പാറി പറന്ന് അംബികയുടെ വീട്ടില്‍ വന്നെത്തുന്നു. അംബിക അതെടുക്കുന്നു. അതുപോലെ രേവതി തന്റെ വീട് കാണുമ്പോള്‍ അവിടെയാകെ അപ്പൂപ്പന്‍ താടികള്‍ പറന്നുയരുന്നു കാണുന്നു. അപ്പൂപ്പന്‍ താടികളാണ് രേവതിയെ ആ വീട്ടിലേക്ക് കടന്നുചെല്ലാന്‍ പ്രേരിപ്പിക്കുന്നത്. അങ്ങനെ പണ്ട് വേര്‍പിരിഞ്ഞ സഹോദരിമാര്‍ ഒന്നിക്കുന്നു. അപ്പൂപ്പന്‍താടികള്‍ തിരക്കഥയിലുള്ളതല്ല. അത് സംവിധായകന്റെ തോന്നലാണ്. ഞാനാ ഷോട്ടുകളും ഇഷ്ടപ്പെട്ടു. സിനിമ നന്നായി ആസ്വദിച്ചു ചെയ്തു. സിനിമ തരക്കേടില്ലാത്ത വിജയം നേടി. പക്ഷേ, അപ്പൂപ്പന്‍ താടികള്‍ എന്ന കാല്‍പനിക പ്രതീകത്തെ സിനിമയില്‍ പ്രയോജനപ്പെടുത്തിയത് ഞാനുദ്ദേശിച്ച ആളുകള്‍ തിരിച്ചറിഞ്ഞോ എന്നത് വ്യക്തമല്ല. അങ്ങനെ അത് ചര്‍ച്ച ചെയ്യപ്പെട്ടോയെന്നും അറിയില്ല.




മധുരനൊമ്പരക്കാറ്റും ഗസലും


'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികളി'ല്‍ അപ്പൂപ്പന്‍ താടികളെ കാല്‍പനികമായി അവതരിപ്പിച്ചതുപോലെ അത്തരം സാധ്യതകള്‍ ഞാന്‍ മറ്റ് സിനിമകളിലും തേടിയിട്ടുണ്ട്. 'പെരുമഴക്കാല'ത്തില്‍ മഴയും 'മധുരനൊമ്പരക്കാറ്റില്‍' കാറ്റും 'ഗസലില്‍' ഗസലും അങ്ങനെ വന്നതാണ്. മനസിനുള്ളിലെ കാല്‍പനികതയും സാഹിത്യമാവും അങ്ങനെ ചെയ്യിക്കുനത്.
ഇത് കാറ്റിലും മഴയിലുമൊക്കെ എന്തുകാര്യം എന്ന് ചിലപ്പോള്‍ പ്രേഷകന്‍ ചോദിക്കും. അവര്‍ക്ക് ചിലപ്പോള്‍ താല്‍പര്യമുണ്ടാവില്ല. അവര്‍ അതു മനസിലാക്കികൊള്ളണമെന്നുമില്ല. എന്നാല്‍, അത് ഒരു സംവിധായകന്റെ ചില താല്‍പര്യങ്ങും ഇഷ്ടവുമാണ്. അല്ലെങ്കില്‍ സംവിധായകന്റെ മനസിലുള്ള കാല്‍പനിക ഭാവങ്ങള്‍ ആധിപത്യം നേടുന്നതാവാം. എന്തായാലും എനിക്ക് ഇത്തരം സാധ്യതകള്‍ ഉപയോഗിച്ചേ തീരൂ.
സംവിധായകന്റെ ജോലി അത്ര എളുപ്പമുള്ളതല്ല. തന്റെ തന്നെ മനോഹരമായ ഷോട്ടുകളും സിനിമയ്്ക്കു ആവശ്യമെങ്കില്‍ ഉപേക്ഷിക്കാന്‍ അയാള്‍ തയാറായിരക്കണം. നല്ല സംവിധായകന്‍ എന്നാല്‍ നല്ല ഷോട്ടുകള്‍ എടുക്കുന്നയാളല്ല. അതാണ് ഞാന്‍ ഗുരുക്കാന്‍മാരില്‍ നിന്ന് പഠിച്ചത്. എന്നെ സംബന്ധിച്ച് നല്ല ഷോട്ടുകളല്ല സിനിമ. നല്ല കഥകള്‍ ഒരു ദൃശ്യാനുഭവമായി പ്രേഷകന്റെ മനസില്‍ പതിയുന്നതാണ് സിനിമ. പ്രതിഭ എന്നു പറയുന്നത് നല്ല ഷോട്ട് എടുക്കുന്നതാണ് എന്ന് തരത്തില്‍ സിനിമ ഇപ്പോള്‍ മാറിയിട്ടുണ്ട്. എല്ലാം നായകനെ കേന്ദ്രീകരിച്ചാവും. എല്ലാ ഷോട്ടിലും നായകനുണ്ടാകണം. പണ്ട് അങ്ങനെയായിരുന്നില്ല. ചിലര്‍ പറയും നല്ല തിരിക്കഥയുണ്ടെങ്കില്‍ നല്ല സിനിമ ഉണ്ടാവുമെന്ന്. അത് ശരിയല്ല. എം.ടി. വാസുദേവന്‍നായര്‍ തിരിക്കഥ എഴുതിയതുകൊണ്ട് നല്ല സിനിമ ഉണ്ടാവില്ല. അത് സംവിധാനം ചെയ്യാന്‍ പ്രഭിഭയുള്ളയാളുണ്ടാവണം. ഞാന്‍ എന്റെ സിനിമയിലേക്ക് വരികയാണ്. മനസിലുള്ള സിനിമയാവില്ല പലപ്പോഴും നമ്മള്‍ ചെയ്യുന്നത്. അതിന് മാര്‍ക്കറ്റിന്റെ താല്‍പര്യങ്ങളുമായി ചില ഒത്തുതീര്‍പ്പുകളിലെത്തേണ്ടിവരും. നിര്‍മാതാവിന് കാശ് തിരിച്ചുകിട്ടണം. അതൊരു നഷ്ടക്കളിയാകരുത്. അതുകൊണ്ടാണ് ഞാന്‍ പലപ്പോഴും ഒത്തുതീര്‍പ്പിന്റെ സിനിമകള്‍ ചെയ്യുന്നത്. അവ നൂറും നൂറ്റമ്പതു ദിവസവും ഓടുന്നതില്‍ സന്തോഷമുണ്ട്. പക്ഷേ, ഇതിനിടയിലും മനസ് പറഞ്ഞുകൊണ്ടിരക്കും ഇതല്ല എന്റെ സിനിമ. മറ്റൊരു സിനിമയുണ്ട്. സാധ്യമാകുമ്പോഴൊക്കെ ഞാന്‍ എന്റെ സിനിമയിലേക്ക് മടങ്ങും. പെരുമഴക്കാലവും മധുരനൊമ്പരക്കാറ്റും മേഘമല്‍ഹാറുമെല്ലാം മനസിലെ സിനിമയോട് അടുത്തുനില്‍ക്കുന്നവയാണ്്. ആ സിനിമകളിലും ഒത്തുതീര്‍പ്പില്ലെന്നല്ല. മനസിലെ സിനിമകളില്‍ ഞാന്‍ കാല്‍പനികതും അതിന്റെ സാധ്യമായ രുപങ്ങളും കൊണ്ടുവരുന്നു. അത് പ്രേഷകന്‍ വേണ്ടത്ര മനസ്സിലാക്കാത്തതില്‍ ചിലപ്പോഴൊക്കെ വിഷമവുമുണ്ട്.
'മധുരനൊമ്പരക്കാറ്റില്‍' കാറ്റിനെ കഥാപാത്രമാക്കികൊണ്ടുവരികയാണ്. കാറ്റടിക്കുന്ന ഗ്രാമം. ആ കാറ്റ് അവിടെയുള്ളവരുടെ ജീവിതത്തെ ബാധിക്കുന്നു. അവരുടെ സുഖദു:ഖങ്ങളില്‍ കാറ്റുണ്ട്. അത്തരം ഗ്രാമമൊന്നുമില്ല കേരളത്തില്‍. അതെന്റെ ഭാവനായാണ്. അല്ലെങ്കില്‍ സങ്കല്‍പം. അത്തരം ഗ്രാമത്തില്‍ കുറേ പ്രശ്‌നങ്ങളുമായി കടന്നുവരുന്ന അധ്യാപകന്‍. അവിടെ വീശുന്ന കാറ്റ് അയാളുടെ ജീവിതത്തെയും കശക്കി വിടുന്നു. കാറ്റിനെ അങ്ങനെ സിനിമയിലേക്ക് കൊണ്ടുവന്ന മുന്‍ അനുഭവം നമുക്കില്ല. എന്റെ ഏറ്റവും നല്ല വര്‍ക്കുകളില്‍ ഒന്നായി കാണുന്നതാണ് ആ സിനിമ. പക്ഷേ, ആ രീയിയില്‍ ആളുകള്‍ കണ്ടില്ല. അത് എന്റെ സ്വകാര്യ നഷ്ടമാണ്. സാമ്പത്തിക വിജയം കണ്ടെങ്കിലും ആ സിനിമ അങ്ങനെ തിരസ്‌കരിക്കപ്പെടേണ്ട സിനിമയായിരുന്നില്ല എന്ന മനസു പറഞ്ഞുകൊണ്ടിരിക്കുന്നു. അതില്‍ വേദനയുണ്ട്.



'ഗസലാണ്' മറ്റൊരു നഷ്ടം. ഗസല്‍ കണ്ടവരെല്ലാം അതിലെ പ്രണയവും അതിലെ വില്ലനെയും മാത്രമാണ് കണ്ടത്. ഞാന്‍ പറയാന്‍ ശ്രമിച്ചത് മറ്റൊരുതരം മുസ്ലീം ജീവിതമാണ്. മുമ്പ് പറഞ്ഞതുപോലെ എന്റെ ബാല്യവും ജീവിത സാഹചര്യവുമെല്ലാം മുസ്‌ളീം പശ്ഛാത്തലമുളളതാണ്. അതാണ് നമുക്ക് പരിചിതമായ ജീവിതം. എന്നാല്‍ കൊടുങ്ങല്ലൂരിലെയോ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലോ ഉള്ള മുസ്ലീമിന് വ്യത്യസ്തമായ മുസ്‌ളീം മലബാറിലുണ്ട്. ഹിന്ദു ഫ്യൂഡലിസം എന്നതുപോലെ മുസ്‌ളീം ഫ്യൂഡലിസവും ഇവിടെയുണ്ടായിരുന്നു. മുസ്‌ളീം രാജവംശവും ഉണ്ടായിരന്നു. മുസ്‌ളീം ഫ്യൂഡലിസത്തിന്റെ ചില പ്രശ്‌നങ്ങളാണ് ഞാന്‍ എടുത്തുകാട്ടാന്‍ ശ്രമിച്ചത്. മുസ്‌ളീം പ്രമാണിമാരെപ്പറ്റി ആരും സിനിമ മുമ്പ് എടുത്തില്ല. ഞാനാ സിനിമയില്‍ എനിക്ക് കുട്ടിക്കാലം മുതല്‍ പചിരയമുള്ള ഗസലിന്റെ ഈണവും താളവും പകര്‍ത്തി. എനിക്ക് പരിചയമുള്ള തട്ടനണിഞ്ഞ മുസ്‌ളീമിനെയും ചേര്‍ത്തു. പര്‍ദയിട്ട പെണ്ണുങ്ങല്ല ആ സിനിമയിലുള്ളത്.പക്ഷേ, ആ സിനിമ ഞാനുദ്ദേശിച്ച തരത്തിലല്ല ആളുകള്‍ കണ്ടത്. അവരതിലെ പ്രണയം മാത്രം കണ്ടു. ആ സിനിമ ഇറങ്ങിയ സാഹചര്യവുമാവാം അങ്ങനെ തിരസ്‌കരിക്കപ്പെടാന്‍ ഒരു കാരണം. ബാബറി മസ്ജിദിനുശേഷമുള്ള കാലത്താണ് ആ സിനിമ പുറത്തിറങ്ങിയത്. അതിനെപ്പറ്റി മറ്റൊരു അനുഭവം ചിത്രീകരണ സമയത്താണ്. ഒരു മലയുടെ മുകളിലാണ് ഞങ്ങള്‍ സെറ്റിട്ടത്. പള്ളിപോലൊന്ന്. ചിത്രീകരണം കഴിഞ്ഞ് സെറ്റ് പൊളിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ചെറുതായി എതിര്‍ത്തു. അത് അവര്‍ പള്ളി പോലെയാണ് കണ്ടത്. അത് പൊളിക്കുന്നത് അവര്‍ ഇഷ്ടപ്പെട്ടില്ല. ഇതാണ് മലയാളിയുടെ ആസ്വദാനത്തിന്റെ ഒരു തലം.
കച്ചവട വിജയം നേടുന്ന സിനിമകള്‍ ചെയ്യുമ്പോഴും അറിയാതെ മനസ് ഞാനിഷ്ടപ്പെടുന്ന സിനിമകളിലേക്ക് എന്നെ കൊണ്ടുപോകും. 'നിറം' എന്ന സിനിമ നൂറാം ദിവസത്തെ വിജയമാഘോഷിക്കുന്ന അവസരത്തിലാണ് ഞാന്‍ മധുരനൊമ്പരക്കാറ്റ് ചെയ്യുന്നത്. തുടര്‍ന്ന് മേഘമല്‍ഹാറും. 'നമ്മള്‍', 'സ്വപ്നക്കൂട്' സിനിമകള്‍ തകര്‍പ്പന്‍ വിജയം നേടിയശേഷമാണ് 'പെരുമഴക്കാലം' ചെയ്യുന്നത്. ഇത്തരം തിരിച്ചുപോക്ക് എന്റെ തന്നെ പശ്ചാത്താപമാവാം. അല്ലെങ്കില്‍ കുറ്റ ബോധംകൊണ്ടാവാം. 'നിറം', 'നമ്മള്‍' എന്നീ സിനികളോ, എന്റെ തന്നെ മറ്റേതെങ്കിലും സിനിമകളോ ഞാനിഷ്ടപ്പെടുന്നില്ലെന്നല്ല. മനസിലുള്ള സിനിമ അതല്ലെന്നു മാത്രമാണ് പറയുന്നത്. മധുരനൊമ്പരക്കാറ്റിലും പെരുമഴക്കാലത്തിലും ഒത്തുതീര്‍പ്പുകളില്ലെന്നുമല്ല. അതുണ്ട്.



ഗ്രാമഫോണ്‍ : ഞാന്‍ നഷ്ടമാക്കിയ നല്ല സിനിമ


'ഗ്രാമഫോണ്‍ 'ചെയ്യേണ്ടിയിരുന്നില്ലെന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്. പലപ്പോഴും ഞാനതിനെപ്പറ്റി ദു:ഖിച്ചിട്ടുണ്ട്. 'ഗ്രാമഫോണ്‍' എനിക്ക് നഷ്ടമാക്കിയത് മറ്റൊരു നല്ല സിനിമ കൂടിയാണ്. ഞാന്‍ ആദ്യം ഉദ്ദേശിച്ചത് ബാബുരാജിന്റെയും മെഹ്്ബൂബിന്റെയും ജീവിതം ഒന്നിപ്പിച്ച് ഒരു കഥ പറയാനാണ്. അതില്‍ ഞാന്‍ കോഴിക്കോട് ജീവിച്ച ബാബുരാജിന്റെയും മട്ടാഞ്ചേരിയില്‍ അവധൂതനായി ജീവിച്ച മെഹബൂബിന്റെയും ജീവിതം ഒന്നിപ്പിക്കാന്‍ ശ്രമിച്ചും. ഇരുവരും പ്രതിഭാധനരായ പാട്ടുകാരാണ്. ഇവരെ ഒന്നിപ്പിക്കാനും കഥ പറയാനും ഞാന്‍ തെരഞ്ഞെടുത്തത് മട്ടാഞ്ചേരിയിലെ ജൂത തെരുവാണ്. ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായ് ഞാന്‍ നല്ല മറ്റൊരു സിനിമയുടെ സാധ്യത നഷ്ടപ്പെടുത്തിയിരിക്കുന്നു. അതില്‍ ഒരു ജൂത പെണ്‍കുട്ടിയുടെ കഥയുണ്ട്. ഇസ്രായേലിലേക്ക് മടങ്ങാന്‍ കൊതിക്കുന്ന ഒരു ജൂത കുടുംബത്തിലെ അംഗം. ആ ഒരു പ്രമേയം തന്നെ മറ്റൊരു സിനിമയ്ക്കുള്ള നല്ല പ്രമേയമാണ്. രാജ്യാന്തര തലത്തില്‍ പറയാന്‍ കഴിയുന്ന ഒരു നല്ല സിനിമയാണ് ഞാന്‍ ഇങ്ങനെ മൂന്ന് കഥകള്‍ കൂട്ടിയോജിപ്പിച്ചതുവഴി നഷ്ടപ്പെടുത്തിയത്. ഇനി ജൂതപെണ്‍കുട്ടിയുടെ വിഷയം മറ്റാര്‍ക്കും ചെയ്യാനുമാവില്ല. കൊച്ചിയിലെ ജൂതരാണെങ്കില്‍ ഇനി കൈ വിരലിലെണ്ണാവുന്ന അത്രയേയുളളൂ. ഇപ്പോള്‍ എനിക്ക് വലിയ നഷ്ടബേധമുണ്ട്. കുറ്റബോധമുണ്ട്. എന്റെ തന്നെ വീഴ്ചയായിട്ടാണ് ഞാനതിനെ കാണുന്നത്. മാര്‍ക്കറ്റിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഇരട്ടകൈമാക്‌സും കൊണ്ടുവന്നു. മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണത്.



രാഷ്ട്രീയം, വിജയന്‍ മാഷ്

സിനിമകളില്‍ രാഷ്ട്രീയമുണ്ട്. ഓരോരുത്തരുടെയും രാഷ്ട്രീയം അവരുടെ കലാ ആവിഷ്‌കാരത്തിലുണ്ടാകും. എന്നെ സംബന്ധിച്ച് രാഷ്ട്രീയം എന്നത് വ്യക്തമായും മനുഷ്യപക്ഷത്ത് നില്‍ക്കലാണ്. അതായത് മനുഷ്യന്റെ നന്മകളോട് ചേര്‍ന്നതാവണം രാഷ്ട്രീയം. കേരളത്തില്‍ ഇടതുപക്ഷക്കാരുടെ ചിന്താഗതിയോടാണ് അത് കൂടുതല്‍ യോജിക്കുന്നത്. നമ്മുടെ ജീവിത സാഹചര്യവുമായി ഇടതു രാഷ്ട്രീയം അടുത്ുനില്‍ക്കുന്നുണ്ട്. ഇടതുപക്ഷത്തിനു പുറത്ത്, കേണ്‍ഗ്രസിലുള്‍പ്പടെ നല്ല വ്യക്തികളുണ്ട്. അവരില്‍ പലരും മനുഷ്യനന്മയ്ക്കുവേണ്ടി നിലകൊളുന്നുവരാണ്. അവരെ പലരും എന്റെ സുഹൃത്തുക്കളാണ്. അവരെ ഇഷ്ടവുമാണ്. ശരിക്കു പറഞ്ഞാല്‍ ആര് മനുഷ്യന്മയ്‌ക്കൊപ്പം നില്‍ക്കുന്നുവോ അവരോടൊക്കെ ഞാന്‍ ഐക്യപ്പെടുത്തുന്നുണ്ട്.
ഇടതുപക്ഷത്തില്‍ ഏനിക്ക് വളരെ അടുപ്പമുണ്ടായിരുന്ന ഒരാള്‍ എം.എന്‍. വിജയനാണ്. മാഷുമായുള്ള അടുപ്പം ചില തെറ്റിധാരണകള്‍ക്കും കാരണമായിട്ടുണ്ട്. വ്യക്തിപരമായി എന്നെ മാഷ്് പല തരത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. എന്നെ മാത്രമല്ല, കുറേ ചെറുപ്പക്കാരെയും. ഇതെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വിജയന്‍ മാഷ് കൊടുങ്ങല്ലൂരില്‍ തിരിച്ചുവന്നശേഷം എന്റെ അയല്‍വാസിയായിരന്നു. മാഷ് കൊടുങ്ങല്ലൂരില്‍ താമസമാക്കിതില്‍ വളരെയധികം സന്തോഷം എനിക്കുണ്ടായി. ഇടയ്ക്കിടക്ക് ചെല്ലാവുന്ന സ്ഥലമായി അത്. ഒരു അഭയകേന്ദ്രം. മാഷ് പ്രചോദനമാണ്. ആത്മഹത്യ ചെയ്യണമെന്നു കരുതി നടക്കുന്ന ആരെങ്കിലും മാഷിന്റെ മുന്നില്‍ പെട്ടാല്‍ അയാള്‍ ആ തീരുമാനം ഉപേക്ഷിച്ച് ജീവിതത്തിലേക്ക് മടങ്ങും. മാഷ് മരുന്നുകൊടുത്തിട്ടില്ല. ഉപദേശിച്ചിട്ടുമല്ല. മാഷിനോട് ചിലപ്പോള്‍ അയാള്‍ ആ വിഷയം സംസാരിച്ചിട്ടുപോലുമുണ്ടാവില്ല. എന്നാല്‍, മാഷിന്റെ ചിരിയാണ് മരുന്നു. മാഷ് നിറഞ്ഞാണ് ചിരക്കുക. വല്ലാത്ത ചിരിയാണത്. അതില്‍ വാത്സല്യമാണോ, സുരക്ഷിതത്വമാണോ അനുവഭപ്പെടന്നത് എന്നൊന്നും കൃത്യമായി പറയാനാവില്ല. മരിക്കണമെന്ന് കരുതിയയാള്‍ ആ ചിരിയില്‍ മനസുമാറി ജീവിതത്തിലേക്ക് തിരിച്ചുപോകും. മാഷിന്റെ അടുത്തുപോയി ഇരിക്കുന്നത് തന്നെ സുഖകരമാണ്. ആ സുഖകരമായ അനുഭവത്തിനുവേണ്ടിക്കൂടിയാണ് ഞാന്‍ പലപ്പോഴും മാഷിന്റെ അടുത്തുപോയിരുന്നത്. എന്നാല്‍, എനിക്ക് മാഷിന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ടായിരുന്നു. ജയകൃഷ്ണന്‍ മാഷെ സ്‌കൂളിലിട്ട് വെട്ടികൊന്നതിനെ അദ്ദേഹം ന്യായീകരിച്ചതിനോട് യോജിപ്പില്ല. അക്കാര്യത്തില്‍ മാഷിന് കൃത്യമായ രാഷ്ട്രീയമുണ്ട്. അമ്മയുടെ മുന്നിലിട്ട് മകനെ വെട്ടിക്കൊല്ലുമ്പോള്‍ എതിക്കാതിരിക്കുകയും സ്‌കൂളിലിട്ട് വെട്ടിക്കൊല്ലുന്നത് കുറ്റമാകുകയും ചെയ്യുന്നതിലെ യുക്തി രാഹിത്യത്തെയാണ് മാഷ് ചോദ്യം ചെയ്ത്. അതെന്തായാലും അതിനോട് എനിക്ക് യോജിപ്പില്ല. തെറ്റിന് തെറ്റല്ല പരിഹാരം. മാഷ് പറയേണ്ടിയിരുന്നത് എല്ലാ തെറ്റും തെറ്റുതന്നെയെന്നാണ്. എന്നാല്‍, ഞാനദ്ദേഹത്തോട് വിയോജിപ്പ് അറിയിച്ചില്ല. അതു പ്രകടിപ്പിച്ചിട്ടില്ല. അതിന്റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്തിട്ടില്ല. അത്തരം വിയോജിപ്പകുള്‍ മാഷിന്റെ മുന്നിലെത്തുമ്പോള്‍ താനേ മറന്നുപോകും. അത്തരം പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് മാഷിന് സ്വയം തോന്നിയതായി പിന്നീട് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. മാഷ് അതില്‍ പശ്ചാത്തിപിച്ചിക്കുന്നതായും തോന്നിയിട്ടുണ്ട്. മാഷിന്റെ വിയോഗമുണ്ടാക്കിയ നഷ്ടം പറഞ്ഞറിയിക്കാനാവില്ല. എപ്പോള്‍ വേണമെങ്കിലും കയറിചെല്ലാവുന്ന ഒരാശ്രയ കേന്ദ്രമാണ് വ്യക്തിപരമായി നഷ്ടമായത്. അതിനേക്കാള്‍ പ്രതിസന്ധികളും സമ്മര്‍ദങ്ങളിലും അടുത്തൊരാള്‍ എനിക്ക് ഇല്ലാതായി.


പൊന്നാനിയുടെ രാഷ്ട്രീയം

ഇടതുപക്ഷത്തോടുള്ള ആശയ ഐക്യം ചില അനാവശ്യ വിവാദങ്ങളിലേക്കും എന്നെ കൊണ്ടുചെന്നെത്തിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പൊന്നാനിയില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കാനായി എന്റെ പേര് ഉയര്‍ന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒരു തമാശയാണ്. ഞാനാരെയും സമീപിച്ചിട്ടില്ല. എന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആരോടും പറഞ്ഞിട്ടില്ല. പിന്നെ, എന്തിന് അവരെന്നെ സമീപിച്ചു? എനിക്ക് അതിനുള്ള യോഗ്യത എന്താണ്? എനിക്ക് മനസിലായ ഒറ്റക്കാര്യം ഞാന്‍ മുസ്‌ളീമായി ജനിച്ചുവെന്നതാണ്. അതുമാത്രമാണ് കാരണം. ഞാന്‍ അറിയപ്പെടുന്ന ഒരു മുസ്‌ളീമാണ്. ഇതല്ലെങ്കില്‍ ഒരിക്കലുമവര്‍ എന്നെ സമീപിക്കില്ല. പൊന്നാനിയില്‍ നില്‍ക്കാന്‍ വ്യക്തിപരമായി യോഗ്യനാണ് ഞാന്‍ എന്നു കരുതുന്നില്ല. എന്നാല്‍, പൊന്നാനിയായി എനിക്ക് ഒരു ബന്ധവുമില്ലെന്ന് പറയാനാവില്ല. ചെറിയ ബന്ധമുണ്ട്. കുറച്ചുകാലം പൊന്നാനി എന്റെ നാടായിരുന്നു. ഭാര്യ അവിടെ കോളജ് അധ്യാപികായിരുന്നു. സഹസംവിധായകനായിരുന്ന കാലത്താണ്് അന്നും എനിക്ക് രാഷ്ട്രീയമല്ല. അവിടെ വല്ലപ്പോഴും ചെല്ലുന്ന പ്രവാസിയാണ് ഞാന്‍. സിനിമയുടെ തിരക്ക് ഇല്ലാത്ത ദിവസം രാത്രി വണ്ടിക്ക്, പുലര്‍ച്ചെ കുറ്റിപ്പുറത്ത് ഇറങ്ങി വല്ല ബസിലോ, ലോറിയിലോ ഒക്കെയായി ഞാന്‍ പൊന്നാനിയില്‍ എത്തും. ചിലപ്പോള്‍ അന്നു തന്നെ മടങ്ങും. അല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ്. എനിക്ക് അവിടെ വലിയ പരിചയക്കാരൊന്നുമില്ല. ഉള്ളത് കുറച്ച് കോളജ് അധ്യാപകരാണ്. അവര്‍ ഭാര്യയുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ്. അവരില്‍ കുറച്ചുപേര്‍ സി.പി.ഐക്കാരായിരുന്നു. അതായത് സി.പി.ഐ. ബന്ധമുള്ള സര്‍വീസ് സംഘടനാ പ്രവര്‍ത്തകര്‍. ഇതല്ലാതെ എനിക്ക് രാഷ്ട്രീയക്കാരെ പരിചയമൊന്നുമില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ ഒരു രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തു. സര്‍വ സ്വതന്ത്രനായ സ്ഥാനാര്‍ത്ഥിയായി ഹുസൈന്‍ രണ്ടാത്താണിയെ നിര്‍ത്താനുള്ള നീക്കത്തെ സി.പി.ഐ. എതിര്‍ത്തു. പകരം എ.പി. കുഞ്ഞാമ്മുവിന്റെ പേര് നിര്‍ദേശിക്കപ്പെട്ടു. അതിനിടയിലാണ്, കലാകാരനായിട്ടുള്ള മുസ്ലീമിനെ നിര്‍ത്തിയാല്‍ വിജയിക്കാമെന്ന് സി.പി.ഐ.ക്ക് തോന്നിയത്. എന്റെ പേര് നിര്‍ദേശിക്കുന്നത് കെ.പി.രാജജേന്ദനും ബിനോയി വിശ്വവും ചേര്‍ന്നാണ്. ഇരുവരുമായും എനിക്ക് സൗഹൃദമുണ്ട്. രാജേന്ദ്രന്‍ എന്നെ വിളിച്ചു. പറ്റില്ല, ഞാനില്ല എന്ന് അപ്പോള്‍ തന്നെ മറുപടി പറഞ്ഞു. ഞാന്‍ മത്സരിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ഇതിനിടയില്‍ പുറത്തുവന്നു. അപ്പോള്‍ കെ.പി. രാജേന്ദ്രന്‍ വിളിച്ചിട്ടു പറഞ്ഞു, 'ഞങ്ങള്‍ ഒരു രാഷ്ട്രീയ പ്രതിസന്ധിയിലാണ്.് ഒരു ദിവസം സമയം തരണം. ആരെങ്കിലും വിളിച്ചു ചോദിച്ചാല്‍ ഇല്ല, മത്സരിക്കുന്നില്ല എന്നൊന്നും പറഞ്ഞേക്കരുത്. ഒരു ഒഴുക്കന്‍ മറുപടി പറഞ്ഞ് നില്‍ക്കണം.'. അതുകൊണ്ടാണ് എന്നെ വിളിച്ച പത്രക്കാരോടും സുഹൃത്തുക്കളോടും 'അറിയില്ല, അറിയില്ല' എന്ന മറുപടി ഞാന്‍ ആവര്‍ത്തിച്ചത്. മത്സരിക്കുന്നില്ലെന്ന് തറപ്പിച്ച് പറഞ്ഞ കാര്യം പത്രക്കാരോടും പറഞ്ഞാല്‍ മതിയായിരുന്നു. രാജേന്ദ്രന്‍ ഒരു കാര്യം ആവശ്യപ്പെട്ട സ്ഥിതിക്ക് അങ്ങനെ നിഷേധിച്ച് പറയേണ്ട എന്നു ഞാന്‍ കരുതി. പിന്നീട്, ഞാന്‍ വിജയന്‍ മാഷിന്റെ (എം.എന്‍. വിജയന്‍) സുഹൃത്തായതിനാലാണ് സി.പി.എം. എതിര്‍ക്കുന്നുവെന്നതരത്തിലുള്ള പ്ര്‌സതാവന കണ്ടപ്പോള്‍ എനിക്ക് വിഷമമായി. അനാവശ്യമായി വിജയന്‍ മാഷിന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചതില്‍ ഖേദം തോന്നി. മാത്രവുമല്ല, വിജയന്‍ മാഷിന്റെ സുഹൃത്തായിരിക്കുക എന്നതുകൊണ്ട് ഒരാള്‍ മോശക്കാരനാകുന്നില്ലല്ലോ. സൃഹത്തായിരിക്കുക എന്നത്‌കൊണ്ട് മാഷ് വച്ച എല്ലാ ആശയങ്ങളെയും ഞാന്‍ അംഗീകരിക്കണമെന്നുമില്ലല്ലോ. വിജയന്‍ മാഷ് സുഹൃത്തിനന്നതിനപ്പുറം ഗുരുതുല്യനാണ്്. ഇത്തരം മോശം കളികളോടും രീതികളോടും എതിര്‍പ്പാണ് തോന്നിയത്. അപ്പോള്‍ തന്നെ എനിക്ക് മത്സരിക്കാന്‍ ഒരു താല്‍പര്യവുമില്ലെന്ന് ഞാന്‍ പരസ്യമായി തുറന്നു പറഞ്ഞു. മനസിലാക്കേണ്ടവര്‍ മനസിലാക്കി. അതുകൊണ്ട് സി.പി.ഐ.ക്കാരുമായി എതിര്‍പ്പൊന്നുമില്ല. പഴയ സൗഹൃദം അതുപോലെ തന്നെ സൂക്ഷിക്കുന്നു.


മാക്ട: കുപ്പി തുറന്നുവിട്ട ഭൂതം

മലയാള സിനിമയ്ക്ക് അമിത ട്രേഡ്‌യൂണിയനിസവും സംഘടനാപ്രവര്‍ത്തനവും ദോഷകരമായി ഭവിക്കുന്നുവെന്നത് കുറേയൊക്കെ സത്യമാണ്്. പക്ഷേ, ഇക്കാര്യം എനിക്ക് ഓപണായിട്ട് പറയാന്‍ ചില ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും ചിലതു പറയാം. മാക്ട എന്ന പ്രസ്ഥാനം ആദ്യമുണ്ടാകുമ്പോള്‍ രാഷ്ട്രീയ താല്‍പരമേ ഉണ്ടായിരുന്നില്ല. സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായിട്ടാണ് അത് ഉദ്ദേശിച്ചത്. സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് ഒന്നിച്ചിരിക്കാനും പരസ്പരം ആശയവിനിമയം നടത്താനും സഹായിക്കുന്ന വേദി. അത് സിനിമയ്ക്ക് സഹായകരമാകും. നല്ല സിനിമ ഉണ്ടാവാന്‍ കാരണവമാവുകയും ചെയ്യും. തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സംവിധായകന്‍ കെ.ജി. ജോര്‍ജ്, അടൂര്‍ ഗോപാലകൃഷ്ണന്‍, ഒ.എന്‍.വി., ഞാന്‍ തുടങ്ങിയവരൊക്കെ ചേര്‍ന്നാണ് ഒരു കൂട്ടായ്മയെപ്പറ്റി ചര്‍ച്ചചെയ്യുന്നത്. ആ ചര്‍ച്ചയ്‌ക്കൊടുവില്‍ മാക്ട ഉണ്ടായതില്‍ അഭിമാനം ഉണ്ട് താനും. അന്ന് അതിന്റെ പ്രവത്തനത്തില്‍ മറ്റൊരു താല്‍പര്യമില്ലായിരുന്നു. നല്ല സിനിമ മാത്രമായിരുന്നു താല്‍പര്യം. പിന്നെ അതില്‍ അംഗങ്ങള്‍ കൂടി. എല്ലാത്തരം സംവിധയാകരും കടന്നുവന്നു. നല്ല സിനിമ ചെയ്യുന്നവര്‍ക്കും ചീത്ത സിനിമ ചെയ്യുന്നവര്‍ക്കും അതില്‍ അംഗത്വമായി. ഇവരുടെയെല്ലാം അവകാശങ്ങള്‍ സംഘടനയില്‍ തുല്യമാണ്. പക്ഷേ, അവരുടെ താല്‍പര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ചീത്ത സീനിമകളുടെ വക്താക്കളും സിനിമ ചെയ്യാത്തവവരുമെല്ലാം രംഗം കയ്യടക്കി. പിന്നെ അതില്‍ പക്ഷപാതിത്വങ്ങളായി, വേര്‍തിരിവുകളായി. കൂട്ടായ്മയില്‍ ഒരിക്കലും നല്ല സിനിമയെപ്പറ്റിയുള്ള ചര്‍ച്ച നടന്നില്ല. ഒരു നല്ല സിനിമ എങ്ങനെ ഉണ്ടാക്കാം എന്നതായിരുന്നില്ല ചര്‍ച്ചാവിഷയങ്ങള്‍. ചര്‍ച്ച എന്നു പറയുന്നത് നടന്നത് തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. സ്വഭാവികമായും നല്ല സിനിമകള്‍ ചെയ്ത പലരും വിമുഖരായി. അടൂരിനെപ്പോലുള്ളവര്‍ക്ക് താല്‍പര്യം നശിച്ച് രംഗം വിട്ടു. ഈ ഘട്ടത്തിലാണ് ട്രേഡ് യൂണിയന്‍ എന്നൊരു ആവശ്യം ഉയരുന്നത്. സിനിമാ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ പ്രശ്‌നമായി ഉയര്‍ന്നുവന്നുകൊണ്ടിരുന്നു. മാക്ട മുന്‍കൈ എടുത്തില്ലെങ്കില്‍ മറ്റൊരു ട്രേഡ് യൂണിയന്‍ സിനിമാ മേഖലയില്‍ ഉയര്‍ന്നുവരും. അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പോഷക സംഘടനയാകാനുള്ള എല്ലാ സാധ്യതതയുമുണ്ട്. അതോടെ കാര്യങ്ങള്‍ കൈവിട്ടുപോകും. അത് അനുവദിച്ചൂകൂടാ എന്നു തോന്നി. അങ്ങനെ വന്നപ്പോള്‍ മാക്ട തന്നെ ട്രേഡ് യൂണിയനാകുന്നാവും നല്ലത് എന്നു തോന്നി. സംഘടനയെ ട്രേഡ്‌യൂണിയനാക്കുന്നുവെന്ന പ്രമേയം അവതരിപ്പിക്കാനുള്ള ഉത്തരവാദിത്വം എന്നിലാണ് വന്നു വീണത്. പക്ഷേ, ഞാന്‍ സംശയാലുവായിരിന്നു. ജോണ്‍ പോള്‍ ഉള്‍പ്പടെയുള്ള എനിക്ക് വ്യക്തിപരമായി അടുപ്പമുള്ളവരോട് ഞാന്‍ സംശയം തുറന്നു പറഞ്ഞു. ഞാന്‍ പറഞ്ഞതിതാണ്. ഇതിന്റെ വലിയ ഭവിഷത്ത് വലുതാണ്. നമ്മള്‍ ഇതുവരെ ഭൂതത്തെ കുടത്തില്‍ അടച്ചുവച്ചിരിക്കുകയാണ്. ഇപ്പോഴത് തുറന്നുവിടാന്‍ പോകുന്നു. എന്തുസംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. മിനിറ്റുകള്‍ ബാക്കിയുണ്ട്. ഒന്നു കൂടി ചിന്തിക്കാവുന്നതേയുള്ളൂ. സംശയങ്ങള്‍ പലര്‍ക്കുമുണ്ടായിരുന്നു.എന്നാല്‍, എല്ലാവരും ശുഭാപ്ത വിശ്വാസിള്‍. അങ്ങനെ പൊതു തീരുമാനത്തിനൊപ്പം നില്‍ക്കേണ്ടതായി വന്നു. പുതിയ സംഘടനയ്ക്ക് വലിയയൊരു കടമയുണ്ട്, സാധാരണക്കാരായ സിനിമാ പ്രവര്‍ത്തകരെ സംരക്ഷിക്കല്‍. ആ രീതിയിലാണ് ചര്‍ച്ച മുന്നേറിയത്. ഈ ഘട്ടത്തിലും എല്ലാവര്‍ക്കും സദുദ്ദേശ്യങ്ങളേയുണ്ടായിരുന്നുള്ളൂ. പക്ഷേ ഇപ്പോള്‍ ഭൂതത്തെ തിരിച്ച് കുടത്തില്‍ കയറ്റേണ്ട അവസ്ഥയാണ്. കാരണം സംഘടനയില്‍ വ്യക്തപരമായ താല്‍പര്യങ്ങള്‍ മുന്‍ തൂക്കം നേടി. പകവീട്ടല്‍, പരസ്പരമുള്ള പോരടിക്കല്‍ എന്നിവയ്ക്കായി ആധിപത്യം. ഈ വ്യക്തിപരമായ താല്‍പര്യങ്ങള്‍ ഏറ്റുപിടിച്ചായി പിന്നീടുള്ള ഏറ്റമുട്ടല്‍. എല്ലാത്തരം സിനിമാ പ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ സംഘടനയുണ്ട്. അതുകൊണ്ട് തന്നെ വ്യക്തിപരായ വിഷയങ്ങള്‍ പോലും മറ്റ് സംഘടനകള്‍ ഏറ്റുപിടിച്ചു. ഇതിനിടയില്‍ സംഭവിച്ച ഏറ്റവും വലിയ കുഴപ്പം നല്ല സിനിമ എന്ന സങ്കല്‍പം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നുവെന്നതാണ്.
ചേരിതിരിവ് മൂര്‍ഛിച്ച സ്ഥതിക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍. എല്ലാവരെയും ഒന്നിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിനോക്കി. രക്ഷയില്ല എന്നു മനസിലായി. ഇപ്പോള്‍ ഞാന്‍ സ്വയം ഉള്‍വലിഞ്ഞിരിക്കുകയാണ്. ഏറ്റവും നല്ലത് മൗനമാണ് എന്ന തിരിച്ചറിവില്‍ ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.


സിനിമയ്ക്കു വന്ന മാറ്റം


സിനിമയ്ക്ക്, അതിന്റെ ഭാഷയ്ക്ക്, ആസ്വാദനത്തിന് ഒക്കെ വളരെയധികം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഞാന്‍ സിനിമാ പ്രവര്‍ത്തകനാകുന്ന പഴയ കാലത്തെയും ഇപ്പോഴത്തെ പുതിയ കാലത്തെ തുലനം ചെയ്യേണ്ടതില്ല. അന്ന് സിനിമ എന്നെപോലുള്ളവര്‍ക്ക്. വല്ലാത്ത പാഷനായിരുന്നു. അന്ന് സിനിമ കൈ എത്തിപ്പിടിക്കാവുന്നതിനും അപ്പൂറത്തായിരുന്നു. ദൂരത്തിലേക്ക് തുഴഞ്ഞു തുഴഞ്ഞു ചെന്നാല്‍ മാത്രമേ സിനിമ് പ്രാപ്്തമാവുമായിരുന്നുള്ളൂ. അല്ലെങ്കില്‍ മലയകയറ്റം പോലെയായിരുന്നു. ഒരു കമ്മിറ്റ്‌മെന്റിന്റെ തുടര്‍ച്ചയായിരുന്നു അന്ന് എന്നെപ്പോലുള്ളവര്‍ക്ക് സിനിമ. അതുകൊണ്ട് തന്നെ സിനിമ സാധ്യമാകുന്നതില്‍ വിജയത്തിന്റെ ലഹരിയുണ്ടായിരുന്നു. ഇന്നതല്ല. സിനിമ എളുപ്പത്തില്‍ സാധ്യമാകും. സാങ്കേതിക വിദ്യ സിനിമയെ അങ്ങനെ ചുരുക്കിയിട്ടുണ്ട്. അതുകൊണ്ട് ഒറ്റ സിനിമയുടെ വിജയമാണ് എല്ലാവരുടെയും ലക്ഷ്യം. ആ വിജയത്തില്‍ ഭ്രമിക്കുന്നവരുടേതാണ് ലോകം. ഒരു സിനിമ വിജയിച്ചാല്‍ എല്ലാം കാല്‍ക്കീഴിലായി എന്നായി പുതു മുഖ സംവിധായകുടെ ഭാവം.
മുമ്പ്, റേഡിയോ കേള്‍ക്കുമ്പോള്‍ അത് കാണാനായിരുന്നെങ്കില്‍ എന്നാശിച്ച സമൂഹത്തിന്റെ പ്രതിനിധിയാണ് ഞാന്‍. ഇന്ന് സിനിമ അല്‍ഭുതമല്ല, അവേശമല്ല. കളിക്കോപ്പാണ്. സിനിമ കളിക്കോപ്പമല്ല. അത് മഹത്തായ കലയാണ്. എന്നാല്‍ കളിക്കോപ്പായി സിനിമയെ കാണുന്നവരുടെ കാലമാണിത്. സിനിമയില്‍ വന്ന മാറ്റം എല്ലാവരും പ്രയോഗികമായി വിജയിക്കുന്നതിനെപ്പറ്റി സ്വപ്നം കാണുന്നുവെന്നാണ്. എല്ലാവരുഗ പ്രൊഫഷണലുകള്‍. ആര്‍ക്കും ആരോടും പ്രതിബദ്ധതയില്ല. എല്ലാവര്‍ക്കും അവരോടാണ് പ്രതിബദ്ധത. സിനിമയുടെ ചിത്രീകരണം ഒരു ദിവസം നീണ്ടാല്‍ അതിന് നിന്നുകൊടുക്കാന്‍ പോലും ആരും തയാറല്ല. അവര്‍ക്ക് മറ്റ് സിനിമയുടെ വര്‍ക്കുണ്ട്. ഈ അവസ്ഥയാണ് സിനിമയില്‍ വന്ന മാറ്റം. പാഷന്‍ ഇല്ലാതായി. ആര്‍ക്കും എത്തിപ്പിടിക്കാമെന്നതിനാല്‍ നേടുന്നതിന്റെ ആവേശവും ലഹരിയും ഇല്ലാതായി.
ഇക്കാലത്തിനിടയ്ക്ക് ഒരു പാട് സിനിമകള്‍ സ്വാധീനിച്ചിട്ടുണ്ട്. പല വിദേശ സിനിമകളിലെയും ജീവിതം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടി്ട്ടുണ്ട്. എന്തുകൊണ്് നമുക്ക് ഇത്തരം സിനിമ ചെയ്യാന്‍ പറ്റാത്തത് എന്ന് അത്ഭുതം കൊണ്ടിട്ടുണ്ട്. മജീദി മജീദിയുടെ 'കളര്‍ ഓഫ് പാരഡൈസ്' അങ്ങനെ എന്നെ ഞെട്ടിച്ച സിനിമയാണ്. അവര്‍ ജീവിതത്തിന്റെ ചിത്രീകരണത്തിലാണ് ഊന്നുന്നത്. അവര്‍ കലയിലൂടെ ജീവിതം ആവിഷ്‌കരിക്കുന്നു. നമ്മള്‍ നര്‍മ്മത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതാണ് പ്രകടിതമായ മാറ്റം.
എന്താണ് സിനിമയെന്നതിന് ഒറ്റവാക്കില്‍ ഉത്തരം പറയാനാവില്ല. അതില്‍ ജീവിതം വേണം, കല വേണം, ആവിഷകാര മികവ് വേണം. അങ്ങനെ സിനിമ ഒരു നല്ല ദൃശ്യാനുഭവമാവണം. സിനിമ എന്നത് ഒരു സമ്പൂര്‍ണ കലയാണ്്. സംഗീതം, കല, സഹിതം എല്ലാം അതിലുണ്ട്.സിനിമ ഒരു സമ്പൂര്‍ണ കലാരൂപമായിരിക്കുന്നതുപോലെ തന്നെ ആസ്വാദവും സമ്പൂര്‍ണമായിരിക്കണം. അതായത് നമ്മള്‍ ബുദ്ധികൊണ്ടും, ഹൃദയംകൊണ്ടും, കാതുകൊണ്ടും കണ്ണുകൊണ്ടും സിനിമ അറിയണം. എല്ലാ ഇന്ദ്രിയങ്ങളും വച്ചാണ് നമ്മള്‍ സിനിമ ആസ്വദിക്കേണ്ടത്. ബുദ്ധി ഉപയോഗിക്കണ എന്നതുകൊണ്ട് ഒരു നിശ്ചിത ഷോട്ട് എങ്ങനെ എടുത്തുവെന്ന് തിരിച്ചറിയാനുള്ള കഴിവില്ല. ആവിഷക്കാരത്തിലുള്ള പാടവം അറിയണം. എന്തുകൊണ്ട് ഇങ്ങനെ ചിത്രീകരിച്ചു എന്ന് അറിയലാണ് അത്. അതേ സമയം തന്നെ ഹൃദയംകൊണ്ടാണ് നമ്മള്‍ സിനിമ ആസ്വദിക്കേണ്ടത്. നമ്മള്‍ കഥാ പാത്രങ്ങള്‍ക്കൊപ്പം കരയണം. അവര്‍സന്തോഷിക്കുമ്പോള്‍ സന്തോഷിക്കണം. അപ്പോള്‍ സിനിമ തീയേറ്ററിന് പുറത്തും നമുക്കൊപ്പം വരും. നമുക്കൊപ്പം ജീവിക്കും. ഇപ്പോള്‍ നമ്മള്‍ കണ്ണുകൊണ്ടും കാതുകൊണ്ടും മാത്രം സിനിമ കാണുന്നു. കണ്ടയുടന്‍ മറക്കുന്നു. പുതിയ തലമുറയുടെ മുദ്രാവാക്യം എല്ലാം മറന്ന് രണ്ടുമണിക്കൂര്‍ ആസ്വദിക്കണം. അതിനുശേഷം മറക്കണം എന്നതാണ്. അതല്ല നല്ല സിനിമ. കാഴ്ചക്കാരന്റെ ഹൃദയത്തിലുള്ളതാണ് നല്ല സിനിമ. സിനിമാ സംവിധാകയനെപ്പോലെ സമ്പൂര്‍ണമായ ആസ്വാദനം കാഴ്ചക്കാരനും ഉണ്ടായേ പറ്റൂ.




ഗദ്ദാമയുടെ വഴികള്‍


ഇന്നുവരെ ഞാനെത്തി നില്‍ക്കുന്ന സിനിമകളുടെ സമൂര്‍ത്ത ആവിഷ്‌കാരമാണ്് ഗദ്ദാമ. അല്ലെങ്കില്‍ എന്റെ സിനിമാ സങ്കല്‍പ്പങ്ങളുടെ തുടര്‍ച്ച എന്നു പറയാം. ഇടക്കാലത്ത് എനിക്ക് സിനിമയോട് വല്ലാത്ത വിരക്തി അനുഭവപ്പെട്ടു. ഞാന്‍ ചെയ്യേണ്ടതല്ലാത്ത സിനിമകള്‍ ചെയ്യുന്നുവെന്ന കുറ്റബോധം മനസില്‍ ശക്തമായി.. ഇത് ഏന്റെ ഏറ്റു പറച്ചിലാണ്. ഞാന്‍ എവിടെയൊക്കെയോ പാളുന്നു എന്ന തോന്നല്‍ മനസില്‍ ശക്തമായി. അതിനാല്‍ അല്‍പം ഉള്‍വലിയാന്‍ തന്നെ തീരുമാനിച്ചു. അടുത്തൊന്നും ഒരു പടവും ചെയ്യേണ്ട എന്നു നിശ്ചയിച്ചു. രണ്ടുവര്‍ഷത്തെ ഇടവേളയാണ് മനസിലുണ്ടായിരുന്നത്. അങ്ങനെ വായനയിലേക്ക് തിരിഞ്ഞു. വായനയും പഠനവുമായി വീട്ടില്‍ ഇരിക്കുമ്പോഴാണ് ഭാഷാപോഷിണിയില്‍ കെ.ഇ. ഇക്ബാല്‍ എഴുതിയ 'ഗദ്ദാമ' എന്ന കഥ വായിച്ചത്. പ്രവാസികളെപ്പറ്റി നമ്മള്‍ നേരത്തെ കേട്ടിട്ടുണ്ട്. എന്നാല്‍ ഈ കഥ വേറിട്ട അനുഭവമാണ്. അത് എന്നെ വല്ലാതെ പിടിച്ചുലച്ചു. അതില്‍ ഒരു നല്ല സിനിമയ്ക്ക്് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു. ഞാന്‍ ഇക്ബാലിനെ വിളിച്ചു. അദ്ദേഹത്തിനു താല്‍പര്യം. ഗീരിഷ്‌കുമാറെ വിളിച്ചു കഥ ഒന്നു വായിച്ചുനോക്കാന്‍ പറഞ്ഞു. അദ്ദേഹവും നല്ല അഭിപ്രായം പറഞ്ഞു. അങ്ങനെയാണ് ഗദ്ദാമ മനസിലേക്ക് വരുന്നത്. ഞങ്ങളാ കഥ അങ്ങനെതന്നെ സിനിമയാക്കുകയല്ല ചെയ്തത്. പല തരം മാറ്റം വരുത്തിയിട്ടുണ്ട്. സാഹചര്യവും കഥാപാത്രങ്ങളും മാറ്റിയിട്ടുണ്ട്. ദ്ദാമ മനസില്‍ കയറിയതോടെ ഞാന്‍ ഉണര്‍ന്നു. മടി മാറി. അങ്ങനെ പുതു ഉന്മേഷത്തിലാണ് ഇപ്പോള്‍ ഞാന്‍. വീട്ടില്‍ വായനയുമായി തങ്ങിയ സമയത്ത് ഞാന്‍ ഇസ്ാളാമിനെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ തുടങ്ങിയിരുന്നു. മതമെന്ന നിലയിലും സംസ്‌കാരം എന്ന നിലയിലും ഇസ്്‌ളാമിനെ അറിയുകയായിരുന്നു ലക്ഷ്യം. സിനിമയുടെ ഒരു വിഷയം ഇസ്ലാം വിശ്വാസമായതുകൊണ്ടു കൂടിയാണ് ഞാന്‍ ഇത് പറയുന്നത്.
ഇസ്‌ളാമിനെപ്പറ്റി പറയുമ്പോള്‍ എന്റെ വിശ്വാസങ്ങളെപ്പറ്റിയും പറയണം. ഞാനൊരു മതവിശ്വാസിപോലുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നൂറു ശതമാനം മതേതരത്വത്തില്‍ വിശ്വസിക്കുന്നയാളാണ്. വീട്ടിലും കുടുംബത്തിലും മതേതര കാഴ്ചപ്പാടാണ് എന്നു മുണ്ടായിരുന്നത്. ഒരാള്‍ ഇസ്ലാമയതുകൊണ്ട് ഞാനയാളെ സുഹൃത്താക്കില്ല. അതുപോലെ ഹിന്ദുവായതുകൊണ്ടും ഞാനൊരാളെ സുഹൃത്താക്കില്ല. അവരെ മിത്രവുമാക്കില്ല. വ്യക്തികളുടെ നന്മായാണ് വിഷയം. പക്ഷേ, മുസ്ലീം മത വിശ്വാസവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില രീതികളോട് എനിക്ക് എതിര്‍പ്പുണ്ട്. പലപ്പോഴും ഇവിടുത്തെ പാരമ്പര്യവുമായി ഒത്തുപോകാനുള്ള വൈമുഖ്യം പല മുസ്‌ളീം വിശ്വാസികളും പ്രകടിപ്പിക്കുന്നുണ്ട്.
സന്ധ്യയ്ക്ക് വിളക്കു കത്തിക്കുന്നത് ഒരു ഭാരതീയ സങ്കല്‍പമാണ്. എന്നാല്‍ എന്തുകൊണ്ട് ഇത് മുസീങ്ങള്‍ അത് ഇഷ്ടപ്പെടുന്നില്ല? മുസ്‌ളീം സമൂഹം ഒറ്റപ്പെട്ട ജനതയായി മാറിക്കൊണ്ടിരിക്കുകയാണ്്.എന്റെ കുട്ടിക്കാലത്ത് അങ്ങനെയായിരുന്നില്ല. കുടുംബത്തില്‍ മുത്തശ്ശിമാര്‍ അഞ്ചുനേരം നിസ്‌കരിക്കുന്ന വിശ്വാസികളായിരുന്നു. പക്ഷേ, അവരൊന്നും പര്‍ദയിട്ടിരുന്നില്ല. കൊടുങ്ങല്ലൂരില്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്തൊന്നും പര്‍ദയിട്ട ആരെയും കണ്ടിട്ടില്ല. അന്ന് തികച്ചും മലയാളിത്തമായ വസ്ത്രങ്ങളായിരുന്നു മുസ്്‌ളീങ്ങള്‍ അണിഞ്ഞിരുന്നത്. കാച്ചിമുണ്ടും തട്ടനുമൊക്കെയായിരുന്നു വേഷം. തല മൂടുക എന്നത് മതത്തില്‍ പറയുന്ന കാര്യമാണ്. അതാവാം. എന്നാല്‍ പര്‍ദയിടേണ്ട കാര്യമില്ല. അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ചതിനു ശേഷമാണ് ഇങ്ങനെ പര്‍ദ വ്യാപകമായത് എന്നാണ് ഞാന്‍ കരുതുന്നത്. ഈ വേഷങ്ങള്‍ മൂലം അവരൊറ്റപ്പെട്ടജനതയായി. മുസ്ലീങ്ങള്‍ ഇന്ന് സമൂഹത്തില്‍ തങ്ങള്‍ മുസ്‌ളീങ്ങളായി തന്നെ തിരിച്ചറിയപ്പെടണം എന്നാഗ്രഹിക്കുന്നു. താന്‍ ഇസ്ലാം വിശ്വാസിയാണ് എന്ന് മറ്റുള്ളവര്‍ അറിയണമെന്നാണ് ഇന്ന് ഒരോ വിശ്വാസിയും കരുതുന്നത്. അതിനവര്‍ പ്രകടിതമായ മത ചിഹ്നങ്ങള്‍ അണിയുന്നു. ഇത് ശരിയല്ലെന്നാണ് എന്റെ പക്ഷം. ഞാന്‍ ഇത്തരം പുതിയ 'ഇസ്ലാമിക താല്‍പര്യ'ങ്ങളെ എതിര്‍ക്കുന്നുണ്ട്. പര്‍ദയോടും വിയോജിക്കുന്നു. പര്‍ദയിടേണ്ട കാര്യമേയില്ല. അത് അനാവശ്യമാണ്. നമുക്ക് നമ്മുേെടതായ പാരമ്പര്യമുണ്ട്. നമ്മന്തെിന് അറബി വേഷംധരിക്കണം. പെണ്ണുങ്ങള്‍ മാത്രം എന്തുകൊണ്ട് ആ വേഷം ധരിക്കുന്നു. എന്തുകൊണ്ട് ആണുങ്ങള്‍ അറബി വേഷമിടാതിരിക്കുന്നു. പര്‍ദ ഇടകുക എന്നതിന്റെ അടിസ്ഥാനം അറബ് നാട്ടിലെ അന്നത്തെ ജീവിത സാഹചര്യവും കാലവസ്ഥയുടെയുമാണ്്. ഇവിടെ അത് പാലിക്കേണ്ടതില്ല. ഞാന്‍ പറഞ്ഞവരുന്നത് 'ഗദ്ദാമ'യെപ്പറ്റി തന്നെയാണ്.
ഗദ്ദാമയെന്ന വാക്കിന്റെ അര്‍ത്ഥം ആയയെന്നാണ്. ഗള്‍ഫ് നാടുകളില്‍ അറബ് വംശജരുടെ വീടുകളില്‍ കുട്ടികളെ നോക്കാനായി പോകുന്ന ആയമാരുടെ കഥാണ് ഗദ്ദാമ. കേരളത്തില്‍ നിന്ന് ഒരുപാട് പേര്‍ ഗദ്ദാമകളായി ഗള്‍ഫിലേക്ക് പോകുന്നുണ്ട്. ഇവര്‍ അവിടെ അനുഭവിക്കുന്ന പീഡനങ്ങള്‍ എണ്ണമറ്റതാണ്. പറഞ്ഞാല്‍ വിശ്വസിക്കാത്തതരം ദുരിതങ്ങള്‍ അവര്‍ അവിടെ പേറുന്നു. ഇതില്‍ ഗദ്ദാമയായി ജോലി തേടി പോകുന്നത് അശ്വതി എന്നു പറയുന്ന ഹിന്ദു പെണ്‍കുട്ടിയാണ്. അവള്‍ ഇവിടുത്തെ വേഷങ്ങളും പൊട്ടും കമ്മലും ആഭരണങ്ങളും അണിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്നവാണ്. എന്നാല്‍ സൗദി അറേബ്യയില്‍ ചെന്നിറങ്ങമ്പോള്‍ തന്നെ അശ്വതിക്ക് അസ്ഥിത്വം നഷ്്ടപ്പെടുന്നു. അവള്‍ക്ക് അവളുടെ പേരുപോലും നഷ്ടമാകുന്നു. ഈ അസ്തിത്വം നഷ്ടപ്പെടല്‍ യൂണിവേഴ്‌സലാണ്. ഞാനതില്‍ ഒരു ഹിന്ദു സ്ത്രീയെ തെരഞ്ഞെടുത്തത് മനപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ്. നമ്മള്‍ക്ക് അറബ് നാട്ടിലെത്തുമ്പോള്‍ വേഷവും അസ്തിത്വവും നഷ്ടപ്പെടുന്നു. പര്‍ദയണിയേണ്ടിവരുന്നു. ഞാന്‍ ചോദിക്കുന്ന വിഷയം ഇതാണ്. നമുക്ക് നമ്മുടേതായ വസ്ത്രധാരണ-ജീവിത രീതികളുണ്ട്. നമ്മളെന്തിന് മറ്റുള്ളവരുടെ വസ്ത്രങ്ങളിലേക്കും ജീവിതത്തിലേക്കും നമ്മുടെ നാട്ടില്‍ വച്ചു തന്നെ നുഴഞ്ഞുകയറണം?
വിമാനത്താവളത്തില്‍ വച്ച് മറ്റൊരു സ്ത്രീ അശ്വതിയോട് ചോദിക്കുന്നു, 'ഗദ്ദാമയാണോ'. അവരും അവിടെ ഗദ്ദാമയാകാന്‍ വന്നിരിക്കുന്നതാണ്. ഈ വിമാനത്താവളത്തിന് പുറത്തിറങ്ങുന്നതോടെ നമുക്ക് നമ്മുടെ അസ്തിത്വം ഇല്ലാതാവുമെന്ന് ആ സ്ത്രീ അശ്വതിയോട് പറയുന്നു. സൗദിയില്‍ ചെല്ലുമ്പോള്‍ എല്ലാ പെണ്ണുങ്ങളും തലമറയ്ക്കണം. ആ രാജ്യത്തെ നിയമാണ്. ചെല്ലുന്നവര്‍ ആ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. അത് അനുസരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ നമ്മളങ്ങോട്ട് ചെല്ലേണ്ടതില്ല. ഈ ഒരു ഐഡന്റിറ്റി ക്രൈസിസാണ് ഞാന്‍ സിനിമയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ച ഒരു ഘടകം.



ഗദ്ദാമയായി ജോലി ചെയ്യുന്ന അശ്വതി പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. എന്നാല്‍ ഇതൊരു പീഡനത്തിന്റെ കഥയല്ല. അവളവിടെനിന്ന് രക്ഷപ്പെട്ട് മണലാരണ്യത്തിലൂടെ യാത്ര തുടരുന്നു. അതിനാലാണ് ഞാനതിന് 'ഒരു മരുയാത്ര'/ഡെസര്‍ട്ട് ജേര്‍ണി എന്ന അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്. മുമ്പും ഗള്‍ഫ് പ്രമേയമായിട്ടുണ്ട്. അതില്‍ ഗൃഹാതുരതയോ, ഗള്‍ഫിന്റെ സമ്പന്നതയോ ആണ് നിഴലിച്ചിരുന്നത്. എന്നാല്‍ ഇത് മറ്റൊരു ഗള്‍ഫിനെ കാണിക്കുന്നു. ഈ സിനിമ ചര്‍ച്ചചെയ്യുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഗള്‍ഫും അതിലെ ജീവിതവുമാണ്. മലയാളത്തില്‍ കാണാത്ത സിനിമായണ് ഇത്.
'ഗദ്ദാമ' എന്റെ ഏറ്റവും നല്ല സിനിമയാണ് എന്ന ബോധ്യമുണ്ട്. ഇതുവരെ ഞാന്‍ ചെയ്ത ഒത്തുതീര്‍പ്പുകളില്‍ നിന്നുള്ള വിടുതല്‍ കൂടിയാണ്. ഇതില്‍ ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് സമീപിക്കന്നത്. കാല്‍പനികതയുടെ അംശമില്ലെന്നല്ല. അതുണ്ട്. കുറച്ചുകാലത്തെ ഉള്‍വലിയലിന് ശേഷം വീണ്ടും തിരയിടിച്ചുവന്ന ഊര്‍ജത്തിലാണ് ഞാനിപ്പോള്‍. അതിന്റെ പ്രസാദത്മകതയിലാണെന്ന് പറയാം. ഇന്നുവരെ ഞാന്‍ കടന്നുവന്ന വഴികളുടെ തുടര്‍ച്ചയാണ് ഈ സിനിമ. ഞാനെത്തി നില്‍ക്കുന്ന ധാരണകളുടെയും സങ്കല്‍പ്പങ്ങളുടെയും അവസാനം. പക്ഷേ, ഇനിയും എനിക്ക് മുന്നോട്ട് പോകാനുണ്ട് എന്നും വ്യക്തമായി അറിയാം.

സമകാലിക മലയാളം വാരിക
2011 FEB 18

Saturday, February 12, 2011

വി.എസും പിണറായിയും ഞാനും

സംഭാഷണം
ഡോ. സെബാസ്റ്റിയന്‍ പോള്‍/ആര്‍.കെ. ബിജുരാജ്





മാധ്യമവിര്‍മശനം ഒരു കോമഡിഷോ അല്ല



ഒരൊറ്റ വഴിയിലൂടെ മാത്രം യാത്ര ചെയ്തിരുന്നുവെങ്കില്‍ എവിടെ എത്തുമായിരുന്നുവെന്ന് ചിന്തിക്കുക രസകരമാണ്. പല വഴികളിലൂടെ യാത്ര ചെയ്തത് ഒരിടത്ത് എത്തുക അപൂവമാകും. ഒരു പക്ഷേ, ഡോ. സെബാസ്റ്റിയന്‍ പോള്‍ മാത്രമാവും പലവഴികളെ തന്നിലേക്ക് ഒരുമിപ്പിച്ച, മലയാളിയുടെ വര്‍ത്തമാന സാന്നിദ്ധ്യം. പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍ (ഉടമ), അധ്യാപകന്‍, അഭിഭാഷകന്‍, ജീവചരിത്രകാരന്‍, മാധ്യമ വിമര്‍ശകന്‍, ജനപ്രതിനിധി, കോളമിസ്റ്റ്, പ്രഭാഷകന്‍, ആക്റ്റിവിസ്റ്റ്, നിയമജ്ഞന്‍ എന്നിങ്ങനെ നീളുന്ന വിശേഷണങ്ങള്‍ അദ്ദേഹത്തിനു മാത്രം സ്വന്തം. വേണമെങ്കില്‍ ഇനിയുമാവാം. സോഷ്യലിസ്റ്റ്, ഇടതുസഹയാത്രികന്‍, വിമതന്‍,തിരസ്‌കൃതന്‍. ഈ വിശേഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കുക സെബാസ്റ്റിയന്‍പോളാകും. തീര്‍ച്ച!!
സാമൂഹ്യ ഇടപെടലിന്റെയും എഴുത്തിന്റെയും സക്രിയമായ അമ്പതുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കൂകയാണ് സെബാസ്റ്റിയന്‍പോള്‍. 1947 മെയ് ഒന്നിന് എറണാകുളത്ത് മൂഞ്ഞാപിള്ളി എം.എസ്. പോളിന്റെയും അന്നമ്മയുടെയും മകനായിട്ടാണ് ജനനം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍, 1961 ലാണ് ആദ്യ ലേഖനം എഴുതുന്നത്. പിന്നെ ആംഗലേയത്തിലും രാഷ്ട്ര മീമാംസയിലും മാസ്‌റര്‍ ബിരുദം. തുടര്‍ന്ന് കൊച്ചി സര്‍വകലാശാലയിയില്‍നിന്ന് എല്‍.എല്‍.എമ്മും പി.എച്ച്ഡിയും. മുംബൈ ഭാരതീയ വിദ്യാഭവനില്‍നിന്ന് ജോര്‍ണലിസം ഡിപ്ലോമ. അധ്യാപകനായിട്ടായിരുന്നു തുടക്കം. എറണാകുളം സെന്റ് ആല്‍ബബര്‍ട് കോളില്‍ ലക്ചറര്‍. എന്നാല്‍ പത്രപ്രവര്‍ത്തനം മോഹിപ്പിച്ചുകൊണ്ടിരുന്നതിനാല്‍, ആ ജോലി ഉപേക്ഷിച്ച്് 1972 ല്‍ 'ഇന്ത്യന്‍ എക്‌സ്പ്രസില്‍ ചേര്‍ന്നു. മാനേജ്‌മെന്റുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജോലി വിട്ട് അഭിഭാഷകന്റെ വേഷമണിഞ്ഞു. അത് 1981 ല്‍. ഇക്കാലത്ത് 'ഹിന്ദു'വിന്റെയും യൂ.എന്‍.ഐയുടെയും നിയമകാര്യ ലേഖകനായിരുന്നു. പിന്നീട് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക്. 1997 ല്‍ ഉപതെരഞ്ഞെടുപ്പിലൂടെ ലോക്‌സഭാംഗം, 1998 ല്‍ നിയമസഭാംഗം, 2003ലും 2004 ലും ലോക്‌സഭാംഗം. ഇതിനിടയില്‍ പ്രസ് കൗണ്‍സില്‍ അംഗവുമായിരുന്നു. 2000 മുതല്‍ ഒമ്പതുവര്‍ഷക്കാലം കൈരളി ചാനലില്‍ 'മാധ്യമ വിചാരം' എന്ന പരിപാടി അവതരിപ്പിച്ചു. ഇപ്പോള്‍ സി.പി.എം. ഔദ്യോഗിക പക്ഷത്തിന് അത്ര സ്വീകാര്യനല്ല. ദീര്‍ഘനാളുകള്‍ക്കുശേഷം, അടുത്തിടെ വീണ്ടും അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു.
സെബാസ്റ്റിയന്‍ പോള്‍ ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയത മൂന്നു രംഗവും (മാധ്യമരംഗം, ജുഡീഷ്യറി, പാര്‍ലമെന്റ്) അഴിമതി ആരോപണങ്ങള്‍ക്കും കടുത്ത വിമര്‍ശനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. അപചയം ആഴത്തിലാണ്്. സജീവ ഇടപെടലിന്റെ അരനൂറ്റാണ്ടില്‍ അദ്ദേഹം പത്രലോകത്തെയും ജുഡീഷ്യറിയെയും എങ്ങനെയാണ് കാണുന്നത്?
എറണാകുളത്ത് ഡോ. സെബാസ്റ്റിയന്‍പോളിന്റെ വസതിയില്‍ വച്ച് നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:


മാധ്യമ യാഥാര്‍ത്ഥ്യങ്ങളും വിമര്‍ശനവും


കോളജ് ലക്ചറര്‍ എന്ന ജോലി ഉപേക്ഷിച്ച് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിയാന്‍ എന്തായിരുന്നു കാരണം? പത്രപ്രവര്‍ത്തനം അത്രമേല്‍ മോഹിപ്പിച്ചിരുന്നോ?

അതെ. അടിസ്ഥാനപരമായി ഞാനൊരു പത്രപ്രവര്‍ത്തകനാണ്. ഞാനിപ്പോഴും ആഗ്രഹിക്കുന്ന തൊഴിലും അതാണ്. കുട്ടിക്കാലം മുതല്‍ പത്രപ്രവര്‍ത്തകനാകാന്‍ മോഹിച്ച് അതായയാളാണ് ഞാന്‍. വീടിന്റെ തൊട്ടടുത്തുണ്ടായിരുന്ന 'കേരളാ ടൈംസാ'ണ് ഞാനാദ്യം അടുത്തുകാണുന്ന പത്രസ്ഥാപനം. അതിലാണ് എന്റെ ആദ്യ ലേഖനം അച്ചടിക്കുന്നത്. 1961 ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് അത്്. പതിനഞ്ചുവയസാണന്ന്്. ഇക്കൊല്ലം ഞാന്‍ എഴുത്തിന്റെ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കി. അമ്പതുവര്‍ഷം കഴിഞ്ഞുവെന്ന് ഇപ്പോള്‍ ചോദിച്ചപ്പോള്‍ ഓര്‍ത്തതാണ്. മലയാളത്തിലെ മിക്കവാറും എല്ലാ പത്രങ്ങളിലൂം ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്, ഡെക്കാന്‍ ഹെറാള്‍ഡ് തുടങ്ങിയ പത്രങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതി. 1972 ലാണ് ഇന്ത്യന്‍ എക്‌സ്പ്രസില്‍ ചേരുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി എട്ടുവര്‍ഷം പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം മാനേജ്‌മെന്റുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് വിടുന്നത്്. അതോടെ അഭിഭാഷകനായി. അപ്പോഴും ഞാന്‍ പത്ര പ്രവര്‍ത്തനം വിട്ടിരുന്നില്ല. 1982-1996 വരെ ഹിന്ദുവിന്റെയും യു.എന്‍.ഐയുടെയും നിയമകാര്യ ലേഖകനായിരുന്നു. 2001-03 ല്‍ ദേശാഭിമായുടെ അസോസിയേറ്റ് എഡിറ്ററും. 2000 മുതല്‍ 'മാധ്യമവിചാരം' നടത്തി. ഇക്കാലത്ത് എല്ലാം ഞാന്‍ എഴുതുന്നുണ്ടായിരുന്നു. ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു. പത്രപ്രവര്‍ത്തനം ഞാനൊരിക്കലും വിട്ടിട്ടില്ല. അതെന്നെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു.

പക്ഷേ, ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത് അഭിഭാഷക വൃത്തിയിലേക്കാണല്ലോ? എന്തുകൊണ്ട് പത്രപ്രവര്‍ത്തകന്റെ വേഷമണിഞ്ഞില്ല?

എനിക്ക് എന്നും ഇഷ്ടപ്പെട്ട ജോലി പത്രപ്രവര്‍ത്തകന്റേതാണ്. ഇപ്പോഴും തരക്കേടില്ലാത്ത ഒരു പത്രം ക്ഷണിച്ചാല്‍ പത്രാധിപര്‍ അല്ലെങ്കില്‍ പത്രപ്രവര്‍ത്തകനായിരിക്കുക എന്നതാണ് എനിക്ക് താല്‍പര്യം. അതുണ്ടായില്ല. അപ്പോള്‍ അറിയാവുന്ന മറ്റൊരു ജോലി ചെയ്യുന്നു.


പത്രപ്രവര്‍ത്തകനായി ചേര്‍ന്ന് അധികം വൈകാതെ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. അടിയന്തരാവസ്ഥയിയില്‍ ഭരണകൂട വിരുദ്ധ സമീപനം എടുത്ത പത്രത്തിലാണ് ജോലി ചെയതതും. അക്കാലത്തെ പത്രപ്രവര്‍ത്തനത്തെപ്പറ്റി?


അടിയന്തരാസ്ഥയില്‍ 'ഇന്ത്യന്‍ എക്‌സ്പ്രസില്‍' പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമാണ്. അത് പിന്നീടുള്ള എന്റെ എല്ലാ നിലപാടുകളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. കടുത്ത സെന്‍സര്‍ഷിപ്പിനെ നേരിട്ടുകൊണ്ടാണ് ആ പത്രം അടിയന്തരവാസ്ഥയ്്‌ക്കെതിരായി നിലപാട് സ്വീകരിച്ചത്. ഞാനന്ന് അവിടെ യൂണിയന്‍ പ്രസിഡന്റുകൂടിയായിരുന്നു. സെന്‍സറിന്റെ അനുമതിയോടെയേ വാര്‍ത്തകള്‍ കൊടുക്കാനാകൂമായിരുന്നുള്ളൂ. തയാറാക്കിയ പത്രം സെന്‍സറെ കാണിച്ചുവേണം അച്ചടിക്കാന്‍. ഭരണകൂടത്തിന് എതിരെയുള്ള ചെറിയ പരാമര്‍ശം പോലും സെന്‍സര്‍ വെട്ടി നീക്കും. അടിയന്തരവസ്ഥയ്‌ക്കെതിരെ നിലപാട് എടുത്തതുകൊണ്ടുതന്നെ പത്രം ഇറക്കുക ഒരു പോരാട്ടമായിരുനനു. സര്‍വാത്മനാ മാനേജ്‌മെന്റുമായി സഹകരിച്ചുകൊണ്ടാണ് പല പ്രയാസങ്ങള്‍ നേരിട്ട് ഞങ്ങള്‍ പത്രം ഇറക്കിയത്.

നീരാ റാഡിയ ടേപ്പിലെ വെളിപ്പെടുത്തലിന്റെ പേരില്‍ മാധ്യമരംഗവും ഇപ്പോള്‍ സംശയത്തിന്റെ നിഴിലാണ്. മുന്‍കാല പത്രപ്രവര്‍ത്തന രംഗത്തെയും ഇന്നത്തെ അവസ്ഥയെയും എങ്ങനെ തുലനം ചെയ്യും?


സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലെ പത്രങ്ങള്‍ പ്രതിപക്ഷത്തിന്റെ ദൗത്യം ഏറ്റെടുത്തുകൊണ്ട് ജനാധിപത്യപരമായ പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നു. അന്ന്, പ്രതിപക്ഷം നാമമാത്രമായിരുന്ന കാലഘട്ടത്തില്‍ വലിയ പാര്‍ലമെന്ററി പ്രവര്‍ത്തനമാണ് പത്രങ്ങള്‍ ഏറ്റെടുത്ത് ഏറെക്കുറെ സത്യസന്ധമായി നിര്‍വഹിച്ചത്. വ്യവസായങ്ങളുമായി പത്രങ്ങള്‍ക്കുള്ള ബന്ധം അന്നും വിമര്‍ശിക്കപ്പെട്ടിരുന്നു. വ്യവസായ താല്‍പര്യങ്ങളില്‍നിന്ന് പത്രങ്ങളെ വിമുക്തമാക്കുന്നതിനുള്ള ആലോചനകളും ഉണ്ടായിരുന്നു. പക്ഷേ, ഇന്ന് കാണുന്നതുപോലെയുള്ള അപചയം പത്രലോകത്ത് അന്ന് പൊതുവെ ഉണ്ടായിരുന്നില്ല. പ്രഗല്‍ഭരായ പത്രാധിപന്‍മാരുടെയും പത്രപ്രവര്‍ത്തകരുടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ അതിന് കാരണമായിട്ടുണ്ട്. പരസ്യങ്ങളെ ആശ്രയിച്ചാണ് അക്കാലത്തും പത്രങ്ങള്‍ നിലനിന്നിരുന്നത്.പക്ഷേ, പരസ്യ ദാതാക്കളുടെ താല്‍പര്യങ്ങള്‍ക്ക് ഞങ്ങള്‍ പത്രവ്രവര്‍ത്തകര്‍ വഴങ്ങിക്കൊടുത്തിരുന്നില്ല. വാര്‍ത്തയും പരസ്യവും തമ്മിലുള്ള വരമ്പുകള്‍ ഞങ്ങള്‍ മുറിയാതെ സൂക്ഷിച്ചു. ഇന്ന് കര്യങ്ങള്‍ ഒക്കെ മാറിയിരിക്കുന്നു. ആദ്യം മാധ്യമങ്ങള്‍ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വഴങ്ങി. പിന്നീട് സ്വയം കോര്‍പ്പറേറ്റുകളായി. ആഗോളീകരണത്തിന്റെ പ്രത്യക്ഷ ഫലം കൂടിയായിരിക്കും അത്. കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കപ്പെട്ട മാധ്യമങ്ങള്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുടെ വക്താക്കളും സംരക്ഷകരുമായി. മാധ്യമ രംഗത്തെ അറിയപ്പെടുന്ന മുഖങ്ങളും വേരുകളും എപ്രകാരം കോര്‍പ്പറേറ്റുകള്‍ക്ക് കീഴ്‌പ്പെടുന്നുവെന്ന് നീരാറാദിയ ടേപ്പുകളില്‍ നിന്ന് വ്യക്മായിട്ടുണ്ട്. പെയ്ഡ് ന്യൂസ്, പ്രൈവറ്റ് ട്രീറ്റി, എന്നിങ്ങനെ പത്രപ്രര്‍ത്തനത്തില്‍ അന്യമായ പല പദ പ്രയോഗങ്ങളും നാം ഇന്ന് കേള്‍ക്കുന്നു. മീഡിയ സിന്‍ഡിക്കേറ്റ് എന്ന ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് പല വാര്‍ത്തകളും പുറത്തുവരുന്നത്്. മാധ്യമരംഗത്ത് സംഭവിക്കുന്ന മൂല്യച്യുതി ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളിയാണ്. അപചയങ്ങള്‍ സ്വയം പുറത്തുകൊണ്ടുവരാനും മാധ്യമലോകത്തിനു കഴിയുന്നു എന്നതു മാത്രമാണ് പ്രത്യാശയ്ക്ക് വകനല്‍കുന്നത്്.


കേരളത്തിലെ മാധ്യമങ്ങളെപ്പറ്റി? ഇവിടെയും നീരാറാഡിയമാരും ബര്‍ക്കാദത്തുമാരും നിലനില്‍ക്കുന്നുണ്ടോ?


കേരളത്തിലെ മാധ്യമരംഗവും ഈ ദോഷങ്ങളില്‍ നിന്ന് അഥവാ അപചയങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തമല്ല. വലതുപക്ഷ മാധ്യമങ്ങള്‍ അമേരിക്കയില്‍ നിന്നും ഇടതുപക്ഷ മാധ്യമങ്ങള്‍ സോവിയറ്റ് യൂണിയനില്‍ നിന്നും സഹായം സ്വീകരിക്കുന്നതായി മുമ്പേ ആക്ഷേപം ഉണ്ട്. മലയാള മനോരമയ്‌ക്കെതിരെ ഈ ആക്ഷേപം മത്തായി മാഞ്ഞൂരാന്‍ ഉന്നയിച്ചപ്പോള്‍ 'അമേരിക്കന്‍ പണം കിട്ടുമെങ്കില്‍ അത് വാങ്ങുന്നതിന് ഏറ്റവും അര്‍ഹതയുള്ള പത്രം മനോരമയാണെന്നാണ് കെ.എം. ചെറിയാന്‍ എഴുതിയത്. വിമോചന സമരത്തോടെ ഈ ആക്ഷേപം ശക്തമായി. കേരളത്തിലെ പത്രങ്ങള്‍ക്ക് സി.ഐ.എ.എ. പണം നല്‍കിയെന്ന വെളിപ്പെടുത്തല്‍ അക്കാലത്തെ അമേരിക്കന്‍ അംബാസഡറില്‍ നിന്ന് തന്നെ പിന്നീടുണ്ടായി. ഡല്‍ഹിയിലും മുംബൈയിലും നിന്ന് കേള്‍ക്കുന്ന കഥകള്‍ വളരെ വലുതായതുകൊണ്ട് കേരളത്തിലെ കഥകള്‍ പുറത്തുവരുന്നില്ല എന്നേയുള്ളൂ. മാധ്യമരംഗത്തെ കാര്‍ന്നുനിന്നുന്ന ദോഷങ്ങളില്‍ നിന്ന് കേരളം ഒറ്റപ്പെട്ടു നില്‍ക്കുന്നുവെന്ന് പറയാന്‍ കഴിയില്ല. മാധ്യമ ധര്‍മത്തിന് നിരക്കാത്ത നിരവധി കാര്യങ്ങള്‍ ഇവിടുത്തെ മാധ്യമ രംഗത്ത് വ്യാപകമായി കാണുന്നുണ്ട്. ഇക്കാര്യം മാധ്യമ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

അടുത്തിടെ പത്രാധിപരുടെ സ്ഥാനം ഒഴിഞ്ഞുകൊണ്ടെ് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ കുറിപ്പില്‍ കരുണാനിധി തന്റെ വായ്മൂടിക്കെട്ടാന്‍ പത്രമുതലാളിയുമായി ശ്രമിച്ചിരുന്നതിനെപ്പറ്റി ആദിത്യ സിന്‍ഹ പറയുന്നു. കേരളത്തിലെ പത്രാധിപന്‍മാരും അധികാരവും തമ്മിലുള്ള ബന്ധമെന്താണ്? മുമ്പുയര്‍ന്ന 'എടോ, ഗോപാലകൃഷ്ണ' വിളിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ചോദ്യം?


പത്രാധിപന്‍മാര്‍ ഇന്ന് വളരെ ദുര്‍ബലരാണ്. പണ്ടും അങ്ങനെയായിരുന്നു. പോത്തന്‍ജോഫസ്, ഫ്രാങ്ക്‌സ് മൊറെയിസ്, ബി.ജി. വര്‍ഗീസ് തുടങ്ങിയ പ്രഗല്‍ഭരായ പത്രാധിപന്‍മരാര്‍ പോലും അപമാനിതരായി നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
പക്ഷേ അപ്പോഴുമവര്‍ വഴങ്ങിക്കൊടുക്കാന്‍ തയാറായിരുന്നില്ല. ഇന്ന് പത്രാധിപന്‍മാരുടെ സാന്നിധ്യം പത്രങ്ങളില്‍ അത്യന്തക്ഷേപികമല്ല എന്ന അവസ്ഥയണ്. അതൂകാണ്ട് ഏത് പത്രാധപര്‍ എപ്പോള്‍ വരുന്നു എപ്പോള്‍ പോകുന്നു എന്നത് വയാനക്കാര്‍ അറിയുന്നുമില്ല. ശക്തരായ ഭരണാധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ പത്രാധിപന്‍മാരെ എക്കാലത്തും മുതലാളിമാര്‍ മാറ്റിക്കൊടുത്തിട്ടുണ്ട്. അടിയന്തരാവസ്ഥയെ എതിര്‍ക്കുന്ന കാലത്തും എസ്. മല്‍ഗോംക്കറെ നീക്കിക്കൊടുക്കാന്‍ രാംനാഥ് ഗോയങ്കയ്ക്ക് മടിയുണ്ടായിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ ആവശ്യപ്രകാരമാണ് അത് എന്നും കേട്ടിരുന്നു. ഇപ്പോള്‍ ആദിത്യ സിന്‍ഹ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വിടപറയുമ്പോഴും പഴയ കാര്യങ്ങള്‍ സ്വാഭാവികമായും ഓര്‍മ വരുന്നു. ഭരണകൂടവുമായി ഉടമകള്‍ക്ക് എപ്പോഴൂം ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെവിടെയും ഈ അപകടം കാണുന്നുണ്ട്. ഹറോള്‍ഡ്് എവന്‍സ് എന്ന പ്രഗല്‍ഭ പത്രാധിപരെ നീക്കം ചെയ്തുകൊണ്ടാണ് റൂപെക് മര്‍ഡോക് ലണ്ടനിലെ ടൈംസ് ഗ്രൂപ്പ് പത്രങ്ങ ഏറ്റെടുത്ത്. കേരളത്തിലും സ്ഥിതി വ്യത്യസ്തസമാവാന്‍ ഇടമില്ലല്ലോ.


പത്രങ്ങള്‍ക്ക് കൃത്യമായ മതതാല്‍പര്യങ്ങള്‍ ഉള്ളതായി ആക്ഷേപമുണ്ട്. മുസ്‌ളീം, ഹിന്ദു വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന പ്രകടിതമായ വ്യത്യാസമാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നുത്. ഉദാഹരണത്തിന് ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മുസ്‌ളീങ്ങളെ പരാമര്‍ശിക്കുമ്പോള്‍ ഒരു സംശയംപോലും മാധ്യമങ്ങള്‍ക്കില്ല. അതേ സമയം അസിമാനന്ദയുടെ ഹിന്ദുബോംബ് വെളിപ്പെടുത്തല്‍ വരുമ്പോള്‍ അദ്ദേഹത്തിന് സംശയത്തിന്റെ അനൂകൂല്യം നല്‍കുകയും ചെയ്യുന്നു..


പത്രങ്ങള്‍ക്ക് പൊതുവെ വര്‍ഗീയ പക്ഷപാതിത്വം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എല്ലാ വിഭാഗങ്ങള്‍ക്കും സ്വന്തമായി പത്രങ്ങളും ചാനലുകളുമുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിനപത്രങ്ങള്‍ ഉള്ളത് മുസ്ലീങ്ങള്‍ക്കാണ്. ദേശിയ തലത്തില്‍ പ്രഗല്‍ഭരായ പല പത്രാധിപന്‍മാരും മുസ്‌ളിങ്ങളാണ്. മതത്തെ അടിസ്ഥാനമാക്കിയുള്ള പക്ഷ പാതിത്വത്തെ മറികടക്കാന്‍ ഇത്തരം പത്രങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും കഴിയുന്നുണ്ട്. പക്ഷേ, എല്ലാവിഭാഗങ്ങള്‍ക്കും പത്രമുള്ളതുകൊണ്ട് വിഭാഗീയ താല്‍പര്യങ്ങള്‍ പത്രങ്ങളില്‍ പ്രതിഫലിക്കും. ഗുജറാത്ത് കലാപകാലത്ത് മുസ്‌ളീം വിരുധ വികാര തീവ്രമാക്കിക്കൊണ്ടാണ് 'ഗുജറാത്ത് സമാചാര്‍', 'സന്ദേശ്' എന്നീ പത്രങ്ങള്‍ പ്രചാരം വര്‍ധിപ്പിച്ചത്. ആ നടപടിയെ പ്രസ് കൗണ്‍സില്‍ അപലപിച്ചിട്ടുണ്ട്. ഇതര മാധ്യമങ്ങള്‍ ആ തെറ്റിനെ തുറന്നുകാാണിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. ഗുജറാത്തിലെ സത്യങ്ങള്‍ പുറത്തുവന്നത്, വന്നുകൊണ്ടിരിക്കുന്നത് മതനിരപേക്ഷമായ മാധ്യമ പ്രവര്‍ത്തനം ഉള്ളതുകൊണ്ടാണ്.

സവര്‍ണ ഹിന്ദു പക്ഷപാതത്വം ഇല്ലെന്നാണോ പറഞ്ഞുവരുന്നത്?

കേരളത്തിലെ പത്രങ്ങള്‍ക്ക് അപ്രകാരം സവര്‍ണ്ണ പക്ഷപാതിത്വം ഉണ്ട് എന്നു പറയാന്‍ കഴിയാത്തത് സവര്‍ണര്‍ക്ക് കേരളത്തില്‍ പത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ്. മനോരമയും മാതൃഭൂമിയും സവര്‍ണാധിപത്യമുള്ള പത്രങ്ങളില്ല. മാതൃഭൂമിയെക്കുറിച്ച് എറെക്കാലം 'നായരുടെ പത്രം' എന്ന് പറഞ്ഞിരുന്നു. മാതൃഭൂമിയുടെ ഇന്നത്തെ ഉടമകള്‍ നായന്‍മാരല്ല. പത്രങ്ങളെ സംബന്ധിച്ച് വായനക്കരുടെ പ്രതികരണം പ്രധാനപ്പെട്ടതാണ്. വില്‍പന വര്‍ധിപ്പിക്കാണ്‍ സഹായകരമാകുന്ന നിലപാടുകള്‍ അവ സ്വീകരിക്കും. അതുകൊണ്ട് സവര്‍ണ താല്‍പര്യം മുന്‍നിര്‍ത്തിയുളള മാധ്യമ പ്രവര്‍ത്തനം കേരളത്തില്‍ സാധ്യമല്ല. കേരളത്തില്‍ എല്ലാ സമുദായങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ടികള്‍ക്കും വ്യവസായ താല്‍പര്യങ്ങള്‍ക്കും മാധ്യമങ്ങള്‍ ഉളളതുകൊണ്ട് എറെക്കുറെ സമതുലിതമായ നിലപാട് ഏല്ലാവര്‍ക്കും സ്വീകരിക്കേണ്ടിവരും.

ഡി.എച്ച്.ആര്‍.എം. വിഷയത്തിലുള്‍പ്പടെ മാധ്യമങ്ങള്‍ പ്രകടിതമായി ദളിത് വിരുദ്ധ സമീപനം സ്വീകരിച്ചതായി ആക്ഷേപമുണ്ട്. അതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?


ദളിത് ന്യൂനപക്ഷ താല്‍പര്യങ്ങള്‍ക്ക്് ന്യായമായ ഇടം മാധ്യമങ്ങളില്‍ ലഭിക്കുന്നില്ല. പാവങ്ങളെ പരിഗണിക്കുന്നില്ല എന്നിങ്ങനെയുള്ള ധാരാളം വിര്‍മശനങ്ങള്‍ മാധ്യമങ്ങള്‍ക്കെതിരെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതെല്ലാം മാധ്യമങ്ങള്‍ മനപൂര്‍വം ചെയ്യുന്നതാണ് എന്നു കരുതുന്നില്ല. മറിച്ച് വിപണിയുടെ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി അതീജിവനത്തിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന പ്രക്രിയയില്‍ മാധ്യമങ്ങള്‍ക്ക് പലരെയും വിസ്മരിക്കേണ്ടിവരുന്നു. ആത്മഹ്യചെയ്യുന്ന കര്‍ഷകന്റെ കുടുംബത്തിലെ വിലാപത്തേക്കാള്‍ സൗന്ദര്യ മത്സരത്തിലെ ആര്‍പ്പുവിളികള്‍ മാധ്യമങ്ങള്‍ക്ക് ശ്രദ്ധിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്. ധര്‍മത്തില്‍ നിന്നുളള വ്യതിചലനം എപ്പോഴൂം ചൂണ്ടിക്കാണിക്കപ്പെടണം.

കേരളത്തിലെ സമകാലിക മാധ്യമ വിമര്‍ശനത്തെപ്പറ്റി?

കേരളത്തില്‍ മാധ്യമ വിമര്‍ശനം ഇപ്പോള്‍ വളരെ വ്യാപകമായി നടക്കുന്നുണ്ട്. വളരെ ഉത്തരവാദിത്വബോധത്തോടെ നിര്‍വഹിക്കേണ്ട ഒന്നാണ് അത്. മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള മാധ്യമവിര്‍മശനം അപകടത്തിന് കാരണമാകും. വിശ്വാസ്യതയിലാണ് മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കുന്നത്.ഇക്കാര്യമാണ് ഞാന്‍ മാധ്യമ പ്രവര്‍ത്തകരെ നിരന്തരം അനുസ്മരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ വിമര്‍ശനത്തിന് അതീതമല്ല. ഭരണഘടന പൗരന്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്ന വിലപ്പെട്ട മൗലീകാവശകാത്തെ അടിസ്ഥാനമാക്കിയത് മാധ്യമ സ്വാതന്ത്ര്യം വികസ്വരമാകുന്നത്. ഒരര്‍ത്ഥത്തില്‍ ഭരണഘടനാപരമായ ചുമതലകള്‍ തന്നെയാണ് മാധ്യമങ്ങള്‍ നിര്‍ഹിക്കുന്നത്. അതൂകൊണ്ട് തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെടണം. വിമര്‍ശനത്തോട് മാധ്യമങ്ങള്‍ സഹിഷ്ണുത കാണിക്കണം. വിമള്‍ശനമെന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ നിരാസമാണ് എന്ന ധാരണ ശരിയല്ല. പക്ഷേ, എല്ലാവരും മാധ്യമങ്ങള്‍ക്കെതിരെ വാള്‍ എടുക്കുകയും ഉത്തരവാദിത്വമില്ലാതെ ആക്രമിക്കുകയും ചെയ്യുന്നത് പ്രോത്സാഹനം അര്‍ഹിക്കുന്ന കാര്യമല്ല. കേരളത്തിലെ ഇന്നത്തെ മാധ്യമ വിര്‍മശനത്തിന്റെ അവസ്ഥ ഏറെക്കുറെ ഇപ്രകാരമാണ്. പാവങ്ങളുടെയും ദരിദ്രരെയും അവഗണിച്ചുകൊണ്ടുള്ള, തങ്ങളുടെ ധര്‍മത്തില്‍ നിന്നുളള മാധ്യമങ്ങളുടെ വ്യതിചലനം എപ്പോഴൂം ചൂണ്ടിക്കാണിക്കപ്പെടണം. അതൂകൊണ്ടാണ് മാധ്യമവിര്‍മശനം ഒരു കോമഡിഷോ അല്ല, മറിച്ച് ഗൗരവമായ ജനാധിപത്യ പ്രവര്‍ത്തനമാണ് എന്നു പറയുന്നത്.


പ്രമുഖ മാധ്യമവിര്‍ശകനായ ജയശങ്കര്‍ക്കെതിരെ താങ്കള്‍ അടുത്തിടെ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്തുകൊണ്ടാണ് അത്.

ജയശങ്കര്‍ നടത്തുന്നത് ഉത്തരവാദിത്വമുള്ള മാധ്യമവിമര്‍ശനമോ രാഷ്ട്രീയ വിമര്‍ശനമോ അല്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രതികരണങ്ങള്‍ മാത്രമാണ് അത്. പലപ്പോഴും പ്രതികരണവും പരാമര്‍ങ്ങളും വിലകുറഞ്ഞ ഫലിതമായി തരം താഴുന്നു. നമുക്കുവേണ്ടത് തത്വാധിഷ്ഠതമായ മാധ്യമവിമര്‍ശനമാണ്.


ഇടയ്ക്ക് താങ്കള്‍ പത്ര ഉടമയുടെ വേഷം (കേരളാ ടൈംസില്‍) അണിഞ്ഞിരുന്നു. പത്രാധിപരും പത്രനടത്തിപ്പുകാരനും ഒരാളായിരിക്കുന്ന അവസ്ഥയെപ്പറ്റി വ്യക്തിപരമായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ എന്തുപറയും?

പത്രങ്ങളുടെ ചരിത്രത്തില്‍ ഏറെക്കാലം ഉടമയും പത്രാധിപരും ഒരാള്‍ തന്നെയായിരുന്നു. എന്നാല്‍ ആധുനിക കാലത്ത് അങ്ങനെയുള്ള പ്രവര്‍ത്തനം അസാധ്യമാണ്. മൂലധനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച പ്രവര്‍ത്തിക്കുന്ന ഉടമയും മാധ്യമ ധര്‍മത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പത്രാധിപരും തമ്മില്‍ എപ്പോഴും സംഘര്‍ഷമുണ്ടാകും. പത്രാധിപരുടെ ജോലി വളരെ പ്രെഫാഷണല്‍ ആയ ഒന്നാണ്. അതുകൊണ്ടാണ് പത്രാധിപര്‍ എന്ന വര്‍ഗം തന്നെ ഉണ്ടായത്. പക്ഷേ, പത്രാധിപര്‍ക്കു മേല്‍ ഉടമയുടെ ആധിപത്യം എന്നും നിലനില്‍ക്കും. കൂടുതല്‍ സൗകര്യാര്‍ത്ഥം പത്രാധിപരെ തന്നെ ഒഴിവാക്കിക്കൊണ്ടുള്ള വിജയകരമായ പരീക്ഷണമാണ്് 'ടൈംസ് ഓഫ് ഇന്ത്യ' തുടങ്ങിയ പത്രങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്്. മാതൃഭൂമിയില്‍ കേശവമേനോന്‍ നിശബ്ദനായ പത്രാധിപരാണ്. അങ്ങനെ ഒരു പത്രാധിപരുടെ സാന്നിദ്ധ്യം വായനക്കാര്‍ അറിയുന്നില്ല. ബദല്‍ മാധ്യമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഉടമയും പത്രാധിപരും ഒന്നും തന്നെയാകുന്ന സാഹചര്യം ഉണ്ടാകുന്നത്. പക്ഷേ, അത്തരത്തിലുള്ളള മാധ്യമങ്ങള്‍ എണ്ണത്തിലും വ്യാപ്തിയിലും പരിമിതമാണ്. വക്കം അബ്ദുള്‍ഖാദര്‍ മൗലവി എന്ന മൂല്യബോധവും പാണ്ഡിത്യവും പ്രാപ്തിയുമുളള ഉടമപോലും തന്റെ പത്രത്തിനുവേണ്ടി പ്രൊഫഷണല്‍ എഡിറ്ററെ കണ്ടെത്തുകയായിരുന്നു. കേരളടൈംസിന്റെ കാര്യം ആദ്യം പറഞ്ഞതാണ്. മൂലധനത്തിന്റെ പ്രശ്‌നം. പണത്തിന്റെ അഭാവം അവിടെ വിഷയമായിരുന്നു. ചെറിയ പത്രങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ മൂലധനം വേണം.



മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാണോ? ഷാഹിനയ്‌ക്കെതിരെ കര്‍ണാടക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അതിന്റെ സൂചനയായിട്ട് കാണാമോ?

മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയില്‍ അപകടത്തിലായിരിക്കുന്നുവെന്ന് ഒറ്റപ്പെട്ട സംഭവങ്ങളെ അടിസ്ഥാനമാക്കി പറയാന്‍ കഴിയില്ല. ക്രിമനില്‍ കേസില്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം കുറ്റകരമാണ്. ഷാഹിന കുടകില്‍ പോയത് സാക്ഷികളെ സ്വാധാനീക്കാനാണ് എന്ന സംശയം പൊലീസിനുണ്ടെങ്കില്‍ അവര്‍ക്ക് അക്കാര്യം ന്യായമായും അന്വേഷിക്കാം. അനുവദനീയമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് താന്‍ സാക്ഷികളെ കണ്ടതെന്ന് ഷാഹിനയ്ക്കും വാദിക്കാം. ഷാഹിനയ്‌ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തുവെന്നതുകൊണ്ട് മാത്രം മാധ്യമ സ്വാതന്ത്ര്യം അപകടത്തിലായിരിക്കുന്നുവെന്ന് പറയാന്‍ കഴിയില്ല. മനുഷ്യാവകാശ സംരക്ഷണത്തില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതിനെതിരെയാണ് മാധ്യമങ്ങള്‍ ജാഗ്രത പാലിക്കേണ്ടത്.


മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി പറയുന്ന താങ്കള്‍ മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെ നിലകൊണ്ടുവെന്ന ആരോപണമുണ്ടല്ലോ. പാര്‍ലമെന്റിന്റെ പ്രവിലേജിനു മുന്നില്‍ പത്രങ്ങളെ കൊണ്ടുവരുന്നതിനായി വാദിച്ചതെന്തിനാണ്?

മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെ ഞാന്‍ നിലകൊണ്ടതായ ഒരു സംഭവമില്ല. നിങ്ങള്‍ ഉദ്ദേശിക്കുന്ന സംഭവം പാര്‍ലമെന്റിന്റെ പ്രവിലേജ് കമ്മിറ്റിയില്‍ ഞാനംഗമായ സമയത്തെപ്പറ്റിയാകും. സഭയുടെ അവകാശങ്ങള്‍ എഴുതി നിയമമാക്കണമോയെന്ന കാര്യം സമിതി ചര്‍ച്ച ചെയ്തു. വേണ്ട എന്ന നിലപാടാണ് സമിതി എടുത്തത്. ഞാനതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. സഭ ഇന്ന് കൈശം വച്ചിരിക്കുന്ന അനിയന്ത്രിതവും വിപുലവുമായ അധികാരങ്ങള്‍ ക്രോഡീകരിക്കുന്നതിലൂടെ പരിമിതപ്പെടും. വ്യക്തതയില്ലാത്ത ഇന്നത്തെ അവസ്ഥയാണ് മാധ്യമ പ്രവര്‍ത്തനത്തിന് ദോഷം ചെയ്യുന്നത്. പാര്‍ലമെന്റിന്റെ അധികാരം പരിമതപ്പെടുത്തുകയും നിയമത്തിന് വിധേയമാക്കുകയും ചെയ്താല്‍ മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം വര്‍ധിക്കും. പക്ഷേ, ഞാന്‍ സ്വീകരിച്ച നിലപാട് മാധ്യമങ്ങള്‍ വേണ്ടതുപോലെ ശ്രദ്ധിക്കാനോ വേണ്ടവിധത്തില്‍ ഏറ്റെടുക്കുകയോ ചെയ്തില്ല. പകരം ഞാന്‍ മാധ്യമസ്വാതന്ത്ര്യത്തിന് എതിരെ നിലകൊണ്ടുവെന്ന് ആക്ഷേപം ചൊരിഞ്ഞു. ഗൗരവമുള്ള പാര്‍ലമെന്ററി പ്രവര്‍ത്തനം അസാധ്യമാകുന്നത് മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള നിഷ്‌ക്രിയത്വം നിമിത്തമാണ്.


ജുഡീഷ്യറിയുടെ അപചയം

ഒരു പ്രതീക്ഷയും തരാത്ത വിധത്തില്‍ ജുഡീഷ്യറിയും അഴിമതിയില്‍ വീണു കഴിഞ്ഞോ?

ജ്വലിച്ചുനില്‍ക്കുന്ന വിളക്കായിട്ടാണ് ജനാധിപത്യലോകം ജുഡീഷ്യറിയെ ഇന്നും കാണുന്നത്. മുമ്പ് ജീപ്പ് കുംഭകോണത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ശിപാര്‍ശ നിരസിച്ച നെഹ്‌റു ഓഹരി വിവാദം അന്വേഷിക്കാന്‍ നിയോഗിച്ചത് ജസറ്റിംസ് എ.സി. ഛഗ്‌ളയെയാണ്. അന്നുമുതല്‍ അഴിമതിക്കേസുകളില്‍ ആരോപണത്തിന്റെ മുനയൊടിക്കാനുള്ള സംവിധാനമായി ജുഡീഷ്യല്‍ അന്വേഷണം നിലനില്‍ക്കുന്നു. ജഡ്ജിമാരെ നമുക്ക് വിശ്വാസമായിരുന്നു. കോര്‍പറേറ്റ് അധിനിവേശത്തിന്റെ സമഗ്രതയില്‍ ജുഡീഷ്യറിയുടെ നങ്കൂരം പോലും ഇളകിത്തുടങ്ങിയിരിക്കുന്നു. കോര്‍പ്പറേറ്റുകളുടെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിയാതിരുന്നതിനാലണ് കെ.ജി.ബാലകൃഷണര്‍ കളങ്കിതനാകുനത്. എന്നാല്‍, വ്യക്തികളുടെ വീഴ്ചകളെ അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ തള്ളിപ്പറയാനാവില്ല.

പക്ഷേ, വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത് പരമോന്നത നീതി പീഠത്തിലെ പരമോന്നത ന്യായധിപനായിരുന്ന ഒരാള്‍ക്കെതിരെയാണ്?

ജുഡീഷ്യറി എന്നത് മനുഷ്യ നിര്‍മിതവും മനുഷ്യരാല്‍ നടത്തപ്പെടുന്നതുമായ സ്ഥാപനമാണ്. തടവുകാരനായ യേശുവിനെ നിരപരാധി എന്ന കണ്ടതിനുശേഷവും വധശിക്ഷയ്ക്ക് വിധിച്ച ന്യായാധിപന്‍ ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായിട്ടാണ് പ്രവര്‍ത്തിച്ചത്. ന്യായാധിപന്‍മാര്‍ എക്കാലത്തും സമ്മര്‍ദത്തിനും പ്രലോഭനത്തിനും കീഴ്‌പ്പെടാറുണ്ട്. സ്വതന്ത്രഭാരതത്തിലെ ന്യായധിപന്‍മാരും ഈ അപകടത്തില്‍ നിന്ന് മുക്തരല്ല. അതുകൊണ്ടാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ദോഷങ്ങള്‍ അകറ്റുന്നതിനുമുളള സമീപനം വേണം എന്നാവശ്യപ്പെടുന്നത്. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ അഴിമതിയെന്നത് പുതിയ വര്‍ത്തമാനമല്ല. ചീഫ് ജസ്റ്റിസുമാര്‍ നടത്തുന്ന അഴിമതികളുടെ ചില ചിത്രങ്ങള്‍ മുന്നലുണ്ട്. ജുഡീഷ്യറി പങ്കിലമായാല്‍ അത് ജനാധിപത്യത്തിന് ഏല്‍പ്പിക്കുന്ന കളങ്കം മാത്രമല്ല, മാരകമായ ആഘാതവും കൂടിയാണ്.

ജുഡീഷ്യറിയിലെ അപചയങ്ങള്‍ ഇന്ന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ തുറന്നു ചര്‍ച്ചചെയ്യപ്പെടുന്നു. സുപ്രീംകോടതി ജഡ്ജി ജെ.എസ്. സഭര്‍വാളിനെതിരെ മുമ്പ് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കോടതിയലക്ഷ്യത്തിന്റെ വാള്‍ ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. പുതിയ മാറ്റം ആശാവഹമാണോ?

ജനാധിപത്യത്തിലെ കോടതികള്‍ സുതാര്യമായിരിക്കണം. വിമര്‍ശനത്തിന് വിധേയമായിരിക്കുകയും വേണം. അത്തരമൊരു അവസ്ഥയിലേക്കാണ് ഭാഗ്യവശാല്‍ നമ്മള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലും ആളുടെ കാര്യത്തില്‍ ശക്തമായ പ്രതികരണം ഉണ്ടായി എന്നതല്ല വിഷയം. ഇപ്പോഴഴെങ്കിലൂം അപ്രകാരം പ്രതികരിക്കാന്‍ നമ്മുടെ സമൂഹത്തിന് ശക്തി ഉണ്ടായി എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആരോപണങ്ങളെ നേരിടേണ്ടത് ജാതിയുടെ പേര് പറഞ്ഞല്ല. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന ഏത് ന്യായാധിപന്റെ മുന്നിലുള്ള സാധ്യതകള്‍ വളരെ വലുതാണ്. പഴയ കാലത്തെ അപവാദ കഥകള്‍ ഈ ന്യായാധിപന്‍മാരുടെ മുന്നില്‍ പരിഗണനപോലും അര്‍ഹിക്കുന്നല്ലാത്ത അവസ്ഥയിലാവും. പക്ഷേ, എല്ലാ തെറ്റുകളും തെറ്റുകള്‍ തന്നെയാണ്. സ്‌പെക്്വടം എന്ന ഹിമാലയത്തിനു മുന്നില്‍ ബൊഫോഴ്‌സ് ഒരു ചെറു കുന്നായിരിക്കും. പക്ഷേ, ആ കുന്നും ഇടിച്ച് നിരത്തപ്പെടേണ്ടതുണ്ട്.

തുറന്ന രീതിയില്‍ അഭിപ്രായ പ്രകടനത്തിന് സാധ്യതകള്‍ നല്‍കുന്ന ഒന്നാണ് ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള ലോകം. അവിടേക്കും നിയന്ത്രണങ്ങള്‍ കടന്നുവരുന്നു. അതിനെപ്പറ്റി?

അറിയാനുള്ള മനുഷ്യന്റെ അവകാശത്തെ വികസിപ്പിക്കുന്നത് സാങ്കേതിക വിദ്യയാണ്. ഗുട്ടന്‍ബര്‍ഗിന്റെ അച്ചടിയന്ത്രം ഈ വിഷയത്തില്‍ വലിയ വിപ്ലവത്തിന് തുടക്കം കുറിച്ചത്. ഇന്ന് സാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വമായി വികാസത്തില്‍ അവിശ്വസനീയാമാം വിധം അറിവിന്റെ വിപൂലീകരണം സാങ്കേതിക വിദ്യ സാധ്യമാക്കുന്നുണ്ട്. ന്യൂ മീഡിയയെ അഥവാ നവ മാധ്യമങ്ങളെ നിര്‍മിക്കുന്നതിന് ശ്രമം നടക്കുന്നുണ്ട്. ആ പരിശ്രമങ്ങളോട് സാങ്കേതിക വിദ്യ ചെറുത്തുനില്‍പ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. ജൂലിയന്‍ അസ്സാന്‍ജിന്റെ നിശബ്ദമാക്കാന്‍ ശക്തമായ ഭരണകൂടത്തിന് പോലും കഴിയാതെ പോയത് നല്ല സൂചനയാണ്. ലോകം അത്യന്തികമായി ജനാധിപത്യത്തിലേക്ക് നിങ്ങഴിക്കൊരിക്കുമ്പോള്‍ അറിവും ജനാധിപത്യ വല്‍ക്കരിക്കപ്പെടണം. ഇതിന് മാധ്യമങ്ങളും ജനാധിപത്യവല്‍ക്കരിക്കപ്പെടേണ്ടേതുണ്ട്. കോര്‍പറേറ്റ് ആധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് മാധ്യമാങ്ങളെ എപ്രകാരം വിമോചിപ്പിക്കാന്‍ കഴിയും എന്ന് ആലോചിക്കേണ്ടതുണ്ട്.


രാഷ്ട്രീയം, സി.പി.എം, വി.എസ്.


എങ്ങനെയാണ് താങ്കള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പമെത്തുന്നത്?

എന്റെ എല്ലാ രാഷ്ട്രീയ നിലപാടുകളും അടിയന്തരാവസ്ഥയെ മാനദണ്ഡമാക്കിയുള്ളതാണ്. വ്യക്തിയുടെ സ്വാതന്ത്ര്യം ജനാധിപത്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ സംരക്ഷിക്കപ്പെടണം. അടിയന്തരാവസ്ഥ്ക്ക് മുമ്പ് ഞാനൊരു വലതുപക്ഷ രാഷ്ട്രീയ വീക്ഷണമുളളയാളായിരുന്നു. ഏറെക്കാലം രാജാജിയുടെ സ്വതന്ത്രാ പാര്‍ടിയില്‍ പ്രവര്‍ത്തിച്ചു. അത് പിന്നീട് ചണന്‍സിംഗിന്റെ ലോക്ദദളിലും ലോക്ദള്‍ പിന്നീട് ജനതാ പാര്‍ടിയിലും ലയിച്ചു. ജനതാ പാര്‍ടിയിലൂടെയാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവുമായി ഞാന്‍ ബന്ധപ്പെടുന്നത്. അതിനു മുമ്പേ ദേശാഭിമാനിയുടെ നിയമകാര്യ ലേഖകന്‍ എന്ന നിലയിലുളള ബന്ധവും സി.പി.എമ്മുമായി ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം 1997 ല്‍ സ്വതന്ത്യസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അവരെന്നെ ക്ഷണിച്ചതും. ഇപ്പോഴും സഹയാത്രികന്‍ എന്ന നിലയിലാണ് ആ പാര്‍ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

വി.എസ്. പക്ഷക്കാരനായതുകൊണ്ടാണോ താങ്കള്‍ തഴയപ്പെട്ടത്?

അതെയെന്നോ അല്ലായെന്നോ പറയാന്‍ ആവാത്ത ഒരു കുഴപ്പം പിടിച്ച ചോദ്യമാണത്. ചോദ്യത്തില്‍ ഒരു കെണിയുണ്ട്. എന്നെ സംബനധിച്ച് പക്ഷം പിടിക്കേണ്ട കാര്യമില്ല. ഞാനാ പാര്‍ടിയെ പൂര്‍ണമായിട്ടാണ് കാണുന്നത്. ആ പാര്‍ട്ടിയുടെ അംഗമല്ല. സഹയാത്രികനാണ്. അതുകൊണ്ട് തന്നെ ഒരു പക്ഷക്കാരനായി പറയേണ്ട കാര്യമില്ല. പക്ഷക്കാരനാകേണ്ടതുമില്ല. അടുത്തിടെ ഒരു വീട്ടില്‍ പോയപ്പോള്‍ സുഹൃത്ത് പറയുകയാണ് അയാളുടെ ഭാര്യക്ക് രണ്ടുപേരെയേ ലോകത്തില്‍ വിശ്വാസമുള്ളൂ. വി.എസിനെയും എന്നെയും. അതിന് കാരണം എനിക്കും വി.എസിനും പൊതുവായി എന്തൊക്കെയോ ഗുണസവിശേഷതകള്‍ ഉണ്ട് എന്നതാകാം. എന്നെയും അദ്ദേഹത്തെയും ഐഡന്റിഫൈ ചെയ്യാന്‍ കഴിയുന്ന ചില പ്രത്യേകതകള്‍ ഉണ്ടാകാം. ആ ഗുണവിശേഷണം കൊണ്ടായിരിക്കണം ഞാന്‍ ഒരു വി.എസ്. പക്ഷക്കാരനാണ് എന്ന് വിലയിരുത്തപ്പെടുന്നത്. എന്നെപ്പോലൊരാള്‍ക്ക് വി.എസിനൊപ്പമല്ലാതെ നില്‍ക്കാനാവില്ലെന്നത് മറ്റുള്ളവരുടെ വിലയിരുത്തലാണ്. സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് അത്തരം പക്ഷമില്ല. പൊതുവേദിയിലല്ലാതെ ഒരിക്കല്‍ പോലൂം ഞാന്‍ വി.എസിനെ കാണുകയോ ഫോണ്‍ വിളിക്കുകയോ ചെയ്തിട്ടില്ല. ഒരു കാര്യവും ഞങ്ങള്‍ സ്വകാര്യമായി ചര്‍ച്ചചെയ്തിട്ടില്ല. സ്വകാര്യമായി കാണാന്‍ ശ്രമിക്കുകയോ ഉണ്ടായിട്ടില്ല. മുമ്പുമതെ ഇപ്പോഴുമതെ. അതില്‍ കൂടുതല്‍ എനിക്ക് ബന്ധം പിണറായിയോടാണ്. പൊതുവേദിയിലല്ലാതെ അദ്ദേഹത്തോടാണ് സംസാരിച്ചിട്ടുള്ളതും. വ്യക്തിപരമായ അടുപ്പവും പിണറായിയുമായിട്ടാണ്. കൂടുതല്‍ ബന്ധപ്പെട്ടിട്ടുള്ളതും അദ്ദേഹത്തോടാണ്. പാര്‍ട്ടിയിലുള്ള ചിലരുടെ തെറ്റിധാരണയാണ് ഞാന്‍ വി.എസ്. ഗ്രൂപ്പുകാരനാണ് എന്നത്.

സി.പി.എമ്മിലെ കുഴപ്പങ്ങളെപ്പറ്റിയോ?

ഞാനാ പ്രസ്ഥാനത്തെ ഇഷ്ടപ്പെട്ടിട്ടാണ് അടുക്കുന്നത്. വ്യക്തികളെ കണ്ടല്ല. അതിന്റെ ആശയങ്ങളുള്‍പ്പടെ മൊത്തത്തിലാണ് ഇഷ്ടം. കുഴപ്പങ്ങള്‍ കണ്ടേക്കാം. മൊത്തത്തില്‍ പരിഗണിച്ചുകൊണ്ടാണ് ഞാനാ പ്രസ്ഥാനത്തിന്റെ സഹയാത്രികനാകുന്നത്. അതുകൊണ്ടു തന്നെ ഇപ്പോഴും സഹയാത്രികനായി തുടരുന്നു.

ഇപ്പോഴത്തെ ഇടതുഭരണത്തെ എങ്ങനെ വിലയിരുത്തും? പാര്‍ട്ടിയിലെയും ഭരണത്തിലെയും അഭിപ്രായവ്യത്യാസങ്ങള്‍ ഭരണത്തെ ബാധിച്ചിട്ടുണ്ടോ? അത് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിടയുണ്ടോ?

വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ താരതമ്യേന മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ജനക്ഷേമകരമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി എന്ന ഖ്യാതി ഈ സര്‍ക്കാരിനുണ്ട്. കേന്ദ്രത്തില്‍ യു.പി.എ. സര്‍ക്കാര്‍ ലജ്ജാകരമായ രീതിയില്‍ അഴിമതിയില്‍ ആണ്ടിറങ്ങിയപ്പോള്‍ കേരളത്തില്‍ ഒരു മന്ത്രിക്കെതിരെയും കാര്യമായ അഴിമതി അരോപണങ്ങളുണ്ടായിട്ടില്ല. ഓരോ മന്ത്രിയെയും എടുത്തു പരിശോധിക്കുമ്പോള്‍ മികവുള്ള നേട്ടങ്ങള്‍ കാണാന്‍ കഴിയും. ധനമന്ത്രി തോമസ് ഐസക് മികച്ച ധനകാര്യ മാനേജ്‌മെന്റിലുടെ സാമ്പത്തിക പ്രതിസന്ധികള്‍ ഒഴിവാക്കി. വിവാദങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്. മാധ്യമങ്ങളുടെ ശക്തമായ പ്രചാരണങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പഞ്ചായത്തില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാന ഭരണം ഗൗരവമായി വിലയിരുത്തപ്പെടുമ്പോള്‍ അപഖ്യാതികള്‍ പലതും അപ്രസക്തമാകാതിരിക്കില്ല.

താങ്കളാണ് മത്സരിച്ചിരുന്നതെങ്കില്‍ എറണാകുളം സീറ്റ് കൈവിട്ടുപോകില്ല എന്ന് കരുതുന്നുണ്ടോ?

അങ്ങനെ തോന്നിയിട്ടുണ്ട്. അത് സ്വാഭാവികമായിട്ടുണ്ടാവുന്ന തോന്നലാണല്ലോ.
അങ്ങനെയാണ് പൊതുവിലുള്ള വിലയിരുത്തലും. കോണ്‍ഗ്രസിന്റെ പ്രബലമായ മണ്ഡലത്തില്‍ കെ.വി.തോമസിന് പതിനായിരം വോട്ടിന്റെ മേല്‍കൈയേയുള്ളൂ. അത് പോരല്ലോ. പിന്നിട് നടന്ന എറണാകുളം ഉപതെരഞ്ഞെടുപ്പിലാകട്ടെ ശക്തമായ മത്സരം പോലുമുണ്ടായില്ല. അതുകൊണ്ടൊക്കെ തന്നെയാണ് ഞാന്‍ മത്സരിച്ചിരുന്നുവെങ്കില്‍ ഈ മണ്ഡലം കൈവിട്ടുപോകുമായിരുന്നില്ല എന്ന തോന്നല്‍ ജനിപ്പിക്കുന്നത്.


തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യമാണിത്. പിണറായി വിജയനോ വി.എസ്. അച്യുതാനന്ദനോ താങ്കളുമായി ബന്ധപ്പെടുകയുണ്ടായോ? അഥവാ എന്തെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ?

എന്നെ സംബന്ധിച്ച് വ്യക്തിപരമായ ഉന്നയിക്കപ്പെടുന്ന ചോദ്യമാണെങ്കില്‍ പാര്‍ടിയുമായി ഒരിക്കലും അല്‍ച്ചയുണ്ടായിട്ടില്ല. എല്ലായ്‌പ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കുകയും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ദൗത്യം നിറവേറ്റുകയും ചെയ്തിട്ടുണ്ട്. അത്തരം ചോദ്യങ്ങളില്‍ തന്നെ ദു:സൂചനയുണ്ട്. ഞാന്‍ പാര്‍ട്ടിയുമായി അകലന്നുവെന്നോ, പാര്‍ട്ടിക്ക് ഞാന്‍ അനഭിമതനായി തീര്‍ന്നുവെന്നോ പ്രചരിപ്പിക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമാണിത്. എ.പി. അബ്ദുള്ളകുട്ടി, കെ.എസ്. മനോജ്, മഞ്ഞളാംകുഴി അലി തുടങ്ങിയവരില്‍ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ആത്മാര്‍ത്ഥതയുള്ള സഹയാത്രികനായി ഞാന്‍ ഇപ്പോഴും നിലകൊള്ളുന്നു. എല്ലാ നേതാക്കന്‍മാരോടും ആദരവും അടുപ്പവുമുണ്ട്. എന്റെ നിലപാടുകള്‍ പത്രങ്ങളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും പൊതുവേദികളിലൂടെയും നിരന്തരം വ്യക്തമാക്കുന്ന സാഹചര്യത്തില്‍ മറിച്ചുള്ള ധാരണകള്‍ ഉണ്ടാകേണ്ടതില്ല. സ്വതന്ത്രമായ അഭിപ്രായ പ്രകടനം അപ്പോള്‍ തെറ്റിധാരണകള്‍ക്ക് കാരണമാകുന്നുവെങ്കില്‍ തിരുത്തപ്പെടേണ്ടതാണ്.


പാര്‍ടി വീണ്ടും തെരഞ്ഞെടുപ്പിന് നില്‍ക്കാന്‍ ആവശ്യപ്പെടുമെന്നുകരുതുന്നുണ്ടോ? അങ്ങനെ വന്നാല്‍ മത്സരിക്കുമോ?

ഒന്നും പറയാന്‍ കഴിയില്ല. പാര്‍ടി അപ്രകാരം നിര്‍ദേശിച്ചാല്‍ നിരാകരിക്കും എന്നു പറയാനാവില്ല. പക്ഷേ, പാര്‍ടിയാണ് തീരുമാനിക്കേണ്ടത്.

അടുത്തിടെ പ്രസംഗത്തില്‍ വിശ്വാസിയും വിപ്ലവകാരികളും ഒന്നാവുന്നതിനെ പ്പറ്റി പറഞ്ഞതായി കണ്ടു. താങ്കള്‍ വിശ്വാസിയായിരുന്നോ? അതോ വിശ്വാസത്തിന്റെ വഴിയിലേക്കാണോ യാത്ര?

ഞാന്‍ മുമ്പും വിശ്വാസിയാണ്്. ഇപ്പോഴും വിശ്വാസിയാണ്. വിശ്വാസവും വിപ്ലവും ഒന്നിച്ചൂപോകണമനനാണ് ഞാന്‍ പറഞ്ഞത്. അതായത് വിശ്വാസികളെ ഒന്നിപ്പിച്ചുകൊണ്ടുപോകാന്‍ മാര്‍ക്‌സിത്തിനു പറ്റും. മാര്‍ക്‌സിസത്തിന് വിശ്വാസികളെ ക്കൂടി ഉള്‍പ്പെടുത്തി സമൂഹത്തെ പുരോഗമനമായി നയിക്കാനാവും. അതാണ് കാലഘട്ടത്തിന്റെ ആവശ്യം. അതാണ് ഞാന്‍ പറഞ്ഞത്. വിശ്വാസികളെ ഒപ്പം ചേര്‍ക്കാന്‍ മാര്‍ക്‌സിസത്തിന് പറ്റും എന്നു പറഞ്ഞതുകൊണ്ട് അവരെ പാര്‍ടിയംഗമാക്കാന്‍ പറ്റുമെന്നല്ല ഞാന്‍ പറയുന്നത്. പാര്‍ടി അംഗമാകാന്‍ പറ്റുമോ എന്നറിയില്ല. കാരണം ഞാന്‍ പാര്‍ടി അംഗമായിരിന്നിട്ടില്ല.

തിരസ്‌കൃതന്‍ എന്നൊരു ഇമേജ് കൂടി താങ്കള്‍ക്കുണ്ട്. കൈരളിയിലെ 'മാധ്യമവിചാര'മുള്‍പ്പടെ പരിപാടിയില്‍ നിന്ന് പുറന്തള്ളപ്പെട്ടതിന്റെ പശ്ചാത്തിലാണ് ചോദ്യം?

'മാധ്യമവിചാരം' കൈരളി ചാനല്‍ നിര്‍ത്തിയതല്ല. മാധ്യമ വിചാരത്തിന് കൈരളി ചാനലില്‍ വേണ്ടത്ര താല്‍പര്യം ;പ്രകടിപ്പിക്കുന്നില്ല എന്നു കണ്ടപ്പോള്‍ ഞാന്‍ സ്വയം നിര്‍ത്തിയതാണ്.2000ല്‍ കൈരളി ചാനല്‍ ആരംഭിച്ചപ്പോള്‍ എനിക്ക് 'മാധ്യമ വിചാരം' നടത്താന്‍ അവസരം കിട്ടി. പത്തുകൊല്ലം തുടര്‍ച്ചായി അതുചെയ്തു. അങ്ങനെയാണ് മാധ്യമരംഗത്ത് വിമര്‍ശകന്‍ അല്ലെങ്കില്‍ നിരീക്ഷകന്‍ എന്ന നിലയില്‍ അംഗീകാരമുണ്ടായത്. ഞാന്‍ ജീവിതതത്തില്‍ എതെങ്കിലും കാര്യം മാധ്യമവിചാരം പോലെ ഇത്രമാത്രം ബുദ്ധിമുട്ടിചെയ്തുവെന്ന് പറയാനാവില്ല. ലോകത്ത് എവിടെയാണെങ്കിലും ശനിയാഴ്ചകളില്‍ ഞാന്‍ കൈരളി ചാനല്‍ എത്തിയിരുന്നു.അതില്‍ ഒരിക്കലും മുടക്കം വരുത്തിയില്ല. ഡല്‍ഹിയില്‍ പോയാലും ഞാന്‍ മടങ്ങിയെത്തും. സൗദി അറേബ്യയില്‍പോയപ്പോള്‍ പോലും പരിപാടി മാറ്റിവച്ച് ഞാന്‍ എത്തി. എം.എല്‍.എയും എം.പിയുമായപ്പോഴും പരിപാടിക്ക് മുടക്കം വരുത്തിയിട്ടില്ല. എല്ലാ വെള്ളിയാഴ്ച രാത്രികളും ഉറക്കമില്ലാത്തതാണ്. ഒരാഴ്ചത്തെ മുഴുവന്‍ പത്രങ്ങളും മാസികളും വായിച്ചുും കുറിപ്പെടുത്തും മറ്റുമായിരുന്നു ഞാനത് ചെയ്തത്. അത്രയ്ക്കുണ്ടായിരുന്നു അതിന് അധ്വാനം. കൈരളി അതിന് എത്രമാത്രം പ്രതിഫലം നല്‍കിയിട്ടുണ്ടാവുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നയേയുളളൂ. ഞാന്‍ കാണിക്കുന്ന താല്‍പര്യവും പ്രാധാന്യവും ചാനലില്‍ ഉള്ളവര്‍ക്കില്ല എന്ന് തോന്നിയപ്പോള്‍ നിര്‍ത്തി. അവരായിട്ട് നിര്‍ത്തിയതല്ല.


ഒരൊറ്റ വഴി മാത്രം തെരഞ്ഞെടുത്ത് യാത്ര ചെയ്തിരുന്നെങ്കില്‍ എവിടെയെത്തുമായിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ തിരഞ്ഞെടുക്കാത്തതില്‍ നിരാശയുണ്ടോ?

നിരാശ തോന്നാറില്ല. എനിക്ക് ഒറ്റ വഴിക്ക് പോകാന്‍ കഴിയില്ല. കാരണം അതാണ് എന്റെ സ്വഭാവം. ഈ പലവഴികള്‍ ഉണ്ടായതാണ് ഇന്നത്തെ എന്റെ അസ്ഥിത്വവും. പക്ഷേ, ഒരൊറ്റ മേഖലില്‍ ഉറച്ചു നിന്നിരുന്നുവെങ്കില്‍ ആ മേഖലയില്‍ കൂടുതല്‍ അറിയപ്പെടുകയും ഉന്നതിയിലെത്താനും കഴിയുമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. ചെറുപ്പത്തില്‍ മലയാള മനോരമയുടെ എഡിറ്റോറിയല്‍ ജോലിക്ക് അപേക്ഷിച്ചത് നിരസിക്കപ്പെട്ടിട്ടുണ്ട്. അന്ന് അത് കിട്ടിയിരുന്നുവെങ്കില്‍ ആ മേഖലയില്‍ ഉയരുമായിരുന്നു. അതുപോലെ അല്‍പം കൂടി മുന്നോട്ടുപോയിരുന്നുവെങ്കില്‍ ഹൈക്കോടതി ജഡ്ജിയാകുമായിരുന്നു എന്ന ഘട്ടത്തിലാണ്് ഞാന്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലേക്ക് വിളിക്കപ്പെടുന്നത്. ഇങ്ങനെ പല വഴികളിലൂടെ യാത്ര ചെയ്തതാണ് ഇന്നത്തെ ഞാന്‍. ഇതെല്ലാം ഇന്നത്തെ എന്നെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരൊറ്റ വഴി തെരഞ്ഞെടുത്തിരുന്നെങ്കില്‍ എന്ന ചോദ്യം രസകരമാണെങ്കിലും അതെന്നെ ദൂ:ഖിപ്പിച്ചിട്ടില്ല.


ജീവിതത്തില്‍ പലവേഷങ്ങള്‍ ചെയ്തു? ഇനി പുതിയ വേഷങ്ങള്‍ മനസിലുണ്ടോ?

പുതിയ മേഖലകള്‍ ഇഷ്ടമാണ്. ചെറുപ്പത്തിലെ ആഗ്രഹങ്ങള്‍ പലതും പ്രായമാവുകമ്പോള്‍ വീണ്ടും വരുമെന്ന് പറയുന്നതു ശരിയാണ്്. രണ്ട് ആഗ്രഹങ്ങള്‍ അങ്ങനെ മനസിലുണ്ട്. ഒന്ന് നോവിലിസ്സ്റ്റാകുകയെന്നതാണ്. രണ്ട് സിനിമാ സംവിധായകനാവുക. എ. വിന്‍സന്റ് പണ്ട് എന്നോട് തന്റെ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായകാന്‍ വിളിച്ചിരുന്നു. അന്ന് പറ്റിയില്ല. എന്തുകൊണ്ടോ പോയില്ല. പക്ഷേ, ഈ ആഗ്രഹങ്ങള്‍ മനസിലേക്ക് കടന്നുവരുന്നു. പക്ഷേ, അത് പ്രവര്‍ത്തികമാക്കന്‍ ശ്രമങ്ങള്‍ ഒന്നും തുടങ്ങിയിട്ടില്ല.

ജനപ്രതിനിധിയെന്ന തിരക്ക് കുറച്ച് ഒഴിഞ്ഞിട്ടുണ്ടല്ലോ. ആ നിലയ്ക്ക് മോഹങ്ങളില്‍ കൂടുതല്‍ കേന്ദ്രീകരിച്ചൂകൂടേ?

തിരിക്ക് ഒഴിഞ്ഞിട്ടില്ല. പൊതു പ്രവര്‍ത്തകരപ്പോഴും തിരിക്ക് ഇഷ്ടപ്പെടുന്ന്‌വരാണ്. ക്രിയാത്മകമായ പല പ്രവര്‍ത്തനങ്ങള്‍ക്കു തിരക്ക് തടസമാണ്. എന്നെ സംബന്ധിച്ച് തിരക്കൊഴിഞ്ഞ ഏകാന്തതയാണ് ഇഷ്ടം. ആ ഏകാന്തതയില്‍ ക്രിയാത്മക പ്രവര്‍ത്തനം നടത്താനുമാണ് കൂടുതല്‍ ഇഷ്ടം പക്ഷേ അത് പലപ്പോഴൂം സാധിക്കാറില്ല. ഇപ്പോള്‍ പ്രസംഗിക്കാനായി എല്ലായിടത്തുനിന്നും ക്ഷണിക്കപ്പെടുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ഞാനതിന് വഴങ്ങുന്നു. ഞാന്‍ സുകുമാര്‍ അഴിക്കോടിനോട് ഒരിക്കല്‍ പറഞ്ഞു തന്റെ കാലശേഷം പ്രസംഗങ്ങളലൂടെയല്ല, പുസ്തങ്ങളിലൂടെയാണ് അഴിക്കോട് ജീവിക്കേണ്ടത് എന്ന്. അതിന്് അദ്ദേഹം പറഞ്ഞ മറുപടി എഴുതണമെന്നുണ്ടെങ്കിലും സാധ്യക്കുന്നില്ലെന്നാണ്. ആളുകള്‍ പ്രസംഗിക്കാന്‍ വിളിക്കുമ്പോള്‍ പോകാതിരിക്കുന്നതെങ്ങനെ എന്നാണ് അദ്ദേഹം ചോദിച്ചത്. അതു തന്നെയാണ് എന്റേയും അവസ്ഥ. വിളിക്കുമ്പോള്‍ എനിക്ക് പോകാതിരിക്കാനാവില്ല. എന്നാലും ഒന്ന് രണ്ടു പുസ്തകങ്ങള്‍ എത്രയും വേഗം തീര്‍ക്കണമെന്ന ചിന്തയിലാണ് ഞാന്‍.

എത്തരത്തിലുള്ള പുസ്തകങ്ങള്‍? പുതിയ രചനകള്‍?

ഗൗരവമായ ചില അക്കാമിക് പുസ്തകങ്ങള്‍ എഴുതണമെന്നുണ്ട്. പത്രനിയമവും,മറ്റുമായി ബന്ധപ്പെട്ടതണത്. മാധ്യമരംഗത്തെപ്പറ്റിയുള്ളതാണ് മറ്റുള്ളവ. ആഗോളികരണം വരുത്തിയ മാറ്റങ്ങളാണ് വിഷയം. മറ്റ് ചില പുസ്തകങ്ങളും മനസിലുണ്ട്. എഴുത്ത് എന്നത് നിര്‍ബന്ധമുണ്ടെങ്കില്‍ ചെയ്യുന്ന ഒരു കാര്യമാണ് എനിക്ക്. ഞാനാദ്യം പുസ്‌കതം എഴുതുന്നതും അത്തരം പ്രേരണയിലാണ്് 1978 ല്‍ ഡിസി ബുക്‌സിന്റെ മാനേജറായിരുന്നു ജോസഫ് പോത്തന്‍ തറയാണ് ലോക രാഷ്ട്രം എന്ന പരമ്പരയില്‍ എന്നെക്കൊണ്ട് ഒരു പുസ്തകം ചെയ്യിക്കുന്നത്. അതിനുശേഷം പല പുസ്തകങ്ങളും ഡി.സിക്കുവേണ്ടി ചെയ്തതും അത്തരം നിര്‍ബന്ധം മൂലമായിരുന്നു. അടുത്തിടെ എഴുതിയ പല പുസ്തങ്ങളും സ്‌നേഹപൂര്‍വമായ നിര്‍ബന്ധിക്കലുകള്‍ വഴിയാണ് സാധ്യമായത്. മനസിലുള്ള പുസ്തകങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനാണ് ഉദ്ദേശിക്കുന്നത്. അതിന് അല്‍പം ഏകാന്തതവേണം.




കുടുംബം? ഇപ്പോള്‍ ഇവിടെ (എറണാകുളത്തെ വസതിയില്‍) ആളനക്കം കേള്‍ക്കുന്നില്ലല്ലോ?

ഇവിടെ ഇപ്പോള്‍ ഞാനും അമ്മയും മാത്രമേയുള്ളൂ. അമ്മയ്ക്ക് വളരെ പ്രായമായി. ഞാനുള്‍പ്പടെ ബാക്കിയെല്ലാവരും വന്നും പോയിയുമിരിക്കുന്നു. അപൂര്‍വമായേ ഞാനും ഇവിടെ ഉണ്ടാവാറുള്ളൂ. മിക്കവാറും യാത്രയാണ്. പ്രഭാഷണങ്ങള്‍ക്കും മറ്റുമായി യാത്രതന്നെ. വീട്ടില്‍ കിടന്നുറങ്ങാന്‍ വല്ലപ്പോഴുമേ കഴിയാറുള്ളൂ. ഉറക്കം അധികവും ട്രെയിനിലാണ്. ഭാര്യ ലിസമ്മ ചെന്നൈയില്‍ കമ്പനി ലോ ബോര്‍ഡില്‍ ജുഡീഷ്യല്‍ അംഗമാണ്. മക്കള്‍ മൂന്നു പേരാണ്. മൂത്തയാള്‍ ഡോണ്‍ സെബാസ്‌ററ്റിയന്‍ പത്ര പ്രവര്‍ത്തകനാണ്. ബംഗളരുവില്‍ തോംസണ്‍ റോയിട്ടേഴ്‌സിലാണ് ജോലി. രണ്ടാമത്തെയാള്‍ റോണ്‍ സെബാസ്റ്റിയന്‍ സുപ്രീംകോടതിയില്‍ അഭിഭാഷകനാണ്. ഇളയാളായ ഷോണ്‍ സെബാസ്റ്റിയന്‍ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ബിരുദത്തിന് പഠിക്കുന്നു.

പച്ചക്കുതിര
2011 ഫെബ്രുവരി