Wednesday, February 16, 2011

ഒരു ജഡ്ജിയുടെ സത്യാന്വേഷണ പാഠങ്ങള്‍

ആത്മകഥ


ജസ്റ്റിസ് യു.എല്‍.ഭട്ട്



ഞാനാരാണ്?- സ്വാഭിമാനിയായ ഒരു ഇന്ത്യക്കാരന്‍



''ഞാന്‍ ആന്ധ്രയില്‍ ജനിച്ച, തുളു സംസാരിക്കുന്ന, കന്നഡ-കേരളീയനാണ് എന്നു സ്വയം പറയട്ടെ. പഴയ മദ്രാസ് പ്രവശ്യയില്‍ പ്രാക്ടീസ് തുടങ്ങുകയും ജീവിതത്തിന്റെ നല്ല പങ്കും കേരള സംസ്ഥാനത്തില്‍ ചെലവഴിച്ച് ഇപ്പോള്‍ വടക്കുകിഴക്കിലെ ഒരു കൂട്ടം സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറിപോവുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍''.

ഞാനിങ്ങനെ പറഞ്ഞത് കേരള ഹൈക്കോടതിയിലെ ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് പദവി ഒഴിയുന്ന അവസരത്തില്‍ എനിക്ക് നല്‍കിയ യാത്രയയപ്പിലാണ്. കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. പി. മാത്യൂസ്, പ്രവര്‍ത്തന പരിചയത്തില്‍ സീനിയോറിറ്റി അനുസരിച്ച് എനിക്ക് തൊട്ടു താഴെയുള്ള ജസ്റ്റിസ് കെ.എസ്. പരിപൂര്‍ണന്‍ എന്നിവര്‍ നടത്തിയ അനുമോദന-യാത്രയപ്പ് പ്രസംഗത്തിനുശേഷമായിരുന്നു എന്റെ പ്രസംഗം. ഗൊഹാട്ടി ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നതിനായി കേരളം വിടുന്നതിന്റെ തലേന്നാണ് ഈ യോഗം നടന്നത്. കേരളത്തില്‍ പലരും ചിന്തിക്കുന്നത് ഗൊഹാട്ടി ഹൈക്കോടതിയെന്നാല്‍ അസമിന്റെ ഹൈക്കോടതിയെന്നാണ്. പക്ഷേ, അത് വടക്കു കിഴക്കിലെ ഏഴ് സംസ്ഥാനങ്ങളുടെ പൊതുവായ ഹൈക്കോടതിയാണ്.
എന്റെ യാത്ര ഗുവഹാട്ടിയില്‍ അവസാനിച്ചില്ല. ഏതെങ്കിലും തെക്കന്‍ സംസ്ഥാനത്തിലേക്ക് സ്ഥലമാറ്റം തരണമെന്ന് ആവശ്യപ്പെട്ട് ഗുവഹാട്ടിയില്‍ എത്തി അധികം വൈകാതെ ഞാന്‍ സമര്‍പ്പിച്ച അപേക്ഷയ്ക്ക് വിചിത്രമായ പ്രതികരണമാണുണ്ടായത്. ഏതാണ്ട് രണ്ടര വര്‍ഷത്തിനുശേഷം മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഞാന്‍ നിയമിക്കപ്പെട്ടു. ഒരു കേരള ജഡ്ജിയെ സുപ്രീംകോടതിയില്‍ നിയമിക്കണമോയെന്ന കാര്യം നിരവധി മാസങ്ങള്‍ 'പരിഗണി'ക്കപ്പെട്ടപ്പോള്‍, പരക്കെ അറിയപ്പെടുന്നതുപോലെ, ജസ്റ്റിസ് കെ.എസ്. പരിപൂര്‍ണന് ഇക്കാര്യത്തില്‍ 'സൂപ്പര്‍ ഇളവ്' ലഭിച്ചു. അല്‍പം മുമ്പ് പാറ്റ്‌ന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട, എന്നേക്കാള്‍ രണ്ടരവര്‍ഷം ജൂനിയറായ പരിപൂര്‍ണന്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. എം.എന്‍. വെങ്കിടാചലയ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കാലയളവിലാണ് ആ നിയമനം. വെങ്കിടാചലയ്യയ്ക്കുശേഷം എ.എം. അഹമ്മദി ചീഫ് ജസ്റ്റിയായി. മദ്ധ്യപ്രദേശില്‍ നിന്ന് വിരമിക്കുന്നതിന്റെ തലേന്ന് എന്നോട് ന്യൂഡല്‍ഹിയില്‍, കസ്റ്റംസ് സെന്‍ട്രല്‍ എക്‌സൈ് ആന്‍ഡ് ഗോള്‍ഡ് കണ്‍ട്രോള്‍ അപ്പലേറ്റ് ട്രിബ്യുണല്‍ (സി.ഇി.ജി.എ.ടി) പ്രസിഡന്റായി ചുമതയേല്‍ക്കാന്‍ ജസ്റ്റിസ് അഹമ്മദി പറഞ്ഞു. ഞാന്‍ മദ്ധ്യപ്രദേശില്‍ എത്തിയിട്ട് അപ്പോള്‍ ഒരു വര്‍ഷവും പത്തുമാസവും കഴിഞ്ഞിരുന്നു. എന്നെ നിയമിക്കാനുള്ള തീരുമാനത്തിന്റെ പശ്ഛാത്തലം ജസ്റ്റിസ് അഹമ്മദി വിശദീകരിച്ചു. അതൊരു 'പ്രോത്സാഹന' സമ്മാനമായിട്ടാണ് നല്‍കുന്നതെന്ന് ഞാന്‍ സംശയിച്ചു. അച്ചടക്കത്തെ പറ്റിയുള്ള ബോധമാണ് ആ സമയത്ത് എന്നെ നയിച്ചത്. ഞാന്‍ ന്യൂഡല്‍ഹിയിലേക്ക് പോകുകയും ജീവിതത്തിന്റെ അടുത്ത മൂന്നുവര്‍ഷങ്ങള്‍ അവിടെ ചെലവിടുകയും ചെയ്തു.
സി.ഇ.ജി.എ.ടിയിലെ കാലാവധി പൂര്‍ത്തിയാക്കിയ ഉടനെ സുപ്രീം കോടതി എനിക്ക് 'സീനിയര്‍ അഭിഭാഷകന്‍' എന്ന പദവി നല്‍കി. പക്ഷേ, സജീവമായ പ്രാക്ടീസിനെപ്പറ്റി അപ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നില്ല.
മധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്ന് വിരമിക്കുന്നതിന്റെ മുന്നൊരുക്കമായി ഞാന്‍ ബംഗളരുവില്‍ ഒരു വീട് പണിതിരുന്നു. മംഗലാപുരത്തിന് അടുത്തുളള ഒരു ഗ്രാമത്തില്‍ ജനിച്ച, തുളു സംസാരിക്കുന്ന കന്നടക്കാരനായ ഞാന്‍ കുറച്ചുകൂടി തെക്കോട്ട് നീങ്ങിയാണ് വീടു പണിതത്. അങ്ങനെ ഞാന്‍ 'കേരളീയനായി'. അവസാനം 1998 ഒക്‌ടോബര്‍ ഒന്നിന് ബാംഗളരുവിലേക്ക് വരികയും എന്റെ വിശ്രമജീവിതം തുടങ്ങുകയും ചെയ്തു.
തീര്‍ത്തും യാദൃശ്ചികമായി, പിന്നെയും ചുരുക്കം ചില കേസുകള്‍ എന്റെ വഴിയില്‍ എന്നെത്തേടി വന്നു. അങ്ങനെ കര്‍ണാടക ഹൈക്കോടതിയില്‍ വാദിക്കാനായി എനിക്ക് ചെല്ലേണ്ടിവന്നു. വളരെ കര്‍ശനമായി സ്വയം നിയന്ത്രിച്ചുകൊണ്ട് ഞാന്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി.
ഇപ്പോള്‍ ഞാന്‍ സംശയിക്കുന്നു. ഇന്ത്യയുടെ മലകളും താഴ്‌വരകളും കടന്ന ഞാന്‍ ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണോ, അതോ ലോകത്തിന്റെ യഥാര്‍ത്ഥ പൗരനോ? ഇന്ത്യ 'വിശുദ്ധ കുടുംബകം' എന്ന സങ്കല്‍പ്പത്തില്‍ തീര്‍ത്തും വിശ്വസിക്കുന്നുണ്ട്. അതായത് മുഴുവന്‍ ലോകവും ഒരൊറ്റ കുടുംബമാണ്.


2

ജനനം, പഠനം, തൊഴില്‍

''ആന്ധ്രയില്‍ ജനിച്ച, തുളു സംസാരിക്കുന്ന...''

ഞാന്‍ 'ആന്ധ്ര'യിലാണ് ജനിച്ചത് എന്നു പറഞ്ഞു. ഞാനുദ്ദേശിച്ചത് പഴയ നാട്ടുരാജ്യമായ വിസിയാനഗരമാണ്. ഇന്ന് വിശാഖപട്ടണം എന്ന് അറിയപ്പെടുന്ന വാള്‍ട്ടയര്‍ ടൗണിനടുത്തായിരുന്നു ആ രാജ്യം. 1946-ല്‍ വിസിയാഗനരം ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി. 1954-ല്‍ അത് ആന്ധ്ര സംസ്ഥാനത്തിന്റെ ഭാഗമായി. മദ്രാസ് പ്രവശ്യയുടെ ഭാഗമായിരുന്ന, തെലുഗു സംസാരിക്കുന്ന ജനവിഭാഗങ്ങളെ ഒന്നിപ്പിച്ചാണ് സംസ്ഥാനം ഉടലെടുത്തത്. അന്ന് ആന്ധ്രയുടെ തലസ്ഥാനം കുര്‍നൂലായിരുന്നു. ആന്ധ്രഹൈക്കോടതി നിലകൊണ്ടത് ഗുണ്ടൂരുമായിരുന്നു. എന്നാല്‍ 1956 നവംബര്‍ ഒന്നിന് സംസ്ഥാനങ്ങളുടെ പുന:സംഘടനയുടെ ഭാഗമായി അതുവരെയുണ്ടായിരുന്ന ആന്ധ്ര സംസ്ഥാനത്തിനൊപ്പം സമീപ പ്രദേശങ്ങളിലെ തെലുഗു സംസാരിക്കുന്ന മേഖലകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട്, ഹൈദരാബാദ് തലസ്ഥാനമാക്കി ഇന്നത്തെ ആന്ധ്രാപ്രദേശ് രൂപീകരിച്ചു. മദ്രാസ് പ്രവശ്യയുടെ ഭാഗത്ത് ശേഷിച്ചത് വാള്‍ട്ടയര്‍ സര്‍വകലാശാലയും മദ്രാസ് സര്‍വകലാശാലയും മാത്രമായിരുന്നു.
എന്റെ അച്ഛന്‍ യു. സുബ്ബരായ്യ ഭട്ടായിരുന്നു ഞങ്ങളുടെ സമുദായത്തില്‍ ആദ്യ ബിരുദാന്തര ബിരുദം നേടിയയാള്‍. ഇംഗ്ലീഷ് ഭാഷയിലായിരുന്നു എം.എ. ബിരുദം. ശിവേലി ബ്രാഹ്മണന്‍ സമുദായമാണ് ഞങ്ങളുടേത്. ആ പേരുവന്നത് എട്ട് മഠങ്ങള്‍ക്കും ശ്രീകൃഷ്ണ അമ്പലത്തിനും പ്രശസ്തമായ ഉടുപ്പിയോട് ചേര്‍ന്നുള്ള ശിവേലി എന്ന ഗ്രാമത്തില്‍ നിന്നാണ്. പാലക്കാട് വിക്‌ടോറിയ കോളജില്‍ കുറച്ചു വര്‍ഷം അച്ഛന്‍ ഇംഗ്ലീഷ് ലക്ചററായി പ്രവര്‍ത്തിച്ചു. പാലക്കാട് അന്ന് മലബാര്‍ ജില്ലയിലാണ്്. മലബാര്‍ ജില്ലയാകട്ടെ മദ്രാസ് പ്രവശ്യയുടെ ഭാഗമണ്. പിന്നീട് ഞാന്‍ 1973-77 കാലത്ത്, നാലുവര്‍ഷം ജില്ലാ-സെഷന്‍സ് ജഡ്ജിയിയായി പാലക്കാട് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഞങ്ങള്‍ ഉള്ളാള്‍ എന്ന ഗ്രാമക്കരാണ്. അതാണ് എന്റെ പേരിലെ 'യു' എന്ന ഇന്‍ഷ്യലായി വന്നത്. ഇന്നത് മംഗലാപുരം പട്ടണത്തിന്റെ അര്‍ദ്ധപട്ടണമാണ്്. മംഗലാപുരം മുമ്പത്തെ ദക്ഷിണ കനാറ (കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമായപ്പോള്‍ അതിന് ദക്ഷിണ കന്നഡ ജില്ല എന്നാക്കി പേര്)യുടെ തലസ്ഥാനമായിരുന്നു. ആ ജില്ല പിന്നീട്് രണ്ടായി. മംഗലാപുരം തലസ്ഥാനമായി ദക്ഷിണ കന്നഡ ജില്ലയും ഉഡുപ്പി തലസ്ഥാനമായി ഉഡുപ്പി ജില്ലയും.
പിന്നീട് അച്ഛന്‍ വിസിയാനഗരത്തിലെ മഹാരാജാസ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറാകുന്നതിനായി വിസിയാനഗരത്തിലേക്ക് താമസം മാറ്റി. കാലം കടന്നുപോയപ്പോള്‍ അദ്ദേഹം ആ കോളജിന്റെ പ്രിന്‍സിപ്പലുമായി. കിഴക്കന്‍ തീരമേഖലയിലെ പ്രമുഖ ബിരുദകോളജായിരുന്നു അത്. വളരെ അധികം പ്രശസ്തിയും അംഗീകാരവും കോളജിനുണ്ടായിരുന്നു. രാജകുടുംബാംങ്ങള്‍ വിദ്യാഭ്യാസത്തെ പിന്തുണച്ചതിന്റെ ഫലം കൂടിയായിരുന്നു കോളജ്.
അച്ഛന്‍ ഹൃദയംകൊണ്ട് ശരിയായ ദേശീയ വാദിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് രബീന്ദ്ര നാഥ ടാഗോറും സരോജിനി നായിഡുവും കോളജ് സന്ദര്‍ശിച്ചിട്ടുണ്ട്. അവര്‍ക്ക് വലിയ ആദരവ് നല്‍കികൊണ്ടുള്ള സ്വീകരണവും കോളജില്‍ ഏര്‍പ്പാടാക്കി. ഷേക്‌സ്പിയിര്‍സാഹിത്യത്തിലെ ആധികാരിക വ്യക്തിയായിട്ടാണ് അച്ഛന്‍ അറിയപ്പെട്ടിരുന്നത്. 1935-39 കാലത്ത് കോളജിന്റെ പ്രിന്‍സിപ്പലായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകളുടെ അംഗീകാരമെന്ന നിലയില്‍ ഇംഗ്ലണ്ടിലെ രാജാവ് അദ്ദേഹത്തിന് 'റാവു സഹോബ'് എന്ന അംഗീകാരം നല്‍കി. 1938 ലായിരുന്നു വിരമിക്കേണ്ടിയിരുന്നത്്. ഞാനതിന് അഞ്ചുവര്‍ഷം മുമ്പ് ജനിച്ചു. അച്ഛന് പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ മൂന്നുവര്‍ഷത്തേക്ക് കൂടി സര്‍വീസ് നീട്ടി നല്‍കി. പക്ഷേ, 1939 മാര്‍ച്ചില്‍ ടൈഫോയിഡ് പിടിപെട്ട് അദ്ദേഹം അന്തരിച്ചു. ഇന്നത്തെകാലത്ത് ടൈഫോയിഡ് പിടിപെട്ടുള്ള മരണത്തെപ്പറ്റി ചിന്തിക്കാനാവില്ല.
അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയ്ക്ക് പ്രായം നാല്‍പതുകളുടെ തുടക്കത്തിലായിരുന്നു. ഭാര്യയെയും എന്റെ വിവാഹിതയായ മൂത്ത സഹോദരി, മൂത്ത സഹോദരന്‍, നാല് സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ എന്നിവരെ തനിച്ചാക്കിയിട്ടാണ് അച്ഛന്‍ പോയത്. മൂത്ത ചേട്ടന്‍ അന്ന്, ഇന്നത്തെ പ്ലസ് ടുവിന് തുല്യമായ ഇന്റര്‍മീഡിയേറ്റ് പൂര്‍ത്തിയാക്കിയതേയുണ്ടായിരുന്നുള്ളൂ. അച്ഛന് ആദ്യ ഭാര്യയില്‍ രണ്ടു കുട്ടികളും കൂടിയുണ്ടായിരുന്നു. ആദ്യ ഭാര്യ മരിച്ചുപോയിരുന്നു. അവര്‍ മംഗലാപുരത്താണ് താമസിച്ചിരുന്നത്. ഞാന്‍ അന്ന് തെലുഗു മാധ്യമമായ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുകയാണ്. കന്നഡയോ ഇംഗ്ലീഷോ ആണ് അവിടെ പഠിപ്പിച്ചിരുന്നത്. അച്ഛന്റെ മരണത്തോടെ ഞങ്ങള്‍ വിസിയനഗരം വിട്ട് മംഗലാപുരത്തേക്ക് തന്നെ മടങ്ങിപ്പോയി. എന്റെ മൂത്ത സഹോദരന്‍ മാത്രമാണ് അന്ന് കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ആണ്‍തരി. അദ്ദേഹം ബിഎസ്.സി. ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി പഠിക്കാനായി ബനാറസ് സര്‍വകലാശാലയിലേക്ക് പോയി. അമ്മ കാസര്‍ഗോഡേക്ക് പോകാമെന്ന് തീരുമാനിച്ചു. അവിടെ എന്റെ ജ്യേഷ്ഠത്തിക്കും ഭര്‍ത്താവായ ബി.എസ്. കാക്കിലയ്യയ്‌ക്കൊപ്പം താമസിക്കാനായിരുന്നു തീരുമാനം. അവരുടെ സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു അത്. കക്കാലിയ്യ പിന്നീട് പ്രദേശിക നിയമരംഗത്ത് വളരെ പ്രശസ്തനായി. മംഗലാപുരത്തിന്റെ 30 മൈല്‍ തെക്കായിട്ടാണ് കാസര്‍ഗാഡ് സ്ഥിതിചെയ്യുന്നത്. ഉള്ളാളില്‍ നിന്ന് 25 മൈല്‍ തെക്കായും. 1940 മുതല്‍ 1951 വരെ ഞങ്ങള്‍ മംഗലാപുരത്തിനും കാസര്‍ഗോഡിനുമിടയില്‍ അങ്ങോട്ടുമിങ്ങോട്ടും താമസം മാറിക്കൊണ്ടിരുന്നു. ഈ കൂടുമാറ്റങ്ങള്‍ അന്ന്് എസ്.എസ്.എല്‍.സി വിജയിച്ച, എന്റെ സഹോദരങ്ങളുടെ സൗകാര്യാര്‍ത്ഥമായിരുന്നു. അക്കാലത്ത് കാസര്‍ഗോഡും കാസര്‍ഗോഡു താലൂക്ക് മൊത്തവും മദ്രാസ് പ്രവശ്യയുടെ ഭാഗമായി ദക്ഷിണ കനാറയുടെ ഭാഗമായിരുന്നു. കന്നഡ്, തുളു, മലയാളം എന്നിവയാണ് ആളുകള്‍ സംസാരിച്ചിരുന്ന ഭാഷ. ഇക്കാലത്ത് ഞാന്‍ നാലുവര്‍ഷം കാസര്‍ഗോഡ് ജീവിച്ചു. കാസര്‍ഗോഡുമായുള്ള എന്റെ ബന്ധം ഉറപ്പിക്കുന്നതും സ്ഥാപിക്കുന്നതും ഇക്കാലത്താണ്. കൂട്ടുകാര്‍, സഹപാഠികള്‍, എന്നിവര്‍ക്കൊപ്പമായിരുന്നു ഈ ബന്ധം ദൃഢമായത്.
1951-ല്‍ കുടുംബം മദ്രാസിലേക്ക് മാറി. ഒരു സ്വകാര്യ സോപ്പ് കമ്പനിയില്‍ മൂത്ത ജ്യേഷ്ഠന്‍ യു.എ. കൃഷ്ണ ജോലി ചെയ്തിരുന്നു. നല്ല സാങ്കേതിക അവഗാഹമുള്ള ഒരാളായിരുന്നു അദ്ദേഹം. ഒരു അലക്ക് സോപ്പ് നിര്‍മാണ പ്രക്രിയ അദ്ദേഹത്തിന് അറിയാമായിരുന്നു. വിലകുറഞ്ഞ രീതിയില്‍ സ്വന്തമായി ഉല്‍പാദന യൂണിറ്റ് അദ്ദേഹം സ്ഥാപിച്ചു. എന്റെ മറ്റൊരു ജ്യേഷ്ഠന്‍ യു.കെ. മോഹനന്‍ വില്‍പനയുടെ ചുമതലയേറ്റെടുത്തു. മദ്രാസ് നഗരത്തിലും ആന്ധ്രയിലും താഴ്ന്ന, ഇടത്തരം വര്‍ഗങ്ങള്‍ക്കിയില്‍ സോപ്പ് പെട്ടെന്ന് ജനപ്രിയമായി.
ബിരുദത്തിന് പഠിക്കുമ്പോഴുള്ള രസകരമായ ഒരു സംഭവം പറയാതിരിക്കാനാവില്ല. പൊതു പരീക്ഷയില്‍ ഫിസിക്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് രണ്ട് എക്‌സാമിനര്‍മാരുണ്ടാകും. ഒരാള്‍ കോളജിലുള്ളതും മറ്റൊരാള്‍ പുറത്തുനിന്ന് വന്നതും. പുറത്തുനിന്ന് വന്ന എക്‌സാമിനര്‍ മദ്രാസ് പ്രസിഡന്‍സി കോളജിലെ ഫിസിക്‌സ് പ്രൊഫസറാണ്. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് 'വെളിച്ച'വുമായി ബന്ധപ്പെട്ട ഒരു ചോദ്യമാണ് നല്‍കിയിരുന്നത്. ഞാനത് സ്‌പെക്‌ട്രോമീറ്റര്‍ എന്ന ഉപകരണംകൊണ്ട് പരിഹരിക്കണം. ഞങ്ങളുടെ കോളജിലെ ഈ ഉപകരണങ്ങള്‍ പഴയതും ഏതാണ്ട് മോശവുമായിരുന്നു. സ്‌പെക്‌ടോമീറ്റര്‍ മേശപ്പുറത്ത് ഉറപ്പിക്കാന്‍ തന്നെ പണിപ്പെട്ടു. പുറത്തുനിന്ന് വന്ന എക്‌സാമിനര്‍ അദ്ദേഹത്തിന്റെ ശ്രദ്ധ എന്നില്‍ തന്നെ നിര്‍ത്തി. പലവട്ടം മേശയ്ക്കരികിലേക്ക് വന്ന് 'വെളിച്ച'വുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചുകൊണ്ടിരുന്നു. ഇത് തന്നിരിക്കുന്ന പ്രോബ്‌ളത്തിനു പുറത്തുള്ളതാണ്. മൂന്നു തവണ ഞാന്‍ ചെയ്യുന്നത് നിര്‍ത്തി അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ ഉത്തരം പറഞ്ഞു. വീണ്ടും ചോദിച്ചപ്പോള്‍ ഞാന്‍ ഉത്തരം പറയാന്‍ വിസമ്മതിച്ചു. ആദരവോടെ തന്നെയായിരുന്നു ഈ വിസമ്മതം. എക്‌സിപിരിമെന്റ് കഴിഞ്ഞിട്ട് ഉത്തരം പറയാമെന്നായിരുന്നു എന്റെ മനോഭാവം. അദ്ദേഹം എന്നെ തന്നെ തുറിച്ചുനോക്കിക്കൊണ്ട് നിന്നു. ആ നോട്ടത്തിന് എന്റെ ഭാവിയില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താനാവുമെന്ന് അന്നേരം ഞാന്‍ ചിന്തിച്ചതേയില്ല. ഞാന്‍ ബിരുദ പരീക്ഷയ്ക്ക്് വളരെ ഉയര്‍ന്ന സെക്കന്‍ഡ് ക്ലാസ് നേടി. സാധാരണ കുട്ടികളെല്ലാം വളരെ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന ഫിസിക്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ കുറവുമാര്‍ക്കും.
ഞാന്‍ മദ്രാസില്‍ കുടുബത്തിന്റെ അടുത്തേക്ക് പോയി. സഹോദരന്റെ വീടിനടുത്തുള്ള പ്രസിഡന്‍സി കോളജില്‍ ചേരണമെന്നായിരുന്നു ചിന്ത. പ്രസിഡന്‍സി കോളജില്‍ ഇന്റര്‍റ്വ്യൂ റൂമില്‍ കടന്നപ്പോള്‍ ഞാന്‍ പഴയ എക്‌സാമിനറെ അവിടെ കണ്ടു. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞ്് 'ഓ, നിങ്ങളോ' എന്ന് ആശ്ചര്യം കൊണ്ടു. സുഖകരമല്ലാതെ കഴിഞ്ഞ ആ അഭിമുഖത്തിനുശേഷം ഞാന്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കയറി നേരെ മദ്രാസ് ലോ കോളജിലേക്ക് പോയി. ഇന്നത് ചെന്നൈ ചട്ട കല്ലൂരി എന്നാണ് അറിയപ്പെടുന്നത്. ഞാന്‍ അപേക്ഷാ ഫോം മേടിച്ച് പൂരിപ്പിച്ച്, ഫീസുമടച്ച് വീട്ടിലേക്കുപോയി. എന്നെ കാത്ത് ആശങ്കയോടെ നിന്ന അമ്മയും സഹോദരന്‍മാരും എന്തുപറ്റി എന്നുചോദിച്ചു. ഞാനവരോട് എനിക്ക് മദ്രാസ് ലോ കോളജില്‍ പ്രവേശനം കിട്ടി എന്നു പറഞ്ഞു. അവര്‍ സ്തബദ്ധരായി. പക്ഷേ നിരാശരായിട്ടല്ല അവര്‍ കാണപ്പെട്ടത്. നിരാശകലര്‍ന്ന മാനസികാവാസ്ഥയിലായിരുന്നു ഞാന്‍.
തിരിഞ്ഞുനോക്കുമ്പോള്‍, എന്റെ മരിച്ചുപോയ സഹോദരീഭര്‍ത്താവ് ബി.എസ്. കാക്കിലയ്യയുടെ തലത്തില്‍ ഒപ്പമെത്തണമെന്ന് പലപ്പോഴും ഞാന്‍ ഉള്ളാലെ ആഹ്രിച്ചിരുന്നു എന്ന് തോന്നുന്നു. അദ്ദേഹം നാല് ദശാബ്്ദം സിവില്‍ കേസുകളില്‍ കാസര്‍ഗോട്ടെ മികച്ച നിയമജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ ഭാഗ്യത്തെപ്പറ്റി, നിയമ അറിവിനെപ്പറ്റി, കഴിവിനെ ചുറ്റിപ്പറ്റി പല കഥകള്‍ പ്രചരിച്ചിരുന്നു. പ്രാദേശിക സിവില്‍ കോടതിയില്‍ ആദ്യ ദിവസം ഹാജരായപ്പോള്‍ തന്നെ പഴയതും പുതിയതുമായ പതിനഞ്ച് കേസുകള്‍ക്ക് അദ്ദേഹം വക്കാലത്ത് സമര്‍പ്പിച്ചു. തന്റെ പ്രൊഫഷനോട് അതിയായ ഇഷ്ടമുള്ള, പ്രതിബദ്ധതയും സമര്‍പ്പണമനോഭവമുള്ളയാളായിരുന്നു അദ്ദേഹം. ഒരു പക്ഷേ, പ്രസിഡന്‍സി കോളജ് പ്രൊഫസറെ കണ്ടതും ഇന്റര്‍വ്യൂവിന്റെ ഫലം നോക്കാതെ നിയമത്തിനു ചേര്‍ന്നതും മനസിനുള്ളിലെ അറിയാത്ത ആ മോഹത്തിന്റെ തുടര്‍ച്ചയായിരുന്നിരിക്കണം. അന്നത്തെ് കാലത്ത് ലോ കോളജില്‍ ചേരുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ബംഗളരുവിലെ സെന്റ ജോണ്‍സ് മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗം മേധാവിയും പ്രൊഫസറുമായിരുന്ന, മരുമകള്‍ ഡോ. പ്രഭാ ജയരാജ് എന്റെ ജീവിതത്തിലെ ഇതുള്‍പ്പടെയുള്ള പല സംഭവങ്ങളും കേട്ടപ്പോള്‍ പറഞ്ഞു: ''അമ്മാവന്‍, അതായിരുന്നു താങ്കളുടെ വിധി''. ചിലപ്പോള്‍, പ്രായക്കുറവുണ്ടെങ്കിലും അവര്‍ക്ക് എന്നേക്കാള്‍ ബുദ്ധിയുണ്ടായിരിക്കണം. എന്നെ സംബന്ധിച്ച് 'വിധി' എന്ന വാക്ക് ഒരിക്കലും എന്നെ ആകര്‍ഷിച്ചിട്ടേയില്ല.
1954-ല്‍ നിയമത്തില്‍ ബിരുദം നേടിയപ്പോള്‍ എനിക്ക് നിയമത്തെപ്പറ്റി വളരെ കുറച്ചു മാത്രമേ അറിയാമായിരുന്നുള്ളു. അടുത്ത സുഹുത്തുക്കള്‍ പറയുന്നത് അനുസരിച്ച് പഠനം കഴിഞ്ഞിട്ടുള്ള അജ്ഞത ഇപ്പോഴും നിയമ ബിരുദധാരികളില്‍ തുടരുന്നുണ്ട്. ഇതാണ് മിക്ക ലോളോജിലെയും യഥാര്‍ത്ഥ പ്രൊഡക്ടുകളുടെ അവസ്ഥ. എന്തുകൊണ്ടാണ് ലോകോളജില്‍ ഇത്തരം അവസഥ തുടരുന്നത് എന്നതിനെപ്പറ്റി ആര്‍ക്കും ചിന്തിക്കാനാവില്ല. പക്ഷേ, നാഷണല്‍ ലോ സ്‌കൂളില്‍ നിന്നിറങ്ങുന്നവര്‍ ഇക്കാര്യത്തില്‍ വ്യത്യസ്തരാണ്. 1954 ഓടെ എന്റെ സഹോദരിഭര്‍ത്താവ് ജില്ലാ കോടതിയില്‍ നിന്ന് പ്രാക്ടീസ് മംഗലാപുരത്തെ മറ്റ് കോടതികളിലേക്ക് മാറ്റി. കാസര്‍ഗോഡുണ്ടായിരുന്ന വലിയ തോതിലുള്ള കേസുകളെല്ലാം മരുമകനായ യു.പി. കുന്നികുല്ലയ്യയ്ക്ക് അദ്ദേഹം ഏല്‍പിച്ചുകൊടുത്തു. മംഗലാപുരത്തെ ഒരു സീനിയര്‍ അഭിഭാഷകനും ജനപ്രിയനുമായ ജി.കെ.ഗോവിന്ദഭട്ട് ആ സമയത്ത് മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസു ചെയ്യാന്‍ പോയിരുന്നു. അദ്ദേഹമാണ് എന്റെ സഹോദരിഭര്‍ത്താവിനെ തന്റെ ജോലികള്‍ ഏറ്റെടുക്കാനായി ക്ഷണിച്ചത്. പെട്ടന്ന് തന്നെ ജില്ലയുടെ മറ്റ് ഭാഗങ്ങളിലുള്ള കക്ഷികളെയും ആകര്‍ഷിക്കാന്‍ സഹോദരീഭര്‍ത്താവിനായി. ഞാന്‍ 1954 ല്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചേംബറില്‍ കുടി. 1955-ല്‍ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി സന്നതെടുത്തു. എന്റോള്‍മെന്റ് നടന്നത് ചീഫ് ജസ്റ്റിസ് പി.വി. രാജമന്നാര്‍ മേധാവിയായിരുന്ന ഒന്നാം ക്ലാസ് കോടതിയിലാണ്. എന്റോള്‍മെന്റിനുളള മോഷന്‍ മൂവ് ചെയ്തത് തുംബ കൃഷ്ണ റാവുവാണ്. തുംബ കൃഷ്ണറാവു പിന്നീട് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറി. കര്‍ണാടക അഡ്വക്കേറ്റ് ജനറലുമായി.
അങ്ങനെ ഞാന്‍ അഭിഭാഷകനായി. സഹോദരിഭര്‍ത്താവിന്റെ ചേംബറില്‍ തന്നെയാണ് ചേര്‍ന്നത്. ആറുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചശേഷം, സഹോദരീഭര്‍ത്താവാണ് എന്നെ മകനെപ്പോലെ നോക്കിയിരുന്നത്. വളരെ ഗൗരവക്കാരനായ മനുഷ്യനായിരുന്നു അദ്ദേഹം. ആുകള്‍ക്ക് അദ്ദേഹത്തെ എളുപ്പം പിടികിട്ടില്ല. മുഖത്ത് വികാരങ്ങള്‍ പ്രകടിപ്പിക്കാത്ത ഒരാളായിരുന്നു. പക്ഷേ, എന്നോട് വലിയ വാത്സല്യമായിരുന്നു. അദ്ദേഹമാണ് എന്നെ ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ പരുവപ്പെടുത്തിയത്. വളരെ ഗൗരവക്കാരനായ അദ്ദേഹം തന്റെ കക്ഷികള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്തു. അവരോട് പ്രതിബദ്ധതയും സമര്‍പ്പണ മനസ്‌കനുമായിരുന്നു. സത്യത്തിന്റെ ലക്ഷ്മണ രേഖ മറികടക്കാത്ത, ശുദ്ധമനസ്‌കന്‍. പ്രൊഫഷണല്‍ പ്രാഗല്‍ഭ്യമുള്ളയാളുമായിരുന്നു. ഞങ്ങളോട് പലതരം ചിന്തകള്‍ അദ്ദേഹം എപ്പോഴും പങ്കുവച്ചിരുന്നു. അതിന്റെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ടത് ഒരു ജഡ്ജി എന്ന നിലയിലും സീനിയര്‍ അഭിഭാഷകനെന്ന നിലയിലും പിന്നീടുള്ള ജീവിതത്തില്‍ വലിയ ഗുണം ചെയ്തു. അദ്ദേഹം നല്ല കഠിനാധാനിയായിരുന്നു. എങ്കിലും ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. വൈകുന്നേരങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് (കോണ്‍ഗ്രസ് പാര്‍ട്ടിക്ക്) വേണ്ടി അദ്ദേഹം മാറ്റി വച്ചു. പിന്നീടുള്ള ജീവിതത്തില്‍ കാസര്‍ഗോഡ് കര്‍ണാടക സമിതിക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. സഹകരണ സ്ഥാപനങ്ങള്‍ക്കും തന്റെ വരുമാനത്തെ ഭാഗികമായി ആശ്രയിച്ചു പ്രവര്‍ത്തിച്ച ഹരിജന്‍ ഹോസ്റ്റലിനുവേണ്ടിയായിരുന്നു മുഖ്യപ്രവര്‍ത്തനം. കാസര്‍ഗോഡാണ് അദ്ദേഹം അഭിഭാഷകനായി ജീവിതം തുടങ്ങുന്നത്. അന്ന് അവിടെ രണ്ടോ മൂന്നോ മുന്‍സിഫ് കോടതി (സിവില്‍ ജഡ്ജി, ജൂനിയര്‍ ഡിവിഷന്‍)മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അദ്ദേഹം തന്റെ മികവുകള്‍കൊണ്ട് അപ്പലേറ്റ് അഭിഭാഷകനായി. എന്റെ ജീവിതത്തില്‍ അത്തരമൊരു വളര്‍ച്ച പിന്നീട് സംഭവിച്ചു കണ്ടിട്ടേയില്ല.
സംസ്ഥാനങ്ങളുടെ പുന:സംഘടനയോടെ, മദ്രാസ് പ്രവശ്യയുടെ ഭാഗമായിരുന്ന ദക്ഷിണ കനാറ ജില്ലയിലെ കാസര്‍ഗോഡ് താലൂക്ക് മലബാര്‍ ജില്ലയുടെ ഭാഗമായി. അത് പിന്നീട് തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനവുമായി ചേര്‍ന്ന് കേരള സംസ്ഥാനമായി രൂപീകരിക്കപ്പെട്ടു. അന്നും ഇന്നും ഞാന്‍ ചിന്തിക്കുന്നത് കാസര്‍ഗോഡിലെ ഭൂരിപക്ഷം ജനങ്ങളുടെയും ആഗ്രഹത്തിനു വിരുദ്ധമായിട്ടാണ് കാസര്‍ഗോഡ് കേരളത്തില്‍ ചേര്‍ന്നതെന്നാണ്. അവിടുത്തെ ജനങ്ങളുടെ സാമ്പത്തിക, സാംസ്‌കാരിക താല്‍പര്യത്തിനെതിരായിരുന്നു അത്. ജില്ലയുടെ ബാക്കി ഭാഗങ്ങള്‍ കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമായി. കാസര്‍ഗോഡ് ജില്ലാ കോടതിയെയും സബ്ഓര്‍ഡിനേറ്റ് ജഡ്ജിയുടെ കോടതിയും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടരാന്‍ എന്റെ സീനിയര്‍ തീരുമാനിച്ചിരുന്നു. ആ മേഖലയിലുള്ള ഏതൊരു കേസിലും സീനിയറിന്റെ പങ്കാളിത്തമുണ്ടായിരുന്നു. അതുകൂടാതെ സംസ്ഥാന പുന:സംഘടനയോടെ ഞങ്ങള്‍ക്ക് തലശ്ശേരിയിലേക്ക് മാറാതെ നിവര്‍ത്തിയില്ലെന്നായി. അവിടെയായിരുന്നു കാസര്‍ഗോഡ് കൂടി ഭാഗമായ കണ്ണൂര്‍ ജില്ലയുടെ ആസ്ഥാനം. ഞങ്ങള്‍ താമസവും ഓഫീസും ഒറ്റക്കെട്ടിടത്തില്‍ ഉറപ്പാക്കുന്ന ഒരു ഓഫീസ് തലശ്ശേരിയുടെ പ്രാന്തത്തിലുള്ള ധര്‍മടത്ത് തുറന്നു. ഒരു വലിയ കെട്ടിടത്തിലായിരുന്നു ഓഫീസ്്. ഞങ്ങള്‍ പ്രാദേശിക കോടതികളില്‍ ഹാജരാകാന്‍ തുടങ്ങി. ജില്ലാ രൂപീകരണത്തെ തുടര്‍ന്നും മംഗലാപുരത്തുതന്നെയുള്ള മറ്റ് അഭിഭാഷകരുടെ കക്ഷികള്‍ തലശ്ശേരിയിലെ അഭിഭാഷകരെ ആശ്രയിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പക്ഷേ, ഞങ്ങള്‍ തലശേരിയില്‍ ഓഫീസ് തുറന്നതോടെ അടുത്ത മാസങ്ങളില്‍ ഞങ്ങളുടെ ഓഫീസിലേക്ക് അവരും തള്ളിക്കയറാന്‍ തുടങ്ങി. എന്റെ മുഖ്യ ജോലി ഈ കേസുകള്‍ക്കുള്ള കടലാസുകെട്ടുകള്‍ ശരിയാക്കലായിരുന്നു. എന്റെ സീനീയറിനെ സംബന്ധിച്ച് കടലാസുകള്‍ ശരിയായ രീതിയില്‍ അടുക്കിവയ്ക്കുന്നതും ഇല്ലാത്ത പേപ്പറുകളും രേഖകളും സംഘടിപ്പിക്കുന്നതും ഓരോ കേസും വിജയകരമായി കൈകാര്യം ചെയ്യാന്‍ കൂടിയേ തീരൂ. ഈ ശീലം പിന്നീടുള്ള ജീവിതത്തില്‍ ഞാനും പിന്തുടര്‍ന്നു.

തുടരും

സമകാലിക മലയാളം വാരിക
2011 Feb 18

1 comment: