Saturday, February 12, 2011

വി.എസും പിണറായിയും ഞാനും

സംഭാഷണം
ഡോ. സെബാസ്റ്റിയന്‍ പോള്‍/ആര്‍.കെ. ബിജുരാജ്





മാധ്യമവിര്‍മശനം ഒരു കോമഡിഷോ അല്ല



ഒരൊറ്റ വഴിയിലൂടെ മാത്രം യാത്ര ചെയ്തിരുന്നുവെങ്കില്‍ എവിടെ എത്തുമായിരുന്നുവെന്ന് ചിന്തിക്കുക രസകരമാണ്. പല വഴികളിലൂടെ യാത്ര ചെയ്തത് ഒരിടത്ത് എത്തുക അപൂവമാകും. ഒരു പക്ഷേ, ഡോ. സെബാസ്റ്റിയന്‍ പോള്‍ മാത്രമാവും പലവഴികളെ തന്നിലേക്ക് ഒരുമിപ്പിച്ച, മലയാളിയുടെ വര്‍ത്തമാന സാന്നിദ്ധ്യം. പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍ (ഉടമ), അധ്യാപകന്‍, അഭിഭാഷകന്‍, ജീവചരിത്രകാരന്‍, മാധ്യമ വിമര്‍ശകന്‍, ജനപ്രതിനിധി, കോളമിസ്റ്റ്, പ്രഭാഷകന്‍, ആക്റ്റിവിസ്റ്റ്, നിയമജ്ഞന്‍ എന്നിങ്ങനെ നീളുന്ന വിശേഷണങ്ങള്‍ അദ്ദേഹത്തിനു മാത്രം സ്വന്തം. വേണമെങ്കില്‍ ഇനിയുമാവാം. സോഷ്യലിസ്റ്റ്, ഇടതുസഹയാത്രികന്‍, വിമതന്‍,തിരസ്‌കൃതന്‍. ഈ വിശേഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കുക സെബാസ്റ്റിയന്‍പോളാകും. തീര്‍ച്ച!!
സാമൂഹ്യ ഇടപെടലിന്റെയും എഴുത്തിന്റെയും സക്രിയമായ അമ്പതുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കൂകയാണ് സെബാസ്റ്റിയന്‍പോള്‍. 1947 മെയ് ഒന്നിന് എറണാകുളത്ത് മൂഞ്ഞാപിള്ളി എം.എസ്. പോളിന്റെയും അന്നമ്മയുടെയും മകനായിട്ടാണ് ജനനം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍, 1961 ലാണ് ആദ്യ ലേഖനം എഴുതുന്നത്. പിന്നെ ആംഗലേയത്തിലും രാഷ്ട്ര മീമാംസയിലും മാസ്‌റര്‍ ബിരുദം. തുടര്‍ന്ന് കൊച്ചി സര്‍വകലാശാലയിയില്‍നിന്ന് എല്‍.എല്‍.എമ്മും പി.എച്ച്ഡിയും. മുംബൈ ഭാരതീയ വിദ്യാഭവനില്‍നിന്ന് ജോര്‍ണലിസം ഡിപ്ലോമ. അധ്യാപകനായിട്ടായിരുന്നു തുടക്കം. എറണാകുളം സെന്റ് ആല്‍ബബര്‍ട് കോളില്‍ ലക്ചറര്‍. എന്നാല്‍ പത്രപ്രവര്‍ത്തനം മോഹിപ്പിച്ചുകൊണ്ടിരുന്നതിനാല്‍, ആ ജോലി ഉപേക്ഷിച്ച്് 1972 ല്‍ 'ഇന്ത്യന്‍ എക്‌സ്പ്രസില്‍ ചേര്‍ന്നു. മാനേജ്‌മെന്റുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജോലി വിട്ട് അഭിഭാഷകന്റെ വേഷമണിഞ്ഞു. അത് 1981 ല്‍. ഇക്കാലത്ത് 'ഹിന്ദു'വിന്റെയും യൂ.എന്‍.ഐയുടെയും നിയമകാര്യ ലേഖകനായിരുന്നു. പിന്നീട് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക്. 1997 ല്‍ ഉപതെരഞ്ഞെടുപ്പിലൂടെ ലോക്‌സഭാംഗം, 1998 ല്‍ നിയമസഭാംഗം, 2003ലും 2004 ലും ലോക്‌സഭാംഗം. ഇതിനിടയില്‍ പ്രസ് കൗണ്‍സില്‍ അംഗവുമായിരുന്നു. 2000 മുതല്‍ ഒമ്പതുവര്‍ഷക്കാലം കൈരളി ചാനലില്‍ 'മാധ്യമ വിചാരം' എന്ന പരിപാടി അവതരിപ്പിച്ചു. ഇപ്പോള്‍ സി.പി.എം. ഔദ്യോഗിക പക്ഷത്തിന് അത്ര സ്വീകാര്യനല്ല. ദീര്‍ഘനാളുകള്‍ക്കുശേഷം, അടുത്തിടെ വീണ്ടും അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു.
സെബാസ്റ്റിയന്‍ പോള്‍ ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയത മൂന്നു രംഗവും (മാധ്യമരംഗം, ജുഡീഷ്യറി, പാര്‍ലമെന്റ്) അഴിമതി ആരോപണങ്ങള്‍ക്കും കടുത്ത വിമര്‍ശനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. അപചയം ആഴത്തിലാണ്്. സജീവ ഇടപെടലിന്റെ അരനൂറ്റാണ്ടില്‍ അദ്ദേഹം പത്രലോകത്തെയും ജുഡീഷ്യറിയെയും എങ്ങനെയാണ് കാണുന്നത്?
എറണാകുളത്ത് ഡോ. സെബാസ്റ്റിയന്‍പോളിന്റെ വസതിയില്‍ വച്ച് നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:


മാധ്യമ യാഥാര്‍ത്ഥ്യങ്ങളും വിമര്‍ശനവും


കോളജ് ലക്ചറര്‍ എന്ന ജോലി ഉപേക്ഷിച്ച് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിയാന്‍ എന്തായിരുന്നു കാരണം? പത്രപ്രവര്‍ത്തനം അത്രമേല്‍ മോഹിപ്പിച്ചിരുന്നോ?

അതെ. അടിസ്ഥാനപരമായി ഞാനൊരു പത്രപ്രവര്‍ത്തകനാണ്. ഞാനിപ്പോഴും ആഗ്രഹിക്കുന്ന തൊഴിലും അതാണ്. കുട്ടിക്കാലം മുതല്‍ പത്രപ്രവര്‍ത്തകനാകാന്‍ മോഹിച്ച് അതായയാളാണ് ഞാന്‍. വീടിന്റെ തൊട്ടടുത്തുണ്ടായിരുന്ന 'കേരളാ ടൈംസാ'ണ് ഞാനാദ്യം അടുത്തുകാണുന്ന പത്രസ്ഥാപനം. അതിലാണ് എന്റെ ആദ്യ ലേഖനം അച്ചടിക്കുന്നത്. 1961 ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് അത്്. പതിനഞ്ചുവയസാണന്ന്്. ഇക്കൊല്ലം ഞാന്‍ എഴുത്തിന്റെ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കി. അമ്പതുവര്‍ഷം കഴിഞ്ഞുവെന്ന് ഇപ്പോള്‍ ചോദിച്ചപ്പോള്‍ ഓര്‍ത്തതാണ്. മലയാളത്തിലെ മിക്കവാറും എല്ലാ പത്രങ്ങളിലൂം ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്, ഡെക്കാന്‍ ഹെറാള്‍ഡ് തുടങ്ങിയ പത്രങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതി. 1972 ലാണ് ഇന്ത്യന്‍ എക്‌സ്പ്രസില്‍ ചേരുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി എട്ടുവര്‍ഷം പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം മാനേജ്‌മെന്റുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് വിടുന്നത്്. അതോടെ അഭിഭാഷകനായി. അപ്പോഴും ഞാന്‍ പത്ര പ്രവര്‍ത്തനം വിട്ടിരുന്നില്ല. 1982-1996 വരെ ഹിന്ദുവിന്റെയും യു.എന്‍.ഐയുടെയും നിയമകാര്യ ലേഖകനായിരുന്നു. 2001-03 ല്‍ ദേശാഭിമായുടെ അസോസിയേറ്റ് എഡിറ്ററും. 2000 മുതല്‍ 'മാധ്യമവിചാരം' നടത്തി. ഇക്കാലത്ത് എല്ലാം ഞാന്‍ എഴുതുന്നുണ്ടായിരുന്നു. ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു. പത്രപ്രവര്‍ത്തനം ഞാനൊരിക്കലും വിട്ടിട്ടില്ല. അതെന്നെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു.

പക്ഷേ, ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത് അഭിഭാഷക വൃത്തിയിലേക്കാണല്ലോ? എന്തുകൊണ്ട് പത്രപ്രവര്‍ത്തകന്റെ വേഷമണിഞ്ഞില്ല?

എനിക്ക് എന്നും ഇഷ്ടപ്പെട്ട ജോലി പത്രപ്രവര്‍ത്തകന്റേതാണ്. ഇപ്പോഴും തരക്കേടില്ലാത്ത ഒരു പത്രം ക്ഷണിച്ചാല്‍ പത്രാധിപര്‍ അല്ലെങ്കില്‍ പത്രപ്രവര്‍ത്തകനായിരിക്കുക എന്നതാണ് എനിക്ക് താല്‍പര്യം. അതുണ്ടായില്ല. അപ്പോള്‍ അറിയാവുന്ന മറ്റൊരു ജോലി ചെയ്യുന്നു.


പത്രപ്രവര്‍ത്തകനായി ചേര്‍ന്ന് അധികം വൈകാതെ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. അടിയന്തരാവസ്ഥയിയില്‍ ഭരണകൂട വിരുദ്ധ സമീപനം എടുത്ത പത്രത്തിലാണ് ജോലി ചെയതതും. അക്കാലത്തെ പത്രപ്രവര്‍ത്തനത്തെപ്പറ്റി?


അടിയന്തരാസ്ഥയില്‍ 'ഇന്ത്യന്‍ എക്‌സ്പ്രസില്‍' പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമാണ്. അത് പിന്നീടുള്ള എന്റെ എല്ലാ നിലപാടുകളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. കടുത്ത സെന്‍സര്‍ഷിപ്പിനെ നേരിട്ടുകൊണ്ടാണ് ആ പത്രം അടിയന്തരവാസ്ഥയ്്‌ക്കെതിരായി നിലപാട് സ്വീകരിച്ചത്. ഞാനന്ന് അവിടെ യൂണിയന്‍ പ്രസിഡന്റുകൂടിയായിരുന്നു. സെന്‍സറിന്റെ അനുമതിയോടെയേ വാര്‍ത്തകള്‍ കൊടുക്കാനാകൂമായിരുന്നുള്ളൂ. തയാറാക്കിയ പത്രം സെന്‍സറെ കാണിച്ചുവേണം അച്ചടിക്കാന്‍. ഭരണകൂടത്തിന് എതിരെയുള്ള ചെറിയ പരാമര്‍ശം പോലും സെന്‍സര്‍ വെട്ടി നീക്കും. അടിയന്തരവസ്ഥയ്‌ക്കെതിരെ നിലപാട് എടുത്തതുകൊണ്ടുതന്നെ പത്രം ഇറക്കുക ഒരു പോരാട്ടമായിരുനനു. സര്‍വാത്മനാ മാനേജ്‌മെന്റുമായി സഹകരിച്ചുകൊണ്ടാണ് പല പ്രയാസങ്ങള്‍ നേരിട്ട് ഞങ്ങള്‍ പത്രം ഇറക്കിയത്.

നീരാ റാഡിയ ടേപ്പിലെ വെളിപ്പെടുത്തലിന്റെ പേരില്‍ മാധ്യമരംഗവും ഇപ്പോള്‍ സംശയത്തിന്റെ നിഴിലാണ്. മുന്‍കാല പത്രപ്രവര്‍ത്തന രംഗത്തെയും ഇന്നത്തെ അവസ്ഥയെയും എങ്ങനെ തുലനം ചെയ്യും?


സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലെ പത്രങ്ങള്‍ പ്രതിപക്ഷത്തിന്റെ ദൗത്യം ഏറ്റെടുത്തുകൊണ്ട് ജനാധിപത്യപരമായ പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നു. അന്ന്, പ്രതിപക്ഷം നാമമാത്രമായിരുന്ന കാലഘട്ടത്തില്‍ വലിയ പാര്‍ലമെന്ററി പ്രവര്‍ത്തനമാണ് പത്രങ്ങള്‍ ഏറ്റെടുത്ത് ഏറെക്കുറെ സത്യസന്ധമായി നിര്‍വഹിച്ചത്. വ്യവസായങ്ങളുമായി പത്രങ്ങള്‍ക്കുള്ള ബന്ധം അന്നും വിമര്‍ശിക്കപ്പെട്ടിരുന്നു. വ്യവസായ താല്‍പര്യങ്ങളില്‍നിന്ന് പത്രങ്ങളെ വിമുക്തമാക്കുന്നതിനുള്ള ആലോചനകളും ഉണ്ടായിരുന്നു. പക്ഷേ, ഇന്ന് കാണുന്നതുപോലെയുള്ള അപചയം പത്രലോകത്ത് അന്ന് പൊതുവെ ഉണ്ടായിരുന്നില്ല. പ്രഗല്‍ഭരായ പത്രാധിപന്‍മാരുടെയും പത്രപ്രവര്‍ത്തകരുടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ അതിന് കാരണമായിട്ടുണ്ട്. പരസ്യങ്ങളെ ആശ്രയിച്ചാണ് അക്കാലത്തും പത്രങ്ങള്‍ നിലനിന്നിരുന്നത്.പക്ഷേ, പരസ്യ ദാതാക്കളുടെ താല്‍പര്യങ്ങള്‍ക്ക് ഞങ്ങള്‍ പത്രവ്രവര്‍ത്തകര്‍ വഴങ്ങിക്കൊടുത്തിരുന്നില്ല. വാര്‍ത്തയും പരസ്യവും തമ്മിലുള്ള വരമ്പുകള്‍ ഞങ്ങള്‍ മുറിയാതെ സൂക്ഷിച്ചു. ഇന്ന് കര്യങ്ങള്‍ ഒക്കെ മാറിയിരിക്കുന്നു. ആദ്യം മാധ്യമങ്ങള്‍ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വഴങ്ങി. പിന്നീട് സ്വയം കോര്‍പ്പറേറ്റുകളായി. ആഗോളീകരണത്തിന്റെ പ്രത്യക്ഷ ഫലം കൂടിയായിരിക്കും അത്. കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കപ്പെട്ട മാധ്യമങ്ങള്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുടെ വക്താക്കളും സംരക്ഷകരുമായി. മാധ്യമ രംഗത്തെ അറിയപ്പെടുന്ന മുഖങ്ങളും വേരുകളും എപ്രകാരം കോര്‍പ്പറേറ്റുകള്‍ക്ക് കീഴ്‌പ്പെടുന്നുവെന്ന് നീരാറാദിയ ടേപ്പുകളില്‍ നിന്ന് വ്യക്മായിട്ടുണ്ട്. പെയ്ഡ് ന്യൂസ്, പ്രൈവറ്റ് ട്രീറ്റി, എന്നിങ്ങനെ പത്രപ്രര്‍ത്തനത്തില്‍ അന്യമായ പല പദ പ്രയോഗങ്ങളും നാം ഇന്ന് കേള്‍ക്കുന്നു. മീഡിയ സിന്‍ഡിക്കേറ്റ് എന്ന ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് പല വാര്‍ത്തകളും പുറത്തുവരുന്നത്്. മാധ്യമരംഗത്ത് സംഭവിക്കുന്ന മൂല്യച്യുതി ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളിയാണ്. അപചയങ്ങള്‍ സ്വയം പുറത്തുകൊണ്ടുവരാനും മാധ്യമലോകത്തിനു കഴിയുന്നു എന്നതു മാത്രമാണ് പ്രത്യാശയ്ക്ക് വകനല്‍കുന്നത്്.


കേരളത്തിലെ മാധ്യമങ്ങളെപ്പറ്റി? ഇവിടെയും നീരാറാഡിയമാരും ബര്‍ക്കാദത്തുമാരും നിലനില്‍ക്കുന്നുണ്ടോ?


കേരളത്തിലെ മാധ്യമരംഗവും ഈ ദോഷങ്ങളില്‍ നിന്ന് അഥവാ അപചയങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തമല്ല. വലതുപക്ഷ മാധ്യമങ്ങള്‍ അമേരിക്കയില്‍ നിന്നും ഇടതുപക്ഷ മാധ്യമങ്ങള്‍ സോവിയറ്റ് യൂണിയനില്‍ നിന്നും സഹായം സ്വീകരിക്കുന്നതായി മുമ്പേ ആക്ഷേപം ഉണ്ട്. മലയാള മനോരമയ്‌ക്കെതിരെ ഈ ആക്ഷേപം മത്തായി മാഞ്ഞൂരാന്‍ ഉന്നയിച്ചപ്പോള്‍ 'അമേരിക്കന്‍ പണം കിട്ടുമെങ്കില്‍ അത് വാങ്ങുന്നതിന് ഏറ്റവും അര്‍ഹതയുള്ള പത്രം മനോരമയാണെന്നാണ് കെ.എം. ചെറിയാന്‍ എഴുതിയത്. വിമോചന സമരത്തോടെ ഈ ആക്ഷേപം ശക്തമായി. കേരളത്തിലെ പത്രങ്ങള്‍ക്ക് സി.ഐ.എ.എ. പണം നല്‍കിയെന്ന വെളിപ്പെടുത്തല്‍ അക്കാലത്തെ അമേരിക്കന്‍ അംബാസഡറില്‍ നിന്ന് തന്നെ പിന്നീടുണ്ടായി. ഡല്‍ഹിയിലും മുംബൈയിലും നിന്ന് കേള്‍ക്കുന്ന കഥകള്‍ വളരെ വലുതായതുകൊണ്ട് കേരളത്തിലെ കഥകള്‍ പുറത്തുവരുന്നില്ല എന്നേയുള്ളൂ. മാധ്യമരംഗത്തെ കാര്‍ന്നുനിന്നുന്ന ദോഷങ്ങളില്‍ നിന്ന് കേരളം ഒറ്റപ്പെട്ടു നില്‍ക്കുന്നുവെന്ന് പറയാന്‍ കഴിയില്ല. മാധ്യമ ധര്‍മത്തിന് നിരക്കാത്ത നിരവധി കാര്യങ്ങള്‍ ഇവിടുത്തെ മാധ്യമ രംഗത്ത് വ്യാപകമായി കാണുന്നുണ്ട്. ഇക്കാര്യം മാധ്യമ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

അടുത്തിടെ പത്രാധിപരുടെ സ്ഥാനം ഒഴിഞ്ഞുകൊണ്ടെ് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ കുറിപ്പില്‍ കരുണാനിധി തന്റെ വായ്മൂടിക്കെട്ടാന്‍ പത്രമുതലാളിയുമായി ശ്രമിച്ചിരുന്നതിനെപ്പറ്റി ആദിത്യ സിന്‍ഹ പറയുന്നു. കേരളത്തിലെ പത്രാധിപന്‍മാരും അധികാരവും തമ്മിലുള്ള ബന്ധമെന്താണ്? മുമ്പുയര്‍ന്ന 'എടോ, ഗോപാലകൃഷ്ണ' വിളിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ചോദ്യം?


പത്രാധിപന്‍മാര്‍ ഇന്ന് വളരെ ദുര്‍ബലരാണ്. പണ്ടും അങ്ങനെയായിരുന്നു. പോത്തന്‍ജോഫസ്, ഫ്രാങ്ക്‌സ് മൊറെയിസ്, ബി.ജി. വര്‍ഗീസ് തുടങ്ങിയ പ്രഗല്‍ഭരായ പത്രാധിപന്‍മരാര്‍ പോലും അപമാനിതരായി നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
പക്ഷേ അപ്പോഴുമവര്‍ വഴങ്ങിക്കൊടുക്കാന്‍ തയാറായിരുന്നില്ല. ഇന്ന് പത്രാധിപന്‍മാരുടെ സാന്നിധ്യം പത്രങ്ങളില്‍ അത്യന്തക്ഷേപികമല്ല എന്ന അവസ്ഥയണ്. അതൂകാണ്ട് ഏത് പത്രാധപര്‍ എപ്പോള്‍ വരുന്നു എപ്പോള്‍ പോകുന്നു എന്നത് വയാനക്കാര്‍ അറിയുന്നുമില്ല. ശക്തരായ ഭരണാധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ പത്രാധിപന്‍മാരെ എക്കാലത്തും മുതലാളിമാര്‍ മാറ്റിക്കൊടുത്തിട്ടുണ്ട്. അടിയന്തരാവസ്ഥയെ എതിര്‍ക്കുന്ന കാലത്തും എസ്. മല്‍ഗോംക്കറെ നീക്കിക്കൊടുക്കാന്‍ രാംനാഥ് ഗോയങ്കയ്ക്ക് മടിയുണ്ടായിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ ആവശ്യപ്രകാരമാണ് അത് എന്നും കേട്ടിരുന്നു. ഇപ്പോള്‍ ആദിത്യ സിന്‍ഹ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വിടപറയുമ്പോഴും പഴയ കാര്യങ്ങള്‍ സ്വാഭാവികമായും ഓര്‍മ വരുന്നു. ഭരണകൂടവുമായി ഉടമകള്‍ക്ക് എപ്പോഴൂം ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെവിടെയും ഈ അപകടം കാണുന്നുണ്ട്. ഹറോള്‍ഡ്് എവന്‍സ് എന്ന പ്രഗല്‍ഭ പത്രാധിപരെ നീക്കം ചെയ്തുകൊണ്ടാണ് റൂപെക് മര്‍ഡോക് ലണ്ടനിലെ ടൈംസ് ഗ്രൂപ്പ് പത്രങ്ങ ഏറ്റെടുത്ത്. കേരളത്തിലും സ്ഥിതി വ്യത്യസ്തസമാവാന്‍ ഇടമില്ലല്ലോ.


പത്രങ്ങള്‍ക്ക് കൃത്യമായ മതതാല്‍പര്യങ്ങള്‍ ഉള്ളതായി ആക്ഷേപമുണ്ട്. മുസ്‌ളീം, ഹിന്ദു വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന പ്രകടിതമായ വ്യത്യാസമാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നുത്. ഉദാഹരണത്തിന് ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മുസ്‌ളീങ്ങളെ പരാമര്‍ശിക്കുമ്പോള്‍ ഒരു സംശയംപോലും മാധ്യമങ്ങള്‍ക്കില്ല. അതേ സമയം അസിമാനന്ദയുടെ ഹിന്ദുബോംബ് വെളിപ്പെടുത്തല്‍ വരുമ്പോള്‍ അദ്ദേഹത്തിന് സംശയത്തിന്റെ അനൂകൂല്യം നല്‍കുകയും ചെയ്യുന്നു..


പത്രങ്ങള്‍ക്ക് പൊതുവെ വര്‍ഗീയ പക്ഷപാതിത്വം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എല്ലാ വിഭാഗങ്ങള്‍ക്കും സ്വന്തമായി പത്രങ്ങളും ചാനലുകളുമുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിനപത്രങ്ങള്‍ ഉള്ളത് മുസ്ലീങ്ങള്‍ക്കാണ്. ദേശിയ തലത്തില്‍ പ്രഗല്‍ഭരായ പല പത്രാധിപന്‍മാരും മുസ്‌ളിങ്ങളാണ്. മതത്തെ അടിസ്ഥാനമാക്കിയുള്ള പക്ഷ പാതിത്വത്തെ മറികടക്കാന്‍ ഇത്തരം പത്രങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും കഴിയുന്നുണ്ട്. പക്ഷേ, എല്ലാവിഭാഗങ്ങള്‍ക്കും പത്രമുള്ളതുകൊണ്ട് വിഭാഗീയ താല്‍പര്യങ്ങള്‍ പത്രങ്ങളില്‍ പ്രതിഫലിക്കും. ഗുജറാത്ത് കലാപകാലത്ത് മുസ്‌ളീം വിരുധ വികാര തീവ്രമാക്കിക്കൊണ്ടാണ് 'ഗുജറാത്ത് സമാചാര്‍', 'സന്ദേശ്' എന്നീ പത്രങ്ങള്‍ പ്രചാരം വര്‍ധിപ്പിച്ചത്. ആ നടപടിയെ പ്രസ് കൗണ്‍സില്‍ അപലപിച്ചിട്ടുണ്ട്. ഇതര മാധ്യമങ്ങള്‍ ആ തെറ്റിനെ തുറന്നുകാാണിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. ഗുജറാത്തിലെ സത്യങ്ങള്‍ പുറത്തുവന്നത്, വന്നുകൊണ്ടിരിക്കുന്നത് മതനിരപേക്ഷമായ മാധ്യമ പ്രവര്‍ത്തനം ഉള്ളതുകൊണ്ടാണ്.

സവര്‍ണ ഹിന്ദു പക്ഷപാതത്വം ഇല്ലെന്നാണോ പറഞ്ഞുവരുന്നത്?

കേരളത്തിലെ പത്രങ്ങള്‍ക്ക് അപ്രകാരം സവര്‍ണ്ണ പക്ഷപാതിത്വം ഉണ്ട് എന്നു പറയാന്‍ കഴിയാത്തത് സവര്‍ണര്‍ക്ക് കേരളത്തില്‍ പത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ്. മനോരമയും മാതൃഭൂമിയും സവര്‍ണാധിപത്യമുള്ള പത്രങ്ങളില്ല. മാതൃഭൂമിയെക്കുറിച്ച് എറെക്കാലം 'നായരുടെ പത്രം' എന്ന് പറഞ്ഞിരുന്നു. മാതൃഭൂമിയുടെ ഇന്നത്തെ ഉടമകള്‍ നായന്‍മാരല്ല. പത്രങ്ങളെ സംബന്ധിച്ച് വായനക്കരുടെ പ്രതികരണം പ്രധാനപ്പെട്ടതാണ്. വില്‍പന വര്‍ധിപ്പിക്കാണ്‍ സഹായകരമാകുന്ന നിലപാടുകള്‍ അവ സ്വീകരിക്കും. അതുകൊണ്ട് സവര്‍ണ താല്‍പര്യം മുന്‍നിര്‍ത്തിയുളള മാധ്യമ പ്രവര്‍ത്തനം കേരളത്തില്‍ സാധ്യമല്ല. കേരളത്തില്‍ എല്ലാ സമുദായങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ടികള്‍ക്കും വ്യവസായ താല്‍പര്യങ്ങള്‍ക്കും മാധ്യമങ്ങള്‍ ഉളളതുകൊണ്ട് എറെക്കുറെ സമതുലിതമായ നിലപാട് ഏല്ലാവര്‍ക്കും സ്വീകരിക്കേണ്ടിവരും.

ഡി.എച്ച്.ആര്‍.എം. വിഷയത്തിലുള്‍പ്പടെ മാധ്യമങ്ങള്‍ പ്രകടിതമായി ദളിത് വിരുദ്ധ സമീപനം സ്വീകരിച്ചതായി ആക്ഷേപമുണ്ട്. അതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?


ദളിത് ന്യൂനപക്ഷ താല്‍പര്യങ്ങള്‍ക്ക്് ന്യായമായ ഇടം മാധ്യമങ്ങളില്‍ ലഭിക്കുന്നില്ല. പാവങ്ങളെ പരിഗണിക്കുന്നില്ല എന്നിങ്ങനെയുള്ള ധാരാളം വിര്‍മശനങ്ങള്‍ മാധ്യമങ്ങള്‍ക്കെതിരെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതെല്ലാം മാധ്യമങ്ങള്‍ മനപൂര്‍വം ചെയ്യുന്നതാണ് എന്നു കരുതുന്നില്ല. മറിച്ച് വിപണിയുടെ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി അതീജിവനത്തിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന പ്രക്രിയയില്‍ മാധ്യമങ്ങള്‍ക്ക് പലരെയും വിസ്മരിക്കേണ്ടിവരുന്നു. ആത്മഹ്യചെയ്യുന്ന കര്‍ഷകന്റെ കുടുംബത്തിലെ വിലാപത്തേക്കാള്‍ സൗന്ദര്യ മത്സരത്തിലെ ആര്‍പ്പുവിളികള്‍ മാധ്യമങ്ങള്‍ക്ക് ശ്രദ്ധിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്. ധര്‍മത്തില്‍ നിന്നുളള വ്യതിചലനം എപ്പോഴൂം ചൂണ്ടിക്കാണിക്കപ്പെടണം.

കേരളത്തിലെ സമകാലിക മാധ്യമ വിമര്‍ശനത്തെപ്പറ്റി?

കേരളത്തില്‍ മാധ്യമ വിമര്‍ശനം ഇപ്പോള്‍ വളരെ വ്യാപകമായി നടക്കുന്നുണ്ട്. വളരെ ഉത്തരവാദിത്വബോധത്തോടെ നിര്‍വഹിക്കേണ്ട ഒന്നാണ് അത്. മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള മാധ്യമവിര്‍മശനം അപകടത്തിന് കാരണമാകും. വിശ്വാസ്യതയിലാണ് മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കുന്നത്.ഇക്കാര്യമാണ് ഞാന്‍ മാധ്യമ പ്രവര്‍ത്തകരെ നിരന്തരം അനുസ്മരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ വിമര്‍ശനത്തിന് അതീതമല്ല. ഭരണഘടന പൗരന്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്ന വിലപ്പെട്ട മൗലീകാവശകാത്തെ അടിസ്ഥാനമാക്കിയത് മാധ്യമ സ്വാതന്ത്ര്യം വികസ്വരമാകുന്നത്. ഒരര്‍ത്ഥത്തില്‍ ഭരണഘടനാപരമായ ചുമതലകള്‍ തന്നെയാണ് മാധ്യമങ്ങള്‍ നിര്‍ഹിക്കുന്നത്. അതൂകൊണ്ട് തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെടണം. വിമര്‍ശനത്തോട് മാധ്യമങ്ങള്‍ സഹിഷ്ണുത കാണിക്കണം. വിമള്‍ശനമെന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ നിരാസമാണ് എന്ന ധാരണ ശരിയല്ല. പക്ഷേ, എല്ലാവരും മാധ്യമങ്ങള്‍ക്കെതിരെ വാള്‍ എടുക്കുകയും ഉത്തരവാദിത്വമില്ലാതെ ആക്രമിക്കുകയും ചെയ്യുന്നത് പ്രോത്സാഹനം അര്‍ഹിക്കുന്ന കാര്യമല്ല. കേരളത്തിലെ ഇന്നത്തെ മാധ്യമ വിര്‍മശനത്തിന്റെ അവസ്ഥ ഏറെക്കുറെ ഇപ്രകാരമാണ്. പാവങ്ങളുടെയും ദരിദ്രരെയും അവഗണിച്ചുകൊണ്ടുള്ള, തങ്ങളുടെ ധര്‍മത്തില്‍ നിന്നുളള മാധ്യമങ്ങളുടെ വ്യതിചലനം എപ്പോഴൂം ചൂണ്ടിക്കാണിക്കപ്പെടണം. അതൂകൊണ്ടാണ് മാധ്യമവിര്‍മശനം ഒരു കോമഡിഷോ അല്ല, മറിച്ച് ഗൗരവമായ ജനാധിപത്യ പ്രവര്‍ത്തനമാണ് എന്നു പറയുന്നത്.


പ്രമുഖ മാധ്യമവിര്‍ശകനായ ജയശങ്കര്‍ക്കെതിരെ താങ്കള്‍ അടുത്തിടെ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്തുകൊണ്ടാണ് അത്.

ജയശങ്കര്‍ നടത്തുന്നത് ഉത്തരവാദിത്വമുള്ള മാധ്യമവിമര്‍ശനമോ രാഷ്ട്രീയ വിമര്‍ശനമോ അല്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രതികരണങ്ങള്‍ മാത്രമാണ് അത്. പലപ്പോഴും പ്രതികരണവും പരാമര്‍ങ്ങളും വിലകുറഞ്ഞ ഫലിതമായി തരം താഴുന്നു. നമുക്കുവേണ്ടത് തത്വാധിഷ്ഠതമായ മാധ്യമവിമര്‍ശനമാണ്.


ഇടയ്ക്ക് താങ്കള്‍ പത്ര ഉടമയുടെ വേഷം (കേരളാ ടൈംസില്‍) അണിഞ്ഞിരുന്നു. പത്രാധിപരും പത്രനടത്തിപ്പുകാരനും ഒരാളായിരിക്കുന്ന അവസ്ഥയെപ്പറ്റി വ്യക്തിപരമായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ എന്തുപറയും?

പത്രങ്ങളുടെ ചരിത്രത്തില്‍ ഏറെക്കാലം ഉടമയും പത്രാധിപരും ഒരാള്‍ തന്നെയായിരുന്നു. എന്നാല്‍ ആധുനിക കാലത്ത് അങ്ങനെയുള്ള പ്രവര്‍ത്തനം അസാധ്യമാണ്. മൂലധനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച പ്രവര്‍ത്തിക്കുന്ന ഉടമയും മാധ്യമ ധര്‍മത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പത്രാധിപരും തമ്മില്‍ എപ്പോഴും സംഘര്‍ഷമുണ്ടാകും. പത്രാധിപരുടെ ജോലി വളരെ പ്രെഫാഷണല്‍ ആയ ഒന്നാണ്. അതുകൊണ്ടാണ് പത്രാധിപര്‍ എന്ന വര്‍ഗം തന്നെ ഉണ്ടായത്. പക്ഷേ, പത്രാധിപര്‍ക്കു മേല്‍ ഉടമയുടെ ആധിപത്യം എന്നും നിലനില്‍ക്കും. കൂടുതല്‍ സൗകര്യാര്‍ത്ഥം പത്രാധിപരെ തന്നെ ഒഴിവാക്കിക്കൊണ്ടുള്ള വിജയകരമായ പരീക്ഷണമാണ്് 'ടൈംസ് ഓഫ് ഇന്ത്യ' തുടങ്ങിയ പത്രങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്്. മാതൃഭൂമിയില്‍ കേശവമേനോന്‍ നിശബ്ദനായ പത്രാധിപരാണ്. അങ്ങനെ ഒരു പത്രാധിപരുടെ സാന്നിദ്ധ്യം വായനക്കാര്‍ അറിയുന്നില്ല. ബദല്‍ മാധ്യമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഉടമയും പത്രാധിപരും ഒന്നും തന്നെയാകുന്ന സാഹചര്യം ഉണ്ടാകുന്നത്. പക്ഷേ, അത്തരത്തിലുള്ളള മാധ്യമങ്ങള്‍ എണ്ണത്തിലും വ്യാപ്തിയിലും പരിമിതമാണ്. വക്കം അബ്ദുള്‍ഖാദര്‍ മൗലവി എന്ന മൂല്യബോധവും പാണ്ഡിത്യവും പ്രാപ്തിയുമുളള ഉടമപോലും തന്റെ പത്രത്തിനുവേണ്ടി പ്രൊഫഷണല്‍ എഡിറ്ററെ കണ്ടെത്തുകയായിരുന്നു. കേരളടൈംസിന്റെ കാര്യം ആദ്യം പറഞ്ഞതാണ്. മൂലധനത്തിന്റെ പ്രശ്‌നം. പണത്തിന്റെ അഭാവം അവിടെ വിഷയമായിരുന്നു. ചെറിയ പത്രങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ മൂലധനം വേണം.



മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാണോ? ഷാഹിനയ്‌ക്കെതിരെ കര്‍ണാടക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അതിന്റെ സൂചനയായിട്ട് കാണാമോ?

മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയില്‍ അപകടത്തിലായിരിക്കുന്നുവെന്ന് ഒറ്റപ്പെട്ട സംഭവങ്ങളെ അടിസ്ഥാനമാക്കി പറയാന്‍ കഴിയില്ല. ക്രിമനില്‍ കേസില്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം കുറ്റകരമാണ്. ഷാഹിന കുടകില്‍ പോയത് സാക്ഷികളെ സ്വാധാനീക്കാനാണ് എന്ന സംശയം പൊലീസിനുണ്ടെങ്കില്‍ അവര്‍ക്ക് അക്കാര്യം ന്യായമായും അന്വേഷിക്കാം. അനുവദനീയമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് താന്‍ സാക്ഷികളെ കണ്ടതെന്ന് ഷാഹിനയ്ക്കും വാദിക്കാം. ഷാഹിനയ്‌ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തുവെന്നതുകൊണ്ട് മാത്രം മാധ്യമ സ്വാതന്ത്ര്യം അപകടത്തിലായിരിക്കുന്നുവെന്ന് പറയാന്‍ കഴിയില്ല. മനുഷ്യാവകാശ സംരക്ഷണത്തില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതിനെതിരെയാണ് മാധ്യമങ്ങള്‍ ജാഗ്രത പാലിക്കേണ്ടത്.


മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി പറയുന്ന താങ്കള്‍ മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെ നിലകൊണ്ടുവെന്ന ആരോപണമുണ്ടല്ലോ. പാര്‍ലമെന്റിന്റെ പ്രവിലേജിനു മുന്നില്‍ പത്രങ്ങളെ കൊണ്ടുവരുന്നതിനായി വാദിച്ചതെന്തിനാണ്?

മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെ ഞാന്‍ നിലകൊണ്ടതായ ഒരു സംഭവമില്ല. നിങ്ങള്‍ ഉദ്ദേശിക്കുന്ന സംഭവം പാര്‍ലമെന്റിന്റെ പ്രവിലേജ് കമ്മിറ്റിയില്‍ ഞാനംഗമായ സമയത്തെപ്പറ്റിയാകും. സഭയുടെ അവകാശങ്ങള്‍ എഴുതി നിയമമാക്കണമോയെന്ന കാര്യം സമിതി ചര്‍ച്ച ചെയ്തു. വേണ്ട എന്ന നിലപാടാണ് സമിതി എടുത്തത്. ഞാനതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. സഭ ഇന്ന് കൈശം വച്ചിരിക്കുന്ന അനിയന്ത്രിതവും വിപുലവുമായ അധികാരങ്ങള്‍ ക്രോഡീകരിക്കുന്നതിലൂടെ പരിമിതപ്പെടും. വ്യക്തതയില്ലാത്ത ഇന്നത്തെ അവസ്ഥയാണ് മാധ്യമ പ്രവര്‍ത്തനത്തിന് ദോഷം ചെയ്യുന്നത്. പാര്‍ലമെന്റിന്റെ അധികാരം പരിമതപ്പെടുത്തുകയും നിയമത്തിന് വിധേയമാക്കുകയും ചെയ്താല്‍ മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം വര്‍ധിക്കും. പക്ഷേ, ഞാന്‍ സ്വീകരിച്ച നിലപാട് മാധ്യമങ്ങള്‍ വേണ്ടതുപോലെ ശ്രദ്ധിക്കാനോ വേണ്ടവിധത്തില്‍ ഏറ്റെടുക്കുകയോ ചെയ്തില്ല. പകരം ഞാന്‍ മാധ്യമസ്വാതന്ത്ര്യത്തിന് എതിരെ നിലകൊണ്ടുവെന്ന് ആക്ഷേപം ചൊരിഞ്ഞു. ഗൗരവമുള്ള പാര്‍ലമെന്ററി പ്രവര്‍ത്തനം അസാധ്യമാകുന്നത് മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള നിഷ്‌ക്രിയത്വം നിമിത്തമാണ്.


ജുഡീഷ്യറിയുടെ അപചയം

ഒരു പ്രതീക്ഷയും തരാത്ത വിധത്തില്‍ ജുഡീഷ്യറിയും അഴിമതിയില്‍ വീണു കഴിഞ്ഞോ?

ജ്വലിച്ചുനില്‍ക്കുന്ന വിളക്കായിട്ടാണ് ജനാധിപത്യലോകം ജുഡീഷ്യറിയെ ഇന്നും കാണുന്നത്. മുമ്പ് ജീപ്പ് കുംഭകോണത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ശിപാര്‍ശ നിരസിച്ച നെഹ്‌റു ഓഹരി വിവാദം അന്വേഷിക്കാന്‍ നിയോഗിച്ചത് ജസറ്റിംസ് എ.സി. ഛഗ്‌ളയെയാണ്. അന്നുമുതല്‍ അഴിമതിക്കേസുകളില്‍ ആരോപണത്തിന്റെ മുനയൊടിക്കാനുള്ള സംവിധാനമായി ജുഡീഷ്യല്‍ അന്വേഷണം നിലനില്‍ക്കുന്നു. ജഡ്ജിമാരെ നമുക്ക് വിശ്വാസമായിരുന്നു. കോര്‍പറേറ്റ് അധിനിവേശത്തിന്റെ സമഗ്രതയില്‍ ജുഡീഷ്യറിയുടെ നങ്കൂരം പോലും ഇളകിത്തുടങ്ങിയിരിക്കുന്നു. കോര്‍പ്പറേറ്റുകളുടെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിയാതിരുന്നതിനാലണ് കെ.ജി.ബാലകൃഷണര്‍ കളങ്കിതനാകുനത്. എന്നാല്‍, വ്യക്തികളുടെ വീഴ്ചകളെ അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ തള്ളിപ്പറയാനാവില്ല.

പക്ഷേ, വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത് പരമോന്നത നീതി പീഠത്തിലെ പരമോന്നത ന്യായധിപനായിരുന്ന ഒരാള്‍ക്കെതിരെയാണ്?

ജുഡീഷ്യറി എന്നത് മനുഷ്യ നിര്‍മിതവും മനുഷ്യരാല്‍ നടത്തപ്പെടുന്നതുമായ സ്ഥാപനമാണ്. തടവുകാരനായ യേശുവിനെ നിരപരാധി എന്ന കണ്ടതിനുശേഷവും വധശിക്ഷയ്ക്ക് വിധിച്ച ന്യായാധിപന്‍ ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായിട്ടാണ് പ്രവര്‍ത്തിച്ചത്. ന്യായാധിപന്‍മാര്‍ എക്കാലത്തും സമ്മര്‍ദത്തിനും പ്രലോഭനത്തിനും കീഴ്‌പ്പെടാറുണ്ട്. സ്വതന്ത്രഭാരതത്തിലെ ന്യായധിപന്‍മാരും ഈ അപകടത്തില്‍ നിന്ന് മുക്തരല്ല. അതുകൊണ്ടാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ദോഷങ്ങള്‍ അകറ്റുന്നതിനുമുളള സമീപനം വേണം എന്നാവശ്യപ്പെടുന്നത്. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ അഴിമതിയെന്നത് പുതിയ വര്‍ത്തമാനമല്ല. ചീഫ് ജസ്റ്റിസുമാര്‍ നടത്തുന്ന അഴിമതികളുടെ ചില ചിത്രങ്ങള്‍ മുന്നലുണ്ട്. ജുഡീഷ്യറി പങ്കിലമായാല്‍ അത് ജനാധിപത്യത്തിന് ഏല്‍പ്പിക്കുന്ന കളങ്കം മാത്രമല്ല, മാരകമായ ആഘാതവും കൂടിയാണ്.

ജുഡീഷ്യറിയിലെ അപചയങ്ങള്‍ ഇന്ന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ തുറന്നു ചര്‍ച്ചചെയ്യപ്പെടുന്നു. സുപ്രീംകോടതി ജഡ്ജി ജെ.എസ്. സഭര്‍വാളിനെതിരെ മുമ്പ് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കോടതിയലക്ഷ്യത്തിന്റെ വാള്‍ ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. പുതിയ മാറ്റം ആശാവഹമാണോ?

ജനാധിപത്യത്തിലെ കോടതികള്‍ സുതാര്യമായിരിക്കണം. വിമര്‍ശനത്തിന് വിധേയമായിരിക്കുകയും വേണം. അത്തരമൊരു അവസ്ഥയിലേക്കാണ് ഭാഗ്യവശാല്‍ നമ്മള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലും ആളുടെ കാര്യത്തില്‍ ശക്തമായ പ്രതികരണം ഉണ്ടായി എന്നതല്ല വിഷയം. ഇപ്പോഴഴെങ്കിലൂം അപ്രകാരം പ്രതികരിക്കാന്‍ നമ്മുടെ സമൂഹത്തിന് ശക്തി ഉണ്ടായി എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആരോപണങ്ങളെ നേരിടേണ്ടത് ജാതിയുടെ പേര് പറഞ്ഞല്ല. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന ഏത് ന്യായാധിപന്റെ മുന്നിലുള്ള സാധ്യതകള്‍ വളരെ വലുതാണ്. പഴയ കാലത്തെ അപവാദ കഥകള്‍ ഈ ന്യായാധിപന്‍മാരുടെ മുന്നില്‍ പരിഗണനപോലും അര്‍ഹിക്കുന്നല്ലാത്ത അവസ്ഥയിലാവും. പക്ഷേ, എല്ലാ തെറ്റുകളും തെറ്റുകള്‍ തന്നെയാണ്. സ്‌പെക്്വടം എന്ന ഹിമാലയത്തിനു മുന്നില്‍ ബൊഫോഴ്‌സ് ഒരു ചെറു കുന്നായിരിക്കും. പക്ഷേ, ആ കുന്നും ഇടിച്ച് നിരത്തപ്പെടേണ്ടതുണ്ട്.

തുറന്ന രീതിയില്‍ അഭിപ്രായ പ്രകടനത്തിന് സാധ്യതകള്‍ നല്‍കുന്ന ഒന്നാണ് ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള ലോകം. അവിടേക്കും നിയന്ത്രണങ്ങള്‍ കടന്നുവരുന്നു. അതിനെപ്പറ്റി?

അറിയാനുള്ള മനുഷ്യന്റെ അവകാശത്തെ വികസിപ്പിക്കുന്നത് സാങ്കേതിക വിദ്യയാണ്. ഗുട്ടന്‍ബര്‍ഗിന്റെ അച്ചടിയന്ത്രം ഈ വിഷയത്തില്‍ വലിയ വിപ്ലവത്തിന് തുടക്കം കുറിച്ചത്. ഇന്ന് സാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വമായി വികാസത്തില്‍ അവിശ്വസനീയാമാം വിധം അറിവിന്റെ വിപൂലീകരണം സാങ്കേതിക വിദ്യ സാധ്യമാക്കുന്നുണ്ട്. ന്യൂ മീഡിയയെ അഥവാ നവ മാധ്യമങ്ങളെ നിര്‍മിക്കുന്നതിന് ശ്രമം നടക്കുന്നുണ്ട്. ആ പരിശ്രമങ്ങളോട് സാങ്കേതിക വിദ്യ ചെറുത്തുനില്‍പ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. ജൂലിയന്‍ അസ്സാന്‍ജിന്റെ നിശബ്ദമാക്കാന്‍ ശക്തമായ ഭരണകൂടത്തിന് പോലും കഴിയാതെ പോയത് നല്ല സൂചനയാണ്. ലോകം അത്യന്തികമായി ജനാധിപത്യത്തിലേക്ക് നിങ്ങഴിക്കൊരിക്കുമ്പോള്‍ അറിവും ജനാധിപത്യ വല്‍ക്കരിക്കപ്പെടണം. ഇതിന് മാധ്യമങ്ങളും ജനാധിപത്യവല്‍ക്കരിക്കപ്പെടേണ്ടേതുണ്ട്. കോര്‍പറേറ്റ് ആധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് മാധ്യമാങ്ങളെ എപ്രകാരം വിമോചിപ്പിക്കാന്‍ കഴിയും എന്ന് ആലോചിക്കേണ്ടതുണ്ട്.


രാഷ്ട്രീയം, സി.പി.എം, വി.എസ്.


എങ്ങനെയാണ് താങ്കള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പമെത്തുന്നത്?

എന്റെ എല്ലാ രാഷ്ട്രീയ നിലപാടുകളും അടിയന്തരാവസ്ഥയെ മാനദണ്ഡമാക്കിയുള്ളതാണ്. വ്യക്തിയുടെ സ്വാതന്ത്ര്യം ജനാധിപത്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ സംരക്ഷിക്കപ്പെടണം. അടിയന്തരാവസ്ഥ്ക്ക് മുമ്പ് ഞാനൊരു വലതുപക്ഷ രാഷ്ട്രീയ വീക്ഷണമുളളയാളായിരുന്നു. ഏറെക്കാലം രാജാജിയുടെ സ്വതന്ത്രാ പാര്‍ടിയില്‍ പ്രവര്‍ത്തിച്ചു. അത് പിന്നീട് ചണന്‍സിംഗിന്റെ ലോക്ദദളിലും ലോക്ദള്‍ പിന്നീട് ജനതാ പാര്‍ടിയിലും ലയിച്ചു. ജനതാ പാര്‍ടിയിലൂടെയാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവുമായി ഞാന്‍ ബന്ധപ്പെടുന്നത്. അതിനു മുമ്പേ ദേശാഭിമാനിയുടെ നിയമകാര്യ ലേഖകന്‍ എന്ന നിലയിലുളള ബന്ധവും സി.പി.എമ്മുമായി ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം 1997 ല്‍ സ്വതന്ത്യസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അവരെന്നെ ക്ഷണിച്ചതും. ഇപ്പോഴും സഹയാത്രികന്‍ എന്ന നിലയിലാണ് ആ പാര്‍ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

വി.എസ്. പക്ഷക്കാരനായതുകൊണ്ടാണോ താങ്കള്‍ തഴയപ്പെട്ടത്?

അതെയെന്നോ അല്ലായെന്നോ പറയാന്‍ ആവാത്ത ഒരു കുഴപ്പം പിടിച്ച ചോദ്യമാണത്. ചോദ്യത്തില്‍ ഒരു കെണിയുണ്ട്. എന്നെ സംബനധിച്ച് പക്ഷം പിടിക്കേണ്ട കാര്യമില്ല. ഞാനാ പാര്‍ടിയെ പൂര്‍ണമായിട്ടാണ് കാണുന്നത്. ആ പാര്‍ട്ടിയുടെ അംഗമല്ല. സഹയാത്രികനാണ്. അതുകൊണ്ട് തന്നെ ഒരു പക്ഷക്കാരനായി പറയേണ്ട കാര്യമില്ല. പക്ഷക്കാരനാകേണ്ടതുമില്ല. അടുത്തിടെ ഒരു വീട്ടില്‍ പോയപ്പോള്‍ സുഹൃത്ത് പറയുകയാണ് അയാളുടെ ഭാര്യക്ക് രണ്ടുപേരെയേ ലോകത്തില്‍ വിശ്വാസമുള്ളൂ. വി.എസിനെയും എന്നെയും. അതിന് കാരണം എനിക്കും വി.എസിനും പൊതുവായി എന്തൊക്കെയോ ഗുണസവിശേഷതകള്‍ ഉണ്ട് എന്നതാകാം. എന്നെയും അദ്ദേഹത്തെയും ഐഡന്റിഫൈ ചെയ്യാന്‍ കഴിയുന്ന ചില പ്രത്യേകതകള്‍ ഉണ്ടാകാം. ആ ഗുണവിശേഷണം കൊണ്ടായിരിക്കണം ഞാന്‍ ഒരു വി.എസ്. പക്ഷക്കാരനാണ് എന്ന് വിലയിരുത്തപ്പെടുന്നത്. എന്നെപ്പോലൊരാള്‍ക്ക് വി.എസിനൊപ്പമല്ലാതെ നില്‍ക്കാനാവില്ലെന്നത് മറ്റുള്ളവരുടെ വിലയിരുത്തലാണ്. സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് അത്തരം പക്ഷമില്ല. പൊതുവേദിയിലല്ലാതെ ഒരിക്കല്‍ പോലൂം ഞാന്‍ വി.എസിനെ കാണുകയോ ഫോണ്‍ വിളിക്കുകയോ ചെയ്തിട്ടില്ല. ഒരു കാര്യവും ഞങ്ങള്‍ സ്വകാര്യമായി ചര്‍ച്ചചെയ്തിട്ടില്ല. സ്വകാര്യമായി കാണാന്‍ ശ്രമിക്കുകയോ ഉണ്ടായിട്ടില്ല. മുമ്പുമതെ ഇപ്പോഴുമതെ. അതില്‍ കൂടുതല്‍ എനിക്ക് ബന്ധം പിണറായിയോടാണ്. പൊതുവേദിയിലല്ലാതെ അദ്ദേഹത്തോടാണ് സംസാരിച്ചിട്ടുള്ളതും. വ്യക്തിപരമായ അടുപ്പവും പിണറായിയുമായിട്ടാണ്. കൂടുതല്‍ ബന്ധപ്പെട്ടിട്ടുള്ളതും അദ്ദേഹത്തോടാണ്. പാര്‍ട്ടിയിലുള്ള ചിലരുടെ തെറ്റിധാരണയാണ് ഞാന്‍ വി.എസ്. ഗ്രൂപ്പുകാരനാണ് എന്നത്.

സി.പി.എമ്മിലെ കുഴപ്പങ്ങളെപ്പറ്റിയോ?

ഞാനാ പ്രസ്ഥാനത്തെ ഇഷ്ടപ്പെട്ടിട്ടാണ് അടുക്കുന്നത്. വ്യക്തികളെ കണ്ടല്ല. അതിന്റെ ആശയങ്ങളുള്‍പ്പടെ മൊത്തത്തിലാണ് ഇഷ്ടം. കുഴപ്പങ്ങള്‍ കണ്ടേക്കാം. മൊത്തത്തില്‍ പരിഗണിച്ചുകൊണ്ടാണ് ഞാനാ പ്രസ്ഥാനത്തിന്റെ സഹയാത്രികനാകുന്നത്. അതുകൊണ്ടു തന്നെ ഇപ്പോഴും സഹയാത്രികനായി തുടരുന്നു.

ഇപ്പോഴത്തെ ഇടതുഭരണത്തെ എങ്ങനെ വിലയിരുത്തും? പാര്‍ട്ടിയിലെയും ഭരണത്തിലെയും അഭിപ്രായവ്യത്യാസങ്ങള്‍ ഭരണത്തെ ബാധിച്ചിട്ടുണ്ടോ? അത് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിടയുണ്ടോ?

വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ താരതമ്യേന മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ജനക്ഷേമകരമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി എന്ന ഖ്യാതി ഈ സര്‍ക്കാരിനുണ്ട്. കേന്ദ്രത്തില്‍ യു.പി.എ. സര്‍ക്കാര്‍ ലജ്ജാകരമായ രീതിയില്‍ അഴിമതിയില്‍ ആണ്ടിറങ്ങിയപ്പോള്‍ കേരളത്തില്‍ ഒരു മന്ത്രിക്കെതിരെയും കാര്യമായ അഴിമതി അരോപണങ്ങളുണ്ടായിട്ടില്ല. ഓരോ മന്ത്രിയെയും എടുത്തു പരിശോധിക്കുമ്പോള്‍ മികവുള്ള നേട്ടങ്ങള്‍ കാണാന്‍ കഴിയും. ധനമന്ത്രി തോമസ് ഐസക് മികച്ച ധനകാര്യ മാനേജ്‌മെന്റിലുടെ സാമ്പത്തിക പ്രതിസന്ധികള്‍ ഒഴിവാക്കി. വിവാദങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്. മാധ്യമങ്ങളുടെ ശക്തമായ പ്രചാരണങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പഞ്ചായത്തില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാന ഭരണം ഗൗരവമായി വിലയിരുത്തപ്പെടുമ്പോള്‍ അപഖ്യാതികള്‍ പലതും അപ്രസക്തമാകാതിരിക്കില്ല.

താങ്കളാണ് മത്സരിച്ചിരുന്നതെങ്കില്‍ എറണാകുളം സീറ്റ് കൈവിട്ടുപോകില്ല എന്ന് കരുതുന്നുണ്ടോ?

അങ്ങനെ തോന്നിയിട്ടുണ്ട്. അത് സ്വാഭാവികമായിട്ടുണ്ടാവുന്ന തോന്നലാണല്ലോ.
അങ്ങനെയാണ് പൊതുവിലുള്ള വിലയിരുത്തലും. കോണ്‍ഗ്രസിന്റെ പ്രബലമായ മണ്ഡലത്തില്‍ കെ.വി.തോമസിന് പതിനായിരം വോട്ടിന്റെ മേല്‍കൈയേയുള്ളൂ. അത് പോരല്ലോ. പിന്നിട് നടന്ന എറണാകുളം ഉപതെരഞ്ഞെടുപ്പിലാകട്ടെ ശക്തമായ മത്സരം പോലുമുണ്ടായില്ല. അതുകൊണ്ടൊക്കെ തന്നെയാണ് ഞാന്‍ മത്സരിച്ചിരുന്നുവെങ്കില്‍ ഈ മണ്ഡലം കൈവിട്ടുപോകുമായിരുന്നില്ല എന്ന തോന്നല്‍ ജനിപ്പിക്കുന്നത്.


തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യമാണിത്. പിണറായി വിജയനോ വി.എസ്. അച്യുതാനന്ദനോ താങ്കളുമായി ബന്ധപ്പെടുകയുണ്ടായോ? അഥവാ എന്തെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ?

എന്നെ സംബന്ധിച്ച് വ്യക്തിപരമായ ഉന്നയിക്കപ്പെടുന്ന ചോദ്യമാണെങ്കില്‍ പാര്‍ടിയുമായി ഒരിക്കലും അല്‍ച്ചയുണ്ടായിട്ടില്ല. എല്ലായ്‌പ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കുകയും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ദൗത്യം നിറവേറ്റുകയും ചെയ്തിട്ടുണ്ട്. അത്തരം ചോദ്യങ്ങളില്‍ തന്നെ ദു:സൂചനയുണ്ട്. ഞാന്‍ പാര്‍ട്ടിയുമായി അകലന്നുവെന്നോ, പാര്‍ട്ടിക്ക് ഞാന്‍ അനഭിമതനായി തീര്‍ന്നുവെന്നോ പ്രചരിപ്പിക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമാണിത്. എ.പി. അബ്ദുള്ളകുട്ടി, കെ.എസ്. മനോജ്, മഞ്ഞളാംകുഴി അലി തുടങ്ങിയവരില്‍ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ആത്മാര്‍ത്ഥതയുള്ള സഹയാത്രികനായി ഞാന്‍ ഇപ്പോഴും നിലകൊള്ളുന്നു. എല്ലാ നേതാക്കന്‍മാരോടും ആദരവും അടുപ്പവുമുണ്ട്. എന്റെ നിലപാടുകള്‍ പത്രങ്ങളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും പൊതുവേദികളിലൂടെയും നിരന്തരം വ്യക്തമാക്കുന്ന സാഹചര്യത്തില്‍ മറിച്ചുള്ള ധാരണകള്‍ ഉണ്ടാകേണ്ടതില്ല. സ്വതന്ത്രമായ അഭിപ്രായ പ്രകടനം അപ്പോള്‍ തെറ്റിധാരണകള്‍ക്ക് കാരണമാകുന്നുവെങ്കില്‍ തിരുത്തപ്പെടേണ്ടതാണ്.


പാര്‍ടി വീണ്ടും തെരഞ്ഞെടുപ്പിന് നില്‍ക്കാന്‍ ആവശ്യപ്പെടുമെന്നുകരുതുന്നുണ്ടോ? അങ്ങനെ വന്നാല്‍ മത്സരിക്കുമോ?

ഒന്നും പറയാന്‍ കഴിയില്ല. പാര്‍ടി അപ്രകാരം നിര്‍ദേശിച്ചാല്‍ നിരാകരിക്കും എന്നു പറയാനാവില്ല. പക്ഷേ, പാര്‍ടിയാണ് തീരുമാനിക്കേണ്ടത്.

അടുത്തിടെ പ്രസംഗത്തില്‍ വിശ്വാസിയും വിപ്ലവകാരികളും ഒന്നാവുന്നതിനെ പ്പറ്റി പറഞ്ഞതായി കണ്ടു. താങ്കള്‍ വിശ്വാസിയായിരുന്നോ? അതോ വിശ്വാസത്തിന്റെ വഴിയിലേക്കാണോ യാത്ര?

ഞാന്‍ മുമ്പും വിശ്വാസിയാണ്്. ഇപ്പോഴും വിശ്വാസിയാണ്. വിശ്വാസവും വിപ്ലവും ഒന്നിച്ചൂപോകണമനനാണ് ഞാന്‍ പറഞ്ഞത്. അതായത് വിശ്വാസികളെ ഒന്നിപ്പിച്ചുകൊണ്ടുപോകാന്‍ മാര്‍ക്‌സിത്തിനു പറ്റും. മാര്‍ക്‌സിസത്തിന് വിശ്വാസികളെ ക്കൂടി ഉള്‍പ്പെടുത്തി സമൂഹത്തെ പുരോഗമനമായി നയിക്കാനാവും. അതാണ് കാലഘട്ടത്തിന്റെ ആവശ്യം. അതാണ് ഞാന്‍ പറഞ്ഞത്. വിശ്വാസികളെ ഒപ്പം ചേര്‍ക്കാന്‍ മാര്‍ക്‌സിസത്തിന് പറ്റും എന്നു പറഞ്ഞതുകൊണ്ട് അവരെ പാര്‍ടിയംഗമാക്കാന്‍ പറ്റുമെന്നല്ല ഞാന്‍ പറയുന്നത്. പാര്‍ടി അംഗമാകാന്‍ പറ്റുമോ എന്നറിയില്ല. കാരണം ഞാന്‍ പാര്‍ടി അംഗമായിരിന്നിട്ടില്ല.

തിരസ്‌കൃതന്‍ എന്നൊരു ഇമേജ് കൂടി താങ്കള്‍ക്കുണ്ട്. കൈരളിയിലെ 'മാധ്യമവിചാര'മുള്‍പ്പടെ പരിപാടിയില്‍ നിന്ന് പുറന്തള്ളപ്പെട്ടതിന്റെ പശ്ചാത്തിലാണ് ചോദ്യം?

'മാധ്യമവിചാരം' കൈരളി ചാനല്‍ നിര്‍ത്തിയതല്ല. മാധ്യമ വിചാരത്തിന് കൈരളി ചാനലില്‍ വേണ്ടത്ര താല്‍പര്യം ;പ്രകടിപ്പിക്കുന്നില്ല എന്നു കണ്ടപ്പോള്‍ ഞാന്‍ സ്വയം നിര്‍ത്തിയതാണ്.2000ല്‍ കൈരളി ചാനല്‍ ആരംഭിച്ചപ്പോള്‍ എനിക്ക് 'മാധ്യമ വിചാരം' നടത്താന്‍ അവസരം കിട്ടി. പത്തുകൊല്ലം തുടര്‍ച്ചായി അതുചെയ്തു. അങ്ങനെയാണ് മാധ്യമരംഗത്ത് വിമര്‍ശകന്‍ അല്ലെങ്കില്‍ നിരീക്ഷകന്‍ എന്ന നിലയില്‍ അംഗീകാരമുണ്ടായത്. ഞാന്‍ ജീവിതതത്തില്‍ എതെങ്കിലും കാര്യം മാധ്യമവിചാരം പോലെ ഇത്രമാത്രം ബുദ്ധിമുട്ടിചെയ്തുവെന്ന് പറയാനാവില്ല. ലോകത്ത് എവിടെയാണെങ്കിലും ശനിയാഴ്ചകളില്‍ ഞാന്‍ കൈരളി ചാനല്‍ എത്തിയിരുന്നു.അതില്‍ ഒരിക്കലും മുടക്കം വരുത്തിയില്ല. ഡല്‍ഹിയില്‍ പോയാലും ഞാന്‍ മടങ്ങിയെത്തും. സൗദി അറേബ്യയില്‍പോയപ്പോള്‍ പോലും പരിപാടി മാറ്റിവച്ച് ഞാന്‍ എത്തി. എം.എല്‍.എയും എം.പിയുമായപ്പോഴും പരിപാടിക്ക് മുടക്കം വരുത്തിയിട്ടില്ല. എല്ലാ വെള്ളിയാഴ്ച രാത്രികളും ഉറക്കമില്ലാത്തതാണ്. ഒരാഴ്ചത്തെ മുഴുവന്‍ പത്രങ്ങളും മാസികളും വായിച്ചുും കുറിപ്പെടുത്തും മറ്റുമായിരുന്നു ഞാനത് ചെയ്തത്. അത്രയ്ക്കുണ്ടായിരുന്നു അതിന് അധ്വാനം. കൈരളി അതിന് എത്രമാത്രം പ്രതിഫലം നല്‍കിയിട്ടുണ്ടാവുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നയേയുളളൂ. ഞാന്‍ കാണിക്കുന്ന താല്‍പര്യവും പ്രാധാന്യവും ചാനലില്‍ ഉള്ളവര്‍ക്കില്ല എന്ന് തോന്നിയപ്പോള്‍ നിര്‍ത്തി. അവരായിട്ട് നിര്‍ത്തിയതല്ല.


ഒരൊറ്റ വഴി മാത്രം തെരഞ്ഞെടുത്ത് യാത്ര ചെയ്തിരുന്നെങ്കില്‍ എവിടെയെത്തുമായിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ തിരഞ്ഞെടുക്കാത്തതില്‍ നിരാശയുണ്ടോ?

നിരാശ തോന്നാറില്ല. എനിക്ക് ഒറ്റ വഴിക്ക് പോകാന്‍ കഴിയില്ല. കാരണം അതാണ് എന്റെ സ്വഭാവം. ഈ പലവഴികള്‍ ഉണ്ടായതാണ് ഇന്നത്തെ എന്റെ അസ്ഥിത്വവും. പക്ഷേ, ഒരൊറ്റ മേഖലില്‍ ഉറച്ചു നിന്നിരുന്നുവെങ്കില്‍ ആ മേഖലയില്‍ കൂടുതല്‍ അറിയപ്പെടുകയും ഉന്നതിയിലെത്താനും കഴിയുമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. ചെറുപ്പത്തില്‍ മലയാള മനോരമയുടെ എഡിറ്റോറിയല്‍ ജോലിക്ക് അപേക്ഷിച്ചത് നിരസിക്കപ്പെട്ടിട്ടുണ്ട്. അന്ന് അത് കിട്ടിയിരുന്നുവെങ്കില്‍ ആ മേഖലയില്‍ ഉയരുമായിരുന്നു. അതുപോലെ അല്‍പം കൂടി മുന്നോട്ടുപോയിരുന്നുവെങ്കില്‍ ഹൈക്കോടതി ജഡ്ജിയാകുമായിരുന്നു എന്ന ഘട്ടത്തിലാണ്് ഞാന്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലേക്ക് വിളിക്കപ്പെടുന്നത്. ഇങ്ങനെ പല വഴികളിലൂടെ യാത്ര ചെയ്തതാണ് ഇന്നത്തെ ഞാന്‍. ഇതെല്ലാം ഇന്നത്തെ എന്നെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരൊറ്റ വഴി തെരഞ്ഞെടുത്തിരുന്നെങ്കില്‍ എന്ന ചോദ്യം രസകരമാണെങ്കിലും അതെന്നെ ദൂ:ഖിപ്പിച്ചിട്ടില്ല.


ജീവിതത്തില്‍ പലവേഷങ്ങള്‍ ചെയ്തു? ഇനി പുതിയ വേഷങ്ങള്‍ മനസിലുണ്ടോ?

പുതിയ മേഖലകള്‍ ഇഷ്ടമാണ്. ചെറുപ്പത്തിലെ ആഗ്രഹങ്ങള്‍ പലതും പ്രായമാവുകമ്പോള്‍ വീണ്ടും വരുമെന്ന് പറയുന്നതു ശരിയാണ്്. രണ്ട് ആഗ്രഹങ്ങള്‍ അങ്ങനെ മനസിലുണ്ട്. ഒന്ന് നോവിലിസ്സ്റ്റാകുകയെന്നതാണ്. രണ്ട് സിനിമാ സംവിധായകനാവുക. എ. വിന്‍സന്റ് പണ്ട് എന്നോട് തന്റെ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായകാന്‍ വിളിച്ചിരുന്നു. അന്ന് പറ്റിയില്ല. എന്തുകൊണ്ടോ പോയില്ല. പക്ഷേ, ഈ ആഗ്രഹങ്ങള്‍ മനസിലേക്ക് കടന്നുവരുന്നു. പക്ഷേ, അത് പ്രവര്‍ത്തികമാക്കന്‍ ശ്രമങ്ങള്‍ ഒന്നും തുടങ്ങിയിട്ടില്ല.

ജനപ്രതിനിധിയെന്ന തിരക്ക് കുറച്ച് ഒഴിഞ്ഞിട്ടുണ്ടല്ലോ. ആ നിലയ്ക്ക് മോഹങ്ങളില്‍ കൂടുതല്‍ കേന്ദ്രീകരിച്ചൂകൂടേ?

തിരിക്ക് ഒഴിഞ്ഞിട്ടില്ല. പൊതു പ്രവര്‍ത്തകരപ്പോഴും തിരിക്ക് ഇഷ്ടപ്പെടുന്ന്‌വരാണ്. ക്രിയാത്മകമായ പല പ്രവര്‍ത്തനങ്ങള്‍ക്കു തിരക്ക് തടസമാണ്. എന്നെ സംബന്ധിച്ച് തിരക്കൊഴിഞ്ഞ ഏകാന്തതയാണ് ഇഷ്ടം. ആ ഏകാന്തതയില്‍ ക്രിയാത്മക പ്രവര്‍ത്തനം നടത്താനുമാണ് കൂടുതല്‍ ഇഷ്ടം പക്ഷേ അത് പലപ്പോഴൂം സാധിക്കാറില്ല. ഇപ്പോള്‍ പ്രസംഗിക്കാനായി എല്ലായിടത്തുനിന്നും ക്ഷണിക്കപ്പെടുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ഞാനതിന് വഴങ്ങുന്നു. ഞാന്‍ സുകുമാര്‍ അഴിക്കോടിനോട് ഒരിക്കല്‍ പറഞ്ഞു തന്റെ കാലശേഷം പ്രസംഗങ്ങളലൂടെയല്ല, പുസ്തങ്ങളിലൂടെയാണ് അഴിക്കോട് ജീവിക്കേണ്ടത് എന്ന്. അതിന്് അദ്ദേഹം പറഞ്ഞ മറുപടി എഴുതണമെന്നുണ്ടെങ്കിലും സാധ്യക്കുന്നില്ലെന്നാണ്. ആളുകള്‍ പ്രസംഗിക്കാന്‍ വിളിക്കുമ്പോള്‍ പോകാതിരിക്കുന്നതെങ്ങനെ എന്നാണ് അദ്ദേഹം ചോദിച്ചത്. അതു തന്നെയാണ് എന്റേയും അവസ്ഥ. വിളിക്കുമ്പോള്‍ എനിക്ക് പോകാതിരിക്കാനാവില്ല. എന്നാലും ഒന്ന് രണ്ടു പുസ്തകങ്ങള്‍ എത്രയും വേഗം തീര്‍ക്കണമെന്ന ചിന്തയിലാണ് ഞാന്‍.

എത്തരത്തിലുള്ള പുസ്തകങ്ങള്‍? പുതിയ രചനകള്‍?

ഗൗരവമായ ചില അക്കാമിക് പുസ്തകങ്ങള്‍ എഴുതണമെന്നുണ്ട്. പത്രനിയമവും,മറ്റുമായി ബന്ധപ്പെട്ടതണത്. മാധ്യമരംഗത്തെപ്പറ്റിയുള്ളതാണ് മറ്റുള്ളവ. ആഗോളികരണം വരുത്തിയ മാറ്റങ്ങളാണ് വിഷയം. മറ്റ് ചില പുസ്തകങ്ങളും മനസിലുണ്ട്. എഴുത്ത് എന്നത് നിര്‍ബന്ധമുണ്ടെങ്കില്‍ ചെയ്യുന്ന ഒരു കാര്യമാണ് എനിക്ക്. ഞാനാദ്യം പുസ്‌കതം എഴുതുന്നതും അത്തരം പ്രേരണയിലാണ്് 1978 ല്‍ ഡിസി ബുക്‌സിന്റെ മാനേജറായിരുന്നു ജോസഫ് പോത്തന്‍ തറയാണ് ലോക രാഷ്ട്രം എന്ന പരമ്പരയില്‍ എന്നെക്കൊണ്ട് ഒരു പുസ്തകം ചെയ്യിക്കുന്നത്. അതിനുശേഷം പല പുസ്തകങ്ങളും ഡി.സിക്കുവേണ്ടി ചെയ്തതും അത്തരം നിര്‍ബന്ധം മൂലമായിരുന്നു. അടുത്തിടെ എഴുതിയ പല പുസ്തങ്ങളും സ്‌നേഹപൂര്‍വമായ നിര്‍ബന്ധിക്കലുകള്‍ വഴിയാണ് സാധ്യമായത്. മനസിലുള്ള പുസ്തകങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനാണ് ഉദ്ദേശിക്കുന്നത്. അതിന് അല്‍പം ഏകാന്തതവേണം.




കുടുംബം? ഇപ്പോള്‍ ഇവിടെ (എറണാകുളത്തെ വസതിയില്‍) ആളനക്കം കേള്‍ക്കുന്നില്ലല്ലോ?

ഇവിടെ ഇപ്പോള്‍ ഞാനും അമ്മയും മാത്രമേയുള്ളൂ. അമ്മയ്ക്ക് വളരെ പ്രായമായി. ഞാനുള്‍പ്പടെ ബാക്കിയെല്ലാവരും വന്നും പോയിയുമിരിക്കുന്നു. അപൂര്‍വമായേ ഞാനും ഇവിടെ ഉണ്ടാവാറുള്ളൂ. മിക്കവാറും യാത്രയാണ്. പ്രഭാഷണങ്ങള്‍ക്കും മറ്റുമായി യാത്രതന്നെ. വീട്ടില്‍ കിടന്നുറങ്ങാന്‍ വല്ലപ്പോഴുമേ കഴിയാറുള്ളൂ. ഉറക്കം അധികവും ട്രെയിനിലാണ്. ഭാര്യ ലിസമ്മ ചെന്നൈയില്‍ കമ്പനി ലോ ബോര്‍ഡില്‍ ജുഡീഷ്യല്‍ അംഗമാണ്. മക്കള്‍ മൂന്നു പേരാണ്. മൂത്തയാള്‍ ഡോണ്‍ സെബാസ്‌ററ്റിയന്‍ പത്ര പ്രവര്‍ത്തകനാണ്. ബംഗളരുവില്‍ തോംസണ്‍ റോയിട്ടേഴ്‌സിലാണ് ജോലി. രണ്ടാമത്തെയാള്‍ റോണ്‍ സെബാസ്റ്റിയന്‍ സുപ്രീംകോടതിയില്‍ അഭിഭാഷകനാണ്. ഇളയാളായ ഷോണ്‍ സെബാസ്റ്റിയന്‍ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ബിരുദത്തിന് പഠിക്കുന്നു.

പച്ചക്കുതിര
2011 ഫെബ്രുവരി

1 comment: