Friday, April 19, 2013

പ്രപഞ്ചമാണ് ഏറ്റവുംവലിയ കവിത


അഭിമുഖം
ഷോലെ വോള്‍പി/ആര്‍.കെ. ബിജുരാജ്



ഇറാന്‍ എഴുത്തുകാരി ഷോലെ വോള്‍പിയുമായി നടത്തിയ അഭിമുഖം



ടങ്ങി ചെല്ലാന്‍ ആഗ്രഹിച്ചപ്പോള്‍ രാജ്യം തീര്‍ത്തും മാറിപ്പോയ അനുഭവമാണ് ഇറാന്‍ കവി ഷോലെ വോള്‍പിക്ക് പറയാനുള്ളത്. ജനിച്ചതും വളര്‍ന്നതും തെഹ്റാനില്‍. പതിമൂന്ന് വയസുള്ളപ്പോള്‍ ട്രിനിഡയില്‍ ബന്ധുവിനൊപ്പം താമസിച്ച് പഠിക്കാനായി പോയി. തുടര്‍ന്ന് ഇംഗ്ളണ്ടില്‍ സ്കൂള്‍ പഠനം. 1979 ല്‍ ഇറാനിലേക്ക് മടങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍"വിപ്ളവം' നടന്നിരുന്നു. ഒട്ടും സുരക്ഷിതമല്ളെന്ന വിലയിരുത്തലില്‍ അവര്‍ തന്‍െറ "പലായനം' തുടര്‍ന്നു. കരീബിയയിലും യൂറോപ്പിലുമായി ജീവിച്ച ഷോലെ വോള്‍പി അമേരിക്കയിലേക്ക് വരുന്നത്  റേഡിയോ-ടിവി-സിനിമാ പഠനത്തില്‍ ബിരുദാനന്തര ബിരുദം നേടാനായാണ്.
കവി എന്നതിനൊപ്പം വിവര്‍ത്തകയും, നാടകകൃത്തും,  ആക്റ്റിവിസ്റ്റും ചിത്രകാരിയും ഫോട്ടോഗ്രാഫറുമാണ് ഷോലെ വോള്‍പി. വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട, അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ചവയാണ് ഷോലെയുടെ കവിതകള്‍. "സ്കാര്‍ സലൂണ്‍'  "റൂഫ് ടോപ്പ് ഓഫ് ടെഹ്റാന്‍' എന്നിവയാണ് കവിതാസമാഹാരങ്ങള്‍. പേര്‍ഷ്യന്‍ കവിയായ  ഫോറ ഫറൂഖ്സാദയുടെ രചനകള്‍  "സിന്‍' എന്ന പുസ്തകമായി പുറത്തിറക്കി. "കീപ്പിങ് ടൈം വിത്ത് ബ്ളു ഹിയെന്‍സിത്' എന്ന് കവിതാ സമാഹാരവും മൂന്ന് വിവര്‍ത്തന കവിതാ സമാഹാരങ്ങളും (ഇംഗ്ളീഷ്, പേര്‍ഷ്യന്‍) വൈകാതെ പുറത്തിറങ്ങും.  "റെഡ്ലാന്‍ഡില്‍ സ്ഥിരം കവിതാവേദിയായ "പോയട്രി അറ്റ് ദ ലോഫ്റ്റ് ആന്‍ഡ് മോര്‍' നടത്തുന്നു. അമേരിക്കക്കാരനായ ഭര്‍ത്താവ് ഡോ. അലനും മക്കള്‍ക്കുമൊപ്പം ലോസ് ആഞ്ചലസിലാണ്(കാലിഫോര്‍ണിയ)താമസം. നാല് വര്‍ഷം മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.


എങ്ങനെയാണ് എഴുത്തിലേക്ക് തിരിഞ്ഞത്? കവിത ആക്റ്റിവിസത്തിന്‍്റെ ഭാഗമാകുന്നത് എപ്പോഴാണ്?

ചെറുപ്പം മുതലേ സാഹിത്യം  ഞാനിഷ്ടപ്പെട്ടിരുന്നു. പത്തുവയസുളളപ്പോള്‍ ചെറുകഥയെഴുതിയിരുന്നു. മലമുകളില്‍ താമസിക്കുന്ന ഒരു ചെറിയ പെണ്‍കുട്ടി എന്നും രാവിലെ താഴ്വരയിലെ  മഞ്ഞ് മൂടിയ നഗരത്തിലേക്ക് യാത്രയാകും. വൈകിട്ട് എന്നും ഒരു പുതിയ കഥയുമായി അവള്‍ തിരിച്ചത്തെുന്നു. ഇത്തരം രീതിയില്‍ ഞാന്‍ കുറേ കഥകള്‍ എഴുതി. പിന്നീട് ഞാന്‍ പേര്‍ഷ്യനില്‍ കവിതകള്‍ കുറിച്ചു. 15 വയസുവരെ. ഇറാന്‍ വിട്ടു പോകുന്നതോടെയാണ് ഇംഗ്ളീഷില്‍ എഴുതാന്‍ തുടങ്ങുന്നത്. പ്രവാസി ജീവിതമാവും കൂടുതലായി എന്നെ കവിതയില്‍ കേന്ദ്രീകരിപ്പിക്കുന്നത്. ആശയവിനിമയത്തിന്‍്റെയും ആക്റ്റിവിസത്തിന്‍്റെയും ഭാഗമായി കവിത ഇതിനിടയില്‍ എപ്പോഴോ കൂടെ ചേര്‍ന്നു.

എന്താണ് താങ്കള്‍ക്ക് എഴുത്ത്? താങ്കളുടെ കവിതകളെ വായനക്കാര്‍ എങ്ങനെ സ്വീകരിക്കുന്നു? 
മിക്കപ്പോഴും ഞാന്‍ എഴുതുന്നത് എഴുതണമെന്ന് സ്വയം നിര്‍ബന്ധിക്കപ്പെടുമ്പോള്‍ മാത്രമാണ്. സ്വന്തം ശബ്ദം നിങ്ങളോട് സംസാരിക്കുകയും, പേനയെടുത്ത്  എഴുതാന്‍ ആവശ്യപ്പെടുകയും ചെയ്യുമ്പോഴുമാണ് ഞാന്‍ എഴുതുന്നത്. ആ സമയങ്ങളില്‍ മറ്റൊരു സാധ്യതയുമില്ല. അനുസരിക്കുക തന്നെ. എഴുതുക എന്നത് എന്നെ സംബന്ധിച്ച് സ്വന്തം ആത്മാവിനോട് സംസാരിക്കലാണ്.  
കവിതകള്‍ എന്നെപ്പറ്റിയുമുളളതല്ല. ഇത് മനുഷ്യ സമൂഹത്തെപ്പറ്റിയുളളതാണ്. പക്ഷെ, തീര്‍ച്ചയായും ഇതെന്‍്റെ പേനയാണ്, അതുകൊണ്ട് തന്നെ ഞാന്‍ ലോകത്തെ കാണുന്ന പോലെയാവും എന്‍്റെ കവിതകളുണ്ടാവുക. "സ്കാര്‍ സലൂണ്‍' എന്ന കവിതാ സമാഹാരം പുറത്തിറങ്ങിയ ശേഷം ഞാന്‍ പതിവായി കവിയരങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്. ഒരിടത്ത് കവിത ചൊല്ലുമ്പോള്‍ അതേ വേദിയില്‍ വച്ച്  മറ്റുളള സ്ഥലങ്ങളിലേക്കും ക്ഷണം ലഭിക്കുന്നു. അതിനര്‍ത്ഥം എന്നോടും എന്‍്റെ കവിതയോടും അവര്‍ക്ക് അടുപ്പം തോന്നുന്നു എന്നാണ്.

എത്രത്തോളം സ്വയം കവിതകളില്‍ ആവിഷ്കരിക്കാനാകുന്നുണ്ട്? താങ്കളെ സാമുഹ്യ-രാഷ്ട്രീയ കവിയായി വിശേഷിപ്പിച്ചാല്‍ അതിനോട് എങ്ങനെ പ്രതികരിക്കും?

ഞാന്‍ വിശ്വസിക്കുന്നത് ഭാഷ സ്വയം സോഷ്യോ-പൊളിറ്റിക്കല്‍ ആണെന്നാണ്. പ്രണയ കവിത എഴുതുമ്പോള്‍ അത് കവിയുടെ രാഷ്ട്രീയ-സാമൂഹിക-വൈകാരിക ലോകത്തെ പ്രതിനിധീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് സാഹിത്യത്തിന്‍െറ വിവര്‍ത്തനം പ്രധാനപ്പെട്ടതും മൂല്യവത്താവുന്നതും. വിവര്‍ത്തനത്തിലൂടെ ഒരു സംസ്കാരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നമ്മള്‍ വികാരം, രാഷ്ട്രീയം, സാമൂഹ്യ അവസ്ഥകള്‍ എന്നിവയെ പരിചയപ്പെടുത്തുകയാണ്. ഞാന്‍ എഴുതുമ്പോള്‍ ഞാന്‍ എത്രമാത്രം തുറന്നു കാട്ടപ്പെടുന്നുന്നെന്ന് ചിന്തിക്കാറില്ല. എഴുത്ത് എപ്പോഴും എഴുത്തുകാരനെ ഒന്നല്ളെങ്കില്‍ മറ്റൊരു തരത്തില്‍ തുറന്നു കാട്ടുന്നുണ്ട്. ഫിക്ഷനില്‍ പോലും എഴുത്തുകാരന്‍െറ ഭാവനകള്‍ പൂര്‍ണമായും തുറന്നുകാട്ടപ്പെടും.  എന്‍്റെ കവിതകള്‍ എന്‍്റെ ആക്റ്റിവിസത്തിന്‍്റെ ഭാഗമാണ്. ഞാനെന്തെഴുതുമ്പോഴും നേരത്തെ പറഞ്ഞതുപോലെ അത് മൊത്തം മനുഷ്യസമൂഹത്തെപ്പറ്റിയാണ്.

എന്താണ് നിങ്ങളുടെ കവിതയെ പ്രചോദിപ്പിക്കുന്നത്? എന്താണ് രചനാ രീതി?

പ്രപഞ്ചമാണ് വലിയ നീണ്ട കവിത. നമ്മളില്‍ ചിലര്‍ അതില്‍ നിന്ന് ചെറു ശകലം എടുത്ത് വാക്കുകളായി വിവര്‍ത്തനം ചെയ്യുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുളളത്.  എഴുതുന്ന സമയത്ത് വാക്കുകളുടെ സംഗീതത്തെപ്പറ്റിയാണ് ചിന്തിക്കുന്നത്. കവിതയെ ഗദ്യത്തില്‍ നിന്ന് വേര്‍തിരിക്കുന്നത് വാക്കുകളുടെ ഇടയിലെ താളവും സംഗീതവുമാണ്. ആദ്യം ചെറുകുറിപ്പായി കവിത എഴുതുന്നു. ആവര്‍ത്തനങ്ങളും തിരുത്തലുകളും ധാരാളമായി വേണ്ടി വരും. അവസാനം എഡിറ്റു ചെയ്യുമ്പോള്‍ അത് ഉറക്കെ ചൊല്ലാറുണ്ട്. അതിന്‍്റെ സംഗീതം കേള്‍ക്കാനായി.


എന്താണ് നിങ്ങളുടെ രാഷ്ട്രീയം?

എന്‍്റെ രാഷ്ട്രീയമെന്നത് മാനവികതയുടെ രാഷ്ട്രീയമാണ്. ഞാന്‍ നിങ്ങളുടെ കുട്ടിയെ എന്‍്റേതെന്നപോല്‍ കാണുന്നു. നിങ്ങളെ എന്‍്റെ സ്വന്തമായും. മതം വെറുപ്പിന്‍്റെയും കൊലപതാകത്തിന്‍്റെയും നശീകരണത്തിന്‍്റെയും ഉപകരണമാണെന്നു കണ്ടപ്പോള്‍ അത് ഉപേക്ഷിച്ചു. ഈ മനോഹര ഗ്രഹത്തിലെ ഭൂരിപക്ഷത്തെയും പേലെ സമാധാനപരമായ ലോകത്ത് ജീവിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. കവിതകളിലൂടെയും, രചനകളിലൂടെയും, വ്യകതിപരമായ ജീവിതത്തിലൂടെയും എല്ലാവര്‍ക്കും സമാധാനപരമായി ജീവിക്കാനാവുന്ന മെച്ചപ്പെട്ട ലോകത്തിനായിട്ടാണ് ഞാന്‍ ശ്രമിക്കുന്നത്. എനിക്ക് നിങ്ങളെമാറ്റാനാവില്ല. പക്ഷേ എന്‍െറ പെരുമാറ്റത്തിനും സംഭാവനകള്‍ക്കും എനിക്ക് ഉത്തരവാദിയാകാനാകും. ഇതുതന്നെയാണ് എന്‍െറ രാഷ്ട്രീയം.  



പ്രവാസ ജീവതത്തിന്‍െറ വേനനകള്‍, അനുഭവങ്ങള്‍


നിങ്ങള്‍ പ്രവാസിയാണ്. സ്വന്തം പ്രവാസി ജീവിതത്തെ നിങ്ങള്‍ എങ്ങനെ കാണുന്നു?

പതിമൂന്ന് വയസുളളപ്പോഴാണ് ഞാന്‍ ഇറാന്‍ വിടുന്നത്. ട്രിനിഡഡില്‍  അമ്മായിക്കൊപ്പം കഴിയാനായി  അച്ഛനുമമ്മയും എന്നെ അയച്ചു. ഒരു വര്‍ഷത്തിനു ശേഷം ഇംഗ്ളണ്ടിലേക്കു സ്കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ പോയി. അതിനുശേഷം ഒരു തവണയേ ഇറാന്‍ സന്ദര്‍ശിച്ചിട്ടുളളൂ. അപ്പോഴേക്ക് അവിടെ വിപ്ളവം നടന്നിരുന്നു. തിരിച്ചുപോക്ക് അത്ര സുരക്ഷിതമല്ലായിരുന്നു. എന്‍്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇറാനിലുണ്ട്. തങ്ങളുടെ കുട്ടികളും മാതാപിതാക്കളും തടവിലടക്കപ്പെടുമ്പോഴും വെടിയേല്‍ക്കുമ്പോഴുമൊക്കെയുളള അവിടെയുളള ആ ബന്ധുക്കളുടെ വേദനകളും ദുരിതവുമെല്ലാം എനിക്ക് നന്നായി അറിയാം. ഞാനൊരു ഇരട്ട ജീവിതമാണ് നയിക്കുന്നത്. ഇറാനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇറാനിയനാണ് ഞാന്‍. അതേ സമയം അമേരിക്കന്‍ ഭര്‍ത്താവും കുട്ടികളുമുളള അമേരിക്കക്കാരിയാണ്. ഒരിടത്തുമാവാതിരിക്കുന്നതില്‍ ചിലപ്പോള്‍ എനിക്കു ദു:ഖം തോന്നും. പ്രവാസിയെന്നാല്‍ താന്‍ ജനിച്ച രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നയാളാണ്. പക്ഷേ പീഡിപ്പിക്കപ്പെടും എന്ന ഭയം അവളെ/അവനെ അതില്‍ നിന്ന് തടയുന്നു. പുതിയ കവിത "അഭയസ്ഥാനം'ത്തില്‍ ഇങ്ങനെയാണ് എഴുതിയിട്ടുള്ളത്:

വീടെന്നത് നഷ്ടപ്പെട്ട പല്ലാണ്/നാവ് ദൃഢത തേടുന്നു/പക്ഷേ/
ശൂന്യതയിലേക്ക് പതിക്കുന്നു.

പതിനെഞ്ച് വയസുമുതല്‍ ഞാന്‍ ലോകത്ത് പലയിടത്തായി കഴിഞ്ഞു. അത് ഈ ഭൂമി തന്നെ എന്‍െറ വീടാക്കുന്നു. അത് ഒരാളെ സ്വതന്ത്രമാക്കുന്ന അവസ്ഥകൂടിയാണ്.



ഇറാന്‍, അമേരിക്ക, രാഷ്ട്രീയാവസ്ഥകള്‍


എന്താണ് കുട്ടിക്കാലത്തെ ഇറാനെപ്പററിയുള്ള ഓര്‍മകള്‍?

ഇറാനിലെ കുട്ടിക്കാലം വര്‍ണങ്ങള്‍ നിറഞ്ഞായിരുന്നു. കളിചിരികള്‍, പിക്കിനിക്കുകള്‍, വെള്ളിയാഴ്ചകളിലെ കൂടിച്ചേരലുകള്‍, ഭക്ഷണം, തെരുവുകളിലെ ചേതനകള്‍.പക്ഷേ ഇതെല്ലാം വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. എന്‍െറ കുട്ടിക്കാലത്തെ തെഹ്റാന്‍ ഇപ്പോള്‍ നിലവിലില്ല.


ഇറാന്‍ എങ്ങോട്ടാണ് നീങ്ങുന്നത്?


ഇറാന്‍ എങ്ങോട്ടാണ് ചലിക്കുന്നത് എന്ന് എനിക്കറിയില്ല. അത് അവിടെ ജീവിക്കുന്ന ജനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. എന്തെങ്കിലും മാറ്റങ്ങള്‍ വരണമെങ്കില്‍ അത് ഉള്ളില്‍ നിന്നു തന്നെയാണ് വരേണ്ടത്.

ഇറാനിലെ ഭരണകൂടത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

ഇറാനില്‍ നിലനില്‍ക്കുന്നത് സര്‍വാധിപത്യ ഭരണകൂടമാണ്.  അവിടുത്തെ സര്‍ക്കാര്‍ ജനങ്ങളെ, സ്ത്രീകളെ, ദരിദ്രരെ, കുട്ടികളെ അടിച്ചമര്‍ത്തുന്നു.  ഇറാന്‍ പ്രസിഡന്‍്റ് അഹ്മദി നജാദ് എന്‍്റെ ജനതയെ നിഷ്ഠൂരമായി അടിച്ചമര്‍ത്തുന്ന ഭരണകൂട പ്രതീകമാണ്. അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളെ അനുദിനം പിന്നോട്ട് ഓടിക്കുകയും വെറും ലൈംഗികോപകരണമായി കണക്കാക്കുകയും ചെയ്യുന്നുണ്ട്. നന്മകള്‍ ഭരണകൂടത്തില്‍ കുറവാണ്.


ഇറാനിലെ നിലവിലെ ഭരണകൂടത്തെ സ്ഥാപിച്ചത് ഒരു വിപ്ളവമാണ്. ആ വിപ്ളവത്തോടുള്ള സമീപനം?

ഇറാനിയന്‍ വിപ്ളവമെന്നത് ജനങ്ങളുടെ വിപ്ളവമായിരുന്നു. പക്ഷേ,  തുടക്കത്തിലേ അട്ടിമറിക്കപ്പെട്ടു. അടിസ്ഥാന ജനങ്ങളുടെയും കമ്യൂണിസ്റ്റുകളുടെയും സോഷ്യലിസ്റ്റുകളുടെയും ജൂതരുടെയും സ്ത്രീകളുടെയും ഒക്കെ പിന്തുണയോടെ, അവരുടെ നേതൃത്വത്തില്‍ നടന്നു വന്ന ഒരു ജനകീയ വിപ്ളവത്തെ  ഇസ്ലാമിക ഭരണകൂടം ഹൈജാക്ക് ചെയ്തു. അവര്‍ തന്നെയാണ് ഇപ്പോഴും ഭരിക്കുന്നത്.  ജനം വിപ്ളവം തുടങ്ങിയത് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും വേണ്ടിയാണ്. പക്ഷെ അത് ഷിയാ മേധാവിത്ത ഭരണമായി മാറി. ഇറാനും ഇറാഖും നടത്തിയ എട്ടുവര്‍ഷത്തെ യുദ്ധം ആ ഭരണത്തെ ഊട്ടിയുറപ്പിച്ചു. ജനാധിപത്യവാദികളെയും സ്വാതന്ത്ര്യം ആവശ്യപ്പെട്ടവരെയും അവര്‍ കൊന്നൊടുക്കി. കുറേയായിരം നല്ല മനുഷ്യര്‍ രാജ്യം വിട്ട് പലായനം ചെയ്തു.


വളരെയധികം ഇറാനിയന്‍ എഴുത്തുകാരും ബുദ്ധിജീവികളും തടവറയിലാണ്. അവരെപ്പറ്റി എന്തു പറയും?

ഏതൊരു സേച്ഛാധിപത്യ ഭരണകൂടവും അവരുടെ കവികളെ, ബുദ്ധിജീവികളെ, മനുഷ്യാവകാശവും സ്വാതന്ത്ര്യവും ആവശ്യപ്പെടുന്നവരെ ഭയക്കുന്നു. ഇതെന്നത് ഇറാന്‍, ചൈന, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം ബാധകമാണ്. ഇവിടങ്ങളില്‍ അധികാരത്തിലുള്ളവര്‍ തങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം ബുദ്ധിജീവികളുടെയും  കവികളുടെയും  ശബ്ദങ്ങള്‍ നിശബ്ദമാക്കാന്‍ ശ്രമിക്കും.


താങ്കള്‍ അടുത്തിടെ ഇറാനില്‍ പോയിരുന്നോ? ഇറാനിയന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കൊണ്ട് ഇറാനിലേക്കുള്ള യാത്ര അപകടകരമാണെന്ന് കരുതുന്നോ?

ഞാന്‍ ഇറാനിലേക്ക് പോയിട്ടില്ല. അത് ചെയ്യുന്നത് സുരക്ഷിതമല്ല.  അതെന്തുകൊണ്ട് എന്ന് നിങ്ങള്‍ക്ക് ഒരു ഉദാഹരണം നല്‍കാം. ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ഇറാന്‍ സ്റ്റഡീസ് ഈ ഓഗസ്റ്റില്‍ ഇസതാന്‍ബുളില്‍  സമ്മേളനം ചേരാന്‍ നിശ്ചയിച്ചിരുന്നു. പക്ഷേ, പെട്ടന്ന് ഇറാന്‍ സര്‍ക്കാര്‍ അതിനെ ബഹായികളുടെയും രാജഭക്തരുടെയും സംഘടനയായി മുദ്രകുത്തി. അതോടെ 13 പാനലുകളും 20 മറ്റുളളവരെയും മാറ്റേണ്ടി വന്നു. കാരണം പല പ്രതിനിധികളും ഇറാനില്‍ ജീവിക്കുന്നവരോ ഇറാനില്‍ പതിവായി പോകുന്നവരോ ആണ്. അവര്‍ ഭരണകൂട തിരിച്ചടി ഭയക്കുന്നു. അവര്‍ പങ്കെടുത്തിരുന്നെങ്കില്‍ ഭരണകൂടം വേട്ടയാടിയേനേ. എന്നാല്‍, ബഹായികള്‍ എന്നത് സമാധാനപരമായി കഴിയുന്ന രാഷ്ട്രീയേതര സംഘമാണ്. അവര്‍ക്ക് ഈ സംഘടനയുമായി ഒന്നുമുണ്ടായിരുന്നില്ല. അതുപോലെ രാജഭക്തര്‍ക്കും സംഘടനയുമായി ബന്ധമില്ല. അനീതികളെ അംഗീകരിക്കാനായി പാസാക്കപ്പെട്ട നിയമങ്ങളുടെ കരുണയില്‍ കഴിയേണ്ടിവരുന്ന രാജ്യത്ത് പോകുന്നത് സുരക്ഷിതമല്ളെന്ന് ഞാന്‍ കരുതുന്നു.


ഒബാമ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനെ എങ്ങനെ കാണുന്നു?

ഞാന്‍ ഒബാമാക്കാണ് വോട്ട് ചെയ്തത്. അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമാണുള്ളത്. പക്ഷേ, അത്യന്തികമായി അദ്ദേഹം നാല് വര്‍ഷത്തേക്ക് മാത്രം തെരഞ്ഞെടുക്കപ്പെട്ടയാളാണ്. അത് മതിയായ കാലമല്ല. ഒബാമ ജയിക്കുമെന്ന് ഉറപ്പായിരുന്നു. ജയിക്കേണ്ടിയിരുന്നു. മറ്റൊരു ബദല്‍ എനിക്ക് ചിന്തിക്കാന്‍ പോലുമാവില്ല.


അമേരിക്കയിലെ ജനാധിപത്യ ധ്വംസനങ്ങളെപ്പറ്റി എന്തുപറയും?

അമേരിക്ക ജനാധിപത്യത്തിന് മൂല്യം കല്‍പ്പിക്കുന്ന രാജ്യമാണ്. ഇറാനെയോ ചൈനയെയോ ഒന്നും അതുമായി തുലനം ചെയ്യാനാവില്ല. അമേരിക്കയില്‍ ജനാധിപത്യമേ നിലനില്‍ക്കുന്നുള്ളൂ എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ, അവിടെ ജനാധിപത്യം, ജനങ്ങളുടെ അന്തസ് എന്നിവ വിലമതിക്കപ്പെടുന്നുണ്ട്.


പക്ഷെ, അമേരിക്കന്‍ ഭരണകൂടത്തിനെതിരെ നിങ്ങള്‍ ആവിഷ്കാര സ്വാതന്ത്ര്യ പോരാട്ടവും പ്രതിഷേധവും സംഘടിപ്പിച്ചതായി അറിയാം. എന്തിനായിരുന്നു അത്?

ഇറാനിയന്‍ സാഹിത്യകാരുടെ രചനാ സമാഹാരമായ "സ്ട്രേഞ്ച് ടൈംസ്, മൈ ഡിയര്‍' എന്ന പുസ്തകം  പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു അത്. പക്ഷെ വിദേശ സ്വത്ത് നിയന്ത്രണ ഓഫീസ് അനുമതി നല്‍കാന്‍ വിസമ്മതിച്ചു. ദശലക്ഷം ഡോളര്‍ പിഴയും ജയില്‍ ശിക്ഷയും ലഭിക്കുന്ന കുറ്റമാണ് ഇറാനിയന്‍ രചനാ സമാഹാരം പുറത്തിറക്കുന്നത്. അമേരിക്കയില്‍ സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുളള രചനകള്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ പ്രതിഷേധവും പ്രചരണവും സംഘടിപ്പിച്ചു. നിയന്ത്രണങ്ങള്‍ക്കെതിരെ ജനാധിപത്യത്തിന്‍്റെ കളിത്തൊട്ടില്‍ നടന്ന നല്ല പ്രതിഷേധമായിരുന്നു. കോടതിയില്‍ കേസും നല്‍കി. ഒടുവില്‍ "പൊതു അനുമതി' നല്‍കിയതോടെ ഞങ്ങള്‍ വിജയിച്ചു.


സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷം പശ്ചിമ ഏഷ്യയില്‍ നിന്നും അറബ് ലോകത്തുനിന്നുമുളളവര്‍ അമേരിക്കയില്‍ സംശയത്തിന്‍്റെ നിഴലിലാണെന്നു കേട്ടിട്ടുണ്ട്.


നിരപരാധികള്‍ക്ക് നേരെ നടന്ന ആക്രമണമാണ് സെപ്റ്റംബര്‍ 11. അതിന് ന്യായീകരണമില്ല. അമേരിക്കയില്‍ വലിയ അളവില്‍  അത്തരം ആക്രമണം നടക്കുന്നത് ആദ്യമായാണ്. ഇത് ജനങ്ങളെ ദു:ഖിപ്പിക്കുകയും രോഷാകുലരാക്കുകയും ഭീതിയിലാഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളോട് എനിക്കൊരു തരത്തിലും യോജിപ്പില്ല.  നിരവധി മരണങ്ങള്‍ക്കൊപ്പം അത് ഞങ്ങളെപ്പോലുളള അറബ് പ്രവാസികള്‍ക്കും സാധാരണജനങ്ങള്‍ക്കുമെതിരായ നീക്കങ്ങളായും മാറി. അമേരിക്കന്‍ ഭരണകൂടം ഞങ്ങളെ സംശയത്തോടെയും ഭയത്തോടെയും നോക്കാന്‍ തുടങ്ങി.  ആക്രമണത്തിനു ശേഷം അവര്‍ "ഹോംലാന്‍ഡ് സെക്യൂരിറ്റി' നിയമം നടപ്പാക്കി. ആരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കാരണവും നടപടിയും കൂടാതെ സംശയത്തിന്‍്റെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്യാം. ആരെയും തീവ്രവാദിയെന്നു മുദ്രകുത്തി ശിക്ഷവിധിക്കാം. ഫോണുകള്‍ ചോര്‍ത്താന്‍ തുടങ്ങി.
ആക്രമണത്തിനുശേഷം ജോര്‍ജ് ഓര്‍വലിന്‍്റെ കഥാപാത്രങ്ങളായി ഞങ്ങള്‍ എന്നു പറയുന്നതാവും ശരി. വലിയ സഹോദരന്‍ (ബിഗ് ബ്രദര്‍) ഞങ്ങള്‍ അറിയാതെ ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ ഫോണുകള്‍, തപാലുകള്‍ എല്ലാം ഒളിഞ്ഞിരുന്നു നോക്കുന്നു.

ആക്രമണത്തിനു ശേഷം എങ്ങനെയായിരുന്നു നിങ്ങളുടെ ജീവിതം? വ്യക്തിപരമായി പ്രശ്നങ്ങള്‍ നേരിട്ടോ?

വ്യക്തിപരമായി പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ട്. പക്ഷെ ഞാനതത്ര വലിയ കാര്യമാക്കുന്നില്ല ഇറാന്‍കാരിയായതിനാല്‍ അവര്‍ കൂടുതലായി എന്നെ നിരീക്ഷിക്കുന്നുണ്ട്. പക്ഷെ അത് അസംബന്ധമാണ്.കവിയാണ് ഞാന്‍. ജനങ്ങളെ കൊല്ലുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യുന്ന ഏതെങ്കിലും നീക്കങ്ങളുമായി ഏതെങ്കിലും തരത്തില്‍ എനിക്ക് ഐക്യപ്പെടാനാവില്ല. വിമാന യാത്രകളില്‍ അവര്‍ എന്നെ കൂടുതലായി പരിശോധിക്കുകയും നിരീക്ഷണ വലയില്‍ നിര്‍ത്തുകയും ചെയ്യാറുണ്ട്. ഒരിക്കല്‍ അമേരിക്കക്കാരിയായ സുഹൃത്തിനൊപ്പം വിമാനത്താവളത്തില്‍ എത്തിയ അവര്‍ എന്‍്റെ ബാഗുകള്‍ എല്ലാം ചികഞ്ഞ് പരിശോധിച്ചു. അമേരിക്കന്‍ സുഹൃത്ത് അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ "നിങ്ങള്‍ കാരണമല്ല, ഇവര്‍ കൂടെയുളളതുകൊണ്ടാണെന്ന്' പറഞ്ഞു. മറ്റൊരിക്കല്‍, ഫ്രാങ്ക്ഫുര്‍ട്ടില്‍ വച്ച് വിമാനത്താവളത്തില്‍ വച്ച് പോലീസ് ചോദ്യം ചെയ്തു. തലേന്ന് ഞാനെവിടെ തങ്ങിയെന്നറിയണം. അമ്മയുടെ സുഹൃത്തായ ഇറാനിയന്‍ സ്ത്രീയുടെ വീട്ടിലാണ് ഞാന്‍ തങ്ങിയിരുന്നത്. കഷ്ടകാലത്തിന് അവരുടെ പേര് ചോദിച്ചപ്പോള്‍ ഓര്‍മ വന്നതുമില്ല. കുറേ നേരം തിരിച്ചും മറിച്ചും ചോദ്യം ചെയ്യലായി. ഒടുവില്‍ വിട്ടയച്ചു. പക്ഷെ വിമാനത്തില്‍ കയറുമ്പോള്‍ ഒപ്പം വന്നു. എന്നെ തന്നെ നോക്കി നില്‍പ്പായി.  അതേ സമയം ജനങ്ങളില്‍ നിന്ന് അനുകൂലമായ മനോഭാവം ഉണ്ടാവുകയും ചെയ്യുന്നു.

അമേരിക്ക തങ്ങളുടെ പ്രഖ്യാപിത ശത്രുവായ ഇറാനു നേരെ ഒരാക്രമണം നടത്തുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഈ ചോദ്യം എനിക്ക് ഉത്തരം പറയാന്‍ കഴിയുന്നതിന് അപ്പുറത്താണ്. ഭാവിയെപ്പറ്റി പ്രവചിക്കാന്‍ ഞാനാളല്ല. ഞാന്‍ ചിന്തിക്കുന്നത് ലോകത്തിന്‍െറ നന്മക്ക് നമുക്ക് എന്തുചെയ്യാനാവും എന്ന് മാത്രമാണ്.  ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നതിനോട് ആര്‍ക്കും യോജിക്കാനാവില്ല. യുദ്ധം അന്തമില്ലാത്ത ദുരിതവും ദുരന്തങ്ങളും തുറന്നു വിടും. രക്തം ചൊരിയും. സ്നേഹവും സാഹോദര്യവും സമാധാനവുമാണ് എല്ലാവര്‍ക്കും വേണ്ടത്. ഇറാനെതിരെ ആക്രമണം നടന്നാല്‍ അത് എന്‍െറ ജനതയുടെ അന്തമില്ലാത്ത ദുരന്തങ്ങളുടെ തുടക്കമാവും.

അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഒരു ഇറാനിയന്‍-അമേരിക്കന്‍ സ്ത്രീ എന്ന നിലയില്‍ അതിനെ നിങ്ങള്‍ എങ്ങനെ നേരിടും?

ഇറാനെതിരെ ഒരാക്രമണം നടന്നാല്‍ അത് വലിയ പ്രതിസന്ധിയാവും ഞങ്ങളെപ്പോലുളള പ്രവാസികളില്‍ സൃഷ്ടിക്കുക. ഞങ്ങള്‍ക്ക് അമേരിക്കന്‍ ഭരണകൂടത്തെ എതിര്‍ക്കണം. യുദ്ധത്തിനെതിരെ പ്രവര്‍ത്തിക്കണം. അതേ സമയം ഞങ്ങള്‍ ഇറാനിലെ ജനാധിപത്യ-യാഥാസ്ഥിതിക ഭരണത്തോട് യോജിപ്പുണ്ടെന്ന് കരുതുകയും അരുത്.  ഇതാവും ഞങ്ങളുടെ പ്രതിസന്ധി.


സ്ത്രീ, അടിച്ചമര്‍ത്തല്‍, വിമോചനം

"അവസാനത്തിന്‍െറ അവസാനം വരെ ഇത്  ആണിന്‍െറ ലോകമാണ് എന്ന കവിതയിലുള്‍പ്പടെ സ്ത്രീ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ അക്രമണോത്സുകമാകുന്നു. ഇത് ബോധപൂര്‍വമായ ശ്രമമാണോ?

ഞാന്‍ സ്ത്രീയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള മനുഷ്യാവകശാല ലംഘനങ്ങളില്‍ വളരെ വലിയ ഉത്കണ്ഠകളുണ്ട്.  ഇറാനില്‍ മാത്രമല്ല, ഇന്ത്യയുള്‍പ്പടെ എല്ലായിടത്തൂം നടക്കുന്ന ആക്രമണത്തില്‍. അതെന്‍െറ കവിതകളില്‍ സ്വാഭാവികമായി തന്നെ കടന്നുവരുന്നതാണ്.


എന്താണ് ഇറാനിലെ സ്ത്രീകളുടെ അവസ്ഥ?
അത്ര നല്ലതല്ലാത്ത അവസ്ഥയാണ്. ലോകത്തിന്‍്റെ മറ്റ് പലഭാഗങ്ങളിലെയും പോലെ സ്ത്രീകളെ വിദ്യാഭ്യാസം നിഷേധിച്ചും അടിച്ചമര്‍ത്തിയും വീടുകളില്‍ തളച്ചിട്ടും അവളുടെ എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കുകയാണ്. ലൈംഗിക അടിമകളായും അടിമ-ഭാര്യകളുമായിട്ടുമവരെ ചൂഷണം ചെയ്യുന്നു. മൂടുപടങ്ങള്‍ക്കു പിന്നില്‍ വെറും ലൈംഗികോപകരണമായി മാത്രം പരിഗണിക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും ഇറാനിയന്‍ സ്ത്രീകള്‍ വളരെ കരുത്തുളളവരാണ്. അവര്‍ തങ്ങള്‍ക്കെതിരെയുളള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ എന്നും വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവരാണ്.

സ്ത്രീകളുടെ വിമോചനം എങ്ങനെ സാധിക്കുമെന്നാണ് കരുതുന്നത്?

തങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതി നിറഞ്ഞ അവസ്ഥകളെ സ്ത്രീകള്‍ നിരാകരിക്കാന്‍ പഠിക്കണം. സ്വയം അവര്‍ നീതിയും തുല്യതയും നേടേണ്ടതുണ്ട്. തങ്ങള്‍ക്കും തങ്ങളുടെ പെണ്‍മക്കള്‍ക്കും മേല്‍ പുരുഷാധിപത്യ സമൂഹങ്ങള്‍ അടിച്ചേല്‍പിച്ച  എല്ലാത്തരം മര്‍ദനങ്ങളെയും നീക്കം ചെയ്യണ്ടതുണ്ട്. നമ്മുടെ അമ്മാര്‍ സ്വയം അടിച്ചമര്‍ത്തലിന്‍െറ ഇരയാകുകയും അത് തങ്ങളുടെ പെണ്‍മക്കളുടെ മേല്‍ നടപ്പാക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ ഒന്നിക്കുകയും കൂട്ടായി തന്നെ തങ്ങളുടെ അവകാശം നേടിയെടുക്കുകയും വേണം.  പലപ്പോഴും പറഞ്ഞിട്ടുളള മറുപടി ആവര്‍ത്തിക്കാം. സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതേ വസ്ത്രധാരണം ഒരു വര്‍ഷം എല്ലാ പുരുഷന്‍മാരും ഉപയോഗിക്കാനാവശ്യപ്പെടണം. കല്ലിലും മറ്റും തട്ടി കുറച്ചു വീഴട്ടെ. സ്ത്രീകള്‍ പുറകെ ഒരു ചാട്ടയുമായി പോകാം. കുറച്ചു നാളുകള്‍കൊണ്ട് കാര്യം മനസിലാകും. കുറച്ച് അനുഭവിക്കുമ്പോള്‍ പുരുഷന്‍ തന്നെ സമത്വം ആവശ്യപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. ഇത് തമാശയല്ല, പരീക്ഷിച്ചുനോക്കാവുന്നതേയുളളൂ. പക്ഷെ സ്ത്രീകള്‍ ലോകത്തെല്ലായിടത്തും നുകങ്ങളില്‍ നിന്ന് മോചിതരായി കൊണ്ടിരിക്കുകയാണ്. അധികകാലം ഇതുപോലെ തുടരാനാവില്ല. സ്ത്രീകളെ സംബന്ധിച്ച് അവര്‍ ഭൂമിയിലെ ജനസംഖ്യയുടെ പാതിവരുന്നു. അവര്‍ക്ക് ആദരവും വിദ്യാഭ്യാസവും  പുരുഷന്‍മാര്‍ ആഘോഷിക്കുന്ന സ്വാതന്ത്ര്യവും നല്‍കാതിരിക്കുമ്പോള്‍ ഈ ലോകമെന്നത് മുറിഞ്ഞ ചിറകുള്ള പക്ഷിയാണ്.പറക്കാനാവില്ല.


നിങ്ങള്‍ ഒരു സ്ത്രീ എഴുത്തുകാരിയാണോ?

ഇത് പുരുഷന് ആധിപത്യമുളള പുരുഷന്‍്റെ ലോകമാണ്. അവിടെ സ്ത്രീകളുടെ ശബ്ദം മുഴങ്ങണമെന്നും സമത്വം യാഥാര്‍ത്ഥ്യമാകണമെന്നും തന്നെയാണ് എന്‍്റെ നിലപാട്. ഇറാനിലുള്‍പ്പടെ സ്ത്രീകളെ വീടിനുളളിലും പര്‍ദയ്ക്കുളളിലും  സ്വാതന്ത്ര്യമില്ലാതെ അടച്ചിടുമ്പോള്‍ ഞാനെന്തിന് നിശബ്ദമായിരിക്കണം. എന്‍്റെ കവിതകള്‍ നല്ല പങ്കും സ്ത്രീകളെ സംബോധനചെയ്യുന്നതും അവരുടെ പ്രശ്നങ്ങള്‍ വ്യക്തമാക്കുന്നതുമാണ്. അതുകൊണ്ട് എന്‍െറ സ്ത്രീ എഴുത്തുകാരിയാക്കുന്നതില്‍ യോജിപ്പില്ല. സാഹിത്യം സാഹിത്യമാണ്. അതിനെവിഭജിക്കനോ, വര്‍ണം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വേതിരിക്കാനോ പാടില്ല.


ഇറാനിയന്‍ സാഹിത്യത്തെപ്പറ്റി?

അന്താരാഷ്ട്ര നിലവാരമുളളതാണ് ഇറാനിലെ സാഹിത്യം. പക്ഷേ, ആ സാഹിത്യം മൊഴിമാറ്റപ്പെടാതെ ബാക്കി ലോകമെങ്ങനെ അറിയുമെന്നത് മറ്റൊരു വിഷയമാണ്.  അടിച്ചമര്‍ത്തലുകളെ അതിജീവിച്ചാണ് അവിടെ സാഹിത്യം നിലനില്‍ക്കുന്നത്. പുതിയതായി നിരവധി പേര്‍ കടന്നുവരുന്നുണ്ട്.  ഷര്‍നൂഷ് പുരിസ്പോര്‍, ഗോലി തരാഗി, പെഡ്റാം മോലിയിയാന്‍, ഗ്രാനസ് മൗസാവി, നസിം ഖാക്സര്‍, ഷംലു, പാര്‍ടോ നൂറിയാല തുടങ്ങിയ നല്ല എഴുത്തകാര്‍ നിര്‍ഭയമായി എഴുതുന്നു. പ്രവാസികളായി കുറേയേറെപ്പേര്‍ വേറെയുമുണ്ട്.  ഇപ്പോള്‍ ഇറാന്‍ സാഹിത്യത്തിന്‍െറ പല സമാഹാരങ്ങള്‍ ഇറങ്ങൂന്നുണ്ട്.


വളരെയധികം ഇറാന്‍ എഴുത്തുകാര്‍ പ്രവാസികളാണ്. എന്താണ് പൊതുവില്‍ ഇവരുടെ സംഭാവന?
അതെ. വളരെയധികം ഇറാന്‍ കാര്‍ പ്രവാസികളായിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. ഇവര്‍ തങ്ങളുടെ ഓര്‍മക്കുറിപ്പുകളും നോവലുകളും പ്രസിദ്ധീകരിക്കുന്നു. 
അടുത്തിടെ പ്രസിദ്ധീകരിച്ച അത്തരം കൃതികളെല്ലാം വിജയങ്ങളായിരുന്നു. അതില്‍ നഹിദ് റാച്ചിലിന്‍, ജാസ്മിന്‍ റാസനിക്, അസര്‍ നത്ഫസി, പൊറോചിത കാഖ്പൗര്‍, അനിത അമിറിസ്വാനി, ഗിന നഹായി, സോഹറെ ഖഹ്റെമാനി എന്നിവരുടെ കൃതികള്‍ ഉള്‍പ്പെടുന്നു. ഇത്തരം രചനകള്‍ ഇറാന്‍ സാഹിത്യത്തെയും പൊതുവില്‍ ലോകസാഹിത്യത്തെയും അഭിവൃദ്ധിപ്പെടുത്തുകയാണ് ചെയ്യുന്നത്.


ഇറാനില്‍ നിന്ന് കുറേ നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട്. മറ്റ് കലാരൂപങ്ങളും?

ഇറാനില്‍ സിനിമയെടുക്കുന്നത് സാഹസമാണ്. പലരും അതിന്‍്റെ പേരില്‍ തടവിലടയ്ക്കപ്പെടുകയും വിചാരണ നേരിടുകയുമൊക്കെ ചെയ്യുന്നു. പലരും തങ്ങള്‍ക്കുളള പരിമിതമായ സ്വാതന്ത്ര്യം ശരിക്കും ഉപയോഗിക്കുന്നവരാണ്. ഇറാനിയന്‍ സിനിമകളോട് എന്നും ആദരവാണ് എനിക്കുള്ളത്്. ഞങ്ങള്‍ക്ക് ലോക നിലവാരമുള്ള സംവിധയാകരും അഭിനേതാക്കളുമുണ്ട്. അടുത്തിടെ അമേരിക്കന്‍ അക്കാദമി അവാര്‍ഡ് നേടിയ "എ സെപ്പറേഷന്‍' എന്ന സിനിമ അത്ഭുതപ്പെടുത്തുന്നു. ഇത്രയേറെ നിയന്ത്രണമുള്ളപ്പോഴും എങ്ങനെ ഇത്തരത്തില്‍ സിനിമ നിര്‍മിക്കാന്‍ കഴിയുന്നു?


കവിത എത്രമാത്രം അമേരിക്കയില്‍ സ്വീകരിക്കപ്പെടുന്നുണ്ട്?
            
വളരെ കുറച്ചുപേരെ പുസ്തകങ്ങള്‍ വായിക്കുന്നുള്ളൂ. അതിലും വളരെ കുറച്ചുപേര്‍ മാത്രമേ കവിത വായിക്കുന്നുള്ളൂ. പോയട്രി ഇന്‍ മോഷന്‍ എന്ന പരിപാടി അമേരിക്കയില്‍ നടക്കുന്നുണ്ട്. ന്യൂയോര്‍ക്ക് സിറ്റി സബ്്വേയില്‍ ട്രെയിനില്‍ യാത്ര ചെയ്ത് കവികള്‍ കവിത ചൊല്ലുന്നു. അങ്ങനെ ഒരിക്കലും കവിതയുമായി ബന്ധപ്പെടാത്തവര്‍ക്കും കവിത പരിചിതമാക്കുന്നു.  പോയട്രി സൊസൈറ്റി ഓഫ് അമേരിക്കയാണ്  ഇത്തരം നിരവധി പരിപാടികള്‍ നടത്തുന്നത്. കവിത സ്വീകാര്യമാക്കുകയാണ് ലക്ഷ്യം.  
 

താങ്കള്‍ മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. എന്താണ് ഇന്ത്യയില്‍ നിന്ന് സ്വായത്തമാക്കിയത്?
ഇന്ത്യ വേഗത്തില്‍ ഒന്നു ഓടിക്കാണുകയായിരുന്നു ഞങ്ങള്‍.  താജ്മഹല്‍ കണ്ടു. കാഴ്ചകാണാന്‍ വരുന്നവരില്‍ നിന്ന് കുറേ പണം അധികാരികള്‍ ഈടാക്കുന്നുണ്ട്. പക്ഷെ അതിനുപുറത്ത് ആഗ്ര മാലിന്യം നിറഞ്ഞ് തകര്‍ന്നടിഞ്ഞിരിക്കുന്നു. ഓരോ ദിവസവും നഗരം നശിച്ചുകൊണ്ടിരിക്കുകയാണ്. വൃത്തിഹീനമായ നഗരത്തില്‍ കുറേയേറെ ദരിദ്രരെയും ഞങ്ങള്‍ കണ്ടു. ഞങ്ങളെപ്പോലുളളവരില്‍ നിന്ന് ഈടാക്കിയ ആ പണം മുഴുവന്‍ എവിടെ പോകുന്നു. എന്തുകൊണ്ട് ഈ ജനങ്ങളുടെ പട്ടിണി മാറുന്നില്ല. കാഴ്ചകളിലെല്ലാം ഇങ്ങനെ മനോഹരവും വേദനിപ്പിക്കുന്നതുമായ രണ്ടു വശങ്ങളുണ്ട്. മനസിലുള്ള ഇന്ത്യ  വൈകാരികമായി, ദൃശ്യപരമായി, സംവോദപരമായി, ആത്മീയപരമായി സങ്കീര്‍ണമാണ്. അതെനിക്ക് വിവരിക്കാനാവില്ല. പക്ഷേ എനിക്ക് പറയാനാവും: ഇന്ത്യയെ ഞാന്‍ സ്നേഹിക്കുന്നുണ്ട്്. വീണ്ടും വരണമെന്നുണ്ട്.
 

നിങ്ങള്‍ ചിത്രകാരിയാണ്. സുന്ദരങ്ങളായ ചിത്രങ്ങള്‍ വരച്ചിട്ടുമുണ്ട്. അതെപ്പറ്റി പറയൂ?


ശരിയാണ്. ഞാന്‍ ചിത്രം വരയ്ക്കാറുണ്ട്. എണ്ണച്ചായ ചിത്രങ്ങളാണ് അധികവും വരയ്ക്കാറ്. പക്ഷെ മറ്റ് മാധ്യമങ്ങളും ഉപയോഗിക്കാനാവും. പേന പരാജയപ്പെടുമ്പോള്‍ ഞാന്‍ ബ്രഷ് കയ്യിലെടുക്കും. ചിലതെല്ലാം വാക്കുകളില്‍ ആവിഷ്ക്കരിക്കാവുന്നതിനുപുറത്താണ്. ഞാനിപ്പോള്‍ വരച്ച ചിത്രങ്ങള്‍ സമാഹരിച്ചുകൊണ്ടിരിക്കുകയാണ്.

വിവര്‍ത്തനങ്ങള്‍ ധാരാളമായി നിങ്ങള്‍ നടത്തുന്നു. ഫോറ ഫറോഖ്സാഡിന്‍െറ രചനകള്‍ "സിന്‍' എന്ന പേരില്‍ ഇംഗ്ളീഷില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്താണ് വിവര്‍ത്തനത്തില്‍ പൊതുവില്‍ സ്വീകരിക്കുന്ന രീതി?
ഫോറ ഫറൂഖ്സാദ് ആധുനിക കവികളിലെ ഏറ്റവും മികച്ച വ്യക്തിത്വമായിരുന്നു. ഞാന്‍ അവരുടെ 41 കവിതകള്‍ മൊഴിമാറ്റാനായി രണ്ട് വര്‍ഷം ചെലവിട്ടു.  അവരുടെ കവിതകളിലെ സംഗീതം ഇംഗ്ളീഷിലേക്ക് കൊണ്ടുവരാനായിരുന്നു ശ്രമം. അല്ലാതെ, അവരുടെ കൃതികള്‍ വിവര്‍ത്തനത്തിലുടെ കബന്ധങ്ങളാക്കാനായിരുന്നില്ല,  പകരം ജീവിക്കുന്ന, ശ്വസിക്കുന്ന കവിതകളാക്കുകയായിരുന്നു.അത് സുന്ദരമായ വെല്ലുവിളിയായിരുന്നു.  കാരണം  അതിന്‍്റെ സംഗീതവും ഇംഗ്ളീഷിലേക്കാക്കണം. അതില്‍ വിജയിച്ചുവെന്നാണ് പ്രതികരണങ്ങള്‍ വ്യക്യമാക്കുന്നത്.

എന്താണ് പുതിയ രചനകള്‍?

ഈ വര്‍ഷമാദ്യമാണ് ഇറാന്‍ പ്രവാസികളുടെ കവിതകളടങ്ങളിയ "ഫോര്‍ബിഡന്‍ പോയംസ്' പുറത്തിറങ്ങിയത്.അടുത്തവര്‍ഷം മാര്‍ച്ചില്‍ രണ്ട് പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധമാവും. ഒന്ന് ഞാന്‍ എഡിറ്റ് ചെയ്ത "ബ്രേക്കിംഗ് ദ ജാസ് ഓഫ് സൈലന്‍സ്' പുറത്തിറങ്ങും. രണ്ടാമത്തേത് എന്‍െറ കവിതാ സമാഹാരമാണ്: "കീപ്പിങ് ടൈം വിത്ത് ബ്ളൂ ഹിയസിന്‍ത്ത്സ്'. ഞാന്‍ വാള്‍ട്ട് വൈറ്റ്മാന്‍െറക കവിതകള്‍ മറ്റൊരു കവിക്കൊപ്പം പേര്‍ഷ്യിനിലേക്ക് മൊഴിമാറ്റുകയാണ്.

എന്താണ് താങ്കളുടെ ജീവിതാവസ്ഥ?

ഞാന്‍ ലോസ് അഞ്ചലസില്‍ ജീവിക്കുന്നു. ശാന്തമായ ജീവിതമാണ്. കാരണം വളരെയധികം എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അടുത്തിടെ എന്‍െറ കവിതകളും കവിതാ വിവര്‍ത്തനങ്ങളും സംഗീതവുമായി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സംഗീതകാരനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു.  അത് വളരെ പ്രചോദാത്മകമായിരുന്നു. വളരെയധികം യാത്ര ചെയ്യുന്നു. പുതിയ രണ്ടു പുസ്തകങ്ങളുമായി അമേരിക്കയില്‍ കഴിയുന്നത്ര നഗരങ്ങള്‍ സഞ്ചരിക്കണമെന്നാണ് ആഗ്രഹം.

ഒരു എഴുത്തുകാരിയായിരുന്നില്ളെങ്കില്‍ താങ്കള്‍ എന്താകുമായിരുന്നു?

മറ്റൊരാളായി സങ്കല്‍പിക്കുന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. അല്ളെങ്കില്‍ ഞാനിപ്പോള്‍ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊന്ന് ചെയ്യുന്നത് ചിന്തിക്കാനും സാധ്യമല്ല. പ്രശ്ചന്നവേഷ പാര്‍ട്ടികള്‍ക്കുവേണ്ടി പോലും ഞാന്‍ മറ്റൊരു വേഷം ധരിക്കാറില്ല. കാരണം എനിക്ക് മറ്റൊരാളാവുക എന്ന ഭ്രമാത്കമതയോ, ആഗ്രഹമോ   ഒട്ടുമില്ല. എനിക്ക്  ഞാനായി തുടരണം.



പച്ചക്കുതിര,  2012 ഡിസംബര്‍
http://www.pachakutira.com/detail_news.php?id=3

സമാധാനം വേണ്ടവര്‍ ജനാധിപത്യം ആഗ്രഹിക്കണം






അഭിമുഖം

ഷീമ കല്‍ബാസി/ആര്‍.കെ. ബിജുരാജ്



ഒരേ സമയം പല സമരമുഖങ്ങളില്‍ പോരാടുന്നവരുണ്ട്. വിട്ടുവീഴ്ചയില്ലാതെ, വിശ്രമിമില്ലാതെ അവര്‍ തങ്ങളുടെ കലാപം തുടര്‍ന്നുകൊണ്ടേയിരിക്കും. നിസംശയം പറയാം ഇറാന്‍ വംശജയായ ഷീമാ കല്‍ബാസി അത്തരം ഒരു ജനുസാണ്.  കവി, മനുഷ്യാവകാശ പ്രവര്‍ത്തക, ജനാധിപത്യവാദി, യുദ്ധവിരുധ പ്രവര്‍ത്തക, ആവിഷ്കാരസ്വാതന്ത്ര്യ പോരാളി, നാടക പ്രവര്‍ത്തക, വിമര്‍ശക, സംവിധായിക, നിര്‍മാതാവ്, അധ്യാപിക, ബ്ളോഗര്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ഷീമ കല്‍ബാസി സജീവമാണ്. ഈ തലങ്ങളിലെല്ലാം രാജ്യാന്തരതലത്തില്‍ ശ്രദ്ധേയയുമാണ്.
1972 നവംബര്‍ 20 ന് ഇറാനിലെ ടെഹ്റാനില്‍ ജനനം. ഇസ്ളാമിക വിപ്ളവം നടന്നയുടന്‍ കുടുംബസമേതം നാടുവിട്ടു. പിന്നീട്  പഠിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയില്‍. "എക്കോസ് ഇന്‍ എക്സൈല്‍', "സെവന്‍ വാലീസ് ഓഫ് ലവ്', "ദ പോയട്രി ഓഫ് ഇറാനിയന്‍ വിമന്‍' എന്നിവയാണ് കവിതാ സമാഹാരങ്ങള്‍. കവിതകള്‍ 17  ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. "റീല്‍ കണ്ടന്‍റ്' എന്ന സിനിമാ നിര്‍മാണ-പ്രസാധന സംരഭത്തിന്‍െറ ഡയറക്ടറാണ്. വംശീയ, മത ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നു. ബഹായി അഭയാര്‍ഥി കുട്ടികള്‍, ഇറാഖി-കുര്‍ദ് കുട്ടികള്‍, പാകിസ്താനിലെ വൈകല്യമുള്ള കുട്ടികള്‍ എന്നിവര്‍ക്ക് അധ്യാപികയായി സന്നദ്ധ സേവനം നടത്തുന്നു. ഐക്യരാഷ്ട്ര സംഘടനയ്ക്കുവേണ്ടിയും സെന്‍റര്‍ ഫോര്‍ നോണ്‍ അഫ്ഗാന്‍ റഫ്യുജീസ് ഇന്‍ പാകിസ്താനുവേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിതക്കും സാമൂഹ്യപ്രവര്‍ത്തനത്തിനും വിവിധ പുരസ്കാരങ്ങള്‍ ലഭിച്ചു. വാഷിങ്ടണ്‍ ഡി.സിയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം താമസം.


എഴുത്തില്‍ നിന്ന് തന്നെ തുടങ്ങാം. എന്താണ് താങ്കള്‍ക്ക് എഴുത്ത്? എങ്ങനെയാണ് എഴുത്തിലേക്ക് തിരിഞ്ഞത്?

എഴുത്ത് എന്നത് അഭിപ്രായ പ്രകടനത്തിന്‍െറ ഒരു മാര്‍ഗമാണ് എനിക്ക്. അതെന്നെ നിലനിര്‍ത്തുന്നു. ഞാന്‍ പല രീതിയില്‍ എഴുതുന്നു. രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, രതിജന്യം (ഇറോട്ടിക്), ചരിത്ര വസ്തുതകള്‍ എന്നിവ പലതട്ടില്‍ ഒരുമിച്ച് ചേര്‍ത്ത് എഴുതുന്നു. ഇത് ഒരു പരീക്ഷണമാണ്. ഇത്തരം പല രീതികളിലേക്ക് എഴുത്ത് നീങ്ങാന്‍ കാരണം അതെനിക്ക് ആഹ്ളാദം പകരുന്നുവെന്നാണ്. അതുപോലെ ഈ ചരിത്രകാലഘട്ടത്തിലെ എന്‍െറ ഇടപെടലാണ് എഴുത്ത്.  വളരെ ചെറുപ്പം മുതലേ ഞാന്‍ എഴുതുന്നുണ്ട്. ഏതാണ്ട് ഒമ്പത് വയസുമുതല്‍. കുട്ടിയായിരുന്നപ്പോള്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിച്ചു. പിന്നീട് എഴുത്ത് എനിക്ക് വഴങ്ങുമെന്നായപ്പോള്‍ അതില്‍ തന്നെ തുടര്‍ന്നു.


കവിതകളില്‍ സ്വയം എത്രമാത്രം ആവിഷ്കരിക്കാനാകുന്നുണ്ട്?

ഞാന്‍ മനുഷ്യഅനുഭവങ്ങളുടെ സാര്‍വത്രികതയില്‍ വിശ്വസിക്കുന്നു. അതാണ് നമ്മള്‍ മറ്റുള്ളവരുടെ കവിതകള്‍ വായിക്കാനും ആസ്വദിക്കാനുമുള്ള പൊതുചട്ടക്കൂട്. പക്ഷേ, ഓരോരുത്തരുടെയും എഴുത്തില്‍ വേറിട്ട സവിശേഷതകള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. എന്‍െറ കവിതകളില്‍ അങ്ങനെ പ്രതിഫലിപ്പിക്കുന്നത് എന്‍െറ വ്യക്തിത്വമാണ്. ഒരു പ്രത്യേക ശരീരത്തില്‍, പ്രത്യേക കാലത്ത്, പ്രത്യേക സംസ്കാരത്തില്‍ ഞാന്‍ ജീവിതം അനുഭവിക്കുന്നു. ഒരര്‍ഥത്തില്‍ ഞാന്‍  "എന്നെ'(മി) പ്പറ്റി സംസാരിക്കുമ്പോള്‍ ഞാന്‍ നമ്മളെപ്പറ്റിയാണ് (അസ്)സംസാരിക്കുന്നത്. ഞാന്‍ "നമ്മളെ' (അസ്)പ്പറ്റി പറയുമ്പോള്‍ ഞാന്‍ എന്നെപ്പറ്റിയാണ് സംസാരിക്കുന്നത്.

ആക്റ്റിവിസ്റ്റാണ് താങ്കള്‍. കവിതകള്‍ താങ്കളുടെ ആക്റ്റിവിസത്തെ കൃത്യമായി പ്രതിനിധീകരിക്കുന്നുണ്ടോ?

ഒരു മനുഷ്യാവകാശപ്രവര്‍ത്തക എന്ന നിലയില്‍, ഇറാനിയന്‍ ഭരണം നടത്തിയ കുറ്റ കൃത്യങ്ങളിലേക്കും ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രശ്നങ്ങളിലേക്കും ജനങ്ങളുടെ ശ്രദ്ധകൊണ്ടുവരാനുള്ള ഒരു മാര്‍ഗമാണ് എനിക്ക് കവിതകള്‍. ഹാര്‍വെസ്റ്റ് ഇന്‍റര്‍നാഷണല്‍ പുരസ്കാരം നേടിയ "ഹിസ്ബുള്ള' എന്ന കവിതയുണ്ട്. അതില്‍ ഞാന്‍ വിവരിച്ചത് ഇറാനിലെ വംശീയ ന്യൂനപക്ഷങ്ങളുടെ ദുരിതം, തടങ്കല്‍, രാഷ്ട്രീയ തടവുകാരുടെ വധശിക്ഷ എന്നിവയെപ്പറ്റിയാണ്. പല കവിതകളിലും ഇത്തരം ശ്രമം പ്രകടമാണ്. എത്രമാത്രം ആക്റ്റിവിസത്തെ കൃത്യമായി പ്രതിനിധീകരിക്കുന്നുവെന്ന് പറയാന്‍ ഞാനളല്ല.


താങ്കള്‍ പ്രവാസിയാണ്. എന്താണ് താങ്കളെ പ്രവാസ ജീവിതത്തിലേക്ക് നയിച്ചത്?  പ്രവാസ ജീവിതത്തെ സ്വയമെങ്ങനെ കാണുന്നു?

ഇറാനില്‍ നിലവിലുള്ള ഭരണകൂടത്തിന്‍െറ ജനനമാണ് രാജ്യം വിടാന്‍ എന്നെ പ്രേരിപ്പിച്ചത്്.  ഇറാനിലെ ഭരണകൂടത്തെപ്പറ്റി നിങ്ങള്‍ക്ക് അറിയുമായിരിക്കും. ഒരു ഉദാഹരണം നല്‍കാം. അഞ്ചുവര്‍ഷങ്ങള്‍ മുമ്പ് അമ്പത്തി മൂന്ന് ദിവസങ്ങള്‍ക്കിടയില്‍ അവിടെ എഴുപത്തിയൊമ്പത് വധശിക്ഷ നടന്നു. ഇരുപത്തിയേഴെണ്ണം പരസ്യമായ തൂക്കിലേറ്റലായിരുന്നു. അതില്‍ പന്ത്രണ്ടണ്ണം ഇറാനിയന്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാനില്‍ സ്ത്രീകള്‍ക്ക് വിവാഹമോചനത്തിന് അവസരമില്ല. അവര്‍ക്ക് രാജ്യം വിടാന്‍ ഭര്‍ത്താവിന്‍െറ അനുമതിയില്ളെങ്കില്‍ സാധിക്കില്ല. വിവാഹിതയല്ളെങ്കില്‍ അച്ഛന്‍്റെയോ രക്ഷകര്‍ത്താവിന്‍െറയോ അനുവാദം വേണം. ഇറാനില്‍ താമസിച്ചതുവരെയുളള കാലത്തില്‍ നിന്നും ഇപ്പോള്‍ സ്ഥിരമായി വായിച്ചറിയുന്നതില്‍ നിന്നും മനസിലാവുന്നത് രാജ്യത്ത് പതിവായി രാഷ്ട്രീയ പ്രവര്‍ത്തകര്‍ തടവിലാക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ്. വംശീയ ന്യൂനപക്ഷമായ കുര്‍ദുകളെ കൂട്ടക്കൊല ചെയ്യുന്നു. സര്‍വകലാശാല വിദ്യാര്‍ഥികളെ ഇല്ലാത്ത ആരോപണം ചുമത്തി തൂക്കിക്കൊല്ലുന്നു. പതിനാല് വയസായപ്പോള്‍ രാജ്യം വിടാന്‍ ഞാന്‍ തീരുമാനിച്ചു.  ഖലീല്‍ ജിബ്രാന്‍ പറയുന്നുണ്ട് ""അടിമത്തത്തേക്കാള്‍ പ്രവാസത്തിന് മുന്‍ഗണനന ല്‍കാത്തവര്‍ സ്വാതന്ത്ര്യം, സത്യം, കടമ എന്നിയുടെ ഏത് അളവ് വച്ചും സ്വതന്ത്രരല്ല' എന്ന്. ഞാന്‍ കേവലം ഇറാന്‍കാരിയായല്ല സ്വയം  കാണുന്നത്. ഞാനിപ്പോള്‍ ഡാനിഷ് പൗരയാണ്, അമേരിക്കയില്‍ താമസിക്കുന്നു.  ഒരിക്കല്‍ കൂടി പറയാന്‍ ആഗ്രഹിക്കുന്നത് ഞാന്‍ ഒരു രാജ്യത്തിന്‍െറയും പൗരയായി കണ്ടുകൊണ്ടല്ല, സ്വയം ഒരു മനുഷ്യജീവിയായി കണ്ടാണ് കാര്യങ്ങള്‍ പറയുകയും എഴുതുകയും ചെയ്യുന്നുവെന്നാണ്.

ഇസ്ളാമിക വിപ്ളവത്തെ തുടര്‍ന്നാണ് രാജ്യം വിട്ടതെന്ന് പറഞ്ഞു. അപ്പോള്‍ വിപ്ളവത്തോട് വിയോജിപ്പാണോ? 

ഇറാനിയന്‍ ജനങ്ങളുടെ ജനാധിപത്യത്തെപ്പറ്റിയുള്ള പ്രതീക്ഷയിലും അന്വേഷണത്തിലുമാണ് വിപ്ളവം തുടങ്ങുന്നത്. നിര്‍ഭാഗ്യവാശാല്‍, അതിന്‍െറ ഫലം ഭരണം മാറി രണ്ടുദിവസം മുതല്‍ കണ്ടു തുടങ്ങി. കൊലപാതകമായിരുന്നു എങ്ങും. സൈനിക ഉദ്യോഗസ്ഥരെയും ഇന്‍റലിജന്‍സ് ഓഫീസര്‍മാരെയും തെരുവില്‍ വധിക്കുകയും കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു. അത്തരം ഒരു രക്തചൊരിച്ചില്‍ ഒരു മാറ്റത്തിന്‍െറയും നല്ല തുടക്കമായിരുന്നില്ല. പിന്നിട് ബഹായികള്‍, കുര്‍ദുകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ പുതിയ സര്‍വാധിപതികളുടെ ലക്ഷ്യങ്ങളായി.

അമേരിക്കയുടെ പ്രഖ്യാപിത ശത്രുവാണ് ഇറാന്‍. യുദ്ധത്തിന് സാധ്യതയുണ്ടോ?

യുദ്ധം അമേരിക്കയുടെ ചീട്ടിലുണ്ടോ ഇല്ലയോ എന്നത് എനിക്കറിയില്ല. പക്ഷേ ഇറാന്‍ ഭരണകൂടം നടപ്പാക്കിയ മനുഷ്യാവകാശ കുറ്റകൃത്യങ്ങളോട് ലോകം നിശബ്ദത പാലിക്കുകയായിരുന്നു എന്നും. മറ്റെന്തിനും മേലെ ജനങ്ങള്‍ അതിനെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്.  ഇറാനിലെ മര്‍ദക ഭരണകൂടം ഞങ്ങളുടെ നല്ല വ്യക്തികളെ തടവറയില്‍ കൊല്ലമ്പോള്‍ ലോകം എന്തുകൊണ്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിശബ്ദത പാലിച്ചു? നമ്മളെല്ലാം സമാധാനത്തെപ്പറ്റി കേള്‍ക്കുന്നു. എന്നാല്‍ നമ്മള്‍ ഒരിക്കലും ജനാധിപത്യത്തെപ്പറി കേള്‍ക്കില്ല. എങ്ങനെയാണ് ജനാധിപത്യമില്ലാതെ സമാധാനത്തിന് പ്രവര്‍ത്തിക്കാനാവുക?


ഇറാനെതിരെ ആക്രമണം ഉണ്ടാവുമെന്ന് തന്നെ വയ്ക്കുക. അപ്പോള്‍ അമേരിക്കയില്‍ കഴിയുന്ന ഇറാന്‍കാരിയെന്ന നിലയില്‍ ജീവിതം കൂടുതല്‍ സങ്കീര്‍ണമായ ഉത്തരവാദിത്തങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും നയിക്കില്ളേ?

ഇല്ല. ഞാനൊരിക്കലും കരുതുന്നില്ല ഇറാനില്‍ ഞാന്‍ ജീവിച്ച ജീവിതത്തെക്കാള്‍ സങ്കീര്‍ണമായ ജീവിതം ഇനിയുണ്ടാകുമെന്ന്്. വാസ്തവത്തില്‍, ഒരു മനുഷ്യ ജീവിയെന്ന നിലയില്‍ എന്‍െറ അന്തസ് ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്ത രാജ്യമാണ് അമേരിക്ക.


അമേരിക്കന്‍, ഇറാന്‍ സര്‍ക്കാരുകളെ താങ്കള്‍ എങ്ങനെ വിലയിരുത്തും?


ഇറാന്‍ ഭരണകൂടത്തെയും യു.എസ് സര്‍ക്കാരിനെയും തുലനം ചെയ്യാനേ പറ്റില്ല. ഇറാന്‍ സര്‍ക്കാര്‍ തങ്ങളുടെ ജനതക്കെതിരെ കുറ്റകൃത്യങ്ങള്‍ നടത്തുകയും ലോകമെമ്പാടും ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. യു.എസിലേത് ജനാധിപത്യ സര്‍ക്കാരാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് ജനങ്ങള്‍ക്ക് എതിര്‍പ്പ് തോന്നിയാല്‍ നാല് വര്‍ഷത്തിനുശേഷം മറ്റൊരു സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ഇറാഖിലെ അബുഗരീബ് തടവറയില്‍ യു.എസ്. സര്‍ക്കാര്‍ യുദ്ധകുറ്റങ്ങള്‍ ചെയ്താലും നമ്മള്‍ അതെപ്പറ്റി വായിക്കുകയും അതില്‍ ഏര്‍പ്പെട്ടവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. പക്ഷേ, ഇത് ഇറാനിലെ നിലവിലെ ഭരണത്തില്‍ സാധ്യമല്ല.

അമേരിക്കയില്‍ വീണ്ടും ഒബാമ തെരഞ്ഞെടുക്കപ്പെട്ടു. താങ്കള്‍ എങ്ങനെയാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്?

ഒബാമ തെരഞ്ഞെടുക്കപ്പെടണമെന്നായിരുന്നു ആദ്യം മുതല്‍ക്കേയുള്ള എന്‍െറ ആഗ്രഹം. ഇറാനിലെ ഖൊമൈനിയും നെജാദിയുടെയും ഗണത്തില്‍ വരുന്നയാളല്ല ഒബാമ. ആദ്യത്തെ രണ്ടു പേരും സ്വന്തം ജനതക്കെതിരെ ക്രൈം നടത്തിയിട്ടുണ്ട്. അമേരിക്കയില്‍ നടന്ന തെരഞ്ഞെടുക്കല്‍ പ്രക്രിയയെങ്കിലും ഇറാന്‍ സ്വായത്തമാക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു. സ്ഥാനാര്‍ഥികള്‍ നടത്തിയ പരസ്യ സംവാദം എന്നത് ഇറാനില്‍ സങ്കല്‍പിക്കാനേയാവില്ല.


അമേരിക്കയില്‍ ധാരാളം മനുഷ്യാവകാശ ലംഘനം നടക്കുന്നു. മുമിയ അബു ജമാലിനെപോലുള്ളവര്‍ ജയിലിലാണ്. മറിലിന്‍ ബക്കിനെപ്പോലുള്ള കവികള്‍ മരണത്തിന് തൊട്ടുമുമ്പാണ് മോചിപ്പിക്കപ്പെട്ടത്..?

ഞാന്‍ വിയോജിക്കുന്നു. അമേരിക്കയയില്‍ വളരെയധികം മനുഷ്യാവകാശ ലംഘനം നടക്കുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ നമ്മള്‍ അതെപ്പറ്റി കേട്ടേനെ. മുമിയ അബു ജമാലിന്‍െറതുപോലുള്ള എത്ര സംഭവങ്ങളുണ്ട്? മറിലിന്‍ ബക്കിന്‍െറ കാര്യത്തില്‍ കാര്യം വ്യത്യസ്തമാണ്. അമേരിക്കയുടെ ഗ്രെനെഡ അധിനിവേശത്തില്‍ പ്രതിഷേധിച്ച് യു.എസ്് കാപ്പിറ്റോള്‍ ബില്‍ഡിംഗില്‍ ബോംബ് സ്ഫോടനം നടത്തിയതിന്, "ചെറുത്തുനില്‍പ് ഗൂഢാലോചന കേസി'ലാണ് മറിലിന്‍ ബക്കിനെയും ആറുപേരെയും ശിക്ഷിച്ചത്.
അമേരിക്കന്‍ ഐക്യനാടുകള്‍ ഒരിക്കലും പരിപൂര്‍ണമല്ല. പക്ഷേ ജനാധിപത്യം അതിന്‍െറ മെച്ചപ്പെട്ട അവസ്ഥയില്‍ തുടരുന്ന രാജ്യമാണ് അമേരിക്ക.


പക്ഷേ, സെപ്റ്റംബര്‍ 11 ന് ശേഷം പശ്ചിമേഷ്യയിലെയും ഏഷ്യയിലെയും ആളുകള്‍ അമേരിക്കയിലും യൂറോപ്പിലും സംശയത്തോടെയാണല്ളോ വീക്ഷിക്കപ്പെടുന്നത്...

അതെ. വിമാനത്താവളത്തില്‍ പോകുമ്പോള്‍ എനിക്ക് അത് അനുഭവപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ വാഷിങ്ടണ്‍ ഡി.സിയിലെ ഗവേഷണ കേന്ദ്രം ഡയറക്ടറായ ഭര്‍ത്താവ് വിമാനത്തില്‍ വച്ച് അവഹേളിക്കപ്പെട്ടു. അദ്ദേഹത്തിന്‍െറ സുരക്ഷ അപകടത്തിലായി. ബിസിനസ് ട്രിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്നു അദ്ദേഹം. പക്ഷേ, അമേരിക്ക എന്ന സ്ഥലത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ ആകുലതകളും പ്രശ്നങ്ങളും ഉയര്‍ത്താം. അത് കേള്‍ക്കപ്പെടും.


താങ്കള്‍ ഇപ്പോഴുള്‍പ്പടെ ഇറാന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. ഇറാനിലേക്ക് പോകുന്ന അവസരത്തില്‍ അത് നിങ്ങളെ ബാധിക്കാന്‍ സാധ്യതയില്ളേ? താങ്കള്‍ അടുത്ത് ഇറാന്‍ സന്ദര്‍ശിച്ചിരുന്നോ?

ഞാന്‍ ഇറാനില്‍ പോവാറില്ല. ഇറാനില്‍ വിട്ടിട്ട് മൂന്ന് പതിറ്റാണ്ടു കഴിഞ്ഞു. പതിനഞ്ച് വര്‍ഷം മുമ്പ് അമ്മൂമ്മ മരിച്ചപ്പോള്‍ ഇറാനില്‍ പോയിരിന്നു. ആ സന്ദര്‍ശനമാണ് കൂടുതല്‍ ശക്തമായി ആകുലതകള്‍ ലോകത്തോട് പറയാന്‍ എന്നെ പ്രേരിപ്പിച്ചത്.  ആ സന്ദര്‍ശനത്തിന് ശേഷം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഞാന്‍  കണ്ട കാര്യങ്ങളും അനുഭവവും എഴുതിയിരുന്നു. ഇറാനിയാന്‍ ടൈംസില്‍ ഞാന്‍ എഴുതിയത് ഇങ്ങനെയാണ്: "പുതിയ നൂറ്റാണ്ടിന്‍െറ തൊട്ടുമുമ്പ് വേദനയോടെയും ദു:ഖത്തോടെയും ഞാന്‍ കണ്ടത് ദാരിദ്ര്യം ഭീകരമായി ആക്രമിച്ച കറുത്ത ഇറാനെയാണ്. 2000 ത്തെപ്പറ്റിയുള്ള എന്‍െറ കുട്ടിക്കാല സ്വപ്നം റോക്കറ്റ് മാതൃകയിലുള്ള കാറുകളും ചാന്ദ്ര കോളനികളും വൈദ്യുതി ടൂത്ത് ബ്രഷുകളുമാണ്! തെഹ്റാനെ യാചകരുടെയും നഗ്നപാദരും കവിളിലും ദേഹത്തും അഴക്കുപുരണ്ടതുമായ കുട്ടികളുടെയും നഗരമായി കണ്ടത് നിരാശപരത്തി. ഇരുണ്ട സൂര്യന്‍ മുന്‍സിപ്പല്‍ കെടുകാര്യസ്ഥയുടെ തടിച്ച കറുത്ത മേഘങ്ങള്‍ക്കിയിലൂടെ ശ്വസിക്കുന്നു. 2000 ല്‍ ഇറാന്‍ എന്നത് സബ്സിഡിയെ അടിസ്ഥാനമാക്കിയ സാമ്പത്തിക വ്യവസ്ഥയാണ്, അതായത് ജനങ്ങള്‍ക്ക് അതിജീവനത്തിന് വയര്‍ നിറക്കാന്‍ സബ്്സിഡി വേണം. ഇതെന്നത് കൂടുതല്‍ ദുരിതങ്ങളിലേക്കുള്ള അതിജീവനമാണ്. സ്ത്രീധനങ്ങള്‍ സ്വീകരിക്കാനും, അടിച്ചമര്‍ത്തലിന്‍െറ തടവറയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട കന്യകമാരുടെ രക്തത്തിന് പകരം അപ്പം മേടിക്കുന്നതിലേക്കുമുള്ള അതിജീവനം. തങ്ങളുടെ സഹജീവികള്‍ നെഞ്ചിനൊപ്പം ആഴമുള്ള കുഴികളില്‍ മൂടപ്പെടുന്നതിനും, ഓരിയിടുന്ന രക്തദാഹികളായ മൃഗങ്ങളുടെ കല്ളെറിഞ്ഞ് കൊല്ലുന്നതിനും സാക്ഷിയാകുന്നതിലേക്കുള്ള അതിജീവനം. ചോദ്യം ചെയ്യുന്നതുപോലും-അതെ ഈ രക്തച്ചൊരിച്ചിലിനെ ചോദ്യം ചെയ്യുന്നതുപോലും- മരണശിക്ഷക്ക് വിധിക്കപ്പെടുന്നതിലേക്കുള്ള അതിജീവനം. വ്യക്തിപരവും ബൗദ്ധികവുമായ സ്വാതന്ത്ര്യവും അസംബന്ധമാകുന്നു, നമ്മളുടെ നീതിയും അതിനെല്ലാമുപരി നമ്മുടെ മനുഷ്യ അന്തസുമെല്ലാം അസംബന്ധങ്ങളാകുന്നു.

ഇറാനില്‍ ഇപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതായി കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് സെര്‍ബിഡാറന്‍ മാവോയിസ്റ്റുകള്‍. അവര്‍ക്ക് കാര്യമായ പങ്ക് വഹിക്കാനാകുന്നുണ്ടോ?

സെര്‍ബിഡാറന്‍ എന്നത് ചെറിയ സംഘമാണ്. വടക്കന്‍ ഇറാനിലെ കാട്ടില്‍ മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കുന്ന സംഘം. നിര്‍ഭാഗ്യവശാല്‍ മറ്റേതൊരു രാഷ്ട്രീയ പ്രവര്‍ത്തകരെയും പോലെ കമ്യൂണിസ്റ്റുകളും അറസ്റ്റ് ചെയ്യപ്പെടുകയും വധശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്യുന്നു. ചിലര്‍ രാജ്യം വിട്ട് പോയി. യഥാര്‍ഥത്തില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടക്ക് പല ഇറാനിയന്‍ ബുദ്ധിജീവികളും ഇടതുപക്ഷ പ്രവണത കാട്ടിയവരാണ്. അതില്‍ നല്ല പങ്കും ഇറാന്‍ വിപ്ളവത്തെ പിന്തുണച്ചു. പക്ഷേ പിന്നീട് അറസ്റ്റ് ചെയ്യപ്പെടുകയും ഒരിക്കല്‍ തങ്ങള്‍ പിന്താങ്ങിയ ഭരണത്താല്‍ കുറ്റം വിധിക്കപ്പെട്ടു വധശിക്ഷക്ക് വിധേയാരയ്ക്കപ്പെടുകയും ചെയ്തു.


കവിതയിലെ പരീക്ഷണങ്ങള്‍


കവിതയില്‍ പുതിയ രീതികള്‍ കൊണ്ടുവന്നു. അതെപ്പറ്റി?

കവിതയില്‍ ഞാന്‍ പരീക്ഷണങ്ങള്‍ പലപ്പോഴായി നടത്തിയിട്ടുണ്ട്. മറ്റുള്ളവരുമായി ചേര്‍ന്ന് കവിത എഴുതുകയാണ് അതിലൊന്ന്. വ്യത്യസ്ത രാജ്യങ്ങളിലെ എഴുത്തുകാരുമായി ചേര്‍ന്നാണ് കൂട്ടായി കവിത എഴുതിയത്. മറ്റൊന്ന് കവിതയില്‍ തിരശ്ചീനവും ലംബവുമായ രചനാ രീതി പരീക്ഷിച്ചു. അതെന്നത്  രസകരമാണ്. കുറഞ്ഞപക്ഷം ഞാന്‍ അത് ആസ്വദിക്കുന്നു. അതെന്നത് ഒരു വരി  മറ്റൊന്നിന് സമാന്തരമാണ്. കവിത തിരശ്ചീനമായും ലംബമായും വായിക്കാം.

മറ്റുള്ളവരുമായി ചേര്‍ന്ന് താങ്കള്‍ കവിത എഴുതിയതിനെപ്പറ്റി പറഞ്ഞു. അത് അത്ര ലളിതമാണോ?


എന്നെ സംബന്ധിച്ച് മറ്റ് കവികളുമായി ചേര്‍ന്ന് കവിത എഴുതുക എളുപ്പവും ആനന്ദകരവുമാണ്. ഞാന്‍ റോജര്‍ ഹ്യൂം, റോണ്‍ ഹഡ്സണ്‍ എന്നീ രണ്ട് അമേരിക്കന്‍ കവികളുമായും ഇറ്റാലിയന്‍ കവി അലെസിയോ സാനെല്ലി,  ഈജിപ്ത്-ലബനനീസ് കവി യാഹിയ ലാബാബിദിയുമായും ചേര്‍ന്ന് കവിത എഴുതിയിട്ടുണ്ട്. ഇതെല്ലാം ഇംഗ്ളീഷിലായിരുന്നു. അതുപോലെ പേര്‍ഷ്യന്‍ കവിതകള്‍ നാനാമുമായി  (ഹൊസൈന്‍ മാര്‍ട്ടിന്‍ ഫാസെലി)ചേര്‍ന്ന് എഴുതിയിട്ടുണ്ട്. അദ്ദേഹം ഇറാന്‍-കനേഡിയന്‍ കവിയും സിനിമാ സംവിധയാകനുമാണ്. ഇത് ആശയ ഐക്യം, രണ്ടു കൂട്ടരുടെയും രചനാ രീതി എന്നിവയുമായി ചേര്‍ന്നാണ് പോവുക.


താങ്കള്‍ വിവര്‍ത്തനത്തില്‍ സജീവമാണ്. എന്താണ് വിവര്‍ത്തനത്തിന് പൊതുവെ സ്വീകരിക്കുന്ന രീതി? വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതാണ് കവിത എന്ന വാക്യത്തിന്‍െറ അടിസ്ഥാനത്തില്‍ വിവര്‍ത്തന സംരംഭങ്ങളെ എങ്ങനെ കാണും?

ഞാനുമായി ബന്ധപ്പെട്ടിരിക്കുന്ന കവിതകള്‍ മാത്രമേ ഞാന്‍ വിവര്‍ത്തനം ചെയ്യാറുള്ളൂ. അതായത് മാനസികവും രാഷ്ട്രീയപരമായുമെല്ലാം.വിവര്‍ത്തനത്തെ കേവലം വിവര്‍ത്തനമായി ഞാന്‍ കാണാറില്ല. കവിതകളുടെ വിവര്‍ത്തനത്തില്‍ യഥാര്‍ഥ കവിതയുടെ വികാരവും ഭാവവും തലങ്ങളും സംഗീതവും സന്നിവേശിപ്പിക്കണം. അതിനുവേണ്ടിയാണ് ഞാന്‍ ശ്രമിക്കാറ്.


കവിതകളില്‍ കാണുന്ന അസ്വസ്ഥകളും രോഷവും വായനക്കാരന് വായിച്ചറിയാം. കവി അസ്വസ്ഥയാണോ?

അതെ. ഞാന്‍ അസ്വസ്ഥയാണ്. എനിക്കുവേണ്ടതെല്ലാം ഒരുക്കിത്തരാന്‍ മാതാപിതാക്കള്‍ക്കയി. പക്ഷേ ഞാന്‍ ജനിച്ചത് ഇറാനിലാണ്. കൗമാരക്കാരിയായി ഇറാന്‍ വിടുന്നതിന് മുമ്പ് സര്‍വാധിപത്യം എന്തെന്ന് നേരിട്ട് അനുഭവിച്ചു. അതുകൊണ്ട് തന്നെ അസ്വസ്ഥതകളും ആകുലതകളുമുണ്ട്.

സ്ത്രീ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും കവിതകള്‍ തീവ്രമാകുന്നു...

ഞാന്‍ പ്രാഥമികമായി എഴുതുന്നത് ഒരു മനുഷ്യ ജീവിയായാണ്, സ്ത്രീയയാല്ല. ആളുകള്‍ പറയാന്‍ ഇഷ്ടപ്പെടുന്നു ഞാനൊരു സ്ത്രീ ആക്റ്റിവിസ്റ്റാണെന്ന്. സ്ത്രീ ആക്റ്റിവിസ്റ്റാണെന്നതോ ഫെമിനിസ്റ്റാണെന്നതോ ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ ആദ്യമായും പ്രധാനമായും ഞാന്‍ മനുഷ്യാവകാശ ആക്റ്റിവിസ്റ്റാണ്. ഞാന്‍ തുല്യതയില്‍ വിശ്വസിക്കുന്നു, അതിനാല്‍ സ്വയം ആദ്യം സ്ത്രീയാണെന്ന് കരുതുന്നില്ല. ഇതെന്‍െറ കവിതയിലും കലയിലും ബാധകമാണ്. അത്തരം ഒരു തലത്തില്‍ നിന്ന് എഴുതുന്നതും, സ്ത്രീ പ്രശ്നങ്ങള്‍ ഞാന്‍ കൂടുതല്‍ തീവ്രമായി കൈകാര്യം ചെയ്യുന്നുവെന്ന മട്ടില്‍ വായനക്കാര്‍ വിലയിരുത്തുന്നുണ്ട്.


"അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക്' എന്ന കവിതയില്‍ ശക്തമായ പ്രാദേശിക ചേരുവകള്‍ കാണാാം. താങ്കള്‍ അഫ്ഗാനില്‍ കഴിഞ്ഞിട്ടുണ്ടോ?

ഞാനൊരിക്കലും അഫ്ഗാനിസ്ഥാനില്‍ പോയിട്ടില്ല. എണ്‍പതുകളില്‍ പാകിസ്താനില്‍ ജീവിച്ചപ്പോള്‍ ഞാന്‍ യു എന്‍ എച്ച് സി ആറിന് വേണ്ടി പ്രവര്‍ത്തിച്ചു. അങ്ങനെ അഫ്ഗാന്‍െറ ദുരിതങ്ങളെപ്പറ്റി നന്നായി അറിയാനായി. ഡെന്‍മാര്‍ക്കില്‍ താമസിക്കാനായി പോയപ്പോഴാണ് അഫ്ഗാനില്‍ താലിബാന്‍ അധികാരത്തില്‍ വരുന്നത്. അപ്പോഴാണ് ആ കവിത എഴുതാന്‍ ഞാന്‍ നിശ്ചയിക്കുന്നത്. 1998 ല്‍ പ്രസിദ്ധീകരിച്ചു. കവിതക്ക് വളരെയേറെ ശ്രദ്ധ ലഭിച്ചു.  അത് പല സമാഹാരങ്ങളിലും ഉള്‍പ്പത്തെി. അത് ഇന്ത്യയിലുള്‍പ്പടെ പല കോളജുകളിലും സ്കൂളുകളിലും പഠനവിഷയമായി. അത് ചില കലാകാരന്‍മാര്‍ ചിത്രത്തിനും കലക്കും വിഷയമാക്കി.


ഇറാന്‍കാരായ പ്രവാസി എഴുത്തുകാരെപ്പറ്റി...?

പ്രവാസി എഴുത്തുകള്‍ പേര്‍ഷ്യന്‍ സാഹിത്യത്തിന് മാത്രമല്ല ലോക സാഹിത്യത്തിന് തന്നെ ധാരാളം സംഭാവനകള്‍ നല്‍കുന്നുണ്ട്. ചരിത്രത്തിലെമ്പാടും പ്രവാസികളും കുടിയേറ്റ എഴുത്തുകാരും പുതിയ അതിര്‍ത്തികള്‍ കണ്ടത്തെുന്നതിലും അനുഭവങ്ങള്‍ വിവരിക്കുന്നതിലും പുതിയ ആവിഷ്കാര രൂപങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. റഷ്യ പ്രവാസിഎഴുത്തുകാരായ മറിയന്‍ ട്സ്വെറ്റീവ, ജോസഫ് ബ്രോഡ്സ്കി, ജര്‍മന്‍കാരനായ പോള്‍ കീലന്‍ എനിവരെ ഒര്‍ക്കുക. ഇത് പേര്‍ഷ്യന്‍ സാഹിത്യത്തിനും ബാധകമാണ്. പക്ഷേ, ഇന്ന് ഇറാന്‍ പ്രവാസി എഴുത്തുകരെ അധികം ലോകം അറിയുന്നുണ്ടാവില്ല. പക്ഷേ, അതുണ്ടാവുന്ന കാലം വരും. 

താങ്കള്‍ സിനിമാ  രംഗത്തും പ്രവര്‍ത്തിക്കുന്നു. ഇറാനിയന്‍ സിനിമകള്‍ക്ക് ലോകമെങ്ങും അംഗീകാരം ലഭിക്കുന്നു...?

ഇറാന്‍ സിനിമകള്‍ എനിക്കിഷ്ടമാണ്. ഡാരിയുഷ് മെഹര്‍ഗുയിയുടെ "ഗാവ്', അബ്ബാസ് കിയറോസ്താമിയുടെയുടെ "ദ വിന്‍ഡ് വില്‍ കാരി അസ'് തുടങ്ങിയ സിനിമകള്‍ വളരെ പ്രിയപ്പെട്ടതാണ്. പക്ഷേ പൊതുവില്‍ ഇറാന്‍ സിനിമാ ആരാധികയല്ല. അന്താരാഷ്ട്ര തലത്തില്‍ ഇറാനിയന്‍ സിനിമയുടെ വിജയത്തില്‍ സന്തോഷമുണ്ട്. ഈ സിനിമകള്‍ എന്‍െറ സംസ്കാരത്തിന്‍െറ സമ്പന്നതയിലേക്കും ഇറാന്‍ ജനത അഭിമുഖീകരിക്കുന്ന പ്രശനങ്ങളിലേക്കും ശ്രദ്ധകൊണ്ടുവരുന്നുവെന്നത് ഗുണകരമാണ്. "സെന്‍ഡാനെ സനാന്‍', വിമന്‍സ് പ്രിസണ്‍ പോലുള്ള സിനിമകളെപ്പറ്റിയാണ് പറയുന്നത്. ന്യയോര്‍ക്ക് ടൈംസില്‍ ഒരു പ്രശസ്ത സിനിമാ വിര്‍മശകന്‍ കിരോസ്താമിയെ ജീവിച്ചിരിക്കുന്ന ഏറ്റവലും പ്രധാനപ്പെട്ട സംവിധായകനെന്ന വിശേഷിപ്പിച്ചു. അതൊരു വലിയ പത്രത്തിന്‍െറ വലിയ പ്രസ്താവമാവാം. കിരോസ്താമി സിനിമയോട് ഭ്രാന്തമായ ആരാധനയില്ളെങ്കിലും ആ പ്രസ്താവന എന്നെ സന്തോഷവതിയാക്കുന്നു.

നിങ്ങള്‍ എഴുതുന്നത് കൂടുതലും ഇംഗ്ളീഷിലാണ്. ഗൂഗി വാ തിയോംഗ വാദിക്കുന്നത് പ്രാഥമികമായും സ്വന്തം ഭാഷയില്‍ ഒരാള്‍ എഴുതുന്നതിനെപ്പറ്റിയാണ്...

ഞാന്‍ ഇംഗ്ളീഷിലാണ് എഴുതുന്നത്. പക്ഷേ ഞാന്‍ പേര്‍ഷ്യനിലും ഡാനിഷിലും എഴുതുന്നു. സത്യത്തില്‍ സമകാലിക ഇറാനിയന്‍ കവികളില്‍ പേര്‍ഷ്യനിലെ താളത്തിനും രീതിക്കും അനുസരിച്ച് എഴുതുന്നവരില്‍ ഒരാളാണ് ഞാന്‍.ശരിക്കും ഒരു എഴുത്തുകാരന് കൂടുതല്‍ നന്നായി എഴുതാനാവുന്ന ഭാഷയില്‍ എഴുതുകയാണ് വേണ്ടത്.


അമേരിക്കന്‍ സാഹിത്യത്തെപ്പറ്റി.. ?

ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ട അമേരിക്കന്‍ എഴുത്തുകാരന്‍ വോനിഗട്ട്യായിരുന്നു. അമേരിക്കയില്‍ വളരെയധികം നല്ല എഴുത്തുകാരുണ്ട്. ഉപ്ഡിക്  പ്രധാനപ്പെട്ടയാളായിരുന്നു.  ബെ്ള ഇപ്പോഴുമെഴുതുന്നു.അതിനേക്കാളെല്ലാം അമേരിക്കക്ക്  ലോകസാഹിത്യത്തിന്‍െറ കടലില്‍ സ്വന്തമായി ഒരു ദ്വീപുണ്ട്. 


സാഹിത്യത്തിലെ വേര്‍തിരിവുകളെപ്പറി എന്തുപറയും? പെണ്ണെഴുത്ത് എന്നിങ്ങനെ സാഹിത്യത്തെ വേര്‍തിരിക്കുന്നതിനെ അംഗീകരിക്കുന്നോ?

ഇല്ല. ഞാന്‍ ഏകപക്ഷീയമായ വേര്‍തിരിക്കലകളെ ഇഷ്ടപ്പെടുന്നില്ല. എനിക്ക് സാഹിത്യത്തിന്‍െറ രണ്ട് വിഭാഗങ്ങളെ അറിയൂ. നല്ല സാഹിത്യവും ചീത്ത സാഹിത്യവും. സാഹിത്യത്തില്‍ കാലവധികഴിഞ്ഞ് മൃതമായ ഒന്നും ഞാനിഷ്ടപ്പെടുന്നില്ല.


ഇന്ത്യയെപ്പറ്റി എത്രമാത്രം അറിയാം?

എന്‍െറ അമ്മയുടെ അമമായി ഇന്ത്യയിലെ സിഖ് സമുദായംഗത്തെയാണ്  വിവാഹം ചെയ്തത്. അതിനാല്‍ മറ്റെന്തിനെക്കാളും മുമ്പ് ഞാന്‍ അറിഞ്ഞ ഒന്ന് ഇന്ത്യയാവും. ചരിത്രത്തില്‍ ഇന്ത്യയും പേര്‍ഷ്യയും അയല്‍രാജ്യങ്ങളായിരുന്നു. ഇന്നത്തെ അകലം അന്നില്ല. പരസ്പരം നിരവധി കൊടുക്കല്‍ വാങ്ങലുകളുണ്ടായിട്ടുണ്ട്. 1400 വര്‍ഷം മുമ്പ് അറബ് അധിനിവേശമുായപ്പോള്‍ ലക്ഷക്കണക്കിന് പേര്‍ഷ്യക്കാര്‍ പേര്‍ഷ്യവിട്ടു. അതാണ് നമ്മുടെ ചരിത്രത്തിലെ ആദ്യത്തെ  പലായനക്കാര്‍. അവരില്‍ നല്ല പങ്കും എങ്ങോട്ടാണ് പോയത്? ഇന്ത്യയിലേക്ക്. നമ്മുടെ മഹത്തായ കവികളില്‍ ഒരാളായ ബിദല്‍ ഡെഹ്ലവി ഇന്ത്യയിലാണ് വളര്‍ന്നത്്. അദ്ദേഹത്തിന്‍െറ ഡെല്‍ഹവി എന്നതിന് അര്‍ഥം ഡെല്‍ഹിയില്‍ നിന്നുള്ളയാളാണ്. അങ്ങനെ വളരെയധികം ബന്ധങ്ങളുണ്ട്. 


അവസാനമായി, സാങ്കല്‍പിക ചോദ്യം കൂടി. എഴുത്തുകാരിയായിരുന്നില്ളെങ്കില്‍ താങ്കള്‍ ആരാകുമായിരുന്നു?


ഞാന്‍ നഴ്സിങ് പഠിച്ചിട്ടുണ്ട്. ഒരു നഴ്സാവുമായിരുന്നോ? എനിക്കറിയില്ല.  ഒമ്പതാം വയസിലാണ് നഴ്സിങ് പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. അതേ ഘട്ടത്തിലാണ് കവിത എഴുതാന്‍ തുടങ്ങിയതും. ജീവിതത്തില്‍ എഴുത്തുകാരിയല്ലാതെ മറ്റെന്തെങ്കിലും ചെയ്യാനാവുമായിരുന്നു എന്നു കരുതുന്നില്ല. അതേ സമയം ജീവിതാനുഭവം എന്നെ പഠിപ്പിച്ചത് എന്‍െറ വഴിയില്‍ അടുത്തതെന്താണ്  എന്ന് നിശ്ചയമില്ലാത്ത അവസ്ഥയാണ്. ജീവിതം അനിശ്ചിതത്വത്തിലാവാം. അല്ലാതാവാം. അതില്‍ നിശ്ചയമില്ല.

പച്ചക്കുതിര ഐറ്റം, 2012 ഡിസംബര്‍