Thursday, September 8, 2011

വാക്കിന്റെ കൂടെരിയുന്നു

എസ്.എസ്.എല്‍.സി.
മലയാള പാഠ പുസ്തകം
പേജ് 9-11
വാക്കിന്റെ കൂടെരിയുന്നു

ഗൂഗി വാ തിഓംഗോ


ഞാനൊരു വലിയ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്-അച്ഛന്‍, നാല് ഭാര്യമാര്‍, ഇരുപത്തിയെട്ട് മക്കള്‍. അക്കാലത്തേതുപോലെ വളര്‍ന്നു പന്തലിച്ച, മൊത്തത്തില്‍ ഒരു സമൂഹം പോലുളള കുടുംബം.
വയലുകളില്‍ പണിയെടുത്തിരുന്ന ഞങ്ങള്‍ ഗികുയു സംസാരിച്ചു. വീടിനുളളിലും പുറത്തും ഞങ്ങള്‍ ഈ ഭാഷയാണ് സംസാരിച്ചത്. തീകൂട്ടി ചുറ്റുമിരുന്ന് കഥ കേട്ടിരുന്ന അക്കാലത്തെ സായാഹ്‌നങ്ങള്‍ ഞാന്‍ നന്നായി ഓര്‍മിക്കുന്നുണ്ട്. അതില്‍ മിക്കവാറും മുതിര്‍ന്നവര്‍ കുട്ടികള്‍ക്കായിട്ടാണ് കഥകള്‍ പറഞ്ഞിരുന്നതെങ്കിലും എല്ലാവരും അത് ആസ്വദിച്ചിരുന്നു. ഞങ്ങള്‍ അടുത്ത ദിവസം മറ്റ് കുട്ടികള്‍ക്കായി ആ കഥകള്‍ പറഞ്ഞു കൊടുക്കും. യൂറോപ്പുകാരുടെയും ആഫ്രിക്കയിലെ ജന്മികളുടെയും പാടത്തും പൂക്കള്‍ ശേഖരിക്കുന്ന സ്ഥലത്തും തേയില കൊളുന്തുകള്‍, കാപ്പിക്കുരുകള്‍ എന്നിവ ശേഖരിക്കുന്ന ഇടങ്ങളിലും പണിയെടുത്തിരുന്നവരായിരുന്നു ആ കുട്ടികള്‍.
ഗികുയുവില്‍ പറഞ്ഞുതന്ന മിക്ക കഥകളിലും മൃഗങ്ങളായിരുന്നു കഥാപാത്രങ്ങള്‍. ചെറുതും ദുര്‍ബലനുമെങ്കിലും സൂത്രശാലിയായ മുയലായിരുന്നു ഞങ്ങളുടെ നായകന്‍. സിംഹം, പുളളിപ്പുലി, കഴുതപ്പുലി തുടങ്ങിയ ക്രൂര മൃഗങ്ങള്‍ക്കെതിരെ പോരാടുന്ന മുയലിനെ നായകനായി ഞങ്ങള്‍ അംഗീകരിച്ചു. അവന്റെ വിജയങ്ങള്‍ ഞങ്ങളുടെ വിജയങ്ങളായിരുന്നു. അവനില്‍ നിന്നു ഞങ്ങള്‍ ഒരു പാഠം ഗ്രഹിച്ചു. പ്രത്യക്ഷത്തില്‍ ദുര്‍ബലനായവന് ശക്തനെ ബുദ്ധികൊണ്ട് തോല്‍പ്പിക്കാം. വരള്‍ച്ച, അതിവര്‍ഷം, സൂര്യതാപം, ശക്തമായ കാറ്റ് തുടങ്ങിയ പ്രതികൂലമായ പ്രകൃതിയെ നേരിടുന്ന മൃഗങ്ങളെ ഞങ്ങള്‍ പിന്തുടര്‍ന്നു. പ്രകൃതിയുമായുള്ള ഇത്തരം ഏറ്റുമുട്ടല്‍ മിക്കപ്പോഴും സഹകരണത്തിന്റെ പുതിയ രൂപങ്ങള്‍ തേടാന്‍ കഥകളിലെ ദുര്‍ബലരെ പ്രേരിപ്പിച്ചിരുന്നു. അവര്‍ക്കിടയിലെ പരസ്പരമുളള പേരാട്ടങ്ങളും ഞങ്ങളെ രസിപ്പിച്ചു, പ്രത്യേകിച്ച് മൃഗങ്ങളും ഇരകളും തമ്മിലുളള പോരാട്ടം. പ്രകൃതിക്കും മറ്റ് മൃഗങ്ങള്‍ക്കുമെതിരെയുളള ഇരട്ട പോരാട്ടം മനുഷ്യലോകത്തിന്റെ യഥാര്‍ത്ഥ ജീവിത പോരാട്ടങ്ങളെയാണ് പ്രതിഫലിപ്പിച്ചത്.
മനുഷ്യന്‍ മുഖ്യ കഥാപാത്രമായ കഥകളും ഞങ്ങള്‍ വിട്ടുകളഞ്ഞില്ല. മനുഷ്യകേന്ദ്രീകൃതമായ കഥകളില്‍ രണ്ട് തരം കഥാപാത്രങ്ങളാണുണ്ടായിരുന്നത്. ധീരത, കാരുണ്യം, തിന്‍മയോടുളള എതിര്‍പ്പ്, മറ്റുളളവരോട് സഹാനുഭൂതി തുടങ്ങിയ യഥാര്‍ത്ഥ സ്വഭാവ സവിശേഷതകളുളളവര്‍. രണ്ടാമത്തേത് മനുഷ്യഭോജികളെന്ന നിലയില്‍ രണ്ട് വായകളുളള, ആര്‍ത്തി, സ്വാര്‍ത്ഥത, ഞാനെന്ന ഭാവം, വിശാലമായ സഹകരണത്തിലുളള സമൂഹമെന്ന നന്മകളോടുളള വെറുപ്പ് എന്നിവയുളളവര്‍. സമൂഹത്തില്‍ അത്യന്തികമായ നന്മ സഹകരണമാണ്; അതായിരുന്നു സ്ഥിരമായ പ്രമേയവും. രാക്ഷസന്‍മാര്‍ക്കും ഇരതേടുന്ന മൃഗങ്ങള്‍ക്കുമെതിരെ മനുഷ്യനും മൃഗങ്ങളും ഒന്നിക്കുന്ന കഥയുമുണ്ടായിരുന്നു. വീട്ടില്‍ നിന്ന് അകന്ന് ജോലി ചെയ്യുന്ന കൊല്ലന്റെ ഗര്‍ഭിണിയായ ഭാര്യ മനുഷ്യനെ തിന്നുന്ന, ഇരട്ട വായുളള ഭീകരസത്വത്തെ പേടിച്ച് വീടിനുളളില്‍ കഴിയുമ്പോള്‍ ആവണക്കെണ്ണയുമായി എത്തുന്ന പ്രാവിന്റെ കഥപോലെയുളളതാണ് അത്.
നന്നായും മോശമായും കഥപറയുന്നവരുണ്ടായിരുന്നു അവിടെ. നല്ല കഥപറച്ചിലുകാരന്‍ ഒരേ കഥ തന്നെ പലവട്ടം ആവര്‍ത്തിക്കും. അത് ഞങ്ങള്‍, ശ്രോതാക്കള്‍ക്ക് പുതിയ അനുഭൂതി പകര്‍ന്നുകൊണ്ടിരിക്കും. മറ്റാരോ പറഞ്ഞ കഥ അവന്‍/അവള്‍ക്ക് കൂടുതല്‍ സജീവമായി, നാടകീയമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു. വാക്കുകളുടെയും ബിംബങ്ങളുടെയും ഉപയോഗത്തിലും വിവിധ സ്വരങ്ങള്‍ സൃഷ്ടിക്കുന്നതിനുളള ശബ്ദ ക്രമീകരണത്തിലുമായിരുന്നു വ്യത്യസ്തതകള്‍.
അതിനാല്‍ ഞങ്ങള്‍ വാക്കുകളുടെ അര്‍ത്ഥത്തിനും അവയുടെ വിജാതീയ മാനങ്ങള്‍ക്കും വലിയ മൂല്യം കല്‍പ്പിച്ചു. വാക്കുകള്‍ വെറുതെ കോര്‍ത്തിട്ട ചരടല്ല ഭാഷ. വാക്കുകള്‍ക്ക് തൊട്ടടുത്ത് നില്‍ക്കുന്നതും പദാവലികള്‍ നല്‍കുന്നതുമായ അര്‍ത്ഥങ്ങള്‍ക്കപ്പുറം മാന്ത്രികശക്തി അവയ്ക്കുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കി. വാക്കുകള്‍ കൊണ്ടുളള കളികളിലൂടെ, കടംകഥകളിലൂടെ, പഴംഞ്ചൊല്ലുകളിലൂടെ, അക്ഷരങ്ങളുടെ ചൊറിച്ചു മല്ലലുകളിലൂടെ അവയുടെ വശീകരണ ശക്തി ഞങ്ങള്‍ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞു. ഉളളടക്കത്തിനു മേല്‍ വിഹരിക്കുന്ന ഭാഷയുടെ സംഗീതം ഞങ്ങള്‍ അങ്ങനെ മനസിലാക്കി. ബിംബങ്ങളിലൂടെ, പ്രതീകങ്ങളിലൂടെ ഭാഷ ഞങ്ങള്‍ക്ക് ലോകത്തിന്റെ കാഴ്ച സമ്മാനിച്ചു. പക്ഷെ അവയ്ക്ക് അവയുടേതായ സൗന്ദര്യമുണ്ടായിരുന്നു. അങ്ങനെ വീടും വയലും ഞങ്ങള്‍ക്ക് പ്രാഥമിക വിദ്യാലയങ്ങളായി. ഈ ചര്‍ച്ചയില്‍ പ്രധാനപ്പെട്ട സംഗതി സായാഹ്‌ന വേളകളിലെ ഞങ്ങളുടെ പഠനത്തിലും ജോലിസ്ഥലത്തും സമൂഹത്തിലെവിടെയും മാധ്യമമായി മാറിയത് ഒരേയൊരു ഭാഷയായിരുന്നു എന്നതാണ്.
പിന്നെ ഞാന്‍ സ്‌കൂളില്‍ പോയി. ഒരു കൊളോണിയല്‍ സ്‌കൂള്‍. അങ്ങനെ ഈ സ്വരചേര്‍ച്ച ഇല്ലാതായി. എന്റെ വിദ്യാഭ്യാസത്തിന്റെ ഭാഷ എന്റെ സംസ്‌കാരത്തിന്റെ ഭാഷയായിരുന്നില്ല. സുവിശേഷകര്‍ നടത്തിയ കമാന്തരയിലാണ് ഞാന്‍ പഠിക്കാന്‍ ചെന്നത്. പിന്നീട് ഞാന്‍ ഗികുയു സ്വാതന്ത്ര്യവാദികളും കരിംഗ സ്‌കൂള്‍ അസോസിയേഷനും നടത്തിയ മാന്‍ഗുഗ വിദ്യാലയത്തില്‍ ചേര്‍ന്നു. എനിക്ക് ആദ്യമായി നീണ്ട കയ്യടിയിലൂടെ അംഗീകാരം ലഭിച്ചത് ഗികുയു ഭാഷയില്‍ ഞാന്‍ എഴുതിയ രചനയ്ക്കാണ്. അങ്ങനെ പഠനത്തിന്റെ ആദ്യ നാല് വര്‍ഷത്തില്‍ എന്റെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഷയും ലിമ്രു കര്‍ഷക സമൂഹത്തിന്റെ ഭാഷയും തമ്മില്‍ പൊരുത്തപ്പെട്ടിരുന്നു.
1952 ല്‍ കെനിയയില്‍ അധിനിവേശ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സ്വരാജ്യ സ്‌നേഹികളായ ദേശീയവാദികള്‍ നടത്തിയിരുന്ന വിദ്യാലയങ്ങള്‍ എല്ലാം ഇംഗ്ലീഷുകാരുടെ അധ്യക്ഷതയ്ക്ക് കീഴിലുളള ജില്ലാ വിദ്യാഭ്യാസ ബോര്‍ഡുകളുടെ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്നു. അങ്ങനെ എന്റെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഷ ഇംഗ്ലീഷ് ആയിത്തീര്‍ന്നു. കെനിയയില്‍ ഇംഗ്ലീഷിന് ഒരു ഭാഷയെന്നതിനേക്കാള്‍ വലിയ പ്രാധാന്യം ഉണ്ടായി. അതുമാത്രം ഭാഷയാവുകയും മറ്റെല്ലാവരും അതിന്റെ മഹത്വത്തിനു മുന്നില്‍ കുമ്പിടേണ്ടിയും വന്നു.
അങ്ങനെ സ്‌കൂള്‍ പരിസരത്ത് എവിടെയെങ്കിലും വച്ച് ഗികുയു ഭാഷയില്‍ സംസാരിച്ചു എന്ന കുറ്റത്തിന് പിടിക്കപ്പെടുന്നത് ഏറ്റവും തരം താണ, ലജ്ജാവഹമായ അനുഭവങ്ങളിലൊന്നായി മാറി. കുറ്റവാളികള്‍ക്ക് ശാരീരിക പീഡ നല്‍കിയിരുന്നു. നഗ്നമായ ചന്തിയില്‍ ചൂരല്‍ വടി മൂന്നു മുതല്‍ അഞ്ചു തവണ ശക്തിയോടെ പതിക്കും. അല്ലെങ്കില്‍ ഞാന്‍ വിഡ്ഢിയാണെന്നോ, ഞാന്‍ കഴുതയാണെന്നോ എഴുതിയ ഒരു പരന്ന കല്ല് കഴുത്തില്‍ കെട്ടി തൂക്കി നടത്തിക്കും. ഒടുക്കുവാന്‍ കഴിയാത്ത പിഴയായിരിക്കും മിക്കപ്പോഴും ഈടാക്കുക. അധ്യാപകര്‍ എങ്ങനെയായിരുന്നു ഈ കുറ്റവാളികളെ പിടികൂടിയിരുന്നത്? ആദ്യം ഒരു കുട്ടിക്ക് ഒരു ബട്ടണ്‍ സമ്മാനിക്കുന്നു. മാതൃഭാഷയില്‍ സംസാരിക്കുന്ന കുട്ടിക്ക് അവനത് കൈമാറണം. അങ്ങനെ ഈ ബട്ടണ്‍ ലഭിച്ച എല്ലാ കുട്ടികളും വൈകുന്നേരം ഒരുമിച്ച് ആരുടെ കയ്യില്‍ നിന്നാണ് തങ്ങള്‍ക്ക് ബട്ടണ്‍ ലഭിച്ചത് എന്ന് വെളിപ്പെടുത്തുന്നു. അതോടെ കുറ്റവാളികള്‍ മുഴുവന്‍ പിടിക്കപ്പെടുന്നു. ഈ പ്രക്രിയയിലൂടെ കുട്ടികള്‍ക്ക് കുറ്റവാളികളെ പിടികൂടാനുളള മാനസികമായ ഒരുതരം താല്‍പര്യം ഉണ്ടാകുന്നു. കൂടാതെ സമൂഹത്തില്‍ രാജ്യദ്രോഹിയായാല്‍ വന്നുഭവിച്ചേക്കാവുന്ന നഷ്ടങ്ങളെക്കുറിച്ചും കുട്ടികള്‍ ബോധവാന്‍മാരാകുന്നു.
അംഗലേയത്തോടുളള സമീപനം കൃത്യമായി മറിച്ചാണ്. ഇംഗ്ലീഷ് എഴുതുന്നതിലോ സംസാരിക്കുന്നതിലോ എന്തെങ്കിലും നേട്ടമുണ്ടായാല്‍ അതിന് വലിയ പ്രതിഫലമായി സമ്മാനങ്ങള്‍, അഭിനന്ദനം, കരഘോഷം, ഉയര്‍ന്ന മണ്ഡലങ്ങളിലേക്കുളള പ്രവേശനാനുമതി തുടങ്ങിയവ ലഭിച്ചിരുന്നു. ബുദ്ധിശക്തിയിലും കലയിലും ശാസ്ത്രത്തിലും വിജ്ഞാനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും കഴിവിന്റെ അളവുകോല്‍ ഇംഗ്ലീഷായി മാറി. ഒരു കുട്ടിയുടെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഏണിപ്പടികള്‍ക്ക് അപ്പുറത്തേക്കുളള പുരോഗതി തീരുമാനിക്കുന്നിന്റെ പ്രധാനഘടകം ഇംഗ്ലീഷ് ഭാഷയയായി തീര്‍ന്നു.
നിങ്ങള്‍ക്കറിയാവുന്നതുപോലെ, കോളനി വാഴ്ചക്കാലത്തെ വിദ്യാഭ്യാസ സംവിധാനത്തിന് വര്‍ണ്ണവിവേചന സ്വഭാവം ഉണ്ടായിരുന്നു. അതു കൂടാതെ വിദ്യാഭ്യാസ സംവിധാനത്തിന് പിരമിഡിന്റെ ഘടനയാണ് ഉണ്ടായിരുന്നത്: അതായത് താഴെ വിശാലമായ പ്രാഥമിക അടിത്തറ, ഇടുങ്ങിയ മധ്യഭാഗം, അതിനു മുകളില്‍ സങ്കുചിതമായ സര്‍വകലാശാല തലം. പ്രാഥമിക വിദ്യാഭ്യാസത്തില്‍ നിന്ന് രണ്ടാംതല വിദ്യാഭ്യസത്തിന് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തിരുന്നത് പരീക്ഷയിലൂടെയാണ്. എന്റെ പഠനകാലത്ത് ആ പരീക്ഷയെ കെനിയ ആഫ്രിക്കന്‍ പ്രാരംഭ പരീക്ഷ എന്നു വിളിച്ചിരുന്നു. ആ പരീക്ഷയില്‍ ജയിക്കുന്നതിന് ഗണിത ശാസ്ത്രം മുതല്‍ പ്രകൃതി പഠനവും കിസ്‌വാഹിലി ഭാഷയുംവരെയുളള ആറ് വിഷയങ്ങളില്‍ വിജയിക്കണം. എല്ലാ വിഷയങ്ങളും ഇംഗ്ലീഷില്‍ എഴുതണം. ഇംഗ്ലീഷ് ഭാഷയില്‍ തോല്‍ക്കുന്ന ആര്‍ക്കും തന്നെ പരീക്ഷയില്‍ ജയിക്കാന്‍ കഴിയുമായിരുന്നില്ല. 1954 ല്‍ എന്റെ ക്ലാസിലെ ഒരു കുട്ടി ഇംഗ്ലീഷ് ഒഴികെ എല്ലാത്തിലും ഉന്നതവിജയം നേടിയത് ഞാന്‍ ഓര്‍ക്കുന്നു. ഇംഗ്ലീഷില്‍ ആ കുട്ടി തോറ്റുപോയി. അതിനാല്‍ അവന്‍ മുഴുവന്‍ പരീക്ഷയും തോറ്റു. അവന്‍ പഠനം മതിയാക്കി ഒരു ബസ് കമ്പനിയില്‍ പകരക്കാരനായി ജോലിക്ക് ചേര്‍ന്നു. മറ്റ് വിഷയങ്ങളില്‍ കേവല വിജയം നേടിയ എനിക്ക് ഇംഗ്ലീഷില്‍ നല്ല മാര്‍ക്ക് ഉണ്ടായിരുന്നതിനാല്‍, അധിനിവേശ താവളമായ കെനിയയില്‍ ആഫ്രിക്കക്കാര്‍ക്ക് വേണ്ടി നടത്തപ്പെട്ട ഏറ്റവും ഉന്നത നിലവാരമുളള സ്ഥാപനങ്ങളില്‍ ഒന്നായ അലയന്‍സ് സ്‌കൂളില്‍ പ്രവേശനം തരപ്പെട്ടു. മകെറെറെ സര്‍വകലാശാല കലാലയത്തിലും പ്രവേശനാനുമതി ലഭിക്കുന്നതിനുളള യോഗ്യതകള്‍ മേല്‍പ്പറഞ്ഞവ തന്നെയായിരുന്നു. മറ്റുളള വിഷയങ്ങള്‍ക്ക് എത്ര തന്നെ മാര്‍ക്ക് നേടിയിരുന്നാലും ഇംഗ്ലീഷില്‍ മികവ് കാട്ടിയാല്‍ മാത്രമേ ഒരു വിദ്യാര്‍ത്ഥിക്ക് ബിരുദവിദ്യാര്‍ത്ഥി അണിയേണ്ട ചുവപ്പ് ഗൗണ്‍ ലഭിക്കുമായിരുന്നുളളൂ. ഇംഗ്ലീഷിന് കേവല വിജയം മാത്രം പോരാ!-അപ്പോള്‍ ഈ വേഷം ഇല്ലാതാകും. ഇംഗ്ലീഷില്‍ അനിതര സാധാരണ വിജയം കൈവരിച്ചാല്‍ മാത്രമേ ഈ പിരമിഡിന്റെ (ഈ ആംഗലേയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ) ഏറ്റവും അസൂയാവഹമായ സ്ഥാനത്ത് എത്തിച്ചേരാന്‍ ആവുകയുളളൂ. ആംഗലേയ ഭാഷയുടെ അഭിമാനപത്രം ലഭിച്ച വ്യക്തികള്‍ക്കേ വിശിഷ്ടമായ സ്ഥാനങ്ങള്‍ അലങ്കരിക്കാന്‍ സാധിക്കുകയുളളൂ. അധിനിവേശ സാമ്രാജ്യത്വത്തിന്റെ ഉന്നതങ്ങളില്‍ എത്താനുളള ഔദ്യോഗിക വാഹനവും ഇന്ദ്രജാല സൂത്രവാക്യവും ഇംഗ്ലീഷ് ഭാഷയായിരുന്നു.
ഈ ഭാഷ അതിന്റെ ആധിപത്യം ഉറപ്പിച്ചതിനോടൊപ്പം തന്നെ സാഹിത്യപഠനം ഏതു വിധത്തില്‍ വേണമെന്ന് അത്യന്തികമായി തീരുമാനമെടുക്കുന്ന ഭാഷയായും മാറി. കെനിയന്‍ ഭാഷകളിലൂടെ നടത്തി വന്ന വാമൊഴിയിലൂടെയുളള അക്ഷരാഭ്യാസം നിര്‍ത്തലാക്കി. പ്രാഥമിക വിദ്യാലയത്തില്‍ പ്രശസ്ത ആംഗലേയ സാഹിത്യകാരന്‍മാരുടെ ലളിതവല്‍ക്കരിച്ച കൃതികള്‍- മുയലിന്റെയും പുളളിപ്പുലിയുടെയും സിംഹത്തിന്റെയും കഥകളല്ല-ഞാന്‍ വായിച്ചു. ഒളിവര്‍ട്വിസ്റ്റ് പോലുള്ള കൃതികള്‍ ഭാവനയുടെ ലോകത്തിലെ കൂട്ടുകാരായി ദിവസവും എന്റെ കൂടെയുണ്ടായിരുന്നു. സെക്കന്‍ഡറി സ്‌കൂളില്‍ കൂടുതല്‍ ഗൗരവമുള്ള ഇംഗ്ലീഷ് കൃതികള്‍ വായിച്ചു. മകെറെറെ സര്‍വകലാശാലയില്‍ ആംഗലേയ സാഹിത്യം പ്രധാനമായും പഠിച്ചു.
ഭാഷയും സാഹിത്യവും അങ്ങനെ ഞങ്ങളെ ഞങ്ങളില്‍ നിന്ന് മറ്റ് വ്യക്തിത്വങ്ങളിലേക്കും ഞങ്ങളുടെ ലോകത്ത് നിന്ന് മറ്റുളള ലോകങ്ങളിലേക്കും, അകലേക്ക് അകലേക്ക് കൊണ്ടുപോയി.
അധിനിവേശ സംവിധാനം എന്താണ് ഞങ്ങളെപ്പോലുളള കെനിയന്‍ കുട്ടികളില്‍ ചെയ്തത്? ഒരു വശത്ത് ഞങ്ങളുടെ ഭാഷകളേയും അവയുടെ സാഹിത്യത്തെയും ക്രമാനുഗതമായി അടിച്ചമര്‍ത്തി. മറുവശത്ത് ആംഗലേയത്തെയും അതിന്റെ സാഹിത്യത്തെയും ആകാശത്തോളം ഉയര്‍ത്തുകയും ചെയ്തു. അതിന്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു.

മൊഴിമാറ്റം: ബിജുരാജ്, ബിനു ഇടനാട്
കൊല്ലം 'ഗ്രാംഷി' ബുക്‌സ് പ്രസിദ്ധീകരിച്ച 'മനസിന്റെ അപകോളനീകരണം' (ഗൂഗി വാ തിഓംഗോ) എന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗംഗൂഗി വാ തി ഓംഗോ
(1938-)

കെനിയയിലെ വിഖ്യാത നോവലിസ്റ്റ്, നാടകകൃത്ത്, മുന്‍ രാഷ്ട്രീയ തടവുകാരന്‍, പ്രവാസി, അധ്യാപകന്‍. ഭാഷയുടെ തലത്തില്‍ അധിനിവേശത്തിനെതിരെ ധീരമായ പരീക്ഷണങ്ങള്‍ നടത്തി. ഇംഗ്ലീഷ് ഉപേക്ഷിച്ച് സ്വന്തം ജനതയുടെ ഭാഷയായ ഗികുയുവിലെഴുതുന്ന അതുല്യ എഴുത്തുകാരന്‍. ഭാഷ പ്രതിരോധത്തിന്റെയും സാംസ്‌കാരിക ചെറുത്തുനില്‍പ്പിന്റെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും ആയുധമാക്കാമെന്ന് ലോകത്ത് ആദ്യം തെളിയിച്ച സാഹിത്യകാരന്‍. ഭാഷപോലെ തന്നെ കലയും സാഹിത്യവും സാംസ്‌കാരിക വിമോചനത്തിന്റെ ഭാഗമാക്കണമെന്ന് വാദിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍. നിരവധി ഭാഷകളിലേക്ക് കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കെനിയയിലെ ലിമ്രുവില്‍ കിമിറുതു ഗ്രാമത്തിലാണ് ജനനം. ജയിംസ് തിഓംഗോ ഗൂഗി എന്ന പേര് പിന്നീട് ക്രിസ്തുമതത്തോടുളള നിരാകരണത്തിന്റെ ഭാഗമായി മാറ്റി. ഗികുയു വംശജനായ ഗൂഗി ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടന്ന മൗ മൗ സായുധ വിമോചനപോരാട്ടത്തില്‍ നേരിട്ടല്ലെങ്കിലും പങ്കാളിയായിരുന്നു. ഉഗാണ്ടയിലെ കംപാല സര്‍വകലാശാലയില്‍ നിന്ന് ആംഗലേയത്തില്‍ ബിരുദം നേടിയ ശേഷം കുറച്ചു കാലം പത്രപ്രവര്‍ത്തകനായി ജോലി നോക്കി. 1962 ല്‍ 'കറുത്ത സന്യാസി' എന്ന നാടകം രചിച്ചു. തുടര്‍ന്ന് ഇംഗ്ലണ്ടില്‍ ഉന്നത പഠനം. വ്യക്തിയും സമൂഹവും തമ്മിലുളള വൈരുദ്ധ്യങ്ങളായിരുന്നു ആദ്യകാല രചനകളുടെ മുഖ്യ പ്രമേയം. 1964 ല്‍ 'കുഞ്ഞേ കരയരുത്' എന്ന ആദ്യ നോവല്‍ പുറത്തിറങ്ങി. ഇടതുപക്ഷത്തിന്റെയും മാര്‍ക്‌സിസത്തിന്റെയും ഭാഗമായി ഇക്കാലത്ത് ഗൂഗി മാറി. കെനിയയിലെ മൗ മൗ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ 'മദ്ധ്യത്തിലെ നദി' ഗൂഗിയെ അന്താരാഷ്ട്ര പ്രശസ്തനാക്കി. 1970 ല്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടലില്‍ പ്രതിഷേധിച്ച് സര്‍വകലാശാല അധ്യാപക ജോലി രാജിവച്ചു. 1980 ല്‍ 'എനിക്കു തോന്നുമ്പോള്‍ വിവാഹിതനാകും' എന്ന നാടകമെഴുതിയതിനെ തുടര്‍ന്ന് തടവിലടയ്ക്കപ്പെട്ടു. ഗ്രാമ്യമായ നാടകവേദിക്കുവേണ്ടി സ്വന്തം ഭാഷയില്‍ വിപ്ലവ രചനകള്‍ നടത്തിയതിനായിരുന്നു തടവ്. വിചാരണ കൂടാതെ അതിസുരക്ഷാ ജയിലില്‍ അടക്കപ്പെട്ടു. അന്താരാഷ്ട്രതലത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം മോചിതനായെങ്കിലും അദ്ദേഹത്തെയും കുടുംബത്തെയും ഭരണകൂടം തുടര്‍ച്ചയായി പീഡിപ്പിച്ചു. നയ്‌റോബി സര്‍വകലാശാലയിലെ ജോലി തിരിച്ചു നല്‍കാനും കൂട്ടാക്കിയില്ല. തുടര്‍ന്ന് 1982 ല്‍ ലണ്ടനിലേക്ക് പ്രവാസിയായി കടന്നു. ഇപ്പോള്‍ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. അമേരിക്കയില്‍ പ്രവാസ ജീവിതം.
ജയില്‍ മോചിതനായ ഉടന്‍ ഇംഗ്ലീഷില്‍ സര്‍ഗരചനകള്‍ നടത്തുന്നത് നിര്‍ത്തി ഗികുയു ഭാഷയില്‍ ആദ്യ ആധുനിക നോവല്‍ 'കയ്താനി മുത്ഹര്‍ബയിനി' 1980 ല്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ പൂര്‍ണമായും ഗികുയു ഭാഷയില്‍ എഴുതുന്നു. നീണ്ട പ്രവാസിത്വത്തിനു ശേഷം അടുത്തിടെ കെനിയ സന്ദര്‍ശിച്ചു. പക്ഷെ ദുരനുഭവങ്ങളാണുണ്ടായത്.
രണ്ടുമാസത്തിനു മുമ്പ് 'വിസാര്‍ഡ് ഓഫ് ദ ക്രോ' എന്ന പുതിയ പുസ്തകത്തിന്റെ സ്വന്തം വിവര്‍ത്തനം പ്രസിദ്ധീകരിച്ചു. തീവ്ര നിലപാടുകളും ആംഗലേയത്തോടുളള നിരാകരണവും ഗ്രാമ ഭാഷയിലെ രചനാ രീതിയും കാരണമാണ് നോബല്‍ സമ്മാനമുള്‍പ്പടെയുളള ബഹുമതികള്‍ ഗൂഗിക്ക് ലഭിക്കാതെ പോകുന്നതെന്ന് ആക്ഷേപമുണ്ട്.
പ്രധാന കൃതികള്‍: കറുത്ത സന്യാസി (നാടകം), വീപ് നോട്ട് ചൈല്‍ഡ്, ദ റിവര്‍ ബിറ്റ്‌വീന്‍, ദ ഗ്രെയിന്‍ ഓഫ് വീറ്റ്, ദിസ് ടൈം ടുമോറൊ, സീക്രട്ട് ലൈവ്‌സ്, പെറ്റല്‍സ് ഓഫ് ബ്ലഡ്, കയ്താനി മുത്ഹര്‍ബയിനി (ഡെവില്‍ ഓണ്‍ ദ ക്രോസ്), ഡീറ്റെയ്ന്‍ഡ്: എ റൈറ്റേഴ്‌സ് പ്രിസണ്‍ ഡയറി, ബാരല്‍ ഓഫ് എ പെന്‍, ഡീകോളനൈസിംഗ് ദ മൈന്‍ഡ്, മദര്‍ സിംഗ് ഫോര്‍ മി, റൈറ്റിംഗ് എഗെയിനിസ്റ്റ് നിയോ കൊളോണലിസം, വിസാര്‍ഡ് ഓഫ് എ ക്രോ.

ചരിത്രം നിങ്ങള്‍ക്ക് ശിക്ഷ വിധിക്കും

അമേരിക്കന്‍ ജനതയ്ക്ക് തടവറയില്‍ നിന്ന് സദ്ദാം ഹുസൈന്‍ എഴുതിയ കത്ത്
ചരിത്രം നിങ്ങള്‍ക്ക് ശിക്ഷ വിധിക്കും

പരമകാരുണ്യവാനും ദയാലുവുമായ ദൈവത്തിന്റെ നാമത്തില്‍,

''സത്യ വിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവര്‍ ചിലര്‍ അത് കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല. സത്യവാന്‍മാര്‍ തങ്ങളുടെ സത്യസന്ധതയ്ക്കുളള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി, അവന്‍ ഉദ്ദേശിക്കുന്നപക്ഷം കപട വിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
സത്യ നിഷേധികളേ അവരുടെ ഈര്‍ഷ്യയോടെ തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു''.
(വിശുദ്ധ ഖുറാന്‍ 33:23-25)

അമേരിക്കന്‍ ജനതയ്ക്ക്,

സമാധാനത്തില്‍ വിശ്വസിക്കുകയും അതാഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക്
ദൈവത്തിന്റെ ദയയാലും അനുഗ്രഹത്താലും അത് ഉണ്ടായിരിക്കട്ടെ.

എന്നെ തടവിലടച്ചിരിക്കുന്ന പാളയത്തില്‍ നിന്നാണ് ഞാന്‍ നിങ്ങളോട് ഈ കത്തിലൂടെ സംസാരിക്കുന്നത്. ധാര്‍മികവും മാനുഷികവും ഭരണഘടനാപരമായ ഉത്തരവാദിത്തിന്റെയും അടിസ്ഥാനത്തിലാണ് എന്റെ ഈ ശ്രമം. സമാധാനത്തിന്റെ സന്ദേശവുമായി യുദ്ധം തുടങ്ങിയതിനു ശേഷം ആരും എത്തിയില്ലെന്ന് നിങ്ങളിലൊരാള്‍ പോലും പറയാതിരിക്കാനും അങ്ങനെയുളള വാദത്തിനു മറുപടി പറയാനുമാണിത്. നിങ്ങള്‍ക്കൊപ്പം, ഞങ്ങളുടെ സത്യസന്ധരും വിശ്വസ്തരും ധീരരുമായ ജനതയ്ക്കും സമാധാനമുണ്ടാവാനും വേണ്ടിയാണിത്. ഞാനിങ്ങനെ പറയുമ്പോള്‍, തടവറയ്ക്കു പുറത്ത് ചെറുത്തുനില്‍പ്പു നടത്തുന്ന എന്റെ സഹോദരരോ സഖാക്കളോ ഇതിനുമുമ്പ് ഒരു കത്തുമായി വന്നുവോ ഇല്ലയോ എന്ന് എനിക്കറിഞ്ഞു കൂടാ. അതെന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ നേതാക്കളുടെ 'ജനാധിപത്യം' അറസ്റ്റിനു ശേഷം ഇന്നോളം പത്രങ്ങളോ ആനുകാലികങ്ങളോ കിട്ടുന്നതില്‍ നിന്നും അല്ലെങ്കില്‍ റേഡിയോയും ടെലിവിഷനും കേള്‍ക്കുന്നതില്‍ നിന്നും എന്നെ തടഞ്ഞിരിക്കുന്നു എന്നതാണ്. എന്നെ ലോകത്തു നിന്നു വേര്‍പെടുത്തുകയും ലോകത്തെ എന്നില്‍ നിന്ന് വേര്‍തിരിക്കുകയും, അങ്ങനെ തടവിലടച്ചിരിക്കുന്ന ഇടത്തിനു പുറത്തുളള ഒന്നും ഞാന്‍ കേള്‍ക്കുകയോ കാണുകയോ ചെയ്യരുതെന്നും അവര്‍ നിശ്ചയിച്ചിരിക്കുന്നു.
അമേരിക്കയ്ക്കു പുറത്ത് അവര്‍ വാദിക്കുന്ന ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും യഥാര്‍ത്ഥ മുഖമാണോ ഇത്!? അല്ലെങ്കില്‍ നിങ്ങളുടെ ഭരണകര്‍ത്താക്കള്‍ അതെപ്പറ്റി കളളം പറയുന്നതാണോ? തടങ്കല്‍ പാളയത്തിലും ജയിലിലും വച്ച് കൊല്ലുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ ചോദ്യംചെയ്യലുകാരുടെ കൈത്തോക്കുകള്‍കൊണ്ടാണ് ചിലര്‍ കൊല്ലപ്പെട്ടത്. നിങ്ങളുടെ അധികാരികള്‍ ഈ കൃത്യങ്ങളെല്ലാം മറ്റു പലതിനുമൊപ്പം മറച്ചുവയ്ക്കുകയും അങ്ങനെ നിങ്ങള്‍ സത്യമറിയരുതെന്ന് നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.
ഈ കത്തിലൂടെ ഞാന്‍ നിങ്ങളെ സംബോധനചെയ്യുന്നത് ഏതെങ്കിലും വിധത്തില്‍ ഇത് നിങ്ങളിലേക്ക് എത്തുമെന്നും നിങ്ങളിത് വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുമെന്നുമുളള പ്രതീക്ഷയോടെയാണ്. ജനങ്ങള്‍ക്കു മുമ്പില്‍ നിറമോ ദേശീയതയോ ഒന്നും നോക്കാതെ സത്യങ്ങള്‍ കൊണ്ടുവരികയെന്ന എന്റെ ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കത്ത്. വിവിധ ജനങ്ങളോടുളള ഞങ്ങളുടെ കടമയുടെ ഭാഗമാണിത്. തിന്‍മകള്‍ അംഗീകരിക്കാതിരിക്കുക എന്ന കടമ അവര്‍ക്ക് ഞങ്ങളോടുമുളളതു പോലെതന്നെ.
എന്റെ അഭിഭാഷകനും പ്രശസ്ത പ്രൊഫസറുമായ റാംസെ ക്ലര്‍ക്ക് നിങ്ങള്‍ക്കായി ഒരു കത്തെഴുതാന്‍ എന്നോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. പ്രൊഫസര്‍ റാംസെ മാനുഷികതയുടെ വിശിഷ്ടമായ ഉദാഹരണമാണെന്നു സ്വയം തെളിയിച്ചിട്ടുണ്ട്. റാംസെയും അദ്ദേഹത്തിന്റെ സഹ പ്രൊഫസറായ കുര്‍ടിസ് ഡോബ്‌ളറും വ്യക്തിപരമായി നല്ലവരാണെന്ന് എനിക്കു നന്നായി അറിയാം. ചുറ്റും അപകടങ്ങളാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ തങ്ങളുടെ ജോലി നിര്‍വഹിക്കാന്‍ സന്നദ്ധരായ ഇരുവരുടെയും ധീരതയെ അഭിവാദ്യം ചെയ്യാന്‍ ഈ അവസരത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ നാല് അഭിഭാഷകരെ കുറ്റവാളികള്‍ കൊലപ്പെടുത്തിയതിനു ശേഷമാണ് അവരതിന് തയ്യാറായത് എന്നും അറിയണം.
അമേരിക്കയിലെ ജനങ്ങളേ, നിങ്ങളുടെ അധികാരികള്‍ ഇപ്പോഴും നിങ്ങളോട് നുണപറഞ്ഞുകൊണ്ടിരിക്കുകയും ഇറാഖിനെതിരെയുളള അക്രമങ്ങളിലേക്ക് നിങ്ങളെ നയിച്ചതിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ വിശദീകരിക്കാതിരിക്കുകയും ചെയ്യുന്നതായിട്ടാണ് എനിക്കു തോന്നുന്നത്.
അന്താരാഷ്ട്ര സമുദായത്തെയും പ്രത്യേകിച്ച് യൂറോപ്യന്‍ സമൂഹത്തെയും അമേരിക്കന്‍ ജനതയെ ഒന്നടങ്കവും വഞ്ചിച്ചുകൊണ്ടാണ് തുടക്കം മുതല്‍ക്കേ അക്രമണത്തിനുളള കാരണങ്ങള്‍ അവര്‍ പറഞ്ഞത്. അവര്‍ പ്രഖ്യാപിച്ചതിനു വിരുദ്ധമാണ് വസ്തുതകള്‍ എന്ന് മുമ്പേ വ്യക്തമായിരുന്നതാണ്. തങ്ങളുടെ നുണകളെല്ലാം പൊളിഞ്ഞപ്പോള്‍ തങ്ങളെ ഇന്റലിജന്‍സ് സംഘങ്ങളും, 19, 20 നൂറ്റാണ്ടുകളില്‍ രാജഭരണക്കാര്‍ ചെയ്തതുപോലെ തങ്ങള്‍ പാവകളാക്കാന്‍ ഒപ്പംകൊണ്ടുവന്ന കുഴലൂത്തുകാരും വഞ്ചിച്ചെന്ന് പറയുന്നതും വാസ്തവ വിരുദ്ധമാണ്. ഞങ്ങള്‍ സംസാരിക്കുന്നത് നിരവധി വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. അതില്‍ പ്രധാനപ്പെട്ടത് ചുവടെ പറയാം:

1. ഐക്യരാഷ്ട്ര സംഘടനയുടെ പേരില്‍ കടന്നു വന്ന് പരിശോധക സംഘം ഇറാഖില്‍ തെരച്ചില്‍ നടത്തിയിരുന്നു. സ്വകാര്യ വസതികളും സര്‍ക്കാര്‍ വകുപ്പുകളും പ്രസിഡന്റിന്റെ കൊട്ടാരവും സര്‍ക്കാര്‍ രേഖകളും എല്ലാം ആ സംഘം പരിശോധിച്ചു. ഇറാഖില്‍ കൂട്ടനശീകരണായുധങ്ങള്‍ ഇല്ലായെന്ന് അവര്‍ക്കു നന്നായി അറിയാമായിരുന്നു. കാരണം ആ സംഘത്തെ നയിച്ച അംഗങ്ങള്‍ അമേരിക്കന്‍, ബ്രിട്ടീഷ് പൗരന്‍മാരാണ് എന്നതു തന്നെ. കൂടാതെ ചാരന്‍മാരും മറ്റ് ദേശീയതകളുടെ സന്നദ്ധ പ്രവര്‍ത്തകരും ഉണ്ടായിരുന്നു അവര്‍ക്ക് സഹായത്തിന്. ഇറാഖിനെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ അരിച്ചു പെറുക്കിയ അവര്‍ക്ക് ഇറാഖി ഔദ്യോഗിക പ്രതിനിധികള്‍ പറഞ്ഞതിനു വിരുദ്ധമായി ഒന്നും കണ്ടെത്താനായില്ല. ആ പരിശോധന ഏഴുവര്‍ഷം നീണ്ടു നിന്നു. വാഹനങ്ങളിലും നടന്നും യാത്രചെയ്ത ആ പരിശോധക സംഘത്തെ കൂടാതെ ചാര വിമാനങ്ങളും ഹെലിക്കോപ്പറുകളും ബഹിരാകാശത്തെ കൃത്രിമോപഗ്രഹങ്ങളും എല്ലാം അവര്‍ ഉപയോഗിച്ചിരുന്നു. ഇറാഖിനെ ആക്രമിക്കാനും അതിന്റെ ന്യായമായ അഭിലാഷങ്ങളെയും മുപ്പത്തഞ്ചുവര്‍ഷം കൊണ്ടു നേടിയ സാംസ്‌കാരികവും ശാസ്ത്രീയവുമായ ഉന്നതമായ നേട്ടങ്ങളെ തകര്‍ക്കാനും അവര്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. അമേരിക്കയില്‍ നടന്ന സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ പേരില്‍ അഴിച്ചുവിടുന്ന ഭീകരതയ്‌ക്കെതിരെയുളള യുദ്ധം ചരിത്രപരമായ ഒരവസരമാണെന്ന് അമേരിക്കന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ചിന്തിച്ചു. തങ്ങള്‍ മുമ്പേ നിശ്ചയിച്ചുറപ്പിച്ചിരുന്ന ലക്ഷ്യങ്ങള്‍ നടപ്പാക്കാനായി അവര്‍ തങ്ങളുടെ ചീട്ടുകള്‍ മാറ്റി കശക്കിയിട്ടു. പക്ഷെ തുടക്കത്തില്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്ന ലക്ഷ്യങ്ങളായിരുന്നില്ല അത്.
സാമ്പത്തികവും സാംസ്‌കാരികവും ശാസ്ത്രീയവും നാഗരികവുമായി മുന്നേറാനുമുളള ഇറാഖിന്റെ ന്യായയുക്തമായ അഭിലാഷങ്ങളെ തകര്‍ക്കാനോ വൈകിക്കാനോ തങ്ങളുടെ അന്യായമായ ഉപരോധം മൂലം കഴിയില്ലെന്ന വിലയിരുത്തിലില്‍ നേരത്തെതന്നെ അമേരിക്ക എത്തിയിരുന്നു. ഇറാഖ് തങ്ങള്‍ക്കുമേലുളള സാമ്പത്തിക ഉപരോധത്തെ ഭേദിക്കുന്നതിന് തൊട്ടടുത്ത് എത്തിയെന്ന് അവര്‍ തിരിച്ചറിഞ്ഞു. അത്തരമൊരവസ്ഥയിലേക്ക് ഇറാഖ് മുന്നേറിയത് അന്യോന്യമായ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഇറാഖുമായി സഹകരിച്ചവരുടെയും അറബ് എന്ന സഹോദര നിര്‍ഭരമായ ദേശീയ വികാരത്തിന്റെയും ഫലമായാണ്. നിങ്ങളുടെ രാജ്യത്തിന്റെ അധികാരികള്‍ ലോകത്ത് തങ്ങളുടെ ഇച്ഛ അടിച്ചേല്‍പ്പിക്കാനുളള അവസരമാണിതെന്നും അങ്ങനെ മദ്ധ്യപൂര്‍വദേശത്തെ എണ്ണയുടെ നിയന്ത്രണവും അതിന്റെ ഉല്‍പ്പാദനവും വിതരണവുമെല്ലാം പുതിയ വഴികളിലൂടെ പുതിയ ലക്ഷ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താമെന്നും കരുതി. ഇതിനെപ്പറ്റി 2003 നു മുമ്പേ ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. സിയോണിസ്റ്റ് ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും തെരഞ്ഞെടുപ്പില്‍ പിന്തുണയാര്‍ജിക്കാനും വേണ്ടിക്കൂടിയാണ് നിങ്ങളുടെ അധികാരികള്‍ ഇങ്ങനെ ചെയ്തത്. അക്രമം ആകര്‍ഷകമാക്കുന്നതിനും അതു നടപ്പാക്കുന്നതിനുമായി ഇറാനും അതിന്റെ പിണിയാളുകളും വൃത്തികെട്ടരീതിയില്‍ പങ്കു വഹിച്ചു.

2. തങ്ങളുടെ വാദങ്ങള്‍ മുഴുവന്‍ പൊളിയുകയും വിഷമവൃത്തത്തിലാവുകയും ചെയ്തിട്ടും അമേരിക്കന്‍ അധികാരികള്‍ ഇറാഖില്‍ നിന്നു പിന്‍മാറിയില്ല. പകരം, 2003 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന അധിനിവേശത്തിനുമുമ്പ് ഉന്നയിച്ചതിനു വിരുദ്ധമായ കാര്യങ്ങള്‍ പ്രഖ്യാപിച്ചു. അധിനിവേശത്തിന്റെ ന്യായീകരണത്തിനു മറയായി അവര്‍ ഉപയോഗിച്ച, അന്ന് മതിയായ ന്യായീകരണമായി അവര്‍ കണ്ട വിവരങ്ങള്‍-(അമേരിക്കന്‍ സുരക്ഷിതത്വത്തെ ബാധിക്കുമെന്നവിധത്തിലുളള കാര്യങ്ങള്‍ എന്നാണ് അതിനെപ്പറ്റി പറഞ്ഞിരുന്നത് )- തെറ്റാണെന്നും വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും സ്വയം പറയുന്നതിനോട് ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഇറാഖില്‍ നിന്ന് പിന്‍മാറുകയാണ് അവര്‍ വേണ്ടിയിരുന്നത്. അങ്ങനെയായിരുന്നെങ്കില്‍ അവര്‍ ധീരരായ ഇറാഖി ജനതയോടും, അമേരിക്കന്‍ ജനങ്ങളോടും ലോകമെമ്പാടുമുളള മറ്റുളളവരോടും തങ്ങള്‍ ചെയ്ത തെറ്റുകള്‍ക്ക് ക്ഷമായാചനം നടത്തണമായിരുന്നു.
യുദ്ധം തുടങ്ങുന്നതിനു മുമ്പ് അമേരിക്കക്കാര്‍ ആരുംതങ്ങളുടെ സര്‍ക്കാരിനോട്, ഇനിയും പിന്നോക്കാവസ്ഥയില്‍ നിന്നു കരകയറാത്ത ഒരു രാജ്യമായ ഇറാഖ് അറ്റ്‌ലാന്റികിന് കുറുകെ എങ്ങനെ തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന് ചോദിച്ചില്ല. അല്ലെങ്കില്‍ അമേരിക്കയ്ക്ക് ഇറാഖ് എന്തിന് ഭീഷണിയാവണം? അന്ന് ഞങ്ങളുടെ അതിര്‍ത്തികള്‍ ലംഘിച്ച് അമേരിക്ക കടന്നുകയറിയിരുന്നില്ല. ഫലസ്തീന്റെയും അറബ് ദേശീയതയുടെയും മണ്ണ് കയ്യടക്കിയ സിയോണിസ്റ്റ് അധിനിവേശത്തോട് ഇറാഖും അമേരിക്കയും കൈക്കൊണ്ട വിപരീതങ്ങളായ നിലപാടുകളിലായിരുന്നു ഭീഷണി എന്നു പ്രചരിപ്പിക്കാന്‍ അമേരിക്കന്‍ അധികാരികള്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. പക്ഷെ അങ്ങനെയാണെങ്കില്‍ ഈ പ്രശ്‌നത്തില്‍ അമേരിക്കയെ ഏതിര്‍ത്തുകൊണ്ട് നിലപാടെടുത്ത ലോകത്തിലെ ഏക രാജ്യമോ അറബ് രാജ്യമോ അല്ല ഇറാഖ്. അതിനെല്ലാ മുപരി തങ്ങളുടെ അളവുകോല്‍ വച്ച് അളന്ന് ലോകത്തിന്റെ നിലപാടുകള്‍ തുന്നുന്ന തയ്യല്‍ക്കാരനാകാനും, അനുസരിക്കുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ യുദ്ധം നടത്താനും ആരാണ് അമേരിക്കയെ ചുമതലപ്പെടുത്തിയത്? അന്താരാഷ്ട്ര തലത്തിലുളള പ്രശ്‌നങ്ങളിലല്ല, പ്രദേശീക അസ്ഥിത്വത്തിന്റെ പേരില്‍ പോലുമുളള വ്യത്യസ്ത അഭിപ്രായങ്ങള്‍ അനുവദിക്കില്ലെങ്കില്‍ ജനാധിപത്യത്തിനു വേണ്ടിയുളള അമേരിക്കയുടെ ആഹ്വാനത്തെ നമ്മളെങ്ങനെയാണ് കാണേണ്ടത്?
അവരുടെ മറ്റൊരു നുണ അവര്‍ ഭീകരതയെന്നു പറയുന്ന സംഭവവുമായി ഇറാഖിനു ബന്ധമുണ്ടെന്നായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബ്ലെയര്‍ ഇറാഖിന് ഭീകരതയെന്നു വിളിക്കുന്നവയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമോ അന്താരാഷ്ട്ര തലത്തില്‍ നിരോധിക്കപ്പെട്ട ആയുധങ്ങളോ ഇല്ലയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ പ്രഖ്യാപിക്കാന്‍ ബുഷിനെയും ബ്ലെയറിന്റെ വാദം നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍, അമേരിക്കയിലെ പ്രമുഖരായ ആരും പ്രസിഡന്റ് ബുഷിനോട് ഏതു തരത്തിലുളള യുക്തി വിശകലനത്തിന്റെയും യഥാര്‍ത്ഥമായ ഏന്തു വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇറാഖിനെതിരെ ഭീകരബന്ധന്നെ ആരോപണം ഉന്നയിക്കുന്നതെന്ന് ചോദിച്ചില്ല. വിശിഷ്ടരായ മാന്യരേ മഹതികളേ, നിങ്ങള്‍ക്കറിയാമോ അവരെന്തുകൊണ്ട് അങ്ങനെ ചോദിച്ചില്ല? ഇറാഖിന്റെ നിലപാടുകളെപ്പറ്റി മോശമായ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍, മറഞ്ഞിരുന്ന ശക്തികള്‍ നയിച്ചതനുസരിച്ചാണ് നിങ്ങളുടെ പ്രമുഖരായ വ്യക്തിത്വങ്ങളില്‍ പലരും പ്രവര്‍ത്തിച്ചത്. യുദ്ധം തുടങ്ങുന്നതിന് സഹായകമായ അവസ്ഥയൊരുക്കാനായിരുന്നു വര്‍ഷങ്ങളായി അവര്‍ പ്രവര്‍ത്തിച്ചത്. സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ എന്തുകൊണ്ട് ഒരൊറ്റ ഇറാഖികളും പങ്കെടുത്തില്ലയെന്നതു പോലുളള ചോദ്യങ്ങള്‍ അതുകൊണ്ടുതന്നെ അവരാരും അമേരിക്കന്‍ അധികാരികളോട് ഉന്നയിച്ചില്ല. അമേരിക്കന്‍ കേന്ദ്രങ്ങില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക് ഒരു രാജ്യത്തിന്റെയും പിന്തുണയുണ്ടായിരുന്നുവെന്ന് ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അപ്പോള്‍ പിന്നെ വ്യക്തമായ രാഷ്ട്രീയ സംവിധാനമുളള ഇറാഖിനെപോലുളള രാജ്യത്തിന് ആ ആക്രമണത്തില്‍ പങ്കുണ്ടെന്ന് നിങ്ങള്‍ എങ്ങനെയാണ് ആരോപിക്കാനാവുക? ഇറാഖിനെതിരെ ഉന്നയിക്കപ്പെട്ട രണ്ടേ രണ്ടു ആരോപണങ്ങളില്‍ ഒന്നായിരുന്നു ഭീകരാക്രമണ ബന്ധം. ആ ആരോപണത്തെ ഇറാഖ് ജനതയ്‌ക്കെതിരെ അക്രമണം അഴിച്ചുവിടാനും അവരുടെ സ്വത്തുക്കളും നേട്ടങ്ങളും നശിപ്പിക്കാനും അവരുടെ ജീവിതത്തെ നേരിട്ടും നിത്യവുമായ ഭീഷണിക്കു കീഴില്‍ അമര്‍ത്താനും കഴിയുന്ന വിധത്തില്‍ പരിഗണിക്കാമെന്ന് കരുതാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?
വിശിഷ്ട മഹതികളേ മാന്യരേ, നിങ്ങള്‍ക്കറിയാമോ എന്റെ അറസ്റ്റിനു ഏകദേശം രണ്ടാഴ്ചയ്ക്കു ശേഷം എന്നോടു സംസാരിച്ച അമേരിക്കന്‍ ഉദ്യോഗിസ്ഥരിലൊരാളോട് ഏന്തിനാണ് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എന്താണ് അടിസ്ഥാനമാണുളളതെന്നും ഞാന്‍ ചോദിച്ചിരുന്നു. കൂട്ടനശീകരണആയുധങ്ങളെപ്പറ്റിയുളള കാര്യത്തിലാണെങ്കില്‍ '' നിങ്ങള്‍ പറയുന്നതൊന്നും ഉറപ്പിക്കാന്‍ ഞങ്ങള്‍ക്ക് തെളിവൊന്നുമില്ലെന്ന്'' അയാള്‍ എന്നോടു പറഞ്ഞു. ഇനി ഭീകരരുമായുളള ബന്ധത്തിന്റെ കാര്യത്തിലാണെങ്കില്‍, അദ്ദേഹം പറഞ്ഞു: ''സദ്ദാം ഹുസൈന്‍, ആ സംഭവത്തിനു ശേഷം (സെപ്റ്റംബര്‍ 11) പ്രസിഡന്റ് ബുഷിന് നിങ്ങള്‍ ദുഖസൂചകമായ ഒരു കത്തെഴുതിയില്ല''
ഞാന്‍ പരുഷമായി ചിരിച്ചുകൊണ്ട് അയാളോടു പറഞ്ഞു: ഞങ്ങള്‍ നടത്തിയ പ്രസ്താവനകളെപ്പറ്റി നിങ്ങള്‍ക്കു യാതൊരു ധാരണയില്ല. നിങ്ങളുടെ അധികാരികള്‍ നുണ പറയുന്നതിനാല്‍ ലോകമെമ്പാടുമുളള മറ്റുളളവര്‍ അങ്ങനെ തന്നെ ചെയ്യുമെന്നു നിങ്ങള്‍ ധരിക്കുന്നു. അല്ലെങ്കില്‍ നിങ്ങളുമായി യഥാര്‍ത്ഥത്തില്‍ ബന്ധമുളള പലരും അവര്‍ നിങ്ങളെ എതിര്‍ക്കുമ്പോഴോ നിങ്ങളോട് യോജിക്കുമ്പോഴോ സത്യം പറയുന്നില്ല. അതൊരു അപകടകരമായ സംഗതിയാണ്. ലോകത്തെ മറ്റു രാജ്യങ്ങള്‍ക്കു മാത്രമല്ല അമേരിക്കയ്ക്കു പോലും അപകടം വരുത്തുന്നതാണ് അത്. 'ഇത് തെറ്റാണെന്ന്' അല്ലെങ്കില്‍ ''ഇത് സ്വീകാര്യമല്ലെന്ന്'ലോകത്ത് ആരും അമേരിക്കയോട് പറയില്ല. അമേരിക്കന്‍ വിമാനങ്ങള്‍ ഇറാഖിലെ ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുമ്പോള്‍, സര്‍ക്കാരിന്റെയും ജനങ്ങളുടെയും സ്വത്തുക്കള്‍ നശിപ്പിക്കുമ്പോള്‍, കാരണങ്ങളൊന്നുമില്ലാതെ അന്യായമായ ഉപരോധത്തിലൂടെ കുട്ടികളും സ്ത്രീകളുമുള്‍പ്പടെയുളള ജനങ്ങളെ കൊന്നൊടുക്കുമ്പോള്‍, പ്രാഥമിക വിദ്യാലയങ്ങളില്‍ കുട്ടികള്‍ ഉപയോഗിക്കുന്ന പെന്‍സിലുകള്‍ പോലും ഇറക്കുമതി ചെയ്യാന്‍ അനുവാദമില്ലാതെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുമ്പോള്‍ ഈ കുറ്റകൃത്യങ്ങളെല്ലാം ചെയ്ത ഭരണകൂടത്തിന്റെ പ്രസിഡന്റിന് ദു:ഖസൂചകമായി കമ്പിത്തപാല്‍ അയക്കാന്‍ സദ്ദാം ഹുസൈന് എന്തു ബാധ്യത? കാപട്യവും ദുര്‍ബലതയുമെല്ലെങ്കില്‍ പിന്നെയതെന്താണ്? ഞാനൊരു കപടനാട്യക്കാരനോ ബലഹീനനോ അല്ലാത്തതിനാല്‍ ബുഷിന് ഞാന്‍ ദു:ഖസൂചകമായി കമ്പിത്തപാല്‍ അയച്ചില്ല. എന്നാല്‍ ഇറാഖ് സര്‍ക്കാരിന്റെ പേരില്‍ ഉപപ്രധാനമന്ത്രി സഖാവ് താരിഖ് അസീസ് വിപത്തുകള്‍ സംഭവിച്ച കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ സുഹൃത്ത് റാംസെ ക്ലര്‍ക്ക് വഴി കമ്പിത്തപാല്‍ അയക്കുന്നതിനോട് ഞാന്‍ യോജിച്ചിരുന്നു.
തങ്ങള്‍ക്ക് ദു:ഖസൂചകമായി കത്തെഴുതാത്തവന്, അവന്റെ രാജ്യത്തിന്, അവന്റെ ജനങ്ങള്‍ക്ക് നേരെ യുദ്ധം അഴിച്ചുവിടണമെന്ന് ചിന്തിക്കാന്‍ മാത്രം മതിവിഭ്രമങ്ങളിലാണോ വലിയ ഭരണകൂടങ്ങള്‍? ഇവിടെ നിങ്ങള്‍ക്ക് അമേരിക്കന്‍ ഭരണാധികാരികള്‍ നിങ്ങളുടെ രക്തത്തെ തന്നെ തങ്ങളുടെ വീണ്ടുവിചാരമില്ലാത്ത, അക്രമണോത്സുക നയങ്ങള്‍ക്കായി ഉപയോഗിക്കുന്നതു കാണാം. ഇത്തരത്തിലുളളതായിരുന്നോ ആ ജനങ്ങളുടെ സ്വഭാവശുദ്ധി? ജനങ്ങള്‍ക്കും അല്ലങ്കില്‍ ഭരണാധികാരികള്‍ക്കും ഇത്തരത്തിലുളള മനോഭാവമാണോ വേണ്ടത്? ജനങ്ങളെ തച്ചുതകര്‍ക്കാനായി, മറ്റുളളവരുടെ ഭാഗധേയങ്ങളെ തെറ്റായി, മിഥാഭ്രമങ്ങളോടെ ആക്രമിക്കുന്നതിനായി ദുരന്തങ്ങളെ ഉപയോഗിക്കുന്നതിനേക്കള്‍ മോശമായിട്ടൊന്നുമില്ല. അമേരിക്കയെ ഇറാഖിനെതിരെയുളള യുദ്ധത്തിലേക്ക് നയിച്ച ഭരണാധികാരികള്‍ക്കുണ്ടായിരുന്ന ഏറ്റവും മോശമായ രോഗമാണിത്.
3. ഞാന്‍ അറസ്റ്റു ചെയ്യപ്പെട്ട ശേഷം അവര്‍ നിഷ്ഫലങ്ങളായ ഭീഷണികളും ഭയപ്പെടുത്തലുകളും എനിക്കെതിരെ നടത്തി. വിരട്ടലുകള്‍ക്കും ഭീഷണികള്‍ക്കു മിടയില്‍ അവരുടെ ജനറല്‍മാരിലൊരാള്‍ വിലപേശാനും ശ്രമിച്ചു. അവര്‍ തയാറാക്കി കാണിച്ച പ്രഖ്യാപനം ഞാനെന്റെ ശബ്ദത്തില്‍ വായിക്കുകയും ഒപ്പിടുകയും ചെയ്താല്‍ ജീവിക്കാനനുവദിക്കാമെന്ന് അവര്‍ എനിക്ക് വാഗ്ദാനം നല്‍കി. ഇറാഖി ജനതയോടും അവരുടെ ധീരരായ ചെറുത്തുനില്‍പ്പുകാരോടും ആയുധം താഴെ വയ്ക്കാന്‍ ആഹ്വാനം നല്‍കുന്നതായിരുന്നു അവര്‍ തയാറാക്കിയ ആ മണ്ടന്‍ പ്രഖ്യാപനം. ഞാന്‍ അത് നിരസിച്ചില്ലെങ്കില്‍ മുസോളനിയുടേതുപോലെ വെടിയേറ്റു മരിക്കലായിരിക്കും എന്റെ വിധിയെന്നാണ് എന്നോട് സംസാരിച്ചയാള്‍ പറഞ്ഞത്. എന്നാല്‍ നിങ്ങള്‍ക്ക് എന്നെ അറിയാവുന്നതുപോലെ, അല്ലെങ്കില്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതുപോലെ ഞാനത് അവജ്ഞയോടെ തളളി; ആ വൃത്തികെട്ട രേഖ കൈകൊണ്ട് തൊടുക പോലും ചെയ്യാതെ; അതിന്റെ കറ പറ്റാന്‍ അനുവദിക്കുപോലും ചെയ്യാതെ. എന്റെ ജനതയെ അഭിസംബോധന ചെയ്യാന്‍ ഒരവസരം കിട്ടിയാല്‍ കൂടുതല്‍ ചെറുത്തുനില്‍പ്പുകള്‍ നടത്താന്‍ ഞാനാഹ്വാനം ചെയ്യുമെന്നും ഞാനവരോട് വ്യക്തമാക്കി.
ഏഴുദിവസത്തിനുശേഷം, അവരാഗ്രഹിക്കുന്നതു ലഭിക്കാനായി എന്നോടു സംസാരിക്കാന്‍ അവര്‍ ഒരു സംഘത്തെ അയച്ചു. തങ്ങള്‍ അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്നു വരികയാണെന്നും തുറന്ന വിശദ ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് അവരെന്നോടു പറഞ്ഞത്. ഞാനതിനു സമ്മതിച്ചു. അമേരിക്കന്‍ അധികാരികള്‍ അവകാശപ്പെടുന്നതുപോലെ ഇറാഖിന്റെ കയ്യില്‍ ഒന്നുമില്ലെന്നും ഞാനവര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. അവരോട് (അമേരിക്കയോട്) ഇറാഖ് ഉടന്‍ വിടാനും എന്റെ ജനതയോട് ക്ഷമായാചനം നടത്താനും ഞാനവരോട് നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ മോശമായ സംഗതികള്‍ അവര്‍ക്ക് ഇവിടെ നിന്ന് നേരിടേണ്ടി വരുമെന്ന് -( ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതിനേക്കാള്‍ മോശമായിരിക്കും അവരുടെ വിധിയെന്നാണ് ഞാന്‍ കരുതുന്നത്)-ഞാനവര്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഇറാഖിന്റെ ഇരു പകുതികളും തങ്ങളെ വിഴുങ്ങുമ്പോള്‍ ആയുധങ്ങളും സംവിധാനങ്ങളുമായി പിന്‍മാറാന്‍ അവര്‍ക്ക് തെല്ലിടപോലും കിട്ടില്ല. ദൈവ നിശ്ചയത്താല്‍ ഞങ്ങളുടെ ജനത ആഴത്തില്‍ തിരിച്ചറിവും ബോധവും ഉളളവരാണ്. അവര്‍ക്കറിയാം വിമോചനം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ തങ്ങളുടെ ഐക്യത്തിലൂടെയേ കഴിയൂവെന്നും. ഞങ്ങളുടെ ജനങ്ങള്‍ സഹനത്തെ ദിശാബോധത്തിനു തീര്‍ച്ചയായും അടിസ്ഥാനമാക്കും. മുറിവുകള്‍ അവരില്‍ ഏല്‍പ്പിക്കപ്പെട്ടതാണ്, സ്വയം ഉണ്ടായവയല്ല.

നിങ്ങളോട് പറയട്ടെ, ഞാനവരെ എല്ലാം വ്യക്തമായി ധരിപ്പിച്ചിരുന്നു. എന്നാല്‍ അവര്‍ അവരുടെ രീതികള്‍ മാറ്റിയില്ല, അവര്‍ അവരുടെ കളളതാക്കോലുകളും മാറ്റിയില്ല. അവരിപ്പോഴും തെറ്റായ വാതിലുകളില്‍ മുട്ടുകയും ന്യായയുക്തയുടെ വാതിലുകള്‍ തുറക്കാന്‍ പരാജയപ്പെടുകയും ചെയ്യുന്നു; സ്വയം അത് നന്നായി അറിയാമെങ്കില്‍ തന്നെയും അവര്‍ അതാവര്‍ത്തിക്കുന്നു. അതുമായി ബന്ധപ്പെട്ട് ഞാന്‍ ഈ കത്തില്‍ ഖുറാനില്‍ നിന്ന് കുറച്ചധികം ഭാഗം, 56 വരികള്‍ ചേര്‍ക്കട്ടെ.
(അറബിയില്‍ നിന്നുളള പരിഭാഷകളില്‍ ഖുറാനിലെ ഉദ്ധരണികളോ അത് വ്യക്തമാക്കുന്ന സൂചനകളോ ഉണ്ടായിരുന്നില്ല. അതിനാല്‍ ഇവിടെ അത് ചേര്‍ക്കാനായിട്ടില്ല. അതിനു ക്ഷമാപണം-വിവര്‍ത്തകന്‍)

4. ഇന്റലിജന്‍സ് സംവിധാനങ്ങളുടെ വാതിലുകള്‍ കിഴക്കും മിക്ക പടിഞ്ഞാറന്‍ രാജ്യങ്ങളിലും തുറന്നിരിക്കുമ്പോള്‍ അമേരിക്കയെപോലുളള രാജ്യത്തിന് സത്യങ്ങള്‍ അറിയില്ലെന്നോ, അല്ലെങ്കില്‍ അറിയാന്‍ കഴിയുകയോ ഇല്ലെന്ന് കരുതുന്നത് യുക്തിസഹവും വിശ്വസ്യയോഗ്യവുമല്ല. ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് യുദ്ധത്തിലോ യുദ്ധങ്ങളിലോ താല്‍പര്യമുണ്ടായിരിക്കുമ്പോള്‍ അവള്‍ക്ക്(അമേരിക്കയ്ക്ക്) അങ്ങനെയല്ലെന്നാണ് എനിക്ക് ബോധ്യമായിട്ടുളളതും കരുതുന്നതും. തങ്ങള്‍ ചെയ്യുന്ന കൃത്യങ്ങളില്‍ അവള്‍ വിശ്വസിക്കുന്നു. പക്ഷെ ഇവിടെ അതിന് കടകവിരുദ്ധമാണ് വാസ്തവം.
അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മറുകരയില്‍ അമേരിക്ക വലിയ ഒരു രാജ്യമാണ്. അത് വ്യത്യസ്തമായ, ബദലില്ലാതെ, അപൂര്‍വമായ അധികാരമായി മാറിയിട്ടുണ്ട്. ലോകത്തിന്റെ കിരീടം തങ്ങള്‍ക്കു ലഭിക്കാനും തങ്ങള്‍ ലോകത്തിന്റെ ചക്രവര്‍ത്തി തുല്യരാകാനുമുളള യാത്രയിലാണെന്ന് അവിടെയുളള ചില ആള്‍ക്കാര്‍ ധരിക്കുന്ന വിധത്തില്‍ അതുമാറിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. തങ്ങളുടെ വിയറ്റ്‌നാം യുദ്ധത്തില്‍ നിന്ന് അവര്‍ പാഠങ്ങള്‍ ഒന്നും പഠിച്ചില്ലേ? ലോക കമ്യൂണിസവും സോവിയറ്റ് ബ്ലോക്കും തങ്ങളുടെ താല്‍പര്യത്തിനും മുഴുവന്‍ പാശ്ചാത്യലോകത്തിന്റെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് പാശ്ചാത്യര്‍ ആദ്യം പ്രചരിപ്പിച്ചു. ആ പ്രചാരണവുമായി നോക്കുമ്പോള്‍ ഇതൊന്നുമല്ല. എന്നിരുന്നാലും അമേരിക്ക അത് ഉപയോഗിക്കുകയും അതില്‍ സ്വയം അടയിരിക്കുകയും ചെയ്തു. വിയറ്റ്‌നാം ജനത ബല പ്രയോഗത്തിലൂടെ പുറത്താക്കുന്നതുവരെ.
അന്താരാഷ്ട്ര തലത്തിലെ ശക്തിസന്തുലനത്തിന്റെ ഫലമായി അന്താരാഷ്ട്ര സമൂഹത്തിന്റെ സമീപനം മൂലം ഇറാഖില്‍ നടത്തിയ അധിനിവേശത്തിനു സമാനമായി വിയറ്റ്‌നാമില്‍ അമേരിക്കയ്ക്ക് ആദ്യ ചുവടുകള്‍ വയ്ക്കാനായി. പക്ഷെ വിയറ്റ്‌നാമിനുളളില്‍ നടത്തിയ യുദ്ധത്തിന് ഏറെ വിലകൊടുക്കേണ്ട സാഹചര്യം പിന്നീടു വന്നു.
അമേരിക്കയ്ക്ക് മുമ്പ് ഭയപ്പെടുത്താനുപയോഗിച്ചതുപോലുളള തടിയന്‍ വടികള്‍ ഇന്ന് ഉപയോഗിക്കാനാവില്ല. ഭീഷണിയില്‍ക്കൂടി ഭയപ്പെടുത്തിനേടുന്നതിനേക്കാള്‍, ശക്തി ഉപയോഗിക്കാതെ നേടാനാണ് അമേരിക്കയുടെ ശ്രമം. ഇറാഖ് യുദ്ധത്തിനുശേഷം പഴയ തടിച്ചവടി പലരെയും ഭയപ്പെടുത്തുന്നില്ല. തങ്ങളുടെ കുറ്റങ്ങള്‍ക്കും വീണ്ടുവിചാരമില്ലാത്ത, വഴിവിട്ട ചലനങ്ങള്‍ക്കുമെതിരെ നിശബ്ദരായിരിക്കാന്‍ ചെറിയ രാജ്യങ്ങളെ വരെ സന്തോഷിപ്പിക്കേണ്ട ശ്രമത്തിലും അവസ്ഥയിലുമാണ് അമേരിക്ക. മുമ്പ് പല രാജ്യങ്ങളും അമേരിക്കയെ ഭയപ്പെട്ടിരുന്നു. ഇന്നു വളരെക്കുറുച്ചുപേര്‍ മാത്രമാണ് അവരെ ഭയപ്പെടുന്നതും വകവച്ചുകൊടുക്കുന്നതും. അമേരിക്ക ഒരു കടലാസ് പുലിയാണെന്നുളള തന്റെ പ്രവചനം സത്യമാകുന്നതുകണ്ട് ചിലപ്പോള്‍ മാവോസേതുങ്ങ് തന്റെ കുഴിമാടത്തില്‍ ചിരിക്കുന്നുണ്ടാവും. ഇത് സനാതമായ ദൈവത്തിന്റെയും അവന്റെ വാഹകരായ മഹത്തായ, സമരോത്സുകരായ, ഇറാഖി മുജാഹിദുകളുടെയും ജിഹാദികളുടെയും ഇച്ഛയാണ്.അതിനാല്‍ ഇറാഖിലെ ധീരജനതയ്ക്കും മുജാഹിദുകള്‍ക്കും ജിഹാദികള്‍ക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ട്.
അമേരിക്കയിലെ മഹതികളെ, മാന്യരെ, ഏറ്റവും കരുത്തും അത്യാധുനിക ഉപകരണങ്ങളുമായി സായുധവല്‍ക്കരിക്കപ്പെടുകയും ചെയ്ത സൈന്യത്തെ തച്ചുതകര്‍ക്കാന്‍ ഇറാഖില്‍ പുതിയ സൈന്യം ഉണ്ടാവുകയും യുദ്ധം നേര്‍ക്കുനേര്‍ നടത്താന്‍ തയാറായിക്കൊണ്ടിരിക്കുകയു ചെയ്യുന്നു. സംഘടിതമായ സംവിധാനങ്ങളില്ലാതെ ഞങ്ങളുടെ ധീരരായ ജനതയും മുജാഹിദുകളും പുതിയ തരം യുദ്ധം നടത്തുന്നതാണ് ഇനി നിങ്ങള്‍ കാണുക . കരയിലുളള അമേരിക്കക്കാര്‍ വിപ്ലവകാരികളുടെ തോക്കിനും ദൈവ വിശ്വസത്തില്‍ മുങ്ങിയ മനുഷ്യബോംബുകള്‍ക്കും ഇരകളാകും. അമേരിക്കയുടെ ആധിപത്യം തകര്‍ത്തെറിയപ്പെടും. വാസ്തവത്തില്‍ വരുംനാളില്‍ അവരുടെ സംവിധാനങ്ങള്‍ പിന്‍വലിക്കാനാവാതെ സ്വയം ഭാരമായി മാറും. യുക്തിപരമായി ചിന്തിക്കുന്നവരുടെ അഭ്യര്‍ത്ഥനകളെ വിശ്വസിക്കുമോ? അല്ലെങ്കില്‍ സത്താന്റെയും വഞ്ചകരുടെയും വെറുപ്പുനിറഞ്ഞ സിയോണിസത്തിന്റെ പിന്തുണക്കാരുടെയും വാക്കുകളില്‍ വിശ്വസിച്ച് ഇവിടെ തുടരുമോ? അവസാനം തിരമാലകള്‍ തങ്ങളെ വിഴുങ്ങുകയും ഉഗ്രകോപിതമായ കടലിന്റെ അഴങ്ങളില്‍ മുങ്ങിത്താഴുന്നതുവരെയും കാത്തിരിക്കുമോ?

എല്ലാത്തിനുമുപരി ആരാണ് അമേരിക്കന്‍ സര്‍ക്കാരിനെ ലോക പോലീസായും നിയമിച്ചത്. തങ്ങളാഗ്രഹിക്കുന്ന വിധത്തില്‍ ലോകത്തെ രൂപപ്പെടുത്താനും വിവിധ രാജ്യങ്ങള്‍ക്ക് ദേശീയ ഉത്തരവുകള്‍ നല്‍കാനും ആരാധികാരം നല്‍കി?
സ്ത്രീകളെ, മാന്യരെ, സദ്ദാം ഹുസൈന്‍ ആദരണീയനായ ദേശസ്‌നേഹിയും സത്യസന്ധനായ വ്യക്തിയുമാണ്. നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ബാധ്യസ്ഥനായ രാഷ്ട്രീയക്കാരനാണ്. എന്നാല്‍ ദയാമനസ്‌കനുമാണ്. അയാള്‍ തന്റെ രാജ്യത്തെയും ജനങ്ങളെയും സ്‌നേഹിക്കുന്നു. അയാള്‍ നേരെ ചൊവ്വേയുളളവനും രണ്ടുവളളത്തില്‍ കാലുകുത്താത്തവനാണ്. അല്ലെങ്കില്‍ വഞ്ചകനുമല്ല. അയാള്‍ തനിക്കെതിരാണെങ്കില്‍ പോലും സത്യം മാത്രം തുറന്നു പറയുന്നു. ബുഷിനെപ്പോലുളള സേച്ഛാധികള്‍ക്ക് ഈ സ്വഭാവ സവിശേഷതകളുണ്ടോ? സദ്ദാം ഡി ഗുല്ലിയെപ്പോലെയായിരിക്കുയോ റീഗനെപ്പോലെയിരിക്കുകയോ ചെയ്തിട്ടുണ്ടോ? ചിലപ്പോള്‍ അയാള്‍ക്ക്(സദ്ദാമിന്) അവരെ മനസിലായേക്കുമെങ്കിലും തീര്‍ത്തും അവജ്ഞയോടെയാണ് അവരെ കണ്ടിരുന്ന്. പക്ഷെ മഹതികളെ; മാന്യരെ, ഞാന്‍ നിങ്ങളോടു പറയട്ടെ നിങ്ങളുടെ രാജ്യം ഇനിയും കൂടുതല്‍ കാണേണ്ടിവരും. അതിന് അതിന്റെ പ്രശസ്തിയും അസ്തിത്വവും നഷ്ടമായിരിക്കുന്നു. അമേരിക്കക്കാര്‍ക്ക് മുമ്പ് ലോകത്തെവിടെയും ചെന്നാല്‍ ആദരവും സുരക്ഷയും ഉണ്ടായിരുന്നു. ഇന്ന് മൈന്‍ കണ്ടെത്തല്‍ ഉപകരണത്തിന്റെ സഹായമില്ലാതെ അമേരിക്കയ്ക്കു പുറത്ത് കാലെടുത്തുകുത്താന്‍ അവര്‍ക്ക് കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. അമേരിക്കന്‍ ജീവിതങ്ങള്‍ക്ക് ഭീഷണിയായ മേഖലകളെക്കുറിച്ച് തുടര്‍ച്ചയായി അമേരിക്കന്‍ പ്രതിരോധവകുപ്പിന് മുന്നറിയിപ്പുകള്‍ നല്‍കേണ്ടി വരുന്നു. അമേരിക്കന്‍ വിരുദ്ധ മനോഭാവം ലോകത്ത് ഉണ്ടാക്കിതീര്‍ന്നത് അമേരിക്കന്‍ അധികാരികളും അവരുടെ തന്നെ നയങ്ങളുമാണ്. അവരുടെ അക്രമണ സ്വഭാവവും വെറുപ്പിക്കുന്ന കടന്നാക്രമണ മനോഭാവവും അന്താരാഷ്ട്ര നിയമങ്ങളോടും സുരക്ഷയോടും-( ഫലസ്തീനിലെ സിയോണിസ്റ്റ് അസ്ഥിത്വത്തിന് നല്‍കുന്ന പിന്തുണയോടെ എന്റെ അറബ് രാജ്യത്തിന്റെ സുരക്ഷയുള്‍പ്പടെ)- ആദരവില്ലായ്മയുടെ അഭാവവുമാണ് അത്തരമൊരവസ്ഥ ഉണ്ടാക്കിയത്.
ഇന്ന് നിങ്ങള്‍ ലോകത്തെപ്പറ്റി മുന്‍വിചാരം നടത്തുകയാണ്. നിങ്ങളെ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും രക്ഷിക്കാനാവില്ല. നിങ്ങള്‍ മാറുകയാണെങ്കില്‍, ലോകത്തിനും സ്വയം പുതിയ സാഹചര്യങ്ങള്‍ തുറക്കുകയാവും ചെയ്യുക. നിങ്ങള്‍ മനസിരുത്തുന്നില്ലെങ്കില്‍, അതു നിങ്ങളുടെ തീരുമാനം മാത്രമാവും. സുരക്ഷയാണഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് സമാധാനത്തെ അടിസ്ഥാനമാക്കുന്ന സ്വതന്ത്രവും തുറന്നതുമായ മത്സരമാണ്.
18-ാം നൂറ്റാണ്ടിനെ പിന്തുടര്‍ന്ന സ്ഥിരതയുളള വര്‍ഷങ്ങള്‍ അധിനിവേശക്കാരായി മദ്ധ്യപൂര്‍വദേശത്ത് അതിക്രമിച്ചു കടന്നുവന്നതോടെ ദൂരെ മറഞ്ഞിരിക്കുന്നു. അത് നമ്മളുടെ ഓര്‍മയിലേക്ക് ഉയര്‍ത്തെഴുന്നേല്‍പ്പിനെയും ചെറുത്തുനില്‍പ്പിനെയും കൊണ്ടുവരുന്നു. മദ്ധ്യ പൂര്‍വദേശവും മുഴുവനും പ്രത്യേകിച്ചള അറബ് മാതൃഭൂമിയും പ്രവാചകന്‍മാരുടെയും ദൈവ ദൂതരുടെ പിളളത്തൊട്ടിലായിരുന്നു. പ്രവാചകന്‍മാരെ സംസ്‌കരിച്ച കബറിടങ്ങള്‍ സ്ഥിതി ചെയ്യുന്നിടം പകവിദ്വേഷമുളള കയേറ്റക്കാരായ സാത്താന്‍മാരുടെയും കണ്ണാടി ദൃശ്യങ്ങളുടെയും ഗേഹമായി മാറി?
ഞങ്ങള്‍ ചിന്തിക്കുകയും ഞങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്കുറപ്പുനല്‍കുകയു ചെയ്യുന്നത് സിയോണിസ്റ്റുകള്‍ സാത്താന്‍മാര്‍ക്ക് വഴികാട്ടികളാണെന്നാണ്. അവര്‍ അന്യായമായി കടന്നാക്രമണകാരികളായി വന്ന് ആഞ്ഞടിച്ചു. അവര്‍ മുന്നേറുന്നത് നിര്‍ത്തുകയോ വെറുതെ ഇരിക്കുകയോ ചെയ്തില്ല. അവരുടെ പൈശാചികനായ രക്ഷാധികാരിയാണ് അവരുടെ വൈഷമ്യങ്ങള്‍ തയാറാക്കിയത്. പക്ഷെ ഞങ്ങളെ സംബന്ധിച്ച കാരുണ്യവാനായ ദൈവമാണ് രക്ഷാധികാരി.
അമേരിക്കയിലെ ജനങ്ങളെ, നിങ്ങളുടെ സര്‍ക്കാര്‍ ഞങ്ങളുടെ ജനതയോടും ഞങ്ങളുടെ അറബ്‌ദേശീയതയോടും മാനുഷികതയോടും ഇറാഖിലെ ജനങ്ങളോടും- (ഇറാഖികള്‍ എന്നു ഞാന്‍ ഉദ്ദേശിക്കുമ്പോള്‍ ഞങ്ങളില്‍ നിന്ന് ഭിന്നിച്ച് സ്വന്തം ജനങ്ങളെക്കാള്‍ വിദേശിയര്‍ക്ക് പാദസേവ ചെയ്യുന്നവരെയല്ല)- കുറേയേറെ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഞങ്ങള്‍ ചിന്തിക്കുന്നത് ഞങ്ങളുടെ വിധിയെപ്പറ്റി മാത്രമല്ല. മറ്റുളളവരുടേതു കൂടിയാണ്. വേദനനിറഞ്ഞ പ്രശ്‌നത്തിന് എവിടെയും പരിഹാരം സാധ്യമാക്കാനാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ തടവറയിലായിരിക്കുമ്പോള്‍ ഞാന്‍ ചില അമരിക്കക്കാരോട്, പ്രതിരോധക്കാര്‍ക്ക് തടവിലായ അമേരിക്കന്‍ സൈനികരെ കൈമാറാന്‍ അധികാരവും ആധികാരികതയുമുളള മറ്റൊരു രാജ്യത്തെ നിര്‍ദേശിച്ചു കൂടെ എന്ന് ആരാഞ്ഞിരുന്നു.
ഇപ്പോള്‍ അമേരിക്കന്‍ സൈനികരെ പിടികൂടിയാലുടന്‍ വധിക്കുന്നുവെന്നാണ് ആക്ഷേപം. ഇറാഖിലെ നടപടികളിലൊന്നും അമേരിക്ക അന്താരാഷ്ട്ര നിയമങ്ങളോ തടവുകാരുടെയും കരുതല്‍ തടങ്കല്‍ കാരുടെയും കാര്യത്തില്‍ ജനീവ കണ്‍വന്‍ഷന്‍ ധാരണകളോ ഒന്നും പാലിച്ചിട്ടില്ല. ഇറാഖില്‍ ചെറുത്തുനില്‍പ്പുകാര്‍ക്ക് തടവുകാരെ സുരക്ഷിതമായി താമസിപ്പിക്കാനുളള ഇടമില്ല. തടവുകാരെ സുരക്ഷിതമായി വയ്ക്കാന്‍ ഇടമില്ലെന്നത് ചെറുത്തുനില്‍പ്പുകാരുടെയോ അല്ലെങ്കില്‍ ചെറുത്തുനില്‍പ്പുമായി ബന്ധമില്ലാത്ത പാര്‍ട്ടികളുടെ ബാധ്യതയാണോ?
മാനുഷികപരമായ ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കാനും തടവുകാരെ കൊല്ലുന്നതിന് ന്യായീകരണം കണ്ടെത്തുന്നത് അവസാനിപ്പിക്കാനുമായി ഞാനീ നിര്‍ദേശം നിങ്ങളുടെയും ദേശീയ ചെറുത്തുനില്‍പ്പുകാരുടെയും മറ്റ് താല്‍പര്യമുളളവരുടെയും മുമ്പില്‍ നല്ല ഉദ്ദേശത്തോടെ സമര്‍പ്പിക്കുന്നു. നിങ്ങള്‍ ജനീവാ സമ്മേളനത്തെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുകയാണെങ്കില്‍ തടവിലടക്കുന്നതിനേക്കാള്‍ കൂടുതലായി കൊല്ലുന്നതിനു വേണ്ടി വാദിക്കുന്നത് അവസാനിക്കും. എന്നാല്‍ നിങ്ങളുടെ സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ സര്‍ക്കാര്‍അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതിന്റെ ഫലമായുണ്ടായ എല്ലാ കുഴപ്പങ്ങള്‍ക്കും സംഭവങ്ങള്‍ക്കും നിങ്ങള്‍ മാത്രമാണ് ഉത്തരവാദി. , ധീരോദാത്തരായ പ്രതിരോധക്കാരല്ല. സംഭവിക്കുന്നതിനെല്ലാം നിങ്ങള്‍ മാത്രമായിരിക്കും ഉത്തരവാദികള്‍. പ്രത്യേകിച്ച് വരുംനാളില്‍ അമേരിക്കന്‍ തടവുകാരുടെ എണ്ണം കൂടുമെന്നത് സത്യമാണ്. അല്ലെങ്കില്‍ നിങ്ങളുടെ സര്‍ക്കാരിന് കൊണ്ടറിയുന്നതുവരെ ഒന്നും മനസിലാക്കാന്‍ കഴിവില്ലേ?
മഹതികളെ; മാന്യരെ, അന്താരാഷ്ട്ര നിയമങ്ങള്‍ക്കു മുമ്പില്‍ ഏതു രാജ്യത്തില്‍ പെടുന്നവരാണെന്നോ, ആ രാജ്യത്തിന്റെ വലിപ്പമെന്തെന്നോ പരിഗണിക്കാതെ എല്ലാ ജനങ്ങളെയും തുല്യരായി നിങ്ങളുടെ സര്‍ക്കാര്‍ കാണേണ്ട കാലമായിരിക്കുന്നു. തങ്ങളുടെ നയങ്ങളിലൂടെയും തങ്ങളുടെ സൈന്യത്തിന്റെ പെരുമാറ്റത്തിലൂടെയും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കു മാത്രമാണ് അതിന്റെ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം. അന്താരാഷ്ട്ര നിയമങ്ങളുടെ നിര്‍ദേശങ്ങള്‍ക്കു അനുരൂപമല്ല തങ്ങളുടെ നയങ്ങള്‍ എങ്കില്‍ മറ്റുളളവര്‍ ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ അവകാശം സംരക്ഷിക്കണമെന്നു വാദിക്കാന്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ല.
വിശിഷ്ട മഹതികളെ, മാന്യരേ, യുദ്ധം തടയാന്‍ ഒന്നും ചെയ്യാന്‍ അവസരം കിട്ടാതിരുന്നവര്‍ക്ക് ഇറാഖില്‍ സമാധാനവും സ്വാതന്ത്ര്യവും തിരികെക്കൊണ്ടുവരുന്നതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇപ്പോഴും അവസരമുണ്ട്. ആര്‍ക്കുവേണമെങ്കിലും വിദേശ ഇടപെടലുകളില്ലാതെ തങ്ങളുടെ ജനതയുടെ ഹിതത്തിനനുസരിച്ച് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കാം.
അമേരിക്കയിലെ ജനങ്ങളെ, ഞാന്‍ നിങ്ങളോടു സംസാരിക്കുന്നത് ദുര്‍ബലതകളില്‍ നിന്നോ അല്ലെങ്കില്‍ ദയായാചകനോ ആയല്ല. ഞാന്‍, എന്റെ ജനത, എന്റെ സഹോദരര്‍, സഖാക്കള്‍, എന്റെ രാഷ്ട്രം -ഞങ്ങള്‍ നിങ്ങളോട് സംസാരിക്കുന്നത് ധാര്‍മികവും മാനുഷികവുമായ ഉത്തരവാദിത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. ഞാന്‍ നിങ്ങളോട് പറയാം നിങ്ങളുടെ അധികാരികള്‍, അവരില്‍ ആദ്യത്തെയാള്‍ നിങ്ങളുടെ പ്രസിഡന്റ് ബുഷ് തന്നെ, നിങ്ങളോട് അസത്യം പറയുകയും നിങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്തിരിക്കുന്നു. മാധ്യമങ്ങളെ ഉപയോഗിച്ച് ഇറാഖിനെ അത്യന്തം വഷളായും സദ്ദാം ഹുസൈനെ വെറുക്കപ്പടുന്ന സര്‍വാധിപതിയായും, ജനങ്ങള്‍ അവനെ കൈകാര്യം ചെയ്യാന്‍ തിടുക്കപ്പെട്ടിരിക്കുന്ന വിധത്തില്‍ നിന്ദിതാനാണെന്നു ചിത്രീകരിക്കുകയും ചെയ്തുകൊണ്ടാണ് അത് ചെയ്തത്. നുണയുടെ അഴക്കുചാലില്‍ നുരച്ചുകൊണ്ട് ചില മാധ്യമങ്ങള്‍ ഇറാഖികള്‍ അധിനിവേശസേനയെ റോസാപൂക്കളും ആഘോഷങ്ങളുമായി സ്വീകരിക്കുമെന്നുവരെ പരസ്യമായി പ്രഖ്യാപിച്ചു.
ആഴത്തിലുളള വിശകലനം നടത്താത്ത ഒട്ടനവധി പേരെ എനിക്കറിയാം. കെട്ടിച്ചമച്ച വാര്‍ത്തകളില്‍ നിന്ന സത്യത്തെ വെളിച്ചത്തുകൊണ്ടുവരാന്‍ സമയമോ താലപര്യമമോ,കൃത്യമായ ധാരണകളില്‍ എത്താന്‍ ശ്രദ്ധയോ, ആഗ്രഹമോ, സമയമോ അവര്‍ക്കില്ല. അമേരിക്കന്‍ ജനതയ്ക്ക് അന്വേഷിക്കാന്‍ ഒരവസരവും ഉണ്ടായിരുന്നില്ല. ഉദാഹരണത്തിന് സദ്ദാം ഹുസൈനെ ഇറാഖ് ജനത വെറുക്കുന്നുവെങ്കില്‍ ഖുമൈനിയുടെ ഇറാനെ എട്ടുവര്‍ഷം നീണ്ട അക്രമണോത്സുകമായ യുദ്ധത്തിലൂടെ എങ്ങനെ തോല്‍പ്പിക്കാനായി. ഇറാഖില്‍ വിപ്ലവം കയറ്റുമതി ചെയ്യുന്നതിന് തുടക്കം എന്ന മുദ്രാവാക്യവുമായിട്ടാണ് അവര്‍ പോരാടിയത്. അമേരിക്കന്‍ ജനങ്ങളേ, ഖുമൈനിയുടെഇറാനുമേലുളള വിജയം യുദ്ധത്തിന്റെ ഹൃസ്വകാലംകൊണ്ട് കിട്ടയതല്ല. എട്ടുവര്‍ഷം നീണ്ട മുഷിഞ്ഞുളള നൂറുകണക്കിന് ജനങ്ങള്‍ രകതസാക്ഷിത്വം വരിച്ചും ആയിരക്കണക്കിന് ജനങ്ങള്‍ ഇറാന്‍ ഭാഗത്ത് മരിച്ചുകൊണ്ടുമാണ് സംഭവിച്ചത്.
അല്ലെങ്കില്‍ കരുതുക, സദ്ദാം ഹുസൈന്‍ സേച്ഛാധിപതിയിരുന്നുവെങ്കില്‍ എന്തിന് 1980 ല്‍ യുദ്ധകാലത്ത് ഇവിടെ തെരഞ്ഞെടുപ്പോടു കൂടി ഒരു പാര്‍ലമെന്റ് ആദ്യമായി സ്ഥാപിച്ചു. 1958 നു ശേഷം ഇവിടെ പാര്‍ലമെന്റ ഇല്ലാതിരുന്നു എന്നിരിക്കെ? അയാളും അയാളുടെ സര്‍ക്കാരും സേച്ഛാധിപതികളായിരുന്നുവെങ്കില്‍, എങ്ങനെ അയാള്‍ക്ക് സ്‌ക്കൂളുകളും സര്‍വകലാശാലകളും പട്ടണങ്ങളും ഗ്രാമങ്ങളും സന്ദര്‍ശിക്കാനും സൂര്യനസ്തമിച്ചതിനുശേഷം രാത്രി അവിടെ ചെലവഴിക്കാനും കഴിയുന്നു? അയാള്‍ക്കെങ്ങനെ ചുറ്റുവട്ടങ്ങളില്‍ സഞ്ചരിക്കാനും രാത്രിയിലും പകലും യുദ്ധമുന്നണിയിലെത്തി നയിക്കാനും കഴിയുന്നു? മുസ്ലീം സഹോദരര്‍ക്കൊപ്പം യുദ്ധത്തിന്റെ മുന്‍നിരയില്‍ കിടങ്ങുകളിലും കഴിയാനാകുന്നു?
അതെ, മാന്യ മഹതികളെ മാന്യരെ, നിങ്ങളുടെ സര്‍ക്കാര്‍ നിങ്ങളെ വഞ്ചിരിക്കുന്നു. നിങ്ങള്‍ക്കോ നിങ്ങളില്‍ ഭൂരിപക്ഷത്തിനോ സ്വയമോ മറിച്ചോ സത്യംകണ്ടെത്താനാന്‍ അവസരമില്ലാത്ത വിധത്തില്‍. കാരണം മറ്റ് ചില അധികാരകേന്ദ്രങ്ങള്‍ക്കൊപ്പം യുദ്ധത്തിനായി വാദിച്ച ഉപജാപക സംഘത്തിലെ സിയോണിസ്റ്റുകള്‍ നിങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും യഥാര്‍ത്ഥസത്യം നിങ്ങള്‍ക്കു മുമ്പില്‍ നിന്ന് മറക്കുകയും ചെയ്യുന്നു. കെട്ടിച്ചമച്ചതും വളച്ചൊടിച്ചതുമായ വിവരങ്ങള്‍മാത്രം കൈമാറുകയും ചെയ്യുന്നു. അതില്‍ അവസാനത്തേതായി, എന്നാല്‍ ഒട്ടും കുറവല്ലാതെ അവര്‍ സദ്ദാം ഹുസൈനെ സര്‍വ്വാധിപതിയായും ജനങ്ങള്‍ വെറുക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന ഒരാളായും ചൂണ്ടിക്കാട്ടുന്നു. പക്ഷെ എന്തുകൊണ്ട് ജനങ്ങള്‍ അവനില്‍ വിശ്വാസം പുലര്‍ത്തുകയും ഹിതപരിശോധനയിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു?
അമേരിക്കയിലെ ജനങ്ങളെ, നിങ്ങള്‍ക്കും ഞങ്ങളുടെ അറബ് ദേശത്തിനും ഞങ്ങളുടെ തന്നെ ധീരരായ ഇറാഖി ജനതയ്ക്കും -(അമേരിക്കയുടെ വിശ്വാസ്യതയയും പ്രശസ്തിയും തകര്‍ന്നതുമുള്‍പ്പടെ)- ബാധിച്ച ദുരിതത്തിനും കാരണം നിങ്ങളുടെ സര്‍ക്കാരിന്റെ വീണ്ടു വിചാരമില്ലാത്ത പ്രവര്‍ത്തനമാണ്. അമേരിക്കന്‍ ജനതയുടെ താല്‍പര്യത്തിനു ഒട്ടും ഗുണകരമല്ലാത്ത, പ്രത്യേക ഉദ്ദേശത്തോടെ കുറ്റകൃത്യങ്ങളും നിന്ദ്യമായ പ്രവര്‍ത്തികളും നിങ്ങളുടെ അധികാരികള്‍ ചെയ്തിനു പിന്നില്‍ സിയോണിസ്റ്റുകളുടെ സ്വാധീനമാണ്. കൂട്ടക്കൊലകളും രക്തവും ഇന്ന് ഇറാഖിന്റെ തെരുവിലും ഗ്രാമങ്ങളിലും മലവെളളംപോലെ ഒഴുകുകയാണ്. അതിന്റെ ഉത്തരവാദിത്തം മറ്റാരേക്കാളും മുമ്പ് അമേരിക്കയുടെ മേലാണ് പതിക്കുന്നത്. അത് നിങ്ങള്‍ക്കറിയാം അല്ലെങ്കില്‍ നിങ്ങള്‍ വൈകാതെ അറിയും.അമേരിക്കന്‍ സേന തങ്ങളുടെ വിമാനങ്ങളിലും ടാങ്കുകളിലും കൊണ്ടുവന്ന പിണിയാളുകളോ ഇറാനോ അല്ല അമേരിക്കയോട് മുന്നോട്ടുപോകാനും രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാനും ജനങ്ങളുടെയും രാജ്യത്തിന്റെയും അന്തസും സ്വത്തും നശിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്. അമേരിക്കയാണ് കടന്നാക്രമണവും അധിനിവേശവും നടത്തിക്കൊണ്ടിരിക്കുന്നത്. അതിപ്പോഴും ഉത്തരവിറക്കുന്നത് 'പച്ചമേഖലയില്‍' (ഗ്രീന്‍സോണ്‍) നിന്നാണ്. അതുകൊണ്ട് തന്നെ എല്ലാ കുറ്റങ്ങളുടെയും അതിക്രമങ്ങളുടെയും ഭാരം ചുമക്കേണ്ടത് അമേരിക്കയാണ്. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിന് വക്‌ത്രോക്തികളും വായാടിത്തവുമില്ലാതെ യഥാര്‍ത്ഥ സത്യത്തിന്റെ രീതികള്‍ ഉപയോഗിച്ച് നിങ്ങള്‍ അറുതി വരുത്താനാകുമോ? അല്ലെങ്കില്‍ പ്രശ്‌നം പരിഹാരത്തിന് ഒന്നും ചെയ്യാതെ മരണയന്ത്രത്തിനോട് ഇറാഖികളുടെയും അമേരിക്കകാരുടെയും കബന്ധങ്ങള്‍ തിന്നുന്നത് തുടരാന്‍ നിങ്ങള്‍ സമ്മതിക്കുമോ?

'' ഞങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു എന്നതു മാത്രമാണല്ലോ നീ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞു തരികയും, ഞങ്ങളെ നീ മുസ്ലീംങ്ങളായികൊണ്ട് മരിപ്പിക്കുകയും ചെയ്യണമേ''(വിശുദ്ധ ഖുറാന്‍ 7:126)

അമേരിക്കയിലെ ജനങ്ങളെ, ചില അധികാരകേന്ദ്രത്തിന്റെ പ്രേരണയാല്‍
നിങ്ങളുടെ സര്‍ക്കാര്‍ ലോകത്ത് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍-(അതിലൊന്നു മാത്രമാണ് ഇറാഖിലെയുദ്ധം)- അമേരിക്കന്‍ ജനതയുടെ താല്‍പര്യത്തിനുവേണ്ടിയല്ലെന്ന് നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ നന്നായി അറിയാം. ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്ന് മോചിതരാകാന്‍ നിങ്ങള്‍ എത്ര രക്തംകൊടുത്തുവെന്നും അതിനുശേഷം അമേരിക്കന്‍ ഐക്യനാടുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എത്ര രക്തനദികള്‍ ചൊരിഞ്ഞുവെന്നും നിങ്ങള്‍ക്ക് മറ്റുളളവരേക്കാള്‍ നന്നായി അറിയാം. അതുകൊണ്ട് തന്നെ മഹതികളെ മാന്യരേ, ഇറാഖ് അവമതിക്കപ്പെടുന്നതിനേത്രയോ മുമ്പ് സ്വയം അവമതിയിലാഴുന്ന ഇടപെടലിനെ നിങ്ങള്‍ക്കെങ്ങനെ സ്വീകരിക്കാനാവുന്നു. അധിനിവേശത്തെ മാത്രമല്ല ഇറാഖിന്റെ രാജ്യാന്തരകാര്യങ്ങളെയും അമേരിക്ക കലുഷിതമാക്കുന്നത് നിങ്ങള്‍ക്കെങ്ങനെ അംഗീകരിക്കാനാവുന്നു? ഇറാഖ് പ്രവാചകന്‍മാരുടെയും വിശുദ്ധ ദൂതന്‍മാരുടെയും ശരിയായ വ്യക്തിത്വങ്ങളുടെയും നാടാണെന്ന്. മുഴുവന്‍ ഇസ്ലാമിക ലോകത്തിന്റെ അറബ് ദേശീയതയുടെയും കാഴ്ചയില്‍ അറബ് മാതൃരാജ്യത്ത് മെക്കയും മദീനയും ജറുസലേമും കഴിഞ്ഞാല്‍ നാലാമത്തെ വിശുദ്ധ നഗരമാണ് ബാഗ്ദാദെന്നും നിങ്ങള്‍ക്കറിയാം. മറ്റൊരു പേരില്‍ മറ്റൊരു മുദ്രാവാക്യവുമായി ഈ കാലഘട്ടത്തില്‍ വന്നാല്‍ അധിനിവേശ ഭരണത്തോട് ഇറാഖ് അനുരജ്ഞനത്തിലാവുമെന്ന് എങ്ങനെ, ആര്‍ക്കു ചിന്തിക്കാനാവും. നിങ്ങളുടെ രാജ്യത്തെ രക്ഷിക്കുക, വിശിഷ്ട മഹതികളെ മാന്യരെ, ഇറാഖ് വിടുക.

സമാധാനം ഉണ്ടാവട്ടെ.
ദൈവം മഹാനാണ്. ദൈവം മഹാനാണ്.

ഒപ്പ്
സദ്ദാം ഹുസൈന്‍,
പരമാധികാര ഇറാഖിന്‍െ് പ്രസിഡന്റ്,
മുജാഹിദ് സായുധ സേനയുടെ കമാണ്ടര്‍ ഇന്‍ ചീഫ്
ജൂലൈ 7, 2006


കുറിപ്പ്:
1.അമേരിക്കന്‍ സൈന്യത്തിന്റെ തടവറയില്‍ നിന്ന് സദ്ദാം ഹുസൈന്‍ 2006 ജൂലൈ 7 ന് അറബിയില്‍എഴുതിയതാണ് ഈ കത്ത്. സദ്ദാമിന്റെ അഭിഭാഷകര്‍ കത്ത് പിന്നീട് പ്രസിദ്ധപ്പെടുത്തി. വരികളില്‍ നിരവധി വ്യത്യസ്തങ്ങളോടെ, എന്നാല്‍ സമാനതകളോടെ ഇംഗ്ലീഷില്‍ ഒന്നിലേറെ വിവര്‍ത്തനങ്ങള്‍ കാണുന്നുണ്ട്. അതിനാല്‍ അവയെ എല്ലാം അടിസ്ഥാനമാക്കിയുളള സ്വതന്ത്ര വിവര്‍ത്തനമാണിത്.
2.ഗ്രീന്‍സോണ്‍: അമേരിക്കന്‍ അധിനിവേശ ഭരണാധികാരികളുടെയും പാവസര്‍ക്കാരിന്റെയും ആസ്ഥാനം കഴിയുന്ന ഇറാഖിലെ അതീവസുരക്ഷാ മേഖല.
3. ചെറിയമുണ്ടം അബ്ദുള്‍ ഹമീദ്, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍ എന്നിവരുടെ മലയാള പരിഭാഷയില്‍ നിന്നാണ് സദ്ദാം ഹുസൈന്റെ കത്തില്‍ ചേര്‍ത്തിരിക്കുന്ന ഖുറാന്‍ വരികള്‍ എടുത്തിരിക്കുന്നത്.

വിവര്‍ത്തനം: ബിജുരാജ്
Madhyamam Variak 2007 Jan

Monday, September 5, 2011

എന്‍റെ യൌവനം കവര്‍ന്ന ലോക നീതിയെ ഞാന്‍ സംശയിക്കുന്നു


ഇന്ത്യന്‍ പ്രസിഡന്റ് ദയാഹര്‍ജി തള്ളിയതോടെ, രാജീവ് ഗാന്ധി വധക്കേസില്‍ ഇരുപത് വര്‍ഷമായി ജയിലില്‍ കഴിയുന്ന എ.ജി. പേരറിവാളന്റെ ജീവതം തൂക്കുകയറിന് തൊട്ടുമുന്നിലാണ്. അറസ്്റ്റിലാകുമ്പോള്‍ പത്തൊമ്പത് വയസുമാത്രമുണ്ടായിരുന്ന പേരറിവാളന്‍ കേസില്‍ നിരപരാധിയാണെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന കരിനിയമങ്ങളുടെയും 'നീതിവ്യവസ്ഥ'യുടെയും ഇരയാണോ യഥാര്‍ഥത്തില്‍ അയാള്‍? പേരറിവാളനെ തൂക്കിക്കൊല്ലുന്നതോടെ എന്താണ് സംഭവിക്കുക?


'നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടോ എന്റെ മരണം?'

എ.ജി. പേരറിവാളന്‍, നം. 13906. സെന്‍ട്രല്‍ പ്രിസണ്‍
വെല്ലുര്‍-2സത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഓരോ തവണയും ഞാന്‍ പരാജയപ്പെടുന്നു. അപ്പോഴെല്ലാം ഇംഗ്ലീഷ് തത്വചിന്തകനായ വില്യം പെന്നിന്റെ വാക്കുകളിലാണ് ഞാനെന്റെ ആത്മവിശ്വാസം വീണ്ടെടുക്കുന്നത്-സത്യത്തിന്റെ ഭാഗത്തായിരിക്കുന്നതില്‍ സവിശേഷമായ അഭിമാന ബോധം എനിക്കുണ്ട്.
ഞാനെങ്ങനെയാണ് സ്വയം പരിചയപ്പെടുത്തുക? നുറുകണക്കിന് വിദ്യാര്‍ഥികളില്‍ ധാര്‍മികത പടര്‍ത്തിയ പാവപ്പെട്ട സ്‌കൂള്‍ അധ്യാപകന്റെ ഏക മകനായോ? അതോ ജീവിതത്തിന്റെ രണ്ടു കണ്ണുകളാണ് ധാര്‍മികതയും മാനുഷികതയെന്നും പഠിപ്പിച്ച ഒരു അമ്മയുടെ മകനായിട്ടോ? എനിക്കറിയില്ല. ആ രീതിയില്‍ പരിചയപ്പെടുത്താനാണ് ഇഷ്ടം. പക്ഷേ, ആഗ്രഹിക്കാത്ത മറ്റൊരു രീതിയിലാണ് ഞാന്‍ പരിചയപ്പെടുത്തലിന് വിധേയനാകുന്നത്. അത് ഇതാണ്: എ.ജി. പേരറിവാളന്‍, രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടയാള്‍. അതെ. അതാണ് എന്റെ അസ്തിത്വം. എനിക്കത് ഒഴിവാക്കാനാവില്ല.
ഇരുപതുവര്‍ഷം മുമ്പ് തെരുവിലൂടെ സ്വാതന്ത്ര്യത്തോടെ ചുറ്റിത്തിരിഞ്ഞ ഒരാള്‍ പൊടുന്നനെ ഭീകരവാദിയും കൊലപാതകിയുമായി ചിത്രീകരിക്കപ്പെടുന്നത് വലിയ ദുരന്തമാണ്. സഹമനുഷ്യരോട് ദുരിതങ്ങളില്‍ താദാത്മ്യം പ്രാപിക്കുന്നതും, അവരുടെ കണ്ണീര് തുടക്കാന്‍ ശ്രമിക്കുന്നതും കൊലപാതകിയായി പരിഗണിക്കപ്പെടാന്‍ ഇടയാക്കുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഒരാളുടെ കൊലപാതകത്തിലും ഞാനൊരിക്കലും പങ്കാളിയായിരുന്നില്ല; രാജീവ് ഗാന്ധിയുടെ മാത്രമല്ല ആരുടെയും. അത്തരമൊന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. തന്‍തായി പെരിയാറിന്റെ ചിന്തകളോടുള്ള സ്‌നേഹവും ബ്രാഹ്ണ്യവിരുദ്ധതയുമായിരുന്നു മര്‍ദകശക്തികള്‍ക്ക് കൊലപാതകിയായി എന്നെ ചിത്രീകരിക്കാനുള്ള ആയുധം. ഈഴം തമിഴ് പോരാട്ടത്തോടുള്ള എന്റെ അവസാനിക്കാത്ത താല്‍പര്യം രണ്ടാം സ്ഥാനത്തായിരുന്നു.
1991 മെയ് 21 നാണ് രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരമ്പത്തൂരില്‍ ഒരു തെരഞ്ഞെടുപ്പ് സമ്മേളനത്തിനിടയില്‍ കൊല്ലപ്പെടുന്നത്. കേസ് അന്വേഷിക്കാനായി സ്‌പെഷല്‍ യൂണിറ്റ് (എസ്.ഐ.ടി) രൂപീകരിക്കപ്പെട്ടു. 1992 മെയില്‍ 41 തമിഴര്‍ക്കെതിരെ കുറ്റം ചുമത്തി. അതില്‍ 12 പേര്‍ മരിച്ചു. 26 പേരും ഒരു കുറ്റം ചുമത്തപ്പെടാതെ നിരവധി മാസങ്ങള്‍ ജയിലില്‍ പീഡനമേറ്റ് കഴിഞ്ഞു. ഒടുവില്‍ വധശിക്ഷ വിധിക്കപ്പെട്ടു.
പത്തൊമ്പതാം വയസില്‍ അന്വേഷണ ഏജന്‍സികള്‍ എന്നെ ഭീകരമായി പീഡിപ്പിക്കുകയൂം, മാധ്യമങ്ങള്‍ എന്നെ ബോംബ് നിര്‍മാണ സ്‌പെഷ്യലിസ്റ്റായി ചിത്രീകരിക്കുകയും ചെയ്തു. എനിക്ക് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ഡിപ്ലോമയുണ്ടെന്നതായിരുന്നു അതിന് കാരണം. രണ്ട് സാധാരണ ഒമ്പതു വോള്‍ട്ട് ബാറ്ററി സെല്ലുകള്‍ കടയില്‍ നിന്ന് മേടിച്ചു എന്നതിന് വധശിക്ഷ നല്‍കിയാല്‍, അതിന് യുവത്വത്തിന്റെ ഇരുപതുവര്‍ഷങ്ങള്‍ കവര്‍ന്നാല്‍, ലോകത്തിന്റെ നീതിയെപ്പറ്റി സത്യമായും ഞാന്‍ സംശയിക്കുന്നു.
നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യവും ഞാന്‍ ചെയ്തിട്ടില്ല. നീതിയുടെ അടിസ്ഥാനത്തില്‍ ഞാന്‍ നിരപരാധിയാണ്. ഞാനിത് പറയുന്നതും എനിക്കെതിരെയുള്ള 'തെളിവുകളിലെ' യുക്തിയില്ലായ്മ നിരത്തുന്നതും രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ ന്യായീകരിക്കാനല്ല. പകരം കേസില്‍ നിഷേധിക്കപ്പെട്ട നീതിക്ക് ഊന്നല്‍ നല്‍കാനാണ്. ഞാനീ ഗുഡാലോചനയുമായി ഒരു വിധത്തിലും ബന്ധപ്പെട്ടില്ലെന്ന് വ്യക്തമാക്കാനാണ്. എനിക്കൊപ്പം വധശിക്ഷ വിധിക്കപ്പെട്ടവരും അത് അര്‍ഹിക്കുന്നില്ലെന്ന് ബോധ്യപ്പെടുത്താനാണ്.
ആദ്യം കേസില്‍ ഞാന്‍ ഉള്‍പ്പെടുന്ന രീതിയെപ്പറ്റി പറയാം.അറസ്റ്റും പീഡനവും

രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് 1991 ജൂണ്‍ 10 ന്, എന്റെ നാടായ വെല്ലുര്‍ ജില്ലയിലെ ജൊലാര്‍പേട്ടില്‍ പൊലീസ് അന്വേഷണം നടന്നിരുന്നു. തമിഴ്-ഈഴം വിമോചനക്കാരുടെയും ദ്രാവിഡാര്‍ കഴകം അനുഭാവികളുടെയും വീടുകളിലായിരുന്നു അന്വേഷണം. ആ സമയത്ത് പൊലീസ് വീട്ടില്‍ വന്ന് മാതപിതാക്കളോട് എന്നെപ്പറ്റി ചോദിച്ചിരുന്നു. ചെന്നൈ പെരിയാര്‍ തിഡലിലെ 'വിടുതൈ'ഓഫീസില്‍ കമ്പ്യൂട്ടര്‍ സെക്ഷന്‍ ഓഫീസിലാണ് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. അവിടെയായിരുന്നു താമസം. പെരിയാര്‍ തിഡല്‍ അധികാരികളെ മാതാപിതാക്കള്‍ അന്വേഷണത്തെ സഹായിക്കാനായി പൊലീസിന് മുന്നില്‍ കൊണ്ടുവരികയും ചെയ്തു.
ജൂണ്‍ 11് രാത്രി 10.30 ന് അച്ഛനുമമ്മയും എന്നെ സി.ബി.ഐ. ഇന്‍സ്‌പെക്ടര്‍മാരായ ഗംഗാധരന്‍, രാമസ്വാമി, പേരിറിയാത്ത മറ്റൊരാള്‍ എന്നിവര്‍ക്ക് കൈമാറി. ചെന്നൈ എഗ്‌മോറിലെ പെരിയാര്‍ തിഡല്‍ ഓഫീസില്‍ വച്ചായിരുന്നു അത്. പെരിയാര്‍ തിഡലിലെ ആളുകളുടെ സാന്നിധ്യത്തിലായിരുന്നു കൈമാറല്‍.
എന്നെ സി.ബി.ഐ മല്ലിഗൈ ഓഫീസിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം അതായത് 1991 ജൂണ്‍ 12 ന് തിരിച്ചുവിടാമെന്ന് പറഞ്ഞിരുന്നു. എന്നെ നേരെ മുകളിലെ നിലയിലേക്കാണ് കൊണ്ടുപോയത്. അവിടെ ഡി.ഐ.ജി. രാജു, എസ്. പി. ത്യാഗരാജന്‍, എസ്.പി. സലീം അലീ തുടങ്ങിയവരുണ്ടായിരുന്നു. അവരെന്റെ വിദ്യാഭ്യാസത്തെപ്പറ്റിയും കുടുംബ പശ്ചാത്തലത്തെയും പറ്റി ചോദിച്ചു.
ഇലക്‌ടോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗിലെ ഡിപ്ലോമ പഠിച്ചത് വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയുള്ള ചോദ്യത്തിന് ഉത്തരമായി പറഞ്ഞപ്പോള്‍ ഡി.ഐ.ജി. രാജു ചോദിച്ചു, 'നീയല്ലേ ബോംബുണ്ടാക്കിയയാള്‍'? ഞാന്‍ ഞെട്ടി. ബോംബുണ്ടാക്കല്‍ എങ്ങനെ പഠിച്ച കോഴ്‌സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടി. ആ സമയത്ത് ഷര്‍ട്ടിന്റെ അടിഭാഗത്തായി ചെറിയ ദ്വാരമുണ്ടായിരുന്നു. അതില്‍ നോക്കി അദ്ദേഹം പറഞ്ഞു: ''ശ്രീപെരമ്പത്തൂരിലെ ബോംബ് സ്ഫടോനത്തില്‍ സംഭവിച്ചതല്ലേടാ ഈ ദ്വാരം?'. ഞാന്‍ നിഷേധിച്ചു. 'ശരിയായ പരിചരണം' ലഭിച്ചാലേ ഇവന്‍ കാര്യങ്ങള്‍ സമ്മതിക്കൂ എന്ന് പറഞ്ഞ് എന്നെ രണ്ട് ഇന്‍സ്‌പെകടര്‍മാര്‍ക്ക് കൈമാറി.
താഴത്തെ നിലയിലേക്ക്് കൊണ്ടുവന്നു. പാന്റും ഷര്‍ട്ട് മാറ്റി 'ജട്ടി'മാത്രം ധരിച്ചുനില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഇന്‍സ്‌പെക്ടര്‍ സുന്ദര രാജനും പേര് ഓര്‍മയില്ലാത്ത രണ്ടുപരും നഗ്നശരീരത്തില്‍ കൈകൊണ്ട് ആഞ്ഞടിച്ചു. ഒരാള്‍ കാല്‍ ഷൂസുവച്ച് ഞെരിച്ചു. പെട്ടന്ന് ഇന്‍സ്‌പെകര്‍ സുന്ദര്‍രാജ് മുട്ടുവച്ച് എന്റെ വൃക്ഷണങ്ങളില്‍ ഇടിച്ചു. വലിയ വേദനയില്‍ ഞാന്‍ നിലത്തുവീണു. എനിക്ക് ബന്ധമില്ലാത്ത സംഭവവുമായി ബന്ധപ്പെട്ട, അറിയാത്ത കാര്യങ്ങള്‍ പറയാനായി പീഡനം തുടങ്ങി.
അടുത്ത ദിവസം മല്ലിഗൈ ഓഫീസിന്റെ മുകളിലത്തെ നിലയില്‍ 'പീഡന അറ' എന്നുവിളിക്കുന്നിടത്തേക്ക് കൊണ്ടുപോയി. ഇന്‍സ്‌പെകടര്‍മാരായ രമേഷ്, മാധവന്‍, ചെല്ലദുരൈ, ഡി.എസ്.പി. ശിവാജി എന്നിവര്‍ക്ക് എന്നെ കൈമാറി. മല്ലിഗൈയില്‍ പീഡനങ്ങള്‍ക്ക് കുപ്രസിദ്ധരാണ് അവര്‍. ഭക്ഷണവും വെള്ളവും നിഷേധിച്ചു. മുത്രമൊഴിക്കാന്‍ പോലും സമ്മതിച്ചില്ല.
ഇന്‍സ്‌പെകര്‍ മാധവനും രമഷേും കൈവിടത്തി, മുട്ട്് മടക്കി ഇല്ലാത്ത കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. ഈ നിലയില്‍ ദീര്‍ഘനേരം നിര്‍ത്തി. കാലിന്റെ പിന്‍ഭാഗത്തെ പേശികളില്‍ സിമന്റിന് നിറച്ച പി.വി.സി.പൈപ്പ് കൊണ്ട് ആഞ്ഞടിച്ചു. ഇന്‍സ്‌പെകടര്‍ ചെല്ലദൂരൈ കൈമുട്ട് ഊക്കോടെ അടിക്കാനായി വലിച്ചുപിടിച്ചു. മാധവനും ചെല്ലദുരൈയും അസഭ്യങ്ങളും മോശമായ വാക്കുകളും ഉപയോഗിക്കുന്നതില്‍ കുപ്രസിദ്ധരാണ്.
അവിടെ ഡി.എസ്.പി. കൃഷ്ണമൂര്‍ത്തിയെന്നൊരാളുണ്ടായിരുന്നു. അദ്ദേഹം പിഡനം തുടര്‍ന്നു. അദ്ദേഹം പീഡനത്തിന് മറ്റൊരു രീതിയാണ് സ്വീകരിച്ചത്. ഭിത്തിക്ക് പുറം തിരിഞ്ഞ്് നിലത്ത് ഇരിക്കാന്‍ പറഞ്ഞു. ഒരു പൊലീസുകാരനോട് ഒരു കാല്‍ ഭിത്തിയോടു ചേര്‍ത്ത് പിടക്കാന്‍ പറഞ്ഞു. മറ്റേക്കാല്‍ അദ്ദേഹം മുകളിലേക്ക് പിടിച്ച് 180 ഡിഗ്രിയില്‍ അകറ്റി. ആ സമയത്ത് അനുഭവിച്ച വേദന ഒരിക്കലും വാക്കുകളില്‍ വിവരിക്കാന്‍ പറ്റില്ല.
ഇന്‍സ്‌പെഷര്‍ ടി.എന്‍. വെങ്കിടേശ്വരനും പീഡിപ്പിച്ചു. അദ്ദേഹം വിരലുകള്‍ക്കിടയില്‍ പെന്‍സിലുകളും ചെറിയ കോലുകളും വച്ചശേഷം വരിലുകള്‍കൊണ്ട് തിരിച്ചു. നഖള്‍ക്കിടയില്‍ പിന്നുകള്‍ കുത്തിക്കേറ്റി. കാലിലെ ചെറുവിരലുകള്‍ ഷൂസുകൊണ്ട് ഞ്ഞെരിച്ചുടച്ചു.
സി.ബി.ഐ. ഓഫീസര്‍മാര്‍ സാഡിസ്റ്റ് ആഹ്‌ളാദം അനുഭവിക്കുകയായിരുന്നു. ഒരു ദിവസം മുറിയല്‍ നിന്ന് മറ്റൊരു ഇന്‍സ്‌പെകടര്‍ കാണാണമെന്ന് പറഞ്ഞതിനാല്‍ 'പീഡന അറ'യിലേക്ക് എന്നെ കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍ നിലത്തിരിക്കാന്‍ പറഞ്ഞു. ഉടനെ ഷൂസ്‌കൊണ്ട്് മുഖത്തിന്റെ ഇടതുവശത്ത് ആഞ്ഞ് ചവിട്ടാന്‍ തുടങ്ങി. ഇന്‍സ്‌പെകടര്‍ പറഞ്ഞു, 'യെന്‍ഡ (ചീത്തവാക്ക്) നീ നിന്റെ രാജ്യത്ത്‌നിന്ന് ഇവിടെ വന്ന് ഞങ്ങളുടെ നേതാവിനെ കൊന്നല്ലേ''. വശത്തിരുന്ന ഇന്‍സ്‌പെക്ടര്‍ മാധവന്‍ പുഞ്ചിരിച്ച് 'ഇയാള്‍ സിലോണില്‍ നിന്നല്ല, തമിഴ്‌നാട്ടില്‍ നിന്നാണ്' എന്നു പറഞ്ഞതിനെ തുടര്‍ന്ന് തിരിച്ചയച്ചു. ഞാനിത് പറയാന്‍ കാരണം സി.ബി.ഐ ഓഫീസര്‍മാര്‍ പിടിച്ചുകൊണ്ടുവന്നിരിക്കുന്നവര്‍ ആരെന്നുപോലും അറിയാതെയാണ് പീഡനവും മര്‍ദനവും അഴിച്ചുവിട്ടത് എന്ന് സൂചിപ്പിക്കാനാണ്. ഇത്തരത്തിലായിരുന്നു ഞാനുള്‍പ്പടെയുള്ള നിരപരാധികള്‍ മര്‍ദിക്കപ്പെട്ടത്.
്എസ്.പി. ത്യാഗരാജന്റെ ഓഫീസ് മല്ലിഗൈയില്‍ താഴത്തെ നിലയിലായിരുന്നു. അദ്ദേഹം പലര്‍ച്ചെ മൂന്നിനും നാലിനും വിളിപ്പിക്കും. തുടര്‍ന്ന് അദ്ദേഹം എന്തുംചോദിക്കും. ഞാന്‍ നിര്‍ത്താതെ മറുപടി പറയണം. രാത്രി വൈകി അറിയാതെ ഉറങ്ങിയപ്പോയാല്‍ അയാള്‍ മര്‍ദിക്കും. വ്യാജ ആരോപണങ്ങള്‍ സമ്മതിക്കുന്നതുവരെ വെളളം തരണ്ടെന്നായിരുന്നു തീരുമാനം. മൂന്നാലു ദിവസം കഴിഞ്ഞപ്പോള്‍ വെളളം വായില്‍ ഒന്നോ രണ്ടോ തുള്ളി ഉറ്റിക്കും. രാത്രി ഉറങ്ങാന്‍ അനുവദിക്കില്ല. ഉറക്കാതിരിക്കാന്‍ പ്രത്യേക ഗാര്‍ഡുകളെ നിയമിച്ചിരുന്നു. ഉറങ്ങാന്‍ തുടങ്ങിയാല്‍ മുഖത്ത് വെള്ളമൊഴിക്കുംം. ഭക്ഷണപോലൂം അവരുടെ പീഡനായുധമായിരുന്നു.
ഒപ്പം പലതരത്തിലുള്ള മര്‍ദനവും. ഇത്തരത്തിലുള്ള ശാരീരികവും മാസികവുമായ പീഡനത്തിനാണ് ഞാന്‍ വിധേയമായത്.
19ാം തീയതിവരെ അവരെന്നെ കോടതിതില്‍ ഹാജരാക്കിയില്ല. നിയമവിരുദ്ധ കസ്റ്റഡിയില്‍, കുളിക്കാനോ പല്ല് തേല്‍ക്കാനോ അനുവദിക്കാതെ പീഡിപ്പിക്കുകയായിരുന്നു അവര്‍. ഒടുവില്‍ ശരീരത്തിലെ ദുര്‍ഗന്ധം സഹിക്കാനാവതെവന്നപ്പോള്‍ 19-ാം തീതി ഇന്‍സ്‌പെക്ടര്‍ രമേഷ് കുളിക്കാന്‍ അനുവദിച്ചു. ഈ അനുവാദത്തിനുളള മറ്റൊരു കാരണം അടുത്ത ദിവസം കോടതിയില്‍ ഹാജരക്കുമെന്നതാണ്.
ഒരു ദിവസം ഡി.ഐ. ജി ശ്രീകുമാര്‍ വന്നു പറഞ്ഞു 'ഡാ, എന്റെ നാട്ടുകാരനായ കെ.ജി.എഫ് നിന്റെ നാട്ടിലുണ്ട്. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ എതെങ്കിലുമൊരു സ്ഥലം കാണിച്ചാല്‍ ഞാന്‍ നിന്നെ മോചിപ്പിക്കും',
ഞാന്‍ ചോദിച്ചു, 'സാര്‍ എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?'
'എ.ക െ47 റൈഫിള്‍, വയര്‍ലെസ് സെറ്റ്, സ്വര്‍ണകട്ടികള്‍ എന്നിവ മണ്ണിനടിയില്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്?്''.
ഞാന്‍ പറഞ്ഞു, 'അറിയാമെങ്കില്‍ മാത്രതേ എനിക്ക് പറയാനാവു. അത് എന്റെ കൈയില്‍ ഇല്ല. ഞാനെങ്ങനെ അത് നല്‍കും'.
''ഇങ്ങനെയാണെങ്കലൂം നിന്നെയാര്‍ക്കും രക്ഷിക്കാനാവില്ല'എന്ന് പറഞ്ഞ് അദ്ദേഹം അവിടം വിട്ടു.
ഈ ഡി.ഐ.ജി ശ്രീകുമാര്‍ കൊഡൈക്കരെ ഷണ്‍മുഖം കൊലചെയ്യപ്പെട്ട സംഭവത്തില്‍ പിന്നീട് പങ്കളിയായ ആളാണ്. 24 മണിക്കുറും കൈകള്‍ വിലങ്ങണിയിച്ചിരുന്നു. പ്രാഥമിക കൃതങ്ങള്‍ ചെയ്യുമ്പോള്‍ പോലും. ഭക്ഷണം നല്‍കുമ്പാള്‍ മാത്രം ഒരുകൈയിലെ വിലങ്ങുമാറ്റം. ഉറങ്ങൂമ്പോഴും വിലങ്ങൂണ്ടാവും. പിന്നീട് മര്‍ദനത്തിനാി വിവിധ മാര്‍ഗങ്ങളും രീതികളും ഉപയോഗിച്ചു. അതെല്ലാം വളരെ ഭീകരവും പ്രാണനെടുക്കുന്നതും തീര്‍ത്തും മനുഷ്യത്വരഹിതവുമായിരുന്നു.
ജൂണ്‍ 19 നാണ് ചെങ്കല്‍പെട്ടിലെ കോടതിയില്‍, ഇപ്പോള്‍ കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന റോബര്‍ട്ട് പയസിനൊപ്പം എന്നെ കൊണ്ടുപോകുന്നത്്. കോടതിയില്‍ വാ തുറക്കരുതെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. മിണ്ടാതിരുന്നാല്‍ മോചിപ്പിക്കുമെന്നും പറഞ്ഞു. അല്ലെങ്കില്‍ മല്ലിഗൈയില്‍ കൊണ്ടുപോയി പീഡനം തുടരുമെന്നും. പേടിപ്പിക്കുന്നതായിരുന്നു അവിടുത്തെ അവസ്ഥ. അങ്ങോട്ടേക്ക് തിരിച്ചുപോകാന്‍ ഞാന്‍ ഭയപ്പെട്ടു. കോടതി ഞങ്ങളുടെ പേരു വിളിക്കുകയും മുന്നോട്ട് നില്‍ക്കാനും പറഞ്ഞു. പീന്നീട് ഡി.എസ്.പി. രഹോത്തമിനോട് എന്തോ പറഞ്ഞു. അദ്ദേഹം സാക്ഷിക്കൂട്ടില്‍ നിന്ന് എന്തൊക്കെയോ വാദങ്ങള്‍ നിരത്തി. പിന്നെയാണ് ജഡ്ജിക്കു മുമ്പിലേക്ക് ഞങ്ങളെ കൊണ്ടുപോയത്. കോടതി ഞങ്ങളെ 1991 ജൂലൈ 19 വരെ പൊലീസ് കസറ്റ്ഡയില്‍ വിട്ടു. എന്താണ് കാര്യമെന്ന് മനസിലായില്ല. അങ്ങനെ പിന്നെയും മല്ലിഗൈയിലെ 'പീഡന അറ'യിലേക്ക് തിരിച്ചെത്തി.
ആ ഒരുമാസം പീഡനങ്ങളുടെ തുടര്‍ച്ചയായിരുന്നു. നിശ്ചിത ഇടവേളകളില്‍ ഞങ്ങള്‍ പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരുന്നു. പുറത്ത് പരുക്കുകള്‍ കാണാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ടുള്ള മര്‍ദനമായിരുന്നു നേരിട്ടത്. ശക്തമായി കാല്‍ വണ്ണയില്‍ വടികൊണ്ട് അടിക്കും പിന്നെ ചാടാനായി ആവശ്യപ്പെടും. ഇത്തരത്തിലുള്ളതായിരുന്നു ഒരു പീഡനം.
രണ്ടാമത്തെ തവണ ഹാജരാക്കിയത് ചെന്നൈ ഹൈക്കോടതി വളിപ്പിലുള്ള ടാഡ കോടതിയിലാണ്. ജസ്റ്റിക് സിദ്ദിഖിന് മുന്നിലാണ് ഹാജരാക്കിയത്. അതിന് മുമ്പേ, കോടതിയില്‍ ഒരക്ഷരം മിണ്ടാതെ നിശബ്ദമായി നില്‍ക്കണമെന്ന് ഡി.എസ്്പിമാര്‍ ആജ്ഞാപിച്ചിരുന്നു. മിണ്ടിയാല്‍ തിരിച്ചെത്തുമ്പോള്‍ പീഡനം ഉണ്ടാവുമെന്നും പറഞ്ഞു. ഓഗസ്റ്റ് 16വരെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതിക്ക് പുറത്ത് അച്ഛനുമമ്മയും ബന്ധുക്കളുമൊക്കെ വന്നിട്ടുണ്ടായിരുന്നു. പക്ഷേ അവിടെയുണ്ടായിരുന്ന എല്ലാവരെയും നോക്കാന്‍ പോലും അവസരം കിട്ടിയില്ല. മല്ലിഗൈ ഓഫീസില്‍ എത്തിയപ്പോള്‍ ഡി.എസ്.പി. രഹോത്തമന്‍ എന്നേട് ചോദിച്ചു 'ആരൊക്കെയായിരുന്നു കോടതി വളപ്പിലുണ്ടായിരുന്നത് ''?
'അച്ഛനുമമയും വന്നിരുന്നു', ഞാന്‍ പറഞ്ഞു.
'' അതെപ്പറ്റിയല്ല ചോദിച്ചത്. അവിടെ 200 -300 പേരുണ്ടായിരുന്നു. അവരരാണ്. നീ പറഞ്ഞിട്ടാണോ അവര്‍ വന്നത്?
ഞാന്‍ പറഞ്ഞു: ''അവരാരൊക്കെയാണെന്ന് അറിയില്ല. അവര ശ്രദ്ധിക്കാന്‍ പറ്റിയില്ല. ചിലപ്പോള്‍ ബന്ധുക്കളായിരുന്നിരിക്കണം''. ഞാനദ്ദേഹത്തോട് ഒരുമാസമായി പൊലീസ് കസ്റ്റഡിയിലാരിക്കുമ്പോള്‍ എങ്ങനെ അവരോട് വരാന്‍ പറയാന്‍ പറ്റുമായിരുന്നു എന്ന് ചോദിച്ചു. ഡി.എസ്.പിക്ക് ദേഷ്യംവന്ന് മുഖത്ത് ആഞ്ഞടിച്ചു. അവിടെയുണ്ടായിരുന്ന പൊലീസുകാരോടും അടിക്കാന്‍ പറഞ്ഞു. ബന്ധുക്കള്‍ കോടതിയില്‍ വന്നത് ഇഷ്ടപ്പെടാത്തതിനും പോലും മര്‍ദനം!
മൂന്നാം തവണ കോടതിയില്‍ ഹാജരാക്കിയത്് ഞങ്ങളെ പാര്‍പ്പിച്ചിരുന്ന പൂനമല്ലി പ്രത്യേക ജയിലില്‍ തന്നെയായിരുന്നു. ആ ജയില്‍ സമുച്ചയം സി.ബി.ഐ. ആളുകളെ തടവിലാക്കാനും പീഡിപ്പിക്കാനുമായി ഏറ്റെടുത്താണ്. മല്ലിഗൈയില്‍ നിന്ന് എന്നെ ഓഗസ്‌ററ് 3 ന് പുനമലൈ സബ്ജയിലിലേക്ക് കൊണ്ടുപോയി. അപ്പോള്‍ ഡി.എസ്.പി. രാമകൃഷ്ണനായിരുന്നു ചുമതല. ദിവസവും ഉദ്യോഗസ്ഥര്‍ പീഡനം അഴിച്ചുവിട്ടു.
സബ്ജയിലിലെ ഓഫീസ് ശരിക്കും പീഡന അറയായിരുന്നു. അവിടെ വച്ചും പീഡിപ്പിക്കപ്പെട്ടു. വിവിധ ദിവസങ്ങള്‍ അടയാളപ്പെടുത്തിയ, കൈകൊണ്ടെഴുതിയ കടലാസുകളില്‍ ഒപ്പിടാന്‍ എസ്.പി. ത്യാഗരാജന്‍ ആവശ്യപ്പെട്ടു. ആ സമയത്ത് ഉദ്യോഗസ്ഥര്‍ പീഡനം ഒഴിവാക്കി. കടലാസുകളില്‍ എഴുതിയതെന്തെന്ന് വായിക്കാന്‍ അനുവദിച്ചില്ല. ഇതില്‍ ഒപ്പിട്ടാല്‍ മോചിപ്പിക്കപ്പെടും എന്നാണ് പറഞ്ഞത്. ആ സമയത്ത് ടാഡ നിയമം എന്താണെന്ന് അറിയുമായിരുന്നില്ല. എനിക്ക് മാത്രമല്ല, തമിഴ്‌നാട്ടിലെ എല്ലാവര്‍ക്കും ടാഡ പുതിയ കാര്യമായിരുന്നു. ഈ സഹചര്യത്തില്‍ മര്‍ദനം താങ്ങാനാവാതെ ഞാന്‍ രേഖകളില്‍ അവരുടെ നിര്‍ദേശപ്രകാരം ഒപ്പിട്ടു. ജീവന്‍ രക്ഷപെടുമെന്ന പ്രതീക്ഷയില്‍. പക്ഷേ, അന്ന് ജീവന്‍ രക്ഷിക്കാന്‍ ഇട്ട ഒപ്പുകള്‍ ഇന്നെന്റെ ജീവന്‍ ആവശ്യപ്പെടുന്നു. രേഖകള്‍ ഒപ്പിട്ടശേഷം അവരെന്നെ തടവറമുറിയില്‍ വീണ്ടും അടച്ചു. ഞാന്‍ കരയാന്‍ തുടങ്ങി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകരന്‍ എന്നോട് 'എന്തിനാണ് നീ കരയുന്നത് 'എന്ന് ചോദിച്ചു. ഞാനെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ആശ്വസിപ്പിച്ചു. പൊലീസ് കസ്റ്റഡിയലുള്ളപ്പോള്‍ ഇടുന്ന ഒപ്പിന് കോടതിയില്‍ വിലയില്ല. അതിനാല്‍ രേഖയില്‍ എന്തെഴുതിയാലും അത് നിന്നെ ബാധിക്കില്ല''. ഞാന്‍ അത് വിശ്വസിച്ചു. മനുഷ്യസ്‌നേഹം ആ വാക്കുകളില്‍ നിഴലിച്ചിരുന്നു. ആ പൊലീസുകാരന്റെ പ്രസ്താവനയില്‍ സത്യമുണ്ടായിരുന്നു. സാധാരണ നിയമപ്രക്രിയയിലെ പരിചയംവച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ടാഡയെപ്പറ്റി ഒന്നുമറിയില്ല എന്നതായിരുന്നു ദുരന്തം.
എനിക്ക ടാഡ എന്തെന്ന് അറിയുമായിരുന്നല്ല. അതില്‍ കസ്റ്റഡിയില്‍ നടത്തുന്ന കുറ്റസമ്മത മൊഴിക്കുള്ള പ്രാധാന്യവും അറിയുമായിരുന്നില്ല. കുറ്റസമ്മത പ്രസ്താവനക്കുള്ള നിയമ പ്രത്യാഘാതങ്ങളെപ്പറ്റയും ധാരണയുണ്ടായിരുന്നില്ല. എന്നിട്ടും ഞാനതില്‍ ഒപ്പിട്ടത് അങ്ങനെ നിര്‍ബന്ധിക്കപ്പെട്ടത് കൊണ്ടായിരുന്നു.
ഞാന്‍ പീഡിക്കപ്പെട്ട അതേ 'പീഡന അറ', ഓഗസ്റ്റ് 16 ന് കോടതിയായി മാറുകയും ആതേ മുറിയില്‍ ജഡ്ജി നടപടികള്‍ നടത്തുകയും ചെയ്തു. മുഴുവന്‍ സമുച്ചയവും സി.ബി.ഐ. നിയന്ത്രണത്തിലായിരുന്നു. ജഡ്ജിക്കുമുന്നില്‍ കൊണ്ടുപോകുമ്പോള്‍ ഡി.എസ്.പി. രഹോത്തമും മറ്റ് ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തി.'' നീ പീഡനത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ വീണ്ടും നിന്നെ പീഡിപ്പിക്കും. പിന്നെ വെടിവച്ചുകൊല്ലും, നീ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വെടിച്ചതാണെന്ന് പറയും'' അതായിരുന്നു ജയിലിലെ ഭീതിദമായ അവസ്ഥ, നിയമത്തിലെ അജ്ഞത വായടക്കാന്‍ എന്നെ നിര്‍ബന്ധിച്ചു.
1991 സെപ്റ്റംബര്‍ ഒന്നിനായിരുന്നു മൂത്ത സഹോദരിയുടെ വിവാഹം. പ്രത്യേക കോടതിയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവാദം ചോദിച്ചു. ഏക സഹോരന്‍ എന്ന നിലയില്‍ എന്റെ സാന്നിധ്യം പ്രധാനമായിരുന്നു. അനുവാദം നിഷേധിക്കപ്പെട്ടു. വിവാഹം ദുഖഭരിതമായ അന്തരീക്ഷത്തില്‍ നടന്നു.
ജയിലില്‍ സാധാരണ തടവുകാരോടുള്ള സമീപനമല്ല ഉണ്ടായത്. ജയിലിലെ എന്റെ പെരുമാറ്റത്തേക്കാള്‍ കേസില്‍ മരിച്ചയാളുടെ സാമുഹ്യ പദവിയാണ് പരിഗണിക്കപ്പെട്ടത്. അതിനാല്‍ പുതിയ ചട്ടങ്ങള്‍ എനിക്കായി ചുമത്തപ്പെട്ടു. അതിന് ശേഷം ഇന്നോളം ഏകാന്തതടവിന് അടച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട ആളുകളെപ്പോലും ഏകാന്തതടവിന് അടക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശമുള്ളപ്പോഴായിരുന്നു അത്. കഴിഞ്ഞ ഒമ്പതുവര്‍ഷമായി ഒരൊറ്റ സെല്ലിലാണ് ഞാന്‍ ഏകാന്ത തടവിന് അടക്കപ്പെട്ടിരിക്കുന്നത്.
1992 മുതല്‍ മൂന്നുവര്‍ഷം രക്തബന്ധമുള്ള ബന്ധുക്കളെ മാത്രമേ എന്നെ കാണാന്‍ അുവദിച്ചുള്ളു. മുത്തശ്ശനും മുത്തശ്ശിക്കുമെല്ലാം കാണാനുള്ള അനുമതി നിഷേധിക്കപ്പെട്ടു. അഭിഭാഷര്‍ക്കുപോലും കേസുമായി ബന്ധപ്പെട്ട് വന്നുകാണാന്‍ ശരിക്കും അനുവദിച്ചില്ല. കൂടിക്കാഴ്ച ഫൈബര്‍ ഗ്ലാസിന്റെ അപ്പുറവും ഇപ്പുറവുമായി നിന്നു മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ അഭിഭാഷകരോട് ഞങ്ങള്‍ക്ക് ശരിക്കും ആശയവിനിമയം നടത്താനായില്ല. അഭിഭാഷകരോട് സ്വതന്ത്രമായി സംസാരിക്കാന്‍ ഒരു തടവുകാരനും അവകാശം നിഷേധിച്ചൂകൂടാ എന്ന ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നിട്ടുപോലും അവസാനം വരെ അത് എനിക്ക് നിഷേധിക്കപ്പെട്ടു.
അന്യായവും ജനാധിപത്യവിരുദ്ധവുമായ വിചാരണ നടപടികളിലൂടെ ടാഡകോടതി ഞാനുള്‍പ്പടെ 26 പേര്‍ക്ക് വധശിക്ഷ വിധിച്ചു.
ആരോപണങ്ങളും വസ്തുതയും

. കുറ്റവാളിയാണെന്ന് വിധിച്ചതിന് കാരണമായി പറഞ്ഞത് ഞാന്‍ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ 'ബെല്‍റ്റ് ബോംബ്' കൂട്ടിയോജിപ്പിക്കാന്‍ സഹായിച്ചുവെന്നാണ്.
പക്ഷേ,രാജീവ് കേസിലെ മുഖ്യ അന്വേഷണ ഓഫീസറും 2005 ല്‍ ഡി.എസ്.പിയായി വിരമിക്കുകയും ചെയ്ത കെ. രാഹോത്തം അവര്‍ക്ക് ഒരു തെളിവും എന്റെ കാര്യത്തില്‍ ഇല്ലെന്ന് സമ്മതിച്ചിരുന്നു. തന്റെ അടുത്തകാലത്തിറങ്ങിയ ' രാജീവ് വധകേസ്', എന്ന പുസ്തകത്തിലും അഭിമുഖങ്ങളിലും 'ബെല്‍റ്റ് ബോംബ് യോജിപ്പിച്ചയാളാരെന്നുള്ള വിഷമപ്രശ്‌നം' ഇതുവരെ സി.ബിഐക്ക് പരിഹരിക്കാനായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ആ ഉത്തരമില്ലാത്ത ചോദ്യം പൂരിപ്പിക്കാനായി എന്നെ ഉപയോഗപ്പെടുത്തുകയായിരുന്നോ?

. സി.ബി.ഐ വാദിച്ചത് ഞാനാണ് ബോംബ് കൂട്ടിയോജിപ്പിച്ചതെന്നാണ്. കാരണം, ഞാനൊരു 9 വോള്‍ട്ട് ബാറ്ററി സെല്ല് മേടിച്ചിരുന്നുവെന്നാണ്. ഇലക്‌ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷനിലെ ഡിപ്ലോമ അത്തരം ഒരു കഥ മൊനയാന്‍ അവരെ സഹായിച്ചു. അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പക്ഷേ അവര്‍ ഒരിക്കലും ബോംബില്‍ ഉപയോഗിച്ച ഒമ്പത് വാട്ട് സെല്‍ ഞാന്‍ മേടിച്ചതാണെന്ന് തെളിയിച്ചിട്ടില്ല.
സത്യത്തില്‍ ഞാനൊരിക്കലും ഒരു ഒമ്പത് വോട്ട് ബാറ്ററി മേടിച്ചിട്ടില്ല, അത്തരമൊന്ന് ആര്‍ക്കും നല്‍കുകയും ചെയ്തിട്ടില്ല. പക്ഷേ സി.ബി.ഐ. അങ്ങനെ ഞാന്‍ ചെയ്തിട്ടുണ്ടെന്ന് തെളിയിച്ചു. അതിന്റെ എന്റെ ഷര്‍ട്ടിന്റെ കീശയില്‍ നിന്ന കണ്ടെത്തിയതെന്ന്് പറഞ്ഞ് ഒരു രശീത് ഹാജരാക്കി.
ഇരുപതുവര്‍ഷം മുമ്പ് ചെന്നൈയിലെ ഏതെങ്കിലും ഒരു പെട്ടിക്കടയില്‍ ബാറ്ററികള്‍ മേടിച്ചാല്‍ അതിന് രസീത് നല്‍കുമെന്നും, ഒരു കുറ്റവാളി അത്തരം ഒരു രശീത് കൈയില്‍വച്ചുകൊണ്ടിരിക്കുമെന്നുള്ള വാദങ്ങള്‍ വായനക്കാരുടെ സാമാന്യബോധത്തിനും മനസാക്ഷിക്കും വിടുന്നു.

. കുറ്റസമ്മത മൊഴിയനുസരിച്ച് ഞാന്‍ മാസവേതനത്തിന് എല്‍.ടി.ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ്. ഞാന്‍ പല എല്‍.ടി.ടി.ഇ അംഗങ്ങള്‍ക്കുവേണ്ടിയും മുതിര്‍ന്ന എല്‍.ടി.ടി.ഇ വ്യക്തിത്വമായ ശിവരശനുവേണ്ടിയും പ്രവര്‍ത്തിച്ചതായും കുറ്റസമ്മത മൊഴില്‍ സമ്മതിക്കുന്നു. പക്ഷേ ഒരിടത്തും ഞാന്‍ കൊലപാതകത്തില്‍ പങ്കെടുത്തത സമ്മതിച്ചതായി പറയുന്നില്ല.

. 1991 മെയ് 7 നുള്ള വയര്‍ലെസ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കാണ് ഗൂഢാലോചന അറിയാവുന്നത്. ശിവരശന്‍, ശുഭ, തനു എന്നിവര്‍ക്ക്. ഇത് ആദരണീയ ജഡ്ജിമാര്‍ അംഗീകരിച്ചിട്ടുണ്ട്. എന്റെ പ്രസ്താവന അനുസരിച്ച് ഞാന്‍ ശിവരശന് 9 വോള്‍ട്ട് ബാറ്ററിയും കാര്‍ ബാറ്ററിയും മോട്ടോര്‍ സൈക്കിളും നല്‍കിയത് ഏപ്രില്‍ ഏഴിന് മുമ്പാണ്. അപ്പോള്‍ ഈ സാധനങ്ങള്‍ മേടിച്ചെങ്കില്‍ അതിനുപിന്നില്ലുള്ള ചേതോവികാരം എന്തെന്ന് എനിക്കറിയില്ലെന്നത് വ്യക്തമാണ്.

. പ്രസ്താവന പ്രകാരം സംഭവം നടക്കുന്ന മെയ് 21 ന് രാത്രി 9.30 ന് ഞാന്‍ ഭാഗ്യനാഥനൊപ്പം ഒരു സിനിമക്ക് പോയിരിക്കുകയായിരുന്നു. സംഭവത്തെപ്പറ്റിയും ഗൂഢാലോചനയെും പറ്റി അറിയമായിരുന്നെങ്കില്‍ കുറ്റകൃത്യം നടക്കുമ്പോള്‍ എനിക്കതിനാകുമായിരുന്നോ? (പ്രസ്താവന പ്രകരം രാജീവ്ഗാന്ധി വധത്തെപ്പറ്റി അറിയുന്നത് സിനിമ കഴിഞ്ഞ് മടങ്ങുമ്പോഴാണ്)

. പ്രത്യേക കോടതി വധശിക്ഷ നല്‍കിയതിനെതുടര്‍ന്ന് സുപ്രീംകോടതിയില്‍ ഞാന്‍ നല്‍കിയ അപ്പീല്‍ തള്ളി വധശിക്ഷ ശരിവച്ചു. പക്ഷേ വിധിയില്‍, രാജീവ് ഗാന്ധി വധം ഭീകരവാദ നടപടിയെല്ലന്നും, കൊലപാതകിക്ക് രാജീവ് ഗാന്ധിയെയും തന്നെയും സ്വയം കൊലപ്പെടുത്തുക എന്നതില്‍ കവിഞ്ഞ് മാറ്റൊരു താല്‍പര്യവും ഇല്ലെന്നും വ്യക്തമാക്കുന്നു. ടാഡ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കീഴിലെ വിചാരണ നടപടികളെ സുപ്രീംകോടതി ചോദ്യം ചെയ്യുകയും അത് അനുചിതമാണെന്ന് പറയുകയും ചെയ്തു.
പക്ഷേ, എനിക്ക് ശിക്ഷ വിധിക്കപ്പെട്ടത് ടാഡ നിയമത്തിനു കീഴില്‍ ഞാന്‍ നല്‍കിയ 'കുറ്റസമ്മത മൊാഴി'യെ അടിസ്ഥാനമാക്കിയാണ്'. ഈ കേസില്‍ ടാഡ നിയമം അനുചിതമാണ് എന്ന് സുപ്രീംകോടതി തന്നെ പറയുമ്പോള്‍ എങ്ങനെ ടാഡ നിയമത്തിന് കീഴില്‍, പൊലീസ് കസറ്റ്ഡിയില്‍ ഞാന്‍ നടത്തിയ കുറ്റസമ്മതം സുപ്രീംകോടതി സ്വീകരിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ വശിക്ഷവിധിക്കുകയും ചെയ്തു.
ടാഡ നിയമം പോലെയുള്ള ഒരു കരിനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള അപരിമിതമായ അധികാരത്തിന് കീഴില്‍ എങ്ങനെയാണ് കുറ്റ സമ്മത മൊഴികള്‍ എടുക്കുന്നതെന്ന് ആര്‍ക്കും ആലോചിക്കാം. ഞാന്‍ കടുത്ത പീഡനത്തിനും ബലപ്രയോഗത്തിനും വിധേയനാക്കപ്പെടുകയും രക്തംകൊണ്ട് കുറ്റസമ്മതമൊഴിയില്‍ ഒപ്പുവയ്ക്കപ്പെടേണ്ടിയും വന്നു. ഒരു പൊതു നപടിയെന്ന നിലയില്‍ കോടതി കുറ്റസമ്മത പ്രസ്താവനകള്‍ക്ക് അധികം പ്രാമുഖ്യം നല്‍കാറില്ല. എക്ഷേ ഒരു മടിയുമില്ലാത്ത എന്റെ കാര്യത്തില്‍ അത് ലംഘിക്കപ്പെട്ടു.

.അതിനേക്കാള്‍, കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ ത്യാഗരാജനെപ്പറ്റി പറയേണ്ടതുണ്ട്. കേസില്‍ അറസ്റ്റിലായ 26 വ്യക്തികളില്‍ 17 പേരുടെ കുറ്റസമ്മതമൊഴികള്‍ രേഖപ്പെടുത്തിയത് സി.ബി.ഐ. എസ്.പി. ത്യാഗരാജനാണ്. രാജീവ് ഗാന്ധി വധക്കേസില്‍ ചില കുറ്റാരോപിതരെ രക്ഷിക്കാനായി അദ്ദേഹം വ്യാജരേഖകള്‍ സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു. എങ്ങനെയാണ് രാജീവ് ഗാന്ധി കേസില്‍ കുറ്റ സമ്മത മൊഴികള്‍ ലഭിച്ചതെന്ന് പറയേണ്ട കാര്യമുണ്ടോ?
1993 ല്‍ കേരളത്തിലെ കോട്ടയം എന്ന സ്ഥലത്ത് അഭയ എന്ന കന്യാസ്ത്രീ ബലാല്‍സംഗത്തിന് വിധേയമാകുകയും കൊലപ്പെടുകയും ചെയ്തു. അന്വേഷണ ഉദ്യോഗസഥന്‍ തോമസ് വര്‍ഗീസായിരുന്നു. തോമസ് വര്‍ഗീസ് വലിയ രീതിയിലുള്ള കുഴപ്പങ്ങള്‍ക്ക് വിധേയനായി. ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന്, താന്‍ ജോലി രാജിവയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനു പറഞ്ഞ കാരണം ത്യാഗരാജന്‍ കേസ് ആത്മഹത്യയാക്കി അവസാനിപ്പിക്കാന്‍ തന്റെ മേല്‍ വലിയതോതില്‍ സമ്മര്‍ദം ചെലുത്തുന്നൂവന്നാണ്. ത്യാഗരാജന്റെ വിശ്വാസ്യത കോടതി ചോദ്യം ചെയ്യുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്. പതിനാറ് വര്‍ഷത്തിനുശേഷം, 2009 ല്‍ സിസ്റ്റര്‍ അഭയക്കേസ് വീണ്ടും അന്വേഷിക്കുകയും അവരുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേ ത്യാഗരാജന്‍ രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴി എന്റെ കാര്യത്തില്‍ എങ്ങനെ സത്യമാവും?
. ഇന്ന് റദ്ദാക്കപ്പെട്ട ടാഡ നിയമത്തിന് കീഴില്‍ കേസ് അന്വേഷിച്ചതിനാല്‍ അടിസ്ഥന അവകാശങ്ങളും നിയമപരിരക്ഷയും നിഷേധിക്കപ്പെടുകയും ചെയ്തു. അങ്ങനെ എന്റെ ഭാഗത്തുള്ള സത്യം മുന്‍വിധികളാല്‍ കുഴിച്ചുമൂടപ്പെട്ടു.
കേസ് ജില്ലാ കോടതിയിലാണ് വിചാരണ ചെയ്തിരുന്നതെങ്കില്‍, ഹെക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാന്‍ അവസരമുണ്ടാവുമായിരുന്നു. ഈ രീതിയിലുള്ള നടപടി ഇന്ത്യയില്‍ നിരവധി കേസുകളില്‍ ശരിയായ വിധി ലഭ്യമാക്കാന്‍ സഹായിച്ചിട്ടുണ്ട്. പക്ഷേ, എനിക്ക് ഹൈക്കോടതിയുടെ നീതി തെറ്റായി തന്നെ നിഷേധിക്കപ്പെട്ടു. പകരം കേസ് വിചാരണചെയ്തത് അനുചിതമായ ടാഡ നിയമത്തിന് കീഴില്‍ പ്രത്യേക കോടതിയിലായിരുന്നു.

.ലോകത്ത് ആദ്യമായിട്ടാവും അപൂര്‍വങ്ങളില്‍ അപൂര്‍വമായ വധശിക്ഷ 26 വ്യക്തികള്‍ക്ക് കോടതി ഒരുമിച്ച് വിധിക്കുന്നത്. സുപ്രീംകോടതിക്ക് നന്ദിയുണ്ട് അതില്‍ 22 പേരുടെ വധശിക്ഷ റദ്ദാക്കിയതില്‍. 26 പേര്‍ക്ക് വധശിക്ഷ വിധിച്ചതിലൂടെ പ്രത്യേക കോടതിയുടെ ഏകപക്ഷിയമായ ചായ്‌വും, മുന്‍വിധികളും ഏതൊരാള്‍ക്കും സങ്കല്‍പിക്കാനാവും. ഒരിക്കല്‍ കൂടി നീതിപൂര്‍വകമായ വിചാരണ ലഭിച്ചാല്‍ നിരപാധിത്വം തെളിയിക്കാനാവുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ ക്രമിനല്‍ നിയമം പുനര്‍വിചാരണ അനുവദിക്കുന്നില്ല. ആദരണീയായ ഇന്ത്യന്‍ പ്രസിഡന്റിന്റെ ദയാഹര്‍ജിക്ക് മുന്നിലാണ് ഞാന്‍.

മുകളില്‍ പറഞ്ഞ വാദങ്ങള്‍ റിവ്യു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നെങ്കില്‍ സത്യം ജഡ്ജിമാര്‍ക്ക് മനസിലാകുമായിരുന്നില്ലേ എന്ന് നിങ്ങള്‍ ചോദിക്കാം. വസ്തമെന്തെന്നാല്‍ റിവ്യൂ ഹര്‍ജിയില്‍ അഭിഭാഷകന്‍ മുകളില്‍ പറഞ്ഞ വസ്തുതകളേക്കാള്‍ കൂടുതല്‍ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. റിവ്യൂ ഹര്‍ജിയില്‍ എന്റെ നിരപരാധിത്വവും, എനിക്കുമേലുണ്ടായ അനീതികളും അക്കമിട്ടു പറഞ്ഞിരിന്നു. എന്നാലും നീതി നിഷേധിക്കപ്പെട്ടു.
ദുരന്തം ഇതാണ്- ജസ്റ്റിസ് വാധവ റിവ്യു ഹര്‍ജി പരിണിച്ച് പറഞ്ഞു ''കുറ്റവാളികള്‍ എന്നു വിധിക്കപ്പെട്ടവരുടെ റിവ്യൂ ഹര്‍ജിയില്‍ ഹാജരായ ശ്രീ. നടരാജന്‍ ഹര്‍ജിക്കാര്‍ കുറ്റവാളികളെന്ന കണ്ടെത്തിയ വസ്തുതകള്‍ ചോദ്യം ചെയ്തില്ല, വധശിക്ഷ നല്‍കിയതിനെപ്പറ്റിയുള്ള പ്രശ്‌നങ്ങളില്‍ മാത്രമാണ് പുനപരിശോധന ആവശ്യം ഒതുക്കിയത്''. അയാതത് അഭിഭാഷകര്‍ ഞങ്ങള്‍ കുറ്റക്കാരാണെന്ന് മറ്റൊരു അര്‍ഥത്തില്‍ സമ്മതിച്ചുവത്രെ!
പക്ഷേ പുന:പരിശോധാന ഹര്‍ജിയിലൂടെ പോയാല്‍ നിങ്ങള്‍ക്ക് അത് തെറ്റാണെന്ന് മനസിലാവും. സുപ്രീംകോടതിയുടെ നീതിയില്‍ എനിക്ക് പൂര്‍ണ പ്രതീക്ഷയുണ്ടായിരുന്നു.
പക്ഷേ, എറ്റവും മോശമായ രീതിയില്‍ ഞാന്‍ നിരാശനാക്കപ്പെട്ടു. ഇത് ജുഡീഷ്യറിക്കെതിരെയുള്ള ആരോപണമായി നിങ്ങള്‍ കരുതില്ലെന്ന് പ്രതീക്ഷിക്കട്ടെ. കോടതവിധയില്‍ തെറ്റുണ്ട്. എന്നാല്‍, പൊതുവില്‍ ലോകം കോടതിയുടെ പ്രസ്താവനയേ അംഗീകിക്കുവെന്നൂം എനിക്കറിയാം.

സുപ്രീം കോടതി വിധി അറിഞ്ഞപ്പോള്‍, ലെനിന്‍ പണ്ട് പറഞ്ഞ കാര്യങ്ങളാണ് വേദനയോടെ ഞാന്‍ ഓര്‍ത്തതത്. ''ലോകത്തിലെ ഏറ്റവും മോശം കേസുകളെ ജഡ്ജിമാര്‍ പിന്തുണച്ചിട്ടുണ്ട്. കേസിന്റെ രണ്ടു വശങ്ങളും ജഡ്ജിമാര്‍ കേട്ടു എന്നത് കൊണ്ട്, സത്യം പുറത്തുവരുമെന്ന് കരുതരുത്്'.
ഭാവിയെപ്പറ്റി ആശങ്കയുണ്ട്. ഭൂതകാലത്തില്‍ പല ഉദഹരണങ്ങളുള്ളപ്പോള്‍ പ്രത്യേകിച്ചും. മുമ്പ് കേഹാര്‍ സിംഗിനെ നിഷ്ഠൂരമായി തൂക്കിലേറ്റി. ആരും ശബ്ദമുയര്‍ത്തിയില്ല. പക്ഷേ, എന്റെ അസ്ഥ അതല്ല. അത് പറയുന്നതില്‍ സന്തോഷമുണ്ട് എനിക്കുവേണ്ടി ഉയര്‍ത്തപ്പെട്ട ശബ്ദങ്ങള്‍ പ്രചോദിപ്പിക്കുന്നു.
എന്റെ മേല്‍ ചുമത്തിയ 'കൊലപാതി' എന്ന പ്രതിഛായ സാവധാനം മാഞ്ഞുകൊണ്ടിരിക്കുകയാണ്. ജയിന്‍ കമ്മിഷന്‍ ഉത്തരവിനെ തുടര്‍ന്ന് രൂപവത്കരിച്ച ബഹുമുഖ നിരീക്ഷണ സമതി (എം.ഡി.എം.എ)യുടെ അനേവഷണ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ നിരവധി സത്യങ്ങള്‍ വെളിച്ചത്തുവരും. പക്ഷേ, അതുവരുമ്പോള്‍ എന്റെ അവസ്ഥന്തൊവും?
മുംബൈ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് എച്ച്. സുരേഷ്, എന്റെ ജന്മനാട്ടില്‍ നിന്നുള്ള നിയമസഭാംഗം എന്നിവരുടെ കത്തുകള്‍, സ്‌കൂള്‍ അധ്യാപകന്റെയും, ഗ്രാമീണ ജനങ്ങളുടെയും പിന്തുണ തകര്‍ന്ന ഹൃദയത്തിന് നേര്‍ത്ത ആശ്വാസം പകര്‍ന്നതായിരുന്നു.
മനുഷ്യാവകശ പ്രവര്‍ത്തകനും സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുയും ചെയ്ത ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പ്രാധനമന്തിക്ക് അയച്ച് കത്തും, സോണിയ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എന്നിവരുടെ കത്തുകളും നീണ്ട പോരാട്ടത്തിലെ വിജയങ്ങളായിരുന്നു. വളരെ മമ്പ് സോണിയാ ഗാന്ധി പ്രസിഡന്റിന് തയാനും തന്റെ കുടുംബവും ഈ കേസില്‍ വധശിക്ഷ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് എഴുതിയിരുന്നു. അങ്ങനെ നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി.
ഒമ്പതുവര്‍ഷമായി മകന്റെ നീതിക്കുവേണ്ടി പോരാടുന്ന അമ്മയുടെ ത്യാഗവും വേദനയും അറിയുക. ഞാന്‍ അപേക്ഷിക്കുന്നു. ഞാന്‍ സഹിച്ച ദരുതിങ്ങളുടെ പേരില്‍. ദയവായി എന്റെ ദുരിതങ്ങള്‍ നീക്കുക.
രാജീവ്ഗാന്ധിയെ സ്‌നേഹിക്കുന്നുവരോടും അതുപോലെ അദ്ദേഹത്തെ വിമര്‍ശിക്കുന്നവരോടും എനിക്ക് ചോദിക്കാനുണ്ട്, ഒരു നിരപരാധിയായ മനുഷ്യന്‍ തൂക്കിലേറ്റപ്പെടണമെന്ന് നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടോ? മനുഷ്യസ്‌നേഹവും, നീതിയുടെ പാത പിന്തുടരുകയും ചെയ്യുന്ന നിങ്ങളെപ്പോലുള്ള ഒരാള്‍ അതിന് സമ്മതിക്കില്ലെന്ന് ഉറപ്പുണ്ട്.
ഒരു രാഷ്ട്രീയ സ്വധാീനവും പണക്കരുത്തുമില്ലാത്ത മനുഷ്യന്‍ ഉയര്‍ത്തുന്ന സത്യത്തിന്റെ ശബ്ദത്തിന് ദയവായി നിങ്ങളുടെ കാതുകള്‍ നല്‍കു. ഞാന്‍ പറയുന്ന സത്യം നിങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ തൊടുന്നുവെങ്കില്‍ മോചനത്തിനായി ശബ്ദം ഉയര്‍ത്തുക. നീതി വിജയിക്കട്ടെ.
മരണത്തെ ഭയമുണ്ടെന്നതിനേക്കാള്‍, വ്യാജ ആരോപണങ്ങളുടെ പേരില്‍ കുറ്റവാളിയായി ലോകം വിട്ടുപോകാന്‍ മടിയുണ്ട്. ഒരു കൊലപാതിയുടെ മാതാപിതാക്കളായി അച്ഛനുമ്മയെയും ശേഷിപ്പിച്ച് ലോകം വിട്ടു വിട്ടുപോകാനും വിഷമമുണ്ട്.
ഒരു പക്ഷേ, ഞാന്‍ തൂക്ക് മരത്തിലേക്ക് നടക്കും. എന്റെ നിരപരാധിത്വം ഉറക്കെപ്പറഞ്ഞു തന്നെ.
ദുരിതങ്ങള്‍ എനിക്കൊപ്പം അവസാനിക്കപ്പെടട്ടെ. അടുത്ത ദിവസം സൂര്യനുദിക്കുമ്പോഴെങ്കിലും എല്ലാവര്‍ക്കും തുല്യ നീതി ലഭിക്കണം.

സംയോജനം/മൊഴിമാറ്റം: ആര്‍.കെ. ബിജുരാജ്
മാധ്യമം വാരിക
2011 sept 12