Thursday, September 8, 2011

വാക്കിന്റെ കൂടെരിയുന്നു

എസ്.എസ്.എല്‍.സി.
മലയാള പാഠ പുസ്തകം
പേജ് 9-11




വാക്കിന്റെ കൂടെരിയുന്നു

ഗൂഗി വാ തിഓംഗോ


ഞാനൊരു വലിയ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്-അച്ഛന്‍, നാല് ഭാര്യമാര്‍, ഇരുപത്തിയെട്ട് മക്കള്‍. അക്കാലത്തേതുപോലെ വളര്‍ന്നു പന്തലിച്ച, മൊത്തത്തില്‍ ഒരു സമൂഹം പോലുളള കുടുംബം.
വയലുകളില്‍ പണിയെടുത്തിരുന്ന ഞങ്ങള്‍ ഗികുയു സംസാരിച്ചു. വീടിനുളളിലും പുറത്തും ഞങ്ങള്‍ ഈ ഭാഷയാണ് സംസാരിച്ചത്. തീകൂട്ടി ചുറ്റുമിരുന്ന് കഥ കേട്ടിരുന്ന അക്കാലത്തെ സായാഹ്‌നങ്ങള്‍ ഞാന്‍ നന്നായി ഓര്‍മിക്കുന്നുണ്ട്. അതില്‍ മിക്കവാറും മുതിര്‍ന്നവര്‍ കുട്ടികള്‍ക്കായിട്ടാണ് കഥകള്‍ പറഞ്ഞിരുന്നതെങ്കിലും എല്ലാവരും അത് ആസ്വദിച്ചിരുന്നു. ഞങ്ങള്‍ അടുത്ത ദിവസം മറ്റ് കുട്ടികള്‍ക്കായി ആ കഥകള്‍ പറഞ്ഞു കൊടുക്കും. യൂറോപ്പുകാരുടെയും ആഫ്രിക്കയിലെ ജന്മികളുടെയും പാടത്തും പൂക്കള്‍ ശേഖരിക്കുന്ന സ്ഥലത്തും തേയില കൊളുന്തുകള്‍, കാപ്പിക്കുരുകള്‍ എന്നിവ ശേഖരിക്കുന്ന ഇടങ്ങളിലും പണിയെടുത്തിരുന്നവരായിരുന്നു ആ കുട്ടികള്‍.
ഗികുയുവില്‍ പറഞ്ഞുതന്ന മിക്ക കഥകളിലും മൃഗങ്ങളായിരുന്നു കഥാപാത്രങ്ങള്‍. ചെറുതും ദുര്‍ബലനുമെങ്കിലും സൂത്രശാലിയായ മുയലായിരുന്നു ഞങ്ങളുടെ നായകന്‍. സിംഹം, പുളളിപ്പുലി, കഴുതപ്പുലി തുടങ്ങിയ ക്രൂര മൃഗങ്ങള്‍ക്കെതിരെ പോരാടുന്ന മുയലിനെ നായകനായി ഞങ്ങള്‍ അംഗീകരിച്ചു. അവന്റെ വിജയങ്ങള്‍ ഞങ്ങളുടെ വിജയങ്ങളായിരുന്നു. അവനില്‍ നിന്നു ഞങ്ങള്‍ ഒരു പാഠം ഗ്രഹിച്ചു. പ്രത്യക്ഷത്തില്‍ ദുര്‍ബലനായവന് ശക്തനെ ബുദ്ധികൊണ്ട് തോല്‍പ്പിക്കാം. വരള്‍ച്ച, അതിവര്‍ഷം, സൂര്യതാപം, ശക്തമായ കാറ്റ് തുടങ്ങിയ പ്രതികൂലമായ പ്രകൃതിയെ നേരിടുന്ന മൃഗങ്ങളെ ഞങ്ങള്‍ പിന്തുടര്‍ന്നു. പ്രകൃതിയുമായുള്ള ഇത്തരം ഏറ്റുമുട്ടല്‍ മിക്കപ്പോഴും സഹകരണത്തിന്റെ പുതിയ രൂപങ്ങള്‍ തേടാന്‍ കഥകളിലെ ദുര്‍ബലരെ പ്രേരിപ്പിച്ചിരുന്നു. അവര്‍ക്കിടയിലെ പരസ്പരമുളള പേരാട്ടങ്ങളും ഞങ്ങളെ രസിപ്പിച്ചു, പ്രത്യേകിച്ച് മൃഗങ്ങളും ഇരകളും തമ്മിലുളള പോരാട്ടം. പ്രകൃതിക്കും മറ്റ് മൃഗങ്ങള്‍ക്കുമെതിരെയുളള ഇരട്ട പോരാട്ടം മനുഷ്യലോകത്തിന്റെ യഥാര്‍ത്ഥ ജീവിത പോരാട്ടങ്ങളെയാണ് പ്രതിഫലിപ്പിച്ചത്.
മനുഷ്യന്‍ മുഖ്യ കഥാപാത്രമായ കഥകളും ഞങ്ങള്‍ വിട്ടുകളഞ്ഞില്ല. മനുഷ്യകേന്ദ്രീകൃതമായ കഥകളില്‍ രണ്ട് തരം കഥാപാത്രങ്ങളാണുണ്ടായിരുന്നത്. ധീരത, കാരുണ്യം, തിന്‍മയോടുളള എതിര്‍പ്പ്, മറ്റുളളവരോട് സഹാനുഭൂതി തുടങ്ങിയ യഥാര്‍ത്ഥ സ്വഭാവ സവിശേഷതകളുളളവര്‍. രണ്ടാമത്തേത് മനുഷ്യഭോജികളെന്ന നിലയില്‍ രണ്ട് വായകളുളള, ആര്‍ത്തി, സ്വാര്‍ത്ഥത, ഞാനെന്ന ഭാവം, വിശാലമായ സഹകരണത്തിലുളള സമൂഹമെന്ന നന്മകളോടുളള വെറുപ്പ് എന്നിവയുളളവര്‍. സമൂഹത്തില്‍ അത്യന്തികമായ നന്മ സഹകരണമാണ്; അതായിരുന്നു സ്ഥിരമായ പ്രമേയവും. രാക്ഷസന്‍മാര്‍ക്കും ഇരതേടുന്ന മൃഗങ്ങള്‍ക്കുമെതിരെ മനുഷ്യനും മൃഗങ്ങളും ഒന്നിക്കുന്ന കഥയുമുണ്ടായിരുന്നു. വീട്ടില്‍ നിന്ന് അകന്ന് ജോലി ചെയ്യുന്ന കൊല്ലന്റെ ഗര്‍ഭിണിയായ ഭാര്യ മനുഷ്യനെ തിന്നുന്ന, ഇരട്ട വായുളള ഭീകരസത്വത്തെ പേടിച്ച് വീടിനുളളില്‍ കഴിയുമ്പോള്‍ ആവണക്കെണ്ണയുമായി എത്തുന്ന പ്രാവിന്റെ കഥപോലെയുളളതാണ് അത്.
നന്നായും മോശമായും കഥപറയുന്നവരുണ്ടായിരുന്നു അവിടെ. നല്ല കഥപറച്ചിലുകാരന്‍ ഒരേ കഥ തന്നെ പലവട്ടം ആവര്‍ത്തിക്കും. അത് ഞങ്ങള്‍, ശ്രോതാക്കള്‍ക്ക് പുതിയ അനുഭൂതി പകര്‍ന്നുകൊണ്ടിരിക്കും. മറ്റാരോ പറഞ്ഞ കഥ അവന്‍/അവള്‍ക്ക് കൂടുതല്‍ സജീവമായി, നാടകീയമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു. വാക്കുകളുടെയും ബിംബങ്ങളുടെയും ഉപയോഗത്തിലും വിവിധ സ്വരങ്ങള്‍ സൃഷ്ടിക്കുന്നതിനുളള ശബ്ദ ക്രമീകരണത്തിലുമായിരുന്നു വ്യത്യസ്തതകള്‍.
അതിനാല്‍ ഞങ്ങള്‍ വാക്കുകളുടെ അര്‍ത്ഥത്തിനും അവയുടെ വിജാതീയ മാനങ്ങള്‍ക്കും വലിയ മൂല്യം കല്‍പ്പിച്ചു. വാക്കുകള്‍ വെറുതെ കോര്‍ത്തിട്ട ചരടല്ല ഭാഷ. വാക്കുകള്‍ക്ക് തൊട്ടടുത്ത് നില്‍ക്കുന്നതും പദാവലികള്‍ നല്‍കുന്നതുമായ അര്‍ത്ഥങ്ങള്‍ക്കപ്പുറം മാന്ത്രികശക്തി അവയ്ക്കുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കി. വാക്കുകള്‍ കൊണ്ടുളള കളികളിലൂടെ, കടംകഥകളിലൂടെ, പഴംഞ്ചൊല്ലുകളിലൂടെ, അക്ഷരങ്ങളുടെ ചൊറിച്ചു മല്ലലുകളിലൂടെ അവയുടെ വശീകരണ ശക്തി ഞങ്ങള്‍ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞു. ഉളളടക്കത്തിനു മേല്‍ വിഹരിക്കുന്ന ഭാഷയുടെ സംഗീതം ഞങ്ങള്‍ അങ്ങനെ മനസിലാക്കി. ബിംബങ്ങളിലൂടെ, പ്രതീകങ്ങളിലൂടെ ഭാഷ ഞങ്ങള്‍ക്ക് ലോകത്തിന്റെ കാഴ്ച സമ്മാനിച്ചു. പക്ഷെ അവയ്ക്ക് അവയുടേതായ സൗന്ദര്യമുണ്ടായിരുന്നു. അങ്ങനെ വീടും വയലും ഞങ്ങള്‍ക്ക് പ്രാഥമിക വിദ്യാലയങ്ങളായി. ഈ ചര്‍ച്ചയില്‍ പ്രധാനപ്പെട്ട സംഗതി സായാഹ്‌ന വേളകളിലെ ഞങ്ങളുടെ പഠനത്തിലും ജോലിസ്ഥലത്തും സമൂഹത്തിലെവിടെയും മാധ്യമമായി മാറിയത് ഒരേയൊരു ഭാഷയായിരുന്നു എന്നതാണ്.
പിന്നെ ഞാന്‍ സ്‌കൂളില്‍ പോയി. ഒരു കൊളോണിയല്‍ സ്‌കൂള്‍. അങ്ങനെ ഈ സ്വരചേര്‍ച്ച ഇല്ലാതായി. എന്റെ വിദ്യാഭ്യാസത്തിന്റെ ഭാഷ എന്റെ സംസ്‌കാരത്തിന്റെ ഭാഷയായിരുന്നില്ല. സുവിശേഷകര്‍ നടത്തിയ കമാന്തരയിലാണ് ഞാന്‍ പഠിക്കാന്‍ ചെന്നത്. പിന്നീട് ഞാന്‍ ഗികുയു സ്വാതന്ത്ര്യവാദികളും കരിംഗ സ്‌കൂള്‍ അസോസിയേഷനും നടത്തിയ മാന്‍ഗുഗ വിദ്യാലയത്തില്‍ ചേര്‍ന്നു. എനിക്ക് ആദ്യമായി നീണ്ട കയ്യടിയിലൂടെ അംഗീകാരം ലഭിച്ചത് ഗികുയു ഭാഷയില്‍ ഞാന്‍ എഴുതിയ രചനയ്ക്കാണ്. അങ്ങനെ പഠനത്തിന്റെ ആദ്യ നാല് വര്‍ഷത്തില്‍ എന്റെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഷയും ലിമ്രു കര്‍ഷക സമൂഹത്തിന്റെ ഭാഷയും തമ്മില്‍ പൊരുത്തപ്പെട്ടിരുന്നു.
1952 ല്‍ കെനിയയില്‍ അധിനിവേശ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സ്വരാജ്യ സ്‌നേഹികളായ ദേശീയവാദികള്‍ നടത്തിയിരുന്ന വിദ്യാലയങ്ങള്‍ എല്ലാം ഇംഗ്ലീഷുകാരുടെ അധ്യക്ഷതയ്ക്ക് കീഴിലുളള ജില്ലാ വിദ്യാഭ്യാസ ബോര്‍ഡുകളുടെ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്നു. അങ്ങനെ എന്റെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഷ ഇംഗ്ലീഷ് ആയിത്തീര്‍ന്നു. കെനിയയില്‍ ഇംഗ്ലീഷിന് ഒരു ഭാഷയെന്നതിനേക്കാള്‍ വലിയ പ്രാധാന്യം ഉണ്ടായി. അതുമാത്രം ഭാഷയാവുകയും മറ്റെല്ലാവരും അതിന്റെ മഹത്വത്തിനു മുന്നില്‍ കുമ്പിടേണ്ടിയും വന്നു.
അങ്ങനെ സ്‌കൂള്‍ പരിസരത്ത് എവിടെയെങ്കിലും വച്ച് ഗികുയു ഭാഷയില്‍ സംസാരിച്ചു എന്ന കുറ്റത്തിന് പിടിക്കപ്പെടുന്നത് ഏറ്റവും തരം താണ, ലജ്ജാവഹമായ അനുഭവങ്ങളിലൊന്നായി മാറി. കുറ്റവാളികള്‍ക്ക് ശാരീരിക പീഡ നല്‍കിയിരുന്നു. നഗ്നമായ ചന്തിയില്‍ ചൂരല്‍ വടി മൂന്നു മുതല്‍ അഞ്ചു തവണ ശക്തിയോടെ പതിക്കും. അല്ലെങ്കില്‍ ഞാന്‍ വിഡ്ഢിയാണെന്നോ, ഞാന്‍ കഴുതയാണെന്നോ എഴുതിയ ഒരു പരന്ന കല്ല് കഴുത്തില്‍ കെട്ടി തൂക്കി നടത്തിക്കും. ഒടുക്കുവാന്‍ കഴിയാത്ത പിഴയായിരിക്കും മിക്കപ്പോഴും ഈടാക്കുക. അധ്യാപകര്‍ എങ്ങനെയായിരുന്നു ഈ കുറ്റവാളികളെ പിടികൂടിയിരുന്നത്? ആദ്യം ഒരു കുട്ടിക്ക് ഒരു ബട്ടണ്‍ സമ്മാനിക്കുന്നു. മാതൃഭാഷയില്‍ സംസാരിക്കുന്ന കുട്ടിക്ക് അവനത് കൈമാറണം. അങ്ങനെ ഈ ബട്ടണ്‍ ലഭിച്ച എല്ലാ കുട്ടികളും വൈകുന്നേരം ഒരുമിച്ച് ആരുടെ കയ്യില്‍ നിന്നാണ് തങ്ങള്‍ക്ക് ബട്ടണ്‍ ലഭിച്ചത് എന്ന് വെളിപ്പെടുത്തുന്നു. അതോടെ കുറ്റവാളികള്‍ മുഴുവന്‍ പിടിക്കപ്പെടുന്നു. ഈ പ്രക്രിയയിലൂടെ കുട്ടികള്‍ക്ക് കുറ്റവാളികളെ പിടികൂടാനുളള മാനസികമായ ഒരുതരം താല്‍പര്യം ഉണ്ടാകുന്നു. കൂടാതെ സമൂഹത്തില്‍ രാജ്യദ്രോഹിയായാല്‍ വന്നുഭവിച്ചേക്കാവുന്ന നഷ്ടങ്ങളെക്കുറിച്ചും കുട്ടികള്‍ ബോധവാന്‍മാരാകുന്നു.
അംഗലേയത്തോടുളള സമീപനം കൃത്യമായി മറിച്ചാണ്. ഇംഗ്ലീഷ് എഴുതുന്നതിലോ സംസാരിക്കുന്നതിലോ എന്തെങ്കിലും നേട്ടമുണ്ടായാല്‍ അതിന് വലിയ പ്രതിഫലമായി സമ്മാനങ്ങള്‍, അഭിനന്ദനം, കരഘോഷം, ഉയര്‍ന്ന മണ്ഡലങ്ങളിലേക്കുളള പ്രവേശനാനുമതി തുടങ്ങിയവ ലഭിച്ചിരുന്നു. ബുദ്ധിശക്തിയിലും കലയിലും ശാസ്ത്രത്തിലും വിജ്ഞാനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും കഴിവിന്റെ അളവുകോല്‍ ഇംഗ്ലീഷായി മാറി. ഒരു കുട്ടിയുടെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഏണിപ്പടികള്‍ക്ക് അപ്പുറത്തേക്കുളള പുരോഗതി തീരുമാനിക്കുന്നിന്റെ പ്രധാനഘടകം ഇംഗ്ലീഷ് ഭാഷയയായി തീര്‍ന്നു.
നിങ്ങള്‍ക്കറിയാവുന്നതുപോലെ, കോളനി വാഴ്ചക്കാലത്തെ വിദ്യാഭ്യാസ സംവിധാനത്തിന് വര്‍ണ്ണവിവേചന സ്വഭാവം ഉണ്ടായിരുന്നു. അതു കൂടാതെ വിദ്യാഭ്യാസ സംവിധാനത്തിന് പിരമിഡിന്റെ ഘടനയാണ് ഉണ്ടായിരുന്നത്: അതായത് താഴെ വിശാലമായ പ്രാഥമിക അടിത്തറ, ഇടുങ്ങിയ മധ്യഭാഗം, അതിനു മുകളില്‍ സങ്കുചിതമായ സര്‍വകലാശാല തലം. പ്രാഥമിക വിദ്യാഭ്യാസത്തില്‍ നിന്ന് രണ്ടാംതല വിദ്യാഭ്യസത്തിന് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തിരുന്നത് പരീക്ഷയിലൂടെയാണ്. എന്റെ പഠനകാലത്ത് ആ പരീക്ഷയെ കെനിയ ആഫ്രിക്കന്‍ പ്രാരംഭ പരീക്ഷ എന്നു വിളിച്ചിരുന്നു. ആ പരീക്ഷയില്‍ ജയിക്കുന്നതിന് ഗണിത ശാസ്ത്രം മുതല്‍ പ്രകൃതി പഠനവും കിസ്‌വാഹിലി ഭാഷയുംവരെയുളള ആറ് വിഷയങ്ങളില്‍ വിജയിക്കണം. എല്ലാ വിഷയങ്ങളും ഇംഗ്ലീഷില്‍ എഴുതണം. ഇംഗ്ലീഷ് ഭാഷയില്‍ തോല്‍ക്കുന്ന ആര്‍ക്കും തന്നെ പരീക്ഷയില്‍ ജയിക്കാന്‍ കഴിയുമായിരുന്നില്ല. 1954 ല്‍ എന്റെ ക്ലാസിലെ ഒരു കുട്ടി ഇംഗ്ലീഷ് ഒഴികെ എല്ലാത്തിലും ഉന്നതവിജയം നേടിയത് ഞാന്‍ ഓര്‍ക്കുന്നു. ഇംഗ്ലീഷില്‍ ആ കുട്ടി തോറ്റുപോയി. അതിനാല്‍ അവന്‍ മുഴുവന്‍ പരീക്ഷയും തോറ്റു. അവന്‍ പഠനം മതിയാക്കി ഒരു ബസ് കമ്പനിയില്‍ പകരക്കാരനായി ജോലിക്ക് ചേര്‍ന്നു. മറ്റ് വിഷയങ്ങളില്‍ കേവല വിജയം നേടിയ എനിക്ക് ഇംഗ്ലീഷില്‍ നല്ല മാര്‍ക്ക് ഉണ്ടായിരുന്നതിനാല്‍, അധിനിവേശ താവളമായ കെനിയയില്‍ ആഫ്രിക്കക്കാര്‍ക്ക് വേണ്ടി നടത്തപ്പെട്ട ഏറ്റവും ഉന്നത നിലവാരമുളള സ്ഥാപനങ്ങളില്‍ ഒന്നായ അലയന്‍സ് സ്‌കൂളില്‍ പ്രവേശനം തരപ്പെട്ടു. മകെറെറെ സര്‍വകലാശാല കലാലയത്തിലും പ്രവേശനാനുമതി ലഭിക്കുന്നതിനുളള യോഗ്യതകള്‍ മേല്‍പ്പറഞ്ഞവ തന്നെയായിരുന്നു. മറ്റുളള വിഷയങ്ങള്‍ക്ക് എത്ര തന്നെ മാര്‍ക്ക് നേടിയിരുന്നാലും ഇംഗ്ലീഷില്‍ മികവ് കാട്ടിയാല്‍ മാത്രമേ ഒരു വിദ്യാര്‍ത്ഥിക്ക് ബിരുദവിദ്യാര്‍ത്ഥി അണിയേണ്ട ചുവപ്പ് ഗൗണ്‍ ലഭിക്കുമായിരുന്നുളളൂ. ഇംഗ്ലീഷിന് കേവല വിജയം മാത്രം പോരാ!-അപ്പോള്‍ ഈ വേഷം ഇല്ലാതാകും. ഇംഗ്ലീഷില്‍ അനിതര സാധാരണ വിജയം കൈവരിച്ചാല്‍ മാത്രമേ ഈ പിരമിഡിന്റെ (ഈ ആംഗലേയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ) ഏറ്റവും അസൂയാവഹമായ സ്ഥാനത്ത് എത്തിച്ചേരാന്‍ ആവുകയുളളൂ. ആംഗലേയ ഭാഷയുടെ അഭിമാനപത്രം ലഭിച്ച വ്യക്തികള്‍ക്കേ വിശിഷ്ടമായ സ്ഥാനങ്ങള്‍ അലങ്കരിക്കാന്‍ സാധിക്കുകയുളളൂ. അധിനിവേശ സാമ്രാജ്യത്വത്തിന്റെ ഉന്നതങ്ങളില്‍ എത്താനുളള ഔദ്യോഗിക വാഹനവും ഇന്ദ്രജാല സൂത്രവാക്യവും ഇംഗ്ലീഷ് ഭാഷയായിരുന്നു.
ഈ ഭാഷ അതിന്റെ ആധിപത്യം ഉറപ്പിച്ചതിനോടൊപ്പം തന്നെ സാഹിത്യപഠനം ഏതു വിധത്തില്‍ വേണമെന്ന് അത്യന്തികമായി തീരുമാനമെടുക്കുന്ന ഭാഷയായും മാറി. കെനിയന്‍ ഭാഷകളിലൂടെ നടത്തി വന്ന വാമൊഴിയിലൂടെയുളള അക്ഷരാഭ്യാസം നിര്‍ത്തലാക്കി. പ്രാഥമിക വിദ്യാലയത്തില്‍ പ്രശസ്ത ആംഗലേയ സാഹിത്യകാരന്‍മാരുടെ ലളിതവല്‍ക്കരിച്ച കൃതികള്‍- മുയലിന്റെയും പുളളിപ്പുലിയുടെയും സിംഹത്തിന്റെയും കഥകളല്ല-ഞാന്‍ വായിച്ചു. ഒളിവര്‍ട്വിസ്റ്റ് പോലുള്ള കൃതികള്‍ ഭാവനയുടെ ലോകത്തിലെ കൂട്ടുകാരായി ദിവസവും എന്റെ കൂടെയുണ്ടായിരുന്നു. സെക്കന്‍ഡറി സ്‌കൂളില്‍ കൂടുതല്‍ ഗൗരവമുള്ള ഇംഗ്ലീഷ് കൃതികള്‍ വായിച്ചു. മകെറെറെ സര്‍വകലാശാലയില്‍ ആംഗലേയ സാഹിത്യം പ്രധാനമായും പഠിച്ചു.
ഭാഷയും സാഹിത്യവും അങ്ങനെ ഞങ്ങളെ ഞങ്ങളില്‍ നിന്ന് മറ്റ് വ്യക്തിത്വങ്ങളിലേക്കും ഞങ്ങളുടെ ലോകത്ത് നിന്ന് മറ്റുളള ലോകങ്ങളിലേക്കും, അകലേക്ക് അകലേക്ക് കൊണ്ടുപോയി.
അധിനിവേശ സംവിധാനം എന്താണ് ഞങ്ങളെപ്പോലുളള കെനിയന്‍ കുട്ടികളില്‍ ചെയ്തത്? ഒരു വശത്ത് ഞങ്ങളുടെ ഭാഷകളേയും അവയുടെ സാഹിത്യത്തെയും ക്രമാനുഗതമായി അടിച്ചമര്‍ത്തി. മറുവശത്ത് ആംഗലേയത്തെയും അതിന്റെ സാഹിത്യത്തെയും ആകാശത്തോളം ഉയര്‍ത്തുകയും ചെയ്തു. അതിന്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു.

മൊഴിമാറ്റം: ബിജുരാജ്, ബിനു ഇടനാട്
കൊല്ലം 'ഗ്രാംഷി' ബുക്‌സ് പ്രസിദ്ധീകരിച്ച 'മനസിന്റെ അപകോളനീകരണം' (ഗൂഗി വാ തിഓംഗോ) എന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗം



ഗൂഗി വാ തി ഓംഗോ
(1938-)

കെനിയയിലെ വിഖ്യാത നോവലിസ്റ്റ്, നാടകകൃത്ത്, മുന്‍ രാഷ്ട്രീയ തടവുകാരന്‍, പ്രവാസി, അധ്യാപകന്‍. ഭാഷയുടെ തലത്തില്‍ അധിനിവേശത്തിനെതിരെ ധീരമായ പരീക്ഷണങ്ങള്‍ നടത്തി. ഇംഗ്ലീഷ് ഉപേക്ഷിച്ച് സ്വന്തം ജനതയുടെ ഭാഷയായ ഗികുയുവിലെഴുതുന്ന അതുല്യ എഴുത്തുകാരന്‍. ഭാഷ പ്രതിരോധത്തിന്റെയും സാംസ്‌കാരിക ചെറുത്തുനില്‍പ്പിന്റെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും ആയുധമാക്കാമെന്ന് ലോകത്ത് ആദ്യം തെളിയിച്ച സാഹിത്യകാരന്‍. ഭാഷപോലെ തന്നെ കലയും സാഹിത്യവും സാംസ്‌കാരിക വിമോചനത്തിന്റെ ഭാഗമാക്കണമെന്ന് വാദിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍. നിരവധി ഭാഷകളിലേക്ക് കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കെനിയയിലെ ലിമ്രുവില്‍ കിമിറുതു ഗ്രാമത്തിലാണ് ജനനം. ജയിംസ് തിഓംഗോ ഗൂഗി എന്ന പേര് പിന്നീട് ക്രിസ്തുമതത്തോടുളള നിരാകരണത്തിന്റെ ഭാഗമായി മാറ്റി. ഗികുയു വംശജനായ ഗൂഗി ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടന്ന മൗ മൗ സായുധ വിമോചനപോരാട്ടത്തില്‍ നേരിട്ടല്ലെങ്കിലും പങ്കാളിയായിരുന്നു. ഉഗാണ്ടയിലെ കംപാല സര്‍വകലാശാലയില്‍ നിന്ന് ആംഗലേയത്തില്‍ ബിരുദം നേടിയ ശേഷം കുറച്ചു കാലം പത്രപ്രവര്‍ത്തകനായി ജോലി നോക്കി. 1962 ല്‍ 'കറുത്ത സന്യാസി' എന്ന നാടകം രചിച്ചു. തുടര്‍ന്ന് ഇംഗ്ലണ്ടില്‍ ഉന്നത പഠനം. വ്യക്തിയും സമൂഹവും തമ്മിലുളള വൈരുദ്ധ്യങ്ങളായിരുന്നു ആദ്യകാല രചനകളുടെ മുഖ്യ പ്രമേയം. 1964 ല്‍ 'കുഞ്ഞേ കരയരുത്' എന്ന ആദ്യ നോവല്‍ പുറത്തിറങ്ങി. ഇടതുപക്ഷത്തിന്റെയും മാര്‍ക്‌സിസത്തിന്റെയും ഭാഗമായി ഇക്കാലത്ത് ഗൂഗി മാറി. കെനിയയിലെ മൗ മൗ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ 'മദ്ധ്യത്തിലെ നദി' ഗൂഗിയെ അന്താരാഷ്ട്ര പ്രശസ്തനാക്കി. 1970 ല്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടലില്‍ പ്രതിഷേധിച്ച് സര്‍വകലാശാല അധ്യാപക ജോലി രാജിവച്ചു. 1980 ല്‍ 'എനിക്കു തോന്നുമ്പോള്‍ വിവാഹിതനാകും' എന്ന നാടകമെഴുതിയതിനെ തുടര്‍ന്ന് തടവിലടയ്ക്കപ്പെട്ടു. ഗ്രാമ്യമായ നാടകവേദിക്കുവേണ്ടി സ്വന്തം ഭാഷയില്‍ വിപ്ലവ രചനകള്‍ നടത്തിയതിനായിരുന്നു തടവ്. വിചാരണ കൂടാതെ അതിസുരക്ഷാ ജയിലില്‍ അടക്കപ്പെട്ടു. അന്താരാഷ്ട്രതലത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം മോചിതനായെങ്കിലും അദ്ദേഹത്തെയും കുടുംബത്തെയും ഭരണകൂടം തുടര്‍ച്ചയായി പീഡിപ്പിച്ചു. നയ്‌റോബി സര്‍വകലാശാലയിലെ ജോലി തിരിച്ചു നല്‍കാനും കൂട്ടാക്കിയില്ല. തുടര്‍ന്ന് 1982 ല്‍ ലണ്ടനിലേക്ക് പ്രവാസിയായി കടന്നു. ഇപ്പോള്‍ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. അമേരിക്കയില്‍ പ്രവാസ ജീവിതം.
ജയില്‍ മോചിതനായ ഉടന്‍ ഇംഗ്ലീഷില്‍ സര്‍ഗരചനകള്‍ നടത്തുന്നത് നിര്‍ത്തി ഗികുയു ഭാഷയില്‍ ആദ്യ ആധുനിക നോവല്‍ 'കയ്താനി മുത്ഹര്‍ബയിനി' 1980 ല്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ പൂര്‍ണമായും ഗികുയു ഭാഷയില്‍ എഴുതുന്നു. നീണ്ട പ്രവാസിത്വത്തിനു ശേഷം അടുത്തിടെ കെനിയ സന്ദര്‍ശിച്ചു. പക്ഷെ ദുരനുഭവങ്ങളാണുണ്ടായത്.
രണ്ടുമാസത്തിനു മുമ്പ് 'വിസാര്‍ഡ് ഓഫ് ദ ക്രോ' എന്ന പുതിയ പുസ്തകത്തിന്റെ സ്വന്തം വിവര്‍ത്തനം പ്രസിദ്ധീകരിച്ചു. തീവ്ര നിലപാടുകളും ആംഗലേയത്തോടുളള നിരാകരണവും ഗ്രാമ ഭാഷയിലെ രചനാ രീതിയും കാരണമാണ് നോബല്‍ സമ്മാനമുള്‍പ്പടെയുളള ബഹുമതികള്‍ ഗൂഗിക്ക് ലഭിക്കാതെ പോകുന്നതെന്ന് ആക്ഷേപമുണ്ട്.
പ്രധാന കൃതികള്‍: കറുത്ത സന്യാസി (നാടകം), വീപ് നോട്ട് ചൈല്‍ഡ്, ദ റിവര്‍ ബിറ്റ്‌വീന്‍, ദ ഗ്രെയിന്‍ ഓഫ് വീറ്റ്, ദിസ് ടൈം ടുമോറൊ, സീക്രട്ട് ലൈവ്‌സ്, പെറ്റല്‍സ് ഓഫ് ബ്ലഡ്, കയ്താനി മുത്ഹര്‍ബയിനി (ഡെവില്‍ ഓണ്‍ ദ ക്രോസ്), ഡീറ്റെയ്ന്‍ഡ്: എ റൈറ്റേഴ്‌സ് പ്രിസണ്‍ ഡയറി, ബാരല്‍ ഓഫ് എ പെന്‍, ഡീകോളനൈസിംഗ് ദ മൈന്‍ഡ്, മദര്‍ സിംഗ് ഫോര്‍ മി, റൈറ്റിംഗ് എഗെയിനിസ്റ്റ് നിയോ കൊളോണലിസം, വിസാര്‍ഡ് ഓഫ് എ ക്രോ.

No comments:

Post a Comment