Tuesday, November 24, 2015

നമ്മളെന്തിന് സേച്ഛാധിപതികളെ വാഴ്ത്തണം?


ചരിത്രം/പുനര്‍വായനതിരുവിതാംകൂര്‍ ചരിത്രമായിട്ട് 68 വര്‍ഷം കഴിഞ്ഞിട്ടും നമ്മളെ പഴയകാലം വീണ്ടും വേട്ടയാടുകയാണ്. ദിവാന്‍ സര്‍.സി.പി. രാമസ്വാമി അയ്യരെ വെള്ളപൂശുകയും ആധുനിക കേരളത്തിന്‍െറ ശില്‍പിയെന്ന് വിശേഷിപ്പിക്കുകയും ചെയ്യന്ന ജീവചരിത്രഗ്രന്ഥങ്ങളും രചനകളും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. സര്‍.സി.പിയെ മഹാനാക്കുന്ന ഇത്തരം രചനകള്‍ യഥാര്‍ത്ഥ ചരിത്രത്തിന് പുറം തിരിഞ്ഞാണ് നില്‍ക്കുന്നത്. ദിവാനെതിരെയും രാജവാഴ്ചക്കെതിരെയും നടന്ന പുന്നപ്ര-വയലാര്‍ അടക്കമുള്ള പ്രക്ഷോഭങ്ങളെ ചെറുതാക്കി കാണിക്കുന്നതാണ് ഇത്തരം ശ്രമമെന്ന് ലേഖകന്‍ വാദിക്കുന്നു.നമ്മളെന്തിന് സേച്ഛാധിപതികളെ
വാഴ്ത്തണം?

ആര്‍.കെ. ബിജുരാജ്തിരുവിതാംകൂറിന്‍്റെ ചരിത്രം നമുക്കൊരിക്കലും പഴംകഥയല്ല. രാജ്യമില്ലാതായിട്ട് ഏഴ് പതിറ്റാണ്ടാവുന്നുവെങ്കിലും, ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയ പല നിര്‍ണായക സംഭവങ്ങളും നടന്നത് തിരുവിതാംകൂറിന്‍്റെ അന്ത്യപാദങ്ങളിലാണ്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പുള്ള പതിനൊന്നുവര്‍ഷം (1936-1947) എല്ലാ അര്‍ത്ഥത്തിലും പ്രധാനമാണ്. ഇക്കാലത്ത് തിരുവിതാംകൂറില്‍ എന്തുനടന്നു, ചരിത്രസന്ധികളില്‍ നായകരും പ്രതിനായകരും ആര് എന്നൊക്കെ കൃത്യമായി അറിയേണ്ടതുണ്ട്.
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.സി.പി. രാമസ്വാമി അയ്യരെ മികച്ച ഭരണാധികാരിയായും യഥാര്‍ത്ഥ നായകനായും ആധുനിക കേരളത്തിന്‍െറ വികസന ശില്‍പിയായും അവതരിപ്പിക്കുന്ന ജീവചരിത്ര ഗ്രന്ഥങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഡോ. എ. രഘു രചിച്ച CP: A Short Biography Of Sir CP(Pub: Prestige Books), Duty, Destiny And Glory: The Life of Ramaswamy Aiyar (pub: Orient Black Swan) എ. ശ്രീധരമേനോന്‍ രചിച്ച ‘സര്‍.സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും-ചരിത്ര രേഖകളിലൂടെ’, ‘സര്‍ സി.പി തിരുവിതാംകൂര്‍ ചരിത്രത്തില്‍'  തുടങ്ങിയ പുസ്തകങ്ങള്‍ ഇത്തരം ശ്രമങ്ങളാണ്. ഇതേ പിന്തുടര്‍ന്ന് നിരവധി ലേഖനങ്ങളും സര്‍.സി.പിയെ വാഴ്ത്തി പ്രസിദ്ധീകരിക്കപ്പെട്ടു.
‘ചരിത്രത്തിലെ ഒരു വലിയ തെറ്റ് തിരുത്തുന്നു' എന്ന കുറിപ്പോടെ, പതിനേഴ്് വര്‍ഷം മുമ്പാണ് ചരിത്രകാരനായ പ്രൊഫ.എ. ശ്രീധരമേനോന്‍ അന്നുവരെ നിലനിന്നിരുന്ന ഒരു സങ്കല്‍പത്തെ മാറ്റിയെഴുതുന്നത്. തിരുവിതാംകൂറില്‍ നടന്ന അനിഷ്ടസംഭവങ്ങള്‍ക്കും മോശം കാര്യങ്ങള്‍ക്കും ദിവാനായിരുന്ന സര്‍.സി.പി. രാമസ്വാമി അയ്യര്‍ അല്ല, കൊട്ടാരവും മഹാരാജാവുമാണ് പ്രതിയെന്ന് അദ്ദേഹം വാദിച്ചു(‘ചരിത്രം പ്രതിക്കൂട്ടില്‍', കലാകൗമുദി, ലക്കം 1210, 1998 നവംബര്‍). സി.പി. തിരുവിതാംകൂറില്‍ നടത്തിയ ദുര്‍ഭരണം കൊട്ടാരത്തിന്‍്റെ നിര്‍ദേശത്തോടെയായിരുന്നു എന്ന വാദം പിന്നീട് പുറത്തിറങ്ങിയ ‘സര്‍.സി.പിയും സ്വതന്ത്ര തിരുവിതാംകൂറും', ‘സര്‍ സി.പി തിരുവിതാംകൂര്‍ ചരിത്രത്തില്‍' എന്നീ പുസ്തകങ്ങളിലൂടെ അദ്ദേഹം കൂടുതലായി സമര്‍ത്ഥിച്ചു. ശ്രീധരമേനോന്‍്റെ ചരിത്രം ഒരര്‍ത്ഥത്തില്‍ പുരോഗമനപരമായിരുന്നു! കാരണം അന്നുവരെ തിരുവിതാംകൂറില്‍ നടന്ന എല്ലാ ചീത്തകാര്യങ്ങളും ദിവാന്‍്റെ തലയിലും നല്ലകാര്യങ്ങളെല്ലാം കൊട്ടാരത്തിന്‍്റെ കണക്കിലുമായിരുന്നു.  അതായത് ക്ഷേത്രപ്രവേശന വിളംബരം പോലുള്ള നല്ല കാര്യങ്ങള്‍ക്ക് മഹാരാജാവും പുന്നപ്ര-വയലാര്‍ കൂട്ടക്കൊല, ‘സ്വതന്ത്രതിരുവിതാംകൂര്‍' പോലുള്ള ചീത്തക്കാര്യങ്ങള്‍ക്ക് ദിവാനും ഉത്തരവാദികള്‍. പക്ഷേ, ശ്രീധരമേനോന്‍ എഴുതിയപ്പോള്‍ തിരിച്ചായി ചരിത്രം. തിരുവിതാംകൂറില്‍ നടന്ന എല്ലാ നല്ലകാര്യങ്ങളും സര്‍.സി.പിക്ക് ചാര്‍ത്തിക്കൊടുക്കുകയും മോശംകാര്യങ്ങളെല്ലാം കൊട്ടാരത്തിന്‍്റെ തലയില്‍ വരവ് വച്ചുകൊടുക്കുകയും ചെയ്തു. അതൊരു ബോധപൂര്‍വമായ ശ്രമമായിരുന്നു എന്ന വാദം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. നമ്മള്‍ അല്‍പം പിന്നിലേക്ക് പോയി ചരിത്രം ഒന്നു നോക്കിയിട്ട് സര്‍.സി.പിയുടെ കാലത്തേക്ക് മടങ്ങിവരാം. എന്താണ് തിരുവിതാംകൂറില്‍ നടന്നിരുന്നത് എന്നറിയണമല്ളോ!


ബ്രിട്ടീഷ് ഉടമ്പടികളും തിരുവിതാംകൂറും


ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുന്നതുവരെ  തിരുവിതാംകൂറും കൊച്ചിയും സ്വതന്ത്ര രാജ്യങ്ങളായിരുന്നു എന്ന ധാരണ നിലവിലുണ്ട്. അത്തരം ധാരണ വസ്തുതയ്ക്ക് നിരയ്ക്കുന്നതല്ല.  നേരിട്ടുള്ള കൊളോണിയല്‍ വാഴ്ചയ്ക്ക് കീഴിലായിരുന്നില്ല ഈ രാജ്യങ്ങളെന്നത് നേര്. പക്ഷേ, അതിനേക്കാള്‍ ശക്തമായ, പരോക്ഷ കൊളോണിയല്‍ അധിനിവേശം ( ബ്രിട്ടീഷ് ഭരണം) ഈ നാട്ടുരാജ്യങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു.
തിരുവിതാംകൂറിന്‍്റെ കാര്യത്തില്‍ അവര്‍ ബ്രിട്ടീഷുകാരുമായി 1795- ലാണ് നിര്‍ണായകമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സന്ധിയില്‍ ഒപ്പിടുന്നത്. ആ സമയത്ത് തിരുവിതാംകൂര്‍, ഇംഗ്ളീഷ് സര്‍ക്കാരുമായി തുല്യതയുള്ള ‘സ്വതന്ത്ര'രാജ്യമായിട്ടായിരുന്നു വിശേഷിപ്പിക്കപ്പെട്ടത്. ഈ ഉടമ്പടിയുടെയും സൗഹൃദത്തിന്‍്റെയും അടിസ്ഥാനത്തില്‍ തിരുവിതാംകൂറിന്‍്റെ ഭരണസംവിധാനം ആകെ പരിഷ്കരിക്കപ്പെട്ടു. മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് തിരുവിതാംകൂറിനെ ഉറച്ച ഭരണത്തിന്‍ കീഴില്‍കൊണ്ടുവരാന്‍ കഴിഞ്ഞതിന് ഒരു കാരണം അദ്ദേഹം ഇംഗ്ളീഷുകാരുമായി മുമ്പേ ഉണ്ടാക്കിയ ചങ്ങാത്തമാണ്. എന്നാല്‍ 1805 ല്‍ സ്ഥിതിമാറി. വേലുത്തമ്പി ദളവയുടെ ഭരണകാലത്ത്, ശോഷിച്ച ഭണ്ഡാരം നിറക്കാന്‍ അദ്ദേഹം ചില കടുത്തനടപടി കൈക്കൊണ്ടു. അത് രാജ്യത്തിനുള്ളില്‍ അസംതൃപ്തി ഉണ്ടാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചില നാട്ടുപ്രമാണികളും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. പട്ടാളം കലാപം ആരംഭിച്ചു. ഈ കലാപം അടിച്ചമര്‍ത്താന്‍ വേലുത്തമ്പിക്ക് കഴിയാതെ വന്നു. ഒടുവില്‍ സഹായത്തിന് ഇംഗ്ളീഷ് പട്ടാളത്തെ വിളിച്ചു. ആഭ്യന്തര കലാപത്തെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും തിരുവിതാംകൂറിന്‍്റെ കീഴടങ്ങല്‍ അവിടെ തുടങ്ങി. സഹായത്തിനു പ്രത്യുപകാരമായി അതുവരെ നിലനിന്നിരുന്ന സന്ധി പുതുക്കാന്‍ ഇംഗ്ളീഷുകാര്‍ ആവശ്യപ്പെട്ടു. പുതുക്കിയ സന്ധികളാകട്ടെ തിരുവിതാംകൂറിനെ ബ്രിട്ടീഷുകാര്‍ക്ക് തീര്‍ത്തും അടിമപ്പെടുത്തുന്നതായിരുന്നു. വ്യവസ്ഥകള്‍ ഇതായിരുന്നു: ഒന്നാമതായി, ഈസ്റ്റിന്ത്യാകമ്പനിയുടെ അനുവാദത്തോടെയല്ലാതെ ഒരു യൂറോപ്യനെയും തിരുവിതാംകൂറിലെ ഒരുദ്യോഗത്തിലും നിശ്ചയിക്കുകയില്ല. രണ്ടാമത്, നികുതിപിരിവോ ധനസംബന്ധമായ ഭരണമോ, തിരുവിതാംകൂറിലെ മറ്റെന്തെങ്കിലും ഗവണ്‍മെന്‍്റ വകുപ്പുകളോ ശരിയായി നടത്തുന്നതിനാവശ്യമെന്ന് തോന്നുന്ന നിയമങ്ങളും നിര്‍ദേശങ്ങളും ബ്രിട്ടീഷുകാര്‍ പുറപ്പെടുവിക്കും. ആവശ്യമെന്നുകണ്ടാല്‍ തിരുവിതാംകൂറിന്‍്റെ ഏതെങ്കിലും ഭാഗമോ തിരുവിതാംകൂര്‍ മുഴുവന്‍ തന്നെയോ ഈസ്റ്റിന്ത്യാക്കമ്പനിയുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലാക്കാനും ഇംഗ്ളീഷ് ഗവര്‍ണര്‍ ജനറല്‍ക്കധികാരമുണ്ടായിരിക്കും. മൂന്നാമത്, തിരുവിതാംകൂറിലെ നീതിന്യായം, നികുതിപിരിവ്, സര്‍ക്കാര്‍ ചെലവുകളുടെ നിയന്ത്രണം, കച്ചവടം, കൃഷി, വ്യവസായം, മഹാരാജാവിന്‍്റെ താല്‍പര്യങ്ങളും പ്രജകളുടെ ക്ഷേമവും സംരക്ഷിക്കാനുള്ള വിഷയങ്ങള്‍ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന ഉപദേശങ്ങളനുസരിക്കാന്‍ തിരുവിതാംകൂര്‍ രാജാവ് ബാധ്യസ്ഥനാണ്.
തിരുവിതാംകൂറിന്‍്റെ എല്ലാ അധികാരങ്ങളും ഇംഗ്ളീഷുകാര്‍ക്ക് പണയപ്പെടുത്തിയതാണ് ഈ സന്ധി. ഇതിനുശേഷം തിരുവിതാംകൂര്‍ ഒരു സ്വതന്ത്ര രാജ്യമേയായിരുന്നില്ല. ബ്രിട്ടീഷുകാരുടെ ദാസന്‍മാര്‍ മാത്രമായിരുന്നു രാജാവ്. തിരുവിതാംകൂറും ബ്രിട്ടീഷ് സര്‍ക്കാരുമായി ഉണ്ടാക്കിയ ബന്ധമെല്ലാം ഈ സന്ധിയുടെ ചുവടുപിടിച്ചാണ്. കഥ അവിടെയും തീരുന്നില്ല.
പിന്നീട്, 1809 ല്‍ തിരുവിതാംകൂറില്‍ തങ്ങള്‍ക്കെതിരെയുണ്ടായ ചില കുഴപ്പങ്ങളുടെ പേരില്‍ രാജ്യഭരണം ഇംഗ്ളീഷുകാര്‍ നേരിട്ട് കുറച്ചുകാലത്തേക്കെങ്കിലും ഏറ്റെടുത്തു. ഇംഗ്ളീഷ് സര്‍ക്കാരിന്‍്റെ പ്രതിനിധിയായ റസിഡന്‍്റ് കേണല്‍ മണ്‍റോ തിരുവിതാംകൂര്‍ ദിവാനായി.  ഈ ഘട്ടത്തില്‍ കൊച്ചിയുടെ ഭരണവും ഇംഗ്ളീഷുകാര്‍ കൈക്കലാക്കി. അവിടെയും കേണല്‍ മണ്‍റോ തന്നെയായിരുന്നു ദിവാന്‍. രാജാവിനെ പേരിനുമാത്രം നിലനിര്‍ത്തി, രാജ്യഭരണം ദിവാന്‍ തന്നെ നടത്തി. ഇക്കാലയളവില്‍ തിരുവിതാംകൂറിന്‍്റെ ഭരണവ്യവസ്ഥയില്‍ മണ്‍റോ നിര്‍ണായകമായ ഒട്ടനവധി മാറ്റം വരുത്തി. അതാകട്ടെ ബ്രിട്ടീഷുകാരുടെ താല്‍പര്യത്തിനനുസരിച്ചുള്ളതുമാത്രമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്‍്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരെയും അവര്‍ക്കുമേല്‍ റസിഡന്‍്റിന് നിയന്ത്രണവുമുള്ള വിധത്തിലായിരുന്നു പുതിയ ഭരണവ്യവസ്ഥ ക്രമപ്പെടുത്തിയത്. ബ്രിട്ടീഷുകാര്‍ക്കിഷ്ടമുള്ള ദിവാന്‍മാര്‍ മാത്രം രാജ്യംഭരിക്കുകയെന്ന അവസ്ഥയുടെ ഫലമായി ഉദ്യോഗസ്ഥ യന്ത്രത്തിന്‍്റെ ചുക്കാന്‍ പൂര്‍ണഅര്‍ത്ഥത്തില്‍ അവരുടെ കയ്യിലായി.
മാറ്റങ്ങളുടെ പൊതുസ്വഭാവം ഇതായിരുന്നു: ‘ കേണല്‍ മണ്‍റോ ചിട്ടയും ക്രമവും സ്ഥാപിക്കുവാന്‍ ഉദ്യമിച്ചു. അതിപുരാതനകാലം മുതല്‍ രാജ്യത്ത് നിലനിന്നുപോന്നിരുന്ന അധികാരവിഭജനത്തിന് അദ്ദേഹം അറുതിവരുത്തി. തലസ്ഥാനത്തിരുന്നുകൊണ്ട് ദിവാന്‍ നയിക്കുന്ന ഒരു കേന്ദ്രീകൃത ഭരണസംവിധാനം അദ്ദേഹം കെട്ടിപ്പടുത്തു. ദിവാനെ സഹായിക്കുന്നതിനായി ഒരു സംഘം അസിസ്റ്റന്‍്റുമാരെയും നിയോഗിച്ചു. അവരില്‍ ഏറ്റവും പ്രധാനികള്‍ പുതുതായി നിയമിക്കപ്പെട്ട രണ്ടു ദിവാന്‍പേഷ്കാര്‍മാര്‍ ആയിരുന്നു. റാണിയുടെ അനുവാദത്തോടുകൂടി, സര്‍ക്കാര്‍ കാര്യങ്ങളുടെ നടത്തിപ്പിനുവേണ്ടി കൈകൊണ്ട ഈ സംവിധാനങ്ങള്‍ ഏറെക്കുറെ മദിരാശി ബ്രിട്ടീഷ് പ്രവിശ്യയില്‍ നിലവിലുണ്ടായിരുന്നവയുടെ മാതൃകയിലയിരുന്നു. ഭരണകൂടത്തിന്‍്റെ എല്ലാ വകുപ്പുകളും കേണല്‍ മണ്‍റോ പുന:സംഘടിപ്പിച്ചു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഹജൂര്‍ കച്ചേരിയും ധനകാര്യം, റവന്യൂ, നീതിന്യായം, പോലീസ്, സൈന്യം എന്നീ വകുപ്പുകളുമായിരുന്നു. കാര്യക്കാര്‍, തിരുമുഖംപിള്ള മുതലായ ഉദ്യോഗപ്പേരുകള്‍ തഹസില്‍ദാര്‍, സമ്പ്രതി എന്നും മറ്റുമാക്കി മാറ്റി'' (തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍, വോള്യം 4).
ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് "കേരളം: മലയാളികളുടെ മാതൃഭൂമി'യില്‍ എഴുതിയതാണ് അന്നത്തെ ശരിയായ അവസ്ഥ: " മണ്‍റോവിന്‍്റെ ഭരണപരിഷ്കാരത്തില്‍ നാടുവാഴികളും ദേശവാഴികളും മാത്രമല്ല, അവരുടെയെല്ലാം യജമാനനായ രാജാവുകൂടി ഇല്ലാതായിരിക്കുന്നു. പേരിന് നാടുവാഴുന്നത് രാജാവാണ്. അദ്ദേഹം ഒപ്പിട്ടതാണ് പ്രധാന ഉത്തരവുകള്‍; അദ്ദേഹമംഗീകരിക്കാത്ത നിയമങ്ങളൊന്നും നിയമമാവുകയില്ല; ദിവാന്‍ അദ്ദേഹത്തിന്‍്റെ ആജ്ഞാനുവര്‍ത്തിയായ ഉദ്യോഗസ്ഥന്‍മാത്രമാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ രാജ്യം ഭരിക്കുന്നത് ദിവാനാണ്; നയവും പരിപാടിയും രൂപീകരിക്കുന്നതിലും, അത് നടപ്പില്‍ വരുത്താന്‍വേണ്ട പ്രായോഗിക നടപടികളെടുക്കുന്നതിലും, അതിനുവേണ്ട ഉദ്യോഗസ്ഥന്‍മാരെ നിയമിക്കുന്നതിലുമെല്ലാം ദിവാനാണ് മുമ്പും കൈയുമുള്ളത്''.
മണ്‍റോവിന്‍്റെ കാലത്തിനുശേഷം ആരും ഈ അവസ്ഥയ്ക്കുമാറ്റമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. മറിച്ച് ഈ സ്ഥിതി കൂടുതല്‍ ശക്തിപ്പെടുകയാണുണ്ടായത്.  "റസിഡന്‍്റ്, ദിവാന്‍, ദിവാന്‍്റെ കീഴില്‍ ചീഫ് സെക്രട്ടറി മുതല്‍ പാര്‍വത്യകാര്‍ (പ്രവൃത്തിദാര്‍) വരെയുള്ള ഒട്ടേറെ ഉദ്യോഗസ്ഥന്‍മാര്‍ എന്നിവര്‍ മുഖേന തിരയുന്ന ഭരണയന്ത്രത്തിന്‍്റെ ഒരു നിസാരമായ സ്ക്രൂ- അഴിഞ്ഞുപോയാലും യാതൊരു തകരാറും കുടാതെ യന്ത്രം തിരിഞ്ഞുകൊണ്ടിരിക്കത്തക്കവിധം നിസാരമായ സ്ക്രൂ- എന്ന നിലമാത്രമേ ഇന്നു രാജാവിനുള്ളൂ.... കഴിഞ്ഞ 130 കൊല്ലക്കാലത്ത് കൊച്ചിയിലും തിരുവിതാംകൂറിലും വന്ന പുരോഗതിക്കും അധ:പതനത്തിനും മര്‍ദനത്തിനുമെല്ലാം ഉത്തരവാദികള്‍ ദിവാന്‍മാരാണ്, രാജാക്കന്‍മാരല്ല. സര്‍ ടി.മാധവറാവു, സര്‍. രാജഗോപാലാചാരി, സര്‍.സി.പി.രാമസ്വാമി അയ്യര്‍ മുതലായ പേരെടുത്ത ദിവാന്‍മാര്‍ തയ്യാറാക്കുന്ന പരിപാടികള്‍ ശരിവെച്ചുവെന്നല്ലാതെ-വാസ്തവത്തില്‍ ‘ശരിവെച്ചു' എന്നതിനേക്കാള്‍ ‘എതിര്‍ത്തില്ളെ'ന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി- നാട്ടുകാരുടെ ഗുണത്തിനോ ദോഷത്തിനോ വേണ്ടി യാതൊന്നും രാജാക്കന്‍മാര്‍ ചെയ്തിട്ടില്ല''(കേരളം മലയാളികളുടെ മാതൃഭൂമി, ഇ.എം.എസ്)
തിരുവിതാംകൂറില്‍ ഭരണം നടത്തിയിരുന്നത് ദിവാന്‍ തന്നെയായിരുന്നു. ദിവാന്‍മാര്‍ക്ക് രാജാവിനെപ്പോലും നീക്കം ചെയ്യാനുള്ള അധികാരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാജാവിന് മാത്രമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നു എന്ന് വാദിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ഇനി രാജാവ് എതിര്‍ത്തുവെന്നിരിക്കട്ടെ ദിവാന് രാജാവിനത്തെന്നെ നീക്കം ചെയ്യാനും രാജ്യം നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലാക്കാനും കഴിയുമായിരുന്നു. ദിവാന്‍ തന്നെയായിരുന്നു എല്ലാ അര്‍ത്ഥത്തിലും സര്‍വാധിപതി.
നമ്മളിവിടെയത്തെുമ്പോള്‍, ശ്രീധരമേനോന്‍്റെ ആദ്യ വാദം തന്നെ പൊളിയുന്നു. കൊട്ടാരത്തിന്‍്റെ കേവലാ ആജ്ഞാനുവര്‍ത്തിയായിരുന്നില്ല ദിവാനെന്നു വ്യക്തമാവുന്നു. ശ്രീധരമേനോന് സംഭവിച്ച പിഴവ് അദ്ദേഹം തിരുവിതാംകൂറിന്‍്റെ ബ്രിട്ടീഷ് ആധിപത്യത്തെയും ഭരണവ്യവസ്ഥയെയും പരിശോധിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്തില്ല എന്നതാണ്. നമുക്ക് വീണ്ടും മുന്നോട്ടു പോകാം. പഴയ ദിവാന്‍മാരില്‍ നിന്ന് സര്‍.സി.പി. ഏതെങ്കിലും തരത്തില്‍ വ്യത്യസ്തനായിരുന്നോ എന്നു പരിശോധിക്കാം.സര്‍.സി.പിയും കൊട്ടാര ഉപജാപങ്ങളും


‘1931 മുതല്‍ സര്‍ സി.പി. തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍്റെ വിശ്വസ്തനായ സേവകനെന്ന നിലയ്ക്കാണ് തന്‍്റെ വ്യക്തിത്വം അടിയറവുവെച്ചുപോലും പ്രവര്‍ത്തിച്ചത്' എന്ന് ശ്രീധരമേനോന്‍ എഴുതിയിട്ടുണ്ട്. അതെത്രമാത്രം ശരിയായിരുന്നു? സി.പിയുടെ രംഗപ്രവേശം എങ്ങനെയായിരുന്നു എന്നറിഞ്ഞാല്‍ സംഗതി എളുപ്പമായി.
ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്‍്റെ നിയമ-ഭരണഘടനാ ഉപദേഷ്ടാവായി 1931 മുതല്‍ 1936 വരെയും 1936-1947 വരെ ദിവാനായും സര്‍.സി.പി. തിരുവിതാംകൂറിലുണ്ടായിരുന്നു. പക്ഷേ, അതിനുമുമ്പേ കൊട്ടാരത്തിനുവേണ്ടി അഭിഭാഷകനായി കോടതിയില്‍ അദ്ദേഹം വാദിച്ചിട്ടുണ്ട്. 1910 ല്‍ അദ്ദേഹം കൊട്ടാരത്തിനുവേണ്ടി ഹാജരായ കേസില്‍ വാദി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായിരുന്നു. പിന്നീട്, തമിഴ്നാട് അതിര്‍ത്തിയില്‍ തിരുനെല്‍വേലി കളക്ടര്‍ ആഷ് എന്ന ബ്രിട്ടീഷുകാരനെ വാഞ്ചി അയ്യര്‍ എന്ന വിപ്ളവകാരി വധിച്ച കേസില്‍ തിരുവിതാംകൂര്‍ സര്‍ക്കാരിനുവേണ്ടി മദ്രാസ് കോടതിയിലും ഹാജരായി. ശ്രീമൂലം തിരുനാള്‍ മഹാരാജാവുമായും കൊട്ടാരവുമായും അന്നേ അടുത്ത ബന്ധം സര്‍.സി.പി.പുലര്‍ത്തിയിരുന്നു. ശ്രീമൂലം തിരുനാള്‍ പല വിഷയങ്ങളിലും സി.പി.യുടെ ഉപദേശം തേടി.
എന്നാല്‍ സി.പി.യുടെ താരോദയം ശ്രീമൂലം തിരുനാളിന്‍്റെ മരണത്തോടെയാണ്. അന്ന് കിരീടാവകാശിയായ രാമവര്‍മ്മയ്ക്ക് (പിന്നീട് ബാല എന്ന പേര് ദിവാന്‍്റെ നിര്‍ദേശപ്രകാരം അധികാരമേറ്റെടുത്തശേഷം കൂട്ടിച്ചേര്‍ക്കുകയായിരുന്നു) പന്ത്രണ്ട് വയസാണ്. അതിനാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ റീജന്‍്റിനെ ഭരണമേല്‍പ്പിച്ചു. മരുമക്കത്തായ സമ്പ്രദായമനുസരിച്ച്, ഭരണനിര്‍വഹണം തുടരുന്നതിനായി ശ്രീമൂലത്തിന്‍്റെ കാലത്ത്  മാവേലിക്കര ഉത്സവമഠം കൊട്ടാരത്തില്‍ നിന്ന് കന്യകമാരായ സേതുലക്ഷ്മി ഭായിയും സേതുപാര്‍വതിഭായിയും ദത്തെടുത്തിരുന്നു. ഇതില്‍ മൂത്തയാളായ സേതുലക്ഷ്മിഭായി ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മയ്ക്കുവേണ്ടി റീജന്‍്റായി സ്ഥാനമേറ്റു. ഇളയ റാണിയുടെ മകനായിരുന്നു ബാലരാമവര്‍മ്മ. എന്നാല്‍ റീജന്‍്റും ഇളയറാണിയും തമ്മില്‍ അധികാര വടംവലി രൂക്ഷമായി. ഈ അധികാര മത്സരത്തില്‍ സമര്‍ത്ഥമായി ഇടപെട്ടാണ്  സര്‍.സി.പി. അധികാരത്തില്‍ പിടിമുറുക്കുന്നത്. സാധരണ പത്തൊമ്പതര വയസായാലേ രാജാവാകാന്‍ കഴിയൂ. അതായത് 1932 ഓഗസ്റ്റില്‍ മാത്രം. പക്ഷെ സി.പി.യുടെ പ്രത്യേക താല്‍പര്യ പ്രകാരം ഒമ്പതുമാസം മുമ്പേ സീനിയര്‍ റാണിയുടെ റീജന്‍്റ് ഭരണമവസാനിപ്പിച്ച് ജൂനിയര്‍ റാണിയുടെ മകനെ സി.പി. രാജാവാക്കി. 1931ല്‍ വില്ലിംഗ്ടണ്‍ പ്രഭു ഇന്ത്യയുടെ വൈസ്രോയിയായി ചുമതലയേറ്റെടുത്ത് അടുത്തതന്നെയായിരുന്നു അത് (1931 നവംബര്‍ ). വില്ലിംഗ്ടണ്‍ മദ്രാസ് ഗവര്‍ണറായിരുന്നപ്പോള്‍ സി.പി. അദ്ദേഹത്തിനു കീഴില്‍ അഡ്വക്കേറ്റ് ജനറലായിരുന്നു. മാത്രമല്ല വൈദ്യുതി, നിയമം, ജലസേചനം എന്നീ വകുപ്പുകളുടെ ചുമതലയുള്ള എക്സിക്യുട്ടീവ് കണ്‍സില്‍ അംഗമായി 1923 ല്‍ അഞ്ചുവര്‍ഷവും ജോലിയെടുത്തിരുന്നു. ഇതിനാല്‍ വൈസ്രോയിയുമായി സി.പി.ക്ക് ഉറ്റ സൗഹൃദമായിരുന്നു. അതായിരുന്നു ചിത്തിരതിരുനാളിനെ രാജാവാക്കാന്‍ സി.പി.പ്രയോജനപ്പെടുത്തിയത്.
റിജന്‍്റ് റാണിയും ജൂനിയര്‍ റാണിയും തമ്മില്‍ കലഹം മൂര്‍ഛിച്ചപ്പോള്‍ പരസ്യമായി ജൂനിയര്‍റാണിക്കൊപ്പം സി.പി. നിലയുറപ്പിച്ചു. ജൂനിയര്‍ റാണി മകനുമൊത്ത് ഇടക്കാലത്ത് ഊട്ടിയില്‍ താമസിച്ചിരുന്നു. ആ ഘട്ടത്തില്‍ സി.പിയും തങ്ങിയിരുന്നത് ഊട്ടിയിലാണ്. ഭരണപരിശീലനം നേടാനായി ചിത്തിരതിരുനാളിനെ ബാംഗ്ളൂരില്‍ താമസിപ്പിച്ചിരുന്നു. അമ്മയുടെ സ്വാധീനത്തില്‍ മകന്‍ വരാതിരിക്കാന്‍ സേതുപാര്‍വതിബായിയെ ബാംഗ്ളൂരിലേക്ക് പോകാന്‍ കൊട്ടാരം അനുവദിച്ചില്ല. ഈ സമയത്ത് വൈസ്രോയിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സര്‍ ചാള്‍സ് വാട്സണിനു സി.പി. കത്തെഴുതി. അമ്മയില്‍നിന്നും കുടുംബത്തില്‍നിന്നും അകന്നു താമസിച്ചാല്‍ ഉപജാപകവൃന്ദം ചിത്തിരതിരുനാളിനുമേല്‍ പിടിമുറുക്കുമെന്നായിരുന്നു ന്യായമായി സി.പി. എഴുതിയത്. ഉപജാപങ്ങള്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. വില്ലിംഗ്ടണ്‍ പ്രഭു വ്രൈസോയിയായപ്പോള്‍ അദ്ദേഹത്തിന്‍്റെ കൗണ്‍സില്‍ അംഗം എന്ന നിലയില്‍ സി.പി.യെ നിയമിച്ചിരുന്നു. ആ ഘട്ടത്തില്‍ സിംലയിലായിരുന്നു സി.പിയുടെ താമസം. ജൂനിയര്‍ റാണിയും മകനും 1931 ജൂലൈ 23 ന് സിംലയിലത്തെി. ഇരുവരെയും വൈസ്രോയിക്ക് പരിചയപ്പെടുത്തിക്കൊടുത്തതും വെവ്വേറെ കൂടിക്കാഴ്ചകള്‍ക്ക് അവസരം ഒരുക്കിയതും സി.പിയായിരുന്നു. ഈ ചരടുവലികള്‍ക്കൊടുവിലാണ് റീജന്‍്റ് ഭരണം അവസാനിച്ച്, ചിത്തിരതിരുനാളിന്‍്റെ അധികാരമേറ്റെടുക്കല്‍. ഭരണകാര്യങ്ങളില്‍ ചിത്തിരതിരുനാളിന് മുന്‍പരിചയമില്ലാത്തതിനാല്‍ നിയമ-ഭരണഘടനാ ഉപദേഷ്ടാവായി സി.പിയെ വൈസ്രോയി നിയമിച്ചു. അധികാരമേറ്റതോടെ രാജാവിനെപ്പോലെ രാജമാതാവിനും സി.പി.തന്നെയായി നിയമോപദേഷ്ടാവ്.
തിരുവിതാംകൂറിലെ ദിവാന്‍ രാജാവിനേക്കാള്‍ എത്രമാത്രം ശക്തനാണ് എന്നു മനസ്സിലാവുന്നു. എ. ശ്രീധരമേനോന്‍്റെ വാദങ്ങള്‍ തെറ്റാകുന്നത് ഇവിടെയാണ്.


സര്‍.സി.പിയും ബാലരാമവര്‍മ്മയും

സര്‍.സി.പിയും ബാലരാമവര്‍മ്മയും തമ്മിലുണ്ടായിരുന്നത് സവിശേഷമായ ബന്ധമായിരുന്നു. അതൊരിക്കലും ദിവാനും രാജാവും തമ്മിലുള്ള അധികാര വിഭജനത്തിന്‍്റെ കൃത്യമായ അതിര്‍വരമ്പുകളിലല്ലായിരുന്നു. സി.പിയുടെ ചൊല്‍പ്പടിക്കായിരുന്നു രാജാവ്. അദ്ദേഹം പറയുന്ന ‘തീട്ടൂരങ്ങളില്‍' ‘തൃക്കൈ വിളയാട്ടം' മാത്രമായിരുന്നു രാജാവിനുണ്ടായിരുന്നത്. 1931 നവംബറില്‍ അധികാരമേറ്റയുടെനെ സര്‍ സി.പിയെ ഉപദേഷ്ടാവായുള്ള ഒൗചാരിക പ്രഖ്യാപനവും നടന്നു. ഉപദേഷ്ടാവായല്ല സൂപ്പര്‍ ദിവാനായിട്ടായിരുന്നു സി.പി. തിരുവിതാംകൂര്‍ വാണത്. ഇക്കാലത്ത് തനിക്ക് പരിചയമുള്ള, തനിക്ക് വിശ്വസ്തരെന്നു തോന്നിയ ആസ്റ്റിനെയും (1932-34) സര്‍ മുഹമ്മദ് ഹബീബുള്ള (1934-1936) വരെയും ദിവാനാക്കി. തനിക്ക് വിശ്വസ്തനല്ളെന്ന് തോന്നിയ, റീജന്‍്റ് ഭരണകാലത്തെ ദിവാന്‍ വി.എസ്. സുബ്രഹ്മണ്യഅയ്യരെ കെട്ടുകെട്ടിക്കുകയും ചെയ്തു. ദിവാന്‍മാരേക്കാള്‍ വേതനം കൈപ്പറ്റിയതും സി.പിയായിരുന്നു. ആസ്റ്റിന് 3000 രൂപയും ഹബീബുള്ളയ്ക്ക് 4000 രൂപയും വേതനവും ആനുകൂല്യങ്ങളുമായി കിട്ടിയപ്പോള്‍ ഉപദേഷ്ടാവിന് കൊട്ടാരത്തില്‍ നിന്നുള്ള വരുമാനം 6000മായിരുന്നു. സി.പി. വെള്ളയമ്പലം കൊട്ടാരത്തില്‍ താമസിച്ചപ്പോള്‍ ദിവാന്‍മാര്‍ പുറത്ത് "ഭക്തിവിലാസ'ത്തിലുമായിരുന്നു. ഈ ഘട്ടത്തില്‍ തന്നെ ഭരണത്തിലും ഭരണയന്ത്രത്തിലും ഉദ്യോഗസ്ഥ സംവിധാനത്തിലും തന്‍്റെ വിശ്വസ്തരെ നിയമിച്ച് സി.പി. ഭരണനിയന്ത്രണം എല്ലാ തരത്തിലും കരസ്ഥമാക്കിയിരുന്നു.
1936 ഒക്ടോബര്‍ 8 ന് ദിവാനായി ചുമതലയേറ്റെടുക്കുന്നതോടെയഥാര്‍ത്ഥത്തില്‍ സി.പി.സര്‍വാധിപതിയായി മാറി. 1938 മേയില്‍ അഞ്ചുവര്‍ഷത്തേക്കും ദിവാന്‍ തന്‍്റെ കാലാവധി നീട്ടിയെടുത്തു. ഉത്തരവാദിത്വ പ്രക്ഷോഭണം ശക്തമായ കാലത്താണ് ഈ കാലാവധി നീട്ടി നല്‍കുന്നത്. രാജ്യത്ത് രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ ശക്തമായ കാലത്ത് ബ്രിട്ടീഷ് റസിഡന്‍്റ് സി.പിയെ ദിവാന്‍ പദത്തില്‍നിന്ന് പിരിച്ചുവിടാന്‍ മഹാരാജാവിനെ ഉപദേശിക്കണമെന്ന് വൈസ്രോയിക്ക് എഴുതി. ഇതിനെ സി.പി. മറികടന്നത് ദിവാനെ നീക്കം ചെയ്താല്‍ താനും സ്ഥാനത്യാഗം ചെയ്യുമെന്ന് രാജാവിനെക്കൊണ്ട് പറയിച്ചുകൊണ്ടായിരുന്നു. ഇതാണ് സി.പിയും രാജാവും തമ്മില്‍ നിലനിന്നിരുന്ന ബന്ധം. തിരുവിതാംകൂറിലെ അധികാര സമവാക്യം തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ രൂപീകരണം ശ്രദ്ധിച്ചാല്‍ മനസ്സിലാകും. സി.പിയുടെ മുന്‍കൈയില്‍ സര്‍വകലാശാല തുടങ്ങിയപ്പോള്‍ അതിന്‍്റെ ചാന്‍സലറായി രാജാവിനെയും പ്രോ- ചാന്‍സലറായി അമ്മറാണിയെയും നിയമിച്ചു. വൈസ് ചാന്‍സലറായി സ്വയം അവരോധിക്കുകയും ചെയ്തു. ഇതായിരുന്നു തിരുവിതാംകൂറിന്‍്റെ അന്ത്യത്തില്‍ മൊത്തത്തില്‍ തുടര്‍ന്ന ശാക്തിക അച്ചുതണ്ട്.
രാജാവ് ദുര്‍ബലനും ദിവാന്‍ കരുത്തനുമായിരുന്നു. 1944 ല്‍ വൈസ്രോയിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കയച്ച കത്തില്‍ റസിഡന്‍്റായിരുന്ന എച്ച്.ജെ. ടോഡ് രാജാവിനെ കൃത്യമായി വിലയിരുത്തുന്നുണ്ട്: " ലജ്ജാശീലനും, ആത്മവിശ്വാസമില്ലാത്തവനും, അമ്മയുടെ അമിത സ്വാധീനത്തില്‍നിന്നു മോചനം നേടാത്തവനുമാണ്''.
നിര്‍ണായക നിമിഷങ്ങളില്‍ തീരുമാനം എടുക്കാനാവാതെ രാജാവ് വിഷമിച്ചപ്പോള്‍ സി.പി. ചടുലമായി ഉറച്ച തീരുമാനങ്ങള്‍ എടുത്തു. ജനകീയ പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കിക്കൊന്നു.


ദിവാന്‍ ഭരണവും രാജവാഴ്ചയും


ദിവാന്‍ എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍്റെ ദാസനും അവരാല്‍ നിയമിക്കപ്പെടുകയും ചെയ്യുന്ന, രാജാവിനേക്കാള്‍ കരുത്തുള്ള സവിശേഷ അധികാരമാണെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ദിവാനെതിരെയുള്ള ഏതൊരു നീക്കവും ബ്രിട്ടനെതിരെയുള്ളതായിരുന്നു. തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിന് ദിവാനെയും രാജാവിനെയും അവരുടെ അധികാരങ്ങളെക്കുറിച്ചും ആരാണ് കൂടുതല്‍ ശക്തനെന്നതിനെപ്പറ്റിയും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതിനാലാണ് പ്രതിഷേധത്തിന്‍്റെ കുന്തമുന ദിവാനെതിരെ തൊഴിലാളിവര്‍ഗ്ഗം തിരിച്ചുവച്ചത്. അത് ആകസ്മികമായി സംഭവിച്ചതല്ല. ദിവാനെ മുഖ്യ ലക്ഷ്യമാക്കിയുള്ള സമരം രാജാവിനെ ലക്ഷ്യമാക്കിയുള്ളതു മാത്രമല്ല. അതിനേക്കാള്‍ ബ്രിട്ടീഷ് വിരുദ്ധവും-സാമ്രാജ്യത്വ വിരുദ്ധം- കൂടിയായിരുന്നു. അതായത് തിരുവിതാംകൂറിലെ ബ്രിട്ടീഷ് ആധിപത്യത്തിന്‍്റെ സര്‍വാധിപനായ പ്രതിനിധി ദിവാനെതിരെയുള്ളതാണ്. ചരിത്രത്തെ നിഷ്പക്ഷമായി വായിക്കുമ്പോള്‍ നമ്മള്‍ക്ക് ദിവാനോടോ രാജാവിനോടോ ഒരു പ്രതിപത്തിയുമുണ്ടാവരുത്. കാരണം ഒരേ അധികാരത്തിന്‍്റെ വ്യത്യസ്തരൂപങ്ങള്‍ എന്നതില്‍ കവിഞ്ഞ് അതില്‍ ഗുരുതരമായ വിള്ളലുകളോ വേര്‍തിരിവുകളോ ഉണ്ടായിരുന്നില്ല.
ഇനി ശ്രീധരമേനോന്‍ വാദിക്കുന്നതുപോലെ ‘സ്വതന്ത്ര തിരുവിതാംകൂര്‍' ഉള്‍പ്പടെയുള്ള മുഴുന്‍ സംഭവങ്ങള്‍ക്കും രാജാവു മാത്രമാണെന്ന് കരുതുക, ദിവാന്‍്റെ പിന്തുണയില്ലാതെ അദ്ദേഹത്തിന് അത് എങ്ങനെ നടപ്പാക്കാനാകും? തിരിച്ച് ദിവാന്‍്റെ നടപടികള്‍ മാത്രമായിരുന്നു എന്നു കരുതുക. രാജാവ് എന്തുകൊണ്ട് അതിനെ എതിര്‍ക്കാതിരുന്നു? ചരിത്രത്തില്‍ ഏതെങ്കിലും നിമിഷത്തില്‍ ദിവാനെ നേരാംവണ്ണം നടത്താന്‍ രാജാവ് നടപടി സ്വീകരിച്ചതായി കാണുന്നില്ല. എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ അതെപ്പോഴെങ്കിലും ജനന്മലക്ഷ്യമാക്കി തുറന്നു പറയണമായിരുന്നു. അല്ളെങ്കില്‍, ജനങ്ങളെ അണിനിരത്തി ദിവാനെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയണം. രാജാവിനത് കഴിയുമായിരുന്നു. രണ്ടുമദ്ദേഹം ചെയ്തിട്ടില്ല. അതിനര്‍ത്ഥം  വളരെ ലളിതമാണ്. രാജാവും ദിവാനും ഒരേ വള്ളത്തില്‍ തന്നെയാണ് നീങ്ങിയിരുന്നത്. ആ വള്ളം തുഴഞ്ഞിരുന്നത് ദിവാന്‍ തന്നെയായിരുന്നു താനും. തിരുവിതാംകൂറില്‍ നടന്ന മോശമായ എല്ലാ കാര്യങ്ങള്‍ക്കും സര്‍.സി.പിയെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തി കൊട്ടാരത്തെ കുറ്റാരോപണങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് ശരിയായ ചരിത്ര സമീപനമല്ല. തിരിച്ചുമല്ല.
തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിന് രാജകൊട്ടാരത്തോട് സവിശേഷമായ എന്തെങ്കിലും സ്നേഹമോ, സര്‍.സി.പി.യോട് മാത്രമായി എന്തെങ്കിലും വെറുപ്പോ ഉണ്ടായിരുന്നില്ല. അടിസ്ഥാനപരമായി, രാജവാഴ്ചയെയും ദിവാന്‍ ഭരണത്തെയും തൂത്തെറിഞ്ഞ് തൊഴിലാളിവര്‍ഗ ഭരണകൂടം സ്ഥാപിക്കുക എന്നതില്‍ കുറഞ്ഞ ഒരു രാഷ്ട്രീയ ലക്ഷ്യവും അവര്‍ക്കുണ്ടായിരുന്നില്ല. തൊഴിലാളിവര്‍ഗഭരണകൂടം ദിവാനെ മാത്രം നീക്കം ചെയ്ത് രാജാവിനെ നിലനിര്‍ത്തിയേനെ എന്നൊക്കെ ചിന്തിക്കുന്നത് ശുദ്ധ അസംബന്ധമാവും. ലോകത്തൊരിടത്തും തൊഴിലാളിവര്‍ഗം തങ്ങള്‍ക്ക് മേല്‍കൈയുള്ള ഭരണകൂടത്തെപ്പറ്റിയല്ലാതെ രണ്ടാംതരം ഭരണത്തെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ളെന്ന് ഒരു ചരിത്രയാഥാര്‍ത്ഥ്യമാണ്.
സര്‍.സി.പി.യോട് മാത്രമായിരുന്നു വിദ്വേഷമെങ്കില്‍ തൊഴിലാളികള്‍ പുന്നപ്രപോലീസ് ക്യാമ്പ് ആക്രമിക്കാന്‍ രാജാവിന്‍്റെ ജന്മദിനമായ തുലാം ഏഴ് തന്നെ തെരഞ്ഞെടുക്കേണ്ട കാര്യമില്ല. മാത്രമല്ല പുന്നപ്ര ക്യാമ്പാക്രമണം നടത്തിയവര്‍ "ദിവാന്‍ ഭരണം അവസാനിപ്പിക്കുക', "രാജവാഴ്ച തുലയട്ടെ' എന്ന മുദ്രാവാക്യവും വിളിച്ചിരുന്നു. സര്‍.സി.പി. അധികാരമേറ്റെടുക്കുന്ന സമയത്തിനു മുമ്പായി പാര്‍ട്ടി പുറത്തിറക്കിയ ലഘുലേഖയില്‍ രാജവാഴ്ച അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നുമുണ്ട്. കമ്യൂണിസ്റ്റുകാര്‍ രചിച്ച ഒരു വിപ്ളവ ഗാനത്തില്‍ രാജവാഴ്ചയ്ക്കെതിരായ വികാരം പ്രകടമാക്കുന്ന വരികളുണ്ടെന്ന് ശ്രീധരമേനോനും വാദിക്കുന്നു. അതിങ്ങനെയാണ്: "" രാജവാഴ്ച മേലില്‍ മോടിയാകില്ല, താഴെ വയ്ക്കു ചെങ്കോല്‍..' (സര്‍.സി.പി. തിരുവിതാംകൂര്‍ ചരിത്രത്തില്‍, പേജ് 306ഡി.സി.ബുക്സ്,. 2015 ആഗസ്റ്റില്‍ ഡി.സി.ബുക്സ് ഈ പുസ്തകത്തിന്‍െറ പുതിയ പതിപ്പ് പുറത്തിറക്കി.)


സ്വതന്ത്ര തിരുവിതാംകൂര്‍ വാദവും അമേരിക്കന്‍ മോഡലും

‘1947 ജനുവരിയില്‍ കരടു ഭരണഘടന പ്രഖ്യാപിച്ചതിനുശേഷമാണ് സ്വതന്ത്ര തിരുവിതാംകൂര്‍ ഒരു സജീവ പ്രശ്നമായത്' എന്ന് ശ്രീധരമേനോന്‍ വാദിക്കുന്നു. (സര്‍.സി.പി. തിരുവിതാംകൂര്‍ ചരിത്രത്തില്‍, പേജ് 319). പുന്നപ്ര-വയലാര്‍ സ്വതന്ത്ര തിരുവിതാംകൂറിന് എതിരായി നടന്ന സമരമല്ല എന്നു വാദിക്കാനാണ് ശ്രീധരമേനോന്‍ ശ്രമിക്കുന്നത്. എന്നാല്‍ 1947 ജനുവരിയില്‍ പ്രഖ്യപിച്ച കരട് ഭരണഘടന, ആ ദിവസങ്ങളില്‍ ഉണ്ടായതല്ല. കൃത്യം ഒരുവര്‍ഷം മുമ്പ്, 1946 ജനുവരി 16 ന്, അതായത് പുന്നപ്ര-വയലാര്‍ നടക്കുന്നതിനും ഒമ്പതുമാസങ്ങള്‍ക്ക് മുമ്പാണ് ഈ ഭരണഘടനാ പരിഷ്കാരം ആദ്യമായി പ്രഖ്യാപിക്കപ്പെടുന്നത്. അന്ന് "അമേരിക്കന്‍ മോഡല്‍' ഭരണപരിഷ്കാരം പ്രഖ്യാപിച്ച് പത്രക്കുറിപ്പ് ഇറങ്ങി. അതിന്‍്റെ വികസിതരൂപമാണ് 1947 ജനുവരിയില്‍ കരട് രൂപത്തില്‍ പുറത്തിറങ്ങുന്നത്.
പത്രക്കുറിപ്പില്‍ ഭരണഘടനയില്‍ വരുത്താന്‍പോകുന്ന മാറ്റങ്ങള്‍ അതില്‍ വ്യക്തമായി പറയുന്നുണ്ട്. മഹാരാജാവിന്‍്റെ ഭരണത്തില്‍ കീഴില്‍ ദിവാന്‍ ഭരണം നടത്തുന്ന, നിയമസഭയക്ക് ഒരധികാരവുമില്ലാത്ത ഭേദഗതിയാണ് ഇത്. ഭരണഘടനാ പരിഷ്കാരങ്ങളില്‍ ദിവാന്‍്റെ സ്ഥാനം അമേരിക്കന്‍ പ്രസിഡന്‍്റിനോടു തുല്യമാണ് എന്നു പറഞ്ഞതിനാലാണ് "അമേരിക്കന്‍ മോഡല്‍' ഭരണം എന്നു വിശേഷിപ്പിക്കാന്‍ തുടങ്ങിയത്.
പുതിയ ഭരണഘടനാ പരിഷ്കാരത്തില്‍ ആദ്യമായി പറഞ്ഞത് മഹാരാജാവ് തിരുമനസ്സിന്‍്റെ അധികാരങ്ങളോ അവകാശങ്ങളോ ഒരുതരത്തിലും മാറ്റമുണ്ടാകില്ല എന്നതാണ്. ‘ദിവാനെയോ എക്സിക്യുട്ടീവ് ഗവണ്‍മെന്‍്റിലെ ഏതെങ്കിലും അംഗത്തെയോ വീറ്റോ ചെയ്യാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടായിരിക്കില്ല. മഹാരാജാവ് ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കും. ഹൈക്കോടതിയുടെ ഉപദേശ പ്രകാരം എക്സിക്യുട്ടീവ് ഗവണ്‍മെന്‍്റാണ് കീഴ്ക്കോടതി ജഡ്ജിമാരെ നിയമിക്കുക. നിയനിര്‍മാണ സഭയും ജുഡീഷ്യറിയുമായും ബന്ധപ്പെട്ട് ദിവാന്‍്റെ സ്ഥാനം അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്‍്റിനു തുല്യമാണ്. മഹാരാജാവിന്‍്റെ വിശേഷാധികാരങ്ങള്‍ക്കും പ്രത്യേകാനുകൂല്യങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും''.(ഭരണഘടനാ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ച പത്രക്കുറിപ്പിന്‍്റെ വിവര്‍ത്തനം, 1946 ജനുവരി 16)
മഹാരാജാവിന്‍്റെ പദവിക്കോ ദിവാന്‍്റെ പദവിക്കോ ഒരിളക്കവും സംഭവിക്കാത്ത ഭണഘടനയായിരുന്നു. ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്ന പൂര്‍ണ ജനാധിപത്യത്തിനും ഉത്തരവാദിത്വഭരണത്തിനും എതിരായിരുന്നു ഇത്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരധികാരവും ഇല്ലാത്ത നോക്കുകുത്തി പദവിമാത്രമാണുണ്ടായിരുന്നത്. ഇതിനെതിരെ, പൂര്‍ണ ജനാധിപത്യമാണ് തൊഴിലാളിവര്‍ഗം ആവശ്യപ്പെട്ടത്. അതുകൊണ്ട് തന്നെ 1946 ഒക്ടോബറില്‍, പുന്നപ്ര-വയലാറില്‍ നടന്ന സായുധ സമരത്തില്‍ മുഴങ്ങിക്കേട്ട മുദ്രവാക്യങ്ങളില്‍ ഒന്ന് ‘അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്നായിരുന്നു. അത് 1946 ജനുവരിയില്‍ പ്രഖ്യാപിച്ച  ഭരണഘടനാ പരിഷ്കാരങ്ങളോടുള്ള വിയോജിപ്പാണ്.
ഭരണഘടനാ ഭേദഗതി പ്രഖ്യാപിക്കുന്ന 1947 ജനുവരി 27 നു മുമ്പ് ഇന്ത്യയില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നു (1946 സെപ്റ്റംബറില്‍ 2). ഇന്ത്യന്‍യൂണിയനില്‍ ചേരാതെ, സ്വതന്ത്രമായി നില്‍ക്കാനാണ്, 1946 ജനുവരി മുതല്‍ സി.പി.ശ്രമിച്ചുപോന്നത്.
ശ്രീധരമേനോന്‍ പറയാന്‍ ശ്രമിക്കുന്നത് "സ്വതന്ത്ര തിരുവിതാംകൂര്‍' പോലുള്ള വാദങ്ങള്‍ കൊട്ടാരത്തിന്‍്റേതാണ് എന്നും സി.പി. ആദ്യം മുതലേ ശ്രമിച്ചത് ഇന്ത്യന്‍ യൂണിയനില്‍ ചേരാനുമാണ് എന്നും സമര്‍ത്ഥിക്കാനാണ്. അതിലും വലിയ യുക്തിയില്ല. ദിവാന്‍ ആദ്യം മുതല്‍ക്കേ സ്വതന്ത്ര തിരുവിതാംകൂര്‍ വാദക്കാരനായിരുന്നു. 1946 ഒക്ടോബര്‍ 2 ലെ മാതൃഭൂമി ദിനപത്രം മുഖപ്രസംഗത്തിലൂടെ ദിവാന്‍്റെ താല്‍പര്യത്തെ വിമര്‍ശിക്കുന്നുണ്ട്. " സര്‍വ്വേന്ത്യാകാര്‍യ്യങ്ങള്‍ തീര്‍ച്ചയാക്കുന്നതില്‍ നാട്ടുരാജ്യങ്ങള്‍ക്ക് ഒരു പങ്കുണ്ടായിരിക്കണമെന്ന സര്‍. സി.പി. രാമസ്വാമി അയ്യരുടെ ആവശ്യം പ്രത്യക്ഷത്തില്‍ ന്യായമാണെന്നു തോന്നാമെങ്കിലും ഇന്നത്തെ സ്ഥിതിയില്‍ അതിലൊരു പൊരുത്തക്കേടുണ്ട്. ബ്രിട്ടീഷിന്ത്യാ പരിപൂര്‍ണ്ണ പ്രജായത്ത ഭരണത്തിലേക്ക് കുതിക്കുകയാണ്, നാട്ടുരാജാക്കന്‍മാരാകട്ടെ തങ്ങളുടെ സ്വേച്ഛാഭരണത്തെ നിലനിര്‍ത്താന്‍ പഠിച്ച അടവുകളെല്ലാം പ്രയോഗിക്കുകയാണ്....സര്‍.സി.പി.യുടെ ആഗ്രഹം ഫലിക്കുകയാണെങ്കില്‍ നാട്ടുരാജ്യപ്രജകളുടെ ജന്മാവകാശം നിഷേധിക്കപ്പെട്ടുന്നതായിരിക്കും ഫലം. അങ്ങനെ സംഭവിക്കാതെ നോക്കേണ്ടത് ഇന്ത്യയിലെ ബഹുജന സംഘടനകളുടെ കര്‍ത്തവ്യമത്രെ''.
1946 മദ്ധ്യത്തോടെ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമെന്ന് തിരിച്ചറിഞ്ഞതോടെ, ദിവാന്‍ ‘സ്വതന്ത്ര തിരുവിതാംകൂര്‍' എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കാന്‍ തുടങ്ങി. നാട്ടുരാജ്യങ്ങളുടെ കൗണ്‍സിലിലെല്ലാം ഇതേ വാദം ശക്തമായി ഉന്നയിച്ചു. 1946 ഡിസംബറില്‍ ഇന്ത്യാസര്‍ക്കാരില്‍ ഉന്നതപദവി കിട്ടുമെന്ന് കണ്ടതിനെതുടര്‍ന്ന് ദിവാന്‍ പദം രാജിവച്ച് തിരുവിതാംകൂര്‍ വിട്ട കുറച്ചുദിവസം മാത്രമാണ് സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉന്നയിക്കാതിരുന്നത്. ആഗ്രഹിച്ച പദവി കിട്ടില്ളെന്നു കണ്ടപ്പോള്‍ മടങ്ങിയത്തെി ദിവാന്‍ പദം വീണ്ടും ഏറ്റെടുത്തു. സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിന് അനുകൂലമായിരുന്നില്ളെങ്കില്‍, സര്‍.സി.പി മടങ്ങിവരേണ്ട കാര്യമില്ല. തനിക്ക് താല്‍പര്യമില്ലാത്ത രാഷ്ട്രീയ നിലപാട് എടുത്ത് ചരിത്രത്തില്‍ വിഡ്ഢിവേഷം കെട്ടാന്‍ മാത്രം ബുദ്ധിയില്ലിത്ത "നയതന്ത്രജ്ഞ'നല്ല സി.പി. തന്‍്റെ പുസ്തകത്തിലൂടെയും ലേഖനങ്ങളിലൂടെയും സി.പിക്ക് ശ്രീധരമേനോന്‍ ചാര്‍ത്തിക്കൊടുത്ത ഗുണവിശേഷങ്ങള്‍ക്ക് ചേരുന്നതല്ല ഈ വിനീതനായ വിശ്വസ്തസേവകന്‍്റെ പട്ടം. 1947 ജൂണ്‍ 2 ന് സര്‍.സി.പി, മൗണ്ട് ബാറ്റന്‍ പ്രഭുവിനെകണ്ട് ഓഗസ്റ്റ് 15 മുതല്‍ തിരുവിതാംകൂര്‍ സ്വതന്ത്രരാജ്യമാകാന്‍ തീരുമാനിച്ചതായി അറിയിച്ചു. 1947 ജൂണ്‍ 11 ന് ഭക്തിവിലാസത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സ്വതന്ത്ര തിരുവിതാംകൂര്‍ തീരുമാനം പ്രഖ്യാപിച്ചു. ജൂണ്‍ 25 ന് വേണ്ടി ഭക്തിവിലാത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഒന്നരമണിക്കൂര്‍ സ്വതന്ത്രതിരുവിതാംകൂറിന് അനുകൂലമായ വാദങ്ങള്‍ നിരത്തി. രാജ്യത്ത് പ്രക്ഷോഭം ഇതിനിടയില്‍ ശക്തമായി. ജൂലൈ 13ന്് തിരുവനന്തപുരത്ത് പേട്ടയില്‍ നടന്ന വെടിവെയ്പ്പില്‍ വിദ്യാര്‍ത്ഥിയായ രാജേന്ദ്രനുള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. കൃത്യം 12 ദിവസത്തിനുശേഷം സര്‍ സി.പിക്ക് വെട്ടേറ്റു. ഈ പന്ത്രണ്ടുദിവസങ്ങളില്‍ സര്‍.സി.പിക്ക് മാറ്റമുണ്ടായി എന്നാണ് ശ്രീധരമേനോന്‍ വാദിക്കുന്നത്.  ഏതെങ്കിലുമൊരു ഘട്ടത്തില്‍ സി.പി. സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിന്‍്റെ പേരില്‍ രാജാവിനെ കുറ്റപ്പെടുത്തുന്നില്ല. തിരിച്ചു രാജാവ് സി.പിയെയും. അര്‍ത്ഥഗര്‍ഭമായ നിഷ്പക്ഷതയില്‍ തെളിയുന്നത് ഇരുകൂട്ടര്‍ക്കും പൊതുവില്‍ താല്‍പര്യമുള്ള അധികാര വിഷയമായിരുന്നു അതെന്നാണ്.


ഭരണത്തിന്‍്റെ വര്‍ഗ-ജാതി സ്വഭാവം


തിരുവിതാംകൂറിനെ ആധുനികവല്‍ക്കരിക്കുന്നതില്‍ സര്‍.സി.പിയുടെ പങ്ക് കുറച്ചുകാണേണ്ടതില്ല. സി.പിയോടും അദ്ദേഹത്തിന്‍്റെ ഭരണത്തോടുമുള്ള എതിര്‍പ്പും സൂക്ഷിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്‍്റെ രാഷ്ട്രീയപ്രതിയോഗികള്‍ പോലും ആധുനികവല്‍ക്കരണത്തിന് ദിവാനുണ്ടായിരുന്ന പങ്കിനെ ചെറുതാക്കിക്കാണുന്നില്ല. കര്‍മകുശലതയില്‍, നയതന്ത്രജ്ഞതയില്‍, പ്രായോഗിക നടപടികളില്‍, ദീര്‍ഘവീക്ഷണത്തില്‍ സി.പിയുടെ കഴിവിനെ ചോദ്യം ചെയ്യാനുമാവില്ല. പക്ഷേ, സര്‍.സി.പിയുടെ താല്‍പര്യങ്ങളെന്തായിരുന്നു, ഏത്  വര്‍ഗ/ജാതി ബന്ധങ്ങളെയാണ് അദ്ദേഹത്തിന്‍്റെ ഭരണം സേവിച്ചത് എന്നും കൂടി പരിശോധിക്കേണ്ടതുണ്ട്.
യൂറോപ്യന്‍ വ്യവസായികളുടെ താല്‍പര്യം സംരക്ഷിക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്‍്റെ പ്രതിനിധിയാണ് യഥാര്‍ത്ഥത്തില്‍, അവരാല്‍ നിയമിതനായ സി.പി. " സര്‍.സി.പിയുടെ മുന്‍ഗാമി അനേകം പഞ്ചസാര ഫാക്ടറികളും ഡിസ്റ്റലറികളും ഒൗഷധനിര്‍മാണത്തിനും റബ്ബര്‍ വ്യവസായത്തിനും മറ്റുമുള്ള സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥാപിച്ചു. അവയെല്ലാം സ്വാഭാവികമായി പരാജയത്തില്‍ കലാശിച്ചു. സ്വകാര്യ മൂലധനം ആകര്‍ഷിച്ചും സ്വകാര്യ വ്യവസായികളെ പ്രോത്സാഹിപ്പിച്ചും സംസ്ഥാനത്തെ വ്യവസായ മേഖല വികസിപ്പിക്കാനാണ് ഇപ്പോഴത്തെ ദിവാന്‍്റെ ശ്രമം'' എന്ന്  റസിഡന്‍്റ് സി.പി. സ്ക്രെയിന്‍ സൂചിപ്പിക്കുന്നുണ്ട് (വൈസ്രോയിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കയച്ച കത്ത്, 1937 മെയ് 28). തിരുവിതാംകൂറില്‍ വിദേശകമ്പനികളെയും മറുനാടന്‍ കമ്പനികളെയുമാണ് സി.പി. പ്രോത്സാഹിപ്പിച്ചത്.
അവരിവിടെ മുതല്‍മുടക്കി ലാഭം കൊയതപ്പോള്‍, തദ്ദേശിയമായ/ദേശീയ ബൂര്‍ഷ്വാ സ്വഭാവമുള്ള കമ്പനികളെയും സംരംഭങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ സി.പി.ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. കളമശ്ശേരിയിലെ ഒഗ്ലെ, ഇന്ത്യന്‍അലൂമിനീയം കമ്പനി, ഫാക്ട് തുടങ്ങിയ നിരവധി വ്യവസായങ്ങള്‍ ഇത്തരത്തില്‍ മദ്രാസിലും കൊല്‍ക്കത്തയിലുമുള്ള വ്യവസായികളെ സംക്ഷണിച്ചുകൊണ്ടുവന്ന് സ്ഥാപിച്ചതാണ്. തിരുവിതാംകൂറില്‍ സ്വാകാര്യ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചുവെങ്കിലും മുന്‍ ദിവാന്‍മാരില്‍ നിന്ന് വ്യത്യസ്തമായി,  സര്‍ക്കാര്‍ അതു നടത്തുന്നതില്‍ സി.പിക്ക് എതിര്‍പ്പായിരുന്നു. ഭൂരിപക്ഷം ഓഹരികളും കമ്പനിയുടെ കൈയിലായിരുന്നെങ്കിലും ജനങ്ങളെയും വിഭവങ്ങളെയും കൊള്ള ചെയ്യാന്‍ അനുവദിച്ചു. ബ്രിട്ടീഷ് അധികാരത്തോട് കൂറുണ്ടായിരിക്കുമ്പോള്‍ തന്നെ അമേരിക്കന്‍ വ്യവസായ താല്‍പര്യവുമായി സന്ധിചെയ്തു.
ഹിന്ദുരാജ്യമായി തിരുവിതാംകൂറിനെ നിലനിര്‍ത്താനായിരുന്നു സി.പി. ആദ്യംമുതല്‍ക്കേ ശ്രമിച്ചത്. കേവലം ഹിന്ദുരാജ്യമായല്ല, തികഞ്ഞ ബ്രാഹ്മണ്യഹിന്ദുരാജ്യമായി. ലിബറല്‍ പരിഷ്കരണവാദിയുടെ മുഖംമൂടി അണിഞ്ഞിരുന്നുവെങ്കിലും ബ്രാഹ്മണ്യത്തിന്‍െറ ആശയശാസ്ത്രം സി.പിയെ വലിയ രീതിയില്‍ സ്വാധീനിച്ചിരുന്നു. 1750 ജനുവരിയില്‍ മാര്‍ത്താണ്ഡവര്‍മ്മ ശ്രീപത്മനാഭന് രാജ്യം സമര്‍പ്പിച്ച്, ഭഗവാന്‍്റെ പ്രതിപുരുഷനായിട്ടാണ് നാടു ഭരിച്ചിരുന്നത്. അഹിന്ദുക്കളെ അധികാരത്തില്‍ നിന്ന് എത്രയും അകറ്റിനിര്‍ത്താനയിരുന്നു സി.പിയുടെ നീക്കം.  ഹൈന്ദവ സംസ്കാരത്തിനും രാജവംശത്തിനും ഒരുപോലെ വിനാശകാരിയായ ഒന്നായിട്ടാണ് സ്റ്റേറ്റ് കോണ്‍ഗ്രസിനെപ്പോലും സി.പികണ്ടിരുന്നത്.                    
ബ്രാഹ്മണനായ സി.പി. ഹിന്ദുസവര്‍ണ്ണ മേധാവിതത്തിന്‍്റെ തുറന്ന വക്താവായിരുന്നു. അധികാരത്തിന്‍്റെ ഉയര്‍ന്ന സ്ഥാനങ്ങളിലെല്ലാം മറുനാട്ടുകാരും തദ്ദേശിയരുമായ ബ്രാഹ്മണരെ പ്രതിഷ്ഠിക്കുകയായിരുന്നു ഭരണം ഏറ്റെടുത്തതുമുതല്‍ സി.പി. ചെയ്തത്. 1936 പഴയ നായര്‍ ബ്രിഗേഡിനെ തിരുവിതാംകൂര്‍ സ്റ്റേറ്റ് ഫോഴ്സായി പുന:സംഘടിപ്പിച്ചത് ഇതിന്‍്റെ തുടക്കം മാത്രമായിരുന്നു. 1942 ല്‍ ബോഡിഗാര്‍ഡും ആര്‍ട്ടിലറിയും നായന്‍മാര്‍ക്കു മാത്രമായി സംവരണം ചെയ്തു.
ഹിന്ദുസമുദായത്തില്‍ നിന്നുള്ള മതപരിവര്‍ത്തനം പോലും സി.പിക്ക് ആശങ്കയായിരുന്നു. അതു തടയാനാണ് ക്ഷേപ്രവേശന വിളംബരം പോലും പ്രഖ്യാപിക്കുന്നത്. ഹിന്ദുമതപ്രവര്‍ത്തനത്തിനും മതപരിവര്‍ത്തനം നടത്തിയവരെ തിരിച്ചുകൊണ്ടുവരാനുമായി ഹിന്ദു മഹാസഭയുള്‍പ്പടെ സി.പി. ഒത്തുചേര്‍ന്നു. അതിനായി പൊതുഖജനാവില്‍ നിന്ന് പ്രതിമാസം ആയിരം രൂപ കണക്കില്‍ മറ്റ് ചിലവുകളാക്കി വരവുച്ച് അനുവദിക്കുകയും ചെയ്തു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണയും ദിവാനുണ്ടായിരുന്നു. 1939 ഒക്ടോബറില്‍ നിയമസഭാ മന്ദിരത്തില്‍ സര്‍ സി.പിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നിര്‍ദേശം സമര്‍പ്പിക്കുന്നത് എന്‍.എസ്.എസ്. ആണ്. ഉത്തരവാദിത്വപ്രക്ഷോഭകാലത്ത് എന്‍.എസ്.എസ്. സി.പിയുമായി ഇടഞ്ഞെങ്കിലും.          


സി.പിയുടെ പലായനം


1947 ജൂലൈ 25 ന് സ്വാതി തിരുനാള്‍ സംഗീത അക്കാദമയിലെ ചടങ്ങില്‍ വച്ച് വെട്ടേറ്റതോടെ സര്‍.സി.പി രായ്ക്കുരാമനം തിരുവിതാംകൂര്‍ വിട്ടോടി എന്നാണ് പൊതുവില്‍ പ്രചരിച്ചിരുന്നത്. ആ കഥ ശരിയെല്ളെന്ന്  വസ്തുതതകള്‍ നിരത്തി ശ്രീധരമേനോന്‍ സമര്‍ത്ഥിക്കുന്നു. ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 19 വരെ തിരുവനന്തപുരത്ത് താമസിച്ച് ചികിത്സ നടത്തിയതായും ഓഗസ്റ്റ് 19 ന് രാജ്യം വിട്ടതായും ശ്രീധരമേനോന്‍ പറയുന്നതു തന്നെയാണ് വാസ്തവം. അതില്‍ ആക്ഷേപമില്ല.  പക്ഷേ, പിന്നെ എന്തുകൊണ്ട് ഈ കഥ അങ്ങനെ പ്രചരിച്ചു? ശ്രീധരമേനോന്‍ പറയുന്നത് കൊട്ടാരം ബോധപൂര്‍വം പ്രചരിപ്പിച്ചു എന്നാണ്. അതില്‍ കുറേയൊക്കെ വാസ്തവമുണ്ടാകാം. എന്നാല്‍ അതുമാത്രമല്ല പ്രശ്നം. ജൂലൈ 25 ന് വെട്ടേറ്റ ശേഷം തിരുവിതാംകൂറില്‍ തങ്ങിയ രഹസ്യമായാണ്. അതീവ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. പുറംലോകത്തോട് താന്‍ തിരുവിതാംകൂറില്‍ ഉണ്ടെന്ന് പറയാന്‍ സി.പിക്കോ, കൊട്ടാരത്തിനോ ധൈര്യമില്ലായിരുന്നു എന്നതാണ് വാസതവം. മുറിവുകളുമായി തിരുവിതാംകൂര്‍ ജനതയോ തൊഴിലാളിവര്‍ഗത്തെയോ അഭിമുഖീകരിക്കാന്‍  സര്‍.സി.പിക്ക് നാണക്കേടായിരുന്നു. അതിനാല്‍ ഒളിച്ചുതാമസിച്ചു. ഓഗസ്റ്റ് 19 വരെ തിരുവിതാംകൂറില്‍ ദിവാന്‍ ഉണ്ടായിരുന്നു എന്ന് ശ്രീധരമേനോന്‍ പറയുന്നതിന്‍്റെ ഉദ്ദേശ്യം സി.പി. ഒരു ഭീരുവോ പേടിച്ചോടിയ ആളോ അല്ല എന്നു സ്ഥാപിക്കാനാണ്. "ദിവാന്‍ പദം ഒഴിഞ്ഞ സര്‍ സി.പി തന്‍്റെ ചുതലകള്‍ പൂര്‍ണമായും നിര്‍വഹിച്ചുവെന്ന ചാരിതാര്‍ത്ഥ്യത്തോടെ തന്നെ' (സര്‍ സി.പയും സ്വതന്ത്ര തിരുവിതാംകൂറും, പേജ് 24) വിടവാങ്ങിയെന്നാണ് ശ്രീധരമേനോന്‍്റെ പക്ഷം. ഓഗ്സറ്റ് 19 ന് സി.പി. രാജ്യം വിടുമ്പോള്‍ ലഭിച്ചത് രാജകീയ യാത്രയയപ്പായിരുന്നോ? തിരുവിതാംകൂറിനെ മുഴുവന്‍ അറിയിച്ചുകൊണ്ടുള്ള ആഘോഷപൂര്‍വമായി വിടവാങ്ങലായിരുന്നോ? രണ്ടുമല്ല. യാത്രയക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. കുടുംബാംഗങ്ങള്‍ മാത്രം. അവര്‍ക്കൊപ്പം മദ്രാസിലേക്ക് വിമാനത്തിലും അവിടെ നിന്ന് കാറില്‍ ഊട്ടിയിലേക്കും സര്‍.സി.പി. പലായനം ചെയ്തു. വെട്ടേറ്റ തൊട്ടടുത്ത നിമിഷം മുതല്‍ തിരുവിതാംകൂറിന്‍്റെ പൊതുജീവിതത്തില്‍ നിന്ന് സി.പി. യെ ചരിത്രം നാടുകടത്തി. പിന്നീടുള്ള ദിവസങ്ങളില്‍ സര്‍വപ്രതാപങ്ങളും നഷ്ടപ്പെട്ട്, ഭീരുവിനെപ്പോലെ കഴിയുകയായിരുന്നു. തൊഴിലാളിവര്‍ഗത്തിനോ തിരുവിതാംകൂറിലെ ജനങ്ങളോടോ മറിച്ചൊന്ന് ബോധ്യപ്പെടുത്താന്‍ സി.പി ക്ക് ധൈര്യമുണ്ടായിരുന്നെങ്കില്‍  ഒളിച്ചോടി എന്ന ആക്ഷേപം കേള്‍ക്കേണ്ടി വരുമായിരുന്നില്ല. അതിന് മറ്റാരെയെങ്കിലും പഴി ചാരുന്നതില്‍ അര്‍ത്ഥവുമില്ല.


ചരിത്രമെഴുത്തും വെള്ളപൂശലും


സര്‍.സി.പിയെ നായകനാക്കി ശ്രീധരമേനോന്‍ എഴുതിയ ‘പുതിയ' ചരിത്രം പലരും ആവര്‍ത്തിക്കുന്നുണ്ട്. "രാജഭരണവും ഇടതുവിപ്ളവകാരികളും' എന്ന പേരില്‍ ഡോ. എം.എസ്. ജയപ്രകാശ് (പച്ചക്കുതിര, ഏപ്രില്‍ 2009) എഴുതിയ പോലുള്ള പല ലേഖനങ്ങളും ശ്രീധരമേനോന്‍്റെ വാദങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇടതുപക്ഷക്കാര്‍ക്ക് ഇപ്പോഴുമുള്ള "രാജ വിധേയത്വം'  ശരിയായി വിമര്‍ശിക്കുമ്പോള്‍ തന്നെ ചരിത്ര വസ്തുതകള്‍ ജയപ്രകാശിനെപ്പോലുള്ളവര്‍ കാണാതെ പോയി. ശ്രീധരമേനോന്‍്റെ സര്‍.സി.പിക്കനുകൂലമായ ചരിത്രരചനയും പലതരത്തിലും വിമര്‍ശനത്തിടയാക്കിയിട്ടുണ്ട്. അതില്‍ മുഖ്യം മലയാള മനോരമയുടെ മുഖ്യ പത്രാധിപരായിരുന്ന കെ.എം. മാത്യുവിന്‍േറതാണ്. "സ്വാതതന്ത്ര്യ പ്രാപ്തിയെ തുടര്‍ന്ന് തിരുവിതാംകൂറില്‍നിന്നു സി.പി.പോയ ശേഷം ഇവിടെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു കപടനാടകവും കൂടി അരങ്ങേറി. സി.പി.തിരുവിതാംകൂറില്‍ നടത്തിയ ദുര്‍ഭരണം കൊട്ടാരത്തിന്‍്റെ നിര്‍ദേശത്തെടെയായിരുന്നുവെന്ന് സമര്‍ത്ഥിച്ച് പുസ്തകങ്ങളിറങ്ങി. ചെന്നൈയിലെ സി.പി.രാമസ്വാമി അയ്യര്‍ ഫൗണ്ടേഷന്‍്റെ ആഭിമുഖ്യത്തിലും ധനസഹായത്തിലുമായിരുന്നു ഈ "വെളളപൂശല്‍'! സി.പി.യുടെ ഭരണകാലത്തു തിരുവിതാംകൂറിലുണ്ടായ സകല നല്ല കാര്യങ്ങളും സി.പി.യുടെ പേരില്‍ ചാര്‍ത്തിക്കൊടുക്കുകയും ചീത്തകാര്യങ്ങള്‍ കൊട്ടാരത്തിന്‍്റെ  കണക്കില്‍ "സമര്‍പ്പിക്കുകയും' ചെയ്ത വിദഗ്ധ തിരക്കഥയായിരുന്നു അതിനു പിന്നില്‍..''(എട്ടാമത്തെ മോതിരം, കെ.എം. മാത്യു, ഡി.സി.ബുക്സ്, പേജ് 137). തന്‍്റെ പുസ്തകം യാഥാര്‍ത്ഥ്യമായതിനു പിന്നില്‍ ചെന്നൈയിലെ സി.പി.രാമസ്വാമി അയ്യര്‍ ഫൗണ്ടേഷന്‍്റെ ഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡോളജിക്കല്‍ റിസര്‍ച്ചനാണ് പ്രഥമ സ്ഥാനം എന്ന് പുസ്തത്തിന്‍്റെ ആമുഖത്തില്‍ ശ്രീധരന്‍നായര്‍ പറയുന്നുണ്ട്. തന്നെ വിമര്‍ശിച്ചതിന്‍്റെ പേരില്‍ മനോരമ മുഖ്യപത്രാധിപരോട് ശ്രീധരമേനോന്‍ കെറുവിക്കുകയും ചെയ്തിരുന്നു.


വാഴ്ത്തലുകളുടെ ദൗത്യം


സര്‍.സി.പി തുടക്കം മുതലേ നായകനായി ചരിത്രത്തിനുമേല്‍ സ്വയം അവരോധിക്കുകയായിരുന്നു. പിന്നീട് ചരിത്രകാരന്‍മാര്‍ സി.പിക്ക് മേല്‍ ചാര്‍ത്തിയ വിശേഷണങ്ങള്‍ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി വലിയ ബന്ധമില്ല. തിരുവിതാംകൂറില്‍ സര്‍വകലാശാല സ്ഥാപിക്കുമ്പോള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനെ വൈസ്ചാന്‍സലര്‍ പദവിയിലേക്ക് സി.പി ക്ഷണിച്ചതായും പ്രതിമാസം 6000 രൂപ വാഗ്ദാനം ചെയ്തതായും  പലപ്പോഴും ആവര്‍ത്തിച്ച്  (ശ്രീധരമേനോനല്ല) ഉന്നയിക്കപ്പെട്ടിട്ടുണ്ട്.  1937 മെയ് 21 ന് സി.പി വിദേശത്തായിരുന്ന രാജാവിന് എഴുതിയ കത്ത് ശ്രീധരമേനോന്‍ തന്‍െറ പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്: ‘‘ മേല്‍നോട്ടത്തിനും അനാമത്തു ചെലവുകള്‍ക്കുമായി പണം നഷ്ടപ്പെടുത്താനേ പാടില്ളെന്ന് തിരുമനസ്സിനെ ഉപദേശിക്കാനാണ് എന്‍െറ സുചിന്തമായ തീരുമാനം. തിരുമനസ്സുകൊണ്ട് ചാന്‍സലറും അമ്മ മഹാറാണി പ്രോ-ചാന്‍സലറും ആയിരിക്കും. വൈസ് ചാന്‍സലറുടെ ചുമതല ഞാന്‍ ഏറ്റെടുക്കാം. യൂണിവേഴ്സിറ്റി നിലവില്‍ വരുമ്പേഴേക്കും അടുത്ത ബജറ്റിന്‍െറ പണി കഴിയുമെന്നതിനാല്‍ എനിക്ക് വലിയ ജോലിത്തിരക്കുണ്ടാവുകയില്ല...പ്രശസ്തനായൊരു വ്യക്തിയെ വൈസ്ചാന്‍സലറായി നിയമിച്ച് പ്രതിമാസം ആയിരത്തിഅഞ്ഞൂറോ രണ്ടായിരം രൂപയോ ശമ്പളം കൊടുക്കാതെ കഴിക്കാം..’’ (പേജ് 79).. ഈ കത്ത് സ്വയം ചിലതെല്ലാം വെളിപ്പെടുത്തുന്നുണ്ട്. സി.പി 1945 ല്‍ ഐന്‍സ്റ്റീന് പ്രൊഫസര്‍ പദവി വാഗ്ദനം ചെയ്ത് കത്തെഴുതിയതായി രേഖയുണ്ട്. അതാണ് വൈസ് ചാന്‍സലര്‍ പദവി വാഗ്ദാനമായി പറഞ്ഞു പരത്തിയത്.
 വൈസ് ചാന്‍സലര്‍ ആയി സ്വയം അവരോധിച്ച സി.പി. തിരുവിതാംകൂര്‍ സര്‍വകലാശാലക്ക് (പിന്നീട് കേരള സര്‍വകലാശാല) തന്നെ നാണക്കേടായ തെറ്റായ കീഴ്വഴക്കവും സൃഷ്ടിച്ചു. സര്‍വകലാശാലയുടെ ആദ്യത്തെ ബഹുമതി ബിരുദമായ ഡോക്ടര്‍ ഓഫ് ലോസ് (എല്‍.എല്‍.ഡി) 1939 നവംബര്‍ 11 ന് സ്വയം ഏറ്റുവാങ്ങി. ഒരു സര്‍വകലാശാലയുടെ ആദ്യ ബഹുമതി സ്വയം ഏറ്റുവാങ്ങിയ വൈസ് ചാന്‍സലര്‍മാര്‍ എത്രപേരുണ്ടാകും?! ഇത്തരം നൂറുകണക്കിന് അല്‍പത്തരങ്ങളിലും ധാര്‍ഷ്ട്യങ്ങളിലുമാണ് സി.പിയെന്ന ബിംബം നിര്‍മിക്കപ്പെട്ടത്.
ജനാധിപത്യത്തിന്‍െറ രൂപങ്ങള്‍ പേറാത്ത ഒരു അധികാരവ്യവസ്ഥയെ പിന്താങ്ങേണ്ട ബാധ്യത ചരിത്രത്തിനില്ല. എ. ശ്രീധരമേനോനടക്കമുള്ള ചരിത്രകാരന്‍മാര്‍ എന്നും ചരിത്രത്തെ ഭരണാധികാരികളുടെയും അവര്‍ക്കിടയിലെ കൊട്ടാര അന്തര്‍ഛിദ്രങ്ങളുടെയും കഥയായി ചുരുക്കി കണ്ടു. ചരിത്രം സൃഷ്ടിക്കുന്നത് ബഹുജനങ്ങളും അടിസ്ഥാന വര്‍ഗ\ജാതി വിഭാഗങ്ങളുമാണെന്നത് അവര്‍ മറന്നുപോയി. അതിനാല്‍ തന്നെ  അധികാരത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളും വിപ്ളവപോരാട്ടങ്ങളും കാണാതെ പോയി. അല്ളെങ്കില്‍  വിലകുറച്ചുകണ്ടു. 1936-1947 കാലത്ത് ചരിത്രം സൃഷ്ടിച്ചത് തിരുവിതാംകുറിലെ മര്‍ദിത ജനതയായിരുന്നു. ഉത്തരവാദിത്വപ്രക്ഷോഭം, കയര്‍തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയുംസമരം, ദലിത്- പിന്നാക്ക ജനതയുടെ ബ്രാഹ്മണ്യവിരുദ്ധ പോരാട്ടം, ക്വിറ്റ് ഇന്ത്യ അടക്കമുള്ള സ്വാതന്ത്ര്യ സമര മുന്നേറ്റം, നാവികത്തൊഴിലാളികളുടെ പണിമുടക്ക്, പുന്നപ്ര-വയലാര്‍ സമരം, കടക്കലിലെ അധികാരം പിടിച്ചെടുക്കല്‍, വിദ്യാര്‍ഥി പ്രക്ഷോഭം, സ്വതന്ത്ര തിരുവിതാംകൂര്‍ വിരുദ്ധ നീക്കം, സി.പി.യെ വധിക്കാനുള്ള ശ്രമം എന്നിവയെയല്ലാം അവഗണിക്കപ്പെട്ടു.  സേച്ഛാധിപതിയായിരുന്ന  സര്‍.സി.പിയെ മഹാനാക്കുന്ന ഏതൊരു ശ്രമവും യഥാര്‍ത്ഥ ചരിത്രത്തിന് പുറം തിരിഞ്ഞാണ് നില്‍ക്കുന്നത്. സി.പി. മഹാനാകുമ്പോള്‍ ആ ഭരണത്തിനെതിരെ 11 വര്‍ഷം നിരന്തരം പോരാടിയ ജനത എന്തിനെയാകും പ്രതിനിധീകരിക്കുക? ഒരര്‍ത്ഥത്തില്‍ ഇത്തരം വാഴ്ത്തലുകള്‍ മറുവശത്ത് ദിവാനെതിരെയും രാജവാഴ്ചക്കെതിരെയും നടന്ന പുന്നപ്ര-വയലാര്‍, അടക്കമുള്ള പ്രക്ഷോഭങ്ങളെ ചെറുതാക്കി കാണിക്കുകയാണ് ചെയ്യുന്നത്. അതായത് നമ്മള്‍ കടന്നുവന്ന വഴികളെ നാം തന്നെ അറിയാതെയെങ്കിലും തള്ളിപ്പറയുന്നു. അതിനുമപ്പറുത്ത് സേച്ഛാധിപത്യം ജനാധിപത്യത്തേക്കാള്‍ മഹത്വരമാണെന്ന് പറഞ്ഞുവയ്ക്കുന്നു. ഒട്ടും ആശാസ്യമല്ല അത്.സൂചിക
1. പുന്നപ്ര-വയലാര്‍, കെ.സി.ജോര്‍ജ്, പ്രഭാത് ബുക് ഹൗസ്, 1998
2. സര്‍.സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും-ചരിത്ര രേഖകളിലൂടെ, പ്രൊഫ.എ.ശ്രീധരമേനോന്‍, ഡി.സി.ബുക്സ്,കോട്ടയം,1999
3. സര്‍.സി.പിയെ വധിക്കാന്‍ ശ്രമിച്ച കെ.സി.എസ്. മണി, ഡി.സി.ബുക്സ്,കോട്ടയം, 1997
4. 16. തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമര ചരിത്രം, സി.നാരായണപിളള
5. വിപ്ളവസ്മരണകള്‍, പുതുപ്പളളി രാഘവന്‍, മൂന്നാം വാള്യം
6. കേരളം: മലയാളികളുടെ മാതൃഭൂമി, ഇ.എം.എസ്, 1948
7. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍, വോല്യം 4.
8. സര്‍.സി.പി. തിരുവിതാംകൂര്‍ ചരിത്രത്തില്‍, പ്രൊഫ.എ.ശ്രീധരമേനോന്‍,ഡി.സി.ബുക്സ്, 2003
9. എട്ടാമത്തെ മോതിരം, കെ.എം.മാത്യു, ഡി.സി.ബുക്സ്, 2008
10.  സി.പി: എ ഷോര്‍ട്ട് ബയോഗ്രഫി ഓഫ് സര്‍ സി.പി, ഡോ. എ. രഘു, പ്രിസ്റ്റീജ് ബുക്സ്, 1998
11. പുന്നപ്ര-വയലാര്‍: ചരിത്രത്തില്‍ സംഭവിച്ചതും ചരിത്രകാരനില്‍ സംഭവിച്ചതും, ബിജുരാജ്, മാധ്യമം ആഴ്ചപ്പതിപ്പ്, 2006 നവംബര്‍ 10 മുതല്‍ നാല് ലക്കങ്ങള്‍

മാധ്യമം ആഴ്ചപ്പതിപ്പ്, 2015 ഒക്ടോബര്‍ 30

തിബത്തിലെ വീട്


തിബത്തിന്‍െറ വിമോചനം രചനകളില്‍ തീവ്രമായി ആവിഷ്കരിക്കുന്ന
കവിയാണ് സെറിങ് വാങ്മോ ധോംപ. ഇംഗ്ളീഷില്‍ കവിത എഴുതുന്ന ആദ്യ തിബത്തന്‍ വനിത. സ്വന്തം രാജ്യത്തിലേക്ക് മടങ്ങണമെന്ന സ്വപ്നം തീവ്രമായി കൊണ്ടുനടക്കുന്ന സെറിങ്ങിന്‍െറ കവിതകള്‍ അഭയാര്‍ഥിത്വത്തിന്‍െറയും അനാഥത്വത്തിന്‍െറയും വേദന പേറുന്നു. തിബത്തിനെക്കുറിച്ചും തന്‍െറ എഴുത്തിനെക്കുറിച്ചും അവര്‍ തുറന്നു സംസാരിക്കുന്നു.സെറിങ് വാങ്മോ ധോംപ \ ആര്‍.കെ. ബിജുരാജ്

തിബത്തിലെ വീട്


ഒരിക്കലും ഉണങ്ങാത്ത, ചോര വാര്‍ന്നൊഴുകുന്ന മുറിവാണ് തിബത്ത്. വേദനയുടെ, കണ്ണീരിന്‍െറ, അസ്വാതന്ത്ര്യത്തിന്‍െറ നാട്. ചൈന ചോരയില്‍ മുക്കിത്താഴ്ത്തിയ രാജ്യത്ത് ചെറുത്തുനില്‍പുകള്‍ ഓരോ ദിനവും വര്‍ധിക്കുന്നുവെന്ന വാര്‍ത്തകളാണ് നേര്‍ത്ത പ്രതീക്ഷ. ലോകത്തൊരു രാജ്യവും പിന്തുണക്കാനില്ലാത്ത, അനാഥമായ തിബത്തിന്‍െറ നൊമ്പരം എഴുത്തില്‍ പടര്‍ത്തുന്ന കവിയാണ് സെറിങ് വാങ്മോ ധോംപ (Tsering Wangmo Dhompa). ഇംഗ്ളീഷില്‍ കവിത എഴുതുന്ന ആദ്യ തിബത്തന്‍ വനിത.
തിബത്തന്‍ അഭയാര്‍ഥികളുടെ മകളായി 1969ല്‍ ഇന്ത്യയിലാണ് സെറിങ് വാങ്മോയുടെ ജനനം. അമ്മയാണ് വളര്‍ത്തിയതും പഠിപ്പിച്ചതും. ഇന്ത്യയിലും നേപ്പാളിലുമായിരുന്നു ബാല്യം. ഹിമാചലിലെ ധരംശാലയില്‍ പ്രാഥമിക വിദ്യാഭ്യാസം. ഡല്‍ഹി സര്‍വകലാശാലയിലെ ലേഡി ശ്രീ റാം കോളജില്‍നിന്ന് ബിരുദം. അമേരിക്കയിലെ മസാചൂസറ്റ്സ് സര്‍വകലാശാലയില്‍നിന്ന് എം.എയും സാന്‍ഫ്രാന്‍സിസ്കോ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് എം.എഫ്.എയും നേടി.  2002ല്‍ പുറത്തിറങ്ങിയ ‘റൂള്‍സ് ഓഫ് ദ ഹൗസാ’ണ് ആദ്യ കവിതാസമാഹാരം. ‘ഇന്‍ റൈറ്റിങ് ദ നെയിംസ്’, ‘റിക്കറിങ് ജെസ്റ്റേഴ്സ്’, ‘ഇന്‍ ദ ആബ്സന്‍റ് എവരി ഡെ’, ‘മൈ റൈസ് ടേസ്റ്റ് ലൈക് ദ ലേക്ക്’, ‘എ ഹോം ഇന്‍ തിബത്ത്’ എന്നിവയാണ് പുസ്തകങ്ങള്‍. നാല് തവണ തിബത്തിലേക്ക് നടത്തിയ യാത്രയും അപ്പോള്‍ അറിഞ്ഞ അവിടത്തെ സാധാരണക്കാരുടെ ജീവിതാവസ്ഥകളുടെ ചിത്രീകരണവുമാണ് ‘എ ഹോം ഇന്‍ തിബത്ത്’. ‘ഫ്രന്‍ഡ്സ് ഓഫ് തിബത്ത്’ ഒരുക്കിയ ‘മെല്‍ട്ടിങ് ദ ബൗണ്ടറി’ എന്ന കവിതാപരിപാടിക്കായി കാലിഫോര്‍ണിയയില്‍ താമസിക്കുന്ന സെറിങ് വാങ്മോ കൊച്ചിയില്‍ എത്തി. തിബത്തിനെക്കുറിച്ചും തന്‍െറ കവിതകളെക്കുറിച്ചും അവര്‍ സംസാരിക്കുന്നു:

തിബത്ത് തന്നെയാവും ഈ അഭിമുഖത്തിന്‍െറ നല്ല തുടക്കം. ഒരു അഭയാര്‍ഥിയായിട്ടാണ് നിങ്ങള്‍ ഇന്ത്യയില്‍ ജനിച്ചത്. മാതാപിതാക്കളുടെ പശ്ചാത്തലമെന്തായിരുന്നു? അവരെന്തുകൊണ്ട്് തിബത്തില്‍ തുടരുന്നതിനു പകരം പലായനമാര്‍ഗം സ്വീകരിച്ചു? 

അച്ഛനും അമ്മയും ജനിച്ചതും വളര്‍ന്നതും തിബത്തിലാണ്. കിഴക്കന്‍ തിബത്തിലെ ഖാം മേഖലയിലെ ഖാംപയില്‍. നാടോടിവിഭാഗത്തില്‍പെടുന്നവരായിരുന്നു അവര്‍. ദേശാന്തരഗമനം നടത്തുന്ന ഒരു സംഘത്തിന്‍െറ തലവനായിരുന്നു അച്ഛന്‍. 1949 കള്‍ക്ക് മുമ്പ് സ്വതന്ത്ര രാജ്യമായിരുന്നു തിബത്ത്. സ്വന്തം ഭാഷയും ഭരണകൂടവുമുള്ള സ്വതന്ത്രജനത. 1949ല്‍ മാവോ സേ തുങ്ങിന്‍െറ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ അധികാരത്തിലത്തെിയതോടെ തിബത്തിന്‍െറ ദുരിതം തുടങ്ങി. വൈകാതെ ചൈന തിബത്തിലേക്ക് അധിനിവേശം നടത്തി. തിബത്തിനെ ചൈനയോട് കൂട്ടിച്ചേര്‍ക്കാനായി അവര്‍ കൂട്ടക്കൊലകള്‍ നടത്തി. ജീവിതവും ക്രമവും തകര്‍ത്തു. നാടോടികള്‍ തുടര്‍ച്ചയായി ചൈനീസ് ചുവപ്പ് സൈന്യത്തിന്‍െറ തോക്കിനിരയായി. പത്ത് വര്‍ഷം പിടിച്ചുനിന്നശേഷം ദലൈലാമ ഇന്ത്യയിലേക്ക് പലായനംചെയ്തു. ഈ സമയത്ത് ചൈന വിവരണാതീതമായ അതിക്രമം തിബത്തില്‍ നടത്തി. കൊല്ലപ്പെടുക അല്ളെങ്കില്‍ ജയിലില്‍ പീഡനത്തിന് വിധേയരാകുക എന്ന സാധ്യത മാത്രമാണ് അച്ഛനും അമ്മക്കും മുന്നില്‍ ശേഷിച്ചത്. ഇരുവരും കുടുംബത്തെയെല്ലാം വിട്ട് രക്ഷപ്പെട്ടോടി. കൂട്ടക്കൊല അരങ്ങേറുന്ന കാലത്തുതന്നെ അമ്മ തന്‍െറ വസ്തുവകകള്‍ കെട്ടിപ്പൊതിഞ്ഞുവെച്ചിരുന്നു. ദലൈലാമയുടെ വഴി പിന്തുടര്‍ന്ന് ഇന്ത്യയില്‍ അഭയാര്‍ഥികളാകാനാണ് അവര്‍ തീരുമാനിച്ചത്.

ഇന്ത്യയില്‍ എത്തിയശേഷം എന്തായിരുന്നു അവരുടെ ജീവിതം?

ഹിമാചല്‍പ്രദേശിലെ ധരംശാലയിലാണ് അമ്മയും അച്ഛനും തങ്ങിയത്. ആദ്യം അഭയാര്‍ഥിക്യാമ്പുകളിലായിരുന്നു താമസം. അവര്‍ പിടിച്ചുനില്‍ക്കാന്‍ പല പണിയും എടുത്തു. പിന്നീട് ചെറിയ വാടകമുറികളിലേക്ക് മാറി. അമ്മയുടെ പേര് സെറിങ് ചോദന്‍ ധോംപ എന്നായിരുന്നു. ധീരയും സ്വാഭിമാനബോധവും ഉള്ള അസാധാരണക്കാരിയായിരുന്നു അമ്മ. ഞാന്‍ ജനിക്കുന്നതിന് തൊട്ടുമുമ്പ് അമ്മയും അച്ഛനും വേര്‍പിരിഞ്ഞു. തിബത്തന്‍ സ്ത്രീകള്‍ സാധാരണ അത്തരമൊന്ന് ചെയ്യാറില്ല. പ്രത്യേകിച്ച് അഭയാര്‍ഥികളായി, മറ്റൊരു നാട്ടില്‍ കഴിയുമ്പോള്‍. അവര്‍ വേര്‍പിരിയുന്ന സമയത്ത് ഇവിടെയത്തെിയിട്ട് പത്തുവര്‍ഷം ആകാറായിരുന്നു. അമ്മയും ഞാനും മാത്രമായി പിന്നീട്. എന്നെ വളര്‍ത്താന്‍ അമ്മ കഷ്ടപ്പെട്ടു. അവരുടെ ലോകം ഞാന്‍ മാത്രമായി ചുരുങ്ങി. തിബത്തിലേക്ക് മടങ്ങണമെന്ന സ്വപ്നം അമ്മ എന്നും മനസ്സില്‍ അടക്കിവെച്ചു. ഒറ്റക്കായിരുന്നപ്പോള്‍ കരഞ്ഞു. അമ്മയും ഞാനും വലിയ ആത്മബന്ധം പുലര്‍ത്തിയിരുന്നു. ആ സ്വാധീനമാണ് എന്നെ കവിയാക്കുന്നതും ഇപ്പോള്‍ ഈ രീതിയില്‍ നിലനിര്‍ത്തുന്നതും. എനിക്ക് 24 വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. അമ്മ മരിച്ചിട്ട് 20 വര്‍ഷം കഴിഞ്ഞു. അച്ഛനും ജീവിച്ചിരിപ്പില്ല. മറ്റു സഹോദരങ്ങള്‍ ഇല്ല. അങ്ങനെ അനാഥയായിട്ടാണ് പിന്നീടുള്ള എന്‍െറ ജീവിതം.

അമ്മക്ക് പിന്നീട് തിബത്തിലേക്ക് പോകാനായില്ളേ?

വളരെ പ്രായം ചെന്നശേഷം, മരിക്കുന്നതിന് കുറച്ചു വര്‍ഷം മുമ്പ് അമ്മ തിബത്തില്‍ പോയിരുന്നു. ധരംശാല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തിബത്തന്‍ പ്രവാസി സര്‍ക്കാറില്‍ (Tibetan exile Government) എം.പിയായിരുന്നു അമ്മ. ആ പദവിയെല്ലാം ഒഴിഞ്ഞശേഷം അമ്മ തന്‍െറ നാട് കാണാന്‍ പോയി. ബന്ധുക്കളെയും സഹോദരങ്ങളെയും കണ്ടു. അമ്മ ചെല്ലുമ്പോള്‍ ആ നാട് തന്നെ മാറിപ്പോയിരുന്നു. കരഞ്ഞുകൊണ്ടാണ് അമ്മ മടങ്ങിവന്നത്. തന്‍െറ നാടിന്‍െറ അവസ്ഥ അമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അമ്മയുടെ പ്രിയപ്പെട്ട പലരും മരിച്ചുപോയിരുന്നു. പലരും ജയിലിലായിരുന്നു.

അമ്മയുടെ സ്വാധീനമാണ് നിങ്ങളെ കവിയാക്കുന്നത് എന്നു പറഞ്ഞു, അതെങ്ങനെയായിരുന്നു?

ഞാന്‍ കുട്ടിയായിരുന്നപ്പോഴും മുതിര്‍ന്നപ്പോഴും അമ്മ എപ്പോഴും തിബത്തിനെപ്പറ്റി പറയുമായിരുന്നു. അവിടത്തെ പഴയ കഥകള്‍. അവിടത്തെ ജീവിതങ്ങള്‍. അനുഭവങ്ങള്‍. അമ്മ ഇത് എപ്പോഴും ആവര്‍ത്തിക്കും. തിബത്തിനെപ്പറ്റി കഥകള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് അമ്മയുടെ ഒരുതരം അതിജീവനമായിരുന്നു. കഥകളിലൂടെ ജീവിക്കുക. സ്വന്തം വേദനകള്‍ മറച്ചുവെച്ച് കഥകള്‍ പറഞ്ഞ് പുതിയലോകത്ത് ജീവിക്കുക. ആരും കാണാതെ സ്വന്തം കൈപ്പടയില്‍ തിബത്തിനെപ്പറ്റി കുത്തിക്കുറിച്ചു. എല്ലാവര്‍ക്കും ഇത്തരം അതിജീവന തന്ത്രമുണ്ടാകും. ഞാന്‍ സ്കൂളിലായിരുന്നപ്പോള്‍ അമ്മയില്‍നിന്ന് അകന്ന് കഴിയേണ്ടിവന്നു. ഒറ്റക്കായി. ഈ ഒറ്റപ്പെടലിനെ അതിജീവിക്കാനുള്ള മാര്‍ഗം അമ്മക്ക് തുടര്‍ച്ചയായി കത്ത് എഴുതുകയായിരുന്നു. അമ്മക്ക് തുടര്‍ച്ചയായി എഴുതുമ്പോള്‍ വരികള്‍ പുതിയതായിരിക്കാന്‍ ഞാനാഗ്രഹിച്ചു. അപ്പോള്‍ പുതിയ ഭാഷയില്‍ എഴുതി. അതില്‍ കവിത്വമുണ്ടെന്ന് അമ്മതന്നെയാണ് പിന്നീട് എന്നോട് പറഞ്ഞത്.
ധരംശാലയില്‍ അമ്മക്ക് ഒപ്പം കഴിഞ്ഞ ദിനങ്ങള്‍ എങ്ങനെയുള്ളതായിരുന്നു?
ധരംശാല ഒരു മലയോര പട്ടണമാണ്. നിരവധി തിബത്തന്‍ അഭയാര്‍ഥികളുണ്ട് അവിടെ. ഞങ്ങള്‍ ചെറിയ വാടകമുറിയിലാണ് ജീവിച്ചത്. തകര മേല്‍ക്കൂരയുള്ള വീട്. നിറയെ പൂക്കളുള്ള വീടായിരുന്നു അത്. എപ്പോഴും കൊച്ചുപൂക്കള്‍ മുറ്റത്തും മറ്റും വീണുകിടക്കും. അച്ഛനുമായി വേര്‍പിരിഞ്ഞ ശേഷം അമ്മ മറ്റൊരു വിവാഹം കഴിച്ചില്ല. അതേപ്പറ്റി ചിന്തിച്ചതുപോലുമില്ല. അതേസമയം ഇന്ത്യയില്‍ ഞങ്ങള്‍ക്ക് കുറെ ബന്ധുക്കളുണ്ടായിരുന്നു. കുടുംബസുഹൃത്തുക്കള്‍, അകന്ന ബന്ധുക്കള്‍. അവരും ഞങ്ങളുമായി വളരെ അടുപ്പത്തിലായിരുന്നു. കുടുംബംപോലെയായിരുന്നു ഞങ്ങള്‍ കഴിഞ്ഞുവന്നത്.

കവിത, ജീവിതം, രാഷ്ട്രീയം

എന്താണ് നിങ്ങള്‍ക്ക് കവിത? എഴുത്ത്?
കവിത എനിക്ക് സ്വയം ആവിഷ്കരിക്കുന്നതിലൂടെയുള്ള അതിജീവനത്തിന്‍െറ വഴിയാണ്. മനസ്സിലുള്ളത് മറ്റൊരു രീതിയില്‍ പ്രകടിപ്പിക്കാനുള്ള മാധ്യമമാണ് കവിത. ഈ കവിതകളില്ളെങ്കില്‍ എനിക്ക് നിലനില്‍ക്കാനാവില്ല. എഴുതുമ്പോള്‍ പ്രസിദ്ധീകരിക്കണമെന്ന് കരുതിയല്ല എഴുതുന്നത്. കവിത വായിക്കാന്‍ പോകുന്നത് ആരെന്നും ചിന്തിക്കാറില്ല. പുസ്തകം അച്ചടിച്ചുകഴിയുമ്പോള്‍ മാത്രമാണ് വായനക്കാര്‍ എന്ന യാഥാര്‍ഥ്യം മനസ്സില്‍ വരുന്നതുതന്നെ. പന്ത്രണ്ടാം വയസ്സിലാണ് കവിത എഴുതാന്‍ തുടങ്ങുന്നത്. വീട് വിട്ട് മാറിനിന്നപ്പോള്‍ ഞാന്‍ പതിവായി മനസ്സിലെ വികാരങ്ങള്‍ നിറച്ച് അമ്മക്ക് എഴുതി. അമ്മക്ക് എഴുതിയ വരികളില്‍ അറിയാതെ താളവും ഒഴുക്കുമുണ്ടായിരുന്നു. ഈ അതിജീവനതന്ത്രം ഞാന്‍ പിന്നീട് ഒരു കലയായി വികസിപ്പിക്കുകയായിരുന്നു (ചിരി).

സ്വന്തം കവിതകളെ എങ്ങനെ വിശേഷിപ്പിക്കും?
എന്‍െറ കവിതകള്‍ പലര്‍ക്കും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതായി പറഞ്ഞിട്ടുണ്ട്. അതെന്തായാലും എന്‍െറ കവിത വളരെ ലളിതമല്ല. വരികള്‍ക്കിടയില്‍ മൗനം ധാരാളമുണ്ട്. എന്നാല്‍ അവയില്‍ നിഗൂഢതകളില്ല. കവിതകള്‍ തീവ്രമായി പ്രതികരിക്കുന്നില്ല. എന്നാല്‍, മിക്ക കവിതകളിലും തിബത്തുണ്ട്. രാജ്യം നഷ്ടപ്പെട്ട അഭയാര്‍ഥിയുടെ വേദനയുണ്ട്. രാജ്യത്തിന്‍െറ അവസ്ഥയില്‍ ദു$ഖിക്കുന്ന മനസ്സുണ്ട്. അതേസമയംതന്നെ തിബത്തിന്‍െറ മോചനം നേടാമെന്ന സ്വപ്നവും കവിതകളിലുണ്ട്. പല കവിതകള്‍ക്കും സാമാന്യം ദൈര്‍ഘ്യമുള്ളതായി തോന്നുന്നു.

തിബത്തന്‍ കവി തെന്‍സിന്‍ സുന്‍ന്ത്യുവിനെപ്പോലെ പ്രത്യക്ഷമായി രാഷ്ട്രീയം വിളിച്ചുപറയുന്നില്ല നിങ്ങളുടെ കവിത. എങ്കിലും രാഷ്ട്രീയ കവി എന്ന വിശേഷണത്തിന് അര്‍ഹയാണ് താങ്കള്‍?

തെന്‍സിന്‍ സുന്‍ന്ത്യു ആക്ടിവിസ്റ്റാണ്. ആക്ടിവിസത്തിന്‍െറ ഭാഗമാണ് അദ്ദേഹത്തിന് കവിത. ഞാന്‍ ആക്ടിവിസ്റ്റല്ല. ആക്ടിവിസത്തിന്‍െറ ഭാഗമല്ല എനിക്ക് കവിത. ഞാനൊരിക്കലും രാഷ്ട്രീയം കവിതകളില്‍ മുദ്രാവാക്യരൂപത്തില്‍ കുറിക്കാറില്ല. കവി, എഴുത്തുകാരി എന്നു വിളിക്കപ്പെടാനാണ് എനിക്കിഷ്ടം. രാഷ്ട്രീയ കവി, പെണ്ണെഴുത്തുകാരി എന്നിങ്ങനെയുള്ള വിശേഷണത്തോട് യോജിക്കുന്നില്ല. അത്തരം വിശേഷണം തെറ്റെന്നല്ല. ഞാന്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നത് കവിയെന്ന പൊതു സംജ്ഞയില്‍ മാത്രമാണ്.

ഇംഗ്ളീഷില്‍ എഴുതുന്ന ആദ്യ തിബത്തന്‍ വനിത എന്ന വിശേഷണം താങ്കള്‍ക്ക് സന്തോഷമാണോ? അതുയര്‍ത്തുന്ന വികാരം എന്താണ്?

ഇംഗ്ളീഷില്‍ എഴുതുന്ന ആദ്യ തിബത്തന്‍ വനിത എന്നത് എനിക്ക് ഭാരമേറിയ ടാഗ് ആണ്. പല പ്രതിബന്ധങ്ങള്‍മൂലം ഇരുപത് വര്‍ഷം മുമ്പ് ഇംഗ്ളീഷില്‍ എന്തെങ്കിലും രചന അച്ചടിച്ചുവരുക എന്നത് തിബത്തിലെ സ്ത്രീകള്‍ക്ക് (പുരുഷന്മാര്‍ക്കും) ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. ഭാഷയിലെ പ്രാവീണ്യം, വായനക്കാര്‍\കേള്‍വിക്കാരുടെ കുറവ്, പ്രസാധകരുടെ അഭാവം എന്നിങ്ങനെ പല കാരണമുണ്ട്. ആളുകള്‍ക്ക് അക്കാലത്ത് കവിതയുമായി അധികം പരിചയവുമുണ്ടായിരുന്നില്ല. സ്കൂള്‍ പാഠപുസ്തകങ്ങള്‍ക്ക് പുറത്ത് ആരെങ്കിലും കവിത വായിക്കുകയോ ചൊല്ലുകയോ ചെയ്യുന്നതായി അറിയില്ല. കവികള്‍ മരിച്ചുപോയ യൂറോപ്യന്‍കാരാണെന്നും അവര്‍ മാത്രമാണ് കവിത എഴുതിയിരുന്നതെന്നുമാണ് കുട്ടിക്കാലത്ത് ഞാനടക്കമുള്ളവരുടെ ധാരണ. കാരണം സ്കൂളില്‍ ഞങ്ങള്‍ അങ്ങനെയുള്ള കവിതകളാണ് പഠിച്ചത്. അതുപോലെ നമ്മള്‍ നിലനില്‍ക്കുന്ന സ്ഥലവും സാധ്യതകളും പ്രധാനമാണ്. അമേരിക്കയില്‍ എത്തുന്നതോടെയാണ് ഞാന്‍ കവിതയുമായി കൂടുതല്‍ പരിചയപ്പെടുന്നത്. ഇന്ത്യയിലും നേപ്പാളിലും ജീവിക്കുമ്പോള്‍ ജീവിച്ചിരിക്കുന്ന ഒരു കവിയെയും എനിക്ക് പരിചയമുണ്ടായിരുന്നില്ല. കവിതയെ ഗൗരവമായി പരിഗണിക്കണമെന്നും തോന്നിയിരുന്നില്ല.

മാതൃഭാഷയില്‍ കവിത എഴുതുക എന്നതാണ് പ്രധാനം. അത്തരം ചിന്താധാരപോലും നിലവിലുണ്ട്. മാതൃഭാഷയില്‍ കവിത എഴുതാത്തതിനെപ്പറ്റി എന്തു പറയും?
എനിക്ക് തിബത്തന്‍ ഭാഷ അറിയാം. പക്ഷേ, അത് എഴുതാനാവില്ല. അതില്‍ ആശയം ആവിഷ്കരിക്കാന്‍ ബുദ്ധിമുട്ടാണ്. ഞാന്‍ ഇപ്പോള്‍ ആ ഭാഷ കൂടുതലായി പഠിച്ചുകൊണ്ടിരിക്കുകയാണ്. തിബത്തന്‍ ഭാഷ അറിയില്ല എന്ന അവസ്ഥക്ക് വ്യക്തിപരമായി ഞാനല്ല ഉത്തരവാദി, ചൈനയാണ്. അവര്‍ രാജ്യം അധിനിവേശപ്പെടുത്തിയതാണ്. എനിക്ക് ഹിന്ദി അറിയാം, നേപ്പാള്‍ ഭാഷ അറിയാം. പക്ഷേ, ഞാന്‍ കൂടുതല്‍ ഇടപഴകിയതും പഠിച്ചതും ഇംഗ്ളീഷാണ്. തിബത്തന്‍ ഭാഷ കൂടുതല്‍ പഠിച്ചശേഷം ഞാന്‍ ആ ഭാഷയില്‍ എഴുതാന്‍ ശ്രമിക്കും. അതേസമയം, എന്‍െറ പല കവിതകളും തിബത്തന്‍ ഭാഷയിലേക്ക് സുഹൃത്തുക്കള്‍ മൊഴിമാറ്റിയിട്ടുണ്ട്.

ഒരു ചെറുകഥ മാത്രമാണ് എഴുതിക്കാണുന്നത്. എന്തുകൊണ്ട് കഥ എന്ന മാധ്യമം കൂടുതലായി ഉപയോഗിക്കുന്നില്ല?
കഥയല്ളെന്‍െറ മാധ്യമം, കവിതയാണ്. കഥ പറയുക വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കഥക്കുവേണ്ടി പല കാര്യങ്ങള്‍ ഒരുക്കണം. പശ്ചാത്തലത്തിന്‍െറ വിശദാംശങ്ങള്‍ വേണം. അത്തരം ബുദ്ധിമുട്ട് കവിതക്കില്ല. ഇനി കഥയെഴുതാനുള്ള സാധ്യതയുമില്ല. ആ കഥ ഒരു പരീക്ഷണശ്രമം മാത്രമായിരുന്നു. കഥയെഴുതാന്‍ നടത്തിയ ശ്രമത്തിലൂടെ കവിതയാണ് മാധ്യമം എന്ന് ഞാന്‍ തിരിച്ചറിഞ്ഞു (ചിരി).

എക്സൈല്‍, ഡയസ്പോറ എന്നിങ്ങനെയുള്ള സാഹിത്യ വേര്‍തിരിവുകളില്‍ സ്വയമെങ്ങനെ നിര്‍വചിക്കും? പ്രവാസസാഹിത്യം പൊതുവില്‍ തിബത്തിന് ഗുണകരമാകുന്നുണ്ടോ?
സ്വയം വിലയിരുത്തുമ്പോള്‍, രാജ്യംവിടേണ്ടിവന്ന ഒരാള്‍, സ്വന്തം രാജ്യത്തിലേക്ക് പോകാന്‍ അനുമതിയില്ലാത്തയാള്‍ എന്ന അര്‍ഥത്തില്‍ എക്സൈല്‍ എന്ന വിശേഷണമാണ് ഉചിതം. സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിട്ടവരില്‍പെടുന്നയാളല്ല ഞാന്‍. പ്രവാസസാഹിത്യം വലിയ രീതിയില്‍ തിബത്തിന്‍െറ മോചന ശ്രമങ്ങളെ സഹായിക്കുന്നുണ്ട്. ഇന്ന് നിരവധി തിബത്തന്‍കാര്‍ വിവിധ ഭാഷയില്‍ ആവിഷ്കാരം നടത്തുന്നുണ്ട്. ചിലര്‍ ഇംഗ്ളീഷില്‍. ചിലര്‍ തിബത്തനില്‍. ഇംഗ്ളീഷില്‍ എഴുതുന്ന എന്നെപ്പോലുള്ളവരുടെ രചനകള്‍ തിബത്തന്‍ ഭാഷയിലേക്ക് മൊഴിമാറ്റപ്പെടുന്നു. അതുപോലെ തിബത്തനില്‍നിന്ന് തിരിച്ചും. ചൈനീസ് ഭാഷയില്‍ എഴുതുന്ന സെറിങ് വോസറെപോലുള്ളവരുടെ രചനകള്‍ ഉടന്‍ തിബത്തനിലേക്ക് വിവര്‍ത്തനംചെയ്യപ്പെടുന്നു. വിമോചനസ്വപ്നം പേറുന്ന എഴുത്തുകളുടെ വലിയ നിരതന്നെ ഇപ്പോഴുണ്ട്. ഈ പ്രവാസ എഴുത്ത് തിബത്തിന്‍െറ ദേശീയത, സംസ്കാരം, ചരിത്രം എന്നിവയെ പുനര്‍നിര്‍വചിച്ചുകൊണ്ടിരിക്കുകയാണ്. ഫലത്തില്‍ പ്രവാസസാഹിത്യമാണ് തിബത്തിന്‍െറ സാഹിത്യം.

തിബത്ത് കാഴ്ചകള്‍, വിശ്വാസം

നിങ്ങള്‍ തിബത്തില്‍ പോയിട്ടുണ്ട്. എന്താണ് അവിടെ നിങ്ങള്‍ കണ്ട കാഴ്ച?

അമ്മ പറഞ്ഞ അറിവാണ് തിബത്തിനെപ്പറ്റി എനിക്കുണ്ടായിരുന്നത്. അമ്മ പറഞ്ഞ അന്തരീക്ഷമല്ല അവിടെയുണ്ടായിരുന്നത്. ചൈനീസ് അധിനിവേശം തിബത്തിന്‍െറ ആവാസവ്യവസ്ഥ നശിപ്പിച്ചു. രൂക്ഷമായ പ്രകൃതിചൂഷണം ആ നാടിനെ ഇല്ലാതാക്കി. ജനം മൊത്തത്തില്‍ ഭയത്തിന്‍കീഴിലാണ്. അവര്‍ നിരന്തര നിരീക്ഷണത്തിലാണ്്. തിബത്തിന്‍െറ മോചനം എന്ന സ്വപ്നം ആരെങ്കിലും പങ്കുവെച്ചാല്‍ അവര്‍ തടവറക്കുള്ളിലടയ്ക്കപ്പെടും. കടുത്ത പീഡനങ്ങള്‍ക്കിരയാകും. ചിലപ്പോള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരാകും. അമ്മ പറഞ്ഞപോലെ ചെറു പൂക്കളുടെ നാടായിരുന്നു അത്. അതേ പുഷ്പങ്ങള്‍ ധരംശാലയില്‍ കാണുമ്പോള്‍ അമ്മ പറഞ്ഞത് തിബത്തിലെ പൂക്കള്‍ ഇതിനെക്കാള്‍ മനോഹരമാണെന്നാണ്. അത് സത്യമായി തോന്നി. അവിടത്തെ നാടോടി വിഭാഗങ്ങള്‍ക്ക് മണ്ണിനോടുള്ള അടുപ്പം വാക്കുകളിലേക്ക് പടര്‍ത്താനാവുന്നതിലപ്പുറമാണ്. ഞാന്‍ അമ്മായി താഷി, അമ്മാവന്മാരായ ഫുന്‍സ്സോക്, അഷങ് എന്നിവരെ കണ്ടു. ബന്ധത്തിലുള്ള 30 സഹോദരങ്ങള്‍ എനിക്കുണ്ട്. അവര്‍ സ്വകാര്യമായി അവിടെ നടക്കുന്ന ഭീകരാവസ്ഥകള്‍ വിവരിച്ചു. തിബത്തിനെ ചൈനീസ്വത്കരിക്കാന്‍ തദ്ദേശീയമായ സംസ്കാരത്തെയും ജീവിതരീതിയെയും തകര്‍ക്കുകയാണ്. മൊത്തത്തില്‍ തിബത്ത് അപകടത്തിലാണ്. ഞാന്‍ വ്യത്യസ്ത വര്‍ഷങ്ങളില്‍ നാല് തവണ തിബത്തില്‍ പോയിട്ടുണ്ട്. ഇനി പോകാനാവില്ല. ചൈന അനുമതി നിഷേധിച്ചിരിക്കുകയാണ്.

ചൈന അനുമതി നിഷേധിക്കാന്‍ കാരണം താങ്കളുടെ എഴുത്താണോ?

അനുമതി നിഷേധിക്കാന്‍ എന്താണ് കാരണമെന്ന് വ്യക്തമായി അറിയില്ല. ആദ്യം പോകുമ്പോള്‍തന്നെ തിബത്തിനെക്കുറിച്ച് ഞാന്‍ എഴുതിയ കവിതകളും ലേഖനങ്ങളും പുറത്തുവന്നിരുന്നു. അത് ചൈനയുടെ ശ്രദ്ധയില്‍പെട്ടിട്ടില്ളെന്ന് കരുതാനാവില്ല. അനുമതി നിഷേധിച്ചതിന് ചൈന വ്യക്തമായ കാരണം പറഞ്ഞിട്ടില്ല. വീണ്ടും അവിടെ പോയാല്‍ തിബത്തന്‍ വിമോചനത്തിന് ഞാനേതെങ്കിലുംവിധത്തില്‍ സഹായം നല്‍കുമെന്നാവും അവര്‍ കരുതുന്നത്. ചിലപ്പോള്‍, തിബത്തിലെ ജീവിതത്തെപ്പറ്റി ഞാന്‍ എഴുതിയത് ഒരുപക്ഷേ, ചൈന അടുത്തിടെയാവും ഗൗരവത്തോടെ വീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ടാവുക.

തിബത്തിനെ അധിനിവേശപ്പെടുത്താന്‍ ചൈന പറഞ്ഞ ഒരു ന്യായീകരണം തിബത്തില്‍ നാടുവാഴിത്ത-മതാധികാര ക്രമം നിലനില്‍ക്കുന്നുവെന്നതാണ്. അത്തരമൊരു അവസ്ഥ തിബത്തിലുണ്ടോ?

തിബത്തില്‍ നാടുവാഴിത്ത ക്രമം ഉണ്ടായിരുന്നുവെന്നതിനാലാണ് അധിനിവേശം നടത്തിയതെന്ന വാദത്തിന് ഒരടിത്തറയുമില്ല. ഒരു രാജ്യത്തിന്‍െറ ആഭ്യന്തരപ്രശ്നം പരിഹരിക്കേണ്ടത് അവര്‍തന്നെയാണ്. മറ്റാരെങ്കിലും അത് ചെയ്യാന്‍ പാടില്ല. അധിനിവേശം നടത്തുന്നവര്‍ എന്തെങ്കിലും ഒഴികഴിവ് എന്നും കണ്ടുപിടിക്കും. അതിനുള്ള ന്യായീകരണമാണ് തിബത്തിലെ സാമൂഹികാവസ്ഥയെ കുറ്റപ്പെടുത്തല്‍. തിബത്തിനെ വിലയിരുത്താന്‍ ചൈന ആരാണ്? ഇനി ആ ന്യായീകരണമാണെങ്കില്‍ ആറു പതിറ്റാണ്ട് രാജ്യത്തെ ഭരിച്ചിട്ടും അവര്‍ക്ക് അത് പരിഹരിക്കാനായില്ളേ? അവര്‍ക്കതിന് ഇനിയും എത്രനാള്‍ വേണം? നാടുവാഴിത്ത-മതാധികാര വ്യവസ്ഥ പൂര്‍ണമായി തകര്‍ത്താല്‍ ചൈന പിന്മാറുമോ? അതില്ല. മറ്റുള്ളവരെ വിധിക്കാന്‍ നമ്മളാരുമല്ല എന്ന് മനസ്സിലാക്കുകയാണ് ചൈന ചെയ്യേണ്ടത്. തിബത്തിലെ വ്യവസ്ഥ കുറ്റമറ്റതാണെന്ന അഭിപ്രായം എനിക്കില്ല. നിങ്ങളുടെ ചോദ്യത്തിന്‍െറ രണ്ടാം ഭാഗത്തിനെപ്പറ്റി പറയുകയാണെങ്കില്‍ പഴയ തിബത്തല്ല, ഇപ്പോഴത്തെ തിബത്ത്. ചൈന അടിമുടി നശിപ്പിച്ച തിബത്താണുള്ളത്- സാമൂഹികമായും സാംസ്കാരികമായും ഭാഷാപരമായും സാമ്പത്തികമായും എല്ലാം. ചൈനീസ് വ്യവസ്ഥയുടെ തുടര്‍ച്ച മാത്രമാണിന്ന് എന്‍െറ നാട്.

സ്വന്തം അസ്തിത്വത്തെ എങ്ങനെ നിര്‍വചിക്കും? തിബത്തന്‍, ഇന്ത്യന്‍, നേപ്പാളി, യൂറോപ്യന്‍ എന്നിങ്ങനെ വ്യത്യസ്ത അസ്തിത്വം എങ്ങനെയൊക്കെ ബാധിക്കുന്നുണ്ട്?
ശരിക്കും എന്നെയും കുഴക്കുന്നതാണ് ഈ പ്രശ്നം. എന്‍െറ നാട് തിബത്താണെങ്കിലും ഇന്ത്യയാണ് എന്‍െറ രണ്ടാം വീട്. കൂടുതലും ഞാനൊരു ഇന്ത്യക്കാരിയാണ്. പക്ഷേ, ഇവിടെ എനിക്ക് പൗരത്വമില്ല, നേപ്പാളിലുമില്ല. കേവലം ഇന്ത്യയില്‍ തങ്ങുന്ന തിബത്തന്‍കാരിയെന്ന സര്‍ട്ടിഫിക്കറ്റാണ് ഇവിടെയായിരുന്നപ്പോള്‍ ലഭിച്ചിരുന്നത്. പഠിക്കുമ്പോഴേ ഇതേ പ്രശ്നം നേരിട്ടിരുന്നു. നിയമം പഠിക്കാനാഗ്രഹിച്ചപ്പോള്‍ മനസ്സിലായി എനിക്ക് ഇന്ത്യയിലെ കോടതികളില്‍ പ്രാക്ടിസ് ചെയ്യാനാവില്ളെന്ന്. അപ്പോള്‍ ആ സാധ്യത വേണ്ടെന്നുവെച്ചു. ഞങ്ങള്‍ക്ക് പൗരത്വമില്ലാത്തതിനാല്‍ ഇന്ത്യയില്‍ സ്വന്തമായി സ്ഥലം വാങ്ങിക്കാനാവില്ല. ജനനം മുതല്‍ ഇത്തരം പലതരം വൈരുധ്യങ്ങളെയാണ് അഭയാര്‍ഥി നേരിടേണ്ടത്. അമേരിക്കയില്‍ ഞാനൊരു കുടിയേറ്റക്കാരിയാണ്. അവര്‍ ചൈനയില്‍നിന്നോ മറ്റോ വന്ന ഏഷ്യക്കാരി എന്ന പരിഗണനയാണ് നല്‍കുന്നത്. ഒരിക്കല്‍ സാന്താക്രൂസ് മാര്‍ക്കറ്റില്‍ പോയപ്പോള്‍ കടക്കാരന്‍ ചോദിച്ചു: നിങ്ങളുടെ നാട് ഏതാണ്? സംസാരഭാഷ നിങ്ങളുടെ രൂപത്തിന് ഉതകുന്നില്ളെന്ന് അയാള്‍ വ്യക്തമായി പറഞ്ഞു. അയാളോട് ഞാന്‍ തിബത്തന്‍കാരിയാണെന്നും, ഇന്ത്യയിലും നേപ്പാളിലുമാണ് വളര്‍ന്നത് എന്നും മറ്റുമുള്ള കഥ വിവരിച്ചു. ആരെങ്കിലും എന്‍െറ അസ്തിത്വത്തെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ഒട്ടും മടിക്കാതെ കടന്നുവന്ന വഴികള്‍ മുഴുവന്‍ പറയും. അവരുടെ ചോദ്യം എവിടെനിന്നാണ് വരുന്നതെന്ന് എനിക്ക് വ്യക്തതയുണ്ട്. അമ്മയെപ്പോലെ തിബത്തില്‍ ഒരു വീടുണ്ടാവണമെന്ന് ഞാനാഗ്രഹിക്കുന്നു. അതൊരു സ്വപ്നമാണ്. മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്ന പ്രതീക്ഷയാണ്.

അടുത്തിടെ തിബത്തന്‍കാര്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എങ്ങനെ കാണുന്നു അതിനെ?
പുനരധിവാസ പദ്ധതി നല്ലതാണോ ചീത്തയാണോ എന്നത് ഓരോ വ്യക്തിയെയും അനുസരിച്ചാണ് പ്രതിഫലിക്കുക. പുനരധിവാസവും ഇന്ത്യന്‍ പൗരത്വവും ലഭിക്കുന്നത് പല അഭയാര്‍ഥികള്‍ക്കും ഗുണകരമായിരിക്കും. അവര്‍ക്ക് അഭയാര്‍ഥികളല്ലാതെ ഈ നാട്ടില്‍ തുടരാനാവും. എന്നാല്‍, തിബത്തന്‍ അഭയാര്‍ഥികളുടെ ആത്യന്തിക വിഷയം അതല്ല. അവര്‍ക്ക് തിബത്തിലേക്ക് പോകുക, തിബത്ത് സ്വതന്ത്രമാകുക എന്നതാണ്.
തിബത്തിന്‍െറ പ്രവാസികളായ നാലാം തലമുറയാണ് ഇപ്പോഴുള്ളത്. മാതൃനാടിനോടുള്ള പുതിയ തലമുറയുടെ ബന്ധം എത്തരത്തിലുള്ളതാണ്?

പുതിയ തലമുറക്ക് തിബത്തിന്‍െറ ചരിത്രം മനസ്സിലാക്കുക എന്ന വലിയ ഉത്തരവാദിത്തമുണ്ട്. എവിടെനിന്ന് തങ്ങള്‍ വന്നു എന്ന് അവര്‍ കൃത്യമായി മനസ്സിലാക്കണം. അത് മാതൃരാജ്യവുമായുള്ള വൈകാരികബന്ധം ദൃഢപ്പെടുത്തും. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ തിബത്തില്‍നിന്ന് രക്ഷപ്പെട്ടോടിയ തലമുറയും ഇന്നിവിടെയുണ്ട്. അവര്‍ക്ക് തങ്ങള്‍ക്ക് എന്താണ് നഷ്ടമായത് എന്ന് വ്യക്തമായ ധാരണയുണ്ട്. തങ്ങളുടെ നാടിനി ഒരിക്കലും കാണാനാവില്ളെന്നത് അവരെ വേദനിപ്പിക്കുന്നുണ്ട്. പ്രവാസി തിബത്തന്‍ തലമുറയാണ് ഒരര്‍ഥത്തില്‍ വിമോചനമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തുന്നത്. അവര്‍ ഇന്ത്യയിലടക്കം ശക്തമായ സമരം സംഘടിപ്പിക്കുന്നുണ്ട്. സാധ്യമാകുന്ന അന്താരാഷ്ട്ര വേദികളില്‍ അവര്‍ തിബത്തന്‍ പ്രശ്നം ഉയര്‍ത്തുന്നു.

എങ്ങനെയുള്ള തിബത്താണ് താങ്കളുടെ മനസ്സില്‍? എന്താവണം സ്വാതന്ത്ര്യത്തിലേക്കുള്ള പാത?

ഇപ്പോള്‍ ഭാവിയിലെ തിബത്ത് എങ്ങനെയായിരിക്കണം എന്ന് ചിന്തിക്കുന്നത് അപക്വമാണ്. തിബത്ത് സ്വതന്ത്രമാകുക എന്നതാണ് പ്രധാനം. ഓരോ ദിവസവും തിബത്ത് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ എത്രയും വേഗം സ്വതന്ത്രമാകുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഭാവിയിലെ തിബത്ത് എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റി ഒന്നും ചിന്തിക്കാനാവുന്നില്ല. അത് ജനാധിപത്യപരമായിരിക്കണം. പരിസ്ഥിതി സൗഹൃദമായിരിക്കണം. സ്വാതന്ത്ര്യത്തിലേക്ക് അഹിംസയുടെ പാതയാണ് ഞാനിഷ്ടപ്പെടുന്നത്. അക്രമം ഒന്നും കൊണ്ടുവരില്ല. കൊലപാതകങ്ങള്‍ മാത്രമാണ് അക്രമം സമ്മാനിക്കുക.

എന്താണ് നിങ്ങളുടെ രാഷ്ട്രീയം? മതവിശ്വാസം?
ഞാന്‍ ഒരു രാഷ്ട്രീയധാരയെയും പിന്തുടരുന്നില്ല. ജനാധിപത്യവും മാനവികതയുമാണ് എന്‍െറ രാഷ്ട്രീയം. വെറുപ്പിന്‍െറ രാഷ്ട്രീയത്തെ വെറുക്കുന്നു. ഞാന്‍ ബുദ്ധമതവിശ്വാസിയാണ്. എന്നാല്‍, ബുദ്ധമതം ജീവിതത്തില്‍ വലിയ സ്വാധീനമൊന്നും ചെലുത്തുന്നില്ല. മതത്തിന്‍െറ ഒരു ആചാരവും ഞാന്‍ പിന്തുടരുന്നില്ല. പക്ഷേ, ബുദ്ധമതത്തിന്‍െറ അഹിംസയടക്കമുള്ള സിദ്ധാന്തങ്ങള്‍ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്.

ബുദ്ധമതം പലപ്പോഴും അഹിംസയുടെ പാതക്ക് പുറത്താവുന്നുണ്ട്. പ്രത്യേകിച്ച് മ്യാന്‍മറില്‍ റോഹിങ്ക്യകളുടെ പ്രശ്നത്തില്‍, ശ്രീലങ്കയില്‍ തമിഴരോടുള്ള സമീപനത്തില്‍?
ബുദ്ധമതം അക്രമത്തെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. ഒരു മതത്തിന്‍െറ പേരില്‍ ചിലര്‍ ചില മേഖലകളില്‍ കാട്ടിക്കൂട്ടുന്ന അക്രമത്തിന്‍െറ പേരില്‍ മൊത്തം മതത്തെ വിലയിരുത്തുന്നത് ശരിയായ രീതിയല്ല. ബുദ്ധമതം മാത്രമല്ല, മറ്റേതു മതത്തിന്‍െറ കാര്യത്തിലും ഇത്തരം പൊതുവത്കരണം തെറ്റാണ്. ഏതെങ്കിലും നാട്ടില്‍ ഏതെങ്കിലും ചിലര്‍ കാട്ടുന്ന അതിക്രമത്തിന്‍െറ പേരില്‍ ഒരു മതത്തെ മൊത്തത്തില്‍ പിന്തിരിപ്പനായി മുദ്രകുത്തുന്ന രീതി ശരിയല്ല.


സ്വാതന്ത്ര്യപ്രക്ഷോഭത്തിന്‍െറ ഭാഗമായി തുടര്‍ച്ചയായി ആത്മാഹുതികള്‍ നടക്കുന്നു. അതിനോട് യോജിക്കുന്നുവോ?
ഇല്ല. ആത്മാഹുതി ശ്രമങ്ങളോട് യോജിപ്പില്ല. ആളുകള്‍ കൊല്ലപ്പെടുക, ജീവന്‍ നഷ്ടപ്പെടുത്തുക എന്നത് ഉള്‍ക്കൊള്ളാന്‍ പോലുമാകുന്നില്ല. സമരങ്ങളില്‍ ആള്‍നഷ്ടം ഒഴിവാക്കുകയാണ് വേണ്ടത്. ഇതിനപ്പുറം മറ്റൊരു കാര്യം കാണാതിരിക്കരുത്. എന്തുകൊണ്ടാണ് ആത്മാഹുതികള്‍ നടക്കുന്നത്? സ്വാതന്ത്ര്യം എന്ന മോഹം അത്ര തീവ്രമായി ഞങ്ങളുടെ ജനത ആഗ്രഹിക്കുന്നു എന്നതാണതില്‍ പ്രധാനം. അടിച്ചമര്‍ത്തല്‍ സഹിക്കാവുന്നതിന് അപ്പുറമാണ്. രാഷ്ട്രീയമായി സ്വാതന്ത്ര്യം നേടാന്‍ എന്ത് ത്യാഗത്തിനും ജനത തയാറാണ് എന്നാണ് ആത്മാഹുതികള്‍ കാണിക്കുന്നത്.

കമ്യൂണിസ്റ്റ് ചൈനയാണ് നിങ്ങളുടെ രാജ്യത്തെ അധിനിവേശപ്പെടുത്തിയത്. ആ അര്‍ഥത്തില്‍ കമ്യൂണിസ്റ്റുകളോടുള്ള സമീപനം?

ഏതെങ്കിലും അക്രമത്തിന്‍െറ പേരില്‍ ഒരു മതത്തെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നത് ഇവിടെയും ബാധകമാണ്. തിബത്തില്‍ ചൈന നടത്തിയ അധിനിവേശം എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍ അതിന്‍െറ പേരില്‍ കമ്യൂണിസ്റ്റുകളെ എതിര്‍ക്കുന്നത് ശരിയായ രീതിയായിരിക്കില്ല. എല്ലാ കമ്യൂണിസ്റ്റുകളും ചൈന നടത്തിയ അതിക്രമം അംഗീകരിക്കുന്നില്ല. കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ പ്രകാരവും അധിനിവേശം തെറ്റാണ്. തിബത്തിലെ സംഭവം കമ്യൂണിസത്തോടുള്ള എതിര്‍പ്പായി മാറിയിട്ടില്ല. എന്നാല്‍, കമ്യൂണിസ്റ്റുകളുടെ എല്ലാ ആശയങ്ങളോടും എനിക്ക് യോജിപ്പുമില്ല.

ഇന്ത്യയിലെ സംഭവവികാസങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? നിലവിലെ അവസ്ഥയോടുള്ള പ്രതികരണം എന്താണ്?

ഇന്ത്യയിലെ രാഷ്ട്രീയവും സംഭവവികാസങ്ങളും സൂക്ഷ്മമായി ശ്രദ്ധിക്കാറുണ്ട്. ഭരണാധികാരം വെറുപ്പിന്‍െറ രാഷ്ട്രീയം കൈയാളുന്നത് ഇന്ത്യക്ക് നല്ലതല്ല. വെറുപ്പിന്‍െറ രാഷ്ട്രീയം ഒരിക്കലും അംഗീകരിക്കാന്‍ പാടില്ല. ഒരു മതത്തിന് മറ്റൊരു മതത്തെക്കാള്‍ പ്രാധാന്യമുണ്ടെന്ന് കരുതുന്നത് തെറ്റാണ്. നിലവിലെ അവസ്ഥ ഭൂരിപക്ഷ മതത്തിന്‍െറ ആധിപത്യത്തിലേക്കാണ്. അത് ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കും. ഈ ആധിപത്യത്തിനെതിരെ എഴുത്തുകാര്‍ തങ്ങള്‍ക്ക് ലഭിച്ച പുരസ്കാരം തിരിച്ചു നല്‍കി നടത്തുന്ന പ്രതിഷേധം ശുഭസൂചകമാണ്.  ഇന്ത്യയിലെ എഴുത്തുകാര്‍ ബഹുസ്വരതയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്നുവെന്നത് വലിയ കാര്യമാണ്. പുരസ്കാരം തിരിച്ചുനല്‍കിയ എഴുത്തുകാര്‍ക്കൊപ്പമാണ് ഞാന്‍.

നിങ്ങള്‍ ഇപ്പോള്‍ അമേരിക്കയിലാണ് താമസം. അനാഥത്വത്തെ നിങ്ങള്‍ ഇപ്പോള്‍ മറികടന്നിട്ടുണ്ടോ? ഇന്ത്യയിലേക്ക് മടങ്ങുമോ?
ഇന്ത്യ എന്‍െറ രണ്ടാം വീടാണ്. തിബത്തിലേക്ക് മടങ്ങുക എന്നതാണ് ആഗ്രഹം. അതു നടക്കില്ളെങ്കില്‍ ഇന്ത്യയില്‍ തങ്ങാനാണ് ഇഷ്ടം. എന്‍െറ പങ്കാളി ദക്ഷിണേന്ത്യക്കാരനാണ്. അദ്ദേഹം കൂടുതലും അമേരിക്കക്കാരനാണ് (ചിരി). അവിടെ ജനിച്ചു വളര്‍ന്നതിനാല്‍. പക്ഷേ, ഞാന്‍ കൂടുതലും ഇന്ത്യക്കാരിയാണ്. പണമുണ്ടാക്കുക എന്നതല്ല എന്‍െറ ലക്ഷ്യം. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ വന്ന് സ്ഥിരതാമസമാക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.


തിബത്തന്‍ കവിത

ഓര്‍മിക്കുന്നതുപോലെ


സെറിങ് വാങ്മോ ധോംപ

ഋതുക്കള്‍ എന്നെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന്
ഞാന്‍ മനസ്സിലാക്കിത്തുടങ്ങുന്നതേയുള്ളൂ.
ശിശിരം. തെരുവുമനുഷ്യരെ മഞ്ഞ് അച്ചടക്കത്തിലേക്ക്
പ്രഹരിക്കുന്നു.
നന്നായി അണിഞ്ഞ കിന്നരിഷൂസും നൈലോണ്‍ കാലുറകളുമായി
പുറത്തേക്കിറങ്ങുന്നവരെ അമ്മമാര്‍ എങ്ങനെയൊക്കെയോ പിടിച്ചുവെക്കുന്നു
ഇതാണ്് ഞാന്‍ വര്‍ഷങ്ങള്‍ എണ്ണുന്ന രീതി: തണുപ്പുകാലത്ത് ഞങ്ങള്‍ തീകൂട്ടി
ഗ്രീഷ്മം തുടച്ചുമാറ്റി, കാരണം ഞങ്ങള്‍ മറ്റൊരിടത്തായിരുന്നു.
നിനക്ക് അഞ്ചുവയസ്സായെന്ന് 1971ല്‍ എന്നോടു പറഞ്ഞു
ജനനരേഖ പറയുന്നത് 1969 എന്നാണെങ്കിലും.
മുതിര്‍ന്നവര്‍ വിരലുകളില്‍ എണ്ണും
അവരങ്ങനെ നീണ്ട കാലം ചെയ്തിരുന്നു.
ഇത് ശൈത്യകാലമാണ്, പക്ഷേ അവര്‍ ജനിച്ചുവീണ ശൈത്യമായിരുന്നില്ല ഇത്.
കൈകൊണ്ടുതുന്നിയ കമ്പിളിക്കുപ്പായമാണ് അവര്‍ അണിഞ്ഞിരുന്നത്.
ഞാന്‍ അണിഞ്ഞത്
അഭയാര്‍ഥികള്‍ക്ക് ജനിക്കുന്ന കുട്ടികളണിയുന്ന
മേല്‍ക്കുപ്പായമായിരുന്നു.
ഞാനവര്‍ക്കൊപ്പമായിരുന്ന കാലം
ഓര്‍ക്കുന്നതായി എനിക്ക് പറയാനാവില്ല.
എന്നോട് പറഞ്ഞതാണ്
ഞാന്‍ ഓര്‍മിക്കുന്നത്.
ഞങ്ങളെപ്പറ്റിയുള്ള കഥയുടെ കൃത്യതയല്ല കാര്യം
അത് പറയാന്‍ ആരുണ്ട് എന്നതാണ്.

മൊഴിമാറ്റം:
ആര്‍.കെ. ബിജുരാജ്


മാധ്യമം ആഴ്ചപ്പതിപ്പ് 2015 നവംബര്‍ 30

‘ഞങ്ങളുടേത് ദരിദ്രരുടെയും ദലിതരുടെയും രാഷ്ട്രീയസമരം’


വായ്പാകെണിയില്‍പെട്ട് കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടിവരുന്ന
നിസ്സഹായരായ ജനങ്ങളുടെ സമരത്തിന് നേതൃത്വം നല്‍കുന്ന ‘ബ്ളേഡ്-ബാങ്ക് ജപ്തി
വിരുദ്ധ സമിതി’ പ്രസിഡന്‍റും ‘പോരാട്ടം’ സംസ്ഥാന കണ്‍വീനറുമായ പി.ജെ. മാനുവല്‍
തങ്ങള്‍ നടത്തുന്നത് കേവലം സാമ്പത്തികസമരമല്ളെന്ന് വ്യക്തമാക്കുന്നു.‘ഞങ്ങളുടേത് ദരിദ്രരുടെയും 
ദലിതരുടെയും രാഷ്ട്രീയസമരം’

പി.ജെ. മാനുവല്‍\ആര്‍.കെ. ബിജുരാജ്


ജനകീയസമരങ്ങളിലെ ഉജ്ജ്വലനായ പോരാളിയും നേതാവുമാണ് കൊച്ചി സ്വദേശിയായ മാണിക്കുട്ടി എന്ന പി.ജെ. മാനുവല്‍. എറണാകുളത്ത് വായ്പാതട്ടിപ്പില്‍\കെണിയില്‍ പെട്ട് തെരുവിലിറങ്ങേണ്ടിവരുന്ന അടിസ്ഥാന വര്‍ഗ-ജാതി വിഭാഗങ്ങളുടെ സമരത്തിന് ബ്ളേഡ്-ബാങ്ക് ജപ്തി വിരുദ്ധ സമിതി രൂപവത്കരിച്ച് നേതൃത്വം കൊടുക്കുന്നത് അദ്ദേഹമാണ്. മൂന്നു പതിറ്റാണ്ടായി വിവിധ സമരങ്ങളുടെ മുന്‍നിരയിലാണ് ഹൈകോടതി മുന്‍ അഭിഭാഷകനും ‘പോരാട്ടം’ സംസ്ഥാന കണ്‍വീനറുമായ മാനുവല്‍ നിലകൊള്ളുന്നത്. ആദിവാസികളുടെയും ദലിതരുടെയും പോരാട്ടങ്ങള്‍, വയനാട്ടിലുള്‍പ്പെടെ ബ്ളേഡ് പലിശക്കാര്‍ക്കെതിരായ മുന്നേറ്റം, നൈനാംകോണം ഭൂപ്രക്ഷോഭം തുടങ്ങിയ വിവിധ ജനകീയപ്രതിഷേധങ്ങള്‍ക്ക് നേതൃത്വംകൊടുത്തു. എറണാകുളം തമ്മനത്ത് ഗുണ്ടകള്‍ക്കെതിരെ ജനജാഗ്രതാ പോരാട്ടം നടത്തിയതിന്‍െറ ഭാഗമായി രാഷ്ട്രീയ പിന്തുണയുള്ള ഗുണ്ടകള്‍ 1999ല്‍ മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചു. റിലയന്‍സിനെതിരെ നടത്തിയ പ്രതിഷേധത്തിനുള്‍പ്പെടെ പലതവണ ജയില്‍വാസം അനുഭവിക്കുകയും പൊലീസ് മര്‍ദനമേല്‍ക്കുകയും ചെയ്തു. പൊലീസ് പലതവണ കള്ളക്കേസില്‍ കുടുക്കി. എങ്കിലും ജനകീയ വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം മുന്നോട്ടുപോകുന്നു. കാക്കനാട്ടെ ‘കണ്ണുകെട്ടി സമര’വേദിയില്‍നിന്ന് മാനുവല്‍ സംസാരിക്കുന്നു:

‘കണ്ണുകെട്ടി സമര’ത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?
രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി വളരെ മുന്നേ തന്നെ സര്‍ഫാസി നിയമത്തിന്‍െറ ദോഷങ്ങളെയും അത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വരുത്താന്‍ പോകുന്ന ഗുരുതരഫലങ്ങളെയും പറ്റി ബോധവാനായിരുന്നു. എന്നാല്‍, സമരത്തിലേക്ക് വരുന്നതിന് കാരണങ്ങളിലൊന്ന് കാക്കനാട്ടെ സി.ഐ.ടി.യു തൊഴിലാളിയായ ബാബുവിന്‍െറ അനുഭവമാണ്. മകളുടെ വിവാഹ ആവശ്യത്തിന് നാലു ലക്ഷം രൂപ ആവശ്യമായി വന്ന അദ്ദേഹത്തെ ലോണ്‍മാഫിയ വഞ്ചിച്ചു. ബാബുവിന്‍െറ ആധാരം ഈടുവെച്ച് അവര്‍ 25 ലക്ഷം തട്ടി. ഒടുവില്‍ ജപ്തിഭീഷണിയിലായ ബാബുവിനെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. സി.ഐ.ടിയുവും സി.പി.എമ്മും മുഖംതിരിച്ചു. ഞങ്ങള്‍ വിഷയത്തില്‍ ഇടപെട്ട് ജനത്തെ അണിനിരത്തി ജപ്തി തടഞ്ഞു. ആ ഘട്ടത്തില്‍ ഇത് ബാബുവിന്‍െറ മാത്രം പ്രശ്നമല്ളെന്ന് മനസ്സിലായി. വൈപ്പിന്‍, പനമ്പുകാട് ഭാഗത്ത് ഇത്തരം തട്ടിപ്പിനിരയായി കിടപ്പാടം ജപ്തി ചെയ്യപ്പെട്ടവരും ജപ്തിഭീഷണി നേരിടുന്ന നിരവധി കുടുംബങ്ങളും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. അവര്‍ ഒന്നിച്ചു. അത് പതിയെ ജനകീയസമരമായി വികസിച്ചു.

സര്‍ഫാസി കേന്ദ്ര നിയമമാണ്. അതിനെതിരെ നടക്കേണ്ടത് അഖിലേന്ത്യാ തലത്തിലെ പ്രക്ഷോഭമാണ്?
സത്യമാണ്. സര്‍ഫാസി നിയമം കേന്ദ്ര തലത്തിലേ പിന്‍വലിക്കാനാവൂ. നിയമം പിന്‍വലിക്കണമെന്നുതന്നെയാണ് ആവശ്യം. പക്ഷേ, അതല്ല ഞങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. ആരുടെയും കിടപ്പാടം നഷ്ടപ്പെടരുത്. ആ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. തട്ടിപ്പിനിരയായവരെ കടബാധ്യതയില്‍നിന്ന് ഒഴിവാക്കി കിടപ്പാടവും പ്രമാണങ്ങളും തിരികെ നല്‍കുക, ലോണ്‍ മാഫിയക്ക് ശിക്ഷ ഉറപ്പാക്കുകയും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യുക, വായ്പാ തട്ടിപ്പ് നടത്തിയ കേസുകളില്‍ സര്‍ഫാസി നിയമം പ്രയോഗിക്കാതിരിക്കുക തുടങ്ങിയവയാണ് ഇപ്പോള്‍ മുദ്രാവാക്യമായി ഉന്നയിക്കുന്നത്. അത് സംസ്ഥാന തലത്തിലോ ജില്ലാതലത്തിലോ ഒക്കെ ഭരണകൂടത്തിന് ചെയ്യാം. ഇവിടെ നടക്കുന്ന വഞ്ചനയും തട്ടിപ്പും ഭരണകൂടത്തിന് അറിയാത്തതല്ല. 2009ല്‍ തന്നെ വൈപ്പിന്‍ മേഖലയില്‍ ദലിതരെ വഞ്ചിച്ച് കിടപ്പാടം തട്ടിയെടുക്കുന്നത് ഞങ്ങള്‍ ബോധ്യപ്പെടുത്തിയതാണ്. പക്ഷേ, ഭരണകൂടം അനീതിക്കുനേരെ കണ്ണടച്ചിരിക്കുകയാണ്. അതില്‍ പ്രതിഷേധിച്ച് ഭരണവര്‍ഗത്തോട് കണ്ണുതുറക്കാനാണ് ഞങ്ങളുടെ കണ്ണുകെട്ടിയ പ്രതീകാത്മകസമരം ആവശ്യപ്പെടുന്നത്.

വലിയൊരു ബഹുജനമുന്നേറ്റമായോ, സംസ്ഥാനതലത്തിലേക്കോ സമരം ഇതുവരെ വികസിച്ചിട്ടില്ല. എന്താണ് അതിന് തടസ്സം?

സംസ്ഥാനതല സമരമായി മാറാത്തതിന് പല കാരണങ്ങളുണ്ട്. അതില്‍ ആദ്യത്തേത് ജനങ്ങളിലെ അവബോധമില്ലായ്മയാണ്. കേരളീയരില്‍ നല്ല പങ്കും ഏതെങ്കിലും വായ്പ എടുത്തവരാണെങ്കിലും അവര്‍ക്ക് സര്‍ഫാസി എന്ന നിയമത്തെപ്പറ്റി അറിയുകപോലുമില്ല. നിയമസഭാ മാര്‍ച്ച് നടത്തിയതിന്‍െറ ഭാഗമായി ഞങ്ങള്‍ എം.എല്‍.എമാരെ കണ്ടിരുന്നു. രണ്ടു എം.എല്‍.എമാര്‍ക്ക് മാത്രമാണ് സര്‍ഫാസി നിയമം എന്താണെന്ന് അറിയാവുന്നത്. ഇതൊരു വലിയ പ്രശ്നമാണ്. ജനങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുക എന്ന പ്രശ്നമാണ് ഇപ്പോള്‍ ഞങ്ങള്‍ക്കു മുന്നിലെ അടിയന്തര പ്രശ്നം. വിവിധ ജനകീയ സമരങ്ങള്‍ ഏറ്റെടുത്തവര്‍ക്കും സര്‍ഫാസി നിയമത്തെപ്പറ്റി വലിയ ധാരണയില്ല. അതിനെക്കാള്‍ ജനങ്ങളുടെ വിഭവം പരിമിതമാണ്. ഞാനുദ്ദേശിക്കുന്നത് ഉയര്‍ന്ന രാഷ്ട്രീയബോധമുള്ള സമര്‍പ്പിതരായ ആക്ടിവിസ്റ്റുകളുടെ അഭാവമാണ്. മാധ്യമങ്ങളാകട്ടെ വലിയ രീതിയില്‍ പ്രശ്നം ഏറ്റെടുത്തിട്ടുമില്ല. ഇങ്ങനെ പലതരത്തിലുള്ള വെല്ലുവിളികളാണ് സമരം നേരിടുന്നത്. ഇത് ഞങ്ങളുടെ സമരം മാത്രം നേരിടുന്ന പ്രശ്നമല്ല.

സമരത്തിന്‍െറ രാഷ്ട്രീയ പ്രാധാന്യത്തെ സ്വയം എങ്ങനെ വിലയിരുത്തും?

ഇത് വായ്പ എടുത്തവരുടെ പ്രശ്നമല്ല. ബാങ്കുകളുടെ കൊള്ള, ലോണ്‍ മാഫിയകളുടെ വഞ്ചന, ഭൂമി തട്ടിയെടുക്കല്‍, ഭരണവര്‍ഗങ്ങളുടെ സമീപനം എന്നിങ്ങനെ വിവിധ തലമുണ്ട്. കുടിയിറക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും ദലിതരാണെന്നറിയാം. ഞങ്ങള്‍ നടത്തുന്നത് കേവലം സാമ്പത്തിക സമരമല്ല. സമരത്തിലേര്‍പ്പെട്ടവരുടെ സാമ്പത്തിക നേട്ടത്തിന്‍െറ തലംമാത്രമല്ല ഇതിനുള്ളത്, കിടപ്പാടത്തിന്‍െറയും ഭൂമിയുടെയും പ്രശ്നമാണ്. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചുപിടിക്കണം. ഭൂമി പിടിച്ചെടുക്കല്‍ രാഷ്ട്രീയ അധികാരത്തിന്‍െറ പ്രശ്നമാണ്. അതായത് ഞങ്ങള്‍ നടത്തുന്നത് ദരിദ്രരുടെയും ദലിതരുടെയും രാഷ്ട്രീയസമരമാണെന്ന് ചുരുക്കം. രാഷ്ട്രീയസമരത്തിന്‍െറ മാനങ്ങള്‍ ആദ്യംമുതലേ സമരത്തില്‍ അടങ്ങിയിരിക്കുന്നു.

ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ‘കണ്ണുകെട്ടി സമര’ത്തിന് ചില പരിമിതികള്‍ ഉണ്ട് എന്ന് താങ്കള്‍ക്ക് മനസ്സിലാകും. അനിശ്ചിതമായി സമരം ഇങ്ങനെ തുടരാനാവില്ല..?
കണ്ണുകെട്ടി സമരം ആത്യന്തിക സമരരൂപമല്ല. നിയമസഭാ മാര്‍ച്ച്, ധര്‍ണകള്‍, ജപ്തിതടയല്‍ തുടങ്ങിയ വിവിധ സമരങ്ങള്‍ ഞങ്ങള്‍ മുമ്പ് ചെയ്തത് അറിയാമല്ളോ. ഇത് അതിന്‍െറ തുടര്‍ച്ചയാണ്. എന്നാല്‍, ഇപ്പോഴും ഞങ്ങള്‍ സമരത്തിന്‍െറ ആദ്യ ചുവടുകളിലാണ്. പ്രതിരോധത്തിന്‍െറ ചിത്രമെഴുത്താണിത്. കാന്‍വാസില്‍ ബ്രഷുകൊണ്ട് ആദ്യ വരകള്‍ വരക്കാന്‍ തുടങ്ങുന്നു എന്നു മനസ്സിലാക്കിയാല്‍ മതി. കൂടുതല്‍ ജനങ്ങളെ അണിനിരത്തി, വിപുലമായ അടിത്തറയില്‍ സര്‍ഫാസി നിയമം പിന്‍വലിപ്പിക്കുന്നതിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.

എതിര്‍പക്ഷത്ത് ബ്ളേഡ് -മാഫിയ സംഘങ്ങളാണ്. സമരത്തിന് ഭീഷണിയുണ്ടോ?
സമരത്തിന്‍െറ എതിര്‍പക്ഷത്തുള്ളവര്‍ നേരിട്ട് ഭീഷണിയുമായി വന്നിട്ടില്ല. ഒളിഞ്ഞാണ് നീക്കം. അവര്‍ അനീതി ചെയ്തിരിക്കുന്നു. അവര്‍ക്കതിനിയും തുടരണം. അതിനാല്‍തന്നെ എതിര്‍ത്തു രംഗത്തുവരില്ല. ജനാഭിപ്രായം തങ്ങള്‍ക്കെതിരാണെന്നവര്‍ക്ക് അറിയാം. അതിനാല്‍ നിശ്ശബ്ദരായി ഇരിക്കുകയാണ്. അവസരം കിട്ടിയാല്‍ അവര്‍ ആഞ്ഞടിക്കും.ഡി.ആര്‍.ടി ഓഫിസിനു മുന്നിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റത് വി.എസ്. അച്യുതാനന്ദനായിരുന്നു. അവസാനനിമിഷം അദ്ദേഹം പിന്മാറി. എന്തായിരുന്നു കാരണം?
സര്‍ഫാസി നിയമത്തെയും കിടപ്പാടം നഷ്ടപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ ഞങ്ങള്‍ അച്യുതാനന്ദനെ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു. വരാമെന്ന് അദ്ദേഹം സമ്മതിച്ചു. സമരം കൂടുതല്‍ ബഹുജന അടിത്തറയിലേക്ക് വികസിക്കണമെന്ന് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍, പിന്നീട് ‘പോരാട്ട’ത്തിന്‍െറ സമരമാണെന്നും ‘പോരാട്ടം’ നേതാക്കളാരും വേദിയിലുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നെ അവസാന നിമിഷം വരുന്നില്ളെന്ന് അറിയിച്ചു. ജില്ലയിലെ സി.പി.എം നേതാക്കള്‍ ഞങ്ങളുടേത് മാവോവാദി സമരമാണെന്ന് പറഞ്ഞു ഫലിപ്പിച്ചതാണ് അച്യുതാനന്ദന്‍െറ പിന്മാറ്റ കാരണം. അതുവഴി രണ്ടുകാര്യം വ്യക്തമാണ്: ജനകീയ സമരങ്ങളില്‍ ഉപാധികളോടെയേ അദ്ദേഹത്തിന് പങ്കെടുക്കാനാവൂ. രണ്ട്, സി.പി.എം നേതൃത്വത്തിന് ജനകീയ സമരം ഏറ്റെടുക്കാനാവില്ളെന്ന് മാത്രമല്ല, കഴിയുന്നത്ര തുരങ്കംവെക്കാനും ശ്രമിക്കും. ഇതില്‍ അദ്ഭുതത്തിന് ഇടയില്ല.

സമരം മാവോവാദികളുടേതാണ് എന്ന് പ്രചരിപ്പിച്ച് ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നാണോ അര്‍ഥം? 
അത് തുടക്കംമുതലേയുണ്ട്. ഏതൊരു സമരത്തെയും ഒറ്റപ്പെടുത്താനും അടിച്ചമര്‍ത്താനും എളുപ്പവഴി മാവോവാദിബന്ധം ആരോപിക്കലാണ്. മാവോവാദം രാഷ്ട്രീയ അപരാധമാണെന്നൊന്നും ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍, ഇവിടെ നടക്കുന്നത് മാവോവാദിസമരമല്ല. ഇത് തീര്‍ത്തും ജനകീയ സമരമാണ്. വ്യക്തിപരമായി ഞാനുള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയനിലപാടുകള്‍ നടപ്പാക്കാനല്ല ശ്രമം. ഇത്് ദരിദ്രരുടെയും ദലിതരുടെയും നിലനില്‍പിനായുള്ള സമരമാണ്. കിടപ്പാടം നഷ്ടപ്പെട്ട്, തെരുവിലിറങ്ങാതിരിക്കാനുള്ള അവരുടെ ചെറുത്തുനില്‍പ്. അതില്‍നിന്ന് മാറിനില്‍ക്കാന്‍ ഒരു മനുഷ്യസ്നേഹിക്കും കഴിയില്ല. മാവോവാദികളെന്നും മറ്റും വിളിച്ച് സമരത്തെ അടിച്ചമര്‍ത്താനും ഒറ്റപ്പെടുത്താനും ശ്രമിക്കുന്നവര്‍ ജനങ്ങളുടെ എതിര്‍പക്ഷത്താണ് നിലകൊള്ളുന്നത്.

കിടപ്പാടം നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കുന്നതിനും ജപ്തി തടയുന്നതിലും ബലപ്രയോഗത്തിന്‍െറ പ്രശ്നമില്ളേ..?
ഉണ്ട്. കിടപ്പാടം നഷ്ടപ്പെട്ടവര്‍ അത് തിരിച്ചുപിടിക്കാന്‍ നടത്തുന്ന ബലപ്രയോഗം ന്യായമാണ്. മര്‍ദിതരുടെ ബലപ്രയോഗം എല്ലാ അര്‍ഥത്തിലും ശരിയാണ്. ഞങ്ങള്‍ ശ്രമിക്കുന്നത് കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ ജപ്തിനടപടികളെ ജനത്തെ അണിനിരത്തി തടയുക എന്നതാണ്. ജപ്തി ചെയ്യപ്പെട്ട കിടപ്പാടം ജനങ്ങളെ അണിനിരത്തി തിരിച്ചുപിടിക്കുന്നു. അത് ഞങ്ങള്‍ക്ക് ചെയ്യാതിരിക്കാനാവില്ല. കാരണം, ഞങ്ങള്‍ സമരം തുടങ്ങിയശേഷം ആരും എറണാകുളം ജില്ലയിലെ ഞങ്ങളുടെ മേഖലയില്‍ തെരുവിലിറക്കപ്പെട്ടിട്ടില്ല. മാത്രമല്ല, സമരം തുടങ്ങുന്നതിന് മുമ്പ് ജപ്തിചെയ്യപ്പെട്ട ചില കിടപ്പാടം ഞങ്ങള്‍ തിരിച്ചുപിടിക്കുകയും ചെയ്തു. അതാണ് ഞങ്ങളുടെ സമരത്തിന്‍െറ പ്രാധാന്യം. സ്വന്തം കിടപ്പാടങ്ങളില്‍നിന്ന് ആരും തെരുവിലേക്കിറക്കപ്പെടരുത്. അതിന് സമരം ചെയ്യുകയല്ലാതെ മറ്റൊരു വഴി ശേഷിക്കുന്നില്ല.
രാഷ്ട്രീയ പ്രവര്‍ത്തകരെ ഭരണകൂടം നിരന്തരം വേട്ടയാടുന്നു എന്ന് ‘പോരാട്ടം’ തന്നെ വിലയിരുത്തുന്ന കാലമാണിത്. നിങ്ങള്‍ ഈ സമരത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. സംസ്ഥാനതലത്തില്‍ ‘പോരാട്ട’ത്തിന്‍െറ പ്രവര്‍ത്തനം മന്ദീഭവിച്ചിട്ടുണ്ടോ?
നേരത്തേ സൂചിപ്പിച്ചതുപോലെ ആത്മനിഷ്ഠഘടകങ്ങള്‍ എന്നു വിളിക്കാവുന്ന ആക്ടിവിസ്റ്റുകളുടെ അഭാവം ശക്തമായിട്ടുണ്ട്. വ്യക്തിപരമായി എനിക്ക് ഇവിടെ കേന്ദ്രീകരിക്കേണ്ടിവരുന്നത് സംസ്ഥാനതല പ്രവര്‍ത്തനത്തെ ചിലരീതിയില്‍ ബാധിച്ചിട്ടുണ്ടെന്ന് അറിയാം. പക്ഷേ, കിടപ്പാടം നഷ്ടപ്പെടുന്നവര്‍ തെരുവിലിറങ്ങട്ടെ, ഞങ്ങള്‍ വേറെ സമരം നയിക്കാം എന്ന സമീപനം തെറ്റാണ്. മര്‍ദിതര്‍ക്കൊപ്പം, അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കൊപ്പം നിലകൊള്ളുക എന്നതാണ് ശരിയായ നിലപാട്. അതുതന്നെയാണ് പോരാട്ടം.
l

ഈ അതിജീവന സമരം കണ്ടില്ളെന്ന് നടിക്കരുത്

ഈ അതിജീവന സമരം കണ്ടില്ളെന്ന് നടിക്കരുത്

കോടതിയുടെയോ മറ്റു സംവിധാനങ്ങളുടെയോ സഹകരണമില്ലാതെ
ബാങ്കുകള്‍ക്ക് നേരിട്ട് കിടപ്പാടം ജപ്തിചെയ്യാം. കേരളത്തില്‍ കിടപ്പാടം
നഷ്ടപ്പെട്ടവരും ജപ്തി നടപടി നേരിടുന്നവരും നൂറുകണക്കിനാണ്.
ദരിദ്രരും ദലിതരും നിസ്സഹായരുമായ മനുഷ്യര്‍. കഴിഞ്ഞ എഴുപത്
ദിവസമായി ഒരു കൂട്ടം നിസ്സഹായര്‍ എറണാകുളത്ത് അതിജീവന
പോരാട്ടത്തിലാണ്. ഇവര്‍ നടത്തുന്ന ‘കണ്ണുകെട്ടി സമര’ത്തെ കേരളം
കണ്ട ഭാവം നടിച്ചിട്ടില്ല. ബാങ്കുകള്‍ക്ക് നേരിട്ട് സ്വത്ത്് പിടിച്ചെടുക്കാന്‍
പരമാധികാരം നല്‍കുന്ന സര്‍ഫാസി നിയമത്തിന്‍െറ മറവില്‍
നടക്കുന്നത് ഞെട്ടിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളാണ്.ഈ അതിജീവന സമരം കണ്ടില്ളെന്ന് നടിക്കരുത്


ആര്‍.കെ. ബിജുരാജ്
ഇതൊരു കഥയാണെന്നുതന്നെ കരുതുക:
കൊച്ചിയിലെ ‘ബി’ എന്നയാള്‍ പ്രമുഖ പൊതുമേഖലാ ബാങ്കില്‍നിന്ന് അഞ്ചുലക്ഷം രൂപ കടമെടുക്കുന്നു. 20 ലക്ഷം മാര്‍ക്കറ്റ് വിലവരുന്ന സ്ഥലം ഈടുനല്‍കിയാണ് മകളുടെ വിവാഹത്തിന് വായ്പയെടുത്തത്. അപ്രതീക്ഷിത കാരണങ്ങളാല്‍ തുടര്‍ച്ചയായ മൂന്നു വായ്പാ ഗഡുക്കള്‍ അടയ്ക്കാനാവുന്നില്ല. ഒരു ദിവസം ബാങ്കില്‍നിന്ന് വിളിച്ച് നിങ്ങളുടെ കടം ഇനി ഏഴുലക്ഷം ബാക്കിയുണ്ടെന്നും ഉടനെ തിരിച്ചടയ്ക്കണമെന്നും അറിയിക്കുന്നു. ഇല്ളെങ്കില്‍ ഞങ്ങള്‍ മഹാരാഷ്ട്രയിലെ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് (എ.ആര്‍.സി) വായ്പ വില്‍ക്കുമെന്നും പിന്നത്തെ കാര്യം എന്താണെന്ന് പറയേണ്ടല്ളോ എന്നും ഭീഷണിപ്പെടുത്തുന്നു. അടുത്ത ദിവസംതന്നെ ഇക്കാര്യം വ്യക്തമാക്കുന്ന നോട്ടീസ് ബാങ്കില്‍നിന്ന് ലഭിക്കുന്നു. ബി പണം തിരിച്ചടയ്ക്കാന്‍ കഴിയുന്നവിധത്തിലെല്ലാം ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒന്നരമാസത്തിന് ശേഷം വേറെ ചിലര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നു. ഞങ്ങള്‍ മഹാരാഷ്ട്രയിലെ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ആളുകളാണെന്നും കിടപ്പാടം ഒഴിഞ്ഞുപോകണമെന്നും ആജ്ഞ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കമ്പനിയുടെ ഗുണ്ടകള്‍ വീട്ടിലത്തെുന്നു. നിവൃത്തിയില്ലാതെ കമ്പനിയുടെ ഓഫിസില്‍ എത്തുമ്പോള്‍, ഒന്നുകില്‍ എട്ടു ലക്ഷം ഇപ്പോള്‍ അടച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്നും അല്ളെങ്കില്‍ മഹാരാഷ്ട്രയിലെ കമ്പനി ആസ്ഥാനത്ത് ചെന്ന് കാര്യം പറഞ്ഞാല്‍ മതിയെന്നും അറിയിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെ ഒരു വസ്തുപോലും എടുക്കാന്‍ അനുവദിക്കാതെ കമ്പനി ഗുണ്ടകള്‍ ബിയെ പുറത്താക്കുന്നു. ബിയും രോഗിയായ ഭാര്യയും തെരുവില്‍.


ബിഎന്ന പേരിന്‍െറ സ്ഥാനത്ത് ആരുമാവാം. നിങ്ങളോ ബന്ധുവോ അയല്‍വാസിയോ ആരും. സാഹചര്യം അല്‍പസ്വല്‍പം വ്യത്യാസപ്പെടാം എന്നുമാത്രം. പക്ഷേ, മുകളില്‍ പറഞ്ഞത് കഥയല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇപ്പോള്‍ നടക്കുന്നതും നടക്കാന്‍ പോകുന്നതുമായ യാഥാര്‍ഥ്യമാണ്. നമ്മള്‍ വലിയ രീതിയില്‍ ഇതേപ്പറ്റി ചര്‍ച്ചചെയ്തിട്ടില്ളെന്നു മാത്രം. കോടതിയുടെയോ മറ്റു സംവിധാനങ്ങളുടെയോ സഹകരണം ആവശ്യമില്ലാതെ ബാങ്കുകള്‍ക്ക് നേരിട്ട് കിടപ്പാടം ജപ്തി ചെയ്യാവുന്ന നിയമത്തിന്‍െറയും വ്യവസ്ഥയുടെയും കുരുക്കിലാണ് കൂടിയോ കുറഞ്ഞോ അളവില്‍ നമ്മളെല്ലാം. ഇത്തരത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവരും ജപ്തി നടപടി നേരിടുന്നവരുമായ നൂറുകണക്കിന് പേരെ പ്രതിനിധാനംചെയ്ത്, ഒരു കൂട്ടം നിസ്സഹായര്‍ എറണാകുളത്ത് അതിജീവന പോരാട്ടത്തിലാണ്. ആഗസ്റ്റ് പത്തു മുതല്‍ കാക്കനാട് കലക്ടറേറ്റിന് മുന്നില്‍, ‘ബ്ളേഡ്-ബാങ്ക് ജപ്തി വിരുദ്ധ സമിതി’ നേതൃത്വത്തില്‍ ആരംഭിച്ചസമരം 70 ദിവസം പിന്നിട്ടിരിക്കുന്നു. ഇരകള്‍ നടത്തുന്ന ‘കണ്ണുകെട്ടി സമര’ത്തെ കേരളം കണ്ട ഭാവം നടിച്ചിട്ടില്ല. കണ്ടില്ളെന്ന് നടിക്കാം. പക്ഷേ, സമരത്തെ അവഗണിക്കാനാവില്ല. കാരണം, കേരളത്തിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും വായ്പ എടുത്തവരാണ്. അടുത്തിടെ പുറത്തുവന്ന സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം ആളോഹരി കടമുള്ളത് മലയാളിക്കാണ്. നേര്‍പകുതി മലയാളി കുടുംബങ്ങള്‍ കടക്കാരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആ അര്‍ഥത്തില്‍തന്നെ ഈ സമരം വായ്പ എടുത്ത ഏതൊരാളെയും പ്രതിനിധാനംചെയ്യുന്നുണ്ട്. കാക്കനാട്ട് സമരം നടത്തുന്ന 33 കുടുംബങ്ങള്‍ എല്ലാംതന്നെ ദരിദ്രരാണ്. അതില്‍ നല്ല പങ്കും ദലിതരുമാണ്. ഇതില്‍ പനമ്പുകാട് ദ്വീപില്‍ തട്ടിപ്പിനിരയായി കിടപ്പാടം നഷ്ടപ്പെട്ട 11 കുടുംബങ്ങളുമുണ്ട്. ബാങ്കും ലോണ്‍ മാഫിയകളും വായ്പാ തട്ടിപ്പിനിരയാക്കി, ദരിദ്ര- ദലിത് കുടുംബങ്ങളെ തെരുവില്‍ തള്ളുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നാണ് സമരത്തിന്‍െറ മുഖ്യ ആവശ്യം.

ലോണ്‍ മാഫിയാ സംഘങ്ങളുടെ വഞ്ചന
കേരളത്തില്‍ വസ്തു ഈടിന്മേല്‍ വായ്പ സംഘടിപ്പിച്ച് നല്‍കുന്ന ലോണ്‍മാഫിയയുടെയും ഇടനിലക്കാരുടെയും വിപുലശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ എങ്ങനെ തട്ടിപ്പ് നടത്തുന്നു എന്നറിയാന്‍ എറണാകുളം ജില്ലയിലെ വല്ലാര്‍പാടം പനമ്പുകാട് സ്വദേശി വി.എ. സുശീലയുടെ അനുഭവം ധാരാളം. കിടപ്പാടം ജപ്തിക്കെതിരെ കണ്ണുകെട്ടി സമരം ചെയ്യുന്ന പ്രധാനപോരാളികളിലൊരാളാണ്് ഈ ദരിദ്ര വീട്ടമ്മ. 66 വയസ്സ്. ദലിത. കണ്ണ് ശസ്ത്രക്രിയക്ക് അടിയന്തരമായി 50,000 രൂപ ആവശ്യമായി വന്നു. ആകെയുള്ള കിടപ്പാടം പണയപ്പെടുത്തി പൊതുമേഖലാ ബാങ്കില്‍നിന്ന് വായ്പയെടുക്കാന്‍ ശ്രമിച്ചു. ഒമ്പത് സെന്‍റില്‍ നിര്‍മിച്ച ഒറ്റ കെട്ടിടത്തില്‍ മൂന്ന് സെന്‍റില്‍ മാത്രമാണ് സുശീലക്ക് അവകാശം. വായ്പ നേരിട്ട് ശരിയാക്കിയെടുക്കാന്‍ കഴിയില്ളെന്ന് ബോധ്യമായ സുശീലയെ ‘ക്ളബ്ബിങ് ഏജന്‍സി’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ലോണ്‍ മാഫിയാ\ഇടനില സംഘം സമീപിച്ചു. അവര്‍ സുശീലക്ക് 50,000 രൂപ നല്‍കിയെങ്കിലും വായ്പക്ക് ഈടായി വസ്തു വിശ്വാസത്തീറ് തരണമെന്ന് ആവശ്യപ്പെട്ടു. പിരിവുകാരെ അയക്കാമെന്നും ദിവസം 100 രൂപ വീതം അടച്ചാല്‍ മതിയെന്നും വിശ്വസിപ്പിച്ചു. എന്നാല്‍, സുശീല അറിയാതെ ആധാരത്തിന്‍െറ ഈടിന്മേല്‍ 25 ലക്ഷം ഇടനിലക്കാര്‍ വായ്പയെടുത്തു. ഒരു ലക്ഷം രൂപ വരെ കൂലിവേല ചെയ്ത് സുശീല തിരിച്ചടച്ചു. ഇതിനിടയില്‍ 25 ലക്ഷം തിരിച്ചടച്ചില്ളെങ്കില്‍ കിടപ്പാടം ജപ്തി ചെയ്യുമെന്ന് കാണിച്ച് പത്രത്തില്‍ ബാങ്കിന്‍െറ പരസ്യം വന്നു. 25 ലക്ഷം താന്‍ കൈപ്പറ്റിയിട്ടില്ല എന്ന് ബാങ്ക് മാനേജരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തട്ടിപ്പിന് ബാങ്ക് മാനേജര്‍ കൂട്ടുനിന്നതായി സുശീല ആരോപിക്കുന്നു. ഒമ്പതു സെന്‍റും സുശീലയുടെ പേരിലാണെന്ന് ഇടനിലക്കാര്‍ പറഞ്ഞത് ബാങ്ക് എങ്ങനെ വിശ്വസിച്ചുവെന്നതാണ് ചോദ്യം. ഇതേ പുരയിടത്തില്‍തന്നെ താമസിച്ച അനുജനും ഗായകനുമായ പി.കെ. ഗോപിയുടെ വീട് കോണ്‍ക്രീറ്റ് ചെയ്യാന്‍ 50,000 കൊടുത്ത് ലോണ്‍ മാഫിയ പത്തു ലക്ഷവും തട്ടിയെടുത്തു. ഇതിന്‍െറ ആഘാതത്തില്‍ ഗോപി ഹൃദയസ്തംഭനംമൂലം മരിച്ചു. വി.യു. അഫ്സല്‍, എ.എല്‍. ബാബു, എസ്.പി. മണികണ്ഠന്‍ എന്നീ ലോണ്‍ മാഫിയക്കും ഇന്ത്യന്‍ ബാങ്ക് ഇടപ്പള്ളി ബ്രാഞ്ച് മാനേജര്‍ക്കുമെതിരായി മുളവുകാട് പൊലീസില്‍ സുശീല പരാതി നല്‍കിയിട്ടുണ്ട്. ‘സര്‍ഫാസി നിയമം’ ഉപയോഗിച്ചാണ്് ബാങ്ക് വീടും സ്ഥലവും ജപ്തി ചെയ്തത്. സുശീലയടക്കം നൂറുകണക്കിന് പേര്‍ എന്തുകൊണ്ട് ഇപ്പോള്‍ കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടിവരുന്നു എന്നറിയാന്‍ ആദ്യം പരിശോധിക്കേണ്ടത് സര്‍ഫാസി എന്ന ജനവിരുദ്ധനിയമത്തെയാണ്.
സര്‍ഫാസി നിയമം
എന്ന ചതി
കോടതി ഇടപെടലില്ലാതെ ബാങ്കുകള്‍ക്ക് നേരിട്ട് സ്വത്ത്് പിടിച്ചെടുക്കാന്‍ പരമാധികാരം നല്‍കുന്ന സര്‍ഫാസി നിയമത്തെപറ്റി പലരും കേട്ടിട്ടുപോലുമില്ല. വായ്പ എടുക്കുന്നവരോട് ഈ ചതിനിയമത്തെപ്പറ്റി ബാങ്കും പറഞ്ഞുനല്‍കാറില്ല. 2002ല്‍ വാജ്പേയി സര്‍ക്കാറാണ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ് ആന്‍ഡ് എന്‍ഫോഴ്സ്മെന്‍റ് ഓഫ് സെക്യൂരിറ്റി ഇന്‍ററസ്റ്റ് ആക്ട് (SARFAESI ACT) കൊണ്ടുവന്നത്. കൊള്ളയില്‍ അധിഷ്ഠിതമായ ആഗോളധന വിപണിക്ക് അനുസൃതമായിട്ടാണ് നിയമം പടച്ചുണ്ടാക്കിയത്. ലോക കമ്പോളത്തില്‍ മത്സരിക്കാനെന്ന മുഖവുരയോടെയാണ് നിയമം തുടങ്ങുന്നത്. ബാങ്കിങ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.
വായ്പ തിരിച്ചടയ്ക്കുന്നതില്‍ മൂന്നു ഗഡുക്കള്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയാല്‍ ഈടായി നല്‍കിയ വസ്തു ബാങ്കിന് നേരിട്ടു പിടിച്ചെടുക്കാനും വില്‍ക്കാനും നിയമം പരമാധികാരം നല്‍കുന്നു. ഈട് വസ്തു പിടിച്ചെടുക്കാന്‍ കോടതി ഉത്തരവ് വേണ്ട. വായ്പാ വസ്തുവില്‍ നോട്ടീസ് പതിച്ച് ബാങ്കിന് ഏറ്റെടുക്കാം. ഒരു ലക്ഷത്തില്‍ താഴെയുള്ള വസ്തു ഈട് നല്‍കാത്ത വായ്പക്കു മാത്രമാണ് നിയമം ബാധകമല്ലാത്തത്. തിരിച്ചടയ്ക്കേണ്ട തുക എടുത്ത വായ്പയുടെ ഇരുപതു ശതമാനത്തില്‍ താഴെയാണെങ്കിലും നിയമം ബാധകമാകില്ല.
ബാങ്ക് മാനേജര്‍മാര്‍ക്ക് സൂക്ഷ്മപരിശോധനയില്ലാതെ വന്‍തുക വായ്പ നല്‍കാനും നിയമം അനുവദിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയോ മൂന്നു ഗഡു തിരിച്ചടവോ കുടിശ്ശികയാകുന്നവര്‍ക്ക് നേരെ വായ്പാ കാലാവധി പരിഗണിക്കാതെ കടം നിഷ്ക്രിയ ആസ്തിയായി (Non-Performing Asset) പ്രഖ്യാപിച്ച് നടപടിയെടുക്കാന്‍ സര്‍ഫാസി നിയമം ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്നു.
കൃഷിഭൂമിക്ക് ജപ്തി ബാധകമല്ളെന്ന് വ്യവസ്ഥയുണ്ടെങ്കിലും അത് ബാങ്കുകള്‍ പരിഗണിക്കാറില്ല. കൃഷിഭൂമി ജപ്തി ചെയ്യരുതെന്നും കിടപ്പാടം ജപ്തി ചെയ്യാം എന്നും പറയുന്നതിലെ വൈരുധ്യം ആര്‍ക്കും വിഷയംപോലുമല്ല. ജനങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുമ്പോള്‍ സര്‍ഫാസി കേന്ദ്ര നിയമമാണെന്ന് പറഞ്ഞ് കൈകഴുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍, തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ അമര്‍ച്ച ചെയ്യാനും ജനത്തിന് അവരുടെ കിടപ്പാടം ഉറപ്പാക്കാനും സര്‍ക്കാറിനാണ് ബാധ്യത. ഒരു നിയമത്തിന്‍െറപേരിലും ആ ഉത്തരവാദിത്തത്തില്‍നിന്ന് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാവില്ല.
വായ്പക്കാരനില്‍നിന്ന് ഏറ്റെടുത്ത ഈടുവസ്തു ലേലത്തില്‍ വില്‍ക്കുക മാത്രമല്ല, നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ച സ്വത്തുക്കള്‍ വാങ്ങിച്ചെടുക്കാന്‍ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് (എ.ആര്‍.സി) രൂപംകൊടുക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ശരിക്കും ഗുണ്ടാസംഘത്തിന് തുല്യമാണ് എ.ആര്‍.സികളുടെ പ്രവര്‍ത്തനം. അവര്‍ സ്വന്തം നിലക്കുതന്നെ കിടപ്പാടത്തില്‍നിന്ന് വായ്പയെടുത്തയാളെ ഒഴിപ്പിക്കും. അതിന് ഭീഷണിയോ, മറ്റുതരത്തിലുള്ള ശാരീരിക ആക്രമണമോ നടത്തും. ശാരീരിക ആക്രമണത്തിന് നിയമത്തില്‍ വ്യവസ്ഥയില്ളെങ്കിലും. മുമ്പ് കോടതിമുഖേനയേ ജപ്തിയും ഏറ്റെടുക്കലും സാധ്യമാകുമായിരുന്നുള്ളൂ. അതിലൂടെ സാധാരണക്കാരുടെ നീതി കുറെയെങ്കിലും ഉറപ്പിക്കാമായിരുന്നു. ഇവിടെ കോടതിയും നീതിന്യായവുമെല്ലാം കടംനല്‍കിയ സ്ഥാപനം മാത്രമാണ്.
സര്‍ഫാസി നിയമമനുസരിച്ച് രൂപവത്കരിക്കപ്പെട്ട, റിസര്‍വ് ബാങ്ക് അംഗീകാരമുള്ള 14 അസറ്റ് റികണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ (എ.ആര്‍.സി) രാജ്യത്തുണ്ട്. റിലയന്‍സിന്‍േറതാണ് ഇതില്‍ പ്രമുഖം. ഇതില്‍ പത്ത് എണ്ണത്തിന്‍െറയും ആസ്ഥാനം മുംബൈയാണ്. മൂന്നെണ്ണം ഡല്‍ഹിയിലും ഒന്ന് ഹൈദരാബാദിലുമായി പ്രവര്‍ത്തിക്കുന്നു. എ.ആര്‍.സികള്‍ ബാങ്കുകളുടെ വായ്പ വാങ്ങുമ്പോള്‍ സുതാര്യവും പ്രാപ്യവുമായതിന്‍െറ അടിസ്ഥാനത്തിലും, മാര്‍ക്കറ്റ് ഘടകങ്ങള്‍ നിശ്ചയിക്കുന്ന വിലയ്ക്കുമാകണമെന്ന് ആര്‍.ബി.ഐ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു. കേരളത്തില്‍ വായ്പ എടുത്തു ഗഡുക്കള്‍ മുടങ്ങിയവര്‍ക്ക് ഇടപെടേണ്ടിവരുക മുംബൈയിലും ഡല്‍ഹിയിലുമുള്ള എ.ആര്‍.സികളോടാണ് എന്നതുതന്നെ സ്വാഭാവിക നീതിലംഘനമാണ്. ലളിതമായ യുക്തിവെച്ച് നോക്കിയാല്‍തന്നെ എ.ആര്‍.സി കള്‍ കൂലിത്തല്ലുകാരന്‍െറ റോളാണ് വഹിക്കുന്നത് എന്ന് വ്യക്തമാകും. നിങ്ങള്‍ 100 രൂപ ഒരാളില്‍നിന്ന് കടംവാങ്ങുന്നു. നിശ്ചിത കാലയളവിനുശേഷം നല്‍കാമെന്ന വാഗ്ദാനം എന്തുകൊണ്ടോ പാലിക്കപ്പെടുന്നില്ല. അതിനാല്‍ പണം കടം നല്‍കിയയാള്‍ മറ്റൊരാളില്‍നിന്ന് 75 രൂപ വാങ്ങിച്ച് 100 രൂപ നിങ്ങളില്‍നിന്ന് വാങ്ങിക്കാന്‍ പറയുന്നു. അയാള്‍ വന്ന് മര്‍ദിച്ച് പണം വീണ്ടെടുക്കുന്നു. എ.ആര്‍.സികള്‍ക്ക് പിന്നിലെ ഈ ക്രിമിനല്‍ യുക്തിതന്നെ ആരോഗ്യമുള്ള സമൂഹത്തിന് ആശാസ്യമല്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സാധാരണക്കാരുടെ ആസ്തികള്‍ മഹാരാഷ്ട്രയിലെ എ.ആര്‍.സിക്ക് വിറ്റത് 5000 കോടിക്കാണ്. ബാങ്കുകള്‍ക്ക് അമിതാധികാരം നല്‍കുന്ന സര്‍ഫാസി നിയമം ഇപ്പോള്‍ മണപ്പുറം, മുത്തൂറ്റ് പോലുള്ള ബാങ്കിങ്ങേതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും (NBFC)\ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍. ഇതിന്‍െറ പ്രത്യാഘാതം നിസ്സാരമായിരിക്കില്ല.നിയമത്തിന്‍െറ ഇരട്ടത്താപ്പ്
വായ്പകള്‍ തിരിച്ചടയ്ക്കാത്തതുമൂലം ബാങ്കുകളുടെ കിട്ടാക്കടം അല്ളെങ്കില്‍ നിഷ്ക്രിയ ആസ്തി (Non-Perfoming Asset) വര്‍ധിക്കുന്നു എന്നതാണ് സര്‍ഫാസി നിയമം കൊണ്ടുവരാന്‍ പറഞ്ഞ ഒരു ന്യായീകരണം. കിട്ടാക്കടം പെരുകുന്നു എന്നത് യാഥാര്‍ഥ്യമാണ്. അതിന് സാധാരണക്കാരല്ല ഉത്തരവാദികള്‍. 2015 ആഗസ്റ്റിലെ കണക്ക് പ്രകാരം ബാങ്കുകളുടെ കിട്ടാക്കടം ആറുലക്ഷം കോടിയാണെന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പരിശോധിച്ച പാര്‍ലമെന്‍റിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി വിലയിരുത്തിയിരുന്നു. എന്നാല്‍, കിട്ടാക്കടം തിരിച്ചുപിടിക്കുന്നതില്‍ കോര്‍പറേറ്റുകളോടും വിദ്യാഭ്യാസ ആവശ്യത്തിനടക്കം ചെറു വായ്പയെടുത്തവരോടും രണ്ടു തരം പരിഗണനയാണ് ബാങ്കുകള്‍ പുലര്‍ത്തുന്നത് എന്ന് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. തോമസ് തന്നെ വ്യക്തമാക്കി. ആകെ കുടിശ്ശിക തുകയുടെ ചെറിയ ശതമാനം മാത്രം എ.ആര്‍.സികളില്‍നിന്ന് വാങ്ങി അവര്‍ക്ക് പിഴപ്പലിശയും ചെലവും സഹിതം പിരിച്ചെടുക്കാനുള്ള അധികാരം കൈമാറുകയാണ് പൊതുമേഖലാ ബാങ്കുകളെന്നും കുറ്റപ്പെടുത്തലുണ്ടായി. സാധാരണക്കാര്‍ക്ക് ചെറിയ തുക വായ്പ കൊടുക്കുമ്പോള്‍ കര്‍ശന നിബന്ധന അടിച്ചേല്‍പിക്കുന്ന ബാങ്കുകള്‍ക്ക് കോടികള്‍ വായ്പയെടുക്കുന്നവരോട് മൃദുസമീപനമാണ്. മദ്യരാജാവും കിങ് ഫിഷര്‍ വിമാന കമ്പനി ഉടമയുമായ വിജയ് മല്യയെപ്പോലുള്ള വന്‍കിടക്കാരില്‍നിന്ന് പണം തിരിച്ചുപിടിക്കാന്‍ ഇത്തരം കാരണങ്ങളാല്‍ കഴിയുന്നില്ളെന്നും തിരിച്ചുപിടിക്കാന്‍ ശുഷ്കാന്തി പുലര്‍ത്തുന്നില്ളെന്നും കമ്മിറ്റി വിലയിരുത്തി. 2014 മാര്‍ച്ച് 31 വരെ 2.5 ലക്ഷം കോടിയുണ്ടായിരുന്ന കിട്ടാക്കടമാണ് ഒറ്റയടിക്ക് ആറുലക്ഷം കോടിയായി ഉയര്‍ന്നത്. പൊതുമേഖലാ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന കോടികളുടെ കിട്ടാക്കടത്തില്‍ ഭൂരിഭാഗവും വന്‍കിട കോര്‍പറേറ്റുകളുടേതാണ് എന്നതാണ് യാഥാര്‍ഥ്യം.
2014 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 24 പൊതുമേഖലാ ബാങ്കുകളില്‍ 406 അക്കൗണ്ടുകളിലെ മാത്രം കിട്ടാക്കടം 70,300 കോടി രൂപയാണ്. വിജയ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്‍െറ 2673 കോടി, വിന്‍സം ഡയമണ്ട് ആന്‍ഡ് ജ്യുവല്‍ കമ്പനിയുടെ 3156 കോടി, സൂം ഡെവലപ്പേഴ്സിന്‍െറ 1810 കോടി, സ്റ്റെര്‍ലിങ് ഗ്രൂപ്പിന്‍െറ 3672 കോടി എന്നിവ ഇതില്‍പെടും. 13 വര്‍ഷത്തിനകം പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് വമ്പന്മാരുടെ 2.04 ലക്ഷം കോടിയുടെ കിട്ടാക്കടമാണെന്നും അറിയണം. 172 കോര്‍പറേറ്റുകളില്‍നിന്ന് 37,000 കോടിയാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് കിട്ടാക്കടം. 2014 ജൂണിലെ കണക്ക് പ്രകാരം ഏഴു വര്‍ഷത്തിനുള്ളില്‍ ബാങ്കുകള്‍ കൊടുത്ത വ്യാജ വായ്പകള്‍ 4.95 ലക്ഷം കോടിയാണ്. കൂടാതെ അടുത്തിടെ വിദേശ കമ്പനികളുടെ 40,000 കോടി നികുതിബാധ്യത സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു. ഓഹരിവിപണിയിലെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിദേശ കമ്പനികളെ തൃപ്തിപ്പെടുത്താനാണ് തുക വേണ്ടെന്നുവെച്ചത്. 2013 വരെയുള്ള 14 വര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ കോര്‍പറേറ്റുകള്‍ക്കുവേണ്ടി എഴുതിത്തള്ളിയത് ഒരു ലക്ഷം കോടി രൂപയുടെ വായ്പയാണെന്ന് ബാങ്ക് മേധാവികളുടെ വാര്‍ഷിക സമ്മേളനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികകടമായി എഴുതിത്തള്ളിയതിന്‍െറ പതിന്മടങ്ങാണ് കോര്‍പറേറ്റുകളുടെ കിട്ടാക്കടമായി തഴഞ്ഞത്. 2001ല്‍ 6446 കോടി രൂപ എഴുതിത്തള്ളി. 2013ല്‍ ഇത് 32,218 കോടിയിലത്തെി. ആകെ 2,04,512 കോടി. ഇതില്‍ പകുതിയിലധികവും വന്‍കിട കോര്‍പറേറ്റുകളുടെ കിട്ടാക്കടമാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. ഫലത്തില്‍ കോര്‍പറേറ്റുകള്‍ തിരിച്ചടയ്ക്കാത്ത തുകയുടെ ബാധ്യത പേറേണ്ടത് സാധാരണക്കാരായി മാറുന്നു. വന്‍കിടക്കാര്‍ക്കും സാധാരണക്കാര്‍ക്കും നിയമം രണ്ട് രീതിയില്‍ ബാധകമാക്കുന്നുവെന്നതുതന്നെ തെറ്റായ രീതിയാണ്. സാധാരണക്കാരുടെ ഏതാനും ആയിരങ്ങള്‍ക്ക് കിടപ്പാടം ജപ്തി ചെയ്യുന്നവര്‍ കോര്‍പറേറ്റുകളോട് കാണിക്കുന്ന ഇരട്ടത്താപ്പ് ചോദ്യംചെയ്യപ്പെടേണ്ടതുതന്നെയാണ്.

ഡെബിറ്റ് റിക്കവറി ട്രൈബ്യൂണല്‍ എന്ന അനീതി

സര്‍ഫാസി നിയമപ്രകാരം കിടപ്പാടം ജപ്തി ചെയ്യപ്പെട്ടാല്‍ ഇരക്ക് സിവില്‍ കോടതിയെ സമീപിക്കാനാവില്ല. നിയമത്തിലെ 34ാം വകുപ്പ് കടക്കെണിയില്‍ പെട്ടവരെ സിവില്‍ കോടതിയെ സമീപിക്കുന്നതില്‍ വിലക്കുന്നു. പകരം ഡെബിറ്റ് റിക്കവറി ട്രൈബ്യൂണലിനെ (ഡി.ആര്‍.ടി) വേണം സമീപിക്കാന്‍. സര്‍ഫാസി നിയമം പാസാകുന്നതിന് പത്തു വര്‍ഷം മുമ്പേ ഡി.ആര്‍.ടി നിലവില്‍ വന്നിരുന്നു. ഡി.ആര്‍.ടിയില്‍നിന്ന് കടാശ്വാസമോ കട പരിഹാരമോ ലഭിക്കില്ല. ഇത് യഥാര്‍ഥത്തില്‍ ബാങ്കുകള്‍ക്ക് വേണ്ടി കടക്കെണിയിലായവരുടെ സ്വത്തുവകകള്‍ നീതിന്യായ വിചാരണ കൂടാതെ പിടിച്ചുകൊടുക്കാനുള്ള സംവിധാനമാണ്. കേരളത്തിലെയും ലക്ഷദ്വീപിലെയും കടക്കെണിയില്‍ വീണവര്‍ക്ക് ഒരൊറ്റ ഡി.ആര്‍.ടിയെയുള്ളൂ അത് എറണാകുളം പനമ്പള്ളി നഗറിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയാകട്ടെ ഭീമമായ ഫീസ് കെട്ടിവെക്കണം. സുപ്രീംകോടതിയിലാണെങ്കില്‍ ഈടുവസ്തുവിന്‍െറ പകുതി കെട്ടിവെക്കണം. ഇതുകൊണ്ടുതന്നെ സര്‍ഫാസി നിയമംകൊണ്ടോ ഡി.ആര്‍.ടി കൊണ്ടോ സാധാരണക്കാര്‍ക്ക് ഗുണമൊന്നുമില്ല, ദോഷം മാത്രമേയുള്ളൂ.
ഡി.ആര്‍.ടിയുടെ പ്രവര്‍ത്തനത്തിനെതിരെ ഗുരുതര ആരോപണമാണ് ബ്ളേഡ്-ജപ്തി വിരുദ്ധ സമിതി ഉന്നയിക്കുന്നത്. ബാങ്കുകളില്‍നിന്ന് വിരമിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് ട്രൈബ്യൂണലില്‍ കൂടുതലായുള്ളത്. ഇവര്‍ പ്രവര്‍ത്തിക്കുന്നത് ബാങ്കുകളുടെ ഏജന്‍റുമാരായാണ്. ട്രൈബ്യൂണലിലെ പലരും താമസിക്കുന്നത് ബാങ്കുകളുടെ ഫ്ളാറ്റുകളിലാണെന്നും സമിതി ആരോപിക്കുന്നു. ഇത്തരം സംവിധാനത്തില്‍നിന്ന് എന്ത് നീതിയാണ് ജനത്തിന് ലഭിക്കുക എന്ന സമിതിയുടെ ചോദ്യം ന്യായം.
പിടിച്ചെടുത്തുകൊടുക്കല്‍ എന്നാണ് റിക്കവറി എന്നതിന്‍െറ ഒരര്‍ഥം. എന്തുകൊണ്ട് കടം, പരിഹാരം, സമാശ്വാസം എന്നിങ്ങനെ അര്‍ഥതലമുള്ള ട്രൈബ്യൂണല്‍ സ്ഥാപിക്കപ്പെട്ടില്ളെന്ന് സമരസമിതി വൈസ് ചെയര്‍പേഴ്സണ്‍ വി.സി. ജെന്നി ചോദിക്കുന്നു. ബാങ്ക് സ്പോണ്‍സര്‍ ചെയ്ത സ്ഥാപനത്തെപ്പോലെ ബാങ്കിനുവേണ്ടി കടക്കാരില്‍നിന്ന് പണം പിടിച്ചുകൊടുക്കുന്നുവെന്നല്ലാതെ ഡി.ആര്‍.ടിയില്‍ നീതിയുക്തമായ വിചാരണ സാധ്യമല്ല. കടം തിരിച്ചടയ്ക്കാന്‍ അല്‍പം കാലതാമസം അനുവദിച്ച് വേണമെങ്കില്‍ ഉത്തരവ് നല്‍കിയേക്കാം. അതിനാല്‍തന്നെ കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് ആശ്രയിക്കാവുന്ന സംവിധാനമേയല്ല ഡി.ആര്‍.ടി. ഫലത്തില്‍ കോടതിയുടെ ഒരുവിധ സഹായവും വായ്പ എടുത്തവര്‍ക്ക് ലഭിക്കില്ളെന്ന് സാരം.വിദ്യാഭ്യാസ വായ്പയിലെ ചതിക്കുഴികള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) വിദ്യാഭ്യാസ വായ്പകളിലെ കിട്ടാക്കടം റിലയന്‍സ് എ.ആര്‍.സിക്ക് വിറ്റതായ വാര്‍ത്തകള്‍ ഈ വര്‍ഷം ജൂണില്‍ പുറത്തുവന്നതോടെയാണ് സര്‍ഫാസി നിയമത്തെയും എ.ആര്‍.സികളെയും പറ്റി കേരളം ചര്‍ച്ച ചെയ്തുതുടങ്ങിയത്. സാമൂഹികരംഗത്ത് ഗുരുതര പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ പോന്നതാണ് എസ്.ബി.ടിയുടെ നടപടി. നാല് ലക്ഷവും അതില്‍ താഴെയുമുള്ള 8658 വിദ്യാഭ്യാസ വായ്പകളാണ് റിലയന്‍സിന് എസ്.ബി.ടി വിറ്റത്. ഇതില്‍ 6764 വായ്പകളിലാണ് റിലയന്‍സ് നടപടി തുടങ്ങിയത്. ബുക്ക് ബാലന്‍സിന്‍െറ 45 ശതമാനം തുക്കക്കാണ്, അതായത് 130.57 കോടിക്കാണ് എസ്.ബി.ടി വായ്പകള്‍ റിലയന്‍സിന് വിറ്റത്. പക്ഷേ, റിലയന്‍സ് ഈ കച്ചവടത്തില്‍ പ്രതീക്ഷിക്കുന്നത് 260 കോടി ലാഭമാണ്. ഇനിയുള്ള ഇടപാടുകള്‍ റിലയന്‍സ് കമ്പനിയുമായി നടത്തണമെന്ന് കാണിച്ച് ബാങ്ക് ഇടപാടുകാര്‍ക്ക് കത്തയച്ചിട്ടുണ്ട്. റിലയന്‍സിന് നേരിട്ടുതന്നെ ഈ വായ്പകളില്‍ ഈടുവെച്ച വസ്തു പിടിച്ചെടുക്കാം. വായ്പ തിരിച്ചുപിടിക്കാന്‍ ന്യൂജനറേഷന്‍ ബാങ്കുകളുടെ ഗുണ്ടകള്‍ ഇപ്പോള്‍തന്നെ കറങ്ങുന്നുണ്ട്. അതിലേക്കാണ് റിലയന്‍സിന്‍െറ ഗുണ്ടകള്‍ കൂടി രംഗത്തിറങ്ങാന്‍ പോകുന്നത്. 6764 വായ്പകളില്‍ 5000ലെങ്കിലും കിടപ്പാടം ജപ്തിചെയ്യപ്പെടും. ഇത് സൃഷ്ടിക്കാന്‍ പോകുന്ന സാമൂഹിക പ്രത്യാഘാതം ചെറുതല്ല. നാലുവര്‍ഷം മുമ്പ് ഒരു ലക്ഷം വായ്പ എടുത്തവര്‍ക്ക് നാലും അഞ്ചും ലക്ഷം രൂപ വരെയാണ് തിരിച്ചടയ്ക്കേണ്ടത്്. റിലയന്‍സ് ആവശ്യപ്പെടുക അതിലും ഉയര്‍ന്ന തുകയാവും.
ഒരു വിദ്യാര്‍ഥിക്ക് ആവശ്യമായ പഠനസംവിധാനം ഉറപ്പാക്കുക എന്നത് പ്രാഥമികമായും സര്‍ക്കാറിന്‍െറ ഉത്തരവാദിത്തമാണ്. വിദ്യാഭ്യാസം കച്ചവടവത്കരിക്കപ്പെട്ടതോടെ ബിസിനസ് മേഖലയിലേക്ക് കടന്നുവന്ന സ്ഥാപനങ്ങളെ നിലനിര്‍ത്തേണ്ടതും സര്‍ക്കാറിന്‍െറ ബാധ്യതായി. അതിന്‍െറ തുടര്‍ച്ചയിലാണ് വിദ്യാഭ്യാസ വായ്പകള്‍ വ്യാപകമാകുന്നതും ഇരകള്‍ സൃഷ്ടിക്കപ്പെടുന്നതും. കേരളത്തിലെ വിദ്യാഭ്യാസ വായ്പയുടെ 80 ശതമാനവും നല്‍കിയത് എസ്.ബി.ടിയാണ്. കണക്കനുസരിച്ച് 1.5 ലക്ഷം അക്കൗണ്ടുകളിലായി 2400 കോടി രൂപയാണ് എസ്.ബി.ടി വായ്പ നല്‍കിത്. പതിനായിരം കോടി രൂപയാണ് 2014 ല്‍ മലയാളികള്‍ പഠിക്കാനായി വായ്പയെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.
വിദ്യാഭ്യാസവായ്പയുടെ ഇരയാണ് ചേരാനെല്ലൂര്‍ വാര്യത്ത് വീട്ടില്‍ ജോമോന്‍. 2006ല്‍ കര്‍ണാടകയിലെ സ്വാമി വിവേകാനന്ദ സ്കൂള്‍ ഓഫ് നഴ്സിങ് സ്ഥാപനത്തില്‍ പഠിക്കാന്‍ ചേര്‍ന്നു. എസ്.ബി.ടി ഇടപ്പള്ളി ബ്രാഞ്ച് വിദ്യാഭ്യാസ വായ്പയായി 51,500 രൂപ നല്‍കി. ഏഴു മാസം കഴിഞ്ഞപ്പോഴാണ് വിദ്യാഭ്യാസസ്ഥാപനം വ്യാജമാണെന്ന് അറിഞ്ഞത്. സമരം ചെയ്ത വിദ്യാര്‍ഥികളെ കോളജുകാര്‍ മര്‍ദിച്ച് ഓടിച്ചു. എസ്.എസ്.എല്‍.സി ബുക്ക് അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഇത് ബാങ്കിനെ രേഖാമൂലം അറിയിച്ചെങ്കിലും അവര്‍ മുഖവിലയ്ക്കെടുത്തില്ല. ഇതിനിടയില്‍ മനോവിഷമവും മറ്റും മൂലം അച്ഛന്‍ മരിച്ചു. മറ്റൊരു സഹോദരന്‍ ബേബി ജോണും ജീവിതത്തോട് വിടപറഞ്ഞു. രോഗിയായ അമ്മയെ ചികിത്സിക്കാനും ജീവിക്കാനുമായി കൂലിവേല ചെയ്യുകയാണ് ജോമോന്‍. വിദ്യാഭ്യാസ വായ്പ നല്‍കുന്ന സമയത്ത് ബാങ്ക് ഒരു ശ്രദ്ധയും ചെലുത്തിയില്ല. ഇപ്പോള്‍ ആകെയുള്ള നാലര സെന്‍റ് കിടപ്പാടം ജപ്തി ചെയ്യാന്‍ ബാങ്ക് നോട്ടീസ് പതിച്ചിട്ടുണ്ട്. എന്നാല്‍, സമരസമിതിക്കൊപ്പം വീട്ടില്‍നിന്നിറങ്ങാതെ പിടിച്ചുനില്‍ക്കുകയാണ് ജോമോന്‍. എന്നാല്‍, എത്ര നാളെന്ന് ഉറപ്പില്ല.
2004ല്‍ അവതരിപ്പിച്ച വിദ്യാഭ്യാസ വായ്പാരംഗം രാജ്യത്ത് പത്തു മടങ്ങിലേറെ വളര്‍ന്നിട്ടുണ്ട്. 90 ദിവസത്തേക്ക് ഇ.എം.ഐ അഥവാ മാസഗഡു അടയ്ക്കാതിരുന്നാല്‍ അത് നിഷ്ക്രിയ ആസ്തിയായി കണക്കാക്കും. മാത്രമല്ല, ഏഴര ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ നിഷ്ക്രിയ ആസ്തി ആയാല്‍ ജപ്തിനടപടിയുണ്ടാകും.
കഴിഞ്ഞ ഡിസംബര്‍വരെ സംസ്ഥാനത്ത് 2,61,256 വിദ്യാര്‍ഥികള്‍ക്ക് 4516.97 കോടി രൂപയാണ് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിച്ചത്. ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ക്ക് ജാമ്യക്കാരനോ ഈടോ ഇല്ലാതെ ബാങ്കുകളില്‍നിന്ന് 7.50 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭിക്കുന്ന പദ്ധതി ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങാന്‍ പോകുന്നുണ്ട്. അങ്ങനെ റിലയന്‍സ് എ.ആര്‍.സി അടക്കമുള്ള പണം\വസ്തു പിടിച്ചെടുക്കല്‍ സ്ഥാപനങ്ങള്‍ക്ക് വിസ്തൃതമായ ഒരു വിപണിയാണ് തുറന്നുകിട്ടാന്‍ പോകുന്നത്.

ഗ്രാമവും നഗരവും മാഫിയ കൈയടക്കുമ്പോള്‍

ബ്ളേഡ്-ലോണ്‍ മാഫിയാ സംഘത്തിന്‍െറ പിടിയിലാണ് കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളും നഗരങ്ങളും. രോഗം, മരണം, വിവാഹം, വീടുവെക്കല്‍, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ അടിയന്തരാവശ്യങ്ങള്‍ക്കാണ് സാധാരണക്കാര്‍ വായ്പ എടുക്കുന്നത്. എന്നാല്‍,സാധാരണക്കാര്‍ക്കും ഈടുവെക്കാന്‍ ഒന്നുമില്ലാത്തവര്‍ക്കും ബാങ്കുകള്‍ വായ്പ നല്‍കില്ല. അല്ളെങ്കില്‍ നിരവധി വ്യവസ്ഥകള്‍ അടിച്ചേല്‍പിക്കും. മിക്കപ്പോഴും മൂന്നും നാലും സെന്‍റില്‍ കഴിയുന്നവര്‍ക്ക് ഒന്നും ചെയ്യാനാവില്ല. പിന്നെ എളുപ്പം സമീപിക്കാവുന്നത് ബ്ളേഡ് പലിശസംഘങ്ങളെയാണ്. ഒരിക്കല്‍ ബ്ളേഡ് സംഘത്തിന്‍െറ പിടിയില്‍ അമര്‍ന്നാല്‍ രക്ഷപ്പെടുക പാടാണ്. ഓക്സിജന്‍, ഹാമിങ്, മീറ്റര്‍, കുരുവി, ട്യൂബ്, പത്താംകളം എന്നിങ്ങനെ പലിശ ഇടപാടുകള്‍ നിരവധിയുണ്ട്. മണിക്കൂര്‍ അടിസ്ഥാനത്തിലാണ് ഇതില്‍ പലതിലും പലിശ കണക്കാക്കുന്നത്. പതിനാല് ശതമാനത്തില്‍ (മാസം ഒന്നേകാല്‍ ശതമാനത്തില്‍ താഴെ) കൂടുതല്‍ പലിശ ഈടാക്കരുതെന്ന റിസര്‍വ് ബാങ്കിന്‍െറ നിബന്ധന ബ്ളേഡ് സംഘങ്ങള്‍ക്ക് ബാധകമല്ല. മൂന്നു വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ നല്‍കുന്ന അമിത പലിശ ഈടാക്കല്‍ നിരോധനിയമം പ്രാബല്യത്തില്‍ ഉണ്ടെങ്കിലും നിയമത്തിലെ അവ്യക്തത ബ്ളേഡുകാര്‍ക്കാണ് ഗുണം ചെയ്യുന്നത്. പലയിടത്തും ഇടനിലക്കാര്‍ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്മാരും ജോലിയില്‍നിന്ന് വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥരുമാണ്്. ഇവര്‍ ഒന്നുചേര്‍ന്ന് സംഘടിതമായ രീതിയില്‍ പ്രഫഷനല്‍ കുറ്റകൃത്യമാണ് നടത്തുന്നത്. ബാങ്കുകളുടെ ബിസിനസ് വര്‍ധിപ്പിക്കാന്‍ ഇടനിലക്കാരുടെ തട്ടിപ്പിന് ബാങ്ക് മാനേജര്‍മാരും പ്രോത്സാഹനം നല്‍കും.
കൊള്ളപ്പലിശക്കു വാങ്ങിയ പണം തിരികെ നല്‍കാനാവാത്തതിനാല്‍ വൃക്ക വിറ്റു പണം നല്‍കാന്‍ ആവശ്യപ്പെടുന്ന ബ്ളേഡ് സംഘത്തില്‍നിന്ന് കുതറിമാറി നടക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറും സമരപന്തലിലുണ്ട്. ആധാരം നല്‍കിയാല്‍ ബാങ്കുകളില്‍നിന്ന് വായ്പ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന സംഘങ്ങള്‍ ഗ്രാമങ്ങളില്‍ സജീവം. കടത്തിലിരിക്കുന്ന വസ്തു വീണ്ടെടുത്ത് വായ്പ എടുക്കാന്‍ സഹായിക്കുമെന്ന് ബോര്‍ഡ് വെച്ചാണ് തട്ടിപ്പ്. വായ്പ എടുക്കാനായി വസ്തുവിന്‍െറ പ്രമാണം ആവശ്യപ്പെടും. അത് ഈടുവെച്ച് ഉടമയറിയാതെ, ഉടമയുടെ പേരില്‍ വന്‍ തുക കൈക്കലാക്കും. ഒടുവില്‍ സര്‍ഫാസി നിയമപ്രകാരം വീട് ജപ്തി ചെയ്യപ്പെടുമ്പോഴാണ് പലരും വിവരം അറിയുക. നേരത്തേ ചര്‍ച്ച ചെയ്തപോലെ സമീപിക്കാന്‍ കോടതികളൊന്നും ഇരകള്‍ക്ക് മുന്നില്‍ തുറന്നിരിപ്പില്ല.
ക്ളബ്ബിങ് എന്ന് നാടന്‍പേരിലറിയപ്പെടുന്ന തട്ടിപ്പാണ് വ്യാപകമായി അരങ്ങേറുന്നത്. ഒന്നോ അതിലേറെയോ ആധാരങ്ങള്‍ ഒന്നിച്ചുചേര്‍ത്ത് ഈട് നല്‍കി പണം വായ്പ എടുക്കുന്ന തട്ടിപ്പാണ് ഇത്. ഈ തട്ടിപ്പിനായി മാഫിയകള്‍, ബാങ്ക് മാനേജര്‍മാര്‍, സബ്രജിസ്ട്രാര്‍മാര്‍ എന്നിവര്‍ ഒന്നുചേരുന്നു. പല ആധാരങ്ങള്‍ ഒറ്റ ആധാരംപോലെ പണയംവെച്ച് തുക തുല്യമായി വീതിക്കുന്നു. പുതുവൈപ്പിലെ വൃദ്ധയായ ചന്ദ്രമതിയമ്മയുടെ ആറ് സെന്‍റിന്‍െറ ആധാരം വാങ്ങി 20 ലക്ഷം തട്ടിപ്പു നടത്തിയ വൈപ്പിന്‍ സ്വദേശി ഇബ്രാഹിം മറ്റ് ഏഴ് ദലിത് കുടുംബങ്ങളെക്കൂടി ഇത്തരത്തില്‍ തട്ടിച്ചതായും സമരസമിതി പറയുന്നു. ഇതില്‍ മൂന്ന് പേരുടെ കിടപ്പാടം ജപ്തിചെയ്യപ്പെട്ടു. മൂന്നും അഞ്ചും സെന്‍റുവരുന്ന കിടപ്പാടങ്ങളുടെ പ്രമാണം ചതിവില്‍ തട്ടിയെടുത്ത് 15 ലക്ഷം മുതല്‍ ഒരു കോടിവരെ ഭീമമായ വായ്പകള്‍ എടുക്കുന്നതാണ് ക്ളബ്ബിങ് രീതി. വായ്പ എടുത്തത് പ്രമാണത്തിന്‍െറ ഉടമകളായിരിക്കും. എന്നാല്‍, പണം മാഫിയാ സംഘം കൊണ്ടുപോകും. വല്ലാര്‍പാടം പനമ്പുകാട് മേഖലയില്‍ മാത്രം 11 ദലിത് കുടുംബങ്ങള്‍ തട്ടിപ്പിനിരയായി. കാക്കനാട്, വൈപ്പിന്‍, ഇരുമ്പനം തുടങ്ങിയ മേഖലകളിലെ 22 കുടുംബങ്ങളും വഞ്ചനക്കിരയായി. ഈ മാഫിയാ പ്രവര്‍ത്തനംമൂലം ബാങ്ക് ജീവനക്കാരനായ ദിലീപ് അടക്കം ചിലര്‍ ആത്മഹത്യചെയ്തു. ചിലര്‍ നാടുവിട്ടു.
പനമ്പുകാട് 11 ദലിത് കുടുംബങ്ങളെ തട്ടിപ്പിനിരയാക്കിയ സംഘടിത കുറ്റകൃത്യം അഞ്ചുവര്‍ഷം മുമ്പ് സമരസമിതി സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഒരു നടപടിയും ഉണ്ടായില്ല. ഇത് വായ്പാതട്ടിപ്പ് കൂടുതല്‍ വ്യാപകമാക്കാന്‍ ഇടയാക്കി. ഇത്തരം തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ലോനന്‍ ബാബുവിനെതിരെ 20 കേസുകള്‍ ഉണ്ട്. എന്നാല്‍ ഇയാള്‍ ഇപ്പോഴും തട്ടിപ്പ് തുടരുന്നു. ദലിത് കുടുംബങ്ങളെ തിരഞ്ഞുപിടിച്ച് വായ്പാതട്ടിപ്പിനിരയാക്കിയ ഇബ്രാഹിമിനെതിരെ ഏഴ് കേസുകള്‍ ഉണ്ട്. കാര്യമായ ഒരു നടപടിയും ഇയാള്‍ക്കെതിരെ ഉണ്ടായിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്‍െറയും പട്ടാളിമക്കള്‍ കക്ഷിയുടെയും നേതാവ് ചമഞ്ഞായിരുന്നു തട്ടിപ്പ്. ലോണ്‍ മാഫിയയായും ഇടനിലക്കാരുമായി പ്രവര്‍ത്തിക്കുന്നവരുടെ പേരുകള്‍ സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. എ.എല്‍. ബാബുരാജ്, ഇബ്രാഹിം പള്ളിത്തറ, വി.യു. അഫ്സല്‍, ഏലിയാസ് കിഴക്കമ്പലം, റഷീദ് ഇടപ്പള്ളി, ലോനന്‍ ബാബു, മാത്യൂ ജേക്കബ് എന്നിവരാണ് ഇതില്‍ ചിലര്‍. ഇവരില്‍ പലര്‍ക്കുമെതിരെ പട്ടികജാതി-വര്‍ഗ പീഡന നിരോധനിയമപ്രകാരം സമരസമിതിയുടെ നേതൃത്വത്തില്‍ കേസുകള്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍, പ്രതികള്‍ സ്വതന്ത്രരായി വിലസുകയും സംസ്ഥാനത്തിന് അകത്തും പുറത്തും സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതായും സമരസമിതി നേതാവ് പി.ജെ. മാനുവല്‍ പറയുന്നു. ഓരോ ദിവസവും കിടപ്പാടവും കച്ചവടസ്ഥാപനങ്ങളും മറ്റു സ്വത്തുക്കളും നഷ്ടപ്പെടുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുകയാണെന്നും പി.ജെ. മാനുവല്‍ കണക്ക് നിരത്തി വ്യക്തമാക്കുന്നു.
അതിജീവനപോരാട്ടം
കേരളത്തില്‍ വായ്പാതട്ടിപ്പു സംഘങ്ങളും ബ്ളേഡ്മാഫിയകളും സജീവമാവുകയും സര്‍ഫാസി നിയമം ഉപയോഗിക്കപ്പെടുകയും ചെയ്തതോടെയാണ് ഇരകള്‍ മറ്റൊരു സാധ്യതയില്ലാതെ സമരത്തിലേക്ക് നീങ്ങുന്നത്. സര്‍ഫാസി നിയമത്തിനെതിരെ ഒരുപക്ഷേ രാജ്യത്തുതന്നെ ആദ്യമായി നടക്കുന്ന സമരമാകും ഇത്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സമരം മുന്നോട്ടുപോകുന്നത്. ആദ്യമേതന്നെ ഓരോ സംഭവങ്ങളിലും പൊലീസില്‍ പരാതി നല്‍കി. പ്രചാരണങ്ങള്‍, ധര്‍ണ, മാര്‍ച്ചുകള്‍ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് കണ്ണ്കെട്ടി സമരത്തിലത്തെിയത്. ദലിത് കുടുംബങ്ങളെ വഞ്ചിച്ച് വഴിയാധാരമാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുകളിലത്തെിയ സമരസമിതിക്ക് തിക്താനുഭവങ്ങളും നേരിടേണ്ടിവന്നു. എസ്.സി-എസ്.ടി സംസ്ഥാന കമീഷന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് ദേശീയ പട്ടികജാതി കമീഷന് നേരിട്ട് ഇരകള്‍ തെളിവുനല്‍കി. 30 ദിവസത്തിനകം നടപടിയെടുക്കണമെന്ന് സംസ്ഥാന എസ്.സി-എസ്.ടി വകുപ്പിന് ദേശീയ കമീഷന്‍ നിര്‍ദേശം നല്‍കി. നിയമക്രമപ്രശ്നമാണെന്ന് കണക്കാക്കി പ്രശ്നപരിഹാരത്തിന്‍െറ സാധ്യത റിപ്പോര്‍ട്ട് ചെയ്യാന്‍ ഡി.ജി.പിക്ക് ദേശീയ കമീഷന്‍ അടിയന്തര സന്ദേശം അയച്ചു. എന്നാല്‍, കേന്ദ്രനിയമമായ സര്‍ഫാസിക്ക് കീഴിലെ നടപടിയായതിനാല്‍ ഇടപെടാനാവില്ളെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി. ഇതിനിടയില്‍ ഡി.ആര്‍.ടി ഓഫിസ്, സെക്രട്ടേറിയറ്റ് മാര്‍ച്ച് തുടങ്ങിയ നിരവധി സമരം നടത്തി. ജപ്തിനടപടികളെ സംഘടിതമായി ജനത്തെ അണിനിരത്തി തടയാനും സമരസമിതി ശ്രമിക്കുന്നു. ജപ്തി ചെയ്യപ്പെട്ട വീടുകളില്‍ ചിലത് തിരിച്ചുപിടിച്ചു. പലേടത്തും ജപ്തി തടഞ്ഞു. ഈ സമരമില്ലായിരുന്നെങ്കില്‍ കിടപ്പാടം നഷ്ടപ്പെട്ടവരുടെ എണ്ണം പല മടങ്ങാവുമായിരുന്നു.
ഭൂമിയും കിടപ്പാടവുമെല്ലാം നഷ്ടപ്പെട്ട 33 കുടുംബങ്ങളാണ് സമരപന്തലിലുള്ളത്. നിരവധി പേര്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗത്തുനിന്നും എത്തി ആശങ്ക പങ്കുവെക്കുന്നുണ്ട്. മുഖ്യധാരാ പാര്‍ട്ടികളുടെയെല്ലാം പ്രാദേശിക നേതാക്കളാണ് പലയിടത്തും ബ്ളേഡുകാര്‍ എന്നതിനാല്‍തന്നെ സ്വന്തം നേതാക്കള്‍ക്കെതിരെ അണികളും സമരപന്തലിലത്തെുന്നുണ്ട്. തട്ടിപ്പിനിരയായി ഭൂമി നഷ്ടപ്പെടുന്നതില്‍ നല്ല പങ്കും ദലിതരാകുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിമര്‍ദനത്തിന്‍െറ സവിശേഷ രൂപംകൂടിയാണെന്ന് വി.സി. ജെന്നി വ്യക്തമാക്കുന്നു.
സര്‍ഫാസി നിയമം കേന്ദ്രതലത്തിലേ പിന്‍വലിക്കാനാവൂവെന്ന് സമരസമിതിക്കുമറിയാം. നിയമം പിന്‍വലിക്കണമെന്ന ആത്യന്തിക മുദ്രാവാക്യം ഉയര്‍ത്തുമ്പോഴും, അതല്ല സമിതി അടിയന്തര ആവശ്യമായി ഉന്നയിക്കുന്നത്. തട്ടിപ്പിനിരയായവരെ കടബാധ്യതയില്‍നിന്ന് ഒഴിവാക്കി കിടപ്പാടവും പ്രമാണങ്ങളും തിരികെ നല്‍കുക, ലോണ്‍ മാഫിയക്ക് ശിക്ഷ ഉറപ്പാക്കുകയും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യുക, വായ്പാ തട്ടിപ്പ് നടത്തിയ കേസുകളില്‍ സര്‍ഫാസി നിയമം പ്രയോഗിക്കാതിരിക്കുക, സര്‍ഫാസി ജപ്തി നടപടിക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, പട്ടികജാതി-വര്‍ഗ കമീഷന്‍ ശിപാര്‍ശ നടപ്പാക്കുക, തട്ടിപ്പുകള്‍ സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കുക എന്നിവയാണ് സമരസമിതിയുടെ ആവശ്യം. കിടപ്പാടം ജപ്തി ചെയ്യരുതെന്ന് കണിശമായി വാദിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ കുറ്റവിചാരണ ചെയ്ത് ശിക്ഷിക്കാനുള്ള നെഗോഷ്യബള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് 138ാം വകുപ്പ് പ്രകാരം രാജ്യത്ത് അറുപതുലക്ഷം ദരിദ്രജനങ്ങളാണ് ചെക്ക് കേസില്‍ കുടുങ്ങിയിട്ടുള്ളതെന്നും, അതിനാല്‍ സംഘടിതമായ ജനകീയ മുന്നേറ്റം സംസ്ഥാനത്തെമ്പാടും ഉയരണമെന്നുമാണ് സമരക്കാരുടെ ആഹ്വാനം.
മാവോവാദി നീക്കമാണെന്ന് മുദ്രകുത്തി സമരത്തെ ഒറ്റപ്പെടുത്താനും അടിച്ചമര്‍ത്താനും ഭരണകൂടശ്രമം ഒരു വശത്ത് നടക്കുന്നുണ്ട്. വന്‍ ബഹുജന പിന്തുണയിലേക്ക് സമരം വികസിക്കാത്തതും തിരിച്ചടിയാണ്. അതെന്തായാലും വലിയ രീതിയില്‍ വായ്പ എടുത്തവരുടെ കിടപ്പാടം നഷ്ടപ്പെടാന്‍ പോകുന്ന വര്‍ത്തമാനകേരളത്തില്‍, അതിനെതിരെ നടക്കുന്ന ചെറുത്തുനില്‍പിന് ചെറിയ അര്‍ഥങ്ങളല്ല ഉള്ളത്. കേരളം മുഖംതിരിച്ചാല്‍ ഈ ചെറുത്തുനില്‍പും തകരും. അതോടെ വായ്പ എടുത്തവര്‍ക്ക് തെരുവുമാത്രമാവും അഭയം. അത് അനുവദിക്കണോ വേണ്ടയോ എന്നതാണ് ഇപ്പോള്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന ചോദ്യം.


BOXതാഴിട്ട് പൂട്ടിയ വീട് 
വൈപ്പിനിലെ സാധാരണ കുടുംബമായിരുന്നു ലിനറ്റിന്‍േറത്. രണ്ട് കുട്ടികള്‍. ഭര്‍ത്താവ് ജയിന്‍ ബാബുവിന് സ്വന്തമായി ചെറിയ സീഡി ഷോപ്പുണ്ടായിരുന്നു. ഋഷിരാജ് സിങ്ങിന്‍െറ നേതൃത്വത്തില്‍ വ്യാജസീഡി വേട്ട ആരംഭിച്ചതോടെ കട പൂട്ടി. ജീവിതമാര്‍ഗം അടഞ്ഞു. ജീവിതച്ചെലവ് കണ്ടത്തൊന്‍ പ്രദേശവാസികളായ രണ്ടുപേരില്‍നിന്ന് ഒരു ലക്ഷം പലിശക്കു കടമെടുത്തു. വിചാരിച്ചതുപോലെ കടം കൊടുത്തുതീര്‍ക്കാനായില്ല. പലിശക്കാര്‍ വീടുകയറിയിറങ്ങാന്‍ തുടങ്ങി. ആയിടക്ക് വല്ലാര്‍പാടം പള്ളിയില്‍ പോയി മാതാവിനോട് ഉള്ളുരുകി പ്രാര്‍ഥിച്ചു. പള്ളിയില്‍നിന്ന് മടങ്ങുമ്പോള്‍ ‘പ്രോപര്‍ട്ടി ലോണ്‍, കടമുള്ളവര്‍ വിഷമിക്കണ്ട. വസ്തു ഈടിന്മേല്‍ ദിവസങ്ങള്‍ക്കകം ലോണ്‍ ശരിയാക്കി നല്‍കുന്നതിന് സമീപിക്കുക’ എന്ന ബോര്‍ഡുകണ്ടു. ദൈവം വഴികാണിച്ചു തരുന്നു എന്നാണ് അപ്പോള്‍ കരുതിയതെന്ന് ലിനറ്റ് പറയുന്നു. പരസ്യത്തിലെ നമ്പറില്‍ ബന്ധപ്പെട്ടു. എ.എല്‍. ബാബുരാജായിരുന്നു മറുതലക്കല്‍. ഒരു ലക്ഷം വായ്പ എടുത്താല്‍ തിരിച്ചടയ്ക്കുമെന്ന് ഉറപ്പുവരുത്താന്‍ ബാബുരാജ് ആധാരം ആവശ്യപ്പെട്ടു. തുടര്‍ന്ന്, ബാങ്കില്‍ ഈടുവെച്ച ആധാരം തിരികെ എടുക്കാനും കച്ചവടം ആരംഭിക്കാനും മുടക്കുമുതലായി ആറു ലക്ഷം നല്‍കാന്‍ കഴിവുള്ള ആലപ്പുഴയിലെ മടയില്‍ മാത്യു ജേക്കബിനെ ബാബുരാജ് പരിചയപ്പെടുത്തി. 20 സെന്‍റും രണ്ടുനില വീടും വരുന്ന വസ്തു വിശ്വാസത്തീറായി വാങ്ങിയശേഷം മാത്യു ആറുലക്ഷം നല്‍കി. പ്രതിമാസം മാത്യുവിന്‍െറ ആക്സിസ് ബാങ്ക് അക്കൗണ്ടില്‍ 5000 രൂപ അടയ്ക്കാനായിരുന്നു നിര്‍ദേശം. 18 മാസം തുക അടച്ചു. ഇതിനിടയില്‍ രണ്ടു ബാങ്കുദ്യോഗസ്ഥര്‍ വീട്ടിലത്തെി. മാത്യു ഈ കിടപ്പാടം ഈടുവെച്ച് 25 ലക്ഷം വായ്പ എടുത്തിരിക്കുന്നു. ഒന്നും തിരിച്ചടച്ചിട്ടില്ല. പലിശയടക്കം 40 ലക്ഷം കുടിശ്ശിക ആയി. സര്‍ഫാസി നിയമപ്രകാരം ജപ്തി അറിയിപ്പുമായാണ് ബാങ്കുകാര്‍ വന്നത്. ബാങ്കുകാര്‍ പോയശേഷം ലിനറ്റിന്‍െറ കുടുംബം മാത്യുവിനെ ബന്ധപ്പെട്ടു. വിചാരിക്കാത്ത ചില വീഴ്ചകൊണ്ടാണ് പണം അടയ്ക്കാനാവാത്തതെന്നും ഉടന്‍ വേണ്ടതു ചെയ്യാമെന്നും മാത്യു ആശ്വസിപ്പിച്ചു. പക്ഷേ, ഒന്നും സംഭവിച്ചില്ല. അടുത്തതവണ ബാങ്കുകാര്‍ എത്തിയത് പൊലീസുമായാണ്്. നാട്ടുകാര്‍ സംഘടിച്ചു. മാത്യുവിനെ ഒന്നു ഭയപ്പെടുത്താന്‍ രണ്ടു ദിവസത്തേക്ക് മാറിനില്‍ക്കണമെന്ന് ബാങ്കുകാര്‍ ലിനറ്റിനോടും ജയിന്‍ ബാബുവിനോടും അഭ്യര്‍ഥിച്ചു. ഇതുകേട്ട് കുട്ടികളുടെ സ്കൂള്‍ ബാഗും അത്യാവശ്യ വസ്തുക്കളും മാത്രം എടുത്ത് വീടുവിട്ടിറങ്ങി. പിന്നീട് വന്നപ്പോള്‍ ബാങ്കുകാര്‍ വീട് പുതിയ താഴിട്ട് പൂട്ടിയതാണ് കണ്ടത്. കുടുംബം വഴിയാധാരമായി. ബാങ്കുകാരാവട്ടെ ഈ വസ്തു ലേലം ചെയ്ത് മറ്റൊരാള്‍ക്ക് വിറ്റു. കുറച്ചു മാസം മുമ്പ് സമരസമിതി പ്രവര്‍ത്തകരുടെ പിന്തുണയോടെ ലിനറ്റും കുടുംബവും പൂട്ടുപൊളിച്ച് വീട്ടില്‍ കയറി താമസമാരംഭിച്ചു. പുതിയ ഉടമ വീട് വില്‍ക്കാന്‍ ശ്രമം നടത്തുന്നുണ്ട്. അതിനാല്‍തന്നെ എത്രനാള്‍ പിടിച്ചുനില്‍ക്കാനാവുമെന്ന് ലിനറ്റിന് അറിയില്ല.ചതിയുടെ കൈയൊപ്പ്
പുതുവൈപ്പ് സ്വദേശിയാണ് ചന്ദ്രമതിയമ്മ. 83 വയസ്സ്. രോഗി. ദലിത് കുടുംബം. ആറ് സെന്‍റിന്‍െറ ആധാരം നല്‍കി ഓച്ചന്‍ തുരുത്ത് സര്‍വിസ് സഹകരണ ബാങ്കില്‍നിന്ന് 30,000 രൂപ വായ്പ എടുത്തിരുന്നു. 86,000 രൂപക്ക് വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് അയച്ചു. ഈ സമയത്ത് നായരമ്പലത്തെ പ്രമുഖ ഇടനിലക്കാരന്‍ പൊതുമേഖലാ ബാങ്കില്‍നിന്ന് ദീര്‍ഘകാല വായ്പ എടുത്തു നല്‍കാമെന്ന് വിശ്വസിപ്പിച്ചു. ബാങ്കില്‍ ഈട് വെക്കാന്‍ പ്രമാണം രജിസ്റ്റര്‍ ചെയ്യണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് രജിസ്റ്റര്‍ ഓഫിസില്‍ കൊണ്ടുപോയി, നിരക്ഷരയായ ചന്ദ്രമതിയെക്കൊണ്ട് മുദ്രപത്രങ്ങളില്‍ ഒപ്പിട്ടുവാങ്ങി. ദീര്‍ഘകാല വായ്പയായി ആറു ലക്ഷം എടുത്തിട്ടുണ്ടെന്നും മാസം 8250 രൂപ ബാങ്കില്‍ അടയ്ക്കണമെന്നും പറഞ്ഞു. സഹകരണ ബാങ്ക് വായ്പ തീര്‍ക്കാനും പ്രമാണച്ചെലവിനുമായി മൂന്ന് ലക്ഷം ചെലവായെന്ന് പറഞ്ഞ് ഇടനിലക്കാര്‍ മൂന്നു ലക്ഷം മാത്രമാണ് നല്‍കിയത്. 8250 അടയ്ക്കാനായി മകന്‍ ബാങ്കില്‍ ചെന്നപ്പോള്‍ അമ്മക്ക് ഇവിടെ ലോണ്‍ അക്കൗണ്ടില്ളെന്ന് മാനേജര്‍ പറഞ്ഞു. മാനേജര്‍ തന്നെ ഇടനിലക്കാരനായ ഇബ്രാഹിമിനെ വിളിച്ചുവരുത്തി. അയാളുടെ ഓഫിസില്‍ തുക അടച്ച് രസീത് വാങ്ങാന്‍ നിര്‍ദേശം കിട്ടി. ഒരു ലക്ഷം രൂപ ചന്ദ്രമതിയമ്മ അടച്ചു. എന്നാല്‍, 2009 ഫെബുവരി 24ന് വായ്പ തിരിച്ച് അടയ്ക്കാത്തതിന് ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്കില്‍നിന്ന് നോട്ടീസ് ലഭിച്ചു. ഇടനിലക്കാര്‍ 20 ലക്ഷമാണ് വായ്പ എടുത്തത്. ജപ്തി ഒഴിവാക്കാമെന്ന് പറഞ്ഞ് ഇടനിലക്കാര്‍ 25,000 രൂപകൂടി തട്ടിച്ചെടുത്തു. തന്‍െറ ഭാര്യയുടെ വീതം വിറ്റ് ബാങ്കിലെ പണം അടയ്ക്കാമെന്ന് പറഞ്ഞ് ഷാനവാസ് എന്നയാള്‍ വീട്ടിലത്തെി. 40,000 രൂപ ആവശ്യപ്പെട്ടാണ് ചന്ദ്രമതിയമ്മയുടെ പേരിലുള്ള പാസ് ബുക്കും ചെക്കുമായി ഇയാള്‍ വന്നത്.
40,000 രൂപയുടെ ചെക്ക് ഒപ്പിട്ട് വാങ്ങി അയാളും മുങ്ങി. ബ്ളേഡ് -ബാങ്ക് ജപ്തി വിരുദ്ധസമിതി പാസ്ബുക്ക് പരിശോധിച്ചപ്പോള്‍ ചന്ദ്രമതിയമ്മയുടെ പേരില്‍ പാസായ 20 ലക്ഷത്തില്‍നിന്ന് ഇബ്രാഹിം നാല് ലക്ഷവും സുരേഷ് ബാബു അഞ്ചു ലക്ഷവും ഒരു പരിചയവുമില്ലാത്ത ബൈജുവെന്നും ബാനിയെന്നും പേരുള്ള രണ്ടുപേര്‍ അഞ്ചും ആറും ലക്ഷം വീതവും പിന്‍വലിച്ചതായി അറിഞ്ഞു.


രണ്ട് ജീവിതകഥ

കൊച്ചി മുളവുകാട് സ്വദേശിയാണ് എ.എസ്. മുരളീധരന്‍. ഭാര്യാസഹോദരന്‍െറ മകളുടെ വിവാഹത്തിനാണ് പണം ആവശ്യമായി വന്നത്. മൂന്നു സെന്‍റില്‍ ഇടിഞ്ഞുവീഴാറായ വീടാണ് മുരളീധരന് ആകെയുള്ളത്. ‘ക്ളബിങ് മാഫിയ’ മൂന്നുലക്ഷം നല്‍കി 15 ലക്ഷം രൂപയുടെ വായ്പ എടുത്തു. ബാങ്ക് ഒരു തവണപോലും ഈട്വസ്തു പരിശോധിച്ചില്ല. രണ്ടു നിലയുള്ള മൂന്ന് മാസ്റ്റര്‍ കിടപ്പുമുറിയും രണ്ട് എ.സി മുറിയും ടൈല്‍ പതിച്ച ചുറ്റുമതിലുള്ള ബംഗ്ളാവാണ് മൂന്നുസെന്‍റിലുള്ളത് എന്ന് വായ്പാ രേഖകള്‍ പറയുന്നു. സ്ഥലം ഇപ്പോള്‍ ഷാജഹാന്‍ എന്ന ലോണ്‍മാഫിയയുടെ പേരിലാണ്. പണം തിരിച്ചടച്ചിട്ടുമില്ല.
***

പോര്‍ട്ടില്‍ ദീര്‍ഘകാലം ജീവനക്കാരനായിരുന്നു പനമ്പുകാട് സ്വദേശി പി.ഡി. രവി. അടുത്തിടെ സര്‍വിസില്‍നിന്ന് വിരമിച്ചു. രണ്ട് പെണ്‍മക്കളുടെ വിവാഹത്തിന് നാല് ലക്ഷം രൂപയാണ് ‘ക്ളബിങ് മാഫിയ’ വായ്പ സംഘടിപ്പിച്ച് നല്‍കിയത്. എന്നാല്‍ ആധാരം പണയംവെച്ച് മാഫിയാസംഘം പതിനഞ്ച് ലക്ഷം തട്ടിയെടുത്തു. കുടിശ്ശിക അടയ്ക്കാമെന്ന് പറഞ്ഞപ്പോള്‍ ‘‘നിങ്ങള്‍ കക്ഷിയല്ല’’ എന്നുപറഞ്ഞ് ബാങ്ക് തിരിച്ചടവ് അനുവദിച്ചില്ല. ജീവിതകാലം മുഴുവന്‍ തൊഴിലെടുത്ത് കെട്ടിപ്പൊക്കിയ വീട്ടില്‍നിന്ന്് നട്ടുച്ചക്ക് വേവിച്ച കഞ്ഞിപോലും എടുക്കാന്‍ അനുവദിക്കാതെ രവിയെ പുറത്താക്കി. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇറക്കിവിടല്‍. വായ്പാതട്ടിപ്പ് സംഘത്തിന് എതിരെയുള്ള കേസ് പൊലീസ് ഒതുക്കി. ദലിത് സമുദായാംഗമായ രവിക്കെതിരെ നടന്ന അതിക്രമം പട്ടികജാതി-വര്‍ഗ അതിക്രമ നിരോധനിയമത്തിന്‍െറ പരിധിയില്‍ വരുന്നതാണ്. കേസ് കൊടുത്തിട്ടുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.


പുഷ്പ, ജാനകിയമ്മ, ദിലീപ് 
കൊച്ചി നഗരസഭയില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്നു 68 വയസ്സുള്ള പുഷ്പ. പനമ്പുകാട് സ്വദേശി. 2000ല്‍ സര്‍വിസില്‍നിന്ന് വിരമിച്ചു. പത്തു സെന്‍റ് സ്ഥലമുണ്ടായിരുന്നു. അതില്‍ വീടുപണി നടക്കുന്നതിനിടെ ഭര്‍ത്താവ് മരിച്ചു. 1.25 ലക്ഷം സര്‍വിസ് സഹകരണബാങ്കില്‍നിന്ന് വായ്പ എടുത്തു. വീട് ജപ്തി ചെയ്യുമെന്ന് ഭീഷണിയുണ്ടായപ്പോള്‍ ഇബ്രാഹിം, ഷാജഹാന്‍, അജയന്‍ എന്നിവര്‍ വന്ന് ബാങ്കില്‍നിന്ന് വായ്പ സംഘടിപ്പിച്ചു നല്‍കി. ഈ ഇടനിലക്കാര്‍ പുഷ്പയുടെ ആധാരം പണയംവെച്ച് എടുത്തത് 18 ലക്ഷം രൂപ.
***

ലക്ഷംവീട് കോളനിയിലാണ് 61 വയസ്സുകാരി ജാനമ്മ താമസിക്കുന്നത്. നാല് സെന്‍റാണ് സ്വന്തം. 2003ല്‍ ഭര്‍ത്താവ് മരിച്ചു. ഹൗസിങ് ബോര്‍ഡില്‍നിന്ന് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാന്‍ കഴിയാതെവന്നപ്പോള്‍ മുളവുകാടില്‍നിന്ന് ഇടനിലക്കാരായ ബാബുജോസഫ് മുഖേന ബാങ്കില്‍നിന്ന്  2.5 ലക്ഷം വായ്പ എടുത്തു. താന്‍ വീട് ഇടനിലക്കാരായി എത്തിയവര്‍ക്ക് വിറ്റതായും അതേ പറമ്പില്‍ ഇപ്പോള്‍ വാടകക്ക് താമസിക്കുന്നു എന്നുമാണ് രേഖകള്‍ വ്യക്തമാക്കുന്നത് എന്ന് 2009ല്‍ ഇവര്‍ തിരിച്ചറിഞ്ഞു. മൊത്തം ഇടപാടും തട്ടിപ്പായിരുന്നു. ജാനമ്മയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പ്രഹസനം.
***

കളമശ്ശേരിക്ക് സമീപം കങ്ങരപ്പടി സ്വദേശിയായിരുന്നു ദിലീപ്. കങ്ങരപ്പടി സര്‍വിസ് സഹകരണബാങ്കില്‍ ഇരുപതുവര്‍ഷം ജീവനക്കാരന്‍. ഭാര്യയും മക്കളുമുണ്ട്. വീട് നിര്‍മിക്കാന്‍ 10 ലക്ഷം ആവശ്യമായി വന്നു. ഇടനിലക്കാര്‍ വഴി വായ്പ സംഘടിപ്പിച്ചു. എന്നാല്‍, ഇടനിലക്കാരന്‍ ദിലീപിന്‍െറയും മറ്റ് രണ്ടുപേരുടെയും ആധാരം പണയംവെച്ച് ബാങ്കില്‍നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തു. പണം തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ ദിലീപ് ആത്മഹത്യ ചെയ്തു. ഇരുമ്പനം, പനമ്പുകാട് എന്നിവിടങ്ങളിലെ ലോണ്‍ മാഫിയ ബാബുരാജാണ് തട്ടിപ്പിന് പിന്നില്‍. ‘ഈട് വസ്തു മറിച്ചുവിറ്റ് ലോണെടുത്ത് സഹായിക്കും’ എന്ന ബോര്‍ഡുവെച്ചാണ് ബാബുരാജ് നിരവധി പേരെ ഇരയാക്കിയത്.


മാധ്യമം ആഴ്ചപ്പതിപ്പ്, 2015 നവംബര്‍ 2