തിബത്തിന്‍െറ വിമോചനം രചനകളില്‍ തീവ്രമായി ആവിഷ്കരിക്കുന്ന
കവിയാണ് സെറിങ് വാങ്മോ ധോംപ. ഇംഗ്ളീഷില്‍ കവിത എഴുതുന്ന ആദ്യ തിബത്തന്‍ വനിത. സ്വന്തം രാജ്യത്തിലേക്ക് മടങ്ങണമെന്ന സ്വപ്നം തീവ്രമായി കൊണ്ടുനടക്കുന്ന സെറിങ്ങിന്‍െറ കവിതകള്‍ അഭയാര്‍ഥിത്വത്തിന്‍െറയും അനാഥത്വത്തിന്‍െറയും വേദന പേറുന്നു. തിബത്തിനെക്കുറിച്ചും തന്‍െറ എഴുത്തിനെക്കുറിച്ചും അവര്‍ തുറന്നു സംസാരിക്കുന്നു.

സെറിങ് വാങ്മോ ധോംപ \ ആര്‍.കെ. ബിജുരാജ്
തിബത്തിലെ വീട്
ഒരിക്കലും ഉണങ്ങാത്ത, ചോര വാര്‍ന്നൊഴുകുന്ന മുറിവാണ് തിബത്ത്. വേദനയുടെ, കണ്ണീരിന്‍െറ, അസ്വാതന്ത്ര്യത്തിന്‍െറ നാട്. ചൈന ചോരയില്‍ മുക്കിത്താഴ്ത്തിയ രാജ്യത്ത് ചെറുത്തുനില്‍പുകള്‍ ഓരോ ദിനവും വര്‍ധിക്കുന്നുവെന്ന വാര്‍ത്തകളാണ് നേര്‍ത്ത പ്രതീക്ഷ. ലോകത്തൊരു രാജ്യവും പിന്തുണക്കാനില്ലാത്ത, അനാഥമായ തിബത്തിന്‍െറ നൊമ്പരം എഴുത്തില്‍ പടര്‍ത്തുന്ന കവിയാണ് സെറിങ് വാങ്മോ ധോംപ (Tsering Wangmo Dhompa). ഇംഗ്ളീഷില്‍ കവിത എഴുതുന്ന ആദ്യ തിബത്തന്‍ വനിത.
തിബത്തന്‍ അഭയാര്‍ഥികളുടെ മകളായി 1969ല്‍ ഇന്ത്യയിലാണ് സെറിങ് വാങ്മോയുടെ ജനനം. അമ്മയാണ് വളര്‍ത്തിയതും പഠിപ്പിച്ചതും. ഇന്ത്യയിലും നേപ്പാളിലുമായിരുന്നു ബാല്യം. ഹിമാചലിലെ ധരംശാലയില്‍ പ്രാഥമിക വിദ്യാഭ്യാസം. ഡല്‍ഹി സര്‍വകലാശാലയിലെ ലേഡി ശ്രീ റാം കോളജില്‍നിന്ന് ബിരുദം. അമേരിക്കയിലെ മസാചൂസറ്റ്സ് സര്‍വകലാശാലയില്‍നിന്ന് എം.എയും സാന്‍ഫ്രാന്‍സിസ്കോ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് എം.എഫ്.എയും നേടി. 2002ല്‍ പുറത്തിറങ്ങിയ ‘റൂള്‍സ് ഓഫ് ദ ഹൗസാ’ണ് ആദ്യ കവിതാസമാഹാരം. ‘ഇന്‍ റൈറ്റിങ് ദ നെയിംസ്’, ‘റിക്കറിങ് ജെസ്റ്റേഴ്സ്’, ‘ഇന്‍ ദ ആബ്സന്‍റ് എവരി ഡെ’, ‘മൈ റൈസ് ടേസ്റ്റ് ലൈക് ദ ലേക്ക്’, ‘എ ഹോം ഇന്‍ തിബത്ത്’ എന്നിവയാണ് പുസ്തകങ്ങള്‍. നാല് തവണ തിബത്തിലേക്ക് നടത്തിയ യാത്രയും അപ്പോള്‍ അറിഞ്ഞ അവിടത്തെ സാധാരണക്കാരുടെ ജീവിതാവസ്ഥകളുടെ ചിത്രീകരണവുമാണ് ‘എ ഹോം ഇന്‍ തിബത്ത്’. ‘ഫ്രന്‍ഡ്സ് ഓഫ് തിബത്ത്’ ഒരുക്കിയ ‘മെല്‍ട്ടിങ് ദ ബൗണ്ടറി’ എന്ന കവിതാപരിപാടിക്കായി കാലിഫോര്‍ണിയയില്‍ താമസിക്കുന്ന സെറിങ് വാങ്മോ കൊച്ചിയില്‍ എത്തി. തിബത്തിനെക്കുറിച്ചും തന്‍െറ കവിതകളെക്കുറിച്ചും അവര്‍ സംസാരിക്കുന്നു:
തിബത്ത് തന്നെയാവും ഈ അഭിമുഖത്തിന്‍െറ നല്ല തുടക്കം. ഒരു അഭയാര്‍ഥിയായിട്ടാണ് നിങ്ങള്‍ ഇന്ത്യയില്‍ ജനിച്ചത്. മാതാപിതാക്കളുടെ പശ്ചാത്തലമെന്തായിരുന്നു? അവരെന്തുകൊണ്ട്് തിബത്തില്‍ തുടരുന്നതിനു പകരം പലായനമാര്‍ഗം സ്വീകരിച്ചു?
അച്ഛനും അമ്മയും ജനിച്ചതും വളര്‍ന്നതും തിബത്തിലാണ്. കിഴക്കന്‍ തിബത്തിലെ ഖാം മേഖലയിലെ ഖാംപയില്‍. നാടോടിവിഭാഗത്തില്‍പെടുന്നവരായിരുന്നു അവര്‍. ദേശാന്തരഗമനം നടത്തുന്ന ഒരു സംഘത്തിന്‍െറ തലവനായിരുന്നു അച്ഛന്‍. 1949 കള്‍ക്ക് മുമ്പ് സ്വതന്ത്ര രാജ്യമായിരുന്നു തിബത്ത്. സ്വന്തം ഭാഷയും ഭരണകൂടവുമുള്ള സ്വതന്ത്രജനത. 1949ല്‍ മാവോ സേ തുങ്ങിന്‍െറ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ അധികാരത്തിലത്തെിയതോടെ തിബത്തിന്‍െറ ദുരിതം തുടങ്ങി. വൈകാതെ ചൈന തിബത്തിലേക്ക് അധിനിവേശം നടത്തി. തിബത്തിനെ ചൈനയോട് കൂട്ടിച്ചേര്‍ക്കാനായി അവര്‍ കൂട്ടക്കൊലകള്‍ നടത്തി. ജീവിതവും ക്രമവും തകര്‍ത്തു. നാടോടികള്‍ തുടര്‍ച്ചയായി ചൈനീസ് ചുവപ്പ് സൈന്യത്തിന്‍െറ തോക്കിനിരയായി. പത്ത് വര്‍ഷം പിടിച്ചുനിന്നശേഷം ദലൈലാമ ഇന്ത്യയിലേക്ക് പലായനംചെയ്തു. ഈ സമയത്ത് ചൈന വിവരണാതീതമായ അതിക്രമം തിബത്തില്‍ നടത്തി. കൊല്ലപ്പെടുക അല്ളെങ്കില്‍ ജയിലില്‍ പീഡനത്തിന് വിധേയരാകുക എന്ന സാധ്യത മാത്രമാണ് അച്ഛനും അമ്മക്കും മുന്നില്‍ ശേഷിച്ചത്. ഇരുവരും കുടുംബത്തെയെല്ലാം വിട്ട് രക്ഷപ്പെട്ടോടി. കൂട്ടക്കൊല അരങ്ങേറുന്ന കാലത്തുതന്നെ അമ്മ തന്‍െറ വസ്തുവകകള്‍ കെട്ടിപ്പൊതിഞ്ഞുവെച്ചിരുന്നു. ദലൈലാമയുടെ വഴി പിന്തുടര്‍ന്ന് ഇന്ത്യയില്‍ അഭയാര്‍ഥികളാകാനാണ് അവര്‍ തീരുമാനിച്ചത്.
ഇന്ത്യയില്‍ എത്തിയശേഷം എന്തായിരുന്നു അവരുടെ ജീവിതം?
ഹിമാചല്‍പ്രദേശിലെ ധരംശാലയിലാണ് അമ്മയും അച്ഛനും തങ്ങിയത്. ആദ്യം അഭയാര്‍ഥിക്യാമ്പുകളിലായിരുന്നു താമസം. അവര്‍ പിടിച്ചുനില്‍ക്കാന്‍ പല പണിയും എടുത്തു. പിന്നീട് ചെറിയ വാടകമുറികളിലേക്ക് മാറി. അമ്മയുടെ പേര് സെറിങ് ചോദന്‍ ധോംപ എന്നായിരുന്നു. ധീരയും സ്വാഭിമാനബോധവും ഉള്ള അസാധാരണക്കാരിയായിരുന്നു അമ്മ. ഞാന്‍ ജനിക്കുന്നതിന് തൊട്ടുമുമ്പ് അമ്മയും അച്ഛനും വേര്‍പിരിഞ്ഞു. തിബത്തന്‍ സ്ത്രീകള്‍ സാധാരണ അത്തരമൊന്ന് ചെയ്യാറില്ല. പ്രത്യേകിച്ച് അഭയാര്‍ഥികളായി, മറ്റൊരു നാട്ടില്‍ കഴിയുമ്പോള്‍. അവര്‍ വേര്‍പിരിയുന്ന സമയത്ത് ഇവിടെയത്തെിയിട്ട് പത്തുവര്‍ഷം ആകാറായിരുന്നു. അമ്മയും ഞാനും മാത്രമായി പിന്നീട്. എന്നെ വളര്‍ത്താന്‍ അമ്മ കഷ്ടപ്പെട്ടു. അവരുടെ ലോകം ഞാന്‍ മാത്രമായി ചുരുങ്ങി. തിബത്തിലേക്ക് മടങ്ങണമെന്ന സ്വപ്നം അമ്മ എന്നും മനസ്സില്‍ അടക്കിവെച്ചു. ഒറ്റക്കായിരുന്നപ്പോള്‍ കരഞ്ഞു. അമ്മയും ഞാനും വലിയ ആത്മബന്ധം പുലര്‍ത്തിയിരുന്നു. ആ സ്വാധീനമാണ് എന്നെ കവിയാക്കുന്നതും ഇപ്പോള്‍ ഈ രീതിയില്‍ നിലനിര്‍ത്തുന്നതും. എനിക്ക് 24 വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. അമ്മ മരിച്ചിട്ട് 20 വര്‍ഷം കഴിഞ്ഞു. അച്ഛനും ജീവിച്ചിരിപ്പില്ല. മറ്റു സഹോദരങ്ങള്‍ ഇല്ല. അങ്ങനെ അനാഥയായിട്ടാണ് പിന്നീടുള്ള എന്‍െറ ജീവിതം.
അമ്മക്ക് പിന്നീട് തിബത്തിലേക്ക് പോകാനായില്ളേ?
വളരെ പ്രായം ചെന്നശേഷം, മരിക്കുന്നതിന് കുറച്ചു വര്‍ഷം മുമ്പ് അമ്മ തിബത്തില്‍ പോയിരുന്നു. ധരംശാല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തിബത്തന്‍ പ്രവാസി സര്‍ക്കാറില്‍ (Tibetan exile Government) എം.പിയായിരുന്നു അമ്മ. ആ പദവിയെല്ലാം ഒഴിഞ്ഞശേഷം അമ്മ തന്‍െറ നാട് കാണാന്‍ പോയി. ബന്ധുക്കളെയും സഹോദരങ്ങളെയും കണ്ടു. അമ്മ ചെല്ലുമ്പോള്‍ ആ നാട് തന്നെ മാറിപ്പോയിരുന്നു. കരഞ്ഞുകൊണ്ടാണ് അമ്മ മടങ്ങിവന്നത്. തന്‍െറ നാടിന്‍െറ അവസ്ഥ അമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അമ്മയുടെ പ്രിയപ്പെട്ട പലരും മരിച്ചുപോയിരുന്നു. പലരും ജയിലിലായിരുന്നു.
അമ്മയുടെ സ്വാധീനമാണ് നിങ്ങളെ കവിയാക്കുന്നത് എന്നു പറഞ്ഞു, അതെങ്ങനെയായിരുന്നു?
ഞാന്‍ കുട്ടിയായിരുന്നപ്പോഴും മുതിര്‍ന്നപ്പോഴും അമ്മ എപ്പോഴും തിബത്തിനെപ്പറ്റി പറയുമായിരുന്നു. അവിടത്തെ പഴയ കഥകള്‍. അവിടത്തെ ജീവിതങ്ങള്‍. അനുഭവങ്ങള്‍. അമ്മ ഇത് എപ്പോഴും ആവര്‍ത്തിക്കും. തിബത്തിനെപ്പറ്റി കഥകള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് അമ്മയുടെ ഒരുതരം അതിജീവനമായിരുന്നു. കഥകളിലൂടെ ജീവിക്കുക. സ്വന്തം വേദനകള്‍ മറച്ചുവെച്ച് കഥകള്‍ പറഞ്ഞ് പുതിയലോകത്ത് ജീവിക്കുക. ആരും കാണാതെ സ്വന്തം കൈപ്പടയില്‍ തിബത്തിനെപ്പറ്റി കുത്തിക്കുറിച്ചു. എല്ലാവര്‍ക്കും ഇത്തരം അതിജീവന തന്ത്രമുണ്ടാകും. ഞാന്‍ സ്കൂളിലായിരുന്നപ്പോള്‍ അമ്മയില്‍നിന്ന് അകന്ന് കഴിയേണ്ടിവന്നു. ഒറ്റക്കായി. ഈ ഒറ്റപ്പെടലിനെ അതിജീവിക്കാനുള്ള മാര്‍ഗം അമ്മക്ക് തുടര്‍ച്ചയായി കത്ത് എഴുതുകയായിരുന്നു. അമ്മക്ക് തുടര്‍ച്ചയായി എഴുതുമ്പോള്‍ വരികള്‍ പുതിയതായിരിക്കാന്‍ ഞാനാഗ്രഹിച്ചു. അപ്പോള്‍ പുതിയ ഭാഷയില്‍ എഴുതി. അതില്‍ കവിത്വമുണ്ടെന്ന് അമ്മതന്നെയാണ് പിന്നീട് എന്നോട് പറഞ്ഞത്.
ധരംശാലയില്‍ അമ്മക്ക് ഒപ്പം കഴിഞ്ഞ ദിനങ്ങള്‍ എങ്ങനെയുള്ളതായിരുന്നു?
ധരംശാല ഒരു മലയോര പട്ടണമാണ്. നിരവധി തിബത്തന്‍ അഭയാര്‍ഥികളുണ്ട് അവിടെ. ഞങ്ങള്‍ ചെറിയ വാടകമുറിയിലാണ് ജീവിച്ചത്. തകര മേല്‍ക്കൂരയുള്ള വീട്. നിറയെ പൂക്കളുള്ള വീടായിരുന്നു അത്. എപ്പോഴും കൊച്ചുപൂക്കള്‍ മുറ്റത്തും മറ്റും വീണുകിടക്കും. അച്ഛനുമായി വേര്‍പിരിഞ്ഞ ശേഷം അമ്മ മറ്റൊരു വിവാഹം കഴിച്ചില്ല. അതേപ്പറ്റി ചിന്തിച്ചതുപോലുമില്ല. അതേസമയം ഇന്ത്യയില്‍ ഞങ്ങള്‍ക്ക് കുറെ ബന്ധുക്കളുണ്ടായിരുന്നു. കുടുംബസുഹൃത്തുക്കള്‍, അകന്ന ബന്ധുക്കള്‍. അവരും ഞങ്ങളുമായി വളരെ അടുപ്പത്തിലായിരുന്നു. കുടുംബംപോലെയായിരുന്നു ഞങ്ങള്‍ കഴിഞ്ഞുവന്നത്.
കവിത, ജീവിതം, രാഷ്ട്രീയം
എന്താണ് നിങ്ങള്‍ക്ക് കവിത? എഴുത്ത്?
കവിത എനിക്ക് സ്വയം ആവിഷ്കരിക്കുന്നതിലൂടെയുള്ള അതിജീവനത്തിന്‍െറ വഴിയാണ്. മനസ്സിലുള്ളത് മറ്റൊരു രീതിയില്‍ പ്രകടിപ്പിക്കാനുള്ള മാധ്യമമാണ് കവിത. ഈ കവിതകളില്ളെങ്കില്‍ എനിക്ക് നിലനില്‍ക്കാനാവില്ല. എഴുതുമ്പോള്‍ പ്രസിദ്ധീകരിക്കണമെന്ന് കരുതിയല്ല എഴുതുന്നത്. കവിത വായിക്കാന്‍ പോകുന്നത് ആരെന്നും ചിന്തിക്കാറില്ല. പുസ്തകം അച്ചടിച്ചുകഴിയുമ്പോള്‍ മാത്രമാണ് വായനക്കാര്‍ എന്ന യാഥാര്‍ഥ്യം മനസ്സില്‍ വരുന്നതുതന്നെ. പന്ത്രണ്ടാം വയസ്സിലാണ് കവിത എഴുതാന്‍ തുടങ്ങുന്നത്. വീട് വിട്ട് മാറിനിന്നപ്പോള്‍ ഞാന്‍ പതിവായി മനസ്സിലെ വികാരങ്ങള്‍ നിറച്ച് അമ്മക്ക് എഴുതി. അമ്മക്ക് എഴുതിയ വരികളില്‍ അറിയാതെ താളവും ഒഴുക്കുമുണ്ടായിരുന്നു. ഈ അതിജീവനതന്ത്രം ഞാന്‍ പിന്നീട് ഒരു കലയായി വികസിപ്പിക്കുകയായിരുന്നു (ചിരി).
സ്വന്തം കവിതകളെ എങ്ങനെ വിശേഷിപ്പിക്കും?
എന്‍െറ കവിതകള്‍ പലര്‍ക്കും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതായി പറഞ്ഞിട്ടുണ്ട്. അതെന്തായാലും എന്‍െറ കവിത വളരെ ലളിതമല്ല. വരികള്‍ക്കിടയില്‍ മൗനം ധാരാളമുണ്ട്. എന്നാല്‍ അവയില്‍ നിഗൂഢതകളില്ല. കവിതകള്‍ തീവ്രമായി പ്രതികരിക്കുന്നില്ല. എന്നാല്‍, മിക്ക കവിതകളിലും തിബത്തുണ്ട്. രാജ്യം നഷ്ടപ്പെട്ട അഭയാര്‍ഥിയുടെ വേദനയുണ്ട്. രാജ്യത്തിന്‍െറ അവസ്ഥയില്‍ ദു$ഖിക്കുന്ന മനസ്സുണ്ട്. അതേസമയംതന്നെ തിബത്തിന്‍െറ മോചനം നേടാമെന്ന സ്വപ്നവും കവിതകളിലുണ്ട്. പല കവിതകള്‍ക്കും സാമാന്യം ദൈര്‍ഘ്യമുള്ളതായി തോന്നുന്നു.
തിബത്തന്‍ കവി തെന്‍സിന്‍ സുന്‍ന്ത്യുവിനെപ്പോലെ പ്രത്യക്ഷമായി രാഷ്ട്രീയം വിളിച്ചുപറയുന്നില്ല നിങ്ങളുടെ കവിത. എങ്കിലും രാഷ്ട്രീയ കവി എന്ന വിശേഷണത്തിന് അര്‍ഹയാണ് താങ്കള്‍?
തെന്‍സിന്‍ സുന്‍ന്ത്യു ആക്ടിവിസ്റ്റാണ്. ആക്ടിവിസത്തിന്‍െറ ഭാഗമാണ് അദ്ദേഹത്തിന് കവിത. ഞാന്‍ ആക്ടിവിസ്റ്റല്ല. ആക്ടിവിസത്തിന്‍െറ ഭാഗമല്ല എനിക്ക് കവിത. ഞാനൊരിക്കലും രാഷ്ട്രീയം കവിതകളില്‍ മുദ്രാവാക്യരൂപത്തില്‍ കുറിക്കാറില്ല. കവി, എഴുത്തുകാരി എന്നു വിളിക്കപ്പെടാനാണ് എനിക്കിഷ്ടം. രാഷ്ട്രീയ കവി, പെണ്ണെഴുത്തുകാരി എന്നിങ്ങനെയുള്ള വിശേഷണത്തോട് യോജിക്കുന്നില്ല. അത്തരം വിശേഷണം തെറ്റെന്നല്ല. ഞാന്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നത് കവിയെന്ന പൊതു സംജ്ഞയില്‍ മാത്രമാണ്.
ഇംഗ്ളീഷില്‍ എഴുതുന്ന ആദ്യ തിബത്തന്‍ വനിത എന്ന വിശേഷണം താങ്കള്‍ക്ക് സന്തോഷമാണോ? അതുയര്‍ത്തുന്ന വികാരം എന്താണ്?
ഇംഗ്ളീഷില്‍ എഴുതുന്ന ആദ്യ തിബത്തന്‍ വനിത എന്നത് എനിക്ക് ഭാരമേറിയ ടാഗ് ആണ്. പല പ്രതിബന്ധങ്ങള്‍മൂലം ഇരുപത് വര്‍ഷം മുമ്പ് ഇംഗ്ളീഷില്‍ എന്തെങ്കിലും രചന അച്ചടിച്ചുവരുക എന്നത് തിബത്തിലെ സ്ത്രീകള്‍ക്ക് (പുരുഷന്മാര്‍ക്കും) ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. ഭാഷയിലെ പ്രാവീണ്യം, വായനക്കാര്‍\കേള്‍വിക്കാരുടെ കുറവ്, പ്രസാധകരുടെ അഭാവം എന്നിങ്ങനെ പല കാരണമുണ്ട്. ആളുകള്‍ക്ക് അക്കാലത്ത് കവിതയുമായി അധികം പരിചയവുമുണ്ടായിരുന്നില്ല. സ്കൂള്‍ പാഠപുസ്തകങ്ങള്‍ക്ക് പുറത്ത് ആരെങ്കിലും കവിത വായിക്കുകയോ ചൊല്ലുകയോ ചെയ്യുന്നതായി അറിയില്ല. കവികള്‍ മരിച്ചുപോയ യൂറോപ്യന്‍കാരാണെന്നും അവര്‍ മാത്രമാണ് കവിത എഴുതിയിരുന്നതെന്നുമാണ് കുട്ടിക്കാലത്ത് ഞാനടക്കമുള്ളവരുടെ ധാരണ. കാരണം സ്കൂളില്‍ ഞങ്ങള്‍ അങ്ങനെയുള്ള കവിതകളാണ് പഠിച്ചത്. അതുപോലെ നമ്മള്‍ നിലനില്‍ക്കുന്ന സ്ഥലവും സാധ്യതകളും പ്രധാനമാണ്. അമേരിക്കയില്‍ എത്തുന്നതോടെയാണ് ഞാന്‍ കവിതയുമായി കൂടുതല്‍ പരിചയപ്പെടുന്നത്. ഇന്ത്യയിലും നേപ്പാളിലും ജീവിക്കുമ്പോള്‍ ജീവിച്ചിരിക്കുന്ന ഒരു കവിയെയും എനിക്ക് പരിചയമുണ്ടായിരുന്നില്ല. കവിതയെ ഗൗരവമായി പരിഗണിക്കണമെന്നും തോന്നിയിരുന്നില്ല.
മാതൃഭാഷയില്‍ കവിത എഴുതുക എന്നതാണ് പ്രധാനം. അത്തരം ചിന്താധാരപോലും നിലവിലുണ്ട്. മാതൃഭാഷയില്‍ കവിത എഴുതാത്തതിനെപ്പറ്റി എന്തു പറയും?
എനിക്ക് തിബത്തന്‍ ഭാഷ അറിയാം. പക്ഷേ, അത് എഴുതാനാവില്ല. അതില്‍ ആശയം ആവിഷ്കരിക്കാന്‍ ബുദ്ധിമുട്ടാണ്. ഞാന്‍ ഇപ്പോള്‍ ആ ഭാഷ കൂടുതലായി പഠിച്ചുകൊണ്ടിരിക്കുകയാണ്. തിബത്തന്‍ ഭാഷ അറിയില്ല എന്ന അവസ്ഥക്ക് വ്യക്തിപരമായി ഞാനല്ല ഉത്തരവാദി, ചൈനയാണ്. അവര്‍ രാജ്യം അധിനിവേശപ്പെടുത്തിയതാണ്. എനിക്ക് ഹിന്ദി അറിയാം, നേപ്പാള്‍ ഭാഷ അറിയാം. പക്ഷേ, ഞാന്‍ കൂടുതല്‍ ഇടപഴകിയതും പഠിച്ചതും ഇംഗ്ളീഷാണ്. തിബത്തന്‍ ഭാഷ കൂടുതല്‍ പഠിച്ചശേഷം ഞാന്‍ ആ ഭാഷയില്‍ എഴുതാന്‍ ശ്രമിക്കും. അതേസമയം, എന്‍െറ പല കവിതകളും തിബത്തന്‍ ഭാഷയിലേക്ക് സുഹൃത്തുക്കള്‍ മൊഴിമാറ്റിയിട്ടുണ്ട്.
ഒരു ചെറുകഥ മാത്രമാണ് എഴുതിക്കാണുന്നത്. എന്തുകൊണ്ട് കഥ എന്ന മാധ്യമം കൂടുതലായി ഉപയോഗിക്കുന്നില്ല?
കഥയല്ളെന്‍െറ മാധ്യമം, കവിതയാണ്. കഥ പറയുക വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കഥക്കുവേണ്ടി പല കാര്യങ്ങള്‍ ഒരുക്കണം. പശ്ചാത്തലത്തിന്‍െറ വിശദാംശങ്ങള്‍ വേണം. അത്തരം ബുദ്ധിമുട്ട് കവിതക്കില്ല. ഇനി കഥയെഴുതാനുള്ള സാധ്യതയുമില്ല. ആ കഥ ഒരു പരീക്ഷണശ്രമം മാത്രമായിരുന്നു. കഥയെഴുതാന്‍ നടത്തിയ ശ്രമത്തിലൂടെ കവിതയാണ് മാധ്യമം എന്ന് ഞാന്‍ തിരിച്ചറിഞ്ഞു (ചിരി).
എക്സൈല്‍, ഡയസ്പോറ എന്നിങ്ങനെയുള്ള സാഹിത്യ വേര്‍തിരിവുകളില്‍ സ്വയമെങ്ങനെ നിര്‍വചിക്കും? പ്രവാസസാഹിത്യം പൊതുവില്‍ തിബത്തിന് ഗുണകരമാകുന്നുണ്ടോ?
സ്വയം വിലയിരുത്തുമ്പോള്‍, രാജ്യംവിടേണ്ടിവന്ന ഒരാള്‍, സ്വന്തം രാജ്യത്തിലേക്ക് പോകാന്‍ അനുമതിയില്ലാത്തയാള്‍ എന്ന അര്‍ഥത്തില്‍ എക്സൈല്‍ എന്ന വിശേഷണമാണ് ഉചിതം. സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിട്ടവരില്‍പെടുന്നയാളല്ല ഞാന്‍. പ്രവാസസാഹിത്യം വലിയ രീതിയില്‍ തിബത്തിന്‍െറ മോചന ശ്രമങ്ങളെ സഹായിക്കുന്നുണ്ട്. ഇന്ന് നിരവധി തിബത്തന്‍കാര്‍ വിവിധ ഭാഷയില്‍ ആവിഷ്കാരം നടത്തുന്നുണ്ട്. ചിലര്‍ ഇംഗ്ളീഷില്‍. ചിലര്‍ തിബത്തനില്‍. ഇംഗ്ളീഷില്‍ എഴുതുന്ന എന്നെപ്പോലുള്ളവരുടെ രചനകള്‍ തിബത്തന്‍ ഭാഷയിലേക്ക് മൊഴിമാറ്റപ്പെടുന്നു. അതുപോലെ തിബത്തനില്‍നിന്ന് തിരിച്ചും. ചൈനീസ് ഭാഷയില്‍ എഴുതുന്ന സെറിങ് വോസറെപോലുള്ളവരുടെ രചനകള്‍ ഉടന്‍ തിബത്തനിലേക്ക് വിവര്‍ത്തനംചെയ്യപ്പെടുന്നു. വിമോചനസ്വപ്നം പേറുന്ന എഴുത്തുകളുടെ വലിയ നിരതന്നെ ഇപ്പോഴുണ്ട്. ഈ പ്രവാസ എഴുത്ത് തിബത്തിന്‍െറ ദേശീയത, സംസ്കാരം, ചരിത്രം എന്നിവയെ പുനര്‍നിര്‍വചിച്ചുകൊണ്ടിരിക്കുകയാണ്. ഫലത്തില്‍ പ്രവാസസാഹിത്യമാണ് തിബത്തിന്‍െറ സാഹിത്യം.
തിബത്ത് കാഴ്ചകള്‍, വിശ്വാസം
നിങ്ങള്‍ തിബത്തില്‍ പോയിട്ടുണ്ട്. എന്താണ് അവിടെ നിങ്ങള്‍ കണ്ട കാഴ്ച?
അമ്മ പറഞ്ഞ അറിവാണ് തിബത്തിനെപ്പറ്റി എനിക്കുണ്ടായിരുന്നത്. അമ്മ പറഞ്ഞ അന്തരീക്ഷമല്ല അവിടെയുണ്ടായിരുന്നത്. ചൈനീസ് അധിനിവേശം തിബത്തിന്‍െറ ആവാസവ്യവസ്ഥ നശിപ്പിച്ചു. രൂക്ഷമായ പ്രകൃതിചൂഷണം ആ നാടിനെ ഇല്ലാതാക്കി. ജനം മൊത്തത്തില്‍ ഭയത്തിന്‍കീഴിലാണ്. അവര്‍ നിരന്തര നിരീക്ഷണത്തിലാണ്്. തിബത്തിന്‍െറ മോചനം എന്ന സ്വപ്നം ആരെങ്കിലും പങ്കുവെച്ചാല്‍ അവര്‍ തടവറക്കുള്ളിലടയ്ക്കപ്പെടും. കടുത്ത പീഡനങ്ങള്‍ക്കിരയാകും. ചിലപ്പോള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരാകും. അമ്മ പറഞ്ഞപോലെ ചെറു പൂക്കളുടെ നാടായിരുന്നു അത്. അതേ പുഷ്പങ്ങള്‍ ധരംശാലയില്‍ കാണുമ്പോള്‍ അമ്മ പറഞ്ഞത് തിബത്തിലെ പൂക്കള്‍ ഇതിനെക്കാള്‍ മനോഹരമാണെന്നാണ്. അത് സത്യമായി തോന്നി. അവിടത്തെ നാടോടി വിഭാഗങ്ങള്‍ക്ക് മണ്ണിനോടുള്ള അടുപ്പം വാക്കുകളിലേക്ക് പടര്‍ത്താനാവുന്നതിലപ്പുറമാണ്. ഞാന്‍ അമ്മായി താഷി, അമ്മാവന്മാരായ ഫുന്‍സ്സോക്, അഷങ് എന്നിവരെ കണ്ടു. ബന്ധത്തിലുള്ള 30 സഹോദരങ്ങള്‍ എനിക്കുണ്ട്. അവര്‍ സ്വകാര്യമായി അവിടെ നടക്കുന്ന ഭീകരാവസ്ഥകള്‍ വിവരിച്ചു. തിബത്തിനെ ചൈനീസ്വത്കരിക്കാന്‍ തദ്ദേശീയമായ സംസ്കാരത്തെയും ജീവിതരീതിയെയും തകര്‍ക്കുകയാണ്. മൊത്തത്തില്‍ തിബത്ത് അപകടത്തിലാണ്. ഞാന്‍ വ്യത്യസ്ത വര്‍ഷങ്ങളില്‍ നാല് തവണ തിബത്തില്‍ പോയിട്ടുണ്ട്. ഇനി പോകാനാവില്ല. ചൈന അനുമതി നിഷേധിച്ചിരിക്കുകയാണ്.
ചൈന അനുമതി നിഷേധിക്കാന്‍ കാരണം താങ്കളുടെ എഴുത്താണോ?
അനുമതി നിഷേധിക്കാന്‍ എന്താണ് കാരണമെന്ന് വ്യക്തമായി അറിയില്ല. ആദ്യം പോകുമ്പോള്‍തന്നെ തിബത്തിനെക്കുറിച്ച് ഞാന്‍ എഴുതിയ കവിതകളും ലേഖനങ്ങളും പുറത്തുവന്നിരുന്നു. അത് ചൈനയുടെ ശ്രദ്ധയില്‍പെട്ടിട്ടില്ളെന്ന് കരുതാനാവില്ല. അനുമതി നിഷേധിച്ചതിന് ചൈന വ്യക്തമായ കാരണം പറഞ്ഞിട്ടില്ല. വീണ്ടും അവിടെ പോയാല്‍ തിബത്തന്‍ വിമോചനത്തിന് ഞാനേതെങ്കിലുംവിധത്തില്‍ സഹായം നല്‍കുമെന്നാവും അവര്‍ കരുതുന്നത്. ചിലപ്പോള്‍, തിബത്തിലെ ജീവിതത്തെപ്പറ്റി ഞാന്‍ എഴുതിയത് ഒരുപക്ഷേ, ചൈന അടുത്തിടെയാവും ഗൗരവത്തോടെ വീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ടാവുക.
തിബത്തിനെ അധിനിവേശപ്പെടുത്താന്‍ ചൈന പറഞ്ഞ ഒരു ന്യായീകരണം തിബത്തില്‍ നാടുവാഴിത്ത-മതാധികാര ക്രമം നിലനില്‍ക്കുന്നുവെന്നതാണ്. അത്തരമൊരു അവസ്ഥ തിബത്തിലുണ്ടോ?
തിബത്തില്‍ നാടുവാഴിത്ത ക്രമം ഉണ്ടായിരുന്നുവെന്നതിനാലാണ് അധിനിവേശം നടത്തിയതെന്ന വാദത്തിന് ഒരടിത്തറയുമില്ല. ഒരു രാജ്യത്തിന്‍െറ ആഭ്യന്തരപ്രശ്നം പരിഹരിക്കേണ്ടത് അവര്‍തന്നെയാണ്. മറ്റാരെങ്കിലും അത് ചെയ്യാന്‍ പാടില്ല. അധിനിവേശം നടത്തുന്നവര്‍ എന്തെങ്കിലും ഒഴികഴിവ് എന്നും കണ്ടുപിടിക്കും. അതിനുള്ള ന്യായീകരണമാണ് തിബത്തിലെ സാമൂഹികാവസ്ഥയെ കുറ്റപ്പെടുത്തല്‍. തിബത്തിനെ വിലയിരുത്താന്‍ ചൈന ആരാണ്? ഇനി ആ ന്യായീകരണമാണെങ്കില്‍ ആറു പതിറ്റാണ്ട് രാജ്യത്തെ ഭരിച്ചിട്ടും അവര്‍ക്ക് അത് പരിഹരിക്കാനായില്ളേ? അവര്‍ക്കതിന് ഇനിയും എത്രനാള്‍ വേണം? നാടുവാഴിത്ത-മതാധികാര വ്യവസ്ഥ പൂര്‍ണമായി തകര്‍ത്താല്‍ ചൈന പിന്മാറുമോ? അതില്ല. മറ്റുള്ളവരെ വിധിക്കാന്‍ നമ്മളാരുമല്ല എന്ന് മനസ്സിലാക്കുകയാണ് ചൈന ചെയ്യേണ്ടത്. തിബത്തിലെ വ്യവസ്ഥ കുറ്റമറ്റതാണെന്ന അഭിപ്രായം എനിക്കില്ല. നിങ്ങളുടെ ചോദ്യത്തിന്‍െറ രണ്ടാം ഭാഗത്തിനെപ്പറ്റി പറയുകയാണെങ്കില്‍ പഴയ തിബത്തല്ല, ഇപ്പോഴത്തെ തിബത്ത്. ചൈന അടിമുടി നശിപ്പിച്ച തിബത്താണുള്ളത്- സാമൂഹികമായും സാംസ്കാരികമായും ഭാഷാപരമായും സാമ്പത്തികമായും എല്ലാം. ചൈനീസ് വ്യവസ്ഥയുടെ തുടര്‍ച്ച മാത്രമാണിന്ന് എന്‍െറ നാട്.
സ്വന്തം അസ്തിത്വത്തെ എങ്ങനെ നിര്‍വചിക്കും? തിബത്തന്‍, ഇന്ത്യന്‍, നേപ്പാളി, യൂറോപ്യന്‍ എന്നിങ്ങനെ വ്യത്യസ്ത അസ്തിത്വം എങ്ങനെയൊക്കെ ബാധിക്കുന്നുണ്ട്?
ശരിക്കും എന്നെയും കുഴക്കുന്നതാണ് ഈ പ്രശ്നം. എന്‍െറ നാട് തിബത്താണെങ്കിലും ഇന്ത്യയാണ് എന്‍െറ രണ്ടാം വീട്. കൂടുതലും ഞാനൊരു ഇന്ത്യക്കാരിയാണ്. പക്ഷേ, ഇവിടെ എനിക്ക് പൗരത്വമില്ല, നേപ്പാളിലുമില്ല. കേവലം ഇന്ത്യയില്‍ തങ്ങുന്ന തിബത്തന്‍കാരിയെന്ന സര്‍ട്ടിഫിക്കറ്റാണ് ഇവിടെയായിരുന്നപ്പോള്‍ ലഭിച്ചിരുന്നത്. പഠിക്കുമ്പോഴേ ഇതേ പ്രശ്നം നേരിട്ടിരുന്നു. നിയമം പഠിക്കാനാഗ്രഹിച്ചപ്പോള്‍ മനസ്സിലായി എനിക്ക് ഇന്ത്യയിലെ കോടതികളില്‍ പ്രാക്ടിസ് ചെയ്യാനാവില്ളെന്ന്. അപ്പോള്‍ ആ സാധ്യത വേണ്ടെന്നുവെച്ചു. ഞങ്ങള്‍ക്ക് പൗരത്വമില്ലാത്തതിനാല്‍ ഇന്ത്യയില്‍ സ്വന്തമായി സ്ഥലം വാങ്ങിക്കാനാവില്ല. ജനനം മുതല്‍ ഇത്തരം പലതരം വൈരുധ്യങ്ങളെയാണ് അഭയാര്‍ഥി നേരിടേണ്ടത്. അമേരിക്കയില്‍ ഞാനൊരു കുടിയേറ്റക്കാരിയാണ്. അവര്‍ ചൈനയില്‍നിന്നോ മറ്റോ വന്ന ഏഷ്യക്കാരി എന്ന പരിഗണനയാണ് നല്‍കുന്നത്. ഒരിക്കല്‍ സാന്താക്രൂസ് മാര്‍ക്കറ്റില്‍ പോയപ്പോള്‍ കടക്കാരന്‍ ചോദിച്ചു: നിങ്ങളുടെ നാട് ഏതാണ്? സംസാരഭാഷ നിങ്ങളുടെ രൂപത്തിന് ഉതകുന്നില്ളെന്ന് അയാള്‍ വ്യക്തമായി പറഞ്ഞു. അയാളോട് ഞാന്‍ തിബത്തന്‍കാരിയാണെന്നും, ഇന്ത്യയിലും നേപ്പാളിലുമാണ് വളര്‍ന്നത് എന്നും മറ്റുമുള്ള കഥ വിവരിച്ചു. ആരെങ്കിലും എന്‍െറ അസ്തിത്വത്തെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ഒട്ടും മടിക്കാതെ കടന്നുവന്ന വഴികള്‍ മുഴുവന്‍ പറയും. അവരുടെ ചോദ്യം എവിടെനിന്നാണ് വരുന്നതെന്ന് എനിക്ക് വ്യക്തതയുണ്ട്. അമ്മയെപ്പോലെ തിബത്തില്‍ ഒരു വീടുണ്ടാവണമെന്ന് ഞാനാഗ്രഹിക്കുന്നു. അതൊരു സ്വപ്നമാണ്. മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്ന പ്രതീക്ഷയാണ്.
അടുത്തിടെ തിബത്തന്‍കാര്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എങ്ങനെ കാണുന്നു അതിനെ?
പുനരധിവാസ പദ്ധതി നല്ലതാണോ ചീത്തയാണോ എന്നത് ഓരോ വ്യക്തിയെയും അനുസരിച്ചാണ് പ്രതിഫലിക്കുക. പുനരധിവാസവും ഇന്ത്യന്‍ പൗരത്വവും ലഭിക്കുന്നത് പല അഭയാര്‍ഥികള്‍ക്കും ഗുണകരമായിരിക്കും. അവര്‍ക്ക് അഭയാര്‍ഥികളല്ലാതെ ഈ നാട്ടില്‍ തുടരാനാവും. എന്നാല്‍, തിബത്തന്‍ അഭയാര്‍ഥികളുടെ ആത്യന്തിക വിഷയം അതല്ല. അവര്‍ക്ക് തിബത്തിലേക്ക് പോകുക, തിബത്ത് സ്വതന്ത്രമാകുക എന്നതാണ്.
തിബത്തിന്‍െറ പ്രവാസികളായ നാലാം തലമുറയാണ് ഇപ്പോഴുള്ളത്. മാതൃനാടിനോടുള്ള പുതിയ തലമുറയുടെ ബന്ധം എത്തരത്തിലുള്ളതാണ്?
പുതിയ തലമുറക്ക് തിബത്തിന്‍െറ ചരിത്രം മനസ്സിലാക്കുക എന്ന വലിയ ഉത്തരവാദിത്തമുണ്ട്. എവിടെനിന്ന് തങ്ങള്‍ വന്നു എന്ന് അവര്‍ കൃത്യമായി മനസ്സിലാക്കണം. അത് മാതൃരാജ്യവുമായുള്ള വൈകാരികബന്ധം ദൃഢപ്പെടുത്തും. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ തിബത്തില്‍നിന്ന് രക്ഷപ്പെട്ടോടിയ തലമുറയും ഇന്നിവിടെയുണ്ട്. അവര്‍ക്ക് തങ്ങള്‍ക്ക് എന്താണ് നഷ്ടമായത് എന്ന് വ്യക്തമായ ധാരണയുണ്ട്. തങ്ങളുടെ നാടിനി ഒരിക്കലും കാണാനാവില്ളെന്നത് അവരെ വേദനിപ്പിക്കുന്നുണ്ട്. പ്രവാസി തിബത്തന്‍ തലമുറയാണ് ഒരര്‍ഥത്തില്‍ വിമോചനമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തുന്നത്. അവര്‍ ഇന്ത്യയിലടക്കം ശക്തമായ സമരം സംഘടിപ്പിക്കുന്നുണ്ട്. സാധ്യമാകുന്ന അന്താരാഷ്ട്ര വേദികളില്‍ അവര്‍ തിബത്തന്‍ പ്രശ്നം ഉയര്‍ത്തുന്നു.
എങ്ങനെയുള്ള തിബത്താണ് താങ്കളുടെ മനസ്സില്‍? എന്താവണം സ്വാതന്ത്ര്യത്തിലേക്കുള്ള പാത?
ഇപ്പോള്‍ ഭാവിയിലെ തിബത്ത് എങ്ങനെയായിരിക്കണം എന്ന് ചിന്തിക്കുന്നത് അപക്വമാണ്. തിബത്ത് സ്വതന്ത്രമാകുക എന്നതാണ് പ്രധാനം. ഓരോ ദിവസവും തിബത്ത് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ എത്രയും വേഗം സ്വതന്ത്രമാകുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഭാവിയിലെ തിബത്ത് എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റി ഒന്നും ചിന്തിക്കാനാവുന്നില്ല. അത് ജനാധിപത്യപരമായിരിക്കണം. പരിസ്ഥിതി സൗഹൃദമായിരിക്കണം. സ്വാതന്ത്ര്യത്തിലേക്ക് അഹിംസയുടെ പാതയാണ് ഞാനിഷ്ടപ്പെടുന്നത്. അക്രമം ഒന്നും കൊണ്ടുവരില്ല. കൊലപാതകങ്ങള്‍ മാത്രമാണ് അക്രമം സമ്മാനിക്കുക.
എന്താണ് നിങ്ങളുടെ രാഷ്ട്രീയം? മതവിശ്വാസം?
ഞാന്‍ ഒരു രാഷ്ട്രീയധാരയെയും പിന്തുടരുന്നില്ല. ജനാധിപത്യവും മാനവികതയുമാണ് എന്‍െറ രാഷ്ട്രീയം. വെറുപ്പിന്‍െറ രാഷ്ട്രീയത്തെ വെറുക്കുന്നു. ഞാന്‍ ബുദ്ധമതവിശ്വാസിയാണ്. എന്നാല്‍, ബുദ്ധമതം ജീവിതത്തില്‍ വലിയ സ്വാധീനമൊന്നും ചെലുത്തുന്നില്ല. മതത്തിന്‍െറ ഒരു ആചാരവും ഞാന്‍ പിന്തുടരുന്നില്ല. പക്ഷേ, ബുദ്ധമതത്തിന്‍െറ അഹിംസയടക്കമുള്ള സിദ്ധാന്തങ്ങള്‍ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്.
ബുദ്ധമതം പലപ്പോഴും അഹിംസയുടെ പാതക്ക് പുറത്താവുന്നുണ്ട്. പ്രത്യേകിച്ച് മ്യാന്‍മറില്‍ റോഹിങ്ക്യകളുടെ പ്രശ്നത്തില്‍, ശ്രീലങ്കയില്‍ തമിഴരോടുള്ള സമീപനത്തില്‍?
ബുദ്ധമതം അക്രമത്തെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. ഒരു മതത്തിന്‍െറ പേരില്‍ ചിലര്‍ ചില മേഖലകളില്‍ കാട്ടിക്കൂട്ടുന്ന അക്രമത്തിന്‍െറ പേരില്‍ മൊത്തം മതത്തെ വിലയിരുത്തുന്നത് ശരിയായ രീതിയല്ല. ബുദ്ധമതം മാത്രമല്ല, മറ്റേതു മതത്തിന്‍െറ കാര്യത്തിലും ഇത്തരം പൊതുവത്കരണം തെറ്റാണ്. ഏതെങ്കിലും നാട്ടില്‍ ഏതെങ്കിലും ചിലര്‍ കാട്ടുന്ന അതിക്രമത്തിന്‍െറ പേരില്‍ ഒരു മതത്തെ മൊത്തത്തില്‍ പിന്തിരിപ്പനായി മുദ്രകുത്തുന്ന രീതി ശരിയല്ല.

സ്വാതന്ത്ര്യപ്രക്ഷോഭത്തിന്‍െറ ഭാഗമായി തുടര്‍ച്ചയായി ആത്മാഹുതികള്‍ നടക്കുന്നു. അതിനോട് യോജിക്കുന്നുവോ?
ഇല്ല. ആത്മാഹുതി ശ്രമങ്ങളോട് യോജിപ്പില്ല. ആളുകള്‍ കൊല്ലപ്പെടുക, ജീവന്‍ നഷ്ടപ്പെടുത്തുക എന്നത് ഉള്‍ക്കൊള്ളാന്‍ പോലുമാകുന്നില്ല. സമരങ്ങളില്‍ ആള്‍നഷ്ടം ഒഴിവാക്കുകയാണ് വേണ്ടത്. ഇതിനപ്പുറം മറ്റൊരു കാര്യം കാണാതിരിക്കരുത്. എന്തുകൊണ്ടാണ് ആത്മാഹുതികള്‍ നടക്കുന്നത്? സ്വാതന്ത്ര്യം എന്ന മോഹം അത്ര തീവ്രമായി ഞങ്ങളുടെ ജനത ആഗ്രഹിക്കുന്നു എന്നതാണതില്‍ പ്രധാനം. അടിച്ചമര്‍ത്തല്‍ സഹിക്കാവുന്നതിന് അപ്പുറമാണ്. രാഷ്ട്രീയമായി സ്വാതന്ത്ര്യം നേടാന്‍ എന്ത് ത്യാഗത്തിനും ജനത തയാറാണ് എന്നാണ് ആത്മാഹുതികള്‍ കാണിക്കുന്നത്.
കമ്യൂണിസ്റ്റ് ചൈനയാണ് നിങ്ങളുടെ രാജ്യത്തെ അധിനിവേശപ്പെടുത്തിയത്. ആ അര്‍ഥത്തില്‍ കമ്യൂണിസ്റ്റുകളോടുള്ള സമീപനം?
ഏതെങ്കിലും അക്രമത്തിന്‍െറ പേരില്‍ ഒരു മതത്തെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നത് ഇവിടെയും ബാധകമാണ്. തിബത്തില്‍ ചൈന നടത്തിയ അധിനിവേശം എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍ അതിന്‍െറ പേരില്‍ കമ്യൂണിസ്റ്റുകളെ എതിര്‍ക്കുന്നത് ശരിയായ രീതിയായിരിക്കില്ല. എല്ലാ കമ്യൂണിസ്റ്റുകളും ചൈന നടത്തിയ അതിക്രമം അംഗീകരിക്കുന്നില്ല. കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ പ്രകാരവും അധിനിവേശം തെറ്റാണ്. തിബത്തിലെ സംഭവം കമ്യൂണിസത്തോടുള്ള എതിര്‍പ്പായി മാറിയിട്ടില്ല. എന്നാല്‍, കമ്യൂണിസ്റ്റുകളുടെ എല്ലാ ആശയങ്ങളോടും എനിക്ക് യോജിപ്പുമില്ല.
ഇന്ത്യയിലെ സംഭവവികാസങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? നിലവിലെ അവസ്ഥയോടുള്ള പ്രതികരണം എന്താണ്?
ഇന്ത്യയിലെ രാഷ്ട്രീയവും സംഭവവികാസങ്ങളും സൂക്ഷ്മമായി ശ്രദ്ധിക്കാറുണ്ട്. ഭരണാധികാരം വെറുപ്പിന്‍െറ രാഷ്ട്രീയം കൈയാളുന്നത് ഇന്ത്യക്ക് നല്ലതല്ല. വെറുപ്പിന്‍െറ രാഷ്ട്രീയം ഒരിക്കലും അംഗീകരിക്കാന്‍ പാടില്ല. ഒരു മതത്തിന് മറ്റൊരു മതത്തെക്കാള്‍ പ്രാധാന്യമുണ്ടെന്ന് കരുതുന്നത് തെറ്റാണ്. നിലവിലെ അവസ്ഥ ഭൂരിപക്ഷ മതത്തിന്‍െറ ആധിപത്യത്തിലേക്കാണ്. അത് ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കും. ഈ ആധിപത്യത്തിനെതിരെ എഴുത്തുകാര്‍ തങ്ങള്‍ക്ക് ലഭിച്ച പുരസ്കാരം തിരിച്ചു നല്‍കി നടത്തുന്ന പ്രതിഷേധം ശുഭസൂചകമാണ്. ഇന്ത്യയിലെ എഴുത്തുകാര്‍ ബഹുസ്വരതയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്നുവെന്നത് വലിയ കാര്യമാണ്. പുരസ്കാരം തിരിച്ചുനല്‍കിയ എഴുത്തുകാര്‍ക്കൊപ്പമാണ് ഞാന്‍.
നിങ്ങള്‍ ഇപ്പോള്‍ അമേരിക്കയിലാണ് താമസം. അനാഥത്വത്തെ നിങ്ങള്‍ ഇപ്പോള്‍ മറികടന്നിട്ടുണ്ടോ? ഇന്ത്യയിലേക്ക് മടങ്ങുമോ?
ഇന്ത്യ എന്‍െറ രണ്ടാം വീടാണ്. തിബത്തിലേക്ക് മടങ്ങുക എന്നതാണ് ആഗ്രഹം. അതു നടക്കില്ളെങ്കില്‍ ഇന്ത്യയില്‍ തങ്ങാനാണ് ഇഷ്ടം. എന്‍െറ പങ്കാളി ദക്ഷിണേന്ത്യക്കാരനാണ്. അദ്ദേഹം കൂടുതലും അമേരിക്കക്കാരനാണ് (ചിരി). അവിടെ ജനിച്ചു വളര്‍ന്നതിനാല്‍. പക്ഷേ, ഞാന്‍ കൂടുതലും ഇന്ത്യക്കാരിയാണ്. പണമുണ്ടാക്കുക എന്നതല്ല എന്‍െറ ലക്ഷ്യം. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ വന്ന് സ്ഥിരതാമസമാക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

തിബത്തന്‍ കവിത
ഓര്‍മിക്കുന്നതുപോലെ
സെറിങ് വാങ്മോ ധോംപ
ഋതുക്കള്‍ എന്നെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന്
ഞാന്‍ മനസ്സിലാക്കിത്തുടങ്ങുന്നതേയുള്ളൂ.
ശിശിരം. തെരുവുമനുഷ്യരെ മഞ്ഞ് അച്ചടക്കത്തിലേക്ക്
പ്രഹരിക്കുന്നു.
നന്നായി അണിഞ്ഞ കിന്നരിഷൂസും നൈലോണ്‍ കാലുറകളുമായി
പുറത്തേക്കിറങ്ങുന്നവരെ അമ്മമാര്‍ എങ്ങനെയൊക്കെയോ പിടിച്ചുവെക്കുന്നു
ഇതാണ്് ഞാന്‍ വര്‍ഷങ്ങള്‍ എണ്ണുന്ന രീതി: തണുപ്പുകാലത്ത് ഞങ്ങള്‍ തീകൂട്ടി
ഗ്രീഷ്മം തുടച്ചുമാറ്റി, കാരണം ഞങ്ങള്‍ മറ്റൊരിടത്തായിരുന്നു.
നിനക്ക് അഞ്ചുവയസ്സായെന്ന് 1971ല്‍ എന്നോടു പറഞ്ഞു
ജനനരേഖ പറയുന്നത് 1969 എന്നാണെങ്കിലും.
മുതിര്‍ന്നവര്‍ വിരലുകളില്‍ എണ്ണും
അവരങ്ങനെ നീണ്ട കാലം ചെയ്തിരുന്നു.
ഇത് ശൈത്യകാലമാണ്, പക്ഷേ അവര്‍ ജനിച്ചുവീണ ശൈത്യമായിരുന്നില്ല ഇത്.
കൈകൊണ്ടുതുന്നിയ കമ്പിളിക്കുപ്പായമാണ് അവര്‍ അണിഞ്ഞിരുന്നത്.
ഞാന്‍ അണിഞ്ഞത്
അഭയാര്‍ഥികള്‍ക്ക് ജനിക്കുന്ന കുട്ടികളണിയുന്ന
മേല്‍ക്കുപ്പായമായിരുന്നു.
ഞാനവര്‍ക്കൊപ്പമായിരുന്ന കാലം
ഓര്‍ക്കുന്നതായി എനിക്ക് പറയാനാവില്ല.
എന്നോട് പറഞ്ഞതാണ്
ഞാന്‍ ഓര്‍മിക്കുന്നത്.
ഞങ്ങളെപ്പറ്റിയുള്ള കഥയുടെ കൃത്യതയല്ല കാര്യം
അത് പറയാന്‍ ആരുണ്ട് എന്നതാണ്.
മൊഴിമാറ്റം:
ആര്‍.കെ. ബിജുരാജ്
മാധ്യമം ആഴ്ചപ്പതിപ്പ് 2015 നവംബര്‍ 30
No comments:
Post a Comment