Tuesday, November 20, 2012

ഗസ്സയുടെ മുറിവുകള്‍, ചോരപ്പാടുകള്‍


 ലോകത്തിലെ ഏറ്റവും വലിയ ‘തുറന്ന ജയിലാ’ണ് ഗസ്സ. സയണിസ്റ്റ്-അമേരിക്കന്‍ ഗൂഢാലോചനകളും ഇസ്രായേല്‍ അതിക്രമങ്ങളും   ഗസ്സയും ഫലസ്തീന്‍ ജനതയും അനുനിമിഷം നേരിടുന്നു. ആ ചുട്ടുപൊള്ളുന്ന യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ഗസ്സ മുനമ്പ് സന്ദര്‍ശിച്ച ശേഷം നോം ചോംസ്കി എഴുതിയ കുറിപ്പ്.ഗസ്സയുടെ മുറിവുകള്‍, ചോരപ്പാടുകള്‍

നോം ചോംസ്കി


ചില ബാഹ്യശക്തികളുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കുക എന്നതിന്‍െറ രുചി അനുഭവിപ്പിക്കാന്‍ ജയിലിലെ ഒരൊറ്റ രാത്രി പോലും  പര്യാപ്തമാണ്.  ഗസ്സയില്‍ ഒരു ദിവസം പോലുമെടുത്തില്ല, ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലില്‍ അതിജീവനത്തിനുള്ള ജനങ്ങളുടെ ശ്രമങ്ങള്‍ എന്തെന്ന് അനുഭവിച്ചു തുടങ്ങാന്‍. ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയായ അവിടെ പതിനഞ്ച് ലക്ഷം ജനങ്ങള്‍ സ്ഥിരമായി  ക്രമമില്ലാത്തതും നിഷ്ഠൂരവുമായ ഭീകരതക്കും ഏകപക്ഷീയ ശിക്ഷകള്‍ക്കും വിധേയമാകുന്നു.  അവഹേളിക്കുക, തരം താഴ്ത്തുക എന്ന ഉദ്ദേശമല്ലാതെ മറ്റൊന്നുമില്ല ഇതില്‍.  അതിന്‍െറ കൂടുതലായ ലക്ഷ്യം മാന്യമായ ഭാവിക്കുവേണ്ടിയുള്ള ഫലസ്തീന്‍ പ്രതീക്ഷകള്‍ തകര്‍ക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ്. ഒപ്പം അവകാശങ്ങള്‍ നല്‍കാനിടയുള്ള, നയതന്ത്ര ഒത്തുതീര്‍പ്പകള്‍ക്കായുള്ള അത്യധികമായ ആഗോള പിന്തുണയെ ദുര്‍ബലമാക്കുകയും.
ഇസ്രായേല്‍ രാഷ്ട്രീയ നേതാക്കള്‍  ഇക്കാര്യത്തിലുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തീവ്രത, കഴിഞ്ഞ കുറച്ച് ദിവസം മുമ്പ് നാടകീയമായി വരച്ചുകാട്ടി. ഫലസ്തീന്‍െറ അവകാശങ്ങള്‍ക്ക് പരിമിതമായ അംഗീകാരം യു.എന്നില്‍ നല്‍കുകയാണെങ്കില്‍ തങ്ങള്‍ ‘ഭ്രാന്തുപിടിച്ചതുപോലെ’ ചലിക്കുമെന്നുള്ള’ മുന്നറിയിപ്പ് നല്‍കിയപ്പോഴായിരുന്നു അത്. അത്  നിലപാടിലെ പുതിയ വ്യതിചലനമൊന്നുമായിരുന്നില്ല്ള.  ഭ്രാന്തപിടിച്ചതുപോലെ  ചലിക്കുമെന്നുള്ള’ ഭീഷണി 1950 കളിലെ ലേബര്‍ സര്‍ക്കാറുകളുടെ കാലത്തോളം പിന്നില്‍ ആഴത്തില്‍ വേരുള്ളതാണ്.  ‘സാംസണ്‍ കോംപ്ളകസു’മായി അതിന് ബന്ധമുണ്ട്: കടന്നുവന്നാല്‍ ഞങ്ങള്‍ ദേവാലയ മതിലുകള്‍ തകര്‍ക്കുമെന്ന ഭീഷണി ഓര്‍ക്കുക. അത് അന്നത്തെ നിഷ്ക്രിയമായ ഭീഷണിയായിരുന്നു. പക്ഷേ, ഇന്നല്ല.
കൃത്യമായ ഉദ്ദേശ്യത്തോടെയുള്ള അവമതിയും പുതിയതല്ല. അത് സ്ഥിരമായി പുതിയ രൂപങ്ങള്‍ സ്വീകരിക്കുമെങ്കിലും.   മുപ്പത് വര്‍ഷം മുമ്പ്, വളരെ പ്രശസ്തരായ, ജാഗ്രതയുള്ള രാഷ്ട്രീയ നേതാക്കള്‍ പ്രധാനമന്ത്രി ബിഗിനിന്,കുടിയേറ്റക്കാര്‍ എങ്ങനെയാണ് പതിവായി ഫലസ്തീന്‍കാരെ ഏറ്റവും നികൃഷ്ടവും ശിക്ഷാഭീതിയുമില്ലാത്ത രീതിയില്‍ ദ്രോഹിക്കുന്നത് എന്നതിന്‍െറ ഞെട്ടിക്കുന്നതും വിശദവുമായ  വിവരണം സമര്‍പ്പിച്ചു. പ്രമുഖ സൈനിക-രാഷ്ട്രീയ വിശകലന വിദഗ്ധന്‍ യോറം പെറി വെറുപ്പോടെ എഴുതിയതിങ്ങനെയാണ്:  ‘‘സൈന്യത്തിന്‍െറ കടമ രാജ്യത്തെ പ്രതിരോധിക്കുകയല്ല, പകരം ‘ദൈവം തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ഭൂമിയില്‍ ജീവിക്കുന്ന’, കേവലം ‘അറബൗഷിം’ ആയതിനാല്‍ (‘നിഗറു’കളും ‘കൈക്കുകളും’ പോലെ\ഒരു അവഹേളനപരമായ വാക്കാണിത്) നിരപരാധികളായ ജനങ്ങളുടെ അവകാശങ്ങള്‍ തകര്‍ക്കലാണ്’’.
ഗസ്സക്കാര്‍ പ്രത്യേകമായി ക്രൂര ശിക്ഷകള്‍ക്ക് വിധേയരാക്കപ്പെടുന്നു. ഈ അവസ്ഥയിലും ജനങ്ങള്‍ക്ക് നിലനില്‍പ് സാധ്യമാകുന്നു  എന്നത് തന്നെ അത്ഭുതകരമാണ്. അവരെങ്ങനെ അതിജീവിച്ചു എന്നത് മുപ്പത് വര്‍ഷം മുമ്പ് റജ ഷെഹാദ്  എഴുതിയ വാചാലമായ ഓര്‍മക്കുറിപ്പുകളില്‍ (‘മൂന്നാം പാത’)വിവരിക്കുന്നുണ്ട്.  പരാജയം ഉറപ്പാക്കി രൂപം നല്‍കിയ നിയമസംവിധാനത്തിനുള്ളില്‍  പ്രാഥമിക അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ  ഒരു അഭിഭാഷകന്നെ നിലയില്‍ നടത്തിയ ആശയറ്റ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ആ ഓര്‍മക്കുറിപ്പ്. തന്‍െറ വീട് നിഷ്ഠുരരായ അക്രമികളുടെ തടവറയായി മാറുന്നത് കാണുകയും, ഒന്നും ചെയ്യാനാവാതെ എങ്ങനെയൊക്കൊയോ അത്  ‘സഹിക്കുകയും ചെയ്ത ഒരു സാമിദിന്‍െറ, ‘ദൃഢചിത്തന്‍െറ’ വ്യക്തിപരമായ അനുഭവവുമായിരുന്നു ആ പുസ്തകം.
ഷെഹാദ് ഓര്‍മക്കുറിപ്പുകള്‍ എഴുതിയതിനുശേഷവും, സാഹചര്യം കൂടുതല്‍ വഷളായി.  1993ല്‍ കൊട്ടിഘോഷിക്കപ്പെട്ട ഓസ്ലോ ഉടമ്പടിയില്‍ , ഗസ്സയും വെസ്റ്റ്ബാങ്കും ഒരൊറ്റ ഭൂപ്രദേശ അസ്തിത്വമായി തീരുമാനിക്കപ്പെട്ടു. അന്നുമുതല്‍ അമേരിക്കയും ഇസ്രായേലും ഒന്നിനെ മറ്റൊന്നില്‍ നിന്ന് പൂര്‍ണമായി വേര്‍തിരിക്കാന്‍ നപടികള്‍ തുടങ്ങി. അങ്ങനെ  നയതന്ത്രതീര്‍പ്പുകളെ തടസപ്പെടുത്താനും രണ്ട് മേഖലയിലെയും അറബ്ജനങ്ങളെ ശിക്ഷിക്കുകയും ചെയ്യുകയായിരുന്നു ഉദ്ദേശ്യം. 
ഗസ്സയിലെ ജനങ്ങള്‍ക്കുള്ള ശിക്ഷ 2006 ജനുവരിയില്‍, അവര്‍ വലിയ കുറ്റം ചെയ്തതോടെ കുടുതല്‍ തീവ്രമായി-അതായത് അറബ് ലോകത്തെ ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ അവര്‍ ‘തെറ്റായ രീതിയില്‍’ വോട്ട് ചെയ്തു. ഹമാസിനെ തെരഞ്ഞെടുത്തു. തങ്ങളുടെ ‘ജനാധിപത്യത്തിനായുള്ള തീവ്രാഭിലാഷം’ പ്രകടിപ്പിച്ച് അമേരിക്കയും, ഇസ്രായേലും, ശങ്കയോടെയുള്ള യൂറോപ്യന്‍ യൂണിയന്‍െറ പിന്തുണയോടെ നിഷ്ഠൂരമായ ഉപരോധം അടിച്ചേല്‍പിച്ചു. ഒപ്പം തീവ്രമായ സൈനിക ആക്രമണങ്ങളും. അനുസരണയില്ലാത്ത ചില ജനങ്ങള്‍  ‘തെറ്റായ’ സര്‍ക്കാരുകളെ തെരഞ്ഞെടുക്കുമ്പോള്‍ അമേരിക്ക പുറത്തെടുക്കാറുള്ള പതിവ് നടപടി തന്നെ ഇവിടെയും ആവര്‍ത്തിച്ചു:  ക്രമം പുന:സ്ഥാപിക്കാന്‍ ഒരു സൈനിക അട്ടിമറി സംഘടിപ്പിക്കുക.
ഗസ്സക്കാര്‍ അതിലും വലിയ കുറ്റം ഒരുവര്‍ഷത്തിനുശേഷം ചെയ്തു. അതായാത് ഒരു അട്ടിമറി ശ്രമം തടഞ്ഞു. അത്  ഉപരോധങ്ങളുടെയും സൈനിക ആക്രമണങ്ങളുടെയും തീവ്രമായ വര്‍ധനയിലേക്ക് നയിച്ചു.  ഇത് 2008 ശൈത്യത്തില്‍ ഓപ്പറേഷന്‍ കാസ്റ്റ് ലെഡ് നടപ്പാക്കിയതോടെ പരകോടിയിലത്തെി.  ഓപ്പറേഷന്‍ കാസ്റ്റ് ലെഡ് അടുത്തകാലത്ത് നടന്ന ഏറ്റവും ഭീരുത്വവും ഏറ്റവും ദുഷ്ടലാക്കോടെയുമുള്ള സൈനിക അഭ്യാസമായിരുന്നു. പ്രതിരോധമിലാ്ളത്ത സാധാരണക്കാരായ ജനങ്ങള്‍ രക്ഷപെടാന്‍ ഒരു വഴിയുമില്ലാതെ കുടുങ്ങി. യു.എസ് ആയുധങ്ങളെ ആശ്രയിച്ചതും യു.എസ്. നയതന്ത്രത്താല്‍ സംരക്ഷിക്കപ്പെട്ടതുമായ ഏറ്റവും ആധുനികമായ സൈനിക സംവിധാനത്തിന്‍െറ നിര്‍ദാഷണ്യ ആക്രമണത്തിനാണ് ജനങ്ങള്‍ വിധേയരായത്.  ‘ശിശുഹത്യ’യുടെ ക്രൂരകശാപ്പുകളെപ്പറ്റിയുള്ള മറക്കാനാവാത്ത ദൃക്സാക്ഷിവിവരണം രണ്ട് ധീര, നോര്‍വെക്കാരായ ഡോക്ടര്‍മാര്‍ നല്‍കുന്നുണ്ട്. കരുണഒട്ടുമില്ലാത്ത  ആക്രമങ്ങള്‍ ക്കിടയില്‍ ഗാസയിലെ മുഖ്യ ആശുപത്രിയില്‍ പ്രവര്‍ത്തിച്ച മാഡ്സ് ഗില്‍ബെര്‍ട്ടും എറിക് ഫോസിയും രചിച്ച ശ്രദ്ധേയമായ ‘കണ്ണുകള്‍ ഗസ്സയില്‍’ എന്ന പുസ്തകത്തിലാണത്. 
 ഇസായേല്‍ പട്ടണമായ സ്ഡിറോട്ടില്‍ ആക്രമണത്തിന് വിധേയരായ കുട്ടികളോട് ഹൃദയംഗമായ സഹതാപം പ്രകടിപ്പിക്കുന്നതിന് അപ്പുറം അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഒബാമക്ക് ഒരുവാക്കുപോലും പറയാന്‍ കഴിവില്ലായിരുന്നു. ശ്രദ്ധാപൂര്‍വം ആസൂത്രണം ചെയ്ത യു.എസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക്  അദ്ദേഹം ചുമതലയേല്‍ക്കുന്നതിന് തൊട്ടു മുമ്പ്  അന്ത്യമായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ പിന്നോട്ടല്ല, മുന്നിലോട്ട് നോക്കാന്‍ സമയമായി എന്നു പറയാനേ ആയുള്ളൂ.
തീര്‍ച്ചയായും, എല്ലാപ്പോഴത്തെയും പോലെ അവിടെയും മുടന്തന്‍ഒഴിവുകഴിവുകളുണ്ടായിരുന്നു.  ആവശ്യംവരുമ്പോള്‍ പുറത്തെടുക്കുന്ന പതിവ് ന്യായം  ‘സുരക്ഷ’യാണ്: ഈ സംഭവത്തില്‍ ഗസയില്‍ നിന്നുള്ള  തദ്ദേശിയ നിര്‍മിത റോക്കറ്റുകളായിരുന്നു.
പൊതുവിലെപോലെ ഈ ഒഴിവ് കഴിവിന് വിശ്വാസ്യതയുടെ അഭാവമുണ്ടായിരുന്നു.  2008 ല്‍ ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നു. ഇസ്രായേല്‍ സര്‍ക്കാര്‍ ഒൗപചാരികമായും ഹമാസ് പൂര്‍ണമായും അത് പാലിച്ചു. 2008 നവംബര്‍ 4 ന് യു.എസ് തെരഞ്ഞെടുപ്പിന്‍െറ മറവില്‍ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച്, അപഹാസ്യമായ കാര്യങ്ങള്‍ ഉന്നയിച്ച് ഗസ്സയില്‍ അതിക്രമിച്ച് കടന്ന് ആറ് ഹമാസ് അംഗങ്ങളെ കൊലപ്പെടുത്തി. അതുവരെ ഒരൊറ്റ ഹമാസ് റോക്കറ്റുകളും ഇസ്രായേലിലേക്ക് വിക്ഷേപിക്കപ്പെട്ടിരുന്നില്ല. ഉയര്‍ന്ന ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇസ്രായേല്‍ സര്‍ക്കാരിനോട് ക്രിമനല്‍ ഉപരോധവും സൈനിക ആക്രമണങ്ങളും കുറച്ച്, വെടിനിര്‍ത്തല്‍ വീണ്ടും പുതുക്കാമെന്ന് ഉപദേശിച്ചു. എന്നാല്‍, മാടപ്രാവ് എന്ന് പ്രശ്സ്തനായ ഇഹുദ് ഓള്‍മാര്‍ട്ടിന്‍െറ സര്‍ക്കാര്‍ ഈ സാധ്യത തള്ളിക്കളഞ്ഞ്,  അമ്രകണത്തിന്‍െറ വലിയ താരതമ്യ നേട്ടങ്ങള്‍ കൈക്കൊള്ളുന്നത് ആശ്രയിക്കാന്‍ മുന്‍ഗണന  നല്‍കി: അതായത് ഓപ്പറേഷന്‍ കാസ്റ്റ് ലെഡ്.  ഹര്‍വാര്‍ഡ് എം.ഐ.ടി. ജേര്‍ണല്‍ ‘അന്താരാഷ്ട്ര സുരക്ഷ’യില്‍,  കാസ്റ്റ് ലെഡ് ഓപ്പറേഷന് അടിസ്ഥാന വസ്തുതകള്‍ വിദേശ നയ വിശകലന വിദഗ്ധന്‍ ജെറോം സ്ളേറ്റര്‍  ഒരിക്കല്‍ കൂടി അവലോകനം ചെയ്യുന്നുണ്ട്.
ഓപ്പറേഷന്‍ കാസ്റ്റ് ലെഡിന് കീഴിലുള്ള ബോംബ്വര്‍ഷത്തിന്‍െറ രീതികളെപ്പറ്റി ഗാസയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ അഭിഭാഷകന്‍  റഗി സൗറാനി  ശ്രദ്ധപൂര്‍വം വിശകലനം ചെയ്തിരുന്നു. വളരെയധികം ധാരണയും രാജ്യാന്തരതലത്തില്‍ ആദരിക്കപ്പെടുകയും ചെയ്യുന്ന വ്യകതിത്വമാണ് റഗി സൗറാനി. ബോംബിംഗ് കേന്ദ്രീകരിച്ചത് ഏറ്റവും അധികം ജനസാന്ദ്രതയുള്ള വടക്കന്‍ മേഖലയില്‍, പ്രതിരോധമൊട്ടുമില്ലാത്ത സാധാരണക്കാരെ ലക്ഷ്യമാക്കിയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ നടപടിക്ക് ഒരു സൈനിക മുടന്തന്‍നായ്യവും ഇല്ലായിരുന്നു. റഗി സൗറാനി ഈ ആക്രമണത്തിന്‍െറ ലക്ഷ്യമായി പറയുന്നത് ഭയവിഹ്വലരായ ജനങ്ങളെ തെക്കോട്ട്, ഈജിപ്ത് അതിര്‍ത്തിയിലേക്ക് നയിക്കലാകാം എന്നാണ്. പക്ഷേ, യു.എസ്-ഇസ്രായേല്‍ ഭീകരതയുടെ ഹിമപാതത്തിലും സാമിദിനുകള്‍ ഉറച്ചു നിന്നു. 
അതുകൂടാതെ, ആക്രമണത്തിന്‍െറ ലക്ഷ്യം ജനങ്ങളെ അതിനും പിന്നിലേക്ക് പലയാനം ചെയ്യിക്കലാകാം. സയണിസ്റ്റ്് അധിനിവേശത്തിന്‍െറ ആദ്യദിനങ്ങളിലേക്ക്.   അറബുകള്‍ക്ക് ഫലസ്തീനില്‍ തങ്ങേണ്ട യഥാര്‍ഥ കാരണവുമില്ളെന്ന് ഘോഷത്തോടെ വാദിക്കപ്പെട്ടു. അവര്‍ക്ക് മറ്റെവിടെയെങ്കിലും സന്തോഷകരമായി കഴിയാം,  വിനയപൂര്‍വമുള്ള ‘സ്ഥാനാന്തരഗമനമാവാം’ എന്ന് ‘ മാടപ്രാവുകള്‍’ നിര്‍ദേശിച്ചു. ഗസ്സയില്‍ നിന്നുള്ള പലായനം  തീര്‍ച്ചയായും ഈജിപ്തിന് ചെറിയ ഉത്കണ്ഠയല്ല. ചിലപ്പോള്‍,അതാവും  ഈജിപ്ത് സാധാരണ പൗരന്‍മാര്‍ക്കും   അത്യധികം ആവശ്യമുള്ള സാമഗ്രികളുടെ നീക്കത്തിനും തങ്ങളുടെ അതിര്‍ത്തി സ്വതന്ത്രമായി തുറന്നു നല്‍കാത്തതിനു  കാരണം.
 സൗറാനിയും മറ്റ് വ്യക്തമായ ധാരണയുള്ള മറ്റ് സ്രോതസുകളും നിരീക്ഷിക്കുന്നത് സാമിദിനുകളുടെ അച്ചടക്കം വെടിമരുന്നു പെട്ടിയെ  മറച്ചുവക്കുന്നൂവെന്നാണ്. അത് ഏത് സമയത്തും അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കാം,  നികൃഷ്ടമായ അടിച്ചമര്‍ത്തലുകളുടെ വര്‍ഷങ്ങള്‍ക്ക് ശേഷം, 1989ല്‍ ഗാസയിലെ ആദ്യ ഇന്‍തിഫാദയില്‍ നടന്നതുപോലെ.
അസഖ്യം സംഭവങ്ങളില്‍ ഒന്ന് സുചിപ്പിക്കാം. ഇന്‍തിഫാദ പൊട്ടിപ്പുറപ്പെടുന്നതിന് അല്‍പം മുമ്പ് ഫലസ്തീന്‍ പെണ്‍കുട്ടിയായ ഇന്‍തിസാര്‍ അല്‍ അത്തര്‍ സ്കൂള്‍ മുറ്റത്ത് വെടിവച്ചുകൊല്ലപ്പെട്ടു. അടുത്തുള്ള ജൂത കുടിയേറ്റ കേന്ദ്രത്തിലെ താമസക്കാരനായിരുന്നു കൊലപാതകി.  അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനനത്തിന് ഗസ്സയെ വിധേയമാക്കിയ ആയിരക്കണക്കിന് കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു  കൊലപാതകി.  ഇവിടുത്തെ ജൂത കുടിയേറ്റക്കാര്‍ വന്‍ സൈനിക സാന്നിധ്യത്തിന്‍െറ പിന്‍ബലത്തില്‍ മുനമ്പിന്‍െറ നല്ല ഭാഗവും ദുര്‍ലഭമായ വെള്ളവും കയ്യടക്കി. ‘‘14 ലക്ഷം അഗതികളായ ഫലസ്തീന്‍കാര്‍ക്ക് നടുവില്‍ ഇരുപത്തിരണ്ട് കുടിയേറ്റ കേന്ദ്രങ്ങളില്‍  ധാരാളിത്ത’ ജീവിതം നയിക്കുന്നവരാണ് കുടിയേറ്റക്കാര്‍, ഇസ്രായേല്‍ പണ്ഡിതനായ അവി റാസ് ഈ കുറ്റത്തെപ്പറ്റി വിവരിക്കുന്നത് ഇങ്ങനെയാണ്.
  സ്കൂള്‍ വിദ്യാര്‍ഥിനിയുടെ കൊലപാതകി ഷിമോന്‍ യിഫ്രയെ അറസ്റ്റ് ചെയ്തെങ്കിലും,  തടവിലാക്കാനുള്ള ഉത്തരവ് നല്‍കാന്‍ മാത്രം ‘ഗൗരവമുള്ള കുറ്റമല്ളെന്ന്’ തീരുമാനിച്ചതിനാല്‍ വളരെ പെട്ടെന്ന് ജാമ്യത്തില്‍ വിട്ടയച്ചു.
യിര്‍ഫാത്ത് സ്കൂള്‍ മുറ്റത്ത് വച്ച് പെണ്‍കുട്ടിക്ക് ഞെട്ടല്‍ നല്‍കാന്‍ ഉദ്ദേശിച്ചാണ് തന്‍െറ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തതെന്നും അല്ലാതെ പെണ്‍കുട്ടിയെ കൊല്ലാനല്ലായിരുന്നെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.  അതിനാല്‍ ‘ശിക്ഷിക്കപ്പെടുകയും ഭയപ്പെടുത്തി പിന്തിരിപ്പിക്കേണ്ടതും തടവിലാക്കികൊണ്ട് പാഠം പഠിപ്പിക്കേണ്ടതുമായ ക്രിമിനല്‍ വ്യക്തിയുടെ കേസല്ലിത്’. യിഫ്രാത്തിന് താല്‍ക്കാലികമായി നിര്‍ത്തിവച്ച ഏഴ്മാസത്തെ തടവ് ശിക്ഷയാണ് ജഡ്ജി നല്‍കിയത്. കോടതി മുറിയില്‍ കുടിയേറ്റക്കാരുടെ ആട്ടുവും പാട്ടവും പൊട്ടിപ്പുറപ്പെടുന്നതിനിടെയായിരുന്നു വിധിപ്രസ്താവം. പതിവുപോലെ നിശ്ബ്ദത  ആധിപത്യം സ്ഥാപിച്ചു. മറ്റെന്തിനേക്കാളും, ഇതൊരു ദിനചര്യയാണ്.
അതങ്ങനെതന്നെയാണ്.  യിഫ്ര മോചിപ്പിക്കപ്പെട്ടപ്പോള്‍ ഇസ്രായേലി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഒരു സൈനിക പട്രോള്‍ വിഭാഗം വെസ്റ്റ് ബാങ്ക് അഭയാര്‍ഥി ക്യാമ്പിലെ ആറുമുതല്‍ 12 വരെ പ്രായമുള്ള ആണ്‍കുട്ടികളുടെ സ്കൂള്‍ മുറ്റത്തേക്ക് , അവര്‍ക്ക് ‘ഞെട്ടല്‍ നല്‍കാനായി’ നടത്തിയ വെടിയുതിര്‍പ്പില്‍ അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു’’എന്നാണ്. അവിടെ ഒരു കുറ്റവും ആരോപിക്കപ്പെട്ടില്ല. സംഭവം ഒരു ശ്രദ്ധയും ആകര്‍ഷിച്ചില്ല. ഇത് ‘നിരക്ഷരത ശിക്ഷയാണ്’ എന്ന പരിപാടിയിലെ മറ്റൊരു അധ്യായം മാത്രമാണെന്നന്ന് ഇസ്രയേല്‍ പങ്ങ്രള്‍ റിപ്പോട്ട് ചെയ്തു.  സ്കൂള്‍ അടച്ചുപൂട്ടല്‍, ഗ്യാസ് ബോംബുകളുടെ ഉപയോഗം, തോക്ക് പാത്തികൊണ്ട് മര്‍ദിക്കല്‍, ഇരകള്‍ക്ക് വൈദ്യസഹായം നിഷേധിക്കല്‍, സ്കൂളിന് പുറത്ത് അതിനേക്കാള്‍ തീവ്രമായ നിഷ്ഠൂരതകളുടെ ആധിപത്യം എന്നിവയാണ് നടക്കുന്നത്. മറ്റൊരു ആദരണീയനായ മാടപ്രാവ് പ്രതിരോധ മന്ത്രി യിത്സ്ഹാക് റബീന്‍െറ ഉത്തരവിന് കീഴില്‍ ഇന്‍തിഫാദ കാലത്ത് നടന്നതിനേക്കാള്‍ ശക്തമായ ഉഗ്രപീഡനങ്ങളാണ് നടക്കുന്നത്.
ഗസ്സയില്‍ എത്തി കുറച്ചു ദിവസങ്ങള്‍ക്കു ശേഷം എനിക്ക് അനുഭവപ്പെട്ട  ആദ്യ തോന്നല്‍ അത്ഭുതമായിരുന്നു. ഇവിടെ ജീവിതം തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ മാത്രല്ല, യുവാക്കളുടെ ചുറുചുറക്കും ഊര്‍സ്വലതയും അത്ഭുതമുണര്‍ത്തി. പ്രത്യേകിച്ച് ഞാന്‍  ഒരു അന്താരാഷ്ട്ര സെമിനാറില്‍ കൂടുതല്‍ സമയം ചെലവിട്ട സര്‍വകാലാശാലയിലെ  യുവാക്കളില്‍. പക്ഷേ, സഹിക്കാനാവുന്നതിലേറെയുള്ള സമ്മര്‍ദത്തിന്‍െറ സൂചനകള്‍ ആര്‍ക്കും കണ്ടത്തൊനാവും. യു.എസ്- ഇസ്രായേല്‍ അധിനിവേശത്തിന്‍ കീഴില്‍ തങ്ങള്‍ക്ക് ഭാവിയില്ളെന്ന് തിരിച്ചറിയുന്ന യുവാക്കളില്‍ നിരാശ തിളച്ചുമറിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കൂട്ടിലടക്കപ്പെട്ട മൃഗങ്ങള്‍ക്ക് സഹിക്കാവുന്നതിന് ഒരു പരിധിയുണ്ട്. അവിടെ പൊട്ടിത്തെറിയുണ്ടാകാം. ചിലപ്പോള്‍ വൃത്തികെട്ട രൂപങ്ങള്‍ സ്വീകരിക്കപ്പെടാം.   മിറ്റ് റോമി ഉള്‍ക്കാഴ്ചയോടെ വിശദീകരിച്ചതുപോലെ, സാംസ്കാരികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങളെ സ്വയം ന്യായീകരണത്തോടെ അപലപിക്കാന്‍  ഇസ്രായേല്‍-പാശ്ചാത്യവക്താക്കള്‍ക്ക്  അവസരം നല്‍കുന്നതാവും പൊട്ടിത്തെറിയുടെ  രൂപങ്ങള്‍.ഗസ്സക്ക്  കാഴ്ചയില്‍ മൂന്നാം ലോക സമൂഹത്തിന്‍െറ പതിവ് സമാനതകളെല്ലാമുണ്ട്.  സമ്പന്നമായ ഒറ്റപ്പെട്ട മേഖലകളും, അതിനു ചുറ്റുമുള്ള കടുത്ത ദാരിദ്ര്യവും.  എന്നിരുന്നാലും, അത്  ‘അവികസിതമല്ല’ പകരം ഗസ്സയിലെ പ്രമുഖ അക്കാദിക് സ്പെഷ്യലിസ്റ്റ് സാറ റോയിയുടെ വാക്ക് കടമെടുത്താല്‍, അത് ‘അപവികസിതമായ’ ഇടമാണ് (ഡി ഡവലപ്പ്ഡ്). വളരെ ചിട്ടയായി തന്നെ അതങ്ങനെയാണ്. ഗസ്സക്ക്  മധ്യധരണാഴിയിലെ സമ്പല്‍സമൃദ്ധമായ മേഖലയാകാന്‍ കഴിയുമായിരുന്നു. സമ്പന്നമായ കൃഷി, തഴച്ചുവളര്‍ന്ന മത്സ്യ വ്യവസായം, മനോഹര  കടല്‍തീരങ്ങള്‍, ഒരു ദശാബ്ദം മുമ്പ് കണ്ടുപിടിക്കപ്പെട്ടപോലെ, സ്വന്തം സമുദ്രാതിര്‍ത്തിയില്‍ വളരെയധികം പ്രകൃതിവാതകങ്ങളുടെ നല്ല സാധ്യത എന്നിവമൂലമാണ് ഗസ്സക്ക് സമ്പന്നമാകനാകുമായിരുന്നത്. യാദൃശ്ചികമോ അല്ലാതെയോ,  അപ്പോഴാണ്  ഇസ്രായേല്‍ നാവിക ഉപരോധം തീവ്രമാക്കുകയൂം മീന്‍ബോട്ടുകളെ തീരങ്ങളിലേക്ക്  മുന്ന് മൈലോ അതില്‍ താഴെയോ ദൂരത്തിലേക്ക് തുരത്തിയത്.
അനുകൂല സാധ്യതകള്‍ 1948 ല്‍  ഇല്ലാതാക്കപ്പെട്ടു. ഫലസ്തീന്‍ അഭയാര്‍ഥികളുടെ പ്രളയത്തെ  മുനമ്പിന് സ്വീകരിക്കേണ്ടി വന്നതിനാലാണ് അത്.  ഈ അഭയാര്‍ഥികള്‍ ഉണ്ടായത് ഭീരകതരമൂലമോ അല്ളെങ്കില്‍ ഇസ്രായേലില്‍വരുന്ന ഭാഗങ്ങളില്‍ നിന്ന് ബലപൂര്‍വം പുറത്താക്കപ്പെട്ടതിനാലോ ാ ആയിരുന്നു. ചില കേസുകളില്‍ ഇവര്‍ പുറത്താക്കപ്പെട്ടത് ഒൗപചാരികമായ വെടിനിര്‍ത്തലിന് മാസങ്ങള്‍ക്ക് ശേഷമാണ്.
വാസ്തവത്തില്‍,  ഹാര്‍ടെസജില്‍ (2008 ഡിസംബര്‍ 25 ന്) പ്രസിദ്ധീകരിച്ച കാനന്‍ കാലംവരെയുള്ള ഇസ്രായേല്‍ ആഷ്കെലോണിന്‍െറ ചരിത്രത്തെപ്പറ്റിയുള്ള ബെനി സിപെറിന്‍െറ ചിന്തോദ്ദീപകമായ പഠനത്തില്‍ റിപ്പോര്‍ട്ട് ചെയ്തു പോലെ    ഫലസ്തീന്‍ അഭയാര്‍ഥികളില്‍ പലരും സ്വന്തം ഇടങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടത് ഇസ്രായേല്‍ രൂപീകരിക്കപ്പെട്ട് നാല്വര്‍ഷത്തിന് ശേഷവുമായിരുന്നു.
അദ്ദേഹം പറയുന്നു ,1953 ല്‍  ‘അറബ് മേഖലയെ തുടച്ചുവൃത്തിയാക്കാന്‍ തണുത്ത കണക്കുകൂട്ടലുകള്‍ നടത്തി’യെന്ന്.  മജ്ദല്‍ എന്ന സ്ഥലം ആഷ്കെലോണായി ‘ജൂതവല്‍ക്കരി’ക്കപ്പെട്ടിട്ടുണ്ട്. അതൊരു നിത്യരീതിയാണ്. അത് 1953 ലായിരുന്നു. അന്ന് അവിടെ സൈനിക ആവശ്യതകയുടെ ഒരു സൂചനപോലുമില്ലായിരുന്നു.  1953 ലാണ് സിപെര്‍ ജനിച്ചത്. പഴയ അറബ് മേഖലയിലെ ശേഷിപ്പുകളിലൂടെ നടക്കുമ്പോള്‍, ‘‘ മറ്റുള്ള ആള്‍ക്കാര്‍ ട്രക്കുകളില്‍ കുത്തി നിറച്ച് ദൂരേക്ക് മാറ്റപ്പെടുമ്പോഴും, തങ്ങളുടെ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യുമ്പോള്‍  മാതാപിതാക്കള്‍ എന്‍െറ ജനനം ആഘോഷിച്ചു എന്നത് ഉള്‍ക്കൊള്ളാന്‍  വളരെ, വളരെബുദ്ധിമുട്ടാണ്’, സിപെര്‍ പറഞ്ഞു.
1967 ല്‍ ഇസ്രായേലിന്‍െറ പിടിച്ചെടുക്കല്‍ വിജയവും അതിന്‍െറ  അനന്തര ഫലങ്ങളും കൂടുതല്‍ പ്രഹരങ്ങള്‍ക്ക് കാരണമായി. തുടര്‍ന്ന് നേരത്തെ സൂചിപ്പിച്ച ഭീകരമായ കുറ്റങ്ങള്‍ വന്നു, അത് ഇന്നത്തെ ദിനത്തിലും തുടരുന്നു. 
സൂചനകള്‍ ഒരു ഹൃസ്വ സന്ദര്‍ശനത്തില്‍ പോലും എളുപ്പം കാണാനാവും. കടല്‍തീരത്തുള്ള ഹോട്ടലില്‍ ഇരിക്കുമ്പോള്‍ കേള്‍ക്കാം ഇസ്രായേലി സായുധബോട്ടുകളില്‍ നിന്നുള്ള യന്ത്രതോക്കുകളില്‍ നിന്നുള്ള വെടിയൊച്ച. ഗസ്സയുടെ കടല്‍മേഖലയില്‍ നിന്ന് മുക്കുവരെ തീരത്തേക്ക് പായിക്കാനുള്ളതാണ് ഇത്. അതിനാല്‍ മുക്കുവര്‍ അത്യധികം മലിനമായ ജലത്തില്‍ മീന്‍ പിടിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഈ മലിനജലത്തിന് കാരണം തങ്ങള്‍ നശിപ്പിച്ച അഴുക്കുചാല്‍, ഊര്‍ജ സംവിധാനങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ അമേരിക്കന്‍-ഇസ്രായേല്‍ കൂട്ടാക്കാത്തതാണ്.
ഓസ്ലോ ഉടമ്പടി, ഊഷര മേഖലയില്‍ അവശ്യമായ,  കടല്‍വെള്ളത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിക്കുന്ന  രണ്ട് പദ്ധതി ഉള്‍പ്പെടുത്തിയിരുന്നു. ഒന്ന്,  മെച്ചപ്പെട്ട സൗകര്യമുള്ളതായിരുന്നു: നിര്‍മിക്കപ്പെട്ടത് ഇസ്രായേലില്‍. രണ്ടാമത്തേത് ഗസ്സയുടെ തെക്ക് ഖാന്‍ യൂനിസിലായിരുന്നു.  ഈ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ചുമതലയുണ്ടായിരുന്ന എഞ്ചിനീയര്‍ ഈ പ്ളാന്‍റ് കടല്‍വെള്ളം ഉപയോഗിക്കാനാവില്ളെന്നും, പകരം വളരെ ചെലവുകുറഞ്ഞ പ്രക്രിയയിലൂടെ ഭൂഗര്‍ഭജലത്തെ ആശ്രയിക്കണമെന്നും പറഞ്ഞു.  അത് ഭൂജലലഭ്യതെ ഇല്ലാതാക്കുകയും, ഭാവിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ഉറപ്പാക്കുകയും ചെയ്യും. അതിനൊപ്പം വെള്ളം ഗുരുതരമായ രീതിയില്‍ പരിമതപ്പെട്ടിരിക്കുന്നു. അഭയാര്‍ഥികള്‍ക്കായുള്ള (പക്ഷേ, ഗസ്സക്കാര്‍ക്കല്ല) ഐക്യരാഷ്ട്ര സംഘടനാ റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി (യു.എന്‍.ആര്‍. ഡബ്ള്യു.എ) അടുത്തിടെ  ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഭൂഗര്‍ഭജലഅടരുകളുടെ നാശം വളരെ പെട്ടന്ന് ‘അപരിഹാരമാകുമെന്നും’,  പ്രതിവിധി നടപടികളില്ളെങ്കില്‍ 2020 ഓടെ ഗസ്സ ‘ജീവിക്കാന്‍ കഴിയാത്ത ഇടമായി’ മാറുമെന്നും ആ റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.
യു.എന്‍.ആര്‍.ഡബ്ള്യു.എ പദ്ധതികള്‍ കടന്നുവരാന്‍ ഇസ്രായല്‍ പ്രത്യക്ഷത്തില്‍ അനുവദിക്കും. പക്ഷേ, തങ്ങള്‍ക്കാവശ്യമായ വലിയ പുനര്‍നിര്‍മാണങ്ങളില്‍ ഏര്‍പ്പെടാന്‍ ഗസ്സക്കാരെ അനുവദിക്കില്ല.  അറ്റകുറ്റപ്പണിക്കുള്ള വസ്തുക്കള്‍ ഇസ്രായേല്‍ അനുവദിക്കാത്തതിനാല്‍ പരിമിതമായ  വലിയ ഉപകരണങ്ങള്‍ മിക്കതും നിഷ്ക്രിയമായി കിടക്കുകയാണ്. ഇതെല്ലാം ഇസ്രായേല്‍ പ്രാനമന്ത്രി ഇഹ്ദ് ഓള്‍മെര്‍ട്ടിന്‍െറ  ഉപദേഷ്ടാവായ ഡോവ് വെയിസ്ഗ്ലസ് വിശദീകരിച്ചതുപോലെ 2006 ലെ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ നല്‍കിയ ഉത്തരവ്  ഫലസ്തീന്‍കാര്‍  നടപ്പാക്കാന്‍ പരാജയപ്പെട്ടതിനുളള പൊതു പരിപാടിയുടെ ഭാഗമാണ്. നമ്മുടെ ‘ഉദ്ദേശ്യം  ഫലസ്തീന്‍കാരെ തടികുറക്കാനായി പട്ടിണിക്കിടുകയാണ്, പക്ഷേ അവര്‍ പട്ടിണികൊണ്ട് മരിക്കാനും പാടില്ല’ എന്ന് അദ്ദേഹം പറഞ്ഞു. ഈ നിലപാട് നല്ലതല്ല.  ഈ പദ്ധതി മനസാക്ഷിക്കുത്തില്ലാതെ                                                                                                                                            നടപ്പാക്കപ്പെട്ടു. തന്‍െറ  പണ്ഡിതോചിതമായ പഠനങ്ങളില്‍ വളരെയധികം തെളിവുകള്‍ സാറാ റോയി നിരത്തുന്നുണ്ട്.
അടുത്തിടെ, വര്‍ഷങ്ങളുടെ ശ്രമങ്ങള്‍ക്ക് ശേഷം, ഇസ്രായേല്‍ മനുഷ്യാവകാശ സംഘടനയായ ജിസ്ഷക്ക് ഫലസ്തീന്‍കാരെ ‘പട്ടിണി’ക്കിട്ടതും അവര്‍ എങ്ങനെ വധിക്കപ്പെട്ടു എന്നതും വിശദീകരിക്കുന്ന രേഖകള്‍  സര്‍ക്കാര്‍ പുറത്തുവിടണമെന്ന കോടതി ഉത്തരവ് നേടാനായി. ഇസ്രായേല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകന്‍ ജൊനാഥന്‍ കുക്ക് അവയെ സംഗ്രഹിക്കുന്നു: “ഗസ്സയിലെ പതിനഞ്ച് ലക്ഷം ജനങ്ങള്‍ക്ക് പോഷകാഹാരക്കുറവില്ലാതിരിക്കാനാവശ്യമായ കുറഞ്ഞ അളവ് കലോറി എത്രയെന്ന കണക്ക് ആരോഗ്യ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്. ഈ കണക്ക് ഇസ്രായേല്‍ ഓരോദിവസവും അനുവദിക്കേണ്ട ഭക്ഷണ ട്രക്ക് ലോഡുകളുടെ എണ്ണമായി പരിവര്‍ത്തനപ്പെടുത്തുന്നു.. ശരാശരി 75 ട്രക്കുകള്‍ ഗസ്സയില്‍ നിത്യേന എത്തുന്നു. ഇതെന്നത് ആവശ്യമായ കുറഞ്ഞ ഭക്ഷണത്തിന്‍െറ പകുതിയില്‍ താഴെയാണ്. ഉപരോധം തുടങ്ങുന്നതിന് മുമ്പ് 400 ട്രക്കുകളായിരുന്നു എന്നത് ഇതുമായി തുലനം ചെയ്യണം’’. ഈ ഏകദേശ കണക്ക് പോലും ‘അമിതമായ മഹാമനസ്കത’യാണെന്ന്, യു.എന്‍. ദുരിതാശ്വാസ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ഭക്ഷണക്കുറവ് അടിച്ചേല്‍പിച്ചതിന്‍െറ ഫലം പശ്ചിമേഷ്യന്‍ വിദഗ്ധന്‍ ജുവാന്‍ കോളി നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: ‘‘ഗസ്സയിലെ അഞ്ചുവയസില്‍ താഴെയുള്ള 10 ശതമാനം ഫലസ്തീന്‍ കുട്ടികളുടെ വളര്‍ച്ച പോഷകാഹരക്കുറവ് മൂലം മുരടിച്ചിരിക്കുകയാണ്. കൂടാതെ രക്തക്കുറവ് (വിളര്‍ച്ച) വ്യാപകമായി പടര്‍ന്നിരിക്കുന്നു. ഇത് ശിശുക്കളില്‍ മൂന്നില്‍ രണ്ടിനെയും, സ്കൂള്‍ കുട്ടികളില്‍ 58.6 ശതമാനത്തെയും, 34 ശതമാനത്തിലേറെ ഗര്‍ഭിണികളെയും  ബാധിച്ചിരിക്കുന്നു’’. അമേരിക്കയും ഇസ്രായേലും ആഗ്രഹിക്കുന്നത് കഷ്ടിച്ചുള്ള ഫലസ്തീന്‍ അതിജീവനത്തിനപ്പുറം മറ്റൊന്നുമല്ല.
റഗി സൗറാനി നിരീക്ഷിക്കുന്നു- ‘‘മനസില്‍ വക്കേണ്ട കാര്യം  അധിനിവേശവും പരിപൂര്‍ണമായ ഉപരോധവുമാണ്  ഇപ്പോള്‍  മനുഷ്യ അന്തസിനുമേല്‍ നടക്കുന്ന ആക്രമണം. ഗസ്സയിലെ ജനങ്ങളെ പ്രത്യേകിച്ചും ഫലസ്തീന്‍കാരെ സംബന്ധിച്ച് പൊതുവിലും ഈ ആക്രമണം തുടരുന്നു.  ഇത് ഫലസ്തീന്‍ ജനങ്ങളുടെ ചിട്ടയായ തരംതാഴ്ത്തലും, അവമതിയും, ഒറ്റപ്പെടുത്തലും ഛിന്നഭിന്നമാക്കലുമാണ് ’’ അദ്ദേഹത്തിന്‍െറ ഈ നിഗമനം മറ്റ് പല സ്രോതസുകളും ഉറപ്പിച്ചിട്ടുണ്ട്.  പ്രമുഖമായ വൈദ്യ ജേര്‍ണലുകളിലൊന്നായ ‘ദ ലാന്‍സെറ്റി’ല്‍, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ വിസിറ്റിങ് ഡോക്ടര്‍ താന്‍ സാക്ഷ്യയായ അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. അദ്ദേഹം ഗസ്സയെ ‘ അന്തസിന്‍െറ അഭാവം നിരീക്ഷിക്കാനുള്ള പരീക്ഷണശാലയാ’യി വിശദീകരിക്കുന്നു. ശാരീരികവും, മാനസികവും, സാമൂഹ്യ ക്ഷേമ പരമായും  ‘കൊടിയ നശീകരണ’ത്തിന്‍െറ പ്രത്യാഘതങ്ങള്‍ ഉണ്ടാക്കിയ അവസ്ഥ. ‘‘ആകാശത്തുനിന്നുള്ള നിരന്തരമായ നിരീക്ഷണം, ഉപരോധത്തിലൂടെയും ഒറ്റപ്പെടുത്തലിലൂടെയുമുള്ള കൂട്ടായ ശിക്ഷാവിധി, വീടുകളിലേക്കും ആശയവിനിമ സംവിധാനങ്ങളിലേക്കുമുള്ള അതിക്രമിച്ചു കടക്കല്‍, യാത്ര  വിവാഹം, അല്ളെങ്കില്‍ തൊഴിലെടുക്കല്‍ എന്നിവക്കുള്ള നിയന്ത്രണം എന്നിവ മൂലം ഗാസയില്‍ അന്തസുള്ള ജീവിതം നയിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു’’ ‘അറബോഷിം’ങ്ങളെ  തല പൊക്കരുതെന്ന് പഠിപ്പിച്ചേ തീരൂ!
 ഈജിപ്തിലെ പുതിയ മോര്‍സി സര്‍ക്കാരില്‍ പ്രതീക്ഷകളുണ്ടായിരുന്നു.പാശ്ചാത്യ പിന്തുണയുണ്ടായിരുന്ന മുബാറക് സര്‍വാധിപത്യത്തെക്കാള്‍ കുറഞ്ഞ അളവിലേ  ഇസ്രായേല്‍ അടിമത്തമുള്ളൂ എന്ന കാരണത്താലായിരുന്നു പ്രതീക്ഷ. അവര്‍ റഫ അതിര്‍ത്തി തുറക്കുമെന്ന് കരുതപ്പെട്ടിരുന്നു.റഫ അതിര്‍ത്തിയാണ് കെണിയില്‍പെട്ടു കഴിയുന്ന ഗസ്സക്കാര്‍ക്ക് പുറത്തേക്കുള്ള ഏക മാര്‍ഗം. ഇവിടെ   ഇസ്രായേല്‍ നേരിട്ടുള്ള നിയന്ത്രണമില്ല. റഫ അതിര്‍ത്തി അല്‍പം തുറന്നു; പക്ഷേ അധികമില്ല. മോര്‍സി സര്‍ക്കാര്‍ റഫ അതിര്‍ത്തി വീണ്ടും തുറന്നതിനെപ്പറ്റി മാധ്യമപ്രവര്‍ത്തക ലൈല അല്‍ ഹദ്ദാദ് എഴുതി: ‘‘ഇത് ലളിതമായി വര്‍ഷങള്‍ക്കു മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കുള്ള തിരിച്ചുപോക്കായിരുന്നു: ഇസ്രായേല്‍ അംഗീകാരമുള്ള ഗസ്സ തിരിച്ചറിയില്‍ കാര്‍ഡ് കൈവശമുള്ള ഫലസ്തീന്‍കാര്‍ക്കേ റഫ അതിര്‍ത്തി ഉപയോഗിക്കാനാവൂ’’.അല്‍ ഹദദ് കുടുംബം ഉള്‍പ്പെടെ വളരെയധികം  ഫലസ്തീന്‍കാര്‍ക്ക് ഇതിനാകുമായിരുന്നില്ല.അല്‍ഹദദ് കുടുംബത്തിലെ ദമ്പതിമാരില്‍ ഒരാള്‍ക്ക് മാത്രമാണ് കാര്‍ഡുള്ളത്.
അതിനപ്പുറം, ലൈല അല്‍ ഹദാദ് തുടരുന്നു, ‘റഫ അതിര്‍ത്തിയിലൂടെ വെസ്റ്റ് ബാങ്കില്‍ എത്താനാവില്ല, അതിലൂടെ ചരക്കുകള്‍ കൊണ്ടുപോകാന്‍ അനുവാദമില്ല, ഇത് രണ്ടും ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള അതിര്‍ത്തിയിലൂടെ മാത്രമേ കഴിയൂ എന്നാണ്  നിഷ്കര്‍ഷ.  അത് പോലെ നിര്‍മാണ സാമഗ്രികള്‍ക്കും കയറ്റുമതിയും നിരോധനത്തിന് വിധേയമാണ്’’  റഫ അതിര്‍ത്തി നിയന്ത്രിതമായി കടക്കുക എന്നത് ‘ഗസ്സ കടുത്ത സമുദ്ര, വ്യോമ ഉപരോധത്തിന് വിധേയമാണ് എന്ന യാഥാര്‍ഥ്യത്തില്‍  മാറ്റമുണ്ടാക്കുന്നില്ല, ഫലസ്തീന്‍െറ സാംസ്കാരിക, സാമ്പത്തിക, അക്കാമിക തലസ്ഥാനങ്ങള്‍ മറ്റ് അധിനിവേശിത അതിര്‍ത്തികളുമായി ബന്ധം പുലര്‍ത്തുന്നില്ല, ഇത് ഓസ്ലോ ഉടമ്പടിയിക്ക് അനുസരിച്ച് യു.എസ്-ഇസ്രായേല്‍ സഖ്യം പാലിക്കേണ്ട വ്യവസ്ഥകളുടെ  ലംഘനമാണ്’’ 
ഇതിന്‍െറ പ്രത്യാഘാതങ്ങള്‍ വേദനാജനകമായ രീതിയില്‍ വ്യക്തമാണ്. ഖാന്‍ തയുനിസ് ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗം തലവന്‍ കൂടിയായ ഡയറക്ടര്‍ ദേഷ്യത്തോടും വൈകാരികമായും ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന മരുന്നുകളുടെ അഭാവം വിവരിക്കുന്നു. ലളിതമായ ശസ്ത്രക്രിയ ഉപകരണങ്ങള്‍ പോലുമില്ലാത്ത അവസ്ഥ ഡോക്ടര്‍മാരെ നിസഹായരും രോഗികളെ യാതനകളിലുമാക്കുന്നു.  നിഷ്ഠൂരമായ അധിനിവേശത്തിന്‍െറ നികൃഷ്ടതയെപ്പറ്റി ഒരാള്‍ക്ക് വെറുപ്പ് തോന്നുന്ന നിരവധി വ്യക്തിപര അനുഭവങ്ങളും വിശദമായ രചനകളുമുണ്ട്. അതിന് ഒരു ഉദാഹരണം ഒരു ഹതാശയായ യുവതിയുടെ സാക്ഷ്യപത്രമാണ്. അഭയാര്‍ഥിക്യാമ്പില്‍ ഉയര്‍ന്ന ബിരുദം നേടുന്ന ആദ്യ സ്ത്രീയാണ് അവര്‍. ആ യുവതിയുടെ ‘‘അച്ഛന്‍ കാന്‍സറിനെതിരെ ആറുമാസം പോരാടി 60ാം വയസില്‍ മരിച്ചു. ഇസ്രായേല്‍ അധിനിവേശം അദ്ദേഹത്തിനെ ഇസ്രായേല്‍ ആശുപത്രികളില്‍ ചികിത്സ തേടി പോകുന്നത് നിഷേധിച്ചു. എനിക്ക് പഠനവും ജോലിയും ജീവിതവുമെല്ലാം  അദ്ദേഹത്തിന്‍െറ കിടക്കകരില്‍ കഴിയാനായി താല്‍ക്കാലികമായി നിര്‍ത്തേണ്ടി വന്നു. നിസഹായരും അധികാരമില്ലാത്ത ഞങ്ങള്‍ക്കൊല്ലം അദ്ദേഹത്തിന്‍െറ ദുരിതം കണ്ട് ഇരിക്കേണ്ടിവന്നു.ഭിഷഗ്വരനായ സഹോദരനും ഫാര്‍മസിസ്റ്റായ സഹോദരിയുള്‍പ്പടെയുള്ള  എല്ലാവര്‍ക്കും. 2006 വേനല്‍ക്കാലത്ത്,  മനുഷ്യത്വരഹിതാമയ ഗസ്സ ഉപരോധത്തിനിടെ അദ്ദേഹം മരിച്ചു. വളരെകുറച്ച് വൈദ്യസേവനം മാത്രമേ ഉപരോധകാലത്ത് ലഭിക്കുമായിരുന്നുള്ളൂ. അധികാരമില്ലാത്തതൂം നിസാഹയവുമായ അവസ്ഥയാണ് മനുഷ്യര്‍ക്കുണ്ടാവുന്ന ഏറ്റവും വലിയ കൊല്ലുന്ന വേദന.  അത് ചേതനയെ കൊല്ലുകയും ഹൃദയം നുറുക്കുകയും ചെയ്യും. നിങള്‍ക്ക് അധിനിവേശത്തിനെതിരെ പോരാടാനാവും, പക്ഷേ അധികാരമില്ലാത്ത അവസ്ഥയെന്ന തോന്നലിനെതിരെ നിങ്ങള്‍ക്ക് പോരാടാനാവില്ല. നിങ്ങള്‍ക്ക് അത്തരം തോന്നല്‍ ഇല്ലാതാക്കാനുമാവില്ല’’.
കുറ്റകൃത്യങ്ങള്‍ കൂടിചേര്‍ന്ന അശ്ളീലതയെ വെറുക്കണം.  ദുരിതങ്ങള്‍ക്ക്  അറുതി നല്‍കി, അര്‍ഹിക്കുന്ന സമാധാനവും അന്തസും നിറഞ്ഞ ജീവിതം ആസ്വദിക്കാന്‍ സാമിദിനുകളെ അനുവദിക്കണം. അതിനുള്ള കരുത്ത് നമ്മളില്‍ തന്നെയാണ് നിലകൊള്ളുന്നത്.

2012 നവംബര്‍ 4മാധ്യമം ആഴ്ചപ്പതിപ്പ്
2012 നവംബര്‍
സ്വതന്ത്ര മൊഴിമറ്റം: ആര്‍.കെ. ബിജുരാജ്