Friday, August 10, 2012

അഫ്ഗാനും ഇറാനുമിടയിലെ ഞങ്ങള്‍


സംഭാഷണം
കമ്‌റാന്‍ മിര്‍ ഹാസര്‍/ആര്‍.കെ. ബിജുരാജ്


അഫ്ഗാനിസ്ഥാനില്‍ ജനിക്കുകയും ഇറാനിലേക്ക് കുടിയേറുകയും, പിന്നീട് ഇരുരാജ്യത്തുനിന്നും ഭരണകൂടത്താല്‍ രാജ്യഭ്രഷ്ടനാകുകയും ചെയ്യപ്പെട്ട കവിയും പത്രപ്രവര്‍ത്തകനുമാണ് കമ്‌റാന്‍ മിര്‍ ഹാസര്‍. കലാപം, കൂട്ടക്കൊല, അധിനിവേശം, മതമൗലികവാദം, ഭരണകൂട അടിച്ചമര്‍ത്തല്‍, പലായനം, പോരാട്ടം എന്നിങ്ങനെ സങ്കീര്‍ണ ജീവിതാനുഭവങ്ങള്‍ നിറഞ്ഞ കാലത്തെപ്പറ്റിയും എഴുത്തിന്റെ രാഷ്ട്രീയത്തെപ്പറ്റിയും അദ്ദേഹം സംസാരിക്കുന്നു.അഫ്ഗാനും ഇറാനുമിടയിലെ ഞങ്ങള്‍


അനായാസവും അപകടകരവുമായ എഴുത്ത്-ജീവിതം നയിക്കുന്നവരുണ്ട്. രാജ്യങ്ങള്‍ക്കിടയില്‍ ചിലപ്പോള്‍ അവര്‍ ആടിയുലഞ്ഞുപോകും. തടവറ അവരെ നിശബ്ദരാക്കും. ഭരണകൂട വെടിയുണ്ടകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പോലുമാവില്ല. എന്നാല്‍, അഫ്ഗാനിസ്ഥാന്‍ എഴുത്തുകാരനായ കമ്‌റാന്‍ മിര്‍ ഹാസര്‍ കൊടുങ്കാറ്റില്‍ ഉലയാത്ത ഒരു ചില്ലയാണ്. 
ഒരു പക്ഷേ, കമ്‌റാന്‍ മിര്‍ ഹാസറിന്‍േറതുപോലുള്ള ജീവിതം സമകാലിക എഴുത്തുകാര്‍ ആരും തന്നെ അനുഭവിച്ചിട്ടുണ്ടാവില്ല. അഫ്ഗാനിസ്ഥാനില്‍, മുപ്പത്തിയാറ് വര്‍ഷം മുമ്പാണ് കമ്‌റാന്റെ ജനനം. മധ്യ അഫ്ഗാനിലെ മലനിരകളാണ് നാട്. ഹസാര വംശജന്‍. താലിബാനുള്‍പ്പടെ പലവട്ടം കൂട്ടക്കൊലക്ക് വിധേയരാക്കിയ ഹസാര എന്ന വംശത്തില്‍ ജനിച്ചതു തന്നെ കുറ്റം. കുടുംബം കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇറാനിലേക്ക് പലായനം ചെയ്തു. അപ്പോള്‍ പ്രായം ആറുമാസം. വളര്‍ന്നത് ഇറാനില്‍. എട്ടുവര്‍ഷം ഇറാന്‍ പത്രങ്ങളിലും വാരികകളിലും പ്രവര്‍ത്തിച്ചു. കവിതയും ഭരണകൂട വിമര്‍ശനവും ശക്തമാക്കിയപ്പോള്‍ അവിടെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായി. ഒപ്പം പത്രസമ്മേളനം നടത്തിയ രണ്ട് യുവ കവി സുഹൃത്തുക്കളെ ഇറാന്‍ രഹസ്യ പോലീസ് വെടിവച്ചുകൊന്നതോടെ ഇറാന്‍ വിട്ടു. വീണ്ടും അഫ്ഗാനിസ്ഥാനില്‍. കമ്‌റാന്‍ എഡിറ്റര്‍ ഇന്‍ ചീഫായ 'കാബുള്‍ പ്രസ്' അഫ്ഗാനിലെ അഴിമതി കഥകള്‍ നിരത്തിയപ്പോള്‍ രണ്ടുവട്ടം അന്യായ തടവും പീഡനവും. പിന്നീട് അവിടെ നിന്നും പലായനം. വിവിധ രാജ്യങ്ങളില്‍ രാഷ്ട്രീയ അഭയം തേടി. ഇന്ത്യയില്‍ കുറച്ചുനാള്‍ സന്ദര്‍ശകവിസയില്‍ തങ്ങി രാഷ്ട്രീയാഭയത്തിന് ശ്രമിച്ചെങ്കിലും ഓഫീസുകള്‍ കയറിയിറങ്ങിയതുമാത്രം മിച്ചം. ഒടുവില്‍ നോര്‍വേ രാഷ്ട്രീയാഭയം വാഗ്ദാനം ചെയ്തു. ഇപ്പോള്‍ നോര്‍വേയില്‍ ഭാര്യക്കും കുട്ടിക്കുമൊപ്പം തന്റെ അപകടരമായ എഴുത്തു-ജീവിതം തുടരുന്നു.
കവി, പത്രാധിപര്‍/പത്രപ്രവര്‍ത്തകന്‍, മനുഷ്യാവകാശ പോരാളി, രാഷ്ട്രീയ വിമര്‍ശകന്‍, പ്രസാധകന്‍, ഇന്റര്‍നെറ്റ് ആക്റ്റിവിസ്റ്റ് എന്നിങ്ങനെ പലരീതിയില്‍ പ്രശസ്തനാണ് കമ്‌റാന്‍. പതിനഞ്ച്് വര്‍ഷമായി പത്രപ്രവര്‍ത്തന രംഗത്ത് സജീവം. 2004 ല്‍ അദ്ദേഹം സ്ഥാപിച്ച 'കാബുള്‍ പ്രസ്' അഫ്ഗാനിസ്ഥാനെപ്പറ്റി ഏറ്റവും അധികം വാര്‍ത്തകള്‍ ലോകത്തിനു നല്‍കുന്ന ന്യൂസ്‌പോര്‍ട്ടലാണ്. എന്നാല്‍ അഫ്ഗാനിസ്ഥാനും ഇറാനും ഈ പോര്‍ട്ടല്‍ നിരോധിച്ചു. 2005 ല്‍  കാബൂളില്‍ 'ഹോട്ട് ടീ' പ്രസിദ്ധീകരിച്ചു. 2006 ല്‍ കില്ലിഡ് എന്ന ദേശീയ റേഡിയോയില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പ് 'റഫ്യൂജി ഫേസ്' എന്ന വെബ് വാര്‍ത്താ സൈറ്റ് തുടങ്ങി. ദാരി/ഹസാരഗി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഭാഷകളില്‍ എഴുതുന്നു.
രണ്ട് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകള്‍ക്കും വാര്‍ത്താ റിപ്പോര്‍ട്ടിംഗിനും രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടി. അതില്‍ 2007 ല്‍ ലഭിച്ച അഫ്ഗാനിസ്ഥാന്‍ സിവില്‍ സൊസൈറ്റി ഫോറത്തിന്റെ ഫ്രീഡം അവാര്‍ഡും ഉള്‍പ്പെടുന്നു.'സെന്‍സര്‍ഷിപ്പ് ഇന്‍ അഫ്ഗാനിസ്ഥാന്‍' എന്ന പുസ്തകം അടുത്തിടെ നോര്‍വെയില്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. രാജ്യഭ്രഷ്ട എഴുത്തുകാരുടെ സംഘടനയായ റാഹ പെന്‍ സ്ഥാപിച്ചു.
ഈ ഓണ്‍ലൈന്‍ സംഭാഷണത്തില്‍ കമ്‌റാന്‍ മിര്‍ ഹാസാര്‍ തന്റെ ജീവിതത്തെപ്പറ്റിയും ഇറാന്റെയും അഫ്ഗാന്റെയും സമകാലിക അവസ്ഥകളെയും പറ്റി സംസാരിക്കുന്നു. 


കുടിയേറ്റം, ഇറാന്‍, പലായനം

താങ്കള്‍ ജനിച്ചത് അഫ്ഗാനിസ്ഥാനിലാണ്. എന്നാല്‍, അധികം വൈകുംമുമ്പേ ഇറാനിലേക്ക് കുടിയേറി. എന്താണ് കുടിയേറ്റത്തിന് കുടുംബത്തെ പ്രേരിപ്പിച്ചത്?

എനിക്ക് ആറുമാസമുള്ളപ്പോഴാണ് ഞങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാനിലേക്ക് കുടിയേറുന്നത്. പലായനത്തിന് കുടുംബം നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഹസാര വിഭാഗത്തിലാണ് ഞങ്ങള്‍ ജനിച്ചത്. ഒരു ഹസാരക്ക് അഫ്ഗാനില്‍ ജീവിക്കുക എന്നത് പ്രയാസമാണ്. പലവട്ടം കൂട്ടക്കൊലക്കിരയാക്കപ്പെട്ടവരാണ് ഞങ്ങളുടെ വിഭാഗക്കാര്‍. താലിബാനാവട്ടെ, മറ്റ് ഭരണാധികാരികളാകട്ടെ എല്ലാവരും ശ്രമിച്ചത് ഹസാരകളുടെ വംശഹത്യക്കാണ്. കൂട്ടക്കൊലക്ക് ഇരയാക്കപ്പെടുമെന്ന തിരിച്ചറിവാണ് ഇറാനിലേക്ക് പോകാന്‍ കുടുംബത്തെ പ്രേരിപ്പിക്കുന്നത്. അക്കാലത്ത് നിരവധി ഹസാരള്‍ കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ മനുഷ്യത്വത്തോടുള്ള കൊടും പാതകമാണ്. അഫ്ഗാനിസ്ഥാനിലെ ലക്ഷക്കണക്കിന് ഇരകളില്‍ ഒന്നുമാത്രമായിരുന്നു ഞങ്ങള്‍.


ഇറാനിലെ ജീവിതം? ഇറാന്‍ രഹസ്യപോലീസ് താങ്കളുടെ രണ്ടു കവിസുഹൃത്തുക്കളെ വെടിവച്ചുകൊന്നതായി കേട്ടിട്ടുണ്ട്, അതേപ്പറ്റി?

ഇറാനിലെ ജീവിതം വലിയ കഥയാണ്. കുട്ടിയായിരിക്കുമ്പോഴേ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടു. പണിയെടുത്തിട്ടുവേണമായിരുന്നു സ്‌കൂളില്‍ പോകാന്‍. അഭയാര്‍ഥികളായി കടന്നുവന്നതുകൊണ്ട് ഒന്നിനും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ജീവിക്കാന്‍ കഷ്ടപ്പെട്ടു. പട്ടിണിയും ദാരിദ്ര്യവുമായിരുന്നു അക്കാലത്തെ കൈമുതല്‍. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം വിദ്യാഭ്യാസം തുടരാനായില്ല. 17 വയസുള്ളപ്പോള്‍ കവിതകള്‍ എഴുതാനും പ്രസിദ്ധീകരിക്കാനും തുടങ്ങി. പക്ഷേ പുസ്‌കം അച്ചടിക്കാന്‍ ശ്രമിച്ചപ്പോള്‍ സെന്‍സര്‍ഷിപ്പ് നേരിട്ടു. കടലാസില്‍ പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഇന്റര്‍നെറ്റില്‍ സ്വതന്ത്രമായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. പിന്നീട് പത്രപ്രവര്‍ത്തനം തിരഞ്ഞെടുത്തു. ഇറാന്‍ മാഗസിനുകളില്‍ പ്രവര്‍ത്തിച്ചു. ടെഹ്‌റാനില്‍ ഇറാന്‍ രഹസ്യ പോലീസുകാര്‍ എന്റെ രണ്ട് യുവ കവി സുഹൃത്തുക്കളെ വെടിവച്ച് കൊന്നത് 1999ലാണ്.അഫ്ഗാനിസ്ഥാനിലെ യുദ്ധകുറ്റങ്ങളെപ്പറ്റി ഇറാന്‍ ബുദ്ധിജീവികള്‍ എഴുതിയ തുറന്നകത്തിനെപ്പറ്റി ടെഹ്‌റാനില്‍ പത്ര സമ്മേളനം നടത്തിയതിന്റെ രണ്ടാം ദിനത്തിലായിരുന്നു രണ്ടുപേരും വധിക്കപ്പെട്ടത്. ആ തുറന്നകത്തില്‍ ഇറാന്‍കാരും അഫ്ഗാനിസ്ഥാന്‍കാരുമായി 331 എഴുത്തുകാരും പത്രപ്രവര്‍ത്തകരും ബുദ്ധിജീവികളും ഒപ്പിട്ടിരുന്നു. ഞാനും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ടെഹ്‌റാനില്‍  നഗരഹൃദയത്തില്‍ ചെറിയ മുറിയിലാണ് ഇരുവരും കൊല്ലപ്പെട്ടത്. അത് ബുദ്ധിജീവികളെ ഭീഷണിപ്പെടുത്താനും സമ്മര്‍ദത്തിലാക്കാനുമായിരുന്നു. മറ്റുളളവര്‍ക്കുള്ള മുന്നറിയിപ്പായിരുന്നു അത്. കൊലപാതകത്തെ ഞങ്ങള്‍ അപലപിച്ചു. ഭരണകൂടം പുറകെ ഉണ്ടായിരുന്നു. ജീവിതം അപകടത്തിലാകുന്ന ഘട്ടത്തിലാണ് ഇറാന്‍ വിട്ട് അഫ്ഗാനിസ്ഥാനിലേക്ക് വീണ്ടും കുടിയേറിയത്.

ഇറാനിലെ സര്‍ക്കാരിനെ താങ്കള്‍ എങ്ങനെ വിലയിരുത്തും? കുടുംബം ഇറാനിലേക്ക് കുടിയേറി അധികം വൈകാതെയാണ് ഇറാന്‍ വിപ്ലവം നടക്കുന്നത്. അതേപ്പറ്റി?

ഇറാന്‍ ഭരണകൂടം തീര്‍ത്തും സര്‍വാധിപത്യ/സേച്ഛാധിപത്യ ഭരണകൂടമാണ്. അത് മനുഷ്യാവകാശത്തെ ആദരിക്കുകയോ വിലമതിക്കുകയോ ചെയ്യുന്നില്ല. ഭരണകൂടം നിരവധി പേരെ കൊല്ലുന്നു. ജയിലുകളില്‍ നിരവധി രാഷ്ട്രീയ തടവുകാര്‍ വിചാരണപോലും കൂടാതെ കഴിയുന്നു.  അധികാരത്തില്‍ വലിയ തോതില്‍ അഴിമതിയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യമില്ല. അവിടെ ഒരു സ്വതന്ത്ര മാധ്യമം പോലും കാണാനും കഴിയില്ല.
ഇറാനിയന്‍ വിപ്ലവത്തില്‍ കണ്ടത്  ജനങ്ങള്‍ മെച്ചപ്പെട്ട ജീവിതരീതിക്കുവേണ്ടി സംയുക്തമായി നടത്തിയ പോരാട്ടത്തെ മതവാദികള്‍ ഹൈജാക്ക് ചെയ്യുന്നതാണ്. പുതിയ ഭരണകൂടം വ്യക്തമാക്കിയത് ഒരു ഭരണകൂടത്തിന് ജനങ്ങളെ എങ്ങനെയൊക്കെ കൊല്ലാം, എങ്ങനെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കാമെന്നല്ലാമാണ്. എന്താണ് ഒരു മത സര്‍ക്കാരിന് ചെയ്യാനാവുക എന്നതിനും ഉദാഹരണായിരുന്നു ഇറാനിയന്‍ വിപ്ലവം. ഖൊമൈനി ഫ്രാന്‍സില്‍ വച്ച് പറഞ്ഞതും അദ്ദേഹം ഇറാനില്‍ ചെയ്തതും തമ്മില്‍ വലിയ അന്തരമുണ്ട്.


ഇറാനെ ശത്രുപക്ഷത്താണ് അമേരിക്ക കാണുന്നത്? യുദ്ധ സാധ്യതകളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

യുദ്ധമുണ്ടാവുമെന്നോ ഇറാനുമേല്‍ കൂടുതല്‍ സമ്മര്‍ദം അമേരിക്ക നടത്തുമെന്നോ  ഞാന്‍ കരുതുന്നില്ല. ഇറാന്‍ സര്‍ക്കാരില്‍ അമേരിക്കയുടെയും, പ്രത്യേകിച്ച് ബ്രിട്ടന്റെയും ചാരന്‍മാര്‍ നിര്‍ണായക പദവികളിലുണ്ട്.  ഇരു സര്‍ക്കാരും തങ്ങള്‍ പരസ്പരം എതിരാണെന്ന് കാണിക്കാന്‍ ശ്രമിക്കും. പക്ഷേ, സത്യം ഇരുപക്ഷവും ജനങ്ങള്‍ക്കും മനുഷ്യജീവനും എതിരാണെന്നതാണ്. ഇറാന്‍ പോലുള്ള സര്‍ക്കാരില്‍ നിന്ന് ബ്രിട്ടന് നേട്ടങ്ങളുണ്ടാക്കാം. പക്ഷേ, ഈ എല്ലാ നേട്ടങ്ങളും മനുഷ്യാവകാശങ്ങള്‍ക്ക് എതിരാണ്. നമ്മള്‍ ഇറാന്‍ സര്‍ക്കാര്‍ സേച്ഛാധിപത്യമാണ് എന്നു പറയുമ്പോള്‍ അതിനര്‍ഥം അമേരിക്കന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനുമായി നിലകൊള്ളുന്നുവെന്നാണോ?തീര്‍ച്ചയായും അല്ല.


നിരവധി ഇറാന്‍ എഴുത്തുകാര്‍ പ്രവാസികളും രാജ്യഭ്രഷ്ടരുമാണിന്ന്. അവരെപ്പറ്റിയും ഇറാന്റെ സാഹിത്യത്തെപ്പറ്റിയും എന്തുപറയും?

ശരിയാണ്. വളരെയധികം എഴുത്തുകാര്‍ പ്രവാസികളാകാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. പലരും രാജ്യം വിട്ടു. സ്വതന്ത്രമായി എഴുതാനും പ്രസിദ്ധീകരിക്കാനുമാവാതെ എഴൂത്തുകാര്‍ കടുത്ത സമ്മര്‍ദത്തിന്‍ കീഴിലാണ്. എഴുത്തുകാര്‍, കലാകാരന്‍മാര്‍, പത്രപ്രവര്‍ത്തകര്‍, വിമതശബ്ദം നേര്‍ത്ത രീതിയില്‍ ഉയര്‍ത്തുന്നവരെയെല്ലാം വിവിധ കാരണങ്ങള്‍ പറഞ്ഞ് അറസ്റ്റ് ചെയ്ത് തടവിലടക്കുകയോ പീഡിപ്പിക്കയോ ചെയ്യുന്നു. ചിലരെ തോന്നിയതുപോലെ വധിക്കുന്നു. ഇറാനില്‍ രണ്ടു തരം എഴുത്തുകാരുണ്ട്. ഒരു വിഭാഗം ഇറാന്‍ സര്‍ക്കാരിനെ പിന്തുണക്കുകയും അതില്‍ നിന്ന് നേട്ടങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നു. ക്ലാസിക്കല്‍ എന്നു പറയുന്ന എഴുത്തുകാരാണിത്. അവര്‍ സര്‍ക്കാരിനെ സഹായം പറ്റുന്ന സാംസ്‌കാരിക സംഘടനകളിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റേ വിഭാഗം എഴുത്തുകാര്‍ ഇനാനിയന്‍ റൈറ്റേഴ്‌സ് സെന്റിന്റെ ഭാഗമാണ്. അതില്‍ പലരും, മൊഖാത്രി, പൗയാന്ദ എന്നിവരെ പോലെ ഇറാനിയന്‍ സുരക്ഷാ സേനകളാല്‍ കൊല്ലപ്പെടുന്നു. അല്ലെങ്കില്‍ തടവില്‍ അടക്കപ്പെടുന്നു. ഇറാനിലെ ഭരണകൂടം പുതിയ സാഹിത്യ രീതികളോട് കടുത്ത എതിര്‍പ്പും വിമുഖതയും വച്ചുപുലര്‍ത്തുന്നു. പ്രവാസികളായ എഴുത്തുകാര്‍ ഇറാനിലെ അവസ്ഥകളെപ്പറ്റി വ്യക്തമായ കാഴ്പ്പാട് ലോകത്തിന് നല്‍കുന്നുണ്ട്. വിദേശരാജ്യങ്ങളിലെ സ്വാതന്ത്ര്യം ഉപയോഗിച്ച്, അവര്‍ എഴുതുന്നു. പക്ഷേ, ഇതെത്ര മാത്രം ഇറാനിലെ സാധാരണക്കാരില്‍ എത്തുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്.


അഫ്ഗാനിസ്ഥാനും അവസ്ഥകളും


എന്താണ് അഫ്ഗാനിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥ? രാജ്യം എങ്ങോട്ടാണ് നീങ്ങുന്നത്?

ദാരിദ്ര്യം, മനുഷ്യത്വത്തിനെതിരെയുള്ള പാതകങ്ങള്‍, യുദ്ധകുറ്റങ്ങള്‍, അധിനിവേശ സേന, ലൈംഗിക കച്ചവടം, ലോകത്തില്‍ ഏറ്റവും അധികം അഴിമതി, പട്ടിണി, മയക്കുമരുന്ന് കച്ചവടം, മനുഷ്യാവകാശ ലംഘനങ്ങള്‍, ചാവേര്‍ ബോംബുകള്‍, അമ്പതിനായിരം വരുന്ന വിദേശ സൈന്യം, മുഹമ്മദ് ഷഹീര്‍ മുതല്‍ ഹമീദ് കര്‍സായിവരെയുള്ള ക്രിമിനലുകള്‍, സ്തുതിപാഠകരായ എഴുത്തുകാര്‍- ഇതൊക്കെയാണ് അഫ്ഗാനിസ്ഥാന്‍. നീതിയും സമാധാനവുമില്ലാത്ത രാജ്യം. ജനസംഖ്യയില്‍ 95 ശതമാനത്തിലധികം പേര്‍ക്കും നീതിയോ സമാധാനമോ ഭക്ഷണമോ സൗകര്യങ്ങളോ ഇല്ല. 50-60 ശതമാനം ജനങ്ങള്‍ ഭവനരഹിതരാണ്. നിരക്ഷരതയാണ് ഇന്ന് അഫ്ഗാന്‍ നേരിടുന്ന ചരിത്രപരമായ മുഖ്യ പ്രശ്‌നവും വെല്ലുവിളിയും. അഫ്ഗാനിസ്ഥാനിലെ പുതിയ തലമുറ കൊലപാതകത്തിനും മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പ്രതികരിക്കാന്‍ തുടങ്ങിയില്ലെങ്കില്‍ ദുരന്തങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ആവര്‍ത്തിച്ച് ഇനിയും വലിയ ദുരന്തങ്ങളിലേക്ക് പോകും.

അഫ്ഗാനിസ്ഥാനിലെ നിലവിലെ ഭരണാധികാരികളെ താങ്കള്‍ എങ്ങനെ വിലയിരുത്തും? രാജ്യത്തെ ജനാധിപത്യത്തെപ്പറ്റിയോ?

ഇപ്പോഴത്തെ ഭരണാധികാരികള്‍ മാത്രമല്ല രാജ്യത്തെ ഏക ഭരണാധികാരികള്‍! കര്‍സായിക്ക് ഒരു ഗ്ലാസ് വെള്ളംപോലും വൈറ്റ് ഹൗസ് അനുവാദമില്ലാതെ കുടിക്കാന്‍ കഴിയില്ല. സഖ്യശക്തികള്‍ ഇപ്പോഴും രാജ്യത്തുണ്ട്. താലിബാന്‍, അല്‍ക്വയ്ദ, യുദ്ധപ്രഭുക്കള്‍, മയക്കുമരുന്ന് കച്ചവടക്കാര്‍ എന്നിവരും രാജ്യത്തുണ്ട്.  അധികാരത്തില്‍ ക്രിനമിലുകളാണുള്ളത്. അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യമെന്നത് അമേരിക്കന്‍ തമാശയാണ്. അവരെപ്പോഴും പറഞ്ഞുകൊണ്ടിരിക്കും: ഞങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യംകൊണ്ടുവരുന്നു. അവിടെ ഒരു ജനാധിപത്യവുമില്ല. അഫ്ഗാനിസ്ഥാന്‍ യുദ്ധപ്രഭുക്കളുടെയും ക്രമിനിലുകളുടെയും രാജ്യമാണ്. ചിലര്‍ യുദ്ധപ്രഭുക്കള്‍ എന്നു പറഞ്ഞാല്‍ വടക്കന്‍മേഖലയിലെ മുജാഹിദുകളെയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ നമുക്ക് ഇവരെ രാജ്യത്തിന്റെ എല്ലായിടത്തും കാണാം. അഫ്ഗാനിസ്ഥാന്‍ മാത്രമല്ല എന്റെ രാജ്യം. എല്ലായിടവും എന്റെ രാജ്യമാണ്. പക്ഷേ, ഇങ്ങനെ പറയുമ്പോഴും പാസ്‌പോര്‍ട്ടും വിസയും ആവശ്യമാണ് എന്ന് എനിക്കറിയം. 


താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുക്കുമെന്ന് കരുതുന്നുണ്ടോ? എന്താണ് അവരുടെ അവസ്ഥ?

താലിബാന്‍ വീണ്ടും അധികാരം പിടിക്കുമോ എന്ന് പറയാനാവില്ല. അവര്‍ അഫ്ഗാന്റെ കിഴക്ക്, തെക്ക് ഭാഗത്തും ശക്തമാണ്. ബ്രിട്ടന്റെ ക്ലാസിക്കല്‍ ഭരണം എന്ന് പ്രയോഗമുണ്ട്. എന്നുവച്ചാല്‍, ബ്രിട്ടീഷ് അധികാരത്തിനായി എന്‍.ജി.ഒ  ചിന്തകള്‍ ഉപയോഗിക്കുക. ക്രിമിനലുകളും, എന്‍.ജി.ഒ ചിന്താഗതിയുള്ള ആളുകളുമായി ചേര്‍ന്ന് ബ്രിട്ടന്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. അഫ്ഗാനിസ്ഥാനിലെ അധികാരത്തില്‍ നിരവധി താലിബാനുകള്‍ ഉണ്ട്. താലിബാനുമായി ബന്ധമുള്ള 500 പേരുകള്‍ ഞങ്ങള്‍ കാബൂള്‍പ്രസില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പറയുന്ന പലരും അധികാരത്തിലുണ്ട്. പാര്‍ലമെന്റില്‍ പലരീതിയില്‍ നുഴഞ്ഞുകയറിയ താലിബാന്‍കാര്‍ക്ക് നിയമം ഭേദഗതിചെയ്യാനും താലിബാന്‍ നേതാക്കളുമായി നല്ലരീതില്‍ സഹകരിക്കാനുമാകും.നേരത്തെ ഉണ്ടായ സമാധാന കമീഷന്‍ താലിബാനുവേണ്ടി ഉണ്ടാക്കിയതായിരുന്നു. ഈ കമീഷന്‍ 2500 താലിബാന്‍കാര്‍ക്ക് സമാധാനവും പണവും ഭൂമിയും നല്‍കി. സഹായം പറ്റി പലരും അഫ്ഗാന്‍ ജനതക്കെതിരെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിലും പങ്കാളികളായി. വാര്‍ത്താവിതരണ സാംസ്‌കാരിക മന്ത്രിയെപോലുള്ള ചില മന്ത്രിമാര്‍ക്ക് താലിബാന്റെ അതേ നിലപാടുകളാണുള്ളത്. ചിലര്‍ പാസ്‌പോര്‍ട്ട് കുപ്പായ കീശയിലിട്ടാണ് നടക്കുന്നത്. എപ്പോഴെങ്കിലും പ്രശ്‌നമുണ്ടായി പിടിക്കപ്പെടുമെന്ന ഘട്ടംവന്നാല്‍ രാജ്യം വിടാമെന്ന കണക്കുകൂട്ടലിലാണ് ഇവര്‍. ഇവരൊന്നും താലിബാനേക്കാള്‍ മെച്ചമല്ല. അതായത് താലിബാന്‍ നേരിട്ട് ഭരിക്കാതെയും താലിബാന്‍ ഭരണം നടപ്പാകുമെന്നര്‍ഥം.


അഫ്ഗാനിസ്ഥാന് പുതിയ വിപ്ലവം ആവശ്യമാണോ?

അതെ. ഈ പുതിയ വിപ്ലവം ജനങ്ങളില്‍ നിന്നും ബുദ്ധിജീവികളില്‍ നിന്നുമാണ് ഉണ്ടാകേണ്ടത്. നിര്‍ഭാഗ്യകരമെന്നുപറയാം നമുക്ക് ശരിയായ ബുദ്ധിജീവികളില്ല. അതിനാല്‍ നമുക്ക് പുതിയ തലമുറയെ മുന്നേറ്റം സംഘടിപ്പിക്കാനായി പരിശീലിപ്പിക്കുകയും അവര്‍ സജ്ജരാകുന്നതിന് കാത്തിരിക്കുകയും ചെയ്യണം. നിരക്ഷരതക്കെതിരെ നമ്മള്‍ പോരാടണം. അത് ഇല്ലാതക്കണം. ഏതൊരു മുന്നേറ്റത്തിനും ആവശ്യം ജനങ്ങള്‍ തങ്ങളുടെ അവകാശങ്ങളെപ്പററി ബോധവാന്‍മാരായിരിക്കുക എന്നതാണ്. ഞങ്ങള്‍ നിരക്ഷതക്കെതിരെ അന്താരാഷ്ട്ര പ്രചരണം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെയും നിരക്ഷരത തുടച്ചുനീക്കാനായി ഒരു ദേശീയ പദ്ധതി ആവിഷ്‌കരിക്കാന്‍ സര്‍ക്കാരിനായിട്ടില്ല.

ഒരിക്കല്‍ കമ്യൂണിസ്റ്റ് രാജ്യമായിരുന്ന അഫ്ഗാനില്‍ എന്താണ് ഇപ്പോഴത്തെ  ഇടതുപക്ഷങ്ങളുടെ അവസ്ഥ?

ചില ഇടതുപക്ഷക്കാര്‍ വലതുപക്ഷക്കാരേക്കാള്‍ വലതുപക്ഷക്കാരാണ്. അഫ്ഗാനിസ്ഥാനിലേക്ക് അമേരിക്ക വന്നപ്പോള്‍ അവരില്‍ പലരും കാര്യങ്ങള്‍ മറക്കുകയും വലതുപക്ഷക്കാരായി മാറുകയും യുദ്ധപ്രഭുക്കള്‍ക്കും താലിബാനുമൊപ്പം കൈകോര്‍ക്കുകയും ചെയ്തു. ചില ഗ്രൂപ്പുകള്‍ ഇപ്പോഴും തങ്ങള്‍ സ്വതന്ത്രമാണ് എന്ന് അവകാശപ്പെടുന്നുണ്ട്.  അവരില്‍ നിരവധി വിരോധാഭാസങ്ങളുണ്ട്. അവര്‍ ശക്തമായ പ്രതിപക്ഷവുമല്ല. ഭൂരിപക്ഷം നേതാക്കളും അമേരിക്കയിലോ യൂറോപ്യന്‍രാജ്യങ്ങളിലോ ആണ് ജീവിക്കുന്നത്.


എന്താണ് സ്ത്രീകളുടെ അവസ്ഥ?

എല്ലയ്‌പ്പോഴും കുട്ടികളും സ്ത്രീകളുമാണ് കലാപത്തിന്റെയും യുദ്ധത്തിന്റെയും ഇരകള്‍. പ്രത്യേകിച്ച് പുരുഷപ്രഭുക്കളുടെ നാടായ അഫ്ഗാനില്‍. സ്ത്രീകള്‍ സ്വതന്ത്രരല്ല. ഭയത്തോടെയാണ് അവര്‍ ജീവിക്കുന്നതും സമൂഹത്തില്‍ ഇടപെടുന്നതും. മതമൗലികവാദികളുടെയും താലിബാന്‍കാരുടെയും ആക്രമണം ഏത് നിമിഷവും ഉണ്ടാകുമെന്ന് അവര്‍ ഭയപ്പെടുന്നു. അമേരിക്കയുടെ ജനാധിപത്യമെന്നത് സ്ത്രീകളെ ഉപയോഗിച്ചുള്ളതാണ്. അവിടെ പ്രാദേശീകവും അന്തര്‍ദേശീയവൂമായ ഒ.ജി.ഒ കളുണ്ട്. പല സ്ത്രീ സംഘടനകളും സാമ്രാജ്യത്വ രാജ്യങ്ങളെയും യു.എന്‍, പോലുള്ള സംഘടനകളെയും ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവരെല്ലാം പറയും ലിംഗപ്രശ്‌നവും ശാക്തീകരണവും മുഖ്യമാണെന്ന്. ഈ സംഘടനകള്‍ പലതൂം സ്ത്രീകളെ നിരത്തി കൂടുതല്‍ കൂടുതല്‍ ഫണ്ട് നേടിയെടുക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. സ്ത്രീകള്‍ക്കാകട്ടെ ഈ സംഘടനകളില്‍ വലിയ പങ്കുമില്ല. സ്ത്രീ മന്ത്രാലയത്തിലെ സ്ത്രീ പ്രാതിനിധ്യം പോലും പേരിന് മാത്രമാണ്. 

രാജ്യത്തെ അഭയാര്‍ഥികളുടെ അവസ്ഥയും മോശമാണെന്ന് കേള്‍ക്കുന്നു?

ലക്ഷക്കണക്കിന് അഫ്ഗാന്‍കാര്‍ രാജ്യംവിടാന്‍ നിര്‍ബന്ധിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ രാജ്യത്തിനകത്തുനിന്ന് മറ്റൊരിടത്തേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടവരുമുണ്ട്. 8-9 വര്‍ഷങ്ങള്‍ക്ക്മുമ്പ് അഞ്ചുലക്ഷം അഭയാഥികള്‍ രാജ്യത്തേക്ക് മടങ്ങിവന്നു. എന്നാല്‍ അവരില്‍ നല്ലപങ്കും അരക്ഷിതാവസ്ഥയും തൊഴിലില്ലായ്മയും മൂലം വീണ്ടും നാടുവിടേണ്ടി വന്നു.  ബന്ധപ്പെട്ട മന്ത്രാലമാകട്ടെ അഴിമതി നിറഞ്ഞതുമാണ്. മറുവശത്ത് ഈ അഭയാര്‍ഥികള്‍ ഇറാന്‍, പാകിസ്ഥാന്‍പോലുള്ള രാജ്യങ്ങളിലും പ്രശ്‌നമാകുന്നുണ്ട്. ഭൂരിപക്ഷം അഫ്ഗാന്‍ അഭയാര്‍ഥികളും ഈ രണ്ടു രാജ്യങ്ങളിലുമാണുള്ളത്. ഇറാന്‍ സര്‍ക്കാര്‍ കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കില്ല. അതുപോലെ അവര്‍ക്ക് സ്വതന്ത്രമായി പണിയെടുക്കാനുമാവില്ല. ദക്ഷിണ അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴും പോരാട്ടമുണ്ട്. അതുപോലെ പലയിടത്തും താലിബാനും യുദ്ധപ്രഭുക്കളും ദേശീയ താല്‍പര്യത്തിന് വിരുദ്ധമായി പോരാട്ടം തുടരുകയാണ്. ഓരോ ദിവസവും പുതിയ ഇരകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.


അഫ്ഗാനിസ്ഥാനിലെ പ്രശ്‌ന പരിഹാരത്തിന് താങ്കള്‍ നിര്‍ദേശിക്കുന്ന രാഷ്ട്രീയ പരിഹാരം എന്താണ്?

അധികാരത്തിലുള്ള എല്ലാ ക്രമിനിലുകളെയും പിന്തള്ളുക. അവരെ വിചാരണ ചെയ്യുക. ഈ നടപടി തുടങ്ങേണ്ടത് അഫ്ഗാനിസ്ഥാനില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്ഥാപിച്ചുകൊണ്ടാവണം. മുഹമ്മദ് സഹീറിന്റെ കാലം മുതല്‍ ഇന്നുവരെയുള്ള അനീതികളും അക്രമങ്ങളും വിചാരണ ചെയ്യണം. ഒരു ക്രമിനിലും സ്ഥാനാര്‍ഥിയല്ലാത്ത പുതിയ തെരഞ്ഞെടുപ്പ് വേണം.


അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങളില്‍ ഇന്ത്യക്ക് എന്തെങ്കിലും ഗുണകരമായി ചെയ്യാനുന്നെ് കരുതുന്നുണ്ടോ?

പാകിസ്താന്‍, ഇറാന്‍, അറബ് രാജ്യങ്ങള്‍, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെപ്പോലെ ഇന്ത്യയും അഫ്ഗാനിസ്ഥാനിലെ യുദ്ധപ്രഭുക്കളെ പിന്തുണക്കുകയാണ് ചെയ്തത്. ന്യൂഡല്‍ഹിയിലെ  ഒരു തെരുവിന് ഇന്ത്യന്‍സര്‍ക്കാര്‍ അഫ്ഗാനിലെ പ്രശസ്തനായ യുദ്ധപ്രഭുവിന്റെ പേര് നല്‍കിയത് ഓര്‍ക്കുക. അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സഹായിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നെങ്കില്‍ ആദ്യം ചെയ്യേണ്ടത് യുദ്ധ പ്രഭുക്കളെ പിന്തുണക്കുന്നത് നിര്‍ത്തുകയാണ്.


അഫ്ഗാനിസ്ഥാന്‍ വിടാന്‍ താങ്കളെ പ്രേരിപ്പിച്ചതെന്താണ്? രണ്ടുവട്ടം തടവിലായതാണോ? ആ അനുഭവങ്ങള്‍ എത്തരത്തിലുള്ളതാണ്?

ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതി വെളിപ്പെടുത്തുന്ന രേഖകള്‍ പ്രസിദ്ധീകരിച്ചും മനുഷ്യാവകാശ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചുമായിരുന്നു എന്റെ പത്രപ്രവര്‍ത്തനം. അതിനാല്‍ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും സ്വതന്ത്രമായി ഞാന്‍ എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും ഇഷ്ടമായില്ല. രണ്ടുതവണ സുരക്ഷാ സേനകള്‍ തടവിലാക്കി. പിടികൂടി എന്‍.ഡി.എസ്. ആസ്ഥാനത്ത് കൊണ്ടുപോയി. താലിബാന്‍, അല്‍ക്വയ്ദ അംഗങ്ങളെന്ന പേരില്‍ ചിലരെ തടവിലടച്ചിരുന്നതിനു സമീപമായിരുന്നു എന്റെ സെല്‍. കൈയും കാലിലും ചങ്ങലയിട്ടു. തടവുകാരനു ലഭിക്കേണ്ട ഒരു അവകാശവും ലഭിച്ചില്ല. അര്‍ധരാത്രി പോലും അവര്‍ വിളിച്ചുണര്‍ത്തി ചോദ്യം ചെയ്തു. ആരാണ് നീ, നിങ്ങള്‍ക്കാരാണ് രേഖകള്‍ തന്നത്? എന്തിന് കര്‍സായിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഴുതുന്നു. കാബൂള്‍ പ്രസിന്റെ ജര്‍മനിയിലും അമേരിക്കയിലുള്ള ശാഖകള്‍ എവിടെയൊക്കെ? ഒരു ഹസാരയായ ഞാന്‍ എന്തിന് ഭരണാധികാരികളെ വിമര്‍ശിക്കണം? ഉത്തരം വളരെ ലളിതമായിരുന്നു. ഞാന്‍ പത്രപ്രവര്‍ത്തകനാണ്. എനിക്ക് കോടതിയില്‍ മാത്രം, അതും കോടതി സുരക്ഷ ഉറപ്പാക്കുമെങ്കില്‍ സോഴ്‌സ് വെളിപ്പെടുത്തിയാല്‍ മതി. എന്‍.ഡി.എസ്. ആസ്ഥാനത്തെ തടവ് നിയമവിരുധമായിരുന്നു.  എനിക്ക് ആകെയുളളത് ലാപ്‌ടോപാണ്.  വീട്ടിലെ മോശം ഇന്റര്‍നെറ്റ് കണക്ഷനാണ് എന്റെ പ്രവര്‍ത്തനത്തിന്റെ ഘടകം. അഭിഭാഷനെ കാണാനും അനുവദിച്ചില്ല. ഒടുവില്‍ ഞാന്‍ നിരാഹരസമരം തുടങ്ങി. 96 മണിക്കൂര്‍ നിരാഹാരം നീണ്ടപ്പോള്‍ അവരെന്നെ അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ കൊണ്ടുപോയി. ഒടുവില്‍ ജാമ്യത്തില്‍ വിട്ടു. ഞാന്‍ പത്രസമ്മേളനം നടത്തി അന്താരാഷ്ട്ര മാധ്യമങ്ങളുള്‍പ്പടെയുള്ളവരോട് കാര്യങ്ങള്‍ വിശദീകരിച്ചു. അഴിമതി നടത്തിയ മന്ത്രിയെയല്ല, അഴിമതി വിളിച്ചു പറഞ്ഞ എന്നെ അറസ്റ്റ് ചെയ്യുന്നതിലെ തെറ്റ് ഞാന്‍ പറഞ്ഞു. ഒരു മാസം ഓഫീസിനുള്ളില്‍ തന്നെ തുടരാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെട്ടു. എന്‍.ഡി.എസ്. സേന അറസ്റ്റ് ചെയ്യാനായി ഓഫീസ് പരിസരത്ത് എപ്പോഴുമുണ്ടായിരുന്നു. ഒടുവില്‍ അറസ്റ്റ് നടന്നു. പാകിസ്താനും അഫ്ഗാനിസ്ഥാനുമായി സമാധാന സംഭാഷണം നടന്ന ആദ്യ ദിവസമായിരുന്നു അത്. ഞാന്‍ വീണ്ടും അഫ്ഗാനിസ്ഥാന്‍ ഗോണ്ടിനാമോയില്‍ അടക്കപ്പെട്ടു. ആദ്യ അറസ്റ്റിനുശേഷം അഫ്ഗാന്‍ ഗ്വാണ്ടിനാമോ എന്ന് എന്‍.എസ്.ഡി ആസഥാനത്തെ വിശേഷിപ്പിച്ച്  മാധ്യമങ്ങളോട് പറഞ്ഞത് എന്‍.ഡി.എസ്. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമായില്ല. നിയമവിരുധ അറസ്റ്റില്‍ പ്രതിഷേധിച്ച് ഞാന്‍ നിരാഹാരം തുടങ്ങി. ഒമ്പതു മണിക്കൂറിനുശേഷം അവരെന്നെ വിട്ടയച്ചു. അതിനുകാരണം അറുനൂറോളം  മാധ്യമപ്രവര്‍ത്തകര്‍ എന്നെ വിട്ടയച്ചിലെങ്കില്‍  പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം പ്രകടനം നടത്തുമെന്നും പാകിസ്താനുമായി നടക്കുന്ന ഉച്ചകോടി ബഹിഷ്‌കരിക്കുമെന്നും മുന്നറിയിപ്പുനല്‍കിയതാണ്. കര്‍സായി ഒടുവില്‍ വിട്ടയക്കാന്‍ നിര്‍ദേശിച്ചു.  വീണ്ടും ഞാന്‍ ഓഫീസിനുള്ളിലായി. മനുഷ്യാവകാശ സംഘടനകള്‍ രാജ്യം വിടാന്‍ ഉപദേശിച്ചു. കാരണം അടുത്ത തവണ തട്ടിക്കൊണ്ടുപോകലോ കൊലപാതകമോ നടത്തുമെന്ന് അവര്‍ പറഞ്ഞു. ഒടുവില്‍ അത് അംഗീകരിക്കുകയായിരുന്നു.


സ്വയമെങ്ങനെയാണ് വിശേഷിപ്പിക്കുക-രാഷ്ട്രീയ കവി, പത്രപ്രവര്‍ത്തകന്‍..? 

എനിക്ക് എന്‍േറതായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. പക്ഷേ, ഞാന്‍ രാഷ്ട്രീയക്കരനല്ല. ഭരണാധികാരികള്‍ ചെയ്യുന്നത് വിമര്‍ശിക്കാനും അവരുടെ ചെയ്തികള്‍ തുറന്നുകാട്ടാനും ഞാന്‍ ഇഷ്ടപ്പെടുന്നു.  ചിലപ്പോള്‍ സ്വയം തോന്നുന്നത് ഞാന്‍ ഇടതുപക്ഷക്കാരനാണെന്ന്. എന്നാല്‍ ഞാന്‍ ഇടതുപക്ഷക്കാരനാണ് എന്നു പറയുന്നവരെയും ഞാന്‍ വിമര്‍ശിക്കുന്നു! സ്വയം വിളിക്കാന്‍ ഇഷ്ടപ്പെടുന്നത് പത്രപ്രവര്‍ത്തകന്‍, കവിയെന്നാണ്.

താങ്കളുടെ ആക്റ്റിവസവുമായി കവിതാ രചന എത്രമാത്രം ഒത്തുപോകുന്നു?   സ്വയം എത്രമാത്രം കവിതകളില്‍ തുറന്നു കാട്ടാനാകുന്നുണ്ട്? എത്രമാത്രം രചനകള്‍ ഇറാനിലും അഫ്ഗാനിലും സ്വീകരിക്കപ്പെടുന്നു?

ആക്റ്റിവിസം മൂലം എനിക്ക് കാര്യങ്ങള്‍ കൂടുതല്‍ ദൂരത്തിലും പരപ്പിലും കാണാനാവുന്നു. ആ കാഴ്ചകള്‍ ഞാന്‍ കവിതയില്‍ കൊണ്ടുവരുന്നു. അഫ്ഗാനിസ്ഥാനില്‍ കവിതകള്‍ ജനങ്ങളുടെ ശബ്ദമായേപറ്റു. അത് ചില രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ മാത്രം ഒതുക്കനാവില്ല.
കവിതകളില്‍ ഞാന്‍ എന്നെ തുറന്നുകാട്ടുന്നുണ്ട്. പക്ഷേ എല്ലാവര്‍ക്കും കണ്ടെത്താനാവില്ല. അത് വാക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുന്നു. സാധാരണക്കാര്‍ക്കും മനസിലാക്കാന്‍ പറ്റുന്ന വിധത്തില്‍ കാര്യങ്ങള്‍ ലളിതമായി പറയുകയാണ് ഞാന്‍ ചെയ്യുന്നത്. എന്നാല്‍, തീര്‍ത്തും ലളിതവുമല്ല! ഇറാനിലും അഫ്ഗാനിലും ഞാനൊരു സാധാരണ കവിമാത്രമാണ്. അച്ചടിച്ച പുസ്തകം പ്രസിദ്ധീകരിച്ചവരെ മാത്രമാണ് കവികളായി എല്ലാവരും അംഗീകരിക്കുക. സെന്‍സര്‍ഷിപ്പ് ഇടങ്ങളില്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഞാന്‍ ഉഷ്ടപ്പെടുന്നില്ല. അഫ്ഗാനില്‍ പുസ്തകം അച്ചടിച്ചാല്‍ പോലും വായനക്കാരെ കിട്ടുമോ എന്ന് സംശയം. എവിടെയാണ് അത് എനിക്ക് വില്‍ക്കാന്‍ കഴിയുക. നിങ്ങള്‍ക്ക് അധികം പുസ്തക ശാലകള്‍ അഫ്ഗാനില്‍ കാണാനാവില്ല. 

എന്താണ് എഴുത്ത്? എപ്പോഴാണ് എഴുത്തിലേക്ക് തിരിഞ്ഞത്? 

സ്വയം സമാധാനം കണ്ടെത്താനുള്ള മാര്‍ഗമാണ് എനിക്ക് എഴുത്ത്. പതിനേഴ് വയസുള്ളപ്പോള്‍ കവിത എഴുതാന്‍ തുടങ്ങി. എന്റെ നോട്ട് പുസ്തകത്തിലും  മാഗസിന്റെ പുറംചട്ടയിലുമാണ് എഴുതിയത്. പിന്നീട് എന്റെ ഭാര്യയുടെ അച്ഛനായി മാറിയയാള്‍ ഞാന്‍ എഴുതുന്നത് നല്ലതാണെന്നും എഴുതാനായി പ്രേരിപ്പിക്കുകയും ചെയ്തു. ഞാനെഴുത്തു തുടര്‍ന്നു. അതെനിക്ക് പുതിയ പുതിയ ലോകങ്ങള്‍ നല്‍കി; സമാധാനം നല്‍കി. 

അഫ്ഗാനിസ്ഥാനിലും ഇറാനിലും കവിത എത്രമാത്രം സ്വീകരിക്കപ്പെടുന്നുണ്ട്?

ജനങ്ങള്‍ കവിത ഇഷ്ടപ്പെടുന്നുണ്ട്. ഇറാനില്‍ ചില എഴുത്തുകാര്‍ തങ്ങളുടെ മോശം കവിതകളുമായി എത്തും. അതേതെങ്കിലും നടനോ മറ്റോ വായിക്കുന്നതോടെ വലിയ സ്വീകാര്യനാവും. പക്ഷേ കവി മരിക്കുന്നതിനു മുമ്പ കവിത മരിച്ചിട്ടുണ്ടാവും. അഫ്ഗാനില്‍ ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് നാടോടി ഗീതങ്ങളാണ്. അവര്‍ക്ക് മുന്നില്‍ മറ്റ് സാധ്യതകള്‍ വിരളമാണ്. പുതിയ രീതിയില്‍ എഴുതിയാല്‍ ജനങ്ങള്‍ സ്വീകരിക്കുമോ എന്ന ഭയമാണ് എഴുത്തുകാര്‍ക്കുള്ളത്. നിങ്ങള്‍ പുതിയ രീതിയില്‍ എഴുതാതെ എങ്ങനെയാണ് ജനങ്ങള്‍ സ്വീകരിക്കുമോ ഇല്ലയോ എന്ന് പറയാനാവുക. ജനത്തെ വിലകുറച്ചു കാണുന്നതാണ് ഈ മുന്‍വിധി. മാത്രമല്ല കവിതാ പുസ്തകങ്ങള്‍ അച്ചടിച്ച് വില്‍ക്കാവുന്ന സാഹചര്യം അഫ്ഗാനിലില്ല.


താങ്കള്‍ സെന്‍സര്‍ഷിപ്പിനെതിരെ പോരാടുന്നു. പുതിയ സാങ്കേിത വിദ്യ അതിന് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നുമുണ്ട്. അതേപ്പറ്റി?

ശരിയാണ് പൊതുജനങ്ങളോട് പറയണം, പരസ്യമാക്കണം എന്നു കരുതുന്നതെല്ലാം സ്വതന്ത്രമായി ചെയ്യാന്‍ എനിക്ക് പുതിയ സാങ്കേതിക വിദ്യയില്‍ കഴിയുന്നു. 
വെബ് ഡിസൈനിങ് എനിക്കറിയുമായിരുന്നില്ല. പിന്നീട് അത് സ്വയം പഠിച്ചു. അതുപോലെ സ്വന്തം പുസ്തകങ്ങള്‍ ഇ  പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനുമായി. ആരും എന്റെ വെബ്‌സൈറ്റ് അടച്ചുപൂട്ടാന്‍ വന്നിട്ടില്ല. (എന്നെ അറസ്റ്റ് ചെയ്യാനാവില്ലെന്നല്ല. പക്ഷേ, കാബൂളില്‍ ഹോട്ട് ടീ വാരിക പ്രസിദ്ധീകരിച്ചതുപോലെ പരിമിതിയില്ല). കാബൂള്‍ പ്രസിന് അഫ്ഗാനിസ്ഥാനില്‍ നിന്നെമ്പാടും വായനക്കാരുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഒരു പത്രത്തിന് 2000 വായനക്കാരാണുള്ളത്. എന്നാല്‍ എനിക്ക് 25,000 ലധികം വായനക്കാരുണ്ട്. നേരത്തെ വര്‍ത്തമാനപത്രങ്ങള്‍ എല്ലാ പ്രവശ്യകളിലും വിതരണം ചെയ്യാന്‍ അനുവാദമുണ്ടായിരുന്നില്ല. കാബൂള്‍, മസാര്‍ ഇ ഷെരീഫ്, ഹീറത്ത്, ജലാലബാദ്, കഹാര്‍ എന്നിവിടങ്ങളിലേ വിതരണം ചെയ്യാന്‍ കയിയൂ. ഈ അവസ്ഥ ഇപ്പോള്‍ മാറുകയാണ്. ആ സമയത്ത് എനിക്ക് 20 പ്രവശ്യകളിലും വായനക്കരുണ്ടായിരുന്നു.  ചില വായനക്കാര്‍ ഉന്നത ഉദ്യോഗസ്ഥരാണ്. ഇപ്പോള്‍ ഇറാന്‍-അഫ്ഗാന്‍ സര്‍ക്കാരുകള്‍ എന്റെ വാര്‍ത്താ സൈറ്റുകള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും വായനക്കാരുടെ എണ്ണം കൂടുകയാണ് ചെയ്യുന്നത്. പലരും പലവിധത്തില്‍ കാബൂള്‍പ്രസ് വായിക്കുന്നു. മാത്രമല്ല, നിയന്ത്രണം മറികടക്കാന്‍ വിദേശരാജ്യങ്ങളിലെ അഫ്ഗാന്‍കാര്‍ വാര്‍ത്തകള്‍ കോപ്പി ചെയ്ത് ഇമെയിലായും മറ്റും അഫ്ഗാനിലും ഇറാനിലുമുള്ളവര്‍ക്ക് അയക്കുന്നു. ഇത്തരത്തില്‍ വിശാലമായ സാധ്യതകള്‍ സാങ്കേിതിക വിദ്യ നല്‍കുന്നു. 


അഫ്ഗാന്‍ സാഹിത്യത്തെപ്പറ്റി?

അഫ്ഗാന്റെ സാഹിത്യം മികച്ചതെന്ന് അവകാശപ്പെടാനാവില്ല. ചിലര്‍ അത് യുദ്ധം കാരണമാണെന്ന് പറയും. പക്ഷേ യുദ്ധ സമയത്തും കവിത ശക്തമാകുകയാണ് വേണ്ടത്. ആര്‍ക്കും യുദ്ധസമയത്ത് കവിതയെ തകര്‍ക്കാനാവില്ല. സങ്കീര്‍ണ അനുഭവങ്ങള്‍ ഉണ്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സാഹിത്യം അഫ്ഗാനില്ല. ഒരു ഉദാഹരണം പറയാം. നോബല്‍ സമ്മാനത്തിന് അഫ്ഗാനിലെ ഒരു എഴുത്തുകാരിയെ പെന്‍ നിര്‍ദേശിച്ചിരുന്നു. അവര്‍ പിന്നീട് എം.പിയായി. ശരിക്കും അവരുടെ എഴുത്ത് മെച്ചപ്പെട്ടതോ ഗുണനിലവാരമുള്ളതോ അല്ല. അഫ്ഗാന്‍ പാര്‍ലമെന്റില്‍ അവര്‍ യുദ്ധപ്രഭുക്കള്‍,താലിബാന്‍, അഴിമതിക്കാര്‍ എന്നിവര്‍ക്കൊപ്പമാണ് ഇരിക്കുന്നത്. പാര്‍ലമെന്റില്‍ അവര്‍ ഇരുന്നുറങ്ങുന്നത് പിന്നീട് വാര്‍ത്തയായി. മികച്ച എഴുത്ത് ഭീഷണിയെയും സമര്‍ദങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വഴങ്ങുന്നതാകരുത്. അഫ്ഗാനില്‍ അത്തരം എഴുത്ത് കുറവാണ്. എന്നാല്‍, ചില പുതിയ എഴൂത്തുകാര്‍ പഴയമൂല്യങ്ങളെ മറികടന്നു വരുന്നു എന്നതാണ് ആശ്വാസകരം.


റാഹെയപ്പറ്റി? താങ്കള്‍ പെന്‍ സംഘടനുമായി പോരാട്ടം നടത്തിയിരുന്നു. അതേപ്പറ്റി?

റാഹ എന്നത് ഓണ്‍ലൈന്‍ സംഘടനയാണ്. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇന്ത്യ ഉള്‍പ്പടെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ എഴുത്തുകാര്‍ ഒന്നിക്കുകയും സ്വതന്ത്രമായി തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. പെന്നുമായി പോരാട്ടം നടത്തിയിരുന്നില്ല. വിമര്‍ശിക്കുക എന്നതിന് പോരാട്ടമെന്നല്ല അര്‍ഥം. അഫ്ഗാനിസ്ഥാന്‍പോലുള്ള രാജ്യങ്ങളില്‍ പെന്‍ കുടുതല്‍ നന്നായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. പെന്‍ അഫ്ഗാനിസ്ഥാനില്‍ പിന്തുണക്കുന്നത് സര്‍ക്കാര്‍/അധികാര ചിന്തകള്‍ പുലര്‍ത്തുന്ന ഗ്രൂപ്പുകളെ ആശ്രയിച്ചു നില്‍ക്കുന്നവരെയും ചില യുദ്ധപ്രഭുക്കളെ പിന്താങ്ങുന്ന എഴുത്തുകാരെയുമാണ്. അതുപോലെ പെന്‍ പിന്തുണക്കുന്നത് ക്ലാസില്‍ എഴുത്തുകാരെയുമാണ്. ഞങ്ങള്‍ എന്നത് പുതിയ സാഹിത്യത്തിനുവേണ്ടി പോരാടുന്നവരാണ്. പുതിയ തലമുറ എഴുത്തുകാരെ വിട്ട് ക്ലാസിക്കല്‍ രീതിയെമാത്രം പിന്തുണക്കുന്നത് ഗുണകരമല്ല. അതായിരുന്നു വിമര്‍ശം. പെന്നിന് നിലപാടില്‍ മാറാന്‍ കഴിയില്ലെന്നുവന്നപ്പോള്‍ ഞങ്ങള്‍ ബദല്‍ തേടി.


താങ്കള്‍ക്ക് ഏതെങ്കിലും സംഘടനയില്‍ അംഗത്വമുണ്ടോ? എന്താണ് അതില്‍ താങ്കളുടെ പങ്ക്?

ഞാനൊരു പാര്‍ടിയിലും സംഘടനയിലും അംഗമല്ല. റാഹ പെന്‍ എന്ന ഓണ്‍ലൈന്‍ സംഘടനയില്‍ മാത്രമാണ് അംഗം.  റാഹ പെന്നില്‍ ഇന്ത്യന്‍ സൃഹൃത്തുക്കള്‍ക്കൊപ്പം ധാരാളം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. പുതിയ എഴുത്തിനെയും എഴുത്ത് രീതികളെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. അധികാരങ്ങളോട് ഒത്തുചേര്‍ന്ന എഴുത്തിനെയല്ല, ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന സാഹിത്യത്തെയും രചനകളെയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വായിക്കാനും അറിയാനും അവസരം ഒരുക്കുന്നു.


താങ്കള്‍  കുറേക്കാലം ഇന്ത്യയിലുണ്ടായിരുന്നു ? എന്താണ് താങ്കള്‍ക്ക് ഇന്ത്യ?

ഇന്ത്യയെപ്പറ്റിയും അതിന്റെ ചരിത്രം, ഭാഷ, ജനങ്ങള്‍ എന്നിവയെപ്പറ്റിയുമെല്ലാം നേരത്തെ വായിച്ചും മറ്റും അറിയാം. നേരത്തെ അറിഞ്ഞതിന്റെ പകര്‍പ്പാണ് വീണ്ടും കണ്ടത്. ഞാനിന്ത്യയെ ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ അതേ സമയം തെരുവില്‍ ജീവിക്കുകയും ഉറങ്ങുകയും ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടവരെപ്പറ്റിയും പറയേണ്ടതുണ്ട്. തെരുവില്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നവര്‍ ലക്ഷക്കണക്കിനു വരും. ഇത് ദുരന്തമാണ്. ആ അവസ്ഥയെ എനിക്ക് നന്നായി അറിയാം. പരിചിതമാണ്. തെരുവിലെ നായകളുടെ ആര്‍ത്തിപിടിച്ച കണ്ണില്‍നിന്ന് നിങ്ങള്‍ക്ക് ഇന്ത്യയെ വേണമെങ്കില്‍ വായിക്കാം. സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ അധ്വാനിക്കുന്നു, എന്നാല്‍ അവരേക്കാള്‍ കുറഞ്ഞ വേതനം കൈപ്പറ്റുന്നു. ഇത്തരത്തില്‍ ഇന്ത്യ പലതാണ് എനിക്ക്. ഇന്ത്യ എന്റെ എഴുത്തില്‍ അധികം സ്വാധീനം ചെലുത്തിട്ടില്ല. കാരണം അതിലും വലുതും യഥാര്‍ഥവുമായ ദുരന്തങ്ങള്‍ അഫ്ഗാനില്‍ കണ്ടതുകൊണ്ടാവും. ഇന്ത്യയില്‍ ഞാന്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. രാഷ്ട്രീയാഭയത്തിനുവേണ്ടി ശ്രമിക്കുകയും ചെയ്തു. എംബസികളും വിവിധ സര്‍ക്കാര്‍ ഓഫീസുകളും കയറിയിറങ്ങി. ഒടുവില്‍ ഇന്ത്യയെന്ന മോഹം ഈ ഓഫീസുകളും ഉദ്യോഗസ്ഥരുമെല്ലാം ചേര്‍ന്ന് ഇല്ലാതാക്കി. പിന്നെ തുണയായത് നോര്‍വെയാണ്.


മതം എത്രമാത്രം താങ്കളെ നയിക്കുന്നുണ്ട്?

മതം ജീവിതത്തില്‍ പ്രധാനമുള്ളതായി ഞാന്‍ കരുതുന്നില്ല. ജീവിതത്തില്‍ മതം വലിയ പങ്കും വഹിക്കുന്നില്ല.

പുതിയ പുസ്തകങ്ങള്‍? പദ്ധതികള്‍? 

അഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിന് തയാറായിട്ടുണ്ട്. രണ്ടെണ്ണം കവിതാ സമാഹാരമാണ്. ഒന്ന് സാഹിത്യവിമര്‍ശനം. ഒരെണ്ണം അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശത്തെപ്പറ്റിയുള്ളതാണ്്. അഴിമതിയെപ്പറ്റിയുള്ള രേഖകള്‍ അടക്കം 500 ലധികം ലേഖനങ്ങള്‍ അഫ്ഗാനിസ്ഥാനിലെ സാമൂഹ്യ പ്രശ്‌നങ്ങളെപ്പറ്റി എഴുതിയിട്ടുണ്ട്. അത് പുസ്തമാക്കമെണന്ന് ആലോചനയുണ്ട്. അഫ്ഗാന്‍കാര്‍ക്കായി ആദ്യ ബ്ലോഗ് സര്‍വീസ് തുടങ്ങണമെന്നുണ്ട്. അതുപോലെ അഫ്ഗാനിസ്ഥാന്‍ ഇ-സിറ്റി രൂപീകരിക്കണമെന്നും. പെട്ടന്ന് ചെയ്യാനാവില്ല. നീതിയുക്തമായ അന്താരാഷ്ട്ര ക്രിമിനല്‍ കോടി അഫ്ഗാനിസ്ഥാനില്‍ കൊണ്ടുവന്ന്, രാജ്യത്ത് ഇന്നോളം നടന്ന കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യണം എന്ന വാദം അടിസ്ഥാനമാക്കിയ പ്രചാരണത്തിലാണ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.


പച്ചക്കുതിര  2012 Augകേരളത്തിനു പുറത്തെ കേരളങ്ങള്‍സംഭാഷണം
പ്രൊഫ.എം.കെ. പ്രസാദ്/ബിജുരാജ്കേരളത്തിനു പുറത്തെ കേരളങ്ങള്‍


ഒരു ശരാശരി മലയാളിയുടെ സാമ്പത്തിക മോഹങ്ങളെ ഗള്‍ഫ് പലപ്പോഴും ശക്തമായി സ്വാധീനിക്കുന്നുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം അത്രയേറെ അവനെ/അവളെ ചലിപ്പിക്കുന്നു. എങ്ങനെയെങ്കിലും 'കരപറ്റാനുള്ള' ശ്രമത്തില്‍ ഗള്‍ഫാണ് പ്രതീക്ഷ. അഞ്ചുപതിറ്റാണ്ടിന്റെ പ്രവാസ അനുഭവങ്ങള്‍ മലയാളിയെയും ഗള്‍ഫിനെയും പല വിധത്തില്‍ സമ്പന്നമാക്കിയിട്ടുണ്ട്. ആ അനുഭവങ്ങളെ എങ്ങനെയാണ് നമ്മള്‍ നോക്കി കാണേണ്ടത്? അല്ലെങ്കില്‍ എങ്ങനെയൊക്കെയാണ് പ്രവാസം മലയാളിക്കു മുമ്പില്‍ ഇടപെടുന്നത്?
പരിസ്ഥിതി പ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനും കാലിക്കറ്റ് സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലുമായിരുന്ന പ്രൊഫ. എം.കെ. പ്രസാദ് ഗള്‍ഫ് പ്രവാസത്തെപ്പറ്റി സംസാരിക്കുന്നു. എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പാലും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യകാല സംഘാടകനുമായിരുന്നു അദ്ദേഹം. സൈലന്റ്‌വാലി സമരത്തില്‍ നേതൃത്വ പങ്കുവഹിച്ച പ്രൊഫ. എം.കെ. പ്രസാദ് കേരള സര്‍ക്കാരിന്റെ ഇന്‍ഫൊര്‍മേഷന്‍ കേരള മിഷന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാനും ഡയറക്ടറുമായിരുന്നു. അടുത്തിടെയാണ് പദവികള്‍ രാജിവച്ചത്. കൊച്ചി ഗിരിനഗറിലെ വസതിയില്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:


വ്യക്തിപരമായ ഗള്‍ഫ് അനുഭവം എന്താണ്?

ഗള്‍ഫിലേക്ക് ആളുകള്‍ പോകുന്നതും പണമുണ്ടാക്കാന്‍ കഷ്ടപ്പെടുന്നതുമെല്ലാം വളരെ വര്‍ഷങ്ങള്‍ക്കു മുമ്പേ കേട്ടിട്ടുണ്ട്. മലബാറിലെ കോളജുകളില്‍ അധ്യാപകനായിരിക്കുമ്പോഴാണ് ഗള്‍ഫില്‍ പോകുന്നവരുമായും അവരുടെ വിശേഷങ്ങളുമായും കൂടുതല്‍ അടുക്കുന്നത്. മുമ്പ് ഗള്‍ഫ് എനിക്ക് അന്യമായിരുന്നെങ്കില്‍ മകന്‍ ഗള്‍ഫില്‍ ജോലി ചെയ്യാന്‍ പോയതോടെ, ഗള്‍ഫ് എന്നിലേക്ക് എത്തിയിരിക്കുന്നു. അതായത് ഗള്‍ഫ് ഇപ്പോള്‍ എനിക്ക് അന്യമായ ലോകമല്ല. മകനും മരുമകളും ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. ദുബായി, അബുദാബി എന്നിവിടങ്ങളിലായിട്ടായിരുന്നു താമസം. ഒരു ഈജിപ്ഷ്യന്‍ കമ്പനിയാണ് മകന്‍േറത്. അതിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍. കെയ്‌റോയിലേക്ക് അവന്‍ പോയിരുന്നു. ഈജിപ്തില്‍ ജനകീയ പ്രക്ഷോഭമുണ്ടാവുകയും ഭരണം മാറുകയും ചെയ്തപ്പോള്‍ സുരക്ഷിതമല്ലെന്ന് കണ്ട് കമ്പനിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ വീണ്ടും യു.എ.ഇയാക്കി. ഈജിപ്തില്‍ പട്ടാളം അധികാരമൊഴിയാത്തുകൊണ്ട് പലയിടത്തും ക്രമസമാധാനം പാലിക്കപ്പെട്ടിട്ടില്ല. പൊലീസിന് ഒരു അധികാരവുമില്ലാത്ത അവസ്ഥയാണ്. അതിനാലാണ് കെയ്‌റോയില്‍ നിന്ന് പോന്നത്. ഇപ്പോള്‍ മുമ്പുണ്ടായിരുന്ന അലസഭാവത്തിലല്ല ഞാന്‍ ഗള്‍ഫിനെപ്പറ്റി ശ്രദ്ധിക്കുന്നത്. അവിടെ നടക്കുന്ന ഓരോ കാര്യവും വാര്‍ത്തയും അറിയാന്‍ താല്‍പര്യപ്പെടുന്നു. മകനും മരുമകളും അവിടെയായതുകൊണ്ട് പലവട്ടം അവിടെ പോയിട്ടുണ്ട്. അങ്ങനെ ഗള്‍ഫുമായി പലതരത്തില്‍ ബന്ധം പുലര്‍ത്തുന്നു.

എത്രത്തോളം ഗള്‍ഫിലെ ജീവിതങ്ങളും സാമൂഹ്യ-സാമ്പത്തിക അവസ്ഥകളുമായി പരിചിതനാണ്?

വലിയ ചരിചയമുണ്ടെന്ന് പറയാനാവില്ല. ആധികാരികമായോ, ആഴത്തിലോ പറയാന്‍ മാത്രം എനിക്ക് ഗള്‍ഫ് പരിചിതമല്ല. വളരെ സൂക്ഷ്മതയോടെ അവിടുത്തെ കാര്യങ്ങള്‍ പഠിക്കണം. ഞാനത് ചെയ്തിട്ടില്ല. ഗള്‍ഫില്‍ ചെന്നപ്പോള്‍ മിക്കവരും ചെയ്യുന്നതുപോലെ വന്‍ നഗരങ്ങളിലാണ് പോയത്്. ഉള്‍നാടുകളിലേക്കോ, ഉള്‍നാടുകളിലെ ജീവിതമായോ എനിക്ക് പരിചയപ്പെടാന്‍ അവസരം കിട്ടിയിട്ടില്ല. ഗള്‍ഫ് എന്നുവിളിക്കപ്പെടുന്ന രാജ്യങ്ങളില്‍ എനിക്ക് കൂടുതല്‍ പരിചയമുള്ള സ്ഥലങ്ങള്‍ ദുബായിയും അബുദാബിയുമൊക്കെയാവും. ദുബായി എനിക്കിഷ്ടമുള്ള നഗരമാണ്. കാരണം അവിടെ കോസ്‌പൊളിറ്റിന്‍ സംസ്‌കാരമാണ്. എല്ലാ രാജ്യങ്ങളുടെയും ഒരു പരിഛേദം അവിടെ കണ്ടെത്താം. സ്വാതന്ത്ര്യമുണ്ട്. അനാവശ്യമായ ഒളിഞ്ഞുനോട്ടങ്ങളാ, നിഷ്‌കര്‍ഷകളോ ഇല്ല. ഗള്‍ഫ് എന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലുമുള്ള മുന്‍വിധികള്‍ അവിടം നേരിട്ടുകാണുമ്പോള്‍ മാറും.  എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞ ജീവിതങ്ങളും അവസ്ഥകളും വച്ചുനോക്കുമ്പോള്‍ ഉയര്‍ന്ന സാംസ്‌കാരിക നിലവാരം ഗള്‍ഫിലുള്ളവര്‍ പുലര്‍ത്തുന്നതു കാണാം. മലയാളികള്‍ താമസിക്കുന്ന ഇടങ്ങളിലാണ് ഞാന്‍ പോയിട്ടുള്ളവയില്‍ ഏറെയും. അവിടെ കണ്ടത് മലയാളികള്‍ ഒരുമിച്ച് ജീവിച്ച്, അധ്വാനിച്ച് മറ്റൊരു കേരളം സൃഷ്ടിച്ചിരിക്കുന്നുതാണ്. കോഴിക്കോടെ തെരുവുകള്‍ പോലും അവിടെയുള്ളതായി നമുക്ക് തോന്നും. മലയാള പത്രങ്ങള്‍, ചായക്കട, മധുരപലഹാരങ്ങള്‍ എല്ലാം. രാവിലെ വിമാനത്തില്‍ എത്തുന്ന മീനുകള്‍, പച്ചക്കറികള്‍. മറുനാട്ടില്‍ നമുക്ക് ഒന്നിച്ചുനില്‍ക്കാന്‍ കഴിയുന്നത് വലിയ കാര്യമാണ്. എനിക്ക് തോന്നുന്നത് ഗള്‍ഫ് കണ്ടവരെ ഈ ഒരുമയും അവസ്ഥകളും അദ്ദഭുതപ്പെടുത്തുമെന്നാണ്. .അത്തരത്തിലെ അത്ഭുതങ്ങളില്‍ ഒന്നാണ് കേരളത്തിന് പുറത്തെ കേരളങ്ങള്‍.

്എന്തുകൊണ്ട്് പ്രവാസം?

ഒറ്റവാക്കില്‍ പറഞ്ഞാല്‍ മെച്ചപ്പെട്ട ജീവിതത്തിന്. പണമുണ്ടാക്കി സ്വയം രക്ഷപ്പെടുക. അതിനേക്കാള്‍, കുടുംബത്തെ രക്ഷപ്പെടുത്തുക. മലയാളിക്ക് ഇവിടെ നിന്നാല്‍ അത് സാധ്യമല്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് വിദേശങ്ങളില്‍ ജോലി തേടുക എന്ന താല്‍പര്യവും മോഹവും അവനില്‍ ശക്തമാകുന്നത്. മറുനാടില്‍ ജോലി തേടുന്നത് പുതിയ പ്രതിഭാസമല്ല. 40 കളിലും 50 കളിലുമെല്ലാമുണ്ട്. ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലേക്കായിരുന്നില്ലെന്ന് മാത്രം. സിംഗപൂര്‍, സിലോണ്‍ തുടങ്ങിയ മറ്റ് സാധ്യതകളായിരുന്നു. മെച്ചപ്പെട്ട സാധ്യതകള്‍ തേടി മെച്ചപ്പെട്ട ഇടങ്ങളിലേക്കുള്ള പ്രയാണം ഇനിയും തുടരുമെന്നാണ് തോന്നുന്നത്.


മലയാളിയുടെ ഈ ഗള്‍ഫ് കുടിയേറ്റവും വിദേശരാജ്യങ്ങളിലെ ജോലി തേടലും എങ്ങനെയൊക്കെ കേരളത്തിലെ സാഹചര്യങ്ങളെ മാറ്റിയിട്ടുണ്ട്?

ഗള്‍ഫില്‍ പോയിവന്നവര്‍ കൂടുതലും പണം ചിലവിട്ടത് തങ്ങളുടെയും കുടുംബത്തിന്റെയും ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായാണ്. നല്ല വീട് പണിയുക, സഹോദരിമാരുടെയും പെണ്‍മക്കളുടെയും വിവാഹം നടത്തുക തുടങ്ങിയവയ്ക്കാണ് പണം ചിലവഴിക്കപ്പെടുന്നത്. അതായത് നല്ല ജീവിതത്തിന് വേണ്ടി. ഗള്‍ഫില്‍ പോയിവന്നവരുടെ ജീവിതസാഹചര്യങ്ങളും ഭൗതിക അടിത്തറയും വികസിച്ചിട്ടുണ്ട്. പ്രവാസികളുടെ അടിയന്തര താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളില്‍ വികാസമുണ്ടായിട്ടുണ്ട്. എന്നാല്‍, ഗള്‍ഫ് പണം ഉല്‍പാദനമേഖലയിലേക്ക് വിനിയോഗിക്കപ്പെട്ടിട്ടില്ല. അതായത് വ്യവസായങ്ങളുള്‍പ്പടെയുള്ള സംരംഭങ്ങള്‍ തുടങ്ങുന്നതിനായി. മുഹമ്മദാലി, രവിപിള്ള എന്നിവരെപ്പോലുള്ള ചിലര്‍ മാത്രമാണ് സംരംഭങ്ങള്‍ തുടങ്ങിയത്. അതും ഹോട്ടല്‍ സംരംഭങ്ങളാണ്. ഉല്‍പാദനമേഖയില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല.

ഒരു സമൂഹത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് പറയണമെങ്കില്‍ ഉല്‍പാദനമേഖലയില്‍ പണം വിനിയോഗിക്കപ്പെടണം. ആ അര്‍ഥത്തില്‍ ഗള്‍ഫ് പണത്താല്‍ സമൂഹത്തിന്റെ മൊത്തം വികസനം സാധ്യമായില്ലെന്നാണോ?

അങ്ങനെ കൃത്യമായി ഉത്തരം പറയാന്‍ ഞാന്‍ ആളല്ല. എന്തായാലും ഉല്‍പാദന മേഖലയിലേക്ക് ഗള്‍ഫ് പണം വിനിയോഗിക്കപ്പെട്ടിട്ടില്ല. വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ഗള്‍ഫില്‍ നിന്ന് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇവിടെ നിന്നുള്ളവര്‍ ഗള്‍ഫില്‍  ചില സംരംഭങ്ങള്‍ വിജയകരമായി നടത്തുന്നുണ്ട്. അതിനര്‍ഥം സംരംഭങ്ങള്‍ വിജയിപ്പിക്കാന്‍ മലയാളിക്കാവുമെന്നാണ്. അതിവിടെയും സാധ്യമാകണം. അപ്പോഴേ പൂര്‍ണ അര്‍ഥത്തില്‍ ഗള്‍ഫ് പണം കേരളത്തെ ചലിപ്പിച്ചൂ എന്ന് പറയാനാവൂ.

എന്തുകൊണ്ടാവും ഗള്‍ഫില്‍ നിന്നുള്ള പണം കേരളത്തിലെ ഉല്‍പാദന മേഖലയിലേക്ക് വിനിയോഗിക്കപ്പെടാത്തത്?

ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങി നഷ്ടപ്പെടുത്താന്‍ പ്രവാസികള്‍ ഇഷ്ടപ്പെടുന്നില്ല. ഇവിടെ വ്യവസായം തുടങ്ങിയാല്‍ അത് പരാജയപ്പെടുമെന്ന ഭീതി ശക്തമായി നിലനില്‍ക്കുന്നു. തെറ്റായ പ്രചരണത്തിന് പ്രവാസികള്‍ വിധേയരായിട്ടുണ്ട്. അതായത് കേരളത്തില്‍ തൊഴില്‍ കുഴപ്പങ്ങളുണ്ട് എന്ന പ്രചാരണത്തിന്. വ്യവസായ അനിശ്ചിതത്വമുണ്ട്, ട്രേഡ്‌യൂണിയന്‍ പ്രസരമുണ്ടെന്നുള്ള തെറ്റായ രീതിയിലുള്ള പ്രചരണമാണ് പല കോണുകളില്‍ നിന്നും അഴിച്ചുവിടപ്പെട്ടത്. അതുകൊണ്ട് തന്നെ പ്രവാസികള്‍ വിമുഖരാണ്. തെറ്റായ പ്രചരണം എന്നു പറയാന്‍ കാരണം അടുത്തിടെ നടന്ന ഒരു സര്‍ക്കാര്‍ പഠനം പോലും വ്യക്തമാക്കുന്നത് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ തോതില്‍ വ്യവസായ കുഴപ്പങ്ങളുള്ള സംസ്ഥാനം കേരളമെന്നാണ്. എന്നാല്‍, പുറത്തുകരുതപ്പെടുന്നത് കേരളമാണ് ഏറ്റവും കുഴപ്പമുള്ളയിടം എന്നാണ്. ഇത്തരം തെറ്റായ ധാരണമാറ്റാനോ വേണ്ട നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാരുകള്‍ക്കും കഴിയാതെ വരുന്നു.

സര്‍ക്കാരിന് ഇക്കാര്യത്തില്‍ എന്തു നടപടിയാണ് സ്വീകരിക്കാനാവുക?

ഒന്നാമതി കേരളം വ്യവസായ/സംരംഭ അനുകുല സംസ്ഥാനമാണെന്നും, ഇവിടെ വ്യവസായ അന്തരീക്ഷവുമുണ്ടെന്ന് ബോധ്യപ്പെടുത്തണം. സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായവും സൗകര്യവും ചെയ്യണം. ബോധപൂര്‍വം തന്നെ ഗള്‍ഫില്‍ നിന്നുള്ള നിക്ഷേപം സ്വീകരിക്കാന്‍ നടപടി സ്വീകരിക്കണം. അതിന് ഗള്‍ഫ് മലയാളികളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ സത്വര നടപടികളാണാവശ്യം.

ഉല്‍പാദനമേഖലയ്ക്ക് പുറത്ത് കേരളത്തിന്റെ സാമൂഹ്യവികാസത്തിനും ഗള്‍ഫ് പണം ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നില്ലല്ലോ? അതിനെന്താവും പരിഹാരമായി നിര്‍ദേശിക്കുക?

ഗള്‍ഫ് പണത്തെ കേരളത്തിന്റെ വികസനത്തിനായി സൃഷ്ടിപരമായി ഉപയോഗിക്കാം. എന്‍.ആര്‍.ഐകളുടെ പണം ട്രഷറി വഴി ചലിപ്പിക്കുക. നിക്ഷേപങ്ങള്‍ സ്വീകരിക്കുക. സാധാരണബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുക. ട്രഷറി വഴി പ്രവാസികളുടെ പണം ചലിപ്പിച്ചാല്‍ സര്‍ക്കാരിന്റെ കൈയിലേക്ക് വലിയ പണം വന്നുചേരും. അത് ഗുണകരമായി വിനിയോഗിക്കാം. അത്തരം ഒരു നയം സര്‍ക്കാരിനില്ല. അതെപ്പറ്റി നല്ല രീതിയില്‍ ചിന്തിക്കുന്നുമില്ല. എനിക്ക് തോന്നുന്നത് ട്രഷറി വഴി പ്രവാസികളുടെ പണം ചലിപ്പിക്കാനായാല്‍ വന്‍ മാറ്റങ്ങള്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ നടക്കുമെന്നാണ്. പണമില്ലെന്ന് പറഞ്ഞ് വായ്പക്ക് ലോകബാങ്കിന് മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥപോലുമുണ്ടാവില്ല. പണമില്ലെന്ന് പറഞ്ഞ് പദ്ധതികള്‍ മാറ്റിവെക്കേണ്ടിവരില്ല.

പ്രൊഫ. എം.എന്‍.വിജയന്‍് മുമ്പ് പറഞ്ഞിട്ടുണ്ട്, മറ്റൊരിടത്താണ് അന്നം എന്ന തിരിച്ചറിവ് പ്രവാസത്തിന്റെ ഭാഗമായി ഉണ്ടായെന്നും അതുകൊണ്ട്തന്നെ അന്നം തരുന്ന ഭാഷക്കുവേണ്ടി മലയാളത്തെ കൈയൊഴിഞ്ഞുവെന്നും. അത്തരത്തില്‍ മലയാളഭാഷക്ക് പ്രവാസം തിരിച്ചടിയായിട്ടുണ്ടോ?

ഞാനങ്ങനെ കരുതുന്നില്ല. പ്രവാസികള്‍ മലയാളത്തെ കൂടുതല്‍ സ്‌നേഹിക്കുകയാണ് ചെയ്യുന്നത്. ഒന്നാമത് ഗള്‍ഫില്‍ മലയാളികള്‍ ധാരാളമുള്ളതുകൊണ്ട്തന്നെ മലയാളമാണ് പലപ്പോഴും സംസാര ഭാഷ. രണ്ടാമത് അവര്‍ അവിടെ പതിവായി സാഹിത്യചര്‍ച്ചകളും സാംസ്‌കാരിക സമ്മേളനങ്ങളും സംഘടിപ്പിക്കുന്നു. ചലച്ചിത്ര അഭിനേതാക്കളുടെ പരിപാടികള്‍ പോലും ഇത്തരത്തില്‍ ഭാഷക്ക് ഗുണകരമാണ്. ഇന്ത്യന്‍ അസോസിയേഷന്‍ സാഹിത്യ സമ്മേളനങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നു. ഇവിടുന്ന് എഴുത്തുകാരെ അങ്ങോട്ടേക്ക് ക്ഷണിക്കുന്നു. അങ്ങനെ മറ്റൊരു സാംസ്‌കാരിക ലോകം അവര്‍ സൃഷ്ടിക്കുന്നുണ്ട്. ശാസ്ത്ര സാഹിത്യപരിഷത്തിന് ഗള്‍ഫില്‍ യൂണിറ്റുണ്ട്. അവര്‍ അവിടെയുള്ള മലയാളികള്‍ക്ക് അവബോധം നല്‍കുന്നതിനായി ഇവിടുന്നുള്ളവരെ ക്ഷണിച്ചുകൊണ്ടുപോയി ക്ലാസ് എടുപ്പിക്കുകയും മറ്റും ചെയ്യുന്നുണ്ട്. അത്തരത്തില്‍ ഞാനുള്‍പ്പടെയുള്ളവര്‍ പോയിട്ടുണ്ട്. അതുകൊണ്ട് ഭാഷ നശിക്കും എന്ന് ഞാന്‍ കരുതുന്നില്ല. ഗള്‍ഫില്‍ ഇന്ത്യന്‍ സ്‌കൂളുകളുണ്ടെങ്കില്‍ അവിടെയാണ് പ്രവാസികള്‍ മക്കളെ ചേര്‍ക്കുന്നത്. അവിടെയും മലയാളം പഠിപ്പിക്കുന്നു. ഇപ്പോഴത്തെ പ്രവണതയെന്താണെന്ന് വച്ചാല്‍ മക്കളെ ഉന്നത പഠനത്തിന് കേരളത്തിലേക്ക് തിരിച്ചയക്കുക എന്നതാണ്. മുമ്പ് മക്കളെ ഇംഗ്ലണ്ടിലോ, അമേരിക്കയിലോ അയച്ചു പഠിപ്പിക്കാനാണ് പ്രവാസികള്‍ ഇഷ്ടപ്പെട്ടിരുന്നത്. ഇപ്പോള്‍ അത് കേരളത്തിലേക്ക് തന്നെയാക്കി. ചിലവ് കുറവാണ്, മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകുകയും ചെയ്യും. ഫലത്തില്‍ പ്രവാസികള്‍ മക്കളെ ഒരു നിശ്ചിതഘട്ടത്തിനുശേഷം തിരിച്ചയക്കുന്നു. അത്തരത്തില്‍ തിരിച്ചയക്കാനുള്ളതുകൊണ്ട് മലയാളം നന്നായി പഠിച്ചിരിക്കണമെന്നും പ്രവാസി രക്ഷാകര്‍തൃക്കള്‍ക്കറിയാം. അങ്ങനെ വിവിധ തലങ്ങളില്‍ നോക്കിയാല്‍ സംസ്‌കാരത്തിനും ഭാഷക്കും പ്രവാസം അതിന്‍േറതായ സംഭാവനകള്‍ ചെയ്യുന്നുണ്ട്.

ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രവാസം നമ്മുടെ പരിസ്ഥിതിയെ തകര്‍ക്കുന്നതായുള്ള ആക്ഷേപങ്ങളെ എങ്ങനെ കാണും?

വന്‍ പരിസ്ഥിതി നാശമൊന്നും പ്രവാസികള്‍ സൃഷ്ടിക്കുന്നില്ലെന്ന് തന്നെ പറയേണ്ടിവരും. പ്രവാസികള്‍ വലിയ കോണ്‍ക്രീറ്റ് വീടുകള്‍ വയ്ക്കുന്നു എന്നത് പരിസ്ഥിതിക്ക് ദോഷമാണെങ്കിലും അത് അവര്‍ മാത്രം ചെയ്യുന്ന കാര്യമല്ല. മറ്റ് മലയാളികളും വായ്പയെടുത്തും അല്ലാതെയും വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുന്നുണ്ട്. അത് നല്ലതാണ് എന്ന അര്‍ഥത്തിലല്ല പറയുന്നത്. പ്രവാസികളുടെ പേരില്‍ മാത്രം അത്തരം ആക്ഷേപം ഉന്നയിക്കുന്നത് ശരിയായിരിക്കില്ല. പലരും പാടങ്ങള്‍ നികത്തിയാണ് വിടുപണിയുന്നത്. അത് പരിസ്ഥിതിക്ക് ദോഷകരമാണ്.

ഗള്‍ഫ് എന്ന സാമൂഹ്യ-സാമ്പത്തിക അവസ്ഥയില്‍ മാഷിന്‍െ മനസില്‍ പെട്ടന്ന് വരുന്ന കാര്യമെന്താവും?

പത്ത് വര്‍ഷം മുമ്പോ മറ്റോ സൗദിയിലെ രാജാവിന്റെ മകന്‍ നഗരത്തിന് പുറത്ത് കടലില്‍ കുളിക്കാനോ മറ്റോ പോയത്രെ. അപ്പോഴാണ് മലയാളിളെ ചുട്ടുപൊള്ളുന്ന വെയിലില്‍,  പിന്‍വശം തുറന്ന വലിയ ലോറികളില്‍ കൊണ്ടുപോകുന്നത് കണ്ടത്. കൊട്ടാരത്തില്‍ മടങ്ങിയെത്തിയശേഷം മകന്‍ പറഞ്ഞതനുസരിച്ച് അച്ഛന്‍ ഉത്തരവ് ഇറക്കി. മേലില്‍ എ.സി. വണ്ടികളിലല്ലാതെ തൊഴിലാളികളെ ഒരിടത്തേക്കും കൊണ്ടുപോകരുതെന്നാണ് ഉത്തരവ്. അതായത് മറ്റുള്ളവര്‍ക്ക് അര്‍ഹതപ്പെട്ട എ.സി. ബസുകളും പ്രവാസികളും സാധാരണക്കാരുമായ തൊഴിലാളികള്‍ക്കും അവകാശപ്പെട്ടതാണെന്ന്. രാജാവിനെ പുകഴ്ത്താനോ, ഇവിടുത്തെ ഭരണത്തെ ഇകഴ്ത്താനോ അല്ല ഞാനിത് പറയുന്നത്. അതെന്റെ താല്‍പര്യമല്ല. ഈ സംഭവത്തെപ്പറ്റി ഞാന്‍ പലവട്ടം ചിന്തിച്ചിട്ടുണ്ട്, എന്താവും അത്തരം ഒരു നടപടിക്ക് രാജാവിനെയും മകനെയും പ്രേരിപ്പിച്ചത്? അതേ അവസ്ഥയില്‍ തന്നെ ഞാന്‍ പലപ്പോഴും നമ്മുടെ നാട്ടില്‍ പണിയെടുക്കാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റും വരുന്ന തൊഴിലാളികളെയും ഓര്‍ക്കുന്നുണ്ട്. രണ്ടു സമീപനങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് ഞാന്‍ ചിന്തിക്കുന്നത്. എന്തൊരു അന്തരം.മുദ്ര

മാധ്യമം ഗള്‍ഫ് പതിപ്പ്Wednesday, August 8, 2012

കറുത്തകവി(ത)യും കറുത്ത മനുഷ്യരും


അഭിമുഖം
ഇ. എഥല്‍ബെര്‍ട്ട് മില്ലര്‍/ആര്‍.കെ.ബിജുരാജ്
അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ (ആഫ്രിക്കന്‍-അമേരിക്കന്‍ ജനവിഭാഗത്തിന്റെ) വിമോചന സ്വപ്നങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കുമൊപ്പം ചലിച്ച കവി ഇ. എഥല്‍ബെര്‍ട്ട് മില്ലര്‍ സംസാരിക്കുന്നു.  കല/കവിത കലാപമായ നാളുകളെപ്പറ്റി,  അമേരിക്കന്‍ യാഥാര്‍ഥ്യങ്ങളെയും അവിടുത്തെ കറുത്ത അവസ്ഥകളെയുംപ്പറ്റി.


 കറുത്തകവി(ത)യും കറുത്ത മനുഷ്യരും


ഒരാളുടെ തൊലിനിറം അവന്റെ/അവളുടെ സാമൂഹ്യാസ്ഥിത്വം നിശ്ചയിക്കുന്നിടത്ത് ചെറുത്ത്‌നില്‍പ്പ് ഉണ്ടാകുക സ്വാഭാവികം. അവിടെ, ആ വിമോചനമോഹങ്ങള്‍ക്കൊപ്പമാണ് കറുത്ത കവി(ത)യും കലയും നിലകൊള്ളുക. അത്തരത്തില്‍ അമേരിക്കയിലെ കറുത്ത വര്‍ഗത്തിന്റെ ആത്മബോധം നിറഞ്ഞ വരികള്‍ ഒച്ചത്തില്‍ മുഴക്കിയവരില്‍ പ്രമുഖനാണ് ഇ. എഥല്‍ബെര്‍ട്ട് മില്ലര്‍.
സമകാലിക ആഫ്രോ-അമേരിക്കന്‍ എഴുത്തുകാരുടെ മുന്‍നിരയിലാണ് എഥല്‍ബെര്‍ട്ടിന്റെ സ്ഥാനം. കവി, ലിറ്റററി ആക്റ്റിവിസ്റ്റ്, അധ്യാപകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ സജീവം.
എഥല്‍ബെര്‍ട്ട് മില്ലര്‍ 1950 നവംബര്‍ 20 ന് ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സില്‍ ജനിച്ചു. ഹൗവേര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം. 1974 മുതല്‍ ഹൗവേര്‍ഡ് സര്‍വകലാശാലയുടെ ആഫ്രിക്കന്‍-അമേരിക്കന്‍ റിസോഴ്‌സ് സെന്ററിന്റെ  ഡയറക്ടറാണ്. വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസര്‍.  'പോയറ്റ് ലോര്‍' മാഗസിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോളിസി സ്റ്റഡീസിന്റെ ബോര്‍ഡ് ചെയര്‍പേഴ്‌സണും റൈറ്റേഴ്‌സ് സെന്ററിന്റെ ബോര്‍ഡ് അംഗവുമാണ്.
ഫുള്‍ബൈട്രറ്റ് (2004), സ്റ്റീഫന്‍ ഹെന്‍ഡേഴ്‌സ്ന്‍ പോയട്രി അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആന്‍ഡ്രോമെഡ, ദ ലാന്‍ഡ് ഓഫ് സ്‌മൈല്‍സ് ആന്‍ഡ് ലാന്‍ഡ് ഓഫ് നോ സ്‌മൈല്‍സ്, മൈഗരന്റ് വര്‍ക്കര്‍, സീസണ്‍ ഓഫ് ഹങ്കര്‍/ക്രൈ ഓഫ് റെയിന്‍,  വേര്‍ ആര്‍ ദ ലവ് പോയംസ് ഫോര്‍ ഡിക്‌റ്റേറ്റേഴ്‌സ്, ഫസ്്റ്റ് ലൈറ്റ്, ബുദ്ധ വീപിംഗ് ഇന്‍ വിന്റര്‍, ഹൗ വി സ്‌ളീപ് ഓണ്‍ ദ നൈറ്റ്‌സ് വി ഡോന്‍ഡട് മേക് ലവ് തുടങ്ങിയവയാണ് കൃതികള്‍.
അമേരിക്കയിലെ കറുത്തവര്‍ഗങ്ങളെക്കുറിച്ചും കവിതയെക്കുറിച്ചും ആഫ്രോ-അമേരിക്കന്‍ സാഹിത്യത്തെക്കുറിച്ചും ഓണ്‍ലൈനിലൂടെ സംസാരിക്കുകയാണ് വാഷിംഗ്ടന്‍ ഡിസിയില്‍ താമസിക്കുന്ന എഥല്‍ബെര്‍ട്ട് മില്ലര്‍. സംഭാഷണത്തിലേക്ക്:


താങ്കള്‍ എങ്ങനെയാണ് കറുത്തവര്‍ഗ അവബോധത്തിലേക്കും ധാരണകളിലേക്കും എത്തിച്ചേരുന്നത്?

എന്റെ മാതാപിതാക്കള്‍ തൊഴിലാളികളായിരുന്നു. അവര്‍ ശ്രമിച്ചത് എങ്ങനെയെങ്കിലും ഭക്ഷണം കുട്ടികളുടെ മേശപ്പുറത്ത് എത്തിക്കാനായിരുന്നു. രാഷ്ട്രീയവും സാമൂഹ്യ വിഷയങ്ങളും വീട്ടില്‍ വിരളമായേ ചര്‍ച്ച ചെയ്തിരുന്നുള്ളു. പൗരാവകാശ മുന്നേറ്റത്തെപ്പറ്റിയോ വിയറ്റ്‌നാം യുദ്ധത്തെപ്പറ്റിയോ ഒന്നും വീട്ടില്‍ ചര്‍ച്ച ചെയ്തിരുന്നില്ല. എന്നാല്‍, വാഷിങ്ടണ്‍ ഡിസിയിലെ ഹൗവേര്‍ഡ് സര്‍വകലാശാലയില്‍ പഠനത്തിന് എത്തുന്നതോടെയാണ് ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നത്.അതിനു തൊട്ടുമുമ്പേ കറുത്തബോധം എന്നെ സ്വാധീനിച്ചു തുടങ്ങിയിരുന്നു. എന്നാല്‍, അത് വളരെ വ്യക്തതയോടെയുള്ളതായിരുന്നില്ല. 1968 സെപ്റ്റംബര്‍ ആദ്യമാണ് ഞാന്‍ ഹൗവേര്‍ഡില്‍ എത്തുന്നത്.  സൗത്ത് ബ്രോന്‍ക്‌സും ന്യൂയോര്‍ക്കും വിട്ടു പോകുന്ന ഒരു അനുഭവം മാത്രമായിരുന്നില്ല അത്.  അഭിഭാഷകനാകണം, അതിലൂടെ രാഷ്ട്രീയ പ്രവര്‍ത്തകനാകണം എന്നായിരുന്നു ചിന്ത. ഞാന്‍ ആ ശ്രമത്തില്‍ വിജയിക്കുമെന്ന ധാരണ മാതാപിതാക്കള്‍ രഹസ്യമായി പുലര്‍ത്തി. സംഭവിക്കാന്‍ പോകുന്ന മാറ്റത്തെപ്പറ്റി എനിക്ക് ധാരണയുണ്ടായിരുന്നില്ല. അക്കാലത്ത് ലെ റോജി ജോണ്‍സ് (അമിരി ബാരാക) എന്ന കവിയുടെ രചനകളെപ്പറ്റി എനിക്ക് അറിയില്ല. ഗ്രീന്‍വിച്ച് വില്ലേജില്‍ നിന്ന് കറുത്തവര്‍ഗക്കാര്‍ക്കായി ഹേര്‍ലത്തിലേക്ക് താമസം മാറിയാളായിരുന്നു അദ്ദേഹം. ആ വര്‍ഷം നടന്ന, മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങിന്റെ കൊലപാതകം എന്നെ ഞെട്ടിച്ചു. വീട്ടിലെ ഒരംഗം മരിച്ചതുപോലെ ദു:ഖമാചരിച്ചു.
1968 ല്‍ വാഷിങ്ടണിലേക്ക്  ട്രെയിനില്‍ പോകുമ്പോള്‍, സ്‌റ്റോക് ലി കാര്‍മിഹേലും ചാള്‍സ് ഹാമില്‍ട്ടണും ചേര്‍ന്ന് എഴുതിയ 'ബ്ലാക് പവര്‍' എന്ന പുസ്തം കൈയിലുണ്ടായിരുന്നു. കറുത്തവര്‍ഗക്കാര്‍ക്ക് ചരിത്രപരമായി  പ്രധാന്യമുള്ള സര്‍വകലാശാലയിലായിരുന്നു  ഞാന്‍ ചേര്‍ന്നത്. കറുത്തവര്‍ഗ അവബോധങ്ങളുടെ തുടക്കം ആ സര്‍വകലാശാലയിലായിരുന്നു. പിന്നീട് മിലിട്ടന്റ് രൂപത്തിലേക്ക് മാറിയ പൗരാവകാശ പ്രസ്ഥാനം കറുത്ത അധികാരത്തെപ്പറ്റി പുതിയ ധാരണകള്‍ നല്‍കി. ക്യാമ്പസില്‍ നടന്ന ചര്‍ച്ചകളും അവിടുത്തെ പ്രക്ഷോഭങ്ങളും എല്ലാം ചേര്‍ന്ന അവസ്ഥയിലാണ് എന്നില്‍ കറുത്ത ചിന്തകള്‍ വ്യക്തതയോടെ ഉറപ്പിക്കപ്പെടുന്നത്.


അക്കാലത്ത് സജീവമായ ബ്‌ളാക്ക് പാന്തര്‍ പ്രസ്ഥാനം താങ്കളെ സ്വാധീനിച്ചിരുന്നോ?  പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നോ?

കറുത്തവര്‍ഗക്കരുടെ ഇടയിലെ എക്കാലത്തെയും ശക്തമായ മുന്നേറ്റമായിരുന്നു ബ്‌ളാക്ക് പാന്തറുകളുടേത്. അവരുടെ ഇടപെടല്‍ സാഹിത്യമുള്‍പ്പടെ എല്ലാ രംഗത്തും ചലനങ്ങള്‍ ഉണ്ടാക്കി. അതിന്റെ സ്വാധീനത്തില്‍ പെടാത്ത കറുത്തവര്‍ഗക്കാര്‍ വിരളമാണ്.ഹൗവേര്‍ഡില്‍ ബ്ലാക്ക് പാന്തറുകള്‍ ഉണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഞാനും സ്വാധിനിക്കപ്പെട്ടിരുന്നു. എന്നാല്‍, ബ്ലാക്ക് പാന്തര്‍ പ്രവര്‍ത്തകനൊന്നുമായിരുന്നില്ല. എന്നാല്‍, അവരുണര്‍ത്തിവിട്ട സാഹിത്യം, കല, കവിത എന്നിവക്കൊപ്പമായിരുന്നു ഞാന്‍. ആ കലയും സാഹിത്യവും പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നിന്നു.

എഴുത്തിലേക്ക് തിരിയുന്നതെങ്ങനെയാണ്?

കവിത എഴുതാന്‍ തുടങ്ങുന്നത് 1968 ലാണ്.  ഹൗവേര്‍ഡ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന ഘട്ടത്തില്‍ തന്നെയാണ് അത്. ആദ്യകാല രചനകള്‍ അന്നു എന്നില്‍ ഉണ്ടായിക്കൊണ്ടിരുന്ന കറുത്ത അവബോധത്തിന്റെ പ്രതിഫലനമായിരുന്നു. സര്‍വകലാശാലയില്‍ ഞാന്‍ ആഫ്രിക്കന്‍-അമേരിക്കന്‍ സാഹിത്യവുമായി പരിചയപ്പെട്ടു. ഹൗവേര്‍ഡിലെ നല്ല അധ്യാപകരാണ് അത് ചെയ്തത്. ഡബ്ല്യു.ഇ.ഇബി ഡുബോയിസ്, ലാങ്‌സ്റ്റന്‍ ഹ്യൂഗസ് , ജീന്‍ ടോമര്‍ പോലുള്ളവരുടെ രചനകളുമായി പരിചയമായി. പതിയെ ഞാന്‍ ലോകത്തെയും സ്വയവും കാണുന്ന രീതി മാറി. കറുപ്പിന്റെ വിഷയം എനിക്ക് പ്രധാനപ്പെട്ടതായി.  ന്യൂയോര്‍ക്കിലെ സുഹൃത്തുക്കള്‍ക്ക് അന്ന് ഞാന്‍ കത്തെഴുതിയത് കവിതയുള്‍പ്പെടുത്തിയായിരുന്നു. ഗായകന്‍ പോള്‍ സിമോന്‍, ബോബ് ഡിലാന്‍, ഫില്‍ ഓക്‌സ് തുടങ്ങിയവരാല്‍ അക്കാലത്ത് സ്വാധീനിക്കപ്പെട്ടു.  സ്‌റ്റെര്‍ലിങ് എ. ബ്രോണ്‍ കവിത ചൊല്ലുന്നത് കേള്‍ക്കാനും ഭാഗ്യം കിട്ടി. കവിത എഴുതുക എന്നത് അങ്ങനെ പതിയെ ഇഷ്ട്മുള്ള കാര്യമായി. കോളജ് ന്യൂസ് പേപ്പറിലാണ്  ആദ്യ കാല കവിതകള്‍ എഴുതിയത്. ഹൗവേര്‍ഡില്‍ ബിരുദ പഠനത്തിന് ചെല്ലുന്നതിനു മുമ്പേ എഴുത്തുകാരനാകണമെന്ന ആഗ്രഹം മനസില്‍ സൂക്ഷിച്ചിരുന്നു. അങ്ങനെയേ ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തിന് ഗുണകരമായി എന്തെങ്കിലും സംഭാവന ചെയ്യാനാവൂ എന്ന് തോന്നിയിരുന്നു.


എന്താണ് താങ്കളുടെ കവിതയെ വേറിട്ടതാക്കുന്നത്? വായനക്കാരുടെ പ്രതികരണങ്ങള്‍ എത്തരത്തിലുള്ളതാണ്? എന്താണ് താങ്കള്‍ക്ക് കവിത?

ആളുകള്‍ക്ക് എന്റെ കവിത എളുപ്പം മനസിലാകുന്നു. ആശയ വ്യക്തതയോടെ എഴുതാനാണ് ഞാന്‍ ശ്രമിക്കാറ്. മറ്റുള്ള വ്യക്തികളുമായി ആശയ സംവേദനത്തിനുള്ള ഒരു മാര്‍ഗമാണ് എനിക്ക് കവിത. ജനങ്ങള്‍ അംഗീകരിക്കുന്ന തലത്തില്‍ കവിത എഴുതാനായിട്ടുണ്ട് എന്നു മാത്രമാണ് പറയാനാവുക. വിവിധ പശ്ഛാത്തലങ്ങളിലുള്ളവര്‍ക്ക് എന്റെ രചനകള്‍ രസകരമായി അനുഭവപ്പെട്ടുവെന്നും ബോധവല്‍ക്കരിക്കാന്‍ ഉതകിയെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. വിവിധ തരം വിഷയങ്ങളെപ്പറ്റി ജനങ്ങളെ ചിന്തിപ്പിക്കാനുതകുന്നതാകണം കവിതകള്‍  . കവിതക്ക് ഒരു സാമൂഹ്യ പങ്കും പ്രവര്‍ത്തനവുമുണ്ടെന്ന് ഞാന്‍ കരുതുന്നു. കവിതയിലെ മാന്ത്രികത എനിക്കിഷ്ടമാണ്. കവിത മരണത്തെ മറികടക്കുകയും ജീവിതം ആഘോഷിക്കുകയും ചെയ്യുന്നു. ഈ സ്വാതന്ത്ര്യമെന്നത് ഭാവനകളില്‍ വിഹരിക്കാനുള്ളതാണ്.  


നാല് പതിറ്റാണ്ടുകളിലായി താങ്കള്‍ എഴുതുന്നു. ഇക്കാലത്തിനിടക്ക് താങ്കളുടെ കവിതക്ക് വന്ന മാറ്റങ്ങള്‍ എത്തരത്തിലുള്ളതാണ്?

എഴുതി തുടങ്ങുന്ന സമയത്ത് പല കവിതകളും വളരെ ചെറുതായിരുന്നു. 1960കളുടെ അവസാനം ഞാന്‍ വായിച്ചിരുന്നത് നോര്‍മന്‍ ജോര്‍ദാന്റെയും ലാങ്‌സ്റ്റണ്‍ ഹ്യൂഗസിന്റെയും കവിതകളായിരുന്നു. ഈ രണ്ടുപേരും ചെറിയ കവിതകളാണ് എഴുതിയിരുന്നത്. ഈ രൂപത്തില്‍ കവിതകള്‍ എഴുതാനായിരുന്നു എനിക്ക് താല്‍പര്യം. അതുപോലെ ഹൈകു കവിതകളെഴുതാനും. എന്റെ ആദ്യകാല രചനകള്‍ പ്രണയ കവിതകളും കറുത്ത അവബോധവുമായി ബന്ധപ്പെട്ടിരുന്നു. അക്കാലത്ത് കറുത്ത സ്ത്രീകളുടെ ശാരീക സൗന്ദര്യത്തെപ്പറ്റിയും, ആഫ്രിക്കയെ പരാമര്‍ശിച്ചുമാണ് പല കവിതകളും എഴുതിയത്. അതുപോലെ  കറുത്ത വര്‍ഗക്കാരിലെ മധ്യവര്‍ഗത്തിന്റെ കാപട്യത്തെ ആക്രമിച്ചു. എന്റെ പല രാഷ്ട്രീയ എഴുത്തുകളും  അടിച്ചമര്‍ത്തല്‍, പോരാട്ടം എന്നിവ മനസിലാക്കാനുള്ള ശ്രമമായിരുന്നു. ഇപ്പോഴും രാഷ്ട്രീയ പാകത (പൊളിറ്റിക്കല്‍ മെച്യൂരിറ്റി) വരേണ്ടതുണ്ട്. അതുപോലെ കവിതയിലും. അക്കാലത്തെ കവിതാ സങ്കല്‍പങ്ങളിലും ചിന്തകളിലും മാറ്റം വന്നിട്ടുണ്ട്. പക്ഷേ, അത് പഴയതിന്റെ തുടര്‍ച്ചയാണ്. തുടര്‍ച്ചയായിരിക്കുമ്പോള്‍ തന്നെ അതിന്റെ അടുത്ത ഘട്ടവുമാണ്. എന്റെ കവിതയില്‍ വന്ന മാറ്റങ്ങളെപ്പറ്റിയാണ് നിങ്ങളുടെ മുന്‍ ചോദ്യത്തിനുത്തരമായി പറഞ്ഞത്.


ബ്ലാക്ക് ആര്‍ട്ട് മൂവ്‌മെന്റിന്റെ ഭാഗമായിരുന്നു താങ്കള്‍. അക്കാലത്തെ ഇപ്പോള്‍ എങ്ങനെ കാണുന്നു?

1960 കളിലും 1970 കളുടെ ആദ്യവും നടന്ന ബ്ലാക്ക് ആര്‍ട്ട് മൂവ്‌മെന്റിനെപ്പറ്റി ഇപ്പോള്‍ പലരും ഗവേഷണത്തിലാണ്. അക്കാലം പരിശോധിക്കപ്പെടുന്നത് എനിക്ക് ഇഷ്മാണ്.  കവിയെന്ന നിലയിലുള്ള എന്റെ തുടക്കവും ഈ പ്രസ്ഥാനത്തില്‍ കാണാനാവും. ബ്ലാക്ക് ആര്‍ട്ട് എന്ന് നിര്‍വചിക്കപ്പെടുന്നതിലാണ് എന്റെ രാഷ്ട്രീയ സങ്കല്‍പങ്ങളുടെയും വേരുകള്‍.  ബ്ലാക്ക് ആര്‍ട്ട് എന്ന പദം പ്രശസ്തമാക്കിയത് അമിരി ബരാകയും ലാറി നിയലും ചേര്‍ന്ന് 1965 ലാണ്. ഇവര്‍ രണ്ടുപേരും റോണ്‍ കരേംഗയും ചേര്‍ന്നാണ് ബ്ലാക്ക് ആര്‍ട് മൂവ്‌മെന്റിന്റെ സൈദ്ധാന്തിക അടിത്തറ പാകിയത്. ചൈന, ക്യൂബ, അള്‍ജീരിയ എന്നിങ്ങനെയുള്ള മൂന്നാം ലോക രാജ്യങ്ങളിലെ വിപ്ലവങ്ങളുമായി  ബന്ധപ്പെട്ടാണ് ഇവര്‍ തങ്ങളുടെ ആശയങ്ങള്‍ രൂപീകരിച്ചത്. ഇക്കാര്യം അമിരി ബരാകയുടെ 'ക്യൂബ ലിബ്‌റ' എന്ന ലേഖനത്തില്‍ കാണാം. 'വിപ്ലവം' എന്ന ആശയം പോലും വിദേശമായിരുന്നു എന്ന അദ്ദേഹം അതില്‍ പറയുന്നുണ്ട്.  കുബ, നിക്കാരഗ്വ, ചിലി, എല്‍സാല്‍വദോര്‍ രാജ്യങ്ങളെപ്പറ്റി വായിച്ചപ്പോഴാണ് എന്റെയും രാഷ്ട്രീയ ചിന്താഗതികളില്‍ മാറ്റം സംഭവിക്കുന്നത്. 1960 കളിലെ പല ആഫ്രിക്കന്‍-അമേരിക്കന്‍ എഴുത്തുകരും ബ്ലാക്ക് ദേശീയതയില്‍ സ്വാധീനിക്കപ്പെട്ടിരുന്നു.
ലാറി നിയല്‍ തന്റെ പ്രശസ്തമായ ബ്ലാക്ക് ആര്‍ട്ട് ആന്‍ഡ് ലിബറേഷന്‍ എന്ന ഉപന്യാസത്തില്‍ ബ്ലാക്ക് ആര്‍ട്ടിനെ നിര്‍വചിക്കുന്നത് 'കറുത്ത് അമേരിക്കയെ സാംസ്‌കാരികവും ആത്മീയവുമായ വിമോചനത്തിന് സഹായിക്കുകയും ഉറപ്പാക്കുകയും ചെയ്യുന്ന കല' എന്നാണ്. ആത്മീയം എന്ന വാക്കിന് ഞാന്‍ പ്രത്യേക ഊന്നല്‍ നല്‍കും. കാരണം ഞാനുള്‍പ്പടെയുള്ള പലരും ഇസ്ലാമും, അതുപോലെ ബുദ്ധിസടക്കമുള്ള ബന്ധപ്പെട്ട പൗരസ്ത്യകാഴ്പ്പടുകളുമായും ബന്ധപ്പെട്ടിരുന്നു. മാല്‍കം എക്‌സിന്റെ രാഷ്ട്രീയ തത്വശാസ്ത്രം ബ്ലാക്ക് ദേശിയതായിരുന്നു. അത് ഇസ്ലാമുമായി ചേര്‍ന്നായിരുന്നു. അത് ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തിലെ നിരവധി പേരെ ആകര്‍ഷിച്ചു. മാല്‍കം എക്‌സ് ജീവിതത്തിന്റെ പുതിയ രീതികളെയും വിവിധ മൂല്യവ്യവസ്ഥകളെയും സമൂഹത്തിന് പരിചയപെടുത്തി. ഇത് കലയുടെ രംഗത്തുമുണ്ടായിരുന്നു. ബ്ലാക്ക് ആര്‍ട്ട് മൂവ്‌മെന്റിന്റെ സ്വാധീനം മറ്റ് സാഹിത്യം/കല എന്നിവയെപ്പോലും പിടിച്ചുലക്കുകയും മാറ്റി തീര്‍ക്കുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയിലാണ് എന്റെ നിലനില്‍പ്.


ആഫ്രിക്കന്‍-അമേരിക്കന്‍ വിഭാഗം ഇപ്പോഴും പ്രാന്തവല്‍ക്കരിക്കപ്പെട്ടതായി കരുതുന്നുണ്ടോ?

ഉണ്ട്. പൊതുവില്‍, വളരെയധികം ആഫ്രിക്കന്‍-അമേരിക്കക്കാര്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ തന്നെയാണ്. നിങ്ങള്‍ ജയിലില്‍ സന്ദര്‍ശിച്ചാല്‍, അല്ലെങ്കില്‍ ഏതെങ്കിലും ക്ലാസ് മുറിയില്‍ പോയാല്‍ ഇതു മനസിലാകും. കറുത്ത കുട്ടിയെ ക്ലാസ് മുറിയുടെ പിന്‍നിരയിലായിട്ടു കാണാം. അവര്‍ ഒന്നും തുറന്നു സംസാരിക്കില്ല. തലതാഴ്ത്തി നില്‍ക്കും.അവരോട് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത് അവര്‍ വിലകെട്ടവരും വിവരംകെട്ടവരും ഒന്നിനും കൊള്ളാത്തവരുമെന്നാണ്. അവരുടെ കാഴ്ചപ്പാടിന് ഒരു വിലയുമില്ല. അതുപോലെ അമേരിക്കയില്‍ വെള്ള-കറുത്ത എഴുത്തുകാര്‍ തമ്മില്‍ പോലും അന്തരമുണ്ട്. വെള്ള എഴുത്തുകാര്‍ കറുത്തവര്‍ എഴുതിയ പുസ്തകങ്ങള്‍ അധികം വായിക്കാറില്ല. ഒന്നുകില്‍ എഴുത്തുകാരെ അവര്‍ക്ക് പരിചയമുണ്ടാകണം. അല്ലെങ്കില്‍ ആരെങ്കിലും അവര്‍ക്ക് അത് സമ്മാനമായി നല്‍കണം.


അമേരിക്കന്‍ സാമൂഹ്യ അവസ്ഥകളെപ്പറ്റി എന്തു പറയും?

അമേരിക്കയുടെ സാമൂഹ്യ അവസ്ഥകളെപ്പറ്റി പലര്‍ക്കും തെറ്റായ ധാരണകളാണുള്ളത്. സമൂഹത്തിന്റെ അടിത്തട്ടില്‍ വര്‍ണ/വര്‍ഗ അന്തരങ്ങള്‍ ശക്തമാണ്. ഇതാരും ചര്‍ച്ച ചെയ്യുന്നുപോലുമില്ല. യഥാര്‍ഥത്തില്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം അമേരിക്കയിലെ ദാരിദ്ര്യമാണ്. പക്ഷേ, ഇപ്പോള്‍ ഊന്നല്‍ മധ്യവര്‍ഗത്തിലാണ്. അതുപോലെ ജയില്‍ പരിഷ്‌കാരത്തെപ്പറ്റിയും ചര്‍ച്ച ചെയ്യേതുണ്ട്.എന്താണ് അഴികള്‍ക്ക് പിന്നില്‍ സംഭവിക്കുന്നത്? പ്രസിഡന്റ് ഒബാമ അമേരിക്കയിലെ ചുരുക്കം ജയിലുകള്‍ സന്ദര്‍ശിച്ച് തടവുകാരുമായി സംസാരിക്കണം. തൊഴിലില്ലായ്മ, വിദ്യാഭ്യാസം, കുടുംബമൂല്യങ്ങള്‍, വര്‍ണം-സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. കാരണം ഇതെല്ലാം സമൂഹത്തിന്റെ അടിത്തട്ടില്‍ ശക്തമായി ഉണ്ട്. അടിത്തട്ടില്‍ അല്ല, പലപ്പോഴും മേല്‍തട്ടില്‍ തന്നെ പ്രശ്‌നങ്ങള്‍ പൊന്തിവരുന്നു. അതിന്റെ ഒരു ഉദാഹരണമാണ് വാള്‍ സ്ട്രീറ്റ് പ്രക്ഷോഭം.അമേരിക്കക്ക് കൂടുതല്‍ പുരോഗമനപരമായ നയങ്ങളുടെ ആവശ്യതകയുണ്ട്. അമേരിക്ക കെട്ടിപ്പടുക്കുക എന്നത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന പ്രകിയയാണ് ഞാന്‍ കാണുന്നത്.


മുമിയ അബു ജമാലിനെപ്പോലുള്ള പല കറുത്തവര്‍ഗ വിപ്ലകാരികളും ഇന്ന് ജയിലിലാണ്. അവര്‍ക്ക് രാജ്യത്ത് എത്രമാത്രം പിന്തുണയുണ്ട്?

പൊലീസ് ഭീകരതയുടെ ഫലമായി  പ്രത്യക്ഷത്തില്‍ തന്നെ വളരെയധികം കേസുകള്‍ ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തിന് നേരയുണ്ട്. ഇത് നിര്‍ഭാഗ്യകരമായ സാഹചര്യമാണ്. ഇത് സമൂഹങ്ങളില്‍ കൂടുതല്‍ ധ്രുവീകരണം കൊണ്ടുവരുന്നുണ്ട്. ഇന്നത്തെ കാലത്ത് കറുത്ത വിപ്ലകാരി എന്ന പദംപോലും പ്രശ്‌നങ്ങള്‍ നിറഞ്ഞതാണ് എന്നു തോന്നുന്നു. വിപ്ലവത്തിനുവേണ്ടി വാദിക്കുന്ന അധികംപേരെയൊന്നും ഞാന്‍ അമേരിക്കയില്‍ കണ്ടിട്ടില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ എന്താണ് ലോകവീക്ഷണം? ശീതസമരം അവസാനിച്ചശേഷം സോഷ്യലിസം അല്ലെങ്കില്‍ കമ്യൂണിസ്റ്റ് അശയങ്ങള്‍ക്കുവേണ്ടി വാദിക്കാനാവില്ല. ക്യൂബയില്‍ ചെ (ഗുവേര) യെപ്പോലെ താന്‍ ഒരു പുതിയ മനുഷ്യനാണ് എന്ന് പ്രഖ്യാപിക്കുന്ന ഒരാളെയും ഞാന്‍ അമേരിക്കയില്‍ കണ്ടിട്ടില്ല. അമേരിക്കയില്‍ വലിയ തോതിലുള്ള ജനകീയ മുന്നേറ്റവും ഇല്ല. യുദ്ധവിരുദ്ധ പ്രസ്ഥാനംപോലും ചെറുതാണ്. അതാകട്ടെ വിയറ്റ്‌നാം യുഗത്തിലുണ്ടായതിലുമെത്രയോ നേര്‍ത്തതുമാണ്.


അമേരിക്കയിലെ മനുഷ്യാവകാശത്തെപ്പറ്റി എന്തു പറയും?

കാര്‍ട്ടറുടെ ഭരണകാലത്താണ് അമേരിക്കന്‍ ഐക്യനാടുകള്‍ അമേരിക്കന്‍ വിദേശനയവുമായി മനുഷ്യാവകാശത്തിനുള്ള ബന്ധം കൂടുതലായി തിരിച്ചറിയുന്നത്. അമേരിക്കയില്‍ മനുഷ്യാവകാശങ്ങള്‍ പലരീതിയില്‍ ലംഘിക്കപ്പെടുന്നുണ്ട്. വര്‍ണം/വര്‍ഗം എന്നിങ്ങനെ പല തട്ടില്‍. മാല്‍കം എക്‌സാണ് തന്റെ ജീവതകാലത്ത് പൗരാവകാശം (സിവില്‍ റൈറ്റസ്)വും മനുഷ്യാവകാശവും തമ്മമിലുള്ള വ്യത്യാസത്തെപ്പറ്റി പറയുന്നത്. അമേരിക്കയിലും പുറത്തും നടക്കുന്ന മനുഷ്യാവകാശ-പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ യു.എന്‍. പോലുള്ള അന്താരാഷ്ട്ര ഏജന്‍സി നിരീക്ഷണ സംവിധാനം വേണമെന്ന് അദ്ദേഹം വാദിച്ചിരുന്നു. അമേരിക്കയില്‍ പലതരത്തില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ട്. പെന്‍/അമേരിക്കന്‍ സെന്റര്‍ എന്ന  സംഘടനയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ അംഗമാണ് ഞാന്‍. ഈ സംഘടന ലോകമെങ്ങും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന എഴുത്താര്‍ക്കൊപ്പം അവര്‍ക്കായി നിലകൊള്ളുന്നു.


ഇറാഖ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തുന്ന യുദ്ധവെറിയന്‍ സമീപനങ്ങളെപ്പറ്റി എന്തുപറയും?

എഴുത്തുകാരും കലാകാരന്‍മാരും യുദ്ധത്തിനെതിരായി നിലകൊള്ളണം. നമ്മളുടെ പ്രവൃത്തിയുടെ സ്വഭാവം ജീവിതം നല്‍കലാണ്. ജീവിതം നിഷേധിക്കലല്ല. സര്‍ക്കാരുകള്‍ യുദ്ധത്തിനുപോയാലും ജനങ്ങള്‍ അതിനെതിരെ ഒന്നിച്ച് നിന്ന്  സമാധാനം ഉണ്ടാക്കാനാവും എന്ന് ഒരോ ആളും തിരിച്ചറിയണം.. നമ്മള്‍ ചരിത്ര മൂഹര്‍ത്തങ്ങള്‍ സൃഷ്ടിക്കണം. അതിന് ധൈര്യം വേണം.


'ബുദ്ധന്‍ ശിശിരത്തില്‍ കരഞ്ഞു' എന്നതാണ് നിങ്ങളുടെ ഒരു കവിതയുടെ പേര്. താങ്കള്‍ക്ക് എത്രമാത്രം ബുദ്ധമതത്തെ അറിയാം?

ഞാന്‍ ബുദ്ധമതക്കരാനല്ല. പക്ഷേ, ആ മതത്തെപ്പറ്റി വായിക്കാനും അറിയാനും ഇഷ്ടപ്പെടുന്നു. ബുദ്ധമതക്കാരായ നിരവധി സുഹൃത്തുക്കളുണ്ടെനിക്ക്. ആഫ്രിക്കന്‍-അമേരിക്കന്‍ സാഹിത്യം കുറച്ചുവര്‍ഷങ്ങളായി ബുദ്ധമതവും ഇസ്ലാമും സ്വാധീനിക്കുന്നുണ്ട്. എന്റെ സുഹൃത്താണ് 'ടേണിങ് വീല്‍ എഴുതിയ ചാള്‍സ് ജോണ്‍സണ്‍. അത് ബുദ്ധമതത്തെയും സാഹിത്യത്തെയും പറ്റിയുള്ള പുസ്തകമാണ്. ചാള്‍സും ഞാനും പതിവായി ഇമെയിലുകള്‍ അയക്കുന്നു. 'ബുദ്ധന്‍ ശിശിരത്തില്‍ കരഞ്ഞു' എന്ന പുസ്തകം ഞാനും കൊറിയന്‍ കവിയായ ചോയിയും ചേര്‍ന്ന് എഴുതിയതാണ്. ചോയിയാണ് പുസ്തകത്തിന്റെ കൈയെഴുത്ത് പ്രതി എഡിറ്റ് ചെയ്തതും അതിലെ ചിത്രങ്ങളും അവരാണ് പറഞ്ഞത്. എന്റെ പുസ്തകക്കൂട്ടങ്ങളില്‍ ബുദ്ധമത പുസ്തകങ്ങളുണ്ട്. അതില്‍ നല്ല പങ്കും ചോയി സമ്മാനിച്ചതാണ്. അവ ഞാന്‍ വീണ്ടും വീണ്ടും വായിക്കുന്നു. അതെനിക്ക് മനശാന്തിയും സന്തോഷവും പകരുന്നു.


ഇസ്ലാമും അമേരിക്കന്‍ സമൂഹത്തില്‍ സ്വാധീനമുണ്ടാക്കുന്നതായി പറഞ്ഞു. അതെപ്പറ്റി?

1970 കളില്‍ ഇസ്‌ളാമിക വിശ്വാസങ്ങളില്‍ ഞാനാകൃഷ്ടനായിരുന്നു. സൂഫിസുവമായി ബന്ധപ്പെട്ട ധാരയിലായിരുന്നു ഇത്. ഹൗവേര്‍ഡില്‍ വിദ്യാര്‍ഥിയാകുന്നതുവരെ എനിക്ക് ഇസ്ലാമിനെപ്പറ്റി ഒന്നുമറിയുമായിരുന്നില്ല. ഇന്ന് അമേരിക്കന്‍ ഐക്യനാടുകളില്‍ ഏറ്റവും അധികം വേഗത്തില്‍ വളരുന്ന മതമാണ് ഇസ്‌ളാം. ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തില്‍ ഈ വളര്‍ച്ച അതിലും വേഗത്തിലാണ്. ആഫ്രിക്കന്‍-അമേരിക്കക്കാര്‍ക്കിടയില്‍ ഇത് മൂന്ന് തരം അസ്ഥിത്വമുണ്ടാക്കിയിട്ടുണ്ട്. മുസ്‌ളീം, കറുത്തവര്‍ഗക്കാരന്‍, അമേരിക്കകാരന്‍ എന്നിങ്ങനെ. സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം ഇസ്ലാമിക വിശ്വാസത്തെ മനസിലാക്കാന്‍ അമേരിക്കക്കുള്ളില്‍ തന്നെ ശ്രമമുണ്ട്.
ഏഷ്യ, ആഫ്രിക്ക, മധ്യപൂര്‍വദേശം എന്നിവിടങ്ങളുമായി മെച്ചപ്പെട്ട ബന്ധം അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇസ്‌ളാമിനെപ്പറ്റി കൂടുതല്‍ മനസിലാക്കേണ്ടതുണ്ട്. അതേ സമയം തന്നെ സഭയും ഭരണകൂടവും തമ്മിലുള്ള വേര്‍തിരിവിന്റെ പ്രാധാന്യത്തെപ്പറ്റിയും മനസിലാക്കണം.

ഭാഷയുടെ പ്രശ്‌നങ്ങളെപ്പറ്റി താങ്കള്‍ പറഞ്ഞിരുന്നു?

എല്ലാം ഭാഷയിലാണ് തുടങ്ങുന്നത്. നിങ്ങളുടെ രാഷ്ട്രീയം വാക്കുകള്‍ക്ക് പിന്നില്‍ ഒളിപ്പിക്കാനാവില്ല. ബ്രദര്‍ഹുഡ് പോലെ പ്രശ്‌സതായ വാക്ക് എടുക്കുക. ഞാന്‍ യുവാവായിരിക്കുമ്പോള്‍ നാഷണല്‍ ബ്രദര്‍ ഹുഡ് വാരം അമേരിക്കയില്‍ ആഘോഷിച്ചിരുന്നു. അതുപോലെ നാഷണല്‍ കോണ്‍ഫ്രന്‍സ് ഓഫ് ക്രിസ്ത്യന്‍സ് ആന്‍ഡ് ജ്യൂസ് എന്ന സംഘടനയുണ്ടായിരുന്നതായി ഞാനോര്‍ക്കുന്നു.  ആരെങ്കിലും ബ്രദര്‍ഹുഡിനെപ്പറ്റി പറഞ്ഞാല്‍ അതില്‍ സ്ത്രീകളെയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയാം. 2012 ല്‍ സിസ്റ്റര്‍ ഹുഡ് എന്ന വാക്ക് നമ്മുടെ പദാവലിയുടെ ഭാഗമായി.ഈ ബ്രദര്‍ഹുഡിന് മുമ്പില്‍ മുസ്‌ളീം എന്ന വാക്ക് കൂടി ചേര്‍ക്കുക. അതൊരു വലിയ വിഷയമായി മാറും. നമ്മുടെ മനസില്‍ ഉലച്ചിലുകളുണ്ടാകും. പിന്നെ നമ്മള്‍ ഈജിപ്തിനെപ്പറ്റി പോലും സംസാരിക്കില്ല. ഇങ്ങനെ വാക്കുകള്‍ നമ്മളില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പറഞ്ഞുവരുന്നത് എഴുതുന്ന ഓരോ വാക്കിനും രാഷ്ട്രീയമുണ്ടെന്നാണ്. അത് എഴുതുന്നയാളുടെ രാഷ്ട്രീയത്തെ പുറത്തുകൊണ്ടുവരും. അതേ സമയം വായനക്കും രാഷ്ട്രീയമുണ്ട്. ഇതാണ് ഞാന്‍ പലപ്പോഴും പറയുന്നതും പറയാന്‍ ശ്രമിക്കുന്നതും.കവിതയുടെ ചൊല്ലല്‍ പാരമ്പര്യത്തിന് അനുകൂലമായി താങ്കള്‍ വാദിച്ചു കാണുന്നു...?

കവിത ചൊല്ലുന്ന പാരമ്പര്യം വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ, അത് കവിതാ പാരമ്പര്യത്തിന്റെ ഒരു ഭാഗം മാത്രമാണ്. കവിത വായിക്കാന്‍ മാത്രമുള്ളതാണെന്നും അല്ലെങ്കില്‍ ചൊല്ലാന്‍ മാത്രമുള്ളതാണ് എന്ന തികഞ്ഞ വേര്‍തിരിവ് ശരിയല്ല.   ചിലര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ചൊല്ലുന്നതിനും അതിന്റെ സംഗീതത്തിനുമാണ്. ഇതാണ് കറുത്തവര്‍ഗ സംസ്‌കാരവുമെന്ന ധാരണയുണ്ട്. ആഫ്രിക്കക്കാര്‍ക്ക് ലിപിയുണ്ട്. നിശബ്ദമായി കവിത ചൊല്ലപ്പെടുകയാണ് എഴുതിയ കവിത ഒരാള്‍ വായിക്കുമ്പോള്‍.അത് മറക്കരുത്.  സാങ്കേതിക വിദ്യയുടെ വികാസം മൂലം  1968 ലെ എഴുത്തുകാരനല്ല 2012 ലേത്. അന്നത്തെ കവിതയല്ല ഇന്നത്തേത്. ഒരു വയര്‍ലെ് ഹെഡ്‌സെറ്റും റെക്കോര്‍ഡറുമുണ്ടെങ്കില്‍ കവിതയില്‍ നിങ്ങള്‍ക്ക് പലതരം സാധ്യതകള്‍ സൃഷ്ടിക്കാം.  കവിത ചൊല്ലാനുള്ളതാണ് എന്നല്ല വാദം. അതിന് പ്രാധാന്യമുണ്ടെന്നാണ്. അത് അവഗണിക്കരുതെന്നാണ് വാദം.പല കവിതകളും രാഷ്ട്രീയപരമാണ്. ഒരു കറുത്ത-രാഷ്ട്രീയ കവി എന്നു താങ്കളെ വിളിച്ചാല്‍?

നമ്മുടെ ജിവീതം രാഷ്ട്രീയപരമാണ്. എന്നെ ആരെങ്കിലും കറുത്ത കവി എന്ന് വിളിക്കുമ്പോള്‍ അതില്‍നിന്ന് ഒളിച്ചോടാന്‍ എനിക്ക് ഇഷ്ടമില്ല. നിങ്ങള്‍ ഒരു രാഷ്ട്രീയ സാഹചര്യത്തിനുള്ളില്‍ ആണ് എന്ന് വ്യക്തമായാല്‍ നിങ്ങള്‍ക്ക് ഒരിക്കലും നിഷ്‌കളങ്കതയോടെ കാര്യങ്ങളെ സമീപിക്കാനാവില്ല.
എന്റെ പല കവിതകളും അിടമത്തത്തെപ്പറ്റിയുള്ളതാണ്. ഈ നിമിഷത്തിലേക്ക് നയിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ മറക്കാതിരിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഒരിക്കല്‍, വായിക്കുകയും എഴുതുകയും ചെയ്യുക എന്നത് കറുത്തവരെ സംബന്ധിച്ച നിയമവിരുദ്ധമായിരുന്നു.  എഴുതുക എന്ന പ്രവര്‍ത്തിപോലും ഒരു കറുത്ത വ്യക്തിയെ സംബന്ധിച്ച് വിചിത്ര കാര്യമായിരുന്നു. ആ ഒരു ബോധത്തില്‍ നിന്ന് തന്നെയാണ് എന്റെ രചനകള്‍, പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട് രാഷ്ട്രീയ കവി എന്ന വിശേഷണം എനിക്ക് അഭിമാനമാണ്.യു.എസ്. സാഹിത്യത്തിലെ പുതിയ പ്രവണതകള്‍ എന്തൊക്കെയാണ്? ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തിലെ പുതിയ എഴുത്തുകാരെപ്പറ്റി?

അമേരിക്കന്‍ സാഹിത്യത്തിലെ പുതിയ സാഹിത്യ പ്രസരിപ്പുകള്‍ വരുന്നത് കൊറിയന്‍, അറബ്, ഇന്ത്യന്‍ സമൂഹങ്ങളില്‍ നിന്നാണ്. നദാലി ഹന്‍ദാല്‍, ദിമ ഹിലാല്‍, സുഹൈര്‍ ഹമ്മദ്, നവോമി അയാല, മരിലീയന്‍ നെല്‍സന്‍, ബ്രെന്‍ഡ മരിയിഒസ്‌ബെ തുടങ്ങിയ സ്ത്രീയ എഴുത്തുകാരുണ്ട് ഇതില്‍. ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തില്‍ ജനപ്രിയ സാഹിത്യത്തെപ്പറ്റി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഈ സാഹിത്യധാരയെ ഉപഭോക്തൃ മാര്‍ക്കറ്റാണ് പ്രോത്‌സാഹിപ്പിക്കുന്നത്. പുസതക വില്‍പനയല്ല സാഹിത്യമികവിന്റെ അളവ് കോല്‍. ആഫ്രിക്കന്‍-അമേരിക്കന്‍ സാഹിത്യത്തെ വിമര്‍ശനമായി പരിശോധിക്കുന്ന പുതിയ തലമുറയില്‍ വിമര്‍ശകര്‍ ഉയര്‍ന്നുവരുന്നുണ്ട്. രാജ്യമെമ്പാടും നടക്കുന്ന എഴുത്തു ശില്‍പശാലകളിലുടെ പുതിയ എഴുത്തുകാര്‍ വരുന്നു.  കേവ് കാനെം, ഹര്‍സ്റ്റണ്‍നറൈറ്റ് ഫൗഷേന്‍   എന്നീ സംഘടനകള്‍ പുതിയ എഴുത്തുകാരെ രൂപപ്പെടുത്തുന്നതില്‍ പങ്ക് വഹിക്കുന്നു.
ഓഗസ്റ്റ് വില്‍സണ്‍, ചാള്‍സ് ജോണ്‍സന്‍, ടോണി മോറിസണ്‍, യൂസഫ് കോമുന്‍യാകാ, കൊര്‍ണേലിയസ് ഏഡി, എലിസബത്ത് അലക്‌സാണ്ടര്‍, ലൂസിലി ക്‌ളിഫ്‌ടോണ്‍, ഒക്ടാവിയ ബുട്‌ലര്‍, എഡ്‌വിഗ് ഡാന്റികാറ്റ്, പെര്‍സിവല്‍ എവററ്റ് തുടങ്ങിയവരാണ് ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരില്‍ പ്രമുഖരായവര്‍. സാഹിത്യത്തെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുന്നതില്‍ നേതൃത്വ പങ്ക് വഹിക്കുന്നവരെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


താങ്കള്‍ നിരവധി ഔദ്യോഗിക ഉത്തരവാദിതങ്ങള്‍ വഹിക്കുന്നു. ഇതെങ്ങനെ കവിത എഴുത്തുമായി ഒത്തുപോകുന്നു?

ഞാന്‍ സ്വയം വിശേഷിപ്പിക്കുന്നത് ലിറ്ററി ആക്ടിവിസ്റ്റ് എന്നാണ്.  എഴുത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ തന്നെ മറ്റുള്ളവരുടെ രചനകളെ പ്രോത്സാഹിപ്പിക്കുന്നു. തുടക്കകാരുള്‍പ്പടെയുള്ളവരുടെ എഴുത്തുകളെ കുറ്റമറ്റതാക്കാന്‍ ആവുന്ന വിധത്തില്‍ ശ്രമിക്കുന്നു. മറ്റുള്ളവരുടെ രചനകള്‍ക്ക് പല തട്ടില്‍ സഹായം ചെയ്യുന്നു. ഇതെന്റെ ഒരു തട്ടിലുള്ള പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ നെരൂദയെപ്പോലെ നയതന്ത്രജ്ഞരായ എഴുത്തുകാരോടാണ് ആദരം.  ഒരു സാംസ്‌കാരിക അബാംസഡറാകാന്‍ ഞാനിഷ്ടപ്പെടുന്നു.  എഴുത്തുകാര്‍ രാഷ്ട്രീയ പദവികള്‍ വഹിക്കണം. അത് സമൂഹത്തെ മെച്ചപ്പെടുത്താനുള്ള ഒരു മാര്‍ഗമാണ്. ഞാന്‍ വഹിക്കുന്ന പല പദവികളും എഴുത്തുമായി ബന്ധപ്പെട്ടതാണ്. ഒന്നുകില്‍ സര്‍ഗാത്മക പഠന വിഭാഗത്തിന്റെ തലവന്‍, കവിതാ വിലയിരുത്തല്‍ കമ്മിറ്റി മേധാവി എന്നിങ്ങനെയുള്ളതാണ്. അടിസ്ഥാനപരമായി വഹിക്കുന്ന പദവികള്‍ സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിടുന്നവയാണ്.

കുടുംബം? പുതിയ പദ്ധതികള്‍?

വാഷിങ്ടണ്‍ ഡി.സിയിലെ വടക്ക് പടിഞാറന്‍ മേഖലയിലാണ് താമസം. ചെറിയ കുടുംബമാണ്. മകനും മകളുമുണ്ട്. പുതിയ കവിതാ സമാഹരങ്ങളുടെ പണിപ്പുരയിലാണ്. ഇപ്പോള്‍, കൂടുതല്‍ സമയം ചെലവിടുന്നത് രാജ്യത്ത് പലയിടത്തുമായി സര്‍ഗാത്മക എഴുത്തില്‍  പരിശീലനം നല്‍കാനും മറ്റുമായാണ്.


മാധ്യമം ആഴ്ചപ്പതിപ്പ്
2012 Aug 13