Thursday, March 30, 2017

‘ഇരുട്ട് പരത്തുന്ന ശക്തികളെ കണ്ട് ഭയന്നോടിയിട്ട് കാര്യമില്ല’



ഗാന്ധിജിയുടെയും സി. രാജഗോപാലാചാരിയുടെയും കൊച്ചുമകനും ചിന്തകനും  പത്രപ്രവര്‍ത്തകനും ജീവചരിത്രകാരനുമായ രാജ്മോഹന്‍ ഗാന്ധി സംസാരിക്കുന്നു- ഗാന്ധിസം, രാജ്യത്തെ സമകാലിക രാഷ്ട്രീയ പ്രവണതകള്‍, ജനാധിപത്യം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച്. ഒപ്പം തന്‍െറ തന്നെ ഇന്നലെകളെക്കുറിച്ചും



സംഭാഷണം
രാജ്മോഹന്‍ ഗാന്ധി/ ആര്‍.കെ. ബിജുരാജ്


‘ഇരുട്ട് പരത്തുന്ന ശക്തികളെ
കണ്ട് ഭയന്നോടിയിട്ട് കാര്യമില്ല’


ഇന്ത്യയുടെ സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ സൗമ്യവും തീക്ഷ്ണവുമായ ഒരു ഗാന്ധിയന്‍ സാന്നിധ്യമാണ് രാജ്മോഹന്‍ ഗാന്ധി. ഒരുപക്ഷേ, രാജ്യത്ത് ഗാന്ധിസത്തിന്‍െറ ഏറ്റവും ശക്തനായ പ്രതിരോധകന്‍. അരുന്ധതിറോയി ഉള്‍പ്പെടെയുള്ളവര്‍ ഗാന്ധിസത്തിന് എതിരെ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് രാജ്മോഹന്‍ ഗാന്ധി അക്കമിട്ട് മറുപടി പറയുന്നു; സംവാദങ്ങളില്‍ ഏര്‍പ്പെടുന്നു. അവധൂത ജ്ഞാനവൃദ്ധനെപ്പോലെ ഇരുണ്ടദിനങ്ങളിലും പ്രതീക്ഷയുടെ വിളക്കുകള്‍ തെളിക്കുന്നു.
ഗാന്ധിജിയുടെയും ഇന്ത്യയുടെ ആദ്യ ഇന്ത്യക്കാരനായ  ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരിയുടെയും കൊച്ചുമകനാണ് രാജ്മോഹന്‍. ഗാന്ധിയുടെ മകന്‍ ദേവദാസ് ഗാന്ധിയുടെയും രാജഗോപാലാചാരിയുടെ മകള്‍ ലക്ഷ്മിയുടെയും മകനായി 1935 ആഗസ്റ്റ് ഏഴിന് ഡല്‍ഹിയിലാണ് രാജ്മോഹന്‍െറ ജനനം. ഗാന്ധി കുടുംബാംഗം എന്നതല്ല രാജ്മോഹന്‍െറ ഏക സവിശേഷത. ചിന്തകന്‍, ചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍, അക്കാദമീഷ്യന്‍, ജീവചരിത്രകാരന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, പരിസ്ഥിതിവാദി എന്നിങ്ങനെ വിവിധ നിലകളില്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനാണ് അദ്ദേഹം.
ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളജിലായിരുന്നു ബിരുദപഠനം. തുടര്‍ന്ന് ഡല്‍ഹി സെന്‍റര്‍ ഫോര്‍ പോളിസി ചേയ്ഞ്ച് അടക്കം വിവിധ അക്കാദമിക് സ്ഥാപനങ്ങളില്‍ അധ്യാപനം.  ഇപ്പോള്‍ അമേരിക്കയിലെ ഇല്ലിനോയിസ് സര്‍വകലാശാലയിലെ ദക്ഷിണേഷ്യന്‍-പശ്ചിമേഷ്യന്‍ പഠന കേന്ദ്രത്തില്‍ റിസര്‍ച് പ്രഫസര്‍ കൂടിയാണ്. 1950കള്‍ മുതല്‍ പരിസ്ഥിതി രംഗത്ത് സജീവം. 1964 മുതല്‍ 1981 വരെ പ്രസിദ്ധീകരിച്ച ‘ഹിമത്’എന്ന വാരികയെ  സാമൂഹിക മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാക്കി രാജ്മോഹന്‍ ഗാന്ധി മാറ്റി. ഇതേ വാരികയിലൂടെ അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പോരാടി. 1985 മുതല്‍ 1987 വരെ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്‍െറ (ചെന്നൈ) എഡിറ്ററായിരുന്നു.  1989 ല്‍ രാജീവ്ഗാന്ധിക്കെതിരെ അമത്തേിയില്‍ മത്സരിച്ച് പരാജയപ്പെട്ടു. 1990-92 കാലത്ത് രാജ്യസഭാംഗമായിരുന്നു. 1990ല്‍ ജനീവയില്‍ യു.എന്‍ മനുഷ്യാവകാശ കമീഷനില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചു. പാര്‍ലമെന്‍റില്‍ പട്ടികജാതി- പട്ടികവര്‍ഗക്കാരുടെ അവസ്ഥകളെപ്പറ്റി അന്വേഷിക്കുന്ന സര്‍വകക്ഷി സംയുക്ത സമിതി കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 ഫെബ്രുവരിയില്‍ ആം ആദ്മയില്‍ ചേര്‍ന്നു. ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
‘മോഹന്‍ദാസ്: എ ട്രു സ്റ്റോറി ഓഫ് എ മാന്‍, ഹിസ് പീപ്പിള്‍ ആന്‍ഡ് ആന്‍ എംപയര്‍’, ‘രാജാജി:  െലൈഫ്’,  ‘ഗാഫര്‍ ഖാന്‍: നോണ്‍വയലന്‍റ് ബാദ്ഷാ ഓഫ് ദ പത്താന്‍സ്’, ‘പട്ടേല്‍: എ ലൈഫ്, എയിട്ട് ലൈവ്സ്’, ‘പഞ്ചാബ്’, ‘എ ടെയില്‍ ഓഫ് ടു റിവോള്‍ട്ട്സ്’, ‘അണ്ടര്‍സ്റ്റാന്‍ഡിങ് ദ ഫോര്‍ഫാദേഴ്സ്’ തുടങ്ങിയവയാണ് കൃതികള്‍. രാജ്യത്തിനകത്തും പുറത്തും വിവിധ ഭാഷകളിലേക്ക് പുസ്തകങ്ങള്‍ മൊഴിമാറ്റപ്പെട്ടു. ‘ദ ലെഗസി ഓഫ് ഗാന്ധിജി’ എന്ന പുസ്തകം ജൂണില്‍ പുറത്തിറങ്ങും. ‘രാജാജി: എ ലൈഫ്’ എന്ന കൃതിക്ക് 2001 ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.  നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഉഷയാണ് ഭാര്യ. അമേരിക്കയില്‍ അക്കാദമിക് പണ്ഡിതയും അഭിഭാഷകയുമായ സുപ്രിയ, ദേവദത്ത എന്നിവര്‍ മക്കള്‍. ഗുഡ്ഗാവിലാണ് താമസം. അമേരിക്കയിലും ഇന്ത്യയിലുമായി ജീവിക്കുന്നു.
തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടന്ന മാധ്യമം ലിറ്റററി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ രാജ്മോഹന്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിന്‍െറ പ്രസക്ത ഭാഗങ്ങള്‍:

നമുക്ക് വളരെ പിന്നില്‍ നിന്ന് സംഭാഷണം തുടങ്ങാം. എന്താണ് ഗാന്ധിജിയെക്കുറിച്ച താങ്കളുടെ കുട്ടിക്കാല ഓര്‍മകള്‍?

ഗാന്ധിജിയെ കാണാനും അടുത്തിടപഴകാനും അദ്ദേഹത്തിന്‍െറ കൊച്ചുമകനായി ജനിക്കാനും ഭാഗ്യം ലഭിച്ചയാളാണ് ഞാന്‍. ഗാന്ധിജി 1942 ല്‍ ‘ക്വിറ്റ് ഇന്ത്യ’ പ്രഖ്യാപിച്ചകാലത്ത് ഞാന്‍ സേവാഗ്രാമില്‍ ഉണ്ടായിരുന്നു. അന്ന് എനിക്ക് ആറര വയസ്സാണ്. തിരക്ക് പിടിച്ച ആശങ്ക നിറഞ്ഞ ദിനങ്ങളായിരുന്നു അത്. ക്വിറ്റിന്ത്യയുടെ ദിനങ്ങളിലാണ് മുത്തശ്ശനെ അടുത്തുകാണുന്നതും. മറ്റൊരു ഓര്‍മ അദ്ദേഹം പുണയിലെ ആഗാഖാന്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ അച്ഛനും അമ്മയ്ക്കുമൊപ്പം കാണാന്‍ ചെന്നതാണ്. മരണാസന്നയായിരുന്ന  അമ്മൂമ്മ ബായും (കസ്തൂര്‍ബ) മുത്തശ്ശനൊപ്പം ജയിലിലുണ്ടായിരുന്നു. കൂടുതല്‍ വ്യക്തമായ ഓര്‍മകള്‍ അദ്ദേഹത്തിന്‍െറ അവസാന രണ്ടുവര്‍ഷകാലത്തുള്ളതാണ്. അന്ന് അദ്ദേഹം ഡല്‍ഹിയില്‍ ബാല്‍മീകി കോളനിയിലും ബിര്‍ള ഹൗസിലുമായിട്ടായിരുന്നു താമസം. പത്ത് പന്ത്രണ്ട് വയസ്സുള്ള ഞാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം എന്നും ബാപുവിന്‍െറ പ്രാര്‍ഥനാ യോഗങ്ങളില്‍ പോകുമായിരുന്നു. ആ പ്രാര്‍ഥനാ യോഗങ്ങളില്‍ മറക്കാനാവാത്ത ചില രംഗങ്ങളുണ്ട്. പ്രാര്‍ഥനാ യോഗത്തില്‍ ഗാന്ധിജി പതിവായി ഖുര്‍ആന്‍ ചൊല്ലാന്‍ അനുയായികളോട് ആവശ്യപ്പെടുമായിരുന്നു. ഇതില്‍ ചിലര്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചു. ഗാന്ധിജിക്ക് എതിര്‍പ്പ് വിഷയമേ ആയിരുന്നില്ല. ഗൗനിക്കാന്‍ തന്നെ പോയില്ല. ചിലര്‍ പരസ്യമായി തന്നെ എതിര്‍പ്പുമായി രംഗത്ത് എത്തി. ശാരീരികമായി അദ്ദേഹത്തെ ആക്രമിക്കാന്‍ കഴിയുന്ന ഒരുകൂട്ടം രോഷാകുലരായ ആള്‍ക്കാരുടെ നടുവില്‍ അദ്ദേഹം ഇരിക്കുന്ന രംഗം ഇപ്പോഴും മനസ്സിലുണ്ട്.  മന$സാന്നിധ്യം കൈവിടാതെ,  ചെറിയ ചിരിയുമായി. മറ്റ് സമുദായങ്ങളോടുള്ള വലിയ സൗഹാര്‍ദവും ഭയരാഹിത്യവും ആ മുഖത്ത് ഒന്നിച്ചു കണ്ടു.
രാത്രി ഒമ്പതുമണിക്ക് തൊട്ടുമുമ്പായി ഗാന്ധിജിയെ കാണാന്‍ മാതാപിതാക്കള്‍ക്കൊപ്പം ഞാനും ഇടയ്ക്ക് പോകും. എത്ര തിരക്കുണ്ടെങ്കിലും അദ്ദേഹം എന്നെയും മറ്റുള്ള കുട്ടികളെയും ചേര്‍ത്തുപിടിക്കും. ശോഷിച്ച കൈകള്‍ കൊണ്ട് പിറകില്‍ സ്നേഹപൂര്‍വം അദ്ദേഹം അടിക്കുന്നതാണ് മറ്റൊരു ഓര്‍മ. ഉപവാസം കൊണ്ട് മെലിഞ്ഞ അദ്ദേഹം ചെറുതായിട്ടാണ് തട്ടുന്നതെങ്കിലും എനിക്ക് നന്നായി വേദനിച്ചിരുന്നു. തനിക്ക് വരുന്ന എഴുത്തുകളില്‍ നിന്ന് അതില്‍ എഴുതാന്‍ ശേഷിക്കുന്ന ഭാഗം മുറിച്ചുകൊടുക്കുകയായിരുന്നു എനിക്ക് ബാപു എല്‍പിച്ച ജോലി. ചില സമയങ്ങളില്‍ അദ്ദേഹം നടക്കാന്‍ പോകുമ്പോള്‍ കുട്ടികളായ ഞങ്ങളും ഒപ്പം കൂടും. കൂടുതല്‍ സമയം മഹാത്മക്കൊപ്പം ചെലവിടാന്‍ പറ്റിയിരുന്നില്ളെങ്കിലും കാണുമ്പോള്‍ കഥകളായും മറ്റും പറഞ്ഞു തന്ന ചില മൂല്യങ്ങളുണ്ട്. ഏത് സാഹചര്യത്തിലും സത്യസന്ധനായിരിക്കുക, ഒന്നിനെയും ഭയപ്പെടാതിരിക്കുക, അയല്‍ക്കാരനെ സ്നേഹിക്കുക, ലളിതമായി ജീവിക്കുക തുടങ്ങിയവയാണ് ആ മൂല്യങ്ങള്‍. അത് ഞാനിപ്പോഴും പിന്തുടരുന്നു.

അച്ഛന്‍ ദേവദാസ് ഗാന്ധിയെക്കുറിച്ച ഓര്‍മകള്‍ എത്തരത്തിലുള്ളതാണ്?

അച്ഛന്‍ എന്നും തിരക്കിലായിരുന്നു. ഒന്നുകില്‍ സ്വാതന്ത്ര്യ സമരത്തിന്‍െറ ഭാഗമായ പ്രവര്‍ത്തനങ്ങളില്‍. അല്ളെങ്കില്‍ പത്രപ്രവര്‍ത്തനത്തിന്‍െറ ഭാഗമായ തിരക്കുകളില്‍. കുട്ടിയായ എനിക്ക് അച്ഛനെ അധികമൊന്നും അടുത്തു കിട്ടിയിട്ടില്ല. അച്ഛന്‍ ഉപ്പുസത്യഗ്രഹ വേളയിലടക്കം പല തവണ ജയില്‍വാസമനുഭവിച്ചു. മഹാത്മയുടെ ജീവിത ചിന്തകള്‍ അച്ഛന്‍ ഉള്‍ക്കൊണ്ടിരുന്നു. അതിനാല്‍ എന്നും ലളിതമായ ജീവിതമാണ്  നയിച്ചത്. വാത്സല്യനിധിയായിരുന്നു. 1942 ലെ ജയില്‍ വാസം അച്ഛന്‍െറ ഒരു തെരഞ്ഞെടുപ്പായിരുന്നു. ആ ധീരതയാണ് അച്ഛനെപ്പറ്റി എനിക്ക് അഭിമാനത്തോടെ എന്നും ലോകത്തോട് പറയാനുള്ളത്. അച്ഛന്‍ ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിന്‍െറ മാനേജിങ് എഡിറ്ററായിരുന്നു. പത്രത്തില്‍ വന്ന വാര്‍ത്തയുടെ സോഴ്സ് വെളിപ്പെടുത്താന്‍ ബ്രിട്ടീഷ് അധികാരികള്‍ ആവശ്യപ്പെട്ടു. വേണമെങ്കില്‍ സോഴ്സിനെ വെളിപ്പെടുത്തി തടവ് ശിക്ഷ അദ്ദേഹത്തിന് ഒഴിവാക്കാമായിരുന്നു. എന്നാല്‍, അതിന് കൂട്ടാക്കിയില്ല. പത്രസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് ജയിലില്‍ പോയി. അത് ഇന്ത്യയിലെ പത്രപ്രവര്‍ത്തനത്തിന്‍െറയും പത്രസ്വാതന്ത്ര്യത്തിന്‍െറയും കൂടി ചരിത്രമാണ്. ഒരു മകന് അച്ഛനെപ്പറ്റി അഭിമാനത്തോടെ ഓര്‍മിക്കാന്‍ അത് തന്നെ ധാരാളം.
അച്ഛന്‍ വളരെയധികം ലേഖനങ്ങളും കുറിപ്പുകളൊന്നും എഴുതിയിട്ടില്ല. പക്ഷേ, അദ്ദേഹം മലയാളികളടക്കമുള്ള ഒരു കൂട്ടം വലിയ പത്രപ്രവര്‍ത്തകരടങ്ങിയ ടീമിന്‍െറ ക്യാപ്റ്റനായിരുന്നു. ഇ. നാരായണന്‍ (എട്ടത്തട്ട), കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തുടങ്ങിയ വലിയ കൂട്ടം പത്രപ്രവര്‍ത്തകരെ അദ്ദേഹം നയിച്ചു. അങ്ങനെ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ വലിയ മുന്നേറ്റം സൃഷ്ടിച്ചു. അച്ഛന്‍ ഉള്ളപ്പോള്‍ എന്നും വീട്ടില്‍ അതിഥികള്‍ നിറഞ്ഞിരുന്നു. അവരുമായി നീണ്ട ചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍. ആ സംവാദങ്ങളായിരുന്നു എന്‍െറ അറിവിന്‍െറ ഒരു മേഖല. ബാപു മരിച്ച് ഒമ്പതുവര്‍ഷമേ അച്ഛന്‍ ജീവിച്ചിരുന്നുള്ളൂ. 1957 ല്‍ അച്ഛന്‍  മരിച്ചു. ആ സമയത്ത് ഞാന്‍ ഇന്ത്യയിലില്ല. അമേരിക്കയിലായിരുന്നു.

അച്ഛന്‍ വലിയ കായിക പ്രേമിയായിരുന്നു എന്ന് താങ്കള്‍ തന്നെ എഴുതിയിട്ടുണ്ട്?

ശരിയാണ്. അച്ഛന് സ്പോര്‍ട്സ് ഇഷ്ടവിഷയമായിരുന്നു. ക്രിക്കറ്റായിരുന്നു പ്രിയ കളി. ഡല്‍ഹിയിലെ ഫിറോഷ കോട്ല മൈതാനത്ത് വലിയ സ്കോര്‍ ബോര്‍ഡ്, അച്ഛന്‍ മാനേജിങ് എഡിറ്ററായിരുന്ന കാലത്ത് ഹിന്ദുസ്ഥാന്‍ ടൈംസ് സ്ഥാപിച്ചു. ആ സ്കോര്‍ ബോര്‍ഡിന്‍െറ പ്രത്യേകത ബാള്‍ ഏത് ഫീല്‍ഡറുടെ വശത്തേക്കാണോ ചെല്ലുന്നത് ആ ഫീല്‍ഡറുടെ പേരിന്‍െറ നേര്‍ക്ക് ബള്‍ബ് തെളിയുമെന്നാണ്. അതുവഴി കാണികള്‍ക്ക് ആരുടെ കൈവശമാണ് പന്ത് ആ നിമിഷമെന്ന് അറിയാനാകും. ഈ സ്കോര്‍ ബോര്‍ഡ് ഇന്ന് പുതുമയല്ല. പക്ഷേ, അത് അച്ഛന്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കുന്നത് ക്രിക്കറ്റ് കളിയുടെ ഇന്ത്യയിലെ മാറ്റങ്ങളുടെ തുടക്കകാലത്താണ്. ഈ ബോര്‍ഡ് സ്ഥാപിക്കുന്നതിന്‍െറ ആശയം കിട്ടിയതിന് പിന്നില്‍ ഒരു കഥയുണ്ട്. 1948കളില്‍ 48-49 വയസ്സുണ്ടായിരുന്ന അദ്ദേഹം ലണ്ടനിലായിരുന്നപ്പോള്‍ ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം അവിടെ പര്യടനത്തിന് വന്നു. ഡോണ്‍ ബ്രാഡ്മാന്‍ തന്‍െറ അവസാന ടെസ്റ്റ് മാച്ചാണ് ഇംഗ്ളണ്ടില്‍ നടക്കുകയെന്ന് പ്രഖ്യാപിച്ചിരുന്നു. കളികാണാന്‍ അച്ഛന്‍ തീരുമാനിച്ചു. നോട്ടിംഹാമില്‍ ചെന്നപ്പോള്‍ താമസിക്കാന്‍ ഇടമില്ല. അന്വേഷിച്ചപ്പോള്‍ അവിടെ ജയിലില്‍ സൗജന്യമായി താമസിക്കാന്‍ പറ്റുമെന്ന് അറിഞ്ഞു. അങ്ങനെ ജയിലിലെ റൂമില്‍ ഉറങ്ങി. പക്ഷേ, അതേപ്പറ്റി അടുത്തിടെയാരോ ബ്രാഡ്മാന്‍െറ ബാറ്റിങ് കാണാന്‍ ദേവദാസ് ഗാന്ധി ജയിലില്‍ കഴിഞ്ഞുവെന്ന് എഴുതി. ജയിലിലല്ല, ജയിലിലെ താമസമുറിയിലാണ് അച്ഛന്‍ കഴിഞ്ഞത്.

എന്താണ് ഗാന്ധി കുടുംബത്തിന്‍െറ ഇപ്പോഴത്തെ അവസ്ഥ?

ഗാന്ധി കുടുംബം എന്ന് വാക്ക് നിങ്ങള്‍ ഉപയോഗിക്കുന്നത് ഗാന്ധിജി, അദ്ദേഹത്തിന്‍െറ മക്കള്‍, അവരുടെ പിന്‍മുറക്കാര്‍ എന്ന അര്‍ഥത്തിലാണെങ്കില്‍ ഞങ്ങളുടെ കുടുംബം വളരെ വലുതാണ്. മക്കളും മക്കളുടെ മക്കളുമായി എല്ലാവരും പലഭാഗത്തായി ചിതറിക്കിടക്കുന്നു. പലരും പല മേഖലകളിലായി വ്യത്യസ്ത കാഴ്ചപ്പാടോടെ  പ്രവര്‍ത്തിക്കുന്നു. വളരെ അപൂര്‍വമായി മാത്രമേ ഒന്നിക്കാറുള്ളൂ.  എന്നാല്‍, ഗാന്ധിജിയെ സംബന്ധിച്ച് കുടുംബം സ്വകാര്യമായ ഒന്നായിരുന്നില്ല. അതിന് അദ്ദേഹം പ്രത്യേക പരിഗണന കൊടുത്തതുമില്ല. അദ്ദേഹത്തിന് കുടുംബമെന്നത് മൊത്തം ഇന്ത്യയായിരുന്നു. ആ അര്‍ഥത്തില്‍ ഗാന്ധി കുടുംബത്തില്‍ ഓരോ ഇന്ത്യക്കാരനും അംഗമാണ്. ഞാനും നിങ്ങളുമെല്ലാം. ഞാന്‍ വിശ്വസിക്കുന്നത് ഗാന്ധിജിയുടെ ആ നിലപാടാണ് ശരിയെന്നാണ്.



ഗാന്ധി, മോദി, ട്രംപ്

ലോകം ഗാന്ധിജിക്ക് ശേഷം വളരെയേറെ വര്‍ഷങ്ങള്‍ മുന്നോട്ടുപോയിരിക്കുന്നു. പുതിയ ചിന്തകള്‍ വന്നിരിക്കുന്നു. ലോകമെങ്ങും അക്രമങ്ങള്‍ വളരുന്നു. ഈ പശ്ചാത്തലത്തില്‍ ഗാന്ധിസത്തിന് പിടിച്ചുനില്‍ക്കാനാവുമോ?

ആദ്യമേ അറിയേണ്ട കാര്യം അക്രമം ഒന്നിനും പരിഹാരമല്ളെന്നാണ്. അക്രമം കൂടുതല്‍ രക്തച്ചൊരിച്ചിലിലേക്ക് നയിക്കും. സമാധാനം കൊണ്ടുവരില്ല.  ഗാന്ധിസമെന്നതിന് അര്‍ഥം അഹിംസയെന്നു മാത്രമല്ല. എല്ലാവരും ഒന്നാണെന്ന മനോഭാവം, സമത്വം, സ്നേഹം, സാഹോദര്യം, ലാളിത്യം, അയല്‍ക്കാരന്‍െറ വേദന സ്വന്തം പോലെ ഉള്‍ക്കൊള്ളല്‍, സത്യസന്ധത, എല്ലാ തിന്മകളെയും എതിര്‍ക്കല്‍, പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള താദാത്മ്യം എന്നിങ്ങനെ വിവിധ തലങ്ങളുണ്ട്. ലോകത്ത് അക്രമം വര്‍ധിച്ചിരിക്കുന്നുവെന്നിടത്തു തന്നെയാണ് ഗാന്ധിസത്തിന്‍െറ പ്രസക്തി. ഈ അക്രമങ്ങള്‍ക്ക് പകരം സമാധാനം എങ്ങനെയാണ് സാധ്യമാക്കുക?. അതിന് ഗാന്ധിസം ജീവിതരീതിയായി ഓരോരുത്തരും സ്വീകരിക്കേണ്ടിവരും.

ഗാന്ധിയെ വധിച്ച രാഷ്ട്രീയമാണ് ഇന്ന് അധികാരത്തില്‍..?

അതാണ് ചരിത്രത്തിന്‍െറ ദുരന്തം. അല്ളെങ്കില്‍ ഐറണി. നമുക്ക് മഹാത്മയെ മനസ്സിലാവുന്നില്ലന്നതാണോ അതിനര്‍ഥം? എനിക്ക് അറിയില്ല. ബാപു ജീവിച്ചതും പറഞ്ഞതും രാജ്യം ഒന്നിച്ചുനില്‍ക്കുന്നതിനെപ്പറ്റിയും അന്യന്‍െറ വേദന സ്വന്തമെന്നപോല്‍ കണ്ട് അത് മാറ്റുന്നതിനെപ്പറ്റിയുമായിരുന്നു. ഇവിടെ അതല്ല. ഞാന്‍ ശുഭാപ്തിവിശ്വാസിയാണ്. ഈ രാഷ്ട്രീയത്തെ ജനം കൈയൊഴിയും. ഗാന്ധിസത്തിലേക്ക് ജനം തിരിച്ചുവരും.

കേന്ദ്രത്തിലെ സര്‍ക്കാറിനെയും രാജ്യത്ത് ശക്തമായി നിലനില്‍ക്കുന്ന ഹിന്ദുത്വവാദത്തെയും എങ്ങനെ കാണുന്നു?

രാജ്യത്ത് മതേതരമായ ശക്തികളാണ് അധികാരത്തില്‍ എന്നും വരേണ്ടത്. ഇവിടെ മറിച്ച് സംഭവിച്ചിരിക്കുന്നു. പ്രധാനമന്ത്രി മോദി തന്ത്രശാലിയായ മാര്‍ക്കറ്റിങ് ജീനിയസാണ്. അദ്ദേഹം തന്‍െറ സന്ദേശങ്ങള്‍ നന്നായി മാര്‍ക്കറ്റ് ചെയ്യുന്നു. മോദി എല്ലാം തനിക്ക് അനുകൂലമാക്കുന്ന പ്രചാരവേല ചെയ്യുന്നു. ഹിന്ദുത്വ വാദികള്‍ രാജ്യത്ത് അന്തശ്ഛിദ്രങ്ങള്‍ ഓരോ ദിവസവും നടത്തിക്കൊണ്ടിരിക്കുകയാണ്. ഗോമാംസത്തിന്‍െറ പേരില്‍, ദേശസ്നേഹത്തിന്‍െറ പേരില്‍ എല്ലാം. മോദിയാകട്ടെ ഒന്നും കാണാത്ത മട്ടില്‍ അതിനെയൊന്നും എതിര്‍ക്കാതെ, പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ, ജനം മോദിയെയും ഹിന്ദുത്വവാദികളെയും തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്.

രാജ്യത്തെ കേന്ദ്ര സര്‍ക്കാറിനെ നിങ്ങള്‍ എങ്ങനെ വിശേഷിപ്പിക്കും. പല ചിന്തകരും അതിനെ ഫാഷിസ്റ്റ് എന്ന് വിളിക്കുന്നു..?

രാജ്യത്തുള്ളത് ഏറ്റവും മോശം സര്‍ക്കാറാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, ഫാഷിസ്റ്റ് എന്ന് അതിനെ വിളിക്കാമോ എന്ന് എനിക്ക് ഉറപ്പില്ല. പക്ഷേ, ഈ സര്‍ക്കാറിന്‍േറത് ഫാഷിസ്റ്റ് പ്രവണതയാണ്. ഇത് നീങ്ങുക ഫാഷിസത്തിലേക്കാണ്.


സംഘ്പരിവാറും അരുണ്‍ ജയ്റ്റിലി അടക്കമുള്ളവരും ആവര്‍ത്തിച്ച് പറയുന്നത് ദേശരാഷ്ട്രത്തെ (നേഷണ്‍ സ്റ്റേറ്റ്) ക്കുറിച്ചാണ്.  സംഘ്പരിവാര്‍ തെളിഞ്ഞും മറിഞ്ഞും ഉയര്‍ത്തിപ്പിടിക്കുന്ന ഈ ദേശരാഷ്ട്ര സങ്കല്‍പത്തെ എങ്ങനെ കാണുന്നു?

ഗാന്ധിജിക്ക് ദേശീയതയെയും രാഷ്ട്രത്തെയുംപറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. ആ ധാരണ 1909ല്‍ എഴുതിയ ഹിന്ദ് സ്വരാജ് എന്ന കൃതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യക്ക് ഒറ്റ രാഷ്ട്രമാവാന്‍ ഒരിക്കലും കഴിയില്ല, കാരണം വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഇവിടെയുണ്ടെന്നതാണ് അതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ദേശീയതയെപ്പറ്റി ബോധമുള്ളവര്‍ ഒരിക്കലും മറ്റുള്ളവരുടെ മതത്തില്‍ ഇടപെടില്ല. ഇവിടെ അങ്ങനെയല്ല. മതാധിഷ്ഠിത രാഷ്ട്രസങ്കല്‍പം തെറ്റായ പ്രവണതയാണ്. ഹിന്ദുരാജ് യാഥാര്‍ഥ്യമായാല്‍ അത് രാജ്യത്തിന്‍െറ ഏറ്റവും വലിയ ദുരന്തമായിരിക്കും എന്നാണ് അംബേദ്കറും പറഞ്ഞത്. ദേശരാഷ്ട്രം ഒരിക്കലും യാഥാര്‍ഥ്യമാവില്ളെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. കാരണം ജനം സമാധാനം ആഗ്രഹിക്കുന്നു. രക്തപ്പുഴകളല്ല അവര്‍ക്ക് വേണ്ടത്.

എങ്ങനെയാണ് സമകാലിക രാഷ്ട്രീയ വെല്ലുവിളിയെ നേരിടുക?

ചരിത്രത്തിലെ ഏറ്റവും അസ്വസ്ഥവും ഭീഷണവുമായ കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.  ഇരുട്ട് പരത്തുന്ന ശക്തികളെ കണ്ട് ഭയന്നോടിയിട്ട് കാര്യമില്ല. വിവേകവും ആത്മവിശ്വാസവും കൊണ്ട് നേരിടുകയാണ് വേണ്ടത്.  സ്നേഹവും സഹിഷ്ണുതയും ആയുധമാക്കി എല്ലാ ആവിഷ്കാരങ്ങളിലൂടെയും പ്രതിരോധത്തിന്‍െറ കോട്ടകള്‍ തീര്‍ക്കണം. മതേതരം ഉയര്‍ത്തിപ്പിടിച്ച്, ശക്തമായ മതേതര ബദല്‍ സൃഷ്ടിക്കുക മാത്രമാണ് ഏക പോംവഴി. മറ്റൊന്നും സാധ്യമല്ല. 82 വയസ്സായി എനിക്ക്. കൂടുതല്‍ കലുഷമായ കാലങ്ങള്‍ കാണാന്‍ ഞാനുണ്ടാവുമോ എന്നറിയില്ല. എത്രകാലം ഈ ‘അച്ഛേ ദിന്‍’ തുടരുമെന്നും മറിയില്ല. ആത്മവിശ്വാസത്തോടെ ഈ ഇരുണ്ട ശക്തികള്‍ക്കെതിരെ പോരാടുകയാണ് വേണ്ടത്. കലകളിലൂടെയും സാഹിത്യത്തിലൂടെയുമെല്ലാം പോരാട്ടം തുടരണം. മാറ്റം വരുകതന്നെ ചെയ്യും.

ഇന്ത്യന്‍ ജനാധിപത്യം കപടമാണെന്നും ഇവിടെയുള്ളത് പരിമിത ജനാധിപത്യമാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തെ താങ്കള്‍ എങ്ങനെ നിര്‍വചിക്കും?

ഇന്ത്യന്‍ ജനാധിപത്യം കപടമാണെന്ന വാദത്തോട് ഞാന്‍ യോജിക്കുന്നില്ല. ഈ ജനാധിപത്യത്തില്‍ കുറെയേറെ കുഴപ്പങ്ങളുണ്ട് എന്നത് വാസ്തവമാണ്. കുറെയേറെ പോരായ്മകളുമുണ്ട്. പക്ഷേ,   ഈ ജനാധിപത്യത്തില്‍ കുറെ സാധ്യതകളുണ്ട്. ഈ ജനാധിപത്യം കൂടുതല്‍ മെച്ചപ്പെടുകയും സുതാര്യമാവുകയുമാണ് വേണ്ടത്. അതിനായി പോരാടുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഈ ജനാധിപത്യം കപടമാണെന്ന് വാദിച്ചാല്‍ പിന്നെ മറ്റൊന്നിനെ സ്ഥാപിക്കണം. അതിന്‍െറ ആവശ്യമില്ല.  ഈ ജനാധിപത്യത്തെ നമുക്ക് കൂടുതല്‍ നന്നാക്കാനാവും.

ജനാധിപത്യത്തെപ്പറ്റി പറയുമ്പോള്‍ ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന ഭീകരതയുടെയും യു.എ.പി.എ, അഫ്സ്പ പോലുള്ള നിഷ്ഠുര നിയമങ്ങളുടെയും പ്രശ്നമുണ്ട്. കൂടാതെ വധശിക്ഷപോലുള്ള ശിക്ഷാവിധികള്‍. ഇവയെല്ലാം ജനാധിപത്യമെന്ന സങ്കല്‍പത്തെ തന്നെ അട്ടിമറിക്കുന്നില്ളേ..?

ജനാധിപത്യം എന്നും സുതാര്യവും അതിലെ ജനങ്ങള്‍ക്ക് എല്ലാതരത്തിലും അനുഭവഭേദ്യവുമായിരിക്കണം. ഭരണകൂടം ജനത്തെ അല്ളെങ്കില്‍ അതിലെ മത, ദേശീയ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനായി നിഷ്ഠുര നിയമങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം നിയമങ്ങളുടെ ഇരകള്‍ നല്ല പങ്കും നിഷ്കളങ്കരായ മുസ്ലിം-ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവാക്കളാണ്. മുസ്ലിം സമൂഹം വലിയ രീതിയില്‍ മര്‍ദനം നേരിടുന്നുവെന്നതും അവരുടെ സ്ഥിതി മോശമാണെന്നതും തര്‍ക്കമറ്റ കാര്യമാണ്. നിയമങ്ങള്‍ ശത്രുതാപരമായല്ല ഉപയോഗിക്കേണ്ടത്. ഈ നിയമങ്ങള്‍ക്കെതിരെ വലിയ രീതിയില്‍ തന്നെ ജനത്തിന്‍െറ എതിര്‍പ്പുണ്ട്.  ആ എതിര്‍പ്പിനെ ജനാധിപത്യരീതിയില്‍ തന്നെ മുന്നേറ്റമായി മാറ്റുന്നതിലൂടെയേ ഈ നിയമങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകൂ. അങ്ങനെ ചെയ്യുമ്പോഴാണ് ജനാധിപത്യം കൂടുതല്‍ വികസിക്കുക. വധശിക്ഷപോലുള്ള ഭരണകൂട കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം എന്നതാണ് എന്‍െറ പക്ഷം. ഹിംസ ഭരണകൂടമാകട്ടെ സമൂഹമാകട്ടെ ചെയ്യാന്‍ പാടില്ല. അത് അവസാനിപ്പിക്കണം.  ജനങ്ങള്‍ തമ്മിലെ എല്ലാത്തരം ഹിംസയും  അക്രമവും ഇല്ലാതാക്കുക തന്നെ വേണം.

ഇടയ്ക്ക് ചോദിക്കട്ടെ, അമേരിക്കയിലാണ് താങ്കള്‍ ജീവിതത്തിന്‍െറ പാതി സമയം ചെലവിടുന്നത്. ബാക്കി ഇന്ത്യയിലും. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ എത്തിയിരിക്കുന്നു. അതിനെ എങ്ങനെ കാണുന്നു?

ലോകമെമ്പാടും നിരാശപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ളെന്ന് ഞാന്‍ പറഞ്ഞു. ട്രംപ് അധികാരത്തില്‍ എത്തിയത് നിര്‍ഭാഗ്യകരമാണ്. അയാളുടെ വിജയം അമേരിക്കക്കുള്ളിലും പുറത്തും ശക്തമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കും. മുസ്ലിം, കുടിയേറ്റക്കാര്‍ എന്നിങ്ങനെയുള്ള അപരത്വങ്ങള്‍ ആ രാജ്യത്തിനും മൊത്തം ലോകത്തിനും വിനാശകരമാകും. അമേരിക്കന്‍ ജനതയുടെ പിന്തുണ അദ്ദേഹത്തിനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. തെരഞ്ഞെടുപ്പില്‍  വലിയ ഭൂരിപക്ഷത്തോടെയായിരുന്നില്ല ട്രംപിന്‍െറ വിജയം. ട്രംപ് കര്‍ക്കശമായി വിഭാഗീയ നിലപാടുമായി മുന്നോട്ടുപോവുമെന്ന് തോന്നുന്നില്ല. മുന്നോട്ടുപോയാല്‍ അത് ട്രംപിനെ തന്നെ തകര്‍ക്കും. ട്രംപിനു വേണ്ടത് ജനങ്ങള്‍ക്കിടയിലെ വേര്‍തിരിവും പരസ്പര അവിശ്വാസവുമാണ്. അതിനെ രാഷ്ട്രീയമായും വാണിജ്യപരമായും മുതലാക്കാനാണ് ശ്രമം. ഏറ്റവും പ്രതീക്ഷ നല്‍കുന്ന കാര്യം അമേരിക്കന്‍ ജനത ട്രംപിന്‍െറ നടപടികള്‍ക്കെതിരെ തെരുവില്‍ ഇറങ്ങുന്നുവെന്നതാണ്. അതിലാവും ആ രാജ്യത്തിന്‍െറ തന്നെ ഭാവി.


എന്തുകൊണ്ട് ആം ആദ്മിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു?  കോണ്‍ഗ്രസില്‍ ഒരു സാധ്യതയും ബദലും കാണുന്നില്ളേ?

ഞാന്‍ ആം ആദ്മിയുടെ സജീവ പ്രവര്‍ത്തകനല്ല. എന്‍െറ മേഖല രാഷ്ട്രീയത്തേക്കാള്‍ എഴുത്താണ്. എന്നാല്‍, ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയമായി തെരഞ്ഞെടുക്കാന്‍ പലതുണ്ട് കാരണം. ജനാധിപത്യത്തോടുള്ള അതിന്‍െറ ചായ്വാണ് മുഖ്യം. സുതാര്യമായ, അഴിമതിയില്ലാത്ത സര്‍ക്കാറുകള്‍ വേണമെന്ന് ആം ആദ്മി വാദിക്കുന്നു. അങ്ങനെ പ്രവര്‍ത്തിച്ചു കാണിക്കുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നു. അതിനേക്കാള്‍ കോണ്‍ഗ്രസിനേയും മറ്റേതു പാര്‍ട്ടിയേക്കാളും മതേതരത്വമാണെന്നാണ്. അല്ളെങ്കില്‍ മതേതരത്വമാകാന്‍ ശ്രമിക്കുന്നു.  ജനാധിപത്യത്തോടും മതേതരത്വത്തോടും  മറ്റ് പാര്‍ട്ടികളേക്കാള്‍ കൂറ് ആംആദ്മി പുലര്‍ത്തുന്നതായി തോന്നുന്നു. അതിനാലാണ് ഒപ്പം ചേരാന്‍ തീരുമാനിച്ചത്.

1989ല്‍ അമത്തേിയില്‍ രാജീവ്ഗാന്ധിക്കെതിരെ മത്സരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈസ്റ്റ് ഡല്‍ഹിയിലും. രണ്ടിലും പരാജയപ്പെട്ടു. ഇതടക്കം ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളില്‍ എപ്പോഴെങ്കിലും ഖേദം തോന്നിയിട്ടുണ്ടോ?

ജീവിതത്തില്‍ എടുത്ത ഒരു തീരുമാനത്തിലും ഞാന്‍ ഖേദിക്കുന്നില്ല. പശ്ചാത്താപവുമില്ല.  ജയിക്കുമെന്നും അതുവഴി എന്തെങ്കിലും ആവാന്‍ പറ്റുമെന്നും കരുതിയല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. ചില മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയായിരുന്നു മത്സരം. 1989ല്‍ അമത്തേിയില്‍ ഞാന്‍ മത്സരിക്കാന്‍ വ്യക്തമായ കാരണമുണ്ടായിരുന്നു. അക്കാലത്ത് രാജീവ്ഗാന്ധിക്കെതിരെ ബോഫോഴ്സ് അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. അങ്ങനെ അഴിമതി ആരോപിക്കപ്പെട്ടയാള്‍ അത് തെളിയിക്കും വരെയെങ്കിലും മാറി നില്‍ക്കേണ്ടതുണ്ടായിരുന്നു. ജനാധിപത്യത്തിന്‍െറ, സത്യസന്ധതയുടെ, സദാചാരത്തിന്‍െറ പ്രശ്നങ്ങള്‍ അതിലുണ്ട്. അതില്ലാതെ വന്നതോടെയാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് അതിന്‍െറ മുഴുവന്‍ ശക്തിയും പണവും ഉപയോഗിച്ച് നേരിടുന്ന ഒരു മത്സരത്തില്‍ ജയിക്കാനാവില്ളെന്ന് വ്യക്തമായി അറിയാമായിരുന്നു. തെരഞ്ഞെടുപ്പില്‍ ഞാന്‍ തോറ്റിരിക്കാം. പക്ഷേ, ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ ജയിച്ചിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും ചില മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനായിരുന്നു. വര്‍ഗീയതക്കും അഴിമതിക്കുമെതിരെ പോരാടണം. അഴിമതിയും സുതാര്യതവുമായ സര്‍ക്കാര്‍ ഉണ്ടാകണം. അതിനായിരുന്നുപോരാട്ടം. പരാജയങ്ങള്‍ മൂല്യങ്ങളെ കീഴ്പ്പെടുത്തുന്നില്ല.

രാജ്യത്തെ സി.പി.എം, സി.പി.ഐ അടക്കമുള്ള പാര്‍ട്ടികളോടും മാവോവാദത്തോടുമുള്ള നിലപാട് എന്താണ്?

രാഷ്ട്രീയമെന്നത് വിശാലമായിരിക്കണം. അത് ഏതെങ്കിലും സങ്കുചിതമായ വൃത്തത്തില്‍ ഒതുങ്ങരുത്. അതായത് ജാതി, വര്‍ഗം എന്നിങ്ങനെയുള്ള കളങ്ങളില്‍. കമ്യൂണിസ്റ്റുകാര്‍ വര്‍ഗത്തെമാത്രമാണ് കാണുന്നത്. അതല്ല വേണ്ടത്. ലോകത്തെ വിശാലമായി കാണണം. കമ്യൂണിസമെന്ന ആശയത്തോട് എനിക്ക് യോജിപ്പില്ല. അവര്‍ മുന്നോട്ടുവെക്കുന്ന ആശയശാസ്ത്രം എന്നെ സ്വാധീനിക്കുന്നതുമില്ല. വ്യക്തികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാവണം സംഘടനാരൂപം. പലപ്പോഴും കമ്യൂണിസമെന്ന ആശയം ജനങ്ങള്‍ക്ക് എതിരായിട്ടാണ് വരുന്നത്. ജനാധിപത്യമാവണം ഏതൊരു സംഘടനയുടെയും അടിസ്ഥാനം.അതേ സമയം കമ്യൂണിസ്റ്റുകാരില്‍ നല്ല പങ്കിനെയും ഞാനിഷ്ടപ്പെടുന്നു. അവര്‍ വ്യക്തിപരമായി ഉയര്‍ന്ന മൂല്യബോധം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, അധികാരത്തില്‍ എത്തിയ ഇടങ്ങളില്‍ അവരില്‍ ചിലര്‍ അഴിമതി നടത്തുകയും ജനങ്ങള്‍ക്ക് എതിരാവുകയും ചെയ്തു. മാവോവാദത്തെ സംബന്ധിച്ചാണെങ്കില്‍ ഞാന്‍ പൂര്‍ണമായും അവര്‍ക്കെതിരാണ്. അക്രമം ഒരു രാഷ്ട്രീയ മാര്‍ഗമായി അംഗീകരിക്കാനേ കഴിയില്ല. ജനാധിപത്യത്തിന്‍െറ സാധ്യതകള്‍ ഉപയോഗിക്കുകയാണ് വേണ്ടത്. ഒരു സിദ്ധാന്തമെന്ന നിലയിലും മാവോവാദം തെറ്റാണ്. മാവോയുടെകാലത്ത്  സാംസ്കാരിക വിപ്ളവകാലത്ത് നടന്ന അതിക്രമങ്ങളും നിഷ്ഠുരതകളുമാണ് അതിന് തെളിവ്. അക്രമത്തിലൂടെ ഒന്നും നേടാനാവില്ല. അത് കൂടുതല്‍ രക്തപ്പുഴകള്‍ ഒഴുക്കുകയും കൂടുതല്‍ ഹിംസകള്‍ക്ക് കാരണമാവുകയും ചെയ്യും. ഫലം വലിയ ദുരന്തം മാത്രമാവും.


ജീവചരിത്രങ്ങളും സംവാദങ്ങളും

ഗാന്ധിജി, പട്ടേല്‍, രാജഗോപാലാചാരി തുടങ്ങി നിരവധിപേരുടെ ജീവചരിത്രങ്ങള്‍ താങ്കള്‍ എഴുതി. ജീവചരിത്രം എഴുതുമ്പോള്‍ എന്തിനാണ് മുഖ്യ പരിഗണന നല്‍കുന്നത്? പട്ടേലിനെപ്പറ്റിയുള്ളതടക്കമുള്ള പുസ്തകങ്ങള്‍ വ്യക്തികളെ വിമര്‍ശനാത്മകമായി പരിഗണിക്കുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ചാല്‍ അതിനോട് എങ്ങനെയാണ് പ്രതികരിക്കുക?

ഞാന്‍ നമ്മുടെ രാജ്യത്തിന്‍െറ സ്ഥാപകരും സ്വാതന്ത്ര്യസമര നേതാക്കളുമായ കുറച്ചുപേരുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. എഴുതുമ്പോള്‍ ഞാന്‍ മുഖ്യ പരിഗണന നല്‍കുന്നത് അവരെപ്പറ്റി മറ്റാര്‍ക്കും അറിയാത്ത വിവരങ്ങള്‍ നല്‍കാനും അവരുടെ ബഹുമുഖമായ വ്യക്തിത്വത്തെ അനാവരണം ചെയ്യാനുമാണ്. അതില്‍ നിന്ന് ഭാവി തലമുറക്ക് എന്തെങ്കിലും പഠിക്കാനുണ്ടാകണം എന്നതാണ് ആഗ്രഹം.  ജീവചരിത്രങ്ങളില്‍ വ്യക്തികളെ വിമര്‍ശനാത്മകമായി പരിഗണിച്ചിട്ടില്ളെന്ന് പറഞ്ഞാല്‍ യോജിക്കാന്‍ വയ്യ. ഞാന്‍ ആരെപ്പറ്റി എഴുതുന്നോ അവരോട് കൃത്യമായ അകലം പാലിച്ച്, അവരെ വിമര്‍ശനാത്മകമായി നോക്കിക്കണ്ടാണ് എഴുതാറ്. തെറ്റുകളും വീഴ്ചകളും പുസ്തകങ്ങളില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍, ആരെയെങ്കിലും വിമര്‍ശിക്കാന്‍ മാത്രമായി പുസ്തകം എനിക്ക് എഴുതാനാവില്ല. അതല്ല എന്‍െറ ലക്ഷ്യവും താല്‍പര്യവും. ഒരു വ്യക്തിയെപ്പറ്റി എഴുതുമ്പോള്‍ ആ വ്യക്തിയെപ്പറ്റി അന്നുവരെയുള്ള ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ഞാന്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, പട്ടേലിനെപ്പറ്റിയും മറ്റും എന്‍െറ പുസ്തകം വന്ന ശേഷം വിവിധയാളുകള്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചു. ഉദാഹരണത്തിന് പെരി ആന്‍ഡേഴ്സണ്‍ ‘ദ ഇന്ത്യന്‍ ഐഡിയോളജി’, സ്വാമി സച്ചിദാനന്ദിന്‍െറ ‘മൈ എക്സ്പീരീയന്‍സസ്’പോലുള്ള പുസ്തകങ്ങള്‍ വന്നു. പെരി ആന്‍ഡേഴ്സണിന്‍െറ പുസ്തകത്തില്‍ നിന്നാണ് അരുന്ധതി റോയി ‘ഡോക്ടറും വിശുദ്ധനും’ എന്ന പുസ്തകത്തിന്‍െറ ആശയങ്ങളില്‍ നല്ല പങ്കും കടമെടുക്കുന്നത്. അങ്ങനെ പുതിയ വിമര്‍ശനം വന്നപ്പോള്‍ ഞാന്‍ വീണ്ടും അതേപ്പറ്റി പഠിച്ചു. വിമര്‍ശനങ്ങളില്‍ പലതും യുക്തിഭദ്രമല്ളെന്ന് മനസ്സിലായി. അപ്പോഴാണ് ‘അണ്ടര്‍സ്റ്റാന്‍ഡിങ് ഫൗണ്ടിങ് ഫാദേഴ്സ്’ എന്ന പുസ്തകം എഴുതിയത്. പറഞ്ഞുവരുന്നത് വിമര്‍ശനത്തിന് വേണ്ടി വിമര്‍ശിക്കാന്‍ എനിക്കാവില്ളെന്നാണ്.

ഗാന്ധിജിയെ നിങ്ങള്‍ തുടര്‍ച്ചയായി ന്യായീകരിക്കുന്നു. ഗാന്ധിജിക്ക് ജാതി അടക്കമുള്ള പ്രശ്നങ്ങളില്‍ തെറ്റ് പറ്റിയിട്ടില്ളെന്നാണോ? ദലിത് വിരുദ്ധമായ നിലപാടാണ് ഗാന്ധിജി എന്നും എടുത്തത് എന്ന് ആക്ഷേപമുണ്ട്..?

ഗാന്ധിജിക്ക് തെറ്റുപറ്റിയിട്ടുണ്ട്. ധാരാളം. അത് ഗാന്ധിജി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. തെറ്റുകള്‍ പറ്റിയപ്പോള്‍ അത് തുറന്നു പറയാന്‍ സത്യസന്ധത കാണിച്ച അപൂര്‍വം നേതാക്കളിലൊരാളാണ് ഗാന്ധിജി. ജീവിതം അദ്ദേഹത്തിന്  എന്നും പരീക്ഷണമായിരുന്നു. തെറ്റുകളില്‍ നിന്ന് അദ്ദേഹം ശരികളിലേക്ക് നടന്നു. പലതും തിരുത്തി. ജാതി പ്രശ്നത്തില്‍ പുണെ പാക്റ്റിന്‍െറ കാര്യത്തില്‍ (ദലിതര്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍  അനുവദിക്കാനുള്ള തീരുമാനം ബ്രിട്ടീഷുകാര്‍ എടുത്തെങ്കിലും ഗാന്ധിയുടെ നിരാഹാര സമ്മര്‍ദത്തെ തുടര്‍ന്ന് അംബേദ്കറിന് പിന്‍വാങ്ങേണ്ടിവന്നതിനെപ്പറ്റിയാണ് പരാമര്‍ശം)  എടുത്ത നിലപാടല്ല അദ്ദേഹം പിന്നീട് കൈക്കൊണ്ടത്. ഗാന്ധിജി ഒരിക്കലും ജാതിയെ ന്യായീകരിച്ചിട്ടില്ല. ഒരു ഘട്ടത്തിലും. അദ്ദേഹം ജാതിക്കെതിരായിരുന്നു. പക്ഷേ, അദ്ദേഹം ജാതിഹിന്ദുക്കള്‍ക്ക് (സവര്‍ണ ഹിന്ദുക്കള്‍) എതിരായിരുന്നില്ല. ഗാന്ധിജിയുടെ പ്രധാന ലക്ഷ്യം സ്വാതന്ത്ര്യ സമരവും രാജ്യത്തിന്‍െറ വിമോചനവുമായിരുന്നു. ആ പോരാട്ടത്തില്‍ അദ്ദേഹത്തിന് ജാതി ഹിന്ദുക്കളെയും വേണം. അതിനര്‍ഥം അദ്ദേഹം ജാതിയെ ന്യായീകരിച്ചുവെന്നല്ല. ഏത് സമയത്തും അദ്ദേഹം ജാതിക്കെതിരെ ശബ്ദിച്ചു. ജാതി ഇല്ലാതാക്കാന്‍ മിശ്രവിവാഹം വേണമെന്ന് പറഞ്ഞു. അത്തരം ചില വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. ജാതി ഉപേക്ഷിക്കാന്‍  ജാതിഹിന്ദുക്കളെ പ്രേരിപ്പിച്ചു. ജാതി നിര്‍മാര്‍ജനം രാഷ്ട്രീയത്തിന്‍െറ അജണ്ടയില്‍ കൊണ്ടുവന്നു.

അരുന്ധതി റോയിയുടെ ‘ഡോക്ടറും വിശുദ്ധനും’ പുറത്തിറങ്ങിയ ഉടന്‍ അവരുമായി വാദപ്രതിവാദങ്ങള്‍ ലേഖനങ്ങളിലൂടെ നടത്തിയിരുന്നു. അരുന്ധതിയുടെ വാദങ്ങളോട് താങ്കള്‍ ഒട്ടും യോജിക്കുന്നില്ളേ?

അരുന്ധതി റോയി തീര്‍ച്ചയായും മികച്ച എഴുത്തുകാരിയാണ്. അതില്‍ തര്‍ക്കമില്ല. എന്നാല്‍, അവര്‍ തന്‍െറ കൃതിയിലൂടെ ചെയ്തത് ഗാന്ധിജിയെയും അംബേദ്കറിനെയും പ്രതിപൂരകമായി നിര്‍ത്താനാണ്. ഗാന്ധിജി ദലിത് വിഷയത്തില്‍ ഒരു നല്ല നിലപാടും കൈക്കൊണ്ടില്ല എന്ന തരത്തിലാണ് അതിന്‍െറ രചന. ഗാന്ധിജിക്ക് ചില വീഴ്ചകള്‍ ജാതി പ്രശ്നത്തിലുണ്ട്. പക്ഷേ, അദ്ദേഹം ഒരിക്കലും ജാതിയെ ന്യായീകരിച്ചിട്ടില്ല. ജാതി ഇല്ലാതാവണമെന്നു തന്നെയാണ് പറഞ്ഞത്. ഗാന്ധിജി പുണെ പാക്ടിന് ശേഷം ജാതി പ്രശ്നത്തില്‍ കുറച്ചുകൂടി നല്ല നിലപാട് എടുക്കുന്നുണ്ട്. അതു കാണാതെയാണ്, അല്ളെങ്കില്‍ അതിനെ അഭിമുഖീകരിക്കാതെയാണ് അരുന്ധതി വിമര്‍ശനം ഉന്നയിച്ചത്. ഗാന്ധിക്ക് അംബേദ്കറോട് ശത്രുത ഒരിക്കലും ഉണ്ടായിരുന്നില്ല. അവര്‍ തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ ആദ്യ ഘട്ടത്തില്‍ നടന്നിട്ടുണ്ടെന്നത് സത്യമാണ്.   സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സര്‍ക്കാര്‍ രൂപവത്കരിക്കുമ്പോള്‍ അതില്‍ അംബേദ്കറെ ഉള്‍പ്പെടുത്തണമെന്ന് വാദിക്കുന്നത് ഗാന്ധിജിയാണ്. നെഹ്റുവിനെയും പട്ടേലിനെയും അതിന് സമ്മതിപ്പിക്കുന്നതും  അദ്ദേഹമാണ്.ആ വസ്തുത അരുന്ധതിയുടെ പുസ്തകത്തിലില്ല. അത് പറഞ്ഞുവെങ്കില്‍ ഗാന്ധിജിയും അംബേദ്കറും ശത്രുക്കളായിരുന്നില്ളെന്ന് സുവ്യക്തമായി മനസ്സിലാവും. അത്തരം വസ്തുതകള്‍ ചൂണ്ടിക്കാട്ടാതെ ഗാന്ധിജിയെ ദലിതരുടെയും അംബേദ്കറിന്‍െറയും എതിരാളിയായി എടുത്തുകാട്ടുന്നതായിരുന്നു അരുന്ധതി റോയിയുടെ രചന. അതിന് ഇ.പി.ഡബ്ള്യു ലക്കങ്ങളില്‍ ഞാന്‍ മറുപടി എഴുതുകയും അതിന് അരുന്ധതി മറുകുറിപ്പ് എഴുതുകയും അതിന് വീണ്ടും ഞാന്‍ മറുപടി എഴുതുകയും ചെയ്തു. ശരിക്കും ഗുണകരമായ ചര്‍ച്ചയായിരുന്നു അത്.

താങ്കള്‍ എന്നും ഇന്ത്യ-പാകിസ്താന്‍ സൗഹൃദത്തിനായി വാദിക്കുന്നു. ഐക്യം ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമാകുമോ?

ഐക്യം ഇന്ത്യന്‍ ജനതക്കും പാകിസ്താന്‍ ജനങ്ങള്‍ക്കുമിടയില്‍ ഇപ്പോഴേ ഉണ്ട്. ഞാന്‍ പലവട്ടം പാകിസ്താനില്‍ പോയിട്ടുണ്ട്. അവിടെയുള്ള ജനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയോട് എതിര്‍പ്പില്ല. ഇന്ത്യന്‍ ജനത പാകിസ്താന്‍ ജനതയെയോ തിരിച്ചോ ശത്രുക്കളായി കാണുന്നില്ല. മറിച്ച് ഭരണാധികാരികളാണ് ഇന്ത്യയും പാകിസ്താനും ശത്രുരാജ്യങ്ങളാണെന്ന  പ്രതീതിജനിപ്പിച്ച് അതിന്‍െറ അടിസ്ഥാനത്തില്‍ ജനങ്ങളില്‍ ശത്രുക്കളെന്ന വികാരം  കുത്തിവെക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യ-പാക് സൗഹാര്‍ദം ഭരണകൂട തലത്തില്‍ സാധ്യമാകുമെന്ന് കരുതാനാവില്ല. അവര്‍ക്ക് ശത്രുതയാണ് ആവശ്യം. ശത്രുതയാണ് അവര്‍ക്ക് രാഷ്ട്രീയമായി നേട്ടം നല്‍കുക. പക്ഷേ, സൗഹൃദം യാഥാര്‍ഥ്യമാവുക തന്നെ ചെയ്യും. ഈ ശത്രുതയില്‍ നമുക്ക് ഗുണമല്ല, കോട്ടമാണുള്ളത് എന്ന് ഭൂരിപക്ഷം ജനതയും തിരിച്ചറിയുമ്പോള്‍ ജനം ഭരണകൂടത്തോട് ഐക്യവും സമാധാനവും വേണമെന്ന് ആവശ്യപ്പെടും.

വളരെ രസകരമായി തോന്നി, ഗൂഗിള്‍ ചെയ്തപ്പോള്‍  രാജ്മോഹന്‍ ഗാന്ധി ഒരു സി.ഐ.എ ഏജന്‍റാണ് എന്ന് ആരോപിക്കുന്ന ചില കുറിപ്പുകള്‍ ഇന്‍റര്‍നെറ്റില്‍ കാണാനിടയായി. ആ ആരോപണത്തോട് എങ്ങനെ പ്രതികരിക്കും?

ഞാന്‍ അതിന് ഒരു സ്മൈലി ചിഹ്നം (ഇന്‍റര്‍നെറ്റില്‍ പുഞ്ചിരിക്കുന്നുവെന്നതിന് സമാനമായി ഉപയോഗിക്കുന്ന ചിത്രം) രേഖപ്പെടുത്തും. അല്ളെങ്കില്‍ നിങ്ങള്‍ക്ക് എഴുതാം ചോദ്യത്തിന് നേര്‍ക്ക് ഞാന്‍ മന്ദഹസിച്ചുവെന്ന്. അല്ലാതെ മറ്റൊന്നും പറയാനില്ല.

താങ്കള്‍ വിശ്വാസിയാണോ?

അതെ. തീര്‍ച്ചയായും. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട്.

മതപരമായ വിശ്വാസമുണ്ടോ എന്നുകൂടിയാണ് ചോദിച്ചത്?

ഉണ്ട്. ഞാന്‍ ഹിന്ദുവാണ്. ഹിന്ദുമതത്തിലാണ് ജനിച്ചത്. ആ മതത്തിന്‍െറ ചിന്തകള്‍ എന്നെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍, ഹിന്ദുമതത്തിന്‍െറ ആചാരാനുഷ്ഠാനങ്ങള്‍ ഞാന്‍ പാലിക്കാറില്ല. ഹിന്ദുമതബോധത്തില്‍ അഭിമാനം കൊള്ളുന്നുമില്ല.

കേരളത്തില്‍ രണ്ടു ദിവസമായി തങ്ങുന്നു. ചിലയിടങ്ങള്‍ സന്ദര്‍ശിച്ചു. എന്താണിവിടെ താങ്കള്‍ കണ്ടത്?

ഞങ്ങള്‍ ആദ്യ ദിവസം കോഴിക്കോടാണ് തങ്ങിയത്. കോഴിക്കോട് ചരിത്രത്തിന്‍െറ രണ്ടു ‘നാടകങ്ങള്‍’ (ഡ്രാമ) ഞങ്ങള്‍ കണ്ടു. ഞാനും ഭാര്യയും കൂടി കോഴിക്കോട് നഗരത്തിലുള്ള മിശ്കാല്‍ പള്ളി കാണാന്‍ പോയി. 14ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച പള്ളിയാണത്. തൊട്ടടുത്ത് തന്നെ പോര്‍ചുഗീസുകാര്‍ സ്ഥാപിച്ച മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് എന്ന ക്രിസ്ത്യന്‍ പള്ളിയിലും പോയി. തൊട്ടടുത്താണ് ഈ രണ്ടുപള്ളികളും നിലകൊള്ളുന്നത്. അതിനടുത്ത് ക്ഷേത്രങ്ങളും ഉള്ളതായി അറിഞ്ഞു. ഈ പള്ളികള്‍ ആക്രമിക്കപ്പെടാതെ ഹിന്ദുക്കളും മുസ്ലിംകളുമെല്ലാം ചേര്‍ന്ന് നൂറ്റാണ്ടുകളായി സംരക്ഷിച്ചു.  ആക്രമിക്കാന്‍ വന്നവരെ ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ച് നിന്ന് ചെറുത്തു. സൗഹൃദത്തിന്‍െറ, സ്നേഹത്തിന്‍െറ, മതസൗഹാര്‍ദത്തിന്‍െറ വലിയ  നാടകമാണിത്. എന്നും നിലനില്‍ക്കേണ്ട ഒന്ന്. അതാണ് കേരളത്തിന്‍െറ മാതൃക.അതിന്‍െറ പേരില്‍ മലയാളികളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അതേ പള്ളിയില്‍ പോയപ്പോഴുള്ള അനുഭവമാണ് രണ്ടാമത്തെ നാടകം. ഞാന്‍ പോയ കാറിലെ ഡ്രൈവറുമായി നീണ്ട സംഭാഷണങ്ങള്‍ നടത്തി. അയാള്‍ തന്‍െറ കഥകള്‍ ഞങ്ങളോട് പറഞ്ഞു. പക്ഷേ, ഡ്രൈവര്‍ പള്ളിയെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്: 1921 ല്‍ മാപ്പിള ലഹള(മലബാര്‍ കലാപം)നടക്കുന്നതുവരെ അത് അമ്പലമായിരുന്നു. എന്നാല്‍ കലാപത്തില്‍ അമ്പലം പൊളിച്ച് മുസ്ലിംകള്‍ പള്ളി പണിയുകയായിരുന്നു. ഞാന്‍ പള്ളിയില്‍ പോയി. പള്ളി പോര്‍ചുഗീസുകാര്‍ തകര്‍ക്കാന്‍ വന്നപ്പോള്‍ ഹിന്ദുക്കളും മുസ്ലിംകളും ചേര്‍ന്ന് പള്ളി സംരക്ഷിച്ചതിന്‍െറ ചരിത്രം പള്ളിക്കുമുന്നില്‍ രേഖപ്പെടുത്തിയിരുന്നു. സ്ഥാപിക്കപ്പെട്ട വര്‍ഷം അതിലുണ്ട്. ഞാന്‍ ഡ്രൈവറെ വിളിച്ച് അത് കാണിച്ചുകൊടുത്തു. ഇതാണ് ചരിത്രത്തിന്‍െറ മറ്റൊരു നാടകം. അജ്ഞതയുടെ നാടകം. അയാള്‍ തന്‍െറ അയല്‍ക്കാരനെപ്പറ്റി പലതും പറയുന്നു, കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കുന്നു. പക്ഷേ അയല്‍ക്കാരനെപ്പറ്റി ശരിക്കും ഒന്നും അറിയില്ല.  ഈ രണ്ടാമത്തെ നാടകം എന്നെ ഭയപ്പെടുത്തുന്നു.

താങ്കള്‍ ഈ സമയത്ത്, കേരളത്തിലായിരിക്കുമ്പോഴും തിരക്കിട്ട എന്തോ പഠനത്തിലും എഴുത്തിലുമാണെന്ന്  തോന്നുന്നു. ശരിയല്ളേ?

എന്‍െറ ഒരു സ്വപ്നം അല്ളെങ്കില്‍ ആഗ്രഹം ദക്ഷിണേന്ത്യയെപ്പറ്റി എഴുതുകയാണ്. അവസാന 300-400 വര്‍ഷത്തെ ചരിത്രം. കേരളം, തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളിലെ സാംസ്കാരിക വൈവിധ്യങ്ങളെയുംപറ്റിയുള്ള ഒരു പുസ്തകം. അതിനുവേണ്ടി കൂടിയാണ് ഈ യാത്ര.  മുത്തശ്ശന്‍ രാജഗോപാലാചാരി ദക്ഷിണേന്ത്യക്കാരനാണ്. പക്ഷേ, എനിക്ക് ദക്ഷിണേന്ത്യയെപ്പറ്റി ആഴത്തില്‍ അറിവില്ല. ഇവിടത്തെ സംസ്കാരത്തെയും ചരിത്രത്തെയുംപറ്റി പൊതു അറിവുണ്ട് എന്നു മാത്രം.   ഇവിടെ നിന്ന് കര്‍ണാടകയില്‍ ചില സ്ഥലങ്ങള്‍ കൂടി പോയ ശേഷമേ ഡല്‍ഹിയിലേക്ക് മടങ്ങൂ. പുസ്തകത്തിനായി പഠനങ്ങള്‍ നടക്കുന്നു. എത്രയും വേഗം എഴുതി തീര്‍ക്കണം എന്നാണ് ആഗ്രഹം.



മാധ്യമം ആഴ്ചപ്പതിപ്പ്, 2017 മാര്‍ച്ച് 13
photo: P. Abhijith, Madhayamam

Wednesday, March 8, 2017

എഴുത്തിന് അനുഭവം ആവശ്യമില്ല

പ്രഭാഷണം



വി.കെ.എന്‍ എങ്ങനെയൊക്കെയാണ് മലയാള സാഹിത്യത്തിന്‍െറ ഗതിവിഗതികളില്‍ വലിയ വ്യത്യാസം വരുത്തിയത്? വരാനിരിക്കുന്ന കാലത്തിന്‍െറ ആപല്‍മുന്നറിയിപ്പുകള്‍ വി.കെ.എന്‍ എങ്ങനെയൊക്കെയാണ് നല്‍കിയത്? മലയാള സാഹിത്യത്തിലും ചിന്തയിലും വി.കെ.എന്നിന്‍െറ ഇടപെടലുകള്‍ കഥാകൃത്തുകൂടിയായ പ്രഭാഷകന്‍ പരിശോധിക്കുന്നു.


എഴുത്തിന് അനുഭവം ആവശ്യമില്ല


എന്‍.എസ്. മാധവന്‍

തിരുവില്വാമലയിലേക്കുള്ള എന്‍െറ ആദ്യത്തെ യാത്രയാണിത്. ആദ്യമായിട്ടാണ് ഞാനിവിടെ വരുന്നത്. വി.കെ.എന്നിനെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. പക്ഷേ, വി.കെ.എന്‍ എന്‍െറ ജീവിതത്തില്‍ രണ്ടു തവണ കടന്നുവന്നിട്ടുണ്ട്. എനിക്ക് ആദ്യമായിട്ട് ഒരു സാഹിത്യപുരസ്കാരം ലഭിക്കുന്നത് 1970ല്‍ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിലാണ്. അതിന്‍െറ വിധികര്‍ത്താക്കളില്‍ ഒരാളായി വി.കെ.എന്നുണ്ടായിരുന്നു. രണ്ടാമത് വി.കെ.എന്‍ ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ കടന്നുവരുന്നത് 1990കളില്‍ കാലിക്കറ്റ് സര്‍വകലാശാല വി.കെ.എന്നിന്‍െറ ‘ കാവി’ എന്ന പുസ്തകം പാഠപുസ്തകമായി പ്രഖ്യാപിക്കുകയും അതിനെ തുടര്‍ന്ന് ഹിന്ദുവര്‍ഗീയ സംഘടന കോഴിക്കോട്ടെ നിരത്തിലിട്ട് പുസ്തകം കത്തിക്കുകയും ചെയ്തപ്പോഴാണ്.  ആ സമയത്ത് ഞങ്ങള്‍ ഡല്‍ഹിയിലായിരുന്നു. ഇതിനോട് പ്രതികരിക്കണം എന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ടായി. സാധാരണ പ്രതികരിക്കണം എന്ന് എഴുത്തുകാര്‍ക്ക് തോന്നാറില്ല. എന്നാല്‍, ഇത് പ്രകടമായിട്ടുതന്നെ എതിര്‍ക്കപ്പെടേണ്ട ഒരു സംഭവമാണെന്ന് തോന്നി. കാരണം, കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു എഴുത്തുകാരന് എതിരായിട്ട് ഫാഷിസ്റ്റ് ശക്തികള്‍ പുറത്തുവരുന്നത്. ഇപ്പോള്‍ എം.ടി. വാസുദേവന്‍ നായര്‍ക്കെതിരെ ഫാഷിസ്റ്റ് ശക്തികള്‍ രംഗത്തുവരുന്നതിന് എത്രയോ കൊല്ലം മുമ്പാണിത്. അന്ന് ഞങ്ങള്‍ കുറച്ചുപേര്‍- ഡോ.ടി.കെ. രാമചന്ദ്രന്‍ എറണാകുളത്തുനിന്ന് ഉണ്ടായിരുന്നു, സച്ചിദാനന്ദന്‍, വി.കെ. മാധവന്‍കുട്ടി, റോമില ഥാപ്പര്‍, ഇവിടെ സദസ്സിലിരിക്കുന്ന കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി എന്നിവര്‍- ഗാന്ധിജിയുടെ വധം നടന്ന തീസ് ജനുവരി റോഡിലെ ബിര്‍ള മന്ദിരത്തിന് മുന്നില്‍ ഒരു വിളക്കുകൊളുത്തി പ്രതിഷേധം രേഖപ്പെടുത്തി. പറഞ്ഞുവരുന്നത്, വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വരാനിരിക്കുന്ന ഒരു വിപത്തിനെക്കുറിച്ച് നമ്മളെ വി.കെ.എന്‍. വിളിച്ചുണര്‍ത്തി എന്നതാണ്. അതാണ്  അദ്ദേഹത്തിന്‍െറ ഒരുപക്ഷേ ഏറ്റവും വലിയ മഹത്ത്വം.
വി.കെ.എന്നിനെ ഒരു ഹാസ്യ സാഹിത്യകാരനായിട്ടോ ഹാസ്യകലാ സമ്രാട്ടായിട്ടോ ആണ് കാണുന്നത്. എന്നാല്‍ അതിനെക്കാള്‍ കൂടുതല്‍ ഹാസ്യമെന്ന മാധ്യമത്തിലൂടെ ലോകചരിത്രത്തിലെ അറിയപ്പെടുന്ന എല്ലാ വികാരങ്ങളും (മനസ്സിന്‍െറ നീറ്റല്‍ തുടങ്ങി കൊച്ചി ശീമ, ബ്രിട്ടീഷ് സാമ്രാജ്യത്വം തൊട്ട് ലോക ചരിത്രംമുഴുവന്‍) ഹാസ്യമെന്ന മാധ്യമത്തിലൂടെ അവതരിപ്പിക്കാം എന്ന് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. ഈ ഹാസ്യമെന്ന മാധ്യമത്തിന്‍െറ ഒരു പ്രത്യേകത അത് അട്ടിമറികള്‍ക്ക് ഏറ്റവും കൂടുതല്‍ വിധേയമാകുന്ന ഒരു മാധ്യമമാണ് എന്നതാണ്. വി.കെ.എന്നിന്‍െറ പതിമൂന്നാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ഈ ചരമമെന്ന വാക്കിനെ വി.കെ.എന്‍ വിശേഷിപ്പിച്ചിരുന്നത് കാലയവനിക പൊക്കി അപ്പുറത്തേക്ക് ഇട്ടുവെന്നാണ്. മരണത്തെപ്പോലും അട്ടിമറിച്ചുകൊണ്ട് മറ്റൊരു രീതിയിലേക്ക് അവതരിപ്പിക്കാന്‍ പറ്റുന്ന ജീനിയസാണ് വി.കെ.എന്‍. ജീനിയസ് അല്ളെങ്കില്‍ പ്രതിഭ എന്നെല്ലാം പറയുന്നത് വളരെ ദുര്‍ബലമായ ശബ്ദങ്ങളുടെ പ്രയോഗമായിരിക്കും. അതിനുമപ്പുറമുള്ള ഒരു എഴുത്തുകാരനായിരുന്നു വി.കെ.എന്‍. ഹാസ്യമെന്ന മാധ്യമത്തിലൂടെ അവതരിപ്പിക്കപ്പെടാത്ത ഒരു വിഷയവും വി.കെ.എന്‍ അവശേഷിപ്പിച്ചിരുന്നില്ല. ചരിത്രമെടുക്കുക. 19ാം നൂറ്റാണ്ടിന്‍െറ അവസാനകാലത്തെ ബ്രിട്ടീഷുകാല കേരളത്തിന്‍െറ ചരിത്രമാണ് ‘മഞ്ചലിന്‍െറ’ ഇതിവൃത്തം. മഞ്ചല്‍ എന്നത് സത്യം പറഞ്ഞാല്‍ ഇന്ദുലേഖക്ക് സമാന്തരമായിട്ടുവെച്ച് വായിക്കാവുന്ന മറ്റൊരു ഗ്രന്ഥമാണ്. ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം പറയാം. ഇന്ദുലേഖ ആദ്യാവസാനം ഉദ്ഘോഷണം ചെയ്തത് പാട്രിയാര്‍ക്കി അഥവാ പിതൃത്വവാദത്തിലൂടെ കടന്നുവരുന്ന ആധുനികതയാണ്. അതായത് നായികയുടെ അച്ഛന്‍ ഇന്ദുലേഖയില്‍ പ്രധാനപ്പെട്ട കഥാപാത്രമായി മാറുന്നു. എന്നാല്‍, മഞ്ചലില്‍ ഒരു തനതും കേരളീയവുമായിട്ടുള്ള ഒരു ആധുനികതയാണ് അവതരിപ്പിക്കുന്നത്. ഈ ‘ആധുനികത’ക്ക് എതിരായിട്ടാണ് ടിപ്പുവിന്‍െറ ആക്രമണവും ബ്രിട്ടീഷ് ഭരണവും അതിന്‍െറ മിഷനറി പ്രവര്‍ത്തനങ്ങളുമെല്ലാം നടക്കുന്നത്.  ഈ വ്യവസ്ഥക്ക് എതിരായിട്ടുള്ളതായിരുന്നു അണുകുടുംബത്തിലേക്കുള്ള കേരളത്തിന്‍െറ സാമൂഹിക ചരിത്രത്തിന്‍െറ പരിണാമവും മറ്റും. ആ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ഒരു രീതിയിലുള്ള, പിന്നീട് അരാജകത്വം എന്ന് വിശേഷിപ്പിക്കപ്പെട്ട മാനുഷിക ബന്ധങ്ങളെയാണ് വി.കെ.എന്‍ തുറന്നുകാട്ടിയത്. പല ഉദാഹരണങ്ങളുണ്ട്. അതില്‍ ഒന്നാണ് ശിരസ്താറായി വരുന്ന ഉഗ്രന്‍ നമ്പ്യാര്‍ നായികയായ കുഞ്ഞുമാളുവിന്‍െറ അമ്മായി ഉണ്ണിനീലിയോട് ഊണ് കഴിക്കുമ്പോള്‍ ചോദിക്കുന്നു: ‘‘താമര വിരിയുമോ?’’ ഉണ്ണിനീലി പറയും, താമരവിരിയും എന്ന്. എന്നു പറഞ്ഞാല്‍ പായ പങ്കിടാന്‍ കുഞ്ഞിമാളു വരുമെന്നാണര്‍ഥം. ഈ രീതിയിലുള്ള ഒരു തികഞ്ഞ ലൈംഗികസ്വാതന്ത്ര്യമെന്നോ ലൈംഗിക അരാജകത്വമെന്നോ വിശേഷിപ്പിക്കാവുന്ന അവസ്ഥ നിലനിന്നിരുന്ന ഒരു കാലഘട്ടത്തെ ഒരു മുന്‍വിധിയുംകൂടാതെ അവതരിപ്പിക്കുകകൂടിയാണ് വി.കെ.എന്‍ ചെയ്തത്. വളരെ ശുഷ്കമായും വളരെ ദുര്‍ബലവുമായ ഒരു പദം ഉപയോഗിക്കുകയാണെങ്കില്‍ ചന്തുമേനോന്‍ ‘ഇന്ദുലേഖ’യില്‍ കൊളോണിയല്‍ ആധുനികത കൊണ്ടുവരാന്‍ ശ്രമിച്ചു. അദ്ദേഹം തനത് പരിണാമങ്ങളാണ് ചിത്രീകരിച്ചത്. അതില്‍നിന്ന് വ്യത്യസ്തമായിരുന്നു വി.കെ.എന്‍. ഇതുപോലെതന്നെയാണ് വി.കെ.എന്നിന്‍െറ സര്‍ ചാത്തു എന്ന കഥാപാത്രം. സര്‍ ചാത്തുവിന്‍െറ കഥ കേരളത്തിന്‍െറ സാമ്പത്തിക ചരിത്രമാണ്. കാര്‍ഷിക സമുദായത്തിന്‍െറ വികാസ പരിണാമങ്ങളുടെ ഒരു നീണ്ട ചരിത്രമാണ് ആ കഥാപാത്രത്തിലൂടെ അവതരിപ്പിച്ചത്.  ചരിത്രമാണ് അവതരിപ്പിക്കുന്നത് എന്ന് നമുക്കറിയാത്ത രീതിയിലാണ് വി.കെ.എന്‍ അവതരിപ്പിച്ചതും. വ്യവസായിക വിപ്ളവം വരുന്നു, വ്യവസായം വരുന്നു, വ്യവസായങ്ങള്‍ ഇവിടെനിന്നു പോകുന്നു, ചാത്തന്‍സ് എന്നു പറയപ്പെടുന്ന വളരെ ശാക്തികരിക്കപ്പെട്ട ഒരു ദലിതന്‍ ഉണ്ടാകുന്നു. ഇത്തരത്തില്‍  നീണ്ട ഒരു സാമ്പത്തിക ചരിത്രത്തെ വളരെ ലഘുവായിട്ട്, വളരെ സരസമായിട്ട് നാം അറിയാതെതന്നെ നമ്മുടെ ഉള്ളിലേക്ക് കടത്തിവിട്ട മഹാനായ എഴുത്തുകാരനാണ് വി.കെ.എന്‍. അദ്ദേഹത്തിന് സമാന്തരമായിട്ട് ഒരു എഴുത്തുകാരന്‍ ഉണ്ടോയെന്നുള്ള അന്വേഷണവും നടത്തണം. കാരണം വി.കെ.എന്നില്ലാത്ത ഒരു സായാഹ്നവും ഞങ്ങള്‍ക്കുണ്ടായിട്ടില്ല. ഏതെങ്കിലും ഒരു വി.കെ.എന്‍ തമാശ പറയാത്ത ഒരു ദിവസം ഉണ്ടായിട്ടില്ല. അത്രയധികം സമൃദ്ധമാണ് വി.കെ.എന്‍െറ എഴുത്ത്. ഇന്നുകാലത്തുതന്നെ കിട്ടിയതാണ് ‘‘ഹരിദ്വാറിലെ മണിയടിച്ച് മണിയടിച്ച് എയ്ഡ്്സ് പരന്നു’’വെന്ന വി.കെ.എന്‍ പ്രയോഗം. ‘ആരോഹണ’ത്തില്‍ വി.കെ.എന്‍ ബ്യൂറോക്രസിയെ കൈകാര്യംചെയ്യുന്നു. അദ്ദേഹം ബ്യൂറോക്രസിയെ മറ്റൊരു രീതിയില്‍ കണ്ടയാളാണ്. ഓള്‍ ഇന്ത്യാ റേഡിയോയുടെയും ദൂരദര്‍ശന്‍െറയുമെല്ലാം ഭരണത്തിലെ സൂക്ഷ്മമായ രാഷ്ട്രീയം ഇവിടെ തിരുവില്വാമലയില്‍ ഇരുന്ന് കണ്ടത്തെി അദ്ദേഹം രേഖപ്പെടുത്തി.
മലയാളിയുടെ അതിജീവനമാണ് വി.കെ.എന്നിന്‍െറ മറ്റൊരു പ്രമേയം. അതിജീവനത്തിന്‍െറ ഒരു പ്രതിനിധിയാണ് പയ്യന്‍സ്. ഡല്‍ഹിയില്‍ പോയിട്ട് പയ്യന്‍സ് നേടുകയാണ്. ഈ നേട്ടത്തിന്‍െറ  ഇടക്കെല്ലാം പയ്യന്‍ പട്ടിണികിടക്കുന്നുണ്ട്. പിന്നെ അതിജീവിക്കുന്നു. പയ്യന്‍ വിഷയമാകുന്ന വി.കെ.എന്നിന്‍െറ ഏറ്റവും നല്ല ചെറുകഥ ‘കുതി സ്വപ്ന’ മാണ്. പയ്യന്‍ പട്ടിണികിടക്കുകയാണ്. പയ്യന് കാശ് കിട്ടാന്‍ ഒറ്റമാര്‍ഗമേയുള്ളൂ. അവിടെ കുറെ പേപ്പര്‍ കിടപ്പുണ്ട്. അത് തൂക്കിവിറ്റ് കിട്ടാവുന്ന കുറച്ച് കാശുകൊണ്ട് വല്ല ഭക്ഷണം വാങ്ങിക്കാന്‍ പറ്റിയേക്കും. പയ്യന്‍ ഉച്ചമയക്കത്തിലേക്ക് മലര്‍ന്ന് സമൃദ്ധമായ ഊണുകഴിക്കുന്നു. ആ സ്വപ്നമാണ് ‘കുതിസ്വപ്നം’. ഈ സ്വപ്നത്തില്‍നിന്ന് ഉണരുമ്പോള്‍ ഭാഗ്യവശാല്‍ കടലാസും മറ്റും വാങ്ങാന്‍ ആക്രികച്ചവടക്കാരന്‍ അവിടെയത്തെുന്നുണ്ട്. ഇത്തരത്തില്‍ അതിസൂക്ഷ്മമായിട്ടും അതിവിശാലമായിട്ടും കാര്യങ്ങളെ കണ്ടറിഞ്ഞ് അവതരിപ്പിച്ച എഴുത്തുകാരനാണ് വി.കെ.എന്‍.
വി.കെ.എന്‍ മലയാള സാഹിത്യത്തിന്‍െറ  ഗതിവിഗതികളില്‍ വലിയ വ്യത്യാസം വരുത്തി. മലയാളസാഹിത്യത്തിന്‍െറ ആദ്യ കാലഘട്ടത്തില്‍ കേരള വര്‍മ കോയിത്തമ്പുരാന്‍ തുടങ്ങിയ സവര്‍ണ സാഹിത്യകാരന്മാരുടെ പഴയ കാലഘട്ടമുണ്ട്. ഈ കാലഘട്ടത്തില്‍ സാഹിത്യകാരനാകാന്‍ അത്യാവശ്യമായി രണ്ട് ഗുണങ്ങള്‍ വേണമായിരുന്നു. ഒന്ന് സംസ്കൃതത്തിലുള്ള അറിവ്. മറ്റൊന്ന് സവര്‍ണനായിരിക്കണം. മിക്കവാറും സവര്‍ണനായിരിക്കും സാഹിത്യകാരന്മാര്‍. കുമാരനാശാനെപ്പോലെ ഒന്നുരണ്ടു കവികള്‍ക്ക് മാത്രമേ ആ കണ്ണിയില്‍നിന്ന് രക്ഷപ്പെടാന്‍ പറ്റിയിട്ടുള്ളൂ. ഇതിനെതിരായിട്ട് ഇവിടത്തെ ജീവല്‍സാഹിത്യപ്രസ്ഥാനവും പുരോഗമനസാഹിത്യപ്രസ്ഥാനവും നിലവില്‍ വന്നു. പക്ഷേ, ഈ ആദ്യകാലട്ടത്തിലെ ക്ളാസിക് സവര്‍ണ സാഹിത്യകാരന്മാരുടെ ദു$ശീലങ്ങള്‍ തകഴി, കേശവദേവ്, ബഷീര്‍ തുടങ്ങിയ പുരോഗമന സാഹിത്യകാരന്മാരുടെ തലമുറ വേറൊരു രീതിയില്‍ സ്വീകരിച്ചു. എഴുതണമെങ്കില്‍ നിങ്ങള്‍ക്ക് അനുഭവമുണ്ടായിരിക്കണം എന്നവര്‍ പറഞ്ഞു. ബഷീറിന് ഇല്ലാത്ത അനുഭവമില്ല. ലോകം മുഴുവന്‍ കണ്ടു. തകഴിയും കേശവദേവുമെല്ലാം തുടര്‍ച്ചയായി അവരുടെ എഴുത്തിനെ സാധൂകരിച്ചിരുന്നത് അനുഭവം ഞങ്ങള്‍ക്കുണ്ട് എന്ന് വ്യക്തമാക്കിയാണ്. അതായത് അതിന് തൊട്ടുമുമ്പുള്ള തലമുറ സംസ്കൃതവും പ്രാവീണ്യവും തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞതുപോലെ. എഴുത്തുകാരന് രണ്ട് കൊമ്പുവേണമെന്ന നിര്‍ബന്ധത്തോടുകൂടി, അനുഭവമില്ലാതെ എഴുതാന്‍ പറ്റുകയില്ളെന്ന് വിശ്വസിച്ച ഒരു തലമുറ കേരളത്തില്‍ വളര്‍ന്നുവന്നു. ഈ സമയത്താണ് വി.കെ.എന്നിനെപോലുള്ള മഹാനായ എഴുത്തുകാരന്‍ വന്നത്. അദ്ദേഹത്തിന്‍െറ ഒരു ചെറുകഥയാണ് ‘നിദ്ര’. പഴയ ബ്രിട്ടീഷ് നേവിയുടെ അഡ്മിറലിനെ ലണ്ടനിലെ ഒരു ക്ളബില്‍ ചെന്ന് പയ്യന്‍  കാണുകയാണ്. പയ്യന്‍ ലണ്ടനില്‍ ചെന്ന് അദ്ദേഹത്തെ കണ്ട് തിരിച്ചുവരുന്നു. അപ്പോള്‍ ടെലിപ്രിന്‍ററില്‍ സന്ദേശം വരുന്നു, അഡ്മിറല്‍ മരിച്ചുവെന്ന്. പയ്യന്‍ ബാഷ്പാഞ്ജലി അര്‍പ്പിക്കുന്നു. ലണ്ടനില്‍ വിമാനമിറങ്ങി ഈ ക്ളബുവരെ പോകുന്ന വഴി വി.കെ.എന്‍ ഈ ചെറുകഥയില്‍ വിവരിച്ചിട്ടുണ്ട്. ലണ്ടനിലെ പ്രസിദ്ധമായ ഒരിടത്തുനിന്ന് അവിടേക്കുള്ള വളവ് തിരിഞ്ഞ്  പിന്നെ മറ്റൊരു വളവ് തിരിഞ്ഞുപോകുന്ന രീതിയില്‍. അവിടെ ഒരു കെട്ടിടം കാണുന്നു. അതിന്‍െറ അപ്പുറത്ത് മറ്റൊരു കെട്ടിടം എന്നിങ്ങനെ വിവരണം നീളുന്നു. പയ്യനെ ക്ളബില്‍ അഡ്മിറല്‍  സ്വീകരിക്കുന്നതുവരെ അത് നീളുന്നു. ഈ കഥയില്‍ പറയുന്ന വഴി ലണ്ടനില്‍ പോയപ്പോള്‍ ഞാന്‍ വി.കെ.എന്നിന്‍െറ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നു.  ആ വഴിപോയപ്പോള്‍ വി.കെ.എന്‍ എഴുതിയത് മുഴുവന്‍ സത്യമായിരുന്നു. എന്നാല്‍, വി.കെ.എന്‍ ലണ്ടനില്‍ പോയിട്ടില്ല. എഴുത്തുകാരന് വേണമെന്ന് പറഞ്ഞ അനുഭവം എന്ന വലിയ സംഭവത്തെ ഭാവനകൊണ്ട് അട്ടിമറിച്ചു അദ്ദേഹം. എന്നുവെച്ചാല്‍ ആര്‍ക്കും എഴുത്തുകാരനാകാമെന്ന്, താന്‍ നേടിയ അനുഭവത്തിന്‍െറയോ പ്രാവീണ്യത്തിന്‍െറയോ സജാതീയതത്തിന്‍െറയോ സംസ്കൃത പാണ്ഡിത്യത്തിന്‍െറയോ പിന്‍ബലമില്ലാതെ ആര്‍ക്കും എഴുത്തുകാരനാകാമെന്നുള്ള സന്ദേശമാണ് വി.കെ.എന്‍ കഥകളില്‍ മുഴുവന്‍ വരുന്നത്. ഇത്തരത്തില്‍ കൊമ്പുകളില്ലാത്ത ഞാനടക്കമുള്ള പല എഴുത്തുകാര്‍ക്കും ധൈര്യംപകരുന്ന കാര്യമാണ് വി.കെ.എന്‍ ചെയ്തത്. ഇതാണ് വി.കെ.എന്നിന്‍െറ ഒരുപക്ഷേ ഏറ്റവും വലിയ സംഭാവന.
പലവിധ മാധ്യമങ്ങളില്‍കൂടി സാമൂഹിക ചരിത്രവും രാഷ്ട്രീയ ചരിത്രവും വി.കെ.എന്‍ പറഞ്ഞു. ‘ദോശ’ എന്ന കഥയുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനം ജീര്‍ണ അവസ്ഥയിലേക്ക് തെന്നിവീഴുന്നതിനെക്കുറിച്ചുള്ള ഏറ്റവും നല്ല കഥയാണത്. പയ്യന്‍ ചെന്ന് ഒരു ദോശക്കടയില്‍ ഒളിവിലിരിക്കുകയാണ്. അഞ്ചിടങ്ങഴി ദോശമാവ് അവിടെ ഇരിക്കുന്നുണ്ട്. കടയുടെ ഉടമയുടെ പേര് രാമന്‍കുട്ടി എന്നാണ്. കടയുടെ ഉടമസ്ഥനോട് പയ്യന്‍ ദോശവേണമെന്ന് പറഞ്ഞു. കാരണം നായിന്‍െറ നാക്കുപോലെ പുള്ളി പുള്ളിയായിട്ട് ദോശ അവിടെ കിടക്കുകയാണ്. ഈ ദോശ ഒന്നൊന്നായിട്ട് ഒളിവിലെ സഖാവിനായി ചുടുകയാണ് രാമന്‍കുട്ടി.  പുറത്ത് സ്ഥിരം കസ്റ്റമേഴ്സ് വരുമ്പോള്‍ അവര്‍ക്കെല്ലാം കട്ടന്‍ചായ കൊടുത്തുവിടുകയും സഖാവ് ദോശമുഴുവന്‍ കഴിക്കുകയും ചെയ്യുന്നു. ഈ സമയത്താണ് സ്ഥലം സബ് ഇന്‍സ്പെക്ടര്‍ വരുന്നത്. സബ് ഇന്‍സ്പെക്ടര്‍ ഒളിവിലിരിക്കുന്ന പയ്യനെ കണ്ടാല്‍ അറസ്റ്റ് ചെയ്യും. പയ്യനോട് ദോശയുണ്ടാക്കാന്‍ പറയുന്നു. പയ്യന്‍ ദോശയുണ്ടാക്കി. അതാകട്ടെ ഏറ്റവും സുന്ദരമായ ദോശ. മൊരിഞ്ഞ് നല്ല രസത്തില്‍. അതും പയ്യന്‍ തിന്നു. സബ്ഇന്‍സ്പെക്ടര്‍ പയ്യനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നു. പയ്യന്‍ തിരിഞ്ഞുനിന്ന് പറയുന്നു ‘‘നീയൊന്നുകൊണ്ടും പേടിക്കേണ്ട, വിപ്ളവം കഴിഞ്ഞാല്‍ നിനക്കൊന്നും വരില്ല.’’ ഈ കഥ മുഴുവന്‍ നോക്കൂ. ‘സന്ദേശം’ പോലുള്ള സിനിമകളില്‍ പരിപ്പുവടയും കട്ടന്‍ചായയും എന്നൊക്കെ വളരെ ലളിതവത്കരിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് പറയുന്നുണ്ട്. അയായത് വളരെ ലളിതവത്കരിച്ച തമാശകള്‍ നമുക്കിടയില്‍ നിലനില്‍ക്കുന്നു. വി.കെ.എന്നിന് സമാന്തരമായിട്ട് ഒരുവിധ രീതിയിലുള്ള കൃപയുമില്ലാതെ ചരിത്രപരമായിട്ടുതന്നെ ഇവിടെ ആദര്‍ശപരമായിരുന്ന ഒരു പ്രസ്ഥാനം അതിന്‍െറ പതനത്തിലേക്ക് തെന്നിവീഴുന്ന ദിനങ്ങള്‍ ഒപ്പിയെടുക്കുന്നതില്‍ വി.കെ.എന്‍ വളരെയധികം വിജയിച്ചു. ഇതിന്  സമാന്തരമായിട്ട് ഒരു എഴുത്തുകാരന്‍ എന്‍െറ അറിവില്‍ ഇംഗ്ളീഷില്‍ ഇല്ല. ഈ രീതിയില്‍ ഹാസ്യത്തിലൂടെ സമകാലിക ചരിത്രം അല്ളെങ്കില്‍ പൂര്‍വ ചരിത്രം അവതരിപ്പിച്ച ഒരു എഴുത്തുകാരന്‍ ഇംഗ്ളീഷിലോ ഇന്ത്യന്‍ ഭാഷകളിലോ ഉള്ളതായി എനിക്ക് അറിവില്ല.
വി.കെ.എന്നിന് വളരെയേറെ ഭക്തന്മാരുണ്ട്.  വി.കെ.എന്നിനെ ഈ തലമുറ വായിക്കുന്നില്ളെന്ന് പറഞ്ഞ മുന്‍ പ്രാസംഗികനോട് ഞാന്‍ യോജിക്കുന്നില്ല. അദ്ദേഹത്തിന്‍െറ സാംഗത്യം മനസ്സിലാക്കിയ പുതുതലമുറ ഇവിടെയുണ്ട്. ഈ വര്‍ഷം ഞാന്‍ വായിച്ച ഏറ്റവും നല്ല ലേഖനങ്ങളിലൊന്ന് മഞ്ചലിനെക്കുറിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ ദില്‍ഷ പി.കെ എന്നൊരു ഗവേഷണ വിദ്യാര്‍ഥിനി എഴുതിയതാണ്. നമ്മള്‍ വി.കെ.എന്നിലേക്ക്  തിരിച്ചുപോയ്ക്കൊണ്ടിരിക്കുകയാണ്. കാരണം നല്ലതൊന്നും അവസാനിക്കില്ല. സാഹിത്യത്തിന്‍െറ, കലയുടെ നിലനില്‍പിന്‍െറ കാര്യമാണത്. നല്ലതൊന്നും നശിച്ചുപോവില്ല. വീണ്ടും വീണ്ടും വി.കെ.എന്നിലേക്ക് തിരിച്ചുപോയ്ക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.  വി.കെ.എന്നിന് ഡല്‍ഹിയിലൊക്കെ മറുനാട്ടുകാരായ വളരെയധികം സുഹൃത്തുക്കളുണ്ട്. അതില്‍ ഒരാള്‍ സ്പാനിഷ് ഭാഷയില്‍ വളരെയധികം പ്രാവീണ്യമുള്ളയാളായിരുന്നു. അദ്ദേഹം ഒരിക്കല്‍ സൂചിപ്പിച്ചത് ഇങ്ങനെയാണ്: ഒരുപക്ഷേ വി.കെ.എന്നിന് തുല്യമായി വെക്കാവുന്നത്, സ്പാനിഷ് ഭാഷയിലെ ഏറ്റവും വലിയ എഴുത്തുകാരനായ, ആ ഭാഷയുടെതന്നെ പിതാവായ സെര്‍വന്‍റസിനെയാണ്. അദ്ദേഹമാണ് കാറ്റാടിയന്ത്രത്തോട് യുദ്ധം ചെയ്യുന്ന ഡോണ്‍ ക്വിക്സോട്ടിന്‍െറയും സാന്‍ചോ പാന്‍സയുടെയും ബ്രഹ്ത്തായ കഥ- 1800 പേജ് നീണ്ടുനില്‍ക്കുന്ന-  എഴുതിയത്. പൂര്‍ണ ഹാസ്യത്തില്‍ സ്പെയിനിന്‍െറ ചരിത്രം അവതരിപ്പിച്ച സെര്‍വന്‍റസിനോട്, ആധുനിക സ്പാനിഷ് ഭാഷക്ക് തുടക്കംകുറിച്ച സെര്‍വന്‍റസിനോട് മാത്രം ഒരുപക്ഷേ, വി.കെ.എന്നിനെ  ഉപമിക്കാമെന്നാണ് ആ സുഹൃത്ത് പറഞ്ഞത്. ഹാസ്യമെന്ന മാധ്യമത്തിലൂടെ ചരിത്രത്തെയും വികാരത്തെയും വിചാരങ്ങളെയും മുന്നില്‍വെച്ച ഒരു എഴുത്തുകാരനായ സെര്‍വന്‍റസിനോട് മാത്രമേ തുലനം ചെയ്യാന്‍ പറ്റുവെന്നാണ് ആ സ്പാനിഷ് സുഹൃത്ത് സൂചിപ്പിച്ചത്. എനിക്ക് സ്പാനിഷ് ഭാഷയറിയില്ല. എന്നാല്‍, സെര്‍വന്‍റസിന്‍െറ ഇംഗ്ളീഷ് പരിഭാഷകള്‍ വായിച്ചിട്ടുണ്ട്. സ്ഥാനീയമായ വളരെയധികം സൂചനകള്‍ ഇംഗ്ളീഷ് പരിഭാഷയില്‍ ധാരാളം അറിയാത്തതുകൊണ്ട് പൂര്‍ണമായിട്ട് ആസ്വദിക്കാന്‍ സാധിച്ചിട്ടില്ല.
ഇന്നത്തെ കാലഘട്ടത്തില്‍ എന്താണ് വി.കെ.എന്നിന്‍െറ പ്രസക്തി?  ഇവിടെ ഉരുത്തിരിഞ്ഞുവരുന്ന ഫാഷിസത്തെ നേരിടുന്ന, എന്നും നേരിട്ടിരുന്ന ഒരു രീതി ഹാസ്യംതന്നെയായിരുന്നു. ലോകം മുഴുവന്‍ ഹിറ്റ്ലര്‍ കിടുകിടെ വിറപ്പിച്ചിരുന്നപ്പോള്‍ ഹിറ്റ്ലര്‍ എന്ന ബിംബത്തെ ആദ്യമായി ലോകമനസ്സില്‍ പരിഹാസ്യനാക്കിയത്, ഒരു ഏകാധിപതി പരിഹാസ്യനാകുന്നത്, അതിന്‍െറ കാറ്റുപോക്കുന്നത് ചാര്‍ളി ചാപ്ളിന്‍െറ ‘ദ ഗ്രേറ്റ് ഡിറ്റേക്ടര്‍’ എന്ന സിനിമയാണ്. ഇതുപോലെ ഈ രീതിയില്‍ സമൂഹത്തില്‍ വളരുന്ന ഏകാത്മക പ്രവണതകളെ മുന്‍കൂട്ടിക്കൊണ്ട് അതിനെ തന്‍െറ ശക്തമായ ഹാസ്യത്തിലൂടെ വിമര്‍ശിച്ച വ്യക്തിയായിരുന്നു വി.കെ.എന്‍. ഈ വിമര്‍ശനംതന്നെ ഈ  ഏകാധിപത്യത്തിനുവേണ്ടി നിലകൊണ്ടിരുന്ന  ചിന്താഗതിക്കാര്‍ക്ക് മനസ്സിലായി എന്നുള്ളതുകൊണ്ടാണ് 1994ലോ മറ്റോ വി.കെ.എന്നിന്‍െറ ‘കാവി’ കത്തിക്കപ്പെട്ടത്. നോവലിലെ കാവി ഇന്നത്തെ കാവിപോലെയല്ല. അത് അന്ന് ഇന്ത്യയില്‍ നിലനിന്നിരുന്ന ആത്്മീയ കച്ചവടത്തിനെതിരെയുള്ള നോവലായിരുന്നു. അന്ന് ഹിന്ദുത്വവാദം ഇന്നത്തെപോലെ പൊതുമണ്ഡലത്തില്‍ വളരെയധികം എത്തിയിട്ടില്ല. പക്ഷേ, കാലത്തെ മുന്‍കൂട്ടി അറിഞ്ഞ വി.കെ.എന്‍ ഹിന്ദുത്വവാദത്തിന്‍െറ മുന്നോടിയായിട്ടാണ്  ആത്മീയകച്ചവടക്കാരെ  കണ്ടത്. ‘കാവി’ എന്ന പേര് വരാനുണ്ട് കാരണം. വി.കെ.എന്നിന്‍െറ ഭാഷയില്‍ പറഞ്ഞാല്‍ ആത്മന്‍ കളവ് പോയതുകൊണ്ട് തിരയുകയാണെന്ന നാട്യത്തില്‍ ഏതു രാജ്യത്തും എക്കാലത്തും പരാന്നഭുക്കുകളുടെ ഒരു വന്‍പടതന്നെയുണ്ട്. നടന്നു നടന്ന് മുണ്ട് മണ്ണിന്‍െറ നിറമായി. താടി വളര്‍ന്ന് ഉടുമുണ്ടിന്‍െറ നിറം രണ്ടും കെട്ടതായപ്പോള്‍ ഒരു രസികനു തോന്നി എന്തുകൊണ്ട് ഇതിന് ശകലം ആത്മീയത കൊടുത്തുകൂടായെന്ന്. ഇതിനിടക്ക് വി.കെ.എന്‍ ഗൗരവമുള്ള മറ്റുചില കാര്യങ്ങള്‍കൂടി പറഞ്ഞു.
വി.കെ.എന്‍ എഴുതി: ‘‘നാരായണ ഗുരുവും വേദാന്തിയായിരുന്നു. സമൂഹ പരിഷ്കര്‍ത്താവുമായിരുന്നു. പക്ഷേ, ഉദരരോഗം വന്നപ്പോള്‍ അദ്ദേഹം മനുഷ്യസഹജമായ വേദന അനുഭവിച്ചു. വേദാന്തിയായിരുന്നെങ്കില്‍ കട്ടബൊമ്മന്‍ മഹര്‍ഷിക്ക് വരാത്ത വേദന എങ്ങനെ ഗുരുവിന് വരാന്‍ കാരണം? അദ്ദേഹം മനുഷ്യനായതുകൊണ്ട്, മനുഷ്യസ്നേഹിയായതുകൊണ്ട്.’’
ഇതുപോലെ വി.കെ.എന്‍ ഒരു വശത്ത് കപടനാണയങ്ങളായ ആത്മീയവാദികളെ ഒരു വശത്തും  യഥാര്‍ഥ ആത്മീയഗുരുവിനെ മറുവശത്തുവെച്ച്, ജസ്റ്റപ്പോസ് ചെയ്ത് -താരതമ്യം-സത്യത്തെ കാണിച്ചുകൊടുക്കുകയാണ്. സന്ന്യാസിമാര്‍ കൂടിയിരിക്കുമ്പോഴുള്ള അവസ്ഥ പറഞ്ഞ് ഹിന്ദുമതത്തിന്‍െറ അന്തര്‍ലീനമായ ബഹുസ്വരതയെ തുറന്നുകാട്ടുന്നു. മൂന്ന് തരത്തില്‍ ഭക്ഷണം കഴിക്കുന്ന സന്ന്യാസിമാരുണ്ടെന്നാണ് നോവലില്‍ പറയുന്നത്. ഒന്ന് താത്ത്വികമായി സസ്യഭുക്ക്. രണ്ട് സസ്യഭുക്ക്. മൂന്ന് മാംസബുക്കന്മാര്‍. മാംസഭുക്കുകള്‍ ശൈവസിദ്ധാന്തം പറയുന്നവര്‍. പാത്തും പതുങ്ങിയും  മാംസം കഴിക്കുന്നവരും ശരിയായ മാംസഭുക്കുകളും സസ്യഭുക്കുകളുമെന്നാണ് വേര്‍തിരിവ്. ഇങ്ങനെ ഭിന്നത ശക്തിയായികൊണ്ടുനടക്കുന്ന ഒരു മതമാണ് ഹിന്ദുമതമെന്ന് അദ്ദേഹം ഉറപ്പിച്ച് ആവര്‍ത്തിക്കുന്നു.
നോവലില്‍ ഒരു ഭാഗത്ത് മാത്രമേ ഭാവിയില്‍ എന്തു നടക്കുമെന്ന സൂചന നല്‍കുന്നുള്ളൂ. വി.കെ.എന്‍. പറഞ്ഞു: ‘‘കാവിക്കാരുടെ സംഘം കുന്നുപോലെ പെരുകി.’’ കൂട്ടത്തില്‍ ഉപയോഗിക്കാന്‍ പാടില്ലത്ത ഒരു ശബ്ദം, സംഘം എന്ന ശബ്ദം വി.കെ.എന്‍ ഇവിടെ ബോധപൂര്‍വം ഉപയോഗിക്കുന്നു. ദീര്‍ഘദര്‍ശിത്വം, ക്രാന്തദര്‍ശിത്വമാണിത്.  പ്രത്യക്ഷത്തില്‍ നിര്‍ദോഷം എന്ന് തോന്നാവുന്ന അന്നത്തെ കാവിയെയും അതിനോടുള്ളസമീപനത്തെയുമാണ് വി.കെ.എന്‍ ലക്ഷ്യമിട്ടത്.
ആരോ ചൂണ്ടിക്കാണിച്ചതുപോലെ ‘ഗ്രേറ്റ് ഡിറ്റേക്ടര്‍’ എന്ന സിനിമയിലൂടെ ചാര്‍ളി ചാപ്ളിന്‍ ലോകമെമ്പാടും ഹിറ്റ്ലര്‍ എന്ന വ്യക്തിയെ പരിഹാസ്യനാക്കി. പരിഹാസ്യനാക്കിയാല്‍ ഏകാധിപതികളെ തോല്‍പിക്കാന്‍ പറ്റുമെന്ന വിചാരം വരും. ഇങ്ങനെയുള്ള ചിത്രം വരച്ചുതരുന്നതില്‍ ഇന്ന് വാട്ട്സാപ്പും ഫേസ്ബുക്കും ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ ശക്തമായി വി.കെ.എന്ന് അന്ന് ചെയ്യാന്‍ കഴിഞ്ഞു. ആ വി.കെ.എന്നിനില്ലാത്ത നഷ്ടബോധം പേറി നടക്കുന്ന തലമുറയാണ് ഞങ്ങളുടേത്.
വി.കെ.എന്നിനെയൊക്കെ ഞാന്‍ ആദ്യം വായിക്കുമ്പോള്‍ മനസ്സിലായിരുന്നില്ല. എന്താണ് വിവക്ഷകള്‍ എന്നു മനസ്സിലായിരുന്നില്ല. എന്‍െറ അച്ഛന്‍ കൊച്ചി ശീമക്കാരനായിരുന്നു. കൊച്ചി ശീമയുടെ ചരിത്രം ഏതാണ്ട് മുഴുവന്‍ അറിയാമായിരുന്നു. വി.കെ.എന്നിന്‍െറ വരികള്‍ ഓരോന്നും ചൂണ്ടിക്കാണിച്ച് ഇന്ന പ്രത്യക്ഷമല്ലാത്ത മാനമാണ് വി.കെ.എന്‍ ഉപയോഗിക്കുന്നത് എന്നും,  സര്‍ ചാത്തു ഇന്നയാളാണ് എന്നും അച്ഛന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സാഹിത്യ അക്കാദമിപോലുള്ള സ്ഥാപനത്തോട്, അടുപ്പമുള്ള ചിലരുണ്ട് എന്ന ബലത്തില്‍ എനിക്കാവശ്യപ്പെടാനാകുക ഒരു വി.കെ.എന്‍ പഠനസഹായിയാണ്.  ഒരു അനോട്ടഡ് വി.കെ.എന്‍. ഇംഗ്ളീഷിലൊക്കെ ഏത് പ്രധാനപ്പെട്ട എഴുത്തുകാരെയും ഷേക്സ്പിയര്‍ മുതല്‍ അരുന്ധതി റോയിവരെ അവര്‍ അനോട്ടഡ് ചെയ്യും. അതായത് ഈ വാക്കിന്‍െറ അര്‍ഥം ഇതാണ് എന്ന് വ്യക്തമായ സൂചനകള്‍ അടിക്കുറിപ്പായി നല്‍കും. വി.കെ.എന്നിനെ വളരെയധികം വ്യാഖ്യാനിക്കാനുണ്ട്. അതി പണ്ഡിതനായ എഴുത്തുകാരനാണ് വി.കെ.എന്‍. പല പല വേരുകളുള്ള എഴുത്തുകാരന്‍. ചമ്പുക്കള്‍, സംസ്കൃതം മുതല്‍ ആധുനികത, ലണ്ടനിലെ ഭൂമിശാസ്ത്രം എല്ലാം ഇവിടെ തിരുവില്വാമലയില്‍ ഇരുന്നുകൊണ്ട് കുത്തിക്കുറിച്ച വ്യക്തി.  അതിനാല്‍തന്നെ വി.കെ.എന്ന് ഒരു പഠനസഹായി അല്ളെങ്കില്‍ ഒരു അനോട്ടഡ് വേര്‍ഷന്‍ ഉണ്ടാക്കുന്നത് സാഹിത്യ അക്കാദമി ചിന്തിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഏകാധിപത്യത്തിനും ഏകതാത്മകതക്കും വേണ്ടിയുള്ള നീക്കങ്ങള്‍ എല്ലാം അട്ടിമറിക്കപ്പെടുന്നത് തമാശയിലൂടെയാണ്. നമുക്ക് ഹാസ്യത്തിന്‍െറ നീണ്ട പാരമ്പര്യമുണ്ട്, ചാക്യാന്മാരുടെയും കൂത്തിന്‍െറയും കുഞ്ചന്‍ നമ്പ്യാരുടെയുമെല്ലാം. ആ കണ്ണികളില്‍ ഏറ്റവും ശക്തമായിട്ടുള്ളതും അതിനെ കൂടുതല്‍ സമൃദ്ധമായും നിറവേറ്റിയ എഴുത്തുകാരനാണ് വി.കെ.എന്‍. അദ്ദേഹത്തിന്‍െറ സ്മരണപ്രഭാഷണത്തിന് എന്നെ ക്ഷണിച്ചതിന് നന്ദി, അദ്ദേഹത്തിന്‍െറ നാമധേയത്തിലുള്ള അവാര്‍ഡ് എനിക്ക് നല്‍കാന്‍ തീരുമാനിച്ചതിലും ഞാന്‍ അതിവ കൃതാര്‍ഥനാണ്. നന്ദി.

------------------------
തിരുവില്വാമലയില്‍ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച വി.കെ.എന്‍ അനുസ്മരണ ചടങ്ങില്‍ നടത്തിയ പ്രഭാഷണം.

എഴുത്ത്: ആര്‍.കെ. ബിജുരാജ്

Madhayamam Weekly NO 989 2017 Feb 13

ജാതി സമൂഹത്തില്‍ മറച്ചുവയ്ക്കാനാവത്ത ജാതി


ശരണ്‍കുമാര്‍ ലിംബാലെ രചിച്ച ‘അവര്‍ണന്‍’ ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ഭീതിദ അവസ്ഥകളാണ് വിവരിക്കുന്നത്


ജാതി സമൂഹത്തില്‍ 
മറച്ചുവയ്ക്കാനാവത്ത ജാതി


ആര്‍.കെ.ബിജുരാജ്


ഒരു പക്ഷേ, സമകാലിക ഇന്ത്യയില്‍ ഒരു ദലിത് വ്യക്തി തനിച്ചുനടത്തിയ ഏറ്റവും സുന്ദര കലാപമായിരിക്കും ‘അക്കര്‍മാശി’. ഒരാത്മകഥയിലൂടെ ജാതിക്കെതിരെ ആഞ്ഞൊരു പ്രഹരം. ശരണ്‍കുമാര്‍ ലിംബാലെ തെളിയിച്ച വഴിയിലൂടെയാണ് പിന്നീട് ദലിത് സാഹിത്യം മുന്നോട്ടുപോയത്. ജാതിഇന്ത്യയുടെ ഭീതിദമായ അവസ്ഥകള്‍  ആവിഷ്കരിക്കുന്ന ലിംബാലെ രചിച്ച ഏറ്റവും ശക്തമായ കാല്‍പനിക കഥയാവും ‘അവര്‍ണന്‍’.
ദലിതനായ ആനന്ദ് തന്‍െറ ജാതിപ്പേര് മറച്ചുവച്ച് സവര്‍ണര്‍ക്കൊപ്പം ജീവിക്കുന്നു. രാന്‍മസലെയിലെ കാശിനാഥ പാഠശാലയില്‍ ആനന്ദ് കാശികര്‍ എന്ന പേരില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ജാതിമര്‍ദനങ്ങള്‍ക്കെതിരെ നിലകൊള്ളുന്നു. ഒരു നിശ്ചിത ഘട്ടത്തില്‍ അനിവാര്യമായി തന്നെ ജാതി വെളിപ്പെടുത്തേണ്ടിവരുന്നു. അതിന്‍െറ ദുരന്തം ഭയാനകമായിരുന്നു.  ഉറ്റബന്ധുക്കള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടനീതിക്കിരയായി അന്ത്യം. തൂക്കിക്കൊല.
ജാതിക്കോളത്തില്‍ മനുഷ്യനെന്ന് ചേര്‍ത്ത് ജാതിയെ മറികടക്കാനായിരുന്നു ആനന്ദ് കാശികറിന്‍െറ ആദ്യ ശ്രമം. സംവരണാനുകൂല്യങ്ങള്‍ ഉപയോഗിക്കാതെയായിരുന്നു അയാള്‍ അക്കാദമിക് യോഗ്യതകളും അറിവും ആര്‍ജിച്ചതും. ജാതി വെളിപ്പെടുത്തുന്നവരെ സാമൂഹികാംഗീകാരവും കഥാപാത്രത്തിനുണ്ടായിരുന്നു. നാവലിന്‍െറ അന്ത്യത്തില്‍ ആനന്ദ്  ക്ളാസ് മുറികളില്‍ വിലപിക്കുന്നത് ഇങ്ങനെയാണ്: ‘‘സര്‍ട്ടിഫിക്കറ്റിലെ എന്‍െറ ‘മനുഷ്യ’നെന്ന ജാതി കളള്ളമാണ്. എന്‍െറ യഥാര്‍ത്ഥ ജാതി മഹാറാണ്. ഞാനിതു മറച്ചുവെച്ചതായിരുന്നു. ഇത് ഞാന്‍ ചെയ്ത ഭയങ്കര അപരാധമാണ്’’ (പേജ് 206-207) എന്തുകൊണ്ട് ആനന്ദ് ജാതി മറച്ചുവെന്നതിന്‍െറ ന്യായീകരണം പുസ്തകത്തില്‍ മറ്റൊരു ഭാഗത്തുണ്ട്: ‘‘‘എനിക്ക് മാന്യതയോടെ ജീവിക്കണം. വാടകയ്ക്ക് വീടു കിട്ടണം.നല്ല പെരുമാറ്റം കിട്ടണം. എന്‍െറ ആശങ്കകളും പ്രതീക്ഷകളും ഒരു ദലിതനാണെന്നതിന്‍െറ പേരില്‍ ചവിട്ടിമെതിക്കപ്പെടരുത്’’ (പുറം 172)
മറികടക്കാന്‍ ശ്രമിച്ചാലും സ്വത്വങ്ങള്‍ പല അര്‍ത്ഥത്തിലും തിരിച്ചടിയായി മടങ്ങിയത്തെുമെന്ന പ്രമേയവും നോവല്‍ മുന്നോട്ടുവയ്ക്കുന്നു. ആനന്ദ് കാശികറില്‍ നമുക്ക് നോവലിസ്റ്റിന്‍െറ തന്നെ ഛായ കണ്ടെടുക്കാം. താന്‍ അനുഭവിച്ചതും അറിഞ്ഞതുമായ ജാതിനേരുകളാണ് തന്‍െറ രചനയെന്ന് ലിംബാലെയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജാതിയെ മറികടക്കാന്‍ ജാതി നശിപ്പിക്കാതെ കഴിയില്ളെന്ന ചിന്തയുമാണ് നോവല്‍ മുന്നോട്ടുവയ്ക്കുന്നത്.
‘സുന്‍ഡ്’ എന്ന പേരില്‍ മറാഠിയിലാണ് ഈ നോവല്‍ ആദ്യമെഴുതപ്പെടുന്നത്. അതേ പേരില്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റപ്പെട്ട കൃതിയെ ഡോ.പി.കെ. ചന്ദ്രനാണ് മലയാളത്തിലാക്കിയിരിക്കുന്നത്. മുമ്പ് ലിംബാലെ തന്നെ എഴുതിയ ‘ഉപല്യ’യെന്ന നോവലിന്‍െറ ചില സാമ്യം തോന്നാമെങ്കിലും അവര്‍ണര്‍ തീര്‍ത്തും സ്വതന്ത്രവും വേറിട്ടതുമായ നോവലാണ്.
നിയമമാണോ, പാരമ്പര്യമാണോ വലുത്, വ്യസ്ഥിതിയോ, പുരോഗതിയോ പ്രധാനം തുടങ്ങിയ ചോദ്യങ്ങള്‍ പുസ്തകത്തില്‍ ആവര്‍ത്തിച്ച് ഉന്നയിക്കപ്പെടുന്നു. ഗ്രാമത്തിനുള്ളില്‍, അക്കാദമിക് തലങ്ങളില്‍ എല്ലാം ജാതിയുടെ ചലനനിയമം എത്ര കര്‍ക്കശ്യമാണെന്നും നോവല്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. ഇത് പക്ഷേ, ദൂരെ മഹാരാഷ്ട്രയില്‍ നടക്കുന്ന കഥയല്ല. വേറൊരുതരത്തില്‍ കേരളത്തിന്‍െറ കഥകൂടിയാണ്. അവകാശവാദങ്ങള്‍ പലതുണ്ടെങ്കിലും ജാതി ക്രൂരമായ യാഥാര്‍ത്ഥ്യമായി നിലകൊള്ളുന്നുണ്ട്. 1906 ല്‍ തൊസോന്‍ ഷിമാസാകി രചിച്ച ഹകായി എന്ന ജപ്പാനീസ് നോവലിന്‍െറയും പ്രമേയം ‘അവര്‍ണന്‍േറതിന്’ സമാനമാണ്. ഈ കൃതിയും തന്നെ ചലിപ്പിച്ചതായി ലിംബാലെ വ്യക്തമാക്കിയതായി വിവര്‍ത്തകന്‍ പൊതുവേദിയില്‍ പറഞിരുന്നു. എന്നാല്‍, ജപ്പാനീസ് നോവലിന്‍െറ അനുകരണമല്ല ‘അവര്‍ണന്‍’. പക്ഷേ, ജാതീയമായ മര്‍ദനവും സമാനമായ വിവേചനങ്ങളും ലോകമെങ്ങും നിലനില്‍ക്കുന്നുവെന്നത് പരമര്‍ത്ഥം.
കോഴിക്കോട് നടന്ന ലിറ്റററി ഫെസ്റ്റിവലില്‍ ഈ പുസ്തകത്തിന്‍െറ രചനയെക്കുറിച്ച് ലിംബാലെ പറഞ്ഞത് ഇങ്ങനെയാണ്: ഞാനെഴുതുന്നത് സാഹിത്യമല്ല. എന്‍െറ റ ഞങ്ങളുടെ സമുദായത്തിന്‍െറ അനുഭവമാണ്’. ലിംബാലെ ഒന്നുകൂടി പറഞ്ഞിരുന്നു ‘‘നിങ്ങള്‍ ദലിത് സാഹിത്യമെന്തെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ക്ക് ജാതിവ്യവസ്ഥ എന്തെന്നറിയണം. അതറിയാതെ ദലിത്സാഹിത്യമെന്തെന്ന് മനസിലാവില്ല’. അവര്‍ണന്‍ എന്ന കൃതി നിങ്ങളെ സപ്ര്‍ശിക്കുന്നില്ളെങ്കില്‍ ഇന്ത്യയിലെ ജാതി വ്യവസ്ഥ എന്തെന്നും അതിന്‍െറ രൂപങ്ങള്‍ എന്തെന്നും നിങ്ങള്‍ക്കറിയില്ല എന്നാണര്‍ത്ഥം.



അവര്‍ണന്‍
(നോവല്‍)
ശരണ്‍കുമാര്‍ ലിംബാളെ
പേജ് 223, വില: 210 രൂപ
ഡി.സി.ബുക്സ്


പുസ്തക റിവ്യൂ, വാരാദ്യ മാധ്യമം, 2017 March 5