Tuesday, November 24, 2015

‘ഞങ്ങളുടേത് ദരിദ്രരുടെയും ദലിതരുടെയും രാഷ്ട്രീയസമരം’


വായ്പാകെണിയില്‍പെട്ട് കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടിവരുന്ന
നിസ്സഹായരായ ജനങ്ങളുടെ സമരത്തിന് നേതൃത്വം നല്‍കുന്ന ‘ബ്ളേഡ്-ബാങ്ക് ജപ്തി
വിരുദ്ധ സമിതി’ പ്രസിഡന്‍റും ‘പോരാട്ടം’ സംസ്ഥാന കണ്‍വീനറുമായ പി.ജെ. മാനുവല്‍
തങ്ങള്‍ നടത്തുന്നത് കേവലം സാമ്പത്തികസമരമല്ളെന്ന് വ്യക്തമാക്കുന്നു.‘ഞങ്ങളുടേത് ദരിദ്രരുടെയും 
ദലിതരുടെയും രാഷ്ട്രീയസമരം’

പി.ജെ. മാനുവല്‍\ആര്‍.കെ. ബിജുരാജ്


ജനകീയസമരങ്ങളിലെ ഉജ്ജ്വലനായ പോരാളിയും നേതാവുമാണ് കൊച്ചി സ്വദേശിയായ മാണിക്കുട്ടി എന്ന പി.ജെ. മാനുവല്‍. എറണാകുളത്ത് വായ്പാതട്ടിപ്പില്‍\കെണിയില്‍ പെട്ട് തെരുവിലിറങ്ങേണ്ടിവരുന്ന അടിസ്ഥാന വര്‍ഗ-ജാതി വിഭാഗങ്ങളുടെ സമരത്തിന് ബ്ളേഡ്-ബാങ്ക് ജപ്തി വിരുദ്ധ സമിതി രൂപവത്കരിച്ച് നേതൃത്വം കൊടുക്കുന്നത് അദ്ദേഹമാണ്. മൂന്നു പതിറ്റാണ്ടായി വിവിധ സമരങ്ങളുടെ മുന്‍നിരയിലാണ് ഹൈകോടതി മുന്‍ അഭിഭാഷകനും ‘പോരാട്ടം’ സംസ്ഥാന കണ്‍വീനറുമായ മാനുവല്‍ നിലകൊള്ളുന്നത്. ആദിവാസികളുടെയും ദലിതരുടെയും പോരാട്ടങ്ങള്‍, വയനാട്ടിലുള്‍പ്പെടെ ബ്ളേഡ് പലിശക്കാര്‍ക്കെതിരായ മുന്നേറ്റം, നൈനാംകോണം ഭൂപ്രക്ഷോഭം തുടങ്ങിയ വിവിധ ജനകീയപ്രതിഷേധങ്ങള്‍ക്ക് നേതൃത്വംകൊടുത്തു. എറണാകുളം തമ്മനത്ത് ഗുണ്ടകള്‍ക്കെതിരെ ജനജാഗ്രതാ പോരാട്ടം നടത്തിയതിന്‍െറ ഭാഗമായി രാഷ്ട്രീയ പിന്തുണയുള്ള ഗുണ്ടകള്‍ 1999ല്‍ മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചു. റിലയന്‍സിനെതിരെ നടത്തിയ പ്രതിഷേധത്തിനുള്‍പ്പെടെ പലതവണ ജയില്‍വാസം അനുഭവിക്കുകയും പൊലീസ് മര്‍ദനമേല്‍ക്കുകയും ചെയ്തു. പൊലീസ് പലതവണ കള്ളക്കേസില്‍ കുടുക്കി. എങ്കിലും ജനകീയ വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം മുന്നോട്ടുപോകുന്നു. കാക്കനാട്ടെ ‘കണ്ണുകെട്ടി സമര’വേദിയില്‍നിന്ന് മാനുവല്‍ സംസാരിക്കുന്നു:

‘കണ്ണുകെട്ടി സമര’ത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?
രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി വളരെ മുന്നേ തന്നെ സര്‍ഫാസി നിയമത്തിന്‍െറ ദോഷങ്ങളെയും അത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വരുത്താന്‍ പോകുന്ന ഗുരുതരഫലങ്ങളെയും പറ്റി ബോധവാനായിരുന്നു. എന്നാല്‍, സമരത്തിലേക്ക് വരുന്നതിന് കാരണങ്ങളിലൊന്ന് കാക്കനാട്ടെ സി.ഐ.ടി.യു തൊഴിലാളിയായ ബാബുവിന്‍െറ അനുഭവമാണ്. മകളുടെ വിവാഹ ആവശ്യത്തിന് നാലു ലക്ഷം രൂപ ആവശ്യമായി വന്ന അദ്ദേഹത്തെ ലോണ്‍മാഫിയ വഞ്ചിച്ചു. ബാബുവിന്‍െറ ആധാരം ഈടുവെച്ച് അവര്‍ 25 ലക്ഷം തട്ടി. ഒടുവില്‍ ജപ്തിഭീഷണിയിലായ ബാബുവിനെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. സി.ഐ.ടിയുവും സി.പി.എമ്മും മുഖംതിരിച്ചു. ഞങ്ങള്‍ വിഷയത്തില്‍ ഇടപെട്ട് ജനത്തെ അണിനിരത്തി ജപ്തി തടഞ്ഞു. ആ ഘട്ടത്തില്‍ ഇത് ബാബുവിന്‍െറ മാത്രം പ്രശ്നമല്ളെന്ന് മനസ്സിലായി. വൈപ്പിന്‍, പനമ്പുകാട് ഭാഗത്ത് ഇത്തരം തട്ടിപ്പിനിരയായി കിടപ്പാടം ജപ്തി ചെയ്യപ്പെട്ടവരും ജപ്തിഭീഷണി നേരിടുന്ന നിരവധി കുടുംബങ്ങളും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. അവര്‍ ഒന്നിച്ചു. അത് പതിയെ ജനകീയസമരമായി വികസിച്ചു.

സര്‍ഫാസി കേന്ദ്ര നിയമമാണ്. അതിനെതിരെ നടക്കേണ്ടത് അഖിലേന്ത്യാ തലത്തിലെ പ്രക്ഷോഭമാണ്?
സത്യമാണ്. സര്‍ഫാസി നിയമം കേന്ദ്ര തലത്തിലേ പിന്‍വലിക്കാനാവൂ. നിയമം പിന്‍വലിക്കണമെന്നുതന്നെയാണ് ആവശ്യം. പക്ഷേ, അതല്ല ഞങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. ആരുടെയും കിടപ്പാടം നഷ്ടപ്പെടരുത്. ആ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. തട്ടിപ്പിനിരയായവരെ കടബാധ്യതയില്‍നിന്ന് ഒഴിവാക്കി കിടപ്പാടവും പ്രമാണങ്ങളും തിരികെ നല്‍കുക, ലോണ്‍ മാഫിയക്ക് ശിക്ഷ ഉറപ്പാക്കുകയും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യുക, വായ്പാ തട്ടിപ്പ് നടത്തിയ കേസുകളില്‍ സര്‍ഫാസി നിയമം പ്രയോഗിക്കാതിരിക്കുക തുടങ്ങിയവയാണ് ഇപ്പോള്‍ മുദ്രാവാക്യമായി ഉന്നയിക്കുന്നത്. അത് സംസ്ഥാന തലത്തിലോ ജില്ലാതലത്തിലോ ഒക്കെ ഭരണകൂടത്തിന് ചെയ്യാം. ഇവിടെ നടക്കുന്ന വഞ്ചനയും തട്ടിപ്പും ഭരണകൂടത്തിന് അറിയാത്തതല്ല. 2009ല്‍ തന്നെ വൈപ്പിന്‍ മേഖലയില്‍ ദലിതരെ വഞ്ചിച്ച് കിടപ്പാടം തട്ടിയെടുക്കുന്നത് ഞങ്ങള്‍ ബോധ്യപ്പെടുത്തിയതാണ്. പക്ഷേ, ഭരണകൂടം അനീതിക്കുനേരെ കണ്ണടച്ചിരിക്കുകയാണ്. അതില്‍ പ്രതിഷേധിച്ച് ഭരണവര്‍ഗത്തോട് കണ്ണുതുറക്കാനാണ് ഞങ്ങളുടെ കണ്ണുകെട്ടിയ പ്രതീകാത്മകസമരം ആവശ്യപ്പെടുന്നത്.

വലിയൊരു ബഹുജനമുന്നേറ്റമായോ, സംസ്ഥാനതലത്തിലേക്കോ സമരം ഇതുവരെ വികസിച്ചിട്ടില്ല. എന്താണ് അതിന് തടസ്സം?

സംസ്ഥാനതല സമരമായി മാറാത്തതിന് പല കാരണങ്ങളുണ്ട്. അതില്‍ ആദ്യത്തേത് ജനങ്ങളിലെ അവബോധമില്ലായ്മയാണ്. കേരളീയരില്‍ നല്ല പങ്കും ഏതെങ്കിലും വായ്പ എടുത്തവരാണെങ്കിലും അവര്‍ക്ക് സര്‍ഫാസി എന്ന നിയമത്തെപ്പറ്റി അറിയുകപോലുമില്ല. നിയമസഭാ മാര്‍ച്ച് നടത്തിയതിന്‍െറ ഭാഗമായി ഞങ്ങള്‍ എം.എല്‍.എമാരെ കണ്ടിരുന്നു. രണ്ടു എം.എല്‍.എമാര്‍ക്ക് മാത്രമാണ് സര്‍ഫാസി നിയമം എന്താണെന്ന് അറിയാവുന്നത്. ഇതൊരു വലിയ പ്രശ്നമാണ്. ജനങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുക എന്ന പ്രശ്നമാണ് ഇപ്പോള്‍ ഞങ്ങള്‍ക്കു മുന്നിലെ അടിയന്തര പ്രശ്നം. വിവിധ ജനകീയ സമരങ്ങള്‍ ഏറ്റെടുത്തവര്‍ക്കും സര്‍ഫാസി നിയമത്തെപ്പറ്റി വലിയ ധാരണയില്ല. അതിനെക്കാള്‍ ജനങ്ങളുടെ വിഭവം പരിമിതമാണ്. ഞാനുദ്ദേശിക്കുന്നത് ഉയര്‍ന്ന രാഷ്ട്രീയബോധമുള്ള സമര്‍പ്പിതരായ ആക്ടിവിസ്റ്റുകളുടെ അഭാവമാണ്. മാധ്യമങ്ങളാകട്ടെ വലിയ രീതിയില്‍ പ്രശ്നം ഏറ്റെടുത്തിട്ടുമില്ല. ഇങ്ങനെ പലതരത്തിലുള്ള വെല്ലുവിളികളാണ് സമരം നേരിടുന്നത്. ഇത് ഞങ്ങളുടെ സമരം മാത്രം നേരിടുന്ന പ്രശ്നമല്ല.

സമരത്തിന്‍െറ രാഷ്ട്രീയ പ്രാധാന്യത്തെ സ്വയം എങ്ങനെ വിലയിരുത്തും?

ഇത് വായ്പ എടുത്തവരുടെ പ്രശ്നമല്ല. ബാങ്കുകളുടെ കൊള്ള, ലോണ്‍ മാഫിയകളുടെ വഞ്ചന, ഭൂമി തട്ടിയെടുക്കല്‍, ഭരണവര്‍ഗങ്ങളുടെ സമീപനം എന്നിങ്ങനെ വിവിധ തലമുണ്ട്. കുടിയിറക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും ദലിതരാണെന്നറിയാം. ഞങ്ങള്‍ നടത്തുന്നത് കേവലം സാമ്പത്തിക സമരമല്ല. സമരത്തിലേര്‍പ്പെട്ടവരുടെ സാമ്പത്തിക നേട്ടത്തിന്‍െറ തലംമാത്രമല്ല ഇതിനുള്ളത്, കിടപ്പാടത്തിന്‍െറയും ഭൂമിയുടെയും പ്രശ്നമാണ്. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചുപിടിക്കണം. ഭൂമി പിടിച്ചെടുക്കല്‍ രാഷ്ട്രീയ അധികാരത്തിന്‍െറ പ്രശ്നമാണ്. അതായത് ഞങ്ങള്‍ നടത്തുന്നത് ദരിദ്രരുടെയും ദലിതരുടെയും രാഷ്ട്രീയസമരമാണെന്ന് ചുരുക്കം. രാഷ്ട്രീയസമരത്തിന്‍െറ മാനങ്ങള്‍ ആദ്യംമുതലേ സമരത്തില്‍ അടങ്ങിയിരിക്കുന്നു.

ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ‘കണ്ണുകെട്ടി സമര’ത്തിന് ചില പരിമിതികള്‍ ഉണ്ട് എന്ന് താങ്കള്‍ക്ക് മനസ്സിലാകും. അനിശ്ചിതമായി സമരം ഇങ്ങനെ തുടരാനാവില്ല..?
കണ്ണുകെട്ടി സമരം ആത്യന്തിക സമരരൂപമല്ല. നിയമസഭാ മാര്‍ച്ച്, ധര്‍ണകള്‍, ജപ്തിതടയല്‍ തുടങ്ങിയ വിവിധ സമരങ്ങള്‍ ഞങ്ങള്‍ മുമ്പ് ചെയ്തത് അറിയാമല്ളോ. ഇത് അതിന്‍െറ തുടര്‍ച്ചയാണ്. എന്നാല്‍, ഇപ്പോഴും ഞങ്ങള്‍ സമരത്തിന്‍െറ ആദ്യ ചുവടുകളിലാണ്. പ്രതിരോധത്തിന്‍െറ ചിത്രമെഴുത്താണിത്. കാന്‍വാസില്‍ ബ്രഷുകൊണ്ട് ആദ്യ വരകള്‍ വരക്കാന്‍ തുടങ്ങുന്നു എന്നു മനസ്സിലാക്കിയാല്‍ മതി. കൂടുതല്‍ ജനങ്ങളെ അണിനിരത്തി, വിപുലമായ അടിത്തറയില്‍ സര്‍ഫാസി നിയമം പിന്‍വലിപ്പിക്കുന്നതിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.

എതിര്‍പക്ഷത്ത് ബ്ളേഡ് -മാഫിയ സംഘങ്ങളാണ്. സമരത്തിന് ഭീഷണിയുണ്ടോ?
സമരത്തിന്‍െറ എതിര്‍പക്ഷത്തുള്ളവര്‍ നേരിട്ട് ഭീഷണിയുമായി വന്നിട്ടില്ല. ഒളിഞ്ഞാണ് നീക്കം. അവര്‍ അനീതി ചെയ്തിരിക്കുന്നു. അവര്‍ക്കതിനിയും തുടരണം. അതിനാല്‍തന്നെ എതിര്‍ത്തു രംഗത്തുവരില്ല. ജനാഭിപ്രായം തങ്ങള്‍ക്കെതിരാണെന്നവര്‍ക്ക് അറിയാം. അതിനാല്‍ നിശ്ശബ്ദരായി ഇരിക്കുകയാണ്. അവസരം കിട്ടിയാല്‍ അവര്‍ ആഞ്ഞടിക്കും.ഡി.ആര്‍.ടി ഓഫിസിനു മുന്നിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റത് വി.എസ്. അച്യുതാനന്ദനായിരുന്നു. അവസാനനിമിഷം അദ്ദേഹം പിന്മാറി. എന്തായിരുന്നു കാരണം?
സര്‍ഫാസി നിയമത്തെയും കിടപ്പാടം നഷ്ടപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ ഞങ്ങള്‍ അച്യുതാനന്ദനെ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു. വരാമെന്ന് അദ്ദേഹം സമ്മതിച്ചു. സമരം കൂടുതല്‍ ബഹുജന അടിത്തറയിലേക്ക് വികസിക്കണമെന്ന് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍, പിന്നീട് ‘പോരാട്ട’ത്തിന്‍െറ സമരമാണെന്നും ‘പോരാട്ടം’ നേതാക്കളാരും വേദിയിലുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നെ അവസാന നിമിഷം വരുന്നില്ളെന്ന് അറിയിച്ചു. ജില്ലയിലെ സി.പി.എം നേതാക്കള്‍ ഞങ്ങളുടേത് മാവോവാദി സമരമാണെന്ന് പറഞ്ഞു ഫലിപ്പിച്ചതാണ് അച്യുതാനന്ദന്‍െറ പിന്മാറ്റ കാരണം. അതുവഴി രണ്ടുകാര്യം വ്യക്തമാണ്: ജനകീയ സമരങ്ങളില്‍ ഉപാധികളോടെയേ അദ്ദേഹത്തിന് പങ്കെടുക്കാനാവൂ. രണ്ട്, സി.പി.എം നേതൃത്വത്തിന് ജനകീയ സമരം ഏറ്റെടുക്കാനാവില്ളെന്ന് മാത്രമല്ല, കഴിയുന്നത്ര തുരങ്കംവെക്കാനും ശ്രമിക്കും. ഇതില്‍ അദ്ഭുതത്തിന് ഇടയില്ല.

സമരം മാവോവാദികളുടേതാണ് എന്ന് പ്രചരിപ്പിച്ച് ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നാണോ അര്‍ഥം? 
അത് തുടക്കംമുതലേയുണ്ട്. ഏതൊരു സമരത്തെയും ഒറ്റപ്പെടുത്താനും അടിച്ചമര്‍ത്താനും എളുപ്പവഴി മാവോവാദിബന്ധം ആരോപിക്കലാണ്. മാവോവാദം രാഷ്ട്രീയ അപരാധമാണെന്നൊന്നും ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍, ഇവിടെ നടക്കുന്നത് മാവോവാദിസമരമല്ല. ഇത് തീര്‍ത്തും ജനകീയ സമരമാണ്. വ്യക്തിപരമായി ഞാനുള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയനിലപാടുകള്‍ നടപ്പാക്കാനല്ല ശ്രമം. ഇത്് ദരിദ്രരുടെയും ദലിതരുടെയും നിലനില്‍പിനായുള്ള സമരമാണ്. കിടപ്പാടം നഷ്ടപ്പെട്ട്, തെരുവിലിറങ്ങാതിരിക്കാനുള്ള അവരുടെ ചെറുത്തുനില്‍പ്. അതില്‍നിന്ന് മാറിനില്‍ക്കാന്‍ ഒരു മനുഷ്യസ്നേഹിക്കും കഴിയില്ല. മാവോവാദികളെന്നും മറ്റും വിളിച്ച് സമരത്തെ അടിച്ചമര്‍ത്താനും ഒറ്റപ്പെടുത്താനും ശ്രമിക്കുന്നവര്‍ ജനങ്ങളുടെ എതിര്‍പക്ഷത്താണ് നിലകൊള്ളുന്നത്.

കിടപ്പാടം നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കുന്നതിനും ജപ്തി തടയുന്നതിലും ബലപ്രയോഗത്തിന്‍െറ പ്രശ്നമില്ളേ..?
ഉണ്ട്. കിടപ്പാടം നഷ്ടപ്പെട്ടവര്‍ അത് തിരിച്ചുപിടിക്കാന്‍ നടത്തുന്ന ബലപ്രയോഗം ന്യായമാണ്. മര്‍ദിതരുടെ ബലപ്രയോഗം എല്ലാ അര്‍ഥത്തിലും ശരിയാണ്. ഞങ്ങള്‍ ശ്രമിക്കുന്നത് കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ ജപ്തിനടപടികളെ ജനത്തെ അണിനിരത്തി തടയുക എന്നതാണ്. ജപ്തി ചെയ്യപ്പെട്ട കിടപ്പാടം ജനങ്ങളെ അണിനിരത്തി തിരിച്ചുപിടിക്കുന്നു. അത് ഞങ്ങള്‍ക്ക് ചെയ്യാതിരിക്കാനാവില്ല. കാരണം, ഞങ്ങള്‍ സമരം തുടങ്ങിയശേഷം ആരും എറണാകുളം ജില്ലയിലെ ഞങ്ങളുടെ മേഖലയില്‍ തെരുവിലിറക്കപ്പെട്ടിട്ടില്ല. മാത്രമല്ല, സമരം തുടങ്ങുന്നതിന് മുമ്പ് ജപ്തിചെയ്യപ്പെട്ട ചില കിടപ്പാടം ഞങ്ങള്‍ തിരിച്ചുപിടിക്കുകയും ചെയ്തു. അതാണ് ഞങ്ങളുടെ സമരത്തിന്‍െറ പ്രാധാന്യം. സ്വന്തം കിടപ്പാടങ്ങളില്‍നിന്ന് ആരും തെരുവിലേക്കിറക്കപ്പെടരുത്. അതിന് സമരം ചെയ്യുകയല്ലാതെ മറ്റൊരു വഴി ശേഷിക്കുന്നില്ല.
രാഷ്ട്രീയ പ്രവര്‍ത്തകരെ ഭരണകൂടം നിരന്തരം വേട്ടയാടുന്നു എന്ന് ‘പോരാട്ടം’ തന്നെ വിലയിരുത്തുന്ന കാലമാണിത്. നിങ്ങള്‍ ഈ സമരത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. സംസ്ഥാനതലത്തില്‍ ‘പോരാട്ട’ത്തിന്‍െറ പ്രവര്‍ത്തനം മന്ദീഭവിച്ചിട്ടുണ്ടോ?
നേരത്തേ സൂചിപ്പിച്ചതുപോലെ ആത്മനിഷ്ഠഘടകങ്ങള്‍ എന്നു വിളിക്കാവുന്ന ആക്ടിവിസ്റ്റുകളുടെ അഭാവം ശക്തമായിട്ടുണ്ട്. വ്യക്തിപരമായി എനിക്ക് ഇവിടെ കേന്ദ്രീകരിക്കേണ്ടിവരുന്നത് സംസ്ഥാനതല പ്രവര്‍ത്തനത്തെ ചിലരീതിയില്‍ ബാധിച്ചിട്ടുണ്ടെന്ന് അറിയാം. പക്ഷേ, കിടപ്പാടം നഷ്ടപ്പെടുന്നവര്‍ തെരുവിലിറങ്ങട്ടെ, ഞങ്ങള്‍ വേറെ സമരം നയിക്കാം എന്ന സമീപനം തെറ്റാണ്. മര്‍ദിതര്‍ക്കൊപ്പം, അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കൊപ്പം നിലകൊള്ളുക എന്നതാണ് ശരിയായ നിലപാട്. അതുതന്നെയാണ് പോരാട്ടം.
l

No comments:

Post a Comment