Tuesday, November 24, 2015

നമ്മളെന്തിന് സേച്ഛാധിപതികളെ വാഴ്ത്തണം?


ചരിത്രം/പുനര്‍വായന



തിരുവിതാംകൂര്‍ ചരിത്രമായിട്ട് 68 വര്‍ഷം കഴിഞ്ഞിട്ടും നമ്മളെ പഴയകാലം വീണ്ടും വേട്ടയാടുകയാണ്. ദിവാന്‍ സര്‍.സി.പി. രാമസ്വാമി അയ്യരെ വെള്ളപൂശുകയും ആധുനിക കേരളത്തിന്‍െറ ശില്‍പിയെന്ന് വിശേഷിപ്പിക്കുകയും ചെയ്യന്ന ജീവചരിത്രഗ്രന്ഥങ്ങളും രചനകളും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. സര്‍.സി.പിയെ മഹാനാക്കുന്ന ഇത്തരം രചനകള്‍ യഥാര്‍ത്ഥ ചരിത്രത്തിന് പുറം തിരിഞ്ഞാണ് നില്‍ക്കുന്നത്. ദിവാനെതിരെയും രാജവാഴ്ചക്കെതിരെയും നടന്ന പുന്നപ്ര-വയലാര്‍ അടക്കമുള്ള പ്രക്ഷോഭങ്ങളെ ചെറുതാക്കി കാണിക്കുന്നതാണ് ഇത്തരം ശ്രമമെന്ന് ലേഖകന്‍ വാദിക്കുന്നു.



നമ്മളെന്തിന് സേച്ഛാധിപതികളെ
വാഴ്ത്തണം?

ആര്‍.കെ. ബിജുരാജ്



തിരുവിതാംകൂറിന്‍്റെ ചരിത്രം നമുക്കൊരിക്കലും പഴംകഥയല്ല. രാജ്യമില്ലാതായിട്ട് ഏഴ് പതിറ്റാണ്ടാവുന്നുവെങ്കിലും, ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയ പല നിര്‍ണായക സംഭവങ്ങളും നടന്നത് തിരുവിതാംകൂറിന്‍്റെ അന്ത്യപാദങ്ങളിലാണ്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പുള്ള പതിനൊന്നുവര്‍ഷം (1936-1947) എല്ലാ അര്‍ത്ഥത്തിലും പ്രധാനമാണ്. ഇക്കാലത്ത് തിരുവിതാംകൂറില്‍ എന്തുനടന്നു, ചരിത്രസന്ധികളില്‍ നായകരും പ്രതിനായകരും ആര് എന്നൊക്കെ കൃത്യമായി അറിയേണ്ടതുണ്ട്.
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.സി.പി. രാമസ്വാമി അയ്യരെ മികച്ച ഭരണാധികാരിയായും യഥാര്‍ത്ഥ നായകനായും ആധുനിക കേരളത്തിന്‍െറ വികസന ശില്‍പിയായും അവതരിപ്പിക്കുന്ന ജീവചരിത്ര ഗ്രന്ഥങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഡോ. എ. രഘു രചിച്ച CP: A Short Biography Of Sir CP(Pub: Prestige Books), Duty, Destiny And Glory: The Life of Ramaswamy Aiyar (pub: Orient Black Swan) എ. ശ്രീധരമേനോന്‍ രചിച്ച ‘സര്‍.സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും-ചരിത്ര രേഖകളിലൂടെ’, ‘സര്‍ സി.പി തിരുവിതാംകൂര്‍ ചരിത്രത്തില്‍'  തുടങ്ങിയ പുസ്തകങ്ങള്‍ ഇത്തരം ശ്രമങ്ങളാണ്. ഇതേ പിന്തുടര്‍ന്ന് നിരവധി ലേഖനങ്ങളും സര്‍.സി.പിയെ വാഴ്ത്തി പ്രസിദ്ധീകരിക്കപ്പെട്ടു.
‘ചരിത്രത്തിലെ ഒരു വലിയ തെറ്റ് തിരുത്തുന്നു' എന്ന കുറിപ്പോടെ, പതിനേഴ്് വര്‍ഷം മുമ്പാണ് ചരിത്രകാരനായ പ്രൊഫ.എ. ശ്രീധരമേനോന്‍ അന്നുവരെ നിലനിന്നിരുന്ന ഒരു സങ്കല്‍പത്തെ മാറ്റിയെഴുതുന്നത്. തിരുവിതാംകൂറില്‍ നടന്ന അനിഷ്ടസംഭവങ്ങള്‍ക്കും മോശം കാര്യങ്ങള്‍ക്കും ദിവാനായിരുന്ന സര്‍.സി.പി. രാമസ്വാമി അയ്യര്‍ അല്ല, കൊട്ടാരവും മഹാരാജാവുമാണ് പ്രതിയെന്ന് അദ്ദേഹം വാദിച്ചു(‘ചരിത്രം പ്രതിക്കൂട്ടില്‍', കലാകൗമുദി, ലക്കം 1210, 1998 നവംബര്‍). സി.പി. തിരുവിതാംകൂറില്‍ നടത്തിയ ദുര്‍ഭരണം കൊട്ടാരത്തിന്‍്റെ നിര്‍ദേശത്തോടെയായിരുന്നു എന്ന വാദം പിന്നീട് പുറത്തിറങ്ങിയ ‘സര്‍.സി.പിയും സ്വതന്ത്ര തിരുവിതാംകൂറും', ‘സര്‍ സി.പി തിരുവിതാംകൂര്‍ ചരിത്രത്തില്‍' എന്നീ പുസ്തകങ്ങളിലൂടെ അദ്ദേഹം കൂടുതലായി സമര്‍ത്ഥിച്ചു. ശ്രീധരമേനോന്‍്റെ ചരിത്രം ഒരര്‍ത്ഥത്തില്‍ പുരോഗമനപരമായിരുന്നു! കാരണം അന്നുവരെ തിരുവിതാംകൂറില്‍ നടന്ന എല്ലാ ചീത്തകാര്യങ്ങളും ദിവാന്‍്റെ തലയിലും നല്ലകാര്യങ്ങളെല്ലാം കൊട്ടാരത്തിന്‍്റെ കണക്കിലുമായിരുന്നു.  അതായത് ക്ഷേത്രപ്രവേശന വിളംബരം പോലുള്ള നല്ല കാര്യങ്ങള്‍ക്ക് മഹാരാജാവും പുന്നപ്ര-വയലാര്‍ കൂട്ടക്കൊല, ‘സ്വതന്ത്രതിരുവിതാംകൂര്‍' പോലുള്ള ചീത്തക്കാര്യങ്ങള്‍ക്ക് ദിവാനും ഉത്തരവാദികള്‍. പക്ഷേ, ശ്രീധരമേനോന്‍ എഴുതിയപ്പോള്‍ തിരിച്ചായി ചരിത്രം. തിരുവിതാംകൂറില്‍ നടന്ന എല്ലാ നല്ലകാര്യങ്ങളും സര്‍.സി.പിക്ക് ചാര്‍ത്തിക്കൊടുക്കുകയും മോശംകാര്യങ്ങളെല്ലാം കൊട്ടാരത്തിന്‍്റെ തലയില്‍ വരവ് വച്ചുകൊടുക്കുകയും ചെയ്തു. അതൊരു ബോധപൂര്‍വമായ ശ്രമമായിരുന്നു എന്ന വാദം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. നമ്മള്‍ അല്‍പം പിന്നിലേക്ക് പോയി ചരിത്രം ഒന്നു നോക്കിയിട്ട് സര്‍.സി.പിയുടെ കാലത്തേക്ക് മടങ്ങിവരാം. എന്താണ് തിരുവിതാംകൂറില്‍ നടന്നിരുന്നത് എന്നറിയണമല്ളോ!


ബ്രിട്ടീഷ് ഉടമ്പടികളും തിരുവിതാംകൂറും


ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുന്നതുവരെ  തിരുവിതാംകൂറും കൊച്ചിയും സ്വതന്ത്ര രാജ്യങ്ങളായിരുന്നു എന്ന ധാരണ നിലവിലുണ്ട്. അത്തരം ധാരണ വസ്തുതയ്ക്ക് നിരയ്ക്കുന്നതല്ല.  നേരിട്ടുള്ള കൊളോണിയല്‍ വാഴ്ചയ്ക്ക് കീഴിലായിരുന്നില്ല ഈ രാജ്യങ്ങളെന്നത് നേര്. പക്ഷേ, അതിനേക്കാള്‍ ശക്തമായ, പരോക്ഷ കൊളോണിയല്‍ അധിനിവേശം ( ബ്രിട്ടീഷ് ഭരണം) ഈ നാട്ടുരാജ്യങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു.
തിരുവിതാംകൂറിന്‍്റെ കാര്യത്തില്‍ അവര്‍ ബ്രിട്ടീഷുകാരുമായി 1795- ലാണ് നിര്‍ണായകമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സന്ധിയില്‍ ഒപ്പിടുന്നത്. ആ സമയത്ത് തിരുവിതാംകൂര്‍, ഇംഗ്ളീഷ് സര്‍ക്കാരുമായി തുല്യതയുള്ള ‘സ്വതന്ത്ര'രാജ്യമായിട്ടായിരുന്നു വിശേഷിപ്പിക്കപ്പെട്ടത്. ഈ ഉടമ്പടിയുടെയും സൗഹൃദത്തിന്‍്റെയും അടിസ്ഥാനത്തില്‍ തിരുവിതാംകൂറിന്‍്റെ ഭരണസംവിധാനം ആകെ പരിഷ്കരിക്കപ്പെട്ടു. മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് തിരുവിതാംകൂറിനെ ഉറച്ച ഭരണത്തിന്‍ കീഴില്‍കൊണ്ടുവരാന്‍ കഴിഞ്ഞതിന് ഒരു കാരണം അദ്ദേഹം ഇംഗ്ളീഷുകാരുമായി മുമ്പേ ഉണ്ടാക്കിയ ചങ്ങാത്തമാണ്. എന്നാല്‍ 1805 ല്‍ സ്ഥിതിമാറി. വേലുത്തമ്പി ദളവയുടെ ഭരണകാലത്ത്, ശോഷിച്ച ഭണ്ഡാരം നിറക്കാന്‍ അദ്ദേഹം ചില കടുത്തനടപടി കൈക്കൊണ്ടു. അത് രാജ്യത്തിനുള്ളില്‍ അസംതൃപ്തി ഉണ്ടാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചില നാട്ടുപ്രമാണികളും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. പട്ടാളം കലാപം ആരംഭിച്ചു. ഈ കലാപം അടിച്ചമര്‍ത്താന്‍ വേലുത്തമ്പിക്ക് കഴിയാതെ വന്നു. ഒടുവില്‍ സഹായത്തിന് ഇംഗ്ളീഷ് പട്ടാളത്തെ വിളിച്ചു. ആഭ്യന്തര കലാപത്തെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും തിരുവിതാംകൂറിന്‍്റെ കീഴടങ്ങല്‍ അവിടെ തുടങ്ങി. സഹായത്തിനു പ്രത്യുപകാരമായി അതുവരെ നിലനിന്നിരുന്ന സന്ധി പുതുക്കാന്‍ ഇംഗ്ളീഷുകാര്‍ ആവശ്യപ്പെട്ടു. പുതുക്കിയ സന്ധികളാകട്ടെ തിരുവിതാംകൂറിനെ ബ്രിട്ടീഷുകാര്‍ക്ക് തീര്‍ത്തും അടിമപ്പെടുത്തുന്നതായിരുന്നു. വ്യവസ്ഥകള്‍ ഇതായിരുന്നു: ഒന്നാമതായി, ഈസ്റ്റിന്ത്യാകമ്പനിയുടെ അനുവാദത്തോടെയല്ലാതെ ഒരു യൂറോപ്യനെയും തിരുവിതാംകൂറിലെ ഒരുദ്യോഗത്തിലും നിശ്ചയിക്കുകയില്ല. രണ്ടാമത്, നികുതിപിരിവോ ധനസംബന്ധമായ ഭരണമോ, തിരുവിതാംകൂറിലെ മറ്റെന്തെങ്കിലും ഗവണ്‍മെന്‍്റ വകുപ്പുകളോ ശരിയായി നടത്തുന്നതിനാവശ്യമെന്ന് തോന്നുന്ന നിയമങ്ങളും നിര്‍ദേശങ്ങളും ബ്രിട്ടീഷുകാര്‍ പുറപ്പെടുവിക്കും. ആവശ്യമെന്നുകണ്ടാല്‍ തിരുവിതാംകൂറിന്‍്റെ ഏതെങ്കിലും ഭാഗമോ തിരുവിതാംകൂര്‍ മുഴുവന്‍ തന്നെയോ ഈസ്റ്റിന്ത്യാക്കമ്പനിയുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലാക്കാനും ഇംഗ്ളീഷ് ഗവര്‍ണര്‍ ജനറല്‍ക്കധികാരമുണ്ടായിരിക്കും. മൂന്നാമത്, തിരുവിതാംകൂറിലെ നീതിന്യായം, നികുതിപിരിവ്, സര്‍ക്കാര്‍ ചെലവുകളുടെ നിയന്ത്രണം, കച്ചവടം, കൃഷി, വ്യവസായം, മഹാരാജാവിന്‍്റെ താല്‍പര്യങ്ങളും പ്രജകളുടെ ക്ഷേമവും സംരക്ഷിക്കാനുള്ള വിഷയങ്ങള്‍ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന ഉപദേശങ്ങളനുസരിക്കാന്‍ തിരുവിതാംകൂര്‍ രാജാവ് ബാധ്യസ്ഥനാണ്.
തിരുവിതാംകൂറിന്‍്റെ എല്ലാ അധികാരങ്ങളും ഇംഗ്ളീഷുകാര്‍ക്ക് പണയപ്പെടുത്തിയതാണ് ഈ സന്ധി. ഇതിനുശേഷം തിരുവിതാംകൂര്‍ ഒരു സ്വതന്ത്ര രാജ്യമേയായിരുന്നില്ല. ബ്രിട്ടീഷുകാരുടെ ദാസന്‍മാര്‍ മാത്രമായിരുന്നു രാജാവ്. തിരുവിതാംകൂറും ബ്രിട്ടീഷ് സര്‍ക്കാരുമായി ഉണ്ടാക്കിയ ബന്ധമെല്ലാം ഈ സന്ധിയുടെ ചുവടുപിടിച്ചാണ്. കഥ അവിടെയും തീരുന്നില്ല.
പിന്നീട്, 1809 ല്‍ തിരുവിതാംകൂറില്‍ തങ്ങള്‍ക്കെതിരെയുണ്ടായ ചില കുഴപ്പങ്ങളുടെ പേരില്‍ രാജ്യഭരണം ഇംഗ്ളീഷുകാര്‍ നേരിട്ട് കുറച്ചുകാലത്തേക്കെങ്കിലും ഏറ്റെടുത്തു. ഇംഗ്ളീഷ് സര്‍ക്കാരിന്‍്റെ പ്രതിനിധിയായ റസിഡന്‍്റ് കേണല്‍ മണ്‍റോ തിരുവിതാംകൂര്‍ ദിവാനായി.  ഈ ഘട്ടത്തില്‍ കൊച്ചിയുടെ ഭരണവും ഇംഗ്ളീഷുകാര്‍ കൈക്കലാക്കി. അവിടെയും കേണല്‍ മണ്‍റോ തന്നെയായിരുന്നു ദിവാന്‍. രാജാവിനെ പേരിനുമാത്രം നിലനിര്‍ത്തി, രാജ്യഭരണം ദിവാന്‍ തന്നെ നടത്തി. ഇക്കാലയളവില്‍ തിരുവിതാംകൂറിന്‍്റെ ഭരണവ്യവസ്ഥയില്‍ മണ്‍റോ നിര്‍ണായകമായ ഒട്ടനവധി മാറ്റം വരുത്തി. അതാകട്ടെ ബ്രിട്ടീഷുകാരുടെ താല്‍പര്യത്തിനനുസരിച്ചുള്ളതുമാത്രമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്‍്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരെയും അവര്‍ക്കുമേല്‍ റസിഡന്‍്റിന് നിയന്ത്രണവുമുള്ള വിധത്തിലായിരുന്നു പുതിയ ഭരണവ്യവസ്ഥ ക്രമപ്പെടുത്തിയത്. ബ്രിട്ടീഷുകാര്‍ക്കിഷ്ടമുള്ള ദിവാന്‍മാര്‍ മാത്രം രാജ്യംഭരിക്കുകയെന്ന അവസ്ഥയുടെ ഫലമായി ഉദ്യോഗസ്ഥ യന്ത്രത്തിന്‍്റെ ചുക്കാന്‍ പൂര്‍ണഅര്‍ത്ഥത്തില്‍ അവരുടെ കയ്യിലായി.
മാറ്റങ്ങളുടെ പൊതുസ്വഭാവം ഇതായിരുന്നു: ‘ കേണല്‍ മണ്‍റോ ചിട്ടയും ക്രമവും സ്ഥാപിക്കുവാന്‍ ഉദ്യമിച്ചു. അതിപുരാതനകാലം മുതല്‍ രാജ്യത്ത് നിലനിന്നുപോന്നിരുന്ന അധികാരവിഭജനത്തിന് അദ്ദേഹം അറുതിവരുത്തി. തലസ്ഥാനത്തിരുന്നുകൊണ്ട് ദിവാന്‍ നയിക്കുന്ന ഒരു കേന്ദ്രീകൃത ഭരണസംവിധാനം അദ്ദേഹം കെട്ടിപ്പടുത്തു. ദിവാനെ സഹായിക്കുന്നതിനായി ഒരു സംഘം അസിസ്റ്റന്‍്റുമാരെയും നിയോഗിച്ചു. അവരില്‍ ഏറ്റവും പ്രധാനികള്‍ പുതുതായി നിയമിക്കപ്പെട്ട രണ്ടു ദിവാന്‍പേഷ്കാര്‍മാര്‍ ആയിരുന്നു. റാണിയുടെ അനുവാദത്തോടുകൂടി, സര്‍ക്കാര്‍ കാര്യങ്ങളുടെ നടത്തിപ്പിനുവേണ്ടി കൈകൊണ്ട ഈ സംവിധാനങ്ങള്‍ ഏറെക്കുറെ മദിരാശി ബ്രിട്ടീഷ് പ്രവിശ്യയില്‍ നിലവിലുണ്ടായിരുന്നവയുടെ മാതൃകയിലയിരുന്നു. ഭരണകൂടത്തിന്‍്റെ എല്ലാ വകുപ്പുകളും കേണല്‍ മണ്‍റോ പുന:സംഘടിപ്പിച്ചു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഹജൂര്‍ കച്ചേരിയും ധനകാര്യം, റവന്യൂ, നീതിന്യായം, പോലീസ്, സൈന്യം എന്നീ വകുപ്പുകളുമായിരുന്നു. കാര്യക്കാര്‍, തിരുമുഖംപിള്ള മുതലായ ഉദ്യോഗപ്പേരുകള്‍ തഹസില്‍ദാര്‍, സമ്പ്രതി എന്നും മറ്റുമാക്കി മാറ്റി'' (തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍, വോള്യം 4).
ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് "കേരളം: മലയാളികളുടെ മാതൃഭൂമി'യില്‍ എഴുതിയതാണ് അന്നത്തെ ശരിയായ അവസ്ഥ: " മണ്‍റോവിന്‍്റെ ഭരണപരിഷ്കാരത്തില്‍ നാടുവാഴികളും ദേശവാഴികളും മാത്രമല്ല, അവരുടെയെല്ലാം യജമാനനായ രാജാവുകൂടി ഇല്ലാതായിരിക്കുന്നു. പേരിന് നാടുവാഴുന്നത് രാജാവാണ്. അദ്ദേഹം ഒപ്പിട്ടതാണ് പ്രധാന ഉത്തരവുകള്‍; അദ്ദേഹമംഗീകരിക്കാത്ത നിയമങ്ങളൊന്നും നിയമമാവുകയില്ല; ദിവാന്‍ അദ്ദേഹത്തിന്‍്റെ ആജ്ഞാനുവര്‍ത്തിയായ ഉദ്യോഗസ്ഥന്‍മാത്രമാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ രാജ്യം ഭരിക്കുന്നത് ദിവാനാണ്; നയവും പരിപാടിയും രൂപീകരിക്കുന്നതിലും, അത് നടപ്പില്‍ വരുത്താന്‍വേണ്ട പ്രായോഗിക നടപടികളെടുക്കുന്നതിലും, അതിനുവേണ്ട ഉദ്യോഗസ്ഥന്‍മാരെ നിയമിക്കുന്നതിലുമെല്ലാം ദിവാനാണ് മുമ്പും കൈയുമുള്ളത്''.
മണ്‍റോവിന്‍്റെ കാലത്തിനുശേഷം ആരും ഈ അവസ്ഥയ്ക്കുമാറ്റമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. മറിച്ച് ഈ സ്ഥിതി കൂടുതല്‍ ശക്തിപ്പെടുകയാണുണ്ടായത്.  "റസിഡന്‍്റ്, ദിവാന്‍, ദിവാന്‍്റെ കീഴില്‍ ചീഫ് സെക്രട്ടറി മുതല്‍ പാര്‍വത്യകാര്‍ (പ്രവൃത്തിദാര്‍) വരെയുള്ള ഒട്ടേറെ ഉദ്യോഗസ്ഥന്‍മാര്‍ എന്നിവര്‍ മുഖേന തിരയുന്ന ഭരണയന്ത്രത്തിന്‍്റെ ഒരു നിസാരമായ സ്ക്രൂ- അഴിഞ്ഞുപോയാലും യാതൊരു തകരാറും കുടാതെ യന്ത്രം തിരിഞ്ഞുകൊണ്ടിരിക്കത്തക്കവിധം നിസാരമായ സ്ക്രൂ- എന്ന നിലമാത്രമേ ഇന്നു രാജാവിനുള്ളൂ.... കഴിഞ്ഞ 130 കൊല്ലക്കാലത്ത് കൊച്ചിയിലും തിരുവിതാംകൂറിലും വന്ന പുരോഗതിക്കും അധ:പതനത്തിനും മര്‍ദനത്തിനുമെല്ലാം ഉത്തരവാദികള്‍ ദിവാന്‍മാരാണ്, രാജാക്കന്‍മാരല്ല. സര്‍ ടി.മാധവറാവു, സര്‍. രാജഗോപാലാചാരി, സര്‍.സി.പി.രാമസ്വാമി അയ്യര്‍ മുതലായ പേരെടുത്ത ദിവാന്‍മാര്‍ തയ്യാറാക്കുന്ന പരിപാടികള്‍ ശരിവെച്ചുവെന്നല്ലാതെ-വാസ്തവത്തില്‍ ‘ശരിവെച്ചു' എന്നതിനേക്കാള്‍ ‘എതിര്‍ത്തില്ളെ'ന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി- നാട്ടുകാരുടെ ഗുണത്തിനോ ദോഷത്തിനോ വേണ്ടി യാതൊന്നും രാജാക്കന്‍മാര്‍ ചെയ്തിട്ടില്ല''(കേരളം മലയാളികളുടെ മാതൃഭൂമി, ഇ.എം.എസ്)
തിരുവിതാംകൂറില്‍ ഭരണം നടത്തിയിരുന്നത് ദിവാന്‍ തന്നെയായിരുന്നു. ദിവാന്‍മാര്‍ക്ക് രാജാവിനെപ്പോലും നീക്കം ചെയ്യാനുള്ള അധികാരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാജാവിന് മാത്രമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നു എന്ന് വാദിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ഇനി രാജാവ് എതിര്‍ത്തുവെന്നിരിക്കട്ടെ ദിവാന് രാജാവിനത്തെന്നെ നീക്കം ചെയ്യാനും രാജ്യം നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലാക്കാനും കഴിയുമായിരുന്നു. ദിവാന്‍ തന്നെയായിരുന്നു എല്ലാ അര്‍ത്ഥത്തിലും സര്‍വാധിപതി.
നമ്മളിവിടെയത്തെുമ്പോള്‍, ശ്രീധരമേനോന്‍്റെ ആദ്യ വാദം തന്നെ പൊളിയുന്നു. കൊട്ടാരത്തിന്‍്റെ കേവലാ ആജ്ഞാനുവര്‍ത്തിയായിരുന്നില്ല ദിവാനെന്നു വ്യക്തമാവുന്നു. ശ്രീധരമേനോന് സംഭവിച്ച പിഴവ് അദ്ദേഹം തിരുവിതാംകൂറിന്‍്റെ ബ്രിട്ടീഷ് ആധിപത്യത്തെയും ഭരണവ്യവസ്ഥയെയും പരിശോധിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്തില്ല എന്നതാണ്. നമുക്ക് വീണ്ടും മുന്നോട്ടു പോകാം. പഴയ ദിവാന്‍മാരില്‍ നിന്ന് സര്‍.സി.പി. ഏതെങ്കിലും തരത്തില്‍ വ്യത്യസ്തനായിരുന്നോ എന്നു പരിശോധിക്കാം.



സര്‍.സി.പിയും കൊട്ടാര ഉപജാപങ്ങളും


‘1931 മുതല്‍ സര്‍ സി.പി. തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍്റെ വിശ്വസ്തനായ സേവകനെന്ന നിലയ്ക്കാണ് തന്‍്റെ വ്യക്തിത്വം അടിയറവുവെച്ചുപോലും പ്രവര്‍ത്തിച്ചത്' എന്ന് ശ്രീധരമേനോന്‍ എഴുതിയിട്ടുണ്ട്. അതെത്രമാത്രം ശരിയായിരുന്നു? സി.പിയുടെ രംഗപ്രവേശം എങ്ങനെയായിരുന്നു എന്നറിഞ്ഞാല്‍ സംഗതി എളുപ്പമായി.
ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്‍്റെ നിയമ-ഭരണഘടനാ ഉപദേഷ്ടാവായി 1931 മുതല്‍ 1936 വരെയും 1936-1947 വരെ ദിവാനായും സര്‍.സി.പി. തിരുവിതാംകൂറിലുണ്ടായിരുന്നു. പക്ഷേ, അതിനുമുമ്പേ കൊട്ടാരത്തിനുവേണ്ടി അഭിഭാഷകനായി കോടതിയില്‍ അദ്ദേഹം വാദിച്ചിട്ടുണ്ട്. 1910 ല്‍ അദ്ദേഹം കൊട്ടാരത്തിനുവേണ്ടി ഹാജരായ കേസില്‍ വാദി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായിരുന്നു. പിന്നീട്, തമിഴ്നാട് അതിര്‍ത്തിയില്‍ തിരുനെല്‍വേലി കളക്ടര്‍ ആഷ് എന്ന ബ്രിട്ടീഷുകാരനെ വാഞ്ചി അയ്യര്‍ എന്ന വിപ്ളവകാരി വധിച്ച കേസില്‍ തിരുവിതാംകൂര്‍ സര്‍ക്കാരിനുവേണ്ടി മദ്രാസ് കോടതിയിലും ഹാജരായി. ശ്രീമൂലം തിരുനാള്‍ മഹാരാജാവുമായും കൊട്ടാരവുമായും അന്നേ അടുത്ത ബന്ധം സര്‍.സി.പി.പുലര്‍ത്തിയിരുന്നു. ശ്രീമൂലം തിരുനാള്‍ പല വിഷയങ്ങളിലും സി.പി.യുടെ ഉപദേശം തേടി.
എന്നാല്‍ സി.പി.യുടെ താരോദയം ശ്രീമൂലം തിരുനാളിന്‍്റെ മരണത്തോടെയാണ്. അന്ന് കിരീടാവകാശിയായ രാമവര്‍മ്മയ്ക്ക് (പിന്നീട് ബാല എന്ന പേര് ദിവാന്‍്റെ നിര്‍ദേശപ്രകാരം അധികാരമേറ്റെടുത്തശേഷം കൂട്ടിച്ചേര്‍ക്കുകയായിരുന്നു) പന്ത്രണ്ട് വയസാണ്. അതിനാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ റീജന്‍്റിനെ ഭരണമേല്‍പ്പിച്ചു. മരുമക്കത്തായ സമ്പ്രദായമനുസരിച്ച്, ഭരണനിര്‍വഹണം തുടരുന്നതിനായി ശ്രീമൂലത്തിന്‍്റെ കാലത്ത്  മാവേലിക്കര ഉത്സവമഠം കൊട്ടാരത്തില്‍ നിന്ന് കന്യകമാരായ സേതുലക്ഷ്മി ഭായിയും സേതുപാര്‍വതിഭായിയും ദത്തെടുത്തിരുന്നു. ഇതില്‍ മൂത്തയാളായ സേതുലക്ഷ്മിഭായി ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മയ്ക്കുവേണ്ടി റീജന്‍്റായി സ്ഥാനമേറ്റു. ഇളയ റാണിയുടെ മകനായിരുന്നു ബാലരാമവര്‍മ്മ. എന്നാല്‍ റീജന്‍്റും ഇളയറാണിയും തമ്മില്‍ അധികാര വടംവലി രൂക്ഷമായി. ഈ അധികാര മത്സരത്തില്‍ സമര്‍ത്ഥമായി ഇടപെട്ടാണ്  സര്‍.സി.പി. അധികാരത്തില്‍ പിടിമുറുക്കുന്നത്. സാധരണ പത്തൊമ്പതര വയസായാലേ രാജാവാകാന്‍ കഴിയൂ. അതായത് 1932 ഓഗസ്റ്റില്‍ മാത്രം. പക്ഷെ സി.പി.യുടെ പ്രത്യേക താല്‍പര്യ പ്രകാരം ഒമ്പതുമാസം മുമ്പേ സീനിയര്‍ റാണിയുടെ റീജന്‍്റ് ഭരണമവസാനിപ്പിച്ച് ജൂനിയര്‍ റാണിയുടെ മകനെ സി.പി. രാജാവാക്കി. 1931ല്‍ വില്ലിംഗ്ടണ്‍ പ്രഭു ഇന്ത്യയുടെ വൈസ്രോയിയായി ചുമതലയേറ്റെടുത്ത് അടുത്തതന്നെയായിരുന്നു അത് (1931 നവംബര്‍ ). വില്ലിംഗ്ടണ്‍ മദ്രാസ് ഗവര്‍ണറായിരുന്നപ്പോള്‍ സി.പി. അദ്ദേഹത്തിനു കീഴില്‍ അഡ്വക്കേറ്റ് ജനറലായിരുന്നു. മാത്രമല്ല വൈദ്യുതി, നിയമം, ജലസേചനം എന്നീ വകുപ്പുകളുടെ ചുമതലയുള്ള എക്സിക്യുട്ടീവ് കണ്‍സില്‍ അംഗമായി 1923 ല്‍ അഞ്ചുവര്‍ഷവും ജോലിയെടുത്തിരുന്നു. ഇതിനാല്‍ വൈസ്രോയിയുമായി സി.പി.ക്ക് ഉറ്റ സൗഹൃദമായിരുന്നു. അതായിരുന്നു ചിത്തിരതിരുനാളിനെ രാജാവാക്കാന്‍ സി.പി.പ്രയോജനപ്പെടുത്തിയത്.
റിജന്‍്റ് റാണിയും ജൂനിയര്‍ റാണിയും തമ്മില്‍ കലഹം മൂര്‍ഛിച്ചപ്പോള്‍ പരസ്യമായി ജൂനിയര്‍റാണിക്കൊപ്പം സി.പി. നിലയുറപ്പിച്ചു. ജൂനിയര്‍ റാണി മകനുമൊത്ത് ഇടക്കാലത്ത് ഊട്ടിയില്‍ താമസിച്ചിരുന്നു. ആ ഘട്ടത്തില്‍ സി.പിയും തങ്ങിയിരുന്നത് ഊട്ടിയിലാണ്. ഭരണപരിശീലനം നേടാനായി ചിത്തിരതിരുനാളിനെ ബാംഗ്ളൂരില്‍ താമസിപ്പിച്ചിരുന്നു. അമ്മയുടെ സ്വാധീനത്തില്‍ മകന്‍ വരാതിരിക്കാന്‍ സേതുപാര്‍വതിബായിയെ ബാംഗ്ളൂരിലേക്ക് പോകാന്‍ കൊട്ടാരം അനുവദിച്ചില്ല. ഈ സമയത്ത് വൈസ്രോയിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സര്‍ ചാള്‍സ് വാട്സണിനു സി.പി. കത്തെഴുതി. അമ്മയില്‍നിന്നും കുടുംബത്തില്‍നിന്നും അകന്നു താമസിച്ചാല്‍ ഉപജാപകവൃന്ദം ചിത്തിരതിരുനാളിനുമേല്‍ പിടിമുറുക്കുമെന്നായിരുന്നു ന്യായമായി സി.പി. എഴുതിയത്. ഉപജാപങ്ങള്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. വില്ലിംഗ്ടണ്‍ പ്രഭു വ്രൈസോയിയായപ്പോള്‍ അദ്ദേഹത്തിന്‍്റെ കൗണ്‍സില്‍ അംഗം എന്ന നിലയില്‍ സി.പി.യെ നിയമിച്ചിരുന്നു. ആ ഘട്ടത്തില്‍ സിംലയിലായിരുന്നു സി.പിയുടെ താമസം. ജൂനിയര്‍ റാണിയും മകനും 1931 ജൂലൈ 23 ന് സിംലയിലത്തെി. ഇരുവരെയും വൈസ്രോയിക്ക് പരിചയപ്പെടുത്തിക്കൊടുത്തതും വെവ്വേറെ കൂടിക്കാഴ്ചകള്‍ക്ക് അവസരം ഒരുക്കിയതും സി.പിയായിരുന്നു. ഈ ചരടുവലികള്‍ക്കൊടുവിലാണ് റീജന്‍്റ് ഭരണം അവസാനിച്ച്, ചിത്തിരതിരുനാളിന്‍്റെ അധികാരമേറ്റെടുക്കല്‍. ഭരണകാര്യങ്ങളില്‍ ചിത്തിരതിരുനാളിന് മുന്‍പരിചയമില്ലാത്തതിനാല്‍ നിയമ-ഭരണഘടനാ ഉപദേഷ്ടാവായി സി.പിയെ വൈസ്രോയി നിയമിച്ചു. അധികാരമേറ്റതോടെ രാജാവിനെപ്പോലെ രാജമാതാവിനും സി.പി.തന്നെയായി നിയമോപദേഷ്ടാവ്.
തിരുവിതാംകൂറിലെ ദിവാന്‍ രാജാവിനേക്കാള്‍ എത്രമാത്രം ശക്തനാണ് എന്നു മനസ്സിലാവുന്നു. എ. ശ്രീധരമേനോന്‍്റെ വാദങ്ങള്‍ തെറ്റാകുന്നത് ഇവിടെയാണ്.


സര്‍.സി.പിയും ബാലരാമവര്‍മ്മയും

സര്‍.സി.പിയും ബാലരാമവര്‍മ്മയും തമ്മിലുണ്ടായിരുന്നത് സവിശേഷമായ ബന്ധമായിരുന്നു. അതൊരിക്കലും ദിവാനും രാജാവും തമ്മിലുള്ള അധികാര വിഭജനത്തിന്‍്റെ കൃത്യമായ അതിര്‍വരമ്പുകളിലല്ലായിരുന്നു. സി.പിയുടെ ചൊല്‍പ്പടിക്കായിരുന്നു രാജാവ്. അദ്ദേഹം പറയുന്ന ‘തീട്ടൂരങ്ങളില്‍' ‘തൃക്കൈ വിളയാട്ടം' മാത്രമായിരുന്നു രാജാവിനുണ്ടായിരുന്നത്. 1931 നവംബറില്‍ അധികാരമേറ്റയുടെനെ സര്‍ സി.പിയെ ഉപദേഷ്ടാവായുള്ള ഒൗചാരിക പ്രഖ്യാപനവും നടന്നു. ഉപദേഷ്ടാവായല്ല സൂപ്പര്‍ ദിവാനായിട്ടായിരുന്നു സി.പി. തിരുവിതാംകൂര്‍ വാണത്. ഇക്കാലത്ത് തനിക്ക് പരിചയമുള്ള, തനിക്ക് വിശ്വസ്തരെന്നു തോന്നിയ ആസ്റ്റിനെയും (1932-34) സര്‍ മുഹമ്മദ് ഹബീബുള്ള (1934-1936) വരെയും ദിവാനാക്കി. തനിക്ക് വിശ്വസ്തനല്ളെന്ന് തോന്നിയ, റീജന്‍്റ് ഭരണകാലത്തെ ദിവാന്‍ വി.എസ്. സുബ്രഹ്മണ്യഅയ്യരെ കെട്ടുകെട്ടിക്കുകയും ചെയ്തു. ദിവാന്‍മാരേക്കാള്‍ വേതനം കൈപ്പറ്റിയതും സി.പിയായിരുന്നു. ആസ്റ്റിന് 3000 രൂപയും ഹബീബുള്ളയ്ക്ക് 4000 രൂപയും വേതനവും ആനുകൂല്യങ്ങളുമായി കിട്ടിയപ്പോള്‍ ഉപദേഷ്ടാവിന് കൊട്ടാരത്തില്‍ നിന്നുള്ള വരുമാനം 6000മായിരുന്നു. സി.പി. വെള്ളയമ്പലം കൊട്ടാരത്തില്‍ താമസിച്ചപ്പോള്‍ ദിവാന്‍മാര്‍ പുറത്ത് "ഭക്തിവിലാസ'ത്തിലുമായിരുന്നു. ഈ ഘട്ടത്തില്‍ തന്നെ ഭരണത്തിലും ഭരണയന്ത്രത്തിലും ഉദ്യോഗസ്ഥ സംവിധാനത്തിലും തന്‍്റെ വിശ്വസ്തരെ നിയമിച്ച് സി.പി. ഭരണനിയന്ത്രണം എല്ലാ തരത്തിലും കരസ്ഥമാക്കിയിരുന്നു.
1936 ഒക്ടോബര്‍ 8 ന് ദിവാനായി ചുമതലയേറ്റെടുക്കുന്നതോടെയഥാര്‍ത്ഥത്തില്‍ സി.പി.സര്‍വാധിപതിയായി മാറി. 1938 മേയില്‍ അഞ്ചുവര്‍ഷത്തേക്കും ദിവാന്‍ തന്‍്റെ കാലാവധി നീട്ടിയെടുത്തു. ഉത്തരവാദിത്വ പ്രക്ഷോഭണം ശക്തമായ കാലത്താണ് ഈ കാലാവധി നീട്ടി നല്‍കുന്നത്. രാജ്യത്ത് രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ ശക്തമായ കാലത്ത് ബ്രിട്ടീഷ് റസിഡന്‍്റ് സി.പിയെ ദിവാന്‍ പദത്തില്‍നിന്ന് പിരിച്ചുവിടാന്‍ മഹാരാജാവിനെ ഉപദേശിക്കണമെന്ന് വൈസ്രോയിക്ക് എഴുതി. ഇതിനെ സി.പി. മറികടന്നത് ദിവാനെ നീക്കം ചെയ്താല്‍ താനും സ്ഥാനത്യാഗം ചെയ്യുമെന്ന് രാജാവിനെക്കൊണ്ട് പറയിച്ചുകൊണ്ടായിരുന്നു. ഇതാണ് സി.പിയും രാജാവും തമ്മില്‍ നിലനിന്നിരുന്ന ബന്ധം. തിരുവിതാംകൂറിലെ അധികാര സമവാക്യം തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ രൂപീകരണം ശ്രദ്ധിച്ചാല്‍ മനസ്സിലാകും. സി.പിയുടെ മുന്‍കൈയില്‍ സര്‍വകലാശാല തുടങ്ങിയപ്പോള്‍ അതിന്‍്റെ ചാന്‍സലറായി രാജാവിനെയും പ്രോ- ചാന്‍സലറായി അമ്മറാണിയെയും നിയമിച്ചു. വൈസ് ചാന്‍സലറായി സ്വയം അവരോധിക്കുകയും ചെയ്തു. ഇതായിരുന്നു തിരുവിതാംകൂറിന്‍്റെ അന്ത്യത്തില്‍ മൊത്തത്തില്‍ തുടര്‍ന്ന ശാക്തിക അച്ചുതണ്ട്.
രാജാവ് ദുര്‍ബലനും ദിവാന്‍ കരുത്തനുമായിരുന്നു. 1944 ല്‍ വൈസ്രോയിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കയച്ച കത്തില്‍ റസിഡന്‍്റായിരുന്ന എച്ച്.ജെ. ടോഡ് രാജാവിനെ കൃത്യമായി വിലയിരുത്തുന്നുണ്ട്: " ലജ്ജാശീലനും, ആത്മവിശ്വാസമില്ലാത്തവനും, അമ്മയുടെ അമിത സ്വാധീനത്തില്‍നിന്നു മോചനം നേടാത്തവനുമാണ്''.
നിര്‍ണായക നിമിഷങ്ങളില്‍ തീരുമാനം എടുക്കാനാവാതെ രാജാവ് വിഷമിച്ചപ്പോള്‍ സി.പി. ചടുലമായി ഉറച്ച തീരുമാനങ്ങള്‍ എടുത്തു. ജനകീയ പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കിക്കൊന്നു.


ദിവാന്‍ ഭരണവും രാജവാഴ്ചയും


ദിവാന്‍ എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍്റെ ദാസനും അവരാല്‍ നിയമിക്കപ്പെടുകയും ചെയ്യുന്ന, രാജാവിനേക്കാള്‍ കരുത്തുള്ള സവിശേഷ അധികാരമാണെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ദിവാനെതിരെയുള്ള ഏതൊരു നീക്കവും ബ്രിട്ടനെതിരെയുള്ളതായിരുന്നു. തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിന് ദിവാനെയും രാജാവിനെയും അവരുടെ അധികാരങ്ങളെക്കുറിച്ചും ആരാണ് കൂടുതല്‍ ശക്തനെന്നതിനെപ്പറ്റിയും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതിനാലാണ് പ്രതിഷേധത്തിന്‍്റെ കുന്തമുന ദിവാനെതിരെ തൊഴിലാളിവര്‍ഗ്ഗം തിരിച്ചുവച്ചത്. അത് ആകസ്മികമായി സംഭവിച്ചതല്ല. ദിവാനെ മുഖ്യ ലക്ഷ്യമാക്കിയുള്ള സമരം രാജാവിനെ ലക്ഷ്യമാക്കിയുള്ളതു മാത്രമല്ല. അതിനേക്കാള്‍ ബ്രിട്ടീഷ് വിരുദ്ധവും-സാമ്രാജ്യത്വ വിരുദ്ധം- കൂടിയായിരുന്നു. അതായത് തിരുവിതാംകൂറിലെ ബ്രിട്ടീഷ് ആധിപത്യത്തിന്‍്റെ സര്‍വാധിപനായ പ്രതിനിധി ദിവാനെതിരെയുള്ളതാണ്. ചരിത്രത്തെ നിഷ്പക്ഷമായി വായിക്കുമ്പോള്‍ നമ്മള്‍ക്ക് ദിവാനോടോ രാജാവിനോടോ ഒരു പ്രതിപത്തിയുമുണ്ടാവരുത്. കാരണം ഒരേ അധികാരത്തിന്‍്റെ വ്യത്യസ്തരൂപങ്ങള്‍ എന്നതില്‍ കവിഞ്ഞ് അതില്‍ ഗുരുതരമായ വിള്ളലുകളോ വേര്‍തിരിവുകളോ ഉണ്ടായിരുന്നില്ല.
ഇനി ശ്രീധരമേനോന്‍ വാദിക്കുന്നതുപോലെ ‘സ്വതന്ത്ര തിരുവിതാംകൂര്‍' ഉള്‍പ്പടെയുള്ള മുഴുന്‍ സംഭവങ്ങള്‍ക്കും രാജാവു മാത്രമാണെന്ന് കരുതുക, ദിവാന്‍്റെ പിന്തുണയില്ലാതെ അദ്ദേഹത്തിന് അത് എങ്ങനെ നടപ്പാക്കാനാകും? തിരിച്ച് ദിവാന്‍്റെ നടപടികള്‍ മാത്രമായിരുന്നു എന്നു കരുതുക. രാജാവ് എന്തുകൊണ്ട് അതിനെ എതിര്‍ക്കാതിരുന്നു? ചരിത്രത്തില്‍ ഏതെങ്കിലും നിമിഷത്തില്‍ ദിവാനെ നേരാംവണ്ണം നടത്താന്‍ രാജാവ് നടപടി സ്വീകരിച്ചതായി കാണുന്നില്ല. എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ അതെപ്പോഴെങ്കിലും ജനന്മലക്ഷ്യമാക്കി തുറന്നു പറയണമായിരുന്നു. അല്ളെങ്കില്‍, ജനങ്ങളെ അണിനിരത്തി ദിവാനെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയണം. രാജാവിനത് കഴിയുമായിരുന്നു. രണ്ടുമദ്ദേഹം ചെയ്തിട്ടില്ല. അതിനര്‍ത്ഥം  വളരെ ലളിതമാണ്. രാജാവും ദിവാനും ഒരേ വള്ളത്തില്‍ തന്നെയാണ് നീങ്ങിയിരുന്നത്. ആ വള്ളം തുഴഞ്ഞിരുന്നത് ദിവാന്‍ തന്നെയായിരുന്നു താനും. തിരുവിതാംകൂറില്‍ നടന്ന മോശമായ എല്ലാ കാര്യങ്ങള്‍ക്കും സര്‍.സി.പിയെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തി കൊട്ടാരത്തെ കുറ്റാരോപണങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് ശരിയായ ചരിത്ര സമീപനമല്ല. തിരിച്ചുമല്ല.
തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിന് രാജകൊട്ടാരത്തോട് സവിശേഷമായ എന്തെങ്കിലും സ്നേഹമോ, സര്‍.സി.പി.യോട് മാത്രമായി എന്തെങ്കിലും വെറുപ്പോ ഉണ്ടായിരുന്നില്ല. അടിസ്ഥാനപരമായി, രാജവാഴ്ചയെയും ദിവാന്‍ ഭരണത്തെയും തൂത്തെറിഞ്ഞ് തൊഴിലാളിവര്‍ഗ ഭരണകൂടം സ്ഥാപിക്കുക എന്നതില്‍ കുറഞ്ഞ ഒരു രാഷ്ട്രീയ ലക്ഷ്യവും അവര്‍ക്കുണ്ടായിരുന്നില്ല. തൊഴിലാളിവര്‍ഗഭരണകൂടം ദിവാനെ മാത്രം നീക്കം ചെയ്ത് രാജാവിനെ നിലനിര്‍ത്തിയേനെ എന്നൊക്കെ ചിന്തിക്കുന്നത് ശുദ്ധ അസംബന്ധമാവും. ലോകത്തൊരിടത്തും തൊഴിലാളിവര്‍ഗം തങ്ങള്‍ക്ക് മേല്‍കൈയുള്ള ഭരണകൂടത്തെപ്പറ്റിയല്ലാതെ രണ്ടാംതരം ഭരണത്തെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ളെന്ന് ഒരു ചരിത്രയാഥാര്‍ത്ഥ്യമാണ്.
സര്‍.സി.പി.യോട് മാത്രമായിരുന്നു വിദ്വേഷമെങ്കില്‍ തൊഴിലാളികള്‍ പുന്നപ്രപോലീസ് ക്യാമ്പ് ആക്രമിക്കാന്‍ രാജാവിന്‍്റെ ജന്മദിനമായ തുലാം ഏഴ് തന്നെ തെരഞ്ഞെടുക്കേണ്ട കാര്യമില്ല. മാത്രമല്ല പുന്നപ്ര ക്യാമ്പാക്രമണം നടത്തിയവര്‍ "ദിവാന്‍ ഭരണം അവസാനിപ്പിക്കുക', "രാജവാഴ്ച തുലയട്ടെ' എന്ന മുദ്രാവാക്യവും വിളിച്ചിരുന്നു. സര്‍.സി.പി. അധികാരമേറ്റെടുക്കുന്ന സമയത്തിനു മുമ്പായി പാര്‍ട്ടി പുറത്തിറക്കിയ ലഘുലേഖയില്‍ രാജവാഴ്ച അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നുമുണ്ട്. കമ്യൂണിസ്റ്റുകാര്‍ രചിച്ച ഒരു വിപ്ളവ ഗാനത്തില്‍ രാജവാഴ്ചയ്ക്കെതിരായ വികാരം പ്രകടമാക്കുന്ന വരികളുണ്ടെന്ന് ശ്രീധരമേനോനും വാദിക്കുന്നു. അതിങ്ങനെയാണ്: "" രാജവാഴ്ച മേലില്‍ മോടിയാകില്ല, താഴെ വയ്ക്കു ചെങ്കോല്‍..' (സര്‍.സി.പി. തിരുവിതാംകൂര്‍ ചരിത്രത്തില്‍, പേജ് 306ഡി.സി.ബുക്സ്,. 2015 ആഗസ്റ്റില്‍ ഡി.സി.ബുക്സ് ഈ പുസ്തകത്തിന്‍െറ പുതിയ പതിപ്പ് പുറത്തിറക്കി.)


സ്വതന്ത്ര തിരുവിതാംകൂര്‍ വാദവും അമേരിക്കന്‍ മോഡലും

‘1947 ജനുവരിയില്‍ കരടു ഭരണഘടന പ്രഖ്യാപിച്ചതിനുശേഷമാണ് സ്വതന്ത്ര തിരുവിതാംകൂര്‍ ഒരു സജീവ പ്രശ്നമായത്' എന്ന് ശ്രീധരമേനോന്‍ വാദിക്കുന്നു. (സര്‍.സി.പി. തിരുവിതാംകൂര്‍ ചരിത്രത്തില്‍, പേജ് 319). പുന്നപ്ര-വയലാര്‍ സ്വതന്ത്ര തിരുവിതാംകൂറിന് എതിരായി നടന്ന സമരമല്ല എന്നു വാദിക്കാനാണ് ശ്രീധരമേനോന്‍ ശ്രമിക്കുന്നത്. എന്നാല്‍ 1947 ജനുവരിയില്‍ പ്രഖ്യപിച്ച കരട് ഭരണഘടന, ആ ദിവസങ്ങളില്‍ ഉണ്ടായതല്ല. കൃത്യം ഒരുവര്‍ഷം മുമ്പ്, 1946 ജനുവരി 16 ന്, അതായത് പുന്നപ്ര-വയലാര്‍ നടക്കുന്നതിനും ഒമ്പതുമാസങ്ങള്‍ക്ക് മുമ്പാണ് ഈ ഭരണഘടനാ പരിഷ്കാരം ആദ്യമായി പ്രഖ്യാപിക്കപ്പെടുന്നത്. അന്ന് "അമേരിക്കന്‍ മോഡല്‍' ഭരണപരിഷ്കാരം പ്രഖ്യാപിച്ച് പത്രക്കുറിപ്പ് ഇറങ്ങി. അതിന്‍്റെ വികസിതരൂപമാണ് 1947 ജനുവരിയില്‍ കരട് രൂപത്തില്‍ പുറത്തിറങ്ങുന്നത്.
പത്രക്കുറിപ്പില്‍ ഭരണഘടനയില്‍ വരുത്താന്‍പോകുന്ന മാറ്റങ്ങള്‍ അതില്‍ വ്യക്തമായി പറയുന്നുണ്ട്. മഹാരാജാവിന്‍്റെ ഭരണത്തില്‍ കീഴില്‍ ദിവാന്‍ ഭരണം നടത്തുന്ന, നിയമസഭയക്ക് ഒരധികാരവുമില്ലാത്ത ഭേദഗതിയാണ് ഇത്. ഭരണഘടനാ പരിഷ്കാരങ്ങളില്‍ ദിവാന്‍്റെ സ്ഥാനം അമേരിക്കന്‍ പ്രസിഡന്‍്റിനോടു തുല്യമാണ് എന്നു പറഞ്ഞതിനാലാണ് "അമേരിക്കന്‍ മോഡല്‍' ഭരണം എന്നു വിശേഷിപ്പിക്കാന്‍ തുടങ്ങിയത്.
പുതിയ ഭരണഘടനാ പരിഷ്കാരത്തില്‍ ആദ്യമായി പറഞ്ഞത് മഹാരാജാവ് തിരുമനസ്സിന്‍്റെ അധികാരങ്ങളോ അവകാശങ്ങളോ ഒരുതരത്തിലും മാറ്റമുണ്ടാകില്ല എന്നതാണ്. ‘ദിവാനെയോ എക്സിക്യുട്ടീവ് ഗവണ്‍മെന്‍്റിലെ ഏതെങ്കിലും അംഗത്തെയോ വീറ്റോ ചെയ്യാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടായിരിക്കില്ല. മഹാരാജാവ് ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കും. ഹൈക്കോടതിയുടെ ഉപദേശ പ്രകാരം എക്സിക്യുട്ടീവ് ഗവണ്‍മെന്‍്റാണ് കീഴ്ക്കോടതി ജഡ്ജിമാരെ നിയമിക്കുക. നിയനിര്‍മാണ സഭയും ജുഡീഷ്യറിയുമായും ബന്ധപ്പെട്ട് ദിവാന്‍്റെ സ്ഥാനം അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്‍്റിനു തുല്യമാണ്. മഹാരാജാവിന്‍്റെ വിശേഷാധികാരങ്ങള്‍ക്കും പ്രത്യേകാനുകൂല്യങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും''.(ഭരണഘടനാ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ച പത്രക്കുറിപ്പിന്‍്റെ വിവര്‍ത്തനം, 1946 ജനുവരി 16)
മഹാരാജാവിന്‍്റെ പദവിക്കോ ദിവാന്‍്റെ പദവിക്കോ ഒരിളക്കവും സംഭവിക്കാത്ത ഭണഘടനയായിരുന്നു. ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്ന പൂര്‍ണ ജനാധിപത്യത്തിനും ഉത്തരവാദിത്വഭരണത്തിനും എതിരായിരുന്നു ഇത്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരധികാരവും ഇല്ലാത്ത നോക്കുകുത്തി പദവിമാത്രമാണുണ്ടായിരുന്നത്. ഇതിനെതിരെ, പൂര്‍ണ ജനാധിപത്യമാണ് തൊഴിലാളിവര്‍ഗം ആവശ്യപ്പെട്ടത്. അതുകൊണ്ട് തന്നെ 1946 ഒക്ടോബറില്‍, പുന്നപ്ര-വയലാറില്‍ നടന്ന സായുധ സമരത്തില്‍ മുഴങ്ങിക്കേട്ട മുദ്രവാക്യങ്ങളില്‍ ഒന്ന് ‘അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്നായിരുന്നു. അത് 1946 ജനുവരിയില്‍ പ്രഖ്യാപിച്ച  ഭരണഘടനാ പരിഷ്കാരങ്ങളോടുള്ള വിയോജിപ്പാണ്.
ഭരണഘടനാ ഭേദഗതി പ്രഖ്യാപിക്കുന്ന 1947 ജനുവരി 27 നു മുമ്പ് ഇന്ത്യയില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നു (1946 സെപ്റ്റംബറില്‍ 2). ഇന്ത്യന്‍യൂണിയനില്‍ ചേരാതെ, സ്വതന്ത്രമായി നില്‍ക്കാനാണ്, 1946 ജനുവരി മുതല്‍ സി.പി.ശ്രമിച്ചുപോന്നത്.
ശ്രീധരമേനോന്‍ പറയാന്‍ ശ്രമിക്കുന്നത് "സ്വതന്ത്ര തിരുവിതാംകൂര്‍' പോലുള്ള വാദങ്ങള്‍ കൊട്ടാരത്തിന്‍്റേതാണ് എന്നും സി.പി. ആദ്യം മുതലേ ശ്രമിച്ചത് ഇന്ത്യന്‍ യൂണിയനില്‍ ചേരാനുമാണ് എന്നും സമര്‍ത്ഥിക്കാനാണ്. അതിലും വലിയ യുക്തിയില്ല. ദിവാന്‍ ആദ്യം മുതല്‍ക്കേ സ്വതന്ത്ര തിരുവിതാംകൂര്‍ വാദക്കാരനായിരുന്നു. 1946 ഒക്ടോബര്‍ 2 ലെ മാതൃഭൂമി ദിനപത്രം മുഖപ്രസംഗത്തിലൂടെ ദിവാന്‍്റെ താല്‍പര്യത്തെ വിമര്‍ശിക്കുന്നുണ്ട്. " സര്‍വ്വേന്ത്യാകാര്‍യ്യങ്ങള്‍ തീര്‍ച്ചയാക്കുന്നതില്‍ നാട്ടുരാജ്യങ്ങള്‍ക്ക് ഒരു പങ്കുണ്ടായിരിക്കണമെന്ന സര്‍. സി.പി. രാമസ്വാമി അയ്യരുടെ ആവശ്യം പ്രത്യക്ഷത്തില്‍ ന്യായമാണെന്നു തോന്നാമെങ്കിലും ഇന്നത്തെ സ്ഥിതിയില്‍ അതിലൊരു പൊരുത്തക്കേടുണ്ട്. ബ്രിട്ടീഷിന്ത്യാ പരിപൂര്‍ണ്ണ പ്രജായത്ത ഭരണത്തിലേക്ക് കുതിക്കുകയാണ്, നാട്ടുരാജാക്കന്‍മാരാകട്ടെ തങ്ങളുടെ സ്വേച്ഛാഭരണത്തെ നിലനിര്‍ത്താന്‍ പഠിച്ച അടവുകളെല്ലാം പ്രയോഗിക്കുകയാണ്....സര്‍.സി.പി.യുടെ ആഗ്രഹം ഫലിക്കുകയാണെങ്കില്‍ നാട്ടുരാജ്യപ്രജകളുടെ ജന്മാവകാശം നിഷേധിക്കപ്പെട്ടുന്നതായിരിക്കും ഫലം. അങ്ങനെ സംഭവിക്കാതെ നോക്കേണ്ടത് ഇന്ത്യയിലെ ബഹുജന സംഘടനകളുടെ കര്‍ത്തവ്യമത്രെ''.
1946 മദ്ധ്യത്തോടെ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമെന്ന് തിരിച്ചറിഞ്ഞതോടെ, ദിവാന്‍ ‘സ്വതന്ത്ര തിരുവിതാംകൂര്‍' എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കാന്‍ തുടങ്ങി. നാട്ടുരാജ്യങ്ങളുടെ കൗണ്‍സിലിലെല്ലാം ഇതേ വാദം ശക്തമായി ഉന്നയിച്ചു. 1946 ഡിസംബറില്‍ ഇന്ത്യാസര്‍ക്കാരില്‍ ഉന്നതപദവി കിട്ടുമെന്ന് കണ്ടതിനെതുടര്‍ന്ന് ദിവാന്‍ പദം രാജിവച്ച് തിരുവിതാംകൂര്‍ വിട്ട കുറച്ചുദിവസം മാത്രമാണ് സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉന്നയിക്കാതിരുന്നത്. ആഗ്രഹിച്ച പദവി കിട്ടില്ളെന്നു കണ്ടപ്പോള്‍ മടങ്ങിയത്തെി ദിവാന്‍ പദം വീണ്ടും ഏറ്റെടുത്തു. സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിന് അനുകൂലമായിരുന്നില്ളെങ്കില്‍, സര്‍.സി.പി മടങ്ങിവരേണ്ട കാര്യമില്ല. തനിക്ക് താല്‍പര്യമില്ലാത്ത രാഷ്ട്രീയ നിലപാട് എടുത്ത് ചരിത്രത്തില്‍ വിഡ്ഢിവേഷം കെട്ടാന്‍ മാത്രം ബുദ്ധിയില്ലിത്ത "നയതന്ത്രജ്ഞ'നല്ല സി.പി. തന്‍്റെ പുസ്തകത്തിലൂടെയും ലേഖനങ്ങളിലൂടെയും സി.പിക്ക് ശ്രീധരമേനോന്‍ ചാര്‍ത്തിക്കൊടുത്ത ഗുണവിശേഷങ്ങള്‍ക്ക് ചേരുന്നതല്ല ഈ വിനീതനായ വിശ്വസ്തസേവകന്‍്റെ പട്ടം. 1947 ജൂണ്‍ 2 ന് സര്‍.സി.പി, മൗണ്ട് ബാറ്റന്‍ പ്രഭുവിനെകണ്ട് ഓഗസ്റ്റ് 15 മുതല്‍ തിരുവിതാംകൂര്‍ സ്വതന്ത്രരാജ്യമാകാന്‍ തീരുമാനിച്ചതായി അറിയിച്ചു. 1947 ജൂണ്‍ 11 ന് ഭക്തിവിലാസത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സ്വതന്ത്ര തിരുവിതാംകൂര്‍ തീരുമാനം പ്രഖ്യാപിച്ചു. ജൂണ്‍ 25 ന് വേണ്ടി ഭക്തിവിലാത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഒന്നരമണിക്കൂര്‍ സ്വതന്ത്രതിരുവിതാംകൂറിന് അനുകൂലമായ വാദങ്ങള്‍ നിരത്തി. രാജ്യത്ത് പ്രക്ഷോഭം ഇതിനിടയില്‍ ശക്തമായി. ജൂലൈ 13ന്് തിരുവനന്തപുരത്ത് പേട്ടയില്‍ നടന്ന വെടിവെയ്പ്പില്‍ വിദ്യാര്‍ത്ഥിയായ രാജേന്ദ്രനുള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. കൃത്യം 12 ദിവസത്തിനുശേഷം സര്‍ സി.പിക്ക് വെട്ടേറ്റു. ഈ പന്ത്രണ്ടുദിവസങ്ങളില്‍ സര്‍.സി.പിക്ക് മാറ്റമുണ്ടായി എന്നാണ് ശ്രീധരമേനോന്‍ വാദിക്കുന്നത്.  ഏതെങ്കിലുമൊരു ഘട്ടത്തില്‍ സി.പി. സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിന്‍്റെ പേരില്‍ രാജാവിനെ കുറ്റപ്പെടുത്തുന്നില്ല. തിരിച്ചു രാജാവ് സി.പിയെയും. അര്‍ത്ഥഗര്‍ഭമായ നിഷ്പക്ഷതയില്‍ തെളിയുന്നത് ഇരുകൂട്ടര്‍ക്കും പൊതുവില്‍ താല്‍പര്യമുള്ള അധികാര വിഷയമായിരുന്നു അതെന്നാണ്.


ഭരണത്തിന്‍്റെ വര്‍ഗ-ജാതി സ്വഭാവം


തിരുവിതാംകൂറിനെ ആധുനികവല്‍ക്കരിക്കുന്നതില്‍ സര്‍.സി.പിയുടെ പങ്ക് കുറച്ചുകാണേണ്ടതില്ല. സി.പിയോടും അദ്ദേഹത്തിന്‍്റെ ഭരണത്തോടുമുള്ള എതിര്‍പ്പും സൂക്ഷിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്‍്റെ രാഷ്ട്രീയപ്രതിയോഗികള്‍ പോലും ആധുനികവല്‍ക്കരണത്തിന് ദിവാനുണ്ടായിരുന്ന പങ്കിനെ ചെറുതാക്കിക്കാണുന്നില്ല. കര്‍മകുശലതയില്‍, നയതന്ത്രജ്ഞതയില്‍, പ്രായോഗിക നടപടികളില്‍, ദീര്‍ഘവീക്ഷണത്തില്‍ സി.പിയുടെ കഴിവിനെ ചോദ്യം ചെയ്യാനുമാവില്ല. പക്ഷേ, സര്‍.സി.പിയുടെ താല്‍പര്യങ്ങളെന്തായിരുന്നു, ഏത്  വര്‍ഗ/ജാതി ബന്ധങ്ങളെയാണ് അദ്ദേഹത്തിന്‍്റെ ഭരണം സേവിച്ചത് എന്നും കൂടി പരിശോധിക്കേണ്ടതുണ്ട്.
യൂറോപ്യന്‍ വ്യവസായികളുടെ താല്‍പര്യം സംരക്ഷിക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്‍്റെ പ്രതിനിധിയാണ് യഥാര്‍ത്ഥത്തില്‍, അവരാല്‍ നിയമിതനായ സി.പി. " സര്‍.സി.പിയുടെ മുന്‍ഗാമി അനേകം പഞ്ചസാര ഫാക്ടറികളും ഡിസ്റ്റലറികളും ഒൗഷധനിര്‍മാണത്തിനും റബ്ബര്‍ വ്യവസായത്തിനും മറ്റുമുള്ള സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥാപിച്ചു. അവയെല്ലാം സ്വാഭാവികമായി പരാജയത്തില്‍ കലാശിച്ചു. സ്വകാര്യ മൂലധനം ആകര്‍ഷിച്ചും സ്വകാര്യ വ്യവസായികളെ പ്രോത്സാഹിപ്പിച്ചും സംസ്ഥാനത്തെ വ്യവസായ മേഖല വികസിപ്പിക്കാനാണ് ഇപ്പോഴത്തെ ദിവാന്‍്റെ ശ്രമം'' എന്ന്  റസിഡന്‍്റ് സി.പി. സ്ക്രെയിന്‍ സൂചിപ്പിക്കുന്നുണ്ട് (വൈസ്രോയിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കയച്ച കത്ത്, 1937 മെയ് 28). തിരുവിതാംകൂറില്‍ വിദേശകമ്പനികളെയും മറുനാടന്‍ കമ്പനികളെയുമാണ് സി.പി. പ്രോത്സാഹിപ്പിച്ചത്.
അവരിവിടെ മുതല്‍മുടക്കി ലാഭം കൊയതപ്പോള്‍, തദ്ദേശിയമായ/ദേശീയ ബൂര്‍ഷ്വാ സ്വഭാവമുള്ള കമ്പനികളെയും സംരംഭങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ സി.പി.ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. കളമശ്ശേരിയിലെ ഒഗ്ലെ, ഇന്ത്യന്‍അലൂമിനീയം കമ്പനി, ഫാക്ട് തുടങ്ങിയ നിരവധി വ്യവസായങ്ങള്‍ ഇത്തരത്തില്‍ മദ്രാസിലും കൊല്‍ക്കത്തയിലുമുള്ള വ്യവസായികളെ സംക്ഷണിച്ചുകൊണ്ടുവന്ന് സ്ഥാപിച്ചതാണ്. തിരുവിതാംകൂറില്‍ സ്വാകാര്യ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചുവെങ്കിലും മുന്‍ ദിവാന്‍മാരില്‍ നിന്ന് വ്യത്യസ്തമായി,  സര്‍ക്കാര്‍ അതു നടത്തുന്നതില്‍ സി.പിക്ക് എതിര്‍പ്പായിരുന്നു. ഭൂരിപക്ഷം ഓഹരികളും കമ്പനിയുടെ കൈയിലായിരുന്നെങ്കിലും ജനങ്ങളെയും വിഭവങ്ങളെയും കൊള്ള ചെയ്യാന്‍ അനുവദിച്ചു. ബ്രിട്ടീഷ് അധികാരത്തോട് കൂറുണ്ടായിരിക്കുമ്പോള്‍ തന്നെ അമേരിക്കന്‍ വ്യവസായ താല്‍പര്യവുമായി സന്ധിചെയ്തു.
ഹിന്ദുരാജ്യമായി തിരുവിതാംകൂറിനെ നിലനിര്‍ത്താനായിരുന്നു സി.പി. ആദ്യംമുതല്‍ക്കേ ശ്രമിച്ചത്. കേവലം ഹിന്ദുരാജ്യമായല്ല, തികഞ്ഞ ബ്രാഹ്മണ്യഹിന്ദുരാജ്യമായി. ലിബറല്‍ പരിഷ്കരണവാദിയുടെ മുഖംമൂടി അണിഞ്ഞിരുന്നുവെങ്കിലും ബ്രാഹ്മണ്യത്തിന്‍െറ ആശയശാസ്ത്രം സി.പിയെ വലിയ രീതിയില്‍ സ്വാധീനിച്ചിരുന്നു. 1750 ജനുവരിയില്‍ മാര്‍ത്താണ്ഡവര്‍മ്മ ശ്രീപത്മനാഭന് രാജ്യം സമര്‍പ്പിച്ച്, ഭഗവാന്‍്റെ പ്രതിപുരുഷനായിട്ടാണ് നാടു ഭരിച്ചിരുന്നത്. അഹിന്ദുക്കളെ അധികാരത്തില്‍ നിന്ന് എത്രയും അകറ്റിനിര്‍ത്താനയിരുന്നു സി.പിയുടെ നീക്കം.  ഹൈന്ദവ സംസ്കാരത്തിനും രാജവംശത്തിനും ഒരുപോലെ വിനാശകാരിയായ ഒന്നായിട്ടാണ് സ്റ്റേറ്റ് കോണ്‍ഗ്രസിനെപ്പോലും സി.പികണ്ടിരുന്നത്.                    
ബ്രാഹ്മണനായ സി.പി. ഹിന്ദുസവര്‍ണ്ണ മേധാവിതത്തിന്‍്റെ തുറന്ന വക്താവായിരുന്നു. അധികാരത്തിന്‍്റെ ഉയര്‍ന്ന സ്ഥാനങ്ങളിലെല്ലാം മറുനാട്ടുകാരും തദ്ദേശിയരുമായ ബ്രാഹ്മണരെ പ്രതിഷ്ഠിക്കുകയായിരുന്നു ഭരണം ഏറ്റെടുത്തതുമുതല്‍ സി.പി. ചെയ്തത്. 1936 പഴയ നായര്‍ ബ്രിഗേഡിനെ തിരുവിതാംകൂര്‍ സ്റ്റേറ്റ് ഫോഴ്സായി പുന:സംഘടിപ്പിച്ചത് ഇതിന്‍്റെ തുടക്കം മാത്രമായിരുന്നു. 1942 ല്‍ ബോഡിഗാര്‍ഡും ആര്‍ട്ടിലറിയും നായന്‍മാര്‍ക്കു മാത്രമായി സംവരണം ചെയ്തു.
ഹിന്ദുസമുദായത്തില്‍ നിന്നുള്ള മതപരിവര്‍ത്തനം പോലും സി.പിക്ക് ആശങ്കയായിരുന്നു. അതു തടയാനാണ് ക്ഷേപ്രവേശന വിളംബരം പോലും പ്രഖ്യാപിക്കുന്നത്. ഹിന്ദുമതപ്രവര്‍ത്തനത്തിനും മതപരിവര്‍ത്തനം നടത്തിയവരെ തിരിച്ചുകൊണ്ടുവരാനുമായി ഹിന്ദു മഹാസഭയുള്‍പ്പടെ സി.പി. ഒത്തുചേര്‍ന്നു. അതിനായി പൊതുഖജനാവില്‍ നിന്ന് പ്രതിമാസം ആയിരം രൂപ കണക്കില്‍ മറ്റ് ചിലവുകളാക്കി വരവുച്ച് അനുവദിക്കുകയും ചെയ്തു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണയും ദിവാനുണ്ടായിരുന്നു. 1939 ഒക്ടോബറില്‍ നിയമസഭാ മന്ദിരത്തില്‍ സര്‍ സി.പിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നിര്‍ദേശം സമര്‍പ്പിക്കുന്നത് എന്‍.എസ്.എസ്. ആണ്. ഉത്തരവാദിത്വപ്രക്ഷോഭകാലത്ത് എന്‍.എസ്.എസ്. സി.പിയുമായി ഇടഞ്ഞെങ്കിലും.          


സി.പിയുടെ പലായനം


1947 ജൂലൈ 25 ന് സ്വാതി തിരുനാള്‍ സംഗീത അക്കാദമയിലെ ചടങ്ങില്‍ വച്ച് വെട്ടേറ്റതോടെ സര്‍.സി.പി രായ്ക്കുരാമനം തിരുവിതാംകൂര്‍ വിട്ടോടി എന്നാണ് പൊതുവില്‍ പ്രചരിച്ചിരുന്നത്. ആ കഥ ശരിയെല്ളെന്ന്  വസ്തുതതകള്‍ നിരത്തി ശ്രീധരമേനോന്‍ സമര്‍ത്ഥിക്കുന്നു. ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 19 വരെ തിരുവനന്തപുരത്ത് താമസിച്ച് ചികിത്സ നടത്തിയതായും ഓഗസ്റ്റ് 19 ന് രാജ്യം വിട്ടതായും ശ്രീധരമേനോന്‍ പറയുന്നതു തന്നെയാണ് വാസ്തവം. അതില്‍ ആക്ഷേപമില്ല.  പക്ഷേ, പിന്നെ എന്തുകൊണ്ട് ഈ കഥ അങ്ങനെ പ്രചരിച്ചു? ശ്രീധരമേനോന്‍ പറയുന്നത് കൊട്ടാരം ബോധപൂര്‍വം പ്രചരിപ്പിച്ചു എന്നാണ്. അതില്‍ കുറേയൊക്കെ വാസ്തവമുണ്ടാകാം. എന്നാല്‍ അതുമാത്രമല്ല പ്രശ്നം. ജൂലൈ 25 ന് വെട്ടേറ്റ ശേഷം തിരുവിതാംകൂറില്‍ തങ്ങിയ രഹസ്യമായാണ്. അതീവ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. പുറംലോകത്തോട് താന്‍ തിരുവിതാംകൂറില്‍ ഉണ്ടെന്ന് പറയാന്‍ സി.പിക്കോ, കൊട്ടാരത്തിനോ ധൈര്യമില്ലായിരുന്നു എന്നതാണ് വാസതവം. മുറിവുകളുമായി തിരുവിതാംകൂര്‍ ജനതയോ തൊഴിലാളിവര്‍ഗത്തെയോ അഭിമുഖീകരിക്കാന്‍  സര്‍.സി.പിക്ക് നാണക്കേടായിരുന്നു. അതിനാല്‍ ഒളിച്ചുതാമസിച്ചു. ഓഗസ്റ്റ് 19 വരെ തിരുവിതാംകൂറില്‍ ദിവാന്‍ ഉണ്ടായിരുന്നു എന്ന് ശ്രീധരമേനോന്‍ പറയുന്നതിന്‍്റെ ഉദ്ദേശ്യം സി.പി. ഒരു ഭീരുവോ പേടിച്ചോടിയ ആളോ അല്ല എന്നു സ്ഥാപിക്കാനാണ്. "ദിവാന്‍ പദം ഒഴിഞ്ഞ സര്‍ സി.പി തന്‍്റെ ചുതലകള്‍ പൂര്‍ണമായും നിര്‍വഹിച്ചുവെന്ന ചാരിതാര്‍ത്ഥ്യത്തോടെ തന്നെ' (സര്‍ സി.പയും സ്വതന്ത്ര തിരുവിതാംകൂറും, പേജ് 24) വിടവാങ്ങിയെന്നാണ് ശ്രീധരമേനോന്‍്റെ പക്ഷം. ഓഗ്സറ്റ് 19 ന് സി.പി. രാജ്യം വിടുമ്പോള്‍ ലഭിച്ചത് രാജകീയ യാത്രയയപ്പായിരുന്നോ? തിരുവിതാംകൂറിനെ മുഴുവന്‍ അറിയിച്ചുകൊണ്ടുള്ള ആഘോഷപൂര്‍വമായി വിടവാങ്ങലായിരുന്നോ? രണ്ടുമല്ല. യാത്രയക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. കുടുംബാംഗങ്ങള്‍ മാത്രം. അവര്‍ക്കൊപ്പം മദ്രാസിലേക്ക് വിമാനത്തിലും അവിടെ നിന്ന് കാറില്‍ ഊട്ടിയിലേക്കും സര്‍.സി.പി. പലായനം ചെയ്തു. വെട്ടേറ്റ തൊട്ടടുത്ത നിമിഷം മുതല്‍ തിരുവിതാംകൂറിന്‍്റെ പൊതുജീവിതത്തില്‍ നിന്ന് സി.പി. യെ ചരിത്രം നാടുകടത്തി. പിന്നീടുള്ള ദിവസങ്ങളില്‍ സര്‍വപ്രതാപങ്ങളും നഷ്ടപ്പെട്ട്, ഭീരുവിനെപ്പോലെ കഴിയുകയായിരുന്നു. തൊഴിലാളിവര്‍ഗത്തിനോ തിരുവിതാംകൂറിലെ ജനങ്ങളോടോ മറിച്ചൊന്ന് ബോധ്യപ്പെടുത്താന്‍ സി.പി ക്ക് ധൈര്യമുണ്ടായിരുന്നെങ്കില്‍  ഒളിച്ചോടി എന്ന ആക്ഷേപം കേള്‍ക്കേണ്ടി വരുമായിരുന്നില്ല. അതിന് മറ്റാരെയെങ്കിലും പഴി ചാരുന്നതില്‍ അര്‍ത്ഥവുമില്ല.


ചരിത്രമെഴുത്തും വെള്ളപൂശലും


സര്‍.സി.പിയെ നായകനാക്കി ശ്രീധരമേനോന്‍ എഴുതിയ ‘പുതിയ' ചരിത്രം പലരും ആവര്‍ത്തിക്കുന്നുണ്ട്. "രാജഭരണവും ഇടതുവിപ്ളവകാരികളും' എന്ന പേരില്‍ ഡോ. എം.എസ്. ജയപ്രകാശ് (പച്ചക്കുതിര, ഏപ്രില്‍ 2009) എഴുതിയ പോലുള്ള പല ലേഖനങ്ങളും ശ്രീധരമേനോന്‍്റെ വാദങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇടതുപക്ഷക്കാര്‍ക്ക് ഇപ്പോഴുമുള്ള "രാജ വിധേയത്വം'  ശരിയായി വിമര്‍ശിക്കുമ്പോള്‍ തന്നെ ചരിത്ര വസ്തുതകള്‍ ജയപ്രകാശിനെപ്പോലുള്ളവര്‍ കാണാതെ പോയി. ശ്രീധരമേനോന്‍്റെ സര്‍.സി.പിക്കനുകൂലമായ ചരിത്രരചനയും പലതരത്തിലും വിമര്‍ശനത്തിടയാക്കിയിട്ടുണ്ട്. അതില്‍ മുഖ്യം മലയാള മനോരമയുടെ മുഖ്യ പത്രാധിപരായിരുന്ന കെ.എം. മാത്യുവിന്‍േറതാണ്. "സ്വാതതന്ത്ര്യ പ്രാപ്തിയെ തുടര്‍ന്ന് തിരുവിതാംകൂറില്‍നിന്നു സി.പി.പോയ ശേഷം ഇവിടെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു കപടനാടകവും കൂടി അരങ്ങേറി. സി.പി.തിരുവിതാംകൂറില്‍ നടത്തിയ ദുര്‍ഭരണം കൊട്ടാരത്തിന്‍്റെ നിര്‍ദേശത്തെടെയായിരുന്നുവെന്ന് സമര്‍ത്ഥിച്ച് പുസ്തകങ്ങളിറങ്ങി. ചെന്നൈയിലെ സി.പി.രാമസ്വാമി അയ്യര്‍ ഫൗണ്ടേഷന്‍്റെ ആഭിമുഖ്യത്തിലും ധനസഹായത്തിലുമായിരുന്നു ഈ "വെളളപൂശല്‍'! സി.പി.യുടെ ഭരണകാലത്തു തിരുവിതാംകൂറിലുണ്ടായ സകല നല്ല കാര്യങ്ങളും സി.പി.യുടെ പേരില്‍ ചാര്‍ത്തിക്കൊടുക്കുകയും ചീത്തകാര്യങ്ങള്‍ കൊട്ടാരത്തിന്‍്റെ  കണക്കില്‍ "സമര്‍പ്പിക്കുകയും' ചെയ്ത വിദഗ്ധ തിരക്കഥയായിരുന്നു അതിനു പിന്നില്‍..''(എട്ടാമത്തെ മോതിരം, കെ.എം. മാത്യു, ഡി.സി.ബുക്സ്, പേജ് 137). തന്‍്റെ പുസ്തകം യാഥാര്‍ത്ഥ്യമായതിനു പിന്നില്‍ ചെന്നൈയിലെ സി.പി.രാമസ്വാമി അയ്യര്‍ ഫൗണ്ടേഷന്‍്റെ ഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡോളജിക്കല്‍ റിസര്‍ച്ചനാണ് പ്രഥമ സ്ഥാനം എന്ന് പുസ്തത്തിന്‍്റെ ആമുഖത്തില്‍ ശ്രീധരന്‍നായര്‍ പറയുന്നുണ്ട്. തന്നെ വിമര്‍ശിച്ചതിന്‍്റെ പേരില്‍ മനോരമ മുഖ്യപത്രാധിപരോട് ശ്രീധരമേനോന്‍ കെറുവിക്കുകയും ചെയ്തിരുന്നു.


വാഴ്ത്തലുകളുടെ ദൗത്യം


സര്‍.സി.പി തുടക്കം മുതലേ നായകനായി ചരിത്രത്തിനുമേല്‍ സ്വയം അവരോധിക്കുകയായിരുന്നു. പിന്നീട് ചരിത്രകാരന്‍മാര്‍ സി.പിക്ക് മേല്‍ ചാര്‍ത്തിയ വിശേഷണങ്ങള്‍ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി വലിയ ബന്ധമില്ല. തിരുവിതാംകൂറില്‍ സര്‍വകലാശാല സ്ഥാപിക്കുമ്പോള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനെ വൈസ്ചാന്‍സലര്‍ പദവിയിലേക്ക് സി.പി ക്ഷണിച്ചതായും പ്രതിമാസം 6000 രൂപ വാഗ്ദാനം ചെയ്തതായും  പലപ്പോഴും ആവര്‍ത്തിച്ച്  (ശ്രീധരമേനോനല്ല) ഉന്നയിക്കപ്പെട്ടിട്ടുണ്ട്.  1937 മെയ് 21 ന് സി.പി വിദേശത്തായിരുന്ന രാജാവിന് എഴുതിയ കത്ത് ശ്രീധരമേനോന്‍ തന്‍െറ പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്: ‘‘ മേല്‍നോട്ടത്തിനും അനാമത്തു ചെലവുകള്‍ക്കുമായി പണം നഷ്ടപ്പെടുത്താനേ പാടില്ളെന്ന് തിരുമനസ്സിനെ ഉപദേശിക്കാനാണ് എന്‍െറ സുചിന്തമായ തീരുമാനം. തിരുമനസ്സുകൊണ്ട് ചാന്‍സലറും അമ്മ മഹാറാണി പ്രോ-ചാന്‍സലറും ആയിരിക്കും. വൈസ് ചാന്‍സലറുടെ ചുമതല ഞാന്‍ ഏറ്റെടുക്കാം. യൂണിവേഴ്സിറ്റി നിലവില്‍ വരുമ്പേഴേക്കും അടുത്ത ബജറ്റിന്‍െറ പണി കഴിയുമെന്നതിനാല്‍ എനിക്ക് വലിയ ജോലിത്തിരക്കുണ്ടാവുകയില്ല...പ്രശസ്തനായൊരു വ്യക്തിയെ വൈസ്ചാന്‍സലറായി നിയമിച്ച് പ്രതിമാസം ആയിരത്തിഅഞ്ഞൂറോ രണ്ടായിരം രൂപയോ ശമ്പളം കൊടുക്കാതെ കഴിക്കാം..’’ (പേജ് 79).. ഈ കത്ത് സ്വയം ചിലതെല്ലാം വെളിപ്പെടുത്തുന്നുണ്ട്. സി.പി 1945 ല്‍ ഐന്‍സ്റ്റീന് പ്രൊഫസര്‍ പദവി വാഗ്ദനം ചെയ്ത് കത്തെഴുതിയതായി രേഖയുണ്ട്. അതാണ് വൈസ് ചാന്‍സലര്‍ പദവി വാഗ്ദാനമായി പറഞ്ഞു പരത്തിയത്.
 വൈസ് ചാന്‍സലര്‍ ആയി സ്വയം അവരോധിച്ച സി.പി. തിരുവിതാംകൂര്‍ സര്‍വകലാശാലക്ക് (പിന്നീട് കേരള സര്‍വകലാശാല) തന്നെ നാണക്കേടായ തെറ്റായ കീഴ്വഴക്കവും സൃഷ്ടിച്ചു. സര്‍വകലാശാലയുടെ ആദ്യത്തെ ബഹുമതി ബിരുദമായ ഡോക്ടര്‍ ഓഫ് ലോസ് (എല്‍.എല്‍.ഡി) 1939 നവംബര്‍ 11 ന് സ്വയം ഏറ്റുവാങ്ങി. ഒരു സര്‍വകലാശാലയുടെ ആദ്യ ബഹുമതി സ്വയം ഏറ്റുവാങ്ങിയ വൈസ് ചാന്‍സലര്‍മാര്‍ എത്രപേരുണ്ടാകും?! ഇത്തരം നൂറുകണക്കിന് അല്‍പത്തരങ്ങളിലും ധാര്‍ഷ്ട്യങ്ങളിലുമാണ് സി.പിയെന്ന ബിംബം നിര്‍മിക്കപ്പെട്ടത്.
ജനാധിപത്യത്തിന്‍െറ രൂപങ്ങള്‍ പേറാത്ത ഒരു അധികാരവ്യവസ്ഥയെ പിന്താങ്ങേണ്ട ബാധ്യത ചരിത്രത്തിനില്ല. എ. ശ്രീധരമേനോനടക്കമുള്ള ചരിത്രകാരന്‍മാര്‍ എന്നും ചരിത്രത്തെ ഭരണാധികാരികളുടെയും അവര്‍ക്കിടയിലെ കൊട്ടാര അന്തര്‍ഛിദ്രങ്ങളുടെയും കഥയായി ചുരുക്കി കണ്ടു. ചരിത്രം സൃഷ്ടിക്കുന്നത് ബഹുജനങ്ങളും അടിസ്ഥാന വര്‍ഗ\ജാതി വിഭാഗങ്ങളുമാണെന്നത് അവര്‍ മറന്നുപോയി. അതിനാല്‍ തന്നെ  അധികാരത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളും വിപ്ളവപോരാട്ടങ്ങളും കാണാതെ പോയി. അല്ളെങ്കില്‍  വിലകുറച്ചുകണ്ടു. 1936-1947 കാലത്ത് ചരിത്രം സൃഷ്ടിച്ചത് തിരുവിതാംകുറിലെ മര്‍ദിത ജനതയായിരുന്നു. ഉത്തരവാദിത്വപ്രക്ഷോഭം, കയര്‍തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയുംസമരം, ദലിത്- പിന്നാക്ക ജനതയുടെ ബ്രാഹ്മണ്യവിരുദ്ധ പോരാട്ടം, ക്വിറ്റ് ഇന്ത്യ അടക്കമുള്ള സ്വാതന്ത്ര്യ സമര മുന്നേറ്റം, നാവികത്തൊഴിലാളികളുടെ പണിമുടക്ക്, പുന്നപ്ര-വയലാര്‍ സമരം, കടക്കലിലെ അധികാരം പിടിച്ചെടുക്കല്‍, വിദ്യാര്‍ഥി പ്രക്ഷോഭം, സ്വതന്ത്ര തിരുവിതാംകൂര്‍ വിരുദ്ധ നീക്കം, സി.പി.യെ വധിക്കാനുള്ള ശ്രമം എന്നിവയെയല്ലാം അവഗണിക്കപ്പെട്ടു.  സേച്ഛാധിപതിയായിരുന്ന  സര്‍.സി.പിയെ മഹാനാക്കുന്ന ഏതൊരു ശ്രമവും യഥാര്‍ത്ഥ ചരിത്രത്തിന് പുറം തിരിഞ്ഞാണ് നില്‍ക്കുന്നത്. സി.പി. മഹാനാകുമ്പോള്‍ ആ ഭരണത്തിനെതിരെ 11 വര്‍ഷം നിരന്തരം പോരാടിയ ജനത എന്തിനെയാകും പ്രതിനിധീകരിക്കുക? ഒരര്‍ത്ഥത്തില്‍ ഇത്തരം വാഴ്ത്തലുകള്‍ മറുവശത്ത് ദിവാനെതിരെയും രാജവാഴ്ചക്കെതിരെയും നടന്ന പുന്നപ്ര-വയലാര്‍, അടക്കമുള്ള പ്രക്ഷോഭങ്ങളെ ചെറുതാക്കി കാണിക്കുകയാണ് ചെയ്യുന്നത്. അതായത് നമ്മള്‍ കടന്നുവന്ന വഴികളെ നാം തന്നെ അറിയാതെയെങ്കിലും തള്ളിപ്പറയുന്നു. അതിനുമപ്പറുത്ത് സേച്ഛാധിപത്യം ജനാധിപത്യത്തേക്കാള്‍ മഹത്വരമാണെന്ന് പറഞ്ഞുവയ്ക്കുന്നു. ഒട്ടും ആശാസ്യമല്ല അത്.



സൂചിക




1. പുന്നപ്ര-വയലാര്‍, കെ.സി.ജോര്‍ജ്, പ്രഭാത് ബുക് ഹൗസ്, 1998
2. സര്‍.സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും-ചരിത്ര രേഖകളിലൂടെ, പ്രൊഫ.എ.ശ്രീധരമേനോന്‍, ഡി.സി.ബുക്സ്,കോട്ടയം,1999
3. സര്‍.സി.പിയെ വധിക്കാന്‍ ശ്രമിച്ച കെ.സി.എസ്. മണി, ഡി.സി.ബുക്സ്,കോട്ടയം, 1997
4. 16. തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമര ചരിത്രം, സി.നാരായണപിളള
5. വിപ്ളവസ്മരണകള്‍, പുതുപ്പളളി രാഘവന്‍, മൂന്നാം വാള്യം
6. കേരളം: മലയാളികളുടെ മാതൃഭൂമി, ഇ.എം.എസ്, 1948
7. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍, വോല്യം 4.
8. സര്‍.സി.പി. തിരുവിതാംകൂര്‍ ചരിത്രത്തില്‍, പ്രൊഫ.എ.ശ്രീധരമേനോന്‍,ഡി.സി.ബുക്സ്, 2003
9. എട്ടാമത്തെ മോതിരം, കെ.എം.മാത്യു, ഡി.സി.ബുക്സ്, 2008
10.  സി.പി: എ ഷോര്‍ട്ട് ബയോഗ്രഫി ഓഫ് സര്‍ സി.പി, ഡോ. എ. രഘു, പ്രിസ്റ്റീജ് ബുക്സ്, 1998
11. പുന്നപ്ര-വയലാര്‍: ചരിത്രത്തില്‍ സംഭവിച്ചതും ചരിത്രകാരനില്‍ സംഭവിച്ചതും, ബിജുരാജ്, മാധ്യമം ആഴ്ചപ്പതിപ്പ്, 2006 നവംബര്‍ 10 മുതല്‍ നാല് ലക്കങ്ങള്‍

മാധ്യമം ആഴ്ചപ്പതിപ്പ്, 2015 ഒക്ടോബര്‍ 30

1 comment:

  1. ശ്രീധരമേനോന് ചരിത്ര രചനയിൽ സ്വന്തം അജണ്ട ഉണ്ടായിരുന്നു. ച

    ReplyDelete