Monday, December 7, 2015

മനുഷ്യാവകാശപ്രവര്‍ത്തകന്‍ കൂട്ടിലടച്ച മൃഗമായി മാറിയ ദിനങ്ങള്‍




മാവോവാദി ബന്ധം ആരോപിച്ച് ആദ്യതവണ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന്‍െറയും രണ്ടാം തവണ കരിനിയമം ചുമത്തി ജയിലിലടച്ചതിന്‍െറയും അനുഭവവിവരണം.  47 ദിവസത്തെ ജയില്‍വാസത്തിനിടയില്‍ താന്‍ അനുഭവിച്ചതും കണ്ടതുമായ അവസ്ഥകള്‍  മനുഷ്യാവകാശപ്രവര്‍ത്തകന്‍  കൂടിയായ ജെയ്സണ്‍ ഈ  ആത്മഭാഷണത്തില്‍  വ്യക്തമാക്കുന്നു. ജയിലില്‍  മനുഷ്യരായല്ല,   കൂട്ടിലടച്ച  മൃഗങ്ങളായാണ് തടവുകാരെ ഭരണകൂടം പരിഗണിക്കുന്നത്  എന്ന്  അദ്ദേഹം  കുറ്റപ്പെടുത്തുന്നു.




മനുഷ്യാവകാശപ്രവര്‍ത്തകന്‍
കൂട്ടിലടച്ച മൃഗമായി മാറിയ ദിനങ്ങള്‍

ജെയ്സണ്‍ സി. കൂപ്പര്‍


ജനാധിപത്യം എന്ന് കൊട്ടിഗ്ഘോഷിക്കപ്പെടുന്ന വ്യവസ്ഥ രാജ്യത്തെ പൗരന്മാരോട്  കാണിക്കുന്ന തികഞ്ഞ മനുഷ്യാവകാശ ലംഘനത്തിന് കുറഞ്ഞ ദിവസങ്ങളിലാണെങ്കിലും ഇരയാണ് ഞാന്‍. മാവോവാദി ബന്ധം ആരോപിച്ച് ദിവസങ്ങളോളം പൊലീസിന്‍െറ ശാരീരികവും മാനസികവുമായ പീഡനത്തിന് ഞാന്‍ ഇരയായി. ഒടുവില്‍ ഭരണകൂടം യു.എ.പി.എ എന്ന കരിനിയമം ചുമത്തി ജയിലിലടച്ചു. സോഷ്യല്‍ മീഡിയയിലടക്കം ഉയര്‍ന്ന പ്രതിഷേധത്തിന്‍െറയും ചില നിയമ സാങ്കേതികതകള്‍ ഒരുക്കിയ സാധ്യത മൂലവുമാണ്  47 ദിവസത്തിനുശേഷം  ജാമ്യത്തില്‍ പുറത്തിറങ്ങാനായത്. എന്നാല്‍, ഭരണകൂടം ഇപ്പോഴും പിന്നില്‍ തന്നെയുണ്ട്. ഏതു നിമിഷവും കള്ളക്കേസില്‍ കുടുക്കി അവരെന്നെ വീണ്ടും ജയിലിലടക്കുമെന്ന് ഉറപ്പാണ്.  എല്ലാ സ്വകാര്യതകളും നിഷേധിക്കപ്പെട്ട് തുടര്‍ച്ചയായി രഹസ്യപൊലീസിന്‍െറ നിരീക്ഷണത്തിന് വിധേയനാണ് ഞാന്‍.  ഫോണും  ഇ-മെയിലുമെല്ലാം നിരന്തരം ചോര്‍ത്തപ്പെടുന്നു. ഫേസ്ബുക് അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളില്‍ ആരൊക്കെയുമായി ഞാന്‍ ആശയവിനിമയം നടത്തുന്നു എന്നു നിരീക്ഷിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. വീട്ടിലും പരിസരത്തുമായും പൊലീസ് നിരീക്ഷണം. ഫലത്തില്‍ അപ്രഖ്യാപിത തടവറക്കുള്ളിലാണ് ഞാന്‍.
ഭരണകൂടം ആദ്യം എന്നെ തേടിവരുന്നത് കൊച്ചിയില്‍ മാവോവാദികള്‍ നടത്തിയ ഒരു ആക്രമണത്തിന് ശേഷമാണ്. 2014 നവംബര്‍ 10 ന്, കാതിക്കുടം ഗ്രാമത്തെ നരകമാക്കുന്ന നിറ്റ ജലാറ്റിന്‍ കമ്പനിയുടെ എറണാകുളം പനമ്പിള്ളി നഗറിലെ ആസ്ഥാന ഓഫിസ് മാവോവാദികള്‍ അടിച്ചുതകര്‍ത്തു. അന്ന് ഉച്ചക്ക്  ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വന്ന രണ്ട് രഹസ്യപൊലീസുകാര്‍ പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. അത് വിസമ്മതിച്ചതിനാല്‍ ഓഫിസറുടെ മുറിയില്‍ കയറി ആക്രമണത്തില്‍ ഞാന്‍ പങ്കാളിയാണെന്ന് സംശയിക്കുന്നതായി അറിയിച്ചു മടങ്ങി. കോഴിക്കോട് ഞാറ്റുവേല സാംസ്കാരിക സംഘടനയുടെ നയപ്രഖ്യാപന സമ്മേളനത്തില്‍ തലേന്ന് പങ്കെടുത്ത് തിരികെ പോരവെ  ഞാറ്റുവേല കണ്‍വീനര്‍ സ്വപ്നേഷ് ബാബുവിന്‍െറ കൈയില്‍ മറന്നുവെച്ച ഫോണ്‍ തിരികെ വാങ്ങാന്‍ ഞാന്‍ ഉച്ചയോടെ ലീവെടുത്ത് ഓഫിസില്‍നിന്നുമിറങ്ങി.  സന്ധ്യയോടെ  തിരികെ വീട്ടില്‍ പോവാന്‍ എറണാകുളം ജെട്ടി ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ പൊലീസ് പിടികൂടി. പിടികൂടി എന്നല്ല തട്ടിക്കൊണ്ടുപോയി എന്നു പറയുന്നതാവും ശരി.  എന്നെ  കസ്റ്റഡിയിലെടുത്ത കാര്യം പുറംലോകം അറിയാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. ഫോണ്‍ കൈക്കലാക്കിയ അവര്‍ സുഹൃത്തിനെ  വിളിക്കണം  എന്ന  ആവശ്യം നിരാകരിച്ചു.
ജെട്ടിക്ക് സമീപം കമീഷണര്‍ ഓഫിസില്‍നിന്ന് ജീപ്പില്‍ കൊണ്ടുപോകുമ്പോള്‍  ഇരുവശത്തുമിരുന്ന  ബലിഷ്ഠരായ പൊലീസുകാരില്‍ ഒരാളുടെ കൈയില്‍ തോക്ക് ഉണ്ടായിരുന്നു. അപ്പോള്‍ ആരുമറിയാതെ അവര്‍ എന്നെ വധിച്ചേക്കുമോ എന്നുപോലും  തോന്നി. രാവിലെ നടന്ന മാവോവാദി ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച് എത്തിയ പൊലീസ് സംഘത്തിനുനേരെ വെടിയുതിര്‍ത്ത മാവോവാദിയെ  പൊലീസ്  വെടിവെച്ചുകൊന്നു എന്നൊരു കഥയുണ്ടാക്കിയാല്‍ അത് അപ്പാടെ വിഴുങ്ങാന്‍ ഇവിടെ മാധ്യമങ്ങളുമുണ്ടല്ളോ.
പൊലീസ് പിടികൂടിയ എന്നെ കൊണ്ടുപോയത് സെയ്ഫ്ഹൗസ് എന്ന് അവര്‍ വിളിക്കുന്ന സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്കാണ്.  സെയ്ഫ്ഹൗസ്  എന്ന്  കേട്ടപ്പോഴേ എക്സ്ട്രാ ജുഡീഷ്യല്‍ വരാനിരിക്കുന്നു എന്ന് ഞാന്‍ ഊഹിച്ചു. സെന്‍ട്രല്‍ സ്റ്റേഷനില്‍ ഏതാനും  മിനിറ്റുകള്‍ക്കകം  ഉന്നത പൊലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി.  തുടര്‍ന്ന് ചോദ്യംചെയ്യല്‍ ആരംഭിച്ചു. മിക്കവരുംതന്നെ യൂനിഫോം ധരിച്ചിരുന്നില്ല. ഞാന്‍ പറയുന്ന ഉത്തരം അവര്‍ക്ക് തൃപ്തികരമല്ലാതെവരുമ്പോള്‍ കൂട്ടത്തില്‍ ഏറ്റവും ബലിഷ്ഠനായ ഒരാള്‍ എന്നെ ഒന്ന് ചെറുതായി കൈകാര്യം ചെയ്യും. മുടിയില്‍  പിടിച്ച്  വലിക്കുക,  കഴുത്തിനു പിടിക്കുക, ഇരിക്കുന്ന കസേര അപ്രതീക്ഷിതമായി പിന്നോട്ട് വലിച്ച് വീഴ്ത്താന്‍ ശ്രമിക്കുക തുടങ്ങിയവയൊക്കെയായിരുന്നു കക്ഷിയുടെ പരിപാടികള്‍. പച്ചത്തെറി മാത്രമേ ഈ ജനമൈത്രി പൊലീസുകാരന്‍ വിളിച്ചുള്ളൂ.
സെന്‍ട്രല്‍ സ്റ്റേഷനിലെ ചോദ്യം ചെയ്യലിനുശേഷം എന്നെ പൊലീസ് തമ്മനത്തുള്ള സ്വപ്നേഷ് ബാബുവിന്‍െറ വീടിന് സമീപം കൊണ്ടുപോയെങ്കിലും ജീപ്പില്‍നിന്ന് ആരും ഇറങ്ങിയില്ല. തുടര്‍ന്ന് മരട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.  അവിടെനിന്ന് പനങ്ങാട് സ്റ്റേഷനിലേക്കും.  ഇടയ്ക്കിടെ  ഇവനെ തൂക്കണം (ഗരുഡന്‍ തൂക്കം എന്നൊരു ഏര്‍പ്പാടുണ്ട് ജനാധിപത്യത്തില്‍!) എന്നൊക്കെ ഇവരില്‍ ഒരാള്‍ പറഞ്ഞു. രാത്രി പത്തോടെ ചോദ്യം ചെയ്യലും മറ്റും അവസാനിപ്പിച്ച്  ഭക്ഷണം തന്നു. രാവിലെ ആറിന് വീണ്ടും തുടങ്ങിയ ചോദ്യം ചെയ്യല്‍ പതിനൊന്ന് മണിയോടെ അവസാനിച്ചു. തുടര്‍ന്ന് വീണ്ടും സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു.  അവിടെ സ്വപ്നേഷ് ബാബുവിനെയും പഴയ സി. ആര്‍.സി, സി.പി.ഐ  (എം.എല്‍) സഖാവായ ജോര്‍ജിനെയും പിടിച്ചുകൊണ്ടുവന്നു  ചോദ്യം  ചെയ്യുകയായിരുന്നു. വൈകുന്നേരത്തെ ചോദ്യംചെയ്യലില്‍ കഴുത്തിനുപിടിത്തം, തെറിവിളികള്‍ ആവര്‍ത്തിച്ചു. നിനക്ക്  യു.എ.പി.എ തരും, നിന്നെ പെടുത്തും എന്നൊക്കെ  ഇടയ്ക്കിടെ  പറഞ്ഞു.
സന്ധ്യയോടെ ഞങ്ങളെ മൂന്നുപേരെയും തേവര പൊലീസ് സ്റ്റേഷനിലത്തെിച്ചു. അവിടെ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ നിശാന്തിനി ഉള്‍പ്പെടെയുള്ളവര്‍ ഞങ്ങളെ മാറിമാറി ചോദ്യം ചെയ്തു. പരിഹാസം നിറഞ്ഞുനിന്ന ചോദ്യങ്ങള്‍ക്കിടെ അവര്‍ എന്നോട് പറഞ്ഞു:  ‘‘ഇതില്‍  ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ തന്നെ ഞെരിച്ചുകളയും.’’  അന്ന് രാത്രി പത്തോടെ, പിറ്റേദിവസം രാവിലെ പത്ത് മണിക്ക് ഹാജരാകണം എന്ന നോട്ടീസ് തന്നു ഞങ്ങളെ മോചിതരാക്കി. പിറ്റേദിവസം പത്തിന് തുടങ്ങിയ ചോദ്യംചെയ്യല്‍ വൈകുന്നേരം നാലിന് അവസാനിച്ചു. 14ാം തീയതി വൈകുന്നേരം വിളിച്ച് 15ന്  രാവിലെ ഹാജരാകാന്‍ പറഞ്ഞെങ്കിലും നോട്ടിസ് തരാതിരുന്നതിനാല്‍ ഞാന്‍ പോയില്ല. തുടര്‍ന്ന് ഓഫിസില്‍ കൊണ്ടുവന്ന്  നോട്ടിസ് തന്നു.  തേവര  സ്റ്റേഷനില്‍ ഹാജരായ എന്നെ രാത്രി പത്തുവരെ  ചോദ്യം ചെയ്ത് വിട്ടു.
ഇന്ത്യയില്‍  പതിനായിരക്കണക്കിന് മനുഷ്യര്‍ അനുഭവിക്കുന്ന ഭരണകൂട ഭീകരതയുമായി തട്ടിച്ചുനോക്കുമ്പോള്‍ എനിക്കുണ്ടായ അനുഭവം  പ്രത്യേകിച്ചൊന്നുമല്ല. മഅ്ദനി,  ജി.എന്‍. സായിബാബ,   കൊബാഡ് ഗാന്‍ഡി,  ചത്രധര്‍  മഹാതോ,  സോണി സോറി... തടവറകളില്‍ നരകജീവിതം നയി(ച്ച)ക്കുന്ന മനുഷ്യരുടെ പട്ടിക വളരെ നീണ്ടതാണ്. അതുകൊണ്ട് ഈ ‘ചോദ്യം ചെയ്യല്‍’ വലിയ കാര്യമാക്കേണ്ട എന്നാണ് മനസ്സ് പറഞ്ഞത്.  പക്ഷേ,  കൂടുതല്‍ വലുത്  വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.

വീണ്ടും  പൊലീസ് കസ്റ്റഡിയില്‍


2015 ജനുവരി 29ന് മാവോവാദികള്‍ കളമശ്ശേരിയിലെ രാജഗിരി റോഡിലെ ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ ഓഫിസ് ആക്രമിച്ചു. രാവിലെ ഒമ്പതോടെ ഫയലുകള്‍ക്ക് തീയിട്ട സംഘം മാവോവാദി അനുകൂല ലഘുലേഖ വിതറി. ഓഫിസ് ഭിത്തിയില്‍ സാമ്രാജ്യത്വം തുലയട്ടെ, ചുങ്കപാത തുലയട്ടെ എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയിട്ടു.  തങ്ങളുടെ  അര്‍ബന്‍ ആക്ഷന്‍ ടീമാണ് ആക്രമണം നടത്തിയതെന്ന് മാവോവാദികള്‍ അവകാശപ്പെട്ടെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തത് എന്നെയും  ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി അഡ്വ.തുഷാര്‍ നിര്‍മല്‍ സാരഥിയെയുമാണ്.  ഞാനും  തുഷാറും മാവോയിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരല്ല. അവരുമായി ബന്ധമൊന്നുമില്ല. ഞങ്ങള്‍ രണ്ടുപേരും മനുഷ്യാവകാശ പ്രസ്ഥാന പ്രവര്‍ത്തകര്‍ മാത്രമാണ്.  എന്നാല്‍, മാവോവാദത്തോട് എനിക്ക് എതിര്‍പ്പില്ല. അതാണ് ശരിയായ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന  ബോധവുമുണ്ട്. അതും  സി.പി.ഐയു (മാവോയിസ്റ്റ്)മായി  ബന്ധമുണ്ടായിരിക്കുകയും രണ്ട് കാര്യമാണ്. മാവോയിസ്റ്റ് പാര്‍ട്ടിയുമായി ബന്ധം എനിക്കില്ല. അത് പൊലീസിനും  ബോധ്യമായിട്ടുണ്ടാവണം.
ജനുവരി 29ന് ഞാന്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഓഫിസില്‍  ഒരു  സ്പെഷല്‍  ബ്രാഞ്ച് പൊലീസുകാരന്‍ വന്നു.  പ്യൂണിനോട് ചോദിച്ചു ഞാന്‍ വന്നിട്ടുണ്ടെന്ന് ഉറപ്പാക്കി. ആ സമയത്ത് മാവോവാദി ആക്രമണം നടന്നത് എനിക്കറിയില്ല. അയാള്‍ പുറത്തേക്ക് പോയി. കുറച്ചുകഴിഞ്ഞപ്പോള്‍ സ്പെഷല്‍ബ്രാഞ്ച് എസ്.ഐ അനന്ത് ലാലും മൂന്നുനാല് പേരും അകത്തു വന്നു. എന്നോട് വാ പോകാം എന്നു പറഞ്ഞു. ഡ്യൂട്ടിയിലാണ്, വരാന്‍ പറ്റില്ളെന്ന് വ്യക്തമാക്കി. വരണമെങ്കില്‍ ഓഫിസറോട് അനുമതി മേടിക്കാന്‍ പറഞ്ഞു. ഈ സമയത്ത് എസ്.ഐ ഒട്ടും ആത്മവിശ്വാസം ഇല്ലാത്ത പോലെയാണ് പ്രവര്‍ത്തിക്കുന്നത്.  അവര്‍ ഓഫിസറുടെ അടുത്തേക്ക് പോകുന്നു. തിരിച്ചുവരുന്നു. ഞാന്‍  മൊബൈല്‍ ഫോണെടുത്ത് അഡ്വ.തുഷാര്‍ നിര്‍മല്‍ സാരഥിയെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഫോണ്‍ തട്ടിപ്പറിച്ചു. എന്നെ കൊണ്ടുപോകണമെങ്കില്‍ രേഖ വേണമെന്ന് ഓഫിസര്‍ പറഞ്ഞു.  പൊലീസിന്‍െറ  കൈയില്‍ ഒരു രേഖയുമില്ല. ലെറ്റര്‍ തന്നാല്‍ വിടാം എന്ന്  ഓഫിസര്‍ അറിയിച്ചു.  ഇതിനിടയില്‍ ഓഫിസര്‍ തിരുവനന്തപുരം ഡയറക്ടറേറ്റിലേക്ക് വിളിച്ചു. അവര്‍ വിട്ടോളാന്‍ പറഞ്ഞതോടെ എന്നെ കൊണ്ടുപോയിക്കൊള്ളാന്‍ ഓഫിസര്‍ അനുമതി നല്‍കി.   ശരിക്കും ഈ നടപടി നിയമവിരുദ്ധമാണ്.  ഒരു സര്‍ക്കാര്‍ ജീവനക്കാരനെ ഡ്യൂട്ടിക്കിടയില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട ചട്ടം ഒന്നും തന്നെ പാലിക്കാതെയാണ്  പൊലീസ്  എന്നെ പിടികൂടിയത്.
പൊലീസ് എന്നെ തേവര സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നെ ചോദ്യം ചെയ്യല്‍. ശാസ്ത്രീയമായ ചോദ്യം ചെയ്യല്‍ ഒന്നുമല്ല. കഴിഞ്ഞ രണ്ടുദിവസം എന്‍െറ ഫോണിലേക്ക് വിളിച്ചവരാരാണെന്നും മറ്റും ചോദിച്ചു.  മറ്റൊരാള്‍ ഫേസ്ബുക്കിലെ എന്‍െറ പോസ്റ്റുകള്‍ പരിശോധിക്കുന്നു. ഞാന്‍ ഈ ദിവസങ്ങളില്‍ ആരെയൊക്കെ കണ്ടു എന്നും അറിയണം.  വൈകുന്നേരം  മൂന്നുമണി വരെ ഇതുതന്നെയാണ് അവസ്ഥ. വൈകുന്നേരത്തോടെ വിടാം എന്നതാണ് അവരുടെയും നിലപാട്.  ഓഫിസില്‍നിന്ന് ആരെയെങ്കിലും വിളിച്ചോളാന്‍ പറഞ്ഞു. അതനുസരിച്ച് ഞാന്‍ ഓഫിസില്‍ വിളിച്ചു പറഞ്ഞു. അവിടെ നിന്ന് രണ്ടുപേര്‍ വന്നു. ഈ സമയത്ത് പോകുന്നതിന് മുമ്പ്  സി.ഐ  കാണണം എന്നു പറഞ്ഞു. വിടാന്‍ ഉദ്ദേശ്യമില്ളെന്ന്  അപ്പോഴേ  മനസ്സിലായി. ഓഫിസില്‍നിന്ന് വന്നവരോട് ഞാന്‍ പൊയ്ക്കോളാന്‍ പറഞ്ഞു. വീട്ടില്‍ പോകണം,  വീട് പരിശോധിക്കണം എന്നായി സി.ഐ. അവര്‍ എന്നെയും കൂട്ടി വീട്ടില്‍ പോയി പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല. തിരിച്ചുപോരാന്‍ നേരത്ത്  നിശാന്തിനിയെ വിളിച്ചു.  അവര്‍ എന്‍െറ ലാപ്ടോപ് എടുത്തോളാന്‍ നിര്‍ദേശിച്ചു. ലാപ്ടോപ്പുമെടുത്ത് തിരിച്ച് സ്റ്റേഷനിലത്തെി.  ഇടക്ക് പള്ളുരുത്തി  എസ്.ഐ അക്രമാസക്തഭാവത്തില്‍ വന്നു. എന്‍െറ പോക്കറ്റില്‍നിന്ന് എല്ലാം വലിച്ചു പറിക്കാന്‍ തുടങ്ങി. അങ്ങനെയാണ്  ഒന്നാമത്തെ  തെളിവ് എന്നു പറയുന്ന സാധനം അവര്‍ക്ക് കിട്ടുന്നത്. അത് മനുഷ്യാവകാശ പ്രസ്ഥാനത്തിന്‍െറ ഒരു നോട്ടിസാണ്. ഫോണ്‍നമ്പര്‍ സഹിതമുള്ള നോട്ടിസ്. അതില്‍ ഒരിടത്തും  ഭരണകൂടത്തെ  അട്ടിമറിക്കണമെന്ന് പറയുന്നില്ല. ഭരണകൂടം  ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് നോട്ടിസ് പറയുന്നത്.  പിന്നെ കമ്പ്യൂട്ടര്‍ ബാഗ് പരിശോധിച്ചു. അവര്‍ക്ക് ഒരു മംഗളം പത്രം കിട്ടി. അതില്‍ ഐ. ഗോപിനാഥ് എഴുതിയ ലേഖനം കണ്ടു.  ‘മാവോയിസ്റ്റുകളോട് സ്നേഹപൂര്‍വം: പിന്തുണക്കാം, ഹൈജാക് ചെയ്യരുത്’ എന്നാണ് ലേഖനത്തിന്‍െറ തലക്കെട്ട്.  മാവോവാദികളോടുള്ള വിമര്‍ശമാണ് ശരിക്കും അതില്‍. പക്ഷേ, പൊലീസ് തലക്കെട്ടില്‍ ‘മാവോയിസ്റ്റ് ’എന്ന് കണ്ടതോടെ അത് രണ്ടാമത്തെ തെളിവാക്കി. നിയമപ്രകാരം പ്രസിദ്ധീകരിക്കുന്ന പത്രമാണെന്നത് പൊലീസിന് പരിഗണനാവിഷയം പോലുമല്ല. സന്ധ്യയായി. പൊലീസുകാര്‍ മാറിനിന്ന് ചര്‍ച്ച. ഈ സമയത്തും വിടും എന്നു തന്നെയാണ് ചില പൊലീസുകാര്‍ സൂചിപ്പിച്ചത്. അന്ന് കൊച്ചിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുണ്ട്. വൈകാതെ ‘മുകളില്‍ നിന്ന്’ നിര്‍ദേശം വന്നു. എന്നെ വിടേണ്ട.ആക്രമണം നടന്ന ദിവസം തന്നെ ആരെയെങ്കിലും പിടിച്ചു എന്നുവരുത്തണം. യു.എ.പി.എ ചുമത്തുകയാണെന്നും പൊലീസുകാര്‍ ധരിപ്പിച്ചു. തീരുമാനം മുകളില്‍നിന്നാണെന്ന് പൊലീസുകാര്‍ പറയുകയും ചെയ്തു. കളമശ്ശേരി ആക്രമണവുമായി എന്‍െറ അറസ്റ്റിന് ബന്ധമില്ല.  മാവോയിസ്റ്റ്  പശ്ചിമഘട്ട കമ്മിറ്റിയുമായി ബന്ധമുണ്ട് എന്നു സംശയിക്കുന്നുവെന്ന ആരോപണമാണ് എന്‍െറയും തുഷാറിന്‍െറയും പേരിലുള്ളത്. പക്ഷേ, പത്രങ്ങള്‍ എഴുതിയത് കളമശ്ശേരി ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ്.
കോടതി  എട്ടുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ ദിവസങ്ങളിലെല്ലാം തുടര്‍ച്ചയായ ചോദ്യംചെയ്യലിന് വിധേയമായി. ഐ.ബിയും ആഭ്യന്തരസുരക്ഷാ ഏജന്‍സി അടക്കമുള്ള പല വിഭാഗങ്ങളും വന്നു.  മിലിട്ടറി ഇന്‍റലിജന്‍സ് എന്ന് കരുതുന്ന രണ്ടുപേരും ചോദ്യം ചെയ്തു. അവര്‍ തങ്ങളുടെ ഐഡന്‍റിറ്റി ഞങ്ങളോട് പറഞ്ഞില്ല. ഞങ്ങളോടല്ല, എസ്.ഐയോടും പറഞ്ഞില്ല. എസ്.ഐയുടെ മുറിയില്‍വെച്ചാണ് ചോദ്യംചെയ്യല്‍.  ഇടക്ക് എസ്. ഐ വന്നപ്പോള്‍ ‘‘ഐ.ബിയാണോ’’ എന്ന് അവരോട് ചോദിച്ചു. അല്ല എന്നു മാത്രമാണ് മറുപടി പറഞ്ഞത്. എസ്.ഐ പോകുകയും ചെയ്തു.  നേരത്തേ  മിലിട്ടറി ഇന്‍റലിജന്‍സ് പിന്നാലെയുണ്ടെന്ന് എസ്.ഐ ഞങ്ങളോട് പറഞ്ഞിരുന്നു. ഒരു ദിവസം തെളിവെടുപ്പ് എന്നു പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി. ശാരീരികമായ ഉപദ്രവം   ഇത്തവണ ഉണ്ടായില്ല.  ഞങ്ങളുടെ  അറസ്റ്റ് മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. മര്‍ദിച്ചാല്‍ പുറത്തറിയും എന്നതിനാല്‍ പൊലീസ്  ജാഗ്രത പാലിച്ചു. എന്നാലും ഇടക്കിടക്ക് മര്‍ദിക്കാന്‍ പോകുന്നു എന്ന തോന്നല്‍ പൊലീസുകാര്‍  ഉണ്ടാക്കി. സി.ഐയോട് ‘‘കൂപ്പര്‍ജിയുടെ കൈയില്‍നിന്ന് ഒന്നും കിട്ടിയിട്ടില്ല. അപ്പോള്‍ കൊടുക്കേണ്ടിവരും’’ എന്ന്  എസ്.ഐ  പറയും.  വേണ്ടിവരും എന്ന് സി.ഐയും മറുപടി പറയും. എന്നിട്ട് കൈ പെരുപ്പിച്ച് കാണിക്കും. ഇത് മാനസികമായി സമ്മര്‍ദമേല്‍പ്പിക്കാനുള്ള അടവായിരുന്നുവെന്ന് തോന്നുന്നു.



 കൂട്ടിലടച്ച  മൃഗങ്ങള്‍

എട്ട് ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം കാക്കനാട്ട് ജില്ലാ ജയിലിലേക്കാണ് കൊണ്ടുപോയത്. യു.എ.പി.എ ചുമത്തിയതിനാല്‍ പെട്ടെന്ന്  പുറത്തിറങ്ങാനാവില്ളെന്ന് മനസ്സു പറഞ്ഞു.  ഉച്ചയോടെ ജയിലില്‍ എത്തി.  വസ്ത്രം  അഴിച്ച്  പരിശോധിച്ചു.  വേഷം അവര്‍  നല്‍കിയ മുണ്ടുമാത്രമായി. ഈ സമയത്ത് അവിടത്തെ ഏറ്റവും പ്രധാന ഉദ്യോഗസ്ഥന്‍ നന്നായി മദ്യപിച്ചിട്ടുണ്ട്.  പച്ചത്തെറി തന്നെയാണ് അയാള്‍ വിളിക്കുന്നത്.  നാടു നന്നാക്കാന്‍ ഇറങ്ങിക്കോളും  ഇവന്മാരെന്നൊക്കെ പറഞ്ഞുള്ള  അധിക്ഷേപം. ‘‘അടിച്ചിട്ടു വിട്ടാല്‍ മതി, അടിച്ചിട്ടു വിട്ടാല്‍ മതി’’എന്ന്  ആക്രോശിക്കുന്നുണ്ട്. നടയടിയാണ്  ഉദ്ദേശിക്കുന്നത്.  തെറിയിലൂടെയാണ് അയാള്‍ ഇതൊക്കെ പറയുന്നത്. പക്ഷേ, നടയടിയുണ്ടായില്ല. അടിച്ചാല്‍ പിന്നീട് കോടതിയിലും മറ്റും പറഞ്ഞ് പ്രശ്നമാകുമെന്ന് കരുതിയാവണം.  മര്യദക്കാരായിരിക്കണം എന്ന  ഭീഷണിയോടെയാണ് അകത്തേക്ക്  വിടുന്നത്.
 എന്നെ ഏഴാം സെല്ലിലാണ് അടച്ചത്. തുഷാറിനെ ഒമ്പതിലും. ജയിലില്‍ ഒട്ടും സൗകര്യമില്ല. ജയിലില്‍ 100 പേരെ പാര്‍പ്പിക്കാനേ   പറ്റൂ.  എന്നാല്‍, ഇരട്ടിയിലധികം പേര്‍ ജയിലിലുണ്ട്. 15 പേര്‍ക്ക് കിടക്കാവുന്ന സെലില്‍ 33 പേരോളമുണ്ട്്. നിന്ന് തിരിയാന്‍ ഇടമില്ലാത്ത അവസ്ഥ. രാത്രി കാര്‍പ്പെറ്റില്‍ എല്ലാവരും കൂടി ഞെരുങ്ങിക്കിടക്കണം. ഒരാള്‍ കാലോ കൈയോ എടുത്താല്‍ മറ്റേയാള്‍ക്കിട്ടും കൊള്ളും.  ഒരു രാത്രി  അടുത്തുകിടന്നയാള്‍ തിരിഞ്ഞപ്പോള്‍ എന്‍െറ കണ്ണു കലങ്ങി.
സെല്ലില്‍ തടവുകാരെ ഏത് സമയവും അടച്ചിട്ടിരിക്കുന്നതാണ് ഇവിടത്തെ പതിവ്.  രാവിലെ ആറരക്ക് ചായയുണ്ട്. ഈ സമയത്ത് അത് വാങ്ങാന്‍ വരാന്തയില്‍ ക്യൂവായി നില്‍ക്കണം. വീണ്ടും സെല്ലില്‍ കയറണം.  എട്ടരയോടടുപ്പിപ്പ് പ്രാഥമിക കൃത്യങ്ങള്‍ക്കായി 20 മിനിറ്റ്  സെല്ല്  തുറക്കും.  ബാച്ച് ബാച്ചുകളായാണ് വിടുക. കുളിക്കല്‍, കക്കൂസില്‍ പോകല്‍, പല്ലുതേക്കല്‍ എല്ലാം ഈ സമയത്തിനുള്ളില്‍ തീര്‍ക്കണം. കക്കൂസിലടക്കം എല്ലായിടത്തും തിരക്കാണ്. ടാങ്കിനു ചുറ്റും നിന്ന് വെള്ളം കോരി ദേഹത്ത് ഒഴിക്കുന്നതാണ് കുളി.
സമയം അല്‍പം വൈകിയാല്‍ ജയിലുദ്യോഗസ്ഥര്‍ ചീത്ത വിളിക്കും. അടിക്കും. അത്തരം അടിയില്‍നിന്ന് എന്നെ അവര്‍ ഒഴിവാക്കി. മൂവാറ്റുപുഴ ജയിലില്‍നിന്ന് വന്നവര്‍ ഒന്നു രണ്ടുപേരുണ്ടായിരുന്നു. അവിടെ കിട്ടുന്ന എല്ലാ അവസരത്തിലും തടവുകാരെ മര്‍ദിക്കുമെന്ന് അവര്‍ പറഞ്ഞു. തടവുകാരെ നടയടിക്കാതെ അകത്തേക്ക് കയറ്റുക പോലുമില്ല. ഇവിടെ പക്ഷേ, ചീത്തവിളിയാണ് കൂടുതലും. അതേസമയം, കൊക്കെയിന്‍ കേസില്‍ പ്രതിയായ നൈജീരിയക്കാരനെയൊന്നും അടിക്കുന്നില്ല. ഭയമായതുകൊണ്ടാവണം. പകരം നിലത്തിട്ട് അടിച്ചിട്ട് കയറെടാ എന്നൊക്കെ വിളിച്ചു പറയുന്നതാണ് കണ്ടത്. പിന്നീട് പ്രാതല്‍ നല്‍കും.  ചപ്പാത്തി,  ഇഡ്ഡലി, അല്ളെങ്കില്‍ ഉപ്പുമാവ് എന്തെങ്കിലും ഒന്നാവും ഭക്ഷണം. ശിക്ഷാ പ്രതികളാണ്  ഭക്ഷണം  ഉണ്ടാക്കുന്നത്.   ഉച്ചക്ക് ഭക്ഷണം വാങ്ങാനും പുറത്തുവിടും.  24  മണിക്കൂറില്‍ അരമണിക്കൂറില്‍ താഴെയാണ് സെല്ലില്‍നിന്ന്  പുറത്തിറക്കുന്നത്.
അഴിമതിയുടെ കേന്ദ്രമാണ് കാക്കനാട്ട് ജയില്‍ എന്ന പരാതി മുമ്പേ ഉയര്‍ന്നിട്ടുള്ളതാണ്. അഴിമതി എല്ലാതലത്തിലുമുണ്ട്. ആദ്യം കണ്ട മദ്യപിച്ചിരുന്ന ഉദ്യോഗസ്ഥന്‍ വലിയ അഴിമതിക്കാരനാണെന്ന് പിന്നീട് മനസ്സിലായി.   തടവുകാരെ കാണാന്‍ വരുന്ന സാധാരണക്കാരില്‍നിന്ന്  ഇവര്‍  പണം ആവശ്യപ്പെടും. നിവൃത്തിയില്ലാതെ ആളുകള്‍  കൊടുക്കും.  ഇതാണ്  ജയിലുദ്യോഗസ്ഥരുടെ ഒരു വരുമാനമാര്‍ഗം  എന്ന്  കേട്ടിരുന്നു.  ഞങ്ങളെ കാണാന്‍ വന്നവരില്‍നിന്ന്  അവര്‍  പണം  ബോധപൂര്‍വം തന്നെ ചോദിച്ചില്ല. ഭക്ഷണത്തിന്‍െറ കാര്യത്തിലാണ് ഏറ്റവും വലിയ അഴിമതി. ആഴ്ചയിലൊരു ദിവസം ആട്ടിറച്ചിയുണ്ട്. പക്ഷേ, അതില്‍ ആട്ടിറച്ചി ഉണ്ടാവില്ല.  കുറച്ചു  ചാറുണ്ടാകും. ചെറിയ ഒന്നോ രണ്ടോ  കഷണം കിട്ടിയാല്‍ ഭാഗ്യം.
ജയിലില്‍ ഗുണ്ടകള്‍ക്കും  മറ്റു  സ്വാധീനമുള്ളവര്‍ക്കും ഉയര്‍ന്ന പരിഗണനയാണ്. കണ്ടെയ്നര്‍ സന്തോഷ്, ഗുണ്ടയായ മരട് അനീഷിന്‍െറ അനിയന്‍ ആശിക്ക്, ഇരുമ്പനത്തെ കുപ്രസിദ്ധ ഗുണ്ട എന്നിവര്‍ അവിടെയുണ്ടായിരുന്നു.  ഇവര്‍ക്ക്  മറ്റ് തടവുകാരെക്കാള്‍ ഉയര്‍ന്ന പരിഗണനയാണ്. അവര്‍ അവിടെ കിടന്ന് പുറത്തുള്ള പലരുമായി ബന്ധപ്പെടുകയും മറ്റും ചെയ്ത് പണം എത്തിക്കുന്നുണ്ട്. അതിനാല്‍തന്നെ പല ആനുകൂല്യവും അവര്‍ക്കുണ്ട്. ഗുണ്ടകള്‍ക്ക് ഒരു നീതിയും സാധാരണക്കാരന്  മറ്റൊരു  നീതിയും.
ജയിലിലുള്ളതില്‍ മിക്കവരും  ദരിദ്രരും പിന്നാക്ക പശ്ചാത്തലത്തില്‍നിന്ന്  വന്നവരുമാണ്.  പലരും  നിസ്സാര കുറ്റങ്ങളാണ് ചെയ്തിരിക്കുന്നത്.   അല്‍പം  മദ്യം മേടിച്ച്  അത് ചെറിയ ചെറിയ കുപ്പികളായി വിറ്റ് കച്ചവടം നടത്തുന്നതുപോലുള്ള കുറ്റമാണ് പലരും  ചെയ്തിരിക്കുന്നത്.  ജാമ്യമെടുക്കാനാളില്ലാത്തതിനാല്‍ പുറത്തുപോവാനാവാത്ത  കുറേയേറെപ്പേരുണ്ട്.  കുറ്റവാളികളെയും  വിചാരണത്തടവുകാരെയും  ശിക്ഷിക്കപ്പെട്ട പ്രതികളെയും ഒന്നിച്ചാണ് പാര്‍പ്പിച്ചിരിക്കുന്നത്.  രാഷ്ട്രീയ തടവുകാര്‍ എന്ന പരിഗണന  ആര്‍ക്കുമില്ല.  എന്‍െറ  മേലുള്ള  കുറ്റം  രാഷ്ട്രീയമാണ്. എല്ലാവരും ഒന്നുകില്‍  പ്രത്യക്ഷമോ അല്ലാത്തതോ ആയ രാഷ്ട്രീയ കാരണങ്ങളാലാണ്  ജയിലിനകത്ത് എത്തിയത്. ഒരമ്മയും കള്ളനെ പ്രസവിക്കുന്നില്ല എന്നൊരു മുദ്രാവാക്യം പണ്ട് നക്സലൈറ്റുകള്‍ ഉയര്‍ത്തിയതായി കേട്ടിട്ടുണ്ട്.   സാമൂഹികവ്യവസ്ഥയാണ് ഒരാളെ കുറ്റവാളിയാക്കുന്നത്.  വ്യക്തികളെ പരിവര്‍ത്തനപ്പെടുത്തുകയാണ് ശിക്ഷയുടെ ലക്ഷ്യം.  പക്ഷേ, ജയില്‍ ആരെയും രക്ഷിക്കില്ല.   ജയില്‍ കൂടുതല്‍ പേരെയും കൂടുതല്‍ വലിയ കുറ്റവാളിയാക്കുന്നതാണ് ഞാന്‍ കണ്ടത്.  പല  തടവുകാരും പലതരം കുറ്റങ്ങള്‍ക്കായി വീണ്ടും  അകത്ത്  എത്തുന്നതും  സാധാരണം.
ജയിലില്‍ ലൈബ്രറിയുണ്ട്. പക്ഷേ, കൂടുതല്‍ തടവുകാര്‍ക്കും വേണ്ടത്  പൈങ്കിളി നോവലാണ്. ആദ്യതവണ ഞാനും മറ്റൊരാളും കൂടി എല്ലാവര്‍ക്കും കൂടി പുസ്തകം എടുക്കാന്‍ പോയി. കുറച്ച് പൈങ്കിളിയും ബാക്കി ആനന്ദിനെപ്പോലുള്ളവരുടെ പുസ്തകവുമെടുത്തു. ‘‘വായിക്കാന്‍ കൊള്ളാവുന്ന പുസ്തകം കുറവാണ്, ആരാണ് പുസ്തകം എടുക്കാന്‍ പോയത്’’ എന്നൊക്കെ സംസാരമുണ്ടായി. പക്ഷേ, എനിക്കുവേണ്ട പുസ്തകങ്ങള്‍ ഇതിനിടയിലും സംഘടിപ്പിച്ചു. ജയിലില്‍ പതിവായി പത്രങ്ങള്‍ കിട്ടുന്നതിനാല്‍ പുറംലോക വിവരം അറിയാനായി.
ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട ജോലിയെല്ലാം തടവുകാരാണ് ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ പത്രം വായിച്ചും സൊറ പറഞ്ഞുമിരിക്കും. ഇടക്ക് ആരെയെങ്കിലും തെറിവിളിക്കുന്നതാണ് അവരുടെ ഏക പണി. സെല്ല് തടവുകാര്‍ തന്നെ വൃത്തിയോടെ സൂക്ഷിക്കും. ഭക്ഷണം കഴിഞ്ഞാല്‍ തറയൊക്കെ കഴുകി തുടക്കും. കിടക്കുന്ന സെല്ലില്‍ ഒരു അരമതിലുപോലുള്ള ഭാഗത്ത് ചെറിയ കക്കൂസുണ്ട്. മൂത്രമൊഴിക്കാന്‍ മാത്രമാണ് ഉപയോഗിക്കുക. തടവുകാര്‍ തന്നെ  അതു വൃത്തിയായി സൂക്ഷിക്കും.  പുതക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ രാത്രി തണുത്തുവിറക്കും. ഉടുക്കുന്ന മുണ്ടാണ് പലരുടെയും പുതപ്പ്്. കൊതുകുശല്യത്തെയും ഈ മുണ്ടുകൊണ്ട് നേരിടണം.
മിക്ക സെല്ലിലും തടവുകാര്‍ തമ്മില്‍ പരസ്പരമുള്ള ബഹളവും അടിപിടിയുമുണ്ട്. പരസ്പരമുള്ള തെറിവിളിയും മറ്റും ഉയര്‍ന്നുകേള്‍ക്കും. കൂട്ടംകൂടി ഒരാള്‍ക്കെതിരെ തിരിയുക എന്നതും പതിവാണ്. അതില്‍നിന്ന് വ്യത്യസ്തമായിരുന്നു ഞാന്‍ കിടന്ന സെല്‍. അതിനുകാരണം സെല്ലില്‍ കൈവെട്ട് കേസിലെ പ്രതികളായ ജലാല്‍ അടക്കം നാലുപേര്‍  ഉണ്ടായിരുന്നുവെന്നതാണ്. വ്യക്തികളെന്ന നിലയില്‍ ഉയര്‍ന്ന മൂല്യബോധം പ്രകടിപ്പിക്കുന്നവരായിരുന്നു അവര്‍. അവരുടെ സ്വാധീനത്തീന് കീഴിലായിരുന്നു സെല്‍. അതിനാല്‍ ഒരു ഉയര്‍ന്നതരം അച്ചടക്കം സെല്ലില്‍ നിലനിന്നു. അതില്‍ ഒരാള്‍ പതിവായി എന്നോട് രാഷ്ട്രീയം ചര്‍ച്ചചെയ്യാനും താല്‍പര്യം കാട്ടി.  ഇടക്ക് ഞങ്ങളെ കാണാന്‍ ജഡ്ജി വന്നിരുന്നു.  വരുന്നതിന് മുമ്പേ എല്ലാവരെയും അറിയിച്ചിരുന്നു. പക്ഷേ, ആരും കാര്യമായിട്ടു പരാതി പറഞ്ഞില്ല. അതു സാധ്യവുമല്ല. പരാതി പറയില്ളെന്ന് നേരത്തേ തന്നെ ജയിലുദ്യോഗസ്ഥര്‍ ഉറപ്പാക്കും.
ജയിലില്‍ തിരിച്ചറിഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭരണകൂടവും ജയില്‍ ഉദ്യോഗസ്ഥരും തടവുകാരെ മനുഷ്യരായി പരിഗണിക്കുന്നില്ളെന്നതാണ്.നമ്മള്‍ മനുഷ്യരേയല്ല. കൂട്ടിലടച്ച മൃഗമാണ്.  ശരിക്കും.  കൂട്ടിലടച്ച മൃഗങ്ങളോടുള്ള പരിഗണന പോലുമില്ല. ഈ അവമതി ഓരോ നിമിഷവും തടവുകാരെ തളര്‍ത്തും. ജയിലില്‍ കഴിഞ്ഞ ഓരോ നിമിഷവും ഞാന്‍ മനുഷ്യനല്ല എന്നെന്നോട് പറഞ്ഞുകൊണ്ടിരുന്നു.  എന്ന്  പുറംലോകം കാണുമെന്ന് അറിയാത്തതിന്‍െറ മനോവിഷമത്തിലായിരുന്നു ഞാന്‍. 47 ദിവസം കിടന്നാല്‍ മതിയെന്ന്  പറഞ്ഞിരുന്നെങ്കില്‍  മനസ്സ് മറ്റൊരു രീതിയില്‍ തടവ് ഉള്‍ക്കൊണ്ടേനെ.  യു.എ.പി.എ ചുമത്തിയതിനാല്‍ കുറഞ്ഞത് ആറുമാസം കിടക്കണം.  കൂടിയാല്‍  എത്രകാലമെന്ന് പറയാനുമാവില്ല.  നേരത്തെ  തടവുകാരെ റിമാന്‍ഡ് നീട്ടാന്‍ രണ്ടാഴ്ച കൂടുമ്പോള്‍ കോടതിയില്‍ കൊണ്ടുപോയിരുന്നു.  ജയില്‍ പരിഷ്കരണം, സൗകര്യം  എന്നുപറഞ്ഞ്  ഇപ്പോള്‍ വിഡിയോ കോണ്‍ഫറന്‍സിങ് ഏര്‍പ്പെടുത്തി. റിമാന്‍ഡ് തീര്‍ന്ന തടവുകാരനെ ഒരു മുറിയില്‍ കൊണ്ടുപോകും.  അയാള്‍ക്ക്  ജഡ്ജിയെ  കാണാം.  തിരിച്ചും. അവിടെ വെച്ച്  റിമാന്‍ഡ് നീട്ടിക്കിട്ടും.  ഈ  പരിഷ്കരണം തടവുകാര്‍ക്ക് ദോഷമാണ്.  വല്ലപ്പോഴും പുറംലോകം കാണാനുള്ള അവസരവും ഇതുമൂലം തടവുകാര്‍ക്ക് നിഷേധിക്കപ്പെടുന്നു. ആരും ഈ വശം  പരിഗണിച്ചിട്ടുമില്ല. എന്‍െറ റിമാന്‍ഡും ഇങ്ങനെയാണ് നീട്ടിയത്. ജയിലില്‍ നിര്‍ബന്ധിച്ച് താടി വടിപ്പിക്കുന്ന ഏര്‍പ്പാടുണ്ട്. ഒരു തവണ ജഡ്ജിയോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. ബ്ളേഡ് അലര്‍ജിയുണ്ടെന്നും സൂചിപ്പിച്ചു. നിര്‍ബന്ധിച്ച് താടിവടിപ്പിക്കേണ്ടെന്നും  എന്നെ  താടി വടിക്കുന്നതില്‍നിന്ന് ഒഴിവാക്കാനും ഉദ്യോഗസ്ഥന് ജഡ്ജി നിര്‍ദേശം നല്‍കി.
 മാധ്യമശ്രദ്ധയില്‍ ഉള്ളതിനാല്‍ പുറംലോകം അറിയും, നടപടിയുണ്ടാകും എന്ന ഭയത്താല്‍ ജയിലുദ്യോഗസ്ഥര്‍ എന്നോട് മാന്യമായാണ് കൂടുതലും പെരുമാറിയത്. ഞങ്ങള്‍ക്ക് മുന്നില്‍ മാന്യന്മാരായിരിക്കാന്‍ അവര്‍ ശ്രമിച്ചു. പോരാന്‍ നേരത്ത് ഒരു വാര്‍ഡന്‍ ചോദിച്ചു,  ജയിലിനെപ്പറ്റി നിങ്ങള്‍ കേട്ടതെല്ലാം തെറ്റാണെന്ന് മനസ്സിലായില്ളേ. പക്ഷേ, മാന്യന്മാരായിരിക്കാനുള്ള അവരുടെ ശ്രമം പലപ്പോഴും  വികൃത നാടകാഭിനയംപോലെ തോന്നിപ്പിച്ചു.
മാര്‍ച്ച് 17 ന് അപ്രതീക്ഷിതമായി ഹൈകോടതി ജാമ്യം അനുവദിച്ചു.  ഫേസ്ബുക്  അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ഞങ്ങള്‍ക്കനുകൂലമായി വലിയ പ്രതികരണമുണ്ടായി. അറിയുകപോലും ചെയ്യാത്ത നൂറുകണക്കിന് പേര്‍ ഞങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി.  ഇതും  മോചനത്തിന്  വലിയ രീതിയില്‍ സഹായിച്ചു.
എന്‍െറ  ജയില്‍വാസം ശരിക്കും ഒന്നുമല്ല. കാരണം, എം.എന്‍. രാവുണ്ണിയെപ്പോലെ 15 വര്‍ഷം ജയിലില്‍ കിടന്നു പുറത്തിറങ്ങിയവരുടെ നാടാണിത്.  അതില്‍ അഞ്ചുവര്‍ഷം എം.എന്‍. രാവുണ്ണി അനുഭവിച്ചത് ഏകാന്തവാസമായിരുന്നു. ജയിലില്‍ കഴിഞ്ഞതുകൊണ്ട് എനിക്കിപ്പോള്‍ അവര്‍ അനുഭവിച്ചത് എന്താണെന്ന് മനസ്സിലാകും.  പുറത്തിറങ്ങിയശേഷവും അദ്ദേഹം മനുഷ്യനായി തുടരുന്നുവെന്നത്  അദ്ഭുതമാണ്.  ജയിലില്‍ കിടന്നയാള്‍ പുറത്ത് മനുഷ്യനായിരിക്കുന്നതെങ്ങനെയെന്ന്  ഊഹിക്കാന്‍ പോലുമാകുന്നില്ല. 15 വര്‍ഷമല്ല, ഒരു വര്‍ഷം കിടന്നാല്‍ തന്നെ ഭ്രാന്തുപിടിക്കും.
കൂട്ടിലടച്ച മൃഗങ്ങളായി മാത്രം തടവുകാരെ പരിഗണിക്കുന്നത് ഒരു സമൂഹത്തിനും ചേര്‍ന്നതല്ല.  ജനാധിപത്യത്തിനും പരിഷ്കൃത സമൂഹത്തിനും അപമാനമാണ് ഈ  ജയിലുകളും അവിടത്തെ സമീപനവും.   തടവുകാരും മനുഷ്യരാണ്.  അവരുടെ മനുഷ്യാവകാശം  അംഗീകരിക്കണം.  അനുവദിക്കണം.
പിന്നാലെ ഭരണകൂടം  ഉള്ളതിനാല്‍, ഏത് സമയത്തും കള്ളക്കേസില്‍  കുടുക്കി  അവരെന്നെ  വീണ്ടും  ജയിലിലടക്കും.  മര്‍ദനവും ജയിലും  ഞാന്‍  പ്രതീക്ഷിക്കുന്നുണ്ട്.  മനുഷ്യാവകാശത്തിനുവേണ്ടി വാദിക്കുന്ന പലര്‍ക്കും നല്‍കിയതുപോലെ  ജയില്‍ ലഭിക്കുമെന്ന് അറിഞ്ഞുതന്നെയാണ് പ്രവര്‍ത്തനം.  മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നത് ഞാന്‍ തുടരുക തന്നെ ചെയ്യും.  എങ്കിലും  എനിക്ക് ജയിലിലേക്ക് പോകാന്‍ ഭയമാണ്. മനുഷ്യരെല്ലാം   മനുഷ്യരായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനായാണ് പ്രവര്‍ത്തനം.  മനുഷ്യര്‍  കൂട്ടിലടച്ച  മൃഗങ്ങളായിരിക്കാനല്ല.


(ജെയ്സണ്‍  സി. കൂപ്പറുമായി  ആര്‍.കെ. ബിജുരാജ് നടത്തിയ അഭിമുഖത്തിന്‍െറ  ലേഖനരൂപമാണിത്)

No comments:

Post a Comment