Thursday, December 10, 2015

ഹിന്ദുത്വശക്തികളെ ചെറുക്കാന്‍ നാരായണ ഗുരുവിനെക്കൊണ്ടാവില്ല


സംഭാഷണം
സി.എസ്.മുരളി/ആര്‍.കെ.ബിജുരാജ്
ഹിന്ദുത്വശക്തികളെ ചെറുക്കാന്‍
നാരായണ ഗുരുവിനെക്കൊണ്ടാവില്ല


സമരമുഖങ്ങളില്‍ സംഘാടകനായും പോരാളിയുമായി നിറഞ്ഞുനില്‍ക്കുമെങ്കിലും പുറംലോകത്ത് അധികമാരുമറിയാതെ എന്നും പിന്നണിയില്‍ ഒതുങ്ങുന്ന ചിലരുണ്ട്. ചരിത്രത്തിന്‍െറ വിരോധാഭാസങ്ങളില്‍ ഒന്നാണത്. അത്തരക്കാരില്‍ മുന്‍നിരയില്‍ വരുന്നയാളാണ് ദലിത് ആക്റ്റിവിസ്റ്റും ചിന്തകനും കേരള ദലിത് മഹാസഭ (കെ.ഡി.എം.എസ്) സംസ്ഥാന പ്രസിഡന്‍റുമായ സി.എസ്. മുരളി. അടുത്തിടെ, എറണാകുളം മഹാരാജാസ് കോളജില്‍ ജാതി വിവേചനവുമായി ബന്ധപ്പെട്ട് നടന്ന വിജയകരമായ സമരത്തിന്‍െറ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം.
എറണാകുളം നായരമ്പലം സ്വദേശിയായ സി.എസ്. മുരളി മൂന്നര പതിറ്റാണ്ടായി രാഷ്ട്രീയ-സാംസ്കാരിക രംഗത്ത് സജീവമാണ്. ’80 കളുടെ ആരംഭത്തില്‍ വായനശാല പ്രവര്‍ത്തകനായാണ് തുടക്കം. വൈപ്പിന്‍ വിഷമദ്യദുരന്ത പശ്ചാത്തലത്തില്‍ ഉയര്‍ന്ന  പ്രതിഷേധത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നു. മാല്യങ്കര എസ്.എന്‍. എം.കോളജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ നക്സലൈറ്റ് വിദ്യാര്‍ഥി സംഘടന ആര്‍.എസ്.ഒയില്‍ സജീവം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ യുവജനവേദിയുടെ ജില്ലാ നേതൃത്വത്തില്‍. പിന്നീട് കെ. വേണു നേതൃത്വം നല്‍കിയ സി.ആര്‍.സി, സി.പി.ഐ (എം.എല്‍) ജില്ലാ കമ്മിറ്റിയംഗം. പാര്‍ട്ടി മുന്‍കൈയില്‍ രൂപീകരിച്ച അധ:സ്ഥിത നവോഥാന മുന്നണി സംസ്ഥാന സമതിയംഗം. 1989 ല്‍  അധ:സ്ഥിത നവോഥാന മുന്നണി വൈക്കത്ത് സംഘടിപ്പിച്ച മനുസ്മൃതി കത്തിക്കലിനും 1992 ല്‍ ഏറണാകുളത്ത് പുത്രകാമേഷ്ടിയാഗം മുടക്കല്‍ സമരത്തിനും കെ.എം.സലിംകുമാറിനൊപ്പം നേതൃത്വ പങ്കുവഹിച്ചു. 1991 ല്‍ ലോബാങ്ക് പ്രസിഡന്‍റിനെ ‘കേരളീയ യുവജനവേദി' യുടെ പേരില്‍ കളമശേരിയില്‍ തടഞ്ഞതിന് മര്‍ദനവും ജയില്‍വാസവും.
സി.ആര്‍.സി, സി.പി.ഐ (എം.എല്‍) പിരിച്ചുവിട്ടതോടെ ദലിത് മേഖലയില്‍ കേന്ദ്രീകരിച്ചു. 1993 ല്‍ സി.ടി. സുകുമാരന്‍ ഐ.എ.എസിന്‍െറ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ജോയിന്‍റ് കണ്‍വീനര്‍ എന്ന നിലയില്‍ 16 ദിവസം നിരാഹാരം, കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ദലിത് -പിന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ടു നടത്തിയ വിജയകരമായ സമരം, വൈപ്പിന്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രസിഡന്‍റ് എന്ന് നിലയില്‍ പൊക്കാളി പാടം തരിശിടുന്നതിനെതിരായ സമരം തുടങ്ങിയവയടക്കം നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആയിരക്കണക്കിന് ഏക്കര്‍ വരുന്ന അനധികൃത ചെമ്മീന്‍ വാറ്റുകേന്ദ്രങ്ങളില്‍ ‘വിളവെടുപ്പുത്സവ സമരം' നടത്തിയതിന്‍െറ പേരില്‍ നിരവധി കേസുകളില്‍ പ്രതിയാക്കപ്പെട്ടു. എറണാകുളം സെന്‍റ് തെരേസാസ് കോളജിലെ ജാതി വിവേചനം,  2003 ല്‍ കൊച്ചി താലൂക്കിലെ കണക്കന്‍/വേട്ടുവന്‍ വിവാദം, എളങ്കുന്നപ്പുഴയില്‍ സ്കൂള്‍ അധ്യാപികക്കുനേരെയുണ്ടായ ജാതി പീഡനം തുടങ്ങിയ എണ്ണമറ്റ ദലിത് അതിക്രമങ്ങള്‍ക്ക് നേരെ അടിസ്ഥാന ജാതി\വര്‍ഗ വിഭാഗങ്ങളെ അണിനിരത്തി. ഇടക്കാലത്ത് കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ സംസ്ഥാന സെക്രട്ടറിയായിരുന്നു. 2009 മുതല്‍ കേരള ദലിത് മഹാസഭയുടെ ജില്ലാ, സംസ്ഥാന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ആനുകാലികങ്ങളില്‍ ദലിത് വിഷയവുമായി ബന്ധപ്പെട്ട് ലേഖനങ്ങള്‍ എഴുതിവരുന്നു.
എറണാകുളം മഹാരാജാസ് കോളജിലെ ജാതി വിവേചനവിരുദ്ധ സമരത്തിന്‍െറ പശ്ചാത്തലത്തില്‍ സി.എസ്. മുരളി കേരളത്തിലെ ദലിത് അവസ്ഥകളെയും ഹിന്ദുത്വശക്തികളുടെ അതിക്രമകാലത്ത് നടത്തേണ്ട സവിശേഷമായ  ജാതിവിരുദ്ധ പോരാട്ടത്തെയും കുറിച്ച് സംസാരിക്കുന്നു.


യഥാര്‍ഥത്തില്‍ എന്താണ് മഹാരാജാസ് കോളജില്‍ നടന്ന സമരം?

അടുത്തിടെ മഹാരാജാസ് കോളജില്‍ സ്വയംഭരണവുമായി ബന്ധപ്പെട്ട് അധ്യാപകരുടെ മുന്‍കൈയില്‍ സമരം നടന്നിരുന്നു. നിലവിലെ വിദ്യാഭ്യാസ അന്തരീക്ഷത്തെ സ്വയംഭരണം കൂടുതല്‍ കച്ചവടവല്‍ക്കരിക്കുകയും ദരിദ്ര-ദലിത് വിഭാഗങ്ങളുടെ വിദ്യാഭ്യാസ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും നേരത്തെ തന്നെ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. സ്വയംഭരണം നടപ്പാക്കിയശേഷം ഉയര്‍ന്നുവന്ന വിഷയം  ദലിത്-പിന്നാക്ക വിഭാഗങ്ങളിലെ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പ്രായത്തിന്‍െറയും സ്ഥാപന അച്ചടക്കത്തിന്‍െറയും പേര് പറഞ്ഞ് പ്രവേശനം നിഷേധിച്ചതാണ്. ഈ കുട്ടികള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുകയും  അത് സ്വീകരിക്കപ്പെട്ടതിനാല്‍ ഫീസ് അടക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രായം  22 ല്‍ കൂടുതലാണെന്ന ന്യായം പറഞ്ഞ് പ്രവേശനം നിഷേധിച്ചു. സ്വയംഭരണത്തിനെതിരെ നടന്ന സമരത്തിന്‍െറ ഒത്തുതീര്‍പ്പില്‍ കോളജിലെ പ്രവേശ വ്യവസ്ഥകള്‍ സര്‍വകലാശാല കോഴ്സുകള്‍ക്ക് സമാനമാണെന്ന് അംഗീകരിച്ചിരുന്നു. എന്നാല്‍, ബിരുദ പ്രവേശത്തിന് സര്‍വകലാശാല പ്രായപരിധി നിശ്ചയിട്ടില്ല. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തില്‍ തയാറാക്കിയ കെ.ഇ.ആറില്‍ ഒന്നാംക്ളാസില്‍ ചേരാവുന്ന പരമാവധി പ്രായം 20 ആണെന്ന് നിജപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് ബിരുദ വിദ്യാര്‍ഥിയുടെ പ്രായം എന്താവുമെന്ന് ഊഹിക്കാം. ഇതേ കോളജില്‍ കെ.എന്‍. ഭരതന്‍ എന്ന പ്രശസ്തനായ അധ്യാപകന്‍ പഠിപ്പിക്കുമ്പോള്‍ തന്നെ വിദ്യാര്‍ഥിയുമായിരുന്നു. ഈ വര്‍ഷംതന്നെ  22 വയസു പിന്നിട്ട ഇതര സമുദായരടക്കം 13 വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കിയിട്ടുമുണ്ടായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയപ്പോള്‍ ഗവേണിങ് കൗണ്‍സില്‍ 13 പേരയെും പുറത്താക്കി. അഖിലേന്ത്യാ തലത്തിലും സംസ്ഥാനതലത്തിലും വിദ്യാഭ്യാസം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട് സര്‍വകലാശാലകളിലും ഉന്നത പഠന മേഖലകളിലും വലിയ തോതില്‍ ജാതി വിവേചനം നടക്കുന്നുണ്ട്. ബ്രാഹ്മണിക്കലായ വിദ്യാഭ്യാസ ഘടനയില്‍ ശൂദ്രനും ദലിതനും ജ്ഞാനാര്‍ജനം നേടരുതെന്ന് സവര്‍ണര്‍ കരുതുന്നു. സാധ്യമാകുന്ന എല്ലാ രീതിയിലും അവര്‍ ദലിതരെ പുറത്താക്കും. സാമ്പത്തിക കാരണങ്ങളാല്‍ ഇടക്കുവച്ച് പഠനം മുറിഞ്ഞുപോയ സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശം നിഷേധിക്കപ്പെട്ടത്. അത് കേവലം മഹാരാജാസ് കോളജിലെ വിഷയം മാത്രമായിരുന്നില്ല.

പക്ഷേ, മഹാരാജാസ് കോളജിലെ വിഷയം ജാതി വിവേചനമാണ് എന്ന് തിരിച്ചറിയുന്നത് എങ്ങനെയാണ്?  താങ്കള്‍ ഈ സമരത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?

കുറേക്കാലമായി വിദ്യാഭ്യാസ മേഖലകളില്‍ നടക്കുന്ന ജാതി അടിസ്ഥാനത്തിലെ വിവേചനം ഞാനുള്‍പ്പടെയുള്ളവര്‍  ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുവരികയായിരുന്നു. 1999 ല്‍ വരാപ്പുഴ അതിരൂപതയുടെ കീഴിലെ എറണാകുളം സെന്‍റ് തെരേസാസ് കോളജില്‍ ദലിത് വിദ്യാര്‍ഥിനികളെ ഡോര്‍മെട്രിയില്‍ മാറ്റിമാര്‍പ്പിച്ച സംഭവം ഉണ്ടായി. അതിനെതിരെ പ്രതിഷേധമാര്‍ച്ചും ബോട്ടുജെട്ടിയില്‍ ധര്‍ണയും സംഘടിപ്പിച്ചിരുന്നു. എന്നാല്‍, അന്ന് അത് ജാതി വിവേചനമാണ് എന്ന് അംഗീകരിക്കാന്‍ കേരളത്തിന്‍െറ പൊതുബോധം സമ്മതിച്ചിരുന്നില്ല. പിന്നീട് കോട്ടയത്തെ ഇടതു മേഖലയായ കടുത്തുരുത്തിയിലെ ഒരു  സ്കൂളില്‍ കുട്ടികളുടെ കഴുത്തില്‍ ജാതിബോര്‍ഡ് തൂക്കിയ വാര്‍ത്ത വന്നു. തേവര സേക്രട്ട് സ്കൂളില്‍  ഒരു ആദിവാസി വിദ്യാര്‍ഥിക്ക് നേരെ എടുത്ത അച്ചടക്ക നടപടിയില്‍ ജാതി വിവേചനമാണെന്ന് മനസിലായതിനാല്‍ വ്യക്തിപരമായി തന്നെ എനിക്ക് പ്രഷോഭം സംഘടിപ്പിക്കേണ്ടിവന്നു. അടുത്തിടെ പേരാമ്പ്രയിലെ സ്കൂളിലെ ജാതി വിവേചനവും പുറത്തുവന്നു. ഇതിന്‍െറ തുടര്‍ച്ചയിലാണ് മഹാരാജാസ് കോളജിലെ പ്രശ്നം വരുന്നത്. നേരത്തെ തന്നെ അഖിലേന്ത്യാ തലത്തില്‍ സര്‍വകലാശാലകളിലെ ദലിത് പ്രാതിനിധ്യം വലിയ വിഷയമായി ഉയര്‍ന്നിരുന്നു. അതോടൊപ്പം,  ഭൂമി, വിദ്യാഭ്യസം, തൊഴില്‍ എന്നീ മേഖലകളില്‍ നിന്ന് ദലിതര്‍ അകറ്റപ്പെടുന്നതിന്‍െറ പുതിയ പഠനങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ജാതി വിവേചനം ഇല്ളെന്നും, ജാതി ഇല്ലാത്ത സമൂഹമായി നമ്മള്‍ മാറിയെന്നുമാണ് പൊതു ഊറ്റംകൊള്ളല്‍. എന്നാല്‍, ജ്ഞാനാര്‍ജനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്  ്രബാഹ്മണ്യമായരീതിയാണെന്നത് വ്യക്തമാണ്.  മനുസ്മൃതിയും പിന്നീട് വന്ന ഗൗതമനും കാര്‍ത്യായനും ശങ്കരനുമെല്ലാം ശൂദ്രനും കീഴാളവിഭാഗവും അറിവ് നേടുന്നത് തടയണമെന്ന് സൈദ്ധാന്തികമായി ശഠിച്ചവരാണ്. അത്തരമൊരു ബ്രാഹ്മണിക്കല്‍ രീതിയുടെ തുടര്‍ച്ചയാണ് മഹാരാജാസിലും നടന്നത്. അത് ഇവിടുത്തെ സമൂഹത്തോടും സമുദായത്തോടും പറയുക, ചര്‍ച്ചയാക്കുക എന്നതായിരുന്നു സമരത്തിന് പിന്നിലെ ലക്ഷ്യം.

്എന്താണ് മഹാരാജാസ് സമരത്തിന് ദലിത് മുന്നേറ്റവുമായി ബന്ധപ്പെട്ട്  താങ്കള്‍ കാണുന്ന പ്രസ്കതി?

ദലിതര്‍ വിദ്യാഭ്യാസം ആര്‍ജിച്ചത് നിരന്തര പ്രക്ഷോഭത്തിലൂടെയാണ്്. അത് ഞങ്ങള്‍ക്കാരും സൗജന്യമായി നല്‍കിയതല്ല. 1907 ല്‍ സാധുജനപരിപാലന സംഘം രൂപീകരിച്ച ശേഷം അയ്യങ്കാളി ആദ്യമായി ഉന്നയിച്ച വിഷയങ്ങളില്‍ ഒന്ന് അയിത്ത ജാതിക്കാരുടെ സ്കൂള്‍ പ്രവേശമാണ്. 1907 ല്‍ പാസാക്കിയ ഉത്തരവ് മൂന്നുവര്‍ഷം തിരുവിതാംകൂറില്‍ നടപ്പാക്കിയില്ല. 1910 ല്‍ പുതുക്കിയ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ്  ഊരുട്ടമ്പലം സ്കൂളില്‍ പഞ്ചമിയെന്ന കുട്ടിയെ പ്രവേശിപ്പിക്കാന്‍ അയ്യങ്കാളി ശ്രമിക്കുന്നത്. ഇത് സവര്‍ണ ജാതിക്കാര്‍ എതിര്‍ത്തപ്പോള്‍. കേരളം കണ്ട ഏറ്റവും വലിയ കാര്‍ഷിക പണിമുടക്കു നടന്നു. പിന്നീട് 1914 ല്‍ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനുവേണ്ടി പുല്ലാട് പ്രക്ഷോഭം നടന്നു.മഹാരാജാസിന്‍െറ ചരിത്രം പരിശോധിച്ചാല്‍ 1845 ല്‍ ഇംഗ്ളീഷ് എലിമന്‍റി സ്കൂളായി തുടങ്ങി 1874 ല്‍ കോളജായി മാറിയ ഇവിടെ അവര്‍ണസമുദായങ്ങള്‍ക്ക് പ്രവേശം നല്‍കുന്നത് 1914 മുതലാണ്. അത് പണ്ഡിറ്റ് കെ.പി. കറുപ്പനടക്കുള്ളവര്‍ നടത്തിയ നിരന്തര പ്രയ്തനത്തിന്‍െറ ഫലമാണ്. 1930 കളില്‍ ഗാന്ധി തന്നെ സന്ദര്‍ശിച്ചപ്പോള്‍ തന്‍െറ സമുദായത്തില്‍ നിന്ന് 10 ബി.എക്കാരുണ്ടാകണമെന്ന ആഗ്രഹമാണ് അയ്യങ്കാളി പ്രകടിപ്പിക്കുന്നത്. ഈ ബി.എക്കാരുടെ തലമുറയാണ്  രാഷ്ട്രീയ സമുദായപ്രവര്‍ത്തനം ഏറ്റെടുത്ത് അയ്യങ്കാളിയെ തന്നെ പുനര്‍വ്യാഖ്യാനിക്കുന്നത്. ഇവര്‍ പുനര്‍വ്യാഖ്യാനിക്കുന്നതുവരെ അയ്യങ്കാളി ചരിത്രത്തിലില്ല. വെങ്ങാനൂര്‍ സുരേന്ദ്രന്‍, ചെന്താരശ്ശേരി, കെ.കെ.എസ്. ദാസ്, കെ.കെ.കൊച്ച്, കെ.എം.സലിംകുമാര്‍,പോള്‍ ചിറക്കരോട് എന്നിങ്ങനെ പുതിയ തലമുറയില്‍ പെട്ട  എം.ആര്‍.രേണുകുമാര്‍, ഒ.കെ സന്തോഷ്, എം.ബി.മനോജ് വരെയുള്ളവര്‍ അയ്യങ്കാളിയിലേക്ക് വരുന്നത് ബി.എക്കാരാകുന്നതിലൂടെയാണ്. ഗാന്ധിസവും മാര്‍ക്സിസവും മൂടിവച്ച അംബേ്ദകറെ അവര്‍ പുറത്തേക്ക് ആനയിച്ചു. ‘ഹിന്ദുത്വത്തിന്‍െറ തത്വശാസ്ത്രം’ എന്ന പുസ്തകതില്‍ ലോകത്തില്‍ ഒരു മതവും തങ്ങളുടെ മത ഗ്രന്ഥങ്ങള്‍ പഠിക്കരുതെന്ന് പറയുന്നില്ളെന്നും ഹിന്ദുമതംമാത്രമാണ് അത്തരം ഒന്നു ചെയ്യുന്നതെന്നും അബേദ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ‘ശൂദ്രമക്ഷരം സംയുക്തം, ദൂരതേ പരിവര്‍ജേയില്‍’ എന്ന നിലപാട് ഹിന്ദുത്വ ശക്തികള്‍ തങ്ങള്‍ നടത്തുന്ന ബുക്സാറ്റാളുകളിലൂടെ ‘നീതിസാരം’ എന്നപേരില്‍ കേരളം മുഴുവന്‍ പ്രചരിക്കുന്നുണ്ട്. അറിവ് സമാഹരിക്കുന്നതിലൂടെയേ രാഷ്ട്രീയധാികാരത്തിലേക്ക് പ്രവേശിക്കാനാവൂ. ദലിതരെ അറിവ് നേടുന്നതില്‍ നിന്ന് പുറത്താക്കാനാണ്  ആധുനിക കേരളത്തിലും ശ്രമം നടക്കുന്നത്.  2000 വര്‍ഷങ്ങള്‍ക്ക് പിന്നില്‍, ഹിന്ദുമതനിയമരൂപീകരണ വേളയില്‍ ബ്രാഹ്മണര്‍ പുലര്‍ത്തുന്ന സമീപനം അവരിപ്പോഴും തുടരുന്നു.  കേരളത്തിന്‍െറ വികസന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞരുള്‍പ്പടെയുള്ളവര്‍ ആവര്‍ത്തിക്കുന്ന ഒന്നാണ് തെങ്ങുകയറ്റക്കാരെ കിട്ടാനില്ല, കൃഷിപ്പണിക്കാരെ കിട്ടാനില്ല എന്ന്. അതായത്  കീഴാള ജാതികളില്‍ നിന്നുള്ളവര്‍ വിദ്യ നേടുകയും പരമ്പരാഗത മേഖല വിടുകയും ചെയ്തതാണ് വികസനത്തിന്‍െറ മുരടിപ്പ് എന്ന് അവര്‍ അറിയാതെയെങ്കിലും പറഞ്ഞുവയ്ക്കുന്നു. അത്തരത്തില്‍ സമൂഹത്തില്‍ പൊതുവില്‍ നിലനില്‍ക്കുന്നത് ബ്രാഹ്മണിക്കല്‍ മൂല്യ സങ്കല്‍പ്പങ്ങളാണ്.കേരളത്തിലെ ഇടതു-വലതു വിദ്യാര്‍ഥി സംഘടനകളോ മുസലിം മതാത്മകതയില്‍ ഊന്നിയ വിദ്യാര്‍ഥി സംഘടനകളോ ദലിതരുടെ പ്രശ്നങ്ങള്‍ ഗൗനിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ല. ഗ്രാന്‍റ് വിതരണം വൈകുന്നതുപോലുള്ള വിഷയം ഉയര്‍ത്തി അവര്‍ സമരം ചെയ്തിട്ടുണ്ടാവുമെങ്കിലും  ദലിത് വിദ്യാര്‍ഥികള്‍ നേരിടുന്ന സവിശേഷ പ്രശന്ങ്ങള്‍ അഭിമുഖികരിക്കന്‍ കൂട്ടാക്കിയിട്ടില്ല.


വിദ്യാഭ്യാസ മേഖലയിലെ ജാതിയെ പൊതു സമൂഹത്തിന് മുന്നില്‍ എത്തിക്കുക എന്ന ലക്ഷ്യം പൂര്‍ണാര്‍ത്ഥത്തില്‍ വിജയിച്ചോ?

ഞങ്ങള്‍ ലക്ഷ്യമിട്ടത് ഒരു പരിധിവരെ ജനങ്ങളിലും സമുദായത്തിലുമത്തെിക്കാനായി. ഞങ്ങളുടെ സംഘടനാപരമായ പരിമതികള്‍ വലുതാണ്. എങ്കിലും  നവ സാമൂഹ്യ മാധ്യമങ്ങളടക്കം ഉപയോഗിച്ച് വിഷയം സമുദായത്തിനിടയില്‍ നിശ്ചിതതലത്തില്‍ എത്തിക്കാനായി. സമരം വിജയിച്ചു. അതേ സമയം  കോളജ് അധികാരികള്‍ താല്‍ക്കാലിക പ്രശ്നപരിഹാരമായാണ് ഒത്തുതീര്‍പ്പിനെ കാണുന്നത്. അതുകൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍ വിഷയം വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. സമരത്തിന്‍െറ തുടര്‍ച്ചയായി ‘അംബേദ്കര്‍-അയ്യങ്കാളി ദലിത് വിദ്യാര്‍ഥി പ്രസ്ഥാനം’ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍.

സമരങ്ങള്‍ വിജയിക്കുക എളുപ്പമല്ല. ഈ സമരം വിജയിക്കാനുണ്ടായ അനുകൂല ഘടകങ്ങള്‍ എന്തൊക്കെയാണ്?

കോളജ് അധികൃതര്‍ക്ക് സമരത്തിനെതിരെ എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞുനില്‍ക്കുക ആദ്യംമുതല്‍ക്കേ ശ്രമകരമായി. ബഹുജന പിന്തുണയോടെയാണ് ഞങ്ങള്‍ സമരം ഓരോ ഘട്ടത്തിലും ചലിപ്പിച്ചത്. കേരള ദലിത് മഹാസഭ (കെ.ഡി.എം.എസ്) ആദ്യമേ സമരത്തിനൊപ്പം നിന്നു. പട്ടികജാതി-വര്‍ഗ സംരക്ഷ മുന്നണി ചീഫ് കോര്‍ഡിനേറ്റര്‍ വി.എസ്. രാധാകൃഷ്ണനായിരുന്നു സമരത്തില്‍ മുന്നില്‍ നിന്ന ഒരാള്‍. ഞങ്ങള്‍ വിവിധ വിഭാഗങ്ങളെ പങ്കെടുപ്പിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. സമരം തുടങ്ങിയതോടെ പാഠാന്തരം വിദ്യാര്‍ഥി കൂട്ടായ്മയും അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥിയുടെ നേതൃത്വത്തില്‍ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനവും ഒപ്പം നിന്നു.വിവിധ വിദ്യാര്‍ഥി, അധ്യാപക, ദലിത് സംഘടനകള്‍  പിന്തുണച്ച് പ്രകടനം നടത്തി. ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും എസ്.എഫ്.ഐക്ക് സമ്മര്‍ദം മുലം സമരത്തിനൊപ്പം വരേണ്ടിവന്നു. ഇത്തരം പിന്തുണയുടെ തുടര്‍ച്ചയില്‍ ഞങ്ങള്‍ വലിയ സമരത്തിലേക്ക് നീങ്ങുമെന്ന് മനസിലായപ്പോള്‍ കോളജ് അധികാരികള്‍ മുട്ടുമടക്കുകയാകയിരുന്നു.മഹാരാജാസ് സമരത്തിന്‍െറ പശ്ചാത്തലത്തിലാണ് കേരള ദലിത് മഹാസഭ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്? എന്താണ് സംഘടനയുടെ പ്രവര്‍ത്തനം, നിലപാടുകള്‍?

ജാതികളെ അപ്രസക്തമാക്കി ദലിതരെ ഒറ്റ സമുദായമാക്കുക എന്നതാണ് ദലിത് മഹാസഭയുടെ ലക്ഷ്യം. ദലിതര്‍ ഒരു സാമൂദായിക രാഷ്ട്രീയ ഏകകമായി മാറണം. ജാതി\മത\ഗോത്ര  സ്വത്വങ്ങളെ സാമുദായിക സ്വത്വമാക്കി മാറ്റുന്നതാണ് സാമുദായിക രൂപീകരണം. മതപരവും രാഷ്ട്രീയവുമായ വിശ്വാസം എന്തുതന്നെയായിരുന്നാലും ദലിതര്‍ സമുദായ താല്‍പര്യങ്ങളെ മുഖ്യസ്ഥാനത്ത് വക്കണം. ദലിത് സമുദായം പ്രവര്‍ത്തിക്കേണ്ടത് ഇതര സമുദായങ്ങള്‍ക്കൊപ്പം എത്തിച്ചേരുക എന്ന ലക്ഷ്യത്തിനുവേണ്ടിയാണ്. അയ്യങ്കാളി 1907ല്‍ സാധുജന പരിപാലന സംഘം രൂപീകരിക്കുന്നത് സമുദായം എന്ന വ്യക്തമായ ധാരണയിലാണ്. എന്നാല്‍, അയ്യങ്കാളിക്ക് ശേഷം സമുദായത്തില്‍ നിന്ന് ജാതിയിലേക്ക് ദലിതര്‍ വിഘടിച്ചു. എന്നാല്‍ നായര്‍, ഈഴവ വിഭാഗങ്ങള്‍ വ്യത്യസ്ത ജാതിയില്‍ നിന്ന് എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ സംഘടനകളിലൂടെ സമുദായത്തിലേക്ക് മുന്നേറി. അതിനാല്‍ അവര്‍ക്ക്  പ്രബല സമുദായമായി മാറി തങ്ങളുടെ അവകാശം നേടിയെടുക്കാന്‍ കഴിയുന്നു. ചേരമര്‍, വേലന്‍, വേട്ടുവന്‍, പുലയന്‍ എന്നിങ്ങനെ വ്യത്യസ്ത ജാതികളെ ഒറ്റ ദലിത് മസൂഹമാക്കാനുള്ള സൈദ്ധാന്തിക, പ്രായോഗിക രാഷ്ട്രീയ രൂപങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് കെ.ഡി.എം.എസിന്‍െറ ലക്ഷ്യം. 2008 ല്‍  കെ.കെ.കൊച്ച്,  കെ.എം.സലീംകുമാര്‍,കെ.അംബുജാക്ഷന്‍, സണ്ണി എം. കപികാട് എന്നിവര്‍ ഒരുമിച്ചാണ് സംഘടന എന്ന ആശയം മുന്നോട്ടുവക്കുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ എന്നി ജില്ലകള്‍ കേന്ദ്രീകരിച്ചാണ് സംഘാടക സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. ആശയപ്രചരണഘട്ടത്തിലാണ് ഇപ്പോഴും സംഘടന. മദ്ധ്യകേരളത്തിലെ പൊരുതുന്ന സംഘടന എന്ന നിലക്ക് അറിയപ്പെടാനാണ് ശ്രമം.നക്സലിസം, സമരം, ദലിത്വാദം

നമുക്ക് വളരെ പിന്നിലോട്ട് പോകാം. എന്താണ് താങ്കളുടെ കുടുംബ-ജീവിത പശ്ചാത്തലം?

ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം വൈപ്പിനിലെ നായരമ്പലത്താണ്. അമ്മ ലക്ഷമികുട്ടിയുടെ നാട് കായംകുളം പള്ളിക്കലാണ്. അച്ഛന്‍ ശങ്കരന്‍കുഞ്ഞിന്‍െറ വീട് നായരമ്പലം. ഞാന്‍  മിശ്രജാതി ദമ്പതികളുടെ മകനാണ്. അമ്മ ആശാരി വിഭാഗത്തില്‍. അച്ഛന്‍ വേട്ടുവ ജാതി അംഗം. ദരിദ്ര കുടുംബമായിരുന്നു ഞങ്ങളുടേത്. ദലിതരെന്ന നിലയില്‍ ഓരോ ഘട്ടത്തിലും സമരം ചെയ്തുവേണമായിരുന്നു ഞങ്ങള്‍ക്ക് മുന്നേറാന്‍.

പക്ഷേ, താങ്കള്‍ എങ്ങനെയാണ് നക്സലൈറ്റ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്?

‘80 കളുടെ തുടക്കത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ വായനശാല പ്രവര്‍ത്തനത്തിലത്തെി. വായനശാലയാണ് രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മാല്യങ്കര എസ്.എന്‍.എമ്മിലാണ് പ്രീഡിഗ്രി പഠിക്കുന്നത്. 1982 ല്‍ വൈപ്പിനില്‍ വിഷമദ്യദുരന്തം നടന്നു. ആ സമയത്ത് നായരമ്പലം ഗ്രാമീണവയാനശലാ സെക്രട്ടറി കെ.ബി. ഗുഹനാണ്. കവിയും രാഷ്ട്രീയ വിഷയങ്ങളോട് വൈകാരിമായി പ്രതികരിക്കുകയും ചെയ്യുന്നയാളാണ്. അദ്ദേഹം. 70 ലൈനില്‍ ഉറച്ചുനിന്ന നക്സലൈറ്റ് പ്രവര്‍ത്തകന്‍. അദ്ദേഹം വഴിയാണ് ഞാന്‍ സാംസ്കാരികമായ പ്രവര്‍ത്തനത്തില്‍ വരുന്നത്. ഗുഹന്‍െറ നേതൃത്തിലാണ് വൈപ്പിന്‍ വിഷമദ്യദുരന്തത്തിനെതിരെ ആദ്യ പ്രതിഷേധം നടക്കുന്നത്. അതില്‍ ഞാനും പങ്കാളിയായി. ഗുഹന് സമാന്തര പ്രസിദ്ധീകരണങ്ങളുടെ വലിയ ശേഖരമുണ്ട്. അത് എല്ലാം വായനശാലയിലാണ് സൂക്ഷിച്ചിരുന്നത്. അതുവഴി നക്സല്‍ സാഹിത്യം ഞാന്‍ മനസിലാക്കിയിരുന്നു. പതിയെ ഞാന്‍ നക്സലൈറ്റുകളുമായി അടുത്തു. കോളജിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ടി.സി.സുബ്രഹ്മണ്യന്‍ എന്ന നക്സലൈറ്റ് നേതാവായിരുന്നു. പഠിത്തം പൂര്‍ത്തിയാക്കണമെന്നുതോന്നിയില്ല. സി.ആര്‍.സി, സി.പി.ഐ (എം.എല്‍)ന്‍െറ കീഴിലുള്ള യുവജനവേദിയില്‍ സജീവമായി. വൈപ്പിനിലെ നക്സലൈറ്റ് പ്രവര്‍ത്തകരായ പി.എസ്. രാജീവ്, പി.എസ്.രാജഗോപാല്‍ എന്നിവരായിരുന്നു അക്കാലത്തെ സ്വാധീനം.  വൈകാതെ പാര്‍ട്ടിയിലുമത്തെി.

അധ:സ്ഥിത നവോഥാന മുന്നണിയുടെ സംസ്ഥാനതല പ്രവര്‍ത്തനമാണോ നിങ്ങളില്‍ ദലിത് രാഷ്ട്രീയത്തിന് അനുകുലമായി മാറ്റുന്നതിലെ ഘടകം?

നക്സലൈറ്റ് പ്രവര്‍ത്തകനാകുന്നതിനു മുമ്പേ ഞാന്‍ അംബേദ്കറുടെ ചില കൃതികള്‍ വായിച്ചിരുന്നു. ജാതിയെപ്പറ്റി കമ്യൂണിസ്റ്റുകള്‍ക്കുള്ള സമീപനം ശരിയല്ളെന്നും തോന്നിയിരുന്നു. അവര്‍ അംബേദ്കറെ സാമ്രാജ്യത്വ ഏജന്‍റയാണ് വിശേഷിപ്പിച്ചത്. വൈപ്പിനിലെ പാര്‍ട്ടി പ്രവര്‍ത്തകരും ദലിതരുമായ വി.സി.രാജപ്പന്‍, പി.എന്‍.സുകമാരന്‍ എന്നിവരുമായി വളരെ അടുത്ത ബന്ധം എനിക്കുണ്ടായിരുന്നു. ഞങ്ങളുടെ നിലപാടുകള്‍ ഒന്നായിരുന്നു. ദലിതരുടെയും കീഴാളരുടെയും പ്രശ്നം ഞങ്ങള്‍ സംഘടനയില്‍ വിവിധ രൂപത്തില്‍ ഉയര്‍ത്തി.  82-87 ഘട്ടത്തില്‍ ജാതി, ലിംഗം, ദേശീയത എന്നിവയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വളരെ സജീവമായി ചര്‍ച്ചയും പഠനവും നടക്കുന്ന കാലമാണ്. അതിലേക്കാണ് ഞാനടക്കമുള്ള തലമുറ കടന്നുവരുന്നത്. ഇകാലത്ത് തന്നെ കെ.എം.സലിംകുമാര്‍, കെ.കെ.കൊച്ച് തുടങ്ങിയവര്‍ വൈപ്പിനില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. ഇക്കാലത്ത് യുക്തിവാദി സംഘം, സീഡിയന്‍ സര്‍വീസ് സൊസൈറ്റി എന്നിവയുമായി ംചര്‍ന്ന് പാര്‍ട്ടി ജാതിവിരുദ്ധ-മതേതര വേദി രൂപീകരിച്ചിരുന്നു. ഞങ്ങള്‍ അംബേദ്കര്‍, അയ്യങ്കാളി പോലുള്ളവരുടെ സംഭവാനകകളെയും നിലപാടുകളെയും പറ്റി  കെ. മുരളി, എം.എം. സോമശേഖരന്‍ പോലുള്ള നേതാക്കളുമായി നിരന്തരം ചര്‍ച്ചചെയ്യുന്നുണ്ട്. അധ:സ്ഥിത നവോഥാന മുന്നണി രൂപീകരിക്കുന്നതിന് മുന്നോടിയായി ആദ്യം രൂപീകരിക്കപ്പെടുന്ന എറണാകുളം കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു ഞാന്‍. പിന്നീട് മനുസ്മൃതി കത്തിക്കല്‍, പുത്രകാമേഷ്ടിയാഗം മുടക്കല്‍ തുടങ്ങിയ സമരം സംഘടന ഏറ്റെടുത്തു. ഈ ഘട്ടത്തില്‍ തന്നെ ഗെയില്‍ഓംവെദ്, ശാരദ് പാട്ടീല്‍ എന്നിവരുടെ രചനകള്‍ മലയാളത്തില്‍ മൊഴിമാറ്റുന്നത് ഞങ്ങള്‍ വായിക്കുകയും പഠിക്കുകയും ഒക്കെ ചെയ്തു. ഇതാണ് എന്നെപോലുള്ളവരില്‍ ദലിത് കാഴ്പ്പാടിന്‍െറ അടിത്തറയൊരുക്കുന്നത്.

അംബേദകറുടെ പ്രബോധനങ്ങളെ സി.ആര്‍.സി, സി.പി.ഐ (എം.എല്‍) തങ്ങളുടെ വിപ്ളവ പദ്ധയിയിലേക്ക് ഉള്‍ചേര്‍ത്തിരുന്നല്ളോ?

 87ല്‍ പാര്‍ട്ടി പിളരുമ്പോള്‍ കെ. വേണു നേതൃത്വം നല്‍കിയ സി.ആര്‍.സി, സി.പി.ഐ (എം.എല്‍) തുടരാന്‍ എന്നെ പ്രേരിപ്പിച്ച ഒരു ഘടകം ഈ വിഭാഗമാണ് ജാതി പ്രശ്നത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട നിലപാട് എടുത്തിരുന്നത് എന്നതാണ്. അക്കാലത്ത് കെ.മുരളിയും മറ്റുമായി നടത്തിയ സംവാദത്തില്‍ കീഴാള വിമോചനത്തിനായി സവിശേഷ പ്രസ്ഥാനം കെട്ടിപ്പടുക്കാമെന്ന് അവര്‍ ഉറപ്പു പറഞ്ഞിരുന്നുു. അവര്‍ പറഞ്ഞ വാക്കു പാലിച്ചു എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.  88ല്‍ അധ:സ്ഥിതനവോഥാന മുന്നണി രൂപീകരിക്കുന്നത്  പുത്തന്‍ജനാധിപത്യവിപ്ളവത്തിന്‍െറ ഭാഗമായ ദേശീയവിമോചനയുദ്ധത്തില്‍ ദലിതരെ അണിനിരത്താനാണെന്ന് എന്നത് വേറെ കാര്യം.  എന്നെപോലെ വിലാസമില്ലാത്ത, മുഖമില്ലാത്ത കീഴാളവിഭാഗത്തില്‍ പെടുന്നവര്‍ നടത്തിയ നിരന്തര സംവാദങ്ങളുടെയും മറ്റും ഫലമായാണ് അംബേദ്കറുടെ പ്രബോധനങ്ങള്‍ സി.ആര്‍.സി, സി.പി.ഐ (എം.എല്‍) ലൈനില്‍ ഉള്‍പ്പെടുന്നത്. ഇത് കെ.വേണുവോ, കെ.മുരളിയോ അവരുടെതായ ജ്ഞാനന്വേഷണങ്ങളുടെ ഭാഗമായി സ്വയം കണ്ടത്തെിയതല്ല. പിന്നീട് സാര്‍വദേശീയതലത്തിലെ പ്രതിസന്ധിയുടെ ഭാഗമായി പാര്‍ട്ടി പിരിച്ചുവിടുമ്പോള്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ നിരാശരായി. പാര്‍ട്ടി പിരിച്ചുവിടലില്‍ ഞങ്ങള്‍ പക്ഷം പിടിച്ചുവെങ്കിലും ദലിത് രാഷ്ട്രീയത്തില്‍ പൂര്‍ണമായി മുഴുകി ഞങ്ങള്‍ പ്രതിസന്ധിയെ മറികടന്നു.

പക്ഷേ, വര്‍ഗ കാഴ്ചപ്പാടില്‍ നിന്ന് നിങ്ങള്‍ ജാതി കാഴ്ചപ്പാടിലേക്ക് ചുരുങ്ങുകയായിരുന്നില്ളേ? കമ്യൂണിസ്റ്റുകള്‍ വര്‍ഗത്തെ കാണുകയും ജാതിയെ കാണാതിരിക്കുകയും ചെയ്തതുപോലെ ജാതിയെ കാണുകയും വര്‍ഗത്തെ കാണാതിരിക്കുകയും ചെയ്യുന്ന പ്രശ്നമുണ്ട്..?

വര്‍ഗം, ജാതി എന്നിവ തമ്മിലുള്ള വൈരുദ്ധ്യത്തിലെ  ഏകപക്ഷീയതകള്‍ ഇ.എം.എസ് മുതല്‍ കെ. വേണുവരെയുള്ളവര്‍ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ജാതി അടിസ്ഥാനപരമയി മരവിച്ച വര്‍ഗമാണെന്ന ലോഹ്യയുടെ സങ്കല്‍പം തന്നെയാണ് ശരി. വര്‍ഗം ഇല്ളെന്ന അഭിപ്രായം എനിക്കില്ല. വര്‍ഗവും ജാതിയും തമ്മില്‍ വൈരുദ്ധ്യാത്മകബന്ധമാണുള്ളത്. ചില നിശ്ചിത ഘട്ടത്തില്‍ വര്‍ഗത്തിന് ജാതിയേക്കാള്‍ പ്രാധാന്യമുള്ള അവസ്ഥയുണ്ടാകാം. എന്നാല്‍, ജാതിക്ക് ഒരു വര്‍ഗേതരതലമുണ്ട്. ജാതി ഇന്ത്യയിലെ സവിശേഷമായ സാമൂഹ്യരൂപീകരണമാണ്. അതാണ് ഇന്ത്യയിലെ അടിസ്ഥാന സാമൂഹ്യ ഗണം. സി.ടി.സുകുമാരന്‍ ഐ.എ.എസിന്‍െറ കൊലപാതകം എടുക്കാം. വര്‍ഗപരമായി അദ്ദേഹം പെറ്റിബുര്‍ഷ്വ ആയിരിക്കാം. എന്നാല്‍, അദ്ദേഹം കൊലചെയ്യപ്പെടുമ്പോള്‍ അത് ദലിതരുടെ മൊത്തം വിഷയമായി മാറുന്നുണ്ട്. ഉപരാഷ്ട്രപതിയായ ശേഷം കേരളത്തില്‍ വരുന്ന കെ.ആര്‍. നാരായണനെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ എത്തുന്നില്ല. അന്ന് ഞങ്ങള്‍ പറഞ്ഞത് ആത്മാഭിമാനമുള്ള നാരായണന്‍ മടങ്ങിപ്പോകണമെന്നാണ്. നാരായണന്‍ നേരിട്ടത് ശക്തമായ ജാതിവിവേചനമാണ്. നാരായണന്‍ അപമാനിക്കപ്പെടുമ്പോള്‍ അത് മൊത്തം ദലിതരുടെ വിഷയമാകുന്നു. ദലിതനെ മലം തീറ്റിച്ചു എന്ന വാര്‍ത്ത വരുമ്പോള്‍ അത് ധനികനും ദരിദ്രനുമായ ദലിതന്‍െറ പൊതുവിഷമായി മാറുന്നു.  മഹാരാജാസ് കോളജില്‍ ദലിതര്‍ക്ക് പ്രവേശനം നിഷേധിക്കുമ്പോള്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.ആര്‍. വിശ്വഭരരനും  പണിയെടുക്കുന്ന ദലിത് തൊഴിലാളിക്കും വേദനിക്കുന്നു. ഇത് വര്‍ഗത്തെ മറികടക്കുന്ന അവസ്ഥയാണ്. അതേ സമയം ദലിതരില്‍ നിന്ന്  ദേശീയ ബൂര്‍ഷാസി|കച്ചവട ബൂര്‍ഷ്വാസി\കര്‍ഷക വര്‍ഗം\ആധുനിക അര്‍ത്ഥത്തിലുള്ള വ്യവസായ തൊഴിലാളി വര്‍ഗം
കച്ചവട ബൂര്‍ഷ്വാസിcകര്‍ഷക വര്‍ഗം\ആധുനിക അര്‍ത്ഥത്തിലുള്ള വ്യവസായ തൊഴിലാളി വര്‍ഗം
 വികസിച്ചിട്ടുമില്ല. ക്ളാസിക്കല്‍ മാര്‍ക്സിസത്തിന് ഈ അവസ്ഥ വിശദീകരിക്കാനാവത്ത അവസ്ഥയുണ്ട്. വ്യക്തിപരമായി എന്നെ സംബന്ധിച്ച്  പിടിവാശികളില്ല. 21ാം നൂറ്റാണ്ടിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനാവുന്ന വിധത്തില്‍ പുതിയ മാര്‍ക്സിനെയാണ് ആവശ്യം. അംബേദ്കര്‍ക്കുമുണ്ട് ചില പരിമിതികള്‍. അദ്ദേഹം ജാതിയെ മാത്രമാണ് കണ്ടത്. ഉല്‍പാദനശക്തികളുടെയും ഉല്‍പാദന ബന്ധങ്ങളുടെയും തലത്തില്‍ പ്രശ്നത്തെ വിശകലനം ചെയ്തിട്ടില്ല. അംബേദ്കര്‍ തന്‍െറ കാലത്ത് നേരിട്ട വിഷയമല്ല ഇന്നത്തെ ദലിതര്‍ നേരിടുന്നത്. അതിനാല്‍ തന്നെ പുതിയ കാലത്തെ വ്യാഖ്യാനിക്കാന്‍ കഴിയുന്ന പുതിയ അംബേദ്കറെയാണ് ആവശ്യം.

നക്സലൈറ്റ് ഭുതകാലത്തെ താങ്കള്‍ തള്ളിപ്പറയുന്നുണ്ടോ?

ഇല്ല. നക്സലൈറ്റ് ഭൂതകാലം എനിക്ക് അഭിമാനകരമായാണ്. നക്സലൈറ്റ് പ്രസ്ഥാനത്തില്‍ കൂടുതല്‍ വന്നില്ലായിരുന്നില്ളെങ്കില്‍ പ്രക്ഷോഭകാരിയയായി എനിക്ക് ഒരിക്കലും നിലകൊള്ളാനാവുമായിരുന്നില്ല. കേരളത്തില്‍ മൂന്ന് ദശകങ്ങളായി നടന്ന മുന്നേറ്റങ്ങളില്‍ പലരൂപത്തില്‍ ഞാനും ചേര്‍ന്നിട്ടുണ്ട്. ചിലയിടത്ത് സംഘാടകനായി, സമരപോരാളിയായി, ചിലയിടത്ത് അദൃശ്യ സാന്നിദ്ധ്യമായി. അതിന് പ്രാപ്താനാക്കുന്നത് നക്സലൈറ്റ് പ്രവര്‍ത്തനമാണ്. മദ്ധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്ന് വന്ന സമൂഹത്തിലെ ഏറ്റവും അസാധാരണക്കാരായ ധൈഷണികരായിരുന്നു നക്സല്‍ പ്രസ്ഥാനത്തില്‍ ഉണ്ടായിരുന്ന പലരും . അവരുമായുള്ള സഹവാസവും സംവാദവും എന്നെയും പലതരത്തില്‍ സഹായിച്ചിട്ടുണ്ട്. ഇപ്പോഴും എന്നെ ചലിപ്പിക്കുന്നുണ്ടെങ്കില്‍ അതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നത് ചാരുമജുംദാറുടെ പ്രസ്ഥാനത്തോടാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നുന്ന ദിവസമെന്നതും നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്.വൈപ്പിനിലത്തെുന്ന നക്സലൈറ്റ് ആചാര്യന്‍ കനു സന്യാലുമായി ഒരു രാവും പകലും ഞാന്‍ രാഷ്ട്രീയം സംസാരിച്ചതാണ് അത്. വലിയ ആത്മബന്ധം സ്ഥാപിച്ചാണ് ഞങ്ങള്‍ പിരിഞ്ഞതും. എന്നാല്‍ നക്സലിസം എനിക്ക് ഗൃഹയാതുരതയല്ല. ഒരു പക്ഷേ, പഠനത്തിലെ മികവുമായി ഞാന്‍ അക്കദാദമിക് മേഖലയില്‍ ഒതുങ്ങുമായിരുന്നു. അതില്‍ നിന്നാണ് എന്നെ സമൂഹത്തിന്‍െറയും സമുദായത്തിന്‍െറയും മധ്യത്തില്‍ കൊണ്ടുനിര്‍ത്തിയത് ആ പ്രസ്ഥാനമാണ്. നക്സലെറ്റുകള്‍\മാവോയിസ്റ്റുകളുമായി എനിക്ക് ഇപ്പോഴും ഉള്ളത് സംവാദാത്മകമായ സൗഹൃദ ബന്ധമാണ്.


ഇടക്കാലത്ത് ‘സി.എസ്.മുരളി വേട്ടുവന്‍’ എന്ന പേരില്‍ താങ്കള്‍ ലേഖനം എഴുതിയിരുന്നു. താങ്കള്‍ ജാതി നിലപാടിലേക്ക് ചുരുങ്ങിയെന്ന് വിമര്‍ശനം ഉന്നയിച്ചാല്‍?

ഞാനൊരു വായനക്കാരനായ കാലം മുതല്‍ക്കേ തിരിച്ചറിഞ്ഞ ഒരു കാര്യം എഴുതുന്നവരില്‍ നല്ല പങ്കും സവര്‍ണ ജാതിക്കാരാണ് എന്നാണ്. ഒന്നുകില്‍ മേനോനോ, പിള്ളയോ അല്ളെങ്കില്‍ വാര്യരോ, കൈമളോ ആയിരിക്കും എഴുത്തുകാര്‍.കേരളത്തിലെ നായന്‍മാരെല്ലാം എഴുത്തുകാരാണെന്ന് പോലും മാതൃഭൂമി പോലുള്ള പ്രസിദ്ധീകരണങ്ങള്‍ വായിക്കുമ്പോള്‍ തോന്നിയിട്ടുണ്ട്. പേരുകള്‍ കൊണ്ടുതന്നെ ക്രിസ്ത്യന്‍, മുസ്ലിം അസ്തിത്വം വെളിപ്പെടുത്തും. അതില്‍ ഒരു വ്യത്യസ്തമായി ഒരു പേരുകണ്ടത് കെ.പി. ചോന്‍ മാത്രമാണ്. വാലുമുറിക്കല്‍ പ്രസ്ഥാനം കഴിഞ്ഞിട്ടും ജാതിയിലേക്ക് പിന്‍മടങ്ങുകയാണോ എന്ന് സംശയിക്കുന്ന രീതിയില്‍ ജാതിബോധം സമൂഹത്തില്‍ പ്രകടമായ ഘട്ടത്തിലാണ് എന്‍െറ ഇടപെടല്‍.  ജാതിയില്‍ നിന്ന് പൂര്‍ണമായി മാറി എന്നു അവകാശപ്പെടുന്നവരുടെ തന്നെ വിവാഹം, കുടുംബം എന്നിങ്ങനെ നിത്യ ജീവിതം മുഴുവന്‍ ജാതിയുമായി ബന്ധപ്പെട്ടതാണ്.  അതിനോടുള്ള പ്രതികരണം എന്നിലയിലാണ് വേട്ടുവന്‍ എന്ന ജാതിപ്പേര് ഉപയോഗിച്ചത്. ‘സഖാവ് സി.എസ്.മുരളി’ എല്ലാവര്‍ക്കും സ്വീകാര്യനാണ്. എന്നാല്‍ ‘സി.എസ്.മുരളി വേട്ടുവന്‍’ അത്ര സ്വീകാര്യനാവില്ല. അത് തിരിച്ചറിഞ്ഞ് ജാതിവാദികളെ  പ്രകോപിപ്പിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ്് ജാതിവാല്‍ ഉപയോഗിച്ചത്. അത് ജാതി വാദമാണെന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ കുറ്റം പറയാനാവില്ല.

താങ്കള്‍ എം.എ. കുട്ടപ്പനൊപ്പവും സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു..?

എന്‍െറ ഏതൊരു പ്രവര്‍ത്തനവും ദലിത് സമൂഹത്തിന് ഗുണകരമാകണമെന്ന് ചിന്തയുണ്ട്. ദലിത് വിഷയങ്ങള്‍ നിയമസഭയില്‍ ഒരു ഘട്ടത്തില്‍ എം.എ കുട്ടപ്പന്‍മാത്രമാണ് ഉന്നയിച്ചത്. ജാതി ആക്ഷേപത്തിനെതിരെ നായനാര്‍ക്കെതിരെ കുട്ടപ്പന്‍ കേസ് കൊടുത്തിരുന്നു. സാധാരണ ഒരു എം.എല്‍.എ അങ്ങനെ ചെയ്യാറില്ല. അക്കാലത്ത് കുട്ടപ്പന്‍ സഹകരണമാവശ്യപെപ്പട്ട് തുടര്‍ച്ചയായി ഞാനടക്കമുള്ളവരുമായി ബന്ധപ്പെട്ടിരുന്നു. അടുത്ത യു.ഡി.എഫ് മന്ത്രി സഭയില്‍ അംഗമാകുമ്പോള്‍ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് അദ്ദേഹം ആരാഞ്ഞു. അതിന് ഒരു വിശദപദ്ധതി തയാറാക്കി നല്‍കി.   വിദ്യാഭ്യാസം മുതല്‍ ‘പടവുകള്‍’ മാസിക വരെയുള്ള കാര്യങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. നെടുമ്പാശേരിയിലെ സംവരണ വിഷയം ഉയര്‍ത്തുന്നതും അത്തരം തുടര്‍ച്ചയിലാണ്. മന്ത്രിയായ ശേഷം കുട്ടപ്പന്‍ നിര്‍ദേശങ്ങളില്‍ പലതും നടപ്പാക്കി. പട്ടികജാതി ഹോസ്റ്റല്‍ നവീകരണം മുതല്‍ പല കാര്യങ്ങളും. കുട്ടപ്പനുമായുള്ള  സഹകരണം മുത്തങ്ങസമരം വരെ ഉണ്ടായിരുന്നു. എന്നാല്‍, ഒപ്പം യാത്ര ചെയ്യുന്നതും മറ്റും കോണ്‍ഗ്രസില്‍ കുട്ടപ്പന്‍െറ ശത്രുക്കള്‍ പ്രശ്നമാക്കി. ‘അയ്യങ്കാളിപ്പട’ പ്രവര്‍ത്തകനെ ഒപ്പം കൂട്ടുന്നുവെന്നതായിരുന്നു ആക്ഷേപം. അപ്പോള്‍ കോണ്‍ഗ്രസില്‍ ഒൗപചാരികമായി അംഗത്വമെടുത്താല്‍ പ്രശ്നമുണ്ടാകില്ളെന്ന് വന്നു. അതിന് താല്‍പര്യമുണ്ടായിരുന്നില്ളെങ്കിലും സമുദായത്തിനും ദലിതര്‍ക്കും ഗുണം ചെയ്യുന്നത് നഷ്ടപ്പെടുത്തേണ്ട എന്നതായിരുന്നു എന്‍െറ തീരുമാനം. ദലിതരെ അധികാര ശക്തികള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിന് പകരം തിരിച്ച് അധികാരത്തെ ദലിതര്‍ക്ക് അനുകൂലമാക്കുകയായിരുന്നു ലക്ഷ്യം.  കുട്ടപ്പന്‍ സമുദായത്തോട് നീതി പുലര്‍ത്തിയില്ല എന്ന് തോന്നിയപ്പോള്‍ ആ നിമിഷം ബന്ധം ഉപേക്ഷിച്ചു.


ദലിത് അവസ്ഥകള്‍, പ്രതിസന്ധികള്‍


എന്താണ് ദലിത് രാഷ്ട്രീയം നേരിടുന്ന സമകാലിക അവസ്ഥകള്‍? പ്രതിസന്ധികള്‍?

ദലിതര്‍ക്ക് സാമുദായിക മുന്നേറ്റം ഇതുവരെ സാധ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ അധികാര ശക്തിയല്ല. സമുദായത്തില്‍ നിന്ന് ജാതിയിലേക്ക് വിഘടിച്ച ദലിതര്‍ക്ക് ഒരുഅവകാശം നേടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണിന്ന്. വികസനത്തിന്‍െറ എല്ലാ കുതിപ്പുകളില്‍ നിന്നും ദലിതര്‍ പിന്നാക്കം പോയി. അതിന് കാരണം തിരക്കുമ്പോള്‍ ഭൂപരിഷ്കരണത്തെതന്നെ പ്രശ്നവല്‍ക്കരിക്കേണ്ടതുണ്ട്. ദലിതര്‍ ഭൂമിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും അഞ്ചുസെന്‍റിലേക്കും മൂന്നുസെന്‍റിലേക്കും അവിടെ നിന്ന് ലക്ഷം വീട് കോളനികളിലേക്കും തള്ളിമാറ്റപ്പെടുകയും ചെയ്തു. ദലിതരില്‍ 55 ശതമാനം പേരും 29198 കോളനികളിലായാണ് കഴിയുന്നത്. ആദിവാസികളില്‍ 95 ശതമാനം 4645 കോളനികളിലായും. അവരില്‍ ഭൂരിഭാഗവും പട്ടിണിയും തൊഴിലില്ലായ്മയും നേരിടുന്നു. കടുത്ത ജാതി വിവേചനവും. മറുവശത്ത്, കേരളത്തില്‍ പുതിയ ചാതുര്‍വര്‍ണ്യ ശക്തികള്‍ ഉദയം കൊണ്ടു. അതായത് നായര്‍, ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം വിഭാഗം. ഇവരാണ് കേരളത്തിന്‍െറ രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകള്‍ കൈയാളുന്നത്. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ സാമുദായിക മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാത്തത് ദലിതര്‍ നൂറു കണക്കിന് ജാതികളും ഗോത്രവുമായി വിഘടിച്ചു നില്‍ക്കുന്നതാണ്. ജാതികളായി നിലനിന്നാല്‍ ദലിതര്‍ക്ക് ഒന്നും നേടാനാവില്ല. ദലിതരുടെ മുന്നേറ്റം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ഹിന്ദുത്വ ശക്തികള്‍ അടക്കം നടത്തുന്നുണ്ട്. സീഡിയന്‍ സര്‍വീസ് സൊസൈറ്റി തകര്‍ന്നത് ഇത്തരം മത ശക്തികളുടെ ഇടപെടല്‍ മൂലമാണ്. ദലിതരരെ ഭിന്നിപ്പിക്കുന്നതില്‍ ക്രിസ്ത്യന്‍ സഭയുമുണ്ട്. ദലിത് ക്രൈസ്തവര്‍ എന്നും ഹിന്ദു ദലിതര്‍ എന്നും വേര്‍തിരിച്ച് തമ്മിലടിപ്പിക്കുന്നതിലും സഭ വിജയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി പ്രശ്നങ്ങളെയാണ് ദലിതര്‍ നേരിടുന്നത്.


ദലിതര്‍ വിധ ജാതി സംഘടനകളായി ചിതറിക്കിടക്കുന്ന അവസ്ഥക്ക് പകരം ഐക്യത്തിന് എന്താണ് വഴി?

ദലിതര്‍ നേരിടുന്ന പ്രധാന വെല്ലുവിളി അവര്‍ക്ക് ശക്തമായൊരു സാമുദായിക പ്രസ്ഥാനമില്ളെന്നു തന്നെയാണ്. അത്തരത്തില്‍ ഒറ്റ സമുദായമായി ഒന്നിപ്പിക്കാനുള്ള ശ്രമമാണ് കേരള ദലിത് മഹാസഭ. അയ്യങ്കാളി പ്രസ്ഥാനത്തിന് ശേഷം സമുദായികമായി ശക്തിയാര്‍ജിക്കും മുമ്പ് പലര്‍ക്കും രാഷ്ട്രീയ മോഹങ്ങള്‍ ഉണ്ടായതിനാല്‍ അവര്‍ പലരും ജാതി സംഘടനകളിലേക്ക് പോയി. ഞാന്‍ മനസിലാക്കിയിടത്തോളം വ്യക്തിപരമായ അഹം ഐക്യത്തിന് പ്രധാന തടസമാണ്. ഐക്യത്തിന് ഒരു വഴി ദലിതര്‍ തങ്ങള്‍ നേരിടുന്ന വിഷയങ്ങള്‍ ശരിയായി മനസിലാക്കുകയും പഠിക്കുകയും ചെയ്യുക എന്നതാണ്. അംബേദ്കറും അയ്യങ്കാളിയും പണ്ട് പറഞ്ഞത് വീണ്ടും വീണ്ടും ഉരുവിട്ടിട്ട് കാര്യമില്ല. പുതിയ കാലത്തിന് പുതിയ അംബേദ്കറെയാണ് ആവശ്യം. പുതിയ കാലത്തെ വ്യഖ്യാനിക്കുന്ന, ആഗോളീകരണത്തെയും, സ്വകാര്യവത്കക്കരണത്തെയും, ഉദാരവല്‍ക്കരണത്തെയും  പുത്തന്‍കൊളോണിയലിസത്തെയും  വ്യാഖ്യാനിക്കാനാവുന്ന അംബേദ്കര്‍. അല്ലാത്ത അംബേദ്കര്‍ പ്രതിമകളായി കവലകളില്‍ അവശേഷിക്കും. അതുപോലെ പഴയസംഘടന പ്രവര്‍ത്തനം ഇന്ന് പറ്റില്ല. ഇന്ന് പുതിയ സംഘടനാ പ്രവര്‍ത്തനമാണ് ആവശ്യം. അതിന് ലോകത്തും ഇന്ത്യയിലും നടന്ന സംഘടനാ പ്രവര്‍ത്തനം പരിശോധിക്കണം. അത്തരത്തില്‍ പുതിയ പഠനവും പുതിയ വായനകളും സാധ്യമാകുമ്പോഴേ സമുദായമെന്ന തലത്തില്‍ ദലിതര്‍ക്ക് മുന്നേറാനാവൂ.

കെ.ഡി.എം.എസിലും പിളര്‍പ്പ് സംഭവിച്ചുവല്ളോ?

ദലിതര്‍ നേരിടുന്ന വിഷയം പലര്‍ക്കും സമുദായ താല്‍പര്യത്തേക്കാള്‍ വ്യക്തി താല്‍പര്യം മുന്നില്‍ വരുന്നു എന്നാണ്. സംഘടനയിലെ പിളര്‍പ്പിന് ഒരു കാരണം കെ.എം.സലീംകുമാര്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനമാണ്. അതില്‍ ചിലരെ അദ്ദേഹം കുറ്റപ്പെടുത്തി. അതോടെ കെ.കെ.കൊച്ചിനെപോലുള്ളവര്‍ സംഘടന വിട്ടുപോയി. പക്ഷേ, മനസിലാക്കേണ്ട കാര്യം വ്യക്തമായ തിരക്കഥ എഴുതിവച്ചിട്ടല്ല സംഘടനാപ്രവര്‍ത്തനം ഞങ്ങള്‍ തുടങ്ങുന്നത്. ശരിക്കും പറഞ്ഞാല്‍ കേരളത്തില്‍ സാമുദായിക സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചിട്ടേയുള്ളൂ. അത് മുന്നോട്ടു നീങ്ങുമ്പോള്‍ പുതിയ ഐക്യവും പുതിയ മുന്നണികളും സാധ്യമാകുമെന്നു തന്നെയാണ് പ്രതീക്ഷ.


സി.പി.എം ഉള്‍പ്പടെയുള്ള ഇടതുപക്ഷങ്ങള്‍ക്ക് ബ്രാഹ്മണ്യത്തെ പ്രതിരോധിക്കാനാവില്ളെന്നാണോ താങ്കള്‍ കരുതുന്നത്?

അതെ. ദലിതരുടെ ജീവിതാനുഭവങ്ങള്‍കൊണ്ട് മാര്‍ക്സിസം വരേണ്യമാണ്. ബ്രാഹ്മണിക്കല്‍ ആശയശാസ്ത്രമാണ് ഇന്ത്യയിലെ ഇടതുപാര്‍ട്ടികളെയും സ്വാധീനിച്ചിരിക്കുന്നത്. എന്നാല്‍, മാര്‍ക്സിസത്തിന്‍െറ കീഴാള വ്യാഖ്യാനം സാധ്യമാണോ എന്ന് പലരും പരിശോധിക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് അഭിപ്രായവ്യത്യാസം ഇല്ല. പക്ഷേ, സി.പി.എം. ഉള്‍പ്പടെയുള്ള ഇടതുപക്ഷ കക്ഷികള്‍ യഥാര്‍ത്ഥ്യത്തില്‍ ബ്രാഹ്മണ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.  ബാബറി മസ്ജിദ് വിഷയം ഉയര്‍ന്ന കാലത്ത് ഡി.വൈ.എഫ്.ഐ ചെയ്തത് സംസ്ഥാനമെമ്പാടും പര്‍ണശാല പണിയുകയാണ്. സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് മഹാഭാരതം പുനസൃഷ്ടിക്കുകയും രഥം ആനയിക്കുകയും ചെയ്തു. ഇതാണ് ഹിന്ദുത്വം ആഗ്രഹിച്ചതും. ഇടതുപക്ഷത്തുള്ളവര്‍ ഒരു വശത്ത് പുരോഗമനം പറയുകയും വീട്ടില്‍ ബ്രാഹ്മണ്യം നടപ്പാക്കുകയും ചെയ്യും. അവര്‍ വിവാഹം, കുടുംബം, വിടുവക്കല്‍ തുടങ്ങി എല്ലാ അണുവിലും ബ്രാഹമണ്യത്തെ ആന്തരിക വല്‍ക്കരിച്ചിരിക്കുകയാണ്്. അതിന്‍െറ തുടര്‍ച്ചയാലാണ് ആര്‍.എസ്.എസില്‍ നിന്ന് ഒരാള്‍ സി.പി.മ്മിലേക്കോ തിരിച്ചോ പോകുന്നത് പ്രശ്നമാകാത്തത്.  ബ്രാഹ്ണ്യത്തിന്‍െറ ചലനരീതികള്‍ ഇടതുപക്ഷത്തിന് പിടികിട്ടിയിട്ടില്ല. അവര്‍ക്ക് ജാതിയെയും മനസിലായിട്ടില്ല. അവരിപ്പോഴും പഴയകാലത്ത് തറച്ചുനില്‍ക്കുകയാണ്. മാത്രമല്ല പല ഉന്നത മാര്‍ക്സിസ്റ്റുകളും അവസാനമത്തെുന്നത് വേദാന്തമെന്നും മറ്റും വിളിക്കാവുന്ന ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിലേക്കാണ്. എം.എന്‍. റോയി എത്തിയത് വേദാന്തത്തിലേക്കാണ്, ഡാംഗേയും അവിടെയത്തെി.  ഇന്ത്യയുടെ ഹെഗലാണ് ശങ്കരന്‍ എന്നു പറയുന്നതിലൂടെ ഇ.എം.എസും ആ ദിശയിലേക്കുള്ള പ്രയാണത്തിലായിരുന്നു. ബ്രാഹ്മണ്യ-ഹിന്ദുവര്‍ഗീയതയെ എതിര്‍ക്കാന്‍ അതേ ആശയശാസ്ത്രത്തില്‍ തന്നെ മറ്റൊരു വിധത്തില്‍ തുടരുന്ന സി.പി.എമ്മിന് കഴിയില്ല. എന്നാല്‍, ജാതി തങ്ങളുടെ അടിത്തറ ഇളക്കുന്നു എന്ന തിരിച്ചറിവിലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ദലിത് പ്രശ്നം ചര്‍ച്ച ചെയ്യുന്നത്.

അംബേദ്കറിസത്തിലൂടെ മാത്രം ഒരു വിപ്ളവം സാധ്യമാകില്ളെന്നാണ് മറ്റൊരു വിമര്‍ശം..?

അത് ഞാന്‍ നേരത്തെ പറഞ്ഞു. പുതിയ കാലത്തിന് പറ്റിയ പുതിയ അംബേദ്കര്‍ വേണം. ജാതിയെ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍  ഉല്‍പാദന ശ്കതികളുടെയും ഉല്‍പാദന ബന്ധങ്ങളെയും തലത്തില്‍ സമൂഹത്തെ വിശകലനം ചെയ്യാന്‍ അംബേദ്കര്‍ ശ്രമിച്ചതായി അദ്ദേഹത്തിന്‍െറ കൃതികള്‍ പരിശോധിച്ചാല്‍ കാണാനാവില്ല. അതിനാല്‍  ഇന്ത്യയെപ്പോലെ ഒരു രാജ്യത്തെ സാമൂഹ്യ സാമ്പത്തിക സാഹചര്യത്തെ വിശകലനം ചെയ്യാന്‍ അംബേദ്കര്‍ പരിപൂര്‍ണമാണ് എന്ന വിശ്വാസം എനിക്കില്ല. എന്നാല്‍, അംബേദ്കറെ കൂടാതെയുള്ള മാര്‍ക്സിസത്തിനും നിലനില്‍പ്പില്ല. ഞാന്‍  അംബേദ്കറിന്‍െറയോ മാര്‍ക്സിസിന്‍െറയോ അന്ധനായ ആരാധകനല്ല. ഏതെങ്കിലും സിദ്ധാന്തത്തിന്‍െറ ചതുരക്കളിയില്‍ ഒതുങ്ങി നിന്ന് ദലിതര്‍ക്ക് വിമോചനം നേടാനാവില്ല.

ദലിതരെ ഹിന്ദുശക്തികളുടെ അനുബന്ധമായി മാറ്റുന്ന ഒരു പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. അതിനെ എങ്ങനെ കാണുന്നു?

ഹിന്ദുത്വവല്‍ക്കരണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ദലിതര്‍ തങ്ങളുടെ സാമൂഹ്യാസ്തിത്വം തിരിച്ചറിഞ്ഞ് മറ്റ് മതങ്ങളിലേക്ക് പോകുകയും ഹിന്ദുമതത്തെ നിരാകരിക്കുകയും ചെയ്തപ്പോള്‍ തന്നെ ഹിന്ദുത്വ ശക്തികള്‍ അപകടം മണത്തു. അതിന് മുഖ്യ കാരണം തങ്ങള്‍ ന്യൂനപക്ഷമാണ് എന്ന സവര്‍ണ വിഭാഗങ്ങളുടെ ഭീതിയാണ്. മതപരിവര്‍ത്തനം തടഞ്ഞ്, അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്‍െറ തുടര്‍ച്ചയിലാണ് 1925 ല്‍ ആര്‍.എസ്.എസ് പോലും രൂപീകരിക്കപ്പെടുന്നത്. അയ്യങ്കാളി പ്രസ്ഥാനത്തിന്‍െറ കാലത്ത് തന്നെ ഹിന്ദുത്വവല്‍ക്കരിക്കാന്‍ ശ്രമം നടന്നു. പുല്ലാട് കലാപത്തിലെ നായകനും അയ്യങ്കാളിയുടെ മരുമകനുമായ കേശവന്‍ ശാസ്ത്രി ഹിന്ദുമിഷന്‍ പ്രവര്‍ത്തകനായിരുന്നു. എസ്.എന്‍.ഡി.പിയിലും മതപരിവര്‍ത്തന ഭീതി ഉണ്ടായിരുന്നു. ജാതി വിവേചനത്തെ മറികടക്കാന്‍ മതംമാറാനുള്ള ശ്രമത്തെ കുമാരനാശാന്‍ എതിര്‍ക്കുന്നത് ഈഴവരെ ഹിന്ദുത്വത്തില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തിയാണ്. ഇസ്ളാമിലേക്കും ക്രിസ്തുമത്തിലേക്കു വലിയ പരിവര്‍ത്തനം നടന്നപ്പോള്‍ സദാനന്ദ സ്വാമി തിരുവിതാംകുറില്‍ ഓരോ മുക്കിലും മൂലയിലും നിന്ന്  മതപരിവര്‍ത്തനത്തെ എതിര്‍ത്തിരുന്നു. രക്തച്ചൊരിച്ചിലില്ലാതെ ബ്രാഹ്മണര്‍ കേരളത്തില്‍ ആധിപത്യം നേടിയത്  എങ്ങനെ എന്നു പരിശോധിച്ചാല്‍ ഈ ഹിന്ദുത്വധാര കണ്ടത്തൊം. പറയിപെറ്റ പന്തിരുകുലം പോലുള്ള സങ്കല്‍പങ്ങളെ അവര്‍ അതിന് വിദഗ്ധമായി ഉപയോഗപ്പെടുത്തുന്നു. തങ്ങളുടെ മാതാവ് പറയിയാണ് എന്ന് സമ്മതിക്കാന്‍ ബ്രാഹ്മണ്യത്തിന് മടിയില്ല. അതേ സങ്കല്‍പ്പം തന്നെ യാണ് ‘നമ്പൂതിരി മുതല്‍ നായാടി’വരെ എന്ന് ഇപ്പോള്‍ ആവര്‍ത്തിക്കപ്പെടുന്നത്. ഇടക്കൊച്ചിയിലുള്ള പുലയരുടെ സംഘടനയുടെ പേര് ശ്രീകൃഷ്ണ ധര്‍മ പരിപാലന യോഗമെന്നാണ്. ശ്രീകൃഷ്ണന്‍െറ ധര്‍മംതന്നെ ചാതുര്‍വര്‍ണ്യം മായാസൃഷ്ടം എന്താണ്. ചാതുര്‍വര്‍ണ്യം ലംഘിക്കപ്പെടുമ്പോള്‍ ശത്രുസംഹാരത്തിന് താന്‍ അവതാരമെടുക്കുമെന്നാണ് ഗീതയില്‍ കൃഷ്ണന്‍ പറയുന്നത്. അഖില വൈപ്പിന്‍ പുലയ വംശോദ്ധാരണി സഭയുടെ ക്ഷേത്രം മഹാവിഷ്ണുവിന്‍െറതാണ്്. 80 കളുടെ ഒടുവിലായി വിവിധ  ക്ഷേത്രപുനരുദ്ധാരണകമ്മിറ്റികളിലൂടെയും ഗീത, ഭാഗതവത സത്രം, രാമായണ മാസാചരണം,  യാഗങ്ങള്‍ യജ്ഞങ്ങള്‍ എന്നിവയിലൂടെ  ഹിന്ദുത്വആശയശാസ്ത്രം ദലിതരെ വലിയ രീതിയില്‍ തങ്ങളുടെ ഭാഗമാക്കിയിട്ടുണ്ട്. അതിന്‍െറ തുടര്‍ച്ചയാണ് നരേന്ദ്ര മോദിയെപോലെ ഒരാളെ ക്ഷണിച്ചുവരുത്തി കായല്‍സമ്മേളനത്തിന്‍െറ നൂറാം വാര്‍ഷികം ആചരിക്കാന്‍ കെ.പി.എം.എസിലെ ഒരു വിഭാഗത്തിന് മടിയില്ലാത്തതും.
ദലിത്,പിന്നാക്ക വിഭാഗത്തില്‍ ഒരു നല്ല ശതമാനം ഹിന്ദുത്വ അണിയില്‍ ചേര്‍ന്നിട്ടുണ്ട്..?

അത് സത്യമാണ്. കീഴ്ജാതിക്കാരിലൂടെയാണ് ആധുനിക ഇന്തിയില്‍ ബ്രാഹ്മണിസം അതിജീവിക്കുന്നത്. ഒരു ഘട്ടത്തില്‍ ഹിന്ദുത്വ ശക്തികള്‍ നേരിട്ട വിഷയം അവരില്‍ ദലിത്, പിന്നാക്ക ജാതിയില്‍ പെട്ടവര്‍ നേതൃത്വ നിരയില്‍ ഇല്ളെന്നാണ്. അത് മറികടക്കാന്‍ അവര്‍ ബോധപൂര്‍വം തന്നെ ദലിത്, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കാണ്ടുവന്നു. അതിന്‍െറ ഭാഗമായാണ് പിന്നാക്കക്കാരനായ മോദി പ്രധാനമന്ത്രിയാകുന്നത്. എറണാകുളം പാവക്കുളം ക്ഷേത്രവുമായി ബന്ധപ്പെട്ട് വിശ്വഹിന്ദുപരിഷത്ത് ഒരു പറയ യുവാവിനെ ശങ്കരന്‍ സ്ഥാപിച്ച ശൃംഗേരി മഠത്തില്‍ പഠിപ്പിച്ച് ശിവാനന്ദ ശര്‍മയാക്കി മാറ്റി. അദ്ദേഹമിപ്പോള്‍ ബ്രാഹ്മണ്യ സിദ്ധാന്തം പ്രചരിപ്പിക്കുന്നു. അതയാത് പറയനെ/ദലിതനെ സന്യാസിയാക്കിയാന്‍ ബ്രാഹ്മണ്യത്തിന് മടിയില്ല. ബുദ്ധമതത്തെപ്പോലും തങ്ങളുടെ ഭാഗമാക്കിയ ഹിന്ദുത്വത്തിന് എന്തിനെയും സ്വാംശീകരിച്ച് അതിജീവിക്കാനറിയാം. അതുതന്നെയാണ്  കേന്ദ്രത്തിലെ പോലെ പിന്നാക്കക്കാരനെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കുന്നതിലുമുള്ളത്. ഹിന്ദുത്വത്തിന് ഒട്ടിച്ചേര്‍ന്ന ദലിതര്‍ക്കാകട്ടെ ഹനുമാന്‍െറ വേഷമാണുള്ളത്. മൃതസഞ്ജീവിനി പറിക്കാന പറഞ്ഞാല്‍ അവര്‍ ഒരു മല തന്നെ ചുമന്നുകൊണ്ടുവരും. പറഞ്ഞുവരുന്നത് നവബ്രാഹ്മണ്യത്തെയും നവഹിന്ദുത്വത്തെയും നേരിടാന്‍ പഴയ ആയുധം ദലിതര്‍ അടക്കമുള്ളവര്‍ക്ക് പേരെന്നാണ്. പഴയ വിമര്‍ശനങ്ങള്‍കൊണ്ട് കാര്യമില്ല.

ജാതിവിരുദ്ധ മുന്നേറ്റത്തില്‍ പങ്കുവഹിച്ച ശ്രീനാരായണീയ പ്രസ്ഥാനത്തെ ഹിന്ദുത്വ ശക്തികള്‍ ഏതാണ്ട് കൈയടക്കിയ സ്ഥിതിയാണ്..?

എസ്.എന്‍.ഡി.പി ജാതിവിരുദ്ധ മുന്നേറ്റത്തില്‍ പ്രത്യേക പങ്കാണ് വഹിച്ചത്. വിഭജിച്ചുനിന്ന വിവിധ ഈഴവ ജാതികളെ അതൊരൊറ്റ സമുദായമാക്കി മാറ്റി. എന്നാല്‍, ശ്രീനാരായണ ഗുരുവിന്‍െറ കാലം മുതല്‍ക്കേ ഹിന്ദുത്വത്തില്‍ നിന്ന് അത് വിചേഛദനം നേടിയില്ല. അത് ബ്രാഹ്മണ്യ ആശയശാസ്ത്രത്തെ പുണരുകയാണ് ചെയ്തത്. ഡോ. പല്‍പുവിനെ സ്വാധീനിച്ചത് ആധുനിക ഹിന്ദുമതത്തിന്‍െറ പിതാവായ സ്വാമി വിവേകാനന്ദനാണ്. അദ്ദേഹത്തിന്‍െറ നിര്‍ദേശ പ്രകാരമാണ് ശ്രീനാരായണ ഗുരുവിന്‍െറ അടുത്ത് പല്‍പുവത്തെുന്നത്. ഗുരു ഹിന്ദുത്വധാരകള്‍ ഈഴവ സമുദായത്തിലേക്ക് പകടര്‍ത്തി. യോഗനേതൃത്വത്തിലുണ്ടായ കുമാരനാശന്‍െറ കവിതകളില്‍ ബൗദ്ധ സ്വാധീനം കാണാമെങ്കിലും ബുദ്ധനെയും ബ്രാഹ്മണ്യവല്‍ക്കരിക്കുകയും ഹിന്ദുത്വതിന്‍െറ ഭാഗമാക്കുകയുമാണ് ചെയ്തത്. ഇത്തരം ഹിന്ദു തുടര്‍ച്ചയിലാണ് നാരായണപ്പണിക്കരേട്ടനും ഞാനും എന്ന് ഒരിക്കല്‍ വെള്ളാപ്പള്ളി പറയുന്നത്.  ശ്രീനാരായണനെ ഉയര്‍ത്തിപ്പിടിച്ച് ഹിന്ദുത്വ ശക്തികള്‍ ക്ക് എതിരെ പുരോഗമന ബുദ്ധിജീവികളില്‍ പലരും വാദിക്കുന്നത് തെറ്റാണ്. ശങ്കരാചാര്യരുടെ ബ്രാഹ്മണ്യ അദൈ്വത വ്യാഖ്യാനത്തെയാണ് ഗുരു തന്‍െറ ദര്‍ശനങ്ങളില്‍ അവതരിപ്പിക്കുന്നത്. സമൂഹത്തില്‍ നിലനിന്ന ജാതി വ്യവസ്ഥയും അതിന്‍െറ ധാര്‍മിക പ്രത്യയശാസ്ത്ര രൂപമായ ഹിന്ദുയിസവുമാണ് എതിര്‍ക്കപ്പെടേണ്ടത് എന്ന് മനസിലാക്കാന്‍ നാരായണഗുരുവിനോ എസ്.എന്‍.ഡി. പി.നേതൃത്വത്തിനോ കഴിഞ്ഞില്ല. ഇഴവര്‍ മുകളിലുള്ള ജാതികളുടെ ആധിപത്യത്തിനെതിര സമരം സംഘടിപ്പിക്കുമ്പോള്‍ തന്നെ കീഴ്ജാതികള്‍ക്ക് മേലുള്ള ആധിപത്യത്തെ സ്വയംവിമര്‍ശനത്തിന് വിയേധമാക്കിയില്ല. അതിനാല്‍ തന്നെ ഗുരുവിന്‍െറ നേതൃത്വത്തില്‍ നടന്ന ജാതിവിരുദ്ധസമരം സമഗ്രമായിരുന്നില്ല. സന്യാസത്തിന്‍െറ തന്നെ അടിസ്ഥാനം ജാതിയാണ്. ജാതിയില്ളെങ്കില്‍ സന്യാസിയില്ല. ഗുരുവിന് ശരിയായ നേതൃത്വകൊടുക്കാന്‍ കഴിഞ്ഞേനെ. പക്ഷെ, അതിന് അദ്ദേഹം സന്യാസത്തിനും അദൈ്വതത്തിനും പുറത് നിന്ന് ജാതിയെ വീക്ഷിക്കേണ്ടിയിരുന്നു. ഗുരുവിന്‍െറ കാലം മുതല്‍ക്കേ ഹിന്ദുമതത്തിനുള്ളില്‍ തന്നെ തുടര്‍ന്നുവന്ന എസ്.എന്‍.ഡി.പി ഇന്ന് അതിന്‍െറ തുറന്ന പരിക്രമണ സന്ധിയിലാണ്.അതുകൊണ്ടാണ് അമിത് ഷായ്ക്ക് വെള്ളാപ്പള്ളിയെ ആശ്ളേഷിക്കാനാവുന്നത്. അതൊരു സ്വഭാവിക വികാസമാണ്. എന്തായാലും ഹിന്ദുത്വതിനുള്ളില്‍ നിന്ന് ഗുരുവിനെകൊണ്ടോ ഗുരുദര്‍ശനങ്ങള്‍കൊണ്ടോ ഹിന്ദുത്വവാദികളെ തടയാനാവില്ല.


ഹിന്ദുത്വവര്‍ഗീയതയെ എങ്ങനെ തടയാനാകുമെന്നാണ് താങ്കള്‍ കരുതുന്നത്?

1980 കളുടെ തുടക്കത്തില്‍ തന്നെ ഹിന്ദുത്വഭീകരതയെപ്പറ്റി പുരോഗമന ശക്തികള്‍ക്ക് ഞാനടക്കമുള്ളവരുടെ പ്രസ്ഥാനം മുന്നറിപ്പ് നല്‍കുന്നുണ്ട്. അന്ന് അവര്‍ക്ക് രണ്ട് സീറ്റുമാത്രമാണുണ്ടായിരുന്നത്. ഹിന്ദുത്വ ശക്തികളെ എതിര്‍ക്കേണ്ടവരെല്ലാം ഒന്നിക്കാതെ ഭിന്നിച്ചുനിന്നു. അവര്‍ ഒന്നിപ്പിക്കാവുന്ന എല്ലാവരെയും ഒന്നിപ്പിച്ചു വലുതായി. ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളും ദലിതരും അടങ്ങിയ വിശാലജനവിഭാഗങ്ങള്‍ ഒന്നിച്ചു നിന്നു മാത്രമേ ഹിന്ദുത്വ ശക്തികളെ തടയാനാവൂ. നമ്മള്‍ ആദ്യം മനസിലാക്കേണ്ടത് ഇത് പഴയ ഹിന്ദുത്വമല്ളെന്നും പഴയ ബ്രാഹ്മണ്യമല്ളെന്നുമാണ്. ഇതു നവഹിന്ദുത്വവും നവബ്രാഹ്മണ്യവുമാണ്. അതിനെ മറികടക്കാന്‍ നവേഥാന സദസുനടത്തിയോ,  ഇറച്ചി വിതരണം നടത്തിയോ ഒന്നും കഴിയില്ല. പഴയ മാര്‍ക്സിസം ഉയര്‍തിപ്പിടിച്ചും കഴിയില്ല. നമ്മള്‍ ഏത് മത-ജാതി വിഭാഗമാണെന്ന് ബാധകമല്ലാതെ തന്നെ നമ്മളില്‍ ആന്തരികവല്‍ക്കരിക്കപ്പെട്ട ബ്രാഹ്മണ്യത്തെ പുറത്താക്കണം. ശ്രീനാരായണനെയോ ചട്ടമ്പിസ്വാമികളെയോ നടരാജഗുരുവിനെയോ നിത്യ ചൈതന്യയതിയോ മുന്‍നിര്‍ത്തി നമുക്ക് ഹിന്ദുത്വത്തിനെതിരെ ഒന്നുംചെയ്യാനാവില്ല. അതിന് പുതിയ സിദ്ധാന്തങ്ങള്‍ വേണം. പുതിയ അംബേദ്കറും പുതിയ മാര്‍ക്സും വേണം. അയ്യങ്കാളി, പൊയ്കയില്‍ കുമാരഗുരുദേവന്‍  എന്നിങ്ങനെ ഉചിതമായ പ്രതിരോധ ബിംബങ്ങള്‍ വീണ്ടെടുക്കണം. സാധ്യമാകുന്ന എല്ലാ ഒന്നിപ്പിക്കലുകളും നടത്തണം.മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട തടവിലാക്കപ്പെട്ടവരുടെ രാഷ്ട്രീയ മോചനത്തിനുള്ള സമിതിയുടെ നേതൃത്വത്തില്‍ താങ്കളുണ്ടായിരുന്നു? നേരത്തെ സൂചിപ്പിച്ചതുപോലെ മാവോയിസ്റ്റുകളോടുള്ള സംവാദാത്മക ബന്ധത്തിന്‍െറ തുടര്‍ച്ചയാണോ അത്?

അല്ല. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് തടവിലാക്കപ്പെട്ടവരുടെയും രാഷ്ട്രീയത്തടവുകാരുടെയും മോചനവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ പങ്കെടുക്കുന്നത് അത് മുഖ്യമായും ജനാധിപത്യ പ്രശ്നമായതുകൊണ്ടാണ്.  ഭരണകൂടം കൂടുതല്‍ ഫാഷിസ്റ്റുവല്‍ക്കരിക്കയും പ്രതിഷേധിക്കുന്നവരെ വേട്ടയാടുകയും ഇല്ലാതാക്കുകയും ചെയ്യുന്നുമ്പോള്‍ അത് തടയേണ്ടതുണ്ട് ഓരോ പൗരന്‍െറയും കടമയാണ് മാവോയിസത്തെ ജനാധിപത്യ സംവിധാനത്തില്‍ ഇടമുള്ള പലതരം പ്രസ്ഥാനങ്ങളില്‍ ഒന്നായാണ് ഞാന്‍  കാണുന്നത്. ഇന്ന് അവരെ വേട്ടയാടുന്ന ഭരണകൂടം നാളെ ആരെയും  വേട്ടയാടും. ഭരണകൂടത്തിന് അത് നിലനില്‍ക്കുന്ന നിയമവും ചട്ടങ്ങളും പാലിക്കാന്‍ ബാധ്യതയുണ്ട്. അത് ലംഘിക്കുന്നത് ചോദ്യം ചെയ്യപ്പെടണം. ഇത്തരം ജനാധിപ;്യ ലക്ഷ്യങ്ങളോടെയാണ് രാഷ്ട്രീയത്തടവുകാരുടെ മോചനം എന്ന വിഷയത്തില്‍ പങ്കെടുക്കുന്നത്.

കുടുംബം?

നായരമ്പലത്തു തന്നെയാണ് താമസം. ജീവിത പങ്കാളി സി.വി.ലത 2009 ല്‍ ഹൃദയാഘാതം മൂലം മരിച്ചു. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന കാലത്ത് എന്നെ നിലനിര്‍ത്തിയതും പിന്തുണ നല്‍കിയതും  ലത വൈപ്പിന്‍ കൈത്തറി നെയ്ത്തു സഹകരണസംഘത്തില്‍ പണിയെടുത്തായിരുന്നു.സി.ആര്‍.സി. സി.പി.ഐ (എം.എല്‍) പിരിച്ചുവിടന്നതുവരെ മനുസ്മൃതി കത്തിക്കല്‍ അടക്കമുള്ള എല്ലാ സമരങ്ങളിലും അവര്‍ പങ്കെടുത്തിരുന്നു.പിന്നീട് മരണം വരെ ഞങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങളില്‍ പലരീതിയിലും പിന്തുണച്ചുനിലകൊണ്ടു.


പച്ചക്കുതിര ഐറ്റം, 2015 ഡിസംബര്‍


No comments:

Post a Comment